Thursday, May 31, 2007

വിഷാദമകറ്റാന്‍ പുകവലി ഉപേക്ഷിക്കുക

ഇതുവരെ അറിവായ കാര്യങ്ങള്‍ കൊണ്ടൊന്നും പുകവലിയുടെയും പുകയില ഉപയോഗത്തിന്റെയും ദൂഷ്യവശങ്ങള്‍ അവസാനിക്കുന്നില്ല. പുകവലിക്കാര്‍ക്ക്‌ കടുത്ത വിഷാദം ബാധിക്കാന്‍ മറ്റുള്ളവരെ അപേക്ഷിച്ച്‌ കൂടുതല്‍ സാധ്യതയെന്ന്‌ പുതിയൊരു പഠനം മുന്നറിയിപ്പു നല്‍കുന്നു

വിഷാദത്തിന്റെ പിടിയില്‍നിന്ന്‌ രക്ഷനേടാനും മനസ്സിനെ ഉണര്‍ത്താനും സിഗരറ്റ്‌ വലിച്ചാല്‍ മതിയെന്നു സമാധാനിക്കുന്നവര്‍ ഏറെയുണ്ട്‌. അത്തരക്കാര്‍ ഓര്‍ക്കുക കടുത്ത വിഷാദരോഗത്തിലേക്കും ഒരുപക്ഷേ, അതുവഴി ആത്മഹത്യയിലേക്കമാകാം നിങ്ങളുടെ പോക്ക്‌. ഈ രോഗത്തിന്റെ നീരാളിപ്പിടിത്തത്തില്‍ നിന്ന്‌ കരകയറാന്‍ പുകവലി പൂര്‍ണമായും ഉപേക്ഷിച്ചേ മതിയാവൂ-പുതിയൊരു പഠനം നല്‍കുന്ന മുന്നറിയിപ്പാണിത്‌. ഇതുവരെ അറിവായതു കൊണ്ടൊന്നും പുകവലിയുടെ ദൂഷ്യവശങ്ങള്‍ അവസാനിക്കുന്നില്ല എന്നാണ്‌ ഈ പഠനം വ്യക്തമാക്കുന്നത്‌.

ഇരട്ടകളായ നാലായിരം പുരുഷന്മാരുടെയും അയ്യായിരം സ്‌ത്രീകളുടെയും പുകവലിശീലവും ആരോഗ്യപ്രശ്‌നങ്ങളും 15 വര്‍ഷം നിരീക്ഷിച്ചാണ്‌ ഫിന്നിഷ്‌ ഗവേഷകര്‍ തങ്ങളുടെ നിഗമനത്തിലെത്തിയത്‌. തുടര്‍ച്ചയായി പുകവലിക്കുന്നവര്‍ക്ക്‌, പുകവലിക്കാത്തവരെ അപേക്ഷിച്ച്‌ കടുത്ത വിഷാദരോഗം വരാന്‍ സാധ്യത കൂടുതലെന്നായിരുന്നു കണ്ടെത്തല്‍. പുകവലി നിര്‍ത്തുന്നവരില്‍ സമീപനാളുകളില്‍ വിഷാദത്തിന്റെ ചില ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടാറുണ്ടെങ്കിലും, പിന്നീടവര്‍ രോഗത്തില്‍ നിന്ന്‌ പൂര്‍ണമായി മുക്തരാകുന്നതായി ഗവേഷകര്‍ കണ്ടു. ഹെല്‍സിങ്കി സര്‍വകലാശാലയിലെ പബ്ലിക്‌ ഹെല്‍ത്ത്‌ വിഭാഗമാണ്‌ പഠനം നടത്തിയത്‌.

'പരോക്ഷപുകവലി'(പാസീവ്‌ സ്‌മോക്കിങ്‌) ക്കെതിരെ ശക്തമായ താക്കീതുമായി ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ) ഇത്തവണ പുകയിലവിരുദ്ധദിനം (മെയ്‌ 31) ആചരിക്കുന്ന വേളയിലാണ്‌, പുകവലിയുടെ അറിയപ്പെടാത്ത മറ്റൊരു ദുരന്തഫലം പുറത്തുവന്നിരിക്കുന്നത്‌. വീടുകളും ജോലിസ്ഥലങ്ങളും പൊതുസ്ഥലങ്ങളും നൂറുശതമാനം 'പുകവിമുക്തമാക്കാന്‍' നിയമം പാസാക്കാന്‍ ഡബ്ല്യു.എച്ച്‌.ഒ. ലോകരാഷ്ട്രങ്ങളോട്‌ ആവശ്യപ്പെടുന്നു. ലോകത്താകെയുള്ള കുട്ടികളില്‍ പകുതിപ്പേര്‍ (70 കോടി) മുതിര്‍ന്നവരുടെ പുകവലി മൂലം പരോക്ഷപുകവലിക്ക്‌ ഇരയാകുന്നു എന്നാണ്‌ കണക്ക്‌.

ലോകത്താകെ മരിക്കുന്ന പ്രായപൂര്‍ത്തിയായവരില്‍ പത്തുശതമാനം പേര്‍ക്കും അതു സംഭവിക്കുന്നത്‌, പുകവലിയുടെയോ പുകയില ഉപയോഗത്തിന്റെയോ ഫലമായാണെന്ന്‌ ഡബ്യു.എച്ച്‌.ഒ.പറയുന്നു. പ്രായപൂര്‍ത്തിയാ 54 ലക്ഷം പേരാണ്‌ ഇത്തരത്തില്‍ വര്‍ഷം തോറും മരിക്കുന്നത്‌. 2030 ആകുമ്പോഴേക്കും ഈ സംഖ്യ പ്രതിവര്‍ഷം 83 ലക്ഷമാകുമെന്നാണ്‌ മുന്നറിയിപ്പ്‌. യു.എന്നിനു കീഴിലെ അന്താരാഷ്ട്രതൊഴില്‍സംഘടന (ഐ.എല്‍.ഒ)യുടെ കണക്കു പ്രകാരം, ജോലിസ്ഥലത്തെ പരോക്ഷപുകവലി മൂലം വര്‍ഷംതോറും അകാലചരമമടയുന്ന തൊഴിലാളികളുടെ സംഖ്യ രണ്ടുലക്ഷമാണ്‌.

പരോക്ഷപുകവലി തടയുകയെന്നന്നത്‌ ഒരു നിരോധനത്തിന്റെ പ്രശ്‌നമല്ലെന്ന്‌, ഡബ്യു.എച്ച്‌.ഒ.യുടെ പുകയിലവിരുദ്ധ വിഭാഗം മേധാവി അര്‍മാന്‍ഡോ പെരൂഗ പറയുന്നു. എവിടെ പുകവലിക്കണം എവിടെ പാടില്ല എന്നുള്ള പൊതുസമൂഹത്തിന്റെ തീരുമാനമാണത്‌. ഇക്കാര്യത്തില്‍ വിജയകരമായ നടപടിയെടുത്ത രണ്ട്‌ പ്രദേശങ്ങള്‍ അയര്‍ലന്‍ഡും ഉറൂഗ്വായുമാണ്‌. അവയുടെ മാതൃക പിന്തുടരാനാണ്‌ ഈ ദിനത്തില്‍ ലോകാരോഗ്യസംഘടന ആഹ്വാനം ചെയ്യുന്നത്‌(അവലംബം: ഹെല്‍സിങ്കി സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, ലോകാരോഗ്യസംഘടന, കടപ്പാട്‌: മാതൃഭൂമി).

Wednesday, May 30, 2007

സൗരയൂഥത്തിന്‌ വെളിയില്‍ 28 പുതിയ ഗ്രഹങ്ങള്‍

സൗരയൂഥത്തിന്‌ വെളിയില്‍ 28 പുതിയ ഗ്രഹങ്ങളെ ഗവേഷകര്‍ കണ്ടെത്തി. 'കാലിഫോര്‍ണിയ ആന്‍ഡ്‌ കാര്‍നെജി പ്ലാനെറ്റ്‌ സെര്‍ച്ച്‌ ടീം', 'ആംഗ്ലോ -ഓസ്‌ട്രേലിയന്‍ പ്ലാനെറ്റ്‌ സെര്‍ച്ച്‌' സംഘം എന്നിവയുടെ സംയുക്ത നിരീക്ഷണമാണ്‌ ഈ കണ്ടെത്തലിന്‌ പിന്നില്‍. പരാജയപ്പെട്ട്‌ തവിട്ടുകുള്ളന്‍മാരായി മാറിയ ഏഴു നക്ഷത്രങ്ങളെയും കണ്ടെത്തിയിട്ടുണ്ട്‌.

ഹൊണോലൂലുവില്‍ നടക്കുന്ന അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ്‌, പുതിയ ഗ്രഹങ്ങളെ കണ്ടെത്തിയ വിവരം പ്രസ്‌താവിക്കപ്പെട്ടത്‌. ഇതോടെ സൗരയൂഥത്തിന്‌ വെളിയില്‍ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ സംഖ്യ 236 ആയി. ആകെ 37 ഗോളാന്തരവസ്‌തുക്കളെയാണ്‌ ഗവേഷകര്‍ നിരീക്ഷിച്ചത്‌. അവയില്‍ 28 എണ്ണം ഗ്രഹങ്ങളും ഏഴെണ്ണം തവിട്ടുകുള്ളന്‍മാരും ആണ്‌. അവശേഷിക്കുന്ന രണ്ടെണ്ണം ഗ്രഹങ്ങളാണോ തവിട്ടുകുള്ളന്‍മാരാണോ എന്ന്‌ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല

"എത്ര കൂടുതല്‍ നിരീക്ഷിക്കുന്നോ, അത്രയും കൂടുതല്‍ ഗ്രഹങ്ങളെ നമുക്ക്‌ കണ്ടെത്താന്‍ കഴിയും"-ആംഗ്ലോ-ഓസ്‌ട്രേലിയന്‍ പ്ലാനെറ്റ്‌ സെര്‍ച്ച്‌ സംഘത്തിന്റെ മേധാവിയും ന്യൂസൗത്ത്‌ വേല്‍സ്‌ സര്‍വകലാശാലയിലെ വാനശാസ്‌ത്രജ്ഞനുമായ പ്രൊഫ. ടിന്നെയ്‌ പറയുന്നു. സൗരയൂഥത്തിലേതു പോലെ, മാതൃനക്ഷത്രത്തെ ഒന്നിലേറെ ഗ്രഹങ്ങള്‍ ചുറ്റുംവിധമുള്ള നാല്‌ പുതിയ ഗ്രഹസംവിധാനങ്ങളും പുതിയ കണ്ടെത്തലില്‍ പെടുന്നു.

പക്ഷേ, പുതിയ ഗ്രഹങ്ങളിലൊന്നു പോലും ഭൂമിയെപ്പോലെ ചെറുതോ ജിവന്റെ നിലനില്‍പ്പിനെ പിന്തുണയ്‌ക്കാന്‍ ശേഷിയുള്ളതോ അല്ല. വ്യഴത്തെയോ അതിനെക്കാളേറെയോ വലിപ്പമുള്ള 'വാതകഭീമന്‍മാര്‍' ആണ്‌ പുതിയതായി കണ്ടെത്തിയവയെല്ലാം. കുറഞ്ഞത്‌ പതിനഞ്ച്‌ ശതമാനത്തോളം നക്ഷത്രങ്ങളെ ഇത്തരം വാതകഭീമന്‍മാര്‍ പ്രദിക്ഷണം വെയ്‌ക്കുന്നുണ്ടെന്ന്‌ കരുതാമെന്ന്‌ പ്രൊഫ. ടിന്നെയ്‌ പറയുന്നു.

ഭൂമിയില്‍ നിന്ന്‌ 20.5 പ്രകാശവര്‍ഷം അകലെ ലിബ്ര നക്ഷത്രഗണത്തില്‍ സ്ഥിതിചെയ്യുന്ന 'ഗ്ലീസ്‌581' എന്ന നക്ഷത്രത്തെ ഭൂമിക്കു സമാനമായ ഒരു ഗ്രഹം ചുറ്റുന്നതായി അടുത്തയിടെ കണ്ടെത്തിയിരുന്നു. സൗരയൂഥത്തിന്‌ വെളിയില്‍ തിരിച്ചറിയുന്ന ഏറ്റവും ചെറിയ ഗ്രഹമായിരുന്നു അത്‌. അവിടെ ജലസാന്നിധ്യത്തിന്‌ സാധ്യതയുണ്ടെന്നും ഗവേഷകര്‍ കണ്ടെത്തിയിരുന്നു. പക്ഷേ, അത്തരം ചെറിയ ഗ്രഹങ്ങളൊന്നും പുതിയവയുടെ കൂട്ടത്തിലില്ല.(അവലംബം: കാലിഫോര്‍ണിയ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, ബിബിസി ന്യൂസ്‌)
കാണുക: സൗരയൂഥത്തിന്‌ വെളിയില്‍ ഒരു 'സൂപ്പര്‍ഭൂമി'

Tuesday, May 29, 2007

കോള അകാലവാര്‍ധക്യം വരുത്തും-പഠനം

കോളകള്‍ പോലുള്ള കാര്‍ബൊണേറ്റഡ്‌ ലഘുപാനീയങ്ങളില്‍ പ്രിസര്‍വേറ്റീവായി ഉപയോഗിക്കുന്ന ഒരിനം രാസവസ്‌തു, ഡി.എന്‍.എയ്‌ക്കു തകരാര്‍ വരുത്താമെന്നും കോശനാശത്തിനും അകാലവാര്‍ധക്യത്തിനും ഇടയാക്കാമെന്നും മുന്നറിയിപ്പ്

കോളകള്‍ പോലുള്ള ലഘുപാനീയങ്ങള്‍ അകാലവാര്‍ധക്യവും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും വരുത്തുമെന്ന്‌ പഠനം. ഇത്തരം ലഘുപാനീയങ്ങളില്‍ പ്രിസര്‍വേറ്റീവ്‌ ആയി ഉപയോഗിക്കുന്ന ഒരിനം രാസവസ്‌തുവാണ്‌ പ്രശ്‌നകാരിയെന്ന്‌, ബ്രിട്ടനില്‍ ഷെഫീല്‍ഡ്‌ സര്‍വകലാശാലയില്‍ നടന്ന പഠനം പറയുന്നു. 'ഇന്‍ഡിപെന്‍ഡന്റ്‌' പത്രമാണ്‌ ഇക്കാര്യം റിപ്പോര്‍ട്ടു ചെയ്‌തത്‌.

സുരക്ഷിതമെന്ന്‌ ലോകാരോഗ്യസംഘടന (ഡബ്യു.എച്ച്‌.ഒ) ഏഴുവര്‍ഷം മുമ്പ്‌ സാക്ഷ്യപ്പെടുത്തിയ 'ഇ221' എന്ന സോഡിയം ബെന്‍സൊയേറ്റ്‌ ആണ്‌ അതീവഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക്‌ ഇടയാക്കുമെന്ന്‌ പുതിയ പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്‌. കോശങ്ങളിലെ ഒരു വിഭാഗം ഡി.എന്‍.എയുടെ പ്രവര്‍ത്തനം നിലയ്‌ക്കാനും അതുവഴി കോശനാശത്തിനും ഈ രാസവസ്‌തു കാരണമാകുമത്രേ.

ആഗോള കാര്‍ബൊണേറ്റഡ്‌ പാനീയ വ്യവസായരംഗത്ത്‌ പതിറ്റാണ്ടുകളായി ഉപയോഗിച്ചു വരുന്ന പ്രിസര്‍വേറ്റീവാണ്‌ സോഡിയം ബെന്‍സൊയേറ്റ്‌. ബെന്‍സോയിക്‌ ആസിഡില്‍നിന്നാണ്‌ ഇത്‌ നിര്‍മിക്കുന്നത്‌. ലഘുപാനീയങ്ങളില്‍ മാത്രല്ല, അച്ചാറുകളിലും സോസുകളിലും ഇതുപയോഗിക്കാറുണ്ട്‌.

ലഘുപാനീയങ്ങളില്‍ ചേര്‍ക്കുന്ന 'ജീവകം സി'യുമായി പ്രവര്‍ത്തിച്ച്‌ അര്‍ബുദകാരിയായ ബെന്‍സീന്‍ ഉണ്ടാകാന്‍ കാരണമാകുമെന്ന ഭീതി ഇപ്പോള്‍ തന്നെ സോഡിയം ബെന്‍സൊയേറ്റിനെക്കുറിച്ചുണ്ട്‌.എന്നാല്‍, ഷെഫീല്‍ഡ്‌ സര്‍വകലാശാലയില്‍ മോളിക്യുലാര്‍ ബയോളജി ആന്‍ഡ്‌ ബയോടെക്‌നോളജി പ്രൊഫസറായ പീറ്റര്‍ പിപ്പെര്‍ നടത്തിയ പഠനത്തിന്റെ ഫലം ഇതിനെക്കാള്‍ ഉത്‌ക്കണ്‌ഠാജനകമാണ്‌.

സോഡിയം ബെന്‍സൊയേറ്റിനെക്കുറിച്ച്‌ 1999 മുതല്‍ ഗവേഷണം നടത്തുന്നയാളാണ്‌ പ്രൊഫ. പിപ്പെര്‍. പരീക്ഷണശാലയില്‍ ജീവനുള്ള യീസ്റ്റ്‌ കോശങ്ങളില്‍ അദ്ദേഹം ഈ രാസവസ്‌തു പരീക്ഷിച്ചപ്പോള്‍, കോശങ്ങളിലെ 'പവര്‍ഹൗസുകള്‍' എന്നറിയപ്പെടുന്ന മൈറ്റോകോണ്‍ഡ്രിയയിലെ ഡി.എന്‍.എയ്‌ക്ക്‌ അത്‌ തകരാര്‍ വരുത്തുന്നതായി കണ്ടു.

മൈറ്റോകോണ്‍ഡ്രിയയിലെ ഡി.എന്‍.എയെ ഏതാണ്ട്‌ പൂര്‍ണമായി തന്നെ സോഡിയം ബെന്‍സൊയേറ്റ്‌ നിശ്ചലമാക്കുന്നതായാണ്‌ കണ്ടതെന്ന്‌ പ്രൊഫ. പിപ്പെര്‍ പറയുന്നു. ഓക്‌സിജന്റെ സഹായത്തോടെ ശരീരത്തിനാവശ്യമായ ഊര്‍ജോത്‌പാദനം നടക്കുന്നത്‌ മൈറ്റോകോണ്‍ഡ്രിയകളിലാണ്‌. അതിലെ ഡി.എന്‍.എ. പ്രവര്‍ത്തനരഹിതമാവുക എന്നുവെച്ചാല്‍ മൈറ്റോകോണ്‍ഡ്രിയയുടെ പ്രവര്‍ത്തനം തകരാറിലാവുകയെന്നാണ്‌ അര്‍ത്ഥം. പാര്‍ക്കിന്‍സണ്‍സ്‌ പോലുള്ള സിരാനാശരോഗങ്ങളും അകാലവാര്‍ധക്യവുമാകും ഫലം-പ്രൊഫ.പിപ്പെര്‍ അറിയിക്കുന്നു.

ഈ രാസവസ്‌തു സുരക്ഷിതമാണെന്ന്‌ 2000-ല്‍ നടത്തിയ അവലോകനത്തില്‍ വിലയിരുത്തിയിരുന്നെങ്കിലും, ഇതിന്റെ സുരക്ഷിതത്വത്തെ സാധൂകരിക്കുന്ന ശാസ്‌ത്രവസ്‌തുതകളുടെ ലഭ്യത 'പരിമിത'മാണെന്ന്‌ ഡബ്യു.എച്ച്‌.ഒ. വ്യക്തമാക്കയിരുന്നു. ബ്രിട്ടനില്‍ സോഡിയം ബെന്‍സൊയേറ്റ്‌ ഉപയോഗിക്കുന്നതിന്‌ ഫുഡ്‌ സ്റ്റാന്‍ഡേര്‍ഡ്‌ ഏജന്‍സി (എഫ്‌.എസ്‌.എ) പിന്തുണ നല്‍കിയിട്ടുണ്ട്‌. യൂറോപ്യന്‍ യൂണിയന്റെ അനുമതിയും ഈ രാസവസ്‌തുവിനുണ്ട്‌. എന്നാല്‍, പുതിയ കണ്ടെത്തലിന്റെ വെളിച്ചത്തില്‍ ഇതെപ്പറ്റി കൂടുതല്‍ അന്വേഷണം നടത്തണമെന്ന്‌ ഒരുവിഭാഗം ബ്രിട്ടീഷ്‌ എം.പിമാര്‍ ആവശ്യപ്പെട്ടു.

"യു.എസ്‌.ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍ സോഡിയം ബെന്‍സൊയേറ്റുമായി ബന്ധപ്പെട്ടു നടത്തുന്ന ടെസ്റ്റുകള്‍ കാലഹരണപ്പെട്ടതാണ്‌". ഇത്തരം രാസസംയുക്തങ്ങള്‍ പരിശോധന നടത്തി പൂര്‍ണമായും സുരക്ഷിതമാണെന്ന്‌ ഉറപ്പുവരുത്തുകയാണ്‌ ഭക്ഷ്യവ്യവസായരംഗം ചെയ്യേണ്ടതെന്ന്‌ പ്രൊഫ.പിപ്പെര്‍ ആവശ്യപ്പെട്ടു. ബ്രിട്ടീഷ്‌ സര്‍ക്കാരിന്റെ റിസര്‍ച്ച്‌ കൗണ്‍സിലിന്റെ ധനസഹായത്തോടെയാണ്‌ പ്രൊഫ.പിപ്പറിന്റെ ഗവേഷണം.

ഇത്തരം പ്രിസര്‍വേറ്റീവുകളടങ്ങിയ ലഘുപാനീയങ്ങള്‍ കുട്ടികള്‍ക്ക്‌ വാങ്ങി കൊടുക്കുന്നതിനെക്കുറിച്ച്‌ രക്ഷിതാക്കള്‍ വീണ്ടുവിചാരം നടത്തണമെന്ന്‌ അദ്ദേഹം പറഞ്ഞു. പുതിയ പരിശോധനകളുടെ അടിസ്ഥാനത്തില്‍, പാനീയങ്ങളില്‍ ഇത്തരം രാസവസ്‌തുക്കളുടെ അളവ്‌ അപകടരഹിതമായ പരിധിക്കുള്ളിലാണെന്ന്‌ ബോധ്യം വരുത്തുകയെങ്കിലും വേണം. "വലിയ അളവില്‍ ഇത്തരം പാനീയങ്ങള്‍ ഉപയോഗിക്കുന്ന കുട്ടികളെക്കുറിച്ചാണ്‌ ഏറെ ഉത്‌ക്കണ്‌ഠ"-പ്രൊഫ.പിപ്പര്‍ പറയുന്നു.(കടപ്പാട്‌: മാതൃഭൂമി)

Monday, May 28, 2007

വസ്‌തുക്കള്‍ക്ക്‌ ജീവന്‍ വെയ്‌ക്കുന്നത്‌

ആധുനിക നാഗരികതയുടെ എല്ലാ അഹങ്കാരത്തിനും മനുഷ്യനെ അര്‍ഹനാക്കിയത്‌ ഊര്‍ജ്ജരൂപങ്ങള്‍ക്ക്‌ മേല്‍ അവനുണ്ടായ നിയന്ത്രമണമാണ്‌. ഊര്‍ജ്ജത്തിന്റെ നിഗൂഢതകള്‍ പക്ഷേ, മനുഷ്യന്റെ അഹങ്കാരം കൊണ്ട്‌ അവസാനിക്കുന്നില്ല. പലരൂപത്തില്‍ ഭാവത്തില്‍ ഊര്‍ജ്ജം മനുഷ്യനു മുന്നിലിപ്പോഴും പ്രഹേളികയായി തുടരുന്നു

ബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്‌ `ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എന്ന വിഖ്യാത നേവലിന്റെ ആദ്യഭാഗത്ത്‌, മെല്‍ക്വിയാഡസ്‌ എന്ന ജിപ്‌സി മക്കോണ്ടോ പട്ടണത്തില്‍ കാന്തം കൊണ്ടുവന്ന കഥ വര്‍ണ്ണിച്ചിട്ടുണ്ട്‌. ലോകത്തെ എട്ടാമത്തെ അത്ഭുതം എന്നുപറഞ്ഞാണ്‌ മക്കോണ്ടോയില്‍ മെല്‍ക്വിയാഡസ്‌ ആ നിഗൂഢ വസ്‌തുവിനെ അവതരിപ്പിക്കുന്നത്‌. രണ്ട്‌ കാന്തദണ്ഡുകള്‍ കെട്ടിവലിച്ച്‌ അയാള്‍ വീടുവീടാന്തരം കയറിയിറങ്ങി. ചട്ടികളും കലങ്ങളും ഉരുളികളും ചെമ്പുപാത്രങ്ങളുമെല്ലാം വെച്ചിരുന്നിടത്തു നിന്ന്‌ വേവലാതിയോടെ ഇളകി നീങ്ങുന്നത്‌ ആളുകളെ അത്ഭുതപ്പെടുത്തി. വീടുകളുടെ ഉത്തരങ്ങളിലെയും മോന്തായങ്ങളിലെയും ആണികള്‍ അയഞ്ഞിളകാന്‍ തിടുക്കം കാട്ടുന്നതിന്റെ ശബ്‌ദം അവരെ പരിഭ്രാന്തരാക്കി. ഏറെക്കാലമായി കാണാതിരുന്ന വസ്‌തുക്കള്‍, അവയെ ഏറ്റവുമധികം തിരഞ്ഞ സ്ഥലങ്ങളില്‍ നിന്നു തന്നെ പുറത്തു വന്നത്‌ മക്കോണ്ടോ നിവാസികള്‍ കണ്ടു. ഈ ആശയക്കുഴപ്പത്തിനിടയില്‍ മെല്‍ക്വിയാഡസ്‌ പ്രഖ്യാപിച്ചു: ``വസ്‌തുക്കല്‍ക്ക്‌ അവയുടേതായ ജീവിതമുണ്ട്‌ ''.

മൈക്കല്‍ ഫാരഡെ
ഇത്തരമൊരു സന്ദര്‍ഭം തന്റെ നോവലില്‍ സൃഷ്‌ടിക്കാന്‍ പ്രചോദനമായത്‌ എന്താണെന്ന്‌ മാര്‍കേസ്‌ വെളിപ്പെടുത്തിയിട്ടില്ല. മൈക്കല്‍ ഫാരഡെയെ മുന്നില്‍ കണ്ടാണോ ഈ രംഗം ആവിഷ്‌ക്കരിച്ചതെന്നും വ്യക്തമല്ല. ഏതായാലും ഒരു കാര്യം സത്യമാണ്‌. ചരിത്രത്തിന്റെ ദുഷ്‌ക്കരമായ പ്രയാണത്തിനിടയില്‍, കാന്തത്തിന്റെ ഉള്ളിലെ `ജീവന്‍' ആദ്യമായി തിരിച്ചറിഞ്ഞയാള്‍ ഫാരഡെയാണ്‌. വൈദ്യുതജനറേറ്ററിന്റെ കണ്ടെത്തലിലേക്കാണ്‌ ആ തിരിച്ചറിവ്‌ ഫാരഡെയെ നയിച്ചത്‌. ഇന്നു നാം കാണുന്ന ഊര്‍ജ്ജഭൂമികയാകെ സൃഷ്‌ടിക്കപ്പെട്ടത്‌ ആ കണ്ടുപിടുത്തം അടിത്തറയാക്കിയാണ്‌. ആധുനിക നാഗരികതയുടെ എല്ലാ അഹങ്കാരത്തിനും മനുഷ്യനെ അര്‍ഹനാക്കിയതും വൈദ്യുതിയല്ലാതെ മറ്റൊന്നുമല്ല. കാന്തത്തിന്റെ മാത്രമല്ല, കല്‍ക്കരിയുടെയും പെട്രോളിയത്തിന്റെയും ആണവവസ്‌തുക്കളുടെയും നദികളുടെയും കാറ്റിന്റെയും തിരമാലകളുടെയുമെല്ലാം `ജീവന്‍'(ഊര്‍ജ്ജം) ഇന്ന്‌ മനുഷ്യന്‍ വൈദ്യുതിക്കായി ഊറ്റിയെടുക്കുന്നു. ഊര്‍ജ്ജ സ്രോതസ്സുകളുടെ നിയന്ത്രണത്തിനായി യുദ്ധങ്ങള്‍ തന്നെ നടക്കുന്നു. അമേരിക്ക ഇറാഖിനെ ആക്രമിക്കുന്നു. അതിനായി ഇല്ലാത്ത ഭീഷണിയുടെ കഥ മെനയുന്നു. പെരുംനുണകളുടെ പരമ്പര സൃഷ്‌ടിക്കുന്നു.

