Thursday, November 30, 2006

വയറില്ലാതെ വൈദ്യുതി

കേബിളുകളുടെയും വയറുകളുടെയും സഹായമില്ലാതെ സുരക്ഷിതമായി വൈദ്യുതി വിതരണം സാധ്യമാകുമെന്ന്‌ ഒരു സംഘം അമേരിക്കന്‍ ഗവേഷകര്‍ പറയുന്നു. ലാപ്ടോപ്പുകളും സെല്‍ഫോണുകളുമൊക്കെ ഈ മര്‍ഗ്ഗമുപയോഗിച്ച്‌ വായൂമാര്‍ഗ്ഗം ചാര്‍ജ്ജ്‌ ചെയ്യാവുന്ന കാലമാണ്‌ വരുന്നത്‌. ശരിക്കും വയര്‍ലെസ്‌ വൈദ്യുതിയുടെ കാലം.

ടിമിന്നലിന്റെ സമയത്ത്‌ വായുവിലൂടെ സംഹാരശേഷിയോടെ വൈദ്യുതി കടന്നു പോകുന്നത്‌ നമുക്കറിയാം. മനുഷ്യന്റെ ആദിമഭീതിയില്‍ ഇടിമിന്നലും കുടികൊളളുന്നു. അതിനാല്‍ വയറില്ലാതെ വൈദ്യുതി എത്തുകയെന്നു കേട്ടാല്‍ മനസില്‍ ഭീതിയുണരുക സ്വാഭാവികം മാത്രം. എന്നാല്‍, മനുഷ്യനോ മറ്റു ജീവികള്‍ക്കോ ഒരു പ്രശ്നവുമില്ലാതെ വായുവിലൂടെ സുരക്ഷിതമായി വൈദ്യുതി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ ഒരു മാര്‍ഗ്ഗം തെളിഞ്ഞാലോ? ലാപ്ടോപ്പുകളും മൊബെയില്‍ ഫോണുകളും എംപി-3 പ്ലേയറുകളും കേബിളുപയോഗിച്ച്‌ പ്ലഗ്ഗുകളുമായി ബന്ധിപ്പിക്കാതെ ചാര്‍ജ്ജുചെയ്യാനാകും എന്നു വന്നാലോ? വൈദ്യുതിയുടെ കണ്ടുപിടിത്തം പോലെ തന്നെ മറ്റൊരു വിപ്ലവമായിരിക്കും അത്‌. അത്തരമൊരു വൈദ്യുതവിതരണമാര്‍ഗ്ഗം സൃഷ്ടിക്കാന്‍ ഉപായം കണ്ടെത്തിയിരിക്കുകയാണ്‌ ഒരുസംഘം അമേരിക്കന്‍ ഗവേഷകര്‍.

1831-ല്‍ മൈക്കല്‍ ഫാരഡെ ഡൈനാമോ കണ്ടുപിടിച്ച കാലത്തു തന്നെ വയറും കേബിളുമില്ലാതെ വൈദ്യുതി പ്രവഹിപ്പിക്കുന്നതിനെക്കുറിച്ച്‌ ചില ആശയങ്ങള്‍ ഗവേഷകര്‍ക്കുണ്ടായിരുന്നു. ഒരു ലോഹവയറിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍, അതിന്‌ തൊട്ടടുത്തുള്ള വയറില്‍ പ്രേരിതവൈദ്യുതി(secondary current)യുണ്ടാകുന്ന കാര്യമാണത്‌. വൈദ്യുതമോട്ടോറുകള്‍ മുതല്‍ ട്രാന്‍സ്ഫോര്‍മറുകള്‍ വരെയുള്ളവ പ്രവര്‍ത്തിക്കുന്നത്‌ ഈ തത്വമനുസരിച്ചാണ്‌. പക്ഷേ, പ്രേരിതവൈദ്യുതിയുടെ കുഴപ്പം അത്‌ എല്ലാ ദിശയിലേക്കും പ്രവഹിക്കും എന്നതാണ്‌. കുറച്ചു ദൂരം എത്തുമ്പോള്‍ തന്നെ വൈദ്യുതോര്‍ജ്ജം മുഴുവന്‍ നഷ്ടപ്പെടും. മേല്‍പ്പറഞ്ഞ തത്വം പ്രാവര്‍ത്തികമാക്കാന്‍ വയറുകള്‍ തമ്മില്‍ തൊട്ടടുത്ത്‌ സ്ഥിതിചെയ്യേണ്ടി വരുന്നത്‌ അതുകൊണ്ടാണ്‌. എന്നാല്‍, വയറില്ലാതെ വായുവിലൂടെ വൈദ്യുതി ലക്ഷ്യസ്ഥാനത്തെത്തിക്കുകയെന്ന പ്രശ്നത്തിന്‌, ഇപ്പോള്‍ ഒരു പ്രായോഗിക പരിഹാരവുമായി മുന്നോട്ടു വന്നിരിക്കുകയാണ്‌ മസാച്യൊാസ്റ്റ്സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്നോളജി(MIT)യിലെ പ്രൊഫ. മറിന്‍ സോള്‍ജാസികും സംഘവും.

'അനുനാദം'(resonance) എന്ന പ്രതിഭാസത്തിന്റെ സാധ്യതയുപയോഗിച്ച്‌ വൈദ്യുതകാന്തിക വികിരണരൂപത്തില്‍ വൈദ്യുതിയെ വായുവിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള മാര്‍ഗ്ഗമാണ്‌ ഈ സംഘം ആവിഷ്കരിച്ചത്‌. ഒരു പ്രത്യേക ആവര്‍ത്തി(frequency)യില്‍ ഊര്‍ജ്ജം ചെലുത്തുമ്പോള്‍ ഒരു വസ്തു കമ്പനം(vibration) ചെയ്യാനിടയാക്കുന്ന പ്രതിഭാസമാണ്‌ അനുനാദം. സംഗീതോപകരണങ്ങളില്‍ ഈ പ്രതിഭാസം സര്‍വസാധാരണമാണ്‌. ഒന്നില്‍ ഒരു പ്രത്യേക ഈണം മീട്ടുമ്പോള്‍, അതേ ശബ്ദാനുനാദമുള്ള മറ്റൊരു സംഗീതോപകരണം ആ ഈണം ആവാഹിച്ചെടുത്ത്‌ കമ്പനം ചെയ്യാനാരംഭിക്കും. ഇത്തരം ശബ്ദകമ്പനങ്ങള്‍ക്കു പകരം, വൈദ്യുതകാന്തികതരംഗങ്ങളുടെ അനുനാദം പ്രയോജനപ്പെടുത്താനുള്ള മാര്‍ഗ്ഗമാണ്‌ എം.ഐ.ടി.സംഘത്തിന്റേത്‌. ഒരേ ആവര്‍ത്തിയുള്ള രണ്ട്‌ അനുനാദവസ്തുക്കളുണ്ടെങ്കില്‍ അവ പരസ്പരം വളരെ ശക്തമായി ബന്ധപ്പെടും-പ്രൊഫ. സോള്‍ജാസിക്‌ പറയുന്നു.

റേഡിയോ തരംഗങ്ങളും ഇന്‍ഫ്രാറെഡ്‌ കിരണങ്ങളും എക്സ്‌-കിരണങ്ങളുമെല്ലാം വൈദ്യുതകാന്തികവികിരണങ്ങളാണെങ്കിലും, അവയെ സംപ്രേക്ഷണം ചെയ്യാനുപയോഗിക്കുന്ന റേഡിയോ ആന്റീനകള്‍ വൈദ്യുതി പ്രവഹിപ്പിക്കാന്‍ യോഗ്യമല്ല. കാരണം, അത്തരം ആന്റീനകള്‍ എല്ലാഭാഗത്തേക്കും വൈദ്യുതി പ്രസരിപ്പിക്കും. വന്‍ ഊര്‍ജ്ജനഷ്ടമാവും ഫലം. ഇതിന്‌ പരിഹാരമെന്ന നിലയില്‍, വൈദ്യുതകാന്തികതരംഗങ്ങളിലെ 'വൈദ്യുത'ഭാഗത്തിന്‌ പകരം 'കാന്തിക'ഭാഗം (non-radiative part) വഴി ഊര്‍ജ്ജവിതരണം സാധ്യമാക്കുന്ന രീതിയാണ്‌ പ്രൊഫ. സോള്‍ജാസികും സംഘവും മുന്നോട്ടുവെച്ചിരിക്കുന്നത്‌. വൈദ്യുതമണ്ഡലത്തെ അപേക്ഷിച്ച്‌ കാന്തികമണ്ഡലം വസ്തുക്കളുമായി, പ്രത്യേകിച്ചും മനുഷ്യരടക്കമുള്ള ജീവികളുമായി, വളരെക്കുറച്ചു മാത്രമേ പ്രതികരിക്കാറുള്ളൂ. അതിനാല്‍, പുതിയ രീതിയിലുള്ള വൈദ്യുതിപ്രവാഹം താരതമ്യേന സുരക്ഷിതമായിരിക്കും.

വൈദ്യുതകാന്തികതരംഗത്തിലെ കാന്തികഭാഗത്തിന്‌ പ്രാമുഖ്യം നല്‍കുന്ന അനുനാദസ്വഭാവമുള്ള വസ്തുവിലൂടെ വൈദ്യുതി കടത്തിവിടുമ്പോള്‍, അത്‌ വായുവിലേക്ക്‌ നഷ്ടപ്പെടില്ല. പകരം ഒരു ഊര്‍ജ്ജ'വാല്‍' പോലെ വസ്തുവിന്റെ അഗ്രത്ത്‌ ഞാന്നു കിടക്കും. ഇങ്ങനെയുള്ള ഊര്‍ജ്ജവാലിന്‌ മീറ്ററുകളോളം നീളമുണ്ടായിരിക്കും. ആ വസ്തുവിന്റെ അതേ ആവൃത്തിയുള്ള മറ്റൊരു അനുനാദവസ്തുവിനെ ഊര്‍ജ്ജവാലിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവന്നാല്‍, വൈദ്യുതോര്‍ജ്ജം അതിലേക്ക്‌ സുഗമമായി പ്രവഹിക്കും-പ്രൊഫ. സോള്‍ജാസിക്‌ പറയുന്നു. സുസ്ഥിര അനുനാദസ്വഭാവത്തോടുകൂടി രൂപകല്‍പ്പന ചെയ്ത ചെമ്പുകൊണ്ടുള്ള ആന്റീന മുറിയുടെ മേല്‍ത്തട്ടില്‍ വൈദ്യുതവിതരണ ശൃംഗലയുമായി ബന്ധിപ്പിച്ച നിലയില്‍ പതിപ്പിച്ചിരുന്നാല്‍, ആ മുറിയിലിരിക്കുന്ന ഒരു ലാപ്ടോപ്പിലെ അതേ ആവര്‍ത്തിയുള്ള ആന്റിനയിലേക്ക്‌ വൈദ്യുതി ഒഴുക്കാന്‍ കഴിയും; വയറോ കേബിളോ വേണ്ട.

6.4 മെഗാഹെര്‍ട്ട്സ്‌(Mhz) ആവര്‍ത്തി അനുനാദമുള്ള ചെമ്പ്‌ ആന്റിനയില്‍ നിന്നുള്ള തരംഗങ്ങള്‍, അതേ ആവര്‍ത്തിയുള്ള ലാപ്ടോപ്‌ ആന്റിന ആഗിരണം ചെയ്യും. ലാപ്ടോപ്പിലെ ബാറ്ററി റീചാര്‍ജ്ജ്‌ ചെയ്യപ്പെടും. മനുഷ്യരോ മറ്റു വസ്തുക്കളോ 6.4 Mhz ആവര്‍ത്തിയില്‍ കമ്പനം ചെയ്യാത്തതിനാല്‍ ഊര്‍ജ്ജപ്രവാഹം അവയെ ബാധിക്കുകയുമില്ല. കമ്പ്യൂട്ടര്‍ അക്ഷരാര്‍ത്ഥത്തില്‍ 'വയര്‍ലസ്‌ '(wireless) ആകും. വൈദ്യുതി അതിന്റെ ലക്ഷ്യസ്ഥാനത്തെത്തുന്നില്ലെങ്കില്‍, നഷ്ടപ്പെടാതെ തിരികെ ഉറവിടത്തിലേക്കു തന്നെ മടങ്ങും. അഞ്ചുമീറ്റര്‍ വരെ ഇങ്ങനെ വയര്‍ലസ്‌ വൈദ്യുതി എത്തിക്കാനാകുമെന്ന്‌ ഗവേഷകര്‍ പറയുന്നു. സാന്‍ഫ്രാന്‍സിസ്കോയില്‍ നടന്ന അമേരിക്കന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഫിസിക്സിന്റെ ഇന്‍ഡസ്ട്രിയല്‍ ഫിസിക്സ്‌ ഫോറത്തിലാണ്‌ പ്രൊഫ. സൊല്‍ജാസിക്‌ ഈ മാര്‍ഗ്ഗം അവതരിപ്പിച്ചത്‌. പ്രായോഗികമായി ഇതുവരെ പരീക്ഷിച്ചിട്ടില്ലെങ്കിലും, കമ്പ്യൂട്ടര്‍ മാതൃകകളും ഗണിതസമീകരണങ്ങളും പുതിയ രീതിയെ ശക്തമായി പിന്തുണയ്ക്കുന്നതായി ഗവേഷകര്‍ പറയുന്നു.

വൈദ്യുതകാന്തികതരംഗങ്ങളുടെ രൂപത്തില്‍ വൈദ്യുതി വിതരണം നടത്താന്‍ ആദ്യം നടക്കുന്ന ശ്രമമല്ല എം.ഐ.ടി.സംഘത്തിന്റേത്‌. പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിക്കോള ടെല്‍സയെന്ന എഞ്ചിനിയര്‍ ഈ ദിശയില്‍ ഒരു വന്‍ശ്രമം തന്നെ നടത്തുകയുണ്ടായി. വയറില്ലാതെയുള്ള വൈദ്യുതിവിതരണത്തിന്‌ ന്യൂയോര്‍ക്കില്‍ 29 മീറ്റര്‍ ഉയരമുള്ള ടവര്‍ പോലും നിര്‍മിച്ചു. 'വാര്‍ഡെന്‍ക്ലിഫ്‌ ടവര്‍' എന്നറിയപ്പെട്ട ആ ഗോപുരം നിര്‍മിച്ചതോടെ, കൈയിലുള്ള കാശു മുഴുവന്‍ തീര്‍ന്ന്‌ പാപ്പരായ ടെല്‍സ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. ലേസറുകളുടെ സഹായത്തോടെ വൈദ്യുതി വിതരണം ചെയ്യാന്‍ നടന്ന ശ്രമങ്ങളും വിജയിച്ചില്ല. എന്നാല്‍, പുതിയ മാര്‍ഗ്ഗം ഇത്രകാലവും പരീക്ഷിച്ചവയെക്കാളൊക്കെ പ്രായോഗികക്ഷമതയുള്ളതാണെന്ന്‌ വിദഗ്ധര്‍ പറയുന്നു.
-ജോസഫ്‌ ആന്റണി

Tuesday, November 28, 2006

ദിനോസറുകള്‍ക്ക്‌ സംഭവിച്ചത്‌

ഭൂമുഖത്ത്‌ ദിനോസറുകള്‍ എങ്ങനെയാണ്‌ വംശമറ്റു പോയത്‌. ആറരക്കോടി വര്‍ഷം വരെ ഇവിടെ ആധിപത്യം സ്ഥാപിച്ചിരുന്ന ദിനോസറുകള്‍ എങ്ങനെ ഇല്ലാതായി എന്നതിന്‌ ഇന്നു ലഭിച്ചിട്ടുള്ള ഉത്തരം, ഗവേഷകരായിരുന്ന ഒരു പുത്രന്റെയും പിതാവിന്റെയും ശ്രമത്തിന്റെ ഫലമാണ്‌

റരകോടിവര്‍ഷം മുമ്പു വരെ ഭൂമിയില്‍ ദിനോസറുകളുടെ ആധിപത്യമായിരുന്നു. പെട്ടന്നവ അന്യം നിന്നു. എന്തുകൊണ്ടത്‌ സംഭവിച്ചുവെന്നത്‌ ദുരൂഹമായിരുന്നു; സമീപകാലം വരെയും. അഗ്നിപര്‍വ്വത സ്ഫോടനങ്ങള്‍ മൂലം ക്രമേണയുണ്ടായ നാശം എന്നായിരുന്നു പ്രബല വാദഗതി. അതിന്‌ പക്ഷേ, തെളിവുകളുടെ പിന്‍ബലം ലഭിച്ചില്ല. 1970-കളുടെ അവസാനം ആണവശാസ്ത്രജ്ഞനായ ഒരു പിതാവും അദ്ദേഹത്തിന്റെ ഭൗമശാസ്ത്രജ്ഞനായ പുത്രനും ചേര്‍ന്ന്‌ ഈ സങ്കീര്‍ണ്ണപ്രശ്നത്തിന്‌ ഉത്തരം കണ്ടെത്തി. ബെര്‍ക്കലിയില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ വാള്‍ട്ടര്‍ അല്‍വാരസാണ്‌ ആ പുത്രന്‍. നോബല്‍ സമ്മാന ജേതാവായ ലൂയിസ്‌ അല്‍വാരസ്‌ പിതാവും. ഒരു ഭീമന്‍ ക്ഷുദ്രഗ്രഹമോ വാല്‍നക്ഷത്രമോ ഭൂമിയില്‍ വന്നിടിച്ചതിന്റെ അനന്തരഫലമാണ്‌ ദിനോസറുകളുടെ ഉന്‍മൂലനം എന്നവര്‍ സമര്‍ത്ഥിച്ചു. ചില ഭൗമശാസ്ത്രജ്ഞര്‍ ഇപ്പോഴും ഈ സിദ്ധാന്തം പൂര്‍ണമായി അംഗീകരിക്കുന്നില്ല. എങ്കിലും, ഡിസര്‍ട്ട്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ഇത്തവണത്തെ വെള്ളി മെഡല്‍ വാള്‍ട്ടര്‍ അല്‍വാരസിന്‌ നല്‍കുക വഴി, ദിനോസര്‍ സിദ്ധാന്തത്തിന്‌ അംഗീകാരം നല്‍കിയിരിക്കുകയാണ്‌ ശാസ്ത്രലോകം.

1970-കളിലാണ്‌ ഈ സിദ്ധാന്തത്തിലേക്കു നയിച്ച കണ്ടെത്തലിന്റെ തുടക്കം. ദിനോസറുളുടെ അന്ത്യകാലമായ ലേറ്റ്‌ കൃറ്റേഷ്യസ്‌ യുഗത്തെപ്പറ്റി പഠിക്കാന്‍ ഇറ്റലിയിലെത്തിയതായിരുന്നു ഭൗമഗവേഷകനായ വാള്‍ട്ടര്‍ അല്‍വാരസ്‌. മധ്യഇറ്റലിയില്‍ ഗുബ്ബിയോയിലെ ചുണ്ണാമ്പുപാറകളിലെ വ്യത്യസ്ത അടരുകള്‍ നിരീക്ഷിക്കുമ്പോള്‍ കൗതുകമുണര്‍ത്തുന്ന ഒന്ന്‌ വാള്‍ട്ടറിന്റെ ശ്രദ്ധയില്‍ പെട്ടു. ദിനോസറുകളുടെ കാലമായ കൃറ്റേഷ്യസ്‌ യുഗത്തിനും സസ്തനികളുടെ ആധിപത്യം ആരംഭിച്ച 'ടെര്‍ഷ്യറി' കാലഘട്ടത്തിനും മധ്യേ രൂപപ്പെട്ട വിചിത്രമായ ഒരു കളിമണ്‍പാളി. കനം വെറും ആറുമില്ലിമീറ്റര്‍. 'കെ-ടി ബൗണ്ടറി'യെന്നറിയെന്ന്‌ പിന്നീട്‌ അറിയപ്പെട്ട ആ കളിമണ്‍പാളി സാധാരണഗതിയില്‍ അവഗണിക്കപ്പെടേണ്ടതായിരുന്നു. പക്ഷേ, വാള്‍ട്ടര്‍ അതെപ്പറ്റി ആണവശാസ്ത്രജ്ഞനായ പിതാവ്‌ ലൂയിസുമായി ചര്‍ച്ച ചെയ്തു. എന്തുകൊണ്ട്‌ ആ കളിമണ്‍പാളിക്ക്‌ ഇരുവശത്തും വളരെ വ്യത്യസ്തമായ ഫോസിലുകള്‍ കാണപ്പെടുന്നു? ദിനോസറുകളുടെ ഫോസിലുകള്‍ കൃറ്റേഷ്യസ്‌ യുഗത്തിന്‌ ഇപ്പുറത്തേക്കു വരാത്തതെന്താണ്‌? ഭൂമുഖത്തെ പല ഭാഗങ്ങളിലെയും ശിലാപാളികളില്‍ സമാനമായ കളിമണ്‍ അടര്‌ കാണപ്പെട്ടത്‌, അതെപ്പറ്റി കൂടുതല്‍ അന്വേഷിക്കാന്‍ ആല്‍വാരസുമാരെ പ്രേരിപ്പിച്ചു.

തന്റെ സുഹൃത്തും ആണവശാസ്ത്രജ്ഞനുമായ ഫ്രാങ്ക്‌ അസാരോ കളിമണ്ണിന്റെ രാസഉള്ളടക്കം കണ്ടെത്താന്‍ പുതിയൊരു വിശകലന മാര്‍ഗ്ഗം കണ്ടെത്തിയ കാര്യം ലൂയിസിനറിയാമായിരുന്നു. അച്ഛനും മകനും കൂടി 1978-ല്‍ ഒരു ദിവസം കാലിഫോര്‍ണിയോയിലെ ലോറന്‍സ്‌ ബര്‍ക്കലീ ലാബൊറട്ടറിയിലെത്തി അസാരോയെ കണ്ടു. കളിമണ്‍പാളിയെ പരിശോധിച്ചപ്പോള്‍ ഫലം അപ്രതീക്ഷിതമായിരുന്നു. കളിമണ്‍ പാളിയില്‍ ഇറിഡിയം(ശൃശറശൗാ‍) മൂലകത്തിന്റെ സാന്നിധ്യം, സാധാരണയിലും 300 മടങ്ങ്‌ കൂടുതല്‍! വാല്‍നക്ഷത്രങ്ങളിലും മറ്റ്‌ സൗരയൂഥ ഭാഗങ്ങളിലുമല്ലാതെ, ഭൗമോപരിതലത്തില്‍ ഇത്രയുമധികം ഇറിഡിയം ഉണ്ടാവുക അസാധ്യം. മാത്രമല്ല, ആ പാളിയുടെ പ്രായം ആറരകോടി വര്‍ഷവും. അങ്ങനെയാണ്‌, അച്ഛനും മകനും ചേര്‍ന്ന്‌ പ്രശസ്തമായ തങ്ങളുടെ 'ദിനോസര്‍ സിദ്ധാന്തം' രൂപപ്പെടുത്തിയത്‌.

ആറര കോടി വര്‍ഷം മുമ്പ്‌ ഏതാണ്ട്‌ പത്തുകിലോമീറ്റര്‍ വ്യാസമുള്ള ഒരു ക്ഷുദ്രഗ്രഹം (അല്ലെങ്കില്‍ വാല്‍നക്ഷത്രം), സെക്കന്‍ഡില്‍ 30 കിലോമീറ്റര്‍ വേഗത്തില്‍ മെക്സിക്കോയിലെ യുകറ്റാന്‍ ഉപദ്വീപില്‍ പതിച്ചുവെന്നാണ്‌ സിദ്ധാന്തം പറയുന്നത്‌. മാരകപ്രഹരശേഷിയായിരുന്നു അതിന്റേത്‌. ഭൂമുഖത്തുള്ള മുഴുവന്‍ ആണവായുധങ്ങളുടെയും സംഹാരശേഷിയുടെ പതിനായിരം മടങ്ങ്‌. ഒരു തരം 'മഹാവിസ്ഫോടനം'. മെക്സിക്കന്‍ കടലിടുക്കില്‍ അന്നുവരെയുണ്ടാകാത്ത തരത്തില്‍ സുനാമിയുണ്ടായി; ഒരുപക്ഷേ ഒരു കിലോമീറ്റര്‍ ഉയരത്തില്‍! ആ കൂട്ടിയിടിയില്‍ ഉയര്‍ന്ന പൊടിപടലങ്ങളും അവശിഷ്ടങ്ങളും അന്തരീക്ഷമാകെ നിറഞ്ഞു. ഭൂമി വര്‍ഷങ്ങളോളം ഇരുണ്ടു നിലകൊണ്ടു. അന്തരീക്ഷതാപനില താണു. ഹിമയുഗത്തിന്റെ വരവായി. ദിനോസറുകളടക്കം അന്ന്‌ ഭൂമുഖത്തുണ്ടായിരുന്നതില്‍ 85 ശതമാനം ജീവജാലങ്ങളും ഉന്‍മൂലനം ചെയ്യപ്പെട്ടു. അന്തരീക്ഷത്തില്‍ ഉയര്‍ന്ന ആ ക്ഷുദ്രഗ്രഹ പൊടിപടലം വര്‍ഷങ്ങള്‍ കൊണ്ട്‌ ഭൂമിയില്‍ പതിച്ചുണ്ടായതാണ്‌, തങ്ങളെ അത്ഭുതപ്പെടുത്തിയ കളിമണ്‍പാളിയെന്ന്‌ 1980-ല്‍ 'സയന്‍സ്‌' വാരികയില്‍ പ്രസിദ്ധപ്പെടുത്തിയ റിപ്പോര്‍ട്ടില്‍ അല്‍വാരസ്മാര്‍ പറഞ്ഞു.

പക്ഷേ, ഭൗമശാസ്ത്രജ്ഞന്‍മാര്‍ ഈ സിദ്ധാന്തത്തിനെതിരെ കടുത്ത എതിര്‍പ്പാണ്‌ ഉയര്‍ത്തിയത്‌. ആറരക്കോടി വര്‍ഷം മുമ്പ്‌ ഭീമമായ കൂട്ടിയിടിയുണ്ടായെങ്കില്‍, അതിന്റെ അടയാളം ഭൂമുഖത്ത്‌ കാണേണ്ടതല്ലേ. അത്തരമൊന്ന്‌ കാണാത്തിടത്തോളം കാലം അല്‍വാരസുമാരുടെ സിദ്ധാന്തത്തിന്‌ സാധുതയില്ലെന്നവര്‍ വാദിച്ചു. മാത്രമല്ല, അത്തരമൊരു ഭീമന്‍ കൂട്ടിയിടി സാധ്യമാണോയെന്നും സന്ദേഹികള്‍ ചോദിച്ചു. 1990-ല്‍ അരിസോണ സര്‍വകലാശാലയിലെ അലന്‍ ഹിദെബ്രാന്‍ഡ്‌ എന്ന ഗവേഷകന്‍, ഒരു പത്രപ്രവര്‍ത്തകന്‍ നല്‍കിയ സൂചനയുടെ സഹായത്തോടെ, മെക്സിക്കോയില്‍ യുകറ്റാന്‍ ഉപദ്വീപിലുള്ള 'ചിക്സുലബ്‌ ക്രാറ്റര്‍' കണ്ടെത്തി. 193 കിലോമീറ്റര്‍ വരെ വിസ്തൃതിയിലും 48 കിലോമീറ്റര്‍ ആഴത്തിലുമുള്ള ആ പടുകൂറ്റന്‍ ക്രാറ്ററിന്റെ പ്രായം ആറരകോടി വര്‍ഷമാണെന്നു തെളിഞ്ഞതോടെ അല്‍വാരസുമാരുടെ സിദ്ധാന്തത്തിന്‌ വ്യക്തമായ തെളിവായി. ആഘാതഫലമായുണ്ടായ പടുകൂറ്റന്‍ സുനാമിയുടെ തെളിവും അതിനിടെ ഗവേഷകര്‍ക്ക്‌ ലഭിച്ചു.

