Tuesday, March 30, 2010

'ദൈവകണ'ത്തിനായുള്ള യഥാര്‍ഥ മത്സരം തുടങ്ങി

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ശരിക്കുള്ള കണികാപരീക്ഷണം ഇന്നാണ് ആരംഭിച്ചത്. 7 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (7TeV) ഊര്‍ജനിലയില്‍ ആദ്യ കണികാകൂട്ടിയിടി നടത്തിക്കൊണ്ട് മനുഷ്യനിര്‍മിതമായ ഈ ഏറ്റവും വലിയ യന്ത്രം അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ഇനി പ്രപഞ്ചരഹസ്യങ്ങക്കായി കാത്തിരിപ്പിന്റെ നാളുകള്‍.

'ഒരു കണികാശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹത്തായ ദിനമാണ്' - പരീക്ഷണത്തിന്റെ ചുമതല വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി' (CERN) ന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യുയര്‍
വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 'ഈയൊരു നിമിഷത്തിനായി അനേകം പേര്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ ക്ഷമയ്ക്കും പ്രതിജ്ഞാബദ്ധതയ്ക്കും പ്രതിഫലം ലഭിക്കാന്‍ പോകുന്നു'-ഹ്യുയര്‍ പറഞ്ഞു.

ഇന്ത്യന്‍ സമയം പകല്‍ നാലരയോടെയാണ് റിക്കോര്‍ഡ് ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടി എല്‍.എച്ച്.സി.യില്‍ ആരംഭിച്ചത്. തുടങ്ങി മൂന്നു മണിക്കൂറിനകം അഞ്ചുലക്ഷം കണികാകൂട്ടിയികള്‍ എല്‍.എച്ച്.സി.യിലെ വിവിധ ഡിറ്റെക്ടറുകള്‍ രേഖപ്പെടുത്തിയതായി, സേണിന്റെ ട്വിറ്റര്‍ അപ്‌ഡേറ്റ് വെളിപ്പെടുത്തി.

ഭൂമുഖത്തെ ഒരു കണികാത്വരകത്തിനും ഇരുവരെ സാധിക്കാത്തത്ര ശക്തിയേറിയ കണികാകൂട്ടിയിടി എല്‍.എച്ച്.സി. യില്‍ തുടങ്ങിയതോടെ, ശരിക്കു പറഞ്ഞാല്‍ അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി ഒരു ശാസ്ത്രകിടമത്സരത്തിനാണ് തിരികൊളുത്തിയിരിക്കുന്നത് -'ദൈവകണം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താനുള്ള മത്സരത്തിന്! അത്‌ലാന്റിക്കിന്റെ ഒരു വശത്ത് എല്‍.എച്ച്.സി.യാണെങ്കില്‍, മറുവശത്ത് യു.എസ്.കണികാത്വരകമായ ടെവട്രോണ്‍ (Tevatron) ആണ്.

2011-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കരുതുന്ന ടെവട്രോണിന്റെ ഇപ്പോഴത്തെ മുഖ്യപരിഗണന, പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുകയെന്നതാണ്. ഇതുവരെ എല്‍.എച്ച്.സി.അതിന്റെ തനി സ്വരൂപം കാട്ടാത്തതുകൊണ്ട്, ടെവട്രോണിന് പ്രതിയോഗി ഇല്ലായിരുന്നു. ഇനി അതല്ല സ്ഥിതി. ടെവട്രോണിന് സാധ്യമായ പരമാവധി ഊര്‍ജനില 1.96 TeV ആണ്. അതിന്റെ മൂന്നിര ഇരട്ടി കരുത്ത് എല്‍.എച്ച്.സി. ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്നു.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിയിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലാണ് എല്‍.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്. ഉന്നത ഊര്‍ജനിലയില്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അതില്‍നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സി.യുടെ ലക്ഷ്യം. 3.5 TeV വീതം ശക്തിയുള്ള കണികാധാരകള്‍ എല്‍.എച്ച്.സി.യില്‍ മാര്‍ച്ച് 19 ന് ആദ്യമായി ചുറ്റിത്തിരിഞ്ഞു. 3.5 TeV വീതം ശക്തിയുള്ള, എതില്‍ദിശയില്‍ ചുറ്റിത്തിരിയുന്ന കണികാധാരകളെ കൂട്ടിയിടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. എന്നുവെച്ചാല്‍, 7 TeV ശക്തിയുള്ള കൂട്ടിയിടി.

7 TeV ശക്തിയുള്ള കണികാകൂട്ടിയിടി തുടങ്ങുന്നതായിരിക്കും എല്‍.എച്ച്.സി.യുടെ 'പ്രഥമ ഭൗതിശാസ്ത്ര ദിനം' (LHC First Physics day) എന്ന് 'സേണ്‍' മാര്‍ച്ച് മൂന്നിന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള എല്‍.എച്ച്.സി.യുടെ പ്രയാണത്തിന്റെ ആരംഭമാണ് ആദ്യ ഭൗതികശാസ്ത്ര ദിനം. എന്നുവെച്ചാല്‍, പുതുയുഗപ്പിറവി.

പക്ഷേ, കണികാപരീക്ഷണം വഴി ഉടന്‍ കണ്ടുപിടിത്തങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് സേണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണം, ലക്ഷക്കണക്കിന് കണികാകൂട്ടിയിടികളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താലേ ഒരു മുന്നേറ്റം സാധ്യമാകൂ. 'അതിന് മാസങ്ങളോ വര്‍ഷങ്ങളോ നീളുന്ന ക്ഷമാപൂര്‍വമായ കാത്തിരിപ്പ് വേണ്ടിവരും'-എല്‍.എച്ച്.സി.യില്‍ സി.എം.എസ്. (CMS) ഡിറ്റെക്ടറിന്റെ വക്താവ് ഗ്വിഡോ ടോണെല്ലി പറഞ്ഞു.

എല്‍.എച്ച്.സി. രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 7 TeV ശക്തിയിലുള്ള കണികാപരീക്ഷണത്തിനല്ല, 14 TeV ലുള്ള പരീക്ഷണത്തിനാണ്. 7 TeV ഊര്‍ജനിലയിലുള്ള പരീക്ഷണം 2011 അവസാനം വരെ തുടരും. അതിനു ശേഷം ഒരു വര്‍ഷം എല്‍.എച്ച്.സി. അടച്ചിട്ട് നവീകരണം നടത്തും. 2013 ലാകും പൂര്‍ണതോതിലുള്ള പരീക്ഷണത്തിന്റെ ആരംഭം.

ഭൗതികശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താന്‍ പക്ഷേ, എല്‍.എച്ച്.സി.യില്‍ പകുതി ഊര്‍ജനിലയിലുള്ള പരീക്ഷണം മതിയെന്നാണ് കണക്കുകൂട്ടല്‍. പിണ്ഡത്തിന് നിദാനമായ ആ കണങ്ങളെ കണ്ടെത്തിയാലേ, സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പോലെ പ്രപഞ്ചസാരം നിര്‍വചിക്കുന്ന സൈദ്ധാന്തിക ചട്ടക്കൂടുകള്‍ക്ക് നിലനില്‍പ്പുള്ളു.

മാത്രമല്ല, മനുഷ്യന് ഇതുവരെ സാധിക്കാത്തത്ര ഉന്നത ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടിയില്‍ അറിയപ്പെടാത്ത മാനങ്ങള്‍ (dimensions) പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്ട്രിങ് തിയറിയുടെ സാധൂകരണമാകും അത്. പുതിയ കണങ്ങളും കണ്ടെത്തിയേക്കാം. 'സൂപ്പര്‍സിമട്രിക് കണങ്ങള്‍' ആണ് പ്രതീക്ഷിക്കപ്പെടുന്ന ഒരു താരം. ശ്യാമദ്രവ്യം (dark matter) പോലുള്ള പ്രഹേളികള്‍ക്ക് ഉത്തരം ലഭിക്കാന്‍ സൂപ്പര്‍സിമട്രിയുടെ കണ്ടെത്തല്‍ സഹായിക്കുമെന്ന് കരുതുന്നു.
കാണുക

Saturday, March 27, 2010

മണ്ണും തപിക്കുന്നു; അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സയിഡ്

പൊള്ളുന്ന ഭൂമിക്ക് ആശ്വാസമേകാനും കാലാവസ്ഥാമാറ്റം നേരിടാനും ലോകം ഇന്ന് ഒരു മണിക്കൂര്‍ വിളക്കണയ്ക്കുകയാണ്. രാത്രി എട്ടര മുതല്‍ ഒമ്പതര വരെ വൈദ്യുതദീപങ്ങള്‍ അണച്ച് 125 രാജ്യങ്ങള്‍ 'ഭൗമ മണിക്കൂറി'ല്‍ പങ്കാളികളാകുന്നു.

ഭൂമിക്ക് വേണ്ടി ഇത്തരം കൂട്ടായ ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ, മറുവശത്ത് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഭൂമിക്ക് ചൂടു കൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്നുള്ള കാര്‍ബണ്‍ഡയോക്‌സയിഡിന്റെ ബഹിര്‍ഗമനം വര്‍ധിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍.

ഇരുപത് വര്‍ഷം നീണ്ട പഠനത്തിലാണ്, സസ്യങ്ങളും മണ്ണിലെ സൂക്ഷ്മജീവികളും പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്‌സയിഡി (CO2)ന്റെ തോത് വര്‍ധിച്ചതായി കണ്ടതെന്ന്, 'നേച്ചറി'ന്റെ പുതിയ ലക്കത്തിലെ റിപ്പോര്‍ട്ട് പറയുന്നു.

'മണ്ണിന്റെ ശ്വസനം' (soil respiration) എന്നാണ്, മണ്ണില്‍ നിന്ന് CO2 ബഹിര്‍ഗമിക്കപ്പെടുന്ന പ്രക്രിയ വിശേഷിപ്പിക്കുന്നത്. ഇതിന്റെ തോത് 1998 ന് ശേഷം, വര്‍ഷംതോറും ഒരു ശതമാനത്തിന്റെ പത്തിലൊന്ന് വീതം വര്‍ധിച്ചതായി പഠനറിപ്പോര്‍ട്ട് പറയുന്നു.

സംബന്ധിച്ച് മുമ്പ് നടന്ന പഠനങ്ങളും ഗവേഷകര്‍ വിശകലനം ചെയ്യുകയുണ്ടായി. മണ്ണില്‍ നിന്ന് പുറത്തുവരുന്ന ആകെ CO2 ന്റെ അളവ്, മുമ്പ് കണക്കാക്കിയിരുന്നതിലും 10-15 ശതമാനം കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം, ഒരു വര്‍ഷം മണ്ണില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന CO2 ന്റെ ആകെ അളവ് 98 പെറ്റാഗ്രാം (9800 കോടി മെട്രിക് ടണ്‍) ആണ്.

ആഗോള കാര്‍ബണ്‍ ശൃംഗലയെക്കുറിച്ച് വ്യക്തത ലഭിക്കാനും, അതുവഴി കാലാവസ്ഥാമാറ്റത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ നടത്തുന്ന സ്വാധീനം മനസിലാക്കാനും, മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കൃത്യമായി അറിയേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ പ്രധാന്യമര്‍ഹിക്കുന്ന പഠനമാണ്, അമേരിക്കയില്‍ പെസഫിക് നോര്‍ത്ത്‌വെസ്റ്റ് നാഷണല്‍ ലബോറട്ടറിയിലെ ബെന്‍ ബോണ്ട്-ലാംബെര്‍ട്ടിയും കൂട്ടരും നടത്തിയിരിക്കുന്നത്.

ഭൂമിയുടെ ചൂടുകൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്ന് കൂടുതല്‍ CO2 പുറത്തുവരിക എന്നു പറഞ്ഞാല്‍, അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രത അത്രയും വര്‍ധിക്കുന്നു എന്നാണര്‍ഥം. അതിനനുസരിച്ച് ആഗോളതാപനം (global warming) വീണ്ടും വര്‍ധിക്കും. ശരിക്കുമൊരു വിഷമവൃത്തമാണിത്.

