Friday, January 30, 2009

കലോറി കുറയ്‌ക്കൂ; മസ്‌തിഷ്‌ക്കശേഷി വര്‍ധിക്കും

മധുരപലഹാരങ്ങള്‍ കണ്ടാല്‍ ക്ഷമനശിക്കുന്നവരും, തീറ്റയേ ശരണം എന്ന്‌ കരുതി നടക്കുന്നവരും ശ്രദ്ധിക്കുക. തീറ്റക്കാര്യത്തില്‍ മിതത്വം ശീലിക്കുന്നത്‌ നന്ന്‌. ദിവസവും അകത്താക്കുന്ന കലോറിയില്‍ അല്‍പ്പം കുറവ്‌ വരുത്താന്‍ നിങ്ങള്‍ക്കായാല്‍, ഗുണം തലച്ചോറിനാണ്‌, ഓര്‍മശക്തി വര്‍ധിക്കും. പുതിയൊരു പഠനം അങ്ങനെ പറയുന്നു. കലോറി കുറയ്‌ക്കുന്നത്‌ ഹൃദയത്തിന്‌ മാത്രമല്ല, മസ്‌തിഷ്‌ക്കത്തിനും നന്നെന്ന്‌ സാരം.

കലോറിയില്‍ കുറവ്‌ വരുത്തുന്നത്‌ വാര്‍ധക്യത്തിന്റെ വരവും രോഗങ്ങളും തടയുമെന്ന്‌ മറ്റ്‌ ജീവികളില്‍ നടന്ന പഠനങ്ങള്‍ മുമ്പ്‌ സൂചന നല്‍കിയിരുന്നു. മനുഷ്യരില്‍ ഈ ഫലം ആവര്‍ത്തിക്കുമോ എന്നകാര്യത്തില്‍ പലരും സംശയാലുക്കളാണ്‌. എന്നാല്‍, കലോറി കുറയ്‌ക്കുന്നത്‌ ശരീരത്തിന്റെ മൊത്തത്തിലുള്ള ക്ഷേമാവസ്ഥ വര്‍ധിപ്പിക്കുമെന്നാണ്‌ പുതിയ പഠനം വ്യക്തമാക്കുന്നത്‌. ജര്‍മനിയില്‍ മന്‍സ്റ്റര്‍ സര്‍വകലാശാലയിലെ ആഗ്നെസ്‌ ഫ്‌ളോയലും കൂട്ടരുമാണ്‌ ആരോഗ്യമുള്ള 50 വയോധികരെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തില്‍, കലോറി കുറച്ചാല്‍ മസ്‌തിഷ്‌ക്കശേഷി വര്‍ധിക്കുന്നതായി കണ്ടെത്തിയത്‌.

പ്രായം മൂലം മസ്‌തിഷ്‌കത്തിനുണ്ടാകുന്ന ശോഷണം, കലോറി കുറച്ച്‌ തടയാമെന്നതിന്‌ തെളിവ്‌ ലഭിക്കുന്നത്‌ ആദ്യമായാണെന്ന്‌ 'പ്രോസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. മൂന്നുമാസത്തേക്കായിരുന്നു പരീക്ഷണം. സാധാരണ ശരീരഭാരമുള്ളവരും അമിതഭാരമുള്ളവരുമൊക്കെ പഠനത്തിന്‌ വിധേയമായവരിലുണ്ടായിരുന്നു. ശരാശരി 60 വയസ്സ്‌ പ്രായമുള്ള 50 പേരെ മൂന്ന്‌ സംഘങ്ങളായി തിരിച്ചാണ്‌ പഠനം നടത്തിയത്‌.

അതില്‍ ആദ്യസംഘത്തോട്‌, പോഷകങ്ങളുടെ അനുപാതം കുറയ്‌ക്കാതെ തന്നെ ഭക്ഷണത്തിന്റെ അളവ്‌ 30 ശതമാനം കുറയ്‌ക്കാന്‍ ആവശ്യപ്പെട്ടു. രണ്ടാമത്തെ ഗ്രൂപ്പിലുള്ളവരോട്‌ ഭക്ഷണത്തില്‍ പൂരിതകൊഴുപ്പിന്റെ അളവ്‌ കുറയ്‌ക്കാനും അപൂരിതകൊഴുപ്പിന്റെ തോത്‌ വര്‍ധിപ്പിക്കാനും ആവശ്യപ്പെട്ടു. മൂന്നാമത്തെ ഗ്രൂപ്പ്‌ ഭക്ഷണത്തില്‍ മാറ്റമൊന്നും വരുത്തിയില്ല. ഇതില്‍ ആദ്യ രണ്ട്‌ ഗ്രൂപ്പുകളിലെയും ഓരോരുത്തര്‍ക്കും, ഭക്ഷണക്രമം സംബന്ധിച്ച കൗണ്‍സലിങും ഇടയ്‌ക്കിടെ നല്‍കിയെന്ന്‌ ഡോ. ഫ്‌ളോയല്‍ പറഞ്ഞു.

ആദ്യഗ്രൂപ്പിലുള്ളവരോട്‌ ഭക്ഷണത്തിന്റെ അളവ്‌ 30 ശതമാനം കുറയ്‌ക്കാനാണ്‌ പറഞ്ഞതെങ്കിലും, എല്ലാവരും അത്‌ കൃത്യമായി പാലിച്ചില്ല. പക്ഷേ, ദിനംപ്രതി 200 മുതല്‍ 1000 കലോറി വരെ കുറച്ചവര്‍ ഗ്രൂപ്പിലുണ്ടായിരുന്നു. പൊതുവെ കലോറി ഉപയോഗം കുറഞ്ഞു എന്നതിന്‌ തെളിവായി മിക്ക അംഗങ്ങളുടെയും ശരീരഭാരം കുറഞ്ഞു. പഠനം തുടങ്ങുന്നതിന്‌ മുമ്പും ശേഷവും ഓരോ അംഗവും ഓര്‍മശക്തി അളക്കാനുള്ള പരീക്ഷണത്തിന്‌ വിധേയരാവുകയുണ്ടായി. കലോറി കുറച്ചവരില്‍ ഓര്‍മശക്തിയുടെ സ്‌കോള്‍ 20 ശതമാനം വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടു. എന്നാല്‍, കലോറി കുറയ്‌ക്കാതെ ഭക്ഷണത്തില്‍ അപൂരിത കൊഴുപ്പിന്റെ തോത്‌ വര്‍ധിപ്പിച്ച രണ്ടാമത്തെ ഗ്രൂപ്പിന്‌ ഇത്തരമൊരു നേട്ടം ഉണ്ടായതായി കണ്ടില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. മൂന്നാമത്തെ ഗ്രൂപ്പിലും വ്യത്യാസം കണ്ടില്ല.

കലോറി കുറച്ചവരില്‍ ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യസ്ഥിതിയിലും ഗുണപരമായ ഒട്ടേറെ മാറ്റങ്ങള്‍ കണ്ടു. രക്തത്തിലെ പഞ്ചസാരയുടെ അളവ്‌, രക്തധമനികളില്‍ തടസ്സമുണ്ടാക്കുന്ന നീരുവീക്കവുമായി ബന്ധപ്പെട്ട സി-റിയാക്ടീവ്‌ പ്രോട്ടീന്റെ തോത്‌ എന്നിവയിലൊക്കെ അനുകൂലമായ മാറ്റമാണ്‌ നിരീക്ഷിച്ചത്‌. കലോറി പരിമിതപ്പെടുത്തിയപ്പോള്‍, ഓര്‍മശക്തി വര്‍ധിക്കുന്നതിന്‌ പ്രേരകമായ BDNF തന്മാത്രയുടെ സാന്നിധ്യം മസ്‌തിഷ്‌ക്കത്തില്‍ വര്‍ധിക്കുന്നതായി എലികളില്‍ നടത്തിയ പഠനം മുമ്പ്‌ തെളിയിച്ചിട്ടുണ്ട്‌. മാത്രമല്ല, കലോറി കുറയ്‌ക്കുകയും വ്യായാമം പതിവാക്കുകയും ചെയ്യുന്നത്‌ മസ്‌തിഷ്‌ക്കത്തില്‍ കോശവളര്‍ച്ച ത്വരപ്പെടുത്തുമെന്നും എലികളില്‍ നടത്തിയ പഠനം തെളിയിച്ചിട്ടുണ്ട്‌.

മൃഗപഠനങ്ങളില്‍ കണ്ട ഫലങ്ങള്‍ മനുഷ്യരിലും ആവര്‍ത്തിക്കാന്‍ കഴിയും എന്നതിന്റെ ശുഭസൂചനയാണ്‌ പുതിയ പഠനം നല്‍കുന്നതെന്ന്‌ ഡോ. ഫ്‌ളോയല്‍ അഭിപ്രായപ്പെട്ടു. കലോറി കുറയ്‌ക്കുന്നത്‌ നന്നാണെങ്കിലും, കുറവ്‌ അമിതമാകാതെ നോക്കണം എന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പു നല്‍കുന്നു; പ്രായമായവരുടെ കാര്യത്തില്‍ പ്രത്യേകിച്ചും. പോകങ്ങളിലും ധാതുക്കളിലും കുറവുവന്നാല്‍ അത്‌ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കും എന്നകാര്യം മറക്കരുതെന്ന്‌ അവര്‍ പറയുന്നു. (അവംലംബം: പ്രോസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌).

വാല്‍ക്കഷണം: കലോറി എങ്ങനെ കുറയ്‌ക്കും. എന്റെ അനുഭവം ഇങ്ങനെ. പോളിയോ വന്ന്‌ ദുര്‍ബലമായ ഇടതുകാലിന്‌, ശരീരത്തിന്‌ ഭാരം കൂടിയപ്പോള്‍ സമ്മര്‍ദമേറി, കാല്‍ക്കുഴയ്‌ക്ക്‌ വേദനയും നീരുമായി. അഞ്ചുകിലോയെങ്കിലും വെയ്‌റ്റ്‌ കുറയ്‌ക്കണം എന്ന്‌ ഡോക്ടര്‍ നിര്‍ദേശിച്ചു. വേദനയുള്ള കാലുമായി നടക്കുക അത്ര സുഖമുള്ള ഏര്‍പ്പാടല്ലല്ലോ. അങ്ങനെ ഒരു സുപ്രഭാതത്തില്‍ ഞാന്‍ കലോറി കുറയ്‌ക്കാന്‍ തീരുമാനിച്ചു.

അതിനായി രണ്ട്‌ കാര്യങ്ങള്‍ ചെയ്‌തു. ബേക്കറി സാധനങ്ങള്‍ പാടെ ഒഴിവാക്കി. കഴിക്കുന്ന ചോറിന്റെ അളവ്‌ പകുതിയാക്കി. ചോറ്‌ കുറയ്‌ക്കാന്‍ ചെയ്‌ത സൂത്രം, ഉച്ചയ്‌ക്ക്‌ ചോറിന്‌ മുമ്പ്‌ ഒരു കക്കിരി അരിഞ്ഞ്‌ കഴിക്കുക, വേണമെങ്കില്‍ ഒപ്പം ഒരു കാരറ്റോ സബോളയോ ഒക്കെയാകാം. അപ്പോള്‍ തന്നെ വയര്‍ പകുതി നിറയും. പിന്നെ ചോറിന്റെ പകുതിയേ വേണ്ടി വരൂ. രണ്ട്‌ മാസം കൊണ്ട്‌ വെയ്‌റ്റ്‌ ആറ്‌ കിലോ കുറഞ്ഞു. കാലിന്റെ വേദനയും കുറഞ്ഞു. (പക്ഷേ, ഓര്‍മശക്തിയുടെ കാര്യം ശരിയാണെങ്കില്‍ ഞാനിപ്പോള്‍ അതിഫയങ്കര ഓര്‍മയുള്ള ആളായി മാറേണ്ടതാണ്‌. അങ്ങനെ സംഭവിക്കാത്ത സ്ഥിതിക്ക്‌, അരണയുടെ ഓര്‍മ അന്നും ഇന്നുമുള്ള ഞാന്‍ എങ്ങനെ ഈ പഠനഫലം വിശ്വസിക്കും).

Thursday, January 29, 2009

നടുക്കമുളവാക്കുന്ന കാലാവസ്ഥാ റിപ്പോര്‍ട്ട്‌

വിദൂരഗ്രഹത്തില്‍ വെറും ആറുമണിക്കൂര്‍കൊണ്ട്‌ താപനിലയില്‍ എഴുന്നൂറ്‌ ഡിഗ്രി വര്‍ധനയുണ്ടാകുന്നതായി കണ്ടെത്തല്‍.

ഭൂമിയിലിരുന്ന്‌ നമ്മള്‍ ആഗോളതാപനത്തെക്കുറിച്ച്‌ ഉത്‌ക്കണ്‌ഠപ്പെടുന്നു. ഭൗമതാപനിലയില്‍ ഒരു നൂറ്റാണ്ടിനിടെയുണ്ടാകുന്ന അഞ്ചോ ആറോ ഡിഗ്രി വര്‍ധനയെക്കുറിച്ചാണ്‌ നമ്മുടെ വേവലാതി. ആ വര്‍ധന തന്നെ താങ്ങാന്‍ മനുഷ്യനും ഭൂമിയിലെ ജൈവവ്യവസ്ഥയ്‌ക്കും കഴിയുമോ എന്നാണ്‌ ആശങ്ക. എന്നാല്‍, വെറും ആറുമണിക്കൂര്‍കൊണ്ട്‌ താപനിലയില്‍ 700 ഡിഗ്രി വര്‍ധനയുണ്ടാകുന്ന ഗ്രഹത്തിന്റെ കാര്യം സങ്കല്‍പ്പിച്ചുനോക്കുക. എന്തായിരിക്കും അവിടുത്തെ സ്ഥിതി. ഒരു വിദൂരഗ്രഹത്തില്‍, നടുക്കമുളവാക്കുന്ന ഇത്തരമൊരു കാലാവസ്ഥാ മാറ്റം കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. സൗരയൂഥത്തിന്‌ വെളിയില്‍ ഇതുവരെ കണ്ടെത്തിയവയില്‍ ഏറ്റവും വിചിത്രമായ കാലാവസ്ഥയാണ്‌ ആ ഗ്രഹത്തിന്റേതെന്ന്‌, പുതിയലക്കം 'നേച്ചര്‍' ഗവേഷണവാരികയിലെ റിപ്പോര്‍ട്ട്‌ പറയുന്നു.

ഭൂമിയില്‍നിന്ന്‌ 200 പ്രകാശവര്‍ഷമകലെ ഒരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന HD 80606b എന്ന ഗ്രഹമാണ്‌ ഇത്തരമൊരു കാലാവസ്ഥാവിധി നേരിടുന്നത്‌. ഗ്രഹത്തിന്റെ വിചിത്രമായ ഭ്രമണപഥമാണ്‌ ഇത്തരമൊരു സാഹചര്യത്തിന്‌ ഇടയാക്കുന്നതത്രേ. സൂര്യനും ഭൂമിയും തമ്മിലുള്ള ശരാശരി അകലം 14.96 കോടി കിലോമീറ്ററും, സൂര്യനും ബുധനും തമ്മിലുള്ള അകലം 580 ലക്ഷം കിലോമീറ്ററുമാണല്ലോ. വിദൂരഗ്രഹം അതിന്റെ ഭ്രമണപഥത്തില്‍ ഏറ്റവും അകലെയുള്ള സ്ഥാനത്തെത്തുമ്പോള്‍, മാതൃനക്ഷത്രവുമായുള്ള അകലം ഏതാണ്ട്‌ ഭൂമിയും സൂര്യനും തമ്മിലുള്ള അത്രയുമാകുന്നു; അടുത്തുള്ള സ്ഥാനത്ത്‌ അത്‌ സൂര്യനും ബുധനും തമ്മിലുള്ള അകലമാകുന്നു. വിചിത്രമായ ഈ ഭ്രമണപഥമാണ്‌, ഗ്രഹത്തിന്റെ കാലാവസ്ഥയെ തകിടംമറിക്കുന്നത്‌.

നാസയുടെ സ്‌പിറ്റ്‌സര്‍ സ്‌പേസ്‌ ടെലസ്‌കോപ്പിലെ ഇന്‍ഫ്രാറെഡ്‌ സംവേദകങ്ങള്‍ (സെന്‍സറുകള്‍) ഉപയോഗിച്ച്‌ നടത്തിയ നിരീക്ഷണങ്ങളാണ്‌, വിദൂരഗ്രഹത്തിലെ വിചിത്രകാലാവസ്ഥ വെളിവാക്കിയത്‌. മാതൃനക്ഷത്രത്തിന്റെ സമീപത്തേക്ക്‌ നീങ്ങുന്നതോടെ, വെറും ആറ്‌ മണിക്കൂര്‍കൊണ്ട്‌ ഗ്രഹത്തിന്റെ താപനില 800 ല്‍ നിന്ന്‌ 1500 കെല്‍വിനായി വര്‍ധിക്കുന്നു. `സൗരയൂഥത്തിന്‌ വെളിയില്‍ ഒരു ഗ്രഹത്തിലെ കാലാവസ്ഥാമാറ്റം തത്സമയം കണ്ടെത്തുന്നത്‌ ആദ്യമായാണ്‌`-പഠനത്തിന്‌ നേതൃത്വം നല്‍കുന്ന സാന്റാ ക്രൂസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ലിക്ക്‌ ഒബ്‌സര്‍വേറ്ററിയിലെ ഗവേഷകന്‍ ഗ്രെഗ്‌ ലോഹ്‌ലിന്‍ അറിയിക്കുന്നു. വിദൂരഗ്രഹത്തിന്റെ അന്തരീക്ഷത്തെക്കുറിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന കണ്ടെത്തലാണിതെന്ന്‌ അദ്ദേഹം പറയുന്നു.

HD 80606b ഗ്രഹത്തെ ആദ്യം കണ്ടെത്തിയത്‌ 2001-ലാണ്‌. മാതൃനക്ഷത്രത്തിന്‌ മുന്നിലൂടെ ഗ്രഹം കടന്നുപോകുമ്പോള്‍ (ഗ്രഹസംതരണം നടക്കുമ്പോള്‍), ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലത്തിന്റെ സ്വാധീനത്താല്‍ മാതൃനക്ഷത്രത്തില്‍നിന്നുള്ള പ്രകശരശ്‌മികള്‍ക്ക്‌ ചാഞ്ചാട്ടം (wobble) ഉണ്ടാകും. ആ ചാഞ്ചാട്ടം നിരീക്ഷിച്ച്‌, പരോക്ഷ മാര്‍ഗത്തിലൂടെ, വിദൂരഗ്രഹങ്ങളുടെ സാന്നിധ്യം മനസിലാക്കുന്നതിന്‌ 'ഡോപ്ലര്‍ പ്രവേഗ സങ്കേതം'(Doppler velocity technique) എന്നാണ്‌ പേര്‌. നിലവില്‍ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തിയിട്ടുള്ള ബഹുഭൂരിപക്ഷം ഗ്രഹങ്ങളും ഈ മാര്‍ഗത്തിലാണ്‌ തിരിച്ചറിഞ്ഞത്‌. HD 80606b ഗ്രഹത്തെ ഒരു സ്വിസ്സ്‌ സംഘം കണ്ടെത്തിയതും ഈ രീതിയിലാണ്‌.

അതിന്‌ ശേഷം കാര്‍നെജീ ഇന്‍സ്റ്റിട്ട്യൂഷനിലെ പോള്‍ ബട്ട്‌ലര്‍ രൂപംനല്‍കിയ സങ്കേതമുപയോഗിച്ച്‌്‌ പുതിയ ഗ്രഹത്തിന്റെ ഭ്രമണപഥം മനസിലാക്കി. സ്‌പിറ്റ്‌സര്‍ ടെലസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള നിരീക്ഷണത്തിന്‌ ഭ്രമണപഥത്തിന്റെ കൃത്യമായ വിവരം ആവശ്യമാണ്‌. 30 മണിക്കൂര്‍ നേരം സ്‌പിറ്റ്‌സര്‍ ഗ്രഹത്തെ നിരീക്ഷിച്ചു. ഇരുന്നൂറിലേറെ അന്യഗ്രഹങ്ങളെ കണ്ടെത്തിയിട്ടും, അവയുടെ വൈചിത്രമോ അസാധാരണത്വമോ അവസാനിക്കുന്നില്ല എന്നാണ്‌ പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നതെന്ന്‌ പോള്‍ ബട്ട്‌ലര്‍ അഭിപ്രായപ്പെടുന്നു.

111.4 ഭൗമദിനങ്ങള്‍ കൊണ്ടാണ്‌, വ്യാഴത്തിന്റെ നാലിരട്ടി വലിപ്പമുള്ള ആ വിദൂരഗ്രഹം മാതൃനക്ഷത്രത്തെ ഒരുതവണ പരിക്രമണം ചെയ്യുന്നത്‌. എന്നുവെച്ചാല്‍, ഒരോ 111 ദിവസം കൂടുമ്പോഴും ഭ്രാന്തമായ കാലാവസ്ഥാമാറ്റത്തിന്‌ ഗ്രഹം വിധേയമാകുമെന്ന്‌ സാരം. അകലെയുള്ള സ്ഥാനത്ത്‌ നിന്ന്‌ മാതൃനക്ഷത്രത്തോട്‌ അടുത്തുള്ള സ്ഥാനത്തെത്തുമ്പോള്‍, നക്ഷത്രത്തോട്‌ അഭിമുഖമായി വരുന്ന ഗ്രഹപ്രതലത്തില്‍ ഏല്‍ക്കുന്ന പ്രകാശം 825 മടങ്ങ്‌ തീവ്രതയുള്ളതായിരിക്കും. അന്തരീക്ഷം അതിനനുസരിച്ച്‌ ചൂടുപിടിച്ച്‌ വികസിക്കുന്നതിനാല്‍ കാറ്റുകള്‍ വന്‍ശക്തിയോടെ രൂപപ്പെടും.

