Sunday, May 13, 2012

മാധ്യമങ്ങള്‍ അവഗണിച്ച ഒരു അവാര്‍ഡ് ദാനം


K S Manilal, Hortus Malabaricus, Netherlands


ഏഷ്യയില്‍ ഒരാള്‍ക്ക് ആദ്യമായി ആ പുരസ്‌കാരം ലഭിക്കുകയായിരുന്നു. ഡച്ച് രാജ്ഞി ബിയാട്രിക്‌സിന്റെ ശുപാര്‍ശ പ്രകാരം നല്‍കപ്പെടുന്ന നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരമായ 'ഓഫീസര്‍ ഇന്‍ ദ ഓര്‍ഡര്‍ ഓഫ് ഓറഞ്ച്-നാസ്സൗ' (Officer in the Order of Orange - Nassau award). പുരസ്‌കാരത്തിന് അര്‍ഹനായത് ഒരു മലയാളിയാണെന്നതും, കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ഏറെ ചരിത്രപ്രാധാന്യമുള്ള പ്രാചീന ലാറ്റിന്‍ ഗ്രന്ഥം സമഗ്രമായി മനസിലാക്കാന്‍ നടത്തിയ അരനൂറ്റാണ്ടുകാലത്തെ പരിശ്രമമാണ് അവാര്‍ഡിന് അദ്ദേഹത്തെ അര്‍ഹനാക്കിയത് എന്നതും നമ്മുക്ക് അഭിമാനിക്കാന്‍ പോന്ന കാര്യങ്ങളാണ്.

പ്രമുഖ സസ്യശാസ്ത്രജ്ഞന്‍ കെ.എസ്.മണിലാല്‍ ആയിരുന്നു അവാര്‍ഡ് ജേതാവ്. ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന പ്രാചീന ലാറ്റിന്‍ഗ്രന്ഥം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാന്‍ നടത്തിയ അരനൂറ്റാണ്ടുകാലത്തെ ശ്രമങ്ങളാണ് അദ്ദേഹത്തെ അവാര്‍ഡിന് അര്‍ഹനാക്കിയത്. കഴിഞ്ഞ മെയ് ഒന്നിന് കോഴിക്കോട് താജ് ഗേറ്റ്‌വേ ഹോട്ടലില്‍ നടന്ന ചടങ്ങില്‍, ഡച്ച് രാജ്ഞിയെ പ്രതിനിധാനം ചെയ്ത് മുംബൈയിലെ നെതര്‍ലന്‍ഡ്‌സ് കോണ്‍സുല്‍ ജനറല്‍ മാരിജ്‌കെ എ വാന്‍ ഡ്രുനെന്‍ ലിറ്റെല്‍ മണിലാലിന് പുരസ്‌കാരം സമ്മാനിച്ചു.

മൂന്നു നൂറ്റാണ്ടുമുമ്പ് കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്‍ട്രിക് ആഡ്രിയന്‍ വാന്‍ റീഡ് ആണ് ഹോര്‍ത്തൂസ് മലബാറിക്കൂസ് എന്ന ഐതിഹാസിക സസ്യശാസ്ത്രഗ്രന്ഥം തയ്യാറാക്കിയത്. 1678-1693 കാലത്ത് നെതര്‍ലന്‍ഡ്‌സില്‍ നിന്ന് പ്രസിദ്ധീകരിച്ച 12 വാല്യമുള്ള ആ ഗ്രന്ഥത്തിലാണ് മലയാളം ലിപി ആദ്യമായി അച്ചടിക്കപ്പെട്ടത്. ഉഷ്ണമേഖലാപ്രദേശത്തെ സസ്യസമ്പത്തിനെക്കുറിച്ച് പാശ്ചാത്യലോകത്ത് പ്രസിദ്ധീകരിക്കപ്പെടുന്ന ആദ്യ ആധികാരിക ഗ്രന്ഥമായിരുന്നു ഹോര്‍ത്തൂസ്.

