Thursday, March 29, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-12: നീലകണ്‌ഠ സോമയാജി

സംഗമഗ്രാമ മാധവനെപ്പോലെ വേണ്ടത്ര അംഗീകരിക്കപ്പെടാതെ പോയ മറ്റൊരു കേരളീയ പ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി.അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ തുക കാണാനുള്ള സൂത്രവാക്യം ആദ്യമായി ആവിഷ്‌ക്കരിച്ചത്‌ അദ്ദേഹമാണ്‌

സംഗമഗ്രാമ മാധവന്‍, വടശ്ശേരി പരമേശ്വരന്‍ തുടങ്ങിയവരെപ്പോലെ വേണ്ടത്ര അംഗീകാരം ലഭിക്കാതെപോയ മറ്റൊരു കേരളീയ ഗണിതശാസ്‌ത്രപ്രതിഭയാണ്‌ നീലകണ്‌ഠ സോമയാജി. `പൈ' ഒരു അഭിന്നകസംഖ്യ (irrational number)യാണെന്ന്‌ ആധുനികഗണിതശാസ്‌ത്രത്തില്‍ സ്ഥാപിച്ചത്‌ 1671-ല്‍ ലാംബെര്‍ട്ടാണ്‌. അതിന്‌ രണ്ടു നൂറ്റാണ്ട്‌ മുമ്പ്‌ ഇതേ ആശയം സോമയാജി തന്റെ 'ആര്യഭടീയഭാഷ്യ'ത്തില്‍ അവതരിപ്പിച്ചു. വൃത്തത്തിന്റെ ചുറ്റളവ്‌ അതിന്റെ വ്യാസത്തിന്റെ ഗുണിതമായി കൃത്യമായി കണക്കുകൂട്ടാന്‍ കഴിയില്ലെന്നാണ്‌ സോമയാജി വാദിച്ചത്‌. വ്യാസത്തെ `പൈ'യെന്ന അഭിന്നകം കൊണ്ട്‌ ഗുണിച്ചാലാണ്‌ ചുറ്റളവു കിട്ടുക.

അതുപോലെ തന്നെ, അനന്തഗുണോത്തര അഭിസാരിശ്രേണിയുടെ (infinite convergent geometrical progression) തുക കാണാനുള്ള സൂത്രവാക്യം ഇന്ത്യയില്‍ ആദ്യമായി ആവിഷ്‌ക്കരിച്ചതും നീലകണ്‌ഠ സോമയാജിയാണ്‌. ഒന്നിനൊന്ന്‌ തുടര്‍ന്നു വരുന്ന പദങ്ങള്‍ തമ്മിലുള്ള വ്യത്യാസം കുറഞ്ഞുവരുന്ന രീതിയിലെഴുതുന്ന അനുക്രമമാണ്‌ അഭിസാരിശ്രേണി. ഇവയുടെ പദങ്ങള്‍ അനന്തമാണെങ്കിലും, പദങ്ങളുടെ തുകയ്‌ക്ക്‌ പരിധിയുണ്ടാകും. ഉദാഹരണം 1, 1/3, 1/9, 1/27, 1/81, . . . . ഈ ശ്രേണിയില്‍ പദങ്ങളുടെ തുകയുടെ പരിധി മൂന്ന്‌ (3) ആണ്‌.

എന്നുവെച്ചാല്‍, ഇതില്‍ അടുത്തടുത്തു വരുന്ന ഏത്‌ പദമെടുത്താലും കുറഞ്ഞ പദത്തെ മൂന്നുകൊണ്ടു ഗുണിച്ചാല്‍ കൂടിയ പദം കിട്ടും എന്നര്‍ത്ഥം. 'ആര്യഭടീയഭാഷ്യ'ത്തില്‍ തന്നെയാണ്‌ സോമയാജി ഇത്തരം ശ്രേണികളെക്കുറിച്ച്‌ എഴുതിയതും. വൃത്തഭാഗമായ ചാപത്തെ ഞാണുകളുടെ തുകയായി കാണുന്ന രീതി ഉപയോഗിച്ചാണ്‌ അദ്ദേഹം ഈ രീതി ആവിഷ്‌ക്കരിച്ചത്‌. പാശ്ചാത്യഗണിതശാസ്‌ത്രജ്ഞര്‍ ഇത്തരം പ്രശ്‌നങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിനും രണ്ടുനൂറ്റാണ്ട്‌ മുമ്പാണ്‌, കേരളത്തിലിരുന്ന്‌ സോമയാജി ഇവ താളിയോലകളില്‍ കോറിയിട്ടത്‌.

തൃക്കണ്ടിയൂരില്‍ കേളല്ലൂര്‍ എന്ന നമ്പൂതിരി കുടുംബത്തിലാണ്‌ സോമയാജി ജനിച്ചത്‌; 1444 ഡിസംബറില്‍. ജാതവേദസ്സ്‌ എന്നായിരുന്നു അച്ഛന്റെ പേര്‌. ദൃഗ്ഗണിതമെന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച വടശ്ശേരി പരമേശ്വരന്‍ നമ്പൂതിരി (1360-1455) യുടെ ആലത്തൂരുള്ള വീട്ടില്‍ നിന്നാണ്‌ സോമയാജി ഗണിതത്തിലും ജ്യോതിശ്ശാസ്‌ത്രത്തിലും ജ്യോതിഷത്തിലും പ്രാവിണ്യം നേടിയത്‌. പരമേശ്വരന്റെ മകനായ വടശ്ശേരി ദാമോദരന്‍ നമ്പൂതിരി (1410-1510) ആയിരുന്നു മുഖ്യഗുരു. 'മുഹൂര്‍ത്ത ദീപിക'യുടെ വ്യാഖ്യാനമായ 'ആചാരദര്‍ശനം' രചിച്ച രവി നമ്പൂതിരി (1425-1500) മറ്റൊരു ഗുരു. സോമയാജിക്കും സഹോദരന്‍ ശങ്കരനും വേണ്ട പ്രോത്സാഹനം നല്‍കിയത്‌ ആഴ്‌വാഞ്ചേരി തമ്പ്രാക്കളായിരുന്നു.

ജ്യോതിശാസ്‌ത്രത്തെക്കുറിച്ചുള്ള ഗ്രന്ഥങ്ങളാണ്‌ സോമയാജിയുടേതായി അറിയപ്പെടുന്നവയില്‍ മിക്കവയും. `തന്ത്രസംഗ്രഹം'(1500), `ഗ്രഹണനിര്‍ണയം', `ഗോളസാരം', `സിദ്ധാന്തദര്‍പ്പണം', `സുന്ദരരാജ പ്രശ്‌നോത്തരം', `ഗ്രഹപരീക്ഷാ കര്‍മം' എന്നിവയും`ആര്യഭടീയ ഭാഷ്യ'വുമാണ്‌ സോമയാജിയുടെ മുഖ്യകൃതികള്‍. ഇവയില്‍ അദ്ദേഹത്തിന്റെ ഏറ്റവും പ്രധാനകൃതിയായി ഗണിക്കപ്പെടുന്നത്‌ 'ആര്യഭടീയഭാഷ്യ'മാണ്‌. നൂറുവര്‍ഷം ജീവിച്ചിരുന്ന സോമായജി 1545-ല്‍ അന്തരിച്ചു.

Tuesday, March 27, 2007

ആഗോളതാപനം: കാലാവസ്ഥാമേഖലകള്‍ മാറിമറയും

ആഗോളതാപനം കാലാവസ്ഥയില്‍ വന്‍മാറ്റങ്ങളുണ്ടാക്കുമെന്നും, 2100-ഓടെ നിലവിലുള്ളവയ്‌ക്കു പകരം പുതിയ കാലാവസ്ഥാമേഖലകള്‍ പ്രത്യക്ഷപ്പെടുമെന്നും പഠനറിപ്പോര്‍ട്ട്‌.

വാസവ്യവസ്ഥകള്‍ക്ക്‌ ഇത്‌ കനത്ത ഭീഷണിയാവും, ജീവികളും സസ്യങ്ങളും വംശനാശത്തിന്റെ നിഴലിലാകും -റിപ്പോര്‍ട്ട്‌ പറയുന്നു. മനുഷ്യന്‌ അപരിചിതമായ കാലാവസ്ഥാമേഖലയായിരിക്കും ഉഷ്‌ണമേഖലാപ്രദേശത്ത്‌ രൂപപ്പെടുകയത്രെ.

യൂണിവേഴ്‌സിറ്റി ഓഫ്‌ വിസ്‌കോസിന്‍-മാഡിസണിലെ ഗവേഷകനായ ജാക്ക്‌ വില്യംസും സംഘവും ചേര്‍ന്ന്‌ തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടിലാണ്‌ ഇക്കാര്യമുള്ളത്‌. "പ്രാദേശികതലത്തില്‍ മാത്രമല്ല, ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാമേഖലകള്‍(climate zones) അപ്രത്യക്ഷമാകും"-'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ഒരു പ്രത്യേക മേഖലയില്‍ അവിടുത്ത കാലാവസ്ഥയ്‌ക്കിണങ്ങി കഴിയുന്ന ജീവികള്‍ക്ക്‌ ഒരിടത്തും പോകാനില്ലാത്ത സ്ഥിതിവരും.കാലാവസ്ഥയ്‌ക്ക്‌ വ്യതിയാനം സംഭവിക്കുമ്പോള്‍ ചില പ്രത്യേക പ്രദേശങ്ങളിലെ ജീവജാലങ്ങള്‍ അപകടത്തിലാകുമെന്ന്‌ മുമ്പു ചില പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌; കോസ്‌റ്ററിക്കയിലെ വനമേഖലകളും ദക്ഷിണാഫ്രിക്കയുടെ തെക്കേയറ്റത്തുള്ള പ്രദേശങ്ങളും ഉദാഹരണം. എന്നാല്‍, ആഗോളതലത്തില്‍ തന്നെ കാലാവസ്ഥാമേഖലകള്‍ മറ്റിമറിക്കപ്പെടുമെന്ന്‌ ആദ്യമായാണ്‌ ഒരു റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നത്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും, ഭൂമിയുടെ ചൂട്‌ ചില വിതാനങ്ങളില്‍(latitudes) എട്ടു ഡിഗ്രിസെല്‍സിയസ്‌ വരെ ഉയരുമെന്നാണ്‌ പ്രവചനം. നിലവിലുള്ള കാലാവസ്ഥാമേഖലകള്‍ ഭൂമധ്യരേഖാപ്രദേശത്തുനിന്ന്‌ ധ്രുവങ്ങളുടെ ഭാഗത്തേക്ക്‌ മാറും-റിപ്പോര്‍ട്ട്‌ പറയുന്നു. ധ്രുവങ്ങളിലും ഹിമാലയം പോലുള്ള പര്‍വതങ്ങളിലെയും നിലവിലുള്ള കാലാവസ്ഥ അപ്രത്യക്ഷമാകും. "ധ്രുവക്കരടികളും സീലുകളും പോലുള്ള ജീവികളുടെ ആവാസവ്യവസ്ഥയാണ്‌ ഇതുമൂലം ഇല്ലാതാവുക"-ജാക്ക്‌ വില്യംസ്‌ പറയുന്നു.

കാലാവസ്ഥാവ്യതിയാനത്തിന്റെ കമ്പ്യൂട്ടര്‍ മാതൃകകളുപയോഗിച്ചാണ്‌ വില്യംസും സംഘവും പഠനം നടത്തിയത്‌. താപവ്യതിയാനം ഏറ്റവും കൂടുതല്‍ പ്രകടമാകുക ധ്രുവപ്രദേശത്തായിരിക്കും. കാരണം, ഹിമപാളികള്‍ അപ്രത്യക്ഷമാകുന്നതോടെ അവിടെ വീഴുന്ന സൂര്യപ്രകാശം പ്രതിഫലിപ്പിച്ച്‌ പുറത്തേക്ക്‌ കളയാനുള്ള ശേഷി ധ്രുവങ്ങള്‍ക്ക്‌ നഷ്ടമാകും. സൂര്യതാപം അവിടെ വന്‍തോതില്‍ ആഗിരണം ചെയ്യപ്പെടും.

ഒരു വശത്ത്‌ ധ്രുവകാലാവസ്ഥ അപ്രത്യക്ഷമാകുമ്പോള്‍, ഭൂമധ്യരേഖാപ്രദേശങ്ങളില്‍ അപരിചിതമായ പുതിയ കാലാവസ്ഥാമേഖലകള്‍ രൂപപ്പെടും. സാധാരണഗതിയില്‍, ഭൂമധ്യരേഖാപ്രദേശത്തെ താപനിലയിലും വര്‍ഷപാതത്തിലും വളരെക്കുറച്ച്‌ വ്യതിയാനമേ രേഖപ്പെടുത്താറുള്ളൂ. അതിനാല്‍, താപനിലയിലുണ്ടാകുന്ന ചെറിയ വര്‍ധന പോലും വലിയ മാറ്റങ്ങള്‍ ഈ പ്രദേശത്ത്‌ സൃഷ്ടിക്കും-വില്യംസിനൊപ്പം പഠനത്തില്‍ പങ്കുചേര്‍ന്ന ജോണ്‍ കുറ്റ്‌സ്‌ബാക്‌ പറയുന്നു.

കാര്‍ബണ്‍ഡയോക്‌സയിഡ്‌ പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ വ്യാപനമാണ്‌ ആഗോളതാപനത്തിന്‌ കാരണം. പെട്രോളിയം, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ അമിതോപയോഗമാണ്‌ ഇത്തരം വാതകങ്ങളെ അന്തരീക്ഷത്തിലേക്ക്‌ വന്‍തോതില്‍ വ്യാപിപ്പിക്കുന്നത്‌. അരനൂറ്റാണ്ടിനിടെ ഭൂമിക്കുണ്ടായ താപവര്‍ധന മനുഷ്യസൃഷ്ടിയാകാനുള്ള സാധ്യത 90 ശതമാനമാണെന്നു വ്യക്തമാക്കുന്ന യു.എന്‍.റിപ്പോര്‍ട്ട്‌ കഴിഞ്ഞ ഫിബ്രവരി ആദ്യമാണ്‌ പുറത്തുവന്നത്‌. ഈ നൂറ്റാണ്ട്‌ അവസാനിക്കുമ്പോഴേക്കും ആഗോളകാലാവസ്ഥയില്‍ അപകടകരമായ വ്യതിയാനങ്ങള്‍ സംഭവിക്കുമെന്ന്‌, ഇന്റര്‍നാഷണല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ച്‌(ഐ.പി.സി.സി) തയ്യാറാക്കിയ ആ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുകയുണ്ടായി. കാണുക- ആഗോളതാപനം: പ്രതിസ്ഥാനത്ത്‌ മനുഷ്യന്‍ തന്നെ. (കടപ്പാട്‌: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌)

Monday, March 26, 2007

ചിത്രശലഭങ്ങള്‍ക്ക്‌ ശുഭയാത്ര; ഹൈവെ അടച്ചിടുന്നു

മനുഷ്യര്‍ക്കൊപ്പം മറ്റുജീവകള്‍ക്കു കഴിയേണ്ടേ. ചിത്രശലഭങ്ങളുടെ ദേശാടനപാതയെ ഹൈവെയാക്കി മാറ്റിയപ്പോള്‍ തയ്‌വാന്‍ അധികൃതര്‍ ഇക്കാര്യമോര്‍ത്തില്ല. ഇപ്പോള്‍ അവര്‍ പ്രയശ്ചിത്തം ചെയ്യുകയാണ്‌, ശലഭങ്ങളുടെ ദേശാടനത്തിന്‌ ഹൈവെ അടച്ചിട്ടുകൊണ്ട്‌

രുന്ന ഏപ്രില്‍ മൂന്ന്‌, നാല്‌, അഞ്ച്‌ തിയതികളില്‍ മധ്യതയ്‌വാനിലെ ലിനേയ്‌ ടൗണ്‍ഷിപ്പിലെ തിരക്കേറിയ നാഷണല്‍ ഹൈവെയിലൂടെ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ രാവിലെ അല്‍പ്പം ബുദ്ധിമുട്ട്‌ അനുഭവിക്കും തീര്‍ച്ച. ആ സമയത്ത്‌ അതുവഴി പോകുന്ന ഒരുകൂട്ടം വി.ഐ.പികളുടെ സൗകര്യാര്‍ത്ഥം ഹൈവെയുടെ ഒരു ഭാഗം അധികൃതര്‍ അടച്ചിടുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌. ലക്ഷക്കണക്കിന്‌ 'മില്‍ക്ക്‌വീഡ്‌' ചിത്രശലഭങ്ങള്‍(milkweed butterfly) ആണ്‌ ആ വി.ഐ.പികള്‍. ചിത്രശലഭങ്ങളുടെ ദേശാടനം പാരമ്യത്തിലെത്തുന്ന സമയമാണ്‌ ആ ഏപ്രില്‍ദിനങ്ങളിലെ പ്രഭാതങ്ങള്‍.

ഇതുമൂലം ഹൈവെയില്‍ ട്രാഫിക്‌ജാം ഉറപ്പാണ്‌. ജനങ്ങള്‍ക്ക്‌ മറ്റ്‌ചില ബുദ്ധിമുട്ടുകളും ഉണ്ടായേക്കാം. പക്ഷേ, ഇത്തരം പ്രശ്‌നങ്ങളൊക്ക സഹിച്ചുകൊണ്ടു തന്നെ ചിത്രശലഭങ്ങള്‍ക്കായി ഹൈവെ അടച്ചിടുന്നത്‌ അത്ര മോശപ്പെട്ട കാര്യമല്ലെന്നെന്ന്‌, നാഷണല്‍ ഫ്രീവേ ബ്യൂറോയുടെ മേധാവി ലീ തായ്‌മിങ്‌ അഭിപ്രായപ്പെടുന്നത്‌. ''മറ്റു ജീവികള്‍ക്കൊപ്പം, അവ ചെറുചിത്രശലഭങ്ങളാണെങ്കില്‍ പോലും, മനുഷ്യന്‍ സഹവസിക്കേണ്ടത്‌ ആവശ്യമാണ്‌"-തായ്‌മിങ്‌ പറയുന്നു.

രാജ്യത്തെ മില്‍ക്ക്‌വീഡ്‌ ചിത്രശലഭങ്ങളില്‍ മൂന്നുലൊന്നു ഭാഗം ശൈത്യകാലത്തിന്റെ അവസാനം വടക്കന്‍ പ്രദേശത്തേക്ക്‌ ദേശാടനം നടത്താറുണ്ട്‌. 300 കിലോമീറ്റര്‍ വരുന്ന അവയുടെ സഞ്ചാരപഥത്തില്‍ ലിനേയ്‌ ടൗണ്‍ഷിപ്പിലെ 600 മീറ്റര്‍ ഹൈവെയും ഉള്‍പ്പെടുന്നു. ഫ്‌ളൈഓവര്‍ മാതിരി ഉയര്‍ന്നു നില്‍ക്കുന്ന ആ ഹൈവെ ഭാഗത്തുകൂടി 2005 ഏപ്രില്‍ മൂന്നിന്‌, മിനിറ്റില്‍ ശരാശരി 11,500 ചിത്രശലഭങ്ങള്‍ പറന്നതായി, പരിസ്ഥിതി വിദഗ്‌ധന്‍ ഝാന്‍ ജിയലോങും സംഘവും കണ്ടെത്തുകയുണ്ടായി. ഈ കണക്കു പ്രകാരം രാവിലത്തെ മൂന്നു മണിക്കൂര്‍കൊണ്ട്‌ ഏതാണ്ട്‌ പത്തുലക്ഷത്തോളം ചിത്രശലഭങ്ങള്‍ ഹൈവെ കടന്നു പോകുന്നു. മൂന്നു ദിവസം കൊണ്ട്‌ മുപ്പതുലക്ഷം ചിത്രശലഭങ്ങള്‍.

ഹൈവെ ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ ഒട്ടേറെ ചിത്രശലഭങ്ങള്‍ കാറുകളില്‍ തട്ടിയും വാഹനങ്ങള്‍ക്കടിയില്‍പെട്ടും നശിക്കും, ഝാന്‍ അറിയിക്കുന്നു. ഐ-ഷോവു സര്‍വകലാശാലയിലെ പ്രൊഫ. സ്വീഹു ചെങ്‌ നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍ പ്രകാരം ഓരോ സീസണിലും ആയിരക്കണക്കിന്‌ ചിത്രശലഭങ്ങള്‍ ഹൈവെയില്‍ ചത്തുവീഴാറുണ്ട്‌. സംരക്ഷണ പ്രശ്‌നംനാലുവര്‍ഷം മുമ്പ്‌ ഹൈവെ നിര്‍മിച്ചപ്പോള്‍ ആരും കണക്കിലെടുത്തിരുന്നില്ല. ചിത്രശലഭങ്ങളുടെ കൊലക്കളമാണ്‌ ഹൈവെയെന്ന്‌ പിന്നീടാണ്‌ വ്യക്തമായത്‌.

മൂന്നുദിവസം രാവിലെ ഹൈവെ അടച്ചിടുന്നതുകൊണ്ട്‌ തീരുന്നില്ല ചിത്രശലഭങ്ങളെ രക്ഷിക്കാനുള്ള ശ്രമം. ശലഭങ്ങളെ ഉയര്‍ന്നു പറക്കാന്‍ പ്രേരിപ്പിക്കാനായി ഹൈവെയുടെ ആ ഭാഗത്ത്‌ അധികൃതര്‍ വല സ്ഥാപിച്ചു കഴിഞ്ഞു. ഹൈവെയ്‌ക്ക്‌ അടിയിലൂടെ പറക്കാനായി ചിത്രശലഭങ്ങളെ ആകര്‍ഷിക്കാന്‍ സ്ഥാപിക്കുന്ന ആള്‍ട്രവയലറ്റ്‌ ലൈറ്റുകളുടെ പരീക്ഷണ ഉപയോഗവും തുടങ്ങിക്കഴിഞ്ഞു. മൊത്തം ചെലവ്‌ 30,000 ഡോളര്‍(13.5 ലക്ഷംരൂപ) വരുമെന്നാണ്‌ കണക്കാക്കിയിരിക്കുന്നത്‌. തയ്‌വാന്‍ മേഖലയിലെ ഭക്ഷ്യശൃംഗലയില്‍ സുപ്രധാന സ്ഥാനമാണ്‌ മില്‍ക്ക്‌വീഡ്‌ ചിത്രശലഭങ്ങള്‍ക്കുള്ളതെന്ന്‌, പ്രൊഫ.ചെങ്‌ അഭിപ്രായപ്പെടുന്നു.

ഓരോ ശൈത്യകാലത്തും ഇത്തരം ലക്ഷക്കണക്കിന്‌ ചിത്രശലഭങ്ങള്‍ തെക്കന്‍ പ്രദേശത്തേക്ക്‌ ദേശാടനം നടത്തുന്നു. തെക്കന്‍ തയ്‌വാനിലെ 'പര്‍പ്പിള്‍ ബട്ടര്‍ഫ്‌ളൈ വാലി"യെന്നറിയപ്പെടുന്ന പ്രദേശത്ത്‌ നവംബര്‍ തുടക്കത്തില്‍ ആറുലക്ഷത്തോളം ചിത്രശലഭങ്ങള്‍ തമ്പടിച്ചിരിക്കും. ശൈത്യത്തില്‍ മൊണാര്‍ക്ക്‌ ചിത്രശലഭങ്ങള്‍ വന്‍തോതില്‍ തമ്പടിക്കുന്ന മെക്‌സിക്കയിലെ പ്രതിഭാസത്തിന്‌ സമാനമായി ഭൂമുഖത്ത്‌ ഒറ്റ സ്ഥലമേയുള്ളൂ. അത്‌ തയ്‌വാനിലെ ഈ താഴ്‌വരയാണ്‌. അവിടെ കൂട്ടമായെത്തുന്ന ശലഭങ്ങളാണ്‌ ഏപ്രില്‍ ആദ്യം വടക്കന്‍ പ്രദേശത്തേക്ക്‌ മടങ്ങുന്നത്‌.(കടപ്പാട്‌: എ.എഫ്‌.പി, ബിബിസി ന്യൂസ്‌)

Saturday, March 24, 2007

പ്രഭാതഭക്ഷണം കഞ്ഞിയോ ഓര്‍ട്‌സോ ആക്കൂ; ഹൃദ്രോഗമകറ്റാം

ഭക്ഷണക്രമീകരണത്തിലൂടെ ഹൃദ്രോഗമകറ്റാന്‍ വഴി തുറക്കുകയാണ്‌ പുതിയൊരു പഠനം. തവിടുള്ള ധാന്യഭക്ഷണത്തിന്റെ ഗുണം ഇത്‌ ആവര്‍ത്തിച്ചുറപ്പിക്കുന്നു
'പ്രഭാതഭക്ഷണം പ്രധാനഭക്ഷണം' എന്നൊരു ചൊല്ലു തന്നെയുണ്ട്‌. ആ ചൊല്ലിനെ അന്വര്‍ഥമാക്കുകയാണ്‌ പുതിയൊരു പഠനഫലം. പ്രഭാതത്തില്‍ കുത്തരികഞ്ഞിപോലുള്ള ധാന്യഭക്ഷണം ശീലമാക്കിയാല്‍ ഹൃദയാഘാതസാധ്യത വലിയൊരു പരിധിവരെ അകറ്റിനിര്‍ത്താന്‍ കഴിയുമത്രേ. ഓര്‍ട്‌സോ തവിടോ അടങ്ങിയ പ്രഭാതഭക്ഷണമാണ്‌ ഗുണം ചെയ്യുക. അമേരിക്കയില്‍ പതിനായിരത്തിലേറെ ഡോക്ടര്‍മാരുടെ ഭക്ഷണശീലവും രോഗാതുരതയും വിശകലനം ചെയ്‌തു നടത്തിയ 'ഫിസിഷ്യന്‍സ്‌ ഹെല്‍ത്ത്‌ സ്റ്റഡി'യിലാണ്‌ ഈ സുപ്രധാന കണ്ടെത്തല്‍.

കുറഞ്ഞത്‌ 25 ശതമാനം തവിടോ ഓട്‌സോ അടങ്ങിയ ഭക്ഷണമായിരിക്കണം രാവിലെ കഴിക്കുന്നതെന്ന്‌ ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു. ഇത്തരം പ്രഭാതഭക്ഷണം എല്ലാ ദിവസവും കഴിക്കുന്നവരില്‍, മറ്റുള്ളവരെ അപേക്ഷിച്ച്‌, ഹൃദയാഘാത സാധ്യത 28 ശതമാനം കുറവാണെന്ന്‌ ഗവേഷകര്‍ കണ്ടു. 'അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷ'ന്റെ അടുത്തയിടെ നടന്ന സമ്മേളനത്തിലാണ്‌ ഈ ഗവേഷണ റിപ്പോര്‍ട്ട്‌ അവതരിപ്പിക്കപ്പെട്ടത്‌.

തിവിടുകളയാത്ത ധാന്യമുപയോഗിച്ചുള്ള പ്രഭാതഭക്ഷണം ആഴ്‌ചയില്‍ രണ്ടു മുതല്‍ ആറ്‌ തവണ വരെ ശീലമാക്കിയവരില്‍ ഹൃദ്രോഗ സാധ്യത 22 ശതമാനവും, ആഴ്‌ചയില്‍ ഒരു തവണയെങ്കിലും ശീലമാക്കിയവരില്‍ രോഗസാധ്യത 14 ശതമാനവും കുറവാണെന്ന്‌ പഠനഫലം പറയുന്നു. ഈ പഠനഫലം കൂടുതല്‍ പരീക്ഷണങ്ങളില്‍ സ്ഥിരീകരിക്കപ്പെട്ടാല്‍, ഭക്ഷണക്രമീകരണത്തിലൂടെ ഹൃദ്രോഗം ചെറുക്കാനുള്ള നല്ലൊരു മാര്‍ഗ്ഗമാണ്‌ തുറന്നു കിട്ടുകയെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ബോസ്‌റ്റണില്‍ ഹാര്‍വാര്‍ഡ്‌ മെഡിക്കല്‍ സ്‌കൂളിലെ ഡോ.ലൂക്‌ ഡിജൗസ്സെയുടെ നേതൃത്വത്തിലാണ്‌ പഠനം നടന്നത്‌. 10,469 ഡോക്ടര്‍മാരുടെ ആഹാരശീലം പഠനസംഘം നിരീക്ഷിച്ചു. 1982 മുതല്‍ 2006 വരെയായിരുന്നു പഠനകാലയളവ്‌. ധാന്യഭക്ഷണത്തില്‍ നാരുകള്‍(ഫൈബര്‍) ധാരാളമടങ്ങിയിട്ടുണ്ട്‌. നാരുകളടങ്ങിയ ഭക്ഷണം രക്തസമ്മര്‍ദ്ദവും രക്തത്തിലെ ചീത്തകൊളസ്‌ട്രോളിന്റെ അളവും കുറയ്‌ക്കുന്നു, ഇതുവഴി ഹൃദയാഘാതം ചെറുക്കപ്പെടുന്നു എന്നുവേണം കരുതാനെന്ന്‌ ഗവേഷകര്‍ പറയുന്നു.(അവലംബം: അമേരിക്കന്‍ ഹാര്‍ട്ട്‌ അസോസിയേഷന്‍)

Wednesday, March 21, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-11: സംഗമഗ്രാമ മാധവന്‍

അനന്തശ്രേണി ഉപയോഗിച്ചുള്ള ഗണിതമാര്‍ഗ്ഗങ്ങള്‍ പാശ്ചാത്യപണ്ഡിതര്‍ ആവിഷ്‌ക്കരിക്കുന്നതിന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ അത്‌ കണ്ടെത്തിയ കേരളീയനാണ്‌ സംഗമഗ്രാമ മാധവന്‍

ഭാരതീയ ശാസ്‌ത്രചരിത്രത്തില്‍, വിശേഷിച്ചും ഗണിത-ജ്യോതിഷരംഗത്ത്‌, മൂല്യവത്തായ സംഭാവന നല്‍കിയ പ്രമുഖരില്‍ ഒട്ടേറെ കേരളീയരും ഉള്‍പ്പെടുന്നു. പല പാശ്ചാത്യ ഗണിതശാസ്‌ത്രജ്ഞരുടെയും പേരില്‍ അറിയപ്പെടുന്ന സിദ്ധാന്തങ്ങള്‍ അവര്‍ക്കു മുമ്പേ ആവിഷ്‌ക്കരിച്ച ഗണിതപ്രതിഭകള്‍ കേരളത്തില്‍ ജീവിച്ചിരുന്നു. മുമ്പേ പറന്ന പക്ഷികളായിരുന്നു അവര്‍. സംഗമഗ്രാമ മാധവന്‍, നീലകണ്‌ഠ സോമയാജി, പുതുമന ചോമാതിരി, ഹരിദത്തന്‍, വടശ്ശേരി പരമേശ്വരന്‍....എന്നിങ്ങനെ ആ പട്ടിക നീളുന്നു.

പക്ഷേ, സാമാന്യജനങ്ങളിലേക്ക്‌ വിജ്ഞാനം എത്താന്‍ കഴിയാത്ത തരത്തിലുള്ള സാമൂഹ്യഘടനയും, സാധാരണക്കാര്‍ക്ക്‌ അപ്രാപ്യമായ സംസ്‌കൃതത്തിലായിരുന്നു ഇത്തരം വിജ്ഞാനമണ്ഡലം വികസിച്ചത്‌ എന്നതും, നമ്മുടെ പണ്ഡിതന്‍മാരുടെ സംഭാവനകള്‍ ചെറിയൊരു വൃത്തത്തില്‍ മാത്രം ഒതുങ്ങിപ്പോകാന്‍ കാരണമായി. ലോകമറിയുന്നവരായി അവര്‍ മാറിയില്ല. ബാഹ്യലോകമറിയുമ്പോഴേക്കും ആ കണ്ടെത്തലുകളുടെ ഖ്യാതി പാശ്ചാത്യപണ്ഡിതല്‍ സ്വന്തമാക്കി കഴിഞ്ഞിരുന്നു.

ഇക്കാര്യത്തില്‍ ഏറ്റവും നല്ല ഉദാഹരണമാണ്‌ സംഗമഗ്രാമ മാധവന്‍ എന്ന കേരളീയ ഗണിതശാസ്‌ത്ര പ്രതിഭ. 1340-ല്‍ ജനിച്ച മാധവനാണ്‌, അനന്തശ്രേണി (infinite series) ഉപയോഗിച്ചു വൃത്തത്തിന്റെ പരിധി സൂക്ഷ്‌മതലത്തില്‍ നിര്‍ണയിക്കാനുള്ള മാര്‍ഗ്ഗം ലോകത്താദ്യമായി ആവിഷ്‌ക്കരിച്ചത്‌. ജെയിംസ്‌ ഗ്രിഗറി, ലെബനിറ്റ്‌സ്‌, ലാംബെര്‍ട്ട്‌ തുടങ്ങിയ പാശ്ചാത്യ പണ്ഡിതര്‍ ഇതേ മാര്‍ഗ്ഗത്തിലൂടെ വൃത്തപരിധി നിര്‍ണയിക്കാനുള്ള രീതി കണ്ടെത്തിയത്‌ മൂന്നു നൂറ്റാണ്ടിനു ശേഷമാണെന്നോര്‍ക്കുക. പക്ഷേ, ഈ കണ്ടുപിടിത്തത്തിന്റെ ഖ്യാതി ഇപ്പോഴും ഗ്രിഗറിക്കും കൂട്ടര്‍ക്കുമാണ്‌.

'പൈ'യുടെ വില ഒരു ശ്രേണിയുടെ തുകയായി കണക്കാക്കാമെന്ന്‌, വൃത്തത്തിന്റെ ചുറ്റളവു കണ്ടുപിടിക്കുന്നതിനെക്കുറിച്ചുള്ള ശ്ലോകത്തില്‍ മാധവന്‍ സൂചിപ്പിച്ചു. ശ്രേണിയുടെ തുകയായി 'പൈ'യുടെ മൂല്യം നിര്‍ണയിക്കാമെന്ന്‌ ലെബനിറ്റ്‌സ്‌ കണ്ടെത്തിയത്‌, മധാവന്‍ ഇക്കാര്യം പറഞ്ഞ്‌ മൂന്നു നൂറ്റാണ്ടിന്‌ ശേഷമാണ്‌; 1673-ല്‍. പതിനാലാം നൂറ്റാണ്ടില്‍ മാധവന്‍ ആവിഷ്‌ക്കരിച്ച സൂത്രവാക്യം അനുസരിച്ച്‌ 'പൈ'യുടെ ഏകദേശമൂല്യം 3.14159265359 ആണ്‌. ആധുനിക ഗണിതശാസ്‌ത്രം അംഗീകരിച്ചിരിക്കുന്ന ഏകദേശമൂല്യം 3.14159265 ആണെന്നോര്‍ക്കുക.

ഇതുമാത്രമല്ല, പില്‍ക്കാല ഭാരതീയ ഗണിതശാസ്‌ത്രത്തിന്‌ മാര്‍ഗ്ഗദര്‍ശകങ്ങളായ ഒട്ടേറെ സംഭാവനകള്‍ മാധവന്‍ നല്‍കി. ചന്ദ്രന്റെയും നക്ഷത്രങ്ങളുടെയും സ്ഥാനങ്ങള്‍ ഓരോ കാലത്തും കൃത്യമായി കണക്കാക്കാനുള്ള മാര്‍ഗ്ഗം, Sin(A+B) തുടങ്ങിയ ത്രികോണമിതി വാക്യങ്ങളുടെ വികസനം എന്നിങ്ങനെ മാധവന്റെ സംഭാവനകള്‍ ഒട്ടേറെയാണ്‌. ചന്ദ്രഗണനത്തിന്‌ വേണ്ടിയുള്ള 248 ചന്ദ്രവാക്യങ്ങള്‍ അദ്ദേഹം രചിച്ചു. ഗോളഗണിതത്തില്‍ പ്രാമാണികനായിരുന്നു മാധവന്‍.

1400-ല്‍ താളിയോലയില്‍ 74 ശ്ലോകങ്ങളിലായി സംസ്‌കൃതത്തില്‍ എഴുത്തപ്പെട്ട 'വേണ്വാരോഹം' ആണ്‌ മാധവന്റെ പ്രമുഖ കൃതി. ജ്യോതിഷികള്‍ക്ക്‌ സഹായകമാം വിധം ചന്ദ്രന്റെ സ്ഥാനം കൃത്യമായി അറിയാനുള്ള നൂതനമാര്‍ഗ്ഗങ്ങളാണ്‌ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്‌. ബുധന്‍, ചൊവ്വ, ശുക്രന്‍, വ്യാഴം, ശനി എന്നീ ഗ്രഹങ്ങളുടെ എ.ഡി. 1236, 1276, 1354, 1396, 1398, 1418 എന്നീ വര്‍ഷങ്ങളിലെ സ്ഥാനം എന്തായിരുന്നു എന്നും മാധവന്‍ ഗണിച്ചിട്ടുണ്ട്‌. ആകാശനിരീക്ഷണത്തിനുള്ള സംവിധാനങ്ങളൊന്നും വികസിക്കാത്ത കാലത്തായിരുന്നു മാധവന്‍ ഈ മുന്നേറ്റം നടത്തിയതെന്ന്‌ ഓര്‍ക്കണം.

തൃശൂര്‍ ജില്ലയിലെ ഇരിങ്ങാലക്കുടയിലാണ്‌ മാധവന്റെ ജനനം. സംഗമഗ്രാമക്കാരനായ മാധവന്‍ എന്നാണ്‌ തന്റെ കൃതികളില്‍ അദ്ദേഹം സ്വയം പരിചയപ്പെടുത്തിയിട്ടുള്ളത്‌. സംഗമഗ്രാമം ഇരിങ്ങാലക്കുടയാണ്‌. ബ്രാഹ്മണവിഭാഗത്തില്‍ പെട്ട എമ്പ്രാന്‍ ജാതിയിലാണ്‌ മാധവന്‍ ജനിച്ചത്‌. ഇലിഞ്ഞിപ്പള്ളിയെന്നായിരുന്നു വീട്ടുപേര്‌. `ദുഗ്ഗണിതം' എന്ന ഗണിതപദ്ധതി ആവിഷ്‌ക്കരിച്ച വടശ്ശേരി പരമേശ്വരന്റെ ഗുരു മാധവനായിരുന്നു. 1425-ല്‍ മാധവന്‍ അന്തരിച്ചു. ലഗ്നപ്രകരണം, മഹാജ്യാനയാന പ്രകാരം, മധ്യമാനയാനപ്രകാരം, അഗണിതം, അഗണിത പഞ്ചാംഗം, അഗണിത ഗ്രഹാചാരം എന്നിവ മാധവന്‍ രചിച്ചതായി കരുതുന്ന മറ്റു കൃതികളാണ്‌.

കെ.വി. ശര്‍മയെപ്പോലുള്ള ഒട്ടേറെ പണ്ഡതന്‍മാരുടെ ശ്രമഫലമായാണ്‌ മാധവന്റെ സംഭാവനകള്‍ കുറെയെങ്കിലും ഇന്നു ലോകമറിയുന്നത്‌. കെ.വി. ശര്‍മയുടെ ആമുഖത്തോടെ 1956-ല്‍ തൃപ്പൂണിത്തുറ സംസ്‌കൃത കോളേജില്‍ നിന്ന്‌ 'വേണ്വാരോഹം' പ്രസിദ്ധീകരിക്കപ്പെട്ടു. തൃക്കണ്ടിയൂര്‍ അച്യുതപ്പിഷാരടിയുടെ മലയാള വ്യാഖ്യാനത്തോടുകൂടിയും അവിടെ നിന്ന്‌ ഈ ഗ്രന്ഥം പുറത്തുവന്നിട്ടുണ്ട്‌. മാധവന്റെ ചന്ദ്രവാക്യങ്ങള്‍ തിരിച്ചറിഞ്ഞു പ്രസിദ്ധീകരിച്ചതും കെ.വി.ശര്‍മയാണ്‌.

Tuesday, March 20, 2007

139 വര്‍ഷത്തിന്‌ ശേഷം ആ വയല്‍ക്കുരുവി

ഏതാണ്ട്‌ ഒന്നര നൂറ്റാണ്ടിന്‌ ശേഷം ഒരു അപൂര്‍വ്വ പക്ഷി വീണ്ടും പ്രത്യക്ഷപ്പെട്ടപ്പോള്‍; അതും ഒരു പക്ഷിനിരീക്ഷകന്റെ മുന്നില്‍


ഭൂ
മുഖത്തെ ഏറ്റവും നിഗൂഢത പേറുന്ന പക്ഷികളുടെ പട്ടികയിലാണ്‌ 'ലാര്‍ജ്‌ ബില്‍ഡ്‌ റീഡ്‌ വാര്‍ബ്ലര്‍' എന്ന വയല്‍ക്കുരുവിയുടെ സ്ഥാനം. 139 വര്‍ഷം മുമ്പാണ്‌ ആ പക്ഷിയെ അവസാനമായി കണ്ടതായി രേഖപ്പെടുത്തിയിട്ടുള്ളത്‌; ഹിമാചല്‍പ്രദേശിലെ സത്‌ലജ്‌ താഴ്‌വരയില്‍ നിന്ന്‌. വംശനാശത്തിന്‌ കീഴടങ്ങിയെന്നു കരുതിയിരുന്ന ആ വയല്‍ക്കുരുവി, മറ്റൊരു രാജ്യത്ത്‌ വേറൊരു കാലത്ത്‌ ഒരു പക്ഷിനിരീക്ഷകന്‌ മുന്നില്‍ പ്രത്യക്ഷപ്പെട്ടാല്‍ എങ്ങനെയിരിക്കും?


2006 മാര്‍ച്ച്‌ 27-ന്‌ അതാണ്‌ സംഭവിച്ചത്‌. മഹിദോല്‍ സര്‍വകലാശാലയില്‍ ജീവശാസ്‌ത്രവകുപ്പിലെ അസിസ്റ്റന്റ്‌ പ്രൊഫസര്‍ ഫിലിപ്പ്‌ റൗണ്ട,്‌ തായ്‌ലന്‍ഡിലെ ബാങ്കോക്കിന്‌ പുറത്തൊരു വാട്ടര്‍ടാങ്കിന്‌ സമീപം നിരീക്ഷണം നടത്തുകയായിരുന്നു. സാധാരണ വയല്‍ക്കുരുവികളില്‍ നിന്നു വിഭിന്നമായ ഒന്ന്‌ അദ്ദേഹത്തിന്റെ പിടിയില്‍ പെട്ടു. "എന്തോ അസാധാരണത്വം ആ പക്ഷിക്കുണ്ടായിരുന്നു. ഒലിവ്‌ബ്രൗണ്‍ നിറമുള്ള ആ വയല്‍ക്കുരുവിയുടെ കൊക്ക്‌ നിഗൂഢമാംവിധം നീണ്ടതും, ചിറകുകള്‍ അസാധാരണമാംവിധം ചെറുതുമായിരുന്നു"- ഫിലിപ്പ്‌ റൗണ്ട്‌ അറിയിക്കുന്നു.

പെട്ടന്ന്‌ നടുക്കമുളവാക്കുന്ന ഒരു ചിന്ത ഫിലിപ്പ്‌ റൗണ്ടിന്റെ മനസിലൂടെ കടന്നു പോയി. അപൂര്‍വങ്ങളില്‍ അപൂര്‍വ്വമെന്നു കരുതുന്ന 'ലാര്‍ജ്‌ ബില്‍ഡ്‌ റീഡ്‌ വാര്‍ബ്ലര്‍' ആണോ തന്റെ കൈയില്‍ പെട്ടിരിക്കുന്നത്‌? 1867-ല്‍ ഇന്ത്യയില്‍ കണ്ട ശേഷം ഈ പക്ഷിയെ തിരിച്ചറിയുന്ന ആദ്യവ്യക്തിയാണോ താന്‍. സംശയം ദൂരീകരിക്കാനായി ആ നീര്‍പക്ഷിയുടെ രണ്ട്‌ തൂവലുകള്‍ അദ്ദേഹം അടര്‍ത്തിയെടുത്ത്‌, ഡി.എന്‍.എ.പരിശോധനയ്‌ക്ക്‌ സ്വീഡനില്‍ ലുന്‍ഡ്‌ സര്‍വകലാശാലയിലെ സ്‌റ്റഫാന്‍ ബെന്‍സ്‌ചിന്‌ അയച്ചുകൊടുത്തു.

ഇന്ത്യയില്‍ പണ്ട്‌ കണ്ടെത്തിയ സ്‌പെസിമെന്റെ ഡി.എന്‍.എ. പരിശോധിച്ചിട്ടുള്ള ബെന്‍സ്‌ച്‌ സ്ഥിരീകരിച്ചു; തായ്‌ലന്‍ഡില്‍ കണ്ടതും ആ വയല്‍ക്കുരുവി തന്നെ, സംശയം വേണ്ട! വിചിത്രമെന്നേ പറയേണ്ടൂ, ഫിലിപ്പ്‌ റൗണ്ടിന്റെ കണ്ടെത്തലിന്‌ ആറുമാസത്തിന്‌ ശേഷം ഇംഗ്ലണ്ടില്‍ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലെ ഒരു ഡ്രോയറില്‍ നിന്ന്‌ എന്നോ മറന്നിട്ട സ്റ്റഫ്‌ ചെയ്‌ത പക്ഷിയെ കണ്ടെത്തി. അതും 'ലാര്‍ജ്‌ ബില്‍ഡ്‌ റീഡ്‌ വാര്‍ബ്ലര്‍' ആയിരുന്നു!

ഈ നിഗൂഢവയല്‍ക്കുരുവിയക്കുറിച്ച്‌ കൂടുതല്‍ പഠിക്കാന്‍ ഈ കണ്ടെത്തല്‍ അവസരമൊരുക്കിയെന്ന്‌, ബ്രിട്ടനിലെ 'ബേഡ്‌ ലൈഫ്‌ ഇന്റര്‍നാഷണല്‍' എന്ന സംഘടന അറിയിക്കുന്നു. പഠനറിപ്പോര്‍ട്ട്‌ പുതിയ ലക്കം 'ജേര്‍ണല്‍ ഓഫ്‌ ഏവിയന്‍ ബയോളജിയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. "ഇന്ത്യയില്‍ മാത്രമുള്ളതെന്നു കരുതിയിരുന്ന, അതും നാമാവശേഷമായെന്നു കരുതിയിരുന്ന, ഈ നീര്‍പക്ഷിയെ തായ്‌ലന്‍ഡില്‍ നിന്നു കണ്ടെത്തിയത്‌ വിചിത്രമാണ്‌"-ബേഡ്‌ ലൈഫ്‌ ഇന്റര്‍നാഷണലിലെ സ്റ്റുവര്‍ട്ട്‌ ബുറ്റ്‌ചാര്‍ട്ട്‌ പ്രസ്‌താവനയില്‍ പറയുന്നു.

തായ്‌ലന്‍ഡില്‍ നിന്നുള്ള കണ്ടെത്തല്‍, ഈ വയല്‍ക്കുരുവിയെ ഇന്ത്യയില്‍ വീണ്ടും കണ്ടെത്താനുള്ള സാധ്യത വര്‍ധിപ്പിച്ചിരിക്കുകയാണെന്ന്‌ ബോംബൈ നാച്ചുറല്‍ ഹിസ്‌റ്ററി സൊസൈറ്റി (BNHS) ഡയറക്ടര്‍ ആസാദ്‌ റഹ്‌മാനി പറയുന്നു. 139 വര്‍ഷത്തിന്‌ ശേഷം ഒരു പക്ഷിനിരീക്ഷകന്റെ മുന്നില്‍ തന്നെ ഈ വയല്‍ക്കുരുവി വീണ്ടും പ്രത്യക്ഷപ്പെട്ടുവെന്നത്‌ അതിശയകരമാണെന്ന്‌, സ്റ്റുവര്‍ട്ട്‌ ബുറ്റ്‌ചാര്‍ട്ട്‌ അഭിപ്രായപ്പെട്ടു. ശരിക്കുപറഞ്ഞാല്‍ ഈ പക്ഷിയെക്കുറിച്ച്‌ ഗവേഷകര്‍ക്ക്‌ ഒന്നും വ്യക്തമായി അറിയില്ല എന്നതാണ്‌ വാസ്‌തവം. പക്ഷേ, ഈ വയല്‍ക്കുരുവിയെ ബംഗ്ലാദേശ്‌, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളിലും കണ്ടെത്താന്‍ സാധ്യത തെളിഞ്ഞിരിക്കുകയാണെന്ന്‌ അദ്ദേഹം പറയുന്നു.(അവലംബം: ബേഡ്‌ ലൈഫ്‌ ഇന്റര്‍നാഷണല്‍, വാര്‍ത്താഏജന്‍സികള്‍).

Monday, March 19, 2007

മനുഷ്യന്റെ അജ്ഞാതസഹചാരികള്‍

ആരാണ്‌ നമുക്കൊപ്പം ജീവിക്കുന്നതെന്ന്‌ അറിയാമോ? അറിയില്ല എന്നതാണ്‌ സത്യം. മനുഷ്യചര്‍മത്തില്‍ 'സുഖമായി ഉണ്ടുതാമസിക്കുന്ന' ഒരു ഡസനിലേറെ ബാക്ടീരിയകളെ പുതിയതായി കണ്ടെത്തിയെന്ന വാര്‍ത്ത തെളിയിക്കുന്നത്‌ ഈ വസ്‌തുതയാണ്‌

നുഷ്യശരീരം കോടാനുകോടി സൂക്ഷ്‌മജീവികളുടെ കൂടി സങ്കേതമാണ്‌; പ്രത്യേകിച്ചും ബാക്ടീരിയകളുടെ. ഓരോ മനുഷ്യശരീരത്തിലും ഏതാണ്ട്‌ 10 ക്വാഡ്രില്ല്യണ്‍(quadrillion) കോശങ്ങളുണ്ടെന്നാണ്‌ കണക്ക്‌. ഓരോ ശരീരത്തിലും എത്ര ബാക്ടീരിയകളുണ്ടെന്നോ; നൂറ്‌ ക്വാഡ്രില്ല്യണ്‍! കോശങ്ങളും ബാക്ടീരിയകളും തമ്മിലുള്ള അനുപാതം-ഒന്നിന്‌ പത്ത്‌.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ അവയവം ചര്‍മമാണ്‌. അതുകൊണ്ടു തന്നെ ചര്‍മ്മമാണ്‌ ശരീരത്തില്‍ ബാക്ടിരീയകളുടെ മുഖ്യതാവളങ്ങളൊന്ന്‌. ഇനിയും ശാസ്‌ത്രലോകം തിരിച്ചറിയാത്ത നൂറുകണക്കിന്‌ അജ്ഞാത ബാക്ടീരിയകള്‍ ചര്‍മത്തില്‍ സുഖമായി കഴിയുന്നവത്രേ. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പുതിയൊരു പഠനമാണ്‌ ഈ അജ്ഞാതസഹചാരികളുടെ രഹസ്യം വെളിപ്പെടുത്തിയത്‌.

ആറുപേരുടെ കൈക്കുഴയുടെ മുകള്‍ഭാഗത്തുള്ള ചര്‍മത്തില്‍ നിന്ന്‌ സൂക്ഷ്‌മാണുക്കളെ ശേഖരിച്ചാണ്‌ ഗവേഷകര്‍ പഠനം നടത്തിയത്‌. 182 ഇനം ബാക്ടീരിയകളെ തിരിച്ചറിയാന്‍ ഗവേഷകര്‍ക്കായി. അതില്‍ എട്ടുശതമാനം(ഏതാണ്ട്‌ 15 എണ്ണം) സൂക്ഷ്‌മജീവികള്‍ ശാസ്‌ത്രത്തിന്‌ പുതിയതാണത്രേ. 'തന്മാത്രാമാര്‍ഗ്ഗം'(molecular method) ഉപയോഗിച്ചായിരുന്നു പഠനമെന്ന്‌, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു.

വളരെ ശ്രമകരമായിരുന്നു പഠനമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ ന്യൂയോര്‍ക്ക്‌ സര്‍വകലാശാല സ്‌കൂള്‍ ഓഫ്‌ മെഡിസിനിലെ ഴാന്‍ ഗാവോ സാക്ഷ്യപ്പെടുത്തുന്നു. മൂന്നുവര്‍ഷമെടുത്തു ബാക്ടീരിയകളെ തിരിച്ചറിയാന്‍. പുതിയൊരു അജ്ഞാതലോകമാണ്‌ ഗവേഷകര്‍ക്കു തുറന്നു കിട്ടിയത്‌. "മനുഷ്യചര്‍മ്മം ശരിക്കുമൊരു 'ബാക്ടീരിയാകാഴ്‌ചബംഗ്ലാവ്‌' തന്നെയാണ്‌"-ഗവേഷണത്തില്‍ പങ്കാളിയായ പ്രൊഫ. മാര്‍ട്ടിന്‍ ബ്ലേസര്‍ പറയുന്നു.

വ്യക്തികള്‍ക്കനുസരിച്ച്‌ അവരുടെ ശരീരത്തിലെ ബാക്ടീരിയകളും മാറുന്നുവെന്നതാണ്‌, ഗവേഷണത്തില്‍ വ്യക്തമായ വിചിത്രവസ്‌തുത. വ്യക്തിയുടെ ഭക്ഷണശീലം, ശുചിത്വം എന്നിവയൊക്കെ ബാക്ടീരിയകളുടെ ഇനങ്ങളില്‍ മാറ്റമുണ്ടാക്കുന്ന ഘടകമാകുന്നു. ലോകത്ത്‌ അറുന്നൂറുകോടിയിലേറെ മനുഷ്യരുണ്ട്‌. ഇത്രയും പേരുടെ ചര്‍മത്തിലും വ്യത്യസ്‌തയിനം ബാക്ടീരിയയുണ്ടെങ്കില്‍...എത്രയെണ്ണത്തെ ഇനിയും കണ്ടുപിടിക്കാനുണ്ടെന്ന്‌ സങ്കല്‍പ്പിച്ചു നോക്കുക.

എന്നാല്‍ ചര്‍മത്തില്‍ പൊതുവായി കാണപ്പെടുന്ന ബാക്ടീരിയകളുടെ ശതമാനമാണ്‌ കൂടുതലെന്ന്‌ ഗവേഷകര്‍ പറയുന്നു. പഠനവിധേയമാക്കിയവരില്‍ മൊത്തം കണ്ടെത്തിയത്‌ 182 ഇനം ബാക്ടീരിയകളാണ്‌. അതില്‍ 91 ശതമാനവും മൂന്നു ഫൈല(phylum)ങ്ങളില്‍ പെട്ടവയായിരുന്നു: ആക്ടിനോബാക്ടീരിയ, ഫിര്‍മിക്യൂട്ടസ്‌, പ്രോട്ടിയോബാക്ടീരിയ എന്നിവയില്‍. ആറുപേരിലും ഈ മൂന്നു ഫൈലങ്ങളില്‍ പെട്ട ബാക്ടീരിയകള്‍ കണ്ടെത്തിയ സ്ഥിതിക്ക്‌ ഇവ മനുഷ്യശരീരത്തിലെ സ്ഥിരം താമസക്കാരാണെന്ന്‌ ഗവേഷകര്‍ നിഗമനത്തിലെത്തി.

ആരോഗ്യമുള്ളവരെ സംബന്ധിച്ച്‌ ഈ ബാക്ടീരിയകള്‍ രോഗാണുക്കളല്ല. നല്ല ബാക്ടീരിയകളില്ലാതെ ശരീരത്തിന്‌ അതിജീവിക്കാന്‍ കഴിയില്ല എന്നതാണ്‌ സത്യം-ഗവേഷകര്‍ പറയുന്നു. രോഗമുള്ള ചര്‍മത്തിലെ ബാക്ടീരിയകളെക്കുറിച്ചാണത്രേ ഴാന്‍ ഗാവോയും സംഘവും ഇനി പഠനം നടത്താന്‍ പോകുന്നത്‌. വ്രണങ്ങളും മറ്റ്‌ രോഗങ്ങളും ബാധിച്ച ചര്‍മത്തിലെ അന്തേവാസികള്‍ ആരാണെന്ന്‌ അറിയുന്നത്‌, തീര്‍ച്ചയായും ചികിത്സാരംഗത്തും ഔഷധഗവേഷണരംഗത്തും പ്രയോജനപ്പെടും (കടപ്പാട്‌: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌).

Sunday, March 18, 2007

ദ്രവ്യത്തിനൊരു ഏഴാം അവതാരം

പുതിയൊരു ദ്രവ്യരൂപത്തിന്റെ കണ്ടുപിടിത്തത്തിലേക്കു നയിച്ച ശാസ്‌ത്രീയ മുന്നേറ്റങ്ങളുടെ സംക്ഷിപ്‌ത ചരിത്രം. തുടക്കം ഇന്ത്യക്കാരനായ എസ്‌.എന്‍.ബോസില്‍ നിന്ന്‌. ചരിത്രം വികസിക്കുന്നതോ സാക്ഷാല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈനിലൂടെയും

ത്തുവര്‍ഷം മുമ്പത്തെ കാര്യം സങ്കല്‍പ്പിച്ചു നോക്കുക. ഖരം, ദ്രാവകം, വാതകം, പ്ലാസ്‌മ എന്നിങ്ങനെ നാല്‌ അവസ്ഥകള്‍ ദ്രവ്യത്തിനുണ്ടെന്നു പറഞ്ഞുകൊണ്ട്‌ ഭൗതികശാസ്‌ത്രത്തിന്റെ ബാലപാഠം തുടങ്ങാം. കാര്യങ്ങള്‍ വളരെ ലളിതം. ഇന്ന്‌ അങ്ങനെ പറഞ്ഞു തുടങ്ങിയാല്‍ അത്‌ വസ്‌തുതാവിരുദ്ധമാകും. കാരണം, ദ്രവ്യത്തിന്റെ പുതിയ മൂന്ന്‌ അവസ്ഥകള്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ശാസ്‌ത്രലോകം കണ്ടെത്തിക്കഴിഞ്ഞു. `ബോസ്‌ സംഘനിതാവസ്ഥ' (Bose Condensate), `ഫെര്‍മിയോണിക്‌ സംഘനിതാവസ്ഥ', `അതിദ്രാവക ഫെര്‍മി വാതകം'(അതിദ്രാവകം = Superfluid) എിവയാണ്‌ പുതിയ ദ്രവ്യാവസ്ഥകള്‍. മൂന്നും കൃത്രിമമായി സൃഷ്‌ടിക്കപ്പെട്ടവ. ഇതില്‍ അതിദ്രാവക ഫെര്‍മിവാതകാവസ്ഥ കണ്ടെത്തിയതായി 2005 ജൂണ്‍ 23-ലെ `നേച്ചര്‍' വരികയിലൂടെയാണ്‌ ലോകം അറിഞ്ഞത്‌. ഫെര്‍മിയോണിക്‌ വാതകആറ്റങ്ങളെ ശീതീകരിച്ച്‌ അതിദ്രാവകാവസ്ഥയിലെത്തിക്കുന്നതില്‍ വിജയിച്ചതായി അമേരിക്കയില്‍ 'മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി'(എം.ഐ.ടി)യിലെ ഗവേഷകരാണ്‌ പ്രഖ്യാപിച്ചത്‌.

പത്തുവര്‍ഷം മുമ്പ്‌ ശാസ്‌ത്രലോകത്ത്‌ ആരംഭിച്ചതും , എവിടെവരെ എത്തുമെന്ന്‌ ഇനിയും നിശ്ചയിക്കാന്‍ കഴിയാത്തതുമായ ഒരു `അതിശീതമത്സര'ത്തിലെ നാഴികക്കല്ലായാണ്‌, എം.ഐ.ടി.സംഘത്തിന്റെ കണ്ടെത്തല്‍ വിലയിരുത്തപ്പെടുന്നത്‌. നാലംഗ എം.ഐ.ടി.സംഘത്തിന്‌ നേതൃത്വം നല്‍കിയതോ മേല്‍പ്പറഞ്ഞ `ശീതമത്സരം' തുടങ്ങിവെച്ചവരില്‍ ഒരാളും നോബല്‍ സമ്മാനജേതാവുമായ പ്രൊഫ. വൂള്‍ഫ്‌ഗാങ്‌ കെറ്റെര്‍ലിയും. ദ്രാവകാവസ്ഥയിലേയ്‌ക്കോ ഖരാവസ്ഥയിലേയ്‌ക്കോ വഴുതിവീഴാതെ വാതകആറ്റങ്ങളെ ശീതീകരിച്ച്‌ കേവലപൂജ്യത്തിന്‌ വളരെയടുത്തുവരെയെത്തിച്ച്‌ സംഘനിതാവസ്ഥ സൃഷ്‌ടിക്കുകയാണ്‌ അഞ്ചാമത്തെയും ആറാമത്തെയും ദ്രവ്യാവസ്ഥകളുടെ കാര്യത്തില്‍ സംഭവിച്ചതെങ്കില്‍, ഏതാണ്ട്‌ അതേ മാര്‍ഗ്ഗത്തില്‍ ലിഥിയം-ആറ്‌ ഐസോടോപ്പ്‌ വാതകത്തെ ശീതീകരിച്ച്‌ അതിദ്രാവകാവസ്ഥയിലെത്തിക്കുയാണ്‌ പുതിയ ദ്രവ്യരൂപത്തിന്റെ കാര്യത്തില്‍ നടന്നത്‌. 'ലേസര്‍ശീതീകരണ'വും 'ബാഷ്‌പീകരണശീതീകരണ'വും 'വൈദ്യുതകാന്തിക കെണി'യുമെല്ലാം ഒരുക്കി ഒരുവര്‍ഷം മുഴുവന്‍ നടത്തിയ ശ്രമത്തിനൊടുവിലാണ്‌ പുതിയ ദ്രവ്യാവസ്ഥയുടെ രൂപപ്പെടലിന്‌ തങ്ങള്‍ സാക്ഷികളായതെന്ന്‌, എം.ഐ.ടി. സംഘത്തിലെ അംഗമായ മാര്‍ട്ടിന്‍ സ്വിയേര്‍ലീന്‍ സാക്ഷ്യപ്പെടുത്തുന്നു. കെറ്റര്‍ലിയെയും സ്വിയേര്‍ലീനെയും കൂടാതെ ആഡ്രി ഷിരോറ്റ്‌സെക്‌, ക്രിസ്‌ത്യന്‍ ഷുന്‍ക്‌ എന്നിവരാണ്‌ പുതിയ ദ്രവ്യാവസ്ഥ സൃഷ്‌ടിച്ച സംഘത്തിലെ മറ്റ്‌ അംഗങ്ങള്‍.

ഖരം, ദ്രാവകം, വാതകം തുടങ്ങിയ ദ്രവ്യാവസ്ഥകളെ മനസിലാക്കാന്‍ സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ പ്രത്യേകം വിശദീകരണത്തിന്റെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല. പരിചിതമായ ദ്രവ്യരൂപങ്ങളാണവ. നമുക്കു ചുറ്റുമുള്ള എത്‌ വസ്‌തുവിനും ഇത്തരം മൂന്ന്‌ അവസ്ഥകള്‍ പ്രാപിക്കാനാകും. നാലാമത്തെ അവസ്ഥയായ പ്ലാസ്‌മ പക്ഷേ, പലര്‍ക്കും അത്ര പരിചിതമാവണമെന്നില്ല. വാതകങ്ങള്‍ അത്യുന്നത ഊഷ്‌മാവിലെത്തുമ്പോള്‍ അവയില്‍ ആറ്റങ്ങളിലെ ഇലക്‌ട്രോണുകളും പ്രോട്ടോണുകളും സ്വതന്ത്രകണങ്ങളെപ്പോലെ പെരുമാറാനാരംഭിക്കുന്ന അവസ്ഥയാണത്‌. നക്ഷത്രങ്ങളിലും മറ്റും ദ്രവ്യം സ്ഥിതി ചെയ്യുന്നത്‌ പ്ലാസ്‌മാവസ്ഥയിലാണ്‌. മേല്‍പ്പറഞ്ഞ നാല്‌ അവസ്ഥകളും പ്രപഞ്ചത്തില്‍ സ്വാഭാവിക രീതിയില്‍ കാണപ്പെടുന്നു. എന്നാല്‍, പുതിയ മൂന്ന്‌ ദ്രവ്യരൂപങ്ങളെ ഇത്ര ലാഘവത്വത്തോടെ മനസിലാക്കാന്‍ കഴിയില്ല. പുതിയ ദ്രവ്യരൂപങ്ങളുടെ കഥ കുറഞ്ഞത്‌ 80 വര്‍ഷം മുമ്പെങ്കിലും തുടങ്ങണം. ശാസ്‌ത്രലോകമാകെ ഇന്ന്‌ അത്യാകാംക്ഷയോടെ വീക്ഷിക്കുന്ന പുതിയ ദ്രവ്യാവസ്ഥകളുടെ ചരിത്രം തുടങ്ങേണ്ടത്‌ ശരിക്കു പറഞ്ഞാല്‍ കൊല്‍ക്കൊത്തയില്‍ നിന്നാണ്‌; സത്യേന്ദ്രനാഥ്‌ ബോസ്‌ അഥവാ എസ്‌. എന്‍. ബോസ്‌ എന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞനില്‍ നിന്ന്‌. കഥ വികസിക്കുന്നതോ സാക്ഷാല്‍ ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈനിലൂടെയും!

ഈസ്റ്റ്‌ഇന്ത്യ റെയില്‍വെയുടെ എഞ്ചിനിയറിങ്‌ വിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന കൊല്‍ക്കൊത്ത സ്വദേശി സുരേന്ദ്രനാഥ്‌ ബോസിന്റെ മകനായിരുന്നു എസ്‌. എന്‍. ബോസ്‌. ഭൗതികശാസ്‌ത്രവുമായി ബന്ധപ്പെട്ട സാംഖികനിയമങ്ങള്‍(സ്റ്റാറ്റിസ്റ്റിക്‌സ്‌) ആയിരുന്നു ബോസിന്റെ ഇഷ്‌ടവിഷയം. കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ ലക്‌ചററായിരുന്ന അദ്ദേഹത്തിന്‌, പുതുതായി രൂപംകൊണ്ട ധാക്ക സര്‍വ്വകലാശാലയുടെ ഭൗതികശാസ്‌ത്ര വിഭാഗത്തില്‍ 1921-ല്‍ നിയമനം ലഭിച്ചു. പ്ലാങ്ക്‌നിയമവും ക്വാണ്ടംസിദ്ധാന്തവുമായി ബന്ധപ്പെട്ട്‌, പ്രകാശകണങ്ങളായ ഫോട്ടോണുകളെപ്പറ്റി താന്‍ രചിച്ച ലഘുപ്രബന്ധം സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ക്കു മുമ്പില്‍ അവതരിപ്പിക്കുകയായിരുന്നു ബോസ്‌. പ്രബന്ധത്തിലെ ഒരു സ്റ്റാറ്റിസ്റ്റിക്‌സ്‌ വിശദീകരിക്കാന്‍, രണ്ടു നാണയങ്ങള്‍ ഒരുമിച്ച്‌ ടോസ്‌ ചെയ്‌താല്‍ ലഭിക്കുന്ന ഫലങ്ങളുടെ സംഭാവ്യത (probabiltiy) വ്യക്തമാക്കാന്‍ ബോസ്‌ നടത്തിയ കണക്കുകൂട്ടലില്‍ ഒരു പിശക്‌ കടന്നു കൂടിയതായി വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

യാദൃശ്ചികമായി സംഭവിച്ച തെറ്റാണതെന്ന്‌ ആദ്യം കരുതിയെങ്കിലും, സൂക്ഷ്‌മപരിശോധനയില്‍ അത്‌ പിശകല്ല എന്ന്‌ ബോസിന്‌ ബോധ്യമായി. പക്ഷേ, സ്റ്റാറ്റിസ്റ്റിക്‌സിലെ `ലളിതമായ കണക്കുകൂട്ടലില്‍ പോലും പിഴവു വരുത്തിയിരിക്കുന്നു' എന്ന കാരണത്താല്‍ ആ പ്രബന്ധം പ്രസിദ്ധീകരിക്കാന്‍ പ്രമുഖ ഭൗതികശാസ്‌ത്രജേണലുകളെല്ലാം വിസമ്മതിച്ചു. നിരാശനായ ബോസ്‌ അത്‌ ഐന്‍സ്റ്റൈയിന്‌ അയച്ചു കൊടുത്തു. ഒരു പ്രതിഭയെ മനസിലാക്കാന്‍ മറ്റൊരു പ്രതിഭ വേണം എന്നു പറയുന്നത്‌ ബോസിന്റെ കാര്യത്തില്‍ സത്യമായി. ബോസ്‌ പറഞ്ഞിരിക്കുന്നത്‌ പിശകല്ലെന്ന്‌ ഐന്‍സ്‌റ്റൈന്‌ ബോധ്യമായി, മാത്രമല്ല ബോസ്‌ എത്തിയിരിക്കുന്ന നിഗമനങ്ങള്‍ ആ മഹാശാസ്‌ത്രജ്ഞനെ ആവേശഭരിതനാക്കുകയും ചെയ്‌തു. ഐന്‍സ്റ്റൈന്‍ തന്നെ ആ പ്രബന്ധം ജര്‍മ്മന്‍ ഭാഷയിലേക്ക്‌ പരിഭാഷപ്പെടുത്തി `സെയ്‌ത്‌ഷിഫ്‌ട്‌ഫര്‍ ഫിസിക്‌' എന്ന കുലീന മാസികയില്‍ പ്രസിദ്ധീകരിച്ചു. 1924-ലായിരുന്നു അത്‌.

ശാസ്‌ത്രം ആധുനികയുഗത്തിലേക്ക്‌ നടന്നുകയറുന്ന വര്‍ഷങ്ങളായിരുന്നു അത്‌. ആപേക്ഷികതാസിദ്ധാന്തം ശരിയെന്നു തെളിഞ്ഞിട്ട്‌ അഞ്ചുവര്‍ഷം. നൂറ്റാണ്ടുകള്‍ നിലനിന്ന പ്രപഞ്ചവീക്ഷണം അടിമുടി മാറ്റാന്‍ ശാസ്‌ത്രം നിര്‍ബന്ധിതമാക്കപ്പെട്ട സമയം. ക്വാണ്ടം ഭൗതീകം അതിന്റെ ആശയക്കുഴപ്പം സൃഷ്ടിക്കാനാരംഭിച്ച്‌ പിടിമുറുക്കുന്ന കാലം. പ്രപഞ്ചം വികസിക്കുകയാണെന്ന ജ്യോതിശാസ്‌ത്രത്തിലെ എക്കാലത്തെയും മികച്ച കണ്ടെത്തലിലേക്ക്‌, കാലിഫോര്‍ണിയായിലെ മൗണ്ട്‌ വില്‍സണ്‍ ഒബ്‌സര്‍വേറ്ററിയിലിരുന്ന്‌ എഡ്വിന്‍ ഹബ്ബിള്‍ അടുത്തുകൊണ്ടിരിക്കുന്ന സമയം. ടെലിവിഷന്റെ വരവറിയിച്ച കാലം. അങ്ങനെ ഏതര്‍ത്ഥത്തിലും സമ്പന്നമായ ആ സമയത്താണ്‌, ദ്രവ്യാവസ്ഥകള്‍ സംബന്ധിച്ച പതിവുധാരണകള്‍ തിരുത്തി പുതിയ പ്രവചനം നടത്താന്‍ ഐന്‍സ്റ്റൈന്‌ തുണയായി ബോസിന്റെ സാംഖികനിയമമെത്തുന്നത്‌. ഫോട്ടോണുകള്‍, അവയുടെ ക്വാണ്ടം മെക്കാനിക്കല്‍ ഗുണമായ `സ്‌പിന്നി'ന്റെ (spin) അടിസ്ഥാനത്തില്‍, ഭിന്നകങ്ങളാണോ അഭിന്നകങ്ങളാണോ (identical) എന്നു നിശ്ചയിക്കാനുള്ള ഗണിത നിയമങ്ങളായിരുന്നു ബോസിന്റെ കണ്ടെത്തല്‍. `ബോസ്‌ സമീകരണം' അല്ലെങ്കില്‍ `ബോസ്‌ - ഐന്‍സ്റ്റന്‍ സമീകരണം' എന്നാണ്‌ ആ നിയമങ്ങള്‍ അറിയപ്പെടുന്നത്‌.

ഒരു ശാസ്‌ത്രജ്ഞനും ഒരുത്തരംകൊണ്ട്‌ തൃപ്‌തനാകാറില്ല. ഐന്‍സ്റ്റൈന്റെ കാര്യം പറയേണ്ടതില്ലല്ലോ. ബോസിന്റെ പ്രബന്ധം പ്രസിദ്ധീകരിച്ചതു കൊണ്ടുമാത്രം ഐന്‍സ്റ്റൈന്‍ അവസാനിപ്പിച്ചില്ല. ഫോട്ടോണുകളെപ്പറ്റി ബോസ്‌ പറഞ്ഞത്‌ എന്തുകൊണ്ട്‌ മറ്റ്‌ ആറ്റങ്ങളുടെ കാര്യത്തിലും ബാധകമായിക്കൂടാ എന്നദ്ദേഹം അന്വേഷണം നടത്തി. വാതകആറ്റങ്ങളെ അതിശീതാവസ്ഥയിലെത്തിച്ചാല്‍, അതിലെ ആറ്റങ്ങള്‍ക്ക്‌ ബോസ്‌സമീകരണപ്രകാരം എന്തുസംഭവിക്കും? ഏതൊരു വസ്‌തുവിന്റെയും ഊഷ്‌മാവ്‌ നിശ്ചയിക്കപ്പെടുന്നത്‌ അതിലെ ആറ്റങ്ങളുടെ ചലനവേഗവുമായി ബന്ധപ്പെട്ടാണ്‌. ഊഷ്‌മാവ്‌ വര്‍ധിക്കുമ്പോള്‍ ആറ്റങ്ങള്‍ ഉയര്‍ന്ന ഊര്‍ജ്ജനിലയിലെത്തുന്നു; അവയുടെ ചലനവേഗം വര്‍ധിക്കുകയും ചെയ്യുന്നു. ഊഷ്‌മാവ്‌ കുറയുമ്പോള്‍ ആറ്റങ്ങള്‍ താഴ്‌ന്ന ഊര്‍ജ്ജനില പ്രാപിക്കുന്നു, ചലനവേഗം കുറയുന്നു. ഊഷ്‌മാവ്‌ താഴുന്തോറും ആറ്റങ്ങളുടെ ചലനവേഗം കുറയുന്നു എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം, ആറ്റങ്ങള്‍ നിശ്ചലമാകുന്ന അവസ്ഥയായിരിക്കും അവയ്‌ക്ക്‌ എത്താന്‍ കഴിയുന്ന ഏറ്റവും താഴ്‌ന്ന താപനില എന്നാണ്‌. അതിനെയാണ്‌ കേവലപൂജ്യം എന്നു പറയുന്നത്‌(കേവലപൂജ്യം = മൈനസ്‌ 273 ഡിഗ്രി സെല്‍സിയസ്‌ അല്ലെങ്കില്‍ മൈനസ്‌ 459 ഡിഗ്രി ഫാരന്‍ഹെയ്‌റ്റ്‌). വാതകആറ്റങ്ങളെ ശീതീകരിച്ച്‌ കേവലപൂജ്യത്തിന്‌ വളരെ അടുത്തുവരെ എത്തിച്ചാല്‍ ബോസ്‌സമീകരണ പ്രകാരം, ആറ്റങ്ങള്‍ ഒത്തുചേര്‍ന്ന്‌ ഒരു സൂപ്പര്‍ആറ്റത്തിന്റെ സ്വഭാവമാര്‍ജ്ജിക്കുമെന്നും അത്‌ പുതിയൊരു ദ്രവ്യാവസ്ഥ ആയിരിക്കുമെന്നും 1924-ല്‍ ഐന്‍സ്റ്റൈന്‍ പ്രവചിച്ചു. `ബോസ്‌-ഐന്‍സ്റ്റൈന്‍ സംഘനനം' (ബി.ഇ.സി) എറിയപ്പെടുന്ന ഈ പ്രക്രിയവഴി രൂപപ്പെടു ദ്രവ്യാവസ്ഥയാണ്‌ `ബോസ്‌ സംഘനിതാവസ്ഥ' അല്ലെങ്കില്‍ `ബോസ്‌-ഐന്‍സ്റ്റൈന്‍ സംഘനിതാവസ്ഥ'.

ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥ-അഞ്ചാം ദ്രവ്യരൂപം
എന്നാല്‍, ഐന്‍സ്റ്റൈന്റെ പ്രവചനം ഭാഗികമായേ ശരിയായുള്ളൂ. കാരണം ദ്രവ്യത്തിന്റെ ഘടകാംശമായ കണങ്ങളെല്ലാം ബോസ്‌ സമീകരണം അനുസരിക്കുന്നവയല്ല. ക്വാണ്ടം മെക്കാനിക്കല്‍ ഗുണമായ `സ്‌പിന്‍' അടിസ്ഥാനപ്പെടുത്തി കണങ്ങളെ രണ്ടായാണ്‌ തിരിച്ചിട്ടുള്ളത്‌; 'ബോസോണുകള്‍' എന്നും 'ഫെര്‍മിയോണുകള്‍' എന്നും.ബോസോണുകളുടെ സ്‌പിന്‍ പൂര്‍ണ്ണസംഖ്യയും (0, 1, 2, .....) ഫെര്‍മിയോണുകളുടേത്‌ അര്‍ധപൂര്‍ണ്ണസംഖ്യയും (1/2, 3/2, 5/2,....) ആണ്‌. ബോസ്‌സമീകരണം അനുസരിക്കുവയാണ്‌ ബോസോണുകളെങ്കില്‍, 'ഫെര്‍മി-ഡിറാക്‌ സമീകരണ'മാണ്‌ ഫെര്‍മിയോണുകളുടെ പ്രവര്‍ത്തനത്തിന്‌ അടിസ്ഥാനം. പ്രോട്ടോണുകള്‍ക്കും ന്യൂട്രോണുകള്‍ക്കും അടിസ്ഥാനമായ ക്വാര്‍ക്കുകളും, ഇലക്‌ട്രോണുകള്‍ക്കും ന്യൂട്രിനോ മുതലായ കണങ്ങള്‍ക്കും അടിസ്ഥാനമായ ലപ്‌ടോണുകളും ചേര്‍ന്ന ഗണത്തെ പൊതുവെ ഫെര്‍മിയോണുകള്‍ എന്നു വിളിക്കുന്നു. ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങി ബലങ്ങള്‍ സൃഷ്‌ടിക്കുകയും വഹിക്കുകയും ചെയ്യുന്ന കണങ്ങളാണ്‌ ബോസോണുകള്‍. ബോസോണുകളുടെ പ്രത്യേകത അവയെ ശീതീകരിച്ച്‌ ഒരേ ക്വാണ്ടംമെക്കാനിക്കല്‍ അവസ്ഥയിലേക്ക്‌ എത്തിക്കാം എന്നതാണ്‌. അതുകൊണ്ട്‌ പുതിയ ദ്രവ്യരൂപം സംബന്ധിച്ച ഐന്‍സ്‌റ്റൈന്റെ പ്രവചനം ബോസോണുകളുടെ കാര്യത്തില്‍ ശരിയായി.

1742-ല്‍ എഡ്‌മണ്ട്‌ ഹാലി അന്തരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ പ്രശസ്‌തമായ രണ്ട്‌ പ്രവചനങ്ങള്‍ തെളിയിക്കപ്പെടാന്‍ ബാക്കിയുണ്ടായിരുന്നു; ഹാലിയുടെ വാല്‍നക്ഷത്രത്തെ സംബന്ധിച്ചും ശുക്രസംതരണത്തെപ്പറ്റിയും. ഹാലിയുടെ വാല്‍നക്ഷത്രം, ഹാലി പ്രവചിച്ചതു പോലെ കൃത്യമായി പ്രത്യക്ഷപ്പെട്ടു; 1758-ലെ ക്രിസ്‌മസ്‌ ദിനത്തില്‍. 1761, 1769 വര്‍ഷങ്ങളിലെ ശുക്രസംതരണത്തിന്റെ (സംതരണം = transition) കാര്യത്തിലും ഹാലിയുടെ പ്രവചനം സത്യമായി. ഹാലി നിര്‍ദ്ദേശിച്ചിരുന്നതുപോലെ സൂര്യനും ഭൂമിയും തമ്മിലുള്ള അകലം കൃത്യമായി ഗണിച്ചെടുക്കാനും ശുക്രസംതരണം സഹായിച്ചു. ഏതാണ്ട്‌ ഇതിന്‌ സമാനമാണ്‌, പുതിയ ദ്രവ്യാവസ്ഥയെപ്പറ്റി ഐന്‍സ്‌റ്റൈന്‍ നടത്തിയ പ്രവചനത്തിന്റെ കാര്യവും. ബോസ്‌സമീകരണത്തിന്റെ സഹായത്തോടെ, 1924-ല്‍ ഐന്‍സ്‌റ്റൈന്‍ നടത്തിയ പ്രവചനം സത്യമാണെന്നു തെളിഞ്ഞത്‌ അദ്ദേഹം അന്തരിച്ച്‌ നാല്‌പതു വര്‍ഷം കഴിഞ്ഞാണ്‌; 1995-ല്‍. യു.എസിലെ ബൗള്‍ഡറില്‍ കോളറാഡോ സര്‍വ്വകലാശാലയിലെ എറിക്‌ കോര്‍നെലും കാള്‍ വീമാനുമാണ്‌ വാതകആറ്റങ്ങളെ ആദ്യമായി ബോസ്‌-ഐന്‍സ്റ്റയിന്‍ സംഘനനത്തിന്‌ വിധേയമാക്കി ചരിത്രം സൃഷ്‌ടിച്ചത്‌. ലേസര്‍ ശീതീകരണം പോലുള്ള അത്യന്താധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ, ഏതാണ്ട്‌ രണ്ടായിരത്തോളം റുബീഡിയം-87 വാതകആറ്റങ്ങളെ 170 നാനോകെല്‍വിന്‍ ഊഷ്‌മാവില്‍ എത്തിച്ചാണ്‌ സംഘനനം നടത്തിയത്‌(കേവലപൂജ്യത്തിന്‌ മുകളില്‍ ഒരു ഡിഗ്രി കെല്‍വിന്റെ നൂറുകോടിയിലൊരംശമാണ്‌ ഒരു നാനോകെല്‍വിന്‍!). നാലുമാസത്തിനു ശേഷം, സ്വതന്ത്രമായ മറ്റൊരു ശ്രമത്തിന്റെ ഫലമായി എം.ഐ.ടി.യിലെ വൂള്‍ഫ്‌ഗാങ്‌ കെറ്റര്‍ലി സോഡിയം-23 ആറ്റങ്ങളെ അതിശീതാവസ്ഥയിലെത്തിച്ച്‌ ബോസ്‌-ഐന്‍സ്റ്റയിന്‍ സംഘനിതാവസ്ഥ സൃഷ്‌ടിക്കുന്നതില്‍ വിജയിച്ചു. കോര്‍നെലും വീമാനും കെറ്റര്‍ലിയും തങ്ങളുടെ കണ്ടെത്തലിന്‌ 2001-ലെ ഭൗതികശാസ്‌ത്ര നോബല്‍ സമ്മാനം പങ്കിട്ടു.

റുബീഡിയം-87, സോഡിയം-23 തുടങ്ങിയ വാതകആറ്റങ്ങള്‍ ബോസോണുകളാണ്‌. അക്കാരണത്താല്‍, അതിശീതാവസ്ഥയില്‍ അവയ്‌ക്ക്‌ ഒരേ ക്വാണ്ടംമെക്കാനിക്കല്‍ നിലയിലെത്താനും സംഘനനത്തിന്‌ വിധേയമാകാനും കഴിയും. ഫെര്‍മിയോണിക്‌ കണങ്ങളുടെ കാര്യത്തില്‍ ഇത്‌ സാധ്യമല്ല. കാരണം, ഒരു ഫെര്‍മിയോണിനും മറ്റൊന്നിന്റെ ക്വാണ്ടംമെക്കാനിക്കല്‍നില പ്രാപിക്കാനാവില്ലെന്ന `പൗളിയുടെ ബഹിഷ്‌ക്കരണനിയമം' അനുസരിക്കാന്‍ വിധിക്കപ്പെട്ടവയാണവ. അതിനാല്‍, ഫെര്‍മിയോണുകളെ ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥയ്‌ക്കു സമാനമായ ദ്രവ്യാവസ്ഥയിലെത്തിക്കുകയെന്നത്‌ ഗവേഷകര്‍ക്കു മുന്നില്‍ വെല്ലുവിളിയായി. അവിടെയാണ്‌ 1957-ലെ ഒരു സിദ്ധാന്തം തുണയായെത്തിയത്‌. ജോ ബാര്‍ഡീന്‍, ലിയോ കൂപ്പര്‍, റോബര്‍ട്ട്‌ ഷ്രീഫെര്‍ എന്നീ ശാസ്‌ത്രജ്ഞര്‍ ചേര്‍ന്നു രൂപം നല്‍കിയ ബി.സി. എസ്‌. സംക്രമണ സിദ്ധാന്തപ്രകാരം, വളരെ വളരെ താഴ്‌ന്ന താപനിലയില്‍ ഇലക്‌ട്രോണുകള്‍ (ഇലക്‌ട്രോണുകള്‍ ഫെര്‍മിയോണുകളാണ്‌) `കൂപ്പര്‍ ജോഡികള്‍' എറിയപ്പെടുന്ന ജോഡികളായി ബന്ധിക്കപ്പെടുകയും, ഈ ജോഡീകരണം തകര്‍ക്കാന്‍ ബാഹ്യഊര്‍ജ്ജം പ്രയോഗിക്കപ്പെടുന്നില്ലെങ്കില്‍, ഒരു അതിദ്രാവക സ്വഭാവമാര്‍ജ്ജിച്ച്‌ അവ ഒഴുകുകയും ചെയ്യും. (വൈദ്യുതിയുടെ കാര്യത്തില്‍ `പ്രതിരോധം' എങ്ങനെയാണോ അതുപോലെയാണ്‌ ദ്രാവകങ്ങളുടെ കാര്യത്തില്‍ `ശ്യാനത'(viscostiy). അല്‍പ്പം പോലും ശ്യാനതയില്ലാതെ ദ്രാവകങ്ങള്‍ പ്രവഹിക്കു അവസ്ഥയാണ്‌ അതിദ്രവത്വം). അതിചാലകത തൃപ്‌തികരിമായി വിശദീകരിക്കുതിന്‌ സഹായകമായ ബി.സി.എസ്‌. സിദ്ധാന്തം അതിദ്രാവകങ്ങളുടെ കാര്യത്തിലും പ്രയോഗിക്കാമെന്നത്‌ ഗവേഷകരില്‍ പ്രതീക്ഷ വളര്‍ത്തി.

1995-ല്‍ കോര്‍നെലും വീമാനും ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥ സൃഷ്‌ടിച്ചപ്പോള്‍, കൂപ്പര്‍ജോഡീകരണം പ്രയോജനപ്പെടുത്തി ഫെര്‍മിയോണുകളുടെ സംഘനിതാവസ്ഥ സൃഷ്‌ടിക്കാന്‍ ശാസ്‌ത്രലോകം ശ്രമം തുടങ്ങി. എന്നാല്‍, ആറ്റങ്ങളെ കൂപ്പര്‍ജോഡീകരണത്തിന്‌ വിധേയമാക്കാന്‍ അപ്രാപ്യമെന്നു കരുതുന്നത്ര താഴ്‌ന്ന ഊഷ്‌മാവ്‌ വേണമെന്നത്‌ തടസ്സമായി. `ജോയിന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ലബോറട്ടറി അസ്‌ട്രോഫിസിക്‌സി'ലെ (ജെ.ഐ.എല്‍.എ) ഗവേഷകനായ മുറെയ്‌ ഹോളണ്ട്‌ ഈ തടസ്സം മറികടക്കാന്‍ ഒരുപായം 2001-ല്‍ മുന്നോട്ടുവെച്ചു. അതിശക്തമായ കാന്തികമണ്ഡലത്തിന്റെ സഹായത്തോടെ ഫെര്‍മിയോണിക്‌ ആറ്റങ്ങളെ `കൂപ്പര്‍ജോഡി'കളാക്കി മാറ്റാന്‍ കഴിഞ്ഞേക്കുമെന്നതായിരുന്നു അദ്ദേഹത്തിന്റെ നിഗമനം. അതേ ലബോറട്ടറിയിലെ തന്നെ ഡിബോറ ജിന്‍, ഹോളണ്ട്‌ മുന്നോട്ടുവെച്ച കാന്തികമാര്‍ഗ്ഗമനുസരിച്ച്‌ ഫെര്‍മിയോണുകളായ പൊട്ടാസ്യം വാതകആറ്റങ്ങള്‍ ഉപയോഗിച്ച്‌ നടത്തിയ പരീക്ഷണം 2003-ല്‍ വിജയം കണ്ടു. ഡിബോറയും സംഘവും അഞ്ചുലക്ഷം പൊട്ടാസ്യം-40 ആറ്റങ്ങളെ 50 നാനോകെല്‍വിന്‌ താഴയുള്ള താപനിലയില്‍ എത്തിച്ച്‌ ഒരു ഫെര്‍മിയോണിക്‌സംഘനിതാവസ്ഥ സാധ്യമാക്കി. അങ്ങനെ, ദ്രവ്യത്തിന്‌ ആറാമതൊരവസ്ഥ ഉണ്ടായിരിക്കുതായി 2004 ജനവരി 24-ന്റെ `ഫിസിക്കല്‍ റിവ്യൂ ലറ്റേഴ്‌സി'ലൂടെ ലോകമറിഞ്ഞു.

ഫെര്‍മിയോണിക്‌ സംഘനിതാവസ്ഥ-ആറാം ദ്രവ്യരൂപം

ബോസ്‌ സംഘനിതാവസ്ഥയുടെയും ഫെര്‍മിയോണിക്‌ സംഘനിതാവസ്ഥയുടെയും തുടര്‍ച്ചയായി അതേ ദിശയില്‍ നടന്ന ശ്രമങ്ങളാണ്‌ ഇപ്പോള്‍ പുതിയൊരു ദ്രവ്യാവസ്ഥയായ `അതിദ്രാവക ഫെര്‍മിവാതക'ത്തിന്റെ കണ്ടെത്തലിലേക്ക്‌ ഗവേഷകരെ നയിച്ചത്‌. ബോസ്‌സംഘനിതാവസ്ഥ രൂപപ്പെടുത്തുകവഴി നോബല്‍ സമ്മാനം പങ്കിട്ട കെറ്റര്‍ലിയും എം.ഐ.ടി.യിലെ അദ്ദേഹത്തിന്റെ മൂന്നു സഹപ്രവര്‍ത്തകരും, ഫെര്‍മിയോണ്‍ ഗണത്തില്‍ പെടുന്ന ലിഥിയം-6 വാതകആറ്റങ്ങളെ ലേസര്‍ ശീതീകരണം, ബാഷ്‌പീകരണശീതീകരണം (ആറ്റങ്ങളെ അസാധ്യമെന്നു കരുതുന്നത്ര താഴ്‌ന്ന ഊഷ്‌മാവിലെത്തിക്കാനുള്ള പുത്തന്‍ സങ്കേതങ്ങളാണ്‌ ഇവ) തുടങ്ങിയവയിലൂടെ കേവലപൂജ്യത്തിന്‌ വളരെയടുത്തുവരെ (50 നാനോ കെല്‍വിന്‍ വരെ)ശീതീകരിച്ചു. അതിനുശേഷം, വാതകത്തെ ഒരു ഇന്‍ഫ്രാറെഡ്‌ ലേസര്‍കിരണത്തിന്റെ ഫോക്കസില്‍ തളച്ചുനിര്‍ത്തി, ഹരിതലേസര്‍കിരണം ഉപയോഗിച്ച്‌ അതിനെ ചുറ്റിക്കാന്‍ ആരംഭിച്ചു. അപ്പോള്‍ അതില്‍, അതിദ്രവത്വത്തിന്റെ കൈമുദ്രയായ ചുഴികള്‍ പ്രത്യക്ഷപ്പെട്ടു; കൃത്യമായി ഒരേ അകലത്തില്‍ ഒരേ വലുപ്പത്തില്‍! തങ്ങളൊരു പുതിയ ദ്രവ്യാവതാരത്തിന്‌ സാക്ഷ്യം വഹിക്കുകയാണെ്‌, ഒരു വര്‍ഷത്തെ ശ്രമത്തിനൊടുവില്‍ കെറ്റര്‍ലിയും സംഘവും ഒട്ടൊരു അവിശ്വസനീയതയോടെ മനസിലാക്കി.

പുതിയ ദ്രവ്യരൂപങ്ങള്‍കൊണ്ട്‌ ആര്‍ക്ക്‌ എന്തു പ്രയോജനം എന്നു കരുതുന്നവരുണ്ടാകാം. വൈദ്യുതി കണ്ടുപിടിച്ച മൈക്കല്‍ ഫാരഡെയോട്‌ അന്നത്തെ ബ്രിട്ടീഷ്‌ ധനകാര്യമന്ത്രി ഏതാണ്ട്‌ ഇതേ ചോദ്യമാണ്‌ ഉന്നയിച്ചത്‌. ``പിറന്നുവീണ കുഞ്ഞിനെക്കൊണ്ട്‌ എന്തു പ്രയോജനം എന്നാണ്‌ അങ്ങ്‌ ചോദിക്കുന്നത്‌. ഒരു ദിവസം ഇവന്‍ നിങ്ങള്‍ക്ക്‌ നികുതി തന്നേക്കാം''-എന്നായിരുന്നു ഫാരഡെയുടെ പ്രശസ്‌തമായ മറുപടി. ലേസര്‍ കണ്ടെത്തി 20 വര്‍ഷം കഴിഞ്ഞാണ്‌ അതിന്‌ എന്തെങ്കിലും ഉപയോഗം ആദ്യമായി കണ്ടെത്തിയത്‌ എന്നോര്‍ക്കുക. ഇന്ന്‌ പുതിയ ദ്രവ്യാവസ്ഥ സൃഷ്‌ടിക്കാന്‍ മുതല്‍ മുറിവില്ലാത്ത ശസ്‌ത്രക്രിയയ്‌ക്കു വരെ ലേസര്‍ ഉപയോഗിക്കുന്നു. ദിവസവും അതിന്‌ പുതിയ ഉപയോഗങ്ങള്‍ കണ്ടെത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്നു. അതുപോലെ, പുതിയ ദ്രവ്യരൂപങ്ങള്‍ക്കും ഭാവിയില്‍ ഒട്ടേറെ ഉപയോഗങ്ങള്‍ ഉണ്ടാകും എന്നു കരുതുകയേ നിവൃത്തിയുള്ളൂ. ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതം ഉപയോഗിച്ചു നടത്തിയ പരീക്ഷണങ്ങള്‍ ഇതിനകം നല്‍കിയ സൂചനകള്‍ അതാണ്‌ വ്യക്തമാക്കുന്നത്‌. അങ്ങേയറ്റം കാര്യക്ഷമമായ പ്രകാശീയസാന്ദ്രത (Optical denstiy) സൃഷ്‌ടിക്കാന്‍ ഈ സംഘനിതത്തിന്‌ കഴിയുമെന്ന്‌ വ്യക്തമായിട്ടുണ്ട്‌. മാത്രമല്ല, പ്രകാശത്തിന്റെ പ്രവേഗം കുറയ്‌ക്കാനും ബോസ്‌ സംഘനിതത്തിന്‌ കഴിയും. ചിലയിനം സംഘനിതത്തിലൂടെ കടത്തിവിടുമ്പോള്‍ പ്രകാശത്തിന്റെ വേഗം സെക്കന്റില്‍ വെറും മീറ്ററുകള്‍ എന്ന കണക്കിന്‌ (പ്രകാശത്തിന്റെ വേഗം സാധാരണഗതിയില്‍ സെക്കന്‍ഡില്‍ മൂന്നുലക്ഷം കിലോമീറ്ററാണെന്നോര്‍ക്കുക) കുറയുന്നതായും കണ്ടിട്ടുണ്ട്‌. കറങ്ങുന്ന ബോസ്‌സംഘനിതത്തെ തമോഗര്‍ത്തമാതൃകയായും ഉപയോഗിക്കാനാകും(പ്രകാശത്തിനു പോലും പുറത്തേക്കു രക്ഷപ്പെടാനാകാത്ത പ്രാപഞ്ചികകെണികളാണ്‌ തമോഗര്‍ത്തങ്ങള്‍). ലേസര്‍സ്‌പന്ദനങ്ങള്‍ വിദഗ്‌ധമായി സൃഷ്‌ടിക്കാന്‍ ഈ സംഘനിതം സഹായിക്കുമെന്നും തെളിഞ്ഞു കഴിഞ്ഞു. സൂപ്പര്‍കമ്പ്യൂട്ടറുകളുടെയും നാനോടെക്‌നോളജിയുടെയും വരുംകാലത്തെ നിയന്ത്രിക്കുക ഒരു പക്ഷേ, പുതിയ ദ്രവ്യാവസ്ഥകളാവില്ലെന്ന്‌ ആരു കണ്ടു!(മാതൃഭൂമി ആഴ്‌ചപ്പതിപ്പ്‌, 2005സപ്‌തംബര്‍18)
-ജോസഫ്‌ ആന്റണി

പുതിയ ദ്രവ്യരൂപം - ഒരു നാള്‍വഴി
  • 1924 -കല്‍ക്കത്ത സര്‍വ്വകലാശാലയില്‍ ഭൗതികശാസ്‌ത്ര അധ്യാപകനായ സത്യേന്ദ്രനാഥ്‌ ബോസ്‌, ഫോട്ടോണുകളുടെ സ്വഭാവം നിര്‍ണ്ണയിക്കാന്‍ രൂപംനല്‍കിയ സമീകരണം ആല്‍ബര്‍ട്ട്‌ ഐന്‍സ്‌റ്റൈന്റെ പരിഗണനയ്‌ക്ക്‌ അയയ്‌ക്കുന്നു. ആ സമീകരണം പരിഷ്‌കരിച്ച ഐന്‍സ്‌റ്റൈന്‍, അതിശീതാവസ്ഥയില്‍ പുതിയൊരു ദ്രവ്യാവസ്ഥയുണ്ടാകുമെന്ന്‌ പ്രവചിക്കുന്നു. `ബോസ്‌-ഐന്‍സ്‌റ്റൈന്‍ സംഘനിതാവസ്ഥ'യെന്ന്‌ ആ ദ്രവ്യാവസ്ഥ അറിയപ്പെടുന്നു.
  • 1938 - ഹീലിയം-4 ദ്രാവകം, 2.2 കെല്‍വിന്‌ താഴെ ഊഷ്‌മാവിലെത്തുമ്പോള്‍, ശ്യാനത തീരെയില്ലാത്ത അവസ്ഥ പ്രാപിക്കുന്നതായി പയോട്ടര്‍ കാപിറ്റ്‌സ്‌, ജോ അലന്‍, ഡോ മിസെനെര്‍ എന്നിവര്‍ ചേര്‍ന്ന്‌ കണ്ടെത്തി. `അതിദ്രവത്വ'മാണ്‌ ഈ ഗുണമെന്ന്‌ നിശ്ചയിക്കപ്പെടുന്നു.
  • 1957 - ജോ ബാര്‍ഡീന്‍, ലിയോ കൂപ്പര്‍, റോബര്‍ട്ട്‌ ഷ്രീഫെര്‍ എന്നിവര്‍ ചേര്‍ന്ന്‌ ബി.സി.എസ്‌ സംക്രമണ സിദ്ധാന്തത്തിന്‌ രൂപം നല്‍കി. അതിചാലകതയ്‌ക്കു വിശദീകരണം നല്‍കാന്‍ ഉപയോഗിക്കപ്പെട്ട ഈ സിദ്ധാന്തം, ഫെര്‍മിയോണുകളായ ഇലക്‌ട്രോണുകള്‍ അതിശീതാവസ്ഥയില്‍ `കൂപ്പര്‍ ജോഡികള്‍' എന്നറിയപ്പെടുന്ന ജോഡീകരണത്തിന്‌ വിധേയമാകുമെന്നും പ്രവചിച്ചു.
  • 1971 - ബി.സി.എസ്‌. സംക്രമണം വഴി ഫെര്‍മിയോണിക്‌ ദ്രാവകങ്ങള്‍ക്ക്‌ അതിശീതാവസ്ഥയില്‍, അതിദ്രവത്വം കൈവരുമെന്ന്‌ ഡഗ്ലസ്‌ ഡി.ഓഷെരോഫ്‌ എന്ന ഗവേഷകന്‍ ഹീലിയം-3 ആറ്റങ്ങള്‍ ഉപയോഗിച്ച്‌ സ്ഥിരീകരിച്ചു.
  • 1985 - 1995 കാലഘട്ടം- ആറ്റങ്ങളെ കേവലപൂജ്യത്തിനടുത്തുവരെ താഴ്‌ന്ന ഊഷ്‌മാവിലെത്തിക്കാന്‍ സഹായിക്കുന്ന ലേസര്‍സാങ്കേതം സ്റ്റീവന്‍ ചൂ, ക്ലോഡ്‌ കോഹന്‍-തനൗദ്‌ജി, വില്ല്യം ഡി. ഫിലിപ്പ്‌സ്‌ എന്നിവര്‍ ചേര്‍ന്ന്‌ ഘട്ടംഘട്ടമായി വികസിപ്പിച്ചു (1997-ലെ നോബല്‍ പുരസ്‌കാരം ഈ കണ്ടെത്തലുകളുടെ പേരില്‍ മൂവരും പങ്കിട്ടു).
  • 1995 - ബോസോണുകളായ റുബീഡിയം-87 വാതകആറ്റങ്ങളെ 170 നാനോകെല്‍വിന്‍ വരെ ശീതീകരിച്ച്‌ അഞ്ചാമത്തെ ദ്രവ്യരൂപമായ `ബോസ്‌-ഐന്‍സ്റ്റൈന്‍ സംഘനിതാവസ്ഥ' സൃഷ്‌ടിക്കുന്നതില്‍, അമേരിക്കയിലെ ബൗള്‍ഡറില്‍ കോളറാഡോ സര്‍വ്വകലാശാലയിലെ എറിക്‌ കോര്‍ണലും കാള്‍ വീമാനും വിജയിച്ചു. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യിലെ വൂള്‍ഫ്‌ഗാങ്‌ കെറ്റര്‍ലി, ബോസോണുകളായ സോഡിയം-23 ആറ്റങ്ങളെ ഉപയോഗിച്ച്‌ ഇതേ ദ്രവ്യാവസ്ഥ സൃഷ്‌ടിക്കുന്നതില്‍ വിജയിച്ചു (പുതിയ ദ്രവ്യരൂപത്തിന്റെ കണ്ടുപിടുത്തത്തിന്‌ 2001-ലെ നോബല്‍ പുരസ്‌കാരം മൂവരും പങ്കിട്ടു).
  • 1995-2001 കാലഘട്ടം-ബോസോണുകളെ പോലെ ഫെര്‍മിയോണുകള്‍ ഉപയോഗിച്ച്‌ ബോസ്‌-ഐന്‍സ്റ്റൈന്‍ സംഘനിതാവസ്ഥയ്‌ക്കു തുല്ല്യമായ ദ്രവ്യാവസ്ഥ സൃഷ്‌ടിക്കാന്‍ ശാസ്‌ത്രലോകത്ത്‌ തീവ്രശ്രമം. ബി.സി.എസ്‌. സിദ്ധാന്ത പ്രകാരം ഫെര്‍മിയോണുകളെ കൂപ്പര്‍ ജോഡീകരണത്തിന്‌ വിധേയമാക്കി ഇതു സാധിക്കാനായിരുന്നു നീക്കം.
  • 2001 - ആറ്റങ്ങളെ കൂപ്പര്‍ ജോഡീകരണത്തിന്‌ വിധേയമാക്കാന്‍ അപ്രാപ്യമെന്നു കരുതുന്നത്ര താഴ്‌ന്ന ഊഷ്‌മാവ്‌ വേണം. ഇക്കാര്യത്തില്‍ ശക്തമായ കാന്തികമണ്ഡലങ്ങളുടെ സാന്നിധ്യം പ്രയോജനം ചെയ്‌തേക്കുമെന്ന്‌ മുറെയ്‌ ഹോളണ്ട്‌ പ്രവചിക്കുന്നു.
  • 2003 - `ജോയിന്റ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ലാബൊറട്ടറി അസ്‌ട്രോഫിസിക്‌സി'ലെ ഡിബോറ ജിന്‍, മുറെയ്‌ ഹോളണ്ടിന്റെ നിര്‍ദ്ദേശം പ്രയോജനപ്പെടുത്തി ഫെര്‍മിയോണുകളായ പൊട്ടാസ്യം വാതകആറ്റങ്ങളെ സംഘനിതാവസ്ഥയിലെത്തിച്ചു. `ഫെര്‍മിയോണിക്‌ സംഘനിതാവസ്ഥ'യെന്ന പുതിയ ദ്രവ്യരൂപമായിരുന്നു അത്‌.
  • 2005 - ലിഥിയം-6 ഐസോടോപ്പ്‌ വാതകത്തെ ശീതീകരിച്ച്‌ അതിദ്രാവകാവസ്ഥയിലെത്തിക്കുതില്‍ എം.ഐ.ടി.യിലെ വൂള്‍ഫ്‌ഗാങ്‌ കെറ്റെര്‍ലിയും സംഘവും വിജയിച്ചു. `അതിദ്രാവക ഫെര്‍മിവാതകം' എന്നൊരു പുതിയ ദ്രവ്യാവസ്ഥയാണതെന്ന്‌ ഗവേഷകര്‍ അവകാശപ്പെട്ടു.(കടപ്പാട്‌: നേച്ചര്‍ ഗവേഷണവാരിക, കോളറാഡോ സര്‍വകലാശാല, എം.ഐ.ടി.എന്നിവയുടെ വെബ്‌സൈറ്റുകള്‍, ജോണ്‍ ഗ്രിബ്ബിന്‍ രചിച്ച 'ഷ്രോഡിങേഴ്‌സ്‌ കിറ്റണ്‍സ്‌', വിക്കിപീഡിയ, 'ദ്രവ്യത്തിന്റെ ആറാംതമ്പുരാന്‍' എന്ന പേരില്‍ ബാബു ജോസഫ്‌ 'മാതൃഭൂമി ആഴ്‌ചപ്പതിപ്പി'ല്‍ പ്രസിദ്ധീകരിച്ച ലേഖനം).

കാണുക: ഐന്‍സ്‌റ്റൈന്‍ ഫോട്ടോണ്‍ എണ്ണാന്‍ പഠിച്ചത്‌

Thursday, March 08, 2007

ഒരു ഡസണ്‍ സൂര്യഗോവണികള്‍

'കോട്ടയത്ത്‌ എത്ര മത്തായിമാരുണ്ട്‌ ' എന്നു ചോദിക്കുന്നതു പോലുള്ള ഒരു രസികന്‍ ചോദ്യമാണ്‌, ലോകത്താകെ എത്ര ഡിജിറ്റല്‍ വിവരങ്ങള്‍ സൃഷ്ടിക്കപ്പെടുന്നു എന്നത്‌. ഉത്തരം പക്ഷേ, അത്ര രസികനാകണമെന്നില്ല. 2006-ല്‍ മാത്രം ഭൂമുഖത്ത്‌ സൃഷ്ടിക്കപ്പെട്ടത്‌ 161 എക്‌സാബൈറ്റ്‌സ്‌ ഡേറ്റയാണ്‌. മനുഷ്യന്‍ ഇന്നുവരെ പുസ്‌തകരൂപത്തിലാക്കിയ മുഴുവന്‍ വിവരങ്ങളുടെയും 30 ലക്ഷം മടങ്ങ്‌ വരുമിത്‌!

ലോകത്ത്‌ സൃഷ്ടിക്കപ്പെടുന്ന മുഴുവന്‍ ഡിജിറ്റല്‍ വിവരങ്ങളും പുസ്‌തകരൂപത്തിലാക്കുന്നുവെന്നു കരുതുക. ആ ഗ്രന്ഥങ്ങള്‍ മുഴുവന്‍ ഒന്നിന്‌ മുകളില്‍ ഒന്നെന്ന കണക്കിന്‌ അട്ടി വെയ്‌ക്കുന്നതായും സങ്കല്‍പ്പിക്കുക. കഴിഞ്ഞ വര്‍ഷം മാത്രം ലോകത്തുണ്ടായ ഡിജിറ്റല്‍ ഡേറ്റ എത്രവരുമെന്നോ; ഭൂമിയില്‍ നിന്ന്‌ സൂര്യന്‍ വരെയെത്തുന്ന 12 അട്ടികള്‍! ഒരോ അട്ടിയും സൂര്യനിലെത്തുന്ന ഒരോ ഗോവണിയായി കരുതിയാല്‍, ഒരു ഡസണ്‍ സൂര്യഗോവണികള്‍. 15 കോടി കിലോമീറ്ററാണ്‌ ഭൂമിയും സൂര്യനും തമ്മിലുള്ള ശരാശരി അകലം. അങ്ങനെയെങ്കില്‍ അട്ടികളുടെ മൊത്തം നീളം 180 കോടി കിലോമീറ്റര്‍!

തലചുറ്റുന്ന കണക്ക്‌, അല്ലേ. സംഭവം സത്യമാണ്‌. ടെക്‌നോളജി ഗവേഷണ കമ്പനിയായ 'ഐ.ഡി.സി' (IDC)യാണ്‌, ലോകത്ത്‌ ഡിജിറ്റല്‍രൂപത്തില്‍ എത്രമാത്രം വിവരങ്ങള്‍ പോയവര്‍ഷം സൃഷ്ടിക്കപ്പെട്ടു എന്ന കണക്കെടുപ്പു നടത്തിയത്‌. പൂജ്യങ്ങളും ഒന്നുകളുമാണല്ലോ, നിലവിലുള്ള ഡിജിറ്റല്‍ഡേറ്റയുടെ മുഴുവന്‍ അടിസ്ഥാനം. പൂജ്യങ്ങളും ഒന്നുകളുമായി 2006-ല്‍ എത്ര ഫോട്ടോകളും വീഡിയോകളും ഇ-മെയിലുകളും വെബ്‌പേജുകളും ഇന്‍സ്റ്റന്റ്‌ മെസ്സേജുകളും ഫോണ്‍കോളുകളും മറ്റ്‌ ഡേറ്റകളും സൃഷ്ടിക്കപ്പെട്ടു എന്നാണ്‌ പരിശോധിച്ചത്‌.

ഓരോ ഡിജിറ്റല്‍ ഫയലുകളും കുറഞ്ഞത്‌ മൂന്നു തവണ വീതം കോപ്പി ചെയ്യപ്പെടുന്നു എന്ന നിഗമനത്തിലായിരുന്നു കണക്കുകൂട്ടല്‍. ഐ.ഡി.സി.നല്‍കുന്ന ഉത്തരം ഇതാണ്‌-കഴിഞ്ഞവര്‍ഷം ലോകത്ത്‌ 161 എക്‌സാബൈറ്റ്‌സ്‌ (161 exabytes) ഡിജിറ്റല്‍ വിവരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ഇക്കാര്യമാണ്‌ സൂര്യഗോവണിയുടെ അമ്പരപ്പായി മുകളില്‍ വിവരിച്ചത്‌. ഇത്‌ വേറെ രീതിയില്‍ വേണമെങ്കിലും വിവരിക്കാം. മനുഷ്യന്‍ ഇന്നുവരെ പുസ്‌തകരൂപത്തിലാക്കിയ മുഴുവന്‍ വിവരങ്ങളുടെയും 30 ലക്ഷം മടങ്ങ്‌ വരും, 161 എക്‌സാബൈറ്റ്‌സ്‌ എന്നത്‌. അതുമല്ലെങ്കില്‍, ഏറ്റവും സംഭരണശേഷിയുള്ള 200 കോടി ഐപ്പോഡു(iPode)കള്‍ വേണ്ടിവരും ഇത്രയും ഡേറ്റ ഉള്‍ക്കൊള്ളാന്‍.

സൃഷ്ടിക്കപ്പെടുന്ന ഡേറ്റയാണ്‌ ഇത്രയും. അതേസമയം ലോകത്തിന്‌ എത്ര ഡേറ്റാ സംഭരണശേഷിയുണ്ട്‌? അതും ഐ.ഡി.സി. പരിശോധിച്ചു. കഴിഞ്ഞവര്‍ഷത്തെ സംഭരണശേഷി 185 എക്‌സാബൈറ്റ്‌സ്‌ എന്നാണ്‌ കണ്ടെത്തിയത്‌. 2010 ആകുമ്പോഴേക്കും ഇത്‌ 601 എക്‌സാബൈറ്റ്‌സ്‌ ആകുമത്രേ. എന്നാല്‍, സൃഷ്ടിക്കപ്പെടുന്ന ഡേറ്റ 2010 ആകുമ്പോഴേക്കും 988 എക്‌സാബൈറ്റ്‌സ്‌ ആകുമത്രേ; എന്നുവെച്ചാല്‍ ഒരു സെറ്റാബൈറ്റിന്‌(one zettabyte) വെറും രണ്ട്‌ എക്‌സാബൈറ്റ്‌സിന്റെ കുറവ്‌. സൃഷ്ടിക്കപ്പടുന്ന വിവരങ്ങളും സംഭരണശേഷിയും തമ്മില്‍ 387 എക്‌സാബൈറ്റ്‌സിന്റെ വ്യത്യാസമുണ്ടാകുമെന്ന്‌ സാരം.

പക്ഷേ, 'ഡിജിറ്റല്‍സംഭരണി'കളുടെ ചെലവ്‌ കുറഞ്ഞുവരുന്നതിനാലും സൃഷ്ടിക്കപ്പെടുന്ന ഡേറ്റ മുഴുവന്‍ സൂക്ഷിച്ചുവെയ്‌ക്കാത്തതിനാലും (ഉദാഹരണത്തിന്‌ ഇ-മെയിലുകളില്‍ വലിയൊരു പങ്ക്‌ ഡിലീറ്റ്‌ ചെയ്യപ്പെടുന്നു, ഫോണ്‍കോളുകള്‍ മുഴുവനും ഡിജിറ്റല്‍രൂപത്തില്‍ സംഭരിക്കപ്പെടുന്നില്ല) ഈ അന്തരം അത്ര വലിയ പ്രശ്‌നമാകില്ല എന്നാണ്‌ ഐ.ഡി.സി.യിലെ വിദഗ്‌ധര്‍ വാദിക്കുന്നത്‌. പക്ഷേ, ഒരുകാര്യം ഈ പഠനം അടിവരയിട്ടു പറയുന്നു; ഡേറ്റായുടെ ഈ അനന്തപ്രപഞ്ചത്തില്‍ ഉപയോഗമുള്ളവയും ഭാവിക്കു പ്രയോജനം ചെയ്യുന്നവയും കണ്ടെത്താനും അവ ഡിലീറ്റ്‌ ചെയ്യപ്പെടാതെ സൂക്ഷിക്കാനും പുതിയ സങ്കേതങ്ങള്‍ രൂപപ്പെട്ടേ മതിയാകൂ.

സൃഷ്ടിക്കപ്പെടുന്ന ഡേറ്റ ഒരു കണക്കില്‍ പറഞ്ഞാല്‍ മനുഷ്യവര്‍ഗ്ഗത്തിന്റെ പൗതൃകമാണ്‌. ഈ തലമുറയുടെ സാംസ്‌കാരിക സ്വഭാവം പ്രതിഫലിപ്പിക്കുന്ന സൃഷ്ടി. "അതെങ്ങനെ നമുക്ക്‌ സൂക്ഷിക്കാനാകും?"-ഐ.ഡി.സി. പഠനം സ്‌പോണ്‍സര്‍ ചെയ്‌ത ഡേറ്റ മാനേജ്‌മെന്റ്‌ കമ്പനിയായ ഇ.എം.സി(EMC)യുടെ വൈസ്‌പ്രസിഡന്റ്‌ ചക്ക്‌ ഹോലിസ്‌ ചോദിക്കുന്നു. "എന്താണ്‌ സൂക്ഷിക്കപ്പെടേണ്ടത്‌, എന്താണ്‌ വേണ്ടാത്തത്‌ എന്നുള്ള പ്രശ്‌നങ്ങളില്‍ ആരെങ്കിലും തീരുമാനമെടുത്തേ മതിയാകൂ. ചരിത്രകാരന്‍മാര്‍ക്ക്‌ പരിശോധിക്കാനും, നമ്മുടെ കുട്ടികള്‍ക്ക്‌ പഠിക്കാനും പാകത്തില്‍ ഈ വിവരം മുഴുവന്‍ സൂക്ഷിക്കുകയെന്നത്‌ ആരുടെ ഉത്തരവാദിത്വമാണ്‌. അതിപ്പോഴും അവ്യക്തമാണ്‌". (അവലംബം: അസോസിയേറ്റഡ്‌ പ്രസ്സ്‌)
[one zettabyte = 1000 exabytes; one exabyte = one billion gigabytes; one gigabyte(GB) = 1000 megabytes(MB)-വായനക്കാര്‍ തിരുത്ത്‌ പ്രതീക്ഷിക്കുക; one gigabyte= 1024 megabytes എന്ന രൂപത്തില്‍ ].

ഭാരതീയശാസ്‌ത്രജ്ഞര്‍-10: ബ്രഹ്മഗുപ്‌തന്‍

പൂജ്യമുപയോഗിച്ചുള്ള ക്രിയകള്‍ക്ക്‌ ആദ്യമായി നിയമങ്ങളുണ്ടാക്കിയ ഗണിതശാസ്‌ത്രജ്ഞനാണ്‌ ബ്രഹ്മഗുപ്‌തന്‍.

`ന്യൂമറിക്കല്‍ അനാലിസിസ്‌' എന്നറിയപ്പെടുന്ന ഗണിതശാസ്‌ത്രശാഖയുടെ തുടക്കം ബ്രഹ്മഗുപ്‌തനില്‍ നിന്നാണെന്നു കരുതപ്പെടുന്നു. `ഗണകചക്രചൂഢാമണി' എന്ന വിശേഷണവും അദ്ദേഹത്തിനുണ്ടായിരുന്നു.

പൂജ്യം ഒരു അളവിനോട്‌ (അത്‌ നെഗററീവോ പോസിറ്റീവോ ആകട്ടെ) കൂട്ടിച്ചേര്‍ക്കുകയോ കിഴിക്കുകയോ ചെയ്‌തതുകൊണ്ട്‌ ആ അളവിന്‌ മാറ്റമൊന്നും സംഭവിക്കില്ലെന്ന്‌ ബ്രഹ്മഗുപ്‌തന്‍ സിദ്ധാന്തിച്ചു. പൂജ്യത്തെ ഏതു സംഖ്യകൊണ്ട്‌ ഗുണിച്ചാലും പൂജ്യമേ കിട്ടൂ എന്നും, പൂജ്യം കൊണ്ട്‌ ഏത്‌ സംഖ്യയെ ഭാഗിച്ചാലും അനന്തമായിരിക്കും ഉത്തരമെന്നും ബ്രഹ്മഗുപ്‌തന്‍ കണ്ടെത്തിയിരുന്നു. പക്ഷേ, പൂജ്യത്തെ പൂജ്യം കൊണ്ട്‌ ഹരിച്ചാല്‍ പൂജ്യമായിരിക്കും എന്ന്‌ അദ്ദേഹം തെറ്റായി ധരിച്ചു.

`ബ്രഹ്മസ്‌ഫുതസിദ്ധാന്ത'മാണ്‌ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്‌തമായ കൃതി. 'ബ്രഹ്മസിദ്ധാന്ത'മെന്ന പഴയ ജ്യോതിഷകൃതിയുടെ തെറ്റുതിരുത്തി പരിഷ്‌ക്കരിച്ച രൂപമായിരുന്നു ബ്രഹ്മഗുപ്‌തന്റെ കൃതി. അറബിയുള്‍പ്പെടെ ഒട്ടേറെ വിദേശഭാഷകളിലേക്ക്‌ ഇത്‌ വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്‌. ഗുജറാത്തിലെ ഭില്ലാമലയില്‍ എ.ഡി. 598-ല്‍ ബ്രഹ്മഗുപ്‌തന്‍ ജനിച്ചു. ചാപരാജവംശത്തില്‍ പെട്ട വ്യാഘ്രമുഖ രാജാവിന്റെ കൊട്ടാരസദസ്സിലെ ജ്യോതിഷിയായിരുന്നു അദ്ദേഹം.

Wednesday, March 07, 2007

ഏഷ്യയ്‌ക്കടിയില്‍ ഭൂഗര്‍ഭസമുദ്രം!

കിഴക്കന്‍ ഏഷ്യയില്‍ ആര്‍ട്ടിക്കയത്ര വലിപ്പമുള്ള ഒരു ഭൂഗര്‍ഭസമുദ്രം സ്ഥിതിചെയ്യുന്നു. ഫലകചലന പ്രക്രിയയെക്കുറിച്ച്‌ കൂടുതല്‍ അറിയാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ കരുതുന്നു

ഏഷ്യയില്‍ ഭൂപ്രതലത്തില്‍ നിന്ന്‌ നൂറുകണക്കിന്‌ കിലോമീറ്റര്‍ ഉള്ളില്‍ ഒരു 'സമുദ്രം' സ്ഥിതിചെയ്യുന്നുവെന്ന കണ്ടെത്തല്‍ ഭൗമശാസ്‌ത്രജ്ഞരെ അമ്പരപ്പിക്കുന്നു. ആര്‍ട്ടിക്‌ സമുദ്രത്തിന്റെയത്ര വിസ്‌താരമുള്ള ജലശേഖരമാണത്രേ കിഴക്കന്‍ ഏഷ്യയ്‌ക്കടിയില്‍ സ്ഥിതിചെയ്യുന്നത്‌. ഭൂമിയുടെ ആന്തരപാളിയിലൂടെ കടന്നുവരുന്ന ഭൂകമ്പതരംഗങ്ങളെ(seismic waves) വിശകലനം ചെയ്യുന്നതിനിടെയാണ്‌, ഇത്തരമൊരു ജലശേഖരത്തിന്റെ സാന്നിധ്യം ഗവേഷകര്‍ തിരിച്ചറിഞ്ഞത്‌.

ഭൂപ്രതലത്തില്‍ നിന്ന്‌ 700 മുതല്‍ 1400 കിലോമീറ്റര്‍ വരെ ആഴത്തിലാണ്‌ വിചിത്ര ജലശേഖരം കണ്ടെത്തിയത്‌. പഴയനിയമത്തില്‍ പറയുന്ന നോഹയുടെ കാലത്തെ പ്രളയം ഈ ജലശേഖരം മൂലമാണോ ഉണ്ടായത്‌ എന്നുപോലും അന്വേഷിക്കുന്ന ഡസണ്‍കണക്കിന്‌ ഇ-മെയിലുകള്‍ തനിക്ക്‌ ലഭിക്കുന്നതായി, 'ഭൂഗര്‍ഭസമുദ്രം' കണ്ടെത്തിയ സംഘത്തിന്റെ മേധാവി മൈക്കല്‍ വിസ്സെഷന്‍ അറിയിക്കുന്നു. അമേരിക്കയില്‍ സെന്റ്‌ ലൂയിസില്‍ വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ ഭൂഗര്‍ഭശാസ്‌ത്രജ്ഞനാണ്‌ അദ്ദേഹം.

ഭൂമിക്കടിയില്‍ കണ്ടെത്തിയ ജലശേഖരത്തെ സമുദ്രമെന്നു വിളിക്കുന്നത്‌ പക്ഷേ, ആലങ്കാരികമായി മാത്രമാണ്‌. ശിലാപാളികള്‍ക്കിടയില്‍ വളരെ ചെറിയൊരു ശതമാനം(ഏതാണ്ട്‌ 0.1 ശതമാനം) മാത്രമാണ്‌ വെള്ളമെന്ന്‌, മൈക്കല്‍ വിസ്സെഷന്‍ അറിയിക്കുന്നു. എന്നാല്‍, വളരെ വിശാലമായൊരു പ്രദേശത്താണ്‌ ജലശേഖരം സ്ഥിതിചെയ്യുന്നത്‌. അതിനാല്‍ അതൊരു വലിയ ജലശേഖരമാണ്‌. സമുദ്രമെന്ന്‌ വിളിക്കുന്നതിന്‌ കാരണം ഇതാണെന്ന്‌, 'അമേരിക്കന്‍ ജിയോഫിസിക്കല്‍ യൂണിയന്‍' പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

മൈക്കല്‍ വിസ്സെഷനും ഗവേഷണവിദ്യാര്‍ത്ഥിയായ ജസ്സി ലോറന്‍സും വിദൂര ഭൂകമ്പങ്ങളുണ്ടാക്കുന്ന ഭൗമതരംഗങ്ങള്‍ പരിശോധിക്കുമ്പോഴാണ്‌, കിഴക്കന്‍ ഏഷ്യയ്‌ക്കടിയില്‍ ഈര്‍പ്പംനിറഞ്ഞ പ്രദേശം കണ്ടെത്തിയത്‌. ഭൂവത്‌ക്കത്തിനടിയിലെ മാന്റിലില്‍ ഭൂഗര്‍ഭതരംഗങ്ങള്‍ കടന്നു വരുന്ന ഭാഗത്താണ്‌ അതിവസ്‌തൃതമായ ജലശേഖരം ഉള്ളതായി സൂചന ലഭിച്ചത്‌. ഇന്‍ഡൊനീഷ്യ മുതല്‍ റഷ്യയുടെ വടക്കന്‍ മേഖല വരെ നീളുന്നു അത്‌. അതിലൂടെ കടന്നു വരുമ്പോള്‍ ഭൂഗര്‍ഭതരംഗങ്ങളുടെ ശക്തിക്ഷയിക്കുന്നതായി ഗവേഷകര്‍ കണ്ടു.

ഭൂപ്രതലത്തിലെ ഫലകചലനങ്ങളുടെ (plate tectonics) ഫലമായാണ്‌ നൂറുകണക്കിന്‌ കിലോമീറ്റര്‍ അന്തര്‍ഭാഗത്ത്‌ ഈ 'സമുദ്രം' രൂപപ്പെട്ടതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഭൗമപാളിയിലൂടെ ഉള്ളിലേക്ക്‌ കടക്കുന്ന ജലം സാധാരണഗതിയില്‍ നൂറുകിലോമീറ്റര്‍ ആഴത്തിലെത്തുമ്പോള്‍ തന്നെ ചൂടുമൂലം നീരാവിയായി മാറുകയും അഗ്നിപര്‍വത സ്‌ഫോടനവേളയില്‍ പുറത്തുവരികയും ചെയ്യും. എന്നാല്‍, 'പെസഫിക്‌ വലയം'(Pacific Rim) എന്നറിയപ്പെടുന്ന മേഖലയുടെ കിഴക്കന്‍ ഭാഗത്തെ സവിശേഷത മൂലമാണ്‌ ഇപ്പോള്‍ കണ്ടെത്തിയ ഭൂഗര്‍ഭജലശേഖരം അത്രയും ആഴത്തില്‍ കുടുങ്ങിപ്പോകാന്‍ ഇടയായതെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ഭൂമിയുടെ വിധിയെക്കുറിച്ചുള്ള സൂചന പുതിയ ഗവേഷണം നല്‍കുന്നതായി, സ്റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ ഭൗമഭൗതികശാസ്‌ത്രജ്ഞന്‍ നോര്‍മന്‍ സ്ലീപ്പ്‌ അഭിപ്രായപ്പെടുന്നു. അദ്ദേഹം ഗവേഷണസംഘത്തില്‍ അംഗമായിരുന്നില്ല. ഭൂമിക്കു ചെറുപ്പമായിരുന്നപ്പോള്‍ ഭൂമിയുടെ ആഴങ്ങളില്‍ നിന്ന്‌ അഗ്നിപര്‍വത സ്‌ഫോടനങ്ങളില്‍ വാതകങ്ങള്‍ക്കൊപ്പം പുറത്തുവന്ന ജലബാഷ്‌പം ക്രമേണ ഇവിടെ സമുദ്രങ്ങളുടെ രൂപപ്പെടലിന്‌ അടിത്തറ പാകി-നോര്‍മന്‍ സ്ലീപ്പ്‌ അറിയിക്കുന്നു. പ്രായംകൂടി ഭൂമി തണുത്തുവന്നപ്പോള്‍ ഈ പ്രക്രിയ വിപരീത ദിശയിലായി; വെള്ളം ഭൂമിയുടെ അടയിലേക്ക്‌ കടക്കാന്‍ സാധ്യതയേറി.

ഭൂമിക്കുള്ളില്‍ നിന്ന്‌ പുറത്തെത്തി ഘനീഭവിക്കുന്ന ജലത്തെക്കാള്‍ കൂടുതല്‍ വെള്ളം ഇപ്പോള്‍ ഭൂമിക്കടിയിലേക്ക്‌ പോകുന്നുണ്ട്‌. ഇങ്ങനെ ഭൂവത്‌ക്കത്തിനടിയില്‍ വെള്ളം ശേഖരിക്കപ്പെടുന്നത്‌ ഭൂമിയുടെ സുസ്ഥിരതയ്‌ക്ക്‌ സഹായകമാണെന്ന്‌, നോര്‍മന്‍ സ്ലീപ്പ്‌ പറയുന്നു. ഫലകങ്ങള്‍ (plates) തെന്നിനീങ്ങാനും ഇപ്പോഴത്തെ ഭൂപ്രതലത്തിലെ അവസ്ഥ നിലനില്‍ക്കാനും സാഹായിക്കുന്ന 'ലൂബ്രിക്കന്റ്‌ ' പോലെ ഭൂമിക്കടിയില്‍ പെടുന്ന ജലം പ്രവര്‍ത്തിക്കുമത്രേ. ഭൂഖണ്ഡങ്ങളുടെ കനവും സ്ഥിതിയും താരതമ്യേന സുസ്ഥിരമായി നിലനിര്‍ത്താന്‍ ഇതു സഹായിക്കും-നോര്‍മന്‍ സ്ലീപ്പ്‌ അഭിപ്രായപ്പെടുന്നു.(അവലംബം: നാഷണല്‍ ജ്യോഗ്രഫിക്‌ ന്യൂസ്‌)

Tuesday, March 06, 2007

പുത്തന്‍ ഊര്‍ജ്ജസ്രോതസ്സുമായി ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍

താപോര്‍ജ്ജം നേരിട്ടു വൈദ്യുതിയാക്കാനുള്ള നാനോവിദ്യ ഇന്ത്യന്‍വംശജനായ അരുണ്‍ മജൂംദാര്‍ കണ്ടെത്തിയിരിക്കുന്നു. പ്ലാസ്റ്റിക്കുപോലുള്ള വൈദ്യുതജനറേറ്ററുകളുടെ സൃഷ്ടിക്കും, ഊര്‍ജ്ജനഷ്ടം തടഞ്ഞ്‌ ആഗോളതാപനം പരിമിതപ്പെടുത്താനും സഹായിക്കുന്ന സുപ്രധാന കണ്ടെത്താലണിത്‌

താപോര്‍ജ്ജത്തെ നേരിട്ട്‌ വൈദ്യുതിയാക്കുക. ഊര്‍ജ്ജമേഖലയിലെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണത്‌. ഈ സ്വപ്‌നം യാഥാര്‍ത്ഥമാക്കാന്‍ ഇന്ത്യന്‍വംശജനായ അമേരിക്കന്‍ ഗവേഷകന്‍ അരുണ്‍ മജൂംദാറും സംഘവും പുതിയൊരു മാര്‍ഗ്ഗം കണ്ടെത്തിയിരിക്കുന്നു. ലോഹങ്ങളുടെ നാനോകണങ്ങള്‍ക്കിടയില്‍ കുടുക്കിയിട്ട ഓര്‍ഗാനിക്‌ തന്മാത്രകളെ ചൂടാക്കി വൈദ്യുതിയുണ്ടാക്കാം എന്നാണ്‌ അവര്‍ തെളിയിച്ചത്‌. പുതിയൊരു ഊര്‍ജ്ജസ്രോതസ്സിലേക്കുള്ള നാഴികക്കല്ലാണ്‌ ഈ കണ്ടുപിടിത്തമെന്ന്‌ വിലയിരുത്തപ്പെടുന്നു.

നിലവില്‍ താപോര്‍ജ്ജത്തെ വൈദ്യുതിയാക്കാന്‍ ഉപയോഗിക്കുന്നത്‌ പരോക്ഷരീതിയാണ്‌. കല്‍ക്കരിയും പെട്രോളും പോലുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിച്ച്‌ വെള്ളം നീരാവിയാക്കി, അതുപയോഗിച്ച്‌ ടര്‍ബന്‍ കറക്കി ജനറേറ്റര്‍ പ്രവര്‍ത്തിപ്പിച്ച്‌ വൈദ്യുതിയുണ്ടാക്കുന്നു. ഈ മാര്‍ഗ്ഗത്തിന്റെ പോരായ്‌മ, വലിയൊരളവ്‌ താപോര്‍ജ്ജം പ്രയോജനമില്ലാതെ നഷ്ടമാകുന്നു എന്നതാണ്‌. മാത്രമല്ല, ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്തു വരുന്ന ഹരിതഗൃഹവാതകമായ കാര്‍ബണ്‍ഡയോക്‌സയിഡ്‌ ഭൂമിക്ക്‌ വലിയ ഭീഷണിയുമാണ്‌. ആഗോളതാപനത്തിന്‌ മുഖ്യകാരണം ഈ വാതകവ്യാപനമാണ്‌.

ഊര്‍ജ്ജം കൂടാതെ ലോകം ചലിക്കില്ല. എന്നാല്‍, ഊര്‍ജ്ജോത്‌പാദനം ഭൂമിയെ അപകടത്തിലേക്ക്‌ തള്ളിവിടുകയും ചെയ്യുന്നു. ഇതൊരു ധര്‍മസങ്കടമാണ്‌. ഈ അവസ്ഥയില്‍നിന്ന്‌ പുറത്തുകടക്കാനും ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനും ശാസ്‌ത്രലോകം തീവ്രശ്രമത്തിലാണ്‌. അത്തരം നീക്കങ്ങള്‍ക്കു പുത്തന്‍ പ്രതീക്ഷ പകരുന്നു പ്രൊഫ. മജൂംദാറും സംഘവും നടത്തിയ കണ്ടെത്തല്‍. ബെര്‍ക്കിലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ മെക്കാനിക്കല്‍ എഞ്ചിനിയറിങ്‌ പ്രൊഫസറാണ്‌ പ്രൊഫ.മജൂംദാര്‍. മറ്റൊരു ഇന്ത്യന്‍വംശജന്‍ കൂടി ഗവേഷകസംഘത്തിലുണ്ട്‌; ഗവേഷണ വിദ്യാര്‍ത്ഥിയായ പ്രമോദ്‌ റഡ്ഡി.

ലോകത്തുപയോഗിക്കുന്ന ഊര്‍ജ്ജത്തില്‍ 90 ശതമാനവും(താപവൈദ്യുത നിലയങ്ങളില്‍ മുതല്‍ വാഹനഎഞ്ചിനുകളില്‍ വരെ) താപോര്‍ജ്ജത്തെ പരോക്ഷരീതി വഴി പരിവര്‍ത്തനം ചെയ്‌താണ്‌ ഉണ്ടാക്കുന്നത്‌. ഈ പ്രക്രിയയിലെല്ലാം വലിയൊരളവ്‌ താപം പുറത്തേക്ക്‌ വ്യാപിച്ച്‌ നഷ്ടപ്പെടുന്നു. "ഒരു വാട്ട്‌(watt) വൈദ്യുതിക്ക്‌ മൂന്നു വാട്ടിന്‌ തുല്ല്യമായ താപോര്‍ജ്ജം വേണമെന്നാണ്‌ കണക്ക്‌. എന്നുവെച്ചാല്‍, ഓരോ വാട്ട്‌ താപവൈദ്യുതി ഉത്‌പാദിപ്പിക്കുമ്പോഴും രണ്ട്‌ വാട്ടിനു തുല്യമായ താപോര്‍ജ്ജം ആര്‍ക്കും പ്രയോജനമില്ലാതെ നഷ്ടമാകുന്നു"-പ്രൊഫ. അരുണ്‍ മജുംദാര്‍ അറിയിക്കുന്നു. "നഷ്ടമാകുന്ന ഊര്‍ജ്ജത്തില്‍ ചെറിയൊരളവ്‌ കൂടി വൈദ്യുതിയാക്കുനുള്ള ക്ഷമതയുണ്ടായാല്‍, അത്‌ ഇന്ധനച്ചെലവില്‍ വലിയ ലാഭവും കാര്‍ബണ്‍ഡയോക്‌സയിഡ്‌ വ്യാപനത്തില്‍ വലിയ കുറവുമുണ്ടാക്കും"-പ്രൊഫ.മജുംദാര്‍ പറയുന്നു.

താപത്തെ നേരിട്ടു വൈദ്യുതിയായി പരിവര്‍ത്തനം ചെയ്യുകയാണ്‌ ഊര്‍ജ്ജനഷ്ടം ഒഴിവാക്കാനുള്ള ഒരു മാര്‍ഗ്ഗം. ഇതിനാണ്‌ താപവൈദ്യുത പരിവര്‍ത്തകങ്ങള്‍(thermoelectric converters) ഉപയോഗിക്കുന്നത്‌. കഴിഞ്ഞ 50 വര്‍ഷമായി ഈ മേഖലയിലെ ഒരു മുഖ്യഗവേഷണ പ്രവര്‍ത്തനമാണ്‌, ക്ഷമതയേറിയ ഇത്തരം പരിവര്‍ത്തകങ്ങള്‍ രൂപപ്പെടുത്തുകയെന്നത്‌. വ്യത്യസ്‌ത താപനിലയില്‍ സ്ഥിതിചെയ്യുന്ന രണ്ട്‌ ലോഹങ്ങള്‍ ചേരുന്ന സന്ധി(junction)യില്‍ ഒരു വോള്‍ട്ടേജ്‌ സൃഷ്ടിക്കപ്പെടുന്ന പ്രതിഭാസത്തിന്‌ 'സീബെക്‌ ഇഫക്ട്‌' (Seebeck effect) എന്നാണ്‌ പേര്‌. ഈ പ്രതിഭാസമുപയോഗിച്ചാണ്‌ താപവൈദ്യുത പരിവര്‍ത്തകങ്ങള്‍ രൂപപ്പെടുത്തുന്നത്‌.
പക്ഷേ, ഈ മാര്‍ഗ്ഗത്തില്‍ നിര്‍മിക്കുന്ന താപാവൈദ്യുത ജനറേറ്ററുകളുടെ പ്രവര്‍ത്തനക്ഷമത വെറും ഏഴുശതമാനം മാത്രമാണ്‌. പരമ്പരാഗത താപയന്ത്രങ്ങളുടെ ക്ഷമത 20 ശതമാനമാണെന്നോര്‍ക്കുക. മാത്രല്ല, താപവൈദ്യുത പരിവര്‍ത്തകങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന ബിസ്‌മത്ത്‌, ടെലൂറിയം തുടങ്ങിയ ലോഹങ്ങളുടെ ലഭ്യതക്കുറവും വലിയ വിലയും അവ വ്യാപകമായി ഉപയോഗിക്കുന്നതിന്‌ തടസ്സമാകുന്നു. എന്നാല്‍, 'സീബെക്‌ ഇഫക്ട്‌' ആദ്യമായി ഓര്‍ഗാനിക്‌ തന്മാത്രയില്‍ സൃഷ്ടിക്കാനായി എന്നതാണ്‌, പ്രൊഫ.മജൂംദാറും സംഘവും നടത്തിയ കണ്ടെത്തലിന്റെ പ്രത്യേകത. സുലഭമായി ലഭിക്കുന്ന വിലകുറഞ്ഞ വസ്‌തുക്കളെ ഈ രീതിയില്‍ വൈദ്യുതിയുത്‌പാദനത്തിന്‌ ഉപയോഗിക്കാന്‍ വഴിതുറക്കുകയാണ്‌ ഈ കണ്ടുപിടിത്തം.

യഥാക്രമം ബെന്‍സനെഡിഥിയോള്‍(benzenedithiol), ഡൈബെന്‍സനെഡിഥിയോള്‍(dibenzedithiol), ട്രൈബെന്‍സനെഡിഥിയോള്‍(tribenzenedithiol) എന്നീ ഓര്‍ഗാനിക്‌ സംയുക്തങ്ങളോരോന്നും രണ്ട്‌ സ്വര്‍ണഇലക്ട്രോഡുകളില്‍ പൂശിയ ശേഷം അവ ചൂടാക്കിയാണ്‌ പ്രൊഫ.മജൂംദാറും സംഘവും പഠനം നടത്തിയത്‌. ഓരോ ഡിഗ്രി സെല്‍സിയസ്‌ ഊഷ്‌മാവ്‌ വ്യത്യാസത്തിലും, ആദ്യത്തെ ഓര്‍ഗാനിക്‌ സംയുക്തത്തില്‍ 8.7 മൈക്രോവോള്‍ട്ടും, രണ്ടാമത്തേതില്‍ 12.9 മൈക്രോവോള്‍ട്ടും, മൂന്നാമത്തേതില്‍ 14.2 മൈക്രോവോള്‍ട്ടും രൂപപ്പെടുന്നതായി ഗവേഷകര്‍ കണ്ടു- 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. പരമാവധി 30 ഡിഗ്രിസെല്‍സിയസ്‌ വ്യത്യാസം വരെയാണ്‌ പരീക്ഷിച്ചത്‌.

"തീര്‍ച്ചയായും ഇതൊരു ചെറിയ ഇഫക്ട്‌ മാത്രമാണ്‌. പക്ഷേ, ഓര്‍ഗാനിക്‌ തന്മാത്രകളെ താപവൈദ്യുതിയുത്‌പാനത്തിന്‌ പ്രയോജനപ്പെടുത്താനുള്ള ആദ്യനീക്കമെന്ന നിലയ്‌ക്ക്‌ ഇത്‌ വളരെ അര്‍ത്ഥവത്താണ്‌"-കാലിഫോര്‍ണിയ സര്‍വകലാശാലയ്‌ക്കു കീഴിലെ അപ്ലൈഡ്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി പ്രോഗ്രാമില്‍ ഗവേഷണ വിദ്യാര്‍ത്ഥിയായ പ്രമോദ്‌ റഡ്ഡി പറയുന്നു. വിവിധ ലോഹങ്ങളെയും ഓര്‍ഗാനിക്‌ തന്മാത്രകളെയും ജോടി ചേര്‍ത്ത്‌ ഗവേഷണം തുടരാനാണ്‌ സംഘത്തിന്റെ പരിപാടി. അതുവഴി ചിലവുകുറഞ്ഞ, പ്ലാസ്റ്റിക്‌ പോലുള്ള വൈദ്യുതജനറേറ്ററുകള്‍ സൃഷ്ടിക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു.(അവലംബം: ബര്‍ക്കലിയില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ കാലഫോര്‍ണിയയുടെ പത്രക്കുറിപ്പ്‌, സയന്‍സ്‌ ഗവേഷണ വാരിക)

Sunday, March 04, 2007

പ്ലൂട്ടോവാഹനത്തിന്റെ വേഗം 14,000 കിലോമീറ്റര്‍ വര്‍ധിച്ചു


പ്ലൂട്ടോപര്യവേക്ഷണ വാഹനമായ 'ന്യൂ ഹെറൈസണ്‍സി'ന്റെ വേഗം കഴിഞ്ഞ ഫിബ്രവരി 28-ന്‌ മണിക്കൂറില്‍ 14,000 കിലോമീറ്റര്‍ വര്‍ധിച്ചു. 13 മാസം മുമ്പ്‌ വിക്ഷേപിച്ച 'നാസ'യുടെ ഈ വാഹനത്തിന്‌, വ്യാഴത്തിന്റെ ഗുരുത്വാകര്‍ഷണ തള്ളല്‍ മൂലമാണ്‌ വേഗം വര്‍ധിച്ചത്‌.

ഇപ്പോള്‍ വാഹനത്തിന്‌ മണിക്കൂറില്‍ 84,000 കിലോമീറ്റര്‍ വേഗമുണ്ട്‌; സെക്കന്‍ഡില്‍ 23.3 കിലോമീറ്റര്‍! ഈ വേഗത്തില്‍ ഇനി എട്ടുവര്‍ഷം കൂടി സഞ്ചരിക്കണം ന്യൂ ഹെറൈസണ്‍സ്‌ പ്ലൂട്ടോയിലെത്താന്‍. 2015 ജൂലായില്‍ വാഹനം അവിടെയെത്തുമെന്നാണ്‌ കണക്കാക്കുന്നത്‌.

പ്ലൂട്ടോവാഹനം വ്യാഴത്തിന്‌ 23 ലക്ഷം കിലോമീറ്റര്‍ അടുത്തുകൂടിയാണ്‌ കടന്നു പോയത്‌. അടുത്ത ജൂണ്‍ വരെ അത്‌ വ്യാഴത്തെയും ഉപഗ്രഹങ്ങളെയും നിരീക്ഷിക്കും. അതിനിടെ കുറഞ്ഞത്‌ 700 നിരീക്ഷണങ്ങള്‍ സാധ്യമാകുമെന്ന്‌, ന്യൂ ഹെറൈസണ്‍സ്‌ ദൗത്യമേധാവി ഡോ.അലന്‍ സ്‌റ്റേണ്‍ അറിയിക്കുന്നു. വ്യാഴത്തിന്‌ കണ്ടുപിടിക്കപ്പെടാത്ത ഉപഗ്രഹങ്ങള്‍ ഇനിയുമുണ്ടോ എന്നും ന്യൂ ഹെറൈസണ്‍സ്‌ പരിശോധിക്കും. 1995-ല്‍ 'ഗലീലിയോ' വാഹനം വ്യാഴത്തിനടുത്തെത്തിയ ശേഷം ആദ്യമായാണ്‌ സൗരയൂഥത്തിലെ ഏറ്റവും വലിയഗ്രഹം അടുത്തു നിരീക്ഷിക്കപ്പെടുന്നത്‌.

കുള്ളന്‍ഗ്രഹമായ പ്ലൂട്ടോയെയും അതു സ്ഥിതിചെയ്യുന്ന സൗരയൂഥഭാഗമായ 'കിയ്‌പ്പര്‍ ബെല്‍റ്റി'നെയും കുറിച്ചു പഠിക്കാന്‍ അയയ്‌ക്കുന്ന ആദ്യ പേടകമാണ്‌ ന്യൂ ഹെറൈസണ്‍സ്‌. 2006 ജനവരി 19-നാണ്‌ വാഹനം ഭൂമിയില്‍ നിന്നു യാത്രതിരിച്ചത്‌. അരടണ്‍ ഭാരമുള്ള ആ പേടകത്തിലെ നിരീക്ഷണ ഉപകരണങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നു പരിശോധിക്കാനുള്ള അവസരം കൂടിയായി, വ്യാഴത്തിനടുത്തുകൂടിയുള്ള യാത്ര.
2015-ല്‍ പ്ലൂട്ടോയ്‌ക്കരികിലെത്തുന്ന വാഹനം, ആ കുള്ളന്‍ഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളായ 'കെയ്‌റണ്‍', 'നിക്‌സ്‌', 'ഹൈഡ്ര' എന്നിവയെയും അഞ്ചുമാസം നിരീക്ഷിച്ച്‌ അവയുടെ ഘടനയും ഉള്ളടക്കവും പഠിക്കും.(കടപ്പാട്‌: നാസ)

Friday, March 02, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-9: വാഗ്‌ഭടന്‍

`അഷ്‌ടാംഗഹൃദയ'ത്തിന്റെ കര്‍ത്താവ്‌ എന്നു മാത്രം പറഞ്ഞാല്‍ മതി ഭാരതീയ പാരമ്പര്യവൈദ്യശാസ്‌ത്രത്തില്‍ എത്ര നിസ്‌തുലസ്ഥാനമാണ്‌ വാഗ്‌ഭടനുള്ളതെന്നു മനസിലാക്കാന്‍. `അഷ്‌ടാംഗ സംഗ്രഹം' രചിച്ചതും അദ്ദേഹം തന്നെ

ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍, ചരകനും സുശ്രുതനും കഴിഞ്ഞാല്‍, മൂന്നാമനായി വാഗ്‌ഭടന്‍ കണക്കാക്കപ്പെടുന്നു. സിന്ധുദേശത്ത്‌ എ.ഡി. പന്ത്രണ്ടാം ശതകത്തില്‍ വാഗ്‌ഭടന്‍ ജിവിച്ചിരുന്നതായി കരുതപ്പെടുന്നു.

അഷ്ടാംഗഹൃദയം വാഗ്‌ഭടന്‍ രചിക്കാനിടയായതിനെക്കുറിച്ച്‌ ഒരു ഐതിഹ്യമുണ്ട്‌. ധന്വന്തരി മഹര്‍ഷി ഒരിക്കല്‍ ഒരു പക്ഷിയുടെ രൂപത്തില്‍ വൈദ്യന്‍മാരെ പരീക്ഷിക്കാനെത്തി. 'ആരാണ്‌ രോഗമില്ലാത്തയാള്‍?' എന്നായിരുന്നു പക്ഷിയുടെ ചോദ്യം. അതിന്‌ വൈദ്യന്‍മാരൊന്നും കൃത്യമായ ഉത്തരം നല്‍കിയില്ല. ഒടുവില്‍, സിന്ധു ദേശത്ത്‌ പാര്‍ത്തിരുന്ന വാഗ്‌ഭടന്‍ എന്ന പ്രസിദ്ധ വൈദ്യന്‍ പക്ഷിക്ക്‌ ഇങ്ങനെ മറുപടി നല്‍കി, 'ഹിതഭുക്‌, മതിഭുക്‌, അശാകഭുക്‌'(ഹിതമായി ഭക്ഷിക്കുന്നവന്‍, മിതമായി ഭക്ഷിക്കുന്നവന്‍, ഇറക്കറി മാത്രം കൂട്ടി ഭക്ഷിക്കാത്തയാള്‍). വാഗ്‌ഭടന്റെ ഉത്തരത്തില്‍ സംതൃപ്‌തനായ ധന്വന്തരി, അദ്ദേഹത്തെ അനുഗ്രഹിച്ചു. അഷ്ടാംഗഹൃദയം രചിക്കാന്‍ പറഞ്ഞിട്ട്‌ പോവുകയും ചെയ്‌തു.

പ്രസിദ്ധി മാത്രമല്ല, വാഗ്‌ഭടന്റെ വിജ്ഞാനത്തിന്റെ ആഴവും ഈ ഐതിഹ്യം വ്യക്തമാക്കിത്തരുന്നു. വാഗ്‌ഭടന്റെ പിതാവ്‌ സിംഹഗുപ്‌തനാണെന്നും ഗുരു ബുദ്ധമതക്കാരനായ അവലോകിതനുമായിരുന്നു എന്നാണ്‌ പണ്ഡിത മതം. ചൈനീസ്‌ സഞ്ചാരിയായ ഇത്‌സിങ്‌ തന്റെ യാത്രാക്കുറിപ്പുകളില്‍ വാഗ്‌ഭടനെ പരാമര്‍ശിച്ചിട്ടുണ്ട്‌.

രണ്ടു വാഗ്‌ഭടന്മാരുണ്ട്‌. അതില്‍ ആദ്യ വാഗ്‌ഭടന്റേതാണ്‌ അഷ്‌ടാംഗഹൃദയവും അഷ്‌ടാംഗ സംഗ്രഹവും. ആദ്യ വാഗ്‌ഭടന്‍ ബുദ്ധമതക്കാരനായിരുന്നു എന്നു സൂചനയുണ്ട്‌. അദ്ദേഹത്തിന്റെ ശിഷ്യരും പുത്രപൗത്രന്മാരുമൊക്കെ ബുദ്ധമതക്കാരായിരുന്നു. രണ്ടാമത്തെ വാഗ്‌ഭടന്റെ കാലം എ.ഡി.പതിനഞ്ചാം ശതകമാണ്‌. അലങ്കാരഗ്രന്ഥമായ 'കാവ്യാനുശാസനം', 'ഋഷഭദേവചരിതം' എന്ന മഹാകാവ്യം ഒക്കെ രണ്ടാം വാഗ്‌ഭടന്റെ കൃതികളാണെന്നു കരുതപ്പെടുന്നു.

'സുശ്രുതസംഹിത', 'ചരകസംഹിത' എന്നിവയെ ആശ്രയിച്ചാണ്‌ വാഗ്‌ഭടന്‍ 'അഷ്ടാംഗഹൃദയം' രചിച്ചത്‌. കായം(ശരീരം), ബാലം(ബാലചികിത്സ), ഗ്രഹം(കുട്ടികളെ ദുരിതത്തിലാക്കുന്ന ബാധകളെ ഒഴിപ്പിക്കല്‍), ഊര്‍ധ്വം, ശല്യം, ദംഷ്ട്രം(വിഷചികിത്സ), ജര(രസായന ചികിത്സ), വൃഷം(വാജീകരണം) എന്നിവയാണ്‌ ആയുര്‍വേദത്തിലെ എട്ട്‌ അംഗങ്ങള്‍. ഇവയുടെയെല്ലാം സാരസംഗ്രഹമാണ്‌ 'അഷ്ടാംഗഹൃദയം'. സൂത്രം, ശാരീരം, നിദാനം, ചികിത്സ, കല്‍പം, ഉത്തരം എന്നിങ്ങനെ ആറ്‌ സ്ഥാനങ്ങളും, അവയിലൊക്കെക്കൂടി 120 അധ്യായങ്ങളും ഈ ഗ്രന്ഥത്തിലുണ്ട്‌.

കേരളത്തില്‍ ഏറെ പ്രചാരമുണ്ടായ ഒന്നാണ്‌ അഷ്‌ടാംഗഹൃദയ ചികിത്സാസമ്പ്രദായം. വാഗ്‌ഭടശിഷ്യരായ ഇന്ദു, ജജ്ജടന്‍ എന്നിവര്‍ കേരളത്തിലാണ്‌ വസിച്ചിരുത്‌, അതാണ്‌ ഈ ചികിത്സാരീതിക്ക്‌ കേളത്തില്‍ ഏറെ പ്രചാരം ലഭിച്ചതിന്‌ കാരണമെന്നൊരു വാദമുണ്ട്‌. ഇവരില്‍ ഇന്ദുവാണ്‌ അഷ്‌ടാംഗഹൃദയ വ്യാഖ്യാനമായ `ശശിലേഖ'യുടെ കര്‍ത്താവ്‌. കേരളത്തിലെ പല പാരമ്പര്യ വൈദ്യകുടുംബങ്ങളും ഇന്നും ഈ വാഗ്‌ഭടശിഷ്യരുടെ വ്യാഖ്യാനങ്ങള്‍ അഭ്യസിച്ചു പോരുന്നു. പക്ഷേ, കേരളത്തില്‍ ഏറ്റവും പ്രചാരം സിദ്ധിച്ച അഷ്‌ടാംഗഹൃദയവ്യാഖ്യാനം `പാഠ്യം' ആണ്‌. അത്‌ രചിച്ചതാരാണെന്ന്‌ വ്യക്തമല്ല.

Thursday, March 01, 2007

ബാക്ടീരിയയില്‍ ഒരു ഡയറിക്കുറിപ്പ്‌

വിവരശേഖരണത്തിന്‌ ബാക്ടീരിയകളെ ഉപയോഗിക്കാമെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ജപ്പാനിലെ ഗവേഷകര്‍. അങ്ങനെ സംഭരിക്കപ്പെടുന്ന ഡേറ്റായ്‌ക്ക്‌ കാലങ്ങളെ അതിജീവിക്കാനാകും

നുഷ്യവര്‍ഗ്ഗമൊടുങ്ങിയാലും ഭൂമിയില്‍ ബാക്ടീരിയകള്‍ അവശേഷിക്കും. അവയ്‌ക്ക്‌ അത്രയ്‌ക്ക്‌ അതിജീവനശേഷിയുണ്ട്‌. ഏത്‌ പ്രതികൂല സാഹചര്യത്തെയും മറികടന്ന്‌ അവയ്‌ക്ക്‌ ജീവിക്കാനാകും. ആണവമാലിന്യത്തില്‍ മുതല്‍ ആര്‍ട്ടിക്കിന്റെ തണുത്തുറഞ്ഞ അടിത്തട്ടില്‍ വരെ സുഖമായി കഴിയുന്ന ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്‌. അങ്ങനെയുള്ള ബാക്ടീരിയയില്‍ വിവരങ്ങള്‍ സൂക്ഷിച്ചു വെയ്‌ക്കാമെന്നു വന്നാലോ. ആ വിവരങ്ങള്‍ കാലത്തെ അതിജീവിക്കും, തീര്‍ച്ച. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചു സൂക്ഷിക്കാന്‍ ഒരു നവീനമാര്‍ഗ്ഗം ആവിഷ്‌ക്കരിച്ചിരിക്കുകയാണ്‌ ജാപ്പനിലെ ഗവേഷകര്‍.


വിവരസാങ്കേതികവിദ്യയുടെ യുഗമാണിത്‌. വിവരശേഖരണത്തിന്‌ മുമ്പെങ്ങുമില്ലാത്ത വിധം പുത്തന്‍ മാര്‍ഗ്ഗങ്ങള്‍ ആവിഷ്‌ക്കരിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ ഈ കാലത്തിന്റെ സവിശേഷത. കോംപാക്ട്‌ ഡിസ്‌കു(സിഡി)കളും ഡിജിറ്റല്‍ വെഴ്‌സെറ്റൈല്‍ ഡിസ്‌കു(ഡിവിഡി)കളും ഹാര്‍ഡ്‌ ഡ്രൈവുകളും ഫ്‌ളാഷ്‌ മെമ്മറിയുടെയുമൊക്കെ വഴി ഡിജിറ്റല്‍ രൂപത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവെയ്‌ക്കാന്‍ കഴിയുന്നു. വിവരസാങ്കേതികവിദ്യയുടെ മുഖമുദ്ര തന്നെയാണിത്‌.


എന്നാല്‍, ബാക്ടീരിയയുടെ ജീനുകളില്‍ ഡിജിറ്റല്‍ഡേറ്റ ശേഖരിച്ചു സൂക്ഷിക്കാനുള്ള സങ്കേതമാണ്‌ ജാപ്പനീസ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌. വിവരശേഖരണത്തില്‍ പുത്തന്‍ വഴിത്തിരിവായേക്കാവുന്ന കണ്ടെത്തലാണിത്‌. മണ്ണില്‍ വസ്‌തുക്കള്‍ ദ്രവിക്കുന്ന ഇടങ്ങളില്‍ കാണപ്പെടുന്ന 'ബാസിലസ്‌ ബാക്ടീരിയ'(bacillus bacterium)ത്തിലാണ്‌, വിവരശേഖരണം നടത്താന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞത്‌. പ്രതികൂല കാലാവസ്ഥകളെ അതിജീവിക്കാന്‍ ശേഷിയുള്ള സൂക്ഷ്‌മാണുവാണ്‌ ഈ ബാക്ടീരിയ.


ഓരോ ബാക്ടീരയത്തിലും രണ്ട്‌ മെഗാബിറ്റ്‌ (2MB) ഡേറ്റ ശേഖരിക്കാനാകും എന്ന്‌ ഗവേഷകര്‍ കണ്ടു. രണ്ട്‌ മെഗാബിറ്റ്‌ എന്നു പറഞ്ഞാല്‍ 16 ലക്ഷം റോമന്‍ലിപികള്‍ക്കു തുല്യമാണെന്നോര്‍ക്കുക. കീയോ സര്‍വകലാശാലയ്‌ക്കു കീഴില്‍ 'ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ അഡ്വാന്‍സ്‌ഡ്‌ ബയോസയന്‍സസി'ലെ യോഷിയാകി ഒഹാഷിയും സംഘവുമാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. "വേണമെങ്കില്‍ എന്റെ സ്വകാര്യ ഡയറി ഈ ബാക്ടീരിയകളിലേക്ക്‌ ഡിജിറ്റല്‍ രൂപത്തില്‍ പകര്‍ത്താം. എന്റെ കുഴിമാടത്തില്‍ ആ ബാക്ടീരിയകള്‍ സുഖമായി കഴിഞ്ഞോളും. ആയിരക്കണക്കിന്‌ വര്‍ഷം കഴിഞ്ഞാലും അവയിലൂടെ എന്റെ വാക്കുകള്‍ ജീവിക്കും"-ഒഹാഷി അറിയിക്കുന്നു.


ബാക്ടീരിയയുടെ ജീനുകളില്‍ സന്നിവേശിപ്പിച്ച വിവരം ജിനോം വിദ്യയുടെ സഹായത്തോടെ പരീക്ഷണശാലയില്‍ അക്ഷരരൂപത്തില്‍ വീണ്ടെടുക്കാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ബാക്ടീരിയയുടെ ഡി.എന്‍.എ.യില്‍ നാലു വ്യത്യസ്‌തയിടങ്ങളില്‍ ഡേറ്റാ സന്നിവേശിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞു. ഏതെങ്കിലും രീതിയില്‍ ഒരു സ്ഥലത്തെ വിവിരശേഖരം നശിച്ചാലും മറ്റുള്ളവ 'ബാക്ക്‌അപ്‌' ആയി സ്ഥിതിചെയ്യും! പുതിയ വിദ്യ വാണിജ്യാടിസ്ഥാനത്തില്‍ പുറത്തുവരാന്‍ പക്ഷേ, ഇനിയും ഏറെ പഠനങ്ങള്‍ വേണമെന്ന്‌ ഗവേഷകര്‍ അറിയിക്കുന്നു.


ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങളെയാകെ നിയന്ത്രിക്കുന്ന രാസനിര്‍ദ്ദേശങ്ങളാണ്‌ ജീനുകളില്‍ സ്ഥിതിചെയ്യുന്നത്‌. ജീനുകളുടെ നിര്‍ദ്ദേശപ്രകാരം കോശങ്ങള്‍ നിര്‍മിക്കുന്ന പതിനായിരക്കണക്കിന്‌ പ്രോട്ടീനുകളാണ്‌ ഏതു ജീവിയുടെയും ജീവിതം സാധ്യമാക്കുന്നത്‌. അതിനാല്‍, ജീനുകളും ഒരു തരത്തില്‍ പറഞ്ഞാല്‍ ഡേറ്റ തന്നെ; 'ജനിതകഡേറ്റ'. ആ രാസനിര്‍ദ്ദേശങ്ങള്‍ക്കിടയില്‍ അന്യവിവരങ്ങള്‍ സൂക്ഷിച്ചുവെക്കാനുള്ള വിദ്യയാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്‌. ബാക്ടീരിയ തലമുറകള്‍ പിന്നിടുമ്പോള്‍ ഇത്തരത്തില്‍ സൂക്ഷിച്ചുവെച്ച വിവരങ്ങള്‍ 'മലിനമാക്ക'പ്പെടുന്നില്ല എന്ന്‌ ഉറപ്പുവരുത്തേണ്ടതുണ്ട്‌. അതിനുശേഷമേ പുതിയ വിദ്യ പ്രയോഗതലത്തിലെത്തൂ.


പ്രായോഗിക തലത്തില്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളാകാം ഈ സങ്കേതത്തിന്റെ ആദ്യ ഗുണഭോക്താക്കളെന്നു കരുതുന്നു. കമ്പനികള്‍ക്ക്‌ തങ്ങളുടെ ഉത്‌പന്നങ്ങളുടെ മാതൃകാവകാശം(patent) സംരക്ഷിക്കാന്‍ ഇത്തരം ബാക്ടീരിയകളെ 'മാര്‍ക്കറുകളാ'യി ഉപയോഗിക്കാം. 'ബാക്ടീരിയാമാര്‍ക്കറു'കളെ മറ്റുള്ളവര്‍ക്ക്‌ എളുപ്പം കബളിപ്പിച്ച്‌ ഡ്യൂപ്ലിക്കേറ്റ്‌ ഉണ്ടാക്കാന്‍ കഴിയില്ല. തങ്ങളുടെ ബ്രാന്‍ഡിനെ ഏത്‌ വ്യാജനില്‍ നിന്നും തിരിച്ചറിയാന്‍ സഹായിക്കുന്ന 'സ്റ്റാമ്പു'കളായും ഈ വിദ്യ പ്രയോജനപ്പെടുത്താം; ഉത്‌പന്ന പാക്കറ്റുകളില്‍ ഹോളോഗ്രാം സ്‌റ്റാമ്പുകള്‍ പതിക്കും പോലെ.