Tuesday, July 28, 2009

ആഗോളതാപനത്തിന്റെ ആദ്യ ഇര

അപൂര്‍വം പേരൊഴികെ ആരും കണ്ടിട്ടില്ലാത്ത ഒരു ജീവി, ലോകത്തെയാകെ ഗ്രസിച്ചു തുടങ്ങിയിരിക്കുന്ന ഒരു പ്രശ്‌നത്തിന്റെ മുന്നറിയിപ്പായി മാറിയതിന്റെ കഥയാണിത്‌. സുവര്‍ണ തവള (ഗോള്‍ഡന്‍ ടോഡ്‌) എന്നാണ്‌ ആ ജീവിയുടെ പേര്‌. ആഗോളതാപനത്തിന്റെ ഫലമായി ഭൂമുഖത്തുനിന്ന്‌ അപ്രത്യക്ഷമായെന്ന്‌ ശാസ്‌ത്രലോകം വിധിയെഴുതിയ ആദ്യജീവി. ഭൂമിക്ക്‌ ചൂടുകൂടുന്നതിന്റെ ഫലമായി സമീപഭാവിയില്‍ അന്യംനില്‍ക്കുമെന്ന്‌ പ്രവചിക്കപ്പെടുന്ന പത്തുലക്ഷത്തോളം വര്‍ഗങ്ങളുടെ പ്രതിനിധി.

കോസ്‌റ്റാറിക്കയിലെ മോന്റെവെര്‍ഡെ മേഖലയില്‍ വെറും പത്ത്‌ ചതുരശ്രകിലോമീറ്റര്‍ വനപ്രദേശമായിരുന്നു ഈ ജീവിവര്‍ഗത്തിന്റെ വാസഗേഹം. ലോകത്ത്‌ വേറൊരിടത്തും ഈ തവളകള്‍ ഉള്ളതായി കണ്ടെത്തിയിട്ടില്ല. സമുദ്രനിരപ്പില്‍നിന്ന്‌ ഒന്നര കിലോമീറ്റര്‍ ഉയരെ മലയിടുക്കുകളിലെ കോടമഞ്ഞ്‌ മൂടിയ ഉഷ്‌ണമേഖലാവനങ്ങളില്‍ 'ഒളിച്ചു' കഴിഞ്ഞിരുന്ന ഇവയെ, അമേരിക്കന്‍ ഗവേഷകനായ ജെയ്‌ സാവേജ്‌ കണ്ടത്തി 'ബ്യൂഫോ പെരിഗ്ലെനെസ്‌' (Bufo
periglenes) എന്ന്‌ ശാസ്‌ത്രീയനാമം നല്‍കിയത്‌ 1966-ല്‍ മാത്രമാണ്‌. എഴുപതുകളില്‍ കോസ്‌റ്റാറിക്കയില്‍ ജൈവവൈവിധ്യ സംരക്ഷണസംരക്ഷണ പ്രവര്‍ത്തനങ്ങളിലെ സുവര്‍ണതാരമായി മാറിയ ഈ അപൂര്‍വ തവള പ്രചാരണ പോസ്‌റ്ററുകളില്‍ നിറഞ്ഞുനിന്നു.

സുവര്‍ണതവള മുന്നില്‍ പെട്ടാല്‍ ആരും സ്‌തംഭിച്ച്‌ നിന്നുപോകുമെന്ന്‌, ആ ജീവിയെ അവസാനമായി കാണാന്‍ അവസരമുണ്ടായ മാര്‍ട്ടി ക്രംപ്‌ എന്ന ഗവേഷക രേഖപ്പെടുത്തുന്നു. അത്ര ഉജ്ജ്വലമായ ദൃശ്യമാണത്രേ അത്‌. സ്വര്‍ണത്തില്‍ നിര്‍മിച്ച കളിപ്പാട്ടം എന്നല്ലാതെ, അതൊരു ജീവിയാണെന്ന്‌ ആദ്യം വിശ്വാസം വരില്ലെന്നാണ്‌ അവര്‍ പറയുന്നത്‌. `കാനനമധ്യേ ചിതറിക്കിടക്കുന്ന രത്‌നങ്ങള്‍ പോലയാണവ`- ഇന്‍ സെര്‍ച്ച്‌ ഓഫ്‌ ദി ഗോള്‍ഡന്‍ ഫ്രോഗ്‌ എന്ന ഗ്രന്ഥത്തില്‍ ആ ഗവേഷക രേഖപ്പെടുത്തുന്നു. അഞ്ച്‌ സെന്റീമീറ്ററോളം നീളമുള്ള ഈ തവളകളില്‍ ആണ്‍ജീവികള്‍ക്കാണ്‌ സ്വര്‍ണവര്‍ണം. പെണ്‍തവളകള്‍ കറുപ്പില്‍ പലനിറത്തിലുള്ള പൊട്ടുകളുള്ളവയാണ്‌. മുപ്പതിനായിരത്തോളം സുവര്‍ണതവളകള്‍ മോന്റെവെര്‍ഡെ കാട്ടില്‍ ഒരുകാലത്ത്‌ ഉണ്ടായിരുന്നു എന്നാണ്‌ കണക്ക്‌.

വര്‍ഷത്തില്‍ ഏറിയപങ്കും 'അണ്ടര്‍ഗ്രൗണ്ടില്‍' ആയിരിക്കും എന്നതാണ്‌ ഈ ജീവികളുടെ പ്രത്യേകത. കോടക്കാടുകളിലെ തറയില്‍ മണ്‍കൂനകള്‍ക്കും വേരുകള്‍ക്കും കീഴെ കഴിയുന്ന സുവര്‍ണ തവളകള്‍ ഏപ്രില്‍-മെയ്‌ കാലയളവില്‍, മഴ തുടങ്ങുമ്പോള്‍, മാത്രമാണ്‌ പുറത്തിറങ്ങുക. പ്രജനനം നടത്താനാണ്‌ ആ വരവ്‌. വെള്ളം കെട്ടിനില്‍ക്കുന്ന ചെറിയ ഊറ്റുകുഴികള്‍ക്ക്‌ ചുറ്റും സ്വര്‍ണവര്‍ണമാര്‍ന്ന ഡസണ്‍ കണക്കിന്‌ തവളകള്‍ ഇണകള്‍ക്കായി മത്സരിക്കും. ഏത്‌ ആണ്‍തവളയ്‌ക്ക്‌ ഏത്‌ ഇണയെ കിട്ടും എന്നത്‌ പ്രവചിക്കാനേ കഴിയില്ല. `ഞാന്‍ ഇതുവരെ കണ്ടിട്ടുള്ളതില്‍ ഏറ്റവും അതുല്യമായ കാഴ്‌ച' എന്നാണ്‌ മാര്‍ട്ടി ക്രംപ്‌ ഇതെപ്പറ്റി പറയുന്നത്‌. അതുകഴിഞ്ഞാല്‍ വീണ്ടും അണ്ടര്‍ഗ്രൗണ്ടിലേക്ക്‌! ഓരോ പെണ്‍തവളയും 200 മുതല്‍ 400 വരെ മുട്ടകളിടും. വെള്ളത്തില്‍ കിടന്ന്‌ അവ രണ്ടുമാസംകൊണ്ട്‌ വിരിഞ്ഞ്‌ വാല്‍മാക്രികളാകും.

1987 വരെ ഇതായിരുന്നു സ്ഥിതി. ആ വര്‍ഷം പക്ഷേ, കോസ്‌റ്റാറിക്ക പതിവില്ലാത്ത വിധം വരള്‍ച്ചയില്‍ പെട്ടു. ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചിരുന്ന എല്‍നിനോ പ്രതിഭാസമായിരുന്നു കാരണം. അന്ന്‌ മോന്റെവെര്‍ഡെ ക്ലൗഡ്‌ ഫോറസ്‌റ്റ്‌ റിസര്‍വിലുള്ള 'ഗോള്‍ഡന്‍ ടോഡ്‌ ലബോറട്ടറി ഫോര്‍ കണ്‍സര്‍വേഷനി'ല്‍ പ്രവര്‍ത്തിച്ചുന്ന മാര്‍ട്ടി ക്രംപ്‌, 1987 ഏപ്രില്‍ 15-ന്‌ 133 സുവര്‍ണ തവളകള്‍ ഇണചേരാനായി പ്രത്യക്ഷപ്പെട്ട കാര്യം രേഖപ്പെടുത്തി. പക്ഷേ, വരണ്ട കാലാവസ്ഥയില്‍ ഊറ്റുകുഴികള്‍ പെട്ടന്ന്‌ വറ്റി. തവളകള്‍ തിരിച്ചു പോയതിന്‌ പിന്നാലെ മുട്ടകള്‍ ചെളിയില്‍ പുതഞ്ഞ്‌ നശിക്കുന്ന കാഴ്‌ചയാണ്‌ ദിവസങ്ങള്‍ കഴിഞ്ഞ്‌ ആ ഗവേഷക നിരീക്ഷിച്ചത്‌.

തങ്ങളുടെ വംശത്തിന്റെ വിധി തിരിച്ചറിഞ്ഞിട്ടെന്ന പോലെ, കാട്ടില്‍ മറഞ്ഞ തവളകള്‍ ഒരു മാസത്തിന്‌ ശേഷം മഴപെയ്‌തപ്പോള്‍ ഒരിക്കല്‍കൂടി തിരികെയെത്തി ഇണചേരല്‍ നടത്തി. പത്ത്‌ ചെറുകുളങ്ങളിലായി 43,500 മുട്ടകള്‍ ക്രംപ്‌ കണ്ടെത്തി. പക്ഷേ, കുളങ്ങള്‍ വീണ്ടും വറ്റി. വെറും 29 വാല്‍മാക്രികള്‍ മാത്രമേ ഒരാഴ്‌ചയില്‍ കൂടുതല്‍ നിലനിന്നുള്ളു. അതിനടുത്ത വര്‍ഷത്തെ പ്രജനന സീസണില്‍ മോന്റെവെര്‍ഡെയിലെത്തി വിശദമായ അന്വേഷണം നടത്തിയിട്ടും, ഏകനായ ഒരു സുവര്‍ണതവളയെ അല്ലാതെ മറ്റൊന്നിനെയും ക്രംപിന്‌ കണ്ടെത്താനായില്ല. 1988 ജൂണ്‍ 18-ന്‌ അവര്‍ തന്റെ നോട്ട്‌ബുക്കില്‍ ഇങ്ങനെ രേഖപ്പെടുത്തി: `അവസാനം നീണ്ട വേനലിന്‌ അന്ത്യമായി. കഴിഞ്ഞ വര്‍ഷം നൂറുകണക്കിന്‌ സുവര്‍ണ തവളകള്‍ ഇണകള്‍ക്കായി മത്സരിച്ച സ്ഥലങ്ങളെല്ലാം ശൂന്യം. ഒറ്റ തവളയെപ്പോലും കാണാനില്ല. സ്വര്‍ണവര്‍ണമുള്ള ആ ചലനങ്ങളില്ലാതെ, വനത്തിന്‌ വന്ധ്യതയും ദൈന്യതയും ബാധിച്ചതുപോലെ!'

ഒരുവര്‍ഷം കൂടി കഴിഞ്ഞു. സുവര്‍ണ തവളകളെത്തേടി കാട്ടില്‍ അലയുന്നതിനിടെ, 1989 മെയ്‌ 15-ന്‌ മാര്‍ട്ടി ക്രംപ്‌ വീണ്ടുമൊരു ഏകനായ തവളയെ കണ്ടു. അതായിരുന്നു അവസാനമായി മനുഷ്യന്‍ കണ്ട സുവര്‍ണ തവള. കോസ്‌റ്റാറിക്കയില്‍ പിന്നീട്‌ ഗവേഷകര്‍ ഒട്ടേറെ പര്യവേക്ഷണങ്ങള്‍ നടത്തിയിട്ടും ആ ജീവിയെ കണ്ടിട്ടില്ല. വര്‍ഷങ്ങള്‍ കടന്നുപോയതോടെ കാര്യം വ്യക്തമായി. ആ മനോഹര ജീവി ഭൂമിയില്‍ അവശേഷിച്ചിട്ടില്ല. വംശനാശം സംഭവിച്ച ജീവികളുടെ പട്ടികയില്‍ 2004-ഓടെ അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍ (ഐ.യു.സി.എന്‍) സുവര്‍ണ തവളയുടെ പേരും ചേര്‍ത്തു. ഒരുകാലത്ത്‌ പ്രദേശവാസികളുടെ ഐതീഹ്യങ്ങളില്‍ നിലനിന്നിരുന്ന ആ അപൂര്‍വജീവി ഇപ്പോള്‍ അവരുടെ ഓര്‍മകളില്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു.

സുവര്‍ണതവള അവശേഷിച്ചില്ലെങ്കിലും അതിന്‌ എന്തുസംഭവിച്ചു എന്നറിയാനുള്ള ആകാംക്ഷ നിലനിന്നു. അതാണ്‌ കൂടുതല്‍ അന്വേഷണങ്ങള്‍ക്ക്‌ ഗവേഷകരെ പ്രേരിപ്പിച്ചത്‌. സുവര്‍ണ തവള ഉള്‍പ്പടെ, ആ വനമേഖലയിലെ ഒട്ടേറെ ജീവിവര്‍ഗങ്ങളുടെ തിരോധാനത്തിന്‌ പിന്നില്‍ കാലാവസ്ഥാമാറ്റം ഒരു ഘടകമാണെന്ന്‌ ആദ്യംമുതലേ പലരും സംശയിച്ചിരുന്നു. 1999-ല്‍ നേച്ചര്‍ മാഗസിനിലൂടെ പുറത്തുവന്ന ഒരു പഠനം കാര്യങ്ങള്‍ക്ക്‌ വ്യക്തത നല്‍കി. സുവര്‍ണ തവളകളുടെ ദുര്‍വിധിക്കുള്ള കാരണം മാത്രമല്ല, ഉഷ്‌ണമേഖലാകാടുകളിലെ ജൈവവൈവിധ്യത്തിന്‌ കാലാവസ്ഥാമാറ്റം കാത്തുവെച്ചിട്ടുള്ള വിധിയെന്താണെന്ന്‌ സൂചന നല്‍കാനും ആ പഠനം സഹായിച്ചു.

ഈസ്റ്റ്‌ ആംഗ്ലിയ സര്‍വകലാശാലയ്‌ക്ക്‌ കീഴില്‍ ക്ലൈമറ്റ്‌ റിസര്‍ച്ച്‌ യൂണിറ്റിലെ മൈക്ക്‌ ഹ്യൂല്‍മിയും നിക്കോള ഷേര്‍ഡും ചേര്‍ന്ന്‌ നടത്തിയ ആ പഠനത്തില്‍, 1970-കള്‍ക്ക്‌ ശേഷം മോന്റെവെര്‍ഡെ കാടുകളില്‍ കോടമഞ്ഞില്ലാത്ത ദിവസങ്ങളുടെ എണ്ണം പതിവില്ലാത്ത വിധം വര്‍ധിച്ചതായി കണ്ടെത്തി. ആഗോളതാപനത്തിന്റെ ഫലമായി മധ്യപടിഞ്ഞാറന്‍ ശാന്തസമുദ്രത്തിലെ ഉപരിതല ഊഷ്‌മാവ്‌ വര്‍ധിച്ചപ്പോള്‍, അന്തരീക്ഷവായു ചൂടാവുകയും മേഘങ്ങളുടെ വിതാനം ഉയര്‍ന്നു പോവുകയും ചെയ്‌തു. അതാണ്‌ മലഞ്ചെരുവുകളിലെ കാടുകളില്‍നിന്ന്‌ കോടമഞ്ഞ്‌ അകറ്റിയത്‌. കോടമഞ്ഞെന്നാല്‍ ഈര്‍പ്പവും ജലബാഷ്‌പവുമാണ്‌. അത്‌ അകന്നതോടെ സുവര്‍ണ തവളകളുടെ നിലനില്‍പ്പ്‌ ഭീഷണിയിലായി. ആ വര്‍ഗത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയായി 1987 കാലത്തെ എല്‍നിനോയും അതുവഴിയുണ്ടായ വരള്‍ച്ചയും.

കല്‍ക്കരിയും പെട്രോളും ഉള്‍പ്പടെയുള്ള ഫോസില്‍ ഇന്ധനങ്ങള്‍ കത്തിക്കുമ്പോള്‍ പുറത്ത്‌ വരുന്ന കാര്‍ബണ്‍ഡയോക്‌സയിഡാണ്‌ ആഗോളതാപനത്തിലെ മുഖ്യപ്രതി. `നമ്മുടെ കല്‍ക്കരി നിലയങ്ങളും കൊട്ടാരസമാനമായ കാറുകളുമുപയോഗിച്ചാണ്‌ നമ്മള്‍ സുവര്‍ണ തവളയെ കൊന്നത്‌; അവ ജീവിച്ചിരുന്ന വനം ബുള്‍ഡോസര്‍ വെച്ച്‌ ഇടിച്ച്‌ നിരത്തിയാലെന്നപോല`-
ദി വെതര്‍ മേക്കേഴ്‌സ്‌ എന്ന ഗ്രന്ഥത്തില്‍ പരിസ്ഥിതി ശാസ്‌ത്രജ്ഞന്‍ ടിം ഫ്‌ളാനെറി അഭിപ്രായപ്പെടുന്നു. മഞ്ഞുമൂടിയ മലകളില്‍ കഴിയുന്ന നിഗൂഢജീവികളായ സുവര്‍ണ തവളകളെക്കുറിച്ച്‌ കോസ്‌റ്റാറിക്കയിലെ ഗോത്രവര്‍ഗക്കാര്‍ക്കുള്ള വിശ്വാസങ്ങളിലൊന്ന്‌, 'അവയെ ആരാണോ കണ്ടെത്തുന്നത്‌ അയാള്‍ക്ക്‌ ആനന്ദം ലഭിക്കും' എന്നാണ്‌. ഇനിആര്‍ക്കും ആ ജീവിയെ കണ്ടെത്താന്‍ കഴിയില്ല എന്നുവരുമ്പോള്‍ നമ്മുക്ക്‌ എന്താണ്‌ ലഭിക്കാനിരിക്കുന്നത്‌!

അവലംബം: Crump, Marty (2000), In Search of the Golden Frog (Chicago: The Chaicago University Press)

Flannery, Tim (2005),
The Weather Makers: How Man Is Changing the Climate and What It Means for Life on Earth (Melbourne: The Text Publishing Company)

Silver, Jerry (2008),
Global Warming and Climate Change Demystified (New York: McGrawHill Books)

(2009 ജൂലായ്‌ 19-ന്‌ മാതൃഭൂമി വാരാന്തപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്‌).

പിന്‍കുറിപ്പ്‌: ഭൂമിക്ക്‌ ചൂട്‌ വര്‍ധിക്കുന്നതിന്റെ തിക്തഫലങ്ങള്‍ക്ക്‌ ഉദാഹരണങ്ങള്‍ കേരളത്തിലുമുണ്ട്‌. മലബാര്‍ മേഖലയില്‍ കാണപ്പെടുന്ന മണവാട്ടി തവളകളെ കാത്തിരിക്കുന്ന വിധി എന്താണ്‌.

Monday, July 27, 2009

മസ്‌തിഷ്‌ക ശസ്‌ത്രക്രിയയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ശബ്ദതരംഗങ്ങള്‍

തലയ്‌ക്കുള്ളിലെ ശസ്‌ത്രക്രിയയ്‌ക്ക്‌ ഇനി ശബ്ദതരംഗങ്ങള്‍ തുണയ്‌ക്കെത്തും. തലയോട്ടി തുറക്കാതെ, മുറിവുണ്ടാക്കാതെ മസ്‌തിഷ്‌ക ശസ്‌ത്രക്രിയ സാധ്യമാക്കുന്ന പുതിയൊരു ഉപകരണത്തിന്‌ രൂപംനല്‍കിയിരിക്കുകയാണ്‌ ഗവേഷകര്‍. മസ്‌തിഷ്‌ക ചികിത്സയില്‍ വിപ്ലവം സൃഷ്ടിക്കാന്‍ ഈ സങ്കേതം വഴിതുറക്കുമെന്ന്‌ വിലയിരുത്തപ്പെടുന്നു.

പ്രവര്‍ത്തന വൈകല്യം ബാധിച്ച മസ്‌തിഷ്‌ക കോശഭാഗങ്ങളെ സുരക്ഷിതമായി എരിച്ചു കളയാന്‍ സഹായിക്കുന്ന ആള്‍ട്രാസൗണ്ട്‌ ഉപകരണമാണ്‌ പ്രതീക്ഷയേകുന്നത്‌. മാഗ്നെറ്റിക്‌ റെസണന്‍സ്‌ ഇമേജിങ്‌ (എം.ആര്‍.ഐ) സങ്കേതത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഈ ഉപകരണം, മനുഷ്യരില്‍ സുരക്ഷിതമായി ഉപയോഗിക്കാന്‍ കഴിയും എന്നാണ്‌ സ്വിറ്റ്‌സര്‍ലന്‍ഡില്‍ നടന്ന പ്രാഥമിക പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്‌.

