Sunday, January 31, 2010

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍-6 നെ ഇനി ഗൂഗിളും പിന്തുണയ്ക്കില്ല


'ആര് വിരുന്നു വന്നാലും കിടക്കപ്പൊറുതിയില്ലാത്തത് കോഴിക്ക്' എന്ന് പറയുന്നതുപോലെയാണ് കാര്യം. ആര്‍ക്കെതിരെ സൈബര്‍ ആക്രമണം നടന്നാലും, ഒടുവില്‍ അത് കറങ്ങിത്തിരിഞ്ഞ് മൈക്രോസോഫ്ടിന്റെ പിടലിക്ക് വരും. ഗൂഗിളിനെതിരെ ചൈനയില്‍ നിന്നുണ്ടായ ആക്രമണത്തിന്റെ കാര്യത്തിലും സംഭവം വ്യത്യസ്തമായില്ല. മൈക്രോസോഫ്ടിന്റെ ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോറര്‍-6 നുള്ള പിന്തുണ പിന്‍വലിക്കുന്നതായി പ്രസ്താവിച്ചിരിക്കുകയാണ് ഗൂഗിള്‍.

മാര്‍ച്ച് ഒന്ന് മുതല്‍ 'ഗൂഗിള്‍ ഡോക്‌സ്' പോലുള്ള സര്‍വീസുകള്‍ എക്‌സ്‌പ്ലോറര്‍ ഉപയോഗിച്ച് ബ്രൗസ് ചെയ്താല്‍ ശരിയായി കിട്ടിക്കൊള്ളണമെന്നില്ലെന്ന് ഗൂഗിള്‍ പറയുന്നു. കഴിയുന്നതും വേഗം ബ്രൗസര്‍ അപ്‌ഗ്രേഡ് ചെയ്യാനാണ് ഉപഭോക്താക്കളോടുള്ള ഗൂഗിളിന്റെ ഉപദേശം.

കഴിഞ്ഞ വര്‍ഷമാണ് ഗൂഗിളിനെതിരെ ചൈനയില്‍ നിന്ന് സൈബര്‍ ആക്രമണം നടന്നത് (അതിന്റെ പശ്ചാത്തലത്തില്‍ ചൈനയില്‍ നിന്ന് പിന്‍മാറിയേക്കുമെന്ന് കഴിഞ്ഞ ജനവരി 12-ന് ഗൂഗിള്‍ സൂചന നല്‍കിയിരുന്നു). ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിലെ ചില പഴുതുകളാണ് ഗൂഗിളിനെതിരെ ആക്രമണം നടത്താന്‍ കമ്പ്യൂട്ടര്‍ ഭേദകര്‍ക്ക് സഹായകമായതെന്ന് മൈക്രോസോഫ്ട് തന്നെ വെളിപ്പെടുത്തിയിരുന്നു.

ഇക്കാര്യം പുറത്തു വന്നയുടന്‍ ജര്‍മനിയും ഫ്രാന്‍സും തങ്ങളുടെ പൗരന്‍മാരോട് എക്‌സ്‌പ്ലോറര്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനും, പുതിയ തലമുറയില്‍ പെട്ട മറ്റൊരു ബ്രൗസര്‍ ആശ്രയിക്കാനും ഉപദേശം നല്‍കിയിരുന്നു. അതെത്തുടര്‍ന്ന് എക്‌സ്‌പ്ലോററിന്റെ ദൗര്‍ബല്യം പരിഹരിക്കാനുള്ള അപ്‌ഡേറ്റ് മൈക്രോസോഫ്ട് ഉടന്‍ പുറത്തിറക്കി. എന്നാല്‍, അതുകൊണ്ട് ഫലമുണ്ടായില്ല എന്നാണ് ഗൂഗിളിന്റെ പുതിയ തീരുമാനം വ്യക്തമാക്കുന്നത്.

എക്‌സ്‌പ്ലോററിനുള്ള പിന്തുണ ഗൂഗിള്‍ അവസാനിപ്പിക്കുന്നത് ഘട്ടംഘട്ടമായിട്ടായിരിക്കും. ഗൂഗിള്‍ ഡോക്‌സും ഗൂഗിള്‍ സൈറ്റുകളും മാര്‍ച്ച് ഒന്നിന് ശേഷം എക്‌സ്‌പ്ലോററില്‍ ശരിക്കു പ്രവര്‍ത്തിച്ചു എന്നു വരില്ല, അതായിരിക്കും തുടക്കം. 'പോയ പത്തുവര്‍ഷത്തിനുള്ളില്‍ വെബ്ബ് കാര്യമായി വളര്‍ന്നു. സാധാരണ പേജുകളില്‍ നിന്ന് വീഡിയോ, ഓഡിയോ ഉള്‍പ്പടെയുള്ള ഇന്ററാക്ടീവ് ആപ്ലിക്കേഷനുകളിലേക്ക് അത് മാറിക്കഴിഞ്ഞു. ദൗര്‍ഭാഗ്യവശാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ പഴയ ബ്രൗസറുകളില്‍ പ്രവര്‍ത്തിക്കില്ല'-ഗൂഗിളിന്റെ രാജന്‍ ഷേത്ത് ഒരു ബ്ലോഗ്‌പോസ്റ്റില്‍ പറഞ്ഞു.

ലോകത്താകമാനം ഏതാണ്ട് 20 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ഇപ്പോഴും ഒന്‍പത് വര്‍ഷം പഴക്കമുള്ള എക്‌സ്‌പ്ലോറര്‍-6 ആണ് ഉപയോഗിക്കുന്നത്. ഒട്ടേറെ ഇന്റര്‍നെറ്റ് കമ്പനികള്‍ ഈ പഴയ ബ്രൗസര്‍ കഴിയുന്നതും വേഗം ഉപേക്ഷിക്കണം എന്ന ആവശ്യക്കാരാണ്. പല കമ്പനികളും അതിനുള്ള പിന്തുണ അവസാനിപ്പിച്ചു കഴിഞ്ഞു. എന്നാല്‍, 2014 വരെ എക്‌സ്‌പ്ലോററിനെ പിന്തുണയ്ക്കുമെന്നാണ് മൈക്രോസോഫ്ട് വ്യക്തമാക്കിയിട്ടുള്ളത്.

ഇന്റര്‍നെറ്റ് എക്‌സ്‌പ്ലോററിനുണ്ടാകുന്ന തിരിച്ചടി, ഓപ്പണ്‍-സോഴ്‌സ് ബ്രൗസറായ മോസില്ല ഫയര്‍ഫോക്‌സ്, ഗൂഗിളിന്റെ തന്നെ ബ്രൗസറായ ഗൂഗിള്‍ ക്രോം മുതലായവയ്ക്കാകും ഗുണം ചെയ്യുക. വെബ് വിശകലനം നടത്തുന്ന 'സ്റ്റാറ്റ്കൗണ്ടര്‍' കമ്പനിയുടെ കണക്കു പ്രകാരം, ആഗോളതലത്തില്‍ എക്‌സ്‌പ്ലോററിനെ അപേക്ഷിച്ച് ഫയര്‍ഫോക്‌സ് രണ്ടാംസ്ഥാനത്താണ്.

ലോകത്ത് 45 ശതമാനം ഇന്റര്‍നെറ്റ് ഉപഭോക്തക്കള്‍ ബ്രൗസ് ചെയ്യാന്‍ എക്‌സ്‌പ്ലോററിന്റെ പഴയതും പുതയതുമായ വകഭേദങ്ങള്‍ ഉപയോഗിക്കുമ്പോള്‍, ഫയര്‍ഫോക്‌സ് ഉപയോഗിക്കുന്നത് 40 ശതമാനം പേരാണ്. എന്നാല്‍, എന്നാല്‍, ജര്‍മനി, ഓസ്ട്രിയ തുടങ്ങിയ ചില രാജ്യങ്ങളില്‍ ഫയര്‍ഫോക്‌സ് മുന്നിലെത്തിക്കഴിഞ്ഞു. പുതിയ കാലം പുതിയ ബ്രൗസറുകളുടേതായിരിക്കും എന്ന് സാരം.
(അവലംബം: Official Google Enterprise Blog)

കാണുക

Thursday, January 28, 2010

ഐപാഡ് എത്തി
ആഴ്ച്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് ആപ്പിള്‍ കമ്പനി അതിന്റെ ടാബ്‌ലറ്റ് പി.സി.യായ 'ഐപാഡ്' പുറത്തിറക്കി. സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സാണ് പുതിയ ഉത്പന്നം അവതരിപ്പിച്ചത്.

കാഴ്ചയില്‍ ആപ്പിളിന്റെ തന്നെ ഐഫോണിന്റെ വലിയ രൂപമെന്ന് തോന്നിക്കുന്നതാണ് ഐപാഡ്. എന്നാല്‍ മള്‍ട്ടിടച്ച് സ്‌ക്രീനിലെ ഐക്കണുകള്‍ വലുതാണ്.

ലാപ്‌ടോപ്പുകള്‍ക്കും സ്മാര്‍ട്ട്‌ഫോണുകള്‍ക്കും മധ്യേവരുന്ന ഐപാഡിന് അമേരിക്കയില്‍ 499 മുതല്‍ 829 ഡോളര്‍ വരെയാണ് വില.

അര ഇഞ്ച് (1.25 സെന്റീമീറ്റര്‍) ആണ് ഐപ്പാഡിന്റെ കനം. 700 ഗ്രാം ഭാരവും.

മള്‍ട്ടിടച്ച് ഡിസ്‌പ്ലേയുള്ള 9.7 ഇഞ്ച് (25 സെന്റീമീറ്റര്‍) സ്‌ക്രീനാണ് ഐപാഡിന്റെ പ്രധാനഭാഗം. സ്‌ക്രീനിലാണ് എല്ലാം. വീഡിയോ കാണാനും ഗെയിമുകള്‍ക്കും ഇന്റര്‍നെറ്റ് ബ്രൗസ് ചെയ്യാനും ഐപാഡ് ഉപയോഗിക്കാം.

പുസ്തകങ്ങള്‍ വായിക്കാനുള്ള ഇ-റീഡറായും ഐപാഡ് ഉപയോഗിക്കാന്‍ കഴിയും. അതിന് ആവശ്യമായ ഇ-ബുക്കുകള്‍ക്കായി പെന്‍ഗ്വിന്‍, മാക്മില്ലന്‍ ആന്‍ഡ് ഹാര്‍പ്പര്‍ കൊളിന്‍സ് തുടങ്ങിയ വന്‍കിട പ്രസാധകരുമായി ആപ്പിള്‍ കരാറിലേര്‍പ്പെട്ടു കഴിഞ്ഞു. മാഗസിനുകളും പത്രങ്ങളും അതേ രൂപത്തില്‍ വായിക്കാനും ഐപാഡ് ഉപയോഗിക്കാം.

ആമസോണിന്റെ 'കൈന്‍ഡില്‍', സോണിയുടെ ഇ-ബുക്ക് റീഡര്‍ മുതലായ ഇ-റീഡറുകള്‍ക്ക് ഐപാഡ് ഭീഷണിയായേക്കാം.

ഐപ്പാഡിന് വേണ്ടി ഓണ്‍ലൈന്‍ ഐട്യൂണ്‍സ് സ്റ്റോര്‍ ആരംഭിച്ചതുപോലെ, പുസ്തകങ്ങള്‍ക്കായി ആപ്പിളിന്റെ ഐബുക്ക് സ്റ്റോറും നിലവില്‍ വരികയാണ്. പുസ്തകങ്ങള്‍ ഐപാഡിലേക്ക് നേരിട്ട് ഡൗണ്‍ലോഡ് ചെയ്യാം.

ഗൂഗിള്‍ മാപ്പ്‌സ് ഐപാഡില്‍

ഐപാഡിലെ പി.ഡി.എഫ്.റീഡര്‍.

പിക്ച്ചര്‍ വ്യൂവര്‍. ഐഫോണിനെക്കാളും വളരെ മികച്ച രീതിയില്‍ ചിത്രങ്ങള്‍ കാണാനും ക്രമീകരിക്കാനും ഐപാഡ് അവസരമൊരുക്കുന്നു.

ചിത്രങ്ങള്‍ സ്ലൈഡ്‌ഷോ ആയി കാണാനും പ്രശ്‌നമില്ല.

വീഡിയോ പ്ലെയര്‍ -ഇന്‍ഫോ

യുടുബ്-പോര്‍ട്രെയിറ്റ് വ്യൂ

യുടുബ് കീബോര്‍ഡ്

ഐപോഡ് കേസ് ആന്‍ഡ് സ്റ്റാന്റ്

ആവശ്യമെങ്കില്‍ ഒരു കീബോര്‍ഡുമായി ബന്ധിപ്പിച്ചും ഐപാഡ് പ്രവര്‍ത്തിപ്പിക്കാം. പത്ത് മണിക്കൂര്‍ ബാറ്ററി ലൈഫാണ് ആപ്പിള്‍ വാഗ്ദാനം ചെയ്യുന്നത്.

1 ഗിഗാബൈറ്റ്‌സ് ആപ്പിള്‍ പ്രോസസര്‍, 16, 32 അല്ലെങ്കില്‍ 64 ജി.ബി.ഫഌഷ് മെമ്മറി, അരഇഞ്ച് (1.25 സെന്റീമീറ്റര്‍) കനം, വിഫി, ബ്ലൂടൂത്ത്, 3ജി കണക്ടിവിറ്റി, സ്പീക്കര്‍, മൈക്രോഫോണ്‍, ആക്‌സലറോമീറ്റര്‍, കോംപസ് എന്നിവയെല്ലാം അടങ്ങിയ ഐപാഡിന് 700 ഗ്രാമാണ് ഭാരം.(കടപ്പാട്: പി.സി.വേള്‍ഡ്, ആപ്പിള്‍ ഐപാഡ്)

Wednesday, January 27, 2010

ചടഞ്ഞുകൂടിയിരിക്കാതെ, പ്രായത്തെ നേരിടൂ

പുതിയ കാര്യമല്ല ഇത്, ആരും പറയാതെ തന്നെ എല്ലാവര്‍ക്കും അറിയാവുന്ന സംഗതി. മടിപിടിച്ച് ചടഞ്ഞുകൂടിയിരിക്കാതെ ശരീരം ഊര്‍ജസ്വൊലമാക്കുക. വ്യായാമം, ചെറിയ ജോലികള്‍ അങ്ങനെ പല രീതിയില്‍ ശരീരം പ്രവര്‍ത്തനക്ഷമമാക്കി നിര്‍ത്തുക.....പ്രായാധിക്യത്തിന്റെ പ്രശ്‌നങ്ങള്‍ നേരിടാന്‍ ഇതിലും മുന്തിയ മാര്‍ഗമില്ല.

ഇക്കാര്യം ഒരിക്കല്‍ക്കൂടി അടിവരയിട്ടുറപ്പിക്കുകയാണ് 'ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിനി'ന്റെ പുതിയലക്കത്തില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടുകള്‍. സന്ധിവാതം (ആര്‍ത്രൈറ്റിസ്), വീഴ്ച മൂലമുള്ള പ്രശ്‌നങ്ങള്‍, ഒടിവും ചതവും, ഹൃദ്രോഹം, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദബാധ, പ്രമേഹം, പൊണ്ണത്തടി -തുടങ്ങി വാര്‍ധക്യത്തില്‍ മനുഷ്യന്റെ ആരോഗ്യം ക്ഷയിപ്പിക്കുന്ന മിക്ക പ്രശ്‌നങ്ങളും മിതപ്പെടുത്താന്‍ വ്യായാമം സഹായിക്കും.