ലാറ്റിനിലെഴുതപ്പെട്ട ആ ഗ്രന്ഥം സമഗ്രമായി മനസിലാക്കാനും മറ്റ് ഭാഷകളിലേക്ക് എത്തിക്കാനും കഴിഞ്ഞ മുന്നൂറ് വര്‍ഷത്തിനിടെ ഒട്ടേറെ ശ്രമങ്ങള്‍ നടന്നു. അവയെല്ലാം പരാജയപ്പെട്ടു. ഒടുവില്‍, ആ ഗ്രന്ഥത്തെ മനസിലാക്കാനും അതില്‍ പരാമര്‍ശിക്കപ്പെട്ട നൂറുകണക്കിന് സസ്യങ്ങള്‍ വീണ്ടും ശേഖരിച്ച് ശാസ്ത്രീയ വിശകലനം നടത്താനും, ഹോര്‍ത്തൂസിലുള്ള കാര്യങ്ങള്‍ ലാറ്റിനില്‍നിന്ന് പരിഭാഷപ്പെടുത്താനും കെ.എസ്.മണിലാല്‍ എന്ന സസ്യശാസ്ത്രജ്ഞന്‍ തന്റെ ജീവിതത്തിന്റെ 50 വര്‍ഷങ്ങള്‍ ചെലവഴിച്ചു. ഹോര്‍ത്തൂസിനായി ആയുസ്സും ആരോഗ്യവും ബുദ്ധിയും ധനവുമെല്ലാം സമര്‍പ്പിച്ച് ഒരു തപസ്യപോലെ അദ്ദേഹം നടത്തിയ ശ്രമമായാണ്, ഹോര്‍ത്തൂസിന്റെ ഇംഗ്ലീഷ് പതിപ്പും (2003), മലയാളം പതിപ്പും (2008) കേരളസര്‍വകലാശാല പ്രസിദ്ധീകരിച്ചത്. അതാണിപ്പോള്‍ നെതര്‍ലന്‍ഡ്‌സിന്റെ ഉന്നത സിവിലിയന്‍ പുരസ്‌കാരം നേടുന്നതിലേക്ക് മണിലാലിനെ എത്തിച്ചത്.

സ്വാഭാവികമായും ഇത് ഏറെ മാധ്യമശ്രദ്ധ നേടേണ്ട ഒരു പുരസ്‌കാരമായിരുന്നു. പേപ്പര്‍സംഘടനകള്‍ നല്‍കുന്ന നിസ്സാര പുരസ്‌കാരങ്ങള്‍ പോലും മാധ്യമങ്ങള്‍ അവഗണിക്കാറില്ലല്ലോ. മണിലാലിന് ലഭിച്ച പുരസ്‌കാരത്തിന്റെ കാര്യം പക്ഷേ, വ്യത്യസ്തമായിരുന്നു. മിക്ക പത്രങ്ങളും ചാനലുകളും അത് അവഗണിച്ചു. മാതൃഭൂമിയുടെ കോഴിക്കോട് എഡിഷനില്‍ പത്താംപേജില്‍ രണ്ടുകോളം വാര്‍ത്തയായി അത്. ടൈംസ് ഓഫ് ഇന്ത്യയും അത് റിപ്പോര്‍ട്ട് ചെയ്തു. മറ്റ് മിക്ക പത്രങ്ങളിലും ആ വാര്‍ത്ത വന്നില്ല. പുരസ്‌കാരം നല്‍കുന്ന ദിവസം താജ് ഹോട്ടലിന്റെ ഗേറ്റില്‍ ചാനല്‍ റിപ്പോര്‍ട്ടര്‍മാര്‍ തമ്പടിച്ചിരുന്നു. ചടങ്ങില്‍ പങ്കെടുക്കാനെത്തുന്ന കാലിക്കറ്റ് വൈസ് ചാന്‍സലര്‍ എ.അബ്ദുള്‍ സലാമിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തടയുമെന്ന വിവരം കിട്ടിയാണ് അവര്‍ വന്നത്. വൈസ് ചാന്‍സലര്‍ വരവ് ഒഴിവാക്കി. ചാനലുകള്‍ക്ക് അതായിരുന്നു പ്രധാനം, അവര്‍ പോയി. അവിടെ നടക്കുന്ന പുരസ്‌കാരദാനം റിപ്പോര്‍ട്ട് ചെയ്യണമെന്ന് അവര്‍ക്ക് തോന്നിയില്ല!

