Friday, June 29, 2007

ചാര്‍ജറുകള്‍ വിടചൊല്ലാനൊരുങ്ങുന്നു

ചാര്‍ജറുകളുടെ തീരാദുരിതത്തില്‍നിന്ന്‌ രക്ഷപ്പെടാന്‍ വഴി തെളിയുന്നു. വയറില്ലാതെ വൈദ്യുതിയെത്തിക്കാനുള്ള മാര്‍ഗ്ഗം പ്രാവര്‍ത്തികമാകുകയണ്‌. ഇതുസംബന്ധിച്ച ആദ്യവിജയം ഒരുസംഘം ഗവേഷകര്‍ കൈവരിച്ചു കഴിഞ്ഞു. (ഈ ലേഖനത്തിന്റെ പശ്ചാത്തലം അറിയാന്‍ കാണുക: വയറില്ലാതെ വൈദ്യുതി)

ഴിഞ്ഞ ജൂണ്‍ 23-ന്‌ കേരളത്തിലുണ്ടായ മഴക്കെടുതി വിവരിക്കാന്‍ കഴിയില്ല. പേമാരിയും കാറ്റും. ഒട്ടേറെപ്പേര്‍ക്ക്‌ ജീവഹാനിയുണ്ടായി. ഇത്രയേറെ മരങ്ങള്‍ മറിഞ്ഞു വീഴുകയോ, ഒടിഞ്ഞു വീഴുകയോ ചെയ്‌ത അനുഭവം അടുത്തകാലത്തൊന്നും കേരളീയര്‍ കണ്ടിരിക്കാനിടയില്ല. വൈദ്യുത വിതരണസംവിധാനം പാടെ താറുമാറായി. ഞങ്ങളുടെ കോളനിയിലും വൈദ്യുതിയുടെ കാര്യം വ്യത്യസ്‌തമായിരുന്നില്ല. ആദ്യദിവസം കഴിഞ്ഞപ്പോള്‍ തന്നെ പ്രശ്‌നം രൂക്ഷമായി. വെളിച്ചമോ ടിവിയോ ഇല്ലാത്തതു മാത്രമല്ല. അതിലും ഗുരുതരമായ ചില കാര്യങ്ങള്‍ക്ക്‌ അടിയന്തര പരിഹാരം കാണേണ്ടി വന്നു. മൊബൈലിലെ ചാര്‍ജു തീര്‍ന്നു, ലാപ്‌ടോപ്പ്‌ കാഴ്‌ചവസ്‌തുവായി. വൈദ്യുതിയോ ഇല്ല, എങ്കില്‍ മഴയുടെ ചിത്രമെങ്കിലും പകര്‍ത്താമെന്നു കരുതി നോക്കുമ്പോള്‍ ക്യാമറബാറ്ററിയിലെ ചാര്‍ജ്ജും തഥൈവ!

നഗരത്തിന്റെ മറ്റൊരു കോണില്‍ താമസിക്കുന്ന ചങ്ങാതി അറിയിച്ചു, അവിടെ വൈദ്യുതിയെത്തി. ഉപകരണങ്ങളും ബാറ്ററിയുമെല്ലാം കൊണ്ടുവരൂ, ചാര്‍ജ്‌ ചെയ്‌ത്‌ പോകാം. ചങ്ങാതിയുടെ വീട്ടില്‍ പോകാന്‍ നോക്കുമ്പോഴാണ്‌ ശരിക്കുള്ള പ്രശ്‌നം. ഉപകരണങ്ങള്‍ മാത്രം പോര, അവയുടെയെല്ലാം ചാര്‍ജറുകളും, ചാര്‍ജറുകളുടെ ത്രിപ്പിന്‍ സംവിധാനത്തെ പിന്തുണയ്‌ക്കുന്ന ത്രിപ്പിന്നുകളും എല്ലാം കൊണ്ടുപോകണം. അങ്ങനെ ആക്രിക്കച്ചവടക്കാരുടെ അവസ്ഥയില്‍ അത്തരമൊരു ചുമടുമായി ഈയുള്ളവന്‍ ചങ്ങാതിയുടെ വീട്ടിലേക്ക്‌ യാത്രതിരിച്ചു. ചങ്ങാതി ചെറിയൊരു ഫ്‌ളാറ്റിലാണ്‌ സകുടുംബം താമസം. ഉപയോഗിക്കാന്‍ പാകത്തിലുള്ള ത്രിപ്പിന്‍ പ്ലഗ്‌ ഒന്നേയുള്ളൂ അവിടെ. അതില്‍വെച്ച്‌ എത്രനേരം കൊണ്ട്‌ ചാര്‍ജിങ്‌ നടത്താനാകും. ഒരു മനുഷ്യന്‌ ജീവിക്കാന്‍ ഇത്രയേറെ ചാര്‍ജറുകള്‍ ആവശ്യമുണ്ടോ, ഞാന്‍ രോക്ഷത്തോടെ ചിന്തിച്ചു. അങ്ങനെ ചാര്‍ജറുകളുടെ പെരുമഴ ആദ്യമായി ദുരിതപര്‍വം തീര്‍ക്കുന്നത്‌ അനുഭവിച്ചറിഞ്ഞു.

ഈ അനുഭവം മനസിലേല്‍പ്പിച്ച കയ്‌പ്പ്‌ മാറുംമുമ്പാണ്‌ പ്രൊഫ. മറിന്‍ സോള്‍യാജീകും സംഘവും നടത്തിയ പരീക്ഷണം വിജയിച്ചു എന്നു വായിക്കുന്നത്‌. അതറിഞ്ഞപ്പോള്‍ മനസിലൊരു സുഖം. അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (MIT)യിലെ ഗവേഷകനായ പ്രൊഫ. സോള്‍യാജീക്‌, വയറില്ലാതെ വൈദ്യുതി കൊണ്ടുപോകാനുള്ള ശ്രമത്തില്‍ ആദ്യവിജയം നേടിയ വിവരം അടുത്തയിടെ 'സയന്‍സ്‌' ഗവേഷണ വാരികയാണ്‌ റിപ്പോര്‍ട്ടു ചെയ്‌തത്‌. നാലുവര്‍ഷം നീണ്ട കഠിന പ്രയത്‌നമാണ്‌ ഒടുവില്‍ ഫലം കണ്ടിരിക്കുന്നത്‌. ലാപ്‌ടോപ്പ്‌, മൊബൈല്‍ ഫോണ്‍ തുടങ്ങിയ ഉപകരണങ്ങള്‍ ചാര്‍ജറോ പ്ലഗുകളോ കൂടാതെ വയര്‍ലെസ്‌ ആയി ചാര്‍ജുചെയ്യാവുന്ന കാലമാണ്‌ വരുന്നത്‌ എന്നാണ്‌ ഇതു നല്‍കുന്ന ശുഭസൂചന. 'വയര്‍ലെസ്‌ ഇലക്ട്രിസിറ്റി' എന്നതിന്റെ ചുരുക്കമായി 'വിട്രിസിറ്റി'(WiTricity) എന്നാണ്‌ പുതിയ സങ്കേതത്തിന്‌ നല്‍കിയിട്ടുള്ള പേര്‌. വൈദ്യുതിയുടെയും ഇലക്ട്രിക്‌ ബള്‍ബിന്റെയും കണ്ടുപിടിത്തത്തിന്‌ ശേഷം ഈ മേഖലയിലെ പുതിയൊരു നാഴികക്കല്ലാണ്‌ 'വിട്രിസിറ്റി'യുടെ വരവ്‌.

രണ്ടുമീറ്ററിലേറെ (ഏഴ്‌ അടി) അകലെ സ്ഥിതിചെയ്യുന്ന വൈദ്യുതസ്രോതസ്‌ ഉപയോഗിച്ച്‌ വയറില്ലാതെ 60 വാട്ട്‌ ബള്‍ബ്‌ കത്തിച്ചാണ്‌ എം.ഐ.ടി.സംഘം ചരിത്രം സൃഷ്ടിച്ചത്‌. ഈ കണ്ടുപിടിത്തത്തിന്റെ സൈദ്ധാന്തികവശങ്ങള്‍ 2006-ല്‍ തന്നെ പ്രൊഫ.സോള്‍ജാസിക്കും സംഘവും വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, അത്‌ പ്രായോഗികമായി സാധ്യമാണെന്നു തെളിയിക്കുന്നത്‌ ആദ്യമായാണ്‌. "ഞങ്ങളാവിഷ്‌ക്കരിച്ച സിദ്ധാന്തത്തില്‍ തികഞ്ഞ വിശ്വാസമുണ്ടായിരുന്നു. പക്ഷേ, അത്‌ പ്രയോഗത്തില്‍ വരുത്തുക എന്നതാണ്‌ പ്രശ്‌നം"-പ്രൊഫ. സോള്‍യാജീക്‌ പറയുന്നു.

അറുപത്‌ സെന്റീമീറ്റര്‍ വീതം വ്യാസമുള്ള രണ്ടു ചെമ്പുചുരുളുകളാണ്‌ പരീക്ഷണത്തിന്‌ ഉപയോഗിച്ചത്‌. അവയിലൊന്ന്‌ വൈദ്യുത പ്രസരണി (transmitter) ആയും രണ്ടാമത്തേത്‌ സ്വീകരണി (receiver) ആയും പ്രവര്‍ത്തിച്ചു. പ്രസരണിയായി പ്രവര്‍ത്തിക്കുന്ന ചെമ്പുചുരുളിനെ ഒരു വൈദ്യുതസ്രോതസ്സുമായി ഘടിപ്പിച്ചു. രണ്ടുമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന സ്വീകരണിയായ കമ്പിച്ചുരുളുമായി ബള്‍ബും ഘടിപ്പിച്ചു. പ്രസരണിയില്‍ വൈദ്യുതിയെത്തിയപ്പോള്‍, ഭൗതീകമായ ഒരു ബന്ധവും ഇല്ലാതെ രണ്ടുമീറ്റര്‍ അകലെ സ്വീകരണിയില്‍ ഘടിപ്പിച്ചിരുന്ന ബള്‍ബ്‌ കത്തി. 40 ശതമാനം ക്ഷമതയോടെ ഈ സംവിധാനത്തില്‍ വൈദ്യുതി പ്രവഹിക്കുന്നു എന്നാണ്‌ പരിശോധനകളില്‍ വ്യക്തമായത്‌. "വളരെ പ്രോത്സാഹജനകമായ ഫലമാണിത്‌"-പ്രൊഫ. സോള്‍യാജീക്‌ പറയുന്നു. ഇത്‌ തുടക്കമാണ്‌. ഈ രണ്ടുമീറ്റര്‍ അകലമെന്നത്‌ ഇനിയും വര്‍ധിപ്പിക്കാമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നു. മാത്രമല്ല, വൈദ്യുതക്ഷമതയും കൂട്ടാനാകും. പക്ഷേ, ഒരു മുറിക്കുള്ളിലെ അകലത്തില്‍ കൂടുതല്‍ ഇത്തരത്തില്‍ വൈദ്യുതി കൊണ്ടുപോകുന്നത്‌ പ്രായോഗികമാകുമോ എന്ന്‌ സംശയമുണ്ട്‌.

'അനുനാദം' (resonance) എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെയാണ്‌ വയറില്ലാവൈദ്യുതി യാഥാര്‍ത്ഥ്യമാകുന്നത്‌. ഒരു പ്രത്യേക ആവര്‍ത്തി(frequency)യിലുള്ള ഊര്‍ജ്ജം ചെലുത്തുമ്പോള്‍ ഒരു വസ്‌തു കമ്പനം (vibration) ചെയ്യാനിടയാക്കുന്ന പ്രതിഭാസമാണ്‌ അനുനാദം. സംഗീതോപകരണങ്ങളില്‍ ഈ പ്രതിഭാസം സാധാരണമാണ്‌. ഒന്നില്‍ ഒരു പ്രത്യേക ഈണം മീട്ടുമ്പോള്‍, അതേ ശബ്ദാനുനാദമുള്ള മറ്റൊരു സംഗീതോപകരണം ആ ഈണം ആവാഹിച്ചെടുത്ത്‌ കമ്പനം ചെയ്യാനാരംഭിക്കും. ഇത്തരം ശബ്ദകമ്പനങ്ങള്‍ക്കു പകരം, വളരെ താഴ്‌ന്ന ആവര്‍ത്തിയിലുള്ള വൈദ്യുതകാന്തികതരംഗങ്ങളുടെ അനുനാദം പ്രയോജനപ്പെടുത്താനുള്ള മാര്‍ഗ്ഗമാണ്‌ എം.ഐ.ടി.സംഘം ആവിഷ്‌ക്കരിച്ചത്‌. പരീക്ഷണവേളയില്‍ ഓരോ ചെമ്പുചുരുളും കമ്പനം ചെയ്‌തത്‌ 10 മെഗാഹെര്‍ട്‌സ്‌ (Mhz) ആവര്‍ത്തിയിലായിരുന്നു. അങ്ങനെ കമ്പനം ചെയ്യുമ്പോള്‍, ഒരു 'ഊര്‍ജവാല്‍' ഇരുചുരുളുകളെയും ബന്ധിപ്പിക്കുകയും, അതിലൂടെ വൈദ്യുതി പ്രവഹിക്കുകയും ചെയ്യുകയാണുണ്ടായത്‌. കമ്പിച്ചുരുളുകളല്ലാതെ സമീപത്തെ മറ്റൊരു വസ്‌തുവും ഇതേ ആവര്‍ത്തിയില്‍ കമ്പനം ചെയ്യാത്തതിനാല്‍, അതിനെയൊന്നും (മനുഷ്യനെയുള്‍പ്പടെ) വൈദ്യുതി പ്രവാഹം ബാധിക്കുകയേ ഇല്ല.

ഏതാനും വര്‍ഷം മുമ്പ്‌ അര്‍ധരാത്രിക്കു ശേഷമൊരു യാമത്തിലായിരുന്നു തുടക്കം. സെല്‍ഫോണിന്റെ ബീപ്‌ ബീപ്‌ ശബ്ദം കേട്ടുണര്‍ന്ന പ്രൊഫ. സോള്‍യാജീക്‌ വിഷണ്ണനായി കണ്ണുതിരുമ്മി നിന്നു. "ഒരു മാസത്തിനുള്ളില്‍ ഒരുപക്ഷേ, ആറാംതവണയാകണം എന്നെ സെല്‍ഫോണ്‍ ഉണര്‍ത്തുന്നത്‌, അതിനെ ചാര്‍ജ്‌ ചെയ്യാന്‍ ഞാന്‍ മറന്നിരിക്കുന്നു എന്നകാര്യം ഓര്‍മിപ്പിക്കാന്‍"-പ്രൊഫ.സോള്‍യാജീക്‌ ഓര്‍ക്കുന്നു. ആ സെല്‍ഫോണിന്‌ ആവശ്യമുള്ളപ്പോള്‍ സ്വയംചാര്‍ജ്‌ ചെയ്യാനായാല്‍ അതൊരു മഹത്തായ സംഗതിയായിരിക്കുമെന്ന്‌ അദ്ദേഹത്തിന്‌ തോന്നി. അക്കാര്യം സാധ്യമാകണമെങ്കില്‍ വയര്‍ലെസ്സായി ചാര്‍ജ്ജു ചെയ്യപ്പടാന്‍ സെല്‍ഫോണിനാകണം. വയറില്ലാതെ വൈദ്യുതി പ്രവഹിക്കണം. അതിനെന്തു മാര്‍ഗ്ഗമെന്നായി പ്രൊഫസറുടെ ആലോചന. തന്റെ ഈ ആഗ്രഹം ഏത്‌ ഭൗതീകശാസ്‌ത്ര പ്രതിഭാസം കൊണ്ട്‌ സാധിക്കാം എന്നായി ചിന്ത.

വയര്‍ലെസ്സായി വൈദ്യുതി വിതരണം ചെയ്യാന്‍ ഒട്ടേറെ ശ്രമങ്ങള്‍ പോയ കാലത്ത്‌ നടന്നിട്ടുണ്ട്‌. റേഡിയോ തരംഗങ്ങളുടെ രൂപത്തില്‍ അത്‌ സാധ്യമാക്കുകയെന്നതാണ്‌ ഏറ്റവും എളുപ്പം. വാര്‍ത്താവിനിയമത്തിന്‌ ആ മാര്‍ഗ്ഗം അനുയോജ്യമാണെങ്കിലും, വൈദ്യുതി വിതരണത്തിന്‌ അതത്ര അനുയോജ്യമല്ല. കാരണം, റേഡിയേഷന്‍ അതിന്റെ ആന്റിനയില്‍നിന്ന്‌ എല്ലാവശത്തേക്കും വ്യാപിക്കും. വൈദ്യുതിയില്‍ സിംഹഭാഗവും നഷ്ടമാകും. അങ്ങനെയാണ്‌ അനുനാദമെന്ന പ്രതിഭാസത്തെ ചൂഷണം ചെയ്യുന്നതിലേക്ക്‌ എത്തിയത്‌. വൈദ്യുതകാന്തികതരംഗങ്ങളിലെ 'വൈദ്യുത'ഭാഗത്തിന്‌ പകരം 'കാന്തിക'ഭാഗം (non-radiative part) വഴി ഊര്‍ജ്ജവിതരണം സാധ്യമാക്കുന്ന രീതിയാണ്‌ പ്രൊഫ. സോള്‍യാജീകും സംഘവും വികസിപ്പിച്ചത്‌. വൈദ്യുതമണ്ഡലത്തെ അപേക്ഷിച്ച്‌ കാന്തികമണ്ഡലങ്ങള്‍ ജീവനുള്ള വസ്‌തുക്കളുമായി, പ്രത്യേകിച്ചും മനുഷ്യരടക്കമുള്ള ജീവികളുമായി, വളരെക്കുറച്ചു മാത്രമേ പ്രതികരിക്കാറുള്ളൂ. അതിനാല്‍, പുതിയ രീതിയിലുള്ള വൈദ്യുതിപ്രവാഹം താരതമ്യേന സുരക്ഷിതമായിരിക്കും.

വൈദ്യുതകാന്തികതരംഗത്തിലെ കാന്തികഭാഗത്തിന്‌ പ്രാമുഖ്യം നല്‍കുന്ന അനുനാദസ്വഭാവമുള്ള വസ്‌തുവിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍, അത്‌ വായുവിലേക്ക്‌ നഷ്ടപ്പെടില്ല. പകരം ഒരു ഊര്‍ജ്ജ'വാല്‍' പോലെ വസ്‌തുവിന്റെ അഗ്രത്ത്‌ ഞാന്നു കിടക്കും. ഇങ്ങനെയുള്ള ഊര്‍ജ്ജവാലിന്‌ മീറ്ററുകളോളം നീളമുണ്ടായിരിക്കും. ആ വസ്‌തുവിന്റെ അതേ ആവൃത്തിയുള്ള മറ്റൊരു അനുനാദവസ്‌തുവിനെ ഊര്‍ജ്ജവാലിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവന്നാല്‍, വൈദ്യുതോര്‍ജ്ജം അതിലേക്ക്‌ സുഗമമായി പ്രവഹിക്കും. സുസ്ഥിര അനുനാദസ്വഭാവത്തോടുകൂടി രൂപകല്‍പ്പന ചെയ്‌ത ചെമ്പുകൊണ്ടുള്ള ആന്റീന മുറിയുടെ മേല്‍ത്തട്ടില്‍ വൈദ്യുതവിതരണ ശൃംഗലയുമായി ബന്ധിപ്പിച്ച നിലയില്‍ പതിപ്പിച്ചിരുന്നാല്‍, ആ മുറിയിലിരിക്കുന്ന ഒരു ലാപ്‌ടോപ്പിലെ അതേ ആവര്‍ത്തിയുള്ള ആന്റിനയിലേക്ക്‌ വൈദ്യുതി ഒഴുക്കാന്‍ കഴിയും; വയറോ കേബിളോ വേണ്ട. 6.4 മെഗാഹെര്‍ട്ട്‌സ്‌(MHz) ആവര്‍ത്തിയില്‍ അനുനാദം നടത്തുന്ന ചെമ്പ്‌ ആന്റിനയില്‍ നിന്നുള്ള തരംഗങ്ങള്‍, അതേ ആവര്‍ത്തിയുള്ള ലാപ്‌ടോപ്‌ ആന്റിന ആഗിരണം ചെയ്യും. ലാപ്‌ടോപ്പിലെ ബാറ്ററി റീചാര്‍ജ്ജ്‌ ചെയ്യപ്പെടും. മനുഷ്യരോ മറ്റു വസ്‌തുക്കളോ 6.4 Mhz ആവര്‍ത്തിയില്‍ കമ്പനം ചെയ്യാത്തതിനാല്‍ ഊര്‍ജ്ജപ്രവാഹം അവയെ ബാധിക്കുകയുമില്ല. കമ്പ്യൂട്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ 'വയര്‍ലസ്സ്‌' ആകും.
വളരെ സുപരിചിതമായ പ്രതിഭാസമാണ്‌ 'വിട്രിസിറ്റി'യുടെ കണ്ടെത്തലിന്‌ പ്രൊഫ. സോള്‍യാജീകും സംഘവും പ്രയോജനപ്പെടുത്തിയത്‌. അങ്ങനെയെങ്കില്‍, ഇത്രകാലവും ആരും ഈ ദിശയിലൊരു ശ്രമം നടത്താത്തതെന്താണെന്നു തോന്നാം. ആവശ്യമാണ്‌ സൃഷ്ടിയുടെ മാതാവെന്ന്‌ പറയാറില്ലേ, അതുതന്നെ പ്രശ്‌നം. ഇത്രകാലവും, ഇത്രയേറെ ചാര്‍ജറുകള്‍ മനുഷ്യജീവിത്തില്‍ ഇടംതേടിയിരുന്നില്ല. ചാര്‍ജുചെയ്‌ത്‌ ഉപയോഗിക്കേണ്ട ഉപകരണങ്ങളുടെ വിസ്‌ഫോടനത്തിനാണ്‌ കഴിഞ്ഞ ഏതാനും വര്‍ഷമായി ലോകം സാക്ഷിയായത്‌. മൊബൈല്‍ഫോണുകളില്‍ തന്നെ ഓരോ കമ്പനിയുടെ ഫോണിന്‌ ഓരോ ചര്‍ജര്‍ വേണം എന്നതാണ്‌ സ്ഥിതി. ലാപ്‌ടോപ്പുകളുടെ കാര്യവും വ്യത്യസ്‌തമല്ല. എം.പി3 പ്ലെയറുകള്‍, റോബോട്ടുകള്‍, കളിപ്പാട്ടങ്ങള്‍ ഒക്കെ ചാര്‍ജ്‌ ചെയ്‌തുതന്നെ ഉപയോഗിക്കേണ്ടവയാണ്‌. ആ നിലയ്‌ക്ക്‌ കാലത്തിന്റെ ചുമരെഴുത്തിന്‌ അനുയോജ്യമായ ഒന്നാണ്‌ വയര്‍ലെസ്സ്‌ വൈദ്യുതി. (അവലംബം: എം.ഐ.ടി.യുടെ വാര്‍ത്താക്കുറിപ്പ്‌, സയന്‍സ്‌ ഗവേഷണ വാരിക)

Thursday, June 28, 2007

കേടായ പല്ലും ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ മമ്മിയും

ഒന്നേകാല്‍ നൂറ്റാണ്ടു മുമ്പ്‌ കണ്ടെത്തിയ കേടയ ഒരു പല്ല്‌. നൂറുവര്‍ഷം പഴക്കമുള്ള മമ്മി. ആധുനിക ഡി.എന്‍.എ.സങ്കേതം. സാഹി ഹവാസ്സ്‌ എന്ന പുരവസ്‌തു ഗവേഷകന്റെ ഒരുവര്‍ഷത്തെ പ്രയത്‌നം-പുരാതന ഈജിപ്‌തുമായി ബന്ധപ്പെട്ട ഏറ്റവും വലിയ നിഗൂഡകളിലൊന്നിന്‌ അറുതി വരുത്താന്‍ വേണ്ടിവന്നത്‌ ഇത്രയുമാണ്‌.

ഈജിപ്‌ത്‌ കണ്ട ഏറ്റവും ശക്തയായ സ്‌ത്രീഫറവോയുടെ മമ്മി എവിടെ എന്ന ചോദ്യത്തിനാണ്‌ ഉത്തരം ലഭിച്ചത്‌ അങ്ങനെയാണ്‌. നൂറുവര്‍ഷം മുമ്പ്‌ 'രാജാക്കന്‍മാരുടെ താഴ്‌വര'യില്‍ കണ്ടെത്തിയ മമ്മി ഫറവോ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടേതാണെന്ന്‌ സ്ഥിരീകരിക്കപ്പെട്ടു. കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടിനിടയില്‍ ഈജിപ്‌തില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ കണ്ടെത്തലായി മാറി ആ ഉത്തരം. 1922-ല്‍ ടുട്ടന്‍ഖാമുന്‍ ഫറവോയുടെ ശവക്കല്ലറയുടെ കണ്ടെത്തലിന്‌ ശേഷം കണ്ടുപിടിത്തത്തിന്റെ മറ്റൊരു ചരിത്രമുഹൂര്‍ത്തം.

3500 വര്‍ഷം മുമ്പാണ്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞി ഈജിപ്‌ത്‌ ഭരിച്ചിരുന്നത്‌. പുരാതന ഈജിപ്‌തില്‍ ക്ലിയോപാട്ര, നെഫെര്‍റ്റിട്ടി എന്നിവരെക്കാളും ശക്തയായിരുന്നു അവര്‍. കൃത്രിമ താടിമീശവെച്ച്‌ പുരുഷവേഷം കെട്ടി, 21 വര്‍ഷക്കാലം സര്‍വ പ്രതാപത്തോടുംകൂടി രാജ്യം ഭരിച്ച അവരുടെ മമ്മി എവിടെയാണെന്ന നിഗൂഢതയാണ്‌ പുതിയ കണ്ടെത്തലോടെ നീങ്ങുന്നത്‌. തടിച്ച ശരീരപ്രകൃതിയായിരുന്ന ഹാഷെപ്‌സുറ്റ്‌, അവരുടെ അമ്പതുകളില്‍ പ്രമേഹവും അര്‍ബുദവും ബാധിച്ചാകാം മരിച്ചതെന്ന്‌ ഗവേഷകര്‍ കരുതുന്നു.

