Friday, May 21, 2010

കൃത്രിമജീവന്‍ പിറന്നു; ശാസ്ത്രം പുത്തന്‍ യുഗത്തിലേക്ക്

1996 ഫിബ്രവരി 14-ന് ഡോളിയെന്ന ചെമ്മരിയാട് പിറന്നപ്പോഴായിരിക്കണം ഇത്തരത്തിലൊരു ആകാംക്ഷയും വിവാദവും ശാസ്ത്രലോകം നേരിട്ടിരിക്കുക. ക്ലോണിങ് എന്ന ജനിതകസങ്കേതം വഴിയുണ്ടായ ആദ്യ സസ്തനിയായിരുന്നു ഡോളി. അവള്‍ക്ക് ജന്‍മം നല്‍കിയ ഡോ.ഇയാന്‍ വില്‍മുട്ടിനെ 'ഫ്രാന്‍കെന്‍സ്റ്റയിനാ'യി പലരും ചിത്രീകരിച്ചു. ഇനി ഇയാന്‍ വില്‍മുട്ടിന്റെ ആ 'സ്ഥാനപ്പേര്' ഇനി തീര്‍ച്ചയായും ഡോ. ജെ. ക്രെയ്ഗ് വെന്റര്‍ എന്ന കുശാഗ്രബുദ്ധിയായ ജനിതകശാസ്ത്രജ്ഞനായിരിക്കും ലഭിക്കുക! കാരണം, ചരിത്രത്തില്‍ ആദ്യമായി ഒരു കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ ഡോ.വെന്ററുടെ നേതൃത്വത്തിലുള്ള സംഘം വിജയിച്ചിരിക്കുന്നു.

ശാസ്ത്രമുന്നേറ്റം എന്നതുപോലെ തന്നെ ഒട്ടേറെ നൈതികപ്രശ്‌നങ്ങളും ഉയര്‍ത്തിയേക്കാവുന്നതാണ് ഈ ഗവേഷണം. ദൈവത്തിന്റെ റോള്‍ മനുഷ്യന്‍ ഏറ്റെടുക്കുന്നത് നന്നോ എന്ന് ആശങ്കപ്പെടുന്നവരുണ്ട്. എന്നാല്‍, തങ്ങള്‍ നടത്തിയ മുന്നേറ്റം ശാസ്ത്രത്തിലെ വലിയൊരു നാഴികക്കല്ലാണെന്നും, മനുഷ്യവര്‍ഗത്തിന് വലിയ അനുഗ്രഹമാകാന്‍ പോന്ന ഒട്ടേറെ സംഗതികള്‍ അതുവഴി സാധിക്കുമെന്നും ഡോ.വെന്റര്‍ പറയുന്നു. ജൈവഇന്ധനങ്ങള്‍ സൃഷ്ടിക്കാന്‍ കഴിവുള്ള സൂക്ഷ്മജീവികള്‍ക്ക് രൂപംനല്‍കാന്‍ ഈ വിദ്യ സഹായിക്കും, അല്ലെങ്കില്‍ ആണവമാലിന്യങ്ങളും മറ്റും വിഘടിപ്പിച്ച് പ്രകൃതിയെ രക്ഷിക്കാന്‍ കഴിവുള്ള ബാക്ടീരിയങ്ങള്‍ ഇതുവഴിയുണ്ടായേക്കാം-അദ്ദേഹം വിശദീകരിക്കുന്നു.
മേരിലന്‍ഡിലെ റോക്ക്‌വില്ലിയില്‍ പ്രവര്‍ത്തിക്കുന്ന ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകരാണ് കൃത്രിമജീവരൂപം സൃഷ്ടിക്കുകയെന്ന വെല്ലുവിളിയില്‍ വിജയിച്ചത്. ജീവന്റെ സൃഷ്ടിക്കാവശ്യമായ ജനിതകകോഡുകള്‍ ഒന്നൊന്നായി പരീക്ഷണശാലയില്‍ കൂട്ടിയിണക്കിയാണ് പുതിയ ജീവരൂപത്തിനായുള്ള ജിനോം ഡോ.വെന്ററും കൂട്ടരും രൂപപ്പെടുത്തിയത്. അങ്ങനെ സൃഷ്ടിച്ച ജിനോം (ജിനോം എന്നാല്‍ ഒരു ജീവിയുടെ പൂര്‍ണജനിതകസാരം) ഒരു ആതിഥേയകോശത്തിലേക്ക് സന്നിവേശിപ്പിച്ച് പുതിയ ഏകകോശ സൂക്ഷ്മജീവിയെ സൃഷ്ടിക്കുകയായിരുന്നു.

കൃത്രിമജീവന്‍ പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതിന് മുന്നോടിയായി, ഒരു ബാക്ടീരിയം ജിനോം നേരത്തെ ഡോ.വെന്ററും കൂട്ടരും രൂപപ്പെടുത്തിയിരുന്നു. മാത്രമല്ല, ഒരു ബാക്ടീരിയത്തിന്റെ ജിനോം മറ്റൊന്നിലേക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയുമെന്നും അവര്‍ തെളിയിക്കുകയുണ്ടായി. ഈ രണ്ട് മുന്നേറ്റങ്ങളും കൂട്ടിയിണക്കിയാണ് കൃത്രിമജീവരൂപത്തിന് രൂപംനല്‍കിയത്. ഡോ.വെന്ററും കൂട്ടരും രൂപംനല്‍കിയ സൂക്ഷ്മജീവിയുടെ ശരീരത്തില്‍ 485 ജീനുകളാണുള്ളത് (മനുഷ്യശരീരത്തില്‍ 20,000 ലേറെ ജീനുകളുണ്ട്). ഓരോ ജീനും ഏതാണ്ട് പത്തുലക്ഷം ബേസ് ജോഡികളുപയോഗിച്ച് നിര്‍മിച്ചവയാണ്. വളരെ ലളിതമായ ഒന്നാണ് ഇപ്പോള്‍ സൃഷ്ടിക്കപ്പെട്ടതെങ്കിലും, ഭാവിയില്‍ കൂടുതല്‍ സങ്കീര്‍ണമായ ജീവരൂപങ്ങള്‍ സൃഷ്ടിക്കാനുള്ള വഴിതുറക്കുകയാണ് അത് ചെയ്യുന്നത്.
മാനവജിനോം കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഡോ. വെന്റര്‍ 15 വര്‍ഷം മുമ്പാണ്, പരീക്ഷണശാലയില്‍ കൃത്രിമജീവന്‍ സൃഷ്ടിക്കാന്‍ പദ്ധതിയിടുന്നത്. 2006-ല്‍
ജെ.ക്രെയ്ഗ് വെന്റര്‍ ഇന്‍സ്റ്റിട്ട്യൂട്ട് അദ്ദേഹം സ്ഥാപിക്കുന്നതു തന്നെ ആ സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ്. നാലു കോടി ഡോളര്‍ വേണ്ടിവന്നു വിജയം വരിക്കാന്‍. ഏതായാലും മാനവചരിത്രത്തിലെ ഏറ്റവും വലിയ വിവാദത്തിനാണ് ഈ മുന്നേറ്റം വഴി ഡോ.വെന്ററും കൂട്ടരും തിരികൊളുത്തിയിരിക്കുന്നത്. ( അവലംബം: സയന്‍സ് )

