Thursday, March 08, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-10: ബ്രഹ്മഗുപ്‌തന്‍

പൂജ്യമുപയോഗിച്ചുള്ള ക്രിയകള്‍ക്ക്‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയ ഗണിതശാസ്‌ത്രജ്ഞനാണ്‌ ബ്രഹ്മഗുപ്‌തന്‍.

`ന്യൂമറിക്കല്‍ അനാലിസിസ്‌' എന്നറിയപ്പെടുന്ന ഗണിതശാസ്‌ത്രശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനില്‍ നിന്നാണെന്നു കരുതപ്പെടുന്നു. `ഗണകചക്രചൂഢാമണി' എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു.

പൂജ്യം ഒരു അളവിനോട്‌ (അത്‌ നെഗററീവോ പോസിറ്റീവോ ആകട്ടെ) കൂട്ടിച്ചേര്‍ക്കുകയോ കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ബ്രഹ്മഗുപ്‌തന്‍ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട്‌ ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും, പൂജ്യം കൊണ്ട്‌ ഏത്‌ സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്നും ബ്രഹ്മഗുപ്‌തന്‍ കണ്ടെത്തിയിരുന്നു. പക്ഷേ, പൂജ്യത്തെ പൂജ്യം കൊണ്ട്‌ ഹരിച്ചാല്‍ പൂജ്യമായിരിക്കും എന്ന്‌ അദ്ദേഹം തെറ്റായി ധരിച്ചു.

`ബ്രഹ്മസ്‌ഫുതസിദ്ധാന്ത'മാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ കൃതി. 'ബ്രഹ്മസിദ്ധാന്ത'മെന്ന പഴയ ജ്യോതിഷകൃതിയുടെ തെറ്റുതിരുത്തി പരിഷ്‌ക്കരിച്ച രൂപമായിരുന്നു ബ്രഹ്മഗുപ്‌തന്റെ കൃതി. അറബിയുള്‍പ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക്‌ ഇത്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഗുജറാത്തിലെ ഭില്ലാമലയില്‍ എ.ഡി. 598-ല്‍ ബ്രഹ്മഗുപ്‌തന്‍ ജനിച്ചു. ചാപരാജവംശത്തില്‍ പെട്ട വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ ജ്യോതിഷിയായിരുന്നു അദ്ദേഹം.

4 comments:

Joseph Antony said...

പൂജ്യമുപയോഗിച്ചുള്ള ക്രിയകള്‍ക്ക്‌ ആദ്യമായി നിയമങ്ങള്‍ക്ക്‌ രൂപംനല്‍കിയ ബ്രഹ്മഗുപ്‌തനെക്കുറിച്ച്‌; 'ഭാരതീയശാസ്‌ത്രജ്ഞര്‍' എന്ന പരമ്പരയുടെ പുതിയ ഭാഗം.

Umesh::ഉമേഷ് said...

രണ്ടു് അക്ഷരത്തെറ്റുകള്‍ ചൂണ്ടിക്കാണിച്ചോട്ടേ-ചൂഡാമണി, ബ്രഹ്മസ്ഫുടസിദ്ധാന്തം.

എല്ലാ ലേഖനങ്ങളും വായിക്കാറുണ്ടു്. ഭാരതീയശാസ്ത്രജ്ഞന്മാരെപ്പറ്റിയുള്ള ലേഖനങ്ങള്‍ വളരെ ചെറുതായിപ്പോകുന്നു എന്നൊരു പരാതിയുണ്ടു്. പത്രത്തിലെ ഒരു ചെറിയ കോളത്തിലെ വിവരം അതുപോലെ പകര്‍ത്തുന്നതുകൊണ്ടാണോ? അങ്ങനെയാണെങ്കില്‍ ബ്ലോഗിനു വേണ്ടി അല്പം കൂടി വലുതാക്കിക്കൂടേ?

ബ്രഹ്മഗുപ്തനെപ്പറ്റി പറയുമ്പോള്‍ പില്‍ക്കാലത്തു് Pell Equation എന്നറിയപ്പെട്ട സമവാക്യം നിര്‍ദ്ധരിക്കാനുള്ള ചക്രവാളരീതി, ഋണസംഖ്യകളുടെ (negative numbers) ഇന്നറിയാവുന്ന സവിശേഷതകളുടെ കണ്ടുപിടിത്തം, Quadratic equation-ന്റെ രണ്ടു് മൂല്യങ്ങള്‍, ജ്യോതിശ്ശാസ്ത്രത്തിലെ പല കണ്ടുപിടുത്തങ്ങള്‍, ചില Diaphatine equations-ന്റെ നിര്‍ദ്ധാരണത്തിനുപയോഗിക്കുന്ന കുട്ടകാരരീതി തുടങ്ങിയ പലതും അദ്ദേഹത്തിനെപ്പറ്റി പറയാനുണ്ടു്.

Joseph Antony said...

ഉമേഷ്‌,
താങ്കള്‍ കാട്ടുന്ന താത്‌പര്യത്തിന്‌ നന്ദി.
പരാതി ശരിയാണ്‌. എന്റെ പരിമിതിയായി പോസ്‌റ്റുകളുട വലുപ്പക്കുറവിനെ കാണുക. ആ പരിമിതി മറികടക്കാന്‍ താങ്കള്‍ക്ക്‌ സഹായിക്കാനാകും. ഈ ബ്ലോഗിലെ പോസ്‌റ്റുകള്‍ മലയാളം വിക്കിയിലിടുന്ന പ്രവര്‍ത്തനം ഷിബു അലക്‌സ്‌ തുടങ്ങിയിട്ടുമുണ്ട്‌. സമയം അനുവദിക്കുമെങ്കില്‍ വിക്കിയിലെത്തി ആ ലേഖനങ്ങള്‍ സമ്പുഷ്ടമാക്കാന്‍ സഹായിക്കുക.
ജോസഫ്‌ ആന്റണി

അപ്പു ആദ്യാക്ഷരി said...

പുതിയ അറിവ്.