Saturday, August 30, 2008

ആമവാതം ചെറുക്കാന്‍ സാധ്യത

പ്രതിരോധ വൈകല്യരോഗമായ ആമവാതം ചെറുക്കാന്‍ ഔഷധത്തിന്‌ സാധ്യത തെളിഞ്ഞതായി ബ്രിട്ടീഷ്‌ ഗവേഷകര്‍. ഒറ്റ കുത്തിവെയ്‌പ്പു കൊണ്ടുതന്നെ രോഗപുരോഗതി തടയുന്ന ഔഷധം ലക്ഷക്കണക്കിന്‌ രോഗികളെ കഠിനവേദനയില്‍നിന്ന്‌ രക്ഷിച്ചേക്കും. പരീക്ഷണഘട്ടത്തിലേക്ക്‌ കടക്കുന്ന ഔഷധം ഫലപ്രദമാണെന്നു തെളിഞ്ഞാല്‍, പ്രതിരോധവൈകല്യരോഗങ്ങളുടെ ചികിത്സയില്‍ അത്‌ വിപ്ലവം സൃഷ്ടിച്ചേക്കുമെന്നാണ്‌ വിലയിരുത്തല്‍.

സ്വന്തം ശരീരം ശത്രുവായി മാറുകയും, പ്രതിരോധസംവിധാനം സന്ധികളെ ആക്രമിക്കുകയും ചെയ്യുന്ന വിചിത്രരോഗമാണ്‌ ആമവാതം. ഇത്തരം പ്രതിരോധവൈകല്യ പ്രശ്‌നങ്ങള്‍ ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ (autoimmune diseases) എന്നാണ്‌ അറിയപ്പെടുന്നത്‌. രോഗകാരണം ഇന്നും അജ്ഞാതം, ചികിത്സ കണ്ടെത്താനും കഴിഞ്ഞിട്ടില്ല. ആമവാതം പിടികൂടിയാല്‍ കഠിനവേദന അനുഭവിക്കേണ്ടി വരുന്ന രോഗികള്‍, സന്ധികള്‍ക്കുണ്ടാകുന്ന തകരാര്‍ മൂലം പലപ്പോഴും വികലാംഗരായി മാറുകയും ചെയ്യുന്നു. വേദനാസംഹാരികളും പ്രതിരോധസംവിധാനം അമര്‍ച്ച ചെയ്യുന്ന ഔഷധങ്ങളും മാത്രമാണ്‌ ഇപ്പോള്‍ ആശ്രയമായിട്ടുള്ളത്‌.ഈ പശ്ചാത്തലത്തില്‍ ബ്രിട്ടനില്‍ ന്യൂകാസില്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ രൂപപ്പെടുത്തിയിട്ടുള്ള ഔഷധം വലിയ പ്രതീക്ഷയാണ്‌ ഉണര്‍ത്തിയിരിക്കുന്നത്‌.

ശരീരപ്രതിരോധ സംവിധാനത്തെ രോഗത്തിന്‌ മുമ്പുള്ള അവസ്ഥയിലേക്ക്‌ തിരികെയെത്തിക്കാന്‍ സഹായിക്കുന്ന സങ്കേതമാണ്‌ പ്രൊഫ. ജോണ്‍ ഐസക്ക്‌സിന്റെ നേതൃത്വത്തിലുള്ള സംഘം ആവിഷ്‌ക്കരിച്ചിരിക്കുന്നത്‌. അതുവഴി ശരീരത്തെ ആക്രമിക്കുന്നത്‌ പ്രതിരോധസംവിധാനം അവസാനിപ്പിക്കുകയും രോഗം വര്‍ധിക്കാതിരിക്കുകയും ചെയ്യുന്നു. പ്രതിരോധ സംവിധാനത്തിലെ മുഖ്യകണ്ണികളായ രക്തത്തിലെ ശ്വേതരക്താണുക്കളുടെ മാതൃകയെ, സ്‌റ്റിറോയിഡുകളും വിറ്റാമിനുകളുമടങ്ങിയ മിശ്രിതം കൊണ്ട്‌ പരുവപ്പെടുത്തുകയാണ്‌ പുതിയ സങ്കേതത്തില്‍ ചെയ്യുക. ഈ പ്രക്രിയയില്‍ 'ഡെന്‍ഡ്രിറ്റിക്‌ കോശങ്ങള്‍' (dendritic cell) എന്ന സവിശേഷയിനം പ്രതിരോധകോശങ്ങളെ 'സഹിഷ്‌ണുതാപരമായ' നിലയിലേക്ക്‌ എത്തിക്കും. എന്നിട്ട്‌ ആ കോശങ്ങളെ രോഗിയുടെ സന്ധികളില്‍ കുത്തിവെയ്‌ക്കും. പരീക്ഷണശാലയില്‍ കോശപാളികളില്‍ മാത്രം പരീക്ഷിച്ചുള്ള പുതിയ മാര്‍ഗം, എട്ടു രോഗികളില്‍ ആദ്യഘട്ടമെന്ന രീതിയില്‍ പ്രയോഗിക്കാന്‍ ഒരുങ്ങുകയാണ്‌ ഗവേഷകര്‍.

പരീക്ഷണം വിജയിച്ചാല്‍ ആമവാതം ബാധിച്ച്‌ നരകിക്കുന്ന രോഗികള്‍ക്ക്‌ അത്‌ വളരെ ആശ്വാസമേകുമെന്ന്‌, ആര്‍ത്രൈറ്റിസ്‌ റിസര്‍ച്ച്‌ കാംപെയിനിലെ പ്രൊഫ. അലന്‍ സില്‍മാന്‍ അഭിപ്രായപ്പെടുന്നു. ആമവാത ചികിത്സാരംഗത്ത്‌ വിപ്ലവകരമായ മാറ്റമായിരിക്കും അത്‌-അദ്ദേഹം പറയുന്നു. ഓരോ രോഗിക്കും ഈ ഔഷധം വെവ്വേറെ തയ്യാറാക്കേണ്ടി വരുമെന്നതിനാല്‍, പ്രത്യേക ലബോറട്ടറി സംവിധാനങ്ങളും വിദഗ്‌ധരുമൊക്കെ വേണ്ടിവരും. അതിനാല്‍, ചികിത്സ താരതമ്യേന ചെലവേറിയതായിരിക്കുമെന്ന്‌ പ്രൊഫ. അലന്‍ മുന്നറിയിപ്പു നല്‍കുന്നു. പുതിയ ചികിത്സ വിജയിച്ചാല്‍, ടൈപ്പ്‌ ഒന്ന്‌ പ്രമേഹം പോലുള്ള മറ്റ്‌ പ്രതിരോധവൈകല്യ രോഗങ്ങള്‍ക്കു ചികിത്സ കണ്ടെത്താനും അത്‌ വഴി തുറന്നേക്കും.(അവലംബം: ന്യൂകാസില്‍ സര്‍വകലാശാല, കടപ്പാട്‌: മാതൃഭൂമി)

Saturday, August 23, 2008

ചെറിയ പാമ്പും വലിയ വിവാദവും

നാട്ടുകാര്‍ക്ക്‌ പരിചിതമായ പാമ്പിനെ ഒരാള്‍ എങ്ങനെയാണ്‌ 'കണ്ടുപിടിക്കുക'! ലോകത്തെ ഏറ്റവും ചെറിയ പാമ്പിനെ കണ്ടുപിടിച്ചത്‌ വിവാദം സൃഷ്ടിച്ചിരിക്കുന്നു.

കരീബിയയുടെ വിദൂരകോണില്‍ നിന്ന്‌ കണ്ടെത്തിയത്‌ അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പാമ്പാണെന്ന്‌ ആവേശത്തോടെ തിരിച്ചറിഞ്ഞപ്പോഴും, ആ കുഞ്ഞന്‍പാമ്പിന്‌ തന്റെ ഭാര്യ കാര്‍ലയുടെ പേരിടുമ്പോഴും അമേരിക്കന്‍ ഗവേഷകനായ ബ്ലെയര്‍ ഹെജെസ്സിന്‌ അറിയാമായിരുന്നില്ല താനൊരു വലിയ വിവാദത്തിന്‌ തിരികൊളുത്തുകയാണെന്ന്‌. എത്രയോ തലമുറകളായി നാട്ടുകാര്‍ക്ക്‌ പരിചിതമായ ഒരു ജീവിയെ ഇപ്പോള്‍ ഒരു അമേരിക്കക്കാരന്‍ എങ്ങനെയാണ്‌ പുതിയതായി കണ്ടെത്തിയതെന്നും, അതിന്‌ അയാളുടെ ഭാര്യയുടെ പേരിടാന്‍ എങ്ങനെ ധൈര്യം വന്നെന്നും ചോദിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ്‌, കരീബിയന്‍ ദ്വീപുരാഷ്ട്രമായ ബാര്‍ബെയ്‌ഡസിലെ ജനങ്ങള്‍. ബ്ലോഗുകള്‍ വഴിയും റേഡിയോ വഴിയും ബാര്‍ബെയ്‌ഡിസുകാര്‍ തങ്ങളുടെ പ്രതിഷേധവും രോക്ഷവും ലോകത്തിന്‌ മുമ്പിലെത്തിക്കുന്നു.

'നൂല്‍പാമ്പ്‌' എന്ന പേരില്‍ തദ്ദേശവാസികള്‍ക്ക്‌ തലമുറകളായി പരിചയമുള്ള ഒരു ജീവിയെ ഒരാള്‍ക്ക്‌ എങ്ങനെ 'കണ്ടുപിടിക്കാന്‍' കഴിയുമെന്ന്‌, 'ബാര്‍ബെയ്‌ഡോസ്‌ ഫ്രീ പ്രസ്സ്‌ ബ്ലോഗി'ല്‍ മാര്‍ഗരറ്റ്‌ നൈറ്റ്‌ ചോദിക്കുന്നു. `ആ മനുഷ്യന്‌ ഇവിടെയെത്തി ഇവിടുള്ള ഒരു പാമ്പിന്‌ അയാളുടെ ഭാര്യയുടെ പേര്‌ നല്‍കാന്‍ എങ്ങനെ ധൈര്യം വന്നു`എന്നാണ്‌ ബ്ലോഗറുടെ ചോദ്യം. അയാള്‍ക്ക്‌ സ്വയം വിജയഭേരി മുഴക്കണമെങ്കില്‍ ആയിക്കോട്ടെ, പക്ഷെ വെറും വീട്ടമ്മയായ എന്റെ അമ്മ ആ പാമ്പിനെ എനിക്ക്‌ കുട്ടിക്കാലത്തേ കാട്ടിത്തന്നിട്ടുണ്ട-‌മറ്റൊരു ബാര്‍ബെയ്‌ഡിസുകാരനായ ചാള്‍സ്‌ ആറ്റ്‌കിന്‍സ്‌ അറിയിക്കുന്നു.

അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പല്ലിയിനത്തെ ഡോമിനിക്കന്‍ റിപ്പബ്ലിക്കില്‍ നിന്നും, ഏറ്റവും ചെറിയ തവളയെ ക്യൂബയില്‍ നിന്നും കണ്ടെത്തിയിട്ടുള്ള ഗവേഷകനാണ്‌ ഡോ. ഹെജെസ്സ്‌. ഇവയുള്‍പ്പടെ ഉഭയജീവികളും ഇഴജന്തുക്കളുമായി 65 പുതിയ ഇനങ്ങളെ ശാസ്‌ത്രലോകത്തിന്‌ പരിചയപ്പെടുത്തിയിട്ടുണ്ട്‌ അദ്ദേഹം. അദ്ദേഹത്തിന്റെ ഏറ്റവും ഒടുവിലത്തെ കണ്ടെത്തലായ 'ലെപ്‌ടോടൈഫ്‌ളോപ്‌സ്‌ കാര്‍ലേ' (Leptotyphlops carlae) എന്ന കുഞ്ഞന്‍പാമ്പാണ്‌ ഈ വിവാദത്തിലെ മുഖ്യകഥാപാത്രം. വളര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ പത്തു സെന്റിമീറ്റര്‍ പോലും നീളം വരാത്തതാണ്‌ ഈ ജീവി. അറിയപ്പെടുന്നതില്‍ ഏറ്റവും ചെറിയ പാമ്പിനെ ബാര്‍ബെയ്‌ഡസില്‍ നിന്ന്‌ താന്‍ കണ്ടെത്തിയ വിവരം പെന്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയിലെ പരിണാമ ജീവശാസ്‌ത്രജ്ഞനായ ഡോ.ഹെജെസ്സ്‌, 'സൂട്ടാക്‌സ'(Zootaxa) എന്ന ഗവേഷണ ജേര്‍ണലില്‍ ആഗസ്‌ത്‌ നാലിനാണ്‌ പ്രസിദ്ധീകരിച്ചത്‌. അതെത്തുടര്‍ന്നാണ്‌ കുഞ്ഞാന്‍പാമ്പിന്റെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്‌.

ബാര്‍ബെയ്‌ഡിയസുകാരുടെ പ്രതിഷേധം തനിക്ക്‌ മനസിലാക്കാവുന്നതേയുള്ളു എന്ന്‌ ഡോ. ഹെജെസ്സ്‌ പറഞ്ഞു. നിലവിലുള്ള ശാസ്‌ത്രഗവേഷണ രീതി അനുസരിച്ചു മാത്രമേ താന്‍ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌. സാധാരണഗതിയില്‍ ഏത്‌ പുതിയയിനം ജീവിയും തദ്ദേശവാസികള്‍ക്ക്‌ ഏതെങ്കിലും തരത്തില്‍ പരിചയമുള്ളതായിരിക്കും. എന്നാല്‍, അത്തരം ജീവിയുടെ ജനിതക സവിശേഷതകള്‍ പഠിച്ച്‌, അവയെ സമാന ജീവികളുമായി താരതമ്യം ചെയ്‌ത്‌ വിശദീകരിച്ച്‌, അതിന്‌ പേരു നല്‍കുന്നയാളാണ്‌ ശാസ്‌ത്രത്തിന്റെ ദൃഷ്ടിയില്‍ അതിനെ കണ്ടുപിടിച്ചത്‌-ഡോ. ഹെജെസ്സ്‌ വിശദീകരിച്ചു. മുമ്പ്‌ തെറ്റായി ധരിച്ച്‌ മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിരുന്ന ഈ വര്‍ഗത്തിലെ രണ്ട്‌ ജീവികളുടെ സാമ്പിളുകള്‍ക്കൂടി (1889-ലും 1963-ലും കണ്ടുപിടിച്ചവ) ജനിതകവിശകലനത്തിന്‌ വിധേയമാക്കിയ ശേഷമാണ്‌ താന്‍ പുതിയ പാമ്പിനെ ലോകത്തിന്‌ മുമ്പില്‍ വിശദീകരിച്ചതെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി. `എന്നെ വിശ്വസിക്കൂ, ഇതില്‍ വ്യാജഅവകാശവാദമൊന്നുമില്ല`-അദ്ദേഹം പറയുന്നു.

ദ്വീപുകളും ജീവികളും
വിവാദം സൃഷ്ടിച്ചെങ്കിലും, ജീവലോകത്തെ പരിണാമപ്രക്രിയയുടെ നട്ടെല്ലായ പ്രകൃതിനിര്‍ധാരണത്തെ (natural selection)ക്കുറിച്ച്‌ ഉള്‍ക്കാഴ്‌ച വര്‍ധിപ്പിക്കുന്ന കണ്ടെത്തലാണ്‌ ഡോ.ഹെജെസ്സിന്റേത്‌. ജീവിവര്‍ഗങ്ങളിലെ ഭീമന്‍മാരും കുഞ്ഞന്‍മാരും കാണപ്പെടാന്‍ ഏറ്റവും സാധ്യത ദ്വീപുകളാണെന്ന കാര്യം പുതിയ കണ്ടെത്തലും അടിവരയിടുന്നു. കിഴക്കന്‍ ബാര്‍ബെയ്‌ഡസിലെ വനപ്രദേശത്തിന്റെ ഒരു തുണ്ടില്‍നിന്നാണ്‌ ഡോ.ഹെജെസ്സും കൂട്ടരും കാര്‍ലേ പാമ്പിനെ കണ്ടത്‌. ഇത്തരം ചെറുപാമ്പുകളുടെ ആവാസവ്യവസ്ഥയില്‍ നല്ലൊരു പങ്കും നഗരവത്‌ക്കരണത്തിന്റെ ഭാഗമായി കെട്ടിടങ്ങള്‍ക്കും ഫാമുകള്‍ക്കുമായി വഴിമാറിയതിനാല്‍, ഇവ ഇപ്പോള്‍ വംശനാശഭീഷണി നേരിടുന്നുണ്ടെന്ന്‌ ഗവേഷകര്‍ കരുതുന്നു.

`ആവാസവ്യവസ്ഥയുടെ നാശം ലോകത്തെവിടെയും ജൈവവൈവിധ്യം നേരിടുന്ന മുഖ്യഭീഷണിയാണ്‌`-ഡോ.ഹെജെസ്സ്‌ പറയുന്നു. കരീബിയന്‍ ദ്വീപുകളുടെ കാര്യത്തില്‍ പ്രശ്‌നം ഗുരുതരമാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഉന്‍മൂലന ഭീഷണി നേരിടുന്ന ജീവികളില്‍ വലിയൊരു ശതമാനം കാണപ്പെടുന്നത്‌ ഈ പ്രദേശത്താണ്‌. ആവാസവ്യവസ്ഥകള്‍ നശിക്കുമ്പോള്‍, വിവിധ ദ്വീപുകളിലായി കഴിയുന്ന അവയ്‌ക്ക്‌ പോകാന്‍ ഒരിടവും ഇല്ലാതെ വരുന്നു.

നൂല്‍പ്പാമ്പുകളുടെ ശരീരത്തിലെ വര്‍ണവിന്യാസം, ശല്‍ക്കങ്ങളുടെ പ്രത്യേകത, മറ്റു പാമ്പുകളുമായുള്ള ജനിതകവ്യത്യാസം എന്നിവ ഗവേഷകര്‍ പഠിച്ചു. ജീവികളില്‍ പ്രായപൂര്‍ത്തിയായവയെ താരതമ്യം ചെയ്‌താണ്‌ അവയ്‌ക്ക്‌ മറ്റിനങ്ങളുമായുള്ള വലിപ്പ വ്യത്യാസം ഗവേഷകര്‍ നിര്‍ണയിക്കുന്നത്‌. മാത്രമല്ല, ആണിനങ്ങളെയും പെണ്ണിനങ്ങളെയും വെവ്വേറെ താരതമ്യം ചെയ്യുകയും വേണം. ഇത്തരം താരതമ്യങ്ങള്‍ക്കും ജനിതക പഠനത്തിനും ശേഷമാണ്‌, അറിയപ്പെടുന്ന 3100 ഇനം പാമ്പുകളെക്കാളും ചെറുതാണ്‌ ബാര്‍ബെയ്‌ഡസില്‍ നിന്നു കണ്ടെത്തിയ നൂല്‍പ്പാമ്പ്‌ എന്ന നിഗമനത്തില്‍ ഡോ.ഹെജെസ്സും കൂട്ടരും എത്തിയത്‌.

സവിശേഷ പാരിസ്ഥിതിക ആവാസപരിധി (ecological niche) കള്‍ ഉള്ളതിനാല്‍, ചെറിയ ജീവികളും വലിയ ഇനങ്ങളും കാലക്രമത്തില്‍ പരിണമിച്ചുണ്ടാകാന്‍ സാധ്യത കൂടുതലുള്ളത്‌ ദ്വീപുകളിലാണെന്ന്‌ ഡോ.ഹെജെസ്സ്‌ അഭിപ്രായപ്പെടുന്നു. ദ്വീപുകളില്‍ ഇത്തരം ആവാസപരിധികള്‍ ഏതെങ്കിലും വിധത്തില്‍ ഒഴിഞ്ഞു കിടന്നാല്‍ അവിടേയ്‌ക്ക്‌ പുറത്തു നിന്ന്‌ ഏതെങ്കിലും ജീവിവര്‍ഗം വന്ന്‌ വാസമുറപ്പിക്കുക ബുദ്ധിമുട്ടാണ്‌. പകരം അവിടെത്തന്നെ ആ ഇടം പൂരിപ്പിക്കാന്‍ പുതിയൊരു വര്‍ഗം ഉയര്‍ന്നു വരും. ഉദാഹരണത്തിന്‌, ഒരു ദ്വീപില്‍നിന്ന്‌ ഒരിനം പഴുതാര എങ്ങനെയെങ്കിലും നഷ്ടമായി എന്നിരിക്കട്ടെ. അവിടെ, ഒഴിഞ്ഞു കിടക്കുന്ന ആ പഴുതാരയുടെ പാരിസ്ഥിതിക ആവാസ പരിധിയില്‍ ഒരുപക്ഷേ, ചെറിയൊരു പാമ്പിനം രൂപപ്പെട്ടു വന്നേക്കാം-ഡോ.ഹെജെസ്സ്‌ പറയുന്നു.

മാത്രമല്ല, വലിപ്പത്തിന്റെ കാര്യത്തില്‍ ഒരു പാമ്പിന്‌ അനുവദനീയമായ ഏറ്റവും ചെറിയ പരിധിയുണ്ട്‌. കാരണം ആ പരിധിയില്‍ താഴെ വലിപ്പമുണ്ടായാല്‍, അവയുടെ കുഞ്ഞുങ്ങള്‍ക്ക്‌ ഒന്നും തിന്നാന്‍ കിട്ടിയെന്നു വരില്ല. ആ വര്‍ഗത്തിന്‌ നിലനില്‍ക്കാന്‍ കഴിയാതെ വരും. പാമ്പുകളുടെ ആ ഏറ്റവും കുറഞ്ഞ വലിപ്പപരിധിയിലോ അതിനടുത്തോ ആണ്‌, കാര്‍ലേ പാമ്പിന്റെ വലിപ്പമെന്ന്‌ ഡോ.ഹെജെസ്സ്‌ അനുമാനിക്കുന്നു. കാര്‍ലേ പാമ്പിന്റെ ഭക്ഷണം ഉറുമ്പുകളുടെ ലാര്‍വയും ചതലുമൊക്കെയാണ്‌. പ്രത്യുത്‌പാദനവുമായി ബന്ധപ്പെട്ട കാര്യത്തില്‍ വലിയ പാമ്പുകളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തമാണ്‌ ഈ കുഞ്ഞന്റെ രീതി. ഒറ്റത്തവണ നൂറ്‌ മുട്ട വരെ ഇടുന്ന വലിയ പാമ്പുകളുണ്ട്‌. അത്തരം പാമ്പുകളുടെ കുഞ്ഞുങ്ങള്‍ തള്ളപാമ്പിനെ അപേക്ഷിച്ച്‌ പത്തിലൊന്ന്‌ പോലും വലിപ്പം കണ്ടെന്നു വരില്ല. എന്നാല്‍, കാര്‍ലേ പാമ്പ്‌ ഒറ്റ മുട്ടയേ ഇടാറുള്ളു. അതില്‍നിന്ന്‌ വിരിയുന്ന കുഞ്ഞിന്‌ തള്ളപാമ്പിന്റെ പകുതിയോളം വലിപ്പമുണ്ടാകും.

