Showing posts with label ചാള്‍സ് ഡാര്‍വിന്‍. Show all posts
Showing posts with label ചാള്‍സ് ഡാര്‍വിന്‍. Show all posts

Monday, June 25, 2012

ലോണ്‍സം ജോര്‍ജ് യാത്രയായി ; അവന്റെ വംശവും



ഇക്വഡോറിലെ ഗാലപഗോസ് ദ്വീപുകളിലൊന്നായ പിന്റയില്‍ നിന്ന് 1972 ല്‍ ഒരു ഹംഗേറിയന്‍ ഗേവഷകനാണ് 'ലോണ്‍സം ജോര്‍ജ്' (Lonesome George) എന്ന ഭീമന്‍ ആമയെ ആദ്യം കണ്ടത്. ഗാലപഗോസ് ദ്വീപുകള്‍ നേരിടുന്ന പരിസ്ഥിതി ഭീഷണിയുടെ പ്രതീകമായി പിന്നീട് മാറിയ ആ ഭീമന്‍ ആമ ഇപ്പോള്‍ യാത്രയായിരിക്കുന്നു. ഇതോടെ, ലോണ്‍സം ജോര്‍ജ് ഉള്‍പ്പെടുന്ന ഉപവര്‍ഗം ഭൂമുഖത്തുനിന്ന്  നാമാവശേഷമായെന്ന് കരുതുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധം വരെ ജോര്‍ജിന്റെ വര്‍ഗക്കാര്‍ ഗാലപഗോസ് ദ്വീപുകളില്‍ സുലഭമായിരുന്നു. നാവികരും മത്സ്യബന്ധനത്തിനെത്തുന്നവരും മാംസത്തിനായി ഭീമന്‍ ആമകളെ പിന്നീട് വേട്ടയാടിയതാണ് അവയുടെ വംശം നാശത്തിലെത്താന്‍ മുഖ്യകാരണം.

ജോര്‍ജിന്റെ വര്‍ഗത്തെ നിലനിര്‍ത്താന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടന്നു. ഗാലപഗോസ് നാഷണല്‍ പാര്‍ക്ക് പ്രജനന പരിപാടിയില്‍ ജോര്‍ജിനെയും ഉള്‍പ്പെടുത്തുകയുണ്ടായി. 15 വര്‍ഷം അവന്‍ പെണ്‍ആമകള്‍ക്കൊപ്പം കഴിയുകയും ഇണചേരുകയും ചെയ്‌തെങ്കിലും മുട്ടകളൊന്നും വിരിഞ്ഞില്ല.

പരിണാമസിദ്ധാന്തം രൂപപ്പെടുത്താന്‍ ചാള്‍സ് ഡാര്‍വിന് തുണയായതില്‍ ജോര്‍ജിന്റെ വര്‍ഗക്കാരും പെടുന്നു. പിന്റ ദ്വീപില്‍ കാണപ്പെടുന്ന Chelonoidis nigra abingdoni എന്ന ഉപവര്‍ഗത്തില്‍പെടുന്ന ആമയാണ് ജോര്‍ജ്. 100 വര്‍ഷം പ്രായമുണ്ടെന്ന് കരുതുന്ന ജോര്‍ജിന്റെ മരണകാരണം വ്യക്തമായിട്ടില്ല. 

മറ്റ് ഉപവര്‍ഗങ്ങളില്‍പെട്ട 20,000 ഭീമന്‍ ആമകള്‍ ഇപ്പോള്‍ ഗാലപഗോസ് ദ്വീപുകളിലുണ്ട്.



(ചിത്രങ്ങള്‍ക്ക് കടപ്പാട്: റോയിട്ടേഴ്‌സ്, എ.എഫ്.പി)


Friday, February 05, 2010

ഡാര്‍വിന്റെ പൂര്‍വികര്‍


45000 വര്‍ഷം മുമ്പ് ആഫ്രിക്ക വിട്ടവര്‍ ഇറാനില്‍ പാര്‍പ്പുറപ്പിച്ച ശേഷം യൂറോപ്പിലേക്ക് നടത്തിയ കുടിയേറ്റമാണ് ചാള്‍സ് ഡാര്‍വിന്റെ തായ്‌വഴിയുടെ ചരിത്രം. പരിണാമത്തിന്റെ രഹസ്യം കണ്ടെത്തിയ ഡാര്‍വിന്റെ പൂര്‍വികചരിത്രം ജനിതകവിശകലനം വഴിയാണ് വെളിപ്പെട്ടത്.

ആഫ്രിക്കയാണ് മനുഷ്യന്റെ ആദിഗേഹമെന്ന് ആദ്യം അനുമാനിച്ചത് ചാള്‍സ് ഡാര്‍വിനാണ്. തലമുറകളിലൂടെ പിന്നോട്ടു പോയാല്‍ പ്രാചീനപൂര്‍വികരിലെത്താമെന്ന് അര്‍ഥമാക്കുമ്പോഴും, അദ്ദേഹം തന്റെ പ്രാചീന തായ്‌വഴികളെക്കുറിച്ച് ചിന്തിച്ചുണ്ടാവില്ല. എന്നാല്‍, ആധുനിക ജീന്‍സങ്കേതങ്ങളുടെ സഹായത്തോടെ ഡാര്‍വിന്റെ പൂര്‍വിക തായ്‌വഴികള്‍ കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഡാര്‍വിന്റെ പിന്‍മുറക്കാരില്‍ ഒരാളായ ക്രിസ് ഡാര്‍വിനാണ് ഇക്കാര്യത്തില്‍ മുന്‍കൈയെടുത്തത്.

ആധുനിക പരിണാമസിദ്ധാന്തത്തിന് അടിത്തറയിട്ട ഡാര്‍വിന്‍ ജനിച്ചിട്ട് ഈ ഫിബ്രവരി 12-ന് 201 വര്‍ഷം തികയുകയാണ്. ആ വേളയിലാണ് അദ്ദേഹത്തിന്റെ പ്രാചീനതായ്‌വഴി കണ്ടെത്തിയ വിവരം പുറത്ത് വന്നിരിക്കുന്നത്. നാഷണല്‍ ജ്യോഗ്രഫിക് സൊസൈറ്റിയുടെയും ഐ.ബി.എമ്മിന്റെയും പങ്കാളിത്തത്തോടെ നടക്കുന്ന 'ജിനോഗ്രാഫിക് പ്രോജക്ട്' (Genographic Project) ആണ് ഡാര്‍വിന്റെ മുന്‍ഗാമികളുടെ കുടിയേറ്റപാത തിരിച്ചറിഞ്ഞത്.

ഓസ്‌ട്രേലിയയില്‍ സിഡ്‌നിക്ക് സമീപം ബ്ലൂ മൗണ്ടന്‍സില്‍ താമസിക്കുന്ന ക്രിസ് ഡാര്‍വിന്റെ 'Y' ക്രോമസോമിലെ വ്യതികരണങ്ങള്‍ വിശകലനം ചെയ്താണ്, ഡാര്‍വിന്റെ പ്രാചീനപൂര്‍വികരെക്കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷകര്‍ കണ്ടെത്തിയത്. '45,000 വര്‍ഷം മുമ്പാണ് ഡാര്‍വിന്റെ പൂര്‍വികര്‍ ആഫ്രിക്ക വിട്ടത്'-ജിനോഗ്രാഫിക് പ്രോജക്ടിന്റെ മേധാവി ഡോ. സ്‌പെന്‍സര്‍ വെല്‍സ് പറയുന്നു.

യൂറോപ്പ്യന്‍ പുരുഷന്‍മാരുടെ മുഖ്യതായ്‌വഴിയായ 'ഹാപ്പ്‌ലോഗ്രൂപ്പ് ആര്‍1ബി' (Haplogroup R1b) യിലാണ് ക്രിസ് ഡാര്‍വിന്‍ (അതുവഴി അദ്ദേഹത്തിന്റെ മുതുമുത്തച്ഛനായ ചാള്‍സ് ഡാര്‍വിനും) ഉള്‍പ്പെടുന്നതെന്ന് ജനിതകവിശകലനം വ്യക്തമാക്കി. 'തെക്കന്‍ ഇംഗ്ലണ്ടിലെ പുരുഷന്‍മാരില്‍ 70 ശതമാനവും ഹാപ്പ്‌ലോഗ്രൂപ്പില്‍ പെട്ടവരാണ്. അയര്‍ലണ്ടിലും സ്‌പെയിനിലും ഇത് 90 ശതമാനത്തിനും മേലാണ്'-ഡോ.വെല്‍സ് അറിയിക്കുന്നു.

വടക്കുകിഴക്കന്‍ ആഫ്രിക്കയില്‍ നിന്ന് പശ്ചിമേഷ്യയിലേക്ക് അല്ലെങ്കില്‍ വടക്കന്‍ ആഫ്രിക്കയിലേക്കാണ് ഡാര്‍വിന്റെ പിതൃതായ്‌വഴിയില്‍ പെട്ട പൂര്‍വികര്‍ കുടിയേറിയതെന്ന്, ജിനോഗ്രാഫിക് പ്രോജക്ടിന്റെ ഭാഗമായി നടന്ന ജനിതകവിശകലനം വ്യക്തമാക്കി. അതുകഴിഞ്ഞാല്‍ ആ പശ്ചിമേഷ്യന്‍ ഗോത്രത്തില്‍ നിന്ന് പുതിയൊരു തായ്‌വഴി വേര്‍പിരിയുന്നത് ഏതാണ്ട് 40,000 വര്‍ഷം മുമ്പാണ്. ആ സമയത്ത് ഇറാനില്‍ അല്ലെങ്കില്‍ മധ്യേഷ്യയുടെ തെക്കന്‍ പ്രദേശത്ത് ജീവിച്ചിരുന്ന പുരുഷനില്‍ നിന്നാണ് പുതിയ തായ്‌വഴി വഴി രൂപപ്പെടുന്നത്.

പടിഞ്ഞാറ് യൂറോപ്പിലേക്കുള്ള കുടിയേറ്റം ആരംഭിക്കുന്നതിന് മുമ്പ്, ഏതാണ്ട് 35,000 വര്‍ഷം മുമ്പ് അടുത്ത ജനിതകവ്യതികരണവും അതുവഴി അടുത്ത തായ്‌വഴിയും ഡാര്‍വിന്റെ പൂര്‍വികപാതയില്‍ രൂപപ്പെട്ടു. 30,000 വര്‍ഷം മുമ്പ് രൂപപ്പെട്ട ക്രോ-മാഗ്നോന്‍ (Cro-Magnon) ജനതയുടെ നേരിട്ടുള്ള പിന്‍ഗാമികളാണ് ഹാപ്പ്‌ലോഗ്രൂപ്പില്‍പെട്ട പുരുഷന്‍മാര്‍. നിയാണ്ടര്‍ത്തല്‍ വംശത്തിന്റെ തിരോധാനത്തിന് ശേഷം യൂറോപ്പിലാകമാനം മനുഷ്യവംശം വ്യാപിച്ചപ്പോള്‍ അതില്‍ മുന്നിട്ടു നിന്നത് ക്രോ-മാഗ്നോന്‍ ജനത.

ചാള്‍സ് ഡാര്‍വിന്‍-എമ്മ വെഡ്ജ്‌വുഡ് ദമ്പതിമാര്‍ക്ക് ജനിച്ച പത്ത് മക്കളില്‍ ഒരാളായിരുന്നു ജ്യോതിശാസ്ത്രജ്ഞന്‍ ജോര്‍ജ് ഡാര്‍വിന്‍. അദ്ദേഹത്തിന്റെ പുത്രന്‍ വില്ല്യത്തിന്റെ മകനായ ജോര്‍ജ് (എസ്‌റാസ്മസ്) ഡാര്‍വിന്റെ മകനാണ് 48-കാരനായ ക്രിസ് ഡാര്‍വിന്‍. 1986-ല്‍ ഓസ്‌ട്രേലിയയില്‍ കുടിയേറിയ ക്രിസ് ഡാര്‍വിന്‍ ബ്ലൂ മൗണ്ടന്‍ പ്രദേശത്ത് സാഹസികയാത്രയ്‌ക്കെത്തുന്നവരുടെ വഴികാട്ടിയായി പ്രവര്‍ത്തിക്കാറുണ്ട്. തന്റെ കുടുംബത്തിന്റെ യഥാര്‍ഥ കുടിയേറ്റ ചരിത്രം അറിയാനായതില്‍ താന്‍ ആവേശഭരിതനാണെന്ന് ക്രിസ് ഡാര്‍വിന്‍ പറയുന്നു.

അമ്മ വഴിയുള്ള ഡാര്‍വിന്റെ തായ്‌വഴി മനസിലാക്കാന്‍, അദ്ദേഹത്തിന്റെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. വിശകലനം ചെയ്യാനും ജിനോഗ്രാഫിക് സംഘം മറന്നില്ല. 'ഹാപ്പ്‌ലോഗ്രൂപ്പ് കെ' (Haplogroup K) യില്‍ പെട്ട സ്ത്രീകളാണ് ഡാര്‍വിന്റെ മാതൃതായ്‌വഴിയെന്നാണ് വിശകലനത്തില്‍ വ്യക്തമായത്. തെക്കന്‍ റഷ്യയിലെ കാക്കാസിയന്‍ പര്‍വതനിരകള്‍ താണ്ടി കരിങ്കടലിന് സമീപത്തെ സ്റ്റെപ്പികളിലെത്തിയ സ്ത്രീകളില്‍ പെട്ടതാണ് ഡാര്‍വിന്റെ മുതുമുതുമുത്തശ്ശി. (കടപ്പാട്: നാഷണല്‍ ജ്യോഗ്രഫിക്)

കാണുക

Thursday, January 21, 2010

പരിണാമം കാലില്‍ നിന്ന് കൈയിലേക്ക്

മനുഷ്യപരിണാമത്തില്‍ ഏറ്റവും നിര്‍ണായകമായ ഘട്ടം ഏതായിരിക്കാം. തീര്‍ച്ചയായും മനുഷ്യന്റെ പൂര്‍വികന്‍ ഇരുകാലുകളില്‍ നിവര്‍ന്ന് നില്‍ക്കാന്‍ തുടങ്ങിയ കാലം തന്നെയാകണം, ഒപ്പം കൈകള്‍കൊണ്ട് ഉപകരണങ്ങള്‍ നിര്‍മിക്കാനും പ്രയോഗിക്കാനും തുടങ്ങിയ സമയവും.

എന്നുവെച്ചാല്‍, ഉപകരണങ്ങള്‍ പ്രയോഗിക്കാന്‍ പാകത്തില്‍ കൈകള്‍ രൂപപ്പെട്ടതിന്, മനുഷ്യനെ മനുഷ്യനാക്കിയതില്‍ വലിയ പങ്കുണ്ടെന്ന് സാരം. കൈകളുടെ പരിണാമം ഇനിയും ശാസ്ത്രലോകത്തിന് വ്യക്തമായി പടികിട്ടാത്ത സമസ്യയാണ്.

ആ സമസ്യയ്ക്ക് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരുസംഘം കനേഡിയന്‍ ഗവേഷകര്‍. പരിണാമത്തിന്റെ നിര്‍ണായക ഘട്ടത്തില്‍, ശിലായുധങ്ങള്‍ ഉണ്ടാക്കാനും ഉപയോഗിക്കാനും പാകത്തില്‍ മനുഷ്യന്റെ കരങ്ങള്‍ രൂപപ്പെട്ടത്, പാദങ്ങളില്‍ സംഭവിച്ച മാറ്റങ്ങളുടെ പാര്‍ശ്വഫലമായിട്ടാണത്ര!

ഇരുകാലില്‍ നിവര്‍ന്ന് നില്‍ക്കാന്‍ പാകത്തില്‍ മനുഷ്യപാദങ്ങള്‍ രൂപപ്പെട്ടത്, ഉപകരണങ്ങളും ആയുധങ്ങളും ഉപയോഗിക്കാന്‍ വേണ്ട രീതിയില്‍ കൈകളും വിരലുകളും പരിണമിക്കുന്നതിന് കാരണമായി. രണ്ടും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നര്‍ഥം. 'ഇവലൂഷന്‍' ജേര്‍ണലിലാണ് പഠനഫലം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പാദങ്ങളിലും കൈകളിലും സംഭവിച്ച മാറ്റങ്ങള്‍ എത്തരത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു എന്ന് മനസിലാക്കാന്‍ ഒരു പ്രത്യേക ഗണിതസമീകരണം ആണ് ഗവേഷകര്‍ ഉപയോഗിച്ചത്. ചില ഗവേഷകര്‍ ഈ സമീപനത്തെ അനുകൂലിക്കുന്നില്ലെങ്കിലും, വളരെ താത്പര്യജനകവും പ്രചോദനം നല്‍കുന്നതുമായ പഠനമാണിതെന്ന് മറ്റ് ഗവേഷകര്‍ പറയുന്നു.

'ശരിക്കു പറഞ്ഞാല്‍ ഈ പഠനം ഡാര്‍വിന്റെ 'ദി ഡിസെന്റ് ഓഫ് മാന്‍' (The Descent of Man) എന്ന ഗ്രന്ഥത്തിലേക്കാണ് നമ്മളെ എത്തിക്കുന്നത്'-പഠനത്തിന് നേതൃത്വം നല്‍കിയ കാള്‍ഗരി സര്‍വകലാശാലയിലെ കാംപ്‌ബെല്‍ റോലിയന്‍ പറയുന്നു.

ഉപകരണങ്ങളുടെ ഉപയോഗവും ഇരുകാലിലുള്ള സഞ്ചാരവും തമ്മില്‍ ബന്ധമുണ്ടെന്ന് ആദ്യം അഭിപ്രായപ്പെട്ടവരില്‍ ഒരാള്‍ ഡാര്‍വിനാണ്. മനുഷ്യവര്‍ഗം ഇരുകാലികളായതോടെ കൈകള്‍ സ്വതന്ത്രമായി, അവയ്ക്ക് മറ്റ് ആവശ്യങ്ങള്‍ക്ക് അനുസൃതമായി പരിണമിക്കാന്‍ കഴിഞ്ഞു എന്നായിരുന്നു ഡാര്‍വിന്റെ അഭിപ്രായം.

എന്നാല്‍, 'ഞങ്ങളുടെ പഠനം സൂചിപ്പിക്കുന്നത് അതുരണ്ടും - ഇരുകാലിലെ നടത്തവും കൈകളുടെ രൂപപ്പെടലും - ഒരേ മറ്റത്തിന്റെ രണ്ട് വശങ്ങളാണ് എന്നാണ്, ഒരു മാറ്റത്തിന്റെ പാര്‍ശ്വഫലം എന്ന നിലയ്ക്കാണ് അടുത്ത മാറ്റം സംഭവിച്ചത്'- റോലിയന്‍ അറിയിക്കുന്നു.

മനുഷ്യന്റെയും, മനുഷ്യന്റെ ജനിതകബന്ധുക്കളായി അറിയപ്പെടുന്ന ചിമ്പാന്‍സികളുടെയും കൈകളിലെയും കാലിലെയും അളവുകളുടെ താരതമ്യമാണ്, പ്രത്യേക ഗണിതസമീകരണം ഉപയോഗിച്ച് ഡോ. റോലിയനും കൂട്ടരും നടത്തിയത്.

മനുഷ്യന്റെ പൂര്‍വികവംശങ്ങളുടെ പാദങ്ങളും കൈകളും എങ്ങനെയിരുന്നു, പിന്നീട് എന്തുമാറ്റം വന്നു എന്നറിയാനായിരുന്നു ശ്രമം. കൈകാലുകളിലെ സമാനഭാഗങ്ങള്‍ തമ്മില്‍ അന്വോന്യബന്ധിതമാണെന്ന് അളവുകള്‍ വ്യക്തമാക്കി.

ഉദാഹരണത്തിന്, 'നിങ്ങളുടെ പാദത്തില്‍ നീളമേറിയ പെരുവിരള്‍ ഉണ്ടെങ്കില്‍, കൈയിലെ തള്ളവിരലും നീളമേറിയതായിരിക്കും'- ഡോ.റോലിയന്‍ വിശദീകരിക്കുന്നു.

പെരുവിരലും തള്ളവിരലും തമ്മില്‍ ശക്തമായ ഇത്തരമൊരു അന്വോന്യബന്ധമുള്ളതിന് കാരണം, അവ രണ്ടിന്റെയും രൂപപ്പെടലിന് കാരണമായ ജനിതക രൂപരേഖ തുല്യമായതാകണം എന്നതായിരിക്കാം. എന്നുവെച്ചാല്‍, ആ രൂപരേഖയിലെ ചെറിയ മാറ്റങ്ങള്‍ കാലിനെയും കരത്തെയും സമാന്തരമായി ബാധിക്കുമെന്നര്‍ഥം.

ശരീര അളവുകളുടെ സഹായത്തോടെ, പരിണാമ മാറ്റങ്ങള്‍ പ്രതിഫലിക്കുന്ന ഗണിതസമീകരണം രൂപപ്പെടുത്തുകയാണ് ഗവേഷകര്‍ ചെയ്തത്. കാലും കൈയും നേരിടേണ്ടി വന്ന പരിണാമ സമ്മര്‍ദങ്ങളെ ഈ ഗണിതസമീകരണത്തിനുള്ളില്‍ സന്നിവേശിപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.

പരിണാമത്തിലെ ചെറിയ മാറ്റങ്ങള്‍ കൈയിലും കാലിലും എന്ത് ഫലമാണ് ഉണ്ടാക്കുകയെന്ന് ഇതുവഴി പരിശോധിക്കാനായി. അപ്പോഴാണ് കാലിലെ മാറ്റങ്ങള്‍ കൈയിലും പ്രതിഫലിക്കുന്നു എന്ന് മനസിലായത്.

കാലിന് സംഭവിച്ച പരിണാമത്തിന്റെ പാര്‍ശ്വഫലമാണ് കൈയിലുണ്ടായെന്ന നിഗമനത്തിലെത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത് ഈ കണ്ടെത്തലാണ്.
(അവലംബം: Evolution)

Tuesday, November 24, 2009

ജീവന്റെ പുസ്തകം

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ബൗദ്ധികവിപ്ലവത്തിനാണ് ചാള്‍സ് ഡാര്‍വിന്റെ പരിണാമസിദ്ധാന്തം നാന്ദികുറിച്ചത്. 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിലൂടെയാണ് ആ സിദ്ധാന്തം ലോകത്തിന് മുന്നിലെത്തിയത്. ആധുനിക ജീവശാസ്ത്രത്തിന്റെ അടിത്തറ പാകിയ ആ പുസ്തകം പ്രസിദ്ധീകരിച്ചിട്ട് ഇന്ന് (നവംബര്‍ 24) 150 വര്‍ഷം തികയുന്നു.

മണ്ണിരകളില്‍ സജീവതാത്പര്യമുള്ള ഗ്രാമീണ വൈദികന്‍ ആകേണ്ടിയിരുന്ന ഒരു മനുഷ്യന്‍ തന്റെ അമ്പതാമത്തെ വയസ്സില്‍ ഒരു പുസ്തകമെഴുതി. താനുദ്ദേശിച്ച ഗ്രന്ഥത്തിന്റെ 'സംഗ്രഹം' മാത്രമെന്ന് ഗ്രന്ഥകാരന്‍ വിശേഷിപ്പിച്ച ആ പുസ്തകം, 1859 നവംബര്‍ 24-ന് ബ്രിട്ടീഷ് പ്രസാധകനായ ജോണ്‍ മുറേയ് പ്രസിദ്ധീകരിച്ചു. 15 ഷില്ലിങ് ആയിരുന്നു വില. ആദ്യപതിപ്പായി അച്ചടിച്ച 1250 കോപ്പിയും ഒറ്റ ദിവസം കൊണ്ട് തീര്‍ന്നു. അന്നു തുടങ്ങിയ വില്‍പ്പന ഇപ്പോഴും തുടരുന്നു. 'ജീവജാതികളുടെ ഉത്ഭവം' (The Origin of Species by Means of Natural Selection) എന്ന ആ പുസ്തകത്തിന് ലോകത്തൊരിടത്തും ആവശ്യക്കാര്‍ തീര്‍ന്നിട്ടില്ല. ആ ഗ്രന്ഥത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ഗ്രന്ഥകാരനായ ചാള്‍സ് ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവുമാണ് 2009.