സെക്കന്‍ഡില്‍ അഞ്ചുകിലോമീറ്റര്‍ വരെയാകും കാറ്റിന്റെ വേഗമെന്ന്‌, സ്‌പിറ്റ്‌സര്‍ ഡേറ്റ ഉപയോഗിച്ചു നടത്തിയ കമ്പ്യൂട്ടര്‍പഠനം സൂചന നല്‍കി. ഏതായാലും, 2009 ഫിബ്രവരി 14-ന്‌ ആ വിദൂരഗ്രഹം അതിന്റെ മാതൃനക്ഷത്രത്തിന്റെ മുന്നിലൂടെ കടന്നുപോകും. വാനനിരീക്ഷകര്‍ക്ക്‌ അത്‌ കൂടുതല്‍ പഠനത്തിന്‌ അവസരമേകുമെന്നാണ്‌ പ്രതീക്ഷ.
(അവലംബം: നേച്ചര്‍. കാര്‍നെജീ ഇന്‍സ്‌റ്റിട്ട്യൂഷന്‍, സാന്റാ ക്രൂസിലെ യൂണിവേഴ്‌സിറ്റി ഓഫ്‌ കാലിഫോര്‍ണിയ എന്നിവയുടെ വാര്‍ത്താക്കുറിപ്പുകള്‍).

Wednesday, January 28, 2009

തിമിരം നേരത്തെയറിയാന്‍....

നാസയുടെ ബഹിരാകാശ സങ്കേതം തുണയ്‌ക്കെത്തുന്നു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നടക്കുന്ന ഔഷധപരീക്ഷണത്തില്‍ സഹായിക്കാന്‍ രൂപംനല്‍കിയ ലേസര്‍വിദ്യയാണ്‌ ഭാവിയില്‍ ലോകമെങ്ങും ലക്ഷങ്ങള്‍ക്ക്‌ സഹായമാവുക.

അന്ധതയ്‌ക്ക്‌ മുഖ്യകാരണങ്ങളിലൊന്നായ തിമിരം നേരത്തെ കണ്ടെത്താന്‍, ബഹിരാകാശദൗത്യത്തിന്റെ ഭാഗമായി അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിച്ച ലേസര്‍സങ്കേതം തുണയ്‌ക്കെത്തുന്നു. മിക്കവരിലും കാഴ്‌ച മങ്ങിത്തുടങ്ങിയ ശേഷമാണ്‌ സാധാരണഗതിയില്‍ തിമിരബാധ തിരിച്ചറിയാറ്‌. നിലവിലുള്ള മാര്‍ഗങ്ങളുപയോഗിച്ച്‌ പ്രാരംഭദശയില്‍ രോഗബാധ കണ്ടെത്തുക ബുദ്ധിമുട്ടാണ്‌. എന്നാല്‍, നേത്രങ്ങളില്‍ മങ്ങല്‍ ബാധിക്കുംമുമ്പുതന്നെ തിമിരത്തിന്റെ വരവ്‌ തിരിച്ചറിയാന്‍ പുതിയ സങ്കേതം സഹായിക്കും.

നേത്രലെന്‍സില്‍ ബാഹ്യഭാഗത്തെ പ്രോട്ടീനുകള്‍ക്ക്‌ തകരാര്‍ പറ്റുകയും, അത്‌ കട്ടിപിടിച്ച്‌ പാടപോലെ രൂപപ്പെട്ട്‌ കാഴ്‌ചയ്‌ക്ക്‌ മങ്ങലുണ്ടാക്കുകയും ചിലയവസരത്തില്‍ അന്ധതയ്‌ക്ക്‌ തന്നെ കാരണമാവുകയും ചെയ്യുന്നതാണ്‌ തിമിരം. തിമിരം രൂപപ്പെടുന്നതിന്‌ പുകവലി, പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങള്‍ ആക്കംകൂട്ടുകയും ചെയ്യും-പുതിയ സങ്കേതം രോഗികളില്‍ പരീക്ഷിക്കാന്‍ നേതൃത്വം നല്‍കുന്ന മേരിലന്‍ഡിലെ ബെതെസ്‌ഡയില്‍ നാഷണല്‍ ഐ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. മാനുവെല്‍ ഡാറ്റൈല്‍സ്‌ പറയുന്നു.

തിമിരം കഠിനമായാല്‍ തകരാര്‍ പറ്റിയ നേത്രലെന്‍സ്‌ ശസ്‌ത്രക്രിയ വഴി മാറ്റി, കൃത്രിമമായ ഒരെണ്ണം പകരംവെയ്‌ക്കുകയാണ്‌ സാധാരണ ചികിത്സാരീതി. എന്നാല്‍, രോഗം അതിന്റെ പ്രരംഭത്തില്‍ തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞാല്‍, രോഗത്തിന്റെ ആക്കം വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍ മിതപ്പെടുത്തി രോഗപുരോഗതി മന്ദീഭവിപ്പിക്കാന്‍ കഴിയും. നേത്രപരിശോധനയ്‌ക്ക്‌ പരമ്പരാഗതമായി ഉപയോഗിക്കുന്ന 'സ്‌പ്ലിറ്റ്‌-ലാമ്പ്‌ മൈക്രോസ്‌കോപ്പി'ന്റെ പ്രശ്‌നം, തിമിരം പൂര്‍ണതോതിലായ ശേഷമേ അതുപയോഗിച്ച്‌ തിരിച്ചറിയാനാകൂ എന്നതാണ്‌. എന്നാല്‍, പുതിയ സങ്കേതം ആ പരിമിതി ഇല്ലാതാക്കുന്നു-ഡോ. ഡാറ്റൈല്‍സ്‌ അറിയിക്കുന്നു.

നേത്രലെന്‍സില്‍ 'ആല്‍ഫ ക്രിസ്റ്റലിന്‍സ്‌' (alpha crystallins) എന്നു പേരുള്ള ചെറുപ്രോട്ടീനുകളുടെ സാന്നിധ്യം പരിശോധിക്കുകയാണ്‌ ലേസര്‍സങ്കേതംവഴി ചെയ്യുക. വലിയ വികലപ്രോട്ടീനുകള്‍ പരസ്‌പരം കൂടിച്ചേര്‍ന്ന്‌ തിമിരം രൂപപ്പെടുന്നത്‌ ചെറുക്കാന്‍ പ്രകൃത്യാ പങ്കുവഹിക്കുന്നവയാണ്‌ ആല്‍ഫ ക്രിസ്റ്റലിന്‍സ്‌. ഇത്തരം ചെറുപ്രോട്ടീനുകള്‍ നേത്രലെന്‍സില്‍ സുലഭമായി ഉണ്ടെന്നു പറഞ്ഞാല്‍ അര്‍ഥം, കണ്ണ്‌ തിമിരത്തില്‍നിന്ന്‌ രക്ഷപ്പെട്ടിരിക്കുന്നു എന്നാണ്‌. എന്നാല്‍, ആല്‍ഫ ക്രിസ്റ്റലിന്‍സുകളുടെ സംഖ്യ ശോഷിച്ചിട്ടുണ്ടെങ്കില്‍ അഹിതമായതെന്തോ സംഭവിക്കാന്‍ പോകുന്നു, തിമിരം വരാന്‍ പോകുന്നു എന്നാണര്‍ഥം-ഡോ.ഡാറ്റൈല്‍സ്‌ പറയുന്നു.

വെറും മൂന്ന്‌ നാനോമീറ്റര്‍ മാത്രം (മീറ്ററിന്റെ നൂറുകോടിയിലൊന്നാണ്‌ ഒരു നാനോമീറ്റര്‍) വ്യാസമുള്ളവയാണ്‌ ആല്‍ഫ ക്രിസ്റ്റലിന്‍സ്‌ പ്രോട്ടീനുകള്‍. അതിനാല്‍ പരമ്പരാഗത സങ്കേതങ്ങളുപയോഗിച്ച്‌ അവയുടെ സാന്നിധ്യം മനസിലാക്കുക വൈഷമ്യമാണ്‌. എന്നാല്‍, പുതിയ ലേസര്‍സങ്കേതമുപയോഗിച്ച്‌ അത്‌ സാധിക്കും. `തിമരിത്തിന്റെ കാര്യത്തില്‍ ആല്‍ഫ ക്രിസ്റ്റലിന്‍സുകള്‍ വിശ്വാസിക്കാവുന്ന ജൈവമുദ്രകളാണ്‌ (biomarkers)`-കൊളംബിയയില്‍ മാസന്‍ ഐ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ ഡോ. കൃഷ്‌ണ ശര്‍മ അഭിപ്രായപ്പെടുന്നു. 235 പേരില്‍ പുതിയ സങ്കേതം പരീക്ഷിച്ചു. തിമിരം എത്തുംമുമ്പ്‌ തന്നെ അതിന്റെ സൂചന കണ്ടെത്താനാകും എന്നത്‌ അത്ഭുതകരമായിത്തോന്നിയെന്ന്‌, ഡോ. ഡാറ്റൈല്‍സ്‌ പറയുന്നു. പരീക്ഷണഫലം 'ആര്‍ക്കൈവ്‌സ്‌ ഓഫ്‌ ഓഫ്‌താല്‍മോളജി'യിലാണ്‌ പ്രസിദ്ധീകരിച്ചത്‌.

അന്താരാഷ്ട്ര ബഹിരാകാശനിലയത്തില്‍ നടക്കുന്ന ഔഷധപരീക്ഷണങ്ങളുടെ ഭാഗമായി, പ്രോട്ടീന്‍ പരലുകള്‍ രൂപപ്പെടുന്നത്‌ പഠിക്കാന്‍ രൂപംനല്‍കിയതാണ്‌ 'ഡൈനാമിക്‌ ലൈറ്റ്‌ സ്‌കാറ്ററിങ്‌' (ഡി.എല്‍.എസ്‌) സങ്കേതം. നാസയുടെ ക്ലീവ്‌ലന്‍ഡിലുള്ള ജോണ്‍ എച്ച്‌. ഗ്ലിന്‍ റിസര്‍ച്ച്‌ സെന്ററിലെ ഗവേഷകനായ റഫാത്‌ അന്‍സാരി, തന്റെ പിതാവിന്‌ തിമിരം ബാധിച്ചപ്പോഴാണ്‌ പ്രോട്ടീന്‍ വ്യതിയാനങ്ങള്‍ തിമിരത്തിന്റെ കാര്യത്തില്‍ എത്ര പ്രധാനപ്പെട്ടതാണെന്നും ഡി.എല്‍.എസ്‌.സങ്കേതം രോഗം നേരത്തെ കണ്ടെത്താന്‍ സഹായിക്കുമെന്നും മനസിലാക്കിയത്‌. ലോകത്ത്‌ ലക്ഷക്കണക്കിനാളുകള്‍ക്ക്‌ പുതിയ സാധ്യതയുടെ ഗുണം ലഭിക്കുമെന്നാണ്‌ കരുതുന്നത്‌.

വാല്‍ക്കഷണം: നമ്മള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ഒട്ടേറെ ഉപകരണങ്ങളും സംവിധാനങ്ങളും ബഹിരാകാശ ഗവേഷണത്തിന്റെ ഭാഗമായി നാസയില്‍ പിറവിയെടുത്തതാണ്‌. വയറില്ലാത്ത ചെറിയ വാക്വം ക്ലീനറിന്റെ കാര്യമെടുക്കുക; കുറച്ച്‌ ഊര്‍ജമുപയോഗിച്ച്‌ ചന്ദ്രനില്‍നിന്ന്‌ സാമ്പിളുകള്‍ ശേഖരിക്കാന്‍ അപ്പോളോ ദൗത്യത്തിന്‌ നാസയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയ സാങ്കേതികവിദ്യയാണത്‌. വൈദ്യശാസ്‌ത്രരംഗത്ത്‌ ഇന്നുപയോഗിക്കുന്ന ഒട്ടേറെ സങ്കേതങ്ങള്‍ പിറവിയെടുത്തതും നാസയുടെ പരീക്ഷണശാലകളില്‍ തന്നെ. ബഹിരാകാശ സഞ്ചാരികള്‍ക്ക്‌ പ്രയോജനപ്പെടുമോ എന്നറിയാന്‍ ആല്‍ഗകളുടെ പോഷകഗുണങ്ങളെപ്പറ്റി നാസ നടത്തിയ ഗവേഷണം, മുലപ്പാലിലെ ചില ഘടകങ്ങള്‍ ചില ആല്‍ഗകളിലുണ്ടെന്ന കണ്ടെത്തലിലേക്ക്‌ നയിച്ചു. ഇന്ന്‌ ബേബിഫുഡിലെ അഭിഭാജ്യഘടകമാണ്‌ നാസയുടെ ആ കണ്ടെത്തല്‍.

പാരമ്പര്യേതര ഊര്‍ജരംഗത്തും ലോകത്ത്‌ ഏറ്റവും വലിയ സംഭാവന നാസയുടേതാണെന്ന കാര്യം പലര്‍ക്കും അറിയില്ല. ബഹിരാകാശ പേടകങ്ങളില്‍ ഉപയോഗിക്കാന്‍ നാസയാണ്‌, ഏറ്റവും മികച്ച സൗരോര്‍ജപാനലുകള്‍ രൂപപ്പെടുത്തിയത്‌. ആ സങ്കേതം ഇന്ന്‌ ലോകത്തിനാകെ പ്രയോജനപ്പെടുന്നു. ആസ്‌പത്രികളില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ഉപയോഗിക്കുന്ന പല ജീവന്‍രക്ഷാമാര്‍ഗങ്ങളും ഗോളാന്തരപര്യവേക്ഷണത്തിന്റെ ഭാഗമായി നാസ ശാസ്‌ത്രജ്ഞര്‍ കണ്ടെത്തിയതാണ്‌. അഗ്നിശമനസേനകള്‍ ഉപയോഗിക്കുന്ന സംരക്ഷണ കവചങ്ങള്‍, വേഗമേറിയ റേസിങ്‌ കാറുകള്‍, സുരക്ഷിതത്വംകൂടിയ റണ്‍വേകള്‍, മികച്ച സണ്‍ഗ്ലാസുകള്‍, വിമാനച്ചിറകുകള്‍, സ്വന്തമായി രക്തസമ്മര്‍ദം അളക്കാവുന്ന കിറ്റുകള്‍-ഇങ്ങനെ നാസ ലോകത്തിന്‌ സംഭാവന ചെയ്‌ത സങ്കേതങ്ങളുടെ പട്ടിക നീളുകയാണ്‌. (അവലംബം: ആര്‍ക്കൈവ്‌സ്‌ ഓഫ്‌ ഓഫ്‌താല്‍മോളജി, നാസ, കടപ്പാട്‌: മാതൃഭൂമി).

Saturday, January 24, 2009

ബ്ലോഗുകളുടെ ബ്ലോഗ്‌

2008-ല്‍ മാത്രം 120 ലക്ഷം പേര്‍ സന്ദര്‍ശിച്ച ഒരു ബ്ലോഗിനെ സൂപ്പര്‍ബ്ലോഗ്‌ എന്ന്‌ വിളിക്കാമോ ? എങ്കില്‍, ഗൂഗിളിന്റെ ഔദ്യോഗികബ്ലോഗ്‌ അതാണ്‌.

സന്ദര്‍ശകരുടെ എണ്ണംകൊണ്ട്‌ മാത്രമല്ല ഗൂഗിള്‍ബ്ലോഗ്‌ വ്യത്യസ്‌തമാകുന്നത്‌. മൈക്രോസോഫ്‌ടോ, ആപ്പിളോ പോലുള്ള കമ്പനികള്‍ വന്‍ പബ്ലിസിറ്റിയുടെ അകമ്പടിയോടെ കോടികള്‍ ചെലവിട്ട്‌ നടത്താറുള്ള, താരനിശകളോട്‌ ഉപമിക്കാവുന്ന, പ്രോഡക്ട്‌ ലോഞ്ചിങ്ങുകള്‍ ഗൂഗിളിന്റെ രീതിയല്ല. പകരം ഗൂഗിള്‍ അതിന്റെ മുഖ്യബ്ലോഗില്‍ ഒരു സാധാരണ പോസ്‌റ്റിടും, അത്രമാത്രം. കാണേണ്ടവര്‍ അത്‌ കണ്ടുകൊള്ളും, റിപ്പോര്‍ട്ട്‌ ചെയ്യേണ്ടവര്‍ ചെയ്‌തുകൊള്ളും, പ്രയോജനപ്പെടുത്തേണ്ടവര്‍ ഏറ്റെടുത്തുകൊള്ളും.

പോയവര്‍ഷം ഇന്റര്‍നെറ്റുമായി ബന്ധപ്പെട്ട്‌ വന്‍ മാധ്യമശ്രദ്ധ നേടിയ മൂന്ന്‌ സംഭവങ്ങള്‍ ഉദാഹരണമായെടുക്കാം. ഒന്ന്‌ ഗൂഗിളിന്റെ ഇന്റര്‍നെറ്റ്‌ ബ്രൗസറായ 'ക്രോ'മിന്റെ വരവ്‌. മറ്റൊന്ന്‌ വീഡിയോ, ഓഡിയോ സാധ്യതകള്‍ സമ്മേളിപ്പിച്ചുകൊണ്ട്‌ 'ഗൂഗിള്‍ ടോക്കി'നെ അതുല്യമായ ഒരു ന്യൂജനറേഷന്‍ ആശയവിനിമയ ഉപാധിയാക്കി പരിഷ്‌ക്കരിച്ചത്‌. മൂന്നാമത്തേത്‌, (അമേരിക്കയില്‍) പകര്‍ച്ചപ്പനിയുടെ വരവ്‌ പ്രവചിക്കാന്‍ ഗൂഗിള്‍ സെര്‍ച്ച്‌ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയത്‌. മറ്റേതെങ്കിലും കമ്പനിയായിരുന്നെങ്കില്‍ വാര്‍ത്താസമ്മേനങ്ങളും വാര്‍ത്താക്കുറിപ്പുകളും പബ്ലിക്‌റിലേഷന്‍ പരിപാടിയും പരസ്യവുമൊക്കയായി വന്‍ പ്രചാരണം നടത്തുമായിരുന്ന ഈ സംഗതികള്‍ പക്ഷേ, ഗൂഗിള്‍ബ്ലോഗിലെ മൂന്ന്‌ സാധാരണ പോസ്‌റ്റുകളിലൂടെയാണ്‌ ലോകമറിഞ്ഞത്‌. അവ വന്‍വാര്‍ത്തയായി, ചര്‍ച്ചയായി, ക്രോം ഉപയോഗിച്ചവരൊക്കെ അതിന്റെ അഡിക്ടായി.

ടെക്‌നോളജി റിപ്പോര്‍ട്ടു ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരും, ഐടി വിദഗ്‌ധരും, പുത്തന്‍ സങ്കേതങ്ങളിലാകൃഷ്ടരായ സാധാരണ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുമെല്ലാം ഒരേ മനോഭാവത്തോടെയാണ്‌ ഗൂഗിള്‍ബ്ലോഗ്‌ സന്ദര്‍ശിക്കുന്നത്‌-ഗൂഗിളിന്റെ ആവനാഴിയില്‍നിന്ന്‌ ഇനിയെന്താകും പുറത്തുവരികയെന്ന ആകാംക്ഷയോടെ. പുതിയ ഉത്‌പന്നങ്ങളും ട്രെന്‍ഡുകളും മാത്രമല്ല, ഗൂഗിളിന്റെ നയപരമായ തീരുമാനങ്ങളും, ഗൂഗിളിനെതിരെ ഉയരുന്ന വിമര്‍ശങ്ങള്‍ക്കുള്ള മറുപടികളുമെല്ലാം ഗൂഗിള്‍ബ്ലോഗിലാണ്‌ പ്രത്യക്ഷപ്പെടുക. ഉദാഹരണത്തിന്‌, സാമ്പത്തികമാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ഗൂഗിളില്‍ പുതിയ റിക്രൂട്ട്‌മെന്റ്‌ കുറച്ചിരിക്കുന്നു എന്ന അറിയിപ്പ്‌ കഴിഞ്ഞയാഴ്‌ചയാണ്‌ ഗൂഗിള്‍ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ടത്‌. ഗൂഗിള്‍ സെര്‍ച്ചിങിന്‌ കൂടുതല്‍ ഊര്‍ജം ചെലവാകുന്നുവെന്നും, അത്‌ ആഗോളതാപനത്തെ ത്വരപ്പെടുത്തുന്നുമെന്നും കാണിച്ച്‌ അടുത്തയിടെ പുറത്തുവന്ന റിപ്പോര്‍ട്ടിന്‌ (ഇത്‌ കാണുക) മറുപടി വന്നതും ഗൂഗിള്‍ബ്ലോഗിലെ മറ്റൊരു പോസ്‌റ്റായാണ്‌.

ഗൂഗിള്‍ ബ്ലോഗ്‌ തന്നെ പുറത്തുവിട്ട വിവരമനുസരിച്ച്‌ 2008-ല്‍ ആ ബ്ലോഗില്‍ 368 പോസ്‌റ്റുകള്‍ പ്രസിദ്ധീകരിച്ചു. അത്‌ 2007-ലേതിനെക്കാള്‍ 23 ശതമാനം കൂടുതലാണ്‌. പോസ്‌റ്റിന്റെ എണ്ണത്തില്‍ ഇത്രയും വര്‍ധനവാണ്‌ ഉണ്ടായതെങ്കില്‍, സന്ദര്‍ശകരുടെ എണ്ണത്തില്‍ പോയവര്‍ഷം 78 ശതമാനം വര്‍ധനയാണ്‌ കണ്ടത്‌. 2007-ല്‍ 6,738,830 പേര്‍ ഗൂഗിള്‍ ബ്ലോഗ്‌ സന്ദര്‍ശിച്ചെങ്കില്‍ കഴിഞ്ഞവര്‍ഷം ആ സംഖ്യ 12,000,723 ആയി. ലോകത്തിന്റെ മിക്ക ഭാഗത്തുനിന്നും ഗൂഗിള്‍ ബ്ലോഗിന്‌ വായനക്കാരുണ്ട്‌.

