Friday, May 29, 2009

ലേസര്‍ പരീക്ഷണം തുടങ്ങുന്നു: ഭൂമിയില്‍ നക്ഷത്രം ജനിക്കുമോ

ചരിത്രത്തിലെ ഏറ്റവും വലിയ ലേസര്‍പരീക്ഷണം അമേരിക്കയില്‍ ആരംഭിക്കുകയാണ്‌. ലക്ഷ്യം-നക്ഷത്രങ്ങളെ ഭൂമിയില്‍ 'സൃഷ്ടിക്കുക', അതുവഴി ഇവിടുത്ത ഊര്‍ജക്ഷാമത്തിന്‌ ശാശ്വത പരിഹാരമുണ്ടാക്കുക.

തീപ്പെട്ടിക്കൊള്ളിയുടെ മൊട്ടില്‍നിന്ന്‌ നക്ഷത്രത്തെ സൃഷ്ടിക്കാനാകുമോ? ചിലപ്പോള്‍ കഴിഞ്ഞേക്കും. അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ ലിവര്‍മോറില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന 'നാഷണല്‍ ഇഗ്നൈറ്റേഷന്‍ ഫെസിലിറ്റി' (NIF) ശ്രമിക്കുന്നത്‌ ഇക്കാര്യം തെളിയിക്കാനാണ്‌. സൂര്യന്‍ ഉള്‍പ്പടെയുള്ള നക്ഷത്രങ്ങളില്‍ നടക്കുന്ന ഊര്‍ജഉത്‌പാദന പ്രക്രിയയുടെ സൂക്ഷ്‌മരൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കാനും, ഭാവിയില്‍ അതുപയോഗിച്ച്‌ ഭൂമിയിലെ ഊര്‍ജാവശ്യങ്ങള്‍ നിറവേറ്റാന്‍ കഴിയുമോ എന്ന്‌ ആരായാനുമാണ്‌ ശ്രമം. ഭൂമുഖത്തെ ഏറ്റവും ശക്തിയേറിയ യന്ത്രവും ലേസറുമാണ്‌ ഇതിന്‌ ഉപയോഗിക്കുന്നത്‌.

പ്രപഞ്ചത്തിന്റെ ഊജസ്രോതസ്സാണ്‌ അണുസംയോജനം (nuclear fusion). സൂര്യനിലും മറ്റ്‌ നക്ഷത്രങ്ങളിലും നടക്കുന്നത്‌ അതാണ്‌. ഹൈഡ്രജന്‍ ആറ്റങ്ങള്‍ ചേര്‍ന്ന്‌ ഹീലിയമാകുന്ന പ്രക്രിയ. മലിനീകരണത്തിന്റെ പ്രശ്‌നമേയില്ല. പ്രപഞ്ചത്തില്‍ ഏറ്റവും സുലഭമായ മൂലകം ഹൈഡ്രജനായതിനാല്‍, നിയന്ത്രിതമായ തോതില്‍ ഈ പ്രക്രിയ ഭൂമിയില്‍ സാധ്യമാക്കുകയാണ്‌ മനുഷ്യന്റെ ഊര്‍ജപ്രശ്‌നത്തിനുള്ള ഏറ്റവും നല്ല പ്രതിവിധി. പ്രശ്‌നം പക്ഷേ, ഹൈഡ്രജനല്ല. ഹൈഡ്രജന്‍ ആറ്റങ്ങള്‍ സംയോജിക്കാന്‍ പാകത്തിലുള്ള സാഹചര്യം ഭൂമിയില്‍ ഒരുക്കിയാലേ ഇവിടെയും അത്‌ സാധ്യമാകൂ എന്നതാണ്‌. എന്താണ്‌ ആ സാഹചര്യം? സൂര്യന്റെ കാര്യമെടുക്കുക. ഭൂമിയെക്കാള്‍ പത്തുലക്ഷം മടങ്ങ്‌ വലിപ്പം, അകക്കാമ്പിലെ താപനില 150 ലക്ഷം ഡിഗ്രി, അതിഭീമമായ മര്‍ദം, ഓരോ സെക്കന്‍ഡിലും 60 കോടി ടണ്‍ ഹൈഡ്രജന്‍ അണുസംയോജനം വഴി എരിഞ്ഞുതീരുന്നു. അതിന്‌ സമാനമായ സാഹചര്യം ഒരുക്കി ഒരു ചെറുനക്ഷത്രത്തെ ഭൂമിയില്‍ എങ്ങനെയാണ്‌ സൃഷ്ടിക്കും; അതാണ്‌ വെല്ലുവിളി.

ആ വെല്ലുവിളിയാണ്‌ എന്‍.ഐ.എഫ്‌. ഏറ്റെടുത്തിരിക്കുന്നത്‌. മനുഷ്യസാധ്യമല്ലെന്ന്‌ ഒറ്റനോട്ടത്തില്‍ തോന്നിയേക്കാവുന്ന ഈ സാഹചര്യം ഭൂമിയില്‍ സൃഷ്ടിക്കാന്‍ അതിശക്തമായ ലേസര്‍ കിരണങ്ങളെയാണ്‌ ഗവേഷകര്‍ കൂട്ടുപിടിച്ചിരിക്കുന്നത്‌. തീപ്പട്ടിക്കൊളളിയുടെ മൊട്ടിന്റെ അല്ലെങ്കില്‍ പയര്‍മണിയുടെ വലിപ്പമുള്ള ഹൈഡ്രജന്‍ ഇന്ധനഭാഗത്തേക്ക്‌ 192 ലേസറുകളെ ഒറ്റയടിക്ക്‌ ഫോക്കസ്‌ ചെയ്യുകയാണ്‌ ചെയ്യുക. സെക്കന്‍ഡിന്റെ 2000 കോടിയിലൊരംശം സമയത്തേക്ക്‌ 500 ലക്ഷംകോടി വാട്ടിന്‌ തുല്യമായ ഊര്‍ജം ഇതുവഴി പ്രയോഗിക്കപ്പെടും (ഇത്രയും വാട്ട്‌ വൈദ്യുതിയെന്നാല്‍, ഭൂമിയില്‍ മുഴുവന്‍ ഉപയോഗിക്കുന്ന ശരാശരി ഊര്‍ജത്തിന്റെ 3000 മടങ്ങ്‌ വരും). ഇത്ര ഭീമമായ ഊര്‍ജം കേന്ദ്രീകരിക്കുന്നിടത്ത്‌ സൂര്യനുള്ളിലേതിന്‌ സമാനമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയും അണുസംയോജനം നടക്കുകയും ചെയ്യുമെന്നാണ്‌ പ്രതീക്ഷ. ഭൂമിയിലെ ആ സൂക്ഷ്‌മപരിധിയില്‍ ഒരു നക്ഷത്രം തന്നെയാകും ചെറിയൊരു സമയത്ത്‌ രൂപപ്പെടുക. പ്രാഥമിക പരീക്ഷണമാണ്‌ ഇപ്പോള്‍ ആരംഭിക്കുന്നത്‌. 500 ലക്ഷംകോടി വാട്ട്‌ എന്ന ഊര്‍ജപരിധി ആര്‍ജിക്കാന്‍ ഒരുവര്‍ഷമെടുക്കുമെന്നാണ്‌ പ്രതീക്ഷ. പരീക്ഷണം 30 വര്‍ഷം നീളും.

പന്ത്രണ്ട്‌ വര്‍ഷംകൊണ്ട്‌ 350 കോടി ഡോളര്‍ ചെലവിട്ടാണ്‌ എന്‍.ഐ.എഫ്‌. പൂര്‍ത്തിയാക്കിയത്‌. അതിന്റെ നിര്‍മാണത്തില്‍ ഗവേഷകരെക്കൂടാതെ 7000 തൊഴിലാളികളും 3000 കോണ്‍ട്രാക്ടര്‍മാരും പങ്കുചേര്‍ന്നതായി പ്രോജക്ട്‌ ഡയറക്ടര്‍ എഡ്‌ മോസെസ്‌ അറിയിക്കുന്നു. മാറ്റങ്ങളുടെയും പ്രതിസന്ധികളുടെയും പല ഘട്ടങ്ങള്‍ പിന്നിട്ടാണ്‌ ഈ ലേസര്‍യന്ത്രം ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്‌. വര്‍ഷങ്ങള്‍ നീണ്ട ആസൂത്രണത്തിന്‌ ശേഷം 1997-ല്‍ നിര്‍മാണം ആരംഭിച്ചെങ്കിലും, ആദ്യരൂപരേഖ അപ്രായോഗികമെന്ന്‌ കണ്ടതിനെ തുടര്‍ന്ന്‌ അത്‌ പിന്‍വലിച്ചു. പദ്ധതിയുടെ ചുമതലക്കാരായ യു.എസ്‌.ഊര്‍ജവകുപ്പ്‌ 2000-ല്‍ രൂപരേഖയും ബജറ്റും പദ്ധതികാലയളവും പുതുക്കി നിശ്ചയിച്ചു. അതിനിടെ, യന്ത്രത്തിന്റെ നിര്‍മാണം നിര്‍ത്തിവെയ്‌ക്കാന്‍ 2005 ജൂലായില്‍ യു.എസ്‌.കോണ്‍ഗ്രസ്സ്‌ വോട്ടുചെയ്യുക പോലുമുണ്ടായി. എന്നിട്ടും ഈ പദ്ധതി യാഥാര്‍ഥ്യമായത്‌, അതിന്‌ അമേരിക്കയുടെ ആണവായുധ ശേഖരത്തിന്റെ പ്രവര്‍ത്തനക്ഷമത പരിശോധിക്കാന്‍ എന്‍.ഐ.എഫിന്‌ കഴിയുമെന്ന സാധ്യത മൂലമാണ്‌.

അത്യപൂര്‍വമായ സാങ്കേതിക സമീപനം വഴിയാണ്‌ നക്ഷത്രങ്ങളുടെ അകക്കാമ്പിലേതിന്‌ തുല്യമായ സാഹചര്യം പരീക്ഷണശാലയില്‍ സൃഷ്ടിക്കാന്‍ ഗവേഷകര്‍ ശ്രമിക്കുന്നത്‌. അതിനായുള്ള ലേസര്‍ പുറപ്പെടുന്നത്‌ എന്‍.ഐ.എഫിലെ മാസ്റ്റര്‍ ഓസിലേറ്ററില്‍ നിന്നാണ്‌. ദുര്‍ബലമായ ഇന്‍ഫ്രാറെഡ്‌ കിരണങ്ങളായി ആരംഭിക്കുന്ന ലേസര്‍, 48 കൈവഴികളായി പിരിയും. അതിനൂതനമായ ആംപ്ലിഫയറുകളുടെ സഹായത്തോടെ അവയുടെ ശക്തി വര്‍ധിക്കുന്നു. വെറും വര്‍ധനയല്ല, 2000 കോടി മടങ്ങ്‌ വര്‍ധന! 48 ലേസര്‍ കൈവഴികളില്‍ ഓരോന്നും നലുവീതമായി വീണ്ടും വേര്‍പിരിയുന്നു. അങ്ങനെ അവയുടെ എണ്ണം 192 ആകും. അവയോരോന്നും വീണ്ടും പ്രധാന ആംപ്ലിഫയറുകള്‍ വഴി ആവര്‍ത്തിച്ച്‌ കടന്നുപോകുകയും 15,000 മടങ്ങ്‌ ശകതിവര്‍ധിക്കുകയും ചെയ്യുന്നു. ഇന്‍ഫ്രാറെഡ്‌ തരംഗത്തില്‍ തുടങ്ങിയ ലേസര്‍ കിരണങ്ങള്‍ അപ്പോഴേക്കും ആള്‍ട്രാവയലറ്റ്‌ തരംഗദൈര്‍ഘ്യം ആര്‍ജിച്ചിട്ടുണ്ടാകും.

