Showing posts with label വിവരസാങ്കേതികവിദ്യ. Show all posts
Showing posts with label വിവരസാങ്കേതികവിദ്യ. Show all posts

Sunday, April 13, 2014

'മാഹീത്തെ പെമ്പിള്ളേരും' വാട്ട്‌സ്ആപ്പും


2013 ല്‍ സോഷ്യല്‍ മീഡിയ താരമാക്കിയ മലയാളിയെ മിക്കവര്‍ക്കുമറിയാം. പത്തനംതിട്ട ജില്ലയില്‍ വടശ്ശേരിക്കരയ്ക്കടുത്തുള്ള കുമ്പളാംപൊയ്കയിലെ പറങ്കിമാമൂട്ടില്‍ ചന്ദ്രലേഖ. 'ചമയം' എന്ന സിനിമയില്‍ ചിത്ര പാടിയ 'രാജഹംസമേ....' എന്ന് തുടങ്ങുന്ന പ്രശസ്തഗാനം, മകന്‍ ശ്രീറാമിനെയും ഒക്കത്തുവെച്ച് അനായാസമായി പാടുമ്പോള്‍, ദരിദ്രയായ ആ വീട്ടമ്മയോ, അത് മൊബൈലില്‍ റിക്കോര്‍ഡുചെയ്ത ഭര്‍ത്തൃസഹോദരന്‍ ദര്‍ശനോ ഓര്‍ത്തിരിക്കില്ല, ലോകമെങ്ങുമുള്ള മലയാളികള്‍ നിറഞ്ഞ മനസോടെ ഏറ്റെടുക്കാന്‍ പോകുന്ന ഗാനമായിരിക്കുമതെന്ന്.

വടശ്ശേരിക്കരയിലെ തേച്ചുമിനുക്കാത്ത അടുക്കള ചുമരിനുള്ളില്‍ അവസാനിക്കേണ്ടിയിരുന്ന ചന്ദ്രലേഖയുടെ ഗാനം 2012 ല്‍ ദര്‍ശന്‍ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്‌തെങ്കിലും, 2013 ലെ മലയാളികളുടെ സോഷ്യല്‍ മീഡിയ ആഘോഷത്തിനായി കാലം കരുതിവെച്ച ഒന്നായി അത് പരിണമിക്കുകയായിരുന്നു.

ഫെയ്‌സ്ബുക്കില്‍ ആരോ അത് ഷെയര്‍ ചെയ്യുന്നതോടെയാണ്, ആ യൂട്യൂബ് വീഡിയോയുടെ നിയോഗം മാറ്റിയെഴുതപ്പെടുന്നത്. ചന്ദ്രലേഖയുടെ ഗാനം കാട്ടുതീ പോലെ ഫെയ്‌സ്ബുക്കില്‍ പടര്‍ന്നു. നിര്‍ധനയായ ആ വീട്ടമ്മ ഏവരുടെയും വേദനയും പ്രാര്‍ഥനയുമായി മാറി. സാക്ഷാല്‍ ചിത്ര തന്നെ അവരെ തേടിയെത്തി. ചലച്ചിത്ര പിന്നണിഗാന രംഗത്ത് ചന്ദ്രലേഖയെത്തേടി അവസരങ്ങളെത്തി.

ഫെയ്‌സ്ബുക്കും അജ്ഞാതരായ ആയിരക്കണക്കിന് ഫെയ്‌സ്ബുക്ക് മലയാളികളും ചേര്‍ന്ന് ചന്ദ്രലേഖയെന്ന വീട്ടമ്മയുടെ ശിരോലിഖിതം മാറ്റിയെഴുതുകയായിരുന്നു. മിലന്‍ ജലീല്‍ നിര്‍മിച്ച് എം. പ്രശാന്ത് സംവിധാനം ചെയ്യുന്ന 'ലൗ സ്‌റ്റോറി' എന്ന ചിത്രത്തിനായി ചന്ദ്രലേഖ ആലപിച്ച 'കണ്‍കളാലൊരു...' എന്ന് തുടങ്ങുന്ന ഗാനം യൂട്യൂബില്‍ വന്‍ഹിറ്റാകുന്നു എന്നതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത.

തീര്‍ച്ചയായും 2013 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളി ചന്ദ്രലേഖ തന്നെയായിരുന്നു. അങ്ങനെയെങ്കില്‍, 2014 ല്‍ സോഷ്യല്‍ മീഡിയയിലെ മലയാളിതാരം ആരായിരിക്കും!

അതിന് 2014 തുടങ്ങിയിട്ടല്ലേ ഉള്ളൂ എന്ന് തോന്നാം. ശരിയാണ്, തുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, ഈ ലേഖകന്റെ അഭിപ്രായത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഈ വര്‍ഷത്തെ മലയാളി താരം അല്ലെങ്കില്‍ താരങ്ങള്‍ ഇതിനകം പിറന്നുകഴിഞ്ഞു. 'മാഹീത്തെ പെമ്പിള്ളേരാ'ണത്!!

വടക്കന്‍ മലബാര്‍ ശൈലിയില്‍ ആരോ പാടിയ പാട്ട്, പാലയാട് ക്യാമ്പസിലെ എല്‍ എല്‍ ബി സെക്കന്‍ഡ് ഇയര്‍ വിദ്യാര്‍ഥികളായ അസ്‌നി, റംലത്ത്, റാഷ എന്നീ മൂവര്‍സംഘം 'മാഹീത്തെ പെമ്പിള്ളേരെ കണ്ട്ക്കാ' എന്ന് റീമേക്ക് ചെയ്ത് വാട്ട്‌സ്ആപ്പ് വഴി പുറത്തിറക്കിയത് ആഷിക്ക് അബുവിന്റെ പുതിയ സിനിമയ്ക്കുള്ള വിഷയം വരെ ആയിരിക്കുന്നു.

വാട്ട്‌സ്ആപ്പിലൂടെ നൂറുകണക്കിനാളുകള്‍ ഷെയര്‍ ചെയ്തതോടെയാണ് 'മാഹീത്തെ പെമ്പിള്ളേര്‍' താരമായത്. ഇവിടെ ശ്രദ്ധിക്കുക, 2013 പോലെ പാട്ട് പാടിയ ആളല്ല താരമായത്, പകരം പാട്ടില്‍ പ്രതിഫലിക്കുന്ന പെണ്‍കരുത്താണ് താരപദവി നേടിയത്! 'മാഹീത്തെ പെമ്പിള്ളേരു'ടെ ഡസണ്‍ കണക്കിന് പാരഡികള്‍ യുട്യൂബിലും ഫെയ്‌സ്ബുക്കിലും ദിവസങ്ങള്‍ക്കകം നിറഞ്ഞത്, ആ പാട്ടിന് ലഭിച്ച വമ്പിച്ച പ്രതികരണത്തിന്റെ തെളിവായി.

ഇത്രകാലവും 'നാവില്ലാത്തവരുടെ ശബ്ദ'മെന്നാണ് മാധ്യമങ്ങള്‍ അറിയപ്പെട്ടിരുന്നതെങ്കില്‍, ആരാലുമറിയപ്പെടാതെ കിടക്കുന്ന തീപ്പൊരികള്‍ ആളിക്കത്തിക്കുന്ന അപ്രതീക്ഷിത ഊര്‍ജപ്രവാഹമായി നവമാധ്യമങ്ങള്‍ മാറുന്ന കാഴ്ചയാണ് ഇവിടെ കാണുന്നത്.

2013 ല്‍ നിന്ന് 2014 ലേക്കെത്തുമ്പോള്‍, മേല്‍പ്പറഞ്ഞ ഉദാഹരണങ്ങളില്‍ കാണാവുന്ന ഒരു പ്രധാന മാറ്റം, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ വന്ന വ്യത്യാസമാണ്. 2013 ല്‍ ഫെയ്‌സ്ബുക്കാണ് ചന്ദ്രലേഖയെ താരമാക്കിയതെങ്കില്‍, 'മാഹീത്തെ പെമ്പിള്ളേര്‍' താരമായത് വാട്ട്‌സ്ആപ്പിലൂടെയാണ്.

ഒരര്‍ഥത്തില്‍ 2014 ല്‍ താരമായി മാറിയത് 'മാഹീത്തെ പെമ്പിള്ളേര്‍' മാത്രമല്ല; വാട്ട്‌സ്ആപ്പും (WhatsApp) കൂടിയാണ്. വാട്ട്‌സ്ആപ്പ് താരമായത് തികച്ചും വ്യത്യസ്തമായ മറ്റൊരു കാരണത്താലാണെന്ന് മാത്രം. ടെക്ചരിത്രത്തില്‍ ഇതുവരെ നടന്നിട്ടുള്ളതില്‍ ഏറ്റവും വലിയ ഏറ്റെടുക്കലിലൂടെ വാട്ട്‌സ്ആപ്പിനെ ഫെയ്‌സ്ബുക്ക് സ്വന്തമാക്കി. അങ്ങനെയാണ് വാട്ട്‌സ്ആപ്പിന് താരപദവി ലഭിച്ചത്.

കേള്‍ക്കുമ്പോള്‍ തലചുറ്റലുണ്ടാക്കാന്‍ പോന്നത്ര ഭീമമായൊരു തുക (1900 കോടി ഡോളര്‍, എന്നുവെച്ചാല്‍ 117800 കോടി രൂപ) നല്‍കി സ്വന്തമാക്കാന്‍ പോന്നത്ര വലിയ പ്രലോഭനമായി ഫെയ്‌സ്ബുക്കിന് വാട്ട്‌സ്ആപ്പ് മാറിയത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ഒരുത്തരം 'മാഹീത്തെ പെമ്പിള്ളേര്‍' നല്‍കും!

1992 ല്‍ ആരംഭിച്ച മൊബൈല്‍ 'ഷോര്‍ട്ട് മെസേജ് സര്‍വീസ്' അഥവാ എസ് എം എസിന്റെ പിന്‍ഗാമിയെന്ന് വിശേഷിപ്പിക്കാവുന്ന വാട്ട്‌സ്ആപ്പ്, സോഷ്യല്‍ മെസേജിങ് രംഗത്ത് നടത്തുന്ന മുന്നേറ്റമാണ് ടെക്‌ലോകത്തെ പുതിയ താരമാക്കി അതിനെ മാറ്റിയത്.

2014 ജനവരിയില്‍ പുറത്തുവന്ന കണക്ക് പ്രകാരം, 45 കോടി അംഗങ്ങളുള്ള വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിനിമയം ചെയ്യപ്പെടുന്നത് ശരാശരി 5000 കോടി സന്ദേശങ്ങളാണ്! ടെക്‌സ്റ്റും ഫോട്ടോയും വീഡിയോയും ഗ്രാഫിക്‌സുമൊക്കെ ഇതില്‍ പെടുന്നു. മാത്രമല്ല, ഓരോ മാസവും പത്തുലക്ഷം യൂസര്‍മാര്‍ വീതം വാട്ട്‌സ്ആപ്പില്‍ കൂടുതലായി ചേരുന്നു.

'സീക്രട്ട്' (Secret), 'കിക്' (Kik), 'വി ചാറ്റ്' (WeChat), 'ലൈന്‍' (Line), 'കകാവൊടോക്ക്' (KakaoTalk), 'സ്‌നേപ്പ്ചാറ്റ്' (Snapchat) എന്നിങ്ങനെ പാശ്ചാത്യലോകത്ത് സ്വാധീനമുള്ള സന്ദേശസര്‍വീസുകള്‍ പലതുമുണ്ടെങ്കിലും, അവയ്‌ക്കൊന്നും ജനപ്രീതിയുടെ കാര്യത്തില്‍ വാട്ട്‌സ്ആപ്പിന്റെ ഏഴയലത്ത് എത്താനായിട്ടില്ല. എന്തിന്, ഫെയ്‌സ്ബുക്കിന്റെ മെസേജ് സര്‍വീസായ മെസഞ്ചറിന് പോലും സോഷ്യല്‍ മെസേജിങ് രംഗത്ത് വാട്ട്‌സ്ആപ്പിന് വെല്ലുവിളിയാകാന്‍ സാധിച്ചില്ല.

യാഹൂവിലെ രണ്ട് മുന്‍ജീവനക്കാരായ ജാന്‍ കൗണ്‍, ബ്രിയാന്‍ ആക്ടണ്‍ എന്നിവര്‍ ചേര്‍ന്ന് 2009 ല്‍ സ്ഥാപിച്ച വാട്ട്‌സ്ആപ്പ്, ആഗോളതലത്തില്‍ ഇത്രവലിയ സൂപ്പര്‍ഹിറ്റാകുമെന്ന് അവര്‍ പ്രതീക്ഷിച്ചിട്ടേ ഉണ്ടാകില്ല.

ശരിക്കു പറഞ്ഞാല്‍, 2009 ജനവരിയില്‍ ജാന്‍ കൗണിന്റെ പക്കലെത്തിയ പുതിയ ഐഫോണില്‍നിന്നാണ് വാട്ട്‌സ്ആപ്പിന്റെ കഥ തുടങ്ങേണ്ടത്. അതിന് ഒന്‍പത് മാസംമുമ്പ് ആപ്പിള്‍ ആരംഭിച്ച ആപ്പ് സ്റ്റോര്‍, പുതിയൊരു തൊഴില്‍മേഖല സൃഷ്ടിക്കാന്‍ പോകുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിയാന്‍ കഴിഞ്ഞതാണ് ആ വിജയഗാഥയിലെ ആദ്യ മുന്നേറ്റ നിമിഷം. അതുപ്രകാരം പുതിയൊരു ആപ്പ് സൃഷ്ടിക്കാനും കമ്പനി സ്ഥാപിക്കാനും ബ്രിയാന്‍ ആക്ടണിനൊപ്പം ജാന്‍ കൗണ്‍ നടത്തിയ നീക്കം, ടെക്ചരിത്രത്തിലെ ഏറ്റവും വലിയ വിജയഗാഥകളിലൊന്നായി പരിണമിക്കുകയായിരുന്നു.

'എക്സ്റ്റന്‍സിബിള്‍ മെസേജിങ് ആന്‍ഡ് പ്രെസന്‍സ് പ്രോട്ടോക്കോളി' (XMPP) ന്റെ ഒരു കസ്റ്റമറൈസ് ചെയ്ത വേര്‍ഷനാണ് വാട്ട്‌സ്ആപ്പില്‍ ഉപയോഗിച്ചിട്ടുള്ളത്. യൂസര്‍നാമമായി നമ്മുടെ ഫോണ്‍ നമ്പറാണ് വാട്ട്‌സ്ആപ്പ് ഉപയോഗിക്കുക. ഐഫോണ്‍ ആപ്പ് ആയിട്ടാണ് ആദ്യം വാട്ട്‌സ്ആപ്പ് തുടങ്ങിയതെങ്കിലും, ആന്‍ഡ്രോയ്ഡ്, ബ്ലാക്ക്ബറി, സിമ്പിയന്‍, വിന്‍ഡോസ് ഫോണ്‍ തുടങ്ങി എല്ലാ പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമിലും വാട്ട്‌സ്ആപ്പ് പ്രവര്‍ത്തിക്കും.

25 എഞ്ചിനിയര്‍മാര്‍ ഉള്‍പ്പടെ വെറും 55 ജീവനക്കാരുള്ള വാട്ട്‌സ്ആപ്പ് അഞ്ചുവര്‍ഷംകൊണ്ട് കൈവരിച്ച നേട്ടം ഏതര്‍ഥത്തിലും അതിശയിപ്പിക്കുന്നതാണ്. 1900 കോടി ഡോളര്‍ നല്‍കി വാട്ട്‌സ്ആപ്പിനെ ഏറ്റെടുക്കുന്നതായി 2014 ഫെബ്രുവരി 19 ന് ഫെയ്‌സ്ബുക്ക് പ്രഖ്യാപിച്ചത് ആ അതിശയത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചു.

ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോള്‍, വാട്ട്‌സ്ആപ്പ് സിഇഒ ജാന്‍ കൗണ്‍ 680 കോടി ഡോളറും, സഹസ്ഥാപകന്‍ ബ്രിയാന്‍ ആക്ടണ്‍ 300 കോടി ഡോളറും സമ്പാദ്യമുള്ളവരായി മാറി. മുമ്പ് ജോലി നല്‍കാതെ ഫെയ്‌സ്ബുക്ക് തിരസ്‌ക്കരിച്ച വ്യക്തികൂടിയാണ് ആക്ടണ്‍. ആ നിലയ്ക്ക് വാട്ട്‌സ്ആപ്പ് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തപ്പോള്‍ ഒരു മധുരപ്രതികാരം കൂടിയാണ് നിറവേറ്റപ്പെട്ടത്.

ടെക് ചരിത്രത്തില്‍ ഇതിന് മുമ്പ് ഏറ്റവും വലിയ തുകയ്ക്കുള്ള രണ്ട് ഏറ്റെടുക്കലുകള്‍ നടത്തിയത് ഗൂഗിളും മൈക്രോസോഫ്റ്റുമാണ്. രണ്ടുവര്‍ഷംമുമ്പ് മോട്ടറോള മൊബിലിറ്റിയെ ഗൂഗിള്‍ ഏറ്റെടുത്തത് 1250 കോടി ഡോളര്‍ മുടക്കിയാണ് (അടുത്തയിടെ മോട്ടറോളയെ 291 കോടി ഡോളറിന് ചൈനീസ് കമ്പനിയായ ലെനോവയ്ക്ക് ഗൂഗിള്‍ വിറ്റു). ഇന്റര്‍നെറ്റ് ടെലിഫോണി കമ്പനിയായ സ്‌കൈപ്പിനെ 850 കോടി ഡോളറിനാണ് മൈക്രോസോഫ്റ്റ് സ്വന്തം ചിറകിന്‍ കീഴിലാക്കിയത്.

അതിനെയൊക്കെ കടത്തിവെട്ടി വന്‍തുക മുടക്കി വാട്ട്‌സ്ആപ്പിനെ എന്തുകൊണ്ട് ഫെയ്‌സ്ബുക്ക് ഏറ്റെടുത്തു എന്ന ചോദ്യം പ്രസക്തമാണ്. അതിനോട് ചേര്‍ത്തുവായിക്കേണ്ട കാര്യമാണ്, ഫെയ്‌സ്ബുക്കും ട്വിറ്ററും ഗൂഗിള്‍ പ്ലസ്സും ഇന്‍സ്റ്റഗ്രാമും യൂട്യൂബും പോലുള്ള സോഷ്യല്‍ മീഡിയ സര്‍വീസുകള്‍ക്കിടയ്ക്ക് വാട്ട്‌സ്ആപ്പ് പോലൊരു സ്വകാര്യ സന്ദേശ സര്‍വീസിന് എങ്ങനെ ഇത്രവലിയ വിജയമാകാന്‍ സാധിച്ചു എന്നകാര്യം.

അവിടെയാണ് വ്യക്തിപരമായ ആശയവിനിമയത്തിന് ഓരോരുത്തരുടെയും ജീവിതത്തിലുള്ള പ്രസക്തിയും പ്രാധാന്യവും കടന്നുവരുന്നത്. നിങ്ങള്‍ പുരപ്പുറത്തുകയറി വിളിച്ചുപറയുന്നതും, ഒരാളോട് നേരിട്ട് സംസാരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. ഫെയ്‌സ്ബുക്കിലെ പോസ്റ്റിങ് ശരിക്കും പുരപ്പുറത്തു കയറിയുള്ള അലമുറയിടീലാണ്. അതേസമയം, വാട്ട്‌സ്ആപ്പിലൂടെയുള്ളത് നേര്‍ക്കുനേരെയുള്ള കമ്മ്യൂണിക്കേഷനും.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സര്‍വീസുകളുടെ അടിസ്ഥാന ദൗത്യം ആളുകളെ തമ്മില്‍ കണക്ട് ചെയ്യുകയെന്നതാണ്. ഫെയ്‌സ്ബുക്കില്‍ 500 സുഹൃത്തുക്കളുള്ള ഒരാള്‍ ഒരു പോസ്റ്റിടുമ്പോള്‍, ആ 500 പേര്‍ക്ക് മുന്നിലേക്കാണ് അതെത്തുന്നത്. അതില്‍ എത്രപേര്‍ എങ്ങനെയൊക്കെ അത് സ്വീകരിക്കുമെന്ന് പോസ്റ്റിടുന്നയാള്‍ക്ക് ഉറപ്പില്ല.

 'ഡിജിറ്റല്‍ യുഗത്തിലെ ഇത്തരം കമ്മ്യൂണിക്കേഷന്‍ ഒരര്‍ഥത്തില്‍ തിരക്കേറിയ ഒരു തീയേറ്ററില്‍നിന്ന് വിളിച്ചുകൂവുന്ന അവസ്ഥയിലേക്ക് അധപതിച്ചിരിക്കുകയാണ്'-ഒരു വട്ട്‌സ്ആപ്പ് യൂസര്‍ പറഞ്ഞതായി ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെ. എന്നാല്‍, വാട്ട്‌സ്ആപ്പില്‍ അങ്ങനെയല്ല കാര്യങ്ങള്‍.

ബന്ധങ്ങളുടെ ദൃഢത ഊട്ടിയുറപ്പിക്കുംവിധമുള്ള വ്യക്തിപരമായ ആശയവിനിമയത്തിന്റെ ഭാവിസാധ്യത ശരിവെയ്ക്കുകയാണ്, വന്‍തുക മുടക്കി വാട്ട്‌സ്ആപ്പ് ഏറ്റെടുക്കുക വഴി ഫെയ്‌സ്ബുക്ക് ചെയ്തത്. (കടപ്പാട് : വിവിധ വാര്‍ത്താറിപ്പോര്‍ട്ടുകള്‍, വിക്കിപീഡിയ)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' 2014 ഏപ്രില്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനം

Friday, February 28, 2014

റിക്കോര്‍ഡ് ചെയ്യപ്പെടുന്ന ലോകം

ഇന്ത്യന്‍ പക്ഷിനിരീക്ഷകരുടെ ആചാര്യനായ സാലിം അലി, പക്ഷികളുടെ ശാസ്ത്രീയനാമം ഓര്‍ത്തുവെയ്ക്കാന്‍ കഷ്ടപ്പെടുന്ന ശിഷ്യര്‍ക്ക് ഉപദേശിച്ചിരുന്ന ഒരു വിദ്യയുണ്ട്. ബസിലോ തീവണ്ടിയിലോ യാത്ര ചെയ്യുമ്പോള്‍, അല്ലെങ്കില്‍ എവിടെയെങ്കിലും നടക്കുന്ന വേളയില്‍ ഒരു കാക്ക കണ്ണില്‍പെട്ടെന്നിരിക്കട്ടെ. ഉടന്‍ 'ഇതാ ഒരു കാക്ക' എന്ന് ചിന്തിക്കുന്നതിന് പകരം അതിന്റെ ശാസ്ത്രീയനാമം ഓര്‍ക്കുക. കാക്കയെ കാണുമ്പോള്‍, അത് ബലിക്കാക്കയാണെങ്കില്‍ 'ഇതാ ഒരു കോര്‍വസ് മാക്രോറൈന്‍കസ് (Corvus macrorhynchos)' എന്ന് ചിന്തിക്കുക!

'മറ്റ് സാധാരണ പക്ഷികളെ കാണുമ്പോഴും ഇതേ രീതി പിന്തുടര്‍ന്നാല്‍, പക്ഷികളുടെ ശാസ്ത്രീയനാമം എന്നത് കീറാമുട്ടിപ്രശ്‌നം അല്ലാതാകുമെന്ന് സാലിം അലി പറഞ്ഞിരുന്നു'' - സാലിം അലിയുടെ ശിഷ്യനും തട്ടേക്കാട് 'സാലിം അലി പക്ഷി സങ്കേതത്തി'ലെ ശാസ്ത്രജ്ഞനുമായ ഡോ.ആര്‍.സുഗതന്‍ അടുത്തിയിടെ ഈ ലേഖകനോട് ഒരു അഭിമുഖവേളയില്‍ പറഞ്ഞു. പക്ഷിനിരീക്ഷകരെ സംബന്ധിച്ച് തീര്‍ച്ചയായും ഇതൊരു വിലപ്പെട്ട ഉപദേശം തന്നെയാണ്.

ഈ പ്രശ്‌നത്തെ ആധുനികസാങ്കേതികവിദ്യയുടെ വശത്തുനിന്ന് ഒന്ന് പരിഗണിച്ചാലോ. 'ഗൂഗിള്‍ ഗ്ലാസ്' പോലുള്ള പുത്തന്‍ സങ്കേതത്തിന്റെ സഹായത്തോടെ ഇക്കാര്യത്തിന് പരിഹാരം താരതമ്യേന എളുപ്പമാണ്.

കണ്ണടപോലെ ധരിച്ചുകൊണ്ട് ഓണ്‍ലൈന്‍ ലോകവുമായി ഇടപഴകാന്‍ സഹായിക്കുന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്. അതിലെ ക്യാമറയും വലത് കണ്ണിന് മുകളില്‍ ചതുരാകൃതിയില്‍ പ്രത്യക്ഷപ്പെടുന്ന സുതാര്യ പ്രൊജക്ഷനും അത് ധരിക്കുന്നയാളെ ഓണ്‍ലൈന്‍ ലോകവുമായി ഇടപഴകാന്‍ സഹായിക്കുന്നു.

പക്ഷിനിരീക്ഷകരെ സഹായിക്കാനൊരു ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഗ്ലാസിലുണ്ടായാല്‍ മതി...കണ്‍മുന്നിലൊരു പക്ഷി പ്രത്യക്ഷപ്പെട്ടാല്‍, ക്യാമറ സെന്‍സര്‍ അത് കാണുകയും, ഓണ്‍ലൈന്‍ സ്രോതസ്സുകളുടെ സഹായത്തോടെ ഏത് പക്ഷിയാണത്, അതിന്റെ ശാസ്ത്രീയനാമമെന്ത് തുടങ്ങിയ കാര്യങ്ങളൊക്കെ നൊടിയിടയില്‍ കണ്ണിന് മുന്നില്‍ തെളിയുകയും ചെയ്യും. സംഭവം റിക്കോര്‍ഡ് ചെയ്താല്‍ പിന്നീടത് പരിശോധിച്ച് സംശയനിവാരണം വരുത്തുകയുമാകാം.