പുതിയ ഉത്‌പന്നങ്ങളെപ്പറ്റിയുള്ളതായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പത്ത്‌ ശതമാനം പോസ്‌റ്റുകള്‍, ഉത്‌പന്നങ്ങളുടെ പുതിയ ഫീച്ചറുകളെപ്പറ്റി 56 ശതമാനം പോസ്‌റ്റുകള്‍. എന്നാല്‍, ഏറ്റവുമധികം വായനക്കാരെ ആകര്‍ഷിച്ചത്‌ ഗൂഗിള്‍ ക്രോമിനെ സംബന്ധിച്ച പോസ്‌റ്റുകളായിരുന്നു. 1,735,093 സന്ദര്‍ശനം ആ ഒറ്റ ഉത്‌പന്നത്തിന്റെ പേരില്‍ ഗൂഗിള്‍ ബ്ലോഗിലുണ്ടായി; അത്‌ കഴിഞ്ഞ വര്‍ഷത്തെ മൊത്തം സന്ദര്‍ശകരുടെ 12 ശതമാനം വരും! ഗൂഗിളിന്റെ ആന്‍ഡ്രോയിഡ്‌ ഫോണിനെക്കുറിച്ചുള്ളതാണ്‌ ഇത്തരത്തില്‍ വായനക്കാരെ വന്‍തോതില്‍ ആകര്‍ഷിച്ച മറ്റൊരു പോസ്‌റ്റ്‌. ഗൂഗിള്‍ സ്ഥാപിച്ചതിന്റെ പത്താംവാര്‍ഷികമായിരുന്നു 2008. പത്തുവര്‍ഷത്തിനിടെ ഇന്റര്‍നെറ്റ്‌ ജനജീവിതത്തെ എത്ര മാറ്റിമറിച്ചു എന്നത്‌ സംബന്ധിച്ച ചിന്തകള്‍ പങ്കുവെച്ചതും ഗൂഗിള്‍ ബ്ലോഗിലൂടെയായിരുന്നു.

ഗൂഗിളിന്റെ ബ്ലോഗിങ്‌ അതിന്റെ മുഖ്യബ്ലോഗുകൊണ്ട്‌ അവസാനിക്കുന്നില്ല. ഗൂഗിളിന്റെ മിക്ക ഉത്‌പന്നങ്ങള്‍ക്കും വിവിധ രാജ്യങ്ങളിലെ ശാഖകള്‍ക്കും സര്‍വീസുകള്‍ക്കും വെവ്വേറെ ബ്ലോഗുകളുണ്ട്‌. ഉദാഹണം ജിമെയില്‍ ബ്ലോഗ്‌. ഇത്തരം 44 പുതിയ ബ്ലോഗുകളാണ്‌ ഗൂഗിള്‍ കമ്പനി കഴിഞ്ഞ വര്‍ഷം ആരംഭിച്ചത്‌. അതോടെ, ഗൂഗിള്‍ ബ്ലോഗ്‌ ശൃംഗലയില്‍ 127 ബ്ലോഗുകളായി. പുതിയതായി തുടങ്ങിയതില്‍ മൂന്ന്‌ മേഖലാബ്ലോഗുകളും ഉള്‍പ്പെടുന്നു; ഇന്ത്യ, ആഫ്രിക്ക, യുക്രൈന്‍ എന്നിവയ്‌ക്കുള്ളത്‌.

വാല്‍ക്കഷണം: ഗൂഗിള്‍ബ്ലോഗ്‌ പുറത്തുവിട്ടിരിക്കുന്ന ഏറ്റവും ചൂടുള്ള വാര്‍ത്ത എന്തെന്നോ. സാക്ഷാല്‍ മാര്‍പാപ്പയും യുടൂബിലെത്തിയിരിക്കുന്നു എന്നതാണ്‌. വത്തിക്കാന്‍ ഔദ്യോഗികമായ യുടൂബ്‌ ചാനല്‍ ആരംഭിച്ചിരിക്കുന്നു (ഇത്‌ കാണുക)
(കടപ്പാട്‌: ഗൂഗിള്‍ ബ്ലോഗ്‌).

Thursday, January 22, 2009

അന്റാര്‍ട്ടിക്ക ചൂടുപിടിക്കുന്നു, വേഗത്തില്‍

പ്രതീക്ഷിച്ചതുപോലെയല്ല കാര്യങ്ങള്‍. ആഗോളതാപനത്തിന്റെ ഫലമായി ഭൂമിയുടെ ഇതരഭാഗങ്ങളെല്ലാം ചൂടുപിടിക്കുമ്പോള്‍, തെക്കന്‍ ധ്രുവപ്രദേശമായ അന്റാര്‍ട്ടിക്ക തണുക്കുന്നുവെന്നാണ്‌ കരുതിയിരുന്നത്‌. എന്നാല്‍, ആ ധാരണ മാറ്റാന്‍ സമയമായെന്ന്‌ പുതിയൊരു പഠനം പറയുന്നു. കഴിഞ്ഞ 50 വര്‍ഷമായി അന്റാര്‍ട്ടിക്ക പ്രതീക്ഷിച്ചതിലും വേഗം ചൂടുപിടിക്കുകയാണത്രേ.

താപവര്‍ധനയുടെ കാര്യത്തില്‍ കിഴക്കന്‍ അന്റാര്‍ട്ടിക്കയും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയും തമ്മില്‍ സന്തുലനാവസ്ഥയില്ല. കിഴക്കന്‍ അന്റാര്‍ട്ടിക്ക തണുക്കുന്നതിലും കൂടുതല്‍ പടിഞ്ഞാറന്‍ ഭാഗം ചൂടുപിടിക്കുന്നു. അന്റാര്‍ട്ടിക്‌ പെനിന്‍സുല എന്നറിയപ്പെടുന്ന ചെറിയൊരു ഭാഗം ചൂടാവുകയും പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്കയെന്ന വലിയഭാഗം തണുക്കുകയും ചെയ്യുന്നു എന്നാണ്‌ വര്‍ഷങ്ങളായി ശാസ്‌ത്രലോകം കരുതിയിരുന്നത്‌. അത്‌ ശരിയല്ലെന്നാണ്‌ പുതിയ ലക്കം 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നത്‌.

അന്റാര്‍ട്ടിക്കയുടെ രണ്ടുഭാഗങ്ങളും തമ്മില്‍ വിതാനത്തിന്റെ കാര്യത്തില്‍ വലിയ അന്തരമുണ്ട്‌. മുഖ്യഭാഗമായ 'പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക്‌ മഞ്ഞുപാളി' സമുദ്രനിരപ്പില്‍നിന്ന്‌ ശരാശരി 6000 അടി ഉയരത്തിലാണ്‌. എന്നാല്‍, കിഴക്കന്‍ അന്റാര്‍ട്ടിക്ക സമുദ്രനിരപ്പില്‍നിന്ന്‌ ശരാശരി 10,000 അടി ഉയരത്തിലും. വിതാനത്തിലെ ഈ വ്യത്യാസം, ഈ പ്രദേശങ്ങള്‍ ചൂടുപിടിക്കുന്നതിന്റെ തോതിലും വ്യത്യാസമുണ്ടാക്കുന്നു. പുതിയ പഠനം പറയുന്നത്‌, പടിഞ്ഞാറന്‍ അന്റാര്‍ട്ടിക്ക കഴിഞ്ഞ അരനൂറ്റാണ്ടായി പ്രതിവര്‍ഷം ഒരു ഡിഗ്രിസെല്‍സിയസിന്റെ പത്തിലൊന്ന്‌ വീതം ചൂടുപിടിക്കുന്നു എന്നാണ്‌. ഇത്‌ കിഴക്കന്‍ അന്റാര്‍ട്ടിക്ക തണുക്കുന്നതിന്റെ തോതിനെക്കാള്‍ കൂടുതലാണ്‌.

ഉപഗ്രഹങ്ങളില്‍നിന്നുള്ള വിവരങ്ങള്‍ക്കൊപ്പം, അന്റാര്‍ട്ടിക്‌ കാലാവസ്ഥാകേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിച്ച കണക്കുകളും ചേര്‍ത്ത്‌ പുതിയൊരു സ്റ്റാറ്റിസ്റ്റിക്കല്‍ സങ്കേതത്തിന്റെ സഹായത്തോടെയാണ്‌, വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ എറിക്‌ സ്റ്റീഗിന്റെ നേതൃത്വത്തിലുള്ള സംഘം പുതിയ പ്രവണത കണക്കുകൂട്ടിയത്‌. ധ്രുവത്തിലെ മഞ്ഞുപാളികള്‍ പ്രതിഫലിപ്പിക്കുന്ന ഇന്‍ഫ്രാറെഡ്‌ കിരണങ്ങളുടെ തീവ്രത അളന്നാണ്‌ ഉപഗ്രഹങ്ങള്‍ താപനില മനസിലാക്കുക. പക്ഷേ, ഉപഗ്രഹങ്ങള്‍ രംഗത്തെത്തിയിട്ട്‌ 25 വര്‍ഷമേ ആയുള്ളു. അതേസമയം, അന്താരാഷ്ട്ര ഭൗമഭൗതികവര്‍ഷാചരണത്തിന്റെ ഭാഗമായി നിലവില്‍ വന്ന കാലാവസ്ഥാകേന്ദ്രങ്ങള്‍ 1957 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്‌. ഉപഗ്രഹവിവരങ്ങളും അതത്‌ കാലത്ത്‌ കാലാവസ്ഥാകേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിച്ച വിവരങ്ങളും പരസ്‌പരം പൊരുത്തപ്പെടുന്നതാണെന്ന്‌ ഗവേഷകര്‍ കണ്ടു.

അന്റാര്‍ട്ടിക്കയെന്ന ഹിമഭൂഖണ്ഡത്തില്‍ ഒരുഭാഗം ഇങ്ങനെ ചൂടാകാനും മറ്റൊരു ഭാഗം തണുക്കാനും ഇടയാക്കുന്നത്‌ വര്‍ഷംതോറും ദക്ഷിണാര്‍ധഗോളത്തിന്‌ മുകളില്‍ പ്രത്യക്ഷപ്പെടുന്ന ഓസോണ്‍ വിള്ളല്‍ മൂലമാണെന്ന്‌ തെളിഞ്ഞിട്ടുണ്ട്‌. ഓസോണ്‍ വിള്ളലിന്റെ സ്വാധീനഫലമായി കാറ്റുകളുടെ ഗതി വ്യത്യാസപ്പെടുന്നതാണ്‌ ഇതിന്‌ കാരണമെന്ന്‌, 2002-ല്‍ കോളറാഡോ സ്‌റ്റേറ്റ്‌ സര്‍വകലാശാലയിലെ ഡേവിഡ്‌ തോംപ്‌സണും സംഘവും കണ്ടെത്തിയിരുന്നു. ഭൂഖണ്ഡമാകെ തണുത്തുകൊണ്ടിരിക്കുകയാണെന്ന്‌ ധാരണയില്‍ ഗവേഷകര്‍ എത്തിയത്‌ അങ്ങനെയാണ്‌.

അത്‌ പൂര്‍ണമായി ശരിയല്ല എന്ന്‌ വ്യക്ത്‌മാക്കുന്നതാണ്‌ പുതിയ പഠനം. മാത്രമല്ല, ഓസോണ്‍പാളിക്കേറ്റ പരിക്ക്‌ മാറ്റാനുള്ള ആഗോളശ്രമങ്ങള്‍ ഊര്‍ജിതമാണ്‌. ഓസോണ്‍ നശിപ്പിക്കുന്ന രാസപദാര്‍ഥങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്താന്‍ ഇത്തരം ശ്രമങ്ങള്‍കൊണ്ട്‌ കഴിഞ്ഞിട്ടുണ്ട്‌. ഇന്നത്തെ നിലയ്‌ക്ക്‌ ഈ നൂറ്റാണ്ടിന്റെ പകുതിയാകുമ്പോഴേക്കും ഓസോണ്‍ വിള്ളല്‍ അപ്രത്യക്ഷമാകുമെന്നാണ്‌ കരുതുന്നത്‌. "അത്‌ സംഭവിച്ചാല്‍, അന്റാര്‍ട്ടിക്കക്ക്‌ പിന്നീട്‌ തണുക്കലിന്റെ ആനുകൂല്യം കിട്ടില്ല. ആ പ്രദേശം മുഴുവന്‍ ഭൂമിയുടെ ഇതരഭാഗങ്ങള്‍പോലെ വേഗം ചൂടുപിടിക്കാന്‍ ആരംഭിക്കും"-എറിക്‌ സ്റ്റീഗ്‌ പറയുന്നു.
(അവലംബം: നേച്ചര്‍, വാഷിങ്‌ടണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌).

Monday, January 19, 2009

'കുത്തിവെയ്‌ക്കാവുന്ന അസ്ഥി'

അപകടങ്ങളിലും മറ്റും എല്ലൊടിഞ്ഞവര്‍ക്ക്‌ തുണയായി 'കുത്തിവെയ്‌ക്കാവുന്ന അസ്ഥി' രംഗത്തെത്തുന്നു.

ഒടിവുണ്ടായിടത്ത്‌ കുത്തിവെച്ചാല്‍ മിനിറ്റുകള്‍ക്കുള്ളില്‍ ഉറച്ച്‌ കട്ടിയാവുകയും, പൊട്ടിയ ഭാഗത്ത്‌ എല്ലിന്‌ വളര്‍ന്നുവരാനുള്ള താങ്ങായിത്തീരുകയും ചെയ്യുന്ന പോളിമര്‍ ബ്രിട്ടീഷ്‌ ഗവേഷകരാണ്‌ വികസിപ്പിച്ചത്‌. ജൈവവിഘടനത്തിന്‌ വിധേയമാകുന്ന ഈ പോളിമര്‍ ശരീരത്തിന്‌ ദോഷം വരുത്തില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു.

സാധാരണ മുറിയിലെ താപനിലയില്‍ ടൂത്ത്‌പേസ്റ്റ്‌ പോലെ സ്ഥിതിചെയ്യുന്ന പോളിമര്‍വസ്‌തു, ശരീരതാപനിലയില്‍ ഉറച്ചുകട്ടിയാകുന്നു. അതിനാല്‍, എല്ലിന്‌ പൊട്ടലോ ഒടിവോ ഉണ്ടായ സ്ഥലത്ത്‌ കുത്തിവെച്ചാല്‍ സ്വയം കട്ടപിടിച്ച്‌ അത്‌ എല്ലിന്‌ താങ്ങായിക്കൊള്ളും. നോട്ടിങ്‌ഹാം സര്‍വകലാശാലയിലെ പ്രൊഫ. കെവിന്‍ ഷേക്‌ഷെഫ്‌ വികസിപ്പിച്ച ഈ വസ്‌തു, ബ്രിട്ടനില്‍ ഉടന്‍ പരീക്ഷണാര്‍ഥം രോഗികളില്‍ ഉപയോഗിച്ചു തുടങ്ങും. ഒന്നര വര്‍ഷത്തിനകം അമേരിക്കയിലും ഇതിന്റെ പരീക്ഷണ ഉപയോഗം ആരംഭിക്കും.

പൊട്ടലുണ്ടായ അസ്ഥി യോജിപ്പിക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നത്‌ ചിലയിനം സിമന്റുകളാണ്‌. ഇത്തരം സിമന്റുകളുടെ പ്രശ്‌നം, കട്ടപിടിക്കുമ്പോള്‍ അവ താപം ബഹിര്‍ഗമിപ്പിക്കുകയും സമീപത്തെ കോശങ്ങളെ കൊല്ലുകയും ചെയ്യും എന്നതാണ്‌. അതിനാല്‍, ശരീരത്തില്‍ പല ഭാഗങ്ങളിലും അത്‌ ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍, പുതിയ പോളിമര്‍ താപം പുറത്തേക്ക്‌ പ്രസരിപ്പിക്കുന്നില്ല. മാത്രമല്ല, ശരീരം കീറിമുറിക്കാതെ തന്നെ ഇത്‌ ഒടിവുണ്ടായ ഭാഗത്ത്‌ എത്തിക്കാനും കഴിയും; ഒരു സൂചിയുടെ സഹായമേ വേണ്ടൂ- പ്രൊഫ. ഷേക്‌ഷെഫ്‌ അറിയിക്കുന്നു.

സാധാരണഗതിയില്‍ എല്ലൊടിഞ്ഞ ഭാഗത്തെ വിടവ്‌ നികത്താന്‍, ശരീരത്തിന്റെ ഇതരഭാഗത്തുനിന്ന്‌ മുറിച്ചെടുക്കുന്ന അസ്ഥിഭാഗം ഉപയോഗിച്ച്‌ ഗ്രാഫ്‌ട്‌ ചെയ്യുകയാണ്‌ പതിവ്‌. അതിന്‌ ശരീരം കീറിമുറിച്ചുള്ള ശസ്‌ത്രക്രിയ വേണ്ടിവരും. പുതിയ സങ്കേതം ഉപയോഗിക്കുമ്പോള്‍ ശസ്‌ത്രക്രിയയുടെ ആവശ്യം വരില്ല, പ്രൊഫ. ഷേക്‌ഷെഫ്‌ പറയുന്നു. മാത്രമല്ല, ഒടിഞ്ഞ അസ്ഥിഭാഗം ചേര്‍ന്നുവരാന്‍ സ്ഥാപിച്ച താങ്ങ്‌ എടുത്ത്‌ മാറ്റാനുള്ള വേദനാജനകമായ ശസ്‌ത്രക്രിയയും പുതിയ മാര്‍ഗം പ്രയോഗിക്കുമ്പോള്‍ വേണ്ടിവരില്ല.

വലിയ സാധ്യതകളാണ്‌ ഉള്ളതെങ്കിലും, പുതിയ സങ്കേതത്തിന്‌ പരിമിതികള്‍ ഇല്ലാതില്ല. ഒടിവുണ്ടായ ഭാഗത്ത്‌ വളരെ വേഗം ഉറച്ചുകട്ടിയാകാന്‍ പുതിയ പോളിമറിന്‌ കഴിയുമെങ്കിലും, പഴയ അസ്ഥിഭാഗം ദുര്‍ബലമായതിനാല്‍ കാലിലും മറ്റും ഒടിവുണ്ടാകുമ്പോള്‍ ലോഹദണ്ഡുകള്‍ ഉപയോഗിച്ച്‌ അസ്ഥിഭാഗത്തെ നേരെ ഉറപ്പിച്ചു വെയ്‌ക്കേണ്ടി വരുന്നത്‌ ഒഴിവാക്കാനാവില്ല.

ശരീരത്തില്‍വെച്ച്‌ ഉറച്ചുകട്ടിയാകുമ്പോള്‍ ചൂടാകില്ല എന്നതിനാല്‍ പുതിയ വസ്‌തുവിന്റെ ഉപയോഗം അസ്ഥികളുടെ ചികിത്സയില്‍ മാത്രം ഒതുങ്ങി നില്‍ക്കില്ല എന്ന്‌ ഗവേഷകര്‍ കരുതുന്നു. ശരീരത്തില്‍ കേടുവന്ന ഏത്‌ ഭാഗത്തും പുതിയ കോശങ്ങള്‍ക്ക്‌ വളര്‍ന്ന്‌ വരാനുള്ള താങ്ങായി പുതിയ വസ്‌തു പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നാണ്‌ പ്രതീക്ഷ. ഭാവിയില്‍ ഹൃദ്രഗചികിത്സയില്‍ പോലും പുത്തന്‍ സങ്കേതത്തിന്റെ പ്രയോജനം കിട്ടിക്കൂടെന്നില്ല.
(കടപ്പാട്‌: ബി.ബി.സി, മാതൃഭൂമി).

Sunday, January 18, 2009

ചന്ദ്രകേന്ദ്രത്തില്‍ ഒരു ഡൈനാമോ ഉണ്ടായിരുന്നു

പ്രാചീന ചന്ദ്രശില വെളിപ്പെടുത്തുന്നു 420 കോടി വര്‍ഷം മുമ്പത്തെ രഹസ്യം. ഇന്നത്തെ ഭൂമിയുടെ കേന്ദ്രം പോലെയായിരുന്നു അന്ന്‌ ചന്ദ്രന്റെ കേന്ദ്രം; ഉരുകിമറിയുന്ന ഒരു ദ്രാവകലോകം.

ഒരു ഡസണ്‍ പേര്‍ ചന്ദ്രനില്‍ കാല്‍കുത്തിയെങ്കിലും അതില്‍ ഒരു ഭൗമശാസ്‌ത്രജ്ഞനേ ഉണ്ടായിരുന്നുള്ളൂ. അദ്ദേഹം അവിടെനിന്ന്‌ കൊണ്ടുവന്ന പ്രാചീനശിലയുടെ സഹായത്തോടെ, 36 വര്‍ഷത്തിന്‌ ശേഷം, ചന്ദ്രന്റെ 420 കോടി വര്‍ഷം പഴക്കമുള്ള രഹസ്യം കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. ചന്ദ്രനിലെ ചില പാറക്കഷണങ്ങളില്‍ എന്തുകൊണ്ട്‌ കാന്തികപ്രഭാവത്തിന്റെ മുദ്ര കാണപ്പെടുന്നു എന്ന പ്രഹേളികയ്‌ക്കുള്ള ഉത്തരമാണ്‌ ലഭിച്ചിരുന്നത്‌. ഒരുകാലത്ത്‌ ദ്രാവകരൂപത്തില്‍ ഉരുകിമറിയുന്ന ഒന്നായിരുന്നത്രേ ചന്ദ്രന്റെ കേന്ദ്രം. അതുമൂലം, ഇപ്പോള്‍ ഭൂമിയുടെ കേന്ദ്രം എങ്ങനെയാണോ, ആ രൂപത്തില്‍ ഒരു ഡൈനാമോയായി ചന്ദ്രകേന്ദ്രം പ്രവര്‍ത്തിച്ചുവത്രേ.