ദീര്‍ഘായുസ്സ് മാത്രമല്ല വ്യായാമത്തിന്റെ ഫലം, മറ്റുള്ളവരെ ആശ്രയിക്കുന്നതിന്റെ തോത് കുറയ്ക്കാനും വാര്‍ധക്യദുരിതങ്ങള്‍ ഒഴിവാക്കാനും അത് സഹായിക്കുമെന്ന് വ്യക്തമാക്കുന്ന നാല് പഠനങ്ങളാണ് 'ആര്‍ക്കൈവ്‌സി'ല്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പഠനറിപ്പോര്‍ട്ടുകളുടെ പ്രസക്തഭാഗങ്ങള്‍ ചുവടെ-

1. മുമ്പ് ചെയ്യുന്ന വ്യായാമം വാര്‍ധക്യകാലത്തെ ആരോഗ്യത്തിന്റെ അടിത്തറയാകും. മധ്യവയസില്‍ വ്യായാമം ചെയ്തിരുന്ന, 70 കഴിഞ്ഞ സ്ത്രീകള്‍ പൊതുവെ സാമാന്യം നല്ല ആരോഗ്യവതികളായിരിക്കും. 13,535 സ്ത്രീകള്‍ ഉള്‍പ്പെട്ട 'നഴ്‌സസ് ഹെല്‍ത്ത് സ്റ്റഡി'യുടെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്. ഹാര്‍വാഡിലെ ക്വി സണ്‍ നേതൃത്വം നല്‍കിയ പഠനത്തിലാണ് ഈ സൂചന.

എന്തൊക്കെ ശാരീരിക പ്രവര്‍ത്തനങ്ങളും വ്യായാമങ്ങളുമാണ് തങ്ങള്‍ നടത്തുന്നതെന്ന് 1986-ല്‍ വെളിപ്പെടുത്തിയ സ്ത്രീകളുടെ അവസ്ഥ വര്‍ഷങ്ങള്‍ക്ക് ശേഷം, 1995 മുതല്‍ 2001 വരെ പരിശോധിക്കുകയാണ് ഗവേഷകര്‍ ചെയ്തത്. പഠനത്തിന്റെ തുടക്കത്തില്‍ അവരുടെ ശരാശരി വയസ്് 60 ആയിരുന്നു. അതില്‍ എഴുപതോ അതില്‍ക്കൂടുതലോ പ്രായം വരെ ജീവിച്ചിരുന്നവരുടെ കാര്യം പരിശോധിച്ചപ്പോള്‍, പഠനാരംഭത്തില്‍ വ്യായാമം സ്ഥിരമായി ചെയിതിരുന്നവരില്‍ ഭൂരിപക്ഷം പേര്‍ക്കും 70 കഴിഞ്ഞിട്ടും മാരകമായ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായോ ഇന്ദ്രിയഗോചരമായ കഴിവുകള്‍ ക്ഷിയിച്ചതായോ കണ്ടില്ല.

'ആയുസ്സ് നീട്ടാന്‍ മാത്രമല്ല വ്യായാമം സഹായിക്കുക, വാര്‍ധക്യത്തിലെ വിജയകരമായ അതിജീവനം കൂടി അത് സാധ്യമാക്കും' -ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

2. നടത്തം പോലുള്ള കഠിനമല്ലാത്ത എയ്‌റോബിക് വ്യായാമങ്ങളാണ് പ്രായമായവര്‍ക്ക് പൊതുവെ നിര്‍ദേശിക്കപ്പെടാറുള്ളത്. എന്നാല്‍, ഭാരദ്വഹനം പോലെ അല്‍പ്പം കഠിനമായ വ്യായാമമുറകള്‍ (resistance training) പ്രായമായ സ്ത്രീകളില്‍ ഇന്ദ്രിയഗോചരമായ കഴിവുകള്‍ വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തല്‍. (ഡോക്ടറുടെ ശരിയായ നിരീക്ഷണത്തിലും ഉപദേശത്തിലുമല്ലാതെ കഠിനമായ വ്യായാമമുറകള്‍ക്ക് ആരും മുതിരരുത്). കാനഡയില്‍ വാന്‍കൂവറില്‍ ബ്രിട്ടീഷ് കൊളംബിയ സര്‍വകലാശാലയിലെ തെരെസ ലിയു-അമ്പ്രോസും സംഘവും നടത്തിയ പഠനത്തിലാണ് ഈ ഫലം കണ്ടത്.

65-75 വയസ്സ് പ്രായമുള്ള 155 സ്ത്രീകളെ ഉള്‍പ്പെടുത്തിയായിരുന്നു പഠനം. ഇത്രയും പേരെ മൂന്ന് ഗ്രൂപ്പായി തിരിച്ച ശേഷം, ഒരു ഗ്രൂപ്പ് ആഴ്ചയില്‍ ഒരു തവണ വീതവും, രണ്ടാമത്തെ ഗ്രൂപ്പ് ആഴ്ചയില്‍ രണ്ട് പ്രാവശ്യം വീതവും വ്യായാമത്തില്‍ ഏര്‍പ്പെട്ടു. മൂന്നാമത്തെ ഗ്രൂപ്പ് വ്യായാമം ഒഴിവാക്കി. (2008-ല്‍ പുറത്തുവന്ന വ്യായാമമുറകളുടെ മാര്‍ഗരേഖയില്‍ പ്രായമായവര്‍ക്ക് വിധിച്ചിട്ടുള്ള വ്യായാമ മുറകളാണ് പഠനത്തില്‍ പങ്കാളികളായ രണ്ട് ഗ്രൂപ്പുകളും നടത്തിയതെന്ന് ഗവേഷകര്‍ പറയുന്നു).

ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍, ആദ്യ രണ്ടു ഗ്രൂപ്പിലും പെട്ടവര്‍ക്ക്, ശ്രദ്ധകേന്ദ്രീകരിക്കുക തുടങ്ങിയ ബൗദ്ധീക കാര്യങ്ങളില്‍ കഴിവ് വര്‍ധിച്ചതായി കണ്ടു. അക്കാര്യം മനസിലാക്കാനുള്ള ടെസ്റ്റുകളില്‍ അവരുടെ സ്‌കോര്‍ മുമ്പത്തേക്കാളും വര്‍ധിച്ചു. മാത്രമല്ല, അവരുടെ പേശീപ്രവര്‍ത്തനം ക്രമേണ കാര്യക്ഷമമാവുകയും ചെയ്തു. 'കഠിനമായ വ്യായാമ മുറകള്‍ മുതിര്‍ന്നവര്‍ക്ക് സാധാരണഗതിയില്‍ ശുപാര്‍ശ ചെയ്യാറില്ല. എന്നാല്‍, ചികിത്സയുടെ ഭാഗമായി ഇത് ഗുണം ചെയ്യുമെന്ന സൂചനയാണ് ഈ പഠനം നല്‍കുന്നത്'-ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

3. പ്രായമായവരില്‍ ഓര്‍മക്ഷയം പോലുള്ള പ്രശ്‌നങ്ങള്‍ കുറയ്ക്കാന്‍ വ്യായാമം സഹായിച്ചേക്കും. ജര്‍മനിയില്‍ തെക്കന്‍ ബവേറിയ മേഖലയില്‍ നിന്നുള്ള, 55 വയസ്സ് പിന്നിട്ട 3903 പെരെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണ് ഈ സൂചന നല്‍കിയത്. 2001 മുതല്‍ 2003 വരെ രണ്ടു വര്‍ഷമായിരുന്നു പഠനം. മ്യൂണിക്ക് ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയിലെ തോര്‍ലീഫ് ഇറ്റ്ജന്റെ നേതൃത്വത്തിലാണ് പഠനം നടന്നത്.

പഠനം തുടങ്ങുമ്പോള്‍ 3903 പേരില്‍ 418 പേര്‍ക്ക് (10.7 ശതമാനം) ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങളുണ്ടായിരുന്നു. പഠനം കഴിഞ്ഞപ്പോള്‍, ബാക്കിയുള്ള 3485 ല്‍ 207 പേര്‍ക്ക് (5.9 ശതമാനം) പ്രശ്‌നം ബാധിച്ചിട്ടുള്ളതായി കണ്ടു. പക്ഷേ, അതിന്റെ വിതരണമാണ് ഗവേഷകരെ ആകര്‍ഷിച്ചത്.

തീര്‍ത്തും വ്യായാമം ചെയ്യാത്തവരും മിതവ്യായാമം ചെയ്യുന്നവരും നല്ലരീതിയില്‍ വ്യായാമം ചെയ്യുന്നവരും ഉണ്ടായിരുന്നു പഠനത്തിനായി തിരഞ്ഞെടുത്തവരില്‍. ഇതില്‍ ആദ്യകൂട്ടര്‍ക്കിടയില്‍ (തീര്‍ത്തും വ്യായാമം ചെയ്യാത്തവര്‍) പുതിയതായി ഓര്‍മക്കുറവ് ബാധിച്ചവരുടെ തോത് 13.9 ശതമാനമായിരുന്നു. രണ്ടാമത്തെ കൂട്ടരില്‍ ഇത് 6.7 ശതമാനവും മൂന്നാമത്തെ കൂട്ടരില്‍ 5.1 ശതമാനവുമായിരുന്നു. ഇതാണ് ഓര്‍മക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ ചെറുക്കാന്‍ വ്യായാമം സഹായിച്ചേക്കുമെന്ന് പറയാന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്.

4. പ്രായമായ സ്ത്രീകളില്‍ അസ്ഥിസാന്ദ്രത വര്‍ധിപ്പിക്കാനും വീഴ്ച കുറയ്ക്കാനും വ്യായാമം സഹായിച്ചേക്കും. ജര്‍മനിയില്‍ ഫ്രിഡ്രിക്-അലക്‌സാണ്ടര്‍ യൂണിവേഴ്‌സിറ്റി ഓഫ് എര്‍ലാന്‍ഗന്‍-ന്യൂറന്‍ബര്‍ഗിലെ ഗവേഷകനായ വൂള്‍ഫ്ഗാങ് കെംലറിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ് ഈ കണ്ടെത്തല്‍. 65-ന് മേല്‍ പ്രായമുള്ള സ്ത്രീകളെ 18 മാസക്കാലം പഠനവിധേയമാക്കിയാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്.

246 സ്ത്രീകള്‍ പഠനത്തില്‍ ഉള്‍പ്പെട്ടു, അതില്‍ 227 പേര്‍ അത് പൂര്‍ത്തിയാക്കി. പകുതിപ്പേര്‍ ആഴ്ചയില്‍ നാലു ദിവസം എന്ന കണക്കിന് വ്യായാമത്തിലേര്‍പ്പെട്ടു. ബാക്കിയുള്ളവര്‍ സ്വാന്തനപ്രവര്‍ത്തനങ്ങൡാണ് ഏര്‍പ്പെട്ടത്. ആദ്യഗ്രൂപ്പിന്റെ ഇടുപ്പെല്ലിന്റെയും നട്ടെല്ലിന്റെയും സാന്ദ്രത വ്യായാമം വഴി വര്‍ധിച്ചതായി പഠനത്തിനൊടുവില്‍ വ്യക്തമായി. മാത്രമല്ല, വീഴ്ച കൊണ്ടുള്ള പ്രശ്‌നങ്ങള്‍, മറ്റേ ഗ്രൂപ്പിനെ അപേക്ഷിച്ച് 66 ശതമാനം കുറവായിരുന്നു ഇവര്‍ക്ക്. സ്വാഭാവികമായും ഒടിവ് മുതലായ പ്രശ്‌നങ്ങള്‍ അത്രയും കുറഞ്ഞു. (അവലംബം: ആര്‍ക്കൈവ്‌സ് ഓഫ് ഇന്റേണല്‍ മെഡിസിന്‍)

Tuesday, January 26, 2010

ചിമ്പാന്‍സികള്‍ ഷൂട്ടുചെയ്ത ആദ്യ സിനിമപൂര്‍ണമായും ചിമ്പാന്‍സികള്‍ ഷൂട്ടുചെയ്ത ലോകത്തെ ആദ്യ സിനിമ ബി.ബി.സി.സംപ്രേക്ഷപണം ചെയ്യുന്നു. നാച്ചുറല്‍ഹിസ്റ്ററി ഡോക്യുമെന്ററി വിഭാഗത്തില്‍ പെടുത്തിയിട്ടുള്ള സിനിമ ജനവരി 27-ന് ബിബിസി-2 ചാനലാണ് കാണിക്കുക.

ചിമ്പാന്‍സികള്‍ക്ക് നശിപ്പിക്കാന്‍ കഴിയാത്ത രീതിയില്‍ നിര്‍മിച്ച പ്രതേകതരം ക്യാമറ അവയുടെ പക്കല്‍ നല്‍കിയായിരുന്നു ഗവേഷണം. ആള്‍ക്കുരങ്ങുകളുടെ സ്വഭാവത്തെക്കുറിച്ചുള്ള 'ചിമ്പ്കാം പ്രോജക്ട്' എന്ന പഠനപദ്ധതിയുടെ (Chimpcam Project) ഭാഗമായിരുന്നു സിനിമാ നിര്‍മാണം.

ആള്‍ക്കുരങ്ങുകളെക്കുറിച്ച് പഠിക്കുന്ന ബെറ്റ്‌സി ഹെരെല്‍കോയെന്ന ഗവേഷകയുടെ ആശയമാണ്, ചിമ്പാന്‍സികളെക്കൊണ്ട് സിനിമ നിര്‍മിക്കുകയെന്നത്. ബ്രിട്ടനില്‍ എഡിന്‍ബറോ മൃഗശാലയിലുള്ള 11 ചിമ്പാന്‍സികളെ ഇതിനായി അവര്‍ പരിശീലിപ്പിച്ചു. ചിമ്പാന്‍സികളെ വീഡിയോ സങ്കേതങ്ങള്‍ 'പഠിപ്പിച്ചെടുക്കാന്‍' 18 മാസങ്ങളെടുത്തു.

ഗവേഷകര്‍ക്ക് പഠിക്കാന്‍ പാകത്തിലുള്ള സ്ഥലത്താണ് എഡിന്‍ബറോ മൃഗശാലയില്‍ ചിമ്പാന്‍സികളെ പാര്‍പ്പിച്ചിട്ടുള്ളത്. ഇത്തരം പഠനപദ്ധതിയിലൊന്നും ഇതുവരെ പങ്കെടുത്തിട്ടില്ലാത്ത ചിമ്പാന്‍സികളായിരുന്നു മൃഗശാലയിലേത് എങ്കിലും അവയ്ക്ക് വേഗം സിനിമാഷൂട്ടിങില്‍ താത്പര്യം ജനിച്ചു.

രണ്ട് വെല്ലുവിളിയാണ് ഹെരെല്‍കോ ഏറ്റെടുത്തത്. വ്യത്യസ്ത വീഡിയോകള്‍ കാണാന്‍ പാകത്തില്‍ ടച്ച്‌സ്‌ക്രീന്‍ ഉപയോഗിക്കാന്‍ ചിമ്പാന്‍സികളെ പരിശീലിപ്പിക്കുകയായിരുന്നു ആദ്യവെല്ലുവിളി. ഏതുതരം ദൃശ്യങ്ങളിലാണ് അവയ്ക്ക് താത്പര്യം എന്നറിയാനായിരുന്നു ഇത്.

ചിമ്പാന്‍സികള്‍ക്ക് നശിപ്പിക്കാന്‍ കഴിയാത്ത തരത്തില്‍ നിര്‍മിച്ച 'ചിമ്പ്കാം' ക്യാമറ അവയ്ക്ക് നല്‍കുക എന്നതായിരുന്നു രണ്ടാമത്തെ വെല്ലുവിളി. ചിമ്പ്കാം ആണ് ഷൂട്ടിങിന് ചിമ്പാന്‍സികള്‍ ഉപയോഗിക്കേണ്ടിയിരുന്നത്.