കാണുക

Wednesday, May 19, 2010

പ്രപഞ്ചരഹസ്യത്തിലേക്ക് പുതിയ വെളിച്ചം

പ്രപഞ്ചശാസ്ത്രത്തിലെ എക്കാലത്തെയും വലിയ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന സൂചന, അമേരിക്കയിലെ ഫെര്‍മി നാഷണല്‍ ആക്‌സലറേറ്റര്‍ ലബോറട്ടറി (ഫെര്‍മി ലാബ്) യിലെ ഡിസീറോ പരീക്ഷണത്തില്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. എന്തുകൊണ്ട് പ്രപഞ്ചം ദ്രവ്യത്താല്‍ നിര്‍മിതമായിരിക്കുന്നു, ദ്രവ്യത്തിന്റെ പ്രതിയോഗിയായ പ്രതിദ്രവ്യത്താല്‍ (ആന്റിമാറ്റര്‍) ആകാത്തതെന്തുകൊണ്ട് എന്ന നിര്‍ണായക ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന സൂചനയാണ് ഫെര്‍മിലാബിലെ കണികാപരീക്ഷണത്തില്‍ ലഭിച്ചത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ രൂപംനല്‍കിയ ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ചായാലും, ക്വാണ്ടം ഭൗതികമനുസരിച്ചായാലും മഹാവിസ്‌ഫോടനത്തില്‍ പ്രപഞ്ചം രൂപപ്പെട്ടപ്പോള്‍ ദ്രവ്യവും പ്രതിദ്രവ്യവും തുല്യ അളവിലാണ് ഉണ്ടാകേണ്ടിയിരുന്നത്. ഗണിതശാസ്ത്രമനുസരിച്ച് അതാണ് കുറ്റമറ്റ പ്രപഞ്ചം. അങ്ങനെയായിരുന്നെങ്കില്‍, ദ്രവ്യവും പ്രതിദ്രവ്യവും പരസ്പരം ഉന്‍മൂലനം ചെയ്ത് വെറുമൊരു ഊര്‍ജമേഖലയായി പ്രപഞ്ചം മാറിയേനെ. നമ്മളോ സൗരയൂഥമോ ഗാലക്‌സികളോ ഒന്നും ഉണ്ടാകില്ലായിരുന്നു.

പക്ഷേ, പ്രപഞ്ചാരംഭത്തില്‍ എന്തോ ഒരു 'പണിക്കുറ്റം' ഉണ്ടായി. ദ്രവ്യ-പ്രതിദ്രവ്യ സമമിതിയില്‍ അല്‍പ്പം വ്യതിയാനം ദ്രവ്യത്തിന് അനുകൂലമായി സംഭവിച്ചു. അതിനാല്‍ 'അല്‍പ്പം' ദ്രവ്യം ബാക്കിയായി. അതുകൊണ്ടാണ് ഇന്നീ കാണുന്ന സ്ഥിതിയില്‍ പ്രപഞ്ചം ആയത്. എന്തുകൊണ്ട് ദ്രവ്യത്തിന് അനുകൂലമായി ആ മാറ്റം നടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുകയെന്നത് ഭൗതികശാസ്ത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി മാറ്റിവെച്ച ഒന്നാണ്.

ഫെര്‍മിലാബിലെ ടെവട്രോണ്‍ (Tevatron) കണികാത്വരകത്തില്‍ പ്രോട്ടോണുകളും ആന്റിപ്രോട്ടോണുകളും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിപ്പിച്ച് നടക്കുന്ന പരീക്ഷണത്തിലാണ്, പ്രപഞ്ചരഹസ്യം സംബന്ധിച്ച സൂചന ലഭിച്ചതെന്ന് ഫെര്‍മിലാബിലെ ഗവേഷകര്‍ റിപ്പോര്‍ട്ടു ചെയ്തു. കണികാകൂട്ടിയിടിയില്‍ സൃഷ്ടിക്കപ്പെടുന്ന മ്യുവോണ്‍ ജോഡികളും ആന്റിമ്യൂവോണ്‍ ജോഡികളും താരതമ്യം ചെയ്തപ്പോള്‍, മ്യൂവോണ്‍ ജോഡികളുടെ സംഖ്യ ഏതിര്‍ ജോഡികളെക്കാള്‍ നേരിയ തോതില്‍ കൂടുതലാണെന്ന് കണ്ടു. കണികാകൂട്ടിയിടിയുടെ വേളയില്‍ രൂപപ്പെടുന്ന 'മിനിപ്രപഞ്ചത്തില്‍', ദ്രവ്യവും പ്രതിദ്രവ്യവും സമമിതിയിലല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദ്രവ്യത്തിന് പ്രതിദ്രവത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ മേല്‍കൈ ഉണ്ടാകുന്നുവെന്നാണ് വ്യക്തമായത്.