ഹൃസ്വമായ മുഖവുരയും 14 അധ്യായങ്ങളുമുള്ള ആ പുസ്തകത്തിന്റെ പ്രസിദ്ധീകരണം, ശാസ്ത്രചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. ജീവലോകത്തിന്റെ അടിസ്ഥാന ചാലകശക്തിയായ 'പ്രകൃതിനിര്‍ധാരണം വഴിയുള്ള ജീവപരിണാമം' ആണ് ആ ഗ്രന്ഥത്തില്‍ ഡാര്‍വിന്‍ അവതരിപ്പിച്ചിരിക്കുന്നത്. അതുവരെ ജീവലോകമെന്നത് മനുഷ്യനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ അത്ഭുതമായിരുന്നു. മനുഷ്യേതരശക്തികളാല്‍ നിയന്ത്രിക്കപ്പെടുന്ന ഒന്നായി പ്രകൃതിയെ കരുതിയിരുന്നു. എന്നാല്‍, ഡാര്‍വിന്റെ സിദ്ധാന്തത്തോടെ, ജീവലോകത്തിന്റെ നിലനില്‍പ്പിനും പരിണാമത്തിനും അത്തരം ഒരു ശക്തിയുടെയും ആവശ്യമില്ല എന്നുവന്നു. പ്രകൃതിയെ നിയന്ത്രിക്കുന്നത് പ്രകൃതിയുടെ തന്നെ നിയമങ്ങളാണെന്നു ഡാര്‍വിന്‍ വ്യക്തമാക്കി. 'രണ്ടാം ഡാര്‍വിന്‍' എന്ന് വിശേപ്പിക്കപ്പെട്ടിട്ടുള്ള ഏണസ്റ്റ് മെയറുടെ വാക്കുകള്‍ കടമെടുത്താല്‍, ഏകാംഗ സൈന്യത്തെപ്പോലെ 'ശാസ്ത്രത്തെ ഒറ്റയടിക്ക് മതനിരപേക്ഷമാക്കി മാറ്റുകയാണ് ഡാര്‍വിന്‍ ചെയ്തത്'.

സ്വാഭാവികമായും ഡാര്‍വിന്റെ സിദ്ധാന്തം വലിയ വിവാദവും സൃഷ്ടിച്ചു. ജീവപരിണാമം സംബന്ധിച്ച് ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് ഒരു വശത്ത് ശാസ്ത്രീയമായ തെളിവുകള്‍ ഏറുമ്പോള്‍ തന്നെ, മറുവശത്ത് പരിണാമ സിദ്ധാന്തത്തോടുള്ള എതിര്‍പ്പ് വര്‍ധിക്കുന്ന വിചിത്രദൃശ്യത്തിനാണ് ലോകമിന്ന് സാക്ഷ്യംവഹിക്കുന്നത്. പ്രപഞ്ചാരംഭത്തെ സംബന്ധിച്ച 'മഹാവിസ്‌ഫോടന സിദ്ധാന്തം' പോലുള്ളവ കാര്യമായ തെളിവൊന്നും ലഭിക്കുംമുമ്പ് തന്നെ അംഗീകരിക്കാന്‍ തയ്യാറായവര്‍ പോലും, ഡാര്‍വിന്റെ സിദ്ധാന്തം ശരിയെന്ന് സമ്മതിക്കാന്‍ തയ്യാറായില്ല. സൃഷ്ടിവാദം എന്ന പേരില്‍ ആദ്യകാലത്തും, പിന്നീട്് ബൗദ്ധീകരൂപകല്‍പ്പനാവാദം എന്ന പേരിലും പരിണാമ സിദ്ധാന്തത്തോടുള്ള എതിര്‍പ്പ് ഇപ്പോഴും തുടരുന്നു.

മുന്‍പേ പറന്ന പ്രതിഭ

പരിണാമ സങ്കല്‍പ്പം യഥാര്‍ഥത്തില്‍ ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച ഒന്നല്ല, പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്. ഡാര്‍വിന്റെ മുത്തച്ഛനായ ഇറാസ്മസ് ഡാര്‍വിന്‍ പരിണാമം സംബന്ധിച്ച് ശ്രദ്ധേയമായ ചില ആശയങ്ങള്‍ ആവിഷ്‌ക്കരിച്ച വ്യക്തിയായിരുന്നു. ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന് ശക്തമായ ശാസ്ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്. പരിണാമ പ്രക്രിയയ്ക്ക് തൃപ്തികരമായ ഒരു ശാസ്ത്രീയ വിശദീകരണം ആദ്യമായി നല്‍കിയത് ഡാര്‍വിനാണ്. ശാസ്ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന് നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ് ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം.

എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച് മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്. അവയില്‍ ഗുണപരമായ മാറ്റങ്ങള്‍ തലമുറകളിലൂടെ സംരക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ് പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന് കാരണം. രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ ഒരു നിശ്ചിത പരിസ്ഥിതിക്ക് ഏറ്റവും അനുഗുണമായവയ്ക്കാണ് അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,് ഭൂമിശാസ്ത്രപരമായി വ്യത്യസ്ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച് പുതിയ ജീവജാതികള്‍ (സ്പീഷിസുകള്‍) ആയി മാറുന്നു. ഇതാണ് പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച് പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്മജിവരൂപങ്ങളിലെത്തും. സൂക്ഷ്മരൂപങ്ങളില്‍ നിന്ന് പരിണാമം പ്രാപിച്ചാണ് ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.

ഒന്നര നൂറ്റാണ്ട് മുമ്പ് ഇത്തരമൊരു സിദ്ധാന്തം ആവിഷ്‌ക്കരിക്കുകയും പ്രസിദ്ധീകരിക്കുകയും ചെയ്യുക എന്നത് അസാധാരണമായ ധൈര്യവും ആത്മവിശ്വാസവും ആവശ്യപ്പെടുന്ന ഒന്നായിരുന്നു. കാരണം, ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ തെളിയിക്കപ്പെടാന്‍ നിര്‍ണായകമായ മൂന്ന് സംഗതികളുടെ പിന്തുണ കൂടിയേ തീരൂ - ഭൂമിയുടെ പ്രായം, ഫോസില്‍ തെളിവുകള്‍, പാരമ്പര്യം നിര്‍ണയിക്കുന്ന ഘടകം. ഡാര്‍വിന്റെ കാലത്ത് ഈ മൂന്ന് കാര്യങ്ങളെക്കുറിച്ചും കാര്യമായ ധാരണ ശാസ്ത്രലോകത്തിനുണ്ടായിരുന്നില്ല. വളരെ ദൈര്‍ഘ്യമേറിയ കാലളവു കൊണ്ടേ ഡാര്‍വിന്‍ പറഞ്ഞ പരിണാമപ്രക്രിയ സാധ്യമാകൂ. ഡാര്‍വിന്‍ ജനിക്കുന്ന കാലത്ത് ഭൂമിയുടെ പ്രായമെന്ന് കരുതിയിരുന്നത് വെറും ആറായിരത്തില്‍പരം വര്‍ഷമാണ്. ഭൂമിക്ക് കോടിക്കണക്കിന് വര്‍ഷം പഴക്കമുണ്ടെന്ന് വ്യക്തമാകുന്നത് ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ്. ഫോസിലുകളുടെ കാര്യവും വ്യത്യസ്തമല്ല. പരിമിതമായ ഫോസിലുകളേ ഡാര്‍വിന്റെ കാലത്ത് കണ്ടെത്തിയിരുന്നുള്ളു. പരിണാമസിദ്ധാനന്തത്തിന് പിന്തുണ നല്‍കുന്ന തെളിവുകളായി കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്തുന്നത് പില്‍ക്കാലത്താണ്.

തലമുറകളിലേക്ക് പാരമ്പര്യഗുണങ്ങള്‍ കൈമാറ്റം ചെയ്യപ്പെടുന്നതിന് പിന്നിലുള്ള രഹസ്യം എന്താണെന്ന് ഡാര്‍വിന് ഒരു രൂപവും ഉണ്ടായിരുന്നില്ല. (പാരമ്പര്യഗുണങ്ങള്‍ തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നതിനെക്കുറിച്ച് ഗ്രിഗര്‍ മെന്റല്‍ അന്ന് പയര്‍ച്ചെടികള്‍ ഉപയോഗിച്ച് പഠനം തുടങ്ങിയിരുന്നെങ്കിലും, ഇരുപതാം നൂറ്റാണ്ടില്‍ മാത്രമാണ് ആ പഠനത്തിന്റെ പ്രാധാന്യവും പരിണാമപ്രക്രിയയുമായി അതിനുള്ള ബന്ധവും ശാസ്ത്രലോകത്തിന് മനസിലാക്കാനായത്). ജീന്‍ എന്ന പ്രയോഗം പോലും ഇരുപതാംനൂറ്റാണ്ടിന്റെ സംഭാവനയാണ്. ഈ മൂന്ന് ഘടകങ്ങളില്‍ ഭൂമിയുടെ പ്രായം കൃത്യമായി നിര്‍ണയിച്ചതും ഡി.എന്‍.എ.ഘടന കണ്ടെത്തിയതും 1953-ല്‍ തന്നെയെന്നത് കൗതുകമുണര്‍ത്തുന്നു. ക്ലെയര്‍ പാറ്റേഴ്‌സണ്‍ ആണ് ഭൂമിയുടെ പ്രായം 460 കോടി വര്‍ഷമെന്ന് കൃത്യമായി ഗണിച്ചത്. ഫ്രാന്‍സിസ് ക്രിക്കും ജെയിംസ് വാട്‌സണും ചേര്‍ന്ന് ഡി.എന്‍.എ.ഘടന കണ്ടെത്തി. ഈ കണ്ടെത്തലുകളോടെയാണ് ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ യഥാര്‍ഥ മാനങ്ങള്‍ എന്തൊക്കെയെന്ന് ലോകം മനസിലാക്കി തുടങ്ങിയത്. ഏതര്‍ഥത്തിലും മുന്‍പേ പറന്ന പ്രതിഭയാണ് ഡാര്‍വിന്‍ എന്ന് സാരം.

ബീഗിള്‍ പര്യടനം

മേല്‍പ്പറഞ്ഞ നിര്‍ണായക വസ്തുതകള്‍ അറിയുംമുമ്പ് പരിണാമസിദ്ധാന്തം ആവിഷ്‌ക്കരിക്കാന്‍ ഡാര്‍വിനെ പ്രാപ്തനാക്കിയത്, ജീവലോകത്തെക്കുറിച്ച് അദ്ദേഹത്തിന് ലഭിച്ച അസാധാരണമായ ഉള്‍ക്കാഴ്ചയാണ്. ഡോക്ടറായ റോബര്‍ട്ട് ഡാര്‍വിന്റെ രണ്ടാമത്തെ മകനായി 1809 ഫിബ്രവരി 12-ന് ഇംഗ്ലണ്ടിലെ ഷ്രൂസ്ബറിയില്‍ ജനിച്ച ചാള്‍സ് റോബര്‍ട്ട് ഡാര്‍വിന് ചെറുപ്പത്തിലേ താത്പര്യം പ്രകൃതിനിരീക്ഷണത്തിലായിരുന്നു. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്ന പിതാവിന്റെ താത്പര്യം മാനിച്ച് എഡിന്‍ബറോയില്‍ ഡാര്‍വിന്‍ കുറെക്കാലം വൈദ്യശാസ്ത്രം പഠിച്ചു. എന്നാല്‍, ശത്രക്രിയകള്‍ പേടിസ്വപ്‌നമായതോടെ ആ രംഗം വിടേണ്ടി വന്നു. ഡാര്‍വിനെ വൈദികനാക്കാം എന്ന് വീട്ടുകാര്‍ തീരുമാനിച്ചത് അങ്ങനെയാണ്. പ്രകൃതിപഠനത്തിലുള്ള ഡാര്‍വിന്റെ താത്പര്യം അതിന് യോജിച്ച് പോകുന്നതായിരുന്നു. അക്കാലത്തെ പ്രമുഖ നാച്ചുറലിസ്റ്റുകളില്‍ മിക്കവരും വൈദികപഠനം പൂര്‍ത്തിയാക്കിയവരായിരുന്നു. വീട്ടുകാരുടെ താത്പര്യം സഫലമായിരുന്നുവെങ്കില്‍ ഒരു ഗ്രാമീണ വൈദികനായി ഒടുങ്ങുമായിരുന്നു ഡാര്‍വിന്റെ ജീവിതം.

എന്നാല്‍, അദ്ദേഹത്തിന് കാലം കരുതിവെച്ചിരുന്നത് മറ്റൊരു സുപ്രധാന ദൗത്യമാണ്. കേംബ്രിഡ്ജിലെ ക്രൈറ്റ് കോളേജില്‍ നിന്ന് ബിരുദം നേടിയ ഡാര്‍വിന് തന്റെയൊരു അധ്യാപകന്‍ വഴി, നാവികസേനയുടെ സര്‍വേ കപ്പലായ 'എച്ച്.എം.എസ്.ബീഗിളില്‍ തെക്കേയമേരിക്കന്‍ തീരത്ത് പര്യടനം നടത്താന്‍ ക്ഷണം ലഭിച്ചു. 1831 ഡിസംബറില്‍ 'ബീഗിള്‍' അതിന്റെ യാത്രയാരംഭിച്ചു. ക്യാപ്ടന്‍ റോബര്‍ട്ട് ഫിറ്റ്‌സ്‌റോയിയുടെ പ്രാതല്‍ പങ്കാളിയായിരുന്ന ഡാര്‍വിന് അന്ന് പ്രായം 22 വയസ്സ്. പാറ്റഗോണിയ തീരങ്ങള്‍ സര്‍വെ ചെയ്തും മഗല്ലന്‍ കടലിടുക്ക് കടന്നും ബീഗിള്‍ യാത്ര തുടര്‍ന്നു. അതിനിടെ, ആ തീരപ്രദേശങ്ങളിലും പരിസരത്തെ ദ്വീപുകളിലും പര്യവേക്ഷണം നടത്താനും, അവിടുത്ത ജീവജാതികളെ നിരീക്ഷിക്കാനും, സാമ്പിളുകള്‍ ശേഖരിക്കാനും ഡാര്‍വിന് ധാരാളം അവസരം കിട്ടി.

വെറുമൊരു പര്യവേക്ഷകനായിരുന്നില്ല ഡാര്‍വിന്‍. അടങ്ങാത്ത ജിജ്ഞാസയും അസാധാരണ നിരീക്ഷണശേഷിയുമാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കിയത്. തന്റെ ശ്രദ്ധയില്‍പെട്ട ഒന്നിനെയും ഡാര്‍വിന്‍ അവഗണിച്ചില്ല. സുദീര്‍ഘമായ ആ യാത്രയില്‍ കണ്ട ഓരോ കാര്യങ്ങളെക്കുറിച്ചും അദ്ദേഹത്തിന്റെ മനസില്‍ എണ്ണമറ്റ ചോദ്യങ്ങള്‍ ഉയര്‍ന്നു. തൊട്ടടുത്ത വന്‍കരയില്‍ കാണപ്പെടുന്നതില്‍ നിന്ന് വ്യത്യസ്തമായ ജീവിവര്‍ഗങ്ങള്‍ എന്തുകൊണ്ട് ദ്വീപുകളില്‍ കാണപ്പെടുന്നു? ഒരേ പ്രദേശത്തു തന്നെ വ്യത്യസ്ത ദ്വീപുകളിലെ ഒരേ വര്‍ഗത്തില്‍ പെട്ട ജീവികള്‍ക്ക് ശാരീരികമായ വ്യത്യാസം എന്തുകൊണ്ട്? എങ്ങനെയാണ് ജീവജാതികള്‍ ഉത്ഭവിക്കുന്നത്? പാറ്റഗോണിയയിലെ ഫോസിലുകള്‍ക്ക്, ഇപ്പോള്‍ നിലനില്‍ക്കുന്ന ജീവികളുമായി സാമ്യം വന്നതെന്തുകൊണ്ട്? പ്രസക്തമായ ചോദ്യങ്ങള്‍ ഉന്നയിക്കാനും അവയ്ക്ക് ശാസ്ത്രീയമായി മറുപടി കണ്ടെത്താനുമുള്ള അസാധാരണ കഴിവാണ് മൗലികതയുള്ള ആശയങ്ങളിലേക്ക് ഡാര്‍വിനെ നയിച്ചത്.

'ബീഗിള്‍ പര്യടനം' കഴിഞ്ഞ് 1836 ഒക്ടോബറില്‍ ഡാര്‍വിന്‍ ഇംഗ്ലണ്ടില്‍ തിരച്ചെത്തി. അഞ്ചുവര്‍ഷവും രണ്ട് ദിവസവും നീണ്ട ആ ഐതിഹാസിക പര്യടനം അവസാനിക്കുമ്പോള്‍ ഡാര്‍വിന്റെ പക്കല്‍ 368 പേജ് ജന്തുശാസ്ത്രകുറിപ്പുകളും 1383 പേജ് ഭൗമശാസ്ത്രക്കുറിപ്പുകളും 770 പേജ് നിറയുന്ന ഡയറിയും ഉണ്ടായിരുന്നു. ഒപ്പം ഭരണികളില്‍ ചാരായത്തില്‍ സൂക്ഷിച്ച 1529 ജീവികളും ഉണക്കി സൂക്ഷിച്ച 3907 സാമ്പിളുകളും ഫോസിലുകളുടെ വലിയൊരു ശേഖരവും. ഒരായുഷ്‌ക്കാലത്തേക്ക് വേണ്ട ഊര്‍ജ്ജവും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും ഡാര്‍വിന് നേടിക്കൊടുത്തത് ആ കപ്പല്‍യാത്രയാണ്.

ഡാര്‍വിന്‍ ജീവിതത്തില്‍ ഒരിക്കല്‍ പോലും പിന്നീട് ഇംഗ്ലണ്ടിന് പുറത്ത് പോയിട്ടില്ല. താന്‍ ശേഖരിച്ചു കൊണ്ടുവന്ന സാമ്പിളുകളും ഫോസിലുകളും ശാസ്ത്രീയമായി പഠിക്കാനും അതെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കാനുമായി അദ്ദേഹം പില്‍ക്കാല ജീവിതം മാറ്റിവെച്ചു. ബീഗിള്‍യാത്ര കഴിഞ്ഞ് വന്ന് ആദ്യകാലത്ത് പ്രസിദ്ധീകരിച്ചവയില്‍ പലതും ഭൗമശാസ്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു. ഒപ്പം എമ്മയെ ജീവിതസഖിയാക്കി. ലണ്ടന് സമീപമുള്ള ഡാണ്‍ ഹൗസ് വാങ്ങി താമസം അങ്ങോട്ട് മാറ്റി. 1882 ഏപ്രില്‍ 19-ന് എഴുപത്തിമൂന്നാം വയസ്സില്‍ മരിക്കുംവരെയും ഡാര്‍വിന്‍ അവിടെയാണ് കഴിഞ്ഞത്. ലോകത്തെ പിടിച്ചു കുലുക്കിയ തന്റെ പുസ്തകങ്ങളും പ്രബന്ധങ്ങളും ഡാര്‍വിന്‍ രചിച്ചതും ആ വസതിയില്‍ വെച്ചാണ്.

പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം

ബീഗിള്‍ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തനിക്ക്, ജീവപരിണാമത്തിന്റെ ശാസ്ത്രീയ അടിത്തറ കുടികൊള്ളുന്നത് 'പ്രകൃതിനിര്‍ധാരണ' (നാച്ചുറല്‍ സെലക്ഷന്‍) ത്തിലാണെന്ന ഉള്‍ക്കാഴ്ച പിറ്റേ വര്‍ഷം തന്നെയുണ്ടായി എന്ന് ഡാര്‍വിന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. പരിണാമസിദ്ധാന്തത്തിന്റെ 35-പേജ് വരുന്ന രൂപരേഖ 1842 ആയപ്പോഴേക്കും അദ്ദേഹം പൂര്‍ത്തിയാക്കി. അത് 1844-ഓടെ 189 പേജുള്ള സ്‌കെച്ചാക്കി രൂപപ്പെടുത്തിയെങ്കിലും, 'ജീവജാതികളുടെ ഉത്ഭവം' എന്ന പുസ്തകം അദ്ദേഹം പ്രസിദ്ധീകരിക്കുന്നതും പരിണാമസിദ്ധാന്തം ലോകത്തിന് മുന്നിലെത്തുന്നതും 1859-ല്‍ മാത്രമാണ്. എന്തുകൊണ്ട് പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം ഡാര്‍വിന്‍ രണ്ട് പതിറ്റാണ്ട് വൈകിച്ചു എന്നത് ഇന്നും വിവാദവിഷയമാണ്. സഭയുടെ എതിര്‍പ്പ് ഭയന്നിട്ടാണെന്നൊക്കെ മുമ്പ് പലരും അഭിപ്രായപ്പെട്ടിട്ടുണ്ടെങ്കിലും, അത്തരത്തിലുള്ള ഭയം ഡാര്‍വിന് ഇല്ലായിരുന്നു എന്ന് പുതിയ ചില ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു (കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം).

തന്റെ സിദ്ധാന്തം എതിര്‍ക്കപ്പെടുമെന്ന് ഡാര്‍വിന് നല്ല നിശ്ചയമുണ്ടായിരുന്നു. അതിനാല്‍, താന്‍ പറയുന്ന കാര്യങ്ങള്‍ തെളിയിക്കാനുള്ള മുഴുവന്‍ തെളിവും സമാഹരിച്ച് വേണം പരിണാസിദ്ധാന്തം പ്രസിദ്ധീകരിക്കാനെന്ന് ഡാര്‍വിന്‍ തീരുമാനിച്ചിരുന്നു. അതിനായി തെളിവുകള്‍ ശേഖരിക്കാനും ആരംഭിക്കുകയുണ്ടായി. പക്ഷേ, അതിനിടെയാണ് പ്രകൃതിനിര്‍ധാരണം അടിസ്ഥാനമായുള്ള ജീവപരിണാമം എന്ന ആശയം ആല്‍ഫ്രഡ് റസ്സല്‍ വാലസ് കണ്ടെത്തുന്നത്. വാലസ് അക്കാലത്ത് മലായ് ദ്വീപുകളില്‍ പര്യടനം നടത്തുകയായിരുന്നു. ഡാര്‍വിന്റെ ആരാധകന്‍ കൂടിയായ വാലസ് തന്റെ ആശയത്തെപ്പറ്റിയുള്ള അഭിപ്രായമറിയാന്‍ ഡാര്‍വിന് 1858-ല്‍ കത്തയച്ചു. ഡാര്‍വിന്‍ മുമ്പേ തന്നെ ഈ സിദ്ധാന്തം ആവിഷ്‌ക്കരിച്ച കാര്യം അറിയാവുന്ന ചാള്‍സ് ലയല്‍ പോലുള്ള സുഹൃത്തുക്കളുടെ ഉപദേശപ്രകാരം, 'ജീവജാതികളുടെ ഉത്ഭവം' വേഗമെഴുതി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇക്കാര്യമൊക്കെ ഡാര്‍വിന്‍ തന്നെ പുസ്തകത്തിന്റെ ആമുഖത്തില്‍ വിവരിക്കുന്നുണ്ട്. അതാണ്, താന്‍ എഴുതാന്‍ ഉദ്ദേശിച്ച പുസ്തകത്തിന്റെ സംഗ്രഹം മാത്രമാണ് 'ജീവജാതികളുടെ ഉത്ഭവം' എന്ന് അദ്ദേഹത്തെക്കൊണ്ട് പറയിപ്പിച്ചത്.