കേരളത്തിന്റെ മഹത്തായ ഒരു പൈതൃകം വീണ്ടെടുക്കുന്ന പ്രവര്‍ത്തനമായിരുന്നു മണിലാലിന്റേത്. ഏത് കേരളീയനും അഭിമാനിക്കാന്‍ പോന്ന പ്രവര്‍ത്തനം. മൂന്നു നൂറ്റാണ്ടായി ഒരു പണ്ഡിതനും വിജയിക്കാനാകാതെ വന്ന അക്കാദമിക് വെല്ലുവിളി സ്വയം ഏറ്റൈടുത്ത് വിജയിപ്പിക്കുകയാണ് മണിലാല്‍ ചെയ്തത്. പക്ഷേ, കേരളം ആ പരിശ്രമത്തെ കണ്ടതായി പോലും നടിച്ചില്ല. സര്‍ക്കാരോ അല്ലെങ്കില്‍ സാഹിത്യ അക്കാദമി, ശാസ്ത്രസാങ്കേതിക പരിസ്ഥിതി വകുപ്പ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളോ, അതല്ലെങ്കില്‍ കേരളത്തിലെ യൂണിവേഴ്‌സിറ്റികളോ ഇങ്ങനെയൊരു മനുഷ്യന്‍ ഇവിടെ ജീവിച്ചിരിക്കുന്നു എന്നകാര്യം പോലും ഇതുവരെ ഓര്‍ക്കാന്‍ തയ്യാറായിട്ടില്ല.

കേരളത്തിന്റെ ചരിത്രപൈതൃകം വീണ്ടെടുക്കാന്‍ ആയുസ്സ് പാഴാക്കിയ മനുഷ്യനെ യാതൊരു മനസാക്ഷിക്കുത്തുമില്ലാതെ അവഗണിക്കാന്‍ നമുക്ക് കഴിയുന്നു. എന്നിട്ട്, മഹത്തായ ഒരു ജനതയാണ് നമ്മള്‍ എന്ന് ഊറ്റംകൊള്ളുന്നു. അതേസമയം, തങ്ങളുടെ ചരിത്രപൈതൃകത്തിന്റെ ഭാഗമായ ഹോര്‍ത്തൂസ് മലബാറിക്കൂസ് ഇന്നും നെതര്‍ലന്‍ഡ്‌സിന് വിലയുള്ളതാണ്. അതിന് തെളിവാണ് മണിലാലിന് ലഭിച്ച പുരസ്‌കാരം.


കള്ളനാണയങ്ങള്‍ യഥേഷ്ടം  വിലസുന്ന കേരളത്തിന്റെ പൊതുജിവിതത്തില്‍ മണിലാലിനെപ്പോലുള്ള യഥാര്‍ഥ പണ്ഡിതര്‍ക്ക് ഒരുപക്ഷേ സ്ഥാനമുണ്ടാകില്ലായിരിക്കാം. 'മലയാള മാധ്യമലോകത്തിന് മലയാളിയോട് കൂറില്ലാതിയിരിക്കുന്നു' എന്ന സക്കറിയയുടെ നിരീക്ഷണം (മാതൃഭൂമി ആഴ്ച്ചപ്പതിപ്പ്, മെയ് 13, 2012) എത്ര സത്യമാണെന്ന് ഈ സംഭവം ഓര്‍മിപ്പിക്കുന്നു. സക്കറിയ നീരീക്ഷിക്കുന്നു- 'മാധ്യമപ്രവര്‍ത്തനത്തെ സംബന്ധിച്ചിടത്തോളം മലയാളി, അതിന്റെ ആദായതാത്പര്യങ്ങളുടെയും രാഷ്ട്രീയതാത്പര്യങ്ങളുടെയും ജാതിമതതാത്പര്യങ്ങളുടെയും ഒരു ഉപകരണം മാത്രമാണ്'-എത്ര വാസ്തവം!

(ചിത്രങ്ങള്‍ കടപ്പാട് : ഡോ.എം.സാബു, പ്രൊഫസര്‍ ആന്‍ഡ് ഹെഡ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ബോട്ടണി, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി).



