Saturday, October 31, 2009

ഇന്റര്‍നെറ്റിന്റെ 'അഡ്രസ്സ്' മാറുന്നു

ഇന്റര്‍നെറ്റിലെ വെബ് അഡ്രസില്‍ ലാറ്റിനല്ലാത്ത ലിപികളും ഉപയോഗിക്കാന്‍ അനുമതിയായി. നാല്പതാം വാര്‍ഷികം ആഘോഷിക്കുന്ന ഇന്റര്‍നെറ്റിന്റെ മുഖച്ഛായ മാറാന്‍ ഇതു വഴിയൊരുക്കും.

ലോകമെമ്പാടുമായി 160 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും ലാറ്റിന്‍ ഇതര ലിപികള്‍ ഉപയോഗിക്കുന്ന പ്രദേശത്തുനിന്നുള്ളവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സൈറ്റ് കിട്ടണമെങ്കില്‍ ഇവരും ഇംഗ്ലീഷിലും ഫ്രഞ്ചിലും ജര്‍മനിലുമെല്ലാം ഉപയോഗിക്കുന്ന ലാറ്റിന്‍ ലിപി ടൈപ്പ് ചെയ്യണം. മലയാളം സൈറ്റുകളുടെ അഡ്രസ് ഇംഗ്ലീഷിലായത് അതുകൊണ്ടാണ്. പുതിയ പരിഷ്‌കാരം വരുന്നതോടെ ഈ സ്ഥിതി മാറും.

ഇന്റര്‍നെറ്റില്‍ ഡൊമെയിന്‍ പേരുകള്‍ അനുവദിക്കുന്ന ഇന്റര്‍നെറ്റ് കോര്‍പ്പറേഷന്‍ ഫോര്‍ അസൈന്‍ഡ് നെയിംസ് ആന്‍ഡ് നമ്പേഴ്‌സ് (ഐകാന്‍) ആണ് ലാറ്റിനല്ലാത്ത ലിപികളും വെബ് അഡ്രസില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയത്. ഇതിനുള്ള പദ്ധതിക്ക് 2008 ജൂണില്‍ അംഗീകാരം കിട്ടിയിരുന്നെങ്കിലും രണ്ടുവര്‍ഷത്തോളം നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവില്‍ ഇപ്പോഴാണ് അന്തിമാനുമതി നല്കിയത്.

ഇത്തരത്തിലാദ്യത്തെ വിലാസം അടുത്തവര്‍ഷമാദ്യം നിലവില്‍ വരും. ലാറ്റിനല്ലാത്ത ആദ്യ വിലാസം ചൈനീസ് ഭാഷയിലാകും. അറബിക്, റഷ്യന്‍ ഭാഷകളില്‍ വിലാസം പിന്നാലെ വരും.

ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഇംഗ്ലീഷ് അറിയാമെന്നും അതുകൊണ്ടുതന്നെ അഡ്രസ്സായി ലാറ്റിന്‍ ലിപി ഉപയോഗിക്കുന്നതില്‍ ബുദ്ധിമുട്ടുണ്ടാകില്ലെന്നുമാണ് ഈ രംഗത്തെ പ്രമുഖര്‍ പറഞ്ഞിരുന്നത്. ഇതു ശരിയല്ലെന്നു ബോധ്യമായ സാഹചര്യത്തിലാണ് പുതിയ പരിഷ്‌കാരം. ചൈന, തായ്‌ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍തന്നെ ഈ ഭാഷകളിലുള്ള വെബ് അഡ്രസ് പരിമിതമായാണെങ്കിലും ഉപയോഗിക്കുന്നുണ്ട്. എന്നാലിതിന് അന്താരാഷ്ട്ര അംഗീകാരമില്ല. എല്ലാ കമ്പ്യൂട്ടറിലും അത് ഉപയോഗിക്കാനുമാവില്ല. പുതിയ സംവിധാനത്തിന് ഈ പരിമിതികളുണ്ടാവില്ല. (കടപ്പാട്: മാതൃഭൂമി)

കാണുക

Thursday, October 29, 2009

അര്‍ബുദകോശങ്ങളെ കൊല്ലാന്‍ മഞ്ഞള്‍

മുറിവുണക്കാനും വിഷം തീണ്ടിയാല്‍ ചികിത്സിക്കാനും മഞ്ഞള്‍ ഉപയോഗിക്കുന്നത് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. നൂറ്റാണ്ടുകളായി ഇവിടുത്തെ ഗൃഹവൈദ്യത്തിന്റെ ഭാഗമാണ് മഞ്ഞളിന്റെ ഇത്തരം ഉപയോഗം. ഇതു മാത്രമല്ല, മഞ്ഞളിന് ഒരുപക്ഷേ അര്‍ബുദം ഭേദമാക്കാനും കഴിഞ്ഞേക്കുമത്രേ.

മഞ്ഞളിലെ ഒരു രാസവസ്തുവിന് അര്‍ബുദകോശങ്ങളെ വകവരുത്താന്‍ കഴിവുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. 'ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സറി'ലാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

മുറിവുണക്കാന്‍ മഞ്ഞളിന് ശേഷി നല്‍കുന്നത് അതിലെ കുര്‍കുമിന്‍ (curcumin) എന്ന രാസവസ്തുവാണ്. സന്ധിവാതം, മേധാക്ഷയം (ഡിമെന്‍ഷ്യ) തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഈ രാസവസ്തു ഉപയോഗിച്ച് ചികിത്സിക്കാന്‍ കഴിഞ്ഞേക്കുമെന്നും സൂചനയുണ്ട്. അതിനുള്ള പരീക്ഷണങ്ങള്‍ നടന്നു വരികയാണ്. അതിനിടയിലാണ്, കുര്‍കുമിന്‍ ഉപയോഗിച്ച് അര്‍ബുദകോശങ്ങള്‍ നശിപ്പിക്കാന്‍ കഴിയുമെന്ന കണ്ടെത്തല്‍.

അയര്‍ലന്‍ഡില്‍ കോര്‍ക്ക് കാന്‍സര്‍ റിസര്‍ച്ച് സെന്ററിലെ ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍. അര്‍ബുദകോശങ്ങളുപയോഗിച്ച് പരീക്ഷണശാലയില്‍ നടത്തിയ പഠനത്തില്‍, മഞ്ഞളിലെ രാസവസ്തു രോഗബാധിത കോശങ്ങളെ നശിപ്പിക്കുന്നതായി തെളിഞ്ഞതായി പഠനറിപ്പോര്‍ട്ട് പറയുന്നു. അന്നനാളത്തിലെ അര്‍ബുദകോശങ്ങളുപയോഗിച്ചായിരുന്നു പരീക്ഷണം.

വെറും 24 മണിക്കൂറിനുള്ളില്‍ തന്നെ അര്‍ബുദകോശങ്ങളെ നശിപ്പിച്ചു തുടങ്ങാന്‍ കുര്‍കുമിന് കഴിവുണ്ടെന്നാണ്, ഡോ. ഷാരോണ്‍ മക്‌കെന്നയുടെ നേതൃത്ത്വത്തില്‍ നടന്ന പഠനത്തില്‍ തെളിഞ്ഞത്. കോശങ്ങള്‍ക്ക് മരിക്കാനുള്ള സിഗ്നല്‍ നല്‍കുകയാണ് കുര്‍കുമിന്‍ ചെയ്യുക. അതോടെ അര്‍ബുദകോശങ്ങള്‍ നശിക്കാനാരംഭിക്കുന്നു.

മഞ്ഞള്‍ പോലെ പ്രകൃതിദത്തമായ വസ്തുക്കളില്‍ നിന്ന് അര്‍ബുദത്തിന് പുതിയ ചികിത്സ കണ്ടെത്താന്‍ വഴിതുറക്കുന്നതാണ് ഈ പഠനമെന്ന് കാന്‍സര്‍ റിസര്‍ച്ച് യു.കെ.യിലെ ഡോ. ലെസ്‌ലീ വാക്കര്‍ അഭിപ്രായപ്പെട്ടു. 'അതുകൊണ്ട് വളരെ താത്പര്യമുണര്‍ത്തുന്ന പഠനമാണിത്'.

'ദൂര്‍മേദസ്സും മദ്യപാനവും മൂലം 1970-കള്‍ മുതല്‍ അന്നനാളത്തിലെ അര്‍ബുദബാധ പകുതിയിലേറെ വര്‍ധിച്ചിരിക്കുകയാണ്. ആ നിലയ്ക്ക്, അതിന് ചികിത്സ കണ്ടെത്തുകയെന്നത് പ്രാധാന്യമര്‍ഹിക്കുന്ന സംഗതിയാണ്'- ഡോ. ലെസ്‌ലീ വാക്കര്‍ അറിയിക്കുന്നു. (അവലംബം: ബ്രിട്ടീഷ് ജേര്‍ണല്‍ ഓഫ് കാന്‍സര്‍)

Tuesday, October 27, 2009

എല്‍.എച്ച്.സി.യിലൂടെ വീണ്ടും കണികകള്‍ സഞ്ചരിച്ചു

ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുനരാരംഭിക്കുന്നതിന്റെ ഭാഗമായി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി) ന്റെ രണ്ട് ഭാഗങ്ങളിലൂടെ കണികാധാരകള്‍ കടത്തിവിട്ടു. ജനീവയ്ക്ക് സമീപം സ്ഥിതിചെയ്യുന്ന ഈ പടുകൂറ്റന്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനം 2008 സപ്തംബറില്‍ നിര്‍ത്തിവെച്ച ശേഷം ആദ്യമായാണ് അതിലൂടെ കണികകള്‍ സഞ്ചരിക്കുന്നത്.

സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ഹാഡ്രോണ്‍ കൊളൈഡറിന് 27 കിലോമീറ്റര്‍ ചുറ്റളവുണ്ട്. അത്രയും നീളമുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ധാരകളെ പരസ്പരം കൂട്ടിയിടിപ്പിച്ച്, അതില്‍ നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുക.

പ്രപഞ്ചാരംഭത്തിന് തൊട്ടടുത്ത നിമിഷങ്ങളെ ഇത്തരത്തില്‍ പുനര്‍നിര്‍മിക്കുക വഴി, പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടനയും ഉള്ളടക്കവും മനസിലാക്കാന്‍ കണികാപരീക്ഷണം വഴി കഴിയുമെന്നാണ് പ്രതീക്ഷ. ഒപ്പം, പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ ഹാഡ്രോണ്‍ കൊളൈഡറില്‍ പ്രത്യക്ഷപ്പെടുമെന്നും ഗവേഷകര്‍ പ്രതീക്ഷിക്കുന്നു.

കണികാധാരകളെ കുറഞ്ഞ തോതിലാണെങ്കിലും കടത്തിവിടാന്‍ കഴിഞ്ഞതിനെ 'നാഴികക്കല്ലെ'ന്നാണ് ഗവേഷകര്‍ വിശേഷിപ്പിക്കുന്നത്. ഹാഡ്രോണ്‍ കൊളൈഡറിലെ 27 കിലോമീറ്റര്‍ ടണലിലൂടെ നവംബറില്‍ കണികാധാരകള്‍ പൂര്‍ണതോതില്‍ സഞ്ചരിച്ചേക്കും.

പരീക്ഷണം തുടങ്ങുന്നതിന്റെ ഭാഗമായി ഹൈഡ്രോണ്‍ കൊളൈഡറിനെ അത്യഗാധശൈത്യത്തിലെത്തിക്കുന്ന നടപടി സേണ്‍ അധികൃതര്‍ രണ്ടാഴ്ച മുമ്പ് പൂര്‍ത്തിയാക്കിയിരുന്നു. അതിനെ തുടര്‍ന്ന് ഒക്ടോബര്‍ 23, 25 തിയതികളില്‍ ഹാഡ്രോണ്‍ കൊളൈഡറിന്റെ രണ്ട് ഭാഗങ്ങളില്‍ പ്രോട്ടോണ്‍ ധാരകളും ലെഡ് അയണ്‍ധാരകളും കടത്തിവിടുകയായിരുന്നു.

ഏതാണ്ട് മൂന്നര കിലോമീറ്റര്‍ നീളം വീതമുള്ള ഭാഗങ്ങളിലൂടെയാണ് കണികാധാരകള്‍ സഞ്ചരിച്ചത്. നൂറ് പികോസെക്കന്‍ഡ് (ഒരു പികോസെക്കന്‍ഡ് എന്നാല്‍, ഒരു സെക്കന്‍ഡിന്റെ പത്തുലക്ഷത്തിലൊരംശത്തിന്റെ പത്തുലക്ഷത്തിലൊരംശം) നേരത്തേക്ക് കണികകള്‍ എല്‍.എച്ച്.സി.യിലൂടെ സഞ്ചരിച്ചു.

ഏതാണ്ട് 450 ബില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് വീതമുള്ളവയായിരുന്നു കണികാധാരകള്‍. ഹാഡ്രോണ്‍ കൊളൈഡറില്‍ ഉദ്ദേശിക്കുന്ന യഥാര്‍ഥ പരീക്ഷണത്തില്‍ കണികകള്‍ കൈവരിക്കുന്ന ഊര്‍ജനിലയുടെ ചെറിയൊരംശമേ വരൂ ഇത്.

കൊളൈഡറിന്റെ 27 കിലോമീറ്റര്‍ നീളത്തില്‍ സഞ്ചരിക്കുന്ന കണികകളുടെ ഊര്‍ജനില ആദ്യഘട്ടത്തില്‍ 3.5 ട്രില്യണ്‍ വോള്‍ട്ട് ആക്കുകയാണ് ലക്ഷ്യം. 2011-ഓടെ അത് യഥാര്‍ഥ ലക്ഷ്യമായ ഏഴ് ട്രില്യണ്‍ വോള്‍ട്ടിലെത്തിക്കാമെന്നാണ് പ്രതീക്ഷ. (കടപ്പാട്: ബി.ബി.സി.ന്യൂസ്)

കാണുക

Thursday, October 22, 2009

വല നെയ്യുന്ന ഭീമന്‍ ചിലന്തി

കാലുകള്‍ തമ്മിലുള്ള അകലം 12 സെന്റീമീറ്റര്‍. വലനെയ്യുന്ന ഏറ്റവും വലിയ ചിലന്തി. മഡഗാസ്‌കറിലും ദക്ഷിണാഫ്രിക്കയിലും കാണപ്പെടുന്ന ഈ അപൂര്‍വയിനത്തെ തിരിച്ചറിഞ്ഞിരിക്കുകയാണ് ഗവേഷകര്‍.

'നെഫില കൊമാകി' (Nephila komaci) എന്ന് പേരിട്ടിട്ടുള്ള ഈ അപൂര്‍വ ചിലന്തിയിനത്തില്‍ പെണ്‍ജാതിയില്‍ പെട്ടവയ്ക്കാണ് വലിപ്പക്കൂടുതല്‍, ആണുങ്ങള്‍ കൃശഗാത്രരും. 'പ്ലോസ് വണ്‍' എന്ന ഓണ്‍ലൈന്‍ ഗവേഷണ ജേര്‍ണലിലാണ് ഭീമന്‍ ചിലന്തികളെപ്പറ്റിയുള്ള പഠനറിപ്പോര്‍ട്ടുള്ളത്.

വലിയ വല നെയ്യാന്‍ പ്രാപ്തിയുള്ളതും ഈയിനത്തിലെ പെണ്‍ ചിലന്തികള്‍ക്കാണ്. ഏതാണ്ട് ഒരു മിറ്റര്‍ വ്യാസത്തില്‍ വൃത്താകൃതിയിലുള്ള വലയാണ് ഇവ നെയ്യുക.

സ്ലോവേനിയന്‍ അക്കാദമി ഓഫ് സയന്‍സസ് ആന്‍ഡ് ആര്‍ട്‌സിലെ ജീവശാസ്ത്രജ്ഞനായ മറ്റ്ജാസ് കുന്റ്‌നെറാണ് പുതിയയിനം ചിലന്തികളെ തിരിച്ചറിഞ്ഞത്. അമേരിക്കയില്‍ സ്മിത്ത്‌സോണിയന്‍ ഇന്‍സ്റ്റിട്ട്യൂഷന് കീഴിലുള്ള നാഷണല്‍ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ജോനാഥന്‍ കോഡിങ്ടണും ഈ കണ്ടുപിടിത്തത്തില്‍ പങ്കു വഹിച്ചു.

'അങ്ങേയറ്റം അസാധാരണം' എന്നാണ് ഡോ. കുന്റ്‌നെര്‍ ഈ കണ്ടുപിടിത്തത്തെ വിശേഷിപ്പിക്കുന്നത്. കാരണം നെഫില വര്‍ഗത്തില്‍പെട്ട ചിലന്തികളെക്കുറിച്ച് വിശദമായ പഠനം നടന്നിട്ടുണ്ട്. എ്ന്നാല്‍, നെഫില കൊമാകിയെന്ന ഇനം ബാഹ്യലോകത്തിന്റെ കണ്ണില്‍ പെടാതെ കഴിയുന്ന അപൂര്‍വ ജീവിയാണ്. ഡോ. കുന്റ്‌നെര്‍ പോലും ജീവനോടെ ഈയിനത്തെ കണ്ടിട്ടില്ല!

ദക്ഷിണാഫ്രിക്കയില്‍ പ്രിട്ടോറിയയിലെ പ്ലാന്റ് പ്രൊട്ടക്ഷന്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ ശേഖരത്തില്‍ നിന്ന് 2000-ലാണ് ഈ വര്‍ഗത്തില്‍പ്പെട്ട പെണ്‍ചിലന്തിയുടെ മാതൃക ഡോ.കുന്റ്‌നെറുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.

'വിവരിക്കപ്പെട്ട ഒരു നെഫില ചിലന്തി വര്‍ഗവുമായും യോജിച്ചു പോകുന്നതായിരുന്നില്ല അത്'-അദ്ദേഹം ഓര്‍മിക്കുന്നു. പിന്നീട് 37 മ്യൂസിയങ്ങളില്‍ നിന്നായി 2500 ഇനം ചിലന്തി മാതൃകകള്‍ അദ്ദേഹം പരിശോധിച്ചിട്ടും, പ്രിട്ടോറിയയില്‍ നിന്ന് കണ്ടയിനം ശ്രദ്ധയില്‍ പെട്ടില്ല. അങ്ങനെ, ആ വര്‍ഗം പൂര്‍ണമായി നശിച്ചിരിക്കാം എന്ന നിഗമനത്തില്‍ അദ്ദേഹം എത്തി.

പക്ഷേ, ദക്ഷിണാഫ്രിക്കയില്‍ നിന്ന് അതേയിനത്തില്‍ പെട്ടതെന്ന് കരുതാവുന്ന മൂന്ന് ചിലന്തികളെ കണ്ടെത്തിയതായി ഡോ.കുന്റ്‌നെറെ അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ അറിയിച്ചു.

ചിലന്തികളില്‍ ആണ്‍, പെണ്‍ വര്‍ഗങ്ങള്‍ തമ്മിലുള്ള വലിപ്പ വ്യത്യാസത്തിന്റെ പരിണാമ രഹസ്യം മനസിലാക്കാന്‍ ഈ കണ്ടെത്തല്‍ സഹായിക്കുമെന്ന് ഗവേഷകര്‍ കരുതുന്നു.

കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കാന്‍ പെണ്‍വര്‍ഗത്തിന്റെ വലിപ്പക്കൂടുതല്‍ വഴി തുറക്കും. പുതിയ തലമുറയുടെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ അത് സഹായിച്ചേക്കും. ഇതാവണം പെണ്‍വര്‍ഗത്തിന്റെ വലിപ്പക്കൂടുതലിന് പിന്നിലെന്നാണ് അംഗീകരിക്കപ്പെട്ടിട്ടുള്ള ധാരണ.

എന്നാല്‍, നെഫില കൊമാകി ചിലന്തികള്‍ക്ക് വംശനാശം സംഭവിച്ചിരിക്കാം എന്നാണ് ഡോ. ജോനാഥന്‍ കോഡിങ്ടണ്‍ കരുതുന്നത്.

അടുത്തയിടെ അപകടത്തില്‍ മരിച്ച തന്റെ സുഹൃത്തും ഗവേഷകനുമായ അഡ്രേജ് കൊമാകിന്റെ സ്മരണാര്‍ഥമാണ്, പുതിയ ചിലന്തിക്ക് നെഫില കൊമാകിയെന്ന് ഡോ. കുന്റ്‌നെര്‍ പേരിട്ടത്. (അവലംബം: പ്ലോസ് വണ്‍).

Tuesday, October 20, 2009

ആകാശത്ത് ചാകര, ഒറ്റയടിക്ക് 32 പുതിയ ഗ്രഹങ്ങള്‍

സൗരയൂഥത്തിനപ്പുറത്ത് അന്യഗ്രഹങ്ങളെ തേടുന്ന ഗവേഷകര്‍ക്കുണ്ടായത് ഒരു ചാകര കൊയ്ത്തിന്റെ അനുഭവമാണ്. 32 അന്യഗ്രഹങ്ങളെയാണ് അവര്‍ ഒറ്റയടിക്ക് തിരിച്ചറിഞ്ഞത്. ഇതോടെ സൗരയൂഥത്തിന് വെളിയില്‍ കണ്ടെത്തുന്ന ഗ്രഹങ്ങളുടെ എണ്ണം 400 കഴിഞ്ഞു.

ഭൂമിയുടെ അഞ്ചിരട്ടി മുതല്‍ വ്യാഴത്തിന്റെ പത്തിരട്ടി വരെ വലിപ്പമുള്ള ഗ്രഹങ്ങള്‍ പുതിയതായി കണ്ടെത്തിയതില്‍ പെടുന്നു. യൂറോപ്യന്‍ ഒബ്‌സര്‍വേറ്ററിയുടെ ചിലയിലെ ലാ സില്ലയില്‍ സ്ഥാപിച്ചിട്ടുള്ള 3.6 മീറ്റര്‍ വ്യാസമുള്ള ടെലിസ്‌കോപ്പാണ് ഈ കണ്ടെത്തലിന് വഴിതെളിച്ചത്.

വലിപ്പം കുറഞ്ഞ ഗ്രഹങ്ങള്‍ നമ്മുടെ ഗാലക്‌സിയില്‍ സുലഭമാണെന്നാണ് ഈ കണ്ടെത്തല്‍ നല്‍കുന്ന സൂചനയെന്ന് ഗവേഷകര്‍ പറയുന്നു. സൂര്യനെപ്പോലുള്ള നക്ഷ്ത്രങ്ങളില്‍ 40 ശതമാനത്തിനും പിണ്ഡം കുറഞ്ഞ ഗ്രഹങ്ങളുണ്ട് എന്ന് പുതിയ കണ്ടെത്തലില്‍ നിന്ന് മനസിലാക്കാന്‍ കഴിയും-സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍ ജനീവ സര്‍വകലാശാലിയിലെ സ്്‌റ്റെഫാനി യുഡ്രി പറയുന്നു.

ഒട്ടേറെ ടെലിസ്‌കോപ്പുകളുടെയും സങ്കേതങ്ങളുടെയും സഹായത്തോടെയാണ് ഇതുവരെ അന്യഗ്രഹങ്ങളെ തിരിച്ചറിഞ്ഞിട്ടുള്ളത്. എന്നാല്‍, ഇപ്പോള്‍ 32 ഗ്രഹങ്ങളെയും ലാ സില്ലയിലെ 'ദി ഹൈ ആക്കുറസി റേഡിയല്‍ വെലോസിറ്റി പ്ലാനറ്റ് സേര്‍ച്ചര്‍ (ഹാര്‍പ്‌സ്) സ്‌പെക്ട്രോമീറ്റര്‍' കണ്ടെത്തുകയായിരുന്നു.

ഗ്രഹത്തിന്റെ ഗുരുത്വാകര്‍ഷണബലം മാതൃനക്ഷത്രത്തില്‍ ചെലുത്തുന്ന സ്വാധീനത്തിന്റെ ഫലം തിരിച്ചറിഞ്ഞ്, ഗ്രഹസാന്നിധ്യം പരോക്ഷമായി കണ്ടെത്തുന്ന 'വൂബിള്‍ സങ്കേതം' (wobble technique) ആണ് ഹാര്‍പ്‌സ് സ്‌പെക്ട്രോമീറ്റര്‍ പ്രയോജനപ്പെടുത്തിയത്.

ഭൂമിയുടെ 20 ഇരട്ടിയില്‍ താഴെ മാത്രം പിണ്ഡമുള്ള 28 അന്യഗ്രഹങ്ങളെയാണ് ഇതുവരെ തിരിഞ്ഞറിഞ്ഞിട്ടുള്ളത്. അതില്‍ 24 എണ്ണവും ഹാര്‍പ്‌സ് സ്‌പെട്രോമീറ്ററിന്റെ സംഭാവനയാണ്. അതില്‍ തന്നെ ആറെണ്ണം പുതിയതായി കണ്ടെത്തിയ ഗ്രൂപ്പില്‍ പെടുന്നു. അവയില്‍ രണ്ടെണ്ണത്തിന് ഭൂമിയുടെ അഞ്ചിരട്ടി വലിപ്പമേയുള്ളു, രണ്ടെണ്ണത്തിന് ആറിരട്ടിയും-പ്രൊഫ യുഡ്രി അറിയിക്കുന്നു.

ഭൂമിയുടെ ഇരട്ടി മാത്രം പിണ്ഡം വരുന്ന ഒരു ആകാശഗോളത്തെ ഹാര്‍പ്‌സ് കണ്ടെത്തിയ വിവരം കഴിഞ്ഞ ഏപ്രിലില്‍ പുറത്തു വന്നിരുന്നു. എന്നാല്‍, ആ ഗ്രഹം അതിന്റെ മാതൃനക്ഷത്രിന് വളരെ അടുത്തായതിനാല്‍ അവിടെ കഠിനമായ ചൂടായിരിക്കുമെന്നും ജീവനുണ്ടാകാന്‍ സാധ്യതയില്ലെന്നും ഗവേഷകര്‍ നിഗമനത്തിലെത്തുകയുണ്ടായി.