ഇതും ഒരു അതിജീവനതന്ത്രമാണ്‌. കാര്‍ലേ പാമ്പ്‌ രണ്ട്‌ മുട്ടയിടുന്നു എന്നു കരുതുക. സ്വാഭാവികമായും ഒറ്റമുട്ടയെ അപേക്ഷിച്ച്‌ വലിപ്പം കുറയും. കുഞ്ഞുങ്ങളും അതിനനുസരിച്ച്‌ ചെറുതായിരിക്കും. അത്രയും ചെറിയ കുഞ്ഞിന്‌ ഒരു പരിസ്ഥിതി വ്യൂഹത്തില്‍ ഒരു പാമ്പായി കഴിയാന്‍ പറ്റിയെന്നു വരില്ല. അതൊഴിവാക്കാനാണ്‌ ഒറ്റ മുട്ടയിടുന്നത്‌. അതിജീവനത്തിന്‌ വേണ്ട വലിപ്പത്തില്‍ ജീവിയെ നിലനിര്‍ത്താന്‍ പ്രകൃതിനിര്‍ധാരണം തന്നെ ഈവിധത്തില്‍ കാര്യങ്ങള്‍ ഒരുക്കിയിരിക്കുകയാണ്‌. (അവലംബം: പെന്‍ സ്റ്റേറ്റ്‌ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, അസോസിയേറ്റ്‌ പ്രസ്സ്‌).

Friday, August 22, 2008

പുതിയ ജീവിവര്‍ഗം ഇ-ബേ വഴി

ഇന്റര്‍നെറ്റ്‌ വഴി പുതിയ ജീവിവര്‍ഗം ഗവേഷകലോകത്തെത്തുക എന്ന അപൂര്‍വത സംഭവിച്ചിരിക്കുന്നു.

പുതിയൊരു ജീവിവര്‍ഗത്തിന്‌ ശാസ്‌ത്രസരണിയിലേക്ക്‌ കടന്നു വരാന്‍ ഏറ്റവും പറ്റിയ മാര്‍ഗമേതാണ്‌? കൊടുംവനാന്തരത്തിലെ പര്യവേക്ഷണവേളയില്‍ ഏതെങ്കിലും വിദഗ്‌ധന്റെ മുന്നില്‍ ചെന്നുപെടുക, അത്രതന്നെ. ബാക്കി അയാള്‍ ആയിക്കൊള്ളും. അല്ലെങ്കില്‍ ഫോസിലിന്റെ രൂപത്തില്‍ ഒരു ഉത്‌ഖനനത്തിനായി ഭൂമിക്കടിയില്‍ ക്ഷമയോടെ കാത്തിരിക്കുക. ഇതൊക്കെ പരമ്പരാഗത രീതി. എന്നാല്‍, പുത്തന്‍കാലം എല്ലാറ്റിനും പകരം മാര്‍ഗം മുന്നോട്ടു വെയ്‌ക്കുന്നുണ്ട്‌. ഇന്റര്‍നെറ്റിലെ ഒരു ലേലസൈറ്റിലൂടെ വേണെങ്കിലും ഇന്ന്‌ പുതിയൊരു ജീവിവര്‍ഗം ഗവേഷകലോകത്തിന്റെ ശ്രദ്ധയില്‍പെട്ടെന്നു വരാം.

ബ്രിട്ടീഷ്‌ ഗവേഷകനായ ഡോ.റിച്ചാര്‍ഡ്‌ ഹാരിങ്‌ടണ്‍, പ്രശസ്‌ത ഇന്റര്‍നെറ്റ്‌ ലേലസൈറ്റായ 'ഇ-ബേ' (eBay)യില്‍നിന്ന്‌ സംഘടിപ്പിച്ച ഫോസില്‍ തന്നെ ഇതിന്‌ പറ്റിയ ഉദാഹരണം. കോടിക്കണക്കിന്‌ വര്‍ഷംമുമ്പ്‌ ആമ്പര്‍പശയില്‍ കുടുങ്ങിയ പ്രാണിയുടെ ഫോസിലായിരുന്നു അത്‌. ആ പ്രാണി പുതിയൊരു സ്‌പീഷിസാണെന്ന കൗതുകകരമായ കണ്ടെത്തലിന്‌ മുന്നില്‍ ഡോ. ഹാരിങ്‌ടണ്‍ അമ്പരന്നിരിക്കുകയാണ്‌. ബ്രിട്ടനിലെ 'റോയല്‍ എന്റെമോളജിക്കല്‍ സൊസൈറ്റി'(Royal Entomological Socitey)യുടെ ഉപാധ്യക്ഷനാണ്‌ ഡോ. ഹാരിങ്‌ടണ്‍.

ഒരു ലിത്വാനിയക്കാരനില്‍നിന്നാണ്‌ 20 പൗണ്ടിന്‌ ആ പ്രാണിയുടെ ഫോസില്‍ ഡോ.ഹാരിങ്‌ടണ്‍ ലേലം വിളിച്ചെടുത്തത്‌. 'ആഫിഡ്‌' (aphid) വര്‍ഗത്തില്‍പെട്ട ചെറുപ്രാണിയുടേതായിരുന്നു ഫോസില്‍. പ്രാണിഫോസിലുകളില്‍ വിദഗ്‌ധനായ ഡെന്‍മാര്‍ക്കിലെ പ്രൊഫ. ഒലി ഹീയിക്ക്‌ വിദഗ്‌ധപരിശോധനയ്‌ക്കായി അത്‌ അയച്ചുകൊടുത്തു. ശാസ്‌ത്രലോകത്തിന്‌ ഇതുവരെ പരിചയമില്ലാത്ത ഒരു ആഫിഡ്‌ സ്‌പീഷിസിന്റേതാണ്‌ ആ ഫോസിലെന്നും, അന്യംനിന്നു കഴിഞ്ഞ വര്‍ഗമാണതെന്നും പ്രൊഫ. ഒലി കണ്ടെത്തി. അതിന്‌ അദ്ദേഹം ഡോ.ഹാരിങ്‌ടണിന്റെ പേര്‌ ചേര്‍ത്ത്‌ 'മിന്‍ഡാരസ്‌ ഹാരിങ്‌ടോണി'(Mindarus harringtoni) എന്ന്‌ പേരും നല്‍കി.

`ഇത്തരം പ്രാണികളെക്കുറിച്ച്‌ പഠിക്കുകയും അവയെക്കുറിച്ച്‌ പ്രവചനം നടത്തുകയും ചെയ്യുന്ന ഒരു സംഘത്തോടൊപ്പമാണ്‌ എന്റെ പ്രവര്‍ത്തനം. അതുകൊണ്ടാണ്‌ ആമ്പറില്‍ കുടുങ്ങിയ പ്രാണിയെക്കുറിച്ച്‌ അറിയാന്‍ ഞാന്‍ ആഗ്രഹിച്ചത്‌`-ഡോ.ഹാരിങ്‌ടണ്‍ പറയുന്നു. നാലു മില്ലിമീറ്ററോളം നീളമുള്ള ആ പ്രാണി, ഏതാണ്ട്‌ അഞ്ചുകോടി വര്‍ഷം പഴക്കവും ഒരു വലിയ ഗുളികയോളം വലിപ്പവുമുള്ള ആമ്പറിനുള്ളിലാണ്‌ കുടുങ്ങിക്കിടന്നത്‌. `അതിനെ 'മിന്‍ഡാരസ്‌ ഇ-ബേയി'(Mindarus ebayi) എന്ന്‌ വിളിക്കുന്നതാകും ഉചിതമെന്ന്‌ ഞാന്‍ കരുതി`-അദ്ദേഹം പറയുന്നു. എന്നാല്‍, പ്രൊഫ. ഒലി അതിന്‌ ഹാരിങ്‌ടണിന്റെ പേരിടുകയായിരുന്നു.

സാധാരണഗതിയില്‍ പ്രാണികള്‍ ആമ്പറില്‍ കുടുങ്ങുക പ്രയാസമാണ്‌. അതിലും പ്രയാസമാണ്‌ പുതിയൊരു ജീവിവര്‍ഗം ഇ-ബേ വഴി ലേലത്തിനെത്തുകയെന്നത്‌. രണ്ടു നിലയ്‌ക്കും അസാധാരണമാണ്‌ ഈ ഫോസില്‍ കടന്നുവന്ന വഴിയെന്ന്‌ ഡോ. ഹാരിങ്‌ടണ്‍ കരുതുന്നു. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌)

Thursday, August 21, 2008

ഡോ.എസ്‌.ഡി.ബിജുവിന്‌ അന്താരാഷ്ട്ര ബഹുമതി

പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ചു പഠിക്കാന്‍ കാട്ടിയ പ്രതിബദ്ധതയ്‌ക്ക്‌ അംഗീകാരം

അന്താരഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്റെ (IUCN) ഇത്തവണത്തെ 'സാബിന്‍ പുരസ്‌കാര'ത്തിന്‌ മലയാളി ശാസ്‌ത്രജ്ഞനായ എസ്‌.ഡി.ബിജു അര്‍ഹനായി. ഐ.യു.സി.എന്നിന്റെ 'ഉഭയജീവി സ്‌പെഷ്യലിസ്റ്റ്‌ ഗ്രൂപ്പാ'ണ്‌ ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയിട്ടുള്ളത്‌. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച്‌ പഠിക്കാന്‍ ഒന്നര പതിറ്റാണ്ടായി നടത്തുന്ന ശ്രമങ്ങളെ മുന്‍നിര്‍ത്തിയാണ്‌, കൊല്ലം ജില്ലയില്‍ കടയ്‌ക്കല്‍ സ്വദേശിയായ ഡോ. ബിജുവിനെ കാല്‍ലക്ഷം ഡോളര്‍ (ഏതാണ്ട്‌ പത്തുലക്ഷം രൂപ) സമ്മാനത്തുകയുള്ള ഈ ബഹുമതി തേടിയെത്തിയത്‌.

തിരുവനന്തപുരത്തിനടുത്ത്‌ പലോട്ട്‌ പ്രവര്‍ത്തിക്കുന്ന 'ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ്‌ റിസര്‍ച്ച്‌ ഇന്‍സ്റ്റിട്ട്യൂട്ടി'(TBG&RI)ലെ ഗവേഷകനായിരുന്ന ഡോ. ബിജു ഇപ്പോള്‍ ഡല്‍ഹി സര്‍വകലാശാലയിലെ അസോസ്സിയേറ്റ്‌ പ്രൊഫസറാണ്‌. പശ്ചിമഘട്ടത്തിലെ ഉഭയജീവികളെക്കുറിച്ച്‌ പഠിക്കുന്ന പ്രത്യേകഗ്രൂപ്പിന്റെ മേധാവിയുമാണ്‌ അദ്ദേഹം (ഇത്‌ കാണുക). കടുത്ത വംശനാശഭീഷണി നേരിടുന്ന പശ്ചിമഘട്ട ഉഭയജീവികളെ തേടി കണ്ടെത്താനും സംരക്ഷിക്കാനും അങ്ങേയറ്റം പ്രതിജ്ഞാബദ്ധത കാട്ടുന്ന ഗവേഷകനാണ്‌ ഡോ.ബിജുവെന്ന്‌, ഐ.യു.സി.എന്‍. വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.

ജീവശാസ്‌ത്രജ്ഞനായി പ്രവര്‍ത്തനം തുടങ്ങി, ഒടുവില്‍ ഉഭയജീവികളുടെ ലോകത്ത്‌ എത്തിച്ചേര്‍ന്ന ഗവേഷകനാണ്‌ ഡോ.ബിജു. പശ്ചിമഘട്ടത്തില്‍ നടത്തിയ ശ്രമകരമായ പര്യവേക്ഷണങ്ങള്‍ വഴി, ഏതാണ്ട്‌ 850 ഉഭയജീവി വര്‍ഗങ്ങളെക്കുറിച്ച്‌ വ്യക്തമായ വിവരങ്ങള്‍ ശാസ്‌ത്രലോകത്തിന്‌ ലഭിക്കാന്‍ അദ്ദേഹം വഴിയൊരുക്കി. നൂറ്റാണ്ടുകളായി ആരും കണ്ടിട്ടില്ലാത്ത എത്രയോ തവള വര്‍ഗങ്ങളെ, അദ്ദേഹം വീണ്ടും കണ്ടുപിടിച്ചു. ശാസ്‌ത്രത്തിന്‌ ഇതുവരെ അറിയില്ലായിരുന്ന നൂറോളം ഉഭയജീവികളെ അദ്ദേഹം കണ്ടെത്തി.

നാലുവര്‍ഷം മുമ്പ്‌ ഡോ.ബിജു കണ്ടെത്തിയ പുതിയ തവളകുടുംബം (Nasikabatrachidae) ലോകശ്രദ്ധ നേടി. മുക്കാല്‍ നൂറ്റാണ്ടിനു ശേഷം ഭൂമുഖത്ത്‌ പുതിയൊരു തവളകുടുംബം കണ്ടുപിടിക്കപ്പെടുകയായിരുന്നു. പരിണാമശാസ്‌ത്രരംഗത്തും ഭൗമശാസ്‌ത്രരംഗത്തും ഒരേപോലെ പ്രധാന്യമര്‍ഹിക്കുന്ന കണ്ടെത്തലായിരുന്നു ആ 'മൂക്കന്‍ തവള'യുടേത്‌. ഇന്ത്യന്‍ ഉപഭൂഖണ്ഡം ഒരുകാലത്ത്‌ ഗ്വാണ്ടനാമോ എന്നറിയപ്പെടുന്ന ഭീമന്‍ ഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു എന്ന വാദത്തിനുള്ള തെളിവായി ആ തവള വിശേഷിപ്പിക്കപ്പെട്ടു. (അവലംബം: Amphibian Specialist Group).
കാണുക: ഇന്ത്യയിലെ ഏറ്റവും ചെറിയ തവള, പശ്ചിമഘട്ടത്തിലെ തവളകളെത്തേടി

Tuesday, August 19, 2008

കൊളസ്‌ട്രോളിനെ മെരുക്കാന്‍ പുതിയ മാര്‍ഗം

ഒറ്റ ഡോസ്‌ കൊണ്ടുതന്നെ ശരീരത്തിലെ കൊളസ്‌ട്രോള്‍നില ആഴ്‌ചകളോളം കുറയ്‌ക്കാനും, അതുവഴി ഹൃദയത്തിന്‌ ആശ്വാസമേകാനും സഹായിക്കുന്ന പുതിയ ഔഷധം താമസിയാതെ രംഗത്തെത്തിയേക്കും.

കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കുന്ന ജീനിനെ തടസ്സപ്പെടുത്താന്‍ കഴിവുള്ള ഒരു 'ആര്‍.എന്‍.എ.ഔഷധ'മാണ്‌ അമേരിക്കന്‍ ഗവേഷകര്‍ വികസിപ്പിക്കുന്നത്‌. കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ നിലവില്‍ ഉപയോഗിക്കുന്നവയെ അപേക്ഷിച്ച്‌ മികച്ച ഫലം നല്‍കുന്നതാണ്‌ പുതിയ ഔഷധമെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ രക്തത്തില്‍ ചീത്തകൊളസ്‌ട്രോളായ എല്‍.ഡി.എല്‍.കുറയ്‌ക്കാന്‍ ഔഷധം കഴിക്കുന്നവരില്‍ പകുതിയോളം പേര്‍ക്ക്‌ വേണ്ട ഫലം ലഭിക്കുന്നില്ല. മരുന്നു കഴിച്ചാലും മാരകമായ ഹൃദ്രോഗത്തിന്‌ അവര്‍ ക്രമേണ അടിപ്പെടുന്നു. എന്നാല്‍, മസാച്യൂസെറ്റ്‌സിലെ കേംബ്രിഡ്‌ജില്‍ 'അല്‍നൈലം ഫാര്‍മസ്യൂട്ടിക്കല്‍സ്‌' കമ്പനിയിലെ ഗവേഷകര്‍ രൂപംനല്‍കിയ പുതിയ ഔഷധം എലികളിലും കുരങ്ങുകളിലും പരീക്ഷിച്ചപ്പോള്‍, ഒറ്റ ഡോസ്‌ കൊണ്ടുതന്നെ രക്തത്തിലെ കൊളസ്‌ട്രോള്‍നില 60 ശതമാനം കുറഞ്ഞതായി കണ്ടു. അതിന്റെ ഫലം മൂന്നാഴ്‌ച നിലനില്‍ക്കുകയും ചെയ്‌തെന്ന്‌ 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ പ്രസിദ്ധീകരിച്ച ഗവേഷണറിപ്പോര്‍ട്ട്‌ പറയുന്നു.

അര്‍ബുദം ഉള്‍പ്പടെ ഒട്ടേറെ രോഗങ്ങള്‍ക്ക്‌ പുതിയ ഔഷധങ്ങള്‍ വികസിപ്പിക്കാന്‍ വഴി തുറന്നിട്ടുള്ള 'ആര്‍.എന്‍.എ.ഇടപെടല്‍' (RNA interference) എന്ന തത്വമാണ്‌, കൊളസ്‌ട്രോള്‍ ഔഷധത്തിനും പ്രേരണ. കൃത്രിമമായി സൃഷ്ടിച്ച ആര്‍.എന്‍.എ.തുണ്ട്‌ ഉപയോഗിച്ച്‌ സന്ദേശവാഹിയായ ആര്‍.എന്‍.എ.തന്മാത്രയെ സ്വയംനശിക്കാന്‍ പ്രേരിപ്പിക്കുകവഴി, ഒരു പ്രത്യേക ജീനിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്‌ ചെയ്യുന്നത്‌. ഈ സങ്കേതമുപയോഗിച്ച്‌ 'പി.സി.എസ്‌.കെ.9' (PCSK9) എന്ന രാസാഗ്നിയെയാണ്‌ പുതിയ ഔഷധം ഉന്നംവെയ്‌ക്കുന്നത്‌. രക്തത്തില്‍ ചീത്തകൊളസ്‌ട്രോളിന്റെ അളവു വര്‍ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ നശിപ്പിക്കുകയും ചെയ്യുന്നതില്‍ ഈ രാസാഗ്നിക്ക്‌ മുഖ്യപങ്കുള്ളതായി തെളിഞ്ഞിട്ടുണ്ട്‌.

`പി.സി.എസ്‌.കെ.9 മുമ്പു തന്നെ ഒരു സുപ്രധാന ഔഷധലക്ഷ്യമായിരുന്നു`-അല്‍നൈലം കമ്പനിയുടെ ഗവേഷണ മേധാവി കെവിന്‍ ഫിറ്റ്‌സ്‌ജറാള്‍ഡ്‌ അറിയിക്കുന്നു. എന്നാല്‍, ഈ രാസാഗ്നിയുടെ ചെറുതന്മാത്രകളെ നേരിട്ട്‌ തടയുക ബുദ്ധിമുട്ടാണ്‌. ഔഷധതന്മാത്രകള്‍ക്ക്‌ ആ ചെറുതന്മാത്രകളില്‍ പറ്റിപ്പിടിക്കാന്‍ പറ്റിയ സ്ഥലമില്ല എന്നതാണ്‌ കാരണം. എന്നാല്‍, ആര്‍.എന്‍.എ.ഇടപെടല്‍ വഴി ഈ രാസാഗ്നിയെ തടയാമെന്നാണ്‌ ഇപ്പോള്‍ ഗവേഷകര്‍ തെളിയിച്ചിരിക്കുന്നത്‌.

കരളിന്റെ പ്രതലത്തിലെ എല്‍.ഡി.എല്‍.സ്വീകരണികളാണ്‌ രക്തത്തില്‍നിന്ന്‌ ചീത്തകൊളസ്‌ട്രോള്‍ കണങ്ങളെ അരിച്ചു മാറ്റുന്നത്‌. ഈ സ്വീകരണികളുടെ എണ്ണം കരളില്‍ കൂടുതലാണെങ്കില്‍, രക്തത്തില്‍ എല്‍.ഡി.എല്‍.കൊളസ്‌ട്രോള്‍ സാന്ദ്രത കുറഞ്ഞിരിക്കും. എന്നാല്‍, പി.സി.എസ്‌.കെ.9 രാസാഗ്നി കരളിലെ ഈ സ്വീകരണികളെ നശിപ്പിക്കുന്നു. അതുവഴി രക്തത്തില്‍ കൊളസ്‌ട്രോള്‍നില വര്‍ധിക്കുകയും ചെയ്യുന്നു. `എല്‍.ഡി.എല്‍.സ്വീകരണികളുടെ എണ്ണം വര്‍ധിപ്പിച്ചു നിര്‍ത്താന്‍, പി.സി.എസ്‌.കെ.9 യെ തടയുന്നതാണ്‌ നല്ലത്‌`-പഠനസംഘത്തില്‍ ഉള്‍പ്പെട്ട ജയ്‌ ഹോര്‍ട്ടൊന്‍ അഭിപ്രായപ്പെടുന്നു.

എലികളിലെയും കുരങ്ങുകളിലെയും മനുഷ്യരിലെയും പി.സി.എസ്‌.കെ.9 ജീനിനെ അണച്ചു കളയാനായി, ഇരട്ടപിരിയുള്ള ഒരു ആര്‍.എന്‍.എ.തുണ്ടിന്‌ ഗവേഷകര്‍ രൂപംനല്‍കുകയാണുണ്ടായത്‌. ഈ ആര്‍.എന്‍.എ.തുണ്ട്‌ രക്തത്തില്‍ നശിക്കാതെ കരളിലെത്തിക്കാന്‍,പ്രശസ്‌ത ബയോമെഡിക്കല്‍ എന്‍ജിനിയറായ റോബര്‍ട്ട്‌ ലാങറുടെ സംഘം രൂപം നല്‍കിയ ലിപിഡ്‌ അടിസ്ഥാന നാനോകണങ്ങളെയാണ്‌ ഗവേഷകര്‍ ആശ്രയിച്ചത്‌. അതുവഴി, അവിടുത്തെ എല്‍.ഡി.എല്‍.സ്വീകരണികള്‍ നശിക്കാതെ നിലനില്‍ക്കുകയും രക്തത്തില്‍ ചീത്തകൊളസ്‌ട്രോള്‍ കുറയുകയും ചെയ്‌തു.