കാണുക-

മാതൃഭൂമി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്
Times of India യില്‍ വന്ന റിപ്പോര്‍ട്ട്‌
 ഹരിതഭൂപടം

Saturday, May 12, 2012

ഡിജിറ്റല്‍യുഗത്തില്‍ വാര്‍ത്തകള്‍ക്ക് സംഭവിക്കുന്നത്‌


കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ MEDIA യില്‍ (ഏപ്രില്‍ 2012 ലക്കം) പ്രസിദ്ധീകരിച്ചത്.
പത്രവ്യവസായത്തില്‍ നമുക്ക് പരിചിതമായ പരമ്പരാഗത സമ്പ്രദായത്തിന്റെ തുടക്കം 1833 സപ്തംബര്‍ മൂന്നിനായിരുന്നു. അന്നത്തെ പ്രഭാതത്തില്‍ ന്യൂയോര്‍ക്ക് നഗരവീഥികളില്‍ പുതിയൊരു പത്രം പ്രത്യക്ഷപ്പെട്ടു-'സണ്‍'. വന്‍തോതില്‍ വായനക്കാരെ ആകര്‍ഷിക്കാനുദ്ദേശിച്ച് ക്രൈം റിപ്പോര്‍ട്ടുകളും ഹ്യുമണ്‍ ഇന്ററസ്റ്റ് സ്‌റ്റോറികളും ചേര്‍ന്ന ചേരുവ അതില്‍ ഒരുക്കിയിരുന്നു. മാത്രമല്ല, വെറും ഒരു പെനി (one penny) ആയിരുന്നു പത്രത്തിന്റെ വില,  ന്യൂയോര്‍ക്കില്‍ അന്ന് വിറ്റിരുന്ന മറ്റ് പത്രങ്ങളെ അപേക്ഷിച്ച് ആറിലൊന്ന് മാത്രം!

'എ ഹിസ്റ്ററി ഓഫ് ന്യൂസ്' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവ് മിച്ചെല്‍ സ്റ്റീഫെന്‍സ് പറയുന്നതു പ്രകാരം, അന്ന് ന്യൂയോര്‍ക്കില്‍ ഏറ്റവും വലിയ പത്രമായിരുന്ന 'കോറിയറി'ന്റെ പ്രചാരം വെറും 4500 കോപ്പിയായിരുന്നു. പുതിയ 'പെനി പത്രം' അതുവരെ പത്രം വാങ്ങാത്തവര്‍ക്കിടയിലുമെത്തി. രണ്ടുവര്‍ഷത്തിനകം സണ്‍ പത്രത്തിന്റെ സര്‍ക്കുലേഷന്‍ 15000 കടന്നു. ആവിശക്തിയില്‍ പ്രവര്‍ത്തിക്കുന്ന അച്ചടിയന്ത്രമുപയോഗിച്ച് ഇത്രയും കോപ്പികള്‍ ദിവസവും അനായാസം അച്ചടിച്ചിറക്കി.

സണ്‍ പത്രം മുന്നോട്ടുവെച്ച ബിസിനസ് മാതൃകയായിരുന്നു പ്രാധാനം. സര്‍ക്കുലേഷന്‍ വര്‍ധിക്കുന്നത് പരസ്യദാതാക്കളെ ആകര്‍ഷിക്കും. പരസ്യത്തില്‍നിന്നുള്ള വരുമാനംകൊണ്ട് കുറഞ്ഞ വിലയ്ക്ക് പത്രം വില്‍ക്കാനാകും. പരസ്യദാതാവിനെയും പത്രവായനക്കാരനെയും ഒരേപോലെ സന്തോഷിപ്പിക്കുന്ന സംഗതി. പരസ്യദാതാവിന് കൂടുതല്‍ ആളുകളിലേക്ക് പരസ്യം എത്തുന്നതിന്റെ സന്തോഷം, ചെറിയ വിലയ്ക്ക് പത്രം കിട്ടുന്നതിന്റെ ആഹ്ലാദം വായനക്കാരന്. പത്രവില്‍പ്പനയില്‍ നിന്നുള്ള വരുമാനത്തെ മാത്രം ആശ്രയിക്കുകയെന്ന സ്ഥിതി മാറി. വരുമാനത്തില്‍ പരസ്യത്തിനായി മുഖ്യപങ്ക്. സ്വാഭാവികമായും പ്രൊഫഷണല്‍ ജേര്‍ണലിസ്റ്റുകളെ നിയോഗിച്ച് മെച്ചപ്പെട്ട വാര്‍ത്താശേഖരണത്തിന് വഴിയൊരുങ്ങി.

