Sunday, July 29, 2007

വിഷവാതകത്തിന്‌ പ്രതിവിധി അട്ടിന്‍പാലില്‍ നിന്ന്‌

മാരകമായ വിഷവാതകങ്ങളില്‍ നിന്ന്‌ രക്ഷനേടാന്‍ ജനിതകപരിഷ്‌ക്കരണം നടത്തിയ ആടുകളുടെ പാലില്‍ നിന്ന്‌ ഔഷധമെത്തുന്നു.

സാരിന്‍ (sarin), വി.എക്‌സ്‌ (VX) തുടങ്ങി അങ്ങേയറ്റം അപകടകാരികളായ വിഷവാതകങ്ങളില്‍ നിന്നു പ്രതിരോധം നേടാന്‍ സഹായിക്കുന്ന അപൂര്‍വ ഔഷധമാണ്‌ ആട്ടിന്‍പാലില്‍ നിന്ന്‌ സൃഷ്ടിക്കുന്നത്‌. യുദ്ധമേഖലകളിലും ഭീകരാക്രമണവേളയിലും ഈ ഔഷധം അനുഗ്രഹമായേക്കും. രാസായുധങ്ങള്‍ക്കെതിരെയുള്ള വലിയൊരു മുന്നേറ്റമാണിത്‌.

സാരിന്‍ പോലുള്ള വിഷവാതകങ്ങള്‍ 'ഓര്‍ഗാനോഫോസ്‌ഫേറ്റുകള്‍' (organophosphates) എന്നാണ്‌ അറിയപ്പെടുന്നത്‌. ഇത്തരം രാസവസ്‌തുക്കളെ നിര്‍വീര്യമാക്കാന്‍ ശേഷിയുള്ള 15 കിലോഗ്രാമോളം മരുന്ന്‌ ആട്ടിന്‍പാലില്‍ നിന്ന്‌ ഇതിനകം നിര്‍മിച്ചു കഴിഞ്ഞതായി 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'(PNAS)ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടു പറയുന്നു.'ഫാംഅഥിന്‍' (PharmAthene) എന്ന അമേരിക്കന്‍ കമ്പനിയാണ്‌ ഇതിന്‌ പിന്നില്‍. 'ബ്യുട്ടൈറില്‍കോളിനെസ്‌റ്റിറാസ്‌'(butyrylcholinesterase) എന്ന രാസഘടകമാണ്‌ 'പ്രൊട്ടെക്‌സിയ'(Protexia) എന്ന്‌ താത്‌ക്കാലിക നാമം നല്‍കിയിട്ടുള്ള ഈ ഔഷധത്തിന്റെ ഉള്ളടക്കം.

യുദ്ധക്കളങ്ങളില്‍ വിഷവാതക ഭീഷണി നേരിടുന്ന സൈനികരെ ഉദ്ദേശിച്ച്‌ യു.എസ്‌.പ്രതിരോധ വകുപ്പാണ്‌ ഗവേഷണത്തിന്‌ ഫണ്ട്‌ നല്‍കുന്നത്‌. ഭീകരാക്രമണ ഭീഷണി നേരിടുന്ന സ്ഥലങ്ങളിലും ഔഷധം പ്രയോജനപ്പെടുത്താനാകും. മനുഷ്യ ശരീരത്തില്‍ നാമമാത്രമായ തോതില്‍ അടങ്ങിയിട്ടുള്ള ഒരു രാസാഗ്നി (എന്‍സൈം)യാണ്‌ 'ബ്യുട്ടൈറില്‍കോളിനെസ്‌റ്റിറാസ്‌'. രക്തത്തില്‍ നിന്ന്‌ ഇത്‌ വേര്‍തിരിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും കാര്യമായി വിജയിച്ചിട്ടില്ല.
"ഉത്‌പാദിപ്പിക്കാന്‍ ഏറെ പ്രയാസമുള്ള രാസവസ്‌തുവാണിത്‌"-ഫാംഅഥിനിലെ ഗവേഷകനായ ഡോ.സൊളമന്‍ ലാന്‍ഗെര്‍മാന്‍ അറിയിക്കുന്നു. പ്രാണികളെ ഉപയോഗിച്ചും യീസ്‌റ്റില്‍ നിന്നും ബാക്ടീരിയത്തില്‍ നിന്നുമൊക്കെ ഉത്‌പാദിപ്പിക്കാന്‍ കഠിന ശ്രമം തന്നെ നടന്നിട്ടുണ്ടെങ്കിലും, മില്ലിഗ്രാം നിരക്കിലല്ലാതെ ഈ രാസവസ്‌തു വേര്‍തിരിച്ചെടുക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. എന്നാല്‍, ജനിതകപരിഷ്‌ക്കരണം നടത്തിയ ആടിന്റെ പാലില്‍ നിന്ന്‌ ഔഷധം വാണിജ്യാടിസ്ഥാനത്തില്‍ വന്‍തോതില്‍ നിര്‍മിക്കാനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്‌-ഡോ.ലാന്‍ഗെര്‍മാന്‍ പറയുന്നു. വിവിധങ്ങളായ 'ഓര്‍ഗാനോഫോസ്‌ഫേറ്റ്‌' വാതകങ്ങള്‍ക്കെതിരെ ഈ ഔഷധം ഫലംചെയ്യും.

മനുഷ്യരില്‍ 'ബ്യുട്ടൈറില്‍കോളിനെസ്‌റ്റിറാസി'ന്‌ കാരണമായ ജീന്‍ ആടിന്റെ ഭ്രൂണത്തില്‍ ഒരു 'വാഹകഏജന്റി' (vector)ന്റെ സഹായത്തോടെ സന്നിവേശിപ്പിക്കുകയാണ്‌ ചെയ്യുന്ന്‌. അങ്ങനെയുണ്ടാകുന്ന ആടിന്റെ പാലില്‍ ഈ രാസവസ്‌തു വന്‍തോതില്‍ അടങ്ങിയിട്ടുണ്ടാകും. ചില ജനിതക നിയന്ത്രണഘടകങ്ങളുടെ സഹായത്തോടെ, ആടിന്റെ പാലില്‍ എത്ര ഔഷധം ഉത്‌പാദിപ്പിക്കണമെന്ന കാര്യം ക്രമീകരിക്കാനും ഗവേഷകര്‍ക്ക്‌ കഴിഞ്ഞുവെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. മാത്രമല്ല, ആടിന്റെ മറ്റ്‌ ശരീരകലകളെ അപേക്ഷിച്ച്‌ പാലില്‍ ഇത്‌ കൂടുതല്‍ ഉണ്ടാക്കാനും സാധിച്ചു.

രക്തത്തില്‍ ദീര്‍ഘനേരം സാന്നിധ്യമുണ്ടാകും എന്നതാണ്‌ പരീക്ഷണഘട്ടത്തിലുള്ള ഈ ഔഷധത്തിന്റെ മെച്ചം. അതിനാല്‍, രാസായുധ ഭീഷണിയുണ്ടെങ്കില്‍ മുന്‍കൂറായി ഇത്‌ കഴിച്ച്‌ ശരീരത്തെ സജ്ജമാക്കാനാകും. വിഷവാതകമേറ്റതിന്‌ ശേഷം ഇത്‌ കഴിച്ചാലും പ്രയോജനം ചെയ്യും-ഡോ.ലാന്‍ഗെര്‍മാന്‍ അറിയിക്കുന്നു. സാരിന്‍ പോലുള്ള നെര്‍വ്‌ഗ്യാസു(nerve gas)കള്‍ക്കെതിരെ 'അട്രോപിന്‍' (atropine), '2-പാം'(2-PAM) എന്നീ മരുന്നുകള്‍ ഒരുമിച്ച്‌ ഉപയോഗിക്കുകയാണ്‌ നിലവില്‍ ചെയ്യുന്നത്‌. ഇവയുടെ സാന്നിധ്യം രക്തത്തില്‍ നിന്ന്‌ വേഗം മറയും. അതിനാല്‍, വിഷവാതക പ്രയോഗത്തെ അതിജീവിച്ചാലും സൈനികര്‍ക്ക്‌ കാര്യമായ സിരാതകരാര്‍(neurological damage) സംഭവിച്ചിട്ടുണ്ടാകും. ആ പ്രശ്‌നത്തിന്‌ പുതിയ ഔഷധം പ്രതിവിധിയാകുന്നു.(അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, കടപ്പാട്‌: മാതൃഭൂമി)

Friday, July 27, 2007

സമയമെന്ന വ്യാമോഹം

സമയമെന്ന പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താന്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍ ശ്രമപ്പെട്ടിട്ടുള്ളത്‌. നൂറ്റാണ്ടുകളായി എത്രയോ ദാര്‍ശനികന്മാരുടെ മുഖ്യചിന്താവിഷയം അതായിരുന്നു. ശാസ്‌ത്രത്തിന്റെ ചരിത്രം തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ നടന്ന അന്വേഷണങ്ങളായിരുന്നു
മയം മൂന്നു പൊയ്‌ക്കാലുള്ള ഒരു വിചിത്ര ജീവിയെപ്പോലെയാണ്‌. ഭൂതകാലത്തിന്റെ കാരുണ്യരഹിതമായ ഭൂമികയിലാണ്‌ അത്‌ ഒരു കാല്‍ വെച്ചിരിക്കുന്നത്‌. വര്‍ത്തമാനത്തിന്റെ വ്യാമോഹങ്ങളില്‍ രണ്ടാമത്തേതും, ഭാവിയുടെ അവ്യക്തതകളിലും അനിശ്ചിതങ്ങളിലും മൂന്നാമത്തെ കാലും ഊന്നിയാണ്‌ അതിന്റെ നില്‍പ്പ്‌. സെക്കന്‍ഡും മണിക്കൂറും ദിവസവുമൊക്കെയായി സമയത്തെ മുറിച്ചു സൗകര്യപ്പെടുത്താന്‍ നമ്മള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ, അതിനെയൊക്കെ പരാജയപ്പെടുത്തി സമയം നീങ്ങിക്കൊണ്ടിരിക്കും; നമുക്കിഷ്‌ടമായാലും ഇല്ലെങ്കിലും. ശരാശരി ആയുസ്സുള്ള വ്യക്തിയാണ്‌ നിങ്ങളെങ്കില്‍, ഏതാണ്ട്‌ 650,000 മണിക്കൂര്‍ നിങ്ങള്‍ക്ക്‌ ഭൂമിയില്‍ ജീവിച്ച്‌ മറയാം. അതില്‍ കൂടുതല്‍ സമയവുമായി ഏറ്റുമുട്ടാന്‍ മനുഷ്യനെന്ന നിലയ്‌ക്ക്‌ നിങ്ങള്‍ക്ക്‌ കഴിയില്ല.

സമയമെന്ന പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താന്‍ ഒട്ടൊന്നുമല്ല മനുഷ്യന്‍ ശ്രമപ്പെട്ടിട്ടുള്ളത്‌. നൂറ്റാണ്ടുകളായി എത്രയോ ദാര്‍ശനികന്മാരുടെ മുഖ്യചിന്താവിഷയം അതായിരുന്നു. ശാസ്‌ത്രത്തിന്റെ ചരിത്രം തന്നെ ഒരുതരത്തില്‍ പറഞ്ഞാല്‍ സമയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക്‌ ഉത്തരം കണ്ടെത്താന്‍ നടന്ന അന്വേഷണങ്ങളായിരുന്നു. ഭൂമിയുടെ പ്രായമോ പ്രപഞ്ചത്തിന്റെ ആയുസ്സോ ഒക്കെ അടുത്തയിടെ മാത്രം മനുഷ്യന്‍ അറിഞ്ഞെടുത്ത വസ്‌തുതകളാണ്‌. പ്രപഞ്ചത്തിന്റെ പിറവിയെയും വികാസത്തെയും വിധിയെയും പറ്റി സാധാരണക്കാര്‍ക്കു മനസിലാകുന്ന ഭാഷയില്‍, വിഖ്യാത ശാസ്‌ത്രജ്ഞനായ സ്റ്റീഫന്‍ ഹോക്കിങ്‌ എണ്‍പതുകളില്‍ രചിച്ച പുസ്‌തകത്തിന്റെ പേര്‌ `എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം'(കാലത്തിന്റെ ഒരു ഹൃസ്വചരിത്രം) എന്നായത്‌ യാദൃശ്ചികമല്ല.

1865 ഏപ്രില്‍ 15-ന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ എബ്രഹാം ലിങ്കണ്‍ വധിക്കപ്പെട്ട കാര്യം `റോയിട്ടേഴ്‌സി'ന്റെ ലേഖകന്‍ അയച്ച റിപ്പോര്‍ട്ടിലൂടെ പുറംലോകം (അന്ന്‌ പുറംലോകം എന്നതിനര്‍ത്ഥം യൂറോപ്പ്‌ എന്നായിരുന്നു) അറിഞ്ഞത്‌ ഒരു മാസം കഴിഞ്ഞാണ്‌. റിപ്പോര്‍ട്ടുമായി കപ്പല്‍ അത്‌ലാന്റിക്‌ കടന്നെത്താന്‍ അത്രയും സമയമെടുത്തു. അത്തരമൊരു `വൈകല്‍' ഇന്നില്ല. തത്സമയമാണിപ്പോള്‍ കാര്യങ്ങള്‍. കാലത്തിന്റെ ഭൂമിശാസ്‌ത്രപരമായ അതിരുകള്‍ മായ്‌ച്ചുകളയാന്‍ സാങ്കേതിക മുന്നേറ്റം മനുഷ്യനെ സഹായിച്ചു. മറ്റെല്ലാ ജീവികളും സമയത്തിന്റെ പരിധിക്കുള്ളില്‍ ഒതുങ്ങിക്കഴിയാന്‍ വിധിക്കപ്പെടുമ്പോള്‍, മനുഷ്യന്‍ മാത്രം അതിനെ പരിമിതമായ തോതിലെങ്കിലും അതിജീവിക്കാന്‍ ശ്രമിച്ച്‌ വിജയം നേടിയിരിക്കുന്നു. ഭൂമിയില്‍ മനുഷ്യന്‍ നേടിയ ആധിപത്യത്തിന്റെ മുഖ്യലക്ഷണം തന്നെ അവന്‌ സമയത്തെ മെരുക്കാന്‍ കഴിഞ്ഞതുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌.

അഞ്ഞൂറ്‌ കോടി വര്‍ഷം പ്രായമുള്ള ഇടത്തരം നക്ഷത്രമായ സൂര്യനെ ചുറ്റുന്ന, ഏതാണ്ട്‌ 460 കോടി വര്‍ഷം പഴക്കമുള്ള ഗ്രഹമാണ്‌ ഭൂമി. ജീവന്‍ നിലനില്‍ക്കുന്ന ഗ്രഹമെന്ന്‌ ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഏകസ്ഥലം. പ്രപഞ്ചത്തില്‍ മനുഷ്യന്റെ സ്ഥാനമെന്തെന്ന സുപ്രധാന ചോദ്യത്തിന്റെ ഉത്തരം, എത്രകാലമായി മനുഷ്യന്‍ ഭൂമിയില്‍ ആധിപത്യം നേടിയിട്ടെന്ന ചോദ്യവുമായി ബന്ധപ്പെട്ടാണിരിക്കുന്നത്‌. ഭൂമിയുടെ പ്രായമായ 460 കോടി വര്‍ഷത്തെ കേവലമൊരു ദിവസമായി സങ്കല്‍പ്പിച്ചാല്‍ എങ്ങനെയുണ്ടാകും എന്ന കാര്യം 'എ ഷോര്‍ട്ട്‌ ഹിസ്‌റ്ററി ഓഫ്‌ നിയര്‍ലി എവരിതിങ്‌' എന്ന ഗ്രന്ഥത്തില്‍ ബില്‍ ബ്രൈസന്‍ വിവരിച്ചിട്ടുണ്ട്‌. രാത്രി പന്ത്രണ്ടു മുതല്‍ അടുത്ത രാത്രി പന്ത്രണ്ടു മണി വരെ നീളുന്ന സമയം. അങ്ങനെയെങ്കില്‍ പുലര്‍ച്ചെ നാലുമണിക്ക്‌ ഭൂമുഖത്ത്‌ ജീവന്റെ ആദ്യനാളങ്ങള്‍ പ്രത്യക്ഷപ്പെട്ടു; അങ്ങേയറ്റം ലളിതമായ ഏകകോശ ജീവികളുടെ ആഭിര്‍ഭാവത്തോടെ. ജീവന്റെ ചരിത്രം അവിടെയാണ്‌ തുടങ്ങുന്നത്‌. പിന്നീട്‌ 16 മണിക്കൂര്‍ നേരത്തേക്ക്‌ (വൈകുന്നേരം 8.30 വരെ) വലിയ മാറ്റമൊന്നുമുണ്ടായില്ല. അപ്പോഴേക്കും ദിവസത്തിന്റെ ആറില്‍ അഞ്ചു ഭാഗവും കഴിഞ്ഞിരുന്നു. ആ സമയം വരെ ഭൂമി സൂക്ഷ്‌മജീവികളുടെ മാത്രം ഗ്രഹമായിരുന്നു.

അവശേഷിച്ചിരുന്ന നാലുമണിക്കൂറിനുള്ളിലാണ്‌ ബാക്കിയെല്ലാം സംഭവിച്ചത്‌. രാത്രി 8.30-ന്‌ ആദ്യ സമുദ്രസസ്യങ്ങള്‍ ആവര്‍ഭവിച്ചു. 20 മിനിറ്റിന്‌ ശേഷം ആദ്യ ജല്ലിഫിഷുകള്‍ പ്രത്യക്ഷപ്പെട്ടു. സങ്കീര്‍ണ്ണജീവികളുടെ പ്രാചീനരൂപങ്ങളായ ട്രിലോബൈറ്റുകള്‍ (trilobites) 9.04-ഓടെ രംഗത്തെത്തി. ഏതാണ്ട്‌ അതേസമയത്തു തന്നെ പ്രത്യേക ആകൃതികളോടുകൂടിയ ജീവികളും ഉടലെടുത്തു തുടങ്ങി. രാത്രി പത്തുമണിക്കു തൊട്ടുമുമ്പായി കരയില്‍ വളരുന്ന സസ്യങ്ങള്‍ പ്രത്യക്ഷപ്പെട്ടു. ദിവസം തീരാന്‍ കഷ്‌ടിച്ച്‌ രണ്ടു മണിക്കൂര്‍ മാത്രം ബാക്കിയുള്ളപ്പോള്‍ കരയിലെ ആദ്യജീവികള്‍ പ്രത്യക്ഷപ്പെട്ടു. 10.24 -ഓടെ ഭൂമുഖത്തു മുഴുവന്‍ വന്‍ കാര്‍ബോണിഫെറസ്‌ കാടുകള്‍(Carboniferous forests) നിറഞ്ഞു. ഇന്ന്‌ നമുക്കു ലഭിക്കുന്ന കല്‍ക്കരി മുഴുവന്‍ ആ കാടുകളുടെ അവശിഷ്‌ടമാണ്‌. ആ സമയത്തു തന്നെ ചിറകുള്ള ആദ്യപ്രാണികളും രംഗത്തെത്തി. ഡിനോസറുകള്‍ ആധിപത്യം സ്ഥാപിക്കുന്നത്‌ 11 മണിക്ക്‌ അല്‍പ്പം മുമ്പാണ്‌. മണിക്കൂറിന്റെ മൂന്നിലൊന്നു സമയമേ അവയുടെ ആധിപത്യം നീണ്ടുള്ളൂ. അതോടെ നാമാവശേഷമായി. ദിവസം തീരാന്‍ 21 മിനിറ്റ്‌ മാത്രം ബാക്കിയുള്ളപ്പോള്‍ ഡിനോസറുകള്‍ പൂര്‍ണമായി അരങ്ങൊഴിഞ്ഞു. സസ്‌തനികളുടെ യുഗം അപ്പോഴാണ്‌ ആരംഭിക്കുന്നത്‌. അര്‍ധരാത്രിക്ക്‌ വെറും ഒരു മിനിറ്റും 17 സെക്കന്റും അവശേഷിക്കുമ്പോഴാണ്‌ മനുഷ്യന്റെ രംഗപ്രവേശം! ഒരു മനുഷ്യായുസ്‌ എന്നുവെച്ചാല്‍ ഇതില്‍ ഒരു സെക്കന്റിന്റെ എത്ര നിസ്സാരമായ അംശമായിരിക്കും എന്നു ചിന്തിച്ചു നോക്കുക.

ഇത്‌ ഭൂമിയുടെ കാര്യം. പ്രപഞ്ചത്തിന്റെ കാര്യത്തില്‍ കഥ ആരംഭിക്കുന്നത്‌ 1370 കോടി വര്‍ഷം മുമ്പെന്നാണ്‌ ഏറ്റവുമൊടുവില്‍ ശാസ്‌ത്രലോകം എത്തിയിരിക്കുന്ന നിഗമനം. തുടക്കം ഒരു കണത്തില്‍ നിന്നായിരുന്നു. അതിന്‌ സംഭവിച്ച മഹാവിസ്‌ഫോടനത്തിന്റെ(Big bang) ഫലമാണ്‌ പ്രപഞ്ചം എന്നതാണ്‌, പ്രപഞ്ചസൃഷ്‌ടിയെപ്പറ്റിയുള്ള പ്രബല സിദ്ധാന്തം. മഹാവിസ്‌ഫോടനത്തോടെയാണ്‌ സമയമുള്‍പ്പടെ നമുക്ക്‌ അനുഭവേദ്യമായ എല്ലാറ്റിന്റെയും ആരംഭം. കെട്ടുകഥയെക്കാള്‍ വിചിത്രമെന്നു തോന്നാവുന്ന ഈ സിദ്ധാന്തത്തിന്‌ വേണ്ടുവോളം തെളിവുകള്‍ ഇതിനകം ലഭിച്ചു കഴിഞ്ഞു എന്നറിയുക. പ്രപഞ്ചം ഇതിനകം പിന്നിട്ട 1370 കോടിവര്‍ഷത്തില്‍ ഏറ്റവും നിര്‍ണ്ണായകമെന്നു പറയാവുന്ന സമയം, പക്ഷേ മഹാവിസ്‌ഫോടനം കഴിഞ്ഞുള്ള ആദ്യ സെക്കന്‍ഡിന്റെ ആദ്യഭാഗമായിരുന്നു എന്നറിയുമ്പോഴാണ്‌ സമയത്തിന്റെ അതിസൂക്ഷ്‌മാംശത്തിന്റെ സ്വാധീനം പ്രപഞ്ചത്തെ എങ്ങനെ രൂപപ്പെടുത്തി എന്നു മനസിലാവുക.

പ്രപഞ്ചത്തിലെ ബലങ്ങളും ദ്രവ്യവും മറ്റ്‌ ഭൗതീകഗുണങ്ങളുമെല്ലാം ഉരുത്തിരിയാന്‍ കാരണമായത്‌, ആദ്യ സെക്കന്റിന്റെ ആദ്യഭാഗത്ത്‌ സംഭവിച്ച `മഹാവികാസ'മെന്നു തന്നെ പറയാവുന്ന 'മഹാവികാസം' (Inflation) ആയിരുന്നു എന്നാണ്‌ കരുതുന്നത്‌. 'മഹാവികാസ സിദ്ധാന്തം' എന്നറിയപ്പെടുന്ന ഈ നിഗമനം മുന്നോട്ടുവെച്ചത്‌ അലന്‍ ഗുഥ്‌ എന്ന ശാസ്‌ത്രജ്ഞനാണ്‌; 1979-ല്‍. ആദ്യസെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊന്നിന്റെ പത്തുലക്ഷത്തിലൊരംശം സമയം കൊണ്ടാണ്‌ ആ 'മഹാവികാസം' നടന്നതെന്ന്‌ അലന്‍ ഗുഥ്‌ സമര്‍ത്ഥിച്ചു. ആ സമയം കൊണ്ട്‌ ഒരു പ്രാപഞ്ചിക കണികയില്‍ നിന്ന്‌ കൈക്കുള്ളില്‍ ഒതുങ്ങുന്ന വലുപ്പത്തില്‍, ഒരുപക്ഷേ 10,000,000,000,000,000,000,000,000 മടങ്ങ്‌ വലുപ്പത്തിലേക്ക്‌ പ്രപഞ്ചം വളര്‍ന്നു! ആ സ്ഥിതിയില്‍ നിന്നാണ്‌ ഇപ്പോള്‍ നൂറ്‌ ബില്ല്യണ്‍ (ഒരു ബില്ല്യണ്‍ = നൂറു കോടി) പ്രകാശവര്‍ഷം വിസ്‌തൃതിയുള്ള ഒന്നായി പ്രപഞ്ചം മാറിയത്‌.തലചുറ്റലുണ്ടാക്കുന്ന കണക്കുകളാണിവ. അതിവിടെ നിര്‍ത്താം. ഇനി സമയത്തിന്റെ മറ്റൊരു വശം പരിഗണിച്ചു നോക്കാം. ഇന്ന്‌, ഇന്നലെ, നാളെ എന്നൊക്കെ ക്ലിപ്‌തമായി നിര്‍ണ്ണയിക്കാവുന്ന ഒന്നാണോ സമയം.

