Monday, March 30, 2009

ഫെര്‍മിലാബില്‍ നിന്നൊരു വിചിത്രകണം

ദ്രവ്യത്തിന്റെ ഉള്ളടക്കം പുനര്‍നിര്‍വചിക്കേണ്ടി വരുമോ?

ദ്രവ്യനിര്‍മിതിയെക്കുറിച്ച്‌ നിലവിലുള്ള ധാരണകള്‍ക്കൊന്നും യോജിക്കാത്ത ഒരു വിചിത്രകണം അമേരിക്കയില്‍ ഫെര്‍മിലാബില്‍ നടന്ന കണികാപരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ടു. 'Y(4140)' എന്ന്‌ പേരിട്ടിട്ടുള്ള ആ കണത്തിന്റെ ആവിര്‍ഭാവം, കണികാശാസ്‌ത്രത്തിന്‌ പുതിയ വെല്ലുവിളിയാണ്‌. പ്രപഞ്ചസാരത്തെ സംബന്ധിച്ച സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ഒതുങ്ങാത്തതാണ്‌ ഈ കണമെന്നത്‌ കാര്യങ്ങളെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. ദ്രവ്യത്തിന്റെ മൗലികഘടന പുനര്‍നിര്‍വചിക്കേണ്ടി വരുമോ എന്നുപോലും ഗവേഷകര്‍ സംശയിക്കുന്നു.

ആറ്റത്തിനുള്ളില്‍ പ്രോട്ടോണുകള്‍, ന്യൂട്രോണുകള്‍ തുടങ്ങിയ ഭാരമേറിയ കണികകള്‍ നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌ ക്വാര്‍ക്കുകള്‍ (quarks) എന്നറിയപ്പെടുന്ന മൗലികകണങ്ങളാലാണ്‌. ഭാഗികവൈദ്യുതചാര്‍ജുള്ള ക്വാര്‍ക്കുകള്‍ ആറ്‌ 'ഫ്‌ളേവറുകളി'ലുണ്ട്‌. ഇവയുടെ വ്യത്യസ്‌ത ചേരുവകളാണ്‌ ദ്രവ്യത്തില്‍ മുഖ്യഭാഗത്തിന്‌ അടിസ്ഥാനം. ഉദാഹരണത്തിന്‌, ഒരു ക്വാര്‍ക്കും ഒരു ആന്റിക്വാര്‍ക്കും ചേര്‍ന്ന ജോഡീകരണം വഴി 'മീസോണുകള്‍'(mesons) രൂപപ്പെടുന്നു. മൂന്ന്‌ ക്വാര്‍ക്കുകള്‍ ചേര്‍ന്നുണ്ടാകുന്ന രൂപങ്ങളാണ്‌ ബാരിയോണുകള്‍. പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയവ ബാരിയോണുകളാണ്‌. ബലങ്ങള്‍ക്ക്‌ നിദാനമായ ബോസോണുകള്‍ മീസോണുകളും.

എന്നാല്‍, ദ്രവ്യനിര്‍മിതിയുടെ അറിയപ്പെടുന്ന ഇത്തരം നിയമങ്ങളൊന്നും പുതിയ കണികയുടെ കാര്യത്തില്‍ ശരിയാകുന്നില്ലെന്ന്‌, അതിനെ തിരിച്ചറിഞ്ഞ ഗവേഷകര്‍ പറയുന്നു. ഇല്ലിനോയ്‌സില്‍ പ്രവര്‍ത്തിക്കുന്ന 'ഫെര്‍മി നാഷണല്‍ ആക്‌സലറേറ്റര്‍ ലബോറട്ടറി' (ഫെര്‍മിലാബ്‌) യിലെ 'ടെവട്രോണ്‍' (Tevatron) കണികാത്വരകത്തില്‍ നടന്ന പ്രോട്ടോണ്‍-ആന്റിപ്രോട്ടോണ്‍ കൂട്ടിയിടിയിലാണ്‌, പുതിയ കണിക പ്രത്യക്ഷപ്പെട്ടത്‌. കോടാനുകോടി കൂട്ടിയിടികള്‍ സൃഷ്ടിച്ച സങ്കീര്‍ണ വിവരങ്ങള്‍ക്കിടയില്‍നിന്ന്‌ ഗവേഷകര്‍ പുതിയ കണത്തിന്റെ ആവിര്‍ഭാവം തിരിച്ചറിയുകയായിരുന്നു. ഫ്‌ളോറിഡ സര്‍വകലാശാലയിലെ ഗവേഷകനായ ജേക്കബോ കോനിഗ്‌സ്‌ബര്‍ഗും കൂട്ടരുമാണ്‌ ഈ കണ്ടെത്തലിന്‌ പിന്നില്‍.

കണികത്വരകങ്ങളില്‍ പ്രകാശവേഗത്തിനടുത്ത്‌ സഞ്ചരിക്കുന്ന കണങ്ങളെ നേര്‍ക്കുനേര്‍ കൂട്ടിയിപ്പിച്ച്‌ ചിതറിച്ച്‌ അതില്‍നിന്ന്‌ പുറത്തുവരുന്നവ എന്തെന്ന്‌ പഠിക്കുകയാണ്‌, ദ്രവ്യത്തിന്റെ മൗലികഘടന മനസിലാക്കാന്‍ ഗവേഷകര്‍ ചെയ്യുന്നത്‌. ഉയര്‍ന്ന ഊര്‍ജനിലയില്‍ നടക്കുന്ന അത്തരം കൂട്ടിയിടിയില്‍ ക്വാര്‍ക്കുകള്‍ക്കിടയിലെ അതിശക്തമായ ഗ്ലുവോണ്‍ ബന്ധനം ഉലയുകയും, ഉന്നത ഊര്‍ജത്തില്‍നിന്ന്‌ പുതിയ ക്വാര്‍ക്കുകളോ മറ്റ്‌ കണങ്ങളോ രൂപപ്പെടുകയും ചെയ്യും. ക്ഷണികമായ നിലനില്‍പ്പേ പക്ഷേ അവയ്‌ക്ക്‌ ഉണ്ടാകൂ. കണികാത്വരകങ്ങള്‍ അത്തരം സംഭവങ്ങള്‍ സൂക്ഷ്‌മമായി രേഖപ്പെടുത്തുകയും, ഗവേഷകര്‍ ആ വിവരങ്ങള്‍ ചികഞ്ഞ്‌ പുതിയ കണങ്ങളെ തിരിച്ചറിയുകയും ചെയ്യും.