പ്രപഞ്ചത്തില്‍ ദ്രവ്യത്തിനെങ്ങനെ മേല്‍കൈ ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ക്ക് ഗൗരവമാര്‍ന്ന ഉള്‍ക്കാഴ്ച സമ്മാനിക്കുന്നതാണ് ഈ ഫലമെന്ന്, ഗവേഷണത്തിന് നേതൃത്വം നല്‍കുന്നവരിലൊരാളായ ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയിലെ ഗ്വെന്നഡി ബൊറിസ്സോവ് അഭിപ്രായപ്പെട്ടു. 'ഫിസിക്കല്‍ റിവ്യൂ' മാഗസിന് സമര്‍പ്പിച്ചിട്ടുള്ള ഗവേഷണറിപ്പോര്‍ട്ട് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

വിമത റഷ്യന്‍ ഭൗതികശാസ്ത്രജ്ഞന്‍ ആന്ധ്രേയ് സഖാറോവ് ആണ് പ്രപഞ്ചത്തിലെ ദ്രവ്യമേല്‍കൈയ്ക്ക് ആദ്യമായി ഒരു വിശദീകരണം മുന്നോട്ടുവെച്ചത്. സി.പി.അതിലംഘനം (CP violation) എന്ന് വിശേപ്പിക്കപ്പെടുന്ന ഒരു അവസ്ഥയാണ് അദ്ദേഹം വിവരിച്ചത്. കണങ്ങളുടെയും പ്രതികണങ്ങളുടെയും സ്വഭാവത്തിലുണ്ടെന്നു കരുതുന്ന വളരെ നേരിയ തോതിലുള്ള വ്യത്യാസമാണത്.

ഒരു കണത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട രണ്ട് ഗുണങ്ങള്‍ അവയുടെ ചാര്‍ജും ക്വാണ്ടംമെക്കാനിക്കല്‍ സവിശേഷതയായ സ്പിന്നും ആണ്. പ്രതികണങ്ങളില്‍ ഇതുരണ്ടും വിപരീതമാകും. അങ്ങനെ സംഭവിക്കുന്നത് അല്‍പ്പം വ്യത്യസ്തമായാണ്-ഇതാണ് സി.പി. അതിലംഘനമെന്ന് സഖാറോവ് പറഞ്ഞത്. പില്‍ക്കാലത്ത് സി.പി. അതിലംഘനത്തിന് ചില ഉദാഹരണങ്ങള്‍ ഗവേഷകര്‍ കാണ്ടെത്തുകയുണ്ടായി. എന്നാല്‍, അവയൊന്നും നമ്മുടെ നിലനില്‍പ്പിനെ സാധൂകരിക്കുന്നത്ര വലിയ തെളിവായിരുന്നില്ലെന്ന് ഫെര്‍മിലാബില്‍ 'ഡിസീറോ' (DZero) പരീക്ഷണസംഘത്തിലെ അംഗം ഗുസ്താഫ് ബ്രൂയിജ്മാന്‍സ് പറയുന്നു.

'നിര്‍ഗുണ ബി-മീസണുകള്‍' (neutral B-mesons) എന്ന് വിളിക്കപ്പെടുന്ന വിചിത്രകണങ്ങള്‍ക്ക് അപചയം സംഭവിച്ച് മ്യുവോണുകളായി പരിണമിക്കുന്ന വേളയിലാണ്, പ്രതിദ്രവ്യത്തിന് മേല്‍ ദ്രവ്യത്തിന് സ്വാധീനം വര്‍ധിക്കുന്ന തരത്തിലുള്ള പ്രതിഭാസം ഗവേഷകര്‍ കണ്ടത്. നിര്‍ഗുണ ബി-മീസണുകളുടെ പ്രത്യേകത 'തീരുമാനമെടുക്കാനുള്ള അവയുടെ കഴിവില്ലായ്മ'യാണ്. കണികാകൂട്ടിയിടികളില്‍ അവ രൂപപ്പെട്ടു കഴിഞ്ഞാല്‍ സെക്കന്‍ഡിനുള്ളില്‍ കോടിക്കണക്കിന് പ്രാവശ്യം അവ സാധാരണ അവസ്ഥയില്‍ നിന്ന് പ്രതിദ്രവ്യാവസ്ഥയിലേക്ക് ദോലനം ചെയ്യും, എവിടെ നില്‍ക്കണമെന്ന് നിശ്ചയമില്ലാത്തതുപോലെ! മ്യുവോണുകളായി അപചയം സംഭവിക്കും മുമ്പ് പ്രതിദ്രവ്യാവസ്ഥയില്‍ നിന്ന് മീസണുകള്‍ ദ്രവ്യാവസ്ഥയിലേക്ക് എത്തുന്നതിന്റെ തോത്, തിരിച്ചു സംഭവിക്കുന്നതിലും കൂടുതലാണ്. അതുകൊണ്ടാണ് മ്യുവോണ്‍ ജോഡികളുടെ എണ്ണം ആന്റിമ്യുവോണ്‍ ജോഡികളെക്കാള്‍ കൂടുതലാകുന്നത്.

എന്നാല്‍, ഈ സൂചന പ്രപഞ്ചരഹസ്യം വെളിപ്പെടുത്താന്‍ പോന്ന വിധത്തിലുള്ളതാണോ എന്നറിയണമെങ്കില്‍, ബി-മീസണുകളുടെ നിഗൂഢസ്വഭാവത്തെക്കുറിച്ച് കൂടുതലറിയണം, ഡോ.ബ്രൂയിജ്മാന്‍സ് പറഞ്ഞു. ഏതായാലും പുതിയ കണ്ടെത്തല്‍ തികച്ചും പ്രോത്സാഹജനകമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. 'നിലവിലുള്ള സിദ്ധാന്തങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ അവയ്ക്ക് അപ്പുറത്തുള്ള എന്തോ ആണ് പരീക്ഷണത്തില്‍ കാണുന്നതെന്ന് ഞങ്ങള്‍ക്കറിയാം'-ഡിസീറോ പരീക്ഷണത്തിന്റെ വക്താക്കളിലൊരാളായ സ്റ്റീഫാന്‍ സോള്‍ഡ്‌നര്‍ റെംബോള്‍ഡ് അറിയിച്ചു.

