ശല്യമെയിലുകളുടെ പ്രളയമാണ് നെറ്റില്‍. ഇ-മെയില്‍ സെര്‍വറുകളെ അവ ശ്വാസം മുട്ടിക്കുന്നു.കമ്പ്യൂട്ടറുകളില്‍ അനാവശ്യ ചവറുകള്‍ വന്നു നിറയുന്നു. ലോകത്താകെ ഇപ്പോള്‍ വിനിമയം ചെയ്യപ്പെടുന്ന പത്ത് ഇ-മെയിലുകളില്‍ ഒന്‍പതും ശല്യമെയിലുകളാണ്
ഈ നവംബറില്‍ മാത്രം ഇന്റര്‍നെറ്റ് വഴി ലോകത്താകമാനം എത്തിയ ശല്യമെയിലുകളുടെ(spam mails) എണ്ണമെത്രയെന്നോ; 700 കോടി! കഴിഞ്ഞ ജൂണിനെ അപേക്ഷിച്ച് ഇത് മൂന്നിരട്ടിയായെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. നെറ്റിലൂടെ ഹൈജാക്ക് ചെയ്ത കമ്പ്യൂട്ടറുകളുടെ സഹായത്തോടെ ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ക്രിമിനല്‍ സംഘങ്ങളാണ് ഈ സ്പാംപ്രളയത്തിനു ചുക്കാന്‍ പിടിക്കുന്നത്.
ലോകത്ത് ഇപ്പോള്‍ വിനിമയം ചെയ്യപ്പെടുന്ന പത്ത് ഇ-മെയിലുകളില്‍ ഒന്‍പതും ശല്യമെയിലുകളാണെന്ന്, അമേരിക്കന്‍ ഇന്റര്‍നെറ്റ് സുരക്ഷാകമ്പനിയായ 'പോസ്റ്റിനി'(Postini) പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. ക്രിസ്മസ് സീസണ് ആയതോടെ നെറ്റില്‍ ശല്യമെയിലുകളുടെ എണ്ണം അസാധാരണമായി പെരുകിയിരിക്കുകയാണ്.
വ്യാജവയാഗ്ര, ലോണുകള്‍, രതിസഹായ ഉപകരണങ്ങള്‍ എന്നിവയെപ്പറ്റിയുള്ള വാഗ്ദാനങ്ങള്‍ നിറഞ്ഞതാണ് മിക്ക ശല്യമെയിലുകളും. ഇ-മെയില്‍ സംവിധാനങ്ങളും സെര്‍വറുകളും അമിതഭാരം കൊണ്ട് വീര്‍പ്പുമുട്ടാന്‍ ശല്യമെയിലുകളുടെ പ്രളയം കാരണമാകുന്നതായി, പോസ്റ്റിനിയുടെ വൈസ് പ്രസിഡന്റുമാരിലൊരാളായ ഡാന്‍ ഡ്രക്കര്‍ പറയുന്നു.
ജൂണില്‍ 250 കോടി ശല്യമെയിലുകള്‍ നെറ്റിലൂടെ ഒഴുകിയെങ്കില്‍, നവംബറില്‍ അത് 700 കോടിയായി-പോസ്റ്റിനിയുടെ കണക്ക് ഇതാണ്. കഴിഞ്ഞ രണ്ടുമാസം കൊണ്ടുമാത്രം ബ്രിട്ടനില്‍ ശല്യമെയിലുകളുടെ വരവ് 50 ശതമാനമാണ് വര്‍ധിച്ചതെന്ന് 'സര്ഫ്കണ്ട്രോള്'(Surfcontrol) എന്ന ഇന്റര്‍നെറ്റ് സുരക്ഷാകമ്പനി അറിയിക്കുന്നു.
ശല്യമെയിലുകളുടെ മുഖ്യഉറവിടം യു.എസ്, ചൈന, പോളണ്ട് എന്നീ രാജ്യങ്ങളാണെന്നാണ് 'മാര്‍ഷല്‍'(Marshal) എന്ന സുരക്ഷാകമ്പനി കണ്ടെത്തിയിട്ടുള്ളത്. 80 ശതമാനം ശല്യമെയിലുകള്ക്കും പിന്നില്‍ ഏതാണ്ട് ഇരുന്നൂറോളം ക്രിമിനല്‍ സംഘങ്ങളാണത്രേ പ്രവര്‍ത്തിക്കുന്നത്. ഇ-മെയിലുകള്‍ അയയ്ക്കാന്‍ പാകത്തില്‍ ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളെ നെറ്റിലൂടെ ഹൈജാക്ക് ചെയ്യാന്‍ സഹായിക്കുന്ന നിയമവിരുദ്ധ പ്രോഗ്രാമുകളാണ്, സ്പാം പ്രളയത്തിലെ യഥാര്‍ത്ഥ പ്രതിയെന്ന് വിദഗ്ധര്‍ പറയുന്നു.
ഇപ്രകാരം ഹൈജാക്ക് ചെയ്യപ്പെട്ട കമ്പ്യൂട്ടറുകളുടെ ശൃംഗല ഉപയോഗിച്ചാണ് ശല്യമെയിലുകളുടെ അനന്തമായ പ്രവാഹം ക്രിമിനല്‍ സംഘങ്ങള്‍ സൃഷ്ടിക്കുന്നത്. ആ ശൃംഗലയ്ക്ക് 'സോംബീ നെറ്റ്വര്‍ക്ക്സ് '(zombie networks) എന്നാണ് പേര്. 'ബോട്ട്നെറ്റ്സ് '(botnets) എന്നും ഇവ അറിയപ്പെടുന്നു. ബോട്ട്നെറ്റുകള്‍ക്ക് ഒരുലക്ഷത്തോളം കമ്പൂട്ടറുകളെ(അവയുടെ ഉടമസ്ഥരുടെ അറിവില്ലാതെ) ഒറ്റയടിക്ക് അതിന്റെ ശൃംഗലയില്‍ കൊണ്ടുവരാനാകും.(അവലംബം: Reuters)
2 comments:
വിജ്ഞാനപ്രദമായ ലേഖനം. ശല്യത്തപാലുകള് ഉപദ്രവിക്കാത്ത മെയില്‍ ബോക്സുകള്‍ വളരെക്കുറവാണ്. ജി-മെയിലിന്റെ സ്പാം ഫിള്‍ട്ടര്‍ ആണ് യാഹൂവിനേക്കാളും ഭേദം എന്ന് തോന്നുന്നു.
നിങ്ങള്‍ക്ക് കണ്ടമാനം സ്പാം കിട്ടുന്നുണ്ടോ?
നിങ്ങള്‍ തന്നെയാണ് പ്രധാന ഉത്തരവാദി!
അതു കഴിഞ്ഞാല്‍ നിങ്ങളുടെ സുഹൃത്തുക്കളും.
ഇവിടെത്തന്നെ ഈ വക കാര്യങ്ങളില്‍ വിശദമായ ഒരു ലേഖനം ഉടനെയുണ്ടാവുമെന്നു പ്രതീക്ഷിച്ചോട്ടെ?
Post a Comment