Tuesday, March 21, 2017

ഒരു രാജ്ഞിയുടെ പടിയിറക്കത്തിന്റെ കഥ; ഒരു രാജ്യത്തിന്റെയും


മുന്‍വിധികള്‍ അങ്ങനെയാണ്. നാമറിയാതെ നമ്മളെ പിടികൂടും, അബദ്ധ ധാരണയായി മനസിലുറയ്ക്കും. കുറച്ചുകാലം കഴിഞ്ഞാല്‍ അതാണ് സത്യമെന്ന് നമ്മള്‍ സ്വയം വിശ്വസിച്ചുതുടങ്ങും. 

ഒരു ഉദാഹരണം നോക്കുക. തിരുവിതാംകൂറിലെ രാജഭരണത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ 1910ല്‍ നാടുകടത്തപ്പെട്ട പത്രപ്രവര്‍ത്തകനാണ് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള. രാമകൃഷ്ണ പിള്ളയെ ഓസ്‌ട്രേലിയയിലേക്കോ ശ്രീലങ്കിയിലേക്കോ മറ്റോ നാടുകടത്തി എന്നായിരുന്നു ഒരു പ്രായം വരെ എന്റെ വിചാരം! പിന്നീടാണ് മനസിലാകുന്നത്, അക്കാലത്ത് ബ്രിട്ടീഷ് ഭരണത്തിന്‍ കീഴിലുള്ള മദ്രാസ് പ്രവിശ്യയിലെ തിരുനെല്‍വേലിയിലേക്കാണ് രാമകൃഷ്ണപിള്ളയെ തിരുവനന്തപുരത്തുനിന്ന് കൊണ്ടുവിട്ടതെന്ന്! അവിടെ നിന്ന് ചെന്നൈയിലെത്തി താമസമുറപ്പിച്ച അദ്ദേഹം, അവസാന വര്‍ഷങ്ങള്‍ കുടുംബസമേതം ചെലവിട്ടത് കണ്ണൂരിലും പാലക്കാട്ടുമാണ്.

പലരിലും ഇതുപോലെ ഉറച്ചുപോയ ധാരണകളുണ്ട്. ചില സാമ്പിളുകള്‍ ഇതാ-

* കേരളത്തില്‍ ജാതിയുടെയും സമുദായങ്ങളുടെയും പേരിലുള്ള വര്‍ഗ്ഗീയ വേര്‍തിരിവ് അടുത്ത കാലത്തുണ്ടായ സംഗതിയാണ്. രാജഭരണകാലത്ത് ഇങ്ങനെ ഇല്ലായിരുന്നു, എല്ലാവരും ഒരുമയോടെയാണ് കഴിഞ്ഞത്. 
* മലയാളികളുടെ അമിത മദ്യപാനശീലം ആധുനിക കാലത്തുണ്ടായതാണ്, മുമ്പ് എല്ലാവരും പച്ചവെള്ളം ചവച്ചുകുടിക്കുന്ന ടീംസ് ആയിരുന്നു.
* സഭ്യത, സദാചാരം എന്നിങ്ങനെ നമ്മുടെ സാദാചാര പോലീസുകാര്‍ ഉയര്‍ത്തിക്കാട്ടുന്ന പലതിന്റെയും വിളനിലമായിരുന്നു മുമ്പ് നമ്മുടെ നാട്. 
* പ്രജാതത്പരനായ ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവിന്റെ മഹാമനസ്‌കതയും പുരോഗമന നിലപാടുമാണ് ക്ഷേത്രപ്രവേശന വിളംബരത്തിന് പിന്നില്‍.
* ജനാധിപത്യത്തെക്കാളും നല്ലത് രാജഭരണമായിരുന്നു. 

സത്യമെന്ന് പലരും ഉറച്ചുവിശ്വസിക്കുന്ന ഈ ധാരണകള്‍ അബദ്ധമാണെന്ന് ചരിത്രവസ്തുതകള്‍ നിരത്തി ഒരാള്‍ തെളിയിച്ചാല്‍, തീര്‍ച്ചയായും അത് ജിജ്ഞാസയുണര്‍ത്തും. മേല്‍സൂചിപ്പിച്ചവ മാത്രമല്ല, ഇതുപോലെ തിരുവിതാംകൂറിനെയും തിരുവിതാംകൂര്‍ രാജവംശത്തെയും പറ്റിയുള്ള ഒട്ടേറെ അബദ്ധധാരണകള്‍ ആധികാരിക വിവരങ്ങളുടെ പിന്‍ബലത്തോടെ പൊളിച്ചടുക്കുന്നത് കാണണമെങ്കില്‍ ഒരു എളുപ്പമാര്‍ഗം നിര്‍ദ്ദേശിക്കാം-മനു എസ്. പിള്ള രചിച്ച 'The Ivory Throne: Chronicles of the House of Travancore' വായിക്കുക. ഓര്‍ക്കുക, സംഭവം ഏതാണ്ട് 700 പേജുണ്ട്. 555 പേജ് ടെക്സ്റ്റും, ബാക്കി കുറിപ്പുകളും. തീര്‍ക്കാന്‍ കുറച്ച് സമയം വേണ്ടിവരും. 

വിഖ്യാത ചിത്രകാരന്‍ രാജാ രവിവര്‍മയുടെ പേരക്കിടാവായി കിളിമാനൂര്‍ കൊട്ടാരത്തില്‍ ജനിക്കുകയും, നന്നെ ചെറുപ്രായത്തില്‍ തന്നെ തിരുവിതാംകൂര്‍ രാജകുടുംബം ആചാരപ്രകാരം ദത്തെടുക്കുകയും, ആറ് വയസ്സ് തികയും മുമ്പ് 'ആറ്റിങ്ങള്‍ റാണി'യെന്ന പാരമ്പര്യപദവിയോടെ തിരുവിതാംകൂറിന്റെ മഹാറാണിയായി കുടിയിരുത്തുകയും, ഒരു വ്യക്തിയെന്ന നിലയ്ക്ക് ബാല്യമോ കൗമാരമോ ഇല്ലാതെ വളരുകയും, ഇരുപത്തിയേഴാം വയസ്സില്‍ റീജന്റ് മഹാറാണി എന്ന നിലയ്ക്ക് തിരുവിതാംകൂറിലെ 50 ലക്ഷം പ്രജകളുടെ ഭരണം ഏറ്റെടുക്കുകയും, ഏഴ് വര്‍ഷത്തെ വിപ്ലവകരമായ ഭരണനടപടികള്‍ വഴി തിരുവിതാംകൂറിനെ ആധുനിക കാലത്തിന് ചേര്‍ന്ന രീതിയില്‍ പരിഷ്‌ക്കരിക്കുകയും, റീജന്റ് പദവി ഒഴിഞ്ഞ ശേഷം രാജകുടുംബത്തിലെ എതിര്‍ചേരിയുടെ അടിച്ചമര്‍ത്തലിന് വിധേയമായി തികഞ്ഞ അപമാനത്തിലും അസ്വസ്ഥതയിലും ഒന്നര പതിറ്റാണ്ട് കാലം കഴിയുകയും, സ്വാതന്ത്ര്യത്തിന് ശേഷം ഭൗത്യന്‍മാര്‍ യൂണിയനുണ്ടാക്കി സമരത്തിന് മുതിര്‍ന്നപ്പോള്‍ അറുപതാം വയസ്സില്‍ സ്വന്തം കൊട്ടാരത്തില്‍ നിന്ന് ഒളിച്ചുകടന്ന് 'ശ്രീപത്മനാഭനോട് മാത്രം യാത്രപറഞ്ഞ് കണ്ണീരോടെ സ്വന്തം രാജ്യത്തുനിന്ന് പലായനം ചെയ്യുകയും, മഹാറാണിയെന്ന പദവി ഉപേക്ഷിച്ച് വെറും സാധാരണ സ്ത്രി ആയി (മഹാറാണിയായിരിക്കുമ്പോഴത്തെ 300 ഭൃത്യന്‍മാരുടെ സ്ഥാനത്ത് രണ്ട് വേലക്കാരെ മാത്രം വെച്ച്) ബാംഗ്ലൂരില്‍ ജീവിക്കുകയും, 1985 ഫെബ്രുവരി 22 ന് അന്തരിക്കുകയും ചെയ്ത തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതു ലക്ഷ്മി ഭായിയുടെ സംഭവബഹുലമായ ജീവിതമാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം.

സേതു ലക്ഷ്മി ഭായിയുടെ ജീവിതം പശ്ചാത്തലമാക്കി തിരുവിതാംകൂറിന്റെ 300 വര്‍ഷത്തെ ചരിത്രമാണ് ഗ്രന്ഥകാരന്‍ പറയുന്നത്. ഒപ്പം ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ ഒരു ഇന്ത്യന്‍ നാട്ടുരാജ്യം എങ്ങനെയായിരുന്നു എന്ന് ഇതുവരെ ആരും സമീപിക്കാത്ത ഒരു വീക്ഷണകോണില്‍ കൂടി കാട്ടിത്തരികയും ചെയ്യുന്നു. 

ഒട്ടേറെ ഡൈമന്‍ഷനുകളുള്ള ഗ്രന്ഥമാണിത്. ചരിത്രത്തോടൊപ്പം സംഘര്‍ഷഭരിതമായ വ്യക്തിജീവിതങ്ങളും അനാവരണം ചെയ്യപ്പെടുന്നു. ഭക്തിയോ വിഭക്തിയോ ഇല്ലാതെ, ലഭ്യമായ രേഖകളുടെയും സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തില്‍ യുക്തസഹമായാണ് ഗ്രന്ഥകാരന്‍ തന്റെ വിഷയത്തെ സമീപിക്കുന്നത്. തിരുവിതാംകൂര്‍ നാട്ടുരാജ്യത്ത് കാലാകാലങ്ങളില്‍ റസിഡന്റുമാരായി ചുമതല വഹിച്ച ബ്രിട്ടീഷ് പ്രതിനിധികള്‍ ഇന്ത്യാ സര്‍ക്കാരിനയച്ച ദ്വൈവാരറിപ്പോര്‍ട്ടുകളും, മറ്റ് അസംഖ്യം ചരിത്രരേഖകളും ഗ്രന്ഥരചനയ്ക്ക് അവലംബമാക്കിയിരിക്കുന്നു. സേതു ലക്ഷ്മി ഭായിയുടെ തായ്‌വഴിയില്‍ പെട്ട, തിരുവിതാംകൂര്‍ രാജകുടുംബവുമായി അടുപ്പമുണ്ടായിരുന്ന, ഡസണ്‍കണക്കിന് വ്യക്തികളുമായി നേരിട്ട് സാംസാരിച്ചും വിവരങ്ങള്‍ ശേഖരിച്ചു. ഇതിനായി മൂന്ന് ഭൂഖണ്ഡങ്ങളില്‍-അമേരിക്ക, യൂറോപ്പ്, ഏഷ്യ എന്നിവിടങ്ങളില്‍- ആറുവര്‍ഷം നീണ്ട വിവരശേഖരണം നടന്നു!

ഇങ്ങനെ ശേഖരിച്ച വിവരങ്ങളുടെയും അവലംബരേഖകളുടെയും ഭാരം വായനക്കാരന് പക്ഷേ, തെല്ലും അനുഭവപ്പെടാത്ത തരത്തില്‍ കഥ പറയാന്‍ മനു എസ്.പിള്ളയ്ക്ക് കഴിഞ്ഞു എന്നതാണ് ശ്രദ്ധേയം. പുസ്തകം വായിച്ചു തുടങ്ങിയ ശേഷം തീര്‍ക്കാതെ സ്വസ്ഥത കിട്ടിയില്ല എന്നതാണ് എന്റെ അനുഭവം. ഇത്രയും ദൈര്‍ഘ്യമേറിയ ഗ്രന്ഥമാണെന്ന കാര്യമൊക്കെ ഉള്ളിലെ വായനക്കാരന്‍ പാടെ മറന്നു! 

രാജാരവിവര്‍മയുടെ പേരക്കിടാങ്ങളായ രണ്ട് പെണ്‍കുട്ടികളെ നന്നെ ചെറുപ്രായത്തില്‍ തിരുവിതാംകൂര്‍ രാജകുടുംബം ആചാരപ്രകാരം ദത്തെടുത്തു. ചേടത്തിയുടെയും അനുജത്തിയുടെയും മക്കളായിരുന്നു ഇരുവരും. കുട്ടികളില്‍ മൂത്തയാളാണ് സേതു ലക്ഷ്മി ഭായി, ഇളയ ആള്‍ സേതു പാര്‍വ്വതി ഭായി. അടുത്ത തലമുറയില്‍ രാജകുടുംബം ഈ രണ്ട് പേരുടെ തായ്‌വഴികളായാണ് വേര്‍പെടുന്നത്. സേതു ലക്ഷ്മിഭായിക്ക് ആണ്‍കുഞ്ഞുണ്ടായത് പ്രസവത്തോടെ മരിച്ചു. അതിനാല്‍ സേതു പാര്‍വ്വതി ഭായിക്കുണ്ടായ ആണ്‍കുട്ടി അടുത്ത മഹാരാജാവ് ശ്രീചിത്തിര തിരുന്നാള്‍ ആയി. അന്നത്തെ മഹാരാജാവ് 1924 ല്‍ മരിക്കുമ്പോള്‍, ചിത്തിര തിരുന്നാളിന് പ്രായപൂര്‍ത്തിയാകാത്തിനാല്‍, ആറ്റിങ്ങല്‍ റാണിയായ സേതു ലക്ഷ്മി ഭായി രാജാവിന് വേണ്ടി റീജന്റ് മഹാറാണിയായി ഭരണം ഏറ്റെടുത്തു. 

1924 ല്‍ തിരുവിതാംകൂറിനെ പാടെ തകര്‍ത്ത, 'തൊണ്ണൂറ്റി ഒന്‍പതിലെ വെള്ളപ്പൊക്കം' എന്നറിയപ്പെട്ട പ്രളയത്തിന്റെ ദുരിതവേളയിലാണ് 27 കാരിയായ സേതു ലക്ഷ്മി ഭായി രാജ്യത്തിന്റെ ചുമതല ഏല്‍ക്കുന്നത്. ആ പ്രതിസന്ധി സമര്‍ഥമായി നേരിട്ടു എന്നു മാത്രമല്ല, അന്നുവരെ തിരുവിതാംകൂര്‍ കാണാത്ത തരത്തില്‍ സാമൂഹികവും സാമ്പത്തികവുമായ മുന്നേറ്റത്തിന് സേതു ലക്ഷ്മി ഭായിയുടെ ഭരണം അടിത്തറയിടുകയും ചെയ്തു. കൊച്ചി തുറമുഖം തിരുവിതാംകൂറിന്റെ പങ്കാളിത്തത്തോടെ വികസിപ്പിക്കുന്നത്, തിരുവനന്തപുരത്ത് ആദ്യമായി വൈദ്യുതി എത്തുന്നത്, ഭാവിയില്‍ കേരളത്തിന്റെ വൈദ്യുതാവശ്യം നിര്‍വഹിക്കാനുള്ള പള്ളിവാസല്‍ പദ്ധതിക്ക് അടിത്തറയിടുന്നത്, തോട്ടങ്ങള്‍ വെള്ളക്കാര്‍ക്ക് വെറുതെ തീറെഴുതേണ്ടതില്ല എന്ന് തീരുമാനിക്കുന്നത്, വിദ്യാഭ്യാസത്തിനായി വലിയ മുതല്‍ മുടക്ക് നടത്തുന്നത്, പൊതുമരാമത്ത് വികസിപ്പിക്കുന്നത്, തിരുവനന്തപുരത്തെ റെയില്‍വെ സ്റ്റേഷന്‍ സ്ഥാപിക്കുന്നത് ഒക്കെ ആ ഭരണകാലത്താണ്. 