ചതുരപ്പെട്ടിയുടെ ആകൃതിയിലുള്ള ചിമ്പ്കാമിന്റെ വശത്ത്, ക്യാമറയില്‍ പതിയുന്ന ദൃശ്യങ്ങള്‍ ലൈവ് ആയി കാണാന്‍ കഴിയും. കുറെ സമയമെടുത്തു വീഡിയോസങ്കേതത്തില്‍ ചിമ്പാന്‍സികള്‍ക്ക് താത്പര്യം ജനിക്കാന്‍. കുറെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ചില കുരങ്ങുകള്‍ ടച്ച്‌സ്‌ക്രീന്‍ ഉപയോഗിച്ച് വിവിധ വീഡിയോദൃശ്യങ്ങള്‍ തിരഞ്ഞെടുത്ത് കാണാന്‍ പഠിച്ചു.

പഠനത്തിന്റെ അവസാനഘട്ടം എന്ന നിലയ്ക്ക്, ചിമ്പ്കാം ഗ്രൂപ്പിന് മുഴുവന്‍ നല്‍കിയാല്‍ എന്തു സംഭവിക്കും എന്ന് പരിശോധിക്കാന്‍ ഹെരെല്‍കോ തീരുമാനിച്ചു. ക്രമേണ അവ ചിമ്പ്കാം ഉപയോഗിച്ച് കളിക്കാന്‍ തുടങ്ങി. കൂട്ടിനുള്ളിലൂടെ ക്യാമറയുമായി നടക്കാനും അതിന്റെ സ്‌ക്രീനിലെത്തുന്ന ലൈവ് ദൃശ്യങ്ങള്‍ കാണാനും തുടങ്ങി.

അധികം വൈകാതെ ചിമ്പാന്‍സികള്‍ക്ക് ടച്ച്‌സ്‌ക്രീന്‍ ദൃശ്യങ്ങളില്‍ താത്പര്യം കുറയുകയും അവ ചിമ്പ്കാമിലെ പുതിയ ദൃശ്യങ്ങളില്‍ ആകൃഷ്ടരാകുകയും ചെയ്തു. അതോടെ ഷൂട്ടിങ് വേഗത്തിലായി.

തങ്ങള്‍ സിനിമ നിര്‍മിക്കുകയാണെന്ന കാര്യം അറിയാതെയാണ് ചിമ്പാന്‍സികള്‍ പദ്ധതിയില്‍ പങ്കാളികളായതെങ്കിലും, അവ എങ്ങനെ ബാഹ്യലോകത്തെ കാണുന്നു എന്നകാര്യത്തില്‍ പുതിയ അവബോധം നല്‍കുന്നതാണ് ഈ പഠനം. (കടപ്പാട്: ബി.ബി.സി)

Saturday, January 23, 2010

ക്ഷുദ്രഗ്രഹങ്ങളുടെ നിറംമാറ്റം

ഓന്തുകളെപ്പോലെയല്ലെങ്കിലും, ക്ഷുദ്രഗ്രഹങ്ങളും നിറംമാറാറുണ്ട്. നമ്മുടെ മുന്നില്‍ പെടുമ്പോഴാണ് ഓന്തുകള്‍ നിറംമാറുന്നതെങ്കില്‍, ഭൂമിക്കരികിലെത്തുമ്പോഴാണ് ക്ഷുദ്രഗ്രഹങ്ങള്‍ക്ക് നിറംമാറ്റം സംഭവിക്കുന്നത്.

ഭൂമിയില്‍ പതിച്ച ക്ഷുദ്രഗ്രഹങ്ങളുടെയോ ഗ്രഹഭാഗങ്ങളുടെയോ നിറം ആകാശത്ത് കാണപ്പെടുന്നവയില്‍ നിന്ന് വ്യത്യസ്തമാണ്. ഇതിന്റെ കാരണം കണ്ടെത്തിയിരിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍.

ബഹിരാകാശത്തായിരിക്കുമ്പോള്‍, സൗരവികിരണങ്ങളേറ്റ് ക്ഷുദ്രഗ്രഹങ്ങളു (asteroids)ടെ പ്രതലത്തിലെ ലവണങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും അതിന്റെ നിറം ചുവപ്പായി മാറുകയും ചെയ്യും. എന്നാല്‍, ഭൂമിക്കരികിലെത്തുമ്പോള്‍ അവയുടെ നിറം മാറുന്നു.

ഇത്രകാലവും ഗവേഷകരെ കുഴക്കിയിരുന്ന ഈ സംഗതിക്ക് ഉത്തരം കണ്ടെത്തിയത്, മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി)യിലെ പ്ലാനറ്ററി സയന്‍സസ് പ്രൊഫസര്‍ റിച്ചാര്‍ഡ് ബിന്‍സെലും കൂട്ടരുമാണ്. 'നേച്ചര്‍' ഗവേഷണവാരികയിലാണ് പഠനറിപ്പോര്‍ട്ടുള്ളത്.

ബഹിരാകാശത്തുള്ള ക്ഷുദ്രഗ്രഹങ്ങളെ ഇന്‍ഫ്രാറെഡ് ടെലസ്‌കോപ്പിന്റെ സഹായത്തോടെ നിരീക്ഷിച്ചും, ഭൂമിയില്‍നിന്ന് ലഭിച്ചിട്ടുള്ള ക്ഷുദ്രഗ്രഹഭാഗങ്ങളെ പരീക്ഷണശാലയില്‍ പഠനവിധേയമാക്കിയുമായിരുന്നു പഠനം.

ആകാശത്തുള്ള മിക്ക ക്ഷൂദ്രഗ്രഹങ്ങളുടെയും പ്രതലം സൂര്യദംശനം (sunburn) ഏറ്റതുപോലെ ചുവന്നാണിരിക്കുന്നത്. എന്നാല്‍, ഭൂമിയില്‍ നിന്ന് ലഭിച്ചവയുടെ നിറം ഇതുമായി ചേരുന്നില്ലെന്ന് ഗവേഷകര്‍ കണ്ടു.

ഭൂമിക്കടുത്തെത്തുമ്പോള്‍, ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തിന്റെ പരോക്ഷ സ്വാധീനത്താല്‍ (tidal force) ക്ഷൂദ്രഗ്രഹത്തിന് രൂപഭേദം വരുന്നതാണ് അതിന്റെ നിറംമാറ്റത്തിന് കാരണമെന്ന് ഗവേഷകര്‍ കരുതുന്നു.

'ഭൂമിക്കരികിലെത്തുമ്പോള്‍, അവയ്ക്ക് ഭൂകമ്പം തന്നെ സംഭവിക്കുന്നു'-ഡോ. റിച്ചാര്‍ഡ് ബിന്‍സെല്‍ പറയുന്നു. അതുവഴി അവയ്ക്ക് രൂപഭേദം വരികയും പ്രതലഭാഗം ഉള്ളിലേക്ക് പോകുകയും പുനസംവിധാനം ചെയ്യപ്പെടുകയും ചെയ്യുന്നു. നിറംമാറ്റത്തിന് കാരണം ഇതാണ്. (അവലംബം: നേച്ചര്‍)

Thursday, January 21, 2010

പരിണാമം കാലില്‍ നിന്ന് കൈയിലേക്ക്

മനുഷ്യപരിണാമത്തില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടം ഏതായിരിക്കാം. തീര്‍ച്ചയായും മനുഷ്യന്റെ പൂര്‍വികന്‍ ഇരുകാലുകളില്‍ നിവര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയ കാലം തന്നെയാകണം, ഒപ്പം കൈകള്‍കൊണ്ട് ഉപകരണങ്ങള്‍ നിര്‍മിക്കാനും പ്രയോഗിക്കാനും തുടങ്ങിയ സമയവും.

എന്നുവെച്ചാല്‍, ഉപകരണങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തില്‍ കൈകള്‍ രൂപപ്പെട്ടതിന്, മനുഷ്യനെ മനുഷ്യനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന് സാരം. കൈകളുടെ പരിണാമം ഇനിയും ശാസ്ത്രലോകത്തിന് വ്യക്തമായി പടികിട്ടാത്ത സമസ്യയാണ്.

ആ സമസ്യയ്ക്ക് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം കനേഡിയന്‍ ഗവേഷകര്‍. പരിണാമത്തിന്റെ നിര്‍ണായക ഘട്ടത്തില്‍, ശിലായുധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനും പാകത്തില്‍ മനുഷ്യന്റെ കരങ്ങള്‍ രൂപപ്പെട്ടത്, പാദങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെ പാര്‍ശ്വഫലമായിട്ടാണത്ര!

ഇരുകാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ പാകത്തില്‍ മനുഷ്യപാദങ്ങള്‍ രൂപപ്പെട്ടത്, ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കാന്‍ വേണ്ട രീതിയില്‍ കൈകളും വിരലുകളും പരിണമിക്കുന്നതിന് കാരണമായി. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നര്‍ഥം. 'ഇവലൂഷന്‍' ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാദങ്ങളിലും കൈകളിലും സംഭവിച്ച മാറ്റങ്ങള്‍ എത്തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാന്‍ ഒരു പ്രത്യേക ഗണിതസമീകരണം ആണ് ഗവേഷകര്‍ ഉപയോഗിച്ചത്. ചില ഗവേഷകര്‍ ഈ സമീപനത്തെ അനുകൂലിക്കുന്നില്ലെങ്കിലും, വളരെ താത്പര്യജനകവും പ്രചോദനം നല്‍കുന്നതുമായ പഠനമാണിതെന്ന് മറ്റ് ഗവേഷകര്‍ പറയുന്നു.

'ശരിക്കു പറഞ്ഞാല്‍ ഈ പഠനം ഡാര്‍വിന്റെ 'ദി ഡിസെന്റ് ഓഫ് മാന്‍' (The Descent of Man) എന്ന ഗ്രന്ഥത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്'-പഠനത്തിന് നേതൃത്വം നല്‍കിയ കാള്‍ഗരി സര്‍വകലാശാലയിലെ കാംപ്‌ബെല്‍ റോലിയന്‍ പറയുന്നു.

ഉപകരണങ്ങളുടെ ഉപയോഗവും ഇരുകാലിലുള്ള സഞ്ചാരവും തമ്മില്‍ ബന്ധമുണ്ടെന്ന് ആദ്യം അഭിപ്രായപ്പെട്ടവരില്‍ ഒരാള്‍ ഡാര്‍വിനാണ്. മനുഷ്യവര്‍ഗം ഇരുകാലികളായതോടെ കൈകള്‍ സ്വതന്ത്രമായി, അവയ്ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് അനുസൃതമായി പരിണമിക്കാന്‍ കഴിഞ്ഞു എന്നായിരുന്നു ഡാര്‍വിന്റെ അഭിപ്രായം.

എന്നാല്‍, 'ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത് അതുരണ്ടും - ഇരുകാലിലെ നടത്തവും കൈകളുടെ രൂപപ്പെടലും - ഒരേ മറ്റത്തിന്റെ രണ്ട് വശങ്ങളാണ് എന്നാണ്, ഒരു മാറ്റത്തിന്റെ പാര്‍ശ്വഫലം എന്ന നിലയ്ക്കാണ് അടുത്ത മാറ്റം സംഭവിച്ചത്'- റോലിയന്‍ അറിയിക്കുന്നു.

മനുഷ്യന്റെയും, മനുഷ്യന്റെ ജനിതകബന്ധുക്കളായി അറിയപ്പെടുന്ന ചിമ്പാന്‍സികളുടെയും കൈകളിലെയും കാലിലെയും അളവുകളുടെ താരതമ്യമാണ്, പ്രത്യേക ഗണിതസമീകരണം ഉപയോഗിച്ച് ഡോ. റോലിയനും കൂട്ടരും നടത്തിയത്.

മനുഷ്യന്റെ പൂര്‍വികവംശങ്ങളുടെ പാദങ്ങളും കൈകളും എങ്ങനെയിരുന്നു, പിന്നീട് എന്തുമാറ്റം വന്നു എന്നറിയാനായിരുന്നു ശ്രമം. കൈകാലുകളിലെ സമാനഭാഗങ്ങള്‍ തമ്മില്‍ അന്വോന്യബന്ധിതമാണെന്ന് അളവുകള്‍ വ്യക്തമാക്കി.

ഉദാഹരണത്തിന്, 'നിങ്ങളുടെ പാദത്തില്‍ നീളമേറിയ പെരുവിരള്‍ ഉണ്ടെങ്കില്‍, കൈയിലെ തള്ളവിരലും നീളമേറിയതായിരിക്കും'- ഡോ.റോലിയന്‍ വിശദീകരിക്കുന്നു.

പെരുവിരലും തള്ളവിരലും തമ്മില്‍ ശക്തമായ ഇത്തരമൊരു അന്വോന്യബന്ധമുള്ളതിന് കാരണം, അവ രണ്ടിന്റെയും രൂപപ്പെടലിന് കാരണമായ ജനിതക രൂപരേഖ തുല്യമായതാകണം എന്നതായിരിക്കാം. എന്നുവെച്ചാല്‍, ആ രൂപരേഖയിലെ ചെറിയ മാറ്റങ്ങള്‍ കാലിനെയും കരത്തെയും സമാന്തരമായി ബാധിക്കുമെന്നര്‍ഥം.

ശരീര അളവുകളുടെ സഹായത്തോടെ, പരിണാമ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന ഗണിതസമീകരണം രൂപപ്പെടുത്തുകയാണ് ഗവേഷകര്‍ ചെയ്തത്. കാലും കൈയും നേരിടേണ്ടി വന്ന പരിണാമ സമ്മര്‍ദങ്ങളെ ഈ ഗണിതസമീകരണത്തിനുള്ളില്‍ സന്നിവേശിപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.

പരിണാമത്തിലെ ചെറിയ മാറ്റങ്ങള്‍ കൈയിലും കാലിലും എന്ത് ഫലമാണ് ഉണ്ടാക്കുകയെന്ന് ഇതുവഴി പരിശോധിക്കാനായി. അപ്പോഴാണ് കാലിലെ മാറ്റങ്ങള്‍ കൈയിലും പ്രതിഫലിക്കുന്നു എന്ന് മനസിലായത്.

കാലിന് സംഭവിച്ച പരിണാമത്തിന്റെ പാര്‍ശ്വഫലമാണ് കൈയിലുണ്ടായെന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത് ഈ കണ്ടെത്തലാണ്.
(അവലംബം: Evolution)

Tuesday, January 19, 2010

ന്യൂട്ടണും ആപ്പിളും

കാലങ്ങളായി എത്രയോ പേര്‍ ആപ്പിള്‍ ഞെട്ടറ്റ് വീഴുന്നത് കണ്ടിട്ടുണ്ടാകാം. ഒടുവില്‍ ഐസക് ന്യൂട്ടന്‍ എന്നയാള്‍ ആ കാഴ്ച കണ്ടു, കഥയാകെ മാറി.

എന്തുകൊണ്ട് ആപ്പിള്‍ മുകളിലേക്ക് വീഴുന്നില്ല എന്നു ചിന്തിച്ചിടത്താണ് ന്യൂട്ടന്റെ പ്രതിഭ. മൗലികമായ ആ സംശയം ഗുരുത്വാകര്‍ഷണം എന്ന പ്രപഞ്ചസത്യത്തിലേക്കാണ് ന്യൂട്ടനെ നയിച്ചത്.

മനുഷ്യവിജ്ഞാന ഭൂമികയിലെ ഏറ്റവും അടിസ്ഥാനപരമായ മുന്നേറ്റമായി അത് മാറി.

ആപ്പിള്‍കഥയെപ്പറ്റി ഒട്ടേറെ അഭ്യൂഹങ്ങളും അവ്യക്തതകളുമുണ്ട്. അതിന്റെ വിശ്വസനീയതെക്കുറിച്ച് പല ചരിത്രകാരന്‍മാരും സംശയം പ്രകടിപ്പിച്ചിട്ടുള്ളത് അതുകൊണ്ടാണ്.