പുതിയ പഠനം അനുസരിച്ച്, 1989-ന് ശേഷം മണ്ണില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന CO2 ന്റെ അളവ് പ്രതിവര്‍ഷം ഏതാണ്ട് 0.1 പെറ്റാഗ്രാം (10 കോടി മെട്രിക് ടണ്‍) വീതം വര്‍ധിച്ചു. പക്ഷേ, പുറത്തുവരുന്ന CO2 പഴയ സ്റ്റോക്കാണോ അതോ ചൂടു കൂടിയ കാലാവസ്ഥയില്‍ ഹരിതസസ്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വളരുന്നതിനാലാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമല്ല. പക്ഷേ, ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇത് പഴയ സ്റ്റോക്കാവാനാണ് സാധ്യതയെന്നാണ് ബോണ്ട്-ലാംബെര്‍ട്ടി പറയുന്നു.

സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ CO2, ജലം എന്നിവയുടെ സഹായത്തോടെ സസ്യങ്ങള്‍ ധാന്യകം നിര്‍മിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. അപ്പോള്‍ ഓക്‌സിജന്‍ ഉപോത്പന്നമായി പുറത്തു വരും. അതേസമയം, മറ്റ് ജീവികളെപ്പോലെ സസ്യങ്ങള്‍ ഓക്‌സിജന്‍ ആഗിരണം ചെയ്ത് CO2 പുറത്തുവിടാറുമുണ്ട്. സസ്യങ്ങളും സൂക്ഷ്മജീവികളും CO2 പുറത്തുവിടുന്നതിനെയാണ് 'മണ്ണിന്റെ ശ്വസനം' എന്ന് വിളിക്കുന്നത്.

സൈദ്ധാന്തികമായി, സസ്യങ്ങളും സൂക്ഷ്മജീവികളും ഏര്‍പ്പെടുന്ന ജൈവരാസപ്രവര്‍ത്തനങ്ങളില്‍ താപം വര്‍ധിക്കുന്നതിനനുസരിച്ച് പുറത്തു വരുന്ന CO2 ന്റെ അളവും വര്‍ധിക്കും. എന്നാല്‍, 'മണ്ണിന്റെ ശ്വസനം' അളക്കുക എളുപ്പമല്ല, സാധാരണരീതികളുപയോഗിച്ച് സാധിക്കില്ല.

അതിനാല്‍, മറ്റൊരു സമീപനമാണ് ബോണ്ട്-ലാംബെര്‍ട്ടിയും കൂട്ടരും കൈക്കൊണ്ടത്. മണ്ണില്‍ നിന്ന് CO2 ബഹിര്‍ഗമിക്കുന്നത് സംബന്ധിച്ച് 1989 - 2008 കാലത്ത് നടന്ന 439 പഠനങ്ങള്‍ അവര്‍ പുനപ്പരിശോധിച്ചു. വാതക ക്രൊമാറ്റോഗ്രാഫി (gas chromatography), ഇന്‍ഫ്രാറെഡ് വാതക വിശകലനം തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് മാര്‍ഗങ്ങളുപയോഗിച്ച് നടത്തിയ പഠനങ്ങളുടെ ഫലങ്ങളേ പുതിയ പഠനത്തില്‍ ഉള്‍പ്പെടുത്തിയുള്ളു.

അതുപയോഗിച്ച് നടത്തിയ വിശകനത്തിലാണ്, മണ്ണില്‍ നിന്നുള്ള CO2 ന്റെ ബഹിര്‍ഗമന തോത് 1989-ലേതിനെക്കാള്‍ 2008-ല്‍ കൂടുതലാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. (അവലംബം: പെസഫിക് നോര്‍ത്ത്‌വെസ്റ്റ് നാഷണല്‍ ലബോറട്ടറിയുടെ വാര്‍ത്താക്കുറിപ്പ്).

Friday, March 26, 2010

ടി.റെക്‌സുകളുടെ 'തെക്കന്‍ ബന്ധുക്കള്‍'

ദിനോസറുകള്‍ക്കിടയിലെ ഭീകരരായിരുന്ന 'ടൈറനൊസറസ് റെക്‌സു' (T-rex)കളുടെ സാന്നിധ്യം ഒരു കാലത്ത് ഭൂമിയിലാകെ ഉണ്ടായിരുന്നു എന്നതിന് തെളിവ് ലഭിച്ചു. ഉത്തരാര്‍ധഗോളത്തില്‍ മാത്രമേ അവ കാണപ്പെട്ടിരുന്നുള്ളു എന്നാണ് ഇതുവരെ ശാസ്ത്രലോകം കരുതിയിരുന്നത്.

തെക്കന്‍ ഓസ്‌ട്രേലിയയിലെ വിക്ടോറിയയില്‍ 'ദിനോസര്‍ കൊവ്' (Dinosaur Cove) എന്നറിയപ്പെടുന്ന സ്ഥലത്തുനിന്ന് ലഭിച്ച ഭാഗിക ഫോസിലാണ് മുന്‍ നിഗമനം തിരുത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. ടി.റെക്‌സിന്റെയത്ര വലിപ്പമില്ലെങ്കിലും, അവയുടെ ഏതാണ്ട് സമാന ശരീരഘടനയുള്ള ജിവിയെയാണ് പുതിയതായി കണ്ടെത്തിയത്. ടി.റെക്‌സിന്റെ 'തെക്കന്‍ ബന്ധുക്കളാ'ണ് അവയെന്ന് ഗവേഷകര്‍ പറയുന്നു.

NMV P186069 എന്നു സൂചിപ്പിക്കപ്പെട്ടിട്ടുള്ള ഫോസില്‍, 11 കോടി വര്‍ഷം മുമ്പ് (ടി.റെക്‌സുകള്‍ ആദ്യമായി പ്രത്യക്ഷപ്പെടുന്നതിനും നാലുകോടി വര്‍ഷം മുമ്പ്) ഓസ്‌ട്രേലിയയില്‍ ജിവിച്ചിരുന്ന ദിനോസറിന്റേതാണ്. മൂന്നു മീറ്റര്‍ നീളവും 80 കിലോഗ്രാം ഭാരവുമുള്ള ജീവിയായിരുന്നു അത്. ടി.റെക്‌സിന്റെ നീളം 12 മീറ്ററും ഭാരം നാലു ടണ്ണിനടുത്തുമായിരുന്നു.
വലിപ്പത്തില്‍ ഈ വ്യത്യാസം ഉണ്ടെങ്കിലും, ടി.റെക്‌സ് പരിണമിച്ചുണ്ടായത് പുതിയതായി കണ്ടെത്തിയ വര്‍ഗത്തില്‍ നിന്നാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് ഗവേഷകര്‍ കരുതുന്നു. പരിണാമചരിത്രത്തിന്റെ ആദ്യഘട്ടത്തില്‍ ടൈറനോസറസുകള്‍ തെക്കന്‍ പ്രദേശങ്ങളിലും എത്തിയിരുന്നു എന്നാണ് പുതിയ കണ്ടെത്തല്‍ കാട്ടിത്തരുന്നത്. ആഫ്രിക്കയിലും തെക്കേയമേരിക്കയിലും ഇന്ത്യയിലും നിന്ന് ഇതിന് പുതിയ തെളിവുകള്‍ ലഭിച്ചേക്കാം, പഠനത്തില്‍ പങ്കുവഹിച്ച ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഡോ.പോള്‍ ബാരറ്റ് അഭിപ്രായപ്പെടുന്നു.

ഒരു സൂപ്പര്‍ ഭൂഖണ്ഡം പൊട്ടിയടര്‍ന്ന് വേര്‍പെട്ട് നിലവിലുള്ള ഭൂഖണ്ഡങ്ങളുടെ സ്ഥിതിയിലേക്കെത്താന്‍ തുടങ്ങുന്ന ഏതാണ്ട് അതേ കാലത്താണ് ദിനോസറുകള്‍ ഭൂമിയില്‍ പ്രത്യക്ഷപ്പെട്ടത്.

ആ പൊട്ടിയടരല്‍ പകുതി പിന്നിടുമ്പോഴാണ് ടൈറനോസറസുകളുടെ രംഗപ്രവേശം. തെക്കേയമേരിക്ക, അന്റാര്‍ട്ടിക്ക, ആഫ്രിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ തെക്കന്‍ ഭൂഖണ്ഡങ്ങള്‍ ആ സമയത്ത് വടക്കന്‍ ഭാഗത്തില്‍ നിന്ന് മാറിയിരുന്നെങ്കിലും, അവ പരസ്പരം വേര്‍പെട്ടിരുന്നില്ല. ( അവലംബം: സയന്‍സ് )

കാണുക

Thursday, March 25, 2010

മുന്തിയ വിത്തിനങ്ങള്‍ വേഗത്തില്‍ രൂപപ്പെടുത്താന്‍ മാര്‍ഗം

കണ്ടെത്തലിന് പിന്നില്‍ ഇന്ത്യക്കാരനായ രവി മരുതാചലം
പുതിയ വിത്തിനങ്ങള്‍ രൂപപ്പെടുത്തുകയെന്നത് കാര്‍ഷികശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം എന്നും വെല്ലുവിളിയാണ്. വര്‍ധിച്ച രോഗപ്രതിരോധശേഷി, മുന്തിയ വിളവ് തുടങ്ങി വ്യത്യസ്ത ഗുണങ്ങള്‍ സമന്വയിപ്പിച്ച് പുതിയ വിത്തിനങ്ങള്‍ രൂപപ്പെടുത്താന്‍ വര്‍ഷങ്ങളുടെ തപസ്യ തന്നെ വേണം. വിഖ്യാത കാര്‍ഷികശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബൊര്‍ലോഗ്, രോഗപ്രതിരോധശേഷിയുള്ള ഗോതമ്പിനങ്ങള്‍ കൃത്രിമപരാഗണം വഴി രൂപപ്പെടുത്താന്‍ മെക്‌സിക്കോയില്‍ ചെലവിട്ടത് (1944 മുതല്‍) പത്തു വര്‍ഷത്തിലേറെയാണ്. ഇതിനായി 6000 തവണ കൃത്രിമപരാഗണം വേണ്ടിവന്നു.

ശാസ്ത്രം വളരെയേറെ വളര്‍ന്നു. ടിഷ്യൂകള്‍ച്ചര്‍ പോലുള്ള സങ്കേതങ്ങള്‍ നിലവില്‍ വന്നു. എന്നിട്ടും, 'മാതൃ-പിതൃ'സസ്യങ്ങളിലെ ഗുണകരമായ അംശങ്ങള്‍ സമ്മേളിപ്പിച്ച് പുതിയൊരു വിത്തിനം രൂപപ്പെടുത്തുക എന്നത് ഇന്നും ശ്രമകരമായ പ്രക്രിയയാണ്. അതേസമയം, പ്രതികൂല സാഹചര്യങ്ങള്‍ വര്‍ധിക്കുകയും അവ നേരിടാന്‍ പാകത്തിലുള്ള വിത്തുകളും വിളകളും കൂടുതല്‍ ആവശ്യമാകുകയും ചെയ്യുന്ന കാലമാണിത്. ചൂടുകൂടുന്നു, മണ്ണിന്റെ ലവണാംശം വര്‍ധിക്കുന്നു, ഒപ്പം കൂടുതല്‍ പേരെ തീറ്റിപ്പോറ്റേണ്ടിയും വരുന്നു.

ഈ പശ്ചാത്തലത്തിലാണ്, അബദ്ധമെന്ന് കരുതി ആദ്യം എഴുതിത്തള്ളിയ ഒരു കണ്ടെത്തലുമായി കാലിഫോര്‍ണിയ സര്‍വകലാശാല (ഡേവിസ്)യിലെ രണ്ടു സസ്യഗവേഷകര്‍ രംഗത്തെത്തുന്നത്. മികച്ച വിത്തുകളും വിളകളും വേഗത്തില്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്ന ഈ കണ്ടെത്തല്‍, കാര്‍ഷികഗവേഷണരംഗത്തിന് വന്‍ അനുഗ്രഹമാകുമെന്ന് വിലയിരുത്തപ്പെടുന്നു. അസിസ്റ്റന്റ് പ്രൊഫസര്‍ സിമോണ്‍ ചാനിന്റെ സഹായത്തോടെ ഇന്ത്യക്കാരനായ ഗവേഷണ വിദ്യാര്‍ഥി രവി മരുതാചലം നടത്തിയ കണ്ടെത്തിലിന്റെ വിവരം ഇന്നത്തെ 'നേച്ചര്‍' ഗവേഷണ വാരികയിലാണുള്ളത്.

