Saturday, March 27, 2010

മണ്ണും തപിക്കുന്നു; അന്തരീക്ഷത്തിലേക്ക് കൂടുതല്‍ കാര്‍ബണ്‍ഡയോക്‌സയിഡ്

പൊള്ളുന്ന ഭൂമിക്ക് ആശ്വാസമേകാനും കാലാവസ്ഥാമാറ്റം നേരിടാനും ലോകം ഇന്ന് ഒരു മണിക്കൂര്‍ വിളക്കണയ്ക്കുകയാണ്. രാത്രി എട്ടര മുതല്‍ ഒമ്പതര വരെ വൈദ്യുതദീപങ്ങള്‍ അണച്ച് 125 രാജ്യങ്ങള്‍ 'ഭൗമ മണിക്കൂറി'ല്‍ പങ്കാളികളാകുന്നു.

ഭൂമിക്ക് വേണ്ടി ഇത്തരം കൂട്ടായ ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ, മറുവശത്ത് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഭൂമിക്ക് ചൂടു കൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്നുള്ള കാര്‍ബണ്‍ഡയോക്‌സയിഡിന്റെ ബഹിര്‍ഗമനം വര്‍ധിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍.

ഇരുപത് വര്‍ഷം നീണ്ട പഠനത്തിലാണ്, സസ്യങ്ങളും മണ്ണിലെ സൂക്ഷ്മജീവികളും പുറത്തുവിടുന്ന കാര്‍ബണ്‍ഡയോക്‌സയിഡി (CO2)ന്റെ തോത് വര്‍ധിച്ചതായി കണ്ടതെന്ന്, 'നേച്ചറി'ന്റെ പുതിയ ലക്കത്തിലെ റിപ്പോര്‍ട്ട് പറയുന്നു.

'മണ്ണിന്റെ ശ്വസനം' (soil respiration) എന്നാണ്, മണ്ണില്‍ നിന്ന് CO2 ബഹിര്‍ഗമിക്കപ്പെടുന്ന പ്രക്രിയ വിശേഷിപ്പിക്കുന്നത്. ഇതിന്റെ തോത് 1998 ന് ശേഷം, വര്‍ഷംതോറും ഒരു ശതമാനത്തിന്റെ പത്തിലൊന്ന് വീതം വര്‍ധിച്ചതായി പഠനറിപ്പോര്‍ട്ട് പറയുന്നു.

സംബന്ധിച്ച് മുമ്പ് നടന്ന പഠനങ്ങളും ഗവേഷകര്‍ വിശകലനം ചെയ്യുകയുണ്ടായി. മണ്ണില്‍ നിന്ന് പുറത്തുവരുന്ന ആകെ CO2 ന്റെ അളവ്, മുമ്പ് കണക്കാക്കിയിരുന്നതിലും 10-15 ശതമാനം കൂടുതലാണെന്ന് പഠനത്തില്‍ തെളിഞ്ഞു. പുതിയ കണക്കുകള്‍ പ്രകാരം, ഒരു വര്‍ഷം മണ്ണില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന CO2 ന്റെ ആകെ അളവ് 98 പെറ്റാഗ്രാം (9800 കോടി മെട്രിക് ടണ്‍) ആണ്.

ആഗോള കാര്‍ബണ്‍ ശൃംഗലയെക്കുറിച്ച് വ്യക്തത ലഭിക്കാനും, അതുവഴി കാലാവസ്ഥാമാറ്റത്തില്‍ ഹരിതഗൃഹവാതകങ്ങള്‍ നടത്തുന്ന സ്വാധീനം മനസിലാക്കാനും, മണ്ണില്‍ നിന്നുള്ള കാര്‍ബണ്‍ ബഹിര്‍ഗമനം കൃത്യമായി അറിയേണ്ടതുണ്ട്. ആ അര്‍ഥത്തില്‍ പ്രധാന്യമര്‍ഹിക്കുന്ന പഠനമാണ്, അമേരിക്കയില്‍ പെസഫിക് നോര്‍ത്ത്‌വെസ്റ്റ് നാഷണല്‍ ലബോറട്ടറിയിലെ ബെന്‍ ബോണ്ട്-ലാംബെര്‍ട്ടിയും കൂട്ടരും നടത്തിയിരിക്കുന്നത്.

ഭൂമിയുടെ ചൂടുകൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്ന് കൂടുതല്‍ CO2 പുറത്തുവരിക എന്നു പറഞ്ഞാല്‍, അന്തരീക്ഷത്തിലെ ഹരിതഗൃഹവാതകങ്ങളുടെ സാന്ദ്രത അത്രയും വര്‍ധിക്കുന്നു എന്നാണര്‍ഥം. അതിനനുസരിച്ച് ആഗോളതാപനം (global warming) വീണ്ടും വര്‍ധിക്കും. ശരിക്കുമൊരു വിഷമവൃത്തമാണിത്.