`പ്രോട്ടോണുകളെയും ആന്റിപ്രോട്ടോണുകളെയും സ്‌പേസിലെ വളരെ വളരെ ചെറിയൊരു സ്ഥലത്ത്‌ കൂട്ടിയിടിപ്പിക്കുമ്പോള്‍, കൂട്ടിയിടി നടക്കുന്ന സൂക്ഷ്‌മസ്ഥലത്ത്‌ ഏറെ ഊര്‍ജം സ്വതന്ത്രമാക്കപ്പെടും. സൂക്ഷ്‌മമായ തലത്തില്‍ അത്‌ പ്രപഞ്ചം പിറന്ന വേളയിലേതിന്‌ തുല്ല്യമായിരിക്കും`-കോനിഗ്‌സ്‌ബര്‍ഗ്‌ പറയുന്നു. `ആ അവസ്ഥയില്‍ എന്തൊക്കെ സാധിക്കുമോ അതൊക്കെ പ്രകൃതി സൃഷ്ടിക്കും`-അദ്ദേഹം പറഞ്ഞു. ക്വാര്‍ക്കുകളെപ്പറ്റി അറിയാവുന്ന നിയമങ്ങളുടെ പരിധിയിലൊന്നും പുതിയ കണം ഒതുങ്ങുന്നില്ല. `ആ കണം നമ്മളോട്‌ എന്തോ പറയാന്‍ ശ്രമിക്കുകയാണ്‌`-അദ്ദേഹം അഭിപ്രായപ്പെടുന്നു. പുതിയ കണ്ടെത്തലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട്‌ 'ഫിസിക്കല്‍ റിവ്യു ലെറ്റേഴ്‌സി'ന്‌ ഗവേഷകര്‍ സമര്‍പ്പിച്ചിരിക്കുകയാണ്‌.

ഫെര്‍മിലാബില്‍ സി.ഡി.എഫ്‌. പരീക്ഷണത്തിന്റെ ഭാഗമായി നടന്ന കോടാനുകോടി കണികാകൂട്ടിയിടികളില്‍ ഏതാണ്ട്‌ 20 തവണ Y(4140) പ്രത്യക്ഷപ്പെട്ടതായി, ഗവേഷണത്തില്‍ പങ്കുചേര്‍ന്ന റോബ്‌ റോസര്‍ അറിയിക്കുന്നു. മീസോണുകളുടെയോ ബാരിയോണുകളുടെയോ കൂടെ ഉള്‍പ്പെടുത്താന്‍ കഴിയാത്ത ഈ കണത്തിന്റെ പിന്ധം 4140 മെഗാ ഇലക്ട്രോണ്‍ വോള്‍ട്ട്‌ ആണ്‌. അതിന്റെ ഉള്ളടക്കം എന്തെന്ന്‌ വ്യക്തമായിട്ടില്ല. എന്നാല്‍, അതിന്‌ അപചയം സംഭവിക്കുമ്പോള്‍ J/psi, phi എന്നീ രണ്ട്‌ കണങ്ങള്‍ പുറത്തുവരുന്നതായി വ്യക്തമായിട്ടുണ്ട്‌. അതുപ്രകാരം Y(4140) എന്ന കണത്തിന്റെ ഉള്ളടക്കം 'ചാം ക്വാര്‍ക്ക്‌' (charm quark), 'ആന്‍ഡിചാം ക്വാര്‍ക്ക്‌' (anticharm quark) എന്നിവ ആയിരിക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഒരുപക്ഷേ, നാല്‌ ക്വാര്‍ക്കുകളും ഗ്ലുവോണുമൊക്കെയുള്ള വിചിത്ര ചേരുവയാകാനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ!

ഏതാനും വര്‍ഷത്തിനിടെ ഫെര്‍മിലാബില്‍ നടന്ന കണികാകൂട്ടിയിടികളില്‍ പ്രത്യക്ഷപ്പെട്ട വിചിത്രകണങ്ങളുടെ പട്ടികയില്‍ ഏറ്റവും ഒടുവിലത്തേതാണ്‌ Y(4140). നിലവിലുള്ള മീസോണ്‍, ബാരിയോണ്‍ പരിധിക്ക്‌ പുറത്തുള്ള വിചിത്രകണങ്ങളെ അപകോഡീകരണം നടത്താനുള്ള ശ്രമം ഗവേഷകലോകം തുടരുകയാണ്‌. `ഒരുപക്ഷേ, ഓരോ തുണ്ടുകളായി നമ്മുടെ കൈയില്‍ വിവരങ്ങള്‍ കിട്ടുകയായിരിക്കാം`-ഫെര്‍മിലാബിലെ സി.ഡി.എഫ്‌. വക്താവ്‌ റോബ്‌ റോസര്‍ വിശ്വസിക്കുന്നു. `അത്തരം തുണ്ടുകള്‍ ആവശ്യത്തിനാകുമ്പോള്‍ നമുക്കവയെ കൂട്ടി യോജിപ്പിച്ച്‌, ഈ പ്രഹേളികയ്‌ക്ക്‌ പരിഹാരമുണ്ടാക്കാന്‍ സാധിച്ചേക്കും`.
(അവലംബം: ഫെര്‍മിലാബിന്റെ വാര്‍ത്താക്കുറിപ്പ്‌).

Tuesday, March 17, 2009

പരിണാമത്തിന്‌ വേഗം കൂട്ടാന്‍ യന്ത്രം

ജീവലോകത്തെയാകെ നയിക്കുന്ന ചാലകശക്തിയെന്ന നിലയ്‌ക്കാണ്‌ 150 വര്‍ഷം മുമ്പ്‌ പരിണാമസങ്കല്‍പ്പം ചാള്‍സ്‌ ഡാര്‍വിന്‍ അവതരിപ്പിച്ചത്‌. പ്രകൃതിനിര്‍ധാരണം വഴി ഗുണപരമായ മാറ്റങ്ങള്‍ സംരക്ഷിക്കപ്പെടുകയും തലമുറകളിലേക്ക്‌ കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുകയെന്ന പരിണാമപ്രക്രിയയ്‌ക്ക്‌ വേഗം കൂട്ടാന്‍ ഒരു യന്ത്രത്തിന്‌ കഴിയുമെന്ന്‌ വന്നാലോ? പ്രകൃതിനിയമങ്ങളില്‍ മനുഷ്യന്‍ ഇടപെടുന്നതിന്‌ ഏറ്റവും മികച്ച ഉദാഹരണയി അത്‌ മാറും.