പ്രജനനപ്രക്രിയയില്‍ മാതാവില്‍നിന്നും പിതാവില്‍നിന്നുമുള്ള ജനിതകദ്രവ്യമാണ് സന്തതികളിലേക്ക് പകര്‍ന്നു കിട്ടുന്നത് (പല സസ്യങ്ങളുടെയും കാര്യത്തില്‍ മാതൃസസ്യവും പിതൃസസ്യവും ഒന്നു തന്നെയായിരിക്കും). ഇതില്‍ നിന്ന് വ്യത്യസ്തമായി, 'മാതാപിതാക്കളില്‍' ഒന്നിന്റെ മാത്രം ജനിതകദ്രവ്യമുള്ള സസ്യസന്തതികള്‍ക്ക് രൂപം നല്‍കുന്നതെങ്ങനെയെന്ന കണ്ടെത്തലാണ് രവി നടത്തിയത്. അനുയോജ്യമായ ജനിതകസവിശേഷതകള്‍ അടുത്ത തലമുറയിലേക്ക് അനായാസം കടത്തിവിടാന്‍ സഹായിക്കുന്ന മാര്‍ഗമാണിത്. പുതിയ വത്തുകള്‍ രൂപപ്പെടുത്തുന്നതിന് നിലവിലുള്ള പരിമിതികള്‍ മറികടക്കാന്‍ ഈ കണ്ടെത്തല്‍ വഴിയൊരുക്കുന്നു. മാത്രമല്ല, ടിഷ്യൂ കള്‍ച്ചറിന്റെ ആവശ്യം തന്നെ ഈ സങ്കേതത്തില്‍ കടന്നു വരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

ലൈംഗീക പ്രജനനത്തിലൂടെയുണ്ടാകുന്ന പുതിയ തലമുറ സസ്യങ്ങളില്‍ ജോഡീകരിക്കപ്പെട്ട ക്രോമസോമുകളായാണ് ജനിതകദ്രവ്യം കോശങ്ങളില്‍ സ്ഥിതിചെയ്യുക. മാതാവില്‍ നിന്നുള്ളതാകും ജോഡിയിലെ ഒരു ക്രോമസോം, മറ്റൊന്ന് പിതാവില്‍ നിന്നുള്ളതും. എല്ലാ ക്രോമസോം ജോഡികളും ഇത്തരത്തിലാണ് രൂപപ്പെടുക. ജോഡീകരിക്കപ്പെട്ട ക്രോമസോമുകളുള്ള സസ്യങ്ങളും ജീവികളും ജീവശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഡൈപ്ലോയിഡു' (diploid) കളാണ്. അതേസമയം, അണ്ഡം, ബീജം തുടങ്ങി ജോഡീകരിക്കപ്പെടാത്ത ക്രോമസോമുള്ളവ 'ഹാപ്ലോയിഡു' (haploid)കളെന്നും അറിയപ്പെടുന്നു.

സാധാരണ സസ്യങ്ങളെല്ലാം ഡൈപ്ലോയിഡുകളായതിനാല്‍, മാതാവില്‍നിന്നും പിതാവില്‍നിന്നുമുള്ള ജനിതകപ്രത്യേകതകള്‍ അടുത്ത തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടും. ഇരുസസ്യങ്ങളുടെയും പ്രത്യേകതകള്‍ സന്തതിയില്‍ ഉണ്ടാകുമെന്നര്‍ഥം. എന്നാല്‍, ഗുണപരമായ ജനിതകസവിശേഷതകള്‍ മാത്രം അടുത്ത തലമുറയിലെത്തണമെങ്കില്‍ എന്തുവേണം. ജോഡിയിലെ ഇരു ക്രോമസോമിലും ഒരേ ജനിതകസവിശേഷതകള്‍ ഉണ്ടാവണം (ഹോമോസൈഗൊസ് (homozygous) എന്നാണ് ഇത്തരം ക്രോമസോമുകളുള്ള ചെടികളുടെ സാങ്കേതികനാമം).

വരണ്ട കാലാവസ്ഥ നേരിടാന്‍ ശേഷിയുള്ള, കീടങ്ങളെ ചെറുക്കാന്‍ കഴിവുള്ള, കൂടുതല്‍ സ്വാദുള്ള പഴങ്ങള്‍ നല്‍കാന്‍ സഹായിക്കുന്ന ജനിതകഗുണങ്ങളാണ് ഒരു മികച്ച വിളയെ നിര്‍ണയിക്കുക. ഇരു ക്രോമസോം വഴിയും അടുത്ത തലമുറയിലേക്ക് എത്തേണ്ടത് ഈ ഗുണങ്ങളാണ്. പക്ഷേ, ഇരുക്രോമസോമിലും ഈ സവിശേഷതകള്‍ സന്നിവേശിപ്പിക്കാന്‍ സസ്യങ്ങളെ അനേകം തലമുറ പരസ്പര പരാഗണത്തിന് വിധേയമാക്കിയാലേ സാധിക്കൂ. അതിന് ഇന്നത്തെ നിലയ്ക്ക് വര്‍ഷങ്ങളെടുക്കും.

അതേസമയം, മാതവില്‍നിന്നോ പിതാവില്‍നിന്നോ മാത്രമുള്ള ജീനുകള്‍ അടങ്ങിയ (ഹാപ്ലോയിഡ്) സസ്യങ്ങളെ രൂപപ്പെടുത്താനായാല്‍ മേല്‍പ്പറഞ്ഞ പൊല്ലാപ്പ് ഒഴിവാക്കാം. അടുത്ത തലമുറയിലേക്ക് ജനിതകഗുണങ്ങള്‍ സ്വാഭാവികമായും കൈമാറ്റം ചെയ്യപ്പെടും. ഇത്തരം സസ്യങ്ങളെ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശാസ്ത്രലോകത്ത് അനേകവര്‍ഷങ്ങളായി നടക്കുന്നുണ്ട്. പല ശ്രമങ്ങളും വിജയിച്ചിട്ടുമുണ്ട്. പക്ഷേ, ഇന്നത്തെ നിലയ്ക്ക് ഹാപ്ലോയിഡ് സസ്യങ്ങള്‍ രൂപപ്പെടുത്തണമെങ്കില്‍ വന്‍തോതില്‍ ടിഷ്യൂകള്‍ച്ചറും ശ്രമകരമായ പരിപാലനവും കൂടിയേ തീരൂ. മാത്രമല്ല, അപൂര്‍വം ചില വിളകളുടെ കാര്യത്തില്‍ മാത്രമേ അത് പ്രാവര്‍ത്തികമാക്കാനും കഴിയൂ. അതേസമയം, രവി കണ്ടെത്തിയ സങ്കേതം ഏത് സസ്യത്തിന്റെ കാര്യത്തിലും പ്രയോഗിക്കാനാവും, ടിഷ്യൂകള്‍ച്ചറിന്റെ ആവശ്യവുമില്ല.

ഹൈദരാബാദിലെ സെന്റര്‍ ഫോര്‍ സെല്ലുലാര്‍ ആന്‍ഡ് മോളിക്യുലാര്‍ ബയോളജി (CCMB) യില്‍ നിന്ന് അമേരിക്കയില്‍ ഗവേഷണപഠനത്തിനെത്തിയ രവി, തികച്ചും യാദൃശ്ചികമായാണ് പുതിയ കണ്ടെത്തല്‍ നടത്തിയത്. സിമോണിനൊപ്പം 'അരാബിഡോപ്‌സിസ് താലിയാന' (Arabidopsis thaliana)യെന്ന സസ്യത്തിലെ CENH3 പ്രോട്ടീനെക്കുറിച്ച് പഠിക്കുന്നതിനിടയിലായിരുന്നു അത്. ഒരു നിശ്ചിത ഡി.എന്‍.എ.ഭാഗത്തെ ക്രോമസോമില്‍ അടുക്കിയൊതുക്കി വെയ്ക്കാന്‍ സഹായിക്കുന്ന പ്രോട്ടീനുകളാണ് 'ഹിസ്‌റ്റോണെസ്' (histones). അവയിലൊന്നാണ് CENH3. അടുത്ത തലമുറയിലേക്കുള്ള ക്രോമസോം കൈമാറ്റം നിയന്ത്രിക്കുന്ന 'സെന്‍ട്രോമിയറി' (centromere)ല്‍ മാത്രമാണ് CENH3 പ്രോട്ടീന്‍ കാണപ്പെടുക.

ഫ് ളൂറസെന്റ്‌ പ്രോട്ടീനുമായി ബന്ധിപ്പിച്ച് CENH3 യുടെ പരിഷ്‌ക്കരിച്ച ഒരു വകഭേദം രവി രൂപപ്പെടുത്തി. ജനിതകപരിഷ്‌ക്കരണം വഴി ഈ പ്രോട്ടീന്‍ ലഭിച്ച ചെടിയെ, സാധാരണ അരാബിഡോപ്‌സിസ് സസ്യവുമായി പ്രജനനം നടത്താന്‍ ശ്രമിക്കുകയായിരുന്നു അദ്ദേഹം. സാധാരണഗതിയില്‍, അതില്‍നിന്ന് ലഭിക്കുന്ന സന്തതിയില്‍ ജനിതകവ്യതികരണം സംഭവിച്ച ജീനും സാധാരണ ജീനും കാണേണ്ടതാണ്. പക്ഷേ, രവിക്ക് ലഭിച്ച ഫലം വ്യത്യസ്തമായിരുന്നു. സാധാരണ ജീന്‍ മാത്രമാണ് അടുത്ത തലമുറയില്‍ കണ്ടത്.

ആദ്യം തങ്ങള്‍ അതിനെ അവഗണിച്ചതായി സിമോണ്‍ പറയുന്നു. സസ്യപ്രജനനത്തില്‍ ബിരുദാനന്തരബിരുദമുള്ള രവി, വീണ്ടും ഇക്കാര്യം പരീക്ഷിച്ചപ്പോഴാണ് കാര്യം വ്യക്തമായത്; പുതിയ തലമുറയില്‍ പത്തിന് പകരം അഞ്ച് ക്രോമസോമേയുള്ളൂ. അത് അഞ്ചും സാധാരണ ചെടിയില്‍ നിന്ന് വന്നത്. പരസ്പരബന്ധമുള്ള വ്യത്യസ്തയിനങ്ങളെ തമ്മില്‍ ചേര്‍ത്ത് പുതിയ സസ്യമുണ്ടാക്കുമ്പോള്‍ ചില വേളകളില്‍ അവയില്‍ ഒന്നിന്റെ ജിനോം ഇല്ലായ്മ ചെയ്യപ്പടാറുണ്ട്. 'ജിനോം എലിമിനേഷന്‍' (genome elimination) എന്നാണ് ഈ പ്രക്രിയയുടെ പേര്. ആദ്യം തെറ്റെന്ന് കരുതിയെങ്കിലും, രവി നടത്തിയ പരീക്ഷണത്തില്‍ സംഭവിച്ചത് ജിനോം എലിമിനേഷനാണെന്ന് ഗവേഷകര്‍ക്ക് മനസിലായി.

ജോഡീകരിക്കാത്ത ക്രോമസോമുകളുള്ള ഹാപ്ലോയിഡുകള്‍ രൂപപ്പെടുത്താന്‍ നിലവില്‍ പ്രയോഗിക്കുന്ന സങ്കേതമാണ് ജിനോം എലിമിനേഷന്‍. ചോളം, ബാര്‍ളി തുടങ്ങി അപൂര്‍വം ചില വര്‍ഗങ്ങളുടെ കാര്യത്തില്‍ അത് പ്രാവര്‍ത്തികമാകാറുമുണ്ട്. എന്നാല്‍, പുതിയ സങ്കേതം ഏതാനും ചില ഇനങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, വ്യാപകമായി ഉപയോഗിക്കാന്‍ സാധിക്കുന്നതാണെന്ന് രവി പറയുന്നു. ഏത് വിളയുടെ കാര്യത്തിലും ഹാപ്ലോയിഡ് തായ്‌വഴികള്‍ രൂപപ്പെടുത്താന്‍ ഇതുവഴി കഴിയും.