പ്രപഞ്ചത്തിന്റെ ഉള്ളടക്കം വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന സൈദ്ധാന്തിക പാക്കേജിന് വിശദീകരിക്കാന്‍ കഴിയുന്നതിന് അപ്പുറത്തുള്ള കാര്യമാണ് ഡിസീറോ പരീക്ഷണത്തില്‍ ഗവേഷകര്‍ കണ്ടത്. ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ ഒരു പരീക്ഷണമായ എല്‍.എച്ച്.സി.ബ്യൂട്ടി (LHCb) ലക്ഷ്യമാക്കുന്നതു തന്നെ പ്രപഞ്ചത്തിലെ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലുണ്ടായ സമമിതി വ്യത്യാസം എങ്ങനെ സംഭവിച്ചും എന്നറിയുക എന്നതാണ്. എല്‍.എച്ച്.സി.ബി.യിലും ഇപ്പോഴത്തെ സൂചന സ്ഥിരീകരിക്കപ്പെട്ടാല്‍, അടിസ്ഥാന സിദ്ധാന്തങ്ങള്‍ തന്നെ ഭേദഗതി ചെയ്യേണ്ടി വരും (കടപ്പാട്: ന്യൂയോര്‍ക്ക് ടൈംസ് ).

Saturday, May 15, 2010

പ്രകാശത്തിന്റെ അനന്തസാധ്യതകള്‍

ലേസറില്ലാതെയുള്ള ലോകം ചിന്തിക്കാന്‍ പോലുമാകില്ല ഇന്ന്. പ്രൈസ് ടാഗില്‍ മുതല്‍ അണുസംയോജനത്തില്‍ വരെ ലേസര്‍വിദ്യ പ്രയോജനപ്പെടുന്നു. സര്‍വവ്യാപിയായി മാറിയിരിക്കുന്ന ലേസര്‍ കണ്ടെത്തിയിട്ട് ഞായറാഴ്ച അരനൂറ്റാണ്ട് തികയുന്നു.
1960 മെയ് 16-നായിരുന്നു അത്. അമേരിക്കയില്‍ ഹ്യൂസ് റിസര്‍ച്ച് ലബോറട്ടറിയിലെ ഗവേഷകനായ തിയോഡര്‍ മെയ്മന്‍ ഒരു റൂബി ദണ്ഡിനെ ഉത്തേജിപ്പിച്ച് അതില്‍ നിന്ന് അസാധാരണമാംവിധം നേര്‍ത്ത ഒരു പ്രകാശധാര സൃഷ്ടിക്കുന്നതില്‍ വിജയിച്ചു. പതിറ്റാണ്ടുകളായി ഗവേഷകര്‍ക്ക് വെല്ലുവിളിയായിരുന്ന ഒരു ശാസ്ത്രപ്രശ്‌നത്തിന് അതോടെ പരിഹാരമായി. 'ലൈറ്റ് ആംപ്ലിഫിക്കേഷന്‍ ബൈ സ്റ്റിമുലേറ്റഡ് എമിഷന്‍ ഓഫ് റേഡിയേഷന്‍' എന്നതിന്റെ ചുരുക്കപ്പേരായ 'ലേസര്‍' (Laser) എന്നത് വിളിക്കപ്പെട്ടു.

ലേസര്‍ കണ്ടുപിടിക്കാനായി വലിയൊരു മത്സരം ലോകത്ത് നടക്കുന്നുണ്ടായിരുന്നു. അമേരിക്കയിലെ തന്നെ പ്രശസ്തമായ ബെല്‍സ് ലബോറട്ടറിയിലെ ഗവേഷകര്‍ ഏതാണ്ട് അടുത്തെത്തിയെന്ന്, മെയ്മനും അദ്ദേഹത്തിന്റെ സ്ഥാപനവും സംശയിച്ചു. അതിനാല്‍ തിടുക്കത്തില്‍ ആ കണ്ടെത്തലിന്റെ വിവരം 'നേച്ചര്‍' മാഗസിനില്‍ പ്രസിദ്ധികരണത്തിന് നല്‍കേണ്ടി വന്നു. മാത്രമല്ല, വാര്‍ത്തസമ്മേളനം വിളിച്ചുകൂട്ടി ലേസറിന്റെ കണ്ടെത്തല്‍ ഹ്യൂസ് ലബോറട്ടറി പ്രഖ്യാപിക്കുകയും ചെയ്തു.

ഗവേഷകലോകത്തെ സംബന്ധിച്ചിടത്തോളം അത് വലിയൊരു മുന്നേറ്റമായിരുന്നെങ്കിലും, മറ്റൊരു പ്രധാന പ്രശ്‌നം അവശേഷിച്ചു. എന്താണ് ലേസറിന്റെ ഉപയോഗം, പ്രായോഗികതലത്തില്‍ അതിനെ എത്തരത്തില്‍ മനുഷ്യന് പ്രയോജനപ്പെടുത്താനാകും! വര്‍ഷങ്ങളോളം ഈ ചോദ്യം ഉത്തരമില്ലാതെ അവശേഷിച്ചു. 1961-ല്‍ ഹ്യൂസ് ലബോറട്ടറീസ് വിട്ടുപോയിട്ടും മെയ്മനെ കാണുമ്പോള്‍ സുഹൃത്തുക്കള്‍ അല്‍പ്പം പരിഹാസത്തോടെ ചോദിക്കുമായിരുന്നു - 'ചങ്ങാതി, ലേസറൊക്കെ എങ്ങനെ നന്നായിരിക്കുന്നില്ലേ!'
ആധുനിക മനുഷ്യജീവിതത്തെ അടിമുടി മാറ്റിമറിച്ച ഒരു അനുഗ്രഹീത സങ്കേതമാണ് ഏതാണ്ട് രണ്ടു പതിറ്റാണ്ടോളം പരിഹാസത്തിന് പാത്രമായതെന്ന് ഓര്‍ക്കണം. ലേസര്‍ സങ്കേതവുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ട് ഭൗതികശാസ്ത്രത്തിനുള്ള 14 നോബല്‍ പുരസ്‌കാരങ്ങളാണ് പില്‍ക്കാലത്ത് സമ്മാനിക്കപ്പെട്ടത്. ഇന്ന് ലേസറിന്റെ ആഗോള വാര്‍ഷിക വിപണി ഏതാണ്ട് 500 കോടി പൗണ്ടിന്റേത് (33000 കോടി രൂപ) ആണ്. അതിപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇനിയും സാധ്യതകള്‍ അവസാനിച്ചിട്ടില്ല എന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ ലേസറിന്റെ അമ്പതാം വാര്‍ഷികത്തില്‍ വിലയിരുത്തുന്നത്. ഭൂമിയിലെ ഊര്‍ജപ്രതിസന്ധിപോലും പരിഹരിക്കാന്‍ പാകത്തില്‍ ലേസറിന്റെ ഉപയോഗം പുതിയ നൂറ്റാണ്ടില്‍ മുന്നേറുന്ന കാര്യം അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇന്ന് തിരിഞ്ഞു നോക്കുമ്പോള്‍, നമ്മള്‍ ആധുനികസങ്കേതങ്ങളെന്നു പറഞ്ഞ് അഭിമാനപൂര്‍വം ഉപയോഗിക്കുന്ന എന്തിന് പിന്നിലും ലേസറിന്റെ സാന്നിധ്യമോ, സഹായമോ കാണാം. ഒരു പുതിയ കാറില്‍ കയറുമ്പോള്‍ ഓര്‍ക്കുക, കാറിന്റെ മിഴിവാര്‍ന്ന രൂപത്തിനും സൗകര്യങ്ങള്‍ക്കും പിന്നില്‍ ലേസര്‍ സങ്കേതങ്ങളുടെ സഹായമുണ്ട്. ഒരു ഓപ്ടിക്കല്‍ മൗസ് ഉപയോഗിച്ച് കമ്പ്യൂട്ടറില്‍ നാവിഗേറ്റ് ചെയ്യുമ്പോള്‍, റിമോട്ട് കണ്‍ട്രോണ്‍ കൊണ്ട് ടിവിയില്‍ ചാനല്‍ മാറ്റുമ്പോള്‍, സി.ഡി.യോ ഡി.വി.ഡി.യോ ഉപയോഗിക്കുമ്പോള്‍...വേള്‍ഡ് വൈഡ് വെബ്ബിനെ നിങ്ങളുടെ കമ്പ്യൂട്ടറിലേക്കെത്തിക്കുന്ന ഓപ്ടിക്കല്‍ ഫൈബറില്‍, കണ്ണിന്റെ ചന്തംകൂട്ടാനും കാഴ്ച ശരിയാക്കാനും ശസ്ത്രക്രിയ നടത്തുമ്പോള്‍ - ഓര്‍ക്കുക, പിറവിയെടുത്തിട്ട് 20 വര്‍ഷത്തോളം കാര്യമായ ഒരുപയോഗവും കണ്ടെത്താനാകാത്ത ഒരു സങ്കേതമാണ് ഇന്ന് ഇതെല്ലാം സാധ്യമാക്കുന്നത്.