ഇത്തരമൊന്ന്‌ വെറും ശാസ്‌ത്രസങ്കല്‍പ്പം എന്ന്‌ എഴുതിത്തള്ളാന്‍ വരട്ടെ. ബാക്ടീരിയയുടെ ജിനോമില്‍ ഗുണപരമായ 50 മാറ്റങ്ങള്‍ വരെ ഒരേസമയം വരുത്താന്‍ ശേഷിയുള്ള ഒരു യന്ത്രത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. ശരിക്കുമൊരു 'പരിണാമയന്ത്രം' എന്ന്‌ വേണമെങ്കില്‍ വിശേഷിപ്പിക്കാവുന്ന സങ്കേതമാണ്‌ ജോര്‍ജ്‌ ചര്‍ച്ച്‌ എന്ന ഗവേഷകനും കൂട്ടരും വികസിപ്പിച്ചിരിക്കുന്നത്‌. സൗത്ത്‌ സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന LS9 എന്ന ജൈവഇന്ധനകമ്പനിയുടെ സ്ഥാപകനാണ്‌ ജോര്‍ജ്‌ ചര്‍ച്ച്‌.

ജനിക എന്‍ജിനിയറിങിന്റെ അലകുംപിടിയും മാറ്റാന്‍ സഹായിച്ചേക്കാവുന്ന സങ്കേതമാണ്‌ ചര്‍ച്ചും കൂട്ടരും വികസിപ്പിച്ചിരിക്കുന്നത്‌. ജിനോമിലെ അക്ഷരങ്ങള്‍ ഒന്നൊന്നായി മാറ്റുകയെന്ന ശ്രമകരമായ ദൗത്യമാണ്‌ നിലവില്‍ ജനിതക എന്‍ജിനിയറിങിലേത്‌. മാത്രമല്ല, കാംക്ഷിക്കുന്ന നേട്ടം പലപ്പോഴും അതുവഴി ഉണ്ടായിക്കൊള്ളണം എന്നുമില്ല. എന്നാല്‍ പുതിയ സങ്കേതത്തില്‍ 50 മാറ്റം വരെ ബാക്ടീരിയയുടെ ജിനോമില്‍ ഒറ്റയടിക്ക്‌ വരുത്തുക വഴി, ബാക്ടീരിയകളെ ഉപയോഗിച്ച്‌ ഔഷധങ്ങളും പോഷകങ്ങളും ജൈവഇന്ധനവും രൂപപ്പെടുത്താനുള്ള സാധ്യത പതിന്‍മടങ്ങ്‌ വര്‍ധിച്ചിരിക്കുകയാണ്‌.

"മാസങ്ങള്‍ ചെലവിട്ടാല്‍ മാത്രം സാധ്യമാകുന്ന ജനിതകമാറ്റങ്ങള്‍ ദിവസങ്ങള്‍കൊണ്ട്‌ സാധ്യമാക്കുന്നതാണ്‌ പുതിയ സങ്കേതം"-LS9 കമ്പനിയുടെ വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ ഡെല്‍ കാര്‍ഡെയര്‍ പറഞ്ഞു. 'മേജ്‌' (multiplex-automated genomic engineering- MAGE) എന്നാണ്‌ പുതിയ സങ്കേതത്തിന്‌ നല്‍കിയിരിക്കുന്ന പേര്‌. കുറഞ്ഞ ചെലവില്‍ ജൈവഇന്ധനങ്ങള്‍ നിര്‍മിക്കാനും പുതിയ ഔഷധങ്ങള്‍ക്ക്‌ രൂപം നല്‍കാനും മേജ്‌ സങ്കേതം സഹായിക്കുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ.

നിലവില്‍ ഘട്ടംഘട്ടമായി നടപ്പാക്കുന്ന ജനിതക എന്‍ജിനിയറിങില്‍, ചില ജീനുകളുടെ പ്രവര്‍ത്തനം മരവിപ്പിക്കാനും മറ്റ്‌ ചിലതിന്റെ പ്രഭാവം (expression) വര്‍ധിപ്പിക്കാനും ഓരോ ജനിതക അക്ഷരങ്ങളായി മാറ്റുകയാണ്‌ ഗവേഷകര്‍ ചെയ്യുക. അത്യന്തം ശ്രമകരമാണ്‌ ഈ പ്രക്രിയ. മാത്രമല്ല, ഫലം മിക്കപ്പോഴും പ്രവചിക്കാനുമാകില്ല. കോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്‌ ലക്ഷക്കണക്കിന്‌ ജനിതക സിഗ്നലുകളുടെ കൂടിക്കലര്‍ന്നുള്ള പ്രവര്‍ത്തനഫലമാകയാല്‍, ഏതെങ്കിലും ചില ജീനുകളില്‍ മാത്രം വരുത്തുന്ന ഒറ്റപ്പെട്ട മാറ്റങ്ങള്‍ അഭികാമ്യമായ ഫലം നല്‍കണമെന്നില്ല. ചിലപ്പോള്‍ ആപത്‌ക്കരമായ പാര്‍ശ്വഫലങ്ങള്‍ക്ക്‌ അത്‌ വഴിവെയ്‌ക്കുകയും ചെയ്യും.

അതേസമയം, ചര്‍ച്ചും കൂട്ടരും രൂപപ്പെടുത്തിയ മേജ്‌ സങ്കേതത്തില്‍ ജിനോമിനെ സമഗ്രമായ രീതിയില്‍ സമീപിക്കുകയാണ്‌ ചെയ്യുന്നത്‌. ആവശ്യമായ ഫലം കിട്ടത്തക്കവിധം ഡസണ്‍കണക്കിന്‌ ജനിതകമാറ്റങ്ങള്‍ ഡിസൈന്‍ ചെയ്‌ത ശേഷം, ആ മാറ്റങ്ങള്‍ ഒറ്റയടിക്ക്‌ ജിനോമില്‍ വരുത്തുന്നു. ബാക്ടീരിയ ജിനോമില്‍ ലക്ഷ്യമാക്കുന്ന സ്ഥാനങ്ങള്‍ക്ക്‌ ചേര്‍ന്ന രീതിയില്‍ ഡി.എന്‍.എ.യുടെ 50 ചെറുതുണ്ടുകള്‍ രൂപപ്പെടുത്തുകയാണ്‌ ആദ്യപടി. ചില പ്രോട്ടീനുകള്‍ കൂടുതല്‍ കാര്യക്ഷമമായി ഉത്‌പാദിപ്പിക്കാന്‍ പാകത്തില്‍ അല്ലെങ്കില്‍ ചില രാസാഗ്നികള്‍ ഫലവത്തായി പ്രയോജനപ്പെടത്തക്കവിധമാണ്‌ ഡി.എന്‍.എ.തുണ്ടുകളിലെ ശ്രേണികള്‍ ക്രമീകരിച്ചിരിക്കുക.