അടുത്ത ആറ് മാസത്തിനുള്ളില്‍ ഇപ്പോഴത്തേതു പോലെ മറ്റൊരു ഗ്രഹചാകരയുടെ വിവരം പുറത്തു വിടാന്‍ കഴിയുമെന്ന് ഹാര്‍പ്‌സ് സംഘം അറിയിച്ചു. സൗരയൂഥത്തിലേതു പോലെ കുറഞ്ഞ പിണ്ഡമുള്ള ശിലാഗ്രഹങ്ങള്‍ പുറത്തുണ്ടോ എന്ന് കണ്ടെത്തുകയാണ് പരമമായ ലക്ഷ്യം; അവയില്‍ വെള്ളമുണ്ടോ എന്നറിയുകയും.

കുറഞ്ഞ പിണ്ഡമുള്ള ഗ്രഹങ്ങള്‍ എന്ന് ഗവേഷകര്‍ പറയുമ്പോള്‍ അര്‍ഥമാക്കുന്നത് ഭൂമിയെപ്പോലുള്ള ഗ്രഹങ്ങള്‍ എന്നാണ്. ഭൂമിയെപ്പോലുള്ള ഗ്രഹങ്ങളെന്നാല്‍, വെള്ളമുണ്ടെന്ന് വന്നാല്‍, അവിടെ ജീവന്‍ നിലനില്‍ക്കാന്‍ അനുകൂല സാഹചര്യമുണ്ടെന്നര്‍ഥം.

പുത്തന്‍ സങ്കേതകങ്ങളും ഉപകരണങ്ങളും തങ്ങള്‍ക്ക് വിജയം നല്‍കും എന്നാണ് ഗവേഷകരുടെ പ്രതീക്ഷ. അമേരിക്കയുടെ നാസ അടുത്തയിടെ വിക്ഷേപിച്ചിട്ടുള്ള 'കെപ്ലാര്‍ ടെലിസ്‌കോപ്പി'ന്റെ ലക്ഷ്യം തന്നെ, ഭൂമിയുടെയത്ര വരുന്ന അന്യഗ്രഹങ്ങളെ കണ്ടെത്തുകയെന്നതാണ്. ഗ്രഹസംതരണ (transit) സങ്കേതമാണ് കെപ്ലാര്‍ പ്രയോജനപ്പെടുത്തുക.
(കടപ്പാട്: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി).

കാണുക

Sunday, October 18, 2009

ജലരഹസ്യവുമായി ചന്ദ്രയാന്‍ വീണ്ടും

ചന്ദ്രനില്‍ ജലസാന്നിധ്യമുണ്ടെന്ന് ഇന്ത്യയുടെ ചന്ദ്രയാനാണ് കണ്ടെത്തിയത്. പക്ഷേ, ആ ജലം എവിടെ നിന്ന് വരുന്നു. ചന്ദ്രയാന്‍ തന്നെ ഉത്തരവുമായി എത്തിയിരിക്കുന്നു. ഇന്ത്യന്‍ പേടകത്തിലുണ്ടായിരുന്ന യൂറോപ്യന്‍-ഇന്ത്യന്‍ ഉപകരണമായ 'സാറ' നടത്തിയ കണ്ടെത്തല്‍ ഭൂമിയുടെ ഉപഗ്രഹത്തെക്കുറിച്ച് നിലവിലുള്ള ചില ധാരണകള്‍ തിരുത്താന്‍ പ്രേരിപ്പിക്കുന്നതാണ്.

മഴ തീര്‍ന്നാലും മരം പെയ്യും എന്ന ചൊല്ല് ഇന്ത്യയുടെ ചാന്ദ്രദൗത്യമായ 'ചന്ദ്രയാന്‍-ഒന്നി'ന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാവുകയാണ്. ചന്ദ്രനിലെ ജലസാന്നിധ്യം സംബന്ധിച്ച് സുപ്രധാന കണ്ടെത്തല്‍ ചന്ദ്രയാന്‍ നടത്തിയ കാര്യം പുറത്തു വന്നിട്ട് ഒരു മാസം തികഞ്ഞിട്ടില്ല. അതിന് മുമ്പ് ചന്ദ്രപ്രതലത്തില്‍ എങ്ങനെ ജലം ഉണ്ടാകുന്നു എന്നതിനെപ്പറ്റി ഇന്ത്യന്‍ പേടകം നടത്തിയ മറ്റൊരു സുപ്രധാന കണ്ടെത്തലിന്റെ വിവരം യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി (ഇ.എസ്.എ) പുറത്തുവിട്ടിരിക്കുന്നു.

ചന്ദ്രയാനിലെ 11 പേലോഡുകളില്‍ (പരീക്ഷണോപകരണങ്ങളില്‍) യൂറോപ്യന്‍ യൂണിയനും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് രൂപം നല്‍കിയ സബ് കിലോ ഇലക്ട്രോണ്‍ വോള്‍ട്ട് ആറ്റം റിഫ്‌ളെക്ടിങ് അനലൈസര്‍ (SARA) നടത്തിയ കണ്ടെത്തലിന്റെ വിവരമാണ് കഴിഞ്ഞ ഒക്ടോബര്‍ 15-ന് പുറത്തു വന്നത്.

ചന്ദ്രപ്രതലത്തിലെ ജലത്തിന് കാരണം ബാഹ്യസ്രോതസ്സുകളല്ല, ജലതന്മാത്രകള്‍ ചന്ദ്രനില്‍ തന്നെ രൂപപ്പെടുന്നു എന്നാണ് 'സാറ' കണ്ടെത്തിയത്. സൗരക്കാറ്റുകള്‍ വഴി സൂര്യനില്‍ നിന്ന് പതിക്കുന്ന പ്രോട്ടോണ്‍ കണങ്ങള്‍ (ഇവ ഹൈഡ്രജന്‍ ന്യൂക്ലിയസുകളാണ്), ചന്ദ്രപ്രതലത്തിലെ ഓക്‌സിജനുമായി ചേര്‍ന്നാണ് ജലതന്മാത്രകളും (H2O) ഹൈഡ്രോക്‌സില്‍ തന്മാത്രകളും (HO) ഉണ്ടാകുന്നത്. സൗരകണങ്ങള്‍ പിടിച്ചെടുക്കുന്ന സ്‌പോഞ്ച് പോലെയാണ് ചന്ദ്രോപരിതലം പ്രവര്‍ത്തിക്കുന്നതെന്ന് സാറയില്‍ നിന്നുള്ള വിവരങ്ങള്‍ സൂചിപ്പിക്കുന്നു.

സൗരക്കാറ്റിലെത്തുന്ന ഹൈഡ്രജന്‍ ന്യൂക്ലിയസുകള്‍ ചന്ദ്രപ്രതലത്തിലെ ധൂളീപടലങ്ങള്‍ ആഗിരണം ചെയ്യുന്നു എന്നതിനൊപ്പം, മറ്റൊരു പുതിയ കാര്യംകൂടി സാറ തിരിച്ചറിയുകയുമുണ്ടായി. എല്ലാ ഹൈഡ്രജന്‍ ന്യൂക്ലയസുകളും ചന്ദ്രപ്രതലത്തില്‍ ആഗിരണം ചെയ്യപ്പടുന്നില്ല എന്നാണത്. ചന്ദ്രപ്രതലത്തില്‍ പതിക്കുന്ന അഞ്ച് ഹൈഡ്രജന്‍ ന്യൂക്ലയസുകളില്‍ ഒരെണ്ണം വീതം സ്‌പേസിലേക്ക് പ്രതിഫലിച്ച് പോകുകയാണത്രേ ചെയ്യുന്നത്. അങ്ങനെ പ്രതിഫലിക്കുന്നതിനിടെ, ഹൈഡ്രജന്‍ ന്യൂക്ലിയസ് ഒരു ഇലക്ട്രോണ്‍ സ്വീകരിച്ച് ഹൈഡ്രജന്‍ ആറ്റമായാണ് വിടവാങ്ങുക.

എന്നുവെച്ചാല്‍, ചന്ദ്രോപരിതലത്തില്‍ സൂര്യപ്രകാശം പതിക്കുന്ന ഇടങ്ങളില്‍ നിന്ന് തുടര്‍ച്ചയായി ഹൈഡ്രജന്‍ ആറ്റങ്ങള്‍ പ്രതിഫലിക്കപ്പെടുന്നു എന്നാണര്‍ഥം. 'കണ്ടെത്തുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചത് ഇതല്ല'-സാറയുടെ യൂറോപ്യന്‍ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്ററും സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സിലെ ഗവേഷകനുമായ സ്റ്റാസ് ബരാബാസ് പറയുന്നു.

ചന്ദ്രപ്രതലത്തില്‍ നിന്ന് ഹൈഡ്രജന്‍ പ്രതിഫലിക്കാന്‍ കാരണമെന്തെന്ന് വ്യക്തമല്ല. സെക്കന്‍ഡില്‍ 200 കിലോമീറ്റര്‍ വേഗത്തിലാണ് ആറ്റങ്ങള്‍ പ്രതിഫലിക്കുന്നത്. ചന്ദ്രപ്രതലത്തിന്റെ നവീന ദൃശ്യം ലഭിക്കാന്‍ സഹായിക്കുന്ന കണ്ടെത്തലാണിതെന്ന് ഗവേഷകര്‍ പറയുന്നു. സാറ നടത്തിയ കണ്ടെത്തലിനെപ്പറ്റിയുള്ള റിപ്പോര്‍ട്ട് 'പ്ലാനറ്ററി ആന്‍ഡ് സ്‌പേസ് സയന്‍സി'ന്റെ 2009-ലെ ലക്കത്തിലാണുള്ളത്. സാറയില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്തതിലും റിപ്പോര്‍ട്ട് തയ്യാറാക്കിയതിലും ആര്‍.ശ്രീധരന്‍, എം.ബി.ധന്യ തുടങ്ങിയ ഇന്ത്യന്‍ ഗവേഷകരും ഉള്‍പ്പെടുന്നു.

യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയും ഐ.എസ്.ആര്‍.ഒ.യും ചേര്‍ന്ന് വികസിപ്പിച്ച രണ്ട് പേലോഡുകള്‍ ചന്ദ്രയാനിലുണ്ടായിരുന്നു. അതിലൊന്നാണ് സാറ. സൗരക്കാറ്റുകള്‍ ചന്ദ്രപ്രതലവുമായി എങ്ങനെ ഇടപഴകുന്നു എന്നു പഠിക്കുകയായിരുന്നു ലക്ഷ്യം. 4.5 കിലോഗ്രാം ഭാരമുണ്ടായിരുന്ന ഈ ഉപകരണം, സ്വീഡിഷ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സ്‌പേസ് ഫിസിക്‌സ്, തിരുവനന്തപുരം വി.എസ്.എസ്.സി.യിലെ സ്‌പേസ് ഫിസിക്‌സ് ലബോറട്ടറി എന്നിവ സംയുക്തമായാണ് വികസിപ്പിച്ചത്.

ചന്ദ്രനില്‍ ജലമുണ്ടാകാമെന്നും അത് ബാഹ്യസ്രോതസ്സുകളില്‍ നിന്ന് എത്തുന്നതാകാമെന്നും മറ്റുമുള്ള വാദഗതികള്‍ മുമ്പ് ഉയര്‍ന്നിട്ടുണ്ട്. ചന്ദ്രോപരിതലത്തില്‍ പതിക്കുന്ന ധൂമകേതുക്കളും ഉല്‍ക്കകളും ക്ഷുദ്രഗ്രഹങ്ങളും അവിടെ വെള്ളമെത്തിക്കുന്നുണ്ടെന്ന്, കാല്‍ടെകിലെ ഗവേഷകരായ കെന്നത്ത് വാട്‌സണ്‍, ബ്രൂസ് മുറേയ്, ഹാരിസണ്‍ ബ്രൗണ്‍ എന്നിവര്‍ 1961-ല്‍ അഭിപ്രായപ്പെട്ടു. ചന്ദ്രനില്‍ അന്തരീക്ഷമില്ലാത്തതിനാല്‍ അങ്ങനെ എത്തുന്ന ജലം വേഗം ബാഷ്പീകരിച്ച് നഷ്ടപ്പെടും. അതിനിടെ വെള്ളത്തില്‍ ചെറിയൊരു പങ്ക് ധ്രുവപ്രദേശത്തേക്ക് നീങ്ങുകയും, അവിടുത്തെ സൂര്യപ്രകാശം പതിക്കാത്ത അതിശീത ഗര്‍ത്തങ്ങളില്‍ മഞ്ഞുകട്ടകളുടെ രൂപത്തില്‍ സംഭരിക്കപ്പെടുകയും ചെയ്യും എന്നുമായിരുന്നു കാല്‍ടെക് ഗവേഷകരുടെ വാദം.

കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകനായ ജെയിംസ് ആര്‍നോള്‍ഡ് 1979-ല്‍ ഒരു പ്രബന്ധത്തിലൂടെ, ചന്ദ്രനിലെ ഹിമപാളി സിദ്ധാന്തം വീണ്ടും സജീവമാക്കി. അതേസമയം, നാസയുടെ അപ്പോളോ ദൗത്യങ്ങളും മുന്‍സോവിയറ്റ് യൂണിയന്റെ ലൂണാ ദൗത്യങ്ങളും ഭൂമിയിലെത്തിച്ച ചാന്ദ്രശിലകളില്‍ ജലസാന്നിധ്യം കണ്ടെത്താന്‍ ഗവേഷകര്‍ക്കായില്ല. പക്ഷേ, നാസ 1994-ല്‍ വിക്ഷേപിച്ച ക്ലെമന്റൈന്‍ ചാന്ദ്രദൗത്യവും 1998-ല്‍ അയച്ച ലൂണാര്‍ പ്രോസ്‌പെക്ടര്‍ പേടകവും ചന്ദ്രന്റെ ധ്രുവങ്ങളില്‍ ഹിമപാളികളുണ്ടാകാം എന്ന് പരോക്ഷസൂചന നല്‍കി. ഏതാണ്ട് 300 കോടി ടണ്‍ മഞ്ഞുകട്ടകള്‍ ചന്ദ്രനിലുണ്ടാകാമെന്ന് ലൂണാര്‍ പ്രോസ്‌പെക്ടര്‍ ടീം കണക്കുകൂട്ടല്‍ വരെ നടത്തി. എന്നാല്‍, ഇതിനൊന്നും വ്യക്തമായ തെളിവ് ഇല്ലായിരുന്നു.

ചന്ദ്രനില്‍ ജലമുണ്ടോ എന്ന ചോദ്യത്തിനും ഉണ്ടെങ്കില്‍ അത് എങ്ങനെയുണ്ടാകുന്നു എന്ന ചോദ്യത്തിനും ഇന്ത്യന്‍ പേടകം ഇപ്പോള്‍ ഉത്തരം നല്‍കിയിരിക്കുകയാണ്. ചന്ദ്രയാനിലെ നാസയുടെ പരീക്ഷണോപകരണമായ മൂണ്‍ മിനറോളജി മാപ്പര്‍ (എം ക്യുബിക്) ആണ് ചന്ദ്രോപരിതലത്തിലുടനീളം ജലസാന്നിധ്യം ഉള്ളതായി കണ്ടെത്തയത്. 2009 സപ്തംബര്‍ 29-ന്റെ 'സയന്‍സ്' വാരിക ആ കണ്ടെത്തലിന്റെ വിവരം പ്രസിദ്ധീകരിച്ചു. അന്താരാഷ്ട്ര ജ്യോതിശ്ശാസ്ത്രവര്‍ഷത്തില്‍, ഈ കണ്ടെത്തലോടെ ഇന്ത്യന്‍ പേടകം ചരിത്രം രചിക്കുകയാണ് ചെയ്തത്. കാലാവധി പൂര്‍ത്തിയാകാതെ അവസാനിച്ച ചന്ദ്രയാനില്‍ നിന്നുള്ള കണ്ടെത്തല്‍ അവസാനിക്കുന്നില്ല. ഇന്ത്യന്‍ പേടകത്തിന്റെ നിരീക്ഷണഫലങ്ങള്‍ മുഴുവന്‍ പുറത്തു വരാന്‍ കുറഞ്ഞത് മൂന്നു വര്‍ഷമെടുക്കും എന്നാണ് കരുതുന്നത്.

കഴിഞ്ഞ ആഗസ്ത് 28-നാണ് ചന്ദ്രയാനുമായുള്ള ബന്ധം ഐ.എസ്.ആര്‍.ഒ.യ്ക്ക് നഷ്ടമായത്. 2008 ഒക്ടോബര്‍ 22-ന് വിക്ഷേപിച്ച ചന്ദ്രയാന്‍, ദൗത്യകാലാവധി പൂര്‍ത്തിയാക്കാന്‍ ഒരു വര്‍ഷവും 55 ദിവസവും ബാക്കി നില്‍ക്കെയാണ് അവസാനിച്ചത്. ചന്ദ്രയാന്‍ ഒന്ന് പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടു എന്ന് ആക്ഷേപമുയര്‍ന്നു. ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നതായിരുന്നു ആ ആക്ഷേപം. ചന്ദ്രയാന്‍ ദൗത്യം 95 ശതമാനം വിജയമാണെന്ന ഐ.എസ്.ആര്‍.ഒ.യുടെ പ്രസ്താവന സംശയത്തോടെയാണ് പലരും കണ്ടത്. ഫീനിക്‌സ് പക്ഷിയെപ്പോലെ ചന്ദ്രയാന്‍ ലോകത്തിന് മുന്നില്‍ ഉയിര്‍ത്തെണീല്‍ക്കാന്‍ പോകുകയാണെന്ന് അന്നാരും കരുതിയില്ല. എന്നാല്‍, ശരിക്കും അതാണ് സംഭവിച്ചത്. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യം എത്ര സ്വപ്‌നതുല്യമായ വിജയമാണെന്ന് ഇന്ന് ലോകം മനസിലാക്കുന്നു. 95 അല്ല 110 ശതമാനം വിജയം എന്ന് ചന്ദ്രയാന്‍ ഒന്നിനെ ഐ.എസ്.ആര്‍.ഒ.മേധാവി ജി. മാധവന്‍നായര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നു. (കടപ്പാട്: യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, മാതൃഭൂമി).

കാണുക

Saturday, October 17, 2009

കണികാപരീക്ഷണം: എല്‍.എച്ച്.സി. അഗാധശൈത്യത്തില്‍

നിര്‍ത്തിവെച്ച കണികാപരീക്ഷണം പുനരാരംഭിക്കാന്‍ പാകത്തില്‍, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (എല്‍.എച്ച്.സി) അതിന്റെ പ്രവര്‍ത്തന താപനില കൈവരിച്ചു. എല്‍.എച്ച്.സി.യിലെ ഊഷ്മാവ് കേവലപൂജ്യത്തിനടുത്ത് 1.9 കെല്‍വിനില്‍ (മൈനസ് 271 ഡിഗ്രി സെല്‍സിയസ്) എത്തിക്കുന്നതിലാണ് ഗവേഷകര്‍ വിജയിച്ചത്. ഇതോടെ, പ്രപഞ്ചത്തിലെ തന്നെ ഏറ്റവും ശൈത്യമേറിയ സ്ഥാനങ്ങളിലൊന്നായി ഹാഡ്രോണ്‍ കൊളൈഡര്‍ മാറി.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ഹാഡ്രോണ്‍ കൊളൈഡര്‍, മനുഷ്യനിര്‍മിതമായ ഏറ്റവും സങ്കീര്‍ണമായ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണം 27 കിലോമീറ്റര്‍ ചുറ്റളവുള്ള ആ യന്ത്രത്തിലാണ് നടക്കുന്നത്. യൂറോപ്യന്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ ന്യൂക്ലിയര്‍ റിസര്‍ച്ച് (സേണ്‍) എല്‍.എച്ച്.സി. എന്ന അന്താരാഷ്ട്ര സംരംഭത്തിന് മേല്‍നോട്ടം വഹിക്കുന്നു.

പരീക്ഷണവേളയില്‍ എല്‍.എച്ച്.സി.യുടെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള ടണലില്‍ കണങ്ങളെ ശരിയായായി ദിശയില്‍ ത്വരിപ്പിക്കുന്നത് ഭീമാകാരമാര്‍ന്ന അതിചാലക കാന്തങ്ങളാണ്. കാന്തങ്ങള്‍ ശരിയായി പ്രവര്‍ത്തിക്കാനാണ് ഇത്രയും താഴ്ന്ന താപനിലയുടെ ആവശ്യം. ദ്രാവക ഹീലിയത്തിന്റെ സഹായത്തോടെയാണ് ഈ അഗാധശൈത്യം എല്‍.എച്ച്.സി.യില്‍ സാധ്യമാകുന്നത്.

2008 സപ്തംബര്‍ പത്തിന് ആരംഭിച്ച കണികാപരീക്ഷണം, എല്‍.എച്ച്.സി.യിലെ തകരാര്‍ മൂലം ആ സപ്തംബര്‍ 19-ന് നിര്‍ത്തിവെയ്ക്കുകയായിരുന്നു. ഏതാണ്ട് ഒരു ടണ്‍ ദ്രാവകഹീലിയം ചോര്‍ന്നതിനാല്‍ അതിചാലക കാന്തങ്ങളില്‍ ചിലത് പ്രവര്‍ത്തിക്കാതായതാണ് പ്രശ്‌നമായത്. തകരാര്‍ പരിഹരിക്കാന്‍ എല്‍.എച്ച്.സി.യുടെ താപനില ഉയര്‍ത്തേണ്ടി വന്നു.

പ്രശ്‌നം പരിഹരിച്ച ശേഷം കാന്തങ്ങളെ വീണ്ടും കേവലപൂജ്യത്തിനടുത്ത്് തണുപ്പിക്കാന്‍ കഴിഞ്ഞു എന്നു പറഞ്ഞാല്‍, പ്രഖ്യാപിച്ചതു പോലെ നവംബര്‍ പകുതിയില്‍ കണികാപരീക്ഷണം പുനരാരംഭിക്കാനാകും എന്നാണര്‍ഥം.

ഭൗതികശാസ്ത്ര ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ പരീക്ഷണമാണ് എല്‍.എച്ച്.സി.യില്‍ നടക്കുക. പ്രപഞ്ചാരംഭമായ മഹാവിസ്‌ഫോടനം കഴിഞ്ഞ് തൊട്ടടുത്തുള്ള അവസ്ഥ പുനസൃഷ്ടിക്കാനാണ് പരീക്ഷണം ലക്ഷ്യമിടുന്നത്. അതുവഴി ഭൗതിശാസ്ത്രത്തിലെ ചില സുപ്രധാന സമസ്യകള്‍ക്ക് ഉത്തരം ലഭിക്കുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു.

എതിര്‍ ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ധാരകളെ, അല്ലെങ്കില്‍ ലെഡ് അയണ്‍ ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ പരസ്പരം കൂട്ടിയിടിപ്പിക്കുകയും, ആ കൂട്ടിയിടിയുടെ ഫലമായി പുറത്തു വരുന്നത് എന്തൊക്കെ എന്ന് പഠിക്കുകയും ചെയ്യുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുക.

അത്യുന്നത ഊര്‍ജനിലയില്‍ സംഭവിക്കുന്ന കണികാ കൂട്ടിയിടികളില്‍ പുതിയ കണങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. പ്രപഞ്ചത്തിന്റെ അടിസ്ഥാന സ്വഭാവത്തെക്കുറിച്ച് പുത്തന്‍ ഉള്‍ക്കാഴ്ച രൂപപ്പെടുത്താന്‍ അതുവഴി സാധിച്ചേക്കും.

ഹാഡ്രോണ്‍ കൊളൈഡറിലെ കണികകളെ അത്യുന്നത ഊര്‍ജനില കൈവരിക്കാന്‍ സഹായിക്കുന്നത് അതിലെ അതിചാലക കാന്തങ്ങളാണ്. അല്‍പംപോലും പ്രതിരോധമില്ലാതെ വൈദ്യുതി കടന്നുപോകുന്ന അവസ്ഥയാണ് അതിചാലകത. ആ അവസ്ഥ കൈവരിക്കണമെങ്കില്‍ കാന്തങ്ങളുടെ താപനില കേവലപൂജ്യത്തിന് അടുത്തായിരിക്കണം.

ഏതെങ്കിലും ഒരു വസ്തുവിന് എത്തിച്ചേരാന്‍ കഴിയുന്ന ഏറ്റവും താഴ്ന്ന താപനിലയാണ് കേവലപൂജ്യം അത് മൈനസ് 273.15 ഡിഗ്രി സെല്‍സിയസ്. പ്രപഞ്ചത്തിലെ വിദൂരസ്ഥാനങ്ങളിലെ ഏറ്റവും താഴ്ന്ന താപനിലയായി കണക്കാക്കിയിട്ടുള്ളത് മൈനസ് 270 ഡിഗ്രി സെല്‍സിയസ് ആണ്.

അതിലും താഴെയാണ് ഇപ്പോള്‍ ഹാഡ്രോണ്‍ കൊളൈഡറിന്റെ താപനില; മൈനസ് 271 ഡിഗ്രി സെല്‍സിയസ്. ഇത്ര താഴ്ന്ന താപനില ഇതുവരെ ഒരു കണികാഡിറ്റെക്ടറും (കണികാത്വരകവും) കൈവരിച്ചിട്ടില്ല.

