ഇന്ത്യന്‍ നരവംശശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്‍.കെ.അനന്തകൃഷ്ണ അയ്യര്‍ രചിച്ച 'ദി കൊച്ചിന്‍ ട്രൈബ്‌സ് ആന്‍ഡ് കാസ്റ്റ്‌സി'ന്റെ രണ്ടാംവാല്യം 187-ാം പുറത്ത് നല്‍കിയിരിക്കുന്ന നായര്‍ സ്ത്രീകളുടെ ചിത്രമാണ് മുകളിലുള്ളത്. 'നായര്‍ സ്ത്രീകള്‍ അന്തര്‍ജനങ്ങളുടെ വേഷത്തില്‍' എന്നാണ് ചിത്രത്തിന് നല്‍കിയിട്ടുള്ള അടിക്കുറിപ്പ്. 1912 ല്‍ പ്രസിദ്ധീകരിച്ച ആ ഗ്രന്ഥത്തിലെ ചിത്രങ്ങളെല്ലാം, കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിതരീതികള്‍ പഠിക്കുന്നതിനിടെ താന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന് അനന്തകൃഷ്ണ അയ്യര്‍ സാക്ഷ്യപ്പെടുത്തുന്നു.
ബലാത്സംഗത്തിന്റെയും പെണ്‍വാണിഭത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, അതിന് കാരണം സ്ത്രീകളുടെ 'മാന്യമല്ലാത്ത വസ്ത്രധാരണമാണെ'ന്ന് വിധിയെഴുതാനും, 'മാന്യമായി വസ്ത്രം ധരിക്കൂ' എന്ന പരിഹാരം നിര്‍ദേശിക്കാനും രംഗത്തെത്തുന്നവരുടെ അറിവിലേക്കായാണ് ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത്.
കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരിലൊരു വിഭാഗത്തിന്റെ അന്നത്തെ വേഷമാണിത് (അപ്പോള്‍, താഴ്ന്ന വിഭാഗത്തിലുള്ളവരുടേത് എങ്ങനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അനന്തകൃഷ്ണയ്യരുടെ ഗ്രന്ഥത്തില്‍ തന്നെയുണ്ട് ഒട്ടേറെ ഉദാഹരണങ്ങള്‍).
സ്ത്രീകളുടെ ഇപ്പോഴത്തെ 'മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍, നമ്മുടെ നാട്ടിലെ സ്ഥിതി എന്തായിരുന്നു എന്നറിയാന്‍ ശിലായുഗത്തിലേക്കൊന്നും പോയി നോക്കേണ്ട കാര്യമില്ല എന്നാണ് ഈ ചിത്രം വ്യക്തമാക്കുന്നത്. വെറും നൂറുവര്‍ഷം പിന്നിലേക്ക് നോക്കിയാല്‍ മതി. യൂറോപ്പില്‍ ഐന്‍സ്‌റ്റൈന്‍ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കുന്ന കാലത്ത്, കേരളത്തില്‍ തിരുവിതാംകൂര്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെടുന്ന സമയത്ത് ഇവിടെ സ്ത്രീകളുടെ വേഷം ഇതായിരുന്നു.
ഇതൊന്നുമോര്‍ക്കാതെ, സ്‌കൂളുകളില്‍ പാവാട നിരോധിക്കാന്‍ എം.എല്‍.എ.സ്ഥാനത്തിരിക്കുന്നവര്‍ പോലും ആവശ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. 'സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെ ബലാത്സംഗത്തിന്റെ കാരണമായി എത്ര അനായാസമായാണ് ഫെയ്‌സ്ബുക്ക് പോലുളള ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ പലരും വിധിയെഴുതുന്നത്. ഡല്‍ഹിയില്‍ യുവതി ക്രൂരമായ കൂട്ടമാനഭംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച ദാരുണ സംഭവമാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്.
പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് ആണുങ്ങളില്‍ കാമതൃഷ്ണയുണര്‍ത്തും, അതുകൊണ്ട് സ്‌കൂളുകളില്‍ പാവാട നിരോധിക്കണം- ഇതാണ് രാജസ്ഥാനിലെ ബി.ജെ.പി. എം.എല്‍.എ.യുടെ വാദം. അടുത്തകാലം വരെ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മാറുമറയ്ക്കുക പോലുമില്ലായിരുന്നു എന്നല്ലേ മുകളില്‍ നല്‍കിയിട്ടുള്ള ചിത്രം വ്യക്തമാക്കുന്നത് (മാറുമറയ്ക്കാന്‍ 'മുലക്കരം' നല്‍കേണ്ടിയിരുന്ന നാടാണിത്!). അന്ന് ആണുങ്ങള്‍ക്ക് കാമതൃഷ്ണ ഉണ്ടായിരുന്നില്ല എന്നാണോ മനസിലാക്കേണ്ടത്. അതോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കണ്ടുപിടിത്തമാണോ ബലാത്സംഗം എന്നത്!
കഴിഞ്ഞ ജൂണില്‍ ഈ ലേഖകന് ഔദ്യോഗിക പരിശീലനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ രണ്ടാഴ്ച കഴിയേണ്ടിവന്നു. 45 ലക്ഷം ജനങ്ങള്‍ വസിക്കുന്ന നഗരമാണത്. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരം. ഞങ്ങളെത്തിയ ദിവസം അവിടുത്തെ പത്രങ്ങള്‍ ഒന്നാംപേജില്‍ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒരു സംഗതി, മെല്‍ബണില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് പോയ വര്‍ഷത്തെ അപേക്ഷിച്ച് 8.7 ശതമാനം കുറഞ്ഞു എന്നതായിരുന്നു. ഒറ്റ ബലാത്സംഗം പോലും ആ ഒരുവര്‍ഷത്തിനിടെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചതിന്റെ നിരക്കും വളരെ കുറവ്.
ശ്രദ്ധേയമായ സംഗതിയായിരുന്നു അത്. സ്ത്രീകളുടെ വേഷവിതാനവും വസ്ത്രധാരണവുമാണ് ബലാത്സംഗത്തിന് മുഖ്യകാരണമെങ്കില്‍, ഏറ്റവുമധികം ബലാത്സംഗം നടക്കേണ്ട നഗരങ്ങളിലൊന്നാണ് മെല്‍ബണ്‍. കാരണം, അത്ര 'പ്രകോപനപരമായ' വേഷത്തോടെ റോഡിലിറങ്ങാന്‍ സ്ത്രീകള്‍ അവിടെ മടിക്കുന്നില്ല.
ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്.നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വായിച്ചില്ലേ. 'ഇന്ത്യയിലാണ് ബലാത്സംഗം നടക്കുന്നത്, ഭാരതത്തിലല്ല' എന്ന അത്യുഗ്രന്‍ കണ്ടുപിടിത്തമായിരുന്നു അങ്ങേരുടേത്. ഇന്ത്യ എന്നാല്‍ നഗരവത്കൃത ഇന്ത്യ. നഗരങ്ങള്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമുള്ള ഇടങ്ങളാണ്. അവിടെയാണ് ബലാത്സംഗം. ഭാരതമെന്നാല്‍, ഗ്രാമീണ ഇന്ത്യ. അവിടെ ബലാത്സംഗങ്ങള്‍ കുറവാണ്.
പിറ്റെദിവസം ദേശീയമാധ്യമങ്ങള്‍ നേതാവിന്റെ വാദം കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി. രാജ്യത്ത് 75 ശതമാനം ബലാത്സംഗങ്ങളും നടക്കുന്നത് ആദിവാസി, ഗോത്ര മേഖലകള്‍ ഉള്‍പ്പടെയുള്ള ഗ്രാമങ്ങളിലോ നാട്ടിന്‍പുറങ്ങളിലോ ആണ്. 25 ശതമാനം സംഭവങ്ങളേ നഗരങ്ങളില്‍ അരങ്ങേറുന്നുള്ളൂ. 'പാശ്ചാത്യ സ്വാധീന'മെന്ന നേതാവിന്റെ ന്യായത്തെ മാത്രമല്ല (മെല്‍ബണിലെ ഉദാഹരണം ഓര്‍ക്കുക), മാന്യമായി വസ്ത്രം ധരിക്കാത്തതാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് വാദിക്കുന്നവരെയും ഈ കണക്ക് ആശയക്കുഴപ്പത്തിലാക്കും, ഉറപ്പ്. നഗരത്തിലാണല്ലോ ഫാഷനനുസരിച്ചുള്ള 'പ്രകോപനപരമായ' വസ്ത്രധാരണം. ഗ്രാമങ്ങളില്‍ ഏതായാലും 'മാന്യമായി വസ്ത്രം ധരിക്കാതെ' സ്ത്രീകള്‍ പുറത്തിറങ്ങാന്‍ സാധ്യത കുറവാണല്ലോ. പക്ഷേ, ബലാത്സംഗം കൂടുതലും ഗ്രാമങ്ങളില്‍!