`മാട്രിക്‌സ്‌ ' എന്ന ഹോളിവുഡ്‌ ചലച്ചിത്രത്രയത്തില്‍, മനുഷ്യ വംശത്തെയാകെ അടിമകളാക്കിയിരിക്കുന്ന യന്ത്രങ്ങള്‍ക്കെതിരെ ഒരു സംഘം ആളുകള്‍ നടത്തുന്ന ചെറുത്തു നില്‍പ്പാണ്‌ പ്രമേയം. മനുഷ്യരെ മുഴുവന്‍ യന്ത്രങ്ങള്‍ അവയുടെ ഊര്‍ജ്ജസ്രോതസ്സുകളാക്കി മാറ്റിയിരിക്കുകയാണ്‌. മയക്കിക്കിടത്തിയിരിക്കുന്ന ഒരോ മനുഷ്യനെയും വൈദ്യുതഗ്രിഡുമായി ബന്ധിപ്പിച്ചിരിക്കുന്നു. അവരുടെ ആഗ്രഹങ്ങളും പ്രതീക്ഷകളും സ്വപ്‌നവുമെല്ലാം ചേര്‍ത്ത്‌ മെനഞ്ഞുണ്ടാക്കിയിരിക്കുന്ന കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്‌ `മാട്രിക്‌സ്‌'. മാട്രിക്‌സ്‌ ഒരുക്കുന്ന പ്രതീതിയഥാര്‍ത്ഥത്തിന്റെ (വിര്‍ച്വല്‍ റിയാലിറ്റി) മായികലോകത്ത്‌, തങ്ങള്‍ മയങ്ങിക്കിടക്കുകയാണെന്ന കാര്യം പോലും മനുഷ്യന്‍ മറന്നു പോകുന്നു. മാട്രിക്‌സില്‍ യന്ത്രങ്ങള്‍ മനുഷ്യരോട്‌ ചെയ്യുന്നതാണ്‌, ഒരര്‍ത്ഥത്തില്‍ ഇന്ന്‌ മനുഷ്യന്‍ പ്രകൃതിയോട്‌ ചെയ്യുന്നത്‌. പ്രകൃതിയിലുള്ള സര്‍വ്വതിനെയും തന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്കായി മനുഷ്യന്‍ മാറ്റിയെടുക്കുന്നു; ഊറ്റിയെടുക്കുന്നു. ഊര്‍ജ്ജമെന്നത്‌ അതിന്റെ ഭൗതീകശാസ്‌ത്ര നിര്‍വചനത്തില്‍ ഒതുങ്ങാതെ, സാമ്പത്തിക-സാമൂഹിക-പാരിസ്ഥിതിക മാനങ്ങളിലേക്കു വ്യാപിക്കുന്നതിന്റെ കാരണവും ഇതുതന്നെ.

ഊര്‍ജ്ജമെന്നത്‌ പലര്‍ക്കും പലതാണ്‌. രാഷ്‌ട്രീയക്കാര്‍ക്ക്‌ അത്‌ വോട്ടാണ്‌; വന്‍കിട സ്ഥാപനങ്ങള്‍ക്ക്‌ ലാഭം കൊയ്യാനുള്ള മാര്‍ഗ്ഗവും. വിദഗ്‌ധര്‍ക്ക്‌ ഊര്‍ജ്ജമെന്നത്‌ വികസനം തന്നെയാകുമ്പോള്‍, പരിസ്ഥിതി നശിക്കരുതെന്ന്‌ വാദിക്കുന്നവരുടെ മുന്നില്‍ ഇന്നത്തെ പല ഊര്‍ജ്ജോത്‌പാദന മാര്‍ഗ്ഗങ്ങളും, നാളെയുടെ നിലനില്‍പ്പ്‌ അപകടത്തിലാക്കുന്ന അത്യാര്‍ത്തിക്ക്‌ ഉദാഹരണങ്ങളാകുന്നു. `മനുഷ്യന്‌ ആവശ്യമുള്ളതെല്ലാം പ്രകൃതിയിലുണ്ട്‌; പക്ഷേ അവന്റെ ആര്‍ത്തി തികയ്‌ക്കാനുള്ളതില്ല''എന്ന്‌ ഗാന്ധിജി പറഞ്ഞത്‌ ഒരുപക്ഷേ, ഊര്‍ജ്ജത്തിന്റെ കാര്യത്തിലാണ്‌ ഏറ്റവും ശരിയാവുക.

പ്രകൃതിയിലെ എല്ലാ ഊര്‍ജ്ജ രൂപങ്ങളെയും രണ്ടു സംഗതികള്‍ക്കായാണ്‌ മനുഷ്യന്‍ മാറ്റിയെടുക്കുന്നത്‌; ഭക്ഷണത്തിനും വൈദ്യുതിക്കും. ഫാരഡെ ജനറേറ്റര്‍ കണ്ടുപിടിച്ചതോടെ വൈദ്യുതി ഉത്‌പാദനത്തില്‍ മനുഷ്യന്റെ വിജയഗാഥ തുടങ്ങിയെങ്കില്‍, ഭക്ഷണത്തിന്റെ കഥ കുറെക്കൂടി പഴയതാണ്‌. കഴിഞ്ഞ പതിനായിരം വര്‍ഷത്തിനിടെ ഭൂമുഖത്ത്‌ ജനസംഖ്യ പത്തു തവണ ഇരട്ടിയായി എന്നാണ്‌ കണക്ക്‌; വെറും പത്തു ലക്ഷത്തില്‍ നിന്ന്‌ ഇന്നത്‌ 600 കോടി കവിഞ്ഞു. ഇത്രയും ജനങ്ങള്‍ക്ക്‌ ജീവന്‍ നിലനിര്‍ത്താനും ദൈനംദിന പ്രവര്‍ത്തനത്തിനും ആവശ്യമുള്ള കലോറിയില്‍ സിംഹഭാഗവും സംഭാവന ചെയ്യുന്നത്‌ വെറും മൂന്നേമൂന്ന്‌ സസ്യങ്ങളാണ്‌-ചോളവും നെല്ലും ഗോതമ്പും. ഈ ചെടികള്‍ പ്രകാശസംശ്ലേഷണത്തിലൂടെ സൗരോര്‍ജ്ജത്തെ ധാന്യകമാക്കി മാറ്റുന്നതാണ്‌ നമ്മുടെ ആശ്രയം.

ധാന്യങ്ങള്‍ മനുഷ്യനും മറ്റ്‌ ജീവികള്‍ക്കും ഊര്‍ജ്ജം നല്‍കുന്നു എന്നു പറയുമ്പോള്‍, അവ കൃഷിചെയ്യാനും ഊര്‍ജ്ജം വേണമെന്ന കാര്യം അധികമാരും ഓര്‍ക്കാറില്ല. കൃഷിക്കു മാത്രമല്ല, കൊയ്യാനും മെതിക്കാനും സൂക്ഷിക്കാനും ആവശ്യക്കാര്‍ക്ക്‌ എത്തിക്കാനും പാചകം ചെയ്യാനുമൊക്കെ ഊര്‍ജ്ജം കൂടിയേ തീരൂ; പെട്രോളിന്റെയും ഗ്യാസിന്റെയും വൈദ്യുതിയുടെയുമൊക്കെ രൂപത്തില്‍. ഊര്‍ജ്ജത്തിന്റെ അധികമാരും ചിന്തിക്കാത്തെ ഒരു പങ്ക്‌ ഇവിടെ പ്രത്യക്ഷപ്പെടുന്നു. ഭക്ഷണത്തിലൂടെ ഒരു കലോറി ഊര്‍ജ്ജം ലഭിക്കാന്‍, കുറഞ്ഞത്‌ ഏഴ്‌ കലോറി ഊര്‍ജ്ജത്തിന്‌ തുല്യമായ ഫോസില്‍ ഇന്ധനം (പെട്രോളിയമോ പ്രകൃതിവാതകമോ കല്‍ക്കരിയോ) ചിലവാക്കണം എന്നാണ്‌ കണക്ക്‌. 70 കിലോഗ്രാം ഭാരമുള്ള ഒരു മനുഷ്യന്‌ ദിവസവും ശരാശരി 2000 കലോറി ഊര്‍ജ്ജം ഭക്ഷണത്തിലൂടെ ലഭിക്കണം എന്നാണ്‌ കണക്ക്‌. അത്രയും കലോറി അടങ്ങിയ ഭക്ഷണം പ്ലേറ്റിലെത്തണമെങ്കില്‍ 14000 കലോറി ഊര്‍ജ്ജത്തിന്‌ തുല്യമായ ഫോസില്‍ ഇന്ധനം ചെലവാക്കണം.

കേരളത്തിലെ മൂന്നു കോടി ആളുകള്‍ക്ക്‌ ഈ അളവില്‍ ഭക്ഷണം ലഭിക്കാന്‍ മാത്രം ഒരു ദിവസം ചെലവു വരുന്ന ഫോസില്‍ ഇന്ധനത്തിന്റെ അളവെത്രയാണ്‌; 42000 കോടി കലോറിക്ക്‌ തുല്യമായത്‌. ഒരു കലോറിയെന്നത്‌ 4.185 ജൂളാണ്‌. ഒരു ടണ്‍ കല്‍ക്കരി 29.3 ഗിഗാജൂള്‍(293 കോടി ജൂള്‍) ഊര്‍ജ്ജം തരും. അതുവെച്ചു കണക്കാക്കിയാല്‍ കേരളീയരുടെ ഒരു ദിവസത്തെ ഭക്ഷണം പ്ലേറ്റിലെത്താന്‍ കുറഞ്ഞത്‌ 600 ടണ്‍ കല്‍ക്കരിക്ക്‌ തുല്യമായത്ര ഇന്ധനം കത്തിക്കണം; ആളൊന്നിന്‌ ദിവസവും കുറഞ്ഞത്‌ 20 കിലോ കല്‍ക്കരി! രാവിലെ രണ്ട്‌ ഇഡ്ഡലിയും ഒരു വടയും സാമ്പാറും, ഉച്ചയ്‌ക്ക്‌ സാമാന്യം നല്ലൊരു ഊണും, വൈകുന്നേരം രണ്ട്‌ ചപ്പാത്തിയും കറിയും, ഇടയ്‌ക്ക്‌ ഒന്നോരണ്ടോ കപ്പ്‌ ചായയും കഴിക്കുന്നയാള്‍ യഥാര്‍ത്ഥത്തില്‍ ആ ഭക്ഷണത്തിനായി 20 കിലോ കല്‍ക്കരി പരോക്ഷമായി എരിച്ചു തീര്‍ക്കുന്നു എന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌.

ഇതൊക്കെ ഊര്‍ജ്ജത്തിന്റെ അനുഭവേദ്യമായ വശങ്ങളാണ്‌. പക്ഷേ, ഇനിയും മനുഷ്യന്‌ പിടികൊടുക്കാത്ത, നിഗൂഢതയുടെ അതിര്‍വരമ്പുകള്‍ക്കുള്ളില്‍ കഴിയുന്ന മറ്റൊരിനം ഊര്‍ജ്ജമുണ്ട്‌-ശ്യാമോര്‍ജ്ജം(dark energy). അതാണ്‌ പ്രപഞ്ചത്തെ യഥാര്‍ത്ഥത്തില്‍ ഭരിക്കുന്നത്‌. ഏറ്റവും പുതിയ പ്രപഞ്ചവിജ്ഞാനമനുസരിച്ച്‌ പ്രപഞ്ചത്തില്‍ മനുഷ്യന്‌ നേരിട്ടു അനുഭവേദ്യമാകുന്ന ദ്രവ്യം വെറും നാലു ശതമാനമേ വരൂ. ബാക്കി 96 ശതമാനത്തെ ശാസ്‌ത്രജ്ഞര്‍ രണ്ടായാണ്‌ തിരിച്ചിരിക്കുന്നത്‌-തമോദ്രവ്യമെന്നും(dark matter) ശ്യാമോര്‍ജ്ജമെന്നും. തമോദ്രവ്യം പ്രപഞ്ചത്തില്‍ 22 ശതമാനം വരും; ശ്യാമോര്‍ജ്ജം 74 ശതമാനവും. പ്രപഞ്ചം സൃഷ്‌ടിക്കപ്പെട്ടത്‌ 1370 കോടി വര്‍ഷം മുമ്പുണ്ടായ `മഹാവിസ്‌ഫോടന'(Big Bang)ത്തിന്റെ ഫലമായാണെന്ന്‌ ശാസ്‌ത്രം പറയുന്നു. ഒരു പ്രാചീനകണത്തിന്‌ വിസ്‌ഫോടനവും അതിവികാസവും(Inflation) സംഭവിച്ചാണ്‌ പ്രപഞ്ചം രൂപപ്പെട്ടത്‌. അതിന്റെ തുടര്‍ച്ചയായി പ്രപഞ്ചം ഇപ്പോഴും വികസിച്ചുകൊണ്ടിരിക്കുന്നു. ഗുരുത്വാകര്‍ഷണ ബലത്തിനെതിരായി പ്രപഞ്ചത്തെ വികസിക്കാന്‍ സഹായിക്കുന്ന ശക്തിയാണ്‌ ശ്യാമോര്‍ജ്ജം. പക്ഷേ, എന്താണിത്‌ എന്നത്‌ ശാസ്‌ത്രത്തിന്‌ മുന്നിലുള്ള ഏറ്റവും വലിയ ചോദ്യങ്ങളിലൊന്നാണ്‌. ആ ചോദ്യത്തിന്‌ ഉത്തരം കണ്ടെത്തുന്നതോടെ, ഊര്‍ജ്ജം സംബന്ധിച്ച നമ്മുടെ ധാരണകള്‍ അടിമുടി തിരുത്തേണ്ടി വന്നേക്കാം.(അവലംബം: Wikipedia, Camebrige Dictionary of Scientists).

Sunday, May 27, 2007

മസ്‌തിഷ്‌കകോശങ്ങളെ പുനര്‍ജനിപ്പിക്കാം

മസ്‌തിഷ്‌കത്തിലെ സിരാകോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ കാന്തിക ഉത്തേജനം കൊണ്ട്‌ കഴിഞ്ഞേക്കുമെന്ന കണ്ടെത്തല്‍ ചികിത്സാരംഗത്ത്‌ പുത്തന്‍ പ്രതീക്ഷയാവുകയാണ്‌. അല്‍ഷൈമേഴ്‌സ്‌ പോലുള്ള രോഗങ്ങളുടെ രൂക്ഷത വര്‍ധിക്കുന്നത്‌ തടയാനെങ്കിലും ഇതുവഴി കഴിഞ്ഞേക്കുമെന്ന്‌ ഗവേഷകര്‍ കരുതുന്നു

സ്‌തിഷ്‌കത്തില്‍ സിരാകോശങ്ങള്‍(ന്യൂറോണുകള്‍) പുനര്‍ജനിപ്പിക്കാന്‍ കാന്തികഉത്തേജനം കൊണ്ട്‌ കഴിയുമെന്ന്‌ കണ്ടെത്തല്‍. എലികളെ ഉപയോഗിച്ചു പരീക്ഷിച്ചപ്പോള്‍ ലഭിച്ച ഈ ഫലം മനുഷ്യരിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, അല്‍ഷൈമേഴ്‌സ്‌ പോലെ വൈദ്യശാസ്‌ത്രത്തിന്‌ ഇനിയും പിടികൊടുക്കാത്ത രോഗങ്ങളുടെ ചികിത്സയില്‍ വന്‍മുന്നേറ്റമാകും അത്‌. മാത്രമല്ല, ബൗദ്ധിക പ്രവര്‍ത്തനങ്ങളുടെ ക്ഷമത വര്‍ധിപ്പിക്കാനും പുതിയ സങ്കേതം സഹായിച്ചേക്കും.

ഓര്‍മശക്തിയും മാനസികനിലയുടെ നിയന്ത്രണവും സാധ്യമാക്കുന്ന മസ്‌തിഷ്‌കഭാഗത്താണ്‌ കാന്തികഉത്തേജനത്തിലൂടെ സിരാകോശങ്ങള്‍ പുനര്‍ജനിച്ചത്‌. ഇക്കാര്യം പ്രതീക്ഷ വര്‍ധിപ്പിക്കുന്നതായി ഗവേഷകര്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ സിറ്റി സര്‍വകലാശാലയിലെ ഡോ. ഫോര്‍ച്യുനേറ്റോ ബട്ടാഗ്ലിയ, ഡോ. ഹൊവാവുയാന്‍ വാങ്‌ എന്നിവരാണ്‌ കാന്തികസങ്കേതം പരീക്ഷിച്ചത്‌. അമേരിക്കന്‍ അക്കാദമി ഫോര്‍ ന്യൂറോസയന്‍സിന്റെ സമ്മേളനത്തില്‍ കഴിഞ്ഞ ദിവസം ഈ ഗവേഷണഫലം അവതരിപ്പിക്കപ്പെട്ടു.

ഒരു കാന്തികചുരുളിന്റെ സഹായത്തോടെ മസ്‌തിഷ്‌കഭാഗങ്ങളില്‍ വൈദ്യുതമണ്ഡലം സൃഷ്ടിച്ച്‌ സിരാകോശഭാഗങ്ങളെ ഉത്തേജിപ്പിക്കുന്നതിന്‌ 'ട്രാന്‍സ്‌ ക്രാനിയല്‍ മാഗ്നെറ്റിക്‌ സ്റ്റിമുലേഷന്‍'(ടി.എം.എസ്‌) എന്നാണ്‌ പറയുന്നത്‌. വിഷാദം, സ്‌കിസോഫ്രീനിയ തുടങ്ങിയ പ്രശ്‌നങ്ങള്‍ ബാധിച്ചവരിലും, മസ്‌തിഷ്‌കാഘാതം (സ്‌ട്രോക്ക്‌) വന്നവരിലും ടി.എം.എസ്‌. പ്രയോജനപ്പെടാറുണ്ട്‌. ഈ സങ്കേതം ഉപയോഗിച്ച്‌ സിരാകോശങ്ങള്‍ പുനര്‍ജനിപ്പിക്കാമെന്നാണ്‌ ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നതെന്ന്‌ 'ന്യൂ സയന്റിസ്റ്റ്‌' വാരികയില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

മസ്‌തിഷ്‌കത്തില്‍ ഓര്‍മശക്തിയുടെ ഉറവിടമായ ഹിപ്പോകാമ്പസിലെ കോശങ്ങളാണ്‌ കാന്തികഉത്തേജനം വഴി പുനര്‍ജനിക്കാന്‍ ആരംഭിച്ചത്‌. മാത്രല്ല, ഇത്തരം സിരാകോശങ്ങളിലെ ഒരു പ്രത്യേക 'സ്വീകരണി'(റിസെപ്‌ടര്‍) വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതിനും ഈ സങ്കേതം വഴിതെളിക്കുന്നതായി ഗവേഷകര്‍ കണ്ടു. അല്‍ഷൈമേഴ്‌സ്‌ രോഗത്തോടൊപ്പം ക്ഷയിക്കുന്നതായി തെളിഞ്ഞിട്ടുള്ള സ്വീകരണിയാണിയാണത്‌. അല്‍ഷൈമേഴ്‌സ്‌ ഭേദമാക്കാനായില്ലെങ്കിലും, രോഗം ശക്തിപ്പെടുന്നത്‌ ചെറുക്കാന്‍ പുതിയ സങ്കേതം സഹായിക്കുമെന്നാണ്‌ ഈ കണ്ടെത്തല്‍ നല്‍കുന്ന സൂചന.

ഡിമെന്‍ഷ്യ, മസ്‌തിഷ്‌കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ബാധിച്ചവരില്‍ മസ്‌തിഷ്‌കഉത്തേജനം വളരെയേറെ പ്രയോജനം ചെയ്യുമെന്ന്‌ പുതിയ കണ്ടെത്തല്‍ തെളിയിക്കുന്നു. മസ്‌തിഷ്‌കാഘാതം പോലുള്ള പ്രശ്‌നങ്ങളാല്‍ തലച്ചോറിലെ ചില ഭാഗങ്ങള്‍ നശിച്ചാലും, അവശേഷിക്കുന്ന ഭാഗങ്ങളുടെ ശേഷി കൂട്ടുക വഴി രോഗത്തിന്റെ തീവ്രത കുറയ്‌ക്കാന്‍ കാന്തികസങ്കേതം പ്രയോജനം ചെയ്യുമെന്നാണ്‌ ഗവേഷകരുടെ പ്രതീക്ഷ. കാന്തികഉത്തേജനത്തിന്റെ ക്ഷമത വര്‍ധിപ്പിക്കാന്‍ സാധിക്കുന്ന ഔഷധങ്ങള്‍ കൂടി വികസിപ്പിക്കാനായാല്‍ ചികിത്സാരംഗത്ത്‌ വലിയ മുന്നേറ്റമാകുമത്‌.(കടപ്പാട്: മാതൃഭൂമി, ന്യൂ സയന്റിസ്റ്റ്)

Saturday, May 26, 2007

ഇനി 'പ്ലാസ്റ്റിക്‌'രക്തവും!

അടിയന്തര ഘട്ടങ്ങളില്‍ പ്രയോജനം ചെയ്യുന്ന ഒരിനം കൃത്രിമരക്തം പ്ലാസ്റ്റിക്‌ തന്മാത്രകളുപയോഗിച്ച്‌ സൃഷ്ടിക്കുന്നതില്‍ ഗവേഷകര്‍ വിജയം കണ്ടു. രക്തദൗര്‍ലഭ്യത്തിന്‌ ഒരു പരിധിവരെ പരിഹാരമായേക്കാവുന്ന ഒന്നാണ്‌ ഈ കണ്ടെത്തല്‍
പ്ലാസ്റ്റിക്കിന്റെ ഉപയോഗം പറഞ്ഞാല്‍ തീരില്ല. കനംകുറഞ്ഞ പ്ലാസ്‌റ്റിക്‌ ബാഗുകള്‍ പരിസ്ഥിതിക്ക്‌ കടുത്ത ഭീഷണി സൃഷ്ടിക്കുന്ന പ്രശ്‌നം ഒരുവശത്തു നിലനില്‍ക്കുമ്പോള്‍ തന്നെ, മറുവശത്ത്‌ പ്ലാസ്റ്റിക്കിന്റെ പുത്തന്‍ സാധ്യതകള്‍ ശാസ്‌ത്രലോകം കണ്ടെത്തുകയാണ്‌. അവയില്‍ പലതും അമ്പരപ്പിക്കുന്ന സാധ്യതകളുമാണ്‌. പ്ലാസ്‌റ്റിക്‌ ഉപയോഗിച്ച്‌ കൃത്രിമരക്തം നിര്‍മിക്കുന്നതില്‍ ഒരു സംഘം ഗവേഷകര്‍ വിജയിച്ചു എന്ന വാര്‍ത്ത ആ ഗണത്തില്‍ പെടും.

വടക്കന്‍ ഇംഗ്ലണ്ടില്‍ ഷെഫീല്‍ഡ്‌ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ 'പ്ലാസ്റ്റിക്‌'രക്തം നിര്‍മിക്കുന്നതില്‍ വിജയിച്ചത്‌. സ്വാഭാവികരക്തത്തെ അപേക്ഷിച്ച്‌ ഇതിന്‌ ഭാരം കുറവാണ്‌. ശീതീകരണികളില്‍ സൂക്ഷിക്കേണ്ട ആവശ്യമില്ല. സ്വാഭാവിക രക്തത്തെക്കാള്‍ കൂടുതല്‍ കാലം സൂക്ഷിച്ചുവെയ്‌ക്കാനും കഴിയും. ഈ ഗുണങ്ങള്‍ മൂലം, ഭൂകമ്പം പോലുള്ള പ്രകൃതിദുരന്തങ്ങളിലും യുദ്ധമേഖലകളിലും 'പ്ലാസ്റ്റിക്‌'രക്തം അനുഗ്രഹമാകുമെന്നാണ്‌ പ്രതീക്ഷ.

ഹീമോഗ്ലാബിനെ അനുസ്‌മരിപ്പിക്കും വിധം മധ്യഭാഗത്ത്‌ ഇരുമ്പിന്റെ ആറ്റം അടങ്ങിയിട്ടുള്ള ഒരിനം പ്ലാസ്റ്റിക്‌ തന്മാത്രകളുപയോഗിച്ചാണ്‌ കൃത്രിമരക്തം രൂപപ്പെടുത്തിയത്‌. ശരീരത്തിത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ കൃത്രിമരക്തത്തിന്‌ കഴിയും. 'പ്ലാസ്റ്റിക്‌'രക്തത്തിന്റെ നിര്‍മാണച്ചെലവ്‌ വളരെ കുറവാണെന്നതും ശ്രദ്ധേയമാണ്‌. ഇത്‌ ജിവികളില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ഗവേഷകര്‍.

"ഈ ഉത്‌പന്നത്തിന്റെ സാധ്യതയും ഇതിന്‌ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്ന വസ്‌തുതയും ഞങ്ങളെ ആവേശഭരിതാരാക്കി"-ഷെഫീല്‍ഡ്‌ സര്‍വകലാശാലയില്‍ രസതന്ത്രവിഭാഗത്തിലെ ഡോ.ലാന്‍സ്‌ ട്വിമാന്‍ പറഞ്ഞു. യുദ്ധരംഗത്തും അപകടങ്ങള്‍ ഉണ്ടാകുന്ന സ്ഥലത്തുമെല്ലാം, സമയത്ത്‌ രക്തം കിട്ടാതെ മരിക്കുന്ന നൂറുകണക്കിനാളുകളുണ്ട്‌. അത്തരം സന്ദര്‍ഭങ്ങളില്‍ ചെലവു കുറഞ്ഞ, എളുപ്പം കേടുവരാത്ത കൃത്രിമരക്തം അനുഗ്രഹമാകും-അദ്ദേഹം അറിയിച്ചു.

"രക്തത്തെ അപേക്ഷിച്ച്‌ വളരെ അനായാസം ഈ ഉത്‌പന്നം സൂക്ഷിച്ചു വെയ്‌ക്കാനാവും. ആംബുലന്‍സുകളിലും മറ്റും യുദ്ധമേഖലകളില്‍ കൂടുതല്‍ അളവില്‍ കൊണ്ടുപോകാനും സാധിക്കും"-ഡോ. ട്വിമാന്‍ പറയുന്നു. എന്നാല്‍, ശരീരം കൃത്രിമരക്തത്തോട്‌ എങ്ങനെ പ്രതികരിക്കും, വൃക്കകള്‍ക്കോ മറ്റ്‌ അവയവങ്ങള്‍ക്കോ ഇത്‌ കേടുവരുത്തുമോ തുടങ്ങിയ കാര്യങ്ങള്‍ അറിയാനിരിക്കുന്നതേയുള്ളൂ.