ലേസറിന് ആദ്യമായി ഒരു ഉപയോഗം ഉണ്ടാകുന്നത് 1974-ലാണ് - ലേസര്‍ ബാര്‍കോഡ് റീഡര്‍ എന്ന നിലയില്‍. അമേരിക്കയില്‍ ഓഹായോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കൗണ്ടറില്‍ 'റിഗ്ലീസ് ച്യൂയിങ്ഗം' ആണ് ലേസര്‍ ബാര്‍കോഡ് പതിച്ച് വില്‍പ്പന നടത്തിയ ആദ്യ ഉത്പന്നം. ഇന്ന് ലോകത്താകമാനം ദിനംപ്രതി കോടിക്കണക്കിന് തവണ ഉത്പന്നങ്ങളിലെ ബാര്‍കോഡ് സ്‌കാനിങ് നടക്കുന്നു. ഉപഭോക്താക്കള്‍ക്കും ഉത്പാദകര്‍ക്കും ചില്ലറ വില്‍പ്പനക്കാര്‍ക്കും കോടികളുടെ ലാഭം അതുവഴിയുണ്ടാകുന്നു എന്നാണ് വിലയിരുത്തല്‍.

എഴുപതുകളുടെ അവസാനം സോണി കമ്പനിയും ഫിലിപ്പ്‌സും, 12 സെന്റീമീറ്റര്‍ വ്യാസമുള്ള തിളക്കമാര്‍ന്ന പ്ലാസ്റ്റിക് കോംപാക്ട് ഡിസ്‌കുകളില്‍ (സി.ഡി.കളില്‍) സംഗീതം ഡിജിറ്റല്‍ രൂപത്തില്‍ ആലേഖനം ചെയ്യാന്‍ ലേസര്‍ സങ്കേതം ഉപയോഗിക്കാന്‍ തുടങ്ങി. സി.ഡി.പ്ലേയറുകളില്‍ ലേസറുകളുടെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന സിഡി ആല്‍ബം 1982-ല്‍ ആദ്യമായി പുറത്തിറങ്ങി -റോക്ക് ഗായകന്‍ ബില്ലി ജോയലിന്റെ 'ഫിഫ്ടി സെക്കന്‍ത് സ്ട്രീറ്റ്' ആയിരുന്നു ആ ആല്‍ബം. 1990-കളുടെ പകുതിയോടെ 74 മിനിറ്റ് നേരം സംഗീതം ഒരു സിഡിയില്‍ പകര്‍ത്താം എന്ന സ്ഥിതി വന്നു. പിന്നീട് ഡിജിറ്റല്‍ വീഡിയോ ഡിസ്‌കുകളുടെ (ഡി.വി.ഡി) കാലമായി. 50 ജിബി സംഭരണശേഷിയുള്ള ബ്ലൂറേ ഡിവിഡി പ്രത്യക്ഷപ്പെട്ടത് 2009-ലാണ്. ഉന്നത റസല്യൂഷണില്‍ ഒരു സിനിമ മുഴുവന്‍ ഉള്‍ക്കൊള്ളാന്‍ ഇത്തരം ഡിസ്‌കുകള്‍ക്കാകും.

സിഡി-ഡിവിഡി മാര്‍ക്കറ്റുകൊണ്ട് ലേസര്‍ വിപ്ലവം അവസാനിച്ചില്ല. 1970-കളുടെ അവസാനം തന്നെ ടെലഫോണ്‍ കമ്പനികള്‍ ഓപ്ടിക്കല്‍ ഫൈബര്‍ സൗകര്യങ്ങള്‍ സൃഷ്ടിക്കാന്‍ തുടങ്ങിയിരുന്നു. അതിനാവശ്യമായ സാങ്കേതിക മുന്നേറ്റങ്ങളും സംഭവിച്ചു. അത്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ അമേരിക്കയെയും യൂറോപ്പിനെയും പരസ്പരം ബന്ധിപ്പിക്കുന്ന ആദ്യ ഫൈബര്‍ ഓപ്ടിക് കേബിള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത് 1988-ലാണ്. ഇന്ന് പതിനായിരക്കണക്കിന് കിലോമീറ്റര്‍ നീളം വരുന്ന സമുദ്രാന്തര ഫൈബര്‍കേബിളുകള്‍ ഭൂമിയെ ചുറ്റുന്നു. ഇന്റര്‍നെറ്റ് പോലുള്ള ആഗോള വാര്‍ത്താവിനിമയ ശൃംഗലയുടെ നട്ടെല്ലാണ് ഇത്തരം ഭൂഖണ്ഡാന്തര കേബിളുകള്‍.

