സൂര്യഗ്രഹണവേളയില്‍ വജ്രമോതിരം പോലെ തെളിയുന്നതാണ് സൂര്യന്റെ കൊറോണ(corona). ഇത്രകാലവും ഗ്രഹണസമയത്തു മാത്രമേ കൊറോണയുടെ ദൃശ്യം ക്യാമറയില്‍ പകര്‍ത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. എന്നാല്‍, ജപ്പാന്റെ സൗരനിരീക്ഷണ വാഹനമായ 'ഹിനോഡെ'(Hinode) ആ പതിവ് തെറ്റിച്ചു. ഹിനോഡെയുടെ എക്സ്റേ ടെലിസ്കോപ് 2006 ഒക്ടോബര്‍ 28-ന് പകര്‍ത്തിയ ഈ ദൃശ്യം ഡിസംബര്‍ 23-നാണ് 'നാസ' പുറത്തു വിട്ടത്. സൗരധ്രുവങ്ങളുടെ വിശാദംശങ്ങളും ഇതില്‍ വ്യക്തമാണ്. സൗരക്കാറ്റുകളുടെ ഉറവിടങ്ങളെന്നു കരുതുന്ന കാന്തികചുഴികളും സ്പഷ്ടമായി കാണാം.
'ഹിനോഡെ'യെന്നാല്‍ ജാപ്പനീസ് ഭാഷയില്‍ സൂര്യോദയം എന്നാണര്‍ത്ഥം. 2006 സപ്തംബര്‍ 22-ന് വിക്ഷേപിച്ച ഈ ഉപഗ്രഹത്തിന്റെ ആദ്യപേര് 'സോളാര്‍-ബി'യെന്നായിരുന്നു. വിക്ഷേപിച്ചു കഴിഞ്ഞ് പേരു മാറ്റുകയെന്നത് ജപ്പാനിലെ രീതിയാണ്. സൗരപ്രതലത്തിലെ ആളിക്കത്തലുകളെ(Solar flares)ക്കുറിച്ചും സൗരക്കാറ്റുകളെക്കുറിച്ചുമാണ് ഹിനോഡെ പഠനം നടത്തുന്നത്. ഹിനോഡെ അതിന്റെ ആദ്യനിരീക്ഷണങ്ങള്‍ നവംബര്‍ ആദ്യം ഭൂമിയിലേക്കയച്ചു.
ഏതാനും മിനുറ്റുകള്‍ കൊണ്ട് കോടിക്കണക്കിന് ഹൈഡ്രജന്‍ ബോംബുകള്‍ പുറത്തുവിടുന്നയത്ര ഊര്‍ജ്ജമാണ് സൗരപ്രതലത്തിലെ ആളിക്കത്തലുകള്‍ വഴി ഉണ്ടാകുന്നത്. അതിന്റെ ഫലമായുണ്ടാകുന്ന അതിശക്തമായ സൂര്യവാതകപ്രവാഹം, ഭൂമിലും കനത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. വാര്‍ത്താവിനിമയ ഉപഗ്രഹങ്ങളുടെയും ബഹിരാകാശയാത്രികരുടെയും സുരക്ഷയ്ക്ക് ഈ ഊര്‍ജ്ജപ്രവാഹം കടുത്ത ഭീഷണിയാണ്. പവര്‍ഗ്രിഡുകളെയും അത് പ്രതികൂലമായി ബാധിക്കും.
ഓരോ ദിവസം കഴിയുന്തോറും വാര്‍ത്താവിനിമയ സംവിധാനങ്ങളിലുള്ള മനുഷ്യന്റെ ആശ്രിതത്വം ഏറിവരുന്ന സാഹചര്യത്തില്‍, സൗരക്കാറ്റുകളെപ്പറ്റി കൂടുതല്‍ പഠിക്കുകയും അപകടമൊഴിവാക്കാനുള്ള വഴികള്‍ തേടേണ്ടതും അനിവാര്യതയായി മാറിയിരിക്കുന്നു. ഈ വസ്തുത മുന്നില്‍ കണ്ട് ജപ്പാന് മാത്രമല്ല പര്യവേക്ഷണ ഉപഗ്രഹം വിക്ഷേപിച്ചിട്ടുള്ളത്; അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അടുത്തയിടെ വിക്ഷേപിച്ച ഉപഗ്രഹദ്വയമായ 'സ്റ്റീരിയോ'യും പഠിക്കുക സൗരക്കാറ്റുകളെക്കുറിച്ചാണ് (ചിത്രത്തിനും വിവരങ്ങള്‍ക്കും കടപ്പാട്: നാസ).
1 comment:
മുമ്പോക്കെ ഗ്രഹണവേളയില്‍ മാത്രമാണ് സൂര്യന്റെ കൊറോണയുടെ ദൃശ്യം പകര്‍ത്താന്‍ കഴിഞ്ഞിരുന്നത്. ഇപ്പോള്‍ ആ പതിവ് മാറിയിരിക്കുന്നു.
Post a Comment