പില്‍ക്കാലത്ത്‌ ടുട്ടന്‍ഖാമുന്റെ ശവക്കല്ലറ കണ്ടെത്തുക വഴി ചരിത്രം സൃഷ്ടിച്ച, പ്രശസ്‌ത പുരാവസ്‌തുഗവേഷകന്‍ ഹൊവാര്‍ഡ്‌ കാര്‍ട്ടറാണ്‌ 1903-ല്‍ ലക്‌സറിലെ 'രാജാക്കന്‍മാരുടെ താഴ്‌വര'യെന്ന്‌ അറിയപ്പെടുന്ന സ്ഥലത്തെ ശവകുടീരത്തില്‍നിന്ന്‌ രണ്ട്‌ സ്‌ത്രീ മമ്മികള്‍ കണ്ടെത്തയത്‌. അതിലൊന്ന്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ പരിചാരക സിട്രെയിനിന്റേതാണെന്ന്‌ ഗവേഷകര്‍ നിഗമനത്തിലെത്തിയെങ്കിലും, രണ്ടാമത്തെ സ്‌ത്രീ ആരാണെന്ന്‌ ഒരു പിടിയും കിട്ടിയില്ല.

നൈല്‍ തീരത്ത്‌ ഹാഷെപ്‌സുറ്റ്‌ പണികഴിപ്പിച്ച ഡെയര്‍ എല്‍ ബഹരി ക്ഷേത്രത്തിലാവണം അവരെ സംസ്‌ക്കരിച്ചിട്ടുള്ളതെന്ന്‌ പലരും കരുതി. പക്ഷേ, ആ ക്ഷേത്രത്തില്‍ അവരുടെ മമ്മി കണ്ടെത്താനാകാത്തത്‌ ദുരൂഹതയായി തുടര്‍ന്നു. അവിടെ നിന്ന്‌ ഫറവോ ഹാഷെപ്‌സുറ്റിന്റെ രാജകീയമുദ്ര പതിപ്പിച്ചിട്ടുള്ള ഒരു പെട്ടി 1881-ല്‍ കണ്ടെത്തിയിരുന്നു. ഒരു മമ്മിയുടെ ആന്തരാവയവങ്ങളും കേടായ പല്ലും ആ പെട്ടിയിലുണ്ടായിരുന്നു. ആ പല്ലാണ്‌ ഈജിപ്‌ഷ്യന്‍ പുരാവസ്‌തു ഗവേഷകനായ സാഹി ഹവാസ്സിന്‌ തുണയായത്‌.
1903-ല്‍ കണ്ടെത്തിയ സ്‌ത്രീമമ്മിയുടെ പല്ല്‌ നഷ്ടപ്പെട്ടിരിക്കുന്നതായും, ഫറവോയുടെ മുദ്ര പതിച്ച പെട്ടിയിലെ പല്ല്‌ ആ മമ്മിക്ക്‌ ശരിക്ക്‌ ഇണങ്ങുന്നതായും പരിശോധനയില്‍ തെളിഞ്ഞു. കെയ്‌റോയിലെ ഈജിപ്‌ഷ്യന്‍ മ്യൂസിയത്തില്‍ 'ഡിസ്‌കവറി ചാനല്‍' അടുത്തയിടെ സ്ഥാപിച്ച ഡി.എന്‍.എ.ലാബില്‍, ആ സ്‌ത്രീമമ്മിലുടെ ഇടുപ്പെല്ല്‌, തുടയെല്ല്‌ എന്നിവിടങ്ങളില്‍ നിന്നെടുത്ത ഡി.എന്‍.എ. വിശകലനം ചെയ്യാനും ഹാവസ്സിനും സംഘത്തിനുമായി.

മമ്മിയുടെ ജനിതകഘടന ഹാഷെപ്‌സുറ്റിന്റെ മുത്തശ്ശി അഹമോസ്‌ നെഫ്രെട്ടാരിയുടേതുമായി യോജിക്കുന്നതായി കണ്ടതോടെ സംശയം നീങ്ങീ. രാജ്ഞിയുടെ മമ്മി അതുതന്നെ. "ഇത്‌ ഹാഷെപ്‌സുറ്റിന്റെ മമ്മിയാണെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക്‌ നൂറുശതമാനം ഉറപ്പാണ്‌"-ഹവാസ്സ്‌ പറയുന്നു. 1903-ല്‍ കണ്ടെത്തയത്‌ ഹാഷെപ്‌സുറ്റ്‌ ഫറവോയുടെ മമ്മിയാകാമെന്ന്‌ വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അമേരിക്കന്‍ ഈജിപ്‌തോളജിസ്‌റ്റായ എലിസബത്ത്‌ തോമസ്‌ അഭിപ്രായപ്പെട്ടത്‌ ഇപ്പോള്‍ ശരിയായിരിക്കുകയാണ്‌.

പുരാതന ഈജിപ്‌തിലെ ഈടുറ്റ ഒരധ്യായമായാണ്‌ ഹാഷെപ്‌സുറ്റ്‌ രാജ്ഞിയുടെ ഭരണകാലം വിലയിരുത്തപ്പെടുന്നത്‌. ബി.സി.1504-1484 കാലത്ത്‌ ഈജിപ്‌ത്‌ ഭരിച്ച ടുത്‌മോസിസ്‌ ഒന്നാമന്‍ ഫറവോയുടെ നിയമപിന്തുണയുള്ള ഏകമകളായിരുന്നു ഹാഷെപ്‌സുറ്റ്‌. തന്റെ ഭര്‍ത്താവും അര്‍ധസഹോദരനുമായ ടുത്‌മോസിസ്‌ രണ്ടാമന്‍ മരിച്ചപ്പോഴാണ്‌ രാജ്ഞി അധികാരം ഏറ്റെടുത്തത്‌. മറ്റൊരു സ്‌ത്രീയില്‍ ഭര്‍ത്താവിന്‌ പിറന്ന മകന്‍ ടുത്‌മോസിസ്‌ മൂന്നാമന്‌ അന്ന്‌ പ്രായപൂര്‍ത്തിയായിരുന്നില്ല.

ബി.സി.1479 മുതല്‍ 1458 വരെ ഹാഷെപ്‌സുറ്റ്‌ രാജ്യം ഭരിച്ചു. ഇപ്പോഴത്തെ ഇറാഖ്‌ മുതല്‍ സുഡാന്‍ വരെ അവര്‍ പടയോട്ടം നടത്തി. ഈജിപ്‌തിനെ സംബന്ധിച്ചിടത്തോളം പൊതുവെ സമൃദ്ധമായ കാലമായിരുന്ന സ്‌ത്രീഫറവോയുടെ ഭരണകാലമെന്ന്‌ കരുതുന്നു. തന്റെ പക്കല്‍നിന്ന്‌ ഹാഷെപ്‌സുറ്റ്‌ അധികാരം പിടിച്ചെടുത്തതിനുള്ള പ്രതികാരമായി, അവരുടെ മരണശേഷം ടുത്‌മോസിസ്‌ മൂന്നാമന്‍ ശിലാലിഖിതങ്ങളില്‍ നിന്നെല്ലാം അവരുടെ പേര്‌ നീക്കംചെയ്‌തു. ചരിത്രത്തില്‍നിന്ന്‌ എന്നിട്ടും അവര്‍ മാഞ്ഞുപോകാതെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ്‌; പുതിയ കണ്ടെത്തലോടെ.(അവലംബം: എ.എഫ്‌.പി, എ.പി, ഗാര്‍ഡിയന്‍)

Tuesday, June 26, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-18: മേഘനാഥ്‌ സാഹ

ജനപക്ഷത്തു തന്നെയാണ്‌ ശാസ്‌ത്രജ്ഞന്‍ നിലകൊള്ളേണ്ടതെന്ന്‌ സ്വജീവിതംകൊണ്ട്‌ തെളിയിച്ചയാളാണ്‌ മേഘനാഥ്‌ സാഹ. ദരിദ്രചുറ്റുപാടില്‍ ജനിച്ച്‌ കഠിനാധ്വാനത്തിലൂടെ അസ്‌ട്രോഫിസിക്‌സിന്റെ ഉന്നതങ്ങളിലെത്തിയ അദ്ദേഹം, നക്ഷത്രങ്ങളുടെ ആന്തര രഹസ്യത്തെക്കുറിച്ച്‌ തല പുകയ്‌ക്കുമ്പോഴും ഭൂമിയിലെ മനുഷ്യരെ മറന്നില്ല


രു മൂലകത്തെ ഉന്നത ഊഷ്‌മാവില്‍ ചൂടാക്കുമ്പോള്‍, അതിന്റെ ആറ്റത്തിലെ ഇലക്ട്രോണുകള്‍ അധിക ഊര്‍ജം സ്വായത്തമാക്കി സ്വതന്ത്രമാകും. ഈ പ്രക്രിയയ്‌ക്ക്‌ 'താപഅയണീകരണം'(Thermal ionisation) എന്നാണ്‌ പേര്‌. നക്ഷത്രങ്ങളിലെ മൂലകങ്ങളുടെ അയണീകരണതോത്‌, അവയുടെ ഊഷ്‌മാവിന്‌ നേര്‍അനുപാതത്തിലായിരിക്കുമെന്ന്‌ തെളിയിച്ച ശാസ്‌ത്രജ്ഞനാണ്‌ മേഘനാഥ്‌ സാഹ. ഇരുപതാംനൂറ്റാണ്ടില്‍ അസ്‌ട്രോഫിസിക്‌സിലുണ്ടായ ഏറ്റവും വലിയ മുന്നേറ്റങ്ങളിലൊന്നായി ഈ കണ്ടുപിടിത്തം വിലയിരുത്തപ്പെടുന്നു. നക്ഷത്രങ്ങളുടെ ആന്തരഘടന ശരിയായി മനസിലാക്കാന്‍ സഹായിക്കാന്‍ ശാസ്‌ത്രലോകത്തെ ഈ കണ്ടെത്തല്‍ സഹായിച്ചു.

സൂര്യനുള്‍പ്പടെയുള്ള നക്ഷത്രങ്ങളില്‍നിന്നുള്ള പ്രകാശത്തിന്റെ വര്‍ണരാജി (spectra)യില്‍ കാണപ്പെടുന്ന രേഖകള്‍, അവയിലെ മൂലകങ്ങളുടെ മാത്രം സൂചനയായിക്കൊള്ളണം എന്നില്ല എന്നാണ്‌ സാഹ തെളിയിച്ചത്‌. വര്‍ണരാജിയില്‍ കാണപ്പെടുന്ന ചില അസാധാരണരേഖകള്‍ ലോഹആറ്റങ്ങളുടെ താപഅയണീകരണത്തിന്റെ തോതിനെയാണ്‌ സൂചിപ്പിക്കുകയെന്ന്‌ അദ്ദേഹം സമര്‍ത്ഥിച്ചു. ഇക്കാര്യം നക്ഷത്രത്തിന്റെ താപനിലയുമായി നേരിട്ടു ബന്ധപ്പെട്ട ഒന്നാണ്‌. ഇതുപ്രകാരം നക്ഷത്രങ്ങളിലെ താപഅയണീകരണത്തിന്റെ തോത്‌ മനസിലാക്കാന്‍ അദ്ദേഹം ഒരു സമവാക്യത്തിനും രൂപം നല്‍കി. 'സാഹ സമവാക്യം'(Saha's equation)എന്നാണത്‌ അറിയുന്നത്‌.

ഇരുപതാംനൂറ്റാണ്ടിന്റെ രണ്ടാം ദശാബ്ദത്തില്‍ നക്ഷത്രങ്ങളുടെ പ്രകാശതീവ്രതയും പിണ്ഡവും തമ്മില്‍ ബന്ധം വ്യക്തമാക്കാന്‍, പ്രശസ്‌ത ശാസ്‌ത്രജ്ഞന്‍ ആര്‍തര്‍ എഡിങ്‌ടണ്‍ രൂപംനല്‍കിയ 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡലി'ന്‌, സാഹ നടത്തിയ കണ്ടുപിടിത്തം വെല്ലുവിളി ഉയര്‍ത്തി. സാഹയുടെ സമവാക്യം അനുസരിച്ച്‌ സൂര്യനില്‍ മറ്റേത്‌ മൂലകത്തെക്കാളും കോടിക്കണക്കിന്‌ മടങ്ങ്‌ കൂടുതല്‍ ഉള്ളത്‌ ഹൈഡ്രജനാണ്‌. ഇക്കാര്യം എഡിങ്‌ടന്റെ സിദ്ധാന്തംകൊണ്ട്‌ വിശദീകരിക്കാനാവത്ത സംഗതിയായിരുന്നു. എഡിങ്‌ടനെപ്പോലെ, അസ്‌ട്രോഫിസിക്‌സിലെ കിരീടംവെയ്‌ക്കാത്ത രാജാവായ ഒരാളുടെ നിഗമനം തെറ്റാണെന്നു സമര്‍ത്ഥിക്കുന്ന ഒരു സിദ്ധാന്തം ശരിയാണെന്നു അംഗീകരിക്കപ്പെടുക എളുപ്പമായിരുന്നില്ല.

സാഹയുടെ സമവാക്യമുപയോഗിച്ച്‌ എഡിങ്‌ടന്റെ മുന്‍വിദ്യാര്‍ത്ഥിയായ സെസിലിയ പെയ്‌ന്‍ എന്ന ഗവേഷക സൂര്യനില്‍ ഏറിയപങ്കും ഹൈഡ്രജനാണെന്ന്‌ 1925-ല്‍ കണ്ടെത്തിയെങ്കിലും, എഡിങ്‌ടന്റെ പ്രഭാവം മൂലം അക്കാര്യം അന്ന്‌ പുറത്തു വന്നില്ല. എന്നാല്‍, 1932 ആയപ്പോഴേക്കും ഡാനിഷ്‌ അസ്‌ട്രോഫിസിസ്റ്റ്‌ ബെങ്‌ട്‌ സ്‌ട്രോംഗ്രെന്‍ ഉള്‍പ്പടെയുള്ളയുള്ള ഗവേഷകര്‍ സ്വതന്ത്രമായ നിലയില്‍ സാഹയുടെ കണ്ടെത്തലാണ്‌ ശരിയെന്ന്‌ അസന്നിഗ്‌ധമായി തെളിയിച്ചു. അങ്ങനെ സംഭവിച്ചില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ, സുബ്രഹ്മണ്യം ചന്ദ്രശേഖരുടെ വിധി സാഹയ്‌ക്കും വന്നുകൂടായ്‌കയില്ലായിരുന്നു. (വെളുത്തകുള്ളന്‍മാരെ (white dwarf)പ്പറ്റിയും നക്ഷത്രങ്ങളുടെ അന്ത്യത്തെക്കുറിച്ചും ചന്ദ്രശേഖര്‍ നടത്തിയ സുപ്രധാന കണ്ടെത്തല്‍ എഡിങ്‌ടണ്‍ എതിര്‍ത്തതുകൊണ്ടു മാത്രം ശാസ്‌ത്രലോകം അംഗീകരിക്കാന്‍ നാലു പതിറ്റാണ്ടെടുത്തു എന്നകാര്യം ഓര്‍ക്കുക. അതുകൊണ്ടു മാത്രം റേഡിയോ അസ്‌ട്രോണമിയുടെ വളര്‍ച്ച 40 വര്‍ഷം തടയപ്പെട്ടു എന്നത്‌ ശാസ്‌ത്രചരിത്രം).

പ്രസിദ്ധ ശാസ്‌ത്രജ്ഞന്‍ ജയന്ത്‌ വി.നര്‍ലിക്കറുടെ അഭിപ്രായത്തില്‍, ഇരുപതാം നൂറ്റാണ്ടില്‍ ഇന്ത്യയിലുണ്ടായ ഏറ്റവും മഹത്തായ പത്ത്‌ ശാസ്‌ത്രമുന്നേറ്റങ്ങളിലൊന്നാണ്‌ സാഹയുടെ കണ്ടെത്തല്‍; നോബല്‍ പുരസ്‌കാരത്തിന്‌ യോഗ്യമായ ഒന്ന്‌. എന്നാല്‍, സത്യേന്ദ്രനാഥ ബോസിനെപ്പോലെ, എല്ലാ ആര്‍ഹതയുമുണ്ടായിട്ടും, സാഹയ്‌ക്കും ആ ബഹുമതി ലഭിച്ചില്ല. അസ്‌ട്രോഫിസിക്‌സില്‍ മാത്രമല്ല സാഹ തന്റെ പ്രാവിണ്യം തെളിയിച്ചത്‌, സ്വാതന്ത്ര്യപൂര്‍വ ഇന്ത്യയില്‍ ശാസ്‌ത്രഗവേഷണമേഖലയുടെ വളര്‍ച്ചയ്‌ക്കും കാതലായ സംഭാവന അദ്ദേഹം നല്‍കി. ശാസ്‌ത്രജ്ഞനെന്നാല്‍ രാഷ്‌ട്രീയ പ്രവര്‍ത്തനത്തിലും ജനകീയ പ്രശ്‌നങ്ങളിലും നിന്ന്‌ മാറിനില്‍ക്കേണ്ടവനല്ല എന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ തെളിയിക്കുകയും ചെയ്‌തു അദ്ദേഹം. ഇല്ലായ്‌മയുടെ ദുരിതപര്‍വം കടന്ന്‌ ശാസ്‌ത്രത്തിന്റെ ഉന്നതസരണിയിലെത്തിയപ്പോഴും, താന്‍ ഉള്‍പ്പെടുന്ന സമൂഹത്തെ അദ്ദേഹം മറന്നില്ല. ശാസ്‌ത്രജ്ഞന്‍ നല്ലൊരു സാമൂഹ്യജീവി കൂടിയാകണം എന്നാണ്‌ സാഹ തന്റെ ജീവിതം കൊണ്ട്‌ തെളിയിച്ചത്‌.

ഇപ്പോള്‍ ബംഗ്ലാദേശിലുള്ള ശിവതരാളി ഗ്രാമത്തില്‍ (ധാക്ക ജില്ല), ചെറിയൊരു പീടികക്കാരനായ ജഗന്നാഥ്‌ സാഹയുടെ മകനായി 1893 ഒക്‌ടോബര്‍ ആറിന്‌ മേഘനാഥ്‌ സാഹ ജനിച്ചു. മക്കളില്‍ അഞ്ചാമന്‍. ദാരിദ്ര്യം നിറഞ്ഞ ബാല്യം. സ്‌കോളര്‍ഷിപ്പും സൗമനസ്സുകളുടെ സഹായവുമായിരുന്നു പഠനത്തിന്‌ ആധാരം. 1905-ല്‍ ധാക്ക കൊളീജിയേറ്റ്‌ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും, സ്വദേശിപ്രസ്ഥാനത്തില്‍ പങ്കെടുത്തു എന്ന കാരണത്താല്‍ സ്‌കോളര്‍ഷിപ്പ്‌ റദ്ദാക്കപ്പെട്ടു, സ്‌കൂളില്‍നിന്ന്‌ പുറത്തു പോകേണ്ടിയും വന്നു. പിന്നീട്‌ കിഷോരിലാല്‍ ജൂബിലി സ്‌കൂളില്‍ ചേര്‍ന്നാണ്‌ ആദ്യകാല പഠനം പൂര്‍ത്തിയാക്കിയത്‌. 1911-ല്‍ കൊല്‍ക്കത്തയിലെത്തി പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. സര്‍ ജെ.സി.ബോസ്‌, സര്‍ ആചാര്യ പി.സി.റോയ്‌, പ്രൊഫ. ഡി.എന്‍.മല്ലിക്‌ തുടങ്ങിയ പ്രഗത്ഭമതികളാണ്‌ ആ വിദ്യാര്‍ത്ഥിയെ ശാസ്‌ത്രത്തിന്റെ വിശാലലോകത്തേക്ക്‌ ആനയിച്ചത്‌.

ഗണിതശാസ്‌ത്രമാണ്‌ പഠിച്ചതെങ്കിലും, ഭൗതീകശാസ്‌ത്ര പ്രൊഫസറായിരുന്ന പി.സി.റോയിയുടെ സ്വാധീനം സാഹയുടെ ഗതി തിരിച്ചുവിട്ടു. പി.സി.റോയിയുടെ ഏറ്റവും പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയായും സഹായിയുമായി സാഹ മാറി. ഗണിതശാസ്‌ത്രത്തില്‍ ഓണേഴ്‌സ്‌ ബിരുദം നേടിയ സാഹയെ, 1916-ല്‍ കല്‍ക്കത്ത സര്‍വകലാശാല വൈസ്‌ചാന്‍സലര്‍ അഷുതോഷ്‌ മുഖര്‍ജി, കൊല്‍ക്കത്തയില്‍ പുതിയതായി നിലവില്‍വന്ന കോളേജ്‌ ഓഫ്‌ സയന്‍സിലെ 'ഫിസിക്‌സ്‌ ആന്‍ഡ്‌ മിക്‌സഡ്‌ മാത്തമാറ്റിക്‌സ്‌' വകുപ്പില്‍ ലക്‌ചററായി നിയമിച്ചു. സത്യേന്ദ്രനാഥ ബോസും 1917-ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ അധ്യാപകനായി. അധ്യാപനം കൂടാതെ മറ്റെന്തെങ്കിലും കാര്യമായി ചെയ്യണമെന്ന ബോസിന്റെയും സാഹയുടെയും ഉറച്ച തീരുമാനം അവരെയെത്തിച്ചത്‌, ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്റെയും മാക്‌സ്‌ പ്ലാങ്കിന്റെയുമൊക്കെ ശാസ്‌ത്ര പ്രബന്ധങ്ങള്‍ ഇംഗ്ലീഷിലേക്ക്‌ തര്‍ജ്ജമ ചെയ്യുന്നതിലേക്കാണ്‌. അങ്ങനെ ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പേരില്‍ ഐന്‍സ്റ്റയിന്‍ അത്ര പ്രശസ്‌തനാകും മുമ്പു തന്നെ സാഹയും ബോസുമൊക്കെ അദ്ദേഹത്തിന്റെ ആരാധകരായി.

1918-ലായിരുന്നു സാഹയുടെ വിവാഹം. രാധികാ റാണിയായിരുന്നു വധു. അതിനടുത്ത വര്‍ഷം അദ്ദേഹത്തിന്‌ ഗവേഷണ ബിരുദം ലഭിച്ചു. ആ വര്‍ഷമാണ്‌ 'Selective Radiation Pressure and its Application to the Problems of Astrophysics' എന്ന പ്രബന്ധം സാഹ രചിച്ചത്‌. അസ്‌ട്രോഫിസിക്‌സിലേക്കുള്ള അദ്ദേഹത്തിന്റെ പ്രവേശനത്തെ ഇത്‌ കുറിക്കുന്നു. രണ്ടു സ്‌കോളര്‍ഷിപ്പുകളുടെ പിന്തുണയോടെ 1920-ല്‍ സാഹ വിദേശത്തേക്ക്‌ പുറപ്പെട്ടു. ലണ്ടനില്‍ ഇംപീരിയല്‍ കോളേജില്‍ പ്രൊഫ. ആല്‍ഫ്രഡ്‌ ഫൗളറുടെ കീഴില്‍ കുറച്ചു നാള്‍ ഗവേഷണം നടത്തി. അവിടെവെച്ചാണ്‌ തന്റെ ഏറ്റവും പ്രശസ്‌തമായ 'Thermal Ionisation of Gases' എന്ന പ്രബന്ധം തയ്യാറാക്കുന്നത്‌. നക്ഷത്രങ്ങളിലെ താപഅയണീകരണത്തിന്‌ സുവ്യക്തമായ വിശദീകരണമായിരുന്ന സാഹയുടെ സിദ്ധാന്തം.'ഫിലോസഫിക്കല്‍ മാഗസിനി'ല്‍ ആ പ്രബന്ധം പ്രസിദ്ധീകരിക്കപ്പെട്ടു.

ഹാര്‍വാഡ്‌ യൂണിവേഴ്‌സിറ്റി ഒബ്‌സര്‍വേറ്ററിയിലെ സര്‍ ലോക്കിയറും പ്രൊഫ.പിക്കെറിങും ചേര്‍ന്ന്‌ രണ്ടുലക്ഷത്തോളം നക്ഷത്രങ്ങളെ നിരീക്ഷിച്ചു കണ്ടെത്തിയ വിവരങ്ങള്‍ക്ക്‌ കൃത്യമായ വിശദീകരണം നല്‍കാന്‍ സാഹയുടെ സിദ്ധാന്തം സഹായിച്ചു. അങ്ങനെ ആ സിദ്ധാന്തം അസ്‌ട്രോഫിസിക്‌സില്‍ വഴിത്തിരിവായി. തന്റെ സിദ്ധാന്തം പരീക്ഷണം വഴി പരിശോധിക്കാനായി 1921-ല്‍ സാഹ ബെര്‍ലിനില്‍ പ്രൊഫ. ഡ്‌ബ്ല്യു.നെണ്‍സ്റ്റിന്റെ ലബോറട്ടറിയിലെത്തി. ഐന്‍സ്റ്റയിനുമായി പരിചയപ്പെടാനും അവിടെവെച്ച്‌ അദ്ദേഹത്തിന്‌ സാധിച്ചു. കൊല്‍ക്കത്ത സര്‍വകലാശാലയില്‍ സാഹ തിരികെയെത്തിയെങ്കിലും, തന്റെ സിദ്ധാന്തം തെളിയിക്കാനാവശ്യമായ പരീക്ഷണത്തിന്‌ ഒരു ലബോറട്ടറി അവിടെ സ്ഥാപിക്കാന്‍ ശ്രമിച്ച പരാജയപ്പെട്ട അദ്ദേഹം 1923-ല്‍ അലഹബാദ്‌ സര്‍വകലാശാലയില്‍ ഭൗതീകശാസ്‌ത്ര പ്രൊഫസറായി ചേര്‍ന്നു. 1938 വരെ അവിടെ തുടര്‍ന്നു.