ഈ രീതിയില്‍ ഒറ്റ ഡോസ്‌ കൊണ്ട്‌ മൂന്നാഴ്‌ചത്തേക്ക്‌ കൊളസ്‌ട്രോള്‍ കുറഞ്ഞെങ്കിലും, എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ദൃശ്യമായില്ലെന്ന്‌ ഗവേഷകര്‍ സാക്ഷ്യപ്പെടുത്തുന്നു. കൂടുതല്‍ പഠനങ്ങള്‍ കഴിഞ്ഞാലെ ഔഷധം മനുഷ്യരില്‍ ഉപയോഗിക്കാന്‍ പാകത്തിലാകൂ. ഒരുപക്ഷേ, ഒറ്റയ്‌ക്കു പ്രയോഗിക്കുന്നതിനെക്കാല്‍ നിലവിലുള്ള കൊളസ്‌ട്രോള്‍ ഔഷധങ്ങള്‍ക്കൊപ്പം ഉപയോഗിച്ചാല്‍ ഈ ആര്‍.എന്‍.എ.ഔഷധം കൂടുതല്‍ മികച്ച ഫലം നല്‍കിയേക്കുമെന്നും ഗവേഷകര്‍ കരുതുന്നു. (അവലംബം: പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസ്‌, കടപ്പാട്‌: മാതൃഭൂമി).

Friday, August 08, 2008

പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്‌ വേണ്ടി ഭൗതീകശാസ്‌ത്രം അവശേഷിപ്പിച്ച പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാന്‍ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ആരംഭിക്കുകയാണ്‌. മനുഷ്യന്റെ പ്രപഞ്ചധാരണകളെ മാറ്റിമറിക്കാന്‍ പോന്ന ആ പരീക്ഷണം ഭൂമിയുടെ നിലനില്‍പ്പിന്‌ അപകടപ്പെടുത്തുമോ എന്നും ആശങ്ക ഉയരുന്നുണ്ട്‌


പ്രോട്ടോണുകളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച്‌ പ്രപഞ്ചരഹസ്യം കണ്ടെത്താനാകുമോ? പ്രോട്ടോണുകളുടെ വലിപ്പമെന്തെന്ന്‌ ഏകദേശ ധാരണയുണ്ടെങ്കില്‍ ഈ ചോദ്യത്തിന്റെ ഉത്തരം എളുപ്പമാകും. ഈ പേജില്‍ കാണുന്ന ഏതെങ്കിലും ഒരു കുത്ത്‌ (ഫുള്‍സ്റ്റോപ്പ്‌) പരിഗണിക്കുക. ഇത്തരം ഒരു കുത്തിടുന്ന സ്ഥലത്ത്‌ പതിനായിരം കോടി പ്രോട്ടോണുകള്‍ക്ക്‌ സുഖമായിരിക്കാം! അത്രമേല്‍ സൂക്ഷ്‌മമാണ്‌ ഓരോ പ്രോട്ടോണുകളും. അങ്ങനെയെങ്കില്‍, അവയെ കൂട്ടിയിടിപ്പിച്ച്‌ പ്രപഞ്ചത്തിന്റെ സാരം മനസിലാക്കാമെന്ന്‌ പറയുന്നത്‌ അല്‍പ്പം കടന്നകൈ ആവില്ലേ. ആവില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. മാത്രമല്ല, മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വച്ചേറ്റവും വലിയ യന്ത്രത്തിന്റെ സഹായത്തോടെ ഈ സാധ്യത പരീക്ഷിക്കാന്‍ ഒരുങ്ങുകയാണ്‌ ഗവേഷകലോകം. ആറ്റത്തിന്റെ അഗാധസങ്കീര്‍ണതയിലേക്കും പ്രപഞ്ചത്തിന്റെ അനന്തവിശാലതയിലേക്കും മനുഷ്യവിജ്ഞാനത്തിന്റെ സീമകളെ വ്യാപിപ്പിക്കാന്‍ പോന്ന, ചരിത്രത്തിലെ ഏറ്റവും വലിയ ശാസ്‌ത്രപരീക്ഷണം ആരംഭിക്കുകയാണ്‌.

സ്വിറ്റ്‌സര്‍ലന്‍ഡില്‍ ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ചില്‍ (സേണ്‍-CERN) ഭൂമിക്കടിയില്‍ നിര്‍മിച്ചിട്ടുള്ള 'ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍'(LHC) ഉപയോഗിച്ചാണ്‌ കണികാപരീക്ഷണം നടത്തുക. എതിര്‍ദിശയില്‍ ഏതാണ്ട്‌ പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ (അല്ലെങ്കില്‍ ലെഡ്‌ അയണ്‍ധാരകളെ) കൂട്ടിയിടിപ്പിച്ചു ചിതറിച്ച്‌ അതില്‍നിന്ന്‌ പുറത്തു വരുന്നത്‌ എന്തൊക്കെയെന്ന്‌ മനസിലാക്കുകയാണ്‌ പരീക്ഷണത്തില്‍ ചെയ്യുക. ഇതുവരെ മനുഷ്യന്‌ സാധ്യമായിട്ടില്ലാത്തത്ര ഉന്നത ഊര്‍ജനിലയിലും ഊഷ്‌മാവിലുമാണ്‌ പരീക്ഷണം നടക്കുക. സപ്‌തംബര്‍ പത്തിന്‌ ആരംഭിക്കുമെന്ന്‌ പ്രഖ്യാപിക്കപ്പെട്ട പരീക്ഷണം പതിനഞ്ച്‌ വര്‍ഷത്തോളം നീളും. പ്രപഞ്ചത്തിന്റെ ഉള്ളടക്കത്തെ സംബന്ധിച്ച്‌ ഇനിയും പൂരിപ്പിക്കാനുള്ള സമസ്യകള്‍ക്ക്‌ ഉത്തരം തേടുകയാണ്‌ മുഖ്യലക്ഷ്യം. ഒരുപക്ഷേ, നിലവിലുള്ള പല സിദ്ധാന്തങ്ങളും സ്ഥിരീകരിക്കപ്പെട്ടേക്കാം, അല്ലെങ്കില്‍ അവ കടപുഴകി പുതിയ സിദ്ധാന്തങ്ങള്‍ക്കു സാധ്യത തുറന്നേക്കാം. എന്നാല്‍, മനുഷ്യന്‌ അപരിചിതമായത്ര ഉയര്‍ന്ന ഊര്‍ജനിലയിലും ഊഷ്‌മാവിലും നടക്കുന്ന കണികാപരീക്ഷണം ഭൂമിയുടെ തന്നെ നിലനില്‍പ്പ്‌ അപകടത്തിലാക്കില്ലേ എന്ന്‌ ആശങ്കപ്പെടുന്നവരുമുണ്ട്‌. ഇക്കാരണത്താല്‍ പരീക്ഷണം തടയണം എന്നാവശ്യപ്പെട്ട്‌ ഒരു അമേരിക്കന്‍ കോടതിയില്‍ ഹര്‍ജി പോലും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌. ഏതു നിലയ്‌ക്കായാലും ഈ മഹാപരീക്ഷണത്തിന്‌ ശേഷം ലോകം ഒരിക്കലും പഴയതുപോലെ ആവില്ല എന്ന്‌ ഉറപ്പിക്കാം.

ഏറ്റവു വലിയ യന്ത്രം
പത്തുവര്‍ഷം കൊണ്ട്‌ ആയിരം കോടി ഡോളര്‍ (ഏതാണ്ട്‌ 43000 കോടി രൂപ) ചെലവിട്ട്‌ നിര്‍മിച്ച ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍, മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്‌. അമ്പതോളം രാജ്യങ്ങളില്‍ നിന്നായി ആയിരക്കണക്കിന്‌ ശാസ്‌ത്രജ്ഞര്‍ ഈ പദ്ധതിയില്‍ പങ്കുചേര്‍ന്നിരിക്കുന്നു. നൂറുകണക്കിന്‌ സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും ഒപ്പമുണ്ട്‌. സ്വിറ്റ്‌സര്‍ലന്‍ഡിന്റെയും ഫ്രാന്‍സിന്റെയും അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ നൂറുമീറ്റര്‍ ആഴത്തിലാണ്‌ ഈ യന്ത്രം സ്ഥാപിച്ചിരിക്കുന്നത്‌. 27 കിലോമീറ്റര്‍ ചുറ്റളവുള്ള ഹാഡ്രോണ്‍ കൊളൈഡറിലെ വൃത്താകൃതിയിലുള്ള ടണലിലൂടെ, പ്രോട്ടോണ്‍ധാരകളെ വിപരീതദിശകളില്‍ കടത്തിവിട്ട്‌ വേഗം വര്‍ധിപ്പിച്ച്‌ അത്യുന്നത ഊര്‍ജനിലയില്‍ പരസ്‌പരം കൂട്ടിയിടിപ്പിച്ചു ചിതറിപ്പിക്കുകയാണ്‌ ചെയ്യുക.

അതിചാലകകാന്തങ്ങളുപയോഗിച്ചാണ്‌ പ്രോട്ടോണ്‍ധാരകളുടെ വേഗം ഓരോ നിമിഷവും വര്‍ധിപ്പിപ്പിക്കുകയും, ടണലിന്റെ വൃത്തപരിധിയിലൂടെ അവയെ ശരിയായ പാതയില്‍ സഞ്ചരിപ്പിക്കുകയും ചെയ്യുക. 9300 കാന്തങ്ങള്‍ കൊളൈഡറില്‍ ഇതിനായി ഉപയോഗിച്ചിരിക്കുന്നു. ഇവയുടെ മൊത്തം ഭാരം കണക്കാക്കിയാല്‍ ഈഫല്‍ ഗോപുരത്തെക്കാള്‍ കൂടുതല്‍ വരും! കാന്തങ്ങളുടെ പ്രേരണയാല്‍ അതിഊര്‍ജനില കൈവരിക്കുന്ന പ്രോട്ടോണ്‍ധാരകള്‍, പ്രകാശത്തതിന്റെ ഏതാണ്ട്‌ 99.99 ശതമാനം വേഗത്തിലാണ്‌ സഞ്ചരിക്കുക. ഓരോ പ്രോട്ടോണും സെക്കന്‍ഡില്‍ 11,245 തവണ ഹാഡ്രോണ്‍ കൊളൈഡറിന്റെ വൃത്താകൃതിയുള്ള ടണലില്‍ ചുറ്റി സഞ്ചരിക്കും. ഇന്നുവരെ മനുഷ്യന്‌ സാധ്യമായിട്ടില്ലാത്തത്ര ഊര്‍ജനിലയിലാണ്‌ ഇവ കൂട്ടിയിടിക്കുക; 14 ട്രില്യണ്‍ വോള്‍ട്ടില്‍ (ഒരു ട്രില്യണ്‍=ഒരു ലക്ഷം കോടി). കൂട്ടിയിടിയുടെ വേളയില്‍ സൂര്യന്റെ അകക്കാമ്പിലേതിന്റെ ഒരുലക്ഷം മടങ്ങ്‌ ഊഷ്‌മാവ്‌ സൃഷ്ടിക്കപ്പെടും. ഇത്തരം 6000 ലക്ഷം കണികാകൂട്ടിയിടികള്‍ ഓരോ സെക്കന്‍ഡിലും അരങ്ങേറും. അപ്പോള്‍ ഉണ്ടായേക്കാവുന്ന സംഗതികള്‍ പ്രപഞ്ചസമസ്യകള്‍ക്ക്‌ ഉത്തരമാകുമെന്നാണ്‌ പ്രതീക്ഷ.

കണികാപരീക്ഷണത്തിനുപയോഗിക്കുന്ന അതിചാലകകാന്തങ്ങളെ കേവലപൂജ്യത്തിനടുത്ത ഊഷ്‌മാവിലാണ്‌ സൂക്ഷിച്ചിരിക്കുന്നത്‌. മൈനസ്‌ 271.25 ഡിഗ്രി സെല്‍സിയസ്‌ (1.9 ഡിഗ്രി കെല്‍വിന്‍) താപനിലയില്‍. കാന്തങ്ങളുടെ ശീതീകരണ പ്രവര്‍ത്തനം മാസങ്ങള്‍ക്ക്‌ മുമ്പേ ആരംഭിച്ചിരുന്നു. ഏതാണ്ട്‌ 10,800 ടണ്‍ ദ്രാവകനൈട്രജന്റെ സഹായത്തോടെ താപനില മൈനസ്‌ 193.2 ഡിഗ്രി സെല്‍സിയസ്‌ (80 ഡിഗ്രി കെല്‍വിന്‍) ആക്കിയ ശേഷം, 60 ടണ്‍ ദ്രാവകഹീലിയം ഉപയോഗിച്ചാണ്‌ താപനില ഇപ്പോഴത്തെ നിലയിലെത്തിച്ചത്‌. ഒരര്‍ഥത്തില്‍ പറഞ്ഞാല്‍, നമ്മുടെ ഗാലക്‌സിയില്‍ തന്നെ ഇത്രയും തണുത്ത ഒരു സ്ഥലം ഇപ്പോള്‍ വേറെ കാണുമോ എന്ന്‌ സംശയമാണ്‌. കണികാകൂട്ടിയിടി നടക്കുമ്പോള്‍ ഊഷ്‌മാവ്‌ സൂര്യന്റേതിലും ഒരുലക്ഷം മടങ്ങ്‌ കൂടുതലായതിനാല്‍, അത്രയും ചൂടേറിയ സ്ഥലവും ആകാശഗംഗയില്‍ വേറെ ഉണ്ടാകാന്‍ സാധ്യത കുറവാണ്‌. ഇതുമാത്രമല്ല, ഒരു സൂപ്പര്‍വാക്വം ആണ്‌ കൊളൈഡറിലെ ടണലില്‍ സൃഷ്ടിച്ചിരിക്കുന്നത്‌. വെറും ഒരു വാതക തന്മാത്ര 27 കിലോമീറ്റര്‍ നീളമുള്ള ടണലിലുണ്ടായാല്‍ മതി പരീക്ഷണം പരാജയപ്പെടാന്‍. അതൊഴിവാക്കാനാണ്‌ 'സൂപ്പര്‍ശൂന്യത' ടണലില്‍ സൃഷ്ടിച്ചിരിക്കുന്നത്‌.

ഹാഡ്രോണ്‍ കൊളൈഡറിലെ നാല്‌ പോയന്റുകളിലാണ്‌ കണികാകൂട്ടിയിടികള്‍ അരങ്ങേറുക. ആറ്‌ പടുകൂറ്റന്‍ കണികാഡിറ്റെക്ടറുകള്‍ ഈ കൂട്ടിയിടികളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്‌മായി നിരീക്ഷിച്ച്‌ വിവരങ്ങള്‍ രേഖപ്പെടുത്തും. വിവരങ്ങള്‍ ശേഖരിക്കാനായി ഡിറ്റെക്ടറുകളിലും അല്ലാതെയുമായി 15 കോടി സെന്‍സറുകള്‍ ഹാഡ്രോണ്‍ കൊളൈഡറിലുണ്ട്‌. അവയില്‍നിന്ന്‌ സെക്കന്‍ഡില്‍ 700 മെഗാബൈറ്റസ്‌ എന്ന തോതിലാണ്‌ ഡേറ്റ പുറത്തുവരിക. ഒരുവര്‍ഷം കുറഞ്ഞത്‌ 15 പെറ്റാബൈറ്റ്‌സ്‌ ഡേറ്റ (ഒരു പെറ്റാബൈറ്റസ്‌ = പത്തുലക്ഷം ഗിഗാബൈറ്റ്‌സ്‌). ഇത്രയും ഡേറ്റ സൂക്ഷിക്കാന്‍ കുറഞ്ഞത്‌ ഒരുലക്ഷം ഡി.വി.ഡി.കള്‍ വേണ്ടിവരും! ഹാഡ്രോണ്‍ കൊളൈഡറിന്റെ പ്രവര്‍ത്തനത്തിന്‌ വര്‍ഷംതോറും എട്ടുലക്ഷം മെഗാവാട്ട്‌ വൈദ്യുതി വീതം വേണമെന്ന്‌ കണക്കാക്കുന്നു. വൈദ്യുതിച്ചെലവ്‌ കുറയ്‌ക്കാനായി ശീതകാലത്ത്‌ കൊളൈഡര്‍ അടച്ചിടാനാണ്‌ തീരുമാനം. എങ്കിലും വര്‍ഷം കുറഞ്ഞത്‌ മൂന്നുകോടി ഡോളര്‍ (129 കോടിരൂപ) വൈദ്യുതിക്ക്‌ മുടക്കേണ്ടി വരുമെന്ന്‌ സേണ്‍ അധികൃതര്‍ പറയുന്നു.

ഹാഡ്രൊണ്‍ കൊളൈഡര്‍ തേടുന്നത്‌
ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പരിഹരിക്കാനായി ഭൗതികശാസ്‌ത്രം ബാക്കിവെച്ച ചില കീറാമുട്ടിപ്രശ്‌നങ്ങളുണ്ട്‌. അവയ്‌ക്ക്‌ പരിഹാരം കാണലാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍കൊണ്ട്‌ യഥാര്‍ഥത്തില്‍ ലക്ഷ്യമിടുന്നത്‌. ആ പ്രശ്‌നങ്ങളില്‍ മുഖ്യം പ്രപഞ്ചസാരം സംബന്ധിച്ചുള്ള 'സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍'(Standard Model) എന്ന സൈദ്ധാന്തികപാക്കേജിലെ വിട്ടുപോയ കണ്ണികള്‍ പൂര്‍ത്തിയാക്കുക എന്നതാണ്‌. പ്രപഞ്ചത്തില്‍ ഏറ്റവും അടിസ്ഥാനതലത്തില്‍ ദ്രവ്യവും ബലങ്ങളും പരസ്‌പരം എങ്ങനെ ബന്ധപ്പെടുകയും ഇടപഴകുകയും ചെയ്യുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍. നൂറുകണക്കിന്‌ ശാസ്‌ത്രജ്ഞര്‍ നല്‍കിയ സംഭാവനകളുടെ ആകെത്തുകയായി 1970-കളിലാണ്‌ ഇത്‌ രൂപപ്പെടുന്നത്‌. 12 ദ്രവ്യകണങ്ങളും നാല്‌ അടിസ്ഥാനബലങ്ങളുമാണ്‌ പ്രപഞ്ചത്തിന്റെ ഉള്ളടക്കമെന്ന സങ്കല്‍പ്പമാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ മുന്നോട്ടു വെയ്‌ക്കുന്നത്‌.

17 കണങ്ങളുടെ ലോകം
എന്നാല്‍, 12 ദ്രവ്യകണങ്ങളും മൂന്ന്‌ അടിസ്ഥാനബലങ്ങളും മാത്രമേ നിലവില്‍ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലിന്റെ പരിധിയില്‍ വരുന്നുള്ളൂ. ഗുരുത്വാകര്‍ഷണബലത്തെ ഇതില്‍ ഉള്‍പ്പെടുത്തുന്നതില്‍ ശാസ്‌ത്രലോകം വിജയിച്ചിട്ടില്ല. സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ഉള്‍പ്പെട്ട മൂന്ന്‌ അടിസ്ഥാനബലങ്ങളെ സാധ്യമാക്കുന്നത്‌ അഞ്ച്‌ കണങ്ങളാണ്‌. 12 ദ്രവ്യകണങ്ങളും ബലങ്ങള്‍ സാധ്യമാക്കുന്ന ആ അഞ്ച്‌ കണങ്ങളും ചേര്‍ന്നാല്‍ മൊത്തം 17 കണങ്ങള്‍. ഇത്രയും കണങ്ങളും അവയെ പരസ്‌പരം ബന്ധിപ്പിക്കുന്ന നിയമങ്ങളും അടങ്ങിയതാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍. ഈ കണങ്ങളില്‍ 16 എണ്ണം യാഥാര്‍ഥ്യം, ഒരെണ്ണം സാങ്കല്‍പ്പികവും. ഹിഗ്ഗ്‌സ്‌ ബോസോണ്‍ എന്ന ആ സാങ്കല്‍പ്പികകണം കൂടി കണ്ടെത്തിയാലേ ഇപ്പോഴത്തെ നിലയ്‌ക്ക്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ പൂര്‍ണമാകൂ. അത്‌ കണ്ടെത്തുകയെന്നത്‌ കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്നാണ്‌.

സ്‌റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ദ്രവ്യത്തിന്റെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ സ്‌പിന്‍ (spin) അടിസ്ഥാനപ്പെടുത്തി ആകെയുള്ള 17 കണങ്ങളെ രണ്ടു വിഭാഗങ്ങളായാണ്‌ തരംതിരിച്ചിരിക്കുന്നത്‌-ഫെര്‍മിയോണുകള്‍ എന്നും ബോസോണുകള്‍ എന്നും. 12 ഫെര്‍മിയോണുകളും അഞ്ച്‌ ബോസോണുകളുമാണുള്ളത്‌. ഫെര്‍മിയോണുകളാണ്‌ ദ്രവ്യകണങ്ങള്‍, ബോസോണുകള്‍ ബലങ്ങള്‍ക്കു നിദാനമായവയും. ഫെര്‍മിയോണുകളില്‍ ആറെണ്ണം ക്വാര്‍ക്കുകളും (quarks), ആറെണ്ണം ലെപ്‌ടോണുകളും (leptons) ആണ്‌. പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയ കണങ്ങള്‍ ക്വാര്‍ക്കുകള്‍ കൊണ്ടും ഇലക്ട്രോണ്‍, മ്യുവോണ്‍ തുടങ്ങിയവ ലെപ്‌ടോണുകള്‍ കൊണ്ടും നിര്‍മിക്കപ്പെട്ടിരിക്കുന്നു.

ഗുരുത്വാകര്‍ഷണബലം, വൈദ്യുതകാന്തികബലം, ക്ഷീണബലം (weak nuclear force), അതിബലം (strong nuclear force) എന്നീ നാല്‌ അടിസ്ഥാനബലങ്ങള്‍ കൂടി ചേര്‍ന്നാലേ ചിത്രം പൂര്‍ത്തിയാകൂ. ബലങ്ങളില്‍ ഓരോന്നിനും വ്യത്യസ്‌ത സ്വാധീനപരിധിയും ശക്തിയുമാണുള്ളത്‌. ഈ നാലെണ്ണത്തില്‍, അനന്തമായ സ്വാധീനപരിധിയുണ്ടെങ്കിലും, ഏറ്റവും ദുര്‍ബലം ഗുരുത്വാകര്‍ഷണബലമാണ്‌. വൈദ്യുതകാന്തികബലത്തിന്റെയും പരിധി അനന്തമാണെങ്കിലും, അത്‌ ഗുരുത്വാകര്‍ഷണബലത്തെ അപേക്ഷിച്ച്‌ അനേകമടങ്ങ്‌ ശക്തമാണ്‌. വളരെ പരിമിതമായ സ്ഥലത്ത്‌ മാത്രം സ്വാധീനപരിധിയുള്ളവയാണ്‌ ക്ഷീണബലവും അതിബലവും. ഉപആറ്റോമികതലത്തില്‍ മാത്രമാണ്‌ അതിന്റെ മേധാവിത്വം. ക്ഷീണബലത്തിന്റെ പേര്‌ അങ്ങനെയാണെങ്കിലും, അത്‌ ഗുരുത്വാകര്‍ഷണത്തെക്കാള്‍ ശക്തമാണ്‌; എന്നാല്‍ മറ്റ്‌ രണ്ടെണ്ണത്തെക്കാള്‍ ദുര്‍ബലവും. പേരുപോലെ തന്നെ അതിബലമാണ്‌ അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ശക്തം.