മഹാറാണിയുടെ ഏറ്റവും വലിയ സംഭവനയുണ്ടായത് പക്ഷേ, സാമൂഹ്യരംഗത്താണ്. ക്ഷേത്രപരിസരത്തെ പാതകള്‍ താഴ്ന്ന ജാതിക്കാര്‍ക്കും ഉപയോഗിക്കാന്‍ പാകത്തില്‍ തുറന്നുകൊടുത്തത്, ക്ഷേത്രങ്ങളില്‍ മൃഗബലി നിരോധിച്ചത്, മരുമക്കത്തായ സമ്പ്രദായത്തിന് അന്ത്യംകുറിച്ചത്, സ്ത്രീകളും വിദ്യാഭ്യാസത്തിനും ജോലിക്കും മുന്നോട്ടുവരണം എന്ന നിലപാടെടുത്തത്, ഭരണത്തിലും ലെജിസ്ലേറ്റീവ് കൗണ്‍സിലിലും മേല്‍ജാതി ഹിന്ദുക്കള്‍ക്കുണ്ടായിരുന്ന അപ്രമാദിത്വം അവസാനിപ്പിച്ച് ഈഴവരെപ്പോലുള്ള താഴ്ന്ന ജാതിക്കാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും അര്‍ഹമായ പ്രാധിനിത്യം കൊടുത്തത് ഒക്കെ ഇന്ത്യയിലെ ഒരു നാട്ടുരാജ്യവും അന്നുവരെ കാണാത്ത പരിഷ്‌ക്കാരങ്ങളായിരുന്നു. 

ഇവയില്‍ ഏറ്റവും ശ്രദ്ധേയം സ്ത്രീകള്‍ക്ക് ഭരണത്തിലും ഉദ്യോഗസ്ഥതലത്തലും ലഭിച്ച പ്രാതിനിധ്യമായിരുന്നു. 1924ല്‍ അധികാരമേറ്റ് അധികം വൈകാതെ ഇക്കാര്യത്തില്‍ സേതു ലക്ഷ്മി ഭായി ശക്തമായ നിലപാടെടുത്തു. ഡോ.മേരി പൂനന്‍ ലൂക്കോസിനെ തിരുവിതാംകൂര്‍ മെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ മേധാവിയായി നിയമിച്ചുകൊണ്ടായിരുന്നു തുടക്കം. ഡോ.മേരിയെ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കും മഹാറാണി നാമനിര്‍ദ്ദേശം ചെയ്തു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ഡിപ്പാര്‍ട്ട്‌മെന്റ് മേധാവിയായി ഒരു സ്ത്രീ നിയമിക്കപ്പെടുന്നതും, ലേജിസ്ലേറ്റീവ് കൗണ്‍സില്‍ അംഗമായി ഒരു സ്ത്രീ ചുമതലയേല്‍ക്കുന്നതും. ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്ത 'മദ്രാസ് മെയിലി'ന്റെ ഹെഡ്ഡിങ് ഇതായിരുന്നു: 'Feminism in Travancore'. 1928ല്‍ രണ്ടാമതൊരു വനിതയെ മഹാറാണി ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നാമനിര്‍ദ്ദേശം ചെയ്തു, എലിസബത്ത് കുരുവിള ആയിരുന്നു അത്. വലിയ എതിര്‍ അഭിപ്രായങ്ങള്‍ ഉണ്ടായെങ്കിലും അതൊക്കെ അവഗണിച്ച് പെണ്‍കുട്ടികള്‍ക്കും നിയമപഠനം ആകാമെന്ന് പ്രഖ്യാപിക്കുന്നതും മഹാറാണിയാണ്, 1927ല്‍. ഇന്ത്യയിലെ ആദ്യ വനിത ജഡ്ജിയായി അന്ന ചാണ്ടിക്ക് മാറാന്‍ കഴിഞ്ഞത് ആ പ്രഖ്യാപനത്തിന്റെ പരിണിതഫലമായിട്ടാണ്. സേതു ലക്ഷ്മി ഭായി ചുമതലയേല്‍ക്കുമ്പോള്‍ തിരുവിതാംകൂറിലെ സര്‍ക്കാര്‍ സര്‍വ്വീസില്‍ സ്ത്രീകള്‍ തീരെ ഇല്ലായിരുന്നു എന്നു തന്നെ പറയാം. 1931 ല്‍ റാണി സ്ഥാനമൊഴിയുമ്പോല്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന 412 സ്ത്രീകള്‍ രാജ്യത്തുണ്ടായിരുന്നു! 

ആഭിജാത്യം നിറഞ്ഞ ഒതുങ്ങിയ പ്രകൃതമായിരുന്നു സേതു ലക്ഷ്മി ഭായിയുടേത്. പരന്ന വായനയും ദിവസവുമുള്ള പ്രാര്‍ഥനയുമായി കുടുംബത്തോടൊപ്പം ജിവിതം ചെലവിട്ട വ്യക്തി. അതേസമയം ഇളയറാണി സേതു പാര്‍വ്വതി ഭായി അതിന്റെ എതിര്‍ധ്രുവത്തിലായിരുന്നു. ജീവിതം അടിച്ചുപൊളിച്ച് ചെലവിടാനുള്ളതാണെന്ന് അവര്‍ വിശ്വസിച്ചു. തുടര്‍ച്ചയായി യാത്രകള്‍ ചെയ്തു, സര്‍ സി പി രാമസ്വാമി അയ്യരെ പോലുള്ള ശക്തരെ ചങ്ങാതിമാരാക്കി. സര്‍ സിപിയും ഇളയറാണിയും തമ്മിലുള്ള ബന്ധത്തിന്റെ നിജസ്ഥതി അറിയാന്‍ ബ്രിട്ടീഷ് അധികാരികള്‍ ചാരന്‍മാരെ വരെ നിയോഗിച്ചു. സ്വന്തം മകന്‍ ജൂനിയറായിരിക്കുകയും രാജ്യത്തിന്റെ അധികാരം മൂത്ത റാണി കൈയാളുകയും ചെയ്യുന്നത് സഹിക്കാന്‍ ഇളയറാണിക്ക് തീരെ പറ്റിയിരുന്നില്ല. മാത്രമല്ല, ഇളയറാണിയുടെ ധാരാളിത്തത്തിന് ഖജനാവില്‍ നിന്ന് കൂടുതല്‍ തുക അനുവദിക്കുന്നത് മൂത്തറാണി വിലക്കി. ദൂര്‍ത്ത് വെച്ചുപൊറുപ്പിക്കാന്‍ മഹാറാണി കൂട്ടാക്കിയില്ല. അതിനെ തുടര്‍ന്ന് എല്ലാ തരത്തിലുമുള്ള കുത്തിത്തിരിപ്പും ഉപജാപവും റീജന്റ് ഭരണത്തിനെതിരെ ഇളയറാണി നടത്തി. മൂത്തറാണിയെ പുറത്താക്കാന്‍ ബ്രാഹ്മണരെ കൊണ്ടുവന്ന് കവിടിയാര്‍ കൊട്ടാരത്തില്‍ ദിവസങ്ങളോളം ദുര്‍മന്ത്രവാദം വരെ നടത്തിനോക്കി. ഒന്നും ഫലിച്ചില്ല. കാരണം സേതു റീജന്റ് മഹാറാണി എന്ന നിലയ്ക്ക് ലക്ഷ്മി ഭായിയുടെ ജനസമ്മതിയും ഇന്ത്യസര്‍ക്കാരിന് അവരുടെ ഭരണത്തോടുള്ള മതിപ്പും അത്ര വലുതായിരുന്നു. 

സേതു ലക്ഷ്മി ഭായിയോട് പ്രതികാരം ചെയ്യാനുള്ള അജണ്ട ഇളയറാണിയും സര്‍ സിപിയും ചേര്‍ന്ന് തയ്യാറാക്കി. നിശ്ചയിക്കപ്പെട്ടതിന് ഒരുവര്‍ഷം മുമ്പ് റീജന്റ് ഭരണം അവസാനിപ്പിക്കാന്‍ അവര്‍ക്കായി. മഹാരാജാവായി ഇളയറാണിയുടെ മകന്‍ ശ്രീചിത്തിര തിരുന്നാള്‍ സ്ഥാനമേറ്റതോടെ, ശരിക്കുള്ള പ്രതികാരത്തിന് വേദിയൊരുങ്ങി. സര്‍ സിപിയ്ക്കും ഇളയറാണിക്കുമായി ഭരണത്തിന്റെ ചുക്കാന്‍. ഏഴുവര്‍ഷം രാജ്യം ഭരിച്ച സേതു ലക്ഷ്മി ഭായി പിന്നീട് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലം വരെ, കവിടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള എല്ലാത്തരം അടിച്ചമര്‍ത്തലിനും കുതന്ത്രങ്ങള്‍ക്കും അപമാനത്തിനും ഇരയായി കഴിയേണ്ടി വന്നു. അവരതെല്ലാം നിശബ്ദമായി അവര്‍ സഹിച്ചു. സ്വാതന്ത്ര്യാനന്തരം, 1956 ല്‍ സ്വന്തം കൊട്ടാരത്തിലെ ഭൃത്യന്‍മാര്‍ യൂണിയനുണ്ടാക്കി റാണിയോട് സമരത്തിന് മുതിര്‍ന്നതോടെ, രാജ്യമുപേക്ഷിച്ച് അവര്‍ പലായനം ചെയ്തു! 

തിരുവിതാംകൂര്‍ രാജവംശത്തിന്റെ അസ്തമയകാലത്ത് അധികമാരും അറിയാത്തെ എത്രയെത്ത ഉപജാപങ്ങളും കുതന്ത്രങ്ങളും അരങ്ങേറിയെന്ന്, മനു എസ് പിള്ളയുടെ ഗ്രന്ഥം വായിക്കുമ്പോള്‍ അത്ഭുതത്തോടെ നമ്മള്‍ മനസിലാക്കും. ചരിത്രത്തില്‍ ഒന്നും വെറുതെ സംഭവിക്കുന്നില്ല എന്നതാണ് ഗ്രന്ഥകാരന്റെ നിലപാട്. ഓരോന്നിനും പിന്നില്‍ ഒട്ടേറെ കാരണങ്ങളുണ്ടാകാം. സംഭവം മാത്രമാണ് ആളുകള്‍ കാണുക. അതിന് പിന്നിലേക്ക് അവര്‍ക്ക് കടക്കാന്‍ കഴിഞ്ഞെന്ന് വരില്ല. ഉദാഹരണത്തിന് 1936ല്‍ ശ്രീചിത്തിര തിരുന്നാള്‍ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളംബരം തന്നെ ഉദാഹരണം. ഒരുപക്ഷേ, ഇന്ത്യന്‍ ചരിത്രത്തില്‍ തന്നെ ഇത്രയേറെ ശ്ലാഹിക്കപ്പെട്ട മറ്റൊരു ഭരണ നടപടിയുണ്ടായിട്ടില്ല. മഹാരാജാവിന്റെ മഹാമനസ്‌ക്കതയും പുരോഗമന ചിന്താഗതിയുമാണ് അതിന് പിന്നിലെന്ന് പലരും വിശ്വസിക്കുന്നു. സത്യമെന്താണ്? തെളിവുകള്‍ നിരത്തി മനു എസ് പിള്ള സമര്‍ഥിക്കുന്നത് ഇതാണ്: മേല്‍ജാതി ഹിന്ദുക്കളോട് (നായര്‍, ബ്രാഹ്മണ വിഭാഗങ്ങളോട്) മഹാരാജാവും സര്‍ സിപിയും കാണിച്ച അമിത വിധേയത്വത്തിലും പക്ഷപാതിത്വത്തിലും പ്രതിഷേധിച്ച് ഈഴവസമുദായം കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുമെന്ന് നടത്തിയ ഭീഷണിയാണ് 1936ല്‍ തിടുക്കത്തില്‍ ക്ഷേത്രപ്രവേശന വിളംബരത്തിന് തിരുവിതാംകൂര്‍ ഭരണകൂടത്തെ പ്രേരിപ്പിച്ചത്!

തിരുവിതാംകൂറിലെ ഈഴവര്‍ക്കിടിയിലുണ്ടായ 50 വര്‍ഷത്തെ സമൂഹിക പരിഷ്‌ക്കരണത്തിന്റെ സ്വാധീനം ക്ഷേത്രപ്രവേശന വിളംബരത്തില്‍ ദര്‍ശിക്കാം. 1930 കളില്‍ പെട്ടന്നുള്ള പ്രകോപനത്തിന് ഈഴവ സമുദായത്തെ പ്രേരിപ്പിച്ചത്, ചിത്തിര തിരുന്നാള്‍ ഭരണത്തിലുണ്ടായ മേല്‍ജാതി പ്രീണനനയമാണ്. റീജന്റ് ഭരണകാലത്ത് എല്ലാ മതങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഭരണത്തിലും മറ്റ് തുറകളിലും നല്‍കിയിരുന്നു. എന്നാല്‍ 1931 ല്‍ ചുമതലയേറ്റ ശ്രീചിത്തിര തിരുന്നാള്‍ ഇക്കാര്യത്തില്‍ വലിയ തിരിച്ചുപോക്കാണ് നടത്തിയത്. തിരുവിതാംകൂര്‍ ഒരു ഹിന്ദുരാഷ്ട്രമാണ്, മേല്‍ജാതി ഹിന്ദുക്കള്‍ കഴിഞ്ഞേ ആരുമുള്ളൂ എന്ന തീവ്രനിലപാട് രാജാവും ദിവാന്‍ സര്‍ സിപിയും സ്വീകരിച്ചു. കണക്കുകള്‍ പ്രകാരം അന്ന് തിരുവിതാംകൂറില്‍ നായന്‍മാര്‍ ഉള്‍പ്പടെയുള്ള മേല്‍ജാതി ഹിന്ദുക്കള്‍ 22.3 ശതമാനമാണ്. ഈഴവര്‍ 17 ശതമാനം, ക്രിസ്ത്യാനികള്‍ 18.9 ശതമാനം, മുസ്ലീങ്ങള്‍ 6.9 ശതമാനം. എല്ലാ ആനൂകൂല്യങ്ങളും ഇതില്‍ 22.3 ശതമാനം മാത്രം വരുന്ന മേല്‍ജാതി ഹിന്ദുക്കള്‍ക്ക് എന്ന നിലപാട് എത്ര അപകടകരവും അപക്വവുമാണെന്നോര്‍ക്കുക. 1930കള്‍ ആയപ്പോഴേക്കും ഈഴവര്‍ സാമ്പത്തികസ്വാതന്ത്ര്യമുള്ള കെട്ടുറുപ്പുള്ള സമുദായശക്തിയായി മാറിയിരുന്നു. ഭരണകൂടത്തിന്റെ പ്രീണന നയത്തിനെതിരെ ക്രിസ്താനികളും മുസ്ലീങ്ങളുമായി ചേര്‍ന്ന് ഈഴവര്‍ വിശാലമുന്നണിയുണ്ടാക്കിയത്, ഔദ്യോഗിക നയത്തിനേറ്റ കടുത്ത ആഘാതമായി. അധികാരത്തിന്റെ പരിസരങ്ങളില്‍ മാത്രമല്ല, ക്ഷേത്രങ്ങളില്‍ പോലും തങ്ങള്‍ക്ക് പ്രവേശനമില്ല എന്ന ദുസ്ഥിതി ഈഴവരെയും താഴ്ന്ന ജാതിക്കാരെയും ക്ഷോഭിപ്പിച്ചു. ഇങ്ങനെയൊരു ഹിന്ദുമതത്തില്‍ കാര്യമല്ല, അതുകൊണ്ട് തങ്ങള്‍ ക്രിസ്തുമതത്തിലേക്ക് ചെക്കേറാന്‍ പോകുന്നു-ഈഴവര്‍ പ്രഖ്യാപിച്ചു. തിരുവിതാംകൂര്‍ ഭരണകൂടത്തെ അക്ഷരാര്‍ഥത്തില്‍ നടുക്കിയ പ്രഖ്യാപനമായിരുന്നു അത്. തങ്ങളുടെ ജാതിപ്രീണനം തങ്ങള്‍ക്ക് തന്നെ തിരിച്ചടിയായ കാര്യം രാജാവും ദിവാനും തിരിച്ചറിഞ്ഞു. ഭീഷണി നേരിടാനും ഈഴവരുള്‍പ്പടെയുള്ള താഴ്ന്ന സമുദായക്കാര്‍ക്ക് രാജഭരണത്തിനോട് കൂറുണ്ടാക്കാനുമുള്ള വജ്രായുധമായിരുന്നു ക്ഷേത്രപ്രവേശന വിളംബരം. 