മസ്‌തിഷ്‌ക തകരാര്‍ മൂലം കഠിനമായ വേദനയനുഭവിക്കുന്ന ഒന്‍പത്‌ രോഗികളിലാണ്‌ പുതിയ ഉപകരണം ആദ്യമായി പരീക്ഷിച്ചത്‌. "അങ്ങേയറ്റത്തെ സൂക്ഷ്‌മതയോടെ, തലച്ചോറിന്റെ ആഴത്തിലുള്ള കോശഭാഗങ്ങളെ കൃത്യമായും സുരക്ഷിതമായും നശിപ്പിക്കാനാകും എന്നാണ്‌ ഈ സുപ്രധാന കണ്ടെത്തല്‍ വ്യക്തമാക്കുന്നത്‌"-വിര്‍ജിനിയ സര്‍വകലാശാലയിലെ ന്യൂറോസര്‍ജന്‍ ഡോ.നീല്‍ കാസ്സെല്‍ പറയുന്നു. അദ്ദേഹം ചെയര്‍മാനായുള്ള 'ഫോക്കസ്സ്‌ഡ്‌ ആള്‍ട്രാസൗണ്ട്‌ സര്‍ജറി ഫൗണ്ടെഷന്‍' ആള്‍ട്രാസൗണ്ട്‌ തരംഗങ്ങളുടെ സര്‍ജിക്കല്‍ സാധ്യതകള്‍ പരീക്ഷിക്കുന്ന കമ്പനിയാണ്‌.

'ഹൈ-ഇന്റന്‍സിറ്റി ഫോക്കസ്സ്‌ഡ്‌ ആള്‍ട്രാസൗണ്ട്‌' (JIFU) സങ്കേതത്തിന്റെ സഹായത്തോടെയാണ്‌ പുതിയ ഉപകരണം രൂപപ്പെടുത്തിയിട്ടുള്ളത്‌. സാധാരണ രോഗനിര്‍ണയമാര്‍ഗങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന ആള്‍ട്രാസൗണ്ടില്‍ നിന്ന്‌ ഇത്‌ വ്യത്യസ്‌തമാണ്‌. ഈ സങ്കേതത്തില്‍ തീവ്രതകൂടിയ ആള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ രോഗംബാധിച്ച കോശഭാഗത്ത്‌ കേന്ദ്രീകരിക്കുകയാണ്‌ ചെയ്യുക. തരംഗങ്ങള്‍ ചെലുത്തുന്ന ഊര്‍ജത്തിന്റെ സ്വാധീനത്താല്‍ കോശഭാഗം ചൂടുപിടിച്ച്‌ നശിക്കുന്നു.

ഗര്‍ഭാശയത്തിലെ ചെറുട്യൂമറുകള്‍ നശിപ്പിക്കാന്‍ ഇത്തരം ഉന്നത തീവ്രതയുള്ള ആള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ നിലവില്‍ ഉപയോഗിച്ച്‌ വരുന്നുണ്ട്‌. സ്‌തനങ്ങളിലുണ്ടാകുന്ന ട്യൂമറുകള്‍ നീക്കം ചെയ്യാന്‍ ഇത്‌ ഉപയോഗിക്കാന്‍ കഴിയുമോ എന്ന കാര്യം പരീക്ഷണഘട്ടത്തിലാണ്‌. ഇസ്രായേല്‍ കേന്ദ്രമായുള്ള 'ഇന്‍സൈടെക്‌' (InSightec) എന്ന കമ്പനിയാണ്‌ മസ്‌തിഷ്‌ക ശസ്‌ത്രക്രിയയില്‍ സഹായിക്കുന്ന എച്ച്‌.ഐ.എഫ്‌.യു. ഉപകരണത്തിന്‌ രൂപംനല്‍കിയിരിക്കുന്നത്‌.

ഇക്കാര്യത്തില്‍, ആള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ തലയോട്ടിയിലൂടെ എങ്ങനെ മസ്‌തിഷ്‌കത്തിനുള്ളില്‍ ഫോക്കസ്സ്‌ ചെയ്യും എന്നതായിരുന്നു ഗവേഷകര്‍ നേരിട്ട വെല്ലുവിളി. കാരണം ശബ്ദതരംഗങ്ങളില്‍ നിന്നുള്ള ഊര്‍ജം തലയോട്ടി ആഗിരണം ചെയ്യുകയും തരംഗങ്ങളുടെ പാതയില്‍ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യും. സ്വന്തംനിലയ്‌ക്ക്‌ ഫോക്കസ്‌ ചെയ്യുന്ന ആയിരത്തിലേറെ ആള്‍ട്രോസൗണ്ട്‌ ട്രാന്‍സ്‌ഡ്യൂസറുകളുടെ കൂട്ടം ഉപയോഗിച്ചാണ്‌ ഈ വെല്ലുവിളി ഗവേഷകര്‍ അതിജീവിച്ചത്‌.

"രോഗിയുടെ ശിരസ്സിന്റെ ഒരു സി.ടി.സ്‌കാന്‍ എടുക്കുക. അതിന്‌ ശേഷം ശബ്ദതരംഗങ്ങള്‍ തലയോട്ടിയിലൂടെ കടത്തിവിടുക"-ഇന്‍സൈടെക്‌ ന്യൂറോളജി പ്രോഗ്രാം മേധാവി ഇയാല്‍ സാദികാരിയോ പറയുന്നു. ശസ്‌ത്രക്രിയാ വേളയില്‍ തലയോട്ടി അമിതമായി ചൂടാകുന്നത്‌ തടയാന്‍ ഒരു ശീതീകരണ സംവിധാനവും പുതിയ ഉപകരണത്തിലുണ്ട്‌.

തലച്ചോറില്‍ തകരാറുള്ള സ്ഥാനത്ത്‌ ആള്‍ട്രാസൗണ്ട്‌ തരംഗങ്ങള്‍ ഫോക്കസ്സ്‌ ചെയ്യുകയാണ്‌ പുതിയ ഉപകരണം ചെയ്യുക. ഫോക്കസ്‌ ചെയ്യപ്പെടുന്ന മസ്‌തിഷ്‌ക ഭാഗം ഊര്‍ജം ആഗിരണം ചെയ്‌ത്‌ ചൂടാകും. താപനില 130 ഡിഗ്രി ഫാരന്‍ഹെയ്‌റ്റ്‌ വരെ ഉയരുകയും, ഏതാണ്ട്‌ പത്ത്‌ ഘനമില്ലിമീറ്റര്‍ പ്രദേശത്തെ കോശങ്ങള്‍ നശിക്കുകയും ചെയ്യും.

ആള്‍ട്രാസൗണ്ട്‌ ഉപകരണം പൂര്‍ണമായും മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ സ്‌കാനറുമായി ബന്ധിപ്പിക്കപ്പെട്ടാണ്‌ പ്രവര്‍ത്തിക്കുക. അതിനാല്‍, മസ്‌തിഷ്‌കത്തിലെ രോഗബാധിത ഭാഗം തന്നെയാണ്‌ ലക്ഷ്യം വെയ്‌ക്കുന്നതെന്ന്‌ ന്യൂറോസര്‍ജന്‍മാര്‍ക്ക്‌ ഉറപ്പാക്കാന്‍ കഴിയും. "തത്സമയം തന്നെ മസ്‌തിഷ്‌കത്തിലെ തെര്‍മല്‍ദൃശ്യങ്ങള്‍ ലഭിക്കുന്നതിനാല്‍, എവിടെ എത്രമാത്രം താപനില ഉയര്‍ത്തണം എന്ന്‌ തീരുമാനിക്കാന്‍ ബുദ്ധിമുട്ടില്ല"-സാദികാരിയോ പറയുന്നു.

പുതിയ ഉപകരണത്തിന്റെ സഹായത്തോടെ ഒന്‍പത്‌ രോഗികളില്‍ നടന്ന സ്വിസ്സ്‌ പഠനത്തിന്റെ ഫലം പുതിയലക്കം 'അനല്‍സ്‌ ഓഫ്‌ ന്യൂറോളജി'യിലാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്‌. ഔഷധങ്ങള്‍കൊണ്ട്‌ ഫലമില്ലെന്ന്‌ ഉറപ്പായവരായിരുന്നു രോഗികളെല്ലാം; കഠിനമായ വേദന അനുഭവിക്കുന്നവര്‍. പുതിയ സങ്കേതം ഉപയോഗിച്ച്‌ ചികിത്സിച്ചപ്പോള്‍ എല്ലാവര്‍ക്കും വളരെ വേഗം വേദനയില്‍ നിന്ന്‌ മോചനം ലഭിച്ചതായി, സൂറിച്ചില്‍ യൂണിവേഴ്‌സിറ്റി ചില്‍ഡ്രന്‍സ്‌ ഹോസ്‌പിറ്റലിന്‌ കീഴില്‍ മാഗ്നറ്റിക്‌ റെസൊണന്‍സ്‌ സെന്ററിലെ ഏണസ്റ്റ്‌ മാര്‍ട്ടിന്‍ അറിയിക്കുന്നു. രോഗികളില്‍ ആര്‍ക്കും പിന്നീട്‌ എന്തെങ്കിലും സിരാസംബന്ധമായ പ്രശ്‌നങ്ങളോ മറ്റ്‌ പാര്‍ശ്വഫലങ്ങളോ കണ്ടില്ലെന്ന്‌ റിപ്പോര്‍ട്ട്‌ സാക്ഷ്യപ്പെടുത്തുന്നു.

ഇന്‍സൈടെകിന്റെ ആള്‍ട്രോസൗണ്ട്‌ ഉപകരണം ഇപ്പോള്‍ ലോകത്ത്‌ അഞ്ച്‌ മെഡിക്കല്‍കേന്ദ്രങ്ങളില്‍ പരീക്ഷിച്ചു വരികയാണ്‌. പാര്‍ക്കിന്‍സണ്‍സ്‌ രോഗികളില്‍ ഈ സങ്കേതം പരീക്ഷിക്കുന്നതിനൊപ്പം മസ്‌തിഷ്‌കട്യൂമര്‍, ചുഴലി, മസ്‌തിഷ്‌കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ നേരിടുന്നവരിലും ഇത്‌ ഫലപ്രദമാകുമോ എന്നറിയാനുള്ള ഗ്രമത്തിലാണ്‌ ഗവേഷകര്‍. അത്തരം രോഗികളിലും വിജയം സാധ്യമായാല്‍ മസ്‌തിഷ്‌ക ചികിത്സയില്‍ വന്‍മുന്നേറ്റമാകും അത്‌. (അവലംബം: ടെക്‌നോളജി റിവ്യു).

കാണുക

Sunday, July 26, 2009

വയര്‍ലെസ്സ്‌ വൈദ്യുതി ഇനി കെട്ടുകഥയല്ല

വയറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യുക എന്നത്‌ ഇനി സങ്കല്‍പ്പമോ ഭാവി സാധ്യതയോ അല്ല. ലളിതമായ ഒരു ഭൗതികശാസ്‌ത്രനിയമത്തിന്റെ സഹായത്തോടെ ഇക്കാര്യം യാഥാര്‍ഥ്യമാക്കുകയാണ്‌ അമേരിക്കന്‍ കമ്പനിയായ 'വിട്രിസിറ്റി' (Witricity).

അടുത്തയിടെ ഓക്‌സ്‌ഫഡില്‍ നടന്ന 'ടെഡ്‌ ഗ്ലോബല്‍ കോണ്‍ഫറന്‍സി'ല്‍ വിട്രിസിറ്റി മേധാവി എറിക്‌ ഗിലെര്‍ അവതരിപ്പിച്ച സങ്കേതം പ്രചാരത്തിലെത്തിയാല്‍ 'വയര്‍ലെസ്സ്‌ വൈദ്യുതി'യുടെ കാലമാകും ഇനി. മൊബൈല്‍ ഫോണുകളും ടെലിവിഷനുകളും സാധാരണ ചാര്‍ജറുകളുടെ സഹായമില്ലാതെ വായുവിലൂടെ ചാര്‍ജുചെയ്യുന്നത്‌ എങ്ങനെ എന്നാണ്‌ അദ്ദേഹം അവിടെ കാട്ടിത്തന്നത്‌!

വന്‍തോതില്‍ വൈദ്യുതികേബിളുകളും, പുനരുപയോഗം ചെയ്യാനാകാത്ത കോടിക്കണക്കിന്‌ ബാറ്ററികളും ഒഴിവാക്കാന്‍ പുതിയ സങ്കേതം സഹായിക്കുമെന്ന്‌ എറിക്‌ ഗിലെര്‍ പറഞ്ഞു. ഇത്തരം 4000 കോടി ബാറ്ററികള്‍ ലോകത്ത്‌ ഉത്‌പാദിപ്പിക്കുന്ന എന്നാണ്‌ കണക്ക്‌. അത്‌ മുഴുവന്‍ ഉപയോഗിച്ച ശേഷം വലിച്ചെറിയപ്പെടുകയാണ്‌. മാത്രമല്ല, ചാര്‍ജറുകള്‍ക്കാവശ്യമായ കേബിളുകള്‍ നിര്‍മിക്കാനും വലിയ മുതല്‍മുടക്ക്‌ ആവശ്യമാണ്‌. അത്തരം സംഗതികളൊക്കെ ഒഴിവാക്കാന്‍ പുതിയ സാങ്കേതികവിദ്യ സഹായിക്കും.

പുതിയ സംവിധാനമുപയോഗിച്ച്‌ വയറുകളുടെ സഹായമില്ലാതെ ഗൂഗിള്‍ ജി1 ഫോണും ആപ്പിളിന്റെ ഐഫോണും ചാര്‍ജുചെയ്യുന്നത്‌ എങ്ങനെയെന്ന്‌ എറിക്‌ ഗിലെര്‍ സമ്മേളനത്തില്‍ അവതരിപ്പിച്ചു കാട്ടി. ടെലിവിഷനും ഇത്തരത്തില്‍ ചാര്‍ജുചെയ്‌ത്‌ അദ്ദേഹം കാണികളെ അമ്പരപ്പിച്ചു.

മസാച്യൂസെറ്റ്‌സ്‌ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (എം.ഐ.ടി)യിലെ ഗവേഷകന്‍ പ്രൊഫ. മറിന്‍ സോള്‍ജാസികും സംഘവും വികസിപ്പിച്ച സങ്കേതമാണ്‌ 'വിട്രിസിറ്റി'യുടേത്‌. അനുനാദം (resonance) എന്ന ഭൗതികപ്രതിഭാസത്തിന്റെ സാധ്യതയുപയോഗിച്ച്‌, വൈദ്യുതകാന്തിക വികിരണരൂപത്തില്‍ വൈദ്യുതിയെ വായുവിലൂടെ ലക്ഷ്യസ്ഥാനത്തെത്തിക്കാനുള്ള മാര്‍ഗമാണിത്‌.

ഒരു പ്രത്യേക ആവര്‍ത്തി (frequency)യില്‍ ഊര്‍ജം ചെലുത്തുമ്പോള്‍ ഒരു വസ്‌തു കമ്പനം (vibration) ചെയ്യാനിടയാക്കുന്ന പ്രതിഭാസമാണ്‌ അനുനാദം. സംഗീതോപകരണങ്ങളില്‍ ഈ പ്രതിഭാസം സാധാരണമാണ്‌. ഒന്നില്‍ ഒരു പ്രത്യേക ഈണം മീട്ടുമ്പോള്‍ അതേ ശബ്ദാനുനാദമുള്ള മറ്റൊരു സംഗീതോപകരണം ആ ഈണം ആവാഹിച്ചെടുത്ത്‌ കമ്പനം ചെയ്യാനാരംഭിക്കും. അനുനാദം വഴി ഊര്‍ജത്തിന്റെ കൈമാറ്റമാണ്‌ ഇവിടെ നടക്കുന്നത്‌.

ശബ്ദകമ്പനങ്ങള്‍ക്ക്‌ പകരം, വൈദ്യുതകാന്തികതരംഗങ്ങളുടെ അനുനാദം പ്രയോജനപ്പെടുത്തുകയാണ്‌ പ്രൊഫ. സോള്‍ജാസികും സംഘവും ചെയ്‌തത്‌.

ഇത്‌ സുരക്ഷിതമാണോ എന്ന്‌ ആശങ്കയുണ്ടാകാം. വായുവിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോള്‍ പരിസരത്തുള്ള മനുഷ്യര്‍ക്കും ജീവികള്‍ക്കും ഷോക്കടിക്കില്ലേ എന്ന്‌ സംശയം തോന്നാം. അങ്ങനെ സംഭവിക്കില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. കാരണം, വൈദ്യുതകാന്തികതരംഗങ്ങളിലെ 'വൈദ്യുത'ഭാഗത്തിന്‌ പകരം 'കാന്തിക'ഭാഗം (non-radtive part) വഴി ഊര്‍ജവിതരണം സാധ്യമാക്കുന്ന രീതിയാണിത്‌. വൈദ്യുതമണ്ഡലത്തെ അപേക്ഷിച്ച്‌ കാന്തികമണ്ഡലങ്ങള്‍ ജീവനുള്ള വസ്‌തുക്കളുമായി വളരെ കുറച്ചേ ഇടപഴകാറുള്ളു.

രണ്ട്‌ വസ്‌തുക്കള്‍ക്ക്‌ ഒരേ അനുനാദാവര്‍ത്തി (reonant frequency)യാണ്‌ ഉള്ളതെങ്കില്‍, സമീപത്തുള്ളവയെയൊന്നും ബാധിക്കാതെ ഇരുവസ്‌തുക്കളും ശക്തമായി ബന്ധപ്പെടും. വിട്രിസിറ്റി സങ്കേതത്തില്‍ രണ്ട്‌ ലോഹച്ചുരുളുകള്‍ ആണ്‌ പ്രധാനമായും ഉള്ളത്‌. അതില്‍ ഒരെണ്ണം കെട്ടിടത്തിലെ മെയിന്‍ വൈദ്യുതലൈനുമായി ബന്ധിപ്പിച്ചിരിക്കും രണ്ടാമത്തേത്‌, ചാര്‍ജുചെയ്യേണ്ട ഉപകരണത്തിലാണ്‌ കണക്ട്‌ ചെയ്യുക.

രണ്ട്‌ ലോഹച്ചുരുളുകളും ഒരേ അനുനാദാവര്‍ത്തിയിലാണ്‌ നിര്‍മിച്ചിരിക്കുന്നത്‌. മെയിന്‍ കമ്പിച്ചുരുളില്‍ വൈദ്യുതിയെത്തുമ്പോള്‍ അത്‌ ഉത്‌പാദിപ്പിക്കുന്ന കാന്തികമണ്ഡലം രണ്ടാമത്തെ കമ്പിച്ചുരുളുമായി അനുനാദത്തിലാകും. വൈദ്യുതോര്‍ജം ഇരു ചുരുളുകള്‍ക്കുമിടയില്‍ പ്രവഹിക്കും. കമ്പിച്ചുരുളുകള്‍ക്കുമിടിയില്‍ വോള്‍ട്ടേജ്‌ രൂപപ്പെടുകയും, ഉപകരണം ചാര്‍ജ്‌ചെയ്യപ്പെടുകയും ചെയ്യും.

ഈ സംവിധാനത്തിലെ മെയിന്‍ കമ്പിച്ചുരുള്‍, ഭിത്തിയിലോ മച്ചിലോ ഡെസ്‌ക്ടോപ്പിന്റെ അടിയിലോ എവിടെ വേണമെങ്കിലും പതിപ്പിച്ച്‌ വെയ്‌ക്കാം-എറിക്‌ ഗിലെര്‍ അറിയിച്ചു. ആ കമ്പച്ചുരുളില്‍ നിന്നുള്ള കാന്തികകമ്പനങ്ങളുടെ പരിധിക്കുള്ളില്‍ ലാപ്‌ടോപ്പോ, സെല്‍ഫോണോ പോലുള്ള ഉപകരണങ്ങള്‍ എത്തുമ്പോള്‍ അവ ചാര്‍ജചെയ്യപ്പെടും. പ്ലഗ്ഗിന്റെയോ സ്വിച്ചിന്റെയോ ആവശ്യം ഇല്ല-എറിക്‌ ഗിലെര്‍ പറഞ്ഞു.

വിട്രിസിറ്റി സുരക്ഷിതമാണെന്ന്‌ തെളിയിക്കാനായി, വായുവിലൂടെ ചാര്‍ജ്‌ ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന മൊബൈല്‍ ഫോണിനും ടെലിവിഷനും ചുറ്റും എറിക്‌ ഗിലെര്‍ നടന്നുകാണിച്ചു കൊടുത്തു. വൈദ്യുതകാന്തികതരംഗങ്ങളുടെ കാന്തികഭാഗത്തെ പ്രയോജനപ്പെടുത്തുന്നതുകൊണ്ടാണ്‌ ഇത്‌ മനുഷ്യരില്‍ ഷോക്കേല്‍പ്പിക്കാത്തതെന്ന്‌ അദ്ദേഹം അറിയിച്ചു.