1994-ല്‍ വ്യാഴഗ്രഹവുമായി 'ഷൂമാക്കര്‍-ലെവി-9'യെന്ന വാല്‍നക്ഷത്രം വന്നിടിച്ചതിന്റെ വിശദാംശങ്ങള്‍ ഹബ്ബിള്‍ ടെലിസ്കോപ്പ്‌ ശേഖരിച്ചതോടെ, അല്‍വാരസുമാരുടെ സിദ്ധാന്തത്തില്‍ അവശേഷിച്ചിരുന്ന സംശയങ്ങള്‍ക്കും നില്‍ക്കക്കള്ളിയില്ലതായി. 'കെ-ടി ബൗണ്ടറി'യില്‍ കാണപ്പെടുന്ന അവശിഷ്ടങ്ങളിലെ ഹീലിയം ഐസോടോപ്പുകളെ, 2001-ല്‍ കാലിഫോര്‍ണിയ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്നോളജി(കാല്‍ടെക്‌)യിലെ ഗവേഷകര്‍ വിശകലനം ചെയ്തു. 6.5 കോടി വര്‍ഷം മുമ്പുണ്ടായ ആ ഭീമന്‍ കൂട്ടിയിടിയുടെ സ്വാധീനം ഭൗമകാലാവസ്ഥയില്‍ പതിനായിരം വര്‍ഷം നിലനിന്നു എന്നാണ്‌ ഗവേഷകര്‍ക്ക്‌ കണ്ടെത്തിയത്‌. ഇപ്പോഴിതാ, സിദ്ധാന്തം പ്രസിദ്ധീകരിച്ച്‌ കാല്‍ നൂറ്റാണ്ടിന്‌ ശേഷം ഡിസര്‍ട്ട്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ അംഗീകാരവും. പക്ഷേ, തങ്ങളുടെ സിദ്ധാന്തം സാധൂക രിക്കപ്പെടുന്നതു കാണാന്‍ ലൂയിസ്‌ അല്‍വാരസിന്‌ ഭാഗ്യമുണ്ടായില്ല. അദ്ദേഹം 1988-ല്‍ അന്തരിച്ചു.
-ജോസഫ്‌ ആന്റണി

Saturday, November 25, 2006

ആമവാതത്തിന്‌ പ്രകൃതിയില്‍ നിന്ന്‌ മരുന്ന്‌

ലക്ഷക്കണക്കിനാളുകള്‍ക്ക്‌ തീരാവേദന സമ്മാനിക്കുന്ന ആമവാതം(റുമാറ്റോയ്ഡ്‌ ആര്‍ത്രൈറ്റിസ്‌) പോലുള്ള പ്രതിരോധവൈകല്യ രോഗങ്ങള്‍ക്ക്‌ പ്രകൃതിയില്‍ നിന്ന്‌ പ്രതിവിധിയെത്തുന്നു

മവാതം, ടൈപ്പ്‌-ഒന്ന്‌ പ്രമേഹം പോലുള്ള പ്രതിരോധവൈകല്യരോഗങ്ങള്‍ക്ക്‌ പ്രതിവിധിയായേക്കാവുന്ന രണ്ട്‌ രാസവസ്തുക്കള്‍ അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്‌. ഒരിനം കടല്‍ച്ചൊറിയില്‍ നിന്നും, ബ്രഹ്മിയുടെ വര്‍ഗ്ഗത്തില്‍ പെട്ട ചെറുചെടിയില്‍ നിന്നും വേര്‍തിരിച്ചെടുത്ത രാസവസ്തുക്കളാണ്‌ പുതിയ പ്രതീക്ഷയാകുന്നത്‌. വൈദ്യശാസ്ത്രത്തിന്‌ ഇനിയും കീഴടങ്ങാത്ത പല രോഗങ്ങള്‍ക്കും പ്രകൃതയില്‍ നിന്നാകാം പ്രതിവിധി ലഭിക്കുകയെന്ന കാര്യം അടിവരയിട്ടുറപ്പിക്കുന്നതാണ്‌ ഈ കണ്ടുപിടിത്തം.

ശരീരത്തെ രോഗാണുക്കളില്‍ നിന്നും അര്‍ബുദബാധയില്‍ നിന്നും സംരക്ഷിക്കുന്ന ചുമതലയാണ്‌ പ്രതിരോധസംവിധാനത്തിനുള്ളത്‌. രക്തത്തിലെ ശ്വേതരക്താണുക്കളായ ടി-കോശങ്ങളാണ്‌ പ്രതിരോധസംവിധാനത്തിലെ സൈനികര്‍. ചിലസന്ദര്‍ഭത്തില്‍ ഈ കോശങ്ങളില്‍ ഒരുഭാഗം ശരീരത്തെ ശത്രുവെന്ന്‌ തെറ്റിദ്ധരിച്ച്‌ തിരിച്ച്‌ ആക്രമിക്കും. ജനിതകമോ പാരിസ്ഥിതികമോ ആയ കാരണങ്ങളാല്‍ ഇത്‌ സംഭവിക്കാം. ആമവാതം, ടൈപ്പ്‌-ഒന്ന്‌ പ്രമേഹം(ജുവനെയില്‍ ഡയബറ്റിസ്‌) എന്നിവയൊക്കെ പ്രതിരോധസംവിധാനത്തിന്റെ ഈ വൈകല്യം മൂലമുണ്ടാകുന്ന രോഗങ്ങളാണ്‌. 'ഓട്ടോഇമ്യൂണ്‍ രോഗങ്ങള്‍' എന്നറിയപ്പെടുന്ന ഇവയ്ക്ക്‌ പ്രതിവിധി കണ്ടെത്താന്‍ വൈദ്യശാസ്ത്രത്തിന്‌ ഇതുവരെ കഴിഞ്ഞിട്ടില്ല.

ശരീരത്തെ ആക്രമിക്കുന്ന വികലപ്രതിരോധകോശങ്ങളെ നിര്‍വീര്യമാക്കുന്ന രാസവസ്തുക്കളാണ്‌ ഗവേഷകര്‍ കണ്ടെത്തിയത്‌. ഇര്‍വിനില്‍ കാലിഫോര്‍ണിയാ സര്‍വകലാശാലയിലെ ജോര്‍ജ്ജ്‌ ചാണ്ടി, ക്രിസ്റ്റിന്‍ ബീറ്റോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ്‌ കണ്ടെത്തലിന്‌ പിന്നില്‍. മനുഷ്യരിലും എലികളിലും ഈ രാസവസ്തുക്കള്‍ ഉപയോഗിച്ചു നടത്തിയ പരീക്ഷണം പ്രതീക്ഷ നല്‍കുന്നതായി ഗവേഷകര്‍ പറയുന്നു. ക്യൂബന്‍ കടല്‍ച്ചൊറി(സീ ആനിമോണ്‍)യില്‍ നിന്നു വേര്‍തിരിച്ചെടുത്ത 'എസ്‌.എല്‍-5' എന്ന രാസവസ്തുവും, ബ്രഹ്മിയുടെ വര്‍ഗ്ഗത്തില്‍ പെട്ട ചെടി(റൂള്‍ ചെടി)യില്‍ നിന്നുള്ള 'പി.എ.പി-1' എന്നതുമാണ്‌ ചികിത്സയ്ക്കുപയോഗിച്ച രാസവസ്തുക്കള്‍.

വികലപ്രതിരോധകോശങ്ങള്‍ ശരീരത്തിന്റെ സന്ധികളെ ആക്രമിക്കുന്നതാണ്‌ ആമവാതത്തിന്‌ കാരണം. സന്ധികളില്‍ വീക്കവും കഠിനമായ വേദനയും വൈകല്യവുമൊക്കെയുണ്ടാകാന്‍ ഇതു കാരണമാകും. ഇത്തരത്തില്‍ ഹൃദയപേശികള്‍ ആക്രമിക്കപ്പെട്ടാല്‍ മരണം വരെ സംഭവിക്കാം. പാന്‍ക്രിയാസിലെ കോശങ്ങള്‍ ഇത്തരത്തില്‍ തെറ്റായി ആക്രമിക്കപ്പെട്ട്‌ നശിക്കുന്നതിന്റെ ഫലമാണ്‌ 'ടൈപ്പ്‌-ഒന്ന്‌ പ്രമേഹം'. പ്രതിരോധകോശങ്ങളെ ആക്രമണകാരികളാക്കുന്ന ഒരു 'അയണ്‍ചാനല്‍' കണ്ടുപിടിക്കപ്പെട്ടിട്ടുണ്ട്‌. ആ ചാനല്‍ തടസ്സപ്പെടുത്തുക വഴി ഈ വികലകോശങ്ങളെ നിര്‍വീര്യമാക്കുകയാണ്‌ രണ്ട്‌ രാസവസ്തുക്കളും ചെയ്യുക. അത്ഭുതശേഷിയുള്ള ഇത്തരം ഒട്ടേറെ രാസവസ്തുക്കള്‍ പ്രകൃതിയില്‍ ഇനിയും അവശേഷിക്കുന്നുണ്ട്‌. ഭൂമുഖത്തെ ജൈവവൈവിധ്യം നശിക്കാതെ കാക്കേണ്ടതിന്റെ പ്രാധാന്യമാണ്‌ ഈ പഠനം വ്യക്തമാക്കുന്നതെന്ന്‌ ഗവേഷകര്‍ പറയുന്നു(അവലംബം: പ്രോസെഡിങ്ങ്സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്സ്‌).

Thursday, November 23, 2006

കാഴ്ചാലയം

കൂത്താട്ടുകുളത്തെ 'ശ്രീധരീയം' ആരംഭിച്ചത്‌ നേത്രരോഗങ്ങള്‍ക്ക്‌ ആയുര്‍വേദത്തില്‍ ചികിത്സയുണ്ടെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടെയാണ്‌. വെളിച്ചത്തിന്റെ ലോകം നഷ്ടമാകുന്ന ആയിരങ്ങള്‍ക്ക്‌ അവസാനത്തെ അത്താണിയാണ്‌ ഇപ്പോള്‍ ഈ നേത്രാസ്പത്രി. ചികിത്സയില്ലെന്നു പറഞ്ഞ്‌ ആധുനികവൈദ്യശാസ്ത്രം കൈയൊഴിഞ്ഞ പല രോഗങ്ങള്‍ക്കും ശ്രീധരീയത്തില്‍ പ്രതിവിധിയുണ്ട്‌.

ഇന്റര്‍നെറ്റിലെ ഗൂഗിളില്‍ പോയി 'റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ'(ആര്‍.പി) എന്ന നേത്രരോഗത്തെപ്പറ്റി സേര്‍ച്ച്‌ ചെയ്തു നോക്കിയാല്‍ 11.3 ലക്ഷം ഫലങ്ങള്‍ മുമ്പിലെത്തും. ജനിതകത്തകരാര്‍ മൂലമുണ്ടാകുന്ന ഈ അസുഖം, ആദ്യം നിശാന്ധതയായി തുടങ്ങി ക്രമേണ കാഴ്ച പൂര്‍ണമായി അപഹരിക്കുന്ന ഒന്നാണെന്ന്‌, ആ സേര്‍ച്ച്ഫലങ്ങളിലെല്ലാം പലവിധത്തില്‍ വിവരിച്ചിട്ടുണ്ടാകും. ഒരു പ്രായം വരെ നല്ല കാഴ്ചയുണ്ടായിരുന്ന വ്യക്തി, സാവധാനത്തില്‍ അന്ധതയുടെ ലോകത്ത്‌ അകപ്പെടുക; അതാണ്‌ സംഭവിക്കുന്നത്‌. ഈ രോഗത്തെക്കുറിച്ച്‌ വ്യത്യസ്ത വിവരണങ്ങള്‍ നല്‍കുന്ന സേര്‍ച്ച്ഫലങ്ങളെല്ലാം പക്ഷേ, ഒരു കാര്യത്തില്‍ യോജിക്കുന്നു; ചികിത്സയുടെ കാര്യം പറയുന്നിടത്ത്‌. ആര്‍.പി. എന്ന നേത്രരോഗത്തിന്‌ ഒരു ചികിത്സയും നിലവിലില്ല എന്ന്‌ അവയെല്ലാം ആവര്‍ത്തിക്കുന്നു. ജീന്‍ തെറാപ്പി, വിത്തുകോശചികിത്സ തുടങ്ങിയവ ഭാവിയില്‍ രംഗത്തെത്തിയേക്കാമെന്ന ആശ്വാസവാചകങ്ങളും ആ വിവരണങ്ങളിലുണ്ടാകും.

സേര്‍ച്ചിങ്ങിന്‌ ശേഷമാണ്‌ സഞ്ജയ്‌ മോഡിയുടെ അനുഭവ വിവരണം കേട്ടിരുന്നതെങ്കില്‍, മനസ്‌ ഒരുപക്ഷേ അത്ഭുതം കൊണ്ട്‌ നടുങ്ങിയേനെ. എറണാകുളത്തുനിന്ന്‌ 48 കിലോമീറ്റര്‍ അകലെ കൂത്താട്ടുകുളത്തെ 'ശ്രീധരീയം ആയുര്‍വേദ ഐ ഹോസ്പിറ്റല്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ സെന്ററി'ല ഇരുന്നൂറ്റി അറുപത്തിയാറാം നമ്പര്‍ മുറിയില്‍ വെച്ചാണ്‌ മോഡിയെ കാണുന്നത്‌. ഗുജറാത്തിലെ ബറോഡയില്‍ 'സഞ്ജയ്‌ മോഡി ആന്‍ഡ്‌ അസോസിയേറ്റ്സ്‌ ' എന്ന സ്ഥാപനം നടത്തുന്ന ചാര്‍ട്ടേഡ്‌ അക്കൗണ്ടന്റായ അദ്ദേഹം, ആര്‍.പി.യുടെ ചികിത്സയ്ക്ക്‌ ശ്രീധരീയത്തിലെത്തിയതാണ്‌. അമ്പതുവര്‍ഷത്തെ ജീവിതത്തിന്‌ ശേഷം കാഴ്ച മാഞ്ഞുതുടങ്ങിയ മോഡിയെ ഡോക്ടര്‍മാരെല്ലാം ചികിത്സയില്ലെന്നു പറഞ്ഞ്‌ കൈയൊഴിയുകയായിരുന്നു. മുംബൈയിലെ ഒരു സുഹൃത്ത്‌ പറഞ്ഞ്‌ ശ്രീധരീയത്തെപ്പറ്റി അറിയുമ്പോഴേക്കും, തൊട്ടടുത്തു നില്‍ക്കുന്നവരെപ്പോലും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു മോഡി. അവസാനത്തെ ശ്രമമെന്ന നിലയില്‍ ശ്രീധരീയത്തില്‍ എത്താമെന്ന്‌ തീരുമാനിച്ചു.

ഇതേ നേത്രരോഗം ബാധിച്ച ബറോഡയിലെ ബിസിനസുകാരനായ തന്റെ സുഹൃത്ത്‌ സന്ദീപ്‌ ബന്‍സറുമൊത്ത്‌ ശ്രീധരീയത്തിലെത്തിയതിന്റെ പതിനാലാം ദിവസമാണ്‌ ലേഖകന്‍ മോഡിയെ കാണുന്നത്‌. ആസ്പത്രിയിലാകെ സൗമമായി അലയടിക്കുന്ന ധന്വന്തരമന്ത്രം. മുന്നില്‍ അന്ധതയിലേക്ക്‌ വഴുതി വീണുകൊണ്ടിരിക്കുന്ന രണ്ട്‌ മനുഷ്യര്‍. പക്ഷേ, ഇരുവരുമിപ്പോള്‍ ശുഭപ്രതീക്ഷയിലാണ്‌. വാക്കുകളില്‍ അത്‌ വ്യക്തം. "ശ്രീധരീയത്തിലെ ചികിത്സക്ക്‌ നല്ല ഫലമുണ്ട്‌. എനിക്കിപ്പോള്‍ അഞ്ചുശതമാനത്തോളം കാഴ്ച വീണ്ടുകിട്ടിയിരിക്കുന്നു. നിങ്ങളെ ചെറിയതോതില്‍ തിരിച്ചറിയാം; ജോസഫിന്‌ താടിയുണ്ടല്ലേ'- തൊട്ടുമുമ്പില്‍ നിന്ന്‌ ആ കുറിയ മനുഷ്യന്‍ പറഞ്ഞതിന്റെ അര്‍ത്ഥം പൂര്‍ണതോതില്‍ മനസിലാക്കാന്‍, പിന്നീട്‌ ഇന്റര്‍നെറ്റില്‍ 'റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ'യെപ്പറ്റി സേര്‍ച്ച്ചെയ്തു നോക്കേണ്ടി വന്നു.

സഞ്ജയ്‌ മോഡിയും സന്ദീപ്‌ ബന്‍സറും

മോഡിയുടെ അനുഭവം ഒറ്റപ്പെട്ട ഒന്നല്ല. ആധുനികവൈദ്യശാസ്ത്രം ചികിത്സയില്ലെന്ന്‌ എഴുതിത്തള്ളിയ ഒട്ടേറെ നേത്രരോഗങ്ങള്‍ക്ക്‌ പരിഹാരം തേടി നൂറുകണക്കിനാളുകള്‍ ശ്രീധരീയത്തിലെത്തുന്നു. റെറ്റിനിറ്റിസ്‌ പിഗ്മെന്റോസ പോലുള്ള പ്രശ്നങ്ങള്‍ക്കു മാത്രമല്ല, ഹൃസ്വദൃഷ്ടി, കണ്ണില്‍ രക്തസമ്മര്‍ദ്ദം ഏറിയുണ്ടാകുന്ന ഗ്ലൂക്കോമ, പ്രമേഹത്തിന്റെ ഫലമായുണ്ടാകുന്ന ഡയബറ്റിക്‌ റെറ്റിനോപ്പതി, നേത്രഗോളത്തിന്റെ ഒരു ഭാഗം ചുരുക്കുന്ന മാക്കുലാര്‍ ഡീജനറേഷന്‍, നേത്രഗോളം പുറത്തേക്കു തള്ളി വരുന്ന അവസ്ഥായായ കെരാറ്റോ കോണസ്‌, കുട്ടികളിലെ ദൃഷ്ടിവൈകല്യങ്ങള്‍ ഇങ്ങനെ ഒട്ടേറെ നേത്രപ്രശ്നങ്ങള്‍ക്ക്‌ പലര്‍ക്കും അവസാന ആശ്രയമാണിന്ന്‌ ശ്രീധരീയമെന്ന ആയുര്‍വേദ നേത്രചികിത്സായലം.

'കണ്ണിന്‌ ആയുര്‍വേദത്തിലും ചികിത്സയുണ്ടെന്ന്‌ ലോകത്തെ അറിയിക്കുക. ഇതായിരുന്നു ലക്ഷ്യം' ശ്രീധരീയത്തിന്റെ മാനേജിങ്‌ ഡയറക്ടര്‍ നെല്യക്കാട്ട്‌ പരമേശ്വരന്‍ പരമേശ്വരന്‍ നമ്പൂതിരിയെന്ന ഡോ. എന്‍.പി.പി.നമ്പൂതിരി പറയുമ്പോള്‍, അതില്‍ അവകാശവാദങ്ങളുടെ കഠിനധ്വനിയില്ല. പകരം, ഒരു ദൗത്യനിര്‍വഹണത്തിന്റെ നിശ്ചയദാര്‍ഢ്യം മാത്രം. അച്ഛന്റെ ജേഷ്ഠന്‍ ത്രിവിക്രമന്‍ നമ്പൂതിരിയില്‍ നിന്ന്‌ ചികിത്സയുടെ ബാലപാഠങ്ങള്‍ ഹൃദിസ്ഥമാക്കിയ ശേഷം, കോളേജില്‍ ചേര്‍ന്ന്‌ പഠിച്ച്‌ ആയുര്‍വേദത്തില്‍ ബിരുദം നേടുകയും, കാല്‍നൂറ്റാണ്ടിലേറെ സര്‍ക്കാര്‍ സര്‍വീസില്‍ ആയുര്‍വേദ നേത്രരോഗവിദഗ്ധനായി ജോലിചെയ്യുകയും, പിന്നീട്‌ ശ്രീധരീയം തുടങ്ങിയപ്പോള്‍ അതിന്റെ മുഖ്യസാരഥിയാവുകയും ചെയ്ത വ്യക്തിയാണ്‌ ഡോ. നമ്പൂതിരി. ആയുര്‍വേദത്തിന്റെ സാധ്യതയും പരിമിതിയും നന്നായി മനസിലാക്കിയിട്ടുള്ള വ്യക്തി.

ഡോ. എന്‍.പി.പി.നമ്പൂതിരി

'ശ്രീധരീയ'ത്തെ ഒരു വ്യക്തിയായി പരിഗണിച്ചാല്‍, ഒന്നാം തരത്തില്‍ ചേര്‍ക്കാനുള്ള പ്രായമേ അതിന്‌ ആയിട്ടുള്ളൂ; വെറും ആറു വയസ്‌. പക്ഷേ, ഈ ചെറിയ കാലം കൊണ്ട്‌ കേരളത്തിലെ എണ്ണപ്പെട്ട സ്ഥാപനങ്ങിലൊന്നായി മാറാന്‍ ശ്രീധരീയത്തിന്‌ കഴിഞ്ഞത്‌, ആയുര്‍വേദത്തില്‍ നേത്രചികിത്സ സാധ്യമാണെന്നു തെളിയിക്കാനും വിശ്വാസമാര്‍ജ്ജിക്കാനും ഡോ.നമ്പൂതിരിക്കും സഹപ്രവര്‍ത്തകര്‍ക്കും സാധിച്ചതുകൊണ്ടാണ്‌. വിഷചികിത്സയും നേത്രചികിത്സയും പാരമ്പര്യമായി ചെയ്തു പോന്ന നെല്യക്കാട്ട്‌ തറവാടാണ്‌, ആറു വര്‍ഷം മുമ്പ്‌ വെറും എട്ടുകിടക്കകളുള്ള ശ്രീധരീയം ആയുര്‍വേദ നേത്രചികിത്സാലയമായി രൂപപ്പെട്ടത്‌. ഇന്നത്‌ 40 ഏക്കര്‍ സ്ഥലത്ത്‌ വ്യാപിച്ചു കിടക്കുന്ന 260 കിടക്കകളുള്ള ഐ.എസ്‌.ഒ. അംഗീകാരമുള്ള സ്ഥാപനമാണ്‌. ഡോ.നമ്പൂതിരിയുടെ നേതൃത്വത്തില്‍ 17 ഡോക്ടര്‍മാര്‍, 80 നഴ്സിങ്‌ സ്റ്റാഫ്‌. സ്വന്തമായി ഗവേഷണകേന്ദ്രം, ഔഷധനിര്‍മാണശാല. ഛത്തീസ്ഗഡിന്റെ തലസ്ഥാനമായ റായിപ്പൂരില്‍ ശ്രീധരീയത്തിന്റെ ശാഖ തുടങ്ങിയിട്ട്‌ മാസങ്ങളേ ആയിട്ടുള്ളൂ. കൂത്താട്ടുകുളത്ത്‌ മാസത്തില്‍ രണ്ടു ദിവസം ആയിരത്തോളം പേര്‍ക്ക്‌ സൗജന്യമായി പരിശോധനയും ചികിത്സയും, കേരളത്തിനകത്തും പുറത്തും ഡസണിലേറെ സൗജന്യ മെഡിക്കല്‍ ക്യാമ്പുകള്‍ ഒക്കെ ഇന്ന്‌ ശ്രീധരീയത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പെടുന്നു.

2005-ല്‍ മാത്രം 27,999 പേരാണ്‌ ശ്രീധരീയത്തില്‍ ചികിത്സയ്ക്കെത്തിയത്‌. അതില്‍ 3455 പേരെ കിടത്തി ചികിത്സിക്കേണ്ടി വന്നു. 2006 ജൂലായ്‌ വരെയുള്ള കണക്കു പ്രകാരം 15,171 പേര്‍ ഇവിടെയെത്തി, അതില്‍ 1886 പേരെ കിടത്തി ചികിത്സിച്ചു. ആസ്പത്രിയിലെ മുറികള്‍ തികയാതെ വരിക പതിവാണ്‌. അങ്ങനെയുള്ള അവസരത്തില്‍ രോഗികള്‍ക്കായി ലോഡ്ജുകള്‍ ബുക്കുചെയ്യേണ്ടി വരും. പുറമെയുള്ള വീടുകളിലെ മുറികളും ഏര്‍പ്പാടു ചെയ്തു കൊടുക്കാറുമുണ്ട്‌. കൂത്താട്ടുകുളത്തെ പല കുടുംബങ്ങള്‍ക്കും ശ്രീധരീയം അങ്ങനെ ഒരു വരുമാനമാര്‍ഗ്ഗമാകുന്നു. 'ഇവിടുത്തെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയുടെ കേന്ദ്രബിന്ദു തന്നെ ശ്രീധരീയമാണെന്നു പറഞ്ഞാല്‍ അത്‌ അതിശയോക്തിയല്ല'-ശ്രീധരീയത്തിന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ വി. നരേന്ദ്രന്‍ പറയുന്നു. ശ്രീധരീയത്തില്‍ വരുന്ന രോഗികളില്‍ വെറും 35 ശതമാനം പേരേ കേരളത്തിനകത്തു നിന്ന്‌ എത്തുന്നുള്ളൂ. പത്തു ശതമാനം വിദേശത്തു നിന്നും, ബാക്കി 55 ശതമാനം സംസ്ഥാനത്തിന്‌ പുറത്തു നിന്നുമാണ്‌ വരുന്നത്‌.

എല്ലാചികിത്സകളും പരീക്ഷിച്ച്‌ പരാജയപ്പെട്ടതിന്‌ ശേഷമാണ്‌ പലരും ശ്രീധരീയത്തിലെത്തുക. 'സര്‍ജിക്കല്‍ അല്ലാത്ത കേസുകളില്‍ തുടക്കത്തില്‍ തന്നെ ആയുര്‍വേദചികിത്സ സാധിച്ചാല്‍ മെച്ചപ്പെട്ട ഫലം ലഭിക്കുമെന്നാണ്‌ അനുഭവം'- ഡോ. നമ്പൂതിരി പറയുന്നു. 'ഒരു ഘട്ടത്തില്‍ കാഴ്ച നഷ്ടമായ ശേഷം, പിന്നീട്‌ അത്‌ കുറച്ചെങ്കിലും തിരികെക്കിട്ടുന്നതാണ്‌ പ്രധാനം' ഡോ.നമ്പൂതിരി അഭിപ്രായപ്പെടുന്നു. ശ്രീധരീയത്തിലെ ചികിത്സകൊണ്ട്‌ അന്ധതിയില്‍ നിന്ന്‌ ഭാഗികമായി കരകയറിയപ്പോള്‍, സ്വന്തം മകനെ ആദ്യമായി കണ്ടതിന്റെ സന്തോഷമറിയിക്കാന്‍ കാസര്‍കോടു നിന്ന്‌ രായ്ക്കുരാമാനം വണ്ടികയറി പുലര്‍ച്ചെ തന്റെ വീട്ടിലെത്തിയ അഹമ്മദിന്റെ കഥ ഡോക്ടര്‍ ഓര്‍ക്കുന്നു. അങ്ങനെ എത്രയെത്ര ഉദാഹരണങ്ങള്‍, അനുഭവങ്ങള്‍. 'മാതാപിതാക്കള്‍ക്ക്‌ പാരമ്പര്യമായി നേത്രവൈകല്യമുണ്ടെങ്കില്‍, മക്കള്‍ക്ക്‌ അത്‌ വാരതിരിക്കാനുള്ള മാര്‍ഗ്ഗങ്ങളും ഞങ്ങള്‍ ഉപദേശിച്ചു കൊടുക്കാറുണ്ട്‌'-ഡോ.നമ്പൂതിരി അറിയിക്കുന്നു.