ബലങ്ങള്‍ക്ക്‌ നിദാനമായ ബോസോണുകളെ പരസ്‌പരം കൈമാറുക വഴിയാണ്‌, സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍, ഗുരുത്വാകര്‍ഷണബലമൊഴികെ മറ്റ്‌ മൂന്ന്‌ അടിസ്ഥാനബലങ്ങളും സാധ്യമാകുന്നത്‌. യഥാര്‍ഥത്തില്‍ ബോസോണുകളുടെ സഹായത്തോടെ നിശ്ചിത അളവ്‌ ഊര്‍ജം പരസ്‌പരം കൈമാറുകയാണ്‌ ദ്രവ്യകണങ്ങള്‍ ചെയ്യുന്നത്‌. ഓരോ അടിസ്ഥാനബലത്തിനും നിദാനമായ ബോസോണുകളുണ്ട്‌. വൈദ്യുതകാന്തികബലത്തിന്റെ കാര്യത്തില്‍ ഇത്‌ ഫോട്ടോണ്‍ ആണ്‌; ക്ഷീണബലത്തിന്റേത്‌ മൂന്ന്‌ ഡബ്ല്യു, ഇസഡ്‌ ബോസോണുകളും. അതിബലം സാധ്യമാകുന്നത്‌ ഗ്ലുവോണുകളാണ്‌. പ്രോട്ടോണുകളിലും ന്യൂട്രോണുകളിലും ക്വാര്‍ക്കുകളെ പരസ്‌പരം ബന്ധിപ്പിച്ചു നിര്‍ത്തിയിരിക്കുന്നത്‌ ഗ്ലുവോണാണ്‌. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബന്ധനമാണിത്‌. മറ്റ്‌ ബലങ്ങളില്‍ നിന്ന്‌ വ്യത്യസ്‌തമായി അകലം കൂടുന്തോറും ശക്തിവര്‍ധിക്കുന്ന ബലമാണിത്‌. തീരെച്ചെറിയ ദൂരപരിധിയിലേ ഈ ബലം നിലനില്‍ക്കുന്നുള്ളു.

ഗുരുത്വാകര്‍ഷണബലത്തിന്‌ കാരണമാകുന്നത്‌ ഗ്രാവിറ്റോണ്‍ എന്ന കണമാകാമെന്ന്‌ വാദമുണ്ടെങ്കിലും, അത്തരമൊരു കണം ഇതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തില്‍ ഗ്രാവിറ്റോണുകളെപ്പറ്റി ചിലപ്പോള്‍ സൂചന ലഭിച്ചേക്കുമെന്നു പ്രതീക്ഷയുണ്ട്‌. അങ്ങനെ സംഭവിച്ചാല്‍, സാമാന്യആപേക്ഷികതാ സിദ്ധാന്തവും ക്വാണ്ടം സിദ്ധാന്തവും സമ്മേളിപ്പിച്ച്‌ ഒരു ഏകീകൃതസിദ്ധാന്തം രൂപീകരിക്കുകയെന്ന, ആധുനിക ഭൗതീകശാസ്‌ത്രത്തിലെ ഏറ്റവും വലിയ വെല്ലുവിളി നേരിടാന്‍ ശാസ്‌ത്രം സജ്ജമാകും.

ദൈവത്തിന്റെ കണം
പ്രപഞ്ചത്തെ ഭരിക്കുന്ന അടിസ്ഥാനബലങ്ങളെയും ദ്രവ്യത്തെയും ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ നടന്ന ശ്രമങ്ങളില്‍ ഒരു പരിധിവരെ വിജയിച്ച മാതൃകയാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍. മൂന്നു ബലങ്ങളും ദ്രവ്യവും ഈ സിദ്ധാന്തത്തില്‍ സമ്മേളിക്കപ്പെട്ടിരിക്കുന്നു. ഇതുവരെ നടന്ന പരീക്ഷണങ്ങളെയെല്ലാം ഈ മോഡല്‍ അതിജീവിക്കുകയും ചെയ്‌തു. പക്ഷേ, ഇത്‌ പൂര്‍ണമല്ല. ദ്രവ്യത്തിന്‌ പിണ്ഡം എന്ന ഗുണം നല്‍കുന്ന കണത്തെ ഹിഗ്ഗ്‌സ്‌ ബോസോണ്‍ എന്ന പേരിലാണ്‌ സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. അതിന്റെ അസ്‌തിത്വം തെളിയിക്കാത്തിടത്തോളം കാലം ഈ മോഡല്‍ അപൂര്‍ണമാണ്‌.

പിണ്ഡം നിര്‍ണയിക്കുന്ന കണത്തിന്റെ കാര്യത്തിലുണ്ടായ സൈദ്ധാന്തിക പ്രതിസന്ധിക്ക്‌ പീറ്റര്‍ ഹിഗ്ഗ്‌സ്‌, റോബര്‍ട്ട്‌ ബ്രൗട്ട്‌, ഫ്രാന്‍കോയിസ്‌ ഇംഗ്ലെര്‍ട്ട്‌ എന്നീ ഗവേഷകരാണ്‌ പരിഹാരം നിര്‍ദേശിച്ചത്‌. മഹാവിസ്‌ഫോടനത്തിലൂടെ പ്രപഞ്ചം ഉണ്ടായ വേളയില്‍ ഒരു കണത്തിനും പിണ്ഡമുണ്ടായിരുന്നില്ല എന്നവര്‍ വാദിച്ചു. പ്രപഞ്ചം തണുക്കുകയും താപനില ഒരു നിര്‍ണായക തലത്തിലെത്തുകയും ചെയ്‌തപ്പോള്‍, ഹിഗ്ഗ്‌സ്‌ മണ്ഡലം എന്നൊരു ബലമണ്ഡലം രൂപപ്പെട്ടു. പ്രപഞ്ചത്തില്‍ എല്ലായിടത്തുമുള്ള ഈ ബലമേഖലയുമായി ബന്ധപ്പെട്ടതാണ്‌ ഹിഗ്ഗ്‌സ്‌ ബോസോണ്‍. ഈ ബലമേഖലയുമായി സംവദിക്കുന്ന കണങ്ങള്‍ക്ക്‌, ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ വഴി പിണ്ഡം ലഭിക്കുന്നതായി അവര്‍ വാദിച്ചു. ഈ മേഖലയുമായി ഇടപെടാത്ത കണങ്ങള്‍ പിണ്ഡമില്ലാത്തവയായി നിലനില്‍ക്കുന്നു. പിണ്ഡത്തിന്‌ നിദാനമെന്നു കരുതുന്ന ഹിഗ്ഗ്‌സ്‌ ബോസോണിനെയാണ്‌ 'ദൈവത്തിന്റെ കണം' എന്ന്‌ വിശേഷിപ്പിക്കപ്പെടുന്നത്‌.

സ്റ്റാന്‍ഡേര്‍ഡ്‌ മോഡലില്‍ പറയുന്ന മറ്റ്‌ കാര്യങ്ങള്‍ പരസ്‌പര ബന്ധിതമാകാന്‍ ഹിഗ്ഗ്‌സ്‌ ബോസോണുകളെന്ന സാങ്കല്‍പ്പിക കണങ്ങളുടെ കടന്നുവരവ്‌ സഹായിച്ചു. പക്ഷേ, ഇതുവരെ അവയെ കണ്ടെത്താന്‍ ശാസ്‌ത്രത്തിന്‌ കഴിഞ്ഞിട്ടില്ല. ഭൗതികശാസ്‌ത്രത്തിന്‌ മുന്നിലുള്ള ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നാണ്‌ ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്തുകയെന്നത്‌. പല കണങ്ങള്‍ക്കും പല തരത്തില്‍ പിണ്ഡമുണ്ടാകാന്‍ കാരണമെന്തെന്ന്‌ ഹിഗ്ഗ്‌സ്‌ ബോസോണുകളാണ്‌ പറഞ്ഞു തരേണ്ടത്‌. എന്നാല്‍, ഹിഗ്ഗ്‌സ്‌ ബോസോണുകളുടെ പിണ്ഡം എന്തെന്ന്‌ അറിയില്ല എന്നതാണ്‌, അവയെ കണ്ടെത്തുന്നത്‌ ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍ ഉണ്ടാകുമെന്ന്‌ പ്രവചിക്കപ്പെട്ടിട്ടുള്ള ഒരു പിണ്ഡപരിധിയുണ്ട്‌. ആ പരിധി പരിശോധിക്കാന്‍ തക്ക ഊര്‍ജനിലയിലുള്ള പരീക്ഷണങ്ങള്‍ ഇന്നുവരെ നടന്നിട്ടില്ല. ഹാഡ്രോണ്‍ കൊളൈഡറില്‍ ആ പിണ്ഡപരിധി ലഭ്യമാണ്‌. അതിനാല്‍, ദൈവത്തിന്റെ കണത്തിന്‌ ഇനി ഒളിച്ചിരിക്കുക സാധ്യമല്ല. അഥവാ ഹിഗ്ഗ്‌സ്‌ ബോസോണുകളെ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍, പിണ്ഡം സംബന്ധിച്ച്‌ പുതിയ സിദ്ധാന്തങ്ങള്‍ക്കുള്ള സാധ്യത തുറക്കലാകും അത്‌.

പ്രതിദ്രവ്യ രഹസ്യങ്ങള്‍
ക്വാര്‍ക്കുകള്‍ എന്ന അടിസ്ഥാനകണങ്ങള്‍ കൊണ്ടാണ്‌ പ്രോട്ടോണുകളും ന്യൂട്രോണുകളും നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌. ക്വാര്‍ക്കുകളെ ഗ്ലുവോണ്‍ കൊണ്ട്‌ ബന്ധിപ്പിച്ചിരിക്കുന്നു. സാധാരണഗതില്‍ ഈ ഗ്ലുവോണ്‍ ബന്ധനം അഴിക്കുക എളുപ്പമല്ല. അത്ര ശക്തിമത്താണ്‌ ആ ബന്ധനം. അതുകൊണ്ടാണ്‌, ക്വാര്‍ക്കുകളെ ഒരിടത്തും സ്വതന്ത്രമായ അവസ്ഥയില്‍ കാണത്തത്‌. എന്നാല്‍, ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ ബ്രഹ്മാണ്ഡവേഗത്തില്‍ പ്രോട്ടോണ്‍ധാരകള്‍ പരസ്‌പരം കൂട്ടിമുട്ടുമ്പോള്‍, താപനില സൂര്യന്റെ ഉള്ളലേതിന്‌ ഒരുലക്ഷം മടങ്ങ്‌ കൂടുതലാകും. അത്രയും ഭീമമായ ചൂടില്‍ ഗ്ലുവോണ്‍കെട്ട്‌ 'ഉരുകുകയും' ക്വാര്‍ക്കുകളും ഗ്ലുവോണുകളും സ്വതന്ത്രമായി 'ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മ'യെന്ന ദ്രവ്യരൂപം സൃഷ്ടിക്കപ്പെടുകയും ചെയ്യുമെന്നാണ്‌ കരുതുന്നത്‌. 1370 കോടി വര്‍ഷം മുമ്പ്‌ മഹാവിസ്‌ഫോടനം ഉണ്ടായി 20-25 സെക്കന്‍ഡ്‌ നേരം പ്രപഞ്ചത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്ന ദ്രവ്യരൂപമാണിതെന്നു കരുതപ്പെടുന്നു. ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മയുടെ സൃഷ്ടി ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളില്‍ പെടുന്നു. ഈ പ്ലാസ്‌മ തണുക്കുമ്പോള്‍ സംഭവിക്കുന്നതെന്താണെന്ന്‌ മനസിലാക്കിയാല്‍, മഹാവിസ്‌ഫോടനത്തിന്‌ ശേഷം പ്രപഞ്ചത്തില്‍ സംഭവിച്ചതെന്താണെന്ന്‌ വ്യക്തമാകും.

ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മ ആധിപത്യം പുലര്‍ത്തിയിരുന്ന ആദിമ പ്രപഞ്ചത്തില്‍, ഊര്‍ജവും ദ്രവ്യവും കൂടിക്കുഴഞ്ഞ രൂപത്തിലായിരുന്നു. പ്രപഞ്ചം തണുത്ത്‌ ദ്രവ്യവും ഊര്‍ജവും വേര്‍പിരിഞ്ഞയുടന്‍, ദ്രവ്യകണങ്ങളും പ്രതിദ്രവ്യവും (antimatter) പരസ്‌പരം ഇല്ലായ്‌മ ചെയ്യാന്‍ തുടങ്ങി. ഇവയുടെ രണ്ടിന്റെയും അളവ്‌ തുല്യമായിരുന്നെങ്കില്‍, ഇന്ന്‌ നമ്മളൊന്നും ഇവിടെ കാണില്ലായിരുന്നു. പ്രപഞ്ചത്തില്‍ ദ്രവ്യമേ ഉണ്ടാകില്ലായിരുന്നു. എന്നാല്‍, ഭാഗ്യവശാല്‍ പ്രതിദ്രവ്യവും ദ്രവ്യവും തമ്മിലുള്ള അനുപാതത്തില്‍ നേരിയ ഏറ്റക്കുറച്ചിലുണ്ടായിരുന്നതുകൊണ്ട്‌ മാത്രമാണ്‌ കാര്യങ്ങള്‍ ഇന്നത്തെ നിലയ്‌ക്കെത്തിയത്‌. അല്‍പ്പം ദ്രവ്യം എങ്ങനെയോ കൂടുതലായരുന്നു (സ.പി.അതിലംഘനം-CP violation- എന്നാണിത്‌ ഈ അസന്തുലിതാവസ്ഥ അറിയപ്പെടുന്നത്‌). അതുകൊണ്ടാണ്‌ പ്രപഞ്ചം ഇന്നത്തെ പോലെ കാണപ്പെടുന്നത്‌. ഹാഡ്രോണ്‍ കൊളൈഡറില്‍ പ്രതിദ്രവ്യകണങ്ങള്‍ സൃഷ്ടിക്കപ്പെട്ടാല്‍, അതുവഴി ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലെങ്ങനെ ഏറ്റക്കുറച്ചിലുണ്ടായി എന്ന്‌ മനസിലാക്കാമെന്ന്‌ ഗവേഷകര്‍ കരുതുന്നു. പ്രപഞ്ചത്തെ സംബന്ധിച്ച്‌ സുപ്രധാനമായ ഒരു ചോദ്യത്തിനുള്ള ഉത്തരമാകുമത്‌.

സൂപ്പര്‍സിമട്രിക്‌ ലോകം
പ്രപഞ്ചത്തില്‍ നമുക്ക്‌ നിരീക്ഷിക്കാന്‍ കഴിയുന്ന ദ്രവ്യം വെറും 4.6 ശതമാനം മാത്രമേയുള്ളു! അവശേഷിക്കുന്ന 95 ശതമാനവും എന്താണെന്ന്‌ ഇനിയും വ്യക്തമല്ല. വൈദ്യുതകാന്തിക തരംഗങ്ങള്‍ പുറപ്പെടുവിക്കാത്ത ആ അജ്ഞാതദ്രവ്യ, ഊര്‍ജരൂപങ്ങള്‍ ശ്യാമദ്രവ്യം (dark matter), ശ്യാമോര്‍ജം (dark energy) എന്നീ പേരുകളിലാണ്‌ അറിയപ്പെടുന്നത്‌. ഇവ രണ്ടും എന്താണെന്നോ, എങ്ങനെയാണ്‌ നിര്‍മിക്കപ്പെട്ടിരിക്കുന്നതെന്നോ അറിയില്ലെങ്കിലും, പരോക്ഷനിരീക്ഷണമാര്‍ഗങ്ങള്‍ വഴി ഇവ ഉണ്ട്‌ എന്ന്‌ ശാസ്‌ത്രലോകത്തിനറിയാം. ഗാലക്‌സികളെ നിരീക്ഷിച്ചാല്‍ അവയുടെ ഭ്രമണവേഗം, അവയില്‍ കാണപ്പെടുന്ന ദ്രവ്യത്തിന്‌ അനുസരിച്ചുള്ളതല്ല, അതിലും കൂടുതലാണെന്ന്‌ മനസിലാകും. ഇതിന്‌ കാരണം ഗാലക്‌സികളിലും അതിനു ചുറ്റുമായി നിലയുറപ്പിച്ചിട്ടുള്ള ശ്യാമദ്രവ്യമാണ്‌ എന്നാണ്‌ നിഗമനം. അതേസമയം, പ്രപഞ്ചവികാസത്തിന്റെ തോത്‌ വര്‍ധിപ്പിക്കുന്ന വിപരീതബലമാണ്‌ ശ്യോമോര്‍ജം; ഗുരുത്വാകര്‍ഷണബലത്തിന്‌ എതിരെ പ്രവര്‍ത്തിക്കുന്ന ശക്തി. പ്രപഞ്ചത്തില്‍ ശ്യാമദ്രവ്യം 23 ശതമാനവും ശ്യാമോര്‍ജം 72 ശതമാനവും ആണെന്ന്‌ കണക്കാക്കപ്പെടുന്നു.

ഈ അജ്ഞാത ദ്രവ്യ, ഊര്‍ജരൂപങ്ങളെ മനസിലാക്കുകയെന്നതാണ്‌ ഈ നൂറ്റാണ്ടില്‍ ഭൗതീകശാസ്‌ത്രത്തിന്‌ മുന്നിലുള്ള ഏറ്റവും വലിയ മറ്റൊരു വെല്ലുവിളി. ഇവയില്‍ ശ്യാമദ്രവ്യത്തെ മനസിലാക്കാന്‍ 'സൂപ്പര്‍സിമട്രി' എന്നൊരു സൈദ്ധാന്തിക സാധ്യതയാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പരിശോധിക്കുക. സ്റ്റാന്‍ഡേര്‍ഡ്‌ മോഡല്‍ പറയുന്നത്‌ എല്ലാ അടിസ്ഥാനകണത്തിനും ഒരു എതിര്‍കണം ഉണ്ടെന്നാണ്‌. ഉദാഹരണത്തിന്‌ നെഗറ്റീവ്‌ ചാര്‍ജുള്ള ഇലക്ട്രോണിന്റെ എതിര്‍കണം പൊസിട്രോണ്‍ ആണ്‌. ഇവയെ കണ്ടെത്തിയിട്ടുമുണ്ട്‌. എന്നാല്‍, സൂപ്പര്‍സിമട്രി പ്രകാരം ഓരോ കണത്തിനും ഒരു 'സൂപ്പര്‍പങ്കാളി'(superpartner) കൂടി ഉണ്ട്‌. 'ന്യൂട്രാലിനോകള്‍' പോലുള്ള സാങ്കല്‍പ്പിക കണങ്ങളാണ്‌ സൂപ്പര്‍സിമട്രിയില്‍ ഇത്തരം സൂപ്പര്‍പങ്കാളികള്‍. സൂപ്പര്‍സിമട്രിയുടെ മുദ്രകളായി ന്യൂട്രോലിനോകള്‍ കണ്ടെത്തിയാല്‍ അത്‌ തമോദ്രവ്യരഹസ്യം അനാവരണം ചെയ്യുമെന്ന്‌ കരുതുന്ന ശാസ്‌ത്രജ്ഞരുണ്ട്‌. കാരണം, തമോദ്രവ്യം നിര്‍മിക്കപ്പെട്ടിരിക്കുന്നത്‌ ന്യൂട്രോലിനോകള്‍ എന്ന സൂപ്പര്‍സിമട്രിക്‌ കണങ്ങള്‍ കൊണ്ടാണെന്ന്‌ അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല, സൂപ്പര്‍സിമട്രി തെളിയിക്കപ്പെട്ടാല്‍ ഗുരുത്വാകര്‍ഷണബലം സ്റ്റാഡേര്‍ഡ്‌ മോഡലില്‍ ഉറപ്പിക്കാനും അത്‌ സഹായിച്ചേക്കും.

രഹസ്യ ഡൈമന്‍ഷന്‍സ്‌
ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന പരീക്ഷണങ്ങളെ വലിയ പ്രതീക്ഷയോടെ കാണുന്ന മറ്റൊരു വിഭാഗം കൂടിയുണ്ട്‌. ഭൗതീകശാസ്‌ത്രത്തില്‍ ഒരു തെളിവും ഇതുവരെ ലഭിക്കാത്ത സ്‌ട്രിങ്‌തിയറിയുടെ വക്താക്കളാണവര്‍. തങ്ങളുടെ സിദ്ധാന്തത്തിന്റെ സ്ഥിരീകരണം കൊളൈഡര്‍ നല്‍കുമെന്ന്‌ അവര്‍ കരുതുന്നു. നിത്യജീവിതത്തില്‍ നമ്മള്‍ മൂന്ന്‌ ഡൈമന്‍ഷനുകളുടെ സ്വാധീനമേ നേരിട്ട്‌ അനുഭവിക്കാറുള്ളു നീളം, വീതി, പൊക്കം എന്നിവയുടെ. സ്ഥലകാലം (space-time) എന്നൊരു ഡൈമന്‍ഷന്‍കൂടി ഉണ്ടെന്ന്‌ ആല്‍ബര്‍ട്ട്‌ ഐന്‍സ്റ്റയിന്റെ ആപേക്ഷികതാസിദ്ധാന്തം നമുക്ക്‌ മനസിലാക്കിത്തരുന്നു. എന്നാല്‍, വേറെ ഏഴ്‌ ഡൈമന്‍ഷനുകള്‍ക്കൂടി ഉണ്ടെന്നാണ്‌ സ്‌ട്രിങ്‌ തിയറി പറയുന്നത്‌. ആ അധിക ഡൈമന്‍ഷനുകള്‍ എങ്ങനയോ മനുഷ്യന്‌ ഇന്ദ്രിയഗോചരമാകുന്നില്ല എന്നേയുള്ളുവത്രേ. അവയെല്ലാം നമുക്ക്‌ ചുറ്റും തന്നെയുണ്ട്‌. പക്ഷേ, അവയുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ലെന്ന്‌ സ്‌ട്രിങ്‌ തിയറി പറയുന്നു.