മുമ്പും വായുവിലൂടെ വൈദ്യുതി പ്രവഹിപ്പിക്കാന്‍ ശ്രമം നടന്നിട്ടുണ്ടെങ്കിലും അത്‌ പ്രായോഗികതലത്തില്‍ എത്തിക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ആ നിലയ്‌ക്ക്‌ ഊര്‍ജോപയോഗരംഗത്ത്‌ വലിയൊരു ചുവടുവെപ്പായി മാറും വയര്‍ലെസ്സ്‌ വൈദ്യുതി. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

കാണുക

Monday, July 20, 2009

ചന്ദ്രനെ കീഴടക്കിയത്‌ തട്ടിപ്പോ?

ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ചെന്നിറങ്ങിയതിന്റെ നാല്‌പതാം വാര്‍ഷികം മനുഷ്യവര്‍ഗം ആഘോഷിക്കുകയാണ്‌. മാധ്യമങ്ങളിലെല്ലാം ദിവസങ്ങള്‍ക്ക്‌ മുമ്പുതന്നെ ആ 'മഹത്തായ ചുവടുവെപ്പ്‌' നിറഞ്ഞിരുന്നു. പക്ഷേ, അതിനിടെ ഏറെപ്പേരെ ആകര്‍ഷിച്ചുകൊണ്ട്‌ നടക്കുന്ന മറ്റൊരു പ്രചാരണം കാണാതിരുന്നു കൂടാ. ചന്ദ്രനില്‍ ആളിറങ്ങി എന്നത്‌ അമേരിക്ക മെനഞ്ഞുണ്ടാക്കിയ പെരുംനുണയാണെന്ന്‌.

ചന്ദ്രനില്‍ അന്തരീക്ഷമില്ല, എന്നിട്ടും അവിടെ സ്ഥാപിച്ച അമേരിക്കന്‍ പതാക നിവര്‍ന്നു നില്‍ക്കുന്നത്‌ എന്തുകൊണ്ട്‌ എന്നിങ്ങനെയുള്ള ചോദ്യങ്ങളും, ഒട്ടേറെ യുക്തികളും നിരത്തി നടക്കുന്ന അത്തരം പ്രചാരണം വര്‍ഷങ്ങളായി ഇന്റര്‍നെറ്റില്‍ സജീവമാണ്‌. പല സാധാരണക്കാരും അത്തരം വാദങ്ങളുടെ കെണിയില്‍ പെട്ടുപോവുകയും, മനുഷ്യന്റെ മഹത്തായ മുന്നേറ്റത്തെ അര്‍ഹിക്കുന്ന രീതിയില്‍ മനസിലാക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു.

മനുഷ്യന്‍ ചന്ദ്രനിലെത്തിയിട്ടില്ല എന്നു വാദിക്കുന്നവര്‍ ഉന്നയിക്കുന്ന ചില ചോദ്യങ്ങളുണ്ട്‌. അക്കാര്യം വിശദമായി പരിശോധിക്കുക ഈ പോസ്‌റ്റിന്റെ ഉദ്ദേശമല്ല. പകരം, അത്തരം ചോദ്യം ഉന്നയിക്കുന്നവര്‍ പരിഗണിക്കേണ്ട ചില മറു ചോദ്യങ്ങളുണ്ട്‌. അവ ശ്രദ്ധയില്‍പെടുത്തുകയാണ്‌ ലക്ഷ്യം.

എന്തുകൊണ്ട്‌ സോവിയറ്റ്‌ യൂണിയന്‍ ഇക്കാര്യത്തില്‍ ഒരിക്കലും തര്‍ക്കമുന്നിയിച്ചില്ല?

സോവിയറ്റ്‌ യൂണിയനും അമേരിക്കയും തമ്മില്‍ പതിറ്റാണ്ടുകളോളം നീണ്ട ശീതയുദ്ധത്തിന്റെ ആത്യന്തികഫലമായിരുന്നു അപ്പോളോ ദൗത്യം. അമേരിക്ക ഇക്കാര്യത്തില്‍ എന്തെങ്കിലും തട്ടിപ്പ്‌ നടത്തിയിരുന്നുവെങ്കില്‍, സോവിയറ്റ്‌ യൂണിയന്‍ വെറുതെയിരിക്കുമായിരുന്നോ. ചന്ദ്രനില്‍ മനുഷ്യനെയെത്തിക്കുന്ന കാര്യത്തില്‍ തങ്ങളെ പിന്തള്ളി അമേരിക്ക വിജയിച്ചത്‌ (അതൊരു തട്ടിപ്പായിരുന്നെങ്കില്‍) എന്തുകൊണ്ട്‌ സോവിയറ്റ്‌ യൂണയന്‍ അംഗീകരിച്ചു. അമേരിക്കയെ ഇടിച്ചുകാട്ടാന്‍ കിട്ടുന്ന ഏതെങ്കിലും അവസരം 1960-കളില്‍ സോവിയറ്റ്‌ യൂണിയന്‍ പാഴാക്കുമായിരുന്നോ? ഇപ്പോള്‍ 40 വര്‍ഷമാകുന്നു. അപ്പോളോ ദൗത്യം തട്ടിപ്പായിരുന്നു എന്നതിന്‌ ഒരു തെളിവും സോവിയറ്റ്‌ ബഹിരാകാശക്യാമ്പില്‍ നിന്ന്‌ ആരും ഇതുവരെ ഉന്നയിച്ചിട്ടില്ല.

അപ്പോളോ യാത്രികര്‍ കൊണ്ടുവന്ന ചാന്ദ്രശിലകള്‍ വ്യാജമല്ലാത്തത്‌ എന്തുകൊണ്ട്‌?

അപ്പോളോ യാത്രികര്‍ ചന്ദ്രനില്‍ നിന്ന്‌ 382 കിലോമീറ്റര്‍ പാറക്കഷണങ്ങള്‍ ഭൂമിയിലെത്തിച്ചു. ലോകമെമ്പാടുമുള്ള ശാസ്‌ത്രജ്ഞര്‍ ഈ ശിലാഖണ്ഡങ്ങള്‍ പരിശോധിച്ച്‌ അവ ചന്ദ്രനിലേതു തന്നെയെന്ന്‌ സ്ഥിരീകരിച്ചിട്ടുണ്ട്‌. ഉദാഹരണത്തിന്‌, അമേരിക്ക
1978-ല്‍ സൗഹാര്‍ദ സൂചകമായി ചൈനയ്‌ക്ക്‌ നല്‍കിയ ചെറിയൊരു ചാന്ദ്രശിലാഖണ്ഡം ഉപയോഗിച്ച്‌ നാല്‌പതോളം ഗവേഷണ പ്രബന്ധങ്ങളാണ്‌ ചൈനീസ്‌ ഗവേഷകര്‍ രചിച്ചത്‌.

ചാന്ദ്രശിലകള്‍ ഭൂമിയിലെ പാറകളില്‍ നിന്ന്‌ വളരെ വ്യത്യസ്‌തമാണ്‌. ഉല്‍ക്കാഖണ്ഡങ്ങളില്‍നിന്നും അവയെ വേഗം തിരിച്ചറിയാം. ചാന്ദ്രശിലകള്‍ക്ക്‌ ഭൂമിയിലെ ഏത്‌ പാറയെക്കാളും 60 കോടി വര്‍ഷം കൂടുതല്‍ പഴക്കമുണ്ട്‌. ഭൂമിയുടെ ഉപരിതല ഘടന, ഫലകചലനങ്ങള്‍ മൂലം മാറിക്കൊണ്ടിരിക്കുന്നതാണ്‌ ഇതിന്‌ കാരണം. സന്ദേഹികള്‍ ചോദിക്കാം, ഉല്‍ക്കകളായി പതിച്ച ചാന്ദ്രശിലകളാകില്ലേ, ചന്ദ്രനില്‍നിന്ന്‌ കൊണ്ടുവന്നതെന്ന്‌ അവകാശപ്പെട്ട്‌ അമേരിക്ക അവതരിപ്പിക്കുന്നത്‌. ഇതിലൊരു പ്രശ്‌നമുള്ളത്‌, ചന്ദ്രനില്‍ നിന്നുള്ള ആദ്യ ഉല്‍ക്ക ഭൂമുഖത്തുനിന്ന്‌ കണ്ടെത്തുന്നത്‌ 1982-ല്‍ മാത്രമാണ്‌. മാത്രവുമല്ല, ആകെ 30 കിലോഗ്രാം ഉല്‍ക്കകള്‍ മാത്രമേ ഇതുവരെ ശേഖരിക്കാന്‍ മനുഷ്യന്‌ കഴിഞ്ഞിട്ടുള്ളു.

വേറൊരു പ്രശ്‌നം കൂടിയുണ്ട്‌. ലൂണാ ദൗത്യങ്ങള്‍ വഴി സോവിയറ്റ്‌ യൂണിയനും ചന്ദ്രനില്‍ നിന്ന്‌ ശിലാഖണ്ഡങ്ങള്‍ ഭൂമിയിലെത്തിച്ചിരുന്നു. അമേരിക്കയുടെ പക്കലുള്ള ചാന്ദ്രശിലകള്‍ തങ്ങളുടേതില്‍ നിന്ന്‌ വ്യത്യസ്‌തമായിരുന്നെങ്കില്‍, തീര്‍ച്ചയായും സോവിയറ്റ്‌ യൂണിയന്‍ വെറുതെയിരിക്കില്ലായിരുന്നു.

അപ്പോളോ പദ്ധതിയില്‍ ഉള്‍പ്പെട്ട ആരും ഇതുവരെ തര്‍ക്കമുന്നയിക്കാത്തതെന്ത്‌?

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയത്‌ തട്ടിപ്പായിരുന്നെങ്കില്‍, അപ്പോളോ പദ്ധതിയില്‍ നേരിട്ട്‌ ഉള്‍പ്പെട്ട ആരും ഇതുവരെ അക്കാര്യം പുറത്തു പറയാത്തത്‌ എന്തുകൊണ്ട്‌. നാലുലക്ഷം പേര്‍ വര്‍ഷങ്ങളോളം അപ്പോളോ ദൗത്യത്തിനായി അധ്വാനിച്ചു. ഇത്രയും പേര്‍ നാല്‌പത്‌ വര്‍ഷമായി നിശബ്ദത പാലിക്കുന്നത്‌ എന്തുകൊണ്ടായിരിക്കാം. ഇവരില്‍ ആരെങ്കിലും ഇതിനകം സത്യം തുറന്നു പറയുമായിരുന്നില്ലേ.

ഒരേ തട്ടിപ്പ്‌ എന്തിന്‌ പല തവണ ആവര്‍ത്തിക്കണം?

ഒരേ തട്ടിപ്പ്‌ എന്തിന്‌ വീണ്ടും വീണ്ടും ആവര്‍ത്തിക്കണം. ഒരു വ്യാജ അപ്പോളോ ദൗത്യം മനസിലാക്കാം. എന്തിന്‌ അത്‌ ഒന്‍പത്‌ തവണ ആവര്‍ത്തിക്കണം. ആറ്‌ ദൗത്യങ്ങളിലായി 12 പേര്‍ ചന്ദ്രനിലിറങ്ങി. എന്തിന്‌ ഇത്രയും തവണ. ഒരു തവണ തെറ്റ്‌ ചെയ്യുന്നത്‌ മറച്ച്‌ വെയ്‌ക്കാന്‍ തന്നെ വലിയ കഷ്ടപ്പാടാണ്‌. അങ്ങനയെങ്കില്‍ ആ തെറ്റ്‌ പല തവണ ആവര്‍ത്തിക്കപ്പെട്ടാലോ. അതും കോടിക്കണക്കിന്‌ ഡോളര്‍ ചെലവിട്ട്‌.

ഈ പട്ടിക ഇനിയും നീട്ടാം. മേല്‍പ്പറഞ്ഞ നാല്‌ ചോദ്യങ്ങള്‍ തന്നെ കാര്യങ്ങള്‍ വ്യക്തമാകുന്നു. ഭാവിയില്‍ ഏതെങ്കിലും ചാന്ദ്രയാത്രികന്‌ വേണമെങ്കില്‍, ചന്ദ്രനിലെ 'പ്രശാന്തിയുടെ സമുദ്രത്തി'ല്‍ പോയി നോക്കാം, 1969 ജൂലായ്‌ 20-ന്‌ പതിഞ്ഞ കാല്‍പ്പാടുകള്‍ അവിടെ അവശേഷിക്കുന്നുണ്ടോ എന്ന്‌. കാരണം, ഉല്‍ക്കകള്‍ പതിച്ച്‌ നശിച്ചില്ലെങ്കില്‍ ലക്ഷക്കണക്കിന്‌ വര്‍ഷക്കാലം ചാന്ദ്രപ്രതലത്തില്‍ പതിഞ്ഞ കാല്‍പാടുകള്‍ അവിടെ അവശേഷിക്കും.
(കടപ്പാട്‌: NASA, askmen.com).

ചന്ദ്രന്‍ വീണ്ടും ലക്ഷ്യസ്ഥാനമാകുമ്പോള്‍

മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയിട്ട്‌ ഇന്ന്‌ 40 വര്‍ഷം തികയുന്നു
ഒരു തലമുറയുടെ മനസില്‍ ആ ചരിത്രമൂഹൂര്‍ത്തം ഇപ്പോഴും പുതുമയോടെ നിലനില്‍ക്കുന്നു. മറ്റൊരു ആകാശഗോളത്തില്‍ മനുഷ്യന്റെ പാദസ്‌പര്‍ശം ആദ്യമായി പതിഞ്ഞ സുവര്‍ണനിമിഷങ്ങള്‍. 40 വര്‍ഷം മുമ്പ്‌ ഇതേ ദിനത്തിലാണ്‌ നീല്‍ ആംസ്‌ട്രോങ്‌ മഹത്തായ ആ 'ചെറിയ ചുവടുവെയ്‌പ്പ്‌' നടത്തിയത്‌. ചന്ദ്രനില്‍ വീണ്ടുമെത്താന്‍ ശ്രമിക്കുക വഴി പുതിയൊരു കുതിപ്പിന്‌ മാവരാശി തയ്യാറെടുക്കുന്ന വേളയിലാണ്‌ ഈ വാര്‍ഷികം എന്നത്‌ ശ്രദ്ധയര്‍ഹിക്കുന്നു.

ശീതയുദ്ധത്തിന്റെ ആവനാഴിയില്‍ വിരിഞ്ഞതാണ്‌ മനുഷ്യന്റെ ആദ്യചന്ദ്രയാത്രയെങ്കില്‍, ഗോളാന്തരയാത്രയ്‌ക്കുള്ള ഇടത്താവളമായി ചന്ദ്രഗോളത്തെ മാറ്റാനാണ്‌ പുതിയ ശ്രമം. മനുഷ്യന്റെ ഭാവിഊര്‍ജാവശ്യങ്ങള്‍ തൃപ്‌തിപ്പെടുത്താനുള്ള വകയും ചന്ദ്രനിലുണ്ടെന്ന വസ്‌തുത, പുതിയൊരു ആഗോളമത്സരത്തിന്‌ തിരികൊളുത്തുകയും ചെയ്‌തിരിക്കുന്നു. ഹീലിയം-3 ആണ്‌ ആ ഇന്ധനം; അണുസംയോജനം വഴി ഊര്‍ജം ഉത്‌പാദിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ഏറ്റവും പ്രതീക്ഷയേകുന്ന ഒന്ന്‌.

ഒരുകാലത്ത്‌ ചാന്ദ്രപര്യവേക്ഷണം എന്നത്‌ അമേരിക്കയുടെയും മുന്‍സോവിയറ്റ്‌ യൂണിയന്റെയും കുത്തകയായിരുന്നു. ഇതുവരെ നടന്ന 69 ചാന്ദ്രദൗത്യങ്ങളില്‍ 63 എണ്ണവും ആ രണ്ട്‌ രാജ്യങ്ങളുടേതാണ്‌. എന്നാല്‍, ഇപ്പോള്‍ സ്ഥിതി മാറിയിരിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍, ചൈന, ഇന്ത്യ എന്നിവയ്‌ക്കും ദൗത്യപേടകങ്ങളെ ചന്ദ്രനിലെത്തിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ചന്ദ്രന്റെ കാര്യത്തില്‍ പുതിയൊരു ബഹിരാകാശ മത്സരം ആരംഭിച്ചിരിക്കുന്നുവെന്ന്‌ സാരം.

ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-1' കഴിഞ്ഞ ഒക്ടോബര്‍ 22-നാണ്‌ വിക്ഷേപിച്ചത്‌. ആ പേടകത്തിലെ ത്രിവര്‍ണം പതിച്ച 'മൂണ്‍ ഇംപാക്ട്‌ പ്രോബ്‌'(എം.ഐ.പി) 2008 നവംബര്‍ 14-ന്‌ ചന്ദ്രനില്‍ പതിച്ചതോടെ ഇന്ത്യയും ചന്ദ്രനെ സ്‌പര്‍ശിച്ചു. ചന്ദ്രനില്‍ ചെറുവാഹനമിറക്കി പര്യവേക്ഷണം നടത്താന്‍ പാകത്തില്‍ 'ചന്ദ്രയാന്‍-2' ദൗത്യം 2013-ല്‍ അയയ്‌ക്കുമെന്ന്‌ ഐ.എസ്‌.ആര്‍.ഒ. വെളിപ്പെടുത്തിയത്‌ അടുത്തയിടെയാണ്‌.

ചാന്ദ്രനിലേക്ക്‌ ഏറ്റവുമൊടുവില്‍ യാത്ര തിരിച്ച പേടകം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ 'നാസ'യുടെ 'ലൂണാര്‍ റിക്കനൈസണ്‍സ്‌ ഓര്‍ബിറ്റര്‍' (എല്‍.ആര്‍.ഒ) ആണ്‌. കഴിഞ്ഞ ജൂണ്‍ 18-ന്‌ വിക്ഷേപിച്ച ആ പേടകത്തിന്റെ മുഖ്യദൗത്യങ്ങളിലൊന്ന്‌, ഭാവിയില്‍ ചന്ദ്രനില്‍ മനുഷ്യന്‌ ഇറങ്ങാന്‍ പാകത്തിലുള്ള സ്ഥാനങ്ങള്‍ മനസിലാക്കുക എന്നതാണ്‌.

2015-ഓടെ പ്രവര്‍ത്തന സജ്ജമാകുമെന്ന്‌ പ്രതീക്ഷിക്കുന്ന 'ഓറയോണ്‍' വാഹനത്തിലാണ്‌ നാസ ഇനി മനുഷ്യരെ ചന്ദ്രനിലെത്തിക്കുക. 2020-ഓടെ അത്‌ സാധ്യമാകുമെന്നാണ്‌ പ്രതീക്ഷ. ചൊവ്വഗ്രഹം ഉള്‍പ്പടെ സൗരയൂഥത്തിന്റെ വിദൂരസ്ഥാനങ്ങളിലേക്ക്‌ മനുഷ്യന്‌ യാത്ര ചെയ്യാനുള്ള ഇടത്താവളമാകും അതോടെ ചന്ദ്രന്‍. ചാന്ദ്രയുഗം അപ്പോളോ ദൗത്യങ്ങളോടെ ഒടുങ്ങിയിട്ടില്ല എന്നര്‍ഥം. പുതിയ തുടക്കത്തിലേക്ക്‌ നീങ്ങുകയാണ്‌.(അവലംബം: നാസ, ഐ.എസ്‌.ആര്‍.ഒ; കടപ്പാട്‌: മാതൃഭൂമി)

Friday, July 17, 2009

പുതിയ മൂലകത്തിന്‌ പേരിട്ടു - 'കോപ്പര്‍നിഷ്യം'

ആവര്‍ത്തന പട്ടികയില്‍ പുതിയതായി സ്ഥാനം നേടിയ മൂലകത്തിന്‌ പേര്‌ ലഭിച്ചു. ഇതുവരെ മൂലകം-112 എന്ന്‌ അറിയപ്പെട്ടിരുന്ന അത്‌ ഇനി 'കോപ്പര്‍നിഷ്യം' (copernicium) ആയിരിക്കും. Cp എന്ന്‌ ചുരുക്കപ്പേര്‌.

പതിമൂന്ന്‌ വര്‍ഷംമുമ്പ്‌ കണ്ടുപിടിക്കപ്പെട്ട ഈ മൂലകത്തിന്‌ ആവര്‍ത്തന പട്ടികയില്‍ ഇടം നല്‍കാന്‍, 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ കെമിസ്‌ട്രി' (IUPAC) തീരുമാനിച്ചത്‌ അടുത്തയിടെയാണ്‌.