എന്നാല്‍, ന്യൂട്ടന്റെ ആപ്പിള്‍കഥ സംബന്ധിച്ച ആദ്യരേഖ ഇപ്പോള്‍ നെറ്റിലെത്തിയിരിക്കുന്നു.

വില്യം സ്റ്റക്‌ലിയോടാണ് ന്യൂട്ടണ്‍ തന്റെ കഥ വിവരിച്ചത്, ആപ്പിള്‍ വീഴുന്നത് എങ്ങനെ തനിക്ക് പ്രചോദനമായി എന്നകാര്യം. 1752-ല്‍ സ്റ്റക്‌ലി പ്രസിദ്ധീകരിച്ച 'മെമ്മയേഴ്‌സ് ഓഫ് സര്‍ ഐസക് ന്യൂട്ടണ്‍' എന്ന ജീവചരിത്രത്തില്‍ അക്കാര്യം വിവരിച്ചിരിക്കുന്നു.

ആ ജിവചരിത്രത്തിന്റെ കൈയെഴുത്തുപ്രതിയാണ് ഇപ്പോള്‍ ഇന്റര്‍നെറ്റ് വഴി പുറത്തു വന്നിരിക്കുന്നത്. ബ്രിട്ടനിലെ റോയല്‍ സൊസൈറ്റിയാണ് ദൗത്യത്തിന് പിന്നില്‍.

പഴക്കംകൊണ്ട് നശിക്കാറായ ആ കൈയെഴുത്തുപ്രതി വളരെ ശ്രമകരമായാണ് ഇലക്ട്രോണിക് ബുക്കായി പരിവര്‍ത്തനം ചെയ്തത്.

ആപ്പിള്‍കഥയുടെ ഉത്ഭവം സ്റ്റ്ക്‌ലിയും ന്യൂട്ടണും തമ്മിലുള്ള സംഭാഷണമാണെന്ന് ഇത് വ്യക്തമാക്കുന്നതായി, ഓക്‌സ്ഫഡില്‍ ട്രിനിറ്റി കോളേജിലെ ചരിത്ര പ്രൊഫസര്‍ മാര്‍ട്ടിന്‍ കെംപ് പറഞ്ഞു.

തോട്ടത്തിലിരിക്കുമ്പോള്‍ ആപ്പിള്‍ വീഴുന്നത് കണ്ടത് തന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചെന്ന് ന്യൂട്ടണ്‍ പറയുന്നു. 'ഏതായാലും ന്യൂട്ടന്റെ തലയില്‍ ആപ്പിള്‍ വീണു എന്നൊന്നും നമ്മള്‍ വിശ്വസിക്കേണ്ടതില്ല'-മാര്‍ട്ടിന്‍ കെംപ് പറയുന്നു.

തികച്ചും ഇന്ററാക്ടീവ് ആയ രീതിയിലാണ് കൈയെഴുത്തുപ്രതി റോയല്‍ സൊസൈറ്റി ഓണ്‍ലൈനില്‍ എത്തിച്ചിരിക്കുന്നത്. മറ്റ് പ്രശസ്തരുമായി ബന്ധപ്പെട്ട പഴയകാല രചനകളുടെയും കൈയെഴുത്തുപ്രതികള്‍ ഓണ്‍ലൈനില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് സൊസൈറ്റി. (കടപ്പാട്: ബി.ബി.സി)

വാല്‍ക്കഷണം: ആപ്പിള്‍മരത്തിന്റെ ചുവട്ടില്‍വെച്ച് തലയില്‍ ആപ്പിള്‍ വീണതാണ് ന്യൂട്ടണ് ഭൂതോദയമുണ്ടാക്കിയതെന്ന് പറയുന്ന കുബുദ്ധികളുണ്ട്. കേരളത്തിലായിരുന്ന ന്യൂട്ടണ്‍ ജീവിച്ചതെങ്കില്‍, ഇവിടെ ആപ്പിളില്ലാത്തതുകൊണ്ട്, തലയില്‍ നാളികേരം വീഴില്ലായിരുന്നോ എന്നു ചോദിക്കുന്നവരുമുണ്ട്. എങ്കില്‍ ഗുരുത്വാകര്‍ഷണം കട്ടപ്പൊക ആയേനെ!

കൃത്രിമപേശികൊണ്ട് കണ്ണ് ചിമ്മാം

മുഖപേശികള്‍ക്ക് സ്തംഭനം വന്ന് കണ്ണുചിമ്മാന്‍ കഴിയാതെ ദുരുതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകാന്‍ കൃത്രിമപേശിക്ക് കഴിഞ്ഞേക്കും. കൃത്രിമപേശിയുടെ സഹായത്താല്‍ അത്തരക്കാര്‍ക്ക് കണ്ണ് ചലിപ്പിക്കാനും ചിമ്മാനും സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍. അതുവഴി കാഴ്ച തിരികെ നേടാനും സാധിച്ചേക്കും.

പരിക്ക് മൂലമോ സ്‌ട്രോക്ക് വന്നതുകൊണ്ടോ നാഡികള്‍ക്കുണ്ടായ പരിക്കിനാലോ മുഖത്ത് നടന്ന ശസ്ത്രക്രിയകൊണ്ടോ ഒക്കെ കണ്ണിമ ചിമ്മാന്‍ കഴിയാത്ത ദുരവസ്ഥയില്‍ പെട്ട ആയിരങ്ങള്‍ ലോകത്തുണ്ട്. അത്തരക്കാര്‍ക്ക് ആശ്വാസമാകേന്‍ സഹായിക്കുന്നതാണ്, യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയ്ക്ക് കീഴിലുള്ള ഡേവിസ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍ നടത്തിയ മുന്നേറ്റം.

ഇമചിമ്മാന്‍ പാകത്തില്‍ കൃത്രിമപേശി രൂപപ്പെടുത്താന്‍ ഉപയോഗിച്ച സങ്കേതം, ഭാവിയില്‍ ശരീരത്തിന്റെ ഇതരഭാഗങ്ങളിലെ പേശികള്‍ കൃത്രിമമായി സൃഷ്ടിക്കാനും വഴിതുറന്നേക്കുമെന്ന്, 'ആര്‍ക്കൈവ്‌സ് ഓഫ് ഫേഷ്യല്‍ പ്ലാസ്റ്റിക് സര്‍ജറി'യില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു. ഇലക്ട്രോഡുകളായുപയോഗിക്കുന്ന ലെഡുകളും സിലിക്കണ്‍ പോളിമറുകളും സമ്മേളിപ്പിച്ചാണ് കൃത്രിമപേശിക്ക് ഗവേഷകര്‍ രൂപംനല്‍കിയത്.

'ഏതെങ്കിലുമൊരു ജൈവസംവിധാനത്തില്‍ കൃത്രിമപേശികള്‍ ഉപയോഗിക്കപ്പെടുന്ന ആദ്യസന്ദര്‍ഭം'-ഡേവിസ് മെഡിക്കല്‍ സെന്ററിലെ ഫേഷ്യല്‍ പ്ലാസ്റ്റിക്ക് സര്‍ജന്‍ ട്രാവിസ് ടൊല്ലെഫ്‌സണ്‍ ഇതെപ്പറ്റി പറയുന്നു. എന്നാല്‍, ഇതേ സാങ്കേതികവിദ്യക്ക് മറ്റനേകം സാധ്യതകള്‍ സാധ്യമാണ്, അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

വൈദ്യുതപ്രതികരണശേഷിയുള്ള പോളിമറിന്റെ സഹായത്തോടെയാണ് കൃത്രിമപേശി (electroactive polymer artificial muscle-EPAM) രൂപപ്പെടുത്തുന്നതില്‍ ടൊല്ലെഫ്‌സണും സംഘവും വിജയിച്ചത്. വ്യത്യസ്ത വോള്‍ട്ടേജ്‌നിലയ്ക്കനുസരിച്ച് വിവിധ രീതിയില്‍ പ്രതികരിക്കാന്‍ ഇത്തരം പോളിമറുകള്‍ക്ക് കഴിയും. മുഖപേശികള്‍ക്ക് സ്തംഭനം വന്നതിനാല്‍ കണ്‍പോള ചിമ്മാനോ മുഖഭാവം മാറ്റാനോ കഴിയാത്തവര്‍ക്ക് അത് സാധ്യമാക്കാന്‍ കൃത്രിമപേശി തുണയാകും.

മുഖപേശികളുടെ ചലനത്തിന് താരതമ്യേന ചെറിയ ശക്തി മതി. എന്നാല്‍, ശരീരത്തിലെ മറ്റ് ഭാഗങ്ങളിലെ മിക്ക പേശികളും ചലിക്കണമെങ്കില്‍ കൂടുതല്‍ ശക്തി വേണം. ആ വെല്ലുവിളി നേരിടാനായാല്‍, കൃത്രിമപേശി നിര്‍മാണത്തില്‍ പുതിയൊരു വിപ്ലവമാകും ഇപ്പോഴത്തെ കണ്ടെത്തല്‍ തുടക്കമിടുക-ഗവേഷണസംഘത്തില്‍ പെട്ട ക്രെയ്ഗ് സെന്‍ഡേഴ്‌സ് അഭിപ്രായപ്പെടുന്നു.

ഇമചിമ്മല്‍ എന്നത് ആരോഗ്യമുള്ള നേത്രത്തിന്റെ അനുപേക്ഷണീയഗുണമാണ്. നേത്രത്തിന്റെ പ്രതലം ശുചിയാക്കി വെയ്ക്കാനും അതിലെ ഈര്‍പ്പം നിലനിര്‍ത്താനും കോര്‍ണിയയ്ക്ക് മുകളില്‍ കണ്ണീരിന്റെ സാന്നിധ്യം ഉറപ്പാക്കാനുമൊക്കെ ഇമചിമ്മല്‍ കൂടിയേ തീരൂ. ഇമചിമ്മലിന്റെ അഭാവത്തില്‍ ഈര്‍പ്പം നഷ്ടപ്പെടുന്നതോടെ കാഴ്ച പോകാനുള്ള വഴിയാണ് തുറക്കുന്നത്.

ഇമചിമ്മലിന് കണ്ണിനെ പ്രാപ്തമാക്കുന്നത് ക്രാനിയല്‍ സിരകളാണ് (cranial nerve). പേശീസ്തംഭനം വരുന്നവരില്‍ മിക്കവരിലും ഈ സിരകള്‍ക്ക് തകരാര്‍ പറ്റിയിരിക്കും. അതാണ് ഇമചിമ്മല്‍ അസാധ്യമാക്കുന്നത്. ഇത്തരക്കാര്‍ക്ക് ഇമചിമ്മാനോ പുഞ്ചിരിക്കാനോ കഴിയാതെ വരും.

ഈ ദുരവസ്ഥയില്‍ പെട്ട രോഗികളെ സഹായിക്കാന്‍ ചില മാര്‍ഗങ്ങള്‍ നിലവിലുണ്ട്. കാലില്‍ നിന്ന് ചെറിയൊരു പേശീഭാഗം മുഖത്ത് തുന്നിച്ചേര്‍ക്കുകയാണ് അതിലൊന്ന്. ആറ് മുതല്‍ പത്ത് മണിക്കൂര്‍ വരെ വേണ്ടിവരുന്ന ശസ്ത്രക്രിയയാണത്. പ്രായമേറിയവര്‍ക്കും ഗുരുതരാവസ്ഥയില്‍ പെട്ട രോഗികള്‍ക്കും ഇത് അനുയോജ്യമല്ല.

കണ്‍പോളയ്ക്കുള്ളില്‍ ചെറിയൊരു ഭാരം സ്ഥാപിച്ച്, ഗുരുത്വാകര്‍ഷണത്തിന്റെ സഹായത്തോടെ കണ്‍പോളയടയ്ക്കാന്‍ സഹായിക്കുകയെന്നതാണ് മറ്റൊരു മാര്‍ഗം. 90 ശതമാനം രോഗികള്‍ക്കും ഇത് പ്രയോജനപ്പെടുമെങ്കിലും, ഇത്തരത്തിലുള്ള ഇമചിമ്മലിന് സ്വാഭാവികതയുണ്ടാകില്ല. മാത്രമല്ല, രണ്ടു കണ്ണും ഒരേസമയം ചിമ്മാന്‍ കഴിഞ്ഞെന്നും വരില്ല.

ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാക്കിക്കൊണ്ട് സ്വാഭാവിക രീതിയില്‍ കണ്ണിമചിമ്മാന്‍ അവസരമൊരുക്കുന്നതാണ് പുതിയ സങ്കേതം. (അവലംബം: ഡേവിസിലെ കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയുടെ വാര്‍ത്താക്കുറിപ്പ്)

Saturday, January 16, 2010

ഹെയ്തിയ്ക്ക് തുണയാകാന്‍ നവമാധ്യമങ്ങള്‍

പരമ്പരാഗത വാര്‍ത്താവിനിമയബന്ധങ്ങളെല്ലാം പരാജയപ്പെട്ടിരിക്കുകയാണ് ഹെയ്തിയില്‍. ആ ഭൂകമ്പനരകത്തില്‍ ഇപ്പോള്‍ ഹൈടെക് സാങ്കേതികവിദ്യകളാണ് ആശ്വാസമേകാന്‍ രംഗത്തുള്ളത്.

കേരളത്തെക്കാള്‍ ചെറിയ പ്രദേശമാണ് കരീബിയന്‍ രാജ്യമായ ഹെയ്തി. ഭ്രംശമേഖലയായ അവിടെ വടക്കന്‍ അമേരിക്കന്‍ ഭൂഫലകവും കരീബിയന്‍ ഫലകവും ഞെരിഞ്ഞമര്‍ന്നപ്പോള്‍ സംഭവിച്ചത് സമീപകാലത്ത് ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ്. കഴിഞ്ഞ ജനവരി 12-ന് പ്രാദേശിക സമയം വൈകിട്ട് അഞ്ചുമണിക്ക്, 45 സെക്കന്‍ഡ് നേരം നീണ്ടുനിന്ന പ്രകമ്പനത്തില്‍ വലിയൊരു ശവപ്പറമ്പായി ഹെയ്തി ഒറ്റയടിക്കു മാറി.

ഭൂകമ്പമാപിനിയില്‍ ഏഴായിരുന്നു ഭൂകമ്പതീവ്രത. രണ്ട് നൂറ്റാണ്ടിനിടെ ഹെയ്തിയിലുണ്ടാകുന്ന ഏറ്റവും ശക്തമായ ആ ഭൂകമ്പത്തില്‍ സ്‌കൂളുകളും ആസ്പത്രികളും വീടുകളും കടകളും ആരാധനാലയങ്ങളും, രാജ്യത്തെ യു.എന്‍. ദൗത്യകേന്ദ്രവും പാര്‍ലമെന്റ് മന്ദിരവും തകര്‍ന്നടിഞ്ഞു. കൊട്ടാരം തകര്‍ന്ന് രാജ്യത്തിന്റെ പ്രസിഡന്റ് റെനെ പ്രിവല്‍ പോലും ഭവനരഹിതനായി. എത്ര ആയിരങ്ങള്‍ മരിച്ചെന്നോ, എത്ര ലക്ഷം പേര്‍ക്ക് പരിക്കേറ്റെന്നോ ഇനിയും കൃത്യമായി തിട്ടപ്പെടുത്തിയിട്ടില്ല.