അതിനിടെ, സാഹയുടെ സിദ്ധാന്തത്തെ പിന്തുണയ്‌ക്കുന്നവരുടെ എണ്ണം വര്‍ധിച്ചു. പ്രിന്‍സെറ്റന്‍ സര്‍വകലാശാലയിലെ പ്രശസ്‌ത അസ്‌ട്രോഫിസിസ്റ്റ്‌ ഹെന്‍ട്രി നോറിസ്‌ റസ്സലായിരുന്നു അതില്‍ പ്രമുഖന്‍. (സാഹയുടെ സമവാക്യമുപയോഗിച്ചാണ്‌ സൂര്യനിലെ ഹൈഡ്രജന്റെ അളവ്‌ 1929-ല്‍ റസ്സല്‍ കണക്കാക്കിയത്‌; കണക്കുകൂട്ടല്‍ പൂര്‍ണമായി ശരിയായില്ലെങ്കിലും). കേംബ്രിഡ്‌ജിലെ ഗവേഷണവിദ്യാര്‍ത്ഥികളായിരുന്ന ആര്‍.എച്ച്‌.ഫൗളറും ഇ.എ.മില്‍നെയും ചേര്‍ന്ന്‌ സാഹയുടെ സിദ്ധാന്തത്തെ കുറച്ചു കൂടി പരിഷ്‌ക്കരിക്കുകയും, അതിന്‌ പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തുകയും ചെയ്‌തു.(സൂര്യന്റെ വികിരണമര്‍ദ്ദവും ഗുരുത്വാകര്‍ഷണബലവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ സാഹ തയ്യാറാക്കി 'നേച്ചര്‍' വാരികയ്‌ക്ക്‌ അയച്ചു കൊടുത്ത കുറിപ്പുപയോഗിച്ച്‌ മില്‍നെ സ്വന്തം പേരില്‍ സിദ്ധാന്തം രൂപപ്പെടുത്തിയതായി ആരോപണമുണ്ട്‌). ആല്‍ഫ്രഡ്‌ ഫൗളറാണ്‌ 1925-ല്‍ റോയല്‍ സൊസൈറ്റി ഫെലോഷിപ്പിന്‌ സാഹയുടെ പേര്‌ ശുപാര്‍ശ ചെയ്യുന്നത്‌. 1927-ല്‍ അദ്ദേഹത്തിന്‌ ഫെലോഷിപ്പ്‌ ലഭിച്ചു. അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഓഫ്‌ ഫ്രാന്‍സിന്റെ ആയുഷ്‌കാല അംഗത്വവും സാഹയ്‌ക്കു ലഭിച്ചു.

അലഹബാദ്‌ സര്‍വകലാശാലയില്‍ ചേര്‍ന്ന ശേഷവും ഈടുറ്റ ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ സാഹ പ്രസിദ്ധീകരിച്ചു. 1938 വരെ അദ്ദേഹം അലഹബാദില്‍ തുടര്‍ന്നു. ആ ഒന്നര പതിറ്റാണ്ട്‌ കാലംകൊണ്ട്‌, സഹപ്രവര്‍ത്തകരുടെ സഹായത്തോടെ വളരെ സജീവമായ ഒരു ഗവേഷണകേന്ദ്രം അദ്ദേഹം അവിടെ രൂപപ്പെടുത്തി. ഗവേഷണാര്‍ത്ഥമുള്ള ആവശ്യങ്ങള്‍ക്ക്‌ മാത്രമല്ല, ആവശ്യത്തിന്‌ ഫണ്ട്‌ ലഭിക്കാനും ഗവേഷണ സംരംഭങ്ങള്‍ക്ക്‌ ബഹുജന പിന്തുണ ആര്‍ജ്ജിക്കാനുമായി ശാസ്‌ത്രസമൂഹത്തെ സംഘടിപ്പിക്കാനും സാഹ മുന്‍കൈയെടുത്തു. 'ഇന്ത്യന്‍ സയന്‍സ്‌ അക്കാദമി' രൂപവത്‌ക്കരിക്കാനുള്ള നിര്‍ദ്ദേശം സാഹയാണ്‌ മുന്നുട്ടുവച്ചത്‌; 1934-ല്‍. ദേശീയ ഗവേഷണ കമ്മറ്റിക്കു രൂപംനല്‍കാനും അതില്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ അര്‍ഹമായ പ്രാതിനിധ്യം ലഭിക്കാനും സയന്‍സ്‌ അക്കാദമി സര്‍ക്കാരിനെ പ്രേരിപ്പിക്കണമെന്നും സാഹ നിര്‍ദ്ദേശിച്ചു. കൊല്‍ക്കത്ത കേന്ദ്രമാക്കി 1935-ല്‍ 'നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ സയന്‍സസ്‌ ഓഫ്‌ ഇന്ത്യ' രൂപവത്‌ക്കരിക്കപ്പെടാന്‍ സാഹയുടെ പ്രയത്‌നം സഹായിച്ചു.(പിന്നീടത്‌ 'ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി'യെന്ന്‌ പുനര്‍നാമകരണം ചെയ്യുകയും, ന്യൂഡല്‍ഹിയിലേക്ക്‌ ആസ്ഥാനം മാറ്റുകയും ചെയ്‌തു).

അതിനിടെ, മറ്റ്‌ രണ്ട്‌ ശാസ്‌ത്രസംഘനകളുടെ പിറവിക്കും സാഹ മുന്‍കൈയെടുത്തു-ഇന്ത്യന്‍ ഫിസിക്കല്‍ സൊസൈറ്റി (1933), ഇന്ത്യന്‍ സയന്‍സ്‌ ന്യൂസ്‌ അസോസിയേഷന്‍(1935) എന്നിവ. ആ ന്യൂസ്‌ അസോസിയേഷനാണ്‌ മുപ്പതുകളുടെ പകുതി മുതല്‍ 'സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍' എന്ന ജേര്‍ണല്‍ പ്രസിദ്ധീകരിച്ചിരുന്നത്‌. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളാണ്‌ അത്‌ ചര്‍ച്ച ചെയ്‌തിരുന്നത്‌. ദേശീയ ആസൂത്രണ പ്രക്രിയയില്‍ ശാസ്‌ത്രത്തിന്റെ സാധ്യതകള്‍ കണക്കിലെടുക്കണമെന്ന്‌ സാഹ നിര്‍ദ്ദേശിച്ചു. ദേശീയനിര്‍മാണ പ്രക്രിയയില്‍ ശാസ്‌ത്രസാധ്യതകള്‍ ഉപയോഗപ്പെടുത്തണം എന്ന്‌ സുഭാഷ്‌ ചന്ദ്രബോസ്‌ (പ്രസിഡന്‍സി കോളേജില്‍ ബോസ്‌, സാഹയുടെ ജൂനിയര്‍ ആയിരുന്നു) 1930-ലെ പ്രശസ്‌തമായ 'ലണ്ടന്‍ തീസിസി'ല്‍ പറഞ്ഞകാര്യം സാഹ ചൂണ്ടിക്കാട്ടി. 1938-ല്‍ ജവഹര്‍ലാല്‍ നെഹൃവിന്റെ അധ്യക്ഷതയില്‍ ദേശീയ ആസൂത്രണകമ്മറ്റി നിലവില്‍ വന്നപ്പോള്‍ സാഹ അതിലെ പ്രമുഖ അംഗമായി.

1938-ല്‍ സാഹ കല്‍ക്കത്ത സര്‍വകലാശാലയില്‍ വീണ്ടുമെത്തി; പാലിറ്റ്‌ പ്രൊഫസര്‍ പദവിയില്‍. 1953 വരെ അവിടെ തുടര്‍ന്നു. ആണവഗവേഷണത്തിന്റെ സാധ്യത മനസിലാക്കി ഇന്ത്യയില്‍ ആദ്യമായി ആ വിഷയം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്‌ സാഹയാണ്‌. അദ്ദേഹം മുന്‍കൈയെടുത്ത്‌ 1948-ല്‍ കൊല്‍ക്കത്തയില്‍ 'ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്‌' എന്ന ഗവേഷണ സ്ഥാപനം ആരംഭിച്ചു. സാഹയുടെ മരണശേഷം ആ സ്ഥാപനം 'സാഹ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ന്യൂക്ലിയര്‍ ഫിസിക്‌സ്‌' എന്നറിയപ്പെട്ടു. അതിനിടെ, രാജ്യത്ത്‌ 'ആണവോര്‍ജ കമ്മീഷന്‍' സ്ഥാപിക്കണം എന്ന്‌ പ്രശസ്‌ത ശാസ്‌ത്രജ്ഞനായ ഹോമി ഭാഭ നിര്‍ദ്ദേശിച്ചതിനെക്കുറിച്ച്‌ കേന്ദ്രസര്‍ക്കാര്‍ 1948-ല്‍ സാഹയോട്‌ വിശദീകരണം ചോദിച്ചു. അതിന്‌ സമയമായിട്ടില്ല എന്നായിരുന്ന സാഹയുടെ അഭിപ്രായം. രാജ്യത്തിന്‌ സ്വാതന്ത്ര്യം ലഭിച്ചതേയുള്ളൂ. ആണവോര്‍ജ കമ്മീഷന്‍ പോലൊന്ന്‌ പ്രവര്‍ത്തിക്കാനാവശ്യമായ പശ്ചാത്തല സൗകര്യവും വാണിജ്യസംവിധാനവും രാജ്യത്ത്‌ നിലവിലില്ല എന്ന്‌ അദ്ദേഹം പറഞ്ഞു. സാഹയുടെ അഭിപ്രായം അവഗണിച്ച്‌ സര്‍ക്കാര്‍ മുന്നോട്ടു പോയി. നെഹൃവുമായി സാഹ അകലാനാരംഭിക്കുന്നത്‌ അങ്ങനെയാണ്‌.

എങ്കിലും, സാഹ തന്റെ ജേര്‍ണലിലൂടെ മുന്നോട്ടു വെച്ച പല സംഗതികള്‍ക്കും ദേശീയ രാഷ്ട്രീയഅജണ്ടയില്‍ സ്ഥാനം നേടാനായി. പ്രളയവും വരള്‍ച്ചയും നേരിനുള്ള ശ്രമങ്ങളിലും സാഹയുടെ നിര്‍ദ്ദേശങ്ങള്‍ ശ്രദ്ധേയമായി. 'ദാമോദര്‍ വാലി' കോര്‍പ്പറേഷന്‍ സാഹയുടെ കൂടി ശ്രമഫലമായാണ്‌ നിലവില്‍ വന്നത്‌. രാഷ്ട്രീയ പ്രക്രിയയില്‍നിന്ന്‌ ഒരിക്കലും അദ്ദേഹം വിട്ടു നിന്നില്ല. 1947-ലെ വിഭജനത്തെ തുടര്‍ന്ന്‌ പലായനം ചെയ്‌ത ലക്ഷക്കണക്കിനാളുകളെ പുനരധിവസിപ്പിക്കുന്ന പ്രവര്‍ത്തനത്തില്‍ സാഹ മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു. പുനരധിവാസ പ്രവര്‍ത്തനം ചിട്ടയോടെ നടത്താനായി 'ബംഗാള്‍ റിലീഫ്‌ കമ്മറ്റി'ക്ക്‌ രൂപംനല്‍കാന്‍ സാഹക്ക്‌ കഴിഞ്ഞു.

ജനകീയ പ്രശ്‌നങ്ങള്‍ നേരിട്ട്‌ അധികാരികളിലെത്തിക്കാന്‍ ഏറ്റവു നല്ല വേദി നിയമനിര്‍മാണസഭകളാണെന്ന്‌ തിരിച്ചറിഞ്ഞ അദ്ദേഹം, 1951-ല്‍ രാഷ്ട്രീയത്തിലിറങ്ങി. സ്വതന്ത്രനായി പാര്‍ലമെന്റിലേക്ക്‌ മത്സരിച്ച സാഹ, എതിരാളിയായ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയെ വന്‍ഭൂരിപക്ഷത്തില്‍ തോല്‍പിച്ചു. 1954-ന്‌ ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിക്കാന്‍ തുടങ്ങി. ജനപക്ഷത്തു തന്നെയാണ്‌ ശാസ്‌ത്രജ്ഞന്‍ നിലകൊള്ളേണ്ടതെന്ന്‌ സ്വന്തം ജീവിതംകൊണ്ട്‌ തെളിയിച്ച ആ പ്രതിഭ, 1956 ഫിബ്രവരി 16-ന്‌ അന്തരിച്ചു. ആസൂത്രണ കമ്മീഷന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയപ്പോഴായിരുന്നു വിയോഗം. (കാണുക: എസ്‌.കെ.മിത്ര)

(ഈ പരമ്പരയുടെ തുടക്കത്തില്‍ പറഞ്ഞിരുന്നവ കൂടാതെ, 'Banglapedia'-യില്‍ വന്ന മേഘനാഥ്‌ സാഹയുടെ ജീവചരിത്രം, ജയന്ത്‌ വി. നര്‍ലിക്കര്‍ രചിച്ച 'Scientific Edge: The Indian Scientist from Vedic to Modern Times', ആര്‍തര്‍ മില്ലറുടെ 'Empire of the Stars', Cambridge Dictionary of Scientists തുടങ്ങിയവയില്‍നിന്നുള്ള വിവരങ്ങളും ഈ ലേഖനരചനയ്‌ക്ക്‌ അവലംബിച്ചിട്ടുണ്ട്‌)

Monday, June 25, 2007

വരുന്നത്‌ പെരുമഴക്കാലം

ഇപ്പോഴത്തെ മഴ തന്നെ സഹിക്കാനാവുന്നില്ല. നാശത്തിന്റെയും ദുരിതത്തിന്റെയും പെരുമഴയാണ്‌ പെയ്യുന്നത്‌. ഓരോവര്‍ഷം കഴിയുന്തോറും മഴയുടെ സംഹാരശേഷി കൂടുകയും ചെയ്യുന്നു. വരുംവര്‍ഷങ്ങളില്‍ മഴയുടെ പ്രഹരശേഷി ഇനിയും വര്‍ധിക്കാന്‍ പോവുകയാണത്രെ-പുതിയൊരു ഗവേഷണം നല്‍കുന്ന മുന്നറിയിപ്പ്‌


ഭൂമിക്ക്‌ ചൂടുകൂടുകയാണ്‌. ആഗോളതാപനമാണ്‌ കാരണം. ചൂടുകൂടുന്നതിനൊപ്പം മഴയുടെ തോതും അന്തരീക്ഷത്തിലെ ഈര്‍പ്പവും വര്‍ധിക്കുകയാണത്രേ. ഭൂമുഖത്ത്‌ വരും വര്‍ഷങ്ങളില്‍ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും കെടുതി രൂക്ഷമാകാന്‍ ആഗോളതാപനം ഇടയാക്കും- പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു. ഇന്ത്യയില്‍ കനത്ത മഴയുടെ തോത്‌ വര്‍ധിക്കുകയാണെന്നും വരുംനാളുകളില്‍ അത്‌ കൂടുതല്‍ വര്‍ധിക്കാനാണ്‌ സാധ്യതെയെന്നും കഴിഞ്ഞ ഡിസംബറില്‍ ഗവേഷകര്‍ പ്രവചിച്ചിരുന്നു. അതിന്‌ പിന്നാലെയാണ്‌ പുതിയ പഠനഫലം പുറത്തുവന്നിരിക്കുന്നത്‌.

ചൂടാകുന്നതിനൊപ്പം ഭൂമി കൂടുതല്‍ ആര്‍ദ്രമാകുകയും ചെയ്യുന്നു എന്നാണ്‌ പുതിയ ഗവേഷണം പുറത്തു കൊണ്ടുവന്നിട്ടുള്ള വിവരം. കാലിഫോര്‍ണിയയിലെ സാന്റ റോസയില്‍ 'റിമോട്ട്‌ സെന്‍സിങ്‌ സിസ്‌റ്റംസി'(RSS)ലെ ഫ്രന്‍ക്‌ വെന്റ്‌സും സംഘവും കഴിഞ്ഞ 20 വര്‍ഷത്തെ ഉപഗ്രഹവിവരങ്ങള്‍ വിശകലനം ചെയ്‌ത്‌, കമ്പ്യൂട്ടര്‍ മാതൃകകളുടെ സഹായത്തോടെ നടത്തിയ പഠനമാണ്‌ ഇക്കാര്യം വ്യക്തമാക്കിയത്‌. അന്തരീക്ഷതാപനിലയിലെ വര്‍ധന അതേപടി മഴയുടെ രൂക്ഷതയില്‍ പ്രതിഫലിക്കില്ല എന്നാണ്‌ മുമ്പ്‌ മിക്ക മാതൃകാപഠനങ്ങളും പറഞ്ഞിരുന്നത്‌. അത്തരം നിഗമനങ്ങളില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌ പുതിയ ഫലമെന്ന്‌, അടുത്തയിടെ 'സയന്‍സ്‌' മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

കാലാവസ്ഥ സംബന്ധിച്ച ഉപഗ്രഹവിവരങ്ങള്‍ ലഭ്യമായിത്തുടങ്ങിയത്‌ 1987-ലാണ്‌. അന്നു മുതലുള്ള ഉപഗ്രഹഡേറ്റയും, കാലവസ്ഥ സംബന്ധിച്ച്‌ നിലവിലുള്ള കമ്പ്യൂട്ടര്‍മാതൃകള്‍ നല്‍കുന്ന വിവരങ്ങളും താരതമ്യം ചെയ്‌തായിരുന്നു വെന്റ്‌സിന്റെയും സംഘത്തിന്റെയും പഠനം. അന്തരീക്ഷ ഊഷ്‌മാവിലെ വര്‍ധന കമ്പ്യൂട്ടറുകള്‍ ശരിയായി പ്രവചിച്ചു. എന്നാല്‍, അത്തരം മാതൃകകള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പത്തിന്റെ തോത്‌ പ്രവചിക്കുന്നതില്‍ അത്ര കൃത്യത പാലിക്കുന്നില്ല എന്ന്‌ ഗവേഷകര്‍ കണ്ടു. അതുകൊണ്ടുതന്നെ നിലവിലുള്ള കമ്പ്യൂട്ടര്‍ മാതൃകകള്‍ മഴയുടെ രൂക്ഷത വര്‍ധിക്കുന്നത്‌ അത്ര കൃത്യമായല്ല പ്രവചിക്കുന്നതെന്ന തീരുമാനത്തില്‍ ഗവേഷകര്‍ എത്തുകയായിരുന്നു.

മാതൃകാപഠനങ്ങളില്‍ അന്തരീക്ഷ ഈര്‍പ്പത്തിലുണ്ടാകുന്ന വര്‍ധനയോ, ശാന്തസമുദ്രമേഖലയെ ചൂടുപിടിപ്പിക്കുന്ന എല്‍നിനോ പ്രതിഭാസത്തെയോ മഴയുടെ രീതിയിലെ മാറ്റമോ വേണ്ടത്ര പരിഗണിക്കപ്പെടാതെ പോയതില്‍ അത്ഭുതമില്ലെന്ന്‌ വെന്റ്‌സ്‌ പറയുന്നു. ആഗോളതാപനത്തിനാണ്‌ ഏറെ ശ്രദ്ധ നല്‍കപ്പെട്ടത്‌; അതാണ്‌ മറ്റ്‌ വസ്‌തുതകള്‍ വേണ്ടത്ര കണക്കാക്കപ്പെടാതെ പോയത്‌. എന്നാല്‍, പുതിയ പഠനം വ്യക്തമാക്കുന്നത്‌ താപനിലയും മഴയുടെ രൂക്ഷതയും ഒരേ തോതിലാണ്‌ കഴിഞ്ഞ രണ്ട്‌ പതിറ്റാണ്ടായി വര്‍ധിക്കുന്നത്‌ എന്നാണ്‌. വരുംവര്‍ഷങ്ങളിലും ഈ പ്രവണത തുടരാനാണ്‌ സാധ്യതയത്രേ.

വെന്റ്‌സിന്റെയും സംഘത്തിന്റെയും പഠനത്തോട്‌ ചേര്‍ത്തു വായിക്കാവുന്ന മറ്റൊരു ഗവേഷണഫലം കഴിഞ്ഞ ഡിസംബര്‍ ഒന്നിന്‌ 'സയന്‍സ്‌' വാരികയില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇന്ത്യയില്‍ കാലവര്‍ഷത്തിന്റെ കാഠിന്യം വര്‍ഷംതോറും വര്‍ധിക്കുകയാണെന്നും, മണ്‍സൂണ്‍ കെടുതികളുടെ രൂക്ഷത ഏറുന്നതിന്റെ സൂചനയാണ്‌ കാണുന്നതെന്നും ആ പഠനം മുന്നറിയിപ്പു നല്‍കിയിരുന്നു. 1951 മുതല്‍ ദിവസവുമുള്ള മഴയുടെ തോത്‌ പരിശോധിച്ചാണ്‌ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരിയോളജി'യിലെ ബി.എന്‍.ഗോസ്വാമിയും സംഘവും ഇക്കാര്യത്തില്‍ നിഗമനത്തിലെത്തിയത്‌.

മധ്യ ഇന്ത്യയിലെ 1803 കേന്ദ്രങ്ങളിലെ 1951 മുതല്‍ 2000 വരെയുള്ള വര്‍ഷപാതത്തിന്റെ തോത്‌ ഗോസ്വാമിയും സംഘവും പരിശോധിച്ചു. പത്തു സെന്റീമീറ്ററോ അതിലധികമോ മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം, 1951-ന്‌ ശേഷം ഓരോ പതിറ്റാണ്ടിലും പത്തുശതമാനം വീതം വര്‍ധിച്ചുവെന്ന്‌ പഠനത്തില്‍ വ്യക്തമായി. 15 സെന്റീമീറ്ററോ അതിലേറെയോ മഴപെയ്യുന്ന ദിവങ്ങളുടെ എണ്ണം ഇരട്ടിയായതായും കണ്ടു. ജൂണ്‍ മുതല്‍ സപ്‌തംബര്‍ വരെയുള്ള കാലത്ത്‌ മിതമായോ മെല്ലെയോ മഴ ലഭിക്കുന്ന ദിവസങ്ങള്‍ കുറയുന്നതായും പഠനത്തില്‍ തെളിഞ്ഞു.

മിതമായി മഴ പെയ്‌താലുള്ള ഗുണം വെള്ളപ്പൊക്കമോ മണ്ണിടിച്ചിലോ ഉരുള്‍പൊട്ടലോ ഉണ്ടാകില്ല എന്നതാണ്‌. പേമാരിയാണ്‌ ഉണ്ടാകുന്നതെങ്കില്‍ ഇത്തരം കെടുകളുടെ രൂക്ഷത വര്‍ധിക്കുകയും ചെയ്യും. ഇന്ത്യയെ സംബന്ധിച്ചിടത്തോളം കാലവര്‍ഷക്കെടുതി ഒഴിയാബാധയായി മാറാന്‍ പോകുന്നു എന്നാണ്‌, വര്‍ഷപാതത്തിലെ വ്യതിയാനം നല്‍കുന്ന മുന്നറിയിപ്പെന്ന്‌ പുതിയ പഠനം പറയുന്നു. 2005-ല്‍ ജൂലായിലെ ഒറ്റ ദിവസം മുംബൈയെ ഗ്രസിച്ചത്‌ 94 സെന്റീമീറ്റര്‍ മഴയാണ്‌. കേരളത്തിലാകെ ഒരുവര്‍ഷം പെയ്യുന്നത്‌ 300 സെന്റീമീറ്റര്‍ മഴയാണ്‌. എന്നുവെച്ചാല്‍, കേളത്തില്‍ ഒരുവര്‍ഷം പെയ്യുന്ന മഴയുടെ ഏതാണ്‌ മൂന്നിലൊന്ന്‌ ഒറ്റദിവസം കൊണ്ട്‌ മുംബൈയെ അതിന്റെ ഏറ്റവും വലിയ ദുരിതത്തില്‍ പെടുത്തുകയായിരുന്നു.

മുംബൈയുടെ അനുഭവം ഭാവിയുടെ സൂചനയെന്നാണ്‌ മനസിലാക്കേണ്ടത്‌. ആഗോളതാപനം കാലാവസ്ഥയെ തകിടം മറിക്കുകയാണെന്നത്‌ സ്ഥിരീകരിക്കപ്പെട്ട വസ്‌തുതയാണ്‌. അതിന്റെ ഏറ്റവും വലിയ കെടുതി, ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ പേമാരിയുടെയും വെള്ളപ്പൊക്കത്തിന്റെയും രൂപത്തിലാവാം പ്രത്യക്ഷപ്പെടുന്നതെന്ന്‌ മുംബൈ സൂചന നല്‍കുന്നു. ആഗോളതാപനത്തിന്റെ തിക്തഫലം ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വരിക ദരിദ്രരാഷ്ട്രങ്ങളും, ജീവിതത്തിന്റെ പുറമ്പോക്കില്‍ കഴിയുന്നവരുമായിരിക്കുമെന്ന യു.എന്‍.റിപ്പോര്‍ട്ട്‌ പുറത്തു വന്നിട്ട്‌ രണ്ടുമാസം കഴിയുന്നതേയുള്ളു.(അവലംബം: സയന്‍സ്‌, നേച്ചര്‍ ഗവേഷണ വാരികകള്‍).

Saturday, June 23, 2007

സംസാരിക്കുന്ന കടലാസ്‌

സംസാരിക്കുന്ന ഗ്രീറ്റിങ്‌ കാര്‍ഡിനെക്കുറിച്ച്‌ സങ്കല്‍പ്പിച്ചു നോക്കൂ. ജന്മദിനത്തിന്‌ കിട്ടിയ കാര്‍ഡ്‌ കൈയിലെടുക്കുമ്പോള്‍ തന്നെ അതയച്ച സുഹൃത്തിന്റെ ശബ്ദത്തില്‍ ആശംസ കേള്‍ക്കാന്‍ കഴിഞ്ഞാലോ. സ്വയം സംസാരിക്കാന്‍ കഴിയുന്ന പരസ്യബോര്‍ഡുകളുടെ കാര്യമോ.

അസംഭാവ്യം എന്നു കരുതാവുന്ന ഇത്തരം സംഗതികള്‍ അധികം വൈകാതെ യാഥാര്‍ത്ഥ്യമായേക്കാം. സംസാരിക്കുന്ന ഒരിനം കടലാസിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ മിഡ്‌ സ്വീഡന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍. ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ പ്രിന്റ്‌ ചെയ്‌തു ചേര്‍ത്തിട്ടുള്ള സ്‌പീക്കറുകള്‍ ആണ്‌ കടലാസിന്‌ 'സംസാരശേഷി' നല്‍കുക. റിക്കോര്‍ഡ്‌ ചെയ്‌ത ശബ്ദം സ്‌പര്‍ശിക്കുമ്പോള്‍ പുറത്തു വരാന്‍ പാകത്തില്‍ രൂപകല്‍പ്പന ചെയ്‌ത പരസ്യക്കടലാസാണ്‌ ഗവേഷകര്‍ രൂപപ്പെടുത്തിയത്‌. ഭാവിയില്‍ ഒട്ടേറെ ഉപയോഗങ്ങള്‍ ഈ ഉത്‌പന്നത്തിന്‌ കണ്ടെത്തനാകും എന്നാണ്‌ പ്രതീക്ഷ.