കഴിഞ്ഞ വര്‍ഷത്തെ തകരാറിന് ശേഷം ഹാഡ്രോണ്‍ കൊളൈഡറിലുണ്ടാക്കിയ സംരക്ഷണ സംവിധാനം ടെസ്റ്റു ചെയ്ത ശേഷമേ കണികാപരീക്ഷണം ഇനി ആരംഭിക്കൂ. കാന്തങ്ങളുടെ പ്രവര്‍ത്തനക്ഷമതയാണ് ഇതിന്റെ ഭാഗമായി ടെസ്റ്റ് ചെയ്യുക.

കണികാധാരകള്‍ ചെറിയതോതില്‍ ഇപ്പോള്‍ തന്നെ എല്‍.എച്ച്.സി.യുടെ 'വാതായന'ത്തിലൂടെ കടത്തിവിട്ടു തുടങ്ങി. ദുര്‍ബലമായ കണികാധാരകളാണ് തുടക്കത്തില്‍ ഉപയോഗിക്കുന്നത്. ഹാഡ്രോണ്‍ കൊളൈഡറിന്റെ ചില ഭാഗങ്ങളെ ഉള്‍പ്പെടുത്തിയാണ് ഈ ടെസ്റ്റിങ്.

നവംബര്‍ രണ്ടാമത്തെ ആഴ്ചയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ പരീക്ഷണം ആരംഭിക്കാം എന്നാണ് സേണ്‍ അധികൃതര്‍ കരുതുന്നത്. ആദ്യ ഡേറ്റ അതുവഴി ലഭിക്കും.

ക്രമേണ കണികാധാരകളുടെ ശക്തിവര്‍ധിപ്പിക്കാനാണ് പരിപാടി. അങ്ങനെ, ഉന്നത ഊര്‍ജനിലയിലുള്ള ധാരകള്‍ തമ്മിലുള്ള കൂട്ടിയിടി ആരംഭിക്കുന്നതോടെ പൂര്‍ണതോതില്‍ കണികാപരീക്ഷണം തുടങ്ങും.

ഉന്നത ഊര്‍ജനില പ്രാപിച്ച കണികാധാരകളുടെ കൂട്ടിയിടി ഡിസംബറില്‍ സംഭവിക്കുമെന്നാണ് പ്രതീക്ഷ, ഒരുപക്ഷേ അത് 2010 ജനവരിയിലാകാം നടക്കുക-സേണിലെ കമ്മ്യൂണിക്കേഷന്‍സ് മേധാവി ജെയിംസ് ഗില്ലീസ് പറയുന്നു.

'രണ്ട് തുന്നല്‍ സൂചികള്‍ അത്‌ലാന്റിക്കിന്റെ ഇരുകരയിലും നിന്നെറിഞ്ഞ് പരസ്പരം കൊള്ളിക്കുന്നതുപോലെ, അത്രമാത്രം അസാധാരണ സൂക്ഷ്മത ആവശ്യമുള്ള പരീക്ഷണമാണ് കണികകളെ കൂട്ടിയിടിപ്പിക്കുക വഴി എല്‍.എച്ച്.സി.യില്‍ നടക്കുന്നത്'-ഗില്ലീസ് പറയുന്നു.

ഹാഡ്രോണ്‍ കൊളൈഡറിന്റെ തകരാര്‍ പരിഹരിക്കാന്‍ സേണ്‍ ചെലവിട്ടത് ഏതാണ്ട് 240 ലക്ഷം പൗണ്ട് (180 കോടി രൂപ) ആണ്. കഴിഞ്ഞ വര്‍ഷം സംഭവിച്ചത് പോലുള്ള തകരാറുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍സംരക്ഷണസംവിധാനം ഏര്‍പ്പെടുത്തിയ ശേഷമാണ് ഇപ്പോള്‍ പരീക്ഷണം പുനരാരംഭിക്കുന്നത്. (കടപ്പാട്: ബി.ബി.സി.ന്യൂസ്)

കാണുക

Friday, October 16, 2009

നോര്‍മന്‍ ബൊര്‍ലോഗ് - ക്ഷാമങ്ങള്‍ പഴങ്കഥയാക്കിയ മനുഷ്യന്‍

ഇന്ത്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ ഭക്ഷ്യസുരക്ഷയില്‍ എത്തുകയും ക്ഷാമങ്ങള്‍ പഴങ്കഥകളാകുകയും ചെയ്തതിന് പിന്നില്‍ ഒരു ചരിത്രമുണ്ട്. ആ ചരിത്രത്തില്‍ തെളിയുന്നത് നോര്‍മന്‍ ബൊര്‍ലോഗ് എന്ന കാര്‍ഷിക വിദഗ്ധന്റെ മുഖവും അദ്ദേഹം അനുഷ്ഠിച്ച ത്യാഗത്തിന്റെ കഥയുമാണ്. കഴിഞ്ഞ സപ്തംബര്‍ 12-ന് ബൊര്‍ലോഗ് അന്തരിച്ചു. അദ്ദേഹത്തെ അനുസ്മരിക്കാന്‍ ലോകഭക്ഷ്യദിനം (ഒക്ടോബര്‍ 16) തന്നെയാണ് യോജ്യമായ അവസരം. കുറിഞ്ഞി ഓണ്‍ലൈനിലെ നാനൂറാം പോസ്റ്റ്.

ചൂണ്ടയിട്ട് മീന്‍ പിടിച്ചിട്ടുള്ളവര്‍ക്കറിയാം, ഇത്രയേറെ ക്ഷമയും പ്രതീക്ഷയും ആവശ്യമായ മറ്റൊരു വിനോദമില്ല. അമേരിക്കയില്‍ വടക്കുകിഴക്കന്‍ അയോവയിലെ സൗഡെ ഗ്രാമത്തിന് സമീപത്തുകൂടി ഒഴുകുന്ന ലിറ്റില്‍തുര്‍ക്കി നദിയില്‍ ചൂണ്ടയിടാന്‍ പോകുമ്പോള്‍ കര്‍ഷകനായ നെല്‍സ് ബൊര്‍ലോഗ് ബാലനായ പേരമകനെയും ഒപ്പം കൂട്ടും. നദിക്കരയില്‍ ചൂണ്ടച്ചരട് അനങ്ങുന്നതും കാത്ത് ക്ഷമയോടെയിരിക്കുമ്പോള്‍, ആ മുത്തച്ഛന്‍ പറയുന്ന വാക്കുകള്‍ കുട്ടി ശ്രദ്ധയോടെ കേള്‍ക്കും. ആവശ്യമുള്ള വേളയില്‍ മറ്റുള്ളവരെ സഹായിക്കുക എന്നത് എത്ര പ്രധാനപ്പെട്ട കാര്യമാണെന്ന് ആ ബാലന്‍ മനസിലാക്കുന്നത് മുത്തച്ഛന്റെ വാക്കുകളിലൂടെയാണ്. 'നല്ല പ്രവര്‍ത്തികള്‍ക്ക് ഒരിക്കലും സങ്കല്‍പ്പിക്കാത്ത തരത്തിലായിരിക്കും നിനക്ക് പ്രതിഫലം കിട്ടുക'-അദ്ദേഹം പറയുമായിരുന്നു.

ഇരുപതാം നൂറ്റാണ്ടില്‍ ഇതിഹാസം രചിക്കുകയെന്ന വിധിയായിരുന്നു ആ ബാലനെ കാത്തിരുന്നത്. മുത്തച്ഛന്റേത് പാഴ്‌വാക്കായില്ലെന്ന് അവന്‍ സ്വജീവിതംകൊണ്ട് തെളിയിച്ചു. ആധുനികലോകം ഏറ്റവും കൃതജ്ഞതയോടെ ഉച്ഛരിക്കുന്ന നാമങ്ങളിലൊന്നായി മാറി അവന്റേത്. വളര്‍ന്നപ്പോള്‍ ലോകത്തിന്റെ വിശപ്പടക്കിയവന്‍ എന്ന ഖ്യാതിയാണ് അവനെ കാത്തിരുന്നുത്. ക്ഷാമങ്ങളെ പഴങ്കഥയാക്കി മാറ്റിയ കാര്‍ഷികശാസ്ത്രജ്ഞന്‍ നോര്‍മന്‍ ബൊര്‍ലോഗ് ആണ് ആ ബാലന്‍. നല്ല പ്രവര്‍ത്തികളുടെ ഫലം എങ്ങനെയാവും മടക്കിക്കിട്ടുക എന്നതിന് തെളിവാണ് നോര്‍മന്‍ ബൊര്‍ലോഗിന്റെ ജീവിതം. 2009 സപ്തംബര്‍ 12-ന് തൊണ്ണൂറ്റിയഞ്ചാം വയസ്സില്‍ അന്തരിക്കും വരെ മനുഷ്യര്‍ക്ക് തന്നെക്കൊണ്ടുള്ള പ്രയോജനം എന്തെന്ന് മാത്രമേ അദ്ദേഹം ചിന്തിച്ചിട്ടുള്ളു. 'അത് കര്‍ഷകരിലേക്കെത്തിക്കൂ', എന്നതായിരുന്നു അദ്ദേഹം അവസാനം ഉച്ചരിച്ച വാക്കുകള്‍. ജീവിതകാലം മുഴുവന്‍ കര്‍ഷകരെക്കുറിച്ച് ചിന്തിച്ച ആ മനുഷ്യന്റെ അവസാനവാക്കുകളും കര്‍ഷകരെക്കുറിച്ചായത് യാദൃശ്ചികമല്ല. മനുഷ്യന്റെ വിശപ്പ് മാറ്റിയാലേ ലോകത്ത് സമാധാനമുണ്ടാകൂ എന്ന് 1970-ല്‍ സമാധാനനോബല്‍ ബൊര്‍ലോഗിന് നല്‍കുക വഴി നോബല്‍കമ്മറ്റി പ്രഖ്യാപിച്ചു. നോബല്‍ പുരസ്‌കാരം നേടിയ ഏക കാര്‍ഷികശാസ്ത്രജ്ഞനാണ് അദ്ദേഹം.

ഇരുപതാം നൂറ്റാണ്ട് ആരംഭിക്കുമ്പോള്‍ ലോകജനസംഖ്യ 165 കോടിയായിരുന്നു. ഏതാണ്ട് അതിന്റെ മൂന്നില്‍ രണ്ടുഭാഗം (100 കോടിയിലേറെ) ജനങ്ങള്‍ ഇരുത്തിയൊന്നാം നൂറ്റാണ്ട് പിറക്കുമ്പോള്‍ ഇന്ത്യയില്‍ മാത്രമുണ്ട്. ഇത്രയും പേരുണ്ടായിട്ടും ഇന്ത്യയിലില്‍ ഇന്ന് ഭക്ഷ്യധാന്യം മിച്ചമാണ്. ക്ഷാമമെന്നത് പഴങ്കഥയായാണ് പലര്‍ക്കും തോന്നുന്നത് (ആഫ്രിക്കയിലൊഴിക). എന്നാല്‍, ക്ഷാമങ്ങളും വറുതിയും ഇന്ത്യക്കാരെ വിട്ടൊഴിഞ്ഞിട്ട് അധികകാലം ആയിട്ടില്ല. 1960-കളുടെ പകുതിയില്‍ പോലും ക്ഷാമം രാജ്യത്തിന്റെ ഉറക്കം കെടുത്തിയിരുന്നു. ആ സ്ഥിതിക്ക് മാറ്റമുണ്ടായത് ഇന്ത്യയിലും പാകിസ്താനിലും ആരംഭിച്ച് ഏഷ്യയുടെ ഇതര ഭാഗങ്ങളിലേക്ക് വ്യാപിച്ച 'ഹരിതവിപ്ലവം' എന്ന കാര്‍ഷികമുന്നേറ്റം വഴിയാണ്. ആ മുന്നേറ്റത്തിന് നമ്മള്‍ കടപ്പെട്ടിരിക്കുന്നത് മറ്റാരെക്കാളും നോര്‍മന്‍ ബൊര്‍ലോഗ് എന്ന കാര്‍ഷികശാസ്ത്രജ്ഞനോടും അദ്ദേഹം വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള വിത്തിനങ്ങളോടുമാണ്. നമ്മുടെ വിശപ്പ് മാറ്റിയത്, ഇന്നും മാറ്റുന്നത് ആ വിത്തിനങ്ങളാണ്. അതിനുള്ള നന്ദി പ്രകടനമായി 2006-ല്‍ പത്മവിഭൂഷണ്‍ നല്‍കി ഇന്ത്യ ആ മഹാശാസ്ത്രജ്ഞനെ ആദരിച്ചു.

ബാല്യവും വിദ്യാഭ്യാസവും

ഇതിന്റെയെല്ലാം തുടക്കം വടക്കുകിഴക്കന്‍ അയാവൊയില്‍ 'ലിറ്റില്‍ നോര്‍വെ' എന്നറിയപ്പെട്ടിരുന്ന സൗഡെ ഗാമത്തില്‍ നിന്നായിരുന്നു. 1914 മാര്‍ച്ച് 25-ന് ജനിച്ച ദിവസം മുതല്‍ നോര്‍മന്‍ ബൊര്‍ലോഗ് ഒരു കടങ്കയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരനായ ലിയോണ്‍ ഹെസ്സര്‍ പറയുന്നു. അയോവയിലെ കര്‍ഷകഗ്രാമത്തില്‍ പിറന്നു വീണ കുട്ടി, ഒറ്റ മുറി മാത്രമുള്ള ഏകാധ്യാപക വിദ്യാലയത്തില്‍ പഠിച്ച, സര്‍വകലാശാലയില്‍ പ്രവേശനപരീക്ഷ പാസാകാത്ത, ശാസ്ത്രാധ്യാപകനും അത്‌ലറ്റിക്ക് കോച്ചും ആകാന്‍ കൊതിച്ച ആ ബാലന് പക്ഷേ, കാലം കാത്തുവെച്ചിരുന്നത് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനമാര്‍ന്ന വ്യക്തികളിലൊരാള്‍ ആകാനുള്ള വിധിയായിരുന്നു. പട്ടിണിയും ക്ഷാമവും ചെറുക്കാന്‍ സഹായിക്കുക വഴി ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ആളുകളുടെ ജീവന്‍ രക്ഷിച്ച വ്യക്തിയെന്ന പദവി നേടാനായിരുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ നോര്‍വെയില്‍ നിന്ന് അമേരിക്കന്‍ ഐക്യനാടുകളിലേക്ക് കുടിയേറിയവരായിരുന്നു ബൊര്‍ലോഗിന്റെ ബന്ധുക്കള്‍. ശുദ്ധരായ കര്‍ഷകര്‍. ഹെന്‍ട്രി ബൊര്‍ലോഗിന്റെയും ക്ലാര വാലയുടെയും നാല് മക്കളില്‍ മൂത്തവനായിരുന്നു നോര്‍മന്‍ ബൊര്‍ലോഗ്. താഴെയുള്ള മൂന്ന് പേരും പെണ്‍കുട്ടികള്‍. നോര്‍മന് എട്ടു വയസ്സാകുംവരെ മുത്തച്ഛനായ നെല്‍സ് ബൊര്‍ലോഗിന്റെ 120 ഹെക്ടര്‍ വരുന്ന കൃഷിയിടത്തിലായിരുന്നു കുടുംബം താമസിച്ചത്. മുത്തച്ഛനായ നെല്‍സ് ആ ബാലനെ വല്ലാതെ സ്വാധീനിച്ചു. എല്ലാത്തരം സംശയങ്ങളുമായി മുത്തച്ഛനു പിന്നാലെ നടക്കുന്ന അവനെ ഇളയ സഹോദരങ്ങള്‍ ഇന്നുമോര്‍ക്കുന്നു. 'അവിടെ വളരുന്ന പുല്ലിന് പച്ചനിറം കൂടുതലായതെന്താ, ഇവിടെ ആ ചെടി വളരാത്തതെന്താ' എന്നിങ്ങനെയുള്ളതായിരുന്നു അവന്റെ സംശയങ്ങള്‍.

സാമാന്യയുക്തിയായിരുന്നു ബൊര്‍ലോഗ് കുടുംബത്തിലെ നിയമങ്ങളിലൊന്ന്, കഠിനാധ്വാനം മറ്റൊന്ന്. തൊഴിലിനെ സംബന്ധിച്ച നൈതികമായ ധാരണകള്‍ ബൊര്‍ലോഗിന് കുടുംബത്തില്‍ വെച്ച് തന്നെ കിട്ടിയെന്ന് സാരം. ചെറുപ്രായത്തില്‍ തന്നെ അവന്‍ മുത്തച്ഛന്റെ കൃഷിയിടത്തില്‍ പണിയെടുത്തു. കാലികളെയും കുതിരകളെയും മേയ്ക്കാനും സമയം കണ്ടെത്തി. മതപരമായ കാര്യങ്ങളിലും മുത്തച്ഛന്‍ നില്‍സിന് സ്വന്തം നിലപാടുണ്ടായിരുന്നു. അദ്ദേഹം ഇടയ്ക്കിടെ ആ ബാലനോട് പറയുമായിരുന്നു-'ചിലര്‍ ദൈവത്തെ അന്വേഷിച്ച് ആകാശത്ത് നോക്കുന്നു. ഞാന്‍ പറയുന്നു, മണ്ണില്‍ നോക്കൂ, കൃഷിചെയ്യൂ. അവിടെയാണ് നിങ്ങള്‍ ദൈവത്തെ കാണുക'.

ബൊര്‍ലോഗിന്റെ ജീവിതത്തില്‍ മുത്തച്ഛന്‍ ചെലുത്തിയ ഏറ്റവും വലിയ സ്വാധീനം അവന്റെ വിദ്യാഭ്യാസ കാര്യത്തിലായിരുന്നു. അയോവയിലെ ഒരു സാധാരണ കര്‍ഷകനായി ഒടുങ്ങേണ്ടിയിരുന്ന ആ ബാലനെ ശരിയായ ദിശയിലേക്ക് തിരിച്ചുവിട്ടത്, അവനെ സ്‌കൂളിലും കോളേജിലും അയയ്ക്കണം എന്ന മുത്തച്ഛന്റെ ഉറച്ച നിലപാടായിരുന്നു. സമീപത്തൊന്നും അക്കാലത്ത് നല്ല സ്‌കൂളില്ല. ഏതാനും കിലോമീറ്റര്‍ നടന്നാല്‍ ഒരു ഏകാധ്യാപക വിദ്യാലയത്തിലെത്താം. ന്യൂ ഓറിഗോണ്‍ ടൗണ്‍ഷിപ്പ് സ്‌കൂള്‍ എന്ന ആ വിദ്യാലയം ഒറ്റ മുറി മാത്രമുള്ള ഒരിടമായിരുന്നു. അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ക്രെസ്‌കോ ഹൈസ്‌ക്കൂളില്‍ ചേര്‍ന്നു. വീണ്ടും കൃഷിയിടങ്ങളിലേക്ക് മടങ്ങേണ്ടവര്‍ എന്ന നിലയ്ക്കായിരുന്നു ഹൈസ്‌കൂളിലെ അധ്യായനം. കൃഷിപാഠങ്ങളായിരുന്നു ഏറെയും. ഡേവിഡ് ബാര്‍ട്ടെല്‍മയെന്ന റെസ്‌ലിങ് കോച്ചായിരുന്നു സ്‌കൂളിന്റെ ഹെഡ്മാസ്റ്റര്‍. അദ്ദേഹത്തിന്റെ സ്വാധീനത്താല്‍ ഒരു അത്‌ലറ്റിക് കോച്ച് ആകാന്‍ ബൊര്‍ലോഗ് ആഗ്രഹിച്ചു, അല്ലെങ്കില്‍ ഒരു ശാസ്ത്ര അധ്യാപകനാവുക - ഇതായിരുന്നു അവന്റെ മോഹം.

1929 ഒക്ടോബറില്‍, ബൊര്‍ലോഗ് ഹൈസ്‌കൂളില്‍ ആദ്യവര്‍ഷം പഠിക്കുമ്പോള്‍, ന്യൂയോര്‍ക്ക് സ്‌റ്റോക്ക് മാര്‍ക്കറ്റ് തകര്‍ന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിലായി അമേരിക്കയും ലോകവും. കര്‍ഷകര്‍ കടക്കെണിയിലായി. കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലയിടിഞ്ഞു. അധികം ബാധ്യതകളില്ലാത്തതിനാല്‍ ബൊര്‍ലോഗ് കുടുംബത്തിന് പക്ഷേ, കൃഷിയിടം വില്‍ക്കേണ്ടി വന്നില്ല. എങ്കിലും ജീവിതം വറുതിയിലായി. ആ വറുതിക്ക് നടുവിലാണ്, 1933-ല്‍ ബൊര്‍ലോഗ് മിന്നോസോട്ട സര്‍വകലാശാലയില്‍ ചേരാന്‍ എത്തുന്നത്. യൂണിവേഴ്‌സിറ്റി കോഫിഷോപ്പില്‍ ഒരു മണിക്കൂര്‍ ജോലി ചെയ്താല്‍ മൂന്നു നേരം ഭക്ഷണം കിട്ടും എന്നതായിരുന്നു മുഖ്യ ആകര്‍ഷണം. വിശപ്പിന്റെ വിലയും പട്ടിണി കിടക്കുന്നവന്റെ ദൈന്യതയും ആ ചെറുപ്പക്കാരനെ ആദ്യമായി അലട്ടുന്നത് അപ്പോഴാണ്. ആ കോഫിഷോപ്പില്‍ വെച്ച് തന്റെ ജീവിതേശ്വരിയായ മാര്‍ഗരറ്റ് ഗിബ്‌സനെ ബൊര്‍ലോഗ് പരിചയപ്പെട്ടു. ആ കര്‍ഷകബാലനെ അവള്‍ക്ക് ഇഷ്ടമായി. 2007 മാര്‍ച്ച് എട്ടിന്, 95-ാം വയസ്സില്‍ മാര്‍ഗരറ്റ് ആന്തരിക്കും വരെ ആ ബന്ധം നിലനിന്നു.

മിനസ്സോട്ട സര്‍വകലാശാലയിലെ കോളേജ് ഓഫ് അഗ്രിക്കള്‍ച്ചറില്‍ ചേരാനായിരുന്നു ബൊര്‍ലോഗിന് താത്പര്യം. പക്ഷേ, ഹൈസ്‌കൂളില്‍ ആവശ്യത്തിന് ഗണിതമോ സയന്‍സോ പഠിച്ചില്ലാത്തതിനാല്‍, യൂണിവേഴ്‌സിറ്റിയുടെ പ്രവേശന പരീക്ഷയില്‍ ബൊര്‍ലോഗ് പരാജയപ്പെട്ടു. നിരാശനായ അവന് യൂണിവേഴ്‌സിറ്റി ആ വര്‍ഷം പുതിയതായി ആരംഭിച്ച ജനറല്‍ കോളേജ് തുണയായി. പക്ഷേ, ബൊര്‍ലോഗിന്റെ ആഗ്രഹങ്ങള്‍ക്കോ ചിന്തകള്‍ക്കോ യോജിച്ചതായിരുന്നില്ല ജനറല്‍ കോളേജ്. മുഖ്യമായും മാനവികവിഷയങ്ങള്‍ കൈകാര്യം ചെയ്തിരുന്ന അവിടെ ചേരാനും അക്കാദമിക് കഴിവുകള്‍ വര്‍ധിപ്പിക്കാനും മാര്‍ഗരറ്റ് അവനെ പ്രേരിപ്പിച്ചു. അവന്റെ കഠിനാധ്വാനം ശ്രദ്ധിക്കപ്പെട്ടു. ജനറല്‍ കോളേജിലെ അസിസ്റ്റന്റെ ഡയറക്ടറായിരുന്ന ഡോ. ഫ്രെഡ് ഹോവ്‌ഡെ നടത്തിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ ബൊര്‍ലോഗിനെ അഗ്രികള്‍ച്ചര്‍ കോളേജിലേക്ക് മാറാന്‍ ഒടുവില്‍ സര്‍വകലാശാല സമ്മതിച്ചു. 1937-ല്‍ ഫോറസ്ട്രിയില്‍ ബിരുദം.

ബിരുദപഠനം പൂര്‍ത്തിയാകുന്നതിന് ഏതാനും മാസം മുമ്പാണ് ഡോ. എല്‍വിന്‍ ചാള്‍സ് സ്റ്റാക്ക്മാന്‍ എന്ന പ്രശസ്ത സസ്യശാസ്ത്രജ്ഞന്റെ പ്രഭാഷണം കേള്‍ക്കാന്‍ ഇടയായത്. (മിന്നസോട്ടയിലെ കാര്‍ഷികകോളേജില്‍ ഒരു വിഭാഗത്തിന്റെ തലവനായി ഡോ.സ്റ്റാക്ക്മാന്‍ ചാര്‍ജെടുക്കാനിരിക്കുകയായിരുന്നു അപ്പോള്‍). ആ പ്രഭാഷണം ബൊര്‍ലോഗിന്റെ ജീവിതത്തില്‍ വഴിത്തിരിവായി. ഗോതമ്പ്, ഓട്‌സ്, ബാര്‍ലി വിളകളെ ബാധിക്കുന്ന ഫംഗസായ റസ്റ്റിനെപ്പറ്റിയായിരുന്നു പ്രഭാഷണം. പ്രത്യേകതരത്തില്‍ സസ്യങ്ങളെ വളര്‍ത്തിയെടുത്താല്‍ ഈ രോഗത്തെ ചെറുക്കാം എന്ന് സ്റ്റാക്ക്മാന്‍ വാദിച്ചു. ആ വസ്തുത ബൊര്‍ലോഗിനെ ആകര്‍ഷിച്ചു. സ്റ്റാക്ക്മാന്റെ സമ്മതത്തോടെ മിന്നസോട്ടയില്‍ വീണ്ടും ചേര്‍ന്നു, ബിരുദാനന്തരബിരുദ പഠനത്തിന്. പ്ലാന്റ് പത്തോളജിയില്‍ ശ്രദ്ധിക്കാന്‍ സ്റ്റാക്കമാനാണ് ഉപദേശിച്ചത്. 1940-ല്‍ എം.എസ്സി പാസായി, 1942-ല്‍ അതേ മേഖലയില്‍ ഗവേഷണബിരുദവും. 1942-44 കാലത്ത് ബൊര്‍ലോഗ് ഡ്യുപോന്റ് എന്ന കെമിക്കല്‍ കമ്പനിയില്‍ മൈക്രോബയോളജിസ്റ്റായി പ്രവര്‍ത്തിച്ചു. യുദ്ധകാലഗവേഷണമായിരുന്നു അത്.