അപ്പോളൊ 17-ല്‍ ചന്ദ്രനിലെത്തിയ ഭൗമശാസ്‌ത്രജ്ഞനായ ഹാരിസണ്‍ 'ജാക്ക്‌' ഷിമിഡ്‌ത്‌ കൊണ്ടുവന്ന പ്രാചീന ശിലാഖണ്ഡമാണ്‌, അമേരിക്കയില്‍ മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജിയിലെ വിക്തര്‍ പി. സ്റ്റാറും കൂട്ടരും വിശകലനം ചെയ്‌തത്‌. നൂതനസങ്കേതങ്ങളുടെ സഹായത്തോടെ ശ്രമകരമായി നടത്തിയ ശിലാവിശകലനത്തില്‍, 420 കോടി വര്‍ഷം മുമ്പ്‌ ചന്ദ്രകേന്ദ്രം ഉരുകിമറിയുന്ന രൂപത്തിലായിരുന്നുവെന്നും, അതുമൂലം ചന്ദ്രന്‌ ഒരു കാന്തികമണ്ഡം ഉണ്ടായിരുന്നു എന്നും വ്യക്തമായയി- 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ചന്ദ്രനിലിറങ്ങിയ ആറ്‌ അപ്പോളൊ ദൗത്യങ്ങളും കൂടി 382 കിലോഗ്രാം പാറയും മണ്ണും അവിടെ നിന്ന്‌ ഭൂമിയിലെത്തിച്ചിട്ടുണ്ട്‌. `അതില്‍ ഏറെ സവിശേഷതയുള്ള ഒരു ശിലാമാതൃകയാണ്‌ ഹാരിസണ്‍ ഷിമിഡ്‌ത്‌ കൊണ്ടുവന്നത്‌`-വിക്തര്‍ സ്റ്റാര്‍ പറയുന്നു. ചന്ദ്രനില്‍നിന്ന്‌ ശേഖരിച്ചവയില്‍ ഏറ്റവും പഴക്കമേറിയ മാതൃക അതാണ്‌. ഭൂമിയില്‍ അറിയപ്പെടുന്ന ഏത്‌ പാറയെക്കാളും പഴക്കമുള്ളതാണ്‌ ആ ചന്ദ്രശില. കറയേല്‍ക്കാത്ത ശിലാമാതൃക. കാന്തികബലരേഖകളുടെ സാന്നിധ്യം അതില്‍ പ്രകടമാണ്‌. ആ ശിലയുടെ ചെറിയൊരു ഭാഗത്തെ മങ്ങിയ കാന്തികബലരേഖകളെയാണ്‌ ഗവേഷകര്‍ പഠനവിധേയമാക്കിയത്‌.

പ്രത്യേകമായി സംവിധാനം ചെയ്‌ത മാഗ്നെറ്റോമീറ്ററിന്റെയും റോബോട്ടിക്‌ സങ്കേതത്തിന്റെയും സഹായത്തോടെ, മറ്റേത്‌ ചന്ദ്രശിലയെക്കാളും കൂടുതല്‍ ആഴത്തില്‍ പഠനം നടത്താന്‍ കഴിഞ്ഞതായി ഗവേഷണത്തില്‍ പ്രധാനപങ്ക്‌ വഹിച്ച ഇയാന്‍ ഗാരിക്ക്‌-ബെതെല്‍ അറിയിച്ചു. ചന്ദ്രനില്‍ മറ്റേതെങ്കിലും വസ്‌തുക്കള്‍ വന്നിടിക്കുമ്പോള്‍ രൂപപ്പെടുന്ന കാന്തികമണ്ഡലത്തിന്റെ പ്രഭാവമാണ്‌ ശിലാഖണ്ഡത്തില്‍ അവശേഷിക്കുന്നതെന്ന്‌ ഗവേഷകര്‍ കരുതുന്നില്ല. കാരണം, അത്തരം കാന്തികപ്രഭാവം ചെറിയ സമയത്തേക്ക്‌ മാത്രമേ നിലനില്‍ക്കൂ, ശിലകളില്‍ കാന്തികബലരേഖകളുടെ മുദ്ര പതിപ്പിക്കാന്‍ അവയ്‌ക്കാവില്ല-ഗവേഷകര്‍ പറയുന്നു. ശിലാമാതൃകയിലെ തെളിവ്‌ പറയുന്നത്‌, ആ ശില ഏറെക്കാലം (ലക്ഷക്കണക്കിന്‌ വര്‍ഷം) ഒരു കാന്തികമണ്ഡലത്തില്‍ കഴിയേണ്ടി വന്നു എന്നാണ്‌. അത്തരമൊരു കാന്തികമണ്ഡലം ഒരു കാന്തിക ഡൈനാമോയുടെ സാന്നിധ്യത്തിലേ സാധ്യമാകൂ.

ചന്ദ്രപഠനത്തിലെ ഏറ്റവും വിവാദമായ പ്രശ്‌നമാണ്‌, ചന്ദ്രകേന്ദ്രം ഒരുകാലത്ത്‌ ദ്രാവകരൂപത്തിലായിരുന്നോ എന്നത്‌. അപ്പോളൊ ദൗത്യങ്ങളും മറ്റ്‌ ചന്ദ്രപഠനദൗത്യങ്ങളും, ഭൂമിയുടെ ഉപഗ്രഹത്തിന്റെ പ്രതലത്തില്‍ ലാവയൊഴുകിയുണ്ടായ അടയാളങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്‌. പക്ഷേ, ചന്ദ്രന്‌ ദ്രവാവസ്ഥയിലുള്ള ഒരു കേന്ദ്രം ഉണ്ടായിരുന്നു എന്ന്‌ വിശ്വസിക്കാന്‍ ഇപ്പോഴും പല ഗവേഷകരും കൂട്ടാക്കുന്നില്ല. എന്നാല്‍, പുതിയ കണ്ടെത്തല്‍ പറയുന്നത്‌ അത്തരമൊരു കേന്ദ്രം ചന്ദ്രന്‌ ഉണ്ടായിരുന്നു എന്നും, അതിന്റെ ഫലമായുണ്ടായ കാന്തികമണ്ഡലം ഭൂമിയുടേതിനെ അപേക്ഷിച്ച്‌ അഞ്ചിലൊന്ന്‌ മാത്രം ശക്തിയുള്ളതായിരുന്നു എന്നുമാണ്‌. ചൊവ്വായുടെ വലിപ്പമുള്ള ഒരു വസ്‌തു ഭൂമിയുമായി കൂട്ടിയിടിച്ചാണ്‌ ചന്ദ്രന്‍ രൂപപ്പെട്ടതെന്ന നിഗമനത്തെ പിന്താങ്ങുന്നതാണ്‌ പുതിയ കണ്ടെത്തലെന്ന്‌ ഗവേഷകര്‍ പറയുന്നു.

ശ്രദ്ധേയമായ രണ്ട്‌ സംഗതികള്‍ ഈ ഗവേഷണം മുന്നോട്ടുവെയ്‌ക്കുന്നു. നമ്മുടെ തൊട്ടടുത്തുള്ള ആകാശഗോളത്തെക്കുറിച്ച്‌ പോലും നമ്മള്‍ എത്ര കുറച്ചേ അറിഞ്ഞിട്ടുള്ളു എന്നതാണ്‌ ഒന്നാമത്തെ വസ്‌തുത. ചന്ദ്രനില്‍ ഗര്‍ത്തങ്ങളും പര്‍വതങ്ങളുമുണ്ടെന്ന്‌ ഗലീലിയോ കണ്ടുപിടിച്ചിട്ട്‌ 400 വര്‍ഷമായെങ്കിലും, ഇനിയും ചന്ദ്രനെക്കുറിച്ച്‌ നമ്മള്‍ അറിയാനിരിക്കുന്നതേയുള്ളു എന്ന്‌ സാരം. രണ്ടാമത്തേത്‌, അപ്പോളൊ ദൗത്യം അവസാനിച്ചിട്ട്‌ 40 വര്‍ഷമാകാന്‍ പോകുന്നുവെങ്കിലും, ആ ദൗത്യം ഇപ്പോഴും പുതിയ കണ്ടുപിടിത്തങ്ങള്‍ക്ക്‌ സാധ്യത തുറക്കുന്നു എന്നതാണ്‌്‌. ചന്ദ്രപ്രതലത്തിലെ ജലസാന്നിധ്യം അവിടെ നിന്ന്‌ കൊണ്ടുവന്ന ശിലകളില്‍ കണ്ടെത്തിയത്‌ കഴിഞ്ഞ വര്‍ഷമാണ്‌ (ഇത്‌ കാണുക).

വാല്‍ക്കഷണം: അപ്പോളൊ ദൗത്യങ്ങളെല്ലാംകൂടി 382 കിലോഗ്രാം മണ്ണും പാറയും ചന്ദ്രനില്‍നിന്ന്‌ കൊണ്ടുവന്നെങ്കിലും, പാവപ്പെട്ട ചൈനക്കാര്‍ക്ക്‌ അമേരിക്ക അതില്‍നിന്ന്‌ സമ്മാനിച്ചത്‌ വെറും ഒരു ഗ്രാം ചന്ദ്രശിലമാത്രമാണ്‌; 1978-ല്‍. ആ ഒരു ഗ്രാമില്‍ പകുതി ചൈനീസ്‌ അധികൃതര്‍ പഠനത്തിനായി ഗവേഷകര്‍ക്ക്‌ കൈമാറി. ചൈനീസ്‌ ഗവേഷകര്‍ വെറുതെ വിട്ടില്ല. ഉള്ളതുകൊണ്ട്‌ ഓണം പോലെ എന്നു പറയും മാതിരി, ആ അരഗ്രാം ഉപയോഗിച്ച്‌ 40 ഗവേഷണ പ്രബന്ധങ്ങള്‍ അവര്‍ രചിച്ചു! ഏതായാലും ഒരു ഗ്രാം ചന്ദ്രശിലയല്ലേ ചൈനയ്‌ക്ക്‌ കൊടുക്കാന്‍ തോന്നിയുള്ളു എന്ന്‌ ആശ്വസിക്കുകയാണ്‌ അമേരിക്ക.
(അവലംബം: സയന്‍സ്‌ ഗവേഷണവാരിക).

Saturday, January 17, 2009

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ 'പ്ലേഗ്‌'

കാലങ്ങളോളം മനുഷ്യനെ മരണഭീതിയിലാഴ്‌ത്തിയ പ്ലേഗ്‌ പോലെ, എലിച്ചെള്ളുകളിലൂടെ ലോകമെങ്ങും പകരുന്ന പുതിയൊരു മാരകരോഗത്തെക്കുറിച്ച്‌ മുന്നറിയിപ്പ്‌.

ഹൃദ്രോഗകാരിയായ ഒരിനം മാരകബാക്ടീരിയ എലികളിലൂടെ ലോകത്ത്‌ പടരുന്നതായി കണ്ടെത്തല്‍. 'ഇരുപത്തിയൊന്നാംനൂറ്റാണ്ടിലെ പ്ലേഗെ'ന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന ഈ വിപത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കി. ഹൃദ്രോഗം മുതല്‍ പ്ലീഹ, സിരാവ്യൂഹം എന്നിവയിലെ അണുബാധയ്‌ക്കുവരെ കാരണമായേക്കാവുന്ന രോഗാണു എലിച്ചെള്ളൂകളിലൂടെയാണ്‌ വ്യാപിക്കുന്നത്‌.

ബാര്‍ട്ടൊനെല്ല വിഭാഗത്തില്‍പെട്ട ബാക്ടീരിയയാണ്‌ എലിച്ചെള്ളുകളിലൂടെ പടരുന്നത്‌. മറ്റ്‌ ജീവികളില്‍നിന്ന്‌ മനുഷ്യരിലെത്തുന്ന രോഗാണുക്കളുടെ ഗണത്തിലാണ്‌ ഇവയുടെ സ്ഥാനം. 1990-കളുടെ തുടക്കം മുതല്‍ ഇരുപതിലേറെയിനം ബാര്‍ട്ടോനെല്ല ബാക്ടീരിയയിനങ്ങളെ ഗവേഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്‌. മാരകമായ ഹൃദ്രോഗം വരുത്താന്‍ കഴിവുള്ള ഈ ബാക്ടീരിയ, എലിച്ചെള്ളുകളിലൂടെ പടരുന്ന കാര്യം 'ജേര്‍ണല്‍ ഓഫ്‌ മെഡിക്കല്‍ മൈക്രോബയോളജി'യുടെ ഡിസംബര്‍ ലക്കത്തിലാണുള്ളത്‌.

സമീപകാലത്ത്‌ തെക്കേയമേരിക്കയില്‍ യാത്ര ചെയ്‌തുവന്ന ഒരു രോഗിയുടെ പ്ലീഹയില്‍ 'ബാര്‍ട്ടൊനെല്ല റോചാലിമേ' എന്ന പുതിയയിനം ബാക്ടീരിയയെ കണ്ടെത്തിയതാണ്‌, എലിച്ചെള്ളുകള്‍ രോഗം പരത്തുന്നതിന്റെ വ്യാപ്‌തിയെക്കുറിച്ച്‌ പഠിക്കാന്‍ തയ്‌വാനീസ്‌ ഗവേഷകരെ പ്രേരിപ്പിച്ചത്‌. സമീപകാലത്ത്‌ അമേരിക്കയില്‍ മനുഷ്യനെ ബാധിച്ചതായി കണ്ടെത്തിയ രോഗാണുവാണിത്‌. "ഉത്‌കണ്‌ഠാജനകമായ കണ്ടെത്തലായിരുന്നു അത്‌"- തയ്‌വാനില്‍ നാഷണല്‍ ചുങ്‌ ഹിസിങ്‌ സര്‍വകലാശാലയിലെ പ്രൊഫ. ചാവോ-ചിന്‍ ചാങ്‌ അറിയിക്കുന്നു.

മനുഷ്യവാസമുള്ള പ്രദേശത്ത്‌ കാണപ്പെടുന്ന എലികള്‍ ഈ ബാക്ടീരിയ വഹിക്കുന്നുണ്ടോ എന്ന്‌ പരിശോധിക്കാന്‍ തീരുമാനിച്ചത്‌ അങ്ങനെയാണ്‌- അദ്ദേഹം അറിയിച്ചു. വിവിധയിനത്തില്‍പെട്ട 58 എലികളില്‍നിന്നുള്ള സാമ്പിളുകള്‍ ഗവേഷകര്‍ പരിശോധിച്ചു. അവയില്‍ ആറെണ്ണം ബാര്‍ട്ടൊനെല്ല ബാക്ടീരിയകള്‍ വഹിക്കുന്നു എന്ന ആശങ്കാജനകമായ ഫലമാണ്‌ പരിശോധനയില്‍ ലഭിച്ചത്‌.

അവയില്‍ നാല്‌ എലികളില്‍ കാണപ്പെട്ടത്‌ മനുഷ്യരില്‍ ഹൃദ്രോഗം വരുത്തുന്ന 'ബാര്‍ട്ടൊനെല്ല എലിസബെത്തേ' എന്ന രോഗാണുവായിരുന്നു. ഒരു സാമ്പിളില്‍ 'ബാര്‍ട്ടൊനെല്ല ട്രിബോകോറം' ബാക്ടീരിയയും, മറ്റൊരു സാമ്പിളില്‍ 'റോചാലിമേ' ഇനവുമാണ്‌ കണ്ടെത്തിയത്‌. അമേരിക്കയില്‍ എലികളില്‍നിന്ന്‌ മനുഷ്യരില്‍ പകര്‍ന്ന രോഗാണു തയ്‌വാനിലെ എലികളിലും കാണപ്പെട്ടു എന്നത്‌ വളരെ പ്രാധാന്യമര്‍ഹിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ഇതെപ്പറ്റി കൂടുതല്‍ പഠനം ആവശ്യമാണെന്നും അവര്‍ അഭിപ്രായപ്പെടുന്നു. (അവലംബം: ജേര്‍ണല്‍ ഓഫ്‌ മെഡിക്കല്‍ മൈക്രോബയോളജി, കടപ്പാട്‌: മാതൃഭൂമി)

Tuesday, January 13, 2009

ഗൂഗിളില്‍ തിരയുമ്പോള്‍ ഭൂമി ചൂടുപിടിക്കുന്നു

ഗൂഗിളില്‍ ഒരു തവണ സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഏഴ്‌ ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ അന്തരീക്ഷത്തിലെത്തുന്നവെന്ന്‌ റിപ്പോര്‍ട്ട്‌.

ഇന്റര്‍നെറ്റ്‌ എന്നാല്‍ പലര്‍ക്കും ഗൂഗിള്‍ തന്നെയാണ്‌. സെര്‍ച്ച്‌ ചെയ്‌താല്‍ ഏത്‌ വിവരവും നൊടിയിടയില്‍ മുന്നിലെത്തും. കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ ഏറ്റവും വിജയിച്ച രണ്ട്‌ ടെക്‌നോളജികളിലൊന്നായി എക്കണോമിസ്‌റ്റ്‌ വാരിക തിരഞ്ഞെടുത്തത്‌ ഗൂഗിള്‍ സെര്‍ച്ചിനെയാണ്‌ (രണ്ടാമത്തേത്‌ ആപ്പിളിന്റെ മ്യൂസിക്‌ പ്ലേയറായ ഐപ്പോഡ്‌). എന്നാല്‍, ആ വിജയത്തിന്റെ വില ഭൂമി താങ്ങേണ്ടി വരുന്നുണ്ടെന്ന്‌ പുതിയൊരു റിപ്പോര്‍ട്ട്‌ പറയുന്നു. ഗൂഗിളിലെ ഓരോ തിരയലും ഭൂമിയെ ചൂടുപിടിപ്പിക്കുകയാണ്‌. ഓരോ സെര്‍ച്ചിലും കുറഞ്ഞത്‌ ഏഴ്‌ ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ വീതം അന്തരീക്ഷത്തില്‍ വ്യാപിക്കുന്നുവത്രേ. അതിന്‌ പോന്നത്ര ഊര്‍ജം ഓരോ ഗൂഗിള്‍ സെര്‍ച്ചിലും ആവശ്യമായി വരുന്നു എന്നാണര്‍ഥം.

ഹാര്‍വാഡ്‌ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രജ്ഞനായ ഡോ. അലെക്‌സ്‌ വിസ്സ്‌നെര്‍-ഗ്രോസ്സാണ്‌, ഗൂഗിളും കാര്‍ബണ്‍ഡയോക്‌സയിഡും തമ്മിലുള്ള ഈ ബന്ധം പുറത്തുകൊണ്ടുവന്നത്‌. സാധാരണഗതിയില്‍ ചായ തിളപ്പിക്കാന്‍ ഒരു ഇലക്ട്രിക്‌ കെറ്റില്‍ ചൂടാക്കുമ്പോള്‍ അന്തരീക്ഷത്തിലെത്തുന്നത്‌ 14 ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ ആണ്‌. എന്നുവെച്ചാല്‍ ഗൂഗിളില്‍ രണ്ടുതവണ തിരച്ചില്‍ നടത്തുന്നത്‌ ഒരു കെറ്റില്‍ ചൂടാക്കുന്നതിന്‌ തുല്യമാണ്‌ ! ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സ്‌ പുറത്തുവിട്ട ഈ കണക്ക്‌ പക്ഷേ, ഗൂഗിള്‍ അംഗീകരിക്കുന്നില്ല. ഗൂഗിള്‍ പറയുന്നത്‌, അവരുടെ സെര്‍ച്ച്‌എഞ്ചിനില്‍ ഒരു തവണ തിരയുമ്പോള്‍ 0.2 ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡേ പുറത്തുവരുന്നുള്ളു എന്നാണ്‌.

ഭൂമിയെ ചൂടുപിടിപ്പിക്കുന്ന കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ ഏറ്റവുമധികം വ്യാപിക്കുന്നത്‌ ഊര്‍ജോത്‌പാദനത്തിന്റെ ഫലമായാണ്‌. ഐ.ടി.മേഖല ഉപയോഗിക്കുന്ന ഊര്‍ജത്തിന്റെ അളവുവെച്ച്‌, ഹരിതഗൃഹവാതകവ്യാപനത്തില്‍ രണ്ടുശതമാനത്തിന്റെ ഉത്തരവാദി ഈ മേഖലയാണെന്ന്‌ അടുത്തയിടെ അമേരിക്കന്‍ ഗവേഷണസ്ഥാപനമായ ഗാര്‍ട്ട്‌നെര്‍ നടത്തിയ പഠനത്തില്‍ കണ്ടിരുന്നു. ആ പഠനഫലവുമായി ചേര്‍ത്ത്‌ വായിക്കാവുന്ന ഒന്നാണ്‌ ഡോ. ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സിന്റെ റിപ്പോര്‍ട്ട്‌.

കോടിക്കണക്കിന്‌ ഇന്‍ഡെക്‌സ്‌ പേജുകള്‍ പരതി ആവശ്യമുള്ള സെര്‍ച്ച്‌ഫലം അതിവേഗം ആവശ്യക്കാരന്റെ മുന്നിലെത്തിക്കുകയാണ്‌ ഗൂഗിള്‍സെര്‍ച്ച്‌ ചെയ്യുന്നത്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ (അമേരിക്ക, യൂറോപ്പ്‌, ജപ്പാന്‍, ചൈന തുടങ്ങിയ ഇടങ്ങളില്‍) സ്ഥാപിച്ചിട്ടുള്ള ഡേറ്റാകേന്ദ്രങ്ങളിലെ വിവരങ്ങളാണ്‌ നൊടിയിടയില്‍ തിരച്ചിലിന്‌ വിധേയമാകുന്നത്‌. സ്വാഭാവികമായും വേഗം കൂട്ടാന്‍ ഊര്‍ജം കൂടുതല്‍ വേണ്ടിവരുന്നു. അതാണ്‌ ഗൂഗിള്‍സെര്‍ച്ച്‌ വളരെ ഊര്‍ജച്ചെലവുള്ള ഒന്നാകാന്‍ കാരണം. സ്വാഭാവികമായും അതിനനുസരിച്ച്‌ കാര്‍ബണ്‍ഡയോക്‌സയിഡ്‌ അന്തരീക്ഷത്തില്‍ വ്യാപിക്കും-ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സ്‌ പറയുന്നു.