ഭൂമിയില്‍ നിന്ന്‌ നൂറ്‌ പ്രകാശവര്‍ഷമകലെ (ഒരു പ്രകാശവര്‍ഷമെന്നത്‌ പ്രകാശം സെക്കന്‍ഡില്‍ മൂന്നു ലക്ഷം കിലോമീറ്റര്‍ എന്ന തോതില്‍ ഒരു വര്‍ഷം സഞ്ചരിക്കുന്ന ദൂരമാണ്‌. ഇത്‌ ഏതാണ്ട്‌ 9.5 ലക്ഷം കോടി കിലോമീറ്റര്‍ വരും) സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെ 2005-ല്‍ നിരീക്ഷിക്കുന്ന വ്യക്തി എന്താണ്‌ യഥാര്‍ത്ഥത്തില്‍ കാണുന്നത്‌? ഏതൊരു വസ്‌തുവിലെയും പ്രകാശം നോക്കുന്നയാളുടെ കണ്ണിലെത്തുമ്പോഴാണ്‌ കാഴ്‌ച സാധ്യമാവുക. അതനുസരിച്ചാണെങ്കില്‍, മേല്‍പ്പറഞ്ഞ നക്ഷത്രത്തെ 2005-ല്‍ കാണുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ദര്‍ശിക്കുന്നത്‌ 1905-ലെ നക്ഷത്രത്തെയാണ്‌. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയില്‍ തന്റെ വിഖ്യാതമായ വിശിഷ്‌ട ആപേക്ഷികതാ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്നതേയുള്ളൂ അപ്പോള്‍. ആ നക്ഷത്രത്തിന്റെ `ഇന്നത്തെ' കാഴ്‌ച കിട്ടണമെങ്കിലോ. നിങ്ങള്‍ നൂറുവര്‍ഷം കാത്തിരിക്കണം. അപ്പോള്‍ ഭൂതകാലത്തെ ഏതോ മായക്കാഴ്‌ചയാണോ ആ നക്ഷത്രത്തെ നോക്കിയയാള്‍ കണ്ടത്‌. ഇപ്പോഴത്തെ കാഴ്‌ചയെന്നത്‌ ഭാവിയില്‍ സംഭവിക്കാന്‍ പോകുന്ന ഒരു അനിശ്ചിതത്വമാണോ?

സമയമെന്നത്‌ കൃത്യതയാര്‍ന്ന ഒന്നാണെന്ന ധാരണ തിരുത്തിയെഴുതിയത്‌ ഐന്‍സ്റ്റയിന്‍ ആണ്‌. സമയമെന്നത്‌ ആപേക്ഷികമാണെന്നും അത്‌ നിരീക്ഷിക്കുന്നയാളെ ആശ്രയിച്ചാണ്‌ അനുഭവപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി തന്നു. സ്ഥലകാലങ്ങളുടെ അഴിയാചുഴിയില്‍ മുങ്ങിനീന്താനാണ്‌ പ്രപഞ്ചത്തിന്റെ വിധിയെന്ന്‌ ഐന്‍സ്റ്റയിന്‍ നിഗമനത്തിലെത്തി. അതുകൊണ്ടു തന്നെ ``സമയമെന്നത്‌ ഒരു വ്യാമോഹം മാത്രമാണെ''ന്ന്‌ പറയാന്‍ ഏറ്റവു അര്‍ഹതയുള്ള വ്യക്തിയും ഐന്‍സ്റ്റയിന്‍ തന്നെയായിരുന്നു.(2005 നവംബര്‍ 12-ന്റെ 'ഹരിശ്രീ'യില്‍ പ്രസിദ്ധീകരിച്ചത്‌).

Thursday, July 26, 2007

ശനിക്ക്‌ അറുപതാം ഉപഗ്രഹം

ശനിയുടെ ഉപഗ്രഹപട്ടിക അവസാനിക്കുന്നില്ല. അറുമതാമതൊരു ഉപഗ്രഹം കൂടി കണ്ടെത്തിയിരിക്കുകയാണ്‌ വാനശാസ്‌ത്രജ്ഞര്‍.
'കാസ്സിനി' ബഹിരാകാശ പേടകമെടുത്ത ഗ്രഹചിത്രങ്ങളില്‍ നിന്നാണ്‌ പുതിയ ഉപഗ്രഹത്തെ തിരിച്ചറിഞ്ഞത്‌. പ്രഥമിക കണക്കുകൂട്ടലുകള്‍ പ്രകാരം ഇത്‌ ചെറിയൊരു ഉപഗ്രഹമാണ്‌; രണ്ട്‌ കിലോമീറ്ററേ വിസ്‌താരമുള്ളു. ശനിയുടെ മറ്റ്‌ രണ്ട്‌ ഉപഗ്രഹങ്ങളായ 'മെഥോണ്‍'(Methone), 'പല്ലെണ്‍'(Pallene) എന്നിവയ്‌ക്കു ഇടയിലാണ്‌ പുതിയതായി കണ്ടെത്തിയ, പേരിടാത്ത ഉപഗ്രഹത്തിന്റെ സ്ഥാനം. പാറയും മഞ്ഞുപാളികളുമാണ്‌ ഇതിലുള്ളതെന്നു കരുതുന്നു.

കാസ്സിനി ഇമേജിങ്‌ ടീമാണ്‌ പുതിയ കണ്ടെത്തലിന്‌ പിന്നില്‍. കാസ്സിനി വാഹനം 2007 മെയ്‌ 30-ന്‌ പകര്‍ത്തിയ ദൃശ്യങ്ങള്‍ അറുപതാം ഉപഗ്രഹത്തിന്റെ സാന്നിധ്യം തിരിച്ചറിയാന്‍ ഗവേഷകര്‍ക്ക്‌ തുണവുകയായിരുന്നു. "അങ്ങേയറ്റം മങ്ങിയ ഒരു വസ്‌തുവിന്റെ സാന്നിധ്യമാണ്‌ ആദ്യം കണ്ടത്‌"-ഇമേജിങ്‌ ടീമിലെ അംഗവും യൂണിവേഴ്‌സിറ്റ്‌ ഓഫ്‌ ലണ്ടനിലെ ഗവേഷകനുമായ പ്രൊഫ.കാള്‍ മുറെയ്‌ അറിയിക്കുന്നു. ആ സൂചനയുടെ വെളിച്ചത്തില്‍ കാസ്സിനിയെടുത്ത ചിത്രങ്ങളിലൂടെ ശ്രമകരമായ ഒരു പര്യവേക്ഷണം തന്നെ നടത്തേണ്ടി വന്നു ഉപഗ്രഹത്തിന്റെ സാന്നിധ്യം സ്ഥിരീകരിക്കാന്‍- അദ്ദേഹം അറിയിക്കുന്നു. ശനിക്ക്‌ ഇനിയും ഉപഗ്രഹങ്ങള്‍ കണ്ടെത്താന്‍ ബാക്കിയുണ്ട്‌ എന്നാണിത്‌ വ്യക്തമാക്കുന്നത്‌.

ശനിഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും അടുത്തറിയാനായി 1997-ലാണ്‌ 'കാസ്സിനി-ഹൈജന്‍സ്‌' (Cassini-Huygens) ദൗത്യം യാത്ര തിരിച്ചത്‌. അമേരിക്കന്‍ സ്‌പേസ്‌ ഏജന്‍സിയായ 'നാസ'(NASA), യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയായ 'ഇസ'(Esa), ഇറ്റാലിയന്‍ സ്‌പേസ്‌ ഏജന്‍സിയായ 'എ.എസ്‌.ഐ'(ASI) എന്നിവയുടെ സംയുക്ത സംരംഭമായിരുന്നു ആ ദൗത്യം. 2004-ല്‍ ദൗത്യവാഹനം ശനിക്കു സമീപമെത്തി. 2005 ആദ്യം ഹൈജന്‍സ്‌ വാഹനം വേര്‍പെട്ട്‌, ശനിയുടെ ഏറ്റവും വലിയ ഉപഗ്രഹമായ 'ടൈറ്റാനി'(Titan)ല്‍ പതിച്ചു. സൗരയൂഥത്തില്‍ ഭൂമിയുടെ അപരനെന്നറിയപ്പെടുന്ന ടൈറ്റാന്റെ രഹസ്യങ്ങളറിയുക എന്നതായിരുന്നു ഹൈജന്‍സ്‌ വാഹനത്തിന്റെ ലക്ഷ്യം.

ബ്രീട്ടനില്‍ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജി ഫെസിലിറ്റീസ്‌ കൗണ്‍സില്‍ (STFC) ചീഫ്‌ എക്‌സിക്യുട്ടീവ്‌ ഓഫീസര്‍ പ്രൊഫ. കെയ്‌ത്ത്‌ മാസന്‍ അറിയിക്കുന്നതു പ്രകാരം, 1997-ല്‍ കാസ്സിനി-ഹൈജന്‍സ്‌ ദൗത്യം പുറപ്പെടുന്ന സമയത്ത്‌ ശനിയുടെ 18 ഉപഗ്രഹങ്ങളെക്കുറിച്ച്‌ മാത്രമേ അറിവുണ്ടായിരുന്നുള്ളു. കാസ്സിനി വാഹനവും ഭൂമിയില്‍ സ്ഥാപിച്ചിട്ടുള്ള ടെലസ്‌കോപ്പുകളും ചേര്‍ന്ന്‌ കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 48 ഉപഗ്രഹങ്ങള്‍ കൂടി കണ്ടെത്തി. കണ്ടെത്തിയ 60 ഉപഗ്രഹങ്ങളില്‍ 48 എണ്ണത്തിനേ പേരിട്ടിട്ടുള്ളു. അറുപതില്‍ 34 ഉപഗ്രങ്ങള്‍ വെറും പത്തു കിലോമീറ്ററില്‍ താഴെ മാത്രം വ്യാസമുള്ളവയാണ്‌. ശനിയുടെ ഉപഗ്രഹങ്ങളില്‍ ഏഴെണ്ണം മാത്രമാണ്‌ ഗുരുത്വാകര്‍ഷണത്താല്‍ ഗോളാകൃതി പ്രാപിക്കാന്‍ മാത്രം പിണ്ഡമുള്ളവ.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, വിക്കിപീഡിയ).

Sunday, July 22, 2007

ശരീരഭാരം മിതപ്പെടുത്തി ആയുസ്സ്‌ വര്‍ധിപ്പിക്കാം

ശരീരഭാരം മിതപ്പെടുത്തിയാല്‍ ആയുസ്സ്‌ വര്‍ധിപ്പിക്കാമെന്ന്‌ പഠനഫലം. ശരീരഭാരം കുറഞ്ഞിരിക്കുമ്പോള്‍ മസ്‌തിഷ്‌ക്കത്തിലേക്കു ഇന്‍സുലിന്‍ എത്തുന്നത്‌ പരിമിതപ്പെടും. ഇതാണ്‌ ആയുസ്സ്‌ വര്‍ധിക്കാനിടയാക്കുന്നതെന്ന്‌ അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനം വ്യക്തമാക്കി. മിതമായ ഭക്ഷണക്രമത്തിന്റെയും വ്യായാമത്തിന്റെയും പ്രാധാന്യം വിളിച്ചോതുന്നതാണ്‌ ഈ പഠനഫലമെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു.

പൊണ്ണത്തടിയും അമിത ശരീരഭാരവും പ്രമേഹവും രക്താതിസമ്മര്‍ദ്ദവും പോലുള്ള ഒട്ടേറെ പ്രശ്‌നങ്ങളിലേക്കുള്ള എളുപ്പവഴിയാണെന്ന്‌ വൈദ്യശാസ്‌ത്രം ഇതിനകം തെളിയിച്ചു കഴിഞ്ഞതാണ്‌. അതുമായി ചേര്‍ത്തു വായിക്കാവുന്നതാണ്‌ ഹൊവാര്‍ഡ്‌ ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. മൊറിസ്‌ വൈറ്റിന്റെ നേതൃത്വത്തില്‍ നടന്ന പഠനം. പുതിയ ലക്കം'സയന്‍സ്‌' ഗവേഷണ വാരികയാണ്‌ പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌.

ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ്‌ ക്രമീകരിക്കുന്ന ഹോര്‍മോണാണ്‌ ഇന്‍സുലിന്‍. ഈ ഹോര്‍മോണിന്റെ പ്രവര്‍ത്തനം ശരീരത്തില്‍ മിതപ്പെടുത്തിയാല്‍ ആയുസ്സ്‌ കൂടുമെന്ന്‌, പഴയീച്ചയിലും വിരകളിലും മുമ്പ്‌ നടത്തിയ പരീക്ഷണങ്ങള്‍ സൂചന നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത ലഭിക്കാനുള്ള പരീക്ഷണമാണ്‌ ഡോ.വൈറ്റും സംഘവും നടത്തിയത്‌. ഇതിനായി ഇന്‍സുലിന്‍ സൂചകങ്ങള്‍ മസ്‌തിഷ്‌കത്തിലെത്തിക്കുന്ന 'ഐ.ആര്‍.എസ്‌.2'(IRS2) എന്ന പ്രോട്ടീനിന്റെ പ്രവര്‍ത്തനം ഗവേഷകര്‍ സൂക്ഷ്‌മായി പരിശോധിച്ചു. എലികളില്‍ ഈ പ്രോട്ടീനിന്റെ അളവ്‌ പകുതിയായി കുറച്ചപ്പോള്‍ അവയുടെ ആയുസ്സ്‌ 18 ശതമാനം വര്‍ധിച്ചതായി കണ്ടു. ഈ

പ്രോട്ടീനിന്റെ അളവ്‌ പകുതി മാത്രം ഉത്‌പാദിപ്പിക്കുന്ന എലികളെ ജനിതക എഞ്ചിനയറിങ്ങ്‌ വഴി സൃഷ്ടിച്ചായിരുന്നു പരീക്ഷണം. അര്‍ബുദം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങളൊക്കെ ഇവയ്‌ക്ക്‌ കുറച്ചേ ഉണ്ടായുള്ളൂ. അതാണ്‌ ആയുസ്സ്‌ വര്‍ധിക്കാന്‍ ഇടയാക്കിയതെന്ന്‌ ഗവേഷകര്‍ കരുതുന്നു. വ്യായാമം, മിതഭക്ഷണം, ആരോഗ്യകരമായ ശരീരഭാരം-ഇവയും ഇന്‍സുലിന്‍ മസ്‌തിഷ്‌കത്തില്‍ കൂടുതലായി എത്തുന്നത്‌ ചെറുക്കും; ആയുസ്സ്‌ വര്‍ധിക്കും.

'ഐ.ആര്‍.എസ്‌.2' പ്രോട്ടീനിന്റെ പ്രവര്‍ത്തനം മിതപ്പെടുത്താന്‍ സഹായിക്കുന്ന ഔഷധങ്ങള്‍ രൂപപ്പെടുത്തുക വഴി, പൊണ്ണത്തടയുള്ളവര്‍ക്കു പോലും ഭാവിയില്‍ ആയുസ്സ്‌ നീട്ടിക്കിട്ടാന്‍ ഈ ഗവേഷണഫലം സഹായിക്കുമെന്നാണ്‌ പ്രതീക്ഷ. പൊണ്ണത്തടിക്കും വര്‍ധിച്ച ഇന്‍സുലിന്‍ തോതിനും പ്രജ്ഞാനാശ(ഡിമെന്‍ഷ്യ) വുമായി ബന്ധമുണ്ടെന്ന്‌ കണ്ടിട്ടുണ്ട്‌. ഐ.ആര്‍.എസ്‌.2 പ്രോട്ടിനിന്റെ സാന്നിധ്യം കുറച്ച്‌ ഇന്‍സുലിന്‍ തോത്‌ പരിമിതപ്പെടുത്തി ഡിമെന്‍ഷ്യക്ക്‌ പരിഹാരം കാണാന്‍ കഴിയുമോ എന്ന്‌ അന്വേഷിക്കാനും ഈ ഗവേഷണം പ്രേരണ നല്‍കിയേക്കും.(അവലംബം: സയന്‍സ്‌ ഗവേഷണ വാരിക, കടപ്പാട്‌: മാതൃഭൂമി).

Friday, July 20, 2007

ബ്രിട്ടന്‍ എങ്ങനെ ദ്വീപായി; ഉത്തരവുമായി ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍

യൂറോപ്പില്‍ നിന്ന്‌ വേര്‍പെട്ട്‌ ഒരു ദ്വീപായി ബ്രിട്ടന്‍ നിലകൊള്ളുന്നതെന്തുകൊണ്ട്‌. ഒട്ടേറെ നിഗമനങ്ങള്‍ ഇക്കാര്യത്തിലുണ്ടായിട്ടുണ്ടെങ്കിലും, വേണ്ടത്ര തെളിവുകളില്ലാതെ അവയൊക്കെ അസ്‌തമിക്കുകയാണുണ്ടായത്‌. എന്നാല്‍, സഞ്‌ജീവ്‌ ഗുപ്‌തയെന്ന ഇന്ത്യന്‍ ഗവേഷകന്‍ ഈ പ്രശ്‌നത്തിന്‌ ഉത്തരം കണ്ടെത്തയിരിക്കുന്നു, തെളിവുകളുടെ പിന്‍ബലത്തോടെ. പ്രാചീനകാലത്തെ മഹാപ്രളയമാണത്രെ ബ്രിട്ടനെ അടര്‍ത്തി മാറ്റി ദ്വീപാക്കിയത്‌

വിഖ്യാത ദാര്‍ശനികനും ഗണിതശാസ്‌ത്രജ്ഞനുമായിരുന്ന ബര്‍ട്രാന്റ്‌ റസ്സല്‍ തന്റെ ആത്മകഥയില്‍ കുട്ടിക്കാലത്തെ ഒരു സംഭവം വിവരിച്ചിട്ടുണ്ട്‌. ബ്രിട്ടനിലെ കുലീന പ്രഭുകുടുംബത്തില്‍ ജനിച്ച റസ്സല്‍ ഏഴോ എട്ടോ വയസ്സ്‌ പ്രായമുള്ളപ്പോള്‍, കുടുംബാംഗങ്ങള്‍ക്കൊപ്പം ഇംഗ്ലണ്ടിലൂടെ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. ആ കുട്ടിയുടെ അനുഭവസീമയ്‌ക്കു പുറത്തുള്ള അജ്ഞാത ഭൂമികളിലൂടെ തീവണ്ടി സഞ്ചാരം തുടര്‍ന്നു. തങ്ങള്‍ ഏറെസമയം യാത്ര ചെയ്‌തതായി അവന്‌ തോന്നി.

കുറെ കഴിഞ്ഞപ്പോള്‍ താന്‍ രാജ്യാതിര്‍ത്തി പിന്നിട്ട്‌ മറ്റേതോ നാട്ടിലെത്തിയതായി കുട്ടി കരുതാന്‍ തുടങ്ങി. അത്‌ ഒരത്ഭുതമായി ആ കുഞ്ഞുമനസ്സിനെ കീഴടക്കിയപ്പോള്‍, "നമ്മള്‍ വേറെ ഏതോ രാജ്യത്തെത്തി അല്ലേ" എന്ന്‌ അവന്‍ ഉറക്കെ ചോദിച്ചു. ആ ചോദ്യം കേട്ട, തീവണ്ടി മുറിയില്‍ കൂടെ യാത്രചെയ്‌തിരുന്ന മുതിര്‍ന്ന സ്‌ത്രീകള്‍ തന്നെ ദയനീയമായി നോക്കിയ കാര്യം ജീവിതത്തിലൊരിക്കലും റസ്സലിന്‌ മറക്കാനായില്ല. മുതിര്‍ന്ന ഒരു സ്‌ത്രീ വളരെ അനുകമ്പ കലര്‍ന്ന ശബ്ദത്തില്‍ പറഞ്ഞു: "കഷ്ടം, നമ്മുടെ രാജ്യം ഒരു ദ്വീപാണെന്ന കാര്യം ഈ കുട്ടിക്ക്‌ അറിയില്ലല്ലോ"!

ബ്രിട്ടനില്‍ ജനിച്ചുവളര്‍ന്ന ആ കുട്ടി പോലും അല്‍പ്പസമയത്തേക്ക്‌ സ്വന്തം രാജ്യം ഒരു ദ്വീപാണെന്നു മറന്നുപോയി. ഭൂമിശാസ്‌ത്രം അങ്ങനെയാണ്‌. ചിലപ്പോള്‍ നമ്മള്‍ അത്‌ മറക്കും. ഒരുകാലത്ത്‌ ലോകത്തെയാകെ കോളനിയാക്കി അടക്കി ഭരിച്ച ബ്രിട്ടന്‍ ഒരു ദ്വീപാണെന്ന്‌ പലരും കരുതാറില്ല എന്നതാണ്‌ വാസ്‌തവം. എന്നു പറഞ്ഞ്‌ സത്യം സത്യമല്ലാതാകുന്നില്ല. യൂറോപ്യന്‍ വന്‍കരയില്‍ നിന്ന്‌ അല്‍പ്പം മാറി നാലുവശവും കടലിനാല്‍ ചുറ്റപ്പെട്ടാണ്‌ ബ്രിട്ടന്റെ കിടപ്പ്‌. എന്തുകൊണ്ട്‌ ബ്രിട്ടന്‍ യൂറോപ്പില്‍നിന്ന്‌ വേര്‍പെട്ടു നില്‍ക്കുന്നു എന്നത്‌ ഭൗമശാസ്‌ത്രജ്ഞരെ ഏറെക്കാലമായി അലോസരപ്പെടുത്തുന്ന ചോദ്യമാണ്‌. ആര്‍ക്കും ഇതിന്‌ വ്യക്തമായ ഉത്തരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല.

എന്നാല്‍, ഈ പ്രശ്‌നത്തിന്‌ തൃപ്‌തികരമായ വിശദീകരണവുമായി എത്തിയിരിക്കുകയാണ്‌ സഞ്‌ജീവ്‌ ഗുപ്‌തയെന്ന ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്‍. പ്രാചീനകാലത്തുണ്ടായ വന്‍പ്രളയമാണ്‌ ബ്രിട്ടനെ ദ്വീപാക്കി മാറ്റിയതത്രേ. ഇക്കാര്യം സ്ഥിരീകരിക്കാനാവശ്യമായ തെളിവും അദ്ദേഹം നിരത്തുന്നു. ലണ്ടനില്‍ ഇംപീരിയല്‍ കോളേജിലെ ഗവേഷകനാണ്‌ ഡോ. ഗുപ്‌ത. അദ്ദേഹവും സഹപ്രവര്‍ത്തകരും നടത്തിയ സോണാര്‍ പഠനമാണ്‌, ബ്രിട്ടനെ സംബന്ധിച്ച്‌ സുപ്രധാനമായ ഭൗമശാസ്‌ത്രരഹസ്യം വെളിവാക്കിയത്‌. ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടില്‍ ആഴത്തില്‍ അവശേഷിക്കുന്ന ചില പാടുകള്‍ സോണാര്‍ ദൃശ്യങ്ങളില്‍ നിന്ന്‌ അവര്‍ കണ്ടെത്തി. പൊടുന്നനെ വന്‍തോതില്‍ വെള്ളം ഒഴുകിയതിന്റെ ഫലമായാണ്‌ ആ പാടുകളുണ്ടായതെന്ന്‌ 'നേച്ചര്‍' ഗവേഷണ വാരിക പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്‌ പറയുന്നു.

ഇപ്പോള്‍ 'നോര്‍ത്ത്‌ സീ'(North Sea) എന്നറിയപ്പെടുന്ന സ്ഥലമുള്‍പ്പെടുന്ന പ്രാചീന തടകത്തില്‍ നിന്നാകണം ഇങ്ങനെയൊരു പെരുവെള്ളപ്പാച്ചില്‍ ഉണ്ടായതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഭൂകമ്പം പോലുള്ള ഏതോ ഭൗമപ്രതിഭാസം മൂലം തടാകത്തിന്റെ ഭിത്തി തകര്‍ന്നാകാം അത്‌ സംഭവിച്ചത്‌. സമീപകാല ഭൗമചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമാണത്‌. "ഇത്തരമൊരു സംഭവമോ, സംഭവപരമ്പരയോ ആകാം ബ്രിട്ടീഷ്‌ ചരിത്രത്തിന്റെ ഗതിമാറ്റിയത്‌"-ഡോ.ഗുപ്‌ത പറയുന്നു. "ആ മഹാപ്രളയം സംഭവിച്ചില്ലായിരുന്നെങ്കില്‍, ബ്രിട്ടന്‍ യൂറോപ്പിന്റെ ഉപദ്വീപായി നിലകൊണ്ടേനെ. 'ചാനല്‍ ടണലി' (Channel Tunnel)ന്റെ ഒരാവശ്യവും വരില്ലായിരുന്നു. പ്രളയത്തിന്‌ മുമ്പ്‌ ആദിമ മനുഷ്യര്‍ ചെയ്‌തിരുന്നതുപോലെ, ആര്‍ക്കും ഫ്രാന്‍സില്‍ നിന്ന്‌ നടന്ന്‌ ബ്രിട്ടനിലെത്താമായിരുന്നു."

പ്രളയത്തിന്റെ ഫലമായാണ്‌ ബ്രിട്ടന്‍ ദ്വീപായി മാറിയതെന്ന വാദം പുതിയതല്ല. 1985-ല്‍ ഒരു ഗവേഷണ പ്രബന്ധത്തില്‍ ഇക്കാര്യം പറഞ്ഞിരുന്നു. പ്രാചീന പ്രളയത്തിന്റെ ഫലമാണ്‌ ഇംഗ്ലീഷ്‌ ചാനല്‍ എന്നാണ്‌ ആ പ്രബന്ധം വാദിച്ചത്‌. എന്നാല്‍, അതിന്‌ മതിയായ തെളിവ്‌ അന്നില്ലായിരുന്നു. ആധുനിക ത്രിമാനവിശകലന സംവിധാനങ്ങളുടെ സഹായത്തോടെ, 24 വര്‍ഷത്തെ ഉന്നത റസല്യൂഷനിലുള്ള സോണാര്‍ ദൃശ്യങ്ങള്‍ വിശകലനം ചെയ്‌ത ഡോ.ഗുപ്‌തയും കൂട്ടരുമാണ്‌ ഇക്കാര്യത്തില്‍ വിജയം കണ്ടത്‌. മാത്രമല്ല, 1878 മുതല്‍ നിലനില്‍ക്കുന്ന മറ്റൊരു വാദഗതിക്കും സ്ഥിരീകരണമായി പുതിയ ഗവേഷണം. ഇപ്പോള്‍ നോര്‍ത്ത്‌ സീ സ്ഥിതിചെയ്യുന്നിടത്ത്‌ പ്രാചീനകാലത്ത്‌ ഒരു ഭീമന്‍ തടാകം നിലനിന്നിരിക്കാനുള്ള സാധ്യതയാണത്‌.