വാലസിനോട് ഡാര്‍വിന്‍ നീതികാട്ടിയില്ല എന്ന് വിമര്‍ശിക്കുന്നവരുണ്ട്. എന്നാല്‍, വാലസ് അങ്ങനെ കരുതിയിരുന്നില്ല. ഡാര്‍വിന്റെ ആര്‍ജവത്വത്തില്‍ അദ്ദേഹത്തിന് തികഞ്ഞ വിശ്വാസമായിരുന്നു. പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കുന്നത് കൂടുതല്‍ വൈകാതിരിക്കാന്‍ തനൊരു നിമിത്തമായി എന്നു മാത്രമേ വാലസ് പിന്നീട് ഇക്കാര്യത്തില്‍ പറഞ്ഞിട്ടുള്ളു. എന്നാല്‍, പ്രകൃതിനിര്‍ധാരണം അടിസ്ഥാനമായുള്ള പരിണാമസിദ്ധാന്തത്തെ പില്‍ക്കാലത്ത് ഡാര്‍വിന്‍/വാലസ് സിദ്ധാന്തമെന്നാണ് പലരും വിശേഷിപ്പിക്കുന്നത്.

പരിണാമം കണ്‍മുമ്പില്‍

ഒന്നര നൂറ്റാണ്ടുകൊണ്ട് എല്ലാ വിവാദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച് ശാസ്ത്രത്തിലെ ഏറ്റവും വലിയ ചാലകശക്തിയായി ഡാര്‍വിന്റെ സിദ്ധാന്തം മാറിയതിനാണ് ലോകം സാക്ഷ്യംവഹിച്ചത്. ഡി.എന്‍.എ.സങ്കേതങ്ങളുടെ കടന്നുവരവോടെ, ഡാര്‍വിന്‍ പറഞ്ഞ കാര്യങ്ങള്‍ തന്മാത്രാതലത്തില്‍ തന്നെ മനസിലാക്കാനും, പരിണാമത്തിന്റെ ജനിതകവഴികള്‍ നേരിട്ടറിയാനും ഇപ്പോള്‍ ശാസ്ത്രലോകത്തിന് കഴിയുന്നു. ഇതുവരെ സാധിക്കാത്ത തരത്തില്‍ പരിണാമ പ്രക്രിയയ്ക്ക് സാക്ഷ്യം വഹിക്കാന്‍ ഗവേഷകര്‍ക്ക് ഇപ്പോള്‍ കഴിയുന്നു. പുതിയ സാഹചര്യങ്ങളുമായി യോജിച്ചു പോകത്തക്ക വിധത്തില്‍, ഗുണപരമായ മാറ്റങ്ങള്‍ സംരക്ഷിക്കപ്പെടുകയും തലമുറകളിലേക്കു കൈമാറ്റം ചെയ്യപ്പെടുകയും, അക്കാര്യം അതിജീവനത്തിന്റെ ആണിക്കല്ലായി മാറുകയും ചെയ്യുന്നത് എങ്ങനെ എന്ന് നേരിട്ട് മനസിലാക്കാന്‍ സാഹായിക്കുന്ന എത്രയോ ഉദാഹരണങ്ങള്‍ ഇപ്പോള്‍ ഗവേഷകലോകത്തിന് മുന്നിലുണ്ട്.

ക്രൊയേഷ്യന്‍ തീരത്തെ രണ്ട് ചെറുദ്വീപുകളാണ് പോഡ് കോപിസ്റ്റി, പോഡ് മര്‍ക്കാറു എന്നിവ. പോഡ് കോപിസ്റ്റിയില്‍ പണ്ട് മുതലേ ഒരിനം മെഡിറ്റനേറിയന്‍ പല്ലികള്‍ വാസമുണ്ട്; പൊഡാര്‍സിസ് സികുല (Podarcis sicula) എന്ന് ശാസ്ത്രീയനാമം. പ്രാണികളെ തിന്ന് ജീവിക്കുന്ന ഇവയില്‍ അഞ്ച് ജോഡികളെ 1971-ല്‍ പരീക്ഷണാര്‍ഥം പോഡ് മര്‍ക്കാറു ദ്വീപില്‍ എത്തിച്ച് തുറുന്നുവിട്ടു. 37 വര്‍ഷത്തിന് ശേഷം, 2008-ല്‍ ബെല്‍ജിയത്തിലെ അന്തോണി ഹെരല്‍ ഉള്‍പ്പെടെയുള്ള ഗവേഷകസംഘം, ആ ദ്വീപുകള്‍ സന്ദര്‍ശിച്ച് പല്ലികള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നിരീക്ഷിച്ചപ്പോള്‍ കൗതുകമുണര്‍ത്തുന്ന കാഴ്ചയാണ് കണ്ടത്. പോഡ് കോപിസ്റ്റിയിലെ പല്ലികള്‍ പഴയതുപോലെ തന്നെ പ്രാണികളെ തിന്ന് കഴിയുന്നു. എന്നാല്‍, പോഡ് മര്‍ക്കാറുവിലെ പല്ലികളുടെ സംഖ്യ പെരുകിയതിനൊപ്പം, അവ പ്രാണികളെ തിന്നുന്നതിന് പകരം സസ്യഭുക്കുകളായി പരിണമിച്ചിരിക്കുന്നു, പ്രത്യേകിച്ചും വേനല്‍ക്കാലത്ത്. സസ്യഭുക്കുകള്‍ക്ക് ആവശ്യമായ തരത്തില്‍ കീഴ്ത്താടിയെല്ലിന്റെ കനവും തലയുടെ വലിപ്പവും പൊക്കവും, അവയുടെ പൂര്‍വികരെക്കാളും വര്‍ധിച്ചിരിക്കുന്നു!

ആ പല്ലികളുടെ ആയുസ്സ് ശരാശരി രണ്ട് വര്‍ഷമാണ്. അതുപ്രകാരം 18 തലമുറയ്ക്കിടയിലാണ് ഇത്തരമൊരു മാറ്റം. എന്നാല്‍, 44,000 തലമുറ കൊണ്ട് എന്തൊക്കെ സംഭവിക്കാം. അത് നേരിട്ടറിയാന്‍ പാകത്തില്‍ ഒരു പരീക്ഷണം ഇപ്പോള്‍ പുരോഗമിക്കുന്നുണ്ട്. മിഷിഗണ്‍ സ്‌റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ ബാക്ടീരിയോളജിസ്റ്റ് റിച്ചാര്‍ഡ് ലെന്‍സ്‌കിയുടെ ലാബില്‍ 1988 മുതല്‍ പ്രത്യേക സാഹചര്യത്തില്‍ സൂക്ഷിക്കുന്ന എസ്‌ചെരിഷ്യ കോളി (ഇ.കോളി) ബാക്ടീരിയം ഇപ്പോള്‍ 44,000 തലമുറ പിന്നിട്ടു കഴിഞ്ഞു. മനുഷ്യന്റെ തോതു വെച്ചാണെങ്കില്‍, ഇത്രയും തലമുറയെന്നാല്‍ പത്തുലക്ഷം വര്‍ഷത്തെ ചരിത്രമാകും. പത്തുലക്ഷം വര്‍ഷം മുമ്പെന്നു പറഞ്ഞാല്‍, നരവംശം ഹോമോ ഇറക്ടസ് ആയിരുന്ന കാലം! മറ്റ് ജീവികളെ അപേക്ഷിച്ച് ബാക്ടിരിയത്തിനുള്ള പ്രത്യേകത, ഒരു പ്രത്യേക സമയബിന്ദുവില്‍ വെച്ച് ശീതീകരിച്ച് അവയുടെ ജീവല്‍ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കാം എന്നതാണ്. കുറെക്കാലം കഴിഞ്ഞ് അതിനെ വീണ്ടും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാം. അങ്ങനെ ജീവനുള്ള ഫോസിലായി അതിനെ പിന്‍തലമുറകളുമായി താരതമ്യം ചെയ്യാന്‍ കഴിയും.

ഒരേ ബാകീരിയത്തിന്റെ 12 ഗ്രൂപ്പുകളെയാണ് ഡോ.ലെന്‍സ്‌കിയും സഹപ്രവര്‍ത്തകരും സൂക്ഷിക്കുന്നത്. പൊതുപൂര്‍വികനില്‍ നിന്ന് രൂപമെടുത്ത 12 ഗോത്രങ്ങള്‍! വെറും പന്ത്രണ്ട് ഫഌസ്‌കുകളിലായി അവയെ സൂക്ഷിക്കുകയല്ല ചെയ്യുന്നത്. ഓരോ ഫഌസ്‌കില്‍ നിന്നും ദിവസവും കുറച്ച് ബാക്ടീരയത്തെ പുതിയൊരു ഫഌസ്‌കിലേക്ക് മാറ്റും. അത്തരത്തില്‍ ഇപ്പോള്‍ ഓരോ ബാക്ടീരിയം കൈവഴിയും 7000 ഫഌസ്‌ക് പിന്നിട്ടു കഴിഞ്ഞു. പ്രകൃതിനിര്‍ധാരണം തങ്ങള്‍ നേരിട്ട് കാണുകയാണെന്ന് ഡോ.ലെന്‍സ്‌കി വെളിപ്പെടുത്തുന്നു. ഈ സവിശേഷ പരീക്ഷണത്തെക്കുറിച്ച് ഒട്ടേറെ ഗവേഷണ പ്രബന്ധങ്ങള്‍ ഇതിനകം പുറത്തു വന്നു കഴിഞ്ഞു. ഏറ്റവുമൊടുവില്‍ കഴിഞ്ഞ ഒക്ടോബര്‍ 18-ന് 'സയന്‍സ്' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍, എങ്ങനെയാണ് പ്രകൃതിനിര്‍ധാരണം ബാക്ടീരിയത്തിന്റെ ജിനോമിനെ മാറ്റിക്കൊണ്ടിരിക്കുന്നത് എന്നാണ് ലെന്‍സ്‌കിയും കൂട്ടരും വിവരിക്കുന്നത്.

21 വര്‍ഷം മുമ്പ് പരീക്ഷണം തുടങ്ങിയ സമയത്തെ അപേക്ഷിച്ച് ബാക്ടീരിയത്തിന് കാര്യമായ മാറ്റങ്ങള്‍ സംഭവിച്ചതാണ് ഡോ.ലെന്‍സ്‌കിയും സംഘവും കണ്ടത്. പൂര്‍വികരെ അപേക്ഷിച്ച് വലിപ്പം ഇരട്ടിയായിരിക്കുന്നു. വിഭജനം വഴി അടുത്ത തലമുറയ്ക്ക് ജന്‍മം കൊടുക്കുന്ന പ്രക്രിയയ്ക്ക് 70 ശതമാനം വേഗം വര്‍ധിച്ചിരിക്കുന്നു. ഈ മാറ്റങ്ങള്‍ സംഭവിച്ചത് തികച്ചും സ്വാഭാവികമായ ജനിതകവ്യതികരണവും അത് തലമുറകളിലേക്ക് പകര്‍ത്താനുള്ള പ്രകൃതിനിര്‍ധാരണ സമ്മര്‍ദവും മൂലമാണെന്ന് ഗവേഷകര്‍ കണ്ടു. ജിനോം പഠനത്തിന്റെ ചെലവ് ഇപ്പോള്‍ കുറഞ്ഞതുകൊണ്ട്, പരീക്ഷണത്തിന്റെ പ്രത്യേകഘട്ടങ്ങളില്‍ തണുപ്പിച്ച് സൂക്ഷിച്ച 'ഫോസിലു'കളുടെ ജിനോമുമായി താരതമ്യം ചെയ്ത്, പുതിയ ജനിതകമാറ്റങ്ങള്‍ കൃത്യമായി മനസിലാക്കാനും കഴിയുന്നു. ഡാര്‍വിന്‍ പറഞ്ഞത് ശരിയെന്ന് നേരിട്ട് തെളിയിക്കുന്ന ഇത്തരമൊരു പരീക്ഷണം ഇതിന് മുമ്പ് നടന്നിട്ടില്ല.

പ്രകൃതിനിര്‍ധാരണം വഴിയുള്ള മാറ്റം കണ്‍മുന്നില്‍ വെളിപ്പെടുന്ന വേറെയും ഉദാഹണങ്ങളുണ്ട്. നെബ്രാസ്‌കയിലെ മണല്‍പ്പരപ്പില്‍ കാണപ്പെടുന്ന ഒരിനം എലികളുടെ രോമക്കുപ്പായത്തിന്, ഏതാനും കിലോമീറ്റര്‍ അകലെ കാണപ്പെടുന്ന അതേ വര്‍ഗത്തില്‍പെട്ട എലികളുടേതിനെക്കാളും മങ്ങിയ നിറം എങ്ങനെ ഉണ്ടായി എന്നന്വേഷിച്ച ഹാര്‍വാഡ് സര്‍വകലാശാലയിലെ പ്രൊഫ. ഹോപി ഹൊയേക്‌സ്ത്രയും കൂട്ടരും കണ്ടത്, 'അഗോറ്റി' (Agouti) യെന്ന ജീനാണ് അതിന് കാരണം എന്നാണ്. 4000 വര്‍ഷം മുമ്പ് മാത്രമാണ് (എന്നുവെച്ചാല്‍ 8000 തലമുറ മുമ്പ്), മണല്‍പ്പരപ്പിലുള്ള എലികളില്‍ ആ ജീന്‍ പ്രത്യക്ഷപ്പെട്ടതെന്നും ഗവേഷകര്‍ കണ്ടു. ആ മണല്‍പ്പരപ്പിന് 8000 വര്‍ഷം പഴക്കമേയുള്ളു എന്ന കാര്യം കൂടി ചേര്‍ത്ത് വായിക്കുമ്പോള്‍ കാര്യം വ്യക്തമാകുന്നു. മണല്‍പ്പരപ്പില്‍ മറ്റ് ജീവികളുടെ കണ്ണില്‍ പെടാതിരിക്കാന്‍ രോമക്കുപ്പായത്തിന് അതിനനുസരിച്ചുള്ള നിറം വേണം. അതിജീവനത്തെ അത് വളരെ സഹായിക്കും. അതിനായി പ്രകൃതിനിര്‍ധാരണം പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് എലികളുടെ നിറംമാറ്റം (കാണുക: പരിണാമം കണ്‍മുന്നില്‍).

'ജീവജാതികളുടെ ഉത്ഭവ'ത്തിലൂടെ ഡാര്‍വിന്‍ അവതരിപ്പിച്ച കാര്യങ്ങള്‍ നേരിട്ട് മനസിലാക്കാന്‍ പാകത്തില്‍ ഇന്ന് ശാസ്ത്രം മാറിയിരിക്കുന്നു എന്നാണ് ഈ ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നത് (കാണുക: ശരിയെന്ന് തെളിയുന്നത് ഡാര്‍വിന്‍)

ശാസ്ത്രത്തിന്റെ ചാലകശക്തി

ആധുനികശാസ്ത്രത്തിന്റെ ഒട്ടേറെ ശാഖകള്‍ക്ക് ഇന്ന് പരിണാമസിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെയല്ലാതെ നിലനില്‍പ്പില്ല. ജീവശാസ്ത്രത്തിന്റെയും വൈദ്യശാസ്ത്രത്തിന്റെയും സര്‍വകോണുകളിലും ഡാര്‍വിന്റെ സിദ്ധാന്തം സ്വാധീനം ചെലുത്തുന്നു. നരവംശശാസ്ത്രം, കാര്‍ഷികശാസ്ത്രം എന്നിങ്ങനെ ശാസ്ത്രത്തിന്റെ ഒട്ടേറെ ശാഖകളില്‍ ഇന്ന് നടക്കുന്ന മുന്നേറ്റങ്ങള്‍ക്കെല്ലാം അടിസ്ഥാനം ഡാര്‍വിന്‍ മുന്നോട്ടുവെച്ച ആശയങ്ങളാണ്. അതു മാത്രമല്ല, രാഷ്ട്രീയത്തിലും കലകളിലും എന്തിന് സോഫ്ട്‌വേര്‍ നിര്‍മാണത്തില്‍പ്പോലും പരിണാമസിദ്ധാന്തം പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുന്നു. ഡാര്‍വിനെയും പരിണാമസിദ്ധാന്തത്തെയും തള്ളിക്കളയുന്നവര്‍ ഈ ആധുനിക മുന്നേറ്റങ്ങളെയാണ് യഥാര്‍ഥത്തില്‍ തിരസ്‌കരിക്കുന്നത് (കാണുക: സമാനതകളില്ലാതെ ഡാര്‍വിന്‍).

എന്നിട്ടും ലോകത്ത് പല രാജ്യങ്ങളിലും പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരുടെ സംഖ്യ അവിശ്വസനിയമാംവിധം കുറവാണ്. അമേരിക്ക ഉദാഹരണമായെടുക്കാം. കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഗാലപ്പ് പോളില്‍ വെളിവായ വസ്തുത, 'ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍കൊണ്ട് മനുഷ്യന്‍ ഇന്നത്തെ രൂപത്തില്‍ പരിണമിച്ചെന്ന്' വിശ്വസിക്കുന്നവരുടെ സംഖ്യ വെറും 14 ശതമാനം മാത്രമെന്നാണ്, 1982-ല്‍ ഇത് ഒന്‍പത് ശതമാനമായിരുന്നു. പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതെ രാജ്യങ്ങള്‍ക്കനുസരിച്ച് വ്യത്യസ്തപ്പെടുന്നു എന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. അമേരിക്കയില്‍ സ്ഥിതി മോശമാണെങ്കില്‍, ഐസ്‌ലന്‍ഡ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിണാമസിദ്ധാന്തത്തിന് വന്‍സ്വീകാര്യതയാണുള്ളത്.

ദൈവത്തിലുള്ള വിശ്വാസവും പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും കാലിഫോര്‍ണിയയില്‍ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസ്റ്റായ ഫില്‍ സുക്കെര്‍മാനും നടത്തിയ പഠനം സൂചിപ്പിക്കുന്നത്, അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളിലാണ് ഡാര്‍വിന്റെ സിദ്ധാന്തത്തിന് സ്വീകാര്യത കുറവെന്നാണ്. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഡാര്‍വിനെ തിരസ്‌ക്കരിക്കുന്നതിന്റെ കാരണം തേടുന്നവര്‍ക്കു പോലും, അദ്ദേഹം മുന്നോട്ട് വെച്ച ആശയങ്ങളാണ് സഹായത്തിനെത്തുന്നത് എന്നതാണ് സ്ഥിതി.

-2009 നവംബര്‍ 22-ന് 'മാതൃഭൂമി വാരാന്തപ്പതിപ്പ്' പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം

അവലംബം
1. Charles Darwin, The Origin of Species (Reprinted in Penguin Classics, 1985)
2. Richard Dawkins,
The Greatest Show on Earth-The Evidence for Evolution (Bantam Press, London, 2009)
3. Ernst Mayr,
What Evolution is (Basic Books, New York, 2001)
4.Gary Stix,
Darwin's Living Legacy-Evolutionary Theory 150 Years Later (Scientific American, Dec.15, 2008)
5. David Quammen,
Darwin's First Clues; Matt Ridley, Modern Darwins (National Geographic, Feb.2009)

Tuesday, October 13, 2009

പരിണാമചരിത്രത്തില്‍ പുതിയ അധ്യായം

മനുഷ്യന്റെ പരിണാമകഥയില്‍ 'ലൂസി'യായിരുന്നു താരം. ആ കഥയെ പത്തുലക്ഷം വര്‍ഷം പിന്നോട്ടു നയിച്ചുകൊണ്ട് പുതിയ നായിക രംഗപ്രവേശം ചെയ്തിരിക്കുന്നു-'ആര്‍ഡി'. അമ്പതോളം ഗവേഷകര്‍ ചേര്‍ന്ന് 15 വര്‍ഷം കൊണ്ടാണ് പുതിയ നായികയെ രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്.

തുടക്കം നമ്മളില്‍ നിന്നു തന്നെയാകട്ടെ; ഹോമോ സാപ്പിയന്‍സ് എന്ന പേരുകാരില്‍ നിന്ന്. നരവംശത്തിന്റെ തായ്‌വഴി തേടി കാലത്തിലൂടെ പിന്നോട്ട് പോകുക. അധികദൂരം പോകേണ്ട, അതിന് മുമ്പ് എല്ലുകളും തലയോട്ടികളും പല്ലിളിക്കാന്‍ തുടങ്ങും. ഫോസിലുകളാണവ, നമ്മുടെ പൂര്‍വികരെ സംബന്ധിച്ച അനിഷേധ്യമായ തെളിവുകള്‍. ഹോമിനിഡുകള്‍ എന്നാണ് മനുഷ്യന്റെ തായ്‌വഴിയില്‍പെട്ട വര്‍ഗങ്ങള്‍ക്ക് പേര്. പിന്നിലേക്കുള്ള യാത്രയില്‍ ആദ്യമൊക്കെ ഹോമിനിഡ് ഫോസിലുകള്‍ സുലഭമാണ്. കൂടുതല്‍ പിന്നിലേക്ക് എത്തുന്തോറും ഫോസിലുകളുടെയും തെളിവുകളുടെയും എണ്ണം അവിശ്വസനീയമായി കുറഞ്ഞു വരും. ഒടുവില്‍ കനത്ത ഇരുട്ട്. ആ ഇരുട്ടില്‍ മനുഷ്യവര്‍ഗത്തിന്റെ ബാല്യം കാണാന്‍ കഴിയാതെ നമ്മള്‍ കുഴങ്ങുന്നു.

ഭൂമിയുടെ ഏത് ദിക്കില്‍ നിന്ന് ഈ യാത്ര തുടങ്ങിയാലും എത്തുക ആഫ്രിക്കയിലാകും. കാരണം, ആഫ്രിക്കയാണ് മനുഷ്യന്റെ ആദിഗേഹം. പക്ഷേ, ആരാണ് ആദിപിതാവ് അല്ലെങ്കില്‍ ആദിമാതാവ്; ചിമ്പാന്‍സികളുടെയും മനുഷ്യന്റെയും പൊതുപൂര്‍വികന്‍ എങ്ങനെയിരുന്നു. അതിന് കുരങ്ങിന്റെ രൂപമായിരുന്നോ, അതോ മറ്റേതെങ്കിലും ജീവിയുടെയോ? പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പെട്ട് നരനിലേക്ക് തിരിഞ്ഞ ആദ്യ കണ്ണി ഏത്? ഇരുട്ട് മൂലം മനസിലാക്കാന്‍ കഴിയുന്നില്ല. അതിന് തെളിവുകളുടെ വെളിച്ചം വേണം. 1974-ല്‍ കണ്ടെത്തിയ 32 ലക്ഷം വര്‍ഷം പഴക്കമുള്ള 'ലൂസി' (Lucy)യെന്ന, പ്രാചീനസ്ത്രീയുടെ ഫോസില്‍ നരവംശത്തിന്റെ പൂര്‍വചരിത്രത്തിലേക്ക് ശക്തമായ പ്രകാശം വിതറി. മസ്തിഷ്‌കം വലുതാകുന്നതിനും മുമ്പുതന്നെ മനുഷ്യന്റെ പൂര്‍വികര്‍ ഇരുകാലുകളില്‍ നിവര്‍ന്നു നടന്നു തുടങ്ങിയെന്ന് ലോകം അത്ഭുതത്തോടെ മനസിലാക്കി.