കാലം ഏല്‍പ്പിച്ച ദൗത്യം

1940-ലാണ് മെക്‌സിക്കോയില്‍ ധാന്യോത്പാദനം വര്‍ധിപ്പിക്കാനുള്ള പദ്ധതി, യു.എസ്. സര്‍ക്കാരിന്റെ അനുഗ്രാഹാശിസുകളോടെ, റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്‍ ആവിഷ്‌ക്കരിക്കുന്നത്. വിളരോഗങ്ങളും ക്ഷാമവും മെക്‌സിക്കോയെ തുടര്‍ച്ചയായി ഗ്രസിച്ചുകൊണ്ടിരുന്ന കാലമായിരുന്നു അത്. കര്‍ഷകര്‍ ശരിക്കും വറുതിയിലായിരുന്നു. അതിനൊരു ശാശ്വത പരിഹാരമുണ്ടാക്കുക എന്നതായിരുന്നു പദ്ധതിയുടെ ഉദ്ദേശം. പദ്ധതി തയ്യാറാക്കുന്നതില്‍ ഡോ. സ്റ്റാക്ക്മാന്‍ മുഖ്യ പങ്കു വഹിച്ചു. പ്രൊജക്ട് മേധാവിയായി ജോര്‍ജ് ഹാരാര്‍ നിശ്ചയിക്കപ്പെട്ടു. പദ്ധതിയിലേക്ക് ബൊര്‍ലോഗിനെ ശുപാര്‍ശ ചെയ്യുന്നതും സ്റ്റാക്ക്‌മെനാണ്. 'വൈഷമ്യങ്ങള്‍ അയാളെ പരാജയപ്പെടുത്തില്ല. മിഷനറികളെപ്പോലെയാണ് അയാള്‍ ജോലിചെയ്യുക'-ബൊര്‍ലോഗിനെക്കുറിച്ച് സ്റ്റാക്ക്മാന്‍ ഹാരാറോട് പറഞ്ഞു. ഡ്യുപോന്റ് വാഗ്ദാനം ചെയ്ത ഇരട്ടി ശമ്പളം നിരസിച്ചുകൊണ്ട്, ഗര്‍ഭിണിയായ ഭാര്യയെ അമേരിക്കയില്‍ വിട്ട്, 1944 ജൂലായില്‍ മെക്‌സിക്കോയിലെ വീറ്റ് റിസര്‍ച്ച് ആന്‍ഡ് പ്രൊഡക്ഷന്‍ പ്രോഗ്രാമിന്റെ മേധാവിയായി ബൊര്‍ലോഗ് സ്ഥാനമേറ്റു. ക്ഷാമങ്ങളെ ഇല്ലാതാക്കുകയെന്ന ചരിത്രദൗത്യമാണ് കാലം അന്ന് ആ യുവഗവേഷകനെ ഏല്‍പ്പിക്കുന്നതെന്ന് ആരും സ്വപ്‌നത്തില്‍ പോലും കരുതിയില്ല.

ബൊര്‍ലോഗ് എത്തുന്ന സമയത്ത് സഹതാപാര്‍ഹമായിരുന്നു മെക്‌സിക്കോയുടെ അവസ്ഥ. ഗോതമ്പുത്പാദനം ആവശ്യത്തിലും പകുതിയില്‍ താഴെ മാത്രം. റസ്റ്റ്‌രോഗമായിരുന്നു ഗോതമ്പുകൃഷിക്ക് കടുത്ത ഭീഷണി. വറുതിയും ക്ഷാമവും രാജ്യത്തെ ഉലച്ചു. കര്‍ഷകരുടെ വിശ്വാസം ആര്‍ജിക്കലായിരുന്നു ആദ്യ വെല്ലുവിളി. പ്രതികൂല സാഹചര്യങ്ങളെ അനുകൂലമാക്കേണ്ടതുണ്ടായിരുന്നു. രോഗപ്രതിരോധശേഷിയുള്ള വിത്തിനങ്ങള്‍ കൃത്രിമപരാഗണം വഴി രൂപപ്പെടുത്താനാണ് ബൊര്‍ലോഗും സംഘവും ആദ്യ പത്തുവര്‍ഷം ചെലവിട്ടത്. 6000 കൃത്രിമപരാഗണം അതിനിടെ ഗോതമ്പില്‍ നടത്താന്‍ കഴിഞ്ഞു. അതിന് പകലന്തിയോളം ഗോതമ്പുവയലുകളില്‍ കഴിയേണ്ടി വന്നു. തുറസ്സായ വയലുകളില്‍ പൊരിവെയിലില്‍ നിന്നായിരുന്നു മിക്ക സമയത്തും ജോലി. ജോലിസ്ഥലത്ത് ആദ്യമെത്തുന്നതും അവസാനം ജോലി നിര്‍ത്തുന്നതും എന്നും ബൊര്‍ലോഗ് ആയിരുന്നുവെന്ന് അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നു.

ഗവേഷണത്തിന്റെ സമയം ലാഭിക്കാനായി 'ഷട്ടില്‍ ബ്രീഡിങ്' (ഡബിള്‍ ബ്രീഡിങ്) എന്ന ആശയം ബൊര്‍ലോഗ് മുന്നോട്ടുവെച്ചു. വേനല്‍ക്കാലത്തും മഞ്ഞുകാലത്തും ഗോതമ്പ് കൃഷി ചെയ്ത് ഒരേ വര്‍ഷം ഒരു വിളയ്ക്കു പകരം രണ്ട് വിളയെടുക്കുക. ഏഴോ എട്ടോ വര്‍ഷമെടുക്കുന്ന ഗവേഷണം അതിന്റെ പകുതി സമയം കൊണ്ട് പൂര്‍ത്തിയാക്കാന്‍ ഷട്ടില്‍ ബ്രീഡിങ് സഹായിക്കും. അതിന് മെക്‌സിക്കോയിലെ ഉയര്‍ന്ന വിതാനത്തിലും താഴ്ന്ന വിതാനത്തിലുമുള്ള രണ്ട് സ്ഥലങ്ങള്‍ നിശ്ചയിച്ചു. വേനലില്‍ മെക്‌സിക്കോ സിറ്റിയില്‍ നിന്ന് അധികം അകലെയല്ലാതെ, ഉയര്‍ന്ന വിതാനത്തിലുള്ള മഴ സമൃദ്ധമായി ലഭിക്കുന്ന ചാപിംഗോ, ടൊലുക എന്നിവിടങ്ങളിലും, മഞ്ഞുകാലത്ത് സൊനോരയിലെ യാക്വി താഴ്‌വരയിലും. സമുദ്രനിരപ്പിലുള്ള ആ സ്ഥലത്ത് ജലസേചനസൗകര്യം ലഭ്യമാണ്. പക്ഷേ, രണ്ട് പ്രദേശങ്ങളും തമ്മില്‍ 1000 കിലോമീറ്ററാണ് അകലം. ഒരിടത്തെ വിളവെടുത്താല്‍, ആയിരം കിലോമീറ്റര്‍ അകലെയുള്ള കേന്ദ്രത്തിലേക്ക് ഗവേഷകസംഘം പോകണം.

പരമ്പരാഗത കാര്‍ഷികസങ്കല്‍പ്പങ്ങള്‍ക്ക് എതിരായിരുന്ന ആ ആശയം നിരസിക്കപ്പെട്ടു. ബൊര്‍ലോഗ് രാജിക്കുപോലും ഒരുങ്ങിയതാണ്. പക്ഷേ, ഡോ. സ്റ്റാക്ക്മാന്റെ ഇടപെടല്‍ അവിടെയും തുണയായി. 1945-ല്‍ ഷട്ടില്‍ ബ്രീഡിങ് ആരംഭിച്ചു. ഉയര്‍ന്ന വിതാനത്തിലും സമതലത്തിലും വളര്‍ന്ന ചെടികളെ പരാഗണം വഴി സമ്മേളിപ്പിച്ചപ്പോള്‍, എല്ലാ കാലാവസ്ഥയ്ക്കും ചേര്‍ന്ന പുതിയ സങ്കരയിനങ്ങള്‍ രൂപപ്പെട്ടു. വന്‍വിജയമായിരുന്നു അത്. 'ബാക്ക്‌ക്രോസിങ്' ആയിരുന്നു ബൊര്‍ലോഗ് കണ്ടെത്തിയ മറ്റൊരു സങ്കേതം. വിവിധ പ്രതിരോധ ജീനുകളടങ്ങിയ സങ്കരയിനങ്ങളെ പിതൃസസ്യയിനങ്ങളുമായി പരാഗണം ചെയ്യുക, അങ്ങനെ പ്രതിരോധ ജീനുകള്‍ പിതൃഇനത്തിലേക്ക് സന്നിവേശിപ്പിക്കുക. അതുവഴി മുന്തിയ പ്രതിരോധശേഷിയുള്ള സങ്കരയിനങ്ങള്‍ രൂപപ്പെടുത്തുക. അതും ഫലം ചെയ്തു.

പക്ഷേ, പ്രശ്‌നം പിന്നെയും അവശേഷിച്ചു. കൃത്രിമവളങ്ങളുടെ സഹായത്തോടെ കൂടുതല്‍ വിളവുണ്ടാക്കാമെന്ന് വെച്ചാല്‍, ഭാരമേറിയ ധാന്യക്കതിരുകള്‍ താങ്ങാനാവാതെ ചെടി വീണുപോകും. അത് ചെറുക്കാന്‍ തണ്ടിന് ബലമുള്ള പൊക്കം കുറഞ്ഞയിനങ്ങള്‍ വേണം. ഇക്കാര്യത്തിലാണ് ബൊര്‍ലോഗ് മൂന്നാമത്തെ മുന്നേറ്റം നടത്തിയത്; 1953ല്‍. 'ഡ്വാര്‍ഫിനിങ്'(Dwarfing) ആയിരുന്നു സുപ്രധാനമായ ആ മുന്നേറ്റം. അമേരിക്കന്‍ കാര്‍ഷികശാസ്ത്രജ്ഞന്‍ ഓര്‍വില്ലെ വോഗല്‍ രൂപപ്പെടുത്തിയ 'നോറിന്‍ 10' എന്ന ഗോതമ്പിനം തുണയായി. സാധാരണയിലും കുറച്ചു മാത്രം പൊക്കമുള്ളതും, എന്നാല്‍ ഉറപ്പുള്ള തണ്ടോടുകൂടിയതുമായിരുന്നു ആ ഇനം. ഒരു ജപ്പാന്‍ ജീനാണ് ആ കഴിവ് ഗോതമ്പ് ചെടിക്ക് നല്‍കിയത്. ബൊര്‍ലോഗ് ആ ഇനത്തെ താന്‍ രൂപപ്പെടുത്തിയ പ്രതിരോധശേഷി കൂടിയ ഇനവുമായി പരാഗണം ചെയ്യിപ്പിച്ചു. അങ്ങനെ ഉഷ്ണമേഖലാ പ്രദേശത്തിനും അര്‍ധഉഷ്ണമേഖലാ പ്രദേശത്തിനും യോജിച്ച രോഗപ്രതിരോധശേഷി കൂടിയ കുള്ളന്‍ ഗോതമ്പിനം രൂപപ്പെട്ടു.

പിറ്റിക് 62 (Pitic 62), പെന്‍ജാമൊ 62 (Penjamo 62) എന്നിവയാണ് ബൊര്‍ലോഗ് വികസിപ്പിച്ച അത്യുത്പാദനശേഷിയുള്ള സങ്കരയിനം ഗോതമ്പ് വിത്തുകള്‍. പുതിയ വിത്തിനങ്ങള്‍ കൃഷിചെയ്യാന്‍ കര്‍ഷകര്‍ തയ്യാറായതോടെ മെക്‌സിക്കോയിലെ ഗോതമ്പുത്പാദനം പടിപടിയായി വര്‍ധിച്ചു. 1956 ആയപ്പോഴേക്കും ആ രാജ്യത്തെ ധാന്യോത്പാദനം അഞ്ചിരട്ടിയായി, രാജ്യം സ്വയംപര്യാപ്തമായി. വറുതിയുടെയും ക്ഷാമത്തിന്റെയും കാലം പഴങ്കഥയായി. 1964-ല്‍ അത്യുത്പാദന ശേഷിയുള്ള മറ്റ് നാല് ഗോതമ്പിനങ്ങള്‍ കൂടി ബൊര്‍ലോഗിന്റെ മേല്‍നോട്ടത്തില്‍ പുറത്തു വന്നു: ലെര്‍മ റോജോ 64 (Lerma Rojo 64), സിയേറ്റ് സെറൊസ് (Siete Cerros), സൊരോന 64 (Sorona 64), സൂപ്പര്‍ എക്‌സ് (Super X) എന്നിവ.

ഹരിതവിപ്ലവത്തിന്റെ വഴികള്‍

മെക്‌സിക്കോയുടെ മുന്നേറ്റം അവിശ്വസനിയതയോടെയാണ് ലോകം കണ്ടത്. അവിടുത്തെ ദൗത്യം തീര്‍ന്നതോടെ, ലോക ഭക്ഷ്യകാര്‍ഷിക സംഘടനയുടെ (എഫ്.എ.ഒ) പിന്തുണയോടെ റോക്ക്‌ഫെല്ലര്‍ ഫൗണ്ടേഷന്റെ ശ്രദ്ധ ഇന്ത്യയെപ്പോലെ ഭക്ഷ്യപ്രതിസന്ധി നേരിടുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്ക് തിരിഞ്ഞു. 1960-കളില്‍ ഇന്ത്യ കടുത്ത വറുതിയിലായി. ഒരു കോടി ടണ്‍ ഗോതമ്പാണ് രാജ്യം ഇറക്കുമതി ചെയ്തിരുന്നത്. അത്യുത്പാദനശേഷി കൂടിയ മെക്‌സിക്കന്‍ വിത്തിനങ്ങള്‍ പരീക്ഷിക്കുകയെന്ന തീരുമാനത്തിലേക്ക് ഇന്ത്യയെത്തുന്നത് ഈ പശ്ചാത്തലത്തിലാണ്. 1962-ല്‍ ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിട്ട്യൂട്ടിന്റെ (ഐ.എ.ആര്‍.ഐ) ഡല്‍ഹിയിലെ താവളത്തില്‍ മെക്‌സിക്കന്‍ സങ്കരവിത്തിനങ്ങള്‍ പരീക്ഷണാര്‍ഥം കൃഷി ചെയ്തു തുടങ്ങിയിരുന്നു. ബൊര്‍ലോഗിനെ ഇന്ത്യയിലേക്ക് ക്ഷണിക്കാന്‍ ഐ.എ.ആര്‍.ഐ.യിലെ ഗവേഷകനായിരുന്ന ഡോ.എം.എസ്.സ്വാമിനാഥന്‍ അധികാരികളോട് ആവശ്യപ്പെട്ടു. 1963-ല്‍ ബൊര്‍ലോഗ് ഇന്ത്യയിലെത്തി.

വ്യാപകമായ പരിശോധനകള്‍ക്ക് ശേഷം ഇന്ത്യന്‍ മണ്ണിനും കാലാവസ്ഥയ്ക്കും ലെര്‍മ റോജോ, സൊനോര 64 എന്നീ അര്‍ധ-കുള്ളന്‍ സങ്കര ഗോതമ്പിനങ്ങളാണ് യോജിച്ചതെന്ന് ബൊര്‍ലോഗ് ശുപാര്‍ശ ചെയ്തു. പലതരം എതിര്‍പ്പുകളെ അതിജീവിച്ച് 1965-ല്‍ 450 ടണ്‍ മെക്‌സിക്കന്‍ വിത്ത് ഇറക്കുമതി ചെയ്യാന്‍ ഇന്ത്യ അനുമതി നല്‍കി. അതേസമയത്ത് തന്നെ പാകിസ്താനിലേക്കും മെക്‌സിക്കന്‍ വിത്ത് ഇറക്കുമതി ചെയ്യാനാരംഭിച്ചു. വിത്ത് ഇന്ത്യയിലും പാകിസ്താനിലും എത്തുന്ന വേളയിലാണ് ഇന്ത്യാ-പാക് യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. പീരങ്കിയുണ്ടകള്‍ ചിതറിത്തെറിക്കുന്ന ശബ്ദം ശ്രവിച്ചുകൊണ്ടാണ് ബൊര്‍ലോഗിന്റെ സംഘത്തിന് പാകിസ്താനില്‍ ചില സ്ഥലങ്ങളില്‍ ആ വിത്തിറക്കാനായത്. അത്തവണ ഇന്ത്യയിലും പാകിസ്താനിലുമുണ്ടായ വിള ഏഷ്യയില്‍ അന്നുവരെ ഉണ്ടാകാത്തത്ര ഉയര്‍ന്ന നിരക്കിലുള്ളതായിരുന്നു. 1966-ല്‍ ഇന്ത്യ 18000 ടണ്‍ മെക്‌സിക്കന്‍ വിത്ത് ഇറക്കുമതി ചെയ്തു. ചരിത്രത്തില്‍ അത്രയുമധികം വിത്ത് ഏതെങ്കിലും രാജ്യം ഇറക്കുമതി ചെയ്യുന്നത് ആദ്യമായിട്ടായിരുന്നു. അടുത്തവര്‍ഷം ഇന്ത്യയുടെ റിക്കോര്‍ഡ് തകര്‍ന്നു. 1967-ല്‍ പാകിസ്താന്‍ 42,000 ടണ്‍ ഗോതമ്പ് വിത്ത് ഇറക്കുമതി ചെയ്ത് 15 ലക്ഷം ഏക്കറില്‍ അത് വിതച്ചു. 1968-ഓടെ ഗോതമ്പുത്പാദനത്തില്‍ പാകിസ്താന്‍ സ്വയംപര്യാപ്തമായി.

എന്നാല്‍, ഇന്ത്യയ്ക്കും പാകിസ്താനുംഒരുകാലത്തും ഭക്ഷ്യോത്പാദനത്തില്‍ സ്വയംപര്യാപ്തമാകാനാവില്ല എന്നാണ് പല വിദഗ്ധരും പ്രവചിച്ചിരുന്നത്. 1968-ല്‍ 'ദി പോപ്പുലേഷന്‍ ബോംബ്' എന്ന ഗ്രന്ഥത്തില്‍ പോള്‍ എഹ്‌ലിച്ച് എന്ന ജീവശാസ്ത്രജ്ഞന്‍ പറഞ്ഞു, ഇന്ത്യ എന്നെങ്കിലും സ്വന്തം ആവശ്യത്തിനുള്ള ഭക്ഷ്യോത്പാദനം നടത്തും എന്നത് വെറുമൊരു ഫാന്റസി മാത്രമാണെന്ന്. വെറും ആറ് വര്‍ഷത്തിന് ശേഷം, 1974-ല്‍ ഇന്ത്യ ധാന്യോത്പാദനത്തില്‍ സ്വയംപര്യാപ്തമായി. തന്റെ ഇരുണ്ട പ്രവചനങ്ങള്‍ ആ പുസ്തകത്തിന്റെ പിന്നീടുള്ള പതിപ്പുകളില്‍ നിന്ന് പോള്‍ എഹ്‌ലിച്ചിന് ഒഴിവാക്കേണ്ടി വന്നു. ഗോതമ്പില്‍ സാധ്യമായ മുന്നേറ്റം അധികം താമസിയാതെ നെല്ലിന്റെ കാര്യത്തിലും യാഥാര്‍ഥ്യമായി.

1970 ആയപ്പോഴേക്കും ഇന്ത്യയും പാകിസ്താനും മാത്രമല്ല, അഫ്ഗാനിസ്താന്‍, ഇറാന്‍, കെനിയ, മലയ, മൊറോക്കോ, തായ്‌ലന്‍ഡ്, ടുണീഷ്യ, തുര്‍ക്കി എന്നീ രാജ്യങ്ങളിലും നോര്‍മന്റെ വിത്തിനങ്ങള്‍ സാന്നിധ്യമുറപ്പിച്ചു. അവിടെയൊക്കെ ധാന്യോത്പാദനം കാര്യമായി വര്‍ധിച്ചു തുടങ്ങി. ശരിക്കും അതൊരു വിപ്ലവം തന്നെയായിരുന്നു. യു.എസ്.ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്‌മെന്റിന്റെ അഡ്മിനിസ്‌ട്രേറ്ററായിരുന്ന വില്ല്യം എസ്. ഗൗഡ് ആണ് വാഷിങ്ടണില്‍ 1968 മാര്‍ച്ച് എട്ടിന് ഒരു അന്താരാഷ്ട്രസംഘത്തെ അഭിസംബോധന ചെയ്യവെ 'ഗ്രീന്‍ റെവല്യൂഷന്‍' എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത്. ഹരിതവിപ്ലവത്തിന്റെ നായകന് 1970-ല്‍ സമാധാന നോബല്‍ നല്‍കപ്പെട്ടു.

എന്നും കര്‍ഷകര്‍ക്കൊപ്പം

മെക്‌സിക്കോയുടെ പട്ടിണി മാറ്റാന്‍ അങ്ങോട്ട് യാത്രയായ ബൊര്‍ലോഗിന് ജീവിതത്തിലെ 62 വര്‍ഷം ആ നാടായിരുന്നു കുടുംബം. 1964-ല്‍ മെക്‌സിക്കോയിലെ ഇന്റര്‍നാഷണല്‍ വീറ്റ് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമിന്റെ ഡയറക്ടറായ അദ്ദേഹം 1979 -ല്‍ ഔദ്യോഗികമായി വിരമിച്ചു. എങ്കിലും മെക്‌സിക്കോയിലെ ഇന്റര്‍നാഷണല്‍ മെയ്‌സ് ആന്‍ഡ് വീറ്റ് ഇംപ്രൂവ്‌മെന്റ് സെന്ററി (CIMMYT) ന്റെ ഉപദേശകനായി തുടര്‍ന്നു. 1984 മുതല്‍ മരിക്കുംവരെ ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയില്‍ അധ്യാപകനുമായിരുന്നു. നാലു മാസം ടെക്‌സാസിലും ബാക്കി സമയം മെക്‌സിക്കോയിലും എന്ന കണക്കിനായി ജീവിതം.

ഏഷ്യയില്‍ നടന്ന ഹരിതവിപ്ലവത്തിന്റെ മാതൃകയില്‍ ആഫ്രിക്കയിലെയും ക്ഷാമമകറ്റുകയെന്ന ആശയം ജാപ്പനീസ് ഫിലാന്ത്രോപിസ്റ്റായ റിയോയിച്ചി സസകാവയാണ് 1985-ല്‍ മുന്നോട്ട് വെയ്ക്കുന്നത്. ബൊര്‍ലോഗിനൊപ്പം മുന്‍ യു.എസ്. പ്രസിഡന്റ് ജിമ്മി കാര്‍ട്ടറും സഹകരിച്ചു. 'സസകാവ-ഗ്ലോബല്‍ 2000' കാര്‍ഷിക പദ്ധതി 15 അര്‍ധ സഹാറന്‍ രാജ്യങ്ങളില്‍ നടപ്പാക്കി. ഏഷ്യയിലും തെക്കെയമേരിക്കയിലും കര്‍ഷകര്‍ കാട്ടിയ അതേ സമീപനമായിരുന്നു ആഫ്രിക്കന്‍ കര്‍ഷകരുടേതും എങ്കിലും ഫലം വ്യത്യസ്തമായിരുന്നു. കാര്‍ഷിക വിപ്ലവം നടന്ന സ്ഥലങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളോ രാഷ്ട്രീയ സാഹചര്യങ്ങളോ ആഫ്രിക്കയില്‍ ഇല്ലായിരുന്നു എന്നതാണ് വാസ്തവം. ആഫ്രിക്കയിലെ അനുഭവം ബൊര്‍ലോഗിനെ നിരാശനാക്കി.

ജനറല്‍ ഫുഡ്‌സ് കമ്പനിയുടെ സഹകരണത്തോടെ (പിന്നീട് സ്വാകാര്യ സംരംഭകരുടെ സഹായത്തോടെ) ബൊര്‍ലോഗ് വേള്‍ഡ് ഫുഡ് പ്രൈസ് സ്ഥാപിച്ചത് 1986-ലാണ്. 1987-ല്‍ ആദ്യ സമ്മാനം ഡോ. എം.എസ്.സ്വാമിനാഥന് ലഭിച്ചു. (സമ്മാനത്തുകയായി ലഭിച്ച രണ്ടര ലക്ഷം യു.എസ്.ഡോളര്‍ ഉപയോഗിച്ചാണ്, സുസ്ഥിര വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗവേഷണത്തിനായി എം.എസ്.സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ രൂപീകരിക്കുന്നത്). ഈ സമ്മാനം നേടിയ രണ്ടാമന്‍ (1988-ല്‍) ഇന്ത്യയുടെ പാല്‍ക്കാരന്‍ എന്നറിയപ്പെടുന്ന ഡോ. വര്‍ഗീസ് കുര്യന്‍ ആയിരുന്നു.