വൈദ്യുത ചാലകശേഷിയുള്ള മഷി കൊണ്ട്‌ എഴുതിയിട്ടുള്ള കടലാസാണത്‌. മര്‍ദ്ദം പ്രയോഗിക്കുമ്പോള്‍ അതിനോട്‌ പ്രതികരിക്കാന്‍ മഷിക്കു കഴിയും. "ബീച്ചിന്റെ ചിത്രമുള്ള കാര്‍ഡില്‍ നിങ്ങളുടെ കൈ പതിയുമ്പോള്‍ ആ ബീച്ചിനെക്കുറിച്ചുള്ള ശബ്ദവിവരണം കേള്‍ക്കാന്‍ കഴിയും"-ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ മൈക്കല്‍ ഗ്യുല്ലിക്‌സന്‍ പറഞ്ഞു. പായ്‌ക്ക്‌ ചെയ്യാന്‍ ഇത്തരം കടലാസ്‌ ഉപയോഗിച്ചാല്‍, പാക്കറ്റ്‌ കൈയിലെടുക്കുമ്പോള്‍ തന്നെ കടലാസ്‌ പറഞ്ഞു തരും അകത്തെ ഉത്‌പന്നത്തിന്റെ വിശേഷങ്ങള്‍.

സിഗരറ്റ്‌ പാക്കറ്റായി ഈ കടലാസ്‌ ഉപയോഗിച്ചാല്‍, പുകവലിയുടെ ദൂഷ്യവശങ്ങളും നിയമപരമായ മുന്നറിയുപ്പുകളും പാക്കറ്റിന്‌ കേള്‍പ്പിക്കാനാകില്ലേ-ഗ്യുല്ലിക്‌സന്‍ ചോദിക്കുന്നു. ഇലക്ട്രോണിക്‌സ്‌ സംവിധാനങ്ങള്‍ സൂക്ഷ്‌മമായി ഘടിപ്പിച്ച ഡിജിറ്റല്‍ പേപ്പറാണ്‌ സംസാരിക്കുന്ന കടലാസിന്റെ അടിസ്ഥാനം. ചാലകശേഷിയുള്ള മഷി എഴുത്തിന്‌ ഉപയോഗിക്കുമ്പോള്‍ റിക്കോര്‍ഡ്‌ ചെയ്‌ത ശബ്ദഫയലുകള്‍ ഒരു സൂക്ഷ്‌മ കമ്പ്യൂട്ടറില്‍ സൂക്ഷിച്ചിരിക്കുന്നു. ശൂന്യമായ രന്ധ്രത്തിന്‌ പുറത്തുള്ള കടലാസ്‌, സ്‌പീക്കറിലെ ഡയഫ്രമായി പ്രവര്‍ത്തിക്കും. ഇത്തരം സ്‌പീക്കറുകള്‍ കടലാസില്‍ പ്രിന്റ്‌ ചെയ്‌തു ചേര്‍ക്കുകയാണ്‌ ചെയ്യുക.

സംസാരിക്കുന്ന കടലാസിന്റെ അടിസ്ഥാനം ഈ ഡിജിറ്റല്‍ പേപ്പറാണ്‌. അത്‌ ബലമുള്ള കാര്‍ഡ്‌ബോര്‍ഡ്‌ ഷീറ്റിനും പരസ്യം അച്ചടിച്ചിട്ടുള്ള പേപ്പറിനും ഇടയിലാണ്‌ സ്ഥിതിചെയ്യുക. ഡോ. ഗ്യുല്ലിക്‌സനും സംഘവും രൂപപ്പെടുത്തിയ കടലാസ്‌ അല്‍പ്പം ചെലവേറിയതാണ്‌. അതുപയോഗിച്ച്‌ പരസ്യബോര്‍ഡുകളോ പാക്കറ്റ്‌ കടലാസുകളോ ഉണ്ടാക്കുക ലാഭകരമാവില്ല. എന്നാല്‍, കൂടുതല്‍ ഗവേഷണങ്ങള്‍ നടത്തി ഇതിന്റെ ചെലവ്‌ താങ്ങാവുന്ന നിലയ്‌ക്ക്‌ കൊണ്ടുവരാനാകും എന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.(കടപ്പാട്‌: ബിബിസി ന്യൂസ്‌)

Tuesday, June 19, 2007

നാല്‌പതാംനമ്പര്‍ മഴ

അപൂര്‍വമായ പലതും ഹൈറേഞ്ചിന്‌ നഷ്ടമായ കാലമാണ്‌ കഴിഞ്ഞുപോയ പതിറ്റാണ്ടുകള്‍. ആ നഷ്ടങ്ങളുടെ പട്ടികയില്‍ 'നാല്‌പതാംനമ്പര്‍ മഴ'യും ഉള്‍പ്പെടുന്നു

നേര്യമംഗലത്തു നിന്ന്‌ അടിമാലിയിലേക്കുള്ള വഴിയില്‍ ഇരുമ്പുപാലത്തിനു സമീപത്തെ ഒരു കുടിയേറ്റ ഗ്രാമം. കനത്തു പെയ്യുന്ന മഴയില്‍നിന്നു രക്ഷനേടാന്‍ യാത്രയ്‌ക്കിടയില്‍ താത്‌ക്കാലിക അഭയമായ വീട്‌. ഈര്‍പ്പത്തിന്റെ അസ്വസ്ഥത മറച്ചുവെച്ച്‌ അവിടുത്തെ കാരണവരായ വര്‍ക്കിച്ചേട്ടനുമായി തുടങ്ങിയ സംഭാഷണം. എണ്‍പതിനോടടുത്ത ആ കാരണവര്‍ പലതും പറഞ്ഞ കൂട്ടത്തില്‍ 'നാല്‌പതാംനമ്പര്‍ മഴ' എന്നൊരു പദപ്രയോഗം നടത്തിയപ്പോള്‍ ഉയര്‍ന്ന ജിജ്ഞാസ...

"നാല്‌പതാം നമ്പര്‍ മഴയോ, മഴയ്‌ക്കും നമ്പറോ?" ഇതിലത്ര അത്ഭുതപ്പെടാനില്ലെന്ന മട്ടില്‍ പതിഞ്ഞ ശബ്ദത്തില്‍ ആ കാരാണവര്‍ തുടര്‍ന്നു. "അതെ, ഞങ്ങള്‍ ഈ പ്രദേശത്ത്‌ കുടിയേറിയകാലത്ത്‌ ഇവിടെയൊക്കെ 'നാല്‌പതാംനമ്പര്‍ മഴ'യാണ്‌ പെയ്‌തിരുന്നത്‌. വളരെ നേര്‍ത്ത നൂലണ്ടല്ലോ, അതിനെയാണ്‌ ഇവിടുത്തുകാര്‍ 'നാല്‌പതാംനമ്പര്‍' എന്നു വിളിക്കുക. അത്തരം നൂലുകള്‍ ആകാശത്തുനിന്ന്‌ ഊര്‍ന്നുവീഴുന്നതുപോലെയാണ്‌ അക്കാലത്തെ മഴ. കോടയും തണുപ്പും അസഹനീയമായിരിക്കും. മഴ ചിലപ്പോള്‍ ആഴ്‌ചകളോളം തോരാതെ നിന്നു പെയ്യും. പെയ്യുന്നതിന്റെ ശബ്ദം പോലും കേള്‍ക്കില്ല". വര്‍ക്കിച്ചേട്ടന്റെ വിശദീകരണം പൂര്‍ണവും വ്യക്തവുമായിരുന്നു. അമൂല്യമായ പലതും ഹൈറേഞ്ചിന്‌ നഷ്ടമായ കാലമാണ്‌ കഴിഞ്ഞുപോയ പതിറ്റാണ്ടുകള്‍. ആ നഷ്ടങ്ങള്‍ക്കിടയില്‍, ഒരുപക്ഷേ, അധികമാരും ശ്രദ്ധിച്ചിട്ടുപോലുമില്ലാത്ത ഒരു കാലാവസ്ഥ പ്രതിഭാസത്തിലേക്കുള്ള ചൂണ്ടുപലകയാണ്‌ 'നാല്‌പതാംനമ്പര്‍ മഴ'.

പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ ഹൈറേഞ്ചില്‍നിന്നു പടിയിറങ്ങിപ്പോയ 'നാല്‌പതാം നമ്പര്‍ മഴ'യുടെ ചെറിയ പതിപ്പുകള്‍ ഇന്ന്‌ പ്രത്യക്ഷപ്പെടാറുള്ളത്‌ ഇടുക്കി ജില്ലയിലെ മൂന്നാര്‍ മേഖലയിലും നെടുങ്കണ്ടത്തുമാണ്‌. ഈ പ്രദേശത്ത്‌ മൂന്നോ നാലോ പതിറ്റാണ്ടുകള്‍ക്കു മുമ്പ്‌ കുടിയേറിയവര്‍ക്ക്‌ അന്ന്‌ നേരിടേണ്ടിവന്ന 'നൂല്‍മഴ'യുടെ കാഠിന്യമോ കാലദൈര്‍ഘ്യമോ ഇന്ന്‌ പ്രദേശികമായി ശോഷിച്ചുപോയ ഈ വര്‍ഷപാതത്തിനില്ല.

രാജാക്കാടിന്നടുത്ത്‌ എന്‍.ആര്‍.സിറ്റിയില്‍ 47 വര്‍ഷം മുമ്പ്‌ എത്തിയയാളാണ്‌ ഈറ്റോലില്‍ ശിവരാമന്‍. കുടിയേറ്റം നടക്കുമ്പോള്‍ ശിവരാമന്‌ പ്രായം 17 വയസ്സ്‌. ഏറുമാടത്തില്‍ താമസിച്ച്‌, വന്യമൃഗങ്ങളെ വകവെക്കാതെ ജീവിതം കെട്ടിപ്പെടുക്കാന്‍ കഷ്ടപ്പെട്ട ആ കാലം ഇന്നും ശിവരാമന്‍ വ്യക്തമായി ഓര്‍ക്കുന്നു."ഇപ്പോഴത്തെ മാതിരിയുള്ള ഇടവപ്പാതി അന്ന്‌ ഇടുക്കിയിലില്ല; നാല്‌പതാം നമ്പര്‍ നൂല്‌ ആകാശത്തുനിന്ന്‌ പാകിയതുപോലുള്ള മഴയാണ്‌ അന്നത്തേത്‌"- ആ കര്‍ഷകമനസ്സില്‍ ഇന്നും ആ പഴയ മഴ പെയ്യുകയാണ്‌. "നേരം പുലര്‍ന്നു ഒന്‍പത്‌ മണിയാകാതെ പറമ്പിലിറങ്ങാന്‍ പറ്റില്ല. തണുപ്പും മഞ്ഞും അത്രകഠിനമായിരുന്നു"-ശിവരാമന്‍ പറയുന്നു.

നാല്‌പതുവര്‍ഷം മുമ്പ്‌ കോട്ടയത്തുനിന്ന്‌ രാജാക്കാട്ടു കുടിയേറിയ 75 കാരനായ പൊട്ടോളില്‍ മത്തായിക്കും ഓര്‍മയുണ്ട്‌ അന്നത്തെ മഴയെപ്പറ്റി. "നാല്‌പതിലേറെ ദിവസം ഈ നൂല്‍മഴ നിര്‍ത്താതെ പെയ്‌തിട്ടുണ്ട്‌", മത്തായി അറിയിക്കുന്നു. "ചില സമയത്തു മാത്രം തുള്ളി കൂട്ടി പെയ്യും. അസഹ്യമായ തണുപ്പായിരുന്നു അന്നത്തെ മഴക്കാലത്ത്‌". രാവും പകലും ഭേദമില്ലാതെ മഴ തുടര്‍ന്നുകൊണ്ടിരിക്കും. കമ്പിളിയും പുതച്ച്‌ നെരിപ്പോടിനരികില്‍ തീ കാഞ്ഞിരുന്ന അനുഭവം ഹൈറേഞ്ചിലെ കഴിഞ്ഞ തലമുറയിലെ മിക്കവര്‍ക്കുമുണ്ട്‌. ജോലി തേടിവരുന്ന തൊഴിലാളികള്‍ തണുപ്പു പേടിച്ച്‌ കൂലിപോലും വാങ്ങാന്‍ നില്‍ക്കാതെ ഹൈറേഞ്ചില്‍ നിന്ന്‌ ഒളിച്ചുപോയിട്ടുള്ള സംഭവങ്ങളും ഉണ്ട്‌.

മൂന്നാറില്‍നിന്ന്‌ മാട്ടുപ്പെട്ടി കഴിഞ്ഞ്‌ തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ ടോപ്പ്‌സ്റ്റേഷന്‍ പിന്നിട്ട്‌, കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ വട്ടവട പഞ്ചായത്തിലെ കോവിലൂരില്‍ ബസ്സിറങ്ങുമ്പോള്‍ യാദൃശ്ചികമായി 'നാല്‌പതാംനമ്പര്‍ മഴ'യെപ്പറ്റി ഓര്‍മിച്ചു. മലഞ്ചെരുവിലൂടെ തട്ടുതട്ടായി ഊര്‍ന്നിറങ്ങുന്ന ഗോതമ്പുപാടങ്ങള്‍ (കേരളത്തില്‍ ഗോതമ്പുകൃഷിയുള്ള ഒരു പ്രദേശമാണ്‌ വട്ടവട). ചെങ്കുത്തായ മലമുടിക്കിടയില്‍ തമിഴ്‌ വംശജരായ ഗ്രാമീണര്‍ കേരളത്തിന്റേതില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമായ മറ്റൊരുലോകം സൃഷ്ടിച്ചിരിക്കുന്നു. കേരളം മുഴുവന്‍ മണ്‍സൂണിന്റെ പിടിയില്‍ നനഞ്ഞിരിക്കുന്ന സമയമായിരുന്നു അത്‌. മഴ എപ്പോള്‍ വേണമെങ്കിലും പെയ്യാം എന്ന്‌ ഒരു ഗ്രാമീണന്‍ പറഞ്ഞു. ആകാശത്തെ വെള്ളിമേഘങ്ങളില്‍ നിന്ന്‌ പുലരിവെട്ടം പോലൊരു പ്രകാശധാരയാണ്‌ മലഞ്ചെരുവാകെ നിറഞ്ഞിരിക്കുന്നത്‌. മഴ പെയ്യില്ലേ? മനസ്സ്‌ ശങ്കിച്ചു. പക്ഷേ, പിറ്റേന്ന്‌ തിരികെ പോരുംമുമ്പ്‌ മഴ പെയ്‌തു. ആകാശം ഇരുളുന്നതും കനത്ത കോടമഞ്ഞിന്റെ അകമ്പടിയോടെ മനസ്സിനെയും ശരീരത്തെയും തണുപ്പ്‌ വലയം ചെയ്യുന്നതും മാത്രമേ അറിഞ്ഞുള്ളൂ. എപ്പോഴോ ഒരു നിമിഷത്തില്‍ മഴ ആരംഭിച്ചിരിക്കുന്നു. മലഞ്ചെരുവുകള്‍ വിസ്‌മൃതിയിലെന്നവിധം മാഞ്ഞുപോയിരിക്കുന്നു. മഴയുടെ പ്രാചീനമായ അനുഗ്രഹധാര. മണ്ണിനെ ഉണര്‍ത്താതെ, മരങ്ങളെ ഉലയ്‌ക്കാതെ ധാരമുറിയാതെ-സ്വര്‍ഗത്തില്‍നിന്ന്‌ ഭൂമിയിലേക്കു ഇറങ്ങിവരുന്ന നേര്‍ത്ത മാന്ത്രികത്തോരണങ്ങള്‍ പോലെ ഇടവേളയില്ലാത്ത മഴ.

ഈ മഴയുടെ സൗമ്യതയേറ്റുവാങ്ങിയാണ്‌ ഹൈറേഞ്ചിലെ തേയിലത്തോട്ടങ്ങള്‍ തളിരിട്ടു തുടങ്ങിയതെന്നോര്‍ത്തു. ഈ നൂല്‍മഴയുടെ ശക്തിയിലാണ്‌ ഇന്ത്യയിലെ ഏറ്റവും അമൂല്യമായ ഏലത്തോട്ടങ്ങള്‍ ഇടുക്കിമലകളില്‍ സ്ഥാനം പിടിച്ചത്‌. ആനമുടിക്കുചുറ്റും വ്യാപിക്കുന്ന ഇരവികുളം നാഷണല്‍പാര്‍ക്കിലെ ചോലപ്പുല്‍മേടുകളില്‍ വരയാടുകള്‍ മേയുന്നത്‌ ഈ മഴനൂലുകളെ വകവെക്കാതെയാണ്‌. 12 വര്‍ഷത്തിലൊരിക്കല്‍ ഇവിടുത്തെ മലഞ്ചെരുവുകളില്‍ നീലക്കുറിഞ്ഞിയുടെ പൂക്കാലം വരുന്നതും 'നാല്‌പതാംനമ്പര്‍ മഴ'യത്താണ്‌. മത്രമല്ല, കേരളത്തിന്റെ ദാഹം ശമിപ്പിക്കാന്‍ നൂറുകണക്കിന്‌ അരുവികളും നീരൊഴുക്കുകളും ഹൈറേഞ്ചില്‍നിന്ന്‌ പിറവിയെടുത്തതും ഈ പ്രാചീന വര്‍ഷധാരയുടെ ബലത്തില്‍തന്നെയാണ്‌.

ഒരിക്കല്‍ ഏറുമാടത്തിലിരിക്കുമ്പോള്‍ മഴ പെയ്‌തു തുടങ്ങിയ കാര്യം വര്‍ക്കിച്ചേട്ടന്‍ പറഞ്ഞു. മുപ്പതുവര്‍ഷം മുമ്പത്തെ കഥ. ഒരു ആനക്കൂട്ടം വന്ന്‌ ചിന്നംവിളിച്ച്‌ വര്‍ക്കിച്ചേട്ടനും കുടുംബവും ഇരുന്ന മരച്ചുവട്ടില്‍ തമ്പടിച്ചു. സമീപത്തൊന്നും ആരുമില്ല. ഏറുമാടത്തിലിരുന്നു ആനക്കൂട്ടത്തെ അകറ്റാനും കഴിയില്ല. മഴ പെയ്‌തുകൊണ്ടേയിരുന്നു. ആനക്കൂട്ടം മരച്ചുവട്ടില്‍ത്തന്നെ കൂടി. ഒരാഴ്‌ച, രണ്ടാഴ്‌ച... ഒടുവില്‍, ഈറ്റ വെട്ടാന്‍ വന്ന ചിലര്‍ ആനക്കൂട്ടത്തെ അകറ്റി വര്‍ക്കിച്ചേട്ടനെയും കുടുംബത്തെയും രക്ഷപ്പെടുത്തി. അപ്പോഴും നൂല്‍മഴ പെയ്‌ത്‌ തീര്‍ന്നിരുന്നില്ല. ഇപ്പോള്‍ ഏറുമാടങ്ങളില്ല. ഏറുമാടമിരുന്ന മരവും ആ മരം ഭാഗമായിരുന്ന വനവും ഇല്ല. ആ കന്യാവനങ്ങളുടെ അനുഗ്രഹമേറ്റുവാങ്ങി ഇടുക്കിയെ തണുപ്പിച്ചിരുന്ന 'നാല്‌പതാംനമ്പര്‍ മഴ'യും എന്നന്നേക്കുമായി നഷ്ടമായിരിക്കുന്നു.

പ്രതീക്ഷിക്കാത്തത്ര വേഗത്തില്‍ വന്നെത്തിയ മാറ്റങ്ങളെ നേരിടാന്‍ ഇന്ന്‌ ഇടുക്കിയുടെ മണ്ണും മനുഷ്യനും പെടുന്നപാട്‌ ചില്ലറയല്ല. "ഇപ്പോഴത്തെ കൂലംകുത്തി പെയ്യുന്ന മഴ ഭൂമിയില്‍ ഇറങ്ങുമോ; മണ്ണെല്ലാം കുത്തിയൊലിച്ചു പോവുകയല്ലേ?"-ഇടുക്കി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയിലേക്കാണ്‌ ഈറ്റോലില്‍ ശിവരാമന്റെ ചോദ്യം വിരല്‍ചൂണ്ടുന്നത്‌. സമീപകാലത്ത്‌ കേരളത്തില്‍ മണ്ണൊലിപ്പും മലയിടിച്ചിലും മൂലം ഏറ്റവുമധികം മേല്‍മണ്ണ്‌ നഷ്ടമായ ഭൂമി ഒരുപക്ഷേ, ഇടുക്കിയുടേതായിരിക്കും.

മറ്റുപല സംഗതികളും പോലെ മഴയുടെ സ്വഭാവവും പ്രകൃതി നില്‍കുന്ന മുന്നറിയിപ്പാണ്‌. ദീര്‍ഘനേരം നീണ്ടുനിന്ന്‌ ശക്തികുറഞ്ഞു പെയ്യുന്ന മഴയ്‌ക്കു പകരം വലിയ തുള്ളികളോടുകൂടി ഉറഞ്ഞുതുള്ളി നിമിഷനേരം കൊണ്ട്‌ പെയ്‌തൊഴിയുന്ന മഴ "പരിസ്ഥിതിക്കേല്‍ക്കുന്ന നാശത്തിന്റെ വ്യക്തമായ സൂചന''യാണെന്ന്‌ പ്രശസ്‌തപരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ ഡോ.സതീഷ്‌ചന്ദ്രന്‍ നായര്‍ പറഞ്ഞിട്ടുണ്ട്‌. ശക്തികൂടിയ അത്തരം മഴയാണ്‌ മണ്ണൊലിപ്പിനും മലയിടിച്ചിലിനും കാരണമാകുന്നത്‌. ഇടുക്കി ജില്ലയില്‍ മഴയുടെ സ്വഭാവം മാറിയതോടെ ചെങ്കുത്തായ മലനിരകളില്‍നിന്ന്‌ മേല്‍മണ്ണ്‌ ഭീഷണമാംവിധം നഷ്ടപ്പെട്ടിരിക്കുന്നു.

മണ്ണൊലിപ്പു മാത്രമല്ല, പെയ്യുന്ന മഴയില്‍ നല്ലൊരുഭാഗം മണ്ണില്‍ താഴ്‌ന്ന്‌ ഭൂഗര്‍ഭജലമായി മാറിയാല്‍ മാത്രമേ നദികളും അരുവികളും വര്‍ഷം മുഴുവന്‍ ജീവനോടെ നിലനില്‍ക്കൂ. പക്ഷേ, ഇപ്പോള്‍ നാശത്തിന്റെ സന്ദേശവാഹകരെപ്പോലെ പെയ്‌തെത്തുന്ന മഴവെള്ളം ഭൂമിയില്‍ താഴാതെ കുത്തിയൊലിച്ച്‌ മണ്ണിനെ തരിശാക്കി പോവുകയാണ്‌ പതിവ്‌. കേരളത്തില്‍ സമൃദ്ധമായി മഴ കിട്ടുന്നുണ്ടെങ്കിലും, മഴവെള്ളത്തില്‍ 80 ശതമാനവും നഷ്ടമാകുന്നുവെന്നാണ്‌ കണക്ക്‌. ഇടുക്കിയില്‍ ഈ നഷ്ടത്തിന്റെ തോത്‌ കൂടുതലാണ്‌. മഴ മാനത്തുനിന്ന്‌ മാറിയാലുടന്‍ ഇടുക്കിയുടെ പലഭാഗവും കുടിനീര്‍ക്ഷാമത്തിന്റെ പിടിയിലാകുന്നത്‌ ഇതിന്റെ സൂചനയാണ്‌.

സമുദ്രനിരപ്പില്‍നിന്ന്‌ 2000 മീറ്ററിലധികം ഉയരത്തില്‍, മലഞ്ചെരിവുകളില്‍ മഴക്കാടുകള്‍ അവശേഷിച്ചിരുന്ന സമീപകാലത്തിന്റെ ഓര്‍മ മാത്രമാണ്‌ ഇന്ന്‌ 'നാല്‌പതാംനമ്പര്‍ മഴ'. ഇപ്പോള്‍, കാലം ചെല്ലുന്തോറും മഴയുടെ ആക്കം വര്‍ധിക്കുന്നു. കൂടുതല്‍ കൂടുതല്‍ മേല്‍മണ്ണ്‌ നഷ്ടമാകുന്നു. ഇടുക്കിക്ക്‌ അട്ടപ്പാടിയുടെ അവസ്ഥയിലേക്കുള്ള അകലം കുറയുകയാണ്‌. (ലേഖനം 1999 ഒക്ടോബര്‍ 24-ലെ 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ചത്‌; ചിത്രം 2006-ലെ കുറിഞ്ഞിക്കാലത്ത്‌ രാജമലയില്‍ നിന്നെടുത്തത്‌; കടപ്പാട്‌: അനീഷ്‌ പി. ചിറയ്‌ക്കല്‍)

Saturday, June 16, 2007

ചികിത്സാവിപ്ലവത്തിന്‌ 'ഗുഹാമനുഷ്യന്‍'

മനുഷ്യശരീരത്തിന്റെ ഏറ്റവും വിശദവും ആധികാരികവുമായ ചതുര്‍മാന ചിത്രം ഒരു സംഘം ഗവേഷകര്‍ രൂപപ്പെടുത്തിയിരിക്കുകയാണ്‌. രോഗിയുടെ ശരീരത്തിനുള്ളില്‍ പ്രവേശിച്ച്‌ പരിശോധന നടത്താന്‍ (പ്രതീതിയാഥാര്‍ത്ഥ്യത്തിന്റെ ലോകത്ത്‌) ഡോക്ടര്‍ക്ക്‌ അവസരമൊരുക്കുന്നു ഈ മൂന്നേറ്റം. ചികിത്സാരംഗത്ത്‌ വിപ്ലവം വരുത്തിയേക്കാവുന്ന ഒന്നായി ഇത്‌ വിലയിരുത്തപ്പെടുന്നുരോഗിയുടെ ശരീരത്തിലേക്ക്‌ ഊളിയിട്ട്‌ രോഗബാധിതഭാഗങ്ങള്‍ അടുത്തു പരിശോധിക്കുന്ന ഡോക്ടറുടെ കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. 'ട്രയല്‍' ചെയ്‌തു നോക്കിയ ശേഷം ശസ്‌ത്രക്രിയ പിഴവു കൂടാതെ നടത്താവുന്ന സ്ഥിതി എത്ര അഭികാമ്യമായിരിക്കും അല്ലേ. സ്വന്തം പ്രശ്‌നം രോഗിക്കു നേരിട്ടു നിരീക്ഷിച്ചു മനസിലാക്കിയ ശേഷം ചികിത്സയ്‌ക്ക്‌ ശരിയായ തയ്യാറെടുപ്പ്‌ നടത്താമെന്ന്‌ വന്നാലോ? ഇതൊക്കെ എന്നെങ്കിലും സംഭവിക്കാവുന്ന കാര്യമാണോ എന്നാകും ആലോചന. ഭാവിയില്‍ സംഭവിക്കാവുന്നതല്ല, ഇപ്പോള്‍ തന്നെ സംഭവിച്ചു തുടങ്ങിയ കാര്യങ്ങളാണിവ. കമ്പ്യൂട്ടര്‍ സങ്കേതത്തെയും ആധുനിക രോഗനിര്‍ണയ ഉപാധികളെയും വിവരസാങ്കേതികവിദ്യയുമായി കൂട്ടിയിണക്കിയാണ്‌ മേല്‍പ്പറഞ്ഞ സാധ്യതകള്‍ ഒരുസംഘം കനേഡിയന്‍ ഗവേഷകര്‍ യാഥാര്‍ത്ഥ്യമാക്കുന്നത്‌.