കേരളത്തില്‍ ജാതിയുടെയും സമുദായങ്ങളുടെയും പേരിലുള്ള വര്‍ഗ്ഗീയ വേര്‍തിരിവ് അടുത്ത കാലത്തുണ്ടായ സംഗതിയാണോ എന്ന ചോദ്യത്തിനുള്ള ഉത്തരവും മേല്‍വിവരിച്ച സംഗതി നല്‍കുന്നു. 

ഈ കുറിപ്പിന്റെ തുടക്കത്തില്‍ ചോദിച്ച മറ്റ് ചോദ്യങ്ങള്‍ക്കും കൂടി ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്ന വസ്തുതകള്‍ പ്രകാരം വിശദീകരണം നല്‍കേണ്ടതുണ്ട്. മലയാളികളുടെ അമിത മദ്യപാനശീലം അടുത്തകാലത്തുണ്ടായ പ്രതിഭാസമാണോ എന്നതായിരുന്നു ഒരു ചോദ്യം. ഈ കണക്ക് നോക്കുക: 1925 ല്‍ 17,928 ഗ്യാലന്‍ മദ്യമാണ് തിരുവിതാംകൂറിലേക്ക് ഇറക്കുമതി ചെയ്തതെങ്കില്‍, 1927 ആയപ്പോഴേക്കും ഇത് 28,357 ഗ്യാലന്‍ ആയി! നാടന്‍ വാറ്റും കള്ളുമൊന്നും ഇതില്‍ പെടില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. 

ഇന്ന് നമ്മള്‍ വിവക്ഷിക്കുന്ന സദാചാരം, സഭ്യത തുടങ്ങിയ സംഗതികളുടെയൊക്കെ വിളനിലമായിരുന്നു പോയകാലത്ത് നമ്മുടെ നാട് എന്നാണ് പലരും ഉറച്ചു വിശ്വസിക്കുന്നത്. 1920 കളില്‍ പോലും തിരുവിതാംകൂറിലെ മേല്‍ജാതി ഹിന്ദുക്കള്‍ക്കിടയില്‍ ദേഹം മറച്ചുനടക്കുന്ന സ്ത്രീകളെ 'പെഴ' എന്നാണ് വിശേഷിപ്പിച്ചിരുന്നത് എന്ന് മനു എസ് പിള്ള പറയുന്നു. വേശ്യകളാണ് മാറ് മറച്ച് നടക്കുന്നത് എന്നതായിരുന്നു പൊതുവെ നിലനിന്ന കാഴ്ചപ്പാട്. 

'ദീര്‍ഘസുമംഗലീ ഭവ' എന്നാണല്ലോ നമ്മുടെ സീരിയലുകളില്‍ വിവാഹിതരാകുന്ന കുലസ്ത്രീകള്‍ക്ക് നല്‍കുന്ന ആശംസ. മരുമക്കത്തായം അവസാനിക്കുന്ന കാലം വരെ കേരളത്തില്‍ ഒരു സ്ത്രീയോട് ഇങ്ങനെ ആശംസിച്ചാല്‍ അത് വലിയ കോമഡിയാകുമായിരുന്നു. കാരണം ഭര്‍ത്താവ് എന്നത് സ്ത്രീകള്‍ക്ക് എല്ലാക്കാലത്തേക്കുമുള്ള ഒരു ചരക്കായിരുന്നില്ല. വീട്ടിലെ മുതിര്‍ന്ന സ്ത്രീയും അവരുടെ ആങ്ങളയുമായിരുന്നു അധികാരികള്‍. ഭര്‍ത്താക്കന്‍മാര്‍ വല്ലപ്പോഴും വന്ന് പോകുന്നവര്‍ മാത്രം. അതുകൊണ്ടുതന്നെ ഭര്‍ത്താവ് ഇല്ലാതായാലും സ്ത്രീകള്‍ക്ക് അത്ര വ്യാകുലതയില്ലായിരുന്നു, പുതിയൊരാളെ തിരഞ്ഞെടുക്കാന്‍ അവള്‍ക്ക് വലിയ പ്രശ്‌നവും ഉണ്ടായിരുന്നില്ല. സേതു ലക്ഷ്മി ഭായിയുടെ മുന്‍ഗാമികളായ ആറ്റിങ്ങള്‍ റാണിമാര്‍ക്ക് പതിനേഴാം നൂറ്റാണ്ടിലൊക്കെ എത്ര കാമുകന്മാരെ വേണമെങ്കിലും തിരഞ്ഞെടുക്കാന്‍ സ്വാതന്ത്ര്യവും അധികാരവുമുണ്ടായിരുന്നു. ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ പുരുഷന്‍മാര്‍ക്ക് മാത്രമുള്ള സവിശേഷ അധികാരമായിരുന്നു തനിക്കിഷ്ടപ്പെട്ട ഇണകളെ തിരഞ്ഞെടുക്കുക എന്നത്. തിരുവിതാംകൂറില്‍ നേരെ തിരിച്ചായിരുന്നു കാര്യങ്ങളെന്ന് ഗ്രന്ഥകാരന്‍ പറയുന്നു. അക്കാലത്തെ പ്രശസ്തയായ ഉമയമ്മ റാണി ഇക്കാര്യത്തില്‍ പ്രത്യേകം പ്രാഗത്ഭ്യം തന്നെ പുലര്‍ത്തിയിരുന്നു. കിടപ്പറയില്‍ തന്നെ തൃപ്തിപ്പെടുത്തുന്നവര്‍ക്ക് വലിയ സമ്മാനങ്ങള്‍ നല്‍കാന്‍ റാണി മടിച്ചില്ല. അങ്ങനെ റാണിയുടെ പ്രീതിക്ക് പാത്രമായ ഒരു ബ്രിട്ടീഷ് യുവാവിന് നല്‍കിയ സമ്മാനത്തിലൊന്ന്, കേരളത്തിലെ ബ്രിട്ടീഷുകാരുടെ ആദ്യ താവളങ്ങളിലൊന്നായ അഞ്ചുതെങ്ങ് കോട്ട പണിയാനുള്ള അവകാശമായിരുന്നു. 

ഇനിയുള്ള ചോദ്യം, ജനാധിപത്യമാണോ രാജഭരണമാണോ നല്ലത് എന്നതാണ്. 'തീര്‍ച്ചയായും ജനാധിപത്യം' എന്ന് ഉത്തരം നല്‍കാന്‍ മനു എസ് പിള്ളയുടെ ഈ പുസ്തകം ഒന്ന് വായിച്ചുനോക്കുകയേ വേണ്ടൂ. 

ആഖ്യായനരീതിയില്‍ സമീപനത്തിലും ഭാഷയിലുമൊക്കെ വലിയ വ്യത്യാസമുണ്ടെങ്കിലും, പി കെ ബാലകൃഷ്ണന്റെ 'ജാതിവ്യവസ്ഥതിയും കേരളചരിത്രവും' എന്ന ഗ്രന്ഥത്തിന്റെ പിന്‍ഗാമിയാണ് മനു എസ് പിള്ളയുടെ പുസ്തകമെന്ന് ഞാന്‍ പറയും.

രണ്ട് സംഗതികള്‍ കൂടി പറഞ്ഞുകൊണ്ട് ഈ കുറിപ്പ് അവസാനിപ്പിക്കാം. ആദ്യത്തേത് ഇതിന്റെ ഗ്രന്ഥകര്‍ത്താവിനെക്കുറിച്ചാണ്. ഈ ഗ്രന്ഥത്തെക്കുറിച്ചുള്ള ഏറ്റവും കൗതുകകരമായ സംഗതി, ഇത്ര നിശിതമായ ഗവേഷണത്തിന്റെയും ആറുവര്‍ഷം നീണ്ട വിവരശേഖരണത്തിന്റെയും ഫലമായ ഈ ഗ്രന്ഥം പ്രസിദ്ധീകരിക്കുമ്പോള്‍ ഗ്രന്ഥകര്‍ത്താവ് മനു എസ് പിള്ളയുടെ പ്രായം വെറും 24 വയസ്സായിരുന്നു എന്നതാണ്! ഈ വര്‍ഷങ്ങള്‍ മുഴുവന്‍ പുസ്തകമെഴുത്തിന് ചെലവിട്ടതുകൊണ്ട് മറ്റ് റിക്രിയേഷനുകളൊന്നും സമയമുണ്ടായിട്ടുണ്ടാവില്ല, കാമുകിമാരൊന്നും കാണില്ല അല്ലേ എന്ന് ഏഷ്യാനെറ്റിന്റെ അഭിമുഖത്തില്‍ ചോദിക്കുമ്പോള്‍ മനു പറയുന്ന മറുപടി ഇതാണ്: 'എക്‌സാറ്റ്‌ലി....സേതു ലക്ഷ്മി ഭായി ആയിരുന്നു എന്റെ ഏക ഗേള്‍ഫ്രണ്ട്, വേറെയാരുമുണ്ടായിരുന്നില്ല!'

ഇത്ര ഗംഭീരമായി എഴുതപ്പെട്ടതാണെങ്കിലും പുസ്തകത്തിന്റെ പോരായ്മയായി തോന്നിയത് കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ദീപസ്തംഭങ്ങളായി മാറിയ ശ്രീനാരായണ ഗുരു, അയ്യങ്കാളി തുടങ്ങിയവരുടെ സ്വാധീനത്തെക്കുറിച്ച് കാര്യമായ പരാമര്‍ശം ഇതിലില്ല എന്നതാണ്. തിരുവിതാംകൂറിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഒരു ഗ്രന്ഥത്തില്‍ അതുകൂടി തീര്‍ച്ചയായും ഉള്‍പ്പെടുത്തണമായിരുന്നു. 

( The Ivory Throne: Chronicles of the House of Travancore (2015), by Manu S. Pillai. Harper Collins India, P.694. Rs.699). 

-  ജോസഫ് ആന്റണി 


Saturday, March 18, 2017

കൃത്രിമ മഴ: ചരിത്രവും സാധ്യതകളും

സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയുടെ പിടിയിലാണ് സംസ്ഥാനമിപ്പോള്‍. ഈ പശ്ചാത്തലത്തിലാണ് കൃത്രിമ മഴയുടെ സാധ്യത സംസ്ഥാനസര്‍ക്കാര്‍ ആരായുന്നത് 


മഴ എപ്പോഴൊക്കെ ചതിച്ചിട്ടുണ്ടോ അന്നൊക്കെ മനുഷ്യന്‍ മഴ പെയ്യിക്കുന്നതിനെപ്പറ്റി ആകുലതയോടെ ചിന്തിച്ചിട്ടുണ്ട്. കൂട്ടപ്രാര്‍ഥന മുതല്‍ തവളക്കല്ല്യാണം വരെ പലതരം വിദ്യകള്‍ മഴയ്ക്കായി പ്രയോഗിക്കാറുമുണ്ട്. അത്തരം പ്രയോഗങ്ങളില്‍ വിശ്വാസമില്ലാതെ വരുമ്പോള്‍ കൃത്രിമ മഴ പെയ്യിക്കുന്നതിനെ കുറിച്ചാകും ആലോചന. 

കേരളം അത്തരമൊരു ആലോചനയിലാണിപ്പോള്‍. കഴിഞ്ഞയാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞതു പ്രകാരമാണെങ്കില്‍, സംസ്ഥാനത്ത് കൃത്രിമ മഴയുടെ സാധ്യത ഗൗരവത്തോടെ ആരായുകയാണ് സര്‍ക്കാര്‍. കേരളം സമീപകാല ചരിത്രത്തിലെ ഏറ്റവും കൊടിയ വരള്‍ച്ചയുടെ പിടിയിലാണെന്ന് ആലോചിക്കുമ്പോള്‍, ഇതില്‍ അത്ഭുതമില്ല.

കേരളം കൃത്രിമ മഴയെ സ്വപ്‌നം കാണാന്‍ തുടങ്ങുമ്പോള്‍ ചില ചോദ്യങ്ങള്‍ ഉയരാം. കൃത്രിമമായി മഴ പെയ്യിക്കാന്‍ വലിയ ചെലവ് വരുമോ? എന്താണ് കൃത്രിമ മഴയ്ക്കുള്ള ശാസ്ത്രീയത? എത്രത്തോളം ഈ നീക്കം വിജയിക്കും? 

കൃത്രിമ മഴ പെയ്യിക്കാന്‍ ഇന്ന് ലോകമെമ്പാടും പ്രയോഗിക്കപ്പെടുന്നത് 'ക്ലൗഡ് സീഡിങ്' (cloud seeding) എന്ന വിദ്യയാണ്. അക്ഷരാര്‍ഥത്തില്‍ മേഘങ്ങളില്‍ നടത്തുന്ന ഒരുതരം 'വിത്തുവിതയ്ക്കല്‍'. ആഗോളതലത്തില്‍ വലിയ ബിസിനസാണ് ഇന്ന് ക്ലൗഡ് സീഡിങ്. ലോകത്താകെ 34 സ്വകാര്യകമ്പനികള്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. നൂറിലേറെ വിമാനങ്ങള്‍ സ്വന്തമായുള്ള യുഎസില്‍ നോര്‍ത്ത് ഡക്കോട്ട കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'വെതര്‍ മോഡിഫിക്കേഷന്‍ ഇന്‍കോര്‍പ്പറേറ്റഡ്' പോലുള്ള കമ്പനികളും ഇതില്‍ ഉള്‍പ്പെടുന്നു. 

കോടികള്‍ മുടക്കണം ഒരു പ്രദേശത്ത് ക്ലൗഡ് സീഡിങ് നടത്താന്‍. ഉദാഹരണത്തിന്, 2015 ലെ മൂന്ന് മാസങ്ങളില്‍ നൂറ് ചരുതശ്ര മൈല്‍ പ്രദേശത്ത് ക്ലൗഡ് സീഡിങ് നടത്താന്‍ ഏതാണ്ട് 30 കോടി രൂപയാണ് മഹരാഷ്ട്ര ചെലവിട്ടത്. ഇങ്ങനെ കോടികള്‍ മുടക്കിയാലും, ക്ലൗഡ് സീഡിങ് കൊണ്ട് എത്രത്തോളം മഴ കൂടുതല്‍ പെയ്യും എന്നകാര്യം ഈ രംഗത്തെ വിദഗ്ധര്‍ക്ക് പോലും കൃത്യമായി പറയാന്‍ കഴിയാറില്ല.

