Thursday, December 07, 2006

ഇന്ത്യയില്‍ ബ്ലോഗുകള്‍ക്ക്‌ നിയന്ത്രണം വരുന്നു

ബ്ലോഗുകളെയും വ്യക്തിഗത സൈറ്റുകളെയും നിയന്ത്രിക്കാനുള്ള ഇന്ത്യന്‍ സര്‍ക്കാരിന്റെ നീക്കം അഭിപ്രായസ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാകില്ലേ എന്ന്‌ ആശങ്കയുയരുന്നു

ന്റര്‍നെറ്റ്‌ സര്‍വസ്വതന്ത്രമാണെന്ന വിചാരം ഇനി വേണ്ട; കുറഞ്ഞപക്ഷം ഇന്ത്യയിലെങ്കിലും. വ്യക്തിഗത വെബ്സൈറ്റുകള്‍ക്കും ബ്ലോഗുകള്‍ക്കും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ പുതിയ സങ്കേതം നടപ്പാക്കാന്‍ പോവുകയാണ്‌ കേന്ദ്രസര്‍ക്കാര്‍. ദേശീയസുരക്ഷയ്ക്ക്‌ ഭീഷണിയായ സൈറ്റുകളെയും ബ്ലോഗുകളെയും നിയന്ത്രിക്കാനാണ്‌ ഈ സംവിധാനമെന്ന്‌ അധികാരകേന്ദ്രങ്ങള്‍ അവകാശപ്പെടുന്നു. പക്ഷേ, അതൊടുവില്‍ അഭിപ്രായ സ്വാതന്ത്ര്യത്തിന്‌ മേലുള്ള കടന്നുകയറ്റമാവില്ലേ എന്ന ആശങ്ക ശക്തമാണ്‌.

രാജ്യത്തെ അന്താരാഷ്ട്ര ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ സമ്പ്രദായം നടപ്പാക്കുക വഴിയാണ്‌, രാഷ്ട്രസുരക്ഷയ്ക്കു ഭീഷണിയായ സൈറ്റുകളെയും ബ്ലോഗുകളെയും അധികൃതര്‍ തടയുക. ഇന്ത്യയിലാകെ എട്ട്‌ ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളാണ്‌ ഉള്ളത്‌; അഞ്ചെണ്ണം വി.എസ്‌.എന്‍.എല്ലി(VSNL)നും രണ്ടെണ്ണം റിലയന്‍സിനും ഒന്ന്‌ ഭാരതി എയര്‍ടെല്ലിനും. ഈ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ നടത്താനുള്ള സാങ്കേതിക സംവിധാനമാണ്‌ ടെലകോം വകുപ്പ്‌ (DoT) ഏര്‍പ്പെടുത്താന്‍ പോകുന്നത്‌.

ബാന്‍ഡ്‌വിഡ്ത്ത്‌ സ്വീകരണകേന്ദ്രങ്ങളില്‍ സ്ക്രീനിങ്‌ നടപ്പാക്കിയാല്‍, വെബ്സൈറ്റുകളെ ഉപ-ഡൊമെയ്ന്‍ തലത്തില്‍ നിയന്ത്രിക്കാനാകും. എന്തെങ്കിലും കാരണത്താല്‍ വെബ്സൈറ്റുകള്‍ നിയന്ത്രിക്കേണ്ടിവരുമ്പോള്‍ ഇത്രകാലവും അതിന്റെ ബാധ്യത വന്നുചേരുക 'ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ ദാതാക്കളു'(Internet Service Providers-ISPs) ടെ മേലായിരുന്നു. എന്നാല്‍, പുതിയ രീതി നടപ്പില്‍ വരുന്നതോടെ ആ തലവേദന ഇവര്‍ക്ക്‌ ഒഴിവാകും.