ആധുനിക ശാസ്‌ത്രവിപ്ലവത്തിന്‌ തുടക്കമിട്ട നിക്കോളാസ്‌ കോപ്പര്‍നിക്കസിന്റെ പേര്‌ പുതിയ മൂലകത്തിന്‌ നല്‍കാന്‍ ഗവേഷകര്‍ തീരുമാനിക്കുകയായിരുന്നു. 'നമ്മുടെ ലോകവീക്ഷണത്തെ മാറ്റിമറിച്ച' ആ മനുഷ്യന്റെ ബഹുമാനാര്‍ഥമാണ്‌ ഈ നാമകരണമെന്ന്‌, പുതിയ മൂലകത്തെ കണ്ടെത്തിയ ഗവേഷകര്‍ അറിയിച്ചു.

പുതിയ പേര്‌ അംഗീകരിക്കേണ്ടതും ഐ.യു.പി.എ.സി. തന്നെയാണ്‌. ആറ്‌ മാസത്തിനകം പേര്‌ അംഗീകരിക്കപ്പെട്ടേക്കും.

ജര്‍മനിയില്‍ 'സെന്റര്‍ ഫോര്‍ ഹെവി അയോണ്‍ റിസര്‍ച്ചി'ല്‍ പ്രൊഫ. സിഗുര്‍ഡ്‌ ഹോഫ്‌മാന്റെ നേതൃത്വത്തിലുള്ള സംഘം 1996-ല്‍ നടത്തിയ അണുസംയോജന പരീക്ഷണങ്ങളിലാണ്‌ 112-ാം മൂലകത്തെ കണ്ടെത്തിയത്‌.

"ഈ കണ്ടെത്തല്‍ ഔദ്യോഗികമായി അംഗീകരിച്ച ശേഷം, മൂലകത്തിന്‌ പേര്‌ നിര്‍ദേശിക്കാന്‍ ഐ.യു.പി.എ.സി. തന്നെയാണ്‌ നിര്‍ദേശിച്ചത്‌"-പ്രൊഫ. ഹോഫ്‌മാന്‍ അറിയിക്കുന്നു.

1473-ല്‍ പോളണ്ടിലെ ടൊറുനില്‍ ജനിച്ച കോപ്പര്‍നിക്കസ്‌ അവതരിപ്പിച്ച സൂര്യകേന്ദ്രിത പ്രപഞ്ചസങ്കല്‍പ്പം, ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്ന അന്നുവരെ നിലനിന്ന പ്രപഞ്ചസങ്കല്‍പ്പം തകരാനും ആധുനിക ശാസ്‌ത്രമുന്നേറ്റത്തിന്‌ തുടക്കമാവാനും കാരണമായി. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

Saturday, July 11, 2009

ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റം: നെറ്റ്‌സ്‌കേപ്പിന്‌ ആകാത്തത്‌ ഗൂഗിന്‌ കഴിയുമോ

"മൈക്രോസോഫ്‌ടിന്‌ മേല്‍ ഗൂഗിളിന്റെ ആറ്റംബോംബ്‌"

ബ്രൗസറിന്റെ സാധ്യതകള്‍ ഓണ്‍ലൈന്‍ ഓപ്പറേറ്റിങ്‌സിസ്റ്റത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യാമെന്ന്‌ സ്വപ്‌നം കണ്ട 'നെറ്റ്‌സ്‌കേപ്പ്‌' (Netscape) ഇന്ന്‌ ഏതാണ്ട്‌ വിസ്‌മൃതിയാലാണ്‌. ലോകം കണ്ട 'ആദ്യ ബ്രൗസര്‍യുദ്ധ'ത്തില്‍ ആ കമ്പനി രക്തസാക്ഷിയായി. മൈക്രോസോഫ്‌ടിന്റെ 'ഇന്റര്‍നെറ്റ്‌ എക്‌സ്‌പ്ലോററി'നോട്‌ പിടിച്ചു നില്‍ക്കാനാവാതെ നെറ്റ്‌സ്‌കേപ്പ്‌ മൃതിയടഞ്ഞത്‌ ചരിത്രം. 1990-കളുടെ പകുതിയില്‍ 90 ശതമാനം ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളും ഉപയിഗിച്ചിരുന്ന നെറ്റ്‌സ്‌കേപ്പ്‌ ബ്രൗസറിന്റെ മാര്‍ക്കറ്റ്‌ വിഹിതം 2006 ആയപ്പോഴേക്കും വെറും ഒരു ശതമാനമായി ചുരുങ്ങി.

നെറ്റ്‌സ്‌കേപ്പ്‌ പരാജയപ്പെട്ടിടത്ത്‌ വിജയിക്കാന്‍ ഇപ്പോള്‍ ഗൂഗിള്‍ എത്തിയിരിക്കുന്നു. 2010 രണ്ടാം പകുതിയോടെ തങ്ങളുടെ ഓപ്പറേറ്റിങ്‌ സിസ്റ്റം പുറത്തിറക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കുകയാണ്‌ ഗൂഗിള്‍. ഈ പ്രഖ്യാപനത്തോടെ, വളരെക്കാലമായി ഐടി രംഗം പ്രതീക്ഷിച്ചിരുന്ന ആ 'നേര്‍ക്കുനേര്‍' സംഭവിച്ചിരിക്കുന്നു. ഗൂഗിളും മൈക്രോസോഫ്‌ടും തമ്മില്‍ നേര്‍ക്കുനേര്‍ എത്തിയിരിക്കുന്നു. നെറ്റ്‌സ്‌കേപ്പും മൈക്രോസോഫ്‌ടും തമ്മിലുള്ള യുദ്ധം 'ദാവീദ്‌ ഗോലിയാത്ത്‌' തലത്തിലാണ്‌ നടന്നതെങ്കില്‍, ഇപ്പോള്‍ രണ്ട്‌ ഗോലിയാത്തുകള്‍ തമ്മിലാണ്‌ ഏറ്റുമുട്ടാന്‍ കളമൊരുങ്ങിയിരിക്കുന്നത്‌.

ഓപ്പണ്‍സോഴ്‌സ്‌ പ്ലാറ്റ്‌ഫോമില്‍ രൂപപ്പെടുത്തുന്ന 'ക്രോം ഒ.എസ്‌' (Chrome OS) പുറത്തിറക്കുന്ന കാര്യം ജൂലായ്‌ ഏഴിന്‌ തങ്ങളുടെ ഔദ്യോഗിക ബ്ലോഗിലാണ്‌ ഗൂഗില്‍ അറിയിച്ചത്‌. 'ടെക്‌ക്രഞ്ച്‌' (TechCrunch) എന്ന ടെക്‌നോളജി ബ്ലോഗ്‌ ഇതെപ്പറ്റി റിപ്പോര്‍ട്ട്‌ ചെയ്‌തത്‌, "മൈക്രോസോഫ്‌ടിന്‌ മേല്‍ ഗൂഗിള്‍ ഒരു ആറ്റംബോംബ്‌ ഇട്ടിരിക്കുന്നു" എന്നാണ്‌! നോട്ട്‌ബുക്ക്‌ കമ്പ്യൂട്ടറുകള്‍ പോലെ കൊണ്ടുനടക്കാവുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക്‌ അനുയോജ്യമായ രീതിയില്‍ രൂപപ്പെടുത്തുന്ന ക്രോം സൗജന്യമായിരിക്കും എന്നും ഗൂഗിള്‍ വ്യക്തമാക്കിയിട്ടുണ്ട്‌.

ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റം പൂര്‍ണമായും വെബ്ബ്‌ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. വിന്‍ഡോസ്‌ മാതിരി കമ്പ്യൂട്ടറുകളില്‍ പുറമെ നിന്ന്‌ സന്നിവേശിപ്പിക്കേണ്ട ആവശ്യമില്ല. ഓഫ്‌ലൈനിലും പ്രവര്‍ത്തിക്കാന്‍ പാകത്തിലായിരിക്കും ക്രോമിന്റെ രൂപകല്‍പ്പന. പിന്നീട്‌ ഓണ്‍ലൈനിലെത്തുമ്പോള്‍ സിംക്രനൈസ്‌ ചെയ്യത്തക്ക വിധം. കമ്പ്യൂട്ടിങ്‌ പ്ലാറ്റ്‌ഫോമിന്റെ അടിസ്ഥാനമാക്കി ബ്രൗസറിനെ പരുവപ്പെടുത്താനും അതുവഴി വിന്‍ഡോസ്‌ അപ്രസക്തമാക്കാനും തൊണ്ണൂറുകളുടെ പകുതിയില്‍ നെറ്റ്‌സ്‌കേപ്പ്‌ നടത്തിയ ശ്രമം തന്നെയാണ്‌, പുതിയ രൂപത്തില്‍ ഇപ്പോള്‍ ഗൂഗിള്‍ ആരംഭിക്കുന്നത്‌.

കൊണ്ടുനടക്കാവുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടറുകള്‍ക്ക്‌ യോജിച്ച രൂപത്തില്‍ ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റം രൂപപ്പെടുത്തുമെന്ന്‌ ഗൂഗിള്‍ പ്രഖ്യാപിച്ചത്‌ വെറുതെയല്ല. വിപണിയില്‍ ഡെസ്‌ക്‌ടോപ്പിനെ പിന്തള്ളി നോട്ട്‌ബുക്ക്‌ മുന്നേറുകയാണ്‌. ആഗോളതലത്തില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം ഈ വര്‍ഷം ലോകത്ത്‌ 250 ലക്ഷം നോട്ട്‌ബുക്ക്‌ കമ്പ്യൂട്ടറുകള്‍ ചെലവാകും എന്നാണ്‌. ഇത്‌ 2008-ലേതിനെ അപേക്ഷിച്ച്‌ ഇരട്ടിയാണ്‌. മൈക്രോസോഫ്‌ട്‌ വന്‍പ്രതീക്ഷയോടെ പുറത്തിറക്കിയ അവരുടെ 'വിന്‍ഡോസ്‌ വിസ്‌ത' (Windows Vista) ക്ലിക്ക്‌ ചെയ്യാതെ പോയതിന്‌ ഒരു കാരണം, ചെറിയ നോട്ട്‌ബുക്കുകള്‍ക്ക്‌ താങ്ങാവുന്നതിലും 'ഭാരമേറിയ' ഒന്നായിരുന്നു ആ സോഫ്‌ട്‌വേര്‍ എന്നതായിരുന്നു. ഈ യാഥാര്‍ഥ്യം ഉള്‍ക്കൊണ്ടതിന്റെ ഫലമായി നോട്ട്‌ബുക്കുകള്‍ക്ക്‌ യോജിച്ച രീതിയില്‍ വെട്ടിയൊതുക്കിയ പുതിയ വിന്‍ഡോസ്‌ വകഭേദം (Windows 7) പുറത്തിറക്കാന്‍ ഒരുങ്ങുകയാണ്‌ മൈക്രോസോഫ്‌ട്‌.

ഗൂഗിളും മൈക്രോസോഫ്‌ടും നേരിട്ടുള്ള ഏറ്റുമുട്ടലിന്‌ കളമൊരുങ്ങിയെങ്കിലും, ക്രോം ഓപ്പറേറ്റിങ്‌സിസ്റ്റത്തിന്റെ വിജയസാധ്യതയെപ്പറ്റി പലര്‍ക്കും ഉറപ്പില്ല. ഗൂഗിളിള്‍ പുറത്തിറക്കുന്നതുകൊണ്ട്‌ മാത്രം ഒരു ഉത്‌പന്നം വിജയിക്കണമെന്നില്ലെന്ന്‌ എഡ്വേര്‍ഡ്‌ ജോണ്‍സ്‌ അനാലിസ്‌റ്റ്‌ ആന്‍ഡി മീഡ്‌ലര്‍ അഭിപ്രായപ്പെടുന്നു. "ക്രോം ഓപ്പറേറ്റിങ്‌സിസ്റ്റം വിവിധ ഹാര്‍ഡ്‌വേറുകളില്‍ വ്യത്യസ്‌ത സോഫ്‌ട്‌വേറുകളുമായി യോജിച്ച്‌ നന്നായി പ്രവര്‍ത്തിക്കുമെന്ന്‌ ഗൂഗിള്‍ തെളിയിക്കണം".

സമീപകാലത്തൊന്നും ക്രോം ഓപ്പറേറ്റിങ്‌ സിസ്റ്റം വഴി ഗൂഗിളിന്‌ വരുമാനം ലഭിക്കാന്‍ സാധ്യതയില്ലെന്നാണ്‌ 'വാള്‍സ്‌ട്രീറ്റ്‌ ജേര്‍ണല്‍' വിലയരുത്തുന്നത്‌. ഗൂഗിളിന്റെ 2200 കോടി ഡോളര്‍ വാര്‍ഷിക വരുമാനത്തില്‍ 97 ശതമാനവും വരുന്നത്‌, ഇന്റര്‍നെറ്റ്‌ സെര്‍ച്ച്‌പരസ്യങ്ങള്‍ വഴിയാണ്‌. ആ വരുമാനത്തിലേക്ക്‌ കോം ഓപ്പറേറ്റിങ്‌ സിസ്റ്റത്തിന്‌ എന്ത്‌ സംഭാവന നല്‍കാനാകും എന്നതാണ്‌ ചോദ്യം. 2008 സപ്‌തംബറിലാണ്‌ ക്രോം ബ്രൗസര്‍ ഗൂഗിള്‍ പുറത്തിറക്കിയത്‌. തുടക്കത്തില്‍ വലിയ ആവേശവും ആകാംക്ഷയും സൃഷ്ടിച്ച ആ ബ്രൗസറിന്‌ പക്ഷേ, പ്രതീക്ഷിച്ച മുന്നേറ്റം സൃഷ്ടിക്കാന്‍ ഇനിയും കഴിഞ്ഞിട്ടില്ലെന്ന കാര്യം ജേര്‍ണല്‍ ചൂണ്ടിക്കാട്ടുന്നു.

മാര്‍ക്കറ്റ്‌ വിദഗ്‌ധനായ ജീന്‍ മുന്‍സ്റ്റര്‍ സൂചിപ്പിക്കുന്നത്‌ മറ്റൊരു പ്രശ്‌നമാണ്‌. പേഴ്‌സണ്‍ കമ്പ്യൂട്ടര്‍ നിര്‍മാണരംഗത്തെ മുന്‍നിരക്കാരായ ഹെവ്‌ലെറ്റ്‌-പാക്കാഡ്‌ (HP), ഡെല്‍ (DELL) തുടങ്ങിയ കമ്പനികള്‍ക്ക്‌ മൈക്രോസോഫ്‌ടുമായുള്ള സഹകരണവും ബന്ധവും ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഒന്നാണ്‌. ആ നിലയ്‌ക്ക്‌ ഗൂഗിളിന്‌ തങ്ങളുടെ ഓപ്പറേറ്റിങ്‌സിസ്റ്റം വ്യാപകമാക്കുക എളുപ്പമാവില്ല എന്നാണ്‌ അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

മൈക്രോസോഫ്‌ടിന്റെ 'ആണിക്കല്ലിളക്കാന്‍' ഗൂഗിള്‍ ശ്രമിക്കുമ്പോള്‍, മൈക്രോസോഫ്‌ടും വെറുതെയിരിക്കുന്നില്ല. ഗൂഗിളിന്റെ ഏറ്റവും വലിയ ശക്തികേന്ദ്രമായ സെര്‍ച്ചിങിലേക്കാണ്‌ മൈക്രോസോഫ്‌ട്‌ നുഴഞ്ഞുകയറ്റം ആരംഭിച്ചിരിക്കുന്നത്‌. കഴിഞ്ഞ മാസം മൈക്രോസോഫ്‌ട്‌ രംഗത്തെത്തിച്ച Bing സേര്‍ച്ച്‌എഞ്ചിന്‍ ഇതിന്റെ തെളിവാണ്‌. നല്ല പ്രതികരണമാണ്‌ ആ സെര്‍ച്ച്‌ എഞ്ചിന്‌ ലഭിക്കുന്നത്‌. പക്ഷേ, ഗൂഗിള്‍ സെര്‍ച്ചിനെ പിന്തള്ളാന്‍ മൈക്രോസോഫ്‌ട്‌ ഏറെ പണിപ്പെടേണ്ടി വരുമെന്നത്‌ വേറെ കാര്യം.

Friday, July 10, 2009

ഗാലക്‌സിഗണത്തിലെ കൂട്ടിയിടി

അഞ്ച്‌ ഗാലക്‌സികള്‍ കൂടിക്കുഴഞ്ഞ്‌ കിടക്കുന്നതാണ്‌ ഈ ദൃശ്യത്തിലേത്‌. 'സ്റ്റീഫന്‍സ്‌ ക്വിന്റെറ്റ്‌' (Stephan's Quintet) എന്നറിയപ്പെടുന്ന അപൂര്‍വ ഗാലക്‌സിഗണം.

1877-ല്‍ എഡ്വേര്‍ഡ്‌ സ്റ്റീഫന്‍ എന്ന ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ കണ്ടെത്തിയ ഈ അപൂര്‍വ ആകാശക്കാഴ്‌ചയുടെ പുതിയ ദൃശ്യം രൂപപ്പെടുത്തിയത്‌ നാസയുടെ ചന്ദ്ര എക്‌സ്‌റേ ഒബ്‌സര്‍വേറ്ററിയുടെ സഹായത്തോടെ.

ഭൂമിയില്‍ നിന്ന്‌ 28 കോടി പ്രകാശവര്‍ഷം അകലെ സ്ഥിതിചെയ്യുന്ന ഗാലക്‌സിഗണത്തിന്റെ ഈ ദൃശ്യം, ദൃശ്യരൂപത്തിലും എക്‌സ്‌റേ രൂപത്തിലുമുള്ള ചിത്രങ്ങള്‍ സമ്മേളിപ്പിച്ചുണ്ടാക്കിയതാണ്‌.

ഇവയില്‍ NGC 7318b എന്ന ഗാലക്‌സി, ആ ഗാലക്‌സിഗണത്തിന്റെ കേന്ദ്രഭാഗത്തുകൂടി മണിക്കൂറില്‍ ഏതാണ്ട്‌ 32 ലക്ഷം കിലോമീറ്റര്‍ വേഗത്തില്‍ കടന്നുപോയിക്കൊണ്ടിരിക്കുകയാണ്‌. ശരിക്കുപറഞ്ഞാല്‍ അസാധാരണമായ ഗാലക്‌സി സംഘട്ടനമാണ്‌ അവിടെ നടക്കുന്നതെന്ന്‌ സാരം.

ആ കൂട്ടിയിടിയുടെ ഫലമായുണ്ടാകുന്ന പ്രകമ്പനത്തിന്റെ ഫലമായി എക്‌സ്‌റേ രൂപത്തില്‍ പുറത്തുവരുന്ന ഊര്‍ജമാണ്‌ ചന്ദ്ര സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ നിരീക്ഷിച്ചത്‌. (അവലംബം: നാസ).

ആയുസ്സ്‌ നീട്ടാന്‍ ഔഷധം വരുന്നു

ഈസ്‌റ്റര്‍ ദ്വീപിലെ ബാക്ടീരിയത്തില്‍ നിന്ന്‌ രൂപപ്പെടുത്തിയ ഔഷധം നിത്യയൗവനത്തിലേക്കുള്ള കാല്‍വെയ്‌പ്പാകുമോ. വാര്‍ധക്യം വൈദ്യശാസ്‌ത്രത്തിന്‌ കീടങ്ങുമോ.

നിഗൂഢമായ കരിങ്കല്‍ശില്‌പങ്ങളാണ്‌ തെക്കന്‍ ശാന്തസമുദ്രത്തിലെ ഈസ്റ്റര്‍ ദ്വീപുകളെ പ്രശസ്‌തമാക്കുന്നത്‌. എന്നാല്‍, ഭാവിയില്‍ ഒരു ഔഷധത്തിന്റെ പേരിലും ഈ ദ്വീപുകള്‍ പ്രധാന്യം നേടിയേക്കാം. ഈസ്റ്റര്‍ ദ്വീപിലെ ഒരിനം ബാക്ടീരിയത്തില്‍നിന്ന്‌ രൂപപ്പെടുത്തിയ ഔഷധം, സസ്‌തനികളുടെ ആയുസ്സ്‌ നീട്ടാന്‍ സഹായിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍. വാര്‍ധക്യത്തെ കീഴടക്കാന്‍ നടക്കുന്ന ശ്രമങ്ങളില്‍ പ്രാധാന്യമര്‍ഹിക്കുന്ന ഒരു ചുവടുവെയ്‌പ്പായേക്കാം ഈ കണ്ടെത്തലെന്ന്‌ വിലയിരുത്തപ്പെടുന്നു.