ഗൂഗിള്‍സെര്‍ച്ച്‌ മാത്രമല്ല, ഇന്റര്‍നെറ്റിന്റെ മറ്റ്‌ ഉപയോഗങ്ങളിലും എത്ര കാര്‍ബണ്‍ഡയോക്‌സയിഡ്‌ പുറത്തുവരുന്നു എന്ന്‌ ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സും സംഘവും കണക്കുകൂട്ടുകയുണ്ടായി. ഒരു സാധാരണ വെബ്ബ്‌പേജ്‌ ഒരാള്‍ കാണുമ്പോള്‍, ഓരോ സെക്കന്‍ഡിലും 0.02 ഗ്രാം കാര്‍ബണ്‍ഡയോക്‌സയിഡ്‌ അന്തരീക്ഷത്തിലെത്തുന്നുണ്ട്‌. അതേസമയം, ചിത്രങ്ങളും ആനിമേഷനും വീഡിയോയുമൊക്കെയുള്ള വെബ്ബ്‌പേജാണ്‌ കാണുന്നതെങ്കില്‍ കഥ മാറും. വാതകവ്യാപനം പത്തിരട്ടിയാകും (0.2 ഗ്രാം).

ഭൂമുഖത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ്‌ കമ്പനിയായ ഗൂഗിളാണ്‌, ഇന്റര്‍നെറ്റില്‍ ദിവസവും നടക്കുന്ന 37.5 കോടി തിരയലുകളില്‍ 40 ശതമാനവും കൈകാര്യം ചെയ്യുന്നത്‌. ആ നിലയ്‌ക്ക്‌ ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സും സംഘവും നടത്തിയിരിക്കുന്ന കണ്ടെത്തല്‍ ഗൂഗിളിന്‌ അത്ര അനുകൂലമല്ല. സാധാരണകാര്യങ്ങളില്‍ പ്രതികരണം നടത്താന്‍ കൂട്ടാക്കാത്ത ഗൂഗിള്‍, പുതിയ റിപ്പോര്‍ട്ടിന്‌ പെട്ടന്നുതന്നെ മറുപടി നല്‍കി. ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗില്‍ പ്രത്യക്ഷപ്പെട്ട പ്രസ്‌താവന പറയുന്നത്‌, ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സിന്റെ കണ്ടെത്തല്‍, യാഥാര്‍ഥ കണക്കിനെക്കാള്‍ 'അനേക മടങ്ങ്‌ കൂടുതലാണ്‌' എന്നാണ്‌.

ഗൂഗിളില്‍ ഒരു സാധാരണ സെര്‍ച്ചിന്റെ ഫലം ലഭിക്കാന്‍ 0.2 സെക്കന്‍ഡ്‌ സമയമേ വേണ്ടു. അതിനാല്‍, ഗൂഗിളിന്റെ സെര്‍വറുകള്‍ സെക്കന്‍ഡിന്റെ ആയിരക്കണക്കിലൊന്നു സമയമേ ഒരു സെര്‍ച്ചിനായി പ്രവര്‍ത്തിക്കേണ്ടി വരുന്നുള്ളു. അതിനാല്‍ ഒരു സാധാരണ സെര്‍ച്ചിന്‌ ആവശ്യമായ ഊര്‍ജം 0.0003 കിലോവാട്ട്‌ മാത്രം. ഇത്രയും ഊര്‍ജത്തിന്‌ 0.2 ഗ്രാം കാര്‍ബണ്‍ഡയോക്‌സഡേ പുറന്തള്ളേണ്ടതുള്ളു-ഗൂഗിള്‍ പറയുന്നു.

`ഡേറ്റാസെന്ററുകളുടെ ഊര്‍ജോപയോഗം കുറയ്‌ക്കാന്‍ വലിയ ശ്രമങ്ങള്‍ ഞങ്ങള്‍ നടത്തിയിട്ടുണ്ട്‌. 2007-ല്‍ നിലവില്‍ വന്ന 'ക്ലൈമറ്റ്‌ സെര്‍വേഴ്‌സ്‌ കമ്പ്യൂട്ടിങ്‌ ഇനിഷ്യേറ്റീവി'ന്റെ സ്ഥാപകരിലൊരാള്‍ ഞങ്ങളാണ്‌. 2010 ആകുമ്പോഴേക്കും കമ്പ്യൂട്ടറുകളുടെ ഊര്‍ജോപഭോഗം പകുതിയാക്കുകയെന്ന ലക്ഷ്യംനേടാന്‍ പ്രതിജ്ഞാബദ്ധമാണ്‌ ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ കണ്‍സോര്‍ഷ്യം. അതുവഴി ലോകത്ത്‌ കാര്‍ബണ്‍ഡയോക്‌സയിഡ്‌ വ്യാപനത്തില്‍ പ്രതിവര്‍ഷം 540 ലക്ഷംടണ്‍ കുറവ്‌ വരുത്താനാകും`ഗൂഗിള്‍ പ്രസ്‌താവനയില്‍ പറയുന്നു.
(കടപ്പാട്‌: ബി.ബി.സി, ദി സണ്‍ഡേ ടൈംസ്‌, ഗൂഗിള്‍).

Update on 12.30 AM, Jan.14, 2009: ഗൂഗിളിനെ മാത്രമെടുത്ത്‌ പഠനം നടത്തുകയായിരുന്നില്ല തങ്ങളെന്ന്‌ ഹാര്‍വാഡ്‌ ഗവേഷകനായ അലെക്‌സ്‌ വിസ്സ്‌നെര്‍-ഗ്രോസ്സ്‌ പറഞ്ഞതായി 'ടെക്‌ന്യൂസ്‌വേള്‍ഡ്‌' (Technewsworld) റിപ്പോര്‍ട്ട്‌ ചെയ്യുന്നു. ഇന്റര്‍നെറ്റ്‌ സെര്‍ച്ചിന്റെ ഊര്‍ജവശമായിരുന്നു പഠനവിഷയം. സണ്‍ഡെ ടൈംസ്‌ ആണ്‌ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്‌. ഗൂഗിള്‍ ഇന്റര്‍നെറ്റിലെ ഏറ്റവും പരിചിതമായ കമ്പനിയായതുകൊണ്ട്‌ വായനക്കാരെ വേഗം ആകര്‍ഷിക്കാനാവാം റിപ്പോര്‍ട്ടര്‍ ഗൂഗിള്‍സെര്‍ച്ചിന്റെ ഊര്‍ജോപയോഗത്തിന്‌ ഊന്നല്‍ നല്‍കിയതെന്ന്‌ ഡോ. വിസ്സ്‌നെര്‍-ഗ്രോസ്സ്‌ പറയുന്നു.

Sunday, January 11, 2009

ഔഷധപ്രയോഗത്തിന്‌ നൂതനമാര്‍ഗം

മലയാളിയായ ഡോ.ജോര്‍ജ്‌ ജോണും കൂട്ടരും കണ്ടെത്തിയ മാര്‍ഗം, ശരീരത്തിന്റെ ആവശ്യത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കുന്ന 'സ്‌മാര്‍ട്ട്‌ഔഷധങ്ങള്‍'ക്ക്‌ വഴിതുറക്കും.

ശരീരത്തിന്‌ ആവശ്യമുള്ള സമയത്തത്ത്‌ കിട്ടത്തക്കവിധം ഔഷധങ്ങളെ മുന്‍കൂട്ടി പ്രോഗ്രാം ചെയ്യാവുന്ന സങ്കേതം കണ്ടെത്തുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. ഔഷധപ്രയോഗം കൂടുതല്‍ ഫലവത്താക്കാനും പാര്‍ശ്വഫലങ്ങള്‍ കുറയ്‌ക്കാനും സഹായിക്കുന്ന നൂതനമാര്‍ഗം, ന്യൂയോര്‍ക്കില്‍ സിറ്റിയൂണിവേഴ്‌സിറ്റിയിലെ മലയാളിയായ ജോര്‍ജ്‌ ജോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ വികസിപ്പിച്ചത്‌. രോഗവുമായി ബന്ധപ്പെട്ട പ്രത്യേക രാസാഗ്നികളുടെ (എന്‍സൈം) സാന്നിധ്യത്തില്‍ മാത്രം സ്വതന്ത്രമാക്കാന്‍ പാകത്തില്‍ ഔഷധത്തെ പ്രോഗ്രാം ചെയ്യാന്‍ ഇതുവഴി കഴിയും. മാരകമായ പോളിമറുകളുടെ സഹായമില്ലാതെയാണ്‌ ഗവേഷകര്‍ പുതിയ മുന്നേറ്റം നടത്തിയത്‌.

ശരീരത്തില്‍ കാണപ്പെടുന്ന ഒരു സാധാരണ രാസാഗ്നിയുടെ സാന്നിധ്യത്തില്‍ സ്വതന്ത്രമാകാന്‍ പാകത്തില്‍, നമുക്ക്‌ പരിചിതമായ ഔഷധത്തെ പ്രോഗ്രാം ചെയ്യുന്നതിലാണ്‌ ഗവേഷകര്‍ ആദ്യം വിജയിച്ചത്‌. വേദനാസംഹാരിയായ പാരസെറ്റാമോള്‍ (അസെറ്റാമിനോഫെന്‍) ആണ്‌ ഇത്തരത്തില്‍ പ്രോഗ്രാം ചെയ്യപ്പെട്ടത്‌. 'ജലസ്‌നേഹി' (water-loving)യായ ഔഷധതന്മാത്രയുടെ അഗ്രത്തില്‍ 'ജലവിരോധി'(water-hating)യായ ഒരിനം ഫാറ്റിആസിഡിനെ കൊളുത്തിഘടിപ്പിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ഈ സംവിധാനത്തില്‍ ജലവിരോധിയായ ഫാറ്റിആസിഡ്‌ അഗ്രങ്ങള്‍ പരസ്‌പരം ചേര്‍ന്നിരിക്കാന്‍ പ്രവണത കാട്ടും, ജലസ്‌നേഹികളായ ഔഷധഅഗ്രങ്ങളും അങ്ങനെ തന്നെ.

ജലവിരോധികളായ ഫാറ്റിആസിഡ്‌ അഗ്രങ്ങള്‍ ഉള്ളിലും പാസെറ്റാമോള്‍ അഗ്രങ്ങള്‍ പുറത്തേക്ക്‌ തിരിഞ്ഞിരിക്കുന്ന വിധത്തിലും ഒരിനം നാനോനാരുകള്‍ (നാനോഫൈബറുകള്‍) ഇതുവഴി സൃഷ്ടിക്കപ്പെടും. ഇത്തരം നാനോനാരുകള്‍ കൂട്ടുചേര്‍ന്ന്‌ ഒരു സൂക്ഷ്‌മവലയുണ്ടാകുന്നു. പാരസെറ്റാമോള്‍ തന്മാത്രകള്‍ ഫാറ്റിആസിഡുമായി കൂട്ടുചേര്‍ന്ന്‌ വലയായി രൂപപ്പെട്ടിരിക്കുന്നതിനാല്‍ ശരീരത്തിലെത്തുമ്പോഴും അതങ്ങനെ തന്നെ തുടരും. എന്നാല്‍, ബന്ധപ്പെട്ട രാസാഗ്നിയുടെ സാന്നിധ്യത്തില്‍ പാരസെറ്റാമോളും ഫാറ്റിആസിഡും തമ്മിലുള്ള ബന്ധം തകരുകയും, ഔഷധം സ്വതന്ത്രമാകുകയും ചെയ്യും. ഫാറ്റിആസിഡുകള്‍ സ്വാഭാവികമായിത്തന്നെ ശരീരത്തില്‍ ഉള്ളതിനാല്‍, ഔഷധത്തിന്റെ വിഘടനം മൂലം ശരീരത്തിന്‌ ദോഷമുണ്ടാക്കുന്ന ഉപോത്‌പന്നങ്ങളൊന്നും ഉണ്ടാകുന്നില്ല.

ഒരു പ്രത്യേക രോഗമോ ശരീരാവസ്ഥയോ ഉള്ളപ്പോള്‍ മാത്രം ഔഷധം എത്തേണ്ട സ്ഥാനത്ത്‌ കൃത്യമായി ലഭിക്കാന്‍ ഈ സങ്കേതം പരിഷ്‌ക്കരിക്കാനാകുമെന്ന്‌ ഗവേഷകര്‍ വിശ്വസിക്കുന്നു. ഉദാഹരണത്തിന്‌ നീരും വേദനയും കുറയ്‌ക്കാനുള്ള ഒരു മരുന്നിന്റെ കാര്യം പരിഗണിക്കുക. അത്തരം അവസ്ഥയില്‍ ശരീരത്തില്‍ പ്രത്യേകം രാസാഗ്നികള്‍ പ്രത്യക്ഷപ്പെടും. അത്തരം രാസാഗ്നിയുടെ സാന്നിധ്യത്തിലേ ഔഷധം സ്വതന്ത്രമാക്കപ്പെടൂ എങ്കില്‍, ഔഷധം പാഴാകുന്നില്ല എന്ന്‌ ഉറപ്പിക്കാം. കീമോതെറാപ്പിക്കുപയോഗിക്കുന്ന ഔഷധങ്ങള്‍ ഇത്തരത്തില്‍ രൂപപ്പെടുത്തിയാല്‍, ട്യൂമറുകളുടെ പരിസരത്ത്‌ അവ പുറത്തുവിടുന്ന രാസാഗ്നിയുടെ സാന്നിധ്യത്തിലേ ഔഷധം സ്വതന്ത്രമാകാന്‍ പാടുള്ളൂ എന്ന്‌ പ്രോഗ്രാം ചെയ്യാം. ആരോഗ്യമുള്ള കോശങ്ങള്‍ കീമോതെറാപ്പി മൂലം നശിക്കുന്നത്‌ ഇത്തരത്തില്‍ ചെറുക്കാനാകും-'ന്യൂ സയന്റിസ്റ്റ്‌' വാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

പാരസെറ്റാമോള്‍ മാത്രമല്ല, അര്‍ബുദ ഔഷധമായ 'കുര്‍കുമിനെ'യും പ്രോഗ്രാം ചെയ്യുന്നതില്‍ ഗവേഷകര്‍ വിജയിച്ചു. സുരക്ഷിതവും പാര്‍ശ്വഫലമില്ലാത്തതുമായ 'സ്‌മാര്‍ട്ട്‌ ഔഷധപ്രയോഗ'ത്തിന്‌ വഴിയൊരുക്കുന്ന ഈ സങ്കേതത്തിന്‌ വന്‍സാധ്യതയാണ്‌ ഭാവിയില്‍ ഉണ്ടാവുകയെന്ന്‌ കരുതപ്പെടുന്നു. സിറ്റി സര്‍വകലാശാലയിലെ അസ്സോസിയേറ്റ്‌ പ്രൊഫസറാണ്‌ ഇടുക്കി സ്വദേശിയായ ജോര്‍ജ്‌ ജോണ്‍. പാറത്തോട്ടിലെ പൊട്ടക്കല്‍ കുടുംബാംഗം. നാനോസങ്കേതത്തിന്റെ സഹായത്തോടെ അണുക്കളെയകറ്റുന്ന ചായം കുറഞ്ഞ ചെലവില്‍ നിര്‍മിക്കാനുള്ള വിദ്യ ജോര്‍ജ്‌ ജോണും സംഘവും കണ്ടെത്തിയത്‌ കഴിഞ്ഞ വര്‍ഷം മാധ്യമശ്രദ്ധ നേടിയിരുന്നു. ഇപ്പോഴത്തെ ഗവേഷണത്തില്‍ ഡോ. ജോണിനെക്കൂടാതെ 
ആന്ധ്രപ്രദേശ്‌ സ്വദേശിയായ  പ്രവീണ്‍ കെ.വേമുളയും മുഖ്യപങ്ക്‌ വഹിച്ചു. (അവലംബം: ബയോമെറ്റീരിയല്‍സ്‌, ന്യൂസയന്റിസ്‌റ്റ്‌).

കാണുക: അണുക്കളെ അകറ്റുന്ന ചായം; നാനോവിദ്യയിലൂടെ

Tuesday, January 06, 2009

ക്ഷീരപഥം-അഴകളവുകള്‍ മാറുന്നു

കരുതിയത്‌ പോലെയല്ല കാര്യങ്ങള്‍. നമ്മുടെ മാതൃഗാലക്‌സിയുടെ ഭ്രമണവേഗമോ പിണ്ഡമോ നമ്മള്‍ അളന്നിടത്തല്ല നില്‍ക്കുന്നത്‌. ക്ഷീരപഥത്തിന്റെ ഭ്രമണവേഗവും പിണ്ഡവും തിട്ടപ്പെടുത്തിയതിലും കൂടുതലാണത്രേ. മൂന്ന്‌ ലക്ഷം കോടി സൂര്യന്‍മാരുടെ പിണ്ഡത്തിന്‌ തുല്യമാണ്‌ ക്ഷീരപഥത്തിന്റേതെന്ന്‌ പുതിയ കണക്കുകള്‍ പറയുന്നു. ക്ഷീരപഥത്തിന്‌ നാല്‌ വാര്‍ത്തുളകരങ്ങള്‍ ഉള്ളതായും പുതിയ പഠനം സൂചന നല്‍കുന്നു. 

400 വര്‍ഷം മുമ്പ്‌ ഗലീലിയോയാണ്‌ ആദ്യം അത്‌ കണ്ടെത്തിയത്‌; ക്ഷീരപഥമെന്നത്‌ നക്ഷത്രങ്ങളുടെ കൂട്ടമാണെന്ന്‌. പിന്നീട്‌ മനസിലായി അതാണ്‌ നമ്മുടെ മാതൃഗാലക്‌സിയെന്ന്‌. ആകാശഗംഗയെന്ന്‌ വിളിക്കുന്ന ക്ഷീരപഥത്തിന്റെ അളവുകള്‍ കണ്ടെത്താന്‍ കാലങ്ങളായി ഒട്ടേറെപ്പേര്‍ ശ്രമിച്ചു. ഇപ്പോള്‍ അറിയാവുന്ന വിവരം അനുസരിച്ച്‌, ഗാലക്‌സിയുടെ കേന്ദ്രത്തില്‍നിന്ന്‌ 28,000 പ്രകാശവര്‍ഷം അകലെയാണ്‌ നമ്മള്‍ - എന്നുവെച്ചാല്‍ സൂര്യനും ഭൂമിയും ഉള്‍പ്പെടുന്ന സൗരയൂഥം.

മണിക്കൂറില്‍ എട്ടുലക്ഷം കിലോമീറ്റര്‍ എന്ന കണക്കിന്‌ സൂര്യന്‍ ഗാലക്‌സികേന്ദ്രത്തെ പരിക്രമണം ചെയ്യുന്നു എന്നാണ്‌ ഇതുവരെ ധരിച്ചിരുന്നത്‌. എന്നാല്‍, അത്‌ ശരിയല്ലത്രേ. പുതിയ കണക്കുകൂട്ടലുകള്‍ മറ്റൊരു കഥയാണ്‌ പറയുന്നത്‌. സൂര്യന്റെ യഥാര്‍ഥ പരിക്രമണവേഗം മണിക്കൂറില്‍ 9.6 ലക്ഷം കിലോമീറ്റര്‍ (സെക്കന്‍ഡില്‍ 254 കിലോമീറ്റര്‍) ആണത്രേ. നേരത്തെ കരുതിയിരുന്നതിലും വേഗം 15 ശതമാനം കൂടുതല്‍. ന്യൂട്ടന്റെ ഗുരുത്വാകര്‍ഷണ നിയമം വെച്ച്‌ ഈ വേഗത്തെ താരതമ്യം ചെയ്യുമ്പോള്‍, ക്ഷീരപഥത്തിന്റെ പിണ്ഡം കുറഞ്ഞത്‌ 50 ശതമാനമെങ്കിലും കൂടുതലാണെന്ന്‌ ഗവേഷകര്‍ കണ്ടു. പുതിയ കണക്കുകൂട്ടല്‍ പ്രകാരം മൂന്ന്‌ ലക്ഷം കോടി സൂര്യന്‍മാരുടെ പിണ്ഡത്തിന്‌ തുല്യമാണ്‌ ക്ഷീരപഥം.

കാലിഫോര്‍ണിയയില്‍ ലോങ്‌ബീച്ചില്‍ നടക്കുന്ന 'അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി'യുടെ വാര്‍ഷികസമ്മേളനത്തിലാണ്‌, ക്ഷീരപഥത്തിന്റെ പുതുക്കിയ 'അഴകളവുകള്‍' അവതരിപ്പിക്കപ്പെട്ടത്‌. ആ കണക്കുപ്രകാരം ക്ഷീരപഥം അതിന്റെ അയല്‍ക്കാരനായ ആന്‍ഡ്രോമിഡ ഗാലക്‌സിയെക്കാളും ചെറുതല്ലെന്ന്‌, പഠനസംഘത്തില്‍ പെട്ട ഹാര്‍വാഡ്‌-സ്‌മിത്തോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സിലെ മാര്‍ക്ക്‌ റീഡ്‌ പറഞ്ഞു. "ലോക്കല്‍ ഗ്രൂപ്പ്‌ എന്നറിയപ്പെടുന്ന ഗാലക്‌സിക്കൂട്ടത്തില്‍ ആന്‍ഡ്രോമിഡയുടെ ചെറുസഹോദരിയല്ല ഇനി ക്ഷീരപഥം"-അദ്ദേഹം അറിയിച്ചു. ജര്‍മനിയില്‍ മാക്‌സ്‌പ്ലാങ്ക്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ റേഡിയോ അസ്‌ട്രോണമിയിലെ ഗവേഷകരും പഠനത്തില്‍ പങ്കാളികളായി.