ഒന്നേമുക്കാല്‍ നൂറ്റാണ്ടായി വാര്‍ത്താവ്യവസായം പിന്തുടര്‍ന്ന രീതി ഏറെക്കുറെ ഇതാണ്. എന്നാല്‍, ഇന്ന് കഥ മാറിയിരിക്കുന്നു. മറ്റ് പല രംഗങ്ങളെയുംപോലെ വാര്‍ത്തയെയും വാര്‍ത്താവ്യവസായത്തെയും ഡിജിറ്റല്‍വിപ്ലവം പുതിയ രൂപത്തിലേക്ക് പരിവര്‍ത്തനം ചെയ്യുകയാണ്. വാര്‍ത്ത ശേഖരിച്ച് പാകപ്പെടുത്തി അവതരിപ്പിക്കുക എന്നത് ജേര്‍ണലിസ്റ്റുകളുടെ മാത്രം കുത്തകയാണെന്ന സ്ഥിതി മാറിയിരിക്കുന്നു. നവമാധ്യമങ്ങള്‍ വാര്‍ത്തയുടെ അംഗീകൃത രീതികളെ പുനര്‍നിര്‍വചിക്കുകയാണ്.

വാര്‍ത്തയുടെ രചനയും വിനിമയവും വിതരണവും സ്വാധീനവും പുതുക്കി നിശ്ചയിക്കുകയാണ് ഡിജിറ്റല്‍ യുഗം. ട്വിറ്ററും ഫെയ്‌സ്ബുക്കും പോലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകള്‍ ഏറ്റവും വലിയ വാര്‍ത്താവിതരണ പ്ലാറ്റ്‌ഫോമുകളായി പരിണമിച്ചതിനൊപ്പം, വാര്‍ത്തകളുടെ വിചാരണയ്ക്കും അവ വേദിയൊരുക്കുന്നു.

സേണില്‍ സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) അവരുടെ ഏറ്റവും പുതിയ കണ്ടെത്തലുകള്‍ ലോകത്തിന് മുമ്പിലെത്തിക്കുന്നത് ട്വിറ്റര്‍ വഴിയാണ്. www.twitter.com/cern കാണുക. കേരളനിയമസഭയിലെ സ്വകാര്യബില്ല് പൊതുജനങ്ങളുടെ അഭിപ്രായമാരായാന്‍ ഫെയ്‌സ്ബുക്കില്‍ പ്രത്യക്ഷപ്പെടുന്നു (അതിന്റെ പേരില്‍ തൃത്താല എം.എല്‍.എ. വി.ടി.ബലറാം രണ്ടുതവണ സ്പീക്കറുടെ താക്കീതിനിരവുകയും, ആ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍നിന്ന് പിന്‍വലിക്കേണ്ടിയും വന്നു എന്നത് വേറെകാര്യം). യുട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന ഒരു അമേച്വര്‍ വീഡിയോ ആകാം ഒരു ദിവസത്തെ ബ്രേക്കിങ് ന്യൂസ്! അമേരിക്കന്‍ ഭരണകൂടത്തെ പോലും വെട്ടിലാക്കാന്‍ പോന്ന രഹസ്യരേഖകള്‍ വിക്കിലീക്‌സ് പോലുള്ള സൈറ്റുകളില്‍ പ്രത്യക്ഷപ്പെടുമെന്ന് ആരെങ്കിലും കരുതിയിരുന്നോ.

വെളിപ്പെടുത്തലുകള്‍ക്കും ബ്രേക്കിങ് ന്യൂസുകള്‍ക്കുമുള്ള വേദി പരമ്പരാഗത മാധ്യമങ്ങള്‍ (പത്രം, ടെലിവിഷന്‍, റേഡിയോ) മാത്രമെന്ന സ്ഥിതി കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്നു. ബോഗുകള്‍, ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, യുട്യൂബ്, വിക്കിലീക്‌സ് എന്നിങ്ങനെ സോഷ്യല്‍ മീഡിയയുടെ പരിധിക്കുള്ളില്‍ വരുന്ന ഡിജിറ്റല്‍ വേദികളിലും ഇപ്പോള്‍ ലോകത്തെ പിടിച്ചുകുലുക്കുന്ന സംഭവങ്ങള്‍ ആദ്യം 'ബ്രേക്ക്' ചെയ്യുന്നു. ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും പറയാം.