കേരളത്തിനകത്തും പുറത്തും നിന്നുള്ള ഒട്ടേറെ വി.ഐ.പി.കള്‍ ശ്രീധരീയത്തില്‍ ചികിത്സ തേടിയെത്താറുണ്ട്‌. ഛത്തീസ്ഗഡ്‌ മന്ത്രി ബ്രിജ്മോഹന്‍ അഗര്‍വാളിന്റെ ഭാര്യ സരിത അഗര്‍വാള്‍ രണ്ടു വര്‍ഷം മുമ്പ്‌ ആര്‍.പിക്കുള്ള ചികിത്സയ്ക്കെത്തിയതാണ്‌, റായ്പ്പൂരില്‍ ശ്രീധരീയത്തിന്റെ ശാഖ തുടങ്ങാന്‍ കാരണമായത്‌. എന്തിന്‌ കോട്ടക്കല്‍ ആര്യവൈദ്യശാലയുടെ മുഖ്യസാരഥിയായ സാക്ഷാല്‍ പത്മശ്രീ ഡോ. പി.കെ.വാര്യര്‍ പോലും ശ്രീധരീയത്തിലെ രോഗികളുടെ പട്ടികയിലുണ്ടെന്നറിയുമ്പോള്‍ അത്‌ കൗതുകത്തിലേറെ ജിജ്ഞാസയുളവാക്കുന്നു. പ്രായവുമായി ബന്ധപ്പെട്ട 'മാക്കുലാര്‍ ഡിജനറേഷന്‍' എന്ന പ്രശ്നത്തിനാണ്‌ ഡോ.വാര്യര്‍ ശ്രീധരീയത്തിലെ ചികിത്സ തേടിയത്‌. 'അവര്‍ വളരെ ആധികാരികമായാണ്‌ അവിടെ ചികിത്സ നടത്തുന്നത്‌. ഒരു മാസമായി ഞാന്‍ മരുന്നു കഴിക്കുന്നു. രോഗം ഒട്ടും കൂടിയിട്ടില്ല'കോട്ടക്കല്‍ വെച്ചു കണ്ടപ്പോള്‍ ഡോ. വാര്യര്‍ പറഞ്ഞു. ഒരു പക്ഷേ, ശ്രീധരീയത്തിലെ ചികിത്സയെപ്പറ്റി ഒരു ബാഹ്യസ്രോതസ്സില്‍ നിന്ന്‌ ലഭിക്കാവുന്ന ഏറ്റവും ആധികാരികമായ അഭിപ്രായമായിരിക്കുമിത്‌. എന്താണ്‌ ശ്രീധരിയത്തെപ്പറ്റി പൊതുവെ തോന്നിയത്‌ എന്ന ചോദ്യത്തിന്‌, ചുരുങ്ങിയ വാക്കുകളിലായിരുന്നു ഡോ. വാര്യരുടെ മറുപടി -'അഭിമാനമാണ്‌ തോന്നിയത്‌. കേരളത്തിനൊരു മുതല്‍ക്കൂട്ടാണ്‌ ആ സ്ഥാപനം'.

ആയുര്‍വേദവും നേത്രചികിത്സയും

ആയുര്‍വേദത്തിലെ എട്ട്‌ ശാഖകളിലൊന്നായ 'ശാലാക്യതന്ത്ര'മാണ്‌, കഴുത്തിന്‌ മേലുള്ള അവയവങ്ങളെ ബാധിക്കുന്ന രോഗങ്ങളും ചികിത്സാവിധികളും കൈകാര്യം ചെയ്യുന്നത്‌. 'സുശ്രുതസംഹിത'യാണ്‌ ഈ ചികിത്സാവിധിയെപ്പറ്റി ഏറ്റവുമധികം വിവരിച്ചിട്ടുള്ള പൗരാണിക ഗ്രന്ഥം. നേത്രചികിത്സ ശാലാക്യതന്ത്രത്തിന്റെ ഭാഗമാണ്‌. 76 നേത്രരോഗങ്ങളെപ്പറ്റി ശാലാക്യതന്ത്രത്തില്‍ വിവരിച്ചിരിക്കുന്നു. ഇവയില്‍ ആരംഭത്തില്‍ തന്നെ കാഴ്ച അപഹരിക്കുന്ന 12 രോഗങ്ങളാണ്‌ ഏറ്റവും പ്രധാനം. അതീവ ശ്രദ്ധയര്‍ഹിക്കുന്ന രോഗങ്ങളാണിവ. അക്ഷിതര്‍പ്പണം, അഞ്ജനം, ആശ്ചോതനം, നേത്രധാര, ശിരോധാര തുടങ്ങിയ ചികിത്സാവിധികളാണ്‌ ഇവയ്ക്ക്‌ നടത്താറ്‌. ജീവനീയ ഔഷധങ്ങളായ അടപതിയന്‍, പാല്‍മുതുക്‌, ദേവതാരം തുടങ്ങിയവയും ചക്ഷുഷ്യമായ ത്രിഫലയും ചേര്‍ത്ത്‌ നിര്‍മിക്കുന്ന ഔഷധങ്ങള്‍ക്ക്‌ കോശദ്രവീകരണം തടയാനുള്ള കഴിവുണ്ട്‌. തുടര്‍ച്ചയായുണ്ടാകുന്ന കോശദ്രവീകരണം തടയാനും, പ്രകാശനാഡികളെ(ഓപ്ടിക്കല്‍ നെര്‍വുകള്‍) പുഷ്ടിപ്പെടുത്തി കാഴ്ചശക്തി വര്‍ധിപ്പിക്കാനും ഇത്തരം ഔഷധങ്ങള്‍ സഹായിക്കുന്നു.

ആയുര്‍വേദ ചികിത്സ കൊണ്ട്‌ നേത്രരോഗങ്ങള്‍ ഭേദമാക്കാനാകും എന്ന വസ്തുതയ്ക്ക്‌ അനുഭവസാക്ഷ്യങ്ങളുടെ പിന്‍ബലം മാത്രം പോര. അടിസ്ഥാനപരമായ പഠനങ്ങളുടെ ഫലങ്ങളും ഇക്കാര്യം അംഗീകരിക്കണം. എങ്കില്‍, ശ്രീധരീയത്തെപ്പോലൊരു സ്ഥാപനത്തിന്റെ പ്രസക്തി പതിന്മടങ്ങ്‌ വര്‍ധിക്കും. ഈ ദിശയിലൊരു നീക്കമിപ്പോള്‍ ആരംഭിച്ചിരിക്കുകയാണ്‌; 'ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി'ന്റെയും 'സെന്‍ട്രല്‍ കൗണ്‍സില്‍ ഫോല്‍ റസര്‍ച്ച്‌ ഇന്‍ ആയുര്‍വേദ ആന്‍ഡ്‌ സിദ്ദ'യുടെയും ശ്രീധരീയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍. ഡയബറ്റിക്‌ റെറ്റിനോപ്പതി, കെരാറ്റോ കോണസ്‌ എന്നീ രോഗങ്ങള്‍ക്ക്‌ ശ്രീധരീയം നടത്തുന്ന ചികിത്സ എത്രത്തോളം ഫലം ചെയ്യുന്നുവെന്ന്‌ ആധുനികശാസ്ത്രത്തിന്റെ മാനദണ്ഡങ്ങളുപയോഗിച്ച്‌ പരിശോധിക്കുകയാണ്‌ ചെയ്യുക. 'ഒരു പക്ഷേ, നേത്രരോഗങ്ങള്‍ക്കുള്ള ആയുര്‍വേദ ചികിത്സയെപ്പറ്റി ഇത്തരമൊരു പഠനം ആദ്യമായിട്ടാവും നടക്കുന്നത്‌' വി. നരേന്ദ്രന്‍ പറയുന്നു. പഠനത്തിന്റെ മാനദണ്ഡങ്ങള്‍ നിശ്ചയിക്കാന്‍ ഡിസംബര്‍ ആദ്യവാരം ശ്രീധരീയത്തില്‍ ഒരു ദേശീയ സെമിനാര്‍ നടക്കും. അതിന്‌ ശേഷമാണ്‌ പഠനം തുടങ്ങുക. ശ്രീധരീയം ഫോണ്‍ നമ്പര്‍: 0485-2251578, 2253007 (മാതൃഭൂമി വാരാന്തപ്പതിപ്പ്‌, 2006 ഒക്ടോബര്‍15)

-ജോസഫ്‌ ആന്റണി

Wednesday, November 22, 2006

ഹിമാലയത്തിന്റെ വളര്‍ച്ച നിലച്ചു

ഹിമാലയം ഇപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നു എന്ന വിശ്വാസം തിരുത്താന്‍ സമയമായെന്ന്‌ ചൈനീസ്‌ ഭൗമശാസ്ത്രജ്ഞര്‍.

ഹിമാലയം വളരുകയായിരുന്നു എന്നകാര്യം പലര്‍ക്കും അത്ഭുതമായേക്കം. വളരുകയായിരുന്നു എന്നു മാത്രമല്ല, ആ മഹാമേരു ഇപ്പോള്‍ വളര്‍ച്ച നിര്‍ത്തിയിരിക്കുന്നു എന്നാണ്‌ ചൈനീസ്‌ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്‌. മേഖലയില്‍ അടുത്തയിടെ വിശദമായ സര്‍വേ നടത്തിയ ഗവേഷകര്‍ പറയുന്നത്‌, ഹിമാലയവും ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റും ഇനി വളരാന്‍ ഇടയില്ലെന്നാണ്‌.

ദിനോസറുകളുടെ കാലത്ത്‌ ഗോണ്ട്വാനാലാന്‍ഡ്‌ എന്ന പ്രാചീന ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു ഇന്ത്യയുള്‍പ്പെടുന്ന ഭൗമഫലകം(plate). മഡഗാസ്കര്‍ വഴി അത്‌ ഗോണ്ട്വാനാലാന്‍ഡുമായി ബന്ധപ്പെട്ടിരുന്നു. ഏതാണ്ട്‌ പത്തുകോടി വര്‍ഷം മുമ്പ്‌ ഗ്വാണ്ട്വാനാലാന്‍ഡ്‌ പൊട്ടിയടര്‍ന്ന്‌ പല ഭാഗങ്ങളായി അകന്നുമാറാനാരംഭിച്ചു. അതിന്റെ ഭാഗമായി വടക്കുകിഴക്കന്‍ ദിശയിലേക്കു നീങ്ങിയ ഇന്ത്യന്‍ ഫലകം ആറരകോടി വര്‍ഷം മുമ്പ്‌ യൂറേഷ്യന്‍ ഫലകവുമായി കൂട്ടിയിടിച്ചു. ഇരുഫലകവും അമര്‍ന്നു ചേര്‍ന്ന സ്ഥലം ഹിമാലയമായി ഉയര്‍ന്നു(കൂടുതല്‍ അറിയാന്‍: സമുദ്രജനനം കാണുക).

ഇരു ഭൂഫലകങ്ങളുടെയും സമ്മര്‍ദ്ദം മൂലം ഹിമാലയം വളരുന്ന പ്രക്രിയ ഇപ്പോഴും തുടരുന്നു എന്ന വിശ്വാസമാണ്‌ ചൈനീസ്‌ ഗവേഷകര്‍ തിരുത്തുന്നത്‌. യൂറേഷ്യന്‍ ഫലകം അകന്നു മാറുന്നതു കൊണ്ടുണ്ടാകുന്ന എതിര്‍ബലവും, ഇരുഫലവും അമരുന്നതുമൂലമുള്ള സമ്മര്‍ദ്ദബലവും ഇപ്പോള്‍ സന്തുലിതാവസ്ഥയിലെത്തിയെന്നാണ്‌ ചൈനീസ്‌ ഗവേഷകര്‍ കണ്ടത്‌.

അതിനാല്‍ ഹിമാലയം വളരുന്നത്‌ നിലച്ചു എന്നു മാത്രമല്ല, മണ്ണൊലിപ്പും മഞ്ഞുരുക്കവും മൂലം ഭാവിയില്‍ ഹിമാലയം ചെറുതാകാനും സാധ്യതയുണ്ട്‌-പ്രശസ്ത ചൈനീസ്‌ ഭൗമശാസ്ത്രജ്ഞനായ ബിയാന്‍ ക്വിയാന്റാവോ അറിയിച്ചു. ഹിമാലയം മാത്രമല്ല, ക്വിന്‍ഗായി-ടിബറ്റ്‌ പീഢഭൂമിയുടെ വളര്‍ച്ചയും ഇതുമൂലം നിലച്ചിരിക്കുന്നു-അദ്ദേഹം പറഞ്ഞു. ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസിന്‌ കീഴിലെ 'ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ജിയോളജി ആന്‍ഡ്‌ ജിയോഫിസിക്സി'ലെ ഗവേഷകനാണ്‌ ക്വിയാന്റാവോ.

ഹിമാലയത്തിലെ മഞ്ഞുപാളികളെ സംബന്ധിച്ച ചില മിത്തുകള്‍ ശരിയല്ലെന്നും ചൈനീസ്‌ പഠനം പറയുന്നു. ആഗോളതാപനം മൂലം അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഹിമാലയത്തിലെ മഞ്ഞുപാളികള്‍ അപ്രത്യക്ഷമാകുമെന്നാണ്‌ മുമ്പ്‌ ചില പഠനങ്ങള്‍ നല്‍കിയിട്ടുള്ള സൂചന. അത്‌ യാഥാര്‍ത്ഥ്യമാവില്ലെന്നും പഠനറിപ്പോര്‍ട്ട്‌ പറയുന്നു. വ്യാപ്തം കുറയുമെങ്കിലും, ഹിമാലയത്തില്‍ മഞ്ഞുപാളികള്‍ അവശേഷിക്കും.(അവലംബം: പി.ടി.ഐ)

Monday, November 20, 2006

മനുഷ്യബന്ധുവിന്റെ ജനിതകരഹസ്യം

38000 വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന നിയാന്‍ഡെര്‍ത്തല്‍ മനുഷ്യന്റെ ജനിതകസാരം കണ്ടെത്തുന്നതില്‍ ശാസ്ത്രലോകം വിജയിച്ചിരിക്കുന്നു

ക്ഷക്കണക്കിന്‌ വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന മനുഷ്യബന്ധുവിന്റെ ജനികതരഹസ്യം തിരിച്ചറിയുക; അതുപയോഗിച്ച്‌ മനുഷ്യന്‍ എന്നാണ്‌ ആ ബന്ധുവില്‍ നിന്ന്‌ വേര്‍പിരിഞ്ഞതെന്ന്‌ മനസിലാക്കുക. ഇത്രകാലവും അസാധ്യമെന്നു കരുതിയിരുന്ന പലകാര്യങ്ങളും ജിനോംയുഗം യാഥാര്‍ത്ഥ്യമാക്കുകയാണ്‌. 38,000 വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന നിയാന്‍ഡെര്‍ത്തല്‍ മനുഷ്യന്റെ ജനിതകരഹസ്യം കണ്ടെത്തുന്നതില്‍ രണ്ട്‌ ശാസ്ത്രസംഘങ്ങള്‍ വ്യത്യസ്ത രീതിയില്‍ വിജയിച്ചുവെന്ന വാര്‍ത്ത സൂചിപ്പിക്കുന്നതും ഇതുതന്നെയാണ്‌. കാലപ്പഴക്കത്താല്‍ തേയ്മാനം സംഭവിച്ച ഡി.എന്‍.എ.ഭാഗങ്ങളില്‍ നിന്ന്‌, ജനിതകശ്രേണികളെ ശരിയായി കൂട്ടിയിണക്കി ജിനോം രഹസ്യങ്ങള്‍ കണ്ടെത്താനുള്ള മാര്‍ഗ്ഗമാണ്‌ ഗവേഷകര്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്‌.

മനുഷ്യവംശം ഭൂമുഖത്ത്‌ ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍, സമാനസ്വഭാവമുള്ള മറ്റ്‌ ആള്‍ക്കുരങ്ങുവര്‍ഗ്ഗങ്ങളും ഇവിടെയുണ്ടായിരുന്നു. അത്തരം ഒരു വര്‍ഗ്ഗത്തിന്റെ ഫോസില്‍ ജര്‍മനിയിലെ നിയന്‍ഡര്‍ താഴ്‌വര(Neander Valley)യില്‍ നിന്നു 150 വര്‍ഷം മുമ്പ്‌ ലഭിച്ചു. ആ വര്‍ഗ്ഗം പിന്നീട്‌ 'നിയാന്‍ഡെര്‍ത്തല്‍ മനുഷ്യന്‍' എന്നറിയപ്പെട്ടു. ആധുനികമനുഷ്യന്റെ പൂര്‍വികനാണ്‌ നിയാന്‍ഡെര്‍ത്തല്‍ എന്ന്‌ ആദ്യം കരുതിയെങ്കിലും, പിന്നീട്‌ അത്‌ തിരുത്തപ്പെട്ടു. ഒരു പൊതുപൂര്‍വികനില്‍ നിന്ന്‌ വേര്‍പെട്ട്‌ രണ്ട്‌ വ്യത്യസ്ത ഗ്രൂപ്പുകളായി പരിണാമം പ്രാപിച്ചവയാണ്‌ മനുഷ്യനും നിയാന്‍ഡെര്‍ത്തലുമെന്ന്‌ വ്യക്തമായി.

12 നിയാന്‍ഡെര്‍ത്തല്‍ മനുഷ്യരില്‍ നിന്നുള്ള മൈറ്റോകോന്‍ഡ്രിയല്‍ ഡി.എന്‍.എ. ഗവേഷകര്‍ ഇതിനകം വിശകലനം ചെയ്തിട്ടുണ്ട്‌. പക്ഷേ, യഥാര്‍ത്ഥ ഡി.എന്‍.എ.സ്ഥിതിചെയ്യുന്നത്‌ കോശമര്‍മ്മത്തിലാണ്‌, മൈറ്റോകോന്‍ഡ്രിയയിലല്ല. യഥാര്‍ത്ഥ ഡി.എന്‍.എ.അപകോഡീകരിക്കാന്‍ കഴിഞ്ഞാലേ നിയാന്‍ഡെര്‍ത്തല്‍ മനുഷ്യനും നമ്മളും തമ്മില്‍ ശരിക്കുള്ള ജനിതക വ്യത്യാസം മനസിലാക്കാനാവൂ. മനുഷ്യനെ മനുഷ്യനാക്കുന്നത്‌ എന്താണെന്ന്‌ അറിയണമെങ്കില്‍, മനുഷ്യന്റെ ഏറ്റവും അടുത്ത ബന്ധുവെന്ന്‌ വിശേഷിപ്പിക്കപ്പെടുന്ന നിയാന്‍ഡെര്‍ത്തലിന്റെ ജനിതകസാരം അറിയണം. കിട്ടിയിട്ടുള്ള നിയാന്‍ഡെര്‍ത്തല്‍ ഫോസിലുകളെല്ലാം പതിനായിരക്കണക്കിന്‌ വര്‍ഷം പഴക്കമുള്ളവയാണ്‌. അവയിലെ ഡി.എന്‍.എ.ക്ക്‌ അപചയം സംഭവിച്ചിരിക്കുക സ്വാഭാവികം മാത്രം. തേയ്മാനം സംഭവിച്ച ഡി.എന്‍.എ.കഷണങ്ങള്‍ എങ്ങനെ കൂട്ടിയിണക്കും. ഇത്രകാലവും ഉത്തരം കാണാന്‍ കഴിയാത്ത ഈ പ്രശ്നത്തിനാണ്‌ രണ്ട്‌ ഗവേഷകസംഘങ്ങള്‍ വ്യത്യസ്ത വഴികളിലൂടെ പരിഹാരം കണ്ടിരിക്കുന്നത്‌.

ജര്‍മനിയില്‍ ലീപ്സിഗില്‍ പ്രവര്‍ത്തിക്കുന്ന മാക്സ്‌ പ്ലാങ്ങ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഫോര്‍ ഇവല്യൂഷണറി ആന്‍ഡ്രോപോളജിയിലെ സ്വൊന്റെ പാബോയുടെ നേതൃത്വത്തിലുള്ളതാണ്‌ ഇതില്‍ ഒരു സംഘം. നവംബര്‍ 16-ന്റെ 'നേച്ചര്‍' വാരികയില്‍ പാബോയും കൂട്ടരും ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. പിറ്റേന്ന്‌ പുറത്തിറങ്ങിയ 'സയന്‍സ്‌ ' വാരികയിലാണ്‌, കാലിഫോര്‍ണിയയില്‍ 'ലോറന്‍സ്‌ ബര്‍ക്കിലി നാഷണല്‍ ലബോറട്ടറി'യിലെ എഡ്വേര്‍ഡ്‌ റൂബിനും സംഘവും തങ്ങളുടെ പഠനവിവരം പ്രസിദ്ധപ്പെടുത്തിയത്‌. ക്രൊയേഷ്യയിലെ പുരാതന വിന്‍ഡിജ ഗുഹ(Vindija Cave)യില്‍ നിന്നു ലഭിച്ച നിയാന്‍ഡെര്‍ത്തല്‍ ഫോസിലില്‍ നിന്നു വേര്‍തിരിച്ചെടുത്ത ഡി.എന്‍.എ.ഭാഗങ്ങളാണ്‌ ഇരുസംഘവും വിശകലനം ചെയ്തത്‌. 38000 വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ഒരു നിയാന്‍ഡെര്‍ത്തലിന്റേതായിരുന്നു ആ ഫോസില്‍.

പാബോയുടെ ഗ്രൂപ്പ്‌ ഡി.എന്‍.എ.യിലെ പത്തുലക്ഷം രാസാക്ഷരങ്ങളെ ക്രമത്തില്‍ വായിച്ചടുത്തപ്പോള്‍, രണ്ടാമത്തെ സംഘം 65,000 രസാക്ഷരങ്ങളെ കണ്ടെത്തുന്നതില്‍ വിജയിച്ചു. സംഖ്യ ചെറുതാണെങ്കിലും, ജീന്‍ കേന്ദ്രീകൃതമായുള്ള പഠനമായതിനാല്‍ രണ്ടാമത്തെ സംഘത്തിന്റെ കണ്ടെത്തിലും വളരെ പ്രാധാന്യമര്‍ഹിക്കുന്നു. 'പൈറോസീക്വന്‍സിങ്‌ '(pyrosequencing) എന്ന നൂതനമാര്‍ഗ്ഗമാണ്‌ ആദ്യസംഘം ഉപയോഗിച്ചത്‌. താത്പര്യമുള്ള ഡി.എന്‍.എ.ഭാഗം മാത്രം വായിച്ചെടുക്കാന്‍ കഴിയുമെന്ന സവിശേഷതയുള്ള 'മെറ്റാജിനോമിക്‌ '(metagenomic) മാര്‍ഗ്ഗം റൂബിനും സംഘവും അവലംബിച്ചു. അപചയം സംഭവിച്ച്‌ ഇരുട്ടിലായ ഡി.എന്‍.എ.രഹസ്യം വെളിച്ചത്തു കൊണ്ടുവരാന്‍ രണ്ടു മാര്‍ഗ്ഗങ്ങളും സഹായിക്കുന്നു.

മനുഷ്യ ഡി.എന്‍.എ.യില്‍ 320 കോടി രാസാക്ഷരങ്ങളാണുള്ളത്‌. അവയുടെ ആകെത്തുകയാണ്‌ ജിനോം(genome) അഥവാ ജനിതകസാരം. മാനവജിനോമുമായി താരതമ്യം ചെയ്താല്‍ നിയാന്‍ഡെര്‍ത്തലിന്റെ വളരെ നിസ്സാരമായ ഡി.എന്‍.എ.ഭാഗമേ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുള്ളൂ. പക്ഷേ, പുതിയ മാര്‍ഗ്ഗമുപയോഗിച്ച്‌ നിയാന്‍ഡെര്‍ത്തലിന്റെ ജിനോം മുഴുവന്‍ കണ്ടെത്താനാകുമെന്ന്‌ ഗവേഷകര്‍ പറയുന്നു. ഇപ്പോള്‍ വെളിവായ ജിനോം ഭാഗത്തുനിന്നു തന്നെ ഒട്ടേറെ പുതിയ വസ്തുതകള്‍ മനസിലാക്കാന്‍ കഴിഞ്ഞു. വിശകലനം ചെയ്ത ഫോസില്‍ ആണിന്റേതായിരുന്നു. ഏതാണ്ട്‌ നാലുലക്ഷം വര്‍ഷം മുമ്പാണ്‌ ആധുനിക മനുഷ്യനായ ഹോമോ സാപ്പിയന്‍സും(Homo sapiens) നിയാന്‍ഡെര്‍ത്തല്‍ മനുഷ്യനും(Homo neanderthalenis) വേര്‍പിരിഞ്ഞത്‌ എന്നും ജിനോം വിവരങ്ങള്‍ വ്യക്തമാക്കുന്നു. ഏതാണ്ട്‌ 30,000 വര്‍ഷം മുമ്പ്‌ നിയാന്‍ഡെര്‍ത്തല്‍ വര്‍ഗ്ഗം ഭൂമുഖത്തുനിന്ന്‌ പൂര്‍ണമായും അപ്രത്യക്ഷമായി.

റൂബിനും സംഘവും നിയാന്‍ഡെര്‍ത്തലിന്റെ 29 ജീന്‍ശ്രേണികള്‍ മനുഷ്യജീനുകളുമായി താരതമ്യം ചെയ്തപ്പോള്‍, ജനിതകമായി രണ്ടുവര്‍ഗ്ഗവും 99.5 ശതമാനവും സമന്‍മാരാണെന്ന നിഗമനത്തിലെത്തി. ബാക്കയുള്ള അരശതമാനത്തിലാണ്‌ വ്യത്യാസം. പൈറോസീക്വന്‍സിങ്‌ പത്തുമടങ്ങ്‌ വേഗത്തിലാക്കാനുള്ള വിദ്യ ആവിഷ്ക്കരിച്ചുകഴിഞ്ഞെന്നും, അതിനാല്‍ രണ്ടുവര്‍ഷത്തിനകം നിയാന്‍ഡെര്‍ത്തലിന്റെ പൂര്‍ണ്ണജിനോം തയ്യാറാക്കാന്‍ കഴിയുമെന്നും ഡോ.പാബോ പറയുന്നു. കുറഞ്ഞത്‌ ആറുതവണ ജിനോം പൂര്‍ണ്ണമായി അപകോഡീകരിച്ച്‌ താരതമ്യം ചെയ്ത്‌ പ്രസിദ്ധീകരിക്കാനാണ്‌ പദ്ധതി. മാനവജിനോമിന്റെ കാര്യത്തില്‍ ഡി.എന്‍.എ. ശ്രേണികള്‍ ശരാശരി പത്തുതവണ വീതം അപകോഡീകരിച്ച്‌ സംശുദ്ധമാക്കിയിരുന്നു. നിയാന്‍ഡെര്‍ത്തലിന്റെ പൂര്‍ണജനിതകസാരം ലഭ്യമാകുന്നതോടെ മനുഷ്യപരിണാമം സംബന്ധിച്ച ഒട്ടേറെ ചോദ്യങ്ങള്‍ക്ക്‌ വ്യക്തമായ ഉത്തരം കിട്ടുമെന്ന പ്രതീക്ഷയിലാണ്‌ ശാസ്ത്രലോകം.(Nature, Science)

Sunday, November 19, 2006

ഒഴിഞ്ഞുപോയ കൂട്ടിയിടി

ഭൂമിയും അതിലെ ജീവജാലങ്ങളും ശരിക്കുള്ള ഭീഷണി നേരിടുന്നത്‌ ക്ഷുദ്രഗ്രഹങ്ങളില്‍ നിന്നാണ്‌. ഭൂമിയിലെ നാഗരികത തകര്‍ക്കാന്‍ കഴിവുള്ള രണ്ടായിരത്തോളം ക്ഷുദ്രഗ്രഹങ്ങള്‍ പതിവായി ഭൂമിയുടെ പാത കടന്നു പോകുന്നു.