കൃത്രിമ മഴ പെയ്യിക്കാനുള്ള ശ്രമം ശാസ്ത്രലോകം തുടങ്ങിയിട്ട് കാലമേറെയായി. പല കാലങ്ങളില്‍ പല തിയറികളുണ്ടായി. ഇക്കാര്യത്തില്‍ വിചിത്രമായ ഒരാശയം മുന്നോട്ടുവെച്ചത് പത്തൊന്‍പതാം നൂറ്റാണ്ടില്‍ അമേരിക്കന്‍ കാലാവസ്ഥാവിദഗ്ധന്‍ ജെയിംസ് പി. ഇസ്പി ആണ്. 'മഴ കൂടുതല്‍ പെയ്യിക്കാന്‍ കാടിന് തീയിട്ടാല്‍ മതി' എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം! പത്തൊന്‍പതാം നൂറ്റാണ്ടിന്റെ രണ്ടാംപകുതിയില്‍ സ്വീകാര്യത നേടിയ മറ്റൊരാശയമായിരുന്നു 'കണ്‍കഷന്‍ മെഥേഡ്' (concussion method). വിശാലമായ കാര്‍ഷിക സമതലങ്ങള്‍ വരള്‍ച്ചകൊണ്ട് പൊറുതിമുട്ടിയപ്പോള്‍ അമേരിക്കയില്‍ നിന്ന് തന്നെയാണ് ഈ ആശയവും വന്നത്. കൃത്രിമ മഴയ്ക്കായി നടന്നിട്ടുള്ള ശ്രമങ്ങളെപ്പറ്റി തയ്യാറാക്കിയ പ്രബന്ധത്തില്‍ ജെഫ് എ.ടൗണ്‍സെന്‍ഡ് ഇങ്ങനെ പറയുന്നു: 'വലിയ യുദ്ധങ്ങള്‍ക്ക് ശേഷം മഴ പെയ്യാറുണ്ടെന്ന' നിരീക്ഷണത്തില്‍ നിന്നാണ് മേല്‍സൂചിപ്പിച്ച ആശയം ലഭിച്ചത്....വെടിമരുന്ന് സ്‌ഫോടനം നടക്കുകയും അതിന്റെ പ്രകമ്പനം ഉണ്ടാവുകയും ചെയ്യുമ്പോള്‍ മേഘങ്ങള്‍ ആ സംഘര്‍ഷത്തില്‍ ഖനീഭവിച്ച് മഴപെയ്യും'. ഈ ആശയം പരീക്ഷിക്കാന്‍ 1890 ല്‍ യുഎസ് കോണ്‍ഗ്രസ്സ് ഫണ്ട് അനുവദിച്ചു. വര്‍ഷങ്ങളോളം നടന്ന പരീക്ഷണത്തില്‍ ടണ്‍ കണക്കിന് വെടിമരുന്ന് പൊട്ടിച്ചെങ്കിലും മഴ മാത്രം പെയ്തില്ല. മാത്രമല്ല, പരീക്ഷണത്തിന് നേതൃത്വം നല്‍കിയ ജനറല്‍ റോബര്‍ട്ട് ഡൈറന്‍ഫോര്‍ത്തിന് 'ജനറല്‍ ഡ്രൈഹെന്‍സ്‌ഫോര്‍ത്ത്' (General Dryhenceforth) എന്ന വട്ടപ്പേര് ലഭിക്കുകയും ചെയ്തു!

ഇക്കാര്യത്തില്‍ യഥാര്‍ഥ മുന്നേറ്റമുണ്ടായത് 1946 ലാണ്; അമേരിക്കയില്‍ ജനറല്‍ ഇലക്ട്രികിന്റെ 'ഷിനെക്ടാഡി റിസര്‍ച്ച് ലാബി'ല്‍. യുദ്ധഗവേഷണത്തിന്റെ ഭാഗമായി മേഘങ്ങളിലെ അവസ്ഥ ലബോറട്ടറിയില്‍ സൃഷ്ടിച്ച് പരീക്ഷണങ്ങള്‍ നടത്തുകയായിരുന്നു വിന്‍സന്റ് ഷീഫര്‍ എന്ന കെമിക്കല്‍ ഗവേഷകന്‍. തന്റെ ഫ്രീസറിലെ ജലബാഷ്പം വേഗത്തില്‍ തണുപ്പിക്കാനായി അദ്ദേഹം ഒരുപിടി ഡ്രൈ ഐസ് (ഖരാവസ്ഥയിലുള്ള കാര്‍ബണ്‍ഡയോക്‌സയിഡ്) വിതറി. അത്ഭുതമെന്ന് പറയട്ടെ, ജലബാഷ്പം നൊടിയിടയില്‍ ഖനീഭവിച്ച് മഞ്ഞുപരലുകളായി മാറി! 


മേഘങ്ങളെ ഖനീഭവിപ്പിച്ച് മഞ്ഞായും മഴയായും പെയ്യിക്കാനുള്ള മാന്ത്രികവിദ്യയാണ് താന്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഷീഫര്‍ക്ക് ബോധ്യമായി. കൂടുതല്‍ പരീക്ഷണങ്ങളില്‍ ഡ്രൈ ഐസ് (dry ice) മാത്രമല്ല, കറിയുപ്പ് പോലെ മറ്റനേകം ലവണങ്ങളും ഇതേ ഫലം ചെയ്യുമെന്ന് കണ്ടു. ലവണങ്ങളുടെ താപനില മൈനസ് 40 ഡിഗ്രിയോ അതില്‍ താഴെയോ ആയിരിക്കണമെന്ന് മാത്രം. ഷീഫറുടെ സഹപ്രവര്‍ത്തകന്‍ ഡോ.ബര്‍ണാഡ് വോന്നെഗറ്റ് നൂറുകണക്കിന് രാസപദാര്‍ഥങ്ങളെ ക്ലൗഡ് സീഡിങിനുപയോഗിച്ച്, ഏറ്റവും ഫലപ്രദം സില്‍വര്‍ അയഡൈഡ് ആണെന്ന് തിരിച്ചറിഞ്ഞു. 

വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ മഴമേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിതറുകയാണ് ക്ലൗഡ് സീഡിങില്‍ ചെയ്യുക. ചിറകില്‍ ഈ രാസവസ്തുക്കളുടെ ആവനാഴി ഘടിപ്പിക്കാവുന്ന തരത്തില്‍ പരിഷ്‌ക്കരിച്ച വിമാനങ്ങളാണ് ഇതിനുപയോഗിക്കുന്നത്. മഴമേഘങ്ങളിലെ ജലതന്മാത്രകളെ ലവണ തരികള്‍ ആകര്‍ഷിക്കുകയും, ജലതന്മാത്രകള്‍ ചേര്‍ന്ന് ജലത്തുള്ളിയായി താഴേക്ക് പതിക്കുകയും ചെയ്യുന്നു. ഇതാണ് കൃത്രിമ മഴ. 

1946 ല്‍ ക്ലൗഡ് സീഡിങ് വിദ്യ കണ്ടെത്തിയ നാള്‍ മുതല്‍ ഒട്ടേറെ രാജ്യങ്ങള്‍ ഈ മാര്‍ഗത്തിലൂടെ മഴയ്ക്ക് ശ്രമിച്ചിട്ടുണ്ട്. പലയിടത്തും മഴ പെയ്തിട്ടുമുണ്ട്. ചൈനയും ഇന്ത്യയും ഉള്‍പ്പടെ ലോകത്ത് 52 രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യയെ ആശ്രയിക്കുന്നതായി ലോക കാലാവസ്ഥാ സംഘടന (WMO) പറയുന്നു. 

ഈ മേഖലയില്‍ ലോകത്താകമാനം 34 സ്വകാര്യ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതായി സൂചിപ്പിച്ചല്ലോ. എന്നാല്‍, ലോകത്തേറ്റവും കൂടുതല്‍ ക്ലൗഡ് സീഡിങ് നടത്തുന്ന രാജ്യമായ ചൈന സ്വകാര്യ കമ്പനികളെ അനുവദിച്ചിട്ടില്ല. ചൈനയിലെ 23 ല്‍ 22 പ്രവിശ്യയിലും മലിനീകരണം അകറ്റാനും കൃഷിക്ക് മഴ കിട്ടാനും ക്ലൗഡ് സീഡിങ് വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. കോടികളാണ് ഇതിനായി മുടക്കുന്നത്. 2008 ലെ ബീജിങ് ഒളിംപിക്‌സ് വേളയില്‍ മഴ ഒഴിവാക്കാന്‍ അതിന് മുന്നോടിയായി ചൈന ക്ലൗഡ് സീഡിങ് നടത്തിയത് ലോകമെങ്ങും വലിയ വാര്‍ത്തയായിരുന്നു. ഗള്‍ഫ് രാജ്യമായ യുണൈറ്റഡ് അറബ് എമിരേറ്റ്‌സ് (യുഎഇ) ആണ് ഈ മഴവിദ്യയെ ഏറെ ആശ്രയിക്കുന്ന മറ്റൊരു രാജ്യം. 2015 ല്‍ മാത്രം യുഎഇ 187 ക്ലൗഡ് സീഡിങ് ദൗത്യങ്ങള്‍ നടത്തിയിരുന്നു. 


ക്ലൗഡ് സീഡിങിന്റെ ഏറ്റവും വലിയ പോരായ്മ, ഇതുകൊണ്ട് എത്രത്തോളം മഴ പെയ്യും എന്ന് ഉറപ്പ് പറയാനാകില്ല എന്നതാണ്. നൂറുശതമാനം വിജയം ഏതായാലും ക്ലൗഡ് സീഡിങ് കൊണ്ടുണ്ടാകില്ല. അഞ്ചോ പത്തോ ശതമാനം മഴ കൂടുതല്‍ ലഭിച്ചാല്‍ പോലും, വരള്‍ച്ചയാല്‍ നട്ടംതിരിയുന്ന ഒരു പ്രദേശത്തിന് അത് അനുഗ്രഹമാകുമെന്ന് ക്ലൗഡ് സീഡിങ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു. 

ക്ലൗഡ് സീഡിങ് എന്ന ആശയം അവതരിപ്പിച്ച അന്നുമുതല്‍ ഇതിനെ ആശങ്കയോടെ കാണുന്നവരുമുണ്ട്. മഴമേഘങ്ങളെ കൃത്രിമമായി പെയ്യിക്കുമ്പോള്‍, ആ മേഘങ്ങള്‍ എവിടെയെത്തിയാണോ മഴ പെയ്യേണ്ടത് ആ പ്രദേശത്ത് മഴയില്ലാതെ വരും. ചൈനയെക്കുറിച്ച് അയല്‍രാജ്യങ്ങള്‍ ഏറെ വര്‍ഷങ്ങളായി ഇത്തരം ആക്ഷേപം ഉന്നയിക്കുന്നുണ്ട്; തങ്ങളുടെ പ്രദേശത്ത് പെയ്യേണ്ട മഴ ചൈന കവര്‍ന്നെടുക്കുന്നുവെന്ന്. 

അപ്പോള്‍, ചോദ്യം അവശേഷിക്കുന്നു. കേരളത്തില്‍ ക്ലൗഡ് സീഡിങ് നടത്തിയാല്‍ മഴ പെയ്യുമോ? പെയ്യും, പക്ഷേ എത്ര പെയ്യും എന്നാണ് അറിയേണ്ടത്. അതിന് കാത്തിരിക്കാം. (വിവരങ്ങള്‍ക്ക് കടപ്പാട്: Bloomberg; climateviewer.com; nmt.edu)

(ചിത്രങ്ങള്‍: 1. മേഘങ്ങളില്‍ സില്‍വര്‍ അയഡൈഡ് പോലുള്ള ലവണങ്ങളുടെ തരികള്‍ വിമാനം വഴിയോ റോക്കറ്റുകള്‍ വഴിയോ വിതറുകയാണ് ക്ലൗഡ് സീഡിങില്‍ ചെയ്യുക. ചിത്രം കടപ്പാട്: USAF; 2. 1946 ല്‍ 'ക്ലൗഡ് സീഡിങ്' കണ്ടുപിടിച്ച വിന്‍സന്റ് ഷീഫര്‍. ഷീഫറുടെ ഫ്രീസറിലാണ് ആദ്യ ക്ലൗഡ് സീഡിങ് നടന്നത്: ചിത്രം കടപ്പാട്: Encyclopædia Britannica; 3. വിമാനത്തിന്റെ ചിറകില്‍ ഘടിപ്പിച്ച ഇത്തരം ആവനാഴികളിലാണ് ക്ലൗഡ് സീഡിങിനുള്ള രാസവസ്തുക്കള്‍ സൂക്ഷിക്കുക. ചിത്രം കടപ്പാട്: Bloomberg). 

- ജോസഫ് ആന്റണി 

* മാതൃഭൂമി നഗരം പേജില്‍ (മാര്‍ച്ച് 14, 2017) പ്രസിദ്ധീകരിച്ചത് 

മേശപ്പുറത്തെ കണികാപരീക്ഷണങ്ങള്‍


പ്രപഞ്ചരഹസ്യങ്ങള്‍ തേടാന്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പോലുള്ള അതിഭീമന്‍ സംരംഭങ്ങള്‍ ഭാവിയില്‍ വേണ്ടിവന്നേക്കില്ല. അതിന് പകരം വെറുമൊരു മേശപ്പുറത്ത് നടത്താവുന്ന 'സ്മാര്‍ട്ട് പരീക്ഷണങ്ങളു'മായി രംഗത്തെത്തുകയാണ് പുതുതലമുറ ഗവേഷകര്‍


ഇംഗ്ലണ്ടില്‍ നിന്ന് ക്യാനഡയിലേക്ക് അത്‌ലാന്റിക്കിന് കുറുകെ 3500 കിലോമീറ്റര്‍ ദൂരമുണ്ട്. 1901 ഡിസംബര്‍ 12 ന് ഗൂഗ്ലിയെല്‍മോ മാര്‍കോണിയെന്ന ഇറ്റാലിയന്‍ ഗവേഷകന്‍ അത്രയും ദൂരം റേഡിയോ സിഗ്നല്‍ അയച്ചുകൊണ്ട് ആധുനിക റേഡിയോയുഗത്തിന് തുടക്കമിട്ടു. ഭൂമിയുടെ വക്രത റേഡിയോ തരംഗങ്ങളെ തടയുന്നില്ലെന്ന് ആ പരീക്ഷണം തെളിയിച്ചു. 

ഒരു നൂറ്റാണ്ടിനിപ്പുറം ഗവേഷകര്‍ മറ്റൊരു പരീക്ഷണത്തിന്റെ കാര്യം സങ്കല്‍പ്പിക്കാന്‍ നമ്മളോട് ആവശ്യപ്പെട്ടു. അത്‌ലാന്റിക്കിന് ഇരുകരകളില്‍ നിന്നും തൊടുത്തുവിടുന്ന രണ്ട് സൂചികള്‍ പരസ്പരം നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുന്നത് മനസില്‍ കാണാനാണ് പറഞ്ഞത്. 

അത്തരമൊരു പരീക്ഷണത്തിന് ആവശ്യമായ കൃത്യതയുടെ തോത് എന്തായിരിക്കും. നമുക്ക് സങ്കല്‍പ്പിക്കാവുന്നതിലും എത്രയോ അധികം, അല്ലേ!

അത്രയും കൃത്യത പക്ഷേ, അസാധ്യമാണെന്ന് കരുതരുത്. കാരണം, മേല്‍സൂചിപ്പിച്ചത്ര കൃത്യതയും സൂക്ഷ്മതയും ആവശ്യമായ ഒരു പരീക്ഷണം ലോകത്തിപ്പോള്‍ നടക്കുന്നുണ്ട്. ജനീവയ്ക്ക് സമീപം സ്വിറ്റ്‌സ്വര്‍ലന്‍ഡിലും ഫ്രാന്‍സിലുമായി ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍എച്ച്‌സി) 2008 മുതല്‍ നടക്കുന്ന കണികാപരീക്ഷണം അതാണ്! എല്‍എച്ച്‌സി വഴി ശാസ്ത്രലോകം കീഴടക്കിയ ഉയരങ്ങളുടെ വലിപ്പം ബോധ്യപ്പെടുത്താണ് അത്‌ലാന്റിക്കിന് കുറുകെ സൂചിയെറിഞ്ഞ് കൊള്ളിക്കുന്ന കാര്യം സങ്കല്‍പ്പിക്കാന്‍ ഗവേഷകര്‍ ആവശ്യപ്പെട്ടത്. 

