Monday, May 18, 2009

വൂള്‍ഫ്രേം ആല്‍ഫ തുറക്കുന്ന പുതുവഴി

വെബ്ബില്‍ വിവരങ്ങള്‍ തേടുന്നവര്‍ക്ക്‌ നിലവിലുള്ള പരിമിതി മറികടക്കാന്‍ 'വൂള്‍ഫ്രേം ആല്‍ഫ' എന്ന പുതിയ 'നോളേജ്‌ എഞ്ചിന്‍' അവസരമൊരുക്കുന്നു.

വാന്‍കൂറും ലണ്ടനും തമ്മിലുള്ള അകലം എത്രയെന്ന്‌ അറിയണമെന്നിരിക്കട്ടെ, അല്ലെങ്കില്‍ ഒരു പ്രത്യേക ദിവസം ഒരു രാജ്യത്തെ ജനസംഖ്യ എത്രയായിരുന്നു എന്ന്‌ വേഗം കണ്ടെത്തണമെന്നിരിക്കട്ടെ, അതുല്ലെങ്കില്‍ ഏതെങ്കിലുമൊരു സമയത്ത്‌ (ഏത്‌ ദിവസമോ ആയിക്കോട്ടെ) ഒരു കൃത്രിമോപഗ്രഹത്തിന്റെ സ്ഥാനം എവിടെയായിരുന്നു എന്ന്‌ മനസിലാക്കണമെന്നിരിക്കട്ടെ. നിലവില്‍ വെബ്ബില്‍നിന്ന്‌ ഇവയ്‌ക്കുള്ള ഉത്തരം കൃത്യമായി കണ്ടെത്തുക എളുപ്പമല്ല; ഗൂഗിള്‍ സഹായത്തിനുണ്ടെങ്കില്‍ പോലും.

എന്നാല്‍, ഇനി ആ പ്രശ്‌നമില്ല. ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങില്‍ ഒരുപക്ഷേ, വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ പോന്ന ഒരു സെര്‍ച്ച്‌ എഞ്ചിന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു - വൂള്‍ഫ്രേം ആല്‍ഫ(Wolfram Alpha.com). ഇത്തരം ചോദ്യങ്ങള്‍ക്ക്‌ നൊടിയിടയ്‌ക്കിടയില്‍ വ്യക്തമായ ഉത്തരം നല്‍കാന്‍ ശേഷിയുള്ള സെര്‍ച്ച്‌ എഞ്ചിനാണിത്‌. ബ്രിട്ടീഷ്‌ വംശജനായ കമ്പ്യൂട്ടര്‍ ശാസ്‌ത്രജ്ഞന്‍ സ്റ്റീഫന്‍ വൂള്‍ഫ്രേം ആണ്‌ 'കമ്പ്യൂട്ടേഷണല്‍ നോളേജ്‌ എഞ്ചിന്‍' എന്ന്‌ സ്വയം വിശേഷിപ്പിക്കപ്പെടുന്ന പുതിയ സെര്‍ച്ച്‌ എഞ്ചിന്റെ ഉപജ്ഞേതാവ്‌. മെയ്‌ 18-ന്‌ ഔദ്യോഗികമായി ആരംഭിക്കുമെന്ന്‌ പ്രഖ്യാപിച്ചിരുന്നെങ്കിലും മെയ്‌ 15-ന്‌ തന്നെ പുതിയ സര്‍വീസ്‌ നെറ്റില്‍ ലഭ്യമായി.

നെറ്റിലെ മൊത്തം സെര്‍ച്ചില്‍ മൂന്നില്‍ രണ്ടുഭാഗം കൈകാര്യം ചെയ്യുന്ന ഗൂഗിളാണ്‌, ഈ രംഗത്തെ ഭീമന്‍. അതുകൊണ്ടുതന്നെ, ഗൂഗിളുമായുള്ള താരതമ്യത്തിന്‌ വിധേയമാകുക എന്നത്‌ ഏത്‌ പുതിയ സെര്‍ച്ച്‌ എഞ്ചിന്റെയും അനിവര്യമായ ശാപമാണ്‌. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ എത്രയോ പുതിയ സെര്‍ച്ച്‌ എഞ്ചിനുകള്‍ രംഗത്തെത്തി, പക്ഷേ അവയില്‍ മിക്കതിനും ഗൂഗിളിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കാനോ നടുവ്‌ നിവര്‍ത്താനോ കഴിഞ്ഞില്ല. ഈ പശ്ചാത്തലത്തിലാണ്‌ വൂള്‍ഫ്രേം ആല്‍ഫയുടെ വരവ്‌. സ്വാഭാവികമായും കൗതുകവും ആകാംക്ഷയും ഉയരും.

