Tuesday, December 19, 2006

മൂലകങ്ങള്‍ കണ്ടുപിടിച്ച (രുചിച്ചു നോക്കിയ) മനുഷ്യന്‍

ശാസ്ത്രലോകത്ത്‌ കാള്‍ ഷീലിയെന്ന സ്വീഡിഷ്‌ ഗവേഷകന്‍ മുമ്പേ പറന്ന പക്ഷിയാണ്‌. സ്വന്തമായി എട്ടുമൂലകങ്ങളും ഒട്ടേറെ സുപ്രധാന സംയുക്തങ്ങളും കണ്ടെത്തിയിട്ടും, അവയൊന്നു പോലും ഷീലിയുടെ പേരില്‍ അറിയപ്പെടുന്നില്ല. ദൗര്‍ഭാഗ്യവാന്‍മാരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം

നുഷ്യമൂത്രത്തിനും സ്വര്‍ണ്ണത്തിനും മഞ്ഞനിറമാണ്‌. അതായിരിക്കണം മൂത്രത്തില്‍ നിന്ന്‌ സ്വര്‍ണ്ണമുണ്ടാക്കാന്‍ കഴിയുമെന്ന നിഗമനത്തില്‍ ജര്‍മന്‍കാരനായ ഹെന്നിങ്‌ ബ്രാന്‍ഡിനെ എത്തിച്ചത്‌. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍' എന്ന നോവലില്‍ ജോസ്‌ അക്കേര്‍ഡിയ ബുവേന്‍ഡിയ അയസ്കാന്തമുപയോഗിച്ച്‌ ഭൂമിക്കുള്ളില്‍ നിന്ന്‌ സ്വര്‍ണ്ണം പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കും പോലെ, ഹെന്നിങ്‌ ബ്രാന്‍ഡ്‌ തന്റെ ഭ്രാന്തന്‍ ആശയം പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. അതിനായി അമ്പത്‌ ബക്കറ്റ്‌ മൂത്രം ശേഖരിച്ചു. മാസങ്ങളോളം അത്‌ നിലവറയില്‍ സൂക്ഷിച്ച്‌ പലവിധ പ്രക്രിയകള്‍ക്ക്‌ വിധേയമാക്കി. അതില്‍ നിന്ന്‌, കെട്ടമണമുള്ള അറപ്പുളവാക്കുന്ന മെഴുകുപോലൊരു പദാര്‍ത്ഥമുണ്ടാക്കാന്‍ ഹെന്നിങ്ങിനായി. സ്വര്‍ണ്ണമുണ്ടാക്കാനായില്ലെങ്കിലും മറ്റൊരു വിചിത്രസംഗതിയുണ്ടായി. കുറച്ചുനാള്‍ കഴിഞ്ഞപ്പോള്‍ മെഴുകുപോലുള്ള ആ വസ്തു തിളങ്ങാനാരംഭിച്ചു; വായുവുമായി സമ്പര്‍ക്കത്തിലെത്തുമ്പോള്‍ സ്വയം തീപിടിക്കാനും! 1675-ലായിരുന്നു ഈ സംഭവം.