സ്‌ട്രിങ്‌ തിയറി അനുസരിച്ച്‌ പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്‌ കണങ്ങള്‍ കൊണ്ടല്ല, നിരന്തരം കമ്പനം ചെയ്‌തുകൊണ്ടിരിക്കുന്ന സൂക്ഷ്‌മ തന്ത്രികള്‍ കൊണ്ടാണ്‌. ആ തന്ത്രികള്‍ക്കുണ്ടാകുന്ന വ്യത്യസ്‌ത കമ്പനങ്ങളാണ്‌ പ്രപഞ്ചത്തിലെ വ്യത്യസ്‌ത സംഗതികള്‍ക്ക്‌ നിദാനം. ഒരു തന്ത്രിക്ക്‌ പ്രത്യേക രീതിയിലുണ്ടാകുന്ന കമ്പനമാണ്‌ ന്യുട്രിനോ പോലുള്ളവയായി പ്രത്യക്ഷപ്പെടുക. ഗുരുത്വാകര്‍ഷണബലം അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്നത്‌ എന്തുകൊണ്ട്‌ എന്ന ചോദ്യത്തിന്‌ സ്‌ട്രിങ്‌തിയറിയില്‍ മറുപടിയുണ്ട്‌. സ്‌പേസിലെ മറഞ്ഞിരിക്കുന്ന ഡൈമന്‍ഷനുകള്‍കൂടി ഗുരുത്വാകര്‍ഷണബലത്തെ പങ്കുവെയ്‌ക്കുന്നതുകൊണ്ടാണ്‌, നമുക്ക്‌ ആ ബലം വളരെ ദുര്‍ബലമായി അനുഭവപ്പെടുന്നത്‌. ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍, ഇതുവരെ കാണപ്പെടാത്ത ഡൈമന്‍ഷനുകള്‍ പ്രത്യക്ഷപ്പെടുമെന്നാണ്‌ പ്രതീക്ഷ. പരീക്ഷണവേളയില്‍ അകാരണമായി പെട്ടന്നൊരു കണം അപ്രത്യക്ഷമാവുകയോ, പ്രത്യക്ഷപ്പെടുകയോ ചെയ്‌താല്‍ അത്‌ രഹസ്യഡൈമന്‍ഷനുകള്‍ ഉള്ളതിന്‌ തെളിവായി കാണാം എന്നവര്‍ കരുതുന്നു.

ആറ്‌ ഡിറ്റക്ടറുകള്‍ ആറ്‌ പരീക്ഷണങ്ങള്‍
കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടെ കണികാഭൗതീകത്തില്‍ കാര്യമായ മുന്നേറ്റമൊന്നും സൃഷ്ടിക്കാന്‍ ശാസ്‌ത്രലോകത്തിന്‌ കഴിഞ്ഞിട്ടില്ല. ശരിക്കു പറഞ്ഞാല്‍ 1983-ല്‍ ഡബ്ല്യു, ഇസഡ്‌ ബോസോണുകളെ തിരിച്ചറിഞ്ഞ ശേഷം വലിയ പുരോഗതിയൊന്നും പറയാനില്ല. ആ അവസ്ഥയ്‌ക്ക്‌ ഹാഡ്രോണ്‍ കൊളൈഡര്‍ മാറ്റം വരുത്തും. പ്രോട്ടോണ്‍ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ പരസ്‌പരം കൂട്ടിയിടിപ്പിക്കുമ്പോള്‍ എന്തൊക്കെ സംഭവിക്കുമെന്ന്‌ കണ്ടെത്താന്‍ ആറ്‌ സങ്കീര്‍ണ പരീക്ഷണങ്ങള്‍ സാധ്യമാകും വിധമാണ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. അതിനായി ഇന്നുവരെ മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും ശക്തമായ ആറ്‌ കണികാഡിറ്റക്ടറുകളും ഹാഡ്രോണ്‍ കൊളൈഡറിലുണ്ട്‌. അവയില്‍ ചില ഡിറ്റക്ടറുകള്‍ ഒരേ സംഗതി തന്നെ വ്യത്യസ്‌ത രീതിയില്‍ തേടും; ഒരു തരത്തില്‍ മനസിലാക്കാന്‍ കഴിയാത്ത കാര്യം മറ്റൊരു സമീപനത്തിലൂടെ അറിയാന്‍ കഴിയും എന്നതിനാലാണിത്‌. അങ്ങേയറ്റം അസ്ഥിരമായ കണങ്ങളും ഡൈമന്‍ഷനുകളുമൊക്കെയാണ്‌ കണികാപരീക്ഷണത്തില്‍ പുറത്തുവരിക എന്നതിനാല്‍, സെക്കന്‍ഡിന്റെ വളരെ ചെറിയൊരംശത്തിനുള്ളില്‍ കാര്യങ്ങള്‍ രേഖപ്പെടുത്തിയിരിക്കണം. അതിനായി കോടിക്കണക്കിന്‌ സെന്‍സറുകള്‍ ഡിറ്റെക്ടറുകളില്‍ സജ്ജമാക്കിയിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ഡസണ്‍ നൂറു കണക്കിന്‌ സര്‍വകലാശാലകളും ആയിരക്കണക്കിന്‌ ഗവേഷകരും ഈ പരീക്ഷണങ്ങളില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

1. 'ആലിസ്‌' (ALICE -A Large Ion Collider Experiment)
മഹാവിസ്‌ഫോടനത്തിന്‌ തൊട്ടടുത്തുള്ള പ്രപഞ്ചത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ്‌ ഈ പരീക്ഷണത്തിന്റെ ഉദ്ദേശം. ലെഡ്‌ അയണ്‍ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ പരസ്‌പരം കൂട്ടിമുട്ടിച്ചാണ്‌ ഇത്‌ സാധ്യമാക്കുക. പ്രപഞ്ചാരംഭത്തില്‍ നിലനിന്നുവെന്നു കരുതുന്ന ക്വാര്‍ക്ക്‌-ഗ്ലുവോണ്‍ പ്ലാസ്‌മ ഇത്തരത്തില്‍ രൂപപ്പെടുത്താന്‍ കഴിയുമെന്നാണ്‌ കരുതുന്നത്‌. ഈ ദ്രവ്യരൂപം തണുത്ത്‌ പരിവര്‍ത്തനത്തിന്‌ വിധേയമായി എങ്ങനെ ഇന്നു കാണുന്ന ആറ്റങ്ങള്‍ക്ക്‌ രൂപംനല്‍കി എന്ന്‌ മനസിലാക്കാന്‍ കഴിയും. 28 രാജ്യങ്ങളിലെ 94 സ്ഥാപനങ്ങളില്‍നിന്നായി ആയിരത്തിലേറെ ഗവേഷകര്‍ ഈ പരീക്ഷണത്തില്‍ കൈകോര്‍ക്കുന്നു.
2. 'അറ്റ്‌ലസ്‌' (ATLAS-A Toroidal LHC ApparatuS)
46 മീറ്റര്‍ (150 അടി) നീളവും 25 മീറ്റര്‍ (82 അടി) വീതിയും 25 മീറ്റര്‍ പൊക്കവുമുള്ള ഒരു പടുകൂറ്റന്‍ ഡിറ്റക്ടറാണ്‌ അറ്റ്‌ലസ്‌ പരീക്ഷണത്തിന്‌ സജ്ജമാക്കിയിരിക്കുന്നത്‌. കണികകള്‍ കൂട്ടിയിടിക്കുമ്പോള്‍ ചിതറിത്തെറിക്കുന്നവയുടെ പാത, ഊര്‍ജനിലകള്‍, പ്രത്യേകതകള്‍ ഒക്കെ സൂക്ഷ്‌മമായി രേഖപ്പെടുത്തും. ഇതുവഴി ഹിഗ്ഗ്‌സ്‌ ബോസോണുകള്‍, അധിക ഡൈമന്‍ഷനുകള്‍, ശ്യാമദ്രവ്യത്തെ കുറിക്കുന്ന സൂപ്പര്‍സിമട്രിക്‌ കണങ്ങള്‍ തുടങ്ങിയവയുടെ സാന്നിധ്യം തിരിച്ചറിയാനാണ്‌ അറ്റ്‌ലസ്‌ ശ്രമിക്കുക. 37 രാജ്യങ്ങളിലെ 159 ഗവേഷണസ്ഥാപനങ്ങളില്‍ നിന്നായി 1700 ഗവേഷകര്‍ ഈ പരീക്ഷണത്തില്‍ അണിചേര്‍ന്നിരിക്കുന്നു.
3. സി.എം.എസ്‌ (CMS-Compact Muon Soleniod)
അറ്റ്‌ലസിന്റെ അതേ പൊതുലക്ഷ്യങ്ങളാണ്‌ സി.എം.എസ്‌.പരീക്ഷത്തിനുമുള്ളത്‌. ഹിഗ്ഗ്‌സ്‌ ബോസോണുകള്‍, അധിക ഡൈമന്‍ഷനുകള്‍, ശ്യാമദ്രവ്യകണങ്ങള്‍ ഒക്കെ തന്നെയാണ്‌ ഇതും തേടുന്നതെങ്കിലും, വ്യത്യസ്‌ത സാങ്കേതിക സമീപനമാണ്‌ സി.എം.എസ്‌. സ്വീകരിച്ചിട്ടുള്ളത്‌. അതിഭീമമായ ഒരു സോളിനോയിഡ്‌ കാന്തത്തിനുള്ളിലാണ്‌ ഈ ഡിറ്റക്ടറിനെ വെച്ചിട്ടുള്ളത്‌. അതിനാല്‍ ഇതിനുള്ളിലെ കാന്തിക മണ്ഡലം ഭൗമകാന്തികമണ്ഡത്തെക്കാള്‍ ഒരുലക്ഷം മടങ്ങ്‌ ശക്തമായിരിക്കും. ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലെ മറ്റ്‌ ഡിറ്റക്ടറുകളെല്ലാം ഭൂമിക്കടിയില്‍ വെച്ചുതന്നെയാണ്‌ നിര്‍മിച്ചതെങ്കിലും, 12,500 ടണ്‍ ഭാരമുള്ള സി.എം.എസ്സിനെ 15 ഭാഗങ്ങളായി ഭൂപ്രതലത്തില്‍ വെച്ച്‌ നിര്‍മിച്ചശേഷം ഭൂമിക്കടിയിലെത്തിച്ച്‌ കൂട്ടി യോജിപ്പിക്കുകയായിരുന്നു. 37 രാജ്യങ്ങളിലെ 155 സ്ഥാപനങ്ങളില്‍നിന്നായി 2000-ലേറെ ഗവേഷകര്‍ സി.എം.എസ്‌.പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.
4. എല്‍.എച്ച്‌.സി.ബി (LHCb-Large Hadron Collider beauty)
പ്രപഞ്ചത്തില്‍ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലുള്ള സിമട്രിയില്‍ മാറ്റം ഉണ്ടായത്‌ എന്തുകൊണ്ട്‌. ദ്രവ്യം എങ്ങനെ അല്‍പ്പം കൂടുതല്‍ വന്നു. ഈ പ്രശ്‌നത്തിന്‌ ഉത്തരം തേടുകയാണ്‌ എല്‍.എച്ച്‌.സി.ബി.പരീക്ഷണം ചെയ്യുക. അതിനായി 'ബ്യൂട്ടി കോര്‍ക്ക്‌' അഥവാ 'ബി ക്വാര്‍ക്ക്‌' എന്ന പേരിലറിയപ്പെടുന്ന കണികാവിഭാഗത്തെ കണ്ടെത്തിയാല്‍ മതിയെന്ന്‌ ഗവേഷകര്‍ കരുതുന്നു. വളരെ വളരെ അസ്ഥിരമായ ഈ കണങ്ങളെ കണ്ടെത്താന്‍ പാകത്തിലാണ്‌ ഈ ഡിറ്റക്ടര്‍ രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്‌. കണങ്ങള്‍ കൂട്ടിയിടിക്കുന്ന പോയന്റിന്‌ ചുറ്റും 20 മീറ്റര്‍ അകലം വരെ വിന്യസിച്ചിരിക്കുന്ന സബ്‌ഡിറ്റക്ടറുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം, ബ്യൂട്ടിക്വാര്‍ക്കിനെ പിടിയിലൊതുക്കാന്‍ സഹായിക്കും എന്നാണ്‌ പ്രതീക്ഷ. 13 രാജ്യങ്ങളിലെ 48 സ്ഥാപനങ്ങളില്‍ നിന്നായി 650 ഗവേഷകര്‍ ഈ പരീക്ഷണത്തില്‍ പങ്കാളികളാണ്‌.

5. 'ടോട്ടെം' (TOTEM-ToTal Elastic and diffractive cross section Measurment)
ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറിലെ രണ്ട്‌ ചെറു ഡിറ്റക്ടറുകളില്‍ ഒന്നാണ്‌ ടോട്ടം. പ്രോട്ടോണുകളുടെ വലിപ്പം കണക്കാക്കുക, ഹാഡ്രോണ്‍ കൊളൈഡറിന്റെ ലൂമിനോസിറ്റി (luminosity) അളക്കുക തുടങ്ങിയ ധര്‍മങ്ങളാണ്‌ ഈ ഡിറ്റക്ടറിനുള്ളത്‌. ഒരു കണികാആക്‌സിലറേറ്റര്‍ എത്ര കൃത്യമായ രീതിയിലാണ്‌ കണികാകൂട്ടിയിടി നടത്തുന്നത്‌ എന്നത്‌ മനസിലാക്കാന്‍ സഹായിക്കുന്നതാണ്‌ അതിന്റെ ലൂമിനോസിറ്റി. ഹാഡ്രോണ്‍ കൊളൈഡറില്‍ സി.എം.എസ്‌.ഡിറ്റക്ടറിന്‌ സമീപമാണ്‌ ടോട്ടം സ്ഥിതിചെയ്യുന്നത്‌. എട്ടു രാജ്യങ്ങളിലെ 10 സ്ഥാപനങ്ങളില്‍ നിന്നായി 50 ഗവേഷകര്‍ ഈ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നു.

6. എല്‍.എച്ച്‌.സി.എഫ്‌ (LHCf-Large Hadron Collider forward)
കോസ്‌മിക്‌ കിരണങ്ങളെ ലബോറട്ടറി സാഹചര്യത്തില്‍ പുനസൃഷ്ടിക്കുകയാണ്‌ ഈ പരീക്ഷണത്തില്‍ ചെയ്യുക. പ്രപഞ്ചത്തിന്റെ വിദൂരകോണുകളില്‍ നിന്ന്‌ ഭൂമുഖത്ത്‌ പതിവായി പതിക്കുന്ന ചാര്‍ജുള്ള കണങ്ങളാണ്‌ കോസ്‌മിക്‌ കിരണങ്ങള്‍. അവയെ ലബോറട്ടറി സാഹചര്യത്തില്‍ മനസിലാക്കുക വഴി, പ്രകൃതിയില്‍ കോസ്‌മിക്‌ കിരണങ്ങളും മറ്റ്‌ ആറ്റങ്ങളും തമ്മില്‍ നടക്കുന്ന കൂട്ടിമുട്ടലിനെക്കുറിച്ച്‌ പഠിക്കാന്‍ പുതിയ ഉപാധികള്‍ വികസിപ്പിക്കാന്‍ കഴിയും. നാലു രാജ്യങ്ങളിലെ പത്തു സ്ഥാപനങ്ങളില്‍ നിന്നായി 22 ഗവേഷകര്‍ ഈ ഉദ്യമത്തില്‍ പങ്കുചേര്‍ന്നിരിക്കുന്നു.

വേള്‍ഡ്‌ വൈഡ്‌ ഗ്രിഡ്‌
ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ നിന്ന്‌ ഒരു വര്‍ഷം 15 പെറ്റാബൈറ്റ്‌സ്‌ ഡേറ്റ (15,000,000 ഗിഗാബൈറ്റ്‌സ്‌) പുറത്തുവരുമെന്നാണ്‌ കണക്കാക്കുന്നത്‌. ഇത്രയും വിവരങ്ങള്‍ കൈകാര്യം ചെയ്യാന്‍ നിലവിലുള്ള വിവരവിനിമയ സംവിധാനങ്ങള്‍ അപര്യാപ്‌തമാണ്‌. ഇത്ര ഭീമമായ ഡേറ്റയ്‌ക്കുള്ളില്‍ നിന്ന്‌ അര്‍ഥവത്തായ സംഗതികള്‍ എങ്ങനെ തിരഞ്ഞു കണ്ടെത്തും. സൂപ്പര്‍കമ്പ്യൂട്ടര്‍ ഉപയോഗിച്ചാല്‍ പോലും ആയിരക്കണക്കിന്‌ മണിക്കൂറുകള്‍ വേണ്ടിവരും. ഈ പ്രശ്‌നത്തിന്‌ പ്രായോഗിക പരിഹാരമെന്ന നിലയ്‌ക്ക്‌ സേണ്‍ വിദഗ്‌ധര്‍ ആവിഷ്‌ക്കരിച്ച സംവിധാനമാണ്‌ 'എല്‍.എച്ച്‌.സി. കമ്പ്യൂട്ടിങ്‌ ഗ്രിഡ്‌'(എല്‍.ജി.സി). വികേന്ദ്രീകൃതരീതിയില്‍ ഡേറ്റ വിശകലനം ചെയ്യാനുള്ള മാര്‍ഗമാണിത്‌. ഇതിനായി ലോകവ്യാപകമായി ഒരു ഗ്രിഡ്‌ നെറ്റ്‌വര്‍ക്ക്‌ നിലവില്‍ വന്നുകഴിഞ്ഞു.

വിലകൂടിയ കൂറ്റന്‍ സെര്‍വറുകളും സൂപ്പര്‍കമ്പ്യൂട്ടറുകളും തേടി പോകുന്നതിന്‌ പകരം, വിലകുറഞ്ഞ കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേറുകള്‍ ഉപയോഗിച്ചാണ്‌ സേണ്‍ അതിന്റെ സെര്‍വറുകള്‍ സജ്ജമാക്കിയിരിക്കുന്നത്‌. 'മിഡ്‌വേര്‍' എന്നു പേരുള്ള ഒരു പ്രത്യേക സോഫ്‌ട്‌വേര്‍ ഉപയോഗിച്ച്‌ ഈ ഹാര്‍ഡ്‌വേര്‍ ശൃംഗലകളെ പരസ്‌പരം ബന്ധിപ്പിച്ചിരിക്കുന്നു. പ്രശസ്‌ത ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങ്‌ കമ്പനിയായ ഗൂഗിള്‍ സ്വീകരിച്ച മാര്‍ഗം സേണ്‍ അനുകരിക്കുകയാണ്‌ ചെയ്‌തത്‌. ഗ്രിഡ്‌ സംവിധാനത്തില്‍ മൂന്നു തട്ടുകളിലായാണ്‌ കമ്പ്യൂട്ടര്‍ ശൃംഗലകള്‍ ബന്ധിപ്പിച്ചിരിക്കുന്നത്‌. ആദ്യത്തേത്‌ സേണിലെ കമ്പ്യൂട്ടര്‍ ശൃംഗല തന്നെയാണ്‌. അവിടെ പ്രാഥമിക വിശകലനം നടത്തി, മറ്റു തട്ടുകളിലെ കമ്പ്യൂട്ടര്‍ ശൃംഗലകള്‍ക്ക്‌ വിവരങ്ങള്‍ പങ്കിട്ടു കൊടുക്കും.

അടുത്ത തട്ട്‌ സ്ഥിതിചെയ്യുന്നത്‌ വിവിധ രാജ്യങ്ങളിലായാണ്‌. ആ തലത്തിലുള്ള കമ്പ്യൂട്ടറുകള്‍ പ്രത്യേകം സജ്ജമാക്കിയ ലൈനുകളിലൂടെ സേണില്‍ നിന്ന്‌ നേരിട്ട്‌ ഡേറ്റ സ്വീകരിക്കും. സാധാരണ ഇന്റര്‍നെറ്റ്‌ കണക്ഷനുകളെ അപേക്ഷിച്ച്‌ വളരെ വേഗമേറിയവയാണ്‌ ഈ ഗ്രിഡ്‌ കണക്ഷനുകള്‍. സെക്കന്‍ഡില്‍ 10 ജി.ബി.ഡേറ്റ കൈമാറാന്‍ ഇവയ്‌ക്കു കഴിയും. ഈ രണ്ടാംതട്ടിലുള്ള കമ്പ്യൂട്ടറുകള്‍ വിവരങ്ങളെ കുറെക്കൂടി വിശകലനം ചെയ്‌ത ശേഷം, അവയെ വീണ്ടും വീതിച്ച്‌ താഴേതട്ടിലെ കമ്പ്യൂട്ടറുകള്‍ക്ക്‌ കൈമാറും. ഈ തലത്തിലുള്ളത്‌ മുഖ്യമായും സര്‍വകലാശാലകളും ഗവേഷണകേന്ദ്രങ്ങളുമാണ്‌. ആ സ്ഥാപനങ്ങള്‍ സ്വന്തം കമ്പ്യൂട്ടറുകളില്‍ വിശകലനം ചെയ്യുന്ന ഡേറ്റ, രണ്ടാമത്തെ തട്ടിലെ ശൃംഗലയ്‌ക്കു തന്നെ തിരികെ നല്‍കും. രണ്ടും മൂന്നും തട്ടിലെ കമ്പ്യൂട്ടറുകളെ ബന്ധിപ്പിച്ചിരിക്കുന്നത്‌ സാധാരണ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വഴിയാണ്‌.

നിലവിലുള്ള ബ്രോഡ്‌ബാന്‍ഡ്‌ ഇന്റര്‍നെറ്റ്‌ കണക്ഷനുകളെ അപേക്ഷിച്ച്‌ ആയിരക്കണക്കിന്‌ മടങ്ങ്‌ വേഗത്തില്‍ വന്‍തോതില്‍ ഡേറ്റ കൈമാറാന്‍ കഴിയുമെന്ന്‌, സേണ്‍ അതിന്റെ ഗ്രിഡ്‌ ശൃംഗല വഴി തെളിയിക്കാന്‍ പോവുകയാണ്‌. ഗ്രിഡ്‌ കമ്പ്യൂട്ടിങ്‌ എന്നത്‌ ഭാവിയുടെ ഇന്റര്‍നെറ്റ്‌ ആയിക്കൂടെന്നും കരുതുന്നവരുണ്ട്‌. ഇരുപതു വര്‍ഷം മുമ്പ്‌ സേണില്‍ തന്നെയാണ്‌ വേള്‍ഡ്‌ വൈഡ്‌ വെബ്ബിന്റെ പിറവി. ഇന്റര്‍നെറ്റിനെ സാധാരണക്കാരന്റെ മുന്നിലെത്തിച്ചത്‌ അന്ന്‌ സേണില്‍ ജോലി നോക്കുകയായിരുന്ന ടിം ബേര്‍ണസ്‌ ലീ രൂപംനല്‍കിയ വേള്‍ഡ്‌ വൈഡ്‌ വെബ്ബാണ്‌. ഭാവിഇന്റര്‍നെറ്റിനും സേണ്‍ തന്നെ വഴികാണിക്കുകയാണോ ഗ്രഡിലൂടെ. ഒരു 'വേള്‍ഡ്‌ വൈഡ്‌ ഗ്രിഡാ'കുമോ നാളെ ലോകത്തിന്റെ വിവരവിനിമയ രാജപാത. പരീക്ഷണം ഉയര്‍ത്തുന്ന ആശങ്കകള്‍
മനുഷ്യന്റെ പ്രപഞ്ചധാരണകളെ തിരുത്താന്‍ ലാര്‍ജ്‌ ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം നിമിത്തമാകുമെന്ന പ്രതീക്ഷയോടെ ശാസ്‌ത്രലോകം മുന്നോട്ടു പോകുമ്പോള്‍ തന്നെ, ഈ പരീക്ഷണത്തെ ആശങ്കയോടെ കാണുന്നവരും കുറവല്ല. മനുഷ്യന്‍ ഇന്നുവരെ കൈകാര്യം ചെയ്‌തിട്ടില്ലാത്തത്ര ഭീമമായ ഊര്‍ജനിലയില്‍ നടക്കുന്ന ഈ പരീക്ഷണവേളയില്‍ രൂപപ്പെടാവുന്ന ചെറുതമോഗര്‍ത്തങ്ങളോ, വിചിത്രദ്രവ്യരൂപങ്ങളോ ഭൂമിയ്‌ക്ക്‌ ഭീഷണി സൃഷ്ടിച്ചേക്കാം എന്ന്‌ അവര്‍ വാദിക്കുന്നു. ഇക്കാരണത്താല്‍ പരീക്ഷണം തടയണം എന്നാവശ്യപ്പെട്ട്‌ മുന്‍ആണവ സുരക്ഷാഉദ്യേഗസ്ഥനായ വാള്‍ട്ടര്‍ വേഗണറും ലൂയിസ്‌ സാഞ്ചോയും ചേര്‍ന്ന്‌ 2008 മാര്‍ച്ചില്‍ അമേരിക്കയില്‍ ഹാവായി ജില്ലാകോടതില്‍ ഹര്‍ജി സമര്‍പ്പിക്കുക പോലുമുണ്ടായി.