ചരിത്രത്തിലെ ഏറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ് എല്‍എച്ച്‌സി. പതിനായിരം കോടി ഡോളര്‍ ചെലവില്‍ ആ കൊളൈഡര്‍ രൂപകല്‍പ്പനചെയ്ത് നിര്‍മിക്കാന്‍ 20 വര്‍ഷം വേണ്ടിവന്നു. കേവല പൂജ്യത്തിനടത്ത താപനിലയില്‍ സൂക്ഷിച്ചിട്ടുള്ള നൂറുകണക്കിന് അതിചാലക കാന്തങ്ങള്‍ എല്‍എച്ച്‌സിയുടെ 27 കിലോമീറ്റര്‍ ടണലിലൂടെ പ്രോട്ടോണ്‍ ധാരകളെ പ്രകാശവേഗത്തിനടുത്ത് എതിര്‍ദിശകളില്‍ ത്വരിപ്പിക്കുന്നു. അവ പരസ്പരം കൂട്ടിയിടിച്ച് ചിതറുകയാണ് കണികാപരീക്ഷണത്തില്‍ സംഭവിക്കുന്നത്. 

പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കാന്‍ എല്‍എച്ച്‌സിയിലെ കണികാകൂട്ടിയിടികള്‍ സഹായിക്കുന്നു. പ്രകാശവേഗത്തിനടുത്ത് പ്രോട്ടോണുകള്‍ കൂട്ടിയിടിച്ച് ചിതറുമ്പോള്‍ അതില്‍ നിന്ന് പുറത്തുവരുന്ന സംഗതികള്‍ മുഴുവനും എല്‍എച്ച്‌സിയിലെ കണികാഡിറ്റക്ടറുകള്‍ അങ്ങേയറ്റം സൂക്ഷ്മതയോടെ റിക്കോര്‍ഡ് ചെയ്യുന്നു. ആ ഡേറ്റ ആയിരക്കണക്കിന് ഗവേഷകര്‍ വിശകലനം ചെയ്യുന്നു. യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ആണ് എല്‍എച്ച്‌സിയുടെ നടത്തിപ്പുകാര്‍. 


പ്രപഞ്ചത്തെ സൂക്ഷ്മതലത്തില്‍ വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലെ'ന്ന സിദ്ധാന്തത്തില്‍ ഇനിയും പിടികിട്ടാത്ത വിഷമപ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടുന്നതിനൊപ്പം, അതിനപ്പുറത്തേക്ക് ഫിസിക്‌സിനെ നയിക്കുക എന്നതാണ് എല്‍എച്ച്‌സിയുടെ അവതാരലക്ഷ്യം. ഒരു പ്രധാന ലക്ഷ്യം എല്‍എച്ച്‌സി ഇതിനകം നേടിക്കഴിഞ്ഞു. 'ദൈവകണം' എന്ന് വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍ 2012 ല്‍ കണ്ടെത്തിയതോടെയാണത്. പദാര്‍ഥങ്ങളുടെ ദ്രവ്യമാനത്തിന് (പിണ്ഡത്തിന്) കാരണമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണ്‍ 40 ലേറെ വര്‍ഷമായി ഭൗതികശാസ്ത്രത്തിന് വെല്ലുവിളിയായിരുന്നു.

ഡാര്‍ക്ക് മാറ്റര്‍ എന്ന ശ്യാമദ്രവ്യത്തിന്റെ സ്വഭാവംമനസിലാക്കുക, ചില സിദ്ധാന്തങ്ങള്‍ പറയുംപോലെ പ്രപഞ്ചത്തില്‍ അധിക മാനങ്ങള്‍ (എക്‌സ്ട്രാ ഡൈമന്‍ഷനുകള്‍) ഉണ്ടോ എന്നറിയുക, ഗുരുത്വബലം എന്തുകൊണ്ട് മറ്റ് ബലങ്ങളെ അപേക്ഷിച്ച് ഏറെ ദുര്‍ബലമായി അനുഭവപ്പെടുന്നു തുടങ്ങിയ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടുകയും എല്‍എച്ച്‌സിയുടെ ലക്ഷ്യങ്ങളില്‍ പെടുന്നു.

സംശയം വേണ്ട, ശാസ്ത്രസാങ്കേതികവിദ്യയുടെയും എഞ്ചിനിയറിങ്ങിന്റെയും അത്യുജ്ജ്വല വിജയമാണ് എല്‍എച്ച്‌സി. മനുഷ്യന്റെ ബൗദ്ധികമുന്നേറ്റത്തിന്റെ ഏറ്റവും വലിയ പ്രതീകം. പക്ഷേ, ഇതേ കാരണങ്ങളാല്‍ തന്നെ എല്‍എച്ച്‌സി ചില വെല്ലുവിളികളും ഉയര്‍ത്തുന്നു. അതില്‍ ഏറ്റവും പ്രധാനം, ആ കൊളൈഡര്‍ അതിന്റെ പരമാവധി ഊര്‍ജനില ഇതിനകം കൈവരിച്ചു കഴിഞ്ഞു എന്നതാണ്. മേല്‍ സൂചിപ്പിച്ച ചോദ്യങ്ങള്‍ക്ക് എല്‍എച്ച്‌സി ഉത്തരം നല്‍കിയില്ലെങ്കില്‍, അടുത്ത തലമുറ കൊളൈഡറിനായി കുറഞ്ഞത് 30 വര്‍ഷമെങ്കിലും ഗവേഷകര്‍ കാക്കേണ്ടി വരും. അത്രയും കാലം ഭൗതികശാസ്ത്രത്തിന് കാത്തിരിക്കാനാകുമോ, അവിടെയാണ് പ്രശ്‌നം. 

എക്കാലത്തും വെല്ലുവിളികള്‍ നേരിട്ടാണ് ശാസ്ത്രം ഇന്നത്തെ ഉയരങ്ങളിലെത്തിയത്. ഇപ്പോഴത്തെ വെല്ലുവിളിയും നേരിട്ടേ തീരൂ. ലോകത്ത് വിവിധഭാഗങ്ങളിലെ പുതുതലമുറ ഗവേഷകര്‍ അതിന് ഒരുങ്ങിക്കഴിഞ്ഞു. പുതിയ കൊളൈഡര്‍ വരാന്‍ കാത്തുനില്‍ക്കാതെ ചെലവുകുറഞ്ഞ സ്മാര്‍ട്ട്പരീക്ഷണങ്ങളാണ് അവര്‍ രൂപപ്പെടുത്തുന്നത്. പതിനായിരം കോടി ഡോളര്‍ ചെലവും നൂറിലേറെ രാജ്യങ്ങളില്‍ നിന്നായി പതിനായിരത്തിലേറെ ഗവേഷകരുടെ പങ്കാളിത്തവും എല്‍എച്ച്‌സിയിലെ കണികാപരീക്ഷണത്തിന് വേണമെങ്കില്‍, ഏതാനും ലക്ഷം ഡോളറും പത്തില്‍ താഴെ അംഗങ്ങളും ഒരു മേശപ്പുറവും മതി പുതിയ പരീക്ഷണങ്ങള്‍ക്ക്!


1911 ല്‍ ആറ്റമിക ന്യൂക്ലിയസ് കണ്ടുപിടിക്കുകയും ആറ്റത്തിന്റെ ഘടനയെക്കുറിച്ച് ആദ്യ ധാരണകള്‍ നല്‍കുകയും ചെയ്ത ഏണസ്റ്റ് റുഥര്‍ഫോര്‍ഡാണ് കണികാശാസ്ത്രത്തിന് നാന്ദി കുറിച്ചത്. അദ്ദേഹത്തിന്റെ പരീക്ഷണം ഒരു മേശപ്പുറത്ത് സ്ഥാപിച്ച ഉപകരണങ്ങള്‍ കൊണ്ടായിരുന്നു. ഏതാനും സഹായികളേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. അത്തരമൊരു കാലത്തിലേക്ക് ഭൗതികശാസ്ത്രത്തെ തിരിച്ചുനടത്തുകയാണ് പുതിയ ഗവേഷകരെന്ന്, 'ദി എക്കണോമിസ്റ്റ്' വാരിക (ജനു.28, 2017) റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ 'തിരിച്ചുനടത്തം' പക്ഷേ, പുതിയ ഉയരങ്ങള്‍ കീഴടക്കാനാണെന്നു മാത്രം! 'മേശപ്പുറത്തെ കണികാപരീക്ഷണങ്ങളുടെ' കാലത്തേക്കാണ് ഭൗതികശാസ്ത്രം ചുവടുവെയ്ക്കുന്നത്. 

ഇത്തരം നൂതന സ്മാര്‍ട്ട്പരീക്ഷണങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്ന പുതുതലമുറ ഗവേഷകരില്‍ പ്രധാന്യത്തോടെ ഉയര്‍ന്ന് കേള്‍ക്കുന്ന ഒരു പേര് ഇന്ത്യന്‍ വംശജനായ അമേരിക്കന്‍ ഗവേഷകന്റേതാണെന്ന കാര്യം ശ്രദ്ധേയര്‍ഹിക്കുന്നു. ബര്‍ക്ക്‌ലിയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ സുര്‍ജീത് രാജേന്ദ്രനാണ് അത്. 'സയന്‍സ് ഓസ്‌കര്‍' എന്ന വിശേഷണമുള്ള 'ബ്രേക്ക്ത്രൂ ഫൗണ്ടേഷന്‍ പ്രൈസസ്' 2016 ല്‍ നേടിയ ഗവേഷകരിലൊരാളാണ് സുര്‍ജീത് രാജേന്ദ്രന്‍. ഭൗതികശാസ്ത്രത്തിലെ കീറാമുട്ടി പ്രശ്‌നങ്ങള്‍ക്ക് ഉത്തരം തേടാന്‍ അദ്ദേഹം ആവിഷ്‌ക്കരിക്കുന്ന സ്മാര്‍ട്ട് പരീക്ഷണങ്ങളെ മുന്‍നിര്‍ത്തിയാണ് 'സയന്‍സ് ഓസ്‌കര്‍' ലഭിച്ചത്. 


ശാസ്ത്രലോകത്തിന് ഇനിയും പിടികൊടുക്കാത്ത ശ്യാമദ്രവ്യത്തിന്റെ രഹസ്യം തേടാനുദ്ദേശിച്ച്  ഡോ.രാജേന്ദ്രുനും സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ പീറ്റര്‍ ഗ്രഹാമും ചേര്‍ന്ന് കാല്‍ ഡസണ്‍ 'മേശപ്പുറ പരീക്ഷണങ്ങളാ'ണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. ശ്യാമദ്രവ്യരഹസ്യം തേടി മേശപ്പുറ പരീക്ഷണം നടത്തുന്ന മറ്റൊരു ഗവേഷകന്‍ നെതര്‍ലന്‍ഡ്‌സില്‍ ആംസ്റ്റര്‍ഡാം ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഹെന്‍ട്രിക് ബെത്‌ലം ആണ്. അതേസമയം, നെവേദ സര്‍വകലാശാലയിലെ ആന്‍ഡ്രൂ ജേറാസിയും സംഘവും ഗുരുത്വബലത്തിന്റെ രഹസ്യവും, അതുവഴി പ്രപഞ്ചത്തില്‍ അധിക മാനങ്ങള്‍ (ഡൈമന്‍ഷനുകള്‍) ഉണ്ടോ എന്നും പരിശോധിക്കാനാണ് മേശപ്പുറത്തെ ലേസര്‍ പരീക്ഷണം ഒരുക്കുന്നത്. 

ഇങ്ങനെ ഒട്ടേറെ യുവഗവേഷകര്‍, അടുത്ത കൊളൈഡറിനായി കാക്കാതെ സ്മാര്‍ട്ട് പരീക്ഷണങ്ങളുമായി രംഗത്തുണ്ട്. പുതിയ സാങ്കേതികവിദ്യകളും പുത്തന്‍ സമീപനങ്ങളുമാണ് 'മേശപ്പുറത്തെ കണികാപരീക്ഷണങ്ങള്‍'ക്ക് വഴിയൊരുക്കുന്നത്. അത്തരം ചില പരീക്ഷണങ്ങളെ നമുക്കിനി പരിചയപ്പെടാം.

ഗോലിയാത്തിനെ വീഴ്ത്താന്‍ ദാവീദുമാര്‍ 

ഒന്നാലോചിച്ചാല്‍ നമ്മുടെ ഭൂമിയുടെ കാര്യം കഷ്ടമാണ്. ഇത്രയും വലിയ ഭൂമിക്ക് ഇത്തിരി പോന്ന ഒരു കാന്തത്തിനടുത്ത് പോലും ചില കാര്യങ്ങളില്‍ നേര്‍ക്കുനേര്‍ പിടിച്ചുനില്‍ക്കാന്‍ കഴിയില്ല!

ഇത് വെറുതെ പറയുന്നതല്ല. തറയില്‍ കിടക്കുന്ന ഒരു പേപ്പര്‍ ക്ലിപ്പിന്റെ ഉദാരണമെടുക്കുക. ഭൂമി അതിന്റെ ഗുരുത്വബലം മുഴുവന്‍ ക്ലിപ്പിന് മേല്‍ ചെലുത്തുന്നുണ്ട്. എന്നിട്ടും, ചെറിയൊരു കാന്തംകൊണ്ട് ആ പേപ്പര്‍ ക്ലിപ്പിനെ പുഷ്പംപോലെ പൊക്കിയെടുക്കാം. ഭൂമിയുടെ മുഴുവന്‍ ഗുരുത്വബലത്തെയും തോല്‍പ്പിക്കാന്‍ ആ ചെറുകാന്തം മതി!

ഭൗതികശാസ്ത്രത്തിന് ഇനിയും പിടികിട്ടാത്ത സംഗതിയാണ്, എന്തുകൊണ്ട് ഗുരുത്വബലം ഇത്ര ദുര്‍ബലമായി അനുഭവപ്പെടുന്നു എന്നത്. പ്രപഞ്ചത്തില്‍ നാല് അടിസ്ഥാന ബലങ്ങളാണുള്ളത്-ആറ്റങ്ങളുടെ ന്യൂക്ലിയസിനെ ബന്ധിപ്പിച്ച് നിര്‍ത്തുന്ന അതിബലം (സ്‌ട്രോങ് ഫോഴ്‌സ്), ഭാരമേറിയ ആറ്റമിക ന്യൂക്ലീയസുകളെ പിളര്‍ത്തുകയും റേഡിയോ ആക്ടീവതയ്ക്ക് കാരണമാവുകയും ചെയ്യുന്ന ക്ഷീണബലം (വീക്ക് ഫോഴ്‌സ്), വൈദ്യുതകാന്തിക ബലം, ഗുരുത്വബലം എന്നിവ.  

ഇതില്‍ ഗുരുത്വബലം എന്തുകൊണ്ട് ഏറെ ദുര്‍ബലമായി അനുഭവപ്പെടുന്നു എന്നത് പുതിയ നൂറ്റാണ്ടില്‍ ഭൗതികശാസ്ത്രം ഉത്തരം നല്‍കേണ്ട വിഷമപ്രശ്‌നങ്ങളിലൊന്നാണ്. ചില ഗവേഷകര്‍ മുന്നോട്ടുവെയ്ക്കുന്ന വിശദീകരണം അനുസരിച്ചാണെങ്കില്‍, പ്രപഞ്ചത്തില്‍ നമുക്ക് അനുഭവേദ്യമല്ലാത്ത ചില ഡൈമന്‍ഷനുകള്‍ (മാനങ്ങള്‍) ഉണ്ട്. മറ്റ് മൂന്നു ബലങ്ങളും നമുക്ക് അനുഭവേദ്യമായ സ്‌പേസ്-ടൈമിനുള്ളില്‍ അനുഭവപ്പെടുപ്പോള്‍, ഗുരുത്വബലം അജ്ഞാതമായ ചില ഡൈമന്‍ഷനുകളില്‍ കൂടി പങ്കിട്ട് പോവുന്നു. അതുകൊണ്ടാണ് ഗുരുത്വബലം ഇത്ര ദുര്‍ബലമായി അനുഭവപ്പെടാന്‍ കാരണമെന്ന് അവര്‍ വാദിക്കുന്നു. 

യു.എസില്‍ നെവേദ സര്‍വകലാശാലയിലെ ആന്‍ഡ്രൂ ഗെരേസി രൂപകല്‍പ്പന ചെയ്തിട്ടുള്ള 'മേശപ്പുറ പരീക്ഷണം' മേല്‍സൂചിപ്പിച്ച സംഗതി പരിശോധിക്കാനുള്ളതാണ്. ഗുരുത്വബലത്തിന്റെ സ്വഭാവം മനസിലാക്കുന്നതിനൊപ്പം, പ്രപഞ്ചത്തില്‍ അധിക ഡൈമന്‍ഷനുകളുണ്ടോ എന്നറിയാനും. 


ഒരു മീറ്ററിന്റെ 30000 കോടിയിലൊരംശം മാത്രം വിസ്താരമുള്ള ഒരു സ്മടികമുത്താണ് ഈ പരീക്ഷണത്തിലുപയോഗിക്കുന്നത്. ഒരു ശൂന്യഅറയില്‍ ലേസര്‍ധാരകളാല്‍ താങ്ങിനിര്‍ത്തിയിരിക്കുകയാണ് സ്ഫടികമുത്തിനെ. ഈ സ്ഫടികമുത്ത് ലേസര്‍കിരണങ്ങളെ ചിതറിപ്പിച്ച് ഒരു ഡിറ്റക്ടറില്‍ വീഴ്ത്തും. സ്ഫടികമുത്തില്‍ ഒരു ബലം പ്രയോഗിക്കപ്പെട്ടാല്‍, ലേസര്‍ പ്രകാശരാജിയുടെ വ്യത്യാസം മനസിലാക്കി സ്ഫടികമുത്തിന്റെ പുതിയ സ്ഥാനം നിര്‍ണിയിക്കാം. ഒരു 'ന്യൂട്ടണ്‍' ബലത്തിന്റെ കോടാനുകോടിയിലൊരംശം പോലും പ്രയോഗിക്കപ്പെട്ടാല്‍ ഈ ഉപകരണത്തിനത് അതളക്കാനാകുമെന്ന് കഴിഞ്ഞ വര്‍ഷം ഗെരേസിയും സംഘവും 'ഫിസിക്കല്‍ റിവ്യൂ' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നു (ഒരു ആപ്പിളിന് മേല്‍ നമ്മുടെ ഭൂമി പ്രയോഗിക്കുന്ന ബലത്തിന്റെ അളവാണ് ഒരു ന്യൂട്ടണ്‍).  

രണ്ട് വസ്തുക്കള്‍ തമ്മിലുള്ള അകലം 100 മൈക്രോണില്‍ താഴെയാണെങ്കില്‍, അധിക ഡൈമന്‍ഷനുകള്‍ കണ്ടെത്താം എന്ന് ചില സിദ്ധാന്തങ്ങള്‍ പറയുന്നു (ഒരു മൈക്രോണ്‍ = ഒരു മീറ്ററിന്റെ പത്തുലക്ഷത്തിലൊരംശം). അങ്ങേയറ്റം വെല്ലുവിളി നിറഞ്ഞതാണെങ്കിലും, ഡോ.ഗരേസിയുടെ പരീക്ഷണം അതിനുള്ള ഒരു വഴി തുറന്നു തരുന്നു. ഓര്‍ക്കുക ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (എല്‍എച്ച്‌സി) കണികാപരീക്ഷണത്തിന്റെ ലക്ഷ്യങ്ങളിലൊന്ന് അധിക ഡൈമന്‍ഷനുകളുണ്ടോ എന്ന് പരിശോധിക്കലാണ്. 

ശ്യാമദ്രവ്യം (ഡാര്‍ക്ക് മാറ്റര്‍) ആണ് 'മേശപ്പുറത്തെ കണികാപരീക്ഷണങ്ങള്‍' ലക്ഷ്യംവെക്കുന്ന മറ്റൊരു മേഖല. പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തില്‍ 96 ശതമാനവും ശ്യാമോര്‍ജവും ശ്യാമദ്രവ്യവും എന്നാണ് കണക്ക്. വെറും നാല് ശതമാനമേയുള്ളൂ നമുക്ക് അനുഭവേദ്യമായ പ്രപഞ്ചം. എന്താണ് ശ്യാമദ്രവ്യമെന്ന് വ്യക്തമല്ല, ശ്യാമോര്‍ജത്തെക്കുറിച്ച് അത്രകൂടി പിടിയില്ല. ഗാലക്‌സികളുടെ സ്വയംഭ്രമണത്തില്‍ നിന്ന് ശ്യാമദ്രവ്യത്തിന്റെ സാന്നിധ്യം പരോക്ഷമായി തെളിയിച്ചിട്ടുണ്ടെങ്കിലും, സംഭവം നേരിട്ട് നിരീക്ഷിക്കാനോ അതിന്റെ സ്വഭാവം മനസിലാക്കാനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ബലങ്ങളെ വഹിക്കുന്ന 'ആക്‌സിയണുകള്‍', 'ഡാര്‍ക്ക് പ്രോട്ടോണുകള്‍' തുടങ്ങിയ കണങ്ങളാകാം ശ്യാമദ്രവ്യത്തിന്റെ ഉള്ളടക്കമെന്നും, സാധാരണപദാര്‍ഥകണങ്ങളുമായി തീരെ ഇടപഴകാത്തതാണ് അവ അദൃശ്യമായിരിക്കാന്‍ കാരണമെന്നും ഗവേഷകര്‍ കരുതുന്നു. 

നെതര്‍ലന്‍ഡ്‌സില്‍ ആംസ്റ്റര്‍ഡാം ഫ്രീ യൂണിവേഴ്‌സിറ്റിയിലെ ഹെന്‍ട്രിക് ബെത്‌ലം എന്ന ഗവേഷകന്‍ അമോണിയ തന്മാത്രകള്‍ കൊണ്ട് നടത്തുന്ന നൂതന ഗവേഷണം ശ്യാമദ്രവ്യത്തെ കുടുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ്. 'മോളിക്യുലാര്‍ ഫൗണ്ടന്‍' എന്നൊരു ഉപകരണമാണ് ഇതിനായി ബെത്‌ലം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. അമോണിയം തന്മാത്രകളെ വൈദ്യുതസ്പന്ദനം ചെലുത്തി വായുനിറഞ്ഞ ഒരു അറയുടെ മുകളില്‍ എത്തിച്ചിട്ട് ഗുരുത്വാകര്‍ഷണത്താല്‍ അവയെ താഴേക്ക് സാവധാനം വീഴിക്കുകയാണ് പരീക്ഷണത്തില്‍ ചെയ്യിക്കുക. അങ്ങനെ താഴേക്ക് പതിക്കുന്ന ഓരോ തന്മാത്രയും ലേസറുപയോഗിച്ച് നിരീക്ഷിക്കുകയും സ്‌പെക്ട്രോസ്‌കോപ്പി വഴി പരിശോധിക്കുകയും ചെയ്യും. അത്യധികം കൃത്യതയോടെ നടത്തപ്പെടുന്ന ഈ പരിശോധനയില്‍ തന്മാത്രയ്ക്കുള്ളിലെ ഇലക്ട്രോണുകളുടെ ഊര്‍ജനിലയാണ് പരിഗണിക്കപ്പെടുക. ഇലക്ട്രോണുകളുടെയും, തന്മാത്രയുടെ ഭാഗമായ ആറ്റങ്ങളിലെ പ്രോട്ടോണുകളുടെയും ദ്രവ്യമാനങ്ങളുടെ അനുപാതം ഇതുവഴി നിര്‍ണയിക്കാം. പ്രപഞ്ചത്തിലെ എല്ലാ ഇലക്ട്രോണുകളും പ്രോട്ടോണുകളും തുല്യമാകയാല്‍, ഏതെങ്കിലും തരത്തിലുള്ള സ്വാധീനമില്ലെങ്കില്‍ ഈ അനുപാതത്തില്‍ മാറ്റമുണ്ടാകില്ല. ആക്‌സിയണുകളും ഡാര്‍ക്ക് ഫോട്ടോണുകളും ഉണ്ടെങ്കില്‍, അവയുടെ സ്വാധീനം ഈ പരീക്ഷണത്തില്‍ അനുഭവപ്പെടും, അനുപാതത്തില്‍ മാറ്റമുണ്ടാകും. 


യുഎസിലെ ബര്‍ക്ക്‌ലിയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ ഇന്ത്യന്‍ വംശജന്‍ സുര്‍ജീത് രാജേന്ദ്രനും സ്റ്റാന്‍ഫഡ് യൂണിവേഴ്‌സിറ്റിയിലെ പീറ്റര്‍ ഗ്രഹാമും ചേര്‍ന്ന് രൂപകല്‍പ്പന ചെയ്തിട്ടുള്ള നൂതന പരീക്ഷണങ്ങളും ശ്യാമദ്രവ്യം ലക്ഷ്യമാക്കിയുള്ളതാണ്. ഇരുവരും ചേര്‍ന്ന് ഒരു 'ഡാര്‍ക്ക് മാറ്റര്‍ റേഡിയോ'യ്ക്കാണ് രൂപംനല്‍കുന്നത്. 'സ്‌ക്വിഡ്' (SQUID) എന്ന പേരിലുള്ള അത്യന്തം സംവേദനക്ഷമതയേറിയ മാഗ്നറ്റോമീറ്ററും, സാധാരണ റേഡിയോ ട്യൂണ്‍ ചെയ്യാനുപയോഗിക്കുന്ന തരത്തിലൊരു റെസൊനന്റ് സര്‍ക്കീട്ടും (അനുനാദ സര്‍ക്കീട്ട്) ആണ് ഡാര്‍ക്ക്മാറ്റര്‍ റേഡിയോയുടെ ഭാഗങ്ങള്‍. പുറമേ നിന്നുള്ള കാന്തികമണ്ഡലങ്ങളുടെ ഒരുവിധ സ്വാധീനവും ഉണ്ടാകാത്ത വിധം നിര്‍മിച്ച, 170 സെന്റീമീറ്റര്‍ പൊക്കവും 17 സെന്റീമീറ്റര്‍ വീതിയുമുള്ള ഒരു പെട്ടിക്കുള്ളിലാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. ആക്‌സിയണുകളും രഹസ്യ പ്രോട്ടോണുകളും നടത്തുന്ന പ്രേരണയാല്‍ വൈദ്യുതകാന്തിക തരംഗങ്ങള്‍ സൃഷ്ടിക്കപ്പെടും. റേഡിയോ തരംഗങ്ങളുടെ ആവര്‍ത്തിയുള്ള തരംഗങ്ങളാകും അവയെന്ന് ഗവേഷകര്‍ പ്രവചിക്കുന്നു. തങ്ങളുടെ സക്വിഡ് റേഡിയോ ട്യൂണ്‍ ചെയ്ത് ശ്യാമദ്രവ്യത്തെ 'ശ്രവിക്കാ'മെന്ന് ഗവേഷകര്‍ പറയുന്നു.

ശ്യാമദ്രവ്യ രഹസ്യം തേടാന്‍ രാജേന്ദ്രനും ഗ്രഹാമും മുന്നോട്ടുവെച്ചിട്ടുള്ള മറ്റൊരു മേശപ്പുറ പരീക്ഷണ ആശയം 'കാസ്പര്‍ വിന്‍ഡ്' (CASPEr Wind) എന്ന പേരിലുള്ളതാണ്. ഒരു ഘനസെന്റീമീറ്റര്‍ ദ്രാവക സ്‌കീനോണ്‍ ആണ് ഈ പരീക്ഷണത്തിനുപയോഗിക്കുന്നത്. സ്‌കീനോണിലൂടെ ആക്‌സിയണുകള്‍ കടന്നു പോകുമ്പോള്‍, അതിലെ ആറ്റമിക ന്യൂക്ലിയസുകള്‍ക്ക് ചാഞ്ചാട്ടമുണ്ടാകും. അതിന്റെ ഫലമായുണ്ടാകുന്ന കാന്തികമണ്ഡലത്തെ സ്‌ക്വിഡ് മാഗ്നറ്റോമീറ്ററിന് നിര്‍ണയിക്കാന്‍ സാധിക്കും. ജര്‍മനയില്‍ ജോഹന്നാസ് ഗുട്ടന്‍ബര്‍ഗ് സര്‍വ്വകലാശാലയിലെ ദിമിത്രി ബുദ്ക്കറും സംഘവും ഈ പരീക്ഷണം ഇപ്പോള്‍ രൂപപ്പെടുത്തുകയാണ്. 


ഡോ.രാജേന്ദ്രനും സംഘവും മുന്നോട്ടുവെയ്ക്കുന്ന മറ്റൊരു പരീക്ഷണം 'കാസ്പര്‍ ഇലക്ട്രിക്' (CASPEr Electric) ആണ്. എളുപ്പത്തില്‍ കാന്തികധ്രുവണം സാധ്യമാകുന്ന ഫെറോഇലക്ട്രിക് പദാര്‍ഥമായ ലെഡ് ടൈറ്റനേറ്റ് ആണ് ഈ പരീക്ഷണത്തിലുപയോഗിക്കുന്നത്. ആക്‌സിയണുകള്‍ ആറ്റമിക് ന്യൂക്ലിയസിലുണ്ടാക്കുന്ന സൂക്ഷകാന്തിക ധ്രുവണം നിര്‍ണയിക്കുകയും, അതുവഴി ആക്‌സിയണുകളുടെ അസ്തിത്വം സ്ഥിരീകരിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. 

പ്രപഞ്ചരഹസ്യങ്ങള്‍ തേടാന്‍, ഇതുപോലെ ഒട്ടേറെ നൂതന പരീക്ഷണങ്ങളാണ് പുതുതലമുറ ഗവേഷകര്‍ രൂപപ്പെടുത്തുന്നത്. കോടാനുകോടികള്‍ ചെലവിട്ട് നിര്‍മിച്ച എല്‍എച്ച്‌സിയുടെ ലക്ഷ്യങ്ങള്‍ തന്നെയാണ്, ഏതാനും ലക്ഷങ്ങള്‍ മാത്രം ചെലവു വരുന്ന ഇത്തരം സ്മാര്‍ട്ട് പരീക്ഷണങ്ങള്‍ക്കുമുള്ളത്. ഗോലിയാത്തിനെ വീഴ്ത്താന്‍ ദാവീദുകള്‍ എത്തുന്ന കാലത്തേക്ക് ഭൗതികശാസ്ത്രം ചുവടുവെയ്ക്കുന്നു എന്നര്‍ഥം! (വിവരങ്ങള്‍ക്ക് കടപ്പാട്: The Economist; bigthink.com; Physics Buzz Blog). 

(ചിത്രങ്ങള്‍: 1. ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍.ചിത്രം കടപ്പാട്: സേണ്‍; 2. എല്‍എച്ച്‌സിയിലെ കണികാപരീക്ഷണം. ചിത്രം കടപ്പാട്: സേണ്‍; 3. ഏണസ്റ്റ് റുഥര്‍ഫോര്‍ഡ്. ചിത്രം കടപ്പാട്: വിക്കിപീഡിയ; 4. സുര്‍ജീത് രാജേന്ദ്രന്‍. ചിത്രം കടപ്പാട്: യു സി ബെര്‍ക്ക്‌ലി; 5. ആന്‍ഡ്രൂ ഗെരേസി പരീക്ഷണമേശയ്ക്കരികില്‍. ചിത്രം കടപ്പാട്: PHYS.ORG; 6. ഹെന്‍ട്രിക് ബെത്‌ലമും (വലത്ത്) സഹപ്രവര്‍ത്തകനും 'മോളിക്യുലാര്‍ ഫൗണ്ടനും'. ചിത്രം കടപ്പാട്: ഹെന്‍ട്രിക് ബെത്‌ലം; 7. ഡാര്‍ക്ക് മാറ്റര്‍ റേഡിയോ)

-  ജോസഫ് ആന്റണി 

* മാതൃഭൂമി നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്

ഗ്രഹവേട്ടയുടെ 25 വര്‍ഷങ്ങള്‍


സൗരയൂഥം, അതില്‍ ഭൂമിയെന്ന ഗ്രഹം. ജീവനുണ്ടെന്ന് നമുക്കിപ്പോള്‍ ഉറപ്പിച്ച് പറയാവുന്ന പ്രപഞ്ചത്തിലെ ഏകസ്ഥലം. 

സൗരയൂഥത്തിന് പുറത്തും ഗ്രഹങ്ങളില്ലേ, അവയിലും ഭൂമിയിലെ സാഹചര്യങ്ങള്‍ ഉണ്ടായിക്കൂടേ, ജീവന്‍ സാധ്യമായിക്കൂടേ-മനുഷ്യജിജ്ഞാസയുടെ ആഴങ്ങളെ സ്പര്‍ശിക്കുന്ന ഈ ചിന്തയാണ് സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങള്‍ കണ്ടുപിടിക്കാന്‍ നമ്മളെ മുഖ്യമായും പ്രേരിപ്പിക്കുന്നത്. 

മറ്റെവിടെയെങ്കിലും ജീവന്‍ നിലനില്‍ക്കുന്നുണ്ടോ എന്നത് മനുഷ്യന്റെ ആദിമജിജ്ഞാസകളിലൊന്നാണ്. ഏറെ ചിന്തകരും ശാസ്ത്രജ്ഞരും ഇക്കാര്യത്തില്‍ തര്‍ക്കിച്ചിട്ടുണ്ട്, സിദ്ധാന്തങ്ങളും നിഗമനങ്ങളും വന്നിട്ടുണ്ട്. 1960 കളില്‍ അമേരിക്കന്‍ ഗവേഷകനായ ഫ്രാങ്ക് ഡ്രേക്ക് ഒരു ഗണിതസമവാക്യത്തിന് തന്നെ രൂപംനല്‍കി. പ്രപഞ്ചത്തില്‍ എത്രയിടത്ത് ജീവന്റെ സാന്നിധ്യം ഉണ്ടാകാമെന്ന് കണക്കാനുള്ള സമവാക്യം. ഡ്രേക്കിന്റെ സമവാക്യമനുസരിച്ച് നമ്മുടെ ഗാലക്‌സിയായ ക്ഷീരപഥത്തില്‍ മാത്രം ലക്ഷക്കണക്കിന് ഇടങ്ങളില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ട്!

ഓര്‍ക്കുക, പതിനായിരം കോടി മുതല്‍ നാല്പതിനായിരം കോടി വരെ നക്ഷത്രങ്ങള്‍ കണ്ടേക്കാവുന്ന ഒരു സാധാരണ ഗാലക്‌സിയാണ് ക്ഷീരപഥം. ഇതുപോലെ പതിനാലായിരം കോടിയിലേറെ ഗാലക്‌സികള്‍ പ്രപഞ്ചത്തിലുണ്ടെന്നാണ് കണക്ക്. അപ്പോള്‍, ഡ്രേക്കിന്റെ സമവാക്യമനുസരിച്ച് പ്രപഞ്ചത്തില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ള ഇടങ്ങളുടെ എണ്ണം അമ്പരപ്പിക്കുംവിധം വലുതാകുന്നു. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും, ജീവനുള്ളതായി നമുക്ക് അറിവുള്ളത് ഭൂമിയില്‍ മാത്രം! 

നിരാശാജനകമായ അവസ്ഥയാണിത്. ഇതിനുള്ള മറുമരുന്നാണ് സൗരയൂഥത്തിന് വെളിയില്‍ ഗ്രഹങ്ങളെ കണ്ടെത്തുക, അവയില്‍ ജീവന്‍ നിലനില്‍ക്കാന്‍ സാഹചര്യമുണ്ടോ എന്ന് പഠിക്കുക എന്നത്. ഇതിനുള്ള ശ്രമം ഏറെക്കാലമായി ശാസ്ത്രലോകം നടത്തുന്നുണ്ടെങ്കിലും, സൗരയൂഥത്തിന് പുറത്ത് ആദ്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ട് അധിക കാലമായിട്ടില്ല. കൃത്യമായി പറഞ്ഞാല്‍, സൗരയൂഥത്തിന് പുറത്ത് ആദ്യ ഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ട് കഴിഞ്ഞ മാസം 25 വര്‍ഷം തികഞ്ഞതേയുള്ളൂ. 

പോളണ്ടില്‍ ജനിച്ച അലക്‌സ് വോള്‍സ്റ്റാന്‍, കനേഡിയന്‍ വംശജനായ ഡെയ്ല്‍ ഫ്രെയ്ല്‍ എന്നിവര്‍ ചേര്‍ന്നാണ് സൗരയൂഥത്തിന് വെളിയില്‍ രണ്ട് ഗ്രഹങ്ങളെ ആദ്യമായി തിരിച്ചറിയുന്നത്. ആ കണ്ടുപിടുത്തത്തിന്റെ വിവരം 1992 ജനുവരി 9 ന് 'നേച്ചര്‍' ജേര്‍ണലില്‍ വന്ന പഠനറിപ്പോര്‍ട്ട് (https://goo.gl/dEROAI) വഴി ഇരുവരും ലോകത്തെ അറിയിച്ചു. ഭൂമിയില്‍ നിന്ന് 2300 പ്രകാശവര്‍ഷമകലെ ഒരു പള്‍സറിനെ (പള്‍സര്‍ എന്നാല്‍ ഭ്രമണംചെയ്യുന്ന ന്യൂട്രോണ്‍ താരം) ചുറ്റുന്ന ഗ്രഹങ്ങളായിരുന്നു അവ. ഭൂമിയെ അപേക്ഷിച്ച് നാലുമടങ്ങ് ദ്രവ്യമാനമുള്ളവ. പ്യൂര്‍ട്ടോ റിക്കോയിലെ 'അരിസിബ ഒബ്‌സര്‍വേറ്ററി' ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലാണ് അവയെ തിരിച്ചറിഞ്ഞത്. 

അതേ ന്യൂട്രോണ്‍ താരത്തെ ചുറ്റുന്ന മൂന്നാമതൊരു ഗ്രഹത്തെ 1994ല്‍ വോള്‍സ്റ്റാന്‍ തിരിച്ചറിഞ്ഞു. ഇത്തവണ മെസീജ് കൊനാക്കിയെന്ന സഹപ്രവര്‍ത്തകനൊപ്പമായിരുന്നു കണ്ടെത്തല്‍.

മാതൃനക്ഷത്രമായ ആ ന്യൂട്രോണ്‍ താരത്തിന്റെ ചുവടുപിടിച്ച് PSR1257+12b, PSR1257+12c, PSR1257+12d എന്നിങ്ങനെ പരിതാപകരമായ പേരുകളാണ് ആ വിദൂരഗ്രഹങ്ങള്‍ക്ക് ലഭിച്ചത്. ഇത്തിരി ഗമയുള്ള പേരൊക്കെ വരാന്‍ രണ്ടു പതിറ്റാണ്ടെടുത്തു. ഒരു പേരിടല്‍ മത്സരം തന്നെ അതിന് വേണ്ടിവന്നു. ഒടുവില്‍ 2015 ആയപ്പോള്‍ Draugr, Poltergeist, Phobetor എന്നീ പേരുകള്‍, സൗരയൂഥത്തിന് വെളിയില്‍ മനുഷ്യന്‍ തിരിച്ചറിഞ്ഞ ആദ്യ ഗ്രഹങ്ങള്‍ക്ക് ലഭിച്ചു. 

മേല്‍സൂചിപ്പിച്ച അന്യഗ്രഹങ്ങളുടെ പ്രശ്‌നം അവ നമ്മുടെ സൂര്യനെപ്പോലൊരു നക്ഷത്രത്തെ ചുറ്റുന്നവ ആയിരുന്നില്ല എന്നതാണ്. അവയുടെ മാതൃനക്ഷത്രം ഒരു പള്‍സറായിരുന്നു. സൂര്യനെപ്പോലൊരു നക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന അന്യഗ്രഹത്തെ കണ്ടെത്താന്‍ 1995 ഒക്ടോബര്‍ വരെ കാക്കേണ്ടി വന്നു. മൈക്കല്‍ മേയര്‍, ദിഡീര്‍ ക്വെലൊസം എന്നിവര്‍ കണ്ടെത്തിയ ആ അന്യഗ്രഹത്തിന്റെ പേര്  '51 പെഗാസി ബി' എന്നാണ്. 

കണ്ടെത്തല്‍ തുടക്കത്തില്‍ മന്ദഗതിയിലായിരുന്നെങ്കിലും, പിന്നീട് കഥ മാറി. സാങ്കേതികവിദ്യയും നിരീക്ഷണ ഉപാധികളും പുരോഗമിച്ചു. തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചു. വിക്കിപീഡിയ പ്രകാരം 3560 ഗ്രഹങ്ങളെ സൗരയൂഥത്തിന് വെളിയില്‍ ഇതുവരെ മനുഷ്യന്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. അതില്‍ 2331 എണ്ണവും 2009 മാര്‍ച്ചില്‍ നാസ വിക്ഷേപിച്ച കെപ്ലര്‍ സ്‌പേസ് ടെലിസ്‌കോപ്പിന്റെ സംഭാവനയാണ്! ഭൂമിയുടെ അത്ര വലുപ്പമുള്ള 'കെപ്ലാര്‍-20എഫ്' എന്നത് പോലുള്ളവയും അതില്‍ ഉള്‍പ്പെടുന്നു. കെപ്ലര്‍ ശരിക്കുമൊരു ഗ്രഹവേട്ട തന്നെ നടത്തി എന്നര്‍ഥം. 

വിദൂരനക്ഷത്രങ്ങളെ ചുറ്റുന്ന ഭൂമിക്ക് സമാനമായ ഗ്രഹങ്ങള്‍ തിരിച്ചറിയുക, അത്തരം ഗ്രഹങ്ങളില്‍ ജീവന്റെ മുദ്രയുണ്ടോ എന്ന് പരിശോധിക്കുക-ഇതായിരുന്നു കെപ്ലര്‍ ടെലിസ്‌കോപ്പിന്റെ ദൗത്യം. വിദൂരനക്ഷത്രങ്ങള്‍ക്ക് മുന്നിലൂടെ ഗ്രഹങ്ങള്‍ കൃത്യമായ ഇടവേളകളില്‍ സഞ്ചരിക്കുമ്പോള്‍, നക്ഷത്രവെളിച്ചത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കണക്കാക്കി ഗ്രഹസാന്നിധ്യം മനസിലാക്കുന്ന 'സംതരണ രീതി'യാണ് കെപ്ലറുപയോഗിച്ച് ഗ്രഹങ്ങളെ തിരിച്ചറിയാന്‍ ഗവേഷകര്‍ അവലംബിച്ച മാര്‍ഗ്ഗം. 


ഈ മേഖലയില്‍ അതിശയകരമായ ഒരു കണ്ടെത്തല്‍ ജ്യോതിശാസ്ത്രജ്ഞര്‍ നടത്തിയത് 2016 ലാണ്. സൂര്യന് തൊട്ടയല്‍പക്കത്തുള്ള പ്രോക്‌സിമ സെന്റൗറി നക്ഷത്രത്തെ ചുറ്റുന്ന ഭൂമിയെപ്പോലൊരു ഗ്രഹം ഉണ്ടെന്നതായിരുന്നു ആ കണ്ടെത്തല്‍. ജീവന്‍ നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്ന ഗ്രഹത്തിന് 'പ്രോക്‌സിമ ബി' എന്നാണ് പേരിട്ടിരിക്കുന്നത്. സൂര്യനില്‍നിന്ന് വെറും 4.2 പ്രകാശവര്‍ഷമകലെയാണ് അതിന്റെ സ്ഥാനം. 

'വിദൂര നക്ഷത്രങ്ങളില്‍ ഗ്രഹസംവിധാനങ്ങള്‍ സാധാരണമാണ് എന്ന പ്രവചനം ശരിവെയ്ക്കുന്ന സൂചനകളാണ് തുടക്കം മുതല്‍ ലഭിച്ചത്. വളരെ വൈവിധ്യമേറിയ ഘടനകളുള്ള ഗ്രഹസംവിധാനങ്ങള്‍ ഉണ്ടാകാം. സൗരയൂഥത്തെ കുറിച്ചുള്ള അറിവ് മാത്രം വെച്ച് അവയെക്കുറിച്ച് ചിന്തിക്കാന്‍ നമുക്കാവില്ല' - ആദ്യ അന്യഗ്രഹങ്ങള്‍ കണ്ടുപിടിച്ചവരില്‍ ഒരാളായ അലക്‌സ് വോള്‍സ്റ്റാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ഇത് സത്യമാണെന്ന് അന്യഗ്രഹങ്ങളെക്കുറിച്ച് ഇതിനകം ലഭിച്ച വിവരങ്ങള്‍ പരിശോധിച്ചാല്‍ നമുക്ക് മനസിലാകും. 

ഇത്രയും വായിക്കുമ്പോള്‍, 'ഹോ, വെറും 25 വര്‍ഷംകൊണ്ട് 3500 ലേറെ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞോ' എന്ന് അത്ഭുതപ്പെടുന്നവരുണ്ടാകാം. അത്തരക്കാരുടെ അറിവിലേക്കായി പറയട്ടെ, 'അടിയൊന്നുമായിട്ടില്ല, വടിവെട്ടാന്‍ പോയിട്ടേയുള്ളൂ' എന്ന് പറയുംപോലെയാണ് കാര്യങ്ങള്‍. പുതിയ ടെക്‌നോളജികള്‍ കാര്യങ്ങളുടെ ആവേഗം വര്‍ധിപ്പിക്കാന്‍ പോവുകയാണ്. നാസയുടെ പുതുതലമുറ 'ജെയിംസ് വെബ്ബ് സ്‌പേസ് ടെലിസ്‌കോപ്പ്' അടുത്തവര്‍ഷം വിക്ഷേപിക്കുന്നതോടെ കാര്യങ്ങള്‍ അടിമുടി മാറും. 

കഴിഞ്ഞ 25 വര്‍ഷത്തേതിലും കൂടുതല്‍ അന്യഗ്രഹങ്ങള്‍ അടുത്ത കാല്‍നൂറ്റാണ്ടുകാലം കൊണ്ട് തിരിച്ചറിയാന്‍ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. അത്തരമേതെങ്കിലുമൊരു ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യമെന്ന ആ പരമമായ പ്രതീക്ഷയും സഫലമായേക്കാം. ഏതായാലും നമുക്ക് കാത്തിരിക്കാം.

(ചിത്രങ്ങള്‍ 1. ഭൂമിയുടെ ഏതാണ്ട് വലുപ്പമുള്ള 'കെപ്ലാര്‍-20എഫ്' എന്ന അന്യഗ്രഹം, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ; 2. അലക്‌സ് വോള്‍സ്റ്റാന്‍. ചിത്രം കടപ്പാട്: പെന്‍ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റി; 3. ഡെയ്ല്‍ ഫ്രെയ്ല്‍. ചിത്രം കടപ്പാട്: നാഷണല്‍ റേഡിയോ അസ്‌ട്രോണമി ഒബ്‌സര്‍വേറ്ററി, ന്യൂ മെക്‌സിക്കോ; 4. ആദ്യമായി മനുഷ്യന്‍ തിരിച്ചറിഞ്ഞ അന്യഗ്രഹങ്ങള്‍, ചിത്രകാരന്റെ ഭാവന. ചിത്രം കടപ്പാട്: നാസ/ജെപിഎല്‍; 5. 2331 അന്യഗ്രഹങ്ങളെ തിരിച്ചറിയാന്‍ സഹായിച്ച കെപ്ലാര്‍ ടെലിസ്‌കോപ്പ്. ചിത്രം കടപ്പാട്: നാസ)

- ജോസഫ് ആന്റണി

* മാതൃഭൂമി നഗരം പേജില്‍ (ഫെബ്രുവരി 27, 2017) പ്രസിദ്ധീകരിച്ചത്

Wednesday, March 01, 2017

ജാഫര്‍പാലോട്ടിയെന്ന കടന്നലും ജാനകിഅമ്മാള്‍ എന്ന പൂമരവുംശാസ്ത്രീയനാമങ്ങളെന്ന് കേള്‍ക്കുമ്പോഴേ ഉള്ളില്‍ പേടി തോന്നുന്നയാളാണ് ഞാന്‍-പണ്ടും ഇന്നും. മിക്കവരുടെയും സ്ഥിതി ഇതുതന്നെ. 

എന്നാല്‍, കേരളത്തില്‍ നിന്ന് അടുത്തയിടെ തിരിച്ചറിഞ്ഞ കടന്നലിന്റെ പേര് കേട്ടപ്പോള്‍ പേടിയല്ല, സന്തോഷമാണുണ്ടായത്. ഏറെ വര്‍ഷങ്ങളായി എനിക്ക് പരിചയമുള്ള സുഹൃത്ത് ഡോ.മുഹമ്മദ് ജാഫര്‍ പാലോട്ടിന്റെ പേരാണ് അതിന് നല്‍കിയിരിക്കുന്നത്-'പാരാന്‍സിസ്‌ട്രോസിറസ് ജാഫര്‍പാലോട്ടി' (Parancistrocerus jaferpaloti). സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കോഴിക്കോട് മേഖലാകേന്ദ്രത്തിലെ ഗവേഷകനാണ് കണ്ണൂര്‍ പഴയങ്ങാടി സ്വദേശിയായ ജാഫര്‍ പാലോട്ട്.  

സസ്യങ്ങളുടെയും ജീവികളുടെയും ശാസ്ത്രീയനാമമെന്ന 'ഭീകരത'യ്ക്ക് അയവ് വരുന്നത് ഇത്തരം ചില സന്ദര്‍ഭങ്ങളിലാണ്. നമുക്ക് പരിചിതമായ മലയാളം പേരുകളാണെങ്കില്‍ പ്രത്യേകിച്ചും. പേരിന് ഉടമകളായവരുടെ പ്രവര്‍ത്തനങ്ങളെ ആദരിക്കല്‍ കൂടിയാണ് ഇത്തരം പേരിടല്‍. 

ഇത്രയും പറഞ്ഞതുകൊണ്ട്, ജീവികള്‍ക്കും സസ്യങ്ങള്‍ക്കും മലയാളനാമങ്ങള്‍ നല്‍കുന്നത് പുതിയ ഏര്‍പ്പാടാണെന്ന് കരുതരുത്. ലാറ്റിന്‍വത്ക്കരിച്ച രണ്ട് വാക്കുകളില്‍ ഏത് സസ്യ / ജീവി  ഇനത്തെയും ദ്യോതിപ്പിക്കുന്നതിന് 'ദ്വിനാമകരണസമ്പ്രദായം' എന്നാണ് പറയുന്നത്. ഈ പേരിടല്‍ രീതിക്ക്  തുടക്കമിട്ട സ്വീഡിഷ് ഗവേഷകന്‍ കാള്‍ ലിനേയസ് 1753 ല്‍ പ്രസിദ്ധീകരിച്ച 'സ്പീഷീസ് പ്ലാന്റാറം' (Species Plantarum) എന്ന ഗ്രന്ഥത്തില്‍ തന്നെ സസ്യനാമങ്ങളായി ഒട്ടേറെ മലയാളം പേരുകള്‍ ഇടംപിടിച്ചിരുന്നു. പപ്പായ, തിരുതാളി, വെറ്റില, ചെമ്പകം, കണ്ടല്‍, മുരിങ്ങ, ഇലഞ്ഞി, ചിലിമ്പി (ബിലിമ്പി) എന്നിങ്ങനെ. തെക്കന്‍ സ്വീഡനില്‍ 1707 മെയ് 23 ന് ഒരു ലൂഥറാന്‍ വൈദികന്റെ മകനായി ജനിക്കുകയും പ്രമുഖ യൂറോപ്യന്‍ സര്‍വ്വകലാശാലകളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുകയും, 1742 ല്‍ ഉപ്‌സല സര്‍വ്വകലാശാലയില്‍ ബോട്ടണി മേധാവിയായി നിയമിതനാവുകയും ചെയ്ത ലിനേയസ് 1778 ലാണ് അന്തരിച്ചത്. മരിക്കും മുമ്പ് അദ്ദേഹം ഇന്നു കാണുന്ന തരത്തില്‍ ജീവലോകത്തിന്റെ ക്രമത്തിന് ബലമുള്ള അടിത്തറ സൃഷ്ടിച്ചു. 

ലിനേയസിന്റെ കാലം വരെ ജീവലോകം ക്രമരഹിതവും കുത്തഴിഞ്ഞതുമായിരുന്നു. ജീവികള്‍ക്കും സസ്യങ്ങള്‍ക്കും ഓരോ വിദഗ്ധരും തോന്നും മാതിരിയാണ് പേരിട്ടിരുന്നത്. ഇന്നത്തെ ശാസ്ത്രീയനാമങ്ങള്‍ കേട്ട് പരിഭ്രമിക്കുന്നവര്‍ അന്നത്തെ പേരുകള്‍ കേള്‍ക്കണമായിരുന്നു. ഉദാഹരണത്തിന് കാട്ടുതക്കാളിയുടെ അന്നത്തെ ശാസ്ത്രീയനാമം നോക്കുക: 'Physalis amno ramosissime ramis angulosis glabris foliis dentoserratis'. ഇതിനെ ലിനേയസ് 'ഫൈസാലിസ് ആന്‍ഗുലേറ്റ' (Physalis angulata) എന്ന് വെട്ടിയൊതുക്കി ആശയക്കുഴപ്പം അവസാനിപ്പിച്ചു. 

മാത്രമല്ല, ഒരേ ചെടിക്ക് പല വിദഗ്ധരും പല പേരുകള്‍ നല്‍കുന്നതും കടുത്ത ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. ഒരു സസ്യത്തെ അല്ലെങ്കില്‍ ജീവിയെ ലാറ്റിന്‍വത്ക്കരിച്ച രണ്ട് വാക്കുകളില്‍ നാമകരണം ചെയ്യുന്ന രീതിയാണ് ഇതിന് പരിഹാരമായി ലിനേയസ് നടപ്പിലാക്കിയത്. അതാണ് ദ്വിനാമകരണസമ്പ്രദായം. അതില്‍ ആദ്യവാക്ക് 'ജീനസി'നെയും രണ്ടാംവാക്ക് 'സ്പീഷീസി'നെയും സൂചിപ്പിക്കുന്നു. ഉദാഹരണത്തിന് നമ്മള്‍ മനുഷ്യരുടെ ശാസ്ത്രീയനാമം നോക്കുക - ഹോമോ സാപ്പിയന്‍സ്. ഇതില്‍ 'ഹോമോ' എന്നത് ജീനസിനെയും 'സാപ്പിയന്‍സ്' എന്നത് നമ്മുടെ സ്പീഷീസിനെയുമാണ് സൂചിപ്പിക്കുന്നത്. 

ഇത്രയും വായിക്കുമ്പോള്‍ സംശയം തോന്നാം, സ്വീഡനില്‍ ജനിച്ചുവളര്‍ന്ന ലിനേയസ് 1753 ല്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥത്തില്‍ എങ്ങനെ ചെമ്പകവും മുരിങ്ങയും പോലുള്ള മലയാളം സസ്യനാമങ്ങള്‍ കടന്നുകൂടി എന്ന്. ലിനേയസിന് മലയാള ഭാഷ അറിയാമായിരുന്നോ?. ഇല്ല, അദ്ദേഹത്തിന് മലയാളത്തെക്കുറിച്ച് ഒരു ധാരണയുമുണ്ടായിരുന്നില്ല. പിന്നെങ്ങനെ ഇത് സംഭവിച്ചു?

ഈ ചോദ്യത്തിന്റെ ഉത്തരം കുടികൊള്ളുന്നത് 'ഹോര്‍ത്തൂസ് മലബാറിക്കൂസ്' എന്ന ഗ്രന്ഥത്തിലാണ്. ആധുനിക സസ്യവര്‍ഗീകരണശാസ്ത്രത്തിന്റെ തുടക്കമെന്ന് കരുതാവുന്ന 'സ്പീഷീസ് പ്ലാന്റാറം' തയ്യാറാക്കാന്‍ ലിനേയസ് ആശ്രയിച്ച ഗ്രന്ഥങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന്, അതിന് 75 വര്‍ഷംമുമ്പ് ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്ന് പ്രസിദ്ധീകരിച്ച 'ഹോര്‍ത്തൂസ്' ആയിരുന്നു. 1678-1693 കാലത്ത് 12 വോള്യങ്ങളായി പ്രസിദ്ധീകരിക്കപ്പെട്ട അത് അന്നത്തെ മലബാറായ കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥമാണ്. കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ്, ഇട്ടി അച്യുതന്‍ എന്ന പ്രസിദ്ധ മലയാളി വൈദ്യരുടെ സഹായത്തോടെ ആ ഗ്രന്ഥം തയ്യാറാക്കിയത്. 'ഹോര്‍ത്തൂസി'ന്റെ ആധികാരികത അംഗീകരിച്ച ലിനേയസ്, അതിലെ മലയാളം സസ്യനാമങ്ങള്‍ തന്റെ നാമകരണഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

മലയാളം പേരുകള്‍ ജീവികളുടെയും സസ്യയിനങ്ങളുടെയും ശാസ്ത്രീയനാമമാകുന്നത് പില്‍ക്കാലത്തും തുടര്‍ന്നു. ഉദാഹരണത്തിന് യൂറോപ്പിലെ പ്രധാനപ്പെട്ട ഉദ്യാനവൃക്ഷങ്ങളിലൊന്നായ മഗ്നോളിയയുടെ ഒരു വകഭേദത്തിന്റെ പേര് മഗ്നോളിയ കോബുസ് 'ജാനകി അമ്മാള്‍' എന്നാണ്. തലശ്ശേരി സ്വദേശിയും ഇന്ത്യയിലെ ആദ്യസസ്യശാസ്ത്രജ്ഞയുമായ ഡോ.ഇ.കെ.ജാനകി അമ്മാളിന്റെ പേരിലുള്ളത്. 1940 കളില്‍ ബ്രിട്ടനില്‍ ഗവേഷണം നടത്തുന്ന കാലത്ത് മഗ്നോളിയ പൂമരത്തിന്റെ ക്രോമസോം പഠനം ജാനകി അമ്മാള്‍ കാര്യമായി നടത്തുകയുണ്ടായി. അതിന്റെ ഫലമായി രൂപപ്പെടുത്തിയ വകഭേദമാണ് ജാനികി അമ്മാളിന്റെ പേരിലുള്ള പൂമരം! 1980 കളുടെ ആദ്യപകുതിയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ സസ്യശാസ്ത്രജ്ഞനായിരുന്ന പ്രൊഫ.കെ.എസ്.മണിലാലും സംഘവും സൈലന്റ് വാലിയിലെ സസ്യസമ്പത്തിനെക്കുറിച്ച് ആധികാരികമായ പഠനം നടത്തുകയുണ്ടായി. ആ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ ഒരു ഓര്‍ക്കിഡിന് സൈലന്റ് വാലിയുടെ പേര് തന്നെ അവര്‍ നല്‍കി-'കുകുമിസ് സൈലന്റ്‌വാലീയി' (പ്രൊഫ. മണിലാലിന്റെ പേരിലും ഉണ്ട് നല് സസ്യയിനങ്ങള്‍). 

ഈ കോളത്തിനായി ചില വിവരങ്ങള്‍ ആരാഞ്ഞ് എഴുതിയപ്പോള്‍, ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലെ പ്രസിദ്ധ ഉഭയജീവി ഗവേഷകന്‍ ഡോ.സത്യഭാമ ദാസ് ബിജു (ഡോ.എസ്.ഡി.ബിജു) അയച്ചുതന്ന ലിസ്റ്റിലെ ഒരു പേര് എന്നെ അമ്പരപ്പിച്ചു. എന്റെ പഴയ സുഹൃത്തും ബോണക്കാടിനടുത്ത് അഗസ്ത്യകൂടം താഴ്‌വരയിലെ ചാത്തന്‍കോട് ട്രൈബല്‍ സെറ്റില്‍മെന്റിലെ അംഗവുമായ മല്ലന്‍ കാണിയുടെ പേരും ഒരു ജീവിക്ക് കിട്ടിയിട്ടുണ്ട് -'മൈക്രിക്‌സാലസ് മല്ലനി'! തെക്കന്‍ പശ്ചിമഘട്ടത്തില്‍ കാണപ്പെടുന്ന ഒരിനം തവളയാണിത്. ഡോ.ബിജുവിന്റെയും സംഘത്തിന്റെയും വഴികാട്ടിയായിരുന്നു മല്ലന്‍ കാണി. 1998 ല്‍ അഗസ്ത്യകൂടം താഴ്‌വരയില്‍ മല്ലന്‍ കാണിയുടെ സഹായത്തോടെയാണ് ഈ തവളയിനത്തെ അവര്‍ തിരിച്ചറിഞ്ഞത്. 'ഇന്ത്യയുടെ ഫ്രോഗ്മാന്‍' എന്ന വിശേഷണമുള്ള ഡോ.ബിജുവും സംഘവും കേരളത്തില്‍ നിന്ന് കണ്ടെത്തിയ ഒട്ടേറെ തളയിനങ്ങള്‍ക്ക് മലയാളം പേരുകളാണ് നല്‍കിയത്. സഹ്യാദ്രി, പൊന്‍മുടി, മൂന്നാര്‍, ഗവി, പെരിയാര്‍, നെല്ലിയാമ്പതി എന്നീ പേരുകളിലൊക്കെ തവളയിനങ്ങള്‍ക്ക് ലഭിച്ചത് അങ്ങനെയാണ്. ഡോ.ബിജുവിന്റെ പേരിലറിയപ്പെടുന്ന തവളയിനവുമുണ്ട് - 'ബെഡ്ഡോമിക്‌സാലസ് ബിജുയി'.

ശാസ്ത്രസാഹിത്യത്തില്‍ ഇടംനേടിയിട്ടുള്ള മലയാളം പേരുകള്‍ ഇതുകൊണ്ടൊന്നും അവസാനിക്കുന്നില്ല. മലയാളികളായ എത്രയോ ഗവേഷകര്‍ക്ക് കിട്ടിയിട്ടുള്ള ഏക അംഗീകാരം ഒരുപക്ഷേ, അവരുടെ പേരില്‍ അറിയപ്പെടുന്ന സസ്യയിനങ്ങളോ ജന്തുക്കളോ മാത്രമായിരിക്കാം. 


( ചിത്രം 1: പാരാന്‍സിസ്‌ട്രോസിറസ് ജാഫര്‍പാലോട്ടി-ഡോ.ജാഫര്‍ പാലോട്ടിന്റെ നാമത്തിലുള്ള കടന്നല്‍. ഫോട്ടോ: സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ, കോഴിക്കോട് മേഖലാകേന്ദ്രം; 2. കാല്‍ ലിനേയസ്. ചിത്രം കടപ്പാട്: വിക്കിപീഡിയ; 3. മഗ്നോളിയ കോബുസ് 'ജാനകി അമ്മാള്‍' എന്ന പൂമരം; 4. മൈക്രിക്‌സാലസ് മല്ലനി-മല്ലന്‍ കാണിയുടെ പേരിലുള്ള തവള. ഫോട്ടോ: ഡോ.എസ്.ഡി.ബിജു)

* 2017 ഫെബ്രുവരി 7ന് മാതൃഭൂമി കോഴിക്കോട് നഗരം പേജില്‍ പ്രസിദ്ധീകരിച്ചത്.

by ജോസഫ് ആന്റണി