Thursday, April 29, 2010

ഇഷ്ടഭക്ഷണം മെച്ചമാകണമെന്നില്ല-വിദഗ്ധര്‍

കൂടുതല്‍ സ്വാദുള്ള, സ്വീകാര്യത ഏറെയുള്ള പഴങ്ങളും പച്ചക്കറികളും മാത്രം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് ബുദ്ധിയല്ല. ഇക്കാര്യത്തില്‍ വൈവിധ്യം വര്‍ധിപ്പിക്കാനാണ് വിദഗ്ധരുടെ ഉപദേശം.

ആരുടെ കാര്യം വേണമെങ്കിലുമെടുത്തോളൂ. ഇഷ്ടപ്പെട്ട ചില ഐറ്റങ്ങളുണ്ടാവും, പഴങ്ങളുടെയും പച്ചക്കറികളുടെയും കാര്യത്തിലാകുമ്പോള്‍ പ്രത്യേകിച്ചും. കാരറ്റ്, ഓറഞ്ച്, സ്‌ട്രോബറീസ്.....ഇഷ്ടപഴങ്ങളുടെ പട്ടിക അധികം നീണ്ടെന്നു വരില്ല. പച്ചക്കറിയുടെ കാര്യമായാലും കഥ ഇങ്ങനെ തന്നെ. ആകെ കഴിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും ഏറിയപങ്കും ഈ ഇഷ്ട ഐറ്റങ്ങളാകും.

എന്നാല്‍, ഭക്ഷണത്തിന്റെ കാര്യത്തില്‍ ഇത്തരം കടുത്ത ഇഷ്ടങ്ങള്‍ വെച്ചുപുലര്‍ത്തുന്നത് ആരോഗ്യകരമല്ലെന്ന് വിദഗ്ധര്‍ പറയുന്നു. ജനസമ്മതി കൂടിയ പഴങ്ങളിലുള്ളതിലും സൂക്ഷ്മപോഷകങ്ങള്‍ കൂടുതല്‍ അടങ്ങിയ ഒട്ടേറെ ഇനങ്ങള്‍ ലഭ്യമാണ്. അതു മനസിലാക്കി, ഭക്ഷണത്തില്‍ ഏതെങ്കിലും ഇനങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതിന് പകരം, അവയുടെ വൈവിധ്യം വര്‍ധിപ്പിക്കാനാണ് ഉപദേശം.

ഹൃദയത്തെയും ധമനികളെയും സംരക്ഷിക്കാനും അര്‍ബുദ ബാധ ഒഴിവാക്കാനും സഹായിക്കുന്നത് 'ഫൈറ്റോന്യൂട്രിയന്റുകള്‍' (phytonutrient chemicals) എന്നറിയപ്പെടുന്ന സൂക്ഷ്മപോഷകങ്ങളാണ്. പഴങ്ങളിലും പച്ചക്കറികളിലുമാണ് ഇത്തരം രാസവസ്തുക്കള്‍ കൂടുതലായി അടങ്ങിയിട്ടുള്ളത്. അതുകൊണ്ടാണ് ഭക്ഷണത്തില്‍ പച്ചക്കറികളും പഴങ്ങളും ഉള്‍പ്പെടുത്തണം എന്ന് പറയുന്നത്.

എന്നാല്‍, ഇത്തരം സൂക്ഷ്മപോഷകങ്ങള്‍ ഏറെയുള്ളത് കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പച്ചക്കറികളിലോ പഴങ്ങളിലോ അല്ലെന്ന് അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ആളുകളുടെ ഭക്ഷണസ്വഭാവം മനസിലാക്കാനായി നടന്ന അമേരിക്കന്‍ സര്‍വെകളിലെ വിവരങ്ങള്‍ വിശകലനം ചെയ്താണ് ഗവേഷകര്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്. കാലിഫോര്‍ണിയയിലെ അനാഹീമില്‍ നടന്ന '2010 എക്‌സ്‌പെരിമെന്റല്‍ ബയോളജി' സമ്മേളനത്തില്‍ പഠനഫലം അവതരിപ്പിക്കപ്പെട്ടു.

'ബീറ്റാ-കരോട്ടിന്‍' (beta-carotene) എന്ന ഫൈറ്റോന്യൂട്രിയന്റിന്റെ ഏറ്റവും വലിയ സ്രോതസ്സായി ഉപയോഗിക്കപ്പെടുന്നത് കാരറ്റാണ്. 'ബീറ്റാ-ക്രിപ്‌റ്റോക്‌സാന്തിനി'ന്റെ (beta-cryptoxanthin) കാര്യത്തില്‍ ഏറ്റവുമധികം ഉപയോഗിക്കുന്നത് ഓറഞ്ചും ഓറഞ്ചു ജ്യൂസും. 'എലാജിക് ആസിഡ്' (ellagic acid) എന്ന ഫൈറ്റോന്യൂട്രിയന്റിനായി കൂടുതല്‍ പേരും ആശ്രയിക്കുന്നത് സ്‌ട്രോബറി ആണ്.

എന്നാല്‍, കാരറ്റിന് പകരം മധുരക്കിഴങ്ങിലേക്ക് നമ്മള്‍ ചുവടുമാറ്റി എന്നിരിക്കട്ടെ. സംഭവിക്കുന്നതെന്തെന്നോ, ശരീരത്തിന് ലഭിക്കുന്ന ബീറ്റാ-കരോട്ടിന്റെ അളവ് ഇരട്ടിയാകും! ഓറഞ്ചിനെ അപേക്ഷിച്ച് 15 മടങ്ങ് ബീറ്റാ-ക്രിപ്‌റ്റോക്‌സാന്തിന്‍ പപ്പായയിലുണ്ടെന്ന് എത്ര പേര്‍ക്കറിയാം. സ്‌ട്രോബറിയെക്കാള്‍ റാസ്പ്‌ബെറിയില്‍ മൂന്നു മടങ്ങ് എലാജിക് ആസിഡ് കൂടുതലുണ്ട്.

എന്നുവെച്ചാല്‍, പച്ചക്കറികളും പഴങ്ങളും എത്ര അളവില്‍ കഴിക്കുന്നു എന്നതല്ല, അതില്‍ എന്തെല്ലാം ഉള്‍പ്പെടുത്തുന്നു എന്നതിലാണ് കാര്യമെന്ന് ചുരുക്കം. 'ഒരു ഭക്ഷണത്തിനും നിങ്ങള്‍ക്ക് ആവശ്യമുള്ളത് മുഴുവന്‍ നല്‍കാനാവില്ല'-ബ്രിട്ടീഷ് ന്യൂട്രിഷന്‍ ഫൗണ്ടെഷനിലെ ഡോ.എമ്മ വില്ല്യംസ് ഓര്‍മിപ്പിക്കുന്നു. (കടപ്പാട്: ബി.ബി.സി)

Friday, April 23, 2010

കണികാപരീക്ഷണം : പ്രപഞ്ചരഹസ്യങ്ങളിലേക്ക് ഒരു ചുവടുകൂടി


എല്‍.എച്ച്.സി.യില്‍ ആദ്യ ബ്യൂട്ടി ക്വാര്‍ക്കിനെ കണ്ടെത്തി. കണ്ടെത്തല്‍ പത്തുലക്ഷം കണികാകൂട്ടിയിടികള്‍ വിശകലനം ചെയ്ത്.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ടപ്പോള്‍, ഇവിടെ ദ്രവ്യവും പ്രതിദ്രവ്യവും (antimatter) തുല്യ അളവിലായിരുന്നു, എന്നുവെച്ചാല്‍ കൃത്യമായ സമമിതിയില്‍ (സിമട്രിയില്‍). ദ്രവ്യകണങ്ങളും പ്രതിദ്രവ്യകണങ്ങളും പരസ്പരം നിഗ്രഹിച്ച് വെറുമൊരു ഊര്‍ജസങ്കേതമായി പ്രപഞ്ചം ഒടുങ്ങേണ്ടതായിരുന്നു, അല്‍പ്പവും ദ്രവ്യം അവശേഷിക്കാതെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, ഗാലക്‌സികളോ നക്ഷത്രക്കൂടാരങ്ങളോ സൂര്യനോ സൗരയൂഥമോ ഭൂമിയോ നമ്മളോ ഒന്നും ഉണ്ടാവില്ലായിരുന്നു.

