Tuesday, February 21, 2012

'പ്രതീക്ഷാമര'ത്തിന്റെ കഥ ; ഒരു കവര്‍ ചിത്രത്തിന്റേയും


'ഹരിതഭൂപടം' എന്ന പുസ്തകത്തിന്റെ കവര്‍ ഡിസൈന്‍ ചെയ്തത് മന്‍സൂര്‍ ചെറൂപ്പയാണ്. ഹോര്‍ത്തൂസ് മലബാറിക്കൂസ് പുനര്‍ജനിച്ച കഥ പറയുന്ന ആ പുസ്തകത്തിന്റെ കവറില്‍ ഹോര്‍ത്തൂസില്‍ നിന്നുള്ള ഒട്ടേറെ ചിത്രങ്ങള്‍ മന്‍സൂര്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹോര്‍ത്തൂസ് ചിത്രങ്ങള്‍ ആലേഖനം ചെയ്ത പേജിന് മുകളില്‍ വീണുകിടക്കുന്ന വിശറിയുടെ ആകൃതിയുള്ള വലിയൊരു പച്ചില. ആ ഇലയുടെ പച്ചപ്പിനുള്ളിലാണ് പുസ്തകത്തിന്റെ തലവാചകം ആലേഖനം ചെയ്തിരിക്കുന്നത്.

ആദ്യം ആ കവര്‍ കാണുമ്പോള്‍ എനിക്ക് അതത്ര ഇഷ്ടമായില്ല. മന്‍സൂറുമായി അക്കാര്യം ചര്‍ച്ചചെയ്ത് ചില ഭേദഗതികള്‍ നിര്‍ദേശിച്ചു. യാദൃശ്ചികമായി കവര്‍ ഡിസൈന്‍ കാണാനിടയായ ഫോട്ടോഗ്രാഫര്‍ മധുരാജ് പക്ഷേ, അതെപ്പറ്റി വളരെ നല്ല അഭിപ്രായം പറഞ്ഞു. എന്റെ ദൃശ്യബോധത്തിന്റെ പ്രശ്‌നമാകാം എന്നുകരുതി, മന്‍സൂര്‍ ആദ്യം ചെയ്ത കവര്‍ കാര്യമായ ഭേദഗതിയില്ലാതെ അംഗീകരിച്ചു.

2012 ഫിബ്രവരി 17 ന് പുസ്തകം പുറത്തിറങ്ങി. കണ്ടവര്‍ക്കെല്ലാം കവര്‍ ഇഷ്ടമായി. എനിക്ക് സന്തോഷവുമായി; മന്‍സൂര്‍ ചെയ്തത് മാറ്റാന്‍ എനിക്ക് പിടിവാശി തോന്നാത്തതില്‍.

എന്നാല്‍, ആ കവറിനെപ്പറ്റിയുള്ള യഥാര്‍ഥ സന്തോഷം വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ.

ഹോര്‍ത്തൂസിന്റെ പുനര്‍ജനനം വിവരിക്കുന്ന 'ഹരിതഭൂപട'ത്തിലെ നായകനായ ഡോ.കെ.എസ്.മണിലാലിനെ കാണാന്‍ ഇന്നലെ (ഫിബ്രവരി 20) കോഴിക്കോട് ജവഹര്‍നഗറില്‍ അദ്ദേഹത്തിന്റെ വീട്ടിലെത്തി. പുസ്തകം അദ്ദേഹം അതിനകം വായിച്ചുകഴിഞ്ഞിരുന്നു, മോശമല്ലെന്ന അഭിപ്രായവും പറഞ്ഞു.

പലതും സംസാരിച്ചിരിക്കുന്നതിനിടെ സംഭാഷണം വീണ്ടും പുസ്തകത്തിലെത്തി. 'ഇതിന്റെ കവറിലുള്ള ഇലയാണ് ഏറെ പ്രതീകാത്മകമായി തോന്നിയത്'-ഡോ.മണിലാല്‍ അറിയിച്ചു. എന്താണ് സംഗതിയെന്ന് എനിക്ക് മനസിലായില്ല.

'ഈ ചെടിയുടെ പേരറിയാമോ'-അദ്ദേഹം ചോദിച്ചു. എവിടെ അറിയാന്‍, ഇതൊക്കെ അറിയാമായിരുന്നെങ്കില്‍ ഈ ഞാന്‍ എവിടെ ഇരിക്കേണ്ടയാളായിരുന്നു-ഞാന്‍ മനസില്‍ പറഞ്ഞു.

അല്‍പ്പനേരം ആലോചിച്ച ശേഷം ചെടിയുടെ പേര് അദ്ദേഹം പറഞ്ഞു -'ജിന്‍കോ ബിലോബ (Ginkgo biloba). ഇതിനൊരു ചരിത്രമുണ്ട്. ജപ്പാനിലെ ഹിരോഷിമയില്‍ 1945 ല്‍ അമേരിക്ക ആറ്റംബോംബിട്ടപ്പോള്‍ അവിടുള്ള സര്‍വതും നശിച്ചുപോയല്ലോ. ആ സര്‍വനാശത്തിന്റെ വേദിയില്‍ നിന്ന് ആദ്യം മുളച്ചുവന്നത് ഈ മരമാണ്. അതിനാല്‍, 'പ്രതീക്ഷയുടെ മര'മെന്നൊരു പേര് ജപ്പാന്‍കാര്‍ ഇതിന് നല്‍കിയിട്ടുണ്ട്'.

അമ്പരപ്പോടെ ഞാന്‍ ആ വിവരണം കേട്ടിരുന്നു. ഒരു യഥാര്‍ഥ സസ്യശാസ്ത്രജ്ഞന് ഓരോ ചെടിയെക്കുറിച്ചും ഓരോ ചരിത്രംതന്നെ പറയാനാകുമെന്ന് ഞാന്‍ മനസിലോര്‍ത്തു.

'ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ രണ്ടാംപിറവിയെന്നാണല്ലോ പുസ്തകത്തിന്റെ പേരിലുള്ളത്. ശരിക്കും അതിനെ പ്രതീകാത്മകമായി ഈ വൃക്ഷത്തിന്റെ ഇല പ്രതിനിധീകരിക്കുന്നു'-ഡോ.മണിലാല്‍ പറഞ്ഞു.

എത്ര അപ്രതീക്ഷിതമായാണ് ഓരോ അത്ഭുതങ്ങള്‍ക്ക് നമ്മള്‍ സാക്ഷ്യംവഹിക്കുന്നത്.

ഡച്ച് ബന്ധം

വീട്ടിലെത്തിയയുടന്‍ ഗൂഗിളില്‍ ജിന്‍കോ ബിലോബയെക്കുറിച്ച് ആകാംക്ഷയോടെ ഒരു അന്വേഷണം നടത്തി. ഫലം അതിശയകരമായിരുന്നു.

ഹിരോഷിമയില്‍ 1945 ആഗസ്ത് ആറിന് ആറ്റംബോംബ് വീണപ്പോള്‍ എല്ലാം നശിച്ചു. ഒരു മാസത്തിന് ശേഷം ആ പ്രദേശം പരിശോധിച്ചവര്‍ കണ്ടത്, സ്‌ഫോടനം നടന്ന പ്രധാനകേന്ദ്രത്തിന് 1100 മീറ്റര്‍ മാത്രമകലെ ക്ഷേത്രപരിസരത്ത് ഒരു ജിന്‍കോ ബിലോവ മരം വീണ്ടും തളിരിട്ടു തുടങ്ങിയതാണ്. ക്ഷേത്രം ആറ്റംബോംബിന്റെ ശക്തിയില്‍ തകര്‍ന്ന് തരിപ്പണമായിട്ടും ജിന്‍കോ മരം അതിജീവിച്ചിരിക്കുന്നു!

ആറ്റംബോംബിനെ അതിജീവിച്ച ആറ് ജിന്‍കോ മരങ്ങള്‍ ഇപ്പോഴും ജപ്പാനിലുണ്ട്. അങ്ങനെയാണ്, ജപ്പാനില്‍ ജിന്‍കോ മരത്തിന് 'bearer of hope' എന്ന വിശേഷണം ലഭിച്ചത്.

ജിന്‍കോ മരങ്ങളുടെ വിശേഷം ഇത്രയുംകൊണ്ട് തീരുന്നില്ല. മറവിരോഗമായ അള്‍ഷൈമേഴ്‌സിനുള്ള ഔഷധമായി ജിന്‍കോ മരത്തിന്റെ സത്ത ഉപയോഗിക്കാറുണ്ടത്രേ. ചൈനീസ് ഔഷധങ്ങളില്‍ ഇതിന്റെ നീര് ചേരുവയായി ഉപയോഗിക്കാറുണ്ട്. ചൈനയിലെയും ജപ്പാനിലെയും ബുദ്ധഭിക്ഷുക്കള്‍ അവരുടെ ക്ഷേത്രവളപ്പില്‍ വളര്‍ത്തിയിരുന്നതാണ് ജിന്‍കോ മരങ്ങള്‍.

കേരളത്തിലെ ബുദ്ധപാരമ്പര്യത്തിന്റെ തുടര്‍ച്ചയായി കണക്കാക്കുന്ന പാരമ്പര്യചികിത്സ വിവരിച്ചിട്ടുള്ള ഗ്രന്ഥമാണ് ഹോര്‍ത്തൂസ് മലബാറിക്കൂസ്. അത് പുനര്‍ജനിച്ച കഥ വിവരിക്കുന്ന പുസ്തകത്തിന്റെ കവറില്‍ സ്ഥാനംപിടിക്കാന്‍ ഈ നിലയ്ക്കും ജിന്‍കോ ഇലയ്ക്ക് യോഗ്യതയുണ്ടെന്ന് ഞാന്‍ അവിശ്വസനീയതയോടെ മനസിലാക്കി.
യഥാര്‍ഥത്തില്‍ 'ജീവിക്കുന്ന ഫോസില്‍' എന്നുതന്നെ ജിന്‍കോ മരങ്ങളെ വിശേഷിപ്പിക്കാം. ഇതിന്റെ ജാതിയില്‍പെട്ട മരങ്ങള്‍ ദിനോസറുകള്‍ക്കു പോലും തണലേകിയിരുന്നു. 270 മില്യണ്‍ വര്‍ഷം പഴക്കുള്ള ജിന്‍കോ ഇലകളുടെ ഫോസിലുകള്‍ ശാസ്ത്രലോകത്തിന് ലഭിച്ചിട്ടുണ്ട് (കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും പഴക്കമേറിയ ഫോസില്‍ ഇലകളാണ് ജിന്‍കോ വര്‍ഗത്തില്‍ പെട്ട മരങ്ങളുടേത്).

ഒട്ടേറെ ഫോസില്‍ ഇലകള്‍ ലഭിച്ചെങ്കിലും, ഈ മരം വംശമറ്റുപോയി എന്നാണ് പാശ്ചാത്യ ശാസ്ത്രജ്ഞര്‍ കരുതിയിരുന്നത്. ആ ധാരണ തിരുത്തിയത് 1691 ല്‍ ജര്‍മന്‍ ഭിഷഗ്വരനായ ഇന്‍ഗല്‍ബര്‍ട്ട് കാംപ്‌ഫെര്‍ (1651-1716) ആണ്. ജിന്‍കോ മരങ്ങളെ അദ്ദേഹം ജപ്പാനില്‍ കണ്ടെത്തി. (ഹോര്‍ത്തൂസ് മലബാറിക്കൂസിന്റെ കര്‍ത്താവും ഡച്ച് കമാന്‍ഡറുമായിരുന്ന സാക്ഷാല്‍ ഹെന്‍ട്രിക് അഡ്രിയാന്‍ വാന്‍ റീഡ് മരിച്ചത് 1691 ലാണ്).
1690-1692 കാലത്ത് ഡച്ച് ഈസ്റ്റിന്ത്യാ കമ്പനി (VOC) യാണ് ജര്‍മന്‍ ഡോക്ടറായിരുന്ന കാംപ്‌ഫെറെ മിഷന്‍ പ്രവര്‍ത്തനത്തിന് ജപ്പാനിലയച്ചത്. അദ്ദേഹം പ്രസിദ്ധീകരിച്ച 'Amoenitatum Exoticarum' (Lemgo, 1712) എന്ന ഗ്രന്ഥത്തില്‍ ജിന്‍കോ മരത്തിന്റെ വിശദീകരണം ആദ്യമായി സ്ഥാനംനേടി.

എന്നുവെച്ചാല്‍, ഹോര്‍ത്തൂസ് മലബാറിക്കൂസിനുള്ളതുപോലെ ജിന്‍കോ മരത്തിനും ഡച്ച് ബന്ധമുണ്ടെന്ന് സാരം!

എനിക്ക് നന്ദി പറയാനുള്ളത് മന്‍സൂറിനോടാണ്.

- ജോസഫ് ആന്റണി


(കടപ്പാട് : THE GINKGO PAGES)

Thursday, February 16, 2012

ഹരിതഭൂപടം


ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന സസ്യശാസ്ത്രഗ്രന്ഥം പതിനേഴാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ ഡച്ച് തലസ്ഥാനമായ ആംസ്റ്റര്‍ഡാമില്‍ നിന്നാണ് പ്രസിദ്ധീകരിച്ചത്. കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ച് ലാറ്റിനിലെഴുതപ്പെട്ട 12 വാല്യമുള്ള ആ ബൃഹത്ഗ്രന്ഥം, 325 വര്‍ഷക്കാലം സാധാരണ വായനക്കാര്‍ക്ക് അപ്രാപ്യമായിരുന്നു. ലാറ്റിനില്‍ നിന്ന് ആ ഗ്രന്ഥം പരിഭാഷപ്പെടുത്തുന്നതിലോ, അതില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങള്‍ സമഗ്രമായി മനസിലാക്കുന്നതിലോ വിജയിക്കാന്‍ ആര്‍ക്കും സാധിച്ചില്ല. പണ്ഡിതലോകത്തിന് മുന്നില്‍ ദുര്‍ഗമമായ ഒരു മഹാമേരു പോലെ അത് നിലകൊണ്ടു. ഒടുവില്‍ ഡോ.കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ സ്വന്തം ജീവിതംകൊണ്ട് ആ ഗ്രന്ഥത്തെ മെരുക്കിയെടുത്തു, അതിന് പുനര്‍ജന്മമേകി. 2003 ല്‍ ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പ് കേരള സര്‍വകലാശാല പ്രസിദ്ധീകരിച്ചു; 2008 ല്‍ മലയാളം പതിപ്പും.

മൂന്നുനൂറ്റാണ്ടു മുമ്പ് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയാന്‍ വാന്‍ റീഡ് ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് തയ്യാറാക്കിയത്. ആ ഗ്രന്ഥം പൂര്‍ത്തിയാക്കാനും പ്രസിദ്ധീകരിക്കാനും വാന്‍ റീഡിന് എണ്ണിയാലൊടുങ്ങാത്ത വെല്ലുവിളികള്‍ നേരിടേണ്ടി വന്നു. മൂന്നു നൂറ്റാണ്ടിനിപ്പുറം സാധാരണക്കാര്‍ക്ക് ഹോര്‍ത്തൂസ് ലഭ്യമാക്കാന്‍ യത്‌നിച്ച മണിലാലും അഭിമുഖീകരിക്കേണ്ടി വന്നത് വാന്‍ റീഡ് നേരിട്ടതിലും ഒട്ടും കുറഞ്ഞ പ്രതിബന്ധങ്ങളല്ല. 'എന്ത് ത്യാഗം സഹിച്ചും, എന്ത് നഷ്ടം സഹിച്ചും' എന്ന മനോഭാവത്തോടെ, 'സമ്പത്തോ ആരോഗ്യമോ സമയമോ എന്തു നഷ്ടപ്പെട്ടാലും അതൊന്നും പ്രശ്‌നമാക്കാതെ' 50 വര്‍ഷക്കാലം മണിലാല്‍ ആ ഗ്രന്ഥത്തെ സമഗ്രമായി മനസിലാക്കാന്‍ യത്‌നിച്ചു. അതാണ് ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ്, മലയാളം പതിപ്പുകളുടെ പ്രസിദ്ധീകരണത്തിലേക്ക് നയിച്ചത്. ഏതര്‍ഥത്തിലും അസാധാരണമെന്ന് വിശേഷിപ്പിക്കാവുന്ന ജീവിത സമര്‍പ്പണം ആയിരുന്നു ആ സസ്യശാസ്ത്രജ്ഞന്റേത്. ഒരു പുസ്തകം സാധാരണക്കാര്‍ക്കായി വീണ്ടെടുക്കാന്‍ നടത്തിയ സമാനതകളില്ലാത്ത പ്രവര്‍ത്തനം. ആ സമര്‍പ്പണത്തിന്റെ കഥയാണ് 'ഹരിതഭൂപടം' എന്ന ഗ്രന്ഥം (പ്രസാധകര്‍ -മാതൃഭൂമി ബുക്‌സ്).
Saturday, February 11, 2012

അമേരിക്കയും ഏഷ്യയും അടുക്കും; അടുത്ത സൂപ്പര്‍ഭൂഖണ്ഡം 'അമാസിയ'

ഇന്ന് കാണുന്നത് നാളെ സത്യമാകണമെന്നില്ല. ഇന്നലെ കണ്ടത് ഇന്നത്ത സത്യവും ആയിക്കൊള്ളണം എന്ന് വാശിപിടിക്കാനാകില്ല. ഒരുപക്ഷേ, ഇത് ഏറ്റവും ശരിയാകുന്നത് ഭൂമിയുടെ കാര്യത്തിലാകും.

ജലപ്പരപ്പില്‍ ഇലകള്‍ ഒഴുകി നീങ്ങുന്നതുപോലെ പല വേഗത്തില്‍ പല ദിക്കുകളിലേക്ക് പരസ്പരം സമ്മര്‍ദ്ദം ചെലുത്തി തെന്നി നീങ്ങുന്ന വ്യത്യസ്ത ഫലകങ്ങള്‍ (plates) കൊണ്ടാണ് ഭൂമിയുടെ മേല്‍പ്പാളി നിര്‍മിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഭൂമുഖത്തിന്റെ ആകൃതി തുടര്‍ച്ചയായി വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും.

30 കോടി വര്‍ഷംമുമ്പ് ഒരു നിരീക്ഷകന്‍ ദൂരെനിന്ന് ഭൂമിയെ വീക്ഷിച്ചിരുന്നെങ്കില്‍, ഇവിടെ കണ്ടിരിക്കുക ഇന്നത്തെ മാതിരി ഏഴ് ഭൂഖണ്ഡങ്ങളായിരിക്കില്ല. പകരം ഒറ്റ സൂപ്പര്‍ ഭൂഖണ്ഡമായിരിക്കും! 'പാന്‍ജിയ' (Pangaea) എന്ന പേരുള്ള ആ ഭൂഖണ്ഡം 150 മില്യണ്‍ വര്‍ഷം മുമ്പ് പൊട്ടിപിളര്‍ന്ന് അകന്നുമാറിയാണ് ഇന്നത്തെ സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിയത്.

എന്നാല്‍, നിലവില്‍ ഭൂമുഖത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന ഫലകചലനങ്ങളുടെ ഫലമെന്തായിരിക്കും? അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 'നേച്ചര്‍' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണഫലം പറയുന്നത്, 50-200 മില്യണ്‍ വര്‍ഷം കഴിയുമ്പോള്‍ യൂറേഷ്യയും അമേരിക്കയും ഉത്തരധ്രുവത്തില്‍ സംഗമിക്കുമെന്നാണ്!

അങ്ങനെ സംഗമിച്ചുണ്ടാകുന്ന 'സൂപ്പര്‍ഭൂഖണ്ഡ'ത്തിന്റെ ഭാഗമാകാന്‍ ഓസ്‌ട്രേലിയയും എത്തും. പുതിയ ഭൂഖണ്ഡത്തിന് പേരും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട് - 'അമാസിയ' (Amasia).

ആല്‍ഫ്രഡ് വേഗണര്‍ എന്ന ഗവേഷകന്‍ ഏതാണ്ട് ഒരു നൂറ്റാണ്ടുമുമ്പ് മുന്നോട്ടുവെച്ച ആശയമാണ്, ഭൂമിയുടെ മേല്‍പ്പാളി വ്യത്യസ്ത ഫലകങ്ങള്‍കൊണ്ട് നിര്‍മിക്കപ്പെട്ടിരിക്കുന്നു എന്നത്. ആ ഫലകങ്ങളുടെ ചലനമാണ് ഭൂഖണ്ഡങ്ങളുടെയും സമുദ്രങ്ങളുടെയും രൂപപ്പെടലിനും ഭൂകമ്പം, അഗ്നിപര്‍വതസ്‌ഫോടനങ്ങള്‍ തുടങ്ങിയവയ്ക്കും കാരണം.

വേഗണറുടെ ആശയം ഇന്ന് 'ഫലകചലന സിദ്ധാന്തം' എന്ന പേരിലാണറിയപ്പെടുന്നത്. ഭൂമിയുടെ മേല്‍പ്പാളി എട്ടു മുതല്‍ 12 വരെ വലിയ ഫലകങ്ങള്‍ കൊണ്ടും ഇരുപതോളം ചെറുഫലകങ്ങള്‍ കൊണ്ടുമാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെന്ന് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ക്കറിയാം. ഈ സിദ്ധാന്തപ്രകാരം ഭൗമചരിത്രത്തിന്റെ ഒരു ശതമാനത്തിന്റെ വെറും പത്തിലൊന്ന് മാത്രമേ നമ്മള്‍ ഇപ്പോള്‍ കാണുന്ന ഭൂഖണ്ഡങ്ങളുടെ സ്ഥിതി വെളിപ്പെടുത്തുന്നുള്ളൂ.

ഫലകചലനങ്ങളുടെ ഫലമായി കോടിക്കണക്കിന് വര്‍ഷം കൂടുമ്പോള്‍ ഭൂഖണ്ഡങ്ങള്‍ കൂടിച്ചേരുകയും പൊട്ടിപിളര്‍ന്ന് അടര്‍ന്ന് മറുകയും ചെയ്യാറുണ്ടെന്ന് ഭൗമശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു. ഏതാണ്ട് 1.8 ബില്യണ്‍ വര്‍ഷം മുമ്പ് 'ന്യുന' (Nuna) എന്ന സൂപ്പര്‍ഭൂഖണ്ഡമാണ് ഭൂമിയിലുണ്ടായിരുന്നത്. ഒരു ബില്യണ്‍ വര്‍ഷം മുമ്പ് 'റോഡിനിയ' (Rodinia) എന്ന ഭീമന്‍ഭൂഖണ്ഡം രൂപപ്പെട്ടു; 300 മില്യണ്‍ വര്‍ഷം മുമ്പ് 'പാന്‍ജിയ'യും.

15 കോടി വര്‍ഷം മുമ്പ് തെക്ക് 'ഗോണ്ട്വാനാലാന്‍ഡ്' എന്നും, വടക്ക് 'ലോറേഷ്യ'യെന്നും രണ്ട് ഭൂഖണ്ഡങ്ങളായി 'പാന്‍ജിയ' പിളര്‍ന്നു. വടക്കേഅമേരിക്ക, ഗ്രീന്‍ലന്‍ഡ്, യൂറോപ്പ് എന്നീ ഭൂഭാഗങ്ങളും ഇന്ത്യയൊഴികെയുള്ള ഏഷ്യയും ഒന്നുചേര്‍ന്നുള്ളതായിരുന്നു ലോറേഷ്യ. ഗോണ്ട്വാനാലാന്‍ഡില്‍ ആഫ്രിക്കന്‍ ഭൂഖണ്ഡം തെക്കേ അമേരിക്കന്‍ ഭൂഖണ്ഡത്തോടു ചേര്‍ന്നിരുന്നു. തെക്കുഭാഗത്ത് അന്റാര്‍ട്ടിക്കയും അതിനോട് ചേര്‍ന്ന് ഓസ്‌ട്രേലിയയും നിലകൊണ്ടു.

മഡഗാസ്‌ക്കര്‍ മുഖേന ഇന്ത്യന്‍ ഉപഭൂഖണ്ഡം ഗോണ്ട്വാനാലാന്‍ഡുമായി ബന്ധിപ്പിക്കപ്പെട്ട നിലയിലായിരുന്നു.ഏതാണ്ട് പത്തുകോടി വര്‍ഷം മുമ്പ് ആ പ്രാചീനഭൂഖണ്ഡങ്ങള്‍ പൊട്ടിപ്പിളര്‍ന്ന് ഭാവിയിലേക്കു പ്രയാണം ആരംഭിച്ചു. അതിപ്പോഴും തുടരുന്നു. മഡഗാസ്‌ക്കറില്‍ നിന്ന് അടര്‍ന്നുമാറിയ ഇന്ത്യ തെക്കോട്ടു നീങ്ങി ഏഷ്യയുമായി കൂട്ടുചേര്‍ന്നു. ഹിമാലയവും ഇന്ത്യന്‍ മഹാസമുദ്രവും അതിന്റെ ഫലമായി സൃഷ്ടിക്കപ്പെട്ടതായി ഭൗമശാസ്ത്രം പറയുന്നു.

മുന്‍കാല സൂപ്പര്‍ഭൂഖണ്ഡങ്ങള്‍ രൂപപ്പെട്ടതിന് നിദാനമായ ഫലകചലനങ്ങളുടെ സ്വഭാവം സൂക്ഷ്മമായി പഠിച്ചാണ് യേല്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ 'അമാസിയ' ഭൂഖണ്ഡത്തെ സംബന്ധിച്ച നിഗമനത്തിലെത്തിയത്. ലോകമെമ്പാടും അഗ്നിപര്‍വതശിലകളില്‍ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഭൗമകാന്തിക വിവരങ്ങളാണ് മുന്‍കാല ഭീമന്‍ ഭൂഖണ്ഡങ്ങളെക്കുറിച്ച് മനസിലാക്കാന്‍ ഗവേഷകരെ സഹായിച്ചത്.

അഗ്നിപര്‍വതങ്ങളില്‍ നിന്നൊഴുകി വരുന്ന ലാവ ഉറച്ച് കട്ടപിടിക്കുന്ന വേളയില്‍, ലാവയിലുള്ള കാന്തികധാതുക്കള്‍ ഭൗമകാന്തികമണ്ഡലത്തിന്റെ സ്വാധീനത്താല്‍ പ്രത്യേകദിശയില്‍ ക്രമീകരിക്കപ്പെടും. ആ ശിലകളിലെ കാന്തികബലരേഖകള്‍ വിശകലനം ചെയ്താല്‍ ഭൂഖണ്ഡങ്ങളുടെ പൂര്‍വചരിത്രം മനസിലാക്കാന്‍ സാധിക്കും.

തങ്ങള്‍ തയ്യാറാക്കിയ മാതൃകയനുസരിച്ച്, വടക്കേയമേരിക്കന്‍ ഭൂഖണ്ഡം തെക്കേയമേരിക്കയുമായി കരീബിയന്‍ തീരത്തൂകൂടി ഒരുമിക്കുമെന്ന്, യേല്‍ സര്‍വകലാശാലയിലെ റോസ് മിച്ചെല്‍ അറിയിക്കുന്നു. ആര്‍ട്ടിക് സമുദ്രം വഴി അമേരിക്കയും ഏഷ്യയും അടുത്തെത്തും.

ഈ മാതൃക അനുസരിച്ച് 'പെസഫിക് അഗ്നിവലയം' (Pacific 'ring of fire') എന്നറിയപ്പെടുന്ന മേഖലയ്ക്കുള്ളിലാണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങള്‍ ക്രമീകരിക്കപ്പെടുക. ആഫ്രിക്കയും ഓസ്‌ട്രേലിയയിലും ആ സൂപ്പര്‍ഭൂഖണ്ഡത്തില്‍ പങ്കുചേരും. അന്റാര്‍ട്ടിക്ക മാത്രമാകും അതില്‍ പെടാതെ അവശേഷിക്കുക.

500 മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് മുതലുള്ള ഫലകങ്ങളുടെ ചലനം പ്രതിനിധാനം ചെയ്യുന്ന ഒരു ആനിമേറ്റഡ് വീഡിയോയും ഗവേഷകര്‍ പുറത്തു വിട്ടിട്ടുണ്ട് (വീഡിയോ കാണുക).
(അവലംബം : നേച്ചര്‍, യേല്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)