തന്റെ ജീവിതത്തിന്റെ അവസാനത്തെ നാല് പതിറ്റാണ്ടുകള്‍ ബൊര്‍ലോഗ് ചെലവിട്ടത് മുഖ്യമായും, കാര്‍ഷിക ഗവേഷണത്തിന്റെ പ്രാധാന്യം മറ്റുള്ളവരെ മനസിലാക്കാനായിരുന്നു. ആ കാലത്തിനിടെ 250,000 സര്‍വകലാശാല, ഹൈസ്‌കൂള്‍ വിദ്യാര്‍ഥികളുമായി അദ്ദേഹം നേരിട്ട് ആശയവിനിമയം നടത്തി. 450 സമ്മേളനങ്ങളിലും സിമ്പോസിയങ്ങളിലുമായി രണ്ടു ലക്ഷത്തോളം പ്രൊഫഷണലുകളുമായി അദ്ദേഹം തന്റെ അനുഭവങ്ങള്‍ പങ്കിട്ടു. 60 രാജ്യങ്ങളിലെ നേതാക്കളുടെ നയരൂപീകരണത്തില്‍ സ്വാധീനം ചെലുത്തി. മാധ്യമങ്ങള്‍ക്ക് അഞ്ഞൂറിലേറെ അഭിമുഖങ്ങള്‍ അദ്ദേഹം നല്‍കി. നാല് അമേരിക്കന്‍ പ്രസിഡന്റുമാരുടെ ഉപദേഷ്ടാവായിരുന്നു. 12 രാജ്യങ്ങളെ ശാസ്ത്രഅക്കാദമികളില്‍ വിദേശഅംഗമായി. ഇന്ദിര ഗാന്ധി, അയൂബ് ഖാന്‍ (പാകിസ്താന്‍), ഡെന്‍ ക്‌സിയോപിങ് (ചൈന), റാവുള്‍ അല്‍ഫോണ്‍സിന്‍ (അര്‍ജിന്റീന), മിലെസ് സെനാവി (എത്യോപ്യ) എന്നീ ലോകനേതാക്കള്‍ ബൊര്‍ലോഗിന്റെ വാക്കുകള്‍ നേരിട്ടു ശ്രവിക്കുകയും, അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് രാജ്യത്തെ നയങ്ങളില്‍ വ്യതിയാനം വരുത്തുകയും ചെയ്തു.

ബൊര്‍ലോഗ് വിമര്‍ശിക്കപ്പെടുന്നു

പരിസ്ഥിതിപ്രസ്ഥാനങ്ങളില്‍ നിന്ന് പില്‍ക്കാലത്ത് പക്ഷെ, ഹരിതവിപ്ലവത്തിന് വന്‍വിമര്‍ശനങ്ങളുണ്ടായി. രാസവളങ്ങളും കീടനാശിനികളും നിര്‍മിക്കുന്ന കുത്തക കമ്പനികളുടെ ഇരയാവാന്‍ കര്‍ഷകരെ വിട്ടുകൊടുക്കുകയാണ് ഹരിതവിപ്ലവം ചെയ്തതെന്ന് വിമര്‍ശനമുണ്ടായി. അതില്‍ കുറയെയൊക്കെ വാസ്തവും ഉണ്ട് എന്ന് സ്വതന്ത്ര നിരീക്ഷകരും വിലയിരുത്തുന്നു. പക്ഷേ, പരിസ്ഥിതിപ്രസ്ഥാനങ്ങളുടെ വാദഗതികള്‍ ഒരു സമ്പന്ന വിഭാഗത്തിന്റെ കാര്യത്തില്‍ മാത്രമേ യാഥാര്‍ഥ്യമാക്കാനാകൂ എന്ന നിലപാടാണ് ബൊര്‍ലോഗ് അവസാനം വരെ സ്വീകരിച്ചത്. ദരിദ്രഭൂരിപക്ഷത്തിന് ജൈവകൃഷി പോലുള്ളവ പ്രയോജനം ചെയ്യില്ല എന്നദ്ദേഹം വാദിച്ചു. പരിസ്ഥിതിവാദികള്‍ ലോകത്തിന്റെ ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നു പോലും അദ്ദേഹം വിശ്വസിച്ചു. നിലവില്‍ ലോകത്തുള്ള മുഴുവന്‍ കൃഷിയിടങ്ങളിലും ജൈവകൃഷിയാക്കാന്‍ തീരുമാനിച്ചാല്‍ 400 കോടി ആളുകള്‍ക്ക് വേണ്ട ഭക്ഷ്യവസ്തുക്കളേ ഉത്പാദിപ്പിക്കാനാവൂ. ബാക്കിയുള്ളവര്‍ എന്തുചെയ്യും എന്നതായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.

ജൈവസാങ്കേതിക വിദ്യ കാര്‍ഷികരംഗത്തിന്റെ ഭാവിയാണെന്ന് അദ്ദേഹം വാദിച്ചു. മുന്തിയ വിളകള്‍ക്കായി സങ്കരയിനങ്ങള്‍ രൂപപ്പെടുത്താന്‍ നടന്ന ആദ്യകാല ശ്രമങ്ങളുടെ ശരിക്കുള്ള തുടര്‍ച്ചായി ജനിതികപരിഷ്‌കരണത്തെ അദ്ദേഹം കണ്ടു. ജീവശാസ്ത്രത്തില്‍ ജനങ്ങള്‍ക്ക് വേണ്ടത്ത അവബോധം സൃഷ്ടിക്കുന്നതില്‍ വിജയിക്കാത്തതാണ്, ജനിതികപരിഷ്‌കരണ വിളകള്‍ (ജി.എം.വിളകള്‍) എതിര്‍ക്കപ്പെടാന്‍ കാരണം എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. എന്നാല്‍, ഭാവിയില്‍ രൂപപ്പെടുന്ന കാര്‍ഷിക സാങ്കേതികവിദ്യകള്‍ പരിസ്ഥിതിക്കിണങ്ങുന്നതാകണം എന്ന കാര്യത്തില്‍ അദ്ദേഹത്തിന് തര്‍ക്കമില്ലായിരുന്നു.

ജനസംഖ്യാ വര്‍ധനവിന്റെ തോത് അതിലംഘിക്കാന്‍ കണക്കിന് ഭക്ഷ്യോത്പാദനം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ 50 വര്‍ഷത്തിനുളളില്‍ ലോകത്തിന് സാധിച്ചു. 1950-ല്‍ ലോകത്ത് പ്രതിവര്‍ഷ ധാന്യോത്പാദനം 65 കോടി ടണ്‍ മാത്രമായിരുന്നു. ലോകജനസംഖ്യ രണ്ടര മടങ്ങായാണ് 1950-2000 കാലത്ത് വര്‍ധിച്ചത്. അതിനനുസരിച്ച് പ്രതിശീര്‍ഷ ഭക്ഷ്യലഭ്യത വര്‍ധിച്ചു. കുറഞ്ഞത് 200 കോടി ആളുകളെങ്കിലും കഠിനമായ വിശപ്പില്‍ നിന്ന് മോചനം നേടി. കൃഷിയിടത്തിന്റെ വിസ്ത്രീര്‍ണം കാര്യമായി വര്‍ധിപ്പിക്കാതെ തന്നെ ചരിത്രത്തിലാദ്യമായി ധാന്യോത്പാദനം കൂട്ടാനായി. ധാന്യോത്പാദനം മൂന്നിരട്ടി വര്‍ധിച്ചപ്പോള്‍, കൃഷിയിടങ്ങളുടെ വിസ്തൃതി വെറും പത്തുശതമാനം മാത്രമേ ഈ കാലത്ത് വര്‍ധിപ്പിക്കേണ്ടി വന്നുള്ളു.

1950-കളിലെ കാര്‍ഷികവിദ്യകളാണ് ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്നുത്പാദിപ്പിക്കുന്ന അത്രയും ധാന്യം ഉണ്ടാക്കാന്‍ 300 കോടി ഏക്കര്‍ കൃഷിഭൂമി അധികമായി കണ്ടെത്തേണ്ടി വരുമായിരുന്നു. 'പുല്‍മേടുകള്‍ ഉഴുതുമറിക്കാതെ, കന്യാവനങ്ങള്‍ വെളുപ്പിക്കാതെ അത്രയും കൃഷിയിടം കൂടുതലായി കണ്ടെത്തുക അസാധ്യമാണ്'-അടുത്തകാലത്ത് രചിച്ച ഒരു ലേഖനത്തില്‍ ബൊര്‍ലോഗ് പറഞ്ഞു. ഈ മുന്നേറ്റത്തിന് മറ്റാരെക്കാളും ലോകം കടപ്പെട്ടിരിക്കുന്നത് ബൊര്‍ലോഗിനോടാണ്. 'നോര്‍മന്‍ ബൊര്‍ലോഗ് എന്ന പേര് ഭൂമുഖത്തെ വീടുകളില്‍ മിക്കതിലും പരിചയമുണ്ടാകില്ല. എന്നാല്‍ അദ്ദേഹത്തിന്റെ ജീവിതനേട്ടം എത്താത്ത ഒരു അടുക്കളയും ലോകത്തുണ്ടാവില്ല'-യു.എസ്.സെനറ്റ് ഭൂരിപക്ഷ നേതാവായിരുന്ന ഹാരി റീഡ് പറഞ്ഞത് അല്‍പ്പവും അതിശയോക്തിയല്ല. (മാതൃഭൂമി തൊഴില്‍വാര്‍ത്ത ഹരിശ്രീ, ഒക്ടോബര്‍ 10, 2009 ലക്കത്തില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ പൂര്‍ണരൂപം).

അവലംബം
Leon F. Hesser, The Man Who Fed the World: Nobel Peace Prize laureate Norman Borlaug and His Battle to End World Hunger (Durban House Publishing Company, Dallas, 2006)
Norman Borlaug, The Future of Food, from The Way We will be 50 Years from today: 60 of the World's Greatest Minds share their Vision of the Next Half Century, Editor: Mike Wallace (Thomas Nelson, Nashville, 2008)
Kenneth M.Quinn, Norman E. Borlaug: Twentieth Century Lessons for the Twenty-First Century World, Advances in Agronomy-Volume 100 (Academic Press, 2005)
Billions Served: Norman Borlaug interviewed by Ronald Bailey
http://www.reason.com/news/printer/27665.html
Justine Gillis, Norman Borlaug, Plant Scientist Who Fought Famine, The New York Times, Sept.14, 2009
Christopher Dowswell, Norman Earnest Borlaug (1914-2009), Science, Oct.16, 2009
R. Sujatha, Recalling the Work of a Great hunger-fighter, The Hindu, Sept.14, 2009

Wednesday, October 14, 2009

ഇവന്‍, വെള്ളത്തിന് മീതെ നടക്കുന്നവന്‍

കേരളത്തില്‍ എത്രയോ അണ്ണന്‍മാര്‍ ഫുള്‍ വെള്ളത്തിന് മീതെയാണ് നടക്കുന്നത്, ബിവറേജസ് കോര്‍പ്പറേഷന്റെ വെള്ളത്തിന് മീതെ!

അതല്ലാതെ യഥാര്‍ഥ വെള്ളത്തിന് മീതേ നടക്കുകയെന്നത് ബൈബിളില്‍ മാത്രമുള്ള സംഗതിയാണെന്ന് കരുതുന്നവരുണ്ടാകാം. പക്ഷേ, അതത്ര ശരിയല്ല. മധ്യ അമേരിക്കയിലെ ഒരിനം പല്ലികളുണ്ട്, ഇവര്‍ വെള്ളത്തിന് മീതെ നടക്കുകയെന്ന കലയില്‍ പ്രാവിണ്യം നേടിയവരാണ്. ഇവരുടെ വിളിപ്പേര് പോലും 'ജീസസ് ലീസാഡ്' എന്നാണ്.

ഇത്തരം രണ്ട് ചങ്ങാതിമാര്‍ ഒരു കുളത്തിലെ വെള്ളത്തിന് മീതെ നടക്കുന്നതിന്റെ വ്യക്തമായ ദൃശ്യങ്ങള്‍ ആദ്യമായി ലഭിച്ചുവെന്ന് റിപ്പോര്‍ട്ട്. സെക്കന്‍ഡില്‍ 2000 ഫ്രേമുകള്‍ എന്ന കണക്കിനുള്ള ദൃശ്യങ്ങളാണ് ലഭിച്ചത്, ശരിക്കും സ്ലോമോഷനില്‍ കാണാവുന്നത്.

ജലത്തിന്റെ പ്രതലബലത്തെ അതിലംഘിക്കാതെ ഇവന്‍മാര്‍ എങ്ങനെ വെള്ളത്തിന് മീതെ നടക്കുന്നു എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തിയത്, ബി.ബി.സി.നാച്ചുറല്‍ ഹിസ്റ്ററി പരമ്പരയായ 'ലൈഫി'ന്റെ നിര്‍മാതാക്കളാണ്.

മധ്യ അമേരിക്കയില്‍ ഉഷ്ണമേഖലാ മഴക്കാടുകളിലെ പുഴകളുടെ വക്കത്ത് താമസിക്കുകയും ആവശ്യമുള്ളപ്പോള്‍ വെള്ളത്തിന് മീതെ സഞ്ചരിച്ച് (ശരിക്കു പറഞ്ഞാല്‍, വെള്ളത്തിന് മീതെ ഓടി) അക്കരെ കടക്കുകയും ചെയ്യുന്ന ഇവന്‍മാരുടെ യഥാര്‍ഥ പേര് 'ബാസിലിക്‌സ് പല്ലികള്‍' (basilisk lizards) എന്നാണ്, ശാസ്ത്രീയ നാമം ബാസിലസ്‌കസ് വിറ്റാറ്റസ് (Basiliscus vittatus).

ധൃതഗതിയിലാണ് ഇവന്‍മാരുടെ നീക്കം. ജലോപരിതലത്തില്‍ പാദം പതിക്കുന്നിടത്ത് കുമിളകളുണ്ടാവുകയും, അവ പൊട്ടും മുമ്പ് ഇവര്‍ മുന്നോട്ടു നീങ്ങുകയുമാണ് ചെയ്യുന്നത്.

ദിവസവും വെയില്‍ കാഞ്ഞ് സുഖിക്കുകയെന്നത് ഈ പല്ലി വര്‍ഗത്തിന്റെ ജീവിതചര്യയാണ്. അതുവഴി, ഇവന്‍മാര്‍ മാര്‍ജാരന്‍മാര്‍ക്കും പക്ഷികള്‍ക്കും ഇരയാവാന്‍ സാധ്യത വര്‍ധിക്കുന്നു. അത് മറികടക്കാനുള്ള ഒരു പലായനമാര്‍ഗമാണ് പ്രകൃതി ഇവര്‍ക്ക് നല്‍കിയിരിക്കുന്നത്. ശത്രുക്കളെ കണ്ടാല്‍ വെള്ളത്തില്‍ ചാടുക. എന്നിട്ട്, വെള്ളത്തിന് മീതെ വേഗത്തില്‍ ഓടി രക്ഷപ്പെടുക.

നിശ്ചിത വേഗത്തില്‍ ഓടിയാലേ വെള്ളത്തിന് മീതെ ഇവര്‍ക്ക് പോകാനാകൂ. വേഗം കുറച്ചാല്‍ മുങ്ങും-'ലൈഫി'ന്റെ നിര്‍മാതാവ് സിമോണ്‍ ബ്ലാക്കിനീ പറയുന്നു.

മെക്‌സിക്കോയ്ക്ക് തെക്കുള്ള മധ്യ അമേരിക്കന്‍ രാജ്യമായ ബെലിസിന്റെ തലസ്ഥാനമാണ് ബെലിസ് സിറ്റി. അവിടെ നിന്ന് 60 കിലോമീറ്റര്‍ അകലെ മഴക്കാടുകളിലെ ഒരു കുളത്തില്‍ നിന്നാണ് ബ്ലാക്കിനീയും സഹപ്രവര്‍ത്തകരും, പല്ലികള്‍ വെള്ളത്തിന് മീതെ നടക്കുന്നതിന്റെ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

'ബാസിലിക്‌സ് പല്ലികള്‍ ശത്രുക്കളില്‍ നിന്ന് രക്ഷപ്പെടാന്‍ വെള്ളത്തില്‍ ചാടിയാല്‍ 80 ശതമാനം സമയവും വെള്ളത്തില്‍ നീന്തുകയാവും ചെയ്യുക, ബാക്കി 20 ശതമാനം നേരമാണ് വെള്ളത്തിന് മീതെ ഓടുക'.

നീന്തുന്നത് ഷൂട്ട് ചെയ്യുന്നതും വെള്ളത്തിന് മീതെ നടക്കുന്നത് ഷൂട്ടു ചെയ്യുന്നതും തികച്ചും വ്യത്യസ്തമായ സംഗതികാളാണ്. നീന്തല്‍ അവസാനിപ്പിച്ച് നടക്കുന്നത് ഷൂട്ടു ചെയ്യാന്‍ തുടങ്ങുമ്പോഴേക്കും ഇവര്‍ ഫ്രേമില്‍ നിന്ന് പുറത്തായിട്ടുണ്ടാകും.

ഇത്തരം പല്ലികളുടെ പാദം ജലത്തില്‍ ചെലുത്തുന്ന ബലത്തിന്റെ സവിശേഷതയാണ്, അവയെ വെള്ളത്തിന് മീതെ നടക്കാന്‍ പ്രാപ്തരാക്കുന്നതെന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഗവേഷകര്‍ നിഗമനത്തിലെത്തിയിരുന്നു. ഹാര്‍വാഡ് സര്‍വകലാശാലയിലെ ഷി-ടോങ് ടോനിയ ഹ്‌സീഹ് ഇതു സംബന്ധിച്ച് പഠനം നടത്തിയയാളാണ് (പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സയന്‍സസ്, നബംബര്‍ 16, 2004).

പല്ലികള്‍ വെള്ളത്തിന് മീതെ സഞ്ചരിക്കുന്നതിന്റെ വീഡിയോ പകര്‍ത്തി അതിന്റെ സഹായത്തോടെ, കമ്പ്യൂട്ടര്‍ സാങ്കേതികവിദ്യയുടെ പിന്തുണയോടെയാണ് ഷി-ടോങും സംഘവും പഠനം നടത്തിയത്. എന്നാല്‍, ഇവയുടെ ചലനത്തെക്കുറിച്ച് കൂടുതല്‍ വ്യക്തത നല്‍കുന്നതാണ് പുതിയ സംഘം പകര്‍ത്തിയ സ്ലോമോഷന്‍ ദൃശ്യങ്ങള്‍. (കടപ്പാട്: ബി.ബി.സി).

(പല്ലികള്‍ വെള്ളത്തിന് മീതെ നടക്കുന്നതിന്റെ നാഷണല്‍ ജ്യോഗ്രഫിക് വീഡിയോ).

Tuesday, October 13, 2009

പരിണാമചരിത്രത്തില്‍ പുതിയ അധ്യായം

മനുഷ്യന്റെ പരിണാമകഥയില്‍ 'ലൂസി'യായിരുന്നു താരം. ആ കഥയെ പത്തുലക്ഷം വര്‍ഷം പിന്നോട്ടു നയിച്ചുകൊണ്ട് പുതിയ നായിക രംഗപ്രവേശം ചെയ്തിരിക്കുന്നു-'ആര്‍ഡി'. അമ്പതോളം ഗവേഷകര്‍ ചേര്‍ന്ന് 15 വര്‍ഷം കൊണ്ടാണ് പുതിയ നായികയെ രംഗത്ത് അവതരിപ്പിച്ചിരിക്കുന്നത്.

തുടക്കം നമ്മളില്‍ നിന്നു തന്നെയാകട്ടെ; ഹോമോ സാപ്പിയന്‍സ് എന്ന പേരുകാരില്‍ നിന്ന്. നരവംശത്തിന്റെ തായ്‌വഴി തേടി കാലത്തിലൂടെ പിന്നോട്ട് പോകുക. അധികദൂരം പോകേണ്ട, അതിന് മുമ്പ് എല്ലുകളും തലയോട്ടികളും പല്ലിളിക്കാന്‍ തുടങ്ങും. ഫോസിലുകളാണവ, നമ്മുടെ പൂര്‍വികരെ സംബന്ധിച്ച അനിഷേധ്യമായ തെളിവുകള്‍. ഹോമിനിഡുകള്‍ എന്നാണ് മനുഷ്യന്റെ തായ്‌വഴിയില്‍പെട്ട വര്‍ഗങ്ങള്‍ക്ക് പേര്. പിന്നിലേക്കുള്ള യാത്രയില്‍ ആദ്യമൊക്കെ ഹോമിനിഡ് ഫോസിലുകള്‍ സുലഭമാണ്. കൂടുതല്‍ പിന്നിലേക്ക് എത്തുന്തോറും ഫോസിലുകളുടെയും തെളിവുകളുടെയും എണ്ണം അവിശ്വസനീയമായി കുറഞ്ഞു വരും. ഒടുവില്‍ കനത്ത ഇരുട്ട്. ആ ഇരുട്ടില്‍ മനുഷ്യവര്‍ഗത്തിന്റെ ബാല്യം കാണാന്‍ കഴിയാതെ നമ്മള്‍ കുഴങ്ങുന്നു.

ഭൂമിയുടെ ഏത് ദിക്കില്‍ നിന്ന് ഈ യാത്ര തുടങ്ങിയാലും എത്തുക ആഫ്രിക്കയിലാകും. കാരണം, ആഫ്രിക്കയാണ് മനുഷ്യന്റെ ആദിഗേഹം. പക്ഷേ, ആരാണ് ആദിപിതാവ് അല്ലെങ്കില്‍ ആദിമാതാവ്; ചിമ്പാന്‍സികളുടെയും മനുഷ്യന്റെയും പൊതുപൂര്‍വികന്‍ എങ്ങനെയിരുന്നു. അതിന് കുരങ്ങിന്റെ രൂപമായിരുന്നോ, അതോ മറ്റേതെങ്കിലും ജീവിയുടെയോ? പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പെട്ട് നരനിലേക്ക് തിരിഞ്ഞ ആദ്യ കണ്ണി ഏത്? ഇരുട്ട് മൂലം മനസിലാക്കാന്‍ കഴിയുന്നില്ല. അതിന് തെളിവുകളുടെ വെളിച്ചം വേണം. 1974-ല്‍ കണ്ടെത്തിയ 32 ലക്ഷം വര്‍ഷം പഴക്കമുള്ള 'ലൂസി' (Lucy)യെന്ന, പ്രാചീനസ്ത്രീയുടെ ഫോസില്‍ നരവംശത്തിന്റെ പൂര്‍വചരിത്രത്തിലേക്ക് ശക്തമായ പ്രകാശം വിതറി. മസ്തിഷ്‌കം വലുതാകുന്നതിനും മുമ്പുതന്നെ മനുഷ്യന്റെ പൂര്‍വികര്‍ ഇരുകാലുകളില്‍ നിവര്‍ന്നു നടന്നു തുടങ്ങിയെന്ന് ലോകം അത്ഭുതത്തോടെ മനസിലാക്കി.

ലൂസിയെ കണ്ടെത്തി 35 വര്‍ഷത്തിന് ശേഷം, ഇപ്പോഴിതാ അവള്‍ക്കും മുമ്പുള്ള ചരിത്രത്തിലേക്ക് വെള്ളിവെളിച്ചം വീശുന്ന പുതിയൊരു ഫോസില്‍ കണ്ടെത്തിയിരിക്കുന്നു-'ആര്‍ഡി' (Ardi) യെന്ന് ചുരുക്കപ്പേരിട്ടിട്ടുള്ള ആ ഫോസില്‍ ആര്‍ഡിപിത്തക്കസ് റമിഡസ് എന്ന ഹോമിനിഡിന്റേതാണ്. 44 ലക്ഷം വര്‍ഷം മുമ്പ് ആഫ്രിക്കയില്‍ ജീവിച്ചിരുന്ന പ്രാചീനസ്ത്രീയാണ് ആര്‍ഡി. നരവംശചരിത്രത്തെ ലൂസിയുടെ കാലത്തിനും പത്തുലക്ഷം വര്‍ഷം പിന്നിലേക്ക് നയിക്കുന്നു ഈ കണ്ടെത്തല്‍.

മനുഷ്യന്റെ പൂര്‍വികവര്‍ഗങ്ങളെ തേടേണ്ടത് ആഫ്രിക്കയിലാണെന്ന് ചാള്‍സ് ഡാര്‍വിന്‍ പ്രസ്താവിച്ചത് 1871-ലാണ്. ഫോസില്‍തെളിവുകള്‍ മുന്നിലില്ലാതെ അദ്ദേഹം നടത്തിയ ആ പ്രവചനം പില്‍ക്കാലത്ത് നരവംശശാസ്ത്രത്തിലെ ഏറ്റവും വലിയ സത്യമായി മാറി. ആഫ്രിക്കയില്‍ നിന്നല്ലാതെ മറ്റൊരിടത്തു നിന്നും 20 ലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഹോമിനിഡ് ഫോസിലുകള്‍ കിട്ടിയിട്ടില്ല എന്നതും, വംശാവലിയില്‍ ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകളാണ് മനുഷ്യന്റെ അടുത്ത ബന്ധുക്കള്‍ എന്ന് ജനിതകവിശകലനങ്ങള്‍ തെളിയിച്ചിട്ടുള്ളതിനാലും ഡാര്‍വിന്റെ പ്രവചനത്തെ ഇന്നാരും ചോദ്യംചെയ്യുമെന്ന് തോന്നുന്നില്ല. ഡാര്‍വിന്റെ ഇരുന്നൂറാം ജന്മവാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, 138 വര്‍ഷം മുമ്പ് അദ്ദേഹം നടത്തിയ പ്രവചനം ശരിയാണെന്ന് ആര്‍ഡിയിലൂടെ ഒരിക്കല്‍ക്കൂടി തെളിയുകയാണ്.