പിണ്ഡം കൂടുതലാണെന്നു പറഞ്ഞാല്‍ അര്‍ഥം, ആന്‍ഡ്രോമിഡ ഗാലക്‌സിയുമായി ക്ഷീരപഥം കൂട്ടിയിടിക്കാനുള്ള സാധ്യത കൂടുന്നു എന്നാണ്‌. (പേടിക്കേണ്ട കോടാനുകോടി വര്‍ഷങ്ങള്‍ക്കിടയ്‌ക്ക്‌ സംഭവിക്കുന്നതാണ്‌ ഗാലക്‌സികള്‍ തമ്മിലുള്ള കൂട്ടിയിടിയും പൊടിപൂരവും. ഇരു ഗാലക്‌സികളും ഇനിയൊരു 500 കോടി വര്‍ഷം കഴിയുമ്പോള്‍ കൂട്ടിയിടിച്ച്‌ ഒന്നായേക്കാം എന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌). അമേരിക്കയില്‍ നാഷണല്‍ സയന്‍സ്‌ ഫൗണ്ടേഷന്റെ വക 'വെരി ലോങ്‌ ബേസ്‌ലൈന്‍ അരേയ്‌' (VLBA) റേഡിയോ ടെലസ്‌കോപ്പ്‌ സംവിധാനത്തിന്റെ സഹായത്തോടെ ക്ഷീരപഥത്തെ സര്‍വ്വെ ചെയ്‌തപ്പോഴാണ്‌, പഴയ അളവുകള്‍ പുതുക്കേണ്ടതുണ്ടെന്ന്‌ ഗവേഷകര്‍ക്ക്‌ ബോധ്യമായത്‌.

വിദൂരദൃശ്യങ്ങള്‍ അസാധാരണമാംവിധം വിശദമായി മനസിലാക്കാന്‍ സഹായിക്കുന്ന ഒന്നാണ്‌ വി.എല്‍.ബി.എ. സംവിധാനം. ഹാവായ്‌ മുതല്‍ ന്യൂ ഇംഗ്ലണ്ട്‌ വരെയും കരീബിയന്‍ മേഖലയിലുമായി സ്ഥാപിച്ചിട്ടുള്ള പത്ത്‌ റേഡിയോ ടെലസ്‌കോപ്പ്‌ ആന്റീനകളുടെ നിരയാണിത്‌. ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പില്‍നിന്ന്‌ ലഭിക്കുന്നതിനെ അപേക്ഷിച്ച്‌ നൂറുകണക്കിന്‌ മടങ്ങ്‌ വിശദമായ പ്രപഞ്ചദൃശ്യങ്ങള്‍ ഈ സംവിധാനം വഴി കിട്ടുന്നു. (മുംബൈയിലിരുന്നുകൊണ്ട്‌ തിരുവനന്തപുരത്ത്‌ വെച്ചിട്ടുള്ള പത്രം സുഖമായി വായിക്കാന്‍ കഴിയുന്നത്ര 'കാഴ്‌ചശക്തി'യാണ്‌ ഈ റേഡിയോ ടെലസ്‌കോപ്പ്‌ സംവിധാനത്തിനുള്ളത്‌).

ക്ഷീരപഥത്തിലെ ചലനങ്ങളും ദൂരങ്ങളും സര്‍വ്വെ ചെയ്യാനുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ്‌, ക്ഷീരപഥത്തിന്റെ പുതിയ മാപ്പ്‌ തയ്യാറാക്കുന്നത്‌. ക്ഷീരപഥത്തില്‍ നക്ഷത്രങ്ങളുടെ ജനനം തകൃതിയായി നടക്കുന്ന മേഖലകളെയാണ്‌ ഗവേഷകര്‍ നിരീക്ഷണത്തിന്‌ ആധാരമാക്കിയത്‌. ഇത്തരം താരപ്രജനന മേഖലകള്‍ക്കുള്ളില്‍, സ്വാഭാവിക റേഡിയോ ഉല്‍സര്‍ജനം മൂലം വാതകതന്മാത്രകള്‍ ശക്തിപ്രാപിക്കുന്ന (ലേസറുകള്‍ പ്രകാശരശ്‌മികളെ ശക്തിപ്പെടുത്തും പോലെ) ചില സ്ഥലങ്ങളുണ്ട്‌. 'കോസ്‌മിക്‌ മേസേര്‍സ്‌' (cosmic masers) എന്നറിയപ്പെടുന്ന അത്തരം സ്ഥലങ്ങള്‍ വി.എല്‍.ബി.എ. റേഡിയോ ടെലസ്‌കോപ്പിന്‌ നിരീക്ഷിക്കാന്‍ പാകത്തിലുള്ള ശക്തിയേറിയ പ്രമാണദീപങ്ങളാണ്‌.

സൂര്യനെ പരിക്രമണം ചെയ്‌ത്‌ ഭൂമി എതിര്‍സ്ഥാനങ്ങളിലെത്തുമ്പോള്‍, ഈ പ്രമാണദീപങ്ങളെ നിരീക്ഷിച്ചാല്‍, പശ്ചാത്തലത്തില്‍ അവയുടെ സ്ഥാനം നേരിയ തോതില്‍ മാറിയതായി തോന്നും.(നിങ്ങള്‍ മുഖത്തിന്‌ മുന്നില്‍ കൈ നീട്ടിപിടിച്ചിട്ട്‌, ചൂണ്ടുവിരല്‍ മുകളിലേക്ക്‌ നിവര്‍ത്തി വെച്ച്‌ ഓരോ കണ്ണുവീതം മാറിമാറി അടച്ച്‌ നോക്കിയാല്‍ പശ്ചാത്തലത്തില്‍ വിരലിന്‌ സ്ഥാനഭ്രംശം സംഭവിച്ചതായി തോന്നില്ലേ, അതുപോലെ). ഇത്‌ നക്ഷത്രങ്ങളുടെയും മറ്റും അകലം അളക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന മാര്‍ഗമാണ്‌ (ട്രയാംഗുലൈസേഷന്‍ എന്ന്‌ പറയും). 20 താരപ്രജനന മേഖലകളിലുള്ള പ്രമാണദീപങ്ങളെ ആധാരമാക്കിയാണ്‌ ഗവേഷകര്‍ പുതിയ കണക്കെടുപ്പ്‌ നടത്തിയത്‌.

പരമ്പരാഗത രീതിയായ ട്രയാംഗുലൈസേഷന്‍ തന്നെയാണ്‌ വി.എല്‍.ബി.എ. നിരീക്ഷണങ്ങള്‍ക്കും പ്രയോജനപ്പെടുത്തിയത്‌. പക്ഷേ, പുതിയ സര്‍വെയില്‍ വളരെ കൃത്യമായ അളവുകളും ചലനങ്ങളുടെ തോതുമൊക്കെ കണ്ടെത്താന്‍ കഴിഞ്ഞു-ഗവേഷണത്തില്‍ പങ്കാളിയായ, മാക്‌സ്‌പ്ലാങ്ക്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ റേഡിയോ അസ്‌ട്രോണമിയിലെ കാള്‍ മെന്റെന്‍ അറിയിച്ചു. മുമ്പ്‌ പരോക്ഷമായി നടത്തിയിരുന്ന അളവെടുപ്പുകള്‍, പുതിയ പഠനത്തില്‍ നേരിട്ടുതന്നെ നടത്തുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. അപ്പോഴാണ്‌ പഴയ കണക്കുകള്‍ ശരിയല്ലെന്ന്‌ വ്യക്തമായത്‌.

നക്ഷത്രപ്രജനന മേഖലകളില്‍ കാണപ്പെടുന്ന കോസ്‌മിക്‌ മേസേര്‍സ്‌, ഗാലക്‌സിയുടെ വാര്‍ത്തുളകരങ്ങളെയാണ്‌ നിര്‍ണയിക്കുന്നത്‌. അതിനാല്‍ അത്തരം മേഖലകള്‍ തമ്മിലുള്ള അകലം, ഗാലക്‌സിയുടെ വാര്‍ത്തുളഘടന മാപ്പ്‌ ചെയ്യാനുള്ള അളവുകോലായിത്തീരുന്നു-മാര്‍ക്ക്‌ റീഡ്‌ പറഞ്ഞു. മറ്റ്‌ ഗാലക്‌സികളുടെ അളവും വേഗവുമൊക്കെ കണക്കാക്കാന്‍ എളുപ്പമാണ്‌. കാരണം നമുക്കവയെ പുറത്തുനിന്ന്‌ നിരീക്ഷിക്കാനാവും. എന്നാല്‍, ഉള്ളില്‍നിന്ന്‌ വേണം ക്ഷീരപഥത്തിന്റെ അളവുകള്‍ നമുക്ക്‌ കണക്കാക്കാന്‍. അത്‌ അത്ര എളുപ്പമല്ല, എപ്പോഴും ശരിയായിക്കൊള്ളണം എന്നുമില്ല-അദ്ദേഹം ഓര്‍മിപ്പിക്കുന്നു.

ക്ഷീരപഥത്തിന്റെ വാര്‍ത്തുളഘടനയെക്കുറിച്ചുള്ള ധാരണകളും നാം മാറ്റേണ്ടി വന്നേക്കാം എന്നാണ്‌ പുതിയ പഠനം നല്‍കുന്ന സൂചന. കരുതുംപോലെ നമ്മുടെ ഗാലക്‌സിക്ക്‌ വാര്‍ത്തുളകരങ്ങള്‍ രണ്ടല്ല, നാലുണ്ടെന്നാണ്‌ കരുതേണ്ടതെന്ന്‌ മാര്‍ക്ക്‌ റീഡ്‌ പറഞ്ഞു. പക്ഷേ, ഇതെപ്പറ്റി കൃത്യത ലഭിക്കാന്‍ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ട്‌.

(അവലംബം: നാഷണല്‍ റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററി, ഹാര്‍വാഡ്‌-സ്‌മിത്തോണിയന്‍ സെന്റര്‍ ഫോര്‍ അസ്‌ട്രോഫിസിക്‌സ്‌ എന്നിവയുടെ വാര്‍ത്താക്കുറിപ്പുകള്‍)

Monday, January 05, 2009

ഇന്ത്യന്‍ മഹാസമുദ്രമേഖല വീണ്ടും ഭീഷണിയില്‍

2004-ല്‍ സുനാമി ദുരന്തത്തിന്‌ ഇടയാക്കിയതുപോലുള്ള ഭൂകമ്പം ഈ പ്രദേശത്ത്‌ വീണ്ടും സംഭവിക്കാമെന്ന്‌ മുന്നറിയിപ്പ്‌.

ഇന്ത്യന്‍ മഹാസമുദ്രമേഖല പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വീണ്ടും വന്‍ഭൂകമ്പത്തിന്‌ ഇരയായേക്കാമെന്ന്‌്‌ മുന്നറിയിപ്പ്‌. 2004-ലെ സുനാമി ദുരന്തത്തിന്‌ ഇടയാക്കിയതുപോലുള്ള അതിശക്തമായ ഭൂകമ്പം ഉണ്ടായേക്കാമെന്നാണ്‌ മുന്നറിയിപ്പ്‌ പറയുന്നത്‌. സുമാത്രയിലെ പവിഴപ്പുറ്റുകളില്‍നിന്ന്‌ 700 വര്‍ഷത്തെ ഭൂകമ്പചരിത്രം വിശകലനം ചെയ്‌ത ഗവേഷകരാണ്‌ ഇത്തരമൊരു നിഗമനത്തില്‍ എത്തിയതെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പറയുന്നു.

2004 ഡിസംബര്‍ 26-ന്‌ സുമാത്രയ്‌ക്കു സമീപമുണ്ടായ സമുദ്രഭൂകമ്പത്തെ തുടര്‍ന്ന്‌, ഇന്ത്യന്‍മഹാസമുദ്ര മേഖലയില്‍ നാശം വിതച്ച സുനാമി ഏതാണ്ട്‌ രണ്ടേകാല്‍ ലക്ഷം പേരുടെ ജീവനാണ്‌ കവര്‍ന്നത്‌്‌. ഇന്ത്യയുള്‍പ്പടെ 11 രാജ്യങ്ങളെ ദുരന്തം നേരിട്ടു ബാധിച്ചു. 9.1 നും 9.3 നും മധ്യേ തീവ്രതയുള്ള സമുദ്രഭൂകമ്പമാണ്‌, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സുനാമികളിലൊന്നിന്‌ അന്ന്‌ ഇടയാക്കിയത്‌. അത്തരത്തിലുള്ള ഭൂകമ്പവും സുനാമിയും ആവര്‍ത്തിക്കാമെന്ന്‌്‌ പുതിയ പഠനം പറയുന്നു.

പടിഞ്ഞാറന്‍ സുമാത്രയ്‌ക്കു സമീപം മെന്റവായി ദ്വീപുകളിലെ പവിഴപ്പുറ്റുകളെയാണ്‌, അമേരിക്കയില്‍ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌)യിലെ കെറി സിയേഹും സംഘവും പഠനവിധേയമാക്കിയത്‌. തടികളിലേതുപോലെ, പവിഴപ്പുറ്റുകളിലും വാര്‍ഷികവലയങ്ങള്‍ കാണപ്പെടാറുണ്ട്‌. പരിസ്ഥിതിയിലും മറ്റും അതാത്‌ കാലത്തുണ്ടാകുന്ന വ്യതിയാനങ്ങള്‍ ഇത്തരം വലയങ്ങളില്‍ നിന്ന്‌ മനസിലാക്കാനാകും. മേഖലയില്‍ കഴിഞ്ഞ 700 വര്‍ഷത്തിനിടെ ഉണ്ടായ ഭൂകമ്പങ്ങളുടെ സ്വഭാവം മനസിലാക്കാന്‍ ഈ സാധ്യതയാണ്‌ ഗവേഷകര്‍ പ്രയോജനപ്പെടുത്തിയത്‌.

പടിഞ്ഞാറന്‍ സുമാത്രയിലെ ഭ്രംശമേഖലയില്‍ 700 കിലോമീറ്റര്‍ ദൂരത്തില്‍ കാണപ്പെടുന്ന പവിഴപ്പുറ്റുകളാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. ഇത്തരം പ്രദേശങ്ങളില്‍ ഭൂകമ്പത്തിന്റെ സമ്മര്‍ദത്താല്‍ സമുദ്രത്തിന്റെ അടിത്തട്ട്‌ മുകളിലേക്ക്‌ ഉയരാറുണ്ട്‌. അങ്ങനെ സംഭവിക്കുന്നിടത്ത്‌ സമുദ്രത്തിന്റെ ആഴം കുറയും. പവിഴപ്പുറ്റുകള്‍ക്ക്‌ ജലനിരപ്പിന്‌ മുകളിലേക്ക്‌ വളരാന്‍ കഴിയാത്തതിനാല്‍, വശങ്ങളിലേക്കാകും വളര്‍ച്ച. വാര്‍ഷികവലയങ്ങളില്‍ ഈ മാറ്റം വ്യക്തമായി പ്രതിഫലിക്കും.

ഭ്രംശമേഖലയിലെ ഒരു ഭാഗം 2004-ലെ ഭൂകമ്പത്തിന്റെ ശക്തിയില്‍ പടിഞ്ഞാറോട്ട്‌ അകന്ന്‌ മാറിയിരുന്നു. എന്നാല്‍, പവിഴപ്പുറ്റുള്ള ഭാഗം അമ്പതുവര്‍ഷമായി വലിയ മാറ്റം സംഭവിക്കാതെ സ്ഥിതിചെയ്യുകയായിരുന്നു. 2007 സപ്‌തംബറില്‍ ഒരു ഭൂകമ്പം നടക്കുന്നത്‌ വരെ അതായിരുന്നു സ്ഥിതി. 2007-ലെ ഭൂകമ്പം പുതിയൊരു ഭൂകമ്പ പരമ്പരയുടെ തുടക്കമെന്നാണ്‌ ഗവേഷകര്‍ അനുമാനിക്കുന്നത്‌. പോയ ഏഴ്‌ നൂറ്റാണ്ടിലെ ഭൂകമ്പ ചരിത്രമാണ്‌ ഇങ്ങനെയൊരു അനുമാനത്തിലെത്താന്‍ അവരെ പ്രേരിപ്പിച്ചത്‌.

കഴിഞ്ഞ 700 വര്‍ഷത്തിനിടെ, ഓരോ 200 വര്‍ഷം കൂടുമ്പോഴും വന്‍ഭൂകമ്പങ്ങള്‍ മേഖലയില്‍ ആവര്‍ത്തിക്കുന്നു എന്നാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്‌. 1300-കളിലും, 1500-കളിലും, 1797-1833 കാലയളവിലും ഇത്‌ ആവര്‍ത്തിച്ചതിന്റെ തെളിവ്‌ പവിഴപ്പുറ്റുകളില്‍ നിന്ന്‌ ലഭിച്ചു. അതിനാല്‍, വന്‍ഭൂകമ്പങ്ങളുടെ പുതിയൊരു തുടക്കമാകണം 2007-ലേതെന്ന്‌ കരുതുന്നു. എന്നാല്‍, എപ്പോഴാകും ദുരന്തം വരികയെന്ന്‌ കൃത്യമായി പ്രവചിക്കാന്‍ ഗവേഷകര്‍ക്ക്‌ സാധിക്കുന്നില്ല.

മുമ്പും ഈ മേഖല വന്‍ സുനാമിദുരന്തങ്ങള്‍ക്ക്‌ ഇരയായിട്ടുണ്ടെന്ന്‌ അടുത്തയിടെ മറ്റൊരു ഗവേഷകസംഘം കണ്ടെത്തിയിരുന്നു. ഇന്‍ഡൊനീഷ്യയില്‍ സുമാത്രയിലെയും തായ്‌ലന്‍ഡിലെയും തീരപ്രദേശത്ത്‌ അടിഞ്ഞുകൂടിയ എക്കല്‍മണ്ണും മണലും പരിശോധിച്ച ഗവേഷകരാണ്‌, മുമ്പും മേഖലയില്‍ വന്‍ സുനാമി ദുരന്തമുണ്ടായതായി കണ്ടെത്തിയത്‌. 600-700 വര്‍ഷം മുമ്പ്‌്‌ മേഖല 2004-ലേത്‌ പോലൊരു ദുരന്തത്തിന്‌ ഇരയായെന്നാണ്‌ ഗവേഷകര്‍ ആ പഠനത്തില്‍ എത്തിയ നിഗമനം. (അവലംബം: സയന്‍സ്‌).

കാണുക: സുനാമി: ഇന്ത്യന്‍ മഹാസമുദ്രമേഖലയില്‍ ആവര്‍ത്തിക്കുന്ന പ്രതിഭാസം

Sunday, January 04, 2009

വരുന്നു 'സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍'!

പ്രമേഹരോഗികള്‍ക്ക്‌ സഹായമായേക്കാവുന്ന സങ്കേതം. ശരീരത്തിന്റെ ആവശ്യം രാസപരമായി തിരിച്ചറിഞ്ഞ്‌ ഇന്‍സുലിന്‍ രക്തത്തില്‍ കലര്‍ത്താന്‍ ഇതിനാകും

രക്തത്തിലെ പഞ്ചസാരയുടെ നില ആവശ്യത്തിനനുസരിച്ച്‌ ക്രമീകരിക്കുക വഴി പ്രമേഹരോഗികള്‍ക്ക്‌ ഏറെ ആശ്വാസം പകരുന്ന 'സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍' താമസിയാതെ വിപണിയിലെത്തിയേക്കും. പഞ്ചസാരനില മാറുന്നത്‌ രാസപരമായി മനസിലാക്കി അതിനനുസരിച്ച്‌ ആവശ്യത്തിന്‌ ഇന്‍സുലിന്‍ ശരീരത്തിന്‌ നല്‍കാന്‍ ശേഷിയുള്ള സ്‌മാര്‍ട്ട്‌ഔഷധത്തിന്റെ പരീക്ഷണം മൃഗങ്ങളില്‍ പുരോഗമിക്കുകയാണ്‌. പരീക്ഷണഘട്ടം കഴിഞ്ഞ്‌ അത്‌ രംഗത്തെത്താന്‍ അധികം വൈകില്ല എന്ന്‌ 'ടെക്‌നോളജി റിവ്യു' റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

കോശങ്ങളില്‍വെച്ച്‌ ഗ്ലൂക്കോസിനെ വിഘടിപ്പിച്ച്‌ ഊര്‍ജമാക്കി മാറ്റാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. രക്തത്തില്‍ ഗ്ലൂക്കോസ്‌നില ഉയരുമ്പോള്‍ പാന്‍ക്രിയാസിലെ ബീറ്റാകോശങ്ങള്‍ അതിനനുസരിച്ച്‌ ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കുന്നു. ആവശ്യാനുസരണം ഇന്‍സുലിന്‍ ഉത്‌പാദിപ്പിക്കാനാവാത്ത വിധം ബീറ്റാകോശങ്ങള്‍ക്ക്‌ നാശം സംഭവിക്കുന്നതാണ്‌ ടൈപ്പ്‌ രണ്ട്‌ പ്രമേഹത്തിന്‌ മുഖ്യകാരണം. ജീവിതശൈലീരോഗമായ ഇത്‌ രൂക്ഷമാകുമ്പോള്‍ ശരീരത്തിന്‌ ഇന്‍സുലിന്‍ കൃത്രിമമായി നല്‍കേണ്ടി വരുന്നു. കുത്തിവെപ്പോ ഇന്‍സുലിന്‍ പേനകളോ ഒക്കെയാണ്‌ ഇതിന്‌ പ്രമേഹരോഗികള്‍ ആശ്രയിക്കുന്നത്‌.