സംസക്തമായ പ്രകാശത്തിന്റെ സഹായത്തോടെ ഊര്‍ജത്തെ ഒരു സ്ഥലത്തുനിന്ന് മറ്റൊരിടത്തെത്തിക്കാന്‍ സഹായിക്കുന്ന ലേസര്‍, ഭാവിയില്‍ ഭൂമിയുടെ ഊര്‍ജാവശ്യങ്ങള്‍ക്കു പോലും പരിഹാരമാകുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. അമേരിക്കയിലെ നാഷണല്‍ ഇഗ്നൈറ്റേഷന്‍ ഫെസിലിറ്റി (എന്‍.ഐ.എഫ്) എന്ന സ്ഥാപനം ഇത്തരമൊരു സാധ്യതയാണ് പരിശോധിക്കുന്നത്. അതിശക്തമായ 192 ലേസറുകളെ ഹൈഡ്രജന്‍ ഇന്ധനത്തിന്റെ ചെറിയൊരു ഗോളത്തിലേക്ക് ഒറ്റയടിക്ക് കേന്ദ്രീകരിക്കുക വഴി അണുസംയോജനം സാധ്യമാക്കാമെന്നും, അതില്‍ നിന്ന് വന്‍തോതില്‍ ഊര്‍ജം പുറത്തുവരുമെന്നും പ്രതീക്ഷിക്കുന്നു. നക്ഷത്രങ്ങള്‍ക്കുള്ളില്‍ സംഭവിക്കുന്ന പ്രവര്‍ത്തനത്തെയാണ് ലേസറുകളുടെ സഹായത്തോടെ എന്‍.ഐ.എഫ്. ഭൂമിയില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്.

ഇതിന് സമാനമായ രീതിയില്‍ 'ഹിപ്പെര്‍' (HiPER) എന്നൊരു പദ്ധതിയുമായി മുന്നേറുകയാണ് യൂറോപ്യന്‍ ഗവേഷകര്‍. ഭാവിക്കുവേണ്ടിയുള്ള ചെറിയ തരത്തിലൊരു പവര്‍‌സ്റ്റേഷനാണ് പദ്ധതിയില്‍ രൂപപ്പെടുത്തുന്നത്. സൂര്യന്റെ കേന്ദ്രത്തിലേതിലും പത്തുമടങ്ങ് താപനിലയില്‍ വസ്തുക്കളെയെത്തിക്കാന്‍ ലേസറുകളുപയോഗിച്ച് കഴിയുമെന്ന്, ബ്രിട്ടനില്‍ സെന്‍ട്രല്‍ ലേസര്‍ ഫെസിലിറ്റിയിലെ ഡോ. കേറ്റ് ലാന്‍കാസ്റ്റര്‍ അറിയിക്കുന്നു. അത്തരത്തില്‍ അണുസംയോജനവും സാധ്യമാകും. ഏതായാലും ഭാവിക്കുള്ള ഒരു ലേസര്‍ സാധ്യതയാണത്.

ഇതുകൊണ്ടും ലേസറിന്റെ സാധ്യതകള്‍ അവസാനിക്കുന്നില്ല. വൈദ്യശാസ്ത്രമേഖലയില്‍ ലേസര്‍ ഇപ്പോള്‍ സര്‍വവ്യാപിയാണ്. ലോകത്തെ ഏറ്റവും ശക്തിയേറിയ ടെലിസ്‌കോപ്പുകള്‍, ബഹിരാകാശദൃശ്യങ്ങളെ കൂടുതല്‍ മിഴിവാര്‍ന്നതാക്കാന്‍ ലേസറിന്റെ സഹായമാണ് തേടുന്നത്. എന്തിന് ഇതുവരെ കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്ത ഗുരുത്വാകര്‍ഷണ തരംഗങ്ങളുടെ അളവെടുക്കാനും ആശ്രയമാകുന്നത് അമ്പത് വര്‍ഷം മുമ്പ് പിറവിയെടുത്ത ഈ സങ്കേതം തന്നെ.

ലേസറുകളുടെ സ്പന്ദനത്തോത് (pulse rate) ഏറ്റവും താഴ്ന്ന വിതാനത്തിലേക്ക് എത്തിക്കുമ്പോഴാണ് അവ കൂടുതല്‍ കരുത്താര്‍ജിക്കുന്നത്. സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ ആയിരത്തിലൊരംശം (ഫെംറ്റോ സെക്കന്‍ഡ്) മാത്രം സ്പന്ദനത്തോതുള്ള ലേസറുകള്‍ ഇപ്പോള്‍ വികസിപ്പിച്ചിട്ടുണ്ട്. അറ്റോസെക്കന്‍ഡ് ലോസറുകള്‍ സൃഷ്ടിക്കാനുള്ള ശ്രമത്തിലാണ് ഗവേഷകര്‍ (അറ്റോസെക്കന്‍ഡ് എന്നാല്‍ സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊരംശം!) അറ്റോസെക്കന്‍ഡ് തോതിലുള്ള ലേസറുകളുടെ സഹായത്തോടെ ദ്രവ്യത്തിന്റെ അടിസ്ഥാന പ്രവര്‍ത്തനം നേരില്‍ കാണാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

ചുരുക്കിപ്പറഞ്ഞാല്‍, ലേസറിന് 50 വര്‍ഷത്തിന്റെ ചെറുപ്പമാണിപ്പോള്‍. പ്രായമാകാന്‍ ഇനിയും സമയമെടുക്കും. എന്തൊക്കെയാവും ലേസര്‍ ഭാവിക്കായി കരുതിവെച്ചിരിക്കുന്നതെന്ന് കാലമാണ് തെളിയിക്കേണ്ടത്. (കടപ്പാട്: ഫിസിക്‌സ് വേള്‍ഡ്, എന്‍.ഐ.എഫ്).