ലൂസിയെ കണ്ടെത്തി 35 വര്‍ഷത്തിന് ശേഷം, ഇപ്പോഴിതാ അവള്‍ക്കും മുമ്പുള്ള ചരിത്രത്തിലേക്ക് വെള്ളിവെളിച്ചം വീശുന്ന പുതിയൊരു ഫോസില്‍ കണ്ടെത്തിയിരിക്കുന്നു-'ആര്‍ഡി' (Ardi) യെന്ന് ചുരുക്കപ്പേരിട്ടിട്ടുള്ള ആ ഫോസില്‍ ആര്‍ഡിപിത്തക്കസ് റമിഡസ് എന്ന ഹോമിനിഡിന്റേതാണ്. 44 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന പ്രാചീനസ്ത്രീയാണ് ആര്‍ഡി. നരവംശചരിത്രത്തെ ലൂസിയുടെ കാലത്തിനും പത്തുലക്ഷം വര്‍ഷം പിന്നിലേക്ക് നയിക്കുന്നു ഈ കണ്ടെത്തല്‍.

മനുഷ്യന്റെ പൂര്‍വികവര്‍ഗങ്ങളെ തേടേണ്ടത് ആഫ്രിക്കയിലാണെന്ന് ചാള്‍സ് ഡാര്‍വിന്‍ പ്രസ്താവിച്ചത് 1871-ലാണ്. ഫോസില്‍തെളിവുകള്‍ മുന്നിലില്ലാതെ അദ്ദേഹം നടത്തിയ ആ പ്രവചനം പില്‍ക്കാലത്ത് നരവംശശാസ്ത്രത്തിലെ ഏറ്റവും വലിയ സത്യമായി മാറി. ആഫ്രിക്കയില്‍ നിന്നല്ലാതെ മറ്റൊരിടത്തു നിന്നും 20 ലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഹോമിനിഡ് ഫോസിലുകള്‍ കിട്ടിയിട്ടില്ല എന്നതും, വംശാവലിയില്‍ ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകളാണ് മനുഷ്യന്റെ അടുത്ത ബന്ധുക്കള്‍ എന്ന് ജനിതകവിശകലനങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാലും ഡാര്‍വിന്റെ പ്രവചനത്തെ ഇന്നാരും ചോദ്യംചെയ്യുമെന്ന് തോന്നുന്നില്ല. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, 138 വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ പ്രവചനം ശരിയാണെന്ന് ആര്‍ഡിയിലൂടെ ഒരിക്കല്‍ക്കൂടി തെളിയുകയാണ്.

ആഫ്രിക്കന്‍ ആള്‍ക്കുരങ്ങ്

ജീവിവര്‍ഗങ്ങളില്‍ ആള്‍ക്കുരങ്ങുകള്‍ക്കൊപ്പമാണ് പരിണാമശാസ്ത്രജ്ഞര്‍ നരവംശത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. 120-150 ലക്ഷം വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞെന്നു കരുതുന്ന രണ്ട് തായ്‌വഴികളില്‍ പെട്ട ആള്‍ക്കുരങ്ങുകളാണ് ഇപ്പോള്‍ ഭൂമിയിലുള്ളത് - ഏഷ്യയിലെയും ആഫ്രിക്കയിലെയും ആള്‍ക്കുരങ്ങുകള്‍. ഏഷ്യന്‍ ആള്‍ക്കുരങ്ങുകള്‍ രണ്ടിനമുണ്ട്-ഒറാങ്ങൂട്ടനും ഗിബണും. ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകള്‍ മുഖ്യമായും മൂന്നിനങ്ങളാണ്- ഗൊറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ എന്നിവ.

പരിണാമവഴിയില്‍ ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകളുടെ പൊതുപൂര്‍വികനില്‍ നിന്ന് ഗൊറില്ല ആദ്യം വേര്‍പിരിഞ്ഞു. പിന്നീട് ചിമ്പാന്‍സികളും മനുഷ്യനും രണ്ട് തായ്്‌വഴികളായി പരിണമിച്ചു. പക്ഷേ, എന്നായിരുന്നു ആ വേര്‍പിരിയല്‍ എന്ന് വ്യക്തമല്ല. കാരണം, ഫോസിലുകളുടെ അഭാവം തന്നെ. 60-130 ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കാര്യമായി ലഭ്യമല്ല. എങ്കിലും, ജിനോംവിശകലനങ്ങളുടെ വെളിച്ചത്തില്‍ നരവംശശാസ്ത്രം എത്തിയിരിക്കുന്ന നിഗമനം ഇതാണ്; 50-80 ലക്ഷം വര്‍ഷം മുമ്പാകണം പൊതുപൂര്‍വികനില്‍നിന്ന് വേര്‍പെട്ട് നരവംശം ഉദയം ചെയ്തത്.

450 കോടി വര്‍ഷമാണ് ഭൂമിയുടെ പ്രായം. എന്നാല്‍, ഇന്ന് ഭൂമിയെ അടക്കിവാഴുന്ന വര്‍ഗം പിറന്നിട്ട് ഒരുകോടി വര്‍ഷം പോലും തികഞ്ഞിട്ടില്ല എന്നാണ് മേല്‍ സൂചിപ്പിച്ച വസ്തുത വ്യക്തമാക്കുന്നത്. അത്ര ഹൃസ്വമാണ് നരവംശത്തിന്റെ ചരിത്രം. ഹൃസ്വമാണെങ്കിലും, ആ ചരിത്രത്തില്‍ രണ്ട് ഘട്ടങ്ങളെക്കുറിച്ചേ ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തത ഉണ്ടായിരുന്നുള്ളു. 10-40 ലക്ഷം വര്‍ഷം മുമ്പത്തെ ഓസ്ട്രലോപിത്തക്കസുകളുടെ ഘട്ടവും, 20 ലക്ഷം വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഹോമോ കാലഘട്ടവും. തലച്ചോര്‍ വളര്‍ന്നിരുന്നില്ലെങ്കിലും ഇരുകാലില്‍ നിവര്‍ന്നു നടക്കാന്‍ കഴിഞ്ഞിരുന്നവയാണ് ഓസ്ട്രലോപിത്തക്കസ് ജീനസില്‍ പെട്ടവ. ലൂസിയാണ് (ഓസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്) ആ ജീനസിന്റേതായി ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഫോസില്‍. എത്യോപ്യയിലെ ഹാഡറില്‍ നിന്ന് 1974-ല്‍ ഡൊണാള്‍ഡ് ജോഹാന്‍സനും സംഘവും കണ്ടെത്തിയ 'AL288-1' എന്ന ഭാഗിക ഹോമിനിഡ് ഫോസിലിന് ഒരു ബീറ്റില്‍സ് ഗാനത്തിന്റെ ചുവട് പിടിച്ച് ലൂസിയെന്ന് പേര് നല്‍കപ്പെടുകയായിരുന്നു.

ലൂസിയുടെ ജീനസില്‍പെട്ട വേറെയും ഹോമിനിഡുകള്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നു. അവയെ സംബന്ധിച്ചും ഒട്ടേറെ ഫോസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പെട്ട ശേഷം ഓസ്‌ട്രലോപിത്തക്കസിലേക്ക് എത്തുംവരെ നരവംശത്തിന്റെ തായ്‌വഴിയില്‍ ആരാണ് രംഗം വാണിരുന്നത് എന്ന ചോദ്യം ഇത്രകാലവും ഉത്തരമില്ലാതെ തുടരുകയായിരുന്നു. അവിടെണ് ആര്‍ഡിയുടെ പ്രാധാന്യവും പ്രസക്തിയും. 'പ്രാചീനപൂര്‍വികനും ഓസ്ട്രലോപിത്തക്കസിനും മധ്യേയുള്ള ശൂന്യത ഒരു പരിധിവരെ നികത്താന്‍ സഹായിക്കുന്നതാണ് ആര്‍ഡിയുടെ കണ്ടെത്തല്‍', ഹാര്‍വാഡ് സര്‍വകലാശാലയില്‍ മനുഷ്യപരിണാമശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡേവിഡ് പില്‍ബീം അഭിപ്രായപ്പെടുന്നു. മനുഷ്യവംശത്തിന്റെ ബാല്യത്തിലേക്ക് വെളിച്ചം വീശുന്ന ഈ കണ്ടെത്തല്‍ ഏതാണ്ട് അമ്പതോളം ഗവേഷകരുടെ 15 വര്‍ഷം നീണ്ട ശ്രമകരവും ക്ഷമാപൂര്‍വുമായ ഗവേഷണത്തിന്റെ ഫലമാണ്. എത്യോപ്യയില്‍ മനുഷ്യപൂര്‍വ വര്‍ഗങ്ങളെക്കുറിച്ച് പഠിക്കുന്ന മിഡില്‍ അവാഷ് സംഘമാണ് ആര്‍ഡിയെ കണ്ടെത്തി, 'സയന്‍സ്' മാഗസിനിലൂടെ അടുത്തയിടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

മണ്ണില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ആര്‍ഡി

ആര്‍ഡിയുടെ ഇപ്പോഴത്തെ കഥ തുടങ്ങുന്നത് 1992 ഡിസംബര്‍ 17-ന്, അവാഷ് നദിക്കരയിലെ അറാമിസ് ഗ്രാമത്തില്‍ നിന്നാണ്. ഏറ്റവുമധികം ഹോമിനിഡ് ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ള അഫാര്‍ മേഖലയില്‍ പെട്ട ഇവിടം, എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 225 കിലോമീറ്റര്‍ വടക്കുകിഴക്കു മാറിയാണ്. 1974-ല്‍ ലൂസിയെ കണ്ടെത്തിയ ഹാഡറിന് 72 കിലോമീറ്റര്‍ തെക്കുള്ള ഇവിടെ നിന്ന്, ഇപ്പോള്‍ ടോക്യോ സര്‍വകലാശാലയിലെ ഗവേഷകനായ ജെന്‍ സുവയും കൂട്ടരും തിരിച്ചറിഞ്ഞ പല്ലിന്റെ ഫോസിലായിട്ടായിരുന്നു തുടക്കം. കൂടുതല്‍ തിരച്ചിലില്‍ ഒരു കുട്ടിയുടെ കീഴ്ത്താടിയും ആ പരിസരത്തു നിന്ന് കിട്ടി. മനുഷ്യന്റെ പ്രാചീനപൂര്‍വികന്റേതാകാന്‍ സാധ്യതയുള്ള ആ ഫോസിലിനെപ്പറ്റി 1994-ല്‍ 'നേച്ചറി'ല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ ശുഷ്‌ക്കമെന്ന് കരുതാവുന്ന ആ കണ്ടെത്തലോടെ അവസാനിക്കേണ്ടതായിരുന്നു കാര്യങ്ങള്‍. പക്ഷേ, മണ്ണിനും ചരലുകള്‍ക്കും പ്രാചീന അഗ്നിപര്‍വതധൂളികള്‍ക്കും ഇടയില്‍ നിന്ന് ആര്‍ഡി ഉയിര്‍ത്തെണീല്‍ക്കാന്‍ പോകുന്നതേയുണ്ടായിരുന്നുള്ളു.

1994-ല്‍ ശരിക്കുള്ള തിരച്ചില്‍ അവാഷ് നദീതടത്തില്‍ ആരംഭിച്ചു. ഇപ്പോള്‍ ഓഹായോയില്‍ ക്ലീവ്‌ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകനായ എത്യോപ്യന്‍ വംശജന്‍ യോഹാന്നസ് ഹെയ്‌ലെ-സിലാസ്സീയാണ് കൈപ്പത്തിയുടെ രണ്ട് അസ്ഥികള്‍ ആദ്യം കണ്ടത്. താമസിയാതെ ഇടുപ്പെല്ലിന്റെ കഷണങ്ങള്‍ കിട്ടി. അപ്പോഴതാ കാല്‍, കൈക്കുഴ, പാദത്തിലെ അസ്ഥികള്‍, കൈകളിലെയും കാലുകളിലെയും അസ്ഥികള്‍, പല്ലുകളോടുകൂടിയ കീഴ്ത്താടിയെല്ല്, തലയോട്ടിയുടെ ഭാഗം ഒക്കെ വരുന്നു. 1995 ജനവരിയായപ്പോഴേക്കും ഗവേഷകര്‍ക്ക് ഒരു കാര്യം വ്യക്തമായി, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കണ്ടെത്തലാണ് തങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരു ഭാഗിക അസ്ഥികൂടം. 10 ലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഹോമിനിഡുകളുടെ അരഡസണ്‍ അസ്ഥികൂടങ്ങളേ ഇത്രകാലത്തിനിടയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ലൂസിയെക്കാള്‍ പഴക്കമുള്ള ഏക അസ്ഥികൂടമാണ് തങ്ങളുടെ പക്കല്‍ കിട്ടിയിരിക്കുന്നത്. ശരിക്കും ഒരു ആയുഷ്‌ക്കാലത്തേക്കുള്ള കണ്ടെത്തല്‍.

ആര്‍ഡിയുടേത് കൂടാതെ, അതേ വര്‍ഗത്തില്‍ പെട്ട 35 അംഗങ്ങളുടെ 110 ഫോസില്‍ തുണ്ടുകള്‍ കൂടി ഗവേഷകര്‍ക്ക് ലഭിച്ചു. ഒപ്പം സസ്യങ്ങളുടെയും മൃഗങ്ങളുടേയുമായി ഒന്നരലക്ഷത്തോളം ഫോസിലുകള്‍ വേറെയും. ആനകളുടെ മുതല്‍ പക്ഷികളുടെയും പഴുതാരകളുടെയും വരെ പ്രാചീനാവശിഷ്ടങ്ങള്‍ അതിലുണ്ടായിരുന്നു. തടി, പൂമ്പോടി, ഒച്ചുകള്‍, ലാര്‍വകള്‍ ഒക്കെ ആ ശേഖരത്തില്‍ പെടുന്നു. ആര്‍ഡിയുടെ കാലം, സഹജിവികള്‍, പരിസ്ഥിതി ഒക്കെ വിശദമായി മനസിലാക്കാന്‍ ഈ ഫോസിലുകള്‍ ഗവേഷകരെ ഏറെ സഹായിച്ചു. പുല്‍മേടുകളും മരങ്ങളും നിറഞ്ഞ ആവാസവ്യവസ്ഥയായിരുന്നു ആര്‍ഡിയുടേത്. ഇടയ്ക്കിടെ നീരുറവകളും ഇടതൂര്‍ന്ന വനങ്ങളുമുള്ള പ്രദേശം.

നരവംശത്തിന്റെ ഉത്ഭവത്തെപ്പറ്റി നിലനില്‍ക്കുന്ന ഒരു പരമ്പരാഗത സങ്കല്‍പ്പത്തെ ചോദ്യംചെയ്യുന്നതാണ്, ആര്‍ഡി ജീവിച്ചിരുന്ന പരിസ്ഥിതിയെക്കുറിച്ച് ഫോസിലുകള്‍ നല്‍കുന്ന വിവരം. കാലാവസ്ഥാമാറ്റം മൂലം ആഫ്രിക്കന്‍ റിഫ്ട്‌വാലി പ്രദേശത്തെ വനങ്ങള്‍ സാവന്നയായി രൂപപ്പെട്ടപ്പോഴാണ്, മരങ്ങള്‍ക്ക് മുകളില്‍ കഴിഞ്ഞിരുന്ന മനുഷ്യന്റെ പൂര്‍വികര്‍ നിലത്തിറങ്ങി ഇരുകാലില്‍ നടക്കാന്‍ തുടങ്ങിയതെന്നാണ് നിഗമനം. അത് ശരിയായിക്കൊള്ളണം എന്നില്ല എന്ന് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു. സാവന്നയുടെ സാന്നിധ്യമല്ല, മറ്റേതെങ്കിലും കാരണമുണ്ടാകണം നമ്മുടെ പൂര്‍വികര്‍ ഇരുകാലില്‍ നടക്കാനാരംഭിച്ചതിന് എന്ന് ആര്‍ഡിയുമായി ബന്ധപ്പെട്ട തെളിവുകള്‍ പറയുന്നു. ലൂസിയുടെ വര്‍ഗത്തില്‍ പെട്ടവര്‍ മരങ്ങളുള്ള പരിസ്ഥിതിയിലാകണം കഴിഞ്ഞതെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. അതിനും ലക്ഷക്കണക്കിന് വര്‍ഷം മുമ്പ്, ലൂസിയുടെ മുന്‍ഗാമികള്‍ വൃക്ഷനിബിഡമായ പ്രദേശത്ത് ഇരുകാലില്‍ സഞ്ചരിച്ചിരുന്നു എന്നാണ് ആര്‍ഡി പറഞ്ഞു തരുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പഠനം


ഗവേഷകര്‍ കണ്ടെത്തിയ ഫോസിലുകളുടെ അവസ്ഥ ഭീതിജനകമായിരുന്നു, തൊട്ടാല്‍ പൊടിയുന്നവ. അസ്ഥിഭാഗങ്ങള്‍ നൂറിലേറെ ചെറുകഷണങ്ങളായി തകര്‍ന്ന നിലയിലായിരുന്നു. ഫോസിലുകള്‍ സ്ഥിതിചെയ്യുന്ന എക്കല്‍കട്ടകള്‍ ഒന്നോടെ പ്ലാസ്റ്ററില്‍ പൊതിഞ്ഞ് നീക്കംചെയ്യാന്‍ തീരുമാനിച്ചു. മൂന്ന് ഫീല്‍ഡ് സീസണുകള്‍ വേണ്ടിവന്നു മുഴുവന്‍ ശേഖരിച്ചു തീര്‍ക്കാന്‍. ഫോസിലുകളടങ്ങിയ എക്കല്‍ക്കട്ടകള്‍ ആഡിസ് അബാബയില്‍ പ്രവര്‍ത്തിക്കുന്ന എത്യോപ്യന്‍ ദേശീയ മ്യൂസിയത്തിലെത്തിച്ചു. ബര്‍ക്കലിയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പാലിയോആന്ത്രോപ്പോളജിസ്റ്റ് ടിം വൈറ്റ് ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളുടെ ശ്രമം വേണ്ടി വന്നു ഫോസിലുകള്‍ വേര്‍തിരിച്ചെടുക്കാനും ആര്‍ഡിയെ മനസിലാക്കാനും.

അതിനിടെ, കമ്പ്യൂട്ടര്‍ ടോമോഗ്രാഫി (സി.ടി.) സ്‌കാന്‍ മുതലായ ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ആര്‍ഡിയുടെ തലയോട്ടിയുടെ വേര്‍ച്വല്‍ രൂപം സൃഷ്ടിക്കുന്ന ജോലി ജെന്‍ സുവയുടെ നേതൃത്വത്തില്‍ ക്യോട്ടോ സര്‍വകലാശാലയില്‍ നടന്നു. തലയോട്ടിയുടെ തകര്‍ന്ന കഷണങ്ങള്‍ ചേര്‍ത്ത് വേര്‍ച്വല്‍ തലയോട്ടിക്ക് രൂപംനല്‍കാനുള്ള സങ്കേതത്തില്‍ വൈദഗ്ധ്യം നേടാന്‍ സുവ ഒന്‍പത് വര്‍ഷമാണ് ചെലവിട്ടത്. തലയോട്ടിയുടെ 65 കഷണങ്ങളുപയോഗിച്ച്, വേര്‍ച്വല്‍ തലയോട്ടി രൂപപ്പെടുത്താന്‍ താന്‍ കുറഞ്ഞത് ആയിരം മണിക്കൂര്‍ ചെലവിട്ടതായി സുവ പറയുന്നു. അതിനു വേണ്ടി ആര്‍ഡി ഫോസിലുകളില്‍ ചിലത് പല തവണ ടോക്യോയിലെത്തിച്ച് പരിശോധനകള്‍ നടത്തേണ്ടിയും വന്നു.


വേര്‍ച്വല്‍ തലയോട്ടി പൂര്‍ത്തിയായ ശേഷം, സുവയ്‌ക്കൊപ്പം ആഡിസ് അബാബയില്‍ റിഫ്ട് വാലി റിസര്‍ച്ച് സര്‍വീസിലെ ഗവേഷകനായ ബെര്‍ഹേന്‍ അസ്ഫായും ചേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഹോമിനിഡുകളുടെ തലയോട്ടികളുമായി, ആര്‍ഡിയുടേത് താരതമ്യം ചെയ്ത് വ്യത്യാസങ്ങള്‍ സൂക്ഷ്മമായി മനസിലാക്കി. 2009 മാര്‍ച്ച് ആയപ്പോഴേക്കും വേര്‍ച്വല്‍ തലയോട്ടിയുടെ പത്താമത്തെ വകഭേദം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നതില്‍ സുവ വിജയിച്ചു. തലയോട്ടിയുമായി സുവ പടവെട്ടുന്ന വേളയില്‍, അമേരിക്കയിലെ ഓഹായോവില്‍ കെന്റ് സ്‌റ്റേറ്റ് സര്‍വകലാശാലയിലെ സി. ഓവെന്‍ ലവ്‌ജോയിയെന്ന ഗവേഷകന്‍ സി.ടി.സ്‌കാനുകളുടെ സഹായത്തോടെ ആര്‍ഡിയുടെ ഇടുപ്പെല്ലിന്റെ ഭൗതികരൂപം സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വമായ ശ്രമത്തിലായിരുന്നു. ഇത്തരത്തില്‍ വര്‍ഷങ്ങളുടെ ശ്രമഫലമായാണ് ആര്‍ഡിയുടെ ശരീരഘടന ഗവേഷകര്‍ അനുമാനിച്ചെടുത്തത്.

''ആര്‍ഡിയുടെ ചില ലക്ഷണങ്ങള്‍ അമ്പരപ്പിക്കുന്നവയാണ്. എന്നാല്‍, കാലങ്ങളായി മനുഷ്യന്റെ തായ്‌വഴിയില്‍ സംഭവിച്ച മാറ്റങ്ങള്‍ മനസിലാക്കുന്നതില്‍ വളരെ തൃപ്തികരമായ ഒന്നാണ് ആ പ്രാചീനജീവി''-പഠനത്തില്‍ പങ്കുവഹിച്ചിട്ടില്ലാത്ത ആന്ധ്രു ഹില്‍ (പാലിയോആന്ത്രോപ്പോളജിസ്റ്റ്, യേല്‍ സര്‍വകലാശാല) പറയുന്നു. 'മനുഷ്യന്റെ ശരിക്കുള്ള ഒരു പൂര്‍വികവര്‍ഗത്തെ തന്നെയാണ് ഞങ്ങള്‍ കണ്ടത്, പക്ഷേ അതൊരു ചിമ്പാന്‍സിയല്ല', ടിം വൈറ്റ് പറയുന്നു.

120 സെന്റീമീറ്റര്‍ പൊക്കവും 50 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു ആര്‍ഡിയെന്ന ആ പുരാതനസ്ത്രീക്ക്. ഇരുകാലുകളില്‍ നിവര്‍ന്ന് നടക്കാനും മരങ്ങളില്‍ കഴിയാനും പാകത്തിലുള്ളതാണ് അതിന്റെ ശരീരഘട
ന. തലച്ചോറ് ചിമ്പാന്‍സിയുടേതിന് തുല്യമാണെങ്കിലും, ചിമ്പാന്‍സിയുടെ ശരീരലക്ഷണങ്ങളില്‍ മിക്കതും ആര്‍ഡിക്കില്ല. ചിമ്പാന്‍സികളില്‍ നിന്നും ഗോറില്ലകളില്‍ നിന്നും വ്യത്യസ്തമാണ് ആര്‍ഡി. ഇക്കാര്യം പ്രധാനപ്പെട്ടതാണെന്ന് ഗവേഷകര്‍ കരുതുന്നു. കാരണം, പൊതുപൂര്‍വികന്‍ ചിമ്പാന്‍സിയപ്പോലെയോ ഗോറില്ലകളെപ്പോലെയോ ആയിരുന്നില്ല എന്നതിന്റെ സൂചനയാണത്. ആദിരൂപത്തില്‍ നിന്ന് ഏറെ വ്യതിയാനം സംഭവിച്ചത് ആര്‍ക്കുരങ്ങുകള്‍ക്കാകം, ഹോമിനിഡുകള്‍ക്കാകില്ല എന്നാണ് ഇതില്‍ നിന്ന് ഊഹിക്കാവുന്ന ഒരു വസ്തുത. നമ്മുടെ പൂര്‍വികനെ ആള്‍ക്കുരങ്ങുകളില്‍ തിരഞ്ഞിട്ട് കാര്യമില്ല എന്നര്‍ഥം.