മധ്യടുണീഷ്യയില്‍ സിഡി ബൗസിദ് പട്ടണത്തിലെ തെരുവു കച്ചവടക്കാരനായിരുന്ന മൊഹമ്മദ് ബൗവാസിസി സ്വയം തീക്കൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത് 2010 ഡിസംബര്‍ 17 നാണ്. തന്റെ പഴക്കട പോലിസ് പിടിച്ചെടുക്കുകയും അധികൃതര്‍ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തതിനെതിരായിരുന്നു ബൗവാസിസിയുടെ പ്രതിഷേധം. ടുണിഷ്യയിലെ തൊഴിലില്ലായ്മയുടെ ആഴം ആ സംഭവം വരച്ചുകാട്ടി.  ആ 26 കാരന്റെ ജീവത്യാഗം വെറുമൊരു പ്രാദേശികവാര്‍ത്ത മാത്രമായി ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍, നവമാധ്യമങ്ങള്‍ അതിന് മറ്റൊരു മാനമാണ് ചാര്‍ത്തിക്കൊടുത്തത്.

ബൗവാസിസിയുടെ ഉമ്മയുടെ നേതൃത്വത്തില്‍ സിഡി ബൗസിദില്‍ നടന്ന ഒരു പ്രതിഷേധപ്രകടനത്തിന്റെ അമേച്വര്‍ വീഡിയോ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യപ്പെട്ടു. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍-ജസീറ ടെലിവിഷന്റെ നവമാധ്യമ വിഭാഗത്തിന്റെ ശ്രദ്ധയില്‍ ആ വീഡോയോ പെട്ടു. അവരത് ടെലിവിഷന്‍ ചാനലിലൂടെ അറബ് ലോകത്താകെ സംപ്രേക്ഷണം ചെയ്തു.

പൊള്ളലേറ്റ ബൗവാസിസി 2011 ജനവരി 4 ന് അന്ത്യശ്വാസം വലിച്ചതോടെ, ട്യുണീഷ്യയിലാകെ ജനകീയപ്രക്ഷോഭം കത്തിപ്പടര്‍ന്നിരുന്നു. 23 വര്‍ഷത്തെ ഭരണത്തിന് ശേഷം, ജനരോക്ഷത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 2011 ജനവരി 14 ന് ടുണീഷ്യന്‍ പ്രസിഡന്റ് സൈനി എല്‍ അബിദൈന്‍ ബെന്‍ അലിക്ക് രാജിവെയ്‌ക്കേണ്ടി വന്നു. ബൗവാസിസി മരിച്ചിട്ട് പത്തുദിവസമേ ആയിരുന്നുള്ളു അപ്പോള്‍.

ബൗവാസിസി ഒരു തീപ്പെട്ടിക്കൊള്ളിയുരച്ച് സ്വന്തം ശരീരത്തില്‍ പകര്‍ന്ന അഗ്നിയാണ് മേഖലയിലാകെ പടര്‍ന്ന് 'അറബ് വസന്ത'മായി പരിണമിച്ചത്. ആ പ്രതിഷേധക്കൊടുങ്കാറ്റില്‍ ടുണീഷ്യ കൂടാതെ, ഈജിപ്ത്, ലിബിയ, യെമന്‍ എന്നിവിടങ്ങളിലെ ഭരണകൂടങ്ങള്‍ പുറത്താക്കപ്പെട്ടു. മേഖലയിലെ എട്ട് രാജ്യങ്ങളില്‍ വന്‍പ്രക്ഷോഭങ്ങള്‍ അറങ്ങേറി. അറബ് ലോകം മുഴുവന്‍ ജനകീയപ്രക്ഷോഭത്തിന്റെ പിടിയിലായി.