പ്രകാശത്തിന്‌ പോലും പുറത്തു കടക്കാന്‍ കഴിയാത്തത്ര ശക്തമായ ഗുരുത്വാകര്‍ഷണമുള്ള പ്രാപഞ്ചിക കെണികളാണ്‌ തമോഗര്‍ത്തങ്ങള്‍. സൂര്യനെക്കാള്‍ അനേകമടങ്ങ്‌ വലിയ നക്ഷത്രങ്ങളാണ്‌ അന്ത്യത്തില്‍ തമോഗര്‍ത്തങ്ങളായി മാറുക. ക്വാണ്ടംമെക്കാനിക്‌സിലെ ചില സാധ്യതകള്‍ സൂക്ഷ്‌മതമോഗര്‍ത്തങ്ങള്‍ ഉണ്ടാകാമെന്ന്‌ പ്രവചിക്കുന്നുണ്ട്‌. അതുപ്രകാരം ഹാഡ്രോണ്‍ കൊളൈഡറിലും പരീക്ഷണവേളയില്‍ സൂക്ഷ്‌മതമോഗര്‍ത്തങ്ങള്‍ രൂപപ്പെടാമെന്ന കാര്യം സേണ്‍ തന്നെ സമ്മതിക്കുന്നു. എന്നാല്‍ അവയ്‌ക്കു പ്രോട്ടോണുകളെക്കാള്‍ വളരെ ചെറിയ വലിപ്പമേ ഉണ്ടാകൂ. 'ഹോക്കിങ്‌ റേഡിയേഷന്‍' പുറത്തുവിട്ട്‌ നിമിഷാര്‍ധം കൊണ്ട്‌ അവ ബാഷ്‌പീകരിക്കപ്പെടും. പ്രശ്‌നമൊന്നുമുണ്ടാക്കില്ല എന്നാണ്‌ വിലയിരുത്തല്‍.

സ്‌ട്രെയ്‌ഞ്ച്‌ലെറ്റുകള്‍ (strangelets) എന്ന പേരിലുള്ള അപരിചിത ദ്രവ്യരൂപത്തിന്റെ ഉത്ഭവത്തിന്‌ ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണം കാരണമാകാമെന്നാണ്‌ മറ്റൊരു വാദം. ഈ ദ്രവ്യരൂപം ഉണ്ടെന്നതിന്‌ ഇതുവരെ തെളിവു ലഭിച്ചിട്ടില്ല. സൈദ്ധാന്തികതലത്തില്‍ മാത്രമാണ്‌ ഇവയുടെ നിലനില്‍പ്പ്‌. ഇവയില്‍ ചില വകഭേദങ്ങള്‍ക്ക്‌ അതിശക്തമായ ഗുരുത്വാകര്‍ഷണ മണ്ഡലമുണ്ടെന്നും, അവ മറ്റ്‌ ദ്രവ്യരൂപങ്ങളെ നിമിഷങ്ങള്‍ക്കകം സ്‌ട്രെയ്‌ഞ്ച്‌ലെറ്റുകളാക്കി മാറ്റാമെന്നും ചില സിദ്ധാന്തങ്ങള്‍ പറയുന്നു. ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണവുമായി ബന്ധപ്പെടുത്തി, സ്‌ട്രെയ്‌ഞ്ച്‌ലെറ്റുകള്‍ ഉയര്‍ത്തുന്ന ഭീഷണി വേണ്ടത്ര വിലയിരുത്തപ്പെട്ടിട്ടില്ലെന്ന്‌ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയിലെ സൈദ്ധാന്തിക ഭൗതീകശാസ്‌ത്രജ്ഞന്‍ ഡോ.ആഡ്രിയന്‍ കെന്റ്‌ 2003-ല്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, ഹാഡ്രോണ്‍ കൊളൈഡറില്‍ സ്‌ട്രെയ്‌ഞ്ച്‌ലെറ്റുകള്‍ രൂപപ്പെടാന്‍ സാധ്യത തീരെ കുറവാണെന്നാണ്‌ സേണ്‍ നിയമിച്ച സ്വതന്ത്ര സുരക്ഷാസമിതിയുടെ വിലയിരുത്തല്‍.

ഹാഡ്രോണ്‍ കൊളൈഡറില്‍ രൂപപ്പെടുമെന്ന്‌ പ്രതീക്ഷിക്കപ്പെടുന്ന മറ്റൊരു അപരിചിത കണം കാന്തികഏകധ്രുവം (magnetic monopole) ആണ്‌. ഒറ്റ കാന്തികധ്രുവം മാത്രമുള്ള ഇത്തരം കണങ്ങളുടെ സാധ്യതയെക്കുറിച്ചുള്ള സിദ്ധാന്തം മുന്നോട്ടു വെച്ചത്‌, പൊസിട്രോണ്‍ മുതലായ പ്രതികണങ്ങളെ (antiparticles)ക്കുറിച്ച്‌ പ്രവചിച്ച പി.എ.എം. ഡിറാക്‌ ആണ്‌. ഇത്തരം കാന്തികഏകധ്രുവകണങ്ങള്‍ മറ്റ്‌ ദ്രവ്യരൂപങ്ങളെ നശിപ്പിക്കുമെന്നാണ്‌ വാദം. എന്നാല്‍, സേണിലെ ഗവേഷകര്‍ ഈ വാദം തള്ളിക്കളയുന്നു. മാത്രമല്ല, അത്തരം കുറെ കണങ്ങള്‍ ഹാഡ്രോണ്‍ കൊളൈഡറില്‍ രൂപപ്പെടുമെന്ന പ്രതീക്ഷയില്‍, അതിനായി പ്രവര്‍ത്തിക്കുന്ന ശാസ്‌ത്രജ്ഞരും പുതിയ പരീക്ഷണത്തില്‍ പങ്കാളികളാകുന്നുണ്ട്‌.

ഹാഡ്രോണ്‍ കൊളൈഡറില്‍ നടക്കുന്നതു പോലുള്ള ഉന്നത ഊര്‍ജനിലയിലെ കണികാകൂട്ടിയിടികള്‍, കോസ്‌മിക്‌ കിരണങ്ങള്‍ വഴി പ്രകൃതിയില്‍ നിരന്തരം നടക്കുന്നുണ്ട്‌. അത്തരം കൂട്ടിയിടികളിലൊന്നും തമോഗര്‍ത്തങ്ങളോ, വിചിത്ര ദ്രവ്യരൂപങ്ങളോ രൂപപ്പെട്ട്‌ ഭൂമി ഇല്ലാതായിട്ടില്ല. പ്രകൃതിയില്‍ അരങ്ങേറുന്ന അത്തരം കൂട്ടിയിടികളുടെ ലബോറട്ടറി വകഭേദം മാത്രമാണ്‌ ഹാഡ്രോണ്‍ കൊളൈഡറില്‍ ഉണ്ടാകുന്നത്‌. അതിനാല്‍, തെല്ലും ആശങ്ക വേണ്ടെണ്‌ ഗവേഷകര്‍ പറയുന്നു. (അവലംബം: CERN; THE Large Hadron Collider-Nature Insight, 19 July 2007; Known and unknown unknowns-The Economist, 31 July 2008; How the Large Hadron Collider Works-Jonathan Strickland, howstuffworks.com)

Sunday, August 03, 2008

അല്‍ഷൈമേഴ്‌സ്‌ ചെറുക്കാന്‍ പുതിയ ഔഷധം

മസ്‌തിഷ്‌കം ക്ഷയിപ്പിച്ച്‌ ഓര്‍മകളെ കൊന്ന്‌ രോഗികളെ നിസ്സഹായതയിലേക്കും മരണത്തിലേക്കും തള്ളിവിടുന്ന അല്‍ഷൈമേഴ്‌സ്‌ രോഗം, ചികിത്സയില്ലാത്ത ഒന്നായി ഇനി അധികകാലം തുടരില്ലെന്ന്‌ സൂചന.

രോഗം രൂക്ഷമാകാതെ ചെറുക്കുന്ന ഒരു ഔഷധത്തിന്റെ കണ്ടെത്തലാണ്‌ ശുഭപ്രതീക്ഷയ്‌ക്കു കാരണം. ബ്രിട്ടീഷ്‌ ഗവേഷകര്‍ കണ്ടെത്തിയ ഔഷധം പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കി 2012-ഓടെ വിപണിയില്‍ എത്തുമെന്നാണ്‌ പ്രതീക്ഷ. 'റെമ്പര്‍' (Rember) എന്നറിയപ്പെടുന്ന ഔഷധമാണ്‌ സ്‌മൃതിനാശരോഗമായ അല്‍ഷൈമേഴ്‌സിനെതിരെ പുതിയ പ്രതീക്ഷയാകുന്നത്‌.

തലച്ചോറിലെ നാഡീകോശങ്ങളില്‍ പ്രത്യേകയിനം പ്രോട്ടീന്‍ കുമിഞ്ഞുകൂടുന്നത്‌ ചെറുക്കുകയാണ്‌ ഔഷധം ചെയ്യുക. ഇത്‌ പരീക്ഷിച്ച 321 രോഗികളില്‍, ഔഷധം ഉപയോഗിക്കാത്ത രോഗികളെ അപേക്ഷിച്ച്‌, മേധക്ഷയത്തിന്റെ കാര്യത്തില്‍ 81 ശതമാനം വ്യത്യാസം കണ്ടതായി ഗവേഷകര്‍ പറയുന്നു. അബര്‍ഡീന്‍ സര്‍വകലാശാലയിലെ പ്രൊഫ. ക്ലോഡ്‌ വിസ്‌ചിക്കിന്റെ നേതൃത്വത്തില്‍ നടക്കുന്ന ഗവേഷണത്തിന്റെ വിവരങ്ങള്‍, അടുത്തയിടെ അന്താരാഷ്ട്ര അല്‍ഷൈമേഴ്‌സ്‌ സമ്മേളനത്തിലാണ്‌ അവതരിപ്പിക്കപ്പെട്ടത്‌.

ഔഷധത്തിന്റെ വിവിധ ഡോസുകള്‍ നല്‍കിയായിരുന്നു പരീക്ഷണം. രോഗം പ്രാരംഭാവസ്ഥയില്‍ ഉള്ളവരെയും, കൂടുതല്‍ ഗുരുതരമാകാത്തവരെയുമാണ്‌ പഠനത്തില്‍ ഉള്‍പ്പെടുത്തിയത്‌. ഔഷധം 50 ആഴ്‌ച കഴിച്ചവരില്‍, മേധക്ഷയ (dementia)ത്തിന്റെ രൂക്ഷത കണക്കാക്കുന്ന മാനദണ്ഡത്തില്‍ ഏഴ്‌ പോയന്റിന്റെ വ്യത്യാസം കണ്ടു. പ്ലാസിബോ (ഡമ്മിഔഷധം) കഴിച്ചവരെ അപേക്ഷിച്ചായിരുന്നു ഇത്‌. ഔഷധം 19 മാസം കഴിച്ച രോഗികളില്‍ കാര്യമായ മസ്‌തിഷ്‌കക്ഷയം ഉണ്ടായില്ലെന്ന്‌ ഗവേഷകര്‍ അറിയിക്കുന്നു. മാത്രമല്ല, തലച്ചോറില്‍ ഓര്‍മശക്തി കൈകാര്യം ചെയ്യുന്ന മേഖലയിലാണ്‌ ഔഷധത്തിന്റെ ഫലം കൂടുതല്‍ പ്രകടമെന്ന്‌ ഇമേജിങ്‌ സങ്കേതങ്ങളുപയോഗിച്ച്‌ നടത്തിയ പരിശോധനകളില്‍ സൂചന ലഭിച്ചു.

നാഡീകോശങ്ങള്‍ക്കുള്ളില്‍ ഒരിനം പ്രോട്ടീന്‍ ക്രമമില്ലാതെ കുരുങ്ങിച്ചേരുന്നതിന്‌ അല്‍ഷൈമേഴ്‌സുമായി ബന്ധമുണ്ടെന്ന്‌ നൂറുവര്‍ഷം മുമ്പ്‌ രോഗം തിരിച്ചറിഞ്ഞ കാലത്തേ സൂചന ലഭിച്ചിരുന്നു. 'ടാവു'(Tau) എന്നാണ്‌ ആ പ്രോട്ടീന്റെ പേര്‌. ടാവു പ്രോട്ടീന്‍ അനാവശ്യമായി പെരുകിപ്പിണഞ്ഞ്‌, തലച്ചോറിലെ ഓര്‍മകോശങ്ങളെ നശിപ്പിച്ച്‌ മേധക്ഷയത്തിനും ക്രമേണ അല്‍ഷൈമേഴ്‌സിനും കാരണമാകുന്നതായി പില്‍ക്കാലത്ത്‌ വ്യക്തമായി. 'മീഥെയ്‌ല്‍തയോനിനിയം ക്ലോറൈഡ്‌' എന്ന്‌ രാസനാമമുള്ള റെമ്പര്‍, ടാവു പ്രോട്ടീനിനെയാണ്‌ ലക്ഷ്യം വെയ്‌ക്കുന്നത്‌. അല്‍ഷൈമേഴ്‌സ്‌ രോഗികളുടെ തലച്ചോറില്‍ 'ബീറ്റ-അമിലോയ്‌ഡുകള്‍' എന്ന വികലപ്രോട്ടീനുകള്‍ കട്ടപിടിച്ചു കൂടാറുണ്ട്‌. ഇത്രകാലവും ബീറ്റാ-അമിലോയ്‌ഡുകളെയാണ്‌ ഔഷധലക്ഷ്യങ്ങളായി ഗവേഷകലോകം കണ്ടിരുന്നത്‌. അതില്‍നിന്ന്‌ വ്യത്യസ്‌തമാണ്‌ പുതിയ ഔഷധത്തിന്റെ പ്രവര്‍ത്തനം.

ലബോറട്ടറി പരീക്ഷണങ്ങളില്‍ നീലച്ചായമായി ഉപയോഗിച്ചു വരുന്ന രാസവസ്‌തുവാണ്‌ മീഥെയ്‌ല്‍തയോനിനിയം ക്ലോറൈഡ്‌. 20 വര്‍ഷം മുമ്പ്‌ യാദൃശ്ചികമായാണ്‌ പ്രോഫ. വിസ്‌ചിക്കിന്‌ ഈ രാസവസ്‌തുവിന്റെ അല്‍ഷൈമേഴ്‌ പ്രതിരോധശേഷിയെക്കുറിച്ച്‌ സൂചന ലഭിക്കുന്നത്‌. ടെസ്‌റ്റ്‌ട്യൂബില്‍ അബദ്ധത്തില്‍ ഈ രാസവസ്‌തു ഒരു തുള്ളി വീണപ്പോള്‍, അതിലുണ്ടായിരുന്ന ടാവു പ്രോട്ടീന്‍ അപ്രത്യക്ഷമായതാണ്‌ പ്രൊഫ. വിസ്‌ചിക്കിനെ പുതിയ രീതിയില്‍ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചത്‌.

രോഗവുമായി നേരിട്ടു ബന്ധമുള്ള ടാവു പ്രോട്ടീനുകള്‍ കുമിഞ്ഞുകൂടുന്നത്‌ തടഞ്ഞ്‌, അല്‍ഷൈമേഴ്‌സ്‌ തടയാമെന്ന കാര്യം പ്രയോഗതലത്തിലെത്തുന്നത്‌ ആദ്യമായാണെന്ന്‌, പ്രൊഫ. വിസ്‌ചിക്ക്‌ പറയുന്നു.പക്ഷേ, ഇതിന്റെ ഫലങ്ങള്‍ വ്യക്തമാകാനും ഔഷധം വിപണിയിലെത്താനും കൂടുതല്‍ വ്യാപകമായ പരീക്ഷണങ്ങള്‍ ആവശ്യമാണെന്ന്‌ ഗവേഷകര്‍ ഓര്‍മിപ്പിക്കുന്നു. 2009-ല്‍ വലിയൊരു വിഭാഗം രോഗികളില്‍ ഔഷധത്തിന്റെ പരീക്ഷണ ഉപയോഗം തുടങ്ങുമെന്ന്‌ ഗവേഷകര്‍ അറിയിച്ചു. മേധക്ഷയത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഈ ഔഷധത്തിന്റെ കണ്ടുപിടിത്തം വലിയൊരു ചുവടുവെയ്‌പ്പാണെന്ന്‌, അല്‍ഷൈമേഴ്‌സ്‌ സൊസൈറ്റയിലെ ഗവേഷണവിഭാഗം മേധാവി പ്രൊഫ. ക്ലൈവ്‌ ബല്ലാഡ്‌ അഭിപ്രായപ്പെട്ടു. (അവലംബം: അബര്‍ഡീന്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി).

Saturday, August 02, 2008

ചൊവ്വയില്‍ മഞ്ഞ്‌, ടൈറ്റനില്‍ ദ്രാവകം

ചൊവ്വായില്‍ മഞ്ഞിന്റെ രൂപത്തില്‍ ജലമുണ്ട്‌ എന്നത്‌ ഇനി വെറും അഭ്യൂഹമല്ല. ചൊവ്വാപ്രതലത്തിലുള്ള 'ഫീനിക്‌സ്‌' വാഹനം, മഞ്ഞ്‌ 'രുചിച്ചുനോക്കി' അവിടുത്തെ ജലസാന്നിധ്യം സ്ഥിരീകരിച്ചിരിച്ചെന്ന്‌ നാസ. ഒപ്പം മറ്റൊരു വാര്‍ത്ത; ശനിയുടെ ഉപഗ്രഹമായ ടൈറ്റനില്‍ ദ്രാവകസാന്നിധ്യം തിരിച്ചറിയാന്‍ 'കാസിനി' പേടകത്തിന്‌ കഴിഞ്ഞിരിക്കുന്നു. സൗരയൂഥത്തില്‍ ഭൂമിയെക്കൂടാതെ ദ്രാവകസാന്നിധ്യമുണ്ടെന്നു കണ്ടെത്തുന്ന രണ്ടാമത്തെ ആകാശഗോളമാണ്‌ ടൈറ്റന്‍.

ഭൂമിയുടെ അപരന്‍
ക്രിസ്‌ത്യന്‍ ഹൈജന്‍സ്‌ എന്ന ഡച്ച്‌ ശാസ്‌ത്രജ്ഞന്‍ 1655-ല്‍ ശനിയുടെ ഉപഗ്രഹമായ 'ടൈറ്റന്‍'(Titan) കണ്ടുപിടിച്ച നാള്‍ മുതല്‍ തുടങ്ങിയതാണ്‌, ആ വിചിത്ര ചന്ദ്രനെക്കുറിച്ചുള്ള പ്രവചനങ്ങളും അഭ്യൂഹങ്ങളും. 'ഭൂമിയുടെ അപരന്‍' എന്നാണ്‌ ശനിയുടെ ഏറ്റവും വലിയ ഈ ഉപഗ്രഹം വിശേഷിപ്പിക്കപ്പെടാറ്‌. അവിടെ സമുദ്രങ്ങളും തടാകങ്ങളുമുണ്ടെന്നും, സൗരയൂഥത്തില്‍ ഭൂമി കഴിഞ്ഞാല്‍ ജീവന്‌ ഏറ്റവും അനുകൂല സാഹചര്യം ടൈറ്റനിലാണെന്നും പ്രവചിക്കപ്പെട്ടു. അവയിലൊരു പ്രവചനം ശരിയെന്നു സ്ഥിരീകരിച്ചതിന്റെ ആവേശത്തിലാണ്‌ ഇപ്പോള്‍ ഗവേഷകലോകം. ടൈറ്റനില്‍ ദ്രാവകസാന്നിധ്യം ഉണ്ടത്രേ. സൗരയൂഥത്തില്‍ ഭൂമിയെക്കൂടാതെ ദ്രാവകസാന്നിധ്യമുണ്ടെന്നു കണ്ടെത്തുന്ന രണ്ടാമത്തെ ആകാശഗോളമാണ്‌ ടൈറ്റന്‍.

2004 മുതല്‍ ശനിഗ്രഹത്തെയും അതിന്റെ ഉപഗ്രഹങ്ങളെയും ചുറ്റിസഞ്ചരിച്ച്‌ നിരീക്ഷിക്കുന്ന 'കാസിനി' പേടകത്തിന്റെ സഹായത്തോടെയാണ്‌, ടൈറ്റനിലെ ദ്രാവകസാന്നിധ്യം ഗവേഷകര്‍ സ്ഥിരീകരിച്ചത്‌. വെള്ളമല്ല അവിടെയുള്ളത്‌; ദ്രാവകരൂപത്തിലുള്ള ഹൈഡ്രോകാര്‍ബണുകളുടെയും ഈഥയ്‌നിന്റെയും തടാകങ്ങളാണ്‌. `ദ്രാവകം നിറഞ്ഞ തടാകങ്ങള്‍ ടൈറ്റന്റെ പ്രതലത്തിലുണ്ടെന്ന വസ്‌തുതയ്‌ക്കു തെളിവു ലഭിക്കുന്നത്‌ ആദ്യമാണ്‌`-കാസിനിയിലെ ദൃശ്യ മാപ്പിങ്‌ ഉപകരണം നിയന്ത്രിക്കുന്ന സംഘത്തിന്റെ തലവനും, അരിസോണ സര്‍വകലാശാലയിലെ ഗവേഷകനുമായ ബോബ്‌ ബ്രൗണ്‍ അറിയിക്കുന്നു. നാസയുടെയും യൂറോപ്യന്‍ സ്‌പേസ്‌ ഏജന്‍സിയുടെയും സംയുക്തസംരംഭമായ കാസിനി പേടകം, 350 കോടി കിലോമീറ്റര്‍ യാത്ര ചെയ്‌താണ്‌ 2004-ല്‍ ശനിയുടെ സമീപം എത്തിയത്‌.