മരുഭൂമിയിലെ ശിലാരൂപീകരണത്തെക്കുറിച്ചു പഠിക്കാന്‍ തന്റെ ഗവേഷണ ജീവിതത്തില്‍ അധിക സമയവും മാറ്റിവെച്ച ഡോ.ഗുപ്‌ത, ഒരിക്കലും ബ്രിട്ടനെങ്ങനെ ദ്വീപായി എന്നു പഠിക്കേണ്ടി വരുമെന്ന്‌ കരുതിയിരുന്നില്ല. ഈ പ്രശ്‌നം സംബന്ധിച്ച വിവിധ അനുമാനങ്ങളടങ്ങിയ ഒരു പുസ്‌തകം 2003-ല്‍ പുറത്തുവന്നതാണ്‌ അദ്ദേഹത്തെ ഈ വിഷയത്തിലേക്ക്‌ ആകര്‍ഷിച്ചത്‌. ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ഈ പ്രഹേളികയ്‌ക്ക്‌ ഉത്തരം കണ്ടെത്താനാകുമെന്ന്‌ അദ്ദേഹം കരുതി. ഇതു സംബന്ധിച്ച്‌ ജിയോഫിസിസ്റ്റ്‌ ജെന്നി കൊളിയറുമായും, ആന്‍ഡി പാമര്‍ ഫെല്‍ഗേറ്റുമായും അദ്ദേഹം ചര്‍ച്ച നടത്തി. സമുദ്രത്തിന്റെ അടിത്തട്ട്‌ മാപ്പ്‌ ചെയ്യുന്നതില്‍ വൈദഗ്‌ധ്യം നേടിയയാളാണ്‌ കൊളിയര്‍.

പക്ഷേ, ഏത്‌ സങ്കേതമുപയോഗിച്ചും ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിനെക്കുറിച്ച്‌ വ്യക്തമായ ഡേറ്റ ശേഖരിക്കണമെങ്കില്‍ ഒരു ബോട്ടില്‍ തകൃതിയായി അതുവഴി സഞ്ചരിച്ചേ തീരൂ. ലോകത്തേറ്റവും തിരക്കേറിയ സമുദ്രപാതകളിലൊന്നായ അവിടെ അങ്ങനെ സഞ്ചരിക്കുക അസാധ്യം. അതിന്‌ പരിഹാരം നിര്‍ദ്ദേശിച്ചത്‌ യു.കെ.ഹൈഡ്രോഗ്രാഫിക്‌ ഓഫീസിലെ ഗ്രെയേം പോട്ടറാണ്‌. കപ്പലുകള്‍ക്ക്‌ സുരക്ഷിതമായി കടന്നു പോകാനായി 24 വര്‍ഷമായി പോട്ടറുടെ ഓഫീസ്‌ ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ട്‌ സോണാര്‍ സര്‍വെയ്‌ക്ക്‌ വിധേയമാക്കുന്നുണ്ട്‌. ആ ഡേറ്റായ്‌ക്കൊപ്പം, ഡോ.ഗുപ്‌തയ്‌ക്കും സംഘത്തിനും, ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിന്റെ ആദ്യ ഭൂപടവും പോട്ടര്‍ നല്‍കി. ആ ഡേറ്റായാണ്‌ ത്രിമാന വിശകലനസംവിധാനങ്ങളുപയോഗിച്ച്‌ ഗുപ്‌തയുടെ സംഘം പഠിച്ചത്‌.

പെരുവെള്ളപ്പാച്ചില്‍ കൊണ്ട്‌ മാത്രം രൂപപ്പെടാവുന്ന സവിശേഷ ഘടനകള്‍ ഇംഗ്ലീഷ്‌ ചാനലിന്റെ അടിത്തട്ടിലെ ചുണ്ണാമ്പുകല്ല്‌ പ്രതലത്തില്‍ ഡോ.ഗുപ്‌തയും സംഘവും തിരിച്ചറിഞ്ഞു. പ്രളയത്തിന്റെ പാരമ്യതയില്‍ വെള്ളപ്പാച്ചില്‍ മാസങ്ങളോളം നീണ്ടുനിന്നിരിക്കണം. സെക്കന്‍ഡില്‍ പത്തുലക്ഷം ഘനമീറ്റര്‍ വെള്ളം എന്ന തോതിലാകണം ഒഴുകിയിരിക്കുക (മിസിസ്സിപ്പി നദിയിലെ ജലപ്രവാഹത്തിന്റെ നൂറുമടങ്ങ്‌ വരുമിത്‌). നാലുലക്ഷം വര്‍ഷം മുമ്പുണ്ടായ ആദ്യപ്രളയത്തില്‍ പ്രാചീന തടാകത്തെ തടഞ്ഞുനിര്‍ത്തിയിരുന്ന ഡോവര്‍ കരയിടുക്കിലെ ഭിത്തി തകര്‍ന്നിരിക്കണം. തെക്കുപടിഞ്ഞാറ്‌ ഭാഗത്തേക്കുള്ള വെള്ളപ്പാച്ചിലില്‍ ഇംഗ്ലീഷ്‌ കനാലിന്റെ ആദ്യരൂപമുണ്ടാവുകയും, ബ്രിട്ടന്‍ വന്‍കരയില്‍നിന്ന്‌ വേര്‍പെടാന്‍ തുടങ്ങുകയും ചെയ്‌തു. 1.8 ലക്ഷം വര്‍ഷത്തിനു മുമ്പുണ്ടായ മറ്റൊരു മഹാപ്രളയത്തില്‍ ബ്രിട്ടന്‍ പൂര്‍ണമായും വന്‍കരയില്‍ നിന്ന്‌ വേര്‍പെട്ടുവെന്ന്‌ പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

പ്രളയത്തിനിടയാക്കിയ ശുദ്ധജല തടാകം, ഹിമയുഗത്തില്‍ ഉത്തരധ്രുവത്തില്‍ നിന്നെത്തിയ മഞ്ഞുപാളികളാല്‍ ആയിരക്കണക്കിന്‌ വര്‍ഷംകൊണ്ട്‌ രൂപപ്പെട്ടതാകാമെന്നാണ്‌ നിഗമനം. ഇപ്പോള്‍ നോര്‍ത്ത്‌ സീയെന്നറിയപ്പെടുന്ന കടലിന്റെ തെക്കന്‍ പ്രദേശത്താകണം ആ തടാകം രൂപപ്പെട്ടിരിക്കുക. റിനെ, തെംസ്‌, മറ്റ്‌ യൂറോപ്യന്‍ നദികളുടെ പ്രാചീനരൂപങ്ങളൊക്കെ ഈ തടാകത്തിലേക്ക്‌ വന്‍തോതില്‍ വെള്ളമൊഴുക്കിക്കൊണ്ടിരുന്നു. 640 കിലോമീറ്റര്‍ വിസ്‌തൃതിയുണ്ടായിരുന്ന ആ പ്രാചീന തടാകം കിഴക്കന്‍ ഇംഗ്ലണ്ട്‌ മുതല്‍ നെതര്‍ലന്‍ഡിലേക്കും ജര്‍മനിയിലേക്കും വ്യാപിച്ചു കിടന്നു. തടാകത്തെ തടുത്തുനിര്‍ത്തിയിരുന്ന ഡോവര്‍ കരയിടുക്ക്‌ ഭൂകമ്പത്തിലോ മറ്റോ തകര്‍ന്നപ്പോള്‍ ആ മഹാപ്രളയമുണ്ടാവുകയായിരുന്നു; ഇംഗ്ലണ്ടിന്റെ ഭൗമചരിത്രവും ഭാവിസംസ്‌കാരവും മാറ്റിമറിക്കാന്‍.

കഴിഞ്ഞ അഞ്ചുലക്ഷം വര്‍ഷത്തിനിടെ ബ്രിട്ടന്റെ നാച്ചുറല്‍ ഹിസ്റ്ററി, യൂറോപ്പിന്റെ ഇതരഭാഗങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി രൂപപ്പെടുന്നതില്‍ ഇംഗ്ലീഷ്‌ ചാനല്‍ ഒരു മുഖ്യപങ്കു വഹിച്ചിട്ടുണ്ടെന്ന്‌ ഫോസില്‍ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ചില മൃഗങ്ങളെ മാത്രം ബ്രിട്ടനിലേക്ക്‌ കടത്തി വിടുകയും മറ്റുള്ളവയെ തടയുകയും വഴി, ശരിക്കൊരു അരിപ്പ പൊലെയാണത്രേ ചാനല്‍ പ്രവര്‍ത്തിച്ചിട്ടുള്ളത്‌. ബ്രിട്ടന്‍ ഇന്ന്‌ എന്താണോ, അത്‌ ആ രൂപത്തിലായതില്‍ ഇംഗ്ലീഷ്‌ ചാനലിന്‌ കാര്യമായ പങ്കുണ്ടെന്നു സാരം.

ഡോ.ഗുപ്‌തയുടെ പഠനത്തിന്റെ പ്രാധാന്യം ഭൂമിയില്‍ മാത്രം ഒതുങ്ങുന്നില്ല എന്ന്‌ 'നേച്ചര്‍' വാരിക പറയുന്നു. ചൊവ്വാഗ്രഹത്തില്‍ പോലും ഇത്തരം പഠനരീതി പ്രയോജനപ്പെടുത്താമത്രേ. ചൊവ്വായില്‍ ജലമൊഴുകിയതിന്റെയും പ്രളയമുണ്ടായതിന്റെയും അവശേഷിപ്പുകള്‍ പോയ വര്‍ഷങ്ങളില്‍ വിവിധ ബഹിരാകാശ പേടകങ്ങള്‍ കണ്ടെത്തുകയുണ്ടായി. ആ പ്രതിഭാസം അടുത്തറിയാന്‍ പുതിയ പഠനരീതി സഹായിച്ചേക്കും. (അവലംബം: നേച്ചര്‍ ഗവേഷണ വാരിക)

Wednesday, July 18, 2007

ആഗോളതാപനം: സൂര്യന്‍ നിരപരാധി

ഭൂമിക്കു ചൂടുപിടിക്കുന്നതിന്‌ സൂര്യനാണോ ഉത്തവാദി. ശാസ്‌ത്രീയ തെളിവുകള്‍ അവഗണിച്ച്‌ സൂര്യനെ പഴിചാരുന്നവരുടെ വാദത്തിന്‌ പ്രസക്തിയില്ലെന്ന്‌ കണ്ടെത്തല്‍

ഭൂമിയില്‍ ചൂടു വര്‍ധിക്കുന്നതില്‍ മുഖ്യപ്രതി മനുഷ്യനാണെന്നു വ്യക്തമാക്കുന്ന യു.എന്‍.റിപ്പോര്‍ട്ട്‌ പുറത്തു വന്നത്‌ ഈ വര്‍ഷമാണ്‌. ആഗോളതാപനത്തിന്‌ 90 ശതമാനവും ഉത്തരവാദി മനുഷ്യപ്രവര്‍ത്തനങ്ങളാണെന്ന്‌ 'ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി'(ഐ.പി.സി.സി)ന്റെ പുതിയ റിപ്പോര്‍ട്ട്‌ പറയുന്നു. രണ്ടായിരത്തിഅഞ്ഞൂറോളം ശാസ്‌ത്രജ്ഞര്‍ ചേര്‍ന്ന്‌ എത്തിയ ഈ നിഗമനം വിശ്വസിക്കാത്തവര്‍ ഉണ്ട്‌; ശാസ്‌ത്രസമൂഹത്തില്‍ തന്നെ. സൗരചക്രത്തില്‍ (solar cycle) വരുന്ന മാറ്റങ്ങളും സൂര്യന്റെ വര്‍ധിക്കുന്ന തീഷ്‌ണതയുമാണ്‌ ഭൂമിയില്‍ ചൂട്‌ കൂടാന്‍ മുഖ്യകാരണമെന്ന്‌ അത്തരക്കാര്‍ വാദിക്കുന്നു.

അങ്ങനെ കരുതിയാല്‍ പിന്നെ സംഗതികള്‍ എളുപ്പമാണ്‌. സൂര്യനാണ്‌ പ്രതിയെങ്കില്‍ ആഗോളതാപനം ചെറുക്കാന്‍ മനുഷ്യന്‍ എന്തിന്‌ മിനക്കെടണം; വരുന്നത്‌ വിധിയെന്നു കരുതി സഹിക്കുക, അത്രതന്നെ. എന്നാല്‍, സൂര്യനെ പ്രതിയാക്കിയുള്ള ഇത്തരം വാദങ്ങള്‍ക്ക്‌ ഇനി നിലനില്‍പ്പില്ലെന്ന്‌ പുതിയൊരു പഠനഫലം പറയുന്നു. കഴിഞ്ഞ കാല്‍നൂറ്റണ്ടായി സൗരതീഷ്‌ണത മുമ്പത്തെക്കാള്‍ കുറഞ്ഞു വരികയാണത്രേ.

സൂര്യനാണ്‌ ആഗോളതാപനത്തിന്‌ കാരണക്കാരനെങ്കില്‍, 25 വര്‍ഷത്തിനിടെ ഭൂമിയിലെ ചൂട്‌ കുറയേണ്ടതായിരുന്നു. പകരം ഈ കാലയളവില്‍ ഭൗമതാപനില ഉയരുകയാണ്‌ ചെയ്‌തത്‌. മാത്രമല്ല, രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടേറിയ പത്തു വര്‍ഷങ്ങളും ഈ കാലയളവിലായിരുന്നു. ചൂടേറിയ മറ്റൊരു വര്‍ഷമാകും 2007 എന്നും പ്രവചിക്കപ്പെട്ടിട്ടുണ്ട്‌. ഹരിതഗൃഹവാതകങ്ങള്‍ അന്തരീക്ഷത്തില്‍ കണക്കറ്റ്‌ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്‌ കാരണമെന്ന നിഗമനത്തിന്‌ അടിവരയിടുന്നു ഈ പഠനം.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ 'വേള്‍ഡ്‌ റേഡിയേഷന്‍ സെന്ററി'ലെ ക്ലോസ്‌ ഫ്രോയ്‌ലികിന്റെ സഹായത്തോടെ, ബ്രിട്ടനില്‍ 'റുഥര്‍ഫോര്‍ഡ്‌-അപ്ലെറ്റൊണ്‍ ലബോറട്ടറി'യിലെ മൈക്ക്‌ ലോക്‌വുഡാണ്‌ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലത്തെ സൗരപ്രവര്‍ത്തനം വിശകലനം ചെയ്‌തത്‌. സൂര്യനാണ്‌ ആഗോളതാപനത്തിന്‌ കാരണമെന്ന വാദം ഈ കണ്ടെത്തലോടെ അവസാനിക്കേണ്ടതാണ്‌-'പ്രൊസീഡിങ്‌സ്‌ ഓഫ്‌ ദി റോയല്‍ സൊസൈറ്റി'യില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ലോക്‌വുഡ്‌ പറയുന്നു. സൂര്യനില്‍ നിന്നു കഴിഞ്ഞ 30-40 വര്‍ഷത്തെ ഊര്‍ജബഹിഷ്‌കരണ തോതും പ്രാപഞ്ചിക കിരണങ്ങളുടെ (cosmic rays) വരവും വിശകലനം ചെയ്യുകയാണ്‌ ലോക്‌വുഡും കൂട്ടരും ചെയ്‌തത്‌.

ഒരു സൗരചക്രം എന്നത്‌ പതിനൊന്നു വര്‍ഷമാണ്‌. സൂര്യന്റെ കാന്തികമണ്ഡലത്തലുണ്ടാകുന്ന വ്യതിയാനമാണ്‌ ഇതിന്‌ ആധാരം. സൗരചക്രം മാറുമ്പോള്‍ ചിലപ്പോള്‍ സൗരതീഷ്‌ണത വര്‍ധിക്കും. ഇങ്ങനെ മാത്രമല്ല, ദീര്‍ഘകാലാടിസ്ഥാനത്തിലും സൂര്യനില്‍നിന്നുള്ള ഊര്‍ജപ്രവാഹം വര്‍ധിക്കാറുണ്ട്‌. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം മുതല്‍ തീഷ്‌ണതയില്‍ നേരിയ വര്‍ധനവിന്റെ പ്രവണത സൗരമണ്ഡലം കാട്ടിയിരുന്നു. എന്നാല്‍, 1985 ആയപ്പോഴേക്കും അത്‌ വിപരീത ദിശയിലായി. എന്നുവെച്ചാല്‍, സൗരതീഷ്‌ണതയില്‍ നേരിയ കുറവ്‌ ദൃശ്യമാകാന്‍ തുടങ്ങി-ലോക്‌വുഡിന്റെ പഠനം പറയുന്നു. "കഴിഞ്ഞ 20-30 വര്‍ഷത്തിനിടെ ഭൂമിയുടെ ചൂട്‌ വര്‍ധിച്ചതിന്‌ സൂര്യനല്ല ഉത്തരവാദിയെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു"- പുതിയ ഐ.പി.സി.സി.റിപ്പോര്‍ട്ട്‌ തയ്യാറാക്കിയവരില്‍ പ്രധാനിയായ ലീഡ്‌സ്‌ സര്‍വകലാശാലയിലെ ഡോ.പിയേഴ്‌സ്‌ ഫോസ്‌റ്റര്‍ പറയുന്നു.

കാര്‍ബണ്‍ഡയോക്‌സയിഡ്‌(CO2) പോലുള്ള ഹരിതഗൃഹവാതകങ്ങളുടെ(green house gases) വ്യാപനമാണ്‌ ഭൗമാന്തരീക്ഷം ചൂടുപിടിക്കുന്നതിന്‌ മുഖ്യകാരണം എന്നാണ്‌ ശാസ്‌ത്രസമൂഹം പൊതുവെ എത്തിയിട്ടുള്ള നിഗമനം. പെട്രോളിയം ഉത്‌പന്നങ്ങള്‍, കല്‍ക്കരി തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ കണക്കറ്റ ഉപയോഗം, അന്തരീക്ഷത്തില്‍ അപകടകരമാം വിധം ഹരിതഗൃവാതകം വ്യാപിക്കാന്‍ ഇടയാക്കുന്നു. സൂര്യനില്‍ നിന്നുള്ള ഊര്‍ജപ്രവാഹത്തെക്കാള്‍ ആഗോളതാപനത്തിന്‌ 13 മടങ്ങ്‌ കൂടുതല്‍ ഉത്തരവാദി ഹരിതഗൃഹവാതകങ്ങളാണെന്ന്‌, കഴിഞ്ഞ ഫിബ്രവരിയില്‍ പുറത്തുവന്ന ഐ.പി.സി.സി.റിപ്പോര്‍ട്ടിലുണ്ടായിരുന്നു.

എന്നാല്‍, ഈ വസ്‌തുത അംഗീകരിക്കാത്ത സംശയാലുക്കള്‍ ഉണ്ട്‌. സൂര്യനാണ്‌ ആഗോളതാപനത്തിന്‌ കാരണം എന്നതാണ്‌ അത്തരക്കാരുടെ മുഖ്യവാദഗതി. ഡാനിഷ്‌ നാഷണല്‍ സ്‌പേസ്‌ സെന്ററിലെ ഗവേഷകനായ ഈജില്‍ ഫ്രീസ്‌ ക്രിസ്റ്റെന്‍സന്‍, ഹെന്റിക്‌ സ്വെന്‍സ്‌മാര്‍ക്ക്‌ തുടങ്ങിയവര്‍ ചേര്‍ന്നു രൂപം നല്‍കിയിട്ടുള്ള 'പ്രാപഞ്ചികകിരണ അനുമാനം' (cosmic ray hypothesis) അത്തരമൊരു വാദഗതി മുന്നോട്ടുവെക്കുന്നു. ഈ അനുമാനം ഐ.പി.സി.സി.കണക്കിലെടുത്തിട്ടില്ല എന്ന വിമര്‍ശനവും ചില കോണുകളില്‍ നിന്ന്‌ ഉയര്‍ന്നിട്ടുണ്ട്‌.

ഭൗമാന്തരീക്ഷത്തില്‍ ജലബാഷ്‌പം സാന്ദ്രീകരിക്കാന്‍ പാകത്തില്‍ ചെറുകണങ്ങള്‍ കൂട്ടിച്ചേര്‍ച്ച്‌ മേഘങ്ങള്‍ക്ക്‌ രൂപം നല്‍കാന്‍ സൂര്യനില്‍ നിന്നുള്ള പ്രാപഞ്ചിക കിരണങ്ങള്‍ സാഹായിക്കും. മേഘങ്ങള്‍ ഭൂമിയെ തണുപ്പിക്കും. സൗരകാന്തികമണ്ഡലത്തിന്റെ തീഷ്‌ണത വര്‍ധിക്കുമ്പോള്‍, അവിടെ നിന്നുള്ള പ്രാപഞ്ചിക കിരണങ്ങള്‍ ഭാഗികമായി തടയപ്പെടാറുണ്ട്‌. അത്തരം കാലങ്ങളില്‍ സ്വാഭാവികമായും ഭൂമിക്കു മുകളില്‍ മേഘങ്ങള്‍ രൂപപ്പെടാന്‍ അവസരം കുറയും, ഭൂമി ചൂടാകും. 'പ്രാപഞ്ചികകിരണ അനുമാന'ത്തിന്റെ കാതല്‍ ഇതാണ്‌.

ഈ വര്‍ഷം ആദ്യം ബ്രിട്ടനിലെ ചാനല്‍ ഫോര്‍ ടെലിവിഷന്‍ 'ദി ഗ്രേറ്റ്‌ ഗ്ലോബല്‍ വാമിങ്‌ സ്വിന്‍ഡില്‍' എന്നൊരു വിവാദ ഡോക്യുമെന്ററി സംപ്രേക്ഷണം ചെയ്യുകയുണ്ടായി. സൂര്യനാണ്‌ ആഗോളതാപനത്തിന്‌ കാരണം എന്നായിരുന്നു ആ ഡോക്യുമെന്ററിയുടെ കാതല്‍. അതിനുള്ള മറുപടിയെന്ന നിലയ്‌ക്കു കൂടിയാണ്‌ മൈക്ക്‌ ലോക്‌വുഡും സംഘവും സൗരതീഷ്‌ണതയെക്കുറിച്ചു പഠനം നടത്തിയത്‌.(കടപ്പാട്‌: ഗാര്‍ഡിയന്‍, ബി.ബി.സി.ന്യൂസ്‌).

Monday, July 16, 2007

തുമ്പികൈയും മാന്‍കൊമ്പും തുണയാകുമ്പോള്‍


മനുഷ്യന്‍ നേരിടുന്ന മിക്ക പ്രശ്‌നങ്ങള്‍ക്കും പരിഹാരം പ്രകൃതിയില്‍ തന്നെയുണ്ട്‌. നമ്മള്‍ അത്‌ കണ്ടെത്തണം എന്നു മാത്രം. കൃത്രിമകൈയുടെയും യന്ത്രകൈയുടെയും നിര്‍മിതിയില്‍ സമീപ കാലത്ത്‌ രണ്ട്‌ ഗവേഷകസംഘങ്ങള്‍ മുന്നേറ്റം നടത്തിയത്‌ പ്രകൃതിയില്‍നിന്നുള്ള പാഠങ്ങള്‍ ഉള്‍ക്കൊണ്ടാണ്‌. ആനയുടെ തുമ്പികൈയുടെ പ്രവര്‍ത്തനവും, മാന്‍കൊമ്പിന്റെ ശിഖരങ്ങളില്‍ തൊലി വളരുന്നതും മനസിലാക്കിയാണ്‌ ഇത്‌ സാധിച്ചത്‌.

ന്ത്രകൈയുടെ പരിമിതി മറികടക്കാന്‍ തുമ്പികൈ സഹായിക്കുമെന്ന്‌ ഒരുസംഘം ജര്‍മന്‍ ഗവേഷകരാണ്‌ കണ്ടെത്തിയത്‌. മനുഷ്യശരീരത്തില്‍ സ്ഥിരമായി ഘടിപ്പിക്കാനാകും വിധം കൃത്രിമകൈ നിര്‍മിക്കാന്‍ മാന്‍കൊമ്പിന്റെ രഹസ്യം തുണയാകുമെന്ന്‌ തിരിച്ചറിഞ്ഞത്‌ ബ്രിട്ടീഷ്‌ ഗവേഷകരാണ്‌.

യന്ത്രകൈകള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ എപ്പാഴും അപകടം സംഭവിക്കാം. നിയന്ത്രണ സംവിധാനത്തിലുണ്ടാകുന്ന നേരിയ പാളിച്ച പോലും പ്രശ്‌നമായേക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ക്കു പരിഹാരമായാണ്‌, തുമ്പികൈയുടെ സഹായം ഗവേഷകര്‍ ആരാഞ്ഞത്‌. തെക്കന്‍ ജര്‍മനിയിലെ സ്‌റ്റുട്ട്‌ഗാര്‍റ്റില്‍ പ്രവര്‍ത്തിക്കുന്ന 'ഫ്രാന്‍ഹോഫര്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ മാനുഫാക്‌ച്ചറിങ്‌ എഞ്ചിനിയറിങ്‌ ആന്‍ഡ്‌ ഓട്ടോമേഷന്‍ ഐ.പി.എ'യിലെ ഹരാള്‍ഡ്‌ സ്റ്റാബും സംഘവുമാണ്‌ 'ഇസെല്ല'യെന്ന പേരിട്ടിട്ടുള്ള യന്ത്രകൈ രൂപപ്പെടുത്തിയത്‌.