ആഫ്രിക്കന്‍ ആള്‍ക്കുരങ്ങ്

ജീവിവര്‍ഗങ്ങളില്‍ ആള്‍ക്കുരങ്ങുകള്‍ക്കൊപ്പമാണ് പരിണാമശാസ്ത്രജ്ഞര്‍ നരവംശത്തെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്. 120-150 ലക്ഷം വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞെന്നു കരുതുന്ന രണ്ട് തായ്‌വഴികളില്‍ പെട്ട ആള്‍ക്കുരങ്ങുകളാണ് ഇപ്പോള്‍ ഭൂമിയിലുള്ളത് - ഏഷ്യയിലെയും ആഫ്രിക്കയിലെയും ആള്‍ക്കുരങ്ങുകള്‍. ഏഷ്യന്‍ ആള്‍ക്കുരങ്ങുകള്‍ രണ്ടിനമുണ്ട്-ഒറാങ്ങൂട്ടനും ഗിബണും. ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകള്‍ മുഖ്യമായും മൂന്നിനങ്ങളാണ്- ഗൊറില്ല, ചിമ്പാന്‍സി, മനുഷ്യന്‍ എന്നിവ.

പരിണാമവഴിയില്‍ ആഫ്രിക്കന്‍ ആള്‍ക്കുരങ്ങുകളുടെ പൊതുപൂര്‍വികനില്‍ നിന്ന് ഗൊറില്ല ആദ്യം വേര്‍പിരിഞ്ഞു. പിന്നീട് ചിമ്പാന്‍സികളും മനുഷ്യനും രണ്ട് തായ്്‌വഴികളായി പരിണമിച്ചു. പക്ഷേ, എന്നായിരുന്നു ആ വേര്‍പിരിയല്‍ എന്ന് വ്യക്തമല്ല. കാരണം, ഫോസിലുകളുടെ അഭാവം തന്നെ. 60-130 ലക്ഷം വര്‍ഷം പഴക്കമുള്ള ഫോസിലുകള്‍ കാര്യമായി ലഭ്യമല്ല. എങ്കിലും, ജിനോംവിശകലനങ്ങളുടെ വെളിച്ചത്തില്‍ നരവംശശാസ്ത്രം എത്തിയിരിക്കുന്ന നിഗമനം ഇതാണ്; 50-80 ലക്ഷം വര്‍ഷം മുമ്പാകണം പൊതുപൂര്‍വികനില്‍നിന്ന് വേര്‍പെട്ട് നരവംശം ഉദയം ചെയ്തത്.

450 കോടി വര്‍ഷമാണ് ഭൂമിയുടെ പ്രായം. എന്നാല്‍, ഇന്ന് ഭൂമിയെ അടക്കിവാഴുന്ന വര്‍ഗം പിറന്നിട്ട് ഒരുകോടി വര്‍ഷം പോലും തികഞ്ഞിട്ടില്ല എന്നാണ് മേല്‍ സൂചിപ്പിച്ച വസ്തുത വ്യക്തമാക്കുന്നത്. അത്ര ഹൃസ്വമാണ് നരവംശത്തിന്റെ ചരിത്രം. ഹൃസ്വമാണെങ്കിലും, ആ ചരിത്രത്തില്‍ രണ്ട് ഘട്ടങ്ങളെക്കുറിച്ചേ ഇതുവരെ ശാസ്ത്രലോകത്തിന് വ്യക്തത ഉണ്ടായിരുന്നുള്ളു. 10-40 ലക്ഷം വര്‍ഷം മുമ്പത്തെ ഓസ്ട്രലോപിത്തക്കസുകളുടെ ഘട്ടവും, 20 ലക്ഷം വര്‍ഷം മുമ്പ് ആരംഭിച്ച് ഇപ്പോഴും തുടരുന്ന ഹോമോ കാലഘട്ടവും. തലച്ചോര്‍ വളര്‍ന്നിരുന്നില്ലെങ്കിലും ഇരുകാലില്‍ നിവര്‍ന്നു നടക്കാന്‍ കഴിഞ്ഞിരുന്നവയാണ് ഓസ്ട്രലോപിത്തക്കസ് ജീനസില്‍ പെട്ടവ. ലൂസിയാണ് (ഓസ്ട്രലോപിത്തക്കസ് അഫാറന്‍സിസ്) ആ ജീനസിന്റേതായി ലഭിച്ച ഏറ്റവും പ്രധാനപ്പെട്ട ഫോസില്‍. എത്യോപ്യയിലെ ഹാഡറില്‍ നിന്ന് 1974-ല്‍ ഡൊണാള്‍ഡ് ജോഹാന്‍സനും സംഘവും കണ്ടെത്തിയ 'AL288-1' എന്ന ഭാഗിക ഹോമിനിഡ് ഫോസിലിന് ഒരു ബീറ്റില്‍സ് ഗാനത്തിന്റെ ചുവട് പിടിച്ച് ലൂസിയെന്ന് പേര് നല്‍കപ്പെടുകയായിരുന്നു.

ലൂസിയുടെ ജീനസില്‍പെട്ട വേറെയും ഹോമിനിഡുകള്‍ ആഫ്രിക്കയില്‍ ജീവിച്ചിരുന്നു. അവയെ സംബന്ധിച്ചും ഒട്ടേറെ ഫോസില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. എന്നാല്‍, പൊതുപൂര്‍വികനില്‍ നിന്ന് വേര്‍പെട്ട ശേഷം ഓസ്‌ട്രലോപിത്തക്കസിലേക്ക് എത്തുംവരെ നരവംശത്തിന്റെ തായ്‌വഴിയില്‍ ആരാണ് രംഗം വാണിരുന്നത് എന്ന ചോദ്യം ഇത്രകാലവും ഉത്തരമില്ലാതെ തുടരുകയായിരുന്നു. അവിടെണ് ആര്‍ഡിയുടെ പ്രാധാന്യവും പ്രസക്തിയും. 'പ്രാചീനപൂര്‍വികനും ഓസ്ട്രലോപിത്തക്കസിനും മധ്യേയുള്ള ശൂന്യത ഒരു പരിധിവരെ നികത്താന്‍ സഹായിക്കുന്നതാണ് ആര്‍ഡിയുടെ കണ്ടെത്തല്‍', ഹാര്‍വാഡ് സര്‍വകലാശാലയില്‍ മനുഷ്യപരിണാമശാസ്ത്ര ഗവേഷകനായ പ്രൊഫ. ഡേവിഡ് പില്‍ബീം അഭിപ്രായപ്പെടുന്നു. മനുഷ്യവംശത്തിന്റെ ബാല്യത്തിലേക്ക് വെളിച്ചം വീശുന്ന ഈ കണ്ടെത്തല്‍ ഏതാണ്ട് അമ്പതോളം ഗവേഷകരുടെ 15 വര്‍ഷം നീണ്ട ശ്രമകരവും ക്ഷമാപൂര്‍വുമായ ഗവേഷണത്തിന്റെ ഫലമാണ്. എത്യോപ്യയില്‍ മനുഷ്യപൂര്‍വ വര്‍ഗങ്ങളെക്കുറിച്ച് പഠിക്കുന്ന മിഡില്‍ അവാഷ് സംഘമാണ് ആര്‍ഡിയെ കണ്ടെത്തി, 'സയന്‍സ്' മാഗസിനിലൂടെ അടുത്തയിടെ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

മണ്ണില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ആര്‍ഡി

ആര്‍ഡിയുടെ ഇപ്പോഴത്തെ കഥ തുടങ്ങുന്നത് 1992 ഡിസംബര്‍ 17-ന്, അവാഷ് നദിക്കരയിലെ അറാമിസ് ഗ്രാമത്തില്‍ നിന്നാണ്. ഏറ്റവുമധികം ഹോമിനിഡ് ഫോസിലുകള്‍ കണ്ടെത്തിയിട്ടുള്ള അഫാര്‍ മേഖലയില്‍ പെട്ട ഇവിടം, എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് 225 കിലോമീറ്റര്‍ വടക്കുകിഴക്കു മാറിയാണ്. 1974-ല്‍ ലൂസിയെ കണ്ടെത്തിയ ഹാഡറിന് 72 കിലോമീറ്റര്‍ തെക്കുള്ള ഇവിടെ നിന്ന്, ഇപ്പോള്‍ ടോക്യോ സര്‍വകലാശാലയിലെ ഗവേഷകനായ ജെന്‍ സുവയും കൂട്ടരും തിരിച്ചറിഞ്ഞ പല്ലിന്റെ ഫോസിലായിട്ടായിരുന്നു തുടക്കം. കൂടുതല്‍ തിരച്ചിലില്‍ ഒരു കുട്ടിയുടെ കീഴ്ത്താടിയും ആ പരിസരത്തു നിന്ന് കിട്ടി. മനുഷ്യന്റെ പ്രാചീനപൂര്‍വികന്റേതാകാന്‍ സാധ്യതയുള്ള ആ ഫോസിലിനെപ്പറ്റി 1994-ല്‍ 'നേച്ചറി'ല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒരര്‍ഥത്തില്‍ ശുഷ്‌ക്കമെന്ന് കരുതാവുന്ന ആ കണ്ടെത്തലോടെ അവസാനിക്കേണ്ടതായിരുന്നു കാര്യങ്ങള്‍. പക്ഷേ, മണ്ണിനും ചരലുകള്‍ക്കും പ്രാചീന അഗ്നിപര്‍വതധൂളികള്‍ക്കും ഇടയില്‍ നിന്ന് ആര്‍ഡി ഉയിര്‍ത്തെണീല്‍ക്കാന്‍ പോകുന്നതേയുണ്ടായിരുന്നുള്ളു.

1994-ല്‍ ശരിക്കുള്ള തിരച്ചില്‍ അവാഷ് നദീതടത്തില്‍ ആരംഭിച്ചു. ഇപ്പോള്‍ ഓഹായോയില്‍ ക്ലീവ്‌ലന്‍ഡ് മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ ഗവേഷകനായ എത്യോപ്യന്‍ വംശജന്‍ യോഹാന്നസ് ഹെയ്‌ലെ-സിലാസ്സീയാണ് കൈപ്പത്തിയുടെ രണ്ട് അസ്ഥികള്‍ ആദ്യം കണ്ടത്. താമസിയാതെ ഇടുപ്പെല്ലിന്റെ കഷണങ്ങള്‍ കിട്ടി. അപ്പോഴതാ കാല്‍, കൈക്കുഴ, പാദത്തിലെ അസ്ഥികള്‍, കൈകളിലെയും കാലുകളിലെയും അസ്ഥികള്‍, പല്ലുകളോടുകൂടിയ കീഴ്ത്താടിയെല്ല്, തലയോട്ടിയുടെ ഭാഗം ഒക്കെ വരുന്നു. 1995 ജനവരിയായപ്പോഴേക്കും ഗവേഷകര്‍ക്ക് ഒരു കാര്യം വ്യക്തമായി, അപൂര്‍വങ്ങളില്‍ അപൂര്‍വമായ കണ്ടെത്തലാണ് തങ്ങള്‍ നടത്തിയിരിക്കുന്നത്. ഒരു ഭാഗിക അസ്ഥികൂടം. 10 ലക്ഷം വര്‍ഷത്തിലേറെ പഴക്കമുള്ള ഹോമിനിഡുകളുടെ അരഡസണ്‍ അസ്ഥികൂടങ്ങളേ ഇത്രകാലത്തിനിടയ്ക്ക് കണ്ടെത്താന്‍ കഴിഞ്ഞിട്ടുള്ളൂ. ലൂസിയെക്കാള്‍ പഴക്കമുള്ള ഏക അസ്ഥികൂടമാണ് തങ്ങളുടെ പക്കല്‍ കിട്ടിയിരിക്കുന്നത്. ശരിക്കും ഒരു ആയുഷ്‌ക്കാലത്തേക്കുള്ള കണ്ടെത്തല്‍.

ആര്‍ഡിയുടേത് കൂടാതെ, അതേ വര്‍ഗത്തില്‍ പെട്ട 35 അംഗങ്ങളുടെ 110 ഫോസില്‍ തുണ്ടുകള്‍ കൂടി ഗവേഷകര്‍ക്ക് ലഭിച്ചു. ഒപ്പം സസ്യങ്ങളുടെയും മൃഗങ്ങളുടേയുമായി ഒന്നരലക്ഷത്തോളം ഫോസിലുകള്‍ വേറെയും. ആനകളുടെ മുതല്‍ പക്ഷികളുടെയും പഴുതാരകളുടെയും വരെ പ്രാചീനാവശിഷ്ടങ്ങള്‍ അതിലുണ്ടായിരുന്നു. തടി, പൂമ്പോടി, ഒച്ചുകള്‍, ലാര്‍വകള്‍ ഒക്കെ ആ ശേഖരത്തില്‍ പെടുന്നു. ആര്‍ഡിയുടെ കാലം, സഹജിവികള്‍, പരിസ്ഥിതി ഒക്കെ വിശദമായി മനസിലാക്കാന്‍ ഈ ഫോസിലുകള്‍ ഗവേഷകരെ ഏറെ സഹായിച്ചു. പുല്‍മേടുകളും മരങ്ങളും നിറഞ്ഞ ആവാസവ്യവസ്ഥയായിരുന്നു ആര്‍ഡിയുടേത്. ഇടയ്ക്കിടെ നീരുറവകളും ഇടതൂര്‍ന്ന വനങ്ങളുമുള്ള പ്രദേശം.

നരവംശത്തിന്റെ ഉത്ഭവത്തെപ്പറ്റി നിലനില്‍ക്കുന്ന ഒരു പരമ്പരാഗത സങ്കല്‍പ്പത്തെ ചോദ്യംചെയ്യുന്നതാണ്, ആര്‍ഡി ജീവിച്ചിരുന്ന പരിസ്ഥിതിയെക്കുറിച്ച് ഫോസിലുകള്‍ നല്‍കുന്ന വിവരം. കാലാവസ്ഥാമാറ്റം മൂലം ആഫ്രിക്കന്‍ റിഫ്ട്‌വാലി പ്രദേശത്തെ വനങ്ങള്‍ സാവന്നയായി രൂപപ്പെട്ടപ്പോഴാണ്, മരങ്ങള്‍ക്ക് മുകളില്‍ കഴിഞ്ഞിരുന്ന മനുഷ്യന്റെ പൂര്‍വികര്‍ നിലത്തിറങ്ങി ഇരുകാലില്‍ നടക്കാന്‍ തുടങ്ങിയതെന്നാണ് നിഗമനം. അത് ശരിയായിക്കൊള്ളണം എന്നില്ല എന്ന് പുതിയ തെളിവുകള്‍ സൂചിപ്പിക്കുന്നു. സാവന്നയുടെ സാന്നിധ്യമല്ല, മറ്റേതെങ്കിലും കാരണമുണ്ടാകണം നമ്മുടെ പൂര്‍വികര്‍ ഇരുകാലില്‍ നടക്കാനാരംഭിച്ചതിന് എന്ന് ആര്‍ഡിയുമായി ബന്ധപ്പെട്ട തെളിവുകള്‍ പറയുന്നു. ലൂസിയുടെ വര്‍ഗത്തില്‍ പെട്ടവര്‍ മരങ്ങളുള്ള പരിസ്ഥിതിയിലാകണം കഴിഞ്ഞതെന്ന് നേരത്തെ തന്നെ സൂചന ലഭിച്ചിരുന്നു. അതിനും ലക്ഷക്കണക്കിന് വര്‍ഷം മുമ്പ്, ലൂസിയുടെ മുന്‍ഗാമികള്‍ വൃക്ഷനിബിഡമായ പ്രദേശത്ത് ഇരുകാലില്‍ സഞ്ചരിച്ചിരുന്നു എന്നാണ് ആര്‍ഡി പറഞ്ഞു തരുന്നത്.

വര്‍ഷങ്ങള്‍ നീണ്ട പഠനം


ഗവേഷകര്‍ കണ്ടെത്തിയ ഫോസിലുകളുടെ അവസ്ഥ ഭീതിജനകമായിരുന്നു, തൊട്ടാല്‍ പൊടിയുന്നവ. അസ്ഥിഭാഗങ്ങള്‍ നൂറിലേറെ ചെറുകഷണങ്ങളായി തകര്‍ന്ന നിലയിലായിരുന്നു. ഫോസിലുകള്‍ സ്ഥിതിചെയ്യുന്ന എക്കല്‍കട്ടകള്‍ ഒന്നോടെ പ്ലാസ്റ്ററില്‍ പൊതിഞ്ഞ് നീക്കംചെയ്യാന്‍ തീരുമാനിച്ചു. മൂന്ന് ഫീല്‍ഡ് സീസണുകള്‍ വേണ്ടിവന്നു മുഴുവന്‍ ശേഖരിച്ചു തീര്‍ക്കാന്‍. ഫോസിലുകളടങ്ങിയ എക്കല്‍ക്കട്ടകള്‍ ആഡിസ് അബാബയില്‍ പ്രവര്‍ത്തിക്കുന്ന എത്യോപ്യന്‍ ദേശീയ മ്യൂസിയത്തിലെത്തിച്ചു. ബര്‍ക്കലിയില്‍ യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയയിലെ പാലിയോആന്ത്രോപ്പോളജിസ്റ്റ് ടിം വൈറ്റ് ഉള്‍പ്പടെയുള്ളവരുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളുടെ ശ്രമം വേണ്ടി വന്നു ഫോസിലുകള്‍ വേര്‍തിരിച്ചെടുക്കാനും ആര്‍ഡിയെ മനസിലാക്കാനും.

അതിനിടെ, കമ്പ്യൂട്ടര്‍ ടോമോഗ്രാഫി (സി.ടി.) സ്‌കാന്‍ മുതലായ ആധുനിക സങ്കേതങ്ങളുടെ സഹായത്തോടെ ആര്‍ഡിയുടെ തലയോട്ടിയുടെ വേര്‍ച്വല്‍ രൂപം സൃഷ്ടിക്കുന്ന ജോലി ജെന്‍ സുവയുടെ നേതൃത്വത്തില്‍ ക്യോട്ടോ സര്‍വകലാശാലയില്‍ നടന്നു. തലയോട്ടിയുടെ തകര്‍ന്ന കഷണങ്ങള്‍ ചേര്‍ത്ത് വേര്‍ച്വല്‍ തലയോട്ടിക്ക് രൂപംനല്‍കാനുള്ള സങ്കേതത്തില്‍ വൈദഗ്ധ്യം നേടാന്‍ സുവ ഒന്‍പത് വര്‍ഷമാണ് ചെലവിട്ടത്. തലയോട്ടിയുടെ 65 കഷണങ്ങളുപയോഗിച്ച്, വേര്‍ച്വല്‍ തലയോട്ടി രൂപപ്പെടുത്താന്‍ താന്‍ കുറഞ്ഞത് ആയിരം മണിക്കൂര്‍ ചെലവിട്ടതായി സുവ പറയുന്നു. അതിനു വേണ്ടി ആര്‍ഡി ഫോസിലുകളില്‍ ചിലത് പല തവണ ടോക്യോയിലെത്തിച്ച് പരിശോധനകള്‍ നടത്തേണ്ടിയും വന്നു.


വേര്‍ച്വല്‍ തലയോട്ടി പൂര്‍ത്തിയായ ശേഷം, സുവയ്‌ക്കൊപ്പം ആഡിസ് അബാബയില്‍ റിഫ്ട് വാലി റിസര്‍ച്ച് സര്‍വീസിലെ ഗവേഷകനായ ബെര്‍ഹേന്‍ അസ്ഫായും ചേര്‍ന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മ്യൂസിയങ്ങളില്‍ സൂക്ഷിച്ചിട്ടുള്ള ഹോമിനിഡുകളുടെ തലയോട്ടികളുമായി, ആര്‍ഡിയുടേത് താരതമ്യം ചെയ്ത് വ്യത്യാസങ്ങള്‍ സൂക്ഷ്മമായി മനസിലാക്കി. 2009 മാര്‍ച്ച് ആയപ്പോഴേക്കും വേര്‍ച്വല്‍ തലയോട്ടിയുടെ പത്താമത്തെ വകഭേദം തൃപ്തികരമായി പൂര്‍ത്തിയാക്കുന്നതില്‍ സുവ വിജയിച്ചു. തലയോട്ടിയുമായി സുവ പടവെട്ടുന്ന വേളയില്‍, അമേരിക്കയിലെ ഓഹായോവില്‍ കെന്റ് സ്‌റ്റേറ്റ് സര്‍വകലാശാലയിലെ സി. ഓവെന്‍ ലവ്‌ജോയിയെന്ന ഗവേഷകന്‍ സി.ടി.സ്‌കാനുകളുടെ സഹായത്തോടെ ആര്‍ഡിയുടെ ഇടുപ്പെല്ലിന്റെ ഭൗതികരൂപം സൃഷ്ടിക്കുന്നതിനുള്ള ശ്രദ്ധാപൂര്‍വമായ ശ്രമത്തിലായിരുന്നു. ഇത്തരത്തില്‍ വര്‍ഷങ്ങളുടെ ശ്രമഫലമായാണ് ആര്‍ഡിയുടെ ശരീരഘടന ഗവേഷകര്‍ അനുമാനിച്ചെടുത്തത്.

''ആര്‍ഡിയുടെ ചില ലക്ഷണങ്ങള്‍ അമ്പരപ്പിക്കുന്നവയാണ്. എന്നാല്‍, കാലങ്ങളായി മനുഷ്യന്റെ തായ്‌വഴിയില്‍ സംഭവിച്ച മാറ്റങ്ങള്‍ മനസിലാക്കുന്നതില്‍ വളരെ തൃപ്തികരമായ ഒന്നാണ് ആ പ്രാചീനജീവി''-പഠനത്തില്‍ പങ്കുവഹിച്ചിട്ടില്ലാത്ത ആന്ധ്രു ഹില്‍ (പാലിയോആന്ത്രോപ്പോളജിസ്റ്റ്, യേല്‍ സര്‍വകലാശാല) പറയുന്നു. 'മനുഷ്യന്റെ ശരിക്കുള്ള ഒരു പൂര്‍വികവര്‍ഗത്തെ തന്നെയാണ് ഞങ്ങള്‍ കണ്ടത്, പക്ഷേ അതൊരു ചിമ്പാന്‍സിയല്ല', ടിം വൈറ്റ് പറയുന്നു.

120 സെന്റീമീറ്റര്‍ പൊക്കവും 50 കിലോഗ്രാം ഭാരവുമുണ്ടായിരുന്നു ആര്‍ഡിയെന്ന ആ പുരാതനസ്ത്രീക്ക്. ഇരുകാലുകളില്‍ നിവര്‍ന്ന് നടക്കാനും മരങ്ങളില്‍ കഴിയാനും പാകത്തിലുള്ളതാണ് അതിന്റെ ശരീരഘട
ന. തലച്ചോറ് ചിമ്പാന്‍സിയുടേതിന് തുല്യമാണെങ്കിലും, ചിമ്പാന്‍സിയുടെ ശരീരലക്ഷണങ്ങളില്‍ മിക്കതും ആര്‍ഡിക്കില്ല. ചിമ്പാന്‍സികളില്‍ നിന്നും ഗോറില്ലകളില്‍ നിന്നും വ്യത്യസ്തമാണ് ആര്‍ഡി. ഇക്കാര്യം പ്രധാനപ്പെട്ടതാണെന്ന് ഗവേഷകര്‍ കരുതുന്നു. കാരണം, പൊതുപൂര്‍വികന്‍ ചിമ്പാന്‍സിയപ്പോലെയോ ഗോറില്ലകളെപ്പോലെയോ ആയിരുന്നില്ല എന്നതിന്റെ സൂചനയാണത്. ആദിരൂപത്തില്‍ നിന്ന് ഏറെ വ്യതിയാനം സംഭവിച്ചത് ആര്‍ക്കുരങ്ങുകള്‍ക്കാകം, ഹോമിനിഡുകള്‍ക്കാകില്ല എന്നാണ് ഇതില്‍ നിന്ന് ഊഹിക്കാവുന്ന ഒരു വസ്തുത. നമ്മുടെ പൂര്‍വികനെ ആള്‍ക്കുരങ്ങുകളില്‍ തിരഞ്ഞിട്ട് കാര്യമില്ല എന്നര്‍ഥം.

ആര്‍ഡിയും ലൂസിയുടെ വര്‍ഗക്കാരും തമ്മിലുള്ള ബന്ധം കൃത്യമായി നിര്‍വചിക്കാന്‍ ഗവേഷകര്‍ക്കാകുന്നില്ല. അതിന് കൂടുതല്‍ തെളിവുകള്‍ വേണം. ലൂസിയുടെ ജീനസായ ഓസ്ട്രിലോപിത്തക്കസ് ആര്‍ഡിയുടെ വര്‍ഗത്തില്‍ നിന്ന് രൂപപ്പെട്ടതാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന് മാത്രമേ പറയാനാകൂ. അത് സത്യമാണെങ്കില്‍ വീണ്ടും ചോദ്യം ഉദിക്കുന്നു, ആര്‍ഡിക്ക് മുമ്പ് ആരായിരുന്നു? ശിഥിലമായ ചില തെളിവുകളേ ലഭിച്ചിട്ടുള്ളു. അതുവെച്ചുള്ള അനുമാനങ്ങളും തീര്‍പ്പുകളും ശരിയായിക്കൊള്ളണമെന്നില്ല. അതുകൊണ്ട് ആഫ്രിക്കയിലെ ആദിഗേഹത്തില്‍ നിന്ന് പുതിയ ഫോസിലുകള്‍ കണ്ടെത്തും വരെ കാത്തിരിക്കാം. (മാതൃഭൂമി വാരാന്തപ്പതിപ്പ്, ഒക്ടോ.11, 2009).