അപ്പോള്‍, 'മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെ കൂട്ടുപിടിച്ച് ബലാത്സംഗത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലും, 'വസ്ത്രധാരണം മാന്യമായാല്‍' ബലാത്സംഗം കുറയുമെന്ന വാദത്തിലും കാതലായ എന്തോ പ്രശ്‌നമുണ്ട്. നമുക്ക് അതിലേക്ക് വരാം.
ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ബലാത്സംഗം ചെറുക്കാനുള്ള എളുപ്പമാര്‍ഗം എന്ന നിലയ്ക്ക് നിഷ്‌ക്കളങ്കമായ രീതിയിലാണ് പലരും ഈ വാദം ഉന്നയിക്കുന്നത്. അത്തരമൊരു വാദം നമ്മളെ എവിടെയാണ് എത്തിക്കുകയെന്ന് അത്തരക്കാര്‍ ആലോചിക്കാറില്ല. എന്നാല്‍, വേറെ ചിലരുണ്ട്. അവര്‍ ഇതുന്നയിക്കുമ്പോള്‍, സാദാചാര പോലീസ് അവര്‍ക്കുള്ളിലിരുന്ന് പല്ലിളിക്കുന്നത് കാണാന്‍ കഴിയും. അത്തരക്കാരെ സമൂഹം സൂക്ഷിക്കണം.
ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഏറ്റവും കാതലായ ചോദ്യം, ഒരാള്‍ വസ്ത്രധാരണം നടത്തുന്നത് എങ്ങനെ വേണം എന്ന് നിശ്ചയിക്കാനുള്ള അവകാശം വേറൊരാള്‍ക്കുണ്ടോ എന്നതാണ്. മതപരമായ ചില സ്ഥാപനങ്ങളിലും സ്‌കൂളുകളിലും യൂണിഫോം നിര്‍ബന്ധമാണ്, അത് ഇഷ്ടമില്ലാത്തവര്‍ അങ്ങോട്ടു പോകേണ്ട കാര്യമില്ല. എന്നാല്‍, പൊതുസമൂഹം അത്തരമേതെങ്കിലും സ്ഥാപനമല്ല. പൊതുസമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള യൂണിഫോം നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശവുമില്ല.
നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ കേസെടുക്കാനുള്ള നിയമം നമ്മുടെ നാട്ടിലുണ്ട്. എറണാകുളം നഗരമധ്യത്തില്‍ നഗ്നനായി ഓടിയ ലോ കോളേജ് വിദ്യാര്‍ഥി പോലീസിന് കീഴടങ്ങിയത് ഏതാനും ദിവസം മുമ്പാണ്. അങ്ങനെയെങ്കില്‍, അത്തരം കേസുകളുടെ പരിധിയില്‍ വരാത്ത ഏത് വസ്ത്രധാരണ രീതിയെയും 'മാന്യമെന്ന്' പറയാമോ! ആ മാദണ്ഡമനുസരിച്ച്, മാന്യമായ വസ്ത്രധാരണില്ലാതെ നമ്മുടെ നാട്ടില്‍ ഏതെങ്കിലും സ്ത്രീകള്‍ പുറത്തിറങ്ങാറുണ്ടോ? ഉണ്ടെങ്കില്‍ കേസാകേണ്ടതാണ്, വാര്‍ത്തയാകേണ്ടതാണ്.
അപ്പോള്‍, ബലാത്സംഗം നടക്കാതിരിക്കാനുള്ള 'മാന്യമായ വസ്ത്രധാരണം' ഏതാണ്. എന്താണ് ആ 'മാന്യത'യുടെ അളവുകോല്‍?
മെല്‍ബണ്‍ പോലുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട് എന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഒരു സുഹൃത്ത് വാദിച്ചത്. ശക്തമായ സുരക്ഷാസംവിധാനങ്ങള്‍, അധികൃതരുടെ ജാഗ്രത, സ്ത്രീകളോടുള്ള മനോഭാവം...ഇങ്ങനെ ഒട്ടേറെ ഘടകങ്ങള്‍. അവയൊക്കെ നമ്മുടെ നാട്ടിലുമുണ്ടായാല്‍ സ്ത്രീകള്‍ എങ്ങനെ നടന്നാലും ഉപദ്രവിക്കപ്പെടണമെന്നില്ല എന്ന് ആ സുഹൃത്ത് പറഞ്ഞു.