Friday, May 07, 2010

ഇല്ല, ഇല്ല, നിയാണ്ടെര്‍ത്താല്‍ മരിച്ചിട്ടില്ല; ജീവിക്കുന്നു നമ്മളിലൂടെ......!!

പരിചിതമായ ഒരു മുദ്രാവാക്യത്തിന്റെ പാരഡിയാണ് ഇതിന്റെ തലവാചകമെന്ന് തെറ്റിദ്ധരിക്കരുത്, ജര്‍മനിയിലെ ലീപ്‌സിഗില്‍ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് എവല്യൂഷണറി ആന്ത്രപ്പോളജിയിലെ പ്രൊഫ. സ്വൊന്റെ പാബോയുടെ വാക്കുകളുടെ ഏകദേശ പരിഭാഷയാണിത്!

നിയാണ്ടെര്‍ത്താല്‍ മനുഷ്യര്‍ പൂര്‍ണമായും നശിച്ചെന്ന് പറയാനാകില്ലത്രേ, ആ വര്‍ഗത്തിന്റെ കുറെ ജീനുകള്‍ ആധുനിക മനുഷ്യരില്‍ പലരിലും ഇപ്പോഴും നിലനില്‍ക്കുന്നു. നിയാണ്ടെര്‍ത്താലുകളുടെയും ആധുനിക മനുഷ്യന്റെയും ജിനോം താരതമ്യം ചെയ്ത് ഗവേഷകരെത്തിയ അമ്പരപ്പുളവാക്കുന്ന നിഗമനമാണിത്. അപ്രതീക്ഷിതമല്ലെങ്കിലും, കൗതുകമേറെയുള്ള ഈ കണ്ടെത്തിലന്റെ വിവരം പുതിയ ലക്കം 'സയന്‍സ്' വാരികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

നിയാണ്ടെര്‍ത്താല്‍ വര്‍ഗം ആധുനിക മനുഷ്യന്റെ പാരമ്പര്യത്തിലേക്ക് കാര്യമായ സംഭാവനയൊന്നും നല്‍കിയിട്ടില്ലെന്ന മുന്‍ ജനിതകപഠനങ്ങള്‍ക്ക് വിരുദ്ധമാണ് പുതിയ നിഗമനം. യൂറേഷ്യന്‍ മേഖലയിലുള്ളവരുടെ ജിനോമില്‍ (ഒരു ജീവിയുടെ പൂര്‍ണജനിതകസാരമാണ് ജിനോം) ഒന്നു മുതല്‍ നാലു ശതമാനം വരെ നിയാണ്ടെര്‍ത്തല്‍ വര്‍ഗത്തിന്റേതാണെന്ന് പഠനത്തില്‍ വ്യക്തമായി.

എന്നാല്‍, ആധുനിക മനുഷ്യന്‍ ആഫ്രിക്കയിലാണ് ഉത്ഭവിച്ചതെന്നും അവിടെ നിന്ന് ബാഹ്യലോകത്തേക്ക് അവന്റെ സാന്നിധ്യം വ്യാപിക്കുകയാണുണ്ടായതെന്നുമുള്ള സിദ്ധാന്തത്തിന് അടിവരയിടുന്നതാണ് പുതിയ പഠനം. ഏതാണ്ട് രണ്ടുലക്ഷം വര്‍ഷം മുമ്പ് ആധുനിക മനുഷ്യന്‍ ആഫ്രിക്കയില്‍ രൂപപ്പെട്ടെന്നും, അതില്‍ ഒരു ചെറിയസംഘം 50,000 - 60,000 വര്‍ഷം മുമ്പ് അവിടെ നിന്ന് പുറംലോകത്ത് എത്തിയെന്നുമാണ് കരുതുന്നത്. 'ആഫ്രിക്കയില്‍ നിന്നുള്ള കടന്നുപോകല്‍' (Out of Africa) എന്ന പേരിലാണ് ഈ സിദ്ധാന്തം അറിയപ്പെടുന്നത്.

യൂറോപ്പ്, ഏഷ്യ, ഓഷ്യാന തുടങ്ങിയ പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ക്കിടയില്‍, ചെറുതെങ്കിലും മുമ്പ് കരുതിയതിലും കൂടിയ തോതില്‍, നിയാണ്ടെര്‍ത്താല്‍ പാരമ്പര്യമുണ്ടെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. പ്രാചീന മനുഷ്യവര്‍ഗത്തില്‍ വ്യത്യസ്തമായ കൈവഴിയായി കരുതപ്പെടുന്ന നിയാണ്ടെര്‍ത്താല്‍ വര്‍ഗത്തിന്റെ ജീനുകള്‍ ഒരു വിഭാഗം ആധുനിക മനുഷ്യരിലുണ്ടെന്ന് വന്നാല്‍ അതിനര്‍ഥം, പരിമിതമായ തോതിലെങ്കിലും ഇരു വിഭാഗവും തമ്മില്‍ ഒരു കാലത്ത് പ്രജനനം നടന്നിരുന്നു എന്നാണ്.

'അവ പൂര്‍ണമായി വംശമറ്റിട്ടില്ല. നമ്മളില്‍ ചിലരിലൂടെ അവ ജീവിക്കുന്നു, ചെറിയ തോതിലാണെങ്കില്‍ പോലും'-പഠനത്തിന് നേതൃത്വം നല്‍കിയ പ്രൊഫ. പാബോ പറയുന്നു. ആധുനിക മനുഷ്യന്റെയും നിയാണ്ടെര്‍ത്താലിന്റെയും പൊതുപൂര്‍വികന്‍ ഏതാണ്ട് അഞ്ചുലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ വെച്ച് വേര്‍പിരിഞ്ഞു എന്നാണ് കരുതുന്നത്. 37,000 വര്‍ഷം മുമ്പ് വരെ നിയാണ്ടെര്‍ത്തലുകള്‍ യൂറോപ്പില്‍ നിലനിന്നതിന് തെളിവ് ലഭിച്ചിട്ടുണ്ട്. ആഫ്രിക്കയില്‍ നിന്ന് ആധുനിക മനുഷ്യവര്‍ഗം പുറംലോകത്തെത്തിയ കാലം കൂടി പരിഗണിച്ചാല്‍, കുറഞ്ഞത് 10,000 വര്‍ഷമെങ്കിലും ഇരു വര്‍ഗവും തമ്മില്‍ ഇടകലരാന്‍ അവസരം ലഭിച്ചിട്ടുണ്ട്.