തൊലിപ്പുറമേ മുറിവേല്‍പ്പിക്കാതെ ഉരസിപ്പോയ വെടിയുണ്ടയുടെ കാര്യം ചിന്തിച്ചു നോക്കൂ. വാനശാസ്ത്രമാനങ്ങളില്‍ കണക്കാക്കിയാല്‍ അത്തരമൊരനുഭവം കഴിഞ്ഞ ജൂലായ്‌ മൂന്നിന്‌ ഭൂമിക്കുണ്ടായി. ഭൂമിയില്‍ വന്‍നാശം വിതയ്ക്കാന്‍ പോന്ന ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം(asteroid) ഭൂമിക്കു സമീപത്തുകൂടി പോറലേല്‍പ്പിക്കാതെ കടന്നു പോയി. '2004XP14' എന്ന ക്ഷുദ്രഗ്രഹമാണ്‌ ഭൂമിക്ക്‌ 432308 കിലോമീറ്റര്‍ സമീപത്തുകൂടി സഞ്ചരിച്ചത്‌. ഉപഗ്രഹമായ ചന്ദ്രനിലേക്ക്‌ ഭൂമിയില്‍ നിന്നുള്ള അകലം 384403 കിലോമീറ്ററാണെന്നോര്‍ക്കുക. ഭൂമിയെപ്പോലൊരു ഗ്രഹത്തിന്‌ ക്ഷുദ്രഗ്രഹങ്ങളുയര്‍ത്തുന്ന ഭീഷണിയുടെ വ്യാപ്തിയറിയുന്നവര്‍, ജൂലായ്‌ മൂന്നിന്‌ ആശ്വാസത്തോടെ നെടുവീര്‍പ്പിട്ടു; ഒന്നും സംഭവിച്ചില്ലല്ലോ എന്നോര്‍ത്ത്‌.

ഭൂമിയെന്ന ഗ്രഹം ക്ഷുദ്രഗ്രഹങ്ങളുടെ നിരന്തര ഭീഷണിയിലാണെന്ന കാര്യം മിക്കവര്‍ക്കുമറിയില്ല. ഇതിനു മുമ്പ്‌ ഭൂമുഖത്തുണ്ടായിട്ടുള്ള കൂട്ടനാശങ്ങളില്‍ പലതും ക്ഷുദ്രഗ്രഹ പതനങ്ങളുടെ ഫലമായിരുന്നു. ആറരക്കോടി വര്‍ഷം മുമ്പ്‌ ഭൂമുഖത്തു നിന്ന്‌ ദിനോസറു(Dinosaur)കളെ നാമാവശേഷമാക്കിയത്‌ 4.6 കിലോമീറ്റര്‍ വിസ്തൃതിയുള്ള ഒരു ക്ഷുദ്രഗ്രഹത്തിന്റെ പതനമായിരുന്നു. 25 കോടി വര്‍ഷം മുമ്പ്‌ അന്റാര്‍ട്ടിക്കയില്‍ പതിച്ച കൂറ്റന്‍ ക്ഷുദ്രഗ്രഹത്തിന്റെ വ്യാപ്തി 48.3 കിലോമീറ്റര്‍ ആയിരുന്നുവെന്ന്‌ ഗവേഷകര്‍ കണ്ടെത്തിയത്‌ അടുത്തയിടെയാണ്‌. ആ കൂട്ടിയിടിയുടെ ഫലമായാണത്രേ, 'പെര്‍മിയന്‍-ട്രിയാസിക്‌ '(Permian Triassic) വിനാശം ഭൂമുഖത്തുണ്ടായത്‌. മാത്രമല്ല, ഗോണ്ട്വാനാ മഹാഭൂഖണ്ഡത്തില്‍(Gondwanaland) നിന്ന്‌ ഓസ്ട്രേലിയ പൊട്ടിയടര്‍ന്നു മാറാന്‍ വഴിമരുന്നിട്ടതും ആ ക്ഷുദ്രഗ്രഹപതനം ആയിരുന്നു എന്നാണിപ്പോള്‍ ഗവേഷകര്‍ അനുമാനിക്കുന്നത്‌.

ചൊവ്വാ(Mars)യ്ക്കും വ്യാഴ(Jupiter)ത്തിനുമിടയിലാണ്‌ ക്ഷുദ്രഗ്രഹങ്ങള്‍ കാണപ്പെടുന്നത്‌. അവ എത്ര വരുമെന്ന്‌ ആര്‍ക്കും തിട്ടമില്ല. നൂറുകോടി ക്ഷുദ്രഗ്രഹങ്ങളെങ്കിലും ഉണ്ടാകാമെന്നാണ്‌ മതിപ്പു കണക്ക്‌. പത്തൊന്‍പതാം നൂറ്റാണ്ടാണ്ടിലാണ്‌ ഗവേഷകര്‍ ഈ ഭൗമേതരവസ്തുക്കളുടെ സാന്നിദ്ധ്യം ആദ്യം തിരിച്ചറിഞ്ഞത്‌. ശരിക്കു പറഞ്ഞാല്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആദ്യ ദിവസമാണ്‌ മനുഷ്യന്‍ ആദ്യ ക്ഷുദ്രഗ്രഹത്തെ കണ്ടെത്തിയതു തന്നെ! ഗ്വിയൊാസ്പ്പി പിയാസിയെന്ന സിസിലിക്കാരനായിരുന്നു ആ കണ്ടുപിടുത്തത്തിന്‌ പിന്നില്‍. ആദ്യ രണ്ടു ക്ഷുദ്രഗ്രഹങ്ങള്‍ക്ക്‌ 'സിറെസ്‌'(Ceres), 'പല്ലാസ്‌'(Pallas) എന്നിങ്ങനെ പേരിട്ടു. അവ ഗ്രഹങ്ങളെന്നാണ്‌ ആദ്യം കരുതിയത്‌. പിന്നീട്‌ വില്ല്യം ഹെര്‍ഷല്‍ നടത്തിയ നിരീക്ഷണങ്ങളാണ്‌ അവ ഗ്രഹങ്ങളല്ലെന്നു തെളിയിച്ചത്‌; ആ ഭൗമേതരവസ്തുക്കള്‍ക്ക്‌ 'ക്ഷുദ്രഗ്രഹങ്ങള്‍'എന്നു പേരിട്ടതും അദ്ദേഹമാണ്‌.

പതിനെട്ടാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ വളരെ ജനപ്രീതിയാര്‍ജ്ജച്ച ഒരു വാനശാസ്ത്രപ്രവര്‍ത്തനമായി മാറി ക്ഷുദ്രഗ്രഹങ്ങളെ കണ്ടുപിടിക്കുകയെന്നത്‌. കണ്ടുപിടിച്ചവയെ തന്നെ പുതിയതെന്നു തെറ്റിദ്ധരിച്ചു പലരും 'കണ്ടുപിടിച്ച' ധാരാളം അവസരങ്ങളുണ്ടായി. നൂറ്റാണ്ടിന്റെ അന്ത്യമായപ്പോഴേയ്ക്കും തിരിച്ചറിഞ്ഞ ക്ഷുദ്രഗ്രഹങ്ങളുടെ എണ്ണം ആയിരം തികഞ്ഞു. പക്ഷേ, അപ്രസക്തമായ ശിലാഖണ്ഡങ്ങളെന്നു കരുതിയതി, ക്ഷുദ്രഗ്രഹങ്ങളെപ്പറ്റി പഠിക്കാന്‍ അക്കാലത്ത്‌ മിക്ക വാനശാസ്ത്രജ്ഞരും മിനക്കെട്ടില്ല. ഒടുവില്‍ ഡച്ചുകാരനായ ജറാര്‍ഡ്‌ കിയ്പ്പര്‍ രംഗത്തെത്തേണ്ടി വന്നു ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ച്‌ ശാസ്ത്രരംഗത്തു നിലനിന്ന ക്ഷുദ്രചിന്താഗതി അവസാനിപ്പിക്കാന്‍(സൗരയൂഥത്തിന്റെ ബാഹ്യഅതിരില്‍ സ്ഥിതിചെയ്യുന്ന ശിലാഖണ്ഡങ്ങളും മഞ്ഞുപാളികളും ധൂളീപടലങ്ങളും നിറഞ്ഞ ഭാഗമായ 'കിയ്പ്പര്‍ ബല്‍ട്ട്‌ '(kuiper belt)ആ ഡച്ചുശാസ്ത്രജ്ഞന്റെ പേരിലാണ്‌ അറിയപ്പെടുന്നത്‌). 2001 ജൂലായ്‌ ആയപ്പോഴേയ്ക്കും 26000 ക്ഷുദ്രഗ്രഹങ്ങളെ കണ്ടെത്തി പേരിടാന്‍ ഗവേഷകര്‍ക്കായി.

ഒട്ടേറെ വഴിയാത്രക്കാര്‍ മുന്നറിയിപ്പില്ലാതെ റോഡ്‌ മുറിച്ചു കടക്കുന്ന ഒരു രാജപാത സങ്കല്‍പ്പിച്ചു നോക്കുക. അത്തരമൊരു പാതയിലൂടെ നീങ്ങുന്ന അതിവേഗ വാഹനത്തിന്റെ സ്ഥിതിയാണ്‌ ഭൂമിയുടേത്‌. സ്വന്തം ഭ്രമണപഥത്തിലൂടെ മണിക്കൂറില്‍ ഒരു ലക്ഷത്തിലേറെ കിലോമീറ്റര്‍ വേഗത്തില്‍ നീങ്ങുന്ന ഭൂമിയുടെ പാതയില്‍, നൂറുകണക്കിന്‌ ക്ഷുദ്രഗ്രഹങ്ങള്‍ കടന്നു പോകുന്നു. വാഹനം വരുന്നത്‌ ശ്രദ്ധിക്കാതെ റോഡ്‌ മുറിച്ചു കടക്കുന്ന കാല്‍നട യാത്രക്കാരെപ്പോലെയാണ്‌ അവ. ഭൂമിയിലെ നാഗരികത തകര്‍ക്കാന്‍ കഴിവുള്ള രണ്ടായിരത്തോളം ക്ഷുദ്രഗ്രഹങ്ങള്‍ പതിവായി ഭൂമിയുടെ പാത കടന്നു പോകുന്നു എന്നറിയുമ്പോഴാണ്‌, എത്ര വലിയ ഭീഷണിയാണ്‌ നമ്മുടെ ഗ്രഹം നേരിടുന്നതെന്ന്‌ മനസിലാവുക. ചെറിയൊരു വീടിന്റെ വലുപ്പമുള്ള ക്ഷുദ്രഗ്രഹത്തിന്‌ ഒരു നഗരത്തെ നശിപ്പിക്കാനാകും. രാത്രിയില്‍ ആകാശം പ്രകാശിപ്പിക്കാന്‍ കഴിഞ്ഞാല്‍, പത്തു മീറ്ററില്‍ കൂടുതല്‍ വലുപ്പമുള്ള പത്തുകോടി ക്ഷുദ്രഗ്രഹങ്ങളെ കാണാനാകുമെന്ന്‌ വിദഗ്ധര്‍ പറയുന്നു.

1991-ല്‍ ഭൂമിക്ക്‌ 170000 കിലോമീറ്റര്‍ അരികിലൂടെ '1991BA' എന്ന ക്ഷുദ്രഗ്രഹം കടന്നു പോയി. വലിയൊരു ക്ഷുദ്രഗ്രഹം രണ്ടു വര്‍ഷം കഴിഞ്ഞ്‌ ഭൂമിക്ക്‌ 145000 കിലോമീറ്റര്‍ സമീപത്തുകൂടി സഞ്ചരിച്ചു-രേഖപ്പെടുത്തിയതില്‍ ഏറ്റവും കുറഞ്ഞ അകലം. 2004 ഒക്ടോബറില്‍ 4.6 കിലോമീറ്റര്‍ വിസ്തൃതിയുള്ള ക്ഷുദ്രഗ്രഹം ഭൂമിക്ക്‌ 16 ലക്ഷം കിലോമീറ്റര്‍ അരികിലൂടെ പോയി. ജൂലായ്‌ മൂന്നിന്‌ ഭൂമിക്കരികിലൂടെ സഞ്ചരിച്ച 2004XP14 എന്ന ക്ഷുദ്രഗ്രഹത്തെ 2004-ലാണ്‌ തിരിച്ചറിഞ്ഞത്‌. 800 മീറ്റര്‍ വിസ്തൃതിയാണ്‌ ഇതിനുള്ളതെന്നു കണക്കാക്കുന്നു. ഇവയെയൊക്കെ ഭൂമിക്ക്‌ വളരെ അടുത്തെത്തിയ ശേഷമാണ്‌ വാനനിരീക്ഷകര്‍ക്ക്‌ തിരിച്ചറിയാന്‍ സാധിച്ചത്‌. സമീപഭാവിയില്‍ ഏറ്റവും വലിയ ഭീഷണി സൃഷ്ടിക്കുക 'അപോഫിസ്‌ '(Apophis) എന്ന ക്ഷുദ്രഗ്രഹത്തില്‍ നിന്നാണെന്ന്‌ ശാസ്ത്രജ്ഞര്‍ കണക്കുകൂട്ടുന്നു. 2036-ലാണ്‌ ഇത്‌ ഭൂമിക്ക്‌ ഭീഷണിയാവുക. ആഴ്ചയില്‍ ഇത്തരം രണ്ടോ മൂന്നോ കടന്നു പോകലുകള്‍ സംഭവിക്കാറുണ്ട്‌; മനുഷ്യന്റെ ശ്രദ്ധയില്‍ പെടാതെ. ആപത്ത്‌ കൂടെയുണ്ടെന്നു സാരം. അതിന്റെ ആക്കം കുറയ്ക്കാനുള്ള ശ്രമവും ശാസ്ത്രലോകത്ത്‌ നടക്കുന്നുണ്ട്‌. യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ 'ഡോണ്‍ ക്വിക്സോട്ട്‌ ' (Don Quixote) ദൗത്യവും, നാസയുടെ 'ഡീപ്‌ ഇംപാക്ട്‌ '(Deep Impact) ദൗത്യവും ക്ഷുദ്രഗ്രഹ ഭീഷണി നേരത്തെ മനസിലാക്കാനുദ്ദേശിച്ചുള്ളവയാണ്‌.(അവലംബം: NASA, A Short History of Nearly Everything, by Bill Bryson, Wikipedia)

ദിവസവും ഒരു ലക്ഷം പുതിയ ബ്ലോഗുകള്‍

ബ്ലോഗുകളുടെ ലോകം ഗുണപരമായി വളരുകയാണ്‌, പലരൂപത്തില്‍, പലഭാവത്തില്‍-ടെക്നോറാറ്റിയുടെ റിപ്പോര്‍ട്ട്‌

സ്വകാര്യഡയറികളുടെയും ഹോബിയുടെയും രൂപത്തില്‍ ഇന്റര്‍നെറ്റില്‍ ആരംഭിച്ച ബ്ലോഗിങ്‌ , ഗുണപരമായ രീതിയില്‍ പുതിയ രൂപങ്ങളില്‍ വളരുകയാണെന്ന്‌ പഠനറിപ്പോര്‍ട്ട്‌. ഓരോ ദിവസവും കുറഞ്ഞത്‌ ഒരുലക്ഷം പുതിയ ബ്ലോഗു(Blog)കള്‍ ഇന്റര്‍നെറ്റില്‍(Internet) സൃഷ്ടിക്കപ്പെടുന്നു; 13 ലക്ഷം പോസ്റ്റു(post)കളും. പ്രമുഖ ബ്ലോഗ്‌ നിരീക്ഷകരായ 'ടെക്നോറാറ്റി'(Technorati) കമ്പനിയുടെ ഏറ്റവും പുതിയ സര്‍വേറിപ്പോര്‍ട്ടിലാണ്‌ ഈ വിവരമുള്ളത്‌.

ഇസ്രായേലിന്റെ ലെബനണ്‍ ആക്രമണവേളയില്‍ ബ്ലോഗ്പോസ്റ്റിങ്ങിന്റെ തോത്‌ അസാധാരണമായി വര്‍ധിച്ചുവെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു. ഇറാനി(Iran)ലെ മുഖ്യഭാഷയായ ഫാഴ്സി(Farsi)യില്‍ ബ്ലോഗുകളുടെ എണ്ണം വര്‍ധിച്ചിരിക്കുന്നു എന്നതാണ്‌ റിപ്പോര്‍ട്ടിലെ ശ്രദ്ധേയമായ മറ്റൊരു വിവരം. ബ്ലോഗുകളുടെ വെബ്ബ്ലോകമായ 'ബ്ലോഗോസ്ഫിയറി'(Blogosphere)ലെ പ്രമുഖ പത്തുഭാഷകളിലൊന്നായി ഫാഴ്സി മാറിയിരിക്കുന്നു. ആദ്യമായാണ്‌ ആദ്യപത്തു ഭാഷകളിലൊന്നായി ഫാഴ്സി എത്തുന്നത്‌. ഇംഗ്ലീഷും ജാപ്പനീസും തന്നെയാണ്‌ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങളില്‍; ചൈനീസ്‌ ഭാഷ മൂന്നാംസ്ഥാനത്തും.

570 ലക്ഷം ബ്ലോഗുകളെ ടെക്നോറാറ്റിയിപ്പോള്‍ നിരീക്ഷിക്കുന്നു. അവയില്‍ 55 ശതമാനവും സജീവമാണെന്ന്‌ റിപ്പോര്‍ട്ട്‌ പറയുന്നു-മൂന്നുമാസത്തിലൊരിക്കലെങ്കിലും പുതുക്കപ്പെടുന്നവയാണവയ. പക്ഷേ, പ്രമുഖ ബ്ലോഗുകളില്‍ പലതും വര്‍ഷങ്ങളായി നിലനില്‍ക്കുന്നതാണ്‌. എത്ര വെബ്ബ്സൈറ്റുകളുമായി ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു(Link) എന്നതിനെ ആശ്രയിച്ചാണ്‌ ടെക്നോറാറ്റി ബ്ലോഗുകളെ റാങ്ക്‌ ചെയ്യുന്നത്‌. അഞ്ഞൂറിലേറെ ലിങ്കുകളുള്ള നാലായിരത്തോളം ബ്ലോഗുകള്‍ ഉണ്ടെന്നാണ്‌ അവരുടെ കണക്ക്‌. അവ ദിവസവും രണ്ടുതവണയെങ്കിലും പുതുക്കപ്പെടുന്നു.

1997-ല്‍ ജോന്‍ ബാര്‍ഗര്‍ എന്നയാള്‍ 'വെബ്ലോഗ്‌' (weblog) എന്ന്‌ തന്റെ സ്വകാര്യസൈറ്റിനെ വിശേഷിപ്പിച്ചതില്‍ നിന്നാണ്‌ ബ്ലോഗിന്റെ ആരംഭം. പീറ്റര്‍ മെര്‍ഹോള്‍സ്‌ പിന്നീട്‌ (1999-ല്‍) ആ വാക്കിനെ പിരിച്ച്‌ 'വി ബ്ലോഗ്‌ '(we blog) എന്നാക്കി മാറ്റി. അതിനുശേഷം അത്‌ ബ്ലോഗ്‌ എന്നു മാത്രമായി; ക്രിയയും നാമവും ഒന്നായ വാക്ക്‌. പുതിയ നൂറ്റാണ്ടില്‍ 'മൂവബിള്‍ ടൈപ്പ്‌ '(Movable Type) പോലുള്ള ബ്ലോഗ്സോഫ്റ്റ്‌വേറുകള്‍, ബ്ലോഗിങ്‌ സാധാരണക്കാരുടെ കൈപ്പിടിയിലെത്തിച്ചു. ചുരുങ്ങിയ കാലം കൊണ്ട്‌ ബ്ലോഗിങ്‌ ഇന്റര്‍നെറ്റില്‍ എത്ര ശക്തമായ ആശയവിനിമയ ഉപാധിയായി മാറിയിരിക്കുന്നു എന്നാണ്‌ ടെക്നോറാറ്റിയുടെ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നത്‌.

എച്ച്‌.ഐ.വി തടയാന്‍ എച്ച്‌.ഐ.വി

എയിഡ്സ്‌ വൈറസിനെ അതുപയോഗിച്ചു തന്നെ ചെറുക്കാന്‍ ഭാവിയില്‍ കഴിഞ്ഞേക്കും. പുതിയൊരു പഠനം ആ സൂചനയാണ്‌ നല്‍കുന്നത്‌.

മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്നു കേട്ടിട്ടില്ലേ. ആ മാര്‍ഗ്ഗം എയ്ഡ്സി (AIDS)ന്റെ കാര്യത്തിലും ഫലം ചെയ്തേക്കും എന്നു സൂചന. എയ്ഡ്സ്‌ വൈറസിനെ ആ വൈറസുപയോഗിച്ചു തന്നെ തടയാന്‍ മാര്‍ഗ്ഗം തെളിയുന്നു. ജീന്‍ തെറാപ്പിയുടെ സാധ്യതയുപയോഗിച്ച്‌ ഒരു സംഘം അമേരിക്കന്‍ ഗവേഷകരാണ്‌ ഇതു സംബന്ധിച്ച പഠനം നടത്തിയത്‌. ഭാവിയില്‍ ലോകമെമ്പാടും ലക്ഷക്കണക്കിന്‌ എയ്ഡ്സ്‌ രോഗികള്‍ക്ക്‌ അനുഗ്രഹമായേക്കാവുന്ന കണ്ടെത്തലാണിത്‌.

നിര്‍വീര്യമാക്കിയ 'ഹ്യുമണ്‍ ഇമ്മ്യൂണോ ഡഫിഷന്‍സി വൈറസി'(HIV) നെയാണ്‌ ഗവേഷകര്‍ ചികിത്സയ്ക്കുപയോഗിച്ചത്‌. എച്ച്‌.ഐ.വിയുടെ പുനരുത്പാദനം തടയുന്ന ജനിതകവസ്തു (genetic material) സന്നിവേശിപ്പിച്ച്‌ അവയെ പരിവര്‍ത്തനം ചെയ്തിരുന്നു. മറ്റ്‌ വൈറസ്‌ പ്രതിരോധ മരുന്നു (Antivirus medicines)കളൊന്നും ഫലിക്കാതെ വന്ന അഞ്ച്‌ എച്ച്‌.ഐ.വി.ബാധിതരില്‍ പുതിയ മാര്‍ഗ്ഗം പരീക്ഷിച്ചപ്പോള്‍, അവരുടെ രക്തത്തില്‍ എച്ച്‌.ഐ.വി.പെരുകുന്നത്‌ നിലച്ചു. വൈറസുകളുടെ തോത്‌ വര്‍ധിക്കാതിരിക്കുകയോ കുറയുകോയോ ചെയ്തു.

പെന്‍സില്‍വാനിയ സര്‍വകലാശാലയ്ക്കു (University of Pennsylvania) കീഴിലെ സ്കൂള്‍ ഓഫ്‌ മെഡിസിനില്‍, കാള്‍ ജൂണി (Carl June)ന്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ ഗവേഷണം നടത്തിയത്‌. നിര്‍വീര്യമാക്കിയ എയ്ഡ്സ്‌ വൈറസ്‌ ചികിത്സയ്ക്കുപയോഗിക്കുന്നത്‌ അപകടം വരുത്തുമോ എന്ന കാര്യത്തിനാണ്‌, ഒന്‍പത്‌ മാസം നടന്ന പഠനത്തില്‍ പ്രധാന്യം നല്‍കിയതെന്ന്‌ കാള്‍ ജൂണ്‍ അറിയിച്ചു. പഠനം പ്രാഥമികതലത്തിലാണെന്നും, പുതിയ മാര്‍ഗ്ഗം രോഗികളില്‍ വ്യാപകമായി ഉപയോഗിക്കാന്‍ കഴിയുമോ എന്നകാര്യം അറിയാനിരിക്കുന്നതേയുള്ളൂവെന്നും 'പ്രോസെഡിങ്ങ്സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

മനുഷ്യശരീരത്തില്‍ പ്രതിരോധശേഷി ഇല്ലാതാക്കുകയാണ്‌ എച്ച്‌.ഐ.വി.ചെയ്യുക. ശരീരത്തില്‍ പ്രതിരോധം സാധ്യമാക്കുന്ന 'റ്റി-കോശ'(T-cells)ങ്ങളെ അവ ഉന്നംവെക്കുന്നു. നിര്‍വീര്യമാക്കി ജനിതകപരിവര്‍ത്തനം(genetic mutation) നടത്തിയ എയ്ഡ്സ്‌ വൈറുമായി, രോഗിയുടെ ശരീരത്തില്‍ നിന്നെടുത്ത ടി-കോശങ്ങളെ സംയോജിപ്പിക്കുകയാണ്‌ ഗവേഷകര്‍ ചെയ്തത്‌. അങ്ങനെ പരുവപ്പെടുത്തിയ പത്ത്‌ ബില്യണ്‍ ടി-കോശങ്ങള്‍ രോഗികളില്‍ തിരികെ സന്നിവേശിപ്പിച്ചു. സാധാരണ വ്യക്തിയിലുള്ള മൊത്തം ടി-കോശങ്ങളുടെ സംഖ്യയുടെ രണ്ടുമുതല്‍ പത്തുശതമാനത്തോളം വരുമിത്‌.

വൈറസുകള്‍ക്ക്‌ അവയുടെ ആതിഥേയകോശങ്ങളില്‍ പുനരുത്പാദനം നടത്താന്‍ സഹായിക്കുന്ന ജനിതകപ്രക്രിയ(genetic process) അട്ടിമറിക്കാന്‍ ഈ മാര്‍ഗ്ഗം സഹായിക്കുന്നു. അതിനാല്‍, എച്ച്‌.ഐ.വിക്ക്‌ പെരുകാന്‍ കഴിയാതെ വരുന്നു.

സാധാരണഗതിയില്‍ എച്ച്‌.ഐ.വി.ബാധിച്ചവരില്‍ പ്രതിരോധത്തിനുള്ള ടി-കോശങ്ങളുടെ എണ്ണം ക്രമമായി കുറഞ്ഞുവരികയാണ്‌ പതിവ്‌. പക്ഷേ, പുതിയ മാര്‍ഗ്ഗമുപയോഗിച്ച്‌ ചികിത്സിച്ച അഞ്ചില്‍ നാലുപേരിലും പ്രതിരോധകോശങ്ങളുടെ എണ്ണം വര്‍ധിച്ചതായി ഗവേഷകര്‍ കണ്ടു. അതാണ്‌ പ്രതീക്ഷ നല്‍കുന്നത്‌. (അവലംബം: Proceedings of National Accademy of Sciences)

Saturday, November 18, 2006

കുറിഞ്ഞിപ്പൂക്കാലം-4


മുകളിലേക്ക്‌ ശോഷിക്കുന്ന കുറിഞ്ഞിമേടുകള്‍

2006-ലെ കുറിഞ്ഞിപ്പൂക്കാലം നല്‍കുന്ന ചില മുന്നറിയിപ്പുകള്‍. കുറിഞ്ഞിയെ ആഘോഷമാക്കുന്നതിനിടിയില്‍ വിട്ടുപോകുന്ന കാഴ്ചകള്‍

സ്ട്രേലിയന്‍ പരിസ്ഥിതി ഗവേഷകനായ ടിം ഫ്ലാനെറി(Tim Flannery)യുടെ പുതിയ പുസ്തകമാണ്‌ 'ദി വെതര്‍ മേക്കേഴ്സ്‌'(The Weather Makers). ന്യൂ ഗിനി(New Guinea) ദ്വീപിലെ ഏറ്റവും ഉയരമേറിയ കൊടുമുടിയായ മൗണ്ട്‌ ആല്‍ബര്‍ട്ട്‌ എഡ്വേര്‍ഡില്‍ കാല്‍നൂറ്റാണ്ട്‌ മുമ്പ്‌ കയറിയ അനുഭവം വിവരിച്ചുകൊണ്ടാണ്‌ ഗ്രന്ഥം ആരംഭിക്കുന്നത്‌. കൊടുമുടിയുടെ മേല്‍ച്ചെരുവുകളില്‍ നിന്ന്‌ താഴേയ്ക്കിറങ്ങുന്ന പുല്‍മേട്‌ ഒരു വിതാനത്തിലെത്തുമ്പോള്‍ വനവുമായി സംഗമിക്കുന്നു. ഒറ്റ ചുവടുവെയ്പ്പിന്‌ ശാദ്വലമായ പുല്‍മേട്ടില്‍ നിന്ന്‌ ഘോരവനത്തിന്റെ ഇരുളിലേക്ക്‌ ഒരാള്‍ക്ക്‌ കടക്കാനാകും.