'ദി ഇക്കണോമിസ്റ്റ്' വരികയുടെ വാക്യം കടമെടുത്താന്‍ 'അമേരിക്കന്‍ ഭൂഖണ്ഡത്തില്‍ ഏതെങ്കിലുമൊരു രാജ്യത്തിന് പ്രകൃതിദുരന്തങ്ങള്‍ താങ്ങാന്‍ ശേഷിയില്ലെങ്കില്‍, അത് ഹെയ്തിയ്ക്കാ'ണ്. അവിടെയാണ് ഭൂകമ്പത്തിന്റെ രൂപത്തില്‍ മരണവും ദുരിതവും സംഹാരതാണ്ഡവമാടുന്നത്. 2004-ല്‍ 230,000 പേരുടെ ജീവന്‍ കവരുകയും വന്‍ നാശനഷ്ടം വിതയ്ക്കുകയും ചെയ്ത ഇന്ത്യന്‍ മഹാസമുദ്ര സുനാമിയും, 2005-ല്‍ 86,000 പേരുടെ ജീവനപഹരിച്ച കശ്മീര്‍ ഭൂകമ്പവും പോല മറ്റൊരു സങ്കീര്‍ണദുരന്തമാണ് ഹെയ്തിയെ വേട്ടയാടിയിരിക്കുന്നത്.

ഭൂകമ്പത്തെ തുടര്‍ന്ന് വൈദ്യുതിവിതരണവും കുടിവെള്ള വിതരണവുവം പാടെ തകര്‍ന്നതിനൊപ്പം, പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങളും ഏതാണ്ട് പൂര്‍ണമായി നിലച്ചു. അതോടെ ഹെയ്തിയുടെ നരകീയദുരന്തം പൂര്‍ണമായി. അങ്ങനെ ലോകത്തുനിന്ന് തികച്ചും ഒറ്റപ്പെട്ടുപോയ ആ ചെറുരാജ്യത്ത് രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് വഴികാട്ടാനും, വിദേശത്തുള്ള ഹെയ്തിക്കാര്‍ക്ക് ജന്മനാട്ടിലെ ബന്ധുക്കളെക്കുറിച്ചുള്ള വിവരം തേടാനും ഇപ്പോള്‍ സഹായത്തിനെത്തുന്നത് ഇന്റര്‍നെറ്റിലെ വിവിധ സങ്കേതങ്ങളും കമ്മ്യൂണിറ്റി വെബ്ബ്‌സൈറ്റുകളുമാണ്. ഒപ്പം ഹെയ്തിക്ക് വേണ്ടി ധനസമാഹരണം നടത്താനും ഓണ്‍ലൈനില്‍ വിവിധ സ്ഥാപനങ്ങലും സൈറ്റുകളും പ്രവര്‍ത്തിക്കുന്നു.

വ്യവസ്ഥാപിത വാര്‍ത്താവിനിമയ ബന്ധങ്ങള്‍ തകര്‍ന്ന സ്ഥലത്ത്, ഉപഗ്രഹ നെറ്റ്‌വര്‍ക്കുകളാണ് ഹെയ്തിക്ക് തുണയായി രംഗത്തു വന്നത്. ദുരിതാശ്വാസ ഏജന്‍സികളെയും സൈന്യത്തെയും സഹായിക്കാന്‍ യു.എന്നിന്റെ സഹായത്തോടെ ഏര്‍പ്പെടുത്തിയിട്ടുള്ള ആ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിച്ചാണ്, വിവിധ ഇന്റര്‍നെറ്റ് സര്‍വീസുകളിലേക്ക് ഹെയ്തിയില്‍ നിന്ന് വിവരങ്ങള്‍ കൈമാറുന്നത്. യു.എന്നിന് കീഴിലുള്ള ടെലികോംസ് സാന്‍സ് ഫ്രൊണ്ടിയേഴ്‌സ് രണ്ട് സംഘങ്ങളെ ഹെയ്തിയില്‍ നിയോഗിച്ചു. യു.കെ.കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഉപഗ്രഹശൃംഗലയായ 'ഇന്‍മാര്‍സാറ്റി'ന് ദുരന്തം നടന്ന ഒരു മണിക്കൂറിനകം യു.എന്നിന്റെ അഭ്യര്‍ഥന ലഭിച്ചു. കമ്പനി കൂടുതല്‍ സമയം ഇപ്പോള്‍ ഹെയ്തിക്കാണ് ചെലവഴിക്കുന്നത്.

ട്വിറ്റര്‍, ഫേസ്ബുക്ക്, ഗൂഗിള്‍ എര്‍ത്ത്, യുഷാഹിദി, യുടൂബ്, വിവിധ മാധ്യമസ്ഥാപനങ്ങളുടെ വെബ്ബ്‌സൈറ്റുകള്‍ ഒക്കെ ഭൂകമ്പം നടന്നയുടന്‍ പ്രതികരിച്ചു. പരമ്പരാഗത വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പരാജയപ്പെടുന്നിടത്ത് സമാന്തര നവമാധ്യമങ്ങള്‍ മുന്നേറുന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമായി മാറിയിരിക്കുകയാണ് ഹെയ്തി ഭൂകമ്പം. വിദേശത്തുള്ള ഹെയ്തിക്കാര്‍ക്ക് ബന്ധുക്കളുടെ വിവരം തേടാനും, ഹെയ്തിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ആശ്രയമായും ഇപ്പോള്‍ രംഗത്തുള്ളത് ഈ ഹൈടെക് സങ്കേതങ്ങള്‍ മാത്രം.

ഇതില്‍ ഏറ്റവും ശ്രദ്ധേയം, ഭൂകമ്പം നടന്ന് അധികം വൈകാതെ രംഗത്തെത്തിയ
'യുഷാഹിദി' (Ushahidi) യെന്ന ഓണ്‍ലൈന്‍ മാപ്പിങ് സംവിധാനമാണ്. യുഷാഹിദിയുടെ മാപ്പില്‍ പുറത്തുനിന്നുള്ളവര്‍ക്ക് വിവരങ്ങള്‍ ചേര്‍ക്കാം. ദുരിതമേഖലയിലെ താത്ക്കാലിക ആസ്പത്രികള്‍, ദുരിതബാധിതര്‍ കൂടുതലുള്ള സ്ഥലങ്ങള്‍, കെട്ടിടങ്ങളില്‍ എവിടെയൊക്കെ ആളുകള്‍ കുടുങ്ങി കിടക്കുന്നു, പാലങ്ങളും റോഡുകളും എവിടെയാണ് തകര്‍ന്നിരിക്കുന്നത്, കുടിവെള്ളം മുടങ്ങിയ സ്ഥലങ്ങള്‍ ഏതൊക്കെ - എന്നിങ്ങനെ ഭൂകമ്പത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികളും വിവരങ്ങളുമാണ് മാപ്പില്‍ ചേര്‍ക്കുക. ഇത്തരം വിവരങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തെ സംബന്ധിച്ച് നിര്‍ണായകമാണ്. ഹെയ്ത്തിക്കായി മാത്രം പ്രത്യേക സര്‍വീസ് ആരംഭിക്കുകയാണ് യുഷാഹിദി.

'കഴിയുന്നത്ര വിവരങ്ങള്‍ ലഭ്യമാക്കുക, അതാണ് ഇപ്പോള്‍ പ്രധാനം'-ടഫ്റ്റ്‌സ് സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥിയും യുഷാഹിദിയ്ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന പത്തംഗസംഘത്തിലെ അംഗവുമായ പാട്രിക് മീയര്‍ പറയുന്നു. ടഫ്റ്റ്‌സ് സര്‍വകലാശാലയിലാണ് ഹെയ്തിക്കായുള്ള യുഷാഹിദിയുടെ എമര്‍ജന്‍സി റൂം പ്രവര്‍ത്തിക്കുന്നത്. പുറത്തുള്ള ആളുകള്‍ മാപ്പില്‍ ചേര്‍ക്കുന്ന വിവരങ്ങള്‍ ശരിയാണോ എന്ന് വിലയിരുത്താനും, അത് കുറ്റമറ്റതാക്കാനുമായി ഇരുപതോളം സന്നദ്ധപ്രവര്‍ത്തകര്‍ യുഷാഹിദിയുടെ എമര്‍ജന്‍സി റൂമില്‍ 24 മണിക്കൂറും ജോലിയെടുക്കുന്നു. കഴിഞ്ഞ ദിവസം വരെ ഏതാണ്ട് മുന്നൂറിലേറെ സുപ്രധാന വിവരങ്ങള്‍ യുഷാഹിദിയുടെ ഹെയ്തി മാപ്പില്‍ സന്നിവേശിപ്പിക്കാന്‍ കഴിഞ്ഞു.

ഭൂകമ്പം നടന്നയുടന്‍ വിവരങ്ങള്‍ ലഭ്യമാക്കിത്തുടങ്ങിയ മറ്റൊരു വെബ്ബ് സര്‍വീസ് പ്രശസ്ത മൈക്രോബ്ലോഗിങ് സൈറ്റായ 'ട്വിറ്റര്‍' ആണ്. ദുരന്തം നടന്ന് സെക്കന്‍ഡുകള്‍ക്കുള്ളില്‍ ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ പ്രവഹിച്ചു തുടങ്ങി. ഹെയ്തിയിലെ ബന്ധുക്കളുടെ വിവരമറിയാന്‍ രാജ്യത്തിന് പുറത്തുള്ളവരാണ് ട്വിറ്റര്‍ ഏറ്റവുമധികം ആശ്രയിക്കുന്നത്.
'#relativesinhaiti' എന്ന ട്വിറ്റര്‍ ഗ്രൂപ്പിലേക്ക് സന്ദേശങ്ങള്‍ പ്രവഹിക്കുകയാണ്. ഹെയ്തിയില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന പലരെയും രക്ഷിക്കാന്‍ ഈ ട്വിറ്റര്‍ഗ്രൂപ്പിലെ സന്ദേശങ്ങള്‍ വഴിയൊരുക്കി.

മറ്റൊരു പ്രമുഖ കമ്മ്യൂണിറ്റി സൈറ്റായ 'ഫേസ്ബുക്കി'ന്റെ
'എര്‍ത്ത്‌ക്വേക്ക് ഹെയ്തി'(Earthquake Haiti) ഗ്രൂപ്പില്‍ ഇതിനകം 160,000 പേരാണ് അംഗമായത്. റെഡ്‌ക്രോസ്, സി.എന്‍.എന്‍, ന്യൂയോര്‍ക്ക് ടൈംസ് എന്നിവ കാണാതായവരുടെ വിവരങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുന്ന ജോലിയാണ് ഏറ്റെടുത്തിരിക്കുന്നത്.ഭൂകമ്പത്തില്‍ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കാനും ആശയവിനിമയം എളുപ്പമാക്കാനുമായി യു.എസ്.വിദേശകാര്യവകുപ്പുമായി ചേര്‍ന്ന് ഗൂഗിള്‍ ഒരു 'പീപ്പിള്‍ ഫൈന്‍ഡര്‍' സംവിധാനം ഏര്‍പ്പെടുത്തി.

ഹെയ്തി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പിയറി കോറ്റെ എന്ന ജേര്‍ണലിസ്റ്റ്, ദുരന്തം നടന്നയുടന്‍ പുറത്തുള്ള ചില മാധ്യമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് അവരുടെ സഹായത്തോടെ വെബ്ബ് വഴി റിപ്പോര്‍ട്ടുകള്‍ പുറത്തുവിടാന്‍ തുടങ്ങി. ഇന്റര്‍നെറ്റിലൂടെ വോയിസ്, വീഡിയോ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന 'സ്‌കൈപ്പ്' (Skype) ആണ് ഇതിന് കോറ്റെ പ്രയോജനപ്പെടുത്തുന്നത്. 'ഞാനിത് ചെയ്യുന്നില്ലെങ്കില്‍, ആരുമിത് ചെയ്യില്ല. പരമ്പരാഗത മാധ്യമങ്ങള്‍ക്ക് ഏതായാലും ഇത് സാധിക്കില്ല'-അദ്ദേഹം അറിയിക്കുന്നു.


ഭൂകമ്പം നടന്ന് അധികം വൈകാതെ തന്നെ ദുരന്തമേഖലയുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍ രംഗത്തെത്തി. ഉപഗ്രഹദൃശ്യങ്ങള്‍ ലഭ്യമാക്കുന്ന 'ജിയോഐ' (GeoEye) എന്ന കമ്പനിയുടെ സഹായത്തോടെയാണ് 'ഗൂഗിള്‍ എര്‍ത്ത്', 'ഗൂഗിള്‍ മാപ്പ്' എന്നിവ, ദുരന്തബാധിത മേഖലയുടെ വ്യക്തമായ ദൃശ്യങ്ങള്‍ ലഭ്യമാക്കിയത്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവര്‍ക്ക് ഏറെ സഹായകമായ സര്‍വീസായി അത് മാറി. ഭൂകമ്പം നടന്നതിന് അടുത്തു മണിക്കൂറുകളില്‍ പകര്‍ത്തിയ ദുരിതമേഖലയുടെ ഉപഗ്രഹദൃശ്യങ്ങള്‍ സന്നിവേശിപ്പിച്ചാണ് ഗൂഗിള്‍ ഇത് സാധിച്ചത്.

ദുരന്തത്തിന്റെ ഭീകരതയില്‍ മറ്റ് മാധ്യമങ്ങള്‍ പരാജയപ്പെട്ടപ്പോള്‍, നാട്ടുകാര്‍ മൊബൈലുകളില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ തുണയ്‌ക്കെത്തി. അവയാണ് പുറംലോകം ആദ്യം കണ്ടത്. ഗൂഗിളിന്റെ വീഡിയോ സര്‍വീസായ യുടൂബില്‍ നൂറുകണക്കിന് വീഡിയോകള്‍ ഹെയ്തി ഭൂകമ്പവുമായി ബന്ധപ്പെട്ട് അപ്‌ലോഡ് ചെയ്യപ്പെട്ടു. ഇതെഴുതുന്ന സമയത്ത്, 'ഹെയ്തി ഭൂകമ്പം' എന്ന് ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്താല്‍ യുടൂബില്‍ എണ്ണായിരത്തിലേറെ വീഡിയോയുണ്ട്.

ഇന്റര്‍നെറ്റ് വഴി ലോകമങ്ങും ഹെയ്തിയെ സഹായിക്കാനുള്ള അഭ്യര്‍ഥനകളും സന്ദേശങ്ങളും കാട്ടുതീ പോലെയാണ് പടര്‍ന്നത്. എന്തിന് ഹെയ്തിയിലെ ദുരിതബാധിതരെ എങ്ങനെ സഹായിക്കാം എന്നുള്ള പോസ്റ്റുകള്‍ തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗൂഗിള്‍ഗ്രൂപ്പായ 'ഫോര്‍ത്ത് എസ്‌റ്റേറ്റ് ക്രിട്ടിക്കി' (FEC)ല്‍ പോലും പ്രത്യക്ഷപ്പെട്ടു.

