Saturday, December 26, 2009

ഓര്‍മകള്‍ ഉണ്ടാകുന്നത്

തലച്ചോര്‍ എങ്ങനെയാണ് ഓര്‍മകള്‍ സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ഇന്ത്യന്‍ വംശജനായ സൗരവ് ബാനര്‍ജി ഉള്‍പ്പെട്ട സംഘമാണ് സുപ്രധാനമായ ഈ മുന്നേറ്റത്തിന് പിന്നില്‍. ഓര്‍മക്കുറവിനും അള്‍ഷൈമേഴ്‌സ് രോഗം പോലെ ഓര്‍മകള്‍ നശിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ചികിത്സ രൂപപ്പെടുത്താന്‍ കണ്ടെത്തല്‍ സഹായിച്ചേക്കും.

മസ്തിഷ്‌ക്കത്തില്‍ തന്മാത്രാതലത്തില്‍ ഓര്‍മകളും അനുഭവങ്ങളും സംഭരിക്കപ്പെടുന്നതിന്റെ രഹസ്യമാണ് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റി-സാന്റ ബാര്‍ബരയിലെ ഗവേഷകര്‍ അനാവരണം ചെയ്തത്.

സിരാകോശങ്ങള്‍ (ന്യൂറോണ്‍) പരസ്പരം ബന്ധപ്പെടുകയും രാസസ്പന്ദനങ്ങള്‍ കൈമാറുകയും ചെയ്യുന്ന ന്യൂറോണ്‍സന്ധികള്‍ക്ക് 'സിനാപ്പ്' എന്നാണ് പേര്. ഓര്‍മകള്‍ സൂക്ഷിക്കുന്നതില്‍ മുഖ്യപങ്ക് ഈ സന്ധികള്‍ക്ക് ഉണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തി. ആദ്യമായാണ് ന്യൂറോണ്‍സന്ധികള്‍ക്കും ഓര്‍മകള്‍ക്കും തമ്മിലുള്ള ബന്ധം തിരിച്ചറിയുന്നത്. 'ന്യൂറോണ്‍' ഗവേഷണവാരികയിലാണ് പഠനറിപ്പോര്‍ട്ടുള്ളത്.

'നമ്മള്‍ പുതിയ കാര്യങ്ങള്‍ പഠിക്കുമ്പോള്‍ യഥാര്‍ഥത്തില്‍ അവ ഓര്‍മകളായി തലച്ചോറില്‍ സൂക്ഷിക്കപ്പെടുകയാണ് ചെയ്യുന്നത്'-ഗവേഷണത്തില്‍ മുഖ്യപങ്കുവഹിച്ചവരിലൊരാളും അള്‍ഷൈമേഴ്‌സ് രോഗ വിദഗ്ധനുമായ ഡോ.കെന്നത്ത് കോസിക് പറയുന്നു. കാലോഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ ന്യൂറോസയന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ സഹമേധാവിയാണ് ഡോ. കോസിക്. പഠനറിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ സൗരവ് ബാനര്‍ജി അതേ സ്ഥാപനത്തില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോയും.
ഓര്‍മകള്‍ സംഭരിക്കപ്പെടുമ്പോള്‍ സിനാപ്പുകളെന്ന ന്യൂറോണ്‍സന്ധികള്‍ കൂടുതല്‍ ബലപ്പെടുന്നു എന്ന് മനസിലാക്കിയിടത്താണ് ഗവേഷകരുടെ വിജയം. 'സിനാപ്പുകള്‍ ബലപ്പെടുകയെന്നത് പഠനപ്രക്രിയയില്‍ വളരെ പ്രധാനമാണ്'-ഡോ. കോസിക് പറയുന്നു. അതെങ്ങനെ സംഭവിക്കുന്നു എന്നതായിരുന്നു ചോദ്യം. സിനാപ്പുകള്‍ ബലപ്പെടുന്നതിന് പിന്നില്‍ ചില പ്രോട്ടീനുകള്‍ക്കും പങ്കുണ്ടെന്ന് പഠനം വ്യക്തമാക്കി. വ്യായാമവേളയില്‍ പ്രോട്ടീനുകള്‍ പ്രത്യക്ഷപ്പെട്ട് പേശികളെ ബലപ്പെടുത്തുന്നതുപോലുള്ള ഒന്നാണ് ഓര്‍മകളുടെ കാര്യത്തില്‍ ന്യൂറോണ്‍സന്ധികള്‍ക്ക് സംഭവിക്കുന്നതെന്ന് ഗവേഷകര്‍ കണ്ടു.

ന്യൂറോണ്‍സന്ധികളെ നിഷ്‌ക്രിയമാക്കി വെയ്ക്കുന്ന ഒരിനം പ്രോട്ടീനുണ്ട്. അതേസമയം, ചിന്തയോ ശബ്ദമോ സംഗീതമോ തലച്ചോറിലേക്ക് രാസസിഗ്നലുകളായി എത്തുമ്പോള്‍ സിനാപ്പുകളെ ഉണര്‍ത്തുകയും ബലപ്പെടുത്തുകയും ചെയ്യുന്ന മറ്റൊരിനം പ്രോട്ടീനുണ്ട്. തലച്ചോറിലേക്ക് പുതിയ വിവരങ്ങളോ അനുഭവങ്ങളോ എത്തുമ്പോള്‍, ആദ്യത്തെ പ്രോട്ടീനുകള്‍ ശിഥിലമാക്കപ്പെടുകയും, രണ്ടാമത്തെയിനം പ്രോട്ടീനുകള്‍ പ്രവര്‍ത്തനക്ഷമമാകുകയും ചെയ്യുന്നു. അതുവഴി സിനാപ്പുകള്‍ ഉണര്‍ന്ന് ബലപ്പെടുകയും ഓര്‍മകള്‍ യഥാസ്ഥാനങ്ങളില്‍ സംഭരിക്കപ്പെടുകയും ചെയ്യുന്നു.

പഠനവുമായി ബന്ധപ്പെട്ട് CaM Kinase, Lypla എന്നീ പ്രോട്ടീനുകള്‍ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായി. എലികളുടെയും മറ്റും സ്വാഭാവിക സിരാകോശങ്ങളില്‍ ഇത്തരം പ്രോട്ടീനുകള്‍ രൂപംകൊള്ളുന്നത് ഉന്നത റസല്യൂഷനിലുള്ള മൈക്രോസ്‌കോപ്പിലൂടെ നേരിട്ട് നിരീക്ഷിക്കാന്‍ ഗവേഷകര്‍ക്കായി. ഒപ്പം കൃത്രിമമായി രൂപപ്പെടുത്തിയ സിരാകോശങ്ങളും ഓര്‍മയുടെ രഹസ്യം കണ്ടെത്താന്‍ അവര്‍ ഉപയോഗപ്പെടുത്തി.

ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ മാത്രമല്ല, കുട്ടികളുടെ ചിലതരം പഠനവൈകല്യങ്ങള്‍ ചികിത്സിക്കുന്നതിനും ഭാവിയില്‍ ഈ കണ്ടെത്തല്‍ സഹായകമായേക്കും. (അവലംബം: ന്യൂറോണ്‍, കാലിഫോര്‍ണിയ സര്‍വകലാശാല-സാന്റ ബാര്‍ബരയുടെ വാര്‍ത്താക്കുറിപ്പ്, കടപ്പാട്: മാതൃഭൂമി).

Thursday, December 24, 2009

കടലാമകളുടെ ക്രിസ്മസ് സഞ്ചാരം

ഒരു സഞ്ചാരത്തിന്റെ കഥയാണിത്. രണ്ട് നായികമാര്‍ ഇതിലുണ്ട്- നോയല്ലിയും ഡാര്‍വിനയും. ഇരുവരും കടലാമകള്‍, ലതര്‍ബാക്ക് വര്‍ഗക്കാര്‍, സ്വദേശം പശ്ചിമാഫ്രിക്കയിലെ ഗിബണ്‍. കടലായ കടലെല്ലാം ഇവര്‍ താണ്ടുന്നത് ഈ ക്രിസ്മസ് കാലത്ത്, ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ പിന്തുടരുകയാണ് ഒരു സംഘം ഗവേഷകര്‍.

യാത്രയുടെ വിശദാംശങ്ങള്‍ ഓണ്‍ലൈനിലും ലഭ്യമാക്കിയിട്ടുണ്ട്; www.seaturtle.org/tracking കാണുക. ബ്രിട്ടനിലെ ഇക്‌സെറ്റര്‍ സര്‍വകലാശാലയുടേതാണ് ഈ പദ്ധതി.

ഉപഗ്രഹമുപയോഗിച്ച് പിന്തുടരാവുന്ന ചെറിയ ഉപകരണം രണ്ട് ആമകളുടെയും ശരീരത്തില്‍ ഘടിപ്പിച്ചിട്ടുണ്ട്. അതിന്റെ സഹായത്തോടെയാണ് ഇരുവരും എവിടെയെല്ലാം സഞ്ചരിക്കുന്നു, എത്ര ആഴത്തില്‍ നീന്തുന്നു എന്നൊക്കെ മനസിലാക്കുക.

ഡിസംബര്‍ ഏഴിനാണ് നോയല്ലിയും ഡാര്‍വിനയും ഇപ്പോഴത്തെ യാത്ര തുടങ്ങിയത്. ഇതിനകം ഇരുവരും 1280 കിലോമീറ്റര്‍ അകലത്തില്‍ എത്തിക്കഴിഞ്ഞു.

കൊടിയ വംശനാശഭീഷണി നേരിടുന്ന വര്‍ഗമാണ് ലെതര്‍ബാക്ക് കടലാമകള്‍ (leatherback turtles). വ്യവസായിക മത്സ്യബന്ധനം, എണ്ണപര്യവേക്ഷണം തുടങ്ങി പല കാരണങ്ങളാല്‍ അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥകള്‍ നാശം നേരിടുന്നതാണ് ഈ വര്‍ഗം ഭീഷണിയിലാകാന്‍ കാരണം.

1980-കളിലും 1990-കളിലും ലെതര്‍ബാക്ക് കടലാമകളുടെ അംഗസംഖ്യ ഇന്തോ-പെസഫിക് മേഖലയില്‍ 90 ശതമാനത്തിലേറെ കുറഞ്ഞു. ഈ ജീവിവര്‍ഗം വംശനാശത്തിന്റെ വക്കിലാണെന്ന് അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്റെ (ഐ.യു.സി.എന്‍) ചുവപ്പ് പട്ടിക മുന്നറിയിപ്പ് നല്‍കുന്നു.

ഈ പശ്ചാത്തലത്തിലാണ് നോയല്ലിയും ഡാര്‍വിനയും എവിടെയെല്ലാം സഞ്ചരിക്കുന്നു എന്നറിയാന്‍ പദ്ധതി നടപ്പിലാക്കുന്നത്. അക്കാര്യം കൃത്യമായി മനസിലാക്കുന്നത്, ഈ വര്‍ഗത്തിന്റെ സംരക്ഷണപ്രവര്‍ത്തനത്തിന് കരുത്തേകുമെന്ന് ഗവേഷകര്‍ കരുതുന്നു.

എന്നുവെച്ചാല്‍, സ്വന്തം വര്‍ഗത്തിന്റെ തന്നെ രക്ഷയ്ക്കാണ് നോയല്ലിയും ഡാര്‍വിനയും ക്രിസ്മസ് സഞ്ചാരം നടത്തുന്നതെന്ന് സാരം. (അവലംബം: ഇക്‌സെറ്റര്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്).

തന്മാത്രയില്‍ നിന്ന് ആദ്യട്രാന്‍സിസ്റ്റര്‍

ഒറ്റ തന്മാത്രയെ ട്രാന്‍സിസ്റ്ററാക്കി മാറ്റുന്നതില്‍ ഗവേഷകലോകം ആദ്യമായി വിജയിച്ചു. അമേരിക്കയിലെയും ദക്ഷിണകൊറിയയിലെയും ഗവേഷകരാണ് ഈ മുന്നേറ്റത്തിന് പിന്നില്‍.