നൂതനസാങ്കേതികവിദ്യയുടെ സഹായത്തോടെ ആറുവര്‍ഷത്തെ ശ്രമഫലമായി, മനുഷ്യശരീരത്തിന്റെ ഏറ്റവും വിശദമായ 'ചതുര്‍മാന'(4D) ചിത്രം ഗവേഷകര്‍ രൂപപ്പെടുത്തിയിരിക്കുന്നു. 'ഗുഹാമനുഷ്യന്‍'(CAVEman) എന്നു പേരിട്ടിട്ടുള്ള ആ ചതുര്‍മാനചിത്രത്തില്‍ 3000 ശരീരഭാഗങ്ങളുടെ വിശദാംശങ്ങള്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്‌. ഒരു ബൂത്തില്‍ ത്രിഡി കണ്ണടയുപയോഗിച്ച്‌ 'ഗുഹാമനുഷ്യനെ' നിരീക്ഷിക്കാം. ഓരോ ശരീരഭാഗവും യഥാര്‍ത്ഥ പൊക്കത്തിലും നീളത്തിലും വീതിയിലും മുന്നില്‍ തെളിഞ്ഞു കാണും.

ചില ജയിംസ്‌ ബോണ്ട്‌ ചിത്രങ്ങളില്‍, ത്രിമാന മനുഷ്യരൂപങ്ങള്‍ മുന്നിലെ അന്തരീക്ഷത്തില്‍ തെളിഞ്ഞു വരുന്നത്‌ കണ്ടിട്ടില്ലേ. അതിനെ അനുസ്‌മരിപ്പിക്കുന്നതാണ്‌ 'ഗുഹാമനുഷ്യന്റെ' രൂപഘടന. നീളം, വീതി, പൊക്കം എന്നിവയാണ്‌ ത്രിമാനരൂപങ്ങളിലുള്ളത്‌. സമയമാണ്‌ നാലാമത്തെ മാനം. 'ഗുഹാമനുഷ്യ'ന്റെ കാര്യത്തില്‍ ഇതുകൂടി ഉള്‍പ്പെടുത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. ഉദാഹരണത്തിന്‌ ഒരാഴ്‌ച മുമ്പത്തെ ശരീരത്തിന്റെ അവസ്ഥയും ഇപ്പോഴത്തെ ശരീരസ്ഥിതിയും തമ്മിലുള്ള വ്യത്യാസം 'ഗുഹാമനുഷ്യന്‍' കൃത്യമായി മുന്നിലെത്തിക്കും.

ക്രിസ്‌റ്റോഫ്‌ സെന്‍സന്‍ 'ഗൂഹാമനുഷ്യനൊപ്പം

മാഗ്നറ്റിക്‌ റെസണന്‍സ്‌ ഇമേജുകള്‍, സിഎടി സ്‌കാനുകള്‍(CAT scans), എക്‌സ്‌റേകള്‍ തുടങ്ങിയ രോഗനിര്‍ണയ ഉപോധികള്‍ വഴി ലഭിക്കുന്ന രോഗിയുടെ ആന്തരശരീരഭാഗത്തിന്റെ വ്യത്യസ്‌ത ദൃശ്യങ്ങള്‍ സവിശേഷ ദൃശ്യപാളികളാക്കി സന്നിവേശിപ്പിച്ച്‌, ശരീരത്തിനുള്ളിലെ കാഴ്‌ചകളുടെ പ്രതീതിയാഥാര്‍ത്ഥ്യം(വിര്‍ച്വല്‍ റിയാലിറ്റി) സൃഷ്ടിക്കുകയാണ്‌ 'ഗുഹാമനുഷ്യനി'ല്‍ ചെയ്‌തിരിക്കുന്നത്‌. ആന്തരാവയവങ്ങളുടെ ഉയര്‍ന്ന റസല്യൂഷനിലുള്ള ദൃശ്യങ്ങള്‍ ശരീരത്തിന്റെ സമഗ്രതയില്‍ അനായാസം ഡോക്ടര്‍മാരുടെ കണ്‍മുന്നിലെത്തിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. കാനഡയില്‍ 'യൂണിവേഴ്‌സിറ്റി ഓഫ്‌ കാള്‍ഗരി ഫാക്കല്‍റ്റി ഓഫ്‌ മെഡിസി'ന്‌ കീഴിലുള്ള 'സണ്‍ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഫോര്‍ വിഷ്വല്‍ ജിനോമിക്‌സി'ലെ ഗവേഷകരാണ്‌ ഈ ദൃശ്യസംവിധാനം രൂപപ്പെടുത്തിയത്‌. രോഗനിര്‍ണയത്തിലും ചികിത്സയിലും ശസ്‌ത്രക്രിയയിലും ഇത്‌ വിപ്ലവം സൃഷ്ടിക്കും എന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.


അര്‍ബുദം, പ്രമേഹം, മസ്‌കുലാര്‍ സ്‌കീറോസിസ്‌, അല്‍ഷൈമേഴ്‌സ്‌ തുടങ്ങിയ രോഗങ്ങളുടെ ജനിതകവേരുകള്‍ ചികയാന്‍ ഗവേഷകരെ 'ഗുഹാമനുഷ്യന്‍' സഹായിക്കുമെന്ന്‌ സണ്‍ സെന്ററിന്റെ ഡയറക്ടര്‍ ക്രിസ്‌റ്റോഫ്‌ സെന്‍സന്‍ പറയുന്നു. ഇത്തരത്തില്‍ ലോകത്ത്‌ ആദ്യമായാണ്‌ ഒരു ദൃശ്യസംവിധാനം രൂപപ്പെടുത്തുന്നത്‌. "വിവിധ മാതൃകകള്‍ ഇതില്‍ ഉപയോഗിക്കാം. ഉദാഹരണത്തിന്‌ 50 വ്യത്യസ്‌ത മസ്‌തിഷ്‌കങ്ങളെ ഈ മാതൃകയില്‍ സന്നിവേശിപ്പിക്കാം; ഓരോരുത്തര്‍ക്കും അവരവരുടെ മസ്‌തിഷ്‌ക മാതൃകകള്‍ ആകാം"-സെന്‍സന്‍ വിശദീകരിക്കുന്നു.

2002-ല്‍ സണ്‍ മൈക്രോസിസ്‌റ്റംസിന്റെ സഹായത്തോടെ, യൂണിവേഴ്‌സിറ്റിയിലെ 'സണ്‍ സെന്ററി'ല്‍ 55 ലക്ഷം ഡോളര്‍(22 കോടിരൂപ) ചെലവില്‍ തുടങ്ങിയ 'കേവ്‌'(Cave) എന്ന പരീക്ഷണശാലയുടെ ഉത്‌പന്നമാണ്‌ 'ഗുഹാമനുഷ്യന്‍'. മധ്യ അല്‍ബെര്‍ട്ടാ പട്ടണത്തിലെ ഒരു സ്ഥാപനത്തില്‍ മസാജ്‌ തെറാപ്പി നടത്തുന്ന അധ്യാപകരുടെ ആവശ്യപ്രകാരം തുടങ്ങിയ പദ്ധതിയാണ്‌ ഇപ്പോള്‍ 'ഗുഹാമനുഷ്യനി'ല്‍ എത്തിനില്‍ക്കുന്നത്‌. മസാജിങ്‌ വേളയില്‍ പേശികളുടെയും അസ്ഥികളുടെയും കൂടുതല്‍ വ്യക്തമായ ദൃശ്യം ലഭിക്കാനാണ്‌ അധ്യാപകര്‍ ആഗ്രഹിച്ചത്‌. അത്‌ സഫലമാക്കാനുള്ള ശ്രമം ഒടുവില്‍ വൈദ്യശാസ്‌ത്രത്തിനാകെ മുതല്‍ക്കൂട്ടാകുന്ന തരത്തില്‍ വികസിച്ചിരിക്കുകയാണ്‌.

ഒരു ബൂത്തില്‍ ത്രിഡി കണ്ണടയുപയോഗിച്ച്‌ 'ഗുഹാമനുഷ്യനെ' മുന്നിലെ അന്തരീക്ഷത്തില്‍ നിവര്‍ന്നു നില്‍ക്കുന്ന നിലയില്‍ നിരീക്ഷിക്കാം. രോഗിയുടെ ശരീരത്തിന്റെ ദൃശ്യം തന്നെയാകും അതില്‍ ഉണ്ടാവുക. വീഡിയോ ഗെയിമുകളിലേതു പോലെ, മുന്നിലെ ദൃശ്യങ്ങളെ ഒരു കണ്‍ട്രോളര്‍ ഉപയോഗിച്ച്‌ ചലിപ്പിക്കാം. അടുപ്പിക്കാം, അകറ്റാം, ഫോക്കസ്‌ ചെയ്യാം. ചര്‍മം, അസ്ഥികള്‍, പേശികള്‍, അവയവങ്ങള്‍, നാഡികള്‍ തുടങ്ങി ഏത്‌ ശരീരഭാഗം വേണമെങ്കിലും പ്രേക്ഷകന്‌ ഫോക്കസ്‌ ചെയ്യാം. അതിനനുസരിച്ച്‌ ത്രിഡി സിനിമയിലെ പോലെ, ശരീരത്തിനുള്ളിലേക്ക്‌ പ്രവേശിച്ച പ്രതീതിയാണ്‌ ഉണ്ടാവുക. ബൂത്തില്‍ വെച്ചു മാത്രമല്ല, സാധാരണ കമ്പ്യൂട്ടറില്‍ ലോഡ്‌ ചെയ്‌തും 'ഗുഹാമനുഷ്യനെ' നിരീക്ഷിക്കാം.

ചികിത്സ നടത്തുന്നവര്‍ക്കാണ്‌ ഈ സങ്കേതം ഏറെ പ്രയോജനം ചെയ്യുക. രോഗപരിശോധനാഫലങ്ങളെല്ലാം 'ഗുഹാമനുഷ്യനി'ല്‍ സന്നേവേശിപ്പിക്കാന്‍ കഴിയുന്നതിനാല്‍, ചികിത്സയും ശസ്‌ത്രക്രിയകളും കുറ്റമറ്റതാക്കാന്‍ കഴിയും. ആന്തരാവയവങ്ങളുടെ കമ്പ്യൂട്ടര്‍ ചിത്രങ്ങള്‍ക്കൊപ്പം രക്തപരിശോധനാഫലങള്‍ പോലുള്ളവയും ഇതില്‍ ഉള്‍പ്പെടുത്താനാവും. വൈദ്യശാസ്‌ത്രപഠനത്തിന്‌ സമീപഭാവിയില്‍ തന്നെ മൃതദേഹങ്ങള്‍ക്കു പകരം 'ഗുഹാമനുഷ്യനെ' ഉപയോഗിക്കാനാവും. മാത്രമല്ല, ശസ്‌ത്രക്രിയയ്‌ക്കു മുമ്പ്‌ ശരിയായ പ്ലാനിങ്‌ നടത്താനും ഇത്‌ സഹായിക്കും. രോഗത്തിന്റെ അവസ്ഥ മാറുന്നതിനെക്കുറിച്ച്‌, ഉദാഹരണത്തിന്‌ രണ്ടാഴ്‌ച മുമ്പ്‌ തന്റെ അവസ്ഥയെന്തായിരുന്നുവെന്നും, ഇപ്പോള്‍ എന്താണ്‌ സ്ഥിതിയെന്നും രോഗിക്ക്‌ നേരിട്ടു മനസിലാക്കാന്‍ പുതിയ സങ്കേതം സഹായകമാകും. രോഗാവസ്ഥ ഇത്തരത്തില്‍ മാറിയിരിക്കുന്നു, സര്‍ജറി ഉടന്‍ നടത്തുന്നതാണ്‌ നന്ന്‌ എന്ന്‌ സര്‍ജന്‍ പറയുമ്പോള്‍, രോഗിക്ക്‌ കൂടുതല്‍ വ്യക്തത ലഭിക്കും.

വിവിധ ആസ്‌പത്രികള്‍ക്ക്‌ ഉപയോഗിക്കാന്‍ പാകത്തില്‍ 'ഗുഹാമനുഷ്യന്‍' എന്ന ചതുര്‍മാനചിത്രത്തിന്റെ വകഭേദങ്ങള്‍ രൂപപ്പെടുത്താനാണ്‌ ഇനിയുള്ള ശ്രമമെന്ന്‌ സെന്‍സന്‍ അറിയിക്കുന്നു. മാത്രമല്ല, സ്‌പര്‍ശനത്തിലൂടെ പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ അതിനെ മാറ്റാനും ശ്രമിക്കും. ഏതായാലും, രോഗനിര്‍ണയത്തിലും ശസ്‌ത്രക്രിയകളിലുമൊക്കെ പുത്തന്‍ സമീപനം സൃഷ്ടിക്കാന്‍ 'ഗുഹാമനുഷ്യന്‍' ഇടയാക്കും എന്ന്‌. ചികിത്സ എന്നത്‌ ദൃശ്യസാധ്യതകളുടെ പുത്തന്‍ ലോകത്തേക്ക്‌ ചുവടുവെക്കുകയാണെന്നു സാരം.


ദൃശ്യവത്‌ക്കരണത്തിന്റെ പുത്തന്‍ലോകം


സങ്കീര്‍ണമായ ജൈവപ്രക്രിയകളെ വിവിരസാങ്കേതികവിദ്യയുടെ സഹായത്തോടെ, പരീക്ഷണത്തിനും പഠനത്തിനും യോഗ്യമായ തരത്തില്‍ ദൃശ്യവത്‌ക്കരിക്കുന്നതിനെ 'വിഷ്വല്‍ ബയോഇന്‍ഫര്‍മാറ്റിസ്‌'(visual bioinformatics) എന്നു വിശേഷിപ്പിക്കാം. കമ്പ്യൂട്ടര്‍ സങ്കേതത്തിന്റെ ആവിര്‍ഭാവത്തോടെ വര്‍ഷങ്ങള്‍ക്കു മുമ്പുതന്ന ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ പുതിയ പഠനശാഖ നിലവില്‍ വന്നെങ്കിലും, മാനവജിനോം പദ്ധതിയുടെ പൂര്‍ത്തീകരണത്തിന്‌ ശേഷമാണ്‌ ആ പഠനശാഖ കരുത്താര്‍ജിച്ചത്‌.


'കേവ്‌' സ്‌റ്റുഡിയോ

ഡേറ്റാ മൈനിങ്‌, ഡിജിറ്റല്‍ ലൈബ്രറികള്‍, മോഡലിങ്‌, മാതൃകാപഠനം തുടങ്ങി ഒട്ടേറെ നിലകളില്‍ വിപുലമായിത്തുടങ്ങിയ ബയോഇന്‍ഫര്‍മാറ്റിക്‌സിന്റെ പുതിയ മുഖമാണ്‌ ദൃശ്യവത്‌ക്കരണം. അതിന്‌ ഏറ്റവും മുന്തിയ ഉദാഹരണമായി 'ഗുഹാമനുഷ്യനെ' വിശേഷിപ്പിക്കാം. ഒട്ടേറെ സങ്കേതങ്ങളും സമീപനങ്ങളും വിഷ്വല്‍ ബയോഇന്‍ഫര്‍മാറ്റിക്‌സില്‍ സമ്മേളിച്ചിരിക്കുന്നു. സങ്കീര്‍ണമായ ജൈവസംവിധാനങ്ങളെ പുനസൃഷ്ടിച്ച്‌ 'പ്രതീതിയാഥാര്‍ത്ഥ്യ'(വിര്‍ച്വല്‍ റിയാലിറ്റി) ത്തിന്റെ ലോകം സൃഷ്ടിക്കുകയാണ്‌ ഇവിടെ ചെയ്യുക.

ദൃശ്യവത്‌ക്കരണത്തിന്റെ പുത്തന്‍ലോകം തുറന്നു തരുന്ന ഈ പഠനശാഖ യാഥാര്‍ത്ഥ്യമാകാന്‍ ഏതെങ്കിലും ഒരു മേഖലയിലെ വിദഗ്‌ധര്‍ മാത്രം പോര. ജീവലോകത്തെക്കുറിച്ചും വൈദ്യശാസ്‌ത്രത്തെക്കുറിച്ചും പഠിക്കാന്‍ മുമ്പ്‌ ആ മേഖലയില്‍ പാണ്ഡിത്യമുള്ളവര്‍ മാത്രം മതിയായിരുന്നു. എന്നാല്‍, അത്തരം വിദഗ്‌ധര്‍ക്കൊപ്പം ഭൗതീകശാസ്‌ത്രജ്ഞരും കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്ഞരും സോഫ്‌ട്‌വേര്‍ എഞ്ചിനിയര്‍മാരും ഗണിതപണ്ഡിതരും ദൃശ്യവിദഗ്‌ധരും ഒക്കെ ചേര്‍ന്നാണ്‌ വിഷ്വല്‍ ഇന്‍ഫര്‍മാറ്റിക്‌സ്‌ യാഥാര്‍ത്ഥ്യമാക്കുന്നത്‌.

ഔഷധഗവേഷണവും പരീക്ഷണവും മുതല്‍ അതിസങ്കീര്‍ണമായ പ്രോട്ടീന്‍ ഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ വരെ പഠിക്കാനും പരീക്ഷിക്കാനും ബയോഇന്‍ഫര്‍മാറ്റിക്‌സ്‌ അവസരമൊരുക്കുന്നു. അതിന്റെ സഹായത്തോടെ മുമ്പെങ്ങുമില്ലാത്ത വിധം ജീവശാസ്‌ത്ര, വൈദ്യശാസ്‌ത്ര പഠനത്തിന്റെ ഗതിവേഗം വര്‍ധിച്ചിരിക്കുന്നു. പുതിയ കണ്ടെത്തലുകള്‍ വേഗത്തിലുണ്ടാകുന്നു. ഇതുവരെ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത സാധ്യതകളും ഉയര്‍ന്നു വന്നിരിക്കുന്നു.(കടപ്പാട്‌: സണ്‍ സെന്റര്‍ ഓഫ്‌ എക്‌സലന്‍സ്‌ ഫോര്‍ വിഷ്വല്‍ ജിനോമിക്‌സ്‌, റോയിട്ടേഴ്‌സ്‌)-2007 ജൂലായ്‌ ലക്കം 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ പ്രസിദ്ധീകരിച്ചത്‌.

Friday, June 15, 2007

പ്ലൂട്ടോയ്‌ക്ക്‌ വീണ്ടും നഷ്ടം

പാവം പ്ലൂട്ടോ. സൗരയൂഥത്തില്‍ ഗ്രഹപട്ടികയില്‍ നിന്ന്‌ കഴിഞ്ഞ വര്‍ഷം തരംതാഴ്‌ത്തപ്പെട്ട അതിന്‌ വീണ്ടും സ്ഥാന നഷ്ടം.'കുള്ളന്‍ഗ്രഹ' (dwarf planet) പട്ടികയില്‍ ഒന്നാംസ്ഥാനം പ്ലൂട്ടോയ്‌ക്ക്‌ നഷ്ടമായി. 'ഇറിസ്‌'(Eris) എന്ന ക്ഷുദ്രഗ്രഹമാണത്രേ പിണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ ഏറ്റവും വലിയ ക്ഷുദ്രഗ്രഹം. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനമാണ്‌ പ്ലൂട്ടോയ്‌ക്കു വീണ്ടും തിരിച്ചടിയായിരിക്കുന്നത്‌.

സൗരയൂഥത്തിന്റെ വിദൂരഭാഗത്തുള്ള കിയ്‌പ്പര്‍ ബെല്‍റ്റി (Kueper belt)ലാണ്‌ പ്ലൂട്ടോ സ്ഥിതിചെയ്യുന്നത്‌. ആ മേഖലയില്‍ 2005-ല്‍ കണ്ടെത്തിയ 'ഇറിസി'ന്‌, പ്ലൂട്ടോയെക്കാള്‍ 27 ശതമാനം പിണ്ഡം (mass) കൂടുതലുണ്ടെന്നാണ്‌ ഗവേഷകര്‍ കണക്കുകൂട്ടിയിരിക്കുന്നത്‌. ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പിന്റെ സഹായത്തോടെ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌)യിലെ മൈക്ക്‌ ബ്രൗണിന്റെയും എമിലി ഷാലറുടെയും പഠനമാണ്‌ ഇക്കാര്യം തെളിയിച്ചത്‌- പുതിയലക്കം 'സയന്‍സ്‌' മാഗസിന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

2003-ല്‍ ആദ്യം നിരീക്ഷിച്ച '2003യുബി313' എന്ന കിയ്‌പ്പര്‍ ബെല്‍റ്റ്‌ വസ്‌തുവിനെ തിരിച്ചറിയുന്നത്‌ 2005-ലാണ്‌. മൈക്ക്‌ ബ്രൗണും സംഘവും തന്നെയായിരുന്നു ആ കണ്ടെലിന്‌ പിന്നിലും. പിന്നീട്‌ 'ഇറിസ്‌' എന്നു നാമകരണം ചെയ്യപ്പെട്ടു. ഗ്രീക്ക്‌ പുരാണത്തില്‍ ഭിന്നതയുടെയും വിവാദത്തിന്റെയും ദേവതയായ ഇറിസിന്റെ പേരു നല്‍കപ്പെട്ട ആ വസ്‌തുവിന്റെ കണ്ടുപിടിത്തമാണ്‌, യഥാര്‍ത്ഥത്തില്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തെറിപ്പിച്ചത്‌. ഇറിസ്‌ തന്നെ ഇപ്പോള്‍ പ്ലൂട്ടോയെ വീണ്ടും തരംതാഴ്‌ത്താന്‍ കാരണമായിരിക്കുന്നു.

1930 ഫിബ്രവരി 18-ന്‌ ക്ലൈഡ്‌ ടോംബോയെന്ന അമേരിക്കന്‍ വാനനിരീക്ഷകനാണ്‌ പ്ലൂട്ടോയെ തിരിച്ചറിഞ്ഞത്‌. പാതളദേവനായ പ്ലൂട്ടോയുടെ നാമത്തിലുള്ള അതിന്റെ മുക്കാല്‍ നൂറ്റാണ്ടു നിലനിന്ന ഗ്രഹപദവി, 2006 ആഗസ്‌ത്‌ 24-ന്‌ പ്രാഗില്‍ നടന്ന അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (IAU) സമ്മേളനം റദ്ദാക്കുകയായിരുന്നു. പുതിയതായി അംഗീകരിച്ച കുള്ളന്‍ഗ്രഹങ്ങളുടെ പട്ടികയില്‍ പ്ലൂട്ടോയെ ഉള്‍പ്പെടുത്തുകയും ചെയ്‌തു. പ്ലൂട്ടോയും ഇറിസും കൂടാതെ ക്ഷുദ്രഗ്രഹമായ 'സിറിസ്‌' (Ceres) ആണ്‌ അംഗീകരിക്കപ്പെട്ടിട്ടുള്ള മറ്റൊരു കുള്ളന്‍ഗ്രഹം.

ഇറിസിന്‌ പ്ലൂട്ടോയെക്കാള്‍ വ്യാസം കൂടുതലുണ്ടെന്ന്‌ മുമ്പു തന്നെ മനസിലായിരുന്നു. പിണ്ഡത്തിന്റെ താരതമ്യം ഇപ്പോഴാണ്‌ സാധ്യമാകുന്നത്‌. "അതനുസരിച്ച്‌ പ്ലൂട്ടോ ഇനി ഏറ്റവും വലിയ കുള്ളന്‍ഗ്രഹമല്ല"-മൈക്ക്‌ ബ്രൗണ്‍ അറിയിക്കുന്നു. വാര്‍ത്തുള ഭ്രമണപഥമാണ്‌ ഇറിസിന്റേതെന്ന്‌ അദ്ദേഹം പറയുന്നു. 560 വര്‍ഷംകൊണ്ടാണ്‌ സൂര്യനെ ഒരു തവണ അത്‌ വലംവെയ്‌ക്കുന്നത്‌. നിലവില്‍ ഭൂമിയില്‍നിന്ന്‌ 1450 കോടി കിലോമീറ്റര്‍ അകലെയാണ്‌ അത്‌ സ്ഥിതിചെയ്യുന്നത്‌. കൊടുംതണുപ്പാണ്‌ അതിന്റെ പ്രതലത്തില്‍; മൈനസ്‌ 250 ഡിഗ്രി സെല്‍സിയസ്‌. ഇറിസിനൊരു ഉപഗ്രഹവുമുണ്ട്‌; 'ഡിസ്‌നോമിയ'(Dysnomia).

പ്ലൂട്ടോ 250 വര്‍ഷംകൊണ്ടാണ്‌ സൂര്യനെ ഒരു തവണ വലംവെക്കുന്നത്‌. വാര്‍ത്തുള ഭ്രമണപഥം തന്നെയാണ്‌ അതിന്റെയും. ചിലയവസരങ്ങളില്‍ നെപ്യൂണിന്റെ ഭ്രമണപഥം മുറിച്ചു കടന്ന്‌ പ്ലൂട്ടോ ഇപ്പുറത്തെത്തും. പ്ലൂട്ടോയുടെ ഗ്രഹപദവി പോകാന്‍ ഇതും കാരണമായിരുന്നു. പ്ലൂട്ടോയ്‌ക്ക്‌ മൂന്ന്‌ ഉപഗ്രഹങ്ങളുള്ളതായി സ്ഥിരീകരിച്ചിട്ടുണ്ട്‌; കെയ്‌റണ്‍, നിക്‌സ്‌, ഹൈഡ്ര . സൗരയൂഥത്തില്‍ കുറഞ്ഞത്‌ 50 വസ്‌തുക്കളെങ്കിലും കുള്ളന്‍ഗ്രഹ പദവിക്ക്‌ യോഗ്യതയുള്ളതായി ഉണ്ടെന്ന്‌ മൈക്ക്‌ ബ്രൗണ്‍ പറഞ്ഞു.(അവലംബം: സയന്‍സ്‌ ഗവേഷണവാരിക)

Thursday, June 14, 2007

ചിറകുള്ള ദിനോസര്‍ ഭീമന്‍


പക്ഷികളെപ്പോലെ ചിറകുള്ള ഭീമന്‍ ദിനോസറിന്റെ ഫോസില്‍ ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍നിന്ന്‌ ഗവേഷകര്‍ കണ്ടെടുത്തു. ദിനോസറുകളെപ്പറ്റി നിലവിലുള്ള പല ധാരണകളും തിരുത്താന്‍ ഈ കണ്ടെത്തല്‍ കാരണമായേക്കാം.