അപ്പോള്‍, പ്രശ്‌നം മറ്റ് ചിലതാണ്. അതു പറയാതെ 'മാന്യമായ വസ്ത്രധാരണം' ബലാത്സംഗം ചെറുക്കാന്‍ അത്യാവശ്യമാണെന്ന് ഉരുവിട്ട് പഠിക്കുന്നു, പ്രചരിപ്പിക്കുന്നു.
മുകളില്‍ ഉന്നയിച്ച ചോദ്യത്തിലേക്ക് ഇവിടെ നമ്മള്‍ വീണ്ടുമെത്തുന്നു. എന്താണ് 'മാന്യമായ വസ്ത്രധാരണം'?
ഓര്‍ക്കുക, 'മാന്യമായ' സംഗതിയെന്നത് തികച്ചും ആപേക്ഷികമാണ്. നിങ്ങള്‍ക്ക് മാന്യമാണെന്ന് തോന്നുന്ന കാര്യം എനിക്ക് അങ്ങനെയാകണമെന്നില്ല. അപ്പോള്‍ 'മാന്യമായ വസ്ത്രധാരണം' എന്നതിനെ എങ്ങനെയാണ് നിര്‍വചിക്കാനാവുക. രാജസ്ഥാനിലെ എം.എല്‍.എ.പറഞ്ഞതു മാതിരി, പുരുഷന്‍മാരില്‍ കാമതൃഷ്ണ ഉണര്‍ത്താത്ത രീതിയിലുള്ള വസ്ത്രധാരണം എന്നാകും പലരും ഇതിനെ നിര്‍വചിക്കുക.
അതിന് (എന്നുവെച്ചാല്‍, പുരുഷന്‍മാരില്‍ കാമതൃഷ്ണ ഉണര്‍ത്താതിരിക്കാന്‍) ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന വസ്ത്രധാരണം മതിയോ? മതിയാകാന്‍ വഴിയില്ല. കാരണം, നിലവില്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണ് വേഷംധരിക്കാറ്. അപ്പോള്‍, ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്നതല്ല, ശരീരം പൂര്‍ണമായി മറയ്ക്കുന്നതാണ് 'മാന്യമായ വസ്ത്രധാരണം' എന്നാണോ! മുഖമൊഴികെ ബാക്കിയെല്ലാം മറയ്ക്കണോ! എങ്കിലേ പുരുഷന്‍മാര്‍ക്ക് കാമതൃഷ്ണ ഉണരാതിരിക്കൂ എന്നുണ്ടോ.
ഇവിടെ ഒരു പ്രശ്‌നം ഉത്ഭവിക്കുന്നു. സ്ത്രീകള്‍ മുഖം പുറത്തുകാട്ടുന്നത് 'മാന്യമാണോ'? അത് പുരുഷന്‍മാരെ പ്രലോഭിപ്പിക്കില്ലേ. ഇണകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സ്ത്രീശരീരഭാഗങ്ങളിലൊന്ന് എന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്ന ചുണ്ടുകളും വദനഭാഗവും മുഖത്തല്ലേ......അപ്പോള്‍ മുഖവും മറയ്ക്കണം അല്ലേ!
ഇനി താഴെയുള്ള ചിത്രം നോക്കുക. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച വേഷമാണിത്.
