Friday, December 21, 2007

ഹൃദയത്തിന്‌ 'കാതോര്‍ക്കാന്‍'...

രോഗിയുടെ നെഞ്ചിടിപ്പ്‌ എപ്പോഴും ശ്രദ്ധിക്കുക ഡോക്ടറെ സംബന്ധിച്ച്‌ അസാധ്യമാണ്‌. അതിനാല്‍, ഹൃദയത്തിന്‌ താളഭംഗം വരുന്നതിന്റെ സൂചന മുന്‍കൂട്ടി മനസിലാക്കാന്‍ പലപ്പോഴും കഴിയാതെ വരുന്നു. ഈ പ്രശ്‌നം പരിഹരിക്കാന്‍ പുതിയൊരു ഇലക്ട്രോണിക്‌ സങ്കേതത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ നെതര്‍ലന്‍ഡ്‌സിലെ ഗവേഷകര്‍.

രോഗിയുടെ നെഞ്ചിടിപ്പിന്‌ തുടര്‍ച്ചയായി കാതോര്‍ക്കാനും, അവിടെനിന്നുള്ള ഇലക്ട്രിക്‌ സിഗ്നലുകള്‍ രേഖപ്പെടുത്തി സൂക്ഷിച്ച്‌ ചികിത്സയില്‍ പ്രയോജനപ്പെടുത്താനും സഹായിക്കുന്ന സങ്കേതമാണത്‌. ചെറിയൊരു ബാന്‍ഡേജ്‌ പോലെ നെഞ്ചില്‍ പതിപ്പിച്ചുവെച്ച്‌ വയര്‍ലസ്സായി പ്രവര്‍ത്തിപ്പിക്കാവുന്നതാണ്‌ പുതിയ ഇലക്ട്രോണിക്‌ ഉപകരണം.

ഹൃയമിടിപ്പ്‌ തുടര്‍ച്ചയായി രേഖപ്പെടുത്തുന്ന പല ഉപകരണങ്ങളും ഇപ്പോള്‍ തന്നെ രംഗത്തുണ്ട്‌. എന്നാല്‍, ഹൃദയത്തില്‍നിന്ന്‌ പുറപ്പെടുന്ന വൈദ്യുതസിഗ്നലുകള്‍ പിടിച്ചെടുത്ത്‌ 'ഇലക്ട്രോകാര്‍ഡിയോഗ്രാമുകളാ' (EKGs) യി പ്രവര്‍ത്തിക്കാന്‍ കഴിയും എന്നതാണ്‌ പുതിയ സങ്കേതത്തിന്റെ മെച്ചം. രോഗിയുടെ ഹൃദയത്തിന്റെ അവസ്ഥയെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ടാക്കാന്‍ ഇതുവഴി ഡോക്ടര്‍ക്ക്‌ കഴിയും. ഈ ഇലക്ട്രോണിക്‌ സങ്കേതം ഭാവിയില്‍ ഹൃദ്രോഗ വിദഗ്‌ധരുടെ ഏറ്റവും വലിയൊരു സഹായിയായി മാറിയേക്കുമെന്ന്‌ 'ടെക്‌നോളജി റിവ്യു' പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

നെതര്‍ലന്‍ഡ്‌സിലെ ഇന്‍ഥോവെനില്‍ പ്രവര്‍ത്തിക്കുന്ന നാനോടെക്‌നോളജി ഗവേഷണ സ്ഥാപനമായ 'ഇന്റര്‍യൂണിവേഴ്‌സിറ്റി മൈക്രോ ഇലക്ട്രോണിക്‌ സെന്ററി'(Interuniversity Micro-Electronic Centre) ലെ ഗവേഷകരാണ്‌ പുതിയ ഉപകരണം വികസിപ്പിച്ചത്‌. രോഗികള്‍ക്ക്‌ കൊണ്ടുനടക്കാവുന്ന ഇലക്ട്രോകാര്‍ഡിയോഗ്രാം ഉപകരണമായ 'ഹോള്‍ട്ടര്‍ മോണിറ്ററി' (Holter monitor)ന്റെ വകഭേദമാണ്‌ പുതിയ ഉപകരണമെന്ന്‌ പറയാം. ഹോള്‍ട്ടര്‍ മോണിറ്റര്‍ പ്രവര്‍ത്തിപ്പിക്കാന്‍ പക്ഷേ, ഒട്ടേറെ ഇലക്ട്രോഡുകള്‍ ശരീരത്തില്‍ പതിച്ചുവെയ്‌ക്കണം. വയറുകളുടെ ശൃംഗല തന്നെ അതിലുണ്ട്‌. മാത്രമല്ല, വലിപ്പക്കൂടുതല്‍കൊണ്ട്‌ രോഗികള്‍ ഇടുപ്പില്‍ ബെല്‍റ്റ്‌ ഉപയോഗിച്ചാണ്‌ അത്തരം മോണിറ്ററുകള്‍ കൊണ്ടുനടക്കുക.

എന്നാല്‍, പുതിയ ഉപകരണത്തിന്‌ ഇത്തരം പ്രശ്‌നങ്ങളൊന്നുമില്ല. കനംകുറഞ്ഞ ബാന്‍ഡേജ്‌ പോലെ രോഗിയുടെ നെഞ്ചില്‍ അത്‌ പതിപ്പിച്ചുവെയ്‌ക്കാം, വയറുകളില്ല. ആറ്‌ സെന്റീമീറ്റര്‍ നീളവും രണ്ട്‌ സെന്റീമീറ്റര്‍ വീതിയുമുള്ള ഉപകരണത്തില്‍, എല്ലാ ഇലക്ട്രോണിക്‌ സര്‍ക്കീട്ടുകളും സന്നിവേശിപ്പിച്ചിരിക്കും. അയവുള്ള ആ ബോര്‍ഡിന്റെ ആവരണത്തില്‍, ശരീരത്തില്‍ ഒട്ടിയിരിക്കാന്‍ സഹായിക്കുന്ന മൂന്നു സ്ഥാനങ്ങളുണ്ട്‌. ഇലക്ട്രോകാര്‍ഡിയോഗ്രാമിലെ ഇലക്ട്രോഡുകള്‍ പോലെ അവ പ്രവര്‍ത്തിക്കുമെന്ന്‌, ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്ററിന്റെ ഡയറക്ടര്‍ ബെര്‍ട്ട്‌ ഗൈസലിന്‍ക്‌സ്‌ അറിയിക്കുന്നു.

ഹൃദയത്തില്‍നിന്ന്‌ ലഭിക്കുന്ന സിഗ്നലുകള്‍ പത്തുമീറ്റര്‍ പരിധിക്കുള്ളില്‍ വെച്ചിട്ടുള്ള ക്രെഡിറ്റ്‌ കാര്‍ഡ്‌ വലിപ്പമുള്ള ഒരു സ്വീകരണിയിലേക്ക്‌ വിനിമയം ചെയ്യും. കനംകുറഞ്ഞ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ആ സ്വീകരണി ഒരു സ്‌മാര്‍ട്ട്‌കാര്‍ഡ്‌ പോലെയാണ്‌. ബ്ലൂടൂത്തിന്റെ മാതൃകയിലാണ്‌ അതിന്റെ പ്രവര്‍ത്തനം. രോഗിയില്‍നിന്ന്‌ ലഭിക്കുന്ന സിഗ്നലുകള്‍, ഒന്നുകില്‍ രണ്ട്‌ ജി.ബി.വിവരസംഭരണശേഷിയുള്ള ഉപകണത്തില്‍ സൂക്ഷിച്ചുവെയ്‌ക്കും. അല്ലെങ്കില്‍, സെല്‍ഫോണ്‍ പോലൊരു ഉപകരണത്തിന്റെ സഹായത്തോടെ ക്ലിനിക്കിലേക്ക്‌ ആ സിഗ്നലുകള്‍ വിനിമയം ചെയ്യും. രോഗിയുടെ ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന താളഭംഗങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാനും പരിഹാരം തേടാനും ഇതുവഴി കഴിയും.

ഹൃയമിടിപ്പ്‌ തുടര്‍ച്ചയായി രേഖപ്പെടുത്താന്‍ സഹായിക്കുന്ന പല ഉപകരണങ്ങളുമുണ്ട്‌. ഹൃദയമിടിപ്പ്‌ രേഖപ്പെടുത്തി അത്‌ വയര്‍ലെസ്സായി വാച്ചിലെ സ്വീകരണിയിലേക്ക്‌ അയയ്‌ക്കുന്നവയും ലഭ്യമാണ്‌. എന്നാല്‍, ഇലക്ട്രോകാര്‍ഡിയോഗ്രാമുകള്‍ തുടര്‍ച്ചയായി രേഖപ്പെടുത്തുന്നത്‌ അതില്‍നിന്ന്‌ തികച്ചും വ്യത്യസ്‌തമാണെന്ന്‌, വെയില്‍സില്‍ സ്വാന്‍സീ സര്‍വകലാശാലയിലെ ഡോ. മൈക്ക്‌ കിംഗ്‌സ്‌ലി അഭിപ്രായപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ ഹൃദയത്തില്‍നിന്നുള്ള വൈദ്യുതസിഗ്നലുകള്‍ വഴി മനസിലാക്കാനാകും. ഹൃദയത്തിന്റെ പെരുമാറ്റവും ആരോഗ്യവും വ്യക്തമാകാന്‍ അത്തരം വിവരങ്ങള്‍ കാര്‍ഡിയോളജിസ്‌റ്റിനെ സഹായിക്കും. രോഗനിര്‍ണയത്തില്‍ അതിന്‌ വളരെ പ്രാധാന്യമുണ്ട്‌-അദ്ദേഹം പറയുന്നു.

എന്നാല്‍, പുതിയ ഉപകരണത്തിന്‌ അതിന്റേതായ പരിമിതികളുമുണ്ട്‌. ഒരു ക്ലിനിക്കിലെ ഇലക്ട്രോകാര്‍ഡിയോഗ്രാം രേഖപ്പെടുത്തുന്ന അത്ര വലിയ തോതില്‍ ഹൃദയത്തില്‍നിന്നുള്ള വൈദ്യുതസിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ അവയ്‌ക്കാവില്ല. ഹൃദയത്തിന്റെ പൂര്‍ണമായ അവസ്ഥ അത്‌ നല്‍കില്ല, മുഖ്യസൂചനകള്‍ മാത്രമേ ലഭിക്കൂ-കിംഗ്‌സ്‌ലി പറഞ്ഞു. എങ്കില്‍ പോലും, ഹൃദയസിഗ്നലുകളിലെ ഭ്രംശങ്ങള്‍ മനസിലാക്കാന്‍ സഹായിക്കുന്നതുകൊണ്ട്‌ പുതിയ സങ്കേതം വളരെ ഉപയോഗപ്രദമാണെന്ന്‌, ടെക്‌സാസിലെ ഓസ്‌റ്റിനില്‍ 'മൊനെബോ'യിലെ ചീഫ്‌ മെഡിക്കല്‍ ഓഫീസറായ ഡോ.ഹാന്‍സ്‌ സ്‌ട്രോമെയര്‍ പറയുന്നു.

രോഗപ്രതിരോധം ലക്ഷ്യമാക്കി ടെലിമെഡിസിന്‍ സങ്കേതങ്ങള്‍ വികസിപ്പിക്കാനുള്ള 'ഹ്യുമണ്‍++' (Human++) എന്ന ബ്രഹത്‌പദ്ധതിയുടെ ഭാഗമായാണ്‌ നെതര്‍ലന്‍ഡ്‌സ്‌ സംഘം ഹൃദയനിരീക്ഷണ ഉപകരണം രൂപപ്പെടുത്തിയത്‌. ആരോഗ്യമുണ്ടെന്ന്‌ കരുതുന്നവര്‍ക്ക്‌ പോലും ഈ നിരീക്ഷണ ഉപകരണം സഹായകമായേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു. ഹൃദയത്തിന്‌ ഭാവിയില്‍ വരാവുന്ന വലിയ പ്രശ്‌നങ്ങളുടെ സൂചനകള്‍ മുമ്പേ മനസിലാക്കാനും, വേണ്ട കരുതല്‍ നടപടികള്‍ കൈക്കൊള്ളാനും കഴിയും എന്നതാണ്‌ നേട്ടം. ഒറ്റയ്‌ക്കു കഴിയുന്ന പ്രായമേറിയവര്‍ക്ക്‌ ഇത്‌ ഏറെ പ്രയോജനം ചെയ്‌തേക്കും. മാത്രമല്ല, ഔഷധ പരീക്ഷണങ്ങള്‍ക്കും ഇത്‌ സഹായം ചെയ്യും. കൂടുതല്‍ ഇലക്ട്രിക്‌ സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ പാകത്തില്‍ പുതിയ ഉപകരണം മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്‌ നെതര്‍ലാന്‍ഡ്‌സ്‌ സംഘമിപ്പോള്‍. (അവലംബം: ടെക്‌നോളജി റിവ്യു).

Sunday, December 16, 2007

ബാലിസമ്മേളനം: മുഖം രക്ഷിക്കാനാകാതെ അമേരിക്ക

ഒന്നാം ഭൗമഉച്ചകോടിയെക്കുറിച്ച്‌ നിഖില്‍ ചക്രവര്‍ത്തി എഴുതി; ആ സമ്മേളനത്തില്‍ അമേരിക്ക നേരിട്ട ഒറ്റപ്പെടലാണ്‌ ലോകത്തിന്‌ മുന്നിലുള്ള ഏക പ്രതീക്ഷ. പതിനഞ്ച്‌ വര്‍ഷത്തിന്‌ ശേഷം ബാലിയില്‍ ഒറ്റപ്പെടലിന്റെ കാഠിന്യം തിരച്ചറിഞ്ഞ അമേരിക്ക, കാലാവസ്ഥാ ഉടമ്പടിക്കായുള്ള സമവായം അംഗീകരിക്കാന്‍ തയ്യാറായിരിക്കുന്നു.
ഒന്നര പതിറ്റാണ്ട്‌ മുമ്പാണ്‌, 1992-ല്‍ ബ്രസ്സീലിലെ റിയോ ഡി ജനീറോയില്‍ ഒന്നാം ഭൗമഉച്ചകോടി കഴിഞ്ഞ സമയം. 'മെയിന്‍സ്‌ട്രീം' വാരികയില്‍ ഭൗമഉച്ചകോടി റിപ്പോര്‍ട്ട്‌ ചെയ്‌തപ്പോള്‍, പത്രാധിപരായ നിഖില്‍ ചക്രവര്‍ത്തി എഴുതി: "റിയോയില്‍ അമേരിക്ക നേരിട്ട ആ ദയനീയമായ ഒറ്റപ്പെടലാണ്‌, ലോകത്തിന്‌ മുന്നിലുള്ള ഒരേയൊരു പ്രതീക്ഷ". യു.എന്നിന്റെ നേതൃത്വത്തില്‍ ഭൂമിയെ രക്ഷിക്കാന്‍ നടന്ന ആ ചരിത്രസമ്മേളനത്തില്‍ കാലാവസ്ഥാഉടമ്പടിയും ജൈവവൈവിധ്യക്കരാറും അംഗീകരിക്കാന്‍ തയ്യാറാകാത്ത അമേരിക്ക തികച്ചും ഒറ്റപ്പെടുകയായിരുന്നു. മറ്റ്‌ ലോകരാഷ്ട്രങ്ങള്‍ അമേരിക്കന്‍ താത്‌പര്യങ്ങള്‍ക്കെതിരെ ശക്തമായ നിലപാടെടുത്തു.

അമേരിക്കയുടെ ആ നിലപാട്‌ യഥാര്‍ഥത്തില്‍ 'ഒറ്റപ്പെടല്‍' ആയിരുന്നില്ല, കാതലായ പ്രശ്‌നങ്ങളോടുള്ള ധിക്കാരപമായ പുറംതിരിഞ്ഞുനില്‍പ്പ്‌ ആയിരുന്നു എന്നകാര്യം പില്‍ക്കാല ചരിത്രം വ്യക്തമാക്കി. ഒന്നാംഭൗമ ഉച്ചകോടിയില്‍ രൂപപ്പെടുത്തിയ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ്‌ 1997-ല്‍ ക്യോട്ടോ സമ്മേളനം നടന്നത്‌. ആഗോളതാപനം നേരിടാന്‍ എന്തൊക്കെ നടപടി വേണം എന്നകാര്യം ചര്‍ച്ചചെയ്യാനായി ലോകരാഷ്ട്രങ്ങള്‍ ജപ്പാനിലെ ക്യോട്ടോയില്‍ സമ്മേളിച്ചു. അന്നത്തെ യു.എസ്‌.വൈസ്‌പ്രസിഡന്റും പ്രമുഖ പരിസ്ഥിതി പോരാളിയുമായ സാക്ഷാല്‍ അല്‍ഗോറായിരുന്നു ക്യോട്ടോയില്‍ യു.എസ്‌.സംഘത്തെ നയിച്ചത്‌. അത്‌ വലിയ പ്രതീക്ഷ ഉണര്‍ത്തി.

പക്ഷേ, മല എലിയെ പ്രസവിച്ചു എന്നു പറഞ്ഞതുപോലെയായി ക്യോട്ടോ ഉടമ്പടി. അമേരിക്കയിലെ വ്യവസായലോബി, പ്രത്യേകിച്ചും എണ്ണ, ഓട്ടോമൊബൈല്‍ ലോബി ജയിച്ചു. അല്‍ ഗോര്‍ എന്ന പരിസ്ഥിതി പോരാളി തോറ്റു. ഹരിതഗൃഹവാതകങ്ങളുടെ വ്യാപനത്തോത്‌ വെച്ചു പറയുകയാണെങ്കില്‍, വെറും തുച്ഛമായ നടപടിക്കാണ്‌ ക്യോട്ടോയില്‍ ധാരണയായതു തന്നെ. അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പടെയുള്ള 36 സമ്പന്നരാഷ്ട്രങ്ങള്‍ 2008-2012 കാലയളവില്‍, ഹരിതഗൃഹ വാതകവ്യാപനത്തോത്‌ 1990-ലേതിന്റെ 4.2 ശതമാനം കുറയ്‌ക്കണം-ഇതാണ്‌ ക്യോട്ടോ ഉടമ്പടി വ്യവസ്ഥ ചെയ്യുന്നത്‌. എന്നാല്‍, തുച്ഛമായ ഈ കുറവു പോലും പറ്റില്ല എന്ന നിലപാട്‌ ആമേരിക്ക സ്വീകരിച്ചു. ലോകജനസംഖ്യയുടെ വെറും അഞ്ചുശതമാനം മാത്രമുള്ള അമേരിക്കയാണ്‌, അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളില്‍ 25 ശതമാനവും പുറത്തുവിടുന്നത്‌ എന്നകാര്യം പരിഗണിക്കുമ്പോള്‍, ഈ നിലപാട്‌ എത്ര പിന്തിരിപ്പനാണെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

ആഗോളതാപനം ഒരു തര്‍ക്കവിഷയമായിരുന്ന കാലത്താണ്‌ ക്യോട്ടോ സമ്മേളനം നടന്നത്‌. ആഗോളതാപനത്തിന്‌ ശാസ്‌ത്രീയ അടിത്തറയില്ലെന്നുവരെ വാദിക്കുന്ന ഗവേഷകരുണ്ടായിരുന്നു. ബുഷ്‌ ഭരണകൂടത്തിന്‌ വേണ്ടി, ആഗോളതാപനം തട്ടിപ്പാണെന്നു പ്രചരിപ്പിക്കാന്‍ എഴുത്തുകാര്‍ പോലും രംഗത്തെത്തി (മൈക്കല്‍ ക്രൈറ്റന്റെ 'ദ സ്‌റ്റേറ്റ്‌ ഓഫ്‌ ഫിയര്‍' ഉദാഹരണം). ഭൂമിക്കു ചൂടുപിടിച്ച്‌ ധ്രുവങ്ങളിലെ മഞ്ഞുരുകി സമുദ്രവിതാനം ഉയരുന്നതിനാല്‍, മുങ്ങല്‍ ഭീഷണി നേരിടുന്ന ഒന്നര ഡസനോളം ചെറുദ്വീപ്‌ രാഷ്ട്രങ്ങളുടെ മൊത്തം ആഭ്യന്തര ഉത്‌പാദനത്തെക്കാള്‍ കൂടുതലാണ്‌ അമേരിക്കന്‍ ഓട്ടോമൊബൈല്‍ ഭീമനായ 'ജനറല്‍ മോട്ടോഴ്‌സി'ന്റെ മാത്രം വാര്‍ഷിക വിറ്റുവരവ്‌. അത്തരം കമ്പനികളുടെ വാണിജ്യതാത്‌പര്യങ്ങള്‍ക്ക്‌ മേലാണ്‌ ബുഷ്‌ ഭരണകൂടം അടയിരിക്കുന്നത്‌. 2000-ല്‍ ജോര്‍ജ്‌ ബുഷ്‌ അധികാരത്തിലെത്തി ആദ്യമെടുത്ത തീരുമാനം തന്നെ ക്യോട്ടോ ഉടമ്പടിയില്‍നിന്ന്‌ അമേരിക്ക പിന്‍മാറുന്നു എന്നതായത്‌ യാദൃശ്ചികമല്ല.

ആഗോളതാപനത്തിന്‌ കാരണം മനുഷ്യന്റെ ചെയ്‌തികളാണെന്ന്‌ പറയുന്നത്‌ ശരിയോ എന്ന ചോദ്യത്തിന്‌ പ്രസക്തിയില്ലാത്ത വിധത്തില്‍, ശാസ്‌ത്രീയമായ തെളിവുകളുടെ അകമ്പടിയുമായാണ്‌ ലോകം ബാലിയില്‍ സമ്മേളിച്ചത്‌. കഴിഞ്ഞ 50 വര്‍ഷത്തിനിടെ ഭൗമാന്തരീക്ഷത്തിലുണ്ടായ താപവര്‍ധനയ്‌ക്ക്‌ 90 ശതമാനവും കാരണം മനുഷ്യന്റെ ചെയ്‌തികളാണെന്ന്‌ വ്യക്തമാക്കുന്ന ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചി (ഐ.പി.സി.സി) ന്റെ നാലം റിപ്പോര്‍ട്ട്‌ പുറത്തു വന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു ബാലിസമ്മേളനം. ആഗോളതാപന ഭീഷണി യാഥാര്‍ഥ്യം തന്നെയാണെന്ന്‌ നോബല്‍കമ്മറ്റിയും ഈ വര്‍ഷം അംഗീകരിച്ചു; അല്‍ഗോറിനും ഐ.പി.സി.സി.ക്കും സമാധാന നോബല്‍ നല്‍കുക വഴി.

ക്യോട്ടോ ഉടമ്പടിയുടെ കാലാവധി 2012-ല്‍ അവസാനിക്കും. അതിനു ശേഷം എന്തുവേണം എന്നകാര്യം ആലോചിക്കാനാണ്‌ യു.എന്‍.ഫ്രേംവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിന്‌ കീഴിലുള്ള ചര്‍ച്ചകള്‍ ബാലിയില്‍ നടന്നത്‌. ഡിസംബര്‍ മൂന്നിന്‌ തുടങ്ങിയ സമ്മേളനം 14-ന്‌ അവസാനിക്കേണ്ടതായിരുന്നു. സമവായം ഉണ്ടാകാത്തതിനാല്‍ ഒരുദിവസം കൂടി നീണ്ടു. രാഷ്ട്രത്തലവന്‍മാരും രാഷ്ട്രീയനേതാക്കളും പരിസ്ഥിതി പ്രവര്‍ത്തകരും ഉള്‍പ്പടെ പതിനായിരത്തോളം പേര്‍ പങ്കെടുക്കുന്ന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം, അടുത്ത രണ്ടു വര്‍ഷത്തിനകം പുതിയ ഉടമ്പടി ഉണ്ടാകത്തക്കവിധം ഒരു മാര്‍ഗരേഖയ്‌ക്ക്‌ രൂപം നല്‍കുക എന്നതായിരുന്നു.

സമ്പന്നരാഷ്ട്രങ്ങള്‍ 2020 ആകുമ്പോഴേക്കും ഹരിതഗൃഹവാതക വ്യാപനത്തിന്റെ തോത്‌ 1990-ലേതില്‍നിന്ന്‌ 25 മുതല്‍ 40 ശതമാനം വരെ കുറയ്‌ക്കണം എന്നാണ്‌ ബാലിമാര്‍ഗരേഖയുടെ കരടില്‍ പറഞ്ഞിരുന്നത്‌. ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ്‌ചേഞ്ചി (ഐ.പി.സി.സി) ന്റെ ഒടുവിലത്തെ റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ്‌ ഈയൊരു നിര്‍ദ്ദേശം വെച്ചിരുന്നത്‌. യൂറോപ്യന്‍ യൂണിയന്‍ അതിനെ പിന്തുണച്ചപ്പോള്‍, അമേരിക്ക, കാനഡ, ജപ്പാന്‍ എന്നീ രാഷ്ട്രങ്ങള്‍ അതിനെ എതിര്‍ത്തു. ഒടുവില്‍ അമേരിക്കന്‍ സമ്മര്‍ദത്തിന്‌ മുന്നില്‍ മുട്ടുമടക്കി മാര്‍ഗരേഖയുടെ കരടില്‍നിന്ന്‌ ആ കണക്കുകള്‍ നീക്കം ചെയ്യേണ്ടി വന്നു.