ആര്‍ഡിയും ലൂസിയുടെ വര്‍ഗക്കാരും തമ്മിലുള്ള ബന്ധം കൃത്യമായി നിര്‍വചിക്കാന്‍ ഗവേഷകര്‍ക്കാകുന്നില്ല. അതിന് കൂടുതല്‍ തെളിവുകള്‍ വേണം. ലൂസിയുടെ ജീനസായ ഓസ്ട്രിലോപിത്തക്കസ് ആര്‍ഡിയുടെ വര്‍ഗത്തില്‍ നിന്ന് രൂപപ്പെട്ടതാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് മാത്രമേ പറയാനാകൂ. അത് സത്യമാണെങ്കില്‍ വീണ്ടും ചോദ്യം ഉദിക്കുന്നു, ആര്‍ഡിക്ക് മുമ്പ് ആരായിരുന്നു? ശിഥിലമായ ചില തെളിവുകളേ ലഭിച്ചിട്ടുള്ളു. അതുവെച്ചുള്ള അനുമാനങ്ങളും തീര്‍പ്പുകളും ശരിയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ആഫ്രിക്കയിലെ ആദിഗേഹത്തില്‍ നിന്ന് പുതിയ ഫോസിലുകള്‍ കണ്ടെത്തും വരെ കാത്തിരിക്കാം. (മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോ.11, 2009).

അവലംബം-
Ann Gibbons, (1)A New Kind of Ancestor: Ardipithecus Unveiled, (2) The View From Afar, Science, Oct.2, 2009
Ernst Mayr, What Evolution is (Basic Books, New York, 2001)
Richard Fortey, Life-A Natural History of the First Four Billion Years of Life on Earth (Vintage Books, New York, 1998)
Jared Diamond, The Rise and Fall of The Third Chimpanzee (Vintage, London, 1992)

Thursday, February 12, 2009

സമാനതകളില്ലാതെ ഡാര്‍വിന്‍

ചാള്‍സ്‌ ഡാര്‍വിന്‍ ജനിച്ചിട്ട്‌ ഇന്ന്‌ ഇരുന്നൂറ്‌ വര്‍ഷം തികയുന്നു. വിഖ്യാതമായ തന്റെ സമുദ്രപര്യടനത്തിനിടെ ജീവലോകത്തെ പരസ്‌പരബന്ധത്തെക്കുറിച്ച്‌ ഡാര്‍വിന്റെ മനസില്‍ പതിഞ്ഞ നേരിയ വെളിച്ചം, ഇപ്പോള്‍ ശാസ്‌ത്രലോകത്തെയാകെ നയിക്കുന്ന വെള്ളിവെളിച്ചമായി മാറിയിരിക്കുന്നു. സമാനതകളില്ലാത്ത ഒരു പ്രതിഭാസമാണ്‌ ഡാര്‍വിന്‍. എന്നിട്ടും ആ മഹാശാസ്‌ത്രജ്ഞനെയും അദ്ദേഹത്തിന്റെ സിദ്ധാന്തത്തെയും വിവാദം വിട്ടൊഴിയുന്നില്ല.

വലിയ സിദ്ധാന്തങ്ങള്‍ വലിയ വിവാദങ്ങള്‍ക്ക്‌ വഴിവെച്ചേക്കാമെന്ന കാര്യം ഏറ്റവും ശരിയാവുക ഒരുപക്ഷേ, ചാള്‍സ്‌ ഡാര്‍വിന്‍ ആവിഷ്‌ക്കരിച്ച പരിണാമസിദ്ധാന്തത്തിന്റെ കാര്യത്തിലാകും. ജീവലോകത്തിന്റെ അടിസ്ഥാനബന്ധത്തെപ്പറ്റി ആവിഷ്‌ക്കരിച്ച ആ സിദ്ധാന്തത്തെ, ഡാര്‍വിന്‍ ജനിച്ചിച്ച്‌ 200 വര്‍ഷം തികയുമ്പോഴും വിവാദം വിട്ടൊഴിഞ്ഞിട്ടില്ല. ഇന്നത്തെ നിലയ്‌ക്ക്‌ അത്‌ ഉടനെയൊന്നും കെട്ടടങ്ങുന്ന മട്ടുമില്ല. തനിക്ക്‌ 50 വയസ്സുള്ളപ്പോള്‍ ഡാര്‍വിന്‍ വെളിപ്പെടുത്തിയ ആ സിദ്ധാന്തം പക്ഷേ, എല്ലാ വിവാദങ്ങളെയും എതിര്‍പ്പുകളെയും അതിജീവിച്ച്‌ ശാസ്‌ത്രത്തിലെ ഏറ്റവും വലിയ ചാലകശക്തിയായി ഇന്ന്‌ മാറിയിരിക്കുന്നു എന്നതാണ്‌ വാസ്‌തവം. അതുകൊണ്ടാണ്‌ ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികവും പരിണാമസിദ്ധാന്തത്തിന്റെ നൂറ്റമ്പതാം വാര്‍ഷികവും ശാസ്‌ത്രലോകം അത്യുത്സാഹപൂര്‍വം ആഘോഷിക്കുന്നത്‌.

ഇരുന്നൂറ്‌ വര്‍ഷം മുമ്പ്‌ ഇതേ ദിവസമാണ്‌ (1809 ഫിബ്രവരി 12-ന്‌) ചാള്‍സ്‌ റോബര്‍ട്ട്‌ ഡാര്‍വിന്‍ ജനിച്ചത്‌; ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബറിയില്‍ ഒരു സമ്പന്ന കുടുംബത്തില്‍. (മറ്റൊരു യുഗസൃഷ്ടാവായ എബ്രഹാം ലിങ്കണ്‍ അത്‌ലാന്റിക്കിന്‌ മറുകരെ കെന്റക്കിയില്‍ ജനിച്ചതും ഇതേ ദിവസമാണ്‌). ഡോക്ടറായ റോബര്‍ട്ട്‌ ഡാര്‍വിന്‍ ആയിരുന്നു പിതാവ്‌. ഡാര്‍വിന്‌ വെറും എട്ടു വയസ്സുള്ളപ്പോള്‍ അമ്മ ജൊസിയ വെഡ്‌ജ്‌വുഡ്‌ മരിച്ചു. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്നായിരുന്നു റോബര്‍ട്ട്‌ ഡാര്‍വിന്റെ ആഗ്രഹം. മകന്‌ വിധി കരുതിവെച്ചത്‌ പക്ഷേ, പ്രകൃതിപഠനമായിരുന്നു; അതും നിയമപഠനവും വൈദികപഠനവും പരാജയപ്പെട്ടതിന്‌ ശേഷം.

ഡാര്‍വിന്‍ ജനിക്കുമ്പോള്‍ ലോകം വളരെ വ്യത്യസ്‌തമായിരുന്നു. ഭൂമിക്ക്‌ പ്രായം വെറും 6000 വര്‍ഷം മാത്രമെന്നായിരുന്നു ധാരണ. ആറ്റങ്ങളെ സംബന്ധിച്ച ആധുനികസിദ്ധാന്തത്തിന്‌ വെറും ആറ്‌ വയസ്സ്‌ മാത്രം പഴക്കം. പ്രകൃതി നിറയെ അത്ഭുതങ്ങളായിരുന്നു. ജീവലോകം ഏറ്റവും വലിയ അത്ഭുതം. എല്ലാറ്റിനും പിന്നില്‍ ഒരു അദൃശ്യശക്തിയുടെ സാന്നിധ്യമുണ്ടെന്നത്‌ കാലങ്ങളായുള്ള വിശ്വാസമായിരുന്നു. പ്രകൃതി മുഴുവന്‍ നിയന്ത്രിക്കപ്പെടുന്നത്‌ ദൈവത്തിന്റെ നിയമത്താലാണെന്നത്‌ അംഗീകൃത വസ്‌തുതയായി നിലകൊണ്ടു. കാലങ്ങളായുള്ള ആ വിശ്വാസപ്രമാണത്തെയാണ്‌ ഡാര്‍വിന്‌ വെല്ലുവിളിക്കേണ്ടിയിരുന്നത്‌. 1859-ല്‍ അദ്ദേഹം പ്രസിദ്ധീകരിച്ച 'ജീവജാതികളുടെ ഉത്ഭവം' എന്ന, ഇന്നും 'വിറ്റുതീരാത്ത' ഗ്രന്ഥത്തില്‍, ആ വെല്ലുവിളി അദ്ദേഹം ഉയര്‍ത്തി. 'പ്രകൃതിനിര്‍ധാരണ'ത്തെ അടിസ്ഥാനമാക്കിയുള്ള പരിണാമസിദ്ധാന്തമായിരുന്നു ആ വെല്ലുവിളി. പ്രകൃതി പ്രവര്‍ത്തിക്കുന്നത്‌ പ്രകൃതിയുടെ തന്നെ നിയമങ്ങളാലാണെന്നും അതിന്‌ അദൃശ്യശക്തിയുടെ പിന്‍ബലം വേണ്ടെന്നും ആ സിദ്ധാന്തം അടിവരയിട്ടുറപ്പിച്ചു.

ഒറ്റത്തവണയേ ഡാര്‍വിന്‍ ഇംഗ്ലണ്ടിന്‌ പുറത്ത്‌ പോയിട്ടുള്ളു. അത്‌ എച്ച്‌.എം.എസ്‌.ബീഗിള്‍ എന്ന കപ്പലില്‍ നടത്തിയ സമുദ്രയാത്രയാണ്‌. ശാസ്‌ത്രചരിത്രത്തിലെ ഏറ്റവും ഐതിഹാസികമായ പര്യടനം. 1831-ല്‍ തുടങ്ങി അഞ്ചുവര്‍ഷവും രണ്ട്‌ ദിവസവും നീണ്ട യാത്ര പര്യവസാനിക്കുമ്പോള്‍ ഡാര്‍വിന്റെ പക്കല്‍ 368 പേജ്‌ ജന്തുശാസ്‌ത്രകുറിപ്പുകളും 1383 പേജ്‌ ഭൗമശാസ്‌ത്രക്കുറിപ്പുകളും 770 പേജ്‌ നിറയുന്ന ഡയറിയും ഉണ്ടായിരുന്നു. ഒപ്പം ഭരണികളില്‍ ചാരായത്തില്‍ സൂക്ഷിച്ച 1529 ജീവികളും ഉണക്കി സൂക്ഷിച്ച 3907 സാമ്പിളുകളും ഫോസിലുകളുടെ വലിയൊരു ശേഖരവും (ഗാലപോഗസ്‌ ദ്വീപില്‍നിന്ന്‌ ജീവനോടെ കൊണ്ടുപോന്ന ആമ വേറെയും). ഒരായുഷ്‌ക്കാലത്തേക്ക്‌ വേണ്ട ഊര്‍ജ്ജവും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും ഉള്‍ക്കാഴ്‌ചയും, സര്‍വോപരി പ്രശസ്‌തിയും ഡാര്‍വിന്‌ നേടിക്കൊടുത്തത്‌ ആ കപ്പല്‍യാത്രയാണ്‌.

പരിണാമ സങ്കല്‍പ്പം ഡാര്‍വിന്റേതല്ല. പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്‌. ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന്‌ ശക്തമായ ശാസ്‌ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്‌. പരിണാമ പ്രക്രിയയ്‌ക്ക്‌ ചരിത്രത്തിലാദ്യമായി തൃപ്‌തികരമായ ഒരു ശാസ്‌ത്രീയ വിശദീകരണം നല്‍കിയത്‌ ഡാര്‍വിനാണ്‌. ശാസ്‌ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന്‌ നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ്‌ ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം. ജീവലോകത്തെ മുഴുവന്‍ നയിക്കുന്ന ചാലകശക്തിയാണ്‌ പ്രകൃതിനിര്‍ധാരണമെന്ന്‌ ഡാര്‍വിന്‍ തിരിച്ചറിഞ്ഞു.

എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച്‌ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌. അവയില്‍ ഗുണപരമായ മാറ്റങ്ങള്‍ തലമുറകളിലൂടെ സൂക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ്‌ പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന്‌ കാരണം. രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ ഒരു നിശ്ചിത പരിസ്ഥിതിക്ക്‌ ഏറ്റവും അനുഗുണമായവയ്‌ക്കാണ്‌ അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,്‌ ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച്‌ പുതിയ ജീവജാതികള്‍ (സ്‌പീഷിസുകള്‍) ആയി മാറുന്നു. ഇതാണ്‌ പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച്‌ പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്‌മജിവരൂപങ്ങളിലെത്തും. സൂക്ഷ്‌മരൂപങ്ങളില്‍ നിന്ന്‌ പരിണാമം പ്രാപിച്ചാണ്‌ ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.

ആധുനികശാസ്‌ത്രത്തിന്റെ ഒട്ടേറെ ശാഖകള്‍ക്ക്‌ ഇന്ന്‌ പരിണാമസിദ്ധാന്തത്തിന്റെ പിന്‍ബലത്തോടെയല്ലാതെ നിലനില്‍പ്പില്ല. ജീവശാസ്‌ത്രത്തിന്റെയും വൈദ്യശാസ്‌ത്രത്തിന്റെ സര്‍വകോണുകളിലും ഡാര്‍വിന്റെ സിദ്ധാന്തം സ്വാധീനം ചെലുത്തുന്നു. രാഷ്ട്രീയത്തിലും കലകളിലും എന്തിന്‌ സോഫ്‌ട്‌വേര്‍ നിര്‍മാണത്തില്‍പ്പോലും പരിണാമസിദ്ധാന്തം പ്രത്യക്ഷമായോ പരോക്ഷമായോ സ്വാധീനം ചെലുത്തുന്നു. എന്നിട്ടും ലോകത്ത്‌ പല രാജ്യങ്ങളിലും പരിണാമസിദ്ധാന്തത്തില്‍ വിശ്വസിക്കുന്നവരുടെ സംഖ്യ അവിശ്വസനിയമാംവിധം കുറവാണ്‌. അമേരിക്കയെ ഉദാഹരണമായെടുക്കാം. കഴിഞ്ഞ വര്‍ഷം നടത്തിയ ഒരു ഗാലപ്പ്‌ പോളില്‍ വെളിവായ വസ്‌തുത, 'ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍കൊണ്ട്‌ മനുഷ്യന്‍ ഇന്നത്തെ രൂപത്തില്‍ പരിണമിച്ചെന്ന്‌' വിശ്വസിക്കുന്നവരുടെ സംഖ്യ വെറും 14 ശതമാനം മാത്രമെന്നാണ്‌, 1982-ല്‍ ഇത്‌ ഒന്‍പത്‌ ശതമാനമായിരുന്നു.

പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതെ രാജ്യങ്ങള്‍ക്കനുസരിച്ച്‌ വ്യത്യസ്‌തപ്പെടുന്നു എന്നാണ്‌ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. അമേരിക്കയില്‍ സ്ഥിതി മോശമാണെങ്കില്‍, ഐസ്‌ലന്‍ഡ്‌, ഡെന്‍മാര്‍ക്ക്‌, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പരിണാമസിദ്ധാന്തത്തിന്‌ വന്‍സ്വീകാര്യതയാണുള്ളത്‌. ദൈവത്തിലുള്ള വിശ്വാസവും പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യതയും തമ്മിലുള്ള ബന്ധത്തെപ്പറ്റി സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും കാലിഫോര്‍ണിയയില്‍ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസ്‌റ്റായ ഫില്‍ സുക്കെര്‍മാനും നടത്തിയ പഠനം സൂചിപ്പിക്കുന്നത്‌, അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളിലാണ്‌ ഡാര്‍വിന്റെ സിദ്ധാന്തത്തിന്‌ സ്വീകാര്യത കുറവെന്നാണ്‌. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്‌, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന്‌ പഠനം സൂചിപ്പിക്കുന്നു.

ഇതൊന്നും പക്ഷേ, ഡാര്‍വിനെ ആഘോഷിക്കുന്നതില്‍നിന്ന്‌ ശാസ്‌ത്രലോകത്തെ തടയുന്നില്ല. ബ്രിട്ടനില്‍ മാത്രം 300 ഇടങ്ങളിലാണ്‌ ഡാര്‍വിന്റെ ജന്‍മവാര്‍ഷികം ആഘോഷിക്കുക. ഡാര്‍വിന്റെ ജന്മസ്ഥലമായ ഷ്രൂസ്‌ബറിയില്‍ ഒരുമാസത്തെ ആഘോഷമാണ്‌ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. ബ്രിട്ടനില്‍ മാത്രമല്ല, ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ ഡാര്‍വിന്‍ അനുസ്‌മരിക്കപ്പെടുന്നു. ഏതാനും ആഴ്‌ചകളായി ലോകത്തെ പ്രമുഖ പ്രസിദ്ധീകരണങ്ങളിലെയെല്ലാം പ്രമുഖ വ്യക്തി ഡാര്‍വിനാണ്‌. പരിണാമത്തെ സംബന്ധിച്ച രണ്ടാം ലോകഉച്ചകോടി ആഗസ്‌തില്‍ ഗാലപോഗസ്‌ ദ്വീപില്‍ നടക്കും. ഓസ്‌ട്രോലിയ ഡാര്‍വിന്റെ ഓര്‍മയ്‌ക്കായി ഒരു വെള്ളിനാണയം പുറത്തിറക്കും. കേരളത്തിലും വിവിധ ഗ്രൂപ്പുകള്‍ ഡാര്‍വിന്റെ വാര്‍ഷികം ആഘോഷിക്കുന്നുണ്ട്‌. ഗലീലിയോ ടെലസ്‌കോപ്‌ ഉപയോഗിച്ച്‌ വാനനിരീക്ഷണം നടത്തിയതിന്റെ നാനൂറാംവാര്‍ഷികം കൂടിയാണിത്‌. ഡാര്‍വിന്റെയും ഗലീലിയോയുടെയും വാര്‍ഷികങ്ങള്‍ ഒരുമിച്ചു വരുന്ന 2009-നെ 'ശാസ്‌ത്രവര്‍ഷ'മായി പ്രഖ്യാപിച്ചിരിക്കുകയാണ്‌ കേരള ശാസ്‌ത്രസാഹിത്യ പരിഷത്ത്‌ (ഇതു കാണുക). കേരളത്തിലുടനീളം ആയിരക്കണക്കിന്‌ ശാസ്‌ത്രക്ലാസുകളും പ്രചാരണപരിപാടികളുമാണ്‌ ശാസ്‌ത്രവര്‍ഷം പ്രമാണിച്ച്‌ പരിഷത്ത്‌ സംഘടിപ്പിക്കുക.

അനുബന്ധം

1. 'ബീഗിളി'ല്‍ ക്യാപ്‌ടന്‍ റോബര്‍ട്ട്‌ ഫിറ്റ്‌സ്‌റോയിയുടെ 'പ്രാതല്‍പങ്കാളി'യായിരുന്നു ഡാര്‍വിന്‍. അഞ്ച്‌ വര്‍ഷം നീണ്ട്‌ ആ സമുദ്രപര്യടനത്തില്‍ ഉള്‍പ്പെട്ടിരുന്നില്ലെങ്കില്‍, മണ്ണിരകളില്‍ അതീവതാത്‌പര്യമുള്ള ഒരു ഗ്രാമീണവൈദികനായി ഒതുങ്ങേണ്ട ജീവിതമായിരുന്നു ഡാര്‍വിന്റേത്‌. എന്നാല്‍, ഇന്നാണ്‌ ഡാര്‍വിന്‍ ജീവിച്ചിരുന്നതെങ്കില്‍ അദ്ദേഹം എന്താകുമായിരുന്നു? ഡാര്‍വിന്റെ പേരക്കിടാവിന്റെ പേരക്കിടാങ്ങളായ 72 പേരില്‍പ്പെട്ട റൂത്ത്‌ പാഡലിന്റെ അഭിപ്രായത്തില്‍, ഡി.എന്‍.എ.യും പ്രതിരോധസംവിധാനവുമാകുമായിരുന്നു ഇന്നുണ്ടായിരുന്നെങ്കില്‍ ഡാര്‍വിന്റെ ഇഷ്ടമേഖലകള്‍.

2. ബീഗിള്‍ യാത്രയ്‌ക്കിടെ ഒട്ടേറെ പുതിയ ജീവികളെ ഡാര്‍വിന്‍ കണ്ടെത്തുകയുണ്ടായി. പുതിയതായി കണ്ടെത്തിയ ഡോള്‍ഫിന്‍ ഇനത്തിന്‌, ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയിയുടെ ബഹുമാനാര്‍ഥം ''ഡോള്‍ഫിനസ്‌ ഫിറ്റ്‌സ്‌റോയി' (Dolphinus
fitzroyi) എന്നാണ്‌ പേരിട്ടട്ടത്‌. തെക്കേയമേരിക്കയില്‍നിന്ന്‌ 27 ഇനം എലികളുടെ സാമ്പിള്‍ ഡാര്‍വിന്‍ ശേഖരിച്ചു. അതില്‍ ശാസ്‌ത്രത്തിന്‌ പുതിയതായ ഒരിനത്തിന്റെ ശാസ്‌ത്രീയനാമം 'മുസ്‌ ഡാര്‍വിനി' (Mus darwinii)എന്നാണ്‌.

3. ബീഗിള്‍ യാത്ര തുടങ്ങുമ്പോള്‍ പ്രകൃതിശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക്‌ ഡാര്‍വിന്‍ ചെറുപ്പക്കാരനായ ഒരു തുടക്കക്കാരന്‍ മാത്രമായിരുന്നു. അതുകൊണ്ടുതന്നെ പര്യടനത്തിനിടെ താന്‍ കണ്ടെത്തിയ ജീവിവര്‍ഗങ്ങളെ ശരിയായി തിരിച്ചറിയാനോ ഫോസിലുകളെക്കുറിച്ച്‌ വേണ്ടത്ര വിവരം സ്വയം ആര്‍ജിക്കാനോ ആവശ്യമായ വൈദഗ്‌ധ്യം അദ്ദേഹത്തിനുണ്ടായിരുന്നില്ല. 1936 ഒക്ടോബറില്‍ ഇംഗ്ലണ്ടില്‍ മടങ്ങിയെത്തിയ ശേഷം, താന്‍ കൊണ്ടുവന്ന സാമ്പിളുകളെ തിരിച്ചറിയാന്‍ വിദഗ്‌ധരുടെ സഹായം ഡാര്‍വിന്‍ തേടി. പക്ഷിയിനങ്ങളെ തിരിച്ചറിയാന്‍ ജോണ്‍ ഗൗള്‍ഡ്‌ എന്ന പക്ഷിശാസ്‌ത്രജ്ഞന്റെയും, സസ്‌തനികളുടെ ഫോസിലുകളുടെ കാര്യത്തില്‍ റിച്ചാര്‍ഡ്‌ ഒവെന്‍ എന്ന വിദഗ്‌ധന്റെയും, ഇഴജന്തുക്കളുടെ സാമ്പിളുകള്‍ തിരിച്ചറിയാന്‍ തോമസ്‌ ബെല്‍ എന്ന ജന്തുശാസ്‌ത്രജ്ഞന്റെയും സഹായമാണ്‌ അദ്ദേഹം തേടിയത്‌.