ഇത്തരത്തില്‍ അത്യുന്നത ഊര്‍ജനിലയാര്‍ജിച്ച 192 ലേസറുകളാണ്‌, എന്‍.ഐ.എഫിലെ സവിശേഷ ടാര്‍ജറ്റ്‌ ചേമ്പറിന്റെ കേന്ദ്രഭാഗത്തേക്ക്‌ ഒരേസമയം ഫോക്കസ്‌ ചെയ്യപ്പെടുക. ലേസറുകളുടെ ഫോക്കല്‍പോയന്റിലാണ്‌ ഹൈഡ്രജന്‍ ഇന്ധനം സ്ഥിതിചെയ്യുക. ഹൈഡ്രജന്റെ ഭാരമേറിയ വകഭേദങ്ങളായ ഡ്യുട്ടീരിയം (ആറ്റമികകേന്ദ്രത്തില്‍ ഒരു പ്രോട്ടോണും ഒരു ന്യൂട്രോണും), ട്രിഷിയം (ഒരു പ്രോട്ടോണും രണ്ട്‌ ന്യൂട്രോണും) എന്നീ ഐസോടോപ്പുകളാണ്‌, പയര്‍മണിയുടെ വലിപ്പത്തിലുള്ള ഹൈഡ്രജന്‍ ഇന്ധനഗോളത്തിലുണ്ടാവുക. കേവലപൂജ്യത്തിനടുത്ത്‌ ദ്രവാവസ്ഥയിലാണ്‌ ഇന്ധനം സ്ഥിതിചെയ്യുന്നത്‌. രണ്ട്‌ മില്ലിമീറ്റര്‍ വിസ്‌താരമുള്ള ഇന്ധനഗോളത്തിന്റെ പ്രതലത്തിലേക്ക്‌ ലേസര്‍ ഫോക്കസ്‌ ചെയ്യുമ്പോള്‍, അതിന്റെ അതിഭീമമായ ശക്തിയില്‍ സെക്കന്‍ഡിന്റെ 500 കോടിയിലൊരംശം സമയത്തേക്ക്‌ ഇന്ധനഗോളം ഉള്ളിലേക്ക്‌ അമര്‍ന്നടിയുകയും ഇന്ധനഗോളത്തിന്റെ വ്യാസം വെറും തലമുടിനാരിനോളമായി ചുരുങ്ങുകയും ചെയ്യും. ഇന്ധനത്തിന്റെ സാന്ദ്രത ലെഡിന്റേതിന്റെ നൂറ്‌ മടങ്ങ്‌ വര്‍ധിക്കും. ഒപ്പം ആ സൂക്ഷ്‌മസ്ഥലത്തെ ഊഷ്‌മാവ്‌ പത്ത്‌കോടി ഡിഗ്രി സെല്‍സിയസ്‌ ആയി ഉയരും.

ഇത്രയും ഉയര്‍ന്ന മര്‍ദവും ഊഷ്‌മാവുമെന്നാല്‍ അത്‌ നക്ഷ്‌ത്രങ്ങള്‍ക്കുള്ളിലെ സാഹചര്യത്തിന്‌ സമാനമാണ്‌. ആ സാഹചര്യത്തില്‍ ഹൈഡ്രജന്‍ ആറ്റങ്ങള്‍ സംയോജിച്ച്‌ ഹീലിയമാവുകയും, ഒപ്പം വന്‍തോതില്‍ ഊര്‍ജം താപത്തിന്റെ രൂപത്തില്‍ പുറത്തുവരികയും ചെയ്യും. ആവശ്യമായ താപം ഉണ്ടായാല്‍, ലേസറിന്റെ സഹായമില്ലാതെ തന്നെ ഇന്ധനം തീരുംവരെ അണുസംയോജനം തുടരും. പരീക്ഷണത്തിലുണ്ടാകുന്ന ഫലം ഇതാണെങ്കില്‍, ഭാവിയിലെ ഊര്‍ജസ്രോതസ്സായി അണുസംയോജനം മാറ്റാന്‍ കഴിയും എന്നതില്‍ ഗവേഷകര്‍ക്ക്‌ സംശയമില്ല.

ഊര്‍ജസാധ്യത മാത്രമല്ല, ജ്യോതിശ്ശാസ്‌ത്രത്തിലെ പല കാര്യങ്ങളും പരീക്ഷണശാലയില്‍ പരിശോധിക്കാനും പുതിയ സംവിധാനം അവസരമൊരുക്കുമെന്നാണ്‌ പ്രതീക്ഷ. നക്ഷത്രങ്ങള്‍ക്കുള്ളില്‍ നടക്കുന്നത്‌ യഥാര്‍ഥത്തില്‍ എന്താണെന്ന്‌ അറിയാനും, സൂപ്പര്‍നോവ വിസ്‌ഫോടനങ്ങള്‍ സംബന്ധിച്ച കാര്യങ്ങള്‍ പരീക്ഷിച്ചറിയാനും, അതുവഴി അറിവിന്റെ ചക്രവാളം ബഹുദൂരം മുന്നോട്ട്‌ നയിക്കാനും എന്‍.ഐ.എഫ്‌. സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. നിരീക്ഷണങ്ങളെ മാത്രം അടിസ്ഥാനമാക്കിയുള്ള പഠനശാഖ എന്ന നിലയില്‍നിന്ന്‌ പരീക്ഷണങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒന്നായി ജ്യോതിശ്ശാസ്‌ത്രം മാറാന്‍ ലേസര്‍ പരീക്ഷണം വഴി തുറന്നേക്കുമെന്ന്‌ സാരം.

പക്ഷേ, ഇതൊക്കെ യാഥാര്‍ഥ്യമാകുമോ എന്ന്‌ സംശയിക്കുന്നവരുണ്ട്‌. പരീക്ഷണം വിജയിക്കുമോ. ഇത്രയും പണവും സമയവും അധ്വാനവും ഫലവാത്താകുമെന്ന്‌ എന്താണ്‌ ഉറപ്പ്‌- അവര്‍ ചോദിക്കുന്നു. സ്വാഭാവികമായും ഇത്ര വലിയ ലക്ഷ്യങ്ങളോടെ ഒരു പദ്ധതിയുമായി മുന്നോട്ടു പോകുമ്പോള്‍, വലിയ റിസ്‌കുകളും ഏറ്റെടുക്കാന്‍ നമ്മള്‍ തയ്യാറായേ മതിയാകൂ എന്ന്‌ എന്‍.ഐ.എഫ്‌. ഡയറക്ടര്‍ എഡ്‌ മോസെസ്‌ ഓര്‍മിപ്പിക്കുന്നു.
(അവലംബം: NIF; On target, finally, The Economist, May 28, 2009; In Hot Pursuit of Fusion (or Folly), by William J.Broad, NewYork Times, May 26, 2009).

Monday, May 25, 2009

ഹബ്ബിളിന്‌ രണ്ടാംജന്മം

ഒരുവേള ഉപേക്ഷിക്കാന്‍ തന്നെ നാസ തീരുമാനിച്ച ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പിന്‌ പുതുജീവന്‍ ലഭിച്ചിരിക്കുന്നു. അഞ്ചുവര്‍ഷം കൂടി പ്രവര്‍ത്തിക്കാന്‍ പാകത്തില്‍ അതിന്റെ നവീകരണം വിജയകരമായി നടത്തിയിരിക്കുന്നു.
ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ഒരു പുതിയ പ്രപഞ്ചമാണ്‌ സൃഷ്ടിച്ചത്‌. ഇത്രകാലവും സാധ്യമാകാത്തത്ര വിശദാംശങ്ങളോടെ പ്രപഞ്ചസങ്കല്‍പ്പത്തെയാകെ ആ ഉപകരണം നവീകരിച്ചു. കണ്ടുപിടിത്തങ്ങളുടെ പ്രളയം. പ്രപഞ്ചത്തിന്റെ പ്രായവും, നീഗൂഢ ശ്യാമോര്‍ജത്തിന്റെ സാന്നിധ്യവും, നക്ഷത്രങ്ങളുടെ പിറവിയും അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ അതില്‍ പെടുന്നു. ഹബ്ബിള്‍ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച്‌ മാത്രം 6000 ഗവേഷണപ്രബന്ധങ്ങള്‍ പുറത്തുവന്നു. ആ ടെലിസ്‌കോപ്പ്‌ പകര്‍ത്തിയ പതിനായിരക്കണക്കിന്‌ ആകാശദൃശ്യങ്ങള്‍ ഒരു തലമുറയുടെ ദൃശ്യബോധത്തെ മാറ്റിമറിച്ചു. ജ്യോതിശ്ശാസ്‌ത്രത്തിന്‌ ലഭിച്ച ഏറ്റവും ശക്തമായ ഉപകരണമായി ഹബ്ബിള്‍ ടെലിസ്‌കോപ്പ്‌ മാറിയത്‌ അങ്ങനെയാണ്‌. അതുകൊണ്ടുതന്നെ, ഹബ്ബിളിന്റെ ആയുസ്സ്‌ അഞ്ചുവര്‍ഷം കൂടി നീട്ടിയിരിക്കുന്നു എന്നത്‌ ശുഭവാര്‍ത്തയാണ്‌.

നാനൂറ്‌ വര്‍ഷം മുമ്പ്‌, ശരിക്ക്‌ പറഞ്ഞാല്‍ 1609 നവംബര്‍ 30-ന്‌, പാദുവയിലെ തന്റെ പൂന്തോട്ടത്തില്‍ വെച്ച്‌ ടെലിസ്‌കോപ്പിലൂടെ ഗലീലിയോ ഗലീലി നടത്തിയ വാനനിരീക്ഷണമാണ്‌ ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്‌ തുടക്കം കുറിച്ചത്‌. ഗലീലിയോ വാനനിരീക്ഷണം തുടങ്ങിയതിന്റെ നാനൂറാം വാര്‍ഷികം ലോകമിപ്പോള്‍ ആഘോഷിക്കുകയാണ്‌; 2009-നെ അന്താരാഷ്ട്രജ്യോതിശാസ്‌ത്രവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട്‌. ഈ അവസരത്തില്‍ തന്നെയാണ്‌, ആധുനിക ജ്യോതിശാസ്‌ത്രത്തിന്‌ യഥാര്‍ഥ ആവേഗം സമ്മാനിച്ച ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പിനെ നാസ നവീകരിച്ചത്‌ എന്നകാര്യം ശ്രദ്ധേയമാണ്‌. ജ്യോതിശ്ശാസ്‌ത്രത്തില്‍ പുതിയ കുതിപ്പിന്‌ ഇത്‌ ഇടയാക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ മെയ്‌ 11-ന്‌ അറ്റ്‌ലാന്റിസ്‌ ബഹിരാകാശ പേടകത്തില്‍ യാത്ര തിരിച്ചവരാണ്‌ ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ നവീകരണം വിജയകരമായി പൂര്‍ത്തിയാക്കിയത്‌. 19 വര്‍ഷംമുമ്പ്‌ ഹബ്ബിള്‍ വിക്ഷേപിച്ച ശേഷം അതിന്റെ കേടുപാടുകള്‍ തീര്‍ക്കാന്‍ നടക്കുന്ന അഞ്ചാമത്തെ ദൗത്യമായിരുന്നു അറ്റ്‌ലാന്റിസിന്റേത്‌. വെറും കേടുതീര്‍ക്കല്‍ ആയിരുന്നില്ല ഈ അഞ്ചാംദൗത്യം. ഹബ്ബിളിലെ സുപ്രധാന ഭാഗങ്ങളെല്ലാം മാറ്റി പുതിയവ സ്ഥാപിക്കുകയാണ്‌ അറ്റ്‌ലാന്റിസ്‌ യാത്രികര്‍ ചെയ്‌തത്‌. പഴയ ക്യാമറയ്‌ക്ക്‌ പകരം പുതിയ 'വൈഡ്‌ ഫീല്‍ഡ്‌ ക്യാമറ' സ്ഥാപിച്ചു. സ്‌പേസ്‌ ടെലിസ്‌കോപ്പിന്റെ ബാലന്‍സ്‌ നിലനിര്‍ത്തുന്ന ആറ്‌ ഗൈറോസ്‌കോപ്പുകളും (മൂന്നെണ്ണം പ്രവര്‍ത്തന രഹിതമായിരുന്നു) മാറ്റി. വിദൂരലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു നിര്‍ത്താന്‍ ഹബ്ബിളിനെ സഹായിക്കുന്ന 'ഫൈന്‍-ഗൈഡന്‍സ്‌ സെന്‍സറും' പുതുക്കി. ഭൂമിയുടെ നിഴലിലാകുന്ന വേളയില്‍ (ദിവസം ഏഴര മണിക്കൂര്‍ ഹബ്ബിള്‍ നിഴലിലായിരിക്കും) പ്രവര്‍ത്തിക്കനായി പുതിയ ബാറ്ററികളും സജ്ജമാക്കി.