ഒരുകൂട്ടം ചാക്കുകെട്ടുകളെ ആ രൂപങ്ങള്‍ അനുസ്മരിപ്പിക്കുന്നു. ചലിക്കുന്ന ചാക്കുകെട്ടുകള്‍. ചാക്കുകെട്ടുകളില്‍ സാധാരണഗതിയില്‍ അരിയോ അടയ്ക്കയോ ഒക്കെയാവാം. ഈ ചാക്കുകെട്ടുകളില്‍ പക്ഷേ, സ്ത്രീകളാണ്. മാന്യമായി വസ്ത്രം ധരിപ്പിച്ച് ധരിപ്പിച്ച് സ്ത്രീകളെ ഒറ്റയടിക്ക് എങ്ങനെ അരിയും അടയ്ക്കയും പോലുള്ള ചരക്കുകളാക്കി മാറ്റാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ഇവിടെ സ്ത്രീയെന്നത് മുഖംപോലും നഷ്ടപ്പെട്ട ഒന്നാണ്. പുരുഷന് സ്വകാര്യമായി അനുഭവിക്കാനുള്ള ഒന്ന്. സുരക്ഷിതത്വം നല്‍കാനെന്ന പേരില്‍ സ്ത്രീയുടെ എല്ലാം, സ്വാതന്ത്ര്യവും സ്വന്തം ശരീരത്തിന്റെ അവകാശവും, ശുദ്ധവായു പോലും കവര്‍ന്നെടുക്കപ്പെടുന്നു.
'മാന്യമായ വേഷംധരിച്ചേ സ്ത്രീകള്‍ നടക്കാവൂ' എന്ന് പ്രസ്താവിക്കുന്നവരില്‍നിന്ന് താലിബാനിലേക്കുള്ള അകലം എത്ര കുറവാണെന്ന് നോക്കുക!
നൂറുവര്‍ഷം മുമ്പ് കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയും, 'മാന്യമായ വസ്ത്രധാരണം' എന്ന പേരില്‍ സ്ത്രീകള്‍ക്കുമേല്‍ ചിലര്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയും തമ്മിലുള്ള അന്തരമാണ് മുകളില്‍ നല്‍കിയിട്ടുള്ള രണ്ടു ചിത്രങ്ങളും വ്യക്തമാക്കുന്നത്. ഒരു നൂറ്റാണ്ടുകൊണ്ട് നമ്മള്‍ എവിടുന്ന് എങ്ങോട്ടാണ് എത്തുന്നത്.
ബലാത്സംഗത്തിന്റെ കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റംപറയുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്, ബലാത്സംഗത്തിന് കൂട്ടുനില്‍ക്കലാണ്. കുറ്റം ബലാത്സംഗം ചെയ്തവനല്ല, അതിനിരയായ സ്ത്രീയുടെ വസ്ത്രധാരണത്തിനാണ് എന്ന് പറയുകയാണ് അതിലൂടെ. ബലാത്സംഗം ചെയ്തവനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് അത്.
------
ഡല്‍ഹി സംഭവത്തിന്റെ വെളിച്ചത്തില്‍ പലരും ഉന്നയിച്ച ഒരു പ്രശ്‌നം, സ്ത്രീകളെന്തിന് രാത്രിയില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം പുറത്തിറങ്ങുന്നു എന്നതാണ്.
ഫെയ്‌സ്ബുക്കില്‍ ഞാനെഴുതിയ കാര്യം ഇവിടെ ആവര്‍ത്തിക്കട്ടെ- അടുത്ത വീട്ടിലെ ചേച്ചിയും എന്റെ ഭാര്യയും അടങ്ങിയ ഗ്രൂപ്പ് ഞങ്ങളുടെ കോളനിയില്‍ വൈകുന്നേരം കുറെ നേരം നടത്തം പതിവാണ്. അതിനിടെ അവര്‍ ചില ചര്‍ച്ചകളും നടത്തും.
കഴിഞ്ഞ ദിവസം ചര്‍ച്ച ഡല്‍ഹിയില്‍ നടന്ന ധാരുണ സംഭവത്തെക്കുറിച്ചായി. 'എന്തിനാ പെണ്‍കുട്ടികള്‍ സെക്കന്‍ഡ് ഷോക്ക് പോകുന്നത്, മറ്റ് ആണുങ്ങളുടെ കൂടെ രാത്രിയില്‍ പുറത്തുപോകുന്നത്' - അയല്‍പക്കത്തെ ചേച്ചി ചോദിച്ചു.
അപ്പോള്‍ സമയം ഏതാണ്ട് വൈകുന്നേരം ഏഴരയായിക്കാണും. ചേച്ചിയുടെ കൗമാരപ്രായക്കാരനായ മകന്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ പോകുന്നത് അവര്‍ കണ്ടു. എന്റെ ഭാര്യ അപ്പോള്‍ ഒരു സംശയം ഉന്നയിച്ചു - 'ആണ്‍കുട്ടികള്‍ക്ക് ഇതൊന്നും ബാധകമല്ല, അല്ലേ!'