ഇത്തരത്തില്‍ രൂപപ്പെടുത്തിയ ഡി.എന്‍.എ.തുണ്ടുകള്‍, ചര്‍ച്ചിന്റെ പരീക്ഷണശാലയിലെ പ്രത്യേകയന്ത്രത്തിന്റെ സഹായത്തോടെ നിശ്ചിത ഊഷ്‌മാവിലും രാസചേരുവയിലും ബാക്ടീരിയകളിലേക്ക്‌ സന്നിവേശിപ്പിക്കുകയാണ്‌ ചെയ്യുക. പരിഷ്‌ക്കരിച്ച ഡി.എന്‍.എ.തുണ്ടുകള്‍ ബാക്ടീരിയ ജിനോമിലെ അനുയോജ്യഭാഗങ്ങളിലേക്ക്‌ ചേര്‍ക്കപ്പെടുന്നു. ബാക്ടീരിയകളില്‍ ഓരോ തലമുറ കഴിയുന്തോറും അഭികാമ്യമായ ജനിതകമാറ്റത്തിന്റെ തോത്‌ വര്‍ധിച്ചുവരും. ഏതാനും തലമുറ പിന്നിടുമ്പോഴേക്കും നമ്മള്‍ ഉദ്ദേശിച്ച ജനിതകമാറ്റം സംഭവിച്ച ബാക്ടീരിയകളായി അവ മാറും-ചര്‍ച്ച്‌ പറയുന്നു.

തക്കാളിയില്‍ സുലഭമായി കണ്ടുവരുന്ന നിരോക്‌സീകാരി (antioxidant) ആയ 'ലൈക്കോപീന്‍' ഉത്‌പാദിപ്പിക്കാന്‍ ശേഷിയുള്ള ബാക്ടീരിയകളെ മേജ്‌ സങ്കേതത്തില്‍ രൂപപ്പെടുത്താന്‍ ചര്‍ച്ചിനും കൂട്ടര്‍ക്കും കഴിഞ്ഞു. സാധാരണ ജനിതക എന്‍ജിനിയറിങ്‌ വഴി രൂപപ്പെടുത്തുന്ന ബാക്ടീരയകള്‍ ഉത്‌പാദിപ്പിക്കുന്നതിലും അഞ്ചുമടങ്ങ്‌ കൂടുതല്‍ ലൈക്കോപീന്‍ സൃഷ്ടിക്കാന്‍ അവയ്‌ക്ക്‌ കഴിഞ്ഞു. വെറും മൂന്ന്‌ ദിവസംകൊണ്ടാണ്‌ ആ ബാക്ടീരിയ വകഭേദം രൂപപ്പെടുത്താന്‍ തങ്ങള്‍ക്ക്‌ കഴിഞ്ഞതെന്ന്‌ ചര്‍ച്ച്‌ പറയുന്നു. 24 ജനിതകമാറ്റങ്ങള്‍ വേണ്ടിവന്നു അതിന്‌. തങ്ങള്‍ രൂപപ്പെടുത്തിയ യന്ത്രവും സങ്കേതവും വിപണിയിലെത്തിക്കുകയാണ്‌ ചര്‍ച്ചിന്റെയും കൂട്ടരുടെയും ഉദ്ദേശം. അതിനായി കൂടുതല്‍ രാസവസ്‌തുക്കളും ജൈവഇന്ധനങ്ങളും ഉത്‌പാദിപ്പിക്കാന്‍ ശേഷിയുള്ള ബാക്ടീരിയള്‍ക്ക്‌ രൂപം നല്‍കാനുള്ള ശ്രമത്തിലാണ്‌ അവര്‍. (കടപ്പാട്‌: ടെക്‌നോളജി റിവ്യു).

Wednesday, March 04, 2009

ഹാവൂ, രക്ഷപ്പെട്ടു!

ഒരു ക്ഷുദ്രഗ്രഹത്തില്‍നിന്ന് ഭൂമി 'തലനാരിഴ'യ്‌ക്ക്‌ രക്ഷപ്പെട്ടതായി വിദഗ്‌ധര്‍.

സംഭവം നിസ്സാരമെന്ന്‌ തോന്നാം. പത്തുനില കെട്ടിടത്തിന്റെ വലിപ്പമുള്ള ഒരു ക്ഷുദ്രഗ്രഹം (asteroid), ഭൂമിക്ക്‌ 72,000 കിലോമീറ്റര്‍ അരികിലൂടെ കടന്നുപോയി. ചന്ദ്രനും ഭൂമിയും തമ്മിലുള്ള അകലത്തിന്റെ അഞ്ചിലൊന്നാണ്‌ ഈ ദൂരം. ക്ഷുദ്രഗ്രഹങ്ങളും വാല്‍നക്ഷത്രങ്ങളും വന്നിടിച്ചതിന്റെ ഫലമായി ഭൂമി നേരിട്ട ദുരന്തങ്ങളുടെ ചരിത്രം അറിയാവുന്നവര്‍ ആശ്വസിക്കുകയാണ്‌, ഒന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത്‌. ബഹിരാകാശമാനങ്ങളില്‍ ചിന്തിച്ചാല്‍ 'തലനാരിഴയ്‌ക്ക്‌' ഭൂമി ഒരു ഭീമന്‍ കൂട്ടിയിടില്‍നിന്ന്‌ രക്ഷപ്പെടുകയായിരുന്നുവെന്ന്‌ വിദഗ്‌ധര്‍ പറയുന്നു.

'2009ഡിഡി45' എന്ന്‌ പേരിട്ടിട്ടുള്ള ആ ക്ഷുദ്രഗ്രഹം, തിങ്കളാഴ്‌ച (മാര്‍ച്ച്‌ 2, 2009) ഇന്ത്യന്‍ സമയം വൈകുന്നേരം 7.14-നാണ്‌ ഭൂമിക്ക്‌ ഏറ്റവും അടുത്ത പോയന്റിലെത്തിയത്‌. 21-47 മീറ്റര്‍ വിസ്‌താരമുള്ളതാണ്‌ ക്ഷുദ്രഗ്രഹം. 1908 ജൂണ്‍ 30-ന്‌ സൈബീരിയയിലെ തുംഗുസ്‌ക നദിക്കരികില്‍ പതിച്ച ക്ഷുദ്രഗ്രഹത്തിന്റെ (അല്ലെങ്കില്‍ ധൂമകേതുവിന്റെ) വലിപ്പമുള്ളതാണ്‌ 2009ഡിഡി45. ഹിരോഷിമയിലിട്ട ആറ്റംബോംബിന്റെ 1000 മടങ്ങ്‌ ശക്തിയിലാണ്‌, നൂറുവര്‍ഷംമുമ്പ്‌ സൈബീരിയയില്‍ ആ പതനം നടന്നത്‌. 800 ലക്ഷം വൃക്ഷങ്ങളെ നിലംപരിശാക്കിയ ആ പതനം 2000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്ത്‌ കൊടിയ നാശം വിതച്ചു.