ഭാവിയിലെ ഒരു സാധ്യതയാണ് മുകളില്‍ വിവരിച്ചത്. സാലിം അലി പറഞ്ഞ ഉപായം, സാങ്കേതികവിദ്യയുടെ കാചത്തിലൂടെ കടത്തിവിട്ടെത്താവുന്ന ഒരു പരിഹാരം.

ഇത് അപ്രതീക്ഷിതമായി കണ്‍മുന്നിലെത്തുന്ന പക്ഷിയെ തിരിച്ചറിയാനുള്ള ഭാവിസാധ്യത. ഇനി മറ്റൊരു സംഭവം പരിഗണിക്കുക. രണ്ടുവര്‍ഷംമുമ്പ് ലോകമെങ്ങും ലക്ഷക്കണക്കിനാളുകള്‍ തത്സമയം കണ്ട ഒരു പക്ഷികുടുംബമുണ്ട്; ഒരു പരുന്ത് കുടുംബം. അമേരിക്കയില്‍ വടക്കുകിഴക്കന്‍ അയോവയിലെ ഒരു പരുത്തിമരത്തില്‍ 80 അടി മുകളില്‍ കൂടുകെട്ടി മുട്ടയിട്ട് വിരിയിച്ച് കുഞ്ഞുങ്ങളെ പോറ്റിയിരുന്ന ആ പരുന്ത് കുടുംബം ഇന്റര്‍നെറ്റില്‍ സൂപ്പര്‍ഹിറ്റായത്, ഓണ്‍ലൈന്‍ വീഡിയോ സ്ട്രീമിങ് വഴിയാണ്.

'റാപ്ടര്‍ റിസോഴ്‌സ് പ്രോജക്ട്' എന്ന പരിസ്ഥിതി ഗ്രൂപ്പ് സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായുള്ള വീഡിയോ സ്ട്രീമിങ് കമ്പനിയായ 'യുസ്ട്രീമി' (UStream) ന്റെ സഹായത്തോടെ പരുന്ത് കൂട്ടില്‍ വെബ്ബ്ക്യാം സ്ഥാപിച്ച് 24 മണിക്കൂറും അവിടെ നടക്കുന്ന കാര്യങ്ങള്‍ ലോകത്തിന് കാട്ടിക്കൊടുക്കുകയായിരുന്നു. കൂട്ടില്‍ മുട്ടവിരിയുന്നതും കുഞ്ഞുങ്ങളുണ്ടാകുന്നതും ആണ്‍പക്ഷിയും പെണ്‍പക്ഷിയും ചേര്‍ന്ന് കുഞ്ഞുങ്ങളെ പോറ്റുന്നതും, ലോകമെങ്ങും ലക്ഷക്കണക്കിനാളുകള്‍ ഉറക്കമിളച്ചിരുന്ന് ലൈവായി നിരീക്ഷിച്ചു!

പക്ഷികള്‍ക്കേ ആരാധകരുള്ളൂ എന്ന് കരുതരുത്. അമേരിക്കയില്‍ മിഷിഗണിലെ ഗ്രോസ് പോയന്റ് വുഡ്‌സില്‍ 'ലൂസ് പെറ്റ് ഷോപ്പി'ല്‍ ഫ്രാങ്കിയെന്ന ആമയാണ് താരം! 17 വയസ്സ് പ്രായമുള്ള ഫ്രാങ്കിയുടെ തോടിന് മുകളില്‍ ഘടിപ്പിച്ചിരിക്കുന്ന 'ഡ്രോപ്പ്ക്യാം' ക്യാമറ വഴി, 'ആമക്കണ്ണിലൂടെയുള്ള ലോകം' ഇടതടവില്ലാതെ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യപ്പെടുകയാണ് (കാണുക : http://www.louspetshop.com/franky-cam).

ഫ്രാങ്കിയുടെ സംപ്രേക്ഷപണം പ്രതിമാസം പതിനായിരം പേരെ ആകര്‍ഷിക്കുന്നു. അമേരിക്കയില്‍ മാത്രമല്ല, ഇറ്റലി, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളില്‍ പോലും ഫ്രാങ്കിക്ക് ആരാധകരുണ്ട്.

ആമയ്ക്കാകാമെങ്കില്‍ മനുഷ്യനായിക്കൂടേ! അയര്‍ലന്‍ഡില്‍ ഡബ്ലിന്‍ സിറ്റി സര്‍വകലാശാലയിലെ കമ്പ്യൂട്ടര്‍ ഗവേഷകനായ കാഥല്‍ ഗുരിന്‍ ഏഴ് വര്‍ഷമായി തന്റെ ജീവിതം റിക്കോര്‍ഡ് ചെയ്തുന്ന വ്യക്തിയാണ്. കഴുത്തില്‍ ധരിക്കാവുന്ന ഒരു വൈഡ് ആംഗിള്‍ ക്യാമറയുപയോഗിച്ച് തന്റെ ദൃഷ്ടിപഥത്തിലെ ദൃശ്യങ്ങള്‍ ഓരോ മിനിറ്റിലും അദ്ദേഹം പകര്‍ത്തുന്നു. ഓരോ ചിത്രത്തിന്റെയും ലൊക്കേഷന്‍ അടക്കമുള്ള കാര്യങ്ങള്‍ അതിനൊപ്പം സൂക്ഷിക്കപ്പെടുന്നു.

ഇതിനകം ഗുരിന്‍ സ്വന്തം ജീവിതത്തിലെ 120 ലക്ഷം ദൃശ്യങ്ങളുടെ ശേഖരം ഉണ്ടാക്കിക്കഴിഞ്ഞു. ഒരോ വര്‍ഷവും ഓരോ ടെറാബൈറ്റ് (teradbyte) ഡേറ്റ വീതമാണ് ഇതുവഴി സൃഷ്ടിക്കുന്നത് (50 വര്‍ഷംമുമ്പ് ലോകത്താകെ ലഭ്യമായിരുന്ന മൊത്തം കമ്പ്യൂട്ടര്‍ മെമ്മറിക്ക് തുല്യമാണിത്!). ഒരു ഇമേജ് സ്‌കാനിങ് സോഫ്റ്റ്‌വേറിന്റെ സഹായത്തോടെ, ആ ആര്‍ക്കൈവ് സെര്‍ച്ച് ചെയ്യാവുന്ന 70,000 'സംഭവങ്ങള്‍' ആയി മാറ്റാന്‍ ഗുരിനും അദ്ദേഹത്തിന്റെ വിദ്യാര്‍ഥികള്‍ക്കും കഴിഞ്ഞു.

സ്വജീവിതം റിക്കോര്‍ഡ് ചെയ്യുക മാത്രമല്ല, സെര്‍ച്ച് ചെയ്യാനും പറ്റുന്ന രൂപത്തിലാക്കിയിരിക്കുകയാണ് ആ കമ്പ്യൂട്ടര്‍ ഗവേഷകന്‍! രണ്ടുവര്‍ഷംമുമ്പ് ഒരു സ്ഥലത്ത് പോയപ്പോള്‍ താന്‍ എന്തുതരം വീഞ്ഞാണ് കഴിച്ചതെന്നറിയാന്‍, സ്വന്തം ജീവിതത്തിന്റെ ആര്‍ക്കൈവില്‍ ഒന്ന് സെര്‍ച്ച് ചെയ്താല്‍ മാത്രം മതി (ഏതായാലും അദ്ദേഹം ടോയ്‌ലറ്റ് റിക്കോര്‍ഡ് ചെയ്യുന്നില്ല!!).

മേല്‍സൂചിപ്പിച്ച ഉദാഹരണങ്ങളിലെല്ലാം പൊതുവായിട്ടുള്ള സംഗതി റിക്കോര്‍ഡിങ് ആണ്. മുമ്പെങ്ങുമില്ലാത്ത വിധം എല്ലാ സംഗതികളും (ജീവിതം പോലും) റിക്കോര്‍ഡ് ചെയ്യപ്പെടുന്ന ലോകമാണിപ്പോള്‍. അടുത്തകാലംവരെ ഊഹിക്കാന്‍പോലും കഴിയാതിരുന്ന തരത്തിലാണ് ഇപ്പോള്‍ ആ ട്രെന്‍ഡ് വളര്‍ന്നുകൊണ്ടിരിക്കുന്നത്.

മനുഷ്യജീവിതവും പ്രകൃതിയും വീടുകളും ഓഫീസ് മുറികളും ട്രാഫിക് സംവിധാനങ്ങളും ഭൂപ്രതലവുമെല്ലാം ക്യാമറകള്‍ക്ക് മുന്നിലാണ്. മൊബൈല്‍ ക്യാമറകളും പോലീസിന്റെ സുരക്ഷാക്യാമറകളും മുതല്‍ കൃത്രിമോപഗ്രഹങ്ങള്‍ വരെ അതിനുപയോഗിക്കപ്പെടുന്നു.

ക്യാമറകളുടെ വലിപ്പം അസാധാരണമായി കുറഞ്ഞതും, ഡിജിറ്റല്‍ സ്‌റ്റോറേജിന്റെ ചെലവുകുറഞ്ഞതുമാണ് കാര്യങ്ങള്‍ ഇന്നത്തെ നിലയ്ക്ക് എത്തിച്ചത്. യുട്യൂബിലിപ്പോല്‍ ഓരോ മിനിറ്റിലും അപ്‌ലോഡ് ചെയ്യപ്പെടുന്നത് 100 മണിക്കൂര്‍ പ്ലേ ചെയ്യാവുന്ന വീഡിയോ ആണ്. ഫ്രാങ്കി എന്ന ആമയുടെ പുറത്തെ വെബ്ബ്ക്യാം നിര്‍മിച്ച 'ഡ്രോപ്പ്ക്യാം' കമ്പനി ഓരോ മിനിറ്റിലും ആയിരം മണിക്കൂര്‍ വീഡിയോ അപ്‌ലോഡ് ചെയ്യുന്നു. ഒരുവര്‍ഷം മുമ്പത്തെ കണക്കുവെച്ച് 500 ശതമാനം കൂടുതലാണിതെന്ന് കമ്പനി അറയിക്കുന്നു. ഇതുകൂടാതെ ഓരോ മിനിറ്റിലും 1500 മണിക്കൂര്‍ വീഡിയോ ലൈവായി പ്രേക്ഷകര്‍ കാണുന്നു, അത് റിക്കോര്‍ഡ് ചെയ്യുന്നില്ല.

വ്യക്തികളുടെ സ്വകാര്യത ലംഘിക്കുന്ന തരത്തിലുള്ള അനാവശ്യ വീഡിയോ റിക്കോഡിങിന്റെയും ഫോട്ടോഗ്രാഫിയുടെയും പോല്ലാപ്പ് ഒരുവശത്ത് വര്‍ധിക്കുമ്പോള്‍ തന്നെ, സാങ്കേതികവിദ്യ തുറന്നുതരുന്ന പുതിയ സാധ്യതകള്‍ ഉപേക്ഷിക്കാന്‍ ലോകം തയ്യാറാകുന്നുമില്ല എന്നാണ് ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത്.



അമേരിക്കയില്‍ 150 ലക്ഷം ഭവനങ്ങളില്‍ സ്വകാര്യസുരക്ഷാക്യാമറകള്‍ പ്രവര്‍ത്തിക്കുന്നതായി, ഗവേഷണസ്ഥാപനമായ 'പാര്‍ക്ക്‌സ് അസോസിയേറ്റ്‌സ്' പറയുന്നു. കഴിഞ്ഞവര്‍ഷം മാത്രം 50 ലക്ഷം ഭവനങ്ങളിലാണ് പുതിയതായി ക്യാമറകള്‍ സ്ഥാപിക്കപ്പെട്ടത്. ഇപ്പോള്‍ ഇത്തരം ക്യാമറകളുടെ ലക്ഷ്യം മോഷണം തടയല്‍ മാത്രമല്ല. തങ്ങളുടെ ഓമനമൃഗങ്ങളെ ഓഫീസിലിരുന്ന് നിരീക്ഷിക്കാന്‍ ചിലര്‍ ഇതുപയോഗിക്കുന്നു. കുഞ്ഞുങ്ങളെ നോക്കാനും പ്രായമായവര്‍ എന്തുചെയ്യുന്നു എന്ന് നിരീക്ഷിക്കാനുമൊക്കെ പലര്‍ക്കും ക്യാമറകള്‍ തുണയ്‌ക്കെത്തുന്നു. വീടുകളില്‍ സ്ഥാപിക്കുന്നവയെ ഇപ്പോള്‍ വെറും സുരക്ഷാക്യാമറ എന്ന് വിളിക്കാമോ എന്നാണ് സംശയം.

ഗൂഗിള്‍ മാപ്‌സ് സര്‍വീസിന്റെ ഭാഗമായ 'സ്ട്രീറ്റ് വ്യൂ' (Google Street View) റോഡുകളും നഗരങ്ങളും കാടും മേടും മുഴുവന്‍ ക്യാമറയില്‍ പകര്‍ത്തി ഓണ്‍ലൈനില്‍ നല്‍കിക്കൊണ്ടിരിക്കുകയാണ്. 2012 ജൂണിലെ കണക്കുവെച്ച് 80 ലക്ഷം കിലോമീറ്റര്‍ ദൂരം ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന്റെ ക്യാമറാവാഹനങ്ങള്‍ പിന്നിട്ടുകഴിഞ്ഞു. 39 രാജ്യങ്ങളിലായി 3000 നഗരങ്ങള്‍ ഓണ്‍ലൈനിലെത്തിക്കാനും കഴിഞ്ഞു.

റിസര്‍ച്ച് സ്ഥാപനമായ എ.ബി.ഐ (ABI) യുടെ കണക്ക് പ്രകാരം, 2012 ല്‍ മാത്രം മൊബൈല്‍ ഫോണുകളിലൂടെയും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ വഴിയും ലോകമെങ്ങുമെത്തിയത് 100 കോടി ക്യാമറകളാണ്. ഫെയ്‌സ്ബുക്കില്‍ മാത്രം ഓരോ ദിവസവും ചേര്‍ക്കപ്പെടുന്ന 30 കോടി ഫോട്ടോകളില്‍ നല്ലൊരുപങ്കും ഇത്തരം മൊബൈല്‍ ക്യാമറകളില്‍ പകര്‍ത്തുന്നതാണ്.

ഇതിനെയൊക്കെ കടത്തിവെട്ടുന്ന സാധ്യതയാണ് ഗൂഗിള്‍ ഗ്ലാസ് മുന്നോട്ടുവെയ്ക്കുന്നത്. വീഡിയോ പിടിത്തവും ഫോട്ടോയെടുക്കലും ഫെയ്‌സ്ബുക്ക് പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ പങ്കുവെയ്ക്കലും എല്ലാം കൈയുടെ സഹായമില്ലാതെ ഗൂഗിള്‍ ഗ്ലാസില്‍ സാധ്യമാകും, ശബ്ദനിര്‍ദേശം മതി. പുതിയ സാധ്യതകള്‍പോലെ, സങ്കീര്‍ണമായ സ്വകാര്യതാപ്രശ്‌നങ്ങള്‍ക്കും ഇത്തരം ഉപകരണങ്ങളുടെ വരവ് കാരണമാകും.

ക്യാമറകളും വീഡിയോ സ്ട്രീമിങും ഓണ്‍ലൈനിലെത്തിയത്, സൈബര്‍ ക്രിമിനലുകള്‍ക്ക് പുതിയ വേദികളൊരുക്കുകയാണ്. ഹാക്കിങ് വഴി ഇത്തരം ഓണ്‍ലൈന്‍ സംവിധാനത്തെ തകിടംമറിക്കാന്‍ എളുപ്പമാണെന്നോര്‍ക്കുക.

മൊബൈല്‍ ക്യാമറകളുടെ ദുരുപയോഗം ഇപ്പോള്‍ തന്നെ വലിയൊരു സാമൂഹിക പ്രശ്‌നമായിരിക്കുന്ന നമ്മുടെ നാട്ടില്‍, പുതിയ സാങ്കേതികസംവിധാനങ്ങള്‍ ഏതൊക്കെ പരിധികളാണ് ലംഘിക്കുക എന്ന് പറയാനാകില്ല. ഇത്തരം കാര്യങ്ങളെക്കുറിച്ച് കാര്യമായ ബോധവത്ക്കരണവും, സാങ്കേതികവിദ്യകളെ ശരിയായ വിധത്തിലുപയോഗിക്കാനുള്ള സാമൂഹിക പ്രേരണയും ഉണ്ടായേ തീരൂ.

ഓര്‍ക്കുക, ജോര്‍ജ് ഓര്‍വെല്‍ എല്ലാം നിരീക്ഷിക്കുന്ന ഒരു 'വല്യേട്ടനെ'ക്കുറിച്ചാണ് പറഞ്ഞത്. ലോകത്തിപ്പോള്‍ അതിന് പകരം നൂറുകോടി 'ചെറിയേട്ടന്‍മാര്‍' എല്ലാം നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു!

(കടപ്പാട് : 1. The People's Panopticon, The Economist, Nov 16, 2013; 2. Webcams See All (Tortoise, Watch Your Back), by Quentin Hardy, The New York Timesd, Jan 7, 2014;  3. ഗൂഗിള്‍ ഗ്ലാസ് അത്ഭുതലോകം ഒരുക്കുമ്പോള്‍, by ഉണ്ണികൃഷ്ണന്‍ എസ്, മാതൃഭൂമി് ഓണ്‍ലൈന്‍, May 26, 2013; 4. Wikipedia)

-കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' മാര്‍ച്ച് 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. 

'ആപ്പു'കള്‍ വാഴും കാലം

'നിങ്ങളുടെ ഏറ്റവും അടുത്ത പബ്ലിക് ടോയ്‌ലറ്റ് 5141 കിലോമീറ്റര്‍ അകലെയാണ്!' ലണ്ടനിലെ പബ്ലിക് ടോയ്‌ലറ്റ് കണ്ടുപിടിക്കാന്‍ സഹായിക്കുന്ന ഐഫോണ്‍ ആപ്പില്‍, ഐവറി കോസ്റ്റിലെ അബിജാനില്‍വെച്ച് തന്റെ സുഹൃത്ത് ടാപ്പ് ചെയ്‌പ്പോള്‍ കിട്ടിയ ഉത്തരമാണിതെന്ന് 'അപ്പിക്കും ഒരു ആപ്പ്' എന്ന ലേഖനത്തില്‍ മുരളി തുമ്മാരുകുടി എഴുതുന്നു.

ഐക്യരാഷ്ട്ര സഭയുടെ ദുരന്തനിവാരണ വിഭാഗം മേധാവിയായ തുമ്മാരുകുടി 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ എഴുതിയ ആ ലേഖനത്തില്‍ വളരെ ഗൗരവമാര്‍ന്ന ഒരു സംഗതിയെക്കുറിച്ചാണ് ചര്‍ച്ചചെയ്യുന്നത്. കേരളത്തിലെ പബ്ലിക് ടോയ്‌ലറ്റുകള്‍ എവിടെയാണെന്ന് ഒരു വിരല്‍സ്പര്‍ശത്തില്‍ അറിയാന്‍ സഹായിക്കുന്ന ഒരു ആപ്പ് ആവശ്യമില്ലേ എന്നതാണ് ചര്‍ച്ചാവിഷയം.

സ്മാര്‍ട്ട്‌ഫോണ്‍, വിക്കി മാപ്പിയ, ക്രൗഡ് സോഴ്‌സിംഗ് എന്നിങ്ങനെയുള്ള പുതിയ സങ്കേതങ്ങള്‍ ഉപയോഗിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പൊതുകക്കൂസുകള്‍ കണ്ടെത്തി ഉപയോഗിക്കാന്‍ പാകത്തിന് ഒരു മലയാളം 'അപ്പി ആപ്പ്' ഉണ്ടാക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പാരിതോഷികം നല്കാന്‍ താന്‍ തയ്യാറാണെന്നും തുമ്മാരുകുടി പ്രഖ്യാപിക്കുന്നു. താല്പര്യമുള്ളവര്‍ thummarukudy@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.

തുമ്മാരുകുടിയുടെ മനസില്‍ ഇത്തരമൊരു ചിന്ത നേരത്തെ ഉണ്ടായിരുന്നെങ്കിലും, മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് രംഗത്തെത്തിയ വിവരം അറിഞ്ഞപ്പോഴാണ് 'അപ്പി ആപ്പി'ന് മത്സരമേര്‍പ്പെടുത്താന്‍ അദ്ദേഹം തീരുമാനിച്ചതത്രേ. തുമ്മാരുകുടിക്ക് പ്രചോദനമോ പ്രകോപനമോ ആയത് അടുത്തയിടെ വാര്‍ത്തകളില്‍ നിറഞ്ഞ 'കുപ്പി ആപ്പ്' ആണ്. കേരളത്തില്‍ 'കുപ്പിതേടുന്നവര്‍ക്കൊരു വഴികാട്ടി'യാണ് കുപ്പി ആപ്പ്. ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറവില്‍പ്പനശാലകള്‍ എവിടെ, ഏതൊക്കെ ബ്രാന്‍ഡുകള്‍, വിലനിലവാരം, കുടി സംബന്ധിച്ച പഴഞ്ചൊല്ലുകള്‍, കൈയില്ലുള്ള കാശിന് കിട്ടുന്ന സാധനം - ഇങ്ങനെ കുപ്പി തേടുന്നവര്‍ക്ക് വേണ്ടുന്ന എല്ലാ സംഗതികളുമടങ്ങിയ ആപ്പാണത്!

'കുപ്പി'ക്കും 'അപ്പി'ക്കും ആകാമെങ്കില്‍ പിന്നെ എന്തിന് ആപ്പ് ആയിക്കൂടാ എന്ന് ഒരാള്‍ അത്ഭുതപ്പെട്ടാന്‍ അതിശയിക്കാനില്ല. 'ദൈവം സര്‍വവ്യാപി'യെന്ന് പറയുംപോലെ, 'സര്‍വകാര്യത്തിനും ആപ്' എന്ന് പറയുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. ലക്ഷക്കണക്കിന് ആപ്പുകളാണ് സ്മാര്‍ട്ട്‌ഫോണ്‍/ടാബ്‌ലറ്റ് ഉപയോയോക്താക്കളുടെ വിരല്‍സ്പര്‍ശത്തനരികെ ഉത്തരവ് കാത്ത് പഞ്ചപുച്ഛമടക്കി കാത്തിരിക്കുന്നത്.

പത്രങ്ങള്‍ വായിക്കാനും, സിനിമടിക്കറ്റ് ബുക്ക് ചെയ്യാനും, ഓഹരിനിലവാരം സൂക്ഷ്മായി പിന്തുടരാനും, വാര്‍ത്തകളറിയാനും, പുസ്തകവായനയ്ക്കും, ഭക്ഷണത്തിലെ കലോറി അളക്കാനും, ഹൃദയമിടിപ്പിന്റെ താളമറിയാനും, ഗെയിം കഴിക്കാനും എന്നുവേണ്ട, സൂര്യനുതാഴെയുള്ള എന്തിനും ആപ്പ് എന്നതാണ് ഇപ്പോഴത്തെ സ്ഥിതി!

ഒരുപക്ഷേ, ഇത്രവേഗം വ്യാപകമായ അംഗീകാരം നേടുകയും, നിത്യജീവിതത്തില്‍ അനിവാര്യഘടകമാവുകയും ചെയ്ത സംഗതികള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് പോലെ വേറെ അധികം ഉണ്ടാവില്ല. എത്രവേഗമാണ് ആപ്പുകള്‍ സര്‍വ്വവ്യാപിയായതെന്ന് മനസിലാക്കാന്‍ 2007 ല്‍ ആപ്പിളിന്റെ ഐഫോണ്‍ ആദ്യമായി രംഗത്തെത്തിയപ്പോഴത്തെ കാര്യം പരിഗണിച്ചാല്‍ മതി. ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍, പുറത്തുള്ള ഡെവലപ്പര്‍മാരുടെ പക്കല്‍നിന്ന് വിലയ്ക്ക് കിട്ടുന്ന ഒറ്റ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് പോലുമുണ്ടായിരുന്നില്ല. ഇന്ന് ആപ്പിളിന്റെ ആപ്പ് സ്റ്റോറില്‍ മാത്രം പത്തുലക്ഷത്തിലേറെ ആപ്പുകള്‍ ലഭ്യമാണ്. 2013 ഒക്ടോബര്‍ വരെയുള്ള കണക്കു പ്രകാരം 6000 കോടി ഡൗണ്‍ലോഡാണ് ആപ്പ് സ്റ്റോറില്‍നിന്ന് മാത്രം നടന്നു! ഗൂഗിള്‍ പ്ലേ സ്റ്റോറിലും ഉണ്ട് പത്തുലക്ഷത്തിലേറെ ആന്‍ഡ്രോയ്ഡ് ആപ്പുകള്‍.

ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട രണ്ട്് സ്മാര്‍ട്ട്‌ഫോണ്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി 20 ലക്ഷം ആപ്പുകള്‍ റെഡിയെന്ന് സാരം! അതില്‍ വലിയൊരു പങ്കും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. അല്ലാത്തവയ്ക്ക് കാശ് നല്‍കണം.

'ആപ്പ്' എന്നത് മലയാളികള്‍ക്ക് മുമ്പേ പരിചയമുള്ള വാക്കാണ്! ഇപ്പോഴത്തെ അര്‍ഥത്തില്‍ ഇംഗ്ലീഷ്ഭാഷയില്‍ 'ആപ്പ്' എന്ന പദം അംഗീകരിക്കപ്പെട്ടിട്ട് പക്ഷേ, അധികകാലമായിട്ടില്ല. 'സോഫ്റ്റ്‌വേര്‍ ആപ്ലിക്കേഷന്‍' എന്നതിന്റെ ചുരുക്കപ്പേരാണ് 'ആപ്പ്'. 2010 ല്‍ ആ വര്‍ഷത്തെ വാക്കായി 'അമേരിക്കന്‍ ഡയലെക്ട് സൊസൈറ്റി' തിരഞ്ഞെടുത്തത് 'അുു' എന്ന വാക്കായിരുന്നു.

സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റ് കമ്പ്യൂട്ടറുകളും ഉപയോഗിക്കുന്നവര്‍ക്ക് ഒരു വില്‍സ്പര്‍ശം കൊണ്ട് തങ്ങളുടെ ഏതാവശ്യവും നിര്‍വ്വഹിക്കാനാണ് ആപ്പുകള്‍ അവസരമൊരുക്കുന്നത്. അതേസമയം ആപ്പ് നിര്‍മാണം ഒരു പുത്തന്‍ തൊഴില്‍മേഖലയുമാണ്. ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തിനും (ഐഒഎസ്) ആന്‍ഡ്രോയ്ഡിനും കൂടി 20 ലക്ഷം ആപ്പുകള്‍ ലഭ്യമാണെന്ന് പറഞ്ഞാല്‍, അസംഖ്യം ഡവലപ്പര്‍മാരുടെ കഴിവും സര്‍ഗാത്മകതയുമാണ് അതില്‍ പ്രതിഫലിക്കുന്നത്. ലക്ഷക്കണക്കിന് തൊഴിലവസരം സൃഷ്ടിക്കുന്ന ഒന്നായി ആപ്പ് നിര്‍മാണം മാറിയിരിക്കുന്നു. ആപ്പിന്റെ ആപ്പ് സ്റ്റോറും, ഗൂഗിള്‍ പ്ലേ സ്റ്റോറുമൊക്കെ ആപ്പ് വിറ്റുകിട്ടുന്ന വരുമാനത്തില്‍ ഏതാണ്ട് 70 ശതമാനവും ആപ്പ് ഡെവലപ്പ് ചെയ്തവര്‍ക്കാണ് നല്‍കുന്നത്.

2007 ജനവരി 9 ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ഐഫോണ്‍ ആദ്യമായി അവതരിപ്പിക്കുന്ന വേളയില്‍, അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് അവകാശപ്പെട്ടത് ഇങ്ങനെയാണ് : 'ഒന്നല്ല മൂന്ന് ഉപകരണങ്ങളാണ് ഇന്ന് ഞാനിവിടെ അവതരിപ്പിക്കുന്നത് - ഒരു ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്റര്‍, ഒരു മൊബൈല്‍ ഫോണ്‍, ഒരു ഐപോഡ് (മ്യൂസിക് പ്ലെയര്‍)'. സ്റ്റീവ് പറഞ്ഞ ആ മൂന്ന് ഉപകരണങ്ങള്‍ ഐഫോണിലെ വെറും മൂന്ന് ആപ്പുകള്‍ മാത്രമാണെന്ന് ഇപ്പോള്‍ നമുക്കറിയാം. മൂന്നല്ല മൂവായിരം ഉപകരണങ്ങളായി സ്മാര്‍ട്ട്‌ഫോണിനെ മാറ്റാന്‍ ഇപ്പോള്‍ ആപ്പുകള്‍ സഹായിക്കുന്നു!

മൊബൈല്‍ ഫോണ്‍ ആദ്യമായി (അമേരിക്കന്‍) വിപണിയിലെത്തിയത് 1983 ലാണ്. 'മോട്ടറോള ഡൈന ടി.എ.സി 8000എക്‌സ്' (Motorola Dyna TAC 8000x) ആയിരുന്നു ഉപഭോക്താക്കളുടെ കൈയിലെത്തിയ ആദ്യ മൊബൈല്‍ ഫോണ്‍ (കാണുക: 'മൊബൈല്‍ അധിനിവേശം', മീഡിയ, 2012 ആഗസ്ത് ലക്കം). അതിനാകെ ഒരു ഉപയോഗമേ ഉണ്ടായിരുന്നുള്ളൂ; ഫോണ്‍ വിളിക്കുക എന്നത് മാത്രം.

മൊബൈല്‍ ഫോണിന്റെ സാധ്യത ചെറിയതോതിലാണെങ്കിലും ഉപയോക്താക്കള്‍ മനസിലാക്കി തുടങ്ങിയത് ഗെയിമുകള്‍ എത്തിയതോടെയാണ്. 1970 കളിലെ വീഡിയോ ഗെയിമായ 'സ്‌നേക്കി' (Snake) നെ മൊബൈല്‍ ഫോണില്‍ കുടിയിരുത്തിയ നോക്കിയ ആണ് ഇക്കാര്യത്തില്‍ മുമ്പേ നടന്ന കമ്പനി. Pong, Tetris, Tic-Tac-Toe തുടങ്ങിയ ഗെയിമുകളും താമസിയാതെ മൊബൈല്‍ ഫോണുകളില്‍ ഇടംപിടിച്ചു. വിളിക്കാന്‍ മാത്രമുള്ളതല്ല മൊബൈലെന്ന കാര്യം അങ്ങനെയാണ് ബോധ്യമാകുന്നത്.

ക്രമേണ ഹാന്‍ഡ്‌സെറ്റുകളുടെ വിലയും വലിപ്പവും കുറഞ്ഞു, ആയുസ്സ് കൂടിയ ബാറ്ററികളെത്തി....കൂടുതലാളുകളുടെ കൈകളില്‍ മൊബൈലെത്തി. 1990 കളുടെ അവസാനമായപ്പോഴേക്കും മൊബൈല്‍ കമ്പനികളുടെ ആലോചനയില്‍ ഒരു സംഗതികൂടി സ്ഥാനം പിടിച്ചു. വേള്‍ഡ് വൈഡ് വെബ്ബി (WWW) ന്റെയും ഇന്റര്‍നെറ്റിന്റെയും സാധ്യതകള്‍ മൊബൈലില്‍ എന്തുകൊണ്ട് ഉപയോഗിച്ചുകൂടാ എന്നതായിരുന്നു ആ ചിന്ത. പക്ഷെ, കുറഞ്ഞ റെസല്യൂഷനുള്ള, ചെറിയ മൊണോക്രോം സ്‌ക്രീനുകളുള്ള മൊബൈലുകളില്‍ അതത്ര എളുപ്പമായിരുന്നില്ല. ജാവാ സ്‌ക്രിപ്റ്റിന്റെയും ഫ് ളാഷിന്റെയുമൊക്കെ അകമ്പടിയോടെ രംഗത്തെത്തിയ വര്‍ണാഭമായ വെബ്ബ്‌സൈറ്റുകളെ മൊബൈലിലേക്ക് കുടിയിരുത്തുക അസാധ്യമായിരുന്നു.

ഇക്കാര്യത്തില്‍ ശരിക്കുമൊരു മുന്നേറ്റം വരുന്നത് 'വയര്‍ലെസ്സ് ആപ്ലിക്കേഷന്‍ പ്രോട്ടോക്കോളി' (വാപ് - WAP) ന്റെ രംഗപ്രവേശത്തോടെയാണ്. വെബ്ബിന്റെ നിയമാവലിയായ 'ഹൈപ്പര്‍ടെക്സ്റ്റ് ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോളി' (HTTP)ന്റെ ചെത്തിയൊതുക്കിയ രൂപമായിരുന്നു 'വാപ്'. അതോടെ, വെബ്ബ് ബ്രൗസറുകള്‍ പോലെ, വാപ് ബ്രൗസറുകളും രംഗത്തെത്തി. മൊബൈല്‍ ഫോണിന്റെ മെമ്മറിയ്ക്കും, ബാന്‍ഡ്‌വിഡ്ത് പോലുള്ള പരിമിതികള്‍ക്കും അനുസൃതമായി രൂപപ്പെടുത്തിയതായിരുന്നു വാപ് ബ്രൗസറുകള്‍.

വാപ് സ്റ്റാന്‍ഡേര്‍ഡിന്റെ സാധ്യതകളുപയോഗിച്ച് ചില മൊബൈല്‍ പ്ലാറ്റ്‌ഫോമുകള്‍ ഈ നൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ രംഗത്തെത്തി. 'പാം ഒഎസ്' (Palm OS), സണ്‍ മൈക്രോസിസ്റ്റംസിന്റെ 'ജാവ മൈക്രോ എഡിഷന്‍' (Java ME), മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍, നോക്കിയ, സോണി എറിക്‌സണ്‍, മോട്ടറോള, സാംസങ് എന്നിവ ചേര്‍ന്ന് രൂപംനല്‍കിയ 'സിമ്പിയന്‍ ഒഎസ്' ( Symbian OS), ബ്ലാക്ക്ബറി ഒഎസ് - ഇതൊക്കെ അതില്‍ പെടും.

അതില്‍ ബ്ലാക്ക്ബറിയാണ് ഈമെയില്‍ പോലുള്ള ആപ്ലിക്കേഷനുകളുടെ സഹായത്തോടെ ബിസിനസ് ക്ലാസിന്റെ മനംകവര്‍ന്നത്. എങ്കിലും, ദൈര്‍ഘ്യമേറിയ യുആര്‍എല്ലുകള്‍ മൊബൈലില്‍ നല്‍കുക എന്നത് വലിയ വെല്ലുവിളി തന്നെയായിരുന്നു. അതിന് മാറ്റം വന്നത് 2007 ലാണ്, സ്റ്റീവ് ജോബ്‌സ് ഐഫോണ്‍ അവതരിപ്പിച്ചതോടെ.

മൊബൈല്‍ ബ്രൗസര്‍ ഐഫോണില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും, ഒരാളുടെ സാധാരണ ഉപയോഗത്തിനുള്ള സംഗതികളെല്ലാം വ്യത്യസ്ത ആപ്പുകളായി ഐഫോണില്‍ ഉണ്ടായിരുന്നു. ഉദാഹരണത്തിന് 'ഗൂഗിള്‍ മാപ്‌സി'ന്റ കാര്യം പരിഗണിക്കുക. വെബ്ബ്ബ്രൗസറില്‍ ഗൂഗിള്‍ സൈറ്റില്‍ പോയി മാപ്‌സിലെത്തേണ്ട കാര്യം ഐഫോണിലില്ല. പകരം, അതിലുള്ള ഗൂഗിള്‍ മാപ്‌സിന്റെ ആപ്പിലൊന്ന് ടാപ്പ് ചെയ്താല്‍ മതി, ഗൂഗിള്‍ മാപ്‌സിലേക്ക് ഉപയോക്താവ് നേരിട്ടെത്തും. അതുപോലെ, ബിബിസി ന്യൂസ് വായിക്കാന്‍, ബ്രൗസര്‍ തുറന്ന് അഡ്രസ്സ് ബാറില്‍ ബിബിസിയുടെ യുആര്‍എല്‍ നല്‍കേണ്ട ആവശ്യമേയില്ല; ബിബിസി ന്യൂസിന്റെ ആപ്പില്‍ വെറുതെ ഒന്ന് ടാപ്പ് ചെയ്താല്‍ സംഭവം മുന്നിലെത്തും. അങ്ങേയറ്റം അനായാസമായി കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ വഴി തുറക്കുകയാണ് ആപ്പുകള്‍ ചെയ്തത്.

എല്ലാ സംഗതികളും കര്‍ക്കശ നിയന്ത്രണത്തില്‍ വേണമെന്ന വാശിയുള്ള വ്യക്തിയായിരുന്നു സ്റ്റീവ് ജോബ്‌സ്. അതിനാല്‍ 2007 ല്‍ ഐഫോണ്‍ അവതരിപ്പിക്കുമ്പോള്‍, അതില്‍ തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകള്‍ അനുവദിക്കേണ്ടതില്ല എന്ന് അദ്ദേഹം വാദിച്ചു. ആപ്പിള്‍ കമ്പനിയിലെ തന്നെ ബോര്‍ഡ് അംഗങ്ങളുടെ സമ്മര്‍ദ്ദം ഒടുവില്‍ സ്റ്റീവിന്റെ നിലപാടില്‍ മാറ്റമുണ്ടാക്കിയതായി, സ്റ്റീവിന്റെ ജീവചരിത്രത്തില്‍ വാള്‍ട്ടര്‍ ഇസാക്‌സണ്‍ പറയുന്നു. 2008 ജൂലായില്‍ ആപ്പിള്‍ ഐട്യൂണ്‍സില്‍ ആപ്പ് സ്റ്റോര്‍ ആരംഭിച്ചു. 2010 ഏപ്രില്‍ ആയപ്പോഴേക്കും ആപ്പ് സ്റ്റോറില്‍ 1.85 ലക്ഷം ഐഫോണ്‍ ആപ്പുകള്‍ ലഭ്യമായി. ഇപ്പോഴത് പത്തുലക്ഷം കവിയുന്നു!

ഐഫോണിന് പിന്നാലെ  2008 ല്‍ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍ (എച്ച്.ടി.സി.ഡ്രീം) രംഗത്തെത്തി. നിലവില്‍ ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈല്‍ പ്ലാറ്റ്‌ഫോമാണ് ഗൂഗിളിന്റെ ആന്‍ഡ്രോയ്ഡ്. ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കുമായി, ഐഫോണിനുള്ളത്ര ആപ്പുകള്‍ ലഭ്യമാണ്. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ ആണ് ഈ രംഗത്ത് പയറ്റാനെത്തിയ മറ്റൊരു പ്ലാറ്റ്‌ഫോം. മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണ്‍ സ്‌റ്റോറില്‍ 1.75 ലക്ഷം ആപ്പുകള്‍ ഇപ്പോഴുണ്ട്. മൊബൈല്‍ പ്ലാറ്റ്‌ഫോം സ്വന്തമായില്ലെങ്കിലും, മൊബൈല്‍ ആപ്പുകള്‍ വില്‍ക്കുന്ന മറ്റിടങ്ങളുമുണ്ട്. ഉദാഹരണം ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കായുള്ള ആമസോണ്‍ ആപ്പ് സ്റ്റോര്‍.

ആപ്പുകളുടെ പുതിയ ലോകം വലിയ വരുമാന സാധ്യകളാണ് ഡെവലപ്പര്‍മാര്‍ക്കും കമ്പനികള്‍ക്കും നല്‍കുന്നത്. 'ഗാര്‍ട്ട്‌നര്‍' എന്ന മാര്‍ക്കറ്റ് റിസര്‍ച്ച് ഗ്രൂപ്പ് അടുത്തയിടെ പുറത്തുവിട്ട കണക്കുകള്‍ കാണിക്കുന്നത് അതാണ്. ഈ വര്‍ഷം 103 ബില്യണ്‍ മൊബൈല്‍ ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യപ്പെടുമെന്നാണ് ഗാര്‍ട്ടനറുടെ പ്രവചനം. 2012 നെ അപേക്ഷിച്ച് ഏതാണ്ട് 60 ശതമാനം കൂടുതലാണിത്.

ആപ്പ് ബിസിനസില്‍നിന്നുള്ള ആഗോളവരുമാനം ഈവര്‍ഷം 2600 കോടി ഡോളര്‍ (1.6 ലക്ഷം കോടി രൂപ) ആകുമെന്നും ഗര്‍ട്ട്‌നറുടെ റിപ്പോര്‍ട്ട് പറയുന്നു. 2012 ല്‍ ഇത് 1800 കോടി ഡോളര്‍ (1.1 ലക്ഷം കോടി രൂപ) ആയിരുന്നു. എന്നുവെച്ചാല്‍, പോയ വര്‍ഷത്തെ അപേക്ഷിച്ച് 44.4 ശതമാനം വരുമാനവര്‍ധനയാണ് 2013 ല്‍ ഉണ്ടാവുക. ശരിക്കുമൊരു സ്വര്‍ണ്ണവേട്ട തന്നെയാണ് ആപ്പ് രംഗം തുറന്നിടുന്നതെന്ന് സാരം.

ആപ്പുകളുടെ സ്വീകാര്യതയും പ്രചാരവും വര്‍ധിക്കുമ്പോള്‍ മറ്റൊരു അപകടം ഉപയോക്താക്കളെ വേട്ടയാടുന്നുണ്ട്. ദുഷ്ടപ്രോഗ്രാമുകളും (മാള്‍വെയറുകള്‍) വൈറസുകളും പടച്ചുവിട്ട് തട്ടിപ്പ് നടത്തുന്ന സൈബര്‍ ക്രിമിനലുകളുടെ ശ്രദ്ധ ആപ്പുകളിലേക്ക് തിരിയുന്നു എന്നതാണത്. സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ആപ്പുകളില്‍ മാത്രമല്ല, ഗൂഗിള്‍ പ്ലേ സ്റ്റോര്‍ പോലെ ആധികാരികമായി പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെ ആപ്പുകളില്‍ പോലും കെണികളുണ്ടെന്നാണ് പുതിയ പഠനറിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

കണ്ണില്‍കണ്ട എല്ലാ ആപ്പും ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക. നിലവാരമുള്ള, വിശ്വസനീയമായ കമ്പനികളുടെ ആപ്പുകള്‍ മാത്രം ഉപയോഗിക്കുക എന്നിങ്ങനെയുള്ള മുന്‍കരുതലുകളാണ് കുബുദ്ധികളുടെ പിടിയില്‍പെടാതെ കഴിയാനുള്ള പോംവഴി.

(കടപ്പാട് : 1. Steve Jobs (2011), by Walter Isaacson; 2. Mobile apps revenues tipped to reach $26bn in 2013, by Stuart Dredge - The Guardian, Sept 19, 2013; 3. അപ്പിക്കും ഒരു ആപ്പ്, by മുരളി തുമ്മാരുകുടി - മാതൃഭൂമി ഓണ്‍ലൈന്‍, ഒക്ടോബര്‍ 22, 2013; 4. Wikipedia)

-കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ജനുവരി 2014 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്. 

വിടവാങ്ങുന്ന 'ഗൂഗിളും'; ചിറകടിക്കുന്ന ഗൂഗിളും

പതിനേഴ് വര്‍ഷവും ആറുമാസവും 23 ദിവസവും നിലനിന്ന ആള്‍ട്ടവിസ്ത (AltaVista) എന്ന സെര്‍ച്ച് എഞ്ചിന്‍, ഉയര്‍ച്ചതാഴ്ച്ചകളുടെയും കിടമത്സരങ്ങളുടെയും കലുഷിതമായ ചരിത്രം ബാക്കിവെച്ച് 2013 ജൂലായ് എട്ടിന് വിടവാങ്ങി. പത്തുവര്‍ഷംമുമ്പ് തങ്ങള്‍ സ്വന്തമാക്കിയ ആള്‍ട്ടവിസ്ത പൂട്ടുന്നവിവരം യാഹൂ കമ്പനി പ്രഖ്യാപിച്ചു. 1990 കളുടെ മധ്യേ ഇന്റര്‍നെറ്റ് ഉപയോഗിച്ചിരുന്ന പഴയ തലമുറ ഒട്ടൊരു ഗൃഹാതുരത്വത്തോടെയാണ് ആ പ്രഖ്യാപനം കേട്ടത്.

'ദി സെര്‍ച്ച്' എന്ന ഗ്രന്ഥത്തില്‍ 1990 കളിലെ സെര്‍ച്ചിന്റെ ചരിത്രം വിവരിക്കുന്നിടത്ത് ജോണ്‍ ബാറ്റില്‍ ആള്‍ട്ടവിസ്തയെ വിശേഷിപ്പിക്കുന്നത് 'അന്നത്തെ ഗൂഗിള്‍' എന്നാണ്. സെര്‍ച്ചില്‍ ഇപ്പോള്‍ ഗൂഗിള്‍ എന്താണോ, തൊണ്ണൂറുകളുടെ മധ്യേ അതായിരുന്നു ആള്‍ട്ടവിസ്ത. ആ നിലയ്ക്ക് കഴിഞ്ഞ ജൂലായ് എട്ടിന് വിടവാങ്ങിയത് 'അന്നത്തെ ഗൂഗിളാ'ണ്.

വളരുന്ന സെര്‍ച്ച് ബിസിനസിലും മുറുകുന്ന മത്സരത്തിലും പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത അവസാനിക്കുന്ന സമയത്ത്, യഥാര്‍ഥ ഗൂഗിള്‍ തങ്ങളുടെ ആവനാഴിയിലെ ആയുധങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുകയായിരുന്നു. ഗൂഗിള്‍ സെര്‍ച്ചിന് ഇനി 'ഹമ്മിങ് ബേര്‍ഡി'ന്റെ ചിറകടിയാണുണ്ടാവുകയെന്ന് 2013 സപ്തംബര്‍ 26 ന് പ്രഖ്യാപിക്കപ്പെട്ടു. ഗൂഗിള്‍ ഉപയോഗിക്കുന്ന പരിഷ്‌ക്കരിച്ച സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പേരാണ് 'ഹമ്മിങ് ബേര്‍ഡ്'.

നിലവില്‍ മുന്നൂറ് കോടിയിലേറെ അന്വേഷണങ്ങള്‍ക്ക് (ക്വെറികള്‍ക്ക്) ഗൂഗിള്‍ ദിവസവും മറുപടി നല്‍കുന്നു എന്നാണ് കണക്ക്. ഇതുവരെ പിന്തുടര്‍ന്ന സെര്‍ച്ച് വിദ്യയില്‍നിന്ന് വ്യത്യസ്തമായി, ഉപയോക്താവിന്റെ അന്വേഷണങ്ങള്‍ക്ക് ബുദ്ധിപൂര്‍വ്വം ഉത്തരം നല്‍കാന്‍ ശേഷിയുള്ളതായിരിക്കും പുതിയ ഗൂഗിള്‍ സെര്‍ച്ച്. മൊബൈലുകളില്‍ ശബ്ദനിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച് പ്രവര്‍ത്തിക്കാന്‍ കൂടി ഇതോടെ ഗൂഗിള്‍ സെര്‍ച്ച് പാകമാവുകയാണ്.

മൊബൈല്‍ യുഗം മുന്നോട്ടുവെയ്ക്കുന്ന ആവശ്യങ്ങള്‍ക്കൂടി നിറവേറ്റാന്‍ പാകത്തിലുള്ളതാണ് പുതിയ സെര്‍ച്ചെന്ന് അവകാശപ്പെടുമ്പോള്‍, ഗൂഗിള്‍ പറയാതെ പറയുന്ന ഒരു സംഗതിയുണ്ട് - ഐഫോണിലെ സിരിക്കുള്ള മറുപടിയാണ് 'ഹമ്മിങ് ബേര്‍ഡി'ലൂടെ തങ്ങള്‍ നല്‍കുന്നത്.

2011 ഒക്ടോബര്‍ അവസാനമാണ് 'ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായി' എന്ന് വിശേഷിപ്പിക്കപ്പെടുന്ന സിരി ( Siri ) ഐഫോണിലെത്തിയത്. ശരിക്കുള്ള സഹായിയോട് വിവരങ്ങള്‍ തേടുന്നതുപോലെ, ഐഫോണ്‍ ഉപയോക്താവിന് സിരിയോട് കാര്യങ്ങള്‍ ചോദിച്ച് മനസിലാക്കാം. നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) യില്‍ അധിഷ്ഠിതമായ ആപ്ലിക്കേഷനാണ് സിരി. സിരിയുടെ വരവോടെ സെര്‍ച്ച് രംഗത്ത് ആപ്പിള്‍ ഒറ്റയടിക്ക് അഞ്ചുവര്‍ഷം മുന്നിലെത്തിയെന്ന് പല വിദഗ്ധരും വിലയിരുത്തി. സിരി ഭീഷണിയാണെന്ന് ഗൂഗിളിന്റെ ഉന്നതരും സമ്മതിച്ചു.

ആ ഭീഷണിക്കുള്ള മറുപടിയാണ് പുതിയ ഗൂഗിള്‍ സെര്‍ച്ച്. എന്നുവെച്ചാല്‍, കാലപ്രവാഹത്തില്‍ പിടിച്ചുനില്‍ക്കാനാവാതെ ആള്‍ട്ടവിസ്ത വിടവാങ്ങിയപ്പോള്‍, ഗൂഗിള്‍ പുതിയ ഉയരങ്ങള്‍ തേടി ചിറകടിക്കുകയാണ്. സെര്‍ച്ച് എന്ന പ്രവൃത്തിയെ വെബ്ബ് ബിസിനസിന്റെ നട്ടെല്ലാക്കി മാറ്റിയ ഗൂഗിള്‍, തങ്ങള്‍ക്ക് കാലഹരണപ്പെടാന്‍ മനസില്ല എന്ന് ആത്മവിശ്വാസത്തോടെ പ്രഖ്യാപിച്ചിരിക്കുകയാണ് 'ഹമ്മിങ് ബേര്‍ഡി'ലൂടെ !

ലിങ്കുകളുടെ മാന്ത്രികത തലയ്ക്കുപിടിച്ച രണ്ട് സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളുടെ -ലാറി പേജ്, സെര്‍ജി ബ്രിന്‍ എന്നിവരുടെ - ഒടുങ്ങാത്ത തര്‍ക്കങ്ങളില്‍നിന്നാണ് ഗൂഗിളിന്റെ ചരിത്രം തുടങ്ങുന്നത്. പക്ഷേ, ഇന്റര്‍നെറ്റില്‍ സെര്‍ച്ചിന്റെ ചരിത്രം അതിനുംമുമ്പ് ആരംഭിച്ചിരുന്നു.

ആദിയില്‍ സെര്‍ച്ച് ഉണ്ടായത്
വെബ്ബോ ബ്രൗസറുകളോ സെര്‍ച്ചോ ഇല്ലാതിരുന്ന ഒരു കാലത്തെക്കുറിച്ച് സങ്കല്‍പ്പിച്ചുനോക്കൂ. അക്കാര്യം സങ്കല്‍പ്പിക്കാന്‍ പോലും പലരും ഇഷ്ടപ്പെടില്ല. ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇന്റര്‍നെറ്റിന് അങ്ങനെയൊരു കാലമുണ്ടായിരുന്നു. കുറെ കമ്പ്യൂട്ടറുകളുടെയും നെറ്റ്‌വര്‍ക്കുകളുടെയും ജീവനില്ലാത്ത ശൃംഖല മാത്രമായിരുന്നു അന്നത്തെ ഇന്റര്‍നെറ്റ്. ഹൈപ്പര്‍ലിങ്കുകള്‍ വഴി ഡോക്യുമെന്റുകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടിരുന്നില്ല. ഡോക്യുമെന്റിന്റെ പേര്, അത് സൂക്ഷിച്ചിട്ടുള്ള കമ്പ്യൂട്ടര്‍ നോഡ് ഒക്കെ കൃത്യമായി അറിയില്ലെങ്കില്‍ ഒരു വിവരവും ഇന്റര്‍നെറ്റില്‍ തേടിപ്പിടിക്കാന്‍ കഴിയാത്ത 'ശിലായുഗ'മായിരുന്നു അത്.