മെയ്‌ 22-ന്‌ ലണ്ടനിലെ സയന്‍സ്‌ മ്യൂസിയത്തില്‍ പ്ലാസ്റ്റിക്കിന്റെ ചരിത്രത്തെപ്പറ്റി ആരംഭിച്ച 'പ്ലാസ്റ്റിസിറ്റി: 100 ഇയേഴ്‌സ്‌ ഓഫ്‌ മേക്കിങ്‌ പ്ലാസ്റ്റിക്‌സ്‌'(Plastictiy: 100 Years of Making Plastics) എന്ന എക്‌സിബിഷനില്‍ 'പ്ലാസ്റ്റിക്‌'രക്തത്തിന്റെ മാതൃകയും പ്രദര്‍ശിപ്പിച്ചു.(കടപ്പാട്‌: ബിബിസി ന്യൂസ്‌)

Friday, May 25, 2007

മൂന്നു ജീവികള്‍, ഒരേ സന്ദേശം

ഒരു ആമ, ഒരു മൂങ്ങ, ഒരു തവള. മൂന്നു വ്യത്യസ്‌ത ജീവികള്‍, മൂന്നു വാര്‍ത്തകള്‍. പക്ഷേ, അവ മൂന്നും നല്‍കുന്നത്‌ ഒരേ സന്ദേശം; അല്ലെങ്കില്‍ ഒരേ മുന്നറിയിപ്പ്‌. ജീവലോകത്തെപ്പറ്റി മനുഷ്യന്‍ ഇനിയും എത്രമാത്രം മനസിലാക്കാന്‍ ബാക്കികിടക്കുന്നു, എന്തെല്ലാം അറിയാന്‍ അവശേഷിക്കുന്നു എന്ന്‌. അറിയും മുമ്പ്‌ നാം അവയെ നാശത്തിലേക്ക്‌ തള്ളിവിടുകയല്ലേ; ഭാവിതലമുറയ്‌ക്കുള്ള ഓരോ സാധ്യതകളും എന്നെന്നേക്കുമായി കെട്ടിയടച്ചുകൊണ്ട്‌...

ഒരു കടലാമയുടെ ദേശാടനം

ഴിഞ്ഞ ജനവരിയിലാണ്‌ സംഭവം. ഒരു ഭീമന്‍ കടലാമയെ ചൈനയിലെ ഒരു ഹോട്ടലിലേക്ക്‌ വില്‍ക്കാന്‍ തുടങ്ങുകയായിരുന്നു. ഇതു കണ്ട ഒരു ബുദ്ധഭിഷു ആ ജീവിയെ വിലയ്‌ക്കു വാങ്ങി. അതിന്റെ തോടില്‍ തിയതിയും തന്റെ ക്ഷേത്രത്തിന്റെ പേരും ചൈനീസ്‌ ഭാഷയില്‍ കോറിയിട്ട്‌ സന്ന്യാസി അതിനെ കടലലിക്ക്‌ വിട്ടു. അങ്ങനെ ചൈനീസ്‌ ഹോട്ടലിലെ സ്‌പെഷ്യല്‍ വിഭവമാകേണ്ടിയിരുന്ന ആമ കടലിലൂടെ തന്റെ ദേശാടനം ആരംഭിച്ചു.

നാലുമാസം കഴിഞ്ഞു. ഈ മെയ്‌ ആദ്യം 120 കിലോഗ്രാം തൂക്കം വരുന്ന ആ പെണ്ണാമയെ 3000 കിലോമീറ്റര്‍ അകലെ ശാന്തസമുദ്രത്തിലെ ഒഗസാവര ദ്വീപില്‍ മുട്ടയിടാന്‍ സ്ഥലമന്വേഷിച്ചു നടക്കുന്ന നിലയില്‍ ഒരുസംഘം പരിസ്ഥിതി പ്രവര്‍ത്തകര്‍ കണ്ടെത്തി. ജപ്പാന്റെ ഭാഗമായ ഒഗസാവര ദ്വീപില്‍ പ്രകൃതിസംരക്ഷണ സംഘടനയായ 'എവര്‍ലാസ്റ്റിങ്‌ നേച്ചര്‍ ഓഫ്‌ ഏഷ്യ'യിലെ പ്രവര്‍ത്തകരാണ്‌ ആമയെ തിരിച്ചറിഞ്ഞത്‌. അതിന്റെ തോടിലെ ചൈനീസ്‌ കുറിപ്പ്‌ തിരിച്ചറിയല്‍ എളുപ്പമാക്കി.

'ഹരിതആമ'(green turtle)കളുടെ വിഭാഗത്തില്‍ പെടുന്ന ആ ജീവി, ഒഗസാവരയില്‍ 77 മുട്ട ഇട്ടു. കടലാമകളുടെ ദേശാടനത്തെക്കുറിച്ച്‌ വളരെ വിലപ്പെട്ട വിവരങ്ങള്‍ ഈ ആമയെ കണ്ടെത്തുക വഴി ലഭിച്ചതായി പരിസ്ഥിതിഗവേഷകര്‍ പറയുന്നു. ജപ്പാനില്‍ നിന്നുള്ള ഹരിതആമകള്‍ ചൈനീസ്‌ വന്‍കര വരെ യാത്രചെയ്യുന്നതിന്‌ ആദ്യമായാണ്‌ തെളിവു ലഭിക്കുന്നത്‌-നേച്ചര്‍ ഓഫ്‌ ഏഷ്യയുടെ അധ്യക്ഷന്‍ ഹിരോയുകി സുഗനുമ പറയുന്നു.

ജീവികളെ രക്ഷപ്പെടുത്തി തുറന്നു വിടുന്നത്‌ ഭാഗ്യം കൊണ്ടുവരുമെന്ന്‌ ചൈനക്കാര്‍ വിശ്വസിക്കുന്നു. അതേസമയം, കടലാമകളെ ഭക്ഷണത്തിനും പരമ്പരാഗത ഔഷധങ്ങള്‍ക്കും ധാരളമായി ഉപയോഗിക്കുന്നവരാണ്‌ അവര്‍. അതിനാല്‍, ജനവരിയില്‍ ബുദ്ധഭിഷു ആ കടലാമയെ വാങ്ങി കടലില്‍ വിട്ടത്‌ വാര്‍ത്തയായിരുന്നു. ഇക്കാര്യം അറിയാമായിരുന്നതുകൊണ്ടാണ്‌, സുഗനുമയ്‌ക്കും കൂട്ടര്‍ക്കും മൂവായിരം കിലോമീറ്റര്‍ താണ്ടിവന്ന ആ ജീവിയുടെ പ്രാധാന്യം തിരിച്ചറിയാനായത്‌.

കടുത്ത വംശനാശഭീഷണി നേരിടുന്ന വര്‍ഗ്ഗമാണ്‌ കടലാമകള്‍; പ്രത്യേകിച്ചും ഹരിതആമകള്‍. അവയെ മാംസത്തിനായി വന്‍തോതില്‍ കൊല്ലുന്നതും, ട്രോളറുകളില്‍ കുടുങ്ങി അവ നശിക്കുന്നതും, മൃഗങ്ങളും മനുഷ്യരും പക്ഷികളും അവയുടെ മുട്ട വന്‍തോതില്‍ കവരുന്നതും, കടലാമകളെ ഉന്‍മൂലനത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്‌. കടലാമകളുടെ ദേശാടനരീതി പോലും ശാസ്‌ത്രലോകത്തിന്‌ ഇനിയും വ്യക്തമായി മനസിലായിട്ടില്ല.

'വിചിത്രമൂങ്ങ'യെ കാട്ടില്‍ കണ്ടപ്പോള്‍

ഥാര്‍ത്ഥ ചുറ്റുപാടില്‍ വെച്ച്‌ ഇതുവരെ ഗവേഷകര്‍ക്ക്‌ കാണാനവാത്ത അപൂര്‍വവും അതിവിചിത്രവുമായ ഒരു ചെറുപക്ഷി. അതിന്റെ ശാസ്‌ത്രീയനാമമോ 'വിചിത്രമൂങ്ങ'(strange owl) എന്നര്‍ത്ഥം വരുന്ന പദം. അതിനെ ആദ്യമായി വന്യചുറ്റുപാടില്‍ കണ്ടെത്തിയത്‌ ഗവേഷക ലോകത്ത്‌ കൗതുകമുണര്‍ത്തി. പെറുവിലെ സ്വകാര്യവനത്തില്‍ വെച്ചാണ്‌ ഒരു സംഘം സരംക്ഷണപ്രവര്‍ത്തകര്‍ 'വിചിത്രമൂങ്ങ'യെ അടുത്തയിടെ നേരില്‍ കണ്ടത്‌.

ഈ ജീവിവര്‍ഗ്ഗം ഭൂമുഖത്ത്‌ അവശേഷിക്കുന്നുണ്ട്‌ എന്നതിന്‌ മുപ്പത്‌ വര്‍ഷമായി ഒരു തെളിവും ഗവേഷകരുടെ പക്കലുണ്ടായിരുന്നില്ല. 1976-ല്‍ വലയില്‍ കുടുങ്ങിയ ഒരു 'വിചിത്രമൂങ്ങ'യാണ്‌ ഇതുവരെ കിട്ടിയ ഏക മാതൃക. നിലവില്‍ വെറും 250 'വിചിത്രമൂങ്ങകളേ' അവശേഷിച്ചിട്ടുള്ളൂ എന്നാണ്‌ കരുതുന്നത്‌.

പക്ഷികളുടെ ജീവശാസ്‌ത്രശാഖയെ സംബന്ധിച്ചിടത്തോളം 'വിശുദ്ധ പാനപാത്രം'(holy grail) എന്നു തന്നെ ഈ പക്ഷിയെ വിശേഷിപ്പിക്കാമെന്ന്‌, പഠനത്തില്‍ പങ്കുചേര്‍ന്ന 'അമേരിക്കന്‍ ബേര്‍ഡ്‌ കണ്‍സര്‍വെന്‍സി' പറയുന്നു. ലോങ്‌-വിസ്‌കേര്‍ഡ്‌ ഓലെറ്റ്‌ (long-whiskered owlet) എന്ന്‌ വിശേഷിപ്പിക്കുന്ന ഈ പക്ഷിയെ "നേരിട്ട്‌ കണ്ടത്‌ ആവേശകരമായ സംഗതിയായിരുന്നു"വെന്ന്‌, സംഘാംഗമായിരുന്ന ഡേവിഡ്‌ ഗിയല്‍ അറിയിച്ചു. 'അസോസിയേഷന്‍ ഇക്കോസിസ്‌റ്റിമാസ്‌ ആന്‍ഡിനോസി'ന്റെ പ്രവര്‍ത്തകനാണ്‌ അദ്ദേഹം.

തിളങ്ങുന്ന ഓറഞ്ച്‌ കണ്ണുകളുള്ള, വന്യമുഖത്തോടുകൂടിയ, ഈ ചെറുപക്ഷിയുടെ ശാസ്‌ത്രീയനാമം 'ക്‌സീനോഗ്ലോക്‌സ്‌'(Xenoglaux) എന്നാണ്‌. അര്‍ത്ഥം 'വിചിത്രമൂങ്ങ'. പെറുവിലെയും മറ്റും വിദൂര മലയോരങ്ങളിലെ വനങ്ങളിലാണ്‌ ഇവ കഴിയുന്നത്‌. എന്നാല്‍, പെറുവില്‍ ശക്തിപ്രാപിക്കുന്ന വനനാശം ഈ ജീവിയുടെ സ്വാഭാവിക ആവാസവ്യവസ്ഥ (habitat) ഇല്ലാതാക്കുകയാണ്‌. ഇന്നത്തെ നിലയ്‌ക്ക്‌ എത്രകാലം കൂടി ഈ വര്‍ഗ്ഗം അവശേഷിക്കും എന്ന്‌ ഗവേഷകര്‍ ആശങ്കപ്പെടുന്നു.

പുതിയ തവളവര്‍ഗ്ഗം-തായ്‌ലന്‍ഡില്‍ നിന്ന്‌

രിസരത്തിനനുസരിച്ച്‌ നിറംമാറാന്‍ കഴിവുള്ള പുതിയൊരിനം തവളയെ തായ്‌ലന്‍ഡില്‍ നിന്നു കണ്ടെത്തി. വടക്കുകിഴക്കന്‍ തായ്‌ലന്‍ഡിലെ പര്‍വതമേഖലയില്‍ കാണപ്പെടുന്ന ഇതിന്റെ പേര്‌ 'ഒഡൊറാണ ഔറിയോല'(Odorrana aureola) എന്നാണെങ്കിലും, പ്രാദേശികമായി അറിയപ്പെടുന്നത്‌ 'ഫു ലുവാങ്‌ ക്ലിഫ്‌ തവള'(Phu Luang Cliff frog) എന്നാണ്‌.

എട്ടു സെന്റീമീറ്റര്‍ വരെ നീളമുള്ള ഇതിന്റെ ശരീരം സാധാരണഗതിയില്‍ പച്ചനിറമുള്ളതാണ്‌. പരിസരത്തിനനുസരിച്ച്‌ ഇടയ്‌ക്കിത്‌ തവിട്ടുനിറമാകും-ബാങ്കോക്കില്‍ നാഷണല്‍ സയന്‍സ്‌ മ്യൂസിയത്തിന്റെ ക്യുറേറ്റര്‍ ടാനിയ ചാനാര്‍ഡ്‌ പറഞ്ഞു. ടാനിയയുള്‍പ്പെട്ട ഗവേഷകസംഘമാണ്‌ പുതിയ തവളയെ പഠനവിധേയമാക്കിയത്‌.

ഈ തവള പുതിയ വര്‍ഗ്ഗത്തില്‍പെട്ടതാണെന്നും, ഫു ലുവാങ്‌ നാഷണല്‍ പാര്‍ക്കിന്റെ പരിധിക്കുള്ളിലേ കാണപ്പെടുന്നുള്ളൂ എന്നും ടാനിയ അറിയിച്ചു. വടക്കന്‍ തായ്‌ലന്‍ഡിലെ മൂന്നു പര്‍വതമേഖലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെട്ടതാണ്‌ ആ നാഷണല്‍ പാര്‍ക്ക്‌. സമുദ്രനിരപ്പില്‍ നിന്ന്‌ 1000 മുതല്‍ 1500 മീറ്റര്‍ വരെ ഉയരമുള്ള പ്രദേശത്തെ വെള്ളച്ചാട്ടങ്ങളിലും അരുവികളിലുമാണ്‌ ഒഡൊറാണ തവളകള്‍ കഴിയുന്നത്‌.

യഥാര്‍ത്ഥത്തില്‍ ഈ തവളകളെ മുമ്പു തന്നെ ഗവേഷകര്‍ കണ്ടിട്ടുണ്ട്‌. പക്ഷേ, കഴിഞ്ഞ വര്‍ഷം അതിന്റെ ഡി.എന്‍.എ വിശകലനം ചെയ്‌തപ്പോഴാണ്‌ അത്‌ പുതിയൊരു വര്‍ഗ്ഗത്തില്‍ പെട്ടതാണെന്ന്‌ വ്യക്തമായത്‌-ബാങ്കോക്കില്‍ കഴിഞ്ഞ ദിവസം ഒരു സെമിനാറില്‍ ഈ കണ്ടെത്തല്‍ അവതരിപ്പിച്ചുകൊണ്ട്‌ ടാനിയ പറഞ്ഞു.

ഒഡൊറാണ തവള പുതിയൊരു വര്‍ഗ്ഗമാണെന്ന്‌ അമേരിക്കന്‍ ഗവേഷകര്‍ കഴിഞ്ഞ വര്‍ഷം സ്ഥിരീകരിച്ചിരുന്നതായി ടാനിയ അറിയിച്ചു. തായ്‌ലന്‍ഡിലെ വന്യമേഖലയില്‍ ഈ വര്‍ഗ്ഗത്തില്‍പെട്ട എത്ര തവളകള്‍ അവശേഷിക്കുന്നു എന്നത്‌ ഗവേഷകര്‍ക്ക്‌ അറിയില്ല. ഇവയുടെ പ്രജനന തോത്‌ വളരെ കുറവായതിനാല്‍, അത്രയധികം തവളകള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ്‌ ഗവേഷകരുടെ അനുമാനം.(കടപ്പാട്‌: നാഷണല്‍ ജ്യോഗ്രഫിക്‌, എഎഫ്‌പി)

Tuesday, May 15, 2007

ചാരായനിരോധനമെന്ന കണ്ടുപിടിത്തം

ഇടയ്‌ക്ക്‌ അല്‍പ്പം 'മിനുങ്ങുന്ന' ശാസ്‌ത്രകുതുകികള്‍ക്കായി പ്രത്യേകം തയ്യാറാക്കിയ ഐറ്റം. മദ്യപിക്കാത്ത സല്‍സ്വഭാവികള്‍ ഈ പോസ്‌റ്റ്‌ വായിക്കണമെന്നില്ല. വായിച്ചു ഫിറ്റായാല്‍ 'കുറിഞ്ഞി ഓണ്‍ലൈന്‍' അതിന്‌ ഉത്തരവാദിയായിരിക്കില്ല

യിരത്തി തൊള്ളായിരത്തിത്തൊണ്ണൂറ്റിയാറ്‌ ഏപ്രില്‍ ഒന്നിനാണ്‌ നാട്ടില്‍ ശാസ്‌ത്രസാങ്കേതികരംഗത്ത്‌ വിപ്ലവകരമെന്നുതന്നെ വിശേഷിപ്പിക്കാവുന്ന മുന്നേറ്റത്തിന്‌ നാന്ദി കുറിക്കപ്പെട്ടത്‌. അന്നാണ്‌ മുഖ്യമന്ത്രി എ.കെ.ആന്റണി കേരളത്തില്‍ ചാരായം നിരോധിച്ചത്‌. അതിന്റെ ഫലമായി നാട്ടില്‍ ശാസ്‌ത്രത്തിന്റെ ഒട്ടേറെ ശാഖകളില്‍ പലതരം മുന്നേറ്റങ്ങളുണ്ടായി. അവയില്‍ ചിലത്‌ പേറ്റന്റ്‌ ചെയ്യാന്‍ ആരെങ്കിലും തയ്യാറായിരുന്നെങ്കില്‍, നാളെയൊരു കാലത്ത്‌ ബഹുരാഷ്ട്ര കുത്തകകള്‍ക്ക്‌ വിറ്റ്‌ കോടികള്‍ വാരാമായിരുന്നു.

രസതന്ത്രം, ഭൗതീകശാസ്‌ത്രം, ബയോടെക്‌നോളജി, ഫാര്‍മക്കോളജി, ഇറിഗേഷന്‍ ടെക്‌നോളജി, ഹെര്‍ബല്‍ ടെക്‌നോളജി എന്നു തുടങ്ങി വേണമെങ്കില്‍ ബഹിരാകാശ ഗവേഷണരംഗത്തു വരെ പ്രയോജനപ്പെടുത്താവുന്ന പുത്തന്‍ സാങ്കേതങ്ങളും ഇന്നവേഷനുകളും നാട്ടില്‍ പരക്കെയുണ്ടായി. ഒരുപക്ഷേ, ചരിത്രത്തില്‍ ഇതിന്‌ സമാനമായി പറയാവുന്ന മറ്റൊരു ഘട്ടം തീയുടെ കണ്ടുപിടിത്തമായിരിക്കണം, അല്ലെങ്കില്‍ ആവിയന്ത്രത്തിന്റെ ആവിര്‍ഭാവം. ഏതാണ്ട്‌ അതിന്‌ തുല്യംനില്‍ക്കുന്ന മറ്റൊന്നായിരുന്നു ചാരയനിരോധനമെന്ന കണ്ടുപിടിത്തവും എന്നു ബോധ്യമാകും ഇനി പറയുന്ന കാര്യങ്ങള്‍ വായിക്കുമ്പോള്‍. ചാരായനിരോധനം മൂലമുണ്ടായ മുഴുവന്‍ മുന്നേറ്റങ്ങളെയും വിസ്‌തരിക്കാന്‍ ഈ പോസ്‌റ്റ്‌ തികയില്ല. അതിനാല്‍, ശ്രദ്ധേയമെന്നു തോന്നിയ ചില മേഖലകള്‍ മാത്രമാണ്‌ ഇവിടെ പരാമര്‍ശിക്കുന്നത്‌.

ആ ഏപ്രില്‍ ഒന്നുവരെ ഉണ്ടായിരുന്നത്‌ നാട്ടുകാരെയും എക്‌സൈസുകാരെയും പേടിച്ച, ദൈവത്തെ തീരെ പേടിക്കാതെ, വെറും പത്തോ പതിനഞ്ചോ കിലോ ശര്‍ക്കര കൊണ്ട്‌ നക്കാപിച്ച വാറ്റ്‌ നടത്തി ഉപജീവനം നടത്തുന്ന മണിയനെയും സുകുമാരന്‍കാണിയെയും പോലുള്ള ചില കള്ളവാറ്റുകാരായിരുന്നു. ചാരയനിരോധനം നിലവില്‍ വന്നതോടെ സ്ഥിതി കീഴ്‌മേല്‍ മറിഞ്ഞു. വയനാട്ടിലെ കുടിയന്‍മാരെപ്പോലെ, കര്‍ണാടക അതിര്‍ത്തി കടന്നുപോയി സുലഭമായി ചാരായം കഴിച്ച്‌ ഫിറ്റായി വരാവുന്ന സ്ഥിതിയിലായിരുന്നില്ല ഞങ്ങളുടെ നാട്ടിലെ പാവപ്പെട്ട കുടിയന്‍മാര്‍. കാരണം, കേരളത്തിന്റെ തെക്കേ അതിര്‍ത്തിയില്‍ കര്‍ണാടകമില്ലെന്ന ടോപ്പോഗ്രാഫിയിലെ ക്രൂരത തന്നെ.

ചാരായം നിരോധിക്കപ്പെട്ടതോടെ ഷാപ്പുകള്‍ നിന്നു. സ്വാഭാവികമായും കള്ളച്ചാരായത്തിന്‌ ഡിമാന്‍ഡ്‌ കൂടി. ഡിമാന്‍ഡ്‌ ആണല്ലോ കമ്പോളശക്തികളെ നിയന്ത്രിക്കുന്നത്‌. സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്ന്‌ ബൊറിസ്‌ യെല്‍ത്‌സിന്‍ എന്ന മുഴുക്കുടിയന്‍ റഷ്യയുടെ സാരഥ്യമേറ്റെടുത്തതോടെ പുത്തന്‍പണക്കാര്‍ സമ്പദ്‌വ്യവസ്ഥ കീഴടക്കിയതു പോലെ, ചാരായം നിരോധിച്ചതോടെ നാട്ടില്‍ പുത്തന്‍വാറ്റുകാര്‍ രംഗം കൈയടക്കി. രാജനും ശശിധരനും സണ്ണി അച്ചായനും ബാഹുലേയന്‍ കാണിയും ഒക്കെ. ദിവസവും പുതിയ പുതിയ സംരംഭകര്‍ രംഗത്തെത്തുകയും ചെയ്‌തുകൊണ്ടിരുന്നു.

മണിയനെയും സുകുമാരനെയും പോലുള്ള പരമ്പരാഗത വാറ്റുകാര്‍ 'കള്ളവാറ്റുകാരെ'ന്ന്‌ അറിയപ്പെട്ട സ്ഥാനത്ത്‌, പുത്തന്‍ വാറ്റുകാര്‍ 'അഞ്ഞൂറുകിലോയുടെ എടുപ്പുള്ളവന്‍' (മനസിലാക്കേണ്ടത്‌-'അഞ്ഞൂറ്‌ കിലോ ശര്‍ക്കരയുടെ കള്ളവാറ്റ്‌ നടത്തി ചാരായം വില്‍ക്കുന്നവന്‍' എന്ന്‌), 'രണ്ടായിരം കിലോയുടെ എടുപ്പുള്ളവന്‍' എന്നിങ്ങനെ അന്തസ്സോടെ അറിയപ്പെടാന്‍ തുടങ്ങി. ലക്ഷങ്ങളുടെ 'ബിസിനസ്‌ ' നടത്തുന്ന ഈ പുത്തന്‍വാറ്റുകാര്‍ക്ക്‌ സാമൂഹിക അംഗീകാരം ലഭിച്ചു, വിവാഹ വിപണിയിലും ഡിമാന്റ്‌ കൂടി. മുമ്പ്‌, കള്ളവാറ്റു നടത്തുന്നവന്റെ ബന്ധുക്കള്‍ക്കു പോലും പെണ്ണുകിട്ടാത്ത നാട്ടിലാണിതെന്ന്‌ ഓര്‍ക്കണം.

ഇതാണ്‌ പുത്തന്‍ സാങ്കേതികവിദ്യകളുടെ വികാസത്തിനുള്ള സാമൂഹിക പശ്ചാത്തലം. നാട്ടിന്റെ ടോപ്പോഗ്രാഫി കൂടി മനസിലാക്കിയാലേ പശ്ചാത്തലവിവരണം പൂര്‍ണമാകൂ. മലകളും കാടുമൊക്കെ നിറഞ്ഞ ഈ പ്രദേശത്തെ ജനവാസകേന്ദ്രങ്ങള്‍ മിക്കതും നെയ്യാര്‍ഡാം ജലസംഭരണിയുടെ തീരത്താണ്‌. അതല്ലെങ്കില്‍ ഞങ്ങളുടെ നാട്‌ മുഴുക്കെ ജലസംഭരണിയാല്‍ ചുറ്റപ്പെട്ടിരിക്കുന്നു എന്നു പറയാം(ഇതോടൊപ്പമുള്ള ഫോട്ടോ കാണുക. അതാണ്‌ സ്ഥലം). പോലീസിന്‌ റെയ്‌ഡ്‌ നടത്താന്‍ അന്തര്‍വാഹിനിയോ പടക്കപ്പലോ, കുറഞ്ഞ പക്ഷം ഒരു ഫൈബര്‍ ബോട്ടോ എങ്കിലും വേണം എന്നതാണ്‌ സ്ഥിതി. എങ്കിലും റെയ്‌ഡ്‌ വിജയിക്കുമെന്ന്‌ ആര്‍ക്കും പറയാനാവില്ല. ഇനി വിഷയത്തിലേക്ക്‌ വരാം. വാറ്റെന്നത്‌ (അത്‌ കള്ളവാറ്റാകട്ടെ, നല്ലവാറ്റാകട്ടെ) ലോകത്തെ ഏറ്റവും പഴക്കമേറിയ രാസപ്രക്രിയകളിലൊന്നാണ്‌ (ഏറ്റവും പഴയ തൊഴില്‍ വേശ്യാവൃത്തിയെന്നു പറയും പോല). ഇക്കാര്യം പക്ഷേ, പാവം കുടിയന്‍മാര്‍ക്കോ വാറ്റുകാര്‍ക്കോ അറിയില്ലെന്നു മാത്രം. മഹത്തായ ഈ പാരമ്പര്യം മനസിലാക്കാനോ അതില്‍ അഭിമാനംകൊള്ളാനോ സമയം കിട്ടുംമുമ്പ്‌ മിക്കവരും ഫിറ്റായി പോകുന്നതാണ്‌ കാരണം. സ്വാഭാവികമായും ഓരോ നാട്ടിലും വാറ്റിന്‌ അതിന്റേതായ രീതിയുണ്ട്‌. അതാത്‌ നാട്ടില്‍ കിട്ടുന്ന വിഭവങ്ങളുമായി ചേര്‍ന്നു പോകുന്നതായിരിക്കും ആ രീതി. കുട്ടനാട്ടില്‍ നെല്ല്‌ കൊണ്ട്‌ വാറ്റ്‌, മലബാറില്‍ പറങ്കിമാമ്പഴം, ഇടുക്കിയില്‍ നെല്ലിക്ക, ഞങ്ങളുടെ നാട്ടില്‍ കാരീഞ്ചപട്ട കൊണ്ട്‌.

ശര്‍ക്കരയും കാരീഞ്ചപ്പട്ടയും കൃത്യമായ അനുപാതത്തില്‍ ചേര്‍ത്ത്‌ കലത്തിലാക്കി വെള്ളവുമായി മിക്‌സ്‌ ചെയ്‌ത്‌ മൂടിക്കെട്ടി മണ്ണില്‍ കുഴിച്ചിട്ട്‌ നാലുദിവസം കഴിഞ്ഞ്‌ മാന്തിയെടുത്ത്‌ വാറ്റി 'ജ്വാലയായ്‌' കത്തുന്ന ഒന്നാംതരം സാധനം നിര്‍മിക്കുകയായിരുന്നു മണിയനെയും സുകുമാരനെയും പോലുള്ള പ്രീചാരായനിരോധനവാറ്റുകാരുടെ രീതി. കാരീഞ്ചയെന്നത്‌ പാറക്കെട്ടുകളിലും മറ്റും വള്ളിപോല പിണഞ്ഞ്‌ വളരുന്ന മുള്ളുള്ളു ഒരു സസ്യമാണ്‌. അതിന്റെ ലഭ്യത പരിമിതവുമാണ്‌. പത്തോപതിനഞ്ചോ കിലോ ശര്‍ക്കരയ്‌ക്കുള്ള കാരീഞ്ചപ്പട്ട പോര, അഞ്ഞൂറും ആയിരവും കിലോ ശര്‍ക്കര കൊണ്ട്‌ വാണിജ്യാടിസ്ഥാനത്തില്‍ വാറ്റുനടത്തുന്ന പുത്തന്‍വാറ്റുകാര്‍ക്ക്‌.