4. 1882 ഏപ്രില്‍ 19-നാണ്‌ ഡാര്‍വിന്‍ അന്തരിച്ചത്‌. മധ്യഇംഗ്ലണ്ടില്‍ കാണപ്പെടുന്ന ഒരിനം ചിപ്പിയെക്കുറിച്ച്‌ മരിക്കുന്നതിന്‌ രണ്ടാഴ്‌ച മുമ്പ്‌ അദ്ദേഹം ചെറിയൊരു പ്രബന്ധം രചിച്ചു. ഡാര്‍വിന്റെ അവസാനത്തെ രചനയായിരുന്നു അത്‌. ചെരിപ്പുനിര്‍മാതാവും അമേച്വര്‍ നാച്ചുറലിസ്റ്റുമായ വാള്‍ട്ടര്‍ ഡ്രാബ്രിഡ്‌ജ്‌ ക്രിക്ക്‌ എന്ന ചെറുപ്പക്കാരനാണ്‌ ആ ചിപ്പി സാമ്പിള്‍ ഡാര്‍വിന്‌ അയച്ചുകൊടുത്തത്‌. ആ ചെരിപ്പുനിര്‍മാതാവിന്‌ ഒരു മകനുണ്ടായി ഹാരി ക്രിക്ക്‌. ഹാരിയുടെ മകനായ ഫ്രാന്‍സിസ്‌ ക്രിക്കും അമേരിക്കക്കാരനായ ജയിംസ്‌ വാട്‌സണും ചേര്‍ന്നാണ്‌ 1953-ല്‍ ഡി.എന്‍.എ. ഘടന കണ്ടെത്തിയത്‌. പരിണാമത്തെക്കുറിച്ച്‌ ഡാര്‍വിന്‍ പറഞ്ഞതെല്ലാം ശരിയാണെന്ന്‌ ശാസ്‌ത്രലോകത്തിന്‌ ബോധ്യപ്പെടുത്തിക്കൊടുത്തത്‌ ആ കണ്ടെത്തലായിരുന്നു!

(അവലംബം: Beyond the Orgin (Nature, Nov.20, 2008); Evolution-Unfinished Business(The Economist, Feb.5, 2009); On Darwin's 200th, a theory still in controversy, Gregory Katz (Associated Press, Feb.8, 2009); Darwin's Living Legacy-Evolutionary Theory 150 Years Later, Gary Stix (Scientific American, Dec.15, 2008); All of science owes debt to Darwin, David Perlman (San Francisco Chronicle, Feb.8, 2009); Darwin's First Clues, David Quammen (National Geographic, Feb.2009); Modern Darwins, Matt Ridley (National Geographic, Feb.2009); ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം -കുറിഞ്ഞി ഓണ്‍ലൈന്‍).

Thursday, September 18, 2008

ഡാര്‍വിന്റെ സിദ്ധാന്തം പഠിപ്പിക്കാന്‍ ചര്‍ച്ച്‌

'സാഹിത്യവാരഫല'ത്തില്‍ പ്രൊഫ. എം.കൃഷ്‌ണന്‍ നായര്‍ ഒരിക്കല്‍ എഴുതിയ കഥയാണ്‌-
ഒരിക്കല്‍ ഭര്‍ത്താവ്‌ പ്രതീക്ഷിക്കാത്ത സമയത്ത്‌ വീട്ടില്‍ വന്നപ്പോള്‍ തന്റെ ഭാര്യയെ അവിടുത്ത ബിഷപ്പിനൊപ്പം അരുതാത്ത രീതിയില്‍ കണ്ടു. ഭാര്യ ഭയന്നു, ഭര്‍ത്താവ്‌ എങ്ങനെയാവും പ്രതികരിക്കുക. പക്ഷേ, ഭര്‍ത്താവിന്റെ ഭാഗത്തുനിന്ന്‌ കാര്യമായ പ്രതികരണമൊന്നും ഉണ്ടായില്ല. കുറെ കഴിഞ്ഞപ്പോള്‍ റോഡിനഭിമുഖമായുള്ള ജനാലയ്‌ക്കല്‍ നിന്നുകൊണ്ട്‌ ഭര്‍ത്താവ്‌ റോഡിലൂടെ പോകുന്നവരെ അനുഗ്രഹിക്കുന്നത്‌ കണ്ടു. തന്റെ നടപ്പുദോഷം കൊണ്ട്‌ പാവം ഭര്‍ത്താവിന്റെ സമനില നഷ്ടപ്പെട്ടു എന്ന്‌ പേടിച്ച ഭാര്യ ചോദിച്ചു, `നിങ്ങള്‍ എന്താണ്‌ മനുഷ്യാ ഈ കാട്ടുന്നത്‌`. ഭര്‍ത്താവിന്റെ മറുപടി ഇതായിരുന്നു-`ഞാന്‍ ചെയ്യേണ്ട പണി ബിഷപ്പു ചെയ്യുന്നതുകൊണ്ട്‌, അങ്ങോള്‍ ചെയ്യേണ്ട ജോലി ഞാന്‍ ചെയ്യുകയാണ്‌`!

ആരും സ്വന്തം നില മറക്കരുത്‌, അക്കാര്യം ഓര്‍മിപ്പിക്കുന്നതാണ്‌ ഈ കഥ. ഇതുമായി ചേര്‍ത്ത്‌ വായിക്കാവുന്ന ഒരു സംഭവവികാസം ഇപ്പോള്‍ ബ്രിട്ടനില്‍ ഉണ്ടായിരിക്കുന്നു. ലോകത്തെ ഏറ്റവും ആദരണീയമായ ശാസ്‌ത്രസംഘടനയാണ്‌ ബ്രിട്ടീഷ്‌ റോയല്‍ സൊസൈറ്റി. ശാസ്‌ത്രീയാവബോധം (scientific temper)പ്രചരിപ്പിക്കാന്‍ വേണ്ടി 300 വര്‍ഷമായി പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കുന്ന സംവിധാനം. അസ്‌ട്രോണമിസ്‌റ്റ്‌ മാര്‍ട്ടിന്‍ റീസിനെപ്പോലെ ഒരു പ്രതിഭാശാലി പ്രസിഡന്റായിരിക്കുന്ന വേളയില്‍ റോയല്‍ സൊസൈറ്റി, ചാള്‍സ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിനൊപ്പം സൃഷ്ടിവാദം കൂടി ക്ലാസ്‌മുറികളില്‍ പഠിപ്പിക്കണമെന്ന്‌ നിര്‍ദേശിച്ചാലോ? തികച്ചും ശാസ്‌ത്രീയ അടിത്തറയില്‍ കെട്ടിപ്പെടുത്തിരിക്കുന്ന പരിണാമസിദ്ധാന്തത്തിന്‌ വേണ്ടി നിലകൊള്ളേണ്ട (ഇത്രകാലവും നിലകൊണ്ട) റോയല്‍ സൊസൈറ്റി അതിന്റെ നിലമറന്നാല്‍ എന്താണ്‌ സംഭവിക്കുക?

തുടക്കത്തില്‍ പറഞ്ഞ കഥയിലെ കാര്യം ഇവിടെയും സംഭവിച്ചിരിക്കുന്നു. സഭ ചെയ്യേണ്ട പണി റോയല്‍ സൊസൈറ്റി ചെയ്യുന്നതുകൊണ്ട്‌, റോയല്‍ സൊസൈറ്റി ചെയ്യേണ്ട കര്‍ത്തവ്യവുമായി സഭ രംഗത്ത്‌ എത്തിയിരിക്കുന്നു. ചര്‍ച്ച്‌ ഓഫ്‌ ഇംഗ്ലണ്ടാണ്‌ ഡാര്‍വിന്റെ സിദ്ധാന്തത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയിരിക്കുന്നത്‌. ശാസ്‌ത്രം പഠിപ്പിക്കുന്നിടത്ത്‌ സൃഷ്ടിവാദത്തിന്‌ ഒരു സ്ഥാനവുമില്ല എന്ന്‌ ചര്‍ച്ച്‌ അഭിപ്രായപ്പെട്ടു. ബൈബിളിനെ പദാനുപദം വ്യാഖ്യാനിക്കാനുള്ള വലതുപക്ഷ ഇവാഞ്ചലിക്കല്‍ ഗ്രൂപ്പുകളുടെ (അമേരിക്കയിലും സൃഷ്ടിവാദവും ബൗദ്ധീകരൂപകല്‍പ്പനാവാദവും പഠിപ്പിക്കാന്‍ സമ്മര്‍ദം ചെലുത്തുന്ന്‌ യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ കൂടി ഭാഗമായ വലതുപക്ഷ ഇവാഞ്ചലിസ്റ്റുകളാണെന്ന്‌ ഓര്‍ക്കുക) ശ്രമം, സഭയെക്കുറിച്ച്‌ തെറ്റായ ധാരണ പരത്താന്‍ ഇടയാക്കും എന്നാണ്‌ ചര്‍ച്ച്‌ അഭിപ്രായപ്പെട്ടത്‌. മാത്രമല്ല, ഡാര്‍വിന്റെ പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ ഒരു വെബ്‌സൈറ്റ്‌ ആരംഭിക്കാനും ചര്‍ച്ച്‌ പദ്ധതിയിടുകയാണ്‌! `ശാസ്‌ത്രീയ അടിത്തറയുള്ള ഒന്നായി സൃഷ്ടിവാദം പഠിപ്പിക്കാന്‍ പാടില്ല. ഓരോ കാലത്തും ശാസ്‌ത്രീയ ആശയങ്ങള്‍ ഉടലെടുത്തതു സംബന്ധിച്ച ചര്‍ച്ചകളില്‍ വേണമെങ്കില്‍ സൃഷ്ടിവാദവും പെടുത്താം. അല്ലെങ്കില്‍ മതപഠന ക്ലാസുകളില്‍ അത്‌ പഠിപ്പിക്കാം`-ചര്‍ച്ച്‌ അഭിപ്രായപ്പെടുന്നു.

ബ്രിട്ടനിലെ ശാസ്‌ത്രസമൂഹം നടുക്കത്തോടെയാണ്‌ റോയല്‍ സൊസൈറ്റിയുടെ ശുപാര്‍ശ ശ്രവിച്ചത്‌. ലോകത്തെവിടെയും മതമൗലികവാദികള്‍ മുമ്പെങ്ങുമില്ലാത്ത വിധം ശക്തിയും സ്വാധീനവും പ്രാപിച്ചു വരുന്ന ഈ വേളയില്‍, റോയല്‍ സൊസൈറ്റിയെപ്പോലെ അങ്ങേയറ്റം ആദരണീയമായ ഒരു സംഘടന ഇത്തരമൊരു ആശയം മുന്നോട്ടു വെച്ചത്‌ വിശ്വസിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്‌ പലരും. `അടുത്തെന്താവും ബയോളജി ക്ലാസില്‍ പഠിപ്പിക്കേണ്ടി വരിക, ആദാമിന്റെ വാരിയെല്ലിനെക്കുറിച്ചാകുമോ?`ഒരു ജീവശാസ്‌ത്രജ്ഞന്റെ പ്രതികരണം ഇതായിരുന്നു. ഇത്തരമൊരു സംഗതി നടപ്പിലായാല്‍, എല്ലാത്തരം പിന്തിരിപ്പന്‍ വാദങ്ങളും വ്യാജസിദ്ധാന്തങ്ങളും കരിക്കുലത്തിന്റെ ഭാഗമാക്കി മാറ്റേണ്ടി വരില്ലേ എന്നാണ്‌ പലരും ചോദിക്കുന്നത്‌.

സൃഷ്ടിവാദത്തിന്‌ ബയോളജിക്ലാസുകളില്‍ ഒരു സ്ഥാനവുമില്ല എന്ന്‌ തുറന്ന കത്തിലൂടെ പ്രഖ്യാപിച്ച്‌ ഒരുവര്‍ഷം തികയുംമുമ്പ്‌, നിലപാട്‌ മാറ്റാന്‍ എന്താണ്‌ റോയല്‍ സൊസൈറ്റിയെ പ്രേരിപ്പിച്ചതെന്ന്‌ വ്യക്തമല്ല. റോയല്‍ സൊസൈറ്റിയില്‍ വിദ്യാഭ്യാസ വിഭാഗത്തിന്റെ മേധാവിയും ബയോളജിസ്‌റ്റുമായ പ്രൊഫ. മൈക്കല്‍ റീസാണ്‌ സൃഷ്ടിവാദം കൂടി ക്ലാസ്‌മുറികളില്‍ പഠിപ്പിക്കണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത്‌. രണ്ട്‌ നോബല്‍ ജേതാക്കളടക്കം ഒട്ടേറെ റോയല്‍ സൊസൈറ്റി ഫെലോകള്‍ അദ്ദേഹത്തെ പുറത്താക്കണമെന്ന്‌ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ പ്രൊഫ. റീസ്‌ രാജി വെയ്‌ക്കാന്‍ നിര്‍ബന്ധിതനായെങ്കിലും, സൃഷ്ടിവാദം സംബന്ധിച്ച നിര്‍ദ്ദേശം റോയല്‍ സൊസൈറ്റി ഇപ്പോഴും അംഗീകരിക്കുന്നു. ആദ്യം എല്ലാവരും കരുതിയത്‌ അത്‌ പ്രൊഫ. റീസിന്റെ വ്യക്തിപരമായ അഭിപ്രായം എന്നാണ്‌. എന്നാല്‍, പിന്നീടാണ്‌ വ്യക്തമായത്‌ റോയല്‍ സൊസൈറ്റിയുടെ അഭിപ്രായമാണ്‌ പ്രൊഫി. റീസ്‌ പ്രകടിപ്പിച്ചതെന്ന്‌. ശാസ്‌ത്രവും മതവും തമ്മിലുള്ള ആശയവിനിമയം ശക്തിപ്പെടുത്താന്‍ പ്രവര്‍ത്തിക്കുന്ന ഒരു യാഥാസ്ഥിതിക അമേരിക്കന്‍ സ്ഥാപനവുമായി വര്‍ധിച്ചു വരുന്ന വ്യാപാരബന്ധമാണ്‌ റോയല്‍ സൊസൈറ്റിയുടെ നിലപാട്‌ മാറ്റത്തിന്‌ പിന്നിലെന്ന്‌ സംശയിക്കുന്നവരുമുണ്ട്‌.

ശാസ്‌ത്രീയ അടിത്തറയില്‍ പരിണാമസിദ്ധാന്തത്തിന്റെ മേല്‍ക്കോയ്‌മ നിലനിര്‍ത്തിക്കൊണ്ടു തന്നെ, 'നിയമപരമായ' ഒരു ലോകവീക്ഷണം എന്ന നിലയ്‌ക്ക്‌ സൃഷ്ടിവാദം അംഗീകരിക്കണമെന്നേ വാദിക്കുന്നുള്ളു എന്ന്‌ റോയല്‍ സൊസൈറ്റി പറയുന്നു. ഇതു രണ്ടും ക്ലാസ്‌മുറിയില്‍ വിശദീകരിക്കാനും, പരിണാമസിദ്ധാന്തത്തിനാണ്‌ ശാസ്‌ത്രീയ അടിത്തറയുള്ളത്‌ എന്ന്‌ കാട്ടിക്കൊടുക്കാനും അധ്യാപകര്‍ക്ക്‌ അവസരമുണ്ടാകണം എന്നും സൊസൈറ്റി വാദിക്കുന്നു. സൃഷ്ടിവാദത്തിന്‌ നിയമസാധുത ഉണ്ടാക്കിക്കൊടുക്കുക റോയല്‍ സൊസൈറ്റിയുടെ പണിയാണോ എന്നതാണ്‌ ചോദ്യം. ഇവാഞ്ചലിസ്‌റ്റുകളുടെ ജോലി റോയല്‍ സൊസൈറ്റി ഏറ്റെടുക്കേണ്ടതുണ്ടോ?
(2008 സപ്‌തംബര്‍ 18-ന്‌ The Hindu -വില്‍ ഹസന്‍ സുരൂര്‍ എഴുതിയ 'Out of London' എന്ന കോളമാണ്‌ ഈ കുറിപ്പിന്‌ ആധാരം)

കാണുക: ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം

Thursday, July 24, 2008

പരിണാമശാസ്‌ത്രത്തിലെ അഴിയാക്കുരുക്കിന്‌ വിശദീകരണം

ഫ്‌ളാറ്റ്‌ഫിഷ്‌ എന്നറിയപ്പെടുന്ന വിചിത്രമത്സ്യത്തിന്റെ ഇരുനേത്രങ്ങളും എങ്ങനെ അതിന്റെ ശിരസിന്റെ ഒരു വശത്ത്‌ സ്ഥാപിക്കപ്പെട്ടു. ഈ ചോദ്യത്തിന്‌ ഉത്തരം നല്‍കാന്‍ പരിണാമശാസ്‌ത്രത്തിന്‌ കഴിഞ്ഞിരുന്നില്ല. അദൃശ്യശക്തിയുടെ ഇടപെടലിന്‌ ഉദാഹരണമായി ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍ ഫ്‌ളാറ്റ്‌ഫിഷുകളെ എടുത്തുകാട്ടി. എന്നാല്‍, ഈ പ്രശ്‌നത്തിന്‌ ഫോസിലുകള്‍ വ്യക്തമായ വിശദീകരണം നല്‍കിയിരിക്കുന്നു. പ്രകൃതിനിര്‍ധാരണത്തിന്റെ ഫലമായി ക്രമേണയുണ്ടായ മാറ്റമാണ്‌, ഫ്‌ളാറ്റിഫിഷുകളുടെ കണ്ണുകളെ ശിരസിന്റെ ഒരേവശത്ത്‌ എത്തിച്ചതെന്നാണ്‌ കണ്ടെത്തല്‍.
പ്രകൃതിയിലെ വിചിത്രസൃഷ്ടികളാണ്‌ ഫ്‌ളാറ്റ്‌ഫിഷുകള്‍ (flatfishes) എന്നറിയപ്പെടുന്ന മത്സ്യങ്ങള്‍. വളര്‍ച്ചയെത്തിയ ഫ്‌ളാറ്റ്‌ഫിഷുകളുടെ ഇരുനേത്രങ്ങളും ശിരസിന്റെ ഒരുവശത്താണ്‌ സ്ഥിതിചെയ്യുന്നത്‌. എന്താണിതിന്‌ കാരണം. പരിണാമത്തില്‍ ഏത്‌ ഘടകമാണ്‌, ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക്‌ ഈ വികടരൂപഘടന നല്‍കിയത്‌? ചാള്‍സ്‌ ഡാര്‍വിനെപ്പോലും വിഷമിപ്പിച്ച ചോദ്യമാണിത്‌. ശാസ്‌ത്രത്തിന്‌ വിശദീകരണം നല്‍കാന്‍ കഴിയാത്തിടത്ത്‌, മറ്റ്‌ ചിലര്‍ എത്തും. ഫ്‌ളാറ്റ്‌ഫിഷുകളുടെ കാര്യത്തിലും അത്‌ സംഭവിച്ചു. അദൃശ്യമായ ഒരു ശക്തിയാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളുടെ പ്രത്യേകതയ്‌ക്ക്‌ പിന്നിലെന്ന്‌ വാദിച്ച്‌, സൃഷ്ടിവാദക്കാരുടെ പുതിയ വകഭേദമായ 'ബൗദ്ധീകരൂപകല്‍പ്പനാവാദികള്‍' എത്തി.


അത്തരം തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇപ്പോള്‍ അന്ത്യമാകുന്നു. നൂറ്റാണ്ടിലേറെയായി യൂറോപ്യന്‍ മ്യൂസിയങ്ങളില്‍ മറഞ്ഞുകിടന്ന ചില മത്സ്യഫോസിലുകളെ ആധുനിക പരിശോധന സംവിധാനമുപയോഗിച്ചു പഠിച്ച ഗവേഷകര്‍ ഈ പ്രശ്‌നത്തിന്‌ വ്യക്തമായ വിശദീകരണം നല്‍കിയിരിക്കുകയാണ്‌. ജീവപരിണാമത്തിന്റെ അടിസ്ഥാനമായി ഡാര്‍വിന്‍ മുന്നോട്ടുവെച്ച പ്രകൃതിനിര്‍ധാരണം (natural selection) തന്നെയാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളുടെ ഈ വിചിത്രഘടനയ്‌ക്കു പിന്നിലുമുള്ളതെന്നാണ്‌ അവര്‍ കണ്ടെത്തിയിരിക്കുന്നത്‌. അതിജീവനത്തിന്‌ അനുയോജ്യമായ തരത്തില്‍ ഇവയുടെ കണ്ണുകള്‍ ശിരസ്സിന്റെ ഒരേവശത്തേക്ക്‌ ക്രമേണ എത്തുകയായിരുന്നുവത്രേ.


ശുദ്ധജലത്തിലും ലവണജലത്തിലും വസിക്കുന്ന ഫ്‌ളാറ്റ്‌ഫിഷുകളുടെ അഞ്ഞൂറിലേറെ ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്‌. അസാധാരണമാംവിധം പരന്ന ശരീരഘടനയുള്ള ഇവയുടെയെല്ലാം രണ്ടു കണ്ണുകളും ശിരസിന്റെ ഒരേവശത്താണ്‌. ചില കുടുംബങ്ങളുടെ കണ്ണുകള്‍ തലയുടെ വലതുവശത്താണെങ്കില്‍, മറ്റ്‌ കുടുംബങ്ങളില്‍ അവ ഇടതുവശത്താണ്‌. യഥാര്‍ഥത്തില്‍ ചെറുപ്പത്തില്‍, ഇവയുടെ ഇരുകണ്ണുകളും തലയുടെ ഇരുവശത്തുമാണ്‌ സ്ഥിതിചെയ്യുന്നത്‌. വളരുന്തോറും കണ്ണുകളില്‍ ഒരെണ്ണം മുകളിലേക്ക്‌ സ്ഥാനംമാറാന്‍ ആരംഭിക്കും. പ്രായപൂര്‍ത്തിയാകുമ്പോള്‍, ഇരുകണ്ണുകളും തലയുടെ ഒരേവശത്ത്‌ അടുത്തടുത്ത സ്ഥാനങ്ങളില്‍ എത്തുന്നു. വെള്ളത്തിനടിയില്‍ തറയില്‍ പതിഞ്ഞു കിടക്കാനും, ചുറ്റുമുള്ള കാര്യങ്ങള്‍ ഇരുകണ്ണുകളും ഉപയോഗിച്ച്‌ നിരീക്ഷിക്കാനും ഇത്‌ ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക്‌ അവസരമൊരുക്കുന്നുഇത്തരത്തിലൊരു വിഘടഘടന ഫ്‌ളാറ്റ്‌ഫിഷുകള്‍ക്ക്‌ ലഭിക്കുന്നത്‌ എങ്ങനെ എന്നത്‌ നൂറ്റാണ്ടുകളായി ശാസ്‌ത്രലോകത്തെ അലട്ടുന്ന പ്രശ്‌നമാണ്‌. പരിണാമം വഴിയാണ്‌ ഇത്‌ സംഭവിച്ചതെങ്കില്‍, മധ്യവര്‍ത്തിയായ മത്സ്യങ്ങളുടെ ഫോസിലുകള്‍ ലഭിക്കേണ്ടതാണ്‌. ഇത്രകാലവും അത്തരം ഫോസിലുകള്‍ ആരുടെയും ശ്രദ്ധയില്‍ പെട്ടിട്ടില്ല. ആ നിലയ്‌ക്ക്‌ ഡാര്‍വിനു പോലും ഈ പ്രതിഭാസം ശരിക്കു വിശദീകരിക്കാന്‍ ആയില്ല. പെട്ടന്നുണ്ടായ ജനിതകമാറ്റമാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളില്‍ കാണുന്നതെന്ന്‌, 1930-കളില്‍ റോബര്‍ട്ട്‌ ഗോള്‍ഡ്‌ഷിമിഡ്‌ത്‌ എന്ന ജനിതകശാസ്‌ത്രജ്ഞന്‍ വിശദീകരിച്ചു. എന്നാല്‍, അത്‌ സൃഷ്ടിവാദികള്‍ ആയുധമാക്കി. പെട്ടന്ന്‌ അത്തരമൊരു മാറ്റമുണ്ടായെങ്കില്‍ അതിന്‌ പിന്നില്‍ ഒരു അദൃശ്യശക്തിയുണ്ടാവണമെന്ന്‌ അവര്‍ വാദിച്ചു.