കഴിഞ്ഞ ജൂലായിലുണ്ടായ മുംബൈ സ്ഫോടനങ്ങള്‍ക്കു ശേഷം 18 ബ്ലോഗുകളും വെബ്സൈറ്റുകളും ഇന്റര്‍നെറ്റ്‌ സര്‍വീസ്‌ ദാതാക്കളുടെ സഹായത്തോടെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിരുന്നു. സര്‍വീസ്‌ ദാതാക്കള്‍ക്ക്‌ ഉപ-ഡൊമെയ്ന്‍ തലത്തില്‍ സൈറ്റുകള്‍ നിയന്ത്രിക്കാന്‍ സങ്കേതമില്ല. അതിനാല്‍ അവര്‍ ഡൊമെയ്ന്‍ തലത്തില്‍ അത്‌ ചെയ്യാന്‍ നിര്‍ബന്ധിതരാകും. നൂറുകണക്കിന്‌ വെബ്സൈറ്റുകളും ബ്ലോഗുകളും കിട്ടാതെ ഉപഭോക്താക്കള്‍ വലയുകയാവും ഫലം. എന്നാല്‍, പുതിയ സംവിധാനം വഴി ഈ പ്രശ്നം ഒഴിവാക്കപ്പെടുമെന്ന്‌ അധികൃതര്‍ കരുതുന്നു.

ബ്ലോഗുകളുടെ നിയന്ത്രണത്തിന്‌ ദേശീയസുരക്ഷയാണ്‌ ഇപ്പോള്‍ കാരണം പറയുന്നതെങ്കിലും, അധികാരികള്‍ക്ക്‌ ഇത്‌ ഏത്‌ ദിശയിലേക്കും നീട്ടാം എന്നതാണ്‌ ഇത്തരം സംവിധാനങ്ങളുടെ പ്രശ്നം. ബ്ലോഗുകള്‍ വഴി സര്‍ക്കാരിന്റെ നയങ്ങളെ വിമര്‍ശിക്കുന്നവരെ, അഴിമതി തുറന്നു കാട്ടാന്‍ ശ്രമിക്കുന്നവരെയൊക്കെ നിശബ്ദരാക്കാന്‍ ഇതേ സംവിധാനം ഉപയോഗിക്കാന്‍ കഴിയും. അഭിപ്രായസ്വാതന്ത്ര്യമായിരിക്കും അനിവാര്യമായ അത്യാഹിതം(കടപ്പാട്‌: The Economic Times).

3 comments:

Joseph Antony said...

ഇന്ത്യയില്‍ ബ്ലോഗുകള്‍ക്ക്‌ നിയന്ത്രണമേര്‍പ്പെടുത്താന്‍ നീക്കം തുടങ്ങി. അഭിപ്രായസ്വാതന്ത്ര്യമായിരിക്കും അനിവാര്യമായ അത്യാഹിതം.

Viswaprabha said...

ഇനിയുമൊരങ്കത്തിനു നമുക്കു ബാല്യമൊരുക്കാം!

തല്‍ക്കാലം ബ്ലോഗു ചെയ്യുന്ന എല്ലാ കൂട്ടുകാരും bloggerscollective എന്ന ഗൂഗിള്‍ഗ്രൂപ്പില്‍ അംഗമായിച്ചേരാന്‍ അഭ്യര്‍ത്ഥിക്കുന്നു. ജൂലൈ 18ന്റെ നിരോധനത്തിനെതിരെ വളരെ ക്രിയാത്മകമായി, ഫലോന്മുഖമായി പ്രവര്‍ത്തിച്ചതാണ് ഈ ഗ്രൂപ്പ്. നാളെ നാം ഒരുമിച്ച് എന്തെങ്കിലും പ്രതിരോധം ചെയ്യണമെങ്കില്‍ അവിടെനിന്നും തുടങ്ങാം.

ലിങ്ക്: http://groups.google.com/group/BloggersCollective

മാവേലികേരളം(Maveli Keralam) said...

വിശ്വം
ഈ BloggersCollecitve l അംഗമാകുന്നതെങ്ങനെയാണ്? പുതിയതായ ഗ്രൂപ്പ് ഉണ്ടാക്കുകയാണോ.കമന്റില്‍ ബ്ലൊഗ്ഗെഴ്സ് കളക്റ്റീവിന്റെ ലിങ്ക് കാണിച്ചിരിയ്ക്കുന്ന. അതെങ്ങനെയാണ് ഉപയോഗിയ്ക്കുന്നത്? ദയവായി സഹായിയ്ക്കുമല്ലോ