ഭൂമിക്കടുത്തുകൂടി കടന്നുപോകുന്ന വസ്‌തുക്കള്‍ കണ്ടെത്താനായി ഓസ്‌ട്രേലിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'സിഡിങ്‌ സ്‌പ്രിങ്‌ സര്‍വെ' ഗ്രൂപ്പാണ്‌ കഴിഞ്ഞ ശനിയാഴ്‌ച 2009ഡിഡി45 ക്ഷുദ്രഗ്രഹം ഭൂമിയെ സമീപിക്കുന്നതായി തിരിച്ചറിഞ്ഞത്‌. ഇക്കാര്യം അന്താരാഷ്ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‌ കീഴിലുള്ള 'മൈനര്‍ പ്ലാനെറ്റ്‌ സെന്റര്‍ (MPC) സ്ഥിരീകരിക്കുകയും ചെയ്‌തു. ഇതിന്‌ മുമ്പ്‌ മറ്റൊരു ക്ഷുദ്രഗ്രഹം ഭൂമിക്ക്‌ ഏറ്റവും അടുത്തുകൂടി കടന്നുപോയതായി എം.പി.സി. സ്ഥിരീകരിച്ചിട്ടുള്ളത്‌ ആറ്‌ മീറ്റര്‍ മാത്രം വിസ്‌താരമുള്ള '2004എഫ്‌യു162' ആണ്‌. 2004 മാര്‍ച്ചില്‍ അത്‌ ഭൂമിക്ക്‌ 6,500 കിലോമീറ്റര്‍ അരികിലൂടെ സഞ്ചരിച്ചു.

അനുബന്ധം: ക്ഷുദ്രഗ്രഹങ്ങളില്‍നിന്ന്‌ ഭൂമി നേരിടുന്ന ഭീഷണിയുടെ തോത്‌ യഥാര്‍ഥത്തില്‍ പലര്‍ക്കും അറിയില്ല എന്നതാണ്‌ വാസ്‌തവം. നിരന്തര ഭീഷണിയാണ്‌ നമ്മള്‍. ചൊവ്വായ്‌ക്കും വ്യാഴത്തിനുമിയ്‌ക്കുള്ള ബല്‍റ്റില്‍ ഏതാണ്ട്‌ നൂറുകോടി ക്ഷുദ്രഗ്രഹങ്ങളെങ്കിലും ഉണ്ടാകാം എന്നാണ്‌ കണക്കാക്കുന്നത്‌. അവയില്‍ പലതും ഭൂമിയുടെ സഞ്ചാരപഥം മുറിച്ച്‌ കടന്ന്‌ പോകാറുണ്ട്‌. ഭൂമിക്ക്‌ ഭീഷണിയാകുന്ന ആയിരക്കണക്കിന്‌ ക്ഷുദ്രഗ്രഹങ്ങള്‍ ഉണ്ടെന്നാണ്‌ കണക്കാക്കുന്നത്‌.

മുമ്പ്‌ ഭൂമിയിലുണ്ടായ കൂട്ടനാശങ്ങളില്‍ പലതിനും ക്ഷുദ്രഗ്രഹങ്ങള്‍ കാരണമായിട്ടുണ്ട്‌. ആറരകോടി വര്‍ഷം മുമ്പ ദിനോസറുകളെ ഉന്‍മൂലനം ചെയ്‌തതും, 25 കോടി വര്‍ഷംമുമ്പ്‌ 'പെര്‍മിയന്‍-ട്രിയാസിക്‌' വിനാശത്തിന്‌ കാണമായതും ക്ഷുദ്രഗ്രഹപതനങ്ങളാണെന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌.


കൂടുതലറിയാന്‍ കാണുക:
ഒഴിഞ്ഞുപോയ കൂട്ടിയിടി, ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌, ക്ഷുദ്രഗ്രഹത്തിന്റെ ഗതിമാറ്റാന്‍ യു.എന്‍.

(ഇതോടൊപ്പം ഉപയോഗിച്ചിട്ടുള്ള ചിത്രം 'ഇതോകാവ' ക്ഷൂദ്രഗ്രഹത്തിന്റെയാണ്‌. ഭൂമിക്ക്‌ ഭീഷണിയാകുന്ന ഇത്തരം ആയിരക്കണക്കിന്‌ ക്ഷുദ്രഗ്രഹങ്ങളുണ്ടെന്നാണ്‌ കണക്ക്‌) (അവലംബം:
space.com).

Tuesday, March 03, 2009

ലോകം വയര്‍ലെസ്സ്‌ ആകുന്നു

ലോകം കൂടുതല്‍ കൂടുതല്‍ വയര്‍ലെസ്സ്‌ ആവുകയാണ്‌. അതേസമയം, വിവരവിനിമയത്തില്‍ വിടവുകള്‍ നിലനില്‍ക്കുകയും ചെയ്യുന്നു. ഐ.ടി. മേഖലയുമായി ബന്ധപ്പെട്ട പുതിയ യു.എന്‍.റിപ്പോര്‍ട്ടിലാണ്‌ കഥപറയുന്ന കണക്കുകളുള്ളത്‌.

ലോകത്ത്‌ ആറ്‌ വര്‍ഷത്തിനിടെ സെല്‍ഫോണ്‍ ഉപയോഗത്തില്‍ ഉണ്ടായ വര്‍ധന എത്രയെന്നോ; നാല്‌ മടങ്ങ്‌. ഇന്ത്യയെപ്പോലുള്ള വികസ്വരരാഷ്ട്രങ്ങളില്‍ ഏറ്റവും ചൂടേറിയ വിപണനവസ്‌തുവായി സെല്‍ഫോണ്‍ മാറിയതാണ്‌ ഇത്തരമൊരു വര്‍ധനയ്‌ക്ക്‌ കാരണം. ലോകത്ത്‌ ഏതാണ്ട്‌ നാലിലൊന്ന്‌ ഭാഗം പേര്‍ കഴിഞ്ഞ വര്‍ഷം ഏതെങ്കിലുമൊരു സമയത്ത്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചിട്ടുണ്ട്‌. 2002-ലെ കാര്യം പരിഗണിച്ചാല്‍ ഇത്‌ പത്തിലൊന്നായിരുന്നു-വിവരസാങ്കേതികവിദ്യ (ഐ.ടി) യുമായി ബന്ധപ്പെട്ട ഐക്യരാഷ്ട്രസഭ പുറത്തുവിട്ട പുതിയ റിപ്പോര്‍ട്ടിലാണ്‌ ഈ വിവരങ്ങളുള്ളത്‌.