സാധാരണഗതിയില്‍ വനവും പുല്‍മേടും അതാതിന്റെ അതിര്‍ത്തികാക്കുന്നതില്‍ വിട്ടുവീഴ്ച്ച ചെയ്യാറില്ല. പക്ഷേ, മൗണ്ട്‌ ആല്‍ബര്‍ട്ട്‌ എഡ്വേര്‍ഡിന്റെ ചെരുവില്‍, പുല്‍മേട്ടില്‍ മാത്രം കാണപ്പെടുന്ന ചിലയിനം പന്നല്‍ച്ചെടികള്‍ എങ്ങനെ പുല്‍മേടിനു തൊട്ടുതാഴത്തെ വനത്തിലും എത്തി എന്നകാര്യം ഫ്ലാനറിയെ അത്ഭുതപ്പെടുത്തുകയുണ്ടായി. വനം മുകളിലേക്കു നീങ്ങിയതിന്റെ, അതിനനുസരിച്ച്‌ പുല്‍മേട്‌ ശോഷിച്ചുപോയതിന്റെ തെളിവാണ്‌ താന്‍ കണ്ടതെന്ന്‌ അദ്ദേഹം വിലയിരുത്തി. ഇന്ന്‌ ഇക്കാര്യം ഓര്‍ക്കുമ്പോള്‍, ആഗോളതാപനം ആവാസവ്യവസ്ഥകള്‍ക്കുണ്ടാക്കുന്ന മാറ്റത്തിന്റെ തെളിവാണ്‌ കാല്‍നൂറ്റാണ്ടു മുമ്പ്‌ താന്‍ കണ്ടതെന്ന്‌ ഫ്ലാനറി കരുതുന്നു.

1994-ല്‍ നീലക്കുറിഞ്ഞി പൂത്തതിന്‌ സാക്ഷിയാകാന്‍ മൂന്നാറിലെ രാജമലയില്‍ എത്തിയവരില്‍ ചിലരെങ്കിലും ഈ പൂക്കാലത്തും അവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകണം. പക്ഷേ, ഇത്തവണ രാജമലയിലെത്തിയ ലക്ഷക്കണക്കിനാളുകളുടെ തിരക്കിനിടയില്‍, മേല്‍വിവരിച്ചതുപോലൊരു രംഗം മിക്കവരുടെയും ശ്രദ്ധയില്‍ പെട്ടിരിക്കാന്‍ ഇടയില്ല. രാജമലയില്‍ നായ്ക്കൊല്ലിമലയുടെ അടിവാരത്ത്‌, തേയിലത്തോട്ടങ്ങള്‍ അവസാനിക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തി മുതല്‍ തന്നെ കഴിഞ്ഞ തവണ കുറിഞ്ഞിച്ചെടികള്‍ നിരന്നു പൂത്തിരുന്നു. പുല്‍മേടും അവിടം മുതല്‍ ദൃശ്യമായിരുന്നു.

പക്ഷേ, 12 വര്‍ഷത്തിന്‌ ശേഷം താഴ്‌ന്ന പ്രദേശത്തെ പുല്‍മേട്‌ മുഴുവന്‍ കുറ്റിക്കാടിനും പൊന്തകള്‍ക്കും വഴിമാറിയിരിക്കുന്ന കാഴ്ചയാണ്‌ സന്ദര്‍ശകരെ കാത്തിരുന്നത്‌. അവിടെ ശേഷിച്ചിട്ടുള്ള ഏതാനും കുറിഞ്ഞിച്ചെടികള്‍ പൊന്തക്കാട്ടില്‍ ഞെരുങ്ങി പോയിരിക്കുന്നു. ഏറെ മുകളില്‍ പല കൊടുംവളവുകള്‍ക്ക്‌ അപ്പുറം, നായ്ക്കൊല്ലിമലയുടെ ചുവട്ടിലെത്തുമ്പോഴേ ഇത്തവണ ശരിക്കും കുറിഞ്ഞിച്ചെടികള്‍ നിരന്നു പൂത്തത്‌ കാണാന്‍ കഴിയുമായിരുന്നുള്ളൂ. പുല്‍മേടും കുറിഞ്ഞിക്കാടും മുകളിലേക്ക്‌ ശോഷിച്ചു പോയിരിക്കുന്നു. ആ കാഴ്ച കാണുമ്പോള്‍, കേരളത്തിലും അന്തരീക്ഷതാപനില ഉയരുകയാണെന്ന കാര്യമാണ്‌ മനസിലേക്ക്‌ ആശങ്കയോടെ കടന്നു വരുന്നത്‌. കഴിഞ്ഞ 48 വര്‍ഷത്തിനിടെ സംസ്ഥാനത്ത്‌ താപനില 0.8 ഡിഗ്രി സെല്‍സിയസ്‌ വര്‍ധിച്ചെന്ന പഠനഫലം 2005-ലാണ്‌ പുറത്തുവന്നത്‌.

രാജമലയിലെ തിരക്കിന്റെ പ്രളയത്തില്‍ ശ്വാസംമുട്ടിയ പലരും ഇത്തവണ കുറിഞ്ഞി കാണാന്‍ നേരെ പോയത്‌ കാന്തല്ലൂരിലേക്കാണ്‌. കുറിഞ്ഞിപൂക്കാലം മൂന്നാറിനെ ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസ്റ്റ്സങ്കേതങ്ങളിലൊന്നായി ഒറ്റയടിക്ക്‌ മാറ്റിയെങ്കില്‍, മൂന്നാറിലെ തിരക്ക്‌ കാന്തല്ലൂരിനെ സഞ്ചാരികളുടെ മറ്റൊരു ലക്ഷ്യസ്ഥാനമാക്കി മാറ്റി. കുറഞ്ഞത്‌ 5000 വാഹനങ്ങളെങ്കിലും കുറിഞ്ഞിസ്നേഹികളെയും കൊണ്ട്‌ കാന്തല്ലൂരിലെത്തി.

കഴിഞ്ഞ ഒക്ടോബര്‍ ഒന്‍പതിനാണ്‌ ഈ ലേഖകന്‍ കാന്തല്ലൂര്‍ സന്ദര്‍ശിക്കുന്നത്‌. അവിടെ ഒറ്റപ്പെട്ട ചില സ്ഥാനങ്ങളിലൊഴികെ കുറിഞ്ഞിപ്പൂക്കള്‍ കരിഞ്ഞു തുടങ്ങിയിരുന്നു. ബസ്സിറങ്ങി കുറിഞ്ഞിക്കാടുകള്‍ എവിടെയാണെന്ന്‌ ചോദിക്കുമ്പോള്‍ തന്നെ അന്വേഷണം വന്നു, 'കുറിഞ്ഞി പറിക്കണോ?'. അമ്പരപ്പാണ്‌ മനസിലുയര്‍ന്നത്‌. കാന്തല്ലൂരിലെ ഓട്ടോ ഡ്രവറായ മനോജ്‌, ആ ചോദ്യത്തിന്റെ പൊരുള്‍ പിന്നീട്‌ പറഞ്ഞു തന്നു. കാന്തല്ലൂരില്‍ കുറിഞ്ഞി പൂത്തത്‌ കാണാനെത്തിയവരില്‍ പലരും കുറിഞ്ഞിയോടുള്ള സ്നേഹംമൂത്ത്‌, കെട്ടുകണക്കിന്‌ കുറിഞ്ഞി പറിച്ച്‌ വണ്ടികളിലിട്ടാണ്‌ ചുരമിറങ്ങിയത്‌. രാജമലയിലേതുപോലെ, വനംവകുപ്പിന്റെ കര്‍ക്കശ നിയന്ത്രണത്തിലല്ല കാന്തല്ലൂരിലെ കുറിഞ്ഞിക്കാടുകള്‍. അതുകൊണ്ട്‌ കുറിഞ്ഞി പറിക്കുന്നതിന്‌ നിയന്ത്രണവുമില്ല.

പന്ത്രണ്ട്‌ വര്‍ഷം വളര്‍ച്ച പൂര്‍ത്തിയാക്കിയാണ്‌ നീലകുറിഞ്ഞിച്ചെടികള്‍ പൂക്കുക. പൂക്കള്‍ വിത്താകുന്നതോടെ ചെടികളുടെ ആയുസ്സ്‌ തീരുന്നു. അവ നശിക്കുന്നു. വിത്തുകള്‍ വീണ്‌ കുറിഞ്ഞിച്ചെടിയുടെ പുതിയ തലമുറ നാമ്പിടുന്നു. എന്നുവെച്ചാല്‍, 1994-ല്‍ പൂത്ത കുറിഞ്ഞിച്ചെടികളുടെ സന്താനങ്ങളാണ്‌ ഇത്തവണത്തെ പൂക്കാലം സമ്മാനിച്ചത്‌. അവയുടെ സന്താനങ്ങള്‍ വേണം 2018-ല്‍ വീണ്ടുമൊരു പൂക്കാലവുമായി എത്താന്‍. അങ്ങനെയെങ്കില്‍ കാന്തല്ലൂരില്‍ കുറിഞ്ഞിച്ചെടികളുടെ പുതിയ തലമുറയുണ്ടാകുമോ? കെട്ടുകണക്കിന്‌ കുറിഞ്ഞിപ്പൂവുമായി മലയിറങ്ങിയവര്‍ വീണ്ടുമൊരു പൂക്കാലമുണ്ടാകില്ല എന്ന്‌ ഉറപ്പാക്കുകയല്ലേ ചെയ്തത്‌?

നീലക്കുറിഞ്ഞിയുടെ പൂക്കാലം തേനിന്റെ കൂടി കാലമാണ്‌. കുറിഞ്ഞിത്തേനിന്‌ പ്രത്യേക വാസനയാണെന്നും ഗുണം കൂടുമെന്നും ആദിവാസികള്‍ പറയുന്നു. ഒക്ടോബര്‍ എട്ടിനാണ്‌ കാന്തല്ലൂരില്‍ ഇത്തവണ ആദ്യമായി കുറിഞ്ഞിത്തേന്‍ വില്‍പ്പനയ്ക്കെത്തിയത്‌. എന്നാല്‍, നീലക്കുറിഞ്ഞി പൂത്താല്‍ തേനിച്ചയെ ക്ഷണിക്കുന്നതു മുതല്‍ ആദ്യതേന്‍ എടുക്കുന്നതു വരെ ആഘോഷിക്കാറുള്ള വട്ടവട ഗ്രാമവാസികള്‍ക്ക്‌ ഇത്തവണ കുറിഞ്ഞിത്തേന്‍ ലഭിച്ചില്ല. കാരണം വട്ടവയുടെ മലഞ്ചെരിവുകളില്‍ നിന്ന്‌ കുറിഞ്ഞിക്കാടുകള്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായിരിക്കുന്നു. പകരം അവിടമെല്ലാം യൂക്കാലിപ്റ്റസ്‌ ഗ്രാന്‍ഡീസ്‌ തോട്ടങ്ങള്‍ കൈയടക്കിയിരിക്കുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഈ മേഖലയില്‍ വന്ന മാറ്റമാണിത്‌. പുല്‍മേടുകളും കൃഷിയിടങ്ങളും മുഴുവന്‍ പുറംനാട്ടുകാര്‍ കൈയടക്കിയതിന്റെ ബാക്കിപത്രം. ദേവികുളം താലൂക്കിലെ വട്ടവട, കൊട്ടക്കമ്പൂര്‍ വില്ലേജുകള്‍ ഉള്‍പ്പെടുന്ന പ്രദേശം 'നീലക്കുറിഞ്ഞി സാങ്ങ്ച്വറി'യായി സംസ്ഥാന വനംവകുപ്പ്‌ പ്രഖ്യാപിച്ചെങ്കിലും, വട്ടവടയുടെ ഇന്നത്തെ അവസ്ഥ ആ പ്രഖ്യാപനത്തിന്‌ നേരെ ഉയരുന്ന വെല്ലുവിളിയാണ്‌.

Friday, November 17, 2006

കുറിഞ്ഞിപ്പൂക്കാലം-3

ഒരു ഡയറിക്കുറിപ്പ്‌
രാജമല, മൂന്നാര്‍
സപ്തംബര്‍11, 1994

രവികുളം നാഷണല്‍പാര്‍ക്കിന്റെ ടൂറിസം മേഖലയായ രാജമലയില്‍ നായ്ക്കൊല്ലി മലയിലേക്കുള്ള കയറ്റം. ഇടമലക്കുടിയിലേക്കു പോകുന്ന പര്‍വതപാത. ഈ പ്രദേശത്തു മാത്രം കാണുന്ന കൊടുവെട്ടി (Drusira peltata) എന്ന ഇരപിടിയന്‍ സസ്യം പാതയോരത്ത്‌ ഇളംകാറ്റില്‍ തലയാട്ടുന്നു. 'ഫോര്‍ വിങ്ങ്സ്‌ 'എന്നറിയപ്പടുന്ന ശലഭം അടുത്തൊരു കുറിഞ്ഞിച്ചെടിയില്‍ വന്നിരുന്ന്‌ തേന്‍ നുകരാന്‍ ആരംഭിക്കുന്നു. 'നീലഗിരിയിലെയും, ഇരവികുളത്തെയും ഉയര്‍ന്ന പ്രദേശത്തു മാത്രം അവശേഷിച്ചിട്ടുള്ള ഒരു ചിത്രശലഭമാണിത്‌ '-ഒപ്പമുള്ള പി.വി.കരുണാകരന്‍ ഓര്‍മിപ്പിച്ചു. ഇരവികുളം നാഷണല്‍പാര്‍ക്കില്‍ വരയാടുകളെ (Nilgir Tahr) പറ്റി പഠനം നടത്തുകയാണ്‌, ഡെറാഡൂണ്‍ വൈല്‍ഡ്‌ ലൈഫ്‌ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഗവേഷകനായ അദ്ദേഹം. ഫോട്ടോയെടുക്കാന്‍ ശ്രമം തുടങ്ങിയതോടെ ഫോര്‍വിങ്ങ്സ്‌ അതിന്റെ നാലു കുഞ്ഞിച്ചിറകുകളും വീശി വായുവില്‍ കടുത്ത നീലവര്‍ണ്ണത്തില്‍ ഒരു രേഖ സൃഷ്ടിച്ചു മിന്നല്‍ പോലെ അപ്രത്യക്ഷമായി.

അപ്പോള്‍ അതാവരുന്നു, നക്ഷത്രങ്ങളെയും മഴവില്ലിനെയും വീതിയേറിയ ചിറകില്‍ തേച്ചുപിടിപ്പിച്ച മറ്റൊരു വിദ്വാന്‍. പീ കോക്ക്‌ വര്‍ഗ്ഗത്തില്‍പെട്ട ശലഭമാണത്‌. ഇത്തരം ഉയര്‍ന്ന വിതാനങ്ങളില്‍ മാത്രം കാണപ്പെടുന്നത്‌. അത്‌ കുറിഞ്ഞിപ്പൂക്കളില്‍ ഇരിക്കുന്നതും കാത്ത്‌ ക്യാമറയുമായി ഞങ്ങള്‍ കുറെ നേരം പിന്തുടര്‍ന്നു. രക്ഷയില്ല, സന്ദര്‍ശകര്‍ക്ക്‌ കടന്നു പോകാന്‍ അനുവാദമുള്ള ടാറിട്ട പാതയിലൂടെ മാത്രമാണ്‌ അവന്റെ സഞ്ചാരം. 'ഇവന്‍ ഫോറസ്റ്റ്‌ ഔട്ട്പോസ്റ്റില്‍ നിന്ന്‌ പാസെടുത്തു പോന്നതാകണം. കുറിഞ്ഞിയെ ഉപദ്രവിക്കരുതെന്ന്‌ അവര്‍ പറഞ്ഞുവിട്ടു കാണും!"-ഒരു സന്ദര്‍ശകന്റെ കമന്റ്‌. വീതിയേറിയ ഇലകളിലെ നരച്ച പച്ചപ്പോടെ ഒരു കാട്ടുമുന്തിരി വഴിയോരത്ത്‌, കുറിഞ്ഞിച്ചെടികള്‍ക്കിടയില്‍ തപസ്സുചെയ്യുന്നു.

ചോലക്കാട്ടിനുള്ളില്‍

ഒരു ചോലക്കാട്ടിനുള്ളിലേക്ക്‌ ഞങ്ങള്‍ കയറി. പായല്‍പൊതിഞ്ഞ ഒരു പാറപ്പുറത്തിരുന്ന്‌ ഓരത്തുകൂടി ഒഴുകുന്ന നീര്‍ച്ചാലില്‍ കുളിര്‍മയേറിയ സ്ഫടികവര്‍ണ്ണ ജലം സൃഷിക്കുന്ന സംഗീതം ശ്രദ്ധിച്ചു. നായ്ക്കൊല്ലി മലയുടെ സ്നേഹസാന്നിധ്യം. അതിനപ്പുറം ആനമുടി. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയ കൊടുമുടി. ഈ സ്ഥലം സമുദ്രനിരപ്പില്‍ നിന്ന്‌ 6500 അടി ഉയരത്തിലാണ്‌. ആനമുടിയുടെ ഉയരം 8840 അടി. അന്തരീക്ഷ താപനില ഇവിടെ ഏഴു ഡിഗ്രി മുതല്‍ 27 ഡിഗ്രി സെല്‍സിയസ്‌ വരെ വ്യത്യാസപ്പെടുന്നു. ടെമ്പറേറ്റ്‌ മേഖലയിലേയും ഉഷ്ണമേഖലയിലേയും കാലവാസ്ഥയുടെ ഒരു മിശ്രണം.

കുരുവിയെക്കാള്‍ അല്‍പ്പം കൂടി വലുപ്പമുള്ള കടുംനീല വര്‍ണ്ണമുള്ള ഒരു പക്ഷി, മുമ്പിലെ മരച്ചില്ലയില്‍ വന്നിരുന്ന്‌ ഞങ്ങളെ ശ്രദ്ധിക്കാന്‍ തുടങ്ങി. അതിന്റെ ചുണ്ടുപോലും നീലയാണെന്നു തോന്നി. തന്റെ സാമ്രാജ്യത്തില്‍ ഞങ്ങള്‍ അതിക്രമിച്ചു കടന്നതിലെ കോപം അവന്റെ കുഞ്ഞിക്കണ്ണുകളില്‍ കണ്ടതുപോലെ. 'നീലഗിരിയിലെയും ഇരവികുളത്തെയും ഉയര്‍ന്ന വിതാനങ്ങളില്‍ മാത്രം കാണപ്പെടുന്ന ഈ പക്ഷിയെ ലോകത്ത്‌ വേറെയൊരിടത്തും കാണാനൊക്കില്ല'-കരുണാകരന്‍ പറഞ്ഞു. ഫ്ലൈ ക്യാച്ചര്‍ (Fly Catcher ) എന്നാണിവന്റെ പേര്‌. ഇതു മാത്രമല്ല, ഈ പ്രത്യേക പരിസ്ഥിതിയില്‍ മാത്രം കാണപ്പെടുന്ന വേറെയും പക്ഷികളുണ്ട്‌. 'ഗ്രാസ്‌ ഓള്‍ (Grass owl), ബ്ലാക്ക്‌ ആന്‍ഡ്‌ ഓരഞ്ച്‌ ഫ്ലൈ കാച്ചര്‍ (Black and Orange Fly Catcher ), യുറേഷ്യന്‍ കെസ്ട്രല്‍ (Euracian Kestrel) എന്നിങ്ങനെ പല പക്ഷികളും ഇവിടെയേ കാണൂ'-എനിക്ക്‌ തീരെ പിടിയില്ലാത്ത ഒരു വിഷയമാണ്‌ കരുണാകരന്‍ വളരെ ലളിതമായി പറഞ്ഞു തരുന്നത്‌.

പെട്ടന്ന്‌ കോടമഞ്ഞ്‌ നായ്ക്കൊല്ലിമലയെ മൂടി. ഞങ്ങളിരുക്കുന്ന ചോലക്കാട്‌ മൂടല്‍മഞ്ഞിന്റെ ഇഴകളില്‍പെട്ട്‌ ചാഞ്ചാടുന്നതു പോലെ. തണുപ്പ്‌ ഒറ്റയടിക്ക്‌ വര്‍ധിച്ചു. വിറയ്ക്കാതിരിക്കാന്‍ ഞാന്‍ പണിപ്പെടുന്നുണ്ടായിരുന്നു. മഞ്ഞിന്റെ കൂടാരത്തില്‍ മുങ്ങിക്കിടക്കുന്ന ഈ കുറിഞ്ഞിക്കടലില്‍ നിന്നാകുമോ നാട്ടക്കുറിഞ്ഞിരാഗം ആദിമ തമിഴ്സംഗീതജ്ഞര്‍ ഇഴപിരിച്ചെടുത്തിട്ടുണ്ടാവുക.

നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ രാജമലയിലേക്ക്‌ കുടുംബാംഗങ്ങളോടൊപ്പമെത്തിയ ഒരു പെണ്‍കുട്ടിയെ തലേദിവസം ആകാശവാണിക്കു വേണ്ടി ഇന്റര്‍വ്യൂ ചെയ്തിരുന്നു. കുറിഞ്ഞിപ്പൂക്കളുടെ അനന്തമായ നിരയെ ചൂണ്ടി ഇതൊന്നു വര്‍ണ്ണിക്കാമോ എന്നു ചോദിച്ചപ്പോള്‍, അവള്‍ കുറിഞ്ഞിക്കാടുകളെ നോക്കി അല്‍പ്പനേരം നിശബ്ദയായി. എന്നിട്ട്‌, പര്‍വ്വതക്കെട്ടിനു താഴെ തമ്പടിക്കുന്ന മേഘത്തെ ശ്രദ്ധിച്ചുകൊണ്ട്‌ നിശിതമായ ഭാവത്തില്‍ പറഞ്ഞു: 'പൂത്തിരി കത്തിച്ച്‌ വിതറിയിട്ടതുപോലയുണ്ട്‌'. ഇതുപറയുമ്പോള്‍, കൗമാരം കടന്ന ആ പെണ്‍കുട്ടിയുടെ കണ്ണുകളില്‍ നീലക്കുറിഞ്ഞി പൂത്തുലയുന്നതു കാണാമായിരുന്നു.

മഞ്ഞ്‌ മാറുന്നതോടെ, നിലാവിനെക്കാള്‍ നേര്‍ത്ത വെയിലിന്റെ പാളികള്‍ കുറിഞ്ഞിപ്പൂക്കളെ തിളക്കമുള്ളതാക്കുന്നു. അഭൗമമായ എന്തോ ഒരു പ്രതിഭാസത്തിന്‌ നടുവിലാണെന്ന പ്രതീതി. എന്റെ തോളില്‍ വീതികൂടിയ ഇലകളുള്ള ഒരു അപരിചിത സസ്യം കാറ്റില്‍ വന്ന്‌ ഇടയ്ക്കിടെ തൊടുന്നുണ്ട്‌. അത്‌ എന്തോ എന്നെ ഓര്‍മിപ്പിക്കാനുള്ള ശ്രമമാണെന്നു തോന്നി. കഷ്ടിച്ച്‌ ഒരു മീറ്റര്‍ ഉയരം കാണും അതിന്‌. അതൊരു കുറിഞ്ഞിയാണെന്ന്‌ കരുണാകരന്‍ പറഞ്ഞുതന്നു. ആരും അതിന്റെ ജീവചക്രം എത്രയാണെന്ന്‌ കണക്കാക്കിയിട്ടില്ല. അടുത്തതാ കൈയെത്തുന്ന ദൂരത്ത്‌ നാലു വ്യത്യസ്ത കുറിഞ്ഞിച്ചെടികള്‍! ചോലക്കാടിന്‌ വെളിയില്‍ കണ്ണെത്തുന്ന ദൂരത്തോളം പൂത്തുലഞ്ഞുകിടക്കുന്ന നീലക്കുറിഞ്ഞി. അഞ്ച്‌ കുറിഞ്ഞികളുടെ സൗമ്യസാമീപ്യത്തിലാണ്‌ ഞാന്‍. 'അതാണീ പ്രദേശത്തിന്റെ പാരിസ്ഥിതികമായ പ്രാധാന്യം. ലോകത്തൊരിടത്തുമില്ലാത്തത്ര ജൈവവൈവിധ്യം(biodiversity) കൊണ്ട്‌ അനുഗ്രഹീതമാണ്‌ സമുദ്രനിരപ്പില്‍ നിന്ന്‌ അയ്യായിരം അടിക്കു മുകളില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശം'-കരുണാകരന്‍ പറഞ്ഞു.

ചില വര്‍ഗ്ഗഭേദങ്ങള്‍

‍നീലക്കുറിഞ്ഞി കനകാംബരത്തിന്റെ വര്‍ഗ്ഗത്തില്‍ പെട്ട സസ്യമാണ്‌. ഈ ജാനസില്‍ പെട്ട 250 ഇനങ്ങളെ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നു കണ്ടെത്തിയിട്ടുണ്ട്‌. അതില്‍ 146 ഇനം ഇന്ത്യയില്‍ ഉള്ളതായി 'ദി ഫ്ലോറ ഓഫ്‌ ബ്രിട്ടീഷ്‌ ഇന്ത്യ'(The Flora of British India-1884) രേഖപ്പെടുത്തിയിരിക്കുന്നു. 'ദി ഫ്ലോറ ഓഫ്‌ ദി പ്രസിഡന്‍സി ഓഫ്‌ മദ്രാസി'(The Flora of the Presidency of Madras-1924)ല്‍ സൂചിപ്പിച്ചിരിക്കുന്നതു പ്രകാരം ദക്ഷിണേന്ത്യയില്‍ മാത്രം 46 ഇനം കുറിഞ്ഞികളുണ്ട്‌. നീലഗിരിക്ക്‌ തെക്ക്‌ പളനി മലകള്‍, രാജമല, സയിലന്റ്‌വാലി തുടങ്ങിയ ഇടങ്ങളില്‍ നിന്നായി 19 കുറിഞ്ഞിയിനങ്ങളെ കണ്ടെത്തിയതായി 'ദി ഫ്ലോറ ഓഫ്‌ ദി സൗത്ത്‌ ഇന്ത്യന്‍ ഹില്‍ സ്റ്റേഷന്‍സ്‌ ' (The Flora of the South Indian Hill Stations - 1932) പറയുന്നു. മൂന്നു മുതല്‍ 14 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂക്കുന്ന കുറിഞ്ഞികളുണ്ട്‌. അവയില്‍ പ്രധാനം 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കുന്ന നീലക്കുറിഞ്ഞിയാണെന്നു മാത്രം. 1838-1958 കാലയളവില്‍ ബോംബെ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി(BNHS) തുടര്‍ച്ചയായി ഒന്‍പത്‌ നീലക്കുറിഞ്ഞി പൂക്കാലം രേഖപ്പെടുത്തിയിട്ടുണ്ട്‌.