വളരെയേറെ പ്രായോഗിക ഉപയോഗങ്ങള്‍ കല്‍പ്പിക്കപ്പെട്ട ആ പദാര്‍ത്ഥത്തിന്‌ ഫോസ്ഫറസ്‌ എന്ന്‌ പേര്‌ നല്‍കപ്പെട്ടു. പക്ഷേ, ഫോസ്ഫറസിന്റെ നിര്‍മാണം അത്ര എളുപ്പമായിരുന്നില്ല. മൂത്രത്തിന്റെ ലഭ്യതക്കുറവായിരുന്നു കാരണം. സൈനികരെ ഉപയോഗിച്ചിട്ടുപോലും ഫോസ്ഫറസ്‌ നിര്‍മിക്കാനുള്ള 'അസംസ്കൃത വസ്തു' ആവശ്യത്തിന്‌ ലഭ്യമല്ല എന്ന സ്ഥിതിവന്നു. അതിനാല്‍, ഫോസ്ഫറസിന്‌ സ്വര്‍ണ്ണത്തേക്കാള്‍ വിലയായി. സ്വര്‍ണ്ണം കണ്ടുപിടിക്കാന്‍ ശ്രമിച്ച ഹെന്നിങ്‌ അങ്ങനെ 'സ്വര്‍ണ്ണത്തേക്കാള്‍ വിലയുള്ള വസ്തു' നിര്‍മിച്ചുവെന്ന ഖ്യാതി നേടി. 1750-കളില്‍ കാള്‍ വില്‍ഹെം ഷീലിയെന്ന സ്വീഡിഷ്‌ ഗവേഷകന്‍, ചെലവുകുറഞ്ഞ രീതിയില്‍ ഫോസ്ഫറസ്‌ വന്‍തോതില്‍ നിര്‍മിക്കാനുള്ള വിദ്യ വികസിപ്പിച്ചു. അതോടെയാണ്‌ ഫോസ്ഫറസിന്‌ മൂത്രമണത്തില്‍ നിന്ന്‌ എന്നന്നേക്കുമായി മോചനം ലഭിച്ചത്‌ (തീപ്പെട്ടി നിര്‍മാണത്തില്‍ സ്വീഡന്‍ ഒന്നാംനിരയില്‍ എത്തിയതിന്‌ മുഖ്യകാരണവും ഷീലി നടത്തിയ ഈ മുന്നേറ്റമായിരുന്നു).

ഇംഗ്ലീഷ്‌ പോലെ ലോകമറിയുന്ന ഒന്നായിരുന്നു സ്വീഡിഷ്‌ ഭാഷയെങ്കില്‍, ലോകത്തെ ഏറ്റവും ഉന്നതരായ രസതന്ത്രജ്ഞരിലൊരാളായി അറിയപ്പെടുമായിരുന്ന കാള്‍ ഷീലിയിലേക്കെത്താന്‍ ഒരു കുറുക്കുവഴി തുറന്നു തരുന്നു ഹെന്നിങ്‌ ബ്രാന്‍ഡിന്റെ ഭ്രാന്തന്‍ കണ്ടുപിടിത്തത്തിന്റെ കഥ. ഒരുപക്ഷേ, ഏറ്റവും ദൗര്‍ഭാഗ്യവാന്‍മാരായ ശാസ്ത്രജ്ഞരുടെ പട്ടികയില്‍ ഒന്നാംസ്ഥാനത്തായിരിക്കും ഷീലിയുടെ സ്ഥാനം. ഒട്ടേറ മൂലകങ്ങളും സംയുക്തങ്ങളും കണ്ടുപിടിച്ചിട്ടും, കണ്ടുപിടിത്തങ്ങളുടെ പുസ്തകത്താളുകളിലൊരിടത്തും സ്ഥാനം നേടാനാകാതെ പോയ ഹതഭാഗ്യന്‍. സ്വന്തമായി എട്ടുമൂലകങ്ങള്‍ (ക്ലോറിന്‍, ഫ്ലൂറിന്‍, മാന്‍ഗനീസ്‌, ബേരിയം, മോളിബ്ഡിനം, ടങ്ങ്സ്റ്റണ്‍, നൈട്രജന്‍, ഓക്സിജന്‍ എന്നിവ) കണ്ടുപിടിച്ചിട്ടും, അതിലൊന്നുപോലും സ്വന്തം പേരില്‍ അറിയപ്പെടാന്‍ ഷീലിക്ക്‌ യോഗമില്ലാതെ പോയി. അമോണിയ, ഗ്ലിസറിന്‍, റ്റാനിക്‌ ആസിഡ്‌ തുടങ്ങിയ സംയുക്തങ്ങളും, ക്ലോറിനെ ഒരു ബ്ലീച്ചിങ്‌ ഏജന്റായി ഉപയോഗിക്കാമെന്നതും ഷീലിയുടെ കണ്ടുപിടിത്തമായിരുന്നു. ഈ കണ്ടുപിടിത്തങ്ങള്‍ ഉപയോഗിച്ച്‌ മറ്റു പലരും കോടീശ്വരന്‍മാരായി. ഷീലി കണ്ടുപിടിച്ചവയൊക്കെ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റ്‌ പലരും സ്വന്തം നിലയ്ക്ക്‌ കണ്ടെത്തി പ്രശസ്തരാവുകയും ചെയ്തു.