സ്വര്‍ണവുമായി സ്പര്‍ശിക്കുന്ന നിലയില്‍ ക്രമീകരിച്ചിട്ടുള്ള ബെന്‍സീന്‍ തന്മാത്രയെ, സിലിക്കണ്‍ ട്രാന്‍സിസ്റ്ററിന്റെ അതേ സ്വഭാവമുള്ളതാക്കി മാറ്റാന്‍ സാധിച്ചതായി പുതിയ ലക്കം നേച്ചര്‍ വാരിക പറയുന്നു.

പ്രയോഗിക്കുന്ന വോള്‍ട്ടേജിനനുസരിച്ച് തന്മാത്രയെ വിവിധ ഊര്‍ജനിലകളിലാക്കി മാറ്റാന്‍ ഗവേഷകര്‍ക്കായി, അതുവഴി തന്മാത്രയിലൂടെ പ്രവഹിക്കുന്ന വൈദ്യുതിപ്രവാഹത്തെ നിയന്ത്രിക്കാനും.

'കുന്നിന്‍ മുകളിലേക്ക് കല്ലുരുട്ടി കയറ്റുന്നതു പോലെയാണിത്. കല്ല് വൈദ്യുതപ്രവാഹത്തെയും ഉയരം തന്മാത്രയുടെ ഊര്‍ജനിലകളെയും പ്രതിനിധീകരിക്കുന്നു'-ഗവേഷണത്തില്‍ പങ്കാളിയായ യേല്‍ സര്‍വകലാശാലയിലെ മാര്‍ക്ക് റീഡ് പറയുന്നു.

'ഇവിടെ കുന്നിന്റെ ഉയരം ക്രമീകരിക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞു'. അതുവഴി സാധാരണ ട്രാന്‍സിസ്റ്ററിനെപ്പോലെ തന്മാത്രയെ പരുവപ്പെടുത്താനും അവര്‍ക്കായി (സ്വര്‍ണസ്പര്‍ശം വഴി ബെന്‍സീന്‍ തന്മാത്രയിലെ വോള്‍ട്ടേജ് ക്രമീകരിക്കുന്നതാണ് ചിത്രത്തില്‍).

1990-കളില്‍ റീഡ് നടത്തിയ പഠനങ്ങള്‍ ആധാരമാക്കി നടത്തിയ പുതിയ ശ്രമത്തിലാണ്, ആദ്യതന്മാത്രാ ട്രാന്‍സിസ്റ്ററിന് രൂപംനല്‍കാന്‍ കഴിഞ്ഞത്. ദക്ഷിണകൊറിയയില്‍ ഗ്വാങ്ജു ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ടാഖീ ലീയും ഗവേഷണത്തില്‍ പങ്കാളിയായി.

ഇലക്ട്രോണിക് ഉപകരണങ്ങളെ തന്മാത്രാതലത്തിലേക്ക് ചുരുക്കാന്‍ സഹായിക്കുന്ന സുപ്രധാനമായ കണ്ടെത്തലാണിത്. എന്നാല്‍, ഒരു ശാസ്ത്രമുന്നേറ്റം എന്നല്ലാതെ പുതിയ കണ്ടെത്തലിന്റെ പ്രായോഗിക ഉപയോഗം വിലയിരുത്താന്‍ സമയമായിട്ടില്ല എന്നാണ് റീഡിന്റെ അഭിപ്രായം.

'അടുത്ത തലമുറ ഇന്റഗ്രേറ്റഡ് സര്‍ക്കീട്ടുകള്‍ (ഐ.സി) സൃഷ്ടിക്കാനല്ല ഞങ്ങളുടെ ശ്രമം. ഒരു പതിറ്റാണ്ടു നീണ്ട ശ്രമത്തിനൊടുവില്‍, തന്മാത്രകള്‍ക്ക് ട്രാന്‍സിസ്റ്ററുകളായി പ്രവര്‍ത്തിക്കാനാകും എന്ന് തെളിയിക്കുക എന്നത് മാത്രമാണ്'-അദ്ദേഹം ഓര്‍മിപ്പിക്കുന്നു. (അവലംബം: നേച്ചര്‍ വാരിക, യേല്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)

Wednesday, December 23, 2009

കടലിന്നഗാധമാം നീലമയില്‍...മനുഷ്യനിര്‍മിതമായ ഒരു റോബോട്ടിക് വാഹനം കടലില്‍ ഒരു കിലോമീറ്ററിലധികം താഴ്ചയിലെത്തുന്നു. കടലിന്നടിയില്‍ ഭീതിജനകമായി തീതുപ്പിക്കൊണ്ടിരിക്കുന്ന ഒരു അഗ്നിപര്‍വതം. അത് തണുത്ത സമുദ്രജലാന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചുകൊണ്ട് ലാവ പ്രവഹിക്കുന്നതിന്റെ ദൃശ്യം തൊട്ടടുത്തെത്തി ആ വാഹനത്തിലെ ക്യാമറ പകര്‍ത്തുന്നു.

ഏതോ ഹോളിവുഡ് ത്രില്ലറിലെ രംഗമല്ല ഇത്. അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്റെ സമ്മേളനത്തില്‍ ഇത്തവണ അവതരിപ്പിക്കപ്പെട്ടപ്പെട്ട ഒരു പഠനപര്യവേക്ഷണത്തിന്റെ കഥയാണിത്.

ശാന്തസമുദ്രത്തില്‍ വിദൂര സമോവസ് ദ്വീപിന് 200 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറി, സമുദ്രത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന വെസ്റ്റ് മാറ്റ അഗ്നിപര്‍വത്തിന്റെ വീഡിയോദൃശ്യങ്ങളാണ് ഗവേഷകരെ വിസ്മയിപ്പിക്കുന്നത്.

ഇത്രയും താഴ്ചയില്‍ ഒരു അഗ്നിപര്‍വതം പൊട്ടിത്തെറിക്കുന്നതിന്റെയും ലാവയൊഴുകുന്നതിന്റെയും വീഡിയോദൃശ്യങ്ങള്‍ മനുഷ്യന് ഇതുവരെ ലഭിച്ചിട്ടില്ല. അമേരിക്കയിലെ വുഡ്‌സ് ഹോല്‍ ഓഷ്യാനോഗ്രാഫിക് ഇന്‍സ്റ്റിട്ട്യൂഷന്റെ 'യു.എസ്.ജാസന്‍' റോബോട്ടിക് യാനമാണ് സമുദ്രത്തില്‍ 1100 മീറ്റര്‍ താഴ്ചയിലെത്തി അഗ്നിപര്‍വത്തിന്റെ വീഡിയോ പകര്‍ത്തിയത്.

'അസാധാരണമായ പരിസ്ഥിതിയാണ് അവിടുള്ളത്'-പഠനപര്യടനത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചുകൊണ്ട് വാഷിങ്ടണ്‍ സര്‍വകലാശാലയിലെ ജോസഫ് റെസിങ് പറഞ്ഞു. ഏതാണ്ട് 1400 ഡിഗ്രി സെല്‍സിയസില്‍ ലാവ പ്രവഹിക്കുന്ന ആ ജലപരിസരം, സള്‍ഫര്‍ ഡയോക്‌സയിഡും മറ്റ് രാസവസ്തുക്കളും ചേര്‍ന്ന് അതീവ അമ്ലതയുള്ളതാക്കിയിരിക്കുന്നു, പി.എച്ച്. മൂല്യം 1.4 വരും.

'പക്ഷേ, അവിടെയും സൂക്ഷാണുക്കള്‍ കഴിയുന്നു. ഒപ്പം ആ സൂക്ഷ്മജീവികളെ തിന്ന് ഒരിനം കൊഞ്ചുകളും അഗ്നിപര്‍വതപരിസരത്ത് ഉണ്ട്'-റെസിങ് അത്ഭുതത്തോടെ വിവരിച്ചു. ഏത് പ്രതികൂലാവസ്ഥയിലും ജീവിവര്‍ഗങ്ങള്‍ കഴിയുമെന്നതിന് ഉദാഹരണമാണിത്. ചൂടും അമ്ലതയുമേറിയ ആ പരിസരത്ത് ജീവിക്കാന്‍ പാകത്തില്‍ സൂക്ഷ്മാണുക്കള്‍ക്കും കൊഞ്ചുകള്‍ക്കും ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്.

ശാന്തസമുദ്രത്തിന്റെ അടിത്തട്ടില്‍ നിന്ന് മൂന്ന് കിലോമീറ്റര്‍ പൊക്കമുണ്ട് വെസ്റ്റ് മാറ്റ അഗ്നിപര്‍തത്തിന്. ഒന്‍പത് കിലോമീറ്റര്‍ നീളവും ആറ് കിലോമീറ്റര്‍ വിസ്താരവുമുള്ള ആ ആഗ്നിപര്‍വതം ടോന്‍ഗ-കെര്‍മഡെക് ട്രെഞ്ചിനോട് ചേര്‍ന്നാണ് സ്ഥിതി ചെയ്യുന്നത്.

പെസഫിക് ടെക്ടോണിക് ഫലകം, ഓട്രേലിയന്‍ ഫലകത്തിനടിയിലേക്ക് ഊര്‍ന്നിറങ്ങുന്ന പ്രദേശമാണ് ആ ട്രെഞ്ച്. ഭൂഫലകം അടിയിലേക്ക് പോകുകയും പകരം ലാവയും ധൂളികളുമൊക്കെ പുറത്തുവന്ന് പുതിയ ശിലാപാളികള്‍ രൂപപ്പെടുകയും ചെയ്യുന്ന പ്രദേശങ്ങളിലൊന്നാണ് അത്. നിരന്തരമായ ഇത്തരം പ്രവര്‍ത്തനം മൂലം ഭൂമിയുടെ ഫലകം താരതമ്യേന ചെറുപ്പമായി നിലനില്‍ക്കുന്നു.

2008 നവംബറില്‍ വെസ്റ്റ് മാറ്റയില്‍ ലാവപ്രവാഹം നടക്കുന്ന കാര്യം കണ്ടെത്തി. എന്നാല്‍, 2009 മെയിലാണ് ജാസന്‍ യാനം സമുദ്രത്തിനടിയിലെത്തി അഗ്നിപര്‍വത്തെ അടുത്ത് നിരീക്ഷിക്കുന്നത്.

ലാവ പുറപ്പെടുന്നതിന് മൂന്ന് മീറ്റര്‍ അടുത്തുവരെയെത്തി ദൃശ്യങ്ങള്‍ പകര്‍ത്താന്‍ റോബോട്ടിക്ക് യാനത്തിന് കഴിഞ്ഞു. ഒരു മീറ്റര്‍ വരെ വിസ്താരമുള്ള ലാവാകുമിളകള്‍ പുറപ്പെടുന്നത് വീഡിയോദൃശ്യങ്ങളില്‍ കാണാം.

വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുക മാത്രമല്ല, ജാസന്റെ യന്ത്രക്കരങ്ങള്‍ അവിടെ നിന്ന് സാമ്പിളുകളും ശേഖരിച്ചു. ചൂടുവെള്ളം, ശിലാഖണ്ഡങ്ങള്‍, സൂക്ഷ്മജീവികള്‍, കൊഞ്ച് ഒക്കെ ആ സാമ്പിളുകളില്‍ പെടുന്നു.

ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ടാകണം അഗ്നിപര്‍വത്തിനടുത്ത് ഇത്തരമൊരു ജീവലോകം രൂപപ്പെട്ടതെന്ന് ഗവേഷകര്‍ പറയുന്നു. അതെക്കുറിച്ച് പഠിക്കുന്നതിനൊപ്പം ഭൂവല്‍ക്കം പുനരുത്പാദിപ്പിക്കപ്പെടുന്നതിന്റെ രീതി മനസിലാക്കാനും ഇത്തരം പര്യവേക്ഷണം സഹായിക്കും (കടപ്പാട്: ബി.ബി.സി).