പക്ഷേ, ഈ ഹൈടെക് സഹായങ്ങള്‍ക്ക് ഹെയ്തിയുടെ പ്രശ്‌നങ്ങള്‍ എത്രത്തോളം പരിഹരിക്കാനാകും എന്ന ചോദ്യം പ്രസക്തമാണ്. രാഷ്ട്രീയവും പാരിസ്ഥിതികവുമായ പ്രതിസന്ധികള്‍ തുടര്‍ച്ചയായി വേട്ടയാടുക വഴി നിവര്‍ന്നു നില്‍ക്കാന്‍ പോലും ശേഷിയില്ലാത്ത ഹെയ്തിയാണ്, ഭൂകമ്പത്തിന്റെ കഠിനപ്രഹരത്തില്‍ മണ്ണിലടിഞ്ഞു തകര്‍ന്നു കിടക്കുന്നത്. ഹെയ്തിക്ക് സ്വന്തമായി എണീറ്റ് നില്‍ക്കാന്‍ എപ്പോള്‍ കഴിയുമെന്ന് പറയാന്‍ ആര്‍ക്കുമാകുന്നില്ല. ഒരു കാര്യം വ്യക്തം യു.എന്‍.സഹായത്തോടെ ആ രാജ്യം സമീപകാലത്ത് നേടിയ അല്‍പ്പമായ പുരോഗതി പോലും മണ്ണടിഞ്ഞിരിക്കുന്നു. ഇനി എല്ലാം പുതിയതായി ആരംഭിക്കണം. (അവലംബം: ബി.ബി.സി, ഗൂഗിള്‍ ലാറ്റ് ലോങ് ബ്ലോഗ്, ടെക്‌നോളജി റിവ്യൂ)

Friday, January 15, 2010

ആകാശത്തെ വിസ്മയക്കാഴ്ച

ഇനി 1033 വര്‍ഷം കാക്കണം ഇത്രയും ദൈര്‍ഘ്യമേറിയ ഒരു സൂര്യഗ്രഹണത്തിന്. എന്നുവെച്ചാല്‍, സഹസ്രാബ്ദക്കാഴ്ചയായിരുന്നു വെള്ളിയാഴ്ച ആകാശത്ത് അരങ്ങേറിയതെന്ന് സാരം. ആഫ്രിക്കയിലും ഇന്ത്യയിലും പശ്ചിമേഷ്യന്‍ മേഖലകളിലും ദൃശ്യമായ സൂര്യഗ്രഹണത്തിന്റെ ചില കാഴ്ചകള്‍.
Wednesday, January 13, 2010

ഗൂഗിളിനെതിരെ ചൈനയുടെ സൈബര്‍യുദ്ധം

അവസാനം ഗൂഗിളിനും മതിയായി, ചൈനയുമായി ഇനി മല്ലിടുന്നതില്‍ അര്‍ഥമില്ലെന്ന് അവര്‍ക്ക് മനസിലായി. ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റിനെ ഉപേക്ഷിക്കുന്നതായുള്ള ഗൂഗിളിന്റെ സൂചനയില്‍ നിന്ന് മനസിലാക്കേണ്ടത് അതാണ്.

ഗൂഗിളിന്റെ ഔദ്യോഗിക ബ്ലോഗിലെ ഒരു സാധാരണ പോസ്റ്റായി പുറത്തുവന്ന ആ സൂചന മാര്‍ക്കറ്റിലും അന്താരാഷ്ട്ര മാധ്യമരംഗത്തും വന്‍ പ്രകമ്പനമാണ് സൃഷ്ടിച്ചത്. ഗൂഗിളിന്റെ ഓഹരിവില 1.9 ശതമാനം കുറഞ്ഞു.

സംഭവത്തിന് പിന്നില്‍ സൈബര്‍ ആക്രമണമാണ്. 'തങ്ങളുടെ കോര്‍പ്പറേറ്റ് സംവിധാനം ലക്ഷ്യംവെച്ച് ചൈനയില്‍ നിന്ന് ആക്രമണം ഉണ്ടായതായി' ഗൂഗിളിന്റെ
ഔദ്യോഗിക അറിയിപ്പ് പറയുന്നു.

ഇത്രയും കമ്പ്യൂട്ടര്‍ശേഷിയും സംവിധാനവുമുള്ള ഗൂഗിളിന്റെ കോര്‍പ്പറേറ്റ് ഘടന ആക്രമിക്കപ്പെടുകയെന്നു പറഞ്ഞാല്‍, അതില്‍ പൊറുതിമുട്ടി ചൈനയില്‍ നിന്നുതന്നെ ഗൂഗിള്‍ പിന്‍വാങ്ങുന്നു എന്നു പറഞ്ഞാല്‍, സംഭവം സൈബര്‍യുദ്ധത്തിന്റെ തലത്തിലേക്ക് എത്തിയിരിക്കുന്നു എന്നാണ് മനസിലാക്കേണ്ടത്.

ചൈന ഔദ്യോഗികമായി അത് ചെയ്യുന്നു എന്ന് ഗൂഗിള്‍ ആരോപിക്കുന്നില്ല. പക്ഷേ, വരികള്‍ക്കിടിയില്‍ നിന്ന് അത് വായിച്ചെടുക്കാം. മുമ്പ് ദലായ് ലാമയുടെയും ചില വിദേശ നയതന്ത്രകാര്യലയങ്ങളിലെയും കമ്പ്യൂട്ടറുകള്‍ നേരിട്ട അതേ ആക്രമണമാണ് ഗൂഗിളിന് നേരെയും ഉണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ജി-മെയില്‍ അക്കൗണ്ടുകള്‍ ഭേദിക്കാനും ചോര്‍ത്താനുമാണ് ശ്രമം നടന്നത്. ചൈനയില്‍ നിന്ന് 'ആസൂത്രിതമായ ശ്രമം' നടക്കുന്നു എന്ന് അന്വേഷണത്തില്‍ കണ്ടെത്തിയെന്നാണ് ഗൂഗിള്‍ പറയുന്നത്. അതിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നിര്‍ണായക തീരുമാനം ഉണ്ടായത്.

ചൈനയ്ക്ക് വേണ്ടി സെര്‍ച്ച് ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തുന്നു എന്നതാണ് തീരുമാനം. എന്നുവെച്ചാല്‍, ചൈനയിലെ ഗൂഗിളിന്റെ നാളുകള്‍ എണ്ണപ്പെടുന്നു എന്നര്‍ഥം.

ഗൂഗിളിനെ മാത്രമല്ല, ഇന്റര്‍നെറ്റ്, ഫിനാന്‍സ്, ടെക്‌നോളജി, മീഡിയ എന്നിങ്ങനെ വിവിധ മേഖലകളിലെ ഇരുപതോളം കമ്പനികളെ, ചൈനീസ് കമ്പ്യൂട്ടര്‍ ഭേദകര്‍ ആസൂത്രിതമായി ലക്ഷ്യം വെച്ചിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്ന് ഗൂഗിളിന്റെ അറിയിപ്പില്‍ പറയുന്നു.

എന്നാല്‍, 34 കമ്പനികള്‍ ചൈനീസ് ആക്രമണത്തിന് വിധേയമായതായാണ്, ഇതു സംബന്ധിച്ച അന്വേഷണം നടത്തിയവരിലൊരാളെ ഉദ്ധരിച്ചുകൊണ്ട് 'വാള്‍സ്ട്രീറ്റ് ജേര്‍ണല്‍' റിപ്പോര്‍ട്ട് ചെയ്തത്. ഏതൊക്കെ കമ്പനികളാണ് ചൈനീസ് ഭേദകരുടെ ആക്രമണത്തിന് ഇരയായതെന്ന കാര്യം പുറത്തു വിട്ടിട്ടില്ല. എന്നാല്‍, ഗൂഗിള്‍ നേരിട്ട അതേ അനുഭവം തങ്ങള്‍ക്കും ഉണ്ടായതായി അഡോബി സിസ്റ്റംസ് അറിയിച്ചു.

മാത്രമല്ല, യൂറോപ്പ്, ചൈന, അമേരിക്ക എന്നിവിടങ്ങളില്‍ ചൈനയിലെ മനുഷ്യാവകാശകാശത്തിന് വേണ്ടി വാദിക്കുന്ന ഡസണ്‍ കണക്കിന് ആളുകളുടെ ജി-മെയില്‍ അക്കൗണ്ടുകള്‍ ഭേദിക്കാനും ചൈനീസ് ഭേദകര്‍ ശ്രമിക്കുന്നതായി ഗൂഗിള്‍ കണ്ടെത്തിയിട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് തങ്ങളുടെ ചൈനീസ് സൈറ്റിലെ സെര്‍ച്ച്ഫലങ്ങള്‍ സെന്‍സര്‍ ചെയ്യുന്നത് നിര്‍ത്തുകയാണെന്ന് ഗൂഗിള്‍ അറിയിച്ചത്. ഇതിനര്‍ഥം, 2006-ല്‍ ചൈനയ്ക്കായി മാത്രം ഗൂഗിള്‍ സജ്ജമാക്കിയ സംവിധാനം നിര്‍ത്തുന്നു ഏന്നാണ്. ഗൂഗിളിന്റെ സല്‍പ്പേരിന് ഏറെ കളങ്കം ചാര്‍ത്തിയ ഒന്നായിരുന്നു, ചൈനയ്ക്ക് വേണ്ടി സെര്‍ച്ച്ഫലങ്ങള്‍ സെന്‍സര്‍ ചെയ്യാനുള്ള തീരുമാനം.

തയ്‌വാനില്‍ നിന്നുള്ള ആറ് വ്യത്യസ്ത ഇന്റര്‍നെറ്റ് അഡ്രസ്സുകളില്‍ നിന്നാണ് ഗൂഗിളിനെതിരെ ആക്രമണം ഉണ്ടായത്. തയ്‌വാനില്‍ നിന്നുള്ള അഡ്രസ്സില്‍ നിന്ന് ആക്രമിക്കുക എന്നത് ചൈനീസ് ഭേദകരുടെ സ്ഥിരം തന്ത്രമാണെന്ന്, യു.എസ്.സുരക്ഷാ അധികൃതര്‍ പറയുന്നു. ഗൂഗിളിനെ ആക്രമിക്കാന്‍ ഏഴ് വ്യത്യസ്ത തരം കോഡുകളാണ് ഭേദകര്‍ ഉപയോഗിച്ചതെന്ന്, കനേഡിയന്‍ സുരക്ഷാ കണ്‍സള്‍ട്ടിങ് കമ്പനിയായ സെക്‌ഡെവ് ഗ്രൂപ്പിലെ റഫാല്‍ റൊഹോസിന്‍സ്‌കി അറിയിച്ചു.

പരിചയമുള്ള ആരെങ്കിലും അയയ്ക്കുന്നത് പോലെ വരുന്ന മെയിലിന്റെ അറ്റ്ച്ച്‌മെന്റ് തുറക്കുന്നതോടെ ഒരു രഹസ്യകോഡ് ആ കമ്പ്യൂട്ടറില്‍ സ്ഥാപിക്കപ്പെടും. അതുവഴി ഭേദകന് ആ കമ്പ്യൂട്ടര്‍ സംവിധാനം വിദൂരത്തിലിരുന്ന് നിയന്ത്രിക്കാനാകും.

കമ്പ്യൂട്ടര്‍ ഭേദകര്‍ നടത്തിയ ശ്രമം മാത്രമല്ല, സ്വതന്ത്ര ആശയപ്രകാശനത്തിന് ചൈനീസ് അധികൃതര്‍ കൂടുതല്‍ കൂടുതല്‍ നിയന്ത്രണങ്ങളേര്‍പ്പെടുത്തുന്നതും ഗൂഗിളിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്ന് നിരീക്ഷകര്‍ കരുതുന്നു.

'തിന്‍മ ചെയ്യാതെ പണമുണ്ടാക്കുക'യെന്നതാണ് ഗൂഗിളിന്റെ ആപ്തവാക്യം. ഈ പ്രഖ്യാപിത നിലപാട് ബലികഴിച്ചുകൊണ്ടാണ് ഗൂഗിള്‍ ചൈനയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. സെന്‍സര്‍ ചെയ്ത സെര്‍ച്ച്ഫലങ്ങള്‍ നല്‍കുന്ന ഗൂഗിളിന്റെ ചൈനീസ് വിഭാഗം (
google.cn) 2006ല്‍ പ്രവര്‍ത്തനം ആരംഭിച്ചത് വലിയ വിവാദമുയര്‍ത്തിയിരുന്നു.

ചൈനീസ് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ മാത്രമല്ല, ഇന്റര്‍നെറ്റ് സ്വതന്ത്ര ആശയ വിനിമയോപാധിയായി നിലനില്‍ക്കണം എന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ പേരും ഗൂഗിളിന്റെ ആ തീരുമാനത്തെ വിമര്‍ശിച്ചിരുന്നു.

ഒരിക്കല്‍ മുട്ടുമടക്കിയാല്‍ വീണ്ടും അതു വേണ്ടിവരും എന്നകാര്യം അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ഗൂഗിളിന് ചൈനയില്‍ തുടര്‍വര്‍ഷങ്ങളില്‍ നേരിടേണ്ടി വന്ന അനുഭവം. ചൈനീസ് സര്‍ക്കാരും ഗൂഗിളും തമ്മിലുള്ള സംഘര്‍ഷം വര്‍ധിച്ചു വന്നു. ഗൂഗിള്‍ അശ്ലീലം നല്‍കുന്നു എന്ന ആരോപണവുമായി 2009-ല്‍ ചൈനീസ് അധികൃതര്‍ രംഗത്തെത്തി.

ഗൂഗിളിന്റെ വീഡിയോ ഷെയറിങ് സൈറ്റായ യുടൂബ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ ചൈനയില്‍ ഏതാണ്ട് തീര്‍ത്തും ലഭിക്കാത്ത അവസ്ഥയാണ്. ഇങ്ങനെയുള്ള തുടര്‍ച്ചയായ സംഘര്‍ഷമാണ്, വിഷമകരമെങ്കിലും നിര്‍ണായകമായ തീരുമാനമെടുക്കാന്‍ ഗൂഗിളിനെ പ്രേരിപ്പിച്ചതെന്ന് കരുതുന്നതില്‍ തെറ്റില്ല.

നിയമത്തിനകത്ത് നിന്നുകൊണ്ട് സെന്‍സറിങ് ഇല്ലാത്ത ഒരു സെര്‍ച്ച് എന്‍ജിന്‍ പ്രവര്‍ത്തിക്കാന്‍ കഴിയുമോ എന്നകാര്യം, ചൈനീസ് അധികാരികളുമായി അടുത്ത ആഴ്ചകളില്‍ ചര്‍ച്ച ചെയ്യുമെന്ന് ഗൂഗിള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, അത് എത്രത്തോളം ഫലം ചെയ്യുമെന്ന് പറയാറായിട്ടില്ല.

ഗൂഗിളിന്റെ ചൈനീസ് കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിപ്പിക്കുന്ന നൂറുകണക്കിന് എന്‍ജിനിയര്‍മാരെയും മറ്റ് ജീവനക്കാരെയും ബുദ്ധിമുട്ടിലാക്കുന്ന തീരുമാനമാണ് ഗൂഗിളിന്റേത്.

കഴിഞ്ഞ ജൂണിലെ കണക്കു പ്രകാരം 33.8 കോടി ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ ചൈനയിലുണ്ട്. ലോകത്ത് മറ്റൊരു രാജ്യത്തും ഇത്രയധികം പേര്‍ ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല. ആ നിലയ്ക്ക് ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് മാര്‍ക്കറ്റാണ് ഗൂഗിള്‍ ഉപേക്ഷിക്കുന്നത്.

ചൈനയിലെ സെര്‍ച്ച് മാര്‍ക്കറ്റില്‍ 30 ശതമാനമാണ് ഗൂഗിളിനുള്ളത്. മാര്‍ക്കറ്റില്‍ ആധിപത്യം പുലര്‍ത്തുന്ന 'ബെയ്ദു' (baidu.com) വിന്റെ വിഹിതം 60 ശതമാനം വരും. അധികൃതകേന്ദ്രങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന കമ്പനിയാണ് ബെയ്ദു. ആ നിലയ്ക്ക് ഗൂഗിളിന്റെ പിന്‍മാറ്റം ചൈനയില്‍ ബെയ്ദുവിന്റെ സര്‍വാധിപത്യത്തിന് വഴി തെളിച്ചേക്കും.
(അവലംബം: ഗൂഗിള്‍ ബ്ലോഗ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍)

ധ്രുവത്തില്‍ നിന്ന് ധ്രുവത്തിലേക്ക്....