ഹബ്ബിളിലെ പ്രവര്‍ത്തനരഹിതമായ 'കോസ്‌റ്റര്‍ ഇന്‍സ്‌ട്രുമെന്റി'ന്‌ പകരം പുതിയ 'കോസ്‌മിക്‌ ഒര്‍ജിന്‍സ്‌ സ്‌പെക്ട്രോഗ്രാഫ്‌' സ്ഥാപിച്ചതാണ്‌ അറ്റ്‌ലാന്റിസ്‌ യാത്രികര്‍ നടത്തിയ മറ്റൊരു ശ്രദ്ധേയമായ നടപടി. പ്രപഞ്ചത്തിന്റെ ഉത്ഭവവും വിശാലഘടനയും കൂടുതല്‍ സൂക്ഷ്‌മമായി പഠിക്കാന്‍ സഹായിക്കുന്നതാണ്‌ പുതിയ ഉപകരണം. ഗാലക്‌സികള്‍, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, മൂലകങ്ങള്‍ തുടങ്ങിയവ രൂപപ്പെടുതിനെക്കുറിച്ച്‌ വ്യക്തത ലഭിക്കാന്‍ ആ സ്‌പെക്ട്രോഗ്രാഫ്‌ സഹായിക്കും. ഹബ്ബിളിള്‍ 2008-ല്‍ പ്രവര്‍ത്തനം നിലച്ച ഡേറ്റാവിശകലന സംവിധാനവും മാറ്റി. ടെലിസ്‌കോപ്പിലെ ഇലക്ട്രോണിക്‌സ്‌ സംവിധാനം സംരക്ഷിക്കാനായി മൂന്ന്‌ തെര്‍മല്‍ ബ്ലാങ്കറ്റുകളും സ്ഥാപിച്ചു. ഇത്തരത്തില്‍ ഹബ്ബിളിനെ അടിമുടി പരിഷ്‌ക്കരിക്കാന്‍, അറ്റ്‌ലാന്റിസ്‌ പേടകത്തിലെ യാത്രികര്‍ക്ക്‌ അഞ്ച്‌ തവണ ബഹിരാകാശനടത്തം വേണ്ടി വന്നു. ആകെ 36 മണിക്കൂര്‍ 56 മിനിറ്റ്‌ അവര്‍ ഇതിനായി ചെലവിട്ടതായി നാസ അറിയിക്കുന്നു. അഞ്ചുവര്‍ഷത്തേക്ക്‌ ഇനി തടസ്സമില്ലാതെ പ്രവര്‍ത്തിക്കാന്‍ ഹബ്ബിളിനാകും.

നാസയുടെ 'ഗ്രേറ്റ്‌ ഒബ്‌സര്‍വേറ്ററി' പരമ്പരയിലെ ആദ്യ അംഗമാണ്‌ ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌. പ്രപഞ്ചം വികസിക്കുകയാണെന്ന്‌ കണ്ടെത്തിയ പ്രശസ്‌ത ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിളിന്റെ പേരാണ്‌ അതിന്‌ നല്‍കിയത്‌. ജ്യോതിശ്ശാസ്‌ത്ര നിരീക്ഷണ വേളയില്‍ പൊടിയും വായുവും നിറഞ്ഞ ഭൗമോന്തരീക്ഷം സൃഷ്ടിക്കുന്ന തടസ്സം ഒഴിവാക്കാന്‍ ബഹിരാകാശത്ത്‌ ടെലിസ്‌കോപ്പുകള്‍ സ്ഥാപിച്ചാല്‍ മതിയെന്ന, ലിമാന്‍ സ്‌പിറ്റ്‌സറുടെ ആശയം ചുവടുപിടിച്ചാണ്‌ ഹബ്ബിള്‍ ഉള്‍പ്പെടെയുള്ള സ്‌പേസ്‌ ഒബ്‌സര്‍വേറ്ററികള്‍ വിക്ഷേപിക്കപ്പെട്ടത്‌. 15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവുമുള്ള ഹബ്ബിളിന്‌ 11,110 കിലോഗ്രാം ഭാരമുണ്ട്‌. ഭൂമിയില്‍നിന്ന്‌ 575 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്ന ഹബ്ബിളിന്‌ ഒരു തവണ ഭൂമിയെ ചുറ്റാന്‍ 96 മിനിറ്റ്‌ മതി. ദിവസം ഏതാണ്ട്‌ 17 തവണ അത്‌ ഭൂമിയെ ചുറ്റുന്നു. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ഹബ്ബിളിനെ യന്ത്രക്കരംകൊണ്ട്‌ ബന്ധിച്ച്‌, അതേ വേഗത്തില്‍ ഒപ്പം സഞ്ചരിച്ചുകൊണ്ടാണ്‌ അറ്റ്‌ലാന്റിസ്‌ സഞ്ചാരികള്‍ നവീകരണം പൂര്‍ത്തിയാക്കിയത്‌. ശരിക്കുമൊരു ഞാണിന്മേല്‍ കളി തന്നെയായിരുന്നു അത്‌.

ബാള്‍ട്ടിമോറിലെ 'സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ സയന്‍സ്‌ ഇന്‍സ്റ്റിട്യൂട്ടി'നാണ്‌ ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചുമതല. പക്ഷേ, ആര്‍ക്ക്‌ വേണമെങ്കിലും ഹബ്ബിളിന്റെ സേവനം തേടാം. ഹബ്ബിള്‍ ടെലിസ്‌കോപ്പ്‌ ഉപയോഗിക്കാന്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം ആപേക്ഷകള്‍ ലഭിക്കാറുണ്ട്‌. അതില്‍നിന്ന്‌ തിരഞ്ഞെടുക്കപ്പെടുന്ന 200 അപേക്ഷകള്‍ അനുവദിക്കപ്പെടും. ഒരു വര്‍ഷം 20,000 നിരീക്ഷണങ്ങള്‍ നടത്താന്‍ ഹബ്ബിളിനാകും; ദിവസം ശരാശരി 54 നിരീക്ഷണങ്ങള്‍. ഇതുവഴി ഓരോ ആഴ്‌ചയിലും 18 ഡി.വി.ഡി.നിറയുന്നത്ര ഡേറ്റ ഹബ്ബിള്‍ ഭൂമിയിലേക്ക്‌ അയയ്‌ക്കുന്നു. ഗവേഷകര്‍ക്ക്‌ ലോകത്തെവിടെയിരുന്നും ഈ ഡേറ്റ ഇന്റര്‍നെറ്റ്‌ വഴി ഡൗണ്‍ലോഡ്‌ ചെയ്‌ത്‌ വിശകലനം ചെയ്യാം. ഹബ്ബിളിന്റെ സഹായത്തോടെ നടന്ന കണ്ടുപിടിത്തങ്ങളുടെ വ്യാപ്‌തി പരിശോധിച്ചാല്‍, ആധുനിക ജ്യോതിശ്ശാസ്‌ത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന ഉപകരണം അതാണെന്ന്‌ വ്യക്തമാകും. പ്രപഞ്ചത്തിന്റെ പ്രായം 1300 കോടിക്കും 1400 കോടി വര്‍ഷത്തിനും മധ്യേയാണെന്ന കണ്ടെത്തലാകും അതില്‍ ഏറ്റവും പ്രധാനം. ഗാലക്‌സികളുടെ കേന്ദ്രങ്ങള്‍ അതിഭീമമായ തമോഗര്‍ത്തങ്ങളാണെന്ന്‌ മനസിലാക്കിയത്‌, പ്രപഞ്ചവികാസത്തിന്റെ തോത്‌ വര്‍ധിപ്പിക്കുന്ന ശ്യാമോര്‍ജത്തെക്കുറിച്ച്‌ അറിയാന്‍ സാധിച്ചത്‌ (അതെന്താണെന്ന്‌ ഇപ്പോഴും അറിയില്ലെങ്കിലും) ഒക്കെ ഹബ്ബിള്‍ വഴിയാണ്‌. കണ്ടുപിടിത്തങ്ങളുടെ ഈ പട്ടിക എത്രവേണമെങ്കിലും നീട്ടാം.
ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചരിത്രം ആരംഭിക്കുന്നത്‌ 1970-കളിലാണ്‌. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ ആ സമയത്ത്‌ ആരംഭിച്ച ആസൂത്രണമാണ്‌ 1990 ഏപ്രില്‍ 24-ന്‌ ഹബ്ബിള്‍ ടെലിസ്‌കോപ്പ്‌ വിക്ഷേപിക്കുന്നതിലേക്ക്‌ എത്തിയത്‌. ഡിസ്‌കവറി ബഹിരാകാശപേടകം ഹബ്ബിളനെ ഭ്രമണപഥത്തിലെത്തിച്ചു. പക്ഷേ, വിക്ഷേപണത്തിന്‌ ശേഷമാണ്‌ ടെലിസ്‌കോപ്പിന്റെ മുഖ്യദര്‍പ്പണത്തിന്‌ തകരാറുള്ള കാര്യം മനസിലായത്‌. 1993-ല്‍ എന്‍ഡവര്‍ പേടകമെത്തിയാണ്‌ ആ പ്രശ്‌നം പരിഹരിച്ചത്‌. അതായിരുന്നു ഹബ്ബിളിലെ ആദ്യ സര്‍വീസ്‌ ദൗത്യം. ഹബ്ബിളില്‍ അറ്റകുറ്റ പണി നടത്താനുള്ള രണ്ടാമത്തെ ദൗത്യം 1997 ഫിബ്രവരിയില്‍ നടന്നു; ഡിസ്‌കവറി പേടകമാണ്‌ അതിന്‌ ഉപയോഗിച്ചത്‌. സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ഇമേജിങ്‌ സ്‌പെക്ട്രോഗ്രാഫ്‌ പോലുള്ള ചില നിര്‍ണായകമായ ഉപകരണങ്ങള്‍ അന്ന്‌ മാറ്റി സ്ഥാപിച്ചു. 1999 ഡിസംബറിലായിരുന്നു മൂന്നാമത്തെ സര്‍വീസ്‌ ദൗത്യം. ഹബ്ബിളിന്റെ ബലന്‍സ്‌ നിലനിര്‍ത്തുന്ന ഗൈറോസ്‌കോപ്പുകളില്‍ മൂന്നെണ്ണം തകരാറിലായത്‌ മാറ്റി. 2002 മാര്‍ച്ചില്‍ നാലാമത്തെ ദൗത്യം; കൊളംബിയ പേടകത്തില്‍ പോയവര്‍ 'അഡ്വാന്‍സ്‌ഡ്‌ ക്യാമറ ഫോര്‍ സര്‍വേയ്‌സ്‌' ഹബ്ബളില്‍ സ്ഥാപിച്ചു.

2003 ഫിബ്രവരി ഒന്നിന്‌ നടന്ന കൊളംബിയ ദുരന്തം (ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള അടക്കം ഏഴ്‌ ബഹിരാകാശയാത്രികര്‍ ആ ദുരന്തത്തില്‍ മരിച്ചു) ഹബ്ബിളിന്റെ തുടര്‍ന്നുള്ള നവീകരണം അവതാളത്തിലാക്കി. പുതിയ സര്‍വീസ്‌ ദൗത്യങ്ങള്‍ റദ്ദാക്കി. ഹബ്ബിളിനെ വേണമെങ്കില്‍ ഇനി കൈവിടാം എന്ന തോന്നലും നാസയില്‍ ശക്തമായി. നാസക്ക്‌ അതിന്‌ മനസ്‌ വന്നില്ല. ശാസ്‌ത്രലോകം ഹബ്ബിളുമായി അത്രമേല്‍ പ്രണയത്തിലായി എന്ന്‌ വേണമെങ്കില്‍ പറയാം. ഹബ്ബിളിന്റെ പിന്‍ഗാമിയായി കണക്കാക്കുന്ന 'ജെയിംസ്‌ വെബ്ബ്‌ സ്‌പേസ്‌ ടെലിസ്‌കോപ്പി'ന്റെ വിക്ഷേപണം നീണ്ടത്‌ (ഇപ്പോഴത്തെ നിലയ്‌ക്ക്‌ 2013-ല്‍ വിക്ഷേപിക്കാനാണ്‌ ലക്ഷ്യമിടുന്നത്‌) ഹബ്ബിളിനെ തുടര്‍ന്നും ആശ്രയിക്കാന്‍ നാസയെ പ്രേരിപ്പിക്കുകയായിരുന്നു. ആ നിലയ്‌ക്ക്‌ ഹബ്ബളിന്‌ ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്‌ ശരിക്കുമൊരു രണ്ടാംജന്മമാണ്‌.
(കടപ്പാട്‌: നാസ)

  • 2009 മെയ്‌ 24-ലെ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌.