പ്രകൃതിയിലെ എഞ്ചിനിയറിങിന്റെ ഒരു അത്ഭുത ഉദാഹരണമാണ്‌ ആനയുടെ തുമ്പികൈ; നാല്‌പതിനായിരത്തോളം പേശികള്‍ തുമ്പികൈയുടെ പ്രവര്‍ത്തനം ആയാസരഹിതവും ലളിതവുമാക്കുന്നു. തുമ്പികൈ കൊണ്ട്‌ ആനയ്‌ക്ക്‌ ഒരുവിധം എല്ലാകാര്യങ്ങളും ചെയ്യാനാകും. ഇതിന്റെ ചുവടുപിടിച്ചാണ്‌ 'ഇസെല്ല' രൂപപ്പെടുത്തിയിരിക്കുന്നത്‌.



ഓരോ ചലനകോണുകളിലും ഓരോ യന്ത്രങ്ങള്‍ വീതമാണ്‌ സാധാരണ യന്ത്രകൈകളിലുള്ളത്‌. ചെറിയ തകരാറുണ്ടാകുമ്പോള്‍ പോലും വന്യമായി ചലിക്കാനും അപകടം വരുത്താനും ഇടയാക്കുന്ന ഘടകം അതാണ്‌. അതിനു പകരം ഓരോ ചലനകോണിലും ജോഡികളായി പ്രവര്‍ത്തിക്കുന്ന ഇരട്ടയന്ത്രങ്ങള്‍ 'ഇസെല്ല'യില്‍ ഉപയോഗിച്ചിരിക്കുന്നു. ഒരു യന്ത്രത്തിന്‌ തകരാര്‍ പറ്റിയാലും അടുത്തത്‌ കാര്യങ്ങള്‍ ഏറ്റെടുത്തു നിയന്ത്രിച്ചു കൊള്ളും.


മാത്രമല്ല, ചെലവു കുറഞ്ഞ കൃത്രിമപേശികളാണ്‌ പുതിയ യന്ത്രകൈയിലുള്ളത്‌. പിരിയന്‍ ഗോവണിയുടെ (ഡബിള്‍ ഹെലിക്‌സ്‌) മാതിരി ഒറ്റ അച്ചുതണ്ടില്‍ ഇരുവശത്തേക്കും ഒരേപോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇവയ്‌ക്ക്‌ 'ഡുഹെലിക്‌സ്‌' എന്നാണ്‌ പേര്‌. ഈ പേശികള്‍ക്ക്‌ ഊര്‍ജ്ജക്ഷമതയും കൂടുതലാണ്‌. ഇത്തരം പത്ത്‌ ഡുഹെലിക്‌സ്‌ പേശികള്‍ ഓരോ യന്ത്രകൈയിലുമുണ്ട്‌. ആയാസരഹിതമായി കൃത്രിമകരം ഉപയോഗിക്കാന്‍ ഇത്‌ അവസരമൊരുക്കുന്നു. പരിക്കു പറ്റിയ കൈകള്‍ക്കു പകരം ഉപയോഗിക്കാന്‍ പാകത്തില്‍ രണ്ടുവര്‍ഷത്തിനകം ഈ ഉപകരണം വിപണിയിലെത്തുമെന്ന്‌ ഹരാള്‍ഡ്‌ സ്റ്റാബ്‌ പറഞ്ഞു.


മാന്‍കൊമ്പിന്റെ ശിഖരങ്ങള്‍ നിരീക്ഷിച്ച്‌ ലോഹഭാഗങ്ങള്‍ക്കു മുകളിലൂടെ തൊലി വളര്‍ത്താനുള്ള വിദ്യ ലണ്ടന്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തിയത്‌ കഴിഞ്ഞ വര്‍ഷമാണ്‌. വൈദ്യശാസ്‌ത്രം യുഗങ്ങളായി നേരിട്ട വലിയൊരു പ്രശ്‌നത്തിനാണ്‌ ഇതിലൂടെ അവര്‍ പരിഹാരം കണ്ടത്‌. ശരീരത്തിലെ അസ്ഥികളുമായി കൃത്രിമഭാഗങ്ങള്‍ നേരിട്ടു ഘടിപ്പിക്കാനാകും എന്നാണ്‌ പുതിയ മുന്നേറ്റത്തിന്റെ പ്രത്യേകത.


മുറിഞ്ഞുപോയ കൈക്കു പകരം കൃത്രിമകൈ വെച്ചു പിടിപ്പിമ്പോള്‍ നേരിടുന്ന മുഖ്യപ്രശ്‌നം, ശരീരവും കൃത്രിമഭാഗവും കൂട്ടുചേരുന്നിടത്തുണ്ടാകുന്ന അണുബാധയാണ്‌. എന്നാല്‍, ലോഹവും ശരീരവും ചേരുന്ന ഭാഗം തൊലിവളര്‍ന്നു മൂടിയാല്‍ ഈ പ്രശ്‌നം ഇല്ലാതാകും. മാന്‍കൊമ്പിന്റെ ശിഖരങ്ങളില്‍ എങ്ങനെ തൊലിവളരുന്നു എന്നു പഠിച്ച ഗവേഷകര്‍ക്ക്‌ ഇതിനുള്ള ഉള്‍ക്കാഴ്‌ച ലഭിക്കുകയായിരുന്നു.


കൃത്രിമകൈ ശരീരവുമായി ചേരുന്ന സ്ഥലം കൃത്രിമമാര്‍ഗ്ഗം വഴി മുറുക്കുകയാണ്‌ ഇപ്പോള്‍ ചെയ്യുന്നത്‌. അത്‌ രോഗിക്ക്‌ മിക്കപ്പോഴും അസഹ്യമായ വേദനയ്‌ക്കിടയാക്കും. ഇടയ്‌ക്കിടെ രോഗാണുബാധയും ഉണ്ടാക്കും. അതിനുള്ള ചികിത്സയ്‌ക്കും, കൃത്രിമകരത്തിന്റെ ഭാഗങ്ങള്‍ ശരീരത്തിലുണ്ടാക്കുന്ന സമ്മര്‍ദ്ദം മൂലമുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമൊക്കെയായി നല്ലൊരു തുക ഇടയ്‌ക്കിടെ വേണ്ടി വരും. പുതിയ വിദ്യയിലൂടെ കൃത്രിമകരം ശരീരവുമായി ഘടിപ്പിക്കുമ്പോള്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒഴിവാകും.


പുതിയ മാര്‍ഗ്ഗത്തില്‍ അസ്ഥിയുമായി ലോഹഭാഗങ്ങള്‍ നേരിട്ടു ഘടിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍, കൃത്രിമകൈകളുടെ ചലനസ്വാതന്ത്ര്യവും ഉപയോഗസാധ്യതയും കാര്യമായി വര്‍ധിപ്പിക്കുമെന്നും ഗവേഷകര്‍ പറയുന്നു. സ്വാഭാവികതയും ലഭിക്കും. കൃത്രിമകൈ ചിപ്പുകള്‍ വഴി ശരീരനാഡീവ്യൂഹവുമായി ഘടിപ്പിക്കാന്‍ കഴിഞ്ഞാല്‍, അതിന്റെ ഉപയോഗസാധ്യത പതിന്മടങ്ങ്‌ വര്‍ധിക്കും. അഞ്ചുവര്‍ഷത്തിനുള്ളില്‍ ഇത്തരത്തില്‍ പൂര്‍ണസജ്ജമായ കൃത്രിമകരം നിലവില്‍ വരുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ലണ്ടനിലെ യൂണിവേഴ്‌സിറ്റി കോളേജിന്‌ കീഴിലുള്ള 'സെന്റര്‍ ഫോര്‍ ബയോമെഡിക്കല്‍ എഞ്ചിനിയറിങി'ലെ ഗവേഷകരാണ്‌ പുതിയ വിദ്യ വികസിപ്പിച്ചത്‌.


സാധാരണഗതിയില്‍ തള്ളവിരല്‍ നഷ്ടമായാല്‍ തന്നെ കൈയുടെ 40 ശതമാനം പ്രയോജനവും നഷ്ടമാകും. അപ്പോള്‍ കൈയുടെ മറ്റ്‌ ഭാഗങ്ങള്‍കൂടി നഷ്ടമായവരുടെ കാര്യം പറയേണ്ടതില്ലല്ലോ. യുദ്ധവും അപകടങ്ങളും രോഗങ്ങളും മൂലം കൈ നഷ്ടമായ ലക്ഷങ്ങള്‍ ഭൂമുഖത്തുണ്ട്‌. അമേരിക്കയിലും യൂറോപ്പിലും മാത്രം രണ്ടരലക്ഷം പേരുടെ കൈ വര്‍ഷം തോറും നഷ്ടമാകുന്നു എന്നാണ്‌ കണക്ക്‌. വികസ്വരരാഷ്ട്രങ്ങളില്‍ ഇത്‌ എത്രയോ കൂടുതലാണ്‌. കൈ നഷ്ടമാകുന്നവരില്‍ കുറഞ്ഞത്‌ 30 ശതമാനത്തിനെങ്കിലും പുതിയ മാര്‍ഗ്ഗം അനുഗ്രഹമാകും എന്നാണ്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നത്‌.


പുതാനഗ്രീക്കുകാരുടെ കാലം മുതല്‍ കൃത്രിമകൈ വികസിപ്പിക്കാന്‍ മനുഷ്യന്‍ ശ്രമം തുടങ്ങിയതായി ചരിത്രം പറയുന്നു. വൈദ്യശാസ്‌ത്രത്തിന്റെ ഇതരശാഖകളില്‍ വന്‍മുന്നേറ്റങ്ങള്‍ ഉണ്ടായെങ്കിലും, കൃത്രികൈ, കൃത്രിമകാല്‍ മുതലായവയുടെ നിര്‍മാണത്തില്‍ കാര്യമായ പുരോഗതി സാധ്യമായില്ല. പൊയ്‌ക്കാലും ഹൂക്കും കൊളുത്തുമൊക്കെ ചേര്‍ന്ന്‌ വികലമായ ഒന്നായി അത്‌ തുടര്‍ന്നു. കൃത്രിമകൈകളുടെ ലോഹചട്ടക്കൂടിന്റെ രൂപകല്‍പ്പനയില്‍ ചെറിയ ചില മുന്നേറ്റങ്ങള്‍ ഉണ്ടായി എന്നു മാത്രം. ശരീരവുമായി കൃത്രിമഭാഗങ്ങളെ നേരിട്ട്‌ ഘടിപ്പിക്കാന്‍ കഴിയില്ല എന്നത്‌ വലിയ പ്രശ്‌നാമായി തുടര്‍ന്നു. ആ പ്രശ്‌നത്തിനാണ്‌ പുതിയ കണ്ടുപിടുത്തം പരിഹാരമാകുന്നത്‌.


കൃത്രിമകൈ നിര്‍മാണത്തില്‍ മറ്റ്‌ ചില സാങ്കേതിക മുന്നേറ്റങ്ങളും അടുത്തയിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സ്‌പര്‍ശനവും ചൂടും തണുപ്പും പേശികളുടെ ചലനവുമൊക്കെ അനുഭവിക്കാന്‍ കഴിയുന്ന കൃത്രിമകരങ്ങളാകാം സമീപഭാവിയില്‍ രംഗത്തെത്താന്‍ പോകുന്നത്‌. സ്വാഭാവിക ചലനം സാധ്യമാകത്തക്കവിധം, കൈയില്‍ അവശേഷിച്ച പേശികളുടെ ചലനഗതി തിരിച്ചറിഞ്ഞു പ്രതികരിക്കാന്‍ സഹായിക്കുന്ന സെന്‍സറുകള്‍ ഘടിപ്പിച്ച കൃത്രിമകരം അടുത്തയിടെയാണ്‌ വില്ല്യം ക്രേലിയസ്‌ എന്ന അമേരിക്കന്‍ ഗവേഷകന്‍ വികസിപ്പിച്ചത്‌. ന്യൂ ജഴ്‌സിയില്‍ റുട്ട്‌ഗേഴ്‌സ്‌ സര്‍വകലാശാലയിലെ ഗവേഷകനായ ക്രേലിയസ്‌ വികസിപ്പിച്ച ആ കൃത്രിമകരത്തിന്‌ 'ഡെക്ട്രാകരം' എന്നാണ്‌ പേര്‌.(അവലംബം: ടെക്‌നോളജി റിവ്യു, ദി ടൈംസ്‌, മാതൃഭൂമി)

Saturday, July 14, 2007

വിദൂരഗ്രഹത്തില്‍ ജലബാഷ്‌പം

സൗരയൂഥത്തിന്‌ വെളിയില്‍ ഒരു ഗ്രഹത്തില്‍ കൂടി ജലസാന്നിധ്യം കണ്ടെത്തിയിരിക്കുന്നു. മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണത്തിന്റെ തുടക്കം ജലത്തില്‍ നിന്നാണ്‌ ആരംഭിക്കേണ്ടതെന്ന്‌ ശാസ്‌ത്രലോകം കരുതുന്നു. ആ നിലയ്‌ക്ക്‌ പ്രാധാന്യമുള്ള കണ്ടെത്തലാണിത്‌

ഭൂമിയിലല്ലാതെ മറ്റെവിടെയെങ്കിലും ജീവനുണ്ടോ എന്ന അന്വേഷണം തുടങ്ങുക ജലത്തിന്റെ സാന്നിധ്യത്തില്‍ നിന്നാകണമെന്ന്‌ ഗവേഷകലോകം കരുതുന്നു. വിദൂരഗ്രഹങ്ങളില്‍ ജീവന്റെ മുദ്ര തേടുന്ന ഗവേഷകര്‍ ആദ്യം തേടുന്നത്‌ ജലസാന്നിധ്യം തന്നെയാണ്‌. ജീവന്‍ നിലനില്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഇല്ലെങ്കില്‍ പോലും, ഒരു ഗ്രഹത്തില്‍ ജലത്തിന്റെ സാന്നിധ്യമുണ്ടെന്നു കണ്ടാല്‍ കൗതുകമുണരും. ജലസാന്നിധ്യമുള്ള ഒരു ഗ്രഹത്തില്‍ ഒരുപക്ഷേ, ഏതെങ്കിലും രൂപത്തില്‍ ജീവന്‍ നിലനില്‍ക്കുന്നുണ്ടാവില്ലേ!

പുതിയ ലക്കം 'നേച്ചര്‍' വാരികയില്‍ വന്ന ഗവേഷണ റിപ്പോര്‍ട്ടിന്റെ പ്രാധാന്യവും ഈ അര്‍ത്ഥത്തില്‍ വേണം കാണാന്‍. സൂര്യനില്‍ നിന്ന്‌ 64 പ്രകാശവര്‍ഷം (ഒരു പ്രകാശവര്‍ഷം= ഏതാണ്ട്‌ പത്തുലക്ഷം കോടി കിലോമീറ്റര്‍) അകലെ ഒരു നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തില്‍ ജലബാഷ്‌പത്തിന്റെ സാന്നിധ്യം ഗവേഷകര്‍ക്ക്‌ തിരിച്ചറിയാന്‍ കഴിഞ്ഞു എന്നാണ്‌ റിപ്പോര്‍ട്ട്‌. നക്ഷത്രത്തിന്‌ നല്‍കിയിട്ടുള്ള പേര്‌ 'HD 189733b' എന്നാണ്‌.

യൂണിവേഴ്‌സിറ്റി കോളേജ്‌ ലണ്ടനിലെ ജിയോവാന്നി ടിനെറ്റിയും സംഘവും 'നാസ'യുടെ സ്‌പിറ്റ്‌സര്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ ഉപയോഗിച്ചാണ്‌ ആ നക്ഷത്രത്തെ ചുറ്റുന്ന ഗ്രഹത്തെ നിരീക്ഷിച്ചത്‌. നക്ഷത്രത്തിന്‌ മുന്നിലൂടെ ഗ്രഹം കടന്നു പോകുമ്പോള്‍ (സംതരണ വേളയില്‍) നക്ഷത്രത്തിന്റെ പ്രകാശത്തിലുണ്ടാകുന്ന വ്യതിയാനം കണക്കാക്കിയായിരുന്നു നിരീക്ഷണം. വ്യാഴത്തെപ്പോലുള്ള ഒരു വാതകഭീമനാണ്‌ ആ വിദൂരഗ്രഹമെന്ന്‌ ഗവേഷകര്‍ കണ്ടു. പകല്‍ ഗ്രഹപ്രതലത്തില്‍ 930 ഡിഗ്രി സെല്‍സിയസും രാത്രിയില്‍ 427 ഡിഗ്രിയുമാണ്‌ താപനില. 'ചൂടന്‍ വ്യാഴം' ('hot Jupiter) എന്ന ഗ്രണത്തില്‍ പെടുന്ന ഗ്രഹമാണത്‌.

മാതൃനക്ഷത്രത്തിന്‌ വളരെ അടുത്താണ്‌ അതിന്റെ സ്ഥാനം. വെറും 2.2 ദിവസംകൊണ്ട്‌ അത്‌ നക്ഷത്രത്തെ വലംവെക്കുന്നു. ഗ്രഹം ഭൂമിക്ക്‌ അഭിമുഖമായി നക്ഷത്രത്തിന്‌ മുന്നിലെത്തുമ്പോള്‍, നക്ഷത്രത്തില്‍ നിന്നുള്ള വര്‍ണരാജിയില്‍ (spectra) ഇന്‍ഫ്രാറെഡ്‌ കിരണങ്ങളില്‍ ചെറിയൊരു ഭാഗം ഗ്രഹാന്തരീക്ഷത്താല്‍ ആഗിരണം ചെയ്യപ്പെടുന്നതായി ഗവേഷകര്‍ കണ്ടു. അവിടെ ജലബാഷ്‌പമുണ്ടെങ്കില്‍ മാത്രമേ, ആ പ്രത്യേക തരംഗദൈര്‍ഘ്യമുള്ള കിരണങ്ങള്‍ ആഗിരണം ചെയ്യപ്പെടൂ. അങ്ങനെയാണ്‌ ആ വാതകഭീമന്റെ അന്തരീക്ഷത്തില്‍ ജലമുണ്ടെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌. പക്ഷേ, ഗ്രഹത്തിന്റെ സ്വഭാവം അനുസരിച്ച്‌ അവിടെ ജീവനുണ്ടാകാന്‍ ഒരു സാധ്യതയുമില്ല.

സൗരയൂഥത്തിന്‍ വെളിയിലൊരു ഗ്രഹത്തില്‍ ജലസാന്നിധ്യം കണ്ടെത്തുന്നത്‌ ഇത്‌ രണ്ടാം തവണയാണ്‌. ഭൂമിയില്‍ നിന്ന്‌ 150 പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഒരു നക്ഷത്രത്തെ ചുറ്റുന്ന ഭീമന്‍ ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ നീരാവിയുടെയോ ബാഷ്‌പത്തിന്റെയോ രൂപത്തില്‍ ജലമുള്ളതായി കണ്ടെത്തിയ കാര്യം മുമ്പ്‌ ലോകമറിഞ്ഞിരുന്നു. 'പെഗാസസ്‌'(Pegases) ഗണത്തില്‍ സ്ഥിതിചെയ്യുന്ന നക്ഷത്രത്തിന്റെ ഗ്രഹത്തിലാണ്‌ ജലാംശമുള്ളതായി അന്ന്‌ തെളിവ്‌ ലഭിച്ചത്‌.

ഹബ്ബിള്‍ സ്‌പേസ്‌ ടെലസ്‌കോപ്പിന്റെ സഹായത്തോടെ, അമേരിക്കയില്‍ ഫ്‌ളാഗ്‌സ്റ്റാഫിലുള്ള ലോവല്‍ ഒബ്‌സര്‍വേറ്ററിയിലെ ട്രാവിസ്‌ ബാര്‍മാനാണ്‌, ആ വിദൂരഗ്രഹത്തില്‍ ജലസാന്നിധ്യം തിരിച്ചറിഞ്ഞത്‌. വ്യാഴത്തിന്റെ അത്ര വലിപ്പമുള്ള വാതകഭീമനാണ്‌ ആ ഗ്രഹവും. 'അസ്‌ട്രോഫിസിക്കല്‍ ജേര്‍ണല്‍' പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ കഴിഞ്ഞ ഏപ്രില്‍ 11-നാണ്‌ പുറത്തു വന്നത്‌. എന്നാല്‍, ആ ഗ്രഹത്തിലും ജീവനുണ്ടാകാന്‍ ഒരു സാധ്യതയുമില്ലെന്നാണ്‌ ഗവേഷക മതം.

അതേസമയം, ഭൂമിയോട്‌ സാമ്യമുള്ള ഒരു ഗ്രഹം സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തിയ കാര്യം അടുത്തയിടെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ജീവനുണ്ടാകാന്‍ മികച്ച സാധ്യതയുണ്ടെന്നു കരുതുന്ന ആ ഗ്രഹം ഭൂമിയില്‍ നിന്ന്‌ 20.5 പ്രകാശവര്‍ഷം അകലെയാണ്‌ സ്ഥിതിചെയ്യുന്നത്‌. 'സൂപ്പര്‍ ഭൂമി'(Super-Earth)യെന്നു വിശേഷിപ്പിക്കപ്പെടുന്ന ആ ഗ്രഹത്തിന്‌ ഭൂമിയേക്കാള്‍ അഞ്ചിരട്ടി പിണ്ഡമുണ്ട്‌. വ്യാസം ഭൂമിയുടേതിന്‌ ഒന്നര മടങ്ങ്‌ അധികം. സൗരയൂഥത്തന്‌ വെളിയില്‍ ഇതുവരെ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും ചെറിയ ഗ്രഹമാണത്‌. ഏപ്രില്‍ 25-നാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടത്‌.

ആ 'സൂപ്പര്‍ഭൂമി'യുടെ താപനില പൂജ്യത്തിനും 40 ഡിഗ്രി സെല്‍സിയസിനും മധ്യേയാണ്‌. ഭൂമിയെപ്പോലെ പാറകള്‍ നിറഞ്ഞതാകാനും അവിടെ ജലം കാണപ്പെടാനും സാധ്യതയുണ്ടെന്ന്‌ ഗവേഷകര്‍ വിലയിരുത്തുന്നു. എങ്കില്‍, ജീവന്‍ ഉണ്ടാകാനും സാധ്യതയില്ലേ! സൗരയൂഥത്തിന്‌ വെളിയില്‍ ഇതുവരെ കണ്ടെത്തിയ ഇരുന്നൂറിലേറെ ഗ്രഹങ്ങളില്‍ ഏറ്റവും പ്രാധാന്യമുള്ളതായി 'സൂപ്പര്‍ഭൂമി' വിലയിരുത്തപ്പെട്ടു. ലിബ്ര (Libra) നക്ഷത്രഗണത്തില്‍ 'ഗ്ലീസ്‌ 581' (Gliese 581) എന്ന നക്ഷത്രത്തെയാണ്‌ അത്‌ ചുറ്റുന്നത്‌. സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ സര്‍വകലാശാലയിലെ സ്റ്റിഫാന്‍ യുഡ്രിയുടെ നേതൃത്വത്തിലുള്ള സംഘം, ചിലിയില്‍ അറ്റകാമ മരുഭൂമിയില്‍ സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ സതേണ്‍ ഒബ്‌സര്‍വേറ്ററിയില്‍ നടത്തിയ നിരീക്ഷണത്തിലാണ്‌ 'സൂപ്പര്‍ഭൂമി' കണ്ടെത്തിയത്‌.

Monday, July 09, 2007

ഹോമിയോപ്പതി-വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌

'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ ഹോമിയോപ്പതിയെപ്പറ്റി രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ച ലേഖനം ചര്‍ച്ച ചെയ്യാനും അതെക്കുറിച്ച്‌ പ്രതികരിക്കാനും സമയവും മനസും കണ്ടെത്തിയ എല്ലാവരോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. എന്റെ ഭാഗത്തു നിന്ന്‌ പ്രതികരണമുണ്ടായില്ല എന്നത്‌ ഒരു പോരായ്‌മയായി തോന്നാം. അതിനാല്‍, പ്രതികരിച്ച എല്ലാവരുടെയും വാക്കുകളും വാദഗതികളും അംഗീകരിച്ചു കൊണ്ട്‌, എന്റെ പ്രതികരണം ഈ പോസ്‌റ്റായി ഇവിടെ പ്രസിദ്ധീകരിക്കുന്നു. ഇത്‌ ആര്‍ക്കെങ്കിലുമുള്ള മറുപടിയല്ല. അങ്ങനെ ഉദ്ദേശിച്ചിട്ടില്ല. ഹോമിയോയെക്കുറിച്ച്‌ ഉയരാറുള്ള പതിവു വാദഗതികള്‍ എത്ര ശരിയാണെന്ന്‌ ചില അനുഭവങ്ങളുടെ വെളിച്ചത്തിലുള്ള പരിശോധന മാത്രം.

-ആദ്യമേ സൂചിപ്പിക്കട്ടെ, ഞാനെഴുതിയത്‌ ഹോമിയോപ്പതിയെന്ന ചികിത്സാസമ്പ്രദായത്തിന്റെ പൊള്ളത്തരത്തെക്കുറിച്ചാണ്‌. അല്ലാതെ ആയുര്‍വേദത്തെയും മറ്റ്‌ സമാന്തര ചികിത്സാരീതികളെയും കുറിച്ചല്ല; അവയുടെ കാര്യത്തിലും വിരുദ്ധ വാദഗതികള്‍ ഉണ്ടാകാമെങ്കിലും. ഹോമിയോ എത്ര ഫലപ്രദമാണ്‌. സാമാന്യയുക്തിക്കു പോലും നിരക്കാത്ത അതിന്റെ പിന്നാലെ സാധാരണക്കാര്‍ എന്തുകൊണ്ട്‌ പോകുന്നു. എത്രവലിയ തട്ടിപ്പാണ്‌ ഈ ചികിത്സാരീതിക്കു പിന്നിലുള്ളതെന്ന്‌ ബോധമുള്ള എത്ര ശതമാനം പേര്‍ നമ്മുക്കിടിയിലുണ്ടാകും എന്നൊക്കെയുള്ള സംഗതികള്‍ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല എന്നു തോന്നുന്നു.