ചാരയനിരോധനം നിലവില്‍ വന്ന്‌ ഏതാനും ആഴ്‌ചകള്‍ക്കുള്ളില്‍ തന്നെ നാട്ടിലെ പാറക്കെട്ടുകളിലും പറമ്പുകളിലും എന്തിന്‌ ഉള്‍ക്കാട്ടിലും വരെ ഒരു കഴഞ്ച്‌ കാരീഞ്ചപട്ട കിട്ടാനില്ല എന്ന സ്ഥിതി വന്നു. ഏതെങ്കിലും ചെടിയുടെ മുകളില്‍ 'കാരീഞ്ച'യെന്ന്‌ വെറുതെ എഴുതി തൂക്കിയാല്‍ മതി, പിറ്റേന്ന്‌ ആ ചെടി അവിടെ കാണില്ല (കാരീഞ്ച തന്നെ വംശനാശം നേരിട്ടു എന്നാണ്‌ ഈ ലേഖകന്റെ നിഗമനം). റോ മെറ്റീരിയലിന്റെ അഭാവം വാറ്റുമേഖലയെയാകെ പ്രതിസന്ധിയിലാക്കി. ശര്‍ക്കര എത്രവേണമെങ്കിലും കിട്ടും, പനച്ചമൂട്ടില്‍ വരെ പോയാല്‍ മതി, തമിഴ്‌നാട്ടില്‍ നിന്നു വരുന്ന സാധാനം സുലഭം. പക്ഷേ, ഈഞ്ചപ്പട്ടയില്ല. ഇഞ്ചികടിച്ചവരെപ്പോലെ ഇരുന്നാല്‍ മതിയോ. പോരാ. അങ്ങനെയാണ്‌, ചാരായനിരോധനത്തന്‌ ശേഷമുള്ള ആദ്യകണ്ടുപിടിത്തം നടന്നത്‌.

അപ്പക്കുടുക്ക'യെന്ന്‌ നാട്ടുകാര്‍ വിളിക്കുന്ന വേലിപ്പത്തലിന്റെ കായ, കാരീഞ്ചയ്‌ക്കു പകരം വാറ്റാന്‍ ഉപയോഗിക്കാം എന്നതായിരുന്നു ആവേശകരമായ ആ കണ്ടെത്തല്‍. പാലുപോലെ കറയുള്ള (ആ കറ വീണാല്‍ കണ്ണുപൊട്ടിപ്പോകുമെന്നു വിശ്വസിക്കപ്പെടുന്ന) അപ്പക്കുടുക്കയ്‌ക്ക്‌ മനുഷ്യചരിത്രത്തില്‍ ആദ്യമായി അങ്ങനെ ഒരു ഉപയോഗം ഉണ്ടായി. ഈ രീതിയില്‍ വാറ്റിയെടുക്കുന്ന പട്ടച്ചാരായത്തിന്‌ 'അപ്പക്കുടുക്ക'യെന്ന വിളിപ്പേരും വീണു. കാരിക്കുഴി കടത്തുകടവ്‌ കടന്ന്‌ ഇക്കരെയെത്തുന്ന കുടിയന്‍മാരെ കാണുമ്പോള്‍, അന്തിച്ചന്തയ്‌ക്കു പോകുന്ന പെണ്ണുങ്ങള്‍ അടക്കം പറയാന്‍ തുടങ്ങി, 'അപ്പകുടുക്ക'യടിക്കാന്‍ വന്നിട്ടു പോവുകയാ'. അപ്പക്കുടുക്കയ്‌ക്കും അധികം ആയുസ്സുണ്ടായില്ല. വളരെ വേഗം നാട്ടിലുള്ള വേലികള്‍ അപ്രത്യക്ഷമായി, അപ്പക്കുടുക്കയെല്ലാം തീര്‍ന്നു (പട്ടച്ചാരായത്തിന്‌ കിട്ടിയ ആ ഓമനപ്പേര്‌ ഏറെക്കാലം നിലനിന്നെങ്കിലും).

അപ്പക്കുടുക്ക അവസാനിച്ചതോടെ, വാറ്റുകാര്‍ പുതിയ വഴി തേടി. അപ്പോഴാണ്‌ പേഴ്‌ മരത്തിന്റെ തൊലി മതി, ഈഞ്ചപ്പട്ടയ്‌ക്ക്‌ ഒപ്പം നില്‍ക്കും എന്നൊരു വാര്‍ത്ത പരന്നത്‌. പേഴ്‌ മരത്തിനൊപ്പം തമ്പകത്തിന്റെയും തൊലി ചിലര്‍ ഉപയോഗിച്ച്‌ താത്‌ക്കാലികവിജയം നേടി. ഒടുവില്‍ എന്തിനു പറയുന്നു, അഗസ്‌ത്യകൂടം താഴ്‌വരയിലെ ഏത്‌ മരത്തിന്റെ തൊലികൊണ്ടു വേണമെങ്കിലും വാറ്റ്‌ നടത്താമെന്നും, തൊലിയേതായാലും ചാരായം നന്നായാല്‍ മതിയെന്നുള്ള മഹത്തായ തത്വത്തിലേക്ക്‌ നാട്ടിലെ പുത്തന്‍ വാറ്റുകാര്‍ എത്തി (ഈ കണ്ടുപിടിത്തത്തെ ഏത്‌ വിഭാഗത്തില്‍ പെടുത്തണമെന്ന്‌ ഇനിയും മനസിലായിട്ടില്ല, ബയോടെക്‌നോളജിയോ ബോട്ടണിയോ ഫാര്‍മക്കോളജിയോ അതോ ഹെര്‍ബല്‍ ടെക്‌നോളജിയോ?). വേറെ തൊലിയൊന്നും കിട്ടാതെ വന്നപ്പോള്‍ ഒരാള്‍ വയണപ്പട്ടയിട്ട്‌ വാറ്റി. അങ്ങനെ കിട്ടിയ സാധനത്തിന്‌ വയണയുടെ സുഗന്ധമായിരുന്നു. കടത്തുകടവില്‍ ഒരാഴ്‌ചക്കാലം വയണ സുഗന്ധം അലയടിച്ചു. 'കസ്‌തൂരി മണക്കുന്നല്ലോ.. കാറ്റേ..എന്നതായിരുന്നു ആ നാളുകളില്‍ കുടിയന്‍മാരുടെ ഇഷ്ടഗാനവും വിവിധഭാരതിയും.

ചാരായത്തിന്റെ വീര്യം കൂട്ടാന്‍ എല്ലാ വാറ്റുകാരും ശ്രമിക്കാറുണ്ട്‌. അത്‌ സ്വാഭാവികവുമാണ്‌. കൂടുതല്‍ കുടിയന്‍മാരെ ആകര്‍ഷിക്കാന്‍ അങ്ങനെയേ കഴിയൂ. പലരും പലവിദ്യകളാണ്‌ ഇതിനായി പ്രയോഗിക്കാറ്‌. ചിലര്‍ അട്ടയെ ഇട്ട്‌ വാറ്റും. മറ്റു ചിലര്‍ ചേരയെ ഇട്ട്‌ നെല്ല്‌ പുഴുങ്ങി ആ നെല്ല്‌ മുഴുവന്‍ കോഴിയെ തീറ്റിച്ച ശേഷം, ആ നിരപരാധിയായ കോഴിയെ ഇട്ട്‌ വാറ്റും. മറ്റു ചിലര്‍ പഴയ ബാറ്ററി (പുതിയവ മുതലാവില്ല) തല്ലിപ്പൊട്ടിച്ച്‌ വാഷിലിട്ട്‌ വാറ്റും. അമോണിയ എന്ന രാസവളം ഇട്ട്‌ വാറ്റുകയെന്നതാണ്‌, പ്രീചാരായനിരോധന കാലഘട്ടത്തിലുണ്ടായ ഏറ്റവും ഒടുവിലത്തെ മുന്നേറ്റം. അമോണിയ ഉപയോഗിച്ച്‌ വാറ്റിയെടുക്കുന്ന സ്വയമ്പന്‍ സാധനത്തിന്‌ 'അമ്മിണി'യെന്ന്‌ ചില നാടുകളില്‍ പേരും കിട്ടി.

എന്നാല്‍, പോസ്‌റ്റ്‌ചാരായനിരോധന കാലത്ത്‌ ഈ വിദ്യകളാകെ മാറി. കാരണം വാറ്റുന്നതിന്റെ വ്യാപ്‌തി കൂടിയതാണ്‌ കാരണം. ആയിരം കിലോ ശര്‍ക്കരയ്‌ക്ക്‌ അമോണിയ ഇടാന്‍ നോക്കിയാല്‍, രണ്ടേക്കര്‍ തെങ്ങിന്‍തോപ്പില്‍ ഒരു വര്‍ഷം ഇടുന്ന അമോണിയ വേണം(തെങ്ങിന്‍ തോപ്പില്‍ അമോണിയ ഇറാറുണ്ടോ, കൃഷിക്കാര്‍ പൊറുക്കുക). അത്രയും ചെലവില്‍ വീര്യംകൂട്ടുന്നതിലും നന്ന്‌, രണ്ടേക്കര്‍ റബ്ബര്‍തോട്ടം വാങ്ങി സ്ലോട്ടര്‍ വെട്ടുന്നതാണ്‌. ബാറ്ററിയിലേക്ക്‌ തിരിച്ചു പോകാം എന്നുവെച്ചാല്‍, ഇത്രയും ശര്‍ക്കരയ്‌ക്ക്‌ പോന്നത്ര ബാറ്ററി എവിടെ കിട്ടും. എവറഡി ഫാക്ടറി തന്നെ തുടങ്ങേണ്ടി വരും.

അങ്ങനെയാണ്‌ ഒടുവില്‍ 'മഹത്തര'മെന്ന്‌ നിസ്സംശയം വിശേഷിപ്പിക്കാവുന്ന ആ കണ്ടുപിടിത്തം അജ്ഞാതനായ ഒരു വാറ്റുകാരന്‍ നടത്തുന്നത്‌. ഈ ലേഖകന്‍ ഒരിക്കല്‍ അവധിക്കു നാട്ടില്‍ ചെന്ന സമയത്ത്‌ പാരസെറ്റാമോള്‍ വാങ്ങേണ്ട ആവശ്യം വന്നു. ടൗണില്‍ അന്ന്‌ രണ്ട്‌ മെഡിക്കല്‍ സ്‌റ്റോറുകളാണ്‌ ഉള്ളത്‌. ഏത്‌ മരുന്നു തീര്‍ന്നാലും നിത്യോപയോഗ സാധനങ്ങളില്‍ ഉള്‍പ്പെടുന്ന പാരസെറ്റാമോള്‍ മെഡിക്കല്‍ സ്‌റ്റോറുകളില്‍ ഒരിക്കലും തീരില്ല എന്നായിരുന്നു എന്റെ ദൃഢവിശ്വാസം. ആദ്യ മെഡിക്കല്‍ സ്‌റ്റോറിലെത്തിയതോട ആ വിശ്വാസം തകര്‍ന്നു. അവിടെ മരുന്നിനു പോലും ഒരു പാരസെറ്റാമോള്‍ ഇല്ല. രണ്ടാമത്തെ കടയിലും ചെന്നു, അവിടെയും ഇല്ല. നിരോധിച്ചതോ നിരോധിക്കേണ്ടതോ ആയ ഏതു മരുന്നും തരാം പാരസെറ്റാമോള്‍ മാത്രമില്ല എന്ന്‌ സുഹൃത്തായ മെഡിക്കല്‍ഷോപ്പുകാരന്‍ പറഞ്ഞത്‌ കേട്ട്‌ അമ്പരക്കേണ്ടി വന്നു.

പാരസെറ്റാമോളിന്റെ ദൗര്‍ലഭ്യത്തെക്കുറിച്ച്‌ ചെറിയൊരു അന്വേഷണം നടത്തിയപ്പോഴാണ്‌ കാര്യം മനസിലായത്‌. മെഡിക്കല്‍സ്‌റ്റോറുകളില്‍ നിന്ന്‌ വാറ്റുകാര്‍ പാരസെറ്റാമോള്‍ മൊത്തമായി വാങ്ങിപ്പോവുകയാണത്രേ! അതെന്തിന്‌, വാറ്റുകാര്‍ക്ക്‌ അത്രക്കു പനിയോ? അല്ല, ചാരായത്തിന്റെ വീര്യംകൂട്ടാനുള്ള പുത്തന്‍ ഉപാധിയാണ്‌ പാരസെറ്റാമോള്‍ എന്ന്‌ വാറ്റുകാരനായ ഒരു സുഹൃത്ത്‌ വെളിപ്പെടുത്തി. വാഷിനൊപ്പം കുറെ പാരസെറ്റാമോളും തുണിയില്‍ കിഴികെട്ടി ഇടുകയാണത്രേ ചെയ്യുക. അങ്ങനെ വാറ്റി കിട്ടുന്ന സാധനം കഴിക്കുന്നവന്‌ പിന്നെ വേറെ എന്തുകഴിച്ചാലും തലയ്‌ക്ക്‌ പിടിക്കാത്തത്ര അവസ്ഥയാണത്രേ ഉണ്ടാവുക.

കരള്‍, പ്ലീഹ, കിഡ്‌നി തുടങ്ങി ഏതൊക്കെ അവയവം ദ്രവിച്ചാലും കുടിയന്‍മാര്‍ക്ക്‌ പനി ബാധിക്കില്ലല്ലോ എന്ന്‌ ഞാന്‍ മനസിലോര്‍ത്തു. അങ്ങനെയിരിക്കെയാണ്‌ നാട്ടിലെ കൃഷിഭവന്‍ ഫ്യുരിഡാന്‍ എന്ന കൊടുംവിഷം കീടനാശിനിയെന്ന വ്യാജേന കര്‍ഷകര്‍ക്ക്‌ വിതരണം ചെയ്‌തത്‌. ഏതോ ഒരു വാറ്റുകാരന്‍ പാരസെറ്റാമോള്‍ തീര്‍ന്ന സമയത്ത്‌, വാങ്ങാന്‍ പോയവനെ കാത്തിരുന്ന്‌ ക്ഷമ നശിച്ച്‌ ഒരുനുള്ള്‌ ഫ്യുരിഡാന്‍ വാഷിലിട്ടു പരീക്ഷിച്ചു. അത്ഭുതകരമായിരുന്നു ഫലം. വാറ്റിക്കിട്ടിയ സാധനം കഴിച്ചവനൊന്നും, നവകുടിയാവട്ടെ മുഴുക്കുടിയനാവട്ടെ, കിടന്നിടത്തുനിന്ന്‌ നേരത്തോടുനേരം എണീറ്റില്ല. ആ വാറ്റുകാരന്റെ ഉത്‌പന്നത്തിനായി കുടിയന്‍മാര്‍ ക്യൂ നിന്നു. അങ്ങനെ രസതന്ത്രത്തിന്റെ ഏതറ്റം വരെയും പോകാനാകും എന്ന്‌ വാറ്റുകാര്‍ കറയില്ലാതെ തെളിയിച്ചു.

മറ്റൊരു മുന്നേറ്റം ഉണ്ടായത്‌ തികച്ചും അപ്രതീക്ഷിതമായ മറ്റൊരു മേഖലയിലായിരുന്നു. പണ്ടൊക്കെ കള്ളവാറ്റുകാര്‍ വാഷ്‌ നിറച്ച കലങ്ങള്‍ മണ്ണിനടിയില്‍ കുഴിച്ചിടുകയായിരുന്നു പതിവ്‌. പക്ഷേ, ആയിരവും അയ്യായിരവും ലിറ്റര്‍ വാഷ്‌ കൈകാര്യം ചെയ്യേണ്ട സമയത്ത്‌ അതിന്‌ കുഴിയെടുക്കാന്‍ പോയാല്‍, വാറ്റിന്റെ ഇന്‍വെസ്റ്റ്‌മെന്റ്‌ കുതിച്ചുയരും, വ്യവസായമേഖല പ്രതിസന്ധിയിലാകും. അതിന്‌ കണ്ടെത്തിയ മാര്‍ഗ്ഗമാണ്‌, വാഷ്‌ വലിയ പ്ലാസ്റ്റിക്‌ ടാങ്കുകളില്‍ അടച്ച്‌ ഭദ്രമാക്കി നെയ്യാര്‍ഡാം ജലസംഭരണിയില്‍ കല്ലുകെട്ടി താഴ്‌ത്തുകയെന്നത്‌. ഫെര്‍മന്റേഷന്‍ പൂര്‍ത്തിയാകുമ്പോള്‍ പ്രദേശത്തെ മുങ്ങല്‍ വിദഗ്‌ധര്‍ അത്‌ രഹസ്യമായി മുങ്ങിയെടുത്തുകൊള്ളും. റെയ്‌ഡിനെത്തുന്ന പോലീസുകാര്‍ക്ക്‌ ഒരു പിടിയും കിട്ടില്ല, എവിടെയാണ്‌ വാഷ്‌ സൂക്ഷിച്ചിരിക്കുന്നതെന്ന്‌. മാത്രമല്ല, നരഭോജികളായ ചീങ്കണ്ണികളുള്ള ഭൂമുഖത്തെ ഒരേയൊരു സ്ഥലം നെയ്യാര്‍ഡാം ജലസംഭരണിയായതിനാല്‍, ഒരുത്തനും ധൈര്യപ്പെട്ട്‌ വെള്ളത്തില്‍ മുങ്ങിത്തപ്പാനും തയ്യാറാകില്ല. എന്തുകൊണ്ടും ഭദ്രം. പക്ഷേ, പ്രശ്‌നം അവിടെയല്ല. ടാങ്കിലാക്കി ശര്‍ക്കരയും പട്ടയും ചേര്‍ത്ത വാഷ്‌ അടച്ചുഭദ്രമാക്കിക്കഴിഞ്ഞാല്‍, വാഷ്‌ പുളിക്കുമ്പോള്‍ ഉണ്ടാകുന്ന വാതകങ്ങള്‍ പുറത്തുപോകില്ല. ഒന്നുരണ്ടു ദിവസം കഴിയുമ്പോള്‍ പ്രഷര്‍കുക്കറിന്റെ അകം പോലെയാകും ടാങ്ക്‌. എത്ര ഉറപ്പുള്ള ടാങ്കാണെങ്കിലും പൊട്ടാതെ വയ്യ. അത്‌ ഫിസിക്‌സാണ്‌. ഫിസിക്‌സും കെമിസ്‌ട്രിയുമൊന്നും നോക്കാതെ അതിനും വാറ്റുപ്രതിഭകള്‍ പോംവഴി കണ്ടെത്തി. ഇവിടെയും സഹായത്തിനെത്തിയത്‌ മെഡിക്കല്‍ ടെക്‌നോളജിയാണെന്ന്‌ പ്രത്യേകം പറയേണ്ടതുണ്ട്‌. ഇഞ്ചക്ഷന്‍ സൂചിയുടെ രൂപത്തിലാണ്‌ മേല്‍പ്പറഞ്ഞ പ്രശ്‌നത്തിന്‌ പരിഹാരം വന്നത്‌. വാഷ്‌ നിറച്ച പ്ലാസ്റ്റിക്‌ ടാങ്കിന്റെ പള്ളയില്‍ മൂന്നു നാല്‌ ഇഞ്ചക്ഷന്‍ സൂചി തറച്ചു വെക്കുക! ശ്രദ്ധിക്കുക, സിറിഞ്ചു പാടില്ല, സൂചി മാത്രം. അപ്പോള്‍, ടാങ്കിനകത്തുള്ള വാതകം സൂചിക്കുള്ളിലൂടെ പുറത്തേക്കു പോയ്‌ക്കൊള്ളും.

ഇഞ്ചക്ഷന്‍ സൂചി പ്രവര്‍ത്തിക്കുന്നത്‌ വണ്‍വേയായിട്ടാകും. കാരണം ടാങ്കിനകത്ത്‌ മര്‍ദ്ദം കൂടുതലായതിനാല്‍, പുറത്തുനിന്ന്‌ വെള്ളം അകത്തേക്കു കയറില്ല. എങ്ങനെയുണ്ട്‌. ഈ ഭൗതീകശാസ്‌ത്രമുന്നേറ്റത്തിന്‌ ഭാവിയില്‍ ആരെല്ലാം എന്തെല്ലാം പ്രയോജനങ്ങള്‍ കണ്ടെത്തില്ല എന്നാരു കണ്ടു. ഇങ്ങനെ സൂചി തറച്ച ടാങ്കുകള്‍ താഴ്‌ത്തിയിട്ടിരിക്കുന്ന തടാകഭാഗത്ത്‌, വെള്ളത്തിന്‌ മുകളില്‍ തുടര്‍ച്ചയായി കുമിളകള്‍ പൊങ്ങിക്കൊണ്ടിരിക്കുമെങ്കിലും, അത്‌ പരിചയ സമ്പന്നനായ ഒരു വാറ്റുകാരനല്ലാതെ മറ്റാര്‍ക്കും ഒന്നും വെളിപ്പെടുത്തിക്കൊടുക്കുകയില്ല. ചീങ്കണ്ണിയാണെന്ന്‌ മറ്റുള്ളവര്‍ കരുതിക്കൊള്ളും, പേടിച്ചിട്ട്‌ ആ ഭാഗത്തേക്ക്‌ പോകുകയുമില്ല.

വാഷ്‌ പുളിപ്പിക്കാന്‍ വന്‍ടാങ്കുകള്‍ തടാകത്തില്‍ കെട്ടിത്താഴ്‌ത്തിയിടാം. കുമിളകള്‍ തടാകപ്പരപ്പില്‍ തുടര്‍ച്ചയായി പൊങ്ങുന്നതിന്റെ അര്‍ത്ഥം മനസിലാക്കുന്നവരേ എന്തെങ്കിലും സംശയിക്കൂ. എന്നാല്‍, വാറ്റ്‌ എന്ന പ്രക്രിയ അങ്ങനെയല്ല. മറ്റുള്ളവരുടെയോ പോലീസിന്റെയോ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ ഒരു വലിയ ടാങ്ക്‌ സ്ഥാപിച്ച്‌ വാറ്റാന്‍ കഴിയില്ല. പണ്ടത്തെ മാതിരി ചെറിയ കലങ്ങളില്‍ തന്നെയേ കഴിയൂ. ചിത്രത്തില്‍ കാണുന്നതു പോലെയൊരു സംവിധാനമാണ്‌ വാറ്റിന്‌ സാധാരണ ഉപയോഗിക്കുക. അടുപ്പില്‍ കലം, കലത്തില്‍ വാഷ്‌, അതിന്‌ മുകളില്‍ മരവിയും കുഴലും. അതിനും മുകളില്‍ തണുത്ത വെള്ളം ഒഴിക്കാനുള്ള ചെരുവം. കലത്തിലെ വാഷ്‌ തിളച്ച്‌ ചാരായം ആവിയായി മരവിയുടെ അടിയിലെ സുക്ഷിരങ്ങളിലൂടെ മുകളില്‍ തണുത്ത വെള്ളമുള്ള ചെരുവത്തിന്‌ അടിയില്‍ തട്ടി ഘനീഭവിച്ച്‌ ദ്രാവകരൂപത്തില്‍ മരവിക്കകത്തെ പലകയില്‍ വീണ്‌ കുഴലിലൂടെ ഒഴുകി കുപ്പിയിലെത്തുന്നു.

ഈ സംവിധാനത്തിന്റെ പ്രധാന പോരായ്‌മ, കുറച്ചുനേരം കൊണ്ട്‌ നീരാവി തട്ടി മുകളില്‍ ചരുവത്തിലെ വെള്ളം ചൂടാവും എന്നതാണ്‌. അങ്ങനെ സംഭവിച്ചാല്‍ വാഷില്‍ നിന്നെത്തുന്ന ഉത്‌പന്നം ഘനീഭവിച്ച്‌ ദ്രാവകരൂപം പ്രാപിക്കില്ല. ഇതിനുള്ള പ്രതിവിധി, ചരുവത്തിലെ വെള്ളം ഇടയ്‌ക്കിടെ മാറ്റിക്കൊടുക്കുകയെന്നാണ്‌. പക്ഷേ, രണ്ടായിരവും അയ്യായിരവും ലിറ്റര്‍ വാഷ്‌ ഒറ്റദിവസം കൊണ്ട്‌ വാറ്റി തീര്‍ക്കേണ്ടി വരുമ്പോള്‍, ഒരേസമയം പത്തുപതിനഞ്ച്‌ അടുപ്പുകളില്‍ കലം വെയ്‌ക്കേണ്ടി വരും. അതിന്‌ കുഴപ്പമില്ല. പക്ഷേ, അത്രയും കലത്തിന്‌ മുകളിലെ ചരുവങ്ങളില്‍ വെള്ളം ഇടയ്‌ക്കിടെ മാറ്റുകയെന്നത്‌ വന്‍ ബാധ്യതയാണ്‌. എന്തുചെയ്യും? അപ്പോഴാണ്‌ പുതിയ കണ്ടെത്തല്‍ വന്നത്‌. ഒരുപക്ഷേ, മുഗള്‍ രാജവംശത്തിനു പോലും സങ്കല്‍പ്പിക്കാന്‍ കഴിയാത്ത ഒന്ന്‌.

ഡല്‍ഹിയില്‍ ചെങ്കോട്ടയില്‍ പോയിട്ടുള്ളവര്‍ക്കറിയാം, ഷാജഹാന്‍ ചക്രവര്‍ത്തിയുടെ പള്ളിയറയ്‌ക്ക്‌ സമീപത്തെ ഹാളില്‍ സൂക്ഷിച്ചു നോക്കിയാല്‍, തറയ്‌ക്ക്‌ അടിയിലൂടെ വെള്ളമൊഴുകുന്നത്‌ . യമുനയെ കൊട്ടാരത്തിന്‌ അകത്തുകൂടി ഒഴുക്കിയിരിക്കുകയാണ്‌! കൊടുംചൂടിലും അവിടെ നിന്നാല്‍ കുളിര്‍മ അനുഭവപ്പെടും. പ്രകൃതിദത്തമായ എയര്‍ കണ്ടീഷനിങ്‌. ഏതാണ്ട്‌, ഇതിനോട്‌ സാമ്യമുള്ള സങ്കേതമാണ്‌ നവവാറ്റുകാര്‍ രൂപപ്പെടുത്തിയത്‌. വരിവരിയായി വാറ്റാന്‍ വെച്ചിരിക്കുന്ന കലങ്ങള്‍ക്ക്‌ മുകളിലെ ചരുവങ്ങളിലൂടെ കരിപ്പയാറിനെ ഒഴുക്കുക! അതിന്‌ വലിയ ഹോസിന്റെ കഷണങ്ങള്‍കൊണ്ട്‌ ഓരോ ചെരുവങ്ങളില്‍ നിന്നും അടുത്തതിലേക്ക്‌ ആറ്റുവെള്ളം ഒഴുക്കി, അടുത്തതില്‍ നിന്ന്‌ അടുത്തതിലേക്ക്‌ എന്ന കണക്കിന്‌. ലോകചരിത്രത്തില്‍ ഇത്രയും മണ്ണൊലിപ്പോ മറ്റ്‌ പരിസ്ഥിതി ആഘാതങ്ങളോ ഉണ്ടാക്കാത്ത മറ്റൊരു ഇറിഗേഷന്‍ ടെക്‌നോളജി ഇനി കണ്ടെത്താനിരിക്കുന്നതേയുള്ളൂ.

