Monday, July 16, 2012

യുദ്ധസ്മാരകം-നീളം 250 കിലോമീറ്റര്‍


2012 ജൂലായ് 15ന് 'മാതൃഭൂമി വാരാന്തപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ച ഫീച്ചറിന്റെ പൂര്‍ണരൂപം


ലോകത്തെ ഏറ്റവും വലിയ യുദ്ധസ്മാരകം ഒരു റോഡാണെന്നും, അതിന് ഏതാണ്ട് 250 കിലോമീറ്റര്‍ നീളമുണ്ടെന്നുമുള്ള അറിവ് ആകാംക്ഷയുണര്‍ത്തും; ആ റോഡിലൂടെ നിങ്ങളൊരു യാത്രയ്ക്ക് ഒരുങ്ങുകയാണെങ്കില്‍ പ്രത്യേകിച്ചും. ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കേയറ്റത്ത് വിക്ടോറിയന്‍ തീരത്തുള്ള 'ഗ്രേറ്റ് ഓഷ്യന്‍ റോഡി'നെക്കുറിച്ച് ടൂറിസ്റ്റ് ലഘുലേഖകളില്‍ പറയുന്ന കാര്യങ്ങള്‍ അതിശയോക്തി കലര്‍ന്നവയല്ലേ എന്ന് ആദ്യം സംശയം തോന്നും. പക്ഷേ, കടലും കാടും മലകളും കാവല്‍നില്‍ക്കുന്ന റോഡിലൂടെ യാത്രയാരംഭിച്ച് അധികം വൈകാതെ ബോധ്യമാകും, എത്ര വലിയ അതിശയോക്തിക്കും വഴങ്ങുന്നതല്ല ഈ അനുഭവമെന്ന്! 

അത്യന്തം ദുഷ്‌ക്കരവും വെല്ലുവിളികള്‍ നിറഞ്ഞതുമായ ഒരു കടലോരത്തുകൂടി, പര്‍വ്വതച്ചുവടുകളിലും ശ്വാസംനിലയ്ക്കുന്ന കടല്‍മുനമ്പുകളിലും കൂടി, ഒട്ടേറെ കൊടുംവളവുകളോടും തിരിവുകളോടുംകൂടി നിര്‍മിക്കപ്പെട്ടതാണ് ഗ്രേറ്റ് ഓഷ്യന്‍ റോഡ്. വിക്ടോറിയയുടെ തലസ്ഥാനമായ മെല്‍ബണില്‍നിന്ന് നൂറ് കിലോമീറ്റര്‍ തെക്കാണ് ഈ റോഡിന്റെ തുടക്കം. ടോര്‍ക്വേ പട്ടണം മുതല്‍ 243 കിലോമീറ്റര്‍ പടിഞ്ഞാറ് വാര്‍നാമ്പൂല്‍ പട്ടണത്തിന് സമീപം അലന്‍സ്ഫഡ് വരെ ഇത് നീളുന്നു. ലോകത്തെ തന്നെ ഏറ്റവും മനോഹരമായ ചില കടല്‍ദൃശ്യങ്ങളും വന്യാനുഭവങ്ങളുമാണ് ഈ റോഡില്‍ യാത്രികരെ കാത്തിരിക്കുന്നത്.
'ഒന്നാംലോകമഹായുദ്ധത്തില്‍ മരിച്ച അറുപതിനായിരം ഓസ്‌ട്രേലിയക്കാരുടെ സ്മരണാര്‍ഥം നിര്‍മിക്കപ്പെട്ടതാണ് ഈ റോഡ്'-ടോര്‍ക്വേയില്‍ നിന്ന് രാവിലെ 8.40 ന് ഓഷ്യന്‍ റോഡിലേക്ക് തിരിയുമ്പോള്‍, ടൂറിസ്റ്റ് ബസിലെ ഡ്രൈവറും ഗൈഡുമായ  ആദം മിച്ചെല്‍സണ്‍ അറിയിച്ചു. മെല്‍ബണില്‍ ഔദ്യോഗിക പരിശീലനത്തിനെത്തിയ ഞങ്ങള്‍ നാലുപേര്‍ ഒഴിവു കിട്ടിയ ഞായറാഴ്ച്ച ഈ യാത്രയ്ക്ക് നീക്കിവെച്ചതാണ്. അസ്ഥിമരവിപ്പിക്കുന്ന തണുപ്പാണ് പുറത്ത്. ആകാശം മൂടിക്കെട്ടികിടക്കുന്നു. ദിവസം മുഴുവന്‍ മഴ പെയ്‌തേക്കാമെന്ന തോന്നല്‍ മനസിനെ ആശങ്കപ്പെടുത്തുന്നു. ഓസ്‌ട്രേലിയയില്‍ ഇത് ശൈത്യകാലമാണ്.
'ചിലപ്പോള്‍ കാങ്കരുക്കള്‍ റോഡിന് കുറുകെ ചാടും'-ആദം മുന്നറിയിപ്പ് നല്‍കി. 'ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ചാട്ടം 3.1 മീറ്റര്‍ ഉയരത്തിലുള്ളതാണ്'. കുറച്ചു മുന്നോട്ട് നീങ്ങിയപ്പോള്‍ വലതുവശത്ത് റോഡില്‍നിന്ന് അധികം അകലെയല്ലാതെ പുല്‍മേട്ടില്‍ മേയുന്ന കാങ്കരുക്കള്‍. അവയെ അടുത്തുകാണാന്‍ കഴിഞ്ഞില്ലല്ലോ എന്ന വിഷമത്തോടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു. 'നമ്മുടെ ആദ്യ സ്‌റ്റോപ്പ് ബെല്‍സ് ബീച്ചാണ്'-വീണ്ടും ആദത്തിന്റെ അറിയിപ്പ്. ഈ റോഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ചരിത്രവസ്തുതകളും ആദത്തിന് മനപ്പാഠമാണ്. ഹെഡ്‌ഫോണും മൈക്കുമുപയോഗിച്ച് ഒരു റേഡിയോ അനൗണ്‍സറുടെ വൈദഗ്ധ്യത്തോടെ ആ ചെറുപ്പക്കാരന്‍ ബസ്സിലെ യാത്രക്കാരോട് കാര്യങ്ങള്‍ വിവരിക്കുന്നു.

കൂറ്റന്‍ തിരമാലകള്‍ മേയുന്ന ഈ വിക്ടോറിയന്‍ തീരം സര്‍ഫിങിന് ലോകപ്രശസ്തമാണ്. മേഖലയിലെ സര്‍ഫിങ് ബീച്ചുകളില്‍ ഏറ്റവും പ്രശസ്തമാണ് ബെല്‍സ് ബീച്ച്. ഇരുണ്ടുമൂടിയ ആകാശവും ചക്രവാളത്തിലെ വെള്ളിവെളിച്ചവും, നേരം പുലരുംമുമ്പ് ബീച്ചിലെത്തിയ പ്രതീതിയുളവാക്കി. കൊടുംതണുപ്പിന് കടല്‍ക്കാറ്റിന്റെ ശൗര്യം വീര്യംകൂട്ടി. ചൂടുചായയും ബിസ്‌ക്കറ്റും ആദം യാത്രക്കാര്‍ക്ക് വിതരണം ചെയ്തു. അല്‍പ്പസമയം അവിടെ ചിലവിട്ട് വീണ്ടും യാത്ര തുടര്‍ന്നു. കുറച്ചുനേരം ഉള്‍പ്രദേശത്തുകൂടിയാണ് സഞ്ചാരം. പുല്‍മേടുകളും അവയ്ക്ക് നടുവില്‍ കാടിന്റെ തുരുത്തുകളും.
ആന്‍ഗ്ലേസി പട്ടണം കടന്ന് പത്തുമണിയോടെ, ഗ്രേറ്റ് ഓഷ്യന്‍ റോഡിന്റെ ഔദ്യോഗിക കമാനം സ്ഥാപിച്ച സ്ഥലത്തെത്തി. എല്ലാവരും അവിടെയിറങ്ങി. തണുപ്പ് വര്‍ധിച്ചിരിക്കുന്നു, ആകാശം കൂടുതല്‍ ഇരുണ്ട് മഴയും ആരംഭിച്ചിരിക്കുന്നു. ഉഷ്ണമേഖലാപ്രദേശത്ത് നമുക്ക് പരിചയമുള്ള മഴയല്ല ഇവിടുത്തേത്. നനുനനെയുള്ള ശബ്ദമില്ലാത്ത മഴ. അത് പെയ്യുന്നതായി തോന്നുകയേ ഇല്ല!

റോഡിന്റെ ഉത്ഭവചരിത്രം ബസ്സിനുള്ളില്‍വെച്ച് ആദം വിവരിച്ചു തന്നത് മനസിലുണ്ട്. ദുര്‍ഘടമായ ആ തീരമേഖലയില്‍ റോഡ് നിര്‍മിക്കുകയെന്ന വെല്ലുവിളി ഏറ്റെടുത്തത്, ഒന്നാംലോകമഹായുദ്ധം കഴിഞ്ഞെത്തിയ സൈനികരാണ്. മൂവായിരം സൈനികര്‍ 14 വര്‍ഷമെടുത്തു അത് പൂര്‍ത്തിയാക്കാന്‍. 'ഗ്രേറ്റ് ഓഷ്യന്‍ റോഡ് ട്രസ്റ്റ്' എന്ന പേരില്‍ 1918 ല്‍ രൂപംനല്‍കിയ സ്വകാര്യ കമ്പനിക്കായിരുന്നു ചുമതല. 1919 ല്‍ റോഡുനിര്‍മാണം ആരംഭിച്ചു. കമ്പനി പ്രസിഡന്റ് ഹൊവാര്‍ഡ് ഹിച്ച്‌കോക്ക് എല്ലാ വെല്ലുവിളികളെയും തരണം ചെയ്ത് നിര്‍മാണജോലി മുന്നോട്ടു കൊണ്ടുപോയി. 1932 നവംബറില്‍ റോഡ് ഉത്ഘാടനം ചെയ്യപ്പെടുന്നത് കാണാന്‍ പക്ഷേ, ഹിച്ച്‌കോക്കിനെ വിധി അനുവദിച്ചില്ല. ഉത്ഘാടനത്തിന് മൂന്നുമാസം മുമ്പ് അദ്ദേഹം ഹൃദ്രോഹത്താല്‍ മരിച്ചു. ഉത്ഘാടനവേളയിലെ ഘോഷയാത്രയില്‍, ഉത്ഘാടകന്‍ വിക്ടോറിയ ലഫ്ടനന്റ് ഗവര്‍ണര്‍ സര്‍ വില്യം ഇര്‍വിന്റെ വാഹനത്തിന് പിന്നില്‍ ഒരു മൂകസാക്ഷിയെപ്പോലെ ഹിച്ച്‌കോക്കിന്റെ കാര്‍ സഞ്ചരിച്ചു. 
തെക്കുകിഴക്കന്‍ തീരമേഖലയിലെ ഒറ്റപ്പെട്ട പട്ടണങ്ങളെയും ഗ്രാമങ്ങളെയും ബന്ധിപ്പിച്ചുകൊണ്ട് നിര്‍മിച്ച ഗ്രേറ്റ് ഓഷ്യന്‍ റോഡ്, ടൂറിസത്തിന്റെയും തടിവ്യവസായത്തിന്റെയും സിരാകേന്ദ്രമായി മാറി. കാട്ടുവഴികളിലൂടെയോ, കടല്‍മാര്‍ഗമോ മാത്രം എത്താന്‍ കഴിഞ്ഞിരുന്ന വികോറിയയുടെ ഈ മേഖല അങ്ങനെ ബാഹ്യലോകവുമായി നേരിട്ട് ബന്ധംസ്ഥാപിച്ചു. 2011 ല്‍ ഓസ്‌ട്രേലിയയുടെ ദേശീയ പൈതൃകപട്ടികയില്‍ ഗ്രേറ്റ് ഓഷ്യന്‍ റോഡ് ഇടംനേടി.

ഇവിടുന്നങ്ങോട്ട്  റോഡ് നീളുന്നത് സമുദ്രതീരത്തുകൂടിയാണ്. പ്രക്ഷുബ്ധമായ കടല്‍ യാത്രികരെ വിടാതെ പിന്തുടരും. ഓസ്‌ട്രേലിയന്‍ വന്‍കരയെ ടാസ്മാനിയന്‍ ദ്വീപുമായി വേര്‍തിരിക്കുന്ന ബാസ് കടലിടുക്ക് ആദ്യം. കുറച്ചങ്ങ് നീങ്ങിയാല്‍ അന്റാര്‍ട്ടിക് സമുദ്രമെന്ന് പേരുള്ള തെക്കന്‍മഹാസമുദ്രം (ഗ്രേറ്റ് സതേണ്‍ ഓഷ്യന്‍). വലതുവശത്താകട്ടെ ഓട്ട്‌വേ റേഞ്ചില്‍പെട്ട സമശീതോഷ്ണ വനമേഖലയും പര്‍വത പ്രദേശങ്ങളും. പര്‍വതച്ചെരുവുകളിലൂടെയും, കടല്‍മുനമ്പുകളിലൂടെയും വളഞ്ഞുപുളഞ്ഞുള്ള യാത്ര. മണിക്കൂറില്‍ 55 കിലോമീറ്ററില്‍ കൂടുതല്‍ വേഗം പാടില്ലെന്ന് മുന്നറിയിപ്പ് നല്‍കുന്ന ബോര്‍ഡുകള്‍. ഡ്രൈവര്‍മാര്‍ക്ക് തീര്‍ച്ചയായും ഈ റോഡ് വെല്ലുവിളി തന്നെയാണ്.

റോഡ് മാത്രമല്ല, ഈ തീരക്കടലും വെല്ലുവിളികള്‍ നിറഞ്ഞതാണ്. 'ഷിപ്പ്‌റെക്ക് കോസ്റ്റ്' ('shipwreck coast') എന്ന കുപ്രസിദ്ധ നാവികമേഖലയുടെ തീരത്തുകൂടിയാണ് ഇപ്പോള്‍ സഞ്ചരിക്കുന്നതെന്ന് ആദം അറിയിച്ചു. ഓഷ്യന്‍ റോഡിന്റെ വശത്തുള്ള 130 കിലോമീറ്റര്‍ തീരമാണ് ഷിപ്പ്‌റെക്ക് കോസ്റ്റ്. ലോകത്തേറ്റവുമധികം കപ്പലുകള്‍ മുങ്ങിയിട്ടുള്ള തീരം! ഷിപ്പ്‌റെക്ക് കോസ്റ്റ് ഉള്‍പ്പടെ വിക്ടോറിയയുടെ ഈ തീരമേഖലയില്‍ നിന്ന് 'വെള്ളമൊഴുക്കി കളഞ്ഞാല്‍ 1200 കപ്പലുകള്‍ ഇവിടെ കിടക്കുന്നത് നിങ്ങള്‍ക്ക് കാണം'-പ്രസിദ്ധ എഴുത്തുകാരന്‍ ബില്‍ ബ്രൈസണ്‍ തന്റെ ഓസ്‌ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under') പറയുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടില്‍ ഓസ്‌ട്രേലിയയിലേക്ക് സാധനങ്ങളെത്തിക്കാനും, യൂറോപ്പില്‍നിന്ന് കുറ്റവാളികളെയും കുടിയേറ്റക്കാരെയും കൊണ്ടുവരാനുമുള്ള പ്രധാന മാര്‍ഗം ബാസ് കടലിടുക്കായിരുന്നു. കട്ടിയായ മൂടല്‍ മഞ്ഞും, പ്രക്ഷുബ്ധമായ കടലും, ലൈറ്റ്ഹൗസുകളുടെ അഭാവവും ഈ കപ്പല്‍പ്പാതയെ അങ്ങേയറ്റം ഭീതിജനകമാക്കി.

ഗ്രേറ്റ് ഓഷ്യന്‍ റോഡിന്റെ നിര്‍മാണം രണ്ടാഴ്ച്ച നിര്‍ത്തിവെയ്ക്കാനും ഒരിക്കല്‍ കപ്പലപകടം കാരണമായി. 1924 ലായിരുന്നു അത്. 500 ബാരല്‍ ബിയറും 120 കെയ്‌സ് സ്പിരിറ്റുമായി വന്ന കാസിനോ എന്ന ചെറുയാനം കേപ് പാറ്റണ് സമീപം കടല്‍പ്പാരില്‍ കുടുങ്ങി. അതിലുണ്ടായിരുന്ന മദ്യം മുഴുവന്‍ ഉപേക്ഷിക്കേണ്ടി വന്നു. റോഡുപണിയിലേര്‍പ്പെട്ടിരുന്ന സൈനികര്‍ അത് കേടുകൂടാതെ കരയ്‌ക്കെത്തിച്ചു. ഫലം, രണ്ടാഴ്ച്ച റോഡുപണി നിര്‍ത്തിവെയ്‌ക്കേണ്ടിവന്നു!
ലോണ്‍ പട്ടണം പിന്നിട്ട് പതിനൊന്നു മണിയോടെ കോല സാങ്ച്വറിയെത്തുമ്പോഴും മഴ തുടരുകയാണ്. ഓസ്‌ട്രേലിയയുടെ സ്വന്തമെന്ന് വിളിക്കാവുന്ന രണ്ട് ജീവികളെ ഇവിടെ പരിചയപ്പെടാം. യൂക്കാലിപ്റ്റസ് ചില്ലകള്‍ മാത്രം തിന്നു ജീവിക്കുന്ന കോലയെയും, പഞ്ചവര്‍ണ തത്തയെന്ന് നിസംശയം വിളിക്കാവുന്ന 'ക്രിംസണ്‍ റോസെല്ല' പക്ഷികളെയും. ഇണങ്ങിയ തത്തകളാണ് ഇവിടെയുള്ളത്, മനുഷ്യരെ പേടിയില്ല. എന്തെങ്കിലും ഭക്ഷ്യവസ്തു കൈയിലെടുത്താല്‍, ആ പക്ഷികള്‍ കൂട്ടത്തോടെ നിങ്ങളുടെ തലയിലും ചുമലിലും വന്നിരിക്കും. മഴ കൂസാതെ ഞങ്ങള്‍ തത്തകളുമായി കുറച്ചുനേരം സഹവസിച്ചു, ഫോട്ടോകളെടുത്തു.  കോലകള്‍ പക്ഷേ, ഒരു വിട്ടുവീഴ്ച്ചയ്ക്കും തയ്യാറാകാതെ യൂക്കാലിപ്റ്റസിന്റെ ഉച്ചിയില്‍ തന്നെ ഇരിപ്പാണ്. താഴേക്ക് വരാന്‍ ഭാവമില്ല. യൂക്കാലിപ്റ്റസ് കാടുകള്‍ നിറഞ്ഞ ഓട്ട്‌വേ റേഞ്ച് കോലകളുടെ ഒരു പ്രധാന ആവാസകേന്ദ്രമാണ്.

'നമുക്ക് ഉച്ചഭക്ഷണം അപ്പോളോ ബേയിലാണ്'-വീണ്ടും യാത്രയാരംഭിച്ചപ്പോള്‍ ആദം അറിയിച്ചു. അതുകേട്ടതോടെ വിശപ്പ് വര്‍ധിച്ചു. ''അതിനു മുമ്പ്  ഒരു പ്രാചീന വനപ്രദേശം നമ്മുക്ക് സന്ദര്‍ശിക്കാം, ഒരു മഴക്കാട്'-അദ്ദേഹം പറഞ്ഞു. ബസ് അല്‍പ്പദൂരം മാറി സഞ്ചരിച്ച് വനത്തിന് നടുക്ക് നിര്‍ത്തി. ആദത്തിന്റെ തേതൃത്ത്വത്തില്‍ ഞങ്ങള്‍ കാട്ടിനുള്ളിലെ നടപ്പാതയിലേക്ക് കടന്നു. പന്നല്‍ച്ചെടികളും പൂപ്പലുകളും നിറഞ്ഞ കാട്. കണ്ണെത്താത്ത ഉയരത്തോളം വളര്‍ന്നു നില്‍ക്കുന്ന യൂക്കാലിപ്റ്റസ് വൃക്ഷങ്ങള്‍. ഒറ്റയടിക്ക് ലക്ഷക്കണക്കിന് വര്‍ഷം പിന്നിലേക്കെത്തിയ പ്രതീതി.
'ഓസ്‌ട്രേലിയ ഗോണ്ട്വാനയെന്ന മഹാഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്ന കാലത്ത് രൂപപ്പെട്ട വനമാണിത്. ദിനോസറുകള്‍ ഭൂമിയില്‍ മേഞ്ഞു നടന്ന കാലത്തെ വനം'-ആദം പറഞ്ഞു. പന്നല്‍ച്ചെടികള്‍ക്കിടയില്‍ നിന്ന് ടൈനസോറസ് റെക്‌സിന്റെ തല പൊങ്ങുന്നുണ്ടോ എന്ന് ഭീതിയോടെ നോക്കി.

140 ദശലക്ഷം വര്‍ഷത്തിന്റെ പരിണാമചരിത്രമുള്ള വനമാണിത്. വിക്ടോറിയ സംസ്ഥാനത്ത് ഏറ്റവുമധികം മഴ കിട്ടുന്ന സ്ഥലം. ഓസ്‌ട്രേലിയയിലെ തന്നെ ഏറ്റവും ഉയരമേറിയ യൂക്കാലിപ്റ്റസ് വൃക്ഷങ്ങളാണ് ഞങ്ങളുടെ തലയ്ക്ക് മുകളില്‍ വളര്‍ന്നു നില്‍ക്കുന്നത്. മുക്കാല്‍ മണിക്കൂര്‍ നേരം അവിടെ.

'ലോകത്തെ തന്നെ അപൂര്‍വമായ ഒരു വനമേഖലയാണ് നിങ്ങള്‍ സന്ദര്‍ശിച്ചത്. ഓസ്‌ട്രേലിയയില്‍ ഇവിടെ കൂടാതെ ടാസ്മാനിയയില്‍ മാത്രമാണ് ടെമ്പറേറ്റ് മഴക്കാടുകളുള്ളത്. ന്യൂസിലന്‍ഡ്, ക്യാനഡ് തുടങ്ങി ഏതാനും രാജ്യങ്ങളിലും ഇത്തരം മഴക്കാട് അവശേഷിച്ചിട്ടുണ്ട്'-ആദം അറിയിച്ചു. മഴ നനഞ്ഞുകൊണ്ടു തന്നെ മഴക്കാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി.

അപ്പോളോ ബേയില്‍ നിന്ന് ഭക്ഷണം കഴിച്ച് തെക്കന്‍ മഹാസമുദ്രത്തിന്റെ തീരത്തുകൂടി യാത്ര തുടര്‍ന്നു. ചെമ്മരിയാട്ടിന്‍കൂട്ടങ്ങളും കാലികളുമുള്ള മേച്ചില്‍പ്പുറങ്ങള്‍. ജനവാസകേന്ദ്രങ്ങള്‍ താരതമ്യേന കുറവ്. ദക്ഷിണാര്‍ധഗോളത്തില്‍ മനുഷ്യവാസമുള്ള അവസാനത്തെ തീരങ്ങളില്‍ ഒന്നാണിതെന്ന ചിന്ത മനസിലെത്തി. തെക്കന്‍ മഹാസമുദ്രം കടന്നാല്‍ അന്റാര്‍ട്ടിക്കയാണ്. ഈ വിചാരം മൂലമാകാം, കടലിലൂടെ പെന്‍ഗ്വിനുകള്‍ നീന്തിയെത്തുന്നുണ്ടോ എന്ന് ആകാംക്ഷയുണര്‍ന്നു.
പോര്‍ട്ട് കാംപലില്‍ എത്തുമ്പോള്‍ മൂന്നു മണി. ബൈബിളിന് വെളിയില്‍ '12 അപ്പസ്‌തോലന്‍മാരെ' നേരിട്ടു കാണാം എന്നതാണ് പോര്‍ട്ട് കാംപ്‌മ്പെലിന്റെ പ്രത്യേകത. മാത്രമല്ല, ഈ പരിസരത്തു തന്നെയാണ് ലണ്ടന്‍ ബ്രിഡ്ജും! ഭീമന്‍ മണല്‍ത്തിട്ടയുള്ള കടലോരത്ത് തിരമാലകളുടെ ആക്രമണമേറ്റ് വെള്ളത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൂറ്റന്‍ സ്തംഭങ്ങളാണ് '12 അപ്പസ്‌തോലന്‍മാര്‍'. ഭൂമുഖത്ത് കടലില്‍ കാണപ്പെടുന്ന ഏറ്റവും വലിയ ചുണ്ണാമ്പുകല്ല് നിര്‍മിതികളാണ് ഈ പ്രദേശത്തുള്ളതെന്ന് പറയപ്പെടുന്നു. ഗ്രേറ്റ് ഓഷ്യന്‍ റോഡിലെ ഏറ്റവും ആകര്‍ഷണീയമായ കാഴ്ച്ചയും ഇതുതന്നെ. വര്‍ഷംതോറും ഈ റോഡിലൂടെ യാത്രചെയ്യുന്ന 75 ലക്ഷം സഞ്ചാരികളുടെ പ്രധാന ആകര്‍ഷണകേന്ദ്രവും അപ്പസ്‌തോലന്‍മാര്‍ തന്നെ. 
സീസണ്‍ അല്ലാഞ്ഞിട്ടും സന്ദര്‍ശകളുടെ തിരക്കാണ്. നടപ്പാതയിലൂടെ തീരത്തേക്കെത്തുന്ന യാത്രികര്‍, മുന്നില്‍ കടലിലെ അത്ഭുതഘടനകള്‍ കണ്ട് അല്‍പ്പനേരം സ്തംഭിച്ചുപോകും. അത്രയ്ക്ക് ഉജ്ജ്വലമായ കാഴ്ചയാണത്. മറ്റേതോ ഗ്രഹത്തിലെ കടല്‍ത്തീരത്ത് എത്തപ്പെട്ട പ്രതീതി. പിന്നെയൊരു വെപ്രാളമാണ്. അപ്പസ്‌തോലന്‍മാര്‍ നിന്നനില്‍പ്പില്‍ അപ്രത്യക്ഷമായാലോ എന്ന ഭീതിയാലെന്ന വണ്ണം, അവയുടെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താനുള്ള വെപ്രാളം.
'തള്ളപ്പന്നിയും കുട്ടികളു'മെന്ന് അറിയപ്പെട്ടിരുന്ന ഇവയ്ക്ക്, ടൂറിസം സാധ്യതകള്‍ മുന്‍നിര്‍ത്തി '12 അപ്പസ്‌തോലന്‍മാര്‍' എന്ന് പേരിട്ടത് 1922 ലാണ്. 12 അപ്പസ്‌തോലന്‍മാര്‍ എന്നാണ് പേരെങ്കിലും, സംഭവം ഒന്‍പതെണ്ണമേയുള്ളൂ. 2005 ജൂലായ് മൂന്നിന് അതില്‍ 50 മീറ്റര്‍ ഉയരമുണ്ടായിരുന്ന 'അപ്പസ്‌തോലന്‍' കടലില്‍ വീണു. പിന്നീട് ഒരു ചെറിയൊരു അപ്പസ്‌തോലന്‍കൂടി നിലംപതിച്ചു. 'പഞ്ചപാണ്ഡവന്‍മാര്‍ കട്ടിലിന്റെ കാല് കണക്കെ മൂന്ന്' എന്ന് പറഞ്ഞുപോലെ, '12 അപ്പസ്‌തോലന്‍മാര്‍' ഫലത്തില്‍ ഏഴെണ്ണമേയൂള്ളൂ ഇപ്പോള്‍! അതില്‍ ഏറ്റവും വലുതിന്റെ പൊക്കം 45 മീറ്റര്‍.
ഈ പരിസരത്തു തന്നെയാണ് ലണ്ടന്‍ ബ്രിഡ്ജും. പ്രകൃതിദത്തമായ പാലമായിരുന്നു അത്. ഭീമന്‍തൂണ് കടലില്‍ സ്ഥാപിച്ചിട്ട് കരയിലേക്ക് പാലംവഴി ബന്ധിപ്പിച്ച മാതിരിയുള്ള ഘടന. ടൂറിസ്റ്റുകള്‍ അതിന് മുകളിലൂടെ നടന്ന് കടലിന് മുകളിലെത്തുമായിരുന്നു. 1990 ജനവരി 15ന് ലണ്ടന്‍ ബ്രിഡ്ജ് തകര്‍ന്നു. നൂറുകണക്കിന് ടണ്‍ ചുണ്ണാമ്പുകല്ലും മണ്ണും കടലില്‍ പതിച്ചു. ആ തൂണിന് മുകളില്‍ നിന്നിരുന്ന രണ്ട് സന്ദര്‍ശകര്‍ പക്ഷേ, അത്ഭുതകരമായി രക്ഷപ്പെട്ടു. അവരെ ഹെലികോപ്ടറെത്തിയാണ് രക്ഷിച്ചത്. ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത് 'ലണ്ടന്‍ സ്തംഭം' എന്ന് വിശേഷിപ്പിക്കാവുന്ന ഒരു ഘടന മാത്രം. 'ലണ്ടന്‍ ബ്രിഡ്ജ് ഈസ് ഫാളിങ് ഡൗണ്‍' എന്ന ഗാനം സത്യമായത് ഇവിടെയാണെന്ന് സാരം!
പോര്‍ട്ട് കാംപല്‍ തീരത്തെ ഭീമന്‍ മണല്‍ത്തിട്ടകള്‍ക്ക് 20 ദശലക്ഷം വര്‍ഷം പഴക്കം വരുമെന്നാണ് ഭൗമശാസ്ത്രജ്ഞര്‍ കണക്കുകൂട്ടിയിട്ടുള്ളത്. അപ്പസ്‌തോലന്‍മാരും ലണ്ടന്‍ പാലവും മാത്രമല്ല, വിചിത്രാകൃതിയുള്ള വേറെയും ഒട്ടേറെ ഘടനകള്‍ ഈ തീരത്തുണ്ട്. അപ്പസ്‌തോലന്‍മാര്‍ ഉള്‍പ്പടെയുള്ള ഇവയ്ക്ക് 6000 വര്‍ഷം പ്രായമേയുള്ളു. കടല്‍നിരപ്പ് ഇന്നത്തെ നിലയ്ക്ക് എത്തിയപ്പോള്‍ രൂപപ്പെട്ടതാണവ. ഈ ഘടനകള്‍ ഏറിയാല്‍ 600 വര്‍ഷംകൂടിയേ അവശേഷിക്കൂ എന്ന് വിദഗ്ധര്‍ പറയുന്നു.
ലണ്ടന്‍ ബ്രിഡ്ജ് സന്ദര്‍ശനത്തോടെ ഞങ്ങളുടെ ഗ്രേറ്റ് ഓഷ്യന്‍ റോഡ് പര്യടനം അവസാനിക്കുകയാണ്. അഞ്ചുമണിയായിട്ടില്ല, അപ്പോഴേക്കും ഇരുട്ട് വീണിരിക്കുന്നു. ഓസ്‌ട്രേലിയയുടെ തെക്കന്‍ പ്രദേശത്ത് പകല്‍സമയം കുറവുള്ള കാലമാണിത്. 'ഇവിടെ ശരിക്കുള്ള സീസണ്‍ ജനവരി-ഫിബ്രവരിയാണ്. വേനല്‍ക്കാലമാണത്. വൈകിട്ട് ഒന്‍പതുവരെ സൂര്യപ്രകാശം ഉണ്ടാകും'-ആദം വിവരിച്ചു തന്നു. 'സന്ദര്‍ശനത്തിന് ഏറ്റവും മോശം സമയമാണിത്'. പക്ഷേ, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല അനുഭവങ്ങളിലൊന്നായി ഈ യാത്രയും കാഴ്ച്ചകളും നിലനില്‍ക്കുമെന്ന് ആദത്തിനോട് പറയാന്‍ തോന്നി. മഴ അപ്പോഴും തുടുരുകയാണ്.

കാണുക
ഗ്രേറ്റ് ഓഷ്യന്‍ റോഡിലെ ദൃശ്യങ്ങള്‍

Saturday, July 07, 2012

പ്രപഞ്ചസൃഷ്ടിയുടെ പടിപ്പുരയില്‍ജനീവയിലെ ന്യൂക്ലിയര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്നുവരുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം ശാസ്ത്രചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സംരംഭമാണ്. 38 രാജ്യങ്ങളിലെ 176 ഗവേഷണ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നുള്ള മുവ്വായിരത്തില്‍പ്പരം ശാസ്ത്രജ്ഞരും ആയിരത്തില്‍പ്പരം ഗവേഷണ വിദ്യാര്‍ഥികളും നിരവധി സാങ്കേതികവിദഗ്ധരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഹോരാത്രം പ്രയത്‌നിച്ച് നടത്തിയ പരീക്ഷണങ്ങള്‍ വഴി ലഭ്യമായ പഠനഫലങ്ങള്‍ എന്തുകൊണ്ടാണ് ഇത്രമാത്രം ശ്രദ്ധ പിടിച്ചുപറ്റിയത്? പ്രപഞ്ചമെന്ന മഹാത്ഭുതം ജന്മമെടുക്കുന്ന ഗര്‍ഭഗൃഹത്തിന്റെ പടിപ്പുരയില്‍ മനുഷ്യന്‍ എത്തി എന്ന വിശ്വാസമാണ് ഇതിനുകാരണം.
തന്മാത്രകളും ആറ്റങ്ങളും മൗലികകണങ്ങളും അടങ്ങുന്ന സൂക്ഷ്മപ്രപഞ്ചത്തിന്റെ സ്വഭാവവിശേഷങ്ങള്‍ വിവരിക്കുന്ന ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായ വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് ആ പഠനശാഖയ്ക്ക് അവശ്യം ആവശ്യമായ ഗണിതീയ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചശേഷം പറയുകയുണ്ടായി-''സങ്കീര്‍ണമായ ഗണിതീയഭാഷയുടെ തലങ്ങള്‍ക്കിടയിലൂടെ ദൈവത്തിന്റെ പിറകില്‍നിന്ന് അദ്ദേഹത്തിന്റെ പ്രപഞ്ചസൃഷ്ടി നേരില്‍ കാണാന്‍ എനിക്ക് സാധ്യമായി'' എന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രപഞ്ചവീക്ഷണത്തില്‍ അടിമുടി മാറ്റംവരുത്തിയ രണ്ട് കണ്ടുപിടിത്തങ്ങളായിരുന്നു സ്ഥൂലപ്രപഞ്ചത്തെ വിവരിക്കുന്ന ആപേഷികതാ സിദ്ധാന്തവും സൂക്ഷ്മപ്രപഞ്ചത്തെ വിവരിക്കുന്ന ക്വാണ്ടംബലതന്ത്രവും. ഈ രണ്ട് സിദ്ധാന്തങ്ങളും ഒന്നിച്ച് ഉപയുക്തമാക്കുകവഴി നമുക്ക് ലഭ്യമായത് പ്രപഞ്ചമെന്ന സങ്കീര്‍ണപ്രതിഭാസത്തിന്റെ 
ഭാഷ്യമായിരുന്നു.


സൂക്ഷ്മപ്രപഞ്ചത്തിന്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് പഠനം വ്യാപരിച്ച മനുഷ്യന്‍ ചെന്നെത്തിയത് പ്രപഞ്ചമെന്ന മഹാത്ഭുതം ജന്മമെടുത്തതുമുതല്‍ സംഭവിച്ച പരിണാമകഥയുടെ വഴിത്താരയിലായിരുന്നു.
ജൂലായ് നാലാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് യൂറോപ്യന്‍ ന്യൂക്ലിയര്‍ ഗവേഷണകേന്ദ്രത്തില്‍ ആധികാരികമായി ഹിഗ്‌സ് ബോസോണ്‍ എന്ന കണികയെ കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്തെ ശാസ്ത്രജ്ഞരുടെ കാത്തിരിപ്പിന്റെ ഈ നിമിഷത്തില്‍ താരമായത് ഈ കണികയെ 1964-ല്‍ പ്രവചിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് ആയിരുന്നു. തന്റെ ജീവിതകാലത്തിനിടയില്‍ ഈ കണ്ടുപിടിത്തത്തിന് സാക്ഷ്യംവഹിക്കാന്‍ സാധിക്കും എന്ന് വിചാരിച്ചിരുന്നില്ലെന്ന് നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പ്രതികരിച്ചു. ലോകം കൊട്ടിഗ്‌ഘോഷിക്കാന്‍ മാത്രം എന്താണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം?

ഈ പ്രപഞ്ചത്തിന്റെ അസ്തിത്വത്തിന് ആധാരം അതിലടങ്ങിയിരിക്കുന്ന വലുതും ചെറുതുമായ പദാര്‍ഥങ്ങളുടെ ഘടനയും അവയിലടങ്ങിയിരിക്കുന്ന വ്യത്യസ്ത ദ്രവ്യമാനങ്ങളുള്ള മൗലികകണങ്ങളും അവതമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പ്രാപഞ്ചികബലങ്ങളുമാണ്. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍, മെസോണ്‍ തുടങ്ങി നിരവധി മൗലികകണങ്ങള്‍ അടങ്ങിയതാണ് പ്രപഞ്ചത്തിന്റെ പദാര്‍ഥഘടന. ഈ മൗലികകണങ്ങളെ വ്യത്യസ്തമാക്കുന്നത് അവയുടെ ദ്രവ്യമാനം അഥവാ പിണ്ഡമാണ്.
പദാര്‍ഥങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ദ്രവ്യമാനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നത് ഹിഗ്‌സ് ബോസോണുകളാണ്. ഒരു മൗലിക കണിക ഹിഗ്‌സ് ബോസോണുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കണികയുടെ വേഗത്തില്‍ കുറവുവരുകയും അതുവഴി കണികയ്ക്ക് ദ്രവ്യമാനം എന്ന ഗുണം കൈവരുകയും ചെയ്യുന്നു. പദാര്‍ഥകണങ്ങളുടെ
വേഗത്തില്‍ എത്രമാത്രം കുറവുവരും എന്നതിന് അനുസരിച്ചായിരിക്കും അവയുടെ ദ്രവ്യമാനത്തിന്റെ അളവ്. വേഗത്തില്‍ കുറവുവന്നിട്ടില്ലെങ്കില്‍ ആ കണികയ്ക്ക് ദ്രവ്യമാനം പൂജ്യമായിരിക്കും. പ്രകാശകണികയായ ഫോട്ടോണ്‍, ഗുരുത്വാകര്‍ഷണബല ക്ഷേത്രത്തിന്റെ കണികയായ ഗ്രാവിറ്റോണ്‍ മുതലായവ പൂജ്യം ദ്രവ്യമാനമുള്ള കണികകളാണ്.


ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി'യില്‍ പ്രൊഫ. വി.പി.എന്‍.നമ്പൂതിരി എഴുതിയ ലേഖനം. തുടര്‍ന്ന് വായിക്കുക.....

Thursday, July 05, 2012

ഇതാ 'ചാള്‍സ് രാജകുമാരന്‍'!


ഇക്വഡോറിലെ മഴക്കാടുകളില്‍ ഇനി 'ചാള്‍സ് രാജകുമാരനെ' കണ്ടാല്‍ അത്ഭുതപ്പെടരുത്. അവിടെ മരങ്ങളിലോ നീരൊഴുക്കിലോ ചിലപ്പോള്‍ 'രാജകുമാരനെ' കാണാം. 

ഇക്വഡോറിയന്‍ ശാസ്ത്രജ്ഞന്‍ ഡോ.ലൂയിസ് എ.കൊളൊമ നാലുവര്‍ഷം മുമ്പ് തിരിച്ചറിഞ്ഞ തവളയ്ക്ക്, വെയ്ല്‍സ് രാജകുമാരന്റെ പേരാണിട്ടിരിക്കുന്നത്. 'ഹൈലോസ്‌കിര്‍ട്ടസ് പ്രിന്‍സ്ചാള്‍സി' (Hyloscirtus princecharlesi) എന്നാണ് തവളയ്ക്കിട്ടിരിക്കുന്ന പേര്.

മഴക്കാടുകള്‍ സംരക്ഷിക്കാനുള്ള ശ്രമങ്ങള്‍ക്ക് ചാള്‍സ് രാജകുമാരന്‍ നല്‍കുന്ന പിന്തുണ പരിഗണിച്ചാണ് ആ ജീവിക്ക് രാജകുമാരന്റെ പേര് നല്‍കിയത്. 

ഒരു മ്യൂസിയത്തിനുവേണ്ടി ശേഖരിച്ച സാമ്പിളുകളില്‍ നിന്നാണ് പുതിയ തവളയെ ഡോ.കൊളൊമ 2008 ല്‍ തിരിച്ചറിഞ്ഞത്. അതിനെ തുടര്‍ന്ന് ഇക്വഡോറിലെ കൊറ്റാക്കാച്ചി-കയാപ്പസ് നാഷണല്‍ പാര്‍ക്കില്‍ നടന്ന തിരച്ചിലില്‍ ആ വര്‍ഗത്തില്‍പെട്ട കൂടുതല്‍ തവളകളെ കണ്ടെത്തി.

പക്ഷേ, അവയുടെ എണ്ണം പരിമിതമാണെന്നും അതിനാല്‍ ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ് അപകടത്തിലാണെന്നും പരിസ്ഥിതി ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. 'രാജകുമാരന്‍' വംശനാശഭീഷണിയിലാണെന്ന് സാരം. (കടപ്പാട്: Amphibian Ark)


എന്താണ് ഹിഗ്ഗ്‌സ് ബോസോണ്‍ -വീഡിയോപ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന സുപ്രധാന കണമാണ് ഹിഗ്ഗ്‌സ് ബോസോണ്‍. 1964 ലാണ് ഈ കണം ഉള്‍പ്പെട്ട സംവിധാനം പ്രവചിക്കപ്പെട്ടതെങ്കിലും, ഇതുവരെ അത്തരമൊരു കണമുണ്ട് എന്നതിന് ശാസ്ത്രലോകത്തിന് തെളിവ് ലഭിച്ചിരുന്നില്ല. 

ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (എല്‍.എച്ച്.സി) കണികാപരീക്ഷണത്തിന്റെ ആദ്യഫലം ഇപ്പോള്‍ ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നു. ഹിഗ്ഗ്‌സ് ബോസോണ്‍ ഉണ്ടെന്നു കരുതുന്ന പിണ്ഡപരിധിയിക്കുള്ളില്‍, ഒരു പുതിയ ബോസോണിനെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയത്. അത് ഹിഗ്ഗ്‌സ് ബോസോണാകാന്‍ 99.9 ശതമാനവും സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു.

ഇത്ര ആകാംക്ഷയോടെ ശാസ്ത്രലോകം കാത്തിരുന്ന ഹിഗ്ഗ്‌സ് ബോസോണ്‍ എന്താണ്......പ്രശസ്ത സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ ജോണ്‍ എല്ലിസ് വിശദീകരിക്കുന്നു.


കാണുക

Wednesday, July 04, 2012

ദൈവകണം 'പിടിയില്‍' !


സംഭവം പിടിയിലായിരിക്കുന്നു. 'ദൈവകണം' എന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണിന്റെ ഒളിത്താവളം ശാസ്ത്രജ്ഞര്‍ റെയ്ഡ് ചെയ്ത് അവിടെ നിന്ന് ഒരു ബോസോണിനെ കൈയോടെ പൊക്കിയിരിക്കുന്നു. പിടിയിലായത് ഹിഗ്ഗ്‌സ് ബോസോണ്‍ ആകാതെ തരമില്ല. പക്ഷേ, അത് സ്ഥിരീകരിക്കേണ്ടതുണ്ട്. അതിന് ഇനി തിരിച്ചറിയല്‍ പരേഡ് വേണം..!

പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമായത് എന്നു കരുതുന്ന സൈദ്ധാന്തിക കണമാണ് ഹിഗ്ഗ്‌സ് ബോസോണ്‍. 48 വര്‍ഷമായി ശാസ്ത്രലോകത്തിന് പിടികൊടുക്കാതെ കഴിയുകയായിരുന്നു ആ കണം. പ്രപഞ്ചത്തിന്റെ മൗലികഘടന വിവരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജിന് നിലനില്‍പ്പ് വേണമെങ്കില്‍ ഹിഗ്ഗ്‌സ് ബോസോണ്‍ കൂടിയേ തീരൂ.

എന്നാല്‍, ഇതുവരെ അത് കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ അങ്ങനെയൊന്നുണ്ടോ ഇല്ലയോ എന്നുവരെ സംശയമുണ്ടായി. അത്തരം സംശയങ്ങള്‍ക്ക് ഒരുപരിധി വരെ പരിഹാരമാവുന്നതാണ് ഇന്ന് ജനീവയില്‍ ഗവേഷകര്‍ അവതരിപ്പിച്ച ഫലം.

ജനീവയ്ക്കു സമീപം ഫ്രഞ്ച്-സ്വിറ്റ്‌സ്വര്‍ലന്‍ഡ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) എന്ന കണികാത്വകരത്തില്‍ 2011 ലും, 2012 ആദ്യവും നടന്ന കണികാകൂട്ടിയിടികളുടെ ഫലമാണ് അവതരിപ്പിക്കപ്പെട്ടത്.

യൂറോപ്യന്‍ കണികാപരീക്ഷണശാലയായ സേണ്‍ ചുക്കാന്‍ പിടിക്കുന്ന കണികാപരീക്ഷണത്തില്‍, ഹിഗ്ഗ്‌സ് ബോസോണ്‍ എന്നുതന്നെ കരുതാവുന്ന ഒരു കണത്തെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയത്. എല്‍.എച്ച്.സി.യില്‍ ഹിഗ്സ്സ് ബോസോണുകളുടെ സാന്നിധ്യം മനസിലാക്കാന്‍ നടക്കുന്ന സി.എം.എസ്. അത്‌ലസ് എന്നീ രണ്ടു പരീക്ഷണങ്ങളിലും സമാനമായ ഫലമാണ് ലഭിച്ചതെന്ന് ഗവേഷര്‍ അറിയിച്ചു.

ഹിഗ്ഗ്‌സ് ബോസോണ്‍ ഉണ്ടെന്ന് കരുതുന്ന പിണ്ഡപരിധിയിലാണ് പുതിയ ബോസോണിനെ കണ്ടെത്തിയത്. ഇതുവരെ ശാസ്ത്രലോകം കണ്ടെത്തിയ ഏത് കണത്തെക്കാളും പിണ്ഡം കൂടിയതാണ് പുതിയ ബോസോണ്‍. പ്രോട്ടോണിനെക്കാളും 133 മടങ്ങ് ഭാരമേറിയതാണ് പുതിയ കണം. 125-126 GeV പിണ്ഡപരിധിയില്‍, അഞ്ച് സിഗ്മ തലത്തില്‍ (Sigma level) ഉള്ള സ്ഥിരീകരണമാണ് പുതിയ ബോസോണിന്റെ സാന്നിധ്യത്തിന് ലഭിച്ചത്.

പ്രാഥമികഫലം എന്നാണ് സേണ്‍ ഇപ്പോഴത്തെ കണ്ടെത്തലിനെ വിശേഷിപ്പിക്കുന്നത്. കണ്ടെത്തിയത് ഹിഗ്ഗ്‌സ് ബോസോണ്‍ തന്നെയാണെന്ന് പൂര്‍ണമായി സ്ഥിരീകരിക്കാന്‍ കൂടുതല്‍ ഡേറ്റയും വിശകലനവും ആവശ്യമുണ്ട്. കൂടുതല്‍ ഡേറ്റ ലഭിക്കുന്നതോടെ, 2012 അവസാനത്തോടെ കുറെക്കൂടി വ്യത്യമായ ചിത്രം ലഭിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ഇപ്പോള്‍ കണ്ടെത്തിയ കണത്തിന്റെ സവിശേഷകള്‍ മനിസിലാക്കുകയാണ് ഇനി വേണ്ടത്. ഹിഗ്ഗ്‌സ് ബോസോണിനുണ്ടെന്ന് സൈദ്ധാന്തികമായി പ്രവചിക്കപ്പെടുന്ന പ്രത്യേകതകള്‍ പുതിയ കണത്തിനുണ്ടോ എന്നറിയണം-സേണിന്റെ വാര്‍ത്താക്കുറിപ്പ് പറഞ്ഞു.

എന്താണ് ഹിഗ്ഗ്‌സ് ബോസോണ്‍

2011 ഡിസംബര്‍ 13 ന് സേണില്‍ നടന്ന സെമിനാറില്‍, ഹിഗ്ഗ്‌സ് ബോസോണുകളുടെ ആദ്യ മിന്നലാട്ടം തങ്ങള്‍ കണ്ടതായി, കണികാപരീക്ഷണം നടത്തുന്ന ശാസ്ത്രജ്ഞര്‍ വെളിപ്പെടുത്തിയിരുന്നു. 2012 ഓടെ ഇക്കാര്യത്തില്‍ നെല്ലുംപതിരും തിരിയുമെന്നായിരുന്നു അവര്‍ പ്രവചിക്കുകയും ചെയ്തിരുന്നു.

'പ്രകൃതിനിര്‍ധാരണം വഴിയുള്ള പരിണാമം' എന്നത് ജീവശാസ്ത്രത്തെ സംബന്ധിച്ച് എത്ര പ്രധാനപ്പെട്ടതാണോ, അത്രതന്നെ പ്രധാനപ്പെട്ടതാണ് ഭൗതികശാസ്ത്രത്തെ സംബന്ധിച്ച് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ (Standard Model)  പ്രചഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ലെ ഇനിയും കണ്ടെത്താന്‍ കഴിയാത്ത ഏക സംഗതിയാണ് ഹിഗ്ഗ്‌സ് ബോസോണ്‍.

പ്രപഞ്ചാരംഭത്തില്‍ മഹാവിസ്‌ഫോടനം സംഭവിച്ച ആദ്യസെക്കന്‍ഡിന്റെ നൂറുകോടിയിലൊരംശം സമയത്തേക്ക് പ്രപഞ്ചമെന്നത് പ്രകാശവേഗത്തില്‍ പായുന്ന വ്യത്യസ്തകണങ്ങള്‍ കൂടിക്കുഴഞ്ഞ അവസ്ഥയിലായിരുന്നു. ഹിഗ്ഗ്‌സ് മണ്ഡലവുമായി ആ കണങ്ങള്‍ ഇടപഴകിയതോടെ അവയ്ക്ക് ദ്രവ്യമാനം അഥവാ പിണ്ഡം ഉണ്ടാവുകയും, ഇന്നത്തെ നിലയ്ക്ക് പ്രപഞ്ചം പരിണമിക്കുകയും ചെയ്തു എന്നാണ് കരുതുന്നത്.

സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്ന സംവിധാനം എന്താണെന്ന് 1964 ലാണ് വിശദീകരിക്കപ്പെടുന്നത്. ആറ് ഗവേഷകര്‍ ഏതാണ്ട് ഒരേസമയത്ത് മൂന്ന് പ്രബന്ധങ്ങളില്‍ അത് അവതരിപ്പിച്ചു. ഫ്രാന്‍കോയിസ് ഇന്‍ഗ്ലെര്‍ട്ടും റോബര്‍ട്ട് ബ്രൗട്ടും ആയിരുന്നു അതില്‍ ഒരു പ്രബന്ധം രചിച്ചത്. ഫിലിപ്പ് ആന്‍ഡേഴ്‌സണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പീറ്റര്‍ ഹിഗ്‌സ് തയ്യാറാക്കിയതായിരുന്നു മറ്റൊരു പ്രബന്ധം. ജെറാള്‍ഡ് ഗുരാല്‍നിക്, സി.ആര്‍.ഹേഗന്‍, ടോം കിബ്ബിള്‍ എന്നിവരുടെ ഗ്രൂപ്പാണ് പിണ്ഡസംവിധാനം അവതരിപ്പിച്ച മറ്റൊരു ഗ്രൂപ്പ്.

ആറു ഗവേഷകരും സമാനമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിലും, അവര്‍ അവതരിപ്പിച്ച സംവിധാനം പില്‍ക്കാലത്ത് ഹിഗ്‌സിന്റെ പേരിലാണ് (Higgs mechanism) അറിയപ്പെട്ടത്. ഏതായാലും ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വം സ്ഥിരീകരിക്കപ്പെട്ടാല്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുക പീറ്റര്‍ ഹിഗ്‌സിന് മാത്രമാകില്ല.

പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു അദൃശ്യ മണ്ഡലത്തെയാണ് ഹിഗ്ഗ്‌സ് സംവിധാനം വിഭാവനം ചെയ്യുന്നത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളില്‍ നിലനിന്ന ഒരു പ്രത്യേക ബലത്തെ (electoweak force) രണ്ടായി വേര്‍തിരിച്ചത് ഹിഗ്ഗ്‌സ് മണ്ഡലമാണ്. ആ ആദിമബലം വൈദ്യുതകാന്തികബലം (eletcromagnetic force), ക്ഷീണബലം (weak force) എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കപ്പെട്ടു.

ഇങ്ങനെ ബലങ്ങളെ വേര്‍തരിച്ച ഹിഗ്‌സ് മണ്ഡലം ഒരുകാര്യം ചെയ്തു. ക്ഷീണബലത്തിന് നിദാനമായ സൂക്ഷ്മകണങ്ങള്‍ക്ക് (W & Z bosons) പിണ്ഡം നല്‍കി. എന്നാല്‍, വൈദ്യുതകാന്തികബലം വഹിക്കുന്ന ഫോട്ടോണുകളെ പിണ്ഡം നല്‍കാതെ വെറുതെ വിട്ടു. ഹിഗ്‌സ് മണ്ഡലവുമായി ബന്ധപ്പെട്ട ക്വാണ്ടം കണത്തിന് പറയുന്ന പേരാണ് ഹിഗ്ഗ്‌സ് ബോസോണ്‍.

ഹിഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥ കണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്. എന്നുവെച്ചാല്‍, ഹിഗ്ഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ പിണ്ഡമുമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും പിണ്ഡം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്‌സ് ഫീല്‍ഡുമായി അല്‍പ്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് പിണ്ഡമില്ല.

ചെളിനിറഞ്ഞ ഒരു സ്ഥലം സങ്കല്‍പ്പിക്കുക. അതിലൂടെ നടക്കുന്നവര്‍ക്ക് കാല് ചെളിയില്‍ പുതയുന്നതിനാല്‍ നടത്തത്തിന്റെ വേഗം കുറയും. കാല് എത്രകൂടുതല്‍ പുതയുന്നോ അതിനനുസരിച്ച് വേഗം കുറഞ്ഞുവരും. എന്നതുപോലെയാണ് ഹിഗ്‌സ് മണ്ഡലം. കണങ്ങള്‍ ആ മണ്ഡലവുമായി എത്ര കൂടുതല്‍ ഇടപഴകുന്നുവോ അത്രയും പിണ്ഡം കൂടും. ഹിഗ്ഗ്‌സ് മണ്ഡലവുമായി മറ്റ് കണങ്ങളെ ഇടപഴകാന്‍ സഹായിക്കുന്നത് ഹിഗ്ഗ്‌സ് ബോസോണ്‍ ആണ്. ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കാനായാല്‍, അത് ഹിഗ്ഗ്‌സ് സംവിധാനവും ഹിഗ്ഗ്‌സ് മണ്ഡലവും യാഥാര്‍ഥ്യമാണ് എന്നതിന്റെ തെളിവാകും.

ഇവിടെ ഒരുകാര്യം ഓര്‍ക്കണം. ഹിഗ്‌സ് മണ്ഡലം പ്രപഞ്ചത്തിലെ പാദാര്‍ഥങ്ങളുടെ പിണ്ഡത്തില്‍ ചെറിയൊരു ഭാഗത്തിന് മാത്രമേ അത് കാരണമാകൂ. കാരണം, ആറ്റത്തിന്റെ കേന്ദ്രത്തിലും മറ്റും 98 ശതമാനം പിണ്ഡവും ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ആറ്റങ്ങളിലെ ക്വാര്‍ക്കുകള്‍ക്കും ഇലക്ട്രോണുകള്‍ക്കും പിണ്ഡം നല്‍കുന്നത് ഹിഗ്‌സ് മണ്ഡലമാണെന്ന് കരുതുന്നു. പക്ഷേ, അത് മൊത്തം പിണ്ഡത്തിന്റെ ഒന്നോ രണ്ടോ ശതമാനമേ വരൂ. ബാക്കി പിണ്ഡം ക്വാര്‍ക്കുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഗ്ലുവോണുകളില്‍ ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത് (ഊര്‍ജമെന്നത് പിണ്ടത്തെ പ്രകാശവേഗത്തിന്റെ വര്‍ഗവുമായി ഗുണിച്ചാല്‍ കിട്ടുന്നതിന് തുല്യമാണെന്ന ഐന്‍സ്‌റ്റൈന്റെ കണ്ടെത്തല്‍ ഓര്‍ക്കുക)

1964 ല്‍ പ്രവചിക്കപ്പെട്ട ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം ഇതുവരെ തെളിയിക്കപ്പെടാത്തതിന് കാരണം, ആ കണങ്ങളെ കണ്ടെത്താന്‍ പോന്നത്ര കരുത്തുള്ള ഉപകരണങ്ങള്‍ ഇത്രകാലവും ഇല്ലായിരുന്നു എന്നതാണ്. ഹിഗ്ഗ്‌സ് ബോസോണുകള്‍ക്ക് ഉണ്ടെന്ന് കരുതുന്ന ഒരു സൈദ്ധാന്തിക പിണ്ഡപരിധിയുണ്ട്. ആ പിണ്ഡപരിധി പരിശോധിക്കാന്‍ പാകത്തിലാണ് എല്‍എച്ച്‌സിയില്‍ നടക്കുന്ന കണികാപരീക്ഷണം.

എന്താണ് അഞ്ച് സിഗ്മ തലം 

125-126 GeV പിണ്ഡപരിധിയില്‍, അഞ്ച് സിഗ്മ തലത്തില്‍ (Sigma level) ഉള്ള സ്ഥിരീകരണമാണ് പുതിയ ബോസോണിന്റെ സാന്നിധ്യത്തിന് ലഭിച്ചതെന്നാണ് സേണിലെ ഗവേഷകര്‍ ഇന്ന് പ്രഖ്യാപിച്ചത്.

എന്താണ് അഞ്ച് സിഗ്മ തലം? കണികാശാസ്ത്രത്തില്‍ ഒരു കണ്ടുപിടിത്തം സ്വീകരിക്കപ്പെടാന്‍ വേണ്ട അളവുകോല്‍ എന്ന് ഇതിനെ പറയാം.

വിവിധ സിഗ്മ തലങ്ങള്‍ സൂചിപ്പിക്കുന്നത് ഒരു കണ്ടെത്തലിന്റെ ആകസ്മികത എത്രയെന്നാണ്. ആകസ്മികത കുറയുന്തോറും കണ്ടുപിടിത്തത്തിന്റെ ബലം വര്‍ധിക്കും.

രണ്ട് നാണയങ്ങള്‍ ടോസ് ചെയ്യുന്ന കാര്യം സങ്കല്‍പ്പിക്കുക. രണ്ട് തല തുടര്‍ച്ചയായി വരാന്‍ സാധ്യതയേയുള്ളൂ, അല്ലാതെ അങ്ങനെ വരുമെന്ന് ഉറപ്പിക്കാനാവില്ല.

തുടര്‍ച്ചയായി എട്ടു തവണ തല മാത്രം വന്നാല്‍ അത് 'മൂന്ന് സിഗ്മ തലം' എന്ന് പറയാം. 20 തവണ തുടര്‍ച്ചയായി തല മാത്രം വരുന്നതാണ് 'അഞ്ച് സിഗ്മ തലം'.

കണികാശാസ്ത്രത്തില്‍ 'കണ്ടുപിടിത്തം' എന്ന് ഒരു സംഗതിയെ വിശേഷിപ്പിക്കാന്‍ അഞ്ച് സിഗ്മ തലം മാത്രം പോര, സ്വതന്ത്രമായി ആ കണ്ടുപടിത്തം മറ്റ് പരീക്ഷണങ്ങള്‍ ശരിവെക്കുകയും വേണം.

കാണുകMonday, July 02, 2012

ലോകപൈതൃക പദവിയിലേക്ക് പശ്ചിമഘട്ടം

ഹിമാലയത്തെ അപേക്ഷിച്ച് എത്രയോ മുമ്പ് രൂപപ്പെട്ടതാണ് പശ്ചിമഘട്ടം. ഇന്ത്യ ഗോണ്ട്വാനാലാന്‍ഡ് എന്ന പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നപ്പോഴേ പശ്ചിമഘട്ടമുണ്ടായിരുന്നു. പത്തുകോടിയിലേറെ പഴക്കം പശ്ചിമഘട്ടത്തിനുള്ളപ്പോള്‍, ഹിമാലയം രൂപപ്പെടാന്‍ ആരംഭിച്ചത് തന്നെ അഞ്ചരകോടി വര്‍ഷം മുമ്പാണെന്നോര്‍ക്കുക. 

ഇതിനര്‍ഥം, അത്രയേറെ പരിണാമചരിത്രവും ജനിതകവൈവിധ്യവും പശ്ചിമഘട്ടത്തിനുണ്ടെന്നാണ്. ലോകത്തെ തന്നെ അപൂര്‍വ ജൈവവൈവിധ്യകേന്ദ്രങ്ങളിലൊന്നായ പശ്ചിമഘട്ടം ഇപ്പോള്‍ 'ലോക പൈതൃകപട്ടിക'യില്‍ ഇടം നേടിയിരിക്കുന്നു.

വര്‍ഷങ്ങളായി ഇന്ത്യയിലെ പ്രകൃതിസംരക്ഷകര്‍ നടത്തുന്ന കഠിനശ്രമത്തിന്റെ ഫലമാണ് ഈ നേട്ടം. റഷ്യയില്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ ചേര്‍ന്ന വേള്‍ഡ് ഹെറിറ്റേജ് കമ്മറ്റിയുടെ യോഗമാണ് പശ്ചിമഘട്ടത്തിന് ലോകപൈതൃക പദവി നല്‍കാന്‍ തീരുമാനിച്ചതെന്ന് 'ഹിന്ദു'വിന്റെ റിപ്പോര്‍ട്ട് പറയുന്നു. റിപ്പോര്‍ട്ട് ഇവിടെ വായിക്കാം. (ചിത്രം കടപ്പാട്: എ.കെ.വരുണ്‍)