'റാപാമൈസിന്‍' (rapamycin) എന്ന ഔഷധത്തിന്റെ സഹായത്തോടെ എലികളുടെ ആയുസ്സ്‌ നീട്ടാന്‍ കഴിഞ്ഞതായി 'നേച്ചര്‍' ഗവേഷണവാരിക പറയുന്നു. പ്രായമേറിയ എലികളില്‍ നടത്തിയ പഠനത്തില്‍ അവയുടെ ആയുസ്സ്‌ 38 ശതമാനംവരെ വര്‍ധിപ്പിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞു. ജനിതകസാങ്കേതികവിദ്യ വഴിയും, കലോറിയുടെ അളവ്‌ കുറച്ചും മാത്രമേ ഇതിന്‌ മുമ്പ്‌ എലികളുടെ ആയുസ്സ്‌ നീട്ടാന്‍ സാധിച്ചിട്ടുള്ളു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ ഏജന്റിന്റെ സഹായത്തോടെ ഇത്തരമൊരു മുന്നേറ്റം ആദ്യമായാണ്‌.

1970-കളിലാണ്‌ റാപാമൈസിന്‍ എന്ന പ്രകൃതിദത്ത രാസവസ്‌തു ഈസ്റ്റര്‍ ദ്വീപിലെ മണ്ണില്‍നിന്ന്‌ വേര്‍തിരിച്ചെടുത്തത്‌. 'സ്റ്റെപ്‌ടോമൈസസ്‌ ഹൈഗ്രോസ്‌കോപിക്കസ്‌' എന്ന ബാക്ടീരിയം ഉത്‌പാദിപ്പിക്കുന്ന ഈ രാസപദാര്‍ഥം പൂപ്പല്‍ബാധയ്‌ക്കെതിരെയും ശരീരപ്രതിരോധത്തെ അമര്‍ച്ച ചെയ്യാനും നിലവില്‍ ഉപയോഗിക്കുന്ന ഔഷധമാണ്‌. അമേരിക്കയിലെ 'ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്ഗ്‌ അഡ്‌മിനിസ്‌ട്രേഷന്‍' (എഫ്‌.ഡി.എ) അതിന്‌ അനുമതിയും നല്‍കിയിട്ടുണ്ട്‌. വൃക്കമാറ്റിവെയ്‌ക്കല്‍ പോലുള്ള ഘട്ടങ്ങളില്‍, മാറ്റിവെച്ച അവയവത്തെ ശരീരം തിരസ്‌ക്കരിക്കുന്നത്‌ തടയാനാണ്‌ ഇത്‌ മുഖ്യമായും ഉപയോഗിക്കുന്നത്‌. മാത്രമല്ല, ഈ രാസവസ്‌തുവിന്റെ അര്‍ബുദ പ്രതിരോധശേഷിയെക്കുറിച്ചും പഠനം നടന്നുവരികയാണ്‌. അതിനിടെയാണ്‌, ഇതിന്‌ ആയുസ്സ്‌ നീട്ടാനും ശേഷിയുണ്ടെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌.

അകശേരുക്കളു (invertebrates) ടെ ആയുസ്സ്‌ റാപാമൈസിന്റെ സഹായത്തോടെ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന്‌ മുമ്പ്‌ തന്നെ തെളിഞ്ഞിട്ടുണ്ട്‌. "എന്നാല്‍, അക്കാര്യം സസ്‌തനികളിലും സാധ്യമാണെന്ന കാര്യം തീര്‍ച്ചയായും ആവേശകരമാണ്‌", പഠനത്തില്‍ ഉള്‍പ്പെട്ട ഹാര്‍വാഡ്‌ മെഡിക്കല്‍സ്‌കൂളിലെ ഡേവിഡ്‌ സിന്‍ക്ലേര്‍ അറിയിക്കുന്നു. "ഇനിയൊരു 20 വര്‍ഷം കഴിഞ്ഞ്‌ നമ്മള്‍ തിരിഞ്ഞു നോക്കുമ്പോള്‍, ഭാവിയിലെ ഔഷധം എന്ന നിലയ്‌ക്ക്‌ ഈ പഠനം ഒരു നാഴികക്കല്ലായിരിക്കാം". വാര്‍ധക്യത്തില്‍ ആയുസ്സ്‌ വര്‍ധിപ്പിക്കുന്നു എന്നത്‌ വളരെ ആശാവഹമാണ്‌ സിന്‍ക്ലേര്‍ പറഞ്ഞു.

പുതിയ പഠനത്തില്‍, 20 മാസം പ്രായമുള്ള എലികള്‍ക്ക്‌ (മനുഷ്യന്റെ തോതില്‍ ഇത്‌ 60 വയസ്സിന്‌ തുല്യമാണ്‌) അധികഭക്ഷണമായി റാപാമൈസിന്‍ നല്‍കിയപ്പോള്‍ അവയുടെ ശരാശരി പ്രതീക്ഷിത ആയുസ്സ്‌ 28 മുതല്‍ 36 ശതമാനംവരെ വര്‍ധിച്ചതായി കണ്ടു. ടെക്‌സാസ്‌, മിഷിഗണ്‍, മെയ്‌ന്‍ എന്നിവിടങ്ങളില്‍ മൂന്ന്‌ ഗവേഷകസംഘങ്ങളാണ്‌ വെവ്വേറെ ഈ പഠനം നടത്തിയത്‌. അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ഏജിങ്‌സ്‌ ഇന്റര്‍വെന്‍ഷന്‍സ്‌ ടെസ്റ്റിങ്‌ പ്രോഗ്രാമി (ഐ.ടി.പി) നായിരുന്നു പഠനങ്ങള്‍ ഏകോപിപ്പിക്കുന്ന ചുമതല.

കലോറി കുറയ്‌ക്കുക വഴി എലികളില്‍ ആയുസ്സ്‌ വര്‍ധിക്കുന്നതായി മുമ്പ്‌ പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. അതേ ബയോകെമിക്കല്‍ സാധ്യത തന്നെയാകണം, റാപാമൈസിന്‍ ഉപയോഗിക്കുമ്പോഴും തുറന്നുകിട്ടുന്നതെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. mTOR എന്നറിയപ്പെടുന്ന ഒരു പ്രോട്ടീനിനെ അമര്‍ച്ച ചെയ്യുക വഴിയാണ്‌ റാപോമൈസിന്‍ ആയുസ്സ്‌ വര്‍ധിക്കാന്‍ സഹായിക്കുന്നതെന്ന്‌ കരുതുന്നു. കോശങ്ങളിലെ ഉപാപചയ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പ്രോട്ടീനാണിത്‌. കാര്യങ്ങള്‍ വ്യക്തമാകാന്‍ കൂടുതല്‍ പഠനങ്ങള്‍ വേണ്ടിവരും. ഒരുകാര്യം പഠനത്തില്‍ നിന്ന്‌ ബോധ്യമായി. വാര്‍ധക്യവുമായി ബന്ധപ്പെട്ട മുഖ്യ പ്രശ്‌നങ്ങളായ ഹൃദ്രോഗവും അര്‍ബുദവും ചെറുക്കുക വഴി ലഭിക്കുന്നതിലും അധികം ആയുസ്സ്‌ ഈ രാസവസ്‌തു ഉപയോഗിക്കുക വഴി കിട്ടും.

കഴിഞ്ഞ 35 വര്‍ഷമായി വാര്‍ധക്യം ചെറുക്കാനുള്ള പഠനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള വ്യക്തിയാണ്‌ ബാര്‍ഷോപ്പ്‌ ഇന്‍സ്റ്റിട്ട്യൂട്ടിലെ ഡോ. ആര്‍ലന്‍ റിച്ചാര്‍ഡ്‌സണ്‍. "ആയുസ്സ്‌ വര്‍ധിപ്പിക്കാനുള്ള ഒട്ടേറെ ഔഷധങ്ങള്‍ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്‌. പക്ഷേ ഒന്നുപോലും ഫലം കണ്ടില്ല. എന്റെ ആയുഷ്‌ക്കാലത്ത്‌ അങ്ങനെ ഒന്ന്‌ രംഗത്തെത്തുമെന്നും കരുതിയില്ല. എന്നാല്‍, റാപാമൈസിന്‍ വലിയ പ്രതീക്ഷ നല്‍കുന്നു". വാര്‍ധക്യത്തില്‍ കഴിക്കുന്ന മരുന്നിന്റെ ഫലമായി പ്രായത്തെ ചെറുക്കാമെന്നും ആയുസ്സ്‌ നീട്ടാമെന്നും ഉള്ളതിന്‌ ആദ്യമായാണ്‌ തെളിവ്‌ ലഭിക്കുന്നതെന്ന്‌ യൂണിവേഴ്‌സിറ്റി ഓഫ്‌ ടെക്‌സാസ്‌ ഹെല്‍ത്ത്‌ സയന്‍സ്‌ സെന്ററിലെ പ്രൊഫ. റാന്‍ഡി സ്‌ട്രോങ്‌ പറയുന്നു.

പക്ഷേ, ഒരുകാര്യത്തില്‍ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. പ്രായം ചെറുക്കം എന്നുകരുതി ആരും റാപാമൈസില്‍ കഴിക്കരുത്‌. കാരണം ഈ മരുന്ന്‌ മനുഷ്യരില്‍ ഫലം ചെയ്യുമോ എന്ന്‌ ഇനിയും വ്യക്തമല്ല. അക്കാര്യം പരീക്ഷിക്കപ്പെട്ടിട്ടില്ല. മാത്രവുമല്ല, പ്രതിരോധസംവിധാനത്തെ അമര്‍ച്ച ചെയ്യാന്‍ ശേഷിയുള്ള ഔഷധമാകയാല്‍ അത്‌ കഴിച്ചാല്‍ രോഗാണുബാധയ്‌ക്കുള്ള സാധ്യത വളരെയേറെ വര്‍ധിക്കുമെന്നും ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു.
(അവലംബം: നേച്ചര്‍, ടെക്‌നോളജി റിവ്യു).

Thursday, July 09, 2009

നെപ്‌ട്യൂണിന്റെ കണ്ടുപിടിത്തം-'ഗലീലിയോ സിദ്ധാന്ത'ത്തിന്‌ പഴക്കമേറെ

ആധുനിക വാനനിരീക്ഷണത്തിന്‌ തുടക്കം കുറിച്ച ഗലിലിയോ സൗരയൂഥത്തിലെ എട്ടാംഗ്രഹമായ നെപ്‌ട്യൂണിനെ കണ്ടുപിടിച്ചിരുന്നു എന്ന സിദ്ധാന്തവുമായി ഒരു ഓസ്‌ട്രേലിയന്‍ ഗവേഷകന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ട്‌.

നെപ്‌ട്യൂണിന്റെ ഔദ്യോഗിക കണ്ടുപിടിത്തത്തിന്‌ 234 വര്‍ഷം മുമ്പുതന്നെ ഗലീലിയോ ആ ഗ്രഹത്തെ നിരീക്ഷിച്ചുവെന്നും അക്കാര്യം അദ്ദേഹം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മെല്‍ബണ്‍ സര്‍വകലാശാലയിലെ പ്രൊഫ. ഡേവിഡ്‌ ജമീസണാണ്‌ കണ്ടെത്തിയത്‌. അദ്ദേഹം ഈ കണ്ടെത്തല്‍ 'ആസ്‌ട്രേലിയന്‍ ഫിസിക്‌സ്‌' ജേര്‍ണലില്‍ പ്രസിദ്ധപ്പെടുത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

തിരച്ചറിയപ്പെടാത്ത ഒരു നക്ഷത്രത്തെ 1612-ലും 1613-ലും കണ്ടതായി ഗലീലിയോയുടെ നോട്ട്‌ബുക്കുകളില്‍ രേപ്പെടുത്തിയിട്ടുണ്ട്‌. 'നക്ഷത്ര'മെന്ന്‌ ഗലീലിയോ സൂചിപ്പിച്ച ആ ആകാശവസ്‌തു നെപ്‌ട്യൂണ്‍ തന്നെയാണെന്ന്‌ പ്രൊഫ. ജമീസണ്‍ കണ്ടെത്തിയെന്നാണ്‌ വാര്‍ത്ത. ഗലീലിയോയുടെ നോട്ട്‌ബുക്കില്‍ കാണപ്പെടുന്ന നിഗൂഢമായ 'കറുത്തപൊട്ടി'നെ ചുറ്റപ്പറ്റിയുള്ളതാണ്‌ പുതിയ സിദ്ധാന്തം. നെപ്‌ട്യൂണിന്റെ അന്നത്തെ യഥാര്‍ഥ സ്ഥാനം ആ പൊട്ടുകളുടേതുമായി ഒത്തുവരുന്നുണ്ടെന്ന്‌ പഠനം പറയുന്നു.

പുതിയ സിദ്ധാന്തം എന്നു പറഞ്ഞ്‌ ചില പത്രങ്ങളും വെബ്‌സൈറ്റുകളും കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്തയുടെ സാരാംശമാണ്‌ മുകളില്‍ കൊടുത്തത്‌.

ഇനി പഴയൊരു റിപ്പോര്‍ട്ട്‌ പരിഗണിക്കാം.

ഏതാണ്ട്‌ 29 വര്‍ഷംമുമ്പ്‌ (1980 സപ്‌തംബര്‍ 25ന്‌) പ്രശസ്‌ത ഗവേഷണവാരകയായ 'നേച്ചറി'ല്‍ പ്രസിദ്ധീകരിച്ചത്‌. 'ഗലീലിയോയുടെ നെപ്‌ട്യൂണ്‍ നിരീക്ഷണം' എന്ന പേരിലുള്ള ആ ലഘുറിപ്പോര്‍ട്ട്‌ തയ്യാറാക്കിയത്‌ കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി (കാല്‍ടെക്‌) ക്ക്‌ കീഴിലുള്ള പലോമര്‍ ഒബ്‌സര്‍വേറ്ററിയിലെ ചാള്‍സ്‌ കൊവലും, ടൊറന്റോ സര്‍വകലാശാലയിലെ ജ്യോതിശ്ശാസ്‌ത്രജ്ഞന്‍ സ്‌റ്റില്‍മാന്‍ ഡ്രേക്കും ചേര്‍ന്ന്‌.

ഗലീലിയോയുടെ നോട്ട്‌ബുക്കുകള്‍ വിശദമായി പഠിച്ചും, അദ്ദേഹത്തിന്റെ കാലത്ത്‌ ആകാശഗോളങ്ങളുടെ സ്ഥാനം എവിടെയായിരുന്നു എന്നകാര്യം ഗണിതപരമായി കണക്കാക്കിയും നടത്തിയ പഠനത്തിന്റെ സംഗ്രഹമായിരുന്നു നേച്ചറിലെ റിപ്പോര്‍ട്ടിലുള്ളത്‌. റിപ്പോര്‍ട്ടിന്റെ സമാപ്‌തി ഇങ്ങനെ-"1612 ഡിസംബര്‍ 28, 1613 ജനവരി 28 എന്നീ ദിവസങ്ങളില്‍ നെപ്‌ട്യൂണിനെ ഗലീലിയോ നിരീക്ഷിച്ചതായി ഞങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ...നെപ്‌ട്യൂണിന്റെ ചലനവും ഗലീലിയോ നിരീക്ഷിക്കുകയുണ്ടായി".

1999-ല്‍ പുറത്തിറങ്ങിയ 'എസ്സേയ്‌സ്‌ ഓണ്‍ ഗലീലിയോ ആന്‍ഡ്‌ ദി ഹിസ്‌റ്ററി ആന്‍ഡ്‌ ഫിലോസൊഫി ഓഫ്‌ സയന്‍സ്‌' എന്ന ഗ്രന്ഥത്തില്‍, ഗലീലിയോ നെപ്‌ട്യൂണിനെ നിരീക്ഷിച്ചിരുന്നു എന്ന നിഗമനത്തില്‍ ചാള്‍സ്‌ കോവലും താനും എങ്ങനെയാണ്‌ എത്തിയതെന്ന്‌ സ്റ്റില്‍മാന്‍ ഡ്രേക്ക്‌ വിശദീകരിച്ചിട്ടുണ്ട്‌.

അദ്ദേഹം എഴുതുന്നു- "നെപ്‌ട്യൂണിനെ 1612-ല്‍ ഗലീലിയോ നിരീക്ഷിച്ചിരുന്നു. വ്യാഴം മൂലം ഗ്രഹണം സംഭവിച്ചപ്പോഴായിരുന്നു അത്‌. 'നിശ്ചലനക്ഷത്രം' ('fixed star') എന്നാണ്‌ അതിനെ ഗലീലിയോ വിശേഷിപ്പിച്ചത്‌. 1612 ഡിസംബര്‍ 28-ന്‌ പുലര്‍ച്ചെ, ആ 'നക്ഷത്രം' വ്യാഴത്തിന്റെ കിഴക്ക്‌ ഭാഗത്തേക്ക്‌ പ്രത്യക്ഷപ്പെടുന്നത്‌ കണ്ടുവെന്ന്‌ അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു". 1613 ജനവരി 27-28 രാത്രികളില്‍ ഗലീലിയോ നിരീക്ഷിച്ച രണ്ട്‌ 'നിശ്ചലനക്ഷത്ര'ങ്ങളിലൊന്ന്‌ നെപ്‌ട്യൂണ്‍ ആയിരിക്കാം എന്ന നിഗമനത്തില്‍ തങ്ങള്‍ എത്തിയെന്ന്‌ സ്റ്റില്‍മാന്‍ ഡ്രേക്ക്‌ എഴുതുന്നു.

നെപ്യൂണിനെ തിരിച്ചറിയുന്നതിന്‌ (1846) രണ്ട്‌ നൂറ്റാണ്ട്‌ മുമ്പുതന്നെ ആ ഗ്രഹത്തെ ഗലീലിയോ ഒന്നിലേറെ തവണ നിരീക്ഷിച്ചിരുന്നു എന്ന വസ്‌തുത അതുവഴി സ്ഥാപിച്ചെടുക്കാന്‍ കഴിഞ്ഞു.

1979-ല്‍ എസ്‌. സി. ആല്‍ബേഴ്‌സ്‌ നടത്തിയ കണക്കുകൂട്ടലുകളിലാണ്‌, 1613 കാലത്ത്‌ നെപ്‌ട്യൂണിന്‌ വ്യാഴം മൂലം ഗ്രഹണം സംഭവിച്ചതായി വ്യക്തമായത്‌. അതിന്റെ അടിസ്ഥാനത്തിലായിരുന്നു കോവലിന്റെയും ഡ്രേക്കിന്റെയും പഠനം.

സംഗതികള്‍ ഇങ്ങനെയെങ്കില്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിച്ചതിന്റെ ക്രെഡിറ്റ്‌ ഗലീലിയോയ്‌ക്ക്‌ നല്‍കേണ്ടതല്ലേ. പിന്നെ എന്തുകൊണ്ട്‌ 1846-ല്‍ ഫ്രഞ്ചുകാരനായ ഉര്‍ബിന്‍ ജെ.ജെ.ലെവെരിയര്‍, ഇംഗ്ലീഷുകരനായ ജോണ്‍ കൗച്ച്‌ ആദംസ്‌ എന്നിവര്‍ വെവ്വേറെ നിലയില്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിച്ചു എന്ന്‌ അംഗീകരിക്കപ്പെട്ടിരിക്കുന്നു.

നെപ്‌ട്യൂണ്‍ സൗരയൂഥത്തിലെ അംഗമാണെന്ന്‌ തിരിച്ചറിയാനോ, അതിന്റെ വിചിത്രമായ ഭ്രമണപഥം ഗണിച്ചെടുക്കാനോ ഗലീലിയയ്‌ക്ക്‌ കഴിഞ്ഞല്ല എന്നതാണ്‌ ഇതിന്‌ കാരണം. (അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, ഏഴാമത്തെ ഗ്രഹത്തിന്‌ മുമ്പ്‌ എട്ടാംഗ്രഹം കണ്ടെത്തുകയെന്ന 'അത്യാഹിതം' നടക്കുമായിരുന്നു).

ഗലീലിയോ മാത്രമല്ല, പിന്നീട്‌ രണ്ട്‌ നൂറ്റാണ്ടുകാലം പല വാനശാസ്‌ത്രജ്ഞരും നെപ്‌ട്യൂണിനെ നിരീക്ഷിച്ചെങ്കിലും നിജസ്ഥിതി മനസിലാക്കുന്നതില്‍ വിജയിച്ചില്ല. ഫ്രഞ്ച്‌ വാനശാസ്‌ത്രജ്ഞന്‍ ലാലന്‍ഡി (1795), ഇംഗ്ലീഷുകാരനായ ജോണ്‍ ഹെര്‍ഷല്‍ (1830) എന്നിവര്‍ ഗലീലിയോയ്‌ക്ക്‌ ശേഷം നെപ്‌ട്യൂണിനെ നിരീക്ഷിച്ചവരാണ്‌. 1846-ല്‍ നെപ്‌ട്യൂണ്‍ കണ്ടുപിടിക്കുന്നതിന്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ സ്‌കോട്ടിഷ്‌ വാനശാസ്‌ത്രജ്ഞന്‍ വോണ്‍ ലമോന്റും ആ ആകാശഗോളത്തെ നിരീക്ഷിച്ചിരുന്നു.