ലോകം കൂടുതലായി വയര്‍ലെസ്സായിക്കൊണ്ടിരിക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ട്‌ പ്രാധാന്യത്തോടെ എടുത്തുകാട്ടുന്ന വസ്‌തുത. ലോകത്തിന്ന്‌ പത്തില്‍ ആറുപേര്‍ക്ക്‌ സെല്‍ഫോണുണ്ട്‌. വിവരസാങ്കേതികവിദ്യയെ സംബന്ധിച്ചിടത്തോളം ബഹുഭൂരിപക്ഷവും വിവരവിനിമയ ഉപാധിയായി തിരഞ്ഞെടുത്തിരിക്കുന്നത്‌ സെല്‍ഫോണ്‍ ആണെന്നാണ്‌ ഇതിനര്‍ഥം. 2008 അവസാനം ലോകത്തെ സെല്‍ഫോണ്‍ വരിക്കാരുടെ സംഖ്യ 410 കോടിയായിരുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. 2002-ല്‍ ഇത്‌ നൂറ്‌ കോടി മാത്രമായിരുന്നു.

അതേസമയം, സാധാരണ ലൈന്‍ വഴിയുള്ള ഫോണ്‍കണക്ഷനുകളുടെ എണ്ണം ഈ കാലയളവില്‍ 127 കോടിയില്‍നിന്ന്‌ നൂറുകോടിയായി ചുരുങ്ങി. സാധാരണ ഫോണുകളില്‍നിന്ന്‌ സെല്‍ഫോണുകളിലേക്ക്‌ ലോകം മാറിയിരിക്കുകയാണെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു. ലോകത്തെ സെല്‍ഫോണ്‍ ഉപഭോക്താക്കളില്‍ മൂന്നില്‍രണ്ട്‌ ഭാഗവും ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാജ്യങ്ങളിലാണ്‌-യു.എന്നിന്‌ കീഴില്‍ ജനീവ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ പുറത്തിറക്കിയ റിപ്പോര്‍ട്ട്‌ പറയുന്നു.

ഇന്റര്‍നെറ്റ്‌ ഉപയോഗത്തിന്റെ കാര്യത്തിലും വര്‍ധന പ്രകടമാണ്‌. 2002-ല്‍ ലോകജനസംഖ്യയുടെ വെറും 11 ശതമാനം മാത്രമാണ്‌ ഇന്റര്‍നെറ്റ്‌ ഉപോയഗിച്ചതെങ്കില്‍, 2008-ല്‍ അത്‌ 23 ശതമാനമായി. ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ എണ്ണം ആറ്‌ വര്‍ഷത്തിനിടെ ഇരട്ടിയായെന്ന്‌ സാരം. പക്ഷേ, ദരിദ്രരാജ്യങ്ങളുടെ കാര്യത്തില്‍ സെല്‍ഫോണ്‍ എണ്ണത്തിലുണ്ടായ കുതിച്ചുചാട്ടം ഇന്റര്‍നെറ്റിന്റെ കാര്യത്തില്‍ പ്രകടമല്ല. ഇക്കാര്യത്തില്‍ ദരിദ്രരാജ്യങ്ങള്‍ ഇപ്പോഴും പിന്നില്‍ തന്നെയാണ്‌. 2007-ല്‍ ആഫ്രിക്കയില്‍ ഇരുപതിലൊരാള്‍ മാത്രമാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചത്‌.

ബ്രോഡ്‌ബാന്‍ഡ്‌ കണക്ഷന്റെ കാര്യത്തില്‍ സമ്പന്നരാഷ്ട്രങ്ങളില്‍ ആറ്‌ വര്‍ഷത്തിനിടെ 20 മടങ്ങ്‌ വര്‍ധനയുണ്ടായപ്പോള്‍, ആഗോളകണക്കെടുത്താല്‍ വേഗത്തില്‍ ഇന്റര്‍നെറ്റ്‌ ലഭ്യമാകുന്നത്‌ ഇരുപതില്‍ ഒരാള്‍ക്ക്‌ മാത്രമാണ്‌. മൊബൈല്‍ ബ്രോഡ്‌ബാന്റ്‌ കണക്ഷന്റെ കാര്യത്തിലും വര്‍ധനയുണ്ട്‌. ലോകത്തെ മൊത്തം ജനസംഖ്യയില്‍ മൂന്ന്‌ ശതമാനത്തിന്‌ ഇത്തരം കണക്ഷന്‍ ഇന്ന്‌ ലഭ്യമാണ്‌. വികസിത രാജ്യങ്ങളില്‍ മൊബൈല്‍ ബ്രോഡ്‌ബാന്‍ഡിന്റെ കാര്യത്തില്‍ 14 ശതമാനം വര്‍ധനയുണ്ട്‌്‌.

ഇന്ത്യന്‍ സ്ഥാനം 118

വിവരവിനിമയം, വിവരസാങ്കേതികവിദ്യ, പ്രതിശീര്‍ഷ വരുമാനം, ജനസംഖ്യാനുപാതം തുടങ്ങിയ ഘടകങ്ങള്‍ പരിഗണിച്ച്‌ ഒരോ രാജ്യവും ഐ.ടി. ഉപയോഗത്തിന്റെ കാര്യത്തില്‍ ഏത്‌ റാങ്കിലാണ്‌ എന്ന ഒരു താരതമ്യവും റിപ്പോര്‍ട്ടിലുണ്ട്‌. സ്വീഡനാണ്‌ ഒന്നാമത്‌. പ്രതിശീര്‍ഷവരുമാനം കുറവാണെങ്കിലും, ഐ.ടി.മേഖലയില്‍ ദക്ഷിണകൊറിയയാണ്‌ രണ്ടാം സ്ഥാനത്ത്‌. ഇക്കാര്യത്തില്‍ വളരെ ക്രിയാതമകമായ നയം ദക്ഷിണകൊറിയന്‍ സര്‍ക്കാര്‍ പിന്തുടരുന്നാണ്‌ ഈ മുന്നേറ്റത്തിന്‌ കാരണമെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു.

