സ്റ്റോണ്‍ഹെന്‍ജ് എന്തായിരുന്നു എന്നത് തലമുറകളെ അലട്ടിയ ചോദ്യമാണ്. നൂറ്റാണ്ടുകളായി സാധാരണക്കാരും വിദഗ്ധരും ഒരുപോലെ ഈ ചോദ്യം ഉന്നയിക്കുന്നു. വിശദീകരണങ്ങളൊന്നും പൂര്‍ണമല്ല. അതൊരു പ്രാചീന ചികിത്സാകേന്ദ്രമായിരുന്നു എന്നാണ് ഏറ്റവും ഒടുവില്‍ പുറത്തു വന്നിരിക്കുന്ന സിദ്ധാന്തം
തെക്കന്‍ ഇംഗ്ലണ്ടിലെ 'സ്റ്റോണ്‍ഹെന്‍ജ് '(Stonehenge) നൂറ്റാണ്ടുകളായി ശാസ്ത്രജ്ഞരെയും സാധാരണക്കാരെയും ഒരുപോലെ അത്ഭുതപ്പെടുത്തുന്ന അപൂര്‍വ്വ സൃഷ്ടിയാണ്. മനുഷ്യന് ഇരുമ്പിന്റെ ഉപയോഗം തുടങ്ങിയ കാലമാണ് മഹാശിലായുഗം(Megalithic Age). ആ യുഗത്തിന്റെ സ്മാരകമാണ് സ്റ്റോണ്‍ഹെന്‍ജ്. വില്‍റ്റ്ഷൈറിലെ സാലിസ്ബറിക്കു സമീപം സ്ഥിതിചെയ്യുന്ന വൃത്താകൃതിയിലുള്ള ശിലാനിര്മിതിയാണത്. 3100 ബിസിക്കും 1550 ബിസിക്കും മധ്യേ മൂന്നുഘട്ടങ്ങളിലായി അതിന്റെ നിര്‍മാണം നടന്നു എന്നാണ് കരുതുന്നത്.
സ്റ്റോണ്‍ഹെന്‍ജ് എന്തായിരുന്നു എന്നത് ഇന്നും വ്യക്തമായ ഉത്തരം കിട്ടാത്ത ചോദ്യമാണ്. അതൊരു കോട്ടയായിരുന്നു, ക്ഷേത്രമായിരുന്നു, നക്ഷത്രഘടികാരമായിരുന്നു എന്നിങ്ങനെ ഒരു ഡസനോളം വിശദീകരണങ്ങള്‍ ലഭ്യമാണ്. അന്യഗ്രഹജീവികളാണ് സ്റ്റോണ്‍ഹെന്‍ജിന്റെ സൃഷ്ടിക്കു പിന്നിലെന്ന് വിശ്വസിക്കുന്നവരും കുറവല്ല. തെക്കന്‍ ഇംഗ്ലണ്ടില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി കൃഷിയിടങ്ങളില്‍ പ്രത്യക്ഷപ്പെടാറുള്ള 'വിളവലയങ്ങള്‍'(Crop Circles) ക്കും സ്റ്റോണ്ഹെന്ജിനും ബന്ധമുണ്ടെന്ന വിശ്വാസക്കാരും ഉണ്ട്.
പക്ഷേ, ഇത്തരം വിശദീകരണങ്ങളോ വിശ്വാസങ്ങളോ കൊണ്ട് ഉത്തരം പൂര്‍ണമാകുന്നില്ല. ദുരൂഹതയും ആശയക്കുഴപ്പവും വര്‍ധിപ്പിക്കാനേ ഇവയൊക്കെ ഉപകരിച്ചിട്ടുള്ളൂ. അത്തരം ആശയക്കുഴപ്പങ്ങള്‍ക്കിടയില്‍ പുതിയൊരു പഠനം പക്ഷേ, തികച്ചും വ്യത്യസ്തമായ ഒരു വാദഗതി മുന്നോട്ടുവെക്കുന്നു. സ്റ്റോണ്‍ഹെന്‍ജ് ഒരു ആസ്പത്രിയായിരുന്നുവത്രേ. യൂറോപ്പിന്റെ വിദൂരകോണുകളില് നിന്നു പോലും ചികിത്സ തേടി ആളെത്തിയിരുന്ന ഇടം. ആ പ്രാചീനകാലത്ത് സാലിസ്ബറിയില്‍ സ്ഥാപിക്കപ്പെട്ട സവിശേഷയിനം ശിലകളും(healstones), അവയ്ക്കടുത്തായി കാണപ്പെടുന്ന കുളങ്ങളും ഇതിനു തെളിവാണത്രേ.