പുതിയ പഠനം അനുസരിച്ച്, 1989-ന് ശേഷം മണ്ണില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന CO2 ന്റെ അളവ് പ്രതിവര്‍ഷം ഏതാണ്ട് 0.1 പെറ്റാഗ്രാം (10 കോടി മെട്രിക് ടണ്‍) വീതം വര്‍ധിച്ചു. പക്ഷേ, പുറത്തുവരുന്ന CO2 പഴയ സ്റ്റോക്കാണോ അതോ ചൂടു കൂടിയ കാലാവസ്ഥയില്‍ ഹരിതസസ്യങ്ങള്‍ കൂടുതല്‍ വേഗത്തില്‍ വളരുന്നതിനാലാണോ ഇങ്ങനെ സംഭവിക്കുന്നതെന്ന് വ്യക്തമല്ല. പക്ഷേ, ലഭ്യമായ തെളിവുകള്‍ സൂചിപ്പിക്കുന്നത് ഇത് പഴയ സ്റ്റോക്കാവാനാണ് സാധ്യതയെന്നാണ് ബോണ്ട്-ലാംബെര്‍ട്ടി പറയുന്നു.

സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ CO2, ജലം എന്നിവയുടെ സഹായത്തോടെ സസ്യങ്ങള്‍ ധാന്യകം നിര്‍മിക്കുന്ന പ്രക്രിയയാണ് പ്രകാശസംശ്ലേഷണം. അപ്പോള്‍ ഓക്‌സിജന്‍ ഉപോത്പന്നമായി പുറത്തു വരും. അതേസമയം, മറ്റ് ജീവികളെപ്പോലെ സസ്യങ്ങള്‍ ഓക്‌സിജന്‍ ആഗിരണം ചെയ്ത് CO2 പുറത്തുവിടാറുമുണ്ട്. സസ്യങ്ങളും സൂക്ഷ്മജീവികളും CO2 പുറത്തുവിടുന്നതിനെയാണ് 'മണ്ണിന്റെ ശ്വസനം' എന്ന് വിളിക്കുന്നത്.

സൈദ്ധാന്തികമായി, സസ്യങ്ങളും സൂക്ഷ്മജീവികളും ഏര്‍പ്പെടുന്ന ജൈവരാസപ്രവര്‍ത്തനങ്ങളില്‍ താപം വര്‍ധിക്കുന്നതിനനുസരിച്ച് പുറത്തു വരുന്ന CO2 ന്റെ അളവും വര്‍ധിക്കും. എന്നാല്‍, 'മണ്ണിന്റെ ശ്വസനം' അളക്കുക എളുപ്പമല്ല, സാധാരണരീതികളുപയോഗിച്ച് സാധിക്കില്ല.

അതിനാല്‍, മറ്റൊരു സമീപനമാണ് ബോണ്ട്-ലാംബെര്‍ട്ടിയും കൂട്ടരും കൈക്കൊണ്ടത്. മണ്ണില്‍ നിന്ന് CO2 ബഹിര്‍ഗമിക്കുന്നത് സംബന്ധിച്ച് 1989 - 2008 കാലത്ത് നടന്ന 439 പഠനങ്ങള്‍ അവര്‍ പുനപ്പരിശോധിച്ചു. വാതക ക്രൊമാറ്റോഗ്രാഫി (gas chromatography), ഇന്‍ഫ്രാറെഡ് വാതക വിശകലനം തുടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് മാര്‍ഗങ്ങളുപയോഗിച്ച് നടത്തിയ പഠനങ്ങളുടെ ഫലങ്ങളേ പുതിയ പഠനത്തില്‍ ഉള്‍പ്പെടുത്തിയുള്ളു.

അതുപയോഗിച്ച് നടത്തിയ വിശകനത്തിലാണ്, മണ്ണില്‍ നിന്നുള്ള CO2 ന്റെ ബഹിര്‍ഗമന തോത് 1989-ലേതിനെക്കാള്‍ 2008-ല്‍ കൂടുതലാണെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്. (അവലംബം: പെസഫിക് നോര്‍ത്ത്‌വെസ്റ്റ് നാഷണല്‍ ലബോറട്ടറിയുടെ വാര്‍ത്താക്കുറിപ്പ്).

1 comment:

Joseph Antony said...

പൊള്ളുന്ന ഭൂമിക്ക് ആശ്വാസമേകാനും കാലാവസ്ഥാമാറ്റം നേരിടാനും ലോകം ഇന്ന് ഒരു മണിക്കൂര്‍ വിളക്കണയ്ക്കുകയാണ്. രാത്രി എട്ടര മുതല്‍ ഒമ്പതര വരെ വൈദ്യുതദീപങ്ങള്‍ അണച്ച് 125 രാജ്യങ്ങള്‍ 'ഭൗമ മണിക്കൂറി'ല്‍ പങ്കാളികളാകുന്നു.
ഭൂമിക്ക് വേണ്ടി ഇത്തരം കൂട്ടായ ശ്രമങ്ങള്‍ ഒരു വശത്ത് നടക്കുമ്പോള്‍ തന്നെ, മറുവശത്ത് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ് കേള്‍ക്കുന്നത്. ഭൂമിക്ക് ചൂടു കൂടുന്നതിനനുസരിച്ച് മണ്ണില്‍നിന്നുള്ള കാര്‍ബണ്‍ഡയോക്‌സയിഡിന്റെ ബഹിര്‍ഗമനം വര്‍ധിച്ചുവെന്നാണ് ഏറ്റവും ഒടുവിലത്തെ കണ്ടെത്തല്‍.