സോഷ്യല്‍ മീഡിയയും ഉപഗ്രഹ ടെലിവിഷന്‍ ചാനലുകളും സംയുക്തമായി അറബ് വസന്തത്തിന് വേദിയൊരുക്കുകയാണ് ചെയ്തതെന്ന്, ജോര്‍ജ് വാഷിങ്ടണ്‍ സര്‍വകലാശാലയില്‍ പശ്ചിമേഷ്യന്‍ മാധ്യമരംഗത്തെക്കുറിച്ച് പഠിക്കുന്ന മാര്‍ക്ക് ലിന്‍ച് വിലയിരുത്തുന്നു (ദി ഇക്കണോമിസ്റ്റ്, ജൂലായ് 7, 2011).
ആറ്റംബോംബ് സ്‌ഫോടനത്തിലേതു പോലെയാണ് നവമാധ്യമങ്ങള്‍ വാര്‍ത്ത പ്രചരിപ്പിക്കുന്നത്. ആറ്റംബോംബ് സ്‌ഫോടനത്തിന്റെ തുടക്കം ഒരാറ്റത്തെ ന്യൂട്രോണ്‍ ഇടിച്ച് പിളര്‍ക്കുന്നതോടെയാണ്. ഊര്‍ജവും ഏതാനും ന്യൂട്രോണുകളും ആ പിളര്‍ക്കലില്‍ സ്വതന്ത്രമാക്കപ്പെടുന്നു. ആ ന്യൂട്രോണുകള്‍ കൂടുതല്‍ ആറ്റങ്ങളെ പിളര്‍ക്കുന്നു. കൂടുതല്‍ ഊര്‍ജം കൂടുതല്‍ ന്യൂട്രോണുകള്‍....ഇതൊരു ശൃംഖലാപ്രവര്‍ത്തനമായി കത്തിപ്പര്‍ടന്ന് ഊര്‍ജവിസ്‌ഫോടനമായി മാറുന്നു.

ട്വിറ്ററും ഫെയ്‌സ്ബുക്കും പോലുള്ള വേദികളില്‍ ഏതാണ്ട് ഇതിന് സമാനമായ ശൃംഖലാപ്രവര്‍ത്തനമാണ് വാര്‍ത്തകളുടെ കാര്യത്തില്‍ സംഭവിക്കുന്നത്. ഒരാള്‍ പങ്കിടുന്ന വാര്‍ത്ത, അയാളുടെ സുഹൃത്തുക്കളില്‍ കുറെപ്പേര്‍ പുനര്‍പങ്കിടില്‍ നടത്തുന്നു. ആ ഒരോരുത്തരുടെയും സുഹൃത്ത്‌വലയങ്ങളിലൂടെ ഈ പ്രക്രിയയിലൂടെ പരശ്ശതം പേരിലേക്ക് വാര്‍ത്ത ഒരേസമയം എത്തപ്പെടുന്നു. അവിടെയൊക്കെ വാര്‍ത്തയെക്കുറിച്ചുള്ള അഭിപ്രായങ്ങളും അധികവിവരങ്ങളും പങ്കുവെയ്ക്കപ്പെടുന്നു. ഈ ശൃംഖലാപ്രവര്‍ത്തനമാണ് സോഷ്യല്‍ മീഡിയയുടെ ശക്തിയും സ്വാധീനവും.

വാര്‍ത്ത അവതരിപ്പിക്കപ്പെടുന്ന വേദികള്‍ മാറുന്നതുപോലെ, വാര്‍ത്തയെത്തുന്ന വഴികളും മാറുകയാണ്. പോക്കറ്റിലൊതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണാണ് പലര്‍ക്കുമിന്ന് വാര്‍ത്തയറിയാനും വായിക്കാനുമുള്ള മുഖ്യഉപാധി. അല്ലെങ്കില്‍ തോള്‍സഞ്ചിയില്‍ കിടക്കുന്ന ടാബ്‌ലറ്റ് കമ്പ്യൂട്ടര്‍. ഇത്തരം മൊബൈല്‍ ഉപകരണങ്ങളില്‍ ഇന്റര്‍നെറ്റ് എത്തുന്ന രീതിയും വ്യത്യസ്തമാണ്. പരമ്പരാഗത രീതിയില്‍ ഓരോ വെബ്ബ്‌സൈറ്റുകളും ബ്രൗസ് ചെയ്ത് കഷ്ടപ്പെടുകയൊന്നും വേണ്ട. ട്വിറ്ററാണെങ്കില്‍ അതിന്റെ ആന്‍ഡ്രോയിഡ് ആപ്പ്‌സ് അല്ലെങ്കില്‍ ഐഫോണ്‍ ആപ്‌സ്. ഫെയ്‌സ്ബുക്കാണെങ്കിലും ആപ്‌സ്....ഒറ്റ ക്ലിക്കില്‍ ഏതു ലോകവും മുന്നിലെത്തുന്ന മാന്ത്രികാവസ്ഥ.