Saturday, May 23, 2009

മനുഷ്യപരിണാമത്തിലെ സുപ്രധാന കണ്ണി

'ഡാര്‍വിനിയസ്‌ മസില്ലേ'യെന്ന പ്രാചീന ജിവി പരിണാമശാസ്‌ത്രത്തിലെ സുപ്രധാന നാഴികക്കല്ലാകുന്നു. മനുഷ്യനുള്‍പ്പെട്ട പരിണാമശാഖയിലെ ആദിമകണ്ണിയാവാം ആ ജീവിയെന്ന്‌ ഗവേഷകര്‍ കരുതുന്നു.ജര്‍മനിയില്‍ ഫ്രാങ്ക്‌ഫര്‍ട്ടിന്‌ സമീപം പ്രസിദ്ധ ഫോസില്‍മേഖലയായ മെസ്സെല്‍ പിറ്റില്‍നിന്ന്‌ ഇരുപത്തിയാറ്‌ വര്‍ഷംമുമ്പ്‌ കണ്ടെത്തിയ ഫോസില്‍. ചെറുകുരങ്ങിനെപ്പോലൊരു ജീവിയുടെ ആ ഫോസിലിന്‌ അരമീറ്റര്‍ നീളം, 470 ലക്ഷംവര്‍ഷം പഴക്കം. സ്വകാര്യവ്യക്തിയുടെ പക്കലായിരുന്ന അത്‌, രണ്ടുവര്‍ഷം മുമ്പ്‌ ഹാംബര്‍ഗിലെ ഒരു ബാറില്‍ വെച്ചുണ്ടാക്കിയ കരാര്‍ പ്രകാരം, ഓസ്‌ലോയിലെ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിന്‌ കൈമാറുന്നു. ശാസ്‌ത്രലോകത്തെയാകെ ആകാംക്ഷഭരിതമാക്കുന്ന കണ്ടെത്തലിന്‌ ആ ഫോസില്‍ കാരണമാകുന്നു....തികച്ചും ഒരു ഇന്‍ഡ്യാന ജോണ്‍സ്‌ സിനിമ പോലെ. മനുഷ്യപരിണാമത്തിലെ അറിയാത്ത സുപ്രധാന കണ്ണിയാണ്‌ തങ്ങള്‍ കണ്ടെത്തിയതെന്നാണ്‌ ഗവേഷകര്‍ പ്രഖ്യാപിച്ചത്‌.

'ഇഡ' (Ida) എന്നാണ്‌ ആ പുരാതനജീവിക്ക്‌ നല്‍കിയിരിക്കുന്ന വിളിപ്പേര്‌. 'ഡാര്‍വിനിയസ്‌ മസില്ലേ' (Darwinius masillae) എന്ന്‌ ശാസ്‌ത്രീയനാമം. നോര്‍വീജിയന്‍ പുരാവസ്‌തുഗവേഷകനായ ജോര്‍ന്‍ ഹുരൂം നേതൃത്വം നല്‍കിയ സംഘമാണ്‌ 'ഇഡ'യെക്കുറിച്ച്‌ പഠിച്ച്‌, അത്‌ മനുഷ്യപരിണാമത്തിലെ സുപ്രധാനകണ്ണിയാണെന്ന നിഗമനത്തില്‍ എത്തിയത്‌. വന്‍മാധ്യമ പ്രചാരണത്തിന്റെ അകമ്പടിയോടെയാണ്‌ തങ്ങളുടെ കണ്ടെത്തല്‍ ഗവേഷകര്‍ അവതരിപ്പിച്ചത്‌. 'പബ്ലിക്‌ ലൈബ്രറി ഓഫ്‌ സയന്‍സ്‌ വണ്‍'(PLoS One) എന്ന ഓണ്‍ലൈന്‍ ഗവേഷണവാരികയില്‍ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കുന്നതിന്‌ മുന്നോടിയായി, 'ദി ലിങ്ക്‌' എന്നൊരു പുസ്‌തകം പുറത്തിറക്കി, ഹിസ്റ്ററി ചാനലില്‍ ഇതുസംബന്ധിച്ച്‌ ഡോക്യുമെന്ററിയും സംപ്രക്ഷേപണം ചെയ്‌തു. പോരാത്തതിന്‌ ആ ഫോസിലിന്റെ ഒരു ഗൂഗിള്‍ ഡൂഡിലും!

ഇത്രയേറെ മാധ്യമകോലാഹലത്തോടെ അവതരിപ്പിക്കപ്പെടുമ്പോള്‍ ഒരു കണ്ടെത്തലിന്റെ വിശ്വാസ്യതെയെ ന്യായമായും ആരും സംശയിക്കും. ശരിതന്നെ. പക്ഷേ,പല കാരണങ്ങളാല്‍ 'ഇഡ' പ്രാധാന്യമര്‍ഹിക്കുന്നുവെന്ന്‌ വിദഗ്‌ധര്‍ അഭിപ്രായപ്പെടുന്നു. ലിമൂര്‍ (lemur) എന്ന സസ്‌തനിയ്‌ക്കും ചെറുകുരങ്ങുകള്‍ക്കും മധ്യേയുള്ള ശരീരഘടനയാണ്‌ ഇഡയുടേത്‌. കുരങ്ങുകളുടേതിനോടാണ്‌ കൂടുതല്‍ സാമ്യം. 470 ലക്ഷംവര്‍ഷം മുമ്പുള്ള ഇത്തരമൊരു ജീവിയുടെ ഫോസില്‍, പൂര്‍ണരൂപത്തില്‍ ലഭിക്കുക എന്നുപറഞ്ഞാല്‍ സാധാരണഗതിയില്‍ അസംഭാവ്യമാണ്‌. മനുഷ്യന്‍ ഉള്‍പ്പെട്ട നട്ടെല്ലികളുടെ പരിണാമത്തെക്കുറിച്ച്‌ പഠിക്കാന്‍ കിട്ടിയിട്ടുള്ള ഫോസിലുകളെല്ലാം ചില പല്ലുകളും താടിയെല്ലുകളും മാത്രമാണ്‌. എന്നാല്‍, ഇഡയുടെ കാര്യത്തില്‍ അതിന്‌ ഒരു കേടും സംഭവിക്കാത്ത പൂര്‍ണരൂപമാണ്‌ ലഭിച്ചതെന്ന്‌ മാത്രമല്ല, ആ ജീവി ഏറ്റവുമൊടുവില്‍ തിന്ന ഇലകളുടെയും പഴങ്ങളുടെയും അവശിഷ്ടം പോലും ഫോസിലിനൊപ്പമുണ്ട്‌.

ഇഡയുടെ മറ്റൊരു പ്രധാന്യം അത്‌ ജീവിച്ചിരുന്ന കാലഘട്ടമാണ്‌. 470 ലക്ഷംവര്‍ഷം മുമ്പെന്ന്‌ പറഞ്ഞാല്‍, സസ്‌തനികള്‍ക്ക്‌ വേഗം പരിണാമം സംഭവിക്കുകയും അവയ്‌ക്ക്‌ വൈവിധ്യം സംഭവിക്കുകയും ചെയ്‌ത കാലമാണ്‌; വിശേഷിച്ചും നട്ടെല്ലികള്‍ രണ്ട്‌ തായ്‌വഴികളായി പിരിയാന്‍ തുടങ്ങിയ കാലം. അതില്‍ ഒരു തായ്‌വഴി കുരങ്ങും ആള്‍ക്കുരങ്ങും മനുഷ്യനും ഉള്‍പ്പെട്ട ആന്ദ്രോപോയിഡുകള്‍ (anthropoids) ആയി മാറി. രണ്ടാമത്തേത്‌ ലിമൂറുകള്‍ ഉള്‍പ്പെട്ട പ്രോസിമിയന്‍സ്‌ (prosimians) എന്ന കൈവഴിയായി. ഈ രണ്ട്‌ പരിണാമശാഖകളുടെയും ലക്ഷണങ്ങള്‍ ഇഡ. മനുഷ്യനുള്‍പ്പെട്ട ആന്ദ്രോപോയിഡുകള്‍ രൂപപ്പെടാന്‍ വഴിയൊരുക്കിയ സംക്രമ ഇനമാകണം ഇഡയെന്ന നിഗമനത്തില്‍ എത്താന്‍ ഗവേഷകരെ പ്രേരിപ്പിച്ചത്‌ അതാണ്‌.

മനുഷ്യവര്‍ഗത്തിന്റെ പ്രാചീനപൂര്‍വികനാവാം ഇഡയെന്ന്‌ ഗവേഷകര്‍ പറയുമ്പോഴും, പക്ഷേ അത്‌ തങ്ങള്‍ തെളിയിച്ചുവെന്ന്‌ അവര്‍ അവകാശപ്പെടുന്നില്ല. "എല്ലാ മനുഷ്യരിലേക്കുമുള്ള ആദ്യകണ്ണിയാണിത്‌"-ഓസ്‌ലോ നാച്ചുറല്‍ ഹിസ്‌റ്ററി മ്യൂസിയത്തിലെ ജോര്‍ന്‍ ഹുരൂം പ്രസ്‌താവനയില്‍ പറഞ്ഞു. "ഈ ഫോസില്‍ നമ്മള്‍ ഉള്‍പ്പെട്ട നട്ടെല്ലി ഗ്രൂപ്പില്‍പെട്ട കുരങ്ങുകളുടെ ലക്ഷണങ്ങളുള്ളതാണ്‌"-ജോര്‍ജ്‌ വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ ജൈവനരവംശ ശാസ്‌ത്രജ്ഞനായ ബ്രിയാന്‍ റിച്ച്‌മോന്‍ഡ്‌ പറയുന്നു.

പക്ഷേ, ഈ കണ്ടെത്തലില്‍ അത്ര വിശ്വാസമില്ലാത്ത ഗവേഷകരുമുണ്ട്‌. മനുഷ്യപരിണാമത്തിലെ കണ്ണിയെന്നുള്ള എത്രയോ അവകാശവാദങ്ങള്‍ മുമ്പും ഉണ്ടായിട്ടുള്ള കാര്യം അവര്‍ ഓര്‍മിപ്പിക്കുന്നു. അവയൊക്കെ ഒരിടത്തും എത്താതെ അവസാനിച്ചു. പുതിയ കണ്ടെത്തലിന്റെ കഥയും അങ്ങനെയായാല്‍ അത്ഭുതപ്പെടേണ്ടതില്ല എന്നവര്‍ പറയുന്നു. ഒപ്പം പരിണാമ വിരുദ്ധരും ഇഡയ്‌ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്‌. വലിയ മാധ്യമപ്രചാരണത്തോടെ അവതരിപ്പിക്കപ്പെട്ട ഇഡ, പെട്ടന്നൊന്നും ഇനി വാര്‍ത്തയില്‍ നിന്ന്‌ പോകില്ലെന്ന്‌ ഉറപ്പിക്കാം.
(കടപ്പാട്‌: ദി എക്കണോമിസ്‌റ്റ്‌, ടൈം മാഗസിന്‍, നാഷണല്‍ ജ്യോഗ്രഫിക്‌ ന്യൂസ്‌).

Thursday, May 21, 2009

ജൈവഅധിനിവേശം എന്ന ഭീഷണി

മെയ്‌ 22 - അന്താരാഷ്ട്ര ജൈവവൈവിധ്യദിനം
ഒന്നര പതിറ്റാണ്ട്‌ മുമ്പാണ്‌, കേരളത്തിലെ തേനീച്ചകൃഷിക്കാര്‍ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം നേരിട്ടു. ഏതോ അജ്ഞാതകാരണത്താല്‍ തേനീച്ച മുഴുവന്‍ ചത്തടിഞ്ഞു. ലോണെടുത്തും മറ്റും ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ശ്രമിച്ച കര്‍ഷകര്‍ക്ക്‌ മുന്നില്‍ വഴിമുട്ടി. കണ്ണൂരിലെ മലയോര പ്രദേശത്താണ്‌ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റത്‌. കൂടുതല്‍ തേനുണ്ടാക്കും എന്ന്‌ അവകാശപ്പെട്ട്‌, ഇറ്റലിയില്‍നിന്ന്‌ കേരളത്തിലേക്ക്‌ ഇറക്കുമതി ചെയ്‌ത ഒരിനം തേനീച്ചയ്‌ക്കൊപ്പം ഇവിടെയെത്തിയ മാരകവൈറസാണ്‌, നാടന്‍ തേനീച്ചകളുടെ അന്തകനായതെന്ന്‌ മനസിലാക്കിയപ്പോഴേക്കും വൈകിയിരുന്നു. മറ്റൊരു കാര്യംകൂടി താമസിയാതെ മനസിലായി, കേരളത്തില്‍ വളര്‍ത്തുതേനീച്ചകര്‍ മാത്രമല്ല, കാട്ടിലെ തേനീച്ചയ്‌ക്കും കൂട്ടനാശം സംഭവിച്ചിരിക്കുന്നു. ഇടുക്കിയിലും തെക്കന്‍ കേരളത്തിലും കാട്ടില്‍നിന്ന്‌ തേന്‍ ശേഖരിച്ച്‌ ജീവിക്കുന്ന ആദിവാദികളുടെ ജീവിതം അവതാളത്തിലായി.

