Showing posts with label Trans-Siberian Railroad. Show all posts
Showing posts with label Trans-Siberian Railroad. Show all posts

Saturday, November 03, 2012

വെള്ളത്തിന് മുകളിലോടിയ തീവണ്ടി!


വെള്ളത്തിന് മുകളിലൂടെ തീവണ്ടി ഓടുക, അസംഭാവ്യമെന്ന് തോന്നാം. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ വെള്ളത്തിനുമേല്‍ റഷ്യക്കാര്‍ തീവണ്ടിയോടിച്ചിരുന്നു. മധ്യസൈബീരിയയിലെ ബെയ്ക്കല്‍ തടാകത്തിന് മുകളിലൂടെ, ശൈത്യകാലത്ത്!

1901-1904 കാലത്ത് ശൈത്യമാസങ്ങളില്‍ തടാകത്തിലെ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ റയില്‍പാളം സ്ഥാപിച്ച് റഷ്യന്‍ സൈന്യമാണ് തീവണ്ടിയോടിച്ചിരുന്നത്.1904 ല്‍ ജാപ്പനീസ് ഒളിപ്പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ മഞ്ഞുപാളികള്‍ തകര്‍ന്ന് ഒരു തീവണ്ടി വെള്ളത്തില്‍ മുങ്ങിയതോടെ, തടാകത്തിന് മുകളിലെ തീവണ്ടിയോട്ടം നിലച്ചു.

ശാസ്ത്രമെഴുത്തുകാരനായ അനില്‍ അനന്തസ്വാമി രചിച്ച 'The Edge of Reason' എന്ന പുസ്തകത്തില്‍, ബെയ്ക്കല്‍ തടാകത്തിന്റെ മറുകരയില്‍ തീവണ്ടി എത്തിച്ചിരുന്നതിനെക്കുറിച്ച് വിവരണമുണ്ട്. ആധുനിക ഭൗതികശാസ്ത്രം മുന്നോട്ടുവെച്ച ശ്യാമദ്രവ്യവും ശ്യാമോര്‍ജവും പോലുള്ള പ്രഹേളികകളുടെ രഹസ്യംതേടി ലോകമെമ്പാടും നടക്കുന്ന വിചിത്ര പരീക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണത്.

ലോകത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ബെയ്ക്കലി (Baikal) ലും ഒരു പരീക്ഷണം നടക്കുന്നുണ്ട്. ആകാശഗംഗയുടെ മധ്യഭാഗത്തുനിന്നെത്തുന്ന ന്യൂട്രിനോകണങ്ങളെ പിടിച്ചെടുക്കാനും, അതുവഴി തമോദ്രവ്യത്തിന്റെ രഹസ്യം കണ്ടെത്താനുമുള്ള പരീക്ഷണം. ഒന്നര കിലോമീറ്റര്‍ ആഴമുള്ള ആ തടാകത്തിനടിയില്‍ അതിനായി സങ്കീര്‍ണമായ ഒരു ന്യൂട്രിനോ ടെലസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നു.

640 കിലോമീറ്റര്‍ നീളമുള്ള ആ തടാകം ശൈത്യകാലത്ത് നാലുമാസം തണുത്തുറഞ്ഞ് കിടക്കും. അതിന് മുകളിലൂടെ വാഹനങ്ങളോടിക്കാം. ന്യൂട്രിനോ ടെലസ്‌കോപ്പിന്റെ അറ്റകുറ്റ പണി നടത്താന്‍ ശാസ്ത്രസംഘം തമ്പടിക്കുന്നത് ആ സമയത്താണ്. അത് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ്, ആ തടാകത്തിലൂടെ തീവണ്ടി കടത്തിയിരുന്നതിനെക്കുറിച്ച് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പാത ഇന്നത്തെ നിലയില്‍ പൂര്‍ണമായിരുന്നില്ല. ബെയ്ക്കല്‍ തടാകത്തിന്റെ പടിഞ്ഞാറെ തീരത്ത് റെയില്‍പാത അവസാനിക്കും, കിഴക്കേതീരത്തുനിന്ന് വീണ്ടും ആരംഭിക്കും. 50 കിലോമീറ്റര്‍ ദൂരം തടാകം.

തീവണ്ടി എങ്ങനെ തടാകം കടക്കും. അതാണ് കൗതുകകരം. കാറുകളും ബസ്സുകളുമൊക്കെ ജങ്കാറുകളില്‍ പുഴകടത്തുന്നതുപോലെ, തീവണ്ടിയെ തടാകം കടത്താനും റഷ്യക്കാര്‍ ഒരു മാര്‍ഗം കണ്ടെത്തിയിരുന്നു. പടിഞ്ഞാറെ തീരത്തെത്തുന്ന തീവണ്ടിയുടെ ക്യാരേജുകളും എഞ്ചിനും കാര്‍ഗോയും യാത്രക്കാരും ഉള്‍പ്പടെ തീവണ്ടിയെ മുഴുവനായി തന്നെ, പ്രത്യേകം നിര്‍മിച്ച ഐസ്‌ബ്രേക്കറില്‍ തടാകം കടത്തുക!

അതിന് ഒരു 'ഐസ്‌ബ്രോക്കിങ് ട്രെയിന്‍ ഫെറി' നിര്‍മിക്കുന്നത് 1897 ലാണ്. 'എസ്.എസ്.ബെയ്ക്കല്‍' എന്നായിരുന്നു അതിന്റെ പേര്. ചെറിയ ഒരു ഫെറി -എസ്.എസ്.അന്‍ഗാര-1900 ലും നിര്‍മിച്ചു. പര്യവേക്ഷകനായിരുന്നു റഷ്യന്‍ അഡ്മിറല്‍ സ്റ്റീപാന്‍ മകരോവ് (1849-1904) ആണ് രണ്ടു ഐസ്‌ബ്രേക്കറുകളും രൂപകല്‍പ്പന ചെയ്തത്.

കപ്പലുകളുടെ നിര്‍മാണം മുഖ്യമായും ഇംഗ്ലണ്ടിലാണ് നടന്നത്. ഒരോ ഭാഗങ്ങളായി പ്രത്യേകം അടയാളപ്പെടുത്തി റഷ്യയിലെത്തിച്ച് വീണ്ടും കൂട്ടിയോജിപ്പിക്കുകയായിരുന്നു. കപ്പലുകളുടെ ചില ഭാഗങ്ങള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിര്‍മിച്ചു. 64 മീറ്റര്‍ നീളമുണ്ടായിരുന്ന എസ്.എസ്.ബേക്കലിന് 24 തീവണ്ടി കോച്ചുകളും ഒരു എഞ്ചിനും വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

ബെയ്ക്കല്‍ തടാകത്തിന്റെ പടിഞ്ഞാറെ തീരത്തുനിന്ന് തീവണ്ടിയെ നാലു മണിക്കൂര്‍കൊണ്ട് മറുകരയെത്തിക്കാന്‍ ഐസ്‌ബ്രേക്കറുകള്‍ക്ക് കഴിഞ്ഞിരുന്നു. റഷ്യയും ജപ്പാനും തമ്മിലുള്ള യുദ്ധം മുറുകിയ കാലമാണത്. ശൈത്യമാസങ്ങളില്‍ സൈന്യത്തെയും സാധനങ്ങളെയും തടാകത്തിന്റെ മറുകരയില്‍ വേഗം എത്തിക്കാന്‍ വേണ്ടിയാണ് തടാകത്തിന് മുകളിലെ മഞ്ഞുപാളിയിലൂടെ സൈന്യം റെയില്‍പാത സ്ഥാപിച്ചത്.

യുദ്ധം മൂലം ബെയ്ക്കല്‍ തടാകത്തിന്റെ കരയിലെ പര്‍വച്ചെരുവിലൂടെയുള്ള തീവണ്ടിപ്പാത റഷ്യ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി. അതിനാല്‍, 1905 ഓടെ ബെയ്ക്കല്‍ തടാകം വഴിയുള്ള തീവണ്ടി കടത്ത് അവസാനിച്ചു.

(അവലംബം: 1. The Edge of Reason(2010), by Anil Ananthaswamy, Penguin Books; 2. Wikipedia.org; 3.Slavorum Forum; 4.Cityofart)