1935-ല്‍ എം. ഇ. റോബിന്‍സണ്‍ ഇങ്ങനെയെഴുതി: 'നീലക്കുറിഞ്ഞി 12 വര്‍ഷത്തിലൊരിക്കലേ പരക്കെ പൂക്കാറുള്ളൂ എന്ന്‌ കരുതേണ്ടിയിരിക്കുന്നു. 1934-ല്‍ ഒരു പൂര്‍ണ്ണ പൂക്കാലമായിരുന്നു. എല്ലാ കുന്നുകളിലും കുറിഞ്ഞി പൂത്തു. ഏക്കറുകണക്കിന്‌ നീലപ്പൂക്കള്‍ ജൂലായ്‌ ആദ്യം മുതല്‍ ഡിസംബര്‍ വരെ പളനി മലകളില്‍ കാണപ്പെടുകയുണ്ടായി. പൂമ്പാറയുടെ മലയോരങ്ങള്‍ കുറ്റിച്ചെടികള്‍ നിറഞ്ഞതാകയാല്‍, അവിടെ ഒറ്റപ്പെട്ട നിലയില്‍ അങ്ങിങ്ങായി മാത്രമേ കുറിഞ്ഞി പൂത്തൊള്ളൂ. നീലഗിരിമലകളില്‍ ആഗസ്ത്‌ വരെ ഒരു പൂര്‍ണ്ണ പൂക്കാലം ഉണ്ടായില്ല. എന്നാല്‍, ആനമുടിക്കുന്നുകളുടെ മലഞ്ചെരുവുകളില്‍ പരവതാനി പോലെ നീലപ്പൂക്കള്‍ നിരന്നത്‌ ഒക്ടോബറിലാണ്‌'. നീലക്കുറിഞ്ഞിയുടെ പൂക്കാലം തേനീച്ചകളുടെ ഉത്സവകാലം കൂടിയാണ്‌. 1922-ല്‍ കൊടൈക്കനാലില്‍ കുറിഞ്ഞിപൂത്ത മലഞ്ചെരുവിനു സമീപമൊരു മരത്തില്‍ മാത്രം തൂക്കുതേനീച്ചകളുടെ 28 കൂടുകള്‍ കണ്ടെത്തിയിരുന്നു. അതിനടുത്തുള്ള പാറയില്‍ 32 തേന്‍കൂടുകളും!

ഏറുന്ന ഭീഷണി

ഇന്ന്‌, നീലക്കുറിഞ്ഞി പൂക്കുന്ന മലഞ്ചെരുവുകളൊക്കെ പലവിധ പാരിസ്ഥിതിക ഭീഷണികളുടെ നിഴലിലാണ്‌. പേരിനുപോലും നീലക്കുറിഞ്ഞിയോട്‌ കടപ്പെട്ടിരിക്കുന്ന നീലഗിരിക്കുന്നുകളില്‍ ഇപ്പോള്‍ കുറിഞ്ഞിപൂക്കുന്നത്‌ നാമമാത്രമായാണ്‌. കൂനൂരിന്റെ ചില ഭാഗങ്ങളൊഴിച്ചാല്‍ നീലഗിരിയില്‍ കുറിഞ്ഞിച്ചെടികള്‍ ഇല്ലെന്നു തന്നെ പറയാം. ആ പ്രദേശത്ത്‌ കുറിഞ്ഞിയുടെ അന്ത്യം ആരംഭിക്കുന്നത്‌ 1850-കളോടെയാണ്‌. തേയില പ്ലാന്റേഷനുകള്‍ക്കായി ആദ്യം നടത്തിയ ആസൂത്രണങ്ങളിലൊന്ന്‌, കുറിഞ്ഞിയെ ഒരു കളയായി പരിഗണിച്ച്‌ നശിപ്പിക്കുകയെന്നതായിരുന്നു! ആ മലകളില്‍ തങ്ങളുടെ ജീവിതചര്യയെ കുറിഞ്ഞിപ്പൂക്കാലവുമായി കോര്‍ത്തിണക്കിയിരുന്ന ഒരു കൂട്ടം ഗോത്രവര്‍ഗ്ഗക്കാരുടെ സംസ്ക്കാരം തന്നെ അതോടെ അന്യം നിന്നു. നീലഗിരിയിലെ തോടാസ്‌, ബഡഗാസ്‌, കോട്ടാസ്‌ എന്നീ ആദിവാസി വിഭാഗങ്ങളുടെ ജീവിതവുമായി നീലക്കുറിഞ്ഞി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു. ജനനം, മരണം, ഉത്സവങ്ങള്‍ എന്നിങ്ങനെ തങ്ങളുടെ ജീവിതത്തിലെ മുഖ്യസംഭവങ്ങളെല്ലാം കുറിഞ്ഞി പൂക്കുന്ന കാലവുമായാണ്‌ അവര്‍ ബന്ധപ്പെടുത്തി പോന്നത്‌. വയസ്സുപോലും പറയാറുള്ളത്‌ 'ഇത്ര കുറിഞ്ഞിപ്പൂക്കാലം' എന്ന നിലയ്ക്കാണ്‌.

നീലഗിരി കഴിഞ്ഞാല്‍ കേരള-തമിഴ്‌നാട്‌ അതിര്‍ത്തിയില്‍ കുറിഞ്ഞി പൂക്കുന്ന മലഞ്ചെരിവുകളുള്ളത്‌, ഇടുക്കിയിലെ കോവിലൂര്‍ ഗ്രാമം മുതല്‍ കൊടൈക്കനാല്‍ വരെയുള്ള പളനി മലകളിലാണ്‌. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ മലഞ്ചെരിവുകളില്‍ നടന്നിട്ടുള്ള കൈയേറ്റവും കുടിയേറ്റവും മൂലം കുറിഞ്ഞിക്കാടുകള്‍ പലതും കൃഷിഭൂമിയായി രൂപപ്പെട്ടു. ഇപ്പോള്‍, അങ്ങിങ്ങ്‌ ചില തുരുത്തുകള്‍ പോലെയാണ്‌ ഈ മേഖലയില്‍ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്‌. ഇതിനുമുമ്പ്‌ ഏറ്റവുമൊടുവില്‍ നീലക്കുറിഞ്ഞി പൂത്തത്‌ 1982-ലാണ്‌. അന്ന്‌ പളനിമലകളില്‍ ഉണ്ടായിരുന്ന കുറിഞ്ഞിക്കാടുകളില്‍ വളരെ ചെറിയൊരു പങ്കു മാത്രമാണ്‌ ഇന്നവശേഷിച്ചിട്ടുള്ളത്‌.

കേരളത്തില്‍ ഏറ്റവുമധികം നീലക്കുറിഞ്ഞി പൂക്കുന്ന പ്രദേശം ആനമുടിയുടെ ചുറ്റുമായി വ്യാപിച്ചു കിടക്കുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കാണ്‌. പുല്‍മേടുകളും ചോലക്കാടുകളും ഇടകലര്‍ന്ന സവിശേഷമായ ഒരു പാരിസ്ഥിതിക മേഖലയാണിത്‌. 97 ചതുശ്രകിലോമീറ്ററാണ്‌ ഈ പാര്‍ക്കിന്റെ വിസ്തൃതി. 1978-ല്‍ ആനമുടിയ്ക്കു ചുറ്റുമുള്ള ചോലപുല്‍മേടിനെ നാഷണല്‍ പാര്‍ക്കായി പ്രഖ്യാപിച്ചത്‌ പ്രധാനമായും വംശനാശം നേരിടുന്ന വരയാടുകളെ സംരക്ഷിക്കാനാണ്‌. 'പക്ഷേ, ഈ അമൂല്യമായ ജൈവവൈവിധ്യ മേഖലയ്ക്കു മുഴുവന്‍ രക്ഷയാകുകയായിരുന്നു ആ പ്രഖ്യാപനം'കരുണാകരന്‍ അഭിപ്രായപ്പെട്ടു. ഇന്ന്‌ ഇന്ത്യയില്‍ ഏറ്റവും മികച്ച രീതിയില്‍ പരിപാലിക്കപ്പെടുന്ന ആവാസവ്യവസ്ഥകളില്‍(വമയശമേേ‍െ‍) ഒന്നാണ്‌ ഇരവികുളം നാഷണല്‍പാര്‍ക്കിലേത്‌. കുറിഞ്ഞിക്കാടുകള്‍ ഈ പാര്‍ക്കിന്റെ അതിരിനുള്ളില്‍ ഏറെക്കുറെ സുരക്ഷിതമാണ്‌.

രക്ഷ എത്രകാലം?

ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ പരിധിക്കുള്ളില്‍ പോലും കുറിഞ്ഞിക്കാടുകള്‍ ഇനി എത്രകാലം സുരക്ഷിതമായിരിക്കും? വനത്തെ സംബന്ധിച്ചും വനസംരക്ഷണത്തെ സംബന്ധിച്ചും നമ്മുടെ വനംവകുപ്പ്‌ വെച്ചുപുലര്‍ത്തുന്ന മുന്‍വിധികളും സമീപനങ്ങളും തന്നെ ഈ പാരിസ്ഥിതികവ്യൂഹത്തിന്റെ നാശത്തിന്‌ കാരണമായേക്കാം. കാരണം, പുല്‍മേടുകളെയും ചോലക്കാടുകളെയും സംബന്ധിച്ച്‌ രണ്ടുതരം വാദഗതികള്‍ നിലവിലുണ്ട്‌. പുല്‍മേടുകള്‍ തന്നെ രണ്ടുതരമുണ്ട്‌. സമുദ്രനിരപ്പിന്‌ അയ്യായിരം അടി മുകളില്‍ എന്ന കണക്കു വെച്ചാല്‍, അതിന്‌ താഴെയുള്ളവയും അയ്യായിരം അടിക്കു മുകളിലുള്ളവയും. ഇതില്‍ ആദ്യം പറഞ്ഞ തരത്തില്‍പെട്ട, താഴ്‌ന്ന വിതാനത്തിലുള്ള പുല്‍മേടുകളില്‍ ചെറുമരങ്ങളും പൊക്കംകൂടിയ കുറ്റിച്ചെടികളും ഉണ്ടാവും. നാശോന്മുഖമായ വനപ്രദേശങ്ങളാണ്‌ ഇങ്ങനെ തഴ്‌ന്ന വിതാനത്തിലെ പുല്‍മേടുകളായി രൂപപ്പെടുന്നതെന്നു കരുതുന്നു.

എന്നാല്‍, 5000 അടിക്ക്‌ മുകളിലുള്ള പുല്‍മേടുകള്‍ ഇതില്‍ നിന്നു തികച്ചും വിഭിന്നമാണ്‌. പൊക്കമുള്ള മരങ്ങളൊന്നും കാണില്ല. ഏറിയാല്‍ ഒന്നോ രണ്ടോ മീറ്റര്‍ ഉയരമുള്ള -കുറിഞ്ഞിച്ചെടികള്‍ ഉള്‍പ്പെടെയുള്ള- സസ്യങ്ങള്‍ മാത്രമാണുണ്ടാവുക. രണ്ട്‌ വക്രപ്രതലമുള്ള പുല്‍മേടുകള്‍ ഒത്തുചേരുന്നിടത്ത്‌ വളരെ സമൃദ്ധിയോടെ വളരുന്ന, ഏതാനും ഏക്കറുകള്‍ മാത്രം വിസ്ത്രീര്‍ണമുള്ള, ഒരു വനഭാഗം. തീര്‍ച്ചയായും, അതിനുള്ളില്‍ നിന്ന്‌ ഒരു നീര്‍ച്ചാലും ഉത്ഭവിക്കുന്നുണ്ടാകും; ഞാനീ ഇരിക്കുന്ന സ്ഥലത്ത്‌ കാണും പോലെ. ഈ കാടിനെയാണ്‌ ചോലക്കാട്‌(Shola forest) എന്ന്‌ വിളിക്കുന്നത്‌. വിവിധയിനം ഓര്‍ക്കിഡുകള്‍, ഔഷധസസ്യങ്ങള്‍, പായലുകള്‍, വള്ളികള്‍, വന്‍വൃക്ഷങ്ങള്‍, സൂക്ഷ്മജീവികള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത ജൈവസമ്പത്തിന്റെ കലവറയാണ്‌, ഇത്തരത്തിലുള്ള ഏതാനും ഏക്കര്‍ മാത്രം വിസ്തീര്‍ണമുള്ള ഓരോ ചോലക്കാടും.

'ഈ ചോലവനവും പുല്‍മേടും അതാതിന്റെ അതിര്‍ത്തികാക്കുന്നതില്‍ നിര്‍ബന്ധബുദ്ധിക്കാരാണ്‌ '-കരുണാകരന്റെ വാക്കുകള്‍ എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി. ഇത്രയും ഉയര്‍ന്ന വിതാനത്തില്‍ മാത്രമാണ്‌ ചോലക്കാടും പുല്‍മേടും ചേരുംപടി ചേര്‍ന്നുള്ള വനപ്രദേശമുള്ളത്‌. ഇത്‌ എല്ലാ വനങ്ങളുടെയും ഏറ്റവും മുന്തിയരൂപമാണെന്നൊരു വാദമുണ്ട്‌. അതല്ല, ഇതും നശിച്ചുകഴിഞ്ഞ വനമാണ്‌ എന്ന്‌ മറ്റൊരു വാദഗതിയുമുണ്ട്‌. ഇതില്‍ ആദ്യവാദഗതി (മുന്തിയതില്‍ മുന്തിയ വനം എന്നുള്ളത്‌) അംഗീകരിച്ചാല്‍, ഇത്തരം പ്രദേശത്തെ പോറല്‍ പോലുമേല്‍പ്പിക്കാതെ നമ്മള്‍ സംരക്ഷിക്കേണ്ടി വരും. എന്നാല്‍, രണ്ടാമത്തെ വാദത്തിനാണ്‌ പ്രാമുഖ്യം നല്‍കുന്നതെങ്കിലോ? നശിച്ചുകഴിഞ്ഞതിനെ സംരക്ഷിക്കേണ്ടതില്ലല്ലോ. ആ പൊല്ലാപ്പ്‌ ഒഴിഞ്ഞുകിട്ടും. മാത്രമല്ല, നശിച്ചുകഴിഞ്ഞ പ്രദേശത്ത്‌ മരങ്ങള്‍ നട്ടുപിടിപ്പിച്ച്‌ പുതിയ വനമുണ്ടാക്കാന്‍(സോഷ്യല്‍ ഫോറസ്ട്രി) അവസരം കിട്ടുകയും ചെയ്യും.

ദൗര്‍ഭാഗ്യവശാല്‍ മേല്‍പ്പറഞ്ഞതില്‍ രണ്ടാമത്തെ വാദഗതിയാണ്‌ വനംവകുപ്പ്‌ പലപ്പോലും കരണീയമായി എടുക്കാറുള്ളത്‌. അതുവഴി, ആയിരക്കണക്കിന്‌ ഏക്കര്‍ പുല്‍മേടുകളില്‍ അക്കേഷ്യയും യൂക്കാലിപ്റ്റസും നട്ടുപിടിപ്പിക്കുന്നതിനുള്ള വഴിതുറന്നു കിട്ടുകയും ചെയ്യുന്നു. തിരുവനന്തപുരം ജില്ലയിലെ പൊന്മുടിക്ക്‌ മുകലിലുള്ള സ്വാഭാവിക വനമേഖലയായ ചെമ്മുഞ്ചി മെടുകള്‍ മുതല്‍, ഇരവികുളം നാഷണല്‍ പാര്‍ക്കിന്റെ അതിര്‍ത്തിവരെ അക്കേഷ്യയും യൂക്കാലിപ്റ്റസ്‌ ഗ്രാന്‍ഡിസും പോലുള്ള അപകടകാരികളായ മരങ്ങളെ വന്‍തോതില്‍ നട്ടുപിടിപ്പിച്ച്‌ 'സാമൂഹ്യവിരുദ്ധ വനവല്‍ക്കരണം' നടത്തിയവരെ നയിച്ചത്‌ മേല്‍സൂചിപ്പിച്ച രണ്ടാമത്തെ ന്യായമാണ്‌. സ്വാഭാവിക വനപ്രദേശങ്ങളെ നശിപ്പിച്ച്‌ വനംവകുപ്പ്‌ ഇതുവരെ 3000 ചതുരശ്രകിലോമീറ്റര്‍ സ്ഥലത്ത്‌ ഈ ഏര്‍പ്പാട്‌ നടത്തിയെന്നാണ്‌ കണക്ക്‌.

കുറിഞ്ഞിക്കാടുകള്‍ നിറഞ്ഞ പുല്‍മേടുകളില്‍ ഇത്തരം വിദേശവൃക്ഷങ്ങളെ നട്ടുപിടിപ്പിക്കുമ്പോള്‍, അത്‌ കുറിഞ്ഞിക്കാടുകളുടെ അന്ത്യം കുറിക്കുന്നു. കുറിഞ്ഞിയില തിന്നു ജീവിക്കുന്ന വരയാടുകള്‍ക്ക്‌ തീറ്റ കിട്ടാതാവും. ഒരു നാഷണല്‍ പാര്‍ക്കുകൊണ്ടും ഈ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ കഴിയാതെ വരും. ഇപ്പോഴത്തെ കണക്കനുസരിച്ച്‌ ഇരവികുളം നാഷണല്‍ പാര്‍ക്കിലെ വരയാടുകളുടെ എണ്ണം ആയിരത്തിന്‌ മുകളില്‍ മാത്രമാണ്‌. ലോകത്ത്‌ വേറെയൊരിടത്തും ഈ ജീവിവര്‍ഗ്ഗം ഇന്നവശേഷിക്കുന്നില്ല എന്നോര്‍ക്കുക.

മുരുകന്റെ പുഞ്ചിരി

വംശനാശത്തിന്റെ വക്കിലെത്തിയ സസ്യങ്ങള്‍ക്കും ജീവികള്‍ക്കുമിടിയിലാണ്‌ ഞാനെന്ന ചിന്ത മനസിനെ ഗ്രസിച്ചു. കേരളത്തിന്റെ ഈ ഉച്ചിയിലേക്ക്‌ കയറിവരുന്നവരുടെ കണ്ണുകളിലെ ആശങ്ക, ഇനിയൊരിക്കല്‍ കാണാന്‍ മാത്രം ഇതൊക്കെ അവശേഷിക്കുമോ എന്നതാണ്‌. അതുകൊണ്ടു തന്നെ വരുന്നവരെല്ലാം കൈയില്‍ ക്യാമറയും കരുതിയിരിക്കുന്നു. ഈ നിമിഷങ്ങളെ അനശ്വരമാക്കാന്‍. രണ്ടു ചെറുപ്പക്കാര്‍, മുഖത്ത്‌ പ്രകടമായ നിരാശയോടെ മലകയറി വരുന്നു. ഞങ്ങളെ കണ്ടതും അവരുടെ മുഖത്ത്‌ പ്രതീക്ഷ. അവരുടെ ക്യാമറ പ്രവര്‍ത്തിക്കുന്നില്ല, അത്‌ ഞങ്ങളൊന്നു നോക്കണം, അതാണ്‌ പ്രശ്നം. ആ യാഷിക്ക ക്യാമറയ്ക്ക്‌ തകരാറൊന്നുമില്ലെന്നു പറഞ്ഞ്‌ പ്രവര്‍ത്തിച്ചു കാണിച്ചപ്പോള്‍, അവരുടെ മുഖം തെളിഞ്ഞു. 'ഇത്‌ എറിഞ്ഞു പൊട്ടിക്കാന്‍ തോന്നി'- അതിലൊരു ചെറുപ്പക്കാരന്‍ പറഞ്ഞു. 'കുറിഞ്ഞിക്കാട്ടില്‍ ഇത്‌ പ്രവര്‍ത്തിച്ചില്ലെങ്കില്‍ പിന്നെയെന്താ ചെയ്ക'. അത്‌ ശരിയാണെന്ന്‌ എനിക്കും തോന്നി.

സിഗരറ്റും ചുണ്ടില്‍ വെച്ച്‌ ബൈക്കില്‍ കയറിവരുന്ന മറ്റൊരു ചെറുപ്പക്കാരനെ കണ്ടപ്പോള്‍ കരുണാകരന്‍ പറഞ്ഞു. 'ഇത്തവണ ഈ പുല്‍മേട്‌ ആരുടെയെങ്കിലും അശ്രദ്ധകൊണ്ട്‌ തീപിടിക്കാനിടയായാല്‍, 2006-ല്‍ ഇവിടെ കുറിഞ്ഞി പൂക്കില്ല'. ശരിയാണ്‌, കാട്ടുതീ എല്ലാവര്‍ഷവും ഈ പുല്‍മേടുകളെ വേട്ടയാടാറുണ്ടെങ്കിലും, ഈ വര്‍ഷം വളരെ നിര്‍ണായകമാണ്‌. സാധാരണഗതിയില്‍ തീപിടിച്ചാലും കുറിഞ്ഞി വീണ്ടും തളിര്‍ത്തുവരും. പക്ഷേ, പൂക്കാലം വിത്തിന്റെ കൂടി കാലമാണ്‌. വീണ്ടും കുറിഞ്ഞി ഉണ്ടാകണമെങ്കില്‍, വിത്ത്‌ നശിക്കാതിരിക്കണം. അതിന്‌ ഇത്തവണ തീ പിടിക്കാതിരിക്കണം. ഉണ്ടായാല്‍...ഇല്ല, മുരുകന്റെ പുഞ്ചിരി അങ്ങനെയൊന്നും ഈ മലഞ്ചെരുവില്‍ നിന്ന്‌ മാഞ്ഞുപോകില്ല.

Thursday, November 16, 2006

കുറിഞ്ഞിപ്പൂക്കാലം-2

മലകളിലെ പൂക്കാലം

1982-ല്‍ നീലക്കുറിഞ്ഞി പൂത്തപ്പോള്‍, കുറിഞ്ഞിമലകള്‍ സന്ദര്‍ശിച്ച്‌ ജി.രാജ്കുമാര്‍ തയ്യാറാക്കിയ അനുഭവ വിവരണം അദ്ദേഹത്തിന്റെ അനുവാദത്തോടെ ഇവിടെ പുന:പ്രസിദ്ധീകരിക്കുന്നു

കൊടൈക്കനാല്‍ പ്രദേശത്ത്‌ കുറിഞ്ഞി പൂത്തിരിക്കുന്നതിനെക്കുറിച്ച്‌ വളരെ അപ്രധാനമായ ഒരു വാര്‍ത്ത ഈയിടെ തമിഴ്പത്രത്തില്‍ കണ്ടു. 1970-ല്‍ കുറിഞ്ഞി പൂത്തപ്പോള്‍ അതൊരു സെന്‍സേഷണല്‍ വാര്‍ത്തയായിരുന്നു. നീലഗിരിയിലും കൊടൈക്കനാലിലും മറ്റും കുന്നുകള്‍ നീലക്കുറിഞ്ഞിപ്പൂക്കളാല്‍ മൂടപ്പെട്ടു കിടക്കുന്നതിന്റെ ചിത്രങ്ങള്‍ അന്നു പത്രങ്ങളില്‍ കണ്ടത്‌ ഇന്നും ഓര്‍മ്മയില്‍ തിളങ്ങി നില്‍ക്കുന്നു. അടുത്ത തവണ, അതായത്‌ 1982-ല്‍ കുറിഞ്ഞി പൂക്കുമ്പോള്‍ എങ്ങനെയും അതു കണ്ടിരിക്കുമെന്ന്‌ അന്നേ മനസ്സില്‍ കുറിച്ചിട്ടിരുന്നതാണ്‌.

കുറിഞ്ഞി പൂക്കുന്ന കാലത്തെപ്പറ്റി പരസ്പരവിരുദ്ധമായ വാര്‍ത്തകള്‍ പത്രങ്ങളില്‍ വരാറുണ്ട്‌. എല്ലാ കൊല്ലവും പതിവായി അഗസ്ത്യകൂടത്തിലേക്ക്‌ തീര്‍ത്ഥയാത്ര നടത്താറുള്ള തമിഴര്‍ പറയുന്നത്‌ കുറിഞ്ഞി പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ കൂട്ടത്തോടെ പൂക്കുകയുള്ളൂ എന്നാണ്‌. അഗസ്ത്യകൂടത്തിന്‌ മുകളില്‍ പണ്ടു കുറിഞ്ഞി ധാരാളമുണ്ടായിരുന്നു. പിന്നീട്‌ അവിടേക്ക്‌ മനുഷ്യരുടെ തള്ളിക്കയറ്റം ഉണ്ടായപ്പോള്‍ ആ മലമുകളിലെ ചെടികളെല്ലാം നശിച്ചു. ഇത്തവണ കൊടൈക്കനാലില്‍ കുറിഞ്ഞി പൂത്തിരിക്കുന്നതായി അറിവു കിട്ടിയപ്പോള്‍ അതു കാണുവാനുള്ള താത്പര്യം അടക്കാനാവില്ലായിരുന്നു.

മൂന്നാറില്‍ നിന്ന്‌ കൊടൈക്കനാലിലേക്ക്‌ നടന്നുപോകാന്‍ ഒരു വഴി ഉണ്ടെന്നല്ലാതെ ആ പ്രദേശത്തെപ്പറ്റി യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മൂന്നാറില്‍ നിന്ന്‌ ബസ്സില്‍ പതിനെട്ടാം കല്ല്‌ എന്ന സ്ഥലത്തെത്തി; അവിടന്ന്‌ നടന്ന്‌ ടോപ്പ്‌ സ്റ്റേഷനിലും. പണ്ട്‌ 'ബോഡിനായിക്കനൂര്‍'ക്ക്‌ റോപ്‌ വേ ഉണ്ടായിരുന്ന സ്ഥലമാണ്‌ ടോപ്പ്‌ സ്റ്റേഷന്‍. അവിടെ എത്തിയപ്പോള്‍ നേരം വൈകിയിരുന്നു. ഒരു ചെറിയ കാപ്പിക്കടയില്‍ നിന്ന്‌ അത്താഴം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പുല്‍ത്തൈലം വാറ്റിയെടുക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു തമിഴനുമായി പരിചയപ്പെട്ടു. കുറിഞ്ഞി കാണാന്‍ കൊടൈക്കനാലില്‍ പോകാന്‍ ഇറങ്ങിയിരിക്കുകയാണ്‌ ഞാന്‍ എന്നറിഞ്ഞപ്പോള്‍ അയാള്‍ നിര്‍ദ്ദേശിച്ചു: 'കുറിഞ്ഞി കാണാനാണെങ്കില്‍ കൊടൈക്കനാലിലേക്ക്‌ പോകേണ്ട, കോവിലൂരിനടുത്തുള്ള കുറിഞ്ഞിമലയിലേക്ക്‌ പോയാല്‍ മതി. മലനിറയെ കുറിഞ്ഞി പൂത്തിരിക്കുകയാണ്‌'.