Monday, December 21, 2009

ശ്യാമദ്രവ്യം പിടിയിലായോ

ഒരാഴ്ചയിലേറെയായി ശാസ്ത്രലോകം ആകാംക്ഷയുടെ മുള്‍മുനയിലായിരുന്നു. അസാധാരണമായ ഒരു ക്രിസ്മസ് സമ്മാനം ലഭിച്ചേക്കുമെന്ന് പലരും പ്രതീക്ഷിച്ചു. അമേരിക്കയിലെ മിന്നസോട്ടയില്‍ സ്ഥിതിചെയ്യുന്ന ക്രയോജനിക് ഡാര്‍ക്ക് മാറ്റര്‍ സെര്‍ച്ച് (CDMS) പദ്ധതിയിലെ ഗവേഷകര്‍ സുപ്രധാനമായ പ്രഖ്യാപനം നടത്താനൊരുങ്ങുന്നു എന്നായിരുന്നു അഭ്യൂഹം. ഭൗതികശാസ്ത്രം നേരിടുന്ന ഏറ്റവും വലിയ പ്രഹേളികയില്‍ ഒന്നായ ശ്യാമദ്രവ്യ (dark matter) ത്തിന് തെളിവ് ലഭിച്ചു എന്നതാകാം പ്രഖ്യാപനം എന്നും സംശയമുണര്‍ന്നു.

ഏതായാലും പ്രതീക്ഷിച്ചത്ര ഒന്നും സംഭവിച്ചില്ല. ഇതുവരെ എന്താണെന്ന് കണ്ടെത്താനോ തിരിച്ചറിയാനോ സാധിച്ചിട്ടില്ലാത്ത ശ്യാമദ്രവ്യത്തിന്റെ സൂചനയെന്ന് കരുതാവുന്ന രണ്ട് സംഭവങ്ങള്‍ രേഖപ്പെടുത്താന്‍ കഴിഞ്ഞു എന്നാണ് സി.ഡി.എം.എസ്. ഗവേഷകര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. ഇത്തരമൊരു തെളിവ് ഗവേഷകലോകത്തിന് ലഭിക്കുന്നത് ആദ്യമായാണ്. കണ്ടെത്തിയത് ശ്യാമദ്രവ്യം തന്നെയോ എന്ന കാര്യം കൂടുതല്‍ തെളിവുകളുടെ പിന്‍ബലത്തിലേ സ്ഥിരീകരിക്കാനാകൂ.

സൂര്യനും ഗ്രഹങ്ങളും ഗാലക്‌സികളും മണ്ണും വായുവും ഉള്‍പ്പടെ നമുക്ക് അനുഭവേദ്യമായ ദ്രവ്യം പ്രപഞ്ചത്തില്‍ വെറും 4.6 ശതമാനമേ വരൂ. പ്രകാശം പ്രതിഫലിപ്പിക്കുകയോ ആഗിരണം ചെയ്യുകയോ ചെയ്യുന്നതാണ് ഈ ദ്യശ്യദ്രവ്യം. ബാക്കിയുള്ളതില്‍ 23 ശതമാനത്തോളം ശ്യാമദ്രവ്യമാണ്. സാധാരണദ്രവ്യവുമായി ഒരു തരത്തിലും പ്രതിപ്രവര്‍ത്തിക്കാത്ത ഈ നിഗൂഢ ദ്രവ്യരൂപമാണ് ഗാലക്‌സികളെ അവയുടെ രൂപത്തില്‍ നിലനിര്‍ത്തുന്നത്. ഗാലക്‌സികളില്‍ അനുഭവപ്പെടുന്ന ശക്തമായ ഗുരുത്വാകര്‍ഷണത്തിന് പിന്നില്‍ ശ്യാമദ്രവ്യമാണെന്നു കരുതുന്നു. ടെലസ്‌കോപ്പുകളും ഉപഗ്രഹങ്ങളും വഴി ശ്യാമദ്രവ്യത്തിന്റെ സാന്നിധ്യത്തിന് പരോക്ഷമായ തെളിവ് ലഭിച്ചിട്ടുണ്ട്. ശ്യാമദ്രവ്യത്തേക്കള്‍ നിഗൂഢമായ ശ്യാമോര്‍ജ (dark energy) മാണ് പ്രപഞ്ചത്തില്‍ ബാക്കിയുള്ള 72 ശതമാനത്തോളം ഭാഗം. പ്രപഞ്ചവികാസത്തിന് കാരണം ശ്യാമോര്‍ജമെന്ന് കരുതുന്നു.

ശ്യാമദ്രവ്യം എന്താണെന്ന് അറിയുക ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രം നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. സി.ഡി.എം.എസ്. ഉള്‍പ്പടെ ലോകത്താകമാനം ഇരുപതോളം സങ്കീര്‍ണ പരീക്ഷണങ്ങള്‍ ശ്യാമദ്രവ്യം കണ്ടെത്താന്‍ നടക്കുന്നുണ്ട്. ജനീവിയ്ക്ക് സമീപം ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (
എല്‍.എച്ച്.സി) നടക്കുന്ന കണികാപരീക്ഷണത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളിലൊന്ന് ശ്യാമദ്രവ്യകണങ്ങള്‍ കണ്ടെത്തുകയെന്നതാണ്. ഈ കടുത്ത മത്സരത്തില്‍ ആര് ജയിക്കും എന്നതാണ് പ്രശ്‌നം. അതാണ് സി.ഡി.എം.എസ്.ഗവേഷകര്‍ നടത്താനൊരുങ്ങുന്ന പ്രഖ്യാപനത്തെക്കുറിച്ച് ഇത്രയേറെ അഭ്യൂഹം ഉയരാന്‍ കാരണം.

കണികാശാസ്ത്രപ്രകാരം, ആറ്റങ്ങളുടെ കേന്ദ്രത്തിന് തുല്യമോ അതിലേറെയോ പിണ്ഡമുള്ള ഒരിനം നിഗൂഢകണങ്ങള്‍ (Weakly Interacting Massive Particles - WIMPs) ആണ് ശ്യാമദ്രവ്യത്തിന് അടിസ്ഥാനം. ഈ കണങ്ങള്‍ സാധാരണദ്രവ്യകണങ്ങളുമായി ഇടപഴകാറില്ല. അതിനാല്‍, നിലിവിലുള്ള ഉപകരണങ്ങള്‍ കൊണ്ടൊന്നും ശ്യാമദ്രവ്യം തിരിച്ചറിയാന്‍ കഴിയില്ല. ഈ പ്രായോഗിക വൈതരണി മറികടക്കാന്‍ പാകത്തിലാണ് പുതിയ പരീക്ഷണങ്ങള്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

നമ്മുടെ ഗാലക്‌സിയായ ആകാശഗംഗയിലും വന്‍തോതില്‍ ശ്യാമദ്രവ്യമുള്ളതായി സൂചന ലഭിച്ചിട്ടുണ്ട്. സൂര്യനും ഗ്രഹങ്ങളും
ഗാലക്‌സികേന്ദ്രത്തെ ചുറ്റുമ്പോള്‍, ശ്യാമദ്രവ്യത്തിലൂടെക്കൂടിയാണ് സഞ്ചരിക്കുന്നത്. ഇടയ്‌ക്കൊക്കെ ശ്യാമദ്രവ്യകണങ്ങള്‍ ആറ്റങ്ങളുടെ കേന്ദ്രത്തില്‍ തട്ടി തെറിച്ചു പോകുന്നുണ്ടാകണം. അത്തരം ഗോചരമല്ലാത്ത കൂട്ടിയിടിയുടെ ഫലമായി ചെറിയൊരളവ് ഊര്‍ജം അവശേഷിക്കുന്നുണ്ടാകും. അനുയോജ്യമായ സാഹചര്യം ഒരുക്കി ആ ഊര്‍ജം തിരിച്ചറിയാന്‍ കഴിഞ്ഞാല്‍ ശ്യാമദ്രവ്യകണങ്ങളുടെ സാന്നിധ്യത്തിന് നേരിട്ടുള്ള തെളിവാകും.

വടക്കന്‍ മിന്നസോട്ടയില്‍ സോദാന്‍ ഇരുമ്പ് ഖനിക്കയ്ക്കുള്ളില്‍ 700 മീറ്റര്‍ താഴ്ചയിലാണ് സി.ഡി.എം.എസ്.ഡിറ്റെക്ടര്‍ സ്ഥിതിചെയ്യുന്നത്. കോസ്മിക് കിരണങ്ങള്‍ പോലുള്ളവയുടെ സാന്നിധ്യം ഒഴിവാക്കാനാണ് ഡിറ്റക്ടര്‍ ഇത്രയും താഴ്ചയില്‍ സ്ഥാപിച്ചിട്ടുള്ളത്. സിലിക്കണും ജര്‍മേനിയവും കൊണ്ടു നിര്‍മിച്ചിട്ടുള്ള 30 ഡിറ്റെക്ടറുകളുടെ നിര അതിലുണ്ട്. കേലവലപൂജ്യത്തിനടുത്താണ് ഡിറ്റെക്ടറുകളുടെ താപനില.

ഇത്രയും താഴ്ചയില്‍ സ്ഥാപിച്ചിരിക്കുന്നതു കൂടാതെ, ബാഹ്യഇടപെടലുകള്‍ ഒഴിവാക്കാന്‍ വേറെയും മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടുണ്ട്. ഡിറ്റെക്ടറുകളുടെ കവചമായി ഉപയോഗിച്ചിരിക്കുന്നത്, കടലിന്നടിയില്‍ നിന്ന് കണ്ടെത്തിയ പ്രാചീന കപ്പലില്‍ നിന്നുള്ള കാരീയം (ലെഡ്) ആണ് (പ്രായക്കൂടുതല്‍ കൊണ്ട് ലഡിന്റെ റേഡിയോ ആക്ടീവതയില്‍ ഏറിയപങ്കും ഇല്ലാതായിട്ടുണ്ടാകും).

ശ്യാമദ്രവ്യകണങ്ങള്‍ ഡിറ്റെക്ടറുകളുടെ പരല്‍പ്രതലത്തില്‍ പതിക്കാനിടയായാല്‍, അത് തെറിച്ചു പോകുന്നതിനിടെ വളരെ സൂക്ഷ്മമായ തോതില്‍ ഊര്‍ജം താപത്തിന്റെയും വൈദ്യുതചാര്‍ജിന്റെയും രൂപത്തതില്‍ അവശേഷിക്കും. പ്രത്യേകമായി രൂപകല്‍പ്പന ചെയ്തിട്ടുള്ള സെന്‍സറുകള്‍ വഴി ആ ഊര്‍ജം പിടിച്ചെടുക്കാനും ശക്തിപ്പെടുത്താനും (ആംപ്ലിഫൈ ചെയ്യാനും) കഴിയും.

2003 മുതല്‍ ശ്യാമദ്രവ്യത്തിന്റെ സാന്നിധ്യമറിയാന്‍ നടക്കുന്ന പരീക്ഷണമാണ് സി.ഡി.എം.എസ്. പദ്ധതിയിലേത്. എന്നാല്‍, ശ്യാമദ്രവ്യകണങ്ങളുടേത് (WIMPs) എന്ന് കരുതാവുന്ന ഒരു സംഭവം പോലും 2007 വരെ രേഖപ്പെടുത്തിയില്ല. 2007-2008 കാലയളവില്‍ ലഭിച്ച ഡേറ്റ സൂക്ഷ്മമായി വിശകലനം ചെയ്തതില്‍, ഇത്തരം നിഗൂഢകണങ്ങളുടേതെന്ന് കരുതാവുന്ന രണ്ട് സംഭവങ്ങള്‍ തിരിച്ചറിഞ്ഞതായാണ് ഗവേഷകര്‍ വെളിപ്പെടുത്തുന്നത്. എന്നാല്‍, അവ ശ്യാമദ്രവ്യകണങ്ങളുടേ തന്നെയെന്ന് ഉറപ്പിച്ച് പറയാന്‍ ഗവേഷകര്‍ തയ്യാറായിട്ടില്ല.
(അവലംബം: arXiv, ബര്‍ക്കലി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ് )

Saturday, December 19, 2009

കോപ്പന്‍ഹേഗനില്‍ നിന്നുള്ള ഒളിച്ചോട്ടം

മുഖംരക്ഷിക്കാന്‍ പേരിനൊരു ധാരണ, കാലാവസ്ഥാവ്യതിയാനം തുടരും

'കുറ്റവാളികളായ സ്ത്രീപുരുഷന്‍മാര്‍ വിമാനത്താവളത്തിലേക്ക് ഓടി രക്ഷപ്പെടുന്ന തരത്തിലൊരു കുറ്റകൃത്യമേഖലയായി കോപ്പന്‍ഹേഗന്‍ ഈ രാത്രിയില്‍ പരിണമിച്ചു'
-ജോണ്‍ സൗവന്‍, ഗ്രീന്‍പീസ്

രണ്ടുവര്‍ഷത്തെ മുന്നൊരുക്കം, പന്ത്രണ്ട് ദിവസത്തെ ചര്‍ച്ച, കഠിനമായ വിലപേശലുകള്‍...ഒടുവില്‍ 'മല എലിയെ പ്രസവിച്ചതുപോലെ' കരാറെന്നോ ധാരണയെന്നോ തീര്‍ത്തുപറയാനാകാത്ത ഒരു ഏര്‍പ്പാടും. കോപ്പന്‍ഹേഗന്‍ തെളിയിക്കുന്നത് എന്താണ്. അതേതായാലും ഭാവിതലമുറയോട് അഭിമാനത്തോടെ പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന ഒന്നല്ല, തീര്‍ച്ച.