ക്രോമസോമുകളുടെ എണ്ണം പകുതിയേ ഉള്ളൂവെങ്കില്‍, അവയ്ക്ക് അടുത്ത തലമുറയ്ക്ക് ജന്മം നല്‍കാന്‍ ശേഷിയുണ്ടാവില്ല. അതിനാല്‍, ചെടിയെ 'പ്രേരിപ്പിച്ച്' ക്രോമസോമുകളുടെ സംഖ്യ ഗവേഷകര്‍ ഇരട്ടിപ്പിച്ചു. അങ്ങനെ അവ ജോഡീകരിക്കപ്പെട്ട ക്രോമസോമുകളുള്ള ഡൈപ്ലോയിഡുകളായി, അതേ സമയം അവ ഹോമോസൈഗോസ് ആണു താനും. പുതിയ വിളകള്‍ക്ക് രൂപംനല്‍കാനുള്ള ജനിതകമായ രണ്ട് കടമ്പകള്‍ (മാതാപിതാക്കളില്‍ ഒന്നില്‍ നിന്നുള്ള ക്രോമസോം മാത്രം സന്തതിയിലുണ്ടാവുക, കോമസോം ജോഡിയിലെ രണ്ടെണ്ണത്തിനും ഒരേ ജനിതകഗുണങ്ങള്‍ ഉണ്ടാവുക എന്നിവ) ഒറ്റയടിക്ക് മറികടക്കാന്‍ പുതിയ സങ്കേതം അവസരം നല്‍കുന്നു എന്നുസാരം.

പുതിയ വിളകള്‍ സൃഷ്ടിക്കുന്നതില്‍ മാത്രമല്ല, പരിണാമശാസ്ത്രത്തിലും പുതിയ ഉള്‍ക്കാഴ്ചകള്‍ രൂപപ്പെടുത്താന്‍ സഹായിക്കുന്നതാണ് പുതിയ കണ്ടുപിടിത്തം. സസ്യലോകത്ത് പുതിയ സ്പീഷീസുകള്‍ എങ്ങനെ രൂപപ്പെടുന്നു എന്ന് മനസിലാക്കാന്‍ പുതിയ സങ്കേതം സഹായിച്ചേക്കും. സസ്യങ്ങളിലും ജീവിവര്‍ഗങ്ങളിലും കോശവിഭജനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ഒന്നാണ് CENH3. വളരെ പ്രധാനപ്പെട്ട ജീനാണ് അതെന്ന് അര്‍ഥം. അടിസ്ഥാനധര്‍മങ്ങളുള്ള അത്തരം സുപ്രധാന ജീനുകള്‍ യീസ്റ്റ് മുതല്‍ തിമിംഗലം വരെയുള്ളവയില്‍ വലിയ മാറ്റം കൂടാതെ ഏതാണ്ട് സമാനമായ രീതിയില്‍ സൂക്ഷിക്കപ്പെടാറാണ് പതിവ്. എന്നാല്‍, CENH3 ന്റെ കാര്യത്തില്‍ ഇത് വ്യത്യസ്തമാണ്. ഏറ്റവും വേഗത്തില്‍ വ്യതികരണത്തിന് വിധേയമാകുന്ന ജീനോം ശ്രേണീഭാഗങ്ങളില്‍ ഒന്നാണിത്.

പ്രജനനത്തിന്റെ കാര്യത്തില്‍ വ്യത്യസ്ത സ്പീഷീസുകള്‍ തമ്മില്‍ അകലം സൂക്ഷിക്കുന്നതിന്റെ അടിസ്ഥാനം സെന്‍ട്രോമിയര്‍ വ്യാത്യാസമാകാമെന്ന് സിമോണ്‍ അഭിപ്രായപ്പെടുന്നു. അടുത്ത ജനിതകബന്ധമുള്ള സസ്യയിനങ്ങളെ പരസ്പരം സമ്മേളിപ്പിക്കാന്‍ ശ്രമിക്കുക വഴി ഈ ആശയം പരിശോധിക്കാന്‍ ഒരുങ്ങുകയാണ് രവിയും സിമോണും. ( അവലംബം: കാലിഫോര്‍ണിയ സര്‍വകലാശാല (ഡേവിസ്)യുടെ വാര്‍ത്താക്കുറിപ്പ് )

കാണുക

Friday, March 19, 2010

എല്‍.എച്ച്.സി. വീണ്ടും റിക്കോര്‍ഡിന്റെ തിളക്കത്തില്‍

ചരിത്രത്തില്‍ ഒരു കണികാത്വരകത്തിനും സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണികാധാരകള്‍ ചുറ്റിത്തിരിയുക വഴി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) വീണ്ടും റിക്കോര്‍ഡിട്ടു. 3.5 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (3.5 TeV) ഊര്‍ജനില കൈവരിച്ച രണ്ട് കണികാധാരകളാണ് വെള്ളിയാഴ്ച എല്‍.എച്ച്.സി.യില്‍ ചുറ്റിസഞ്ചരിച്ചത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിയിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്. ഉന്നത ഊര്‍ജനിലയില്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അതില്‍നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സി.യിലെ കണികാപരീക്ഷണത്തിന്റെ ലക്ഷ്യം.

എതിര്‍ദിശയില്‍ പായുന്ന, 7 TeV വീതം കൈവരിച്ച, രണ്ട് കണികാധാരകളെ പരസ്പരം കൂട്ടിയിടിപ്പിക്കുക വഴി (കൂട്ടിയിടി നടക്കുന്ന സ്ഥാനത്ത് ആകെ ഊര്‍ജനില 14 TeV ആകും), പ്രപഞ്ചസൃഷ്ടിക്ക് തൊട്ടടുത്ത നിമിഷങ്ങളെ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ് കണികാപരീക്ഷണത്തിന്റെ ആത്യന്തികലക്ഷ്യം.

ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യമുന്നേറ്റമായി ഇപ്പോഴത്തെ വിജയം വിലയിരുത്തപ്പെടുന്നു. കണങ്ങളുടെ 7 TeV ഊര്‍ജനിലയിലെ കൂട്ടിയിടി (3.5 TeV വീതം ഊര്‍ജനിലയുള്ള കണികാധാരകള്‍ തമ്മില്‍) എന്ന് ആരംഭിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ യൂറോപ്യന്‍ കണികാപരീക്ഷണശാല 'സേണ്‍' (CERN) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2008 സപ്തംബര്‍ പത്തിനാണ് എല്‍.എച്ച്.സി.പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, ഏതാനും ദിവസത്തിനകം തകരാര്‍ മൂലം അത് അടച്ചിടേണ്ടി വന്നു. 14 മാസത്തെ ഇടവേളയ്ക്കു ശേഷം 2009 നവംബര്‍ 20-നാണ് കണികാപരീക്ഷണം വീണ്ടും തുടങ്ങിയത്.

3.5 TeV വീതമുള്ള കണികാധാരകള്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞു എന്നകാര്യം, 2008 സപ്തംബറിന് ശേഷം എല്‍.എച്ച്.സി.യില്‍ നടത്തിയ പരിഷ്‌ക്കരണങ്ങള്‍ എത്ര മികച്ചതാണെന്ന് വ്യക്തമാക്കുന്നതായി സേണിലെ കണികാത്വരകങ്ങളുടെ മുഖ്യചുമതലക്കാരനായ സ്റ്റീവ് മയേഴ്‌സ് പറഞ്ഞു.
എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ ശേഷം കഴിഞ്ഞ നവംബര്‍ 23-നാണ് അതിലൂടെ കണികാധാരകള്‍ ആദ്യമായി വിജയകരമായി എതിര്‍ദിശയില്‍ സഞ്ചരിച്ചത്. 1.18 TeV വീതം ഊര്‍ജനിലയുള്ള കണികാധാരകള്‍ സ്ഥാപിച്ചുകൊണ്ട് നവംബര്‍ 30-ന് എല്‍.എച്ച്.സി.റിക്കോര്‍ഡിട്ടു. ക്രിസ്തുമസ് അവധിക്ക് ഡിസംബര്‍ 16-ന് അടയ്ക്കുമ്പോഴേക്കും, 2.36 TeV ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടി വഴി കാര്യമായ ഡേറ്റ സൃഷ്ടിക്കാനും എല്‍.എച്ച്.സി.ക്ക് സാധിച്ചിരുന്നു.

2009 -ലെ പ്രവര്‍ത്തനം അവസാനിച്ചപ്പോഴേക്കും എല്‍.എച്ച്.സി.യിലെ നാല് പ്രധാന പരീക്ഷണങ്ങളായ ആലീസ് (ALICE), അറ്റ്‌ലസ് (ATLAS), സി.എം.എസ് (CMS), എല്‍.എച്ച്.സി.ബ്യൂട്ടി (LHCb) എന്നിവ ഓരോന്നും പത്തുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ റിക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ആ വിവരങ്ങള്‍ വിശകലനം ചെയ്യാനായി 'എല്‍.എച്ച്.സി.കമ്പ്യൂട്ടിങ് ഗ്രിഡ്' വഴി ലോകമെങ്ങും വിതരണം ചെയ്യാനും സാധിച്ചു.

ക്രിസ്തുമസ് അവധി കഴിഞ്ഞ് 2010 മാര്‍ച്ച് ഒന്നിനാണ് എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇനി ഏതാണ്ട് രണ്ടു വര്‍ഷക്കാലം നിശ്ചിത ഊര്‍ജനിലയുടെ പകുതിയിലായിരിക്കും എല്‍.എച്ച്.സി. പ്രവര്‍ത്തിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച സേണ്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

7 TeV വീതമുള്ള കണികാധാരകളെ നിലവില്‍ എല്‍.എച്ച്.സി. താങ്ങുമോ എന്ന സംശയമാണ് ഇത്തരമൊരു മുന്‍കരുതലിന് സേണിനെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, എല്‍.എച്ച്.സി.യുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായ 'ഹിഗ്ഗ്‌സ് ബോസോണുകളെ' കണ്ടെത്താന്‍ 3.5 TeV വീതമുള്ള കണികാധാരകള്‍ കൂട്ടിയിടിച്ചാല്‍ മതിയെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

കണികാകൂട്ടിയിടി 7 TeV യില്‍ എത്തിക്കഴിഞ്ഞാല്‍ (3.5 TeV വീതമുള്ള കണികാധാരകള്‍ തമ്മില്‍) ആ സ്ഥിതി 18-24 മാസം തുടരുമെന്ന് സേണിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 2011 അവസാനം അടച്ചു കഴിഞ്ഞാല്‍ ഒരുവര്‍ഷം നീളുന്ന പരിഷ്‌ക്കരണ ജോലികള്‍ എല്‍.എച്ച്.സി.യില്‍ നടക്കും. 14 TeV കൂട്ടിയിടിക്കുള്ള കരുത്തുമായാവും അതുകഴിഞ്ഞ് എല്‍.എച്ച്.സി. പ്രവര്‍ത്തനം തുടങ്ങുക. പുതിയ ഭൗതികശാസ്ത്രയുഗമാകും ചിലപ്പോള്‍ അതോടെ ആരംഭിക്കുക. (അവലംബം: സേണിന്റെ വാര്‍ത്താക്കുറിപ്പ് )

കാണുക

Saturday, March 13, 2010

പക്ഷികളുടെ വലിപ്പം കുറയുന്നു; കാലാവസ്ഥാമാറ്റമാകാം കാരണമെന്ന് പഠനം

വടക്കെ അമേരിക്കയില്‍ ഒട്ടേറെ പക്ഷികളുടെ ശരീരവലിപ്പം കുറയുന്നതായി കണ്ടെത്തല്‍. കാലാവസ്ഥാമാറ്റത്തിന്റെ ഫലമായ താപവര്‍ധനയാകാം ഇതിന് കാരണമെന്ന് ഗവേഷകര്‍ സംശയിക്കുന്നു.

നൂറിലേറെ വ്യത്യസ്തയിനത്തില്‍പെട്ട അഞ്ചു ലക്ഷത്തോളം പക്ഷികളുടെ വിവരങ്ങള്‍ ശേഖരിച്ച ഗവേഷകരാണ്, അവയുടെ ശരീരഭാരത്തിലും ചിറകിന്റെ വലിപ്പത്തിലും ക്രമേണ കുറവു വരുന്നതായി കണ്ടെത്തിയത്.

എന്നാല്‍, ഈ വലിപ്പക്കുറവ് മൂലം പക്ഷികള്‍ക്കെന്തെങ്കിലും ദോഷം വരുന്നതായി തെളിവ് ലഭിച്ചിട്ടില്ല. അരനൂറ്റാണ്ടുകൊണ്ട് നടന്ന പഠനത്തിന്റെ വിശദാംശങ്ങള്‍ 'ഒയികോസ് ജേര്‍ണലി'ലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ചൂടേറിയ കലാവസ്ഥയില്‍ ജീവികളുടെ ശരീരവലിപ്പം കുറയും എന്നൊരു വിവാദ നിയമം നിലവിലുണ്ട്-'ബര്‍ഗ്മാന്‍ നിയമം' (Bergmann's Rule) എന്നാണത് അറിയപ്പെടുന്നത്. വിവിധ അക്ഷാംശങ്ങളിലോ വിതാനങ്ങളിലോ കഴിയുന്ന ജീവിവര്‍ഗങ്ങള്‍ക്കിടയിലാണ് ഈ നിയമം പ്രയോഗിക്കാറ്.