ഇനി വേറൊരു സംഭവം. 2001-ല്‍ കന്നുകാലികള്‍ക്ക്‌ കുളമ്പുരോഗം പടര്‍ന്നുപിടിച്ചത്‌ ബ്രിട്ടനില്‍ വന്‍പ്രത്യാഘാതം സൃഷ്ടിച്ചു. കാലിവ്യവസായം തകര്‍ച്ച നേരിട്ടു. എഴുപത്‌ ലക്ഷത്തോളം ആടുകളെയും മാടുകളെയും നശിപ്പിക്കേണ്ടി വന്നു. പൊതുതിരഞ്ഞെടുപ്പ്‌ ഒരു മാസത്തേക്ക്‌ മാറ്റിവെച്ചു. ഒട്ടേറെ കായിക-വിനോദ പരിപാടികള്‍ റദ്ദാക്കി. 1600 കോടി ഡോളര്‍ (80,000 കോടി രൂപ) നഷ്ടം ആ മൃഗരോഗം ബ്രട്ടന്‌ വരുത്തിയെന്നാണ്‌ കണക്ക്‌. രോഗത്തിന്റെ വേരുകള്‍ തേടിപ്പോയ ഗവേഷകര്‍ എത്തിയത്‌ പക്ഷേ, ഇന്ത്യയിലാണ്‌-ഉത്തര്‍പ്രദേശില്‍! തൊണ്ണൂറുകളില്‍ ഉത്തര്‍പ്രദേശില്‍നിന്ന്‌ ആഫ്രിക്കയിലേക്ക്‌ കയറ്റുമതി ചെയ്‌ത ആടുകളിലൂടെ ഇവിടെ നിന്ന്‌ പോയ വൈറസാണത്രേ, പല വഴികളിലൂടെ ഒടുവില്‍ ബ്രിട്ടനിലെത്തി നാശംവിതച്ചത്‌.

അന്യജീവജാതികള്‍ ഒരു പ്രദേശത്ത്‌ കടന്നുകൂടി പെരുകി അവിടുത്തെ ജീവജാലങ്ങള്‍ക്കും പരിസ്ഥിതിക്കും ഭീഷണി സൃഷ്ടിക്കുന്നതിന്‌ ഉദാഹരണങ്ങളാണ്‌ മുകളില്‍ വിവരിച്ചത്‌. ഇത്തരം ഭീഷണിയാണ്‌ ജൈവഅധിനിവേശം (Bioinvasion) എന്ന്‌ അറിയപ്പെടുന്നത്‌. ഇന്ന്‌ ലോകം നേരിടുന്ന ഏറ്റവും വലിയ പരിസ്ഥിതിപ്രശ്‌നങ്ങളിലൊന്നായി ജൈവഅധിനിവേശം വിലയിരുത്തപ്പെടുന്നു. കേരളീയര്‍ക്കും ഈ ഭീഷണി അപരിചിതമല്ല, മേല്‍വിവരിച്ച ഇറ്റാലിയന്‍ വൈറസിനെപ്പോലെ ആഫ്രിക്കന്‍ പായലും അക്കേഷ്യയും പാര്‍ത്തനീയവും ആഫ്രിക്കന്‍ മുഷിയും തിലാപ്പിയ മത്സ്യവും ആഫ്രിക്കന്‍ ഭീമന്‍ ഒച്ചുമൊക്കെ മറ്റ്‌രാജ്യങ്ങളില്‍നിന്ന്‌ കേരളത്തിലെത്തി ഇവിടുത്തെ കൃഷിക്കും ആവാസവ്യവസ്ഥയ്‌ക്കും ഭീഷണിസൃഷ്ടിക്കുന്ന ഇനങ്ങളാണ്‌. കേരളമുള്‍പ്പടെ ലോകത്താകെ വ്യാപിച്ചുകൊണ്ടിരിക്കുന്ന ടൈഗര്‍ കൊതുക്‌ ചിക്കുന്‍ ഗുനിയ ഉള്‍പ്പടെ 21-ഓളം വൈറസുകളുടെ വാഹകരാണ്‌.

ഈ പശ്ചാത്തലം മുന്‍നിര്‍ത്തിയാണ്‌ ഇത്തവണ അന്താരാഷ്ട്ര ജൈവവൈവിധ്യദിനത്തി (
മെയ്‌ 22) ന്റെ സന്ദേശം 'ജൈവവൈവിധ്യവും അധിനിവേശം നടത്തുന്ന അന്യജീവജാതികളും' എന്ന്‌ യു.എന്‍. നിശ്ചയിച്ചിരിക്കുന്നത്‌. ആഗോളതലത്തില്‍ അധിനിവേശ ജീവജാതികള്‍ വരുത്തുന്ന വിളനാശവും, വനത്തിനും പരിസ്ഥിതിക്കും വരുത്തുന്ന നാശവും, ഇവ നിയന്ത്രിക്കാന്‍ വേണ്ടിവരുന്ന ചെലവും, രോഗാണുക്കള്‍ മൂലം മനുഷ്യരിലും മൃഗങ്ങള്‍ക്കും ഉണ്ടാകുന്ന നാശവുമെല്ലാം കണക്കാക്കിയാല്‍ പ്രതിവര്‍ഷം കോടിക്കണക്കിന്‌, ഒരുപക്ഷേ ഒരുലക്ഷം കോടി ഡോളറിന്റെ വരെ നഷ്ടം സംഭവിക്കുന്നുവെന്നാണ്‌ കണക്ക്‌. ഗതാഗതത്തിലുണ്ടായ വര്‍ധനയും ആഗോളവ്യാപാരവുമെല്ലാം ജൈവഅധിനിവേശത്തിന്‌ ആക്കംകൂട്ടുന്നതായി വേള്‍ഡ്‌ വാച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ പറയുന്നു. ഏപ്രില്‍ ആദ്യം മെക്‌സിക്കോയില്‍ മനുഷ്യരെ ബാധിച്ച പന്നിപ്പിനി വൈറസ്‌ എന്ന എച്ച്‌1എന്‍1 വൈറസ്‌ വകഭേദം എത്രവേഗമാണ്‌ മറ്റ്‌ രാജ്യങ്ങളിലെത്തിയത്‌.
ജൈവവൈവിധ്യത്തെ പ്രതികൂലമായി ബാധിക്കുന്ന അധിനിവേശ ജീവജാതികളെക്കുറിച്ച്‌ ആധികാരികമായി മനസിലാക്കാന്‍ 'ഗ്ലോബല്‍ ഇന്‍വേസീവ്‌ സ്‌പീഷിസ്‌ ഡേറ്റാബേസ്‌' (GISD) സന്ദര്‍ശിച്ചാല്‍ മതി. ജൈവഅധിനിവേശമുയര്‍ത്തുന്ന ഭീഷണിയെപ്പറ്റി ലോകവ്യാപകമായി ബോധവത്‌ക്കരണം ശക്തിപ്പെടുത്താനാണ്‌ ഈ വെബ്ബ്‌സൈറ്റ്‌ ശ്രമിക്കുന്നത്‌. 'ഗ്ലോബല്‍ ഇന്‍വേസീവ്‌ സ്‌പീഷിസ്‌ പ്രോഗ്രാ'മിന്റെ ഭാഗമായി 1998-ല്‍ ആരംഭിച്ചതാണിത്‌. ലോകത്തെ വിവിധ മേഖലകളില്‍ അധിനിവേശം നടത്തിയിട്ടുള്ള ഇനങ്ങളെ മേഖല തിരിച്ച്‌ തന്നെ ഈ സൈറ്റില്‍നിന്ന്‌ മനസിലാക്കാം. പരിസ്ഥിതി, വിതരണം, അധിനിവേശജാതികള്‍ വരുത്തുന്ന പ്രത്യാഘാതമൊക്കെ ഈ സൈറ്റ്‌ വ്യക്തമായി വിവരിക്കുന്നു.

അനുബന്ധം: യു.എന്‍. ജനറല്‍ അസംബ്ലിയുടെ രണ്ടാംകമ്മറ്റി 1993 മുതലാണ്‌ 'ഇന്റര്‍നാഷണല്‍ ഡേ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (അന്താരാഷ്ട്ര ജൈവവൈവിധ്യ ദിനം) ആചരിക്കാന്‍ തീരുമാനിച്ചത്‌. ഡിസംബര്‍ 29 ആണ്‌ ഈ ദിനമായി ആചരിച്ചിരുന്നത്‌. 2000 മുതല്‍ അത്‌ മെയ്‌ 22 ആയി മാറ്റി നിശ്ചയിച്ചു. റിയോ ഡി ജനീറോയിലെ ഭൗമഉച്ചകോടിയില്‍ 'കണ്‍വെന്‍ഷന്‍ ഓണ്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' അംഗീകരിക്കപ്പെട്ടത്‌ 1992 മെയ്‌ 22-ന്‌ ആണ്‌. അതിന്റെ അടിസ്ഥാനത്തിലാണ്‌ ദിനാചരണം മെയ്‌ 22 ആക്കിയത്‌. 2010-ലെ ജൈവവൈവിധ്യ ദിന സന്ദേശമായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്‌ 'വികസനത്തിന്‌ ജൈവവൈവിധ്യം' എന്ന വിഷയമാണ്‌. (കടപ്പാട്‌: ജി.ഐ.എസ്‌.ഡി, യു.എന്‍, വേള്‍ഡ്‌ വാച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌).
  • കേരളത്തില്‍ അധിനിവേശം നടത്തിയിട്ടുള്ള വൈദേശികയിനങ്ങളെക്കുറിച്ച്‌ അറിയാന്‍ ഇത്‌ കാണുക

Monday, May 18, 2009

വൂള്‍ഫ്രേം ആല്‍ഫ തുറക്കുന്ന പുതുവഴി

വെബ്ബില്‍ വിവരങ്ങള്‍ തേടുന്നവര്‍ക്ക്‌ നിലവിലുള്ള പരിമിതി മറികടക്കാന്‍ 'വൂള്‍ഫ്രേം ആല്‍ഫ' എന്ന പുതിയ 'നോളേജ്‌ എഞ്ചിന്‍' അവസരമൊരുക്കുന്നു.

വാന്‍കൂറും ലണ്ടനും തമ്മിലുള്ള അകലം എത്രയെന്ന്‌ അറിയണമെന്നിരിക്കട്ടെ, അല്ലെങ്കില്‍ ഒരു പ്രത്യേക ദിവസം ഒരു രാജ്യത്തെ ജനസംഖ്യ എത്രയായിരുന്നു എന്ന്‌ വേഗം കണ്ടെത്തണമെന്നിരിക്കട്ടെ, അതുല്ലെങ്കില്‍ ഏതെങ്കിലുമൊരു സമയത്ത്‌ (ഏത്‌ ദിവസമോ ആയിക്കോട്ടെ) ഒരു കൃത്രിമോപഗ്രഹത്തിന്റെ സ്ഥാനം എവിടെയായിരുന്നു എന്ന്‌ മനസിലാക്കണമെന്നിരിക്കട്ടെ. നിലവില്‍ വെബ്ബില്‍നിന്ന്‌ ഇവയ്‌ക്കുള്ള ഉത്തരം കൃത്യമായി കണ്ടെത്തുക എളുപ്പമല്ല; ഗൂഗിള്‍ സഹായത്തിനുണ്ടെങ്കില്‍ പോലും.

എന്നാല്‍, ഇനി ആ പ്രശ്‌നമില്ല. ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങില്‍ ഒരുപക്ഷേ, വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ പോന്ന ഒരു സെര്‍ച്ച്‌ എഞ്ചിന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു - വൂള്‍ഫ്രേം ആല്‍ഫ(Wolfram Alpha.com). ഇത്തരം ചോദ്യങ്ങള്‍ക്ക്‌ നൊടിയിടയ്‌ക്കിടയില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ശേഷിയുള്ള സെര്‍ച്ച്‌ എഞ്ചിനാണിത്‌. ബ്രിട്ടീഷ്‌ വംശജനായ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ വൂള്‍ഫ്രേം ആണ്‌ 'കമ്പ്യൂട്ടേഷണല്‍ നോളേജ്‌ എഞ്ചിന്‍' എന്ന്‌ സ്വയം വിശേഷിപ്പിക്കപ്പെടുന്ന പുതിയ സെര്‍ച്ച്‌ എഞ്ചിന്റെ ഉപജ്ഞേതാവ്‌. മെയ്‌ 18-ന്‌ ഔദ്യോഗികമായി ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും മെയ്‌ 15-ന്‌ തന്നെ പുതിയ സര്‍വീസ്‌ നെറ്റില്‍ ലഭ്യമായി.

നെറ്റിലെ മൊത്തം സെര്‍ച്ചില്‍ മൂന്നില്‍ രണ്ടുഭാഗം കൈകാര്യം ചെയ്യുന്ന ഗൂഗിളാണ്‌, ഈ രംഗത്തെ ഭീമന്‍. അതുകൊണ്ടുതന്നെ, ഗൂഗിളുമായുള്ള താരതമ്യത്തിന്‌ വിധേയമാകുക എന്നത്‌ ഏത്‌ പുതിയ സെര്‍ച്ച്‌ എഞ്ചിന്റെയും അനിവര്യമായ ശാപമാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ പുതിയ സെര്‍ച്ച്‌ എഞ്ചിനുകള്‍ രംഗത്തെത്തി, പക്ഷേ അവയില്‍ മിക്കതിനും ഗൂഗിളിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാനോ നടുവ്‌ നിവര്‍ത്താനോ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ്‌ വൂള്‍ഫ്രേം ആല്‍ഫയുടെ വരവ്‌. സ്വാഭാവികമായും കൗതുകവും ആകാംക്ഷയും ഉയരും.