ടൈറ്റാനു സമീപത്തുകൂടി കടന്നു പോകുമ്പോള്‍, അതിന്റെ പ്രതലത്തില്‍ ഇരുണ്ട മേഖലകള്‍ ഉള്ളതായി ഒട്ടേറെ തവണ കാസിനി നിരീക്ഷിച്ചിരുന്നു. എന്നാല്‍, ആ പാടുകള്‍ ദ്രാവകമാണോ ഖരാവസ്ഥയിലുള്ള എന്തെങ്കിലുമാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കാസിനിയിലെ ദൃശ്യമാപ്പിങ്‌ ഉപകരണത്തിന്റെ സഹായത്തോടെ, ഇന്‍ഫ്രാറെഡ്‌ കിരണങ്ങള്‍ പ്രതിഫലിപ്പിക്കുകയും ആഗിരണം ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ രീതി മനസിലാക്കിയാണ്‌, ദ്രാവകസാന്നിധ്യം സ്ഥിരീകരിക്കാന്‍ ഗവേഷകര്‍ക്ക്‌ കഴിഞ്ഞതെന്ന്‌ നാസ അറിയിപ്പില്‍ പറയുന്നു. 95 ശതമാനവും നൈട്രജന്‍ വാതകം നിറഞ്ഞതാണ്‌ ടൈറ്റന്റെ അന്തീരീക്ഷം. ബാക്കി മീഥെയ്‌നും ഈഥെയ്‌നും ഹൈഡ്രോകാര്‍ബണുകളും. ആ അന്തരീക്ഷത്തിലൂടെ ചന്ദ്രപ്രതലത്തിലെ തടാകങ്ങള്‍ നിരീക്ഷിക്കുക എളുപ്പമല്ല.

ടൈറ്റന്റെ ദക്ഷിണധ്രുവപ്രദേശത്തെ 'ഒന്റാരിയോ ലാക്കസ്‌' (Ontario Lacus) എന്ന തടാകമാണ്‌ കാസിനിയിലെ ഉപകരണം വിശദമായി പരിശോധിച്ചത്‌. 7,800 ചതുരശ്രമൈല്‍ വിസ്‌താരമുള്ള ആ തടാകത്തില്‍നിന്ന്‌ ദ്രാവക ഈഥയ്‌നിന്റെയും മറ്റും രാസമുദ്രകള്‍ വ്യക്തമായി ലഭിച്ചു. എന്നാല്‍, മഞ്ഞുകട്ടയുടെയോ അമോണിയ, അമോണിയ ഹൈഡ്രേറ്റ്‌, കാര്‍ബണ്‍ഡയോക്‌സയിഡ്‌ തുടങ്ങിയവയുടെയോ സാന്നിധ്യം കണ്ടെത്താന്‍ കഴിഞ്ഞില്ല. തടാകം ബാഷ്‌പീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്‌ നിരീക്ഷണഫലം പറയുന്നത്‌. തടാകം ഇരുണ്ടതാണെങ്കില്‍ തീരം വെണ്‍മയാര്‍ന്നതാണെന്നും ഗവേഷകര്‍ മനസിലാക്കി.

ചൊവ്വയിലെ മഞ്ഞുമാന്തല്‍
മണ്ണുമാന്തിയ 'ഫീനിക്‌സ്‌' മഞ്ഞു കണ്ടെടുത്തു. ചൊവ്വയില്‍ ഈ സംഭവം നടന്നിട്ട്‌ കുറെ നാളായി (ഇതു കാണുക). എന്നാല്‍, ഇപ്പോള്‍ സംഭവിച്ചത്‌ കുറെക്കൂടി താത്‌പര്യജനകമായ സംഗതിയാണ്‌. മാന്തിയെടുത്ത സാധനം 'രുചിച്ചു'നോക്കി അത്‌ മഞ്ഞ്‌ തന്നെയെന്ന്‌ സ്ഥിരീകരിച്ചിരിക്കുന്നു ആ റോബോട്ടിക്‌ വാഹനം. ചൊവ്വയില്‍ മഞ്ഞുണ്ടേ, മഞ്ഞുണ്ടേ എന്നു ഇത്രകാലവും പറഞ്ഞതിന്‌ ഗവേഷകലോകത്തിന്റെ പക്കല്‍ നേരിട്ടുള്ള തെളിവൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറിയതായി നാസ പറയുന്നു. ചൊവ്വയില്‍ മഞ്ഞുകട്ടയുടെ രൂപത്തില്‍ വെള്ളത്തിന്റെ സാന്നിധ്യം ഇതോടെ സ്ഥിരീകരിക്കപ്പെട്ടിരിക്കുകയാണത്രേ.

ചൊവ്വാപ്രതലത്തില്‍ നിന്ന്‌ യന്ത്രക്കരം കൊണ്ട്‌ മാന്തിയെടുത്ത മണ്ണ്‌, ഫീനിക്‌സ്‌ അതിന്റെ പരീക്ഷണശാലയില്‍ ചൂടാക്കിയപ്പോള്‍ അതില്‍നിന്ന്‌ നീരാവി പൊങ്ങി. അങ്ങനെയാണ്‌ ചൊവ്വയിലെ വെള്ളം ഫീനിക്‌സ്‌ 'രുചിച്ചത്‌'. ചൊവ്വയിലെ ജലസാന്നിധ്യം സ്ഥിരീകരിച്ച ദിവസമായി 2008 ആഗസ്‌ത്‌ ഒന്ന്‌ അങ്ങനെ ചരിത്രത്തില്‍ ഇടംനേടിയേക്കും. എത്രയോ കാലമായി മനുഷ്യന്‍ നടത്തുന്ന ശ്രമങ്ങളാണ്‌ ഈ രൂപത്തില്‍ വിജയത്തില്‍ എത്തിയിരിക്കുന്നത്‌. അവസാനം ചൊവ്വയിലെ മഞ്ഞില്‍ തൊടാനും അത്‌ രുചിച്ചു നോക്കാനും നമുക്ക്‌ കഴിഞ്ഞിരിക്കുന്നു-ട്യൂക്‌സണില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍, അരിസോണ സര്‍വകലാശാലയിലെ വില്യം ബോയിന്‍ടണ്‍ പറഞ്ഞു.

2008 മെയ്‌ 25-ന്‌ ചെവ്വയുടെ ഉത്തരധ്രുവ മേഖലയില്‍ ഇറങ്ങിയ ഫീനിക്‌സ്‌ വാഹനം, മൂന്നു മാസം നീണ്ട ശ്രമത്തിലാണ്‌ ജീവന്റെ അടിസ്ഥാനഘടകങ്ങളിലൊന്നായ ജലം അവിടെയുണ്ടെന്ന്‌ സ്ഥിരീകരിച്ചത്‌. ഇത്രകാലവും ഇതുസംബന്ധിച്ച്‌ ലഭിച്ചതെല്ലാം പരോക്ഷ തെളിവുകളായിരുന്നു. ആ സ്ഥിതി ഇപ്പോള്‍ മാറിയിരിക്കുന്നു. ഫീനിക്‌സിലെ ലബോറട്ടറിയില്‍ എട്ട്‌ പരീക്ഷണപാത്രങ്ങളുണ്ട്‌. അവയില്‍ മഞ്ഞടങ്ങിയ മണ്ണിടാന്‍ രണ്ട്‌ തവണ ശ്രമിച്ച്‌ പരാജയപ്പെട്ടപ്പോള്‍, വെറും മണ്ണിട്ട്‌ പരീക്ഷണം നടത്തുകയായിരുന്നു. അത്ഭുതകരമെന്നു പറയട്ടെ, ആ മണ്ണിലും ചെറിയൊരളവ്‌ മഞ്ഞുണ്ടായിരുന്നു. അതാണ്‌ നീരാവിയായി പൊങ്ങിയത്‌. ചൊവ്വായില്‍ ഓര്‍ഗാനിക്‌ രാസസംയുക്തങ്ങളുണ്ടോ എന്നും ഫീനിക്‌സ്‌ അന്വേഷിക്കുന്നുണ്ട്‌. പുതിയ വിജയത്തിന്റെ വെളിച്ചത്തില്‍ ഫീനിക്‌സ്‌ ദൗത്യം അഞ്ചാഴ്‌ച കൂടി നീട്ടുന്നതായി നാസ പ്രഖ്യാപിച്ചു. (കടപ്പാട്‌: നാസ, അസോസിയേറ്റഡ്‌ പ്രസ്സ്‌).

Friday, August 01, 2008

കേരളത്തിന്‌ 'ഇമേജ്‌'നല്‍കുന്നത്‌

ഇന്ത്യയിലെ ഏറ്റവും വലിയ ആസ്‌പത്രിമാലിന്യ സംസ്‌കരണ പ്ലാന്റായ 'ഇമേജി'നെക്കുറിച്ചും, ആരോഗ്യപാലനത്തില്‍ കേരളം പോലൊരു സംസ്ഥാനത്ത്‌ അതെങ്ങനെ മാതൃകയാവുന്നു എന്നതിനെക്കുറിച്ചും.
ലുവായ്‌ക്കടുത്ത്‌ കീഴ്‌മാട്‌ പഞ്ചായത്തിലെ എടയപ്പുറത്ത്‌ ആളൊഴിഞ്ഞ കെട്ടിടം എടപ്പള്ളി സ്വദേശിയായ ഒരാള്‍ നാലുമാസം മുമ്പ്‌ വാടകയ്‌ക്കെടുത്തത്‌ കരകൗശലവസ്‌തുക്കള്‍ നിര്‍മിക്കാനെന്നു പറഞ്ഞാണ്‌. വാഹനങ്ങളില്‍ അവിടെ സാധനങ്ങള്‍ കൊണ്ടിറക്കുന്നതും കയറ്റുന്നതുമൊന്നും ആദ്യം ആരും കാര്യമായി ശ്രദ്ധിച്ചില്ല. പിന്നീട്‌ നാട്ടുകാരായ ചില സ്‌ത്രീകള്‍ക്ക്‌ അവിടെ ജോലി നല്‍കി. ആ സ്‌ത്രീകള്‍ വഴിയാണ്‌ അത്ര പന്തയല്ലാത്ത കാര്യങ്ങളാണെന്ന്‌ നടക്കുന്നതെന്ന സൂചന കിട്ടിയത്‌. കഴിഞ്ഞ മെയ്‌ ആറിന്‌ പോലീസ്‌ ആ വീട്‌ റെയ്‌ഡ്‌ ചെയ്‌തു. അത്യന്തം അപകടകാരിയായ 50 ടണ്‍ ആസ്‌പത്രിമാലിന്യം അവിടെ ശേഖരിച്ചിട്ടുള്ളതായി കണ്ടെത്തി. ഉപയോഗിച്ച സിറിഞ്ചുകള്‍, ബ്ലഡ്‌ബാഗുകള്‍, കത്തീറ്ററുകള്‍, മൂത്രബാഗുകള്‍, ഡയാലിസിസ്‌ കിറ്റുകള്‍ ഒക്കെ ഉള്‍പ്പെട്ട ആസ്‌പത്രിമാലിന്യം.

എറണാകുളത്തെ ചില ആസ്‌പത്രികളില്‍നിന്ന്‌ തനിക്ക്‌ വിറ്റതാണ്‌ ആ മാലിന്യമെന്ന്‌ പിടിയിലായ ആള്‍ പോലീസിനോട്‌ സമ്മതിച്ചു. അതു മുഴുവന്‍ കഴുകി വൃത്തിയാക്കി കോയമ്പത്തൂരിന്‌ സംസ്‌ക്കരിക്കാന്‍ കൊണ്ടുപോവുകയാണെന്നും അയാള്‍ പറഞ്ഞു. അണുമുക്തമാക്കാത്ത ആ സിറിഞ്ചുകളും ബ്ലഡ്‌ബാഗുകളുമൊക്കെ പുതിയ പാക്കറ്റുകളിലാക്കി വീണ്ടും ഇവിടെ തന്നെ തിരിച്ചെത്തും, മെഡിക്കല്‍സ്റ്റോറുകള്‍ വഴി. കേന്ദ്രബയോമെഡിക്കല്‍ മാലിന്യനിര്‍മാര്‍ജനച്ചട്ടം അനുസരിച്ച്‌ കഠിനമായ നിയമലംഘനമാണിത്‌. ആതുരസേവനമെന്നത്‌ വെറും ലാഭക്കച്ചവടമായി മാത്രം കാണുന്ന ചില ആസ്‌പത്രികളാണ്‌ ഇതില്‍ മുഖ്യപ്രതി. രാഷ്ട്രീയസ്വാധീനമുപയോഗിച്ച്‌ വെറും മാലിന്യം ശേഖരിച്ചു എന്നു മാത്രമാക്കി ആലുവായിലെ കേസ്‌ ഒതുക്കി. ആസ്‌പത്രിമാലിന്യം എന്നകാര്യം പോലീസ്‌ കേസില്‍നിന്ന്‌ ഒഴിവാക്കി. അതുള്‍പ്പെടുത്തിയാല്‍ മാലിന്യം നല്‍കിയ ആസ്‌പത്രികളും കുടുങ്ങും.

ഇനി വേറൊരു ഉദാഹരണം. പാലക്കാട്‌ ജില്ലയിലെ വടക്കഞ്ചേരിയില്‍ കഴിഞ്ഞ ഏപ്രില്‍ 28 പുലര്‍ന്നപ്പോള്‍ നാട്ടുകാര്‍ കണ്ടത്‌ അത്യന്തം അറപ്പുളവാക്കുന്ന ഒരു ദൃശ്യമാണ്‌. പന്തലാംപാടം മുതല്‍ തേനിടുക്ക്‌ വരെയുള്ള ഏഴുകിലോമീറ്റര്‍ ദൂരത്ത്‌ റോഡിന്റെ വശങ്ങളില്‍, മാംസാവശിഷ്ടങ്ങളും മുറിവുകെട്ടിയ പഞ്ഞിയും പ്ലാസ്റ്ററുകളും ഉള്‍പ്പടെയുള്ള ദുര്‍ഗന്ധം പരത്തുന്ന ആസ്‌പത്രിമാലിന്യം വിതറിയിരിക്കുന്നു! എറണാകുളം ഭാഗത്തുള്ള ചില ആസ്‌പത്രികളില്‍നിന്ന്‌ പുലര്‍ച്ചെ ആളൊഴിഞ്ഞ സമയത്ത്‌ വണ്ടിയില്‍ കൊണ്ടിട്ടതാണ്‌ അതെന്ന്‌ നാട്ടുകാര്‍ സംശയിക്കുന്നു. ഏതായാലും ആര്‍ക്കെതിരെയും ഇതുവരെയും നടപടിയൊന്നും ഉണ്ടായില്ല. കേരളത്തിലെ ആസ്‌പത്രിമാലിന്യ സംസ്‌ക്കരണത്തിന്റെ വികൃതമുഖമാണ്‌ മേല്‍പ്പറഞ്ഞ രണ്ട്‌ സംഭവങ്ങളും അനാവരണം ചെയ്യുന്നത്‌.

ഒറ്റപ്പെട്ട ഇത്തരം സംഭവങ്ങള്‍ വേഗം വാര്‍ത്താപ്രാധാന്യം നേടും അത്‌ സ്വാഭാവികം മാത്രം. ഇത്തരം പ്രവണതകള്‍ അനുവദിച്ചുകൂട തന്നെ. പക്ഷേ, ഇതിനൊരു മറുവശമുണ്ട്‌, അധികമാരും ശ്രദ്ധിച്ചിട്ടില്ലാത്ത ഒന്ന്‌. ഇന്ത്യയിലാകെയുള്ള ആരോഗ്യസ്ഥാപനങ്ങളില്‍ 26 ശതമാനം സ്ഥിതിചെയ്യുന്ന കേരളത്തില്‍, ബയോമെഡിക്കല്‍ മാലിന്യവുമായി ബന്ധപ്പെട്ട്‌ ഇത്തരം ഒറ്റപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ പോരാ എന്നതാണത്‌. പ്രത്യേകിച്ചും പൊതുമാലിന്യം സംസ്‌ക്കരിക്കുന്ന കാര്യത്തില്‍ കേരളത്തിന്റെ പരിതാപകരമായ അവസ്ഥയുമായി തട്ടിച്ചുനോക്കിയാല്‍. നഗരമാലിന്യപ്രശ്‌നത്തില്‍ കേരളത്തില്‍ എത്ര സ്ഥലത്താണ്‌ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തുള്ളത്‌. എത്ര കോടതി വിധികളാണ്‌ നഗരസഭകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും എതിരെ ഉണ്ടാകുന്നത്‌. ആസ്‌പത്രിമാലിന്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ട്‌ അത്തരം സംഭവങ്ങള്‍ കേരളത്തില്‍ വിരളമായിരിക്കുന്നു; ഇത്രയേറെ ആസ്‌പത്രികളും ലബോറട്ടറികളും ഉണ്ടായിട്ടും.

അതിന്‌ ഉത്തരം തേടിപ്പോയാല്‍ ചെന്നെത്തുക ഒരുപക്ഷേ, പാലക്കാട്‌ ജില്ലയിലെ കഞ്ചിക്കോടിനടുത്ത്‌ പുതുശ്ശേരി വില്ലേജിലെ മാന്‍തുരുത്തിയില്‍ പ്രവര്‍ത്തിക്കുന്ന 'ഇമേജ്‌'(IMAGE) എന്ന സംസ്‌ക്കരണപ്ലാന്റിലാകും. കേരളത്തിലുണ്ടാകുന്ന അപകടകാരിയായ ആസ്‌പത്രി മാലിന്യത്തില്‍ മൂന്നിലൊന്ന്‌ സംസ്‌ക്കരിക്കുന്നത്‌ ഇവിടെയാണ്‌. സംസ്ഥാനത്തെ 14 ജില്ലകളില്‍ ആസ്‌പത്രികളിലും ലബോറട്ടറികളിലും നിന്ന്‌ ദിവസവും നേരിട്ടു ശേഖരിച്ച്‌ മാലിന്യം ഇവിടെ സുരക്ഷിതമായി എത്തിച്ച്‌ സംസ്‌ക്കരിക്കുന്നു. ദിനംപ്രതി ആറരടണ്‍ മാലിന്യം സംസ്‌ക്കരിക്കുന്ന ഇമേജ്‌, ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ ആസ്‌പത്രിമാലിന്യ സംസ്‌ക്കരണപ്ലാന്റാണ്‌. അധികമാരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ മാന്‍തുരുത്തിയുടെ വിജനപ്രദേശത്ത്‌ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനം, കേരളത്തെ അപകടകാരിയായ ആസ്‌പത്രിമാലിന്യത്തില്‍നിന്ന്‌ രക്ഷിക്കുന്നതില്‍ മുഖ്യപങ്കാണ്‌ വഹിക്കുന്നത്‌.(ആലുവായില്‍നിന്ന്‌ പിടിച്ചെടുത്ത ആസ്‌പത്രിമാലിന്യവും ഇമേജിലാണ്‌ സംസ്‌ക്കരിച്ചത്‌).

കേരളത്തിലെ ആസ്‌പത്രിമാലിന്യപ്രശ്‌നത്തിന്‌ സ്ഥായിയായ പരിഹാരം കാണാനുള്ള ശ്രമത്തിന്റെ ഭാഗമായി, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ.എം.എ) കേരളഘടകം ആരംഭിച്ചതാണ്‌ ഇമേജ്‌. ('ഐ.എം.എ.ഗോസ്‌ ഇക്കോഫ്രണ്ട്‌ലി' എന്നതിന്റെ ചുക്കെഴുത്താണ്‌ ഇമേജ്‌). മാന്‍തുരുത്തിയില്‍ ഐ.എം.എ.യുടെ വകയായുള്ള 23 ഏക്കര്‍ സ്ഥലത്ത്‌ പ്രവര്‍ത്തിക്കുന്ന സംസ്‌ക്കരണപ്ലാന്റില്‍, 5700 ചതുരശ്രഅടി വരുന്ന മുഖ്യകെട്ടിടം, മാലിന്യവുമായെത്തുന്ന ട്രക്കുകള്‍ കഴുകി അണുമുക്തമാക്കാനുപയോഗിക്കുന്ന 2000 ചതുരശ്രഅടി സിമന്റ്‌തറ, വെള്ളം ശുദ്ധീകരിച്ച്‌ പുനരുപയോഗിക്കാനുള്ള ജലസംസ്‌ക്കരണപ്ലാന്റ്‌, ഇന്‍സിനറേറ്ററുമായി ബന്ധിപ്പിക്കപ്പെട്ട 30 മീറ്റര്‍ ഉയരമുള്ള പുകക്കുഴല്‍, മാലിന്യങ്ങള്‍ ഭസ്‌മീകരിക്കുമ്പോള്‍ ലഭിക്കുന്ന ചാരം മറവുചെയ്യുന്ന ലാന്‍ഡ്‌ഫില്‍ പ്രദേശം ഒക്കെ ഉള്‍പ്പെടുന്നു. ഹൈദരാബാദ്‌, ചെന്നെ തുടങ്ങിയ നഗരങ്ങളില്‍ വര്‍ഷങ്ങളായി ആസ്‌പത്രിമാലിന്യസംസ്‌കരണപ്ലാന്റ്‌ നടത്തി അനുഭവസമ്പത്തുള്ള 'ജി.ജെ.മള്‍ട്ടിവേവ്‌ (ഇന്ത്യ) പ്രൈവറ്റ്‌ ലിമിറ്റഡി'നെയാണ്‌ ഇമേജിന്റെ നടത്തിപ്പ്‌ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്‌.

കേരളത്തിലെ ആസ്‌പത്രികളില്‍ കിടക്കയൊന്നിന്‌ 1.3 മുതല്‍ രണ്ട്‌ കിലോഗ്രാംവരെ ഖരമാലിന്യവും 450 ലിറ്റര്‍ ദ്രവമാലിന്യവും ദിനംപ്രതി ഉണ്ടാകുന്നു എന്നാണ്‌ കണക്ക്‌. ആസ്‌പത്രികളില്‍നിന്നുള്ളത്‌ മുഴുവനും അപകടകാരിയായ മാലിന്യമല്ല. അതില്‍ 85 ശതമാനം സാധാരണ നഗരമാലിന്യത്തോടൊപ്പം സംസ്‌ക്കരിക്കാം. ചികിത്സയുടെയും പരിശോധനകളുടെയും ശസ്‌ത്രക്രിയകളുടെയും ഭാഗമായുണ്ടാകുന്ന അണുബാധയുള്ള അപകടകാരിയായ മാലിന്യം പത്തുശതമാനമേ വരൂ, അഞ്ചു ശതമാനം വിഷമാലിന്യവും. അണുബാധയുള്ള മാലിന്യങ്ങളും ശരീരഭാഗങ്ങളും ഒരു കാരണവശാലും മറ്റ്‌ മാലിന്യവുമായി കൂടിക്കലരാന്‍ പാടില്ല. അത്‌ അത്യുന്നത ഊഷ്‌മാവില്‍ എരിച്ചുകളയുകയാണ്‌ (ഇന്‍സിനറേറ്റ്‌ ചെയ്യുക) ചെയ്യേണ്ടത്‌. ഉപയോഗിച്ച സൂചികളും സിറിഞ്ചുകളുമൊക്കെ ഒരു കാരണവശാലും പുനരുപയോഗം നടത്താന്‍ ഇടയാകരുത്‌. അണുമുക്തമാക്കിയ ശേഷം അവ കഷണങ്ങളാക്കി മാറ്റണം.