ധ്രുവങ്ങളോട് കൂടുതല്‍ അടുത്തുള്ള അക്ഷാംശങ്ങളില്‍ അല്ലെങ്കില്‍ കൂടുതല്‍ ഉയര്‍ന്ന വിതാനങ്ങളില്‍ തണുപ്പ് കൂടുതലായിരിക്കും. അത്തരം പ്രദേശങ്ങളില്‍ കഴിയുന്ന ജീവികള്‍ക്ക്, ഭൂമധ്യരേഖയോടടുത്തുള്ള അക്ഷാംശങ്ങളിലോ അല്ലെങ്കില്‍ താഴ്ന്ന വിതാനങ്ങളിലോ കഴിയുന്നവയെക്കാള്‍ ശരീരവലിപ്പം നേരിയ തോതില്‍ കൂടുതലായിരിക്കും എന്ന് ബര്‍ഗ്മാന്‍ നിയമം പറയുന്നു.

എന്നുവെച്ചാല്‍, ചൂടുകൂടിയ കാലാവസ്ഥയില്‍ ശരീരവലിപ്പം കുറയും എന്നര്‍ഥം. എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്ന് വ്യക്തമല്ല. ഈ നിയമത്തിന്റെ പശ്ചാത്തലത്തില്‍, കാലാവസ്ഥാമാറ്റം മൂലം ചൂടു കൂടുമ്പോഴും ജീവികള്‍ സമാനമായ രീതിയില്‍ പ്രതികരിക്കുമോ എന്ന ചോദ്യത്തിനാണ് ഗവേഷകര്‍ ഉത്തരം തേടിയത്.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ സൂറിച്ച് സര്‍വകലാശാലയിലെ ഡോ.ജോഷ് വാന്‍ ബുസ്‌കിര്‍ക്ക്, അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കാര്‍നെജീ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ റോബര്‍ട്ട് മുല്‍വിഹില്‍, റോബര്‍ട്ട് ലിബര്‍മാന്‍ എന്നിവരാണ് ഈ ചോദ്യത്തിന് ഉത്തരം തേടിയത്. ഇതിനായി, പെന്‍സില്‍വാനിയയില്‍ കാര്‍നെജീ മ്യൂസിയത്തിന്റെ വകയായുള്ള പൗഡര്‍മില്‍ റിംഗിങ് സ്റ്റേഷന്‍ വഴി കടന്നു പോയ ലക്ഷക്കണക്കിന് പക്ഷികളുടെ വലിപ്പവ്യത്യാസം വിശകലനം ചെയ്യാന്‍ അവര്‍ തീരുമാനിച്ചു.

1961 മുതല്‍ 2007 വരെയുള്ള കാലയളവില്‍ പൗഡര്‍മില്‍ സ്റ്റേഷനില്‍ പിടികൂടിയ 486,000 പക്ഷികളെ സംബന്ധിച്ച രേഖകള്‍ ഇതിനായി അവര്‍ പരിശോധിച്ചു. വിവിധ ഋതുക്കളില്‍ എത്തുന്ന 102 സ്പീഷിസുകളില്‍ പെട്ട പക്ഷികള്‍ അതില്‍ ഉള്‍പെട്ടിരുന്നു. തദ്ദേശവാസികളായ പക്ഷികളും ദേശാടനപക്ഷികളും സാമ്പിളുകളില്‍ ഉണ്ടായിരുന്നു. അവയുടെ ശരീരഭാരം, ചിറകിന്റെ നീളം എന്നിവയാണ് ഗവേഷകര്‍ പ്രത്യേകം പരിശോധിച്ചത്.

46 വര്‍ഷം നീണ്ട കാലയളവില്‍, വസന്തകാലത്ത് പിടികൂടിയ 83 ഇനം പക്ഷികളില്‍ 60 ഇനത്തിന്റെ വലിപ്പം കുറഞ്ഞതായി ഗവേഷകര്‍ കണ്ടു. ശരല്‍ക്കാലത്ത് പിടികൂടിയ 75 ഇനങ്ങളില്‍ 66 ഇനങ്ങളുടെയും, ഗ്രീഷ്മത്തില്‍ പിടികൂടിയ 65 -ല്‍ 51 ഇനങ്ങളുടെയും, ശൈത്യകാലത്ത് എത്തിയ 26-ല്‍ 20 ഇനത്തിന്റെയും ശരീരഭാരവും ചിറകുകളുടെ വലിപ്പവും കുറഞ്ഞിരുന്നു.

എന്നാല്‍, പൊതുവെ അത്ര കാര്യമായ വലിപ്പവ്യത്യാസമല്ല പക്ഷികള്‍ക്ക് സംഭവിച്ചത്. '46 വര്‍ഷത്തിനിടെ വസന്തകാലത്തെത്തിയവയുടെ ശരീരഭാരത്തില്‍ ശരാശരി 1.3 ശതമാനം കുറവ് മാത്രമാണ് സംഭവിച്ചത്'-ഡോ. ബുസ്‌കിര്‍ക്ക് അറിയിച്ചു. 10 ഗ്രാം ഭാരമുള്ള വാര്‍ബ്ലര്‍ പക്ഷിയുടെ ഭാരത്തില്‍ കുറവ് വന്നത് വെറും 130 മില്ലിഗ്രാം മാത്രം-അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, ചിലയിനം പക്ഷികളുടെ കാര്യത്തില്‍ ശരീരഭാരത്തില്‍ കൂടുതല്‍ കുറവ് വന്നു, നാലു ശതമാനം വരെ ശരീരം ചെറുതായവയുണ്ട്.

വടക്കെ അമേരിക്കയിലെ പക്ഷിയിനങ്ങള്‍ ബര്‍ഗ്മാന്‍ നിയമം അനുസരിക്കുന്നു എന്നാണ് പഠനത്തില്‍ തെളിഞ്ഞത്. എന്നുവെച്ചാല്‍, അന്തരീക്ഷതാപനില വര്‍ധിക്കുമ്പോള്‍ ശരീരം ചെറുതാകുന്നു. ഈ വ്യത്യാസം പെട്ടന്നാണ് സംഭവിച്ചതെന്നും പഠനം വ്യക്തമാക്കുന്നു; പക്ഷികളുടെ വെറും 20 തലമുറകള്‍ക്കിടയില്‍.

പരിണാമശാസ്ത്രത്തിന്റെ ഭാഗത്തുനിന്ന് നോക്കിയാല്‍, മറുന്ന പരിസ്ഥിതികള്‍ക്ക് അനുയോജ്യമായ വിധത്തില്‍ പക്ഷികള്‍ക്ക് മാറ്റം സംഭവിക്കുന്നതാണ് ഗവേഷകര്‍ കണ്ടത്. ചൂടുകൂടുമ്പോള്‍ ഭക്ഷ്യലഭ്യത കുറയാം, അല്ലെങ്കില്‍ ശരീരത്തിലെ ഉപാപചയപ്രവര്‍ത്തനത്തില്‍ വ്യതിയാനം സംഭവിക്കാം. ഇത്തരം പ്രശ്‌നങ്ങളോട് ജീവിവര്‍ഗങ്ങള്‍ നടത്തുന്ന പ്രതികരണമാകാം ഈ മാറ്റമെന്ന് കരുതുന്ന ഗവേഷകരുണ്ട്.

ഇക്കാര്യത്തില്‍ വ്യക്തത ലഭിക്കാന്‍ ഇനിയും സമയമെടുക്കുമെന്ന് ഡോ.ബുസ്‌കിര്‍ക്ക് പറയുന്നു. പക്ഷികള്‍ക്ക് സംഭവിക്കുന്ന മാറ്റം, മൃഗങ്ങള്‍ക്കിടയിലും ഉണ്ടാകുന്നുണ്ടോ എന്ന് സ്ഥിരീകരിക്കണം. അതിന് കൂടുതല്‍ ഗവേഷണവും സ്ഥിതിവിവരക്കണക്കുകളും ആവശ്യമാണ്. (കടപ്പാട്: ബി.ബി.സി.ന്യൂസ്).

Thursday, March 11, 2010

സമാധാന നോബലിന് ഇന്റര്‍നെറ്റും

സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനത്തിന് ഇന്റര്‍നെറ്റും നാമനിര്‍ദേശം ചെയ്യപ്പെട്ടു. വ്യക്തികളും സ്ഥാപനങ്ങളും സംഘടനകളുമായി 237 എന്‍ട്രികള്‍ക്കാണ് ഇത്തവണ നാമനിര്‍ദേശം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 205 ആയിരുന്നു.

'ചര്‍ച്ചകളുടെയും തര്‍ക്കങ്ങളുടെയും അഭിപ്രായ സമന്വയത്തിന്റെയും' മേഖലയില്‍ മുന്നേറ്റമുണ്ടാക്കാന്‍ സഹായിക്കുന്ന സംവിധാനം എന്ന നിലയ്ക്ക്, 'വയേര്‍ഡ് മാഗസിന്റെ' (Wired magazine) ഇറ്റാലിയന്‍ പതിപ്പാണ് ഇന്റര്‍നെറ്റിനെ നാമനിര്‍ദേശം ചെയ്തത്.

2003-ലെ സമാധാന നോബല്‍ ജേതാവ് ഷിരിന്‍ എബാദിയും നൂറു ഡോളര്‍ ലാപ്‌ടോപ്പ് പദ്ധതിയുടെ സ്ഥാപകന്‍ നിക്കോളാസ് നിഗ്രോപോന്റെയും ഇന്റര്‍നെറ്റിനുള്ള നാമനിര്‍ദേശത്തെ പിന്തുണച്ചു.

സമാധാന നോബലിന് വര്‍ഷംതോറും 'ആയിരക്കണക്കിന് നാമനിര്‍ദേശങ്ങള്‍' ലഭിക്കാറുണ്ടെന്ന്, നോബല്‍ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഡയറക്ടര്‍ ഗീര്‍ ലുന്‍ഡെസ്റ്റഡ് ബി.ബി.സി.യോട് പറഞ്ഞു. ചില നാമനിര്‍ദേശം ഒരു വ്യകിതിയുടേതായിരിക്കും, മറ്റുള്ളവ പത്തുപേരോ നൂറുപേരോ ഒക്കെ കൂട്ടായി നടത്തുന്നവയായിരിക്കും.

നോമിനേഷനുകളുടെ പട്ടിക നോബല്‍ ഇന്‍സ്റ്റിട്ട്യൂട്ട് പുറത്തു വിടാറില്ല. ലഭിക്കുന്ന നാമനിര്‍ദേശങ്ങളില്‍ നോര്‍വീജിയന്‍ നോബല്‍ കമ്മറ്റി ഷോട്ട്‌ലിസ്റ്റ് ചെയ്യുന്നവയാണ് നോബല്‍ പുരസ്‌കാരത്തിന് പരിഗണിക്കുക.

ഇത്തവണ ഷോട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ റഷ്യന്‍ മനുഷ്യാവകാശ പ്രവര്‍ത്തക സ്വെറ്റ്‌ലാന ഗനുഷ്‌കിന, ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ലിയു ഷിയാവോബോ എന്നിവരും ഉള്‍പ്പെടുന്നു.

ഒക്ടോബര്‍ എട്ടിനാണ് സമാധാനത്തിനുള്ള നോബല്‍ ജേതാവിനെ പ്രഖ്യാപിക്കുക. കഴിഞ്ഞ വര്‍ഷത്തെ ജേതാവ് യു.എസ്.പ്രസിഡന്റ് ബാരക് ഒബാമയായിരുന്നു. 14 ലക്ഷം യു.എസ്.ഡോളറാണ് സമ്മാനത്തുക.

ഇന്റര്‍നെറ്റിന് പുരസ്‌കാരം ലഭിച്ചാല്‍ ആരാകും അത് ഏറ്റു വാങ്ങുകയെന്ന് വ്യക്തമല്ല. ഇന്റര്‍നെറ്റിനുള്ള നാമനിര്‍ദേശത്തെ പിന്തുണയ്ക്കാന്‍ 'ഇന്റര്‍നെറ്റ് ഫോര്‍ പീസ്' (Internet for Peace) എന്നൊരു ഓണ്‍ലൈന്‍ ഫോറത്തിനും രൂപംനല്‍കിയിട്ടുണ്ട്.