ഗൂഗിളുമായി താരതമ്യം ചെയ്യപ്പെടുകയെന്ന വിധിയില്‍നിന്ന്‌ തീര്‍ച്ചയായും വൂള്‍ഫ്രേം ആല്‍ഫയ്‌ക്കും ഒഴിവാകാനാവില്ല. അതിന്‌ ഇവിടെ ഒരു ഉദാഹരണം നോക്കാം. സെര്‍ച്ച്‌ വാക്കുകള്‍ India, China. ഗൂഗിളില്‍ ലഭിച്ച ഫലം ആര്‍ക്കും സുപരിചിതമാണ്‌, ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന സൈറ്റുകളുടെ ലിസ്റ്റാണ്‌ ഗൂഗിളില്‍ നല്‍കിയത്‌. അതേസയമം, വൂള്‍ഫ്രേം ആല്‍ഫ ഈ സെര്‍ച്ചിന്‌ നല്‍കിയ ഫലം വ്യത്യസ്‌തമാണ്‌. ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക നാമങ്ങള്‍ മുതല്‍ ആകെ ആഭ്യന്തര ഉത്‌പാദനവും തൊഴിലില്ലായ്‌മ നിരക്ക്‌ വരെയുള്ള അടിസ്ഥാന വിവരങ്ങള്‍ താരതമ്യം ചെയ്‌തുകൊണ്ടുള്ള രണ്ട്‌ ചാര്‍ട്ടുകളാണ്‌ സെര്‍ച്ച്‌ ഫലമായി ലഭിച്ചത്‌. ഇരുരാജ്യങ്ങളുടെയും ഭൂപടങ്ങളും, ഉപഗ്രഹ ചിത്രങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മാത്രമല്ല, ഓരോ വിഭാഗത്തിലും കൂടുതല്‍ വിശദമായ വിവരങ്ങളിലേക്ക്‌ പോകാനുള്ള ലിങ്കുകളും, വിവരങ്ങള്‍ ലഭിച്ചിട്ടുള്ള സോഴ്‌സുകളുടെ പട്ടികയും ഒപ്പം. പേജ്‌ പി.ഡി.എഫ്‌.ആക്കി മാറ്റി സൂക്ഷിക്കാനും സംവിധാനം. ഗൂഗിളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തം, നവീനമായ സമീപനം.

Hubble Space Telescope എന്ന്‌ വൂള്‍ഫ്രേം ആല്‍ഫയില്‍ നല്‍കിയപ്പോള്‍ ലഭിച്ച ഫലത്തില്‍ അതിന്റെ വിക്ഷേപണ തീയതി മുതല്‍, ഹബ്ബിള്‍ ടെലിസ്‌കോപ്പ്‌ ഭൂമിയ്‌ക്ക്‌ മുകളില്‍ ഏത്‌ ഭാഗത്താണെന്ന്‌ വരെയുള്ള (ഇതെഴുതുമ്പോള്‍ മധ്യധരണ്യാഴിക്ക്‌ മുകളില്‍) വിവരങ്ങള്‍ ഗ്രാഫിക്‌സുകളും ചാര്‍ട്ടുകളുമായി മുന്നിലെത്തി. (ഇവിടെ). ഇനി ഏതെങ്കിലും ഒരു തിയതി പുതിയ സെര്‍ച്ച്‌ എഞ്ചിനില്‍ നല്‍കുക. ഉദാഹരണത്തിന്‌ May18,2000 ആകട്ടെ, കിട്ടുന്ന ഫലം പരിശോധിക്കുക, മറ്റ്‌ സെര്‍ച്ച്‌ എഞ്ചിനുകളില്‍നിന്നുള്ള വ്യത്യാസം അറിയാം.

മാസങ്ങളായി വൂള്‍ഫ്രേം ആല്‍ഫ പരീക്ഷണാടിസ്ഥാനത്തില്‍ നെറ്റില്‍ ലഭ്യമായിരുന്നു. അതിന്റെ സവിശേഷതകള്‍ പഠിച്ച പല വിദഗ്‌ധരും, സെര്‍ച്ചിങില്‍ ഗൂഗിളിന്‌ ശരിക്കുമൊരു എതിരാളി വരുന്നു എന്നാണ്‌ അഭിപ്രായപ്പെട്ടത്‌. പക്ഷേ, 49-കാരനായ സ്റ്റീഫന്‍ വൂള്‍ഫ്രേം അങ്ങനെ അവകാശപ്പെടുന്നില്ല. താന്‍ പുറത്തിറക്കിയിട്ടുള്ളത്‌ ഒരു സെര്‍ച്ച്‌ എഞ്ചിനല്ല, നോളേജ്‌ എഞ്ചിനാണെന്ന്‌ അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ അതിനെ ഗൂഗിളുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന്‌ അദ്ദേഹം പറയുന്നു. വെറും 20 വയസ്സുള്ളപ്പോള്‍ ഭൗതീകശാസ്‌ത്രത്തില്‍ പി.എച്ച്‌.ഡി.നേടിയ സ്റ്റീഫന്‍ വൂള്‍ഫ്രേം സ്ഥാപിച്ച വൂള്‍ഫ്രേം റിസര്‍ച്ച്‌ എന്ന സ്ഥാപനമാണ്‌ പുതിയ സെര്‍ച്ച്‌ എഞ്ചിന്‌ പിന്നില്‍. പേജ്‌റാങ്ക്‌ എന്ന ഗണിതസമീകരണമാണ്‌ ഗൂഗിളിലെ സെര്‍ച്ചിന്റെ നട്ടെല്ലെങ്കില്‍, പുതിയ സെര്‍ച്ച്‌ എഞ്ചിന്റെ മസ്‌തിഷ്‌ക്കം ആയി നിലകൊള്ളുന്നത്‌, സ്റ്റീഫന്‍ വൂള്‍ഫ്രേം തന്നെ ചിട്ടപ്പെടുത്തിയ 'മാത്തമാറ്റിക്ക'യെന്ന കാല്‍ക്കുലേറ്റിങ്‌ ആന്‍ഡ്‌ ഗ്രാഫിങ്‌ സോഫ്‌ട്‌വേര്‍ പാക്കേജാണ്‌. പരമ്പരാഗതമായ രീതിക്ക്‌ പകരം, വിവരങ്ങളെ ചാര്‍ട്ടുകളും ഗ്രാഫിക്‌സുമായി മാറ്റുകയാണ്‌ ചെയ്യുക.

ഒരാള്‍ തേടുന്ന വിവരങ്ങള്‍ ചാര്‍ട്ടുകളും ഗ്രാഫുകളും മറ്റ്‌ ദൃശ്യരൂപങ്ങളുമാക്കി നിമിഷങ്ങള്‍ക്കകം പരുവപ്പെടുത്തി മുന്നിലെത്തിക്കുന്നത്‌ മാത്തമാറ്റിക്കയാണ്‌. സ്റ്റീഫന്‍ വൂള്‍ഫ്രേമിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന 200-ഓളം വിദഗ്‌ധര്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിലേറെയായി വിവരങ്ങള്‍ മാത്തമാറ്റിക്കയുടെ പാകത്തിന്‌ പരുവപ്പെടുത്തി ഡേറ്റാബേസ്‌ ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതിനകം ഏതാണ്ട്‌ 2000 കോടി ഡേറ്റാഘടകങ്ങള്‍ സംഭരിക്കാന്‍ അവര്‍ക്കായിട്ടുണ്ട്‌. തുടക്കത്തില്‍ മുഖ്യമായും ശാസ്‌ത്രജ്ഞരും ഗവേഷകരും ഉപയോഗിച്ചിരുന്ന ഈ സോഫ്‌ട്‌വേറിന്റെ സാധ്യത ഇപ്പോള്‍ പൊതുജനത്തിന്‌ മുന്നിലെത്തുകയാണ്‌. വൂള്‍ഫ്രേം ആല്‍ഫയിലെ സേവനം സൗജന്യമാണെങ്കിലും, ഭാവിയില്‍ പേജുകളില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ആലോചിക്കുന്നുണ്ട്‌. കൂടുതല്‍ ഗഹനമായ വിവരങ്ങള്‍ ലഭിക്കാന്‍ ഫീസ്‌ ഏര്‍പ്പെടുത്താനും.

പക്ഷേ, പലരും വൂള്‍ഫ്രേം ആല്‍ഫയുടെ സമീപനത്തില്‍ സംശയാലുക്കളാണ്‌. പല വിവരങ്ങളും സാധാരണക്കാര്‍ക്ക്‌ ഗ്രഹിക്കാന്‍ കഴിയാത്ത വിധമുള്ള ഗ്രാഫുകളും മറ്റുമാണ്‌ എന്നതാണ്‌ ഇതിന്‌ ഒരു കാരണം. പുതിയ സെര്‍ച്ചിന്റെ ഫലത്തിന്‌ ഗൂഗിളിലേതിനെക്കാള്‍, വിക്കിപീഡിയയോടാണ്‌ സാമ്യം എന്നത്‌ മറ്റൊരു കാരണം. വിക്കിപീഡിയയുടെ സംഘശക്തിയെ മറികടക്കാന്‍ വൂള്‍ഫ്രേം ആല്‍ഫയുടെ സമീപനത്തിന്‌ കഴിയുമോ. ഒപ്പം, സാംസ്‌കാരികവും സാഹിത്യപരവുമായ വിഷയങ്ങളെ ഈ സെര്‍ച്ച്‌ എഞ്ചിന്‍ എങ്ങനെ സമീപിക്കും എന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്‌. മാത്രമല്ല, സെര്‍ച്ച്‌ ചെയ്യാനുപയോഗിക്കുന്ന വാക്കുകള്‍ കൃത്യമായിരിക്കണം. തെറ്റുണ്ടെങ്കിലും അത്‌ മനസിലാക്കി പ്രതികരിക്കുന്ന ഗൂഗിളിന്റെ കഴിവ്‌ വൂള്‍ഫ്രേം ആല്‍ഫയ്‌ക്കില്ല.

ഏതായാലും ഗൂഗിളിന്‌ സൂചന മനസിലായിട്ടുണ്ട്‌. സാധാരണ സെര്‍ച്ചിന്‌ പകരം വിവരങ്ങള്‍ സ്‌പ്രെഡ്‌ഷീറ്റുകളായും മാറ്റും വിശകലനം ചെയ്‌ത്‌ തരുന്ന പുതിയൊരു സംവിധാനം 'ഗൂഗിള്‍ സ്‌ക്വയേര്‍ഡ്‌' (Google Squared) അണിയറയില്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

Friday, May 15, 2009

പ്രപഞ്ചത്തെ അടുത്തറിയാന്‍ ഹെര്‍ഷലും പ്ലാങ്കും

ജ്യോതിശ്ശാസ്‌ത്ര മേഖലയില്‍ വിപ്ലവകരമായ മുന്നേറ്റം സാധ്യമാക്കിയ ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പിന്റെ നവീകരണം നടക്കുന്ന വേളയില്‍ തന്നെ, യൂറോപ്പ്‌ അതിന്റെ ചരിത്രത്തിലെ സുപ്രധാനമായ രണ്ട്‌ ടെലിസ്‌കോപ്പുകളെ ബഹിരാകാശത്തെത്തിച്ചു എന്നത്‌ യാദൃശ്ചികമാകാം. ജ്യോതിശാസ്‌ത്ര മേഖലയില്‍ അഭൂതപൂര്‍വമായ കുതിപ്പിന്‌ കാരണമായേക്കാവുന്ന ഈ മുന്നേറ്റം അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷം ആചരിക്കുന്ന വേളയില്‍തന്നെയാണ്‌ സംഭവിച്ചത്‌. മനുഷ്യന്‍ ഇന്നുവരെ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ശക്തിയേറിയ ഇന്‍ഫ്രാറെഡ്‌ ടെലിസ്‌കോപ്പായ 'ഹര്‍ഷല്‍', പ്രപഞ്ചത്തിന്റെ ഉത്ഭവം കണ്ടെത്താനായി രൂപപ്പെടുത്തിയ 'പ്ലാങ്ക്‌' എന്നിവയാണ്‌ യൂറോപ്യന്‍ ടെലസ്‌കോപ്പുകള്‍. മെയ്‌ 14-ന്‌ ഫ്രഞ്ച്‌ ഗയാനയിലെ കുറുവില്‍നിന്ന്‌ ഏരിയന്‍-5 റോക്കറ്റിലാണ്‌ രണ്ട്‌ സ്‌പേസ്‌ ടെലസ്‌കോപ്പുകളും ഒരുമിച്ച്‌ ബഹിരാകാശത്തെത്തിച്ചത്‌.