പക്ഷേ, എന്തോ ഭാഗ്യത്തിന് പ്രപഞ്ചാരംഭത്തിലെ ആ ആദിസമമിതിയില്‍ ചെറിയൊരു അന്തുലിതാവസ്ഥ സംഭവിച്ചു. ദ്രവ്യത്തിന് അനുകൂലമായിരുന്നു അത്. ദ്രവ്യത്തിന്റെ അളവ് പ്രതിദ്രവ്യത്തെക്കാള്‍ അല്‍പ്പം കൂടി. ശാസ്ത്രലോകത്തിന് ഇന്നും അറിയില്ല, ദ്രവ്യത്തിന് അനുകൂലമായി സമമിതി മാറ്റം എങ്ങനെ സംഭവിച്ചുവെന്ന്. പ്രപഞ്ചപഠനശാഖയില്‍ കണ്ടെത്താന്‍ അവശേഷിക്കുന്ന പ്രഹേളികകള്‍ക്കൊപ്പമാണ് ഈ പ്രശ്‌നത്തിന്റെയും സ്ഥാനം.

ജനീവയില്‍ സേണിന് സമീപം ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) കണ്ടെത്തന്‍ ശ്രമിക്കുന്ന ഉത്തരങ്ങളിലൊന്ന് ഈ പ്രശ്‌നത്തിന്റേതാണ്. എല്‍.എച്ച്.സി.യില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍, ഈ ഉത്തരം കണ്ടെത്താനുള്ള വഴി തുറന്നതായി സൂചന. പത്തുലക്ഷം കണികാകൂട്ടിയിടികള്‍ വിശകലനം ചെയ്തതില്‍ നിന്ന് 'ബ്യൂട്ടി ക്വാര്‍ക്ക്' (beauty or bottom quark) കണ്ടെത്തിയതാണ് പ്രതീക്ഷ നല്‍കുന്നത്. എല്‍.എച്ച്.സി. കണ്ടെത്തുന്ന ആദ്യ ബ്യൂട്ടി ക്വാര്‍ക്കാണിതെന്ന് 'സേണ്‍' (CERN) അധികൃതര്‍
അറിയിച്ചു.

പ്രപഞ്ചത്തില്‍ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലുള്ള സമമിതിയില്‍ മാറ്റം ഉണ്ടായത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ 'ബ്യൂട്ടി കോര്‍ക്ക്' അഥവാ 'ബി ക്വാര്‍ക്ക്' എന്ന പേരിലറിയപ്പെടുന്ന കണികാവിഭാഗം സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. വളരെ വളരെ അസ്ഥിരമായ ഈ കണങ്ങളെ കണ്ടെത്താന്‍ പാകത്തിലാണ് എല്‍.എച്ച്.സിയില്‍ 'ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ബ്യൂട്ടി' (LHCb) എന്ന ഡിറ്റക്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്‍.എച്ച്.സി.യില്‍ നടക്കുന്ന ആറ് പരീക്ഷണങ്ങളിലൊന്നാണിത്.

എല്‍.എച്ച്.സി.ബി.യില്‍ കണങ്ങള്‍ കൂട്ടിയിടിക്കുന്ന പോയന്റിന് ചുറ്റും 20 മീറ്റര്‍ അകലെ വരെ വിന്യസിച്ചിരിക്കുന്ന സബ്ഡിറ്റക്ടറുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ്, ബ്യൂട്ടിക്വാര്‍ക്കിനെ പിടിയിലൊതുക്കാന്‍ സഹായിക്കുന്നത്. 13 രാജ്യങ്ങളിലെ 48 സ്ഥാപനങ്ങളില്‍ നിന്നായി 650 ഗവേഷകര്‍ പങ്കാളികളാകുന്ന ഈ പരീക്ഷണത്തിലെ ആദ്യവിജയമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പുതിയ കണങ്ങള്‍ കണ്ടെത്തുന്നതിനും അതുവഴി പ്രപഞ്ചരഹസ്യങ്ങളിലേക്കെത്തുന്നതിലുമുള്ള ആദ്യചുവടാണ് ബ്യൂ്ട്ടി ക്വാര്‍ക്കിന്റെ കണ്ടെത്തല്‍ എന്നു വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് B+ എന്ന പേരിലുള്ള ബ്യൂട്ടി ക്വാര്‍ക്കിനെ കണ്ടെത്തിയത്. മഹാവിസ്‌ഫോടനത്തിന് തൊട്ടടുത്ത് സംഭവിച്ചതെന്താണെന്ന് മനസിലക്കാന്‍ സഹായിക്കുന്നതാണ് ഈ കണങ്ങള്‍. യഥാര്‍ഥത്തില്‍ ബ്യൂട്ടി ക്വാര്‍ക്ക് ശാസ്ത്രത്തിന് പുതിയതല്ല. 1997-ല്‍ ആദ്യ ബ്യൂട്ടി ക്വാര്‍ക്കിനെ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പക്ഷേ, അവ മറ്റ് കണങ്ങളുമായി ഇടപഴകുന്നതെങ്ങനെയെന്ന് മനസിലാക്കിയാലേ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാവൂ. അതിനാണ്, ബ്യൂട്ടി ക്വാര്‍ക്കുകളുടെ സ്വഭാവം പഠിക്കാന്‍ മാത്രമായി എല്‍.എച്ച്.സിയില്‍ ഒരു പ്രത്യേക പരീക്ഷണം തന്നെ നടത്തുന്നത്.

എല്‍.എച്ച്.സിയിലെ അറ്റ്‌ലസ് പരീക്ഷണത്തില്‍ W കണങ്ങളുടെ അളവുകള്‍ ആദ്യമായി ശേഖരിച്ചതായി, അറ്റ്‌ലാസ് വെബ്ബ്‌സൈറ്റ് പറയുന്നു. ഏപ്രില്‍ ഒന്നിനാണ് ഈ കണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടതത്രേ. പ്രപഞ്ചസാരത്തെ സംബന്ധിച്ച സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന്റെ ഭാഗമാണ് W കണങ്ങള്‍. ഈ കണവും ശാസ്ത്രത്തിന് പുതിയതല്ല. 1983-ല്‍ സേണിലെ തന്നെ ഗവേഷകരായ കാര്‍ലോ റുബ്ബിയ, സിമോന്‍ വാന്‍ ഡിര്‍ മീയര്‍ എന്നിവര്‍ ചേര്‍ന്നാണ് W കണങ്ങളെ കണ്ടെത്തിയത്.

എല്‍.എച്ച്.സി.യില്‍ റിക്കോര്‍ഡ് ഊര്‍ജനിലയായ 7 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടില്‍ (7 Tev) കണികാകൂട്ടിയിടികള്‍ ആരംഭിച്ചത് കഴിഞ്ഞ മാര്‍ച്ച് 30-നാണ്. ആദ്യ ആഴ്ച തന്നെ അഞ്ചുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ വിജയകരമായി നടന്നുവെന്ന് സേണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ ലോകത്ത് ഒരു കണികാത്വരകവും ആര്‍ജിക്കാത്ത അത്ര ഉയര്‍ന്ന ഊര്‍ജനിലയില്‍ നടക്കുന്ന ഈ കണികാപരീക്ഷണം ഓരോന്നും ഓരോ മിനി 'ബിഗ്ബാങ്' (Big bang) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കാണുക

Thursday, April 22, 2010

സ്തംഭിപ്പിക്കുന്ന സൗരദൃശ്യങ്ങള്‍

'നാല്പത് വര്‍ഷത്തെ സോളാര്‍ ഗവേഷണത്തിനിടെ ഒരിക്കല്‍ പോലും ഞാന്‍ കാണത്തത്ര പ്രവര്‍ത്തനനിരതമായ സൂര്യനെയാണ് ഈ ദൃശ്യങ്ങള്‍ കാട്ടിത്തരുന്നത്'. പറയുന്നത് വാഷിങ്ടണില്‍ നാസ ആസ്ഥാനത്തെ ഹീലിയോഫിസിക്‌സ് ഡിവിഷന്റെ മേധാവി ഡോ. റിച്ചാര്‍ഡ് ഫിഷര്‍. അടുത്തയിടെ നാസ വിക്ഷേപിച്ച 'സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററി' (SDO) ഭൂമിയിലേക്കയച്ചു തുടങ്ങിയ സൂര്യന്റെ ദൃശ്യങ്ങളെക്കുറിച്ചാണ് ഈ പരാമര്‍ശം.