മൂന്നാംസ്ഥാനം ഡെന്‍മാര്‍ക്കിനും നെതര്‍ലന്‍ഡ്‌സ്‌, ഐസ്‌ലന്‍ഡ്‌, നോര്‍വെ എന്നീ രാജ്യങ്ങള്‍ക്ക്‌ യഥാക്രമം നാല്‌, അഞ്ച്‌, ആറ്‌ സ്ഥാനങ്ങളുമാണ്‌. ചൈന എഴുപത്തിമൂന്നാം സ്ഥാനത്തും ഇന്ത്യ നൂറ്റിപതിനെട്ടാം സ്ഥാനത്തുമാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. 154 രാജ്യങ്ങളെ ഇത്തരത്തില്‍ റാങ്ക്‌ ചെയ്‌തതില്‍ അമേരിക്ക പതിനേഴാം സ്ഥാനത്താണ്‌, ഹോങ്കോങ്‌ പതിനൊന്നാംസ്ഥാനത്തും. മ്യാന്‍മറാണ്‌ ഏറ്റവും താഴെ. പട്ടാളഭരണത്തിന്‍ കീഴില്‍ കഴിയുന്ന മ്യാന്‍മറില്‍ അഞ്ചുവര്‍ഷ കാലയളവില്‍ ഇന്റര്‍നെറ്റ്‌ ബാന്‍ഡ്‌വിഡ്‌ത്തിന്റെ ലഭ്യത 90 ശതമാനം കുറയുകയാണ്‌ ചെയ്‌ത്‌.

സമ്പന്നരാഷ്ട്രങ്ങളും ദരിദ്രരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന 'ഡിജിറ്റല്‍ വിടവ്‌' (digital divide) 2002-ലേതുപോലെ 2007-ലും പ്രകടമാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ആഗോള സാമ്പത്തികമാന്ദ്യം വിവരവിനിമയരംഗത്തിന്റെ മുന്നേറ്റത്തെയും ബാധിച്ചേക്കാം. എന്നാല്‍, ചെറിയൊരു തളര്‍ച്ചയുണ്ടാകാം എന്നല്ലാതെ വിവരവിനിമയരംഗത്ത്‌ പിന്നോട്ടടിക്ക്‌ സാധ്യതയില്ലെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. നിലവില്‍ സെല്‍ഫോണ്‍ ഉപയോഗിക്കുന്നയാള്‍, സാമ്പത്തികമാന്ദ്യം എന്നു പറഞ്ഞ്‌ അത്‌ ഉപേക്ഷിക്കാന്‍ സാധ്യത കുറവാണല്ലോ.
(കടപ്പാട്‌: അസ്സോസിയേറ്റഡ്‌ പ്രസ്സ്‌).

അനുബന്ധം: ഇന്ത്യയില്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ സംഖ്യ 453 ലക്ഷമാണെന്ന്‌ മറ്റൊരു പഠനം പറയുന്നു. അതില്‍ 420 ലക്ഷം പേരും നഗരവാസികളാണ്‌. ഇന്റര്‍നെറ്റ്‌ ആന്‍ഡ്‌ മൊബൈല്‍ അസ്സോസിയേഷന്‍ ഓഫ്‌ ഇന്ത്യ (IAMAI)യും ഐ.എം.ആര്‍.ബി. ഇന്റര്‍നാഷണലും ചേര്‍ന്ന്‌ നടത്തിയ പഠനത്തിലാണ്‌ ഇക്കാര്യമുള്ളത്‌. 30 നഗരകേന്ദ്രങ്ങളിലും നൂറ്‌ ഗ്രാമീണമേഖലയിലും ഉള്‍പ്പെടുന്ന 22,000 വീടുകളിലായി 90,000 വ്യക്തികളെയും ആയിരം ചെറുകിട ഇടത്തരം സ്ഥാപനങ്ങളെയും 500 സൈബര്‍കഫെകളെയും കേന്ദ്രീകരിച്ച്‌ നടന്ന വിവരശേഖരണത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പഠനം. ഇന്ത്യന്‍ നഗരങ്ങളില്‍ 2007 സപ്‌തംബറില്‍ സജീവമായ ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കള്‍ 360 ലക്ഷം ആയിരുന്നത്‌ 2008 സപ്‌തംബര്‍ ആയപ്പോഴേക്കും 420 ലക്ഷമായി. ഒറ്റ വര്‍ഷംകൊണ്ടുണ്ടായ വര്‍ധന 13 ശതമാനം എന്നാണ്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നത്‌.

Monday, March 02, 2009

വായില്‍ നോക്കുമ്പോള്‍...

വായില്‍നോട്ടം ഒരു സുകുമാരകലയാണ്‌. 'ചെരുപ്പൂരിയുള്ള അടി' മുതല്‍ പാലക്കാട്ട്‌ ബസ്റ്റാന്റിലാണെങ്കില്‍ 'വനിതാപോലീസിന്റെ പിടി' വരെയാകാം ഫലം. വാരഫലം നോക്കിയിട്ട്‌ ഈ ഏര്‍പ്പാടിനിറങ്ങിയാല്‍ മതിയെന്നാണ്‌ അനുഭവസ്ഥര്‍ പറയുക. പക്ഷേ, വായില്‍ ശരിക്കു നോക്കിയാല്‍ കാണുന്നത്‌ എന്തായിരിക്കും....

കുറെ വര്‍ഷങ്ങള്‍ക്ക്‌ മുമ്പാണ്‌, കേരളം ചുറ്റി സഞ്ചരിച്ച്‌ കണ്ട ഒരു ജപ്പാന്‍ പ്രൊഫസറോട,്‌ ഇവിടെ അദ്ദേഹം നിരീക്ഷിച്ച അത്ഭുതകരമായ രണ്ട്‌ കാര്യങ്ങള്‍ ഏതൊക്കെയാണെന്ന്‌ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഇതായിരുന്നു-വൈകുന്നേരമായാല്‍ കവലകളിലിരുന്നു റോഡേ പോണവരെയും വാഹനങ്ങളില്‍ സഞ്ചരിക്കുന്നവരെയും വായില്‍നോക്കിയിരിക്കുന്നവര്‍ ഒന്നാമത്തെ അത്ഭുതം. രണ്ടാമത്തേത്‌, ഒറ്റ ഇടത്തരം ഹോട്ടലിലും നാറാതെ മൂത്രമൊഴിക്കാന്‍ പറ്റുന്ന സംവിധാനം കേരളത്തിലില്ല എന്നത്‌. (ഇതില്‍ വായില്‍നോട്ടത്തിന്റെ സാമൂഹിക, രാഷ്ടീയ, സാംസ്‌ക്കാരിക വശങ്ങളെക്കുറിച്ച്‌ ഗവേഷണം നടത്തി ഇതുവരെ ആരും പി.എച്ച്‌.ഡി. എടുക്കാത്തതില്‍ ജപ്പാന്‍ പ്രൊഫസര്‍ അത്ഭുതപ്പെടുകയും ചെയ്‌തു).