സ്റ്റോണ്‍ഹെന്‍ജിന് സമീപം വില്റ്റ്ഷൈറിലില് സംസ്കരിച്ചിരുന്ന ഒരു പ്രാചീന മൃതദേഹം 2002-ല്‍ കണ്ടെത്തുകയുണ്ടായി. 2300 ബിസിയില്‍ (ക്രിസ്തുവിന് 2300 വര്‍ഷം മുമ്പ്) മരിച്ച ഒരാളുടെ('അീയിംസ്ബറി ആര്‍ച്ചര്‍' എന്നാണ് ഗവേഷകര്‍ അയാള്‍ക്ക് പേര് നല്‍കിയിട്ടുള്ളത്) മൃതദേഹമായിരുന്നു അത്. സമ്പന്നനായ ഒരാളായിരുന്നു ആര്‍ച്ചറെന്നും, മധ്യയൂറോപ്പില്‍(ഒരുപക്ഷേ, സിറ്റ്സ്വര്ലന്ഡില്) ജനിച്ചയാളാണ് അയാളെന്നും ഗവേഷകര്‍ കണ്ടെത്തി. പക്ഷേ, അയാള്‍ക്ക് ഒരു കാല്‍മുട്ട് ഇല്ലായിരുന്നു. മരിക്കുന്നതിന് വളരെ മുമ്പാണ് ആ കാല്‍മുട്ട് നഷ്ടപ്പെട്ടതെന്നും സൂക്ഷ്മപരിശോധനയില്‍ വ്യക്തമായി. അങ്ങനെയെങ്കില്‍, വികലാംഗനായ അല്ലെങ്കില്‍ രോഗിയായ ആ ധനവാന് മധ്യയൂറോപ്പില്‍ നിന്ന് ഇംഗ്ലണ്ടിലെ സ്റ്റോണ്ഹെന്ജിലെത്തി എന്തുചെയ്യുകയായിരുന്നു.
സ്റ്റോണ്ഹെന് ജിലും സമീപത്തും ക്രമീകരിച്ചിട്ടുള്ള 'അല്ത്താരശിലകള്'(Altarstones)ക്കും മറ്റു ചില ശിലാഖണ്ഡങ്ങള്‍ക്കും രോഗനിവാരണശേഷിയുണ്ടായിരുന്നു എന്ന വിശ്വാസം പ്രാചീന ഇംഗ്ലണ്ടില്‍ നിലനിന്നിരുന്നു. ഇക്കാര്യം കൂടി പരിഗണിച്ച് സ്റ്റോണ്‍ഹെന്‍ജിനെ പുനര്നിരീക്ഷണത്തിന് വിധേയമാക്കിയ ഗവേഷകരാണ് അതൊരു പ്രാചീന ചികിത്സാലയമായിരുന്നു എന്ന നിഗമനത്തിലെത്തിയത്. പ്രൊഫ. ജിയോഫ് വെയ്ന്റൈറ്റ്, തിമോത്തി ഡാര്‍വില്‍ എന്നീ ഗവേഷകരാണ് പുതിയ നിഗമനത്തിന് പിന്നില്‍. ചികിത്സതേടി ആളുകള്‍ അന്യദേശങ്ങളില്‍ പോകുന്നതിനെയാണ് മെഡിക്കല്‍ ടൂറിസം എന്നു പറയുന്നത്. നാലായിരം വര്‍ഷം മുമ്പേ ലോകത്ത് മെഡിക്കല്‍ ടൂറിസം തുടങ്ങിയിരുന്നു എന്നാണ് പുതിയ പഠനം നല്കുന്ന സൂചന(കടപ്പാട്: ഗാര്ഡിയന്).
1 comment:
സ്റ്റോണ്‍ഹെന്‍ജ് എന്തായിരുന്നു എന്ന വിവാദം ഇനിയെങ്കിലും അവസാനിക്കുമോ. അതൊരു ആസ്പത്രിയായിരുന്നു എന്ന പുതിയ സിദ്ധാന്തം സ്റ്റോണ്‍ഹെന്‍ജ് ആരാധകരെ തൃപ്തിപ്പെടുത്തുമോ
Post a Comment