മറ്റ്‌ ഗ്രഹങ്ങളെ നിരീക്ഷണം വഴിയാണ്‌ കണ്ടെത്തിയതെങ്കില്‍, നെപ്‌ട്യൂണിനെ ഗണിതപ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ്‌ തിരിച്ചറിഞ്ഞത്‌. കാരണം അത്രയും വിചിത്രമാണ്‌ ഇതിന്റെ ഭ്രമണപഥം. ലെവെരിയറും കൗച്ച്‌ ആദംസും നെപ്‌ട്യൂണിന്റെ സ്ഥാനം ഗണിതപരമായി പ്രവചിച്ച സ്ഥാനത്ത്‌ 1846 സപ്‌തംബര്‍ 23-ന്‌ അതിനെ കണ്ടെത്തി.

നെപ്‌ട്യൂണിന്‌ ഒരു തവണ സൂര്യനെ പരിക്രമണം ചെയ്യാന്‍ 165 വര്‍ഷം വേണം. 1846-ല്‍ കണ്ടുപിടിച്ച ശേഷം ആ ഗ്രഹം ഇതുവരെ ഒരു പരിക്രമണം പൂര്‍ത്തിയാക്കിയിട്ടില്ല. 2011 ജൂലായ്‌ 12 ആകണം അത്‌ സംഭവിക്കാന്‍.

വിചിത്രമായ ഭ്രമണപഥം മൂലം ചില കാലയളവില്‍ നെപ്‌ട്യൂണ്‍ സൗരയൂഥത്തിലെ ഏഴാമത്തെ ഗ്രഹത്തെയും കടന്ന്‌ ഇപ്പുറത്തെത്തും. ചില സമയങ്ങളില്‍, മുമ്പ്‌ ഒന്‍പതാംഗ്രഹം എന്ന്‌ കണക്കാക്കിയിരുന്ന പ്ലൂട്ടോയുടെ ഭ്രമണപഥവും കടന്ന്‌ അപ്പുറത്ത്‌ പോകും. 1980-കളിലും 1990-കളിലും പ്ലൂട്ടോയ്‌ക്കും അപ്പുറത്തായിരുന്നു നെപ്‌ട്യൂണിന്റെ സ്ഥാനം. 1999 ഫിബ്രവരി 11-നാണ്‌ വിണ്ടും അത്‌ പ്ലൂട്ടോയ്‌ക്കിപ്പുറം എത്തിയത്‌. 228 വര്‍ഷം ഇനി മറുകണ്ടം ചാടില്ല!

വസ്‌തുതകള്‍ ഇതായിരിക്കെ, നെപ്‌ട്യൂണിനെ ഗലീലിയോ ആണ്‌ കണ്ടുപിടിച്ചത്‌ എന്ന പുതിയ സിദ്ധാന്തവുമായി ഒരാള്‍ മുന്നോട്ട്‌ വരാന്‍ എന്താവാം കാരണം. താന്റെ 'സിദ്ധാന്തം' മുപ്പത്‌ വര്‍ഷം മുമ്പേ തെളിയിക്കപ്പെട്ട കാര്യമാണെന്ന്‌ പ്രൊഫ. ജാമീസന്‌ അറയാതെ വരുമോ.

അങ്ങനെയാകാന്‍ തരമില്ല. യഥാര്‍ഥത്തില്‍ ഇതൊരു പുതിയ സിദ്ധാന്തം എന്നത്‌ പ്രൊഫ. ജാമീസന്റെ അവകാശവാദമാകാന്‍ വഴിയില്ല.

ഇതുസംബന്ധിച്ച്‌ വന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂക്ഷിച്ചു വായിച്ചാല്‍ മനസിലാകുന്ന കാര്യം, റിപ്പോര്‍ട്ട്‌ ചെയ്‌ത ലേഖകനാണ്‌ അതൊരു പുതിയ സിദ്ധാന്തമെന്ന്‌ തോന്നയത്‌ എന്നാണ്‌. കാരണം, റിപ്പോര്‍ട്ടിനുള്ളില്‍ പ്രൊഫ. ജാമീസണ്‍ പറയുന്ന വാചകം റിപ്പോര്‍ട്ടര്‍ ഉദ്ധരിച്ചിട്ടുണ്ട്‌, കാണുക."ഗലീലിയോ നെപ്‌ട്യൂണിനെ നിരീക്ഷിക്കുകയുണ്ടായി എന്നകാര്യം പതിറ്റാണ്ടുകളായി അറിയാവുന്ന വസ്‌തുതയാണ്‌".

തങ്ങള്‍ നടത്തിയ കമ്പ്യൂട്ടര്‍ മാതൃകാപഠനത്തില്‍, ഗലീലിയോ ആ മങ്ങിയ നക്ഷത്രത്തെ നിരീക്ഷിച്ച സ്ഥാനത്ത്‌ തന്നെയായിരുന്നു അക്കാലത്ത്‌ നെപ്‌ട്യൂണിന്റെ സ്ഥാനം എന്ന്‌ വ്യക്തമായി എന്നാണ്‌ പ്രൊഫ. ജാമീസന്‍ പറയുന്നത്‌. എന്നുവെച്ചാല്‍, 1979-ല്‍ എസ്‌. സി. ആല്‍ബേഴ്‌സ്‌ നടത്തിയ കണക്കുകൂട്ടലുകളോട്‌ സമാനമായ പഠനമാണ്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ നടത്തിയതെന്ന്‌ സാരം. പുതിയ സിദ്ധാന്തം മെനയുകയല്ല, പഴയൊരു പഠനഫലത്തെ പുഷ്ടിപ്പെടുത്തുക മാത്രമേ പ്രൊഫ. ജാമീസണും കൂട്ടരും ചെയ്‌തിട്ടുള്ളു.

400 വര്‍ഷംമുമ്പ്‌ ടെലിസ്‌കോപ്‌ ഉപയോഗിച്ച്‌ ഗലീലിയോ നടത്തിയ വാനനിരീക്ഷണമാണ്‌ ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്‌ അടിത്തറയിട്ടത്‌. ലോകമിപ്പോള്‍ ആ വാര്‍ഷികം ആഘോഷിക്കുകയാണ്‌; 2009-നെ അന്താരാഷ്ട്ര ജ്യോതിശ്ശാസ്‌ത്രവര്‍ഷമായി പ്രഖ്യാപിച്ചുകൊണ്ട്‌.

ഈ അവസരത്തില്‍ ഗലീലിയോ എന്ന മഹാപ്രതിഭ ഒന്നുകൂടി ചര്‍ച്ചയാകാന്‍ ഓസ്‌ട്രേലിയന്‍ ഗവേഷകരുടെ പഠനം വഴിവെച്ചത്‌ നല്ലകാര്യം തന്നെയാണ്‌.

(അവലംബം: (1) Nature, 25 September 1980; (2) Essays on Galileo and the history and philosophy of sciences (1999), by Stillman Drake, Noel Swerdlow, Trevor Harvey; (3) The Planet Observer's Handbook (2000), by Fred William Price; (4) space.com; (5) News Agencies).

കാണുക

Tuesday, July 07, 2009

രതിക്ക്‌ കാരണം പരാന്നഭോജികളോ

എന്താണ്‌ സെക്‌സിനുള്ള മഹത്വം? ഒട്ടേറെ കാര്യങ്ങള്‍ ഇതെപ്പറ്റി പറയാനുണ്ടാകും. പക്ഷേ, പരിണാമശാസ്‌ത്രത്തിന്റെ ഭാഗത്തു നിന്നാകുമ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ്‌ ഇക്കാര്യത്തില്‍ ലഭിക്കുക. പാരസൈറ്റുകളോ (പരാന്നഭോജികള്‍)ടുള്ള പ്രതിരോധത്തിന്റെ ഭാഗമായി രൂപപ്പെട്ടതാകാം രതിയെന്ന്‌, ജൂലായ്‌ ലക്കം 'അമേരിക്കന്‍ നാച്ചുറലിസ്റ്റി'ലെ റിപ്പോര്‍ട്ട്‌ പറയുന്നു.

ജീവശാസ്‌ത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്‌ സെക്‌സും പ്രത്യുത്‌പാദനവും. പരിണാമത്തിന്റെ കാര്യത്തില്‍ പക്ഷേ, സെക്‌സ്‌ ഇന്നും നിഗൂഢതയാണ്‌. എന്തുകൊണ്ട്‌ സെക്‌സ്‌ എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം ലഭ്യമല്ല എന്നതു തന്നെ കാരണം.

പ്രത്യുത്‌പാദനത്തിന്‌ പ്രകൃതിയില്‍ രണ്ടുതരം പ്രക്രിയകളുണ്ട്‌; ലൈംഗീകവും അലൈംഗീകവും. ലൈംഗീകബന്ധം കൂടാതെ അടുത്ത തലമുറയ്‌ക്ക്‌ ജന്മം നല്‍കുന്ന രീതിയാണ്‌ അലൈംഗീക പ്രജനനം. സൂക്ഷ്‌മജീവികള്‍, ഒട്ടേറെ സസ്യങ്ങള്‍, ചിലയിനം ഇഴജന്തുക്കള്‍ ഒക്കെ ഈ രീതിയാണ്‌ അവലംബിക്കാറ്‌. ഇത്തരം ജീവികളില്‍ ഓരോ അംഗത്തിനും അടുത്ത തലമുറയ്‌ക്ക്‌ സ്വന്തംനിലയ്‌ക്ക്‌ രൂപം നല്‍കാം. ലൈംഗീക പ്രജനനത്തില്‍ അത്‌ നടക്കില്ല. ആണും പെണ്ണും ചേരണം അടുത്ത തലമുറ രൂപമെടുക്കാന്‍.

അലൈംഗീക പ്രജനനത്തില്‍ രണ്ട്‌ അംഗങ്ങള്‍ക്ക്‌ തങ്ങളുടേതായ നിലയില്‍ രണ്ട്‌ തലമുറകള്‍ക്ക്‌ രൂപം നല്‍കാം. എന്നാല്‍, ലൈംഗീക പ്രജനനത്തിന്റെ കാര്യമാകുമ്പോള്‍ രണ്ട്‌ അംഗങ്ങള്‍ ചേര്‍ന്നേ ഒരു തലമുറ ജന്മമെടുക്കൂ. ഈ അര്‍ഥത്തില്‍ അലൈംഗീക പ്രക്രിയയ്‌ക്ക്‌ ഉത്‌പാദനക്ഷമത ഇരട്ടിയാണ്‌. അതിനാല്‍, ഒരര്‍ഥത്തില്‍ അലൈംഗീക പ്രജനനമാണ്‌ സൗകര്യം, ലാഭകരവും.

പിന്നെ എന്തുകൊണ്ട്‌ ലൈംഗീകത?

ഒരു പ്രബലനിഗമനം ഇതാണ്‌. അലൈംഗീകജീവികള്‍ പാരസൈറ്റുകള്‍ക്ക്‌ എളുപ്പം ഇരയാകും. അതൊഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്‌ പരിണാമ പ്രക്രിയയില്‍ ലൈംഗീകത സ്ഥാനം പിടിച്ചത്‌.

അതെങ്ങനെയെന്ന്‌ നോക്കാം. അലൈംഗീകജീവികളുടെ ശരിക്കുള്ള ജനിതക പകര്‍പ്പുകള്‍ (ക്ലോണുകള്‍) ആയിരിക്കും അവയുടെ സന്താനങ്ങള്‍. ഓരോ ക്ലോണിലും ഒരേ ജീനുകള്‍ തന്നെയാകും ഉള്ളത്‌. പാരസൈറ്റുകള്‍ക്ക്‌ ആക്രമിക്കാന്‍ പാകത്തിലുള്ള ജനിതക പിഴവുകളും സമാനമായിരിക്കും. ഇത്തരം പിഴവുകള്‍ മുതലാക്കാന്‍ കഴിവുള്ള ഒരു പാരസൈറ്റ്‌ രൂപമെടുത്താല്‍, അതിന്‌ ആ വര്‍ഗത്തെ തന്നെ ഒന്നോടെ ഉന്‍മൂലനം ചെയ്യാനാകും.

അതേസമയം, ലൈംഗീക ജീവികളില്‍ മാതാവിന്റെയും പിതാവിന്റെയും ജീനുകള്‍ കൂടിക്കലര്‍ന്നാണ്‌ സന്തതികള്‍ രൂപമെടുക്കുക. ഓരോ സന്തതിയും ജനിതകമായി വ്യത്യസ്‌തമായിരിക്കും. അതിനാല്‍, ഒരു പാരസൈറ്റ്‌ വിചാരിച്ചാല്‍ ആ വര്‍ഗത്തെ ഒന്നോടെ ഉന്‍മൂലനം ചെയ്യാനാകില്ല, ഏതാനും അംഗങ്ങളെ മാത്രമേ കഴിയൂ.

ഈ നിഗമനം ഗണിതപരമായി ശരിയാണ്‌. എന്നാല്‍, പ്രകൃതിയിലെ സ്ഥിതിയോ?

ഇതറിയാന്‍ ന്യൂസിലന്‍ഡിലെ ശുദ്ധജല തടാകങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന 'പൊട്ടമോപൈര്‍ഗുസ്‌ ആന്റിപോഡാറം' (Potamopyrgus antipodarum) എന്നയിനം ഒച്ചുകളെ ഗവേഷകര്‍ 1994 മുതല്‍ നിരീക്ഷിച്ചു. ലൈംഗീകമായും അലൈംഗീകമായും പ്രജനനം നടത്തുന്ന ജീവികള്‍ എന്നതാണ്‌ ഈ ഒച്ചുകളുടെ പ്രത്യേകത.

പരിണാമശാസ്‌ത്രത്തിലെ രതിയെ സംബന്ധിച്ച നിഗമനം ശരിയാണോ എന്ന്‌ പരിശോധിക്കാന്‍ ഈ ജീവികളുടെ പ്രത്യേകത സഹായകമായി. സ്വിസ്സ്‌ ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലെ ജുക്ക ജൊകേല ഉള്‍പ്പെട്ട അന്താരാഷ്ട്രസംഘമാണ്‌ പഠനം നടത്തിയത്‌. ഇരുവിഭാഗം ഒച്ചുകളുടെയും എണ്ണം, ഓരോ വിഭാഗത്തെയും പാരസൈറ്റുകള്‍ ബാധിക്കുന്നതിന്റെ തോത്‌ തുടങ്ങിയവയാണ്‌ പഠനവിധേയമാക്കിയത്‌.

പഠനം തുടങ്ങിയ കാലത്ത്‌ അലൈംഗീക പ്രക്രിയ വഴിയുണ്ടായ ക്ലോണുകള്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍, പാരസൈറ്റ്‌ ബാധ ആരംഭിച്ചതോടെ അവയുടെ സംഖ്യ ഗണ്യമായി കുറയാനാരംഭിച്ചതായി ഗവേഷകര്‍ കണ്ടു. ചില ക്ലോണ്‍ തായ്‌വഴികള്‍ തീര്‍ത്തും ഇല്ലാതായി. അതേസമയം, ലൈംഗീക പ്രക്രിയയിലേര്‍പ്പെടുന്ന ഒച്ചുകളുടെ എണ്ണം എല്ലാക്കാലത്തും ഏതാണ്ട്‌ സ്ഥിരമായി നിലനിന്നു.

പരിണാമശാസ്‌ത്രത്തിലെ പാരസൈറ്റ്‌ സിദ്ധാന്തം പ്രവചിക്കുന്ന അതേ പാറ്റേണില്‍ തന്നെയാണ്‌ കാര്യങ്ങള്‍ എന്ന്‌ ഈ പഠനം വ്യക്തമാക്കുന്നതായി ഗവേഷകര്‍ പറയുന്നു. "പാരസൈറ്റുകള്‍ സുലഭമായുള്ള പരിസ്ഥിതികളില്‍ ലൈംഗീക പ്രജനനം, പരിണാമപരമായി മേല്‍കൈ നേടുന്നു എന്നാണ്‌ പഠനഫലം തെളിയിക്കുന്നത്‌"-ജൊകേല പറയുന്നു.

രതിയുടെ ആനന്ദത്തിന്‌ നമ്മള്‍ കടപ്പെട്ടിരിക്കുന്നത്‌ പാരസൈറ്റുകളോടാണ്‌ (അവ അത്ര നല്ല പുള്ളികളല്ലെങ്കിലും) എന്നുസാരം.
(അവലംബം: അമേരിക്കന്‍ നാച്ചുറലിസ്‌റ്റ്‌)

കാണുക

Monday, July 06, 2009

കണികാപരീക്ഷണം: ഗ്രിഡ്‌ റെഡി

ഭൂമുഖത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുറത്തുവിടുന്ന അതിഭീമമായ വിവരങ്ങള്‍ കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌ പൂര്‍ണസജ്ജമായി. ജനീവയില്‍ സ്ഥാപിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറി' (എല്‍.എച്ച്‌.സി) ലാണ്‌ ഒക്ടോബറില്‍ കണികാപരീക്ഷണം പുനരാരംഭിക്കുക. ഇന്നുവരെ ഒരു സംരംഭത്തിലും കൈകാര്യം ചെയ്‌തിട്ടില്ലാത്തത്ര ഭീമമായ തോതിലുള്ള ഡേറ്റയാണ്‌ ഇതുവഴി പുറത്തുവരിക. അത്‌ കൈകാര്യം ചെയ്യേണ്ടത്‌ 'എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌' എന്നറിയപ്പെടുന്ന കമ്പ്യൂട്ടര്‍ ശൃംഗലയാണ്‌.

33 രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന 140 കമ്പ്യൂട്ടര്‍ കേന്ദ്രങ്ങളെ കോര്‍ത്തിണക്കിയാണ്‌ ഈ ഗ്രിഡിന്‌ രൂപം നല്‍കിയിട്ടുള്ളത്‌. പ്രത്യേക ഓപ്‌ടിക്കല്‍ കേബിളുകള്‍ വഴി വന്‍തോതില്‍ വിവരവിനിമയം സാധ്യമാക്കുകയാണ്‌ ചെയ്യുക. ഇന്റര്‍നെറ്റില്‍ വേള്‍ഡ്‌ വൈഡ്‌ വെബ്ബിന്റെ സഹായത്തോടെ കമ്പ്യൂട്ടര്‍ ഫയലുകളാണ്‌ പങ്കുവെയ്‌ക്കപ്പെടുന്നതെങ്കില്‍, ഗ്രിഡില്‍ കമ്പ്യൂര്‍ശേഷി (കമ്പ്യൂട്ടര്‍ പവര്‍) ആണ്‌ പങ്കുവെയ്‌ക്കപ്പെടുന്നത്‌. എല്‍.എച്ച്‌.സി.യുടെ മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച്‌ (സേണ്‍-CERN) തന്നെയാണ്‌, ഈ കമ്പ്യൂട്ടര്‍ ഗ്രിഡിന്റെയും നിയന്ത്രണം കൈയാളുന്നത്‌.

വന്‍തോതില്‍ ഡേറ്റ കൈകാര്യം ചെയ്യാന്‍ എല്‍.എച്ച്‌.സി. ഗ്രിഡിന്‌ കഴിയുമോ എന്നറിയാനുള്ള പരീക്ഷണം ജൂലായ്‌ക്ക്‌ മുമ്പ്‌ രണ്ടാഴ്‌ചകാലമാണ്‌ നടന്നത്‌. 'സ്‌കേല്‍ ടെസ്റ്റിങ്‌ ഫോര്‍ ദ എക്‌സ്‌പെരിമെന്റ്‌ പ്രോഗ്രാം'09 (STEP'09) എന്ന പേരിലുള്ള പരീക്ഷണം വിജയമായിരുന്നുവെന്നും കണികാപരീക്ഷണത്തിന്‌ ഗ്രിഡ്‌ സജ്ജമായിക്കഴിഞ്ഞെന്നും, എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌ പദ്ധതിയുടെ മേധാവി ഇയാന്‍ ബേഡ്‌ അറിയിച്ചു. പരീക്ഷണത്തിന്റെ ഭാഗമായി ഗ്രിഡിനെ തകര്‍ക്കാന്‍ സേണ്‍ ശ്രമിച്ചെങ്കിലും അത്‌ വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലെ പ്രധാന പരീക്ഷണങ്ങളിലൊന്നായ 'അത്‌ലസി' (ATLAS)സില്‍ നിന്ന്‌ മാത്രം, സെക്കന്‍ഡില്‍ ആറ്‌ ഗിഗാബൈറ്റ്‌സ്‌ (6GB) എന്ന കണക്കിന്‌ ഡേറ്റ പ്രളയമുണ്ടാകും. അത്‌ വളരെ നാളത്തേക്ക്‌ സംഭവിക്കുകയും ചെയ്യും. സെക്കന്‍ഡില്‍ ഒരു ഡി.വി.ഡി. വീതം നിറയുന്നത്ര ഡേറ്റയാണിത്‌. ഇതുവെച്ച്‌ കണക്കാക്കിയാല്‍ ഹാഡ്രോണ്‍ കൊളൈഡറിന്റെ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം എത്രമാത്രം വിവരങ്ങള്‍ പുറത്തുവിടുമെന്ന്‌ ഊഹിക്കാവുന്നതേയുള്ളു.