ഭൂമിയില്‍നിന്ന്‌ 15 ലക്ഷം കിലോമീറ്റര്‍ അകലെ, രണ്ടാം ലാഗ്രാന്‍ഗിയന്‍ പോയന്റ്‌ (second Lagrangian point-L2) എന്നറിയപ്പെടുന്ന സ്ഥാനം കേന്ദ്രീകരിച്ചാണ്‌ ഇരു ടെലസ്‌കോപ്പുകളും പ്രവര്‍ത്തിക്കുക. സൂര്യന്റെയും ഭൂമിയുടെയും ഗുരുത്വാകര്‍ഷണബലങ്ങളുടെ സ്വാധീനം ഇല്ലാത്ത സ്ഥാനമാണ്‌ L2. അടുത്ത രണ്ടുമാസംകൊണ്ട്‌ ടെലിസ്‌കോപ്പുകള്‍ അവയുടെ യഥാര്‍ഥ ഭ്രമണപഥത്തിലേക്ക്‌ എത്തിക്കാമെന്നാണ്‌, യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി (ESA) ഉദ്ദേശിക്കുന്നത്‌. ഭൗമോന്തരീക്ഷത്തിലെ വായുവിന്റെയോ പൊടിപടലങ്ങളുടെയോ തടസ്സമില്ലാതെ പ്രപഞ്ചത്തെ നിരീക്ഷിക്കാം എന്നതാണ്‌ സ്‌പേസ്‌ ടെലിസ്‌കോപ്പുകളുടെ പ്രത്യേകത. അതേസമയം, L2 പോയന്റെ കേന്ദ്രമായുള്ള ഭ്രമണപഥത്തില്‍ സ്ഥിതിചെയ്യുന്നതിനാല്‍, ഭൂമിയുടെയോ സൂര്യന്റെയോ ചന്ദ്രന്റെയോ സ്വാധീനങ്ങളില്ലാതെ ഹെല്‍ഷലിനും പ്ലാങ്കിനും പ്രവര്‍ത്തിക്കാനാകും.

നക്ഷത്രപരിണാമം പഠിക്കാന്‍ ഹെര്‍ഷല്‍
പ്രപഞ്ചത്തെ ഇന്‍ഫ്രാറെഡ്‌ രൂപത്തില്‍ നിരീക്ഷിക്കാന്‍ പാകത്തിലാണ്‌ 'ഹെര്‍ഷല്‍' ടെലിസ്‌കോപ്പിന്റെ നിര്‍മിതി. ബഹിരാകാശത്തെത്തുന്ന ഏറ്റവും വലിയ ടെലിസ്‌കോപ്പാണ്‌ ഹെര്‍ഷല്‍. 3.5 മീറ്റര്‍ വ്യാസമുണ്ട്‌ അതിലെ ദര്‍പ്പണത്തിന്‌. ഹബ്ബിള്‍ ടെലിസ്‌കോപ്പിലെ മുഖ്യദര്‍പ്പണത്തിന്റെ ഒന്നര മടങ്ങ്‌ വലിപ്പം വരും ഇത്‌. ഇന്‍ഫ്രാറെഡ്‌ കിരണങ്ങളാല്‍ പ്രപഞ്ചത്തെ നിരീക്ഷിക്കുന്നതുകോണ്ട്‌, പൊടിപടലങ്ങളും മേഘധൂളികളും നിറഞ്ഞ വിദൂരകോണുകളിലേക്ക്‌ ദൃഷ്ടിപായിക്കാന്‍ ഹെര്‍ഷലിനാകും. നക്ഷത്രങ്ങളുടെ പിറവി, ഗാലക്‌സികളുടെ പരിണാമം ഒക്കെ അടുത്തറിയുകയാണ്‌ ഹെര്‍ഷലിന്റെ മുഖ്യലക്ഷ്യം. പ്രപഞ്ചത്തിന്റെ വിദൂരകോണുകളിലെ ജലസാന്നിധ്യം മനസിലാക്കാനും ഈ ബഹിരാകാശ ടെലിസ്‌കോപ്പ്‌ സഹായിക്കും.

1800-ല്‍ സൂര്യനെക്കുറിച്ച്‌ പഠിക്കുന്ന വേളയില്‍ ഇന്‍ഫ്രാറെഡ്‌ കിരണങ്ങള്‍ കണ്ടുപിടിച്ച പ്രശസ്‌ത ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ വില്യം ഹെര്‍ഷലിന്റെ പേരാണ്‌ ആ സ്‌പേസ്‌ ടെലിസ്‌കോപ്പിന്‌ നല്‍കിയിരിക്കുന്നത്‌. (സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹമായ യുറാനസ്‌ കണ്ടുപിടിച്ചതും അദ്ദേഹം തന്നെ). പ്രപഞ്ചത്തിന്റെ ഇരുണ്ട കോണുകള്‍ സര്‍വേ നടത്താന്‍ പാകത്തില്‍ ഹെര്‍ഷല്‍ ടെലിസ്‌കോപ്പിലെ ഡിറ്റെക്ടറുകള്‍ വളരെ താഴ്‌ന്ന താപനിലയിലാണ്‌ സ്ഥിതിചെയ്യുന്നത്‌; കേവലപൂജ്യമായ മൈനസ്‌ 273 ഡിഗ്രിക്ക്‌ സമീപം. ഇത്രയും താഴ്‌ന്ന താപനില കൈവരിക്കാന്‍ 2300 ലിറ്റര്‍ ദ്രാവക ഹീലിയം ടെലിസ്‌കോപ്പിലുണ്ട്‌. അതുള്‍പ്പടെ 3400 കിലോഗ്രാമാണ്‌ വിക്ഷേപണ വേളയില്‍ ഹെര്‍ഷലിന്റെ ഭാരം. അതിലെ ദ്രാവക ഹീലിയം വിഘടിച്ച്‌ തീരുംവരെ ടെലിസ്‌കോപ്പ്‌ പ്രവര്‍ത്തനം തുടരും. 7.5 മീറ്റര്‍ പൊക്കവും 4.5 വ്യാസവുമുണ്ട്‌ ടെലിസ്‌കോപ്പിന്‌.


പ്രപഞ്ചാരംഭം തേടി പ്ലാങ്ക്‌

മഹാവിസ്‌ഫോടനത്തിന്റെ അവശിഷ്ടമായി പ്രപഞ്ചമെങ്ങും വ്യാപിച്ചു കിടക്കുന്ന ഫോസില്‍ വികരണം (പ്രാപഞ്ചിക സൂക്ഷ്‌മതരംഗ പശ്ചാത്തലം-CMB) മാപ്പ്‌ ചെയ്യുകയാണ്‌ 'പ്ലാങ്കി'ന്റെ ലക്ഷ്യം. ഇതുവരെ സാധ്യമാകാത്തത്ര സൂക്ഷ്‌മതയോടെ സൂക്ഷ്‌മതരംഗ പശ്ചാത്തലത്തിലെ താപവ്യതിയാനം മാപ്പ്‌ ചെയ്യാന്‍ പാകത്തിലാണ്‌ പ്ലാങ്കിന്റെ രൂപകല്‍പ്പന. പ്രപഞ്ചാരംഭത്തിലേക്ക്‌ ദൃഷ്ടി പായിക്കുന്ന പ്ലാങ്കിന്‌, വെറും 3.8 ലക്ഷം വര്‍ഷം മാത്രം പ്രായമുണ്ടായിരുന്ന സമയത്ത്‌ പ്രപഞ്ചം എങ്ങനെയിരുന്നു എന്ന്‌ കാണാന്‍ സാധിക്കും. ഇനിയും ശാസ്‌ത്രലോകത്തിന്‌ പിടികൊടുക്കാത്ത ശ്യാമോര്‍ജം, ശ്യാമദ്രവ്യം തുടങ്ങിയവയെ സംബന്ധിച്ച നിഗൂഢത അനാവരണം ചെയ്യാനും പ്ലാങ്കിന്റെ നിരീക്ഷണങ്ങള്‍ വഴിതെളിച്ചേക്കും. നാസയുടെ 'കോസ്‌മിക്‌ ബാക്ക്‌ഗ്രൗണ്ട്‌ എക്‌സ്‌പ്ലോറര്‍' (COBE), 'വില്‍ക്കിന്‍സണ്‍ മൈക്രോവേവ്‌ അനിസോട്രോഫി പ്രോബ്‌' (WMAP) എന്നിവയുടെ പിന്‍ഗാമിയാണ്‌ പ്ലാങ്ക്‌. പ്രകാശത്തിന്റെ ക്വാണ്ടം സ്വഭാവം പ്രവചിച്ചതിന്‌ 1918-ല്‍ നോബല്‍ പുരസ്‌കാരം നേടിയ ജര്‍മന്‍ ശാസ്‌ത്രജ്ഞന്‍ മാക്‌സ്‌ പ്ലാങ്കിന്റെ പേരാണ്‌ ആ ടെലിസ്‌കോപ്പിന്‌ നല്‍കിയിരിക്കുന്നത്‌.

പശ്ചാത്തല വികിരണത്തില്‍ അലോസരമുണ്ടാക്കുന്ന ഘടകങ്ങളൊന്നും പ്ലാങ്കിന്റെ ഭ്രമണപഥത്തിലില്ല എന്നത്‌ അതിന്റെ നിരീക്ഷണം കൂടുതല്‍ കൃത്യതയുള്ളതാക്കും. കേവലപൂജ്യത്തിന്‌ അടുത്തുള്ള താപനിലയിലാണ്‌ പ്ലാങ്കിലെയും ഡിറ്റെക്ടറുകള്‍ പ്രവര്‍ത്തിക്കുക. വിക്ഷേപണ വേളയില്‍ 1950 കിലോഗ്രാം ഭാരമുണ്ടായിരുന്ന പ്ലാങ്ക്‌, ഏതാണ്ട്‌ 15 മാസക്കാലം L2 പോയന്റിനെ കേന്ദ്രമാക്കി സര്‍വേ തുടരും. രണ്ട്‌ തവണ ആകാശം മുഴുവന്‍ സര്‍വേ നടത്താന്‍ അതിനകം പ്ലാങ്കിന്‌ കഴിയും. അതിലെ ശീതീകരണ സംവിധാനത്തിന്റെ സ്ഥിതി അനുസരിച്ച്‌, വേണമെങ്കില്‍ ഒരുവര്‍ഷം കൂടി പ്രവര്‍ത്തിക്കാന്‍ പ്ലാങ്കിന്‌ കഴിയും. 4.2 മീറ്റര്‍ പൊക്കമുള്ള പ്ലാങ്കിന്റെ ഏറ്റവും കുറഞ്ഞ വ്യാസം 4.2 മീറ്ററാണ്‌.

"യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി പ്രപഞ്ചാരംഭത്തിലേക്ക്‌ യാത്ര തിരിച്ചിരിക്കുന്നു"-ടെലിസ്‌കോപ്പുകളുടെ വിജയകരമായ വിക്ഷേപണത്തിന്‌ ശേഷം, ഇ.എസ്‌.എ. ഡയറക്ടര്‍ ജനറല്‍ ജീന്‍ ജാക്വേസ്‌ ഡോര്‍ഡെയ്‌ന്‍ പ്രതികരിച്ചു. "മഹാവിസ്‌ഫോടനത്തിന്‌ ശേഷമുള്ള 'ആദ്യവെളിച്ചം' കണ്ടെത്താനാകുമെന്ന്‌ നമുക്ക്‌ പ്രതീക്ഷിക്കാം"-അദ്ദേഹം പറഞ്ഞു. 20 വര്‍ഷത്തെ ആസൂത്രണത്തിനൊടുവിലാണ്‌ ഇരു ടെലിസ്‌കോപ്പുകളെയും വിക്ഷേപിക്കാന്‍ യൂറോപ്പിനായത്‌. ആയിരക്കണക്കിന്‌ എന്‍ജിനിയര്‍മാരും ഗവേഷകരും, 244 കോടി ഡോളര്‍ ചെലവ്‌ വന്ന ഈ സംരംഭത്തില്‍ പങ്കാളികളായി. പ്രപഞ്ചത്തെ കൂടുതല്‍ അറിയാനുള്ള ഈ ദൗത്യം ഏതര്‍ഥത്തിലും സ്വാര്‍ഥകമാകുമെന്ന വിശ്വാസത്തിലാണ്‌ അതിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍. (കടപ്പാട്‌: യൂറോപ്യന്‍ സ്‌പേസ്‌
ഏജന്‍സി).


Tuesday, May 05, 2009

മഹാമാരികള്‍ പ്രവചിക്കാനാകുമോ?

പകര്‍ച്ചവ്യാധികള്‍ പൊട്ടിപ്പുറപ്പെടുംമുമ്പ്‌ അതെപ്പറ്റി മനസിലാക്കാനുള്ള ഒരു നൂതന സംരംഭത്തെപ്പറ്റി...