70,000 കിലോമീറ്റര്‍ നീളുന്ന ഇതിഹാസ യാത്ര

ചിത്രത്തില്‍ കാണുന്ന കക്ഷികള്‍ക്ക് (സോറി പക്ഷികള്‍ക്ക്) 'ആര്‍ട്ടിക് റ്റേണ്‍' എന്നാണ് പേര്. ഇവരുടെ പ്രധാന വിനോദം ഒരു ധ്രുവത്തില്‍നിന്ന് ധ്രുവത്തിലേക്ക് ദേശാടനം നടത്തുകയെന്നതാണ്. ചില്ലറ ദൂരമല്ല അങ്ങനെ താണ്ടുന്നത്, 70,000 കിലോമീറ്റര്‍!

ഭൂഗോളത്തിന്റെ ഇരുധ്രുവങ്ങളെയും ബന്ധപ്പെടുത്തിയുള്ള അവയുടെ അസാധാരണ ദേശാടനത്തിന്റെ വിശദാംശങ്ങള്‍ മനസിലാക്കുന്നതില്‍ വിജയിച്ചിരിക്കുകയാണ് ഒരുസംഘം അന്താരാഷ്ട്ര ഗവേഷകര്‍.

പക്ഷികളുടെ ശരീരത്തില്‍ ഘടിപ്പിച്ച ചെറിയ ട്രാക്കിങ് ഉപകരണങ്ങളുടെ സഹായത്തോടെ അവയുടെ സഞ്ചാരപാത ഉള്‍പ്പടെയുള്ള വിവരങ്ങള്‍ മനസിലാക്കാന്‍ ഗവേഷകര്‍ക്കായി.

ഉത്തരധ്രുവത്തിലാണ് റ്റേണുകളുടെ പ്രജനനകേന്ദ്രം. അവിടെ നിന്ന് ദക്ഷിണധ്രുവത്തിലേക്കുള്ള യാത്ര അത്‌ലാന്റിക്കിന്റെ ഇരുകരകളില്‍ ഏതെങ്കിലും ഒന്നിലൂടെയാണ്; ഒന്നുകില്‍ ആഫ്രിക്കന്‍ തീരത്തുകൂടി അല്ലെങ്കില്‍ ബ്രസീലിയന്‍ തീരത്തുകൂടി. എന്നാല്‍, വടക്കോട്ടുള്ള മടക്കം കര തൊടാതെ അത്‌ലാന്റിക്കിന്റെ മധ്യത്തിലൂടെ, ആ സമുദ്രത്തിന്റെ അതേ 'S' ആകൃതിയില്‍.

ആല്‍ബസ്‌ട്രോസുകള്‍ (Albatrosses) പോലുള്ള ചില പക്ഷികള്‍ ദീര്‍ഘദൂര ദേശാടനം നടത്താറുണ്ടെങ്കിലും, ആര്‍ട്ടിക് റ്റേണി (Arctic tern) ഇതിഹാസ പര്യടനത്തിന് സമാനമായ മറ്റൊന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.

ഒരുവര്‍ഷം കൊണ്ട് ആകെ 71,200 കിലോമീറ്ററാണ് റ്റേണുകള്‍ സഞ്ചരിക്കുക. തെക്കോട്ട് 34,600 കിലോമീറ്റര്‍; ദിവസം ശരാശരി 330 കിലോമീറ്റര്‍ എന്ന തോതില്‍.

വടക്കോട്ട് സഞ്ചരിക്കുന്നത് 25,700 കിലോമീറ്ററാണ്; ദിവസം 520 കിലോമീറ്റര്‍ എന്ന കണക്കിന്. ദക്ഷിണധ്രുവത്തിലെ ശൈത്യകാല താവളത്തില്‍ 10,900 കിലോമീറ്ററും അവ യാത്ര ചെയ്യും.

പ്രജനനമേഖല മുതല്‍ ശൈത്യകാല താവളം വരെ മുഴുവന്‍ വര്‍ഷവും റ്റേണുകള്‍ എവിടെയെല്ലാം സഞ്ചരിക്കുന്നു എന്നറിയാന്‍ പഠനം സഹായിച്ചുവെന്ന്, 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി' (PNAS) ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു.

ഏതാണ്ട നൂറ് ഗ്രാമിലേറെ മാത്രം ഭാരമുള്ള ഈ ചെറുപക്ഷിയുടെ ശാസ്ത്രീയനാമം 'സ്റ്റേണ പാരഡൈസയേ' (Sterna paradisaea) എന്നാണ്. ചെറുമത്സ്യങ്ങളെയും പ്ലാങ്ടണുകളെയും മറ്റും തിന്ന് കഴിയുന്ന ഇവയുടെ ആയുര്‍ദൈര്‍ഘ്യം 30 വര്‍ഷം വരെയാണ്.

ആഗസ്തിലോ സപ്തംബറിലോ ആണ് ഇവ ഉത്തരധ്രുവത്തില്‍ ഗ്രീന്‍ലന്‍ഡ് മേഖലയില്‍ നിന്ന് തെക്കോട്ടു ദേശാടനം ആരംഭിക്കുക. ദക്ഷിണധ്രുവത്തില്‍ വെഡെല്‍ സീ (Weddell Sea) പ്രദേശത്തെത്തുകയാണ് ലക്ഷ്യം.

ദക്ഷിണധ്രുവത്തിലെത്തുന്ന ടേണുകള്‍ നാലോ അഞ്ചോ മാസം അവിടെ കഴിയും, എന്നിട്ട് വീണ്ടും വടക്കോട്ട് യാത്ര തിരിക്കും. മെയിലോ ജൂലായിലോ ഉത്തരധ്രുവത്തില്‍ മടങ്ങിയെത്തും.

ഗ്രീന്‍ലന്‍ഡ്, ഡെന്‍മാര്‍ക്ക്, അമേരിക്ക, ബ്രിട്ടന്‍, ഐസ്‌ലന്‍ഡ് എന്നിവിടങ്ങളില്‍ നിന്നുള്ള ഗവേഷകരാണ് ആര്‍ട്ടിക്ക് റ്റേണുകളുടെ ദേശാടനം പഠിച്ചത്. അതിനായി ഏതാണ്ട് 1.4 ഗ്രാം മാത്രം ഭാരമുള്ള 'ജിയോലൊക്കേറ്ററുകള്‍' (geolocators) പക്ഷികളുടെ ശരീരത്തില്‍ ഘടിപ്പിച്ചായിരുന്നു പഠനം. പക്ഷികള്‍ എവിടെയുണ്ട് എന്നതിന്റെ കൃത്യമായ വിവരം അതുവഴി ലഭിച്ചു.

ബ്രിട്ടീഷ് അന്റാര്‍ട്ടിക്ക് സര്‍വെ (ബി.എ.എസ്) ആണ് ജിയോലൊക്കേറ്ററുകള്‍ നല്‍കിയത്. പ്രകാശത്തിന്റെ തീവ്രതയിലെ വ്യത്യാസം രേഖപ്പെടുത്താന്‍ ജിയോലൊക്കേറ്ററുകള്‍ക്ക് കഴിയും. പകലത്തെ പ്രകാശം എത്ര തീവ്രതയുള്ളത്, സൂര്യന്‍ ഉദിക്കുന്നതും അസ്തമിക്കുന്നതും എപ്പോള്‍, തുടങ്ങിയ വിവരങ്ങള്‍ അറിയാന്‍ അതുപകരിക്കും. അതില്‍ നിന്ന് പക്ഷി എവിടെയാണുള്ളതെന്ന് മനസിലാക്കാനും സാധിക്കും.

ദേശാടനത്തിന്റെ വിശദാംശങ്ങള്‍ അറിയാന്‍ മാത്രമല്ല ജിയോലൊക്കേറ്ററുകള്‍ സഹായിക്കുക, പക്ഷികളുടെ നിലനില്‍പ്പ് സാധ്യമാക്കുന്ന സുപ്രധാന ജൈവമേഖലകള്‍ ഏതെന്ന് തിരിച്ചറിയാനും അവ സഹായിക്കും - ഗവേഷണപ്രബന്ധത്തിന്റെ രചയിതാക്കളില്‍ ഒരാളായ ബി.എ.എസ്സിലെ റിച്ചാര്‍ഡ് ഫിലിപ്പ്‌സ് അഭിപ്രായപ്പെട്ടു.

ആര്‍ട്ടിക്ക് വിട്ട് തെക്കോട്ടുള്ള യാത്രയില്‍ റ്റേണുകള്‍ നേരെ അന്റാര്‍ട്ടിക്കിലെത്തുന്നില്ല, പകരം അവയ്ക്ക് മധ്യ, ഉത്തര അത്‌ലാന്റിക്കില്‍ ഇടത്താവളമുണ്ടെന്ന കണ്ടെത്തല്‍ ഗവേഷകരെ അത്ഭുതപ്പെടുത്തി. ചിലയിനം പ്ലാങ്ടണുകളെയും മത്സ്യങ്ങളെയും തിന്ന് ദീര്‍ഘയാത്രയ്ക്കുള്ള ഊര്‍ജം സംഭരിക്കാനാണിത്.

സമുദ്രഭാഗങ്ങളുടെ ജൈവസമൃദ്ധി എത്രയുണ്ടെന്ന് ഉപഗ്രഹങ്ങളുടെ സഹായത്തോടെ പഠിച്ചപ്പോള്‍, റ്റേണുകളുടെ ഇടത്താവളങ്ങള്‍ വളരെ ജൈവസമൃദ്ധമായ മേഖലകളാണെന്ന് ഗവേഷകര്‍ക്ക് ബോധ്യമായി.

പടിഞ്ഞാറന്‍ യൂറോപ്പിന്റെയും പടിഞ്ഞാറന്‍ ആഫ്രിക്കയുടെയും തീരത്തുകൂടിയാണ് പിന്നീട് കുറെ റ്റേണുകളുടെ തെക്കോട്ടുള്ള യാത്ര. ബാക്കിയുള്ളവ ബ്രസീലിയന്‍ തീരത്തുകൂടി നീങ്ങും.

ഗവേഷകര്‍ നിരീക്ഷണവിധേയമാക്കിയ പക്ഷികളില്‍ ഏതാണ്ട് പകുതിയെണ്ണം അത്‌ലാന്റിക്കിന്റെ പടിഞ്ഞാറന്‍ തീരത്തുകൂടി സഞ്ചരിച്ചപ്പോള്‍, ബാക്കിയെണ്ണം കിഴക്കന്‍ തീരമാണ് തിരഞ്ഞെടുത്തത്. എന്തുകൊണ്ട് രണ്ട് കൂട്ടരും രണ്ട് വശങ്ങള്‍ തിരഞ്ഞെടുത്തു എന്ന് വ്യക്തമല്ല. ഇരുഭാഗത്തും അനുകൂലമായ കാറ്റ് വീശുന്നതാകാം കാരണം എന്നാണ് അനുമാനം.

ഉത്തരധ്രുവത്തില്‍ ശൈത്യകാലമായിരിക്കുന്ന മാസങ്ങളില്‍ അന്റാര്‍ട്ടിക്കില്‍ കഴിഞ്ഞിട്ട് റ്റേണുകള്‍ വടക്കോട്ട് മടക്കയാത്ര ആരംഭിക്കുന്നു. എന്നാല്‍, മടക്കയാത്രയില്‍ അത്‌ലാന്റിക്കിന്റെ കരകളെ അവഗണിച്ചിട്ട്, അത്‌ലാന്റിക്കിന്റെ മധ്യത്തിലൂടെ 'S' ആകൃതിയില്‍ യാത്ര ചെയ്യുന്നു.

'ഇത് ശരിക്കും പുതിയ അറിവാണ്'- ഗ്രീന്‍ലന്‍ഡ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് നാച്ചുറല്‍ റിസോഴ്‌സസിലെ കാര്‍സ്റ്റന്‍ ഇഗെവാങ് അറിയിക്കുന്നു. ഏതായാലും പ്രകൃതിയില്‍ എന്തെല്ലാം ഇനിയും നമ്മള്‍ മനസിലാക്കാനിരിക്കുന്നു എന്ന് ഈ പഠനം സൂചിപ്പിക്കുന്നു. (അവലംബം: PNAS)

Tuesday, January 12, 2010

50,000 വര്‍ഷം മുമ്പും 'മേക്കപ്പ്'

മേക്കപ്പ് ഒരു കലയാണ്, സൗന്ദര്യവര്‍ധക മാര്‍ഗമാണ്, അതിലുപരി കോടികളുടെ ബിസിനസാണ്. ഇങ്ങനെയൊക്കെയുള്ള ഈ ഏര്‍പ്പാട് ആധുനികകാലത്തിന്റെ സന്തതിയെന്നാണ് പൊതുവെ കരുതുന്നത്. എന്നാല്‍, അതത്ര ശരിയല്ലെന്ന് ഒരുസംഘം ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. 50,000 വര്‍ഷംമുമ്പ്, ഇന്നത്തെ മനുഷ്യന്റെ പൂര്‍വികവര്‍ഗമായ നിയാണ്ടെത്തലുകളും 'മേക്കപ്പ്' നടത്തിയിരുന്നു എന്നതിന് തെളിവ് കണ്ടെത്തിയിരിക്കുകയാണ് അവര്‍.

അരലക്ഷം മുമ്പ് നിയാണ്ടെര്‍ത്തല്‍ മനുഷ്യര്‍ ശരീരത്തില്‍ ചായം പൂശിയിരുന്നതിന് തെളിവ് ലഭിച്ച വിവരം, 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസി'ല്‍ (PNAS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണുള്ളത്.

പ്രാചീനമനുഷ്യര്‍ ചായപാത്രങ്ങളായി ഉപയോഗിച്ചിരുന്ന ചിപ്പിത്തോടുകള്‍ രണ്ട് ഉത്ഖനന മേഖലകളില്‍നിന്ന് ഗവേഷകര്‍ക്ക് ലഭിച്ചു. തെക്കന്‍ സ്‌പെയിനിലെ മുര്‍സിയ പ്രവിശ്യയിലെ ഉത്ഖനന പ്രദേശങ്ങളില്‍ നിന്ന് ലഭിച്ച ചിപ്പിത്തോടുകളില്‍ ചായത്തിന്റെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമുണ്ട്.

വിവിധ ചായങ്ങള്‍ കൂട്ടിക്കലര്‍ത്താനും സൂക്ഷിക്കാനും ഉപയോഗിച്ചിരുന്നവയാണ് ആ ചിപ്പിത്തോടുകളെന്ന് വ്യക്തമായെന്ന്, പഠനത്തിന് നേതൃത്വം നല്‍കിയ ബ്രിട്ടനില്‍ ബ്രിസ്റ്റോള്‍ സര്‍വകലാശാലയിലെ പുരാവസ്തു ഗവേഷകന്‍ പ്രൊഫ. ജൊവോ സില്‍ഹാവോ പറഞ്ഞു.

ശരീരത്തില്‍ പൂശാനുള്ള ചായമായി നിയാണ്ടെര്‍ത്തലുകള്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുള്ള മാംഗനീസിന്റെ കറുത്ത ദണ്ഡുകള്‍ മുമ്പ് ആഫ്രിക്കയില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

സൗന്ദര്യവര്‍ധനവിനും ആചാരാനുഷ്ഠാനങ്ങള്‍ക്കും മേക്കപ്പ് ഉപയോഗിച്ചു തുടങ്ങിയത് ആധുനിക മനുഷ്യരാണെന്ന് മിക്ക ഗവേഷകരും കരുതിയിരുന്നു. എന്നാല്‍, നിയാണ്ടെര്‍ത്തലുകള്‍ ശരീരത്തില്‍ ചായം പൂശിയിരുന്നു എന്നതിനുള്ള വിശ്വസനീയമായ ആദ്യതെളിവാണ് തങ്ങള്‍ കണ്ടെത്തിയിരിക്കുന്നതെന്ന് പ്രൊഫ.സില്‍ഹാവോ വാദിക്കുന്നു.