ശരീരത്തില്‍ ഗ്ലൂക്കോസ്‌നില അധികം ഉയരാതെ നോക്കുക എന്നതാണ്‌ കടുത്ത പ്രമേഹമുള്ളവര്‍ നേരിടുന്ന പ്രശ്‌നം. അതിന്‌ രക്തത്തിലെ പഞ്ചസാരനില തുടര്‍ച്ചയായി നിരീക്ഷിക്കേണ്ടിവരും, ഇന്‍സുലിന്‍ ദിവസത്തില്‍ ഒന്നിലേറെ പ്രാവശ്യം കുത്തിവെക്കേണ്ടിയും വരും. ഇത്തരം പരാധീനതകള്‍ ഒരുപരിധിവരെ ഒഴിവാക്കാന്‍ സഹായിക്കുന്നതാണ്‌ 'സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍' (SmartInsulin). അമേരിക്കയില്‍ മസാച്യൂസെറ്റ്‌സിലെ ബിവെര്‍ലിയിലുള്ള 'സ്‌മാര്‍ട്ട്‌സെല്‍സ്‌'(SmartCells) കമ്പനിയാണ്‌ പുതിയ സങ്കേതം വികസിപ്പിക്കുന്നത്‌. കുത്തിവെയ്‌ക്കാവുന്ന രൂപത്തിലുള്ളതാണ്‌ സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍. ശരീരത്തിന്റെ ആവശ്യം മനസിലാക്കി ഇന്‍സുലിന്‍ സ്വതന്ത്രമാക്കാന്‍ ഇതിന്‌ ശേഷിയുണ്ട്‌. ദിവസവും പല തവണ വേണ്ടിവരുന്ന വേദനാജനകമായ കുത്തിവെപ്പ്‌ ഒഴിവാക്കാന്‍ പുതിയ സങ്കേതം സഹായിക്കും.

നിലവിലുള്ള പ്രമേഹചികിത്സയില്‍ സംഭവിക്കാവുന്ന ഒരു പ്രധാന അപകടം 'ഹൈപ്പോഗ്ലൈസീമിയ' (hypoglycemia) എന്ന മാരകമായ അവസ്ഥയാണ്‌. ഇന്‍സുലിന്‍ കുത്തിവെയ്‌ക്കുമ്പോള്‍, അത്‌ ആവശ്യത്തില്‍ കൂടുതല്‍ (അധിക ഡോസ്‌) ആവുകയും, ശരീരത്തില്‍ പഞ്ചസാരയുടെ അളവ്‌ ക്രമാതീതമായി താണുപോവുകയും ചെയ്‌ത്‌ അപകടമുണ്ടാകുന്ന അവസ്ഥയാണിത്‌. എന്നാല്‍, സ്വയംക്രമീകരണശേഷിയുള്ള സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍ ഈ അപകടാവസ്ഥയ്‌ക്ക്‌ സാധ്യത വളരെ കുറയ്‌ക്കുന്നതായി സ്‌മാര്‍ട്ട്‌സെല്‍സിന്റെ മേധാവിയും ഗവേഷകനുമായ ടോഡ്‌ സിയോണ്‍ പറയുന്നു. രക്തത്തില്‍ ഗ്ലൂക്കോസിന്റെ സാന്ദ്രത ഒരു പ്രത്യേക നിലയിലെത്തിയാല്‍ മാത്രമേ സ്‌മാര്‍ട്ട്‌ഇന്‍സുലിന്‍ പ്രവര്‍ത്തനനിരതമാകൂ. ഗ്ലൂക്കോസ്‌ സാന്ദ്രത നിശ്ചിത അളവിന്‌ താഴെയാണെങ്കില്‍, മരുന്ന്‌ രക്തത്തില്‍ കലരില്ല.

മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്യേൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യില്‍ ഗവേഷകനായിരിക്കുമ്പോഴാണ്‌ സിയോണ്‍ പുതിയ സങ്കേതം രൂപപ്പെടുത്തിയത്‌. ഷുഗര്‍ഗ്രൂപ്പുകളുമായി സഹവസിക്കാന്‍ പാകത്തില്‍ ഇന്‍സുലിനെ രാസപരിഷ്‌ക്കരണത്തിന്‌ വിധേയമാക്കുകയാണ്‌ അദ്ദേഹം ആദ്യം ചെയ്‌തത്‌. ജൈവവിഘടനത്തിന്‌ വിധേയമാകുന്ന ഒരിനം പോളിമറില്‍ ആലേഖനം ചെയ്‌ത ഷുഗര്‍ഗ്രൂപ്പുകളുമായി ഇന്‍സുലിന്‍ സഹവസിക്കുന്ന സംവിധാനം അടുത്തതായി രൂപപ്പെടുത്തി. ഷുഗറുമായി സഹവസിക്കുന്നതാകയാല്‍, ഇന്‍സുലിന്‍ തന്മാത്രകളും ഷുഗര്‍ തന്മാത്രകളും ചേര്‍ന്നൊരു പരസ്‌പരബന്ധിത ശൃംഗല രൂപപ്പെടും. എന്നാല്‍, ഈ സംവിധാനത്തില്‍ വേറെ ഷുഗര്‍ഗ്രൂപ്പുകള്‍ സന്നിവേശിപ്പിച്ചാല്‍, ഷുഗറിന്റെ സാന്ദ്രത കൂടുന്ന ഭാഗത്തേക്ക്‌ ഇന്‍സുലിന്റെ ആകര്‍ഷണം മാറും. ഷുഗറിന്റെ അളവ്‌ കൂടുതലുള്ള ലായനിയിലാകുമ്പോള്‍ പോളിമറില്‍നിന്ന്‌ പിടിവിട്ട്‌ ഇന്‍സുലിന്‍ ലായനിലിയേക്ക്‌ 'അലിഞ്ഞു' ചേരാന്‍ തുടങ്ങുമെന്ന്‌ സാരം.

ഈ രാസതന്ത്രമാണ്‌ സിയോണ്‍ സ്‌മാര്‍ട്ട്‌ഇന്‍സുലിന്റെ കാര്യത്തില്‍ പ്രയോഗിച്ചിരിക്കുന്നത്‌. മനുഷ്യരിലെ പ്രമേഹ അന്തരീക്ഷത്തോട്‌ സാമ്യമുള്ള ശരീരസ്ഥിതിയുള്ള നൂറുകണക്കിന്‌ എലികളില്‍ ഇത്‌ പരീക്ഷിച്ചു കഴിഞ്ഞു. ഗ്ലൂക്കോസിന്റെ അളവ്‌ വര്‍ധിക്കുമ്പോള്‍ മാത്രമേ ശരീരത്തില്‍ ഇന്‍സുലിന്‍ സ്വതന്ത്രമാകുന്നുള്ളു എന്നാണ്‌ ഇതുവരെ കണ്ടത്‌. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതിയ ഔഷധം മനുഷ്യരില്‍ പരീക്ഷിക്കാന്‍ കഴിയും എന്ന്‌ കമ്പനി പ്രതീക്ഷിക്കുന്നു. `ആവശ്യമുള്ളപ്പോള്‍ മാത്രം ഇന്‍സുലിന്‍ പുറത്തുവിടുന്ന സംവിധാനം വന്നാല്‍, പ്രമേഹരോഗികള്‍ക്ക്‌ ദിവസത്തില്‍ ഒന്നോ അല്ലെങ്കില്‍ മൂന്നോ നാലോ ദിവസം കൂടുമ്പോള്‍ മാത്രമോ എന്ന കണക്കിനേ കുത്തിവെപ്പ്‌ വേണ്ടിവരൂ. അത്‌ പ്രമേഹചികിത്സയില്‍ ആശ്വാസകരമായ മുന്നേറ്റമായിരിക്കും`-ടൊറന്റൊ സര്‍വകലാശാലയിലെ പ്രൊഫ. മൈക്കല്‍ സെഫ്‌ടോണ്‍ പറയുന്നു. പുതിയ സങ്കേത്തതിന്റെ പ്രാരംഭപരീക്ഷണം വലിയ പ്രതീക്ഷ നല്‍കുന്നതായി അദ്ദേഹം അറിയിക്കുന്നു. (അവലംബം: ടെക്‌നോളജി റിവ്യൂ, കടപ്പാട്‌: മാതൃഭൂമി)

Saturday, January 03, 2009

ടൈക്കോ കണ്ട സൂപ്പര്‍നോവയുടെ 'പ്രേതം'

400 വര്‍ഷം മുമ്പ്‌ കണ്ട സൂപ്പര്‍നോവയുടെ രഹസ്യം, അതിന്റെ ഫോസില്‍മുദ്രയുപയോഗിച്ച്‌ അനാവരണം ചെയ്‌തിരിക്കുന്നു.

നാല്‌ നൂറ്റാണ്ടായി നിലനില്‍ക്കുന്ന നിഗൂഢതയാണത്‌ - ടൈക്കോ ബ്രാഹെ നിരീക്ഷിച്ച സൂപ്പര്‍നോവയുടെ രഹസ്യം. പ്രാചീന പ്രപഞ്ചസിദ്ധാന്തങ്ങളുടെ തകര്‍ച്ചക്ക്‌ തുടക്കം കുറിച്ച ആ സൂപ്പര്‍നോവ ഏത്‌ വിഭാഗത്തില്‍പെട്ടതാണെന്ന്‌ ഗവേഷകര്‍ക്ക്‌ മനസിലായിരുന്നില്ല. 1572 നവംബര്‍ 11-ന്‌ ടൈക്കോ കണ്ട ആ സൂപ്പര്‍നോവയെ-ശരിക്കുപറഞ്ഞാല്‍ അതിന്റെ 'പ്രേത'ത്തെ-പിടികൂടിയിരിക്കുകയാണ്‌ ജര്‍മനിയില്‍ മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകര്‍. വിദൂര നക്ഷത്രധൂളീപടലങ്ങളില്‍ ഇപ്പോഴും അവശേഷിക്കുന്ന സ്‌ഫോടനത്തിന്റെ പ്രതിധ്വനിയില്‍നിന്നാണ്‌, നൂറ്റാണ്ടുകള്‍ നീണ്ട രഹസ്യം അനാവരണം ചെയ്യാന്‍ ഗവേഷകര്‍ക്കായത്‌.

ഹാവായിയില്‍ മൗന കീയിലെയും, സ്‌പെയിനില്‍ കാലര്‍ ഓള്‍ട്ടോ ഒബ്‌സര്‍വേറ്ററിയിലെയും ടെലസ്‌കോപ്പുകളുടെ സഹായത്തോടെ നടത്തിയ നിരീക്ഷണമാണ്‌, സൂപ്പര്‍നോവ രഹസ്യത്തിലേക്ക്‌ വാതില്‍തുറന്നത്‌. ആ അതിഭീമന്‍സ്‌ഫോടനത്തിന്റെ 'ഫോസില്‍ മുദ്ര' (fossil imprint) ശ്രമകരമായ നിരീക്ഷണം വഴി കണ്ടെത്താന്‍ ഗവേഷകര്‍ക്കായയതായി 'നേച്ചര്‍' ഗവേഷണവാരിക്‌ അടുത്തയിടെ റിപ്പോര്‍ട്ട്‌ ചെയ്‌തു. മറ്റ്‌ പല പ്രപഞ്ച സമസ്യകളുടെയും ഫോസില്‍ മുദ്ര കണ്ടെത്തനാന്‍ ഈ ഗവേഷണം വഴിതുറക്കുന്നു. പ്രപഞ്ചപഠനത്തിന്‌ ശക്തമായ ഒരു ആയുധം ലഭിച്ചിരിക്കുകയാണ്‌ പുതിയ പഠനത്തിലൂടെ.

400 വര്‍ഷം മുമ്പ്‌ ലോകമെങ്ങും അമ്പരപ്പും ജിജ്ഞാസയും സൃഷ്ടിച്ചതാണ്‌, പകല്‍ നേരത്ത്‌ പോലും നിരീക്ഷിക്കാന്‍ പാകത്തില്‍ പ്രകാശതീവ്രതയോടെ പ്രത്യക്ഷപ്പെട്ട 'നവനക്ഷത്രം'. കാസ്സിയോപ്പിയ നക്ഷത്രഗണത്തില്‍ പ്രത്യക്ഷപ്പെട്ട ആ വിചിത്ര നക്ഷത്രം പ്രശസ്‌ത ഡാനിഷ്‌ വാനനിരീക്ഷകനായ ടൈക്കോ ബ്രാഹെയുടെ സവിശേഷ ശ്രദ്ധ പിടിച്ചു പറ്റി. അദ്ദേഹം അതിനെ വിശദമായി നിരീക്ഷിച്ച്‌ (ടെലസ്‌കോപ്പ്‌ രംഗത്തെത്തും മുമ്പുള്ള കാലമായിരുന്നു അത്‌) ആകാശത്ത്‌ അതിന്റെ സ്ഥാനം നിര്‍ണയിച്ചു. അക്കാര്യം 'സ്റ്റെല്ല നോവ'(Stella Nova)യെന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തുകയും ചെയ്‌തു.

ചന്ദ്രനും അപ്പുറത്താണ്‌ പുതിയ നക്ഷത്രത്തിന്റെ സ്ഥാനമെന്ന്‌ ടൈക്കോയുടെ കണക്കുകൂട്ടലുകള്‍ വ്യക്തമാക്കി. നക്ഷത്രങ്ങളെ ആകാശമേലാപ്പില്‍ ചലിക്കാനാവാതെ പതിപ്പിച്ചു വെച്ചിരിക്കുകയാണെന്ന, 2000 വര്‍ഷം പഴക്കമുള്ള അരിസ്റ്റോട്ടിലിയന്‍ വാദഗതിക്ക്‌ ഉലച്ചില്‍ തട്ടുന്നതായിരുന്നു, ആ നക്ഷത്രത്തെപ്പറ്റി ടൈക്കോ ബ്രാഹെ നടത്തിയ നിരീക്ഷണങ്ങള്‍. അദ്ദേഹത്തിന്റെ പിന്‍ഗാമികളായ ജോഹാന്നസ്‌ കെപ്ലര്‍, ഗലീലിയോ ഗലീലി, ഐസക്ക്‌ ന്യൂട്ടണ്‍ എന്നിവര്‍ക്കുള്ള അരങ്ങ്‌ ഒരുങ്ങുകയായിരുന്നു ടൈക്കോ ബ്രാഹെയിലൂടെ.

`1572-ലെ സൂപ്പര്‍നോവ ശാസ്‌ത്രചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌`-മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ അസ്‌ട്രോണമിയിലെ ഗവേഷകന്‍ ഒലിവര്‍ ക്രൗസ്‌ അഭിപ്രായപ്പെടുന്നു. സ്വര്‍ഗീയമേലാപ്പിലെ നക്ഷത്രങ്ങള്‍ക്ക്‌ മാറ്റമില്ലെന്ന പ്രാചീനവാദഗതിക്ക്‌ ചരമഗീതം കുറിച്ചത്‌ ആ സൂപ്പര്‍നോവയാണ്‌. എന്നാല്‍, അതിന്റെ വര്‍ഗീകരണം (classification) എന്നും വിവാദവിഷയമായിരുന്നു-അദ്ദേഹം പറയുന്നു. ഏതുതരം സൂപ്പര്‍നോവ ആയിരുന്നു അത്‌ എന്ന്‌ യഥാര്‍ഥത്തില്‍ വര്‍ണരാജി വിശകലനം വഴിയേ മനസിലാക്കാനാവൂ. ആ സ്‌ഫോടനം ഭൂമിയില്‍ കാണുന്ന കാലത്ത്‌ അത്തരമൊരു വിശകലനത്തിന്റെ പ്രശ്‌നം ഉദിക്കുന്നില്ലല്ലോ.

ചരിത്രരേഖകളുടെ അടിസ്ഥാനത്തില്‍ ടൈക്കോയുടെ സൂപ്പര്‍നോവ (SN 1572)യെ 'Ia' വിഭാഗത്തിലാണ്‌ പെടുത്തിയിരിക്കുന്നത്‌. വെള്ളക്കുള്ളന്‍ (white dwarf) നക്ഷത്രങ്ങള്‍ക്ക്‌ അതിഭീമമായ തെര്‍മോന്യൂക്ലിയര്‍ വിസ്‌ഫോടനങ്ങളുണ്ടാകുമ്പോഴാണ്‌ ഇത്തരം സൂപ്പര്‍നോവകളായി പ്രത്യക്ഷപ്പെടുക. അതിശക്തമായ സ്‌ഫോടനവേളയില്‍ ദ്രവ്യരൂപങ്ങള്‍ സെക്കന്‍ഡില്‍ 28,800 കിലോമീറ്റര്‍ വേഗത്തില്‍ അതില്‍നിന്ന്‌ ബഹിര്‍ഗമിക്കും (പ്രകാശവേഗത്തിന്റെ ഏതാണ്ട്‌ പത്തിലൊന്നാണിത്‌). ടൈക്കോയുടെ സൂപ്പര്‍നോവ കഴിഞ്ഞ 400 വര്‍ഷംകൊണ്ട്‌ 20 പ്രകാശവര്‍ഷത്തില്‍ കൂടുതല്‍ വിസ്‌തൃതിയുള്ള വാതകധൂളീമേഘപടലമായി മാറിക്കഴിഞ്ഞു.

അതിനാല്‍ യഥാര്‍ഥ സ്‌ഫോടനത്തിന്റെ വര്‍ണരാജി വിശകലനം ഇനി സാധ്യമല്ല. ടെലസ്‌കോപ്പുകളുടെ സഹായത്തോടെ ആ സ്‌ഫോടനത്തിന്റെ ഒരു 'പോസ്‌റ്റ്‌മോര്‍ട്ട'മാണ്‌ ഡോ.ക്രൗസും സംഘവും നടത്തിയത്‌. ഒരു കോസ്‌മിക്‌ ഫ്‌ളാഷ്‌ ബള്‍ബ്‌ പോലെയാണ്‌ സൂപ്പര്‍നോവ സ്‌ഫോടനം. എല്ലാദിക്കിലേക്കും പ്രകാശം ഒരേസമയം പായുന്നു. സ്‌ഫോടനത്തില്‍നിന്ന്‌ വന്ന നേരിട്ടുള്ള ആദ്യപ്രകാശധാര 1572-ല്‍ ഭൂമിയെ കടന്നുപോയി. അതാണ്‌ ബ്രാഹെയും കൂട്ടരും കണ്ടത്‌. എന്നാല്‍, യഥാര്‍ഥ സ്‌ഫോടനത്തില്‍ നിന്നുള്ള പ്രകാശം ഇപ്പോഴും ഭൂമിയിലെത്തുന്നുണ്ട്‌; പരോക്ഷമായിട്ടാണെന്നു മാത്രം. പ്രാപഞ്ചിക ധൂളീപടലങ്ങളില്‍ തട്ടി പ്രതിഫലിക്കുന്ന ദുര്‍ബലവെളിച്ചമാണത്‌.

ഇത്തരം 'പ്രകാശ പ്രതിധ്വനി'യില്‍ യഥാര്‍ഥ സംഭവത്തിന്റെ 'ഫോസില്‍മുദ്ര' അടങ്ങിയിട്ടുണ്ട്‌. കാലത്തിലൂടെ ഒരു പിന്നോട്ടുപോക്കിന്‌ ഇത്‌ അവസരമൊരുക്കുന്നു. ടെലസ്‌കോപ്പുകളുടെ സഹായത്തോടെ, ടൈക്കോയുടെ സൂപ്പര്‍നോവയുടെ ഫോസില്‍മുദ്ര കണ്ടെത്തി അതിന്റെ വര്‍ണരാജി കഴിയുന്നത്ര തീവ്രതയോടെ വിശകലനം ചെയ്യാന്‍ ഡോ. ക്രൗസിനും സംഘത്തിനുമായി. Ia വിഭാഗത്തില്‍ പെടുന്ന സൂപ്പര്‍നോവ തന്നെയാണ്‌ അതെന്ന്‌ വ്യക്തമായതായി. ഇനി വിവാദത്തിന്‌ സ്ഥാനമില്ല.

ടൈക്കോയുടെ സൂപ്പര്‍നോവ ഏത്‌ വിഭാഗത്തില്‍ പെടുന്നു എന്ന ആശയക്കുഴപ്പം അവസാനിപ്പിക്കാന്‍ മാത്രമല്ല ഈ പഠനം സഹായിക്കുക. എങ്ങനെയാണ്‌ ഇത്തരം സൂപ്പര്‍നോവകള്‍ രൂപപ്പെടുന്നതെന്ന്‌ കൂടുതല്‍ വ്യക്തമാകാനും അത്‌ സഹായിക്കും. ക്ഷീരപഥത്തിലാണ്‌ ടൈക്കോയുടെ സൂപ്പര്‍നോവ പ്രത്യക്ഷപ്പെട്ടത്‌; നമുക്ക്‌ വളരെ അടുത്ത്‌. വിദൂരഗാലക്‌സികളിലുള്ള സൂപ്പര്‍നോവകളെ അപേക്ഷിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ടൈക്കോയുടെ സൂപ്പര്‍നോവ അവസരമൊരുക്കുന്നു(അവലംബം: നേച്ചര്‍).

Friday, January 02, 2009

ചുംബിച്ചോളൂ, പക്ഷേ ചെവി സൂക്ഷിച്ചോണം

ചുംബനവേളയില്‍ മനസ്സാന്നിധ്യം നഷ്ടപ്പെടുക സ്വാഭാവികം, പക്ഷേ കേഴ്‌വി നഷ്ടപ്പെടുമോ. ചിലപ്പോള്‍ അങ്ങനെ സംഭവിക്കാമെന്ന്‌ വിദഗ്‌ധര്‍.