ഇത്രയും വായിച്ചതില്‍ നിന്ന്‌ ഒരുകാര്യം വ്യക്തമാകുന്നു. ഫ്യുരിഡാനും ഏതൊക്കെയോ മരത്തിന്റെ തൊലിയും ഇട്ടുവാറ്റിക്കിട്ടുന്ന ഈ സാധനം കഴിക്കുന്നവര്‍ക്ക്‌ പിടിപെടാവുന്ന രോഗങ്ങള്‍ ചികിത്സിക്കാനും പുതിയ കണ്ടുപിടിത്തങ്ങള്‍ തന്നെ വേണ്ടിവരും എന്നതാണത്‌. നഗരങ്ങളിലും പട്ടണങ്ങളിലും ബാറുകളില്‍ പോയി അന്തസ്സായി മിനുങ്ങുന്ന മിടുക്കന്‍മാര്‍ കരുതുന്നുണ്ടാവും, കള്ളച്ചാരയം കുടിക്കുന്നവരാണ്‌ മേല്‍പ്പറഞ്ഞ വിദ്യകളുടെ ഇരകള്‍, ഞങ്ങള്‍ ഒന്നാന്തരം ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ്‌ കഴിക്കുന്നത്‌, പ്രശ്‌നമില്ല എന്ന്‌. എന്നാല്‍, ഈ സത്യം അറിയുക. ഞങ്ങളുടെ നാട്ടില്‍ വാറ്റിക്കിട്ടുന്ന സാധനത്തില്‍ വലിയൊരു പങ്ക്‌ പോകുന്നത്‌, തെക്കന്‍ കേരളത്തിലെ ചില അബ്‌കാരികളുടെ ഗോഡൗണിലേക്കാണ്‌. കളറും എസ്സെന്‍സും ചേര്‍ത്ത്‌, ഈ നാടന്‍ 'അപ്പക്കുടുക്ക'യെ അന്തസ്സുള്ള കുപ്പികളിലാക്കി ബാറുകളിലെത്തിക്കുകയാണ്‌ ചെയ്യുന്നത്‌. 'സെക്കന്‍സ്‌' എന്നും 'ചാത്തന്‍' എന്നും മറ്റും ഓമനപ്പേരുള്ള ഈ സാധനമാണ്‌ ബാറുകളിലേക്ക്‌ എത്തുക. അതാണ്‌ 'ഇന്ത്യന്‍നിര്‍മിത അപ്പക്കുടുക്ക'.

പിന്‍കുറിപ്പ്‌:

ത്തരം സങ്കേതങ്ങള്‍ മറ്റാരെങ്കിലും നമ്മുടെ അനുവാദമില്ലാതെ സ്വന്തമാക്കിയേക്കാം. അതിനാല്‍ എല്ലാ ടെക്‌നോവാറ്റുകാര്‍ക്കുമായി ഈ പിന്‍കുറിപ്പില്‍ 'പാവങ്ങളുടെ പേറ്റന്റ്‌'(Poor Men's Patent) എന്താണ്‌ എന്നു വിവരിക്കുകയാണ്‌. ശ്രദ്ധിച്ചു കേള്‍ക്കുക. എന്റെ കഥ മറ്റവന്‍ കൊണ്ടുപോയി അവന്റെ പേരില്‍ സിനിമയാക്കിയെന്നും, എന്റെ തീസിസിലെ വിവരം പ്രഫസര്‍ കൊണ്ടുപോയി സ്വന്തം പേരില്‍ പ്രബന്ധം അവതരിപ്പിച്ച്‌ കൈയടി നേടി എന്നുമൊക്കെ കേരളത്തില്‍ നിത്യവും കേള്‍ക്കുന്ന പരാതികള്‍ക്ക്‌ ചെറിയൊരു മറുമരുന്നുകൂടിയാണിത്‌.

നിങ്ങള്‍ കുടിയനാകട്ടെ, കുടിച്ചാലും പൂസാകാത്തയാളാകട്ടെ, വിദ്യാര്‍ത്ഥിയാകട്ടെ, കഥാകാരനാകട്ടെ, കര്‍ഷകനാകട്ടെ, വ്യവസായിയാകട്ടെ-ആരായാലും പുതിയ ആശയങ്ങളോ കണ്ടുപിടിത്തങ്ങളോ ഉണ്ടായാല്‍ അത്‌ വിശദമായി എഴുതി സ്വന്തം വിലാസം വൃത്തിയായി എഴുതിയ ഒരു കവറിലിട്ട്‌ അടുത്തേതെങ്കിലും തപ്പാലാപ്പീസില്‍ പോസ്‌റ്റുചെയ്യുക. വിലാസം നിങ്ങളുടെയായതിനാല്‍ സ്വാഭാവികമായും സാധനം നിങ്ങളെത്തേടിയെത്തിക്കൊള്ളും. കവറില്‍ പോസ്‌റ്റാഫീസിന്റെ സീലും സീലില്‍ പോസ്‌റ്റ്‌ ചെയ്‌ത തിയതിയും രേഖപ്പെടുത്തിയിട്ടുമുണ്ടാകും. കത്ത്‌ കിട്ടിക്കഴിഞ്ഞാല്‍ അത്‌ ഒരു കാരണവശാലും പൊട്ടിക്കരുത്‌. ഭദ്രമായി സൂക്ഷിക്കുക.

ഏതവനെങ്കിലും ഈ ഐഡിയ സ്വന്തമാക്കിയെന്ന്‌ തോന്നുകയോ, നിങ്ങളുടെ കഥ മറ്റവന്‍ അടിച്ചുമാറ്റി സിനിമയാക്കുകയോ, തിരക്കഥ ആണുങ്ങളാരെങ്കിലും നിങ്ങളെ കബളിപ്പിച്ച്‌ കാശാക്കാന്‍ നോക്കുകയോ ചെയ്‌താല്‍ കേസ്‌ കോടതിയിലെത്തുമ്പോള്‍, നിങ്ങള്‍ സൂക്ഷിച്ചുവെച്ച ആ പൊട്ടിക്കാത്ത കവര്‍ അനുഗ്രഹമാകും. അവന്‍ ഇത്‌ കണ്ടെത്തുന്നതിന്‌ മുമ്പേ നമ്മള്‍ ഇത്‌ കണ്ടെത്തിയെന്ന്‌ കവറിന്‌ പുറത്തെ തപ്പാല്‍ മുദ്ര തെളിയിക്കും. കോടതി ഇത്‌ ഒരു പരിധിവരെ അംഗീകരിക്കുകയും ചെയ്യും. ഇങ്ങനെ ഒരു ആശയം സൂക്ഷിക്കുന്നതിനെയാണ്‌ 'പാവപ്പെട്ടവന്റെ പേറ്റന്റ്‌' എന്നു വിളിക്കുന്നത്‌. (പാവപ്പെട്ടവന്റെ പേറ്റന്റ്‌ വിദ്യ പറഞ്ഞു തന്ന ബി.എന്‍.കൈലാഷ്‌നാഥിന്‌ നന്ദി; ചിത്രങ്ങള്‍ വരച്ചുതന്ന പ്രിയസുഹൃത്ത്‌ സജീവന്‍ എന്‍.എന്നിനും).

Monday, May 14, 2007

നീന്താനും ഇഴയാനും റോബോട്ട്‌

ജീവലോകത്തെ ആശയങ്ങള്‍ കടമെടുത്താണ്‌ മനുഷ്യന്‍ നേരിടുന്ന പല പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം ആധുനികശാസ്‌ത്രം തേടുന്നത്‌. കരയില്‍ ഇഴയാനും വെള്ളത്തില്‍ നീന്താനും കഴിയുന്ന റോബോട്ടിന്‌, വൈദ്യശാസ്‌ത്രത്തിലും പരിണാമപഠനത്തിലും പുതിയ ഉള്‍ക്കാഴ്‌ച നല്‍കാനാകുമെന്ന്‌ ഗവേഷകര്‍ കരുതുന്നു

സാലമാന്‍ഡറിനെ(നീര്‍പ്പല്ലി)പ്പോലെ ഇഴയാനും ആവശ്യമെങ്കില്‍ വെള്ളത്തില്‍ നീന്താനും ശേഷിയുള്ള ഒരു റോബോട്ടിന്‌ യൂറോപ്യന്‍ ഗവേഷകര്‍ രൂപം നല്‍കി. കമ്പ്യൂട്ടറില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ വിവിധ വേഗങ്ങളില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഇതിന്‌, പരസ്‌പരം ബന്ധിപ്പിച്ച കട്ടകളുടെ രൂപമാണുള്ളത്‌. അനുബന്ധമായി നാലുകാലുമുണ്ട്‌.

"സാലമാന്‍ഡ്ര റോബോട്ടിക്ക"(Salamandra Robotica) യെന്ന്‌ പേരിട്ടിട്ടുള്ള ഈ റോബോട്ട്‌, ശരിക്കും നട്ടെല്ലിന്റെ പ്രവര്‍ത്തനത്തെ അനുസ്‌മരിപ്പിക്കുന്നു. ഇതുപയോഗിച്ചുള്ള പഠനം നട്ടല്ലിനേല്‍ക്കുന്ന ക്ഷതങ്ങളെക്കുറിച്ചും അതിന്‌ ഫലപ്രദമായ ചികിത്സ കണ്ടെത്തുന്നതിനും സഹായകമാകുമെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ഒരു പ്രത്യേക ഗണിതമാതൃകയുടെ സഹായത്തോടെയാണ്‌ റോബോര്‍ട്ട്‌ പ്രവര്‍ത്തിക്കുന്നത്‌. പരിണാമത്തിന്റെ ഫലമായി ലക്ഷക്കണക്കിന്‌ വര്‍ഷംമുമ്പ്‌ വെള്ളത്തില്‍ നിന്ന്‌ കരയിലേക്ക്‌ കുടിയേറിയ ജീവികളുടെ ചലനങ്ങള്‍ രൂപപ്പെട്ടതെങ്ങനെയെന്നു പഠിക്കാന്‍ ഗണിതമാതൃക തുണയായേക്കുമെന്ന്‌ 'സയന്‍സ്‌' ഗവേഷണ വാരിക പറയുന്നു.

സാലമാന്‍ഡറിന്റെ ചലനങ്ങളെ അനുസ്‌മരിപ്പിക്കുന്ന ഒരു മത്സ്യമുണ്ട്‌; 'ലാംപ്രേ'(lamprey). ആ മത്സ്യത്തിന്റെ സിരാവ്യൂഹത്തിന്റെ പ്രവര്‍ത്തനം അടിസ്ഥാനമാക്കിയുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമാണ്‌ റോബോട്ടിനായി ഉപയോഗിച്ചിട്ടുള്ളത്‌. കരയില്‍ നിന്നു കരയ്‌ക്കെത്തിയ ആദ്യ ജീവികളുടെ ചലനത്തെ സാലമാന്‍ഡറുകള്‍ അനുസ്‌മരിപ്പിക്കുന്നു എന്നാണ്‌ ഗവേഷകരുടെ നിഗമനം.

സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ലോസാനെയിലുള്ള ഫെഡറല്‍ പോളിടെക്‌നിക്കിലെ ജാന്‍ ഓക്‌ ഇജ്‌സ്‌പീര്‍റ്റും സംഘവുമാണ്‌ റോബോട്ടിനെ വികസിപ്പിച്ചത്‌. ലാംപ്രേ മത്സ്യത്തിന്റെ സിരാവ്യൂഹപ്രവര്‍ത്തനം പരിഷ്‌കരിച്ച്‌, സാലമാന്‍ഡറിനെപ്പോലെ കരയില്‍ ഇഴഞ്ഞു സഞ്ചരിക്കാന്‍ പാകത്തിലാണ്‌ റോബോട്ടിനെ രൂപപ്പെടുത്തിയിട്ടുള്ളത്‌. അതിനാല്‍, റോബോട്ടിന്‌ നീന്താനും കരയില്‍ ഇഴയാനും കഴിയും.

ലാപ്‌ടോപ്‌ കമ്പ്യൂട്ടറില്‍ നിന്നുള്ള വയര്‍ലസ്സ്‌ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ റോബോട്ടിനെ പ്രവര്‍ത്തിപ്പിക്കാന്‍ ഗവേഷകര്‍ക്കായി. റോബോട്ടിന്റെ സഞ്ചാരവേഗത്തില്‍ വ്യതിയാനം വരുത്താനും, നീന്തലില്‍ നിന്ന്‌ ഇഴയലായി ചലനം വ്യത്യാസപ്പെടുത്താനും ഇങ്ങനെ കഴിഞ്ഞു. മസ്‌തിഷ്‌കത്തില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച്‌ ശരീരം ചലിക്കുന്നതു പോലെയായിരുന്നു അത്‌.

ജീവലോകത്തെ ആശയങ്ങള്‍ പരീക്ഷണവിധേയമാക്കാന്‍ ഇത്തരം റോബോട്ടുകളെയും ഗണിതമാതൃകകളെയും പ്രയോജനപ്പെടുത്താന്‍ കഴിയും-ഇജ്‌സ്‌പീര്‍റ്റ്‌ പറയുന്നു. പുത്തന്‍ ചികിത്സാരീതികള്‍ ഇതുവഴിയാകാം ഭാവിയില്‍ കണ്ടെത്താനാവുക. മാത്രമല്ല, കൂടുതല്‍ ക്ഷമതയോടെ പ്രവര്‍ത്തിക്കുന്ന യന്ത്രമനുഷ്യന്‍മാരെ സൃഷ്ടിക്കാനും ഇതു സഹായിക്കും.(കടപ്പാട്‌: സയന്‍സ്‌ മാഗസിന്‍).

Sunday, May 13, 2007

ഗ്രഹങ്ങളിലേക്ക്‌ ഇനി 'യന്ത്രപൊടിയന്‍മാരും'

ഗോളാന്തര പര്യവേക്ഷണത്തിന്‌ ഉപയോഗിക്കാവുന്ന 'സ്‌മാര്‍ട്ട്‌ പൊടി'യുടെ നിര്‍മാണത്തിനുള്ള കഠിന പ്രയത്‌നത്തിലാണ്‌ ഒരു സംഘം ബ്രിട്ടീഷ്‌ ഗവേഷകര്‍. യുദ്ധരംഗത്തും ആരോഗ്യരംഗത്തുമെല്ലാം ഭാവിയില്‍ ഇത്തരം 'യന്ത്രപൊടിയന്‍'മാരെ ഉപയോഗിക്കാന്‍ കഴിഞ്ഞേക്കും

പൊടി പോലെ, കാറ്റില്‍ പറത്തി വിടാവുന്ന യന്ത്രങ്ങളെക്കുറിച്ച്‌ ആലോചിച്ചു നോക്കൂ. ഒരു ബഹിരാകാശവാഹനത്തില്‍ കൊണ്ടുപോയി വിദൂരഗ്രഹത്തില്‍ വിതറി അവിടം പഠനവിധേയമാക്കാന്‍ കഴിഞ്ഞാലത്തെ സ്ഥിതി! സയന്‍സ്‌ഫിക്ഷന്‍ കഥകളില്‍ സംഭവിക്കാവുന്ന കാര്യമാണിതെന്നു തോന്നാം. പക്ഷേ, അങ്ങനെ തള്ളിക്കളയാന്‍ വരട്ടെ. കാറ്റില്‍ പറത്തിവിടാവുന്ന 'സ്‌മാര്‍ട്ട്‌ യന്ത്രങ്ങള്‍' യാഥാര്‍ത്ഥ്യമാക്കാനുള്ള തീവ്രശ്രമത്തിലാണ്‌ ബ്രിട്ടനിലെ ഒരു സംഘം ഗവേഷകര്‍.

വളരെ ചെറിയൊരു കമ്പ്യൂട്ടര്‍ ചിപ്പും അതിന്റെ പ്ലാസ്റ്റിക്‌ കവചവുമടങ്ങിയതാണ്‌ യന്ത്രപ്പൊടിയന്‍മാര്‍. വോള്‍ട്ടേജിലെ വ്യതിയാനമനുസരിച്ച്‌ ആകൃതി മാറാന്‍ കഴിയുംവിധമാണ്‌ കവചത്തിന്റെ രൂപകല്‍പ്പന. വയര്‍ലെസ്സ്‌ ശൃംഗല വഴി പരസ്‌പരം ബന്ധപ്പെട്ട്‌ കൂട്ടമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഇത്തരം സൂക്ഷ്‌മയന്ത്രങ്ങളെ വികസിപ്പിക്കാന്‍, ഗ്ലാസ്‌കോ സര്‍വകലാശാലയ്‌ക്കു കീഴിലുള്ള 'നാനോഇലക്ട്രോണിക്‌സ്‌ റിസര്‍ച്ച്‌ സെന്ററി'ലെ ഡോ. ജോണ്‍ ബാര്‍ക്കറും സംഘവുമാണ്‌ ശ്രമിക്കുന്നത്‌.

മില്ലീമീറ്ററുകള്‍ മാത്രം വലിപ്പമുള്ള ഉപകരണങ്ങള്‍ വിദൂര പ്രദേശങ്ങളുടെ പര്യവേക്ഷണത്തിന്‌ ഉപയോഗിക്കുക എന്നത്‌ പുതിയ ആശയമല്ല. പക്ഷേ, ഇത്തരമൊരു ആശയം യാഥാര്‍ത്ഥ്യമാക്കാനാണ്‌ തങ്ങള്‍ ശ്രമിക്കുന്നതെന്ന്‌, പ്രിസ്റ്റണില്‍ അടുത്തയിടെ നടന്ന 'നാഷണല്‍ അസ്‌ട്രോണമി മീറ്റിങ്ങി'ല്‍ ഡോ. ബാര്‍ക്കര്‍ അറിയിച്ചു.

സൂക്ഷ്‌മയന്ത്രങ്ങളാകാന്‍ പാകത്തില്‍ കമ്പ്യൂട്ടര്‍ചിപ്പുകളെ മാറ്റിയാല്‍, അവയെ ഒരു ബഹിരാകാശപേടകം ഉപയോഗിച്ച്‌ വിദൂരഗ്രഹങ്ങളുടെ അന്തരീക്ഷത്തില്‍ വിതറാനാകും. സൂക്ഷ്‌മയന്ത്രങ്ങളില്‍ ഓരോന്നിനും മണല്‍ത്തരിയുടെ വലുപ്പമുണ്ടാകണം. കവചത്തിന്റെ ആകൃതി വോള്‍ട്ടേജ്‌ വ്യതിയാനം അനുസരിച്ചു മാറ്റുക വഴി, ശക്തമായ കാറ്റുള്ളപ്പോള്‍ പോലും അവയെ ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാനാകും.

ചിപ്പിനു ചുറ്റുമുള്ള പ്ലാസ്റ്റിക്‌ കവചത്തിന്‌ ചുരുങ്ങാനും നിവരാനുമുള്ള ശേഷിയുണ്ടാകും. വയര്‍ലെസ്സ്‌ ശൃംഗല വഴി ഇവ പരസ്‌പരം ബന്ധപ്പെട്ട്‌ ഒറ്റ വ്യൂഹമായാണ്‌ പ്രവര്‍ത്തിക്കുക. ഡോ.ബാര്‍ക്കറുടെ സംഘം ഇതിനാവശ്യമായ ഗണിതമാതൃകകള്‍ സൃഷ്ടിച്ച്‌ കമ്പ്യൂട്ടറില്‍ പരീക്ഷിച്ചു കഴിഞ്ഞു. "മിക്ക സൂക്ഷ്‌മയന്ത്രങ്ങള്‍ക്കും അവയ്‌ക്കു സമീപമുള്ള മറ്റൊരെണ്ണവുമായി ആശയവിനിമയം നടത്താനേ സാധിക്കൂ. എന്നാല്‍, അവയില്‍ ചിലതിന്‌ കൂടുതല്‍ ദൂരത്തിലുള്ളവയുമായി ബന്ധം സ്ഥാപിക്കാനാകും"-ഡോ.ബാര്‍ക്കര്‍ പറയുന്നു.

ഗണിതമാതൃക പ്രകാരം പരിശോധിച്ചപ്പോള്‍, വളരെ ശക്തമായ കാറ്റില്‍ പോലും 50 യന്ത്രങ്ങള്‍ ഒറ്റ സംവിധാനം പോലെ പരസ്‌പരം ബന്ധപ്പെട്ട്‌ പ്രവര്‍ത്തിക്കുന്നതായി ഗവേഷകര്‍ കണ്ടു. പറക്കുമ്പോള്‍ തന്നെ എല്ലാ ചിപ്പുകളും പരസ്‌പരം ബന്ധപ്പെട്ടുണ്ടാക്കുന്ന ഡേറ്റ ഒരു 'സംഘസിഗ്നല്‍'(collective signal) ആയി മാതൃപേടകത്തിലേക്ക്‌ അയയ്‌ക്കാന്‍ കഴിയും. ഇതുവഴി ഇതുവരെ ലഭ്യമാകാത്ത വിധമുള്ള വിവരങ്ങളാകും അന്യഗ്രഹങ്ങളില്‍ നിന്ന്‌ ശേഖരിക്കാനാവുക.

ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍, പ്രോസസിങ്‌ ശൃംഗല, സെന്‍സറുകള്‍, വൈദ്യുതിസ്രോതസ്സുകള്‍ മുതലാവയോടു കൂടിയ ഏതാനും ഘനസെന്റീമീറ്റര്‍ വലുപ്പമുള്ള പൊടിയന്ത്രങ്ങളെ ഇതിനകം ഗവേഷകര്‍ രൂപപ്പെടുത്തി കഴിഞ്ഞു. എന്നാല്‍, യന്ത്രങ്ങളുടെ വലിപ്പം ഏതാനും മില്ലീമീറ്റര്‍ ആക്കുകയെന്നതാണ്‌ പ്രശ്‌നം.

ഒട്ടേറെ മറ്റ്‌ ഉപയോഗങ്ങളും ഇത്തരം 'സ്‌മാര്‍ട്ട്‌ പൊടി'(smart dust) ക്ക്‌ ഭാവിയില്‍ ഉണ്ടായേക്കാം. യുദ്ധഭൂമിയില്‍ നിന്ന്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ഇവയെ ഫലപ്രദമായി ഉപയോഗിക്കാനാവും. കെട്ടിടങ്ങളുടെ ആരോഗ്യം കൃത്യമായി അറിയാനായി, നിര്‍മാണവേളയില്‍ ഇത്തരം 'പൊടി' കൂടി കോണ്‍ക്രീറ്റില്‍ ഉപയോഗിച്ചാല്‍ മതി. ശരീരത്തില്‍ പൊടിയന്ത്രങ്ങളെ കടത്തിവിട്ട്‌ ചികിത്സ ഫലപ്രദമാക്കാന്‍ കഴിഞ്ഞേക്കും. അങ്ങനെ എത്രയെത്ര സാധ്യതകള്‍(കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

Saturday, May 12, 2007

അര്‍ബുദകോശങ്ങളെ പൂര്‍വസ്ഥിതിയിലെത്തിക്കാന്‍ മാര്‍ഗ്ഗം

അര്‍ബുദകോശങ്ങളെ വീണ്ടും സാധാരണകോശങ്ങളാക്കി മാറ്റുന്നതില്‍ ഗവേഷകര്‍ ആദ്യമായി വിജയം കണ്ടു. സീബ്രാമത്സ്യം ഉപയോഗിച്ചു നടത്തിയ ഈ പരീക്ഷണത്തിന്റെ ഫലം മനുഷ്യരിലും ആവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍, അര്‍ബുദചികിത്സയില്‍ അത്‌ വിപ്ലവം സൃഷ്ടിക്കും.

ചര്‍മാര്‍ബുദ കോശങ്ങള്‍
ചര്‍മാര്‍ബുദമായ 'മെലനോമ'(melanoma) ബാധിച്ച കോശങ്ങളിലെ ചില പ്രോട്ടീനുകള്‍ ഭ്രൂണവിത്തുകോശങ്ങളിലും പ്രവര്‍ത്തിക്കുന്നു എന്ന കണ്ടെത്തലാണ്‌ ഇക്കാര്യത്തില്‍ മുന്നേറ്റമായത്‌. അമേരിക്കയില്‍ നോര്‍ത്ത്‌ വെസ്‌റ്റേണ്‍ സര്‍വകലാശാലയിലെ ഡോ.മേരി ജെ.സി.ഹെന്‍ട്രിക്‌സും സംഘവും നടത്തിയ ഗവേഷണത്തിന്റെ ഫലം, അടുത്തയിടെ വാഷിങ്‌ടണില്‍ നടന്ന 'എക്‌സ്‌പെരിമെന്റല്‍ ബയോളജി 2007' എന്ന സിമ്പോസിയത്തില്‍ അവതരിപ്പിക്കപ്പെട്ടു.


ശരീരത്തില്‍ ഇരുന്നൂറിലേറെ വ്യത്യസ്‌ത കോശങ്ങളുണ്ട്‌. അവയില്‍ ഏതിനം കോശമായും മാറാന്‍ ശേഷിയുള്ളവയാണ്‌ ഭ്രൂണവിത്തുകോശങ്ങള്‍. വിത്തുകോശങ്ങള്‍ക്ക്‌ സൂക്ഷ്‌മപരിസ്ഥിതിയില്‍ തന്മാത്രാതലത്തില്‍ ലഭിക്കുന്ന സന്ദേശമനുസരിച്ചായിരിക്കും അവ ഏതിനം കോശമായി മാറണം എന്നു നിശ്ചയിക്കപ്പെടുക. സന്ദേശമനുസരിച്ച്‌ അവ പിളര്‍ന്ന്‌ വളര്‍ന്ന്‌ പ്രത്യേകയിനം കോശപാളിയായിരൂപപ്പെടുന്നു.


മെലനോമയുടെ കാര്യത്തിലും അര്‍ബുദകോശങ്ങള്‍ അവയുടെ സൂക്ഷ്‌മപരിസ്ഥിതിയില്‍ നിന്ന്‌ സന്ദേശം സ്വീകരിച്ചാണ്‌ അപകടകരമായി വളര്‍ന്നു പെരുകുന്നത്‌. അതൊടുവില്‍ ട്യൂമറുകള്‍ക്കു കാരണമാകുന്നു. സീബ്രാമത്സ്യത്തെ ഉപയോഗിച്ചു നടത്തിയ പഠനത്തില്‍, സൂക്ഷ്‌മപരിസ്ഥിതിയില്‍ അര്‍ബുദകോശങ്ങള്‍ക്ക്‌ ഭ്രൂണവിത്തുകോശങ്ങളുമായി ആശയവിനിമയം നടത്താനാകുമോ എന്ന്‌ ഗവേഷകര്‍ പരിശോധിച്ചു.
സീബ്രാമത്സ്യം. ഇന്ത്യയുള്‍പ്പടെയുള്ള ഏഷ്യന്‍ മേഖലയില്‍ കാണപ്പെടുന്ന ഈ മത്സ്യം വളരെ വേഗം വളരുന്ന ഒന്നായതിനാല്‍, വൈദ്യശാസ്‌ത്ര പരീക്ഷണങ്ങള്‍ക്ക്‌ ഇവയെ കാര്യമായി ഉപയോഗിക്കാറുണ്ട്‌

തീവ്രമായി വളര്‍ന്നു പെരുകുന്ന അര്‍ബുദകോശങ്ങള്‍ ഭ്രൂണസൂക്ഷ്‌മപരിസ്ഥിതിയുമായി ആശയവിനിമയം നടത്താന്‍ 'നോഡല്‍' എന്നൊരു സന്ദേശഘടകം പുറപ്പെടുവിക്കുന്നതായി കണ്ടു. ഭ്രൂണവിത്തുകോശങ്ങളുടെ വളര്‍ച്ചയ്‌ക്കു പ്രേരകമായ 'നോഡല്‍' ഘടകം ('മോര്‍ഫോജിന്‍' എന്നും ഇതിന്‌ പേരുണ്ട്‌) ഉത്‌പാദിപ്പിക്കാന്‍ തീവ്രവളര്‍ച്ചയുള്ള ട്യൂമര്‍കോശങ്ങള്‍ക്കും ശേഷിയുണ്ട്‌ എന്ന കണ്ടെത്തല്‍ ഗവേഷകരെ അമ്പരപ്പിച്ചു.

'നോഡല്‍' സന്ദേശഘടകത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തിയപ്പോള്‍, അര്‍ബുദ കോശങ്ങളുടെ പെരുകല്‍ കുറഞ്ഞു. മാത്രമല്ല, മെലനോമ കോശങ്ങള്‍ അപകടകാരികളാല്ലാത്ത ചര്‍മകോശങ്ങളായി വീണ്ടും മാറുന്നതും ഗവേഷകര്‍ കണ്ടു. അര്‍ബുദത്തിന്റെ വളര്‍ച്ച തടയാന്‍ മാത്രല്ല, അര്‍ബുദബാധിത കോശങ്ങളെ സാധാരണ നിലയിലെത്തിക്കാനുമുള്ള സാധ്യതയും ഈ ഗവേഷണഫലം മുന്നോട്ടുവെയ്‌ക്കുന്നു.


മറ്റ്‌ ജീവികളെ ഉപയോഗിച്ചുള്ള പരീക്ഷണങ്ങളിലും ഇക്കാര്യം വിജയിച്ചാല്‍, മനുഷ്യ ഭ്രൂണവിത്തുകോശങ്ങളുപയോഗിച്ച്‌ ഇത്‌ പരീക്ഷിക്കാനാണ്‌ ഉദ്ദേശമെന്ന്‌ ഡോ. ഹെന്‍ട്രിക്‌സ്‌ അറിയിച്ചു. അര്‍ബുദം വൈദ്യശാസ്‌ത്രത്തിന്‌ കീഴടങ്ങുന്നതിന്റെ തുടക്കമാകാമിത്‌. ഏതായാലും അത്‌ വ്യക്തമാകാന്‍ അല്‍പ്പം കൂടി കാക്കണം. (അവലംബം: നോര്‍ത്ത്‌ വെസ്‌റ്റേണ്‍ സര്‍വകലാശാലയുടെ പത്രക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി).

Thursday, May 10, 2007

ഭൂമിക്കടിയില്‍ ഒരു വനം!

ഭൂമിക്കടിയില്‍ ഒരു വനമെന്നത്‌ അസംബന്ധമായി തോന്നാം. എന്നാല്‍, 30 കോടി വര്‍ഷം പഴക്കമുള്ള ഫോസില്‍വനം അമേരിക്കയിലെ ഒരു കല്‍ക്കരി ഖനിക്കുള്ളില്‍ നിന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌. പ്രാചീന സസ്യങ്ങളെക്കുറിച്ച്‌ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്ന കണ്ടുപിടിത്തമാണിത്‌

പാതളത്തിലെ വനത്തെക്കുറിച്ചും ജീവികളെക്കുറിച്ചുമൊക്കെ കഥകളിലാണുള്ളത്‌. ഭൂമിക്കടിയില്‍ ഒരു യഥാര്‍ത്ഥവനം കണ്ടെത്തിയെന്നു പറഞ്ഞാല്‍ അസംഭാവ്യമായി തോന്നാം. എന്നാല്‍, അമേരിക്കയില്‍ ഭൂമിക്കടിയില്‍ നൂറുകണക്കിന്‌ മീറ്ററുകള്‍ താഴെ വിശാലമായ ഒരു വനം കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. ഒരു പ്രശ്‌നം മാത്രം, അതൊരു ഫോസിലീകരിക്കപ്പെട്ട വനമാണ്‌; ഉഷ്‌ണമേഖലാ ഫോസില്‍വനം (fossil rainforest). ഇല്ലിനോയിസിലെ ഒരു കല്‍ക്കരി ഖനിക്കുള്ളില്‍ കണ്ടെത്തിയ ഭൂഗര്‍ഭവനത്തിന്‌ 30 കോടി വര്‍ഷം പഴക്കമുണ്ട്‌. പ്രാചീന സസ്യങ്ങളെക്കുറിച്ചും അക്കാലത്തെ ജൈവവൈവിധ്യത്തെപ്പറ്റിയും പുതിയ ഉള്‍ക്കാഴ്‌ച നല്‍കുന്ന കണ്ടെത്താലാണ്‌ അമേരിക്കയിലെയും യൂറോപ്പിലെയും ഭൗമഗവേഷകര്‍ നടത്തിയിരിക്കുന്നത്‌.

ആയിരം ഹെക്ടര്‍ (പത്തു ചതുരശ്ര കിലോമീറ്റര്‍) പ്രദേശത്ത്‌ വ്യാപിച്ചു കിടക്കുന്ന ആ ഭൂഗര്‍ഭവനം, ഇതുവരെ മനുഷ്യന്‍ കണ്ടെത്തിയിട്ടുള്ളതില്‍ ഏറ്റവും വലിയ 'ഫോസില്‍വന'മാണ്‌. "ഇളംകല്‍ക്കരി (peat)യുടെ രൂപത്തിലുള്ള ഈ വ്യൂഹം ശരിക്കും വൈവിധ്യമാര്‍ന്നതും ചലാത്മകവുമായ ഒന്നാണ്‌. അതുകൊണ്ടു തന്നെ ഈ കണ്ടെത്തല്‍ വളരെ അര്‍ത്ഥവത്തുമാണ്‌"-ഗവേഷണ സംഘത്തിലുണ്ടായിരുന്ന പ്രൊഫ. ആഡ്രൂ സ്‌കോട്ട്‌ പറയുന്നു. പ്രാചീനസസ്യങ്ങളെക്കുറിച്ചു പഠനം നടത്തുന്ന അദ്ദേഹം(palaeobotanist), ലണ്ടനില്‍ റോയല്‍ ഹോലോവെ സര്‍വകലാശാലയിലെ ഗവേഷകനാണ്‌.

ഭൂമുഖത്ത്‌ ഇളംകല്‍ക്കരിയുടെ രൂപപ്പെടല്‍ അതിന്റെ പാരമ്യത്തിലെത്തിയത്‌ 23-33 കോടി വര്‍ഷം മുമ്പായിരുന്നു. ആ സമയത്താണ്‌ ഇല്ലിനോയിസിലെ ഭൂഗര്‍ഭവനവും രൂപപ്പെട്ടതെന്നു കരുതുന്നു. കല്‍ക്കരിയുടെ രൂപപ്പെടലിനെപ്പറ്റി ആഴത്തില്‍ പഠിക്കാനും പ്രാചീന സസ്യജാതികളെക്കുറിച്ച്‌ കൂടുതല്‍ വ്യക്തത ലഭിക്കാനും പുതിയ കണ്ടെത്തല്‍ സഹായിക്കുമെന്ന്‌ ഗവേഷകര്‍ പ്രതീക്ഷിക്കുന്നതായി 'ജിയോളജി' ജേര്‍ണലിലെ റിപ്പോര്‍ട്ട്‌ പറയുന്നു. 30 കോടി വര്‍ഷം മുമ്പ്‌ വന്‍ഭൂകമ്പത്തിന്റെ ഭാഗമായി നൂറുകണക്കിന്‌ മീറ്റര്‍ ഭൂമിക്കടിയിലായിപ്പോയ വനം, ഫോസില്‍ ആയി മാറുകയാണുണ്ടായതെന്ന്‌ ഗവേഷകര്‍ കരുതുന്നു.

ഇല്ലിനോയിസിലെ കല്‍ക്കരി ഖനിക്കുള്ളിലെ കണ്ടെത്തല്‍ അത്ഭുതകരമായ അനുഭവമായിരുന്നുവെന്ന്‌, ഗവേഷണസംഘത്തിലെ അംഗവും ബ്രിസ്‌റ്റൊള്‍ സര്‍വകലാശാലയിലെ ഗവേഷകനുമായ ഡോ.ഹൊവാര്‍ഡ്‌ ഫാല്‍ക്കന്‍-ലാങ്‌ പറയുന്നു. "ഒരു കവചിത വാഹനത്തില്‍ ഖനിക്കുള്ളിലേക്ക്‌ ഞങ്ങള്‍ പോയി. നൂറുകണക്കിന്‌ മീറ്റര്‍ അടിയിലെത്തി. ഒരു കല്‍ക്കരി പാളിക്കു മുകളിലാണ്‌ ഫോസില്‍ വനം സ്ഥിതിചെയ്യുന്നത്‌"-ഡോ.ഫാല്‍ക്കന്‍-ലാങ്‌ അറിയിക്കുന്നു. കല്‍ക്കരി ഖനനം ചെയ്‌തു നീക്കിയിരുന്നതിനാല്‍, ആ തുരങ്കത്തിന്റെ മേല്‍ത്തട്ടിലെ പ്രതലത്തില്‍ ഇലകളും ചില്ലകളുമായി ഫോസില്‍ വനം ഗവേഷകര്‍ക്കു മുന്നില്‍ വരച്ചവെച്ചതു പോലെ പ്രത്യക്ഷപ്പെടുകയായിരുന്നു.

"ഖനിക്കുള്ളിലെ ഇടനാഴികളിലൂടെ കിലോമീറ്ററുകള്‍ ഞങ്ങള്‍ സഞ്ചരിച്ചു"-ഡോ. ഫാല്‍ക്കന്‍-ലാങ്‌ അറിയിക്കുന്നു. എല്ലായിടത്തും മേല്‍ത്തട്ടില്‍ ഫോസില്‍ വനം കാത്തുകിടക്കുന്നുണ്ടായിരുന്നു. ഖനിയിലെ വിളക്കല്ലാതെ വേറൊരു പര്യവക്ഷണ സംവിധാനവും വേണ്ടിവന്നില്ല, ഗവേഷകര്‍ക്ക്‌ ഫോസില്‍ വനത്തിന്റെ രൂപരേഖ തയ്യാറാക്കാന്‍. സമ്പന്നമായ ഒരു പരിസ്ഥിതിവ്യൂഹത്തിന്റെ തെളിവാണ്‌ അവിടെ കണ്ടത്‌. നാലുമീറ്റര്‍ ഉയരമുള്ള പന്നല്‍ച്ചെടികള്‍ മുതല്‍ 40 മീറ്ററിലേറെ പൊക്കമുള്ള ക്ലബ്‌ മോസുകള്‍ വരെ ആ ഭൂഗര്‍ഭവനത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞു.

നിലവില്‍ ഇത്തരമൊരു പരിസ്ഥിതിവ്യൂഹം ഭൂമുഖത്ത്‌ ഇല്ല. അതുകൊണ്ടു തന്നെ ഈ കണ്ടെത്തല്‍ പ്രാചീന സസ്യലോകത്തെക്കുറിച്ച്‌ വളരെ വിലപ്പെട്ട വിവരങ്ങള്‍ നല്‍കുന്നു-ഡോ.ഫാല്‍ക്കന്‍-ലാങ്‌ പറഞ്ഞു. ഭൂമി അതിന്റെ ഗര്‍ഭത്തില്‍ കാത്തുസൂക്ഷിച്ചിരുന്ന ഈ പ്രാചീന സസ്യലോകത്തെ കൂടുതല്‍ മനസിലാക്കാനുള്ള ശ്രമം ഗവേഷകര്‍ തുടരുകയാണ്‌. അഗ്നിപര്‍വത സ്‌ഫോടനത്തിന്റെ ഫലമായി ഭൂമിക്കടിയില്‍ പെട്ടുപോയ പ്രാചീനവനം അടുത്തയിടെ ഒരുസംഘം ചെക്ക്‌ ഗവേഷകര്‍ കണ്ടെത്തി മാപ്പ്‌ ചെയ്‌തിരുന്നു. ഇല്ലിനോയിസില്‍ കണ്ടെത്തിയ വനത്തിന്റെ അത്ര തന്നെ പഴക്കമുള്ളതാണ്‌ ചെക്ക്‌സംഘം കണ്ടെത്തിയ വനവും. ഈ രണ്ട്‌ കണ്ടെത്തലും പ്രാചീനസസ്യലോകത്തെക്കുറിച്ച്‌ വിലപ്പെട്ട അറിവുകള്‍ ശാസ്‌ത്രത്തിന്‌ നല്‍കുമെന്ന കാര്യം തീര്‍ച്ചയാണ്‌ (അവലംബം: 'ജിയോളജി').

Wednesday, May 09, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-16: സി.വി.രാമന്‍

വെറും ഇരുന്നൂറ്‌ രൂപയുടെ ഉപകരണങ്ങളും കഠിനാധ്വാനവും ഒരു സമുദ്രയാത്രയും കൊണ്ട്‌ നോബല്‍ സമ്മാനം നേടാമെന്ന്‌ ലോകത്തെ ബോധ്യപ്പെടുത്തിയ ശാസ്‌ത്രപ്രതിഭയാണ്‌ ചന്ദ്രശേഖര വെങ്കട്ടരാമന്‍ എന്ന സി.വി.രാമന്‍. ഇന്ത്യയിലേക്ക്‌ ശാസ്‌ത്രത്തിനുള്ള നോബല്‍പുരസ്‌കാരം ആദ്യം എത്തിച്ചയാള്‍ എന്നു മാത്രമല്ല, രാജ്യത്ത്‌ ആധുനിക ശാസ്‌ത്രഗവേഷണത്തിന്‌ അടിത്തറ പാകിയ വ്യക്തിയെന്ന ചരിത്രപ്രാധാന്യം കൂടി അദ്ദേഹത്തിനുണ്ട്‌.
മിഴ്‌നാട്ടിലെ തൃശ്ശിനാപ്പള്ളിയില്‍ 1888 നവംബര്‍ ഏഴിനാണ്‌ രാമന്റെ ജനനം. അച്ഛന്‍ ചന്ദ്രശേഖരയ്യര്‍ അധ്യാപകനായിരുന്നു. അമ്മ പാര്‍വതിയമ്മാള്‍. വിശാഖപട്ടണത്ത്‌ സ്‌കൂള്‍ പഠനം കഴിഞ്ഞ്‌ 1902-ല്‍ ചെന്നൈയിലെ പ്രസിഡന്‍സി കോളേജില്‍ ചേര്‍ന്നു. 1904-ല്‍ ബി.എ.യും 1907-ല്‍ എം.എ.യും ഒന്നാം റാങ്കോടെ പാസായി. അധ്യാപകര്‍ അന്നേ രാമനിലുള്ള ശാസ്‌ത്രപ്രതിഭ തിരിച്ചറിഞ്ഞിരുന്നു. ശബ്‌ദവും പ്രകാശവുമായിരുന്ന അദ്ദേഹത്തിന്റെ ഇഷ്‌ടവിഷയങ്ങള്‍.

1907-ല്‍ അസിസ്റ്റന്റ്‌ അക്കൗണ്ടന്റ്‌ ജനലറലായി ജോലി കിട്ടി കൊല്‍ക്കത്തയിലെത്തി. ആയിടയ്‌ക്ക്‌ വിവാഹവും കഴിഞ്ഞു. ഭാര്യ സുന്ദരാംബാള്‍ സംഗീത വിദുഷിയായിരുന്നു. മികച്ച സംഗീതാസ്വാദകന്‍ കൂടിയായിരുന്ന രാമന്‌, ശബ്‌ദത്തിന്റെ രഹസ്യങ്ങളിലേക്കുള്ള പ്രയാണത്തില്‍ ഭാര്യയുടെ കൂട്ട്‌ എപ്പോഴുമുണ്ടായിരുന്നു. 1917-ല്‍ കൊല്‍ക്കത്ത സര്‍വകലാശാലയില്‍ രാമന്‍ പ്രൊഫസറായി ചേര്‍ന്നു. 1933 വരെ അവിടെ തുടര്‍ന്നു.

ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനു കീഴിലുള്ള സര്‍വകലാശാലകളുടെ സമ്മേളനം 1921-ല്‍ ലണ്ടനില്‍ നടന്നപ്പോള്‍ പ്രൊഫ. രാമന്‌ അതില്‍ പങ്കെടുക്കാന്‍ അവസരം കിട്ടി. ലണ്ടനില്‍ നിന്ന്‌ തിരിച്ചുള്ള കപ്പല്‍യാത്രയിലാണ്‌, ലോകപ്രശസ്‌തമായ തന്റെ കണ്ടുപിടുത്തത്തിനുള്ള ഉള്‍ക്കാഴ്‌ച രാമന്‌ ലഭിച്ചത്‌. മധ്യധരണ്യാഴി കടന്ന്‌ കപ്പല്‍ വരികയായിരുന്നു. കടലിന്റെ നീലനിറം രാമന്റെ ശ്രദ്ധയാകര്‍ഷിച്ചു. ആകാശത്തിന്റെ പ്രതിഫലനമല്ല അത്‌; പ്രകാശത്തിന്‌ എന്തോ രൂപപരിണാമം സംഭവിക്കുന്നതാണ്‌ എന്ന ശക്തമായ ചിന്ത അദ്ദേഹത്തെ പിടികൂടി.

സുതാര്യമായ മാധ്യമങ്ങളില്‍ കൂടി കടന്നു വരുമ്പോള്‍ പ്രകാശത്തിന്‌ എന്താണ്‌ സംഭവിക്കുന്നതെന്ന്‌ മനസിലാക്കാനുള്ള കഠിനാധ്വാനമായി നാട്ടിലെത്തിയ ശേഷം. ആറുവര്‍ഷത്തെ ക്ഷമയോടെയുള്ള അധ്വാനം. 1928-ല്‍ `രാമന്‍ പ്രഭാവം' (Raman Effect) എന്ന്‌ പിന്നീട്‌ അറിയപ്പെട്ട പ്രതിഭാസം അദ്ദേഹം കണ്ടെത്തി. 1928 മാര്‍ച്ച്‌ ലക്കം `നേച്ചറി'ല്‍ പുതിയ കണ്ടുപിടുത്തത്തെപ്പറ്റി രാമനും ശിക്ഷ്യന്‍ കെ.എസ്‌.കൃഷ്‌ണനും കൂടി തയ്യാറാക്കിയ ഗവേഷണ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചു. ആ കണ്ടുപിടിത്തത്തിന്‌ 1930-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം രാമനെ തേടിയെത്തി.

രാമന്‌ കിട്ടിയ ബഹുമതികളില്‍ ഒന്നു മാത്രമായിരുന്നു നോബല്‍ പുരസ്‌ക്കാരം. കൊല്‍ക്കത്ത സര്‍വകലാശാലയുടെ ഡോക്‌ടറേറ്റ്‌(1922), റോയല്‍ സൊസൈറ്റി ഫെലോഷിപ്പ്‌(1924), ബ്രിട്ടീഷ്‌ രാജ്ഞിയുടെ സര്‍ സ്ഥാനം(1929), മൈസൂര്‍ രാജാവിന്റെ രാജസഭാഭൂഷണ്‍(1935), അമേരിക്കയുടെ ഫ്രാങ്ക്‌ലിന്‍ മെഡല്‍(1941), ഭാരതരത്‌നം(1954), സോവിയറ്റ്‌ യൂണിയന്റെ ലെനിന്‍ പുരസ്‌കാരം(1957) എന്നിവയൊക്കെ അദ്ദേഹത്തെത്തേടിയെത്തിയ ബഹുമതികളാണ്‌.

1933-ല്‍ ബാംഗ്ലൂരില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ സയന്‍സി'ന്റെ ഡയറക്‌ടറായ രാമന്‍, മൈസൂര്‍ രാജാവ്‌ സൗജന്യമായി നല്‍കിയ സ്ഥലത്ത്‌ 1949-ല്‍ സ്വന്തം ഗവേഷണകേന്ദ്രം സ്ഥാപിച്ചു. `രാമന്‍ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ട്‌' എന്നത്‌ അറിയപ്പെട്ടു. എണ്‍പതാം വയസിലും കര്‍മനിരതനായിരുന്ന രാമന്‍ പ്രസിദ്ധീകരിച്ച ഗവേഷണപ്രബന്ധങ്ങളുടെ എണ്ണം നാനൂറിലേറെയാണ്‌. മികച്ച അധ്യാപകന്‍ കൂടിയായിരന്നു അദ്ദേഹം. കഠിനാധ്വാനവും ആത്മവിശ്വാസവുമുണ്ടെങ്കില്‍ ഇന്ത്യന്‍ ശാസ്‌ത്രജ്ഞര്‍ക്ക്‌ ലോകത്തിന്റെ നെറുകയിലെത്താമെന്ന്‌ സ്വന്തം ജീവിതം കൊണ്ട്‌ തെളിയിച്ച ആ മഹാന്‍ 1970 നവംബര്‍ 21-ന്‍ അന്തരിച്ചു. എണ്‍പത്തിരണ്ടാം പിറന്നാള്‍ ആഘോഷിച്ച്‌ 14 ദിവസം കഴിഞ്ഞതേ ഉണ്ടായിരുന്നുള്ളൂ അപ്പോള്‍.

രാമന്‍ പ്രഭാവം
പ്രകാശം സുതാര്യമായ ഒരു മാധ്യമത്തിലൂടെ (അത്‌ ഖരമാകട്ടെ, ദ്രാവകമാകട്ടെ) കടന്നു പോകുമ്പോള്‍ പ്രകാശത്തിന്റെ സ്വാഭത്തിന്‌ മാറ്റമുണ്ടാകുന്ന പ്രതിഭാസമാണ്‌ 'രാമന്‍പ്രഭാവം' എന്നറിയപ്പെടുന്നത്‌. പ്രകാശം കടന്നു പോകുന്ന മാധ്യമത്തിലെ തന്മാത്രകള്‍ പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ക്ക്‌ വിസരണമുണ്ടാക്കുന്നതാണ്‌ രാമന്‍പ്രഭാവത്തിന്‌ കാരണം. ക്വാണ്ടം സിദ്ധാന്തത്തിനുള്ള ആദ്യ തെളിവുകളിലൊന്നായി രാമന്‍ പ്രഭാവം കണക്കാക്കപ്പെടുന്നു. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ക്കുണ്ടാകുന്ന സൂക്ഷ്‌മവ്യതിയാനത്തില്‍ നിന്ന്‌, അത്‌ കടന്നു വരുന്ന വസ്‌തുവിന്റെ തന്മാത്രഘടന മനസിലാക്കാനാകും. രാസവസ്‌തുക്കളുടെ തന്മാത്രഘടന മനസിലാക്കുന്നതില്‍ രാമന്‍പ്രഭാവം വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

രാമന്‍പ്രഭാവം കണ്ടെത്തി വെറും ഒരു പതിറ്റാണ്ടിനുള്ളില്‍ രണ്ടായിരത്തിലേറെ രാസവസ്‌തുക്കളുടെ ആന്തരഘടന തിരിച്ചറിയാന്‍ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞു എന്നു പറയുമ്പോള്‍, രാമന്റെ കണ്ടുപിടിത്തം എത്രവലിയ പ്രായോഗിക സ്വാധീനമാണ്‌ സൃഷ്‌ടിച്ചതെന്ന്‌ ഊഹിക്കാമല്ലോ. ക്രിസ്റ്റലുകളുടെ ആന്തരഘടന വിശകലനം ചെയ്യാനും പില്‍ക്കാലത്ത്‌ രാമന്‍പ്രഭാവം തുണയ്‌ക്കെത്തി. ലേസറിന്റെ കണ്ടെത്തലോടെ ഗവേഷകരുടെ പക്കല്‍, രാമന്‍ പ്രഭാവം ശരിക്കും ശക്തമായ ഒരായുധമായി മാറി.(കാണുക: ശ്രീനിവാസ രാമാനുജന്‍)

Sunday, May 06, 2007

ഡാര്‍വിന്‍ ഭയപ്പെട്ടില്ല, വൈകി അത്രമാത്രം

പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ എന്തുകൊണ്ട്‌ ഡാര്‍വിന്‍ വൈകി? ഇരുപതോളം വര്‍ഷം എന്തുകൊണ്ട്‌ ആ സിദ്ധാന്തം ലോകത്തിന്‌ മുന്നില്‍ നിന്ന്‌ മറച്ചുവെച്ചു? ഡാര്‍വിന്‍ ആരെയെങ്കിലും ഭയപ്പെട്ടിരുന്നോ; സഭയെ, സ്വന്തം ഭാര്യയെ? പക്ഷേ, അത്തരം വാദഗതികളെല്ലാം വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്‌ പുതിയൊരു ഗവേഷണം പറയുന്നു. യഥാര്‍ത്ഥത്തില്‍ ഡാര്‍വിന്‍ ആരെയും ഭയപ്പെട്ടിരുന്നില്ല, 'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിന്റെ പ്രസിദ്ധീകരണം പല കാരണങ്ങളാല്‍ വൈകി എന്നു മാത്രമേ പറയാനാകൂ. ഈ ബ്ലോഗിലെ നൂറാമത്തെ പോസ്‌റ്റ്‌

ജിപ്‌തുകാരിയായ ക്ലിയോപാട്രയുടെ മൂക്കിന്റെ നീളം അല്‍പ്പം കുറഞ്ഞിരുന്നെങ്കില്‍ ചരിത്രത്തിന്റെ ഗതി മറ്റൊന്നാകുമായിരുന്നു എന്നു പറയാറുണ്ട്‌. ഇതിന്‌ സമാനമായൊരു സംഗതി ശാസ്‌ത്രചരിത്രത്തിലുണ്ട്‌. ചാള്‍സ്‌ ഡാര്‍വിന്റെ മൂക്കിന്റെ ആകൃതി മറ്റൊന്നായിരുന്നെങ്കില്‍, ശാസ്‌ത്രത്തിന്റെ ഗതി മാറുമായിരുന്നു എന്നതാണത്‌. 'എച്ച്‌.എം.എസ്‌.ബീഗിള്‍'(H.M.S. Beagle) എന്ന കപ്പലിന്റെ ക്യാപ്‌ടനായ റോബര്‍ട്ട്‌ ഫിറ്റ്‌സ്‌റോയ്‌, തെക്കേയമേരിക്കന്‍ സമുദ്രയാത്രയില്‍ തന്റെ സഹചാരിയായി ഡാര്‍വിനെ നിശ്ചയിക്കാന്‍ ഒരു കാരണം ഡാര്‍വിന്റെ മൂക്കിന്റെ ആകൃതിയായിരുന്നത്രേ! നീളമേറിയ മൂക്ക്‌ ബുദ്ധിസാമര്‍ത്ഥ്യത്തിന്റെയും കുലീനതയുടെയും ചിഹ്നമായി ആ കപ്പിത്താന്‍ വിലയിരുത്തി.

അഞ്ചുവര്‍ഷവും രണ്ടു ദിവസവും നീണ്ട വിഖ്യാതമായ 'ബീഗിള്‍യാത്ര'യാണ്‌ ഒരായുഷ്‌ക്കാലത്തേക്ക്‌ വേണ്ട ഊര്‍ജ്ജവും ഉള്‍ക്കാഴ്‌ചയും ആശയങ്ങളും ഭാവിയില്‍ താന്‍ കണ്ടെത്താനിരിക്കുന്ന സുപ്രധാന സിദ്ധാന്തത്തിനുള്ള തെളിവുകളും, സര്‍വോപരി പ്രശസ്‌തിയും ഡാര്‍വിന്‌ നേടിക്കൊടുത്തത്‌. 1831-ല്‍ ആരംഭിച്ച ആ യാത്ര സംഭവിച്ചിരുന്നില്ലെങ്കില്‍ ഒരുപക്ഷേ, മണ്ണിരകളില്‍ സജീവ താത്‌പര്യമുള്ള ഒരു ഗ്രാമീണവൈദികനായി ഒടുങ്ങേണ്ട ജീവിതമായിരുന്നു ഡാര്‍വിന്റേത്‌. ഡാര്‍വിനെ ഡാര്‍വിനാക്കിയത്‌ 'ബീഗിള്‍യാത്ര'യായിരുന്നു എന്നു സാരം. ആ യാത്രയ്‌ക്കു ശേഷം ജീവിതത്തിലൊരിക്കലും അദ്ദേഹം ഇംഗ്ലണ്ടിന്‌ പുറത്ത്‌ പോയിട്ടുമില്ല.