ഇന്റര്‍നെറ്റിന്റെ ലഭ്യത 'മനുഷ്യാവകാശമാണെ'ന്ന് വിശ്വസിക്കുന്നവരാണ് ലോകത്ത് അഞ്ചില്‍ നാലുപേരുമെന്ന സര്‍വ്വെ റിപ്പോര്‍ട്ട് പുറത്തു വന്നത് കഴിഞ്ഞ ദിവസമാണ്. ബി.ബി.സി.വേള്‍ഡ് സര്‍വീസ് 26 രാജ്യങ്ങളില്‍ നടത്തിയ സര്‍വ്വെയിലാണ് ഈ വിവരം വെളിപ്പെട്ടത്. (കടപ്പാട്: ബി.ബി.സി.ന്യൂസ്)

Wednesday, March 10, 2010

വിവരങ്ങള്‍ തേടാന്‍ പുതിയ ഗൂഗിള്‍ സങ്കേതം

വിവരങ്ങളുടെ പ്രളയമാണ് ലോകത്ത്. ഒരു തരം വിവരസുനാമിയാണ് ലോകത്ത് ആഞ്ഞടിച്ചുകൊണ്ടിരിക്കുന്നതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ഈ പശ്ചാത്തലത്തില്‍ കൃത്യമായ വിവരം, അതും വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നുള്ളത്, കണ്ടെത്തുക വെബ്ബ് യൂസറെ സംബന്ധിച്ചിടത്തോളം തികഞ്ഞ വെല്ലുവിളിയാണ്. ഈ പ്രശ്‌നത്തിന് പരിഹാരമായി സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിള്‍ പുതിയൊരു സര്‍വീസ് അവതരിപ്പിച്ചിരിക്കുന്നു -'ഗൂഗിള്‍ പബ്ലിക് ഡാറ്റ എക്‌സ്‌പ്ലോറര്‍' (Google Public Data Explorer).

ഗൂഗില്‍ ലാബ്‌സില്‍ നിന്നുള്ള ഈ പരീക്ഷണ സര്‍വീസിന്റെ വിവരം രണ്ടു ദിവസം മുമ്പ് ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗാണ് വെളിപ്പെടുത്തിയത്. ഡേറ്റാബേസുകളില്‍ പര്യവേക്ഷണം നടത്താനും, അവ ദൃശ്യവത്ക്കരിച്ച് കാണാനും, കമ്മ്യൂണിക്കേറ്റ് ചെയ്യാനും ഒരു എളുപ്പമാര്‍ഗമാണ് ഈ സര്‍വീസെന്ന് ബ്ലോഗ് പറയുന്നു. വിദ്യാര്‍ഥികള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും നയരൂപീകരണരംഗത്തെ വിദഗ്ധര്‍ക്കും ഒരേപോലെ പ്രയോജനം ചെയ്യും വിധമാണ് പബ്ലിക് ഡേറ്റാ എക്‌സ്‌പ്ലോറര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

'നോളേജ് എഞ്ചിന്‍' എന്ന വിശേഷണത്തോടെ 2009 മെയ് മാസത്തില്‍ അവതരിപ്പിക്കപ്പെട്ട 'വൂള്‍ഫ്രേം ആല്‍ഫ' (http://www.wolframalpha.com/), വിവരങ്ങള്‍ ഇത്തരത്തില്‍ ദൃശ്യവത്ക്കരിച്ചും, വിശകലനം ചെയ്തും നല്‍കുന്ന സംവിധാനമാണ്. നേരിട്ടുള്ള താരതമ്യങ്ങളും അതില്‍ സാധ്യമാകും. പുതിയ കാലത്തെ വിവരപ്രളയം നേരിടാന്‍ ഇറങ്ങിയ ആ സെര്‍ച്ച്എഞ്ചിന്റെ ചില സ്വഭാവങ്ങള്‍ ഗൂഗിളിന്റെ പുതിയ സര്‍വീസില്‍ കാണാം. യു.എന്‍., ലോകബാങ്ക് തുടങ്ങിയ അന്താരാഷ്ട്ര സംഘടനകളില്‍ നിന്നുള്ള വിവരങ്ങളാണ് ഗൂഗിളിന്റെ പബ്ലിക് ഡാറ്റ എക്‌സ്‌പ്ലോററില്‍ അവതരിപ്പിക്കപ്പെടുന്നത്. (കടപ്പാട്: ഗൂഗിള്‍ ബ്ലോഗ് )

വൂള്‍ഫ്രേം ആല്‍ഫ തുറക്കുന്ന പുതുവഴി

Saturday, March 06, 2010

ആദം വരുന്നു, ഐപാഡിന് ബദലാകാന്‍

ടാബ്‌ലറ്റ് കമ്പ്യൂട്ടറും ഇ-ബുക്ക് റീഡറും സ്മാര്‍ട്ട് ഫോണുമെല്ലാം വെറുമൊരു സ്ലേറ്റിന്റെ രൂപത്തില്‍ കൈയിലെത്തുകയെന്ന അനുഭവം എങ്ങനെയിരിക്കും. തെറ്റിദ്ധരിക്കരുത്, ആപ്പിളിന്റെ 'ഐപാഡി' (iPad)നെക്കുറിച്ചല്ല ഇവിടെ സൂചിപ്പിക്കുന്നത്, ഇന്ത്യയില്‍ നിന്നുള്ള 'ആദ' (Adam)ത്തെപ്പറ്റിയാണ്. അതെ, ആപ്പിളിന്റെ ഐപാഡിന് ബദലാകാന്‍ ഇന്ത്യയില്‍ നിന്ന് ആദം രംഗത്തെത്തുകയാണ്.

ശക്തിയിലും സവിശേഷതകളിലും ഐപാഡിനെക്കാള്‍ ഒരു ചുവട് മുന്നില്‍ എന്നാണ് ആദത്തെക്കുറിച്ച്, അത് വികസിപ്പിക്കുന്ന ഹൈദരാബാദിലെ 'നോഷന്‍ ഇന്‍ക് ഡിസൈന്‍ ലാബ്‌സ്' (Notion Ink Design Labs) അവകാശപ്പെടുന്നത്. മള്‍ട്ടിടച്ച് ഉപകരണമായ ആദം പ്രവര്‍ത്തിക്കുന്നത് ഗൂഗിളിന്റെ ആഡ്രോയിഡ് ഓപ്പററേറ്റിങ് സിസ്റ്റത്തിലാണ്.

'എന്‍വിഡിയ ടെഗ്ര' (nVidia Tegra) പ്രോസസറാണ് ആദത്തിന്റെ നട്ടെല്ല്. സമ്പര്‍ക്കമുഖത്തിന്റെ (ഇന്റര്‍ഫേസ്) കാര്യത്തില്‍ പുതിയ അനുഭവം പ്രദാനം ചെയ്യാന്‍ പാകത്തില്‍ പത്തിഞ്ച് 'പിക്‌സല്‍ ക്വി'(Pixel Qi) സ്‌ക്രീനാണ് ആദത്തില്‍ ഉള്ളത്. എന്‍വിഡിയ ചിപ്പും പിക്‌സല്‍ ക്വി സ്‌ക്രീനും ചേരുമ്പോള്‍, ആദത്തിന്റെ ബാറ്ററി ലൈഫ് ഐപാഡിനെ അപേക്ഷിച്ച് ഇരട്ടിയാകുമെന്ന്, നോഷന്‍ ഇന്‍ക് മേധാവി റോഷന്‍ ശ്രാവണ്‍ പറയുന്നു.
പിക്‌സല്‍ ക്വി സ്‌ക്രീന്‍ ഉപയോഗിക്കുന്ന ആദ്യ ടാബ്‌ലറ്റ് പി.സി.യായിരിക്കും ആദം. 3ജി, വിഫി കണക്ടിവിറ്റി ആദത്തില്‍ സാധ്യമാണ് മാത്രമല്ല, ഹൈഡെഫിനിഷന്‍ ടിവി യിലേതിന് തുല്യമായ 1080p വീഡിയോയാണ് ആദത്തില്‍ കാണാനാവുക. അതേസമയം, 576p വീഡിയോയേ ഐപാഡില്‍ കാണാനാകൂ. ഐപാഡില്‍ ഫ്‌ളാഷ് പ്രോഗ്രാമുകള്‍ പ്രവര്‍ത്തിക്കില്ല, എന്നാല്‍ ആദത്തില്‍ ഫ്‌ളാഷിന്റെ സാധ്യതകളും പരിശോധിച്ചു വരികയാണ്.

ആദത്തിന്റെ രണ്ട് മോഡലുകള്‍ പുറത്തിറാക്കാനാണ് നോഷന്‍ ഇന്‍ക് ലക്ഷ്യമിടുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്- 12.9 മില്ലിമീറ്ററും 11.6 മില്ലിമീറ്ററും കനം വീതമുള്ളവ. അതേസമയം 13.4 മില്ലീമീറ്ററാണ് ഐപാഡിന്റെ കനം. തികച്ചും വിപ്ലവകരം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ഉപകരണം 2010 അവസാനത്തോടെ വിപണിയിലെത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. വിലയെത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ല.

ഉള്ളടക്കം സംബന്ധിച്ച് വിവിധ കമ്പനികളുമായി തങ്ങള്‍ ചര്‍ച്ച നടത്തിവരികയാണെന്ന് നോഷന്‍ ഇന്‍കിന്റെ മേധാവി ശ്രാവണ്‍ അറിയിച്ചു. ഡിജിറ്റല്‍ മാഗസിനുകള്‍, ഇ-ബുക്കുകള്‍, കോമിക്കുകള്‍ ഒക്കെ ആദം വഴി വായിക്കാന്‍ ഉപഭോക്താക്കള്‍ക്ക് അവസരമൊരുക്കാനാണ് കമ്പനി ശ്രമിക്കുന്നത്.

ആദം ടാബ്‌ലറ്റിനുള്ള ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കുന്നത് പ്രോത്സാഹിപ്പിക്കാനായി, ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഡവലപ്പര്‍ ചലഞ്ചിന് സമാനമായി, ഒരു മത്സരം നടത്തുമെന്ന് ശ്രാവണ്‍ അറിയിച്ചു. എന്നാല്‍, മത്സരത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. (കടപ്പാട്: മാതൃഭൂമി)

കാണുക

Friday, March 05, 2010

ദിനോസറുകളെ ഉന്‍മൂലനം ചെയ്തത് ക്ഷുദ്രഗ്രഹം തന്നെ

ആറരക്കോടി വര്‍ഷം മുമ്പ് ദിനോസറുകള്‍ക്ക് സംഭവിച്ച ഉന്‍മൂലനം അഗ്നിപര്‍വസ്‌ഫോടനം മൂലമല്ലായിരുന്നെന്നും, കൂറ്റന്‍ ക്ഷുദ്രഗ്രഹം (asteriod) ഭൂമിയില്‍ പതിച്ചാണ് അത് സംഭവിച്ചതെന്നും ഒരു അന്തരാഷ്ട്ര വിദഗ്ധസംഘം സ്ഥിരീകരിച്ചു. മൂന്ന് പതിറ്റാണ്ടായി ശാസ്ത്രലോകത്ത് തുടരുന്ന വിവാദത്തിനാണ് താത്ക്കാലികമായിട്ടെങ്കിലും ഇതോടെ തിരശ്ശീല വീഴുന്നത്.

ഭൂമിയില്‍ 16 കോടി വര്‍ഷക്കാലം ആധിപത്യം പുലര്‍ത്തിയിരുന്ന ദിനോസറുകള്‍ക്കാണ് ആറരക്കോടി വര്‍ഷം മുമ്പ്, 'ക്രിറ്റേഷ്യസ്-ടെര്‍ഷ്യറി ഉന്‍മൂലനം' (KT extinction) എന്ന് അറിയപ്പെടുന്ന സംഭവം വഴി അന്ത്യം സംഭവിച്ചത്. ഒപ്പം അന്ന് ഭൂമിയിലുണ്ടായിരുന്ന വര്‍ഗങ്ങളില്‍ പകുതിയേറെയും അന്യംനിന്നു. (ഇപ്പോള്‍ ഇതിനെ K-Pg extinction എന്നും വിശേഷിപ്പിക്കാറുണ്ട്).