ആധുനിക മനുഷ്യരും നിയാണ്ടെര്‍ത്തലുകളും ഒരേസമയം നിലനിന്ന ഒരു കാലഘട്ടമുണ്ട്; അപ്പര്‍ പാലിയോലിത്തിക് യുഗം. ആ സമയത്ത് മനുഷ്യര്‍ ഉപയോഗിച്ചതായിക്കൂടേ ഈ ചായക്കൂട്ടുകള്‍ എന്ന് സംശയം തോന്നാം.

എന്നാല്‍, ഇരു വിഭാഗവും ഒരേസമയം നിലനിന്ന കാലത്തെക്കാള്‍ പതിനായിരം വര്‍ഷം പഴക്കമുള്ളതാണ് പുതിയ തെളിവുകളെന്ന് ഗവേഷകര്‍ പറയുന്നു. അതിനാല്‍, അവ നിയാണ്ടെര്‍ത്തല്‍ മനുഷ്യരുടേത് തന്നയാകാനാണ് സാധ്യത. (അവലംബം: PNAS)

Monday, January 11, 2010

റബ്ബര്‍ മരത്തിന്റെ കുത്തക തകരുമോ

ഭാവിയില്‍ സ്വാഭാവിക റബ്ബറിന് റബ്ബര്‍ മരം തന്നെ വേണമെന്നില്ല എന്ന സ്ഥിതി വരാന്‍ പോകുന്നു. വെറുമൊരു പൂച്ചെടിയില്‍ നിന്ന് റബ്ബറുണ്ടാക്കാനുള്ള ശ്രമം വിജയത്തിലേക്ക് നീങ്ങുകയാണ്.

റബ്ബറിന് ഇപ്പോള്‍ കിലോഗ്രാമിന് 130 രൂപയ്ക്കുമേലാണ് വില. സ്വാഭാവിക റബ്ബറിനാണ് ഈ വില. സ്വാഭാവികമെന്നാല്‍ റബ്ബര്‍ മരത്തില്‍ നിന്ന് കറ ചെത്തിയെടുത്തുണ്ടാക്കുന്നത് എന്നര്‍ഥം. ഇതുപക്ഷേ, ഇതുവരെയുള്ള അര്‍ഥം. നാളെ അങ്ങനെ ആയിക്കൊള്ളണമെന്നില്ല. ജര്‍മനിയിലും അമേരിക്കയിലും പുരോഗമിക്കുന്ന രണ്ട് വ്യത്യസ്ത ഗവേഷണങ്ങള്‍ ഫലപ്രാപ്തിയിലെത്തിയാല്‍, സ്വാഭാവിക റബ്ബറിന്റെ കാര്യത്തില്‍ റബ്ബര്‍മരങ്ങള്‍ക്കുള്ള കുത്തക അവസാനിക്കും. ഇതുവരെ കാര്യമായ ഉപയോഗം കണ്ടെത്തിയിട്ടില്ലാത്ത ഒരിനം മഞ്ഞപ്പൂച്ചെടി (dandelions) റബ്ബര്‍ച്ചെടിയായി മാറും, അതാകും സ്വാഭാവിക റബ്ബറിന്റെ പുതിയ ഉറവിടം.

മഞ്ഞപ്പൂച്ചെടിയുടെ 'ടി.കെ.എസ്' എന്നറിയപ്പെടുന്ന റഷ്യന്‍ വകഭേദം (Taraxacum kok-saghyz-TKS) റബ്ബര്‍പാല്‍ ചുരത്തുമെന്ന് കണ്ടെത്തിയതായി 'എക്കണോമിസ്റ്റ്' വാരിക റിപ്പോര്‍ട്ടു ചെയ്യുന്നു. ഈ വകഭേദത്തിന്റെ നീരില്‍ റബ്ബര്‍ തന്മാത്രകള്‍ ഉണ്ട്. ചെടിയുടെ ആ കഴിവ് ജനിതകസാങ്കേതികവിദ്യയുപയോഗിച്ചു സമ്പുഷ്ടീകരിച്ച് വ്യവസായികാടിസ്ഥാനത്തില്‍ റബ്ബര്‍ നിര്‍മിക്കാനാണ് ഗവേഷകരുടെ ശ്രമം. അത് വിജയിച്ചാല്‍, സ്വാഭാവിക റബ്ബറിന് റബ്ബര്‍മരങ്ങള്‍ (Hevea brasiliensis) വേണമെന്ന് നിര്‍ബന്ധമില്ല എന്ന സ്ഥിതി വരും. മഞ്ഞപ്പൂച്ചെടി കുറഞ്ഞ ചെലവില്‍ റബ്ബര്‍ നല്‍കാന്‍ തുടങ്ങിയാല്‍, സ്വാഭാവിക റബ്ബറിന്റെ വില കുറയും.

സിന്തറ്റിക് റബ്ബര്‍ (കൃത്രിമ റബ്ബര്‍) ലഭ്യമാണെങ്കിലും, അതിന് സ്വാഭാവിക റബ്ബറിന്റെ ഉറപ്പോ ബലമോ ഇല്ല എന്നതാണ് പ്രശ്‌നം. സ്വാഭാവിക റബ്ബറിന്റെ തന്മാത്രകള്‍ രൂപപ്പെടുന്നത് റബ്ബര്‍മരത്തിലെ ചില രാസാഗ്നികളുടെ പ്രവര്‍ത്തനഫലമായാണ്. അതിനാല്‍ കെമിക്കല്‍ എന്‍ജിനിയറിങ് വഴി നിര്‍മിക്കുന്ന സിന്തറ്റിക് റബ്ബറിനെക്കാള്‍ ക്രമമായ തന്മാത്രാഘടന സ്വാഭാവിക റബ്ബറിനുണ്ട്. സ്വാഭാവിക റബ്ബറിന്റെ ഗുണമേന്‍മയ്ക്ക് അടിസ്ഥാനം ഇതാണ്.

മാത്രമല്ല, സിന്തറ്റിക് റബ്ബറിന്റെ വില അത് നിര്‍മിക്കാനുപയോഗിക്കുന്ന എണ്ണയുടെ വിലയുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ഭാവിയില്‍ എണ്ണ കൂടുതല്‍ ചെലവുള്ളതായി മാറാനാണ് സാധ്യത, അതിനനുസരിച്ച് സിന്തറ്റിക് റബ്ബറിന്റെ വിലയും വര്‍ധിക്കും. എന്നുവെച്ചാല്‍, സിന്തറ്റിക് റബ്ബറിന് ഗുണപരമായും സാമ്പത്തികമായും പരിമിതികളുണ്ട് എന്നര്‍ഥം.

സ്വാഭാവിക റബ്ബറിന്റെ ഉത്പാദനവും പ്രശ്‌നരഹിതമല്ല. ലാറ്റിനമേരിക്കന്‍ മേഖലയില്‍ ഒരിനം പൂപ്പല്‍ രോഗം റബ്ബര്‍കൃഷിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു. അതേസമയം, പൂപ്പല്‍രോഗം ബാധിക്കാത്ത ഏഷ്യന്‍ മേഖലയില്‍ പലയിടത്തും മഴക്കാടുകള്‍ വെട്ടിത്തെളിച്ചാണ് റബ്ബര്‍കൃഷി അരങ്ങേറുന്നത്. മാത്രമല്ല, റബ്ബര്‍ നട്ടാല്‍ അത് വളര്‍ന്ന് ടാപ്പ് ചെയ്യാന്‍ വര്‍ഷങ്ങളെടുക്കും. ഈ പശ്ചാത്തലത്തിലാണ് പെട്ടന്ന് കൃഷിചെയ്യാവുന്ന ചെറിയൊരു ചെടിയില്‍ നിന്ന് റബ്ബര്‍ ലഭിക്കുന്നതിന്റെ പ്രധാന്യമേറുന്നത്.

ഈ ദിശയിലുള്ള അന്വേഷണത്തില്‍ ഒരു പ്രധാന സ്ഥാനാര്‍ഥി, മധ്യഅമേരിക്കയിലെ അര്‍ധഊഷര പ്രദേശത്ത് വളരുന്ന പൂച്ചെടിയായ ഗ്വായൂലെ (guayule) ആണ്. അലര്‍ജിക്ക് കാരണമായ പ്രോട്ടീനുകളൊന്നും അടങ്ങിയിട്ടില്ലാത്ത ഈ ചെടിയില്‍ നിന്നുള്ള റബ്ബര്‍ ഉപയോഗിച്ച് സര്‍ജിക്കല്‍ കൈയുറകളും മറ്റും ഉണ്ടാക്കാനാകും എന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ, അര്‍ധഊഷര പ്രദേശങ്ങളില്‍ കാണപ്പെടുന്ന ചെടികളുടെ പ്രശ്‌നം അവ സാവധാനത്തിലേ വളരൂ എന്നതാണ്. ഗ്വായൂലെ ചെടി വളര്‍ന്ന് പാകമാകാന്‍ രണ്ട് വര്‍ഷമെടുക്കും. 'യൂലെക്‌സ്' (Yulex) എന്ന കമ്പനി വ്യവസായികാടിസ്ഥാനത്തില്‍ ഈ ചെടി കൃഷിചെയ്ത് റബ്ബര്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഒരേക്കറില്‍ നിന്ന് 400 കിലോ റബ്ബര്‍ ലഭിക്കുന്നു. അതേസയമം, ഒരേക്കറിലെ റബ്ബര്‍ മരങ്ങള്‍ നല്‍കുന്ന വിള ഇതിന്റെ അഞ്ചിരട്ടിയോളമാണ്.

ഇവിടെയാണ് ടി.കെ.എസ്.എന്ന മഞ്ഞപ്പൂച്ചെടി രംഗത്തെത്തുന്നത്. സാധാരണഗതിയില്‍ കളയായി പെട്ടന്ന് വളരുന്നയിനമാണ് അവ. വേഗം പറിച്ചെടുത്ത് പ്രൊസസിങ് നടത്താനും, അടുത്ത വിളയിറക്കാനും കഴിയും. വര്‍ഷം രണ്ടു തവണ കൃഷിചെയ്യാം. ഈ പ്രത്യേകതകള്‍ കണക്കിലെടുത്താണ്, ജര്‍മനിയിലെ ആച്ചെനില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രോന്‍ഹോഫര്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ മോളിക്യുലാര്‍ ബയോളജി ആന്‍ഡ് അപ്ലൈഡ് ഇക്കോളജി'യിലെ ക്രിസ്റ്റിയന്‍ ഷൂള്‍സ് ഗ്രോനോവറും സംഘവും, ടി.കെ.എസില്‍ നിന്ന് സ്വാഭാവിക റബ്ബര്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമവുമായി മുന്നോട്ട് പോകുന്നത്. ആ ചെടിയില്‍ റബ്ബര്‍ തന്മാത്രകള്‍ക്ക് കാരണമായ ജീനുകളെ തിരിച്ചറിയുന്നതില്‍ അവര്‍ വിജയിച്ചു കഴിഞ്ഞു. മാത്രമല്ല, ആ ചെടിയില്‍ റബ്ബറടങ്ങിയ നീര് ഉറഞ്ഞ് കട്ടപിടിക്കാന്‍ കാരണമാകുന്ന രാസാഗ്നിയും (polyphenoloxidase) അവര്‍ കണ്ടെത്തി.

റബ്ബര്‍ മരങ്ങളുടെയും ടി.കെ.എസ്, ഗ്വായൂലെ തുടങ്ങിയ ചെടികളുടെയും ശരീരദ്രവങ്ങളില്‍ എന്തിനാണ് റബ്ബര്‍? സസ്യങ്ങളുടെ ഭാഗത്തുനിന്ന് വീക്ഷിച്ചാല്‍, ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ പരിണാമത്തിലൂടെ അവയ്ക്ക് കിട്ടിയിരിക്കുന്ന ഒരായുധമാണ് റബ്ബര്‍. സസ്യങ്ങളെ തിന്നുന്ന പ്രാണികളുടെ വായ്ക്കുള്ളില്‍ റബ്ബര്‍ വേഗം ഉറയുകയും ഒട്ടിപ്പിടിക്കുകയും ചെയ്യും. സ്വാഭാവികമായും ഇതറിയാവുന്ന പ്രാണികള്‍ പിന്നീട് റബ്ബര്‍ചെടികളെ ഉപദ്രവിക്കാന്‍ മുതിരില്ല.

പക്ഷേ, ഇങ്ങനെ പെട്ടന്ന് ഉറയുന്നത് റബ്ബര്‍ ഉത്പാദനത്തിന് യോജിച്ച സംഗതിയല്ല. ഇക്കാര്യം ജനിതകമായി നേരിടാനും ജര്‍മന്‍ ശാസ്ത്രജ്ഞര്‍ ഒരു മാര്‍ഗം കണ്ടെത്തിക്കഴിഞ്ഞു. മഞ്ഞപ്പൂച്ചെടിയില്‍ റബ്ബര്‍നീര് കട്ടപിടിക്കാന്‍ ഇടയാക്കുന്ന രാസാഗ്നിക്ക് കാരണമായ ജീന്‍ അണച്ചുകളയാനുള്ള വിദ്യയാണ് ഗ്രോനോവറും സംഘവും ആവിഷ്‌ക്കരിച്ചത്. 'ആര്‍.എന്‍.എ. ഇടപെടല്‍' (RNA interference) എന്ന സങ്കേതമാണ് ഇതിന് സഹായകമായത്. റബ്ബര്‍നീര് കട്ടപിടിക്കുന്നത് തടയാനായാല്‍, അത് അനായാസമായി ചെടിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ കഴിയും.

അതേസമയം, ടി.കെ.എസില്‍ നിന്നുള്ള റബ്ബര്‍ ഉത്പാദനം മെച്ചപ്പെടുത്താനുള്ള ഗവേഷണവുമായി മുന്നോട്ട് പോകുകയാണ് അമേരിക്കയില്‍ ഒഹായോ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ മാത്യു ക്ലീന്‍ഹെന്‍സും സംഘവും. അരനൂറ്റാണ്ട് മുമ്പ് നോര്‍മന്‍ ബൊര്‍ലോഗ് മുന്തിയ ഗോതമ്പിനങ്ങള്‍ക്ക് രൂപംനല്‍കാന്‍ നടത്തിയ പരമ്പരാഗത സങ്കേതമാണ് ഡോ.ക്ലീന്‍ഹെന്‍സും റബ്ബര്‍ച്ചെടിയുടെ കാര്യത്തില്‍ അവലംബിക്കുന്നത്. ടി.കെ.എസിന്റെ വിവിധയിനങ്ങള്‍ കൃഷിചെയ്ത് അവയില്‍ ഏതിനങ്ങളാണ് കൂടുതല്‍ റബ്ബര്‍ നല്‍കുന്നതെന്ന് മനസിലാക്കിയ ശേഷം, അവയുപയോഗിച്ച് പരാഗണത്തിലൂടെ സങ്കരയിനങ്ങള്‍ സൃഷ്ടിക്കുകയാണ് അമേരിക്കന്‍ ഗവേഷകര്‍ ചെയ്യുന്നത്.

ഒരു വശത്ത് ഹൈട്ക് ബയോഎന്‍ജിനിയറിങ്, മറുവശത്ത് പാരമ്പര്യ സസ്യഗവേഷണം. ഇത് രണ്ടും ചേര്‍ന്ന് ചിലപ്പോള്‍ അത്ഭുതകരമായ ഫലമാകും നല്‍കുക. റബ്ബറിന്റെ കാര്യത്തില്‍ മാത്രമല്ല, നാളെ ഒരുപക്ഷേ സസ്യങ്ങളില്‍ നിന്ന് ഇന്ധനത്തിനുള്ള എണ്ണയുത്പാദിപ്പിക്കുന്നതിലും ഈ സമീപനം സഹായത്തിയേക്കും. (അവലംബം: ദി എക്കണോമിസ്റ്റ്, കടപ്പാട്: മാതൃഭൂമി)