അവലംബം-
Ann Gibbons, (1)A New Kind of Ancestor: Ardipithecus Unveiled, (2) The View From Afar, Science, Oct.2, 2009
Ernst Mayr, What Evolution is (Basic Books, New York, 2001)
Richard Fortey, Life-A Natural History of the First Four Billion Years of Life on Earth (Vintage Books, New York, 1998)
Jared Diamond, The Rise and Fall of The Third Chimpanzee (Vintage, London, 1992)

Saturday, October 10, 2009

യുടൂബ് നൂറുകോടിയുടെ നിറവില്‍

സാധാരണക്കാരെയും സംപ്രേക്ഷകരാക്കി മാറ്റുന്ന യുടുബ് എന്ന വീഡിയോ ഷെയറിങ് സൈറ്റ് ഒരു ദിവസം നൂറുകോടി (ഒരു ബില്യണ്‍) ഹിറ്റ് എന്ന കടമ്പ കടന്നതായി റിപ്പോര്‍ട്ട്. യുടൂബിന്റെ സ്ഥാപകരിലൊരാളായ ചാഡ് ഹര്‍ലി തന്റെ ബ്ലോഗില്‍ അറിയിച്ചതാണ് ഇക്കാര്യം.

ഇ-കൊമേഴ്‌സ് കമ്പനിയായ 'പേപാലി'(paypal)ലിലെ മൂന്ന് മുന്‍ജോലിക്കാരായ ചാഡ് ഹര്‍ലി, സ്റ്റീവ് ചെന്‍, ജാവേദ് കരിം എന്നിവര്‍ ചേര്‍ന്ന് 2005 ഫിബ്രവരിയില്‍ രൂപംനല്‍കിയതാണ് യുടൂബ്.

2006 നവംബറില്‍ 165 കോടി ഡോളര്‍ (ഏതാണ്ട് 7750 കോടി രൂപ) നല്‍കി യുടൂബിനെ ഗൂഗിള്‍ സ്വന്തമാക്കി. അതിന് മൂന്നുവര്‍ഷം തികയുന്ന വേളയിലാണ് ദിവസം നൂറുകോടി ഹിറ്റെന്ന നിലയിലേക്ക് സൈറ്റ് എത്തിയിരിക്കുന്നത്.

'ഒരു വീഡിയോ ക്യാമറയും കമ്പ്യൂട്ടറും ഇന്റര്‍നെറ്റ് കണക്ഷനും ഉള്ള ആര്‍ക്കും തന്റെ ജീവിതവും കലാപരതയും ശബ്ദവും ലോകവുമായി പങ്കുവെയ്ക്കാന്‍ ഒരിടം'-ഇതായിരുന്ന യുടൂബ് സ്ഥാപിക്കുമ്പോള്‍ അതിന്റെ ലക്ഷ്യമായി കണ്ടിരുന്നതെന്ന് ചാഡ് ഹര്‍ലി പറയുന്നു. (ബ്ലോഗ് കാണുക)

ബ്ലോഗറിന് പത്തു വയസ്സ്

അക്ഷരങ്ങളും ആശയങ്ങളും സ്വായത്തമാക്കിയ ആരെയും എഴുത്തുകാരനും പ്രസാധകനുമാക്കുന്ന മഹാത്ഭുതമാണ് നവമാധ്യമങ്ങള്‍. ഇന്റര്‍നെറ്റില്‍ ആത്മാവിഷ്‌കാരത്തിന്റെ അവസാനവാക്കായി മാറിയ ബ്ലോഗുകളാണ് നവമാധ്യമവിപ്ലവത്തിന് തുടക്കം കുറിച്ചത് എന്ന് പറഞ്ഞാല്‍ തെറ്റില്ല.

ബ്ലോഗുകള്‍ സര്‍വവ്യാപിയായതിന് പിന്നില്‍, ബ്ലോഗര്‍, വേഡ്പ്രസ്സ് തുടങ്ങിയ ജനപ്രിയ ബ്ലോഗുപ്ലാറ്റ്‌ഫോമുകള്‍ വഹിച്ച പങ്ക് ചെറുതല്ല. 'കുറിഞ്ഞി ഓണ്‍ലൈന്‍' പോലെ ലക്ഷക്കണക്കിന് ബ്ലോഗുകള്‍ ഇത്തരം സൗജന്യ പ്ലാറ്റ്‌ഫോമുകളിലാണ് ഇന്ന് നിലനില്‍ക്കുന്നത്.

ഏറ്റവും വലിയ ഓണ്‍ലൈന്‍ ബ്ലോഗ് സര്‍വീസുകളിലൊന്നായ ബ്ലോഗറിന് പത്തുവയസ്സാകുന്നു. 1999-ല്‍ സാന്‍ ഫ്രാന്‍സിസ്‌കോ കേന്ദ്രമായി 'പൈറ' കമ്പനി ആരംഭിച്ചതാണ് ബ്ലോഗര്‍.

പത്തു വര്‍ഷം തികയുന്ന ബ്ലോഗര്‍, ഉള്ളടക്കത്തിന്റെ കാര്യത്തിലും ബ്ലോഗുകളുടെ എണ്ണത്തിന്റെ കാര്യത്തിലും, ഓരോ നിമിഷവും വളരുന്നു എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഓരോ മിനിറ്റിലും ബ്ലോഗറില്‍ ചേര്‍ക്കപ്പെടുന്ന ഉള്ളടക്കം എത്ര വരുമെന്നോ; 270000 വാക്കുകള്‍! ദിവസവും 38.8 കോടി വാക്കുകള്‍.

ബ്ലോഗറിലെ ബ്ലോഗുകള്‍ക്കെല്ലാം കൂടി 30 കോടി വായനക്കാരുണ്ട് എന്നാണ് കണക്ക്. 32 ലക്ഷം നോവലുകളിലുള്ളത്രയും വാക്കുകള്‍ ബ്ലോഗറിലിപ്പോഴുണ്ട്. ഇതുമുഴുവന്‍ സാധാരണക്കാരുണ്ടാക്കിയ ഉള്ളടക്കമാണ്; പരമ്പരാഗത മാധ്യമങ്ങള്‍ക്ക് പുറത്തുള്ളത്.

140 ക്യാരക്ടറുകളില്‍ക്കൂടുതല്‍ അനുവദിക്കാത്ത (ട്വിറ്റര്‍പോലുള്ള) മൈക്രോബ്ലോഗിങിന്റെ കാലത്തും, പരമ്പരാഗത ബ്ലോഗുകള്‍ക്ക് പ്രസക്തി കുറയുന്നില്ല എന്നാണ് ബ്ലോഗറിന്റെ പത്തുവര്‍ഷങ്ങള്‍ വ്യക്തമാക്കുന്നത്.

1999-ല്‍ ഡോട്ട്‌കോം തകര്‍ച്ചയുടെ നാളുകളിലാണ് തുടക്കക്കാരായ 'പൈറാ'യില്‍ നിന്ന് ബ്ലോഗറിന്റെ പിറവി. (ബ്ലോഗറിന് രൂപംനല്‍കിയവരിലൊരാളായ ഈവ് വില്യംസ് ആണ് ട്വിറ്ററിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍). 2003 ഫിബ്രവരിയില്‍ ഗൂഗിള്‍ പൈറ കമ്പനിയെ സ്വന്തമാക്കി, ബ്ലോഗറിനെ ഗൂഗിളിന്റെ സേവനപട്ടികയില്‍ ഉള്‍പ്പെടുത്തി.

മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന, ശബ്ദമില്ലാത്തവരുടെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെയും ശബ്ദമായി ഇന്ന് ബ്ലോഗിങ് രൂപപ്പെട്ടിരിക്കുന്നു. ശരിക്കു പറഞ്ഞാല്‍ ഒരു സമാന്തര മാധ്യമം. ഒപ്പം മുഖ്യധാരാ മാധ്യമങ്ങള്‍ വരുത്തുന്ന തെറ്റുകളും, പക്ഷംചേരലുകളും ബ്ലോഗുകളിലൂടെ തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നു.

Friday, October 09, 2009

നോബല്‍ സമ്മാനം 2009-ഭൗതികശാസ്ത്രം

പ്രകാശത്തെ മെരുക്കിയവര്‍ക്ക് അംഗീകാരം

ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ പോലെ കരുതാവുന്ന കണ്ടുപിടിത്തങ്ങള്‍; ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതവും ഡിജിറ്റല്‍ ക്യാമറയും. ഇന്‍ഫര്‍മേഷന്‍ സമൂഹമായി ആധുനികലോകത്തെ മാറ്റിത്തീര്‍ക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ഈ കണ്ടെത്തലുകള്‍ക്കാണ് 2009 ലെ ഭൗതികശാസ്ത്രത്തിനുള്ള നോബല്‍ സമ്മാനം.

വിവരവിനിമയ വിപ്ലവത്തിനായി പ്രകാശത്തെ മെരുക്കിയെടുക്കലാണ് മേല്‍പ്പറഞ്ഞ സങ്കേതങ്ങള്‍ വഴി സംഭവിച്ചത്. ആ അര്‍ഥത്തില്‍, ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേതത്തിന് വഴിതുറന്ന ചൈനീസ് വംശജന്‍ ചാള്‍സ് കെ. കയോയും, ഡിജിറ്റല്‍ ക്യാമറയുടെ നട്ടെല്ലായ ഇമേജിങ് സെമികണ്ടക്ടര്‍ സര്‍ക്കീട്ട് (സി.സി.ഡി. സെന്‍സര്‍) രൂപപ്പെടുത്തിയ കനേഡിയന്‍ വംശജന്‍ വില്ലാഡ് എസ്. ബോയ്‌ലും അമേരിക്കക്കാരന്‍ ജോര്‍ജ് ഇ. സ്മിത്തും പ്രകാശത്തെ ശരിക്കും മെരുക്കിയവരാണ്. ഇവര്‍ മൂവരുമാണ് ഇത്തവണത്തെ ഭൗതികശാസ്ത്ര നോബല്‍ പങ്കിട്ടത്. 'പ്രകാശത്തിന്റെ അധിപര്‍' എന്ന് നോബല്‍ കമ്മറ്റി വിശേഷിപ്പിച്ച ഇവരില്‍ ചാള്‍സ് കയോ സമ്മാനത്തിന്റെ നേര്‍പകുതിക്ക് അര്‍ഹനായി. അടുത്ത പകുതി ബോയ്‌ലും സ്മിത്തും പങ്കിട്ടു.

ലോകം കീഴടക്കിയ ഫൈബര്‍ ഓപ്ടിക്‌സ്

ഒന്നിന്റെ കണ്ടെത്തലാണ് മറ്റൊന്നിന് തുടക്കമാവുകയെന്ന പ്രസ്താവന ഫൈബര്‍ ഓപ്ടിക്‌സിന്റെ കാര്യത്തിലും ശരിയാണ്. 1960-കളുടെ തുടക്കത്തിലുണ്ടായ ലേസറിന്റെ കണ്ടെത്തലാണ് ഓപ്ടിക്കല്‍ ഫൈബര്‍ സങ്കേത്തിന് വഴി തുറന്നത്. ഓപ്ടിക്കല്‍ ഫൈബര്‍നാരുകളിലൂടെ പ്രകാശസിഗ്നലുകളുടെ രൂപത്തില്‍ വിവരങ്ങള്‍ വിനിമയം ചെയ്യാമെന്ന് വന്നതിന് മുഖ്യകാരണങ്ങളിലൊന്ന് ലേസറായിരുന്നു. എന്നാല്‍, ശോഷണം സംഭവിക്കാതെ ദീര്‍ഘദൂരത്തേക്ക് എങ്ങനെ പ്രകാശസിഗ്നലുകള്‍ എത്തിക്കാം എന്നത് പ്രശ്‌നമായിരുന്നു. 20 മീറ്റര്‍ ദൂരത്തേക്ക് ഇത്തരം സിഗ്നലുകള്‍ കടത്തിവിട്ടാല്‍ ബാക്കിയാവുക വെറും ഒരു ശതമാനം മാത്രമായിരുന്നു. പ്രകാശത്തിന്റെ ഈ ശോഷണം തടയുകയെന്ന വെല്ലുവിളിയാണ് ചാള്‍സ് കയോ ഏറ്റെടുത്തത്.

ചൈനയിലെ ഷാന്‍ഹായിയില്‍ ജനിച്ച അദ്ദേഹം ഹോങ്കോങിലേക്ക് സകുടുംബം കുടിയേറുകയും പിന്നീട് ലണ്ടനിലെത്തുകയും ചെയ്ത ഇലക്ട്രോണിക്‌സ് എന്‍ജിനിയറാണ്. 1965-ല്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം അപ്പോഴേക്കും സ്റ്റാന്‍ഡേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസില്‍ ജോലിയും കരസ്ഥമാക്കിയിരുന്നു. ചെറുപ്പക്കാരനായ തന്റെ സഹപ്രവര്‍ത്തകന്‍ ജോര്‍ജ് എ. ഹോക്ക്ഹാമിന്റെ സഹകരണത്തോടെ അദ്ദേഹം ഗ്ലാസ് ഫൈബറുകളെക്കുറിച്ച് സൂക്ഷ്മായി പഠിക്കുന്നത് അവിടെ വെച്ചാണ്. ഗ്ലാസ് ഫൈബറില്‍ കടത്തിവിടുന്ന പ്രകാശം ഒരു കിലോമീറ്റര്‍ സഞ്ചരിച്ച ശേഷം ഒരു ശതമാനമെങ്കിലും അവശേഷിക്കാന്‍ പാകത്തില്‍, ഫൈബര്‍ ഓപ്ടിക്‌സ് സങ്കേതം മെച്ചപ്പെടുത്തുകയെന്നതായിരുന്നു അവരുടെ ലക്ഷ്യം!

1966 ജനവരിയില്‍ കയോ തന്റെ കണ്ടെത്തലുകളും നിഗമനങ്ങളും ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചു. ഫൈബര്‍ നാരുകള്‍ അതിലൂടെ കടന്നുപോകുന്ന പ്രകാശത്തെ ശോഷിപ്പിക്കുന്നതിന് മുഖ്യകാരണം, നാരുകളുണ്ടാക്കാന്‍ ഉപയോഗിച്ചിട്ടുള്ള ഗ്ലാസ് സംശുദ്ധമല്ലാത്തതാണെന്ന് കയോ വാദിച്ചു. അതുവരെ സാധിക്കാത്തത്ര കുറ്റമറ്റ രീതിയില്‍, സുതാര്യതയോടെയുള്ള ഗ്ലാസുകള്‍ നിര്‍മിക്കുക എന്നതാണ് യഥാര്‍ഥ വെല്ലുവിളി. കയോയുടെ ആശയങ്ങള്‍ മറ്റ് പല ഗവേഷകരിലും ആവേശമുണര്‍ത്തി. സംശുദ്ധമായ ഫൈബര്‍നാരുകള്‍ ചെലവുകുറഞ്ഞ രീതിയില്‍ രൂപപ്പെടുത്താനുള്ള ശ്രമങ്ങള്‍ ശക്തിപ്പെട്ടു. എണ്‍പതുകളോടെ ഫൈബര്‍ ഓപ്ടിക്‌സ് ലോകത്തിന്റെ മുഖംമാറ്റുമെന്ന് പലര്‍ക്കും ബോധ്യപ്പെട്ടു. ഇടിമിന്നലോ, വൈദ്യുതകാന്തിക പ്രവാഹങ്ങളുടെ സാമീപ്യമോ, മഴയത്ത് നനയുന്നതോ ഒന്നും ഫൈബര്‍ ഓപ്ടിക്‌സിലൂടെ ഡേറ്റ വിനിമയം ചെയ്യുന്നതിന് തടസ്സമാകുന്നില്ല.

1988-ല്‍ അറ്റ്‌ലാന്റിക് സമുദ്രത്തിനടിയിലൂടെ ആദ്യമായി ഓപ്ടിക്കല്‍ ഫൈബര്‍ കേബിള്‍ യൂറോപ്പിനെയും അമേരിക്കയെയും ബന്ധിപ്പിച്ചു. 6000 കിലോമീറ്ററായിരുന്നു ആ കേബിളിന്റെ ദൈര്‍ഘ്യം. ഇന്ന്, ലോകമെങ്ങും ടെലഫോണും ഡിജിറ്റല്‍ കമ്മ്യൂണിക്കേഷനും സാധ്യമാക്കുന്നത് ഓപ്ടിക്കല്‍ ഗ്ലാസ് ഫൈബറിന്റെ ശൃംഗലകളാണ്. ലോകത്ത് ഇപ്പോള്‍ ഉപയോഗിക്കുന്ന ഓപ്ടിക്കല്‍ ഫൈബര്‍ നാരുകളുടെ ആകെ നീളം 100 കോടി കിലോമീറ്റര്‍ വരുമെന്നാണ് കണക്ക്. ഭൂമിയെ 25000 തവണ ചുറ്റിവളയാന്‍ ഇത് മതി. ഒരു കിലോമീറ്റര്‍ ഫൈബര്‍ നാരിലൂടെ പ്രകാശസിഗ്നലുകള്‍ സഞ്ചരിക്കുമ്പോള്‍ ഇപ്പോള്‍ 95 ശതമാനവും അവശേഷിക്കും. (ഒരു ശതമാനം അവശേഷിക്കുക എന്നതായിരുന്നു കയോയുടെ ലക്ഷ്യം).

മാത്രമല്ല, അര്‍ധചാലക ലേസറുകളും പ്രകാശ ഡയോഡുകളും ഫൈബര്‍ ഓപ്ടിക്‌സിന് അനുഗ്രഹമായി. ധാന്യമണിയുടെ വലിപ്പമുള്ള ഇത്തരം ഉപകരണങ്ങളാണ് ഇന്ന് ഓപ്ടിക്കല്‍ ഫൈബര്‍ ശൃംഗലകളില്‍ ടെലഫോണ്‍ കമ്മ്യൂണിക്കേഷനും ഡേറ്റ വിനിമയവും പ്രകാശവേഗത്തിലാക്കാന്‍ സഹായിക്കുന്നത്. ദീര്‍ഘദൂരമുള്ള കമ്മ്യൂണിക്കേഷന് 1.55 മൈക്രോമീറ്റര്‍ തരംഗദൈര്‍ഘ്യമുള്ള ഇന്‍ഫ്രാറെഡ് കിരണങ്ങളാണ് ഉപയോഗിക്കുന്നത്. സിഗ്നലുകള്‍ക്കുള്ള ശോഷണം ഇത്തരം കിരണങ്ങള്‍ ഉപയോഗിക്കുക വഴി പരിമിതപ്പെടുത്താനാകും. അത്ഭുതകരമായ വേഗത്തിലാണ് ഓപ്ടിക്കല്‍ കേബിള്‍ ശൃംഗല വളര്‍ന്നുകൊണ്ടിരിക്കുന്നത്. ചെറിയൊരു ലക്ഷ്യത്തോടെ ആരംഭിച്ച് വലിയൊരു വിപ്ലവത്തിനാണ് കയോ 1960-കളുടെ അവസാനം തുടക്കമിട്ടത് എന്ന് സാരം.ശരിക്കും അപ്രതീക്ഷിതം, ആധുനിക ഇമേജിങ് സാങ്കേതികവിദ്യകളുടെയെല്ലാം നട്ടെല്ലായി മാറിയ ഇമേജ് സെന്‍സര്‍ (ചാര്‍ജ്-കപ്പിള്‍ഡ് ഡിവൈസ്-CCD) ഇന്നെത്തിയിരിക്കുന്ന ഉയരങ്ങളെ വിശേഷിക്കാവുന്നത് ഇങ്ങനെയാണ്. ഡിജിറ്റല്‍ ക്യാമറകള്‍ സര്‍വവ്യാപിയാണിപ്പോള്‍. വിലകൂടിയ ഫിലിമുകളും അത് ഡെവലപ് ചെയ്യുകയെന്ന പൊല്ലാപ്പുമെല്ലാം ഡിജിറ്റല്‍ ക്യാമറകള്‍ രംഗത്തെത്തിയതോടെ പഴങ്കഥയായി മാറിയിരിക്കുന്നു. ഇപ്പോഴത്തെ ഡിജിറ്റല്‍യുഗത്തില്‍ ഏറ്റവുമധികം ഡേറ്റ സൃഷ്ടിക്കപ്പെടുകയും വിനിമയം ചെയ്യപ്പെടുകയും ചെയ്യുന്നത് ഇമേജുകളുടെ രൂപത്തിലാണ്. എന്തിന് ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍ നിന്നുള്ള സ്വര്‍ഗീയദൃശ്യങ്ങളും, ചൊവ്വാപര്യവേക്ഷണ പേടകങ്ങള്‍ അയയ്ക്കുന്ന ഗ്രഹദൃശ്യങ്ങളും യഥാര്‍ഥത്തില്‍ സാധ്യമാക്കുന്നത് ഇമേജ് സെന്‍സറുകളാണ്.

1969 സപ്തംബറില്‍ ഇമേജിങ് സെന്‍സര്‍ രൂപപ്പെടുത്താനുള്ള ശ്രമമാരംഭിക്കുമ്പോള്‍, വില്ലാഡ് ബോയ്‌ലിന്റെയും ജോര്‍ജ് സ്മിത്തിന്റെയും വിദൂര പരിഗണനകളില്‍പ്പോലും ഡിജിറ്റല്‍ ക്യാമറ ഉണ്ടായിരുന്നില്ല. ബെല്‍ ലബോറട്ടറിയില്‍ ബോയ്‌ലിന്റെ ഓഫീസിലെ ബ്ലാക്ക്‌ബോര്‍ഡില്‍ ഇമേജ് സെന്‍സറിന്റെ ആദ്യരൂപരേഖ സൃഷ്ടിക്കുമ്പോള്‍, മുന്തിയ ഇലക്ട്രോണിക് മെമ്മറി രൂപപ്പെടുത്താന്‍ നവീനമാര്‍ഗം എന്നു മാത്രമേ അവര്‍ ചിന്തിച്ചുള്ളു. ഒരു മെമ്മറി ഉപകരണം എന്ന നിലയ്ക്കുള്ള ഇമേജിങ് സെന്‍സറിന്റെ ഉപയോഗം ഇന്ന് വിസ്മൃതിയിലായിക്കഴിഞ്ഞു. തുടക്കത്തില്‍ സൃഷ്ടാക്കള്‍ സങ്കല്‍പ്പിക്കാത്ത തരത്തിലൊരു ഇലക്ട്രോണിക് വിജയഗാഥയായി ആ കണ്ടെത്തല്‍ പിന്നീട് മാറിയത് ചരിത്രം.

മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യത്തിലെന്നപോലെ, സിലിക്കണ്‍ കൊണ്ടാണ് ഇമേജ് സെന്‍സറും രൂപപ്പെടുത്തിയത്. സ്റ്റാമ്പിന്റെ വലിപ്പത്തിലുള്ള സിലിക്കണ്‍ പ്ലേറ്റില്‍, പ്രകാശസംവേദകശേഷിയുള്ള ലക്ഷക്കണക്കിന് ഫോട്ടോഇലക്ട്രിക് സെല്ലുകള്‍ ക്രമീകരിച്ചിരിക്കുന്നു. ഫോട്ടോ ഇലകട്രിക് പ്രഭാവത്തിന് 1905-ല്‍ ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഇമേജ് സെന്‍സര്‍ പ്രവര്‍ത്തിക്കുക (അതിനാണ് 1921-ല്‍ ഐന്‍സ്റ്റൈന് നോബല്‍ പുരസ്‌കാരം ലഭിച്ചത്). ഫോട്ടോസെല്ലുകളില്‍ പതിക്കുന്ന പ്രകാശകണങ്ങള്‍, അവിടെ നിന്ന് ഇലക്ട്രോണുകളെ തട്ടിത്തെറിപ്പിക്കുന്നു. ഇങ്ങനെ ഉല്‍സര്‍ജിക്കുന്ന ഇലക്ട്രോണുകള്‍ പ്രത്യേകം ശേഖരിക്കപ്പെടുന്നു. പ്രകാശത്തിന്റെ അളവ് വര്‍ധിക്കുന്തോറും ശേഖരിക്കപ്പെടുന്ന ഇലക്ട്രോണുകളുടെ സംഖ്യ വര്‍ധിക്കുന്നു.