ഇവിടെ ഇക്കാര്യം പരാമര്‍ശിച്ചത്‌ പക്ഷേ, ഇത്തരം പരമ്പരാഗത സുകുമാരകലയെക്കുറിച്ച്‌ പറയാനല്ല. ജര്‍മനിയില്‍ മാക്‌സ്‌ പ്ലാങ്ക്‌ ഇന്‍സ്റ്റിട്യൂട്ട്‌ ഫോര്‍ ഇവല്യൂഷണറി ആന്ദ്രോപ്പോളജിയിലെ ഡോ. മാര്‍ക്ക്‌ സ്‌റ്റോണ്‍കിങും കൂട്ടരും നടത്തിയ മറ്റൊരു തരം വായില്‍നോട്ടത്തെക്കുറിച്ച്‌ സൂചിപ്പിക്കാണ്‌. അവര്‍ ശരിക്കും വായില്‍ നോക്കുക തന്നെയാണ്‌ ചെയ്‌തത്‌. മനുഷ്യരുടെ വായ്‌ക്കുള്ളില്‍ ആരാണുള്ളതെന്ന്‌ അറിയാന്‍. കിട്ടിയ വിവരം അമ്പരപ്പിക്കുന്നതാണ്‌. ഏതാണ്ട്‌ 600 വ്യത്യസ്‌തയിനം ബാക്ടീരിയയിനങ്ങള്‍ സുഖമായി ഉണ്ടുതാമസിക്കുന്ന 'സൂക്ഷ്‌മാണുലോക'മാണത്രേ ഓരോരുത്തരുടെയും വായ. 'ജിനോം റിസര്‍ച്ചി'ലാണ്‌ ഈ പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്‌.

ആഗോളതലത്തില്‍ നടക്കുന്ന ആദ്യ ഉമിനീര്‍ സര്‍വെയാണിത്‌. നിങ്ങളുടെ ഉമിനീരിലുള്ള ബാക്ടീരിയയും അയല്‍ക്കാരന്റെ വായിലുള്ളതും താരതമ്യം ചെയ്‌താല്‍, നിങ്ങളും ഭൂഗോളത്തിന്റെ മറുവശത്തു താമസിക്കുന്നയൊരാളും തമ്മിലുള്ളത്ര വ്യത്യാസം കാണുമത്രേ. നിങ്ങളുടെ അണുക്കള്‍ നിങ്ങള്‍ക്ക്‌ സ്വന്തം, അയല്‍ക്കാരന്‌ അയാള്‍ക്കുമെന്ന്‌ സാരം. ആരോഗ്യം, രോഗബാധ തുടങ്ങിയവയുമായി വായിലെ സൂക്ഷാണുക്കള്‍ക്ക്‌ അടുത്ത ബന്ധമാണുള്ളതെന്നും, ഭാവിയില്‍ വൈദ്യശാസ്‌ത്ര മേഖലയില്‍ ഇത്തരം വിവരങ്ങള്‍ പ്രയോജനപ്പെട്ടേക്കുമെന്നും ഗവേഷകര്‍ കരുതുന്നു.

പത്ത്‌ ക്വാഡ്രില്ല്യണ്‍ (quadrillion) കോശങ്ങള്‍ മനുഷ്യശരീരത്തിലുണ്ടെന്നാണ്‌ കണക്ക്‌. അതേ സമയം നമ്മുടെ ശരീരത്തിനകത്തും പുറത്തുമായി ജീവിക്കുന്ന ബാക്ടീരിയകളുടെ സംഖ്യ ഇതിന്റെ പത്തിരട്ടി വരും. ബില്‍ ബ്രൈസന്റെ വാക്കുകളില്‍ പറഞ്ഞാല്‍, "ബാക്ടീരിയയുടെ ഭാഗത്ത്‌ നിന്ന്‌ നോക്കിയാല്‍, മനുഷ്യന്‍ അവരെയപേക്ഷിച്ച്‌ ചെറിയൊരു ഭാഗം മാത്രമാണ്‌". മനുഷ്യന്റെ ത്വക്കിലും വായിലും കുടലിലും ഗൂഹ്യഭാഗത്തുമൊക്കെ താമസിക്കുന്ന വ്യത്യസ്‌തയിനം സൂക്ഷ്‌മാണുക്കളെക്കുറിച്ച്‌ മനുഷ്യന്‍ ഇനിയും ശരിക്കു മനസിലാക്കിയിട്ടില്ല.

സൂക്ഷ്‌മാണുക്കള്‍ ശരീരത്തിനുള്ളിലേക്കു പ്രവേശിക്കുന്ന മുഖ്യ കവാടങ്ങളിലൊന്നാണ്‌ വായ. ആ നിലയ്‌ക്ക്‌ വായ്‌ക്കുള്ളിലെ അണുക്കളുടെ വൈവിധ്യം പ്രധാന്യമര്‍ഹിക്കുന്നു. ആറ്‌ ഭൂമിശാസ്‌ത്രമേഖലകളിലുള്ള 120 ആരോഗ്യവാന്‍മാരുടെ ഉമിനീര്‍ സാമ്പിളുകളാണ്‌ ഡോ. മാര്‍ക്ക്‌ സ്‌റ്റോണും സംഘവും ജനിതക വിശകലനത്തിന്‌ വിധേയമാക്കിയത്‌. അപ്പോഴാണ്‌ വായില്‍നോട്ടം കളിയല്ല എന്ന്‌ മനസിലായത്‌. എന്നാല്‍, ഭക്ഷണക്രമം, പരിസ്ഥിതി മുതലായ ഘടകങ്ങളും ശരീരത്തിലെ സൂക്ഷ്‌മാണുക്കളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ഇനിയും അറിയാനിരിക്കുന്നതേയുള്ളുവെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: ജിനോം റിസര്‍ച്ച്‌).

കാണുക: മനുഷ്യന്റെ അജ്ഞാതസഹചാരികള്‍