യു.എന്നിന്റെ നേതൃത്വത്തിലുള്ള കോപ്പന്‍ഹേഗന്‍ ഉച്ചകോടി എങ്ങുമെത്താതെ അവസാനിക്കുമെന്ന ആശങ്ക നേരത്തെ തന്നെ പലകോണുകളും പ്രകടിപ്പിച്ചിരുന്നു. ഉച്ചകോടിക്കിടെ ലഭിച്ച ചില സൂചനകള്‍ (യൂറോപ്യന്‍ യൂണിയന്‍ അവരുടെ വാതകവ്യാപന പരിധി ഉയര്‍ത്താന്‍ കൂട്ടാക്കാത്തത് ഉള്‍പ്പടെ) അത് ശരിവെയ്ക്കുകയും ചെയ്തു. ഡിസംബര്‍ ഏഴിന് ആരംഭിച്ച ഉച്ചകോടി ഡിസംബര്‍ 18-ന് അവസാനിക്കുമ്പോള്‍, ആ ആശങ്കകള്‍ ശരിയായിരുന്നു എ്ന്ന് തെളിയുകയാണ്.

ഏതായാലും കോപ്പന്‍ഹേഗന്‍ ഒരുകാര്യം അസന്നിഗ്ധമായി തെളിയിക്കുന്നു-ലോകരാഷ്ട്രങ്ങള്‍ ഇപ്പോള്‍ പിന്തുടരുന്ന രാഷ്ട്രീയം കൊണ്ട് കാലാവസ്ഥാവ്യതിയാനം ചെറുക്കാനോ, ഭൂമി ചൂടുപിടിക്കുന്നത് തടയാനോ ഭാവിയെ പ്രതീക്ഷയോടെ നേരിടാനോ കഴിയില്ല. ഒരു പ്രതീക്ഷ, അമേരിക്ക അതിന്റെ മുന്‍നിലപാടില്‍ നിന്ന് മാറി, കാര്‍ബണ്‍ രാഷ്ട്രീയത്തിന്റെ മുഖ്യവേദിയില്‍ പ്രത്യക്ഷപ്പെട്ടു എന്നതുമാത്രം.

കാലാവസ്ഥാവ്യതിയാനം ചെറുക്കുന്നതിന് ഫലപ്രദമായ ഉടമ്പടിക്ക് രൂപം നല്‍കാന്‍ കഴിയാതെ വന്നപ്പോള്‍, അമേരിക്ക, ചൈന, ബ്രിസീല്‍, ഇന്ത്യ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന് ഒരു ധാരണയുണ്ടാക്കുകയാണ് ഉച്ചകോടിക്കൊടുവില്‍ ചെയ്തത്. മുഖംരക്ഷിക്കാനുള്ള വിഫലശ്രമം എന്ന് അത് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു.

ആഗോളതാപനിലയിലെ വര്‍ധന രണ്ട് ഡിഗ്രിയില്‍ താഴെ പിടിച്ചു നിര്‍ത്തുക ഉള്‍പ്പടെയുള്ള കാര്യങ്ങളിലാണ് അഞ്ചുരാജ്യങ്ങളും ചേര്‍ന്ന് ധാരണയിലെത്തിയതെന്നും, 'അര്‍ഥവത്തായ കരാര്‍' ആണതെന്നും യു.എസ്.പ്രസിഡന്റ് ബാരക് ഒബാമ അവകാശപ്പെടുന്നു. ആഗോളനടപടിക്കുള്ള അടിത്തറയാണ് ഈ കരാറെന്നും, ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ടെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍, പല രാജ്യങ്ങളും ആ തട്ടിക്കൂട്ട് കരാറിന്റെ ഉള്ളടക്കത്തില്‍ അസന്തുഷ്ടരാണ്. 'ജനാധിപത്യവിരുദ്ധവും സുതാര്യതയില്ലാത്തതും അസ്വീകാര്യവുമായ' കരാര്‍ എന്നാണ് ബൊളീവിയന്‍ പ്രതിനിധികള്‍ അതിനെ വിശേഷിപ്പിച്ചത്. യു.എന്നിന് എതിരെ അമേരിക്കന്‍ നേതൃത്വത്തില്‍ നടന്ന 'അട്ടിമറി'-വെനസ്വലയുടെ പ്രതിനിധി ക്ലാഡിയോ സലെര്‍നോ കാല്‍ഡെര കുറ്റപ്പെടുത്തി.

'മുപ്പത് വെള്ളിക്കാശിന് ഭാവിയെ ഒറ്റിക്കൊടുത്തിരിക്കുക'യാണ് ഈ കരാര്‍ വഴിയെന്ന്, തുവാലുവെന്ന ചെറുദ്വീപ് രാഷ്ട്രത്തിന്റെ പ്രതിനിധി ഇയാന്‍ ഫ്രൈ വിലപിച്ചു. അതിനാല്‍ കരാര്‍ തള്ളിക്കളയുന്നുവെന്നും അദ്ദേഹം പ്രസ്താവിച്ചു. ആഗോളതാപനം മൂലം സമുദ്രവിതാനമുയര്‍ന്ന് സമീപഭാവിയില്‍ തന്നെ വെള്ളത്തില്‍ മുങ്ങാന്‍ പോകുന്ന ചെറുദ്വീപ് രാഷ്ട്രങ്ങളിലൊന്നാണ് തുവാലു.

ആഗോളതാപനില പരിമിതപ്പെടുത്തുന്നത് സംബന്ധിച്ച വ്യക്തമായ പരിധി കരാറിലില്ല, നിയമപരമായ കരാറായിരിക്കുമതെന്ന് ഉറപ്പ് പറയുന്നില്ല, വാതകവ്യാപനം കുറയ്ക്കുന്നതിന് വ്യക്തമായ സമയപരിധിയില്ല - ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ ഇപ്പോള്‍ തന്നെ ഏറ്റുവാങ്ങാന്‍ തുടങ്ങിയിരിക്കുന്ന രാജ്യങ്ങള്‍ ഇത്തരമൊരു കരാറോ ധാരണയോ അല്ല കോപ്പന്‍ഹേഗനില്‍ നിന്ന് പ്രതീക്ഷിച്ചത്.

കാലാവസ്ഥാവ്യതിയാനത്തിന്റെ ദുരിതഫലങ്ങള്‍ നേരിടാന്‍ അടുത്ത മൂന്ന് വര്‍ഷക്കാലത്തേക്ക് വികസ്വരരാഷ്ട്രങ്ങള്‍ക്ക് 3000 കോടി ഡോളര്‍ സഹായം നല്‍കുമെന്ന് പഞ്ചരാഷ്ട്രകരാറിലുണ്ട്. 2020 ആകുമ്പോഴേക്കും ഇത് പ്രതിവര്‍ഷം 10000 കോടി ഡോളര്‍ എന്ന കണക്കിനാക്കുകയാണ് ലക്ഷ്യമെന്നും പറയുന്നു.

എന്നാല്‍, ഈ കരാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഉച്ചകോടിയില്‍ പങ്കെടുത്ത 193 രാജ്യങ്ങളും അംഗീകരിക്കേണ്ടതുണ്ട്. എത്ര രാജ്യങ്ങള്‍ അംഗീകരിക്കുമെന്ന് ഇപ്പോഴും വ്യക്തമല്ല. ജി 77 - ചൈന ഗ്രൂപ്പിന്റെ പ്രതിനിധിയായ ലുമുംബ സ്റ്റാനിസ്ലാസ് ഡി-അപിങ് കോപത്തോടെയാണ് പുതിയ സംഭവവികാസങ്ങളോട് പ്രതികരിച്ചത്. തങ്ങളുടെ അറിവില്ലാതെ പിന്നാമ്പുറത്തുണ്ടായ കരാറാണിതെന്ന് അദ്ദേഹ പറഞ്ഞു.

'നിയമപരമായ പ്രാബല്യമില്ലാത്ത തരത്തിലൊരു കരാര്‍ ഉണ്ടാക്കിയതിലുള്ള നിരാശ ഞാന്‍ മറച്ചു പിടിക്കുന്നില്ല'-യൂറോപ്യന്‍ കമ്മീഷന്‍ പ്രസിഡന്റ് ഷൂസെ മാനുവര്‍ ബരോസോ പറഞ്ഞു. 'പ്രതീക്ഷയ്‌ക്കൊപ്പം ഉയരുന്ന ഒന്നല്ല കരാര്‍'-അദ്ദേഹം അറിയിച്ചു.

''കരട് കരാര്‍ കുറ്റമറ്റതല്ല'-ഫ്രഞ്ച് പ്രസിഡന്റ് നിക്കോളാസ് സര്‍കോസി സമ്മതിക്കുന്നു. എന്നാല്‍ ഒരു കരാറും ഉണ്ടാക്കാനായില്ലെങ്കില്‍, ഇന്ത്യയും ചൈനയും ഒരു തരത്തിലുള്ള നിയന്ത്രണത്തിലും പെടില്ല എന്നുവരും. ക്യോട്ടോ ഉടമ്പടിയില്‍ ഇല്ലാത്ത അമേരിക്കയ്ക്ക് ഏത് തരത്തിലുള്ള കരാറും ഉണ്ടാക്കാന്‍ സ്വാതന്ത്ര്യമുണ്ട്, പഞ്ചരാഷ്ട്രകരാറിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ട് അദ്ദേഹം അറിയിച്ചു.

കോപ്പന്‍ഹേഗനില്‍ പയറ്റിയ രാഷ്ട്രീയത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമായ ഒന്നാണ് ആഗോളതാപനം ചെറുക്കാന്‍ ആവശ്യം എന്ന് വ്യക്തമായതായി ഗ്രീന്‍പീസിന്റെ ജോണ്‍ സൗവന്‍ പറഞ്ഞത് വാസ്തവമാണ്. പക്ഷേ, പുതിയ രാഷ്ട്രീയം ലോകനേതാക്കള്‍ അഭ്യസിച്ചു വരുമ്പോഴേക്കും രക്ഷിക്കാന്‍ കഴിയുന്ന അവസ്ഥയിലായിരിക്കുമോ ഭൂമിയെന്നേ സംശയമുള്ളു. (അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍).

കാണുക

കണികാപരീക്ഷണം ഇനി ഫിബ്രവരിയില്‍

ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണം തത്ക്കാലത്തേക്ക് നിര്‍ത്തിവെച്ചു. കൂടുതല്‍ ഉര്‍ന്ന ഊര്‍ജനില കൈവരിക്കാനാവശ്യമായ നവീകരണങ്ങള്‍ക്ക് ശേഷം പരീക്ഷണം ഫിബ്രവരിയില്‍ വീണ്ടും തുടങ്ങും.

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി) ന്റെ പ്രവര്‍ത്തനം കഴിഞ്ഞ ബുധനാഴ്ച (ഡിസംബര്‍ 16) മുതല്‍ തത്ക്കാലത്തേക്ക് അവസാനിപ്പിച്ചതായി, യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. കണികാപരീക്ഷണത്തിന് ചുക്കാന്‍ പിടിക്കുന്ന സേണിന്റെ ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം.

സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. യില്‍ നടക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണമാണ്. എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ പ്രവഹിക്കുന്ന പ്രോട്ടോണ്‍ധാരകളെ തമ്മിള്‍ കൂട്ടിയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തു വരുന്നതെന്തൊക്കെയെന്ന് പഠിക്കുകയാണ് ഗവേഷകര്‍ ചെയ്യുക.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപംകൊണ്ടതിന് തൊട്ടടുത്ത നിമിഷങ്ങളെ എല്‍.എച്ച്.സി.യിലെ പരീക്ഷണത്തിലൂടെ പുനസൃഷ്ടിക്കാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അതുവഴി പ്രപഞ്ചം എങ്ങനെ ഇന്നത്തെ നിലയിലായി എന്നറിയാന്‍ കഴിയും. മാത്രമല്ല, പ്രപഞ്ചസാരം സംബന്ധിച്ച സുപ്രധാനമായ ചില പ്രഹേളികകള്‍ക്ക് ഉത്തരം ലഭിക്കുമെന്നും കരുതുന്നു.

2008 സപ്തംബര്‍ പത്തിന് കണികാപരീക്ഷണം ഉത്ഘാടനം ചെയ്യപ്പെട്ടെങ്കിലും, എല്‍.എച്ച്.സി.യിലുണ്ടായ തകരാര്‍ മൂലം ഏതാനും ദിവസത്തിനകം അത് നിര്‍ത്തിവെയ്‌ക്കേണ്ടി വന്നു. 14 മാസത്തെ അറ്റകുറ്റ പണികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞ നവംബര്‍ 20 നാണ് എല്‍.എച്ച്.സി.യിലൂടെ വീണ്ടും കണികാധാരകള്‍ പ്രവഹിച്ചത്.

നവംബര്‍ 23-ന് ആദ്യ കണികാകൂട്ടിയിടി നടന്നു. ഭൂമുഖത്തെ ഏറ്റവും ശക്തിയേറിയ കണികാത്വരകം (പാര്‍ട്ടിക്കിള്‍ ആക്‌സലറേറ്റര്‍) എന്ന റിക്കോര്‍ഡ് നവംബര്‍ 30-ന് എല്‍.എച്ച്.സി. സ്ഥാപിച്ചു. കണികാധാരകള്‍ 1.18 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് ഊര്‍ജനില കൈവരിച്ചുകൊണ്ടായിരുന്നു അത്.

കഴിഞ്ഞയാഴ്ച എല്‍.എച്ച്.സി.വീണ്ടും പുതിയൊരു റിക്കോര്‍ഡ് സ്ഥാപിച്ചു; 2.36 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടില്‍ കണികാകൂട്ടിയിടി സാധ്യമാക്കി. റിക്കോര്‍ഡുകളുടെ തിളക്കവുമായാണ് എല്‍.എച്ച്.സി. ക്രിസ്മസ് അവധിയില്‍ പ്രവേശിക്കുന്നത്.

കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ എല്‍.എച്ച്.സി.യിലെ ആറ് പരീക്ഷണങ്ങളിലുമായി ഏതാണ്ട് പത്തുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ രേഖപ്പെടുത്തിയതായി സേണിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. മാത്രമല്ല, അതുവഴി ലഭിച്ച ഡേറ്റ എല്‍.എച്ച്.സി.കമ്പ്യൂട്ടിങ് ഗ്രിഡ് വഴി ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള കേന്ദ്രങ്ങളില്‍ വിതരണം ചെയ്യാനും വിശകലനം ചെയ്യാനും കഴിഞ്ഞു.

എല്‍.എച്ച്.സി.യുമായി ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും ഭംഗിയായി പ്രവര്‍ത്തിക്കുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്. 'ഇതുവരെ എല്ലാം ഭംഗിയായിരുന്നു'-സേണ്‍ മേധാവി റോള്‍ഫ് ഹ്യുയര്‍ പറഞ്ഞു.

കണികാധാരകള്‍ക്ക് 3.5 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് വീതം ഊര്‍ജപരിധി ആര്‍ജിക്കുകയാണ് എല്‍.എച്ച്.സി.യുടെ പരമോന്നതലക്ഷ്യം. കൂട്ടിയിടി നടക്കുന്നിടത്തെ ഊര്‍ജനില ഏഴ് ട്രില്യണ്‍ വോള്‍ട്ട് ആകും.

ഇത്രയും ഉയര്‍ന്ന ഊര്‍ജനില കൈവരിക്കാനായി എല്‍.എച്ച്.സി.യെ പാകപ്പെടുത്തുകയാണ് അവധിക്കാലത്ത് ചെയ്യുക.

അത് സാധിക്കണമെങ്കില്‍ എല്‍.എച്ച്.സി.യില്‍ കാന്തങ്ങളിലെ സര്‍ക്കീട്ടുകളില്‍ ഉയര്‍ന്ന തോതിലുള്ള വൈദ്യുതപ്രവാഹം ആവശ്യമാണ്. അതിനാവശ്യമായ സുരക്ഷാക്രമീകരണങ്ങളും ശക്തിപ്പെടുത്തണം. ജനവരിയില്‍ ഇതു സംബന്ധിച്ച നവീകരണം നടത്താനാണ് സേണ്‍ ഉദ്ദേശിക്കുന്നത്. (അവലംബം: സേണിന്റെ വാര്‍ത്താക്കുറിപ്പ്).

കാണുക

Friday, December 18, 2009

സൗരയൂഥത്തിലെ അതിശൈത്യമേഖല ചന്ദ്രനില്‍

സൗരയൂഥത്തില്‍ ഏറ്റവും തണുപ്പേറിയ സ്ഥലം ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രനിലാണെന്ന് കണ്ടെത്തല്‍. നാസയുടെ ചാന്ദ്രപേടകമായ ലൂണാര്‍ റിക്കനൈസന്‍സ് ഓര്‍ബിറ്റര്‍ (എല്‍.ആര്‍.ഒ) ആണ് ഇക്കാര്യം തിരിച്ചറിഞ്ഞത്.

ചന്ദ്രപ്രതലത്തില്‍ സ്ഥിരമായി നിഴലിലാണ്ട വശത്ത് ഉത്തരധ്രുവത്തില്‍, ചില ഗര്‍ത്തങ്ങള്‍ക്കുള്ളില്‍ ശൈത്യകാലരാത്രികളില്‍ താപനില മൈനസ് 249 ഡിഗ്രി സെല്‍സിയസ് (26 കെല്‍വിന്‍) വരെ എത്താറുണ്ടെന്നാണ് എല്‍.ആര്‍.ഒ.യിലെ 'ഡിവൈനര്‍' ഉപകരണം കണ്ടെത്തിയത്.

താപവ്യത്യാസത്തെ സംബന്ധിച്ച് സൗരയൂഥത്തിലെ ഏറ്റവും വൈരുധ്യമേറിയ ഗോളമാണ് ചന്ദ്രന്‍- ഡിവൈനറിന്റെ മുഖ്യശാസ്ത്രജ്ഞനായ പ്രൊഫ. ഡേവിഡ് പെയ്ജി പറയുന്നു.

ഉച്ചസമയങ്ങളില്‍ ചന്ദ്രന്റെ മധ്യരേഖാപ്രദേശത്ത് 127 ഡിഗ്രി സെല്‍സിയസ് (400 കെല്‍വിന്‍) വരെയെത്തുന്നു താപനില - ലോസ് ആഞ്ജിലസില്‍ കാലിഫോര്‍ണിയ സര്‍വകലാശാല ഗവേഷകന്‍ കൂടിയായ ആദ്ദേഹം ഓര്‍മിപ്പിക്കുന്നു.

അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍ (എ.ജി.യു) സമ്മേളനത്തിലാണ് പഠനഫലം അവതരിപ്പിക്കപ്പെട്ടത്.

ചന്ദ്രനിലേതിലും കുറഞ്ഞ താപനില കണ്ടെത്താന്‍, സൗരയൂഥത്തില്‍ കിയ്പ്പര്‍ ബെല്‍റ്റ് (Kuiper Belt) കടന്നാലേ കഴിയൂ എന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.

കഴിഞ്ഞ ജൂണിലാണ് എല്‍.ആര്‍.ഒ. വിക്ഷേപിച്ചത്. അതിലെ ഏഴ് പരീക്ഷണോപകരണങ്ങളില്‍ (പേലോഡുകളില്‍) ഒന്നായിരുന്നു ഡിവൈനര്‍ (കടപ്പാട്: ബി.ബി.സി).

Wednesday, December 16, 2009

നീരാളിയുടെ നാളികേര ബിസിനസ്തേങ്ങയുടെ ബിസിനസ് മനുഷ്യന് മാത്രമല്ല, നീരാളികള്‍ക്കുമുണ്ട്. തേങ്ങയുമെടുത്ത് കടലിന്നടിയിലൂടെ ഓടുന്ന നീരാളി ശാസ്ത്രലോകത്തെ ശരിക്കും അമ്പരപ്പിച്ചിരിക്കുകയാണ്. ഓടുക മാത്രമല്ല, പൊട്ടിയ ചിരട്ടകളെ നീരാളി അതിന്റെ കൂടായും ഉപയോഗിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങള്‍ ഗവേഷകര്‍ക്ക് ലഭിച്ചു.

നീരാളികള്‍ ഏതെങ്കിലും തരത്തിലുള്ള ഉപകരണം ഉപയോഗിക്കുന്നതായി കണ്ടെത്തുന്ന ആദ്യ അവസരമാണ് ഈ നാളികേര
ഏര്‍പ്പാടെന്ന്, 'കറണ്ട് ബയോളജി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഓസ്‌ട്രേലിയയിലെ മ്യൂസിയം വിക്ടോറിയയിലെ ഗവേഷകനായ ഡോ. ജൂലിയാന്‍ ഫിന്‍ ഉള്‍പ്പെടെയുള്ള സംഘമാണ് നീരാളികളുടെ വിചിത്രസ്വഭാവം പഠനവിധേയമാക്കിയത്.

ആംഫിഒക്ടോപ്പസ് മാര്‍ജിനേറ്റസ് (Amphioctopus marginatus) എന്ന് ശാസ്ത്രീയനാമമുള്ള നീരാളികളാണ്, പൊട്ടിയ ചിരട്ട എടുത്തുകൊണ്ടോടുകയും കൂടാക്കുകയും ചെയ്യുന്നതായി കണ്ടത്. 1999-2008 കാലയളവില്‍ വടക്കന്‍ സുലാവെസി, ഇന്‍ഡൊനീഷ്യയിലെ ബാലി എന്നിവിടങ്ങളിലെ തീരക്കടലില്‍ വെച്ചാണ് ഇവയുടെ വീഡിയോ ലഭിച്ചത്. നീരാളികള്‍ ഇത്തരത്തില്‍ ചിരട്ട ഉപകരണമാക്കുന്നതിന് നാല് അവസരങ്ങള്‍ക്ക് ഗവേഷകര്‍ സാക്ഷ്യം വഹിച്ചു.

ചിരട്ടയുമെടുത്ത് നീരാളികള്‍ 20 മീറ്ററോളം ഓടുന്ന ദൃശ്യങ്ങള്‍ ഫിലിമിലാക്കാന്‍ ഗവേഷകര്‍ക്ക് സാധിച്ചു. വേഗത്തിലാണ് പോക്ക്. ഒളിച്ചിരിക്കാന്‍ അധികം ഇടമില്ലാത്ത തുറസ്സായ മേഖലകളില്‍ നീരാളികള്‍ക്ക് ചിരട്ട ശരിക്കുമൊരു സംരക്ഷണസംവിധാനമാകുന്നു.

ഉപകരണങ്ങള്‍ വിദഗ്ധമായി ഉപയോഗിക്കാന്‍ കഴിയുകയെന്നത് മനുഷ്യന് മാത്രമുള്ള സവിശേഷ സിദ്ധിയെന്നാണ്
കരുതിയിരുന്നത്. എന്നാല്‍, കുരങ്ങുകളും മറ്റ് ചില സസ്തനികളും പക്ഷികളും പലവിധ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതായി ഇപ്പോള്‍ അറിയാം. ഒരു ഇഴജന്തുവിന് പക്ഷേ, ആ കഴിവുണ്ടെന്ന് ആദ്യമായി കണ്ടെത്തുകയാണ്, നീരാളിയുടെ ഉദാഹരണം വഴി, ശാസ്ത്രലോകം.