ബീഗിളില്‍ തെക്കേയമേരിക്കന്‍ യാത്ര കഴിഞ്ഞ്‌ 1836-ല്‍ തിരിച്ചെത്തിയ തനിക്ക്‌, ജീവപരിണാമത്തിന്റെ ശാസ്‌ത്രീയ അടിത്തറ കുടികൊള്ളുന്നത്‌ 'പ്രകൃതിനിര്‍ധാരണ'(Natural Selection) ത്തിലാണെന്ന ഉള്‍ക്കാഴ്‌ച പിറ്റേ വര്‍ഷം തന്നെയുണ്ടായി എന്ന്‌ ഡാര്‍വിന്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. പരിണാമസിദ്ധാന്തത്തിന്റെ 35-പേജ്‌ വരുന്ന രൂപരേഖ 1842 ആയപ്പോഴേക്കും അദ്ദേഹം പൂര്‍ത്തിയാക്കിയിരുന്നു. അത്‌ 1844-ഓടെ 189 പേജുള്ള സ്‌കെച്ചാക്കി രൂപപ്പെടുത്തിയെങ്കിലും, 'ജീവജാതികളുടെ ഉത്ഭവം' എന്ന പുസ്‌തകം അദ്ദേഹം പ്രസിദ്ധീകരിക്കുന്നതും പരിണാമസിദ്ധാന്തം ലോകത്തിന്‌ മുന്നിലെത്തുന്നതും 1859-ല്‍ മാത്രമാണ്‌ ; അതും സമാനമായ കണ്ടെത്തലുമായി ആല്‍ഫ്രഡ്‌ റസ്സല്‍ വാലസ്‌ രംഗത്തെത്തിയപ്പോള്‍ മാത്രം.

വൈകിച്ചു എന്നത്‌ വെറും മിത്ത്‌
1837-ല്‍ തനിക്ക്‌ ബോധ്യപ്പെട്ട വസ്‌തുത, 1844-ല്‍ അതിന്റെ അരലക്ഷം വാക്കുകളുള്ള സ്‌കെച്ച്‌ തയ്യാറായിട്ടും, പ്രസിദ്ധീകരിക്കാന്‍ 1859 വരെ ഡാര്‍വിന്‍ കാത്തതെന്തുകൊണ്ട്‌? അദ്ദേഹം ഭയപ്പെട്ടിരുന്നോ. ചില പരമ്പരാഗത വിശദീകരണങ്ങള്‍ അങ്ങനെ പറയുന്നു. സഭയുടെ എതിര്‍പ്പ്‌ ഭയന്നായിരുന്നു തന്റെ കണ്ടെത്തല്‍ അദ്ദേഹം പ്രസിദ്ധീകരിക്കാതെ വെച്ചത്‌ എന്നതാണ്‌ ഒരു വിശദീകരണം. കടുത്ത മതവിശ്വാസിയായ ഭാര്യ എമ്മ വേദനിക്കും എന്നു കരുതി പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം മനപ്പൂര്‍വം നീട്ടിവെച്ചു എന്നു വാദിക്കുന്നവരുണ്ട്‌. സിദ്ധാന്തം രൂപപ്പെടുത്തുന്ന വേളയില്‍ ജീവശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക്‌ ഡാര്‍വിന്‍ പ്രശസ്‌തനായിരുന്നില്ല. ഭൗമശാസ്‌ത്രജ്ഞനായിട്ടാണ്‌ അന്ന്‌ അദ്ദേഹത്തിന്റെ ഖ്യാതി. ആ നിലയ്‌ക്ക്‌ 1844-ല്‍ പ്രസിദ്ധീകരിച്ചാല്‍ പരിണാമസിദ്ധാന്തത്തിന്റെ സ്വീകാര്യത കുറയും എന്ന്‌ ഡാര്‍വിന്‍ കണക്കുകൂട്ടി എന്ന്‌ വാദിക്കുന്ന ചരിത്രകാരന്‍മാരും ഉണ്ട്‌. ജീവശാസ്‌ത്രജ്ഞനെന്ന നിലയ്‌ക്കു താന്‍ സ്വീകാര്യനായ ശേഷം മതി പരിണാമസിദ്ധാന്തം പ്രസിദ്ധീകരിക്കാന്‍ എന്ന്‌ ഡാര്‍വിന്‍ കരുതിയിരിക്കണം എന്നവര്‍ പറയുന്നു.

എന്നാല്‍, ഇതൊക്കെ വെറും മിത്തുകളാണത്രേ. പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം വൈകിയതിന്‌ പിന്നില്‍ മേല്‍പ്പറഞ്ഞതില്‍ അവസാനത്തേത്‌ ഒരു കാരണമായി കരുതാമെങ്കിലും, മറ്റുള്ളവ വെറും കെട്ടുകഥകള്‍ മാത്രമാണെന്ന്‌ പുതിയൊരു ഗവേഷണം സൂചിപ്പിക്കുന്നു. കഠിനാധ്വാനിയായിരുന്നു ഡാര്‍വിന്‍. ഏതെങ്കിലുമൊരു ജോലി തുടങ്ങിയാല്‍, എത്ര സമയമെടുത്തിട്ടാണെങ്കിലും അതിന്റെ എല്ലാ തെളിവുകളും വിശദാംശങ്ങളും സമാഹരിച്ചു പ്രസിദ്ധീകരിക്കുകയെന്നത്‌ ഡാര്‍വിന്റെ രീതിയായിരുന്നു. ചെയ്‌തുതീര്‍ക്കാന്‍ നിശ്ചയിച്ച മറ്റ്‌ ചില ദൗത്യങ്ങളില്‍ വ്യാപൃതനായതിനാലും, രോഗപീഡകളാലും 'ജീവജാതികളുടെ ഉത്ഭവ'ത്തിന്റെ പ്രസിദ്ധീകരണം വൈകുകയായിരുന്നു എന്നാണ്‌, കേംബ്രിഡ്‌ജിലെ ശാസ്‌ത്രചരിത്ര ഗവേഷകനായ ഡോ.ജോണ്‍ വാന്‍ വൈഹെ എത്തിയിരിക്കുന്ന നിഗമനം. സൂക്ഷ്‌മ പരിശോധനക്ക്‌ ഇതുവരെ അധികമാര്‍ക്കും ലഭ്യമാകാത്ത, ഡാര്‍വിന്റെ കുറിപ്പുകളും എഴുത്തുകളും മറ്റ്‌ സ്വകാര്യരേഖകളും പരിശോധിച്ചാണ്‌ ഡോ. വൈഹെ ഇത്തരമൊരു നിഗമനത്തില്‍ എത്തിയത്‌.

'ജീവജാതികളുടെ ഉത്ഭവം' പ്രസിദ്ധീകരിച്ചിട്ട്‌ 2009-ല്‍ ഒന്നരനൂറ്റാണ്ട്‌ തികയുകയാണ്‌. ഈ സാഹചര്യത്തില്‍ ഇത്തരമൊരു കണ്ടെത്തല്‍ കൗതുകമുണര്‍ത്തുന്നു. മാത്രമല്ല, ഡാര്‍വിന്റെ ജീവിതവും രീതികളും പുനപ്പരിശോധിക്കാനും, അദ്ദേഹം മുന്നോട്ടുവെച്ച ശാസ്‌ത്രസത്യങ്ങള്‍ ഇന്നും എത്ര പ്രസക്തമായി നിലകൊള്ളുന്നു എന്ന്‌ അവലോകനം ചെയ്യാനും, ശാസ്‌ത്രത്തിന്‌ നേരെയുള്ള വെല്ലുവിളികളുടെ മൂര്‍ത്തരൂപമായി എന്തുകൊണ്ട്‌ പരിണാമസിദ്ധാന്തം മാറിയെന്ന കാര്യം ചര്‍ച്ചചെയ്യാനുമൊക്കെയുള്ള അവസരമൊരുക്കുന്നു പുതിയ നിഗമനം. പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം 'മുടങ്ങിയ വര്‍ഷങ്ങളില്‍'(1844-1859) കത്തുകളിലോ ഡയറിക്കുറിപ്പുകളിലോ ഒരിടത്തും, മനപ്പൂര്‍വ്വമുള്ള വൈകിക്കലിനെക്കുറിച്ച്‌ ഒരു പരാമര്‍ശം പോലും ഡാര്‍വിന്റേതായി ഇല്ല എന്നാണ്‌ ഡോ.വൈഹെ കണ്ടെത്തിയിരിക്കുന്നത്‌. ഡാര്‍വിന്റെ കുറിപ്പുകള്‍ പരിശോധിക്കാന്‍ കാര്യമായ അവസരം കിട്ടാത്ത ആദ്യകാല ചരിത്രകാരന്‍മാരുടെ ഊഹം മാത്രമാണ്‌, ഭയം മൂലം ഡാര്‍വിന്‍ മനപ്പൂര്‍വ്വം പരിണാമസിദ്ധാന്തത്തിന്റെ പ്രസിദ്ധീകരണം വൈകിച്ചു എന്നതത്രേ. അതങ്ങനെ സംഭവിച്ചു പോയി എന്നു മാത്രമേ പറയാനാകൂ എന്ന്‌ ഡോ.വൈഹെ വാദിക്കുന്നു.

ശാസ്‌ത്രത്തിലെ ഏറ്റവും വലിയ ആശയം
പരിണാമ സങ്കല്‍പ്പം ഡാര്‍വിന്റേതല്ല. പുരാതന ഗ്രീസില്‍ പോലും ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണത്‌. ജീവജാതികള്‍ക്കു വ്യത്യാസവും വൈവിധ്യവും ഉണ്ടാകുന്നതിനെപ്പറ്റി ഫ്രാന്‍സിസ്‌ ബേക്കണ്‍ (1561-1626) ശ്രദ്ധേയമായ ചില ചര്‍ച്ചകള്‍ 1620-ല്‍ നടത്തിയിരുന്നു. ഗോട്ട്‌ഫ്രൈഡ്‌ വില്‍ഹെം ലൈബനിസ്‌ (1646-1716) ആ ചര്‍ച്ച മുന്നോട്ടു കൊണ്ടുപോയി. പതിനെട്ടാം നൂറ്റാണ്ടില്‍ ഫ്രഞ്ച്‌ ഗവേഷകനായ കോംറ്റെ ജോര്‍ജസ്‌ ലൂയിസ്‌ ബഫോ (1707-1788), ഭൂമുഖത്ത്‌ വ്യത്യസ്‌ത പ്രദേശങ്ങളില്‍ വ്യത്യസ്‌ത ജീവജാതികള്‍ രൂപപ്പെടുന്നതിന്റെ സാമ്യതയില്‍ അത്ഭുതം കൊണ്ടു. അതേ നൂറ്റാണ്ടിന്റെ അന്ത്യത്തില്‍ പരിണാമത്തെപ്പറ്റി ചില നൂതനാശയങ്ങള്‍ മുന്നോട്ടു വെച്ചത്‌ ചാള്‍സ്‌ ഡാര്‍വിന്റെ മുത്തച്ഛനായ ഇറാസ്‌മസ്‌ ഡാര്‍വിന്‍ (1731-1802) ആയിരുന്നു. പരിണാമവും ആര്‍ജിതഗുണങ്ങളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ ജീന്‍ ബാപ്‌റ്റിസ്റ്റെ ലാമാര്‍ക്ക്‌ (1744-1829) തന്റെ നിഗമനങ്ങള്‍ അവതരിപ്പിക്കുന്നത്‌ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ്‌.

ഡാര്‍വിന്റെ പ്രസക്തി എന്താണെന്നു ചോദിച്ചാല്‍, ഊഹങ്ങളുടെയും ചില ധാരണകളുടെയും മുകളില്‍ കാലങ്ങളായി നിലകൊണ്ട പരിണാമമെന്ന സങ്കല്‍പ്പത്തിന്‌ ശക്തമായ ശാസ്‌ത്രീയ അടിത്തറ സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്‌. പരിണാമ പ്രക്രിയയ്‌ക്ക്‌ ചരിത്രത്തിലാദ്യമായി തൃപ്‌തികരമായ ഒരു ശാസ്‌ത്രീയ വിശദീകരണം നല്‍കിയത്‌ ഡാര്‍വിനാണ്‌. ശാസ്‌ത്രത്തിന്റെ മുഴുന്‍ ചരിത്രവും പരിശോധിച്ചാല്‍, അതിലെ ഏറ്റവും സമുന്നത ആശയം എന്ന്‌ നിസംശയം പറയാവുന്ന 'പ്രകൃതിനിര്‍ധാരണം' ആണ്‌ ഡാര്‍വിന്‍ കണ്ടെത്തിയ ആ വിശദീകരണം. ജീവലോകത്തെ മുഴുവന്‍ നയിക്കുന്ന ചാലകശക്തിയാണ്‌ പ്രകൃതിനിര്‍ധാരണമെന്ന്‌ ഡാര്‍വിന്‍ തിരിച്ചറിഞ്ഞു. "അനുകൂല വ്യതിയാനങ്ങള്‍, രൂപഭേദങ്ങള്‍ എന്നിവയുടെ സംരക്ഷിക്കലിനെയും, അപകടകരമായവയുടെ നശീകരണത്തെയും ഞാന്‍ പ്രകൃതിനിര്‍ധാരണം അഥവാ അര്‍ഹരായവരുടെ അതിജീവനം എന്നു വിളിക്കുന്നു"-'ജീവജാതികളുടെ ഉത്ഭവം' എന്ന ഗ്രന്ഥത്തിലെ ഡാര്‍വിന്റെ ഈ പ്രസ്‌താവന ഒരു സംശയത്തിനും ഇട നല്‍കുന്നില്ല.

എല്ലാ ജീവരൂപങ്ങള്‍ക്കും (സസ്യങ്ങളായാലും ജന്തുക്കളായാലും) കാലത്തിനും പരിസ്ഥിതികള്‍ക്കും ഭൂപ്രകൃതിക്കും അനുസരിച്ച്‌ മാറ്റങ്ങള്‍ സംഭവിക്കുന്നുണ്ട്‌. അവയില്‍ ഗുണപരമായവ തലമുറകളിലൂടെ സൂക്ഷിക്കപ്പെടുന്നു. ഗുണപരമല്ലാത്തവ നശിപ്പിക്കപ്പെടുന്നു. ഇതാണ്‌ പ്രകൃതിനിര്‍ധാരണത്തിന്റെ അടിസ്ഥാനം. വെറും ഭാഗ്യം മാത്രമല്ല ഓരോ തലമുറയിലും കുറെ അംഗങ്ങള്‍ മാത്രം അതിജീവിക്കുന്നതിന്‌ കാരണം. ഒരു നിശ്ചിത പരിസ്ഥിതിക്ക്‌ ഏറ്റവും അനുഗുണമായവയ്‌ക്കാണ്‌ (രോഗപ്രതിരോധം കൂടുതല്‍ ഉള്ളവ, വേഗത്തില്‍ ഓടാന്‍ കഴിയുന്നവ, കീടങ്ങളെ ചെറുക്കാന്‍ ശേഷിയുള്ളവ എന്നിങ്ങനെ) അതിജീവനശേഷിയുണ്ടാവുക. ദീര്‍ഘകാലം കൊണ്ട,്‌ ഭൂമിശാസ്‌ത്രപരമായി വ്യത്യസ്‌ത മേഖലകളില്‍ അകപ്പെടുന്നവ, അനുകൂല ഗുണങ്ങളാല്‍ മാറ്റം സംഭവിച്ച്‌ പുതിയ ജീവജാതികള്‍ (സ്‌പീഷിസുകള്‍) ആയി മാറുന്നു. ഇതാണ്‌ പരിണാമം. ഇതു പ്രകാരം ഇന്നത്തെ ജീവികളുടെ പാരമ്പര്യം അന്വേഷിച്ച്‌ പിന്നോട്ടു പോയാല്‍ പൂര്‍വികരുടെ എണ്ണവും വൈവിധ്യവും ചുരുങ്ങി വരുന്നതു കാണാം. ഒടുവില്‍ നാം ആദിമ സൂക്ഷ്‌മജിവരൂപങ്ങളിലെത്തും. സൂക്ഷ്‌മരൂപങ്ങളില്‍ നിന്ന്‌ പരിണാമം പ്രാപിച്ചാണ്‌ ഇന്നത്തെ ജീവരൂപങ്ങള്‍ ഉണ്ടായതെന്നു സാരം.

'ബീഗിള്‍' എന്ന ചരിത്രയാനം
ചരിത്രഗതിയില്‍ ശരിയായ സമയത്ത്‌, ശരിയായ സ്ഥാനത്ത്‌ എത്താന്‍ കഴിഞ്ഞ ഭാഗ്യവാന്‍ എന്നാണ്‌ ഡാര്‍വിനെ ചിലരെങ്കിലും വിശേഷിപ്പിക്കുന്നത്‌. പക്ഷേ, അതുമാത്രമായിരുന്നില്ല, കഠിനാധ്വാനവും സൂക്ഷ്‌മനിരീക്ഷണവും ഡാര്‍വിനെ ഡാര്‍വിനാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 1809 ഫിബ്രവരി 12-ന്‌ ഇംഗ്ലണ്ടിലെ ഷ്രൂസ്‌ബറിയില്‍ ഒരു സമ്പന്ന കുടുംബത്തിലാണ്‌ ചാള്‍സ്‌ റോബര്‍ട്ട്‌ ഡാര്‍വിന്റെ ജനനം (അത്‌ലാന്റിക്കിന്‌ മറുകരയില്‍ കെന്റക്കിയില്‍ എബ്രഹാം ലിങ്കണ്‍ ജനിച്ചതും ഇതേ ദിവസമാണ്‌). ഡോക്ടറായ റോബര്‍ട്ട്‌ ഡാര്‍വിന്‍ ആയിരുന്നു പിതാവ്‌. ഡാര്‍വിന്‌ വെറും എട്ടു വയസ്സുള്ളപ്പോള്‍ അമ്മ ജൊസിയ വെഡ്‌ജ്‌വുഡ്‌ മരിച്ചു. പക്ഷേ, അമ്മ വഴി ലഭിച്ച പൂര്‍വികസ്വത്ത്‌, ജീവിതത്തിലൊരിക്കലും വരുമാനത്തെക്കുറിച്ച്‌ വ്യാകുലപ്പെടാതെ തന്റെ ഗവേഷണ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധയൂന്നാന്‍ ഡാര്‍വിന്‌ തുണയായി. തന്നെപ്പോലെ മകനും ഡോക്ടറാകണമെന്നായിരുന്നു റോബര്‍ട്ട്‌ ഡാര്‍വിന്റെ ആഗ്രഹം. മകന്‌ വിധി കരുതിവെച്ചത്‌ പക്ഷേ, പ്രകൃതിപഠനമായിരുന്നു; അതും നിയമപഠനവും വൈദികപഠനവും പരാജയപ്പെട്ടതിന്‌ ശേഷം.

'ബീഗിള്‍യാത്ര'യായിരുന്നു ഡാര്‍വിന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവ്‌. തേക്കെയമേരിക്കയുടെ ഭൂപടനിര്‍മാണത്തിനായി പ്ലാന്‍ചെയ്‌ത 'ബീഗിള്‍ദൗത്യ'ത്തില്‍ ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയി (1805-1865)യുടെ പ്രകൃതിശാസ്‌ത്രജ്ഞനായ കൂട്ടുകാരനാകാന്‍ കഴിഞ്ഞതാണ്‌ ഡാര്‍വിന്റെ ജീവിതത്തിന്റെ ഗതി തിരിച്ചുവിട്ടത്‌. 1831-ല്‍ യാത്രയാരംഭിക്കുമ്പോള്‍ ഫിറ്റ്‌സ്‌റോയിക്ക്‌ പ്രായം ഇരുപത്തിമൂന്ന്‌, ഡാര്‍വിന്‌ ഇരുപത്തിരണ്ടും. ഡാര്‍വിന്റെ നീണ്ട മൂക്കുപോലെ, ഫിറ്റ്‌സ്‌റോയിയുടെ പല പരിഗണനകളില്‍ ഒന്ന്‌ ഡാര്‍വിന്‍ ദൈവശാസ്‌ത്രം പഠിച്ചിട്ടുണ്ട്‌ എന്ന വസ്‌തുതയായിരുന്നു. ഭൂപടനിര്‍മാണമായിരുന്നു ബീഗിള്‍ ദൗത്യത്തിന്റെ ഔദ്യോഗിക ലക്ഷ്യമെങ്കിലും, ബൈബിളില്‍ പറയുന്ന സൃഷ്ടിസങ്കല്‍പ്പത്തിന്‌ ശാസ്‌ത്രീയ തെളിവു കണ്ടെത്തുകയെന്നത്‌ ക്യാപ്‌റ്റന്‍ ഫിറ്റ്‌സ്‌റോയിയുടെ സ്വാകാര്യ ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു. അതിന്‌, ദൈവശാസ്‌ത്രം അഭ്യസിച്ചിട്ടുള്ള പ്രകൃതിശാസ്‌ത്രജ്ഞനായ ഡാര്‍വിന്‍ അനുയോജ്യനാണെന്ന്‌ ക്യാപ്‌ടന്‍ തീര്‍ച്ചയായും കണക്കുകൂട്ടിയിരിക്കണം. ആ യാത്രയില്‍ കണ്ടതൊന്നും പക്ഷേ, സൃഷ്ടിസങ്കല്‍പ്പത്തിലേക്കല്ല ഡാര്‍വിനെ അടുപ്പിച്ചതെന്നു മാത്രം.

യാത്ര വിജയമായിരുന്നു. ജീവിതകാലം മുഴുവന്‍ പ്രകൃതിപഠനം തുടരാന്‍ വേണ്ട ഊര്‍ജം ആ യാത്രയില്‍ നിന്ന്‌ ഡാര്‍വിന്‌ ലഭിച്ചു. ഫോസിലുകളുടെ വലിയൊരു ശേഖരം അദ്ദേഹത്തിന്‌ സ്വന്തമായി. ചിലിയില്‍ വെച്ച്‌ ഒരു വന്‍ ഭൂകമ്പം നേരിട്ടു കാണാനുള്ള അവസരവും ലഭിച്ചു. അങ്ങനെ, ഭൗമപ്രക്രിയയുടെ നിഗൂഢതയ്‌ക്ക്‌ അദ്ദേഹം നേരിട്ടു സാക്ഷിയായി. പുതിയൊരു ഡോള്‍ഫിന്‍ വര്‍ഗ്ഗത്തെ ആ യാത്രിയില്‍ ഡാര്‍വിന്‍ തിരിച്ചറിഞ്ഞു. അതിന്റെ ശാസ്‌ത്രീയനാമം കൗതുകമുണര്‍ത്തുന്നതാണ്‌- 'ഡോള്‍ഫിനസ്‌ ഫിറ്റ്‌സ്‌റോയി' (Dolphinus fitzroyi). ക്യാപ്‌ടന്‍ ഫിറ്റ്‌സ്‌റോയിക്ക്‌ സന്തോഷമായിക്കാണും തീര്‍ച്ച. ആന്‍ഡിസ്‌ പര്‍വതമേഖലയുടെ വിശദമായ ഭൗമപഠനത്തിനുള്ള അവസരവും യാത്രക്കിടെ ഡാര്‍വിന്‌ ലഭിച്ചു. പില്‍ക്കാലത്ത്‌ പരിണാമ സിദ്ധാന്തത്തിന്റെ സാധൂകരണത്തിനായി മുന്നോട്ടു വെയ്‌ക്കാനുള്ള സുപ്രധാന തെളിവുകളുമായി ഗാലപഗോസ്‌ ദ്വീപുകള്‍ ഡാര്‍വിനെ കാത്തുകിടക്കുകയായിരുന്നു. തിരികെ ഇംഗ്ലണ്ടിലെത്തിയ ഡാര്‍വിന്‍, ഭൂകമ്പം പോലുള്ള ഭൗമപ്രതിഭാസങ്ങള്‍ നേരിട്ടു കണ്ടതിന്റെ ആവേശത്തിലും, ചാള്‍സ്‌ ലൈല്‍(1797-1875) പോലുള്ളവരുടെ സ്വാധീനത്താലും ഭൗമശാസ്‌ത്രത്തിലാണ്‌ ആദ്യം ശ്രദ്ധയൂന്നിയത്‌.

മാല്‍ത്തൂസ്‌ നല്‍കിയ ഉള്‍ക്കാഴ്‌ച
'ബീഗിള്‍ യാത്ര'യെക്കുറിച്ച്‌ ഡാര്‍വിന്‍ രചിച്ച വിശദമായ വിവരണങ്ങള്‍ എഴുത്തുകാരനെന്ന നിലയ്‌ക്ക്‌ അദ്ദേഹത്തെ പെട്ടന്ന്‌ പ്രശസ്‌തനാക്കി. യാത്രകഴിഞ്ഞ്‌ തിരികെയെത്തിയ ഡാര്‍വിന്‌ വിവിധ ജീവജാതികളുടെ ഉത്ഭവത്തെക്കുറിച്ചുള്ള ഉള്‍ക്കാഴ്‌ച പിറ്റേവര്‍ഷം തന്നെ ലഭിച്ചെങ്കിലും, കാര്യങ്ങള്‍ക്ക്‌ വ്യക്തത ലഭിക്കുന്നത്‌ 1838-ലാണ്‌. തോമസ്‌ മാല്‍ത്തൂസ്‌ (1766-1834) പേരുവെയ്‌ക്കാതെ 1798-ല്‍ പ്രസിദ്ധീകരിച്ച 'എസ്സെ ഓണ്‍ ദ പ്രിന്‍സിപ്പിള്‍ ഓഫ്‌ പോപ്പുലേഷന്‍' എന്ന ലേഖനം വായിച്ചതാണ്‌ ഡാര്‍വിന്‌ കാര്യങ്ങള്‍ എളുപ്പമാക്കിയത്‌. മനുഷ്യനുള്‍പ്പടെയുള്ള ഏത്‌ ജീവിവര്‍ഗ്ഗത്തിന്റെ കാര്യത്തിലും ഭക്ഷണലഭ്യതയും ജനസംഖ്യയും തമ്മില്‍ നേരിട്ടു ബന്ധമുണ്ടെന്നാണ്‌ മാല്‍ത്തൂസ്‌ സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്‌. ഭക്ഷണലഭ്യതയ്‌ക്കനുസരിച്ച്‌ ജനസംഖ്യ പരിമിതപ്പെടുത്താന്‍ പ്രകൃതി തന്നെ ശ്രമിക്കും. 'പ്രകൃതിനിര്‍ധാരണ'ത്തെ സംബന്ധിച്ച്‌ വ്യക്തത ലഭിക്കാന്‍ ഡാര്‍വിന്‌ ഇതു സഹായകമായി.

പരിണാമസിദ്ധാന്തത്തിന്റെ 189 പേജുള്ള സ്‌കെച്ച്‌ ഡാര്‍വിന്‍ 1944-ല്‍ പൂര്‍ത്തിയാക്കിയ കാര്യം അറിയാവുന്ന രണ്ട്‌ പ്രശസ്‌തരുണ്ടായിരുന്നു; ഭൗമശാസ്‌ത്രജ്ഞന്‍ ചാള്‍സ്‌ ലൈലും (പ്രകൃതിനിര്‍ധാരണത്തെ അദ്ദേഹം പൂര്‍ണമായി പിന്തുണച്ചിരുന്നില്ല എന്നത്‌ വേറെ കാര്യം), പ്രകൃതിശാസ്‌ത്രജ്ഞനായ ജോസഫ്‌ ഹൂക്കറും(1817-1911). ഇരുവരും ഡാര്‍വിന്റെ ഉറ്റസുഹൃത്തുക്കളായിരുന്നു. ഹൂക്കര്‍ക്ക്‌ ഡാര്‍വിന്റെ സ്‌കെച്ച്‌ വായിക്കാനും കഴിഞ്ഞു. പിന്നീട്‌ പക്ഷേ, പരിണാമസിദ്ധാന്തം വികസിപ്പിക്കാനോ പ്രസിദ്ധീകരിക്കാനോ ഡാര്‍വിന്‍ ഒരു തിടുക്കവും കാട്ടിയില്ല. അടിയന്തര പ്രാധാന്യമെന്ന്‌ തോന്നിയ മറ്റു കാര്യങ്ങളില്‍ വ്യാപൃതനായി; പതിനഞ്ചു വര്‍ഷക്കാലം. പത്തുകുട്ടികള്‍ക്ക്‌ അതിനിടെ ജന്മം നല്‍കി. നീണ്ടു നിന്ന രോഗപീഡ അദ്ദേഹത്തെ വലച്ചു (രോഗം എന്തായിരുന്നു എന്നത്‌ ഇന്നും വ്യക്തമല്ല. ബീഗിള്‍ യാത്രക്കിടെ ഉഷ്‌ണമേഖലാപ്രദേശത്തുവെച്ച്‌ ഏതോ പ്രാണി കടിച്ചതിന്റെ ഫലമായി ഉണ്ടായ 'ചഗാസസ്‌ രോഗം'(Chagas's disease) ആയിരുന്നു അതെന്നും, അതല്ല വെറും മാനിസകപ്രശ്‌നമായിരുന്നു ഡാര്‍വിന്റേതെന്നും വാദമുണ്ട്‌). ചികിത്സയ്‌ക്ക്‌ സുദീര്‍ഘമായ സമയങ്ങള്‍ അദ്ദേഹം ചെലവിട്ടു.