നിയാണ്ടെര്‍ത്താല്‍ ഒരു പ്രത്യേക ജനിതകശാഖയായിരുന്നു എന്നത് നേര്. പക്ഷേ, ആധുനിക മനുഷ്യരും നിയാണ്ടെര്‍ത്താലുകളും തമ്മില്‍ പ്രജനനം നടന്നിരുന്നു എന്ന അത്ഭുതകരമായ വസ്തുതയ്ക്കുള്ള തെളിവാണ്, ആ വര്‍ഗത്തിന്റെ ജീനുകള്‍ മനുഷ്യരിലുണ്ടെന്ന കണ്ടെത്തല്‍-'ആഫ്രിക്കയില്‍ നിന്നുള്ള കടന്നുപോകല്‍' സിദ്ധാന്തത്തിന്റെ പ്രായോജകരില്‍ ഒരാളും ലണ്ടനിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഗവേഷകനുമായ പ്രൊഫ. ക്രിസ് സ്റ്റിംഗര്‍ അഭിപ്രായപ്പെടുന്നു.

നിയാണ്ടെര്‍ത്തലുകളുടെ ജിനോം രഹസ്യം കണ്ടെത്തിയത് വന്‍ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ നേതൃത്വത്തില്‍ വിവിധ രാജ്യങ്ങളിലെ ഗവേഷകര്‍ ചേര്‍ന്ന് നാലുവര്‍ഷം നീണ്ട ശ്രമകരമായ ദൗത്യം അതിന് വേണ്ടി വന്നു. ഒട്ടേറെ ജനിതകശ്രേണികള്‍ ഒരേ സമയം വിശകലനം ചെയ്യാന്‍ സാധിക്കുന്ന സങ്കേതമാണ് അതിന് ഗവേഷകര്‍ അവലംബിച്ചത്.

ക്രൊയേഷ്യയിലെ വിന്‍ഡിജ ഗുഹയില്‍ നിന്നു ലഭിച്ച മൂന്നു നിയാണ്ടെര്‍ത്താലുകളുടെ ഫോസിലുകളില്‍ നിന്നുള്ള ഡി.എന്‍.എ.യാണ് ജിനോം വിശകലനത്തിന് ഉപയോഗിച്ചത്. പതിനായിരക്കണക്കിന് വര്‍ഷം പഴക്കമുള്ള ഫോസിലുകളില്‍ നിന്ന് ഗുണമേന്‍മയുള്ള ജനിതകദ്രവ്യം വേര്‍തിരിച്ചെടുക്കുകയെന്നത് അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞ ഒന്നായിരുന്നു. അതാണ് ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ഗവേഷകര്‍ നേരിട്ടത്. രാസപരമായി വ്യതിയാനം വന്ന ജനിതകദ്രവ്യത്തിന്റെ യഥാര്‍ഥ സ്വഭാവം മനസിലാക്കാന്‍ സഹായിക്കുന്ന സോഫ്ട്‌വേറുകള്‍ക്കും അവര്‍ രൂപം നല്‍കി.

തായ്‌വഴിയില്‍ ആധുനിക മനുഷ്യന്റെ ഏറ്റവും അടുത്ത ജനിതക ബന്ധുവെന്നാണ് നിയാണ്ടെര്‍ത്തലുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ഇരു വിഭാഗവും തമ്മില്‍ ജനിതകമായി എത്ര സാമ്യമുണ്ടെന്ന് മനസിലാക്കാനുള്ള ജിനോം താരതമ്യത്തിന്റെ വിശദാംശങ്ങളും 'സയന്‍സ്' വാരികയിലെ റിപ്പോര്‍ട്ടിലുണ്ട്.

യൂറോപ്പ്, ചൈന, ന്യൂ ഗിനി എന്നിവിടങ്ങളിലുള്ളവര്‍ക്ക് (യൂറേഷ്യക്കാര്‍ക്ക്) ആണ് ആഫ്രിക്കക്കാരെക്കാള്‍ നിയാണ്ടെര്‍ത്താലുകളുമായി ജനിതകബന്ധം കൂടുതലെന്ന് പഠനത്തില്‍ തെളിഞ്ഞു. യൂറേഷ്യയിലാണ്, പരിമിതമായ തോതിലെങ്കിലും, നിയാണ്ടെര്‍ത്തലുകളുമായി ജനിതക സങ്കലനം നടന്നതെന്നാണ് ഇതു സൂചിപ്പിക്കുന്നത്.

ആധുനിക മനുഷ്യനെ അവനാക്കുന്ന ജനിതക സവിശേഷതകള്‍ എന്തെന്നു മനസിലാക്കാനും, നിയാണ്ടെര്‍ത്താലുകളുമായുള്ള ജനിതക താരതമ്യം സഹായിച്ചു. ഏതാണ്ട് 70 ജനിതകമാറ്റങ്ങള്‍ ആധുനിക മനുഷ്യരില്‍ മാത്രമായി സംഭവിച്ചിട്ടുണ്ടെന്ന് പഠനത്തില്‍ കണ്ടു. ശരീരഘടന, മസ്തിഷ്‌ക്കം, ചര്‍മം, അസ്ഥികള്‍ മുതലായവയുടെ സവിശേഷതകളുമായി ബന്ധപ്പെട്ട ജനിതകമാറ്റങ്ങളാണ് അത്. മാത്രമല്ല, ആധുനിക മനുഷ്യനെ അതിജീവിക്കാന്‍ സഹായിക്കുന്ന പ്രകൃതിനിര്‍ധാരണത്തിന്റെ സൂചനകളും പരിശോധിക്കപ്പെട്ടു. ഇത്തരം ഗുണപരമായ മാറ്റങ്ങള്‍ സംഭവിക്കുന്ന 212 മേഖലകള്‍ ആധുനിക മനുഷ്യന്റെ ജിനോമിലുള്ളതായി അവര്‍ കണ്ടു.
(അവലംബം: സയന്‍സ് വാരിക)

കാണുക