അമ്പരിപ്പിക്കുന്ന ദൃശ്യങ്ങളാണവ. എത്ര ഡൈനാമിക് ആണ് സൂര്യന്‍ എന്നും എന്തുകൊണ്ട് അവിടെയുണ്ടാകുന്ന ഒരോ മാറ്റവും ഭൂമിയെ ബാധിക്കുന്നു എന്നും എസ്.ഡി.ഒ. അയച്ച ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. സൂര്യകളങ്കങ്ങളില്‍ (sunspots) നിന്ന് പ്ലാസ്മയും മറ്റും പുറന്തള്ളപ്പെടുന്നതിന്റെ വിശദാംശങ്ങള്‍ ഇത്രയും വ്യക്തമായി ഇതുവരെ ശാസ്ത്രലോകം കണ്ടിട്ടില്ല. മാത്രമല്ല, സൗരപ്രതലത്തിന്റെ ഇത്രയും സമീപദൃശ്യങ്ങളും ഇതുവരെ ലഭിച്ചിട്ടില്ല.

2010 മാര്‍ച്ച് 30-ന് എസ്.ഡി.ഒ. പകര്‍ത്തിയ സൂര്യന്റെ പൂര്‍ണരൂപത്തിലുള്ള ദൃശ്യമാണ് ഈ പോസ്റ്റിലുള്ളത്. വിവിധ നിറങ്ങള്‍ സൂചിപ്പിക്കുന്നത് വ്യത്യസ്ത താപനിലകളെയാണ്. ചുവപ്പു നിറം 60,000 കെല്‍വിന്‍ (107,540 F), നീലയും പച്ചയും നിറങ്ങള്‍ പത്തുലക്ഷം കെല്‍വിന് മുകളില്‍ (1799,540 F) വരുന്ന താപനിലകളെ സൂചിപ്പിക്കുന്നു.

2010 ഫിബ്രവരി 11 ന് വിക്ഷേപിച്ച എസ്.ഡി.ഒ, സൂര്യനെക്കുറിച്ചു പഠിക്കാന്‍ മനുഷ്യന്‍ ഇതുവരെ രൂപംനല്‍കിട്ടുള്ളതില്‍ ഏറ്റവും മുന്തിയ ബഹിരാകാശ പേടകമാണ്. ഭൂമിയുടെ അന്തരീക്ഷത്തില്‍ സൂര്യന്‍ എന്തൊക്കെ സ്വാധീനം ചെലുത്തുന്നു എന്നാണ് അത് പഠിക്കുക. ഭൗമാന്തരീക്ഷത്തിന്റെ രസതന്ത്രം മുതല്‍ കാലാവസ്ഥ വരെയുള്ള മേഖലകളില്‍ സൂര്യന്‍ സ്വാധീനം ചെലുത്തുന്നുണ്ട്. അത്തരം കാര്യങ്ങളെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള വിവരങ്ങള്‍ എസ്.ഡി.ഒ. നല്‍കും (കടപ്പാട്: നാസ).


Friday, April 09, 2010

പരിണാമകഥയില്‍ പുതിയ താരോദയം


മനുഷ്യന്റെ പൂര്‍വികവര്‍ഗം എന്നു കരുതുവാവുന്ന പുതിയൊരു ഹോമിനിഡിനെ തിരിച്ചറിഞ്ഞിരിക്കുന്നു. ആഫ്രിക്കയില്‍ ഏറ്റവും കൂടുതല്‍ പര്യവേക്ഷണം നടന്ന സ്ഥലത്തുനിന്നുണ്ടായ ആകാംക്ഷയുണര്‍ത്തുന്ന ആ കണ്ടെത്തലിന്റെ കഥ വായിക്കുക

അവന്‍ ജീവിച്ചിരുന്നത് 20 ലക്ഷം വര്‍ഷം മുമ്പ്. പ്രായം 13 വയസ്സില്‍ താഴെ. അവനെ കണ്ടെത്തിയത് ഒരു ഒന്‍പതുവയസ്സുകാരന്‍! ഇനിയും പേരില്ലാത്ത അവനൊരു നല്ല പേര് കണ്ടുപിടിക്കുന്ന കാര്യം ദക്ഷിണാഫ്രിക്കയിലെ കുട്ടികളെ ഏല്‍പ്പിച്ചിരിക്കുകയാണ്. അവര്‍ അതിനായി മത്സരിക്കും, അങ്ങനെ ലഭിക്കുന്ന പേരിലായിരിക്കും ഇനി അവന്‍ അറിയപ്പെടുക.

മനുഷ്യപരിണാമകഥയിലെ പുതിയ താരോദയമായ 'ഓസ്ട്രലോപിത്തക്കസ് സെദിബ (Australopithecus sediba) യെന്ന ഇതുവരെ അറിയപ്പെടാത്ത ഹോമിനിഡ് വര്‍ഗത്തില്‍പ്പെട്ട ബാലനാണ് അവന്‍. അവനൊടൊപ്പം കണ്ടെത്തിയ സ്ത്രീയുടെ ഫോസിലും പുതിയ ഹോമിനിഡ് വര്‍ഗത്തില്‍പ്പെട്ടതാ
ണ്. ആധുനിക മനുഷ്യന്റെ നേര്‍പൂര്‍വികരാകാന്‍ സാധ്യതയുള്ള ഒന്നാണ് പുതിയ വര്‍ഗമെന്ന് ഗവേഷകര്‍ കരുതുന്നു. (മനുഷ്യകുലത്തിന്റെ തായ്‌വഴിയില്‍പെട്ട വര്‍ഗങ്ങള്‍ക്കാണ് ഹോമിനിഡ് എന്ന് പൊതുവെ പറയുന്നത്)

ദക്ഷിണാഫ്രിക്കയില്‍ ജൊഹാന്നസ്ബര്‍ഗിന് സമീപം 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടില്‍' എന്നറിയപ്പെടുന്ന ലോകപൈതൃകകേന്ദ്രത്തിലെ മലാപ്പ ഗുഹയില്‍നിന്ന് ലഭിച്ച ഫോസിലുകളാണ് പുതിയ വര്‍ഗത്തെ വെളിപ്പെടുത്തിയത്. വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയ്ക്കു കീഴില്‍ 'ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ഹ്യുമണ്‍ എവല്യൂഷനി'ലെ നരവംശശാസ്ത്രജ്ഞന്‍ പ്രൊഫ. ലീ ബെര്‍ഗറിന്റെയും ഓസ്‌ട്രേലിയയില്‍ ജെയിംസ് കുക്ക് സര്‍വകലാശാലയിലെ ഭൗമശാസ്ത്രവിദഗ്ധന്‍ പോള്‍ ഡിര്‍ക്‌സിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് അവിടെ പര്യവേക്ഷണം നടത്തിയത്. പര്യവേക്ഷണത്തിന് ഗൂഗിള്‍ എര്‍ത്തും സഹായകമായി. കണ്ടെത്തലിന്റെ വിശദാംശങ്ങള്‍ പുതിയലക്കം '
സയന്‍സ്'വാരിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പുതിയ വര്‍ഗം ഓസ്ട്രലോപിത്തക്കസ് വിഭാഗത്തില്‍ പെട്ടതാണെങ്കിലും, അവയ്ക്ക് ആധുനികമനുഷ്യന്‍ ഉള്‍പ്പെടുന്ന 'ഹോമോ' വര്‍ഗത്തിന്റെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളതായി റിപ്പോര്‍ട്ട് പറയുന്നു. 19.5 - 17.8 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്നതെന്ന് കണക്കാക്കുന്ന ബാലനും സ്ത്രീക്കും പൊക്കം 1.27 മീറ്റര്‍ വീതമാണ്. മരിക്കുന്ന വേളയില്‍ ബാലന്റെ പ്രായം 9-13 വയസ്സും, ശരീരഭാരം 27 കിലോഗ്രാമുമായിരുന്നു. തന്റെ ഇരുപതുകളിലായിരുന്ന സ്ത്രീക്ക് 33 കിലോഗ്രാം ഭാരമുണ്ടായിരുന്നു.