പ്രകൃതിശാസ്‌ത്രജ്ഞന്‍ എന്ന നിലയ്‌ക്ക്‌ അംഗീകാരം നേടാന്‍ ഡാര്‍വിന്‍ ശ്രമം തുടങ്ങുന്നത്‌ 1846-ലാണ്‌, ബീഗിള്‍യാത്ര കഴിഞ്ഞെത്തി പത്തുവര്‍ഷത്തിന്‌ ശേഷം. തെക്കേയമേരിക്കയില്‍ നിന്ന്‌ താന്‍ ശേഖരിച്ച സാമ്പിളുകളുടെ സഹായത്തോടെ, കല്ലുമ്മേല്‍കായകളെക്കുറിച്ച്‌ വിശദമായ പഠനം അദ്ദേഹം തുടങ്ങി. എട്ടുവര്‍ഷം കൊണ്ട്‌ മൂന്നു വാല്യങ്ങളിലായി പുറത്തുവന്ന ഒരു ക്ലാസിക്കല്‍ ഗ്രന്ഥമായിരുന്നു ആ പഠനത്തിന്റെ ഫലം. നാച്ചുറലിസ്റ്റ്‌ എന്ന നിലയ്‌ക്ക്‌ അല്‍പ്പം പോലും അറിയപ്പെടാത്ത ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം, 1854-ല്‍ പുറത്തു വന്ന ആ ഗ്രന്ഥത്രയം വന്‍നേട്ടം തന്നെയായിരുന്നു. ആ പഠനത്തിന്‌ റോയല്‍ സൊസൈറ്റി ഡാര്‍വിന്‌ 'റോയല്‍ മെഡല്‍' സമ്മാനിച്ചു. ഒരു നാച്ചുറലിസ്‌റ്റിന്‌ ലഭിക്കാവുന്ന ഏറ്റവും വലിയ പുരസ്‌കാരമായിരുന്നു അത്‌.

പരിണാമസിദ്ധാന്തം പുറത്തുവന്നത്‌
1854 മുതല്‍ പരിണാമസിദ്ധാന്തം അവതരിപ്പിക്കാനുള്ള ക്ഷമാപൂവമായ ഒരുക്കങ്ങള്‍ താന്‍ ആരംഭിച്ചതായി ആത്മകഥയില്‍ ഡാര്‍വിന്‍ രേഖപ്പെടുത്തുന്നു. അതിനായി തന്റെ പഴയ കുറിപ്പുകള്‍ മുഴുവന്‍ അദ്ദേഹം ശ്രദ്ധാപൂര്‍വ്വം അവലോകനം ചെയ്യാനാരംഭിച്ചു. തെളിവുകള്‍ സമാഹരിക്കാന്‍ തുടങ്ങി. ആര്‍ക്കും നിഷേധിക്കാനാവാത്ത തരത്തില്‍ അത്രയും വിപുലമായ തെളിവുകളോടെ പരിണാമസിദ്ധാന്തം അവതരിപ്പിക്കാനാണ്‌ ഡാര്‍വിന്‍ ഉദ്ദേശിച്ചത്‌. പക്ഷേ, കാലം നിശ്ചയിച്ചത്‌ മറ്റൊന്നായിരുന്നു. 1858 ജൂണ്‍ 18-ന്‌ ഡാര്‍വിന്‍ താമസിക്കുന്ന ഡോണ്‍ ഹൗസിലെത്തിയ ഒരു തപ്പാല്‍പാക്കേജ്‌ കാര്യങ്ങളെയാകെ കീഴ്‌മേല്‍ മറിച്ചു. മലായ്‌ ദ്വീപസമൂഹത്തില്‍ പ്രകൃതിപഠനം നടത്തുകയായിരുന്ന ആല്‍ഫ്രഡ്‌ റസ്സല്‍ വാലസ്‌ എന്ന യുവഗവേഷകന്റെ ഒരു ലേഖനവും, അതെക്കുറിച്ച്‌ ഡാര്‍വിന്റെ അഭിപ്രായം ആരാഞ്ഞുകൊണ്ടുള്ള കത്തുമായിരുന്നു ആ തപ്പാല്‍പാക്കേജിലുണ്ടായിരുന്നത്‌.

ഡാര്‍വിന്റെ അഭ്യുദയകാംക്ഷിയും ആരാധകനുമായിരുന്നു വാലസ്‌. ലേഖനം വായിച്ച ഡാര്‍വിന്‍ നടുങ്ങി. ജീവപരിണാമത്തെക്കുറിച്ച്‌ താന്‍ എന്താണോ രണ്ട്‌ പതിറ്റാണ്ടു മുമ്പ്‌ കണ്ടെത്തിയത്‌ അതേ കാര്യത്തില്‍ (പ്രകൃതിനിര്‍ധാരണമെന്ന അടിസ്ഥാനപ്രമാണം) ആണ്‌ വാലസും എത്തിച്ചേര്‍ന്നിരിക്കുന്നത്‌! ഡാര്‍വിന്‍ ഈ പ്രശ്‌നം ഉടന്‍ തന്നെ ചാള്‍സ്‌ ലൈലിന്റെയും ജോസഫ്‌ ഹൂക്കറുടെയും മുന്നില്‍ അവതരിപ്പിച്ചു. വാലസിന്റെ ലേഖനവും ഡാര്‍വിന്റെ കണ്ടെത്തലും ചേര്‍ത്ത്‌ ഒരു സംയുക്ത പ്രബന്ധം ആ ജൂലായ്‌ ഒന്നിന്‌ ലിനിയന്‍ സൊസൈറ്റിയില്‍ ഒരുപിടി സ്രോതാക്കളുടെ മുന്നില്‍ അവതരിപ്പിക്കപ്പെട്ടു. ഡാര്‍വിന്‍ ഹാജരായിരുന്നില്ല. ആരിലും ആ പ്രബന്ധം പ്രത്യേകിച്ചൊരു താത്‌പര്യവും അന്ന്‌ ഉണര്‍ത്തിയില്ല.

'ജീവജാതികളുടെ ഉത്ഭവ'ത്തിന്റെ പ്രസിദ്ധീകരണം ഇനി നീട്ടുന്നതില്‍ അര്‍ത്ഥമില്ലെന്ന്‌ ഡാര്‍വിന്‌ ബോധ്യമായി. സുഹൃത്തുക്കളും അക്കാര്യം പിന്തുണച്ചു. അങ്ങനെ, 1859 നവംബര്‍ 24-ന്‌ 'On the Origin of Species by Means of Natural Selection, or the Preservation of favoured races in the struggle for life' എന്ന ഗ്രന്ഥം പുറത്തുവന്നു. ലണ്ടനിലെ ജോണ്‍ മുറെയ്‌ ആയിരുന്നു പ്രസാധകര്‍. ഒരു പ്രതിക്ക്‌ 15 ഷില്ലിങ്‌ വില. ആദ്യ പതിപ്പായി ഇറങ്ങിയ 1250 കോപ്പിയും ഒറ്റദിവസം കൊണ്ട്‌ വിറ്റുതീര്‍ന്നു. ഇന്നും ലോകത്തേറ്റവും വില്‍പ്പനയുള്ള പുസ്‌തകങ്ങളിലൊന്നായി 'ജീവജാതികളുടെ ഉത്ഭവം' തുടരുന്നു. പരിണാമസിദ്ധാന്തവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാലസ്‌ അറിയുന്നത്‌ പിന്നീടാണെങ്കിലും, ഡാര്‍വിന്റെ ആര്‍ജവത്വത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ലായിരുന്നു. താനാണ്‌ പരിണാമസിദ്ധാന്തത്തിന്റെ ഉപജ്ഞേതാവെന്ന്‌ വാലസ്‌ ഒരിക്കലും അവകാശപ്പെട്ടിട്ടുമില്ല. 'ജീവജാതികളുടെ ഉത്ഭവം' ഡാര്‍വിനെക്കൊണ്ട്‌ പ്രസിദ്ധീകരിപ്പിക്കാന്‍ താന്‍ ഒരു നിമിത്തമായി എന്നു മാത്രമേ വാലസ്‌ ഇതേപ്പറ്റി പിന്നീട്‌ പറഞ്ഞിട്ടുള്ളൂ.

ജീവശാസ്‌ത്രത്തിന്റെ അടിത്തറ
തന്റെ സിദ്ധാന്തം എതിര്‍ക്കപ്പെടും എന്ന്‌ ഡാര്‍വിന്‌ നല്ല ബോധ്യമുണ്ടായിരുന്നു. വലിയ ആശയങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിട്ടേ മതിയാകൂ. പക്ഷേ, അദ്ദേഹം ഭയപ്പെട്ടിരുന്നില്ല എന്നാണ്‌ ഡോ. വൈഹെ പറയുന്നത്‌. ദീര്‍ഘകാലം പഠനം തുടര്‍ന്ന ശേഷം മാത്രം അതിന്റെ ഫലം പ്രസിദ്ധീകരിക്കുകയെന്നത്‌ ഡാര്‍വിന്റെ രീതിയായിരുന്നുവെന്ന കാര്യം ഡോ. വൈഹെ ഓര്‍മിപ്പിക്കുന്നു. ഓര്‍ക്കിഡുകളെപ്പറ്റി ഗവേഷണം തുടങ്ങി 30 വര്‍ഷം കഴിഞ്ഞാണ്‌ അതു സംബന്ധിച്ച പുസ്‌തകം ഡാര്‍വിന്‍ പ്രസിദ്ധീകരിക്കുന്നത്‌. മണ്ണിരകളെക്കുറിച്ചുള്ള ഡാര്‍വിന്റെ ഗ്രന്ഥം 42 വര്‍ഷത്തെ പ്രവര്‍ത്തനഫലമായിരുന്നു (മണ്ണിന്റെ ഫലഭൂയിഷ്‌ഠത നിലനിര്‍ത്താന്‍ മണ്ണിരകള്‍ വഹിക്കുന്ന പങ്ക്‌ ആദ്യം കണ്ടെത്തിയതും ഡാര്‍വിനാണ്‌). അതിനാല്‍, 'ജീവജാതികളുടെ ഉത്ഭവം' ഡാര്‍വിന്‍ മനപ്പൂര്‍വം വൈകിക്കുകയായിരുന്നു എന്ന വാദത്തില്‍ കഴമ്പില്ലെന്ന്‌, ഡോ. വൈഹെ വാദിക്കുന്നു.'നോട്ട്‌സ്‌ ആന്‍ഡ്‌ റിക്കോഡ്‌സ്‌ ഓഫ്‌ ദ റോയല്‍ സൊസൈറ്റി'(Notes and Records of the Royal Society) യിലാണ്‌ ഡോ.വൈഹെ തന്റെ വാദഗതികള്‍ അവതരിപ്പിച്ചിട്ടുള്ളത്‌.

പരിണാമസിദ്ധാന്തത്തിന്റെ പേരില്‍ ഡാര്‍വിന്‍ ഏറെയൊന്നും പ്രകീര്‍ത്തിക്കപ്പെട്ടില്ല. എതിര്‍പ്പ്‌ നേരിടുകയും ചെയ്‌തു. ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ അര്‍ത്ഥം ശരിക്കു മനസിലാക്കാന്‍ ശാസ്‌ത്രം അന്നു വേണ്ടത്ര വളര്‍ന്നു കഴിഞ്ഞിരുന്നില്ല എന്നതാണ്‌ വാസ്‌തവം. എന്നാല്‍, ഡാര്‍വിന്‍ തന്റെ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്ന ഏതാണ്ട്‌ അതേ സമയത്ത്‌, ഇംഗ്ലണ്ടില്‍ നിന്ന്‌ 1200 കിലോമീറ്റര്‍ അകലെ മധ്യയൂറോപ്പിലെ ഒരു സന്ന്യാസിമഠത്തിന്റെ അടുക്കളത്തോട്ടത്തില്‍, പയറുചെടികളിലൂടെ ഗ്രിഗര്‍ മെന്‍ഡല്‍ (1822-1884) എന്ന സന്ന്യാസി ഡാര്‍വിന്‍ പറഞ്ഞുവെച്ചതിന്റെ അര്‍ത്ഥതലങ്ങള്‍ പാരമ്പര്യത്തിന്റെ തലത്തില്‍ പരീക്ഷിച്ച്‌ അറിഞ്ഞു തുടങ്ങിയിരുന്നു; ഇരുവരും പരസ്‌പരം അറിഞ്ഞിരുന്നില്ലെങ്കിലും.

മെന്‍ഡല്‍ അടിത്തറ പാകിയ ജനിതകശാസ്‌ത്രമാണ്‌ ഡാര്‍വിന്റെ പരിണാമസിദ്ധാന്തത്തിന്‌ ശരിക്കുള്ള പിന്തുണ നല്‍കുകയെന്നറിയാന്‍ പിന്നെയും അരനൂറ്റാണ്ട്‌ കഴിയണമായിരുന്നു. ഏതായാലും, വൈദികാനാക്കാന്‍ വീട്ടുകാര്‍ ശ്രമിച്ചു പരാജയപ്പെട്ട ഡാര്‍വിനും, യഥാര്‍ത്ഥ വൈദികനായ മെന്‍ഡലും ചേര്‍ന്ന്‌ അന്ന്‌ രൂപപ്പെടുത്തിയത്‌, ഇരുപതാം നൂറ്റാണ്ടിലെ ജീവശാസ്‌ത്രത്തിന്റെയാകെ ഉറപ്പുള്ള അടിത്തറയായിരുന്നു. പരിണാമസിദ്ധാന്തത്തിന്‌ വേണ്ടത്ര അംഗീകാരം ലഭിച്ചില്ലെങ്കിലും, 1882 ഏപ്രില്‍ 19-ന്‌ ഡാര്‍വിന്‍ അന്തരിച്ചപ്പോള്‍, വെസ്റ്റ്‌മിനിസ്റ്റര്‍ ആബിയില്‍ സാക്ഷാല്‍ ഐസക്‌ ന്യൂട്ടന്റെ ശവക്കല്ലറയ്‌ക്കു സമീപം അദ്ദേഹത്തെ സംസ്‌കരിക്കാന്‍ അധികൃതര്‍ തയ്യാറായി. അത്‌ വളരെ അര്‍ത്ഥവത്തായി. കാരണം, ശാസ്‌ത്രത്തിന്റെ മഹാവേദിയില്‍ തീര്‍ച്ചയായും ന്യൂട്ടനൊപ്പം തന്നെയാണ്‌ ചാള്‍സ്‌ ഡാര്‍വിന്റെ സ്ഥാനം (അതോ ഡാര്‍വിനൊപ്പം ന്യൂട്ടന്റെ സ്ഥാനമോ!).
(അവലംബം: Origin of Species - Charles Darwin, The Cambridge Dictionary of Scientists, Science A History -John Gribbin, A Short History of Nearly Everything -Bill Bryson, The Blind Watchmaker - Richard Dawkins, Was Darwin Wrong-David Quammen, Natioal Geographic, November 2004)

Thursday, May 03, 2007

ജനിതകതകരാറും ഹൃദ്രോഗവും

ഹൃദ്രോഗവും ജനിതക തകറാറുകളും സംബന്ധിച്ച്‌ ഇനിയും ഏറെ മനസിലാക്കാനുണ്ടെന്നാണ്‌, ഹൃദ്രോഗമരണത്തിന്റെ ചരിത്രമുള്ള ഒരു ഇറാനിയന്‍ കുടുംബത്തെ പഠനവിധേയമാക്കിയ ഗവേഷകര്‍ എത്തിയിരിക്കുന്ന നിഗമനം
ദിവാസികളെ ബാധിക്കുന്ന 'അരിവാള്‍ രോഗ'(sickle cell aneamia)ത്തെപ്പറ്റി കേട്ടിട്ടില്ലേ. ഒറ്റ ജനിതക ഉല്‍പരിവര്‍ത്തനം(mutation) ആണ്‌ ആ രോഗത്തിന്‌ കാരണം. അതുപോലെ ഒരു ജീനിലെ ഏകഉല്‍പരിവര്‍ത്തനം ഹൃദ്രോഹത്തിന്‌ കാരണമാകുമോ? കാരണമാകാമെന്ന്‌ പുതിയൊരു പഠനം പറയുന്നു. പാരമ്പര്യമായി ഹൃദ്രോഗം പിടികൂടുന്ന ഒരു ഇറാനിയന്‍ കുടുംബത്തിന്റെ ദുര്‍വിധിക്കു കാരണം തേടിയിറങ്ങിയ ഗവേഷകരാണ്‌, ഹൃദ്രോഗപഠനത്തില്‍ ഏറെ പ്രാധാന്യമുള്ള ഈ കണ്ടെത്തല്‍ നടത്തിയത്‌. ഹൃദ്രോഗത്തിന്‌ കാരണമായ ഒരു ജനിതകതകരാര്‍ അസ്ഥിദ്രവീകരണത്തിനും കാരണമായേക്കാമെന്ന സൂചനയും ഈ പഠനം നല്‍കി.

മിക്ക അംഗങ്ങളും ഹൃദ്രോഗം മൂലം അകാലത്തില്‍ മരണമടയുന്ന ദയനീയ ചരിത്രമാണ്‌, പഠനവിധേയമാക്കിയ ഇറാനിയന്‍ കുടുംബത്തിന്റേത്‌. ശരാശരി 52 വയസിലാണ്‌ ഹൃദയാഘതത്തിന്റെ രൂപത്തില്‍ കുടുംബാംഗങ്ങളെ മരണം പിടികൂടുക. രക്താതിസമ്മര്‍ദ്ദം, രക്തത്തില്‍ ചീത്തകൊളസ്‌ട്രോളിന്റെ ആധിക്യം, പ്രമേഹം - ഇങ്ങനെ ഹൃദ്രോഗത്തിലേക്ക്‌ നയിക്കുന്ന 'കൊറോണറി ആര്‍ട്ടറി ഡിസീസി'ന്‌ ആവശ്യമായ എല്ലാ അപകടഘടകങ്ങളും ആ കുടുംബാംഗങ്ങളെ ബാധിക്കാറുമുണ്ട്‌. എന്തുകൊണ്ട്‌ ആ കുടുംബത്തെ മാത്രം ഹൃദ്രോഗത്തിന്റെ രൂപത്തില്‍ ദുരന്തം വേട്ടയാടുന്നു എന്നാണ്‌ ഗവേഷകര്‍ അന്വേഷിച്ചത്‌.

അമേരിക്കയില്‍ യേല്‍ സര്‍വകലാശാലയ്‌ക്കു കീഴിലെ 'ഹൊവാര്‍ഡ്‌ ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്റ്റിട്ട്യൂട്ടി'ലെയും മൂന്ന്‌ ഇറാനിയന്‍ സര്‍വകലാശാലകളിലെയും ഗവേഷകരുടെ സംയുക്ത സംരംഭമായിരുന്നു ഈ അന്വേഷണം. ഹൂസ്‌ മെഡിക്കല്‍ ഇന്‍സ്‌റ്റിട്ട്യൂട്ടിലെ റിച്ചാര്‍ഡ്‌ പി.ലിഫ്‌ടന്‍ പഠനത്തിന്‌ നേതൃത്വം നല്‍കി. അതേ സ്ഥാപനത്തിലെ തന്നെ കാര്‍ഡിയോളജിസ്‌റ്റായ ആര്യ മണി ഗവേഷണത്തില്‍ മുഖ്യപങ്കു വഹിച്ചു. ഒരു കുടുംബത്തിന്റെ ജനിതകപാരമ്പര്യമാണ്‌ പഠനവിഷയമെങ്കിലും, ഹൃദ്രോഗത്തിന്റെ കടന്നുവരവു സംബന്ധിച്ച്‌ തന്മാത്രാതലത്തില്‍ പുതിയ ഉള്‍ക്കാഴ്‌ച ലഭിക്കാന്‍ സഹായിക്കുന്ന ഗവേഷണമാണിതെന്ന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു.

ഹൃദ്രോഗത്തിന്റെ രൂപത്തില്‍ ദുരന്തം വേട്ടയാടുന്ന ആ കുടുംബത്തെപ്പറ്റി, ഏറെ മുമ്പുതന്നെ ഇറാനിയന്‍ ഗവേഷകര്‍ക്ക്‌ അറിവുണ്ടായിരുന്നു. ആദ്യം തിരിച്ചറിഞ്ഞ രോഗിയുടെ രക്തബന്ധത്തില്‍ പെട്ട ഇരുപത്തിയെട്ടില്‍ 23 പേരും ഇതിനകം ഹൃദയാഘാതത്താല്‍ മരിച്ചു കഴിഞ്ഞു. കുടുംബത്തില്‍ ഇപ്പോഴുള്ള മുഴുവന്‍ പേരുടെയും മെഡിക്കല്‍രേഖകളും രക്തവും ഗവേഷകര്‍ പഠനത്തിനായി ശേഖരിച്ചു. അതില്‍ രോഗം ബാധിച്ചവരുടെയും അല്ലാത്തവരുടെയും ജനിതകഘടനയിലെ വ്യത്യാസമാണ്‌ സൂക്ഷ്‌മതലത്തില്‍ താരതമ്യം ചെയ്‌തത്‌. ശ്രമകരമായ ദൗത്യമായിരുന്നു അത്‌. ഒടുവില്‍ രോഗബാധിതരുടെ ക്രോമസോം 12-ലാണ്‌ പ്രശ്‌നം എന്നവര്‍ തിരിച്ചറിഞ്ഞു.

ക്രോമസോം 12-ല്‍ 'എല്‍.ഡി.എല്‍.റിസെപ്‌ടര്‍ റിലേറ്റഡ്‌ പ്രോട്ടീന്‍ 6'-ന്‌ കാരണമായ ജീനി (LRP6 ജീന്‍) ലാണ്‌ ഉല്‍പരിവര്‍ത്തനം സംഭവിച്ചിട്ടുള്ളതെന്ന സൂചന ഗവേഷകരുടെ ശ്രദ്ധ മറ്റൊരു സംഗതിയിലേക്ക്‌ തിരിച്ചുവിടാന്‍ കാരണമായി. 'ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റല്‍ ബോസ്‌റ്റണി'ലെ ഡോ.മാത്യു വാര്‍മാന്‍ 2001-ല്‍ LRP ജീന്‍ കുടുംബത്തെക്കുറിച്ച്‌ ഒരു കണ്ടെത്തല്‍ നടത്തിയിരുന്നു. ഈ ജീനുകള്‍ അസ്ഥിവളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നു എന്നായിരുന്നു ആ കണ്ടെത്തല്‍. "ഇറാനിയന്‍ കുടുംബത്തില്‍ ഹൃദ്രോഹം ബാധിച്ചു മരിച്ച പലരും ചെറുപ്പത്തില്‍ വിശദീകരിക്കാനാവാത്ത വിധം ഇടുപ്പെല്ല്‌ പൊട്ടി ദുരിതം അനുഭവിച്ചിരുന്നു എന്ന കാര്യം ഞങ്ങള്‍ ശ്രദ്ധിച്ചു"-ഡോ.ലിഫ്‌ടിന്‍ അറിയിക്കുന്നു. "തുടക്കത്തില്‍ ഇക്കാര്യം ഞങ്ങള്‍ പരിഗണിച്ചില്ല. എന്നാല്‍, LRP രംഗപ്രവേശം ചെയ്‌തതോടെ അത്‌ ഞങ്ങളുടെ ജിജ്ഞാസ ഉണര്‍ത്തി. LRP6 ജീന്‍ തന്നെയാകണം ഇതിലും പ്രതി എന്നുവന്നു".

രോഗബാധിതരുടെ LRP6 ജീന്‍ അപകോഡീകരിച്ചപ്പോള്‍ അതില്‍ ഒറ്റ അമിനോആസിഡിന്റെ സ്ഥാനത്താണ്‌ ജനിതക ഉല്‍പരിവര്‍ത്തനം സംഭവിച്ചിട്ടുള്ളതെന്ന്‌ ഗവേഷകര്‍ കണ്ടു. കോശങ്ങള്‍ കള്‍ച്ചര്‍ ചെയ്‌ത്‌ പഠിച്ചപ്പോള്‍, ആ ജനിതകവ്യതികരണം മൂലം 'Wnt സൂചകപാത'(Wnt signaling pathway)യില്‍ LRP6 പ്രോട്ടീനിന്റെ പ്രവര്‍ത്തനത്തില്‍ വിട്ടുവീഴ്‌ചയുണ്ടാകുന്നതായി തെളിഞ്ഞു. പ്രായപൂര്‍ത്തിയായ വ്യക്തിയുടെ ഒട്ടേറെ ശരീരപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ കാര്യങ്ങള്‍ ഭ്രൂണാവസ്ഥയില്‍ തന്നെ ചിട്ടപ്പെടുത്തുന്ന സുപ്രധാന ഉപാപചയ സൂചകമാണ്‌ 'Wnt പാത'. ഹൃദ്രോഗത്തെ സംബന്ധിച്ചിടത്തോളം, വിട്ടുവീഴ്‌ചയ്‌ക്ക്‌ വിധേയമാകുന്ന 'Wnt സൂചകപാത' വരുംനാളുകളില്‍ ഒരു പ്രധാന പഠനലക്ഷ്യമായി മാറുമെന്ന്‌ ഡോ. ലിഫ്‌ടിന്‍ കരുതുന്നു. ഈ സൂചകപാതയുടെ തകരാര്‍ മാറ്റുക വഴി ഹൃദ്രോഗം ചികിത്സിക്കാമെന്നു വന്നുകൂടായ്‌കയില്ലെന്ന്‌ സാരം.

മാത്രമല്ല, ഹൃദ്രോഗവും അസ്ഥിദ്രവീകരണവും(osteoporosis) തമ്മിലുള്ള ബന്ധത്തിന്റെ സൂചനയാണ്‌ LRP ജീനിലെ ഉല്‍പരിവര്‍ത്തനം. വര്‍ധിച്ച ഹൃദ്രോഗത്തിനും അസ്ഥിദ്രവീകരണത്തിനും തമ്മില്‍ ബന്ധമുണ്ടെന്ന ചിന്താഗതി വൈദ്യശാസ്‌ത്രഗവേഷണരംഗത്ത്‌ വര്‍ധിച്ചു വരുന്ന കാലമാണിത്‌. ആ നിലയ്‌ക്കും പുതിയ കണ്ടെത്തലിന്‌ പ്രധാന്യമുണ്ട്‌. "ഒരുപക്ഷേ, 'Wnt സൂചകപാത'യുടെ തകരാര്‍ പരിഹരിക്കുക വഴി അസ്ഥിദ്രവീകരണവും ഹൃദ്രോഗവും ഒരേ സമയം ചെറുക്കാന്‍ കഴിഞ്ഞെന്നും വരാം"- ഡോ. ലിഫ്‌ടിന്‍ പറയുന്നു. ഓരോ കണ്ടെത്തലും പുതിയൊരു ലോകമാണ്‌ തുറന്നു തരുന്നതെന്നു പറയുന്നത്‌ ഈ ഗവേഷണത്തിലും ശരിയാകുന്നു. ഭാവിപഠനങ്ങള്‍ക്കുള്ള ഒട്ടേറെ ലക്ഷ്യങ്ങളും സാധ്യതകളും ഈ പഠനം മുന്നോട്ടു വെയ്‌ക്കുന്നു.(കടപ്പാട്‌: സയന്‍സ്‌ ഗവേഷണ വാരിക)