വാള്‍ട്ടര്‍ അല്‍വാരസ് എന്ന പുരാവസ്തു ഗവേഷകനും അദ്ദേഹത്തിന്റെ പിതാവും നോബല്‍ സമ്മാന ജേതാവുമായ ആണവശാസ്ത്രജ്ഞന്‍ ലൂയിസ് അല്‍വാരസും ചേര്‍ന്ന്, ദിനോസറുകളുടെ പതനത്തിന് കാരണം ഒരു ക്ഷുദ്രഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്നിടിച്ചതിന്റെ ആഘാതമാകാം എന്ന സിദ്ധാന്തം അവതരിപ്പിക്കുന്നത് 1980-ലാണ്. ഫ്രാങ്ക് അസാരോ, ഹെലന്‍ മൈക്കല്‍സ് എന്നിവരും ആ ഗവേഷണത്തില്‍ പങ്കുവഹിച്ചിരുന്നു.

എന്നാല്‍, മറ്റ് പല ഗവേഷകരും ആ സിദ്ധാന്തം അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. ഇന്ത്യയിലെ ഡെക്കാന്‍ മേഖലയിലുണ്ടായ അഗ്നിപര്‍വതസ്‌ഫോടനങ്ങളാണ് ദിനോസറുകളെ ഉന്‍മൂലനം ചെയ്തതെന്നവര്‍ വാദിച്ചു. എന്നാല്‍, ആ വാദത്തില്‍ കഴമ്പില്ലെന്ന്, പുതിയ ലക്കം 'സയന്‍സ്' വാരിക പ്രസിദ്ധീകരിച്ച അവലോകന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഇതുവരെ ലഭ്യമായ തെളിവുകള്‍ പ്രകാരം, ആറരക്കോടി വര്‍ഷം മുമ്പ് മെക്‌സിക്കോയില്‍ യുകറ്റാന്‍ ഉപദ്വീപിലെ ചിക്ഷൂലൂബി (Chicxulub) ല്‍ പതിച്ച ഭീമന്‍ ക്ഷുദ്രഗ്രഹമാണ് ഉന്‍മൂലനത്തിന് കാരണം.

ആ ക്ഷുദ്രഗ്രഹപതനത്തിന്റെ ആഘാതം ഭൂമിയിലാകെ അസാധാരണമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചതായി ഗവേഷകര്‍ പറയുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 41 വിദഗ്ധര്‍ അടങ്ങിയ സംഘമാണ് അവലോകന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ദിനോസറുകളുടെ പതനമാണ് ഒര്‍ഥത്തില്‍ ലോകത്ത് സസ്തനികളുടെ ആധിപത്യം സാധ്യമാക്കിയത്. അത്രകാലവും ദിനോസറുകളുടെ നിഴലില്‍ കഴിഞ്ഞിരുന്ന സസ്തനികള്‍ ലോകത്ത് വലിയ ശക്തിയായി. മനുഷ്യന്റെ ആധിപത്യത്തിലേക്ക് ലോകത്തെ എത്തിച്ചതിനു പോലും ഒരര്‍ഥത്തില്‍ ആറരക്കോടി വര്‍ഷം മുമ്പുണ്ടായ ക്ഷുദ്രഗ്രഹപതനമാണ് നിമിത്തമായതെന്ന് ഗവേഷകര്‍ പറയുന്നു.

കെ-ടി ഉന്‍മൂലനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ 20 വര്‍ഷത്തിനിടെ ഉണ്ടായ പഠനങ്ങളും, ലഭിച്ച തെളിവുകളും സംഘം പുനപ്പരിശോധിച്ചു. ഏതാണ്ട് 15 കിലോമീറ്റര്‍ വിസ്താരമുള്ള ക്ഷുദ്രഗ്രഹമാണ് ചിക്ഷൂലൂബ് പ്രദേശത്ത് പതിച്ചതെന്ന് ഗവേഷകര്‍ അനുമാനിക്കുന്നു. വെടിയുണ്ടയുടെ ഏതാണ്ട്‌ 20 മടങ്ങ്‌ വേഗത്തില്‍ (സെക്കന്‍ഡില്‍ 20 കിലോമീറ്റര്‍ വേഗത്തില്‍), ഹിരോഷിമയില്‍ പ്രയോഗിച്ച ആറ്റംബോംബിന്റെ നൂറുകോടി മടങ്ങ് ശക്തിയോടെയാണ് അത് പതിച്ചത്. നൂറ് കിലോമീറ്റര്‍ വിസ്താരവും 30 കിലോമീറ്റര്‍ താഴ്ച്ചയുമുള്ള ഗര്‍ത്തം അതിന്റെ ഫലമായുണ്ടായി. ഇടിയുടെ ശക്തിയില്‍ അതിഭീമമായ തോതില്‍ പൊടിപടലങ്ങളും മറ്റും ആകാശത്തേക്കുയന്നു. സൂര്യന്‍ മറഞ്ഞു, ഭൂമി ഇരുണ്ടു. ആഗോളഗ്രീഷ്മത്തിന്റെ പിടിയിലായി ലോകം. മാറിയ പരിസ്ഥിതിയോട് പരാജയപ്പെട്ട് പകുതിയിലേറെ വര്‍ഗങ്ങളും ഉന്‍മൂലനം ചെയ്യപ്പെട്ടു.

ചിക്ഷൂലൂബിലെ ക്ഷുദ്രഗ്രഹപതനം നടന്നത് കെ-ടി ഉന്‍മൂലനത്തിന് മൂന്ന് ലക്ഷം വര്‍ഷം മുമ്പാണെന്ന് ചില ഗവേഷകര്‍ കണക്കുകൂട്ടിയിട്ടുണ്ട്. അതുപക്ഷേ, ക്ഷുദ്രഗ്രഹപതനം നടന്ന സ്ഥലത്തിനടുത്തുനിന്ന് ശേഖരിച്ച ഭൗമശാസ്ത്രവിവരങ്ങള്‍ വിശകലനം ചെയ്തതില്‍ വന്ന പിഴവാണെന്ന് പുതിയ റിപ്പോര്‍ട്ട് പറയുന്നു. പതനമേഖലയിലെ ശിലകള്‍ അതിസങ്കീര്‍ണമായ ചില ഭൗമശാസ്ത്ര പ്രക്രിയകള്‍ക്ക് വിധേയമായിട്ടുണ്ട്. അതുകൊണ്ട് അവിടെ നിന്നുള്ള ഡേറ്റ കൃത്യമായി വിശകലനം ചെയ്യുക ബുദ്ധിമുട്ടാണ്.

ഇന്ത്യയില്‍ മധ്യപടിഞ്ഞാറന്‍ ഡെക്കാനില്‍ (Deccan Traps) സംഭവിച്ച അഗ്നിപര്‍വത സ്‌ഫോടനങ്ങള്‍ 15 ലക്ഷം വര്‍ഷം നീണ്ടുനിന്ന ഒന്നാണ്. ഏതാണ്ട് 11 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ ലാവയാണ് അതുവഴി മധ്യപടിഞ്ഞാറന്‍ ഡെക്കാനില്‍ പരന്നത്. കരിങ്കടല്‍
രണ്ടു തവണ നിറയ്ക്കാന്‍ ഇത്രയും ലാവ മതി. ആ അഗ്നിപര്‍വത സ്‌ഫോടനങ്ങളില്‍ നിന്നുയര്‍ന്ന ധൂളീപടലങ്ങള്‍ സൂര്യനെ മറയ്ക്കുകയും ഭൂമിയില്‍ ശൈത്യം വിതയ്ക്കുകയും ചെയ്തിരിക്കാമെന്നും, അതുവഴി ദിനോസറുകള്‍ ഉള്‍പ്പടെയുള്ള ജീവിവര്‍ഗങ്ങള്‍ നശിച്ചിരിക്കാമെന്നും ഒരു വിഭാഗം ശാസ്ത്രജ്ഞര്‍ വാദിക്കുന്നു.

എന്നാല്‍, കെ-ടി ഉന്‍മൂലനത്തിന് തൊട്ടുമുമ്പുള്ള അഞ്ചുലക്ഷം വര്‍ഷക്കാലത്ത് (ഡെക്കാനിലെ അഗ്നിപര്‍വതങ്ങള്‍ സജീവമായിരുന്നെങ്കിലും) കരയിലെയോ കടലിലെയോ ഇക്കോവ്യൂഹങ്ങളില്‍ കാര്യമായ ആഘാതങ്ങള്‍ സംഭവിച്ചതായി തെളിവില്ല. മാത്രമല്ല, ഓരോ അഗ്നിപര്‍വത സ്‌ഫോടനവേളയിലും അന്തരീക്ഷത്തില്‍ വ്യാപിച്ചിരുന്ന സള്‍ഫര്‍ ധൂളികള്‍ പോലുള്ളവ ഹൃസ്വകാലത്തേക്ക് മാത്രമേ അന്തരീക്ഷത്തില്‍ തങ്ങിനിന്നിരുന്നുള്ളു എന്നും, അത്തരം സംഭവങ്ങള്‍ മൂലം പെട്ടന്നൊരു ഉന്‍മൂലനം സാധ്യമാകില്ലെന്നും, കമ്പ്യൂട്ടര്‍മാതൃകാ പഠനങ്ങള്‍ വ്യക്തമാക്കുന്നതായി പുതിയ റിപ്പോര്‍ട്ട് പറയുന്നു.

അതേസമയം, ക്ഷുദ്രഗ്രഹപതനം വന്‍തോതിലുള്ള പ്രത്യാഘമാണ് ഭൂമിയിലെങ്ങും വരുത്തിയത്. വന്‍തീപ്പിടിത്തങ്ങള്‍, ഭൂകമ്പമാപിനിയില്‍ തീവ്രത പത്ത് രേഖപ്പെടുത്താവുന്നത്ര ശക്തമായ ഭൂകമ്പങ്ങള്‍, ഭൂഖണ്ഡാന്തര മണ്ണിടിച്ചിലുകള്‍, പടുകൂറ്റന്‍ സുനാമി ഒക്കെ അതുമൂലമുണ്ടായി. കൂട്ടിയിടിയുടെ ആഘാത്തില്‍ ശരവേഗത്തില്‍ അന്തരീക്ഷത്തിലേക്കുയര്‍ന്ന് പടര്‍ന്ന് വ്യാപിച്ച ധൂളീപടലങ്ങള്‍ സൂര്യനെ മറയ്ക്കുകയും ഭൂമിയെ ശൈത്യത്തിന്റെ പിടിയിലാഴ്ത്തുകയും ചെയ്തത് ജീവിവര്‍ഗ
ങ്ങളില്‍ പലതിനെയും ഒറ്റയടിക്ക് ഉന്‍മൂലനത്തിലേക്ക് നയിച്ചു.

'കൂടുതല്‍ ആത്മവിശ്വാസത്തോടെ ഇപ്പോള്‍ നമുക്ക് പറയാന്‍ കഴിയും, കെ-ടി ഉന്‍മൂലനം സംഭവിച്ചത് ക്ഷുദ്രഗ്രഹം മൂലമാണെന്ന്'-ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ഡോ. ജോവാന്ന മോര്‍ഗന്‍ പറയുന്നു.

Wednesday, March 03, 2010

അനകോണ്ട 'ജുറാസിക് പാര്‍ക്കി'ല്‍!!

അഥവാ ദിനോസര്‍കുട്ടികളെ തിന്നിരുന്ന പാമ്പ്
'പല ചെകുത്താന്‍മാരെയും കണ്ടിട്ടുണ്ട്, എന്നാല്‍ വടിയുമൂന്നി നടക്കുന്ന ചെകുത്താനെ കാണുന്നത് ആദ്യമായാണ്'-ഞങ്ങളുടെ ചെറുപ്പത്തില്‍ കാരണവന്‍മാര്‍ തമാശക്ക് പറയുമായിരുന്നു. ഗുജറാത്തില്‍ നിന്ന് കിട്ടിയ ഫോസില്‍ പാമ്പിനെക്കുറിച്ച് പഠിച്ച പുരാവസ്തുഗവേഷകര്‍ മനസിലെങ്കിലും ഇങ്ങനെ വിചാരിച്ചിട്ടുണ്ടാകണം: 'പല പാമ്പുകളെയും കണ്ടിട്ടുണ്ട്, പക്ഷേ ദിനോസര്‍കുട്ടികളെ തിന്നുന്ന ഒന്നിനെ ആദ്യമായി കാണുകയാണ്!!' അതെ, ശാസ്ത്രലോകം ഇത്തരമൊരു പാമ്പിനെ ആദ്യമായി കാണുകയാണ്. 6.7 കോടി വര്‍ഷം മുമ്പ് ജീവിച്ചിരുന്ന പാമ്പിന്റെ ഫോസിലാണ് അമ്പരപ്പുളവാക്കുന്ന വിവരം വെളിവാക്കിത്തരുന്നത്.