ഇടക്കണ്ണി

നരവംശത്തിന്റെ ചരിത്രത്തില്‍ ഏതാണ്ട് 40 ലക്ഷം മുമ്പു മുതല്‍ 20 ലക്ഷം വര്‍ഷം മുമ്പുവരെയുള്ള കാലത്ത് നിലനിന്നിരുന്ന ഹോമിനിഡുകളാണ് ഓസ്ട്രലോപിത്തക്കസ് ('തെക്കന്‍ കുരങ്ങ്' എന്നാണ് ഈ വാക്കിന്റെ അര്‍ഥം). ആ വിഭാഗത്തിലെ ഏറ്റവും പ്രശസ്തമായ ഫോസിലാണ് 1974-ല്‍ കണ്ടെത്തിയ 'ലൂസി' (ഓസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്'). 32 ലക്ഷം വര്‍ഷം മുമ്പാണ് ലൂസി ജീവിച്ചിരുന്നതെങ്കില്‍, അതിനും പത്തുലക്ഷം വര്‍ഷത്തിന് ശേഷം, ആധുനിക മനുഷ്യന്‍ (ഹോമോ സാപ്പിയന്‍സ്) ഉള്‍പ്പെട്ട ഹോമോ ജീനസ് ഉത്ഭവിക്കുന്ന കാലമാണ് പുതിയതായി കണ്ടെത്തിയ ഹോമിനിഡുകളുടേതും. തലച്ചോറിന്റെ വലിപ്പത്തിലുണ്ടായ വര്‍ധനയും ഇരുകാലിയായി ജീവിതം മരങ്ങളില്‍നിന്ന് തറയിലേക്ക് മാറ്റിയതുമാണ് ഹോമോ ഘട്ടത്തിന്റെ സവിശേഷത. നരവംശചരിത്രത്തിലെ ആ ഘട്ടം ഇപ്പോഴും തുടരുന്നു.

ഹോമോ ജീനസിന്റെയും ഓസ്ട്രലോപിത്തക്കസുകളുടെയും പ്രത്യേകതകള്‍ പുതിയ ഹോമിനിഡില്‍ കാണാം. തലയോട്ടി, പല്ലുകള്‍, ഇടുപ്പെല്ല് എന്നിവയുടെ സവിശേഷകള്‍ പുതിയ വര്‍ഗത്തെ മറ്റ് ഓസ്ട്രലോപിത്തക്കസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നതായി പ്രൊഫ. ബെര്‍ഗര്‍ പറയുന്നു. ഈ സവിശേഷതകള്‍ ഹോമോ വിഭാഗവുമായി ചേര്‍ന്നു പോകുന്നതാണ്. മരംകയറിയിരുന്നെങ്കിലും, മനുഷ്യരെപ്പോലെ തറയില്‍ ഇരുകാലില്‍ ഊര്‍ജക്ഷമതയോടെ നിവര്‍ന്നു നടക്കാനും ഓടാനും പാകത്തിലുള്ളതാണ് അവയുടെ കാലുകള്‍.


ബാലന്റെ തലച്ചോറിന് 420 -450 ഘനസെന്റീമീറ്റര്‍ വലിപ്പമുണ്ടായിരുന്നിരിക്കണം. മനുഷ്യന്റേതുമായി (1200-1600 ഘ.സെ.മീ.) താരതമ്യം ചെയ്യുമ്പോള്‍ ഇതു വളരെ ചെറുതാണ്. എന്നാല്‍, മസ്തിഷ്‌കത്തിന്റെ ആകൃതി പരിഗണിക്കുമ്പോള്‍ പുതിയ വര്‍ഗത്തിന്റേത്, ഇതര ആസ്ട്രലോപിത്തക്കസുകളുടേതില്‍നിന്ന് വളരയേറെ പുരോഗമിച്ചതാണെന്ന് മനസിലാകും-പ്രൊഫ.ബെര്‍ഗര്‍ പറയുന്നു. അതുപോലെ തന്നെ ചെറിയ പല്ലുകള്‍ ഹോമോ വര്‍ഗത്തിലേക്കുള്ള പരിവര്‍ത്തനഘട്ടത്തെ കുറിക്കുന്നു. ഈ പ്രത്യേകതകളുടെ പശ്ചാത്തലത്തില്‍, പൂര്‍വികവര്‍ഗത്തിന് ഹോമോ വിഭാഗത്തിലേക്ക് പരിവര്‍ത്തനം നടന്ന ഘട്ടത്തിന്റെ പ്രതിനിധിയായി പുതിയ ഹോമിനിഡിനെ കണക്കാക്കാമെന്ന് ഗവേകര്‍ വിശ്വസിക്കുന്നു.

തെക്കന്‍ ആഫ്രിക്കന്‍ കുരങ്ങുമനുഷ്യനായ ഓസ്ട്രലോപിത്തക്കസ് ആഫ്രിക്കാനസില്‍ നിന്ന് പുതിയ വര്‍ഗം പരിണമിച്ചുണ്ടായി എന്നാണ് ഗവേഷകരുടെ നിഗമനം. ഇരുവര്‍ഗത്തിന്റെയും സവിശേഷതകള്‍ അതാണ് സൂചിപ്പിക്കുന്നത്. 'ആഫ്രിക്കാനസിനും ഹോമോ വര്‍ഗത്തിനും (ഒന്നുകില്‍ ഹോമോ ഹാബിലിസ് അല്ലെങ്കില്‍ ഹോമോ ഇറക്ടസ്) മധ്യേയുള്ള വര്‍ഗമാണ് പുതിയ ഹോമിനിഡെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു'-പ്രൊഫ.ബെര്‍ഗര്‍ പറഞ്ഞു. കാരണം, 'മറ്റൊരു ഓസ്ട്രലോപിത്തക്കസ് വര്‍ഗത്തിനും ഇല്ലാത്തത്ര ഹോമോ സവിശേഷതകള്‍ ഓസ്ട്രലോപിത്തക്കസ് സെദിബയ്ക്കുണ്ട്'. സെദിബയില്‍നിന്ന് ഹോമ ഇറക്ടസ് രൂപപ്പെട്ടിരിക്കാനാണ് കൂടുതല്‍ സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു.

ഏതാണ്ട് 20 ലക്ഷംമുമ്പ് ഹോമോ വര്‍ഗം എവിടെ നിന്ന് ഉത്ഭവിച്ചു എന്നതിനെപ്പറ്റി വലിയ തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഓസ്ട്രലോപിത്തക്കസ് വിഭാഗത്തില്‍നിന്നാണ് അത് സംഭവിച്ചതെന്നാണ് മിക്ക ഗവേഷകരും കരുതുന്നു. എന്നാല്‍, 'കെനിയാന്ത്രോപ്പസ്' ജീനസാണ് മനുഷ്യന്റെ നേര്‍പൂര്‍വികവര്‍ഗം എന്നൊരു വാദഗതിയും നിലനില്‍ക്കുന്നുണ്ട്. അത്തരം തര്‍ക്കങ്ങള്‍ക്ക് ഒരുപരിധി വരെ തീര്‍പ്പുണ്ടാക്കുന്നതാണ് ഓസ്ട്രലോപിത്തക്കസ് സെദിബയുടെ കണ്ടെത്തല്‍. സെദിബ എന്നാല്‍ ദക്ഷിണാഫ്രിക്കയിലെ 11 ഔദ്യോഗികഭാഷകളിലൊന്നായ 'സോത്തോ'യില്‍, ഉറവ, ജലധാര എന്നൊക്കെയാണര്‍ഥം.

ഗൂഗിള്‍ എര്‍ത്ത് സഹായത്തിനെത്തുന്നു

ജൊഹാന്നസ്ബര്‍ഗിന് 50 കിലോമീറ്റര്‍ വടക്കുപടിഞ്ഞാറ് ഗൗട്ടെങ് പ്രവിശ്യയില്‍ സ്ഥിതിചെയ്യുന്ന 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടില്‍' (Cradle of Humankind) എന്നറിയപ്പെടുന്ന പ്രദേശം, 1999-ലാണ് യുണെസ്‌കോ ലോകപൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയത്. 474 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പൈതൃകകേന്ദ്രം സങ്കീര്‍ണമായ ചുണ്ണാമ്പുകല്ല് ഗുഹകളുടെ സമുച്ചയങ്ങള്‍ നിറഞ്ഞതാണ്. 1935-ല്‍ ഇവിടെ നിന്ന് നരവംശശാസ്ത്രം സംബന്ധിച്ച് ആദ്യകണ്ടെത്തല്‍ നടത്തിയ ശേഷം തുടര്‍ച്ചയായ പര്യവേക്ഷണങ്ങള്‍ നടന്ന പ്രദേശമാണിത്. ഒരുപക്ഷേ, ആഫ്രിക്കയില്‍ തന്നെ ഏറ്റവുമധികം തിരച്ചിലുകള്‍ക്കും പഠനപര്യവേക്ഷണങ്ങള്‍ക്കും വിധേയമായിട്ടുള്ള പ്രദേശങ്ങളിലൊന്ന്.

ആഫ്രിക്കയില്‍നിന്ന് മനുഷ്യന്റെ ഉത്പത്തിയെ സംബന്ധിച്ച് ലഭിച്ചിട്ടുള്ള തെളിവുകളില്‍ മൂന്നിലൊന്നും കണ്ടെത്തിയിട്ടുള്ളത് 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടിലി'ലെ ഏതായും ഫോസില്‍കേന്ദ്രങ്ങളില്‍ നിന്നാണ്. 23 ലക്ഷം വര്‍ഷം പഴക്കമുള്ള 'മിസ്സിസ് പ്ലിസ്' എന്ന് പേരിട്ടിട്ടുള്ള ആസ്ട്രലോപിത്തക്കസ് ആഫ്രിക്കാനസ് ഫോസില്‍ 1947-ല്‍ ഡോ.റോബര്‍ട്ട് ബ്രൂം, ജോണ്‍ ടി. റോബിന്‍സണ്‍ എന്നിവര്‍ ചേര്‍ന്ന് ഈ ഗുഹാസമുച്ചയത്തില്‍ പെട്ട 'സ്റ്റേര്‍ക്‌ഫോന്റീന്‍ ഗുഹകളില്‍'നിന്ന് കണ്ടെത്തുകയുണ്ടായി. ദക്ഷിണാഫ്രിക്കയില്‍നിന്ന് ലഭിച്ച ഏറ്റവും പൂര്‍ണതയുള്ള ആസ്ട്രലോപിത്തക്കസ് ഫോസിലായിരുന്നു അത്.

പ്രൊഫ.ഡിര്‍ക്‌സുമായി ചേര്‍ന്ന് പ്രൊഫ. ബെര്‍ഗര്‍ ആ പൈതൃകകേന്ദ്രത്തില്‍ ഒരു പര്യവേക്ഷണപദ്ധതി 2008 മാര്‍ച്ചില്‍ ആരംഭിച്ചതാണ് പുതിയ ഹോമിനിഡിന്റെ കണ്ടെത്തലിലേക്ക് നയിച്ച സംഭവപരമ്പരകളുടെ തുടക്കം. അനേകം പതിറ്റാണ്ടുകള്‍കൊണ്ട് വിവിധ ഗവേഷകര്‍ അവിടെ തിരിച്ചറിഞ്ഞിട്ടുള്ള ഗുഹകള്‍ മാപ്പ് ചെയ്യുകയും, ഫോസില്‍കേന്ദ്രങ്ങള്‍ അതില്‍ അടയാളപ്പെടുത്തുക വഴി, ലോകമെമ്പാടുമുള്ള ഗവേഷകര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തില്‍ സ്ഥിരമായ ഒരു റിക്കോര്‍ഡ് ഉണ്ടാക്കുകയും ചെയ്യുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം.

അതിനായി
ഗൂഗിള്‍ എര്‍ത്തി (Google Earth) ന്റെ സഹായം പ്രൊഫ. ബെര്‍ഗര്‍ തേടി. ഗൂഗിള്‍ എര്‍ത്തില്‍ ത്രിമാനരൂപത്തില്‍ ഗുഹകളുടെ ദൃശ്യം ലഭിക്കുമെന്നതിനാല്‍, ഉപഗ്രഹചിത്രങ്ങളില്‍ അവ എങ്ങനെയിരിക്കുമെന്ന് മനസിലാക്കാന്‍ സാധിച്ചു. 130 ഗുഹാകേന്ദ്രങ്ങളാണ് പദ്ധതിയുടെ തുടക്കത്തില്‍ അറിയപ്പെടുന്നതായി ആ മേഖലയില്‍ ഉണ്ടായിരുന്നത്. പുതിയ സങ്കേതങ്ങളുടെ സഹായത്തോടെ മുമ്പ് അറിയപ്പെടാത്ത ഡസണ്‍കണക്കിന് ഗുഹാശൃംഗലകളെ പുതിയതായി കണ്ടെത്താന്‍ പ്രൊഫ.ബെര്‍ഗര്‍ക്ക് കഴിഞ്ഞു. ആ സമയത്താണ് ഭൗമശാസ്ത്രജ്ഞനായ പ്രൊഫ. ഡിര്‍ക്‌സിന്റെ സഹകരണം അദ്ദേഹം തേടുന്നത്.

ഗൂഗിള്‍ എര്‍ത്തില്‍നിന്നുള്ള വിവരങ്ങളും ഉപഗ്രഹചിത്രങ്ങള്‍ നല്‍കിയ സൂചനകളും നേരിട്ടുള്ള പര്യവേക്ഷണങ്ങളില്‍നിന്ന് കിട്ടിയ അറിവുകളും സമ്മേളിപ്പിച്ച് ഇരുവരും ചേര്‍ന്ന് ഗുഹകളുടെ വിശദമായ വിതരണക്രമം അടയാളപ്പെടുത്തി. 2008 ജൂലായ് ആകുമ്പോഴേക്കും, മുമ്പ് അറിയപ്പെടാത്ത 500 ഗുഹകളെ അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞിരുന്നു, ശാസ്ത്രലോകത്തിന് അന്നുവരെ അജ്ഞാതമായിരുന്ന 25 ഫോസില്‍ കേന്ദ്രങ്ങളും കണ്ടെത്തി. ആഫ്രിക്കയില്‍ ഏറ്റവുമധികം പര്യവേക്ഷണം നടന്ന സ്ഥലത്തു നിന്നാണിത് എന്നോര്‍ക്കണം.

ജൂലായ് അവസാനമാമായിരുന്നു അത്, ഗൂഗിള്‍ എര്‍ത്തില്‍ കണ്ട ഒരു ഗുഹാശൃംഗല പ്രൊഫ.ബെര്‍ഗറുടെ സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. ഭ്രംശമേഖലയ്ക്ക് സമാന്തരമായി സ്ഥിതിചെയ്യുന്ന ഒന്നായിരുന്നു അത്. 2008 ആഗസ്ത് ഒന്നിന് മാപ്പിങ് പ്രവര്‍ത്തനത്തിന് പ്രൊഫ.ഡിര്‍ക്‌സിനെ ഒരിടത്ത് വിട്ട് തന്റെ നായ ടാവുവിനെയും കൂട്ടി 44-കാരനായ പ്രൊഫ. ബെര്‍ഗര്‍ ആ ഗുഹാപരിസരത്തെത്തി. സമ്പന്നമായ ഒരു ഫോസില്‍കേന്ദ്രവും ഉടന്‍ തന്നെ അവിടെ അദ്ദേഹം അവിടെ കണ്ടെത്തി. മാത്രവുമല്ല, ആരുടെയും ശ്രദ്ധയില്‍പെടാതെ മൂന്ന് ഡസനോളം ഗുഹകള്‍ അവിടെ ഉള്ളതായും അദ്ദേഹം മനസിലാക്കി.

ഒന്‍പത് വയസ്സുകാരന്റെ കണ്ടുപിടിത്തം

ആ ആഗസ്ത് 15-ന് പ്രൊഫ.ബെര്‍ഗര്‍ വീണ്ടും അവിടം സന്ദര്‍ശിച്ചു. ഇത്തവണ തന്റെ ഒന്‍പതു വയസ്സുകാരനായ മകന്‍ മാത്യുവും ഗവേഷണവിദ്യാര്‍ഥി ഡോ.ജോബ് കിബീയും ഒപ്പമുണ്ടായിരുന്നു, കൂടാതെ നായ ടാവുവും. പ്രകാശപൂര്‍ണമായ ഒരു പ്രഭാതമായിരുന്നു അത്. അവിടെ സംഭവിച്ചകാര്യം കഴിഞ്ഞ ദിവസം പ്രൊഫ. ബെര്‍ഗര്‍ തന്നെ മാധ്യമങ്ങളോട് വിശദീകരിക്കുകയുണ്ടായി. പുല്ലുനിറഞ്ഞ ആ ഗുഹാമേഖലയിലൂടെ നായയുടെ പിന്നാലെ ഓടുകയായിരുന്നു മാത്യു. പെട്ടന്നവന്‍ തടിയില്‍ കാല്‍തട്ടി വീണു. ആ വീഴ്ചയുടെ ഫലം, സമീപകാലത്ത് നരവംശശാസ്ത്രത്തിലുണ്ടായ സുപ്രധാന കണ്ടുപിടിത്തമായി മാറി!

'ഡാഡീ, ഞാനൊരു ഫോസില്‍ കണ്ടെത്തി' -അകലെയായിരുന്ന പിതാവിനോട് മാത്യു വിളിച്ചു പറഞ്ഞു. മകന്റെയടുത്തേക്ക് പെട്ടന്നു നടന്നടുത്ത പ്രൊഫ.ബെര്‍ഗര്‍ക്ക്, 15 അടി അടുത്തെത്തിയപ്പോള്‍ തന്നെ വ്യക്തമായി ഒരു പ്രാചീനമനുഷ്യന്റെ തോളെല്ലാണ് മകന്റെ കൈയിരിക്കുന്നതെന്ന്. മാത്യുവിനെക്കാള്‍ ഏതാനും വയസ്സ് മാത്രം മൂപ്പുള്ള, ഏതാണ്ട് 20 ലക്ഷം വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ബാലന്റെ ഫോസിലായിരുന്നു അത്. തോളെല്ലിനെക്കുറിച്ച് പഠിച്ച് ഗവേഷണബിരുദം നേടിയ പ്രൊഫ.ബെര്‍ഗര്‍ക്ക് തെറ്റിയില്ല, അമൂല്യമായ ഒരു കണ്ടുപിടിത്തമായിരുന്നു അത്.

പുതിയൊരു ഹോമിനിഡ് വര്‍ഗമാണ് ആ കണ്ടുപിടിത്തത്തോടെ ലോകത്തിന് വെളിവായത്. ഒരിക്കല്‍ ആഴത്തിലുള്ള ഗുഹാശൃംഗലയായിരുന്ന അവിടെ നടത്തിയ തിരച്ചിലില്‍ പ്രാചീനബാലന്റെ കൂടുതല്‍ ഫോസിലുകള്‍ കണ്ടെത്തി. കൂടാതെ അതേ വര്‍ഗത്തില്‍പെട്ട പ്രായപൂര്‍ത്തിയായ സ്ത്രീയുടെ ഫോസിലും അവിടെ നിന്ന് ലഭിച്ചു. നല്ല നിലയില്‍ തന്നെ അവശേഷിച്ചിരുന്ന ഒരു തലയോട്ടി, ഇടുപ്പെല്ല്, കാല്‍ക്കുഴ തുടങ്ങിയവയൊക്കെ അവിടെ നിന്ന് കണ്ടെത്തിയ ഫോസിലുകളില്‍ പെടുന്നു. ഹോമിനിഡുകളുടേത് മാത്രമല്ല, മറ്റ് ഒട്ടനേകം ജീവികളുടെ അവശിഷ്ടങ്ങളും കണ്ടുകിട്ടി. 130 ഫോസിലുകള്‍ ഇതുവരെ കണ്ടെത്തിയിട്ടുണ്ട്. പ്രാചീനകാലത്തെ ആവാസവ്യവസ്ഥയെക്കുറിച്ച് വ്യക്തത ലഭിക്കാന്‍ അവ ഗവേഷകരെ സഹായിച്ചു. പര്യവേക്ഷണം ഇപ്പോഴും തുടരുകയാണ്.

ഒരു പ്രാചീന ഗുഹാശൃംഗലയിലെ എക്കല്‍ ശേഖരത്തില്‍നിന്നാണ് ഹോമിനിഡുകളുടെ ഫോസിലുകള്‍ കിട്ടിയത്. ബാലനും സ്ത്രീയും ഏതാണ്ട് ഒരേ സമയത്ത് (അക്കാലത്ത് 30 മുതല്‍ 50 മീറ്റര്‍ വരെ താഴ്ച്ചയുണ്ടായിരുന്ന ഗുഹയിലെ ) കുളത്തിലേക്കോ, ചെറു ഭൂഗര്‍ഭതടാകത്തിലേക്കോ വീണുപോയതാകാമെന്ന് കരുതുന്നു. ജീവികള്‍ക്ക് കെണിയായി മാറിയ ആ ഗുഹാശൃംഗല, പുറംലോകത്തുനിന്ന് വേര്‍പെട്ടു നിന്നിരുന്നതിനാല്‍, അവിടെ വീണ ഹോമിനിഡുകളുടെ ശരീരം മംസഭുക്കുകളായ ജീവികളുടെ കൈയില്‍ പെട്ടില്ല. അതുകൊണ്ടുതന്നെ നല്ല സ്ഥിതിയില്‍ അവശേഷിക്കപ്പെട്ട ഫോസിലുകളാണ് അവിടെ ഉണ്ടായിരുന്നത്.

ഏതായാലും, 'മനുഷ്യവര്‍ഗത്തിന്റെ കളിത്തൊട്ടിലില്‍' നിന്ന് കണ്ടുപിടിത്തങ്ങള്‍ അവസാനിക്കുന്നില്ല. ശരിക്കുപറഞ്ഞാല്‍ ഒരു പുത്തന്‍ പര്യവേക്ഷണയുഗത്തിനാണ് ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ഗവേഷകര്‍ തുടക്കമിട്ടിരിക്കുന്നത്. (അവലംബം: സയന്‍സ്, വിറ്റ്‌വാട്ടേഴ്‌സ്‌റാന്‍ഡ് സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്)


കാണുക

Wednesday, April 07, 2010

ഈ കടലാമകള്‍ക്കെല്ലാം എന്തു സംഭവിക്കുന്നു

കോഴിക്കോട് ജില്ലയിലെ പയ്യോളിയില്‍ കൊളാവിപ്പാലം ബീച്ചിലെ 'തീരം-പ്രകൃതിസംരക്ഷണ സമിതി'യുടെ പ്രവര്‍ത്തകരിലൊരാളായ കെ.വിജയന്‍ ഒരാഴ്ചയായി മീന്‍പിടിക്കാന്‍ കടലിലായിരുന്നു, ഏപ്രില്‍ രണ്ടാനാണ് കരയ്ക്കണഞ്ഞത്. കാപ്പാട് മുതല്‍ ഏഴിമല വരെയുള്ള മേഖലയില്‍, തീരത്തുനിന്ന് മുപ്പത് കിലോമീറ്ററോളം അകലെ പുറംകടലില്‍ അവരുടെ ബോട്ട് ചുറ്റിത്തിരിയുന്നതിനിടെ, വിജയനെ വല്ലാതെ വേദനിപ്പിച്ച അനുഭവമുണ്ടായി. പല ദിവസങ്ങളിലായി അഞ്ചു കടലാമകള്‍ ചത്തുപൊങ്ങിയിരിക്കുന്നു.

ഒന്നര പതിറ്റാണ്ടായി കടലാമകളുടെ സംരക്ഷണത്തിന് സ്വന്തം ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്ന സംഘത്തില്‍പെട്ടയാളാണ് വിജയന്‍. അത്തരമൊരാളെ ഈ കാഴ്ച വേദനിപ്പിച്ചതില്‍ അത്ഭുതമില്ല. 'ഞങ്ങളുടെ ബോട്ടിനരികില്‍ അഞ്ച് ചത്ത ആമകളെ കണ്ടെങ്കില്‍, ആരും ശ്രദ്ധിക്കാതെ എത്ര ആമകള്‍ നമ്മുടെ തീരക്കടലില്‍ നശിക്കുന്നുണ്ടാവാം'-ഈ സംഭവം ഫോണ്‍ വഴി വിശദീകരിക്കുമ്പോള്‍ വിജയന്‍ പറഞ്ഞു.

ട്രോളിങിനുപയോഗിക്കുന്ന വലയില്‍ കുടുങ്ങിയാണ് ആമകള്‍ നശിക്കുന്നത്. 'തീരത്തുനിന്ന് 30 കിലോമീറ്റര്‍ അകലെയെത്തിയാല്‍ കടലില്‍ മറ്റൊരു ലോകമാണ് നമ്മള്‍ കാണുന്നത്'-വിജയന്‍ അറിയിച്ചു. ബോട്ടുകളുടെയും ട്രോളറുകളുടെയും വന്‍തിരക്കാണവിടെ. കടലില്‍ നടക്കുന്നത് അമിതമായ ചൂഷണമാണെന്ന് സാരം. ആ തിരക്കിനും മത്സരത്തിനുമിടിയില്‍ സാധുക്കളായ ആമകള്‍ വലയില്‍ കുടുങ്ങിയാല്‍ തന്നെ അക്കാര്യം ശ്രദ്ധിക്കാന്‍ ആര്‍ക്ക് സമയം!

വിജയന്‍ പുറംകടലില്‍ കണ്ട സങ്കടകരമായ കാഴ്ചയ്‌ക്കൊപ്പം ചേര്‍ത്തുവായിക്കേണ്ട ഒന്ന് കൊളാവിപ്പാലം കടപ്പുറത്തെ ആമസംരക്ഷണ പ്രവര്‍ത്തകരുടെ മ്യൂസിയത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഓരോ വര്‍ഷവും കൊളാവിപ്പാലം തീരത്ത് എത്തിയ ആമകളുടെ എണ്ണം, ശേഖരിച്ച ആമമുട്ടകളുടെ കണക്ക്, വിരിഞ്ഞു കടലിലിറക്കിവിട്ട ആമക്കുഞ്ഞുങ്ങളുടെ എണ്ണം തുടങ്ങിയ വിവരങ്ങളിലാണ് ആ രജിസ്റ്ററിലുള്ളത്. അതില്‍ ആമസംരക്ഷണ പ്രവര്‍ത്തനം നടത്തുന്നവരെ സംബന്ധിച്ചിടത്തോളം ഉത്ക്കണ്ഠയുണര്‍ത്തുന്ന വിവരം എന്താണെന്ന് ചോദിച്ചാല്‍, ഓരോ വര്‍ഷവും മുട്ടയിടാന്‍ എത്തുന്ന ആമകളുടെ എണ്ണം ആശങ്കാജനകമായി കുറയുന്നു എന്നതാണ്.


സങ്കടങ്ങളുടെ കണക്കുപുസ്തകം

2002-2003 സീസണില്‍ 48 ആമകള്‍ എത്തിയതായി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്നു. 5605 മുട്ടകള്‍ ശേഖരിച്ചു, അതില്‍ 4646 എണ്ണം വിരിഞ്ഞു, കടലിലിറക്കി വിട്ടു. 2003-2004 സീസണില്‍ വന്ന ആമകളുടെ എണ്ണം 26 ആയി. മുട്ടകളുടെയും ആമക്കുഞ്ഞുങ്ങളുടെയും സംഖ്യ അതിന് ആനുപാതികമായി കുറഞ്ഞു. അതുകഴിഞ്ഞാല്‍ (2004 മുതല്‍ 2009 വരെ) ഓരോ സീസണിലും എത്തിയ ആമകളുടെ എണ്ണം യഥാക്രമം 8, 8, 23, 9, 6 എന്നിങ്ങനെയാണ്. ഈ സീസണില്‍ (2009-2010) 11 ആമകള്‍ എത്തി. 1214 മുട്ടകള്‍ ശേഖരിച്ചു, 947 കുഞ്ഞുങ്ങള്‍ വിരിഞ്ഞു.


എന്നുവെച്ചാല്‍, കഴിഞ്ഞ അഞ്ചുവര്‍ഷമായി, ഒരു സീസണിലൊഴികെ ബാക്കിയെല്ലാറ്റിലും, കൊളാവിപ്പാലത്ത് മുട്ടയിടാന്‍ എത്തിയതായി രേഖപ്പെടുത്തിയ കടലാമകളുടെ എണ്ണം പത്തില്‍ താഴെയായി. തീരം തേടിയെത്തുന്ന ആമകളുടെ സംഖ്യയില്‍ ഇത്തരത്തില്‍ കുറവു വന്നതിന്റെ മുഖ്യകാരണമാവാം വിജയന്‍ പുറംകടലില്‍ കണ്ട ചത്ത ആമകള്‍. പക്ഷേ, അതുമാത്രമല്ല കാരണം. കൊളാവിപ്പാലത്ത് ആ ചെറുപ്പക്കാര്‍ കടലാമസംരക്ഷണം തുടങ്ങുന്ന കാലത്തുണ്ടായിരുന്ന തീരമേ ഇന്നില്ല. സ്വാഭാവികമായും തുറന്ന തീരത്തെ മണല്‍പ്പരപ്പ് തേടിയെത്തുന്ന ആമകള്‍ കൊളാവിപ്പാലം കടപ്പുറത്ത് കയറി മുട്ടയിടാതെ മടങ്ങിയിട്ടുണ്ടാകാം. തീരം ശോഷിക്കാന്‍ കാരണം എന്ന് അവര്‍ കരുതുന്ന കോട്ടപ്പുഴ അഴിമുഖത്തെ മണലെടുപ്പ് പക്ഷേ ഇപ്പോഴും തുടരുന്നു, അതിനെതിരെയുള്ള ഗ്രാമവാസികളുടെ സമരവും.