പിറ്റേ ദിവസം രാവിലെ ഒരു വിവാഹപ്പാര്‍ട്ടി ടോപ്‌ സ്റ്റേഷനില്‍ നിന്നും കോവിലൂരിലേക്ക്‌ പോകുന്നുണ്ടായിരുന്നു. ഞാനും അവരുടെ ഒപ്പം കൂടി. ഈ മലംപ്രദേശങ്ങളില്‍ വാഹന ഗതാഗതത്തിന്‌ റോഡുകളൊന്നുമില്ല. ഭാരം കൊണ്ടുപോകാന്‍ കുതിരയെയാണ്‌ ഉപയോഗിക്കുന്നത്‌. ഏതാണ്ട്‌ ഉച്ചയോടുകൂടി ഞങ്ങള്‍ കോവിലൂര്‍ ഗ്രാമത്തിലെത്തി. കോവിലൂരില്‍ നിന്ന്‌ മുകളിലേക്ക്‌ വലിയ ഒരു കയറ്റമാണ്‌. ഏകദേശം നാലുമണക്കൂര്‍ വേണ്ടിവന്നു മലകയറി മുകളിലെത്താന്‍. വിശപ്പും ദാഹവും കൊണ്ട്‌ തളര്‍ന്നിരുന്നു. മലകയറി മുകളിലെത്തിയപ്പോള്‍ ഒരു സംഘം ആളുകള്‍ എതിരെ വരുന്നതു കണ്ടു. അവരുടെ കൈയില്‍ പാത്രങ്ങളും പൊതികളും കണ്ടിട്ടു കുടിക്കാന്‍ കുറച്ചു വെള്ളം ചോദിച്ചു. അവരിലൊരാള്‍ പറഞ്ഞു: 'കുറച്ചുകൂടി മുന്‍പോട്ടു പോകുമ്പോള്‍ അവിടെ ഒരു അരുവി ഉണ്ട്‌; കുടിക്കാന്‍ നല്ല വെള്ളം കിട്ടും'. ശരിയായിരുന്നു. കുറച്ചുകൂടി നടന്നപ്പോള്‍ ഒരു തെളിനീരരുവി.

താഴെ കണ്ട കോവിലൂര്‍ ഗ്രാമത്തില്‍ കുടിക്കാന്‍ പോലും വെള്ളം ഇല്ല. അവിടെ നിന്ന്‌ പിന്നെയും രണ്ടായിരം അടികൂടി മുകളില്‍ വന്നപ്പോള്‍ നിറഞ്ഞൊഴുകുന്ന നീര്‍ചാല്‌. ഇതെങ്ങനെ വന്നു? ഉത്തരം വ്യക്തമായിരുന്നു. താഴെയുള്ള കാടെല്ലാം വെട്ടിനശിപ്പിച്ചിരിക്കുന്നു. അവിടെ അരുവികളെല്ലാം മരിച്ചുകിടക്കുന്നു. ഈ പര്‍വ്വതപ്രദേശങ്ങളുടെ എക്കോളജിയിലെ പ്രധാനകണ്ണിയാണ്‌ അവിടവിടെയുള്ള ചെറിയ 'ഷോലാ' വനങ്ങളും അവയില്‍ നിന്ന്‌ ഉത്ഭവിക്കുന്ന കൊച്ച്‌ നീര്‍ച്ചാലുകളും. ഞാന്‍ നില്‍ക്കുന്ന മലയുടെ മുകളില്‍ മനുഷ്യര്‍ ഇതുവരെ നാശമൊന്നും ചെയ്തിട്ടില്ല. പ്രകൃതി അവളുടെ അമൂല്യ സൗഭാഗ്യങ്ങള്‍ പലതും നിലനിര്‍ത്തിയിരിക്കുന്നു. അതുകൊണ്ടാണ്‌ ആ കൊച്ചരുവി ഇനിയും മരിക്കാത്തത്‌.

ആ മല മുഴുവനും നീലക്കുറിഞ്ഞി പൂക്കളാണ്‌. ശരിക്കും ഒരു നീലപ്പൂങ്കടല്‍. ചുറ്റുപാടുമുള്ള കുന്നുകളിലെല്ലാം നീലനിറം മാത്രമേ കാണുവാനുള്ളു. മലകള്‍ക്ക്‌ പിന്നില്‍ ചാഞ്ഞുതുടങ്ങിയ സൂര്യന്റെ പൊന്‍കതിരുകള്‍ തട്ടിയപ്പോള്‍ മലകള്‍ക്ക്‌ അലൗകികമായൊരു ഭംഗി.

മലയിറങ്ങി സന്ധ്യയോടുകൂടി ചെന്നെത്തിയത്‌ മലയുടെ മറുവശത്തുള്ള ക്ലാവറ എന്ന ഗ്രാമത്തിലാണ്‌. വിശപ്പ്‌ വീണ്ടും ആക്രമിച്ചുതുടങ്ങിയിരിക്കുന്നു. നല്ല തണുപ്പും. ആദ്യം കണ്ട ഒരു കടയില്‍ ഓടിക്കയറി. അതൊരു കൊച്ച്‌ ചായക്കടയായിരുന്നു. മാത്രമല്ല, നെടുമങ്ങാട്ടുകാരായ രണ്ട്‌ ചെറുപ്പക്കാരാണ്‌ അതു നടത്തുന്നതും.

കുറച്ചുദിവസങ്ങള്‍ക്കുശേഷം വീണ്ടുമൊരിക്കല്‍ കൂടി മൂന്നാറില്‍ പോയി. ഇത്തവണ ഞങ്ങള്‍ അഞ്ചുപേരുണ്ടായിരുന്നു-നെടുമങ്ങാട്‌ എം.എല്‍.എ. ശ്രീ. കെ.വി.സുരേന്ദ്രനാഥ്‌, ഡോ.കെ.വേലായുധന്‍ നായര്‍, പി.കെ. ഉത്തമന്‍, സുരേഷ്‌ ഇളമണ്‍. ബാക്ക്പാക്കുകളും ക്യാമറാസഞ്ചികളും തൂക്കിവരുന്ന നാലഞ്ചുപേരെ കണ്ട്‌ വഴിയിലുള്ള ഗ്രാമങ്ങളിലെ കുട്ടികളും മുതിര്‍ന്നവരും ചുറ്റും കൂടി. അവരുടെ ഗ്രാമത്തിനു ചുറ്റും ധാരാളമായി പൂത്തുകിടക്കുന്ന കുറിഞ്ഞിപ്പൂ കാണാന്‍ വന്നിരിക്കുന്നവരാണ്‌ ഞങ്ങളെന്ന്‌ അറിഞ്ഞപ്പോള്‍ അവരുടെ കണ്ണുകളില്‍ അത്ഭുതഭാവം. അതുവരെ കുറിഞ്ഞി കാണാന്‍ ആ പ്രദേശത്തെങ്ങും ആരെങ്കിലും വന്നതായി അവര്‍ക്കറിയില്ല. സാധാരണ ടൂറിസ്റ്റുകള്‍ വളരെ ദൂരം നടന്ന്‌ ഈ മലമുകളില്‍ കുറിഞ്ഞി കാണാന്‍ എത്തുകയില്ല. പുറത്തറിയിച്ചാല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന കൗതുക വസ്തുവാണ്‌ ഗ്രാമത്തിനു ചുറ്റും പൂത്തു മറിഞ്ഞ്‌ കിടക്കുന്ന നീലക്കുറിഞ്ഞിയെന്ന്‌ കോവിലൂരിലെയും മറ്റും ഗ്രാമീണര്‍ക്ക്‌ അറിയാമെന്ന്‌ തോന്നുന്നില്ല. അവര്‍ക്ക്‌ പുറംലോകവുമായുള്ള ബന്ധംതന്നെ ഉരുളക്കിഴങ്ങും മലക്കറികളും ബോഡിനായ്കനൂരിലും മറ്റും കൊണ്ടുപോയി വില്‍ക്കുന്നതില്‍ ഒതുങ്ങി നില്‍ക്കുന്നു.

രണ്ടാമത്തെ യാത്രയില്‍ അതിരാവിലെ ഞങ്ങള്‍ കുറിഞ്ഞിമലയുടെ മുകളിലെത്തി. മഞ്ഞുകണങ്ങള്‍ തങ്ങിനില്‍ക്കുന്ന കുറിഞ്ഞിപ്പൂക്കളില്‍ പ്രഭാതസൂര്യന്റെ സുതാര്യമായ വെളിച്ചം തട്ടുമ്പോള്‍ ആ കുന്നുകള്‍ക്കുണ്ടാകുന്ന മനോഹാരിത അനുഭവൈകവേദ്യമാണ്‌. ആ സൗന്ദര്യപൂരം ആസ്വദിക്കാന്‍ വേണ്ടിതന്നെയാണ്‌ തലേ ദിവസം ക്ലാവറയില്‍ വന്നു താമസിച്ചതും തണുപ്പു വകവെയ്ക്കാതെ അതിരാവിലെ മലകയറിയതും.

കൊടൈക്കനാലിനടുത്തുതന്നെ ചില സ്ഥലങ്ങളില്‍ കുറെശ്ശേ കുറിഞ്ഞിപ്പൂക്കള്‍ കാണാം. അവിടെനിന്ന്‌ ക്ലാവറയിലേക്ക്‌ വരുന്ന വഴി പലയിടത്തും കാടുകളുടെ അരികിലും മറ്റുമായി കുറിഞ്ഞി പൂത്തുകിടക്കുന്നതു കാണാം. എങ്കിലും ക്ലാവറയ്ക്കും കോവിലൂരിനും ഇടയ്ക്കുള്ള മലയിലേതുപോലെ കുന്നുകളാകമാനം കുറിഞ്ഞിപ്പൂക്കളാല്‍ മൂടപ്പെട്ടുകിടക്കുന്ന കാഴ്ച മേറ്റ്ങ്ങും കണാനാവില്ല.

കുറിഞ്ഞിമലയുടെ അടിവാരത്തിലുള്ള കോവിലൂര്‍, വട്ടവട, കോട്ടക്കൊമ്പൂര്‍ എന്നീ ഗ്രാമങ്ങളെ കുറിഞ്ഞിദേശം എന്നു വിളിക്കുന്നു. 6000 അടിക്കും 8000 അടിക്കും ഇടയില്‍ ഉയരമുള്ള പര്‍വതപ്രദേശങ്ങളിലെ മരങ്ങളില്ലാത്ത കുന്നുകളിലാണ്‌ നീലക്കുറിഞ്ഞി വളരുന്നത്‌. നീലഗിരി, ആനമല, പഴനി എന്നീ പശ്ചിമഘട്ട മലകളിലാണ്‌ ഇത്‌ ഏറ്റവും അധികമായി കാണപ്പെടുന്നത്‌. മുന്‍പൊക്കെ കൊടൈക്കനാലിലും ഊട്ടി വിനോദസഞ്ചാരകേന്ദ്രത്തിനടുത്തും നിറയെ കുറിഞ്ഞി ഉണ്ടായിരുന്നു.

പന്ത്രണ്ട്‌ വര്‍ഷത്തിലൊരിക്കല്‍ ഒരുമിച്ച്‌ കൂട്ടത്തോടെ പൂക്കുന്ന കുറിഞ്ഞി ധാരാളം വിനോദയാത്രികരെ ആകര്‍ഷിച്ചിരുന്നു. കുറിഞ്ഞിപ്പൂവിന്റെ യഥാര്‍ത്ഥ നിറം നീലയും ഊതയും ചേര്‍ന്നതാണ്‌. നീലക്കുറിഞ്ഞിയുടെ പൂ ഒറ്റയ്ക്കെടുത്താല്‍ അത്ര വലിയ ഭംഗിയൊന്നും ഉള്ളതല്ല. എന്നാല്‍, നോക്കെത്താത്ത ദൂരത്തോളം മലകളിലെല്ലാം ഒരുപോലെ പൂത്തുകിടക്കുന്ന കാട്ടുപൂവ്‌ ലോകത്ത്‌ കുറിഞ്ഞിയല്ലാതെ മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ല. കുറിഞ്ഞിപ്പൂവിന്‌ മണമില്ലെങ്കിലും മധു ധാരാളമുണ്ട്‌. കുറിഞ്ഞി പൂത്താല്‍ തേനീച്ചകള്‍ പിന്നെ മറ്റു പൂക്കളൊന്നും അന്വേഷിച്ച്‌ പോകാറില്ല. ഇത്തവണ പൂത്ത കുറിഞ്ഞിച്ചെടികള്‍ ഡിസംബര്‍ കഴിയുമ്പോഴേക്കും ഉണങ്ങിപ്പോകും. അവയുടെ വിത്തുകള്‍ മുളച്ച്‌ വീണ്ടും മല മുഴുവന്‍ കുറിഞ്ഞിച്ചെടികള്‍ വളരും.

കുറിഞ്ഞി എല്ലാവര്‍ഷവും പൂക്കുമെന്ന്‌ ഇവിടെയും ചില പത്രങ്ങളില്‍ എഴുതിയിരുന്നു. ഈ പ്രസ്താവന ഒരേസമയം സത്യവും സത്യവിരുദ്ധവുമാണ്‌. കുറിഞ്ഞിവര്‍ഗ്ഗത്തില്‍പ്പെട്ട (Strobilanthes) അന്‍പതിലധികം ജാതി ചെടികള്‍ തെക്കേ ഇന്ത്യയിലെ പര്‍വതങ്ങളില്‍ ഉണ്ട്‌. കുറിഞ്ഞിവര്‍ഗത്തിലെ ചെടികള്‍ എല്ലാം ഒരു നിശ്ചിത സമയത്തിനു ശേഷം കൂട്ടത്തോടെ പൂക്കുന്ന സ്വഭാവമുള്ളവയാണ്‌. ഓരോ വര്‍ഷവും ഏതെങ്കിലുമൊക്കെ ജാതി കുറിഞ്ഞികള്‍ പൂക്കുന്നുണ്ടാകും. ഒരു തവണ പൂക്കുന്ന ചെടി അതോടെ കരിഞ്ഞുപോവുകയാണ്‌ പതിവ്‌. ഇത്തവണ പൂത്തിരിക്കുന്ന നീലക്കുറിഞ്ഞി പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കൂട്ടത്തോടെ പൂക്കുകയും കൂട്ടത്തോടെ നശിക്കുകയും ചെയ്യുന്നു. മുമ്പ്‌ 1910, 1922, 1934, 1946, 1958, 1970 എന്നീ വര്‍ഷങ്ങളില്‍ നീലക്കുറിഞ്ഞി പൂത്തതിനെക്കുറിച്ച്‌ രേഖകളുണ്ട്‌. ഇങ്ങനെ പന്ത്രണ്ടു വര്‍ഷത്തില്‍ ഒരിക്കല്‍ കൂട്ടത്തോടെ പൂക്കുന്ന നീലക്കുറിഞ്ഞി ഇടയ്ക്കുള്ള വര്‍ഷങ്ങളിലും ഒറ്റതിരിഞ്ഞ്‌ പൂക്കാറുണ്ട്‌. ഇതുകൊണ്ടാണ്‌ നീലക്കുറിഞ്ഞി എല്ലാ കൊല്ലവും പൂക്കുമെന്ന്‌ പറയുന്നത്‌. എന്നാല്‍ നീലക്കുറിഞ്ഞി കൂട്ടത്തോടെ പൂക്കുന്നത്‌ പന്ത്രണ്ടുവര്‍ഷത്തിലൊരിക്കല്‍ മാത്രമാണ്‌. ഇനി 1994-ല്‍ മാത്രമേ നീലക്കുറിഞ്ഞി ഇതുപോലെ പൂക്കുകയുള്ളൂ. (മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ -1982 നവംബര്‍ 21-27)

Wednesday, November 15, 2006

കുറിഞ്ഞിപ്പൂക്കാലം -1

കഴിഞ്ഞ മൂന്നു കുറിഞ്ഞിപ്പൂക്കാലങ്ങളെ പരിചയപ്പെടുത്തിക്കൊണ്ട്‌ നാലു ലക്കങ്ങളിലായി ഒരു പരമ്പര ഇവിടെ ആരംഭിക്കുന്നു. ആദ്യം ഒരു ദൃശ്യവിവരണം.....

ഈ നൂറ്റാണ്ടിലെ ആദ്യകുറിഞ്ഞിപ്പൂക്കാലം വിടവാങ്ങിയിരിക്കുന്നു. ചരിത്രത്തില്‍ ഇന്നുവരെയുണ്ടാകാത്തത്ര തിരക്കാണ്‌ നീലക്കുറിഞ്ഞി പൂത്തതു കാണാന്‍ ഇടുക്കിജില്ലയിലെ മൂന്നാറില്‍ ഇത്തവണയുണ്ടായത്‌. കുറഞ്ഞത്‌ അഞ്ചുലക്ഷം പേര്‍ മൂന്നാറിലെ രാജമലയില്‍ മാത്രം ടിക്കേറ്റ്ടുത്ത്‌ കുറിഞ്ഞികാണാന്‍ എത്തി. അതില്‍ വിദേശികളും ഇതരസംസ്ഥാനക്കാരുമുണ്ടായിരുന്നു. ആയിരങ്ങള്‍ തിരക്കുമൂലം തിരികെ പോയി. രാജമലയിലെ തിരക്ക്‌ സഹിക്കാനാവാതെ കാന്തല്ലൂരിലും ടോപ്‌ സ്റ്റേഷനിലുമെത്തി കുറിഞ്ഞി കണ്ട്‌ മടങ്ങിയവരും ധാരാളം. ഒരു ചെടി ഇത്രയേറെ ആളുകളെ ആകര്‍ഷിക്കുന്നത്‌ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമാകണം. ഇനി 2018 വരെ കാക്കണം നീലക്കുറിഞ്ഞിക്കാടുകള്‍ പൂത്തുലയാന്‍. എന്തായിരിക്കാം കുറിഞ്ഞിക്കാടുകളിലെത്തിയവര്‍ കണ്ടിരിക്കുക.

1. നീലക്കുറിഞ്ഞിച്ചെടി. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം(2006 ഒക്ടോബര്‍ 9). സ്ട്രോബിലാന്തസ്‌ കുന്തിയാന (Strobilanthes kunthiana) എന്നു ശാസ്ത്രീയനാമം. കനകാംബരത്തിന്റെ വര്‍ഗ്ഗത്തില്‍പെട്ട ചെടി. 30 സെന്റീമീറ്റര്‍ മുതല്‍ രണ്ടുമീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന ഇതിന്റെ ആയുസ്സ്‌ 12 വര്‍ഷമാണ്‌.

2. ഒരോ തണ്ടിലും ഒരുപിടി പൂക്കളുണ്ടാകും നീലക്കുറിഞ്ഞിയില്‍. നീലയല്ല പൂക്കളുടെ നിറം. വയലറ്റും നീലയും കലര്‍ന്ന ഇളംനിറമാണ്‌. രാജമലയില്‍ നായ്ക്കൊല്ലി മലയുടെ സമീപത്തു നിന്നുള്ള ദൃശ്യം(2006 ഒക്ടോബര്‍ 7). ഈ ജാനസില്‍ പെട്ട 250-ഓളം ചെടികള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന്‌ കണ്ടെത്തിയിട്ടുണ്ട്‌. അതില്‍ 146 എണ്ണം ഇന്ത്യയിലുണ്ട്‌. ദക്ഷിണേന്ത്യയില്‍ 46 ഇനങ്ങളെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അതിലൊന്നാണ്‌ നീലക്കുറിഞ്ഞി.
3. മലഞ്ചെരുവുകളെ നീലപ്പട്ടുടുപ്പിക്കുന്നു കുറിഞ്ഞിപ്പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. അകലെനിന്നു നോക്കമ്പോഴാണ്‌ കുറിഞ്ഞിപ്പൂക്കള്‍ നീലയായി തോന്നുക. നീലഗിരിക്കുന്നുകള്‍ക്ക്‌ ആ പേര്‌ വന്നതുതന്നെ നീലക്കുറിഞ്ഞിയില്‍ നിന്നാണെന്നു കരുതുന്നു. പക്ഷേ, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ കുറിഞ്ഞിക്കാടുകള്‍ പ്ലാന്റേഷനുകള്‍ക്ക്‌ വഴിമാറിക്കൊടുത്തപ്പോള്‍ നീലഗിരിനിരകളിലെ കുറിഞ്ഞിക്കാടുകള്‍ എന്നന്നേക്കുമായി അപ്രത്യക്ഷമായി.4. മനസുനിറയുന്ന കുറിഞ്ഞിപ്പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. വളര്‍ച്ച പൂര്‍ത്തിയാക്കി പന്ത്രണ്ടാമത്തെ വര്‍ഷം നീലക്കുറിഞ്ഞി പൂക്കുന്നു. അതോടെ ആ ചെടി അടുത്ത തലമുറയ്ക്ക്‌ വിത്തായി വഴിമാറുകയാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 5000 അടി മുകളിലുള്ള ചോലപുല്‍മേടുകളിലാണ്‌ നീലക്കുറിഞ്ഞി വളരുന്നത്‌. രാജമല ഉള്‍പ്പെടുന്ന ഇരവികുളം നാഷണല്‍ പാര്‍ക്കില്‍ മാത്രം നീലക്കുറിഞ്ഞി ഉള്‍പ്പെടെ 15 ഇനം കുറിഞ്ഞികളെ കണ്ടെത്തിയിട്ടുണ്ട്‌.5. വിത്തിലേക്കു വഴിമാറുന്ന പൂക്കാലം. രാജമലയില്‍ നിന്നുള്ള ദൃശ്യം. കുറിഞ്ഞിപ്പൂക്കള്‍ പറിച്ചെടുത്ത്‌ കടക്കുന്നവര്‍ ഓര്‍ക്കുന്നില്ല; പന്ത്രണ്ട്‌ വര്‍ഷത്തിന്‌ ശേഷം കുറിഞ്ഞി പൂക്കാതിരിക്കാന്‍ തങ്ങള്‍ വഴിയൊരുക്കുകയാണെന്ന്‌. കുറിഞ്ഞിപൂക്കുന്ന പുല്‍മേടുകളില്‍ ഇത്തവണ കാട്ടുതീയുണ്ടായാലും പ്രശ്നമാണ്‌. കുറിഞ്ഞിവിത്തുകള്‍ പാടെ നശിക്കും.6. ആകാശത്തേക്ക്‌ നീളുന്ന കുറിഞ്ഞിത്തലപ്പുകള്‍. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. സമുദ്രനിരപ്പില്‍ നിന്ന്‌ അയ്യായിരം അടി മുകളിലെത്തുന്നതോടെ കാലാവസ്ഥയില്‍ അപ്രതീക്ഷിതമായ മറ്റമുണ്ടാകും. ഒരോ കുന്നിലും സൂക്ഷ്മതലത്തില്‍ കാലവസ്ഥ മാറുമെന്ന്‌ വിദഗ്ധര്‍ പറയുന്നു. അതിനാല്‍, ഓരോ സ്ഥലത്തെയും നീലക്കുറിഞ്ഞിച്ചെടികള്‍ക്ക്‌ ഘടനാപരമായി വ്യത്യാസമുണ്ടാകും.7. നീലാകാശക്കീറിന്‌ കീഴെ നീലക്കുറിഞ്ഞി. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. മൂന്നു മുതല്‍ 14 വര്‍ഷം വരെയുള്ള ഇടവേളകളില്‍ പൂക്കുന്ന കുറിഞ്ഞികളുണ്ട്‌. അവയില്‍ ഏറ്റവും മുഖ്യം 12 വര്‍ഷത്തിലൊരിക്കല്‍ പൂക്കാലം സമ്മാനിക്കുന്ന നീലക്കുറിഞ്ഞിയാണ്‌.
8. പര്‍വ്വതപശ്ചാത്തലത്തില്‍ കുറിഞ്ഞിപ്പൂക്കള്‍. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. തമിഴ്‌നാട്ടില്‍ സംഘകാലകൃതികളില്‍ കുറിഞ്ഞിയെപ്പറ്റി പരാമര്‍ശമുണ്ട്‌. മുരുകനാണ്‌ കുറിഞ്ഞിയുടെ ദൈവം. കുറിഞ്ഞിയാണ്ടവന്‍ എന്ന്‌ തമിഴ്‌വംശജര്‍ വിളിക്കുന്നു. കര്‍ണാടക സംഗീതത്തില്‍ ഒരു രാഗം തന്നെയുണ്ട്‌-നാട്ടക്കുറിഞ്ഞിരാഗം.9. കുറിഞ്ഞിപ്പൂവും തേനീച്ചയും. കാന്തല്ലൂരില്‍ നിന്നുള്ള ദൃശ്യം. കുറിഞ്ഞിക്കാലം തേനീച്ചകളുടെ ഉത്സവകാലമാണ്‌. കുറിഞ്ഞിപൂത്തു തുടങ്ങിയാല്‍, കുറിഞ്ഞയാണ്ടവന്‌ പൊങ്കാലയിട്ട്‌ തേനീച്ചയെ ക്ഷണിക്കുന്ന പരമ്പരാഗത ചടങ്ങുപോലുമുണ്ട്‌ കേരള-തമിഴ്‌നാട്‌ അതിര്‍ത്തിഗ്രാമങ്ങളിലെ ഗോത്രവര്‍ഗ്ഗക്കാര്‍ക്കിടയില്‍. കുറിഞ്ഞിത്തേനിന്‌ പ്രത്യേക വാസനപോലുമുണ്ടായിരിക്കുമത്രേ! 1922-ല്‍ കൊടൈക്കനാലിലെ കുറിഞ്ഞിപൂത്ത മലഞ്ചെരുവുകളിലൊരു മരത്തില്‍ മാത്രം തൂക്കുതേനീച്ചകളുടെ 28 കൂടുകള്‍ കണ്ടതായി രേഖപ്പെടുത്തിയിട്ടുണ്ട്‌. അതിനടുത്തുള്ള പാറയില്‍ 32 തേന്‍കൂടുകള്‍ കാണപ്പെട്ടുവത്രേ.10. വരയാട്‌ (Nilgir Tahr). 'ഹെമിട്രാഗസ്‌ ഹൈലോക്രിയസ്‌ '(Hemitragous hylocrius) എന്നു ശാസ്ത്രീയനാമം. രാജമലയില്‍ നിന്നുള്ള ദൃശ്യം (ചിത്രം കടപ്പാട്‌-വരുണ്‍ എ.കെ). കുറിഞ്ഞിയുടെ കൂട്ടുകാരന്‍ എന്നാണ്‌ വരയാടിനെ വിശേഷിപ്പിക്കാറുള്ളത്‌. കുറിഞ്ഞിയില വരയാടിന്റെ പ്രധാന ഭക്ഷണമാണ്‌. വംശനാശം നേരിടുന്ന വരയാടുകള്‍ ഇന്ന്‌ സംരക്ഷിക്കപ്പെടുന്നത്‌ ഇരവികുളം നാഷണല്‍പാര്‍ക്കില്‍ മാത്രം. വരയാടുകളുടെ സംരക്ഷണാര്‍ത്ഥം 1978-ല്‍ ആനമുടിക്കു ചുറ്റുമുള്ള ചോലപുല്‍മേടുകളെ നാഷണല്‍പാര്‍ക്കായി പ്രഖ്യാപിക്കുകയായിരുന്നു. 97 ചതുശ്രകിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പാര്‍ക്കില്‍ ഇന്ന്‌ നീലക്കുറിഞ്ഞിയും സുരക്ഷിതമാണ്‌.

ചിത്രങ്ങള്‍: ജോസഫ്‌ ആന്റണി

Saturday, November 11, 2006

ശനിയില്‍ ചുഴലിക്കാറ്റ്‌; ഭൂമിയില്‍ അമ്പരപ്പ്‌

ചുഴലിക്കൊടുങ്കാറ്റ്‌ എന്നു കേട്ടാല്‍ സാധാരണഗതിയില്‍ ഭീതിയാണ്‌ തോന്നുക. അത്‌ ഭൂമിയിലെ കഥ. എന്നാല്‍, ശനിഗ്രഹത്തില്‍ ചുഴലിക്കറ്റ്ന്നു കേട്ടാലോ? ഇതുവരെ അത്തരമൊന്ന്‌ ആരും കേള്‍ക്കാത്തതുകൊണ്ട്‌ തികഞ്ഞ അമ്പരപ്പാണുണ്ടായത്‌.