പുതിയ പകര്‍ച്ചവ്യാധികള്‍ മനുഷ്യനെ തേടിയെത്തിക്കൊണ്ടിരിക്കുകയാണ്‌. സാര്‍സിനും പക്ഷിപ്പനിക്കും പിന്നാലെ ഇപ്പോള്‍ പന്നിപ്പനിയെന്ന 'എച്ച്‌1എന്‍1 പനി'യും. മെക്‌സിക്കോയില്‍ പന്നികളില്‍വെച്ച്‌ ജനിതകവ്യതിയാനം സംഭവിച്ച്‌ മനുഷ്യരിലേക്ക്‌ മാരകമായി പകര്‍ന്ന ആ വൈറസ്‌, ലോകത്തിന്റെ സ്വസ്ഥതകെടുത്തുകയാണ്‌. പുതിയ രോഗമായതിനാല്‍ മനുഷ്യര്‍ക്ക്‌ പന്നിപ്പനിക്കെതിരെ പ്രതിരോധശേഷിയില്ല, ചികിത്സയും ലഭ്യമല്ല. ഇത്‌ ഒറ്റപ്പെട്ട സംഭവമല്ല, ഇനി എത്ര രോഗങ്ങള്‍ മനുഷ്യരെ തേടിയെത്താന്‍ ബാക്കിയുണ്ട്‌? ആര്‍ക്കുമറിയില്ല. ഒരു മഹാമാരി കഴിഞ്ഞ്‌ എല്ലാം ഭദ്രം എന്ന്‌ കരുതിയിരിക്കുമ്പോഴാകാം അടുത്തതിന്റെ വരവ്‌. ചിലത്‌ മരണംവിതച്ച്‌ പെട്ടന്ന്‌ കെട്ടടങ്ങും-സ്‌പാനിഷ്‌ ഫ്‌ളു ഉദാഹരണം. എച്ച്‌.ഐ.വി.പോലുള്ള മറ്റ്‌ ചില പകര്‍ച്ചവ്യാധികള്‍ മനുഷ്യരിലെത്തി പതിറ്റാണ്ടുകള്‍ കഴിഞ്ഞാലും വൈദ്യാശാസ്‌ത്രത്തിന്‌ വെല്ലുവിളിയായി തുടരും.

ഇത്തരം രോഗങ്ങള്‍ മനുഷ്യനെ മാരകമായി പിടിപെടും മുമ്പ്‌ അവയുടെ വരവ്‌ മനസിലാക്കാനാകുമോ. രോഗാണുക്കള്‍ നമ്മളെ പിടികൂടും മുമ്പ്‌ അവയെ നമുക്ക്‌ പടികൂടാന്‍ കഴിയുമോ എന്നതാണ്‌ ചോദ്യം. പന്നിപ്പനിയുടെ കാര്യം തന്നെയെടുക്കാം. സാധാരണ ഫ്‌ളൂവിന്‌ കാരണമായ എച്ച്‌1എന്‍1 വൈറസിന്‌ പന്നികളില്‍വെച്ച്‌ ജനിതകമാറ്റം സംഭവിക്കുന്നുണ്ടെന്നും അവ മനുഷ്യനെ ബാധിച്ചേക്കാമെന്നും മുന്‍കൂട്ടി മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കില്‍, ഇപ്പോള്‍ ലോകത്തിന്റെ ഉറക്കം കെടില്ലായിരുന്നു. കോടിക്കണക്കിന്‌ രൂപായുടെ ചെലവും ആള്‍നാശവും ബുദ്ധിമുട്ടും ഒഴിവാക്കാനാകുമായിരുന്നു. സംഭവമൊക്കെ ശരി. പക്ഷേ, പകര്‍ച്ചവ്യാധികള്‍ മുന്‍കൂട്ടി പ്രവചിക്കുകയെന്നത്‌ പ്രായോഗികമാണോ. സംശയം വേണ്ട, അത്‌ അപ്രായോഗികമല്ലെന്ന്‌ സ്‌റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ വിദഗ്‌ധന്‍ ഡോ. നാഥാന്‍ വൂള്‍ഫ്‌ പറയുന്നു. മഹാമാരികളുടെ വരവ്‌ പ്രവചിക്കാന്‍ അദ്ദേഹം ഒരു ആഗോളസംരംഭവും ആരംഭിച്ചു കഴിഞ്ഞു; 'ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്‌റ്റിങ്‌ ഇനിഷ്യേറ്റീവ്‌'. അടുത്തൊരു എച്ച്‌.ഐ.വി.യോ, മഞ്ഞപ്പനിയോ മനുഷ്യനെ പിടികൂടും മുമ്പ്‌ അവയെക്കുറിച്ച്‌ മനസിലാക്കാനാണ്‌ ഡോ. വൂള്‍ഫിന്റെയും കൂട്ടരുടെയും ശ്രമം.

പുതിയ രോഗങ്ങളില്‍ മിക്കവയും പ്രകൃതിയില്‍നിന്നാണ്‌ മനുഷ്യരിലേക്ക്‌ എത്തുന്നത്‌; പ്രത്യേകിച്ചും മറ്റ്‌ ജീവികളില്‍നിന്ന്‌. വളര്‍ത്തുമൃഗങ്ങള്‍, വന്യജീവികള്‍ ഒക്കെ പുതിയ വൈറസുകളുടെയും രോഗാണുക്കളുയുടെയും ഉത്ഭവസ്ഥാനമാകാം. പ്ലേഗ്‌, പേവിഷബാധ, ആന്ത്രാക്‌സ്‌, ഭ്രാന്തിപ്പശുരോഗം, എച്ച്‌.ഐ.വി, മഞ്ഞപ്പനി, ജപ്പാന്‍ ജ്വരം, എബോള, പക്ഷിപ്പനി തുടങ്ങി മറ്റ്‌ ജീവികളില്‍നിന്ന്‌ മനുഷ്യരിലേക്കിയ രോഗങ്ങള്‍ എത്രയോ ഉണ്ട്‌. മനുഷ്യന്‌ ദുരിതം വിതയ്‌ക്കുന്ന പകര്‍ച്ചവ്യാധികളില്‍ 60 ശതമാനവും ഇത്തരത്തില്‍ പ്രത്യക്ഷപ്പെട്ടതാണെന്ന്‌ പഠനങ്ങള്‍ പറയുന്നു. ഭൂമുഖത്ത്‌ പുതിയ വൈറസുകളും രോഗാണുക്കളും മനുഷ്യരിലേക്ക്‌ എത്താന്‍ കൂടുതല്‍ സാധ്യതയുള്ള ചില ഹോട്ട്‌സ്‌പോട്ടുകളുണ്ട്‌. വന്യമൃഗങ്ങളുമായി തുടര്‍ച്ചയായി സമ്പര്‍ക്കത്തിലേര്‍പ്പെടുന്ന ആഫ്രിക്കയിലെ നായാടികളായ ഗോത്രവര്‍ഗക്കാര്‍, തെക്കന്‍ ചൈനയിലെ 'ഈര്‍പ്പകമ്പോള' (wet market) ങ്ങളില്‍ ജീവികളെ വില്‍ക്കുകയും കശാപ്പുചെയ്യുകയും ചെയ്യുന്നവര്‍, വന്യജീവിസങ്കേതങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, മലേഷ്യയിലെ പരമ്പരാഗത വവ്വാല്‍വേട്ടക്കാര്‍ തുടങ്ങിയവരൊക്കെ ഇത്തരം ഹോട്ട്‌സ്‌പോട്ടുകളില്‍ കഴിയുന്നവരാണ്‌.

വൈറസുകള്‍ക്ക്‌ ജീവിവര്‍ഗത്തിന്റെ അതിരുകള്‍ ഭേദിച്ച്‌ മനുഷ്യരിലേക്കെത്താന്‍ കൂടുതല്‍ അവസരമുള്ള ഇത്തരം ഹോട്ട്‌സ്‌പോട്ടുകള്‍ കേന്ദ്രീകരിച്ചാണ്‌, പകര്‍ച്ചവ്യാധികളുടെ വരവ്‌ പ്രവചിക്കാന്‍ ആഗോള നിരീക്ഷണസംവിധാനം ഡോ.വൂള്‍ഫും സംഘവും ആരംഭിച്ചിരിക്കുന്നത്‌. പുതിയ ഏതെങ്കിലും വൈറസുകള്‍ മൃഗങ്ങളില്‍നിന്ന്‌ മനുഷ്യരിലേക്ക്‌ എത്തുന്നുണ്ടോ എന്ന്‌ തുടര്‍ച്ചയായി നിരീക്ഷിക്കുകയാണ്‌ ചെയ്യുക. ഇതിനായി വേട്ടക്കാരുടെയും വേട്ടമൃഗങ്ങളുടെയും രക്തസാമ്പിളുകള്‍, സമീപത്തെ രക്തബാങ്കുകളില്‍ നിന്നുള്ള സാമ്പിളുകള്‍ ഒക്കെ പരിശോധിക്കും. കഴിഞ്ഞ എട്ടു വര്‍ഷമായി ആഫ്രിക്കയിലെ നായാടികള്‍ക്കിടയില്‍ ഈ പ്രവര്‍ത്തനം നടത്തുന്ന ഗവേഷകനാണ്‌ 38-കാരനായ ഡോ.വൂള്‍ഫ്‌. കുരങ്ങുകളില്‍ കാണപ്പെടുന്ന, ഇതുവരെ പുറംലോകമറിയാത്ത, ചില റിട്രോവൈറസുകള്‍ മനുഷ്യരിലേക്ക്‌ എത്തിയതായി ഇതിനകം അദ്ദേഹം കണ്ടെത്തിക്കഴിഞ്ഞു. സിമിയന്‍ ഫോമി കുടുംബത്തില്‍പെടുന്ന ഒരിനം വൈറസ്‌ ലോകത്താകെ ആയിരക്കണക്കിനാളുകളില്‍ പകര്‍ന്നതായാണ്‌ കണ്ടെത്തിയത്‌.

ഈ രീതിയില്‍ ലോകമാകെ നിരീക്ഷണം വ്യാപിപ്പിക്കാനുദ്ദേശിച്ചുള്ളതാണ്‌ ഗ്ലോബല്‍ വൈറല്‍ ഫോര്‍കാസ്‌റ്റിങ്‌ ഇനിഷ്യേറ്റീവ്‌. നൂറോളം വിദഗ്‌ധര്‍ ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്‌. ഏതാണ്ട്‌ ഒരു ഡസണ്‍ കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പതിനഞ്ചോളം ലാബുകളില്‍ പരിശോധിച്ച്‌ വിവരങ്ങള്‍ അതാത്‌ സമയത്ത്‌ കൈമാറും. ഭാവിയില്‍ നിരീക്ഷണകേന്ദ്രങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച്‌, ഈ സംവിധാനം വ്യാപകമാക്കാനാണ്‌ ഉദ്ദേശം. "രോഗപ്രതിരോധത്തിന്റെ കാര്യത്തില്‍ നമ്മള്‍ ഇപ്പോഴും ശിലായുഗത്തിലാണ്‌"-ഡോ.വൂള്‍ പറയുന്നു. മഹാമാരികള്‍ മുന്‍കൂട്ടി പ്രവചിക്കാനുള്ള നീക്കം യുക്തിപൂര്‍വമോ എന്ന്‌ ചോദിക്കുന്നവരോട്‌ അദ്ദേഹത്തിന്റെ തിരിച്ചുള്ള ചോദ്യം ഇതാണ്‌, "ഭൂകമ്പവും സുനാമിയും പ്രവചിക്കാന്‍ എത്ര കോടികളാണ്‌ നമ്മള്‍ ചെലവിടുന്നത്‌. ശരിക്കു പറഞ്ഞാല്‍, എച്ച്‌.ഐ.വി.എന്നത്‌ 30 വര്‍ഷമായി തുടരുന്ന ഒരു ഭൂകമ്പമല്ലേ". എഴുപതുകളില്‍ ഇത്തരമൊരു നിരീക്ഷണസംവിധാനം ലോകത്തുണ്ടായിരുന്നെങ്കില്‍, എയ്‌ഡ്‌സ്‌ ഒരുപക്ഷേ, ഇന്നത്തെ പോലെ ഭീഷണി ആകില്ലായിരുന്നു. പ്രശസ്‌ത ഇന്റര്‍നെറ്റ്‌ കമ്പനിയായ ഗൂഗിള്‍, സ്‌കോള്‍ ഫൗണ്ടേഷന്‍, നാഷണല്‍ ജ്യോഗ്രഫിക്‌ സൊസൈറ്റി തുടങ്ങിയവയുടെ ധനസഹായത്തോടെയാണ്‌ പുതിയ സംരംഭം പുരോഗമിക്കുന്നത്‌.
(അവലംബം: Orgins of major human infectious diseases, Nature, 17May2007; Where will the next Pandemic emerge?, Discover, Oct.27, 2008; Preventing the next Pandemic, Scientific American, April 2009).