കോട്ടപ്പുഴ അഴിമുഖത്തെ മണലെടുപ്പ് മാത്രമാകുമോ തീരം കടലെടുത്തു പോകാന്‍ കാരണം. കൊളാവിപ്പാലത്തെ ഗ്രാമീണരെ സംബന്ധിച്ചിടത്തോളം, അവര്‍ക്കു മുമ്പില്‍ പ്രത്യക്ഷത്തിലുള്ള കാരണം അതുതന്നെയാണ്. എന്നാല്‍, അതിന് മറ്റൊരു കാരണം കൂടി ചൂണ്ടിക്കാട്ടാനാകും എന്നാണ് പുതിയ പഠനങ്ങളും ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. ആഗോളതാപനത്തിന്റെ ഫലമായി കടല്‍നിരപ്പുയരുന്നത് ഇന്ത്യന്‍തീരത്തും വര്‍ധിച്ചിരിക്കുന്നു എന്ന കണ്ടെത്തലാണത്. കൊളാവിപ്പാലം കടപ്പുറം ഉള്‍പ്പടെ, കേരളത്തിന്റെ തീരം നേരിടുന്ന ശോഷണത്തിനും ഒരു കാരണം ആഗോളതാപനം തന്നെ എന്നു വരുന്നു.

കേന്ദ്രസര്‍ക്കാര്‍ ശേഖരിച്ച സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം ഇന്ത്യന്‍തീരത്ത് സമുദ്രനിരപ്പ് ഉയരുന്നതിന്റെ തോത് കൂടുകയാണെന്ന് ജനവരി ആദ്യ ആഴ്ചയില്‍ തിരുവനന്തപുരത്ത് നടന്ന ദേശീയശാസ്ത്രകോണ്‍ഗ്രസ്സില്‍ സംസാരിക്കവെ, കേന്ദ്ര ഭൗമശാസ്ത്രമന്ത്രാലയം സെക്രട്ടറി ഡോ.ശൈലേഷ് നായക് വെളിപ്പെടുത്തുകയുണ്ടായി. കഴിഞ്ഞ അഞ്ചുവര്‍ഷമായി പ്രതിവര്‍ഷം 3.1 മില്ലിമീറ്റര്‍ എന്ന തോതിലാണ് സമുദ്രനിരപ്പ് ഉയരുന്നത്. രണ്ടായിരം വരെ പ്രതിവര്‍ഷം ഇത് 1.3 മില്ലിമീറ്റര്‍ ആയിരുന്നു. വെറും അഞ്ചുവര്‍ഷംകൊണ്ടുണ്ടായ ഈ മാറ്റം ആശങ്കാജനകമാണ് (മാതൃഭൂമി, ജനവരി 6, 2010). എന്നുവെച്ചാല്‍, കൊളാവിപ്പാലത്തെ ആമമ്യൂസിയത്തിലെ രജിസ്റ്റര്‍ നല്‍കുന്ന ആപത് സൂചനയും ഒരര്‍ഥത്തില്‍ വിരല്‍ചുണ്ടുന്നത് ലോകം നേരിടുന്ന വലിയൊരു പരിസ്ഥിതി പ്രതിസന്ധിയിലേക്ക് കൂടിയാണെന്നു സാരം.


വലയില്‍ ഒടുങ്ങുന്നത് ലക്ഷക്കണക്കിന് കടലാമകള്‍

കൊളാവിപ്പാലം ആമമ്യൂസിയത്തിലെ രജിസ്റ്ററില്‍ രേഖപ്പെടുത്തിയ കണക്കുകളുമായി ചേര്‍ത്ത് വായിക്കേണ്ട ഒരു റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം
ബി.ബി.സി. റിപ്പോര്‍ട്ടു ചെയ്തു. ലോകത്താകമാനം രണ്ടുപതിറ്റാണ്ടിനിടെ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ലക്ഷക്കണക്കിന് കടലാമകള്‍ ഒടുങ്ങി എന്നാണ് റിപ്പോര്‍ട്ട്. ആഗോളതലത്തില്‍ ലഭ്യമായ വിവരങ്ങള്‍ വിശകലനം ചെയ്ത് ഗവേഷകര്‍ എത്തിയ നിഗമനം, 'കണ്‍സര്‍വേഷന്‍ ലെറ്റേഴ്‌സ്' ജേര്‍ണലിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കടലാമകള്‍ കുടുങ്ങാതിരിക്കാനുള്ള സുരക്ഷിതത്വ സംവിധാനം ഇല്ലാത്ത വലകള്‍ ഉപയോഗിക്കുന്നതാണ് ഇത്തരമൊരു ദുസ്ഥിതിക്ക് കാരണമെന്ന് റിപ്പോര്‍ട്ട് പറയുന്നു. കടലാമകളുടെ സുരക്ഷ ഉറപ്പാക്കാനായി സുരക്ഷിതത്വ സംവിധാനമുള്ള വലകള്‍ ഉപയോഗിക്കാന്‍ റിപ്പോര്‍ട്ട് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. കടലാമകളുടെ അറിയപ്പെടുന്ന ഏഴിനങ്ങളില്‍ ആറും ചുമപ്പ്പട്ടികയിലാണെന്ന കാര്യംകൂടി പരിഗണിക്കുമ്പോഴേ കടലാമകള്‍ ആ ജീവിവര്‍ഗം നേരിടുന്ന ഭീഷണിയുടെ യഥാര്‍ഥ വ്യാപതി മനസിലാകൂ.

'കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലി'ന്റെ ഗ്ലോബര്‍ മറൈന്‍ ഡിവിഷനില്‍ പ്രവര്‍ത്തിക്കുന്ന ഗവേഷകനായ, ഡ്യൂക്ക് സര്‍വകലാശാലയിലെ ഡോ. ബ്രയാന്‍ വാലസ് ആണ് പഠനത്തിന് നേതൃത്വം നല്‍കിയത്. 1990-2008 കാലയളവില്‍ ലോകത്താകെ 85000 കടലാമകള്‍ വലയില്‍ കുടുങ്ങി നശിച്ചതായി രേഖകളില്‍ കാണുന്നു. റിക്കോര്‍ഡില്‍ കാണുന്നത് യഥാര്‍ഥ കണക്കിന്റെ വളരെ ചെറിയൊരംശമേ ആകുന്നുള്ളു. കാരണം ചെറുകിട മത്സ്യബന്ധനം നടത്തുന്ന ആരും കണക്ക് സൂക്ഷിക്കാറില്ല.

വലയില്‍ കുടുങ്ങി നശിക്കുന്ന കടലാമകളുടെ മൊത്തം സംഖ്യയില്‍ ഒരു ശതമാനത്തില്‍ താഴെ മാത്രമേ, രേഖപ്പെടുത്തിയ കണക്ക് പ്രതിഫലിപ്പിക്കുന്നുള്ളു എന്ന് ഡോ. വാലസ് പറയുന്നു. അതിനാല്‍, കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ ലക്ഷക്കണക്കിന് ആമകള്‍ നശിച്ചിട്ടുണ്ടാകാമെന്ന് കരുതേണ്ടിയിരിക്കുന്നുവെന്ന അഭിപ്രായക്കാരനാണ് അദ്ദേഹം.

കൊളാവിപ്പാലത്തെ തീരം സമിതി പ്രവര്‍ത്തകര്‍ സൂക്ഷിക്കുന്ന ആമ രജിസ്റ്റര്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി എന്തുകൊണ്ട് സങ്കടങ്ങളുടെ കണക്കുപുസ്തകമായി മാറുന്നു എന്നതിന് ഈ റിപ്പോര്‍ട്ട് വിശദീകരണം നല്‍കുന്നു, വിജയന്‍ പുറംകടലില്‍ കണ്ട ദയനീയമായ കാഴ്ച മഞ്ഞുമലയുടെ അഗ്രം മാത്രമാണെന്നും!