അതിനാല്‍ ഇത്ര ഭീമമായ അളവിലുണ്ടാകുന്ന വിവരങ്ങള്‍ വിനിമയം ചെയ്യാനും വിശകലനം ചെയ്യാനും നിലവിലുള്ള കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ക്കൊന്നും കഴിയില്ല എന്ന തിരിച്ചറിവാണ്‌ ലോകവ്യാപകമായി ഒരു ഗ്രിഡിന്‌ രൂപംനല്‍കാന്‍ സേണിനെ പ്രേരിപ്പിച്ചത്‌. 2008 സപ്‌തംബര്‍ പത്തിനാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പ്രവര്‍ത്തനം ആരംഭിച്ചതെങ്കിലും, ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ആ യന്ത്രത്തിലെ അതിചാലക കാന്തങ്ങളിലൊന്നിന്‌ തകരാര്‍ പറ്റിയതിനാല്‍ പ്രവര്‍ത്തനം തുടരാനായില്ല. കേടുതീര്‍ക്കുന്ന പ്രവര്‍ത്തനം തുടരുകയാണ്‌. പുതിയ വിവരം അനുസരിച്ച്‌ അടുത്ത ഒക്ടോബറില്‍ കണികാപരീക്ഷണം പുനരാരംഭിക്കും.
(കടപ്പാട്‌: ZDNet UK)

Sunday, July 05, 2009

വിസ്‌മൃതിയിലേക്ക്‌ നീങ്ങുന്ന ജീവികള്‍

ഒരു ജീവി അന്യംനില്‍ക്കുക എന്നുപറഞ്ഞാല്‍ ലോകം അത്രയും ദരിദ്രമാകുന്നു എന്നാണര്‍ഥം. പ്രകൃതിയ്‌ക്കുമേലുള്ള പരിക്കുകകള്‍ ഏറുന്നതിന്റെ പ്രത്യക്ഷലക്ഷണമാണത്‌. ആഗോളതലത്തില്‍ എന്തെല്ലാം നടപടി സ്വീകരിച്ചിട്ടും, ജീവിവര്‍ഗങ്ങള്‍ നേരിടുന്ന വംശനാശഭീഷണിക്ക്‌ ശമനമില്ല എന്നാണ്‌ റിപ്പോര്‍ട്ടുകള്‍.

ജൈവവൈവിധ്യത്തിനുണ്ടാകുന്ന ക്ഷയം 2010 ആകുമ്പോഴേക്കും പരിമിതപ്പെടുത്തുമെന്ന ലോകരാഷ്ട്രങ്ങളുടെ പ്രഖ്യാപനം കാര്യമായ ഫലം ചെയ്‌തിട്ടില്ലെന്ന്‌ 'അന്താരാഷ്ട്ര പ്രകൃതിസംരക്ഷണ യൂണിയന്‍' (ഐ.യു.സി.എന്‍) പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട്‌ വ്യക്തമാക്കുന്നു. ഉഭയജീവികളില്‍ മൂന്നിലൊന്നും സസ്‌തനികളില്‍ നാലിലൊന്ന്‌ ഭാഗവും പക്ഷിയിനങ്ങളില്‍ എട്ടിലൊന്നും കടുത്ത ഉന്‍മൂലന ഭീഷണി നേരിടുന്നു എന്ന്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു. ഐ.യു.സി.എന്‍. ചുവപ്പ്‌ പട്ടിക (IUCN Red List) യിലുള്ള 44,838 ജീവിവര്‍ഗങ്ങളുടെ സ്ഥിതി അവലോകനം ചെയ്‌താണ്‌ ഇത്തരമൊരു നിഗമനത്തിലെത്തിയിട്ടുള്ളത്‌.

യു.എന്നിന്‌ കീഴില്‍ 1993-ല്‍ നിലവില്‍ വന്ന 'കണ്‍വെന്‍ഷന്‍ ഫോര്‍ ബയോളജിക്കല്‍ ഡൈവേഴ്‌സിറ്റി' (സി.ബി.ഡി) യാണ്‌, ജൈവവൈവിധ്യം നേരിടുന്ന ഭീഷണിക്കെതിരെ ലോകരാഷ്ട്രങ്ങളെ ഒരേ കുടക്കീഴില്‍ അണിനിരത്തുന്നത്‌. 168 രാഷ്ട്രങ്ങള്‍ ഒപ്പുവെച്ച ഈ കരാര്‍ ലക്ഷ്യമിടുന്നത്‌, 'അന്താരാഷ്ട്ര, ദേശീയ, പ്രാദേശിക തലങ്ങളില്‍ ജൈവവൈവിധ്യത്തിന്‌ സംഭവിക്കുന്ന ശോഷണം 2010 ആകുമ്പോഴേക്കും ഗണ്യമായി കുറയ്‌ക്കുക'യെന്നാണ്‌. എന്നാല്‍, ഈ പ്രഖ്യാപനം കടലാസിലൊതുങ്ങുമെന്ന്‌ ഐ.യു.സി.എന്‍. പറയുന്നു. ഐ.യു.സി.എന്‍. സ്‌പീഷിസ്‌ പ്രോഗ്രാം ഉപമേധാവി ജീന്‍-ക്രിസ്റ്റഫെ വീയുടെ അഭിപ്രായത്തില്‍, "വന്യജീവികളുടെ പ്രതിസന്ധി" നിലവില്‍ ലോകം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെക്കാളും വളരെ രൂക്ഷമാണ്‌. സസ്യങ്ങളും ജീവികളുമായി 16,928 വര്‍ഗങ്ങള്‍ കടുത്ത വംശനാശ ഭീഷണിയിലെന്നാണ്‌ ഐ.യു.സി.എന്നിന്റെ കണക്ക്‌. ഏറ്റവുമധികം ഭീഷണി നേരിടുന്ന പത്ത്‌ ജീവികളെ ഇവിടെ പരിചയപ്പെടുക. ഇവ ഇല്ലാത്ത ഭൂമി എത്ര ദരിദ്രമായിരിക്കും എന്ന്‌ ചിന്തിച്ചു നോക്കുക.

1. ജാവന്‍ കാണ്ടാമൃഗം (Javan Rhinoceros)
(മുകളില്‍ നല്‍കിയിരിക്കുന്ന ചിത്രം കാണുക). ഇന്‍ഡൊനീഷ്യയിലും വിയ്‌റ്റ്‌നാമിലുമാണ്‌ ഇവ കാണപ്പെടുന്നത്‌. ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌ വെറും 60-ല്‍ താഴെ എണ്ണം മാത്രം. ഒരുപക്ഷേ, വലിയ സസ്‌തനികളില്‍ ലോകത്തേറ്റവുമധികം ഭീഷണി നേരിടുന്ന ജീവിയാണിത്‌. വേട്ടയും വനനാശവുമാണ്‌ ഇവയെ നിലനില്‍പ്പിന്റെ വക്കിലേക്ക്‌ തള്ളിവിട്ടത്‌.

2. വാക്വിറ്റ (Vaquita)
കാലിഫോര്‍ണിയ ഉള്‍ക്കടലില്‍ കാണപ്പെടുന്ന ഡോള്‍ഫിന്‍ പോലൊരു ജലജീവിയാണിത്‌. 'വാക്വിറ്റ'യെന്നാല്‍ സ്‌പാനിഷില്‍ 'ചെറിയ പശു' എന്നാണര്‍ഥം. ഇപ്പോള്‍ അവശേഷിച്ചിട്ടുള്ളത്‌ 200 മുതല്‍ 300 എണ്ണം വരെ. ചെറിയൊരു പ്രദേശത്ത്‌ മാത്രം കാണപ്പെടുന്ന ഇവ മത്സ്യബന്ധന വലകളില്‍ കുടുങ്ങി ചാവുന്നു.

3. ക്രോസ്‌ റിവര്‍ ഗൊറില്ല (Cross River Gorilla)
ആഫ്രിക്കയില്‍ നൈജീരിയ, കാമറൂണ്‍ എന്നിവിടങ്ങളിലാണ്‌ ഇത്തരം ഗൊറില്ലകള്‍ കാണപ്പെടുന്നത്‌. ഇനി അവശേഷിച്ചിട്ടുള്ളവയുടെ സംഖ്യ 300-ല്‍ താഴ മാത്രം. ഈ ജീവിവര്‍ഗത്തിന്‌ വംശനാശം നേരിട്ടതായി 1980-കളില്‍ കരുതിയെങ്കിലും, അവ ഇപ്പോഴും അവശേഷിക്കുന്നു. ഇറച്ചിക്കായി വേട്ടയാടപ്പെടുന്നതും, നഗരവികസനത്തിന്റെ ഭാഗമായി ആവാസവ്യവസ്ഥകള്‍ നശിപ്പിക്കപ്പെടുന്നതുമാണ്‌ ഇവയെ നാശത്തിന്റെ വക്കിലെത്തിച്ചത്‌.

4. സുമാത്രന്‍ കടുവ (Sumatran Tiger)
ഇന്‍ഡൊനീഷ്യയിലെ സുമാത്രയിലാണ്‌ കാണപ്പെടുന്നത്‌. അവശേഷിക്കുന്നത്‌ 600 സുമാത്രന്‍ കടുവകളില്‍ താഴെ മാത്രം. ഏതാണ്ട്‌ പത്തുലക്ഷം വര്‍ഷത്തിലേറെയായി സുമാത്രന്‍ കാടുകളില്‍ മാത്രം കഴിയുന്ന ഈ ചെറുകടുവകള്‍, ഇപ്പോള്‍ വംശനാശത്തിന്റെ വക്കിലാണ്‌. വനനാശമാണ്‌ ഇവയുടെ നിലനില്‍പ്പ്‌ അപകടത്തിലാക്കിയത്‌.

5. സുവര്‍ണ തലയന്‍ കുരങ്ങ്‌ (Golden-Headed Langur)
വിയറ്റ്‌നാമില്‍ കാണപ്പെടുന്ന ഈ ജീവികള്‍ ഇനി എഴുപതില്‍ താഴെ എണ്ണം മാത്രമാണ്‌ അവശേഷിക്കുന്നത്‌. 2000 മുതല്‍ ഇവയെ രക്ഷിക്കാന്‍ അടിയന്തര നടപടികള്‍ സ്വീകരിച്ചെങ്കിലും, ഈ കുരങ്ങ്‌ വര്‍ഗം ഇനിയും അപകടനില തരണം ചെയ്‌തിട്ടില്ല. എന്നാല്‍, ഏറെക്കാലത്തിന്‌ ശേഷം 2003-ല്‍ ഇവയുടെ അംഗസംഖ്യ വര്‍ധിക്കുകയുണ്ടായി.

6. ബ്ലാക്ക്‌-ഫൂട്ടെഡ്‌ ഫെരെറ്റ്‌ (Black-Footed Ferrte)
വടക്കേയമേരിക്കന്‍ സമതലങ്ങളില്‍ കാണപ്പെടുന്ന ഒരിനം സസ്‌തനികളാണ്‌ ഇവ. അവശേഷിക്കുന്നത്‌ ആയിരത്തോളം മാത്രം. ലോകത്തേറ്റവുമധികം ഭീഷണി നേരിടുന്ന സസ്‌തനികളില്‍ ഒന്നാണ്‌ ഈ ഫെരെറ്റ്‌. 1986-ല്‍ ഇവയുടെ എണ്ണം 18 ആയി ചുരുങ്ങിയിരുന്നു. പിന്നീടാണ്‌ ഇപ്പോഴത്തെ നിലയിലേക്ക്‌ എത്തിയത്‌.

7. ബോര്‍ണിയയിലെ കുള്ളന്‍ ആന (Borneo Pygmy Elephant)
വടക്കന്‍ ബോര്‍ണിയോ കാടുകളില്‍ കാണപ്പെടുന്ന ഈ കുള്ളന്‍ ആനകള്‍ ഇനി അവശേഷിക്കുന്നത്‌ 1500 എണ്ണം മാത്രമാണ്‌. ഏഷ്യന്‍ ആനകളെക്കാളും ഏതാണ്ട്‌ അരമീറ്റര്‍ പൊക്കം കുറവാണ്‌ ഈ കുള്ളന്‍ ആനകള്‍ക്ക്‌. ഇവയുടെ ആവാസകേന്ദ്രങ്ങള്‍ എണ്ണപ്പന തോട്ടങ്ങളായി മാറുകയും ജനവാസം കൂടുകയും ചെയ്‌തതാണ്‌ ഇവയെ വംശനാശ ഭീഷണിയിലാക്കിയത്‌.

8. ഭീമന്‍ പാണ്ട (Giant Panda)
ചൈന, മ്യാന്‍മര്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലായി ഇനി വെറും 2000 ഭീമന്‍ പാണ്ടകളേ അവശേഷിക്കുന്നുള്ളു. പാണ്ട വംശത്തിന്റെ അവസ്ഥ അപകടത്തിലാക്കിയത്‌, അവയുടെ ആവാസകേന്ദ്രങ്ങള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടതാണ്‌. സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ബലത്തിലാണ്‌ ഇപ്പോള്‍ ഈ ജീവിവര്‍ഗത്തിന്റെ നിലനില്‍പ്പ്‌.

9. ധ്രുവകരടി (Polar Bear)
ആര്‍ട്ടിക്‌ മേഖലയില്‍ വ്യാപകമായി കാണപ്പെട്ടിരുന്ന ഈ ജീവി ആഗോളതാപനത്തിന്റെ ഇരയായി കടുത്ത ഭീഷണി നേരിടുകയാണ്‌. അംഗസംഖ്യ 25000 ആയി ചുരുങ്ങിയിരിക്കുന്നു. വികസനപ്രവര്‍ത്തനങ്ങളും വേട്ടയും ഇവയുടെ സംഖ്യ ചുരുങ്ങുന്നതില്‍ മുഖ്യകാരണമായി.

10. മെക്കോങിലെ ഭീമന്‍ മത്സ്യം (Mekong Giant Catfish)
തെക്കുകിഴക്കന്‍ ഏഷ്യയിലെ മെക്കോങ്‌ മേഖലയില്‍ കാണപ്പെടുന്ന ഈ ഭീമന്‍ മത്സ്യം ഇപ്പോള്‍ കടുത്ത വംശനാശ ഭീഷണിയിലാണ്‌. ഏതാനും നൂറ്‌ മത്സ്യങ്ങള്‍ മാത്രമാണ്‌ ഇപ്പോള്‍ അവശേഷിക്കുന്നത്‌. വ്യാപകമായി കൊന്നതാണ്‌ ഇവ ഭീഷണി
യാകാന്‍ കാരണം. തായ്‌ലന്‍ഡ്‌, ലാവോസ്‌, കമ്പോഡിയ തുടങ്ങിയ രാജ്യങ്ങളില്‍ ഇവ സംരക്ഷിത ജീവിയാണെങ്കിലും, ഇവയെ പിടിക്കുന്നത്‌ ഇപ്പോഴും തുടരുന്നു. ഇതുവരെ പിടികൂടിയിട്ടുള്ളതില്‍ ഏറ്റവും വലുതിന്‌ 293 കിലോഗ്രാം ഭാരമുണ്ടായിരുന്നു. (അവലംബം:IUCN, UNEP, TIME Magazine).

Saturday, July 04, 2009

പൊട്ടിയ നട്ടെല്ല്‌ കൂട്ടിയിണക്കി; ശസ്‌ത്രക്രിയാരംഗത്ത്‌ ചരിത്രം

പത്തുവയസ്സുകാരന്റെ പൊട്ടിയ നട്ടെല്ല്‌ കൂട്ടിയിണക്കി ശസ്‌ത്രക്രിയാരംഗത്ത്‌ ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അത്ഭുതം സൃഷ്ടിച്ചു. ന്യുഡല്‍ഹിയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസി (എ.ഐ.ഐ.എം.എസ്‌)ന്‌ കീഴിലുള്ള ട്രോമ സെന്ററിലെ ഡോക്ടര്‍മാരാണ്‌ പത്തുവയസ്സുകാരന്റെ പൊട്ടിയ നട്ടെല്ല്‌ ശസ്‌ത്രക്രിയ വഴി ശരിയാക്കിയത്‌. ശസ്‌ത്രക്രിയകളുടെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്തരമൊരു മുന്നേറ്റം സാധ്യമാകുന്നതെന്ന്‌ ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു.

ഉത്തര്‍പ്രദേശിലെ ഫിറോസാബാദ്‌ സ്വദേശിയായ പ്രേംചന്ദ്‌ എന്ന കുട്ടിയാണ്‌ വീണ്ടും ജീവിതത്തിലേക്ക്‌ പ്രവേശിച്ചിരിക്കുന്നത്‌. വയലില്‍ കളിക്കുന്ന വേളയില്‍ വീണ പ്രേംചന്ദിന്റെ നട്ടെല്ല്‌ ഒരു ട്രാക്ടറിന്റെ ബ്ലേഡ്‌ തട്ടിയാണ്‌ രണ്ടായി പൊട്ടിയത്‌. കഴിഞ്ഞ സപ്‌തംബര്‍ നാലിന്‌ എ.ഐ.ഐ.എം.എസ്‌ ട്രോമ സെന്ററില്‍ പ്രവേശിച്ചയുടന്‍ ഡോക്ടര്‍മാര്‍ കുട്ടിയെ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമാക്കി. ഇപ്പോള്‍ ഒന്‍പത്‌ മാസമാകുന്നു. പ്രേംചന്ദിന്‌ സ്വന്തം കാലില്‍ പരസഹായമില്ലാതെ നടക്കാന്‍ കഴിയുന്നുണ്ട്‌.

ഗുരുതരമായ അവസ്ഥയിലായിരുന്നു കുട്ടിയെന്നും, എട്ടുമണിക്കൂര്‍ നീണ്ട ശസ്‌ത്രക്രിയ വേണ്ടിവന്നു ഡോക്ടര്‍മാര്‍ക്ക്‌ അവന്റെ നട്ടെല്ല്‌ കൂട്ടി യോജിപ്പിക്കാനെന്നും എ.ഐ.ഐ.എം.എസിലെ പീഡിയാക്‌ സര്‍ജന്‍ ഡോ.ഡി.ബി.ചൗധരി അറിയിച്ചു. മെഡിക്കല്‍ ചരിത്രത്തില്‍ ഇത്തരമൊരു ശസ്‌ത്രക്രിയാ വിജയം ആദ്യത്തേതാണെന്ന്‌ താന്‍ നടത്തിയ വിശദമായ ഗവേഷണത്തില്‍ വ്യക്തമായതായി, ട്രോമ സെന്റര്‍ മേധാവി ഡോ.എം.സി.മിശ്ര പറഞ്ഞു.

ശസ്‌ത്രക്രിയ കഴിഞ്ഞ്‌ ഒരു മാസം കഴിഞ്ഞപ്പോള്‍ തന്നെ പ്രേംചന്ദ്‌ സ്‌പര്‍ശനം പോലുള്ള ഇന്ദ്രിയഗോചരമായ സംഗതികളോട്‌ പ്രതികരിക്കാന്‍ തുടങ്ങി. ഇപ്പോള്‍ അല്‍പ്പവും സഹായമില്ലാതെ അവന്‌ നടക്കാനാകുന്നുണ്ട്‌. ഫിസിയോതെറാപ്പി തുടരുകയാണ്‌. "അവന്‍ വേഗം പൂര്‍ണ സുഖം പ്രാപിക്കുമെന്നാണ്‌ പ്രതീക്ഷ"-ശസ്‌ത്രക്രിയയില്‍ പങ്കെടുത്തവരില്‍ ഒരാളായ ഡോ. ദീപക്‌ ഗുപ്‌ത വാര്‍ത്താലേഖകരോട്‌ പറഞ്ഞു. അണുബാധയുടെ ഒരു ഭീഷണിയും ഇപ്പോഴില്ലെന്നും അദ്ദേഹം അറിയിച്ചു.
(കടപ്പാട്‌: IANS).

Friday, July 03, 2009

ദിവസവും സെക്‌സ്‌-കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കുള്ള മരുന്ന്‌!

കുട്ടികളുണ്ടാകാതെ നിരാശരായ ദമ്പതിമാര്‍ക്ക്‌ ദിവസവുമുള്ള സെക്‌സ്‌ മറുമരുന്നാകുമോ? ഇതൊക്കെയാണോ കുഞ്ഞിക്കാല്‌ കാണാനുള്ള മരുന്നെന്ന്‌ ചിലര്‍ അത്ഭുതംകൂറിയേക്കാം. അത്ഭുതപ്പെടേണ്ട, സംഭവത്തിന്‌ അല്‍പ്പം ശാസ്‌ത്രീയ അടിത്തറയുണ്ടെന്ന്‌ ഓസ്‌ട്രേലിയന്‍ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. ബീജങ്ങളുടെ ഗുണമേന്‍മ വര്‍ധിക്കാനും അതുവഴി ഗര്‍ഭധാരണത്തിന്‌ സാധ്യത വര്‍ധിക്കാനും ദിവസവുമുള്ള രതി സഹായിക്കുമത്രേ.