അവിടെയാണ് പ്രശ്‌നം. ആണ്‍കുട്ടികള്‍ക്ക് ഒന്നും പ്രശ്‌നമല്ല, അവര്‍ക്ക് വിലക്കുകളും ഇല്ല. സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യയ്ക്കാണെങ്കിലും അത് അനുഭവിക്കാനുള്ള ഭാഗ്യം പുരുഷന്‍മാര്‍ക്കേ ഇവിടെ ഉള്ളൂ!
ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും മറ്റുള്ളവരെ ബഹുമാനിക്കുക, അന്യന്റെ ദുഖത്തില്‍ പങ്കുചേരുക എന്നൊക്കെയുള്ള കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിന് പകരം, ആണ്‍കുട്ടികള്‍ക്ക് എന്തുമാകം എന്ന മെസേജ്, ചെറുപ്പത്തിലേ തന്നെ അച്ഛനമ്മമാര്‍ അവരില്‍ കുത്തിവെയ്ക്കുന്നു. അല്ലെങ്കില്‍, പെണ്‍കുട്ടികളോടുള്ള മാതാപിതാക്കളുടെ സമീപനത്തില്‍നിന്ന് ആണ്‍കുട്ടികള്‍ അത്തരമൊരു മനോഭാവം സ്വയം ആര്‍ജിക്കുന്നു.
ഈ ലേഖകന്റെ ബന്ധുവായ ഒരു സ്ത്രീ, മൂന്നുവയസ്സുള്ള കുറുമ്പുകാരിയായ ഒരു പെണ്‍കുട്ടിയെ 'നീ പെണ്‍കുട്ടിയാണ്, ഓര്‍മ വേണം' എന്ന് ശകാരിക്കുന്നത് ഒരിക്കല്‍ കേട്ടു. അങ്ങേയറ്റം വികൃതികളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് അവര്‍. പക്ഷേ, ഒരിക്കല്‍ പോലും 'നീ ആണ്‍കുട്ടിയാണ്, ഓര്‍മ വേണം' എന്ന് സ്വന്തം മക്കളെ അവര്‍ ഉപദേശിക്കുന്നത് കേട്ടിട്ടില്ല!
നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രകടമായ വിവേചനത്തോടെ വളര്‍ത്തുന്നത് പുതിയ കാര്യമല്ല. ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളില്‍ ആണ്‍കുട്ടികള്‍ അനുഭവിച്ചിരുന്ന വിശേഷ അവകാശങ്ങളും, പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്ന നിസ്സഹായാവസ്ഥയും എത്രയെന്ന് അറിയാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരപ്പാടിന്റെ ആത്മകഥയായ 'എന്റെ സ്മരണകള്‍' നോക്കുക.
വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അല്ലാതെ കതിരില്‍ വളംവെച്ചിട്ട് കാര്യമില്ലെന്ന് ഓര്‍ക്കുക. മറ്റുള്ളവരെ വിലമതിക്കാതെയും ബഹുമാനിക്കാതെയും വളരാന്‍ കുട്ടികളെ നമ്മള്‍ അനുവദിക്കുന്നു. എന്നിട്ട്, 'മാന്യമായി വസ്ത്രം ധരിക്കുക', 'രാത്രിയില്‍ പുറത്തിറങ്ങരുത്' തുടങ്ങിയ ഒറ്റമൂലികള്‍ക്ക് മേല്‍ കടിച്ചുതൂങ്ങുന്നു.
എളുപ്പത്തിലുള്ള പരിഹാരങ്ങളാണ് എല്ലാവര്‍ക്കും വേണ്ടത്, ചൊട്ടുവിദ്യകള്‍. ബലാത്സംഗത്തിന് വസ്ത്രധാരണത്തെ പഴിക്കുമ്പോഴും, ബലത്സംഗം ഒഴിവാക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങരുതെന്ന് സ്ത്രീകളെ ഉളുപ്പില്ലാതെ ഉപദേശിക്കുമ്പോഴും, ജീവിത വിജയത്തിന് മനുഷ്യദൈവങ്ങളെ അഭയം പ്രാപിക്കുമ്പോഴുമെല്ലാം സംഭവിക്കുന്നത് അതാണ്. എളുപ്പത്തിലുള്ള പരിഹാരമാര്‍ഗങ്ങളുടെ അപകടത്തിലേക്ക് നമ്മള്‍ നിപതിക്കുന്നു.