ഹോമിയോ ചികിത്സയെ ആശ്രയിക്കുന്ന ഒട്ടേറെപ്പേരെ എനിക്ക്‌ നേരിട്ടറിയാം. മുഖക്കുരു മുതല്‍ ഗര്‍ഭാശയമുഴയ്‌ക്കു വരെ ഹോമിയോ മരുന്നു കഴിക്കുന്നവര്‍ അതില്‍ പെടുന്നു. സൈനസൈറ്റിസ്‌, ആസ്‌ത്മ തുടങ്ങി എത്രയോ രോഗങ്ങള്‍ ഹോമിയോപ്പതി മൂലം ചികിത്സിച്ചു ഭേദമായതിന്റെ സാക്ഷ്യങ്ങള്‍ സുലഭം. ഈ മാതിരി സാക്ഷ്യങ്ങള്‍ കേട്ട്‌ പലരും ശുപാര്‍ശ ചെയ്യും; 'കുട്ടികള്‍ക്ക്‌ ഹോമിയോപ്പതിയാണ്‌ എപ്പോഴും നല്ലത്‌. അലോപ്പതിയില്‍ പോയി വെറുതെയെന്തിന്‌ ആന്റിബയോട്ടിക്ക്‌ നല്‍കി കുഴപ്പത്തില്‍ ചാടുന്നു". അല്ലെങ്കില്‍, "സൈനസൈറ്റിസോ, അതിന്‌ ഹോമിയോപ്പതിയിലേ മരുന്നുള്ളൂ". "സര്‍ജറിയല്ലേ മോഡേണ്‍ മെഡിസിനിലെ അവസാന ആശ്രയം, ഹോമിയോയുടെ കാര്യം അതല്ല."

ഈ അഭിപ്രായം പറഞ്ഞവരോട്‌ ചോദിച്ചുനോക്കൂ, എന്തുകൊണ്ട്‌ അവര്‍ ഇങ്ങനെയൊരു അഭിപ്രായപ്പെട്ടുവെന്ന്‌. കൃത്യമായി മറുപടി കിട്ടണമെന്നില്ല. "എനിക്ക്‌ അനുഭവമുള്ളതാണ്‌", അല്ലെങ്കില്‍, "ചേച്ചിയുടെ കുടുംബത്തിലെല്ലാവരും ഹോമിയോയാണ്‌ ചികിത്സിക്കുന്നത്‌", "അപ്പുറത്തെ വീട്ടിലെ സാറ്‌ പറഞ്ഞല്ലോ ഹോമിയോപ്പതിയാണ്‌ നല്ലതെന്ന്‌", "ഇന്ന മാസികയില്‍ വായിച്ചല്ലോ ഇതിന്‌ ഹോമിയോ ഫലപ്രദമാണെന്ന്‌"- ഇമ്മാതിരി മറുപടികളാവും കിട്ടുക. കാന്തക്കിടക്ക, കോണി ബയോ തുടങ്ങിയ മോഹചികിത്സകളുടെ കാര്യത്തിലും ഇത്തരം മറുപടികളാണ്‌ സാധാരണഗതിയില്‍ ലഭിക്കുകയെന്നത്‌ കൗതുകമുണര്‍ത്തുന്നു.

ഈ കുറിപ്പ്‌ തയ്യാറാക്കുന്ന വേളയിലുണ്ടായ ഒരു സംഭവം വിവരിക്കട്ടെ. കഴിഞ്ഞ വെള്ളിയാഴ്‌ച (ജൂലായ്‌ 6) വൈകുന്നേരം കോഴിക്കോട്‌ നഗരപരിസരത്ത്‌ ഒരു വനിതാ ഹോമിയോ ഡോക്ടറുടെ ഒരു വയസ്സു തികയാത്ത കുഞ്ഞിന്‌ പനി കലശലായി. മൂന്നുനാലു ദിവസം മുമ്പ്‌ തുടങ്ങിയതാണ്‌ അസുഖം. ഹോമിയോമരുന്നു നല്‍കി വരികയായിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെ പനി കടുത്തു, ജന്നിയിളകുന്ന ഘട്ടത്തിലെത്തി. ആ സമയത്താണ്‌ ഹോമിയോ ഡോക്ടറുടെ ബന്ധുവായ ജേര്‍ണലിസം വിദ്യര്‍ത്ഥി അവിടെ എത്തുന്നത്‌. രാത്രി ഒന്‍പതു മണിയായിക്കാണും. കുഞ്ഞിന്റെ അവസ്ഥ കണ്ട്‌ പന്തികേടു തോന്നിയ വിദ്യാര്‍ത്ഥി ഡോക്ടറോട്‌ കുഞ്ഞിന്റെ പനി കുറയ്‌ക്കാന്‍ എന്തെങ്കിലും അടിയന്തരമായി ചെയ്യാന്‍ ആവശ്യപ്പെട്ടു.

"കുഞ്ഞ്‌ പനി മൂത്ത്‌ ഞെരിപിരി കൊള്ളുകയായിരുന്നു, ഓര്‍ക്കുമ്പോള്‍ ഇപ്പോഴും എന്റെ ശരീരത്തിന്റെ വിറ മാറുന്നില്ല"-ഇക്കാര്യം പിറ്റേന്ന്‌ എന്നോടു വിവരിക്കുമ്പോള്‍ ആ വിദ്യാര്‍ത്ഥിയുടെ മുഖത്തെ സംഭ്രമം എനിക്ക്‌ നേരിട്ടറിയാനായി. ഡോക്ടര്‍ക്കും അറിയാം കുഞ്ഞിന്റെ അവസ്ഥ വഷളായിക്കൊണ്ടിരിക്കുകയാണെന്ന്‌. "പക്ഷേ, ഹോമിയോ ഡോക്ടറായ ഞാനെങ്ങനെ മെഡിക്കല്‍ സ്‌റ്റോറില്‍ പോയി പാരസെറ്റാമോള്‍ സിറപ്പ്‌ വാങ്ങും"-അവര്‍ നിസ്സഹായതയോടെ ചോദിച്ചു. ഒടുവില്‍ ആ വിദ്യാര്‍ത്ഥി തന്നെ ബൈക്കില്‍ പോയി മരുന്നു വാങ്ങിക്കൊണ്ടുവന്നു. കുഞ്ഞിന്‌ മരുന്നു നല്‍കി തണുത്ത വെള്ളം കൊണ്ട്‌ ശരീരമൊക്കെ തുടര്‍ച്ചയായി തുടച്ച്‌ ഒടുവില്‍ രാവിലെയായപ്പോഴേക്കും പനിക്ക്‌ ശമനമായി.

ആ ഡോക്ടറെ ഹോമിയോപ്പതി പഠിപ്പിക്കാന്‍ അയച്ച രക്ഷിതാക്കള്‍ ഒരിക്കലെങ്കിലും സങ്കല്‍പ്പിച്ചിട്ടുണ്ടാവുമോ തങ്ങളുടെ മകള്‍ക്ക്‌ ഇത്തരമൊരു സങ്കടാവസ്ഥ ഉണ്ടാകുമെന്ന്‌. ഡോക്ടറാകാന്‍ അയയ്‌ക്കുക എന്നത്‌ അന്തസ്സായല്ലേ എല്ലാവരും കാണുന്നത്‌; അതിന്‌ ഹോമിയോ ഡോക്ടറായാല്‍ എന്ത്‌ അല്ലേ. പനിക്ക്‌ ചികിത്സയ്‌ക്കു ചെല്ലുമ്പോള്‍, പനി വര്‍ധിച്ചാല്‍ പാരസെറ്റാമോള്‍ കഴിച്ചോളൂ എന്ന്‌ ഉപദേശിക്കുന്ന ഹോമിയോപ്പതി ഡോക്ടര്‍മാര്‍ വിരളമല്ല. അവരുടെ ആ നിസ്സഹായവസ്ഥയ്‌ക്ക്‌ ആരാണ്‌ ഉത്തരവാദി. രണ്ടു വര്‍ഷം മുമ്പ്‌ ഹോമിയോപ്പതി വിവാദത്തെക്കുറിച്ച്‌ 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ ഒരു ലേഖനമെഴുതിയപ്പോള്‍, ഹോമിയോരംഗത്തുള്ള ഒട്ടേറെപ്പേര്‍ അതിനെതിരെ പ്രതികരിക്കാന്‍ രംഗത്തെത്തിയിരുന്നു. പലരും എന്നെ ശപിച്ചു. ചിലര്‍ പ്രാകി. (മലയാളം ബ്ലോഗര്‍മാരായി അധികം ഹോമിയോ വിദഗ്‌ധര്‍ ഇതുവരെ എത്താത്തത്‌ എന്റെ ഭാഗ്യം. അല്ലെങ്കില്‍ ഓണ്‍ലൈന്‍ ശാപങ്ങളും ഏല്‍ക്കേണ്ടി വരുമായിരുന്നു).

അത്തരം പ്രതികരണത്തിനിടയില്‍ ഇടുക്കി സ്വദേശിയായ ഒരു ഹോമിയോ ഡോക്ടര്‍ എഴുതിയ കത്ത്‌ വ്യത്യസ്‌തമായിരുന്നു. താന്‍ ട്രെയിന്‍ ടിക്കറ്റ്‌ ബുക്ക്‌ ചെയ്യുമ്പോള്‍ അപേക്ഷാഫോറത്തില്‍ 'ഡോക്ടര്‍' എന്ന്‌ വെയ്‌ക്കാറില്ല എന്നാണ്‌ അദ്ദേഹം തുറന്നെഴുതിയത്‌. കാരണം, ട്രെയിനില്‍ വെച്ച്‌ ഏതെങ്കിലും യാത്രക്കാരന്‌ നെഞ്ചുവേദനയോ ഹൃദയസ്‌തംഭനമോ വന്നാല്‍ തന്റെ പക്കല്‍ അതിന്‌ പരിഹാരമൊന്നുമില്ല- ആ ഡോക്ടര്‍ എഴുതി. ഈ നിസ്സഹായാവസ്ഥ സൃഷ്ടിക്കുന്നതില്‍ ഹോമിയോ കോളേജുകള്‍ തുടങ്ങുന്നവര്‍ക്കും ഇതൊരു ചികിത്സാ സമ്പ്രദായമായി അംഗീകരിച്ച്‌ കൊണ്ടുനടക്കുന്ന സര്‍ക്കാരിനുമൊക്കെ പങ്കില്ലേ. പണ്ട്‌ കൊല്‍ക്കത്തയില്‍ നിന്ന്‌ മൂന്നാഴ്‌ച കൊണ്ട്‌ തപ്പാല്‍ വഴി പഠിക്കാന്‍ കഴിഞ്ഞിരുന്ന ഈ ചികിത്സയെ ഔദ്യോഗികമാക്കി മാറ്റിയവര്‍ക്ക്‌ ഇതെപ്പറ്റി എത്ര ധാരണയുണ്ടായിരുന്നിരിക്കണം.

ജനങ്ങള്‍ക്കെല്ലാം ഹോമിയോ ചികിത്സയെപ്പറ്റി ശരിയായ ധാരണയുണ്ടെന്ന വാദവും പരിശോധിക്കേണ്ടതുണ്ട്‌. ഒരു മാസമായിക്കാണും, രാത്രി ഡ്യൂട്ടി കഴിഞ്ഞെത്തിയ എന്നോട്‌ ഭാര്യ വളരെ രോക്ഷത്തോടെ ഒരു സംഭവം വിവരിച്ചു. തൊട്ടുമുകളിലെ ഫ്‌ളാറ്റിലെ ഒരു വയസ്സുകാരന്‍ വിഷ്‌ണുദാസിന്‌ ഒരാഴ്‌ചയായി പനിയും വയറിളക്കവുമാണ്‌. "ഇതറിഞ്ഞു കുഞ്ഞിനെ കാണാന്‍ ചെന്ന ഞാന്‍ നടുങ്ങിപ്പോയി"-ഭാര്യ പറഞ്ഞു. തീപോലെ പനിക്കുകയാണ്‌ കുഞ്ഞിന്‌. തെര്‍മോമീറ്റര്‍ വെച്ചു നോക്കിയപ്പോള്‍ 102 ഡിഗ്രിക്ക്‌ മുകളില്‍ ശരീരതാപനില. കുഴപ്പമില്ല, ഹോമിയോമരുന്ന്‌ കൊടുക്കുന്നുണ്ട്‌ എന്നായിരുന്നു, വിഷ്‌ണുദാസിന്റെ അമ്മയുടെ അല്‍പ്പവും ആശങ്കയില്ലാത്ത മറുപടി. കുഞ്ഞിന്‌ ഹോമിയോ ചികിത്സ മതിയെന്ന്‌ നിര്‍ദ്ദേശിച്ച അവളുടെ നാത്തൂന്‍ പറഞ്ഞത്രേ, മരുന്നു കൊടുക്കുന്നുണ്ടല്ലോ കുറഞ്ഞോളും എന്ന്‌.

ഒരാഴ്‌ചയായി മരുന്നു തുടര്‍ന്നിട്ടും കുഞ്ഞിന്റെ രോഗം വഷളാകുന്നതിനെപ്പറ്റി ആ ചെറുപ്പക്കാരിയായ അമ്മയ്‌ക്ക്‌ അല്‍പ്പവും വേവലാതിയില്ല എന്നതാണ്‌ എന്റെ ഭാര്യയെ കുപിതയാക്കിയത്‌."കുഞ്ഞ്‌ വാടി തളര്‍ന്നിരുന്നു. എനിക്ക്‌ സങ്കടം തോന്നി"-ഭാര്യ എന്നോടു പറഞ്ഞു. " ഇവരുടെ വിവരക്കേടിന്‌ ആ കുഞ്ഞ്‌ എന്തുപിഴച്ചു. ഒരാഴ്‌ചയായി അവര്‍ ആ കുഞ്ഞിനെ കഷ്ടപ്പെടുത്തുകയല്ലേ". ഏതായാലും, കുഞ്ഞിന്റെ സ്ഥിതി അപകടാവസ്ഥയിലേക്ക്‌ എത്തുകയാണെന്നും, ഉടന്‍ നല്ലൊരു പീഡിയാട്രീഷ്യനെ കാട്ടണമെന്നും ആ അമ്മയെ പറഞ്ഞു മനസിലാക്കാന്‍ കഴിഞ്ഞു. വിഷ്‌ണുദാസിന്റെ അമ്മ ഭര്‍ത്താവിനെ ഫോണ്‍ചെയ്‌ത്‌ വരുത്തി കുഞ്ഞിനെ ഡോക്ടറുടെ അടുത്തു കൊണ്ടുപോയി. ഹോമിയോമരുന്നു കൊണ്ട്‌ കുഞ്ഞിന്റെ വയറിളക്കവും പനിയും മാറും എന്ന്‌ ആ യുവദമ്പതികള്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിരിക്കുകയായുന്നു. കുഞ്ഞാണെങ്കില്‍ നിര്‍ജലീകരണവും (ഡീഹൈഡ്രേഷനും) വയറിലെ അണുബാധയും കൊണ്ട്‌ കൂടുതല്‍ അവശനാവുകയും. കുഞ്ഞുങ്ങള്‍ക്ക്‌ ഹോമിയോ ചികിത്സ ഫലിക്കുന്നത്‌ പ്ലാസിബോ ഇഫക്ട്‌ കൊണ്ടാവില്ലല്ലോ എന്ന സ്ഥിരം വാദം ഈ സംഭവം കേട്ടപ്പോള്‍ ഞാനോര്‍ത്തു.

ഞങ്ങളുടെ അയല്‍വക്കത്ത്‌ താമസിച്ചിരുന്ന രണ്ട്‌ മധ്യവയസ്‌ക്കരായ സ്‌ത്രീകളുടെ ഉദാഹരണം കൂടി പറയാം. ഒരാള്‍ കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ ചീഫ്‌ പ്രൂഫ്‌ റീഡറായി വിരമിച്ചയാളുടെ ഭാര്യ. രണ്ടാമത്തെയാള്‍ ഒരു മലയാളം വര്‍ത്താചാനലിലെ റിപ്പോര്‍ട്ടറുടെ ചെറിയമ്മ. രണ്ടുപേരുടെയും പ്രശ്‌നം ഗര്‍ഭാശയ മുഴയായിരുന്നു. ആദ്യ സ്‌ത്രീ ഹോമിയോപ്പതിയും കൂടെ റെയ്‌ക്കിയും പ്രയോഗിച്ചു രോഗശമനത്തിന്‌ ശ്രമിച്ചു. അല്‍പ്പമൊക്കെ പൊതുപ്രവര്‍ത്തനവും പൊതുജന സമ്പര്‍ക്കവുമുണ്ടായിരുന്ന ആ സ്‌ത്രീ ആ ബാഹ്യലോകത്തുനിന്ന്‌ തീര്‍ത്തും അകന്നു. കഠിനമായ വേദന അവര്‍ക്കു സഹിക്കാനാവുന്നില്ല, രക്തസ്രവവുമുണ്ട്‌ എന്ന്‌ അവരെ കണ്ട സുഹൃത്തുക്കള്‍ പറഞ്ഞു. ആറു മാസം കഴിഞ്ഞപ്പോള്‍ ചികിത്സിച്ചുകൊണ്ടിരുന്ന ഹോമിയോ ഡോക്ടര്‍ ഉപദേശിച്ചു, ഒരു ഗൈനക്കോളജിസ്‌റ്റിനെ കാണാന്‍. അങ്ങനെ ഗൈനക്കോളജിസ്‌റ്റിനെ കണ്ടു, ശസ്‌ത്രക്രിയ വഴി ഗര്‍ഭാശയം നീക്കംചെയ്‌തു. ഇപ്പോള്‍ കുറെയൊക്കെ പഴയ നിലയിലേക്ക്‌ അവര്‍ എത്തിക്കഴിഞ്ഞു.

രണ്ടാമത്തെ സ്‌ത്രീയുടെ കാര്യം കുറച്ചുകൂടി അടുത്തറിയാം. കാരണം അവര്‍ ഞങ്ങളുടെ തൊട്ട്‌ അയല്‍വാസിയായിരുന്നു. പല ദിവസങ്ങളിലും ആ ചേച്ചി വേദനകൊണ്ട്‌ പുളയുന്നതു കണ്ട്‌ കണ്ണുനിറഞ്ഞെത്തുന്ന എന്റെ ഭാര്യയില്‍ നിന്ന്‌ ഒന്നും പറയാതെ തന്നെ കാര്യങ്ങള്‍ എനിക്കു ഊഹിക്കാന്‍ കഴിഞ്ഞിരുന്നു. ഹോമിയോചികിത്സയാണ്‌ അവര്‍ നടത്തുന്നത്‌. ഇത്രയും പ്രായവും വിവരമുള്ള സ്‌ത്രീയല്ലേ, അവരെ നമ്മള്‍ എങ്ങനെ ഉപദേശിക്കും, ഭാര്യ എന്നോട്‌ ചോദിക്കുമായിരുന്നു. എതായാലും അഞ്ചുമാസക്കാലം ആ സ്‌ത്രീ കഠിനവേദന തിന്നു. അത്രയുമായപ്പോള്‍ അവരെ ചികിത്സിച്ചിരുന്ന ഹോമിയോ ഡോക്ടര്‍ പറഞ്ഞു, ഒരു ഗൈനക്കോളജസ്‌റ്റിനെ കാണാന്‍. ആദ്യ സ്‌ത്രീയുടെ അനുഭവത്തിന്റെ തനിയാവര്‍ത്തനം. സര്‍ജറി കഴിഞ്ഞ്‌ സുഖം പ്രാപിച്ച്‌ തിരികെയെത്തിയ അവര്‍ അധിക കാലം കോഴിക്കോട്ട്‌ ഉണ്ടായിരുന്നില്ല. തിരികെ നാട്ടിലേക്ക്‌ തന്നെ പോയി.

ആ സ്‌ത്രീകള്‍ മാസങ്ങളോളം അനുഭവിച്ച വേദന ഏത്‌ കണക്കില്‍ പെടുത്തും. രണ്ടുപേരും കാര്യവിവരമുള്ള സ്‌ത്രീകള്‍. പക്ഷേ, ഹോമിയോമരുന്നു കൊണ്ട്‌ എന്തു ഫലം ഉണ്ടാകും എന്നുമാത്രം അവര്‍ക്ക്‌ അറിയില്ലായിരുന്നു. ഒരു വിശ്വാസത്തിന്റെ പുറത്ത്‌ ആത്മാര്‍ത്ഥമായി ആ ചികിത്സയെ അവര്‍ സ്വീകരിക്കുകയായിരുന്നു. കഠിനമായ വേദന അവര്‍ അനുഭവിക്കുന്നത്‌ അറിഞ്ഞുകൊണ്ട്‌ അവരെ വഞ്ചിക്കുകയല്ലായിരുന്നോ, ആ ഡോക്ടര്‍മാര്‍. ഇതല്ലേ പച്ചയായ ക്രൂരത. ഈ ക്രൂരതയ്‌ക്ക്‌ ആര്‌ സമാധാനം പറയും. സമാന്യവത്‌ക്കരിക്കുകയാണെന്നു തോന്നാം. എന്റെ തൊട്ടടുത്ത്‌ ഇത്രയും അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ കേരളത്തിലാകമാനം എത്രമാത്രം പേര്‍ ഹോമിയോയില്‍ വിശ്വസിച്ച്‌ ഇതുപോലെ ക്രൂരതയ്‌ക്ക്‌ ഇരയാവുന്നുണ്ടാകാം.കുഞ്ഞുങ്ങളെ വിധിക്കു വിടുന്നുണ്ടാകും. ഒരു പത്രവും ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യില്ല. ഒരു ചാനലും ഈ വേദന ദൃശ്യവത്‌ക്കരിക്കില്ല. ഹോമിയോയുടെ അപദാനങ്ങള്‍ മാത്രമേ മാധ്യമങ്ങള്‍ കേള്‍ക്കൂ. അല്ലെങ്കില്‍ എടുത്താല്‍ പൊന്താത്ത അവകാശവാദങ്ങള്‍. ബ്ലോഗിന്റെ സാധ്യത ഒന്നുകൊണ്ടു മാത്രമാണ്‌ എന്നെപ്പോലൊരാള്‍ക്ക്‌ ഇക്കാര്യങ്ങള്‍ ആരെങ്കിലുമായി പങ്കുവെക്കാന്‍ കഴിയുന്നത്‌ എന്നും പറയട്ടെ.

നീണ്ടുപോകുന്ന ഈ കുറിപ്പ്‌ ഒരു അനുഭവം കൂടി എഴുതി അവസാനിപ്പിക്കാം. ഇത്‌ എന്റെ ഉറ്റ സുഹൃത്തായ പത്രപ്രവര്‍ത്തകനും ഭാര്യയ്‌ക്കും ഉണ്ടായ അനുഭവമാണ്‌. വിവാഹം കഴിഞ്ഞ്‌ അധികനാള്‍ കഴിയും മുമ്പ്‌ സുഹൃത്തിന്റെ ഭാര്യയുടെ കൈമുട്ടില്‍ പ്രത്യക്ഷപ്പെട്ട ഒരു മുഴ ആ ദമ്പതിമാരെ അലോസരപ്പെടുത്തി. വേദനയോ മറ്റ്‌ അസ്വസ്ഥതകളോ ഇല്ല. ഒരു എല്ല്‌ പുറത്തേക്ക്‌ തള്ളി വന്നതു മാതിരിയായിരുന്നു. ബന്ധുക്കളില്‍ ചിലര്‍ ഉടന്‍ വിദഗ്‌ധോപദേശം നല്‍കി, ഇതിന്‌ (എന്താണതെന്ന്‌ ആര്‍ക്കും പിടിയില്ല) അലോപ്പതിയില്‍ ശസ്‌ത്രക്രിയ മാത്രമേ പരിഹാരം ഉള്ളൂ, ഹോമിയോയിലാണ്‌ ഇത്തരം പ്രശ്‌നങ്ങള്‍ക്ക്‌ ശരിയായ ചികിത്സയുള്ളത്‌. ബന്ധുക്കളുടെ ഉപദേശം അവഗണിക്കാനാവില്ലല്ലോ. ഇരുവരും കൂടി കോഴിക്കോട്ടെ ഒരു പ്രശസ്‌ത ഹോമിയോ ഡോക്ടറെ അഭയം പ്രാപിച്ചു. ഡോക്ടര്‍ കാര്യങ്ങളെല്ലാം വളരെ ക്ഷമാപൂര്‍വ്വം കേട്ടു. "കുഴപ്പമില്ല'', എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ അദ്ദേഹം അറിയിച്ചു. "കുറഞ്ഞത്‌ അഞ്ചാറു മാസത്തെ ചികിത്സ വേണ്ടിവരും, മരുന്നു കൃത്യമായി കഴിക്കണം".

സുഹൃത്തും ഭാര്യയും എല്ലാം സമ്മതിച്ചു.മരുന്നും വാങ്ങി വീട്ടിലെത്തി. അപ്പോഴാണ്‌ പ്രശ്‌നം. മരുന്നു ദിവസവും ഏഴുനേരം വീതം കഴിക്കണം, അതും കൃത്യമായ ഇടവേളകളില്‍ അഞ്ചാറു പൊതിയിലെ പഞ്ചസാര ഗുളികള്‍. മൂന്നുനേരം കഴിഞ്ഞപ്പോള്‍ ആ പെണ്‍കുട്ടിക്ക്‌ ക്ഷമ നശിച്ചു. അവള്‍ പ്രഖ്യാപിച്ചു, എനിക്കിതു വയ്യ. അങ്ങനെ ചികിത്സ അവിടെ നിന്നു.(കൂടെ പറയട്ടെ, സുഹൃത്തിന്റെ ഭാര്യ ഫാര്‍മസിയില്‍ ബിരുദം നേടിയ പെണ്‍കുട്ടിയാണ്‌. അവള്‍ക്കും പക്ഷേ, ഹോമിയോ മരുന്നിനെക്കുറിച്ച്‌ ഒരു സംശയവും തോന്നിയില്ല. ആ നിലയ്‌ക്ക്‌ സാധാരണക്കാര്‍ ഈ ചികിത്സയെ സംശയിക്കാത്തതില്‍ അത്ഭുതമുണ്ടോ). വേദനയില്ലാത്തതു കൊണ്ട്‌ കൈക്കുഴയിലെ പ്രശ്‌നം അങ്ങനെ തന്നെ വിട്ടു. ഒരു മാസം കഴിഞ്ഞു കാണും, കൈമുട്ടിലെ മുഴ തനിയെ അപ്രത്യക്ഷമായി. ഒരു മരുന്നും കഴിക്കാതെ തന്നെ. "ഹോമിയോ മരുന്ന്‌ കഴിച്ചിരുന്നെങ്കിലോ", സുഹൃത്ത്‌ ചോദിക്കുന്നു. "ഞാനും ഭാര്യയും ഹോമിയോയുടെ നിത്യവക്താക്കളായി മാറിയേനെ".

മാറാത്ത പലതും ഹോമിയോ കൊണ്ട്‌ മാറിയെന്ന അവകാശവാദങ്ങള്‍ ഉയരുമ്പോള്‍ എന്റെ മനസില്‍ ഈ സുഹൃത്തിന്റെ വാക്കുകള്‍ എത്തും. നമ്മുടെ ശരീരത്തിന്റെ സ്വയം ഭേദമാക്കാനുള്ള കഴിവ്‌ ആര്‍ക്കെല്ലാം മുതലെടുപ്പിനും പണമുണ്ടാക്കാനും മാര്‍ഗ്ഗമാകുന്നു അല്ലേ. 
കാണുക -
അഴിമതി മാറ്റാന്‍ ഹോമിയോപ്പതി
ഹോയോപ്പതി - സത്യവും മിഥ്യയും

 

Wednesday, July 04, 2007

ഹോമിയോപ്പതി-സത്യവും മിഥ്യയും

മതസംഹിതകള്‍ പോലെയാണ്‌ ഒരര്‍ത്ഥത്തില്‍ ഹോമിയോപ്പതിയും. മാറ്റമില്ല. മൂന്നു നൂറ്റാണ്ടുകാലം ശാസ്‌ത്രത്തിനുണ്ടായ വികസത്തോട്‌ പുറംതിരിഞ്ഞാണ്‌ അതിന്റെ നില്‍പ്പ്‌. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതാത്‌ മതത്തില്‍പെട്ട ചിലര്‍ വെച്ചുപുലര്‍ത്തുന്ന അതേ അസഹിഷ്‌ണുത, ഹോമിയോപ്പതിയുടെ കാര്യത്തില്‍ ആ രംഗത്തുള്ളവരും പിന്തുടരുന്നതായി കാണാം

ബ്രിട്ടീഷ്‌ ഗവേഷണ വാരികയായ 'ലാന്‍സെറ്റ്‌' 2005 ആഗസ്‌ത്‌ 26-ന്റെ ലക്കത്തില്‍ ഒരു പഠനറിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ഹോമിയോ ഔഷധങ്ങള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ എന്നതായിരുന്നു ആ പഠനം. യൂറോപ്പിലെ മൂന്നു പ്രമുഖ സര്‍വകലാശാലകള്‍ (ബെര്‍ണെ സര്‍വകലാശാല, സൂറിച്ച്‌ സര്‍വകലാശാല, ബ്രിസ്റ്റോള്‍ സര്‍വകലാശാല) സംയുക്തമായാണ്‌ പഠനം നടത്തിയത്‌.

വിവിധ രോഗങ്ങള്‍ക്ക്‌ ഹോമിയോപ്പതി ഔഷധങ്ങളുപയോഗിച്ചു നടിന്നിട്ടുള്ള 110 പരീക്ഷണങ്ങളുടെ ഫലങ്ങളും, അതേ രോഗങ്ങള്‍ക്ക്‌ ആധുനിക ഔഷധങ്ങളുപയോഗിച്ച്‌ നടത്തിയ പരീക്ഷണങ്ങളുടെ ഫലങ്ങളും താരതമ്യം ചെയ്‌തായിരുന്നു പഠനം. ബെര്‍ണെ സര്‍വകലാശാലയിലെ സാംഖികശാസ്‌ത്ര (സ്റ്റാറ്റിസ്റ്റിക്‌സ്‌) വിദഗ്‌ധനായ മാത്തിയാസ്‌ ഇഗ്ഗര്‍ ആണ്‌ ഈ താരതമ്യ പഠനത്തിന്‌ മേല്‍നോട്ടം വഹിച്ചത്‌. പ്രത്യേകിച്ച്‌ ഔഷധഗുണങ്ങളൊന്നുമില്ലാത്ത `ഡമ്മിഔഷധങ്ങളു'(പ്ലാസിബോ)ടെ ഫലമേ ഹോമിയോമരുന്നുകള്‍ നല്‍കുന്നുള്ളൂ എന്നയിരുന്നു ഗവേഷകര്‍ എത്തിയ നിഗമനം (മരുന്നു കഴിക്കുന്നു എന്ന വിശ്വാസം മൂലമുള്ള ഫലം മാത്രമാണ്‌ `പ്ലാസിബോ'കള്‍ നല്‍കുക).

ഈ പഠനത്തിന്റെ അടിസ്ഥാനത്തില്‍ ശക്തമായ ഭാഷയില്‍ എഴുതപ്പെട്ട ഒരു എഡിറ്റോറിയലും `ലാന്‍സെറ്റ്‌' പ്രസിദ്ധീകരിച്ചു. ``തങ്ങളുടെ മുന്നിലെത്തുന്ന രോഗികളോട്‌ ഇനിയെങ്കിലും സത്യം തുറന്നു പറയാന്‍ ഡോക്‌ടര്‍മാര്‍ തയ്യാറാകണം; ഈ മരുന്നു കഴിക്കുന്ന നിങ്ങള്‍ സമയം പാഴാക്കുകയാണെന്ന്‌''-`ഹോമിയോപ്പതിയുടെ അന്ത്യം' എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ `ലാന്‍സെറ്റ്‌' എഴുതി.

ലോകത്താകമാനം 50 കോടി പേര്‍ ആശ്രയിക്കുന്ന ചികിത്സാമാര്‍ഗമാണ്‌ ഹോമിയോപ്പതി. അതില്‍ ബ്രിട്ടീഷ്‌ രാജകുടുംബാംഗങ്ങളും പ്രഭുക്കന്‍മാരും രാഷ്‌ട്രത്തലവന്‍മാരും മുതല്‍ സാധാരണക്കാര്‍വരെ ഉള്‍പ്പെടുന്നു. ലോകത്ത്‌ കുറഞ്ഞത്‌ ഒരു ലക്ഷം ഡോക്‌ടര്‍മാര്‍ ഹോമിയോപ്പതി പ്രാക്‌ടീസ്‌ ചെയ്യുന്നു എന്നാണ്‌ കണക്ക്‌. ഡസന്‍ കണക്കിന്‌ സര്‍വകലാശാലകളും കോളേജുകളും ഈ സമന്തര ചികിത്സാസമ്പ്രദായത്തില്‍ കോഴ്‌സുകള്‍ നടത്തുന്നു. ആധുനിക ഔഷധങ്ങളുടെ അത്രയ്‌ക്കു വരില്ലെങ്കിലും, ഹോമിയോപ്പതി മരുന്നു കച്ചവടവും കോടികളുടെ ബിസിനസ്സാണ്‌. അങ്ങനെയുള്ള ഒരു ചികിത്സാരീതിയെപ്പറ്റി ഇത്തരത്തില്‍ എഴുതണമെങ്കില്‍ അസാധാരണ ധൈര്യം വേണമെന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

സ്വാഭാവികമായും 'ലാന്‍സെറ്റി'ന്റെ റിപ്പോര്‍ട്ടിനെതിരെ ഹോമിയോപ്പതി രംഗത്തുള്ളവര്‍ രംഗത്തെത്തി. ഇത്തരമൊരു കുലീന പ്രസിദ്ധീകരണം ഇങ്ങനെയൊരു റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചത്‌ ശരിയായില്ല എന്ന്‌ ബ്രിട്ടീഷ്‌ ഹോമിയോപ്പതി അസോസിയേഷന്‍ അന്തസ്സോടെ പ്രതികരിച്ചപ്പോള്‍, കേരളത്തിലെ പ്രസ്സ്‌ക്ലബ്ബുകളിലാകെ ഹോമിയോ സംഘടനാ നേതാക്കള്‍ വാര്‍ത്തസമ്മേളനം നടത്തി, ലാന്‍സെറ്റ്‌ റിപ്പോര്‍ട്ടിന്‌ ആധികാരികതയില്ല എന്ന്‌ പ്രഖ്യാപിച്ചു! ഔഷധക്കമ്പനികള്‍ക്കു വിടുപണി ചെയ്യുകയാണ്‌ ലാന്‍സെറ്റ്‌ എന്നും, ലാന്‍സെറ്റ്‌ മെഡിക്കല്‍ രംഗത്തെ ആധികാരിക പ്രസിദ്ധീകരണമല്ല എന്നുമൊക്കെ ആരോപിക്കപ്പെട്ടു. 'അലോപ്പതി'ക്കാരുടെ ഗൂഢാലോചനയാണിതെന്നും വാദമുണ്ടായി.

ഹോമിയോപ്പതിക്കെതിരെ എന്തു വിമര്‍ശനമുണ്ടാകുമ്പോഴും 'അലോപ്പതി'ക്കാരാണ്‌ അതിന്‌ പിന്നിലെന്നത്‌ പതിവായി ഉയരുന്ന ആരോപണമാണ്‌. ഹോമിയോ വിദഗ്‌ധര്‍ സാധാരണ ഉന്നയിക്കാറുള്ള അവകാശവാദങ്ങളുടെ കഥ പോലെ, ഇത്തരം ആരോപണങ്ങള്‍ക്കും തെളിവ്‌ ഹാജരാക്കാറില്ല. ഈ സാഹചര്യത്തില്‍ 'ലാന്‍സെറ്റ്‌' റിപ്പോര്‍ട്ടിനെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാവുന്നതു തന്നെയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഹോമിയോപ്പതി ഔഷധങ്ങള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ ഇല്ലയോ എന്നത്‌ ഇന്നും ഇന്നലെയും തുടങ്ങിയ തര്‍ക്കമല്ല. മൂന്ന്‌ നൂറ്റാണ്ടു മുമ്പ്‌ ജര്‍മന്‍ ഭിഷഗ്വരനായ സാമുവേല്‍ ഹാനിമാന്‍(1755-1843) ഈ ചികിത്സാപദ്ധതി ആവിഷ്‌ക്കരിച്ച കാലം മുതല്‍ ഇത്തരമൊരു തര്‍ക്കം നിലനില്‍ക്കുന്നു. ഇനിയും ഇക്കാര്യത്തില്‍ എല്ലാവര്‍ക്കും തൃപ്‌തികരമായ ഉത്തരം ഉണ്ടായിട്ടുമില്ല.

ഹോമിയോപ്പതി മരുന്നുകള്‍ ഫലം ചെയ്യുമോ എന്ന സംശയത്തിന്‌ ആധുനികവൈദ്യശാസ്‌ത്രത്തെ കുറ്റപ്പെടുത്തിയിട്ട്‌ കാര്യമുണ്ടോ? ഹോമോഔഷധങ്ങള്‍ക്കു ഗുണമില്ലെന്ന്‌ പഠനങ്ങളില്‍ തെളിയുന്നതിന്റെ കുറ്റം ഹോമിയോപ്പതിയുടേതല്ല, ശാസ്‌ത്രത്തിന്റേതാണെന്നാണ്‌ പലപ്പോഴും ഉന്നയിക്കപ്പെടുന്ന വിചിത്ര വാദഗതി. ഇത്തരം വാദങ്ങളുടെ കാരണവും പ്രേരണയും തേടിപ്പോയാല്‍ ഹോമിയോപ്പതിയുടെ പിറവി തന്നെ വസ്‌തുനിഷ്‌ഠമായ പഠനങ്ങളുടെയോ, യുക്തിപരമായ തീര്‍പ്പുകളുടെയോ അടിസ്ഥാനത്തിലല്ല ഉണ്ടായതെന്ന സാമാന്യ നിഗമനത്തിലാകും എത്തുക.

മൂന്നു നൂറ്റാണ്ട്‌ മുമ്പാണ്‌ ഹോമിയോപ്പതിയുടെ തുടക്കം. അന്നത്തെ പ്രാകൃതമായ ചികിത്സാരീതിയില്‍ മനംനൊന്ത ഡോ. ഹനിമാന്‍ രൂപപ്പെടുത്തിയ ചികിത്സാരീതിയാണിത്‌. തികച്ചും വ്യക്തിപരമായ അനുഭവങ്ങളുടെയും ആത്മനിഷ്‌ഠാപരമായ നിഗമനങ്ങളുമാണ്‌ അദ്ദേഹത്തെ ഇതിന്‌ പ്രേരിപ്പിച്ചത്‌. മനുഷ്യശരീരം എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നോ, രോഗങ്ങള്‍ എങ്ങനെ ഉണ്ടാകുന്നുവെന്നോ, ഔഷധങ്ങള്‍ ശരീരത്തില്‍ എന്തുഫലമാണുണ്ടാക്കുകയെന്നോ അറിയാത്ത കാലത്താണ്‌ ഹനിമാന്‍ തന്റെ സിദ്ധാന്തങ്ങള്‍ രൂപപ്പെടുത്തുന്നത്‌. ശരീരത്തിലെ `പ്രകൃതവീര്യങ്ങളു' (humors)ടെ ദോഷം കൊണ്ടാണ്‌ രോഗം വരുന്നതെന്നാണ്‌ അന്ന്‌ വിശ്വസിച്ചിരുന്നത്‌.

ഐസക്‌ ന്യൂട്ടന്റെ തലയില്‍ വീണ ആപ്പിളാണ്‌ ആധുനിക ഭൗതികശാസ്‌ത്രത്തിന്റെ അടിസ്ഥാന സങ്കല്‍പമായ ഗുരുത്വാകര്‍ഷണ ബലത്തെപ്പറ്റി അദ്ദേഹത്തിന്‌ വെളിപാട്‌ നല്‍കിയതെന്നാണ്‌ കഥ. ജസ്യൂട്ട്‌ പാതിരിമാര്‍ മലമ്പനിക്കുള്ള ഔഷധമായി 1632-ല്‍ പെറുവില്‍ നിന്ന്‌ യൂറോപ്പിലേക്കു കൊണ്ടുവന്ന സിങ്കോണ മരത്തിന്റെ തൊലിയാണ്‌ ഹോമിയോപ്പതിയുടെ കാര്യത്തില്‍ `ന്യൂട്ടന്റെ ആപ്പിളാ'യത്‌. 1700-കളുടെ അവസാനമാണ്‌ ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വങ്ങള്‍ ഡോ.ഹനിമാന്‍ രൂപപ്പെടുത്തുന്നത്‌. സിങ്കോണ സത്ത്‌ തിന്ന അദ്ദേഹത്തിന്‌, മലമ്പനിയുടെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുകയും, `ഒരു പ്രത്യേക രോഗത്തിനുള്ള മരുന്ന്‌ ആരോഗ്യവാനായ ഒരാള്‍ കഴിച്ചാല്‍ അതേ രോഗത്തിന്റെ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടു'മെന്ന നിഗമനത്തില്‍ അതുവഴി അദ്ദേഹം എത്തിയെന്നുമാണ്‌ ചരിത്രം. `സദൃശം സദൃശത്തെ ഭേദപ്പെടുത്തു'മെന്ന ഹോമിയോപ്പതിയിലെ അടിസ്ഥാനനിയമം (``law of similars'') ഇതില്‍ നിന്നാണ്‌ ഡോ.ഹനിമാന്‍ രൂപപ്പെടുത്തിയതെന്നു കരുതുന്നു.

സിങ്കോണ തൊലിയില്‍ രണ്ട്‌ ആല്‍ക്കലോയിഡുകള്‍ അടങ്ങിയിട്ടുണ്ട്‌-ക്വിനീനും(quinine) സിങ്കോനിഡൈനും (cinchonidine). ഇതില്‍ ക്വിനീന്‍, ചിലരുടെ കാര്യത്തില്‍ അലര്‍ജിയുണ്ടാക്കുന്ന രാസവസ്‌തുവാണ്‌. അലര്‍ജിയുള്ളവര്‍ ഇത്‌ കഴിച്ചാല്‍ ശക്തമായ പനിയുടെ ലക്ഷണങ്ങളും മറ്റ്‌ ശാരീരിക അസ്വസ്ഥതകളും പ്രത്യക്ഷപ്പെട്ടേക്കാം. പ്രശസ്‌തമായ 'സിങ്കോണടെസ്റ്റി'ലെ ലക്ഷണങ്ങള്‍ പിന്നീട്‌ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ളത്‌ ക്വിനീന്‍ അലര്‍ജിയുള്ളവരുടെ കാര്യത്തില്‍ മാത്രമാണെ സത്യം പരിഗണിച്ച്‌, പില്‍ക്കാലത്ത്‌ ഡോ.വില്യം ഇ.തോമസിനെപ്പോലുള്ള വിദഗ്‌ധര്‍ എത്തിച്ചേര്‍ നിഗമനം ഇതാണ്‌ - സിങ്കോണ സത്ത്‌ തിന്നപ്പോള്‍ ഡോ. ഹനിമാന്‍ അനുഭവിച്ചത്‌ മലമ്പനിയുടെ ലക്ഷണങ്ങളല്ല, മറിച്ച്‌ ക്വിനീന്‍ അലര്‍ജിയാണ്‌. അപ്പോള്‍ ഹോമിയോപ്പതിയുടെ അടിസ്ഥാന തത്ത്വം തന്നെ ഡോ.ഹനിമാന്‍ മൂന്നു നൂറ്റാണ്ട്‌ മുമ്പ്‌ അനുഭവിച്ച അലര്‍ജിക്ക്‌ മുകളിലാണ്‌ (അത്‌ അലര്‍ജിയാണെന്നു തിരിച്ചറിയാന്‍ കഴിയാത്ത അജ്ഞതയ്‌ക്ക്‌ മേലാണ്‌) കെട്ടിപ്പൊക്കിയിരിക്കുന്നതെന്നു ന്യായമായും സംശയിക്കാം.

അക്കാലത്ത്‌ നിലനിന്നിരുന്ന ഔഷധങ്ങള്‍ ചെറിയ അളവില്‍ രോഗശമനത്തിന്‌ ഉപയോഗിക്കുകയാണ്‌ ആദ്യമൊക്കെ ഡോ.ഹനിമാന്‍ ചെയ്‌തത്‌. എന്നാല്‍, ശരീരത്തിന്‌ സ്വയം രോഗം ശമിപ്പിക്കാനാകുമെന്നും, അതിനുവേണ്ട ഉത്തേജനം നല്‍കാനായി വളരെ ചെറിയ അളവില്‍ മാത്രമേ ഔഷധങ്ങള്‍ വേണ്ടൂ എന്നും അദ്ദേഹം പിന്നീട്‌ നിരൂപിച്ചു. അതനുസരിച്ച്‌ ഔഷധങ്ങള്‍ക്ക്‌ `നേര്‍പിക്കുന്തോറും വീര്യം കൂടു'മെന്ന ഹോമിയോപ്പതിയുടെ മറ്റോരു പ്രധാന നിയമം(``law of infinitesimals'') ഡോ.ഹനിമാന്‍ രൂപപ്പെടുത്തി. എത്ര നേര്‍പ്പിക്കുന്നോ അത്രയും വീര്യം കൂടുമത്രേ. വെള്ളമുപയോഗിച്ച്‌ (ചിലയവസരങ്ങളില്‍ ആല്‍ക്കഹോള്‍ ഉപയോഗിച്ചും) ഔഷധം നേര്‍പ്പിക്കുമ്പോള്‍ തന്നെ അത്‌ ശക്തിയായി ആവര്‍ത്തിച്ച്‌ കുലുക്കുകയും വേണം. അപ്പോള്‍ ഔഷധവീര്യം ജലത്തിലേക്കു വ്യാപിക്കുകയും, നിലനില്‍ക്കുകയും ചെയ്യും എന്നാണ്‌ ഹനിമാന്‍ വിശ്വസിച്ചത്‌ (ഇത്‌ വെള്ളത്തിന്റെ `ഓര്‍മശക്തി' മൂലമാണെ്‌ ഡോ.ഹനിമാന്റെ പിന്‍ഗാമികള്‍ വിശദീകരിച്ചു). ധാതുക്കളും സസ്യഭാഗങ്ങളുമൊക്കെ ഉപയോഗിച്ചുള്ള മൂവായിരത്തോളം മരുന്നുകള്‍ ഹോമിയോപ്പതിയില്‍ ഇന്നുപയോഗിക്കുന്നുണ്ട്‌. ഇവയില്‍ മിക്കവയും ഡോ.ഹനിമാന്‍ പറഞ്ഞ നേര്‍പ്പിക്കല്‍ നിയമപ്രകാരം നിര്‍മിക്കുന്നവയാണ്‌.

ഈ നേര്‍പ്പിക്കലിന്റെ കാര്യം പരിശോധിക്കുമ്പോഴാണ്‌, ഹോമിയോപ്പതി എന്തുകൊണ്ട്‌ വിവാദവിഷയമായി തുടരുന്നു എന്ന്‌ ഒന്നുകൂടി വ്യക്തമാവുക. പ്രധാനമായും രണ്ടു തരത്തിലാണ്‌ ഹോമിയോ ഔഷധനിര്‍മാണത്തില്‍ നേര്‍പ്പിക്കല്‍ നടക്കുന്നത്‌; ഒന്നിന്‌ പത്ത്‌ എന്ന കണക്കിനും (ഇതിനെ റോമന്‍ ലിപിയായ X കൊണ്ട്‌ സൂചിപ്പിക്കുന്നു), ഒന്നിന്‌ നൂറ്‌ എകണക്കിനും (ഇതിനെ റോമന്‍ലിപിയായ C കോണ്ട്‌ സൂചിപ്പിക്കുന്നു). ഇതില്‍ ആദ്യത്തേതില്‍ ഒരു ഭാഗം ഔഷധദ്രവ്യത്തെ ഒമ്പത്‌ ഭാഗം വെള്ളത്തില്‍ ലയിപ്പിക്കുന്നു(1X). അതില്‍ ഒരു ഭാഗത്തെ വീണ്ടും ഒമ്പതുഭാഗം വെള്ളത്തില്‍ നേര്‍പ്പിക്കുന്നു(2X). അഭികാമ്യമായ `വീര്യം' ലഭിക്കും വരെ ഈ നേര്‍പ്പിക്കല്‍ തുടരുന്നു. ഗണിതശാസ്‌ത്ര രീതിയില്‍ ഈ നേര്‍പ്പിക്കലിനെ 1X=1/10, 3X=1/1000, 6X=1/1,000,000 എന്നിങ്ങനെ സൂചിപ്പിക്കാം.

രണ്ടാമത്തെ മാര്‍ഗത്തില്‍ ഒരു ഭാഗം ഔഷധത്തെ തൊണ്ണൂറ്റൊമ്പത്‌ ഭാഗം വെള്ളത്തിലാണ്‌ ലയിപ്പിക്കുക(1C). അങ്ങനെ കിട്ടുന്ന ലായനിയില്‍ ഒരുഭാഗത്തെ വീണ്ടും തൊണ്ണൂറ്റൊമ്പത്‌ ഭാഗം വെള്ളവുമായി നേര്‍പ്പിക്കുന്നു(2C). ആവശ്യമായ വീര്യം ലഭിക്കും വരെ ഇത്‌ ആവര്‍ത്തിക്കുന്നു. ഇതിനെ 1C=1/100, 2C=1/10,000, 3C=1/1,000,000 എന്നിങ്ങനെ സൂചിപ്പിക്കാം. ഹോമിയോപ്പതിയിലെ സാധാരണ ഔഷധങ്ങള്‍ 6X മുതല്‍ 30X വരെ നേര്‍പ്പിക്കലിന്‌ വിധേയമാക്കിയവയാണ്‌. 30C -യോ അതിലേറെയോ നേര്‍പ്പിക്കലിന്‌ വിധേയമായ മരുന്നുകളും വിപണിയിലുണ്ട്‌.

ഒരു 30X മരുന്നെന്നു പറഞ്ഞാല്‍ എന്താണ്‌ അര്‍ത്ഥമെന്നറിയാമോ; ഒരു ഭാഗം ഔഷധദ്രവ്യത്തെ 1,000,000,000,000,000,000,000,000,000,000 ഭാഗം വെള്ളവുമായി ചേര്‍ത്തതിന്‌ തുല്യം. ഒരു ഘനസെന്റിമീറ്റര്‍ വെള്ളത്തില്‍ 15 തുള്ളികളുണ്ടെന്നു കണക്കാക്കിയാല്‍, മേല്‍ സൂചിപ്പിച്ച സംഖ്യയുടെ അത്രയും തുള്ളി വെള്ളം കൊള്ളണമെങ്കില്‍ ഭൂമിയുടേതിന്‌ അമ്പത്‌ മടങ്ങ്‌ വലുപ്പമുള്ള ഒരു ടാങ്ക്‌ വേണ്ടിവരും. 30X ഔഷധത്തിന്റെ കാര്യത്തില്‍, ഇത്രയും തുള്ളി വെള്ളത്തില്‍ ഒരു തുള്ളി ഔഷധമാണ്‌ ലയിച്ചിരിക്കുക. ഹോമിയോപ്പതി നിയമപ്രകാരം ആ വെള്ളത്തിന്‌ മുഴുവന്‍ ഔഷധഗുണം ലഭിക്കുകയും ചെയ്യും!

അങ്ങനെയെങ്കില്‍ 30C വീര്യമുള്ള ഔഷധത്തിന്റെ കാര്യമോ? ഇതില്‍ തുള്ളികളുടെ കണക്കെടുത്താല്‍, ഒരു തുള്ളി ഔഷധം ലയിച്ചിരിക്കേണ്ടത്‌ എത്രമാത്രം വെള്ളത്തിലാണെന്നറിയാമോ? ഭൂമിയുടേതിന്‌ 30,000,000,000 മടങ്ങ്‌ വലുപ്പമുള്ള ടാങ്കില്‍ നിറയുന്നത്ര വെള്ളത്തില്‍. ഔഷധഗുണം ഓര്‍ത്തിരിക്കേണ്ടത്‌ വെള്ളത്തിന്റെ കടമയും! ഇനി മറ്റൊരു തരത്തില്‍ ഈ വസ്‌തുതയെ സമീപിച്ചു നോക്കാം. 30X വീര്യമുള്ള ഹോമിയോ മരുന്നു കഴിക്കുന്നയാള്‍ക്ക്‌, താന്‍ കഴിക്കുന്ന ഹോമിയോഗുളികയില്‍ ഒരു ഔഷധ തന്മാത്രയെങ്കിലും (സാധാരണ ഗതിയില്‍ ഏതൊരു രാസവസ്‌തുവിന്റെയും ഏറ്റവും ചെറിയ യൂണിറ്റാണല്ലോ തന്മാത്ര) ഉണ്ടെന്ന്‌ ഉറപ്പുവരുത്താന്‍ എന്തുചെയ്യണം. പ്രശസ്‌ത അമേരിക്കന്‍ ഭൗതികശാസ്‌ത്രജ്ഞനായ റോബര്‍ട്ട്‌ എല്‍.പാര്‍ക്ക്‌ നടത്തിയിട്ടുള്ള കണക്കുകൂട്ടല്‍ അനുസരിച്ച്‌ കുറഞ്ഞത്‌ 200 കോടി ഗുളികയെങ്കിലും കഴിക്കണം!

പനിക്കും സമാന ലക്ഷണങ്ങള്‍ക്കും ഉപയോഗിക്കുന്ന ഒരു ഹോമിയോമരുന്നാണ്‌ `ഓസില്ലോകോക്‌സിനം'(Oscillococcinum). ഒരു 200C ഉത്‌പന്നമാണിത്‌. പുതുതായി കൊന്നെടുത്ത താറാവിന്റെ കരളിന്റെയും ചങ്കിന്റെയും വളരെ ചെറിയൊരു ഭാഗം പല പ്രക്രിയകളില്‍ കൂടി മാറ്റിയുണ്ടാക്കുന്ന ഔഷധദ്രവ്യത്തെ നേര്‍പ്പിച്ചുണ്ടാക്കുന്ന മരുന്നാണിത്‌. താറാവിന്റെ കരളിന്റെയോ ചങ്കിന്റെയോ ഒരു തന്മാത്ര ഒന്നു കഴിഞ്ഞ്‌ 400 പൂജ്യമിട്ടാല്‍ കിട്ടുന്ന അത്രയും ജലതന്മാത്രകളുമായി എന്ന തോതില്‍ ലയിച്ചുണ്ടാകുന്ന മരുന്നാണിത്‌. (പ്രപഞ്ചത്തില്‍ ആകെയുണ്ടെന്നു കണക്കാക്കുന്ന തന്മാത്രകളുടെ എണ്ണം ഒരു `ഗൂഗൊളാ'ണ്‌. അത്‌ ഒന്നിനു ശേഷം നൂറ്‌ പൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യയാണ്‌. അതിലും വലുതാണ്‌ മേല്‍പ്പറഞ്ഞ സംഖ്യയെന്നോര്‍ക്കുക). 1996-ല്‍ ഈ മരുന്നിന്റെ ആഗോള വില്‍പന 200 ലക്ഷം ഡോളറിന്റേത്‌ (ഏതാണ്ട്‌ 88 കോടി രൂപ) ആയിരുന്നു. ഈ മരുന്നിന്റെ നിര്‍മാണത്തിന്‌ ഒരു വര്‍ഷം വേണ്ടത്‌ വെറും ഒരു താറാവ്‌ മാത്രം! അതുകൊണ്ട്‌ 1997 ഫിബ്രവരി 17-ന്റെ `യു.എസ്‌. ന്യൂസ്‌ ആന്‍ഡ്‌ വേള്‍ഡ്‌ റിപ്പോര്‍ട്ട്‌' ഈ മരുന്നുണ്ടാക്കാന്‍ ഉപയോഗിക്കുന്ന താറാവിനെ വിശേഷിപ്പിച്ചത്‌ `20 മില്ല്യണ്‍ ഡോളര്‍ ഡക്ക്‌' എന്നായിരുന്നു!

ഹോമിയോപ്പതി മരുന്നുകള്‍ക്ക്‌ എന്തെങ്കിലും ഔഷധഗുണമുണ്ടോ എന്നു കണ്ടെത്താന്‍ നടന്നിട്ടുള്ള പഠനങ്ങള്‍ എന്തുകൊണ്ട്‌ വിവാദത്തില്‍ കലാശിക്കുന്നു എന്ന ചോദ്യത്തിന്‌, മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ ഉത്തരമാകുന്നു. ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുന്നുള്ളൂ എന്ന `ലാന്‍സെറ്റ്‌' റിപ്പോര്‍ട്ട്‌, ഇത്തരത്തില്‍ ആദ്യത്തേതായിരുന്നില്ല. ഹോമിയോപ്പതി ഔഷധങ്ങളുപയോഗിച്ചു നടന്ന 40 പരീക്ഷണഫലങ്ങളെ സാധാരണ ഔഷധങ്ങളുപയോഗിച്ചു നടന്ന പരീക്ഷണങ്ങളുമായി താരതമ്യം ചെയ്‌ത്‌ 1990-ല്‍ `റിവ്യൂ ഓഫ്‌ എപിഡിമിയോളജി' പ്രസിദ്ധീകരിച്ച പഠനവും പറഞ്ഞത്‌ മറ്റൊന്നല്ല. ഫാര്‍സ്യൂട്ടിക്കല്‍ ഉത്‌പന്നങ്ങളെ വിലയിരുത്തുകയും അവയുടെ ഫലങ്ങളെ സംബന്ധിച്ച പഠനങ്ങള്‍ അവലോകനം ചെയ്യുകയും ചെയ്യുന്ന ഫ്രഞ്ച്‌ ജേര്‍ണലാണ്‌ `പ്രിസ്‌ക്രൈര്‍ ഇന്റര്‍നാഷണല്‍'. 1995-ല്‍ ആ ജേര്‍ണല്‍ പ്രസിദ്ധീകരിച്ച ഒരു ഔഷധപഠന അവലോകനം പറയുന്നതിങ്ങനെയാണ്‌: ``വളരെയേറെ പഠനങ്ങള്‍ ഇതുവരെ നടന്നിട്ടുണ്ടെങ്കിലും, പ്ലാസിബോ നല്‍കുന്ന ഫലമല്ലാതെ അതില്‍ കൂടുതല്‍ എന്തെങ്കിലും ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുന്നു എന്നതിന്‌ തെളിവില്ല''. ഇതുപോലെ, ഹോമിയോ മരുന്നുകള്‍ ഡമ്മിഔഷധങ്ങളുടെ ഫലമേ നല്‍കുുള്ളൂ എന്ന്‌ വ്യക്തമാക്കുന്ന ഒട്ടേറെ പഠനഫലങ്ങള്‍ പുറത്തു വന്നിട്ടുണ്ട്‌.

കമ്മീഷന്‍ ഓഫ്‌ ദി യൂറോപ്യന്‍ കമ്മ്യൂണിറ്റീസ്‌ ചുമതലപ്പെടുത്തിയ വിദഗ്‌ധസമിതിയായ `ഹോമിയോപ്പതിക്‌ മെഡിസിന്‍ റിസേര്‍ച്ച്‌ ഗ്രൂപ്പ്‌'(എച്ച്‌.എം.ആര്‍.ജി) 1996 ഡിസംബറില്‍ ഒരു ബൃഹത്തായ റിപ്പോര്‍ട്ട്‌ പുറത്തിറക്കി. നിയന്ത്രിതമായ നിലയില്‍ നടന്ന ഹോമിയോപ്പതി പരീക്ഷണങ്ങളുടെ പ്രസിദ്ധീകരിച്ചതും പ്രസിദ്ധീകരിക്കാനുള്ളതുമായ പഠനറിപ്പോര്‍ട്ടുകള്‍ വിലയിരുത്തുകയായിരുന്നു ആ ഗ്രൂപ്പിന്റെ കര്‍ത്തവ്യം. ഹോമിയോപ്പതി ഡോക്‌ടര്‍മാരും, ക്ലിനിക്കല്‍ ഗവേഷണത്തില്‍ വൈദഗ്‌ധ്യം നേടിയവരും, ജൈവസാംഖിക വിഗ്‌ധരും ഉള്‍പ്പടെ ഈ രംഗത്തിന്റെ ഒരു പരിഛേദം തന്നെ ആ ഗ്രൂപ്പിലുണ്ടായിരുന്നു.

ഹോമിയോപ്പതിയുടെ ഫലപ്രാപ്‌തിയെ സംബന്ധിച്ച 184 പഠനറിപ്പോര്‍ട്ടുകള്‍ ആ വിദഗ്‌ധഗ്രൂപ്പ്‌ പരിശോധിച്ചു. പരിഗണിക്കാന്‍ യോഗ്യതയുള്ള രീതിയില്‍ നടത്തപ്പെട്ട 17 റിപ്പോര്‍ട്ടുകളേ അതില്‍ അവര്‍ക്ക്‌ കണ്ടെത്താനായുള്ളൂ എന്ന്‌ അന്തിമ റിപ്പോര്‍ട്ട്‌ പറയുന്നു. അവയില്‍ ചില റിപ്പോര്‍ട്ടുകളില്‍ പ്ലാസിബോയെക്കാള്‍ കൂടുതല്‍ ഫലം ഹോമിയോ മരുന്നുകള്‍ നല്‍കുതായി കാണിച്ചിരുന്നു. പക്ഷേ, ഈ 17 പഠനത്തിലും പങ്കെടുത്തവരുടെ എണ്ണം തുച്ഛമായിരുന്നു. അതിനാല്‍ അവയുടെ ഫലം ശാസ്‌ത്രീയമായി മുഖവിലയ്‌ക്കെടുക്കാന്‍ കഴിയാത്തതാണെന്ന്‌ സംഘം വിലയിരുത്തി. എന്നുവെച്ചാല്‍, ഭൂരിപക്ഷം ഹോമിയോ ഗവേഷണങ്ങളും ശാസ്‌ത്രീയമായി വിലയിരുത്തപ്പെടാന്‍ യോഗ്യതയില്ലാത്തവയായിരുന്നു എന്നാണ്‌ ഹോമിയോ വിദഗ്‌ധര്‍ ഉള്‍പ്പെട്ട സമിതിയെത്തിയ നിഗമനം എന്നു സാരം.

മതതത്ത്വങ്ങള്‍ പോലെയാണ്‌ ഹോമിയോപ്പതി. മാറ്റമില്ല. ശാസ്‌ത്രത്തിനുണ്ടായ മൂന്നുനൂറ്റാണ്ടിന്റെ വളര്‍ച്ചയോട്‌ പുറംതിരിഞ്ഞാണ്‌ അതിന്റെ നില്‍പ്‌. മതവിശ്വാസങ്ങള്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ അതാത്‌ മതത്തില്‍പെട്ട ചിലര്‍ വെച്ചുപുലര്‍ത്തുന്ന അതേ അസഹിഷ്‌ണുത, ഹോമിയോപ്പതിയുടെ കാര്യത്തില്‍ ആ രംഗത്തുള്ളവരും പിന്തുടരുതായി കാണാം. ഒപ്പം പിടിച്ചാലെത്താത്ത അവകാശവാദങ്ങളും. വലിയ അവകാശവാദങ്ങള്‍ക്ക്‌ വലിയ തെളിവുകള്‍ വേണം എന്ന പ്രസ്‌താവനയ്‌ക്ക്‌ ഒന്നു ഭേദഗതി വരുത്തി നോക്കൂ. വലിയ അബദ്ധങ്ങള്‍ മറച്ചുവെക്കാന്‍ വലിയ അവകാശവാദങ്ങള്‍ കൊണ്ടു കഴിയുമോ. ഹോമിയോപ്പതിയെന്ന അബദ്ധത്തെ മറച്ചുവെക്കാനാകുമോ, ഈ രംഗത്തുള്ളവര്‍ വലിയ അവകാശവാദങ്ങളുമായി ഇടയ്‌ക്കിടെ രംഗത്തെത്തുന്നത്‌. 
 കാണുക -
അഴിമതി മാറ്റാന്‍ ഹോമിയോപ്പതി

ഹോമിയോപ്പതി - വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌

അവലംബം

1.THE LANCET, 26 August 2005
2. Homeopathy - Wikipedia
3. Hahnemann's Homeopathy - Dr.William E. Thomas MD
4. Why Extraordinary Claims Demand Extraordinary Proof - Ed J.gracely, Ph.D
5. The Scientific Evidence on Homeopathy - David W.Ramey
6. Homeopathy: If 'Less Is More', Is Nothing Best? - Jack Raso, M.S., R.D.
7. Homeopathy: The Ultimate Fake - Stephen Barrett, M.D.
8. American Council on Science and Health website
9. വിലപേശപ്പെടുന്ന ആരോഗ്യം - ഡോ.മനോജ്‌ കോമത്ത്‌
10. ഹോമിയോവിവാദം എന്ത്‌ -ജോസഫ്‌ ആന്റണി, മാതൃഭൂമി ആരോഗ്യമാസിക, ഒക്ടോബര്‍ 2005

Tuesday, July 03, 2007

അഴിമതി മാറ്റാന്‍ ഹോമിയോചികിത്സ

അഴിമതി ചികിത്സിച്ചു ഭേദമാക്കാനാകുമോ. കഴിയുമെന്ന്‌ ഒരു ഹോമിയോ വിദഗ്‌ധന്‍ പറയുന്നു. ഹോമിയോയില്‍ അതിന്‌ മരുന്നുണ്ടത്രേ. എന്തുകൊണ്ട്‌ സാമാന്യയുക്തിക്കു പോലും നിരക്കാത്ത ഇത്തരം അവകാശവാദങ്ങള്‍ ഹോമിയോരംഗത്തുള്ളവര്‍ ഉന്നയിക്കുന്നു
അഴിമതിയും കൈക്കൂലിയും ഇല്ലാതാക്കാന്‍ ഹോമിയോപ്പതിയില്‍ ഫലപ്രദമായ മരുന്നുണ്ടത്രേ. ഇതൊരു തമാശയായി ആരും കണരുത്‌. സംഗതി സത്യമാണ്‌. മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ അടുത്തയിടെ റിപ്പോര്‍ട്ടു ചെയ്‌ത കാര്യമാണിത്‌ (ഇതോടൊപ്പമുള്ള ക്ലിപ്പിങില്‍ ക്ലിക്ക്‌ ചെയ്‌തു നോക്കുക). ഈ അവകാശവാദം ഉന്നയിച്ചിരിക്കുന്നത്‌ ഏതെങ്കിലും ലാടവൈദ്യനോ മന്ത്രവാദിയോ അല്ല. സര്‍ക്കാര്‍ ചെലവില്‍ (എന്നുവെച്ചാല്‍ ജനങ്ങളുടെ ചെലവില്‍) ഹോമിയോകോളേജില്‍ നിന്നു പഠിച്ച്‌ ഡിഗ്രിനേടുകയും, അതേത്തുടര്‍ന്ന്‌ ഈ രംഗത്ത്‌ ഔദ്യോഗികതലത്തില്‍ ഉന്നതസ്ഥാനം അലങ്കരിക്കുകയും ചെയ്‌ത ഡോ.എം.അബ്ദുള്‍ ലത്തീഫ്‌ ആണ്‌ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്‌. ഉന്നയിക്കുക മാത്രമല്ല, സംസ്ഥാന ഹോമിയോ വിദ്യാഭ്യാസവകുപ്പ്‌ മുന്‍കണ്‍ട്രോണിങ്‌ പ്രിന്‍സിപ്പല്‍ കൂടിയായ അദ്ദേഹം കൈക്കൂലിയും അഴിമതിയും സര്‍ക്കാര്‍ സര്‍വീസില്‍ നിന്നു ചികിത്സിച്ചു ഭേദമാക്കാനായി മുഖ്യമന്ത്രി വി.എസ്‌.അച്യുതാനന്ദനെ സമീപിക്കുകയും ചെയ്‌തിരിക്കുന്നു എന്നാണ്‌ റിപ്പോര്‍ട്ടില്‍ നിന്നു മനസിലാകുന്നത്‌.

സര്‍ക്കാര്‍ ഓഫീസുകളില്‍ വെറും 30 ശതമാനം ഉദ്യോഗസ്ഥര്‍ മാത്രമേ ജോലിചെയ്യുന്നുള്ളൂ എന്ന്‌ മുഖ്യമന്ത്രി അച്യുതാന്ദന്‍ അടുത്തയിടെ പ്രസ്‌താവിച്ചിരുന്നു. അതിന്റെ ചുവടുപിടിച്ചാണ്‌ ഡോ. അബ്ദുള്‍ ലത്തീഫിന്റെ രംഗപ്രവേശം. ഉദ്യോഗസ്ഥരുടെ അഴിമതി, അനാസ്ഥ തുടങ്ങിയവയൊക്കെ ഹോമിയോപ്പതി വഴി ചികിത്സിച്ചു മാറ്റാം എന്നാണ്‌ ഡോ.അബ്ദുള്‍ ലത്തീഫിന്റെ നിലപാട്‌. കൈക്കൂലി, അഴിമതി എന്നിവയ്‌ക്കെതിരെ അദ്ദേഹം 30 ഹോമിയോ മരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു. കള്ളം പറയുന്ന ശീലത്തിന്‌ പ്രതിവിധിയായി 20 മരുന്നുണ്ടത്രേ. ജോലിചെയ്യാന്‍ താത്‌പര്യം ഇല്ലാത്തവര്‍ക്ക്‌ അതുണ്ടാക്കാന്‍ പത്തും ഇരുപതുമല്ല 273 മരുന്നുകളാണ്‌ ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത്‌. മനസിരുത്തി ചെയ്യേണ്ട ജോലികളില്‍ താത്‌പര്യം കാട്ടാത്തവരെ നേരെയാക്കാന്‍ 130 മരുന്ന്‌. വീട്ടുജോലി ചെയ്യാന്‍ താത്‌പര്യമില്ലാത്ത സ്‌ത്രീകള്‍ സൂക്ഷിക്കുക, അവര്‍ക്കെതിരെ പ്രയോഗിക്കാനും ഹോമിയോയില്‍ വിദ്യയുണ്ടെന്ന്‌ മുന്‍കണ്‍ട്രോളിങ്‌ പ്രിന്‍സിപ്പല്‍ പറയുന്നു. പുകവലിപോലെ, ജോലിചെയ്യുന്നത്‌ ഹാനികരമാണെന്നു വിശ്വസിക്കുന്നയാളാണോ നിങ്ങള്‍, എങ്കില്‍ നിങ്ങള്‍ക്കുമുണ്ട്‌ മരുന്ന്‌!

ഡോ.അബ്ദുള്‍ ലത്തീഫിന്റെ നിര്‍ദ്ദേശങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കുന്നുവെന്നു കരുതുക. രാവിലെ ഓഫീസിലേക്കു കയറുംമുമ്പ്‌ ഏതാനും പഞ്ചസാര ഗുളികകള്‍ ഉദ്യോഗസ്ഥര്‍ക്ക്‌ നല്‍കുക വഴി സംസ്ഥാനത്തിന്റെ ഉത്‌പാദന ക്ഷമത എത്ര മടങ്ങാണ്‌ വര്‍ധിക്കുന്നതെന്ന്‌ ആലോചിച്ചു നോക്കൂ. ഇപ്പോള്‍ 30 ശതമാനംപേര്‍ മാത്രം (മുഖ്യമന്ത്രിയുടെ നിഗമനപ്രകാരം) വാങ്ങുന്ന ശമ്പളത്തിന്‌ ജോലിചെയ്യുന്ന സ്ഥാനത്ത്‌ നൂറു ശതമാനം പേരും കൃത്യമായി ജോലിചെയ്യാനാരംഭിച്ചാല്‍ എന്താകും സ്ഥിതി. ആഗോളവത്‌ക്കരണമൊന്നും വേണ്ടിവരില്ല, കേരളം അമേരിക്കയെപ്പോലെയാകാന്‍; ഹോമിയോ മതിയാകും.

വലിയ അവകാശവാദങ്ങള്‍ക്ക്‌ വലിയ തെളിവുകളുടെ പിന്‍ബലം വേണമെന്നത്‌ ഒരു സാമാന്യതത്ത്വമാണ്‌. എന്നാല്‍, ഡോ.അബ്ദുള്‍ ലത്തീഫ്‌ അദ്ദേഹത്തിന്റെ അവകാശവാദങ്ങള്‍ക്ക്‌ യുക്തിപൂര്‍വമായ എന്തെങ്കിലും തെളിവുകള്‍ നിരത്തുന്നതായി പത്രറിപ്പോര്‍ട്ടിലില്ല. അങ്ങനെയെങ്കില്‍, ഇത്രവലിയൊരു അവകാശവാദവുമായി രംഗത്തെത്താന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ച ഘടകമെന്താവും. അറിയില്ല. എന്നാല്‍, കഴിഞ്ഞ ഒരു പതിറ്റാണ്ടു കാലത്ത്‌ ഹോമിയോ രംഗത്തു പ്രവര്‍ത്തിക്കുന്ന 'വിദഗ്‌ധര്‍' ഉന്നയിച്ചിട്ടുള്ള അവകാശവാദങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ വ്യക്തമാകുന്ന ഒരു വസ്‌തുതയുണ്ട്‌; ഇത്തരം 'വലിയകാര്യങ്ങള്‍' ഹോമിയോയില്‍ സാധ്യമാണെന്ന്‌ പറയുന്ന ആദ്യ വ്യക്തിയല്ല ഡോ.അബ്ദുള്‍ ലത്തീഫ്‌. വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും എത്തിപ്പിടിക്കാനാവാത്ത പല പ്രശ്‌നങ്ങളുമുണ്ട്‌. അര്‍ബുദങ്ങള്‍, സാര്‍സ്‌, ഭ്രാന്തിപ്പശുരോഗം, പക്ഷിപ്പനി എന്നിങ്ങനെ ചികിത്സ കണ്ടെത്താന്‍ ഇനിയും സാധിക്കാത്ത മിക്ക രോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ടെന്ന അവകാശവാദം ഈ രംഗത്തെ 'വിദഗ്‌ധരില്‍' നിന്നു പലപ്പോഴും ഉണ്ടായിട്ടുണ്ട്‌. അവര്‍ പുറപ്പെടുവിച്ച പ്രസ്‌താവനകള്‍ പത്രങ്ങളില്‍ വലിയ തലക്കെട്ടുകളില്‍ വന്നിട്ടുമുണ്ട്‌.

ഏഴുവര്‍ഷം മുമ്പ്‌ കേരളത്തില്‍ 'ഭ്രാന്തിപ്പശുരോഗം' ആദ്യമായി എത്തിയെന്ന ആശങ്കയുയര്‍ന്ന സമയം തന്നെ ഉദാഹരണമായെടുക്കാം. 2000 ഡിസംബര്‍ 14-നാണ്‌ കേരളീയര്‍ക്ക്‌ നടുക്കമുളവാക്കുന്ന ആ വിവരം 'മാധ്യമം' പത്രം പ്രസിദ്ധീകരിച്ചത്‌. സംസ്ഥാനത്ത്‌ ആദ്യമായി ഭ്രാന്തിപ്പശുരോഗം റിപ്പോര്‍ട്ടു ചെയ്‌തിരിക്കുന്നു. ഓമശ്ശേരിയിലെ നീലേശ്വരം ചെട്ട്യാംതൊടിയില്‍ ചന്ദ്രന്‍ എന്ന 45-കാരന്‌ രോഗം ബാധിച്ചതായി സ്ഥിരീകരിച്ചിരിക്കുന്നു. കോഴിക്കോട്‌ മെഡിക്കല്‍കോളേജ്‌ ആസ്‌പത്രിയില്‍ ചികിത്സയിലായിരുന്ന ചന്ദ്രന്റെ രോഗം തിരുവനന്തപുരം ശ്രീചിത്ര ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസിലാണ്‌ സ്ഥിരീകരിച്ചത്‌. ഭ്രാന്തിപ്പശു രോഗത്തിന്റെ മനുഷ്യരെ ബാധിക്കുന്ന വകഭേദമായ 'ജേക്കബ്ബ്‌സ്‌ ക്രൂസ്‌ഫെല്‍ട്ട്‌ ഡിസീസ്‌'(CJD) ആണ്‌ ചന്ദ്രനെ ബാധിച്ചിരിക്കുന്നത്‌. തലച്ചോര്‍ ദ്രവിച്ച്‌ അരിപ്പപോലെ തുളവീണ്‌, ഭ്രാന്തെടുത്തു മരിക്കുകയാണ്‌ രോഗത്തിന്റെ ഫലം. ഒരു ചികിത്സയും ഇതുവരെ കണ്ടെത്തിയിട്ടില്ലാത്ത രോഗമാണിത്‌.

ഈ മൃഗരോഗം മാട്ടിറച്ചി കഴിക്കുന്നതിലൂടെ മനുഷ്യരെയും ബാധിച്ചത്‌ കഴിഞ്ഞ പതിറ്റാണ്ടില്‍ യൂറോപ്പില്‍, പ്രത്യേകിച്ചും ബ്രിട്ടനില്‍, ജനങ്ങളുടെ ഉറക്കം കെടുത്തിയ പ്രശ്‌നമായിരുന്നു. മാംസാവശിഷ്ടങ്ങളടങ്ങിയ കാലിത്തീറ്റ വഴി മാടുകളെ ബാധിച്ച 'ബൊവൈന്‍ സ്‌പോഞ്ചിഫോം എന്‍സിഫലോപ്പതി'(BSE)യാണ്‌ ഭ്രാന്തിപ്പശുരോഗം (Mad Cow Disease) എന്നറിയപ്പെട്ടത്‌. ഇത്‌ ബാധിച്ച മാടുകളുടെ മാംസം കഴിക്കുക വഴി മനുഷ്യരെയും രോഗം ബാധിക്കാം. ഇറച്ചി തിന്നുന്നതിലൂടെ മനുഷ്യരെ ബാധിക്കുന്ന രോഗത്തിന്‌ 'വേരിയന്റ്‌ സി.ജെ.ഡി' (vCJD) എന്നാണ്‌ പേര്‌. രോഗാണുക്കളല്ല ഇതിന്‌ കാരണം എന്നതാണ്‌ വിചിത്രമായ വസ്‌തുത. 'പ്രയോണുകള്‍'(prions) എന്നറിയപ്പെടുന്ന വികലപ്രോട്ടീനുകളാണ്‌ ഈ രോഗം വരുത്തുന്നത്‌. ചൂടാക്കിയാലും തണുപ്പിച്ചാലുമൊന്നും പ്രയോണുകള്‍ നശിക്കില്ല എന്നത്‌ വലിയ ഭീഷണിയാണ്‌. ഇറച്ചി വേവിച്ചാണ്‌ തിന്നത്‌ എന്നതുകൊണ്ട്‌ രോഗം വരാതിരിക്കില്ല. ബ്രിട്ടനില്‍ ഇപ്പോഴും നൂറുകണക്കിനാളുകള്‍ ഭ്രാന്തിപ്പശുരോഗം ബാധിച്ച്‌ നിസ്സാഹരായി മരണം കാക്കുന്നവരായുണ്ട്‌.

ജനിതകവ്യതികരണം കൊണ്ട്‌ സി.ജെ.ഡി.എന്ന പ്രശ്‌നം പത്തുലക്ഷത്തിലൊരാള്‍ക്ക്‌ വീതം ബാധിക്കാം; ഭ്രാന്തിപ്പശുരോഗം ബാധിച്ച മാടിന്റെ ഇറച്ചി തിന്നണമെന്നില്ല. ചന്ദ്രനെ ബാധിച്ചത്‌ vCJD അല്ല എന്ന്‌ വിദഗ്‌ധ പരിശോധനയില്‍ തെളിഞ്ഞു. അതിനാല്‍, ബ്രിട്ടനില്‍നിന്ന്‌ രോഗമിവിടെ എത്തി എന്ന്‌ കരുതാനാകില്ല എന്നാണ്‌ മെഡിക്കല്‍ വിദഗ്‌ധര്‍ ഒടുവില്‍ എത്തിയ നിഗമനം. സി.ജെ.ഡി.യാണെങ്കിലും, മാട്ടിറച്ചി തിന്നുക വഴി ബാധിക്കുന്ന അതിന്റെ വകഭേദമാണെങ്കിലും, രണ്ടിനും ചികിത്സയില്ല. രോഗാണുവല്ല രോഗകാരിയെന്നതില്‍ പരമ്പരാഗത ചികിത്സകളൊന്നും ഫലപ്രദമാവുകയുമില്ല. പ്രശ്‌നമതല്ല, ചന്ദ്രന്‌ രോഗം ബാധിച്ചുവെന്ന റിപ്പോര്‍ട്ട്‌ വന്ന്‌ ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ പത്രങ്ങളുടെ ഓഫീസുകളിലേക്ക്‌ ചില ഹോമിയോവിദഗ്‌ധരുടെ പ്രസ്‌താവനകളും കത്തുകളും ലേഖനങ്ങളുമെത്തി. എല്ലാറ്റിലെയും ഉള്ളടക്കം ഏതാണ്ട്‌ ഇതായിരുന്നു-'ഭ്രാന്തിപ്പശുരോഗത്തിന്‌ ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികിത്സയുണ്ട്‌'. രോഗം ബാധിച്ച ഒരാളെ ഇതുവരെ നേരിട്ടു കാണുക പോലും ചെയ്യാത്തവരാണ്‌ ഈ അവകാശവാദമുന്നയിച്ച്‌ രംഗത്തെത്തയത്‌.

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യമഹാമാരിയെന്ന്‌ വിശേഷിപ്പിക്കപ്പെട്ട രോഗമാണ്‌ 'സിവിയര്‍ അക്യൂട്ട്‌ റെസ്‌പിറേറ്ററി സിന്‍ഡ്രോം'(സാര്‍സ്‌-SARS). തെക്കന്‍ ചൈനയിലെ ഗ്വാങ്‌ഡോങ്‌ പ്രവിശ്യയില്‍ 2002 നവംബറിലാണ്‌ രോഗം ആദ്യം പ്രത്യക്ഷപ്പെട്ടത്‌. കൊറോണ വിഭാഗത്തില്‍ പെടുന്ന ഒരിനം വൈറസാണ്‌, ജനിതകവ്യതികരണം സംഭവിച്ച്‌ വായുവിലൂടെ പകരാന്‍ പ്രാപ്‌തി നേടി ലോകത്തിന്‌ ഭീഷണിയുയര്‍ത്തിയത്‌. മാരകമായ ന്യുമോണിയയിലെത്തി രോഗി മരിക്കുകയാണ്‌ ഫലം. 2003-ല്‍ ദക്ഷിണേഷ്യ മുഴുവന്‍ രോഗം ഭീഷണിയുയര്‍ത്തി. മലേഷ്യ, സിങ്കപ്പൂര്‍ മുതലായ പ്രദേശങ്ങളിലേക്ക്‌ വിമാനസര്‍വീസുകള്‍ പോലും നിര്‍ത്തിവെച്ചു. സര്‍ജിക്കല്‍ മാസ്‌ക്‌ ധരിച്ചേ ജനത്തിന്‌ പുറത്തിറങ്ങാനാകൂ എന്നതായി സ്ഥിതി.

സാര്‍സിനൊരു മരുന്നു കണ്ടുപിടിക്കാന്‍, പ്രത്യേകിച്ചും മാരകമായ വൈറസ്‌ രോഗമായതിനാല്‍, വൈദ്യശാസ്‌ത്രത്തിന്‌ കഴിഞ്ഞില്ല. ആ സമയത്ത്‌ പക്ഷേ, കേരളത്തിലെ പ്രസ്‌ക്ലബ്ബുകളില്‍ ചില ഹോമിയോവിദഗ്‌ധര്‍ വാര്‍ത്താസമ്മേളനം നടത്തി പ്രസ്‌താവിച്ചു-സാര്‍സിന്‌ ഫലപ്രദമായ ചികിത്സ ഹോമിയോയിലുണ്ട്‌. വലിയ തലക്കെട്ടുകളില്‍ വാര്‍ത്ത മലയാളപത്രങ്ങള്‍ റിപ്പോട്ടുചെയ്യുകയും ചെയ്‌തു. തൊണ്ണൂറുകളുടെ അവസാനം പ്രത്യക്ഷപ്പെട്ട പക്ഷിപ്പനിയുടെ പേരിലും ഇത്തരം അവകാശവാദം ആവര്‍ത്തിക്കപ്പെട്ടു. ഒരു സാര്‍സ്‌ രോഗിയെയോ പക്ഷിപ്പനി ബാധിച്ചയാളെയോ കാണുകയാകട്ടെ പരിശോധിക്കുകയാവട്ടെ ചെയ്യാതെയാണ്‌ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെട്ടത്‌.

അറിയപ്പെടുന്ന ഒരു ഹോമിയോ ഡോക്ടര്‍ കഴിഞ്ഞ വര്‍ഷം കാലിക്കറ്റ്‌ പ്രസ്സ്‌ക്ലബ്ബില്‍ ഒരു വാര്‍ത്താസമ്മേളനം നടത്തി. ഏതാനും കുട്ടികളെയുംകൊണ്ടാണ്‌ അദ്ദേഹം എത്തിയത്‌. വൈദ്യശാസ്‌ത്രചരിത്രത്തില്‍ തങ്കലിപികളില്‍ രേഖപ്പെടുത്തി വെയ്‌ക്കേണ്ട ഒരു മുന്നേറ്റത്തിന്റെ കാര്യം അവതരിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ വരവ്‌. ആ കുട്ടികള്‍ രക്താര്‍ബ്ബുദം ബാധിച്ചവരായിരുന്നു. ഹോമിയോചികിത്സവഴി അത്‌ തീര്‍ത്തും ഭേദമായിരിക്കുന്നു എന്നാണദ്ദേഹം പ്രസ്‌താവിച്ചത്‌. സംശയമുണ്ടെങ്കില്‍ കുട്ടികളോടു ചോദിക്കൂ എന്നും അദ്ദേഹം പറയുമായിരിക്കും എന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തവര്‍ സന്ദേഹിച്ചിരിക്കണം. കുട്ടികളുടെ രോഗം മാറിയതിന്റെ തെളിവായി ചില രക്തപരിശോധനാഫലങ്ങളുടെ കോപ്പികളും അദ്ദേഹം വിതരണം ചെയ്‌തു.

ആണ്ടി വലിയ അടിക്കാരനാണെന്ന്‌ ആണ്ടിതന്നെ പറഞ്ഞാല്‍ പോരല്ലോ. അതുപോലെ താന്‍ ഇത്തരം അത്ഭുതകരമായ ഒരു പ്രവര്‍ത്തി നടത്തിയെന്ന്‌ ഡോക്ടര്‍ തന്നെ അവകാശപ്പെട്ടാല്‍ പോരല്ലോ. ശരിയാണെങ്കില്‍ അത്‌ മഹത്തായ സംഗതിതന്നെയാണ്‌. ആധുനികവൈദ്യശാസ്‌ത്രം തലകുത്തി നിന്നിട്ടു സാധിക്കാത്ത കാര്യം. എങ്കില്‍, ഈ പരീക്ഷണഫലം ഏതെങ്കിലും അന്താരാഷ്ട്ര ഗവേഷണ ജേര്‍ണലില്‍ പ്രസിദ്ധീകരിക്കയല്ലായിരുന്നോ വേണ്ടത്‌. ലോകം മുഴുവന്‍ നടുങ്ങില്ലായിരുന്നോ. അതിനു പകരം എന്തിന്‌ വെറുമൊരു പ്രസ്സ്‌ക്ലബ്ബിലെ വാര്‍ത്താസമ്മേളനത്തിലേക്ക്‌ ഈ മഹത്തായ മുന്നേറ്റത്തിന്റെ വെളിപ്പെടുത്തല്‍ ഒതുക്കി എന്ന്‌ ചോദിക്കാന്‍ അന്നവിടെ കൂടിയിരുന്ന പത്രപ്രവര്‍ത്തകര്‍ക്കാര്‍ക്കും തോന്നിയില്ല. പകരം, 'രക്താര്‍ബുദത്തിന്‌ ഹോമോയോ ചികിത്സ' എന്ന ഒരു അസംബന്ധ വാര്‍ത്തനല്‍കി ആ അധ്യായം അവര്‍ അവസാനിപ്പിച്ചു.

നൂറ്റാണ്ടുകളുടെ ചരിത്രമുള്ള ഒരു ചികിത്സാ സമ്പ്രദായത്തിന്റെ വക്താക്കളായ ഈ ഡോക്ടര്‍മാര്‍ എന്തുകൊണ്ട്‌, സാമാന്യയുക്തിക്കു പോലും നിരക്കാത്ത ഇത്തരം അവകാശവാദങ്ങളുമായി രംഗത്തെത്തുന്നു. സാധാരണഗതിയില്‍ ഇത്തരം അവകാശവാദവുമായി മറ്റ്‌ ചികിത്സാ സമ്പ്രദായങ്ങളിലുള്ള വിദഗ്‌ധര്‍ വാര്‍ത്താസമ്മേളനം നടത്താറില്ല. ഇതിന്റെ ഉത്തരം കിട്ടണമെങ്കില്‍, ഇത്തരം അവകാശവാദം ഉയര്‍ത്തുന്നവരെ അതിന്‌ പ്രേരിപ്പിക്കുന്ന സംഗതിയെന്താണെന്ന്‌ അറിയണം. രണ്ട്‌ തരത്തില്‍ അവകാശവാദങ്ങള്‍ പ്രത്യക്ഷപ്പെടാം; ഒന്ന്‌ അമിതമായ ആത്മവിശ്വാസം മൂലം. തനിക്കത്‌ സാധിക്കും എന്ന ഉറച്ച വിശ്വാസം കൊണ്ട്‌. ഇതിന്‌ നേരെ തിരിച്ചുള്ള അവസ്ഥയിലും അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടാം. അത്മവിശ്വാസമില്ലായ്‌മ മൂലമാണത്‌. ഹോമിയോരംഗത്തുള്ളവര്‍ നടത്തുന്ന മിക്ക അവകാശവാദങ്ങളും ആത്മവിശ്വാസമില്ലായ്‌മയുടെ പ്രതിഫലനമാണെന്ന്‌ സൂക്ഷിച്ചു നോക്കിയാല്‍ മനസിലാകും. ആത്മവിശ്വാസക്കുറവിന്‌ കാരണമെന്ത്‌? അതറിയണമെങ്കില്‍ എന്താണ്‌ ഹോമിയോപ്പതിയെന്നു മനസിലാക്കണം. അതിന്‌ സാധാരണ അവകാശവാദങ്ങള്‍ മാത്രം പോര ചില വസ്‌തുതകള്‍ കൂടി അറിയണം; അല്‍പ്പം ചരിത്രവും. (അത്‌ അടുത്ത ലേഖനത്തില്‍).
 കാണുക-
ഹോയോപ്പതി - സത്യവും മിഥ്യയും
ഹോമിയോപ്പതി - വിവാദങ്ങളില്‍ നഷ്ടപ്പെടുന്നത്‌


Sunday, July 01, 2007

പൂച്ചകള്‍ പശ്ചിമേഷ്യക്കാര്‍

പൂച്ച പശ്ചിമേഷ്യക്കാരാണ്‌. എങ്കില്‍ എലി ഏത്‌ നാട്ടുകാരായിരിക്കും. പൂച്ചയുടെ ജനിതക ചരിത്രം തേടിപ്പോയ ഒരു സംഘം അന്താരാഷ്ട്ര ഗവേഷകരാണ്‌ എലിയുടെ ഈ ചരിത്രവൈരിയുടെ ചരിത്രം തുടങ്ങുന്നത്‌ പശ്ചിമേഷ്യന്‍ മേഖലയില്‍നിന്നാണെന്ന്‌ കണ്ടെത്തിയത്‌

നുഷ്യന്റെ ഏറ്റവും പഴയ ചങ്ങാതിമാരില്‍ പൂച്ചകളും പെടുന്നു. എലിയുടെ ഈ പ്രഖ്യാപിത ശത്രു മനുഷ്യന്റെ മിത്രമായതില്‍ അത്ഭുതമില്ല. അടുത്തെത്തി കുറുകലോടെ മുട്ടിയുരുമ്മി നമ്മളെ ആനന്ദിപ്പിക്കുന്ന പൂച്ചകളുടെ പാരമ്പര്യത്തെക്കുറിച്ച്‌ അധികമാരും ആലോചിക്കാറില്ല. വീട്ടുപൂച്ചകളുടെ ജനിതക ചരിത്രം തേടിപ്പോയ ഒരുസംഘം ഗവേഷകര്‍ എത്തിയത്‌ വിചിത്രമായ നിഗമനത്തിലാണ്‌. ലോകത്താകമാനമുള്ള വീട്ടുപൂച്ചകളുടെ പൂര്‍വികര്‍ പശ്ചിമേഷയില്‍ നിന്നുള്ള കാട്ടുപൂച്ചകളാണത്രേ! പശ്ചിമേഷ്യയിലെ ഒരു പൊതുപൂര്‍വികനില്‍ നിന്നുടലെടുത്ത അഞ്ച്‌ ജനിതക തായ്‌വഴികളിലൂടെയാണ്‌ വീട്ടുപൂച്ചകള്‍ മുഴുവന്‍ രൂപപ്പെട്ടതെന്നാണ്‌ കണ്ടെത്തല്‍. ഇനി എലി ഏത്‌ നാട്ടുകാരാണെന്നും കൂടി കണ്ടെത്തിയാല്‍, ചിത്രം പൂര്‍ത്തിയാകും.

'ഫെര്‍ട്ടയ്‌ല്‍ ക്രെസന്റ്‌' (Fertile Crescent) എന്നറിയപ്പെടുന്ന പശ്ചിമേഷ്യന്‍ മേഖലയാണ്‌ വീട്ടുപൂച്ചകളുടെ പൂര്‍വിക വാസഗേഹമെന്ന്‌ 'സയന്‍സ്‌' ഗവേഷണ വാരിക റിപ്പോര്‍ട്ടു ചെയ്യുന്നു. കിഴക്കന്‍ മെഡിറ്റനേറിയന്‍ മുതല്‍ ഗള്‍ഫ്‌ വരെ വ്യാപിച്ചു കിടക്കുന്ന പ്രദേശമാണിത്‌. ഇറാഖ്‌, സിറിയ, ലെബനന്‍, ഇസ്രായേല്‍ മുതലായ രാജ്യങ്ങള്‍ 'ഫെര്‍ട്ടയ്‌ല്‍ ക്രെസന്റ്‌' മേഖലയില്‍ പെടുന്നു. നൈല്‍, ജോര്‍ദാന്‍, ടൈഗ്രിസ്‌, യൂഫ്രട്ടീസ്‌ തുടങ്ങിയ നദികളാല്‍ സമ്പുഷ്ടമാക്കപ്പെട്ട പ്രദേശമായതിന്റെ പേരിലാണ്‌ ഈ നാമം ലഭിച്ചത്‌. വെട്ടയാടി അലഞ്ഞുനടന്ന ആദിമമനുഷ്യര്‍ ആദ്യമായി സ്ഥിരവാസം ഉറപ്പിച്ച്‌ കാര്‍ഷികവൃത്തി ആരംഭിച്ചത്‌ ഈ പ്രദേശങ്ങളിലാണെന്നു നരവംശശാസ്‌ത്രം പറയുന്നു. സുമേറിയന്‍സ്‌, അസീറിയന്‍സ്‌, ബാബിലോണിയന്‍ സംസ്‌കാരങ്ങളുടെയൊക്കെ പിറവിയും ഈ മണ്ണില്‍ തന്നെയായിരുന്നു. പ്രാചീന ചരിത്രത്തില്‍ ഇത്ര പ്രാധാന്യമുള്ള ഈ മേഖലയില്‍ തന്നെയാണ്‌, മനുഷ്യന്റെ ഉറ്റസുഹൃത്തുക്കളില്‍ ഒന്നായ പൂച്ചയുടേയും ജന്മഗേഹമെന്നത്‌ കൗതുകമുണര്‍ത്തുന്നു.

9500 വര്‍ഷം മുമ്പ്‌ പൂച്ച മനുഷ്യരുമായി ഇണങ്ങിതിന്റെ തെളിവു ലഭിച്ചിട്ടുണ്ട്‌. സൈപ്രസില്‍ നിന്നാണത്‌ കിട്ടിയത്‌. അതിനും 3000 വര്‍ഷം മുമ്പെങ്കിലും മനുഷ്യഭവനങ്ങളില്‍ പൂച്ചകളുണ്ടായിരുന്നു എന്നാണ്‌ ഗവേഷകര്‍ എത്തിയിട്ടുള്ള നിഗമനം. ആദിമ കൃഷീവലന്‍മാരുടെ ധാന്യപ്പുരകളില്‍നിന്ന്‌ എലികളെ വേട്ടയാടാന്‍ സഹായത്തിനെത്തി പാര്‍പ്പു തുടങ്ങിയ അവ വീടുകളില്‍ മനുഷ്യര്‍ക്കൊപ്പം അവകാശികളാവുകയായിരുന്നു. 130,000 വര്‍ഷം മുമ്പാണത്രേ വന്യഇനങ്ങളില്‍നിന്ന്‌ ഇപ്പോഴത്തെ വീട്ടുപൂച്ചകളുടെ പൂര്‍വികള്‍ വേര്‍പിരിഞ്ഞത്‌.

ബ്രിട്ടനില്‍ ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ ഡേവിഡ്‌ മാക്‌ഡൊണാള്‍ഡിന്റെ നേതൃത്വത്തിലുള്ള അന്താരാഷ്ട്ര സംഘമാണ്‌ പൂച്ചകളുടെ പൂര്‍വികവേരുകള്‍ ചികഞ്ഞുപോയത്‌. സ്‌കോട്ടിഷ്‌ കാട്ടുപൂച്ചയും ബ്രിട്ടനില്‍ കാണപ്പെടുന്ന മറ്റ്‌ പൂച്ചകളും തമ്മിലുള്ള ജനിതകവ്യത്യാസങ്ങള്‍ കണ്ടെത്താന്‍ ആറുവര്‍ഷം മുമ്പ്‌ തുടങ്ങിയ പദ്ധതിയാണ്‌, പിന്നീട്‌ വീട്ടുപൂട്ടകളുടെ ചരിത്രം കണ്ടെത്താനുള്ള ഒന്നായി മാറിയത്‌. യൂറോപ്പ്‌, ഏഷ്യ, പശ്ചിമേഷ്യ, ആഫ്രിക്ക, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള 979 പൂച്ചകളുടെ മൈറ്റോകോണ്‍ഡ്രിയല്‍ ഡി.എന്‍.എ. സാമ്പിളുകള്‍ ഗവേഷകര്‍ താരതമ്യം ചെയ്‌തു. (കോശങ്ങളിലെ പവര്‍ഹൗസുകള്‍ എന്നറിയപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയയില്‍ ചെറിയൊരളവ്‌ ഡി.എന്‍.എ.യുണ്ട്‌. ഇത്‌ അമ്മ വഴി തലമുറകളായി മാറ്റമൊന്നും കൂടാതെ കൈമാറപ്പെടുന്നതാണ്‌).

മാത്രമല്ല, ഏത്‌ വന്യയിനവുമായാണ്‌ വീട്ടുപൂച്ചകള്‍ക്ക്‌ ജനിതകബന്ധമുള്ളതെന്നു കണ്ടെത്താന്‍, ഭൂമുഖത്തുള്ള അഞ്ച്‌ പ്രധാന കാട്ടുപൂച്ചകളുടെ സാമ്പിളുകളും ഗവേഷകര്‍ പരിശോധിച്ചു. നിയര്‍ ഈസ്‌റ്റേണ്‍ കാട്ടുപൂച്ച (Near Eastern wildcat), യൂറോപ്യന്‍ കാട്ടുപൂച്ച (European wildcat), മധ്യേഷ്യന്‍ കാട്ടുപൂച്ച (Central Asian wildcat), ദക്ഷിണാഫ്രിക്കന്‍ കാട്ടുപൂച്ച (southern African wildcat), ചൈനീസ്‌ മരുപ്പൂച്ച (Chinese desert cat) എന്നിവയുടെ ഡി.എന്‍.എ.സാമ്പിളുകളാണ്‌ പരിശോധിച്ചത്‌. ബ്രിട്ടനില്‍ നിന്നുള്ളവര്‍ കൂടാതെ അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്‌, സ്‌പെയിന്‍, ഇസ്രായേല്‍ എന്നീ രാജ്യങ്ങളിലെ ഗവേഷകരും പഠനത്തില്‍ പങ്കുചേര്‍ന്നിരുന്നു.

ഇവയില്‍ നിയര്‍ ഈസ്റ്റേണ്‍ കാട്ടുപൂച്ചയോടാണ്‌ വീട്ടുപൂച്ചകള്‍ക്ക്‌ ജനിതകബന്ധമുള്ളതെന്ന്‌ ഗവേഷകര്‍ കണ്ടെത്തുകയായിരുന്നു. മനുഷ്യര്‍ക്കൊപ്പം ഇവ ലോകത്തിന്റെ എല്ലാഭാഗത്തും എത്തുകയായിരുന്നിരിക്കാം. ഇസ്രായേല്‍, സൗദി അറേബ്യ തുടങ്ങിയ പ്രദേശങ്ങളിലെ വിദൂര മരുപ്രദേശത്താണ്‌ ഇപ്പോള്‍ ഈ ഇനത്തില്‍ പെട്ട കാട്ടുപൂച്ചകളുള്ളത്‌. "എല്ലാ വീട്ടുപൂച്ചകളും ഈ ഒറ്റ പൂര്‍വികനില്‍നിന്നാണ്‌ വന്നതെന്ന്‌ പഠനം തെളിയിച്ചു"-സംഘത്തില്‍ അംഗമായിരുന്ന ഓക്‌സ്‌ഫഡ്‌ സര്‍വകലാശാലയിലെ കാര്‍ലോസ്‌ ഡ്രിസ്‌കോള്‍ പറയുന്നു.(അവലംബം: സയന്‍സ്‌ ഗവേഷണ വാരിക)