ഈ വിദ്യവഴി ദൃശ്യത്തെ ഇലക്ട്രോണിക് സിഗ്നലുകളായി രൂപപ്പെടുത്തിയ ശേഷം, അതിനെ ഡിജിറ്റല്‍ രൂപമായ ബൈനോമിയല്‍ ഭാഷയിലേക്ക് (ones and zeros) മാറ്റുകയാണ് ഇമേജ് സെന്‍സറുകള്‍ ചെയ്യുക. ഇമേജ് സെന്‍സറിലെ ഓരോ ഫോട്ടോസെല്ലും ഇമേജ് പോയന്റുകളായി മാറും. ഈ പോയന്റിനെ 'പിക്‌സല്‍' എന്ന് വിളിക്കുന്നു. ഇമേജ് സെന്‍സറുകളുടെ വീതി (പിക്‌സലുകളിലാണ് ഇത് സൂചിപ്പിക്കുക)യെ അതിന്റെ പൊക്കവുമായി ഗുണിക്കുന്ന രൂപത്തിലാണ് സെന്‍സറിന്റെ ഇമേജ്‌ശേഷി സൂചിപ്പിക്കുക. ഉദാഹരണം 1280 x 1024 പിക്‌സലില്‍ നിന്ന് ലഭിക്കുന്ന ശേഷി 1.3 മെഗാപിക്‌സലായിരിക്കും (13 ലക്ഷം പിക്‌സലുകള്‍). ബ്ലാക്ക് ആന്‍ഡ് വൈറ്റ് രൂപത്തിലാണ് ഇമേജ് സെന്‍സറുകള്‍ ദൃശ്യങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കുക. ഇമേജ് സെന്‍സറുകളുടെ പ്രതലത്തില്‍ വിവിധ ഫില്‍റ്ററുകള്‍ സ്ഥാപിച്ചാണ് വര്‍ണദൃശ്യങ്ങള്‍ പകര്‍ത്തുന്നത്.

40 വര്‍ഷം മുമ്പ് ബോയ്‌ലും സ്മിത്തും നടത്തിയ ആദ്യ കൂടിയാലോചനയില്‍ തന്നെ ഇമേജിങ് സെന്‍സറിന്റെ ആശയം ഉരുത്തിരിയുകയുണ്ടായി. ആദ്യ ഡിസൈന്‍ തയ്യാറായി ഒരാഴ്ചയ്ക്കകം സെന്‍സറിന്റെ പ്രാക്‌രൂപം നിര്‍മിക്കാന്‍ ബെല്‍ ലാബ്‌സിലെ ടെക്‌നീഷ്യന്‍മാര്‍ക്കായി. പക്ഷേ, ഡിജിറ്റല്‍ ക്യാമറയുടെ ശരിക്കുള്ള പ്രധാന്യം വ്യക്തമാകാന്‍ 1969 ജൂലായ് 20 വരെ കാത്തിരിക്കേണ്ടി വന്നു. മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ കാല്‍കുത്തിയപ്പോഴാണ് ഡിജിറ്റല്‍ ക്യാമറകളുടെ പ്രാധാന്യം പലര്‍ക്കും ബോധ്യമായത്. ഇമേജ് സെന്‍സര്‍ വീഡിയോ ക്യാമറയില്‍ ഉപയോഗിക്കാമെന്ന് 1970-ല്‍ സ്മിത്തും ബോയ്‌ലും തെളിയിച്ചു. 100 x 100 പിക്‌സലുള്ള ആദ്യ ഇമേജ് സെന്‍സര്‍ 1972-ല്‍ അമേരിക്കന്‍ കമ്പനിയായ ഫെയര്‍ചൈല്‍ഡ് രൂപപ്പെടുത്തി.

ഉന്നത റസല്യൂഷനുള്ള ഡിജിറ്റല്‍ വീഡിയോക്യാമറ 1975 ആയപ്പോഴേക്കും സ്മിത്തും ബോയ്‌ലും ചേര്‍ന്ന് രൂപപ്പെടുത്തി. ടെലിവിഷന്‍ സംപ്രേക്ഷണത്തിന് ഉപയോഗിക്കാവുന്നത്ര ഗുണനിലവാരമുള്ള ദൃശ്യങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതായിരുന്നു ആ ക്യാമറ. എന്നാല്‍, സി.സി.ഡി. ഉപയോഗിച്ചുള്ള ആദ്യ ഡിജിറ്റല്‍ ക്യാമറ വിപണിയിലെത്തുന്നത് 1981-ല്‍ മാത്രമാണ്. അഞ്ചുവര്‍ഷം കഴിഞ്ഞ്, 1986-ല്‍ 1.4 മെഗാപിക്‌സല്‍ ശേഷിയുള്ള ക്യാമറകള്‍ രംഗത്തു വന്നു. ലോകത്തെങ്ങുമുള്ള ക്യാമറാ നിര്‍മാതാക്കള്‍ക്ക് കാര്യം ബോധ്യമായി. വിലയും വലിപ്പവും കുറവുള്ള ഡിജിറ്റല്‍ ക്യാമറകളുടെ കുത്തൊഴുക്കാണ് പിന്നീടുണ്ടായത്. ഇന്ന് മൊബൈല്‍ ഹാന്‍ഡ് സെറ്റുകളില്‍ മുതല്‍ ബഹിരാകാശ പേടകങ്ങളില്‍ വരെ ഡിജിറ്റല്‍ സെന്‍സറുകള്‍ അനുപേക്ഷണീയ ഘടകമാണ്.

മൂന്ന് വര്‍ഷം മുമ്പ് 100 മെഗാപിക്‌സല്‍ എന്ന പരിധി സി.സി.ഡി. പിന്നിട്ടു. ഭൂമിക്ക് സമാനമായ ഗ്രഹങ്ങളെ വിദൂരനക്ഷത്രങ്ങള്‍ക്ക് സമീപം തേടുന്ന കെപ്ലാര്‍ ബഹിരാകാശ ടെലസ്‌കോപ്പില്‍ ഉപയോഗിച്ചിട്ടുള്ളത് 95 മെഗാപിക്‌സല്‍ ശേഷിയുള്ള ഇമേജിങ് സെന്‍സറാണ്. അകലെയുള്ള വസ്തുക്കളില്‍ നിന്നെത്തുന്ന നൂറ് പ്രകാശകണങ്ങ (ഫോട്ടോണുകള്‍) ളില്‍ 90-നെയും പിടിച്ചെടുക്കാനുള്ള ശേഷിയാണിത്. എന്നാല്‍, നൂറ് കണങ്ങളില്‍ ഒന്നിനെ പിടിച്ചെടുക്കാനുള്ള ശേഷിയേ മനുഷ്യനേത്രങ്ങള്‍ക്കുള്ളു. ഇത്തരം അത്യുന്നത ശേഷിയുള്ള ഇമേജ് സെന്‍സറുകളില്‍ പ്രകാശകണങ്ങള്‍ പതിച്ച് സെക്കന്‍ഡുകള്‍ക്കകം അത് രേഖപ്പെടുത്തും. മുമ്പ് മണിക്കൂറുകളെടുക്കുന്ന പ്രക്രിയയായിരുന്നു അത്. വിപ്ലവത്തില്‍ കുറഞ്ഞ ഒന്നല്ല ഇമേജിങ് സങ്കേതങ്ങളുടെ കാര്യത്തില്‍ സംഭവിച്ചതെന്ന് സാരം.

സി.സി.ഡി. ആധാരമാക്കിയ ഡിജിറ്റല്‍ ക്യാമറകളും ഇമേജിങ് ഉപകരണങ്ങളും സൃഷ്ടിക്കുന്ന ഭീമാകാരമായ ഡേറ്റയാണ്, ലോകമെങ്ങും ഇന്ന് വിനിമയം ചെയ്യപ്പെടുന്ന ഡിജിറ്റല്‍ വിവരങ്ങളില്‍ ഏറിയ പങ്കും. അതിന്റെ അളവ് ദിനംപ്രതി വര്‍ധിച്ചു വരികയും ചെയ്യുന്നു. ഇത്ര ഭീമമായ തോതിലുള്ള വിവരങ്ങള്‍ വിനിമയം ചെയ്യാന്‍ ഓപ്ടിക്കല്‍ ഫൈബറുകളുടെ സഹായമില്ലാതെ കഴിയില്ല. എന്നുവെച്ചാല്‍, ഇന്ന് നമ്മള്‍ എത്തിയിരിക്കുന്ന ഡിജിറ്റല്‍ യുഗം സാധ്യമാക്കിയതില്‍ പരസ്പരപൂരകങ്ങളായ റോളുകളാണ് രണ്ട് സങ്കേതങ്ങളും വഹിക്കുന്നതെന്ന് ചരുക്കം.

ചാള്‍സ് കെ. കയോ: ബ്രിട്ടനിലെയും അമേരിക്കയിലെയും പൗരത്വം. ചൈനയിലെ ഷാന്‍ഹായിയില്‍ 1933-ന് ജനിച്ചു. ബ്രിട്ടനില്‍ ഇംപീരിയല്‍ കോളേജ് ലണ്ടനില്‍ നിന്ന് 1965-ല്‍ ഇലക്ട്രിക്കല്‍ എന്‍ജിനിയറിങില്‍ ഡോക്ടറേറ്റ് നേടി. ബ്രിട്ടനില്‍ സ്റ്റാന്‍ഡേര്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍ ലബോറട്ടറീസിലെ എന്‍ജിനിയറിങ് മേധാവി. ചൈനീസ് യൂണിവേഴ്‌സിറ്റി ഓഫ് ഹോങ്കോങിന്റെ വൈസ്ചാന്‍സലര്‍.

വില്ലാഡ് എസ്. ബോയ്ല്‍: കനേഡിയന്‍ അമേരിക്കന്‍ പൗരന്‍. കാനഡയിലെ അംഹേര്‍സ്റ്റില്‍ 1924-ല്‍ ജനിച്ചു. കാനഡയിലെ മക്ഗില്‍ സര്‍വകാലാശാലിയില്‍ നിന്ന് 1950-ല്‍ ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. അമേരിക്കയിലെ ബെല്‍ ലബോറട്ടറിയിലെ കമ്മ്യൂണിക്കേഷന്‍ സയന്‍സസ് വിഭാഗത്തിന്റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍.

ജോര്‍ജ് സ്മിത്ത്: അമേരിക്കന്‍ പൗരന്‍. അമേരിക്കയിലെ വൈറ്റ് പ്ലേന്‍സില്‍ 1930-ല്‍ ജനിച്ചു. ഷിക്കാഗോ സര്‍വകലാശാലയില്‍ നിന്ന് 1959-ല്‍ ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ്. ബെല്‍ ലബോറട്ടറിയിലെ വി.എല്‍.എസ്.ഐ. ഡിവൈസ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി.
(അവലംബം: nobelprize.org).

കാണുക

Thursday, October 08, 2009

നോബല്‍ സമ്മാനം 2009-രസതന്ത്രം

രസതന്ത്രനോബലില്‍ ആദ്യമായി ഇന്ത്യന്‍ സാന്നിധ്യം

രസതന്ത്രത്തിനുള്ള നൂറ്റിയൊന്നാമത്തെ നോബല്‍ സമ്മാനം ഇന്ത്യയുടെയും യശ്ശസുയര്‍ത്തുന്നു. ഇന്ത്യന്‍വംശജനായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍ ഉള്‍പ്പടെ മൂന്ന് പേര്‍ ഇത്തവണത്തെ രസതന്ത്ര നോബല്‍ പങ്കിട്ടു. ഡോ. രാമകൃഷ്ണനൊപ്പം ഇസ്രായേലി സ്വദേശി ആദ എ.യോനാത്, അമേരിക്കന്‍ ഗവേഷകന്‍ തോമസ് എ. സ്‌റ്റെയ്റ്റ്‌സ് എന്നിവരാണ്, 'കോശങ്ങളിലെ പ്രോട്ടീന്‍ഫാക്ടറി' എ്ന്നറിയപ്പെടുന്ന റൈബോസോമുകളുടെ ത്രിമാനഘടനയും ധര്‍മങ്ങളും കണ്ടെത്തിയതിന് അംഗീകാരം നേടിയത്.

ചന്ദ്രനിലെ ജലസാന്നിധ്യം കണ്ടെത്തുന്നതില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ വിജയിച്ചു എന്ന വാര്‍ത്ത വന്ന് രണ്ടാഴ്ച തികയുന്നതേയുള്ളു. ഇപ്പോള്‍, ഡോ. വെങ്കിട്ടരാമന്‍ രാമകൃഷ്ണനിലൂടെ ഇന്ത്യ വീണ്ടും ബഹുമാനിക്കപ്പെട്ടിരിക്കുന്നു. തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ച ഡോ. രാമകൃഷ്ണന്‍ രസതന്ത്രത്തിനുള്ള നോബല്‍ സമ്മാനം നേടുന്ന ആദ്യ ഇന്ത്യക്കാരനാണ്. ജീവശാസ്ത്രത്തിലെ ഏറ്റവും അടിസ്ഥാനപ്രക്രിയകളിലൊന്നിന്റെ രഹസ്യം കണ്ടെത്തുന്നതിലാണ് അദ്ദേഹവും, നോബല്‍ പുരസ്‌കാരം പങ്കിട്ട മറ്റ് രണ്ടുപേരും വിജയിച്ചത്. കോശങ്ങളിലെ പ്രോട്ടീന്‍ നിര്‍മാണത്തിന് ചുക്കാന്‍ പിടിക്കുന്ന റൈബോസോം തന്മാത്രയുടെ ആറ്റമികതലത്തിലുള്ള ഘടനയും, ആ തന്മാത്രകളുടെ ധര്‍മവും കണ്ടെത്തുകയാണ് നോബല്‍ ജേതാക്കള്‍ ചെയ്തത്.

ഒരു ജീവിയുടെ ജീവല്‍പ്രവര്‍ത്തനങ്ങളൊക്കെ ഏതെങ്കിലും പ്രോട്ടീനിന്റെ പ്രവര്‍ത്തനമോ ഫലമോ ആണ്. ജീവന്റെ തന്മാത്രയെന്നറിയപ്പെടുന്ന ഡി.എന്‍.എ.യിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് കോശങ്ങളില്‍ പ്രോട്ടീനുകള്‍ നിര്‍മിക്കപ്പെടുക. എന്നാല്‍, നേരിട്ട് പ്രോട്ടീന്‍ നിര്‍മാണം നടത്താനുള്ള കഴിവ് ഡി.എന്‍.എയ്്ക്കില്ല. അതിലെ രാസനിര്‍ദേശങ്ങള്‍ക്കനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപംകൊടുക്കുന്നത് റൈബോസോമുകള്‍ എന്ന ഇടനിലക്കാരാണ്. അതിനാല്‍, കോശങ്ങളിലെ 'പ്രോട്ടീന്‍നിര്‍മാണ ഫാക്ടറി'യെന്ന് റൈബോസോമുകള്‍ വിശേഷിപ്പിക്കപ്പെടുന്നു. ജീവന്റെ അടിസ്ഥാന പ്രക്രിയകള്‍ വ്യക്തമാകണമെങ്കില്‍ റൈബോസോമുകളുടെ ഘടനയും ധര്‍മങ്ങളും മനസിലാക്കിയാലേ കഴിയൂ.

ജീവന്റെ രഹസ്യങ്ങള്‍ മനസിലാക്കാന്‍ മാത്രമല്ല റൈബോസോമുകളുടെ ഘടന സഹായിക്കുക. മനുഷ്യരെ ബാധിക്കുന്ന രോഗാണുക്കളെ ചെറുക്കാന്‍ ഫലപ്രദമായ ഔഷധതന്മാത്രകള്‍ രൂപപ്പെടുത്താനും സഹായിക്കും. നമ്മുടെ ശരീരത്തില്‍ വിഷമയമായ പ്രോട്ടീനുകള്‍ കലര്‍ത്തിയാണ് രോഗാണുക്കള്‍ രോഗങ്ങള്‍ സൃഷ്ടിക്കുന്നത്. അത്തരം പ്രോട്ടീനുകള്‍ തടയാന്‍, അതിന് കാരണമായ റൈബോസോമുകളെ തടഞ്ഞാല്‍ മതി. അക്കാര്യത്തില്‍ റൈബോസോമുകളുടെ ആറ്റമികതലത്തിലുള്ള ത്രിമാനഘടന പ്രധാനപ്പെട്ടതാണ്. എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയെന്ന ആധുനിക സങ്കേതത്തിന്റെ സഹായത്തോടെയാണ് റൈബോസോമുകളുടെ ത്രിമാനഘടന കണ്ടെത്തുന്നതില്‍ നോബല്‍ ജേതാക്കള്‍ വിജയിച്ചത്.

കുട്ടികള്‍ വിവിധ ആകൃതികളുള്ള കരുക്കള്‍ കൂട്ടിയോജിപ്പിച്ച് പുതിയ ആകൃതിയുള്ളവ നിര്‍മിക്കാറില്ലേ. ഇതിന് സമാനമായ രീതിയിലാണ് ഔഷധതന്മാത്രകള്‍ ബാക്ടീരിയകളെ നിര്‍വീര്യമാക്കുന്നത്. റൈബോസോമിന്റെ ത്രിമാനഘടനയില്‍ കുറ്റമറ്റ രീതിയില്‍ ചേര്‍ന്ന് അതിന്റെ ആകൃതി നശിപ്പിക്കാന്‍ ഔഷധതന്മാത്രകള്‍ക്ക് സാധിച്ചാല്‍, ബാക്ടീരിയകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയാതെ വരും. ഇക്കാരണത്താല്‍, തന്മാത്രാതലത്തില്‍ പുതിയ ഔഷധതന്മാത്രകള്‍ക്ക് രൂപംനല്‍കുന്നതില്‍ റൈബോസോമുകളുടെ ഘടനയ്ക്ക് സുപ്രധാന പങ്കുണ്ട്. വൈദ്യശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം ഡോ. രാമകൃഷ്ണന്റെ കണ്ടുപിടിത്തം പ്രധാനപ്പെട്ടതാകുന്നത് ഈ സാഹചര്യത്തിലാണ്. പുതിയ ആന്റിബയോട്ടിക്കുകള്‍ക്കുള്ള അനന്തസാധ്യതയാണ് റൈബോസോമുകളുടെ ഘടന തുറന്നു തരുന്നത്.

കോശങ്ങളില്‍ ജനിതകവിവരങ്ങള്‍ ശേഖരിക്കപ്പെടുകയും തലമുറകളിലേക്ക് പകര്‍ത്തപ്പെടുകയും ചെയ്യുന്നതിനൊപ്പം, ജീവല്‍പ്രവര്‍ത്തനങ്ങള്‍ക്ക് അതെങ്ങനെ സഹായകമാകുന്നു എന്നത് ജീവന്റെ നിലനില്‍പ്പിനൊപ്പം ജിവന്റെ തുടര്‍ച്ചയെ സംബന്ധിച്ചും പ്രധാനപ്പെട്ട ചോദ്യങ്ങളാണ്. അതിനുള്ള ഉത്തരം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന മൂന്നാമത്തെ നോബലാണ് ഇത്തവണത്തേത് എന്നു പറഞ്ഞാല്‍ തെറ്റില്ല. 1962-ലായിരുന്നു ആ പരമ്പരയിലെ ആദ്യത്തേത് സമ്മാനിക്കപ്പെട്ടത്. ജീവന്റെ തന്മാത്രയായ ഡി.എന്‍.എ.യുടെ ഘടന കണ്ടുപിടിച്ചതിന് ഫ്രാന്‍സിസ് ക്രിക്കിനും ജയിംസ് വാട്‌സണും ഒപ്പം മൗറീസ് വില്‍ക്കിന്‍സും പുരസ്‌കാരം പങ്കിട്ടു.

ഡി.എന്‍.എ.യിലെ ജനിതകനിര്‍ദേശങ്ങള്‍, കോശങ്ങളിലെ സന്ദേശവാഹകരായ റൈബോന്യൂക്ലിക് ആസിഡ് (ആര്‍.എന്‍.എ) തന്മാത്രകളിലേക്ക് പകര്‍ത്തപ്പെടുന്നത് എങ്ങനെ എന്ന പ്രശ്‌നത്തിന് ഉത്തരം കണ്ടെത്തിയ റോജര്‍ ഡി. കോണ്‍ബെര്‍ഗ് 2006-ലെ നോബല്‍ സമ്മാനം നേടിയപ്പോള്‍, അത് ജീവന്റെ അടിസ്ഥാനപ്രശ്‌നം കണ്ടെത്തിയതിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായി. ആര്‍.എന്‍.എ. തന്മാത്രയിലേക്ക് പകര്‍ത്തപ്പെടുന്ന നിര്‍ദേശങ്ങള്‍ വായിച്ചു മനസിലാക്കി അതിനനുസരിച്ച് പ്രോട്ടീനുകള്‍ക്ക് രൂപം നല്‍കുകയാണ് റൈബോസോമുകള്‍ ചെയ്യുക. അതിസങ്കീര്‍ണമാണ് റൈബോസോമുകളുടെ ഘടന. അത് കണ്ടെത്തുക വഴി, ജീവന്റെ അടിസ്ഥാനപ്രക്രിയയിലെ സുപ്രധാനമായ മറ്റൊരു വശം അനാവരണം ചെയ്യുകയാണ് ഇത്തവണത്തെ നോബല്‍ ജേതാക്കള്‍ ചെയ്തത്. അതിനാല്‍, ജീവന്റെ അടിസ്ഥാനപ്രക്രിയ മനസിലാക്കിയതിന് നല്‍കുന്ന മൂന്നാമത്തെ നോബലായി ഇത്തവണത്തേത്.

വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍: അമേരിക്കന്‍ പൗരന്‍. നോബല്‍ പുരസ്‌കാരം നേടുന്ന ഏഴാമത്തെ ഇന്ത്യന്‍ വംശജന്‍. 1952-ല്‍ തമിഴ്‌നാട്ടിലെ ചിദംബരത്ത് ജനിച്ചു. ബറോഡ സര്‍വകലാശാലയില്‍ ബയോകെമിസ്ട്രി വിഭാഗം മേധാവിയായിരുന്ന പ്രൊഫ. രാമകൃഷ്ണന്റെയും അതെ ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രൊഫ. രാജലക്ഷ്മിയുടെയും മകന്‍. കൂട്ടുകാര്‍ വെങ്കിട്ടിയെന്ന് വിളിച്ചിരുന്ന വെങ്കിട്ടരാമന്റെ ഇഷ്ടവിഷയം ഭൗതികശാസ്ത്രമായിരുന്നെങ്കിലും, മാതാപിതാക്കളുടെ താത്പര്യം മാനിച്ച് അദ്ദേഹം ബയോകെമിസ്ട്രി തിരഞ്ഞെടുക്കുകയായിരുന്നു.

ബറോഡ സര്‍വകലാശാലയില്‍ നിന്ന് 1971-ല്‍ അദ്ദേഹം ഭൗതികശാസ്ത്രത്തില്‍ ബിരുദമെടുത്തു. ഉപരിപഠനത്തിനായി അമേരിക്കയിലേക്ക് കുടിയേറി. ഒഹായോ സര്‍വകലാശാലയില്‍ നിന്ന് ഭൗതികശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ ഡോ.രാമകൃഷ്ണന്‍, 1976-78 കാലത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ ഗ്രാഡ്വേറ്റ് വിദ്യാര്‍ഥിയായിരുന്നു. ആ സമയത്താണ് അദ്ദേഹം അറിയപ്പെടുന്ന ബയോകെമിസ്റ്റായ ഡോ. മൗറീഷ്യോ മോന്റലിന് കീഴില്‍ ഗവേഷണം നടത്തിയത്. ഭൗതീകശാസ്ത്രത്തില്‍ നിന്ന് ബയോകെമിസ്ട്രിയിലേക്കുള്ള ചുവടുമാറ്റം അങ്ങനെയാണുണ്ടായത്.

യേല്‍ സര്‍വകലാശാലയില്‍ പോസ്റ്റ്‌ഡോക്ടറല്‍ ഫെലോ ആയിരുന്ന വേളയില്‍ ഇ. കോളി ബാക്ടീരിയത്തിന്റെ ചെറുറൈബോസോം സബ്‌യൂണിറ്റുകളുടെ ന്യൂട്രോണ്‍ സ്‌കാറ്ററിങ് മാപ്പ് തയ്യാറാക്കുന്നതില്‍ മുഴുകി. കേംബ്രിഡ്ജില്‍ എം.ആര്‍.സി. ലബോറട്ടറി ഓഫ് മോളിക്യുലാര്‍ ബയോളജിയിലെ സീനിയര്‍ സയന്റിസ്റ്റാണ് ഡോ.രാമകൃഷ്ണന്‍ ഇപ്പോള്‍. റോയല്‍ സൊസൈറ്റി ഫെലോയും ആണ്. 2000-ല്‍ നേച്ചര്‍ വാരികയിലാണ് റൈബോസോം ഘടന സംബന്ധിച്ച സുപ്രധാന കണ്ടെത്തലുകള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുന്നത്.

ആദ എ.യോനാത്: 1939-ല്‍ ജറുസലേമില്‍ ജനിച്ച യോനാത്, 1968-ല്‍ ഇസ്രായേലിലെ വീസ്മാന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ നിന്നാണ് എക്‌സ്‌റേ ക്രിസ്റ്റലോഗ്രാഫിയില്‍ ഡോക്ടറേറ്റ് നേടുന്നത്. വീസ്‌മെന്‍ ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് സയന്‍സില്‍ ഹെലന്‍ ആന്‍ഡ് മില്‍ട്ടണ്‍ എ.കിമ്മല്‍മാന്‍ സെന്റര്‍ ഫോര്‍ ബയോമോളിക്യുലാര്‍ സ്ട്രക്ച്ചര്‍ ആന്‍ഡ്് അസംബ്ലിയുടെ മേധാവിയാണ് അവര്‍ ഇപ്പോള്‍.

തോമസ് എ. സ്‌റ്റെയ്റ്റ്‌സ്: അമേരിക്കയിലെ മില്‍വൗക്കീയില്‍ 1940-ല്‍ ജനിച്ചു. 1966-ല്‍ ഹാര്‍വാഡ് സര്‍വകലാശാലയില്‍ നിന്ന് മോളിക്യുലാര്‍ ബയോളജി ആന്‍ഡ് ബയോകെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടി. യേല്‍ സര്‍വകലാശാലയിലെ ഗവേഷകനാണ് അദ്ദേഹം ഇപ്പോള്‍. (അവലംബം: nobelprize.org)

കാണുക