തിന്‌ മുമ്പ്‌ തിരിച്ചറിഞ്ഞിട്ടുള്ള ചിറകുള്ള ദിനോസറുകളെക്കാള്‍ 35 മടങ്ങ്‌ ഭാരമുണ്ട്‌ പുതിയ ഇനത്തിന്‌. അവ എന്തു കഴിച്ചാണ്‌ ജീവിച്ചിരുന്നത്‌ എന്നകാര്യം ഗവേഷകര്‍ക്ക്‌ വ്യക്തമായിട്ടില്ല. 'ഗിഗാന്ററാപ്‌ടര്‍ ഇര്‍ലിയാനെന്‍സിസ്‌' (Gigantoraptor erlianensis) എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയിട്ടുള്ള ഈ ജീവക്ക്‌ 1400 കിലോഗ്രാം ഭാരമുണ്ടായിരുന്നു; എട്ടുമീറ്റര്‍ നീളവും. മാംസഭുക്കുകളായ ദിനോസറുകള്‍ പരിണാമം വഴി പക്ഷികളുടെ രൂപമാര്‍ജിക്കുമ്പോള്‍, അവയുടെ വലിപ്പം കുറയുമെന്ന വാദത്തിന്‌ പുതിയ കണ്ടുപിടിത്തം വെല്ലുവിളിയാണ്‌.

ഈ പ്രാചീനജീവികള്‍ മാംസഭൂക്കായിരുന്നോ സസ്യഭുക്കായിരുന്നോ എന്ന കാര്യത്തില്‍ ഒരു നിഗമനത്തിലുമെത്താന്‍ ഗവേഷകര്‍ക്കായിട്ടില്ല. കാരണം, ഇവയ്‌ക്ക്‌ മാംസഭുക്കുകളുടെയും സസ്യഭുക്കുകളുടെയും ലക്ഷണം ഉണ്ട്‌. കൂര്‍ത്ത്‌ മൂര്‍ച്ചയേറിയ നഖങ്ങള്‍ മാംസഭുക്കിന്റെ ലക്ഷണമാകുമ്പോള്‍, ചെറിയ ശിരസ്സും നീണ്ട കഴുത്തും സസ്യഭുക്കുകളുടെ സൂചനയാണ്‌ നല്‍കുന്നത്‌.

ഇന്നര്‍ മംഗോളിയയിലെ ഇര്‍ലിയാന്‍ തടത്തില്‍നിന്നാണ്‌ ഫോസിലുകള്‍ കണ്ടെടുത്തത്‌. ഏഴുകോടി വര്‍ഷം മുമ്പ്‌ ക്രിറ്റേഷ്യസ്‌ യുഗ (Cretaceous Period)ത്തിന്റെ അവസാനകാലത്താണ്‌ ഇവ ജീവിച്ചിരുന്നത്‌. 'ടൈറനോസ്സറസ്‌ റെക്‌സ്‌' (T.rex) ഉള്‍പ്പെടുന്ന 'ടൈറനോസ്സര്‍' വിഭാഗത്തിലാണ്‌, പുതിയതായി കണ്ടെത്തിയ ജീവിയും ഉള്‍പ്പെടുന്നതെന്നാണ്‌ ഗവേഷകര്‍ ആദ്യം കരുതിയത്‌-‌ 'നേച്ചര്‍' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.
എന്നാല്‍, 'തെറോപോഡ്‌' (theropod) ഗ്രൂപ്പില്‍ പെടുന്നതാണ്‌ ഈ ജീവികളെന്ന്‌ പിന്നീട്‌ വ്യക്തമായി. സാധാരണഗതിയില്‍ ഈ ഗ്രൂപ്പിലെ അംഗങ്ങള്‍ മാംസഭുക്കുകളാണ്‌. പക്ഷേ, 'ഇര്‍ലിയാനെന്‍സിസി'ന്‌ പല്ലില്ല. അവ എന്താണ്‌ ഭക്ഷിച്ചിരുന്നതെന്നത്‌ ഒരു നിഗൂഢതയാണ്‌-ലണ്ടന്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ദിനോസര്‍ ഗവേഷകനായ ഡോ.പോള്‍ ബാരെറ്റ്‌ പറയുന്നു.
ടി.റെക്‌സുകളെക്കാള്‍ വേഗത്തില്‍ വളരുന്ന ഇനമായതിനാലാവണം പുതിയ ദിനോസറുകള്‍ ഇത്ര ഭീമന്‍മാരാകാന്‍ കാരണമെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. വളര്‍ച്ച പൂര്‍ത്തിയാക്കാതെ ചെറുപ്പത്തിലേ നശിച്ച ഒരെണ്ണത്തിന്റെ ഫോസിലാണ്‌ ഇപ്പോള്‍ കണ്ടുകിട്ടിയത്‌. അസ്ഥികളുടെ വളര്‍ച്ചാനിരക്കു വെച്ച്‌ 11 വര്‍ഷം പ്രായമുള്ളപ്പോള്‍ നശിച്ച ദിനോസറാണതെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു.
"അത്ഭുതകരമായ കണ്ടുപിടിത്തമാണിത്‌. ഇതല്ല ഞങ്ങള്‍ പ്രതീക്ഷിച്ചത്‌"-ബെയ്‌ജിങില്‍ ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസിലെ പുരാവസ്‌തു ഗവേഷകനായ ക്‌സു ലിങ്‌ പറയുന്നു. പരിണാമ ശാഖയില്‍ പക്ഷികളുമായി നേരിട്ടു ബന്ധമുള്ള വര്‍ഗ്ഗമല്ല ഈ ദിനോസറെന്ന്‌ ഡോ. ബാരെറ്റ്‌ അഭിപ്രായപ്പെടുന്നു. പക്ഷികളുടേതായി ഇന്നറിയപ്പെടുന്ന ചില ലക്ഷണങ്ങള്‍ അവയുടെ ചില ബന്ധുവര്‍ഗ്ഗങ്ങള്‍ക്കും ഉണ്ടായിരുന്നിരിക്കാമെന്ന ആശയത്തെ പുതിയ കണ്ടെത്തല്‍ പിന്താങ്ങുന്നു.(അവലംബം: 'നേച്ചര്‍' ഗവേഷണവാരിക)

Wednesday, June 13, 2007

ഭൂമിക്കു പനി; കേരളത്തിനും

അടുത്തകാലത്തായി കേരളം എന്തുകൊണ്ട്‌ പനിയുടെ രൂക്ഷതയില്‍ വിറയ്‌ക്കുന്നു. ചിക്കുന്‍ ഗുനിയയും ഡെങ്കിപ്പനിയും പോലെ കൊതുകു പരത്തുന്ന രോഗങ്ങള്‍ നമ്മളെ വേട്ടയാടാന്‍ ആരംഭിച്ചിരിക്കുന്നത്‌ എന്തുകൊണ്ട്‌. ശുചിത്വക്കുറവെന്ന പരമ്പരാഗത വിശദീകരണത്തില്‍ ഈ പ്രതിഭാസത്തെ ഒതുക്കാനാകുമോ? കൊതുകു പരത്തുന്ന പകര്‍ച്ചവ്യാധികള്‍ പുതിയ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഭൂമിക്കു ചൂടുപിടിക്കുന്നതിന്റെ ആദ്യസൂചനയാണെന്ന്‌ ഗവേഷകര്‍ പറയുന്നു. അങ്ങനെയെങ്കില്‍, ആഗോളതാപനത്തിന്റെ ദുരിതഫലമല്ലേ കേരളം ഇപ്പോള്‍ അനുഭവിച്ചു തുടങ്ങിയിരിക്കുന്നത്‌

നി ചെറുക്കാന്‍ പട്ടാളമെത്തിയിരിക്കുകയാണ്‌ കേരളത്തില്‍. ചരിത്രത്തിലാദ്യമായാണ്‌ ഇത്തരമൊരു അനുഭവം. ദിനംപ്രതി ആയിരങ്ങള്‍ പനിപിടിച്ച്‌ ആസ്‌പത്രികളിലെത്തുന്നു. രോഗികളെ ഉള്‍ക്കൊള്ളാനാകതെ ആസ്‌പത്രികള്‍ വീര്‍പ്പുമുട്ടുന്നു. മരുന്നും കിടക്കകളും ഡോക്ടര്‍മാരും നഴ്‌സുമാരുമൊന്നും തികയാത്ത അവസ്ഥ. ദിവസവും മരിച്ചവരുടെ സംഖ്യ നിരത്തുന്ന മുഖ്യവാര്‍ത്തകളുമായി പത്രങ്ങളും. കേരളം ശരിക്കും പരീക്ഷിക്കപ്പെടുകയാണ്‌. പൊതുജനാരോഗ്യരംഗത്ത്‌ നമ്മള്‍ കൈവരിച്ചുവെന്ന്‌ അഭിമാനപൂര്‍വം പറയാറുള്ള പല നേട്ടങ്ങളും നമുക്കു നേരെ കൊഞ്ഞനം കുത്തുന്ന അവസ്ഥ.

പട്ടാളം എത്തുന്നത്‌ പുതുമയാണെങ്കിലും, കേരളം പനിയുടെ പിടിയില്‍ പെടുന്നത്‌ ആദ്യമായല്ല. സമീപവര്‍ഷങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍, ഓരോ വര്‍ഷവും ഇത്തരം പകര്‍ച്ചവ്യാധികളുടെ രൂക്ഷത ഏറുന്നതായി കാണാം. ചിക്കുന്‍ ഗുനിയ പോലെ ഇത്രകാലവും കേരളീയര്‍ക്ക്‌ കേട്ടറിവു മാത്രമായിരുന്നു പല പകര്‍ച്ചവ്യാധികളും സമീപകാലത്ത്‌ ഇവിടെ ഭീഷണി സൃഷ്ടിച്ച്‌ എത്തുന്നു. കഴിഞ്ഞ വര്‍ഷം ഓഗസ്‌ത്‌, സപ്‌തംബര്‍ മാസങ്ങളില്‍ കേരളത്തെ ഭീതിയിലാഴ്‌ത്തിയ ചിക്കുന്‍ ഗുനിയ ഇത്തവണ ജൂണില്‍ തന്നെ കൂടുതല്‍ രൂക്ഷമായി അവതരിച്ചിരിക്കുന്നു.
ഈഡിസ്‌ ഈജിപ്‌റ്റി കൊതുക്‌

1953-ല്‍ ആദ്യമായി ടാന്‍സാനിയയില്‍ തിരിച്ചറിഞ്ഞ രോഗമാണ്‌ ചിക്കുന്‍ ഗുനിയ. അവിടുത്തെ സ്വാഹിലി ഭാഷയില്‍ 'വളഞ്ഞുനില്‍ക്കുക'യെന്നാണ്‌ ഈ വാക്കിനര്‍ത്ഥം. ചിക്കുന്‍ ഗുനിയ വന്നാല്‍ സന്ധിവേദന സഹിക്കാതെ വളഞ്ഞു പുളയുന്ന രോഗികളെ ഈ പേര്‌ പ്രതീകവത്‌ക്കരിക്കുന്നു. 'ടോഗോ വൈറിഡേ' കുടുംബത്തില്‍പെട്ട 'ആല്‍ഫ വൈറസ്‌ ജിനസി'ലെ ഒരു ആര്‍.എന്‍.എ വൈറസാണ്‌ രോഗകാരി. 54 വര്‍ഷം മുമ്പ്‌ തിരിച്ചറിഞ്ഞ ഈ രോഗം കേരളത്തെ ആദ്യമായി പിടികൂടുന്നത്‌ കഴിഞ്ഞ വര്‍ഷമാണ്‌. തമിഴ്‌നാടിന്റെ തെക്കന്‍ ജില്ലകളിലും കഴിഞ്ഞ വര്‍ഷം ഈ രോഗം വല്ലാതെ ദുരിതം വിതച്ചു.

ചിക്കുന്‍ ഗുനിയ മാത്രല്ല, ഡെങ്കിപ്പനി പോലുള്ള മാരകരോഗങ്ങളുടെ തോതും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരുന്നു. എന്താവാം പനി ഓരോ വര്‍ഷവും ഇങ്ങനെ വര്‍ധിക്കാന്‍ കാരണം. വിവാദങ്ങള്‍ക്ക്‌ പഞ്ഞമില്ലാത്ത കേരളത്തില്‍ തീര്‍ച്ചയായും രാഷ്ട്രീയപാര്‍ട്ടികള്‍ ഇത്‌ സര്‍ക്കാരിന്റെ കഴിവുകേടായി ചിത്രീകരിക്കുക സ്വാഭാവികം. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനം മന്ദീഭവിച്ചതാണ്‌ രോഗംനേരിടുന്നതില്‍ പരാജയപ്പെടുന്നതെന്ന വിമര്‍ശനവും പ്രതീക്ഷിക്കാവുന്നതു തന്നെയാണ്‌. പക്ഷേ, ഒറ്റയടിക്ക്‌ നാടുനീളെ പതിനായിരങ്ങള്‍ പനിച്ചുവിറച്ചെത്തുന്നത്‌ നേരിടാന്‍ തരത്തില്‍ അടിസ്ഥാനസൗകര്യം ഒരു സംസ്ഥാനത്തെ ആരോഗ്യവകുപ്പിന്‌ എന്നെങ്കിലും ഉണ്ടാകുമോ

മറ്റൊരു വാദം പരിസരശുചിത്വത്തില്‍ കേരളീയര്‍ പുലര്‍ത്തുന്ന പിന്തിരിപ്പന്‍ മനോഭാവമാണ്‌ ഇത്തരം പകര്‍ച്ചവ്യാധികള്‍ വര്‍ധിക്കാന്‍ കാരണമെന്നതാണ്‌. ശരിതന്നെയാണ്‌. പരിസരം വൃത്തികേടായിരിക്കുന്നത്‌ രോഗാണുക്കള്‍ക്ക്‌ വളരാന്‍ അനുകൂല സാഹചര്യമൊരുക്കുന്നു. രോഗാണുക്കള്‍ക്കു മാത്രമല്ല, അവയെ പരത്തുന്ന കൊതുക്‌, ഈച്ച തുടങ്ങിയ പ്രാണികളും പെരുകാന്‍ ഇടയാകും. വ്യക്തിശുചിത്വത്തില്‍ വലിയ നിഷ്‌കര്‍ഷ കാട്ടുന്ന മലയാളി, പരിസര ശുചിത്വത്തില്‍ കാട്ടുന്ന അലംഭാവം അപലപിക്കപ്പെടേണ്ടതു തന്നെയാണ്‌. താനുണ്ടാക്കുന്ന മാലിന്യങ്ങള്‍ അന്യന്റെ പറമ്പിലോ റോഡു വക്കത്തോ ഇട്ട്‌ പോരാമെന്ന മനോഭാവം മലയാളി ഉപേക്ഷിച്ചേ തീരൂ.

ഇതൊക്കെ ശരി തന്നെ. പക്ഷേ, കേരളീയരുടെ ഇത്തരം മനോഭാവം പുതിയതല്ല; അത്‌ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. എന്നാല്‍, സമീപവര്‍ഷങ്ങളിലാണ്‌ ചിക്കുന്‍ ഗുനിയ പോലുള്ള രോഗങ്ങളുടെ തീഷ്‌ണത വര്‍ധിച്ചിരിക്കുന്നത്‌. എന്തുകൊണ്ടാവാം അത്‌. മനുഷ്യരില്‍ നിന്ന്‌ മനുഷ്യരിലേക്ക്‌ നേരിട്ടു പകരുന്ന രോഗമല്ല ചിക്കുന്‍ ഗുനിയ. കൊതുകുകളാണ്‌ പരത്തുന്നത്‌. 'ഈഡിസ്‌ ഈജിപ്‌റ്റി' (Aedes aegypti)യാണ്‌ യഥാര്‍ത്ഥ പ്രതി (കേരളത്തില്‍ 'ടൈഗര്‍ കൊതുകുകളും'-Aedes albopictus- രോഗം പരത്താറുണ്ട്‌).
ടൈഗര്‍ കൊതുക്‌
പരിസരമലിനീകരണമാണ്‌ ചിക്കുന്‍ ഗുനിയ പടരാന്‍ കാരണം എന്നത്‌ പൂര്‍ണമായി ശരിയാണോയെന്ന്‌, ഈഡിസ്‌ ഈജിപ്‌തി കൊതുകുകള്‍ പെരുകുന്നതിന്റെ രീതി പരിശോധിക്കുമ്പോള്‍ സംശയമുയരുന്നു. കാരണം, മലിനജലത്തില്‍ ഇവ പ്രജനനം നടത്താറില്ല; തെളിഞ്ഞ മലിനമാകാത്ത വെള്ളം വേണം അതിന്‌. ശരീരത്തില്‍ ചെറിയ പുള്ളികളുള്ള ഇവയ്‌ക്ക്‌ 'സുന്ദരിക്കൊതുകുകള്‍' എന്നും വിളിപ്പേരുണ്ട്‌. അതുകൊണ്ടുതന്നെ നഗരത്തിലെ മലിനജലത്തെക്കാള്‍ ഇവയ്‌ക്കിഷ്ടം നാട്ടിന്‍പുറങ്ങളാണ്‌. കേരളത്തില്‍ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചിരിക്കുന്നത്‌ നഗരങ്ങളിലല്ല, നാട്ടിന്‍പുറങ്ങളിലാകാന്‍ ഒരു കാരണം ഇതാണ്‌ (പനിക്കെതിരെ ആദ്യം പട്ടാളമിറങ്ങിയത്‌ തിരുവന്തപുരം ജില്ലയില്‍ അഗസ്‌ത്യകൂടം താഴ്‌വരയിലെ അമ്പൂരിയിലാണെന്ന കാര്യം ഓര്‍ക്കുക).

പറമ്പിലും റബ്ബര്‍ തോട്ടങ്ങളിലും മറ്റും ചിരട്ടകളിലും പ്ലാസ്‌റ്റ്‌ക്ക്‌ ഷീറ്റുകളിലും ടയര്‍ കഷണങ്ങളിലും ഒക്കെ കെട്ടിനില്‍ക്കുന്ന മഴവെള്ളത്തിലാണ്‌ ഇവ പെരുകുന്നത്‌. നനവുള്ള പ്രതലത്തില്‍ പോലും മുട്ടയിട്ട്‌ ഇവയ്‌ക്കു പെരുകാനാകും. പകല്‍നേരത്തു മാത്രമേ ഇവ മനുഷ്യരെ ആക്രമിക്കാറുള്ളൂ. ടൈഗര്‍ കൊതുകുകളും ഇതേ സ്വഭാവക്കാരാണ്‌. മനുഷ്യരില്‍ നിന്നു മനുഷ്യരിലേക്ക്‌ നേരിട്ടു പകരാത്ത രോഗമായതിനാല്‍, ചിക്കുന്‍ ഗുനിയ പടരുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം ഇത്തരം കൊതുകുകള്‍ കൂടുതലായി പെരുകുന്നു എന്നാണ്‌. കൊതുകിന്‌ പെരുകാനുള്ള സാഹചര്യം കൂടുതല്‍ അനുകൂലമായിക്കൊണ്ടിരിക്കുന്നു എന്നും ഇതിനെ വ്യാഖ്യാനിക്കാം.
എന്താവാം ആ സാഹചര്യം? മലിനീകരണത്തെയും ശുചിത്വമില്ലായ്‌മയെയും മാത്രം പ്രതിസ്ഥാനത്ത്‌ നിര്‍ത്തുന്നത്‌ യുക്തിക്കു നിരക്കാത്തതാണെന്ന്‌, രോഗം പരത്തുന്നു കൊതുകിന്റെ പ്രജനന രീതി വ്യക്തമാക്കുന്നു. അങ്ങനെയെങ്കില്‍ ഇത്തരം കൊതുകുകള്‍ കൂടുതലായി പെരുകാന്‍ ഇടയാക്കുന്ന ഘടകമെന്താണ്‌. ഇവിടെയാണ്‌ പനിപിടിച്ച ഭൂമിയുടെ സ്വാധീനം കടന്നു വരുന്നത്‌. ഭൂമിയിലെ താപനില ആഗോളതാപനം മൂലം വര്‍ധിച്ചുകൊണ്ടിരിക്കുന്നു എന്നതും, കൊതുകിന്‌ പെരുകാന്‍ സാഹചര്യം കൂടുതല്‍ അനുകൂലമാകുന്നു എന്നതും കൂട്ടിവായിക്കേണ്ട കാര്യങ്ങളാണെന്ന്‌ സാരം.
ചൂടും ഈര്‍പ്പവും വേണം കൊതുകിന്‌ പെരുകാന്‍. ഇതുരണ്ടും കുറവായതിനാലാണ്‌ ശീതരാജ്യങ്ങളില്‍ കൊതുകില്ലാത്തത്‌. കൊതുകിന്‌ പെരുകാന്‍ കൂടുതല്‍ അനുകൂലമായ വിധത്തില്‍ അന്തരീക്ഷതാപനില വര്‍ഷംതോറും വര്‍ധിച്ചു വരുന്നതാണ്‌, കേരളം ഇപ്പോള്‍ അനുഭവിക്കുന്ന ദുരന്തത്തിന്‌ പിന്നിലെ യഥാര്‍ത്ഥ കാരണമെന്ന്‌ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ വെച്ച്‌ മനസിലാക്കാന്‍ ബുദ്ധിമുട്ടില്ല. ആഗോളതാപനത്തിന്റെ നേരിട്ടുള്ള ഫലമാണ്‌ കേരളം ഇപ്പോള്‍ അനുഭവിക്കുന്നതെന്നാണ്‌ ഇതിനര്‍ത്ഥം. ഭൂമിക്കു ചൂടുകൂടുമ്പോള്‍ പകര്‍ച്ചവ്യാധികളുടെ, പ്രത്യേകിച്ചും കൊതുകു പരത്തുന്ന മലമ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മഞ്ഞപ്പനി, വെസ്റ്റ്‌നൈല്‍ വൈറസ്‌ എന്നിങ്ങനെയുള്ള രോഗങ്ങളുടെ, രൂക്ഷത വര്‍ധിക്കുമെന്നത്‌ മുമ്പു തന്നെ കാലാവസ്ഥാ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കിയിട്ടുള്ള കാര്യമാണ്‌. കൊതുകിന്‌ സാഹചര്യം കൂടുതല്‍ അനുകൂലമാകുമെന്നതാണ്‌ കാരണം.
മാത്രല്ല, ആഗോളതാപനം ഇത്തരം പകര്‍ച്ചവ്യാധികളുടെ ഭൂമിശാസ്‌ത്രപരമായ ക്രമം മാറ്റിമറിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഉദാഹരണത്തിന്‌, പരമ്പരാഗതമായി പ്രത്യക്ഷപ്പെട്ട സ്ഥലങ്ങളിലായിക്കൊള്ളണമെന്നില്ല ചിക്കുന്‍ ഗുനിയ പൊട്ടിപ്പുറപ്പെടുന്നത്‌. കേരളത്തില്‍ കഴിഞ്ഞ വര്‍ഷമാണ്‌ ഈ പകര്‍ച്ചവ്യാധി ഭീതിപരത്താനാരംഭിച്ചത്‌. എന്നാല്‍, ഏതൊക്കെ തരത്തിലാകും ഈ ക്രമത്തില്‍ മാറ്റം വരികയെന്ന്‌ ഗവേഷകര്‍ക്ക്‌ വ്യക്തതയില്ല. "പഴയരോഗങ്ങള്‍ പുതിയ സ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്‌ പരിസ്ഥിതിയുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ട കാര്യമാണ്‌"-അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജിയുടെ ടൊറന്റോയില്‍ അടുത്തയിടെ നടന്ന പൊതുയോഗത്തില്‍, കൊളംബിയ സര്‍വകലാശാലയിലെ സ്‌റ്റീഫന്‍ മോഴ്‌സ്‌ പറഞ്ഞു. കൊതുകു പരത്തുന്ന രോഗങ്ങള്‍ പുതിയ സ്ഥലങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌ ആഗോളതാപനത്തിന്റെ ആദ്യസൂചനയായി കാണാമെന്ന്‌ അദ്ദേഹം പറയുന്നു.
ഇത്തരം വസ്‌തുതകളുടെ വെളിച്ചത്തില്‍ വേണം കേരളത്തിലെ പനിബാധയെക്കുറിച്ച്‌ ചര്‍ച്ച ചെയ്യാന്‍. പറഞ്ഞു ശീലിച്ച കാര്യങ്ങള്‍ ആവര്‍ത്തിച്ചിട്ടു കാര്യമില്ല എന്നു സാരം. കാലാവസ്ഥ മാറുകയാണ്‌. അത്‌ പ്രളയമായും വരള്‍ച്ചയായും മാത്രമല്ല, പകര്‍ച്ചവ്യാധികളായും നമ്മളെ വേട്ടയാടും എന്ന വസ്‌തുത അംഗീകരിക്കാന്‍ സമയമായി. ഈ കാലാവസ്ഥാവ്യതിയാനം കൂടി കണക്കിലെടുത്തു വേണം ആരോഗ്യരംഗത്തു പോലും നമ്മള്‍ വരുംവര്‍ഷങ്ങളില്‍ ആസൂത്രണം നടത്താനും പദ്ധതികള്‍ തയ്യാറാക്കാനും. കൊതുകു വളരാന്‍ അനുകൂല സാഹചര്യം വര്‍ധിക്കുകയാണ്‌, അതിനാല്‍ ഇതിനെതിരെ കൂടുതല്‍ ജാഗ്രത പാലിക്കാന്‍ ജനങ്ങളെ ബോധവത്‌ക്കരിക്കുകയും വേണം. അതല്ലാതെ ഒരാഴ്‌ചത്തെ ശുചീകരണം കൊണ്ടോ, പരസ്‌പരമുള്ള പ്രസ്‌താവനായുദ്ധങ്ങള്‍ കൊണ്ടോ മാത്രം ഇനിയുള്ള കാലം പിടിച്ചു നില്‍ക്കാനാവില്ല.
(അവലംബം: ചികുന്‍ ഗുനിയ ഭീതി പരത്തുമ്പോള്‍-ഡോ.എം.മുരളീധരന്‍, മാതൃഭൂമി ആരോഗ്യരംഗം, ആഗസ്‌ത്‌ 27, 2006, 'അമേരിക്കന്‍ സൊസൈറ്റി ഫോര്‍ മൈക്രോബയോളജി'യുടെ വാര്‍ത്താക്കുറിപ്പ്‌ (മെയ്‌ 22,2007), വില്ലന്‍ കൊതുകുകളെ നേരിടാന്‍-ഡോ.മാത്യു പാറയ്‌ക്കല്‍, മലയാള മനോരമ, ജൂണ്‍12, 2007, വിക്കിപീഡിയ. ചിത്രങ്ങള്‍ക്ക്‌ കടപ്പാട്‌: മാതൃഭൂമി, വിക്കിപീഡിയ).

Monday, June 11, 2007

ആദ്യകൃത്രമജീവി പരീക്ഷണശാലയില്‍ ഒരുങ്ങുന്നു

ആദ്യമായി ഒരു കൃത്രിമജീവി പരീക്ഷണശാലയില്‍ ജന്മമെടുക്കുകയാണ്‌. ലോകത്തെ ഏറ്റവും കുശാഗ്രബുദ്ധിയായ ജനിതക ശാസ്‌ത്രജ്ഞന്‍ ക്രെയ്‌ഗ്‌ വെന്ററാണ്‌ അതിന്‌ പിന്നില്‍. ആ കൃത്രിമജീവിയ്‌ക്ക്‌ പേറ്റന്റ്‌ നേടാന്‍ ക്രെയ്‌ഗ്‌ വെന്ററിന്റെ സ്ഥാപനം നടത്തുന്ന ശ്രമം ഇതിനകം വിവാദമായിക്കഴിഞ്ഞു

നുഷ്യനുമായി ദൈവം ആദ്യമായി മത്സരിക്കേണ്ടി വന്നിരിക്കുന്നു; സൃഷ്ടിയുടെ കാര്യത്തില്‍. ക്രെയ്‌ വെന്റര്‍ എന്ന ജനിതകശാസ്‌ത്രജ്ഞന്‍ ചരിത്രത്തിലാദ്യമായി ഒരു ജീവിയെ പരീക്ഷണശാലയില്‍ കൃത്രിമമായി സൃഷ്ടിക്കുകയാണ്‌. ഡി.എന്‍.എ.തുണ്ടുകളുപയോഗിച്ച്‌ രാസമാര്‍ഗ്ഗത്തില്‍ കൂട്ടിവിളക്കിയുണ്ടാക്കിയ ജിനോം ആണ്‌ ഇതിനുപയോഗിക്കുന്നത്‌. 'മൈക്കോപ്ലാസ്‌മ ലബോറട്ടോറിയം' (Mycoplasma laboratorium) എന്നു പേരിട്ടിട്ടുള്ള ഈ ഭാവിബാക്ടീരിയത്തിന്റെ പേറ്റന്റിന്‌ മേരിലന്‍ഡില്‍ റോക്ക്‌വില്ലെയിലെ ജെ.ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ലോകവ്യാപകമായി അപേക്ഷ നല്‍കിക്കഴിഞ്ഞു.

പൊതുമേഖലാ സംരംഭമായിരുന്ന ഹ്യുമന്‍ജിനോം പദ്ധതിക്ക്‌ വെല്ലുവിളിയുയര്‍ത്തി, തൊണ്ണൂറുകളുടെ അവസാനം സ്വന്തം നിലയ്‌ക്ക്‌ മാനവജിനോം കണ്ടെത്തിയ 'സെലേറ ജിനോമിക്‌സ്‌' എന്ന കമ്പനിയുടെ സ്ഥാപകനാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍. ഒരുപക്ഷേ, ഇന്ന്‌ ലോകത്ത്‌ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും കഴിവുറ്റ അല്ലെങ്കില്‍ കുശാഗ്രബുദ്ധിയായ ജനിതക ശാസ്‌ത്രജ്ഞന്‍. അദ്ദേഹം സെലേറയ്‌ക്കു ശേഷം സ്ഥാപിച്ചതാണ്‌ 'ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌'. ജൈവഇന്ധനങ്ങള്‍ ഉത്‌പാദിപ്പിക്കുന്നതു മുതല്‍ ഹരിതഗൃഹവാതകവ്യാപനം ചെറുക്കാന്‍ വരെ ഇത്തരം കൃത്രിമസൂക്ഷ്‌മജീവികളെ ഭാവിയില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കുമെന്ന്‌ അടുത്തയിടെ 'ന്യൂസ്‌ വീക്ക്‌' വാരികയ്‌ക്കു നല്‍കിയ അഭിമുഖത്തില്‍ ക്രെയ്‌ഗ്‌ വെന്റര്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

ക്രെയ്‌ഗ്‌ വെന്റര്‍
'ഒലിഗോന്യൂക്ലിയോടൈഡ്‌സ്‌' (oligonucleotides) എന്നു പേരുള്ള ഡി.എന്‍.എ.തുണ്ടുകളാണ്‌ ക്രെയ്‌ഗ്‌ വെറ്ററും കൂട്ടരും കൃത്രിമസൂക്ഷ്‌മജീവിയുടെ സൃഷ്ടിക്ക്‌ ഉപയോഗിക്കുന്നത്‌. ഡി.എന്‍.എ.യിലെ പരമാവധി 100 രാസാക്ഷരങ്ങള്‍ വരെ അടങ്ങിയ ഈ തുണ്ടുകള്‍ 'ഒലിഗോസ്‌' (oligos) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നു. ഇത്തരം ഒലിഗോസുകളെ പരീക്ഷണശാലയില്‍ വെച്ച്‌ കൂട്ടിവിളക്കി പരമാവധി കുറഞ്ഞയെണ്ണം ജീനുകളടങ്ങിയ കൃത്രിമബാക്ടീരിയത്തെ സൃഷ്ടിക്കുന്ന പ്രവര്‍ത്തനമാണ്‌ പുരോഗമിച്ചുകൊണ്ടുരിക്കുന്നത്‌. ക്രെയ്‌ഗ്‌ വെന്റര്‍ 2002-ല്‍ പ്രഖ്യാപിച്ച പദ്ധതിയാണിത്‌.

'മൈക്കോപ്ലാസ്‌മ ജനിറ്റലിയം' (Mycoplasma genitalium) എന്ന ബാക്ടീരിയയുടെ (ആദ്യം ചേര്ത്തിരിക്കുന്നത് ആ ബാക്ടീരിയത്തിന്റെ ചിത്രമാണ്) രൂപഘടനയാണ്‌ കൃത്രിമജീവിയുടെ മാതൃകയായി ഗവേഷകര്‍ സ്വീകരിച്ചിട്ടുള്ളത്‌. അതിലെ ജീനുകളില്‍ 'അത്യാവശ്യമില്ലാത്തവ'യെത്ര എന്നായിരുന്നു ആദ്യം പരിശോധിച്ചത്‌. എത്ര ജീനുണ്ടെങ്കില്‍ അതിന്‌ ജീവിക്കാനും അടുത്ത തലമുറയ്‌ക്കു ജന്മമേകാനും കഴിയും എന്ന്‌ മനസിലാക്കാനായിരുന്നു ശ്രമം. അതിന്‌ ആവശ്യമായ ജീനുകളുടെ സംഖ്യ 265-നും 350-നും മധ്യേ ആണെന്ന്‌ തങ്ങള്‍ കണ്ടെത്തിയതായി, ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ പേറ്റന്റ്‌ അപേക്ഷയില്‍ പറയുന്നു. അമേരിക്കയിലും മറ്റ്‌ നൂറ്‌ രാജ്യങ്ങളിലും പേറ്റന്റ്‌ ലഭിക്കാനാണ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ അപേക്ഷിച്ചിട്ടുള്ളത്‌.

പേറ്റന്റ്‌ ശ്രമം വിവാദത്തിലേക്ക്‌

ഡി.എന്‍.എ.ഭാഗങ്ങളുപയോഗിച്ച്‌ മുമ്പ്‌ ഗവേഷകര്‍ പോളിയോ വൈറസിനെ സൃഷ്ടിച്ചിരുന്നു. പുതിയ ജിനോം വിവരങ്ങളുടെ സഹായത്തോടെ എത്രയെളുപ്പത്തില്‍ ജൈവായുധങ്ങള്‍ (bioweapons) സൃഷ്ടിക്കാന്‍ സാധിക്കും എന്നു ലോകത്തിന്‌ കാട്ടിക്കൊടുക്കാനാണ്‌ ഗവേഷകര്‍ അത്‌ ചെയ്‌തത്‌. എന്നാല്‍, അതില്‍ നിന്ന്‌ വ്യത്യസ്‌തമാണ്‌ ക്രെയ്‌ഗ്‌ വെന്ററും സംഘവും സൃഷ്ടിക്കുന്ന ജീവി. വളരാനും പെരുകാനും കഴിവുള്ള ആദ്യകൃത്രിമജീവിയാണത്‌. അതുകൊണ്ടു തന്നെ അതിനെ പേറ്റന്റ്‌ ചെയ്യാനുള്ള ശ്രമം ഇതിനകം വിവാദമായിക്കഴിഞ്ഞു. ബയോടെക്‌നോളജി രംഗത്തെ ചലനങ്ങള്‍ നിരീക്ഷിക്കുന്ന കനേഡിയന്‍ സ്ഥാപനമായ ഇ.ടി.സി.ഗ്രൂപ്പ്‌ (ETC Group) ഇതെപ്പറ്റി പറഞ്ഞത്‌ ക്രെയ്‌ഗ്‌ വെന്ററും സംഘവും 'സാമൂഹികമായ അതിര്‌ ' ലംഘിച്ചിരിക്കുന്നു എന്നാണ്‌.

അമേരിക്ക കൂടാതെ, നൂറിലേറെ രാജ്യങ്ങളില്‍ അന്താരാഷ്ട്ര പേറ്റന്റിന്‌ 'വേള്‍ഡ്‌ ഇന്റലക്‌ച്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനിലും'(WIPO) 2006 ഒക്ടോബര്‍ 12-നാണ്‌ ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ അപേക്ഷ നല്‍കിയത്‌. അമേരിക്കയിലെ അപേക്ഷാ നമ്പര്‍-20070122826 ആണ്‌; ആഗോള അപേക്ഷാ നമ്പര്‍-WO2007047148. എന്നാല്‍, കൃത്രിമസൂക്ഷ്‌മജീവിയുടെ നിര്‍മാണം എവിടെയെത്തിയെന്ന്‌ അപേക്ഷയില്‍ പറയുന്നില്ല. 2007 മെയ്‌ 31-ന്‌ അമേരിക്കന്‍ അപേക്ഷ പ്രസിദ്ധീകരിക്കപ്പെട്ടപ്പോഴാണ്‌, ക്രെയ്‌ഗ്‌ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ജീവന്‌ പേറ്റന്റ്‌ നേടാന്‍ ശ്രമിക്കുന്ന കാര്യം വെളിപ്പെട്ടത്‌.

"ആദ്യമായി ദൈവം മത്സരത്തിലായിരിക്കുകയാണ്‌"-ഇ.ടി.സി.ഗ്രൂപ്പിലെ ജിം തോമസ്‌ അഭിപ്രായപ്പെട്ടു. ഇത്തരം കൃത്രിമജീവികള്‍ക്ക്‌ ഹൈഡ്രജന്‍ പോലുള്ള ഇന്ധനങ്ങള്‍ നിര്‍മിക്കാനും കാര്‍ബണ്‍ഡയോക്‌സയിഡ്‌ ആഗിരണം ചെയ്‌ത്‌ ആഗോളതാപനം ചെറുക്കാനാകുമെന്നതും വെറും അവകാശവാദങ്ങള്‍ മാത്രമാണ്‌. പരിമിത ജീനുകളുള്ള മാരകരോഗാണുക്കളെ സൃഷ്ടിക്കാനും മനുഷ്യവര്‍ഗ്ഗത്തിന്‌ ഭീഷണിയാകാനും ഇതേ മാര്‍ഗ്ഗത്തില്‍ കഴിയില്ലേ-അദ്ദേഹം ചോദിക്കുന്നു. എത്രവലിയ വിവാദമാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ ഗവേഷണത്തെ കാത്തിരിക്കുന്നത്‌ എന്നതിന്റെ സൂചനയാകുന്നു ഈ അഭിപ്രായ പ്രകടനം. ഈ ഗവേഷണം ഉയര്‍ത്തുന്ന ധാര്‍മികവും സാമൂഹികവുമായ പ്രശ്‌നങ്ങള്‍ കണക്കിലെടുത്ത്‌ പേറ്റന്റ്‌ അനുവദിക്കരുതെന്ന്‌ ആവശ്യപ്പെട്ട്‌ ലോക ഇന്റലക്‌ച്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനും അമേരിക്കന്‍ പേറ്റന്റ്‌ വകുപ്പിനും കത്തയയ്‌ക്കാന്‍ പോവുകയാണ്‌ ഇ.ടി.സി.ഗ്രൂപ്പ്‌.

അമേരിക്കന്‍ ഊര്‍ജ്ജവകുപ്പാണ്‌ ക്രെയ്‌ഗ്‌ വെന്ററിന്റെ ഗവേഷണത്തിന്‌ ഫണ്ട്‌ നല്‍കുന്നത്‌. അതുകൊണ്ടു തന്നെ ആ ജീവരൂപത്തിന്‌ പേറ്റന്റ്‌ അനുവദിച്ചാല്‍ അതില്‍ യു.എസ്‌.സര്‍ക്കാരിനും ഭാഗിക അവകാശം ഉണ്ടാകും. ജനിതക പരിഷ്‌ക്കരണം നടത്തിയ ജീവരൂപങ്ങള്‍ക്ക്‌ മുമ്പ്‌ പേറ്റന്റ്‌ അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍, അത്തരത്തിലൊരു ഉത്‌പന്നമല്ല ക്രെയ്‌ഗ്‌ വെന്ററും കൂട്ടരും സൃഷ്ടിക്കുന്നതെന്ന്‌ വിമര്‍ശകര്‍ വാദിക്കുന്നു. ജീവനു തന്നെയാണ്‌ ഇവിടെ പേറ്റന്റ്‌ ആവശ്യപ്പെടുന്നത്‌. മാത്രമല്ല, സിന്തറ്റിക്‌ ബയോളജി രംഗത്ത്‌ നടക്കുന്ന സ്വതന്ത്ര ഗവേഷണങ്ങള്‍ക്കെല്ലാം ഈ പേറ്റന്റ്‌ ഭീഷണിയാകുമെന്നും ഇ.ടി.സി.അധികൃതര്‍ കരുതുന്നു.

മനുഷ്യനിര്‍മിതമായ ഈ സൂക്ഷ്‌മജീവിയില്‍ പുതിയ ജീനുകള്‍ കൂട്ടിച്ചേര്‍ത്ത്‌ അത്‌ പരിഷ്‌ക്കരിക്കാനാവും. ഒരു കമ്പ്യൂട്ടറില്‍ കൂടുതല്‍ കൂടുതല്‍ സോഫ്‌ട്‌വേറുകള്‍ ഇന്‍സ്റ്റോള്‍ ചെയ്‌ത്‌ കൂടുതല്‍ ഉപയോഗക്ഷമമാക്കുന്നതു പോലെ. "ഈ സംരംഭം ശരിക്കു പറഞ്ഞാല്‍ വെന്റര്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിനെ ജീവശാസ്‌ത്രരംഗത്തെ 'മൈക്രോബ്‌സോഫ്‌ട്‌' (Microbesoft) ആക്കുകയാണ്‌ ചെയ്യുക"-ഇ.ടി.സി.യുടെ പ്രസ്‌താവന പറയുന്നു. ഇത്തരമൊരു അവകാശവാദത്തിന്‌ പേറ്റന്റ്‌ നല്‍കും മുമ്പ്‌ അതിന്റെ സാമൂഹികവും പാരിസ്ഥിതികവുമായ എല്ലാ വശങ്ങളും ചര്‍ച്ചചെയ്യണമെന്നാണ്‌ ഇ.ടി.സി.യുടെ ആവശ്യം.(അവലംബം: ടെലഗ്രാഫ്‌, 2005 ഫിബ്രവരിയില്‍ വാഷിങ്‌ടണില്‍ നടന്ന 'Genomes to Life Contractor-Grantee Workshop 3'യില്‍ ജെ. ക്രെയ്‌ വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ അവതരിപ്പിച്ച പ്രബന്ധം, ETC ഗ്രൂപ്പിന്റെ പ്രസ്‌താവന)

Friday, June 08, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-17: എസ്‌.കെ. മിത്ര

റേഡിയോ കമ്മ്യൂണിക്കേഷന്‌ ഇന്ത്യയില്‍ അടിത്തറ പാകിയ ശാസ്‌ത്രജ്ഞനാണ്‌ എസ്‌.കെ.മിത്ര. അയണോസ്‌ഫിയറിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും മിത്ര നടത്തിയ കണ്ടെത്തലുകള്‍ ഈ പഠനശാഖയ്‌ക്ക്‌ ആഗോളതലത്തില്‍ തന്നെ നേട്ടമായി

2007 അന്താരാഷ്ട്രധ്രുവവര്‍ഷമായി യു.എന്‍. പ്രഖ്യാപിച്ചിരിക്കുകയാണ്‌. ഇത്‌ നാലാമത്തെ ധ്രുവവര്‍ഷമാണ്‌. രണ്ടാമത്തെ ധ്രുവര്‍ഷാചരണം നടന്ന 1932-ല്‍ (1882-ല്‍ ഒന്നാമത്തേതും,1957-ല്‍ മൂന്നാമത്തേതും നടന്നു) ഇന്ത്യയുടെ യശസ്സുയര്‍ത്തിയ ഒരു ഗവേഷകനും ഒരു ലബോറട്ടറിയും ഉണ്ടായിരുന്നു; എസ്‌.കെ. മിത്ര ആയിരുന്നു ആ ഗവേഷകന്‍, കൊല്‍ക്കത്തയില്‍ അദ്ദേഹം സ്ഥാപിച്ച 'ഹരിന്‍ഗത അയണോസ്‌ഫിയര്‍ ഫീല്‍ഡ്‌ സ്റ്റേഷന്‍' ആ സ്ഥാപനവും. ധ്രുവവര്‍ഷത്തിന്റെ ഭാഗമായ ഗവേഷണങ്ങളില്‍ പങ്കുചേരാന്‍ അന്ന്‌ തിരഞ്ഞെടുക്കപ്പെട്ട ഏക ഏഷ്യന്‍ സ്ഥാപനമായിരുന്നു മിത്രയുടെ ലബോറട്ടറി. മാത്രമല്ല, ഒരു അന്താരാഷ്ട്ര ശാസ്‌ത്രസംരംഭത്തില്‍ ഇന്ത്യ ആദ്യമായി പങ്കുചേരുകയായിരുന്നു അതിലൂടെ.

ഉപഗ്രഹങ്ങളോ റിമോട്ട്‌ സെന്‍സിങോ പോലുള്ള ആധുനിക സങ്കേതങ്ങളൊന്നും ആവിര്‍ഭവിച്ചിട്ടില്ലാത്ത ആ കാലത്ത്‌, അന്തരീക്ഷപാളിയായ അയണോസ്‌ഫിയറിനെക്കുറിച്ച്‌ പഠിക്കാനുള്ള ദൗത്യമായിരുന്നു മിത്രയുടെ സ്ഥാപനത്തിന്‌ ഏല്‍പ്പിക്കപ്പെട്ടത്‌. മിത്രയെന്ന ഗവേഷകനെ സംബന്ധിച്ചിടത്തോളം ആ അംഗീകാരം യാദൃശ്ചികമായി വീണുകിട്ടിയതല്ല. അധികമാരും സഞ്ചരിച്ചിട്ടില്ലാത്ത പാതയിലൂടെ നിര്‍ഭയം പോകാനുള്ള സന്നദ്ധതയുടെ സ്വാഭാവിക പ്രതിഫലമായിരുന്നു അത്‌. റേഡിയോ കമ്മ്യൂണിക്കേഷന്‍, അയണോസ്‌ഫിയര്‍ പഠനം എന്നീ പുത്തന്‍ പഠനശാഖകളായിരുന്നു മിത്രയുടേത്‌. ഇന്ത്യയില്‍ ഈ മേഖലയില്‍ പഠനവും ഗവേഷണവും ആരംഭിച്ചത്‌ തന്നെ മിത്രയുടെ താത്‌പര്യത്തിലും നേതൃത്വത്തിലുമായിരുന്നു.

ഭൗമാന്തരീക്ഷത്തില്‍ 80 കിലോമീറ്റര്‍ ഉയരെയുള്ള തെര്‍മോസ്‌ഫിയറിന്റെ ഭാഗമാണ്‌ അയണോസ്‌ഫിയര്‍. ഭൂമിയില്‍ നിന്ന്‌ റേഡിയോ നിലയങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന വൈദ്യുതകാന്തികതരംഗങ്ങള്‍ അയണോസ്‌ഫിയറാണ്‌ ഭൂമിയിലേക്ക്‌ തിരകെ പ്രതിഫലിപ്പിക്കുന്നത്‌. അതിനാല്‍, ആധുനിക വാര്‍ത്താവിനിമയത്തില്‍ അയണോസ്‌ഫിയറിന്റെ സ്ഥാനം സുപ്രധാനമാണ്‌. അയണോസ്‌ഫിയറിനെപ്പറ്റി പുതിയ ഉള്‍ക്കാഴ്‌ച ലോകത്തിന്‌ സമ്മാനിച്ചവരില്‍ മിത്രയും ഉള്‍പ്പെടുന്നു. അയണോസ്‌ഫിയറിന്‌ D, E, F തുടങ്ങിയ പാളികളുണ്ട്‌. അതില്‍ E പാളിക്കു കാരണം സൂര്യനില്‍ നിന്നെത്തുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങളാണെന്ന്‌ തന്റെ പഠനങ്ങളിലൂടെ മിത്ര സ്ഥാപിച്ചു. രാത്രിയില്‍ ആകാശത്തിന്‌ ശരിക്കുള്ള കറുത്ത നിറമാണ്‌ ഉണ്ടാകേണ്ടത്‌. പക്ഷേ, നരച്ച ഇരുണ്ട നിറമാണ്‌ നമ്മള്‍ കാണുന്നത്‌. അതിന്റെ കാരണം വിശദീകരിച്ചതും മിത്രയാണ്‌. അയണോസ്‌ഫിയറില്‍ F പാളിയിലെ അയോണുകളുടെ സാന്നിധ്യമാണതിന്‌ കാരണമെന്ന്‌ അദ്ദേഹം കണ്ടെത്തി.

കൊല്‍ക്കത്തയില്‍ സ്‌കൂള്‍ അധ്യാപകനായ ജയകൃഷ്‌ണയുടെയും ഡോ.ശരത്‌കുമാരിയുടെയും മകനായി 1889 ഒക്ടോബര്‍ 24-നാണ്‌ സിസിര്‍ കുമാര്‍ മിത്ര (എസ്‌.കെ.മിത്ര)യുടെ ജനനം. ഒന്‍പതാം വയസ്സില്‍ കൊല്‍ക്കത്തയില്‍ നടന്ന ഒരു 'ഹോട്ട്‌എയര്‍ ബലൂണ്‍' (hot air balloon) പരീക്ഷണം നേരിട്ട്‌ കാണാനിടയായ മിത്രയുടെ മനസിലുയര്‍ന്ന കൗതുകമാണ്‌ ശാസ്‌ത്രത്തിന്റെ പാതയിലേക്ക്‌ അദ്ദേഹത്തെ ആകര്‍ഷിച്ചത്‌. മിത്ര ജനിച്ച്‌ അധികം വൈകാതെ കുടുംബം ബിഹാറിലെ ഭഗല്‍പൂരിലേക്ക്‌ താമസം മാറ്റി. ഡോ.ശരത്‌കുമാരിക്ക്‌ അവിടെ ലേഡി ഡഫ്രിന്‍ ഹോസ്‌പിറ്റലിലും ജയകൃഷ്‌ണയ്‌ക്ക്‌ ഭഗല്‍പൂര്‍ മുനിസിപ്പാലിറ്റിയിലും ജോലികിട്ടി. ഭഗല്‍പൂരിലായിരുന്നു മിത്രയുടെ പ്രാഥമിക പഠനം.

അച്ഛന്റെ അകാല വിയോഗത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പരാധീനതകള്‍ കുടുംബത്തെ തളര്‍ത്തിയെങ്കിലും, മിത്രയെ കൊല്‍ക്കത്തയിലെ പ്രസിഡന്‍സി കോളേജില്‍ ബി.എസ്സിക്ക്‌ ചേര്‍ക്കാന്‍ അമ്മയ്‌ക്ക്‌ കഴിഞ്ഞു. അവിടെ ജെ.സി.ബോസ്‌, പി. സി.റായ്‌ എന്നീ പ്രഗത്ഭ ശാസ്‌ത്രജ്ഞര്‍ അധ്യാപകരായിരുന്നത്‌ മിത്രയിലെ ശാസ്‌ത്രവിദ്യാര്‍ത്ഥിക്ക്‌ ശരിയായ ദിശാബോധമുണ്ടാക്കാന്‍ സഹായിച്ചു. പ്രസിഡന്‍സി കോളേജില്‍ നിന്നു 1912-ല്‍ ബിരുദാനന്തര ബിരുദം നേടിയ മിത്ര, ജെ.സി.ബോസിന്‌ കീഴില്‍ ഗവേഷണത്തിന്‌ ചേര്‍ന്നെങ്കിലും, കുടുംബത്തെ സഹായിക്കാന്‍ ഉദ്യോഗം തേടേണ്ടി വന്നു; ആദ്യം ഭഗല്‍പൂരിലെ ടി.എന്‍.ജെ. കോളേജിലും പിന്നീട്‌ കുറച്ചുനാള്‍ ബങ്കുര ക്രിസ്‌ത്യന്‍ കോളേജിലും അധ്യാപകനായി. ആ സയമത്തായിരുന്നു (1914-ല്‍) മിത്രയും ലീലാവതി ദേവിയും തമ്മിലുള്ള വിവാഹം.

