Tuesday, September 29, 2009

പ്രവചനങ്ങള്‍ തെറ്റുന്നു; ഭൗമതാപനില നാല് ഡിഗ്രി വര്‍ധിക്കാം

കാലാവസ്ഥാമാറ്റത്തിന്റെ ഫലമായുള്ള താപവര്‍ധന പ്രവചിക്കപ്പെട്ടതിലും കൂടുതലാകാം എന്ന് മുന്നറിയിപ്പ്. 2060 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ നാല് ഡിഗ്രി സെല്‍സിയസിന്റെ വര്‍ധനയുണ്ടാകാമെന്ന് ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു.

ബ്രിട്ടനിലെ മെറ്റ് ഓഫീസ് ഹാഡ്‌ലി സെന്ററിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗത്തില്‍ കഴിഞ്ഞ 20 വര്‍ഷത്തെ പ്രവണത കണക്കിലെടുത്ത് നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തിലാണ് പുതിയ ഫലം ലഭിച്ചത്.

'ഹരിതഗൃഹവാതകങ്ങളുടെ വ്യാപനം അടിയന്തരമായി കുറച്ചില്ലെങ്കില്‍, നമ്മുടെ ആയുഷ്‌ക്കാലത്ത് തന്നെ ഗുരുതരമായ കാലാവസ്ഥാമാറ്റത്തിന് നമ്മള്‍ സാക്ഷികളാകും'-മെറ്റ് ഓഫീസിലെ ഗവേഷകന്‍ റിച്ചാര്‍ഡ് ബെറ്റ്‌സ് അറിയിക്കുന്നു.

ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ എന്‍വിരോണ്‍മെന്റല്‍ ചേഞ്ച് ഇന്‍സ്റ്റിട്ട്യൂട്ടില്‍ നടന്ന സമ്മേളനത്തിലാണ് പഠനഫലം അവതരിപ്പിക്കപ്പെട്ടത്. ഏറ്റവും നല്ല കണക്കുകൂട്ടല്‍ പ്രകാരം 2070 ആകുമ്പോഴേക്കും ശരാശരി താപനില നാല് ഡിഗ്രി വര്‍ധിക്കാം. ഒരുപക്ഷേ, അത് 2060 ആകുമ്പോഴേക്കും സംഭവിക്കാം- റിച്ചാര്‍ഡ് ബെറ്റ്‌സ് പറഞ്ഞു.

യു.എന്നിന് കീഴിലുള്ള ഇന്റര്‍ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ച് (ഐ.പി.സി.സി), 2007-ല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട് പ്രകാരം ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും അന്തരീക്ഷ താപനിലയില്‍ 1.8 ഡിഗ്രി മുതല്‍ നാല് ഡിഗ്രി വരെ വര്‍ധനയുണ്ടാകാം. അതില്‍ കൂടുതല്‍ താപവര്‍ധനയ്ക്ക് സാധ്യത ഐ.പി.സി.സി. തള്ളിക്കളയുന്നുമില്ല.

എന്നാല്‍, ഈ നൂറ്റാണ്ട് പകുതി കഴിയുമ്പോള്‍ തന്നെ ഐ.പി.സി.സി. പ്രവചിച്ചതിലെ ഏറ്റവും മോശമായ അവസ്ഥയിലെത്തും ഭൂമി എന്നാണ് ബ്രിട്ടീഷ് പഠനം സൂചന നല്‍കുന്നത്. 'നാല് ഡിഗ്രി ശരാശരി താപവര്‍ധന എന്നു പറഞ്ഞാല്‍, പല മേഖലകളിലും വന്‍വര്‍ധനയാണുണ്ടാവുക. വര്‍ഷപാതത്തിന്റെ സ്വഭാവത്തിലും കാര്യമായ മാറ്റം സംഭവിക്കും'-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

മെറ്റ് ഓഫീസ് ഗവേഷകര്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനമനുസരിച്ച്, ഭൂമിയുടെ വിവിധ ഭാഗങ്ങളില്‍ വന്‍ വ്യത്യാസമായിരിക്കും താപവര്‍ധനയില്‍ സംഭവിക്കുക. പുതിയ പഠനം പ്രവചിക്കുംപോലെ സംഭവിച്ചാല്‍ ഈ നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ആര്‍ട്ടിക്ക് മേഖലകളില്‍ 15 ഡിഗ്രി വരെ താപനില വര്‍ധിക്കാം.

ആഫ്രിക്കയുടെ പടിഞ്ഞാറും തെക്കും മേഖലകള്‍ സാക്ഷിയാവുക ഇപ്പോഴത്തേതിലും പത്തുഡിഗ്രി വരെ താപവര്‍ധനയ്ക്കാകും. ആഫ്രിക്കയുടെ മറ്റ് പ്രദേശങ്ങളില്‍ ഏഴ് ഡിഗ്രി വരെ താപനില വര്‍ധിക്കാമെന്നും പഠനഫലം പറയുന്നു.

കോപ്പന്‍ഹേഗനില്‍ അടുത്ത ഡിസംബറില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയുടെ മുന്നൊരുക്ക സമ്മേളനം ബാങ്കോക്കില്‍ ചേരാനിരിക്കെയാണ് പുതിയ പഠനഫലം പുറത്തു വന്നിരിക്കുന്നത്. 192 രാജ്യങ്ങളുടെ പ്രതിനിധികളാണ് ബാങ്കോക്കില്‍ ഒത്തുചേരുക. ഉച്ചകോടിക്ക് മുന്നോടിയായുള്ള അവസാനത്തെ മുന്നൊരുക്ക സമ്മേളനമാണ് ബാങ്കോക്കിലേത്.(കടപ്പാട്: ബി.ബി.സി.ന്യൂസ്)

Thursday, September 24, 2009

ചന്ദ്രനിലെ ജലസാന്നിധ്യം-ചന്ദ്രയാന്റേത് ചരിത്രനേട്ടം

ഇന്ത്യയെ ഇന്നുവരെയില്ലാത്തത്ര ഉയരത്തിലെത്തിച്ചിരിക്കുന്നു ചന്ദ്രയാന്‍-1. ലോകമെമ്പാടുമുള്ള ഗവേഷകരെ പതിറ്റാണ്ടുകളായി അലട്ടുന്ന ചോദ്യത്തിനാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉപഗ്രഹത്തിന്റെ പ്രതലത്തിലെ ജലസാന്നിധ്യമാണ് ആ കണ്ടെത്തല്‍. ചന്ദ്രപ്രതലത്തില്‍ മനുഷ്യന്‍ കാല്‍കുത്തിയതിന് ശേഷമുള്ള ഏറ്റവും വലിയ മുന്നേറ്റമെന്ന് നാസ. ഇന്ത്യന്‍ ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലാണ് ഈ നേട്ടം.

കഴിഞ്ഞ ആഗസ്ത് 28നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത് (ദൗത്യം അവസാനിച്ചതായി ആഗസ്ത് 30-ന് പ്രഖ്യാപിക്കപ്പെട്ടു). 2008 ഒക്ടോബര്‍ 22ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കവെയാണ് അവസാനിച്ചത്. പക്ഷേ, പ്രതീക്ഷിക്കാത്തത്ര വലിയൊരു വിജയക്കുതിപ്പ് നടത്തിയിട്ടാണ് ചന്ദ്രയാന്‍ വിടവാങ്ങിയതെന്ന് അന്ന് ആരും കരുതിയില്ല. ഇന്ത്യയെ ഇന്നുവരെയില്ലാത്തത്ര ഉയരത്തിലെത്തിച്ചിരിക്കുന്നു ചന്ദ്രയാന്‍-1. ലോകമെമ്പാടുമുള്ള ഗവേഷകരെ പതിറ്റാണ്ടുകളായി അലട്ടുന്ന ചോദ്യത്തിനാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-1 ഉത്തരം കണ്ടെത്തിയിരിക്കുന്നത്. ഭൂമിയുടെ ഉപഗ്രഹത്തിന്റെ പ്രതലത്തിലെ ജലസാന്നിധ്യമാണ് ആ കണ്ടെത്തല്‍. ചന്ദ്രയാന്‍ ദൗത്യത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായെന്നും ദൗത്യം പൂര്‍ണവിജയമാണെന്നും ഐ.എസ്.ആര്‍.ഒ. അധികൃതര്‍ പറഞ്ഞത് വിശ്വസിക്കാത്തവര്‍ക്കുള്ള മറുപടി കൂടിയാണ് ഈ കണ്ടെത്തല്‍.

ചാന്ദ്രയാനിലുണ്ടായിരുന്ന 11 പഠനോപകരണങ്ങളില്‍ ഒന്നായ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്), ചന്ദ്രോപരിതലത്തില്‍ ജലാംശം കണ്ടെത്തിയതിന്റെ വിവരങ്ങളുള്ളത് വെള്ളിയാഴ്ചത്തെ സയന്‍സ് ഗവേഷണവാരികയിലാണ്. ചന്ദ്രയാനിലെ ഉപകരണങ്ങളില്‍ ഇന്ത്യ നിര്‍മിച്ചവ അഞ്ചെണ്ണവും വിദേശത്ത് നിര്‍മിച്ചവ ആറെണ്ണവുമായിരുന്നു. വിദേശ ഉപകരണങ്ങളില്‍ നാസ രൂപകല്‍പ്പന ചെയ്ത മൂണ്‍ മിനറോളജി മാപ്പര്‍ ആണ് ചന്ദ്രനില്‍ ജലമുണ്ടെന്ന് കണ്ടെത്തിയത്. ഇതുള്‍പ്പടെ, ചന്ദ്രനിലെ ജലസാന്നിധ്യം സ്ഥിരികരിക്കുന്ന മൂന്ന് റിപ്പോര്‍ട്ടുകള്‍ സയന്‍സിന്റെ പുതിയ ലക്കത്തിലുണ്ട്. ശനിയെക്കുറിച്ച് പഠിക്കാന്‍ അയച്ച കാസിനി പേടകവും, വാല്‍നക്ഷത്രില്‍ ഇടിച്ചിറങ്ങാന്‍ പോയ ഡീപ് ഇംപാക്ട് ബഹിരാകാശ പേടകവും ചന്ദ്രന് സമീപത്തുകൂടി പോകുമ്പോള്‍ നടത്തിയ കണ്ടെത്തലുകളാണ് മറ്റ് രണ്ട് റിപ്പോര്‍ട്ടുകളിലുള്ളത്.

ചന്ദ്രപ്രതലത്തിലെ ഓരോ ടണ്‍ മണ്ണിലും കുറഞ്ഞത് ഒരു ലിറ്റര്‍ വെള്ളമെങ്കിലുമുണ്ടാകുമെന്നാണ് കണ്ടെത്തല്‍. ചന്ദ്രന്റെ പ്രതലത്തിലുടനീളം ജലതന്മാത്രകളുടെയോ ഹൈഡ്രോക്‌സില്‍ തന്മാത്രകളുടെയോ (ഹൈഡ്രോക്‌സില്‍ എന്നത് ഒരു ഓക്‌സിജന്‍ ആറ്റവും ഒരു ഹൈഡ്രജന്‍ ആറ്റവും ചേര്‍ന്നതാണ്-HO) സാന്നിധ്യമുണ്ടത്രേ. ചന്ദ്രയാനിലെ മൂണ്‍ മാപ്പര്‍ കണ്ടെത്തിയ വിവരങ്ങള്‍ വിശകലനം ചെയ്തത് ബ്രൗണ്‍ സര്‍വകലാശാലയിലെ ഗവേഷക കാര്‍ലെ പീറ്റേഴ്‌സും അഹമ്മദാബാദില്‍ ഫിസിക്കല്‍ റിസര്‍ച്ച് ലബോറട്ടിയിലെ പ്രൊഫ. ജി.എന്‍.ഗോസ്വാമിയും ഉള്‍പ്പെട്ട സംഘവുമാണ് ജലസാന്നിധ്യത്തെക്കുറിച്ചുള്ള നിഗമനത്തിലെത്തിയത്.

'ചന്ദ്രനിലെ ജലത്തെക്കുറിച്ച് പറയുമ്പോള്‍, തടാകങ്ങളെയോ സമുദ്രങ്ങളെയോ എന്തിനെ ചെറിയ ഉറവകളെ പോലുമോ അല്ല ഞങ്ങള്‍ അര്‍ഥമാക്കുന്നത്. ചന്ദ്രനിലെ ജലം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഉപരിതലത്തില്‍ ഒരു മില്ലിമീറ്റര്‍ കനത്തില്‍ പാറകളുടെയും ധൂളികളുടെയും തന്മാത്രകളുമായി ഇടപഴകുന്ന ജലതന്മാത്രകളെയും ഹൈഡ്രോക്‌സില്‍ തന്മാത്രകളെയും ആണ്'-കാര്‍ലെ പീറ്റേഴ്‌സ് പറയുന്നു.

ചന്ദ്രപ്രതലത്തിലുടനീളം ജലതന്മാത്രകളുണ്ടെന്ന കണ്ടെത്തല്‍ ജിജ്ഞാസാജനകമാണ് അവര്‍ പറയുന്നു. എവിടെനിന്നു വന്നു ജലതന്മാത്രകള്‍. മഞ്ഞുകട്ടയുടെ രൂപത്തില്‍ ധ്രുവങ്ങളിലുള്ള ജലം ചന്ദ്രപ്രതലത്തില്‍ മറ്റിടങ്ങളിലേക്ക് കുടിയേറിയതാകാം എന്നാണ് ഗവേഷകര്‍ കരുതുന്നത്. സൗരക്കാറ്റിന്റെ സ്വാധീനമാകാം ഈ കുടിയേറ്റത്തിന് പിന്നില്‍. സൗരക്കാറ്റില്‍ കൂടുതലും ഉള്ളത് പ്രോട്ടോണ്‍ കണങ്ങളാണ്. പ്രോട്ടോണ്‍ കണങ്ങള്‍ എന്നു പറഞ്ഞാല്‍ ഹൈഡ്രജന്‍ ന്യൂക്ലിയസ്സുകള്‍. ഭൂമിയില്‍ സൗരക്കാറ്റ് അത്ര സ്വാധീനം ചെലുത്താത്തതിന് കാരണം, ഇവിടെ അന്തരീക്ഷം ഉള്ളതിനാലാണ്. അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്ത് വെച്ചു തന്നെ സൗരക്കാറ്റുകള്‍ തടയപ്പെടുന്നു.

ചന്ദ്രപ്രതലത്തില്‍ ജലതന്മാത്രകള്‍ ഇത്തരത്തില്‍ കുടിയേറിയവയാണെങ്കില്‍, അവിടെ സൂര്യപ്രകാശം പതിക്കാത്ത കിടങ്ങുകളിലും ഇടുക്കുകളിലും ജലത്തിന്റെ വലിയ സാന്നിധ്യം ഉണ്ടാകാം. ചന്ദ്രനില്‍ സൂര്യപ്രകാശം പതിക്കുന്ന വൈവിധ്യമാര്‍ന്ന മേഖലകളില്‍ മൂണ്‍ മാപ്പര്‍ ജലാംശം ദര്‍ശിച്ചു. കാസിനി പേടകത്തിലെ 'വിഷ്വല്‍ ആന്‍ഡ് ഇന്‍ഫ്രാറെഡ് മാപ്പിങ് സ്‌പെക്ട്രോമീറ്ററും' (VIMS), ഡീപ് ഇംപാക്ടിലെ 'ഹൈ റസല്യൂഷന്‍ ഇന്‍ഫ്രാറെഡ് ഇമേജിങ് സ്‌പെക്ട്രോമീറ്ററും' ശേഖരിച്ച വിവരങ്ങളുമായി താരതമ്യം ചെയ്താണ് മൂണ്‍ മാപ്പറിന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചത്.

ചന്ദ്രപ്രതലത്തില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് ചന്ദ്രയാന്‍-1 ഭ്രമണം ചെയ്തിരുന്നത്. അത്രയും അകലെ നിന്നാണ് ചന്ദ്രയാന്‍ നിരീക്ഷണങ്ങള്‍ നടത്തിയത്. 312 ദിവസം പേടകം ചന്ദ്രനെ വലംവെച്ചു. അതിനിടെ 3400 തവണ ചന്ദ്രനെ ചുറ്റി. ചന്ദ്രനില്‍ നിന്ന് 70,000 ദൃശ്യങ്ങളാണ് അത് ഭൂമിയിലേക്ക് അയച്ചത്. മാത്രമല്ല, ചന്ദ്രയാനിലെ പേലോഡുകള്‍ (ഉപകരണങ്ങള്‍) ശേഖരിച്ച വിവരങ്ങളൊന്നും നഷ്ടമായിട്ടില്ല എന്നാണ് മൂണ്‍ മാപ്പറിന്റെ കണ്ടെത്തല്‍ വ്യക്തമാക്കുന്നത്. പ്രതീക്ഷിച്ചതിലും എത്രയോ വലിയ വിജയമാണ് ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമെന്ന് ഇത് തെളിയിക്കുന്നു.

പ്രകാശത്തിന് മൂലകങ്ങളില്‍ തട്ടി പ്രതിഫലിക്കുമ്പോള്‍ നിറഭേദമുണ്ടാകും. മൂലകത്തിന്റെ സ്വഭാവമനുസരിച്ചാവും ആ വ്യത്യാസം. പ്രകാശവര്‍ണരാജി (സ്‌പെക്ട്ര) യിലുണ്ടാകുന്ന ആ വ്യാത്യാസമാണ് ഓരോ മുലകത്തിന്റെയും രാസമുദ്ര (കെമിക്കല്‍ സിഗ്നേച്ചര്‍). ഇത്തരം നിറഭേദങ്ങളുടെ പഠനമാണ് സ്‌പെക്ട്രോഗ്രാഫി, പഠനത്തിനുപയോഗിക്കുന്നത് സ്‌പെക്ട്രോമീറ്ററും. ചന്ദ്രയാനിലെ മൂണ്‍ മിനറോളജി മാപ്പറിന്റെ മുഖ്യഭാഗം ഒരു സ്‌പെക്ട്രോമീറ്റര്‍ ആയിരുന്നു. അതുപയോഗിച്ച് ചന്ദ്രപ്രതലത്തില്‍ തട്ടി പ്രതിഫലിക്കുന്ന സൂര്യകിരണങ്ങളെ വിശകലനം ചെയ്ത് പഠിക്കുകയാണ് മൂണ്‍ മാപ്പര്‍ ചെയ്തത്.

സൂര്യകിരണങ്ങള്‍ ചന്ദ്രോപരിതലത്തില്‍ തട്ടുമ്പോള്‍, അവിടുത്തെ രാസഘടന അനുസരിച്ച് പ്രകാശം വൈദ്യുതകാന്തിക വര്‍ണരാജിയിലെ വിവിധഭാഗങ്ങളായാണ് (റേഡിയോ തരംഗങ്ങള്‍, മൈക്രോതരംഗങ്ങള്‍, ഇന്‍ഫ്രാറെഡ് കിരണങ്ങള്‍, ദൃശ്യപ്രകാശം, എക്‌സ്‌റേ, ഗാമാകിരണങ്ങള്‍ എന്നിങ്ങനെ) പ്രതിഫലിക്കുക. പ്രതിഫലിക്കുന്ന തരംഗങ്ങള്‍ (നിറവ്യത്യാസം) എന്തെന്ന് സൂക്ഷ്മമായി മനസിലാക്കാനായാല്‍, അത് ഏത് മൂലകത്തില്‍ അല്ലെങ്കില്‍ രാസവസ്തുവില്‍ തട്ടിയാകാം പ്രതിഫലിച്ചത് എന്ന് നിഗമനത്തിലെത്താം. മൂണ്‍ മാപ്പറും അതാണ് ചെയ്തത്.

'മൂണ്‍ മാപ്പറിന്റെ ക്യാമറക്കണ്ണുകളില്‍ മൊത്തം 250 നിറഭേദങ്ങള്‍ കാണാന്‍ കഴിയുമായിരുന്നു'-ബാംഗ്ലൂരില്‍ ഐ.എസ്.ആര്‍.ഒ. ഉപഗ്രഹകേന്ദ്രത്തിന്റെ മേധാവി ഡോ.ടി.കെ.അലക്‌സ് അറിയിക്കുന്നു. ചന്ദ്രയാനില്‍ ഉണ്ടായിരുന്ന ഇന്ത്യന്‍ ഉപകരണങ്ങളില്‍ പെട്ട ഹൈപ്പര്‍ സ്‌പെക്ട്രല്‍ ക്യാമറയ്ക്ക് 80 നിറഭേദങ്ങളെ തിരിച്ചറിയാന്‍ ശേഷിയുണ്ടായിരുന്നു. ചന്ദ്രനില്‍ നിന്ന് പ്രതിഫലിക്കുന്ന സൂര്യകിരണങ്ങളുടെ നിറഭേദങ്ങള്‍ വ്യക്തമായി മനസിലാക്കാന്‍ ഈ രണ്ട് ഉപകരണങ്ങള്‍ സഹായിച്ചു. ഇരുമ്പിലാണോ സിലിക്കയിലാണോ വെള്ളത്തിലാണോ പ്രകാശം തട്ടി തിരിച്ചുവരുന്നതെന്ന് അവയുടെ നിറഭേദം നല്‍കുന്ന രാസമുദ്രകള്‍ വ്യക്തമാക്കിത്തന്നു. എന്നാല്‍, ജലത്തിന്റെ രാസമുദ്രയാണോ ലഭിച്ചതെന്ന് തീര്‍ച്ചയാക്കാന്‍ ഒറ്റയടിക്ക് കഴിയില്ല. അതിന് വേറെയും സ്ഥിരീകരണങ്ങള്‍ വേണ്ടി വരുന്നു. അതാണ്, ചന്ദ്രയാന്റെ കണ്ടെത്തല്‍ മറ്റ് രണ്ട് പേടകങ്ങള്‍ നടത്തിയ നിരീക്ഷണവിവരങ്ങളുമായി ഒത്തുനോക്കാന്‍ നാസയെ പ്രേരിപ്പിച്ചത്.

ചന്ദ്രയാന്‍-1 ലെ പതിനൊന്ന് ഉപകരണങ്ങളില്‍ ഒരെണ്ണം നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. ചന്ദ്രയാനിലെ ഉപകരണങ്ങള്‍ ചന്ദ്രപ്രതലത്തിലെ 97 ശതമാനം പ്രദേശങ്ങള്‍ പഠനവിധേയമാക്കി. അതിന്റെ വിശദാംശങ്ങള്‍ വരാനിരിക്കുന്നതേയുള്ളു. ചന്ദ്രയാനില്‍ നിന്ന് ത്രിവര്‍ണവും വഹിച്ച് ചന്ദ്രപ്രതലത്തില്‍ പതിച്ച മൂണ്‍ ഇംപാക്ട് പ്രോബില്‍, അവിടെ അന്തരീക്ഷമുണ്ടോ എന്ന് മനസിലാക്കാന്‍ സഹായിക്കുന്ന മാസ് സ്‌പെക്ട്രോമീറ്റര്‍ ഘടിപ്പിച്ചിരുന്നു. അത് നടത്തിയ കണ്ടെത്തലും അറിവായിട്ടില്ല.

ചന്ദ്രന്റെ ധ്രുവങ്ങളില്‍ കിലോമീറ്ററുകള്‍ ആഴത്തിലുള്ള ഗര്‍ത്തങ്ങളുള്ളതായി, ചന്ദ്രയാനിലെ ലൂണാര്‍ ലേസര്‍ റേഞ്ചിങ് ഇന്‍സ്ട്രുമെന്റ് (എല്‍.എല്‍. ആര്‍. ഐ) നടത്തിയ നിരീക്ഷണങ്ങള്‍ സൂചന നല്‍കിയിട്ടുണ്ട്. അങ്ങനെയെങ്കില്‍ അത്തരം കിടങ്ങുകളില്‍ ബാഷ്പീകരിച്ചു പോകാതെ വന്‍തോതില്‍ ജലം ഉണ്ടാകാം. ഇതു സംബന്ധിച്ച വിവരങ്ങളും അറിയാനിരിക്കുന്നതേയുള്ളു. എന്നുവെച്ചാല്‍, മഴ തോര്‍ന്നാലും മരം പെയ്യും എന്നത് പോലെയാണ് ചന്ദ്രയാന്‍-1 ന്റെ കാര്യം എന്നുസാരം. ഇന്ത്യന്‍ പേടകം അതിന്റെ ആദ്യവെടി പൊട്ടിച്ചിട്ടേയുള്ളു. ഇനി എന്തൊക്കെയാവാം ആ പേടകം നമുക്ക് അറിയാനായി ബാക്കി വെച്ചിട്ടുണ്ടാവുക. അതറിയാന്‍ ക്ഷമയോടെ കാത്തിരിക്കാം.
(അവലംബം: സയന്‍സ് ഗവേഷണ വാരിക, ഐ.എസ്.ആര്‍.ഒ, നാസ, 'ലോകം കാത്തിരുന്ന സുപ്രധാനനേട്ടം'-മലയാള മനോരമ (സപ്തം. 25, 2009)യില്‍ ഡോ.ടി.കെ. അലക്‌സ് എഴുതിയ ലേഖനം).

കാണുക

Tuesday, September 22, 2009

ജീവികള്‍ കുലംമുടിയുമ്പോള്‍

മുമ്പുണ്ടായ അഞ്ച്‌ സംഭവങ്ങളെ അപേക്ഷിച്ച്‌ ഭൂമിയില്‍ ഇപ്പോള്‍ അരങ്ങേറുന്ന കൂട്ടവംശനാശം വ്യത്യസ്‌തമാണ്‌. ഏതെങ്കിലും ജീവിയുടെ പ്രവര്‍ത്തനഫലമായി ഇതുവരെ ലോകത്ത്‌ വംശനാശം സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍, മനുഷ്യന്‍ എന്ന ജീവിയാണ്‌ വംശനാശത്തിലേക്ക്‌ ഇതര ജീവിവര്‍ഗങ്ങളെ തള്ളിവിടുന്നത്‌.

'ഗോബിയോഡന്‍ സ്‌പിഷിസ്‌ സി' എന്നു കേട്ടാല്‍ നമ്മുക്ക്‌ എന്തെങ്കിലും തോന്നുമോ. ഇതൊരു മത്സ്യമാണ്‌. പ്രത്യേകയിനം പവിഴപ്പുറ്റിലാണ്‌ ഇവയുടെ താമസം. 1997-1998 കാലത്തെ ശക്തമായ എല്‍നിനോയില്‍ പെസഫിക്‌ സമുദ്രം ചൂടുപിടിക്കുകയും, ഈ മത്സ്യത്തിന്റെ അഭയകേന്ദ്രമായ പവിഴപ്പുറ്റുകള്‍ ഏതാണ്ട്‌ പൂര്‍ണമായിത്തന്നെ നശിക്കുകയും ചെയ്‌തു. പപ്പ്വാ ന്യൂ ഗിനിക്ക്‌ സമീപം കടലിലെ ചെറിയൊരു പവിഴപ്പുറ്റുഭാഗം മാത്രമാണ്‌ ഈ മത്സ്യത്തിന്റെ വാസഗേഹമായി ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌.

ഈ വര്‍ഷം പുതിയൊരു എല്‍നിനോ ശക്തിപ്പെടുന്ന വാര്‍ത്ത കേട്ടു തുടങ്ങിയിരിക്കുന്നു. പെസഫിക്‌ സമുദ്രം വീണ്ടും ചൂടുപിടിക്കാന്‍ ആരംഭിച്ചിരിക്കുകയാണ്‌. ആ ചെറിയ പവിഴപ്പുറ്റു ഭാഗത്തിന്‌ ഇപ്പോഴത്തെ എല്‍നിനോയില്‍ എന്തു സംഭവിക്കും. അതിന്‌ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, 'സ്‌പിഷിസ്‌ സി' പിന്നെ ഉണ്ടാവില്ല. ആ ജീവിവര്‍ഗം പഴങ്കഥ മാത്രമാകും! വംശനാശം നമ്മുടെ കണ്‍മുന്നില്‍ അരങ്ങേറുകയാണ്‌.

ഈ മത്സ്യത്തിന്റെ പേരിലെ 'സ്‌പിഷിസ്‌ സി' (species C) എന്ന സൂചകം ശ്രദ്ധിക്കുക. ഈ ജീവിക്ക്‌ ഇപ്പോഴും ശരിക്കൊരു ശാസ്‌ത്രീയനാമം ലഭിച്ചിട്ടില്ല എന്നാണ്‌ ഈ സൂചകം വ്യക്തമാക്കുന്നത്‌. സ്വന്തം പേരുപോലും കിട്ടുംമുമ്പ്‌ ഒരു ജീവിവര്‍ഗം അന്യംനില്‍ക്കാന്‍ പോകുന്നു. ഇതാണ്‌, ജീവലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. കണ്ടുപിടിക്കുകയും തിരിച്ചറിയുകയും ചെയ്യും മുമ്പ്‌ ജീവികള്‍ അപ്രത്യക്ഷമാകുന്നു, കുലം മുടിയുന്നു. ഭൂമുഖത്ത്‌ 300 ലക്ഷം ജീവജാലങ്ങള്‍ (സസ്യങ്ങളും ജന്തുക്കളും സൂക്ഷ്‌മജീവികളും ഉള്‍പ്പടെ) ഉണ്ടെന്നാണ്‌ ഏകദേശ കണക്ക്‌. അവയില്‍ 17 ലക്ഷത്തെ മാത്രമേ ശാസ്‌ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ളൂ. ബാക്കി 283 ലക്ഷത്തെക്കുറിച്ച്‌ ഒന്നും അറിയില്ല.

അവിടെയാണ്‌ പ്രശ്‌നം. എന്താണെന്നോ ഏതാണെന്നോ അറിയുംമുമ്പ്‌ ജീവികള്‍ അന്യംനില്‍ക്കുന്നു. മനുഷ്യന്‌ പരിചിതമായ ജീവികളും സസ്യങ്ങളും വംശനാശം നേരിടുന്നതിന്റെ കണക്കേ നമുക്ക്‌ മുന്നിലുള്ളു. ഇനിയും അറിയാത്ത എത്രയോ ഇനങ്ങള്‍ ഇതിനകം നഷ്ടപ്പെട്ടു കഴിഞ്ഞിരിക്കാം, അല്ലെങ്കില്‍ സമീപഭാവിയില്‍ ഇല്ലാതായേക്കാം. എയ്‌ഡ്‌സ്‌ പോലെ മനുഷ്യകുലത്തെ അലട്ടുന്ന മഹാമാരികള്‍ക്കുള്ള പ്രതിവിധിയാകാം, ഏതെങ്കിലുമൊരു ജീവിവര്‍ഗത്തിനൊപ്പം എന്നന്നേക്കുമായി നഷ്ടമാകുന്നത്‌. ഈസ്റ്റര്‍ ദ്വീപുകളില്‍ കാണപ്പെടുന്ന ഒരിനം ബാക്ടീരികളില്‍ നിന്ന്‌ ആയുസ്സ്‌ വര്‍ധിപ്പിക്കാനുള്ള മരുന്ന്‌ കണ്ടെത്തിയതായി അടുത്തയിടെ വാര്‍ത്തയുണ്ടായിരുന്നു (ഇത്‌ കാണുക). അമൂല്യഗുണങ്ങളുള്ള അത്തരം എത്രയോ സൂക്ഷ്‌മജീവികള്‍ നമ്മളറിയാതെ അന്യംനില്‍ക്കുന്നുണ്ടാകാം. അല്ലെങ്കില്‍, ലോകത്തിന്റെ ഭക്ഷ്യക്ഷാമം പരിഹരിക്കാനുള്ള ജീനടങ്ങിയ ഏതെങ്കിലും സസ്യം, മലിനീകരണം പഴങ്കഥയാക്കാന്‍ ശേഷിയുള്ള സൂക്ഷ്‌മജീവി.

ഭൂമിയില്‍ അംഗസംഖ്യ വര്‍ധിക്കുന്നു എന്നു ഉറപ്പിച്ച്‌ പറയാവുന്ന ഏക ജീവി മനുഷ്യന്‍ മാത്രമാണ്‌. ഇരുപതാംനൂറ്റാണ്ട്‌ പിറക്കുമ്പോള്‍ ലോകജനസംഖ്യ 165 കോടിയായിരുന്നു. നൂറ്റാണ്ട്‌ അവസാനിക്കുമ്പോള്‍ അത്‌ ഏതാണ്ട്‌ നാലിരട്ടി (600 കോടി) ആയി. ഇന്നത്തെ നില വെച്ച്‌ 2025 ആകുമ്പോഴേക്കും ലോകത്ത്‌ 900 കോടി ജനങ്ങളുണ്ടാകും. മനുഷ്യന്റെ ഈ ആധിക്യം അപഹരിക്കുന്നത്‌ മറ്റ്‌ ജീവികളുടെ നിലനില്‍പ്പിനുള്ള സാധ്യതകളെയും സാഹചര്യങ്ങളെയുമാണ്‌. അവയുടെ ആവാസവ്യവസ്ഥകളെ മനുഷ്യന്‍ കൈയേറുന്നു, വിഭവങ്ങള്‍ പിടിച്ചു പറിക്കുന്നു, അമിതോപഭോഗത്തിന്റെ ഫലമായി കാലാവസ്ഥ മാറുന്നു. ഒപ്പം അധിനിവേശ വര്‍ഗങ്ങളുമായുള്ള മത്സരത്തില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുന്നതോടു കൂടി വംശനാശത്തിന്റെ തോത്‌ ഭീതിജനകമാം വിധം വര്‍ധിക്കുന്നു.

ആറാം കൂട്ടനാശം

മനുഷ്യന്റെ കാര്യമെടുത്താല്‍, ചരിത്രത്തില്‍ ആദ്യമായാകാം, ഒരു ജീവിവര്‍ഗം ഇത്തരത്തില്‍ പെരുകുന്നത്‌. അതോടൊപ്പം അന്യജീവജാതികളുടെ നാശത്തിന്‌ ആക്കം വര്‍ധിക്കുകയും ചെയ്‌തിരിക്കുന്നു. ഈ രണ്ട്‌ പ്രസ്‌താവനകളും ചേര്‍ത്ത്‌ വായിക്കേണ്ടതാണെന്ന്‌ തോന്നുന്നില്ലേ. ലോകത്ത്‌ വന്‍തോതില്‍ വംശനാശം സംഭവിക്കുന്നത്‌ ആദ്യമായല്ല. മുമ്പ്‌ അഞ്ചു തവണ കൂട്ടവംശനാശത്തിന്‌ ജീവിവര്‍ഗം ഇരയായിട്ടുണ്ടെന്നാണ്‌ കണക്ക്‌. അത്‌ ശരിയെങ്കില്‍, ആറാം ഉന്‍മൂലനത്തിന്റെ പിടിയിലാണ്‌ ഇപ്പോള്‍ ലോകം.

ഏതാണ്ട്‌ 44 കോടി വര്‍ഷം മുമ്പായിരുന്നു ആദ്യ കൂട്ടവംശനാശം. 'ഓര്‍ഡോവിഷ്യന്‍-സിലൂരിയന്‍' യുഗമായിരുന്നു അത്‌. ഹിമാനികള്‍ രൂപപ്പെടുകയും ഉരുകുകയും ചെയ്‌തതിന്റെ ഫലമായി സമുദ്രവിതാനത്തിലൂണ്ടായ ഏറ്റക്കുറച്ചിലുകളാണ്‌ പ്രശ്‌നമായത്‌. സമുദ്രജീവികളില്‍ നാലിലൊന്ന്‌ ഭാഗം അന്ന്‌ നാശത്തിനിരയായി. 36 കോടി വര്‍ഷം മുമ്പ്‌, 'ലേറ്റ്‌ ഡിവോണിയന്‍' യുഗത്തിലായിരുന്നു രണ്ടാം കൂട്ടവംശനാശം. അതിന്റെ കാരണം വ്യക്തമല്ല. സമുദ്ര ജീവിവര്‍ഗങ്ങളില്‍ അഞ്ചിലൊന്ന്‌ ഭാഗം അന്ന്‌ അന്യംനിന്നു. ഏതോ അജ്ഞാതമായ കാരണത്താല്‍, ഭൂമുഖത്തെ ജീവിവര്‍ഗങ്ങളില്‍ 95 ശതമാനത്തിന്റെയും നാശത്തിനിടയാക്കിയ മൂന്നാം ദുരന്തം നടന്നത്‌ ഏതാണ്ട്‌ 25 കോടി വര്‍ഷം മുമ്പാണ്‌; 'പെര്‍മിയന്‍ട്രിയാസ്സിക്‌' യുഗത്തില്‍.

ട്രിയാസ്സിക്‌ യുഗത്തിന്റെ അവസാനം, ഏതാണ്ട്‌ 20 കോടി വര്‍ഷം മുമ്പ്‌, സമുദ്ര ജീവിവര്‍ഗങ്ങളുടെ വലിയൊരു ഭാഗം നാമാവശേഷമായ സംഭവം നടന്നു. അതാണ്‌ നാലാമത്തെ കൂട്ടവംശനാശം എന്നറിയപ്പെടുന്നത്‌. മധ്യഅത്‌ലാന്റിക്കില്‍ നിന്നുണ്ടായ അതിഭീമമായ ലാവാപ്രവാഹം മൂലം സംഭവിച്ച മാരകമായ ആഗോളതാപനമാണ്‌ ആ നാശത്തിന്‌ ഹേതുവായത്‌ എന്നാണ്‌ നിഗമനം. അഞ്ചാം കൂട്ടനാശം ലോകത്തുണ്ടായത്‌ ആറര കോടി വര്‍ഷം മുമ്പാണത്‌. 'ക്രിറ്റേഷ്യസ്‌-ടെര്‍ഷ്യറി' കാലമായിരുന്നു അത്‌. ദിനോസറുകള്‍ ഉന്‍മൂലനം ചെയ്യപ്പെട്ടു. കരയില്‍ കാണപ്പെട്ട നട്ടെല്ലികളില്‍ അഞ്ചിലൊന്ന്‌ ഭാഗം അപ്രത്യക്ഷമായി. സമുദ്രജീവികളുടെ കുടുംബങ്ങളില്‍ 16 ശതമാനം നാശം നേരിട്ടു. ക്ഷുദ്രഗ്രഹം ഭൂമിയില്‍ പതിച്ചുണ്ടായതാണ്‌ അഞ്ചാം കൂട്ടനാശമെന്നാണ്‌ പ്രബല നിഗമനം(ഇത്‌ കാണുക).

മുമ്പുണ്ടായ അഞ്ച്‌ സംഭവങ്ങളെ അപേക്ഷിച്ച്‌ ഇപ്പോള്‍ അരങ്ങേറുന്ന കൂട്ടവംശനാശം വ്യത്യസ്‌തമാണ്‌. ഏതെങ്കിലും ജീവിയുടെ പ്രവര്‍ത്തനഫലമായി ഇതുവരെ ലോകത്ത്‌ വംശനാശം സംഭവിച്ചിട്ടില്ല. എന്നാല്‍ ഇപ്പോള്‍, മനുഷ്യന്‍ എന്ന ജീവിയാണ്‌ വംശനാശത്തിലേക്ക്‌ ഇതര ജീവിവര്‍ഗങ്ങളെ തള്ളിവിടുന്നത്‌. നിലവില്‍ അരങ്ങേറുന്ന വംശനാശത്തിന്റെ മുഖ്യകാരണങ്ങള്‍ നോക്കുക-ആവാസവ്യവസ്ഥകളുടെ നാശം, കാലാവസ്ഥാ വ്യതിയാനം, അധിനിവേശ ജീവജാതികളുടെ കടന്നുവരവ്‌, അമിത ചൂഷണം, മലിനീകരണം, വന്യരോഗങ്ങള്‍. ഇതില്‍ ആദ്യത്തെ അഞ്ച്‌ കാരണങ്ങളും മനുഷ്യന്റെ ചെയ്‌തികള്‍ മൂലമുണ്ടാകുന്നതാണ്‌. വന്യരോഗങ്ങള്‍ പടരുന്നതിനു കാരണവും പരോക്ഷമായി മനുഷ്യന്റെ പ്രവര്‍ത്തനങ്ങള്‍ തന്നെ. ആ നിലയ്‌ക്ക്‌ ചിന്തിച്ചാല്‍, ഇപ്പോഴത്തെ കുലംമുടിയലില്‍ മുഖ്യപ്രതി മനുഷ്യന്‍ തന്നെയെന്ന്‌ വരുന്നു.


സങ്കടങ്ങളുടെ കണക്കുപുസ്‌തകം

സ്വിറ്റ്‌സര്‍ലന്‍ഡ്‌ ആസ്ഥാനമായി 1948-ല്‍ സ്ഥാപിതമായ സ്വകാര്യസംഘടനയാണ്‌ 'അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍' (IUCN). പ്രകൃതി സംരക്ഷണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും പ്രമുഖമായ ഗവര്‍ണമെന്റിതര സംഘടനയാണിത്‌. യു.എന്‍. ഉള്‍പ്പടെയുള്ള രാജ്യാന്തരസംഘടനകളും സര്‍ക്കാരുകളും വിവിധ പരിസ്ഥിതിഗ്രൂപ്പുകളുമെല്ലാം ഈ സംഘടനയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുന്നു. അതുവഴി, ലോകത്തെ ജൈവവൈവിധ്യവുമായി ബന്ധപ്പെട്ട സുപ്രധാനമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്ന ഗ്രൂപ്പായി ഐ.യു.സി.എന്‍. മാറി. ഈ സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും പ്രധാനം അവര്‍ നിരന്തരം പുതുക്കിക്കൊണ്ടിരിക്കുന്ന 'ചുവപ്പ്‌ പട്ടിക' (Red List)യാണ്‌. വംശനാശഭീഷണി നേരിടുന്ന ജീവിവര്‍ഗങ്ങളുടെ പട്ടികയാണത്‌. ഓരോ വര്‍ഗവും നേരിടുന്ന ഉന്‍മൂലന ഭീഷണിയെത്രയെന്ന്‌ മനസിലാക്കാനുള്ള ഏറ്റവും ആധികാരിക രേഖയാണ്‌ ചുവപ്പ്‌ പട്ടിക.

ശരിക്കു പറഞ്ഞാല്‍ സങ്കടങ്ങളുടെ കണക്കുപുസ്‌തകമാണ്‌ ചുവപ്പ്‌ പട്ടിക. ഭൂമിയില്‍ നിന്ന്‌ അപ്രത്യക്ഷമായ, അല്ലെങ്കില്‍ താമസിയാതെ അപ്രത്യക്ഷമാകാന്‍ പോകുന്ന ജീവികളുടെ പട്ടികയാണത്‌. 2008-ല്‍ ഈ പട്ടികയില്‍ സസ്‌തനികളുടെ കണക്ക്‌ ചേര്‍ക്കപ്പെട്ടത്‌ ലോകമെമ്പാടുമുള്ള 1700 വിദഗ്‌ധരുടെ ശ്രമഫലമായാണ്‌. അതു പ്രകാരം ശാസ്‌ത്രലോകം ഇതുവരെ തിരിച്ചറിഞ്ഞിട്ടുള്ള സസ്‌തനികള്‍ 5488 ഇനങ്ങളുണ്ട്‌. അവയില്‍ 1207 ഇനങ്ങള്‍ (22 ശതമാനം) വംശനാശ ഭീഷണിയിലാണ്‌. 1500-ന്‌ ശേഷം ഇതുവരെ 76 സസ്‌തനികള്‍ അന്യംനിന്നിട്ടുണ്ടെന്ന്‌ ചുവപ്പ്‌ പട്ടിക പറയുന്നു.

ഉഭയജീവികളുടെ കാര്യത്തില്‍, 2008-ലെ ചുവപ്പ്‌ പട്ടിക പറയുന്നത്‌ 32 ശതമാനം കടുത്ത വംശനാശഭീഷണി നേരിടുന്നതായാണ്‌. ഉഭയജീവികളുടെ 6260 ഇനങ്ങളെ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്‌. അതില്‍ 2003 ഇനങ്ങള്‍ ഭീഷണി നേരിടുന്നു എന്നാണ്‌ ഇതിനര്‍ഥം. ഉഭയജീവികളില്‍ 159 ഇനങ്ങള്‍ ഇതിനകം വംശമറ്റ്‌ പോയതായാണ്‌ ഐ.യു.സി.എന്‍. കണക്കാക്കുന്നത്‌. പക്ഷികളുടെ കാര്യം പരിഗണിച്ചാല്‍ 12 ശതമാനം ഇനങ്ങള്‍ ഭീഷണിയിലാണ്‌. ഇഴജന്തുക്കളാണ്‌ ഏറ്റവും കൂടുതല്‍ ഭീഷണി നേരിടുന്നത്‌; 51 ശതമാനം. 40 ശതമാനം മത്സ്യയിനങ്ങളും പ്രാണികളില്‍ 52 ശതമാനവും സസ്യകുലത്തില്‍ 70 ശതമാനവും കടുത്ത ഭീഷണിയാണ്‌ നേരിടുന്നതെന്ന്‌ ചുവപ്പ്‌ പട്ടിക പറയുന്നു.

പല കാരണങ്ങളാല്‍ സ്വാഭാവികമായി സംഭവിക്കുന്ന വംശനാശമുണ്ട്‌. അതിനെ അപേക്ഷിച്ച്‌ നൂറുമടങ്ങ്‌ കൂടുതലാണ്‌ ഇപ്പോഴത്തെ വംശനാശത്തിന്റെ തോത്‌ എന്ന്‌ ഐ.യു.സി.എന്‍. കണക്കാക്കുന്നു. എന്നാല്‍, ഒരു ജീവിയുടെ കാര്യം മാത്രം ചുവപ്പ്‌ പട്ടിക പരിഗണിക്കുന്നില്ല; മനുഷ്യനാണ്‌ അത്‌. ഒരു ജീവി വേറൊരു ജീവിയുടെ നിലനില്‍പ്പിന്‌ ആവശ്യമാണെന്നത്‌ പ്രകൃതി നിയമമാണ്‌. പരസ്‌പരാശ്രിതത്വത്തിലാണ്‌ ജീവലോകത്തിന്റെ നിലനില്‍പ്പെന്ന്‌ സാരം. മറ്റ്‌ ജീവികളെല്ലാം അന്യംനില്‍ക്കുന്നെങ്കില്‍ മനുഷ്യനെന്ന ജീവി ആരെ ആശ്രയിക്കും. വംശനാശത്തിന്റെ ഈ തീരാദുരിതം ഒടുവില്‍ തേടിയെത്തുക മനുഷ്യനെ തന്നെയാവില്ലേ.
(മാതൃഭൂമി തൊഴില്‍വാര്‍ത്ത പ്രസിദ്ധീകരണമായ 'ഹരിശ്രീ'യുടെ 2009 സപ്‌തംബര്‍ 26 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ ഒരു ഭാഗം).

(കടപ്പാട്‌: ICUN; UNEP; World Watch Institute; The State of the Earth, by Paul K Culkin; The Weather Makers, by Tim Flannery)


കാണുക

Thursday, September 17, 2009

പ്രപഞ്ചദൃശ്യങ്ങള്‍ 'പ്ലാങ്കി'ല്‍ നിന്ന് ആദ്യമായി

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ 'പ്ലാങ്ക്' ഒബ്‌സര്‍വേറ്ററി പ്രപഞ്ചദൃശ്യങ്ങള്‍ ഭൂമിയിലേക്ക് അയച്ചു തുടങ്ങി. പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനായി മെയ് 14-ന് വിക്ഷേപിച്ച ഈ ബഹിരകാശ ഒബ്‌സര്‍വേറ്ററി, നാലു മാസത്തിന് ശേഷമാണ് പ്രവര്‍ത്തനം ആരംഭിച്ചത്.

380,000 വര്‍ഷം പ്രായമുള്ളപ്പോള്‍ പ്രപഞ്ചമാകെ നിറഞ്ഞുനിന്ന പ്രകാശത്തിന്റെ അവശിഷ്ടം കണ്ടെത്താനുള്ള സര്‍വ്വെയാണ് പ്ലാങ്ക് നടത്തുക. പ്രപഞ്ചത്തിന്റെ പ്രായം, ഉള്ളടക്കം, പരിണാമം എന്നിവ സംബന്ധിച്ച വിലപ്പെട്ട വിവരങ്ങള്‍ ഇതുവഴി ലഭിക്കുമെന്നാണ് പ്രതീക്ഷ.

മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണത്തെ പ്രാപഞ്ചിക സൂക്ഷ്മതരംഗ പശ്ചാത്തലം (CMB) എന്നാണ് വിളിക്കുക. ആ തരംഗപശ്ചാത്തലം ഇതുവരെ സാധിക്കാത്തത്ര വ്യക്തതയോടെ പകര്‍ത്തുകയാണ് പ്ലാങ്ക് ചെയ്യുക.

പ്ലാങ്കില്‍ നിന്ന് ലഭിച്ചു തുടങ്ങിയ ദൃശ്യങ്ങള്‍ ആ ഒബ്‌സര്‍വേറ്ററിയുടെ കഴിവു വ്യക്തമാക്കുന്നതാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, പ്ലാങ്ക് നടത്തുന്ന സര്‍വ്വേയുടെ യഥാര്‍ഥ ഫലങ്ങള്‍ പുറത്തു വന്നുതുടങ്ങാന്‍ രണ്ട് വര്‍ഷമെങ്കിലുമെടുക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

പ്ലാങ്കിലെ ഉപകരണങ്ങളെല്ലാം ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നാണ് ആദ്യ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. ആകാശം സര്‍വ്വെ ചെയ്യാന്‍ കഴിയും എന്നതിന് തെളിവാണത്-പ്ലാങ്ക് പ്രോജക്ടിലെ ശാസ്ത്രജ്ഞനായ ഡോ. ജാന്‍ ടൗബര്‍ പറയുന്നു.

ഭൂമിയില്‍ നിന്ന് 15 ലക്ഷം കിലോമീറ്റര്‍ അകലെ നിന്നാണ് പ്ലാങ്ക് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ സ്‌പേസില്‍ എത്തിയിട്ടുള്ളതില്‍ ഏറ്റവും ക്ഷമതയേറിയ ഡിറ്റക്ടറുകളാണ് പ്ലാങ്കിലുള്ളത്. കേവലപൂജ്യത്തിന് തൊട്ടടുത്തുള്ള (മൈനസ് 273.05 ഡിഗ്രി സെല്‍ഷ്യസ്) താപനിലയിലാണ് പ്ലാങ്കിലെ ഡിറ്റക്ടറുകള്‍ സ്ഥിതിചെയ്യുന്നത്. (അവലംബം: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി).

കാണുക

Wednesday, September 16, 2009

ഓസോണ്‍പാളിക്ക്‌ പുതിയ ഭീഷണി

ഓസോണ്‍ശോഷണത്തിലെ പുതിയ വില്ലന്‍ കാലാവസ്ഥാവ്യതിയാനമെന്ന്‌ റിപ്പോര്‍ട്ട്‌. ഇന്ന്‌ ഓസോണ്‍ ദിനം.

ഓസോണ്‍പാളി നേരിടുന്ന ഭീഷണി നേരിടാന്‍ ക്ലോറോഫ്‌ളൂറോകാര്‍ബണുകളുടെ (സി.എഫ്‌.സി.കള്‍) വ്യാപനം തടഞ്ഞതുകൊണ്ട്‌ മാത്രം ആയില്ല. ആഗോളതാപനം വഴി ഭൂമിക്ക്‌ ചൂടുപിടിക്കുന്നത്‌ അന്തരീക്ഷത്തിലെ വാതകപ്രവാഹങ്ങള്‍ക്ക്‌ മാറ്റമുണ്ടാക്കുന്നുവെന്നും, ഓസോണ്‍പാളി ശിഥിലമാകാന്‍ അത്‌ കാരണമാകുമെന്നും പുതിയൊരു പഠനം മുന്നറിയിപ്പ്‌ നല്‍കുന്നു. അതുവഴി, ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ആള്‍ട്രാവയലറ്റ്‌ കിരണങ്ങളുടെ തോത്‌ 20 ശതമാനം വര്‍ധിക്കുമെന്നാണ്‌ കനേഡയന്‍ ഗവേഷകരുടെ കണ്ടെത്തല്‍.

അതേസമയം, ഓസോണിന്‌ ഏറ്റവും വിനാശകാരിയായ രാസവസ്‌തു അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഇപ്പോഴും നിര്‍ബാധം തുടരുന്നതായി മറ്റൊരു പഠനം പറയുന്നു. 'ലാഫിങ്‌ഗ്യാസ്‌' എന്ന ഓമനപ്പേരുള്ള നൈട്രസ്‌ ഓക്‌സൈഡാണ്‌ സ്‌ട്രാറ്റോസ്‌ഫിയറില്‍ മറ്റേത്‌ രാസവസ്‌തുവിനെക്കാളും ഓസോണിനെ ദോഷകരമായി ബാധിക്കുന്നത്‌. ഇന്നത്തെ നിലയില്‍ വ്യാപനം തുടര്‍ന്നാല്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഓസോണ്‍പാളിക്ക്‌ ഏറ്റവുമധികം പരിക്കേല്‍പ്പിക്കുന്ന രാസവസ്‌തു നൈട്രസ്‌ ഓക്‌സൈഡ്‌ ആയിരിക്കുമെന്ന്‌, നാഷണല്‍ ഓഷ്യാനിക്‌ ആന്‍ഡ്‌ അറ്റ്‌മോസ്‌ഫറിക്‌ അഡ്‌മിനിസ്‌ട്രേഷനിലെ ഗവേഷകനായ എ.ആര്‍. രവിശങ്കരയും സംഘവും നടത്തിയ പഠനം പറയുന്നു.

ഭൂമിയില്‍ നേരിട്ട്‌
പതിച്ചാല്‍ ചര്‍മാര്‍ബുദം മുതല്‍ ഭക്ഷ്യക്ഷാമത്തിന്‌ വരെ വന്‍തോതില്‍ കാരണമായേക്കാവുന്നതാണ്‌ സൂര്യനില്‍ നിന്നുള്ള ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍. അപകടകാരിയായ അത്തരം കിരണങ്ങളില്‍ 95 ശതമാനത്തെയും തടഞ്ഞുനിര്‍ത്തി ഭൂമിയെ രക്ഷിക്കുന്ന കവചമാണ്‌ ഓസോണ്‍പാളി. ഭൂപ്രതലത്തില്‍ നിന്ന്‌ 10 മുതല്‍ 50 കിലോമീറ്റര്‍ വരെ മുകളില്‍, സ്‌ട്രാറ്റോസ്‌ഫിയറില്‍ ഓസോണിന്റെ സാന്ദ്രത കൂടുതലുള്ള ഭാഗത്തെയാണ്‌ ഓസോണ്‍പാളിയെന്ന്‌ വിളിക്കുന്നത്‌.

കാലാവസ്ഥാവ്യതിയാനം മൂലം അന്തരീക്ഷ മേല്‍പ്പാളിയിലെ വാതകപ്രവാഹങ്ങള്‍ മാറുകയും ഓസോണ്‍പാളി ശിഥിലമാകുമെന്നും കണ്ടെത്തയത്‌, ടൊറന്റോ സര്‍വകലാശാലയിലെ തിയോഡോര്‍ ഷെപ്പേര്‍ഡും മൈക്കല ഹെഗ്ലിനും ചേര്‍ന്നാണ്‌. വരുന്ന നൂറ്‌ വര്‍ഷത്തേക്ക്‌ കാലാവസ്ഥാ മാറ്റത്തിന്റെ അനന്തരഫലങ്ങള്‍ എന്തായിരിക്കുമെന്നറിയാന്‍ നടത്തിയ കമ്പ്യൂട്ടര്‍ പഠനത്തിലാണ്‌, ഓസോണ്‍പാളി നേരിടുന്ന പുതിയ ഭീഷണിയെക്കുറിച്ച്‌ സൂചന ലഭിച്ചത്‌.

ഓസോണ്‍പാളി ശിഥിലമാകുമ്പോള്‍, അന്തരീക്ഷത്തിലെ താഴ്‌ന്ന വിതാനത്തില്‍ ഓസോണിന്റെ സാന്നിധ്യം വര്‍ധിക്കുമെന്ന്‌ പഠനം പറയുന്നു.യൂറോപ്പിലെ പര്‍വത മേഖലകളിലും, വടക്കേയമേരിക്കയുടെ പടിഞ്ഞാറന്‍ തീരമേഖലയിലും ഓസോണിന്റെ സാന്നിധ്യം വര്‍ധിച്ചതായി നിരീക്ഷിച്ചിട്ടുണ്ട്‌. പുതിയ പഠനത്തില്‍ പറയുന്ന ഓസോണ്‍ ശിഥിലീകരണം ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവാണ്‌ ഇതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ഇപ്പോഴത്തേതിലും 23 ശതമാനം കൂടുതല്‍ ഓസോണ്‍ (ഏതാണ്ട്‌ 15.1 കോടി ടണ്‍) അന്തരീക്ഷത്തില്‍ താഴേയ്‌ക്കെത്തുമെന്നാണ്‌ അനുമാനം.

ഓസോണ്‍ കൂടുതലായി അന്തരീക്ഷത്തിന്റെ താഴ്‌ന്ന വിതാനത്തിലേക്ക്‌ എത്തുമ്പോള്‍, ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ തടയപ്പെടേണ്ട സ്‌ട്രാറ്റോസ്‌ഫിയറില്‍ വാതകത്തിന്റെ സാധ്യത കുറയും (മാത്രവുമല്ല, ഉയര്‍ന്ന വിതാനത്തില്‍ ഉപകാരിയായ ഓസോണ്‍, ഭൂപ്രതലത്തില്‍ വിഷവാതകമാണ്‌). ദക്ഷിണാര്‍ധഗോളത്തില്‍ പതിക്കുന്ന ഇത്തരം കിരണങ്ങളുടെ തോത്‌ 20 ശതമാനം വര്‍ധിക്കാന്‍ അത്‌ കാരണമാകും-'നേച്ചര്‍ ജിയോസയന്‍സി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. വന്‍തോതിലുള്ള ജൈവഅപചയത്തിനും അര്‍ബുദബാധയ്‌ക്കും ഇത്‌ കാരണമാകും. ഭൂമിയില്‍ ആവാസവ്യവസ്ഥകളുടെ ആരോഗ്യകരമായ നിലനില്‍പ്പും അപകടത്തിലാകും.

അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയില്‍ വെച്ച്‌ ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ തന്നെയാണ്‌ ഓസോണിന്‌ ജന്മമേകുന്നത്‌. ആള്‍ട്രാവയലറ്റ്‌ കിരണങ്ങളേറ്റ്‌ ഓക്‌സിജന്‍ തന്മാത്ര (O2) കള്‍ വിഘടിച്ച്‌ ഓക്‌സിജന്‍ ആറ്റങ്ങളാകും. വളരെ അസ്ഥിരമാണ്‌ ഓക്‌സിജന്‍ ആറ്റങ്ങള്‍, അവയ്‌ക്ക്‌ ഒറ്റയ്‌ക്ക്‌ നിലനില്‍ക്കാനാവില്ല. അതിനാല്‍, വിഘടിക്കപ്പെടുന്ന ഓരോ ഓക്‌സിജന്‍ ആറ്റങ്ങളും ഓക്‌സിജന്‍ തന്മാത്രകളുമായി കൂട്ടുചേര്‍ന്ന്‌, ഓക്‌സിജന്റെ അലോട്രോപ്പായ ഓസോണ്‍ (O3) ആയി മാറുന്നു.

നൈട്രസ്‌ ഓക്‌സയിഡ്‌, റഫ്രിജറേറ്ററുകളിലും ശീതീകരണികളിലും ഉപയോഗിക്കുന്ന സി.എഫ്‌.സികള്‍ തുടങ്ങിയ രാസവസ്‌തുക്കള്‍ അന്തരീക്ഷത്തിന്റെ മേല്‍പ്പാളിയിലെത്തി ഓസോണിനെ വിഘടിപ്പിക്കുന്നു. ഇത്തരം രാസവസ്‌തുക്കളുടെ അളവ്‌ അന്തരീക്ഷത്തില്‍ വര്‍ധിക്കുന്നതിന്‌ അനുസരിച്ച്‌ ഓസോണ്‍ശേഷണം വര്‍ധിക്കുന്നു. 1970-കളിലാണ്‌ ഈ വിപത്തിനെക്കുറിച്ച്‌ ശാസ്‌ത്രലോകത്തിന്‌ ബോധ്യമുണ്ടാകുന്നതെങ്കിലും, പതിറ്റാണ്ടുകള്‍ക്ക്‌ മുമ്പ്‌ തന്നെ ഓസോണിനെക്കുറിച്ച്‌ അറിയാമായിരുന്നു.

1830-കളിലാണ്‌ ഓക്‌സിജന്റെ വകഭേദമായ ഓസോണ്‍ പരീക്ഷണശാലയില്‍ കണ്ടെത്തുന്നത്‌. പ്രകൃതിദത്തമായ രീതിയിലും ആ വാതകം ഉണ്ടാകുന്ന കാര്യം 1850-ല്‍ ഗവേഷകര്‍ തിരിച്ചറിഞ്ഞു. അന്തരീക്ഷപാളിയായ സ്‌ട്രാറ്റോസ്‌ഫിയറില്‍ ഓസോണിന്‌ പ്രധാനപ്പെട്ട പങ്കുണ്ടെന്ന്‌ മനസിലാകുന്നത്‌ 1920-കളിലാണ്‌. ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ഗോര്‍ഡന്‍ ഡോബ്‌സണ്‍, സഹപ്രവര്‍ത്തകനായ എഫ്‌. എ. ലിന്‍ഡെമാന്‍ (പില്‍ക്കാലത്ത്‌ ചെര്‍വെല്‍ പ്രഭു) എന്നിവരാണ്‌ ഇക്കാര്യം മനസിലാക്കിയത്‌. (അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ്‌ 'ഡോബ്‌സണ്‍' യൂണിറ്റിലാണ്‌ പറയപ്പെടുന്നത്‌).

ഈ വാതകത്തെക്കുറിച്ച്‌ പഠിക്കാന്‍ 1948-ല്‍ ഇന്റര്‍നാഷണല്‍ ഓസോണ്‍ കമ്മീഷന്‍ നിലവില്‍ വന്നു. ശാസ്‌ത്രസംബന്ധമായ ജിജ്ഞാസ മാത്രമായിരുന്നു അക്കാലത്ത്‌ ഈ വാതകത്തെക്കുറിച്ച്‌ പഠിക്കാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്‌. ഏതെങ്കിലും തരത്തില്‍ മനുഷ്യരാശിയുടെ ഭാവിയെ ബാധിക്കുന്ന ഒന്നായി ഓസോണിനെ അന്നാരും പരിഗണിച്ചിരുന്നില്ല. 1957-ല്‍ അന്താരാഷ്ട്ര ജിയോഫിസിക്കല്‍ വര്‍ഷമായിരുന്നു. ആ വര്‍ഷാചരണത്തിന്റെ ഭാഗമായി അന്തരീക്ഷത്തിലെ ഓസോണിന്റെ അളവ്‌ മനസിലാക്കാന്‍ ശ്രമം ആരംഭിച്ചു.

ദക്ഷിണധ്രുവമായ അന്റാര്‍ട്ടിക്കയ്‌ക്ക്‌ മുകളില്‍ സ്‌്‌ട്രാറ്റോസ്‌ഫിയറിലെ ഓസോണ്‍ സാന്ദ്രതയില്‍ അസാധാരണമായ വ്യതിയാനം ഉള്ളതായി 1970-കളില്‍ കണ്ടെത്തിയതാണ്‌, ഓസോണ്‍പാളിയും സി.എഫ്‌.സികളും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അറിവിലേക്ക്‌ ഗവേഷകലോകത്തെ നയിച്ചത്‌. 1955-ല്‍ അന്റാര്‍ട്ടിക്കയ്‌ക്ക്‌ മുകളില്‍ ഓസോണിന്റെ സാന്ദ്രത 320 ഡോബ്‌സണ്‍ യൂണിറ്റായിരുന്നു. 1975-ല്‍ അത്‌ 280 ഡോബ്‌സണ്‍ യൂണിറ്റായി, 1995-ല്‍ 90 യൂണിറ്റും.

1920-കളുടെ അവസാനമാണ്‌ സി.എഫ്‌.സി.കള്‍ വ്യാപകമായി ഉപയോഗിച്ചു തുടങ്ങിയത്‌. എന്നാല്‍, ആ രാസവസ്‌തുക്കള്‍ അന്തരീക്ഷത്തില്‍ വ്യാപിക്കുന്നത്‌ ഓസോണ്‍ ശോഷണത്തിന്‌ കാരണമാകുമെന്ന്‌ വ്യക്തമാകുന്നത്‌ 1974-ലാണ്‌. മൂന്ന്‌ ഗവേഷകരുടെ ശ്രമഫലമായിട്ടായിരുന്നു ആ കണ്ടെത്തല്‍; പോള്‍ ക്രൂറ്റ്‌സണ്‍, എഫ്‌. ഷെര്‍വുഡ്‌ റൗലന്‍ഡ്‌, മരിയോ മൊലിന എന്നിവരുടെ. ആ കണ്ടെത്തലിന്‌ മൂവരും 1995-ല്‍ രസതന്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം പങ്കിട്ടു.

ഓസോണ്‍വിള്ളല്‍ (ozone hole) എന്നതുകൊണ്ട്‌ ഉദ്ദേശിക്കുന്നത്‌, ശരിക്കുള്ള തുളയോ വിള്ളലോ അല്ല. ഓസോണ്‍പാളിയില്‍ 220 ഡോബ്‌സണ്‍ യൂണിറ്റില്‍ താഴെ ഓസോണ്‍ സാന്ദ്രതയുള്ള പ്രദേശത്തെയാണ്‌ ഓസോണ്‍പാളിയിലെ വിള്ളല്‍ എന്ന്‌ വിളിക്കുക. 2000 ആയപ്പോഴേക്കും വിള്ളലിന്റെ വിസ്‌താരം 280 ലക്ഷം ചതുരശ്ര കിലോമീറ്ററായി.

സി.എഫ്‌്‌.സി. തന്മാത്രകള്‍ അന്തരീക്ഷത്തിന്റെ മേല്‍ഭാഗത്തെത്തുമ്പോള്‍, ആള്‍ട്രാവയലറ്റ്‌ കിരണങ്ങള്‍ അവയെ വിഘടിപ്പിച്ച്‌ ക്ലോറിന്‍ ആറ്റങ്ങളെ സ്വതന്ത്രമാക്കും. ക്ലോറിന്‍ ആറ്റങ്ങളാണ്‌ ഓസോണിന്‌ വിനാശകാരിയാകുന്നത്‌. വെറും ഒരു ക്ലോറിന്‍ ആറ്റത്തിന്‌ ഒരുലക്ഷം ഓസോണ്‍ തന്മാത്രകളെ നശിപ്പിക്കാന്‍ ശേഷിയുണ്ട്‌.

മൈനസ്‌ 43 ഡിഗ്രി സെല്‍ഷ്യസില്‍ താഴ്‌ന്ന ഊഷ്‌മാവില്‍, ഓസോണിനെ നശിപ്പിക്കാനുള്ള ക്ലോറിന്റെ ശേഷി വല്ലാതെ വര്‍ധിക്കും. ദക്ഷിണധ്രുവത്തിന്‌ മുകളില്‍ ഓസോണ്‍പാളിയില്‍ വിള്ളല്‍ പ്രത്യക്ഷപ്പെടുന്നതിന്‌ കാരണം ഇതാണ്‌. അവിടെ താപനില മൈനസ്‌ 62 ആണ്‌. എന്നാല്‍, ഉത്തരധ്രുവത്തിന്‌ മുകളില്‍ സ്‌ട്രാറ്റോസ്‌ഫിയറിലെ താപനില മൈനസ്‌ 42 ഡ്രിഗ്രി മാത്രമാണ്‌. അതിനാല്‍, അവിടെ ഓസോണ്‍ വിള്ളല്‍ ദക്ഷിണധ്രുവത്തിലേതുപോലെ പ്രത്യക്ഷപ്പെടുന്നില്ല.

1980-കളില്‍ ഉപഗ്രഹങ്ങള്‍ നടത്തിയ നിരീക്ഷണങ്ങള്‍ വഴി, ദക്ഷിണധ്രുവത്തിലെ ഓസോണ്‍വിള്ളല്‍ യാഥാര്‍ഥ്യമാണെന്ന്‌ തെളിഞ്ഞതോടെ ലോകരാഷ്ട്രങ്ങള്‍ ഈ വിപത്തിനെതിരെ അണിനിരന്നു. അതിന്റെ ഫലമാണ്‌ 1989-ലെ മോണ്‍ട്രിയള്‍ ഉടമ്പടി. ഓസോണിന്‌ ഭീഷണിയായ സി.എഫ്‌.സികള്‍ പോലുള്ള രാസവസ്‌തുക്കളുടെ ഉപയോഗം ഇല്ലാതാക്കുകയായിരുന്നു ഉടമ്പടിയുടെ മുഖ്യലക്ഷ്യം. അതില്‍ ലോകം ഏതാണ്ട്‌ വിജയിക്കുകയും ചെയ്‌തു.

എന്നാല്‍, മോണ്‍ട്രിയള്‍ ഉടമ്പടി പ്രകാരം നൈട്രസ്‌ ഓക്‌സയിഡിന്റെ ഉപയോഗം വിലക്കിയിട്ടില്ല. അതിനാല്‍, ഓസോണിന്‌ ഏറ്റവും വിനാശകാരിയായ രാസവസ്‌തു ഉപയോഗിക്കുന്നത്‌ ഇപ്പോഴും തുടരുന്നതായി എ.ആര്‍. രവിശങ്കരയും സംഘവും 'സയന്‍സ്‌' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. നൈട്രസ്‌ ഓക്‌സയിഡിന്റെ ഉപയോഗം പരിമിതപ്പെടുത്താന്‍ നടപടിയെടുക്കേണ്ടത്‌ ഓസോണിന്റെ രക്ഷയ്‌ക്ക്‌ അനിവാര്യമാണെന്ന്‌ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

(അവലംബം: നേച്ചര്‍ ജിയോസയന്‍സ്‌, സയന്‍സ്‌ മാഗസിന്‍, ടിം ഫ്‌ളാനെറി രചിച്ച The Weather Makers എന്ന പുസ്‌തകം).

Friday, September 11, 2009

ഹബ്ബിള്‍ വീണ്ടും മിഴി തുറന്നപ്പോള്‍

അടിമുടി നവീകരണത്തിന് വിധേയമായ ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് സമ്മോഹനമായ സ്വര്‍ഗീയദൃശ്യങ്ങള്‍ വീണ്ടും ഭൂമിയിലെത്തിച്ചു തുടങ്ങി. നവീകരണത്തിന് ശേഷം ഹബ്ബിള്‍ പകര്‍ത്തിയ ചില ദൃശ്യങ്ങളാണ് ഇവിടെ, കഴിഞ്ഞ ദിവസം നാസ പുറത്തു വിട്ടത്.

1. ഭൂമിയില്‍ നിന്ന് 3800 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ബട്ടര്‍ഫ്‌ളൈ നെബുല (ബഗ് നെബുലയെന്നും ഇതിന് പേരുണ്ട്) യുടെ ദൃശ്യമാണിത്. ഹബ്ബിളിന്റെ വൈഡ് ഫീല്‍ഡ് ക്യാമറ-3 പകര്‍ത്തിയത്. ഒരിക്കല്‍ സൂര്യന്റെ അഞ്ച് മടങ്ങ് വലിപ്പമുണ്ടായിരുന്ന നക്ഷത്രമാണ് ഈ നെബുലയായി മാറിയിരിക്കുന്നത്. രണ്ട്‌ലക്ഷം ഡ്രിഗ്രി സെല്‍ഷ്യസ് ആണ് നക്ഷത്ത്രിന്റെ പ്രതലത്തിലെ താപനില. അത്യുന്നത ഊഷ്മാവില്‍ വാതകങ്ങള്‍ ചുഴറിത്തെറിക്കുന്നതാണ്, ചിത്രശലഭത്തിന്റെ ചിറകുകള്‍ പോലെ ഈ ദൃശ്യത്തില്‍ കാണുന്നത്.

2. NGC 6217 എന്ന വാര്‍ത്തുള ഗാലക്‌സിയുടെ ദൃശ്യം. നവീകരണത്തിന് ശേഷം ഹബ്ബിളിലെ മുഖ്യക്യാമറയായ അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേസ് പകര്‍ത്തിയ ആദ്യ ദൃശ്യമാണിത്. 60 ലക്ഷം പ്രകാശവര്‍ഷമകലെ ഉര്‍സ മേജര്‍ ഗണത്തിലാണ് ഈ ഗാലക്‌സിയുടെ സ്ഥാനം.

3. ഗാലക്‌സി ക്ലസ്റ്റര്‍ ആബെല്‍ 370 ആണ് ദൃശ്യത്തില്‍. വാര്‍ത്തുളഗാലക്‌സികളുടെ പ്രപഞ്ചത്തിലെ തന്നെ ഏറ്റവും വലിയ കൂട്ടങ്ങളിലൊന്നാണിത്. ഹബ്ബിളിലെ അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേസ് കഴിഞ്ഞ ജൂലായ് 16-ന് പകര്‍ത്തിയ ദൃശ്യം. ഗുരുത്വാകര്‍ഷണലെന്‍സിങ് (ഗ്രാവിറ്റേഷണല്‍ ലെന്‍സിങ്) എന്ന പ്രതിഭാസത്തിന്റെ സഹായത്തോടെ കൂടുതല്‍ അകലെയുള്ള ഗാലക്‌സികളെ നിരീക്ഷിക്കാന്‍ കഴിയുന്ന മേഖലയാണിത്. പശ്ചാത്തലത്തിലുള്ള ഗാലക്‌സികള്‍ ആയിരംകോടി പ്രകാശവര്‍ഷം അകലെയാണ് സ്ഥിതി ചെയ്യുന്നത്.

4. സ്റ്റീഫന്‍സ് ക്വിന്റെറ്റ് (ഹിക്ക്‌സണ്‍ കോംപാക്ട് ഗ്രൂപ്പ് 92) എന്ന പഞ്ചഗാലക്‌സിക്കൂട്ടം. ഹബ്ബിളിലെ പുതിയ വൈഡ് ഫീല്‍ഡ് ക്യാമറ-3 ആണ് ഈ ദൃശ്യം പകര്‍ത്തിയത്.

5. ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ് പ്രകാശത്തിലുമുള്ള കരിന നെബുലയുടെ ദൃശ്യം. മുകളിലുള്ള ദൃശ്യമാണ് ദൃശ്യപ്രകാശത്തിലുള്ളത്.

6. പ്രപഞ്ചത്തിലെ തിരക്കേറിയ പുതിയൊരു മേഖലയിലേക്ക് ഹബ്ബിളിന്റെ വൈഡ് ഫീല്‍ഡ് ക്യാമറ-3 നോക്കിയപ്പോള്‍ ലഭിച്ച ദൃശ്യം. ഒമേഗ സെഞ്ചുറിയിലെ ഗ്ലോബുലാര്‍ ക്ലസ്റ്ററിലെ ചെറിയൊരു ഭാഗമാണിത്. ഏതാണ്ട് നൂറുലക്ഷം നക്ഷത്രങ്ങളുള്ള ഈ മേഖല ഭൂമിയില്‍ നിന്ന് 16000 പ്രകാശവര്‍ഷം അകലെയാണ്.

കാണുക

Thursday, September 10, 2009

ഡി.എന്‍.എ.ഫിംഗര്‍പ്ലിന്റിങിന്റെ കാല്‍നൂറ്റാണ്ട്

ലേയ്‌സസ്റ്ററിലെ ചെറുപരീക്ഷണശാലയില്‍ 25 വര്‍ഷം മുമ്പ് കണ്ടെത്തിയ ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ്, കുറ്റാന്വേഷണത്തിലെ വജ്രായുധമായി ഇന്ന് മാറിയിരിക്കുന്നു.

ഷെര്‍ലക് ഹോംസ് എന്ന സാങ്കല്‍പ്പിക ഡിറ്റക്ടീവ് ഇന്ന് ജീവിച്ചിരുന്നെങ്കില്‍, കുറ്റാന്വേഷണത്തില്‍ അദ്ദേഹം ഏറ്റവും വിലമതിക്കുന്ന സങ്കേതം ഏതാകുമായിരുന്നു. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങ് തന്നെയാകണം, സംശയമില്ല. ലോകമെങ്ങുമുള്ള കുറ്റാന്വേഷകര്‍ക്ക് അത്താണിയും ക്രിമിനലുകള്‍ക്ക് കെണിയുമായി മാറിയ ആ സങ്കേതം കണ്ടെത്തിയിട്ട് 25 വര്‍ഷം തികയുന്നു. നൂറുകണക്കിന് കൊലപാതകികള്‍ ഇരുമ്പഴികള്‍ക്കുള്ളലാകാന്‍ കാല്‍നൂറ്റാണ്ടിനിടെ ആ സങ്കേതം കാരണമായിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രകൃതിദുരന്തങ്ങളില്‍ പെട്ട് മരിച്ച ആയിരങ്ങളെ തിരിച്ചറിയാനും ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ് അവസരമൊരുക്കിയിട്ടുണ്ട്. പിതൃത്വം തെളിയിക്കാനുള്ള പ്രധാന ഉപാധിയും ഇന്ന് ഡി.എന്‍.എ.സങ്കേതം തന്നെ.

1984 സപ്തംബര്‍ പത്തിനായിരുന്നു തുടക്കം. സര്‍ അലെക് ജെഫ്രീസ് എന്ന ഗവേഷകന്‍ ലേയ്‌സസ്റ്റര്‍ സര്‍വകലാശാലയിലെ ചെറു ലബോറട്ടറിയില്‍ വെച്ച് യാദൃശ്ചികമായാണ്, കുറ്റാന്വേഷണരംഗത്തെയാകെ സ്വാധീനിച്ച ഡി.എന്‍.എ.ഫിംഗര്‍പ്ലിന്റിങ് സങ്കേതം കണ്ടുപിടിച്ചത്. ഓരോ വ്യക്തിക്കും സവിശേഷമായ വെവ്വേറെ ജനിതകഘടനയാണുള്ളതെന്നും, ഒരാളെ തിരിച്ചറിയാന്‍ വിരലടയാളം പോലെ ഡി.എന്‍.എ.യുടെ പ്രത്യേകത ഉപയോഗിക്കാമെന്നുമായിരുന്നു കണ്ടുപിടിത്തം.

കുറ്റവാളികളെ തിരിച്ചറിയാന്‍ സഹായിക്കും എന്നതാണ് ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങിന്റെ പ്രത്യേകത. കുറ്റവാളിയെന്ന് ആരോപിക്കപ്പെടുന്നയാള്‍ നിരപരാധിയാണെങ്കില്‍ അത് തെളിയിക്കാനും ഈ സങ്കേതം തുണയ്‌ക്കെത്തും. മനുഷ്യാവശിഷ്ടങ്ങളില്‍ നിന്ന് ആളെ തിരിച്ചറിയാനും അത് തുണയാകുന്നു. '2001 സപ്തംബര്‍ 11-ന് അമേരിക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ മരിച്ചവരെ തിരിച്ചറിയാന്‍ സഹായിച്ചത് ഈ സങ്കേതമാണ്'-ലേയ്‌സെസ്റ്റര്‍ റോയല്‍ ഇന്‍ഫിര്‍മറിയിലെ ഫോറന്‍സിക് വിദഗ്ധയായ ഡോ.ഇലീനൊര്‍ ഗ്രഹാം അറിയിക്കുന്നു. 'വിരലടയാളമോ പല്ലുകളുടെ ആകൃതിയോ തുണയ്‌ക്കെത്താത്ത അവസരങ്ങളില്‍ ആളെ തിരിച്ചറിയുന്നതിന് ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ് തന്നെ ശരണം'. നിയമക്കുരുക്കുകളില്‍ പെട്ട കുഞ്ഞുങ്ങളുടെ പിതൃത്വം തെളിയിക്കാനും ഇന്ന് ഈ സങ്കേതം വ്യാപകമായി ഉപയോഗിക്കുന്നു.

കഴിഞ്ഞ വര്‍ഷം ബ്രിട്ടനില്‍ മാത്രം 17,614 കുറ്റകൃത്യങ്ങള്‍ക്ക് പരിഹാരം കണ്ടത് ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങിന്റെ സഹായത്തോടെയാണെന്ന് ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്യുന്നു. അതില്‍ 83 കൊലപാതക കേസുകളും 184 ബലാത്സംഗങ്ങളും ഉള്‍പ്പെടുന്നു. 'ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങിന്റെ കണ്ടുപിടിത്തവും ആളുകളെ തിരിച്ചറിയാനുള്ള അതിന്റെ കഴിവും, പോലീസ് സേനകളുടെ പ്രവര്‍ത്തനത്തെ തന്നെ മാറ്റിമറിച്ചു'-ഡോ.ഗ്രഹാം അഭിപ്രായപ്പെടുന്നു. ചെറിയൊരംശം ശരീരദ്രവമോ, കോശഭാഗങ്ങളോ മതി അതിന്റെ ഉടമയെ ഡി.എന്‍.എ.സങ്കേതം വഴി തിരിച്ചറിയാന്‍.

സര്‍ അലെകിന്റെ കണ്ടുപിടിത്തം നടന്ന് അധികം വൈകാതെ 1986-ല്‍, നര്‍ബൊറോയില്‍ രണ്ട് പെണ്‍കുട്ടികളെ ബലാത്സംഗവും കൊലപാതകവും അന്വേഷിക്കാന്‍ ലേയ്‌സെറ്റര്‍ഷൈര്‍ പോലീസ് ഡി.എന്‍.എ. ടെസ്റ്റിങ് ഉപയോഗിച്ചു. കുറ്റവാളിയെന്ന് സംശയിച്ചയാളല്ല കൊലപാതകിയെന്ന്, പെണ്‍കുട്ടികളുടെ ശരീരത്തില്‍ നിന്ന് ലഭിച്ച ശുക്ലത്തിലെ ഡി.എന്‍.എ. തെളിയിച്ചു. കോളിന്‍ പിച്ച്‌ഫോര്‍ക്ക് എന്നയാളായിരുന്നു കുറ്റവാളി. ആ കേസ് വന്‍ വിജയമായിരുന്നു. നിരപരാധി കുറ്റവിമുക്തനായി, യഥാര്‍ഥ കൊലയാളി ജയിലിലായി. ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങിന്റെ വിജയഗാഥ തുടങ്ങുന്നത് അവിടെ നിന്നാണ്. ചെയ്യാത്ത കൊലപാതകക്കുറ്റത്തിന് 27 വര്‍ഷം ജയിലില്‍ കിടന്ന സീന്‍ ഹോഡ്ഗ്‌സന്‍ എന്നയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ട് ജയില്‍മുക്തനായത് കഴിഞ്ഞ മാര്‍ച്ചിലാണ്. ഡി.എന്‍.എ. ഫിംഗര്‍പ്രിന്റിങ് തന്നെയാണ് അവിടെയും താരമായത്.

ഡി.എന്‍.എ.സങ്കേതം കണ്ടെത്തി 25 വര്‍ഷം തികയുമ്പോഴേക്കും അതിന്റെ സാങ്കേതികത്തികവ് കൂടുതല്‍ മികവാര്‍ന്നു കഴിഞ്ഞു. വളരെ ചെറിയൊരളവ് ഡി.എന്‍.എ. കൊണ്ടുതന്നെ ഇന്ന് ആളെ തിരിച്ചറിയാന്‍ കഴിയും. ഒരു ഗ്ലാസില്‍ അവശേഷിക്കുന്ന വിരലടയാളം മതി ഇപ്പോള്‍ ഡി.എന്‍.എ. ഫിംഗര്‍പ്രിന്റങിന്. വിരലടയാളത്തില്‍ അവശേഷിക്കുന്ന ഏതാനും കോശങ്ങള്‍ മതി അതിന്. കൂടുതല്‍ മേഖലകളില്‍ ഈ സങ്കേതം പ്രയോജനപ്പെടുത്താനുള്ള ഗവേഷണങ്ങള്‍ തുടരുകയാണ്. കുറ്റാന്വേഷണത്തിന്റെയും തിരിച്ചറിയലിന്റെയും മേഖലയില്‍ മാത്രമാകില്ല ഭാവിയില്‍ ഡി.എന്‍.എ.ഫിംഗര്‍പ്രിന്റിങ് ഉപയോഗിക്കപ്പെടുകയെന്ന് വിദഗ്ധര്‍ കരുതുന്നു.

Sunday, September 06, 2009

പ്രമേഹചികിത്സയ്ക്ക് കരുത്തേകാന്‍ പുതിയൊരു ജീന്‍

ഇന്‍സുലിന്‍ ഉത്പാദനത്തെയല്ല, ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ഒരു ജീന്‍ കണ്ടെത്തുന്നത് ആദ്യം. പ്രമേഹചികിത്സയില്‍ പുതിയ മുന്നേറ്റത്തിന് ഈ കണ്ടെത്തല്‍ വഴിയൊരുക്കുമെന്ന് പ്രതീക്ഷ

ജീവിതശൈലീ രോഗമായ ടൈപ്പ്-രണ്ട് പ്രമേഹത്തിന് ഫലപ്രദമായ ചികിത്സ രൂപപ്പെടുത്താനും, രോഗത്തിന്റെ വ്യാപനത്തെക്കുറിച്ച് പുതിയ ഉള്‍ക്കാഴ്ച ലഭിക്കാനും സഹായിക്കുന്ന ഒരു ജീന്‍ അന്താരാഷ്ട്ര ഗവേഷകസംഘം കണ്ടെത്തി. രക്തത്തില്‍ കലരുന്ന ഇന്‍സുലിനോട് ശരീരം പ്രതികരിക്കുന്നത് എങ്ങനെയെന്ന് മനസിലാക്കാന്‍ സഹായിക്കുന്ന ഇത്തരമൊരു ജീന്‍ തിരിച്ചറിയുന്നത് ആദ്യമായാണ്.

പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ ഉത്പാദനത്തെ നിയന്ത്രിക്കുന്ന ജീനല്ല കണ്ടുപിടിക്കപ്പെട്ടത്. ശരീരത്തില്‍ ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുന്ന ജീനാണത്. കാനഡ, ഫ്രാന്‍സ്, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഗവേഷകസംഘമാണ് 'ഇന്‍സുലിന്‍ റിസെപ്ടര്‍ സബ്‌സ്‌ട്രേറ്റ് 1' (IRS1) എന്നു പേരുള്ള പുതിയ ജീനിനെ കണ്ടെത്തിയതെന്ന്, 'നേച്ചര്‍ ജനറ്റിക്‌സി'ന്റെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

"പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങളുടെ പ്രവര്‍ത്തനത്തെ സ്വാധീനിക്കുക വഴി പ്രമേഹ സാധ്യതയെ സ്വാധീനിക്കുന്ന ഒട്ടേറെ ജീനുകളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അതേ സമയം പ്രമേഹത്തില്‍ ശരീരത്തിലെ മറ്റ് കോശഭാഗങ്ങളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടതാണ് പുതിയ ജീന്‍"-മക്ഗില്‍ സര്‍വകലാശാലയിലെ ഗവേഷകനും പഠനസംഘത്തില്‍ അംഗവുമായ ഡോ. റോബര്‍ട്ട് സ്ലാഡെക് പറഞ്ഞു. "ഇന്‍സുലിന്‍ ഉത്പാദനം കുറയ്ക്കുന്നതിന് പകരം, പേശി, കരള്‍, കൊഴുപ്പ് തുടങ്ങിയവയിലെ ഇന്‍സുലിന്‍ സ്വാധീനം നിയന്ത്രിക്കുകയാണ് പുതിയ ജീന്‍ ചെയ്യുക". 'ഇന്‍സുലിന്‍ പ്രതിരോധം' എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത്.

പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ ഉത്പാദിപ്പിക്കുന്ന ഹോര്‍മോണാണ് ഇന്‍സുലിന്‍. പഞ്ചസാര ആഗിരണം ചെയ്ത് ഊര്‍ജമായി വിഘടിപ്പിക്കാന്‍ ശരീരകോശങ്ങളെ സഹായിക്കുന്നത് ഇന്‍സുലിനാണ്. പാന്‍ക്രിയാസിന് ഇന്‍സുലിന്‍ ഉത്പാദനശേഷി കുറയുമ്പോള്‍, രക്തത്തില്‍ കലരുന്ന പഞ്ചസാര വിഘടിപ്പിച്ച് ഊര്‍ജമാക്കാനുള്ള കോശങ്ങളുടെ ശേഷി ശോഷിക്കുന്നു. പ്രമേഹത്തിന്റെ കാരണം ഇതാണ്.

ഈ വസ്തുത കണക്കിലെടുത്ത് പ്രമേഹത്തിന്റെ ജനിതകതലത്തിലുള്ള ബന്ധം കണ്ടെത്താന്‍ മിക്ക പഠനങ്ങളും ശ്രദ്ധിക്കുന്നത് ഇന്‍സുലന്‍ ഉത്പാദനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ്. അതില്‍നിന്ന് വ്യത്യസ്തമാണ് പുതിയ കണ്ടെത്തല്‍. ഇന്‍സുലിന്റെ സാന്നിധ്യം കൊണ്ട് ശരീരകോശങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനക്ഷമമാകുന്ന ജീനാണ് ഐ.ആര്‍.എസ്1 - ഡോ. സ്ലാഡെക് പറഞ്ഞു. ''ഹേയ്, ഇതാ ഇന്‍സുലിന്‍. രക്തത്തില്‍ നിന്ന് അതിനെ സ്വീകരിക്കാന്‍ തുടങ്ങൂ എന്ന് കോശത്തിനോട് പറയുകയാണ് ഈ ജീന്‍ ചെയ്യുക. അത് പ്രവര്‍ത്തിച്ചില്ലെങ്കില്‍, കോശങ്ങള്‍ പഞ്ചസാര ആഗിരണം ചെയ്യുന്ന പ്രക്രിയ മുഴുവന്‍ തകരാറിലാകും".

പ്രമേഹവുമായി ബന്ധമുള്ള പുതിയ ജീനിനെ തിരിച്ചറിയുക മാത്രമല്ല ഗവേഷകര്‍ ചെയ്തത്. കോശങ്ങളില്‍ ജീന്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെ എന്നും, ജീനിന്റെ പ്രവര്‍ത്തന വൈകല്യം അപ്രതീക്ഷിതമായ ശരീരഭാഗങ്ങളെ ബാധിക്കുന്ന കാര്യവും പഠനത്തില്‍ വ്യക്തമായി. ഐ.ആര്‍.എസ്1 ജീനിന്റെ പ്രവര്‍ത്തനം തടയപ്പെടുമ്പോള്‍, ആവശ്യത്തിന് ഇന്‍സുലിന്‍ രക്തത്തിലുണ്ടെങ്കിലും പ്രയോജനമില്ലാതെ വരുന്നതായാണ് കണ്ടത്. പ്രമേഹത്തെക്കുറിച്ച് മനസിലാക്കുന്നതില്‍ സുപ്രധാനമായ സംഗതിയാണിത്. (അവലംബം: നേച്ചര്‍ ജനറ്റിക്‌സ്, മക്ഗില്‍ സര്‍വകലാശാല, ലണ്ടന്‍ ഇംപീരിയല്‍ കോളേജ് എന്നിവയുടെ വാര്‍ത്താക്കുറിപ്പ്).

Friday, September 04, 2009

വംശനാശത്തിന്റെ പൊരുള്‍ തേടാനും ഗൂഗിള്‍ 'പേജ്‌റാങ്ക്‌'

യുക്തിപൂര്‍വമായ രീതിയില്‍ വെബ്ബ്‌പേജുകളുടെ പ്രാധാന്യം നിശ്ചിയിക്കാന്‍ സഹായിക്കുന്ന ഗൂഗിള്‍ സങ്കേതം, പ്രകൃതിയില്‍ ജീവികള്‍ നേരിടുന്ന വംശനാശ ഭീഷണി എത്രയെന്ന്‌ മനസിലാക്കാന്‍ സഹായിച്ചേക്കും

നെല്ലില്‍ നിന്ന്‌ പതിര്‌ വേര്‍തിരിച്ചെടുക്കുന്നതു പോലൊരു പണിയാണത്‌. സെര്‍ച്ചിങ്‌ നടത്തുന്നയാളുടെ മുന്നിലേക്ക്‌ ഏറ്റവും പ്രസക്തമായ പേജ്‌ ആദ്യം എത്തിക്കുക. ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിന്‍ അതാണ്‌ ചെയ്യുന്നത്‌. കോടിക്കണക്കിന്‌ വെബ്ബ്‌പേജുകള്‍ക്കിടയില്‍ നിന്ന്‌ പ്രസക്തമായ പേജുകള്‍ തിരഞ്ഞുപിടിച്ച്‌ മുന്നിലെത്തിക്കുന്ന ജോലി. ഇതിന്‌ ഗൂഗിളിനെ പ്രാപ്‌തമാക്കുന്നത്‌ 'പേജ്‌റാങ്ക്‌' (PageRank) എന്ന ഗണിതസമീകരണമാണ്‌. ഗൂഗിള്‍ സെര്‍ച്ച്‌ എഞ്ചിന്റെ ആത്മാവ്‌ ആ ഗണിതസമീകരണമാണെന്ന്‌ പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

യുക്തിപൂര്‍വമായ രീതിയില്‍ വെബ്ബ്‌പേജുകളുടെ പ്രാധാന്യം നിശ്ചിയിക്കാന്‍ സഹായിക്കുന്ന ആ ഗണിതസമീകരണം, പ്രകൃതിയില്‍ ജീവികള്‍ നേരിടുന്ന വംശനാശ ഭീഷണി എത്രയെന്ന്‌ മനസിലാക്കാന്‍ സഹായിക്കുമെന്ന്‌ കണ്ടെത്തല്‍. സാന്റ ബാര്‍ബറയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെയും മിഷിഗണ്‍ സര്‍വകലാശാലയിലെയും ഗവേഷകരായ സ്‌റ്റെഫാന്‍സോ അലെന്‍സിയോ, മെഴ്‌സിഡെസ്‌ പാസ്‌ക്യുവല്‍ എന്നിവരാണ്‌, ഒരു ആവാസവ്യവസ്ഥയില്‍ ഏതൊക്കെ ജീവികളാണ്‌ നിലനില്‍പ്പിന്‌ ഭീഷണി നേരിടുന്നതെന്ന്‌ മനസിലാക്കാന്‍ പേജ്‌റാങ്ക്‌ സഹായിക്കുമെന്ന്‌ കണ്ടെത്തിയത്‌.

പരിസ്ഥിതിവ്യൂഹങ്ങളിലെ ഭക്ഷ്യശൃംഗല സങ്കീര്‍ണമാണ്‌. അത്‌ സംബന്ധിച്ച്‌ വ്യക്തത ലഭിക്കാനും, ആരൊക്കെ ആരെയൊക്കെ ആഹാരമാക്കുന്നുവെന്ന്‌ മനസിലാക്കാനും ഗൂഗിളിന്റെ സെര്‍ച്ച്‌സങ്കേതം സഹായിക്കുമെന്ന്‌, 'പ്ലോസ്‌ കമ്പ്യൂട്ടേഷണല്‍ ബയോളജി'യുടെ പുതിയ ലക്കത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

മനുഷ്യന്റെ ഇടപെടല്‍ മൂലം പ്രകൃതിക്കും പരിസ്ഥിതിവ്യൂഹങ്ങള്‍ക്കും ധ്രുതഗതിയില്‍ മാറ്റം സംഭവിക്കുന്ന കാലമാണിത്‌. പ്രകൃതി നേരിടുന്ന സമ്മര്‍ദങ്ങള്‍ വംശനാശത്തിന്‌ എങ്ങനെയൊക്കെ ഇടനല്‍കുന്നു എന്ന കാര്യം പ്രവചിക്കേണ്ടത്‌ ഗവേഷകലോകത്തിന്റെ ഉത്തരവാദിത്വമാണ്‌. ഭൂമുഖത്ത്‌ ഇപ്പോള്‍ അരങ്ങേറുന്നത്‌ ചരിത്രത്തിലെ ആറാം കൂട്ടവംശനാശമാണെന്നാണ്‌ വിലയിരുത്തല്‍. ഇതിന്‌ മുമ്പുണ്ടായ കൂട്ടനാശങ്ങളില്‍ നിന്ന്‌ ഇപ്പോഴത്തേതിന്റെ വ്യത്യാസം, ഈ നാശത്തിന്‌ ഭൂമിയിലെ തന്നെ ജീവിയായ മനുഷ്യനാണ്‌ കാരണം എന്നതാണ്‌.

ഭൂമിയിലെ സസ്‌തനികളില്‍ 22 ശതമാനവും ഉഭയജീവികളില്‍ 32 ശതമാനവും പക്ഷിയിനങ്ങളില്‍ 12 ശതമാനവും ഇഴജന്തുക്കളില്‍ 51 ശതമാനവും മത്സ്യങ്ങളില്‍ 40 ശതമാനവും പ്രാണികളില്‍ 52 ശതമാനവും സസ്യകുലത്തില്‍ 70 ശതമാനവും കടുത്ത വംശനാശ ഭീഷണി നേരിടുന്നു എന്ന്‌ അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍.) പുറത്തിറക്കുന്ന ചുവപ്പ്‌ പട്ടിക പറയുന്നു (2008-ലെ കണക്ക്‌ പ്രകാരം).

ഈ പട്ടിക പൂര്‍ണമല്ല. പ്രകൃതിയില്‍ ഓരോ ഇനങ്ങളും മറ്റുള്ളവയുമായി വച്ചുപുലര്‍ത്തുന്ന സങ്കീര്‍ണ ബന്ധങ്ങളുടെ ചുരുളഴിക്കാന്‍ കഴിഞ്ഞാലേ, ജീവിവര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണിയുടെ വ്യാപ്‌തി ശരിക്കും മനസിലാകൂ. ഒരു വര്‍ഗത്തിന്റെ നാശം, അതുമായി ബന്ധമില്ലെന്ന്‌ തോന്നുന്ന മറ്റ്‌ പല വര്‍ഗങ്ങളുടെ നിലനില്‍പ്പിന്‌ ഭീഷണിയാകാം.

സങ്കീര്‍ണത മാത്രമല്ല പ്രശ്‌നം. അസംഖ്യം വര്‍ഗങ്ങള്‍ നേരിടുന്ന ഭീഷണി ഗവേഷകര്‍ക്ക്‌ ഒരേ സമയം വിലയിരുത്തേണ്ടി വരുന്നു. ഒറ്റ നോട്ടത്തില്‍ ലളിതമെന്ന്‌ തോന്നുന്ന ഒരു പരിസ്ഥിതിവ്യൂഹത്തില്‍ പോലും നിലനില്‍ക്കുന്ന ഉന്‍മൂലന സാധ്യതകളുടെ എണ്ണം ഒരുപക്ഷേ, പ്രപഞ്ചത്തിലെ മുഴുവന്‍ ആറ്റങ്ങളുടെ എണ്ണത്തെക്കാളും കൂടുതലാകാം-റിപ്പോര്‍ട്ട്‌ പറയുന്നു.

ഒരു പരിസ്ഥിതിവ്യൂഹത്തെ നിലനിര്‍ത്തുകയും അതുവഴി അവിടെയുള്ള മറ്റ്‌ വര്‍ഗങ്ങള്‍ക്ക്‌ തുണയാകുകയും ചെയ്യുന്നതില്‍ ഏറ്റവുമധികം പങ്കുവഹിക്കുന്ന അല്ലെങ്കില്‍ ഏറ്റവും പ്രാധാന്യമുള്ള ജീവികള്‍ ഏതെന്ന്‌ കണ്ടെത്താന്‍ 'പേജ്‌റാങ്ക്‌' സങ്കേതം പ്രയോജനപ്പെടുത്താം എന്നാണ്‌ അലെന്‍സിയോയും പാസ്‌ക്യുവലും തെളിയിച്ചത്‌. ഏത്‌ വര്‍ഗമാണ്‌ പ്രധാനപ്പെട്ടത്‌ എന്ന്‌ മനസിലാക്കുക വഴി, ഒരു പരിസ്ഥിതിവ്യൂഹത്തിന്റെ നാശത്തിന്‌ ഏത്‌ വര്‍ഗം നേരുന്ന ഭീഷണിയാണ്‌ ഏറ്റവുമധികം കാരണമാകുക എന്ന്‌ വ്യക്തമാകും.

വെബ്ബ്‌പേജുകളെ അവയുടെ പ്രധാന്യമനുസരിച്ച്‌ തിരഞ്ഞു കണ്ടുപിടിക്കാന്‍ സഹായിക്കുന്ന പേജ്‌റാങ്ക്‌ പ്രവര്‍ത്തിക്കുന്നത്‌ ലിങ്കുകളുടെ പ്രാധാന്യവും പേജുകളുടെ ജനപ്രീതിയും കണക്കിലെടുത്താണ്‌ (പേജ്‌റാങ്കിനെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ കാണുക: ഗൂഗിള്‍ വിസ്‌മയം-1, ഗൂഗിള്‍ വിസ്‌മയം-2). ഒരു വെബ്ബ്‌പേജിലേക്കുള്ള ലിങ്കുകളെ ബന്ധങ്ങളെന്ന്‌ സങ്കല്‍പ്പിച്ചാല്‍, ഇക്കാര്യം പരിസ്ഥിതിവ്യൂഹങ്ങളിലെ സങ്കീര്‍ണബന്ധങ്ങളുടെ കാര്യത്തിലും പ്രയോജനപ്പെടുത്താന്‍ കഴിയും. ജീവിവര്‍ഗങ്ങളുടെ നിലനില്‍പ്പിനുള്ള ഭീഷണിയുടെ യഥാര്‍ഥ മുഖം അതുവഴി അനാവരണം ചെയ്യാനാകും-പുതിയ പഠനം പറയുന്നു.

പരിസ്ഥിതി പഠനത്തില്‍ മാത്രമല്ല, ശൃംഗലാ പ്രവര്‍ത്തനങ്ങള്‍ അടിസ്ഥാനമായ മറ്റ്‌ ജീവശാസ്‌ത്ര ശാഖകളിലും ഗൂഗിള്‍ സങ്കേതത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകും എന്ന്‌ ഗവേഷകര്‍ കരുതുന്നു. ജീവശാസ്‌ത്രത്തിലെ ഏറ്റവും സങ്കീര്‍ണമായ പ്രോട്ടീന്‍ ഇടപഴകലുകള്‍ ഉദാഹരണം. ജീനുകളുടെ പരസ്‌പര നിയന്ത്രണമാണ്‌ പേജ്‌റാങ്ക്‌ തുണയ്‌ക്കെത്തിയേക്കാവുന്ന മറ്റൊരു മേഖല. (അവലംബം: PLoS Computational Biology).

Wednesday, September 02, 2009

ഇന്റര്‍നെറ്റിന്‌ 40

ഓണത്തിന്റെ ഇടയ്‌ക്ക്‌ പൂട്ടുകച്ചവടം എന്ന്‌ പറയുംപോലെ, തിരുവോണത്തിന്‌ എന്ത്‌ ഇന്റര്‍നെറ്റ്‌ എന്ന്‌ ചോദിക്കരുത്‌. ഈ ലേഖകന്‌ ഇന്ന്‌ മാത്രം കുറഞ്ഞത്‌ കാക്കത്തൊള്ളായിരം ഓണാശംസകള്‍ ഇ-മെയില്‍ വഴി വന്നു. ഈയൊരു ബാഹുല്യം തീര്‍ച്ചയായും ഇന്റര്‍നെറ്റിന്റെ സാധ്യത തന്നെയാണ്‌ വെളിവാക്കുന്നത്‌. ഇന്റര്‍നെറ്റിന്‌ 40 തികയുന്നു എന്ന്‌ പറയാന്‍ ഓണം തടസ്സമാകരുത്‌ എന്നതും അതുകൊണ്ടു തന്നെ. എല്ലാവര്‍ക്കും തിരുവോണത്തിന്റെ മംഗളങ്ങളും ഐശ്വര്യവും നേരുന്നു.

ഇന്റര്‍നെറ്റ്‌ ഇല്ലാത്ത കാലത്തെക്കുറിച്ച്‌ ചിന്തിക്കാന്‍ കഴിയാത്ത സ്ഥിതിയിലാണ്‌ നമ്മള്‍. യൂടൂബും ബ്ലോഗുകളും ഫേസ്‌ബുക്കും ട്വിറ്ററുമെല്ലാം ചേര്‍ന്ന്‌ ആശയവിനിമയത്തിന്റെ നട്ടെല്ലായി ഇന്റര്‍നെറ്റ്‌ മാറിയിരിക്കുന്നു. ലോകത്ത്‌ നൂറുകോടിയിലേറെപ്പേര്‍ ഇന്ന്‌ ഇന്റര്‍നെറ്റിനെ അവരുടെ കമ്മ്യൂണിക്കേഷന്‍ ഉപാധിയായി കണക്കാക്കുന്നു.

എന്നാല്‍, മറ്റേത്‌ വാര്‍ത്താവിനിമയ ഉപാധിയും പോലെ ഇന്റര്‍നെറ്റും ഇല്ലാത്ത ഒരു കാലമുണ്ടായിരുന്നു. അതിന്‌ അധികം പിന്നോട്ട്‌ പോകേണ്ടതില്ല. 40 വര്‍ഷമേ ആയിട്ടുള്ളു ഇന്റര്‍നെറ്റ്‌ ആവിര്‍ഭവിച്ചിട്ട്‌.

1969 സപ്‌തംബര്‍ രണ്ടിന്‌ ലോസ്‌ ആഞ്‌ജലിസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ലിയോനാര്‍ഡ്‌ ക്ലീന്‍റോക്കിന്റെ ലാബില്‍ സമ്മേളിച്ച ഇരുപതോളം പേര്‍ വിചിത്രമായ ഒരു കാഴ്‌ച കണ്ടു. ഭീമാകാരമാര്‍ന്ന രണ്ട്‌ കമ്പ്യൂട്ടറുകള്‍ 15 അടി നീളമുള്ള കേബിളിലൂടെ, അര്‍ഥമില്ലാത്ത ടെസ്റ്റ്‌ ഡേറ്റ വിനിമയം ചെയ്യുന്നു.

ശരിക്കു പറഞ്ഞാല്‍, 1901 ഡിസംബര്‍ 12-ന്‌ അറ്റ്‌ലാന്റിക്കിന്‌ കുറുകെ മോഴ്‌സ്‌കോഡിലെ 'എസ്‌' അക്ഷരത്തിന്‌ പകരമുള്ള മൂന്ന്‌ ക്ലിക്കുകള്‍ വിനിമയം ചെയ്യുക വഴി ഇറ്റലിക്കാരനായ ഗൂഗ്ലിയെല്‍മോ മാര്‍ക്കോണി റേഡിയോയ്‌ക്ക്‌ ജന്‍മം നല്‍കിയതിന്‌ സമാനമായ ഒന്നായിരുന്നു പ്രൊഫ. ക്ലീന്‍റോക്കിന്റെയും സംഘത്തിന്റെയും ഡേറ്റാ വിനിമയത്തിലൂടെ സംഭവിച്ചത്‌.

പില്‍ക്കാലത്ത്‌ ഇന്റര്‍നെറ്റ്‌ എന്ന്‌ വിളിക്കപ്പെട്ട 'അര്‍പാനെറ്റ്‌'(ARPANET) നെറ്റ്‌വര്‍ക്കിന്റെ തുടക്കം അതായിരുന്നു. ഒരു മാസം കഴിഞ്ഞ്‌ സ്‌റ്റാന്‍ഫഡ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ആ നെറ്റ്‌വര്‍ക്കില്‍ പങ്കാളിയായി. സാന്റ ബാര്‍ബറയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയും ഉത്താ സര്‍വകലാശാലയും 1969 അവസാനത്തോടെ അര്‍പാനെറ്റില്‍ അണിചേര്‍ന്നു. അങ്ങനെ ആ നെറ്റ്‌വര്‍ക്ക്‌ വളര്‍ന്നു.

1970-കളില്‍ ഇ-മെയില്‍ രംഗത്തെത്തി. ടി.സി.പി/ഐ.പി. കമ്മ്യൂണിക്കേഷന്‍സ്‌ പ്രോട്ടോക്കോളുകള്‍ നിലവില്‍ വന്നു. ഒട്ടേറെ നെറ്റ്‌വര്‍ക്കുകളെ പരസ്‌പരം ബന്ധിക്കാന്‍ അരങ്ങൊരുങ്ങിയത്‌ ഈ പ്രോട്ടോക്കോളുകളോടെയാണ്‌. അതുവഴി ഇന്റര്‍നെറ്റ്‌ രൂപമെടുത്തു. ഇന്ന്‌ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഡോട്ട്‌ കോം (.com), ഡോട്ട്‌ ഓര്‍ജ്‌ (.org) തുടങ്ങിയ ഇന്റര്‍നെറ്റ്‌ അഡ്രസ്സിങ്‌ സംവിധാനം 1980-കളില്‍ പിറവിയെടുത്തു.

ബ്രിട്ടീഷ്‌ ഗവേഷകനായ ടിം ബേണേഴ്‌സ്‌ ലീ രൂപം നല്‍കിയ വേര്‍ഡ്‌ വൈഡ്‌ വെബ്ബ്‌ (www) തൊണ്ണൂറുകളുടെ തുടക്കത്തോടെ രംഗത്തെത്തി. അതോടെയാണ്‌ ഇന്റര്‍നെറ്റ്‌ വിപ്ലവം ലോകത്ത്‌ ആരംഭിക്കുന്നത്‌. ഇന്നു കാണുന്ന രൂപത്തില്‍ ഇന്റര്‍നെറ്റിനെ വിവരവിനിമയത്തിന്റെ ആണിക്കല്ലാക്കി മാറ്റിയത്‌ അതാണ്‌.

1969-ല്‍ അര്‍പാനെറ്റിന്‌ തുടക്കമിടുന്നതിന്‌ ഏതാണ്ട്‌ ഒരു പതിറ്റാണ്ടിന്‌ മുമ്പ്‌ തന്നെ, ഇന്റര്‍നെറ്റിന്റെ ആണിക്കല്ലായ 'പാക്കറ്റ്‌ നെറ്റ്‌വര്‍ക്കു'കള്‍ സംബന്ധിച്ച ഗണിതസിദ്ധാന്തത്തിന്‌ പ്രൊഫ. ക്ലീന്‍റോക്ക്‌ രൂപംനല്‍കിയിരുന്നു. മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യില്‍ അദ്ദേഹം വിദ്യാര്‍ഥിയായിരിക്കുമ്പോഴായിരുന്നു അത്‌.

പിന്നീട്‌ അര്‍പാനെറ്റിന്‌ രൂപംനല്‍കുമ്പോഴും, ഇന്നത്തെ നിലയ്‌ക്ക്‌ വീഡിയോകള്‍ വിനിമയം ചെയ്യാനോ മൈക്രോബ്ലോഗിങ്‌ നടത്താനോ പോഡ്‌കാസ്‌റ്റിങിനോ കമ്മ്യൂണിറ്റി നെറ്റ്‌വര്‍ക്കുകളാകാനോ തങ്ങളുടെ സൃഷ്ടിക്ക്‌ കഴിയുമെന്ന്‌ പ്രൊഫ. ക്ലീന്‍റോക്കോ സഹപ്രവര്‍ത്തകരോ സങ്കല്‍പ്പിക്കുക പോലും ചെയ്‌തിരുന്നില്ല. സ്വതന്ത്രമായി വിവരങ്ങള്‍ കൈമാറാന്‍ കഴിയുന്ന ഒരു തുറന്ന സംവിധാനം, അതുമാത്രമാണ്‌ ഗവേഷകരുടെ മനസിലുണ്ടായിരുന്നത്‌.

'തുറന്ന സംവിധാനം' എന്ന ആ സങ്കല്‍പ്പത്തിന്റെ ബലത്തിലാണ്‌ ഇന്റര്‍നെറ്റ്‌ ഇന്നത്തെ നിലയിലേക്ക്‌ വളര്‍ന്നത്‌. അതേസമയം, കമ്പ്യൂട്ടര്‍ ഭേദകര്‍ പോലുള്ള കുബുദ്ധികള്‍ വഴി ഇന്ന്‌ ഇന്റര്‍നെറ്റിന്‌ ഏറ്റവും വലിയ ഭീഷണിയാകുന്നതും ആ തുറന്ന മനോഭാവം തന്നെയാണ്‌.

ഒരു സൈനികപദ്ധതി എന്ന നിലയ്‌ക്ക്‌ ഇന്റര്‍നെറ്റിന്‌ ആദ്യകാലത്ത്‌ സാമ്പത്തിക സഹായം ചെയ്‌തത്‌ യു.എസ്‌. സര്‍ക്കാരാണ്‌. പക്ഷേ, മഹത്തായ ഒരു ആശയമെന്ന നിലയ്‌ക്ക്‌ അതിന്‌ വളര്‍ന്നുവരാന്‍ അവര്‍ തടസ്സം നിന്നില്ല. 1990-ല്‍ ടിം ബേണേഴ്‌സ്‌ ലീ വേള്‍ഡ്‌ വൈഡ്‌ വെബ്ബിന്‌ രൂപം നല്‍കിയപ്പോള്‍, അത്‌ ഇന്റര്‍നെറ്റില്‍ റിലീസ്‌ ചെയ്യാന്‍ ആരോടും അനുവാദം പോലും ചോദിക്കേണ്ടി വന്നില്ല. അത്രയ്‌ക്ക്‌ സ്വതന്ത്രമായാണ്‌ ഇന്റര്‍നെറ്റ്‌ വളര്‍ന്നത്‌.

മുഖ്യധാരാ മാധ്യമങ്ങള്‍ പോലും ഇന്ന്‌ ഇന്റര്‍നെറ്റിലേക്ക്‌ ചെക്കേറുകയാണ്‌. പുതിയ വ്യാപാര മാതൃകകളും സാമ്പത്തിക പരിപ്രേക്ഷ്യവും ഇന്റര്‍നെറ്റിനായി ആവിര്‍ഭവിച്ചു കഴിഞ്ഞു. ഇതുവരെ മനുഷ്യന്‍ വികസിപ്പിച്ച സര്‍വ മാധ്യമസാധ്യതകളും സമ്മേളിക്കാനുള്ള ഇടമായിക്കൂടി ഇന്റര്‍നെറ്റ്‌ പരിണമിച്ചിരിക്കുന്നു. ഗുട്ടര്‍ബര്‍ഗിന്റെയും മാര്‍ക്കോണിയുടേയും ബേര്‍ഡിന്റെയും മുന്നേറ്റങ്ങളെ നാല്‌പത്‌ വര്‍ഷംകൊണ്ട്‌ ഇന്റര്‍നെറ്റ്‌ അതിന്റെ ചിറകിന്‍കീഴിലാക്കിയിരിക്കുന്നുവെന്ന്‌ സാരം.

Tuesday, September 01, 2009

പരിണാമം കണ്‍മുന്നില്‍

നെബ്രാസ്‌കയില്‍ മണല്‍പ്രദേശത്തെ എലികള്‍ അതിജീവനത്തിനായി രോമക്കുപ്പായത്തിന്റെ നിറംമാറ്റിയിരിക്കുന്നു. പരിണാമത്തിന്റെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം അവിടെ നേരിട്ട്‌ നിരീക്ഷിക്കാമെന്ന്‌ ഗവേഷകര്‍.

വടക്കേയമേരിക്കയില്‍ വ്യാപകമായി കാണപ്പെടുന്ന ജീവിവര്‍ഗമാണ്‌ 'മാനെലികള്‍' (Deer mice). ഈ ജീവികളുടേത്‌ ഇരുണ്ട രോമക്കുപ്പായമാണ്‌. നെബ്രാസ്‌കയിലെ മണല്‍പ്രദേശത്ത്‌ കാണപ്പെടുന്ന എലികള്‍ക്ക്‌ മാത്രം പക്ഷേ, നിറത്തില്‍ വ്യത്യാസം. ഇരുണ്ട രോമക്കുപ്പായത്തിന്‌ പകരം അവയുടേത്‌ നിറം കുറഞ്ഞ, മങ്ങിയ രോമാവരണമാണ്‌; മണലില്‍ ശത്രുക്കള്‍ക്ക്‌ തിരിച്ചറിയാന്‍ കഴിയാത്ത തരത്തിലുള്ളത്‌.

ഇതിന്റെ പൊരുള്‍ തേടിപ്പോയ ഗവേഷകര്‍ കണ്ടത്‌, പരിണാമപ്രക്രിയയുടെ അടിസ്ഥാനമായ പ്രകൃതിനിര്‍ധാരണം (natural selection) തങ്ങളുടെ കണ്‍മുന്നില്‍ ചുരുള്‍ നിവരുന്നതാണ്‌! അതിജീവനത്തിനായി, ഏതാനും ആയിരം വര്‍ഷംകൊണ്ട്‌ ആ ജീവികളുടെ നിറം മാറുകയായിരുന്നുവെന്ന്‌ തെളിയിക്കാന്‍ ഗവേഷകര്‍ക്കായി. ജീവശാസ്‌ത്രത്തെ സംബന്ധിച്ചിടത്തോളം വിലപ്പെട്ട 'മാതൃക'യായി ആ ചെറുജീവികള്‍ മാറിയിരിക്കുകയാണ്‌.

ആ ജീവികളില്‍ പ്രത്യക്ഷപ്പെട്ട ഒരു പ്രത്യേക ജീനാണ്‌, രോമക്കുപ്പായത്തിന്റെ നിറം മാറ്റിയത്‌. മാത്രമല്ല, തലമുറകളിലേക്ക്‌ ആ മാറ്റം അവ കൈമാറുകയും ചെയ്യുന്നു. നെബ്രാസ്‌കയിലെ മാനെലികള്‍ക്ക്‌ മാത്രം നിറ വ്യത്യാസം സംഭവിച്ചതിന്റെ കാരണം ഇതാണെന്ന്‌, 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. 'ശരിക്കുള്ള' പ്രകൃതിനിര്‍ധാരണം അവിടെ പ്രവര്‍ത്തനത്തിലാണെന്ന്‌ സാരം.

ഇരുണ്ട നിറമുള്ള സാധാരണ മാനെലികളെ, മൂങ്ങകള്‍ക്കും പരുന്തുകള്‍ക്കും ഇരുണ്ട മണ്ണില്‍ തിരിച്ചറിയുക ബുദ്ധിമുട്ടാണ്‌. എന്നാല്‍, നെബ്രാസ്‌കയിലെ സാന്‍ഡ്‌ ഹില്‍സ്‌ എന്ന മണല്‍പ്രദേശത്താകുമ്പോള്‍, മണലിന്റെ നിറമായിരിക്കുന്നു എലികളുടെ കുപ്പായം. "മണല്‍ പ്രദേശത്തുള്ള എലികളും ഏതാനും കിലോമീറ്റര്‍ അകലെ കാണപ്പെടുന്നവയും തമ്മില്‍ എങ്ങനെ ഈ വ്യത്യാസം സംഭവിച്ചു എന്ന്‌ പരിശോധിക്കാന്‍ ഞങ്ങള്‍ തീരുമാനിക്കുകയായിരുന്നു"-മസാച്ച്യൂസെറ്റ്‌സില്‍ കേംബ്രിഡ്‌ജിലുള്ള ഹാര്‍വാഡ്‌ സര്‍വകലാശാലയിലെ ഡോ. കാതറിന്‍ ലിനെന്‍ പറഞ്ഞു.


സാന്‍ഡ്‌ ഹില്‍സ്‌ എന്ന മണല്‍പ്രദേശം രൂപപ്പെട്ടത്‌ 8000-15000 വര്‍ഷം മുമ്പ്‌ മാത്രമാണെന്ന വസ്‌തുത തങ്ങളുടെ ജിജ്ഞാസ വര്‍ധിപ്പിച്ചതായി ഡോ. ലിനെന്‍ അറിയിക്കുന്നു. "ഇതിനര്‍ഥം, അവിടുള്ള എലികളില്‍ നിറവ്യത്യാസം സംഭവിച്ചിട്ട്‌ ഏതാനും ആയിരം വര്‍ഷങ്ങളേ ആയിട്ടുള്ളു എന്നാണ്‌". ബര്‍ക്ക്‌ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്‌ത്രജ്ഞരും പഠനത്തില്‍ പങ്കാളികളായി.

'അഗോറ്റി' (Agouti) എന്ന വിളിപ്പേരുള്ള ഒരു ജീനാണ്‌ സാന്‍ഡ്‌ ഹില്‍സിലെ എലികളുടെ മങ്ങിയ രോമാവരണത്തിന്‌ കാരണമെന്ന്‌ പഠനത്തില്‍ വ്യക്തമായി. സാധാരണ ഗതിയില്‍ ഏതെങ്കിലും ജീനിന്‌ വ്യതികരണം സംഭവിച്ചാണ്‌ ജീവികളില്‍ പുതിയ സവിശേഷതകള്‍ പ്രത്യക്ഷപ്പെടാറ്‌. എന്നാല്‍, സാന്‍ഡ്‌ ഹില്‍സ്‌ എലികളുടെ കാര്യത്തില്‍, അഗോറ്റി ജീന്‍ 4000 വര്‍ഷം മുമ്പ്‌ മാത്രമാണ്‌ അവയുടെ ശരീരത്തില്‍ പ്രത്യക്ഷപ്പെട്ടതെന്ന്‌ പഠനത്തില്‍ തെളിഞ്ഞു.

ഇതിനര്‍ഥം 8000 തലമുറയേ ആയിട്ടുള്ളു ആ ജീവികള്‍ പുതിയ നിറത്തില്‍ കാണപ്പെടാന്‍ തുടങ്ങിയിട്ട്‌ എന്നാണ്‌. അതിന്‌ ശേഷം സാന്‍ഡ്‌ ഹില്‍സ്‌ എലികളില്‍ ആ ജീന്‍ സര്‍വസാധാരണമായി എന്നും ഗവേഷകര്‍ കണ്ടെത്തി.

"ആ ജീന്‍ മുമ്പ്‌ ഉണ്ടായിരുന്നില്ല, അതിനാല്‍ പുതിയ ഏതോ വ്യതികരണത്തിന്റെ ഫലമായി അത്‌ പ്രത്യക്ഷപ്പെടാന്‍ എലികള്‍ക്ക്‌ 'കാത്തിരിക്കേണ്ടി' വന്നു"- ഗവേഷണസംഘത്തില്‍ അംഗമായ ഹാര്‍വാഡിലെ പ്രൊഫ. ഹോപി ഹൊയേക്‌സ്‌ത്ര അഭിപ്രായപ്പെട്ടു. "എലികള്‍ക്ക്‌ സംഭവിച്ച മാറ്റത്തിന്‌ രണ്ട്‌ ഭാഗങ്ങളുണ്ടായിരുന്നു. വ്യതികരണം വഴി ആദ്യം ജീന്‍ പ്രത്യക്ഷപ്പെട്ടു. പിന്നീട്‌ പ്രകൃതിനിര്‍ധാരണം അതിന്റെ ആവേഗം വര്‍ധിപ്പിച്ചു".

വന്യജീവികളില്‍ പുതിയൊരു ജീന്‍ പ്രത്യക്ഷപ്പെടുന്നതും അത്‌ പ്രകൃതിനിര്‍ധാരണത്തിന്‌ പ്രേരണയാകുന്നതും അതുവഴിയുള്ള മാറ്റം തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുന്നതും നേരിട്ട്‌ രേഖപ്പെടുത്താന്‍ കഴിയുന്നത്‌ ആദ്യമാണെന്ന്‌ ഗവേഷകര്‍ പറയുന്നു. മാത്രമല്ല, പ്രകൃതിനിര്‍ധാരണ സമ്മര്‍ദത്തിന്റെ തീവ്രത എത്രയെന്ന്‌ കണക്കാക്കി നോക്കാനും ഗവേഷകര്‍ക്കായി.

നിറം കുറഞ്ഞ മങ്ങിയ രോമക്കുപ്പായം സാന്‍ഡ്‌ ഹില്‍സ്‌ എലികളുടെ അതിജീവന സാധ്യത 0.5 ശതമാനം വര്‍ധിപ്പിച്ചതായാണ്‌ ഗവേഷകരുടെ കണക്കുകൂട്ടല്‍. "ഇത്‌ വലിയൊരു വര്‍ധനയാണെന്ന്‌ ആദ്യം തോന്നില്ല. എന്നാല്‍, ആയിരക്കണക്കിന്‌ അംഗങ്ങളെയും ആയിരക്കണക്കിന്‌ വര്‍ഷങ്ങളെയും പരിഗണിക്കുമ്പോള്‍, ഈ അതിജീവന സാധ്യത വലിയ അന്തരമാണ്‌ ഉണ്ടാക്കുക"-പ്രൊഫ. ഹൊയേക്‌സ്‌ത്ര പറയുന്നു.

ഡി.എന്‍.എ.യിലുണ്ടായ മാറ്റവും സാന്‍ഡ്‌ ഹില്‍സ്‌ എലികള്‍ക്ക്‌ പ്രകൃതിയിലുള്ള അതിജീവനശേഷി വര്‍ധിച്ചതും തമ്മിലുള്ള ബന്ധം കണ്ടെത്താന്‍ തങ്ങള്‍ക്ക്‌ കഴിഞ്ഞു എന്നതാണ്‌ ഈ ഗവേഷണത്തിന്റെ പ്രാധാന്യം- ഡോ.ലിനെന്‍ പറയുന്നു.

ഒരര്‍ഥത്തില്‍, വടക്കന്‍ ഇംഗ്ലണ്ടില്‍ കാണപ്പെടുന്ന 'പെപ്പെറഡ്‌ ശലഭങ്ങള്‍'ക്ക്‌ സമാനമാണ്‌ സാന്‍ഡ്‌ ഹില്‍സ്‌ എലികള്‍. പരിസ്ഥിതിക്കനുസരിച്ച്‌ പ്രകൃതിനിര്‍ധാരണത്തിന്റെ ഫലമായി വന്യജീവികളില്‍ പുതിയ മാറ്റങ്ങള്‍ സംഭവിക്കുന്നതിന്‌ ഉദാഹരണമായി പതിറ്റാണ്ടുകളോളം ചൂണ്ടിക്കാട്ടിയിരുന്ന ജീവിയാണ്‌ പെപ്പെറഡ്‌ ശലഭങ്ങള്‍ (Biston betularia).

നിറംകുറഞ്ഞ, മങ്ങിയ ശലഭങ്ങളായിരുന്നു ഇവ മുമ്പ്‌. അത്തരം നിറമുള്ള വൃക്ഷങ്ങളുടെ കൊമ്പുകളില്‍ ഇവയെ ശത്രുക്കള്‍ക്ക്‌ തിരിച്ചറിയുക ബുദ്ധിമുട്ടായിരുന്നു. വ്യവസായിക വിപ്ലവത്തിന്റെ ഫലമായി വ്യാപകമായി സംഭവിച്ച അന്തരീക്ഷ മലിനീകരണം, വൃക്ഷങ്ങളുടെ നിറം കൂടുതല്‍ കറുത്തതാക്കി. പെപ്പെറഡ്‌ ശലഭങ്ങളും അതിനനുസരിച്ച്‌ കടുത്ത നിറമുള്ളതായി പരിണമിച്ചു.

കാഴ്‌ചക്കാരെ പറ്റിക്കുക എന്ന ലക്ഷ്യത്തോടെയാണ്‌ രണ്ട്‌ ജീവികളിലും മാറ്റം സംഭവിച്ചത്‌. എന്നാല്‍, ശലഭങ്ങളിലെ മാറ്റം ഒരര്‍ഥത്തില്‍ സാങ്കേതികമായ ഒന്നായിരുന്നു. മനുഷ്യനുണ്ടാക്കിയ മലിനീകരണത്തിന്റെ ഫലം. അതേസമയം, എലികളിലേത്‌ ശരിക്കും പ്രകൃതിദത്തമായ മാറ്റമാണ്‌്‌. പരിണാമം കണ്‍മുന്നില്‍ സംഭവിക്കുന്നത്‌ തന്നെയാണ്‌ ശലഭങ്ങളിലേത്‌ എങ്കിലും, അവയ്‌ക്ക്‌ സംഭവിച്ച ജനിതകമാറ്റത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ ഇപ്പോഴും അറിയില്ല. എലികളുടെ കാര്യം അങ്ങനെയല്ല. ഏത്‌ ജീനാണ്‌ പുതിയതായി പ്രത്യക്ഷപ്പെട്ടത്‌, എത്രകാലം മുമ്പാണ്‌ അത്‌ സംഭവിച്ചത്‌ തുടങ്ങിയ കാര്യങ്ങളെല്ലാം വ്യക്തം. (അവലംബം: സയന്‍സ്‌)