എന്നാലിപ്പോള്‍, വിയന്നയിലെ നാച്ച്വറല്‍ ഹിസ്‌റ്ററി മ്യൂസിയത്തില്‍നിന്ന്‌, ഷിക്കാഗോ സര്‍വകലാശാലയിലെ മാറ്റ്‌ ഫ്രീഡ്‌മാന്‍ കണ്ടെടുത്ത പ്രാചീന ഫോസിലുകളാണ്‌ ഈ പ്രശ്‌നത്തിന്‌ വിശദീകരണം നല്‍കിയിരിക്കുന്നത്‌. 'ഇയോസീന്‍' (Eocene) യുഗത്തില്‍ (അഞ്ചുകോടി വര്‍ഷം മുമ്പുള്ളത്‌) ജീവിച്ചിരുന്ന രണ്ടിനം ഫ്‌ളാറ്റ്‌ഫിഷുകളുടെ ഫോസിലുകളാണ്‌ ഫ്രീഡ്‌മാന്‍ പഠനത്തിനുപയോഗിച്ചത്‌. വടക്കന്‍ ഇറ്റലിയില്‍നിന്ന്‌ ലഭിച്ചവയാണ്‌ അവ. 'ഹെറ്റെറോനെക്ടസ്‌'(Heteronectes) എന്ന്‌ പുതിയതായി പേര്‌ നല്‍കപ്പെട്ട ഫോസിലും, 'ആംഫിസ്റ്റിയം'(Amphistium) എന്ന്‌ പേരുള്ള ഫോസിലുമാണ്‌ താരതമ്യം ചെയ്‌തത്‌. നൂറുവര്‍ഷത്തിലേറെയായി ഈ ഫോസില്‍ തെറ്റായി ക്ലാസിഫൈ ചെയ്‌തിരിക്കുകയായിരുന്നു. രണ്ട്‌ ഫോസിലുകളും പ്രായപൂര്‍ത്തിയായ മത്സ്യങ്ങളുടേതാണ്‌.

സി.എ.ടി.സ്‌കാനിങ്‌, രാസമാര്‍ഗങ്ങള്‍ എന്നിങ്ങനെ വിവിധ സങ്കേതങ്ങളിലൂടെ ഈ ഫോസിലുകളെ പഠിച്ചപ്പോള്‍, രണ്ടിനങ്ങളും ഫ്‌ളാറ്റ്‌ഫിഷുകളുടെ പ്രാചീനരൂപങ്ങളാണെന്നു വ്യക്തമായി. മാത്രമല്ല ഹെറ്റെറോനെക്ടസ്‌ ഇനത്തിന്റെയും അംഫിസ്റ്റിയം ഇനത്തിന്റെയും ശിരസുകളുടെ ഇരുവശത്തും ഓരോ കണ്ണുകള്‍ വീതം ഉള്ളതായും കണ്ടു (ചിത്രം-1, ചിത്രം-2). ആധുനിക ഫ്‌ളാറ്റ്‌ഫിഷുകളില്‍ കാണപ്പെടുന്ന വിഘനരൂപഘടന പൂര്‍ണമായ തരത്തില്‍ ഈ പ്രാചീനയിനങ്ങളില്‍ കാണപ്പെട്ടില്ല (കണ്ണുകള്‍ രണ്ടും ശിരസിന്റെ ഒരേ വശത്ത്‌ എത്തിയിട്ടില്ല). ആധുനിക ഫ്‌ളാറ്റ്‌ഫിഷുകള്‍ക്കും അവയുടെ പൂര്‍വികര്‍ക്കും ഇടയ്‌ക്കുള്ള കണ്ണികളാണ്‌ ഈ പ്രാചീനയിനങ്ങള്‍ എന്നുസാരം.
ഏതോ അജ്ഞാതശക്തിയുടെ ഇടപെടല്‍ മൂലം, അല്ലെങ്കില്‍ ജനിതകവ്യതികരണം മൂലം പെട്ടന്ന്‌ പ്രത്യക്ഷപ്പെട്ടതാണ്‌ ഫ്‌ളാറ്റ്‌ഫിഷുകളിലെ വിഘടനഘടന എന്ന സങ്കല്‍പ്പം നിരാകരിക്കുന്നു പുതിയ കണ്ടെത്തല്‍. മാത്രമല്ല, ആംഫിസ്റ്റിയംഇനത്തിലെ ചില മത്സ്യങ്ങളില്‍ ഇടതുവശത്തെ കണ്ണാണ്‌ മുകളിലേക്ക്‌ നീങ്ങിയിരിക്കുന്നതായി കാണപ്പെടുന്നതെങ്കില്‍, മറ്റു ചിലതിലെ വലുകണ്ണിനാണ്‌ സ്ഥാനചലനം. ഫോസിലുകളിലൊന്നിന്റെ വയറ്റില്‍ അത്‌ വിഴുങ്ങിയ മത്സ്യത്തിന്റെ ഫോസിലും ഉണ്ടായിരുന്നു. പതുങ്ങിയിരുന്ന്‌ മറ്റ്‌ മത്സ്യങ്ങളെ പിടിച്ച്‌ അകത്താക്കുന്ന സ്വഭാവക്കാരായിരുന്നു ഇവയെന്ന്‌ ഇക്കാര്യം സൂചന നല്‍കുന്നു. 'കണ്ണുകളിലൊന്നിന്റെ ചെറിയൊരു സ്ഥാനവ്യതിയാനം പോലും, അതിജീവനത്തിന്‌ കൂടുതല്‍ അനുകൂലമായിരുന്നിരിക്കാ'മെന്ന്‌ ഫ്രീഡ്‌മാന്‍ അനുമാനിക്കുന്നു. (അവലംബം: നേച്ചര്‍ ഗവേഷണ വാരിക, ഷിക്കാഗോ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്ററിന്റെ വാര്‍ത്താക്കുറിപ്പ്‌).

Sunday, May 06, 2007

ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം

പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ എന്തുകൊണ്ട്‌ ഡാര്‍വിന്‍ വൈകി? ഇരുപതോളം വര്‍ഷം എന്തുകൊണ്ട്‌ ആ സിദ്ധാന്തം ലോകത്തിന്‌ മുന്നില്‍ നിന്ന്‌ മറച്ചുവെച്ചു? ഡാര്‍വിന്‍ ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ; സഭയെ, സ്വന്തം ഭാര്യയെ? പക്ഷേ, അത്തരം വാദഗതികളെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്‌ പുതിയൊരു ഗവേഷണം പറയുന്നു. യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്‍ ആരെയും ഭയപ്പെട്ടിരുന്നില്ല, 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം പല കാരണങ്ങളാല്‍ വൈകി എന്നു മാത്രമേ പറയാനാകൂ. ഈ ബ്ലോഗിലെ നൂറാമത്തെ പോസ്‌റ്റ്‌

ജിപ്‌തുകാരിയായ ക്ലിയോപാട്രയുടെ മൂക്കിന്റെ നീളം അല്‍പ്പം കുറഞ്ഞിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു എന്നു പറയാറുണ്ട്‌. ഇതിന്‌ സമാനമായൊരു സംഗതി ശാസ്‌ത്രചരിത്രത്തിലുണ്ട്‌. ചാള്‍സ്‌ ഡാര്‍വിന്റെ മൂക്കിന്റെ ആകൃതി മറ്റൊന്നായിരുന്നെങ്കില്‍, ശാസ്‌ത്രത്തിന്റെ ഗതി മാറുമായിരുന്നു എന്നതാണത്‌. 'എച്ച്‌.എം.എസ്‌.ബീഗിള്‍'(H.M.S. Beagle) എന്ന കപ്പലിന്റെ ക്യാപ്‌ടനായ റോബര്‍ട്ട്‌ ഫിറ്റ്‌സ്‌റോയ്‌, തെക്കേയമേരിക്കന്‍ സമുദ്രയാത്രയില്‍ തന്റെ സഹചാരിയായി ഡാര്‍വിനെ നിശ്ചയിക്കാന്‍ ഒരു കാരണം ഡാര്‍വിന്റെ മൂക്കിന്റെ ആകൃതിയായിരുന്നത്രേ! നീളമേറിയ മൂക്ക്‌ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെയും കുലീനതയുടെയും ചിഹ്നമായി ആ കപ്പിത്താന്‍ വിലയിരുത്തി.

അഞ്ചുവര്‍ഷവും രണ്ടു ദിവസവും നീണ്ട വിഖ്യാതമായ 'ബീഗിള്‍യാത്ര'യാണ്‌ ഒരായുഷ്‌ക്കാലത്തേക്ക്‌ വേണ്ട ഊര്‍ജ്ജവും ഉള്‍ക്കാഴ്‌ചയും ആശയങ്ങളും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും, സര്‍വോപരി പ്രശസ്‌തിയും ഡാര്‍വിന്‌ നേടിക്കൊടുത്തത്‌. 1831-ല്‍ ആരംഭിച്ച ആ യാത്ര സംഭവിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, മണ്ണിരകളില്‍ സജീവ താത്‌പര്യമുള്ള ഒരു ഗ്രാമീണവൈദികനായി ഒടുങ്ങേണ്ട ജീവിതമായിരുന്നു ഡാര്‍വിന്റേത്‌. ഡാര്‍വിനെ ഡാര്‍വിനാക്കിയത്‌ 'ബീഗിള്‍യാത്ര'യായിരുന്നു എന്നു സാരം. ആ യാത്രയ്‌ക്കു ശേഷം ജീവിതത്തിലൊരിക്കലും അദ്ദേഹം ഇംഗ്ലണ്ടിന്‌ പുറത്ത്‌ പോയിട്ടുമില്ല.

ബീഗിളില്‍ തെക്കേയമേരിക്കന്‍ യാത്ര കഴിഞ്ഞ്‌ 1836-ല്‍ തിരിച്ചെത്തിയ തനിക്ക്‌, ജീവപരിണാമത്തിന്റെ ശാസ്‌ത്രീയ അടിത്തറ കുടികൊള്ളുന്നത്‌ 'പ്രകൃതിനിര്‍ധാരണ'(Natural Selection) ത്തിലാണെന്ന ഉള്‍ക്കാഴ്‌ച പിറ്റേ വര്‍ഷം തന്നെയുണ്ടായി എന്ന്‌ ഡാര്‍വിന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. പരിണാമസിദ്ധാന്തത്തിന്റെ 35-പേജ്‌ വരുന്ന രൂപരേഖ 1842 ആയപ്പോഴേക്കും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. അത്‌ 1844-ഓടെ 189 പേജുള്ള സ്‌കെച്ചാക്കി രൂപപ്പെടുത്തിയെങ്കിലും, 'ജീവജാതികളുടെ ഉത്ഭവം' എന്ന പുസ്‌തകം അദ്ദേഹം പ്രസിദ്ധീകരിക്കുന്നതും പരിണാമസിദ്ധാന്തം ലോകത്തിന്‌ മുന്നിലെത്തുന്നതും 1859-ല്‍ മാത്രമാണ്‌ ; അതും സമാനമായ കണ്ടെത്തലുമായി ആല്‍ഫ്രഡ്‌ റസ്സല്‍ വാലസ്‌ രംഗത്തെത്തിയപ്പോള്‍ മാത്രം.

വൈകിച്ചു എന്നത്‌ വെറും മിത്ത്‌
1837-ല്‍ തനിക്ക്‌ ബോധ്യപ്പെട്ട വസ്‌തുത, 1844-ല്‍ അതിന്റെ അരലക്ഷം വാക്കുകളുള്ള സ്‌കെച്ച്‌ തയ്യാറായിട്ടും, പ്രസിദ്ധീകരിക്കാന്‍ 1859 വരെ ഡാര്‍വിന്‍ കാത്തതെന്തുകൊണ്ട്‌? അദ്ദേഹം ഭയപ്പെട്ടിരുന്നോ. ചില പരമ്പരാഗത വിശദീകരണങ്ങള്‍ അങ്ങനെ പറയുന്നു. സഭയുടെ എതിര്‍പ്പ്‌ ഭയന്നായിരുന്നു തന്റെ കണ്ടെത്തല്‍ അദ്ദേഹം പ്രസിദ്ധീകരിക്കാതെ വെച്ചത്‌ എന്നതാണ്‌ ഒരു വിശദീകരണം. കടുത്ത മതവിശ്വാസിയായ ഭാര്യ എമ്മ വേദനിക്കും എന്നു കരുതി പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം മനപ്പൂര്‍വം നീട്ടിവെച്ചു എന്നു വാദിക്കുന്നവരുണ്ട്‌. സിദ്ധാന്തം രൂപപ്പെടുത്തുന്ന വേളയില്‍ ജീവശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക്‌ ഡാര്‍വിന്‍ പ്രശസ്‌തനായിരുന്നില്ല. ഭൗമശാസ്‌ത്രജ്ഞനായിട്ടാണ്‌ അന്ന്‌ അദ്ദേഹത്തിന്റെ ഖ്യാതി. ആ നിലയ്‌ക്ക്‌ 1844-ല്‍ പ്രസിദ്ധീകരിച്ചാല്‍ പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യത കുറയും എന്ന്‌ ഡാര്‍വിന്‍ കണക്കുകൂട്ടി എന്ന്‌ വാദിക്കുന്ന ചരിത്രകാരന്‍മാരും ഉണ്ട്‌. ജീവശാസ്‌ത്രജ്ഞനെന്ന നിലയ്‌ക്കു താന്‍ സ്വീകാര്യനായ ശേഷം മതി പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ എന്ന്‌ ഡാര്‍വിന്‍ കരുതിയിരിക്കണം എന്നവര്‍ പറയുന്നു.

എന്നാല്‍, ഇതൊക്കെ വെറും മിത്തുകളാണത്രേ. പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം വൈകിയതിന്‌ പിന്നില്‍ മേല്‍പ്പറഞ്ഞതില്‍ അവസാനത്തേത്‌ ഒരു കാരണമായി കരുതാമെങ്കിലും, മറ്റുള്ളവ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്‌ പുതിയൊരു ഗവേഷണം സൂചിപ്പിക്കുന്നു. കഠിനാധ്വാനിയായിരുന്നു ഡാര്‍വിന്‍. ഏതെങ്കിലുമൊരു ജോലി തുടങ്ങിയാല്‍, എത്ര സമയമെടുത്തിട്ടാണെങ്കിലും അതിന്റെ എല്ലാ തെളിവുകളും വിശദാംശങ്ങളും സമാഹരിച്ചു പ്രസിദ്ധീകരിക്കുകയെന്നത്‌ ഡാര്‍വിന്റെ രീതിയായിരുന്നു. ചെയ്‌തുതീര്‍ക്കാന്‍ നിശ്ചയിച്ച മറ്റ്‌ ചില ദൗത്യങ്ങളില്‍ വ്യാപൃതനായതിനാലും, രോഗപീഡകളാലും 'ജീവജാതികളുടെ ഉത്ഭവ'ത്തിന്റെ പ്രസിദ്ധീകരണം വൈകുകയായിരുന്നു എന്നാണ്‌, കേംബ്രിഡ്‌ജിലെ ശാസ്‌ത്രചരിത്ര ഗവേഷകനായ ഡോ.ജോണ്‍ വാന്‍ വൈഹെ എത്തിയിരിക്കുന്ന നിഗമനം. സൂക്ഷ്‌മ പരിശോധനക്ക്‌ ഇതുവരെ അധികമാര്‍ക്കും ലഭ്യമാകാത്ത, ഡാര്‍വിന്റെ കുറിപ്പുകളും എഴുത്തുകളും മറ്റ്‌ സ്വകാര്യരേഖകളും പരിശോധിച്ചാണ്‌ ഡോ. വൈഹെ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്‌.

'ജീവജാതികളുടെ ഉത്ഭവം' പ്രസിദ്ധീകരിച്ചിട്ട്‌ 2009-ല്‍ ഒന്നരനൂറ്റാണ്ട്‌ തികയുകയാണ്‌. ഈ സാഹചര്യത്തില്‍ ഇത്തരമൊരു കണ്ടെത്തല്‍ കൗതുകമുണര്‍ത്തുന്നു. മാത്രമല്ല, ഡാര്‍വിന്റെ ജീവിതവും രീതികളും പുനപ്പരിശോധിക്കാനും, അദ്ദേഹം മുന്നോട്ടുവെച്ച ശാസ്‌ത്രസത്യങ്ങള്‍ ഇന്നും എത്ര പ്രസക്തമായി നിലകൊള്ളുന്നു എന്ന്‌ അവലോകനം ചെയ്യാനും, ശാസ്‌ത്രത്തിന്‌ നേരെയുള്ള വെല്ലുവിളികളുടെ മൂര്‍ത്തരൂപമായി എന്തുകൊണ്ട്‌ പരിണാമസിദ്ധാന്തം മാറിയെന്ന കാര്യം ചര്‍ച്ചചെയ്യാനുമൊക്കെയുള്ള അവസരമൊരുക്കുന്നു പുതിയ നിഗമനം. പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം 'മുടങ്ങിയ വര്‍ഷങ്ങളില്‍'(1844-1859) കത്തുകളിലോ ഡയറിക്കുറിപ്പുകളിലോ ഒരിടത്തും, മനപ്പൂര്‍വ്വമുള്ള വൈകിക്കലിനെക്കുറിച്ച്‌ ഒരു പരാമര്‍ശം പോലും ഡാര്‍വിന്റേതായി ഇല്ല എന്നാണ്‌ ഡോ.വൈഹെ കണ്ടെത്തിയിരിക്കുന്നത്‌. ഡാര്‍വിന്റെ കുറിപ്പുകള്‍ പരിശോധിക്കാന്‍ കാര്യമായ അവസരം കിട്ടാത്ത ആദ്യകാല ചരിത്രകാരന്‍മാരുടെ ഊഹം മാത്രമാണ്‌, ഭയം മൂലം ഡാര്‍വിന്‍ മനപ്പൂര്‍വ്വം പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം വൈകിച്ചു എന്നതത്രേ. അതങ്ങനെ സംഭവിച്ചു പോയി എന്നു മാത്രമേ പറയാനാകൂ എന്ന്‌ ഡോ.വൈഹെ വാദിക്കുന്നു.

ശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആശയം
പരിണാമ സങ്കല്‍പ്പം ഡാര്‍വിന്റേതല്ല. പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്‌. ജീവജാതികള്‍ക്കു വ്യത്യാസവും വൈവിധ്യവും ഉണ്ടാകുന്നതിനെപ്പറ്റി ഫ്രാന്‍സിസ്‌ ബേക്കണ്‍ (1561-1626) ശ്രദ്ധേയമായ ചില ചര്‍ച്ചകള്‍ 1620-ല്‍ നടത്തിയിരുന്നു. ഗോട്ട്‌ഫ്രൈഡ്‌ വില്‍ഹെം ലൈബനിസ്‌ (1646-1716) ആ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോയി. പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച്‌ ഗവേഷകനായ കോംറ്റെ ജോര്‍ജസ്‌ ലൂയിസ്‌ ബഫോ (1707-1788), ഭൂമുഖത്ത്‌ വ്യത്യസ്‌ത പ്രദേശങ്ങളില്‍ വ്യത്യസ്‌ത ജീവജാതികള്‍ രൂപപ്പെടുന്നതിന്റെ സാമ്യതയില്‍ അത്ഭുതം കൊണ്ടു. അതേ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പരിണാമത്തെപ്പറ്റി ചില നൂതനാശയങ്ങള്‍ മുന്നോട്ടു വെച്ചത്‌ ചാള്‍സ്‌ ഡാര്‍വിന്റെ മുത്തച്ഛനായ ഇറാസ്‌മസ്‌ ഡാര്‍വിന്‍ (1731-1802) ആയിരുന്നു. പരിണാമവും ആര്‍ജിതഗുണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ജീന്‍ ബാപ്‌റ്റിസ്റ്റെ ലാമാര്‍ക്ക്‌ (1744-1829) തന്റെ നിഗമനങ്ങള്‍ അവതരിപ്പിക്കുന്നത്‌ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌.

ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന്‌ ശക്തമായ ശാസ്‌ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്‌. പരിണാമ പ്രക്രിയയ്‌ക്ക്‌ ചരിത്രത്തിലാദ്യമായി തൃപ്‌തികരമായ ഒരു ശാസ്‌ത്രീയ വിശദീകരണം നല്‍കിയത്‌ ഡാര്‍വിനാണ്‌. ശാസ്‌ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന്‌ നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ്‌ ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം. ജീവലോകത്തെ മുഴുവന്‍ നയിക്കുന്ന ചാലകശക്തിയാണ്‌ പ്രകൃതിനിര്‍ധാരണമെന്ന്‌ ഡാര്‍വിന്‍ തിരിച്ചറിഞ്ഞു. "അനുകൂല വ്യതിയാനങ്ങള്‍, രൂപഭേദങ്ങള്‍ എന്നിവയുടെ സംരക്ഷിക്കലിനെയും, അപകടകരമായവയുടെ നശീകരണത്തെയും ഞാന്‍ പ്രകൃതിനിര്‍ധാരണം അഥവാ അര്‍ഹരായവരുടെ അതിജീവനം എന്നു വിളിക്കുന്നു"-'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിലെ ഡാര്‍വിന്റെ ഈ പ്രസ്‌താവന ഒരു സംശയത്തിനും ഇട നല്‍കുന്നില്ല.

എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച്‌ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌. അവയില്‍ ഗുണപരമായവ തലമുറകളിലൂടെ സൂക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ്‌ പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന്‌ കാരണം. ഒരു നിശ്ചിത പരിസ്ഥിതിക്ക്‌ ഏറ്റവും അനുഗുണമായവയ്‌ക്കാണ്‌ (രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ) അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,്‌ ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച്‌ പുതിയ ജീവജാതികള്‍ (സ്‌പീഷിസുകള്‍) ആയി മാറുന്നു. ഇതാണ്‌ പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച്‌ പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്‌മജിവരൂപങ്ങളിലെത്തും. സൂക്ഷ്‌മരൂപങ്ങളില്‍ നിന്ന്‌ പരിണാമം പ്രാപിച്ചാണ്‌ ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.

'ബീഗിള്‍' എന്ന ചരിത്രയാനം
ചരിത്രഗതിയില്‍ ശരിയായ സമയത്ത്‌, ശരിയായ സ്ഥാനത്ത്‌ എത്താന്‍ കഴിഞ്ഞ ഭാഗ്യവാന്‍ എന്നാണ്‌ ഡാര്‍വിനെ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്‌. പക്ഷേ, അതുമാത്രമായിരുന്നില്ല, കഠിനാധ്വാനവും സൂക്ഷ്‌മനിരീക്ഷണവും ഡാര്‍വിനെ ഡാര്‍വിനാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1809 ഫിബ്രവരി 12-ന്‌ ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബറിയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ്‌ ചാള്‍സ്‌ റോബര്‍ട്ട്‌ ഡാര്‍വിന്റെ ജനനം (അത്‌ലാന്റിക്കിന്‌ മറുകരയില്‍ കെന്റക്കിയില്‍ എബ്രഹാം ലിങ്കണ്‍ ജനിച്ചതും ഇതേ ദിവസമാണ്‌). ഡോക്ടറായ റോബര്‍ട്ട്‌ ഡാര്‍വിന്‍ ആയിരുന്നു പിതാവ്‌. ഡാര്‍വിന്‌ വെറും എട്ടു വയസ്സുള്ളപ്പോള്‍ അമ്മ ജൊസിയ വെഡ്‌ജ്‌വുഡ്‌ മരിച്ചു. പക്ഷേ, അമ്മ വഴി ലഭിച്ച പൂര്‍വികസ്വത്ത്‌, ജീവിതത്തിലൊരിക്കലും വരുമാനത്തെക്കുറിച്ച്‌ വ്യാകുലപ്പെടാതെ തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ഡാര്‍വിന്‌ തുണയായി. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്നായിരുന്നു റോബര്‍ട്ട്‌ ഡാര്‍വിന്റെ ആഗ്രഹം. മകന്‌ വിധി കരുതിവെച്ചത്‌ പക്ഷേ, പ്രകൃതിപഠനമായിരുന്നു; അതും നിയമപഠനവും വൈദികപഠനവും പരാജയപ്പെട്ടതിന്‌ ശേഷം.