ദിവസവും ഈ 'സാഹസ'ത്തിന്‌ ബുദ്ധിമുട്ടുള്ള ദമ്പതിമാര്‍ രണ്ട്‌ ദിവസത്തിലൊരിക്കലെങ്കിലും ബന്ധപ്പെടാനാണ്‌ ഗവേഷകര്‍ ഉപദേശിക്കുന്നത്‌. സ്‌ത്രീകളില്‍ അണ്ഡപുഷ്ടിയുണ്ടാകുന്ന ദിവസങ്ങളില്‍ മാത്രം ദിവസവും ബന്ധപ്പെടുകയെന്നതും കുഞ്ഞിക്കാല്‌ കാണാനുള്ള സാധ്യത വര്‍ധിപ്പിക്കുമത്രേ. 118 പുരുഷന്‍മാരെ ഉള്‍പ്പെടുത്തി, സിഡ്‌നി ഐ.വി.എഫ്‌. എന്ന സ്ഥാപനത്തിലെ ഡോ. ഡേവിഡ്‌ ഗ്രീനിങിന്റെ നേതൃത്വത്തില്‍ നടന്ന പഠനത്തിലാണ്‌ കൗതുകകരമായി ഈ വസ്‌തുത വ്യക്തമായത്‌.

ഒരാഴ്‌ച തുടര്‍ച്ചയായി ദിവസവും സ്‌ഖലനത്തിന്‌ വിധേയരായ പുരുഷന്‍മാരുടെ ബീജങ്ങളില്‍ ഡി.എന്‍.എ. തകരാര്‍ കാര്യമായി കുറഞ്ഞെന്ന്‌ ഗവേഷകര്‍ കണ്ടു. തകരാര്‍ പറ്റിയ ബീജമാണ്‌ ഗര്‍ഭധാരണത്തിന്‌ പലപ്പോഴും തടസ്സമാകുന്നത്‌; 'യൂറോപ്യന്‍ സൊസൈറ്റി ഫോര്‍ ഹ്യുമണ്‍ റിപ്രൊഡക്ഷന്‍ ആന്‍ഡ്‌ എമ്പ്രയോളജി' സമ്മേളനത്തില്‍ അവതരിപ്പിക്കപ്പെട്ട പഠനറിപ്പോര്‍ട്ട്‌ പറയുന്നു. പഠനത്തില്‍ പങ്കെടുത്ത പത്തില്‍ എട്ടുപേരിലും, ഒരാഴ്‌ചകൊണ്ട്‌ ബിജത്തിലെ ഡി.എന്‍.എ. തകരാര്‍ 12 ശതമാനം കുറഞ്ഞതായി ഡോ. ഗ്രീനിങ്‌ സമ്മേളനത്തെ അറിയിച്ചു.

ദിവസവുമുള്ള സ്‌ഖലനം പക്ഷേ, ബീജങ്ങളുടെ എണ്ണത്തില്‍ കുറവുണ്ടാക്കും. പഠനത്തില്‍ പങ്കെടുത്തവരില്‍ ഒരാഴ്‌ചകൊണ്ട്‌ ശുക്ലത്തില്‍ ബീജങ്ങളുടെ എണ്ണം 18 കോടിയില്‍ നിന്ന്‌ ഏഴ്‌ കോടിയായി കുറഞ്ഞു. എങ്കിലും അത്‌ സാധാരണ 'പുനരുത്‌പാദന പരിധി'ക്ക്‌ താഴെ പോയില്ലെന്ന്‌ പഠനം വ്യക്തമാക്കുന്നു. ബീജങ്ങളുടെ ഡി.എന്‍.എ. തകരാര്‍ കുറയുക മാത്രമല്ല, ഏഴ്‌ ദിവസംകൊണ്ട്‌ ബീജകോശങ്ങള്‍ കൂടുതല്‍ ഊര്‍ജസ്വൊലമായതായും കണ്ടു. ഇതും ഗര്‍ഭധാരണത്തിന്‌ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകമാണ്‌.

പുരുഷന്റെ ലൈംഗീകഗ്രന്ഥിയില്‍ ബീജകോശങ്ങള്‍ അധിക ദിവസം കഴിയേണ്ടി വരുന്നതാണ്‌ തകരാറിന്‌ ഇടയാക്കുന്നതെന്ന്‌ ഗവേഷകര്‍ കരുതുന്നു. ചൂടുള്ള അന്തരീക്ഷത്തില്‍ ഏറെ ദിവസം കഴിയേണ്ടിവരുമ്പോള്‍ ബീജങ്ങളുടെ ഗുണമേന്‍മ കുറയും. മാത്രവുമല്ല, ശരീരത്തില്‍ ഉത്‌പാദിപ്പിക്കപ്പെടുന്ന സ്വതന്ത്ര റാഡിക്കലുകള്‍ ബീജങ്ങളെ ആക്രമിച്ച്‌ അവയുടെ ഡി.എന്‍.എ.യ്‌ക്ക്‌ തകരാറുണ്ടാക്കുകയും ചെയ്യും. ഇത്തരം ബീജങ്ങള്‍ ഗര്‍ഭധാരണത്തിലേക്ക്‌ നയിക്കണമെന്നില്ല.

ബീജങ്ങള്‍ അധിക ദിവസം ശരീരത്തില്‍ കഴിയാതിരിക്കുകയാണ്‌ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള എളുപ്പ മാര്‍ഗം. അവിടെയാണ്‌ ദിവസവുമുള്ള സെക്‌സിന്റെ പ്രാധാന്യമെന്ന്‌ ഗവേഷകര്‍ പറയുന്നു. പ്രത്യുത്‌പാദന പ്രശ്‌നങ്ങളില്ലാത്ത പുരുഷന്‍മാരിലും ഈ പഠനത്തിന്റെ ഫലം ശരിയാണോ എന്ന്‌ പരിശോധിക്കേണ്ടതുണ്ടെന്ന്‌ ഡോ.ഗ്രീനിങ്‌ പറയുന്നു. ഇതുസംബന്ധിച്ച്‌ കൂടുതല്‍ പഠനങ്ങള്‍ ആവശ്യമാണ്‌.

അതേസമയം, ദിവസവുമുള്ള സെക്‌സ്‌ ഏറെ നാള്‍ തുടര്‍ന്നാല്‍ ബീജങ്ങളുടെ എണ്ണം കുറയുകയും അതുതന്നെ വന്ധ്യതയ്‌ക്ക്‌ പ്രശ്‌നമാവുകയും ചെയ്യാമെന്ന്‌ ഗവേഷകര്‍ മുന്നറിയിപ്പ്‌ നല്‍കുന്നു. സ്‌ത്രീകളില്‍ അണ്ഡധാരണമുണ്ടാകുന്ന ദിവസങ്ങളില്‍ കൂടുതല്‍ സെക്‌സ്‌- അതാണ്‌ അഭികാമ്യമത്രേ. ദിവസവുമുള്ള സ്‌ഖലനം ബീജങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കുമെന്ന കണ്ടെത്തല്‍ നല്ലതു തന്നെ, പക്ഷേ ഇക്കാര്യം എല്ലാ പുരുഷന്മാരിലും ശരിയായിക്കൊള്ളണമെന്നില്ല എന്നാണ്‌ ഷെഫീല്‍ഡ്‌ സര്‍വകലാശാലയിലെ ഡോ. അലന്‍ പേസി അഭിപ്രായപ്പെടുന്നത്‌.

Thursday, July 02, 2009

ഉലകംചുറ്റും ഉറുമ്പുകോളനി

ഉറുമ്പുകളുടെ ഒരു മെഗാകോളനി ലോകമാകെ വ്യാപിച്ചിരിക്കുന്നതായി കണ്ടെത്തല്‍. ജീവലോകത്ത്‌ ഇതിന്‌ സമാനമായുള്ളത്‌ മനുഷ്യസമൂഹം മാത്രമെന്ന്‌ ഗവേഷകര്‍!

വന്‍കരകളിലാകെ പടര്‍ന്ന്‌ വ്യാപിക്കുന്ന ഒരു കോളനിയെപ്പറ്റി സങ്കല്‍പ്പിച്ചു നോക്കൂ. അത്തരമൊരു കോളനിയിലെ അംഗങ്ങള്‍ മനുഷ്യര്‍ തന്നെയാകും എന്ന്‌ ആരും എളുപ്പം ഉറപ്പിക്കും. അത്‌ സത്യമാണ്‌. എന്നാല്‍, മനുഷ്യര്‍ക്ക്‌ മാത്രമേ ഇത്തരമൊരു ആഗോള കോളനിയുള്ളു എന്ന്‌ കരുതുന്നുവെങ്കില്‍ തെറ്റി. ഉറുമ്പുകള്‍ക്കും ലോകമാകെ വ്യാപിച്ചു കിടക്കുന്ന ഒരു മെഗാകോളനി ഉണ്ടത്രേ! യൂറോപ്പ്‌, അമേരിക്ക, ജപ്പാന്‍ തുടങ്ങിയ പ്രദേശങ്ങളില്‍ കാണപ്പെടുന്ന കോടാനുകോടി 'അര്‍ജന്റൈന്‍ ഉറുമ്പകള്‍' (Argentine ants) യഥാര്‍ഥത്തില്‍ ഒറ്റ കോളനിയിലെ അംഗങ്ങളാണെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.

ഒരുകാലത്ത്‌ തെക്കെ അമേരിക്കയില്‍ മാത്രം കാണപ്പെട്ടിരുന്നവയാണ്‌, 'ലിനെപിതെമ ഹ്യുമൈല്‍' (Linepithema humile) എന്ന ശാസ്‌ത്രീയ നാമമുള്ള അര്‍ജന്റൈന്‍ ഉറുമ്പുകള്‍. മനുഷ്യരാണ്‌ അവയെ ഇതര ഭൂഖണ്ഡങ്ങളിലെത്തിച്ചത്‌. ഇന്ന്‌ അന്റാര്‍ട്ടിക്ക ഒഴികെ മറ്റെല്ലാ പ്രദേശത്തും ഇത്തരം കറുത്ത ഉറുമ്പുകള്‍ കാണപ്പെടുന്നു. ശരിക്കുള്ള ജൈവഅധിനിവേശമാണ്‌ ഈ ഉറുമ്പുകള്‍ ലോകമാകെ നടത്തിയത്‌. ഓരോയിടത്തും വലിയ കോളനികളായി കഴിയുന്ന ഈ ജീവികള്‍, ഇന്ന്‌ തദ്ദേശീയമായ ജീവികള്‍ക്കും വിളകള്‍ക്കും വന്‍ഭീഷണി സൃഷ്ടിക്കുന്ന കീടമാണ്‌.

യൂറോപ്പില്‍ മെഡിറ്റനേറിയന്‍ തീരത്താകെ വ്യാപിച്ചു കിടക്കുന്ന അര്‍ജന്റൈന്‍ ഉറുമ്പുകോളനിയുടെ നീളം 6000 കിലോമീറ്ററാണ്‌. അതേസമയം, അമേരിക്കയില്‍ 'കാലിഫോര്‍ണിയന്‍ ലാര്‍ജ്‌' എന്ന പേരില്‍ അറിയപ്പെടുന്ന ഉറുമ്പ്‌ കോളനിക്ക്‌ 900 കിലോമീറ്ററാണ്‌ നീളം. ജപ്പാനില്‍ പടിഞ്ഞാറന്‍ തീരത്തും ഇതുപോലെ ഒരു ഭീമന്‍ കോളനിയുണ്ട്‌. ഈ ഉറുമ്പ്‌ കോളനികളെല്ലാം വ്യത്യസ്‌തമെന്നാണ്‌ ശാസ്‌ത്രലോകം ഇതുവരെ കരുതിയിരുന്നത്‌. എന്നാല്‍, അത്‌ സത്യമല്ലത്രേ. ഒരേ കോളനിയില്‍ പെട്ടവരെപ്പോലെയാണ്‌ ഇവയിലെല്ലാമുള്ള ഉറുമ്പുകള്‍ പെരുമാറുന്നതത്രേ!

ടോക്യോ സര്‍വകലാശാലയിലെ ഇരികി സുനാമുറെയുടെ നേതൃത്വത്തില്‍ ജപ്പാനിലെയും സ്‌പെയിനിലെയും ഗവേഷകര്‍ നടത്തിയ പഠനത്തിലാണ്‌, ഉലകംചുറ്റും ഉറുമ്പുകോളനി കണ്ടെത്തിയതെന്ന്‌ 'ഇന്‍സെക്‌റ്റ്‌ സോസിയോക്‌സ്‌' ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട്‌ പറയുന്നു. യൂറോപ്പിലും ജപ്പാനിലും കാലിഫോര്‍ണിയയിലുമുള്ള ഉറുമ്പുകള്‍ ഒരേ രാസസിഗ്നലുകളാണ്‌ പുറപ്പെടുവിക്കുന്നതെന്ന്‌ ഗവേഷകര്‍ കണ്ടു. അവയുടെ ക്യുട്ടിക്കിളുകളിലെ ഹൈഡ്രോകാര്‍ബണുകളുടെ പ്രൊഫൈല്‍ അസാധാരണമാം വിധം സമാനമാണ്‌.

സാധാരണഗതിയില്‍ രണ്ട്‌ കോളനികളിലെ ഓരോ ഉറുമ്പിനെ വീതം ഒരുമിച്ച്‌ വിട്ടാല്‍ അവ പരസ്‌പരം പോരടിക്കുകയാണ്‌ പതിവ്‌. എന്നാല്‍, യൂറോപ്പിലും അമേരിക്കയും ജപ്പാനിലും കാണപ്പെടുന്ന അര്‍ജന്റൈന്‍ ഉറുമ്പുകളെ ഇത്തരത്തില്‍ പരീക്ഷിച്ചപ്പോള്‍, പോരടിക്കുന്നതിന്‌ പകരം അവ ചങ്ങാതിമാരെപ്പോലെയാണ്‌ പെരുമാറുന്നതെന്ന്‌ ഗവേഷകര്‍ കണ്ടു. അവ സ്‌നേഹപൂര്‍വം ആന്റീനകള്‍ പരസ്‌പരം ഉരുമ്മുകയും ഒരിക്കലും പരസ്‌പരം ഏറ്റുമുട്ടാതിരിക്കുകയും ചെയ്‌തു. അവ ഓരോന്നും മഹാസമുദ്രങ്ങളാല്‍ വേര്‍തിരിക്കപ്പെട്ട കോളനികളില്‍ നിന്നാണ്‌ വരുന്നതെങ്കിലും ഒരേ കോളനിയില്‍ നിന്നുള്ള അംഗങ്ങള്‍ എന്ന വിധമാണ്‌ പെരുമാറിയത്‌.

ഉറുമ്പുകളുടെ ഈ അസാധാരണ പെരുമാറ്റത്തിന്‌ ഒറ്റ വിശദീകരണമേ ഗവേഷകര്‍ക്കുള്ളു. ആ ഉറുമ്പുകള്‍ മൂന്ന്‌ സൂപ്പര്‍ കോളനികളില്‍ നിന്നുള്ളവയല്ല, അവയെല്ലാം ഒറ്റ മെഗാകോളനിയിലെ അംഗങ്ങളാണ്‌-ജനിതകമായി പരസ്‌പരം ബന്ധമുള്ളവ. പരസ്‌പരം ബന്ധപ്പെടുമ്പോള്‍, രാസപരമായി അവയ്‌ക്ക്‌ മനസിലാക്കാന്‍ സാധിക്കുന്നു. "മനുഷ്യരുടെ കാര്യം മാത്രമേ ഇതിന്‌ സമാനമായി ചൂണ്ടിക്കാട്ടാന്‍ കഴിയൂ. മാത്രമല്ല, ഉറുമ്പുകളെ വിവിധ ഭൂഖണ്ഡങ്ങളില്‍ എത്തിക്കുക വഴി മനുഷ്യന്‍ തന്നെയാണ്‌ ഈ മെഗാകോളനി സൃഷ്ടിച്ചതും"-റിപ്പോര്‍ട്ട്‌ പറയുന്നു. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

കാണുക

Wednesday, July 01, 2009

'ഹെര്‍ഷലി'ല്‍ നിന്ന്‌ ഒരു സമ്മോഹനദൃശ്യം

യൂറോപ്പ്‌ വിക്ഷേപിച്ച ഹെര്‍ഷല്‍ സ്‌പേസ്‌ ടെലിസ്‌കോപ്പില്‍ നിന്ന്‌ അപൂര്‍വദൃശ്യങ്ങള്‍ ഭൂമിയിലെത്തി തുടങ്ങി. 'വിള്‍പൂള്‍ ഗാലക്‌സി' (Whirlpool Galaxy) എന്നറിയപ്പെടുന്ന എം51 വാര്‍ത്തുള ഗാലക്‌സിയുടെ അസാധാരണ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ദൃശ്യമാണ്‌ യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സി (ഇസ) പുറത്ത്‌ വിട്ടിരിക്കുന്നത്‌.

നാസയുടെ ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ എടുത്ത ചിത്രവുമായി, ഹെര്‍ഷല്‍ പകര്‍ത്തിയ ദൃശ്യം സന്നിവേശിപ്പിച്ചാണ്‌ മുകളിലുള്ള ഗാലക്‌സി ചിത്രം തയ്യാറാക്കിയത്‌. ദൃശ്യപ്രകാശത്തിലും ഇന്‍ഫ്രാറെഡ്‌ തരംഗദൈര്‍ഘ്യത്തിലുമുള്ള വിവരങ്ങള്‍ ഇവിടെ സമ്മേളിച്ചിരിക്കുന്നു. എം51 ഗാലക്‌സിയില്‍ പുതിയ നക്ഷത്രങ്ങള്‍ രൂപപ്പെടുന്ന തണുത്തുറഞ്ഞ, ധൂളീപടലങ്ങള്‍ നിറഞ്ഞ, വാതക മേഖലകള്‍ ചിത്രത്തില്‍ വ്യക്തമായി കാണാം. ഭൂമിയില്‍നിന്ന്‌ 350 ലക്ഷം പ്രകാശവര്‍ഷം അകലെയാണ്‌ എം51 ഗാലക്‌സി സ്ഥിതിചെയ്യുന്നത്‌.

"അത്ഭുതകരമായ ദൃശ്യമാണിത്‌. (ഹെര്‍ഷല്‍ ടെലിസ്‌കോപ്പില്‍നിന്ന്‌) നമുക്ക്‌ ലഭിക്കാന്‍ പോകുന്ന ദൃശ്യങ്ങളുടെ റസല്യൂഷന്‍ എന്തായിരിക്കുമെന്നതിനെപ്പറ്റി ഒരു രൂപം നല്‍കുന്നതാണ്‌ ഈ ചിത്രം"-ഇസയിലെ സയന്‍സ്‌ ആന്‍ഡ്‌ റോബോട്ടിക്‌ എക്‌സപ്ലൊറേഷന്‍ വിഭാഗത്തിന്റെ മേധാവി പ്രൊഫ. ഡേവിഡ്‌ സൗത്ത്‌വുഡ്‌ പറയുന്നു. "ചുവന്നനിറത്തില്‍ കാണുന്ന മേഖലകളിലാണ്‌ നക്ഷ്‌ത്രങ്ങള്‍ രൂപംകൊള്ളുന്നത്‌".

പ്രപഞ്ചത്തെ ഇന്‍ഫ്രാറെഡ്‌ രൂപത്തില്‍ നിരീക്ഷിക്കാന്‍ പാകത്തില്‍ നിര്‍മിച്ചിട്ടുള്ള സ്‌പേസ്‌ ടെലിസ്‌കോപ്പാണ്‌ ഹെര്‍ഷല്‍. കഴിഞ്ഞ മെയ്‌ 14-ന്‌ വിക്ഷേപിച്ച ടെലിസ്‌കോപ്പ്‌ ഇനിയും പൂര്‍ണമായും കമ്മിഷന്‍ ചെയ്‌തിട്ടില്ല. ബഹിരാകാശത്ത്‌ എത്തിയിട്ടുള്ള ഏറ്റവും വലിയ ഇന്‍ഫ്രാറെഡ്‌ ദര്‍പ്പണമാണ്‌ ഹെര്‍ഷലിലേത്‌. വൈദ്യുദകാന്തിക സ്‌പെക്ട്രത്തില്‍ 55 മുതല്‍ 672 മൈക്രോണ്‍ വരെ തരംഗദൈര്‍ഘ്യമാണ്‌ ഹെര്‍ഷലിന്റെ പരിധി. അതിനാല്‍ ഹബ്ബിള്‍ സ്‌പേസ്‌ ടെലിസ്‌കോപ്പ്‌ നിരീക്ഷിക്കുന്ന ദൃശ്യപ്രകാശ പരിധി ഹെര്‍ഷലിന്റെ നിരീക്ഷണത്തില്‍ പെടില്ല. (കടപ്പാട്: ഇസ).