1999 ല്‍ ബ്ലോഗുകളുടെ രൂപത്തില്‍ നവമാധ്യമങ്ങള്‍ ആദ്യമായി രംഗപ്രവേശം ചെയ്തപ്പോള്‍ പരമ്പരാഗത മാധ്യമരംഗത്തുള്ളവര്‍ അതിനെ 'കുട്ടിക്കളി'യായാണ് കണ്ടത്. തങ്ങളുടെ റോള്‍ അചഞ്ചലമാണെന്ന് ജേര്‍ണലിസ്റ്റുകള്‍ ഊറ്റംകൊണ്ടു. എന്നാല്‍, ബ്ലോഗര്‍മാര്‍ റിപ്പോര്‍ട്ടര്‍മാരായും വാര്‍ത്താപ്രചാരകരായും ഒപ്പിനിയന്‍ ലീഡര്‍മാരായും വളരെവേഗം മാറി. കണ്ണടച്ചു തുറക്കുന്ന വേഗത്തിലാണ് ബോഗിങ് ഒരു പ്രതിഭാസമായി രൂപപ്പെട്ടത്. പിന്നാലെ ഫെയ്‌സ്ബുക്കെത്തി, യുട്യൂബ് വന്നു, ട്വിറ്ററും.

പരമ്പരാഗത മാധ്യമങ്ങള്‍ വാര്‍ത്തകള്‍ കൂടുതല്‍ ആളുകളിലെത്താന്‍ ഇന്ന് നവമാധ്യമ സാധ്യതകളാണ് തേടുന്നത്. യുട്യൂബില്‍ പ്രത്യക്ഷപ്പെടുന്ന കുറ്റവും കുറവുമുള്ള ഫ്രെയിമുകള്‍ ലോകത്തെ പ്രമുഖ ചാനലുകള്‍ പോലും കാണിക്കുന്നു. ട്വിറ്ററിലെ 140 ക്യാരക്ടറില്‍ കുറവുള്ള ഹൃസ്വസന്ദേശങ്ങള്‍ക്ക് പത്രങ്ങളും ടെലിവിഷനും കാതോര്‍ക്കുന്നു. മുഖ്യധാരാ മാധ്യമങ്ങളിലെ പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ സോഷ്യല്‍മീഡിയ പരിശീലനം നടക്കുന്നു. പാശ്ചാത്യപത്രങ്ങളില്‍ സോഷ്യല്‍മീഡിയ എഡിറ്റര്‍മാര്‍ എന്ന തസ്തിക പുതുമയല്ലാതായിരിക്കുന്നു.

സന്ദേശത്തെക്കാള്‍ സങ്കേതമാണ് സാമൂഹഘടനയെ നിശ്ചയിക്കുന്നതെന്ന മാര്‍ഷല്‍ മഹ്‌ലുഹാന്റെ വാദം അത്ര ലാഘവത്വത്തോടെ എഴുതിത്തള്ളാന്‍ കഴിയില്ല എന്നാണ് സോഷ്യല്‍ മീഡിയ നല്‍കുന്ന പാഠം; വാര്‍ത്താവിനിമയത്തിന്റെ കാര്യത്തില്‍ പ്രത്യേകിച്ചും.

(കടപ്പാട്: The Future of News, Special Report, The Economist, Jul 7, 2011; How a Single Match Can Ignite a Revolution, by Robert F.Worth, NewYork Times, Jan 21, 2011; Googled-The End of the World As We Know it (2009), by Ken Auletta; Photo by Manoocher Deghati/The Associated Press; Daniel X. O'Neil)