ശനി (Saturn)യുടെ ദക്ഷിണധ്രുവത്തില്‍ അത്യുഗ്രന്‍ ചുഴലിക്കൊടുങ്കാറ്റ്‌ വീശുന്നു എന്ന വാര്‍ത്ത ഭൂമിയില്‍ അമ്പരപ്പ്‌ സൃഷ്ടിക്കുക സ്വാഭാവികം മാത്രം. കത്രീന പോലുള്ള ചുഴലിക്കൊടുങ്കാറ്റുകളുടെ ഭീതിയൊഴിയാത്തവരാണ്‌ പലരും. മറ്റൊരു ഗ്രഹത്തില്‍ ചുഴലിക്കൊടുങ്കാറ്റ്‌ വീശുന്നത്‌ കണ്ടെത്തുന്നത്‌ ആദ്യമായാണ്‌ എന്നു കൂടി വരുമ്പോള്‍ കാര്യം കൂടുതല്‍ ഗൗരവമുള്ളതാകുന്നു. ശനിയില്‍ ഭൗമവ്യാസത്തിന്റെ മൂന്നില്‍ രണ്ടുഭാഗം (8047 കിലോമീറ്റര്‍ ) വിസ്തൃതിയുള്ള ചുഴലിക്കാറ്റിനെ നാസയുടെ 'കാസിനി'(Cassini) വാഹനമാണ്‌ തിരിച്ചറിഞ്ഞത്‌.

മണിക്കൂറില്‍ 560 കിലോമീറ്റര്‍ വേഗത്തില്‍ വലത്തോട്ട്‌ തിരിയുന്ന ശനിയിലെ കാറ്റിന്റെ 'ചുഴലിക്കണ്ണ്‌ ', ഭൂമിയിലുണ്ടാകുന്ന ചുഴലിക്കാറ്റുകളുടേതിന്‌ സാമ്യമുള്ളതാണ്‌. ശനിയെ പ്രദക്ഷിണം ചെയ്ത്‌ നിരീക്ഷണം തുടരുന്ന കാസിനി വാഹനം, 2006 ഒക്ടോബര്‍ 11-ന്‌ മൂന്നു മണിക്കൂര്‍ നേരമെടുത്തു ചുഴലിക്കാറ്റിന്റെ ചിത്രമെടുക്കാന്‍.

സമുദ്രോപരിതലത്തില്‍ ചൂടുപിടിച്ചുയരുന്ന വായു ചുഴലിയായി ചുറ്റാനാരംഭിക്കുകയും, ചുഴലിഭിത്തിക്ക്‌ മുകളില്‍ മേഘങ്ങള്‍ വന്‍തോതില്‍ തടിച്ചുകൂടി പേമാരിയായി പെയ്യുകയുമാണ്‌ ഭൂമിയില്‍ സംഭവിക്കുന്നത്‌. ശനി പക്ഷേ, വാതകഗ്രഹമായതിനാല്‍ അവിടെ ഈ പ്രക്രിയ സംഭവിക്കാന്‍ സമുദ്രമില്ല. പിന്നെയെങ്ങനെ ചുഴലിക്കാറ്റ്‌ രൂപപ്പെട്ടു എന്നത്‌ വ്യക്തമല്ലെന്ന്‌, കാസിനിയെ നിയന്ത്രിക്കുന്ന, പസദേനയില്‍ കാലഫോര്‍ണിയ ഇന്‍സ്റ്റിട്ട്‌ ഓഫ്‌ ടെക്നോളജി (Caltech)യിലെ ആന്‍ഡ്രൂ ഇന്‍ഗര്‍സോള്‍ പറഞ്ഞു.

ഹവായിയിലെ കെക്ക്‌ ടെലസ്കോപ്പ്‌ അടുത്തകാലത്തു പകര്‍ത്തിയ ശനിയുടെ ചിത്രത്തില്‍ നിന്ന്‌ ഗ്രഹത്തിന്റെ തെക്കന്‍ ധ്രുവം ചൂടുപിടിച്ചിരിക്കുന്നതിന്റെ സൂചന ലഭിച്ചിരുന്നു. കാസിനി പിന്നീട്‌ നടത്തിയ നിരീക്ഷണത്തില്‍ , തെക്കന്‍ ധ്രുവത്തില്‍ നാലു ഡിഗ്രി ഫാരന്‍ഹെയ്റ്റ്‌ ചൂട്‌ കൂടുതാലാണെന്ന്‌ സ്ഥിരീകരിക്കുകയും ചെയ്തു. ഇതാണോ ചുഴലിക്കാറ്റ്‌ രൂപപ്പെടാന്‍ ഇടയാക്കിയതെന്നു വ്യക്തമല്ല.

കാറ്റിന്റെ ചുഴലിഭിത്തി 30 മുതല്‍ 70 കിലോമീറ്റര്‍ വരെ അന്തരീക്ഷത്തിലേക്ക്‌ ഉയര്‍ന്നാണിരിക്കുന്നത്‌. ഇത്‌ ഭൂമിയിലുണ്ടാകാറുള്ള ചുഴലിക്കാറ്റുകളുടെ ചുഴലിഭിത്തികളില്‍ നിന്ന്‌ രണ്ടു മുതല്‍ അഞ്ച്‌ ഇരട്ടി വരെ കൂടുതലാണ്‌.

ഭീമാകാരമാര്‍ന്ന ഒരു കാറ്റ്‌ ഇതിനുമുമ്പ്‌ കാണപ്പെട്ടിട്ടുള്ളത്‌ വ്യാഴ(Jupiter)ത്തിലാണ്‌. 'ഗ്രേറ്റ്‌ റെഡ്‌ സ്പോട്ട്‌ '(Great Red Spot) കാറ്റ്‌ എന്നറിയപ്പെടുന്ന അതിന്റെ വിസ്തൃതി 13,920 കിലോമീറ്ററാണ്‌. മൂന്നു ഭൂമികളെ ഒതുക്കിവെയ്ക്കാവുന്ന വിസ്താരം. 340 വര്‍ഷം നീണ്ടുനിന്ന ആ കാറ്റ്‌ ആറ്‌ ദിവസം കൊണ്ടാണ്‌ ഒരു തവണ വലംവെയ്ക്കുന്നത്‌. പക്ഷേ, അതൊരു ചുഴലിക്കൊടുങ്കാറ്റല്ല.

ഇപ്പോള്‍ ശനിയില്‍ നിന്ന്‌ 3.4 ലക്ഷം കിലോമീറ്റര്‍ അകലെ സഞ്ചരിക്കുന്ന കാസിനി വാഹനത്തെ ഉപയോഗിച്ച്‌, ചുഴലിക്കാറ്റിനെ കൂടുതല്‍ മനസിലാക്കാനാണ്‌ ഗവേഷകരുടെ ശ്രമം. 2004 ജൂലായ്‌ ഒന്നിനാണ്‌ കാസിനി- ഹെജന്‍സ്‌ ദൗത്യം ശനിയുടെ ഭ്രമണപഥത്തിലെത്തിയത്‌. 2005 ജനവരി 14-ന്‌ ശനിയുടെ ഉപഗ്രഹമായ ടൈറ്റ(Titan)ന്റെ പ്രതലത്തില്‍, നിശ്ചയിക്കപ്പെട്ടതുപോലെ, ഹൈജന്‍സ്‌ വാഹനം ഇടിച്ചിറങ്ങുകയും, ടൈറ്റന്റെ പ്രതലത്തിലെ വിവരങ്ങള്‍ ഭൂമിയിലെത്തിക്കുകയും ചെയ്തു.(അവലംബം: വിവിധ വാര്‍ത്താഏജന്‍സികള്‍)

Friday, November 10, 2006

പ്രപഞ്ചമെന്ന തനിയാവര്‍ത്തനം


മഹാവിസ്ഫോടനത്തിനു മുമ്പ്‌ എന്തായിരുന്നു. ആപേക്ഷികതാസിദ്ധാന്തം ഇക്കാര്യത്തില്‍ മൗനം പാലിക്കുന്നു. ഇവിടെ വാചാലമാകുന്നത്‌ ക്വാണ്ടം ഭൗതികമാണ്‌. ക്വാണ്ടം ഭൗതീകത്തിന്റെ സാധ്യത ഉപയോഗിച്ച്‌ ഇന്ത്യക്കാരനായ ഡോ.അഭയ്‌ അഷ്ടേക്കര്‍ എത്തിയിരിക്കുന്ന നിഗമനം ഇതാണ്‌; മുമ്പ്‌ നിലനിന്ന സമാനമായൊരു പ്രപഞ്ചത്തിന്റെ ആവര്‍ത്തനമാണ്‌ ഇപ്പോഴത്തെ പ്രപഞ്ചം.

രണ്ടു ലോകങ്ങളെ കൂട്ടിയിണക്കുകയെന്നത്‌ എളുപ്പമല്ല. രണ്ട്‌ പ്രപഞ്ചങ്ങളെ കൂട്ടിയിണക്കുക അതിലും ശ്രമകരം. ഇന്ത്യക്കാരനായ അമേരിക്കന്‍ ശാസ്ത്രജ്ഞന്‍ ഡോ.അഭയ്‌ അഷ്ടേക്കറു(Abhay Ashtekar)ടേത്‌ ഒരു വിധത്തില്‍ പറഞ്ഞാല്‍ ഇത്തരമൊരു നിയോഗമാണ്‌. ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്‍ ആവിഷ്ക്കരിച്ച പൊതുആപേക്ഷികതാ സിദ്ധാന്തവും, പിന്നീട്‌ രൂപപ്പെട്ട ക്വാണ്ടം മെക്കാനിക്സും ഭൗതീകശാസ്ത്രത്തിലെ രണ്ട്‌ മേഖലകളാണ്‌; ഇനിയും കൂട്ടിയിണക്കാന്‍ കഴിയാത്ത രണ്ട്‌ ലോകങ്ങള്‍. അവ ഒരേ പ്രപഞ്ചത്തിന്റെ രണ്ട്‌ സാധ്യതകളെ വിശദീകരിക്കുന്നു; സ്ഥൂലപ്രപഞ്ചത്തെയും സൂക്ഷ്മപ്രപഞ്ചത്തെയും. അവയെ കൂട്ടിയിണക്കാന്‍ കഴിഞ്ഞ കാല്‍നൂറ്റാണ്ടായി നടത്തുന്ന ശ്രമം ഡോ.അഷ്ടേക്കറെ എത്തിച്ചിരിക്കുന്നത്‌, രണ്ടു പ്രപഞ്ചങ്ങളെ തമ്മില്‍ കൂട്ടിയോജിപ്പിക്കുന്നതിലേക്കാണ്‌. മഹാവിസ്ഫോടനത്തിലൂടെ രൂപപ്പെട്ട ഇപ്പോഴത്തെ പ്രപഞ്ചത്തെയും, അതിനുമുമ്പ്‌ നിലനിന്ന സമാനമായ മറ്റൊരു പ്രപഞ്ചത്തെയും!

അനന്തസാന്ദ്രതയുള്ള ഒരു പ്രാപഞ്ചികകണത്തിന്‌ ഏതാണ്ട്‌ 1370 കോടി വര്‍ഷം മുമ്പ്‌ മഹാവിസ്ഫോടനവും(Big Bang) അതിവികാസവും(Inflation) സംഭവിച്ച്‌ ഇന്നത്തെ പ്രപഞ്ചം രൂപപ്പെട്ടുവെന്നാണ്‌, പ്രപഞ്ചസൃഷ്ടി സംബന്ധിച്ച്‌ നിലവിലുള്ള ഏറ്റവും പ്രമുഖമായ സിദ്ധാന്തം പറയുന്നത്‌. ഐന്‍സ്റ്റയിന്റെ പൊതുആപേക്ഷികതാ സിദ്ധാന്തം(General Theory of Relativity) ഇത്തരമൊരു സാധ്യതയാണ്‌ മുന്നോട്ടു വെയ്ക്കുന്നത്‌. സ്ഥലകാലങ്ങള്‍ (space-time) ആ മഹാവിസ്ഫോടനത്തിന്റെ ഫലമായാണുണ്ടായത്‌. അതിനു മുമ്പ്‌ എന്തെങ്കിലും ഉണ്ടായിരിക്കാനുള്ള സാധ്യത ആപേക്ഷികതാ സിദ്ധാന്തത്തിലില്ല. പക്ഷേ, ഒരു സിദ്ധാന്തം വഴിമുടക്കുന്നതു കൊണ്ട്‌ അന്വേഷണങ്ങള്‍ അവസാനിക്കുന്നില്ല. ഡോ.അഭയ്‌ അഷ്ടേക്കറും സംഘവും ക്വാണ്ടംഭൗതികത്തിന്റെ സാധ്യതകളേറ്റെടുത്ത്‌ അന്വേഷണം തുടര്‍ന്നു. എത്തിയിരിക്കുന്നതോ അസാധാരണമായ ഒരു തിരിച്ചറിവിലേക്കും. ഇപ്പോഴത്തെ പ്രപഞ്ചത്തിന്‌ ഏതാണ്ട്‌ സമാനമായ മറ്റൊരു പ്രപഞ്ചം ഇതിന്‌ മുമ്പ്‌ നിലനിന്നിരുന്നു. നിലവിലുള്ള പ്രപഞ്ചം അനുനിമിഷം വികസിച്ചുകൊണ്ടിരിക്കുകയാണ്‌. മുന്‍പ്രപഞ്ചം പക്ഷേ, ചുരുങ്ങുന്ന ഒന്നായിരുന്നു. ചുരുങ്ങി ഒരു ബിന്ദുവിലേക്കെത്തിയ ആ പ്രപഞ്ചം, ഒരു 'ക്വാണ്ടം പാല'(quantum bridge) ത്തിലൂടെ നിമിഷാര്‍ധത്തിനിടയില്‍ പുതിയ പ്രപഞ്ചമായി രൂപപ്പെട്ടു-ഡോ.അഷ്ടേക്കറും സംഘവും മുന്നോട്ടുവെയ്ക്കുന്ന സിദ്ധാന്തം ഇതാണ്‌.

പ്രപഞ്ചസൃഷ്ടി സംബന്ധിച്ച്‌ അസംഖ്യം സിദ്ധാന്തങ്ങള്‍ നിലവിലുണ്ട്‌. മഹാവിസ്ഫോടനത്തിന്‌ മുമ്പ്‌ എന്തായിരുന്നു എന്നു പറയാന്‍ പലരും ശ്രമിച്ചിട്ടുമുണ്ട്‌. 1973-ല്‍ 'സിറ്റി യൂണിവേഴ്സിറ്റി ഓഫ്‌ ന്യൂയോര്‍ക്കി'ലെ ഗവേഷകനായ എഡ്വേര്‍ഡ്‌ ട്രിയോണ്‍ അവതരിപ്പിച്ചതാണ്‌ അവയില്‍ ശ്രദ്ധേയമായ ഒരു വാദഗതി. നിതാന്തശൂന്യതിയിലുണ്ടായ ആന്തോളനം(vaccum fluctuation) വഴി അനന്തസാന്ദ്രതയുള്ള സൂക്ഷ്മകണത്തിന്റെ രൂപത്തില്‍ പ്രപഞ്ചം നിലവില്‍ വന്നു എന്നാണ്‌ അദ്ദേഹം വാദിച്ചത്‌. ക്വാണ്ടം ഭൗതീകത്തില്‍ ശൂന്യസ്ഥലം(vaccum)എന്നൊന്നില്ല. ഊര്‍ജ്ജത്തിന്റെ സൃഷ്ടിസംഹാരങ്ങള്‍ എവിടെയും നടക്കുന്നു. ഈ സാധ്യതയാണ്‌ തന്റെ സിദ്ധാന്തത്തിന്‌ രൂപം നല്‍കാന്‍ ട്രിയോണ്‍ ഉപയോഗിച്ചത്‌.

എണ്‍പതുകളുടെ തുടക്കത്തില്‍ 'മസാച്യൊാ‍സ്റ്റ്സ്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്നോളജി'(MIT)യിലെ അലന്‍ ഗുഥ്‌ 'അതിവികാസ'മെന്ന സാധ്യത കണ്ടെത്തിയത്‌ പൊതുആപേക്ഷികതാ സിദ്ധാന്തത്തിന്റെ ഒരു അപ്രതീക്ഷിത സാധ്യതയില്‍ നിന്നായിരുന്നു. ആദികണത്തിന്റെ രൂപത്തില്‍ പ്രപഞ്ചം നിലവില്‍ വന്ന്‌ 'ആദ്യസെക്കന്റിന്റെ ലക്ഷംകോടിയൊരംശത്തിന്റെ ലക്ഷംകോടിയിലൊരംശത്തിന്റെ ലക്ഷംകോടിയിലൊരംശം' കൊണ്ട്‌ അത്‌ അത്യപൂര്‍വമായ അതിവികാസത്തിന്‌ വിധേയമായി എന്നാണ്‌ അലന്‍ ഗുഥ്‌ പ്രഖ്യാപിച്ചത്‌.സ്റ്റാന്‍ഫഡ്‌ സര്‍വകലാശാലയിലെ ആന്‍ഡ്രേ ലിന്‍ഡെ പോലുള്ള പ്രശസ്ത ഗവേഷകര്‍ ഈ അതിവികാസ സിദ്ധാന്തത്തിന്‌ വേണ്ടത്ര അടിത്തറ പണിതു. പ്രപഞ്ചത്തിലെ സൂക്ഷ്മവികിരണ പശ്ചാത്തലത്തെ(Microwave Background)ക്കുറിച്ചുള്ള പഠനങ്ങളും നിരീക്ഷണവും അതിവികാസ സിദ്ധാന്തത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

മഹാവിസ്ഫോടനത്തിന്‌ മുമ്പെന്തായിരുന്നു എന്നതു സംബന്ധിച്ച്‌ ശ്രദ്ധേയമായ മറ്റൊരു നിഗമനം മുന്നോട്ടു വെച്ചതും ആന്‍ഡ്രേ ലിന്‍ഡെയാണ്‌; അലക്സാണ്ടര്‍ വിലെങ്കിനുമായി ചേര്‍ന്ന്‌. 'ക്വാണ്ടം ഫണലിങ്‌'(quantum tunneling) എന്ന പ്രതിഭാസമനുസരിച്ച്‌ പ്രപഞ്ചം അവതരിച്ചു എന്നാണ്‌ ഇരുവരും പറഞ്ഞത്‌. സാധാരണഗതിയില്‍ ഒരു മതിലിന്‌ അല്ലെങ്കില്‍ മറയ്ക്ക്‌ അപ്പുറത്തുള്ള വസ്തു ഇപ്പുറം എത്തണമെങ്കില്‍ (ക്ലാസിക്കല്‍ ഭൗതികം അനുസരിച്ച്‌) ഏതെങ്കിലും ബലത്തിന്റെ സഹായം വേണം. പക്ഷേ, ക്വാണ്ടം ഭൗതീകത്തില്‍ പ്രത്യേകമായ ഒരു ശ്രമവും നടത്താതെ തന്നെ വസ്തു ചിലപ്പോള്‍ ഇപ്പുറത്ത്‌ പ്രത്യക്ഷപ്പെടാം. ഇതാണ്‌ ക്വാണ്ടം ഫണലിങ്‌ എന്നറിയപ്പെടുന്നത്‌. തെളിയിക്കപ്പെട്ട പ്രതിഭാസമാണിത്‌. പല ഇലക്ടോണിക്‌ ഉപകരണങ്ങളുടെയും പ്രവര്‍ത്തനം സാധ്യമാകുന്നത്‌ ഈ പ്രതിഭാസം അനുസരിച്ചാണ്‌. ക്വാണ്ടം ഫണലിങ്ങിലെ മറ(barrier) ഭൗതീകമായ ഒന്നാകണമെന്നില്ല; വേണമെങ്കില്‍ അതൊരു ഊര്‍ജ്ജമറ(energy barrier)യാകാം. ഇത്തരമൊരു ഊര്‍ജ്ജമറയിലൂടെ, ധന-ഋണ ഊര്‍ജ്ജങ്ങളുടെ സമ്മേളനമായി പ്രപഞ്ചം ഉടലെടുത്തു എന്ന്‌ ലിന്‍ഡെയും വിലെങ്കിനും സംയുക്തമായി അവതരിപ്പിച്ച സിദ്ധാന്തം പറയുന്നു.

സ്ട്രിങ്‌ തിയറി(String Theory)യുടെയും അതിന്റെ തന്നെ മറ്റൊരു വകഭേദമായ 'ബ്രേന്‍ തിയറി'(Bran Theory)യുടെയുമൊക്ക സഹായത്തോടെ ഒട്ടേറെ വേറെ പ്രപഞ്ചമാതൃകകളും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്‌. ആയിരം ഇതളുള്ള പ്രപഞ്ചവും, മനുഷ്യന്‌ കണ്ടെത്താനാകാത്ത വ്യത്യസ്ത മാനങ്ങള്‍(dimentions) കൊണ്ട്‌ വേര്‍തിരിക്കപ്പെട്ട പ്രപഞ്ചങ്ങളുമൊക്കെ അവതരിപ്പിക്കപ്പെട്ടു. ഓരോ പ്രപഞ്ചമാതൃകയും ആശയക്കുഴപ്പം വര്‍ധിപ്പിക്കുകയാണ്‌ ചെയ്തത്‌. അന്യപ്രപഞ്ചങ്ങളിലൊന്നും നമ്മുടെ മാതൃപ്രപഞ്ചത്തിലെ ഭൗതീകശാസ്ത്ര നിയമങ്ങള്‍ ബാധകമാകില്ലെന്ന കാര്യം വല്ലാത്ത അമ്പരപ്പാണ്‌, പ്രപഞ്ചശാസ്ത്രരംഗത്ത്‌ സൃഷ്ടിച്ചിരിക്കുന്നത്‌.

പക്ഷേ, അത്തരം അമ്പരപ്പുകള്‍ക്ക്‌ ഇട കൊടുക്കുന്നില്ല എന്നതാണ്‌ ഡോ.അഷ്ടേച്ചക്കറും സംഘവും മുന്നോട്ടു വെച്ച പ്രപഞ്ചസിദ്ധാന്തത്തിന്റെ പ്രത്യേകത. കാരണം പഴയ പ്രപഞ്ചത്തിന്‌ പുതിയതായി രൂപാന്തരമുണ്ടായ വളരെ വളരെ ചെറിയൊരു സമയത്ത്‌ മാത്രം ക്വാണ്ടംനിയമങ്ങള്‍ പ്രപഞ്ചത്തെ ഭരിക്കുകയും, അതിനു മുമ്പും പിമ്പും ആപേക്ഷികതാസിദ്ധാന്തം തന്നെ സ്ഥൂലപ്രപഞ്ചത്തിന്റെ നിയന്ത്രണം കൈയാളുകയും ചെയ്യുന്നതായാണ്‌ പുതിയ സിദ്ധാന്തം പറയുന്നത്‌. 'ഫിസിക്കല്‍ റിവ്യൂ ലറ്റേഴ്സ്‌' എന്ന പ്രമുഖ ഭൗതികശാസ്ത്ര ഗവേഷണ വാരിക വഴി അടുത്തയിടെ ഡോ.അഷ്ടേക്കറും സഹപ്രവര്‍ത്തകരും തങ്ങളുടെ സിദ്ധാന്തം അവതരിപ്പിച്ചു.

മഹാരാഷ്ട്രയില്‍ ജനിച്ച്‌, ശാസ്ത്രപഠനത്തിനായി അമേരിക്കയിലേക്ക്‌ കുടിയേറിയ ഡോ.അഷ്ടേക്കര്‍ ഇത്തരമൊരു പ്രപഞ്ചസിദ്ധാന്തത്തിലേക്കെത്തിയത്‌ യാദൃശ്ചികമല്ല. പെന്‍സില്‍വാനിയ സ്റ്റേറ്റ്‌ സര്‍വകലാശാലയ്ക്കു കീഴിലെ 'ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഗ്രാവിറ്റേഷണല്‍ ഫിസിക്സ്‌ ആന്‍ഡ്‌ ജോമട്രി'യുടെ ഡയറക്ടറായ ഡോ.അഷ്ടേക്കര്‍, 'ലൂപ്‌ ക്വാണ്ടം ഗ്രാവിറ്റി'യെന്ന സിദ്ധാന്തം രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കു വഹിച്ച വ്യക്തിയാണ്‌. ക്വാണ്ടം ഭൗതികത്തെയും ആപേക്ഷികതാസിദ്ധാന്തത്തെയും കൂട്ടിയിണക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍, ഏറ്റവും പ്രതീക്ഷ നല്‍കുന്ന ഒന്നായി ഈ സിദ്ധാന്തം വിലയിരുത്തപ്പെടുന്നു. 'ലൂപ്‌ ക്വാണ്ടം ഗ്രാവിറ്റി' പ്രകാരം, ഏകമാന(one-dimentional) ക്വാണ്ടം ഇഴകളാല്‍ നെയ്തുണ്ടാക്കായ ഒന്നാണ്‌ സ്പേസ്‌ (space). മഹാവിസ്ഫോടനവേളയില്‍ ഈ ഇഴക്കൂട്ടുകള്‍ മാരകശക്തിയില്‍ പൊട്ടിത്തകരുകയും, ജ്യാമിതിയുടെ ക്വാണ്ടം സ്വഭാവം പ്രകടമാവുകയും ചെയ്തുവെന്ന്‌ സിദ്ധാന്തം പറയുന്നു. 'ക്വാണ്ടം ലൂപ്‌ ഗ്രാവിറ്റി'യുടെ സഹായത്തോടെ ഡോ. അഷ്ടേക്കറും സംഘവും തയ്യാറാക്കിയ ഗണിത സമീകരണങ്ങള്‍, ഇപ്പോഴത്തേതിന്‌ സമാനമായ മറ്റൊരു പ്രപഞ്ചം നിലനിന്നിരുന്ന കാര്യം വ്യക്തമായി പ്രവചിക്കുന്നു.

ഒരു 'മഹാഉത്പതനം'(Big Bounce) ആണത്രേ മാഹവിസ്ഫോടന വേളയിലുണ്ടായത്‌. പഴയ പ്രപഞ്ചം ചുരുങ്ങി ഒരു ബിന്ദുവിലേക്കെത്തിയപ്പോള്‍ സ്ഥലകാലങ്ങളുടെ ക്വാണ്ടം സ്വഭാവം മൂലം ഗുരുത്വാകര്‍ഷണം ശരിക്കും വികര്‍ഷണ ബലമായി മാറി. അങ്ങനെ പ്രപഞ്ചം സ്വയം വികസിക്കുന്ന പുതിയ രൂപത്തിലെത്തി. "ഐന്‍സ്റ്റയിന്റെ പ്രപഞ്ച നിയമങ്ങളെ ക്വാണ്ടം പരിഷ്ക്കരണങ്ങള്‍ക്ക്‌ വിധേയമാക്കിയപ്പോള്‍, മഹാവിസ്ഫോടനത്തിന്‌ പകരം ഒരു 'മഹാഉത്പതന'മാണ്‌ സംഭവിച്ചതെന്ന്‌ ഞങ്ങള്‍ക്ക്‌ തെളിയിക്കാനായി'ഡോ.അഷ്ടേര്‍ക്കര്‍ പറയുന്നു. വിവിധ ഗണിത മാനദണ്ഡങ്ങളുപയോഗിച്ച്‌ തങ്ങളുടെ കണ്ടെത്തലിനെ വിശകലനത്തിന്‌ വിധേയമാക്കിയപ്പോള്‍, പ്രപഞ്ചത്തിന്‌ സംഭവിച്ചത്‌ 'മഹാഉത്പതനം' തന്നെയെന്നാണെന്ന്‌ കൂടുതല്‍ വ്യക്തമാകുകയാണ്‌ ചെയ്തതെന്ന്‌ അദ്ദേഹം അറിയിക്കുന്നു. ഡോ.അഷ്ടേക്കര്‍ക്കൊപ്പം ഇന്ത്യക്കാരനായ മറ്റൊരാള്‍ കൂടി പുതിയ സിദ്ധാന്തം രൂപപ്പെടുത്തിയ സംഘത്തിലുണ്ട്‌; പരംപ്രീത്‌ സിങ്‌. ടോമാസ്‌ പാവ്ലോവ്സ്കിയാണ്‌ സംഘത്തിലെ മറ്റൊരാള്‍.(2006 ജൂണ്‍ 18-ന്‌ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌).