Wednesday, December 15, 2010

സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്ന വൊയേജര്‍-1

1977 ല്‍ വിക്ഷേപിച്ച രണ്ട് ബഹിരാകാശപേടകങ്ങള്‍. 1981 ല്‍ ദൗത്യകാലാവധി തീരേണ്ടിയിരുന്ന അവ, വിക്ഷേപിച്ച് 33 വര്‍ഷമായിട്ടും ബാഹ്യാകാശമേഖലയിലൂടെ പ്രയാണം തുടരുക. അങ്ങനെ സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിടുക. ഐതിഹാസികം എന്നല്ലാതെ ഇതിനെ വിശേഷിപ്പിക്കാനാവില്ല. സംശയം വേണ്ട, ശരിക്കും ഇതിഹാസം രചിക്കുകയാണ് നാസയുടെ 'വൊയേജര്‍' പേടകങ്ങള്‍.

ഇപ്പോഴിതാ, വൊയേജര്‍-1 സൗരയൂഥത്തിന്റെ അതിര്‍ത്തി പിന്നിടുന്നതായി ഭൂമിയില്‍ സൂചന ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ ഭൂമിയില്‍ നിന്ന് 1740 കോടി കിലോമീറ്റര്‍ അകലെയുള്ള അതിന്റെ ഇനിയുള്ള യാത്ര, സൗരയൂഥത്തിന് സമീപത്തെ നക്ഷത്രാന്തര മേഖലയിലൂടെയാകും! നിലവില്‍ ഭൂമിയില്‍ നിന്ന് ഏറ്റവും അകലെയുള്ള മനുഷ്യനിര്‍മിത പേടകമാണ് വൊയേജര്‍-1.

സൗരകണങ്ങളുടെ പ്രവാഹത്തിന് വ്യത്യാസം വന്നിരിക്കുന്നതായി വൊയേജര്‍-1 നിരീക്ഷിച്ചതാണ്, ആ പേടകം സൗരയൂഥത്തിന്റെ അതിര്‍ത്തി കടക്കുന്നു എന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്. സൂര്യനില്‍ നിന്നുള്ള കണങ്ങള്‍ ഇപ്പോള്‍ ആ പേടകത്തെ കടന്ന് മുന്നോട്ട് സഞ്ചരിക്കുന്നില്ല. പകരം, സൗരകണങ്ങള്‍ വശങ്ങളിലെക്ക് ചിതറിപ്പോവുകയാണ്. ഇതിനര്‍ഥം, സൗരയൂഥത്തിന്റെ അതിര്‍ത്തി വൊയേജര്‍-1 കടക്കുന്നു എന്നാണ്.

സൗരയൂഥത്തില്‍ സൂര്യന്റെ സ്വാധീനം അവസാനിക്കുന്നിടം വരെയുള്ള മേഖലയാണ് ഹിലിയോസ്ഫിയര്‍ (heliosphere). ആ ഭാഗത്ത് സൗരവാതകങ്ങള്‍ (solar wind) ഒരു കുമിളപോലെ സൗരയൂഥമേഖലയെ പൊതിഞ്ഞിട്ടുണ്ടാകും. അതിനപ്പുറത്ത് ആകാശഗംഗയുടെ ഇതര ഭാഗങ്ങളാണ് സ്വാധീനം ചെലുത്തുക. സൂര്യന്റെ സ്വാധീനം അവസാനിക്കുയും, ബാഹ്യലോകത്തിന്റെ സ്വാധീനം പ്രകടമാകുകയും ചെയ്യുന്ന അതിര്‍ത്തിക്ക് 'ടെര്‍മിനേഷന്‍ ഷോക്ക്' (termination shock) എന്നാണ് പേര്.

ടെര്‍മിനേഷന്‍ ഷോക്ക് എന്ന അതിര്‍ത്തിരേഖക്കും, നക്ഷത്രാന്തരലോകത്തിന്റെ പൂര്‍ണ സ്വാധീനമുള്ള മേഖലയ്ക്കുമിടിയില്‍ ഹിലിയോഷീത്ത് (heliosheath) എന്നൊരു പ്രദേശമുണ്ട്. വൊയേജര്‍-1 ഇപ്പോള്‍ ഹിലോയോസ്ഹീത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നത്. ആ പ്രദേശത്തിന്റെ അതിര്‍ത്തിയാണ് 'ഹിലിയോപാസ്'(Heliopause).

വൊയേജര്‍ കൈവരിക്കുന്ന പുതിയ ഉയരങ്ങളെ വര്‍ണിക്കാന്‍ പ്രൊജക്ട് സയന്റിസ്റ്റ് എഡ്വേര്‍ഡ് സ്റ്റോണിന് വാക്കുകളില്ല. 'ബഹിരാകാശ യുഗത്തിന് വെറും 20 വയസ്സ് മാത്രം പ്രായമുള്ളപ്പോഴാണ് വൊയേജര്‍ വിക്ഷേപിക്കുന്നത്. ആ ദൗത്യം ഇത്രകാലവും തുടരുമെന്ന് ഊഹിക്കാന്‍ പോലും അന്ന് സാധിക്കുമായിരുന്നില്ല'-അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ സമ്മേളനത്തില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

വൊയേജര്‍-1 നാസ വിക്ഷേപിക്കുന്നത് 1977 സപ്തംബര്‍ അഞ്ചിനാണ്, വൊയേജര്‍-2 ആ വര്‍ഷം സംപ്തംബര്‍ 20 നും. സൗരയൂഥത്തിലെ ബാഹ്യഗ്രഹങ്ങളായ വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂണ്‍ എന്നീ ഗ്രഹങ്ങളെ അടുത്തറിയുകയായിരുന്നു രണ്ട് പേടകങ്ങളുടെയും ലക്ഷ്യം. ആ ജോലി 1989 ഓടെ പൂര്‍ത്തിയാക്കി. അതിന് ശേഷം പേടകങ്ങളെ സൗരയൂഥത്തിന്റെ വിദൂര മേഖലയിലേക്ക് സഞ്ചരിക്കാന്‍ അനുവദിക്കുകയായിരുന്നു.

റേഡിയോ ആക്ടീവ് ഊര്‍ജം ഉപയോഗിക്കുന്നതിനാല്‍, വൊയേജര്‍ പേടകങ്ങള്‍ക്ക് ഊര്‍ജ പ്രതിസന്ധി നേരിട്ടില്ല. മാത്രവുമല്ല, അവയിലെ ഉപകരണങ്ങളെല്ലാം പ്രതീക്ഷയ്ക്കപ്പുറത്ത് മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ഭൂമിയിലേക്ക് വിവരങ്ങള്‍ അയയ്ക്കുന്നത് തുടരകയും ചെയ്തു. വളരെ അകലെ ആയതിനാല്‍ ഇപ്പോള്‍ വൊയേജിര്‍ പേടകങ്ങളില്‍ നിന്നുള്ള സന്ദേശങ്ങള്‍ ഭൂമിയിലെത്താന്‍ 16 മണിക്കൂര്‍ വേണം!

വൊയേജര്‍-1 ല്‍ 'ലോ എനര്‍ജി ചാര്‍ജ്ഡ് പാര്‍ട്ടിക്കിള്‍ ഇന്‍സ്ട്രുമെന്റ്' എന്നൊരു ഉപകരണമുണ്ട്. സൗരവാതകത്തിന്റെ പ്രവേഗം നിര്‍ണയിക്കാന്‍ സഹായിക്കുന്ന ഉപകരണമാണത്. ഇപ്പോള്‍ സഞ്ചരിക്കുന്ന സ്ഥലത്ത് സൗരവാതകത്തിന്റെ പ്രവേഗം പൂജ്യമായി മാറിയിക്കുന്നു എന്നാണ് വൊയേജര്‍-1 നല്‍കുന്ന വിവരം. അതിനര്‍ഥം സൗരവാതക പ്രവാഹം നിലച്ചിരിക്കുന്നു. അതിര്‍ത്തി കടക്കുകയാണ് പേടകം.

ഹിലിയോഷീത്തില്‍ പ്രവേശിച്ചിരിക്കുന്ന വൊയേജര്‍-1 സെക്കന്‍ഡില്‍ 17 കിലോമീറ്റര്‍ വേഗത്തിലാണ് ഇപ്പോള്‍ ഹിലിയോപാസിലേക്ക് നീങ്ങുന്നത്. ഏതാനും വര്‍ഷത്തിനകം അവിടവും പേടകം പിന്നിടും. പിന്നെ നക്ഷത്രങ്ങളുടെ ലോകം. സൂര്യന്റെ മാതൃഗാലക്‌സിയായ ആകാശഗംഗയിലൂടെ അനന്തമായ യാത്ര.

40,000 വര്‍ഷം കൊണ്ട് വൊയേജര്‍-1, AC+793888 എന്ന ചുമപ്പുകുള്ളന്‍ നക്ഷത്രത്തിന് 1.6 പ്രകാശവര്‍ഷം അരികിലൂടെ കടന്നു പോകും. 2.96 ലക്ഷം വര്‍ഷം കൊണ്ട് വൊയേജര്‍-2 പേടകം, സിറിയസ് നക്ഷത്ത്രിന് 4.3 പ്രകാശവര്‍ഷം അരികിലെത്തും.

ഏതെങ്കിലും അന്യഗ്രഹജീവികളുടെ ശ്രദ്ധയില്‍ വൊജേയറെത്തിയാല്‍, ഭൂമിയെക്കുറിച്ചു മനസിലാക്കാന്‍ സഹായിക്കുന്ന സുവര്‍ണ ഫോണോഗ്രാഫിക് റിക്കോര്‍ഡുകളും അവയില്‍ അടക്കം ചെയ്തിട്ടുണ്ട്. 12 ഇഞ്ച് വരുന്ന ആ റിക്കോര്‍ഡ്, കാള്‍ സാഗന്റെ ആശയമാണ്. 55 ഭാഷകളിലെ ആശംസകളും, ഭൂമിയില്‍ നിന്നുള്ള 115 ദൃശ്യങ്ങളും, ഭൂമിയിലെ വ്യത്യസ്ത ശബ്ദങ്ങളും സംഗീതവും അതില്‍ ആലേഖനം ചെയ്തിട്ടുണ്ട്. (അവലംബം: നാസ)
  • വൊയേജറിന്റെ ചരിത്രവുമായി ബന്ധപ്പെട്ട ചില ദൃശ്യങ്ങള്‍ ചുവടെ
1. ടൈറ്റാന്‍-3/സെന്റോര്‍ റോക്കറ്റിലാണ് 1977 സപ്തംബര്‍ അഞ്ചിന് വൊയേജര്‍-1 വിക്ഷേപിക്കപ്പെട്ടത്. ഫ്‌ളോറിഡയില്‍ കേപ് കാനവെറലില്‍ നിന്നായിരുന്നു വിക്ഷേപണം.

2. സൗരയൂഥത്തിലെ ബാഹ്യ ഗ്രഹങ്ങളെയും ചില ഉപഗ്രഹങ്ങളെയുംകുറിച്ച് പഠിക്കാനാണ് 1977 ല്‍ വൊയേജര്‍ പേടകങ്ങളെ വിക്ഷേപിച്ചത്. കാലിഫോര്‍ണിയയിലെ പസദേനയില്‍ പ്രവര്‍ത്തിക്കുന്ന ജറ്റ് പ്രൊപ്പല്‍ഷന്‍ ലബോറട്ടറിയില്‍ നിര്‍മിച്ച വൊയേജറിന്റെ ആദ്യരൂപമാണ് ചിത്രത്തില്‍.

3. രണ്ട് വൊയേജര്‍ പേടകങ്ങളിലും ഒരേപോലെയുള്ള 'സുവര്‍ണ' റിക്കോര്‍ഡുകളുണ്ട്. ഭൂമിയുടെ കഥ രേഖപ്പെടുത്തിയിട്ടുള്ള അവ ഗോളാന്തര ലോകത്തെത്തിക്കുകയാണ് ഈ തകിടുകളുടെ ഉദ്ദേശം. സ്വര്‍ണം പൂശിയ 12 ഇഞ്ച് ചെമ്പ് ഡിസ്‌കുകളില്‍ 60 ഭാഷകളില്‍ രേഖപ്പെടുത്തിയ ആശംസകള്‍ ആലേഖനം ചെയ്തിട്ടുണ്ട്. വിവിധ സംസ്‌കാരങ്ങളില്‍ നിന്നും കാലങ്ങളില്‍ നിന്നുമുള്ള സംഗീതരൂപങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

4. കഴിഞ്ഞ 33 വര്‍ഷത്തിനിടെ ദീര്‍ഘമായ യാത്രക്കിടയില്‍ സൗരയൂഥത്തില്‍ നിന്ന് ഒട്ടേറെ ശ്രദ്ധേയമായ ദൃശ്യങ്ങള്‍ വൊയേജര്‍ -1 ഭൂമിയിലേക്ക് അയച്ചു. 1979 ഫിബ്രവരിയില്‍ പകര്‍ത്തിയ വ്യാഴത്തിന്റെ ദൃശ്യമാണിത്. 1979 ഏപ്രിലോടെ വ്യാഴത്തെക്കുറിച്ചുള്ള നിരീക്ഷണം വൊയേജര്‍-1 പൂര്‍ത്തിയാക്കി. അപ്പോഴേക്കും വ്യാഴവുമായി ബന്ധപ്പെട്ട് 19,000 ചിത്രങ്ങളും വിലപ്പെട്ട വിവരങ്ങളും ആ പേടകം ഭൂമിയിലേക്ക് അയച്ചിരുന്നു.

5. വ്യാഴത്തിലെ 'ഗ്രേറ്റ് റെഡ് സ്‌പോട്ടി'ന്റെ ദൃശ്യം. വ്യാഴത്തില്‍ നിന്ന് 92 ലക്ഷം കിലോമീറ്റര്‍ അകലെ നിന്ന് 1979 ഫിബ്രവരിയില്‍ വൊയേജര്‍-1 പകര്‍ത്തിയ ദൃശ്യം.

6. വ്യാഴത്തിന്റെ അന്തരീക്ഷം-വ്യാജവര്‍ണത്തിലുള്ളത്

7. വ്യാഴത്തിന്റെ ഉപഗ്രഹമായ ഇയോയുടെ 3.04 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ള ദൃശ്യം. വ്യാഴത്തിന്റെ ഗലീലിയന്‍ ഉപഗ്രഹങ്ങള്‍ എന്നറിയപ്പെടുന്നതില്‍ ഏറ്റവും ഉള്ളിയുള്ള ഉപഗ്രഹമാണിത്. സൗരയൂഥത്തില്‍ ഭൂമിയിലല്ലാതെ മറ്റൊരു ഗ്രഹത്തില്‍ അഗ്നിപര്‍വത്തിന്റെ സാന്നിധ്യം കണ്ടെത്തിയത് ഇതിലാണ്.

8. ശനിയുടെ ദൃശ്യം-1980 നവംബറില്‍ വൊയേജര്‍-1 പകര്‍ത്തിയ ദൃശ്യം, ഗ്രഹത്തില്‍ നിന്ന് 53 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നുള്ളത്.

9. വ്യാഴവും ഗലീലിയന്‍ ഉപഗ്രഹങ്ങളായ ഇയോ, യൂറോപ്പ, ഗാനിമിഡെ, കാലിസ്റ്റോ എന്നിവ-വൊയേജര്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കൂട്ടിയിണക്കിയുണ്ടാക്കയിത്.

കാണുക
ബഹിരാകാശദൗത്യങ്ങള്‍-1 : വൊയേജര്‍


Friday, December 03, 2010

പഴയ ഭൂമി; പുതിയ ജീവന്‍

ജീവന്റെ ഘടകമാകാന്‍ കൊടുംവിഷമായ ആഴ്‌സെനിക്കിനും കഴിയുമെന്ന് കണ്ടെത്തല്‍. ഭൂമിക്ക് വെളയില്‍ ജീവന്റെ സാന്നിധ്യം തേടുന്നവര്‍ക്ക് പുത്തന്‍ സാധ്യത.
ശാസ്ത്രലോകത്തിന് പരിചിതമായ രാസചേരുവകള്‍ അല്ലാതെയും ജീവന്‍ നിലനില്‍ക്കാമെന്ന് നാസ ഗവേഷകര്‍ കണ്ടെത്തി. ജീവതന്മാത്രകളിലെ ഒഴിവാക്കാനാകാത്ത ഘടകമെന്ന് കരുതുന്ന ഫോസ്ഫറസിന് പകരം കൊടുംവിഷമായ ആര്‍സെനിക്കും ജീവന്റെ നിലനില്‍പ്പ് സാധ്യമാക്കുമെന്നാണ് കണ്ടെത്തല്‍. അന്യഗ്രഹങ്ങളില്‍ ഉണ്ടായേക്കാമെന്ന് കരുതുന്ന 'വിചിത്ര ജീവനി'ലേക്ക് വെളിച്ചം വീശുന്ന ഈ പഠനത്തിന്റെ വിവരം പുതിയ ലക്കം 'സയന്‍സ്' മാഗസിനിലാണ് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

ഭൂമിക്ക് വെളിയില്‍ ജീവന്റെ സാന്നിധ്യം തേടുന്ന അസ്‌ട്രോബയോളജിസ്റ്റുകളെ സംബന്ധിച്ച് സുപ്രധാനമായ ഒരു പ്രഖ്യാപനം വ്യാഴാഴ്ചയുണ്ടാകുമെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ നേരത്തെ അറിയിച്ചിരുന്നു, അതിനായി തങ്ങള്‍ പ്രത്യേക വാര്‍ത്താസമ്മേളനം നടത്തുമെന്നും അവര്‍ അറിയിച്ചു. 'നാസ അന്യഗ്രഹ ജീവന്‍ കണ്ടെത്തി' എന്നിങ്ങനെയുള്ള അഭ്യൂഹങ്ങളും വാര്‍ത്തകളും ഇന്റര്‍നെറ്റില്‍ ദിവസങ്ങളായി പ്രവഹിക്കുകയായിരുന്നു. അടുത്ത കാലത്തൊന്നും നാസയുടെ ഒരു വാര്‍ത്താസമ്മേളനം മാധ്യമങ്ങള്‍ക്കിടയില്‍ ഇത്ര ആകാംക്ഷ സൃഷ്ടിച്ചിട്ടില്ല.

അഭ്യൂഹങ്ങള്‍ക്കും ആകാംക്ഷകള്‍ക്കും അറുതി വരുത്തിക്കൊണ്ടാണ് ഇപ്പോള്‍ പ്രഖ്യാപനം വന്നിരിക്കുന്നത്, 'ഭൂമിയില്‍ നിന്നു തന്നെ അന്യജീവന്‍' തങ്ങള്‍ കണ്ടെത്തിയിരിക്കുന്നു എന്നാണ് പ്രഖ്യാപനം! ശരിക്കു പറഞ്ഞാല്‍ കാലിഫോര്‍ണിയയില്‍ മോണോ തടാകത്തിലെ എക്കലില്‍ നിന്ന് കണ്ടെത്തിയ ഒരു ബാക്ടീരിയ വകഭേദമാണ്, ജീവന്‍ മറ്റ് തരത്തിലും സാധ്യമാകാമെന്ന് ആദ്യമായി ഗവേഷകര്‍ക്ക് കാട്ടിക്കൊടുത്തിരിക്കുന്നത്.

ജീവന്റെ നിലനില്‍പ്പിന് അനിവാര്യമെന്ന് കരുതുന്ന ആറ് മൂലകങ്ങളുണ്ട്- കാര്‍ബണ്‍, ഹൈഡ്രജന്‍, നൈട്രജന്‍, ഓക്‌സിജന്‍, ഫോസ്ഫറസ്, സള്‍ഫര്‍ എന്നിവ. 'ഡി.എന്‍.എ., പ്രോട്ടീനുകള്‍, കൊഴുപ്പ് എന്നീ ജീവതന്മാത്രകളുടെ സൃഷ്ടിക്ക് ഈ മൂലകങ്ങള്‍ അനിവാര്യമാണ്'-നാസയുടെ അസ്‌ട്രോബയോളജി റിസര്‍ച്ച് ഫെലോയായ യു.എസ്.ജിയോളജിക്കല്‍ സര്‍വ്വെയിലെ ഫെലിസ വൂള്‍ഫ് സിമോന്‍ അറിയിക്കുന്നു. ഇത് ജീവനെ സംബന്ധിച്ച് നിലവിലുള്ള ധാരണ. എന്നാല്‍, ഈ മൂലകങ്ങളില്‍ ഫോസ്ഫറസിന് പകരം ആഴ്‌സെനിക്ക് ആയാലും ജീവന്‍ സാധ്യമാകുമെന്നാണ് പുതിയ പഠനം വ്യക്തമാക്കിയത്. എന്നുവെച്ചാല്‍, മറ്റ് രൂപങ്ങളിലും ജീവന്റെ നിലനില്‍പ്പ് സാധ്യമാണെന്നര്‍ഥം!

മറ്റ് രൂപത്തില്‍ ഭൂമിയില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്ന് വര്‍ഷങ്ങളായി അന്വേഷിക്കുന്ന ഗവേഷക സംഘത്തിലെ അംഗമാണ് ഫെലിസ. മോണോ തടാകത്തില്‍ നിന്ന് ലഭിച്ച ഹലോമൊനാഡാസിയേ (Halomonadaceae) ബാക്ടീരിയത്തിന്റെ ഒരു പ്രത്യേക വകഭേദം (GFAJ-1) ആണ് പുതിയ രൂപത്തില്‍ ജീവന്‍ സാധ്യമാണെന്ന് ഗവേഷകര്‍ക്ക് ബോധ്യമാക്കിക്കൊടുത്തത്. പരീക്ഷണശാലയില്‍ ഫോസ്ഫറസ് വളരെ കുറവും ആര്‍സെനിക് കൂടുതലുമുള്ള അന്തരീക്ഷത്തില്‍ ബാക്ടീരിയ വകഭേദത്തെ വളര്‍ത്തിയെടുത്തപ്പോഴായിരുന്നു അത്. ഫോസ്ഫറസിന് പകരം ആഴ്‌സെനിക്കിനെ 'പോഷകമാക്കി' ബാക്ടീരിയ പെരുകി എന്നു മാത്രമല്ല, ഡി.എന്‍.എ ഉള്‍പ്പടെ ബാക്ടീരിയയുടെ ജീവതന്മാത്രകളില്‍ ഫോസ്ഫറസിന്റെ സ്ഥാനത്ത് ആഴ്‌സെനിക്ക് സ്ഥാനം പിടിക്കുകയും ചെയ്തു.

ആവര്‍ത്തന പട്ടികയില്‍ ഫോസ്ഫറിസിന് അടുത്ത സ്ഥാനമാണ് ആര്‍സനികിന്റേത്. സാധാരണഗതിയില്‍ ജീവതന്മാത്രകളെ പാടെ നശിപ്പിക്കാന്‍ ശേഷിയുള്ള ഇത്, ജീവന്റെ അടിസ്ഥാന മൂലകങ്ങളിലൊന്നായി മാറുന്ന വിചിത്ര കാഴ്ചയാണ് ഗവേഷകര്‍ കണ്ടത്. ജീവതന്മാത്രകളുടെ നിലനില്‍പ്പിന് ഫോസ്ഫറസ് കൂടിയേ തീരൂ എന്ന അംഗീകൃത വസ്തുത ചോദ്യം ചെയ്യപ്പെടുക മാത്രമല്ല, പുതിയ തരത്തില്‍ ജീവന്‍ സാധ്യമാണെന്ന് ശാസ്ത്രലോകം ആദ്യമായി തിരിച്ചറിയും ചെയ്യുകയായിരുന്നു.

നമുക്കറിയാത്ത രൂപത്തിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടാകാം എന്നതിന്റെ തെളിവാണ് പുതിയ കണ്ടെത്തലെന്ന്, അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയിലെ ഏരിയല്‍ അന്‍ബാര്‍ പറയുന്നു. അപരിചിതമായ അവയെ 'വിചിത്ര ജീവന്‍' എന്നാണ് പഠനത്തില്‍ പങ്കാളിയായ പോള്‍ ഡേവീസ് വിശേഷിപ്പിക്കുന്നത്. 'വിചിത്ര ജീവന്റെ' രൂപത്തിലാകാം അന്യഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യമുള്ളതെന്ന് ഗവേഷകര്‍ കരുതുന്നു.

മറ്റ് ഗ്രഹങ്ങളില്‍ ജീവന്റെ സാന്നിധ്യം തേടുന്ന അസ്‌ട്രോബയോളജിസ്റ്റുകള്‍ ചെയ്യുന്നത്, ജീവന്റെ അടിസ്ഥാനമായ 'മൂലകങ്ങളെ പിന്തുടരുക' എന്നതാണ്-അന്‍ബാര്‍ പറയുന്നു. ഒരിടത്ത് ജീവന് അടിസ്ഥാനമായ മൂലകങ്ങളുണ്ടെങ്കില്‍, അവിടെ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യത ഏറും. ജീവന്റെ സാന്നിധ്യമറിയാന്‍ ഏത് മൂലകങ്ങളെ പിന്തുടരണം എന്നകാര്യം പുനപ്പരിശോധിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് പുതിയ പഠനം-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഫോസ്ഫറസിന് പകരം ആഴ്‌സെനിക്കിനെ ആശ്രയിച്ച് വളര്‍ന്ന സൂക്ഷ്മജീവിക്ക് 'ഇരട്ട ജീവിതമാണുള്ളതെ'ന്ന് ഡേവീസ് കരുതുന്നു. ഫോസ്ഫറസിലും ആര്‍സെനിക്കിലും അതിന് വളരാനാകും. 'ശരിക്കും മറ്റൊരു ജീവശാഖയില്‍ നിന്നുള്ള ജീവിയായി മാത്രമേ അതിനെ കണക്കാക്കാന്‍ കഴിയൂ'-അദ്ദേഹം പറയുന്നു.

ഈ പുതിയ ജീവശാഖ തീര്‍ച്ചയായും മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്ന് ഡേവീസ് പ്രവചിക്കുന്നു. മൈക്രോബയോളജിയുടെ പുതിയ മേഖല തന്നെ തുറക്കാനുള്ള സാധ്യത ഈ കണ്ടെത്തലിനുണ്ട്. ഫോസ്ഫറസിനെ തീരെ ആശ്രയിക്കാത്ത ഒരു ജീവശാഖയിലേക്ക് ഈ അന്വേഷണം നീണ്ടാല്‍, അതാകും 'ഹോളി ഗ്രെയില്‍'!-അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അന്യഗ്രഹങ്ങളിലെ ജീവനെക്കുറിച്ച് മാത്രമല്ല, ഭൂമിയിലെ ജീവന്റെ ഉത്ഭവത്തെക്കുറിച്ചും പുതിയ ഉള്‍ക്കാഴ്ച നല്‍കുന്നതാണ് നാസയുടെ കണ്ടെത്തല്‍. ഒരുപക്ഷേ, പല തവണ പല രൂപത്തില്‍ ഭൂമിയില്‍ ജീവന്‍ പ്രത്യക്ഷപ്പെട്ടിരിക്കാം എന്നാണിത് സൂചിപ്പിക്കുന്നത്.

പൊതുവെ കരുതുന്നതിലും കൂടുതല്‍ 'വഴക്കമുള്ളതാണ്' നമുക്ക് പരിചിതമായ ജീവന്‍ എന്നാണ് ഈ കണ്ടെത്തല്‍ ഓര്‍മിപ്പിക്കുന്നത്-ഫെലിസ പറയുന്നു. ജൈവരാസചക്രങ്ങളുടെയും രോഗങ്ങളുടെയും പിന്നിലെ പ്രേരകശക്തികളാണ് സൂക്ഷ്മജീവികള്‍. ആ നിലയ്ക്ക് ജീവശാസ്ത്ര ഗ്രന്ഥങ്ങളില്‍ പുത്തന്‍ അധ്യായം തന്നെ തുറക്കാന്‍ ഈ കണ്ടെത്തല്‍ കാരണമാകുമെന്ന് അവര്‍ വിശ്വസിക്കുന്നു.

ആര്‍സെനിക്കിനെ വിഘടിപ്പിച്ച് വിഷാംശം നീക്കാന്‍ സഹായിക്കുന്ന ബാക്ടീരിയ വകഭേദങ്ങള്‍ ജനിതകപരിഷ്‌ക്കരണം വഴി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യ, ബംഗ്ലാദേശ് മുതലായ രാജ്യങ്ങളിലെ കിണറുകളില്‍ നിന്ന് ആര്‍സെനിക് വിഷാംശം നീക്കംചെയ്യാന്‍ ആ സൂക്ഷ്മജീവികളെ ഉപയോഗിക്കാറുമുണ്ട്. എന്നാല്‍, ജൈവപ്രക്രിയയില്‍ അനിവാര്യ മൂലകമായ ഫോസ്ഫറസിന് പകരം ആഴ്‌സനിക്ക് മാത്രം ആശ്രയിച്ച് ജീവന്‍ നിലനിര്‍ത്തുന്ന ബാക്ടീരിയ ശാസ്ത്രലോകത്തിന് മുന്നിലെത്തുന്നത് ആദ്യമായാണ്.
(അവലംബം: അരിസോണ സ്‌റ്റേറ്റ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്, സയന്‍സ്).