'ബീഗിള്‍യാത്ര'യായിരുന്നു ഡാര്‍വിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്‌. തേക്കെയമേരിക്കയുടെ ഭൂപടനിര്‍മാണത്തിനായി പ്ലാന്‍ചെയ്‌ത 'ബീഗിള്‍ദൗത്യ'ത്തില്‍ ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയി (1805-1865)യുടെ പ്രകൃതിശാസ്‌ത്രജ്ഞനായ കൂട്ടുകാരനാകാന്‍ കഴിഞ്ഞതാണ്‌ ഡാര്‍വിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടത്‌. 1831-ല്‍ യാത്രയാരംഭിക്കുമ്പോള്‍ ഫിറ്റ്‌സ്‌റോയിക്ക്‌ പ്രായം ഇരുപത്തിമൂന്ന്‌, ഡാര്‍വിന്‌ ഇരുപത്തിരണ്ടും. ഡാര്‍വിന്റെ നീണ്ട മൂക്കുപോലെ, ഫിറ്റ്‌സ്‌റോയിയുടെ പല പരിഗണനകളില്‍ ഒന്ന്‌ ഡാര്‍വിന്‍ ദൈവശാസ്‌ത്രം പഠിച്ചിട്ടുണ്ട്‌ എന്ന വസ്‌തുതയായിരുന്നു. ഭൂപടനിര്‍മാണമായിരുന്നു ബീഗിള്‍ ദൗത്യത്തിന്റെ ഔദ്യോഗിക ലക്ഷ്യമെങ്കിലും, ബൈബിളില്‍ പറയുന്ന സൃഷ്ടിസങ്കല്‍പ്പത്തിന്‌ ശാസ്‌ത്രീയ തെളിവു കണ്ടെത്തുകയെന്നത്‌ ക്യാപ്‌റ്റന്‍ ഫിറ്റ്‌സ്‌റോയിയുടെ സ്വാകാര്യ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. അതിന്‌, ദൈവശാസ്‌ത്രം അഭ്യസിച്ചിട്ടുള്ള പ്രകൃതിശാസ്‌ത്രജ്ഞനായ ഡാര്‍വിന്‍ അനുയോജ്യനാണെന്ന്‌ ക്യാപ്‌ടന്‍ തീര്‍ച്ചയായും കണക്കുകൂട്ടിയിരിക്കണം. ആ യാത്രയില്‍ കണ്ടതൊന്നും പക്ഷേ, സൃഷ്ടിസങ്കല്‍പ്പത്തിലേക്കല്ല ഡാര്‍വിനെ അടുപ്പിച്ചതെന്നു മാത്രം.

യാത്ര വിജയമായിരുന്നു. ജീവിതകാലം മുഴുവന്‍ പ്രകൃതിപഠനം തുടരാന്‍ വേണ്ട ഊര്‍ജം ആ യാത്രയില്‍ നിന്ന്‌ ഡാര്‍വിന്‌ ലഭിച്ചു. ഫോസിലുകളുടെ വലിയൊരു ശേഖരം അദ്ദേഹത്തിന്‌ സ്വന്തമായി. ചിലിയില്‍ വെച്ച്‌ ഒരു വന്‍ ഭൂകമ്പം നേരിട്ടു കാണാനുള്ള അവസരവും ലഭിച്ചു. അങ്ങനെ, ഭൗമപ്രക്രിയയുടെ നിഗൂഢതയ്‌ക്ക്‌ അദ്ദേഹം നേരിട്ടു സാക്ഷിയായി. പുതിയൊരു ഡോള്‍ഫിന്‍ വര്‍ഗ്ഗത്തെ ആ യാത്രിയില്‍ ഡാര്‍വിന്‍ തിരിച്ചറിഞ്ഞു. അതിന്റെ ശാസ്‌ത്രീയനാമം കൗതുകമുണര്‍ത്തുന്നതാണ്‌- 'ഡോള്‍ഫിനസ്‌ ഫിറ്റ്‌സ്‌റോയി' (Dolphinus fitzroyi). ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയിക്ക്‌ സന്തോഷമായിക്കാണും തീര്‍ച്ച. ആന്‍ഡിസ്‌ പര്‍വതമേഖലയുടെ വിശദമായ ഭൗമപഠനത്തിനുള്ള അവസരവും യാത്രക്കിടെ ഡാര്‍വിന്‌ ലഭിച്ചു. പില്‍ക്കാലത്ത്‌ പരിണാമ സിദ്ധാന്തത്തിന്റെ സാധൂകരണത്തിനായി മുന്നോട്ടു വെയ്‌ക്കാനുള്ള സുപ്രധാന തെളിവുകളുമായി ഗാലപഗോസ്‌ ദ്വീപുകള്‍ ഡാര്‍വിനെ കാത്തുകിടക്കുകയായിരുന്നു. തിരികെ ഇംഗ്ലണ്ടിലെത്തിയ ഡാര്‍വിന്‍, ഭൂകമ്പം പോലുള്ള ഭൗമപ്രതിഭാസങ്ങള്‍ നേരിട്ടു കണ്ടതിന്റെ ആവേശത്തിലും, ചാള്‍സ്‌ ലൈല്‍(1797-1875) പോലുള്ളവരുടെ സ്വാധീനത്താലും ഭൗമശാസ്‌ത്രത്തിലാണ്‌ ആദ്യം ശ്രദ്ധയൂന്നിയത്‌.

മാല്‍ത്തൂസ്‌ നല്‍കിയ ഉള്‍ക്കാഴ്‌ച
'ബീഗിള്‍ യാത്ര'യെക്കുറിച്ച്‌ ഡാര്‍വിന്‍ രചിച്ച വിശദമായ വിവരണങ്ങള്‍ എഴുത്തുകാരനെന്ന നിലയ്‌ക്ക്‌ അദ്ദേഹത്തെ പെട്ടന്ന്‌ പ്രശസ്‌തനാക്കി. യാത്രകഴിഞ്ഞ്‌ തിരികെയെത്തിയ ഡാര്‍വിന്‌ വിവിധ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ച പിറ്റേവര്‍ഷം തന്നെ ലഭിച്ചെങ്കിലും, കാര്യങ്ങള്‍ക്ക്‌ വ്യക്തത ലഭിക്കുന്നത്‌ 1838-ലാണ്‌. തോമസ്‌ മാല്‍ത്തൂസ്‌ (1766-1834) പേരുവെയ്‌ക്കാതെ 1798-ല്‍ പ്രസിദ്ധീകരിച്ച 'എസ്സെ ഓണ്‍ ദ പ്രിന്‍സിപ്പിള്‍ ഓഫ്‌ പോപ്പുലേഷന്‍' എന്ന ലേഖനം വായിച്ചതാണ്‌ ഡാര്‍വിന്‌ കാര്യങ്ങള്‍ എളുപ്പമാക്കിയത്‌. മനുഷ്യനുള്‍പ്പടെയുള്ള ഏത്‌ ജീവിവര്‍ഗ്ഗത്തിന്റെ കാര്യത്തിലും ഭക്ഷണലഭ്യതയും ജനസംഖ്യയും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നാണ്‌ മാല്‍ത്തൂസ്‌ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്‌. ഭക്ഷണലഭ്യതയ്‌ക്കനുസരിച്ച്‌ ജനസംഖ്യ പരിമിതപ്പെടുത്താന്‍ പ്രകൃതി തന്നെ ശ്രമിക്കും. 'പ്രകൃതിനിര്‍ധാരണ'ത്തെ സംബന്ധിച്ച്‌ വ്യക്തത ലഭിക്കാന്‍ ഡാര്‍വിന്‌ ഇതു സഹായകമായി.

പരിണാമസിദ്ധാന്തത്തിന്റെ 189 പേജുള്ള സ്‌കെച്ച്‌ ഡാര്‍വിന്‍ 1944-ല്‍ പൂര്‍ത്തിയാക്കിയ കാര്യം അറിയാവുന്ന രണ്ട്‌ പ്രശസ്‌തരുണ്ടായിരുന്നു; ഭൗമശാസ്‌ത്രജ്ഞന്‍ ചാള്‍സ്‌ ലൈലും (പ്രകൃതിനിര്‍ധാരണത്തെ അദ്ദേഹം പൂര്‍ണമായി പിന്തുണച്ചിരുന്നില്ല എന്നത്‌ വേറെ കാര്യം), പ്രകൃതിശാസ്‌ത്രജ്ഞനായ ജോസഫ്‌ ഹൂക്കറും(1817-1911). ഇരുവരും ഡാര്‍വിന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു. ഹൂക്കര്‍ക്ക്‌ ഡാര്‍വിന്റെ സ്‌കെച്ച്‌ വായിക്കാനും കഴിഞ്ഞു. പിന്നീട്‌ പക്ഷേ, പരിണാമസിദ്ധാന്തം വികസിപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ ഡാര്‍വിന്‍ ഒരു തിടുക്കവും കാട്ടിയില്ല. അടിയന്തര പ്രാധാന്യമെന്ന്‌ തോന്നിയ മറ്റു കാര്യങ്ങളില്‍ വ്യാപൃതനായി; പതിനഞ്ചു വര്‍ഷക്കാലം. പത്തുകുട്ടികള്‍ക്ക്‌ അതിനിടെ ജന്മം നല്‍കി. നീണ്ടു നിന്ന രോഗപീഡ അദ്ദേഹത്തെ വലച്ചു (രോഗം എന്തായിരുന്നു എന്നത്‌ ഇന്നും വ്യക്തമല്ല. ബീഗിള്‍ യാത്രക്കിടെ ഉഷ്‌ണമേഖലാപ്രദേശത്തുവെച്ച്‌ ഏതോ പ്രാണി കടിച്ചതിന്റെ ഫലമായി ഉണ്ടായ 'ചഗാസസ്‌ രോഗം'(Chagas's disease) ആയിരുന്നു അതെന്നും, അതല്ല വെറും മാനിസകപ്രശ്‌നമായിരുന്നു ഡാര്‍വിന്റേതെന്നും വാദമുണ്ട്‌). ചികിത്സയ്‌ക്ക്‌ സുദീര്‍ഘമായ സമയങ്ങള്‍ അദ്ദേഹം ചെലവിട്ടു.

പ്രകൃതിശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക്‌ അംഗീകാരം നേടാന്‍ ഡാര്‍വിന്‍ ശ്രമം തുടങ്ങുന്നത്‌ 1846-ലാണ്‌, ബീഗിള്‍യാത്ര കഴിഞ്ഞെത്തി പത്തുവര്‍ഷത്തിന്‌ ശേഷം. തെക്കേയമേരിക്കയില്‍ നിന്ന്‌ താന്‍ ശേഖരിച്ച സാമ്പിളുകളുടെ സഹായത്തോടെ, കല്ലുമ്മേല്‍കായകളെക്കുറിച്ച്‌ വിശദമായ പഠനം അദ്ദേഹം തുടങ്ങി. എട്ടുവര്‍ഷം കൊണ്ട്‌ മൂന്നു വാല്യങ്ങളിലായി പുറത്തുവന്ന ഒരു ക്ലാസിക്കല്‍ ഗ്രന്ഥമായിരുന്നു ആ പഠനത്തിന്റെ ഫലം. നാച്ചുറലിസ്റ്റ്‌ എന്ന നിലയ്‌ക്ക്‌ അല്‍പ്പം പോലും അറിയപ്പെടാത്ത ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, 1854-ല്‍ പുറത്തു വന്ന ആ ഗ്രന്ഥത്രയം വന്‍നേട്ടം തന്നെയായിരുന്നു. ആ പഠനത്തിന്‌ റോയല്‍ സൊസൈറ്റി ഡാര്‍വിന്‌ 'റോയല്‍ മെഡല്‍' സമ്മാനിച്ചു. ഒരു നാച്ചുറലിസ്‌റ്റിന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമായിരുന്നു അത്‌.

പരിണാമസിദ്ധാന്തം പുറത്തുവന്നത്‌
1854 മുതല്‍ പരിണാമസിദ്ധാന്തം അവതരിപ്പിക്കാനുള്ള ക്ഷമാപൂവമായ ഒരുക്കങ്ങള്‍ താന്‍ ആരംഭിച്ചതായി ആത്മകഥയില്‍ ഡാര്‍വിന്‍ രേഖപ്പെടുത്തുന്നു. അതിനായി തന്റെ പഴയ കുറിപ്പുകള്‍ മുഴുവന്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യാനാരംഭിച്ചു. തെളിവുകള്‍ സമാഹരിക്കാന്‍ തുടങ്ങി. ആര്‍ക്കും നിഷേധിക്കാനാവാത്ത തരത്തില്‍ അത്രയും വിപുലമായ തെളിവുകളോടെ പരിണാമസിദ്ധാന്തം അവതരിപ്പിക്കാനാണ്‌ ഡാര്‍വിന്‍ ഉദ്ദേശിച്ചത്‌. പക്ഷേ, കാലം നിശ്ചയിച്ചത്‌ മറ്റൊന്നായിരുന്നു. 1858 ജൂണ്‍ 18-ന്‌ ഡാര്‍വിന്‍ താമസിക്കുന്ന ഡോണ്‍ ഹൗസിലെത്തിയ ഒരു തപ്പാല്‍പാക്കേജ്‌ കാര്യങ്ങളെയാകെ കീഴ്‌മേല്‍ മറിച്ചു. മലായ്‌ ദ്വീപസമൂഹത്തില്‍ പ്രകൃതിപഠനം നടത്തുകയായിരുന്ന ആല്‍ഫ്രഡ്‌ റസ്സല്‍ വാലസ്‌ എന്ന യുവഗവേഷകന്റെ ഒരു ലേഖനവും, അതെക്കുറിച്ച്‌ ഡാര്‍വിന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കത്തുമായിരുന്നു ആ തപ്പാല്‍പാക്കേജിലുണ്ടായിരുന്നത്‌.

ഡാര്‍വിന്റെ അഭ്യുദയകാംക്ഷിയും ആരാധകനുമായിരുന്നു വാലസ്‌. ലേഖനം വായിച്ച ഡാര്‍വിന്‍ നടുങ്ങി. ജീവപരിണാമത്തെക്കുറിച്ച്‌ താന്‍ എന്താണോ രണ്ട്‌ പതിറ്റാണ്ടു മുമ്പ്‌ കണ്ടെത്തിയത്‌ അതേ കാര്യത്തില്‍ (പ്രകൃതിനിര്‍ധാരണമെന്ന അടിസ്ഥാനപ്രമാണം) ആണ്‌ വാലസും എത്തിച്ചേര്‍ന്നിരിക്കുന്നത്‌! ഡാര്‍വിന്‍ ഈ പ്രശ്‌നം ഉടന്‍ തന്നെ ചാള്‍സ്‌ ലൈലിന്റെയും ജോസഫ്‌ ഹൂക്കറുടെയും മുന്നില്‍ അവതരിപ്പിച്ചു. വാലസിന്റെ ലേഖനവും ഡാര്‍വിന്റെ കണ്ടെത്തലും ചേര്‍ത്ത്‌ ഒരു സംയുക്ത പ്രബന്ധം ആ ജൂലായ്‌ ഒന്നിന്‌ ലിനിയന്‍ സൊസൈറ്റിയില്‍ ഒരുപിടി സ്രോതാക്കളുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഡാര്‍വിന്‍ ഹാജരായിരുന്നില്ല. ആരിലും ആ പ്രബന്ധം പ്രത്യേകിച്ചൊരു താത്‌പര്യവും അന്ന്‌ ഉണര്‍ത്തിയില്ല.

'ജീവജാതികളുടെ ഉത്ഭവ'ത്തിന്റെ പ്രസിദ്ധീകരണം ഇനി നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ ഡാര്‍വിന്‌ ബോധ്യമായി. സുഹൃത്തുക്കളും അക്കാര്യം പിന്തുണച്ചു. അങ്ങനെ, 1859 നവംബര്‍ 24-ന്‌ 'On the Origin of Species by Means of Natural Selection, or the Preservation of favoured races in the struggle for life' എന്ന ഗ്രന്ഥം പുറത്തുവന്നു. ലണ്ടനിലെ ജോണ്‍ മുറെയ്‌ ആയിരുന്നു പ്രസാധകര്‍. ഒരു പ്രതിക്ക്‌ 15 ഷില്ലിങ്‌ വില. ആദ്യ പതിപ്പായി ഇറങ്ങിയ 1250 കോപ്പിയും ഒറ്റദിവസം കൊണ്ട്‌ വിറ്റുതീര്‍ന്നു. ഇന്നും ലോകത്തേറ്റവും വില്‍പ്പനയുള്ള പുസ്‌തകങ്ങളിലൊന്നായി 'ജീവജാതികളുടെ ഉത്ഭവം' തുടരുന്നു. പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാലസ്‌ അറിയുന്നത്‌ പിന്നീടാണെങ്കിലും, ഡാര്‍വിന്റെ ആര്‍ജവത്വത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ലായിരുന്നു. താനാണ്‌ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞേതാവെന്ന്‌ വാലസ്‌ ഒരിക്കലും അവകാശപ്പെട്ടിട്ടുമില്ല. 'ജീവജാതികളുടെ ഉത്ഭവം' ഡാര്‍വിനെക്കൊണ്ട്‌ പ്രസിദ്ധീകരിപ്പിക്കാന്‍ താന്‍ ഒരു നിമിത്തമായി എന്നു മാത്രമേ വാലസ്‌ ഇതേപ്പറ്റി പിന്നീട്‌ പറഞ്ഞിട്ടുള്ളൂ.

ജീവശാസ്‌ത്രത്തിന്റെ അടിത്തറ
തന്റെ സിദ്ധാന്തം എതിര്‍ക്കപ്പെടും എന്ന്‌ ഡാര്‍വിന്‌ നല്ല ബോധ്യമുണ്ടായിരുന്നു. വലിയ ആശയങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടേ മതിയാകൂ. പക്ഷേ, അദ്ദേഹം ഭയപ്പെട്ടിരുന്നില്ല എന്നാണ്‌ ഡോ. വൈഹെ പറയുന്നത്‌. ദീര്‍ഘകാലം പഠനം തുടര്‍ന്ന ശേഷം മാത്രം അതിന്റെ ഫലം പ്രസിദ്ധീകരിക്കുകയെന്നത്‌ ഡാര്‍വിന്റെ രീതിയായിരുന്നുവെന്ന കാര്യം ഡോ. വൈഹെ ഓര്‍മിപ്പിക്കുന്നു. ഓര്‍ക്കിഡുകളെപ്പറ്റി ഗവേഷണം തുടങ്ങി 30 വര്‍ഷം കഴിഞ്ഞാണ്‌ അതു സംബന്ധിച്ച പുസ്‌തകം ഡാര്‍വിന്‍ പ്രസിദ്ധീകരിക്കുന്നത്‌. മണ്ണിരകളെക്കുറിച്ചുള്ള ഡാര്‍വിന്റെ ഗ്രന്ഥം 42 വര്‍ഷത്തെ പ്രവര്‍ത്തനഫലമായിരുന്നു (മണ്ണിന്റെ ഫലഭൂയിഷ്‌ഠത നിലനിര്‍ത്താന്‍ മണ്ണിരകള്‍ വഹിക്കുന്ന പങ്ക്‌ ആദ്യം കണ്ടെത്തിയതും ഡാര്‍വിനാണ്‌). അതിനാല്‍, 'ജീവജാതികളുടെ ഉത്ഭവം' ഡാര്‍വിന്‍ മനപ്പൂര്‍വം വൈകിക്കുകയായിരുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്ന്‌, ഡോ. വൈഹെ വാദിക്കുന്നു.'നോട്ട്‌സ്‌ ആന്‍ഡ്‌ റിക്കോഡ്‌സ്‌ ഓഫ്‌ ദ റോയല്‍ സൊസൈറ്റി'(Notes and Records of the Royal Society) യിലാണ്‌ ഡോ.വൈഹെ തന്റെ വാദഗതികള്‍ അവതരിപ്പിച്ചിട്ടുള്ളത്‌.

പരിണാമസിദ്ധാന്തത്തിന്റെ പേരില്‍ ഡാര്‍വിന്‍ ഏറെയൊന്നും പ്രകീര്‍ത്തിക്കപ്പെട്ടില്ല. എതിര്‍പ്പ്‌ നേരിടുകയും ചെയ്‌തു. ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ അര്‍ത്ഥം ശരിക്കു മനസിലാക്കാന്‍ ശാസ്‌ത്രം അന്നു വേണ്ടത്ര വളര്‍ന്നു കഴിഞ്ഞിരുന്നില്ല എന്നതാണ്‌ വാസ്‌തവം. എന്നാല്‍, ഡാര്‍വിന്‍ തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്ന ഏതാണ്ട്‌ അതേ സമയത്ത്‌, ഇംഗ്ലണ്ടില്‍ നിന്ന്‌ 1200 കിലോമീറ്റര്‍ അകലെ മധ്യയൂറോപ്പിലെ ഒരു സന്ന്യാസിമഠത്തിന്റെ അടുക്കളത്തോട്ടത്തില്‍, പയറുചെടികളിലൂടെ ഗ്രിഗര്‍ മെന്‍ഡല്‍ (1822-1884) എന്ന സന്ന്യാസി ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ അര്‍ത്ഥതലങ്ങള്‍ പാരമ്പര്യത്തിന്റെ തലത്തില്‍ പരീക്ഷിച്ച്‌ അറിഞ്ഞു തുടങ്ങിയിരുന്നു; ഇരുവരും പരസ്‌പരം അറിഞ്ഞിരുന്നില്ലെങ്കിലും.

മെന്‍ഡല്‍ അടിത്തറ പാകിയ ജനിതകശാസ്‌ത്രമാണ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്‌ ശരിക്കുള്ള പിന്തുണ നല്‍കുകയെന്നറിയാന്‍ പിന്നെയും അരനൂറ്റാണ്ട്‌ കഴിയണമായിരുന്നു. ഏതായാലും, വൈദികാനാക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചു പരാജയപ്പെട്ട ഡാര്‍വിനും, യഥാര്‍ത്ഥ വൈദികനായ മെന്‍ഡലും ചേര്‍ന്ന്‌ അന്ന്‌ രൂപപ്പെടുത്തിയത്‌, ഇരുപതാം നൂറ്റാണ്ടിലെ ജീവശാസ്‌ത്രത്തിന്റെയാകെ ഉറപ്പുള്ള അടിത്തറയായിരുന്നു. പരിണാമസിദ്ധാന്തത്തിന്‌ വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെങ്കിലും, 1882 ഏപ്രില്‍ 19-ന്‌ ഡാര്‍വിന്‍ അന്തരിച്ചപ്പോള്‍, വെസ്റ്റ്‌മിനിസ്റ്റര്‍ ആബിയില്‍ സാക്ഷാല്‍ ഐസക്‌ ന്യൂട്ടന്റെ ശവക്കല്ലറയ്‌ക്കു സമീപം അദ്ദേഹത്തെ സംസ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറായി. അത്‌ വളരെ അര്‍ത്ഥവത്തായി. കാരണം, ശാസ്‌ത്രത്തിന്റെ മഹാവേദിയില്‍ തീര്‍ച്ചയായും ന്യൂട്ടനൊപ്പം തന്നെയാണ്‌ ചാള്‍സ്‌ ഡാര്‍വിന്റെ സ്ഥാനം (അതോ ഡാര്‍വിനൊപ്പം ന്യൂട്ടന്റെ സ്ഥാനമോ!).
(അവലംബം: Origin of Species - Charles Darwin, The Cambridge Dictionary of Scientists, Science A History -John Gribbin, A Short History of Nearly Everything -Bill Bryson, The Blind Watchmaker - Richard Dawkins, Was Darwin Wrong-David Quammen, Natioal Geographic, November 2004)