ജര്‍മനിയില്‍ സ്വീഡിഷ്‌ പ്രവിശ്യയായിരുന്ന പൊമെറാനിയയിലെ സ്ട്രാല്‍സന്‍ഡില്‍ 1742 ഡിസംബര്‍ ഒന്‍പതിന്‌ ഷീലി ജനിച്ചു. കാര്യമായി ഔപചാരിക വിദ്യാഭ്യാസമോ പരിശീലനമോ ലഭിക്കാത്ത ഷീലി, പതിനാലാം വയസ്സില്‍ ഗോഥന്‍ബര്‍ഗിലെ ഒരു ഫാര്‍മസിയില്‍ അപ്രന്റീസായി ചേര്‍ന്നു. രാസവസ്തുക്കളുമായുള്ള പരിചയമാണ്‌ ഷീലിയുടെ ജിവിതം മാറ്റിമറിച്ചത്‌. പിന്നീട്‌ സ്റ്റോക്ഖോമില്‍ ഫാര്‍മസിസ്റ്റായി ജോലിനോക്കി. അതിനുശേഷം, ഉപ്പസാലയില്‍ ലോക്‌ ലാബൊറട്ടറിയില്‍ അസിസ്റ്റായി. ഈ കാലത്തിനിടെ അദ്ദേഹം സ്വീഡനില്‍ അറിയപ്പെടുന്ന വ്യക്തിയായി. 1775 ഫിബ്രവരി നാലിന്‌ സ്വീഡനിലെ റോയല്‍ അക്കാഡമിയില്‍ അംഗത്വം ലഭിച്ചു. ഒരു ഫാര്‍മസി വിദ്യാര്‍ത്ഥിക്ക്‌ ഈ ബഹുമതി ലഭിക്കുന്നത്‌ ആദ്യമായിട്ടായിരുന്നു.

ഷീലി തന്റെ നിരീക്ഷണങ്ങളും കണ്ടുപിടിത്തങ്ങളും രേഖപ്പെടുത്തിയത്‌ സ്വീഡിഷ്‌ ഭാഷയിലായിരുന്നതിനാല്‍, ഗവേഷണ മേഖലയെ അക്ഷരാര്‍ത്ഥത്തില്‍ കൈയടക്കിവെച്ചിരുന്ന ഇംഗ്ലീഷ്‌ ലോകം ഷീലിയുടെ നേട്ടങ്ങള്‍ അറിയാന്‍ കാലമെടുത്തു. അപ്പോഴേയ്ക്കും ആ നേട്ടങ്ങളൊക്കെ മറ്റ്‌ പലരുടെയും പ്രശസ്തിയുടെ ഭാഗമായിക്കഴിഞ്ഞിരുന്നു. കണ്ടുപിടിക്കുന്ന പദാര്‍ത്ഥങ്ങളൊക്കെ രുചിച്ചു നോക്കാനുള്ള വല്ലാത്തൊരു അഭിനിവേശം ഷീലിയുടെ സ്വഭാവത്തിലുണ്ടായിരുന്നു. മെര്‍ക്കുറി, ഹൈഡ്രോസൈനിക്‌ ആസിഡ്‌ തുടങ്ങിയ മാരകവിഷങ്ങള്‍ പോലും ഷീലിയുടെ കണ്ടുപിടിത്തങ്ങളിലുള്‍പ്പെട്ടിരുന്നു എന്നറിയുമ്പോള്‍, ഈ ദുസ്വഭാവം വരുത്താവുന്ന പ്രത്യാഘാതം എന്തായിരിക്കുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു. നാല്‍പത്തിമൂന്നാം വയസില്‍ (1786 മാര്‍ച്ച്‌ 21-ന്‌) തന്റെ പരീക്ഷണശാലയിലെ ബഞ്ചില്‍ വികൃതമായ മുഖഭാവത്തോടെ മരിച്ച നിലയില്‍ ഷീലിയെ കണ്ടെത്തി. അദ്ദേഹത്തിന്‌ ചുറ്റും മാരകമായ പലതരം രാസവസ്തുക്കള്‍ കാണപ്പെടുകയും ചെയ്തു.

ഓക്സിജന്‍ കണ്ടുപിടിച്ചത്‌ 1774-ല്‍ ജോസഫ്‌ പ്രീസ്റ്റ്ലിയാണെന്ന്‌ നമുക്കറിയാം. പക്ഷേ, അത്‌ ഷീലി കണ്ടുപിടിച്ച്‌ രണ്ട്‌ വര്‍ഷം കഴിഞ്ഞായിരുന്നെന്നു മാത്രം. ദൗര്‍ഭാഗ്യം കൊണ്ട്‌ തന്റെ പ്രബന്ധം സമയത്ത്‌ പ്രസിദ്ധപ്പെടുത്താന്‍ ഷീലിക്ക്‌ കഴിഞ്ഞില്ല. പ്രീസ്റ്റ്ലി സ്വന്തം നിലയ്ക്ക്‌ ഓക്സിജന്‍ കണ്ടെത്തി അതിന്റെ ഖ്യാതി സ്വന്തമാക്കുകയും ചെയ്തു. പാഠപുസ്തകങ്ങളിലെല്ലാം കാണും ക്ലോറിന്‍ കണ്ടുപിടിച്ചത്‌ ഹംഫ്രി ഡേവിയാണെന്ന്‌. ശരിയാണ്‌. പക്ഷേ, അത്‌ ഷീലി ക്ലോറിന്‍ കണ്ടുപിടിച്ചിട്ട്‌ 36 വര്‍ഷത്തിന്‌ ശേഷമായിരുന്നു എന്നുമാത്രം! (കടപ്പാട്‌: A Short History of Nearly Everything, by Bill Bryson, Science: A Histoy 1543-2001, by John Gribbin, Wikipedia)

5 comments:

Joseph Antony said...

കാള്‍ ഷീലി ഒരു ദുരന്തനായകനാണ്‌. ശാസ്ത്രചരിത്രത്തില്‍ എഴുതപ്പെടാതെ പോയ ഒരധ്യായം.

Unknown said...

മാഷേ,

ഈ ലേഖനത്തിനു Bill Bryson-ന്റെ "A Short History of Nearly Everything" എന്ന രസികന്‍ പുസ്തകത്തിലെ Elemental Matters എന്ന അധ്യായത്തിനു ഒരു കടപ്പാട് പറയേണ്ടതില്ലേ?

താങ്കളുടെ മറ്റു ലേഖനങ്ങളില്‍ കടപ്പാടുകള്‍ രേഖപ്പെടുത്തി കണ്ടിട്ടുണ്ട്. അതുകൊണ്ട് ചോദിച്ചു എന്നേയുള്ളൂ.

ലേഖനം നന്നായിട്ടുണ്ട്.

അനംഗാരി said...

മനോഹരമാ‍യ ലേഖനം.അഭിനന്ദനങ്ങള്‍.

evuraan said...

വിജ്ഞാനപ്രദമായ, നല്ല ലേഖനം.

സു | Su said...

താങ്കളുടെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. അറിവുകള്‍ പങ്ക് വെക്കുന്നതിന് നന്ദി. :)