വെളുത്തപുക ശുഭസൂചകം
ആസ്‌പത്രിമാലിന്യം ശാസ്‌ത്രീയമായി സംസ്‌ക്കരിക്കുന്നില്ലെങ്കില്‍ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ അത്‌ വഴിവെക്കും. എച്ച്‌.ഐ.വി, ഹെപ്പറ്റിറ്റിസ്‌ ബി, സി തുടങ്ങിയ മാരകരോഗങ്ങള്‍ പടരാനും, പ്രതിരോധശേഷി കൂടിയ രോഗാണുക്കള്‍ പ്രത്യക്ഷപ്പെടാനുമൊക്കെ അതിടയാക്കും. ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്‌.ഒ) നടത്തിയിട്ടുള്ള പഠനം വെളിവാക്കുന്നത്‌, ലോകത്ത്‌ പ്രതിദിനം 50,000 പേര്‍ പകര്‍ച്ചവ്യാധികളാല്‍ മരിക്കുന്നുവെന്നാണ്‌. അതിന്‌ ഒരു കാരണം മാലിന്യനിര്‍മാര്‍ജനം ശരിയായി നടക്കാത്തതാണ്‌. ഈ പശ്ചാത്തലത്തിലാണ്‌ ആസ്‌പത്രിമാലിന്യ സംസ്‌ക്കരണത്തിന്‌ 1998-ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ്‌ നിയമം പാസാക്കിയത്‌ (Biomedical Waste (Management and Handling)Rules,1998).

ഓരോ ആസ്‌പത്രിയും അവിടെയുണ്ടാകുന്ന മാലിന്യം ശാസ്‌ത്രീയമായും സുരക്ഷിതമായും നിര്‍മാര്‍ജനം ചെയ്യണമെന്ന്‌ ഈ നിയമം അനുശാസിക്കുന്നു. അതിനുള്ള സംവിധാനവും സജ്ജീകരണങ്ങളും അതാത്‌ ആസ്‌പത്രികള്‍ തന്നെ ഒരുക്കണം. അതിന്‌ കഴിയുന്നില്ലെങ്കില്‍, കേന്ദ്രീകൃതപ്ലാന്റ്‌ സ്ഥാപിച്ച്‌ ഒരു പ്രദേശത്തെ ആസ്‌പത്രിമാലിന്യങ്ങള്‍ അവിടെ സംസ്‌കരിക്കണം. ആസ്‌പത്രിമാലിന്യം സംസ്‌ക്കരിക്കാനുള്ള പ്ലാന്റ്‌ ജനനിബിഡമായ പ്രദേശത്ത്‌ പാടില്ല എന്നതാണ്‌ കേന്ദ്രനിയമത്തിലെ മറ്റൊരു നിബന്ധന. സംസ്‌ക്കരണത്തിന്റെ ഭാഗമായുണ്ടാകുന്നത്‌ വെളുത്ത പുകയായിരിക്കണം. സംസ്‌ക്കരണത്തിന്റെ അവസാനഘട്ടത്തില്‍ രോഗാണുക്കളോ, മണ്ണ്‌,വായു,വെള്ളം മുതലായവ മലിനമാക്കുന്നതോ പരിസ്ഥിതിക്കു യോജിക്കാത്തതോ ആയ യാതൊരു വസ്‌തുവും അവശേഷിക്കരുത്‌. മാത്രമല്ല, ഈ പ്ലാന്റുകള്‍ ഏതുസമയത്തും പരിശോധിക്കാനും നിയമം തെറ്റിച്ചുവെന്നു കണ്ടാല്‍ അതിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാനും സര്‍ക്കാരിനും ബന്ധപ്പെട്ട വകുപ്പിനും അവകാശമുണ്ടായിരിക്കും.

കേന്ദ്രനിയമത്തിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ ആസ്‌പത്രിമാലിന്യസംസ്‌കരണം ഏറ്റെടുക്കാന്‍ ഐ.എം.എ.തയ്യാറാകണമെന്ന്‌ ആവശ്യപ്പെട്ടത്‌ അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ.ആന്റണിയാണ്‌. കേരളത്തില്‍ നാലിടത്ത്‌ പ്ലാന്റുകള്‍ സ്ഥാപിക്കാനായിരുന്നു ഐ.എം.എ. ആദ്യം പദ്ധതിയിട്ടത്‌. കൊല്ലത്ത്‌ പാരിപ്പള്ളിയിലും കണ്ണൂരില്‍ തളിപ്പറമ്പിലുമൊക്കെ സ്ഥലം നോക്കിയെങ്കിലും ജനങ്ങളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്‌ പിന്‍വാങ്ങേണ്ടിവന്നു. ഒടുവില്‍ പാലക്കാട്ടേത്‌ മാത്രമാണ്‌ യാഥാര്‍ഥ്യമായത്‌. കേരളത്തിലെ മുഴവന്‍ ആസ്‌പത്രിമാലിന്യവും റോഡു മാര്‍ഗം പാലക്കാട്ട്‌ എത്തിക്കണം എന്നത്‌ വന്‍ചെലവാണുണ്ടാക്കുന്നത്‌. അതിനാല്‍, തെക്കന്‍ കേരളത്തില്‍ പുതിയൊരു പ്ലാന്റ്‌ സ്ഥാപിക്കാനുള്ള തിരക്കിട്ട നീക്കത്തിലാണ്‌ ഐ.എം.എ.

ബാഗുകള്‍ കഥപറയുന്നു
ആസ്‌പത്രിമാലിന്യസംസ്‌ക്കരണത്തിന്‌ സംസ്ഥാനത്ത്‌ ശ്രദ്ധേയമായ ഒരു മാതൃക സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ ഇമേജിന്റെ പ്രസക്തി. മാലിന്യശേഖരണം മുതല്‍ സംസ്‌ക്കരണം വരെയുള്ള ഘട്ടത്തില്‍ അത്‌ പ്രകടമാണ്‌. ബയോമെഡിക്കല്‍ മാലിന്യത്തിന്റെ നിര്‍മാര്‍ജനത്തില്‍ മുഖ്യമായും അഞ്ചു ഘട്ടങ്ങളുണ്ട്‌; തരംതിരിക്കല്‍, ശേഖരണം, നീക്കംചെയ്യല്‍, സംസ്‌ക്കരണം, നിര്‍മാര്‍ജനം. ഇതില്‍ ആദ്യഘട്ടമായ തരംതിരിക്കല്‍ ആസ്‌പത്രികളിലാണ്‌ നടക്കുന്നത്‌. ആസ്‌പത്രിജീവനക്കാരാണ്‌ അത്‌ ചെയ്യേണ്ടത്‌. അതിനുള്ള പരിശീലനവും ഇമേജ്‌ നല്‍കുന്നു. മാലിന്യങ്ങളെ തരംതിരിച്ച്‌ പ്രത്യേകം കവറുകളിലോ ടിന്നുകളിലോ വേണം സൂക്ഷിക്കാന്‍. ഇതിനായി ഒരു മഞ്ഞബാഗും, ഒരു ചുവന്ന ബാഗും, രണ്ട്‌ പ്ലാസ്റ്റിക്‌ ടിന്നുകളും ഉണ്ടാകും.

ശസ്‌ത്രക്രിയാവേളയില്‍ നീക്കംചെയ്യുന്ന ശരീരഭാഗങ്ങള്‍, പ്രസവവേളയില്‍ നീക്കംചെയ്യുന്ന മറുപിള്ള (പ്ലാസന്റ), മുറിവുകെട്ടാനുപയോഗിച്ച ബാന്‍ഡേജുകള്‍, തുണി, രക്തവും പഴുപ്പും പറ്റിയ പഞ്ഞി, ഒടിവ്‌ ചികിത്സയ്‌ക്കുപയോഗിച്ച പ്ലാസ്റ്റര്‍ ഓഫ്‌ പാരീസ്‌, ലാബ്‌ പരിശോധനകളുടെ അവശിഷ്ടങ്ങള്‍, മെഡിക്കല്‍ പരീക്ഷണങ്ങളുടെ ഭാഗമായുള്ള മാലിന്യങ്ങള്‍ തുടങ്ങിയവ മഞ്ഞബാഗിലാണ്‌ സൂക്ഷിക്കുക. ഇവ ഏതാണ്ട്‌ 850 ഡിഗ്രിസെല്‍സിയസ്‌ ഊഷ്‌മാവിന്‌ മേല്‍ എരിച്ചുകളയേണ്ട (ഇന്‍സിനറേറ്റ്‌ ചെയ്യേണ്ട) മാലിന്യങ്ങളാണ്‌. കത്തിക്കാന്‍ പാടില്ലാത്ത പ്ലാസ്റ്റിക്ക്‌ മാലിന്യങ്ങള്‍-ഉപയോഗിച്ച സിറിഞ്ച്‌, ട്രിപ്പ്‌ ഇടാനുപയോഗിച്ച ട്യൂബുകള്‍, മൂത്രബാഗുകള്‍, ഡയാലിസിസ്‌ കിറ്റ്‌, കത്തീറ്ററുകള്‍, രക്തബാഗുകള്‍ തുടങ്ങിയവ-ചുവപ്പുബാഗില്‍ സൂക്ഷിക്കുന്നു. മൂര്‍ച്ചയുള്ള അവശിഷ്ടങ്ങള്‍ കുത്തിവെക്കാനുപയോഗിച്ച സൂചി മുതലായവ അണുനാശകലായനി ഒഴിച്ച രണ്ട്‌ ടിന്നുകളിലായാണ്‌ സൂക്ഷിക്കുക-ലോഹാവശിഷ്ടങ്ങള്‍ ഒന്നിലും ഗ്ലാസ്‌കൊണ്ടുള്ളവ മറ്റൊന്നിലും.

ഇമേജിന്റെ പ്രത്യേക സജ്ജീകരണമുള്ള 18 വാഹനങ്ങളില്‍ ഏതെങ്കിലും ഒരെണ്ണം ഓരോ ആസ്‌പത്രിയിലും ദിവസവും നേരിട്ടെത്തി മാലിന്യം ശേഖരിച്ച്‌, കേരളത്തിലെ അഞ്ച്‌ കേന്ദ്രങ്ങളില്‍ കൊണ്ടുവന്നിട്ട്‌, അവിടെനിന്ന്‌ അത്‌ ഇമേജിലെത്തിച്ച്‌ 48 മണിക്കൂറിനകം സംസ്‌ക്കരിക്കുന്നു. കേരളത്തില്‍ ദിനംപ്രതി 22 ടണ്‍ ആസ്‌പത്രി മാലിന്യം ഉണ്ടാകുന്നു എന്നാണ്‌ കണക്ക്‌. അതില്‍ ആറര ടണ്ണാണ്‌ ഇമേജില്‍ സംസ്‌ക്കരിക്കുന്നത്‌. സംസ്ഥാനത്ത്‌ ആകെയുണ്ടാകുന്ന ആസ്‌പത്രിമാലിന്യത്തില്‍ ഏതാണ്ട്‌ മൂന്നിലൊന്ന്‌ ഇമേജാണ്‌ കൈകാര്യം ചെയ്യുന്നതെന്ന്‌ സാരം. വന്‍കിട ആസ്‌പത്രികളും ചില മെഡിക്കല്‍ കോളേജുകളും സ്വന്തമായി ഇന്‍സിനറേറ്റര്‍ വെച്ച്‌ മാലിന്യസംസ്‌ക്കരണം നടത്തുന്നുണ്ട്‌. കുറെ മാലിന്യം 'ആലുവാമോഡലി'ല്‍ പോകുന്നുണ്ടെന്ന്‌ വ്യക്തമാണ്‌.

2003 ഡിസംബര്‍ 14-ന്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ട ഇമേജിന്റെ പ്രവര്‍ത്തനം ആരംഭിച്ചത്‌ 2004 ജനവരിയിലാണ്‌. രണ്ടുകോടി രൂപ ഇമേജിന്‌ മുടക്കുമുതല്‍ വേണ്ടിവന്നു. ഇമേജില്‍ അഫിലിയേറ്റ്‌ ചെയ്‌ത ആസ്‌പത്രികള്‍ നല്‍കിയ സംഖ്യയായിരുന്നു പ്രവര്‍ത്തന മൂലധനം. അഫിലിയേഷന്‌ സ്വകാര്യ ആസ്‌പത്രികള്‍ കിടക്കയൊന്നിന്‌ ആയിരംരൂപാ വീതം നല്‍കണം. നൂറു കിടക്കയുള്ള ആസ്‌പത്രിക്ക്‌ ഒരുലക്ഷം രൂപാ അഫിലിയേഷന്‍ ഫീസ്‌ ആകും. മാലിന്യം നീക്കംചെയ്യാന്‍ കിടക്കയൊന്നിന്‌ ദിവസം 3.5 രൂപാ വീതമാണ്‌ നല്‍കേണ്ടത്‌. 2005 ജൂലായില്‍ ഐ.എം.എ.യും സംസ്ഥാന സര്‍ക്കാരും ഒപ്പിട്ട ധാരണാപത്രം അനുസരിച്ച്‌ സര്‍ക്കാര്‍ ആസ്‌പത്രികള്‍ക്ക്‌ അഫിലിയേഷന്‍ ഫീസ്‌ ഇല്ല; കിടക്കയൊന്നിന്‌ ദിനംപ്രതി 2.75 രൂപാ മതി. സംസ്ഥാനത്തൊട്ടാകെ ഇപ്പോള്‍ സ്വകാര്യമേഖലയില്‍ 1413 ആരോഗ്യസ്ഥാപനങ്ങളും, 75 സര്‍ക്കാര്‍ ആസ്‌പത്രികളും ഇമേജില്‍ അഫിലിയേറ്റ്‌ ചെയ്‌തിട്ടുണ്ട്‌. സ്വകാര്യമേഖലയില്‍നിന്ന്‌ 26,338 കിടക്കകളും, സര്‍ക്കാര്‍ മേഖലയില്‍നിന്ന്‌ 11,335 കിടക്കകളും. ആകെ 37,673 കിടക്കകളില്‍നിന്നുള്ള ആസ്‌പത്രിമാലിന്യം ഇമേജ്‌ കൈകാര്യം ചെയ്യുന്നു.


അഫിലിയേഷന്‍ ഫീസ്‌ വളരെ ഉയര്‍ന്നതാണ്‌ എന്നതാണ്‌ ഇമേജിനെപ്പറ്റി പല ആസ്‌പത്രികളും ഉന്നയിക്കുന്ന മുഖ്യ ആക്ഷേപം. എന്നാല്‍, ഐ.എം.എ.യുടെ നിലപാട്‌ അതിന്‌ വിരുദ്ധമാണ്‌. തുടക്കത്തില്‍ വെറും 900 കിടക്ക മാത്രമാണ്‌ ഇമേജില്‍ അഫിലിയേറ്റ്‌ ചെയ്‌തിരുന്നത്‌. ആദ്യരണ്ടുവര്‍ഷം സ്ഥാപനത്തിന്‌ 30 ലക്ഷം രൂപ നഷ്ടം നേരിടേണ്ടിവന്നു. മാത്രമല്ല, ഇന്‍സിനറേറ്ററുകളും മറ്റ്‌ യന്ത്രങ്ങളും പത്തുവര്‍ഷം നിലനില്‍ക്കുമെന്നാണ്‌, അവ സ്ഥാപിച്ച കമ്പനികള്‍ തുടക്കത്തില്‍ അവകാശപ്പെട്ടതെങ്കിലും മൂന്നുവര്‍ഷമായപ്പോള്‍ തന്നെ പുതിയ ഇന്‍സിനറേറ്റര്‍ സ്ഥാപിക്കേണ്ടി വന്നു. ഇപ്പോള്‍ മൂന്നാമത്തെ ഇന്‍സിനറേറ്ററിന്റെ നിര്‍മാണം നടക്കുകയാണ്‌. അഫിലിയേഷന്‍ ഫീസ്‌ ഇത്രയും ഇല്ലായിരുന്നെങ്കില്‍ ഇതിനകം ഇമേജ്‌ പൂട്ടിപ്പോകുമായിരുന്നു എന്നാണ്‌ ഇമേജ്‌ സെക്രട്ടറി ഡോ.ജെ.രാജഗോപാലന്‍നായര്‍ പറയുന്നത്‌.


കേരളത്തിനൊട്ടാകെ പ്രയോജനം ചെയ്യുന്ന ഈ പ്ലാന്റിന്‌ നാലുവര്‍ഷമായിട്ടും അധികൃതര്‍ വൈദ്യുതികണക്ഷന്‍ നല്‍കിയിട്ടില്ല. ജനറേറ്ററാണ്‌ ഇപ്പോഴും ആശ്രയം. അതിന്‌ മണിക്കൂറില്‍ 15 ലിറ്റര്‍ ഡീസല്‍ വേണം. ഇന്ധനത്തിനും ഗതാഗതത്തിനുമായാണ്‌ ഇമേജിന്റെ ചെലവില്‍ 75-80 ശതമാനവും പോകുന്നതെന്ന്‌ അധികൃതര്‍ പറയുന്നു. ഒരു ദിവസം ഈ പ്ലാന്റ്‌ പ്രവര്‍ത്തിപ്പിക്കാന്‍ കുറഞ്ഞത്‌ 75,000 രൂപ ചെലവ്‌ വരുമെന്ന്‌, ഇമേജിന്റെ അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസറായ 'ജി.ജെ.മള്‍ട്ടിവേവി'ന്റെ ടി.ജയരാജ്‌ അറിയിക്കുന്നു.

പ്ലാന്റില്‍ വിവിധ ആവശ്യങ്ങള്‍ക്കുപയോഗിക്കുന്ന വെള്ളം പോലും ഇമേജില്‍നിന്ന്‌ പരിസരത്തേക്കു തുറന്നു വിടുന്നില്ല. ശുദ്ധീകരിച്ച വെള്ളം ഇമേജ്‌ കോംപൗണ്ടിലെ ചെടികള്‍ നനയ്‌ക്കാനും മറ്റുമാണ്‌ ഉപയോഗിക്കുന്നത്‌. എന്നാല്‍, ഇന്‍സിനറേഷന്‌ ശേഷം ലഭിക്കുന്ന ചാരം മറവുചെയ്യുന്നതില്‍ ഇപ്പോഴും പ്രശ്‌നം അവശേഷിക്കുന്നു. (ഒരു ടണ്‍ മാലിന്യം ഇന്‍സിനറേറ്റ്‌ ചെയ്യുമ്പോള്‍ അഞ്ചുകിലോഗ്രാം ചാരം ഉണ്ടാകും). അത്‌ മണ്ണില്‍ കുഴിയെടുത്ത്‌ ഇഷ്ടികനിരത്തി അതില്‍ മറവുചെയ്യുകയാണ്‌ ചെയ്യുന്നത്‌. കേന്ദ്രനിയമത്തില്‍ പറയുംപ്രകാരമാണ്‌ ഇതെന്ന്‌ ഇമേജ്‌ അധികൃതര്‍ അറിയിക്കുന്നു.

എന്നാല്‍, ചാരത്തില്‍ ഘനലോഹങ്ങളുടെ സാന്നിധ്യം ഉണ്ടാകാമെന്നും മണ്ണില്‍ മറവുചെയ്യുന്നത്‌ സുരക്ഷിതമല്ലെന്നും കരുതുന്ന പരിസ്ഥിതി വിദഗ്‌ധരുണ്ട്‌. ഏതാനും മാസത്തിനം ഈ പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാകുമെന്ന പ്രതീക്ഷയിലാണ്‌ ഇമേജ്‌. അപകകാരമായ മാലിന്യം സംസ്‌ക്കരിക്കാന്‍ എറണാകുളത്ത്‌ കെ.എസ്‌.ഐ.ഡി.സി.യുടെ മേല്‍നോട്ടത്തില്‍ രൂപംനല്‍കിയ കമ്പനി പ്രവര്‍ത്തനം തുടങ്ങിയാല്‍, ഇമേജിലെ ചാരം അവിടെയെത്തിച്ച്‌ മറവുചെയ്യാനാണ്‌ പരിപാടി. 'കേരള എന്‍വിരോഇന്‍ഫ്രാസ്‌ട്രക്‌ച്ചര്‍ ലിമിറ്റഡ്‌' എന്ന കമ്പനി, അമ്പലമുകള്‍ ഭാഗത്ത്‌ 50 ഏക്കര്‍ സ്ഥലത്താണ്‌ മാലിന്യസംസ്‌ക്കരണം നടത്തുക.

കേരളത്തിന്റെ ആരോഗ്യ പരിരക്ഷാരംഗത്ത്‌ അധികമാരുടെയും ശ്രദ്ധയില്‍ പെടാത്ത സുപ്രധാന കര്‍ത്തവ്യം നിര്‍വഹിക്കുന്നു എന്നത്‌ മാത്രമല്ല ഇമേജിന്റെ പ്രസക്തി, ശാസ്‌ത്രീയമായി നടത്തിയാല്‍ മാലിന്യസംസ്‌ക്കരണം ഒരു പ്രശ്‌നമല്ലെന്ന്‌ കേരളീയരെ ബോധ്യപ്പെടുത്തുകകൂടി ഈ സ്ഥാപനം ചെയ്യുന്നു. 'ആലുവാമോഡല്‍' മാലിന്യസംസ്‌ക്കരണം ഇല്ലാതാക്കാനും ഇമേജ്‌ പോലുള്ള സ്ഥാപനങ്ങള്‍ കൂടുതലുണ്ടായാലേ കഴിയൂ.
(വിവരങ്ങള്‍ക്ക്‌ കടപ്പാട്‌: ഐ.എം.എ; ഡോ.ജെ.രാജഗോപാലന്‍നയര്‍, സെക്രട്ടറി, ഇമേജ്‌; വി.എസ്‌.എസ്‌.നായര്‍, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസര്‍, എസ്‌.യു.റ്റി.ഹോസ്‌പിറ്റല്‍, തിരുവനന്തപുരം; ഇ.ജെ.വിജയഭാസ്‌, ചീഫ്‌ എന്‍വിരോണ്‍മെന്റല്‍ എന്‍ജിനിയര്‍ (റിട്ട.), സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡ്‌, കേരള എണ്‍വിരോണ്‍മെന്റ്‌ കോണ്‍ഗ്രസ്‌-2008). (2008 ആഗസ്‌ത്‌ ലക്കം 'മാതൃഭൂമി ആരോഗ്യമാസിക'യില്‍ പ്രസിദ്ധീകരിച്ചത്‌)