ആ 'ശിലായുഗ'ത്തിന്റെ അവസാനഘട്ടത്തിലാണ് ഇന്റര്‍നെറ്റില്‍ ആദ്യ സെര്‍ച്ച് എഞ്ചിന്‍ എത്തുന്നത്. 1990 ല്‍ പ്രത്യക്ഷപ്പെട്ട 'ആര്‍ച്ചി' ( Archie ) ആയിരുന്നു അത്; മാക്ഗില്‍ സര്‍വകലാശാലയിലെ വിദ്യാര്‍ഥി അലന്‍ ഇംടേജ് രൂപംനല്‍കിയത്.

ഇന്റര്‍നെറ്റില്‍ പൊതുലഭ്യതയിലുള്ള കമ്പ്യൂട്ടറുകളില്‍ സൂക്ഷിച്ചിട്ടുള്ള പ്രബന്ധങ്ങള്‍ കണ്ടുപിടിക്കാന്‍ അക്കാദമിക് രംഗത്തുള്ളവരെ സഹായിക്കുക എന്നതായിരുന്നു ആര്‍ച്ചിയുടെ ലക്ഷ്യം. അത്തരം ഡോക്യുമെന്റുകളുടെ ഇന്‍ഡെക്‌സ് തയ്യാറാക്കിയാണ് ആര്‍ച്ചി പ്രവര്‍ത്തിച്ചത്. ഇന്റര്‍നെറ്റിന്റെ 'ഫയല്‍ ട്രാന്‍സ്ഫര്‍ പ്രോട്ടോക്കോള്‍' ( FTP ) സ്റ്റാന്‍ഡേര്‍ഡ് അടിസ്ഥാമാക്കിയുള്ള ആര്‍ച്ചി പക്ഷേ, അത്ര യൂസര്‍-ഫ്രണ്ട്‌ലി ആയിരുന്നില്ല എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

തൊണ്ണൂറുകളുടെ ആരംഭത്തില്‍ വെബ്ബ് ആവിര്‍ഭവിച്ചതോടെ, ആര്‍ച്ചിയുടെ പരിമിതി ബോധ്യമായി. അതെത്തുടര്‍ന്ന് 1993 ല്‍ നെവേദ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ രൂപംനല്‍കിയ സെര്‍ച്ച് എഞ്ചിനാണ് 'വെറോനിക്ക' ( Veronica ). ആര്‍ച്ചി പോലെ തന്നെയായിരുന്നു അതിന്റെയും പ്രവര്‍ത്തനം. എഫ്.ടി.പിക്ക് പകരം, ജനപ്രിയ 'ഗോഫര്‍' ( Gopher ) സ്റ്റാന്‍ഡേര്‍ഡ് ഉപയോഗിച്ചു എന്ന വ്യത്യാസം മാത്രം.

അന്വേഷിക്കുന്ന ഡോക്യുമെന്റിന്റെ തലക്കെട്ട് മാത്രമേ ഇന്‍ഡെക്‌സ് ചെയ്യൂ, ഉള്ളടക്കം ഇന്‍ഡെക്‌സ് ചെയ്യില്ല എന്നതായിരുന്നു ആര്‍ച്ചിയുടെയും വെറോനിക്കയുടെയും പ്രശ്‌നം. ഡോക്യുമെന്റ് തപ്പിയെടുക്കാന്‍ യഥാര്‍ഥ തലക്കെട്ട് തന്നെ നല്‍കേണ്ടിയിരുന്നു.

മിന്നല്‍പ്പോലെയായിരുന്നു വേള്‍ഡ് വൈഡ് വെബ്ബിന്റെ വളര്‍ച്ച. ഇന്റര്‍നെറ്റില്‍ വെബ്ബ്‌സൈറ്റുകളുടെ എണ്ണം 1993 ല്‍ വെറും 130 ആയിരുന്നത്, 1996 എത്തിയപ്പോഴേക്കും ആറുലക്ഷമായി. മനുഷ്യന്റെ പരിധിക്കപ്പുറത്തേക്ക് വെബ്ബ് വളരുന്നത് ശ്രദ്ധയോടെ നിരീക്ഷിച്ചവരില്‍ ഒരാളായിരുന്നു അമേരിക്കയില്‍ മസാച്ച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യിലെ ഗവേഷകന്‍ മാത്യു ഗ്രേ. അദ്ദേഹം രൂപംനല്‍കിയാതാണ് WWW Wanderer എന്ന വെബ്ബ് സെര്‍ച്ച്. വെബ്ബ്‌സൈറ്റുകളുടെ ഇന്‍ഡെക്‌സ് ഓട്ടോമാറ്റിക്കായി സൃഷ്ടിക്കാന്‍ കഴിവുള്ള ഒരു റോബോട്ട് പ്രോഗ്രാമായിരുന്നു അത്.

ആ സെര്‍ച്ച് എഞ്ചിന്റെ പ്രതാപവും അധികം നീണ്ടുനിന്നില്ല. കൂടുതല്‍ മികവാര്‍ന്ന സെര്‍ച്ച് സര്‍വീസുകള്‍ രംഗപ്രവേശം ചെയ്തു. 'വെബ്ബ്ക്രാളര്‍' ( WebCrawler ) ആയിരുന്നു അതില്‍ ഏറ്റവും ശ്രദ്ധേയം. വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ ഗവേഷകനായിരുന്ന ബ്രിന്‍ പിന്‍കെര്‍ട്ടന്‍ 1994 ഏപ്രിലില്‍ ഓണ്‍ലൈനിലെത്തിച്ച ആ സര്‍വീസിന്റെ പ്രത്യേകത, വെബ്ബ്‌സൈറ്റുകളെ ഇന്‍ഡെക്‌സ് ചെയ്യാന്‍ ഒരു ക്രാളര്‍ അതില്‍ ഉപയോഗിച്ചു എന്നതാണ്. വെബ്ബ് ഡോക്യുമെന്റുകളിലെ മുഴുവന്‍ ടെക്‌സ്റ്റും ഇന്‍ഡെക്‌സ് ചെയ്യാന്‍ ശേഷിയുള്ള ആദ്യത്തെ സെര്‍ച്ച് എഞ്ചിനായിരുന്നു അത്. പുറത്തിറങ്ങി ഏഴുമാസംകൊണ്ട് പത്തുലക്ഷം സെര്‍ച്ചുകള്‍ വെബ്ബ്ക്രാളര്‍ വഴിയുണ്ടായി. 1995 ജൂണില്‍ ഏതാണ്ട് പത്തുലക്ഷം ഡോളറിന് അമേരിക്ക ഓണ്‍ലൈന്‍ ( AOL ) വെബ്ബ്ക്രാളറിനെ സ്വന്തമാക്കി.

എന്നാല്‍, വെബ്ബില്‍ ഒരു യഥാര്‍ഥ സെര്‍ച്ച് എഞ്ചിന്‍ എത്തുന്നത് 1995 ഡിസംബര്‍ 15 നാണ് - 'ആള്‍ട്ടവിസ്ത' ( AltaVista ) എന്ന പേരില്‍.

ഡിജിറ്റല്‍ എക്യുപ്‌മെന്റ് കോര്‍പ്പറേഷന് കീഴിലെ നെറ്റ്‌വര്‍ക്ക് സിസ്റ്റംസ് ലബോററ്റിയിലെയും വെസ്‌റ്റേണ്‍ റിസര്‍ച്ച് ലബോറട്ടറിയിലെയും ഗവേഷകരാണ് ആള്‍ട്ടവിസ്ത (AltaVista) യ്ക്ക് രൂപംനല്‍കിയത്. ലൂയിസ് മോനിയര്‍, പോള്‍ ഫ് ളാഹര്‍ട്ടി, മൈക്കല്‍ ബറോസ് എന്നിവരായിരുന്നു അതില്‍ മുഖ്യശില്പ്പികള്‍. '1996 ല്‍ ഒരുപക്ഷെ വെബ്ബിലെ ഏറ്റവും ഇഷ്ട ബ്രാന്‍ഡായിരുന്നു ആള്‍ട്ടവിസ്ത. ഇന്നത്തെ കണക്കിന്, അന്നത്തെ 'ഗൂഗിള്‍'' - ജോണ്‍ ബാറ്റില്‍ രേഖപ്പെടുത്തുന്നു.

പ്രത്യേകിച്ച് പ്രഖ്യാപനമൊന്നുമില്ലാതെയാണ് തുടങ്ങിയതെങ്കിലും, ആദ്യദിവസം തന്നെ മൂന്നുലക്ഷംപേര്‍ ആള്‍ട്ടവിസ്ത സന്ദര്‍ശിച്ചു. ഒരുവര്‍ഷത്തിനകം 400 കോടി സെര്‍ച്ചുകള്‍. ദിനംപ്രതി 250 ലക്ഷം സെര്‍ച്ചുകളുമായി 1997 ആയപ്പോഴേക്കും ആള്‍ട്ടവിസ്ത സെര്‍ച്ചിലെ രാജാവായി. സ്‌പോണ്‍സര്‍മാരില്‍നിന്ന് 500 ലക്ഷം ഡോളര്‍ വരുമാനം. യാഹൂവിനും എ.ഒ.എല്ലിനുമൊപ്പം വെബ്ബില്‍ ഏറ്റവുമധികം സന്ദര്‍ശകരുള്ള സൈറ്റ് - അതായി ആള്‍ട്ടവിസ്ത.

ഗൂഗിളിനെപ്പോലെ ഒരു വെബ്ബ്‌പേജിലേക്കുള്ള ലിങ്കുകളെ, ആ സൈറ്റിന്റെ പ്രസക്തി മനസിലാക്കാന്‍ പ്രയോജനപ്പെടുത്തിയ ആദ്യ സെര്‍ച്ച് എഞ്ചിന്‍ 1994 ല്‍ രംഗത്തെത്തിയ ലൈക്കസ് (Lycos) ആയിരുന്നു . കാര്‍നജീ മെലോണ്‍ സര്‍വകലാശാലയിലെ ഡോ.മൈക്കല്‍ മൗള്‍ഡിന്‍ രൂപംനല്‍കിയ ആ സെര്‍ച്ച് എഞ്ചിനില്‍ ഗണിത ആല്‍ഗരിതമാണ് ഉപയോഗിക്കപ്പെട്ടത്. 1999 ല്‍ ഒരു ചെറുകാലയളവില്‍, ലോകത്ത് ഏറ്റവുമധികം പേര്‍ സന്ദര്‍ശിക്കുന്ന സൈറ്റായി ലൈക്കസ് മാറി. 2000 ല്‍ ഡോട്ട്‌കോം കുമിളയുടെ പാരമ്യത്തില്‍ സ്പാനിഷ് ടെലകോം ഭീമനായ ടെറ ( Terra ) ലൈക്കസിനെ സ്വന്തമാക്കി. നാലുവര്‍ഷത്തിന് ശേഷം ടെറ, അത് ദക്ഷിണകൊറിയന്‍ കമ്പനിക്ക് 10 കോടി ഡോളറിന് കൈമാറി. ഗൂഗിള്‍ ശക്തിപ്രാപിച്ചതോടെ, ആള്‍ട്ടവിസ്തയെപ്പോലെ ലൈക്കസിന്റെയും പ്രതാപകാലം അസ്തമിച്ചു.

1990 കളില്‍ പ്രാധാന്യം നേടിയ മറ്റൊരു സെര്‍ച്ച് എഞ്ചിനായിരുന്നു 'എക്‌സൈറ്റ്' ( Exite ) - 1994 ല്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ ആറ് പൂര്‍വ്വവിദ്യാര്‍ഥികള്‍ ചേര്‍ന്ന് രൂപംനല്‍കിയത്.

സ്റ്റാന്‍ഫഡിലെ തന്നെ രണ്ട് വിദ്യാര്‍ഥികളായ ജെറി യാങ്, ഡേവിഡി ഫിലോ എന്നിവര്‍ ചേര്‍ന്ന് 1994 ജനവരിയില്‍ സൃഷ്ടിച്ച 'ജെറി ആന്‍ഡ് ഡേവിഡ്‌സ് ഗൈഡ് ടു ദി വേള്‍ഡ് വൈഡ് വെബ്ബ്' എന്ന വെബ്ബ്‌സൈറ്റാണ്, ഏതാനും മാസം കഴിഞ്ഞ് പേരുമാറ്റി 'യാഹൂ' ( Yahoo! ) ആയത്. വെബ്ബ്‌സൈറ്റകളുടെ പ്രാധാന്യക്രമം അനുസരിച്ച് രൂപപ്പെടുത്തിയ ഒരു ഡയറക്ടറി ആയിട്ടാണ് യാഹൂ തുടങ്ങിയത്. സെര്‍ച്ച് അടക്കമുള്ള സര്‍വീസുകള്‍ ലഭ്യമാക്കുന്ന ഒരു വെബ്ബ് പോര്‍ട്ടലായി പിന്നീടത് പരിണമിച്ചു.

ഗൂഗിളിന്റെ ഉദയം 
1990 കളുടെ രണ്ടാംപകുതിയില്‍ ആള്‍ട്ടവിസ്തയും ലൈക്കസുമൊക്കെ തരംഗങ്ങള്‍ സൃഷ്ടിക്കുന്ന വേളയിലാണ് സെര്‍ജി ബ്രിന്നും ലാറി പേജും സ്റ്റാന്‍ഫഡില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ പി.എച്ച്.ഡിക്ക് ചേരുന്നത്. ഒരു തര്‍ക്കത്തിനിടെ 1995 ല്‍ ഇരുവരും പരിചയപ്പെട്ടു. രണ്ടുപേരും തര്‍ക്കം തുടര്‍ന്നു. അവസാനമില്ലാത്ത ആ തര്‍ക്കങ്ങളില്‍നിന്ന് ഗൂഗിള്‍ പിറന്നു.

കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസര്‍ രാജീവ് മോട്ട്‌വാനിക്ക് കീഴിലായിരുന്നു സെര്‍ജിയുടെ ഗവേഷണം. വിഷയം ഡേറ്റാമൈനിങ്. മറ്റൊരു കമ്പ്യൂട്ടര്‍ സയന്‍സ് പ്രൊഫസറായ ടെറി എ. വിനോഗ്രാഡിനെ ലാറി തന്റെ ഉപദേഷ്ടാവായി സ്വീകരിച്ചു.

ഇന്റര്‍നെറ്റിലെ കമ്പ്യൂട്ടര്‍ നോഡുകളും, വേള്‍ഡ് വൈഡ് വെബ്ബിലെ ലിങ്കുകളുമാണ് ലാറിയെ വ്യാമോഹിപ്പിച്ചത്. ലിങ്കുകളെ വിശകലനം ചെയ്യാന്‍ മുഴുവന്‍ വെബ്ബും ഒരു സ്റ്റാന്‍ഫഡ് കമ്പ്യൂട്ടറിലേക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ ആ വിദ്യാര്‍ഥി തീരുമാനിച്ചു. ആ പ്രവര്‍ത്തനത്തിനിടെയാണ്, അക്കാദമിക് പ്രബന്ധങ്ങളുടെ സൈറ്റേഷനുകളും ഒരു വെബ്ബ്‌സൈറ്റിലേക്കുള്ള ലിങ്കുകള്‍ക്കും തമ്മില്‍ ശരിക്കും സമാന്തരമില്ലേ എന്ന സംശയം ലാറിയുടെ മനസില്‍ ഉയരുന്നത്.

കൂടുതല്‍ സൈറ്റേഷനുകള്‍ ലഭിക്കുന്ന പ്രബന്ധം തീര്‍ച്ചയായും കൂടുതല്‍ സ്വീകാര്യതയും അംഗീകാരവുമുള്ളതായിരിക്കും. അതുപോലെ ഒരു സൈറ്റിലേക്കുള്ള ലിങ്കുകളും, ലിങ്കുകളുടെ ഉത്ഭവസ്ഥാനമായ സൈറ്റുകളിലേക്കുള്ള ലിങ്കുകളും ഒരു സൈറ്റിന്റെ ജനപ്രിയതയെയും സ്വീകാര്യതയെയുമല്ലേ കുറിക്കുന്നത്. ഈ ആശയം സെര്‍ജിയെയും ആവേശഭരിതനാക്കി.

അങ്ങനെയെങ്കില്‍, ഒരു സൈറ്റ് വെബ്ബില്‍ പ്രധാനപ്പെട്ടതാണോ എന്ന് മനസിലാക്കാനുള്ള മാര്‍ഗമല്ലേ ഇത്. ഈയൊരു കാഴ്ച്ചപ്പാടോടെ ഒരു സെര്‍ച്ച് എഞ്ചിന്‍ രൂപപ്പെടുത്തിയാല്‍, അന്വേഷണങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തമായ മറുപടി കിട്ടില്ലേ. ഇരുവരും അക്കാദമിക് ജോലികള്‍ നിര്‍ത്തിവെച്ച്, ആ പ്രശ്‌നത്തില്‍ മുഴുകി.

ലിങ്കുകളെ വിശകലനം ചെയ്യുക വഴി ഒരു സൈറ്റിന്റെ പ്രധാന്യം മനസിലാക്കാന്‍ സഹായിക്കുന്ന ആല്‍ഗരിതം രൂപപ്പെടുത്തലായിരുന്നു ആദ്യപടി. ഗണിതപ്രതിഭയെന്ന് അതിനകം ഖ്യാതിനേടിയിരുന്ന സെര്‍ജി അതില്‍ ഊളിയിട്ടു. അങ്ങനെയാണ്, ലാറിയുടെ പേരിലറിയപ്പെടുന്ന, ഗൂഗിളിന്റെ തുറുപ്പുശീട്ടായിമാറിയ 'പേജ്‌റാങ്ക്' ( PageRank ) എന്ന സെര്‍ച്ച് ആല്‍ഗരിതത്തിന്റെ പിറവി.

പേജ്‌റാങ്ക് ആല്‍ഗരിതം ഉപയോഗിച്ചുള്ള സെര്‍ച്ച്എഞ്ചിന്റെ ആദ്യപേര് 'ബാക്ക്‌റബ്ബ്' ( BackRub ) എന്നായിരുന്നു. സ്റ്റാന്‍ഫഡ് വിദ്യാര്‍ഥികളും അധ്യാപകരും ആദ്യം ഉപയോഗിച്ച അതിന്റെ പേര് പിന്നീട് 'ഗൂഗിള്‍' എന്നായി. മറ്റൊരു പേരും ലാറിയുടെയും സെര്‍ജിയുടെയും പരിഗണനയിലുണ്ടായിരുന്നുവെന്ന് കെന്‍ ഔലേറ്റ പറയുന്നു. 'വാട്ട്‌ബോക്‌സ്' ( Whatbox ) എന്നായിരുന്നു അത്. പക്ഷേ, What box എന്നത് Wetbox ആയി കേള്‍ക്കുന്നവര്‍ക്ക് തോന്നിയേക്കാം, അതൊരു അശ്ലീലസൈറ്റായി കരുതപ്പെടാം എന്ന ഭയം മൂലം ആ ശ്രമം ഉപേക്ഷിച്ചു.

അതുവരെ രംഗത്തെത്തിയ സെര്‍ച്ച് എഞ്ചിനുകളൊക്കെ വെറും 'കീവേര്‍ഡു'കളെ മാത്രം ആശ്രയിച്ച് സെര്‍ച്ച് ഫലങ്ങള്‍ നല്‍കുന്നവയായിരുന്നു. പ്രസക്തവും അപ്രസക്തവുമായ ഫലങ്ങള്‍ കൂടിക്കുഴഞ്ഞ നിലയ്ക്കുള്ള ഫലമാണ് കിട്ടിയിരുന്നത്. എന്നാല്‍, സെര്‍ച്ച് ചെയ്യുന്നവര്‍ക്ക് ഏറ്റവും പ്രസക്തമായ സെര്‍ച്ച്ഫലങ്ങള്‍ ആദ്യം കിട്ടുമെന്നതായിരുന്നു ഗൂഗിളിന്റെ പ്രത്യേകത. ലിങ്കുകളെയും ഒരു സൈറ്റിന്റെ ജനപ്രിയതയെയും 'പേജ്‌റാങ്ക്' വഴി വിശകലനം ചെയ്താണ് അത് സാധ്യമാക്കിയത്.

സെര്‍ച്ചിനെ സംബന്ധിച്ചിടത്തോളം അതൊരു വിപ്ലവമായിരുന്നു. ഗൂഗിളിന് ശേഷം ഒരിക്കലും സെര്‍ച്ച് പഴയതുപോലെ ആയില്ല. തങ്ങള്‍ രൂപപ്പെടുത്തിയ ആ സാങ്കേതികവിദ്യയ്ക്ക് ലോകത്തെ മാറ്റിമറിക്കാന്‍ കഴിവുണ്ടെന്ന് ലാറിക്കും സെര്‍ജിക്കും ബോധ്യമുണ്ടായിരുന്നു. സ്വാഭാവികമായും ഗൂഗിള്‍ ഒരു കമ്പനിയായി. കോടിക്കണക്കിനാളുകള്‍ക്ക് പ്രയോജനപ്പെടുന്ന, ആയിരക്കണക്കിന് ബിസിനസ് സംരംഭകര്‍ക്കും മറ്റ് മേഖലയിലുള്ളവര്‍ക്കും അനുഗ്രഹമാകുന്ന തരത്തില്‍ ഗൂഗിള്‍ വളര്‍ന്നു.

ഗൂഗിളിന്റെ ഈമെയില്‍ സര്‍വീസ് മുതല്‍ ഭൂപട സര്‍വീസും പരസ്യങ്ങളുംവരെ ഇന്ന് പ്രവര്‍ത്തിക്കുന്നത് സെര്‍ച്ച് സാങ്കേതികവിദ്യയുടെ അടിസ്ഥാനത്തിലാണ്. ലോകത്തിന്റെ ഗതിമാറ്റുന്നതായിരുന്നു ഗൂഗിള്‍ സെര്‍ച്ചെന്ന് സാരം. തിരയല്‍ അഥവാ സെര്‍ച്ച് എന്ന പ്രവൃത്തിക്ക് അതിര്‍ത്തികളില്ലെന്നാണ് ഗൂഗിളിന്റെ ചരിത്രം തെളിയിക്കുന്നത്.

ഹമ്മിങ് ബേര്‍ഡ് എത്തുമ്പോള്‍ 
ഗൂഗിളിന്റെ സെര്‍ച്ചില്‍ ഏറ്റവും ശ്രദ്ധേയമായ മാറ്റം പ്രഖ്യാപിക്കപ്പെട്ടത് 2009 ആഗസ്തിലാണ്. ഗൂഗിളിന്റെ സെര്‍ച്ച് ആല്‍ഗരിതത്തിന്റെ 'കഫീന്‍' ( Caffeine ) വെര്‍ഷന്‍ അവതരിപ്പിക്കപ്പെട്ടു.

ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷല്‍ സര്‍വീസുകളിലും മറ്റും നിമിഷംപ്രതി അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന വിവരങ്ങള്‍ക്കൂടി സെര്‍ച്ച്ഫലത്തില്‍ പ്രതിഫലിക്കാന്‍ പാകത്തിലുള്ളതായിരുന്നു ആ അപ്‌ഡേറ്റ്. മികച്ച രീതിയില്‍ വിവരങ്ങള്‍ തേടാന്‍ (അഥവാ ഇന്‍ടെക്‌സ് ചെയ്യാന്‍) ഗൂഗിളിനെ സഹായിക്കുക എന്നതായിരുന്നു മുഖ്യമായും കഫീന്റെ ഉദ്ദേശം. മൈക്രോസോഫ്റ്റ് അതിന്റെ ബിംഗ് സെര്‍ച്ച് എഞ്ചിനില്‍ വരുത്തിയ പരിഷ്‌ക്കരണത്തിനുള്ള മറുപടി കൂടിയായിരുന്നു 'കഫീന്‍' എന്ന് ചില നിരീക്ഷകര്‍ വിലയിരുത്തുന്നു.

എന്നാല്‍, ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ള 'ഹമ്മിങ് ബേര്‍ഡ്' ആല്‍ഗരിതം വ്യത്യസ്തമാണ്. സങ്കീര്‍ണമായ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ പാകത്തിലുള്ളതാണ് പുതിയ സെര്‍ച്ച് ആല്‍ഗരിതമെന്ന് ഗൂഗിള്‍ പറയുന്നു. ഗൂഗിള്‍ സെര്‍ച്ചിന്റെ മാറ്റം ഏത് തരത്തില്‍ പ്രതിഫലിക്കുമെന്ന് ഗൂഗിളിലെ അമിത് സിംഘാല്‍ വിവരിച്ചത് ഇങ്ങനെ : 'സെര്‍ച്ചിന്റെ പ്രാഥമിക ധര്‍മം 'ഉത്തരം നല്‍കുക, സംസാരത്തിന് മറുപടി പറയുക, കാര്യങ്ങള്‍ ഊഹിച്ചെടുക്കുക' എന്ന നിലയ്ക്ക് മാറ്റുകയാണ് ഹമ്മിങ്‌ബേര്‍ഡ് ചെയ്യുക'.

മാത്രമല്ല, ഒരു കമ്പ്യൂട്ടറിനോട് നിങ്ങളോട് സംസാരിക്കാന്‍ കഴിയുന്ന തരത്തില്‍ സാങ്കേതികവിദ്യ പരിണമിക്കുകകൂടിയാണ് ഇതിലൂടെ. ഇതുവരെ തുടര്‍ന്നുവന്ന സെര്‍ച്ച് സമീപനത്തിന് പകരം, അര്‍ഥങ്ങളും ബന്ധങ്ങളും വിശകലനം ചെയ്യുന്ന രീതിയാണ് പുതിയ സെര്‍ച്ചില്‍ ഗൂഗിള്‍ സ്വീകരിച്ചിട്ടുള്ളത്.

ഗൂഗിളിന്റെ നട്ടെല്ലായിരുന്ന 'പേജ്‌റാങ്ക്' ഹമ്മിങ്‌ബേര്‍ഡില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ലിങ്കുകളെ വിശകലനംചെയ്ത് പേജിന്റെ പ്രാധാന്യം നിശ്ചയിക്കാന്‍ സഹായിക്കുന്ന പേജ്‌റാങ്ക് ഇനിമുതല്‍ ഹമ്മിങ്‌ബേര്‍ഡിന്റെ ഇരുന്നൂറിലേറ മുഖ്യചേരുവകയില്‍ ഒന്നായിരിക്കുമെന്ന് 'സെര്‍ച്ച് എഞ്ചിന്‍ ലാന്‍ഡ്' എന്ന സെര്‍ച്ച് നിരീക്ഷണ ബ്ലോഗ് റിപ്പോര്‍ട്ട് ചെയ്തു.

വാക്കുകള്‍പ്പറുത്ത് പ്രയോഗങ്ങളുടെയും ബന്ധങ്ങളുടെയും അര്‍ഥം മനസിലാക്കാന്‍ സഹായിക്കുകയാണ് ഹമ്മിങ്‌ബേര്‍ഡ് ആല്‍ഗരിതം ചെയ്യുക. കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ അവതരിപ്പിച്ച 'നോളേജ് ഗ്രാഫി' ( Knowledge Graph ) ന്റെ തുടര്‍ച്ചയാണ് ഒരര്‍ഥത്തില്‍ പുതിയ സെര്‍ച്ച് ആല്‍ഗരിതം. മാത്രമല്ല, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി വിശകലനം ചെയ്ത് ഉത്തരം നല്‍കാനും അതിന് കഴിവുണ്ട്.

മൊബൈല്‍ യുഗത്തിന് ചേരുംവിധം ഗൂഗിള്‍ സെര്‍ച്ച് മാറുന്നു എന്നര്‍ഥം. മറ്റൊരു ആള്‍ട്ടാവിസ്തയാകാന്‍ തങ്ങള്‍ ഒരുക്കമല്ലെന്ന് പ്രഖ്യാപനമാണ് ഒരര്‍ഥത്തില്‍ ഗൂഗിളിന്റെ പുതിയ നീക്കം.

(അവലംബം : 1. Googled (2009), by Ken Auletta (Virgin Books, London); 2. The Search (2005), John Battelle (Nicholas Brealey Publishing, London); 3. Google Tweaks Search to Challenge Apple's Siri, by Tom Simonite, Technology Review (website) September 26, 2013)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്‌

Tuesday, August 13, 2013

കമ്പ്യൂട്ടര്‍ മൗസ് വന്ന വഴി ; പോകുന്നതും

കേരള പ്രസ്സ് അക്കാദമിയുടെ 'മീഡിയ' ആഗസ്ത് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്



കാലത്തിന് മുമ്പേ പിറക്കുന്ന ചില കണ്ടുപിടിത്തങ്ങളുണ്ട്. തുടക്കത്തില്‍ ആശയക്കുഴപ്പമുണ്ടാക്കാമെങ്കിലും ഭാവിയെ നിര്‍ണയിക്കുന്നത് ചിലപ്പോള്‍ അത്തരം മുന്നേറ്റങ്ങളാവും. ലേസറിന്റെ കണ്ടുപിടിത്തം അങ്ങനെയുള്ള ഒന്നായിരുന്നു. 

1960 മെയ് 16 നാണ് ലേസര്‍ കണ്ടുപിടിക്കപ്പെട്ടത്. യു.എസില്‍ ഹ്യൂസ് റിസര്‍ച്ച് ലബോറട്ടറിയിലെ തിയോഡര്‍ മെയ്മന്‍ ഒരു റൂബിദണ്ഡിനെ ഉത്തേജിപ്പിച്ച് അതില്‍നിന്ന് അസാധാരണമാംവിധം നേര്‍ത്ത പ്രകാശധാര സൃഷ്ടിച്ചപ്പോള്‍, ആര്‍ക്കും അറിയുമായിരുന്നില്ല, ഭാവിയെ ഏതൊക്കെ തരത്തില്‍ ആ പുതിയ പ്രകാശം സ്വാധീനിക്കാന്‍ പോകുന്നുവെന്ന്.

വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ലേസറിന് ഒരു പ്രായോഗിക ഉപയോഗവും ഉണ്ടായില്ല. മെയ്മനെ കാണുമ്പോള്‍ ചങ്ങാതിമാര്‍ കളിയാക്കാന്‍പോലും ഒരുമ്പെട്ടു: 'ആ, നിങ്ങളുടെ ലേസറൊക്കെ സുഖമായിരിക്കുന്നല്ലോ അല്ലേ!'

കണ്ടുപിടിച്ച് 14 വര്‍ഷം കഴിഞ്ഞപ്പോള്‍ ലേസറിന് ആദ്യമായി ഒരു ഉപയോഗമുണ്ടായി - ബാര്‍കോഡ് റീഡര്‍ എന്ന നിലയില്‍. 1974 ല്‍ യു.എസില്‍ ഒഹായോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റ് കൗണ്ടറില്‍ ലേസര്‍ റീഡറുപയോഗിച്ച്  'റിഗ്ഗീസ് ച്യൂയിങ്ഗം' പാക്കറ്റിന് മുകളിലെ ബാര്‍കോഡ് വായിച്ചു.....പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല; ലേസറിന് മാത്രമല്ല, ബാര്‍കോഡിനും.

ആധുനിക ജീവിതത്തെ ലേസര്‍ ഏതൊക്കെ തരത്തില്‍ പുനര്‍നിര്‍ണയിക്കുന്നുവെന്ന് വിവരിക്കുക അസാധ്യം. സര്‍വ്വവ്യാപി എന്ന വിശേഷണം പോലും അതിന് മതിയാകില്ല. സിഡിയും ഡിവിഡിയും ഓപ്ടിക്കല്‍ മൗസും വൈദ്യശാസ്ത്ര ഉപകരണങ്ങളും റിമോട്ട് കണ്‍ട്രോളും ഭൂമിയെ ചുറ്റുന്ന ഓപ്ടിക്കല്‍ ഫൈബറും, അങ്ങനെ എണ്ണിയാലൊടുങ്ങാത്ത രംഗങ്ങളില്‍ ലേസര്‍ മനുഷ്യനെ സേവിക്കുന്നു.

ഇതിനകം ഒരു ഡസണിലേറെ നൊബേല്‍ പുരസ്‌ക്കാരങ്ങള്‍ ലേസറുമായി ബന്ധപ്പെട്ട പഠനങ്ങള്‍ക്ക് നല്‍കപ്പെട്ടുവെന്ന് അറിയുമ്പോള്‍, അത് മെയ്മന്‍ എന്ന ഗവേഷകന്‍ പതിറ്റാണ്ടുകള്‍ക്കുമുമ്പ് നേരിട്ട പരിഹാസത്തിനുള്ള മറുപടിയാകുന്നു.

ലേസറിന്റേതിന് സമാനമല്ലെങ്കിലും, അതിനോട് സാദൃശ്യമുള്ള കഥയാണ് കമ്പ്യൂട്ടര്‍ മൗസിന്റേതും. 1964 ല്‍ ഡഗ്ലസ് സി. എന്‍ഗെല്‍ബര്‍ട്ട് രൂപംനല്‍കിയ ആ ഉപകരണം പൊതുജനങ്ങളുടെ പക്കലെത്താന്‍ 20 വര്‍ഷമെടുത്തു. 1984 ല്‍ ആപ്പിള്‍ കമ്പ്യൂട്ടേഴ്‌സിന്റെ മകിന്റോഷിലൂടെയാണ് മൗസിന്റെ പ്രയോജനം ആദ്യമായി സാധാരണക്കാര്‍ അറിഞ്ഞത് (ആപ്പിളിന്റെ തന്നെ 'ലിസ' കമ്പ്യൂട്ടറില്‍ അത് ഉപയോഗിച്ചെങ്കിലും, ആ കമ്പ്യൂട്ടര്‍ ജനപ്രിയമായില്ല). ലോകത്തത്ത് കോടിക്കണക്കിന് കമ്പ്യൂട്ടറുകളുടെ അഭിഭാജ്യഘടകമായി പിന്നീട് മൗസ് മാറിയതും, ലോഗിടെക് പോലുള്ള കമ്പനികളുടെ വളര്‍ച്ചയുടെ മുഖ്യഘടകമായി മൗസ് നിര്‍മാണം പരിണമിച്ചതും ചരിത്രം.

മകിന്റോഷ് രംഗത്തെത്തി 30 വര്‍ഷമാകുമ്പോള്‍, സ്മാര്‍ട്ട്‌ഫോണുകളും ടാബ്‌ലറ്റുകളും പോലുള്ള മള്‍ട്ടിടച്ച് ഉപകരണങ്ങളുടെ വന്‍പ്രളയത്തില്‍ മൗസിന്റെ പ്രധാന്യം അസ്തമിക്കുന്നതിനാണ് ലോകമിപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ഒരര്‍ഥത്തില്‍ മൗസ് വിടവാങ്ങാനൊരുങ്ങുന്നു. കമ്പ്യൂട്ടര്‍ മൗസിന്റെ സൃഷ്ടാവ് എന്‍ഗെല്‍ബര്‍ട്ട് 2013 ജൂലായ് രണ്ടിന് വിടവാങ്ങിയത്, മൗസിന് മരണമണി മുഴങ്ങുന്നത് കണ്ടിട്ടാണ്.


ഇതിലെ കൗതുകജനകമായ സംഗതി, കമ്പ്യൂട്ടര്‍ മൗസിനെ ജനപ്രിയമാക്കിയതിന് കാര്‍മികത്വം വഹിച്ച അതേ വ്യക്തി തന്നെയാണ്, പേഴ്‌സണല്‍ കമ്പ്യൂട്ടിങ് മേഖലയില്‍ അതിന് പുറത്തേക്കുള്ള വഴി കാട്ടിക്കൊടുത്തതും എന്നതാണ്. ആപ്പിള്‍ സ്ഥപകരിലൊരാളായ സ്റ്റീവ് ജോബ്‌സ് ആണ് ആ വ്യക്തി.

മകിന്റോഷ് പിസി വഴി ആദ്യമായി മൗസിന് നമ്മുടെ മേശപ്പുറത്ത് ആഭിജാത്യമായ ഇരിപ്പിടം സ്റ്റീവ് ഒരുക്കി. 23 വര്‍ഷങ്ങള്‍ക്ക് ശേഷം, 2007 ല്‍ പേഴ്‌സണല്‍ കമ്പ്യൂട്ടിങില്‍ മള്‍ട്ടിടച്ച്‌യുഗം ഉത്ഘാടനം ചെയ്തുകൊണ്ട് ഐഫോണ്‍ അവതരിപ്പിച്ചപ്പോള്‍, സ്റ്റീവ് യഥാര്‍ഥത്തില്‍ ചെയ്തത് മൗസിന്റെ അവസാനത്തിന്റെ ആരംഭം കുറിക്കലായിരുന്നു (ലാപ്‌ടോപ്പുകളില്‍ മുമ്പ് തന്നെ മൗസിന് പകരം ടച്ച്പാഡുകളുണ്ടായിരുന്നു എങ്കിലും, മൗസിന്റെ പ്രധാന്യം കുറയാന്‍ തുടങ്ങിയത് മള്‍ട്ടിടച്ച് ഉപകരണങ്ങള്‍ ജനപ്രിയമായതോടെയാണ്).

ഒരു വെളിപാടിന്റെ കഥ 

കമ്പ്യൂട്ടര്‍ മൗസിന്റെ വരവ് കാലത്തിന് മുമ്പേ ആയിരുന്നുവെന്ന് സൂചിപ്പിച്ചുവല്ലോ. യഥാര്‍ഥത്തില്‍ അത് യാദൃശ്ചികമായി സംഭവിച്ചതല്ല. എന്‍ഗെല്‍ബര്‍ട്ട് എന്ന ഗവേഷകന്റെ ദീര്‍ഘവീക്ഷണവും ജീവിതവീക്ഷണവുമാണ് മൗസിന്റെ സൃഷ്ടിക്ക് വഴിയൊരുക്കിയത്.

ശരിക്കും ഒരു 'വെളിപാടില്‍' നിന്നാണ് തുടങ്ങേണ്ടത്; മൗസിന്റെ കഥ മാത്രമല്ല, ഇന്റര്‍നെറ്റിന്റെയും ആധുനിക പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയുമൊക്കെ!

വിവാഹം നിശ്ചയിച്ചുകഴിഞ്ഞാല്‍ പിന്നെ കുറക്കാലം ആര്‍ക്കും മധുരസ്വപ്‌നങ്ങളുടേത് ആയിരിക്കുമെന്നാണ് പൊതുവെ കരുതാറ്. എന്നാല്‍, 1950 ല്‍ വിവാഹനിശ്ചയം കഴിഞ്ഞ എന്‍ഗെല്‍ബര്‍ട്ടിന്റെ അനുഭവം മറ്റൊന്നായിരുന്നു. മധുരസ്വപ്‌നങ്ങള്‍ക്ക് പകരം ഒരു വെളിപാടാണ് അദ്ദേഹത്തിനുണ്ടായത്! മനുഷ്യന്റെ ബൗദ്ധികശേഷിയുടെ അനുബന്ധമായി സാങ്കേതികവിദ്യയെ വികസിപ്പിക്കാന്‍ കഴിയേണ്ടതിന്റെ പ്രധാന്യമാണ് അതിലൂടെ ആ ഇരുപത്തിയഞ്ചുകാരന് ബോധ്യപ്പെട്ടത്! അത് ആ യുവാവിന്റെ ജീവിതലക്ഷ്യമാവുക മാത്രമല്ല, നെറ്റ്‌വര്‍ക്കിങ്, പേഴ്‌സണല്‍ കമ്പ്യൂട്ടിങ് തുടങ്ങിയ ഒട്ടേറെ മേഖലകളുടെ വികാസത്തിന് പ്രാരംഭം കുറിക്കുന്നതിലേക്ക് എത്തുകയും ചെയ്തു.

കാള്‍ എന്‍ഗെല്‍ബര്‍ട്ടിന്റെയും ഗ്ലാഡിസിന്റെയും മൂന്നുമക്കളിലൊരാളായി അമേരിക്കയില്‍ ഒറിഗണിലെ പോര്‍ട്ട്‌ലന്‍ഡില്‍ 1925 ജനവരി 25 നാണ് എന്‍ഗെല്‍ബര്‍ട്ടിന്റെ ജനനം. പിതാവ് കാള്‍ ഒരു റേഡിയോ മെക്കാനിക്കായിരുന്നു.

രണ്ടാംലോകമഹായുദ്ധകാലത്ത് യു.എസ്.നാവികസേനയില്‍ രണ്ടുവര്‍ഷം റഡാര്‍ ടെക്‌നീഷ്യനായി പ്രവര്‍ത്തിക്കുന്നതിനിടെ, ഒരു ചെറുദ്വീപിലെ ലൈബ്രറിയില്‍നിന്ന് വെനവര്‍ ബുഷ് രചിച്ച 'As We May Think' എന്ന ലേഖനം എന്‍ഗെല്‍ബര്‍ട്ട് വായിക്കാനിടയായി. ആധുനിക വിവരസാങ്കേതികവിദ്യയുടെ ആധാരരേഖയെന്ന് ചരിത്രകാരന്‍മാര്‍ വിശേഷിപ്പിക്കുന്ന ആ ലേഖനത്തില്‍, 'മെമെക്‌സ്' ('Memex') എന്ന 'യൂണിവേഴ്‌സല്‍ ഇന്‍ഫര്‍മേഷന്‍ റിട്രീവല്‍ സിസ്റ്റ'ത്തെക്കുറിച്ചാണ് ബുഷ് വിവരിച്ചിരുന്നത്. ആ ആശയമാണ് എന്‍ഗെല്‍ബര്‍ട്ടിനെ പിന്നീട് തന്റെ 'വെളിപാടി'ലേക്ക് നയിച്ചത്.

നാവികസേനയിലെ രണ്ടുവര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ എന്‍ഗെല്‍ബര്‍ട്ട്, ഒറിഗണ്‍ സ്‌റ്റേറ്റ് സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങില്‍ ബിരുദം നേടി. 'നാസ'യുടെ മുന്‍ഗാമിയായ 'നാഷണല്‍ അഡൈ്വസറി കമ്മറ്റി ഓണ്‍ എയ്‌റോനോട്ടിക്‌സി'ന് (എന്‍.എ.സി.എ) കീഴില്‍ കാലിഫോര്‍ണിയയില്‍ പ്രവര്‍ത്തിക്കുന്ന ആമെസ് റിസര്‍ച്ച് സെന്ററിലാണ് അദ്ദേഹം ആദ്യം ജോലിക്ക് ചേര്‍ന്നത്. കുറച്ചുകാലം അവിടെ പ്രവര്‍ത്തിച്ച ശേഷം ബെര്‍ക്ക്‌ലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പി.എച്ച്.ഡി.ക്ക് ചേര്‍ന്നു.

കമ്പ്യൂട്ടിങിന്റെ ബാല്യകാലമായിരുന്നു അത്. വലിയ മുറികളുടെ വലിപ്പമുള്ള കമ്പ്യൂട്ടറുകള്‍. വലിപ്പം അത്രയുമുണ്ടെങ്കിലും ഒരു സമയം ഒരാള്‍ക്കേ ഉപയോഗിക്കാന്‍ കഴയൂ എന്നതായിരുന്നു സ്ഥിതി. പഞ്ച്കാര്‍ഡുകളുമായുള്ള കെട്ടിമറിച്ചിലൂടെ വേണം കമ്പ്യൂട്ടറിന് വിവരങ്ങള്‍ നല്‍കാന്‍. എന്നിട്ട്, പ്രശ്‌നങ്ങളുടെ ഉത്തരം പ്രിന്റ് ഔട്ടായി കിട്ടാന്‍ മണിക്കൂറുകളുടെ കാത്തിരിപ്പും! മനുഷ്യന് കമ്പ്യൂട്ടറുമായി നേരിട്ട് ഇടപെടല്‍ സാധ്യമാകുന്നതൊക്കെ അന്ന് സയന്‍സ് ഫിക്ഷന്റെ തലത്തിലുള്ള സംഗതിയായിരുന്നു.

അത്ര പ്രതീക്ഷാരഹിതമായ ഒരു കാലത്താണ്, കമ്പ്യൂട്ടറുകളുടെ വലിപ്പം കുറയുന്നതും, കമ്പ്യൂട്ടര്‍ ശൃംഖലകളിലൂടെ വിവരങ്ങള്‍ പരസ്പരം കൈമാറ്റം ചെയ്യപ്പെടുന്നതും, നേരിട്ട് ഇടപഴകാന്‍ കഴിയുന്ന വിധത്തില്‍ കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യ മനുഷ്യന്റെ ബൗദ്ധികശേഷിയുടെ വിപുലീകരണമായി പരിണമിക്കുന്നതുമൊക്കെ എന്‍ഗെല്‍ബര്‍ട്ട് എന്ന ഗവേഷകന്റെ സങ്കല്‍പ്പത്തില്‍ നിറയുന്നത്. അസാധാരണമായ ഉള്‍ക്കാഴ്ച്ചയായിരുന്നു അത്.

ഒരു പതിറ്റാണ്ട് കഴിഞ്ഞ് തന്റെ സങ്കല്‍പ്പങ്ങള്‍ക്ക് യാഥാര്‍ഥ്യത്തിന്റെ നിറംപകരാന്‍ ആ ഗവേഷകന് അവസരം കൈവന്നു. പില്‍ക്കാലത്ത് 'എസ്.ആര്‍.ഐ. ഇന്റര്‍നാഷണല്‍' (SRI International) എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ട സ്റ്റാന്‍ഫഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന് കീഴില്‍ എന്‍ഗെല്‍ബര്‍ട്ടിന് ഒരു പരീക്ഷണ ഗവേഷണകേന്ദ്രം ആരംഭിക്കാന്‍ കഴിഞ്ഞപ്പോഴായിരുന്നു അത്. 'ഓഗ്മെന്റേഷന്‍ റിസര്‍ച്ച് സെന്റര്‍' അഥവാ എ.ആര്‍.സി. എന്നായിരുന്നു ആ കേന്ദ്രത്തിന്റെ പേര്. യു.എസ്.പ്രതിരോധ വകുപ്പിന്റെ സാമ്പത്തികസഹായത്തോടെ ആയിരുന്നു അതിന്റെ പ്രവര്‍ത്തനം. ഇന്റര്‍നെറ്റിന്റെ മുന്‍ഗാമിയായ അര്‍പാനെറ്റ് (ARPAnet) യാഥാര്‍ഥ്യമാക്കുന്നതില്‍ പങ്കുവഹിച്ച ഗവേഷണകേന്ദ്രങ്ങളിലൊന്ന് എ.ആര്‍.സി.ആയിരുന്നു.

'അവതരണങ്ങളുടെ മാതാവ്' 

ഭാവിയുമായി മുഖാമുഖം നില്‍ക്കേണ്ട അവസ്ഥ ചിലപ്പോള്‍ ഉണ്ടാകാറുണ്ട്. 1968 ഡിസംബറില്‍ സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ചേര്‍ന്ന 'ഫാള്‍ ജോയന്റ് കമ്പ്യൂട്ടര്‍ കോണ്‍ഫറന്‍സി'ല്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പങ്കെടുത്ത ആയിരത്തിലേറെ കമ്പ്യൂട്ടര്‍ വിദഗ്ധര്‍ക്ക് അത്തരമൊരു സ്ഥിതിയുണ്ടായി. അവിടെ എന്‍ഗെല്‍ബര്‍ട്ട് നടത്തിയ ഒരു അവതരണം, കമ്പ്യൂട്ടര്‍ രംഗത്തെയാകെ പ്രകമ്പനം കൊള്ളിക്കാന്‍ പോന്നതായിരുന്നു.


'അവതരണങ്ങളുടെ മാതാവ്' ( 'the mother of all demos') എന്ന് ചരിത്രത്തില്‍ ഇടംനേടാന്‍ പോകുന്ന ആ അവതരണം വഴി, പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും നെറ്റ്‌വര്‍ക്കിങിന്റെയും ഭാവിയെന്താണെന്ന് ആദ്യമായി ലോകം അറിഞ്ഞു. ഒരു മണിക്കൂറിലേറെ നീണ്ട ആ അവതരണത്തില്‍ വിവരസാങ്കേതികവിദ്യയുടെ പതിറ്റാണ്ടുകള്‍ക്കപ്പുറത്തുള്ള മാസ്മരലോകം ചുരുള്‍നിവര്‍ന്നു!

സ്റ്റേജില്‍ ഒരു മൗസിനും കീബോര്‍ഡിനും മറ്റ് നിയന്ത്രണ സംവിധാനങ്ങള്‍ക്കും മുന്നിലിരുന്ന എന്‍ഗെല്‍ബര്‍ട്ട്, തനിക്ക് പിന്നിലെ 22 അടി പൊക്കത്തിലുള്ള വീഡിയോ സ്‌ക്രീനില്‍ ഭാവിയെങ്ങനെയാകുമെന്ന് സദസ്സിന് കാട്ടിക്കൊടുക്കുകയായിരുന്നു. ഇടപഴകാന്‍ സാധിക്കുന്ന തരത്തില്‍ നെറ്റ്‌വര്‍ക്കിങ് നടത്തുന്ന കമ്പ്യൂട്ടര്‍ സംവിധാനത്തിലൂടെ വിവരങ്ങള്‍ അതിവേഗം പങ്കിടാന്‍ കഴിയുന്നതിന്റെ സാധ്യതകളും, നാലുവര്‍ഷം മുമ്പ് എന്‍ഗെല്‍ബര്‍ട്ട് രൂപംനല്‍കിയ കമ്പ്യൂട്ടര്‍ മൗസ് ഉപയോഗിച്ച് കമ്പ്യൂട്ടറിനെ നിയന്ത്രിക്കുന്നതെങ്ങനെയെന്നും, ടെക്സ്റ്റ് എഡിറ്റിങ്, വീഡിയോ കോണ്‍ഫറന്‍സിങ്, ഹൈപ്പര്‍ടെക്സ്റ്റ്, വിന്‍ഡോ സംവിധാനം തുടങ്ങിയവയുടെ രീതികളുമെല്ലാം ഒറ്റയടിക്ക് അവിടെ അവതരിപ്പിക്കപ്പെട്ടു!

'ഓണ്‍ലൈന്‍ സിസ്റ്റം' (oNLine System) അഥവാ എന്‍.എല്‍.എസ് (NLS) എന്നാണ് താന്‍ ആവിഷ്‌ക്കരിച്ച ആ കമ്പ്യൂട്ടര്‍ സംവിധാനത്തിന് എന്‍ഗെല്‍ബര്‍ട്ട് പേരിട്ടത്.

ആ കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ തിരിച്ചുപോയത് ഭാവിയെ സംബന്ധിച്ച പുതിയ കാഴ്ച്ചപ്പാടുമായാണ്. എന്‍ഗെല്‍ബര്‍ട്ട് അന്നവിടെ അവതരിപ്പിച്ച ആശയങ്ങള്‍ അടുത്ത പതിറ്റാണ്ടില്‍ 'സിറോക്‌സി' (Xerox) ന്റെ 'പാലോ ഓള്‍ട്ടോ റിസര്‍ച്ച് സെന്ററിലും' (സിറോക്‌സ് പാര്‍ക്ക് - Xerox PARC), 'സ്റ്റാന്‍ഫഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലബോറട്ടറി'യിലും സ്ഫുടം ചെയ്യപ്പെട്ടു. 1980 കളില്‍ ആപ്പിള്‍, മൈക്രോസോഫ്റ്റ് തുടങ്ങിയ കമ്പനികള്‍ ആ ആശയങ്ങളെ വാണിജ്യവത്ക്കരിച്ചു. പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെയും ഇന്റര്‍നെറ്റിന്റെയും ആധുനികയുഗം അങ്ങനെ ആരംഭിച്ചു.

1968 ലെ ആ പ്രസിദ്ധമായ അവതരണത്തില്‍ എന്‍ഗെല്‍ബര്‍ട്ട് തന്റെ ആവനാഴിയില്‍നിന്ന് പുറത്തെടുത്ത ആയുധങ്ങളില്‍ ഏറ്റവും കൗതുകമുണര്‍ത്തിയത് 'മൗസ്' എന്ന് വിചിത്രനാമമുള്ള ആ ചെറുഉപകരണമായിരുന്നു. ചെറിയൊരു തടിപ്പെട്ടിയും അതിനുള്ളില്‍ ചില ചക്രങ്ങളും. അതുപയോഗിച്ച് കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കേര്‍സറിനെ വരച്ചവരയില്‍ നിര്‍ത്താം! എന്നുവെച്ചാല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ നിയന്ത്രിക്കാം.

1964 ല്‍ ഒരു കമ്പ്യൂട്ടര്‍ ഗ്രാഫിക്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമ്പോഴാണ് മൗസ് എന്ന ആശയം എന്‍ഗെല്‍ബര്‍ട്ടിന്റെ മനസില്‍ രൂപപ്പെടുന്നത്. തിരികെയെത്തിയ അദ്ദേഹം അതിന്റെ ഒരു സ്‌കെച്ച് എസ്.ആര്‍.ഐ.യിലെ എന്‍ജിനിയറായ വില്ല്യം ഇംഗ്ലീഷിനെ ഏല്‍പ്പിച്ചു. ഒരു പൈന്‍ തടിപ്പെട്ടിക്കുള്ളില്‍ ചക്രങ്ങള്‍ പിടിപ്പിച്ച തരത്തിലുള്ളതായിരുന്നു മൗസിന്റെ ആദ്യരൂപം.

മൗസിന്റെ ആദ്യമാതൃകകളില്‍ മൂന്ന് ബട്ടണുകളുണ്ടായിരുന്നു. ഫലപ്രദമായി മൗസ് ഉപയോഗിക്കാന്‍ പത്ത് ബട്ടണുകള്‍ വേണമെന്ന് എന്‍ഗെല്‍ബര്‍ട്ട് കരുതി. എന്നാല്‍, രണ്ടു പതിറ്റാണ്ട് കഴിഞ്ഞ് തന്റെ മകിന്റോഷ് കമ്പ്യൂട്ടറില്‍ ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസി (GUI)ന്റെ ഭാഗമായി മൗസ് ഉള്‍പ്പെടുത്തിയപ്പോള്‍, സ്റ്റീവ് ജോബ്‌സ് അതിനെ ഒറ്റ ബട്ടനുള്ളതാക്കി മാറ്റി! ലാളിത്യമായിരുന്നല്ലോ സ്റ്റീവിന്റെ ആപ്തവാക്യം. ഒറ്റ ബട്ടനേ ഉള്ളൂവെങ്കില്‍, തെറ്റായ ബട്ടനില്‍ അമര്‍ത്താന്‍ ഇടവരില്ലെന്ന് സ്റ്റീവ് വാദിച്ചു.

എങ്ങനെയാണ് കമ്പ്യൂട്ടര്‍ മൗസിന് ആ പേര് ലഭിച്ചത്? ചരിത്രകാരന്‍മാര്‍ക്ക് പോലും ഇക്കാര്യത്തില്‍ വ്യക്തതയില്ല. ഹാര്‍ഡ്‌വേര്‍ എന്‍ജിനിയറായ റോജര്‍ ബേറ്റ്‌സിനെ ഉദ്ധരിച്ച് 'ന്യൂയോര്‍ക്ക് ടൈംസി'ലെ ജോണ്‍ മാര്‍ക്കോഫ് റിപ്പോര്‍ട്ട് ചെയ്ത സംഗതി ശ്രദ്ധേയമാണ്. എന്‍ഗെല്‍ബര്‍ട്ടിന്റെ സാന്നിധ്യത്തില്‍ തന്നെയാണത്രേ 'മൗസ്' എന്ന പേരുണ്ടായത്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലെ കേര്‍സര്‍ (cursor) വിശേഷിപ്പിക്കപ്പെട്ടിരുന്നത് 'ക്യാറ്റ്' (CAT) എന്നാണ്. സ്വാഭാവികമായും അതിന്റെ മറുതല 'എലി' അഥവാ 'മൗസ്' എന്ന് വിളിക്കപ്പെട്ടു. പക്ഷേ, CAT ന്റെ പൂര്‍ണരൂപം ബേറ്റ്‌സിനും ഓര്‍മയില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു.

എന്‍ഗെല്‍ബര്‍ട്ട് സ്ഥാപിച്ച ഗവേഷണകേന്ദ്രമായ എ.ആര്‍.സി. 1970 കളില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചു. എന്‍.എല്‍.എസ്.സംവിധാനം 1977 ല്‍ 'ടൈംഷെയര്‍' (Tymshare) എന്ന കമ്പനിക്ക് വിറ്റു. ഒരു പതിറ്റാണ്ടിലേറെക്കാലം ആരാലും അറിയപ്പെടാതെ എന്‍ഗെല്‍ബര്‍ട്ട് ടൈംഷെയറില്‍ പ്രവര്‍ത്തിച്ചു. താന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍ വിവരവിനിമയ വിപ്ലവത്തിന്റെ അടിത്തറയാകുന്നത് അദ്ദേഹം കാണുന്നുണ്ടായിരുന്നു.

എന്‍ഗെല്‍ബര്‍ട്ട് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി യു.എസ്.നാഷണല്‍ മെഡല്‍ ഓഫ് ടെക്‌നോളജി അദ്ദേഹത്തിന് സമ്മാനിക്കപ്പെട്ടു. കൂടാതെ ലെമെല്‍സണ്‍-എം.ഐ.ടി.പുരസ്‌കാരവും, ടൂറിങ് അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.

ഒരു മനുഷ്യന്‍, രണ്ട് യുഗങ്ങള്‍

'സിറോക്‌സ് പാര്‍ക്കി'ലെ ഗവേഷകരാണ് 1970 കളുടെ അവസാനം ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് വികസിപ്പിച്ചത്. മൗസും കീബോര്‍ഡും ഉപയോഗിച്ച് കമ്പ്യൂട്ടറുമായി ഇടപഴകാന്‍ അവസരമൊരുക്കുന്ന വിപ്ലവകരമായ മുന്നേറ്റമായിരുന്നു അത്. പക്ഷേ, ആ ആശയംകൊണ്ട് എന്തുചെയ്യണമെന്ന് സിറോക്‌സിന് രൂപമുണ്ടായിരുന്നില്ല.

1979 ല്‍ സ്റ്റീവ് ജോബ്‌സിന്റെ നേതൃത്വത്തില്‍ ഒരു ആപ്പിള്‍ സംഘം സിറോക്‌സ് പാര്‍ക്കില്‍ സന്ദര്‍ശനം നടത്തി. അവിടെ വികസിപ്പിച്ചിരുന്ന പല നൂതന സംഗതികളും ആപ്പിള്‍സംഘം കണ്ടതില്‍, സ്റ്റീവിനെ സ്തംഭിതനാക്കിയത് ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് ആയിരുന്നു. 'എന്റെ കണ്ണുകളെ മറച്ചിരുന്ന ഒരു മൂടുപടം മാറിയതുപോലെയായിരുന്നു അത്', ജീവചരിത്രകാരനായ വാര്‍ട്ടര്‍ ഇസാക്‌സനോട് പില്‍ക്കാലത്ത് സ്റ്റീവ് പറഞ്ഞു. 'കമ്പ്യൂട്ടിങിന്റെ ഭാവി എങ്ങനെയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു എന്ന് ഞാന്‍ കണ്ടു'.


വ്യവസായിക ചരിത്രത്തിലെ ഏറ്റവും വലിയ 'കൊള്ള'യ്ക്കാണ് ആപ്പിള്‍സംഘത്തിന്റെ ആ സന്ദര്‍ശനം വഴിതെളിച്ചതെന്ന് ഇസാക്‌സണ്‍ പറയുന്നു. മകിന്റോഷിലേക്ക് സ്റ്റീവ് ജോബ്‌സ് എത്തിയതും, പേഴ്‌സണല്‍ കമ്പ്യൂട്ടിങിന്റെ മുഖമുദ്രയായി ഗ്രാഫിക്കല്‍ യൂസര്‍ ഇന്റര്‍ഫേസ് മാറിയതും, കമ്പ്യൂട്ടര്‍ മൗസ് സര്‍വവ്യാപിയായതും പിന്നീട് ചരിത്രത്തിന്റെ ഭാഗമായി. ആ 'കൊള്ള'യെ സ്റ്റീവ് പിന്നീട് ന്യായീകരിച്ചിരുന്നത് ഈ വാചകം വഴിയാണ് : 'പിക്കാസൊ പറയുമായിരുന്നു - 'നല്ല കലാകാരന്‍മാര്‍ അനുകരിക്കും, മഹത്തായ കലാകാരന്‍മാര്‍ കവരും' എന്ന്. മഹത്തായ ആശയങ്ങള്‍ കവരുന്നതില്‍ ഞങ്ങളെന്നും നിര്‍ലജ്ജരായിരുന്നു!' (ഇതേ ആപ്പിളും സ്റ്റീവ് ജോബ്‌സുമാണ്, ഐഫോണിലെ ഫീച്ചറുകള്‍ മറ്റുള്ളവര്‍ മോഷ്ടിച്ചുവെന്ന ആക്ഷേപവുമായി പില്‍ക്കാലത്ത് പേറ്റന്റ് യുദ്ധം ആരംഭിച്ചതെന്ന കാര്യം ശ്രദ്ധേയമാണ്).

അങ്ങനെ, പേഴ്‌സണല്‍ കമ്പ്യൂട്ടറുകളുടെ അനിവാര്യഘടകമായി മൗസ് മാറി. 1970 ലാണ് എന്‍ഗെല്‍ബര്‍ട്ട് മൗസിന്റെ പേറ്റന്റ് സ്വന്തമാക്കുന്നത്. ആ പേറ്റന്റിന് 17 വര്‍ഷമേ കാലാവധിയുണ്ടായിരുന്നുള്ളൂ. 1987 ആയപ്പോഴേക്കും മൗസ് ആര്‍ക്കുവേണമെങ്കിലും ഉണ്ടാക്കാമെന്നായി. കമ്പ്യൂട്ടിങ്‌രംഗത്ത് അത് സര്‍വ്വവ്യാപിയാകുന്നത് അതോടെയാണ്. അതുകൊണ്ടുതന്നെ, ആ കണ്ടുപിടിത്തം എന്‍ഗെല്‍ബര്‍ട്ടിന് സാമ്പത്തികമായി എന്തെങ്കിലും ഗുണം ചെയ്തില്ല.

മൗസിന് പകരം ടച്ച്പാഡുള്ള ലാപ്‌ടോപ്പ് കമ്പ്യൂട്ടറുകള്‍ക്ക് 1990 കളില്‍ പ്രചാരം ലഭിച്ചു തുടങ്ങി (ആദ്യ ലാപ്‌ടോപ്പ് രൂപപ്പെടുത്തിയതും 'സിറോക്‌സ് പാര്‍ക്കി'ലാണ്, 1976 ല്‍. 'സിറോക്‌സ് നോട്ട് ടേക്കര്‍' (Xerox NoteTaker) എന്നായിരുന്നു അതിന്റെ പേര്). എങ്കിലും മൗസിന്റെ ഗരിമയ്ക്ക് വലിയ കോട്ടമൊന്നും തട്ടിയില്ല.

എന്നാല്‍, പുതിയ നൂറ്റാണ്ടില്‍ സ്ഥിതി മാറി. സ്റ്റീവ് ജോബ്‌സിന്റെ മേല്‍നോട്ടത്തില്‍ ആപ്പിള്‍ അണിയിച്ചൊരുക്കി 2007 ല്‍ രംഗത്തെത്തിച്ച ഐഫോണ്‍, സ്മാര്‍ട്ട്‌ഫോണിന്റെ മാത്രമല്ല പേഴ്‌സണ്‍ കമ്പ്യൂട്ടിങിന്റെയും ശിരോലിഖിതം മാറ്റിവരയ്ക്കാന്‍ പോന്ന ഉപകരണമായിരുന്നു. ഏറ്റവും ശ്രദ്ധേയം, ഭൗതികമായ ഒരു കീപാഡ് അതിലില്ല എന്നതാണ്. പകരം മള്‍ച്ചിടച്ച് എന്ന സങ്കേതമാണ് അതിലുപയോഗിച്ചിരുന്നത്.

ടച്ച് സങ്കേതം മുമ്പ് തന്നെ പലരും പരീക്ഷിച്ചിരുന്നുവെങ്കിലും, അതിന്റെ സാധ്യത എത്രത്തോളമുണ്ടെന്ന് ഐഫോണാണ് ലോകത്തിന് കാട്ടിക്കൊടുത്തത്. അതേ സങ്കേതം ഉപയോഗിക്കുന്ന ഐപാഡ് എന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ 2010 ല്‍ ആപ്പിള്‍ അവതരിപ്പിച്ചതോടെ, ഒരുകാര്യം ബോധ്യമായി. പുതിയൊരു യുഗത്തിലേക്ക് പേഴ്‌സണല്‍ കമ്പ്യൂട്ടിങ് കടന്നിരിക്കുന്നു; മള്‍ട്ടിടച്ച് ഉപകരണങ്ങളുടെ യുഗത്തിലേക്ക്. എന്നുവെച്ചാല്‍, മൗസിന്റെ ആവശ്യമില്ലാത്ത കാലമാണ് വരുന്നത്!


കഴിഞ്ഞ പതിറ്റാണ്ടിന്റെ ആദ്യപകുതിയിലെ ഒരു പിറന്നാള്‍ പാര്‍ട്ടിയില്‍ നിന്നാണ് ആപ്പിള്‍ മള്‍ട്ടിടച്ചിലേക്കെത്തിയ കഥ തുടങ്ങേണ്ടതെന്ന് ഇസാക്‌സണ്‍ വിവരിക്കുന്നു. മൈക്രോസോഫ്റ്റ് ഒരു ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍ വികസിപ്പിക്കുന്ന സമയം. അതിന്റെ ചുമതലയുള്ള എന്‍ജിനിയര്‍ വിവാഹം കഴിച്ചത് സ്റ്റീവിന്റെയും ഭാര്യ ലോറന്‍സിന്റെയും ഒരു സുഹൃത്തിനെയായിരുന്നു. ആ എന്‍ജിനിയര്‍ തന്റെ അമ്പതാം പിറന്നാള്‍ പാര്‍ട്ടിക്ക് സ്റ്റീവിനെയും കുടുംബത്തെയും ക്ഷണിച്ചു. ബില്‍ ഗേറ്റ്‌സും ഭാര്യ മെലിന്‍ഡയും പാര്‍ട്ടിക്ക് എത്തിയിരുന്നു.

തന്റെ മേല്‍നോട്ടത്തില്‍ മൈക്രോസോഫ്റ്റ് നിര്‍മിക്കുന്ന ടാബ്‌ലറ്റിനെക്കുറിച്ച്, പാര്‍ട്ടി പുരോഗമിക്കവെ ആ എന്‍ജിനിയര്‍ വീമ്പിളക്കാന്‍ തുടങ്ങിയത് സ്റ്റീവിനെയും ബില്‍ ഗേറ്റ്‌സിനെയും ഒരേപോലെ അസ്വസ്ഥരാക്കി. കമ്പനിയുടെ ബൗദ്ധികരഹസ്യങ്ങള്‍ അയാള്‍ വെളിപ്പെടുത്തുന്നതിലായിരുന്നു ബില്‍ ഗേറ്റ്‌സിന്റെ വേവലാതി; അതും സ്റ്റീവിന്റെ മുന്നില്‍വെച്ച്!

സ്റ്റൈലസ് കൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ആ ടാബ്‌ലറ്റ് വന്നോട്ടെ, ആപ്പിളിന്റെ ലാപ്‌ടോപ്പ് ബിസിനസൊക്കെ പൂട്ടിക്കെട്ടുമെന്ന് അയാള്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. 'അവരത് തെറ്റായ രീതിയിലാണ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് എനിക്ക് മനസിലായി. ആ ടാബ്‌ലറ്റിനൊരു സൈറ്റലസുണ്ട്. എന്നുവെച്ചാല്‍, നിങ്ങളുടെ കഥ കഴിഞ്ഞുവെന്നര്‍ഥം' - സ്റ്റീവ് പില്‍ക്കാലത്ത് പറഞ്ഞു. അസ്വസ്ഥമായ മനസോടെ പാര്‍ട്ടി കഴിഞ്ഞ് വീട്ടിലെത്തിയ സ്റ്റീവ് സ്വയം പറഞ്ഞു : 'തുലഞ്ഞുപോട്ടെ, ഒരു ടാബ്‌ലറ്റ് എന്താണെന്ന് ഞങ്ങളയാള്‍ക്ക് കാട്ടിക്കൊടുക്കാന്‍ പോവുകയാണ്'.

പിറ്റേദിവസം ഓഫീസിലെത്തിയ സ്റ്റീവ് തന്റെ ടീമിന്റെ യോഗം വിളിച്ച് ഇങ്ങനെ അറിയിച്ചു : 'എനിക്കൊരു ടാബ്‌ലറ്റുണ്ടാക്കണം. അതിന് കീബോര്‍ഡോ, സ്‌റ്റൈലസോ ഉണ്ടാകരുത്'. ഇതെക്കുറിച്ച് സ്റ്റീവ് പിന്നീട് പറഞ്ഞത്, 'ദൈവം നിങ്ങള്‍ക്ക് (വിരലുകളുടെ രൂപത്തില്‍) പത്ത് സ്റ്റൈലസുകള്‍ തന്നിട്ടുള്ളപ്പോള്‍ പതിനൊന്നാമതൊരു സ്‌റ്റൈലസിന്റെ ആവശ്യമെന്ത്' എന്നാണ്! ആറുമാസംകൊണ്ട് ആപ്പിള്‍ ടീം ഒരു പ്രാഥമിക വര്‍ക്കിങ് മാതൃകയുണ്ടാക്കി. ആ പ്രോജക്ടിന്റെ ഭാഗമായാണ് മള്‍ച്ചിടച്ചും ഇടംനേടുന്നത്.

ഡെല്‍വേറില്‍ പ്രവര്‍ത്തിച്ചിരുന്ന 'ഫിങ്കര്‍ വര്‍ക്ക്‌സ്' എന്ന ചെറുകമ്പനി അതിനകം മള്‍ട്ടിടച്ച് ട്രാക്ക്പാഡുകളുണ്ടാക്കുന്നതില്‍ വൈദഗ്ധ്യം തെളിയിച്ചിരുന്നു. ഇരുചെവിയറിയാതെ 2005 ല്‍ ആ കമ്പനിയെയും അതിന്റെ പേറ്റന്റുകളും ആപ്പിള്‍ സ്വന്തമാക്കി.

ആ വര്‍ഷം തന്നെ പുതിയൊരു സ്മാര്‍ട്ട്‌ഫോണുണ്ടാക്കാന്‍ ആപ്പിള്‍ തീരുമാനിച്ചു. ടാബ്‌ലറ്റ് പദ്ധതി തത്ക്കാലം നിര്‍ത്തിവെച്ചിട്ട് ഐഫോണ്‍ രൂപപ്പെടുത്തുന്നതില്‍ അടിയന്തര ശ്രദ്ധ നല്‍കി. ടാബ്‌ലറ്റിനായി വികസിപ്പിച്ച മള്‍ട്ടിടച്ച് സങ്കേതം ഐഫോണിലേക്ക് ചെക്കേറി. അങ്ങനെ 2007 ല്‍ ഐഫോണ്‍ രംഗത്തെത്തി. ഐഫോണിനു മുമ്പ് ആപ്പിള്‍ ആരംഭിച്ച ടാബ്‌ലറ്റ് പ്രോജക്ട് 2010 ല്‍ ഐപാഡിന്റെ രൂപത്തില്‍ പൂര്‍ത്തിയായി.

പേഴ്‌സണല്‍ കമ്പ്യൂട്ടിങിനെ മള്‍ട്ടിടച്ച് യുഗത്തിലേക്ക് കൈപിടിച്ച് നടത്തുകയാണ് ഐഫോണും ഐപാഡും ചെയ്തത്. മള്‍ച്ചിടച്ച് ഉപകരണങ്ങള്‍ സര്‍വ്വവ്യാപിയാകുന്നതാണ് പിന്നീട് കണ്ടത്. മൗസിന് വിടവാങ്ങാന്‍ സമയമാകുന്നു എന്നതിന്റെ സൂചനയായി ഇത് പലരും വിലയിരുത്തുന്നു.

(അവലംബം, കടപ്പാട് : 1. www.computerhistory.org; 2. Comupter Visionar Who Invented the Mouse, by John Markoff, NewYork Times, July3, 2013; 3. Steve Jobs (2011), by Walter Isaacson) 

Tuesday, July 16, 2013

മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍


ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അഥവാ ക്യു.ആര്‍.കോഡ് മുന്നോട്ടുവെയ്ക്കുന്ന അനന്ത സാധ്യതകളില്‍ ഒന്നു മാത്രമാണ് മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍. ബിസിനസും പരസ്യവും ബോധവത്ക്കരണവും വിദ്യാഭ്യാസവും വിവരവിനിമയവും ഉള്‍പ്പടെ ഒട്ടേറെ മേഖലകള്‍ക്ക് ക്യു.ആര്‍.കോഡുകള്‍ തുറന്നു തരുന്ന സാധ്യത പറഞ്ഞാല്‍ തീരില്ല.


ലണ്ടന് 200 കിലോമീറ്റര്‍ പടിഞ്ഞാറുള്ള ചെറുപട്ടണമാണ് മോണ്‍മൗത്ത്. ഏതാണ്ട് 9000 ല്‍ താഴെ മാത്രം ജനസംഖ്യയുള്ള പട്ടണം. ആയിരം വര്‍ഷംമുമ്പുള്ള റോമന്‍ കോട്ടയായ 'ബ്ലെസ്റ്റിയം' ആണ് ഇവിടുത്തെ പ്രധാന ആകര്‍ഷണം. വേറെയും ചില ചരിത്രസ്മാരകങ്ങള്‍ ഇവിടെയുണ്ട്. എന്നാല്‍, ചരിത്രപ്രാധാന്യമുള്ള 445,000 കെട്ടിടങ്ങളും മധ്യകാലഘട്ടത്തിലെ 12,000 ദേവാലയങ്ങളും അറിയപ്പെടുന്ന ആറുലക്ഷം പുരാവസ്തുസങ്കേതങ്ങളുമുള്ള ബ്രിട്ടനെ സംബന്ധിച്ചിടത്തോളം സാമാന്യമായ അര്‍ഥത്തില്‍ മോണ്‍മൗത്തിലെ ചരിത്രസ്മാരകങ്ങള്‍ക്ക് അത്ര പ്രാധാന്യമൊന്നുമില്ല.

പക്ഷേ, കഴിഞ്ഞ വര്‍ഷത്തോടെ സ്ഥിതി മാറി. മോണ്‍മൗത്തിലെ ചരിത്രസ്മാരകങ്ങള്‍ക്ക് മറ്റെവിടെയുമില്ലാത്ത ഒരു സവിശേഷത കൈവന്നു. ആ സ്മാരകങ്ങളോരോന്നും വിക്കിപീഡിയ എന്ന ഓണ്‍ലൈന്‍ വിജ്ഞാനകോശവുമായി 'ലിങ്ക്' ചെയ്തു എന്നതാണ് ആ സവിശേഷത. അതുവഴി ലോകത്തെ ആദ്യ 'വിക്കിപീഡിയ പട്ടണം' (Wikipedia Town) എന്നായി മോണ്‍മൗത്തിന്റെ പദവി.

ഇത് കേള്‍ക്കുമ്പോള്‍ സംശയം തോന്നാം. മോണ്‍മൗത്തിന്റെ വെബ്ബ്‌സൈറ്റില്‍നിന്നല്ലേ വിക്കിപീഡിയയിലേക്ക് 'ലിങ്ക്' കൊടുക്കാനാകൂ. പട്ടണത്തിലെ യഥാര്‍ഥ സ്മാരകങ്ങളെ എങ്ങനെയാണ് വിക്കിപീഡിയയിലേക്ക് 'ലിങ്ക്' ചെയ്യുക? അവിടെയാണ് ക്യു.ആര്‍.കോഡിന്റെ രംഗപ്രവേശം. ക്യു.ആര്‍.കോഡുകള്‍ വഴിയാണ് മോണ്‍മൗത്തിലെ സ്മാരകങ്ങള്‍ വിക്കിപീഡിയയുമായി ലിങ്ക് ചെയ്തിരിക്കുന്നത്!

മോണ്‍മൗത്ത് സന്ദര്‍ശിക്കുന്ന ഒരാള്‍ക്ക്, ഏത് സ്മാരകത്തിന് മുന്നിലെത്തിയാലും അവിടെയൊരു ഫലകം ( plaque ) സ്ഥാപിച്ചിരിക്കുന്നത് കാണാം. സ്മാരകത്തിന്റെ പേരും വിക്കിപീഡിയയുടെ ഐക്കണും പിന്നെ കറുപ്പും വെളുപ്പും കള്ളികളുള്ള ഒരു ചതുരവുമാണ് ഫലകത്തില്‍ ആലേഖനം ചെയ്തിരിക്കുക. ആ ചതുരമാണ് ക്യു.ആര്‍.കോഡ്. സ്മാര്‍ട്ട്‌ഫോണെടുത്ത് അതിലെ ക്യു.ആര്‍.റീഡര്‍ ആപ്ലിക്കേഷനില്‍ ഒന്നു വിരലമര്‍ത്തിയ ശേഷം, ആ ചതുരത്തിന് നേരെ പിടിക്കുകയേ വേണ്ടൂ, ആ സ്മാരകത്തെ സംബന്ധിച്ച വിക്കിപീഡിയ പേജിലേക്ക് പോകാനുള്ള വഴിയായി. വിക്കിപീഡിയ പേജ് വായിച്ച് മനസിലാക്കിയ ശേഷം സ്മാരകം കണ്ടാല്‍ സന്ദര്‍ശനം കൂടുതല്‍ ഫലവത്താകും.

'മോണ്‍മൗത്ത്പീഡിയ' (Monmouthpedia) എന്ന പദ്ധതി വഴിയാണ്, ഈ പട്ടണം ലോകത്തെ ആദ്യ വിക്കിപീഡിയ പട്ടണമായത്. രണ്ടുതരത്തിലുള്ള ഒരുക്കങ്ങള്‍ അതിന് വേണ്ടിവന്നു. മോണ്‍മൗത്തിലെ സ്മാരകങ്ങളെയും സ്ഥാപനങ്ങളെയും കുറിച്ച് 25 ഭാഷകളിലായി 500 പുതിയ ലേഖനങ്ങള്‍ വിക്കിപീഡിയയില്‍ ചേര്‍ക്കേണ്ടിവന്നു. ഒപ്പം ബന്ധപ്പെട്ട വിക്കിപീഡിയ പേജുകളുടെ ലിങ്ക് നല്‍കുന്ന ആയിരത്തിലേറെ ക്യൂ.ആര്‍.കോഡുകള്‍ ഫലകങ്ങളിലാക്കി പട്ടണത്തില്‍ സ്ഥാപിക്കേണ്ടിയും വന്നു.

അങ്ങനെ, ഒരു പട്ടണത്തെ വെര്‍ച്വല്‍ ലോകവുമായി നേരിട്ട് ബന്ധിപ്പിക്കാന്‍ സാധിച്ചു. ക്യു.ആര്‍.കോഡാണ് അതിന് വഴിയൊരുക്കിയത്.

ക്വിക്ക് റെസ്‌പോണ്‍സ് കോഡ് അഥവാ ക്യു.ആര്‍.കോഡ് മുന്നോട്ടുവെയ്ക്കുന്ന അനന്ത സാധ്യതകളില്‍ ഒന്നു മാത്രമാണ് മോണ്‍മൗത്തിലെ അത്ഭുത ചതുരങ്ങള്‍. ബിസിനസും പരസ്യവും ബോധവത്ക്കരണവും വിദ്യാഭ്യാസവും വിവരവിനിമയവും ഉള്‍പ്പടെ ഒട്ടേറെ മേഖലകള്‍ക്ക് ക്യു.ആര്‍.കോഡുകള്‍ തുറന്നു തരുന്ന സാധ്യത പറഞ്ഞാല്‍ തീരില്ല.

ഇത് പറയുമ്പോള്‍ എന്താണ് ക്യു.ആര്‍.കോഡ് എന്ന സംശയം ചിലര്‍ക്കെങ്കിലും ഉണ്ടായേക്കാം. കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് പുറത്ത് കാണപ്പെടുന്ന വെള്ളയും കറുപ്പം വരകളുള്ള ബാര്‍കോഡുകള്‍ മിക്കവര്‍ക്കും പരിചിതമാണ്. 1974 ല്‍ യു.എസില്‍ ഒഹായോവിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ ചൂയിങം പാക്കറ്റിന് മേല്‍ ആദ്യം പ്രത്യക്ഷപ്പെട്ട ശേഷം ബാര്‍കോഡ് നമ്മളെ ഒഴിഞ്ഞു പോയിട്ടില്ല.

ബാര്‍കോഡില്‍ നിന്ന് വ്യത്യസ്തമാണ് ക്യു.ആര്‍.കോഡ്. കറുപ്പുംവെളുപ്പും കുത്തുകള്‍ നിറഞ്ഞ ചതുരകോഡുകളാണ് അവ. പ്രത്യേക രീതിയിലുള്ള ദ്വിമാന മാട്രിക്‌സ് കോഡുകള്‍. ബാര്‍കോഡിനെ അപേക്ഷിച്ച് ഏറെ വിവരങ്ങള്‍ ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കാനാകും. ഒരു വെബ്ബ്‌സൈറ്റിന്റെ യു.ആര്‍.എല്‍, അല്ലെങ്കില്‍ ഒരാളുടെ വിലാസം, വീഡിയോ ലിങ്കുകള്‍, പരസ്യവാക്യങ്ങള്‍, വിശദീകരണങ്ങള്‍ അങ്ങനെ വൈവിധ്യമാര്‍ന്ന വിവരങ്ങള്‍ ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കാം. ക്യൂ.ആര്‍.റീഡര്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്ത സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ച് ക്യു.ആര്‍.കോഡിന്റെ ചിത്രമെടുത്താല്‍ മതി, അതിലുള്ള വിവരങ്ങള്‍ അനായാസം ഫോണിലേക്കെത്തും.

ബാര്‍കോഡുകള്‍ രൂപപ്പെടുത്തുന്നത് 1950 കളുടെ തുടക്കത്തിലാണ്. പക്ഷേ, അതിന് ആദ്യമായി ഉപയോഗം കണ്ടെത്തുന്നത് 1974 ലും. ഒരര്‍ഥത്തില്‍ ആ ചരിത്രത്തിന്റെ തനിയാവര്‍ത്തനം തന്നെയാണ് ക്യു.ആര്‍.കോഡിന്റെയും. 1994 ലാണ് ക്യു.ആര്‍.കോഡുകള്‍ വികസിപ്പിക്കുന്നത്. അത് പ്രചാരത്തിലെത്തുന്നതോ, സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിച്ചതിന് ശേഷവും.

ജപ്പാനിലാണ് ക്യു.ആര്‍.കോഡിന്റെ ആവിര്‍ഭാവം. വാഹനനിര്‍മാതാക്കളായ ടൊയോട്ടയുടെ കീഴിലുള്ള ഡെന്‍സോ വേവില്‍, വാഹനഭാഗങ്ങള്‍ കൃത്യമായി ട്രാക്ക് ചെയ്യാനായി വികസിപ്പിച്ച സങ്കേതമാണിത്. ഡെന്‍സോ വേവിന് തന്നെയാണ് ക്യു.ആര്‍.കോഡിന്റെ പേറ്റന്റ് എങ്കിലും, അവരത് എല്ലാത്തരം ലൈന്‍സിങില്‍നിന്നും മുക്തമാക്കി സൗജന്യമായി ലോകത്തിന് നല്‍കി. ഐ.എസ്.ഒ. സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ചാണ് അത് പുറത്തിറക്കിയത്.

ക്യൂ.ആര്‍.കോഡ് സൃഷ്ടിക്കാനോ, ക്യു.ആര്‍.കോഡ് വായിച്ചെടുക്കാനോ പ്രത്യേകിച്ച് ചെലവൊന്നും ഇല്ല. ഗൂഗിളില്‍ ചെന്ന് ക്യു.ആര്‍.കോഡെന്ന് സെര്‍ച്ച് ചെയ്താല്‍ ആ കോഡുകള്‍ സൃഷ്ടിച്ചു തരുന്ന ഒട്ടേറെ സൈറ്റുകള്‍ മുന്നിലെത്തും. ക്യു.ആര്‍.കോഡില്‍ ഉള്‍ക്കൊള്ളിക്കേണ്ട വിവരങ്ങളെന്താണെന്ന് അത്തരം സൈറ്റിലെ പേജില്‍ നല്‍കിയാല്‍ സെക്കന്‍ഡുകള്‍ക്കകം ക്യു.ആര്‍.കോഡ് റെഡി! അത് പ്രിന്റ് ചെയ്‌തെടുത്താല്‍ മതി, സംഗതി എളുപ്പം (വളരെ ജനപ്രിയമായ ഒരു എ.പി.ഐ ഗൂഗിളിനുണ്ട്; ക്യു.ആര്‍.കോഡ് സൃഷ്ടിക്കാന്‍).

അതുപോലെ തന്നെയാണ് ക്യു.ആര്‍.കോഡ് റീഡറുകളുടെയും സ്ഥിതി. പ്രമുഖ മൊബൈല്‍ പ്ലാറ്റ്‌ഫോമുകളിലൊക്കെ ക്യു.ആര്‍.റീഡര്‍ ആപ്ലിക്കേഷനുകള്‍ സൗജന്യമായി ലഭിക്കും. ആന്‍ഡ്രോയ്ഡ് ഫോണിനെയും ഐഫോണിനെയുമൊക്കെ എളുപ്പത്തില്‍ ക്യു.ആര്‍.കോഡ് റീഡറുകളാക്കി മാറ്റാം.

പരസ്യപലകകള്‍ മുതല്‍ വിസിറ്റിങ് കാര്‍ഡുകള്‍ വരെ ഇന്ന് ക്യു.ആര്‍.കോഡുകള്‍കൊണ്ട് തയ്യാറാക്കപ്പെടുന്നു. പാശ്ചാത്യനഗരങ്ങളിലും ജപ്പാനിലും ക്യു.ആര്‍.കോഡുകള്‍ സര്‍വവ്യാപിയാണ്. പല വെബ്ബ്‌സൈറ്റുകളും അവരുടെ പേജുകള്‍ മൊബൈലില്‍ ബുക്ക്മാര്‍ക്ക് ചെയ്യാന്‍ ക്യു.ആര്‍.കോഡുകളുടെ സഹായം തേടുന്നു. വളരെ നീളമുള്ള യു.ആര്‍.എല്ലുകള്‍ മൊബൈലില്‍ ടൈപ്പ് ചെയ്‌തെടുക്കുക ബുദ്ധിമുട്ടാകും. എന്നാല്‍, ആ പേജിലൊരു ക്യു.ആര്‍.കോഡുണ്ടെങ്കില്‍ മൊബൈലുപയോഗിച്ച് ഒരു ഫോട്ടോയെടുത്താല്‍ മതി, യു.ആര്‍.എല്‍.ഫോണിലെത്തും.

ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നായി കണക്കാക്കപ്പെടുന്ന സംഗതിയാണ് 'ഹൈപ്പര്‍ടെക്സ്റ്റി'ന്റെ ഉപയോഗം.1965 ല്‍ ടെഡ് നെല്‍സണ്‍ 'ഹൈപ്പര്‍ടെക്‌സ്റ്റെ'ന്ന് പേര് നല്‍കിയ ആ സാധ്യത, വെബ്ബ്‌പേജുകളെയും ചിത്രങ്ങളെയും വിവരങ്ങളെയും പരസ്പരം ബന്ധിപ്പിക്കാന്‍ (ലിങ്ക് ചെയ്യന്‍) സഹായിക്കുന്നു. ഓണ്‍ലൈന്‍ പേജില്‍ ഒരു കാര്യത്തെക്കുറിച്ച് നമ്മള്‍ വായിക്കുന്നതിനിടയില്‍, അതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങളിലേക്ക് ക്ലിക്ക് ചെയ്ത് പോകാന്‍ ഹൈപ്പര്‍ടെക്സ്റ്റ് അവസരമൊരുക്കുന്നു. അച്ചടി മാധ്യമത്തിന് സാധിക്കാത്ത ഒന്നാണ് ഈ സാധ്യത. ഒരു പത്രത്തിന്റെ ഒന്നാംപേജില്‍ നിന്ന് ക്ലിക്ക് ചെയ്ത് അഞ്ചാംപേജിലേക്ക് പോവുക സാധ്യമല്ലല്ലോ!

ഇക്കാര്യം ശരിതന്നെ. പക്ഷേ, ഇങ്ങനെയൊരു സാഹചര്യം സങ്കല്‍പ്പിക്കുക : നിങ്ങള്‍ പത്രം വായിക്കുകയാണ്. മൂന്നാംപേജില്‍ ഒരു റെഡിമെയ്ഡ് ഷോപ്പിന്റെ പരസ്യം. ഇങ്ങനെ കാണുന്നു : 'ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുന്നവര്‍ക്ക് വമ്പിച്ച ഓഫര്‍. 40 ശതമാനം വിലകുറവ്'. അതിനൊപ്പം ഒരു ക്യു.ആര്‍.കോഡും നല്‍കിയിരിക്കുന്നു. അതുകൊള്ളാമല്ലെ എന്ന് മനസില്‍ കരുതി, നിങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ കൈയിലെടുത്ത് ആ ക്യു.ആര്‍.കോഡ് ക്യാമറയിലാക്കിയതും, കടയുടെ ഫെയ്‌സ്ബുക്ക് പേജിലേക്കുള്ള ലിങ്ക് ഫോണിലെത്തി. ആ പേജില്‍ കടന്ന് ഒരു ലൈക്ക് കൊടുത്തു. നിമിഷങ്ങള്‍ക്കകം നിങ്ങള്‍ക്ക് ഷോപ്പിന്റെ മെസേജ് ഫോണിലെത്തി. ഇന്ന തീയതിവരെ ഇവിടെയെത്തി 40 ശതമാനം വിലകുറച്ച് പര്‍ച്ചേസിങ് നടത്താം, സ്വാഗതം!

ഓര്‍ക്കുക, നിങ്ങള്‍ അച്ചടിച്ച ഒരു പത്രത്താളില്‍നിന്നാണ് കടയുടെ ഫെയ്‌സ്ബുക്ക് പേജിലേക്ക് പോയത്. അതിന് കാരണമായതോ ക്യു.ആര്‍.കോഡും! നിങ്ങള്‍ക്ക് ഒരു പത്രത്താളില്‍നിന്ന് ക്ലിക്ക് ചെയ്ത് മറ്റൊരിടത്തേക്ക് പോകാന്‍ കഴിയില്ലായിരിക്കാം. പക്ഷേ, ഏതാണ്ട് അതിന് സമാനമായ ഒരു സംഗതി തന്നെയല്ലേ ക്യു.ആര്‍.കോഡ് ഒരുക്കിത്തരുന്നത്. പ്രിന്റും ഓണ്‍ലൈനും തമ്മിലുള്ള പാലമായി ക്യു.ആര്‍.കോഡിനെ മാറ്റാന്‍ കഴിയും എന്നര്‍ഥം. 'ഹൈപ്പര്‍ടെക്സ്റ്റ്' എന്ന ആശയത്തിന് പുതിയ വേദികള്‍ തുറന്നിടുകയാണ് ക്യു.ആര്‍.കോഡ്.

മേല്‍പ്പറഞ്ഞ ഷോപ്പിന്റെ പരസ്യം നമുക്ക് ഒന്നുകൂടി പരിഗണിക്കാം. അത്തരമൊരു പരസ്യം നിങ്ങള്‍ പോകുന്ന വഴിക്ക് ഒരു വലിയ ബോര്‍ഡിലാണ് എഴുതിവെച്ചിരിക്കുന്നതെന്ന് കരുതുക. 'ഞങ്ങളുടെ ഫെയ്‌സ്ബുക്ക് പേജ് ലൈക്ക് ചെയ്യുക, വമ്പിച്ച ഓഫര്‍ നേടുക'. അതില്‍ ക്യു.ആര്‍.കോഡിന് പകരം ഫെയ്‌സ്ബുക്ക് പേജിന്റെ യു.ആര്‍.എല്‍.ആണ് നല്‍കയിരിക്കുന്നത്. ആ ബോര്‍ഡിന് മുന്നില്‍ നിന്ന് മൊബൈലില്‍ ആ യു.ആര്‍.എല്‍.ടൈപ്പ് ചെയ്ത് സൈറ്റിലെത്തി ലൈക്ക് ചെയ്യാന്‍ നിങ്ങള്‍ മുതിരുമോ! അധികമാരും അതിന് തയ്യാറാകുമെന്ന് തോന്നുന്നില്ല. എന്നാല്‍, ഇതേ സാധ്യത ഇരിക്കുന്നിടത്ത് ക്യു.ആര്‍.കോഡിന്റെ രൂപത്തിലെത്തിയപ്പോള്‍ നിങ്ങള്‍ രണ്ടാമതൊന്ന് ആലോചിച്ചില്ല.

അതാണ് ക്യു.ആര്‍.കോഡിന്റെ മാന്ത്രികത. പേര് പോലെ അത് 'ക്വിക്ക് റെസ്‌പോണ്‍സ്' സൃഷ്ടിക്കുന്നു. സാമീപ്യം, സൗകര്യം, പ്രാപ്യത -ഈ മൂന്ന് ഘടകങ്ങളാണ് ക്യു.ആര്‍.കോഡിനെ ഇത്രയേറെ ആകര്‍ഷണീയമാക്കുന്നത്. ഒപ്പം അതിലെന്താണുള്ളതെന്ന് അറിയാനുള്ള കൗതുകവും!


ക്യു.ആര്‍.കോഡുകള്‍ നമ്മുടെ നാട്ടില്‍ അത്ര വ്യാപകമായിട്ടില്ല. അതിന് കാരണമുണ്ട്. ഇന്ത്യയിലെ മൊത്തം മൊബൈല്‍ ഉപയോക്താക്കളില്‍ ഇപ്പോഴും ചെറിയൊരു ശതമാനമേ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്നുള്ളൂ. സ്മാര്‍ട്ട്‌ഫോണുമായി ബന്ധപ്പെട്ടാണ് ക്യു.ആര്‍.കോഡ് പ്രവര്‍ത്തനം എന്നതുകൊണ്ട്, ക്യു.ആര്‍.കോഡ് നമ്മുടെ ഭാവിയിലേക്ക് തുറക്കുന്ന സാധ്യതയാണ്.

എന്നാല്‍, സ്മാര്‍ട്ട്‌ഫോണുകള്‍ സര്‍വവ്യാപിയായ നാടുകളില്‍ ഓരോ ദിവസവും ക്യു.ആര്‍.കോഡിന് പുതിയ ഉപയോഗങ്ങള്‍ രംഗത്തെത്തുകയാണ്. ഉദാഹരണത്തിന്, ബ്രസീലിലെ പ്രസിദ്ധ നഗരമായ റിയോ ഡി ജനീറോയില്‍ ക്യു.ആര്‍.കോഡുകള്‍ സ്ഥാനംപിടിച്ചിരിക്കുന്നത് നടപ്പാതകളിലാണ്. ടൂറിസ്റ്റുകളെ സഹായിക്കാനാണ് ആ നടപടി. ബന്ധപ്പെട്ട ടൂറിസം സൈറ്റുകളിലേക്കുള്ള ലിങ്കുകളാണ് ആ ക്യൂ.ആര്‍.കോഡുകളിലുള്ളത്. മാത്രമല്ല, മാപ്പുകളിലേക്കുള്ള ലിങ്കുകളുമുണ്ട്. പോര്‍ച്ചുഗലിലെ ലിസ്ബണ്‍ നഗരത്തില്‍ ടൂറിസ്റ്റുകള്‍ക്കായി ക്യു.ആര്‍.കോഡുകള്‍ സ്ഥാപിച്ചതിന് പിന്നാലെയാണ് റിയോയും അത് പിന്തുടര്‍ന്നത്.

ബോര്‍ഡുകളില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടുള്ളത് വായിക്കാന്‍ മിനക്കെടാത്തവര്‍പോലും നടപ്പാതകളില്‍ ഇത്തരം കോഡുകള്‍ കണ്ടാല്‍, കൗതുകംകൊണ്ട് അതിന്റെ ഫോട്ടോ മൊബൈലില്‍ എടുത്തെന്നിരിക്കും! അതൊന്ന് വായിച്ചുനോക്കിയെന്നിരിക്കും.

ജീവിച്ചിരിക്കുന്നവരുടെ ലോകത്ത് മാത്രമല്ല, പരേതരുടെ ഇടയിലും ക്യു.ആര്‍.കോഡുകള്‍ക്ക് സ്ഥാനം കണ്ടെത്താന്‍ കഴിയുമെന്ന് ക്യാനഡയില്‍നിന്നുള്ള ഒരു വാര്‍ത്ത വ്യക്തമാക്കുന്നു. ക്യാനഡയില്‍ ബൊഡെല്‍വ്യാഡനിലെ സെന്റ് മാര്‍ഗ്രറ്റ് ദേവാലയ സെമിത്തേരിയിലാണ്, പരേതരുടെ വിവരങ്ങള്‍ ക്യു.ആര്‍.കോഡുകളില്‍ രേഖപ്പെടുത്തിയത്. ഒന്നാംലോക മഹായുദ്ധത്തില്‍ മരിച്ച എണ്‍പതിലേറെ സൈനികരുടെ മൃതദേഹങ്ങള്‍ ആ സെമിത്തേരിയില്‍ അടക്കം ചെയ്തിട്ടുണ്ട്. സൈനികരുടെ ശവകുടീരങ്ങളിലാണ്, അവരെ സംബന്ധിച്ചും അവര്‍ പങ്കെടുത്ത സൈനിക നടപടി സംബന്ധിച്ചുമുള്ള വിവരങ്ങള്‍ ക്യു.ആര്‍.കോഡുകളില്‍ ആലേഖനം ചെയ്തിരിക്കുന്നത്. സെമിത്തേരി സന്ദര്‍ശിക്കുന്നവര്‍ക്ക് ആ കോഡുകളുടെ ചിത്രം സ്മാര്‍ട്ട്‌ഫോണിലെടുത്ത് വിവരങ്ങളറിയാം.

ക്യു.ആര്‍.കോഡുകള്‍ സൃഷ്ടിക്കുകയും വായിക്കുകയും മാത്രമല്ല, ക്യു.ആര്‍.കോഡ് അധിഷ്ഠിതമായ പുതിയ സര്‍വീസുകളും മൊബൈല്‍ ലോകത്ത് പ്രത്യക്ഷപ്പെടുമെന്നതിന്റെ സൂചനയാണ്, അടുത്തിയിടെ 'പള്‍സ്എം' (pulsM) കമ്പനി പുറത്തിറിക്കിയ ആപ്ലിക്കേഷന്‍. ഉപഭോക്താക്കളുടെ പ്രതികരണം അറിയാന്‍ അവസരമൊരുക്കുന്ന ഒന്നാണ് ഈ ആപ്ലിക്കേഷന്‍.

ഓണ്‍ലൈന്‍ ഫോറങ്ങള്‍ പൂരിപ്പിക്കുക, കസ്റ്റമര്‍ സര്‍വ്വെ നടത്തുക മുതലായ പൊല്ലാപ്പുകളൊന്നുമില്ലാതെ കസ്റ്റമറുടെ മനസിലിരിപ്പ് അറിയാന്‍ പുതിയ ആപ്ലിക്കേഷന്‍ സഹായിക്കും. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഒരു ക്യൂ.ആര്‍.കോഡിന്റെ ഫോട്ടോ സ്മാര്‍ട്ട്‌ഫോണിലെടുക്കുമ്പോള്‍, ഫോണിലെ 'പള്‍സ്എം' ആപ്ലിക്കേഷന്‍ പ്രവര്‍ത്തനക്ഷമമാകും. പ്രതികരണം ഫോണിനോട് പറഞ്ഞാല്‍ മതി. അത് എത്തേണ്ടിടത്ത് എത്തിക്കൊള്ളും. ഉദാഹരണത്തിന് ഒരു റെസ്‌റ്റോറണ്ടില്‍ കയറി. ഭക്ഷണം അത്ര നന്നല്ല. പള്‍സ്എം വഴി അക്കാര്യം പറഞ്ഞാല്‍ ഉടമസ്ഥന്റെ മുന്നില്‍ നിങ്ങളുടെ പ്രതികരണമെത്തും.

അദൃശ്യ ക്യു.ആര്‍.കോഡുകളുടെ സഹായത്തോടെ പ്രമാണങ്ങളും കറന്‍സി നോട്ടുകളും വ്യാജമായി നിര്‍മിക്കുന്നത് തടയാനുള്ള ഗവേഷണമാണ്, ക്യു.ആര്‍.കോഡുകളുടെ സാധ്യത തേടുന്ന മറ്റൊരു മേഖല. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത സാധ്യതകളിലേക്കാണ് ക്യു.ആര്‍.കോഡ് വഴി ലോകം ചുവടുവെയ്ക്കുന്നത്.

പക്ഷേ, അപ്പോഴും ഓര്‍ക്കുക. ഇത് നല്ലകാര്യങ്ങള്‍ക്ക് മാത്രമല്ല ഉപയോഗിക്കാന്‍ കഴിയുക. ക്യു.ആര്‍.കോഡ് കണ്ടാല്‍ അതിന്റെ ഫോട്ടോയെടുത്തു നോക്കുന്ന ആളുകളുടെ സ്വഭാവം മുതലാക്കാന്‍ ആരെങ്കിലും രംഗത്തെത്തിക്കൂടെന്നില്ല. കുബുദ്ധികള്‍ക്ക് ഇതുമൊരു ലാഭക്കൊയ്ത്താക്കി മാറ്റാം. നിങ്ങളുടെ മൊബൈലിലെ പാസ്‌വേഡുകളും ബാങ്ക്അക്കൗണ്ട് വിവരങ്ങളും ചോര്‍ത്താനുള്ള ഒരു ദുഷ്ടപ്രോഗ്രാമിന്റെ ലിങ്ക് ഇത്തരമൊരു കോഡില്‍ അനായാസം ഉള്‍ക്കൊള്ളിക്കാവുന്നതെയുള്ളൂ.

കാണുന്ന ലിങ്കുകളിലൊക്കെ ചാടിക്കേറി ക്ലിക്ക് ചെയ്യരുത് എന്ന് പറയുംപോലെ, കാണുന്ന ക്യു.ആര്‍.കോഡിലൊക്കെ അതെവിടെയാണ് എന്താണ് എന്ന് നോക്കാതെ ക്ലിക്ക് ചെയ്യരുത്!

(അവലംബം, കടപ്പാട് : qrcodestickers.org; Wikimedia blog on Monmouthpedia; വിവിധ വാര്‍ത്താഏജന്‍സികള്‍)

- കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ജൂലായ് 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

Tuesday, May 28, 2013

ഗൂഗിളിന്റെ മായക്കണ്ണട


 
ഗോര്‍ഡന്‍ ചൈല്‍ഡിന്റെ 'മാന്‍ മേക്ക്‌സ് ഹിംസെല്‍ഫ്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, സാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമുണ്ട്. പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍ മനുഷ്യന് നഷ്ടമായ കഴിവുകളുമായി ബന്ധപ്പെടുത്തിയാണ് ആ നിരീക്ഷണം. അത്തരം കഴിവുകള്‍ ഏതെങ്കിലും വിധത്തില്‍ വീണ്ടെടുക്കാനുള്ള ത്വര മനുഷ്യന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതാണ് പലതരത്തിലുള്ള സാങ്കേതികവിദ്യകളായി അതാത് കാലത്ത് പ്രത്യക്ഷപ്പെടുന്നത്.

കാഴ്ചയുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക്, കാഴ്ചശക്തിയുടെ കാര്യത്തില്‍ പ്രാപ്പിടിയനെക്കാള്‍ എത്രയോ മോശമാണ് മനുഷ്യന്റെ സ്ഥിതി. എന്നാല്‍, ഒരു പ്രാപ്പിടിയനും ഇന്നുവരെ നോക്കാന്‍ സാധിക്കാത്തത്ര അകലത്തേക്കും ആഴത്തിലേക്കും സൂക്ഷ്മതയിലേക്കും ദൃഷ്ടിപായിക്കാന്‍ ഇന്ന് മനുഷ്യന് കഴിയും. നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു.

ഒരു ചീറ്റപ്പുലിയുടെ വേഗം മനുഷ്യനില്ല. അല്ലെങ്കില്‍ ഒരു പക്ഷിയെപ്പോലെ ആകാശത്ത് പറന്ന് നടക്കാനും നമുക്കാവില്ല. ഇത്തരം പരിമിതികളെ അതിജീവിലോ, കഴിവുകളുടെ വീണ്ടെടുക്കലോ ആണ് സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ മനുഷ്യന്‍ നടത്തുന്നതെന്ന് ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിക്കുന്നു.

ഈ ആശയത്തോട് വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ, അത്തരക്കാര്‍ പോലും ഒരുകാര്യം സമ്മതിക്കും. സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ ഏറെ പുഷ്ടിപ്പെടുത്തിയിരിക്കുന്നു.

ഓരോ സാങ്കേതികവിദ്യയും മനുഷ്യന്റെ ഒരോ കഴിവുകളുടെ വിപുലീകരണമാണ്. ദൂരെയുള്ളവ കാണാന്‍ കഴിയാത്ത മനുഷ്യന്, ദൂരദര്‍ശനികള്‍ ഏത് ജീവിയെക്കാളും കൂടുതല്‍ ദൂരക്കാഴ്ച നല്‍കി. കേള്‍ക്കാന്‍ കഴിയാത്ത അത്ര അകലെ നിന്ന് കേള്‍ക്കാന്‍ ഫോണുണ്ടായി, റേഡിയോ വന്നു. പറക്കാന്‍ കഴിയില്ലെന്ന പരിമിതിയെ വിമാനവും റോക്കറ്റുകളും വഴി മനുഷ്യന്‍ മറികടന്നു.

ഇന്ദ്രിയഗോചരമോ അല്ലാത്തതോ ആയ ഏതെങ്കിലും കഴിവുകളുടെ വിപുലീകരണമായിരുന്നു അടുത്തകാലം വരെ സാങ്കേതിക മുന്നേറ്റങ്ങള്‍. ഇപ്പോള്‍ ഇന്ദ്രീയങ്ങളുടെ നിയന്ത്രണം കൈയാളുന്ന തലച്ചോറിന്റെ തന്നെ വിപുലീകരണമെന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കമ്പ്യൂട്ടറും അതിന്റെ പുതിയ വകഭേദവുമായ സ്മാര്‍ട്ട്‌ഫോണുകളും അതാണ് വ്യക്തമാക്കുന്നത്.

പക്ഷേ, അതുകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ യുഗവും കടന്ന് പുതിയൊരു കാലത്തിലേക്ക് കമ്പ്യൂട്ടിങ് പ്രവേശിക്കുന്ന കാഴ്ചയാണിപ്പോള്‍. അതിന് വഴിയൊരുക്കുന്നതോ, ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളും, ഗൂഗിള്‍ വികസിപ്പിച്ച 'ഗൂഗിള്‍ ഗ്ലാസ്' (Google Glass) എന്ന 'മായക്കണ്ണട'യും!

കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യത്തെ 'പ്രതീതിയാഥാര്‍ഥ്യം' അഥവാ വെര്‍ച്വല്‍ റിയാലിറ്റിയാക്കി. മൊബൈല്‍ സങ്കേതങ്ങളുടെ വരവ് പ്രതീതി യാഥാര്‍ഥ്യത്തെത്തെ 'സമീപയാഥാര്‍ഥ്യം' അഥവാ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. ഓഗ്മെന്റഡ് റിയാലിറ്റിയെ നമ്മുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് കുടിയിരുത്തുകയാണ് ഗൂഗിള്‍ ഗ്ലാസ്.

ഒരേസമയം പല ലോകങ്ങളില്‍ ജീവിക്കാന്‍ അവസരമൊരുക്കുന്ന വിദ്യ. അതാണ് ഗൂഗിള്‍ ഗ്ലാസ്. അതെത്ര സുഖകരമായ അനുഭവമാകും എന്നിപ്പോള്‍ പറയാനാകില്ല. പക്ഷേ, ഒരുകാര്യം വ്യക്തം. ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ മാറ്റിമറിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കും. സാന്നിധ്യം, പരിചയപ്പെടലുകള്‍ എന്നിങ്ങനെയുള്ള അനുഭവ തലങ്ങളെപ്പോലും വ്യത്യസ്തമാക്കാന്‍ പോന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിച്ച ആ വസ്തുത ഗൂഗിള്‍ ഗ്ലാസുമായി എങ്ങനെയാണ് ബന്ധിപ്പിക്കാനാവുക. മനുഷ്യന്റെ ഏത് കഴിവിന്റെ വിപുലീകരണമാണ് ഗൂഗിള്‍ ഗ്ലാസ്...ബുദ്ധിയുടേതോ, അനുഭവത്തിന്റെയോ, ഇടപഴകലുകളുടേയോ ! അതോ, ഇവ എല്ലാറ്റിന്റേയുമോ!

സ്മാര്‍ട്ട്‌ഫോണ്‍ യുഗം മനുഷ്യനെ തലകുമ്പിട്ടിരിക്കുന്നവനാക്കി! ഐഫോണിന്റെയും മറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, സദാസമയം കൈയിലുള്ള ആ നാലിഞ്ച് പ്രപഞ്ചത്തിലേക്കായി മനുഷ്യന്റെ ശ്രദ്ധ. അതിലൂടെ മെസേജുകളായും സോഷ്യല്‍മീഡിയ അപ്‌ഡേറ്റുകളായും ഇഷ്ട വീഡിയോകളായും ഫോട്ടോകളായും, അനുഭവത്തിന്റെ നിരന്തരം തുടരുന്ന സ്വകാര്യ നിമിഷങ്ങളിലേക്ക് ഊളിയിടുന്നവരായി നമ്മള്‍ മാറി. ശരിക്കുപറഞ്ഞാല്‍, തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതി!

ആ സ്ഥിതിയില്‍നിന്ന് മുക്തനാക്കി, മനുഷ്യനെ തല ഉയര്‍ത്തിപ്പിടിച്ച് നടത്താന്‍ പ്രാപ്തനാക്കുകയാണ് ഗൂഗിള്‍ ഗ്ലാസ് ചെയ്യുന്നതെന്ന്, ഗൂഗിളിലെ പ്രോഡക്ട് ഡയറക്ടര്‍ സ്റ്റീവ് ലീ അടുത്തയിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ഒരു ദിവസം ഗൂഗിള്‍ ആസ്ഥാനത്തേക്ക് ബസ്സ് കാത്ത് താന്‍ നില്‍ക്കുമ്പോള്‍, ചുറ്റുമുണ്ടായിരുന്ന പതിനഞ്ചു പേരും ഒരേ സമയം തങ്ങളുടെ കൈയിലെ സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുമ്പിട്ടിരിക്കുന്ന ദൃശ്യം ഗൂഗിളിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഇസബെല്ല ഓള്‍സണ്‍ കണ്ടു. ആ ദൃശ്യമാണ് ഗൂഗിള്‍ ഗ്ലാസ് ഇപ്പോഴത്തെ നിലയ്ക്ക് രൂപപ്പെടുത്താന്‍ നിമിത്തമായതെന്ന് അവര്‍ പറയുന്നു.

വെറും മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഒരു പരീക്ഷണ പദ്ധതിയാണ് 'ഗൂഗിള്‍ ഗ്ലാസ്' എന്ന പേരില്‍ ഇപ്പോള്‍ ടെക് ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഡ്രൈവര്‍ കൂടാതെ കാറുകളെ സ്വയം ഡ്രൈവ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന സങ്കേതത്തിനും, ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ രൂപംനല്‍കുന്ന ഗൂഗിള്‍ എക്‌സ് ലാബിലാണ് ഗൂഗിള്‍ ഗ്ലാസിന്റെയും പിറവി. ആ ലാബിലെ എന്‍ജിനീയര്‍ ബബാക് പര്‍വിസ് ആണ് മൂന്നുവര്‍ഷം മുമ്പ് ഗ്ലാസ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിനും.

ആരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഗൂഗിള്‍ ഗ്ലാസ് യാഥാര്‍ഥ്യമാവുകയാണ് എന്നകാര്യം, കഴിഞ്ഞ വര്‍ഷം ഡെവലപ്പര്‍മാര്‍ക്കായി ആ ഉപകരണത്തിന്റെ ആദ്യരൂപം ഗൂഗിള്‍ വിറ്റു തുടങ്ങിയപ്പോഴേ ലോകത്തിന് മനസിലായി. ഈ വര്‍ഷം തന്നെ ഗൂഗിള്‍ ഗ്ലാസ് ഉപഭോക്താക്കളുടെ പക്കലെത്തുമെന്നാണ് സൂചന.

അസാധാരണമാം വിധം ലളിതമായ ഒരു ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണട പോലെ തലയില്‍ ധരിക്കാം. ഫ്രെയിമിന്റെ വലതുവശത്തെ കാല്‍ അല്‍പ്പം തടിച്ചതാണ്, പ്ലാസ്റ്റിക്കിനാല്‍ നിര്‍മിച്ചത്. അതിന്റെ അഗ്രം ഒരു ഗ്ലാസായി വലതുകണ്ണിന് മുന്നിലെത്തുന്നു.

വലതുകണ്ണിന്റെ ദൃഷ്ടിപഥത്തില്‍ മുകളിലായി ഒരു സുതാര്യ ചതുര വിന്‍ഡോ ആയാണ് യൂസര്‍ക്ക് ഗൂഗിള്‍ ഗ്ലാസ് അനുഭവപ്പെടുക. കണ്ണിന്റെ സാധാരണ കാഴ്ചയെ തടസ്സപ്പെടാതെ തന്നെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആ സുതാര്യ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ടുകൊള്ളും.


കാഴ്ചയില്‍ വളരെ ലളിതമായ ഉപകണമാണെങ്കിലും, ഒരു സ്മാര്‍ട്ട്‌ഫോണിന് സാധിക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിള്‍ ഗ്ലാസിന് ചെയ്യാന്‍ കഴിയും. ഒരേ സമയം അതൊരു പ്രോജക്ടറായും, ക്യാമറയായും, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്ററായും, ശബ്ദനിര്‍ദേശമനുസരിക്കുന്ന ഡിജിറ്റല്‍ സഹായിയും ഒക്കെയായി പ്രവര്‍ത്തിക്കും.

മൊബൈല്‍, വയര്‍ലെസ് സങ്കേതങ്ങളെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് എന്ന നിര്‍മിതബുദ്ധിയുടെ മൂശയിലേക്ക് വാര്‍ത്തിണക്കിയിരിക്കുകയാണ് ഗൂഗിള്‍ ഗ്ലാസില്‍. വൈഫൈ, അല്ലെങ്കില്‍ കീശയിലുള്ള സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബ്ലൂടൂത്ത് വഴിയുള്ള കണക്ടിവിറ്റിയാണ് ഗൂഗിള്‍ ഗ്ലാസില്‍ ഇപ്പോഴുള്ളത്.

കണ്ണടപോലെ തലയിലണിയുന്ന ഉപകരണത്തിന്റെ വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ശരിക്കുപറഞ്ഞാല്‍ ഒരു ടച്ച്പാഡാണ്. അതില്‍ വിരല്‍ ചലിപ്പിച്ച് ഗൂഗിള്‍ ഗ്ലാസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. അതല്ലെങ്കില്‍, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും.

ആപ്പിള്‍ ഐഫോണിലെ സിരിയെപ്പോലെ, 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റഫേസ്' ഉപയോഗിച്ച് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന 'ഗൂഗിള്‍ നൗ' ആണ് ഗൂഗിള്‍ ഗ്ലാസിന് തുണയാവുന്നത്. ഒപ്പം ഗൂഗിളിന്റെ തന്നെ 'നോളജ് ഗ്രാഫു'മുണ്ട്.

ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നയാളുടെ അനുഭവം എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിത്തരുന്ന വീഡിയോകള്‍ ഗൂഗിള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, പ്രശസ്തരായ ഒരുപിടി അമേരിക്കന്‍ ടെക് ജേര്‍ണലിസ്റ്റുകളെ അത് ഉപയോഗിച്ച് നോക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളും, ആ ഉപകരണം ധരിച്ച ജേര്‍ണലിസ്റ്റുകളുടെ അനുഭവ വിവരണങ്ങളും നമുക്ക് ലഭ്യമാണ്.

നിങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് അണിഞ്ഞ് നിരത്തിലിറങ്ങുന്നതോടെ, അദൃശ്യനായ ഒരു സഹായി നിങ്ങളുടെ കൂടെ കൂടുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് പോകേണ്ട് സ്ഥലത്തേക്കുള്ള വഴ, വലതുകണ്ണിന്റെ ദൃഷ്ടിപഥത്തിലെ സുതാര്യചതുരത്തില്‍ തെളിയുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങള്‍ മുന്നിലെത്തുന്നു. സുഹൃത്തുക്കളുടെ സന്ദേശങ്ങളും മുന്നില്‍ വരുന്നു. മറുപടി പറഞ്ഞാല്‍ മതി, അത് ടെക്സ്റ്റ് മെസേജായി അയയ്ക്കപ്പെടും.

സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിങോ വീഡിയോ കോണ്‍ഫറന്‍സിങോ നടത്താനും അനായാസം സാധിക്കും. റോഡിന്റെ വശത്തുള്ള റസ്‌റ്റോറന്റിലേക്ക് നോക്കുമ്പോള്‍, ആ ഹോട്ടലിലെ അന്നത്തെ വിശേഷ വിഭവങ്ങളും വിലയും കണ്ണിന് മുന്നില്‍ എത്തുന്നു......!

മുന്നില്‍ ഒരു സര്‍ക്കസ് അഭ്യാസി. അയാളുടെ ഫോട്ടോയെടുക്കണമെങ്കില്‍ ഒന്നു പറയുകയേ വേണ്ടൂ, ദൃഷ്ടിപഥത്തില്‍ ക്യാമറ ഫ്രെയിം പ്രത്യക്ഷപ്പെടുന്നു, ചിത്രമെടുക്കുന്നു, സേവ് ചെയ്യപ്പെടുന്നു. വീഡിയോ പിടിക്കണമെങ്കിലും ഇങ്ങനെ തന്നെ. ഗൂഗിള്‍ ഗ്ലാസ് ധരിച്ചിട്ടുള്ളയാള്‍ ഫോട്ടോയോ വീഡിയോയോ പിടിക്കുകയാണെന്ന് ആരും അറിയുക പോലുമില്ല.

മുന്നിലൊരാള്‍ വരുന്നു. അയാളെ എവിടെയോ കണ്ട പരിചയം. ആളാരാണെന്ന് തപ്പാന്‍ പറഞ്ഞാല്‍ മതി, അയാളുടെ മുഖസാമ്യമുള്ള ഫോട്ടോകള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരതി നിമിഷങ്ങള്‍ക്കകം മറുപടിയെത്തും -'ഓ, ഇത് നമ്മുടേ വടക്കേടത്തെ ചെല്ലനല്ലയോ'!

മാത്രമല്ല, ഉപയോഗിക്കുന്തോറും യൂസറുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഗൂഗിള്‍ ഗ്ലാസ് കൂടുതല്‍ കൂടുതല്‍ മനസിലാക്കി തുടങ്ങും. അത് ഓര്‍മയില്‍ വെയ്ക്കുകയും ചെയ്യും. അതുകൊണ്ട്, നിങ്ങള്‍ മനസില്‍ കാണുന്ന കാര്യം ആവശ്യപ്പെടും മുമ്പുതന്നെ മുന്നിലെത്തിക്കാന്‍ ഗൂഗിള്‍ ഗ്ലാസിന് സാധിക്കും.

സാധാരണ ദൃഷ്ടിപഥത്തിന് മേല്‍ എഴുത്തോ ചിത്രങ്ങളോ പതിപ്പിക്കുന്ന ഏര്‍പ്പാടാണ് ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യം. അതാണ് ഗൂഗിള്‍ ഗ്ലാസിലൂടെ സാധ്യമാകുന്നത്. ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നവരുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് സമീപയാഥാര്‍ഥ്യം കുടിയേറും.

ഗൂഗിള്‍ ഗ്ലാസും ആശങ്കകളും

കാഴ്ചയില്‍ വളരെ ലളിതമായ ഉപകരണം എന്ന് തോന്നാമെങ്കിലും, ഇതുവരെ മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രശ്‌നങ്ങള്‍ക്ക് ഗൂഗിള്‍ ഗ്ലാസ് കാരണമായേക്കാം എന്ന ആശങ്ക ഉയരുന്നുണ്ട്. അതില്‍ ആദ്യത്തേത് StoptheCyborgs.com എന്ന സൈറ്റ് ഉന്നയിച്ച 'സര്‍വവ്യാപിയാകുന്ന ഒളിക്യാമറകളുടെ പ്രശ്‌ന'മാണ്.

'ദി വെര്‍ജി'ന്റെ ലേഖകന്‍ ജോഷ്വാ ടോപോള്‍സ്‌കി ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച അനുഭവത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് ശ്രദ്ധേയമായ ഒരു സംഭവം പറയുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലായിരുന്നു പരീക്ഷണം. ഗൂഗിള്‍ ഗ്ലാസും അണിഞ്ഞ് നീങ്ങുന്ന ടോപോള്‍സ്‌കിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡോയോ ക്യാമറകളുമുണ്ടായിരുന്നു ഒപ്പം. ഗൂഗിള്‍ ഗ്ലാസ് ആദ്യമുപയോഗിക്കുന്നതിന്റെ കൗതുകത്തില്‍, ആ ഉപകരണമുപയോഗിച്ച് മുന്നില്‍ കാണുന്ന സംഗതികളുടെ വീഡിയോ ടോപോള്‍സ്‌കിയും പകര്‍ത്തുന്നുണ്ടായിരുന്നു.


ഒരു സ്‌റ്റോറില്‍ കയറിയപ്പോള്‍, അവിടുത്തെ ചുമതലക്കാരന്‍ വീഡിയോ പിടിത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ ക്യാമറകളെല്ലാം നിര്‍ത്തി. പക്ഷേ, ടോപോള്‍സ്‌കിയോട് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് വീഡിയോ പിടിക്കുന്നത് നിര്‍ത്താന്‍ അയാള്‍ പറഞ്ഞില്ല. കാരണം, അങ്ങനെയൊരു വീഡിയോ ഷൂട്ടിങ് നടക്കുന്ന കാര്യം അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.

ഗൂഗിള്‍ ഗ്ലാസുപയോഗിച്ചുള്ള വീഡിയോ പിടിത്തം വലിയ തോതിലുള്ള സ്വകാര്യതാ ലംഘനങ്ങള്‍ക്ക് വഴിതെളിച്ചേക്കാം എന്ന ആശങ്കയെ ഗൂഗിള്‍ ഗൗരവമായി കാണേണ്ടി വരുമെന്ന് സാരം. ഗൂഗിള്‍ ഗ്ലാസ് ഒരര്‍ഥത്തില്‍ ഒളിക്യാമറയുടെ ഫലംചെയ്യുമെന്ന വാദത്തില്‍ കഴമ്പുണ്ട്.  ഒളിക്യാമറകള്‍ സൃഷ്ടിക്കുന്ന ഭീഷണി പതിന്‍മടങ്ങായി വര്‍ധിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കുമെന്നാണ് വാദം.

ഗൂഗിള്‍ ഗ്ലാസ് വരുത്താവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഗൗരവതരമായ ചില ചിന്തകള്‍ പങ്കുവെച്ചിട്ടുള്ളത്, യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നളജി (എം.ഐ.ടി) യിലെ സ്റ്റീവ് മാന്‍ ആണ്. തലയിലണിയാവുന്ന കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും, ഓഗ്മെന്റഡ് റിയാലിറ്റിയെ ആഴത്തില്‍ മനസിലാക്കുന്നതിലും മൂന്നര പതിറ്റാണ്ടിന്റെ ഗവേഷണ പരിചയമുള്ള വ്യക്തിയാണ് സ്റ്റീവ് മാന്‍.

ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടിങ് ഉപകരണങ്ങളോ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നവ ആയിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് 'ഐഇഇഇ സ്‌പെക്ട്ര'ത്തില്‍ (2013 മാര്‍ച്ച് ലക്കം) സ്റ്റീവ് മാന്‍ എഴുതി. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നല്‍കിയ 'ചില പ്രധാനപ്പെട്ട പാഠങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും അവഗണിക്കുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു'വെന്ന് അദ്ദേഹം പറയുന്നു.

1890 കളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ജോര്‍ജ് സ്ട്രാറ്റണ്‍ നടത്തിയ കണ്ണട പരീക്ഷണത്തിന്റെ കാര്യം സ്റ്റീവ് മാന്‍ ചൂണ്ടിക്കാട്ടുന്നു. ലോകം തലകീഴായി കാണാന്‍ പാകത്തിലുള്ള സ്‌പെഷ്യല്‍ കണ്ണടകള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. പക്ഷേ, ഏതാനും ദിവസംകൊണ്ട് സ്ട്രാറ്റന്റെ കാഴ്ച തലച്ചോര്‍ നേരെയാക്കി. ഗ്ലാസ് ധരിച്ചു തുടങ്ങിയപ്പോഴത്തെ കീഴ്‌മേല്‍ ലോകം, നേരെയായി. അങ്ങനെയെങ്കില്‍, കണ്ണട മാറ്റുമ്പോള്‍ ലോകം കീഴ്‌മേലായി കാണുമോ. അതുമുണ്ടായില്ല.

തലച്ചോര്‍ നടത്തിയ ചില ക്രമീകരണമാണ് സ്ട്രാറ്റന്റെ കാഴ്ചയെ ശരിപ്പെടുത്തിയത്. മാത്രമല്ല, വിചാരിച്ചതിലും കുറച്ച് സമയം കൊണ്ട് തലച്ചോര്‍ ആ ക്രമീകരണം വരുത്തുകയും ചെയ്തു.

കണ്ണുകളിലൂടെ ലഭിക്കുന്ന പ്രകാശീയ വിവരങ്ങള്‍ക്ക് മേല്‍ മസ്തിഷ്‌ക്കം ചില സംഗതികള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കാഴ്ച അനുഭവേദ്യമാകുക. അപ്പോള്‍ സ്ട്രാറ്റന്റെ പരീക്ഷണത്തില്‍ കണ്ടതെന്താണ്. ശരിയായ കാഴ്ച (ഇന്ദ്രിയഗോചര അനുഭവം) ഉണ്ടാകതക്ക വിധം, ലഭിക്കുന്ന വിവരങ്ങളെ മസ്തിഷ്‌ക്കം പരിവര്‍ത്തനം ചെയ്തതാണ്. മസ്തിഷ്‌ക്കത്തിന്റെ ഈ 'ക്രമീകരണം' ഒരാള്‍ക്ക് അനുഭവപ്പെടുന്നത് പോലെ ആകണമെന്നില്ല മറ്റൊരാളുടെ കാര്യത്തില്‍. അത് പ്രവചനാതീതമാണ്.

ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നയാളുടെ വലതു കണ്ണിന് മുന്നില്‍ ദൃഷ്ടിപഥത്തിന് മുകളിലായാണ് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ പ്രത്യക്ഷപ്പെടുക. ഒരു കണ്ണിലൂടെ ലൈവ് വീഡിയോ ഏറെ നേരം കാണുന്നത്, യൂസറുടെ കാഴ്ചയെന്ന ഇന്ദ്രീയഗോചര അനുഭവം പ്രദാനം ചെയ്യുന്ന നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ദീര്‍ഘനേരം ഇത്തരത്തില്‍ കാഴ്ചയെ പരീക്ഷിക്കുന്നത് സ്ഥിരമായ ചില നാഡീവൈകല്യങ്ങള്‍ക്ക് - പ്രത്യേകിച്ചും കുട്ടികളില്‍ - കാരണമായേക്കാം.

സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ പരിപോഷിക്കുന്നതിന് പകരം, മനുഷ്യന്റെ ഇന്ദ്രിയഗോചരമായ കഴിവുകളെ ആ വിദ്യയ്ക്കനുസരിച്ച് വികലമാക്കാന്‍ ഇടയാകുമോ എന്ന ഗൗരവമേറിയ ചോദ്യമാണ്, സ്റ്റീവ് മാന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഗൂഗിളിന് ഈ പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ല, തീര്‍ച്ച.

(അവലംബം, കടപ്പാട് : 1. ഗൂഗിള്‍;  2. I used Google Glass : the future, but with monthly updates - by Joshua Topolsky (The Verge , Feb 22, 2013); 3. 1. My 'Augmediated' Life - by Steve Mann (IEEE Spectrum, March 2013) )