ഒരു ജീവി പ്രത്യേക സാഹചര്യത്തില്‍ കൊണ്ടുനടന്ന് ഒരു സവിശേഷ ലക്ഷ്യത്തിന് ഉപയോഗിക്കുന്ന ഒന്നാണ് ഉപകരണം (tool) - ബ്രിട്ടനില്‍ ഇക്‌സിറ്റര്‍ സര്‍വകലാശാലയിലെ ഇക്കോളജിക്കല്‍ ബയോളജിസ്റ്റായ പ്രൊഫ. ടോം ട്രെഗന്‍സ അഭിപ്രായപ്പെടുന്നു. ഒരു നീരാളിയെ സംബന്ധിച്ചിടത്തോളെ ചിരട്ട കൊണ്ടു നടക്കുകയെന്നത് മറ്റൊരു ഉപയോഗത്തിനുമല്ല, നിങ്ങള്‍ ഒരു കുട കൊണ്ടു നടക്കുന്നതുപോലെയാണത്-അദ്ദേഹം പറയുന്നു.
(അവലംബം: കറണ്ട് ബയോളജി).

കാണുക

ചായയും കാപ്പിയും പ്രമേഹസാധ്യത കുറയ്ക്കും-പഠനം

ചായയും കാപ്പിയും പതിവായി കുടിക്കുന്നവര്‍ക്ക് പ്രമേഹസാധ്യത കുറവായിരിക്കുമെന്ന് പഠനം. ഏതാണ്ട് അഞ്ചുലക്ഷം പേര്‍ ഉള്‍പ്പെട്ട 18 വ്യത്യസ്ത പഠനങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.

ജീവിതശൈലീരോഗങ്ങളില്‍ പ്രധാനിയായ ടൈപ്പ്-രണ്ട് പ്രമേഹം വരാനുള്ള സാധ്യതയാണ് കാപ്പിയും ചായയും വഴി കുറയുകയെന്ന് 'ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

മൂന്നോ നാലോ കപ്പ് ചായയോ കാപ്പിയോ ദിവസവും ശീലമാക്കുന്നവരില്‍ രോഗസാധ്യത അഞ്ചിലൊന്നോ അതിലധികമോ ആയി കുറയുമെന്ന് പഠനം വ്യക്തമാക്കി.

അതേസമയം, കഫീന്‍ ഒഴിവാക്കിയ കാപ്പിയോ ചായയോ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കൂടുതല്‍ മികച്ച ഫലം ലഭിക്കുമത്രേ, രോഗസാധ്യത മൂന്നിലൊന്നായി കുറയുന്നു!

ടൈപ്പ്-രണ്ട് പ്രമേഹം വരാന്‍ ജനിതകമായി സാധ്യത കൂടുതലുള്ള ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പ്രധാന്യമര്‍ഹിക്കുന്നതാണ് ഈ പഠനം.

നാല്പത് കഴിഞ്ഞവരെയാണ് സാധാരണഗതിയില്‍ ടൈപ്പ്-രണ്ട് പ്രമേഹം പിടികൂടുക. ശരീരത്തിന് ഇന്‍സുലിന്‍ ഉത്പാദിപ്പാക്കുള്ള ശേഷി കുറയുകയോ, അല്ലെങ്കില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയാതെ വരികയോ ചെയ്യുന്നതാണ് രോഗകാരണം.

ആഹാരക്രമത്തിലെ മാറ്റവും വ്യായാമവുമാണ് രോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യപ്പെടാറ്. അതുകൊണ്ട് സാധിക്കാതെ വന്നാല്‍ ഔഷധം കഴിക്കേണ്ടി വരും. രോഗം തീവ്രമായാല്‍ ഇന്‍സുലിന്‍ കുത്തിവെയ്ക്കകേണ്ട അവസ്ഥയില്‍ രോഗിയെത്തും.

പുതിയ പഠനം ശരിയാണെങ്കില്‍ വ്യായാമത്തിനൊപ്പം കാപ്പിയും ചായയും ശീലമാക്കാന്‍ ഡോക്ടര്‍മാര്‍ ഉപദേശിച്ചേക്കാം.

ഓരോ കപ്പ് ചായ (അല്ലെങ്കില്‍ കാപ്പി) കഴിക്കുമ്പോഴും, ഏഴ് ശതമാനം വീതം രോഗസാധ്യത കുറയുന്നു എന്ന അത്ഭുതകരമായ ഫലമാണ് ഗവേഷകര്‍ക്ക് ലഭിച്ചത്.

കഫീന്‍ ഒഴിവാക്കിയ പാനീയങ്ങള്‍ കുടുതല്‍ ഫലം ചെയ്യുന്നു എന്നതിനര്‍ഥം, രോഗസാധ്യത കുറയുന്നതിന് കഫീന്‍ മാത്രമല്ല കാരണം എന്നാണ്-പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.റേച്ചല്‍ ഹക്‌സ്‌ലി പറയുന്നു. ഓസ്‌ട്രേലിയയില്‍ സിഡ്്‌നി സര്‍വകലാശാലയിലെ ഗവേഷകയാണ് അവര്‍.

കാപ്പിയിലും ചായയിലും കാണപ്പെടുന്ന മഗ്നീഷ്യം അല്ലെങ്കില്‍ ലിഗ്നാന്‍സ് തുടങ്ങിയ നിരോക്‌സീകാരികള്‍ അതുമല്ലെങ്കില്‍ ക്ലോറോജനിക് ആസിഡുകള്‍ തുടങ്ങിയ രാസവസ്തുക്കളാകണം രോഗപ്രതിരോധശേഷി നല്‍കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു.

ഏത് രാസവസ്തുക്കളാണ് ഗുണം ചെയ്യുന്നതെന്ന് കണ്ടെത്തിയാല്‍, പ്രമേഹ ചികിത്സയ്ക്ക് പുതിയ വഴി തുറക്കലാകും അത്.

എന്നാല്‍, ടൈപ്പ്-രണ്ട് പ്രമേഹവുമായി ബന്ധപ്പെട്ട വ്യത്യസ്ത ഘടകങ്ങള്‍ - പഠനത്തില്‍ ഉള്‍പ്പെട്ടവരുടെ ഭക്ഷണക്രമം, ശരീരഭാരം, വ്യായാമരീതി തുടങ്ങിയവ - വ്യക്തമാകാതെ പഠനഫലം ഉറപ്പിക്കാനാകില്ലെന്ന്, ഡയബറ്റിസ് യു.കെ.യിലെ ഡോ. വിക്ടോറിയ കിങ് അഭിപ്രായപ്പെടുന്നു.

'ഇത്തരം പ്രമേഹബാധയുടെ കാര്യത്തില്‍ ഒരു സംഗതി വ്യക്തമാണ്' അവര്‍ പറയുന്നു, 'ജീവിതശൈലിയുമായി ബന്ധപ്പെട്ട രോഗമാണിത്'. വ്യായാമം പോലുള്ള ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ വര്‍ധിപ്പിക്കുകയും, ആരോഗ്യകരവും സംതുലിതവുമായ ഭക്ഷണം (കൊഴുപ്പും ഉപ്പും മധുരവും കുറഞ്ഞത്, പച്ചക്കറികളും പഴങ്ങളും ധാരാളമടങ്ങിയത്) ശീലമാക്കുകയും ചെയ്താല്‍ ടൈപ്പ്-രണ്ട് പ്രമേഹത്തെ അകറ്റി നിര്‍ത്താം. (അവലംബം: ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍).

Tuesday, December 15, 2009

ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യയില്‍ നിന്ന്

ഇതുവരെയുള്ളത് മറക്കുക, അടുത്ത തവണ ഒരു ചൈനക്കാരനെ/ചൈനക്കാരിയെ മുന്നില്‍ കാണുമ്പോള്‍ മനസിലോര്‍ക്കുക, 'ഇതാ എന്റെ കുടുംബത്തില്‍ പെട്ട ഒരാള്‍'! ചൈനക്കാരുടെ പൂര്‍വികര്‍ ഇന്ത്യക്കാരായിരുന്നു എന്ന് പുതിയ ജിനോം പഠനം പറയുന്നതിന് ഇതാണ് അര്‍ഥം. ചൈനക്കാര്‍ മാത്രമല്ല, കിഴക്കന്‍ ഏഷ്യക്കാരില്‍ മിക്കവരും നമ്മുടെ പിന്‍മുറക്കാരാണത്രേ. 'എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്‍മാരാണ്' എന്നത് 'എല്ലാ പൂര്‍വേഷ്യക്കാരും എന്റെ....' എന്ന് തിരുത്തി പറയേണ്ടി വന്നിരിക്കുകയാണ്.

ആഫ്രിക്ക ആദിമവാസഗേഹമായിരുന്നു മനുഷ്യന്. ഏതാണ്ട് രണ്ടുലക്ഷം വര്‍ഷം മുമ്പ് ആവിര്‍ഭവിച്ച 'ഹോമോ സാപ്പിയന്‍സ്'എന്ന മനുഷ്യന്‍ പില്‍ക്കാലത്ത് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുകയായിരുന്നു. ആദ്യകുടിയേറ്റം ഏഷ്യയിലേക്കായിരുന്നു; 60,000 വര്‍ഷം മുമ്പ്. 50,000 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയിലേക്കും, 35,000 വര്‍ഷം മുമ്പ് യൂറോപ്പിലേക്കും, 15,000 വര്‍ഷം മുമ്പ് അമേരിക്കയിലേക്കും മനുഷ്യന്‍ വ്യാപിച്ചതായി പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ഫോസില്‍ പഠനങ്ങളും ജിനോം വിവരങ്ങളുമാണ് നരവംശത്തിന്റെ ആദിമകുടിയേറ്റത്തെക്കുറിച്ച് ഇത്തരമൊരു നിഗമനത്തിലെത്താന്‍ ശാസ്ത്രലോകത്തെ പ്രേരിപ്പിച്ചത്.

എന്നാല്‍, ഈ പൊതുചിത്രത്തില്‍ ഇനിയും പൂരിപ്പിക്കേണ്ട കൂടുതല്‍ ഭാഗങ്ങളുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇന്ത്യയും ചൈനയും ഉള്‍പ്പടെ പത്ത് ഏഷ്യന്‍ രാജ്യങ്ങളും അമേരിക്കയും സംയുക്തമായി നടത്തിയ 'മാപ്പിങ് ഹ്യുമണ്‍ ജനറ്റിക് ഹിസ്റ്ററി ഇന്‍ ഏഷ്യ' എന്ന പഠനത്തിലാണ്, മനുഷ്യകുടിയേറ്റത്തെ സംബന്ധിച്ച് നിലവിലുള്ള ചില നിഗമനങ്ങള്‍ തിരുത്തേണ്ടതായ കണ്ടെത്തലുകളുള്ളത്. ആഫ്രിക്കയില്‍ നിന്ന് ആദ്യം ഇന്ത്യയിലും പിന്നീട് മറ്റൊരു ഘട്ടത്തില്‍ ആഫ്രിക്കയില്‍ നിന്ന് ചൈനയിലും കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലും മനുഷ്യവര്‍ഗം കുടിയേറിയെന്നാണ് ഫോസില്‍ പഠനങ്ങള്‍ മുമ്പ് പറഞ്ഞിരുന്നത്. എന്നാല്‍, പുതിയ പഠനം വ്യക്തമാക്കുന്നത് ആഫ്രിക്കയില്‍ നിന്ന ഒറ്റ കുടിയേറ്റമേ ഉണ്ടായിട്ടുള്ളു, അത് ഇന്ത്യയിലേക്കായിരുന്നു. ഇന്ത്യക്കാരുടെ പിന്‍മുറക്കാരാണ് ചൈനയിലും ജപ്പാന്‍ ഉള്‍പ്പടെയുള്ള കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലുള്ളത്.

ഹ്യുമണ്‍ ജിനോം ഓര്‍ഗനൈസേഷന് കീഴില്‍ പത്ത് ഏഷ്യന്‍ രാജ്യങ്ങളിലെ 40 ലാബുകളിലാണ് അഞ്ച് വര്‍ഷംകൊണ്ട് പഠനം പൂര്‍ത്തിയാക്കിയത്. ഇസ്റ്റിട്ട്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്‍ഡ് ഇന്റഗ്രേറ്റീവ് ബയോളജി (ഐ.ജി.ഐ.ബി), സെന്റര്‍ ഫോര്‍ ജിനോമിക്‌സ് ആപ്ലിക്കേഷന്‍സ്, ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ട് എന്നീ ഇന്ത്യന്‍ സ്ഥാപനങ്ങളും പഠനത്തില്‍ പങ്കുവഹിച്ചു. ഐ.ജി.ഐ.ബി.യിലെ ഗവേഷകനും മലയാളിയുമായ ഡോ. വിനോദ് സ്‌കറിയ (ഇന്ത്യയിലാദ്യമായി മാനവജിനോം മാപ്പിങ് പൂര്‍ത്തിയാക്കിയ സംഘത്തില്‍ ഉള്‍പ്പെട്ട ശാസ്ത്രജ്ഞന്‍, കോഴിക്കോട് മലാപ്പറമ്പ് പെരുഞ്ചേരില്‍ കുടുംബാംഗം) ഉള്‍പ്പടെ 90 ശാസ്ത്രജ്ഞരാണ് പഠനത്തില്‍ സഹകരിച്ചത്.

ഇന്ത്യ, ചൈന, ജപ്പാന്‍, ഇന്‍ഡൊനീഷ്യ, മലേഷ്യ, സിങ്കപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലെ 73 ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് 1900 പേരുടെ ജനിതക വിവരങ്ങള്‍ ഗവേഷകര്‍ വിശകലനം ചെയ്തു. കഴിഞ്ഞയാഴ്ചത്തെ 'സയന്‍സ്' ഗവേഷണവാരിക(ഡിസംബര്‍ 11, 2009)യില്‍ റിപ്പോര്‍ട്ട് പസിദ്ധീകരിച്ചു. പഠനവിധേയമാക്കിയവരുടെ ജിനോമിലെ അമ്പതിനായിരത്തിലേറെ 'സിങ്കിള്‍-ന്യൂക്ലിയോടൈഡ് പോളിമോര്‍ഫിസംസ്' (SNPs) ആണ് താരതമ്യം ചെയ്തത്.

ഡി.എന്‍.എ.ശ്രേണിയിലെ ചെറുഭാഗങ്ങളിലുണ്ടാകന്ന ഒറ്റയാന്‍ വ്യതികരണങ്ങളാണ് എസ്.എന്‍.പി.കള്‍. രണ്ട് വ്യക്തികള്‍ ജനിതകമായി എത്രത്തോളെ ബന്ധപ്പെട്ടിരിക്കുന്നു എന്നറിയാന്‍ ഈ വ്യതികരണങ്ങള്‍ താരതമ്യം ചെയ്താല്‍ മതി. ഏഷ്യയിലുടനീളം മനുഷ്യരില്‍ ജനിതക സമാനതകള്‍ നിലനില്‍ക്കുന്നതായാണ് പഠനത്തില്‍ കണ്ടത്. വടക്കന്‍ ഭാഗത്തുനിന്ന് തെക്കോട്ട് എത്തുമ്പോള്‍ ജനിതകവൈവിധ്യം ഏറുന്നതായും കണ്ടു.

തെക്കോട്ട് എത്തുമ്പോള്‍ ജനിതകവൈവിധ്യം ഏറുന്നു എന്നതിനര്‍ഥം, അവരാണ് പൂര്‍വികര്‍ എന്നാണ്. ഒരു വിഭാഗം എത്ര കൂടുതല്‍ കാലം നിലനിന്നോ, അതിനനുസരിച്ച് അവര്‍ക്കിടയിലെ ജനിതകവൈവിധ്യം വര്‍ധിക്കും. 'ചൈനീസ് സമൂഹം വളരെ വലുതാണെങ്കിലും അവര്‍ക്കിടയില്‍, തെക്കുകിഴക്കന്‍ ഏഷ്യന്‍ മേഖലയിലെ ചെറുജനവിഭാഗങ്ങളെ അപേക്ഷിച്ച്, ജനിതകവൈവിധ്യം വളരെ കുറവാണ്. കാരണം ചൈനീസ് സമൂഹം അടുത്തയിടയാണ് രൂപപ്പെട്ടത്. പതിനായിരം വര്‍ഷത്തിനിടെ നെല്‍കൃഷി വികസിച്ചതിനെത്തുടര്‍ന്നായിരുന്നു അത്'-പഠനം നടത്തിയ കണ്‍സോര്‍ഷ്യത്തിലെ പ്രമുഖനും സിങ്കപ്പൂര്‍ ജിനോം ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനുമായ എഡിസണ്‍ ലിയു പറയുന്നു.

'ആഫ്രിക്കയ്ക്ക് പുറത്ത് ആദ്യകുടിയേറ്റം തെക്കേ ഇന്ത്യയിലേക്കായിരുന്നു. തെക്കുകിഴക്കന്‍ ഏഷ്യന്‍ ജനവിഭാഗങ്ങളില്‍ ഏറിയപങ്കിന്റെയും ആദിമപൂര്‍വികരെ കണ്ടെത്താനാവുക തെക്കേ ഇന്ത്യയിലാണ്'-പഠനവിവരം പുറത്തുവിട്ടുകൊണ്ട് സി.എസ്.ഐ.ആര്‍. ഡയറക്ടര്‍ ജനറല്‍ സമീര്‍ ബ്രഹ്മചാരി പറഞ്ഞു. (കേരളീയരാവുമോ ഇവരുടെയെല്ലാം പൂര്‍വികര്‍, ആഫ്രിക്കയില്‍ നിന്ന് കേരളത്തിലേക്കായിരിക്കുമോ ആദിമ നുഷ്യന്‍ എത്തിയിട്ടുണ്ടാവുക!) കിഴക്കന്‍ഏഷ്യന്‍ രാജ്യങ്ങളിലെ ജനവിഭാഗങ്ങളുടെ ഉത്ഭവത്തെ സംബന്ധിച്ച് വ്യക്തമായ ഉത്തരം നല്‍കുന്ന ആദ്യപഠനമാണിത്'-പഠനത്തില്‍ പങ്കാളികളായിരുന്ന ചൈനീസ് അക്കാദമി ഓഫ് സയന്‍സസിലെ ഷുഹുവ ഷു അഭിപ്രായപ്പെട്ടു.

മനുഷ്യന്റെ ആദിമ കുടിയേറ്റം എങ്ങനെയൊക്കെയായിരുന്നു എന്നറിയാന്‍ മാത്രമല്ല പുതിയ പഠനം സഹായിക്കുക, സമീര്‍ ബ്രഹ്മചാരി ഓര്‍മിപ്പിക്കുന്നു. ഔഷധ ഗവേഷണരംഗത്തും വലിയ പ്രധാന്യമുണ്ട് ഈ പഠനത്തിന്. ജനിതക അടിത്തറ ഒന്നായതിനാല്‍, പകര്‍ച്ചപ്പനികള്‍, എയ്ഡ്‌സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ക്കെതിരെ പൊതുഔഷധങ്ങള്‍ രൂപപ്പെടുത്തുന്നതിലും തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിടയില്‍ കാര്യമായ സഹകരണം സാധ്യമാകും-അദ്ദേഹം പറയുന്നു. മാത്രമല്ല, ഔഷധപരീക്ഷണങ്ങളും പൊതുവായി നടത്താന്‍ ഇത് സഹായിക്കും. (അവലംബം: സയന്‍സ്, വിവിധ വാര്‍ത്ത റിപ്പോര്‍ട്ടുകള്‍).

മനുഷ്യന് ആഫ്രിക്കയില്‍ സംഭവിച്ചത്

പരിണാമ ചരിത്രത്തില്‍ പുതിയ അധ്യായം

Sunday, December 06, 2009

ജീന്‍പരിശോധനയ്ക്കും ഇനി ഡെസ്‌ക്‌ടോപ് യന്ത്രം

രോഗിയുടെ ജനിതകവിവരങ്ങള്‍ വേഗം പരിശോധിച്ചറിയാന്‍ കഴിയുന്ന യന്ത്രം ഡോക്ടറുടെ മേശപ്പുറത്ത് സ്ഥാനംപിടിക്കുന്ന കാര്യം സങ്കല്‍പ്പിച്ചു നോക്കൂ. ചികിത്സ നിശ്ചയിക്കുന്ന കാര്യത്തില്‍ അത് വലിയ സഹായമാകും. ഫലപ്രദമായ ഔഷധങ്ങള്‍ ഏതെന്ന് ഡോക്ടര്‍ക്ക് എളുപ്പത്തില്‍ തീരുമാനിക്കാനാകും, മരുന്ന് തെറ്റാനുള്ള സാധ്യത കുറയുകയും ചെയ്യും.

ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന സംഗതികളിലൊന്നാണ് ഇത്തരമൊരു ജീന്‍യന്ത്രം എന്ന് കരുതുന്നുവെങ്കില്‍ തെറ്റി. ഡെസ്‌ക്‌ടോപ് ജീന്‍ പരിശോധനായന്ത്രത്തിന് അടുത്തയിടെ അമേരിക്കയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ്.ഡി.എ) വിപണനാനുമതി നല്‍കിക്കഴിഞ്ഞു.

മരുന്ന് നിശ്ചയിക്കുന്നതില്‍ രോഗിയുടെ ജനിതികവിവരങ്ങള്‍ ഉപയോഗിക്കുന്നതിനുള്ളതാണ് 'ഫാര്‍മക്കോജിനോമിക് ടെസ്റ്റിങ്' (pharmacogenomic testing). ആ സങ്കേതം ചികിത്സാരംഗത്ത് മുഖ്യധാരയിലെത്താന്‍ എഫ്.ഡി.എ.യുടെ തീരുമാനം സഹായിച്ചേക്കുമെന്ന് വിലയിരുത്തപ്പെടുന്നു.

അമേരിക്കയില്‍ ഇല്ലിനോയിസിലെ നോര്‍ത്ത്ബ്രൂക്കില്‍ പ്രവര്‍ത്തിക്കുന്ന 'നാനോസ്ഫിയര്‍' (Nanosphere) എന്ന കമ്പനിയാണ് പുതിയ ജീന്‍യന്ത്രം നിര്‍മിച്ചിരിക്കുന്നത്. 'വെരിജീന്‍' (Verigene) എന്ന് പേരിട്ടിട്ടുള്ള ഈ സങ്കേതം ഉപയോഗിച്ച്, മണിക്കൂറുകള്‍ക്കുള്ളില്‍ രക്തത്തിലെ ജനിതകവ്യതിയാനങ്ങള്‍ മനസിലാക്കാന്‍ കഴിയും. അതുവഴി ചില ഔഷധങ്ങള്‍ രോഗിക്ക് ഫലപ്രദമാകുമോ എന്ന് നിശ്ചയിക്കാനും സാധിക്കും.

ഒരു പ്ലാസ്റ്റിക് കാര്‍ട്രിഡ്ജിനുള്ളില്‍ ജീന്‍പരിശോധനാ സംവിധാനം ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. മൈക്രോഫഌയിഡിക്‌സ്, നാനോടെക്‌നോളജി എന്നിവയുടെ സമ്മേളനമാണ് വെരിജീന്‍ സങ്കേതത്തില്‍ പ്രയോജനപ്പെടുത്തിയിട്ടുള്ളത്. രക്തസാമ്പിളില്‍ നിന്ന് ഡി.എന്‍.എ.വലിച്ചെടുത്ത ശേഷം, അതിലെ വ്യത്യസ്ത ജനിതകശ്രേണികള്‍ സ്‌ക്രീന്‍ ചെയ്ത് ജനിതകവ്യതിയാനം മനസിലാക്കുകയാണ് ഇതില്‍ ചെയ്യുക. ലളിതമായ ഈ സംവിധാനം ഏത് ആസ്പത്രിയിലും ഉപയോഗിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് നാനോസ്ഫിയറിന്റെ മേധാവി വില്യം മോഫിറ്റ് പറയുന്നു.

ഒരേ ഔഷധത്തോട് പലരും പ്രതികരിക്കുക പല തരത്തിലാണ്. ഔഷധതന്മാത്രകളെ ഉപാപചയത്തിന് വിധേയമാക്കുന്ന രാസാഗ്നികള്‍ക്ക് ജനിതകവ്യതിയാനം സംഭവിക്കുന്നതാണ് ഇതിന് ഒരു കാരണം. ഹൃദ്രോഗത്തിനുള്ള ഔഷധങ്ങള്‍, വേദനസംഹാരികള്‍, വിഷാദത്തിനെതിരെ പ്രയോഗിക്കുന്ന മരുന്നുകള്‍ തുടങ്ങി കൂടുതലായി ശുപാര്‍ശ ചെയ്യപ്പെടുന്ന പല മരുന്നുകളുടെയും കാര്യത്തില്‍ ഇത് ശരിയാണ്.

സാധാരണഗതിയില്‍ അര്‍ബുദമരുന്നുകളുടെ കാര്യത്തില്‍ ഡോക്ടര്‍മാര്‍ 'ഫാര്‍മകോജിനോമിക്‌സ് ടെസ്റ്റിങ്' അനുവര്‍ത്തിക്കാറുണ്ടെങ്കിലും, മേല്‍പ്പറഞ്ഞ തരത്തില്‍ വ്യാപകമായി ഉപയോഗിക്കുന്ന മിക്ക ഔഷധങ്ങളുടെയും കാര്യത്തില്‍ ഇത് നടപ്പാക്കാറില്ല. രോഗിയുടെ ജനിതകവ്യതിയാനങ്ങള്‍ പരിശോധിച്ചറിയാനുള്ള സങ്കേതം വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍, ആ സങ്കേതമനുസിരിച്ച് പരിശോധനയ്ക്ക് ദിവസങ്ങളോ ആഴ്ചകളോ വേണം.

ചില രോഗങ്ങളുടെ കാര്യത്തില്‍ പരിശോധനാഫലം വൈകുന്നതുകൊണ്ട് കുഴപ്പമില്ല. എന്നാല്‍, പല രോഗങ്ങളുടെയും കാര്യം അതല്ല. രോഗി ഡോക്ടറുടെ അടുത്തുള്ളപ്പോള്‍ തന്നെ പരിശോധനയുടെ ഫലം കിട്ടുന്നതാണ് നന്ന്. 'ഡി.എന്‍.എ. പ്രകാരം ഏത് ഔഷധമാണ് നിങ്ങള്‍ക്ക് കൂടുതല്‍ ഫലപ്രദമെന്ന് തീരുമാനിക്കാന്‍ കഴിയും'-നോര്‍ത്ത് കരോലിന സര്‍വകലാശാലയിലെ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ഫാര്‍മകോജിനോമിക്‌സ് ആന്‍ഡ് ഇന്‍ഡിവിഡ്വലൈസ്ഡ് തെറാപ്പിയുടെ ഡയറക്ടര്‍ ഡോ.ഹൊവാര്‍ഡ് മക്‌ലിയോഡ് പറയുന്നു. അവിടെയാണ് പുതിയ യന്ത്രത്തിന്റെ പ്രസക്തി (അവലംബം: ടെക്‌നോളജി റിവ്യു).

Wednesday, December 02, 2009

സമുദ്രവിതാനം ഉയരുന്നു; പ്രതീക്ഷിച്ചതിലും വേഗത്തില്‍

ആഗോളതാപനം മൂലം പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയില്‍ മഞ്ഞുപാളികള്‍ ഉരുകുന്നതിന്റെ തോത് വര്‍ധിച്ചിരിക്കുന്നു. ഒരു നൂറ്റാണ്ട് കൊണ്ട് സമുദ്രവിതാനം 1.4 മീററര്‍ ഉയരാന്‍ ഇത് കാരണമാകുമെന്ന് പുതിയ പഠനറിപ്പോര്‍ട്ട്.

'സയന്റിഫിക് കമ്മിറ്റി ഓണ്‍ അന്റാര്‍ട്ടിക് റിസര്‍ച്ച്' (SCAR) തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് അസ്വസ്ഥതയുളവാക്കുന്ന ഈ വിവരമുള്ളത്. നൂറിലേറെ പ്രമുഖ ഗവേഷകര്‍ ചേര്‍ന്ന് തയ്യാറാക്കുകയും ഇരുന്നൂറോളം ഗവേഷകര്‍ അവലോകനം നടത്തുകയും ചെയ്ത റിപ്പോര്‍ട്ട് ലണ്ടനിലാണ് പുറത്തിറക്കിയത്.

സമുദ്രവിതാനം 1.4 മീറ്റര്‍ ഉയരുമ്പോള്‍ കൊല്‍ക്കത്ത, ന്യൂയോര്‍ക്ക്, ധാക്ക, ലണ്ടന്‍, ഷാങ്ഹായി തുടങ്ങിയ വന്‍നഗരങ്ങള്‍ കടുത്ത വെള്ളപ്പൊക്ക ഭീഷണി നേരിടും. ഇന്ത്യന്‍ മഹാസമുദ്രത്തിലെ മലെദ്വീപ്, ശാന്തസമുദ്രത്തിലെ ടുവാലു തുടങ്ങിയ ചെറുദ്വീപ് രാഷ്ട്രങ്ങള്‍ കടലിന്നടിയിലാകും.

രണ്ട് വര്‍ഷം മുമ്പ് പുറത്തു വന്ന 'ഇന്റര്‍ ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേഞ്ചി' (IPCC) ന്റെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത് 2100 അവസാനിക്കുമ്പോഴേക്കും സമുദ്രവിതാനം 28-43 സെന്റീമീറ്റര്‍ വര്‍ധിക്കുമെന്നാണ്. ആ കണക്ക് ശരിയല്ലെന്ന് പുതിയ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അന്റാര്‍ട്ടിക്കയിലെ ശരാശരി താപനില കഴിഞ്ഞ 50 വര്‍ഷത്തിനിടെ മൂന്ന് ഡിഗ്രി സെല്‍സിയസ് വര്‍ധിച്ചതായി റിപ്പോര്‍ട്ട് പറയുന്നു.

വന്‍ദുരന്തമാണ് ലോകം നേരിടാന്‍ പോകുന്നതെന്ന്, റിപ്പോര്‍ട്ട് പുറത്തിറക്കുന്ന വേളയില്‍ 'സ്‌കാര്‍' എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. കോളിന്‍ സമ്മര്‍ഹെയ്‌സ് പറഞ്ഞു.

'അന്റാര്‍ട്ടിക്ക് ഉടമ്പടി' അവതരിപ്പിച്ചതിന് അമ്പത് വര്‍ഷം തികയുന്ന ദിവസ(ഡിസംബര്‍ ഒന്ന്) മാണ് സ്‌കാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നത്. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച കോപ്പന്‍ഹേഗന്‍ സമ്മേളനം ആരംഭിക്കാന്‍ ഇനി ദിവസങ്ങളേ ഉള്ളു എന്നതും ശ്രദ്ധേയമാണ്.

കാണുക

ഗൂഗിളും മര്‍ഡോകിന് വഴങ്ങുന്നു

സൗജന്യവാര്‍ത്തകള്‍; ഇനി പ്രസാധകന് പരിധി നിശ്ചയിക്കാം

മര്‍ഡോകിന്റെ ഭീഷണിക്ക് പിന്നില്‍ ഗൂഗിളിനും തലകുനിക്കേണ്ടി വന്നു. ഗൂഗിള്‍ വഴി നല്‍കാവുന്ന സൗജന്യ വാര്‍ത്തകളും ലേഖനങ്ങളും എത്ര വേണമെന്ന് ഇനി അതാത് മാധ്യമകമ്പനികള്‍ക്ക് നിശ്ചയിക്കാം.

ഗൂഗിള്‍ സൗജന്യമായി വാര്‍ത്തകള്‍ നല്‍കുന്നതിന് എതിര്‍പ്പ് ഉയര്‍ന്ന സാഹചര്യത്തിലാണ് ഈ തീരുമാനം. ഓണ്‍ലൈന്‍ വാര്‍ത്താപേജുകളുപയോഗിച്ച് ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് ആരോപണം.

പ്രസാധകര്‍ക്ക് തങ്ങളുടെ അതിര്‍ത്തി നിശ്ചയിക്കാന്‍ 'ഫസ്റ്റ് ക്ലിക്ക് ഫ്രീ' പ്രോഗ്രാമില്‍ ചേരാമെന്ന് ഗൂഗിള്‍ അറിയിച്ചു. ഈ പ്രോഗ്രാം വഴി ഒരു പ്രസിദ്ധീകരണത്തിന്റെ സൗജന്യം എത്ര വരെയാകാമെന്ന് പ്രസാധകര്‍ക്ക് നിശ്ചയിക്കാം.

ഈ പ്രോഗ്രാം പ്രകാരം ദിവസം ഒരു പ്രസിദ്ധീകരണത്തിലെ അഞ്ചു റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ ഒരാള്‍ക്ക് സൗജന്യമായി ക്ലിക്ക് ചെയ്യാനാകില്ല. അഞ്ച് ക്ലിക്ക് കഴിഞ്ഞാല്‍ പ്രസാധക കമ്പനിക്ക് കാശു കൊടുക്കുകയോ രജിസ്റ്റര്‍ ചെയ്യുകയോ വേണ്ടി വരും.

'മുമ്പ് യൂസര്‍മാരുടെ ക്ലിക്കുകളെല്ലാം സൗജന്യമായാണ് പരിഗണിച്ചിരുന്നത്. സൗജന്യം ഇനി പ്രസാധകര്‍ക്ക് നിശ്ചയിക്കാം'-ഗൂഗിള്‍ സീനിയര്‍ ബിസിനസ് പ്രോഡക്ട് മാനേജര്‍ ജോഷ് കോഹന്‍, ഗൂഗിള്‍ന്യൂസിന്റെ ഔദ്യോഗിക ബ്ലോഗില്‍ അറിയിച്ചു.

മാധ്യമരാജാവ് റുപ്പോര്‍ട്ട് മര്‍ഡോകാണ് ഇക്കാര്യത്തില്‍ ഗൂഗിളിനെതിരെ പരസ്യമായി രംഗത്ത് വന്നത്. മാധ്യമകമ്പനികള്‍ സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ സൗജന്യമായി നല്‍കുക വഴി ഗൂഗിള്‍ ലാഭമുണ്ടാക്കുന്നു എന്നാണ് മര്‍ഡോക് ആരോപിച്ചത്.

തങ്ങളുടെ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളിലെ വാര്‍ത്തകള്‍ സൗജന്യമായി ഗൂഗിളിന് നല്‍കില്ലെന്ന് പ്രഖ്യാപിച്ച മര്‍ഡോക്, മൈക്രോസോഫ്ടുമായി കരാറുണ്ടാക്കാന്‍ ചര്‍ച്ചയാരംഭിക്കുകയും ചെയ്തിട്ടുണ്ട്.

മൈക്രോസോഫ്ടിന്റെ പുതിയ സെര്‍ച്ച്എഞ്ചിനായ 'ബിംഗ്' വഴി ഓണ്‍ലൈന്‍ വായനക്കാരിലെത്തുക എന്നാണ് മര്‍ഡോക് ലക്ഷ്യം വെയ്ക്കുന്നത്. അതുവഴി ഗൂഗിളിന്റെ ആധിപത്യം തകര്‍ക്കുക.

ഏതായാലും, മര്‍ഡോകിന്റെ ഭീഷണി ഗൂഗിള്‍ അവഗണിച്ചില്ല എന്നാണ് പുതിയ തീരുമാനം വ്യക്തമാക്കുന്നത്. (അവലംബം: ഗൂഗിള്‍ന്യൂസ് ബ്ലോഗ്).