അഹമ്മദാബാദില്‍ നിന്ന് 130 കിലോമീറ്റര്‍ അലെ ദോലി ഡുന്‍ഗ്രി ഗ്രാമത്തില്‍ എക്കല്‍പാളിക്കടിയില്‍ 23 വര്‍ഷം മുമ്പ് കണ്ടെത്തിയ ഫോസിലാണ്, പുരാതനകാലത്ത് ദിനോസര്‍കുട്ടികളെ തിന്നിരുന്ന പാമ്പുകള്‍ ഉണ്ടായിരുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ സഹായിച്ചത്. ദിനോസര്‍ ഫോസിലുകള്‍ക്ക് പ്രശസ്തമായ ആ സ്ഥലത്തുനിന്ന്, ഇന്ത്യന്‍ ഗവേഷകനായ ധനഞ്ജയ് മൊഹാബിയാണ് ഫോസില്‍ കണ്ടെത്തിയത്. (ഇപ്പോള്‍ അദ്ദേഹം നാഗ്പൂരില്‍ ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യയുടെ പുരാവസ്തുഗവേഷക വിഭാഗം ഡയറക്ടര്‍).

ഫോസിലിലെ ദിനോസര്‍ മുട്ടകളും മറ്റ് ചില ഭാഗങ്ങളും തിരിച്ചറിയാന്‍ മൊഹാബിക്ക് സാധിച്ചെങ്കിലും, അത് പൂര്‍ണമായി വിശകലനം ചെയ്യാന്‍ അദ്ദേഹത്തിന് അന്ന് കഴിഞ്ഞില്ല. 2001-ല്‍ മിഷിഗണ്‍ സര്‍വകലാശാലയിലെ ജെഫ് വില്‍സണ്‍ ഇന്ത്യയിലെത്തി മൊഹാബിയെ കണ്ടു. ഫോസില്‍ പരിശോധിച്ച അദ്ദേഹം ആവേശഭരിതനായി. അങ്ങനെയാണ്, ആ പുരാതന പാമ്പിനെക്കുറിച്ചുള്ള ശരിയായ പഠനം ആരംഭിച്ചത്. മൊഹാബിയും വില്‍സണും ഉള്‍പ്പെട്ട ഒരു അന്താരാഷ്ട്രസംഘം ഫോസില്‍ വിശകലനം നടത്തിയതിന്റെ റിപ്പോര്‍ട്ട് പുതിയ ലക്കം 'പബ്ലിക് ലൈബ്രറി ഓഫ് സയന്‍സസ് (PLoS) ബയോളജി'യിലാണ് പ്രസിദ്ധീകരിച്ചത്.

'ഇത്തരമൊരു കരുത്തുറ്റ നിമിഷം കാലത്തിനുള്ളില്‍ നിശ്ചലമായി നിലകൊണ്ടു എന്നത് എത്ര ആവേശമുളവാക്കുന്ന സംഗതിയാണ്'-മൊഹാബി പറയുന്നു. ദിനോസര്‍ മുട്ടത്തോടുകള്‍ക്കരികില്‍ വലിയ അസ്ഥികളുടെ ഭാഗങ്ങള്‍ തിരിച്ചറിഞ്ഞതില്‍ നിന്നും, അത് അസാധാരണമായ ഒരു കണ്ടെത്തലാണെന്ന് സൂചന ലഭിച്ചതായി വില്‍സണ്‍ പറഞ്ഞു. ഫോസില്‍ ശരിക്കു പഠിച്ചപ്പോള്‍, പുതുതായി വിരിഞ്ഞ ദിനോസര്‍ മുട്ടയെ ചുറ്റിവരിഞ്ഞ നിലയിലാണ് പാമ്പെന്നും അതിന് തൊട്ടടുത്ത് ഒരു നവജാത ദിനോസര്‍ ഉണ്ടായിരുന്നതായും ഗവേഷകര്‍ കണ്ടു. പെരുമ്പാമ്പുകള്‍ ഇരകളെ ചുറ്റിവരിഞ്ഞ് ശ്വാസം മുട്ടിച്ച് കൊല്ലുന്ന മാതിരിയുള്ള ഏര്‍പ്പാടിയിരുന്നു പുരാതന പാമ്പിന്റേതും.

ഭീമാകാരമാര്‍ന്ന സാരോപോഡുകളുടെ (sauropods) കുട്ടികളെയാണ് പാമ്പുകള്‍ ആഹാരമാക്കിയിരുന്നത്. 'സനജേഹ് ഇന്‍ഡിക്കസ്' (Sanajeh indicus) എന്നാണ് പുരാതന പാമ്പിന് നല്‍കിയിട്ടുള്ള പേര്. 3.5 മീറ്റര്‍ നീളമുണ്ടായിരുന്ന പാമ്പിനെ ദിനോസറുകളുടെ പ്രജനകേന്ദ്രത്തിലാണ് കണ്ടത്. മുട്ടവിരിഞ്ഞ് പുറത്തുവരുന്ന ദിനോസര്‍കുട്ടികളെ ആഹാരമാക്കുകയായിരുന്നു ഇവയുടെ രീതിയെന്ന് പഠനറിപ്പോര്‍ട്ട് പറയുന്നു.

പുരാതനകാലത്തെ പാമ്പുകളുടെ ആഹാരരീതിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ സഹായിക്കുന്നതാണ് ഈ കണ്ടെത്തല്‍. ആധുനികകാലത്തെ പാമ്പുകളുടെ താടിയെല്ലിന്റെ ഘടനയും ചലനരീതികളും വലിയ ഇരകളെ വിഴുങ്ങാന്‍ പാകത്തിലുള്ളതാണ്. ആ ലക്ഷണങ്ങളില്‍ ചിലത് ഇന്‍ഡിക്കസിന്റെ കാര്യത്തിലും കാണാം. പാമ്പുകളുടെ പരിണാമവുമായി ബന്ധപ്പെട്ട വിലപ്പെട്ട വിവരമാണ് ഇതുവഴി ലഭിക്കുന്നത്.

ഭൗമശാസ്ത്രത്തെ സംബന്ധിച്ചും പ്രധാനപ്പെട്ടതാണ് ഈ കണ്ടെത്തല്‍. സനജേഹ് ഇന്‍ഡിക്കസിന്റെ പുരാതന ബന്ധുക്കളെ ഓസ്‌ട്രേലിയയിലാണ് കണ്ടെത്താനാവുക. എന്നുവെച്ചാല്‍, ഓസ്‌ട്രേലിയയും ഇന്ത്യയും ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഒരുകാലത്ത് ഗോണ്ട്വാനാലാന്‍ഡ് എന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്നകാര്യത്തെ പിന്തുണയ്ക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
(അവലംബം: PLoS Biology, മിഷിഗണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌ )

Tuesday, March 02, 2010

ചന്ദ്രനില്‍ ഹിമശേഖരം; ചന്ദ്രയാന്റെ കണ്ടെത്തല്‍ വീണ്ടും


ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ വെള്ളം മഞ്ഞുകട്ടകളുടെ രൂപത്തില്‍ ചന്ദ്രന്റെ ഉത്തരധ്രുവത്തില്‍ ഉണ്ടെന്ന് കണ്ടെത്തല്‍. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍ ഒന്നി'ലെ പരീക്ഷണോപകരണങ്ങളില്‍ ഒന്നായ 'മിനിസര്‍' (Mini-Sar) നടത്തിയ കണ്ടെത്തലാണിത്.

ചന്ദ്രയാന്‍ ദൗത്യത്തില്‍ നാസ നല്‍കിയ ഉപകരണമായിരുന്നു മിനിസര്‍. ചന്ദ്രന്റെ ഉത്തരധ്രുവത്തിലെ 40 ചെറു ഗര്‍ത്തങ്ങളില്‍ ഹിമപാളികളുടെ സാന്നിധ്യം മിനിസര്‍ തിരിച്ചറിഞ്ഞതായും, ഏതാണ്ട് 60 കോടി മെട്രിക് ടണ്‍ ഹിമശേഖരം അവിടെ ഉണ്ടാകാമെന്നാണ് കണക്കുകൂട്ടുന്നതായും നാസ തന്നെയാണ് വെളിപ്പെടുത്തിയത്. രണ്ടു മുതല്‍ 15 കിലോമീറ്റര്‍ വരെ വ്യാസമുള്ള മഞ്ഞുപാളികളെ തിരിച്ചറിയാന്‍ ചന്ദ്രയാന് കഴിഞ്ഞതായി നാസ വെളിപ്പെടുത്തി.

'ശാസ്ത്രീയമായും, പര്യവേക്ഷണത്തിന്റെ തലത്തിലുമൊക്കെ ചന്ദ്രന്‍ കരുതിയിരുന്നതിലും ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമാണെന്ന് പുതിയ കണ്ടെത്തലുകള്‍ വ്യക്തമാക്കുന്നു'-മിനിസറിന്റെ മുഖ്യഗവേഷകനും ഹൂസ്റ്റണില്‍ ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി ഇന്‍സ്റ്റിട്ട്യൂട്ടിലെ ശാസ്ത്രജ്ഞനുമായ പോള്‍ സ്പുഡിസ് അഭിപ്രായപ്പെട്ടു. ടെക്‌സാസില്‍ നടക്കുന്ന 41-ാമത് ലൂണാര്‍ ആന്‍ഡ് പ്ലാനെറ്ററി സയന്‍സ് കോണ്‍ഫറന്‍സിലാണ് ഈ കണ്ടെത്തല്‍ അവതരിപ്പിച്ചത്.

'മിനിയേച്ചര്‍ സിന്തറ്റിക് അപ്പര്‍ച്വര്‍ റഡാര്‍' എന്നതിന്റെ ചുരുക്കപ്പേരാണ് 'മിനിസര്‍'. ചന്ദ്രയാന് വേണ്ടി നാസ നല്‍കിയ ഈ പരീക്ഷണോപകരണം ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയ്ക്ക് കീഴിലെ അപ്ലൈഡ് ഫിസ്‌ക്‌സ് ലബോറട്ടറിയും അമേരിക്കയുടെ നേവല്‍ എയര്‍ വാര്‍ഫെയര്‍ സെന്ററും ചേര്‍ന്നാണ് വികസിപ്പിച്ചത്. ചാന്ദ്രധ്രുവത്തില്‍ സ്ഥിരമായി സൂര്യപ്രകാശം പതിക്കാത്ത ഇരുണ്ട ഗര്‍ത്തങ്ങളിലെ ഹിമസാന്നിധ്യം തേടുകയായിരുന്ന 8.77 കിലോഗ്രാം ഭാരമുണ്ടായിരുന്ന മിനിസറിന്റെ ലക്ഷ്യം.

ചാന്ദ്രയാനിലുണ്ടായിരുന്ന 11 പഠനോപകരണങ്ങളില്‍ ഒന്നായ നാസയുടെ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്), ചന്ദ്രോപരിതലത്തിലുട നീളം ജലാംശമുള്ളതായി കണ്ടെത്തിയിരുന്നു. ചന്ദ്രപ്രതലത്തിലെ ഓരോ ടണ്‍ മണ്ണിലും കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളമെങ്കിലുമുണ്ടാകുമെന്നാണ് ആ ഉപകരണം തിരിച്ചറിഞ്ഞത്.

ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, ജലതന്മാത്രകള്‍ ചന്ദ്രനില്‍ തന്നെ രൂപപ്പെടുന്നു എന്ന്, യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (സാറ) എന്ന ചാന്ദ്രയാനിലെ പേലോഡ് കണ്ടെത്തിയ വിവരം പുറത്ത് വന്നത് 2009 ഒക്ടോബര്‍ 15-നാണ്.

കഴിഞ്ഞ ആഗസ്ത് 28നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കവെയാണ് അവസാനിച്ചത്. പക്ഷേ, പ്രതീക്ഷിക്കാത്തത്ര വലിയൊരു വിജയക്കുതിപ്പ് നടത്തിയിട്ടാണ് ചന്ദ്രയാന്‍ വിടവാങ്ങിയതെന്ന് അന്ന് ആരും കരുതിയില്ല.
(കടപ്പാട്: നാസ, മാതൃഭൂമി, ഐ.എസ്.ആര്‍.ഒ)