എന്നിട്ടും അവസാന സമവായത്തിന്‌ അമേരിക്ക വഴങ്ങിയില്ല. അലസിപ്പിരിയുന്ന ഘട്ടംവരെയെത്തി ബാലിസമ്മേളനം. ബാലിമാര്‍ഗരേഖയുടെ കരട്‌ അമേരിക്ക തള്ളിക്കളയും എന്ന്‌ യു.എസ്‌.പ്രതിനിധി പൗള ഡോബ്രിയാന്‍സ്‌കി സമ്മേളനത്തില്‍ ഭീഷണി മുഴക്കി. സമ്മേളനപ്രതിനിധികള്‍ യു.എസ്‌.നിലപാടിനെതിരെ ഒറ്റക്കെട്ടായി തിരിഞ്ഞു. പാപ്പുവ ന്യൂ ഗിനിയെ പ്രതിനിധീകരിക്കുന്ന ഒരു യു.എസ്‌.പരിസ്ഥിതി പ്രവര്‍ത്തക ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു: "നയിക്കാന്‍ നിങ്ങള്‍ക്കാവുന്നില്ലെങ്കില്‍, വഴി മാറൂ". തികച്ചും ഒറ്റപ്പെട്ട അമേരിക്കന്‍ പ്രതിനിധി അല്‍പ്പസമയം കഴിഞ്ഞ്‌ മൈക്രോഫോണ്‍ കൈയിലെടുത്ത്‌ അറിയിച്ചു; "സമവായത്തില്‍ പങ്കുചേരാന്‍ ഞങ്ങള്‍ തയ്യാര്‍". റിയോയില്‍ അമേരിക്ക നേരിട്ട ഒറ്റപ്പെടലിനെപ്പറ്റി, പതിനഞ്ച്‌ വര്‍ഷം മുമ്പ്‌ നിഖില്‍ ചക്രവര്‍ത്തി കുറിച്ചിട്ട വാക്കുകളുടെ പ്രവചന സ്വഭാവം എത്രത്തോളമുണ്ടെന്ന്‌ ബാലി വെളിവാക്കുകയായിരുന്നു. പുതിയൊരു അധ്യായം തുടങ്ങാനുള്ള സമയമായി എന്ന്‌, ബാലിയിലെ യു.എസ്‌. നിലപാടിനെക്കുറിച്ച്‌ വൈറ്റ്‌ഹൗസ്‌ ഉദ്യോഗസ്ഥന്‍ ജെയിംസ്‌ കൊണാട്ടന്‍ അഭിപ്രായപ്പെട്ടു.

പുതിയ ഉടമ്പടിക്കായുള്ള ആദ്യചുവടുവെപ്പ്‌ എന്നാണ്‌ ബാലിമാര്‍ഗരേഖയെ യു.എന്‍.സെക്രട്ടറി ജനറള്‍ ബാന്‍ കി മൂണ്‍ വിശേഷിപ്പിച്ചത്‌. ആഗോളതാപനത്തിനെതിരെ പോരാടാന്‍ അന്താഷ്ട്രസമൂഹത്തിന്‌ ഒരു യഥാര്‍ഥ അവസരം ബാലിയിലൂടെ ലഭിച്ചിരിക്കുകയാണെന്ന്‌, യു.എന്‍.ഫ്രേംവര്‍ക്ക്‌ കണ്‍വെന്‍ഷന്‍ ഓണ്‍ ക്ലൈമറ്റ്‌ ചേഞ്ചിന്റെ എക്‌സിക്യുട്ടീവ്‌ സെക്രട്ടറി യുവോ ഡി ബോര്‍ അഭിപ്രായപ്പെട്ടു. "ഒരു യഥാര്‍ഥ മുന്നേറ്റമാണിത്‌"-അദ്ദേഹം പറഞ്ഞു. എന്നാല്‍, അമേരിക്കന്‍ സമ്മര്‍ദത്തിന്‌ വഴങ്ങി ആഗോളതാപനത്തിന്റെ ശാസ്‌ത്രീയവശങ്ങള്‍ ബാലിമാര്‍ഗരേഖ തമസ്‌ക്കരിച്ചതായി, പരിസ്ഥിതി സംഘടനയായ ഡബ്ല്യു.ഡബ്ല്യു.എഫിന്റെ പ്രതിനിധി ഹാന്‍സ്‌ വെരോം കുറ്റപ്പെടുത്തി. അതേസമയം, അമേരിക്കയെ തുറന്നു കാട്ടിയാല്‍ ആത്യന്തികമായി അവര്‍ പിന്തിരിയും എന്ന ചരിത്രപാഠം ബാലിസമ്മേളനം നല്‍കുന്നതായും ഹാന്‍സ്‌ വിലയിരുത്തി.

ആഗോളതാപനം ചെറുക്കാന്‍ പുതിയ ഉടമ്പടിക്കു വേണ്ടിയുള്ള ചര്‍ച്ചകള്‍ ഇനി ബാലിമാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ വേണം നടക്കാന്‍. വാതകവ്യാപനം കുറയ്‌ക്കല്‍, വികസ്വര രാഷ്ട്രങ്ങള്‍ക്ക്‌ മാലിന്യമുക്ത സാങ്കേതികവിദ്യകള്‍ കൈമാറുന്നതിനുള്ള നടപടികള്‍ ത്വരപ്പെടുത്തല്‍. വനനശീകരണം തടയല്‍; സമുദ്രവിതാനം ഉയരുക, കാര്‍ഷികവിളകള്‍ നശിക്കുക തുടങ്ങി ആഗോളതാപനത്തിന്റെ തിക്തഫലങ്ങള്‍ ദരിദ്രരാഷ്ട്രങ്ങളിലെ ജനങ്ങളെയും സമ്പദ്‌ഘടനയെയും പ്രതികൂലമായി ബാധിക്കുന്നത്‌ ചെറുക്കാന്‍ സഹായിക്കുക തുടങ്ങിയ കാര്യങ്ങളാണ്‌ ബാലിമാര്‍ഗരേഖയുടെ ഉള്ളടക്കം. 2009-ല്‍ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ നടക്കുന്ന യു.എന്‍.സമ്മേളത്തില്‍ പുതിയ കാലാവസ്ഥാ ഉടമ്പടി അംഗീകരിക്കുകയെന്നതാണ്‌ ബാലിയിലെ സമവായം. (അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍, ചിത്രങ്ങള്‍ കടപ്പാട്‌: അസോസിയേറ്റഡ്‌ പ്രസ്സ്‌).

Friday, December 14, 2007

നാനോകോണ്‍ക്രീറ്റുമായി മലയാളി ശാസ്‌ത്രജ്ഞന്‍

നിര്‍മാണരംഗത്ത്‌ വിപ്ലവം സൃഷ്ടിക്കാന്‍ ഈ മുന്നേറ്റം സഹായിക്കുമെന്ന്‌ വിലയിരുത്തല്‍

നാനോടെക്‌നോളജിയുടെ സഹായത്തോടെ മലയാളി ശാസ്‌ത്രജ്ഞന്‍ രൂപപ്പെടുത്തിയ കോണ്‍ക്രീറ്റ്‌, നിര്‍മാണരംഗത്ത്‌ പുത്തന്‍ കുതിച്ചുചാട്ടത്തിന്‌ വഴിവെച്ചേക്കും. അമേരിക്കയില്‍ ജോലിചെയ്യുന്ന കണ്ണൂര്‍ രാമന്തളി സ്വദേശി ഡോ. വിനോദ്‌ വീടാണ്‌ നാനോടെക്‌നോളജിയെ നിര്‍മാണരംഗവുമായി കൂട്ടിയിണക്കുന്ന പുത്തന്‍ കണ്ടുപിടിത്തം നടത്തിയത്‌. കൂടുതല്‍ ഉറപ്പുള്ള ബഹുനിലകെട്ടിടങ്ങളും പാലങ്ങളും റോഡുകളുമൊക്കെ യാഥാര്‍ഥ്യമാക്കാന്‍ ഇത്‌ സഹായിച്ചേക്കും.

ഹാവായിയിലെ ഹോണൊലുലുവില്‍ പ്രവര്‍ത്തിക്കുന്ന 'ഓഷ്യാനിറ്റ്‌ ലബോറട്ടറീസി'ലെ (Oceanit Laboratories Inc.) സീനിയര്‍ നാനോടെക്‌നോളജി എഞ്ചിനിയറായ ഡോ.വിനോദിന്റെ കണ്ടുപിടിത്തം പേറ്റന്റ്‌ ചെയ്യാനുള്ള നടപടി അമേരിക്കയില്‍ ആരംഭിച്ചു കഴിഞ്ഞു. കാര്‍ബണ്‍ നാനോട്യൂബുകളെ കോണ്‍ക്രീറ്റുമായി സംയോജിപ്പിക്കാന്‍ ലോകമെങ്ങും ശ്രമം നടക്കുന്ന വേളയിലാണ്‌, ഇക്കാര്യം സാധ്യമാക്കാനുള്ള സങ്കേതം 31-കാരനായ ഡോ.വിനോദ്‌ വികസിപ്പിച്ചത്‌.

തലമുടി നാരിഴയെക്കാള്‍ ആയിരക്കണക്കിന്‌ മടങ്ങ്‌ കനം കുറഞ്ഞ നാനോട്യൂബുകള്‍ വളരെ ഉറപ്പുള്ളവ മാത്രമല്ല മികച്ച ചാലകങ്ങളുമാണ്‌. അതിനാല്‍, അവ സന്നിവേശിപ്പിച്ച്‌ രൂപപ്പെടുത്തുന്ന കോണ്‍ക്രീറ്റിന്‌ ഉറപ്പു ഏറുന്നതിനൊപ്പം, അതിനുള്ളിലെ തകരാറുകള്‍ കാര്‍ബണ്‍ നാനോട്യൂബുകളുടെ സാന്നിധ്യം മൂലം മുന്‍കൂട്ടി അറിയാനും പറ്റും. നാനോകോണ്‍ക്രീറ്റ്‌ ഉപയോഗിച്ചു നിര്‍മിക്കുന്ന പാലങ്ങളിലും കെട്ടിടങ്ങളിലും വിള്ളലുകളോ ബലക്ഷയമോ ഉണ്ടായാല്‍, ഒരു നാഡീവ്യൂഹം പോലെ പ്രവര്‍ത്തിക്കുന്ന നാനോട്യൂബുകളിലൂടെ അത്‌ മുന്‍കൂട്ടി മനസിലാക്കി അപകടം ചെറുക്കാനാകും.

ഡോ.വിനോദിന്റെ കണ്ടുപിടിത്തം പ്രായോഗികമായി രംഗത്തെത്താന്‍ ഇനിയും ഏറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്‌. കാര്‍ബണ്‍ നാനോട്യൂബിന്റെ വന്‍വിലയാണ്‌ അതില്‍ പ്രധാനം. വാണിജ്യപരമായി എങ്ങനെ നാനോകോണ്‍ക്രീറ്റ്‌ നിര്‍മിക്കാം എന്നതാണ്‌ മറ്റൊരു കടമ്പ. എന്നാല്‍, ആറ്റത്തിന്റെ വലിപ്പത്തിലുള്ള അതിസൂക്ഷ്‌മമായ നാനോട്യൂബുകള്‍ സിമന്റ്‌ പോലെ കട്ടികൂടിയ വസ്‌തുക്കളുമായി സംയോജിപ്പിക്കാം എന്ന മുഖ്യപ്രശ്‌നത്തിന്‌ ഡോ.വിനോദ്‌ ഉത്തരം കണ്ടെത്തിയിരിക്കുയാണെന്ന്‌, ഓഷ്യാനിറ്റ്‌ ലബോറട്ടറി അറിയിക്കുന്നു. കോണ്‍ക്രീറ്റില്‍ മാത്രമല്ല, പെയിന്റിങ്‌ പോലുള്ള രംഗത്തും ഈ കണ്ടുപിടിത്തം ഉപയോഗിക്കാനാകും.

പുലുക്കുന്നത്ത്‌ വടക്കേ വീട്ടില്‍ അന്തരിച്ച കെ.വി.നാരായണ പൊതുവാളിന്റെയും പി.വി.രുഗ്‌മിണിയുടെയും മകനായ ഡോ.വിനോദ്‌, രാമന്തളി ഗവണ്‍മെന്റ്‌ ഹൈസ്‌ക്കൂളിലും പയ്യന്നൂര്‍ കോളേജിലുമായി ആദ്യകാല വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം കണ്ണൂര്‍ ഗവണ്‍മെന്റ്‌ എഞ്ചിനിയറിങ്‌ കോളേജില്‍ നിന്നാണ്‌ ബി.ടെക്‌ ബിരുദം നേടുന്നത്‌. സൗദി അറേബ്യയില്‍ എഞ്ചിനിയറിങ്‌ എക്‌സിക്യുട്ടീവായി ഒരു വര്‍ഷം പ്രവര്‍ത്തിച്ച ശേഷം അദ്ദേഹം അമേരിക്കയിലെ ഫ്‌ളോറിഡ സര്‍വകലാശാലയില്‍ നിന്ന്‌ എം.എസ്‌.ഡിഗ്രി നേടി. പിന്നീട്‌ ഹാവായ്‌ സര്‍വകലാശാലയില്‍ ഗവേഷണം നടത്തുമ്പോള്‍, മലയാളിയും പ്രശസ്‌ത നാനോടെക്‌നോജളി വിദഗ്‌ധനുമായ ഡോ. പുളിക്കല്‍ എം. അജയനായിരുന്നു വിനോദിന്റെ ഗവേണ ഉപദേഷ്ടാവ്‌.

2006-ല്‍ ഓഷ്യാനിറ്റില്‍ ചേരുംമുമ്പു തന്നെ ഡോ.വിനോദ്‌ ഉള്‍പ്പെട്ട ഒരു കണ്ടുപിടിത്തം ലോകശ്രദ്ധ നേടിയിരുന്നു. ലോകത്തെ 'ഏറ്റവും ചെറിയ ബ്രഷ്‌' ആയിരുന്നു അത്‌. ഡോ.അജയനൊപ്പമാണ്‌ കാര്‍ബണ്‍ നാനോട്യൂബുകള്‍ ഉപയോഗിച്ചുള്ള ആ അതിസൂക്ഷ്‌മ ബ്രഷ്‌ ഡോ.വിനോദ്‌ രൂപപ്പെടുത്തിയത്‌. 'ഗിന്നസ്‌ബുക്ക്‌ ഓഫ്‌ വേള്‍ഡ്‌ റിക്കോഡ്‌സി'ല്‍ ആ ബ്രഷ്‌ ഇടംനേടുകയും ചെയ്‌തു. കണ്ണൂര്‍ ഗവണ്‍മെന്റ്‌ എഞ്ചിനിയറിങ്‌ കോളേജില്‍ നിന്നു തന്നെ ബി.ടെക്‌ നേടി സൗമ്യയാണ്‌ ഡോ.വിനോദിന്റെ ജീവിതപങ്കാളി. ആദിത്ത്‌ മകനും. (അവലംബം: ഓഷ്യാനിറ്റ്‌ ലബോറട്ടറീസ്‌, കടപ്പാട്‌: മാതൃഭൂമി)

Sunday, December 09, 2007

ഉപ്പ്‌ കുറയ്‌ക്കുക, പുകയില നിയന്ത്രിക്കുക

ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളില്‍ ലക്ഷങ്ങളുടെ അകാല മരണം ഒഴിവാക്കാം
ക്ഷണത്തില്‍ ഉപ്പിന്റെ അളവ്‌ ചെറിയ തോതില്‍ കുറയ്‌ക്കുകയും പുകയില നിയന്ത്രണത്തിനുള്ള ലോകാരോഗ്യ സംഘടന (WHO) യുടെ മാനദണ്ഡങ്ങള്‍ നടപ്പാക്കുകയും ചെയ്‌താല്‍, ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങളില്‍ ലക്ഷക്കണക്കിനാളുകള്‍ മാരകരോഗങ്ങള്‍ ബാധിച്ച്‌ മരിക്കുന്നത്‌ ഒഴിവാക്കാന്‍ കഴിയുമെന്ന്‌ പഠന റിപ്പോര്‍ട്ട്‌. 23 രാജ്യങ്ങളില്‍ താഴ്‌ന്ന വരുമാനക്കാരിലും മധ്യവര്‍ഗത്തിലും പെട്ടവരുടെ രോഗാതുരത പഠിച്ച ബ്രിട്ടീഷ്‌ സംഘത്തിന്റേതാണ്‌ ഈ നിഗമനം.

ബോധവത്‌ക്കരണം വഴിയും പ്രചാരണങ്ങളിലൂടെയും ഉപ്പിന്റെ ഉപയോഗം 15 ശതമാനം കുറയ്‌ക്കാനായാല്‍, പഠനവിധേയമാക്കിയ രാജ്യങ്ങളില്‍ മാത്രം ഏതാണ്ട്‌ 85 ലക്ഷം പേരെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനാകുമെന്ന്‌ 'കിങ്‌സ്‌ ഫണ്ട്‌ ലണ്ടനി'ലെ ഡോ.പെര്‍വിസ്‌ അസാരിയയും കൂട്ടരും പറയുന്നു. ഉപ്പിലിട്ട മാംസവും മത്സ്യവും പരമാവധി ഒഴിവാക്കുക, തീന്‍മേശയില്‍ വെച്ച്‌ ഭക്ഷണത്തില്‍ കൂടുതല്‍ ഉപ്പ്‌ ചേര്‍ക്കാതിരിക്കുക തുടങ്ങിയ മാറ്റങ്ങളിലൂടെ മാത്രം ഒരാള്‍ ദിവസവും കഴിക്കുന്ന സോഡിയത്തില്‍ 3-4.5 ഗ്രാം കുറയ്‌ക്കാനാകും. പ്രതിദിന ഉപഭോഗത്തിന്റെ ഏതാണ്ട്‌ 30 ശതമാനം വരുമിത്‌. എന്നാല്‍, ഗുണപരമായ ഫലമുണ്ടാകാന്‍ ഉപ്പിന്റെ അളവ്‌ ഇതിന്റെ പകുതി കുറച്ചാല്‍ മതിയെന്ന്‌ 'ലാന്‍സെറ്റി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ലോകാരോഗ്യ സംഘടനയുടെ പുകയില നിയന്ത്രണത്ത ഉടമ്പടി (WHO Framework Convention on Tobacco Control) യിലെ നാല്‌ വ്യവസ്ഥകള്‍ നടപ്പാക്കിയാല്‍, പരിശോധനാ വിഷയമായ 23 രാജ്യങ്ങളില്‍ ഹൃദ്രോഗം, ശ്വാസകോശരോഗങ്ങള്‍, അര്‍ബുദങ്ങള്‍ തുടങ്ങിയവയാല്‍ 55 ലക്ഷം പേര്‍ മരിക്കുന്നത്‌ ഒഴിവാക്കാമെന്ന്‌ ഗവേഷകര്‍ പറയുന്നു. പുകയില ഉത്‌പന്നങ്ങള്‍ക്കുമേലുള്ള നികുതി വര്‍ധിപ്പിക്കുക, ജോലിസ്ഥലങ്ങള്‍ പുകവലി മുക്തമാക്കുക, പുകയിലയുത്‌പന്നങ്ങളുടെ പാക്കറ്റുകളില്‍ ആരോഗ്യമുന്നറിയിപ്പുകള്‍ വ്യക്തമായി കാണിക്കുക, പുകയിലയുടെയും സിഗരറ്റിന്റെയും പരസ്യങ്ങള്‍ നിരോധിക്കുക-ഇവയാണ്‌ ഉടമ്പടിയിലെ വ്യവസ്ഥകര്‍.

ഭക്ഷണത്തില്‍ ഉപ്പിന്റെ അളവ്‌ വര്‍ധിക്കുന്നത്‌ രക്തസമ്മര്‍ദം വര്‍ധിപ്പിക്കാന്‍ ഇടയാകും. ഹൃദ്രോഗം പോലെ ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ രക്താതിസമ്മര്‍ദം കാരണമാകും. ഉപ്പിലിട്ട ഭക്ഷവസ്‌തുക്കളുടെ തുടര്‍ച്ചയായ ഉപയോഗം ആമാശയ അര്‍ബുദം പോലുള്ള മാരകമായ പ്രശ്‌നങ്ങള്‍ക്ക്‌ ഇടയാക്കാമെന്ന്‌ മുമ്പ്‌ തന്നെ ചില പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്‌. അതിനാല്‍, ഭക്ഷണത്തില്‍ ഉപ്പ്‌ കുറയ്‌ക്കാന്‍ വ്യാപകമായ ബോധവത്‌ക്കരണം തന്നെ വേണമെന്ന്‌ പഠന റിപ്പോര്‍ട്ട്‌ പറയുന്നു.

പഠനത്തില്‍ സൂചിപ്പിച്ച പ്രകാരം ഉപ്പിന്റെ ഉപയോഗം കുറയ്‌ക്കാനും പുകയില ഉപയോഗം നിയന്ത്രിക്കാനും ആവശ്യമായ നടപടികള്‍ക്കും പ്രചാണപ്രവര്‍ത്തനത്തിനും, 23 രാജ്യങ്ങളില്‍ ഒരാള്‍ക്ക്‌ പ്രതിവര്‍ഷം വേണ്ടി വരുന്ന ശരാശരി ചെലവ്‌ 0.36 ഡോളര്‍ (14.4രൂപ) ആണെന്ന്‌ ഗവേഷകര്‍ കണക്കുകൂട്ടുന്നു. ഇത്‌ ഈ രാജ്യങ്ങളില്‍ ആരോഗ്യരംഗത്ത്‌ സര്‍ക്കാര്‍ ഓരോ വ്യക്തിക്കും ചെലവഴിക്കുന്ന പ്രതിവര്‍ഷ ചെലവിന്റെ 0.5 ശതമാനമേ വരൂ. ഇത്രയും തുകകൊണ്ട്‌ ലക്ഷക്കണക്കിനാളുകളെ മരണത്തില്‍ നിന്ന്‌ രക്ഷിക്കാനാകുമെന്നാണ്‌ പഠനറിപ്പോര്‍ട്ട്‌ നല്‍കുന്ന ശുഭസൂചന.(അവലംബം: ലാന്‍സെറ്റ്‌,കടപ്പാട്‌: മാതൃഭൂമി).

Saturday, December 08, 2007

സൗരാന്തരീക്ഷത്തിന്റെ താപരഹസ്യം

സൗരരഹസ്യങ്ങളിലേക്ക്‌ പുതിയൊരു വാതായനം തുറന്നിരിക്കുന്നു, ജപ്പാന്റെ ബഹിരാകാശ പേടകമായ 'ഹിനോഡെ'. സൗരക്കാറ്റുകളുടെ ഉത്ഭവത്തിനും കൊറോണയിലെ അത്യുഷ്‌ണത്തിനും കാരണം എന്തെന്ന്‌ ആ പേടകം നടത്തിയ നിരീക്ഷണങ്ങള്‍ സൂചന നല്‍കുന്നു. സൗരാന്തരീക്ഷത്തിന്‌ സൂര്യന്റെ പ്രതലത്തെക്കാള്‍ ചൂടു കൂടിയിരിക്കുന്നത്‌ എന്തുകൊണ്ട്‌? പതിറ്റാണ്ടുകളായി ശാസ്‌ത്രലോകത്തെ കുഴക്കുന്ന ഈ പ്രശ്‌നത്തിന്‌ ഉത്തരവുമായി എത്തിയിരിക്കുകയാണ്‌ ജപ്പാന്റെ സൗരപഠന പേടകമായ 'ഹിനോഡെ' (Hinode). ശുഭ്രവര്‍ണത്തില്‍ ചുട്ടുപഴുത്തിരിക്കുന്ന സൗരാന്തരീക്ഷത്തിന്റെ രഹസ്യം, ഹിനോഡെ പകര്‍ത്തിയ ചിത്രങ്ങളില്‍ നിന്ന്‌ ഗവേഷകര്‍ ചിഞ്ഞെടുക്കുകയായിരുന്നു. സൗരക്കാറ്റുകള്‍ (solar winds) എങ്ങനെ രൂപപ്പെടുന്നു എന്നതിന്‌ വ്യക്തത ലഭിക്കാനും ഹിനോഡെ നടത്തിയ നിരീക്ഷണങ്ങള്‍ സഹായിച്ചു.

സൂര്യന്റെ ബാഹ്യാന്തരീക്ഷത്തിന്‌ 'കൊറോണ' (corona) എന്നാണ്‌ പേര്‌. സൗരപ്രതലത്തെ അപേക്ഷിച്ച്‌ കൊറോണയുടെ താപനില 200 മുതല്‍ 300 മടങ്ങ്‌ വരെ കൂടുതല്‍ ആകാറുണ്ട്‌. അത്‌ ലക്ഷക്കണക്കിന്‌ ഡിഗ്രി സെല്‍സിയസ്‌ വരും. അരനൂറ്റാണ്ടായി വാനശാസ്‌ത്രജ്ഞരെ കുഴക്കിയിരുന്ന പ്രശ്‌നമാണ്‌ ഈ താപവ്യത്യാസം. അതിനെപ്പറ്റി രണ്ട്‌ പ്രബല വാദഗതികള്‍ നിലവിലുണ്ട്‌. സൗരപ്രതലത്തിലെ ചെറിയ ജ്വാലകളാണ്‌ കൊറോണയെ ചുട്ടുപഴുപ്പിക്കുന്നത്‌ എന്നതാണ്‌ ഒരു വാദം. സൗരകാന്തിക മണ്ഡലത്തില്‍ നിരന്തരം വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന 'ആല്‍ഫ്‌വെന്‍ തരംഗങ്ങള്‍' (Alfven waves) ആകാം ഇതിന്‌ കാരണമെന്നത്‌ മറ്റൊരു വാദഗതി.

സൗരമണ്ഡലത്തിലെ കാന്തിക ബലരേഖകളിലൂടെ പുറത്തേക്ക്‌ സഞ്ചരിക്കുന്ന ആല്‍ഫ്‌വെന്‍ തരംഗങ്ങളാണ്‌ കൊറോണയെ അസാധാരണമായി ചൂടുപിടിപ്പിക്കുന്നതെന്ന്‌ മുമ്പ്‌ പല ഗവേഷകസംഘങ്ങളും റിപ്പോര്‍ട്ടു ചെയ്‌തിരുന്നു. എന്നാല്‍, അതിന്‌ വ്യക്തമായ തെളിവ്‌ ഹാജരാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. നിരീക്ഷണ സംവിധാനങ്ങള്‍ വേണ്ടത്ര ഇല്ലായിരുന്നു എന്നതാണ്‌ വാസ്‌തവം.

എന്നാല്‍, 2006 സപ്‌തംബറില്‍ വിക്ഷേപിച്ച ഹിനോഡെ പേടകത്തിന്‌ സൂര്യന്റെ കാന്തികമണ്ഡലത്തിലെ ചെറു ചലനങ്ങള്‍ പോലും സൂക്ഷ്‌മതയോടെ തിട്ടപ്പെടുത്താന്‍ ശേഷിയുണ്ട്‌. സൂര്യനില്‍ കൊറോണയ്‌ക്കും സൗരപ്രതലത്തിനുമിടയ്‌ക്ക്‌ ഒരു അടരുണ്ട്‌; ക്രോമോസ്‌ഫിയര്‍ (chromosphere). ആ പ്രദേശം ആല്‍ഫ്‌വെന്‍ തരംഗങ്ങളുടെ കേളീനിലമാണെന്ന്‌ ഹിനോഡയിലെ 'സോളാര്‍ ഓപ്‌ടിക്കല്‍ ടെലസ്‌ക്കോപ്പ്‌' പകര്‍ത്തിയ ചിത്രങ്ങള്‍ വ്യക്തമാക്കി. തരംഗങ്ങള്‍ അവിടെ സെക്കന്‍ഡില്‍ 10 മുതല്‍ 25 കിലോമീറ്റര്‍ വരെ വേഗത്തില്‍ ആന്ദോളനം (oscillate) ചെയ്യുന്നതായി ഹിനോഡയുടെ നിരീക്ഷണം തെളിയിച്ചു.

ആല്‍ഫ്‌വെന്‍ തരംഗങ്ങളുടെ ആന്ദോളനത്തിന്റെ ഫലമായി പുറത്തുവരുന്ന ഊര്‍ജം കൊറോണയെ അതിഭീമമായി ചൂടാക്കാന്‍ പോന്നതാണെന്ന്‌ 'സയന്‍സ്‌' ഗവേഷണ വാരികയില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടുകള്‍ പറയുന്നു. "കൊറോണയെ ആ തരംഗങ്ങള്‍ എങ്ങനെയാണ്‌ ചൂടുപിടിപ്പിക്കുന്നതെന്ന്‌ ഇനിയും വ്യക്തമായിട്ടില്ല. എന്നാല്‍, ചൂടുപിടിപ്പിക്കാന്‍ പര്യാപ്‌തമായ ഊര്‍ജം അവയുടെ ആന്ദോളനം മൂലം പുറത്തുവരുന്നുണ്ടെന്ന്‌ വ്യക്തമായിരിക്കുകയാണ്‌"-ഇംഗ്ലണ്ടില്‍ യൂണിവേഴ്‌സിറ്റി ഓഫ്‌ ഷെഫീല്‍ഡിനു കീഴിലുള്ള 'സോളാര്‍ ഫിസിക്‌സ്‌ ആന്‍ഡ്‌ സ്‌പേസ്‌ പ്ലാസ്‌മ റിസര്‍ച്ച്‌ സെന്ററി'ലെ പ്രൊഫസറായ റോബര്‍ട്ടസ്‌ ഇര്‍ഡെലീ അറിയിക്കുന്നു. ഹിനോഡയുടെ നിരീക്ഷണഫലങ്ങള്‍ വിശകലനം ചെയ്‌തവരില്‍ ഉള്‍പ്പെട്ട ഗവേഷകനാണ്‌ പ്രൊഫ. ഇര്‍ഡെലീ.

അമേരിക്കന്‍ ബഹിരാകാശ ഗവേഷണസ്ഥാപനമായ നാസയിലെയും, യൂറോപ്യന്‍ രാജ്യങ്ങളിലെയും, ജപ്പാനിലെയും ഗവേഷകര്‍ ഹിനോഡെ നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച്‌ തയ്യാറാക്കിയ പത്ത്‌ ഗവേഷണ പ്രബന്ധങ്ങളാണ്‌ പുതിയ ലക്കം 'സയന്‍സി'ല്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. സൗരകാന്തിക മണ്ഡലത്തെക്കുറിച്ചും അന്തരീക്ഷത്തിന്റെ താപനിലയെക്കുറിച്ചുമൊക്കെ എത്ര വിലപ്പെട്ട നിരീക്ഷണങ്ങളാണ്‌ ഹിനോഡെ നടത്തിയതെന്ന്‌ ഇത്‌ വ്യക്തമാക്കുന്നു.

സൗരകാന്തിക മണ്ഡലത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍ 'സൗരക്കാറ്റുകളു'ടെ ഉത്ഭവത്തെക്കുറിച്ചും സൂചന നല്‍കുന്നു. വൈദ്യുതചാര്‍ജുള്ള സൗരകണങ്ങളുടെ അതിശക്തമായ പ്രവാഹമാണ്‌ സൗരക്കാറ്റുകള്‍. ഭൂമിയിലെ വൈദ്യുത ഗ്രിഡുകളും വാര്‍ത്താവിനിമയ സംവിധാനങ്ങളും കൃത്രിമ ഉപഗ്രഹങ്ങളും തകരാറിലാക്കാന്‍ ശേഷിയുള്ള പ്രതിഭാസമാണ്‌ ഇത്‌. അതിനാല്‍, സൗരക്കാറ്റിനെക്കുറിച്ചുള്ള പഠനത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌. ഹിനോഡെ നിരീക്ഷിച്ച ആല്‍ഫ്‌വെന്‍ തരംഗങ്ങള്‍ക്ക്‌ സൗരക്കാറ്റുകള്‍ സൃഷ്ടിക്കാനുള്ള ശക്തിയുണ്ടെന്ന്‌, കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന 'ലോക്ക്‌ഹീഡ്‌ മാര്‍ട്ടിന്‍ സോളാര്‍ ആന്‍ഡ്‌ അസ്‌ട്രോഫിസിക്‌സ്‌ ലബോറട്ടറി'യിലെ ബര്‍ട്ടി ഡി പൊന്റ്യൂ പറയുന്നു.

സൗരക്കാറ്റുകള്‍ക്ക്‌ കാരണം സൗരകാന്തികമണ്ഡലത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്ന ആല്‍ഫ്‌വെന്‍ തരംഗങ്ങള്‍ തന്നെയെന്നാണ്‌ ഹിനോഡെ നല്‍കിയ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്‌. സൂര്യപ്രതലത്തില്‍ നിന്ന്‌ ആല്‍ഫ്‌വെന്‍ തരംഗങ്ങള്‍ ഊര്‍ജം അന്തരീക്ഷത്തിലൂടെ സൗരക്കാറ്റുകളായി പുറത്തേക്കു പ്രവഹിപ്പിക്കുന്നു എന്നാണ്‌ ഗവേഷകരുടെ നിഗമനം. സൂര്യരഹസ്യങ്ങളിലേക്കു ഹിനോഡെ പുതിയൊരു വാതായനം തുറന്നു തന്നിരിക്കുന്നു എന്നാണ്‌ ഈ പഠനങ്ങള്‍ വ്യക്തമാക്കുന്നത്‌. (അവലംബം: സയന്‍സ്‌)

Thursday, December 06, 2007

കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍

കഫ്‌ സിറപ്പുകളെക്കാളും മികച്ചത്‌ തേന്‍ തന്നെയെന്ന്‌ അമേരിക്കന്‍ ഗവേഷകരുടെ കണ്ടെത്തല്‍ കുട്ടികളുടെ ചുമയകറ്റാന്‍ തേന്‍ തന്നെയാണ്‌ ഉത്തമം. നമ്മുടെ മുത്തശ്ശിമാര്‍ എത്രയോ കാലമായി പറയാറുള്ള ഈ സംഗതി, വെറും പറച്ചിലല്ലെന്നും ശാസ്‌ത്രീയം തന്നെയെന്നും കണ്ടെത്തിയിരിക്കുയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍. മെഡിക്കല്‍ സ്റ്റോറുകളില്‍ നിന്ന്‌ കുറിപ്പടിയില്ലാതെ വാങ്ങാവുന്ന കഫ്‌ സിറപ്പുകളെ അപേക്ഷിച്ച്‌ സുരക്ഷിതവും ഫലപ്രദവുമാണ്‌ തേനെന്നാണ്‌, പെന്‍ സ്റ്റേറ്റ്‌ കോളേജ്‌ ഓഫ്‌ മെഡിസിനിലെ ഇയാന്‍ പോളും സംഘവും എത്തിയിട്ടുള്ള നിഗമനം.

കുട്ടികള്‍ക്ക്‌ രാത്രിയിലുണ്ടാകുന്ന ചുമയകറ്റാന്‍ തേന്‍ നല്‍കുന്നത്‌ ഫലം ചെയ്യുമോ എന്നാണ്‌ ഗവേഷകര്‍ പരിശോധിച്ചത്‌. രാത്രി കിടക്കും മുമ്പ്‌ തേന്‍ നല്‍കിയപ്പോള്‍, കുട്ടികള്‍ക്ക്‌ ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍ (dextromethorphan-DM) അടങ്ങിയ കഫ്‌ സിറപ്പുകള്‍ നല്‍കുന്നതിലും, വളരെ ആശ്വാസം ഉണ്ടായതായി കണ്ടു. ചുമയുടെ കാഠിന്യം കുറഞ്ഞു എന്നു മാത്രമല്ല, നല്ല ഉറക്കം ലഭിക്കാനും തേന്‍ സഹായിച്ചു.

ഫലപ്രദമല്ലാത്തതിനാല്‍ ആറ്‌ വയസിന്‌ താഴെയുള്ള കുട്ടികള്‍ക്ക്‌ ഇത്തരം ചുമ മരുന്നുകള്‍ നല്‍കുന്നത്‌ വിലക്കാന്‍ അമേരിക്കയിലെ 'ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌സ്‌ ആഡ്‌മിനിസ്‌ട്രേഷന്‍' (FDA) ഉപദേശക സമിതി അടുത്തയിടെ ശുപാര്‍ശ ചെയ്‌തിരുന്നു. ആ ശുപാര്‍ശ അധികൃതര്‍ പരിശോധിക്കുന്നതിനിടെയാണ്‌ പുതിയ ഗവേഷണഫലം പുറത്തു വന്നിരിക്കുന്നത്‌.

ഡിക്‌സ്‌ത്രോമെഥോര്‍ഫാനും ചുമ മരുന്നുകളിലെ മറ്റൊരു ഘടകമായ ഡൈഫിന്‍ഹൈഡ്രാമൈനും (diphenhydramine) ചുമയകറ്റുന്നതിലും ഉറക്കം മെച്ചപ്പെടുത്തുന്നതിലും പ്ലാസിബോ (ഡമ്മി ഔഷധങ്ങള്‍)കള്‍ ഉണ്ടാക്കുന്ന ഫലമേ നല്‍കുന്നുള്ളു എന്ന്‌ ഡോ. ഇയാന്‍ പോളും സംഘവും മുമ്പോരു പഠനത്തില്‍ കണ്ടെത്തിയിരുന്നു. അതിന്റെ തുടര്‍ച്ചയായിട്ടാണ്‌ തേന്‍ ഉപയോഗിച്ചുള്ള പരീക്ഷണം നടന്നത്‌.

ഇന്ത്യയുള്‍പ്പടെയുള്ള ഒട്ടേറെ രാജ്യങ്ങളില്‍ നാട്ടുചികിത്സയിലെ ഒഴിച്ചു കൂട്ടാനാകാത്ത ഘടകമാണ്‌ തേന്‍. 12 മാസത്തില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികള്‍ക്ക്‌ ചുമ ഭേദമാക്കാന്‍ തേന്‍ നല്‍കുന്നത്‌ സുരക്ഷിതമാണെന്നത്‌ അംഗീകൃത വസ്‌തുതയാണ്‌. ചുമയ്‌ക്കു മാത്രമല്ല, നിരോക്‌സീകാരിയായും രോഗാണു നാശിനിയായും തേനിനുള്ള അപൂര്‍വ സിദ്ധികള്‍ പ്രസിദ്ധമാണ്‌. മുറിവുണക്കാനും പൊള്ളല്‍ ചികിത്സിക്കാനും തേനിന്‌ കഴിയുമെന്ന്‌ നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ നമ്മുടെ പൂര്‍വികര്‍ തെളിയിച്ചിരുന്നു.

ഡോ.ഇയാന്‍ പോളും സംഘവും നടത്തിയ പുതിയ പഠനത്തില്‍ രണ്ടിനും പതിനെട്ടിനും മധ്യേ പ്രായമുള്ള 105 കുട്ടികളെയാണ്‌ ഉള്‍പ്പെടുത്തിയത്‌. ആദ്യദിവസം ഒരു ചികിത്സയും നല്‍കിയില്ല. കുട്ടികളുടെ ചുമ, ഉറക്കം എന്നിവയെക്കുറിച്ച്‌ അഞ്ച്‌ ചോദ്യങ്ങള്‍ രക്ഷിതാക്കളോട്‌ ചോദിച്ച്‌ ഉത്തരം രേഖപ്പെടുത്തി. രക്ഷിതാക്കളുടെ ഉറക്കത്തിന്റെ നിലവാരവും മനസിലാക്കി.

രണ്ടാം ദിവസം കിടക്കുന്നതിന്‌ അരമണിക്കൂര്‍ മുമ്പ്‌ ഒരു ഗ്രൂപ്പിന്‌ തേനും, രണ്ടാമതൊരു കൂട്ടര്‍ക്ക്‌ തേനിന്റെ സ്വാദുള്ള കഫ്‌ സിറപ്പും നല്‍കി. മൂന്നാമത്തെ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക്‌ ഒരു മരുന്നും നല്‍കിയില്ല. തലേ ദിവസത്തെ അതേ ചോദ്യങ്ങള്‍ക്ക്‌ രണ്ടാം ദിവസവും രക്ഷിതാക്കള്‍ ഉത്തരം നല്‍കി. കഫ്‌ സിറപ്പും തേനും നല്‍കിയ ഗ്രൂപ്പുകള്‍ ഏതെന്ന്‌ പഠനത്തില്‍ പങ്കെടുത്ത ആരോഗ്യ പ്രവര്‍ത്തകരെയോ രക്ഷിതാക്കളെയോ അറിയിച്ചിരുന്നില്ല.

പഠനത്തിനൊടുവില്‍ ഫലങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍, ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍ അടങ്ങിയ സിറപ്പ്‌ നല്‍കിയ കുട്ടികളുടെ സ്ഥിതി ഒരു മരുന്നും കഴിക്കാത്തവരെ അപേക്ഷിച്ച്‌ വലിയ മെച്ചമല്ലെന്ന്‌ കണ്ടു. എന്നാല്‍, തേന്‍ നല്‍കിയ കുട്ടികള്‍ക്ക്‌ ആശ്വാസം ഉണ്ടായതായി കണ്ടു. ചുമ കുറഞ്ഞു, ഉറക്കം മെച്ചപ്പെട്ടു.

കൗമാരപ്രായക്കാര്‍ മയക്കുമരുന്നായി ദുരുപയോഗം ചെയ്യുന്ന രാസവസ്‌തുവാണ്‌ ഡിക്‌സ്‌ത്രോമെഥോര്‍ഫാന്‍. കുട്ടികളില്‍ അത്‌ ഗൗരവമാര്‍ന്ന പല പാര്‍ശ്വഫലങ്ങളും ഉണ്ടാക്കുന്നതായും കണ്ടിട്ടുണ്ട്‌. ലോകത്ത്‌ കോടിക്കണക്കിന്‌ രൂപയുടെ ചുമ മരുന്നുകളാണ്‌ വില്‍ക്കപ്പെടുന്നത്‌. വലിയ ഫലമില്ലാത്ത, എന്നാല്‍ ഗൗരവമാര്‍ന്ന പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുമെന്ന്‌ തെളിഞ്ഞിട്ടുള്ള ഇത്തരം മരുന്നുകള്‍ കാശുമുടക്കി വാങ്ങി കുട്ടികള്‍ക്ക്‌ നല്‍കേണ്ടതുണ്ടോ എന്നാണ്‌ ഗവേഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നം.(അവലംബം: ആര്‍ക്കൈവ്‌സ്‌ ഓഫ്‌ പീഡിയാട്രിക്‌സ്‌ ആന്‍ഡ്‌ അഡോള്‍സെന്റ്‌ മെഡിസിന്‍)

Monday, December 03, 2007

ഉഷ്‌ണമേഖല ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നു

ആഗോളതാപനത്തിന്റെ മറ്റൊരു പ്രത്യഘാതം. സ്ഥിതി പ്രവചിക്കപ്പെട്ടതിലും രൂക്ഷമെന്ന്‌ റിപ്പോര്‍ട്ട്‌.
ആഗോളതാപനത്തിന്‌ കാരണമായ ഹരിതഗൃഹ പ്രഭാവത്തിന്റെ ഫലമായി, ഭൂമധ്യരേഖയ്‌ക്കു സമീപത്തെ ഉഷ്‌ണമേഖലാ കാലാവസ്ഥ (tropical climate) ധ്രുവങ്ങളിലേക്ക്‌ നീങ്ങിത്തുടങ്ങിയതായി പഠന റിപ്പോര്‍ട്ട്‌. ആഗോളതലത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാന്‍ പോന്ന ഈ പ്രതിഭാസം പ്രവചിക്കപ്പെട്ടതിലും രൂക്ഷമാണെന്ന്‌ അമേരിക്കന്‍ ഗവേഷകര്‍ ഞായറാഴ്‌ച പുറത്തുവിട്ട ഗവേഷണ ഫലം മുന്നറിയിപ്പു നല്‍കുന്നു.

ഇത്രകാലവും ഉഷ്‌ണമേഖലയില്‍ മാത്രം നിലനിന്ന ചൂടും ഈര്‍പ്പവും കൂടിയ കാലാവസ്ഥ ധ്രുവങ്ങളിലേക്ക്‌ വ്യാപിക്കുന്നത്‌, ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ ദക്ഷിണ മേഖലയും മെഡിറ്റനേറിയന്‍ പ്രദേശവും ദക്ഷിണ ഓസ്‌ട്രേലിയയും പോലെ ഉയര്‍ന്ന ജനസാന്ദ്രതയുള്ള മേഖലകളെ കടുത്ത വറുതിയിലാക്കും. ഈ കാലാവസ്ഥാ ധ്രുവീകരണം ഏതൊക്കെ മേഖലകളെയാകും മാറ്റി മറിക്കുകയെന്ന്‌ വ്യക്തമല്ലെന്നും, 'നേച്ചര്‍ ജിയോസയന്‍സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

ആഗോളതാപനം നേരിടാന്‍ ക്യോട്ടോ ഉടമ്പടിക്കു ശേഷം എന്തുവേണം എന്നകാര്യം ചര്‍ച്ച ചെയ്യാന്‍ ലോകമെമ്പാടും നിന്ന്‌ രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പടെ പതിനായിരം പ്രതിനിധികള്‍ യു.എന്നിന്റെ ആഭിമുഖ്യത്തില്‍ ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍ സമ്മേളിക്കാന്‍ തുടങ്ങുന്ന വേളയിലാണ്‌ ഈ സുപ്രധാന പഠനറിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. അഞ്ച്‌ വ്യത്യസ്‌ത മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി 1979-2005 കാലയളവില്‍ ലോകത്തു നടന്ന പ്രമുഖപഠനങ്ങളെ വിശകലനം ചെയ്‌താണ്‌, യു.എസ്‌.നാഷണല്‍ സെന്റര്‍ ഫോര്‍ അറ്റ്‌മോസ്‌ഫറിക്‌ റിസര്‍ച്ചിലെ ഗവേഷകനായ ഡയാന്‍ സീഡലും സംഘവും പുതിയ റിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌.

ഭൂമിശാസ്‌ത്രപരമായി ഉഷ്‌ണമേഖലയുടെ പരിധിയായി പറയാറുള്ളത്‌ ഭൂമധ്യരേഖയ്‌ക്ക്‌ 23.5 ഡിഗ്രി വടക്കും തെക്കുമുള്ള അക്ഷാംശങ്ങളെയാണ്‌. ആ അക്ഷാംശങ്ങള്‍ക്കിടയിലുള്ള പ്രദേശത്താണ്‌ ഉഷ്‌ണമേഖലാ കാലാവസ്ഥ അനുഭവപ്പെടേണ്ടത്‌. എന്നാല്‍, കാലാവസ്ഥാ ശാസ്‌ത്രജ്ഞര്‍ ഇത്തരത്തിലല്ല ഉഷ്‌ണമേഖല നിര്‍ണയിക്കുക. 'ഹാഡ്‌ലി വാതകപ്രവാഹ' (Hadley circulation) ത്തിന്റെ പരിധി വെച്ചാണ്‌ അവരത്‌ കണക്കാക്കുന്നത്‌. ഉഷ്‌ണമേഖലാ കാലാവസ്ഥയുടെ മുഖമുദ്രയായ ഉയര്‍ന്ന അന്തരീക്ഷ ബാഷ്‌പത്തിന്റെ തോത്‌ ഈ വാതകപ്രവാഹം മൂലമാണ്‌ സാധ്യമാകുന്നത്‌.

ആഗോളതാപനത്തിന്റെ ഫലമായി അന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഹാഡ്‌ലി വാതകപ്രവാഹത്തിന്റെ ഭാഗമായുള്ള കാറ്റുകളും മഴയുമെല്ലാം ധ്രുവങ്ങളിലേക്കു നീങ്ങുമെന്ന്‌ മുമ്പ്‌ തന്നെ കമ്പ്യൂട്ടര്‍ മാതൃകാ പഠനങ്ങള്‍ സൂചന നല്‍കിയിരുന്നു. ഏറ്റവും മോശപ്പെട്ട സ്ഥിതിവിശേഷമായി പ്രവചിക്കപ്പെട്ടിരുന്നത്‌ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ ഉഷ്‌ണമേഖല ഏതാണ്ട്‌ 200 കിലോമീറ്റര്‍ വീതം ധ്രുവങ്ങളുടെ ദിശയിലേയ്‌ക്ക്‌ വ്യാപിക്കും എന്നാണ്‌.

ഈ നൂറ്റാണ്ട്‌ അവസാനത്തോടെ സംഭവിക്കുമെന്നു കരുതിയിരുന്നതിലും കൂടുതല്‍ വ്യതിയാനം ഉഷ്‌ണമേഖലാ കാലാവസ്ഥയില്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടുകൊണ്ട്‌ ഉണ്ടായിരിക്കുന്നു എന്നാണ്‌ പുതിയ പഠനത്തില്‍ തെളിഞ്ഞത്‌. വിവിധ പഠനങ്ങള്‍ വിശകലനം ചെയ്‌തപ്പോള്‍ വ്യക്തമായത്‌ 25 വര്‍ഷം കൊണ്ട്‌ ഉഷ്‌ണമേഖലയ്‌ക്കു ധ്രുവങ്ങളുടെ ദിശയിലേക്ക്‌ 200 മുതല്‍ 480 കിലോമീറ്റര്‍ വരെ വ്യതിയാനം സംഭവിച്ചിരിക്കുന്നു എന്നാണ്‌-പഠന റിപ്പോര്‍ട്ട്‌ പറയുന്നു. ആശങ്കയുണര്‍ത്തുന്ന വിവരമാണിതെന്നും റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥയിലെ ഈ സ്ഥാനവ്യതിയാനത്തിന്‌ കാരണം ആഗോളതാപനം മാത്രമാവണമെന്നില്ല. ഓസോണ്‍ ശോഷണവും അന്തരീക്ഷപാളികളിലെ ചില പ്രവണതകളുമൊക്കെ ഇതിന്‌ നിമിത്തമാകുന്നുണ്ടാകാം. ഏത്‌ കാരണം കൊണ്ടായാലും ഉഷ്‌ണമേഖലയുടെ അതിര്‍ത്തി വ്യാപിക്കുന്നത്‌ ആവാസവ്യവസ്ഥകളിലും മനുഷ്യരുടെ പാര്‍പ്പിടമേഖലകളുടെ കാര്യത്തിലും അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക്‌ കാരണമാകാം. കൃഷിയിലും ജലലഭ്യതയുടെ കാര്യത്തിലും വന്‍പ്രതിസന്ധികള്‍ക്ക്‌ അത്‌ ഇടയാക്കിയേക്കാമെന്നും റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു.

മരങ്ങള്‍ വടക്കോട്ട്‌ വളരും

മേല്‍പ്പറഞ്ഞ പഠനറിപ്പോര്‍ട്ടിനൊപ്പം ചേര്‍ത്തു വായിക്കേണ്ട മറ്റൊന്ന്‌ ഡിസംബര്‍ ലക്കം 'ബയോസയന്‍സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന പ്രമുഖ വൃക്ഷജനുസുകളക്കുറിച്ച്‌ കനേഡിയന്‍ ഫോറസ്‌റ്റ്‌ സര്‍വീസിലെ ഡാനിയേല്‍ ഡബ്ല്യു. മക്‌കെന്നിയും സംഘവും നടത്തിയ പഠനമാണത്‌. ഭൂഖണ്ഡത്തിലെ 130 വൃക്ഷജാതികളുടെ ആവാസവ്യവസ്ഥക്ക്‌ കാലാവസ്ഥാ വ്യതിയാനം എന്തു മാറ്റം വരുത്തുമെന്നാണ്‌ ഗവേഷകര്‍ പഠിച്ചത്‌. മരങ്ങള്‍ക്ക്‌ വളരാന്‍ കഴിയുന്ന നിലവിലുള്ള കാലാവസ്ഥ നൂറുകണക്കിന്‌ കിലോമീറ്റര്‍ വടക്കോട്ട്‌ മാറുമെന്നും, അതിനാല്‍ വൃക്ഷങ്ങളുടെ റേഞ്ച്‌ പകുതിയായി കുറയുമെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു.

യുണൈറ്റഡ്‌ സ്റ്റേറ്റ്‌സിലെയും കാനഡയിലെയും വൃക്ഷങ്ങളെക്കുറിച്ച്‌ സമഗ്രമായ പഠനമാണ്‌ മക്‌കെന്നിയും സംഘവും നടത്തിയത്‌. കാലാവസ്ഥ മാറുമ്പോള്‍ അതിനനുസരിച്ച്‌ വൃക്ഷങ്ങളുടെ വിത്തുകള്‍ അനുകൂലമായ സ്ഥലങ്ങളിലെത്തണം. വടക്കോട്ട്‌ കുറഞ്ഞത്‌ 700 കിലോമീറ്ററെങ്കിലും വ്യാപിക്കുന്ന പ്രദേശങ്ങളിലേക്ക്‌ വൃക്ഷങ്ങള്‍ക്ക്‌ മാറേണ്ടി വരും. അതിന്‌ കഴിയാതെ വരുന്നതോടെ, മരങ്ങള്‍ വംശനാശം നേരിടും. നിലവിലുള്ള വൃക്ഷങ്ങള്‍ അവയുടെ മേഖല വടക്കോട്ട്‌ മാറ്റുമ്പോള്‍, തെക്കന്‍ മേഖലയില്‍ ഉഷ്‌ണമേഖയില്‍ കാണപ്പെടുന്ന മരങ്ങള്‍ പുതിയതായി സ്ഥാനം പിടിക്കുമെന്ന്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: നേച്ചര്‍ ജിയോസയന്‍സ്‌)

Sunday, December 02, 2007

അര്‍ബുദം ബാധിക്കാത്ത എലി

ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ ഗവേഷണം ലോകശ്രദ്ധയിലേക്ക്‌
നിതകമാറ്റത്തിലൂടെ അര്‍ബുദം ബാധിക്കാത്ത എലിയെ സൃഷ്ടിച്ച ഇന്ത്യന്‍ ശാസ്‌ത്രജ്ഞന്റെ ഗവേഷണം ലോകശ്രദ്ധനേടുന്നു. അമേരിക്കയില്‍ കുടിയേറിയ മുംബൈ സ്വദേശിയായ ഡോ.വിവേക്‌ രംഗ്‌നേക്കറുടെ കണ്ടെത്തല്‍, അര്‍ബുദ ചികിത്സയില്‍ വിപ്ലവം സൃഷ്ടിച്ചേക്കാമെന്നാണ്‌ വിലയിരുത്തല്‍. ആരോഗ്യമുള്ള കോശങ്ങള്‍ക്ക്‌ തകരാര്‍ വരാതെ അര്‍ബുദകോശങ്ങളെ മാത്രം നശിപ്പിക്കാനും രോഗമുക്തി നേടാനും ഭാവിയില്‍ ഈ ജനിതക സങ്കേതം സഹായകമായേക്കും.

രോഗബാധിത കോശങ്ങളെ 'മരിക്കാന്‍' പ്രേരിപ്പിക്കുന്ന 'പാര്‍-4'(Par-4) എന്ന ജീനിന്റെ സഹായത്തോടെയാണ്‌, അര്‍ബുദം ബാധിക്കാത്ത ലോകത്തെ ആദ്യ 'സൂപ്പര്‍ എലി'യെ ഡോ.രംഗ്‌നേക്കറും സംഘവും സൃഷ്ടിച്ചത്‌. മനുഷ്യരിലെ പ്രോസ്‌റ്റേറ്റ്‌ അര്‍ബുദ ഭാഗങ്ങളില്‍ പ്രവര്‍ത്തനക്ഷമമായ ഈ ജീനിനെ 1990-കളുടെ തുടക്കത്തിലാണ്‌ കണ്ടുപിടിച്ചത്‌. സാധാരണഗതിയില്‍ വേഗം അര്‍ബുദ ബാധയുണ്ടാകുന്ന ഒരിനം എലിയുടെ അണ്ഡത്തില്‍ ഈ ജീനിനെ സന്നിവേശിപ്പിച്ചാണ്‌ പുതിയയിനം എലിക്ക്‌ രൂപംനല്‍കിയത്‌.

പുതിയയിനം എലിക്ക്‌ അര്‍ബുദബാധ ഉണ്ടായില്ലെന്നു മാത്രമല്ല, അവ കൂടുതല്‍ കാലം ജീവിക്കുകയും ചെയ്‌തു- അമേരിക്കയില്‍ കെന്റക്കി സര്‍വകലാശാലയിലെ റേഡിയേഷന്‍ മെഡിസിന്റെ പ്രൊഫസറായ ഡോ. രംഗ്‌നേക്കര്‍ അറിയിക്കുന്നു. ട്യൂമര്‍ കോശങ്ങളെ ഈ ജീനിന്റെ സാന്നിധ്യം നശിപ്പിക്കുന്നതായി കണ്ടു. 'പാര്‍-4' ജീനിന്‌ അര്‍ബുദ ചികിത്സയില്‍ വലിയ പങ്കു വഹിക്കാനാകുമെന്നാണ്‌ ഇത്‌ സൂചിപ്പിക്കുന്നതെന്ന്‌ അദ്ദേഹം വിശ്വസിക്കുന്നു. 'കാന്‍സര്‍ റിസര്‍ച്ച്‌' ജേര്‍ണലിലാണ്‌ ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌.

കീമോതെറാപ്പി, റേഡിയേഷന്‍ തുടങ്ങി നിലവില്‍ അര്‍ബുദ ചികിത്സയ്‌ക്കുള്ള ചികിത്സകളുടെ പ്രശ്‌നം അവ കഠിനമായ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നു എന്നാണ്‌. അര്‍ബുദ ബാധിത കോശങ്ങള്‍ക്കൊപ്പം ശരീരത്തിലെ ആരോഗ്യമുള്ള കോശങ്ങളും നശിക്കുന്നതാണ്‌ ഇതിന്‌ മുഖ്യകാരണം. എന്നാല്‍, പുതിയ ജനിതക സങ്കേതം തികച്ചും സുരക്ഷിതമായിരിക്കും. കാരണം ആരോഗ്യമുള്ള കോശങ്ങളെ 'പാര്‍-4' ജീന്‍ ബാധിക്കില്ല-ഡോ.രംഗ്‌നേക്കര്‍ പറയുന്നു. ഗവേഷണം പ്രാഥമിക പക്ഷേ, ഘട്ടത്തില്‍ മാത്രമാണെന്നും മനുഷ്യരില്‍ ഈ മാര്‍ഗം പരീക്ഷിക്കാന്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്നും അദ്ദേഹം അറിയിച്ചു.

മധ്യമുംബൈയില്‍ ജനിച്ച രംഗ്‌നേക്കര്‍, അന്ധേരിയിലെ എം.വി.കോളേജില്‍ നിന്ന്‌ ബിരുദവും മുംബൈ സര്‍വകലാശാലയില്‍ നിന്ന്‌ ഗവേഷണ ബിരുദവും നേടി. ഷിക്കാഗോ സര്‍വകലാശാലയില്‍ ഉപരി ഗവേഷണം നടത്തിയ ശേഷമാണ്‌ അദ്ദേഹം കെന്റക്കി സര്‍വകലാശാലയില്‍ ചേര്‍ന്നത്‌. 'സൂപ്പര്‍ എലി'യെ സൃഷ്ടിച്ച സങ്കേതം വിവിധ അര്‍ബുദങ്ങളുടെ കാര്യത്തില്‍ എങ്ങനെയൊക്കെ പ്രാവര്‍ത്തികമാകുന്നു എന്നാണ്‌ ഇനി പഠിക്കാന്‍ പോകുന്നതെന്ന്‌ അദ്ദേഹം അറിയിക്കുന്നു.(അവലംബം: കാന്‍സര്‍ റിസര്‍ച്ച്‌).

Saturday, December 01, 2007

സ്വവര്‍ഗപ്രേമികളെ എച്ച്‌.ഐ.വി.വേട്ടയാടുന്നു: പഠനം

ലോകത്ത്‌ എച്ച്‌.ഐ.വി. ബാധിതരുടെ സംഖ്യ കുറയുമ്പോഴും സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാര്‍ക്കിടയില്‍ വൈറസ്‌ബാധ ഭയാനകമാംവിധം ഏറുന്നതായി പഠനറിപ്പോര്‍ട്ട്‌. ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാജ്യങ്ങളില്‍ സ്വവര്‍ഗപ്രേമികള്‍ക്കിടയില്‍, പൊതുസമൂഹത്തെ അപേക്ഷിച്ച്‌ 20 മടങ്ങ്‌ കൂടുതലാണ്‌ വൈറസ്‌ബാധയുടെ തോതെന്ന്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു.

എച്ച്‌.ഐ.വി.ബാധ തടയാനുള്ള നയരൂപവത്‌ക്കരണത്തില്‍ ഈ വസ്‌തുത പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.അമേരിക്കയില്‍ ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലെ ക്രിസ്‌ ബെയ്‌റേറും സംഘവുമാണ്‌ പഠനം നടത്തിയത്‌. ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളിലെ 38 രാജ്യങ്ങളില്‍ എച്ച്‌.ഐ.വി.ബാധയെക്കുറിച്ചു നടന്ന 83 പഠനറിപ്പോര്‍ട്ടുകളെ വിശകലനം ചെയ്യുകയാണ്‌ ബെയ്‌റേറും സംഘവും ചെയ്‌തത്‌.

സാധാരണക്കാരെ അപേക്ഷിച്ച്‌ സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാര്‍ക്ക്‌ വൈറസ്‌ ബാധയുണ്ടാകാനുള്ള സാധ്യത ശരാശരി 19 ശതമാനമാണെങ്കിലും, ചില രാജ്യങ്ങളില്‍ അത്‌ 100 ശതമാനം വരെ കൂടുതലാണെന്ന്‌ 'പ്ലോസ്‌ മെഡിസിന്‍' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെ റിപ്പോര്‍ട്ട്‌ പറയുന്നു.
ഭൂമുഖത്ത്‌ എച്ച്‌.ഐ.വി.ബാധയുടെ തീഷ്‌ണതയില്‍ നേരിയ കുറവുണ്ടായതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) വെളിപ്പെടുത്തിയിട്ട്‌ ഒരാഴ്‌ചയേ ആകുന്നുള്ളു. അപ്പോഴാണ്‌ പുതിയ പഠനറിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. ലോകത്ത്‌ എച്ച്‌.ഐ.വി.ബാധിതരുടെ സംഖ്യ പോയ വര്‍ഷം 395 ലക്ഷമായിരുന്നത്‌, 2007-ല്‍ 332 ലക്ഷമായി കുറഞ്ഞു. 2007-ല്‍ മാത്രം 25 ലക്ഷം പേര്‍ക്ക്‌ ആ മാരകവൈറസ്‌ ബാധിച്ചു. 21 ലക്ഷം പേര്‍ എയ്‌ഡ്‌സ്‌ മൂലം ഈ വര്‍ഷം മരിച്ചതായും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ എച്ച്‌.ഐ.വി.ബാധിതരുടെ സംഖ്യ മുമ്പ്‌ റിപ്പോര്‍ട്ടു ചെയ്‌തതിലും കുറവാണെന്ന്‌ ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്ത്‌ വൈറസ്‌ ബാധിക്കുന്നവരുടെ സംഖ്യ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നത്‌ 1990-കളിലാണ്‌. ആ കലയളവില്‍ ശരാശരി 30 ലക്ഷം പേര്‍ക്ക്‌ ഓരോ വര്‍ഷവും എച്ച്‌.ഐ.വി.ബാധ ഉണ്ടായിരുന്നു. ഈ വര്‍ഷമത്‌ 25 ലക്ഷമായി. എന്നുവെച്ചാല്‍, ഇപ്പോള്‍ ലോകത്ത്‌ ദിവസവും 6800 പേര്‍ക്ക്‌ പുതിയതായി എച്ച്‌.ഐ.വി.ബാധിക്കുന്നു എന്നു സാരം. എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിക്കുന്നവരുടെ സംഖ്യയിലും കഴിഞ്ഞ ഏതാനും വര്‍ഷമായി കുറവു വന്നിട്ടുണ്ട്‌. കൂടുതല്‍ ഫലപ്രദമായ വൈറസ്‌ പ്രതിരോധ മരുന്നുകള്‍ രംഗത്തെത്തിയതാണ്‌ കാരണം.(അവലംബം: പ്ലോസ്‌ മെഡിസിന്‍, കടപ്പാട്‌: മാതൃഭൂമി)

Sunday, November 25, 2007

വരവായി, വായനയുടെ ഇ-വസന്തം

നൂറുകണക്കിന്‌ പുസ്‌തകങ്ങള്‍ വെറും മുന്നൂറു ഗ്രാം ഭാരമുള്ള 'കിന്‍ഡില്‍' ഇ-ബുക്ക്‌ റീഡറില്‍ കൊണ്ടുനടക്കാം. പുസ്‌തകങ്ങള്‍ വയര്‍ലെസ്സായി ഡൗണ്‍ലോഡ്‌ ചെയ്യാം, പത്രങ്ങളും ബ്ലോഗുകളും ഓട്ടോമാറ്റിക്കായി റീഡറിലെത്തും. വായനയുടെ ലോകത്ത്‌ വിപ്ലവം സൃഷ്ടിച്ചേക്കാവുന്ന നീക്കമാണ്‌ ആമസോണിന്റേതെന്ന്‌ വിലയിരുത്തല്‍.

പുസ്‌തക വില്‍പ്പനയുടെ ശിരോലിഖിതം മാറ്റിവരച്ച ഓണ്‍ലൈന്‍ സംരംഭമാണ്‌ 'ആമസോണ്‍'. ഉപഭോക്താവ്‌ ലോകത്തിന്റെ ഏത്‌ കോണിലായാലും ഇന്റര്‍നെറ്റിലൂടെ ആവശ്യപ്പെട്ടാല്‍ പുസ്‌തകം ആമസോണ്‍ പടിക്കലെത്തിക്കും. പുസ്‌തകം മാത്രമല്ല, മിക്ക കണ്‍സ്യൂമര്‍ ഉത്‌പന്നവും ഇന്ന്‌ ആമസോണ്‍ വഴി വാങ്ങാം. ഇത്രകാലവും ഒരു ഇ-ബിസിനസ്‌ കമ്പനി മാത്രമായിരുന്ന ആമസോണ്‍ ഇപ്പോഴിതാ, ഹാര്‍ഡ്‌വേര്‍ രംഗത്തേക്കും കടന്നിരിക്കുന്നു. 'കിന്‍ഡില്‍'(Kindle) എന്ന വയര്‍ലെസ്സ്‌ 'ഇലക്ട്രോണിക്‌ ബുക്ക്‌ റീഡറു'മായാണ്‌ കമ്പനിയുടെ രംഗപ്രവേശം. പുസ്‌തക വില്‍പ്പനയുടെ കാര്യത്തിലെന്ന പോലെ, വായനയുടെ രീതിശാസ്‌ത്രവും ആമസോണ്‍ 'കിന്‍ഡിലി'ലൂടെ മാറ്റിമറിക്കാന്‍ പോവുകയാണെന്ന്‌ നിരീക്ഷകര്‍ വിലയിരുത്തുന്നു.

ആദ്യമായല്ല ഒരു കമ്പനി ഇ-ബുക്ക്‌ റീഡര്‍ പുറത്തിറക്കുന്നത്‌. പക്ഷേ, വിപണിയില്‍ ഇതുവരെ വിജയിക്കാന്‍ ഒരു ഇ-ബുക്ക്‌ റിഡറിനും കഴിഞ്ഞിട്ടില്ല. കിന്‍ഡിലിന്റെ കഥ പക്ഷേ, മറ്റൊന്നാണെന്ന്‌ വിപണിയില്‍ നിന്നുള്ള പ്രാരംഭ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സ്റ്റോറുകളിലെത്തിയ കിന്‍ഡിലുകള്‍ മുഴുവന്‍ ഒറ്റയടിക്ക്‌ വിറ്റു പോയതിനാല്‍, ഡിസംബര്‍ ഏഴ്‌ വരെ ആമസോണ്‍ ഇപ്പോള്‍ വില്‍പ്പന നിര്‍ത്തിവെച്ചിരിക്കുകയാണ്‌. ആവശ്യക്കാര്‍ക്ക്‌ ആമസോണ്‍ ഡോട്ട്‌ കോം വഴി ബുക്കുചെയ്യാം, മുന്‍ഗണന ഉറപ്പാക്കാം. 'ആപ്പിള്‍' കമ്പനിയുടെ എം.പി-3 പ്ലെയറായ 'ഐപ്പോഡി' (iPod) നെ എങ്ങനെയാണോ സംഗീതാസ്വാദകര്‍ സ്വാഗതം ചെയ്‌തത്‌, അതേ പോലെ പുസ്‌തകപ്രേമികള്‍ 'കിന്‍ഡിലി'നെ സ്വാഗതം ചെയ്യുന്നുവെന്നാണ്‌ സൂചന.

"ഡിജിറ്റലീകരണത്തെ ഏറ്റവുമധികം പ്രതിരോധിച്ചിട്ടുള്ള ഉത്‌പന്നം പുസ്‌തകമാണ്‌. അത്യുജ്ജലമായി പരിണമിച്ച ഉത്‌പന്നമാണത്‌. അതിന്‌ പകരം ഒന്ന്‌ മുന്നോട്ടുവെയ്‌ക്കുക അത്യന്തം ദുഷ്‌ക്കരം"-ആമസോണിന്റെ സ്ഥാപകനും മേധാവിയുമായ ജെഫ്‌ ബെസോസ്‌ പറയുന്നു. വായിക്കുന്നതോടെ 'അപ്രത്യക്ഷമാകുന്നു' എന്നതാണ്‌ ബുക്കുകളുടെ ഏറ്റവും വലിയ പ്രത്യേകത. അവശേഷിക്കുന്നത്‌ എഴുത്തുകാരന്റെ ആശയങ്ങളും വാക്കുകളും മാത്രം. പുസ്‌തകങ്ങളുടെ ഈ പ്രത്യേകത കൊണ്ടാണ്‌ വായന നിങ്ങള്‍ക്ക്‌ ആസ്വദിക്കാന്‍ കഴിയുന്നത്‌-അദ്ദേഹം അഭിപ്രായപ്പെടുന്നു. പുസ്‌തകങ്ങളും വായനയും വായനാരീതികളുമൊക്കെ സൂക്ഷ്‌മമായി പഠനവിധേയമാക്കിയിട്ടാണ്‌, ആമസോണ്‍ അതിന്റെ പുതിയ ഉത്‌പന്നം രംഗത്തിറക്കിയിരിക്കുന്നത്‌.

ആഗോള കണ്‍സ്യൂമര്‍ ഭീമനായ 'സോണി' കമ്പനി അതിന്റെ ഇ-ബുക്ക്‌ റീഡറായ 'സോണി റീഡര്‍ഏര്‍ലിയര്‍' (Sony Readerearlier) ഈ വര്‍ഷം തന്നെയാണ്‌ പുറത്തിറക്കിയത്‌. എന്നാല്‍, 350 ഡോളര്‍ (14,000 രൂപ) വിലയുള്ള ആ ഇ-റീഡറിന്‌ വിപണിയില്‍ വലിയ ചലനമുണ്ടാക്കാന്‍ കഴിഞ്ഞില്ല. ആ സമയത്താണ്‌ 399 ഡോളര്‍ (16,000 രൂപ) വിലയുള്ള 'കിന്‍ഡിലു'മായി ആമസോണ്‍ രംഗത്തെത്തിയിരിക്കുന്നത്‌. വെറും മുന്നൂറ്‌ ഗ്രാം ഭാരമേയുള്ളൂ ആമസോണിന്റെ ഇ-ബുക്ക്‌ റീഡറിന്‌. കീബോര്‍ഡും ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലെയുമുള്ള കിന്‍ഡിലില്‍ 200 പുസ്‌തകങ്ങള്‍ കൊള്ളും. ഇ-റീഡറില്‍ ഉപയോഗിക്കാന്‍ പാകത്തില്‍ 90,000 ഗ്രന്ഥങ്ങളെ ആമസോണ്‍ ഇതിനകം ഡിജിറ്റലീകരണം നടത്തിയിട്ടുണ്ട്‌. ആ ഗ്രന്ഥങ്ങളും ആനുകാലികങ്ങളും പത്രങ്ങളും ബ്ലോഗുകളുമെല്ലാം വയര്‍ലെസ്സായി കിന്‍ഡിലിലേക്ക്‌ ഡൗണ്‍ലോഡ്‌ ചെയ്യാനാകും.പേഴ്‌സണല്‍ കമ്പ്യൂട്ടറുമായി ഘടിപ്പിക്കേണ്ടതില്ല എന്നതാണ്‌ കിന്‍ഡിലിന്റെ സവിശേഷത.

അമേരിക്കയിലുള്ളവര്‍ക്ക്‌ ആമസോണിന്റെ 'വിസ്‌പെര്‍നെറ്റ്‌'(Whispernet) സര്‍വീസ്‌ വഴി, കിന്‍ഡിലിലുള്ള EvDO റേഡിയോ കണക്ഷന്‍ ഉപയോഗിച്ച്‌ പുസ്‌തകങ്ങളും മാസികകളും ഡൗണ്‍ലോഡ്‌ ചെയ്യാം; ഒരു ബാഹ്യഉപകരണത്തിന്റെയും സഹായം വേണ്ട. ഒരു ഡിജിറ്റല്‍ ഗ്രന്ഥം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ ഒരു മിനിറ്റ്‌ സമയമേ വേണ്ടൂ. 'ന്യൂയോര്‍ക്ക്‌ ടൈംസി'ന്റെ ബെസ്‌റ്റ്‌ സെല്ലര്‍ പട്ടികയിലുള്ള ഒരു പുസ്‌തകം ഡൗണ്‍ലോഡ്‌ ചെയ്യാന്‍ 9.99 ഡോളര്‍ (400 രൂപ) ചെലവ്‌ വരും. ആപ്പിളിന്റെ 'ഐഫോണി' (iPhone)ന്റെ കാര്യത്തിലെന്നതു പോലെ, EvDO നെറ്റ്‌വര്‍ക്ക്‌ സര്‍വീസിന്‌ എന്തെങ്കിലും സര്‍വീസ്‌ ചാര്‍ജോ കോണ്‍ട്രാക്ട്‌ ഫീസോ ഇല്ല.

പത്രങ്ങളും ബ്ലോഗുകളും കിന്‍ഡിലില്‍ തനിയോ ഡൗണ്‍ലോഡ്‌ ആയിക്കൊള്ളും.'ന്യൂയോര്‍ക്ക്‌ ടൈംസ്‌' ഉള്‍പ്പടെയുള്ള പത്രങ്ങളും, ഏറ്റവും ജനപ്രീതിയാര്‍ജിച്ച 300 ബ്ലോഗുകളിലെ മുഴുവന്‍ ഉള്ളടക്കവും ഇത്തരത്തില്‍ ലഭ്യമാണ്‌. മാത്രമല്ല, അനായാസം ഉപയോഗിക്കാന്‍ പാകത്തിലൊരു നിഘണ്ഡുവും കിന്‍ഡലിലുണ്ട്‌. വിക്കിപീഡിയ ഉപയോഗിക്കാനും അതിലുള്ള ബ്രൗസര്‍ അവസരമൊരുക്കുന്നു. ഇ-റീഡറിലെ ഇലക്ട്രോണിക്‌ ഇന്‍ക്‌ ഡിസ്‌പ്ലേയ്‌ക്ക്‌ ബാക്ക്‌ലൈറ്റ്‌ ഇല്ല. അതിനാല്‍ ബാറ്ററിയുടെ ആയുസ്സ്‌ കൂടുതലാണ്‌. വയര്‍ലെസ്സ്‌ കണക്ഷനുള്ളപ്പോള്‍ രണ്ടുദിവസം ബാറ്ററിചാര്‍ജ്‌ ഉണ്ടാകും; കണക്ഷനില്ലെങ്കില്‍ ഒരാഴ്‌ചയും.

കിന്‍ഡിലിന്റെ മെമ്മറി 256 MB യാണ്‌. അതിലുള്ള എസ്‌.ഡി.കാര്‍ഡിലും പുസ്‌തകങ്ങള്‍ സൂക്ഷിക്കാനാകും. മാത്രമല്ല, കാര്‍ഡില്‍ എം.പി-3 ഫയലുകളും ഓഡിയോ ബുക്കുകളും സംഭരിച്ചുവെയ്‌ക്കാം. സാധാരണഗതിയില്‍ ഒരു കിന്‍ഡില്‍ ഗ്രന്ഥത്തിന്‌ 500 KB മുതല്‍ 700 KB വരെയാണ്‌ വലിപ്പം. പുസ്‌തകത്തിന്റെ വായിച്ചു വെച്ച അവസാന പേജാണ്‌, കിന്‍ഡിലില്‍ പിന്നീട്‌ ആ പുസ്‌തകം വായനയ്‌ക്കെടുക്കുമ്പോള്‍ ആദ്യം മുന്നിലെത്തുക. വായിക്കുന്ന പേജില്‍ ഒരു ഭാഗം ഹൈലൈറ്റ്‌ ചെയ്യണമെങ്കില്‍ അതിനും കഴിയും. ആ ഭാഗം സുഹൃത്തിന്‌ ഇ-മെയില്‍ ചെയ്യാനും കിന്‍ഡിലില്‍ സംവിധാനമുണ്ട്‌.

വായിക്കുന്ന പുസ്‌തകത്തില്‍ നിന്ന്‌ കുറിപ്പുകള്‍ തയ്യാറാക്കണമെങ്കിലും പ്രശ്‌നമില്ല. ടെക്‌സ്റ്റ്‌ ഫയലായിത്തെന്ന അത്‌ സൂക്ഷിക്കാനാകും. കിന്‍ഡില്‍ സ്‌റ്റോറില്‍ നിന്ന്‌ പുതിയൊരു പുസ്‌തകം വാങ്ങാനും വളരെ എളുപ്പമാണ്‌. ആമസോണ്‍ ഡോട്ട്‌ കോമില്‍ നിന്ന്‌ എങ്ങനെ ഓണ്‍ലൈനില്‍ പുസ്‌തകം വാങ്ങുന്നുവോ അതേമാതിരി, കിന്‍ഡില്‍ പുസ്‌തകങ്ങളും വാങ്ങാം. കാശുകൊടുത്തു വില്‍പ്പന നടത്തിക്കഴിഞ്ഞാല്‍, പുസ്‌തകം ഓട്ടോമാറ്റിക്കായി കിന്‍ഡിലില്‍ ഡൗണ്‍ലോഡ്‌ ആയിക്കൊള്ളും. പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ വഴി വേണമെങ്കിലും കിന്‍ഡിലിലേക്ക്‌ പുസ്‌തകം വാങ്ങാം. കിന്‍ഡില്‍ കൈയിലുണ്ടെങ്കില്‍, നിങ്ങളുടെ ഇഷ്ടഗ്രന്ഥങ്ങള്‍ അടങ്ങിയ ചെറു ലൈബ്രറി എപ്പോഴും ഒപ്പമുണ്ടെന്ന്‌ ഓര്‍ക്കാം.(അവലംബം: വാഷിങ്‌ടണ്‍ പോസ്‌റ്റ്‌, ദി എക്കണോമിസ്‌റ്റ്‌).

Wednesday, November 21, 2007

ഭ്രൂണമില്ലാതെ ഭ്രൂണവിത്തുകോശങ്ങള്‍

ചര്‍മത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍. 'ജീവന്‍വെച്ചുള്ള കളി'യെന്ന പഴിയേല്‍ക്കാതെ ഇനി വിത്തുകോശ ഗവേഷണം സാധ്യം.

ണ്ഡങ്ങളോ ഭ്രൂണങ്ങളോ നശിപ്പിക്കാതെ, ജീവന്‍ വെച്ചുള്ള കളിയെന്ന പഴിയേല്‍ക്കാതെ, 'ഭ്രൂണവിത്തുകോശങ്ങള്‍' (embryonic stem cells) സൃഷ്ടിക്കാമെന്ന്‌ തെളിഞ്ഞിരിക്കുന്നു. മനുഷ്യരുടെ സാധാരണ ചര്‍മകോശത്തില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങള്‍ സൃഷ്ടിക്കാമെന്നാണ്‌ കണ്ടെത്തല്‍. വിത്തുകോശ ഗവേഷണരംഗത്തും തെറാപ്യൂട്ടിക്‌ ക്ലോണിങിലും മുതല്‍ക്കൂട്ടായേക്കാവുന്ന ഈ കണ്ടെത്തലിന്‌ പിന്നില്‍ അമേരിക്കയിലെയും ജപ്പാനിലെയും ഗവേഷകരാണ്‌. വിത്തുകോശ ഗവേഷണത്തില്‍ വന്‍മുന്നേറ്റം എന്ന്‌ ശാസ്‌ത്രലോകവും മാധ്യമലോകവും ഇതിനെ വിശേഷിപ്പിക്കുന്നു. ധാര്‍മികതമൂല്യങ്ങളുടെ പേരില്‍ ഇത്തരം ഗവേഷണ പ്രവര്‍ത്തനങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്നവരും, പുതിയ ഗവേഷണത്തെ സ്വാഗതം ചെയ്യുന്നു എന്നതാണ്‌ പ്രത്യേകത.

ജപ്പാനില്‍ ക്യോട്ടോ സര്‍വകലാശാലയിലെ പ്രൊഫ. ഷിനിയ യമനക നേതൃത്വം നല്‍കിയ സംഘവും, അമേരിക്കയില്‍ വിസ്‌കോസിന്‍ സര്‍വകലാശാലയിലെ ഡോ.ജയിംസ്‌ തോംസന്റെ കീഴിലുള്ള സംഘവുമാണ്‌ വെവ്വേറെ നിലകളില്‍ വിത്തുകോശ മുന്നേറ്റം നടത്തിയത്‌. (മനുഷ്യരിലെ ഭ്രൂണവിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതില്‍ ആദ്യമായി വിജയിച്ച ശാസ്‌ത്രജ്ഞനാണ്‌ ഡോ.തോംസണ്‍). ജാപ്പനീസ്‌ സംഘം അവരുടെ കണ്ടെത്തല്‍ 'സെല്‍' ഗവേഷണ വാരികയിലും, യു.എസ്‌.സംഘം 'സയന്‍സ്‌' വാരികയിലും പ്രിസിദ്ധീകരിച്ചു. ചര്‍മകോശങ്ങളിലേക്ക്‌ നാല്‌ ജീനുകള്‍ വീതം സന്നിവേശിപ്പിക്കുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ആ ജീനുകള്‍ ചര്‍മകോശങ്ങളില്‍ നടത്തിയ പുനര്‍പ്രോഗ്രാമിങിന്റെ ഫലമായി, അവ വിത്തുകോശങ്ങളായി പരിണമിച്ചു. മനുഷ്യ ശരീരത്തില്‍ ആകെയുള്ള 220 ഇനം കോശങ്ങളായും വളര്‍ന്നു വരാന്‍ കെല്‍പ്പുള്ള അടിസ്ഥാനകോശങ്ങള്‍ക്കാണ്‌ വിത്തുകോശങ്ങള്‍ എന്നു പറയുന്നത്‌.

സങ്കലനം നടന്ന്‌ ദിവസങ്ങള്‍ മാത്രം പ്രായമുള്ള ഭ്രൂണത്തില്‍ നിന്നാണ്‌ വിത്തുകോശം എടുത്തിരുന്നത്‌. അതിന്റെ ഫലമായി ഭ്രൂണങ്ങള്‍ നശിക്കും. ഭ്രൂണത്തെ നശിപ്പിക്കുന്നത്‌, മനുഷ്യജീവന്‍ നശിപ്പിക്കുന്നതിന്‌ തുല്യമാണെന്നാണ്‌ വാദം. വിവിധ മതവിഭാഗങ്ങള്‍, പ്രത്യേകിച്ചും ക്രിസ്‌ത്യന്‍സഭകള്‍ വിത്തുകോശ ഗവേഷണത്തെ ശക്തമായി എതിര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. മനുഷ്യാവകാശ പ്രവര്‍ത്തകരും മനുഷ്യജീവന്‍ നശിപ്പിക്കുന്ന വിത്തുകോശ ഗവേഷണത്തെ വിമര്‍ശിക്കുന്നു. ഇവാഞ്ചലിസ്‌റ്റുകളുടെ സമ്മര്‍ദഫലമായി യു.എസ്‌.പ്രസിഡന്റ്‌ ജോര്‍ജ്‌ ബുഷ്‌ വിത്തുകോശ ഗവേഷണബില്‍ വീറ്റോ ചെയ്യുകയും ചെയ്‌തിരുന്നു. അതിനാല്‍, അമേരിക്കയില്‍ വിത്തുകോശ ഗവേഷണത്തിന്‌ ഫെഡറല്‍ ഫണ്ട്‌ ലഭിക്കുന്നില്ല. അത്തരം പ്രശ്‌നങ്ങള്‍ക്കെല്ലാം പുതിയ സങ്കേതം വിരാമമിടുന്നു. പുതിയ ഗവേഷണത്തെ പ്രകീര്‍ത്തിക്കുന്നവരില്‍ 'യുണൈറ്റഡ്‌ സ്റ്റേറ്റ്‌സ്‌ കോണ്‍ഫറന്‍സ്‌ ഓഫ്‌ കാത്തലിക്ക്‌ ബിഷപ്പ്‌സി'ന്റെ ഡെപ്യൂട്ടി ഡയറക്ടര്‍ റിച്ചാര്‍ഡ്‌ ഡോര്‍ഫ്‌ളിംഗറും ഉണ്ട്‌. "ശാസ്‌ത്രത്തിന്റെയും ധാര്‍മികതയുടെയും വിജയമാണ്‌ ഇതെന്ന്‌" അദ്ദേഹം അഭിപ്രായപ്പെട്ടു.

എന്നാല്‍, ഭ്രൂണങ്ങളില്‍ നിന്ന്‌ നേരിട്ട്‌ വിത്തുകോശങ്ങള്‍ ശേഖരിക്കും പോലെ സുരക്ഷിതമല്ല പുതിയ സങ്കേതം. കാന്‍സര്‍ ജീന്‍ പോലും കോശങ്ങളെ പുനര്‍പ്രോഗ്രാമിങ്‌ നടത്താനായി ഗവേഷകര്‍ ഉപയോഗിച്ചു. എന്നാല്‍, ഇത്‌ പുതിയൊരു ചുവടുവെപ്പ്‌ മാത്രമാണെന്നും, ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ഈ സങ്കേതം കുറ്റമറ്റതാക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ വിശ്വസിക്കുന്നു. ജാപ്പനീസ്‌ ഗ്രൂപ്പ്‌ ഉപയോഗിച്ച നാലു ജീനുകളില്‍ രണ്ടെണ്ണം, അമേരിക്കന്‍ സംഘം ഉപയോഗിച്ചതില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നു. ചര്‍മകോശങ്ങളിലെ ചില ജീനുകളെ കെടുത്തുകയും തെളിക്കുകയും ചെയ്യുകയെന്ന പൊതുധര്‍മമാണ്‌ രണ്ട്‌ ഗ്രൂപ്പുകളും ഉപയോഗിച്ച ജീനുകള്‍ നിര്‍വഹിച്ചത്‌. അത്തരത്തില്‍ പുനര്‍പ്രോഗ്രാമിങ്‌ നടത്തി ലഭിച്ചവ ശരിക്കും ഭ്രൂണവിത്തുകോശങ്ങളുടെ തനിപ്പകര്‍പ്പായിരുന്നുവെന്ന്‌ ഡോ.തോംസണ്‍ അറിയിക്കുന്നു.

പാന്‍ക്രിയാസിലെ ഇന്‍സുലിന്‍ കോശങ്ങള്‍ക്ക്‌ അപചയം സംഭവിക്കുമ്പോഴാണ്‌ ഒരാള്‍ പ്രമേഹരോഗിയായി മാറുന്നത്‌. മസ്‌തിഷ്‌ക കോശങ്ങള്‍ക്ക്‌ സംഭവിക്കുന്ന നാശം ഒരാളെ പാര്‍ക്കിന്‍സണ്‍സ്‌ രോഗിയോ, അല്‍ഷൈമേഴ്‌സ്‌ രോഗിയോ ആക്കിമാറ്റാം. ഹൃദയപേശീകോശങ്ങള്‍ നശിക്കുകയാണ്‌ ഹൃദയാഘാത വേളയില്‍ സംഭവിക്കുന്നത്‌. ഇത്തരത്തില്‍ നാശം നേരിട്ട കോശഭാഗങ്ങള്‍ പുനസൃഷ്ടിക്കാനായാല്‍, മേല്‍പ്പറഞ്ഞ മാരകരോഗങ്ങള്‍ ഫലപ്രദമായി തടയാന്‍ കഴിയും. ഇത്തരം കോശഭാഗങ്ങള്‍ മാറ്റിവെയ്‌ക്കാന്‍ കഴിയാത്തത്‌, രോഗിയുടെ ശരീരം അന്യകോശഭാഗങ്ങള്‍ തിരസ്‌കരിക്കും എന്നതിനാലാണ്‌. എന്നാല്‍, രോഗിയുടെ വിത്തുകോശം തന്നെ ഉപയോഗിച്ച്‌ അയാളുടെ ശരീരത്തിലെ കോശഭാഗങ്ങള്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞാല്‍, തിരസ്‌കരണം എന്ന പ്രശ്‌നം ഉദിക്കുന്നില്ല. വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും മെരുങ്ങാത്ത ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാകുമത്‌. ആ നിലയ്‌ക്ക്‌ വന്‍പ്രധാന്യം അര്‍ഹിക്കുന്നതാണ്‌ പുതിയ ഗവേഷണം.

ഭ്രൂണവിത്തുകോശം സൃഷ്ടിക്കാന്‍ ഇത്രകാലവും അനുവര്‍ത്തിച്ചു വന്ന മാര്‍ഗ്ഗം, 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിക്കാന്‍ ബ്രിട്ടീഷ്‌ ഗവേഷകനായ ഇയാല്‍ വില്‍മുട്ടും സംഘവും വികസിപ്പിച്ച മാര്‍ഗ്ഗമാണ്‌. ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്‌ത ശേഷം അതിലേക്ക്‌ പ്രായപൂര്‍ത്തിയായ ജീവിയുടെ ഡി.എന്‍.എ. സന്നിവേശിപ്പിച്ച്‌, അതൊരു വൈദ്യുത സ്‌പന്ദനത്തിന്റെ സഹായത്തോടെ കൂട്ടിയിണക്കി ഭ്രൂണമായി വളര്‍ത്തിയെടുക്കുകയാണ്‌ ചെയ്യുന്നത്‌. 1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിക്ക്‌ 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (എസ്‌.സി.എന്‍.ടി) എന്നാണ്‌ പേര്‌. ഇത്തരത്തില്‍ സൃഷ്ടിക്കുന്ന ഭ്രൂണത്തില്‍ നിന്ന്‌ വിത്തുകോശങ്ങള്‍ ശേഖരിക്കുകയായിരുന്നു പതിവ്‌. എന്നാല്‍, പ്രൊഫ. ഷിനിയ യമനക കണ്ടെത്തിയ സങ്കേതം താന്‍ രൂപപ്പെടുത്തിയതിലും മികച്ചതാണെന്നും, അതിനാല്‍ ഭ്രൂണവിത്തുകോശ ഗവേഷണം താന്‍ ഉപേക്ഷിക്കുകയാണെന്നും ഡോളിയുടെ സൃഷ്ടാവ്‌ കഴിഞ്ഞയാഴ്‌ച പ്രഖ്യാപിക്കുകയുണ്ടായി. (കാണുക: കുരങ്ങിന്റെ ഭ്രൂണം ക്ലോണിങിലൂടെ. അവലംബം: സെല്‍, സയന്‍സ്‌).

Monday, November 19, 2007

ആകാശവാണി, രോഗങ്ങള്‍ വായിക്കുന്നത്‌....

ശരീരത്തില്‍ കുത്തിവെയ്‌ക്കാം. രോഗങ്ങള്‍ പ്രക്ഷേപണം ചെയ്യും. ലോകത്തെ ഏറ്റവും ചെറിയ റേഡിയോ കാണമെങ്കില്‍ മൈക്രോസ്‌കോപ്പ്‌ തന്നെ വേണം.

ഗ്ലൂഗ്ലിയെല്‍മോ മാര്‍കോണി ഈ റേഡിയോ കണ്ടിരുന്നെങ്കില്‍ മോഹാലസ്യപ്പെട്ടു വീഴുമായിരുന്നു, തീര്‍ച്ച. അത്രയ്‌ക്കുണ്ട്‌ അമേരിക്കന്‍ ഗവേഷകനായ അലെക്‌സ്‌ സെറ്റ്‌ലും സംഘവും രൂപപ്പെടുത്തിയ റേഡിയോയുടെ വലിപ്പക്കുറവ്‌. വെറുമൊരു 'കാര്‍ബണ്‍ നാനോട്യൂബ്‌' അവര്‍ റേഡിയോ ആക്കി മാറ്റിയിരിക്കുന്നു. നാനോട്യൂബിന്‌ ഒരു നാനോമീറ്ററാണ്‌ കനം. എന്നുവെച്ചാല്‍, ഒരു മില്ലിമീറ്ററിന്റെ പത്തുലക്ഷത്തിലൊന്ന്‌! അത്‌ കാണാന്‍ സൂക്ഷ്‌മദര്‍ശിനി തന്നെ വേണം. ലോകത്തെ ഏറ്റവും ചെറിയ റേഡിയോയാണ്‌ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നതെന്ന്‌ സാരം.

രണ്ട്‌ ഇലക്ട്രോഡുകള്‍ക്കു നടുവില്‍ കാര്‍ബണ്‍ നാനോട്യൂബ്‌ സ്ഥാപിച്ചാണ്‌ ആ സൂക്ഷ്‌മ റേഡിയോ നിര്‍മിച്ചിരിക്കുന്നത്‌. ട്യൂണര്‍, ആംപ്ലിഫയര്‍ എന്നിവ ഉള്‍പ്പടെ റേഡിയോയിലെ എല്ലാം ഘടകങ്ങളും ഈ സംവിധാനത്തിനകത്ത്‌ സജ്ജമാക്കാന്‍, ബെര്‍ക്കിലിയില്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ അലെക്‌സ്‌ സെറ്റ്‌ലിനും സംഘത്തിലും കഴിഞ്ഞു. സൂക്ഷ്‌മ റേഡിയോയെ ട്യൂണ്‍ ചെയ്‌ത്‌, ബാഹ്യസ്‌പീക്കര്‍ വഴി ശബ്ദം കേള്‍പ്പിക്കാനും അവര്‍ക്കായി.

സാധാരണഗതിയില്‍ റേഡിയോ ആയി ഈ കണ്ടുപിടിത്തം ഉപയോഗിക്കുക പ്രായോഗികമാവില്ല. എന്നാല്‍, ചികിത്സാരംഗത്തും പരിസ്ഥിതി പഠനത്തിലും ഇത്തരം നാനോട്യൂബ്‌ റേഡിയോകള്‍ സെന്‍സറുകളായി ഉപയോഗിക്കാനാകുമെന്ന്‌ കരുതുന്നു. ശരീരത്തില്‍ രക്തത്തിലെ പഞ്ചസാരയുടെ നില വ്യത്യാസപ്പെടുന്നത്‌ മനസിലാക്കാനും, അര്‍ബുദബാധയ്‌ക്കു കാരണമായ ജൈവസൂചകങ്ങള്‍ മുന്‍കൂട്ടി കണ്ടെത്താനും സഹായിക്കുന്ന 'മൈക്രോഇലക്ട്രോമെക്കാനിക്കല്‍ സെന്‍സറുകള്‍' (MEMS) രൂപപ്പെടുത്താന്‍ ഗവേഷകര്‍ ശ്രമിച്ചു വരികയാണ്‌. ആ രംഗത്ത്‌ നാനോട്യൂബ്‌ റേഡിയുടെ കണ്ടുപിടിത്തം സഹായകമാകും.

സ്‌റ്റാമ്പിന്റെ വലിപ്പമുള്ള 'റേഡിയോ-ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ ടാഗ്‌' ആണ്‌, MEMS-ല്‍ നിന്നുള്ള സിഗ്നലുകള്‍ പിടിച്ചെടുക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നത്‌. അതിന്‌ പകരം, MEMS അടിസ്ഥാനമാക്കിയുള്ള സെന്‍സര്‍ ഒരു നാനോട്യൂബ്‌ റേഡിയോയുമായി സമ്മേളിപ്പിച്ച്‌, അത്‌ രക്തത്തിലേക്ക്‌ നേരിട്ട്‌ കുത്തിവെയ്‌ക്കാനാകുമെന്ന്‌ അലക്‌സ്‌ സെറ്റ്‌ല്‍ പറയുന്നു. ശരീരത്തിനുള്ളിലെത്തുന്ന സെന്‍സര്‍, നാനോട്യൂബ്‌ റേഡിയോയുമായി വയര്‍ലെസ്സായി നേരിട്ട്‌ വിവരങ്ങള്‍ കൈമാറുന്നു. അങ്ങനെ ലഭിക്കുന്ന സിഗ്നലുകള്‍ നാനോട്യൂബ്‌ റേഡിയോയ്‌ക്ക്‌ പുറത്തുള്ള മോണിറ്ററിലേക്ക്‌ വിനിമയം ചെയ്യാനാകും. ആകാശവാണിയുടെ സ്‌റ്റൈലില്‍ ചിന്തിച്ചാല്‍, ഇങ്ങനെയാകും പ്രേക്ഷേപണം: "ആകാശവാണി, രോഗങ്ങള്‍ വായിക്കുന്നത്‌....!"

നാനോട്യൂബ്‌ റേഡിയോയുടെ പ്രവര്‍ത്തനം

ഒരു പരമ്പരാഗത റേഡിയോ എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത്‌, അതിന്‌ സമാനമായ രീതിയിലാണ്‌ നാനോട്യൂബ്‌ റേഡിയോയുടെയും പ്രവര്‍ത്തനം. സാധാരണ റേഡിയോയില്‍ നാലു മുഖ്യഭാഗങ്ങളാണുള്ളത്‌: ആന്റിന, ട്യൂണര്‍, ആംപ്ലിഫയര്‍, ഡിമോഡുലേറ്റര്‍. വിവിധ സ്റ്റേഷനുകള്‍ പ്രക്ഷേപണം ചെയ്യുന്ന വ്യത്യസ്‌ത ആവര്‍ത്തി (frequency)യിലുള്ള റേഡിയോ സിഗ്നലുകള്‍ ആന്റിന സ്വീകരിക്കുന്നു. ട്യൂണര്‍ അതില്‍ നിന്ന്‌ ഏതെങ്കിലും ഒരു ആവര്‍ത്തിയിലുള്ള സിഗ്നലുകള്‍ മാത്രം അരിച്ചെടുക്കുന്നു. ആംപ്ലിഫയറിലെ ട്രാന്‍സിസ്റ്ററുകള്‍ ആ വൈദ്യുതകാന്തിക തരംഗങ്ങളുടെ ശക്തി വര്‍ധിപ്പിക്കുന്നു. സിഗ്നലിലെ വാഹക തരംഗത്തില്‍ (carrier wave) നിന്ന്‌ യഥാര്‍ഥ ഡേറ്റ അഴിച്ചെടുക്കേണ്ട ജോലി ഡിമോഡുലേറ്ററിന്റേതാണ്‌. അങ്ങനെ വേര്‍തിരിച്ചെടുക്കുന്ന പാട്ടും, സംഭാഷണവുമെല്ലാം ബാഹ്യസ്‌പീക്കര്‍ ഉപയോഗിച്ച്‌ ശ്രോതാക്കള്‍ക്ക്‌ ആസ്വദിക്കുകയുമാവാം.

ഈ ജോലികളെല്ലാം ഒറ്റ കാര്‍ബണ്‍ നാനോട്യൂബില്‍ സാധ്യമാക്കുകയാണ്‌ സെറ്റ്‌ലും സംഘവും ചെയ്‌തത്‌. സവിശേഷമായ ചില ഇലക്ട്രിക്കല്‍ ഗുണങ്ങളുള്ളതിനാല്‍, നാനോട്യൂബുകളെ ഡയോഡുകള്‍, ട്രാന്‍സിസ്‌റ്ററുകള്‍, റെക്ടിഫയറുകള്‍ തുടങ്ങിയ ഇലക്ട്രോണിക്‌ ഘടകങ്ങളാക്കി മാറ്റാന്‍ ഇതിനകം തന്നെ ഗവേഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ട്‌. "എന്നാല്‍, ഈ ഘടകങ്ങളെല്ലാം ഒറ്റ നാനോട്യൂബില്‍ സൃഷ്ടിക്കാമെന്നത്‌ പുതിയൊരു അറിവാണ്‌"-സെറ്റ്‌ല്‍ പറയുന്നു.

ടങ്‌സ്‌റ്റണ്‍ പ്രതലത്തില്‍ പറ്റിയിരിക്കുന്ന രൂപത്തിലാണ്‌ കാര്‍ബണ്‍ നാനോട്യൂബിനെ വളര്‍ത്തിയെടുത്തത്‌. ടങ്‌സ്‌റ്റണ്‍ പ്രതലം നെഗറ്റീവ്‌ (ഋണ) ഇലക്ട്രോഡായി പ്രവര്‍ത്തിക്കും. നാനോട്യൂബിന്റെ അഗ്രവും നെഗറ്റീവ്‌ ചാര്‍ജുള്ളതായിരിക്കും. പോസിറ്റീവ്‌ (ധന) ചെമ്പ്‌ ഇലക്ട്രോഡും നാനോട്യൂബും ശൂന്യസ്ഥലം (vacuum) കൊണ്ട്‌ വേര്‍തിരിക്കപ്പെട്ടിരിക്കും. നാനോട്യൂബിന്റെ നെഗറ്റീവ്‌ അഗ്രത്ത്‌ നിന്ന്‌ ഇലക്ട്രോണുകള്‍ പോസിറ്റീവ്‌ ഇലക്ട്രോഡിലേക്ക്‌ പതിക്കുക വഴി ഒരു 'ഫീല്‍ഡ്‌ എമിഷന്‍ കറണ്ട്‌' (field emission current) രൂപപ്പെടുന്നു.

എന്നാല്‍, പരമ്പരാഗത രീതിയിലുള്ള ഒരു ആന്റിനയായി നാനോട്യൂബ്‌ പ്രവര്‍ത്തിക്കില്ലെന്ന്‌ സെറ്റ്‌ല്‍ അറിയിക്കുന്നു. വൈദ്യുതകാന്തിക തരംഗങ്ങളെ വൈദ്യുതപരമായി സ്വീകരിക്കുന്നതിന്‌ പകരം, യാന്ത്രികമായാണ്‌ നാനോട്യൂബ്‌ സ്വീകരിക്കുക. നാനോട്യൂബിന്റെ സ്വാഭാവിക അനുനാദ ആവര്‍ത്തി (resonance frequency) യാണ്‌ ഇവിടെ തുണയ്‌ക്കെത്തുക. നാനോട്യൂബിന്റെ സ്വാഭാവിക ആവര്‍ത്തിയോട്‌ യോജിക്കുന്ന വൈദ്യുതകാന്തിക തരംഗത്തില്‍ പെടുമ്പോള്‍ അത്‌ കമ്പനം ചെയ്യാനാരംഭിക്കും. അങ്ങനെ ആ റേഡിയോ സിഗ്നലിന്‌ പാകത്തില്‍ നാനോട്യൂബ്‌ ട്യൂണ്‍ ചെയ്യപ്പെടും.

നാനോട്യൂബിന്റെ കമ്പനം അനുസരിച്ച്‌ ഫീല്‍ഡ്‌ എമിഷന്‍ കറണ്ടിന്‌ വ്യതിയാനമുണ്ടാകും. അതുകൊണ്ട്‌, നാനോട്യൂബിന്റെ യാന്ത്രിക കമ്പനം വൈദ്യുത സിഗ്നലുകളായി പരിവര്‍ത്തനം ചെയ്യപ്പെടുന്നു. ഫീല്‍ഡ്‌ എമിഷന്‍ കറണ്ട്‌ നിലനിര്‍ത്തുന്നത്‌ ബാഹ്യബാറ്ററിയാണ്‌. നാനോട്യൂബ്‌ കമ്പനത്തില്‍ നിന്നുണ്ടാകുന്ന വൈദ്യുത സിഗ്നലുകളെ ആ ബാഹ്യബാറ്ററിയില്‍ നിന്നുള്ള വൈദ്യുത പ്രവാഹം ശക്തിപ്പെടുത്തും (ആംപ്ലിഫൈ ചെയ്യും). അതുവഴിയുണ്ടാകുന്ന വൈദ്യുത സിഗ്നലുകള്‍ സമതുലനാവസ്ഥയില്‍ ഉള്ളവയാകില്ല. അതിനാല്‍, ഒരേ ദിശയിലേക്കേ സിഗ്നലുകള്‍ പ്രവഹിക്കൂ. നാനോട്യൂബ്‌ ഡിമോഡുലേറ്ററായി പ്രവര്‍ത്തിക്കുന്നത്‌ അങ്ങനെയാണ്‌. വാഹകതരംഗം ഒഴിവാക്കപ്പെടുകയും ഡേറ്റാ വേര്‍തിരിച്ചെടുക്കുകയും ചെയ്യുന്നു.

നാനോട്യൂബിന്റെ അനുനാദ ആവര്‍ത്തിയില്‍ വ്യത്യാസം വരുത്തിയാണ്‌, വ്യത്യസ്‌ത റേഡിയോ സ്‌റ്റേഷനുകള്‍ ട്യൂണ്‍ ചെയ്യുന്നത്‌. ഇലക്ട്രോഡുകള്‍ക്കിടയിലെ വോള്‍ട്ടേജില്‍ വ്യതിയാനം വരുത്തി ഇത്‌ സാധിക്കാനാവും. "ഒരു ഗിത്താര്‍ ട്യൂണ്‍ ചെയ്യും പോലെയാണത്‌"-സെറ്റ്‌ല്‍ അറിയിക്കുന്നു. വൈദ്യുതമണ്ഡലം വിത്യാസപ്പെടുത്തി നാനോട്യൂബിനെ വലിച്ചടുപ്പിച്ച്‌, അതിന്റെ അനുനാദ ആവര്‍ത്തിയില്‍ വ്യത്യാസം വരുത്താന്‍ കഴിയും. ഇത്തരത്തില്‍, ഒരു എഫ്‌.എം.റേഡിയോ ബാന്‍ഡ്‌ മുഴുവന്‍ നാനോട്യൂബ്‌ റേഡിയോയില്‍ ട്യൂണ്‍ ചെയ്യാന്‍ ഗവേഷകര്‍ക്കായി. (അവലംബം: ടെക്‌നോളജി റിവ്യു).

Sunday, November 18, 2007

മീനെണ്ണ ഇനി കൃഷിയിടത്തില്‍ വിളയും

ജനിതക സങ്കേതം തുണയ്‌ക്കെത്തുന്നു. ഓമേഗ-3 കൊഴുപ്പുകള്‍ അടങ്ങിയ സസ്യയെണ്ണകള്‍ രംഗത്തെത്തും. കടലിലെ മത്സ്യസമ്പത്ത്‌ ക്ഷയിക്കുന്നതിന്‌ ഒരു ബദല്‍

ത്സ്യം കഴിക്കാതെ തന്നെ മീനെണ്ണയുടെ ഗുണം ലഭിക്കാന്‍ വഴി തെളിയുന്നു. ജനിതകമാറ്റത്തിലൂടെ മീനെണ്ണ ഉത്‌പാദിപ്പിക്കുന്ന വിളകള്‍ക്ക്‌ രൂപംനല്‍കാമെന്ന്‌ തെളിയിച്ചിരിക്കുകയാണ്‌ ഒരുസംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍. ഭക്ഷ്യവസ്‌തുക്കളുടെ പോഷക നിലവാരവും ആരോഗ്യദായകത്വവും പതിന്മടങ്ങ്‌ വര്‍ധിപ്പിക്കാന്‍ പുതിയ ഗവേഷണം സഹായിക്കുമെന്നാണ്‌ വിലയിരുത്തല്‍; കടലില്‍ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷിയിച്ചു വരുന്ന സാഹചര്യത്തില്‍ പ്രത്യേകിച്ചും.

സാല്‍മണ്‍, അയല തുടങ്ങിയ മത്സ്യങ്ങളിലാണ്‌ 'ഒമേഗ 3-ഫാറ്റി ആസിഡുകള്‍' എന്ന ആരോഗ്യദായക കൊഴുപ്പുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്‌. ഹൃദ്രോഗം, പൊണ്ണത്തടി എന്നിങ്ങനെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചെറുക്കാനും, ആരോഗ്യം കാത്തുസൂക്ഷിക്കാനും സഹായിക്കുന്ന കൊഴുപ്പാണ്‌ 'ഒമേഗാ-3'. ഈ കൊഴുപ്പ്‌ കാലിത്തീറ്റയിലും കോഴിത്തീറ്റയിലും ഉള്‍പ്പെടുത്തിയാല്‍, ഒമേഗ-3 കൊഴുപ്പടങ്ങിയ പാലും മാംസവും മുട്ടയും ഉത്‌പാദിപ്പിക്കാന്‍ കഴിയും.മത്സ്യങ്ങള്‍ ഒമേഗാ-3 കൊഴുപ്പുകള്‍ ശരീരത്തില്‍ സ്വയം ഉത്‌പാദിപ്പിക്കുകയല്ല ചെയ്യുന്നത്‌, കടലില്‍ അവ ഭക്ഷണമാക്കുന്ന സൂക്ഷ്‌മജീവികളില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. ഇത്തരം സൂക്ഷ്‌മജീവികളില്‍ ഒമേഗ-3 നിര്‍മിക്കാന്‍ പ്രേരകമായ ജീന്‍ വേര്‍തിരിച്ചെടുത്ത്‌ ചെടികളില്‍ സന്നിവേശിപ്പിക്കുയാണ്‌, ഹെര്‍ട്ട്‌സിലെ ഹാര്‍പെന്‍ഡെനില്‍ 'റോഥാംസ്‌റ്റഡ്‌ റിസര്‍ച്ചി'ലെ പ്രൊഫ. ജോനാതന്‍ നാപ്പിയറുടെ നേതൃത്വത്തിലുള്ള സംഘം ചെയ്‌തത്‌. 'താലാസ്സിയോസിറ സ്യൂഡോനാണ' (Thalassiosira pseudonana) എന്ന ഏകകോശ സമുദ്രആല്‍ഗെയില്‍ നിന്നുള്ള ജീനാണ്‌ ഉപയോഗിച്ചത്‌.

ഭക്ഷ്യയെണ്ണയ്‌ക്കായി കൃഷിചെയ്യുന്ന 'ലിന്‍സീഡ്‌' (linseed) പോലുള്ള ചെടികളില്‍ ഈ 'ഒമേഗ-3 ജീന്‍' സന്നിവേശിപ്പിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. അത്തരത്തില്‍ ജനിതകസംക്രമണം നടത്തിയ സസ്യങ്ങളില്‍നിന്ന്‌ ഉത്‌പാദിപ്പിച്ച എണ്ണയില്‍ ഒമേഗ-3 കൊഴുപ്പുകള്‍ ധാരാളം അടങ്ങിയിരുന്നു. എന്നാല്‍, ഗവേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ മാത്രമാണ്‌ തങ്ങളെന്ന്‌, പ്രൊഫ.നാപ്പിയര്‍ അറിയിക്കുന്നു. കുറഞ്ഞത്‌ മൂന്നോ നാലോ വര്‍ഷം കൂടിയെങ്കിലും ഗവേഷണം തുടര്‍ന്നാലേ ഇത്‌ വ്യാപകമായി പരീക്ഷിക്കാനാകൂ-അദ്ദേഹം പറഞ്ഞു.


മത്സ്യം കഴിക്കാത്തവര്‍ക്കും ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുമെന്നതാണ്‌ ഈ ഗവേഷണം വഴിയുള്ള ഒരു ഗുണം. അമിതചൂഷണവും സമുദ്രമലിനീകരണവും വഴി ഭൂമുഖത്തെ മത്സ്യസമ്പത്ത്‌ അതിവേഗം ക്ഷയിച്ചുകൊണ്ടിരിക്കുകയാണ്‌. ഇപ്പോള്‍ തന്നെ പല മത്സ്യയിനങ്ങളും കടലില്‍നിന്ന്‌ അപ്രത്യക്ഷമായിരിക്കുന്നു. ആ നിലയ്‌ക്ക്‌ നാളെ ഒരുപക്ഷേ, ആവശ്യത്തിന്‌ മത്സ്യം ഭക്ഷിക്കാനുണ്ടാകുമോ എന്നകാര്യം സംശയമാണ്‌. അങ്ങനെയാകുമ്പോള്‍, ആരോഗ്യദായകമായ ഒമേഗ-3 കൊഴുപ്പുകള്‍ക്ക്‌ ഒരു ബദല്‍ മാര്‍ഗ്ഗം നല്ലതാണെന്ന്‌ ഗവേഷകര്‍ പറയുന്നു.

ജനിതകപരിഷ്‌കരണം നടത്തിയ ഭക്ഷ്യവസ്‌തുക്കള്‍ക്കെതിരെ ശക്തമായ എതിര്‍പ്പാണ്‌ ലോകത്ത്‌ നിലനില്‍ക്കുന്നത്‌. 'ഫ്രാന്‍കെന്‍സ്റ്റൈന്‍ ഫുഡ്‌' എന്നാണ്‌ ഇത്തരം ഭക്ഷ്യവസ്‌തുക്കളെ പലരും വിളിക്കുന്നത്‌. എന്നാല്‍, ഒമേഗ-3 കൊഴുപ്പുകള്‍ ലഭിക്കുന്ന ഭക്ഷ്യവസ്‌തുക്കള്‍ ജനിതക പരിഷ്‌കരണംവഴി സൃഷ്ടിച്ചതാണെങ്കില്‍ കൂടി ഗുണം ചെയ്യുമെന്ന്‌, റീഡിങ്‌ സര്‍വകലാശാലയില്‍ 'ന്യുട്രീഷ്യണല്‍ സയന്‍സസ്‌ റിസര്‍ച്ച്‌ യൂണിറ്റി'ലെ പ്രൊഫ. ഇയാന്‍ ഗിവണ്‍സ്‌ അഭിപ്രായപ്പെടുന്നു.(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌, മാതൃഭൂമി)

Thursday, November 15, 2007

കുരങ്ങിന്റെ ഭ്രൂണം ആദ്യമായി ക്ലോണിങിലൂടെ


മനുഷ്യക്ലോണിങിലേക്ക്‌ ശാസ്‌ത്രലോകം ഒരുപടി കൂടി അടുത്തു എന്ന്‌ വിലയിരുത്തല്‍

പ്രായപൂര്‍ത്തിയായ കുരങ്ങന്റെ ഭ്രൂണം ക്ലോണിങിലൂടെ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയിച്ചു. മനുഷ്യക്ലേണിങ്‌ യാഥാര്‍ഥമാകുന്നതിലേക്ക്‌ ശാസ്‌ത്രലോകത്തെ ഒരുപടി കൂടി അടുപ്പിക്കുന്ന സുപ്രധാന മുന്നേറ്റമായി ഇത്‌ വിലയിരുത്തപ്പെടുന്നു. അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ ഈ മുന്നേറ്റം 'നേച്ചര്‍' ഗവേഷണവാരികയാണ്‌ റിപ്പോര്‍ട്ടു ചെയ്‌തത്‌.

ബീജസങ്കലനം നടക്കാത്ത അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്‌ത ശേഷം അതിലേക്ക്‌ പ്രായപൂര്‍ത്തിയായ ജീവിയുടെ ഡി.എന്‍.എ. സന്നിവേശിപ്പിച്ച്‌, അതൊരു വൈദ്യുത സ്‌പന്ദനത്തിന്റെ സഹായത്തോടെ കൂട്ടിയിണക്കി ഭ്രൂണമായി വളര്‍ത്തിയെടുക്കുകയാണ്‌ ക്ലോണിങില്‍ ചെയ്യുന്നത്‌. ബ്രിട്ടീഷ്‌ ഗവേഷകനായ ഇയാന്‍ വില്‍മുട്ടും സംഘവും 1996-ല്‍ 'ഡോളി'യെന്ന ചെമ്മരിയാടിനെ സൃഷ്ടിച്ച ഈ രീതിക്ക്‌ 'സൊമാറ്റിക്‌ സെല്‍ ന്യൂക്ലിയര്‍ ട്രാന്‍സ്‌ഫര്‍' (എസ്‌.സി.എന്‍.ടി) എന്നാണ്‌ പേര്‌.

ബീവര്‍ട്ടോണിലെ ഒറിഗോണ്‍ ഹെല്‍ത്ത്‌ ആന്‍ഡ്‌ സയന്‍സ്‌ സര്‍വകലാശാലിയിലെ ഡോ.ഷൗക്രറ്റ്‌ മിറ്റാലിപ്പോവും സംഘവും പത്തുവര്‍ഷം പ്രായമുള്ള, റീസസ്‌ മകാക്‌ വര്‍ഗത്തില്‍പെട്ട ആണ്‍കുരങ്ങിന്റെ ഭ്രൂണം, അലൈംഗിക രീതിയില്‍ സൃഷ്ടിച്ചത്‌ മേല്‍പ്പറഞ്ഞ രീതി ഉപയോഗിച്ചാണ്‌. നിലവിലുള്ള സങ്കേതങ്ങളിലൂടെ ജനിതകദ്രവ്യം നീക്കം ചെയ്യുമ്പോള്‍, അണ്ഡകോശത്തിന്‌ തകരാര്‍ പറ്റാറുണ്ട്‌. അതിനാല്‍, മനുഷ്യന്‍ ഉള്‍പ്പെടുന്ന ജീവിവര്‍ഗങ്ങളുടെ (primates) ക്ലോണിങ്‌ വൈഷമ്യമേറിയതായി കണക്കാക്കുന്നു.

എന്നാല്‍, അണ്ഡത്തില്‍ നിന്ന്‌ ജനിതകദ്രവ്യം നീക്കം ചെയ്യാന്‍ നൂതനമായ ഒരു സങ്കേതം ഉപയോഗിച്ചിടത്താണ്‌ ഡോ. മിറ്റാലിപ്പോവിന്റെ വിജയം. ധ്രുവീകൃത (polarised) പ്രകാശത്തിന്റെ സഹായത്തോടെ കോശങ്ങളെ തത്സമയം ദൃശ്യവത്‌ക്കരിക്കാന്‍ സഹായിക്കുന്ന 'ഊസൈറ്റ്‌' (Oosight) എന്ന സങ്കേതമാണ്‌ കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യാന്‍ ഉപയോഗിച്ചത്‌. കൂടുതല്‍ മികച്ച ഫലം നല്‍കാന്‍ അത്‌ സഹായിച്ചു.

14 പെണ്‍കുരങ്ങുകളില്‍ നിന്നായി ശേഖരിച്ച 304 അണ്ഡങ്ങള്‍ ഗവേഷകര്‍ ഉപയോഗിച്ചു. ക്ലോണിങിനുള്ള ഡി.എന്‍.എ.ശേഖരിച്ചത്‌ ഒറിഗോണ്‍ നാഷണല്‍ പ്രൈമേറ്റ്‌ റിസര്‍ച്ച്‌ സെന്ററിലുള്ള ആണ്‍കുരങ്ങിന്റെ തൊലിയില്‍ നിന്നാണ്‌. അവയുപയോഗിച്ച്‌ എസ്‌.സി.എന്‍.ടി. വിദ്യയിലൂടെ 35 'ബ്ലോസ്‌റ്റോസിസ്‌റ്റുകള്‍' (blastosysts-പ്രാഥമികാവസ്ഥയിലുള്ള ഭ്രൂണങ്ങള്‍) സൃഷ്ടിക്കാന്‍ ഡോ.മിറ്റാലിപ്പോവിനും സംഘത്തിനും കഴിഞ്ഞു. ഉപയോഗിച്ച അണ്ഡങ്ങളുടെ സംഖ്യയുമായി തരതമ്യം ചെയ്‌താല്‍ വിജയത്തിന്റെ അനുപാതം വെറും 0.7 ശതമാനം മാത്രം.

അവയില്‍ നിന്ന്‌ ഭ്രൂണവിത്തുകോശങ്ങളുടെ രണ്ട്‌ തായ്‌വഴികള്‍ രൂപപ്പെടുത്താനുമായി. ശരീരത്തിലെ ഏതിനം കോശങ്ങളായും വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന അടിസ്ഥാന കേശങ്ങളാണ്‌ വിത്തുകോശങ്ങള്‍ (stem cells). കേടുവന്ന ഹൃദയപേശിയോ, നാഢീകോശങ്ങളോ, പാന്‍ക്രിയാസ്‌ കോശങ്ങളോ ഒക്കെയായി ഇവയെ വളര്‍ത്തിയെടുക്കാന്‍ കഴിയും. വിത്തുകോശങ്ങള്‍ ഉപയോഗിച്ച്‌ ഒരാളുടെ കോശഭാഗങ്ങള്‍ നിര്‍മിക്കുമ്പോള്‍, ശരീരം അത്‌ തിരസ്‌ക്കരിക്കില്ല. മനുഷ്യരുടെ കാര്യത്തില്‍ ഇത്‌ യാഥാര്‍ഥ്യമായാല്‍, പ്രമേഹം, ഹൃദ്രോഗം തുടങ്ങി ഒട്ടേറെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാന്‍ കഴിയും.

മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്‌തതായും അതില്‍നിന്ന്‌ വിത്തുകോശങ്ങള്‍ വേര്‍തിരിച്ചെടുത്തതായും 2004-ല്‍ ദക്ഷിണകൊറിയന്‍ ശാസ്‌ത്രജ്ഞന്‍ ഡോ.ഹ്വാങ്‌ വൂ സുക്കും സംഘവും അവകാശപ്പെട്ടെങ്കിലും, ആ ഗവേഷണം തട്ടിപ്പായിരുന്നുവെന്ന്‌ പിന്നീട്‌ തെളിഞ്ഞു. മനുഷ്യഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ പരിമിതമായ തോതിലെങ്കിലും വിജയം അവകാശപ്പെടാവുന്നത്‌ ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ക്കാണ്‌. അവര്‍ ക്ലോണിങിലൂടെ സൃഷ്ടിച്ച മനുഷ്യഭ്രൂണം ഏതാനും ദിവസമേ ജീവിച്ചുള്ളു. അതില്‍നിന്ന്‌ വിത്തുകോശങ്ങള്‍ സൃഷ്ടിക്കാന്‍ പക്ഷേ, കഴിഞ്ഞില്ല.

ഇപ്പോള്‍, കുരങ്ങിന്റെ ഭ്രൂണം ക്ലോണ്‍ ചെയ്യുന്നതില്‍ വിജയിച്ചതിനെ അത്ര ഉത്സാഹത്തോടെ വീക്ഷിക്കാത്തവരും ഉണ്ട്‌. മനുഷ്യക്ലോണിങിലേക്കു നയിക്കുന്ന ഏത്‌ ഗവേഷണവും ധാര്‍മികതയ്‌ക്കു നിരക്കാത്തതാണെന്ന്‌ അത്തരക്കാര്‍ വാദിക്കുന്നു. ഡോ.മിറ്റാലിപ്പോവും സംഘവും നടത്തിയ മുന്നേറ്റം ശരിക്കും 'അസ്വസ്ഥതയുളവാക്കുന്നതാണെ'ന്ന്‌, ക്ലോണിങ്‌ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്ന ബ്രിട്ടീഷ്‌ ഗ്രൂപ്പായ 'ഗ്രീന്‍വാച്ച്‌ യു.കെ'യിലെ ഹെലെന്‍ വാലസ്‌ അഭിപ്രായപ്പെട്ടു. ക്ലോണ്‍ ചെയ്‌ത മനുഷ്യക്കുഞ്ഞിനെ സൃഷ്ടിക്കുന്നതിലേക്ക്‌ ഇത്‌ നയിച്ചേക്കാമെന്ന്‌ അവര്‍ മുന്നറിയിപ്പു നല്‍കുന്നു.

എന്നാല്‍, 'മനുഷ്യക്ലോണിങി'നെ രണ്ടായി കാണണം എന്ന്‌ വാദിക്കുന്ന വിദഗ്‌ധരാണ്‌ അധികവും. മനുഷ്യനെ ക്ലോണിങിലൂടെ സൃഷ്ടിക്കാനുള്ള നീക്കമാണ്‌ അതിലൊന്ന്‌. മനുഷ്യശരീരത്തിലെ കേടായ ഭാഗങ്ങള്‍ മാറ്റി വെയ്‌ക്കാനും ചികിത്സിക്കാനും സഹായിക്കുന്ന 'തെറാപ്യൂട്ടിക്‌ ക്ലോണിങ്‌' (therapeutic cloning) ആണ്‌ മറ്റൊരു വിഭാഗം. ഇതില്‍ ആദ്യത്തേത്‌ എതിര്‍ക്കപ്പെടുക തന്നെ വേണം. എന്നാല്‍, പ്രമേഹവും ഹൃദ്രോഗവും അല്‍ഷൈമേഴ്‌സും പോലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ സഹായിച്ചേക്കുമെന്ന്‌ കരുതുന്ന തെറാപ്യൂട്ടിക്‌ ക്ലോണിങിന്റെ കാര്യം അങ്ങനെയാകരുതെന്ന്‌ അവര്‍ പറയുന്നു.(അവലംബം: നേച്ചര്‍)

Tuesday, November 13, 2007

എലിയാണെങ്കിലും, ഇവന്‍ പുലി!

ജനിതക പരിഷ്‌ക്കരണം വഴി ഒരു 'സൂപ്പര്‍ എലി'യെ സൃഷ്ടിച്ചിരിക്കുകയാണ്‌ ഗവേഷകര്‍

സാധാരണ എലിയുടെ പകുതി ഭാരമേയുള്ളൂ, പക്ഷേ അവയെക്കാള്‍ ഇരട്ടി ദൂരം ഒറ്റയടിക്ക്‌ ഇവന്‍ ഓടും. കൂടുതല്‍ തിന്നും, ആയുസ്സും അധികം. ജനിതക പരിഷ്‌ക്കരണം നടത്തി പരീക്ഷണശാലയില്‍ നിര്‍മിച്ച 'സൂപ്പര്‍ എലി'യുടേതാണ്‌ ഈ സവിശേഷകള്‍. സ്വഭാവഗുണം കൊണ്ട്‌ വേണമങ്കില്‍ ഇവനെ 'എലികള്‍ക്കിടയിലെ പുലി'യെന്നു വിളിക്കാം.

അമേരിക്കയിലെ ക്ലീവ്‌ലന്‍ഡില്‍ കേസ്‌ വെസ്‌റ്റേണ്‍ റിസര്‍വ്‌ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ്‌ ഈ സൂപ്പര്‍ എലിയെ ജനിതക വിദ്യ വഴി സൃഷ്ടിച്ചത്‌. ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ജൈവരസതന്ത്രം മനസിലാക്കി, മനുഷ്യരുടെ ആരോഗ്യത്തെക്കുറിച്ചും രോഗങ്ങളെക്കുറിച്ചും വ്യക്തതയുണ്ടാക്കാനാണ്‌ ജനിതക പരിഷ്‌ക്കരണം (genetic modification) വഴി ഇത്തരം എലികളെ സൃഷ്ടിച്ചത്‌.

സൂപ്പര്‍ എലികള്‍ക്ക്‌ മിനിറ്റില്‍ ശരാശരി 20 മീറ്റര്‍ എന്ന തോതില്‍ അഞ്ചു മുതല്‍ ആറ്‌ കിലോമീറ്റര്‍ വരെ (ആറു മണിക്കൂര്‍ നേരം) തുടര്‍ച്ചയായി ഓടാന്‍ കഴിയും. ട്രെഡ്‌ മില്ലിലാണ്‌ ഇവയെ ഓടിച്ചു പരീക്ഷിച്ചത്‌. 'ഫോസ്‌ഫോഇനോലിപൈറുവേറ്റ്‌ കാര്‍ബോക്‌സികിനേസസ്‌' (phosphoenolypyruvate carboxykinases -PEPCK-C) എന്ന രാസാഗ്നിക്ക്‌ കാരണമായ ജീനിന്റെ അമിത പ്രകടനം (over expression) സാധ്യമാകും വിധം ജനിതക പരിഷ്‌കരണം വരുത്തിയപ്പോള്‍, എലി 'സൂപ്പര്‍ എലി'യായി മാറിയത്‌ ഗവേഷകരെ അമ്പരപ്പിച്ചു.

സൂപ്പര്‍ എലികളുടെ പേശികളില്‍ മൈറ്റോകോണ്‍ഡ്രിയയുടെ തോത്‌ കൂടുതലാണെന്ന്‌, 'ജേര്‍ണല്‍ ഓഫ്‌ ബയോളജിക്കല്‍ കെമിസ്‌ട്രി'യില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടിന്റെ മുഖ്യരചയിതാവായ പ്രൊഫ.റിച്ചാര്‍ഡ്‌ ഹാന്‍സന്‍ അറിയിക്കുന്നു. കോശങ്ങളില്‍ ഊര്‍ജം ഉത്‌പാദിപ്പിക്കുന്ന 'യന്ത്രങ്ങള്‍' എന്നാണ്‌ മൈറ്റോകോണ്‍ഡ്രിയകള്‍ വിശേഷിപ്പിക്കപ്പെടുന്നത്‌. സാധാരണ എലികളുടെ പേശീകോശങ്ങളിലേതിലും പത്തുമടങ്ങ്‌ അധികം മൈറ്റോകോണ്‍ഡ്രിയ സൂപ്പര്‍ എലികളില്‍ പ്രത്യക്ഷപ്പെടുന്നു.

കോശങ്ങളിലെ മൈറ്റോകോണ്‍ഡ്രിയയുടെ തോത്‌ കുറയുന്നത്‌ വാര്‍ധക്യത്തിന്റെ വരവിനെ സൂചിപ്പിക്കുന്നതായി ഇതിനകം കണ്ടെത്തിയിട്ടുണ്ട്‌. ഭക്ഷണം കുറച്ച്‌ ശരീരത്തിലെത്തുന്ന കലോറിയുടെ അളവ്‌ പരിമിതപ്പെടുത്തുമ്പോള്‍, മൈറ്റോകോണ്‍ഡ്രിയയുടെ എണ്ണം വര്‍ധിക്കുന്നതായും, ജീവി കൂടുതല്‍ കാലം ജീവിച്ചിരിക്കുന്നതായും കണ്ടിട്ടുണ്ട്‌. എന്നാല്‍, ഭക്ഷണം കുറയ്‌ക്കാതെ തന്നെ കോശങ്ങളിലെ പവര്‍ഹൗസുകളായ മൈറ്റോകോണ്‍ഡ്രിയയുടെ തോത്‌ വര്‍ധിപ്പിച്ച്‌ ആയുസ്സ്‌ കൂട്ടാനും, യവ്വനം നിലനിര്‍ത്താനും പുതിയൊരു മാര്‍ഗ്ഗം തുറന്നു തരികയാണ്‌ പ്രൊഫ. ഹാന്‍സന്റെ ഗവേഷണം.

സാധാരണ എലികളെ അപേക്ഷിച്ച്‌ ഇരട്ടി ഭക്ഷണം കഴിക്കുന്നവയാണ്‌ സൂപ്പര്‍ എലികള്‍. പക്ഷേ, ശരീരഭാരം പകുതിയേ വരൂ. മാത്രമല്ല, സാധാരണ എലികള്‍ നേരത്തെ പ്രസവിക്കുമ്പോള്‍ സൂപ്പര്‍ എലികള്‍ മൂന്നു വര്‍ഷം പ്രായമാകുമ്പോഴാണ്‌ സന്താനോത്‌പാദനം നടത്തുന്നത്‌. (മനുഷ്യരുമായി താരതമ്യം ചെയ്‌താല്‍ 80 വയസ്സായ സ്‌ത്രീ പ്രസവിക്കും പോലാണിത്‌). യവ്വനം അത്ര വൈകിയാണ്‌ സൂപ്പര്‍ എലിയില്‍ പ്രത്യക്ഷപ്പെടുന്നതെന്ന്‌ സാരം.

പക്ഷേ, ഇത്തരം ഗവേഷണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടാം എന്ന്‌ വിമര്‍ശനം ഉയര്‍ന്നു കഴിഞ്ഞു. കായികതാരങ്ങള്‍ ഈ മാര്‍ഗം ദുരുപയോഗം ചെയ്‌തേക്കാമെന്നാണ്‌ ആക്ഷേപം. എന്നാല്‍, ഇത്‌ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ പഠിക്കാനുള്ള ഒരു പരീക്ഷണം മാത്രമാണെന്നും, മനുഷ്യരില്‍ ഇത്തരം ജനിതക പരിവര്‍ത്തനം വരുത്താന്‍ സാധ്യത കുറവാണെന്നും ഗവേഷകര്‍ പറയുന്നു. (അവലംബം: ജേര്‍ണല്‍ ഓഫ്‌ ബയോളജിക്കല്‍ കെമിസ്‌ട്രി).

Sunday, November 11, 2007

വെയിലേറ്റാല്‍ ആയുസ്സ്‌ കൂടും

സൂര്യപ്രകാശത്തില്‍ നിന്നു ലഭിക്കുന്ന ഡി ജീവകം ശരീരം പ്രായമാകുന്ന പ്രക്രിയ മെല്ലെയാക്കുമെന്ന്‌ കണ്ടെത്തല്‍

കൂടുതല്‍ക്കാലം ജീവിച്ചിരിക്കണം എന്ന്‌ ആഗ്രഹിക്കാത്തവരുണ്ടാകില്ല. അതിനൊരു എളുപ്പ മാര്‍ഗം ഇളവെയിലേല്‍ക്കുകയാണെന്ന്‌ ഒരു സംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നു. സൂര്യപ്രകാശത്തില്‍ നിന്ന്‌ ലഭിക്കുന്ന 'ജീവകം ഡി', ശരീരത്തെ പ്രായം ബാധിക്കുന്നത്‌ മെല്ലയാക്കുമെന്നും ആയുസ്സ്‌ വര്‍ധിപ്പിക്കുമെന്നും അവര്‍ പറയുന്നു. എല്ലിന്റെ ബലം കൂട്ടുന്നതു പോലുള്ള ഗുണഫലങ്ങള്‍ നല്‍കുമെന്ന്‌ ഇതിനകം തന്നെ തെളിഞ്ഞിട്ടുള്ള ഡി ജീവകത്തിന്‌ ആയുസ്സ്‌ വര്‍ധിപ്പിക്കാനും കഴിവുണ്ടെന്ന്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌.

ലണ്ടനില്‍ കിങ്‌സ്‌ കോളേജിലെ പ്രൊഫ. ബ്രന്റ്‌ റിച്ചാര്‍ഡ്‌സിന്റെ നേതൃത്വത്തിലുള്ള സംഘം, രണ്ടായിരത്തിലേറെ സ്‌ത്രീകളെ പഠനവിധേയമാക്കിയാണ്‌ ഇങ്ങനെയൊരു നിഗമനത്തില്‍ എത്തിയത്‌. 18 മുതല്‍ 79 വയസ്സുവരെ പ്രായമുള്ള സ്‌ത്രീകള്‍ പഠനത്തില്‍ ഉള്‍പ്പെട്ടിരുന്നു. ശരീരത്തില്‍ ഡി ജീവകത്തിന്റെ സാന്നിധ്യം ഏറെയുള്ള സ്‌ത്രീകളുടെ ഡി.എന്‍.എ.യില്‍ പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ കുറച്ചേ പ്രത്യക്ഷപ്പെടുന്നുള്ളു എന്ന്‌ 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യുട്രീഷ്യനി'ല്‍ പ്രത്യക്ഷപ്പെട്ട പഠന റിപ്പോര്‍ട്ട്‌ പറയുന്നു. ജീവകം ഡി കുറവുള്ളവരില്‍ ഹൃദ്രോഗം, ആമവാതം (rheumatoid arthritis) തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതലായി പ്രത്യക്ഷപ്പെടുന്നതായും കണ്ടു.

ശരീരത്തിലെ ജനികദ്രവ്യം കോശമര്‍മത്തിലെ ഡി.എന്‍.എ.യിലാണ്‌ സ്ഥിതിചെയ്യുന്നത്‌. പ്രായമാകുന്നത്‌ അറിയാനുള്ള 'ജൈവഘടികാരം' ജനിതകദ്രവ്യത്തിലുണ്ട്‌. കോശങ്ങള്‍ ഓരോ തവണ വിഭജിച്ച്‌ പുനരുത്‌പാദനം നടക്കുമ്പോഴും അതിന്റെ കണക്ക്‌ ആ ഘടികാരത്തില്‍ രേഖപ്പെടുത്തും. 'ടെലോമെറിസ്‌' (telomeres) എന്ന ഡി.എന്‍.എ.ഭാഗങ്ങളുടെ ദൈര്‍ഘ്യം കുറയുന്നത്‌, പ്രായാധിക്യത്തിന്റെ തോത്‌ അറിയാനുള്ള മാര്‍ഗങ്ങളിലൊന്നാണ്‌. ശരീരത്തില്‍ പ്രായാധിക്യം ആദ്യം പ്രത്യക്ഷപ്പെടുന്ന കോശവിഭാഗങ്ങളായ ശ്വേതരക്താണുക്കളെ (white blood cells) യാണ്‌ കിങ്‌സ്‌ കോളേജ്‌ സംഘം പഠനവിധേയമാക്കിയത്‌.

ശരീരത്തില്‍ ഡി ജീവകം കൂടുതലുള്ള സ്‌ത്രീകളുടെയും, കുറവുള്ള സ്‌ത്രീകളുടെയും ശ്വേതരക്താണുക്കളുടെ ഡി.എന്‍.എയിലെ ടെലോമെറിസുകളുടെ ദൈര്‍ഘ്യം താരതമ്യം ചെയ്യുകയാണ്‌ ഗവേഷകര്‍ ചെയ്‌തത്‌. ഓരോരുത്തരുടെയും പ്രായവുമായി ബന്ധപ്പെടുത്തിയായിരുന്നു താരതമ്യം. ഡി ജീവകം കൂടുതലുള്ള സ്‌ത്രീകളില്‍ ടെലോമെറിസുകളുടെ നീളം കൂടുതലും, ഡി കുറവുള്ളവരുടെ കാര്യത്തില്‍ അതു കുറവുമാണെന്നു കണ്ടു. അങ്ങനെയാണ്‌ ഡി ജീവകം പ്രായത്തെ ചെറുക്കുമെന്ന നിഗമനത്തില്‍ ഗവേഷകര്‍ എത്തിയത്‌.

പ്രായാധിക്യവുമായി ബന്ധപ്പെട്ട്‌ പ്രത്യക്ഷപ്പെടുന്ന പലതരം രോഗങ്ങളുണ്ട്‌; ഹൃദ്രോഗം, അര്‍ബുദം തുടങ്ങിയവ ഉദാഹരണം. അത്തരം അസുഖങ്ങള്‍ പ്രതിരോധിക്കാനും ഡി ജീവകം സഹായിക്കുമെന്നാണ്‌ പുതിയ പഠനം സൂചിപ്പിക്കുന്നത്‌-പ്രൊഫ. റിച്ചാര്‍ഡ്‌സ്‌ പറയുന്നു. സൂര്യപ്രകാശമേല്‍ക്കുന്നത്‌ ചിലയിനം ചര്‍മാര്‍ബുദങ്ങള്‍ക്ക്‌ കാരണമാകാറുണ്ട്‌. പക്ഷേ, അത്തരം അപകടസാധ്യതയും സൂര്യപ്രകാശം നല്‍കുന്ന ഗുണഫലങ്ങളും താരതമ്യം ചെയ്യുമ്പോള്‍ ഗുണഫലങ്ങള്‍ക്കാണ്‌ മുന്‍തൂക്കമെന്ന്‌, ഗവേഷക സംഘത്തില്‍ അംഗമായിരുന്ന പ്രൊഫ. ടിം സ്‌പെക്ടര്‍ അഭിപ്രായപ്പെടുന്നു. (അവലംബം: അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ക്ലിനിക്കല്‍ ന്യുട്രീഷ്യന്‍, കടപ്പാട്‌: മാതൃഭൂമി)

Saturday, November 10, 2007

ദേശാടനപക്ഷികളെ അറിയാന്‍ ജനകീയശ്രമം

ജനപങ്കാളിത്തത്തോടെ ഇത്തരമൊരു ശ്രമം ഇന്ത്യയില്‍ ആദ്യമായാണ്‌

ദേശാടനപക്ഷികളെ നിരീക്ഷിക്കാനും കാലാവസ്ഥയിലും പരിസ്ഥിതിയിലും വരുന്ന മാറ്റം ജൈവവൈവിധ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ പഠിക്കാനും ദേശീയതലത്തില്‍ ജനകീയശ്രമം ആരംഭിക്കുന്നു. ശൈത്യകാലത്ത്‌ ഇന്ത്യയില്‍ ദേശാടനം നടത്തുന്ന ഒന്‍പത്‌ ഇനം പക്ഷികളെക്കുറിച്ച്‌ ജനപങ്കാളിത്തത്തോടെ മനസിലാക്കാനാണ്‌ ശ്രമം. ഇന്ത്യന്‍ ബേര്‍ഡ്‌സ്‌ ജേര്‍ണലും, ബാംഗ്ലൂരിലെ നാഷണല്‍ സെന്റര്‍ ഫോര്‍ ബയോളജിക്കല്‍ സയന്‍സും ചേര്‍ന്ന്‌ ആസൂത്രണം ചെയ്‌ത ഈ ഉദ്യമത്തില്‍ പക്ഷിനിരീക്ഷണത്തില്‍ താത്‌പര്യമുള്ള ആര്‍ക്കും പങ്കുചേരാം.

ഹിമാലയത്തില്‍ നിന്നും അതിനപ്പുറത്തു നിന്നും തെക്കന്‍ മേഖലയിലേക്കു ദേശാടനം നടത്തുന്ന പക്ഷികളെക്കുറിച്ച്‌ ജനപങ്കാളിത്തത്തോടെ പഠിക്കാന്‍ ശ്രമം നടക്കുന്നത്‌ ആദ്യമായാണ്‌. നോര്‍ത്തേണ്‍ ഷാവോലെര്‍ (താറാവ്‌), മാര്‍ഷ്‌ ഹാരിയര്‍ (പരുന്ത്‌), ഗ്രേ വാഗ്‌ടെയില്‍ (വാല്‌കുലുക്കി), റോസി സ്‌റ്റാര്‍ലിംഗ്‌ (മൈന), വുഡ്‌ സാന്‍ഡ്‌പിപ്പര്‍ (മണലൂതി), ബ്രൗണ്‍ ഷൈക്ക്‌, ബ്ലാക്ക്‌ റെഡ്‌സ്റ്റാര്‍ട്ട്‌, ഗ്രീനിഷ്‌ വാര്‍ബ്ലര്‍, കോമണ്‍ സ്വാളോ എന്നീ പക്ഷിയിനങ്ങളുടെ ദേശാടനം പഠിക്കാനാണ്‌ ഈ പരിപാടിയിലൂടെ ഉദ്ദേശിക്കുന്നത്‌.

ദക്ഷിണേന്ത്യയില്‍ താത്‌പര്യമുള്ള ആര്‍ക്കും ഈ പരിപാടിയില്‍ പങ്കുചേരാം. പക്ഷിനിരീക്ഷണം നടത്താന്‍ പ്രത്യേക സ്ഥലമൊന്നും സന്ദര്‍ശിക്കണമെന്നില്ല. ഈ ഒന്‍പത്‌ പക്ഷികളില്‍ ഏതിനെയെങ്കിലും എപ്പോള്‍ എവിടെ ആദ്യം കണ്ടെത്തി എന്ന്‌ രേഖപ്പെടുത്തുകയാണ്‌ തുടക്കത്തില്‍ ചെയ്യേണ്ടത്‌. പരിപാടിയില്‍ പങ്കുചേരുന്നതിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും വിവരശേഖരണ ഫോറവും http://www.ncbs.res.in/citsci/ എന്ന വെബ്ബ്‌സൈറ്റിലുണ്ട്‌. കേരളത്തില്‍ ഈ പദ്ധതിയുടെ വിവരങ്ങള്‍ അറിയാന്‍ വയനാട്ടിലെ പക്ഷിനിരീക്ഷകനായ സി.കെ.വിഷ്‌ണുദാസുമായി ബന്ധപ്പെടാവുന്നതാണ്‌ (ഫോണ്‍: 04936 284325, 9447544603). (കടപ്പാട്‌: മാതൃഭൂമി)

Sunday, November 04, 2007

ചൂരേ-നിനക്കും കോഴിക്കോടിനും തമ്മിലെന്ത്‌

'കുറിഞ്ഞി ഓണ്‍ലൈനി'ല്‍ പോസ്‌റ്റിങ്‌ ആരംഭിച്ചിട്ട്‌ വര്‍ഷം തികയുന്നു. വാര്‍ഷികത്തിന്‌ ചൂരയാണ്‌ സ്‌പെഷ്യല്‍. എല്ലാ മത്സ്യഭുക്കുകള്‍ക്കും സ്വാഗതം, പച്ചക്കറിഭുക്കുകള്‍ പിണങ്ങരുത്‌.

ചൂര തിന്നാണ്‌ ഞങ്ങള്‍ വളര്‍ന്നത്‌. കൊടംപുളിയിട്ടു ചൂര വറ്റിക്കുന്നതിന്റെ മണമില്ലായിരുന്നെങ്കില്‍ ജീവിതം തന്നെ എത്ര വ്യര്‍ഥമായേനെ. മുളകുപൊടിയും പുളിയും ആവശ്യത്തിന്‌ ഉപ്പും ചേര്‍ത്ത്‌, ഒരു പിടി കറിവേപ്പിലയുമിട്ട്‌, അല്‍പ്പം വെളിച്ചെണ്ണ ചേര്‍ത്ത്‌ മണ്‍ചട്ടിയില്‍ വറ്റിച്ചു ഭദ്രമായി അടച്ചുവെച്ച്‌, പിറ്റേന്ന്‌ കഴിക്കുന്ന ചൂരക്കറിയുടെ സ്വാദിന്‌ തുല്യം നില്‍ക്കാന്‍ ലോകത്ത്‌ മറ്റൊന്നിനുമാകില്ല. കപ്പപ്പുഴുക്കും ചൂരക്കറിയും ചേര്‍ന്ന കോമ്പിനേഷന്‌ പകരം വെയ്‌ക്കാനൊരു ഭക്ഷ്യവിഭവം മനുഷ്യന്‍ ഇനി കണ്ടുപിടിക്കാന്‍ ഇരിക്കുന്നതേയുള്ളു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്ത്‌ എത്തുന്നതിന്‌ അല്‍പ്പം മുമ്പ്‌, തിരുവനന്തപുരം ജില്ലയുടെ തെക്കുകിഴക്കേയറ്റത്ത്‌ സ്ഥിതിചെയ്യുന്ന ഞങ്ങളുടെ അമ്പൂരി ഗ്രാമത്തിന്റെ പ്രത്യേകതകളില്‍ ഒന്ന്‌, മൂന്നു സമുദ്രങ്ങളില്‍ നിന്നുള്ള ചൂരകള്‍ അവിടെ അന്തിച്ചന്തയില്‍ എത്തിയിരുന്നു എന്നതാണ്‌; അറബിക്കടലില്‍ നിന്നും, ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നും, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്നും. മൂവന്തിക്ക്‌ മൂന്നു സമുദ്രത്തില്‍ നിന്നുള്ള ചൂരകള്‍!

ചൂരയെ അന്നൊന്നും പക്ഷേ, അത്ര വകയില്ലായിരുന്നു. 'തിന്ന ചൂരയ്‌ക്ക്‌ നന്ദിയില്ലാത്തവരാ'യായി ഞങ്ങള്‍ ജീവിച്ചു പോന്നു. ചൂരയ്‌ക്ക്‌ ജീവിതത്തില്‍ എന്തെങ്കിലും സ്വാധീനമുണ്ടെന്ന്‌, പത്തുവര്‍ഷം മുമ്പ്‌ കോഴിക്കോട്ടേയ്‌ക്ക്‌ കുടിയേറും വരെ കളിയായി പോലും കരുതിയതുമില്ല. കോഴിക്കോട്ട്‌ ഞങ്ങളുടെ കോളനിയിലൂടെ പ്ലാസ്റ്റിക്‌പെട്ടിയില്‍ വിവിധ തരം മത്സ്യങ്ങളുമായി രാവിലെ പത്തിനും പത്തരയ്‌ക്കും മധ്യേ ഖാദര്‍ ചേട്ടന്‍ വരുന്ന കാര്യം, താമസം തുടങ്ങി മൂന്നാം ദിവസം മത്സ്യപ്രേമിയായ എന്റെ ഭാര്യ കണ്ടുപിടിച്ചു. ആ സമയത്ത്‌ ഖാദര്‍ ചേട്ടന്റെ 'ഓയ്‌' വിളി കാക്കുന്ന രണ്ട്‌ വര്‍ഗങ്ങള്‍ കോളനിയിലുണ്ട്‌; വീട്ടമ്മമാരും പൂച്ചകളും. ഗേറ്റ്‌ കടന്ന്‌ സൈക്കിള്‍ ഉന്തി വരുന്ന ഖാദര്‍ചേട്ടന്റെ പിന്നാലെ കാണും പൂച്ചപ്പറ്റം. "ചൂരയില്ലേ" എന്ന എന്റെ ഭാര്യയുടെ ചോദ്യത്തിന്‌ "ഐക്കൂറ"യുണ്ടെന്ന്‌ ഖാദര്‍ ചേട്ടന്‍ മറുപടി പറഞ്ഞു. ഐക്കൂറയുടെ വില കേട്ടപ്പോള്‍, സ്വതേ പിശുക്കിയായ അവള്‍ മത്തി വാങ്ങിവന്ന്‌ ചൂരയാണെന്ന ഭാവത്തില്‍ പൊരിച്ചു തന്നു.

ഒരാഴ്‌ച ചൂരയില്ലാതെ കടന്നുപോയി. "മാന്ത വേണ്ടേ, ആവോലി വിലക്കുറവാണ്‌, ചെമ്മീന്‍ പുതിയതാണ്‌, ഞണ്ട്‌ വാങ്ങിക്കോ നന്നാവും", എന്നിങ്ങനെയുള്ള ഖാദര്‍ ചേട്ടന്റെ എല്ലാ ഉപദേശങ്ങളും അതിജീവിച്ച്‌, ഒരു ദിവസം മത്തി, പിറ്റെ ദിവസം അയല, അതിന്റെ പിറ്റേന്ന്‌ വീണ്ടും മത്തി.....എന്നിങ്ങനെ ജീവിതം ചൂരരഹിതമായി നീങ്ങുന്നതിനിടെ, ക്ഷമകെട്ട്‌ ഒരുദിവസം ഞാന്‍ കേള്‍ക്കെ ഭാര്യ ഉറക്കെ ചോദിച്ചു: "കോഴിക്കോട്ടെന്താ ചൂര കിട്ടില്ലേ, ഈ നാട്ടിലാരും ചൂര തിന്നില്ലേ". അറബിക്കടല്‍ മാത്രമുള്ളതാണോ കോഴിക്കോട്ടെ പ്രശ്‌നം, ഞാന്‍ ഗാഢമായി ആലോചിച്ചു. ഇവിടെ ഭൂമിയുടെ കിടപ്പ്‌ അങ്ങനെയാണ്‌, എന്തുചെയ്യാം. ചൂരയുടെ വില ജീവിതത്തില്‍ ആദ്യമായി അറിയുകയായിരുന്നു. അയല മുളകിട്ടത്‌ ചൂരയ്‌ക്കു പകരം നില്‍ക്കുമെന്ന്‌ ഞാന്‍ ഭാര്യയെ സമാധാനിപ്പിച്ചു. 'പാരഗണ്‍' ഹോട്ടലില്‍ നിന്ന്‌ കിട്ടുന്ന ഫിഷ്‌ കുമരകത്തിന്റെ മാതൃകയില്‍ 'അയല കുമരകവും', 'മത്തി കൂത്താട്ടുകുളവും', 'നത്തോലി വാരാപ്പുഴയും', 'മുള്ളന്‍ ചേര്‍ത്തല'യുമൊക്കെ പരീക്ഷിച്ചു. വ്യര്‍ഥശ്രമങ്ങള്‍ക്കെല്ലാം ഒടുവില്‍ ആ അനശ്വരസത്യം ഞങ്ങള്‍ മനസിലാക്കി; ചൂരയ്‌ക്ക്‌ സമം ചൂര മാത്രം.

എന്തിനും വേണമല്ലോ ഒരു അവസാനം. കോഴിക്കോട്ടെ ചൂരരാഹിത്യത്തിന്റെ കാര്യത്തിലും അത്‌ സംഭവിച്ചു. ക്ഷമകെട്ട ഞാന്‍ ഒരു ദിവസം രാവിലെ വലിയങ്ങാടിയിലെ മീന്‍മാര്‍ക്കറ്റില്‍ നില്‍ക്കുന്നതായി കാണപ്പെട്ടു. ഏഴുമണി സമയം. ടണ്‍ കണക്കിന്‌ മത്സ്യം ലോറികളില്‍ കയറ്റുന്നതിന്റെ തിരക്ക്‌. ഐസ്‌കട്ടകള്‍ക്കിടയിലൂടെ കടുത്ത മത്സ്യഗന്ധമേറ്റ്‌ മാര്‍ക്കറ്റിനുള്ളിലെത്തി, തിരച്ചില്‍ തുടങ്ങി. എവിടെയെങ്കിലും ചൂര കാണാതിരിക്കില്ലെന്ന്‌ മനസ്സ്‌ പറഞ്ഞു. എല്ലായിടത്തും ഐക്കൂറയുണ്ട്‌; വിലക്കുറവാണ്‌, കിലോയ്‌ക്ക്‌ 230 രൂപയേ ഉള്ളു സാര്‍ എന്ന്‌ മീന്‍കച്ചവടക്കാര്‍ വിളിച്ചു പറയുന്നുണ്ടായിരുന്നു. ആവോലി കിലോയ്‌ക്ക്‌ ഇരുന്നൂറിന്‌ തരാം, ഇതുനോക്കൂ സാര്‍ പിടയ്‌ക്കുന്ന സ്രാവ്‌....ഞാന്‍ ഭയപ്പാടോടെ നടന്നു. ഒടുവില്‍ ഒരു കുട്ടയ്‌ക്കരികില്‍ എത്തിയപ്പോള്‍ സ്വിച്ചട്ടതു പോലെ നിന്നു. ജീവിതം ധന്യമായതുപോലെ; അതാ ചൂരകള്‍ അടുക്കി വെച്ചിരിക്കുന്നു. ഞാന്‍ ചൂരകളെ നോക്കി, അവ എന്നെയും.

ആകെ ഒരു കുട്ടയില്‍ മാത്രമാണ്‌ ചൂരയുള്ളത്‌. എനിക്കു സങ്കടം വന്നു. നാട്ടിലാണെങ്കില്‍ മാര്‍ക്കറ്റില്‍ മുഴുവന്‍ കുട്ടകളിലും ചൂരയായിരിക്കും. "എന്താ സാര്‍, സൂത വേണോ?"-ചോദ്യം കേട്ട്‌ ഞാന്‍ അല്‍പ്പമൊന്നു പരുങ്ങി. സൂതയോ, അതെന്താണ്‌ സാധനം. മീന്‍കാരന്‍ ചോദ്യം ആവര്‍ത്തിക്കുകയും, കുനിഞ്ഞ്‌ കുട്ടയില്‍ നിന്ന്‌ സാമാന്യം വലിപ്പമുള്ള ചൂരയൊന്നിനെ പൊക്കിയെടുത്ത്‌ എന്റെ കണ്ണിന്‌ ലവലായി പിടിക്കുകയും ചെയ്‌തപ്പോള്‍ കാര്യം പിടികിട്ടി. "ഇത്‌ ചൂരയല്ലേ", ഞാന്‍ ചോദിച്ചു. ''അല്ല സാര്‍, ഇത്‌ സൂത. കിലോയ്‌ക്കു 30 രൂപായ്‌ക്കു തരാം"-അയാള്‍ അറിയിച്ചു. നിന്ന നിലയ്‌ക്ക്‌ ഞാന്‍ കണക്കുകൂട്ടി, 'കിങ്‌ഫിഷ്‌' (King Fish) എന്ന്‌ ഇംഗ്ലീഷില്‍ പറയുന്ന ഐക്കൂറ ഒരു കിലോ വാങ്ങുന്ന കാശുണ്ടെങ്കില്‍, ഏതാണ്ട്‌ എട്ടുകിലോ ചൂര വാങ്ങാം. ഒരു കിലോ ഐക്കൂറ മൈനസ്‌ ഒരു കിലോ ചൂര സമം 200 രൂപ. എനിക്ക്‌ സന്തോഷം അടക്കാനായില്ല. മീന്‍കാരന്‍ കൈയിലെടുത്ത ചൂരയെത്തന്നെ കച്ചവടമാക്കി. രണ്ടു കിലോ എണ്ണൂറ്‌ ഗ്രാം. 84 രൂപ. അന്നെന്റെ വീട്ടില്‍ സമൃദ്ധിയും സമാധാനവും കളിയാടി.

ഏതായാലും ആ ചൂരാന്വേഷണം നിര്‍ണായകമായ അറിവാണ്‌ നല്‍കിയത്‌. ഞാലിപ്പൂവന്‍ പഴത്തിന്‌ 'ആണി'യെന്നും 'ആണിപ്പൂവനെ'ന്നും പറയും പോലെ, അമ്പതിനെ 'അയ്‌ന്‍പതാ'ക്കും പോലെ, ചൂരയെ കോഴിക്കോട്ടുകാര്‍ സൂതയാക്കിയിരിക്കുന്നു. ഏതാനും ദിവസം കഴിഞ്ഞ്‌ ഖാദര്‍ ചേട്ടന്റെ പക്കല്‍നിന്ന്‌ മീന്‍ വാങ്ങാന്‍ ചെന്നപ്പോള്‍ എന്റെ സഹധര്‍മിണി അല്‍പ്പം ഗമയില്‍ അന്വേഷിച്ചു, "ചെട്ടനെന്താ സൂത കൊണ്ടുവരാത്തത്‌"? അതുകേട്ട്‌ വിശ്വാസം വരാത്ത മട്ടില്‍ ഖാദര്‍ ചെട്ടന്‍ ചോദിച്ചു, "സൂതയോ, നിങ്ങളത്‌ വാങ്ങുമോ". ഞങ്ങള്‍ തിരുവനന്തപുരംകാരാണ്‌, ചൂരയില്ലാത്ത ജീവിതത്തെക്കുറിച്ച്‌ സങ്കല്‍പ്പിക്കാന്‍ പോലുമാവില്ല, എന്നൊക്കെ ഖാദര്‍ ചേട്ടനോട്‌ എങ്ങനെ പറയും. ഏതായാലും, ശല്യം സഹിക്കാതെ ഒരു ദിവസം ഖാദര്‍ ചേട്ടന്‍ ചൂരയെ, സോറി സൂതയെ കൊണ്ടുവന്നു. ഞങ്ങള്‍ അത്‌ സസന്തോഷം വാങ്ങുകയും ചെയ്‌തു. മുകളിലത്തെ ഫ്‌ളാറ്റില്‍ താമസിക്കുന്ന മിനി ആ സൂതവ്യാപാരം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വൈകുന്നേരം പെണ്ണുങ്ങളുടെ സഭയില്‍ ചേരാന്‍ ടെറസ്സിലെത്തിയ എന്റെ ഭാര്യയോട്‌ അവര്‍ ചോദിച്ചു, "നിങ്ങളാ മീന്‍ കറിവെച്ചോ, എന്നിട്ട്‌ അതിന്‌ എന്തെങ്കിലും രുചിയുണ്ടായിരുന്നോ"?

അവജ്ഞ, അവഗണന-കോഴിക്കോട്ട്‌ ചൂര നേരിടുന്ന അവസ്ഥ ഇതാണെന്ന്‌ ഈ സംഭവ പരമ്പരകള്‍ ബോധ്യമാക്കിത്തന്നു. അവഗണിക്കപ്പെടുന്നവര്‍ക്കൊപ്പം വേണമല്ലോ നമ്മള്‍ നിലയുറപ്പിക്കാന്‍. അങ്ങനെയാണ്‌ ചൂരയെക്കുറിച്ച്‌ കൂടുതലറിയാന്‍ ശ്രമമാരംഭിച്ചത്‌. കോഴിക്കോട്ടെ സുഹൃത്തുക്കളോട്‌ സംസാരിക്കുമ്പോള്‍ ചൂരയെ പ്രതികാരബുദ്ധ്യാ സംഭാഷണത്തിലേക്ക്‌ വലിച്ചിഴച്ചു. പലരെയും ചൂര വാങ്ങാന്‍ പ്രേരിപ്പിച്ചു. കോഴിക്കോട്‌ പ്രസ്സ്‌ക്ലബ്ബില്‍ ജേര്‍ണലിസം ഇന്‍സ്റ്റിട്ട്യൂട്ടിലെ കുട്ടികള്‍ക്ക്‌, തിരുവനന്തപുരം പര്യടനത്തിനിടെ ദൂരദര്‍ശന്‍ കേന്ദ്രം കണ്ടു മടങ്ങുമ്പോള്‍, കുടപ്പനക്കുന്നിലെ ചെറുഹോട്ടലില്‍ നിന്ന്‌ ചോറിനൊപ്പം, സൂതയാണെന്നു പറയാതെ, ചൂര ഫ്രൈ വാങ്ങിനല്‍കി അതിന്റെ സ്വാദ്‌ മനസിലാക്കിക്കൊടുത്തു. സമയം കിട്ടുമ്പോഴെല്ലാം വലിയങ്ങാടിയിലെ മത്സ്യമാര്‍ക്കറ്റില്‍ പോയി ചൂരവില്‍പ്പനക്കാരെ പ്രോത്സാഹിപ്പിച്ചു. അടുത്തു നില്‍ക്കുന്ന മീന്‍കച്ചവടക്കാര്‍ കേള്‍ക്കെ ചൂരയുടെ ഗുണഗണങ്ങള്‍ വിവരിച്ചു. മരച്ചീനിയ്‌ക്കൊപ്പം മാത്രമല്ല, വെള്ളയപ്പം, ചപ്പാത്തി, പെറോട്ട, ബ്രഡ്‌, പത്തിരി തുടങ്ങി ഏതിന്റെ കൂടെയും ചൂര അതുല്യമായ പങ്കാളിയാകും എന്ന്‌ പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ തെളിയിച്ചു. അങ്ങനെ ചൂരയെക്കുറിച്ചുള്ള പൊതുവിജ്ഞാനം, ഓഹരി വിപണി കുതിച്ചുകയറും പോലെ, പോയന്റുകളായി വര്‍ധിച്ചു.

അതില്‍ ചില പൊയന്റുകള്‍ ചുവടെ:

1. ചില ഹോട്ടലുകള്‍ എങ്കിലും ഐക്കൂറയ്‌ക്കു മായം ചേര്‍ക്കാന്‍ ചൂര ഉപയോഗിക്കും എന്ന്‌ കോഴിക്കോട്ടുകാര്‍ ബലമായി വിശ്വസിക്കുന്നു. കഷണം കണ്ടാല്‍ തിരിച്ചറിയാന്‍ ബുദ്ധിമുട്ടാണ്‌ എന്നതാണ്‌ കാരണം. ഈ വിഷ്വല്‍ ഇംപാക്ടിന്‌ മുകളില്‍ അവര്‍ ഉറച്ച തീരുമാനത്തിലെത്തിയിരിക്കുന്നു-സൂത കൊള്ളില്ല!

2. നമ്മുടെ മാര്‍ക്കറ്റുകളില്‍ കിട്ടുന്ന ചൂര മുഖ്യമായും രണ്ടിനമുണ്ട്‌; മാംസത്തിന്‌ കറുത്ത നിറമുള്ളതും വെളുത്ത നിറമുള്ളതും. കറുത്തത്‌ സൂതയെന്നും വെളുത്തത്‌ 'കേദര്‍' എന്നും കോഴിക്കോട്ട്‌ അറിയപ്പെടുന്നു. വെളുത്ത ചൂരയ്‌ക്ക്‌ അല്‍പ്പം വില കൂടുതലായിരിക്കും. കാരണം അതിനാണ്‌ സ്വാദ്‌ കൂടുതല്‍. ഈയിനത്തിന്‌ തിരുവനന്തപുരം ഭാഗത്ത്‌ 'നെയ്‌മീന്‍ചൂര'യെന്നാണ്‌ പേര്‌.

3. ചൂരയുടെ തൊലിയിലുള്ള ഡിസൈന്‍ നോക്കി അത്‌ സൂതയാണോ, കേദറാണോ എന്ന്‌ നിശ്ചയിക്കാം. കുറുകെ വരയുള്ളവ സൂതയും, നെടുകെ വരയുള്ളവ കേദറുമായിരിക്കും. ഈ വിവരം അറിയാമെന്നു കണ്ടാല്‍, മാര്‍ക്കറ്റിലെ ഒരു മീന്‍കച്ചവടക്കാരനും ചൂരയുടെ കാര്യത്തില്‍ നമ്മളോട്‌ തര്‍ക്കിക്കാന്‍ വരില്ല. അവര്‍ നമ്മളെ ബഹുമാനിക്കും, ആദരിക്കും...സൗകര്യം കിട്ടിയാല്‍ പൊന്നാട പോലും അണിയിച്ചെന്നിരിക്കും.

4. ചൂരയ്‌ക്ക്‌ ആലപ്പുഴ, കോട്ടയം പ്രദേശങ്ങളില്‍ 'കുടുക്ക'യെന്നും പേരുണ്ട്‌. കുടുക്കയുടെ ആകൃതിയാവണം ഈ പേര്‌ വരാന്‍ കാരണം. ഇതുകേട്ട ഒരു മലബാറുകാരന്‍ പറഞ്ഞു: "ഇവിടെ മീന്‍ കറിവെയ്‌ക്കുന്ന പാത്രമാണ്‌ കുടുക്ക". ഏതായാലും തിരുവനന്തപുരംകാരനായ ഈയുള്ളവന്‍ ഈ തര്‍ക്കത്തില്‍ ഒരു ചേരിചേരാപ്രസ്ഥാനമാണ്‌.

5. മിക്ക മത്സ്യങ്ങളുടെയും മാംസം വെളുത്ത നിറമുള്ളതാണ്‌. എന്നാല്‍, ചൂരയുടേത്‌ മാട്ടിറച്ചി പോലെ ഇരുണ്ട്‌ ചുവന്നാണിരിക്കുന്നത്‌. 'മയോഗ്ലോബിന്‍' (myoglobin) എന്ന പേരുള്ള തന്മാത്രകളുടെ ആധിക്യം ചൂരയുടെ മാംസത്തില്‍ ഉള്ളതു കൊണ്ടാണിത്‌. എന്തെല്ലാം അറിഞ്ഞാല്‍ ജീവിക്കാനൊക്കും അല്ലേ.

6. കേരളത്തില്‍ ലഭ്യമായ സാധാരണ ചൂരയുടെ ശാസ്‌ത്രീയ നാമം കിടിലമാണ്‌: 'ഓക്‌സിസ്‌ തസാര്‍ഡ്‌' (Auxiz thazard).

ഈ ശാസ്‌ത്രീയ നാമം പഠിച്ചതിന്റെ കേടും എനിക്കു സംഭവിച്ചു. ഒരു ദിവസം ചൂരക്കറിയുടെ ആനന്ദത്തില്‍ നിയന്ത്രണം വിട്ടു. നാലാംതരത്തിലും യു.കെ.ജി.യിലും പഠിക്കുന്ന മക്കള്‍ രണ്ടാളോടും ചൂരയുടെ ശാസ്‌ത്രീയനാമം 'ഓക്‌സിസ്‌ തസാര്‍ഡ്‌' ആണെന്നറിയാമോ എന്ന്‌ അബദ്ധത്തില്‍ ചോദിച്ചു പോയി. രണ്ടാളും ഉടന്‍ തീറ്റ നിര്‍ത്തി; ഇത്ര വൃത്തികെട്ട പേരുള്ള ഒരു സാധനമാണോ തങ്ങള്‍ തിന്നുന്നത്‌ എന്ന ഭാവത്തില്‍! ഭാര്യ കലിതുള്ളി. ഭൂമി ഓറഞ്ച്‌ പോലെ ഉരുണ്ടാണിരിക്കുന്നതെന്ന്‌ കണ്ടുപിടിച്ച്‌ അക്കാര്യം കുട്ടികളോടു പറയാന്‍ പോയ ജോസ്‌ അക്കാര്‍ഡിയോ ബുവേണ്ടിയയുടെ അവസ്ഥയിലായി ഞാന്‍ (മാര്‍കേസിന്റെ 'ഏകാന്തതയുടെ നൂറുവര്‍ഷങ്ങളി'ലെ രംഗം ഓര്‍ക്കുക). ഇക്കണക്കിന്‌ മത്തിയുടെ ശാസ്‌ത്രീയനാമം 'സാര്‍ഡിനെല്ല ലോങ്കിസെപ്‌സ്‌' (Sardinella longiceps) ആണെന്നും, അയലയുടേത്‌ 'രാഷ്ട്രെല്ലിജര്‍ കനാഗുര്‍റ്റ' (Rastrelliger kanagurta)യാണെന്നും, നത്തോലിയുടേത്‌ 'ആന്‍കോവിയെല്ല കൊമര്‍സോണി' (Anchoviella commersonii) എന്നും, ഐക്കൂറയുടേത്‌ 'സ്‌കോമ്പെറോമൊനാസ്‌ ഗുട്ടാക്കസ്‌' (Scomberomonas guttacus) എന്നും, മാന്തളിന്റേത്‌ 'സൈനോഗ്ലോസസ്‌ ബിലിനീറ്റസ്‌' (Cynoglossus bilineatus) ആണെന്നും പറഞ്ഞിരുന്നെങ്കില്‍ എന്താകുമായിരുന്നു സ്ഥിതി. ആലോചിക്കാന്‍ തന്നെ പേടിയാകുന്നു.

ഇത്തരം ഗവേഷണങ്ങള്‍ക്കിടെ ഒരുകാര്യം കൂടി ബോധ്യമായി. മത്സ്യത്തിന്റെ കാര്യത്തില്‍ കോഴിക്കോട്ടുകാര്‍ക്കിടയില്‍ രൂഢമൂലമായിരിക്കുന്ന ചില മുന്‍വിധികളാണത്‌. എന്നും കാണുന്ന, എന്നും കഴിക്കുന്ന, ചില പരിചിത മത്സ്യങ്ങളല്ലാതെ വേറെയൊന്നും നന്നല്ല എന്ന വിശ്വാസം വെച്ചുപുലര്‍ത്തുന്നവരാണ്‌ മിക്ക കോഴിക്കോട്ടുകാരും. അതിനാല്‍ അത്തരം മത്സ്യങ്ങളേ അവര്‍ വാങ്ങൂ. അപരിചിതരെ അടുപ്പിക്കില്ല. അയല, മത്തി, ഐക്കൂറ, ആവോലി, സ്രാവ്‌, ചെമ്മീന്‍, മാന്തള്‍, കടുക്ക (കല്ലിന്‍മേല്‍ കായ), ഞണ്ട്‌...കഴിഞ്ഞു. ഇത്രയും ഇനങ്ങളേ കോഴിക്കോട്ട്‌ ചെലവാകൂ. മറ്റ്‌ ഏതിനം മത്സ്യം കൊണ്ടുവെച്ചാലും കാലണയ്‌ക്ക്‌ വില്‍പ്പനയുണ്ടാവില്ല. ഈ മനശാസ്‌ത്രം പിടികിട്ടിയതോടെ, ഞാനെന്റെ മത്സ്യം വാങ്ങല്‍തന്ത്രത്തിന്‌ അല്‍പ്പം ഭേദഗതി വരുത്തി. മാര്‍ക്കറ്റില്‍ ചൂര കിട്ടാതെ വരുന്ന സീസണ്‍ ഉണ്ടാകും. അത്തരം സന്നിഗ്‌ധഘട്ടത്തില്‍ മുകളില്‍ പറഞ്ഞ ലിസ്റ്റില്‍ പെടാത്ത ഏതെങ്കിലും മത്സ്യം വില്‍പ്പനയ്‌ക്കുണ്ടോ എന്ന്‌ നോക്കും. ആരും വാങ്ങാനില്ലാത്തതിനാല്‍, അത്തരം മത്സ്യങ്ങള്‍ക്ക്‌ വിലക്കുറവായിരിക്കുമെന്ന്‌ ഉറപ്പാണ്‌. മീന്‍ വ്യാപാരത്തില്‍ പോക്കറ്റ്‌ കാലിയാകാതിരിക്കാനുള്ള ഒരു മാര്‍ഗം ആ നിരീക്ഷണം എനിക്കു തുറന്നു തന്നു.

പത്തുവര്‍ഷം മുമ്പത്തെ അവസ്ഥയ്‌ക്ക്‌ കൊഴിക്കോട്ട്‌ മാറ്റം വന്നിട്ടുണ്ട്‌. സൂതയ്‌ക്ക്‌ ആവശ്യക്കാര്‍ വര്‍ധിച്ചിരിക്കുന്നു. അതിനനുസരിച്ച്‌ മാര്‍ക്കറ്റില്‍ സൂത വില്‍ക്കുന്നവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്‌. ഈ ബ്ലോഗ്‌പോസ്‌റ്റ്‌ എഴുതാന്‍ തീരുമാനിച്ച ശേഷം, ചൂരയുടെ ഒരു ചിത്രപോസ്‌റ്റുകൂടി ആയിക്കൂടേ എന്ന തോന്നലുണ്ടാവുകയും, ക്യാമറയുമായി കഴിഞ്ഞ മാസം ഒരു പ്രഭാതത്തില്‍ വലിയങ്ങാടി മാര്‍ക്കറ്റിലെത്തുകയും ചെയ്‌ത എന്നെ അതിശയിപ്പിക്കാന്‍ പോന്ന ഒരു സംഭവമുണ്ടായി. ഒരു ലോഡ്‌ ചൂര ലോറിയില്‍നിന്ന്‌ മാര്‍ക്കറ്റിലിറക്കുന്നു. 'സഹാറാ മരുഭൂമിയിലേക്ക്‌ മണല്‍ കയറ്റി അയയ്‌ക്കുന്നു' എന്ന പ്രയോഗത്തെ തലതിരിച്ചിടുംപോലൊരു അവസ്ഥ. അത്‌ തിരുവനന്തപുരത്തു നിന്നുള്ള ലോഡാണെന്ന്‌, കച്ചവടക്കാരനായ ഷംസുദ്ദീന്‍ അറിയിച്ചപ്പോള്‍ എനിക്ക്‌ ആഹ്ലാദം അടക്കാനായില്ല. തിരുവനന്തപുരത്തുനിന്ന്‌ ചൂര ഞങ്ങളെ തേടി കോഴിക്കോട്ട്‌ എത്തി തുടങ്ങിയിരിക്കുന്നു. ഫോട്ടോ സെഷന്‍ കഴിഞ്ഞ്‌, തിരുവനന്തപുരത്തു നിന്നുള്ള ഒരു 'കേദറെ' വാങ്ങി മടങ്ങി.

ചൂര സുലഭമാണെങ്കില്‍ പിന്നെ എന്തുകൊണ്ട്‌ കോഴിക്കോട്ട്‌ സ്ഥിരതാമസമാക്കിക്കൂടാ എന്ന്‌ ഞാനും സഹധര്‍മിണിയും ഗൗരവമായി കൂടിയാലോചന തുടങ്ങി. പ്രശ്‌നത്തില്‍ തീരുമാനമെടുക്കാന്‍ ഓരോരുത്തരും ഓരോ സബ്‌കമ്മറ്റിയായി പ്രവര്‍ത്തിക്കാനും തിരുമാനിച്ചു. അങ്ങനെയിരിക്കെ, കഴിഞ്ഞ ഒക്ടോബര്‍ എട്ടിന്റെ 'മാതൃഭൂമി ധനകാര്യ'ത്തില്‍ ഒരു വാര്‍ത്ത പ്രത്യക്ഷപ്പെട്ടു. 1500 കോടി രൂപായുടെ ചൂര ഈ വര്‍ഷം കയറ്റിയയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതിയിടുന്നു എന്നായിരുന്നു അത്‌. അത്‌ലാന്റിക്‌ സമുദ്രത്തിലും ശാന്തസമുദ്രത്തിലും ഉണ്ടായിരുന്ന ചൂരകളെ മുഴുവന്‍ സായ്‌വന്‍മാര്‍ ശാപ്പിട്ടു കഴിഞ്ഞുവത്രേ. ലോകത്തിപ്പോള്‍ ചൂര അവശേഷിക്കുന്ന അപൂര്‍വം സ്ഥലങ്ങളിലൊന്ന്‌ അറബിക്കടലാണ്‌. അതിനാല്‍, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ ചൂരചൂഷകര്‍ അറബിക്കടല്‍ ലക്ഷ്യമിടുകയാണത്രേ. ഈയവസരം മുതലാക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്‌. കേരളത്തിന്റെ അതിര്‍ത്തി കടലില്‍ ഒരുലക്ഷം ടണ്‍ ചൂരയുണ്ടെന്ന്‌ വാര്‍ത്തയില്‍ പറയുന്നു. ഇവിടുത്തെ ചൂരയും സായ്‌വന്‍മാര്‍ തിന്നു തീര്‍ത്താല്‍ നമ്മള്‍ എന്തുചെയ്യും. കടലില്‍നിന്ന്‌ മുഴുവന്‍ ചൂരയും പിടിച്ചു തീര്‍ത്താല്‍ പിന്നെ ചൂരയ്‌ക്ക്‌ എങ്ങോട്ടു പോകും.

(മത്സ്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കി സഹായിച്ച ഫിഷറീസ്‌ വകുപ്പ്‌ ഉദ്യോഗസ്ഥയായ എന്റെ അനുജത്തി ഷീജ, ചിത്രീകരണം നിര്‍വഹിച്ച പ്രിയസുഹൃത്ത്‌ സജീവന്‍.എന്‍.എന്‍, ചൂരക്കഥ മുഴുവന്‍ ശ്രദ്ധയോടെ വായിച്ച ശേഷം 'അമ്മയെ പപ്പാ പിശുക്കിയെന്നാ എഴുതിയിരിക്കുന്നത്‌' എന്നു പറഞ്ഞ്‌ കുടുംബം കലക്കാന്‍ നോക്കിയെങ്കിലും, ഇത്‌ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുന്നതില്‍ കുഴപ്പമില്ല എന്ന്‌ നിരൂപണം ചെയ്‌തു തന്ന അനുപമ കുട്ടി എന്നിവരോടുള്ള കടപ്പാട്‌ ഇവിടെ രേഖപ്പെടുത്തുന്നു. ചൂരയുടെ ദൃശ്യവിവരണത്തിന്‌ 'നല്ലഭൂമി'യിലെ ഈ പോസ്‌റ്റ്‌ കാണുക).