കല്‍ക്കത്ത സര്‍വകലാശാലയില്‍ 1916-ല്‍ നിലവില്‍ വന്ന ഭൗതീകശാസ്‌ത്രവകുപ്പിന്‌ ഇന്ത്യന്‍ ശാസ്‌ത്രചരിത്രത്തില്‍ സവിശേഷ സ്ഥാനമുണ്ട്‌. വൈസ്‌ചാന്‍സലര്‍ അഷുതോഷ്‌ മുഖര്‍ജിയുടെ ക്ഷണപ്രകാരം രാജ്യത്തെ പുതുശാസ്‌ത്രപ്രതിഭകളെല്ലാം ആ വകുപ്പില്‍ ഒത്തുചേര്‍ന്നു. സി.വി.രാമന്‍, സത്യേന്ദ്രനാഥ്‌ ബോസ്‌, മേഘനാഥ്‌ സാഹ, ഡി.എം.ബോസ്‌ എന്നിവരൊക്കെ. മിത്രയും അങ്ങോട്ട്‌ ക്ഷണിക്കപ്പെട്ടു. സി.വി.രാമന്‍ പാലിറ്റ്‌ പ്രൊഫസറായിരുന്നു. മിത്ര അദ്ദേഹത്തിന്‌ കീഴില്‍ പ്രകാശത്തിന്റെ വ്യതികരണം (diffraction)പോലുള്ള പ്രതിഭാസത്തെക്കുറിച്ച്‌ ഗവേഷണം തുടങ്ങി. 1919-ല്‍ ഗവേഷണ ബിരുദം (DSc) നേടിയ മിത്ര, ഉപരിപഠനത്തിന്‌ വിദേശത്തേക്കു പുറപ്പെട്ടു. പാരീസിലെ സോര്‍ബോണ്‍ സര്‍വകലാശാലയില്‍ നിന്ന്‌ 1923-ല്‍ രണ്ടാമത്തെ ഗവേഷണ ബിരുദം മിത്ര നേടി. കുറച്ചു നാള്‍ 'ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ റേഡിയ'ത്തില്‍ മാഡം ക്യൂറിക്കു കീഴില്‍ പ്രവര്‍ത്തിച്ചു.

ഫ്രാന്‍സിലെത്തിയ ശേഷമാണ്‌ റേഡിയോ കമ്മ്യൂണിക്കേഷനില്‍ മിത്ര ആകൃഷ്ടനാകുന്നത്‌. ആ പുതിയ പഠനമേഖല തന്റെ ജീവിതലക്ഷ്യമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അങ്ങനെ നാന്‍സി സര്‍വകലാശാലയിലെ 'ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഫിസിക്‌സി'ല്‍ അദ്ദേഹം ഗവേഷകനായി ചേര്‍ന്നു. ഇന്ത്യയില്‍ ആ സമയത്ത്‌ റേഡിയോ കമ്മ്യൂണിക്കേഷന്‍ രംഗത്ത്‌ ഒരുതരത്തിലുള്ള പഠനവും ഗവേഷണവും ആരംഭിച്ചിരുന്നില്ല. ആ മേഖലയുടെ പ്രാധാന്യം കാണിച്ച്‌ അതുകൂടി സിലബസ്സില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ട്‌ അഷുതോഷ്‌ മുഖര്‍ജിക്ക്‌ മിത്ര കത്തെഴുതി. എല്ലാ പിന്തുണയും അറിയിച്ച അഷുതോഷ്‌, അദ്ദേഹത്തോട്‌ ഇന്ത്യയിലെത്താന്‍ ആവശ്യപ്പെട്ടു. അങ്ങനെ 1923-ല്‍ കല്‍ക്കത്ത സര്‍വകലാശാലയില്‍ മിത്ര വീണ്ടും ചേര്‍ന്നു; 'ഖൈര പ്രൊഫസര്‍ ഓഫ്‌ ഫിസിക്‌സ്‌' എന്ന പദവിയില്‍. റേഡിയോ കമ്മ്യൂണിക്കേഷനെക്കുറിച്ചു പഠിക്കാന്‍ ഒരു ലോകോത്തര ലബോറട്ടറിയും അദ്ദേഹം അവിടെ സ്ഥാപിച്ചു. അത്‌ പിന്നീട്‌ കല്‍ക്കത്ത സര്‍വകലാശാലയില്‍ മറ്റൊരു വകുപ്പായി മാറി, മിത്രയുടെ ലബോറട്ടറി 'ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ റേഡിയോ ഫിസിക്‌സ്‌ ആന്‍ഡ്‌ ഇലക്ട്രോണിക്‌സ്‌' ആയി അറിയപ്പെടുകയും ചെയ്‌തു. ഇന്ത്യയില്‍ റേഡിയോ ഇലക്ട്രോണിക്‌സ്‌ എന്ന പഠനശാഖയുടെ തുടക്കം അങ്ങനെയായിരുന്നു.

അതോടൊപ്പം 1930-കളോടെ അയണോസ്‌ഫിയറിനെക്കുറിച്ചുള്ള ഗവേഷണത്തിന്‌ 'ഹരിന്‍ഗത അയണോസ്‌ഫിയര്‍ ഫീല്‍ഡ്‌ സ്റ്റേഷന്‍' എന്ന ലബോറട്ടറി മിത്രയുടെ നേതൃത്വത്തില്‍ തുടങ്ങി. ഏഷ്യയില്‍ ഈ മേഖലയില്‍ ഗവേഷണം നടത്തുന്ന ആദ്യസ്ഥാപമായിരുന്നു അത്‌. മിത്രയുടെ ഏറ്റവും വലിയ സംഭാവനയുണ്ടായത്‌ അയണോസ്‌ഫിയര്‍ പഠനത്തിലാണ്‌. D, E, F എന്നിങ്ങനെ മൂന്നു പാളികളാണ്‌ അയണോസ്‌ഫിയറിലുള്ളത്‌. താന്‍ നടത്തിയ പഠനങ്ങളുടെ വെളിച്ചത്തില്‍ സൂര്യനില്‍ നിന്നെത്തുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങളാണ്‌ E പാളിക്ക്‌ കാരണമെന്ന മിത്രയുടെ കണ്ടെത്തല്‍, ശാസ്‌ത്രലോകത്ത്‌ ചലനം സൃഷ്ടിച്ച ഒന്നായിരുന്നു. `ദി അപ്പര്‍ അറ്റ്‌മോസ്‌ഫിയര്‍' എന്ന തന്റെ പ്രശസ്‌തഗ്രന്ഥം 1947-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ചു. അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയെപ്പറ്റി ലോകത്ത്‌ എഴുതപ്പെടുന്ന ആദ്യ ആധികാരിക ഗ്രന്ഥമായിരുന്നു അത്‌.

1958-ല്‍ റോയല്‍ സൊസൈറ്റി ഫെലോ ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മിത്രയെ തേടിയെത്തിയ അസംഖ്യം ബഹുമതികളില്‍ ഒന്നു മാത്രമായിരുന്നു അത്‌. ഇന്ത്യന്‍ നാഷണല്‍ സയന്‍സ്‌ അക്കാദമി അധ്യക്ഷസ്ഥാനം(1959-60), ദേശീയ പ്രൊഫസര്‍ സ്ഥാനം (1962), പത്മഭൂഷണ്‍ (1962) എന്നിങ്ങനെ ആ പട്ടിക നീളുന്നു. 1963 ആഗസ്‌ത്‌ 13-ന്‌ അദ്ദേഹം അന്തരിച്ചു.(കാണുക: സി.വി.രാമന്‍)
(കടപ്പാട്‌: ഭാരതീയശാസ്‌ത്രജ്ഞര്‍ പരമ്പരയുടെ തുടക്കത്തില്‍ ചേര്‍ത്ത പട്ടിക കൂടാതെ, എസ്‌.കെ.മിത്രയെക്കുറിച്ചെഴുതുന്നുതില്‍ 'സയന്‍സ്‌ ആന്‍ഡ്‌ കള്‍ച്ചര്‍ മാഗസിന്റെ 1990 ഓക്ടോബര്‍ ലക്കത്തില്‍ എം.കെ.ദാസ്‌ ഗുപ്‌തയുടേതായി വന്ന ലേഖനവും വളരെയേറെ സഹായിച്ചിട്ടുണ്ട്‌).

Wednesday, June 06, 2007

തമോദ്രവ്യവലയം

അസാധാരണമായ ഒരു വലയം, അദൃശ്യദ്രവ്യത്തിന്റെ കാണാക്കാഴ്‌ച. കണ്ണില്ലാതെ കാണുന്നതു പോലൊരു അനുഭവം. ഒരു വിദൂര ഗാലക്‌സിക്കൂട്ടത്തിലേക്ക്‌ ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ തിരിച്ച ഒരു സംഘം ശാസ്‌ത്രജ്ഞര്‍ കണ്ടത്‌ അതാണ്‌. ശാസ്‌ത്രലോകം ഇത്രകാലവും കാണാത്ത കാഴ്‌ച
ണ്ടുവര്‍ഷം മുമ്പാണ്‌. അമേരിക്കയില്‍ ബാള്‍ട്ടിമോറിലെ ജോണ്‍ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലെ ഗവേഷകന്‍ എം. ജയിംസ്‌ ജീയും സഹപ്രവര്‍ത്തകരും ഒരു വിദൂര ഗാലക്‌സികൂട്ടത്തിലേക്ക്‌ ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പ്‌ തിരിച്ചു. 500 കോടി പ്രകാശവര്‍ഷം അകലെയുള്ള (ഒരു പ്രകാശവര്‍ഷം = 9.5 ലക്ഷംകോടി കിലോമീറ്റര്‍) ആ ഗാലക്‌സിക്കൂട്ടത്തിന്റെ പിണ്ഡം എങ്ങനെ വിതരണം ചെയ്യപ്പെട്ടിരിക്കുന്നു എന്നു മനസിലാക്കുകയായിരുന്നു ലക്ഷ്യം. പക്ഷേ, അപ്രതീക്ഷിതമായ ഒന്നാണ്‌ ആ നിരീക്ഷണഫലങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍ കിട്ടിയത്‌. ഗാലക്‌സിക്കൂട്ടത്തില്‍ സാധാരണദ്രവ്യവുമായി കൂടിക്കലരാതെ, തമോദ്യവ്യത്തിന്റെ ഒരു വലയം സ്ഥിതിചെയ്യുന്നു എന്നതായിരുന്നു അതിശയകരമായ ആ കണ്ടെത്തല്‍. തമോദ്രവ്യവളയം ഒരു ഗാലക്‌സിക്കൂട്ടത്തില്‍ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌ എന്നതു മാത്രമല്ല ഈ കണ്ടുപിടിത്തത്തിന്റെ പ്രത്യേകത; ശാസ്‌ത്രലോകത്തിന്‌ ഇനിയും നിഗൂഢമായ തമോദ്രവ്യത്തിന്‌ ശക്തമായ തെളിവുകൂടിയാകുന്നു ഇത്‌.

പ്രപഞ്ചത്തില്‍ നമുക്ക്‌ അനുഭവേദ്യമായ ദ്രവ്യം (വേണമെങ്കില്‍ അതിനെ ദൃശ്യദ്രവ്യം (visible matter) എന്നു വിളിക്കാം) മൊത്തം ദ്രവ്യത്തിന്റെ വളരെ ചെറിയൊരു പങ്കേയുള്ളൂ എന്ന്‌ ഇതിനകം തെളിഞ്ഞു കഴിഞ്ഞിട്ടുള്ളതാണ്‌. ഡബ്ല്യു.മാപ്പ്‌ (WMAP) പോലുള്ള ബഹിരാകാശനിരീക്ഷണ പേടകങ്ങള്‍ നല്‍കിയിട്ടുള്ള വിവരമനുസരിച്ച്‌ പ്രപഞ്ചത്തില്‍ ദൃശ്യദ്രവ്യം വെറും നാലു ശതമാനമേ വരൂ. ബാക്കി 96 ശതമാനത്തെ ശാസ്‌ത്രജ്ഞര്‍ രണ്ടായി വേര്‍തിരിച്ചിരിക്കുന്നു-തമോദ്രവ്യമെന്നും (dark matter) ശ്യാമോര്‍ജ്ജ (dark enery)മെന്നും. തമോദ്രവ്യം 22 ശതമാനവും; ശ്യാമോര്‍ജ്ജം 74 ശതമാനവും വരും. 1370 കോടി വര്‍ഷം മുമ്പ്‌ നടന്നതെന്ന്‌ കരുതുന്ന മഹാവിസ്‌ഫോടന (Big Bang) ത്തിന്റെയും, അതോടൊപ്പമുണ്ടായ അതിവികാസത്തിന്റെ (Inflation)യും ഫലമായി പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുകയാണ്‌. ഗുരുത്വാകര്‍ഷണബലത്തിനെതിരായി പ്രപഞ്ചത്തിന്‌ വികസിക്കാന്‍ സാധിക്കുന്നത്‌ ശ്യാമോര്‍ജത്തിന്റെ സ്വാധീനത്താലാണെന്ന്‌ കരുതുന്നു. ഒരുതരം വിപരീതഗുരുത്വാകര്‍ഷണമാണത്‌. അതേസമയം, ഗാലക്‌സിക്കൂട്ടങ്ങളെ ഒരുമിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന അദൃശ്യശക്തിയായി തമോദ്രവ്യം വിലയിരുത്തപ്പെടുന്നു.

ദൃശ്യദ്രവ്യത്തില്‍ നിന്നുള്ള ഗുരുത്വാകര്‍ഷണബലം മാത്രമേയുണ്ടായിരുന്നുള്ളൂ എങ്കില്‍ മിക്ക ഗാലക്‌സിക്കൂട്ടങ്ങളും ഇപ്പോഴത്തെ നിലയ്‌ക്കു ഒരുമിച്ചു കാണപ്പെടില്ലായിരുന്നു എന്നത്‌ ഗവേഷകര്‍ക്ക്‌ മുമ്പുതന്നെ അറിവുള്ള കാര്യമാണ്‌. അവ അകലേക്ക്‌ ചിതറിത്തെറിച്ചു പോകുമായിരുന്നു. ഗാലക്‌സിക്കൂട്ടങ്ങളെ ഒരുമിച്ചു നിര്‍ത്തുന്ന അദൃശ്യവസ്‌തുവാണ്‌ തമോദ്രവ്യം എന്നറിയപ്പെട്ടത്‌. പ്രകാശം പ്രതിഫലിപ്പിക്കുകയോ, അറിയപ്പെടുന്ന ദ്രവ്യരൂപങ്ങളുമായി പ്രതിപ്രവര്‍ത്തിക്കുകയോ ചെയ്യാത്തതിനാല്‍ തമോദ്രവ്യം എന്താണെന്നോ എന്താണതിന്റെ അടിസ്ഥാന ഘടകങ്ങളെന്നോ ഒക്കെ ശാസ്‌ത്രലോകം ഇനിയും കണ്ടെത്താനിരിക്കുന്നതേയുള്ളൂ. ആ നിലയ്‌ക്ക്‌ പ്രപഞ്ചവിജ്ഞാനശാഖയില്‍ സുപ്രധാനമായ ഒന്നാണ്‌, വിദൂര ഗാലക്‌സിക്കൂട്ടത്തില്‍ ദൃശ്യദ്രവ്യത്തില്‍ നിന്ന്‌ വേര്‍പെട്ട്‌ ഒരു തമോദ്രവ്യവലയം സ്ഥിതിചെയ്യുന്നു എന്ന കണ്ടെത്തല്‍. 'അസ്‌ട്രോഫിസിക്കല്‍ ജേണലി'ലാണ്‌ ഗവേഷണഫലം പ്രസിദ്ധീകരിക്കുക.

ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്‌ (gravitational lensing) എന്ന സങ്കേതമാണ്‌ ' ZwCl0024+1652' എന്നു പേരുള്ള ആ വിദൂര ഗാലക്‌സിക്കൂട്ടത്തെ നിരീക്ഷിക്കാന്‍ ഗവേഷകര്‍ അവലംബിച്ചത്‌. 1915-ല്‍ 'പൊതുആപേക്ഷികതാ സിദ്ധാന്തം' (general theory of relativity) അവതരിപ്പിക്കുമ്പോള്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റയിന്‍ പ്രവചിച്ച ഒന്നാണ്‌ ഈ സങ്കേതം. നക്ഷത്രങ്ങളെപ്പോലെ വലിയ പിണ്ഡമുള്ള വസ്‌തുക്കള്‍ക്കരികിലൂടെ പ്രകാശം കടന്നു പോകുമ്പോള്‍, ഗുരുത്വാകര്‍ഷണത്താല്‍ പ്രകാശത്തിന്റെ സഞ്ചാരപഥത്തിന്‌ വ്യതിയാനമുണ്ടാകും; ഒരു ഗുരുത്വാകര്‍ഷണ ലെന്‍സ്‌ രൂപപ്പെടും-ഇതാണ്‌ ഐന്‍സ്റ്റയിന്‍ പറഞ്ഞത്‌. മൂന്നുവര്‍ഷത്തിന്‌ ശേഷം ഒരു സൂര്യഗ്രഹണവേളയില്‍, വിദൂരനക്ഷത്രങ്ങളില്‍ നിന്നെത്തുന്ന പ്രകാശകിരണങ്ങള്‍ സൂര്യനു സമീപം വളയുന്നതായി ബ്രിട്ടീഷ്‌ അസ്‌ട്രോഫിസിസ്റ്റ്‌ ആര്‍തര്‍ എഡിങ്‌ടണ്‍ സ്ഥിരീകരിച്ചു; ഐന്‍സ്റ്റയിന്റെ പ്രവചനം ശരിയാണെന്നും. ആധുനിക വാനശാസ്‌ത്രത്തില്‍ ശക്തമായ ഒരു നീരീക്ഷണ ഉപാധിയായി ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്‌ മാറി. വിദൂരവസ്‌തുക്കളെയും നക്ഷത്രങ്ങളെയും ഗാലക്‌സികളെയും പഠിക്കാന്‍ ഇന്ന്‌ ഈ സങ്കേതം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു.

വിദൂര ഗാലക്‌സിക്കൂട്ടിലൂടെ അതിനു പിന്നിലെ ഗാലക്‌സികളുടെ പ്രകാശം കടന്നു വരുമ്പോള്‍ പ്രകാശത്തിന്റെ സഞ്ചാരപഥത്തിലുണ്ടാകുന്ന സൂക്ഷ്‌മവ്യതിയാനത്തിന്റെ തോതു മനസിലാക്കുക. ഗാലക്‌സിക്കൂട്ടത്തെ നേരിട്ടു നിരീക്ഷിക്കുമ്പോള്‍ ലഭിക്കുന്ന ഫലങ്ങള്‍ അതുമായി താരതമ്യം ചെയ്യുക. അങ്ങനെ അവിടുത്തെ പിണ്ഡത്തിന്റെ വിതരണക്രമം മനസിലാക്കുക-ഇതിനായിരുന്നു ഡോ.ജീയുടെയും സംഘത്തിന്റെയും ശ്രമം. മറ്റ്‌ ഗാലക്‌സിക്കൂട്ടങ്ങളില്‍ കാണപ്പെടുന്നതില്‍ നിന്ന്‌ വ്യത്യസ്‌തമായി ഒരു വ്യതികരണം നിരീക്ഷണഫലങ്ങളില്‍ ഗവേഷകര്‍ കണ്ടു. ആ വ്യതികരണം എന്താണെന്ന്‌ വിശദീകരിക്കാന്‍ മാസങ്ങളോളം ശ്രമിച്ചിട്ടും, നീരീക്ഷണഫലങ്ങളെ ആവര്‍ത്തിച്ചു വിശകലനം ചെയ്‌തിട്ടും അവര്‍ക്ക്‌ കഴിഞ്ഞില്ല. ഒടുവില്‍ അതൊരു തമോദ്രവ്യവലയമാണെന്നും, സാധാരണദ്രവ്യത്തോട്‌ കൂട്ടുചേരാതെയാണ്‌ അതിന്റെ നിലയെന്നും ഡോ.ജീക്കും സംഘത്തിനും നിഗമനത്തില്‍ എത്തേണ്ടിവന്നു. 26 ലക്ഷം പ്രകാശവര്‍ഷം വിസ്‌താരമുണ്ട്‌ ആ അസാധാരണവലയത്തിനെന്നും മനസിലായി.

അത്തരമൊരു വലയം എങ്ങനെയുണ്ടായി എന്ന്‌ മനസിലാക്കാന്‍, ഇതേ ഗാലക്‌സിക്കൂട്ടത്തെക്കുറിച്ചുള്ള മുന്‍പഠനങ്ങള്‍ ഡോ.ജീയും സംഘവും ചികഞ്ഞു. ജര്‍മനിയില്‍ ബോണ്‍ സര്‍വകലാശാലയിലെ ഒലിവര്‍ ഷോസ്‌കെയും സംഘവും ' ZwCl0024+1652' ഗാസക്‌സിക്കൂട്ടത്തെപ്പറ്റി 2002-ല്‍ ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ടായിരുന്നു. നൂറുകോടി വര്‍ഷത്തിനും 200 കോടിവര്‍ഷത്തിനും മധ്യേ സമീപസ്ഥങ്ങളായ രണ്ട്‌ ഗാലക്‌സിക്കൂട്ടങ്ങള്‍ അതിഭീമമായ ഒരു കൂട്ടിയിടിക്കു വിധേയമായാണ്‌ ഇപ്പോഴത്തെ ഗാലക്‌സിക്കൂട്ടം രൂപ്പെട്ടതെന്നായിരുന്നു ആ പഠനത്തില്‍ പറഞ്ഞിട്ടുള്ളത്‌. പരിസരപ്രദേശത്തെ ദൃശ്യദ്രവ്യവിതരണത്തെ വിശകലനം ചെയ്‌താണ്‌ ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്‌. ആ കൂട്ടിയിടിയുടെ അവശേഷിക്കുന്ന തെളിവാണ്‌ ഇപ്പോള്‍ കണ്ടെത്തിയ തമോദ്രവ്യവലയം എന്ന്‌ ഡോ.ജീയും സംഘവും അനുമാനിക്കുന്നു. ഗാലക്‌സിക്കൂട്ടങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ അതിലെ തമോദ്രവ്യവും കൂട്ടിയിടിച്ചിട്ടുണ്ടാകും. കൂട്ടിയിടിക്കുശേഷം അത്‌ പരസ്‌പരം അകലുന്തോരും ഗുരുത്വാകര്‍ഷണത്തിന്റെ ഫലമായി അത്‌ വലയമായി രൂപപ്പെട്ടിരിക്കും. കുളത്തില്‍ കല്ലെറിയുമ്പോള്‍ ഓളങ്ങള്‍ വൃത്താകൃതിയില്‍ അകന്നു പോകുംപോലെ.

"ഗാലക്‌സിക്കൂട്ടത്തിലെ ദൃശ്യദ്രവ്യത്തില്‍ നിന്ന്‌ വേര്‍പെട്ട്‌ ഒരു സവിശേഷഘടനയില്‍ തമോദ്രവ്യം സ്ഥിതിചെയ്യുന്നത്‌ ആദ്യമായാണ്‌ കണ്ടെത്തുന്നത്‌"- ഡോ.ജീ പറയുന്നു. "അദൃശ്യമായ ദ്രവ്യത്തിന്റെ സാന്നിധ്യം മുമ്പ്‌ പല ഗാലക്‌സിക്കൂട്ടങ്ങളിലും തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും, ഇത്രയും ഭീമമായ തോതില്‍ വ്യത്യസ്‌തമായ നിലയില്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആദ്യം ആ വലയം കണ്ടപ്പോള്‍ ഒരു ശല്യമായാണ്‌ തോന്നിയത്‌. ഞങ്ങളുടെ നിരീക്ഷണഫലങ്ങളില്‍ എന്തോ പിഴവുപറ്റിയെന്ന്‌ ഭയപ്പെട്ടു. ഒരു വര്‍ഷത്തിലേറെ ആ ഫലങ്ങള്‍ വിശകലനം ചെയ്യേണ്ടിവന്നു, അതൊരു തമോദ്രവ്യവലയമാണെന്ന്‌ ബോധ്യപ്പെടാന്‍"-അദ്ദേഹം അറിയിക്കുന്നു. ഗാലക്‌സിക്കൂട്ടങ്ങള്‍ കൂട്ടിയിടിച്ചപ്പോള്‍ എന്തുസംഭവിച്ചിരിക്കാം എന്നറിയാന്‍ അതിന്റെ കമ്പ്യൂട്ടര്‍ മാതൃക ഗവേഷകര്‍ പരീക്ഷിക്കുകയുണ്ടായി. കമ്പ്യൂട്ടര്‍മാതൃക നല്‍കിയ ഫലം നിരീക്ഷണത്തില്‍ ലഭിച്ചതിനെ ശരിവെച്ചു. "ശരിക്കു പറഞ്ഞാല്‍ പ്രകൃതി നമുക്കായി ഒരു പരീക്ഷണം ആ വിദൂരതയില്‍ നടത്തിക്കൊണ്ടിരിക്കുകയാണ്‌; ഒരിക്കലും പരീക്ഷണശാലയില്‍ നടത്താന്‍ കഴിയാത്ത ഒന്ന്‌"-പഠനസംഘത്തില്‍ അംഗമായ ഹോളണ്ട്‌ ഫോര്‍ഡ്‌ പറയുന്നു.

ഇത്തരത്തില്‍ രണ്ട്‌ ഗാലക്‌സിക്കൂട്ടങ്ങള്‍ കൂട്ടിയിടിച്ചതിന്റെ ഫലമായുണ്ടായ 'ബുള്ളറ്റ്‌ ക്ലസ്റ്റര്‍' (Bullet Cluster), മുമ്പ്‌ ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പും ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററിയും നിരീക്ഷിച്ചിട്ടുണ്ട്‌. ആ കൂട്ടിയിടിയില്‍ ചുട്ടുപഴുത്ത വാതകമേഘങ്ങളില്‍ നിന്ന്‌ തമോദ്രവ്യം അകന്നു പിന്‍വാങ്ങിയെങ്കിലും, അവിടുത്തെ തമോദ്രവ്യത്തിന്റെ ഇപ്പോഴത്തെ വിതരണം സാധാരണ ഗാലക്‌സിക്കൂട്ടങ്ങളിലേതുപോലെയാണ്‌. ദൃശ്യദ്രവ്യത്തില്‍ നിന്ന്‌ മാറി വ്യത്യസ്‌ത നിലയില്‍ തമോദ്രവ്യം സ്ഥിതിചെയ്യുന്നത്‌ 'ZwCl0024+1652'-യിലാണ്‌ ആദ്യമായി നിരീക്ഷിക്കുന്നത്‌. ഒരുപക്ഷേ, പ്രപഞ്ചത്തിന്റെ അറിയപ്പെടാത്ത നിഗൂഢമുഖം അനാവരണം ചെയ്യാനുള്ള ശ്രമത്തില്‍ പുതിയൊരു വഴിത്തിരിവാകാമിത്‌. (കടപ്പാട്‌: ഇ.എസ്‌.എ/ഹബ്ബിള്‍ ഇന്‍ഫര്‍മേഷന്‍ സെന്റര്‍, ദ എക്കണോമിസ്‌റ്റ്‌)