ചുംബനമെന്നത്‌ സര്‍വതും നഷ്ടപ്പെടുത്തിയേക്കാവുന്ന ഒരു രസക്രിയയാണെന്നതില്‍ സംശയമില്ല. രണ്ടുപേര്‍ ചുംബിക്കുമ്പോള്‍ ലോകം മാറുന്നു എന്നുപോലും പറയാറുണ്ട്‌. സംഭവം ഇങ്ങനെയാണെങ്കിലും ചുംബനം കഴിയുമ്പോള്‍ കേഴ്‌വി പോയി എന്നു വന്നാലോ. അതത്ര സുഖമുള്ള ഏര്‍പ്പാടാകില്ല, തീര്‍ച്ച. ചൈനയില്‍ ഗ്വാങ്‌ഡോങ്‌ പ്രവിശ്യയിലെ ഷുഹായില്‍ ഒരു ചെറുപ്പക്കാരിക്ക്‌ സംഭവിച്ച ദുരന്തമിപ്പോള്‍ ചൈനയിലാകെ സംസാരവിഷയമാണ്‌. കാമുകനെ മതിമറന്ന്‌ ചുംബിക്കുന്ന വേളയില്‍ ചെറുപ്പക്കാരിയുടെ ഇടത്‌ ചെവിയുടെ കേഴ്‌വി പോയത്രേ!

'ചൈന ഡെയ്‌ലി'യാണ്‌ ദൗര്‍ഭാഗ്യകരവും, പലര്‍ക്കും കിട്ടേണ്ട എത്രയോ ചുടുചുംബനങ്ങള്‍ നഷ്ടമാക്കുകയും ചെയ്‌ത ഈ സംഭവം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ചുംബനം അപകടം വരുത്തുമെന്ന്‌ കണ്ടതോടെ, പല പെണ്‍കുട്ടികളും ചുംബനമല്ലാതെ മറ്റെന്തെങ്കിലും ബാഹ്യലീലകള്‍കൊണ്ട്‌ തൃപ്‌തിപ്പെട്ടോളണം എന്ന്‌ കാമുകന്‍മാര്‍ക്ക്‌ മുന്നറിയിപ്പ്‌ നല്‍കുകയാണത്രേ. അതിന്‌ സമ്മതമല്ലെങ്കില്‍, വല്ല ബധിരകളെയും പോയി ലൈനടിച്ചോളൂ എന്നാണത്രേ പെണ്‍കുട്ടികളുടെ പുതിയ ലൈന്‍. ഇത്തവണ പുതുവത്സരത്തിന്‌ ചൈനീസ്‌ യുവാക്കള്‍ കോഴിക്കേട്ടെ മദ്യപരുടെ അവസ്ഥയിലായി. (കോഴിക്കോട്ട്‌ പുതുവത്സരദിനത്തില്‍ തികഞ്ഞ മദ്യനിരോധമായിരുന്നു, മാറാട്‌ വിധി വരുന്നു എന്ന്‌ പറഞ്ഞ്‌. ഒരു തുള്ളികിട്ടാന്‍ ജനം കുന്ദമംഗലത്തും മുക്കത്തുമൊക്കെ പേകേണ്ടി വന്നു).

'മീശമാധവനി'ല്‍, മാധവനെ കുടുക്കാന്‍ കെണിവെച്ച്‌ കാത്തിരിക്കുന്ന വേളയില്‍ ജഗതി രണ്ടെണ്ണം വീശുകയും കറണ്ട്‌ പോകുമ്പോള്‍ എന്താണ്‌ സംഭവിച്ചതെന്നറിയാതെ 'അയ്യോ എന്റെ കാഴ്‌ച പോയേ' എന്ന്‌ നിലവിളിക്കുകയും ചെയ്യുന്ന രംഗമുണ്ടല്ലോ. നിമിഷങ്ങള്‍ക്കകം കറണ്ട്‌ തിരികെ വരുമ്പോള്‍ ആ വിശ്വപ്രസിദ്ധമായ പ്രസ്‌താവം ജഗതി നടത്തുന്നു: 'പാവം ബ്രാണ്ടിയെ സംശയിച്ചു'! അതുപോലെ, ചൈനയിലിപ്പോള്‍ പല സ്‌ത്രീകളും നിവൃത്തിയില്ലാതെയെങ്ങാനും ചുംബിക്കേണ്ടിവന്നാല്‍, അതു കഴിഞ്ഞാലുടന്‍ തന്റെ കേഴ്‌വി പോയോ എന്നറിയാന്‍ പരിഭ്രമിക്കുകയും പോയില്ലെന്ന്‌ കണ്ട്‌ ആശ്വസിക്കുകയും ചെയ്യുകയാണത്രേ.

ചെവിയുടെ ശക്തി എത്രയുണ്ടെന്നറിയാന്‍ വേണ്ടിമാത്രം ചുംബിക്കാന്‍ അനുവദിക്കുന്നവരും ഇല്ലാതില്ല എന്നും കേള്‍ക്കുന്നു. അത്തരം സാഹസിക മനോഭാവമുള്ള സുന്ദരികളിലാണത്രേ പുരുഷന്‍മാര്‍ക്ക്‌ ഏക പ്രതീക്ഷ. ചെവിയുള്ള ജീവികളല്ലേ പുരുഷന്‍മാരും, അങ്ങനെയെങ്കില്‍ ചുംബനം അവര്‍ക്കും ബാധകമല്ലേ എന്ന്‌ ചോദിക്കുന്നവരും കുറവല്ല. ഇതില്‍ സ്‌ത്രീപുരുഷ വിവേചനം എന്തിന്‌ എന്ന്‌ ആശ്ചര്യപ്പെടുന്നവരും കുറവില്ല. ചൈനയില്‍ ഫെമിനിസ്റ്റുകള്‍ ഉള്ളതായി ആരും ഇതുവരെ കേട്ടിട്ടില്ല. ഉണ്ടായിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി എന്നാലോചിക്കാന്‍ വയ്യ. ഏതായാലും ചൈനയിപ്പോള്‍ തികഞ്ഞ ചുംബനാപകടഭീതിയിലാണ്‌.

ചൈന ഡെയ്‌ലിയുടെ റിപ്പോര്‍ട്ട്‌ കണ്ണില്‍പെട്ടയുടന്‍ ബി.ബി.സി. രംഗത്തെത്തി. അവര്‍ ബ്രിട്ടനിലെ 'ചെവി-മൂക്ക്‌-തൊണ്ട വിദഗ്‌ധന്‍മാരെ' ഓടിച്ചിട്ട്‌ പിടിച്ച്‌ ബലമായി കാര്യം തിരക്കി. പല ഡോക്ടര്‍മാരും ഇത്തരമൊരു സാധ്യത ഇതുവരെ ചിന്തിച്ചിട്ടുപോലും ഇല്ല എന്നാണ്‌ കേട്ടത്‌. ഏതായാലും 'ഇ.എന്‍.ടി.യു.കെ' എന്ന സംഘടനയുടെ വക്താവും ബ്രിട്ടനിലെ ഫ്രിംലേ പാര്‍ക്ക്‌ ഹോസ്‌പിറ്റലില്‍ ഇ.എന്‍.ടി. സര്‍ജനുമായ ആന്‍ഡ്രൂ മക്‌കോംബെ സംഭവത്തിനൊരു ശാസ്‌ത്രീയ വിശദീകരണം നല്‍കാന്‍ തയ്യാറായി.

കര്‍ണപടത്തിന്‌ അണുബാധയോ മറ്റേതെങ്കിലും തരത്തിലുള്ള അവശതയോ ബാധിച്ച സ്‌ത്രീകളാണെങ്കില്‍, ചുംബനവേളയില്‍ കര്‍ണപടം പൊട്ടി കേഴ്‌വി പോകാം എന്നാണ്‌ ഡോ. മക്‌കോംബെ പറഞ്ഞത്‌. സാധാരണ കര്‍ണപടങ്ങള്‍ ഏത്ര കനത്തചുംബനവും താങ്ങാന്‍ ശേഷിയുള്ളവയാണ്‌ (അല്ലായിരുന്നെങ്കില്‍ സ്‌ത്രീവര്‍ഗം എന്നേ ബധിരവര്‍ഗമായി പരിണമിച്ചേനെ). കര്‍ണപടം പൊട്ടണമെങ്കില്‍ ഓരോ ചതുരശ്ര ഇഞ്ചിനും ആറ്‌ പൗണ്ട്‌ എന്ന കണക്കിന്‌ അധികസമ്മര്‍ദം ഉണ്ടാകണം. അത്ര തീവ്രവും സമ്മര്‍ദമേറിയതുമായ ചുംബനം നോവലുകളിലും സിനിമകളിലുമേ കഴിയൂ, സാധാരണ സാഹചര്യങ്ങളില്‍ പറ്റുമോ എന്ന്‌ സംശയമാണ്‌. അതുകൊണ്ട്‌ പേടിക്കേണ്ട, ഇതാണ്‌ വിശദീകരണം.

ആ ചൈനീസ്‌ പെണ്‍കുട്ടിക്ക്‌ ഏതായാലും ചെവി ശരിയായിരുന്നില്ല എന്നുവേണം അനുമാനിക്കാനെന്ന്‌ ഡോ. മക്‌കോംബെ പറയുന്നു. ചുംബനവേളയില്‍ ചെവിക്കുള്ളിലെയും ബാഹ്യഅന്തരീക്ഷത്തിലെയും മാര്‍ദം തമ്മിലുള്ള തുലനാവസ്ഥ നഷ്ടപ്പെടുന്നതാണ്‌ പ്രശ്‌നം. ചുംബനമെന്നു പറഞ്ഞാല്‍ തന്നെ എല്ലാ സന്തുലനാവസ്ഥയും (മനസിന്റെ പോലും) നഷ്ടപ്പെടുത്തുന്ന സംഭവമാണ്‌. ആ നിലയ്‌ക്ക്‌ മര്‍ദം നോക്കാന്‍ ആര്‍ക്ക്‌ നേരം അല്ലേ.

കമിതാക്കള്‍ തീവ്രമായി ചുംബിക്കുമ്പോള്‍ അവരുടെ ചുണ്ടുകള്‍ക്കിടയിലും വായ്‌ക്കുള്ളിലും എന്തൊക്കെ മര്‍ദവ്യത്യാസം സംഭവിക്കുമെന്ന്‌ ആര്‍ക്കും പറയാന്‍ കഴിയില്ല. ആവേശം മൂത്ത്‌ കാമുകന്‍ വായു വലിച്ചെടുക്കുമ്പോള്‍, സ്‌ത്രീയുടെ വായ്‌ക്കുള്ളില്‍ വിപരീതസമ്മര്‍ദം വര്‍ധിക്കും. മധ്യകര്‍ണത്തിലേക്ക്‌ നീളുന്ന 'യൂസ്‌റ്റേഷ്യന്‍ കുഴലി'ലിലൂടെ ഈ വിപരീതസമ്മര്‍ദം ചെവിക്കുള്ളിലും എത്തും. അതിനര്‍ഥം കര്‍ണപടത്തിന്റെ അകത്തും പുറത്തുമുള്ള മര്‍ദം വ്യത്യാസപ്പെടുകയാണ്‌. ആരോഗ്യമുള്ള ഒരാളെ സംബന്ധിച്ച്‌ ഇത്‌ താങ്ങാന്‍ കര്‍ണപടത്തിന്‌ കഴിയും. എന്നാല്‍, എന്തെങ്കിലും കാരണവശാല്‍ ദുര്‍ബലമായിട്ടുണ്ടെങ്കില്‍ കര്‍ണപടം പൊട്ടാന്‍ ഇത്‌ കാരണമായേക്കും.

കേഴ്‌വിയുമായി ബന്ധപ്പെട്ട മേഖലയില്‍ വിദഗ്‌ധനായ റോയല്‍ നാഷണല്‍ ട്രോട്ട്‌, നോസ്‌, ആന്‍ഡ്‌ ഇയര്‍ ഹോസ്‌പിറ്റലിലെ ഡോ. രുദ്രപതി പളനിയപ്പനും ഈ വിശദീകരണത്തെ അനുകൂലിക്കുന്നു. അതുകൊണ്ട്‌ ചുംബിക്കണമെന്ന്‌ താത്‌പര്യം തോന്നിത്തുടങ്ങിയാല്‍, അല്ലെങ്കില്‍ ഇനി ചുംബിക്കാതിരുന്നിട്ട്‌ കാര്യമില്ല എന്ന്‌ മനസിലായാല്‍, ഒരു ഇ.എന്‍.ടി. വിദഗ്‌ധനെക്കൊണ്ട്‌ ചെവി പരിശോധിപ്പിക്കുന്നത്‌ നന്ന്‌. സൂക്ഷിച്ചാല്‍ ദുഖിക്കേണ്ട എന്നാണല്ലോ ചൊല്ല്‌.

Thursday, January 01, 2009

ആമസോണ്‍ വെളുപ്പിക്കാന്‍ കമ്പ്യൂട്ടര്‍ഭേദകരും

കമ്പ്യൂട്ടര്‍ ശൃംഗലകളില്‍നിന്ന്‌ ഭേദകരുടെ ദൗത്യങ്ങള്‍ പുതിയ മേച്ചില്‍പ്പുറങ്ങളിലേക്ക്‌. ആമസോണ്‍ വെട്ടിവെളിപ്പിക്കാന്‍ നൂറുകണക്കിന്‌ കമ്പനികള്‍ ഇന്ന്‌ ആശ്രയിക്കുന്നത്‌ കമ്പ്യൂട്ടര്‍ഭേദകരെയെന്ന്‌ റിപ്പോര്‍ട്ട്‌

കുബുദ്ധികളുടെ ആശാന്‍മാരാണ്‌ കമ്പ്യൂട്ടര്‍ ഭേദകര്‍ (hackers). നുഴഞ്ഞുകയറി കമ്പ്യൂട്ടര്‍ ശൃംഗലകള്‍ തകര്‍ക്കാനും വെബ്ബ്‌സൈറ്റുകള്‍ താറുമാറാക്കാനും പാസ്‌വേഡുകള്‍ കൈക്കലാക്കി ബാങ്ക്‌ അക്കൗണ്ടുകള്‍ ചോര്‍ത്താനുമൊക്കെ ഭേദകര്‍ക്കുള്ള പ്രാവിണ്യം തര്‍ക്കമറ്റതാണ്‌. അമേരിക്കന്‍ പ്രതിരോധകേന്ദ്രമായ പെന്റഗണ്‍ പോലും ഭേദകരെ ഭയന്നാണ്‌ കഴിയുന്നത്‌. എന്നാല്‍, അതുകൊണ്ടൊന്നും ഈ കുബുദ്ധികളുടെ വിക്രിയകള്‍ അവസാനിക്കുന്നില്ല. വനം വെളുപ്പിക്കാനും ഭേദകര്‍ സഹായിക്കുമെന്നാണ്‌ ഏറ്റവുമൊടുവില്‍ വെളിപ്പെട്ടിരിക്കുന്നത്‌.

ഭൂമുഖത്തെ ഏറ്റവും സമ്പുഷ്ടമായ ആമസോണ്‍വനം വെട്ടിവെളുപ്പിക്കാന്‍ കമ്പ്യൂട്ടര്‍ ഭേദകരാണത്രെ ഇപ്പോള്‍ തടിക്കമ്പനികളെ സഹായിക്കുന്നത്‌. ആമസോണ്‍കാടുകളില്‍നിന്ന്‌ കമ്പ്യൂട്ടര്‍ ഭേദകരുടെ സഹായത്തോടെ ഇതിനകം 17 ലക്ഷം ഘനമീറ്റര്‍ തടി അനധികൃതമായി കടത്തിയിരിക്കാമെന്ന അമ്പരപ്പിക്കുന്ന വിവരം പുറത്തുവിട്ടത്‌ 'ഗ്രീന്‍പീസാ'ണ്‌. കമ്പ്യൂട്ടര്‍ ഭേദകരുടെ ഈ പാരവെപ്പ്‌ മുഖ്യമായും അരങ്ങേറുന്നത്‌ ബ്രസ്സീലിയന്‍ സംസ്ഥാനമായ പാര (Para)യിലാണത്രേ. കാട്ടില്‍നിന്ന്‌ തടിവെട്ടാന്‍ ലൈസന്‍സ്‌ കിട്ടിയ കമ്പനികള്‍ക്ക്‌ അധികൃതരുടെ കണ്ണുവെട്ടിച്ച്‌, അനുവദിക്കപ്പെട്ട ക്വോട്ട മറികടക്കാന്‍ സഹായിക്കുകയാണ്‌ കമ്പ്യൂട്ടര്‍ ഭേദകര്‍ ചെയ്യുന്നത്‌.

2006 മുതല്‍ പാര സംസ്ഥാനത്തെ മുഴുവന്‍ തടിവെട്ടും നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നത്‌, അതിനായി രൂപംനല്‍കിയ കമ്പ്യൂട്ടര്‍ സംവിധാനമാണ്‌. ഹൈടെക്‌ ക്രിമിനലുകള്‍ ആ കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറി കമ്പനികള്‍ക്ക്‌ വ്യാജപെര്‍മിറ്റുകള്‍ നല്‍കുകയാണ്‌ ചെയ്യുന്നത്‌. ബ്രസ്സീലിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍ ഡാനിയല്‍ അവെലിനോ പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, തടിവ്യാപാരവും കരിനിര്‍മാണവും നടത്തുന്ന 107 കമ്പനികളെങ്കിലും കമ്പ്യൂട്ടര്‍ ഭേദകരെ സ്വന്തമായി നിയമിച്ചിട്ടുണ്ട്‌. പണിയില്ലാത്ത കമ്പ്യൂട്ടര്‍ഭേദകര്‍ ബ്രസ്സീലിലെത്തിയാല്‍ മതി കമ്പനികള്‍ റാഞ്ചിയെടുക്കുമെന്ന്‌ സാരം.

`ഈ വിവാദത്തില്‍ ഉള്‍പ്പെട്ട കമ്പനികളില്‍ പകുതിയും, പരിസ്ഥിതിയുമായി ബന്ധപ്പെട്ട്‌ മറ്റ്‌ കുറ്റകൃത്യങ്ങള്‍ക്ക്‌ വിചാരണ നേരിടുന്നവയാണ്‌`-അവെലിനോ പ്രസ്‌താവനയില്‍ പറഞ്ഞു. കമ്പ്യൂട്ടറില്‍ നുഴഞ്ഞുകയറ്റം നടത്തി കൂടുതല്‍ തടിവെട്ടിയതിന്‌ ഈ കമ്പനികളില്‍നിന്ന്‌ 56.4 കോടി യൂറോ (4400 കോടി രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ നിയമനടപടി ആരംഭിച്ചിരിക്കുകയാണ്‌ ബ്രസ്സീല്‍. 2007-ലാണ്‌ ഇതു സംബന്ധിച്ച അന്വേഷണം അധികൃതര്‍ ആരംഭിച്ചത്‌. 30 പേരെ തുടക്കത്തില്‍ തന്നെ അറസ്റ്റ്‌ ചെയ്‌തിരുന്നു. കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ നുഴഞ്ഞുകയറിയതിന്‌ 202 പേര്‍ ഇപ്പോള്‍ കുറ്റാരോപിതരായിട്ടുണ്ട്‌.

ക്വോട്ട പൂര്‍ത്തിയായാല്‍ കമ്പനികള്‍ കടലാസില്‍ തയ്യാറാക്കിയ പുതിയ അനുമതിപത്രങ്ങള്‍ വാങ്ങേണ്ട സ്ഥിതിയായിരുന്നു 2006 വരെ. എന്നാല്‍, പാര സംസ്ഥാനം ഈ ഏര്‍പ്പാട്‌ പൂര്‍ണമായും കമ്പ്യൂട്ടര്‍വത്‌ക്കരിച്ചതാണ്‌ ഭേദനത്തിന്‌ സാധ്യത തുറന്നത്‌. കരിയുണ്ടാക്കുന്നതിനായാലും തടിവില്‍ക്കുന്നതിനായാലും, ഒരിക്കല്‍ ക്വോട്ട തീര്‍ന്നുകഴിഞ്ഞാല്‍ കമ്പനികള്‍ക്ക്‌ കമ്പ്യൂട്ടറുകള്‍ വഴി 'ട്രാവല്‍ പെര്‍മിറ്റുകള്‍' വാങ്ങണം. എന്നാല്‍, ഭേദകര്‍ തുണയ്‌ക്കെത്തിയതോടെ മിക്ക കമ്പനികള്‍ക്കും ക്വോട്ട പ്രശ്‌നമല്ലാതായി, എത്ര വേണമെങ്കിലും വ്യാജ ട്രാവല്‍ലൈസന്‍സുകള്‍ ലഭിക്കുമെന്നായി.

തടി കടത്തുന്നത്‌ നിയന്ത്രിക്കാനുള്ള ഇത്തരമൊരു സംവിധാനം തട്ടിപ്പിന്‌ വഴിതുറക്കുമെന്ന്‌ മുമ്പുതന്നെ ചൂണ്ടിക്കാട്ടിയിരുന്നതായി ഗ്രീന്‍പീസ്‌ പ്രവര്‍ത്തകനായ ആന്‍ഡ്രെ മുഗിയാറ്റി പറയുന്നു. പാര സംസ്ഥാനത്ത്‌ നടന്ന കാര്യങ്ങള്‍ മഞ്ഞുമലയുടെ അറ്റം മാത്രമേ ആകുന്നുള്ളു എന്നാണ്‌ അദ്ദേഹം കരുതുന്നത്‌. കാരണം, മറ്റ്‌ രണ്ട്‌ ബ്രസ്സീലിയന്‍ സംസ്ഥാനങ്ങള്‍ക്കൂടി തടിവ്യാപാരം നിയന്ത്രിക്കാന്‍ ഇതേ കമ്പ്യൂട്ടര്‍സംവിധാനമാണ്‌ ഉപയോഗിക്കുന്നത്‌. (കടപ്പാട്‌: ഗ്രീന്‍പീസ്‌, ബി.ബി.സി).