ഗൂഗിളുമായി താരതമ്യം ചെയ്യപ്പെടുകയെന്ന വിധിയില്‍നിന്ന്‌ തീര്‍ച്ചയായും വൂള്‍ഫ്രേം ആല്‍ഫയ്‌ക്കും ഒഴിവാകാനാവില്ല. അതിന്‌ ഇവിടെ ഒരു ഉദാഹരണം നോക്കാം. സെര്‍ച്ച്‌ വാക്കുകള്‍ India, China. ഗൂഗിളില്‍ ലഭിച്ച ഫലം ആര്‍ക്കും സുപരിചിതമാണ്‌, ഇരു രാജ്യങ്ങളുമായി ബന്ധപ്പെട്ട പ്രധാന സൈറ്റുകളുടെ ലിസ്റ്റാണ്‌ ഗൂഗിളില്‍ നല്‍കിയത്‌. അതേസയമം, വൂള്‍ഫ്രേം ആല്‍ഫ ഈ സെര്‍ച്ചിന്‌ നല്‍കിയ ഫലം വ്യത്യസ്‌തമാണ്‌. ഇരുരാജ്യങ്ങളുടെയും ഔദ്യോഗിക നാമങ്ങള്‍ മുതല്‍ ആകെ ആഭ്യന്തര ഉത്‌പാദനവും തൊഴിലില്ലായ്‌മ നിരക്ക്‌ വരെയുള്ള അടിസ്ഥാന വിവരങ്ങള്‍ താരതമ്യം ചെയ്‌തുകൊണ്ടുള്ള രണ്ട്‌ ചാര്‍ട്ടുകളാണ്‌ സെര്‍ച്ച്‌ ഫലമായി ലഭിച്ചത്‌. ഇരുരാജ്യങ്ങളുടെയും ഭൂപടങ്ങളും, ഉപഗ്രഹ ചിത്രങ്ങളുമെല്ലാം അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മാത്രമല്ല, ഓരോ വിഭാഗത്തിലും കൂടുതല്‍ വിശദമായ വിവരങ്ങളിലേക്ക്‌ പോകാനുള്ള ലിങ്കുകളും, വിവരങ്ങള്‍ ലഭിച്ചിട്ടുള്ള സോഴ്‌സുകളുടെ പട്ടികയും ഒപ്പം. പേജ്‌ പി.ഡി.എഫ്‌.ആക്കി മാറ്റി സൂക്ഷിക്കാനും സംവിധാനം. ഗൂഗിളില്‍ നിന്ന്‌ തികച്ചും വ്യത്യസ്‌തം, നവീനമായ സമീപനം.

Hubble Space Telescope എന്ന്‌ വൂള്‍ഫ്രേം ആല്‍ഫയില്‍ നല്‍കിയപ്പോള്‍ ലഭിച്ച ഫലത്തില്‍ അതിന്റെ വിക്ഷേപണ തീയതി മുതല്‍, ഹബ്ബിള്‍ ടെലിസ്‌കോപ്പ്‌ ഭൂമിയ്‌ക്ക്‌ മുകളില്‍ ഏത്‌ ഭാഗത്താണെന്ന്‌ വരെയുള്ള (ഇതെഴുതുമ്പോള്‍ മധ്യധരണ്യാഴിക്ക്‌ മുകളില്‍) വിവരങ്ങള്‍ ഗ്രാഫിക്‌സുകളും ചാര്‍ട്ടുകളുമായി മുന്നിലെത്തി. (ഇവിടെ). ഇനി ഏതെങ്കിലും ഒരു തിയതി പുതിയ സെര്‍ച്ച്‌ എഞ്ചിനില്‍ നല്‍കുക. ഉദാഹരണത്തിന്‌ May18,2000 ആകട്ടെ, കിട്ടുന്ന ഫലം പരിശോധിക്കുക, മറ്റ്‌ സെര്‍ച്ച്‌ എഞ്ചിനുകളില്‍നിന്നുള്ള വ്യത്യാസം അറിയാം.

മാസങ്ങളായി വൂള്‍ഫ്രേം ആല്‍ഫ പരീക്ഷണാടിസ്ഥാനത്തില്‍ നെറ്റില്‍ ലഭ്യമായിരുന്നു. അതിന്റെ സവിശേഷതകള്‍ പഠിച്ച പല വിദഗ്‌ധരും, സെര്‍ച്ചിങില്‍ ഗൂഗിളിന്‌ ശരിക്കുമൊരു എതിരാളി വരുന്നു എന്നാണ്‌ അഭിപ്രായപ്പെട്ടത്‌. പക്ഷേ, 49-കാരനായ സ്റ്റീഫന്‍ വൂള്‍ഫ്രേം അങ്ങനെ അവകാശപ്പെടുന്നില്ല. താന്‍ പുറത്തിറക്കിയിട്ടുള്ളത്‌ ഒരു സെര്‍ച്ച്‌ എഞ്ചിനല്ല, നോളേജ്‌ എഞ്ചിനാണെന്ന്‌ അദ്ദേഹം പറയുന്നു. അതുകൊണ്ടുതന്നെ അതിനെ ഗൂഗിളുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന്‌ അദ്ദേഹം പറയുന്നു. വെറും 20 വയസ്സുള്ളപ്പോള്‍ ഭൗതീകശാസ്‌ത്രത്തില്‍ പി.എച്ച്‌.ഡി.നേടിയ സ്റ്റീഫന്‍ വൂള്‍ഫ്രേം സ്ഥാപിച്ച വൂള്‍ഫ്രേം റിസര്‍ച്ച്‌ എന്ന സ്ഥാപനമാണ്‌ പുതിയ സെര്‍ച്ച്‌ എഞ്ചിന്‌ പിന്നില്‍. പേജ്‌റാങ്ക്‌ എന്ന ഗണിതസമീകരണമാണ്‌ ഗൂഗിളിലെ സെര്‍ച്ചിന്റെ നട്ടെല്ലെങ്കില്‍, പുതിയ സെര്‍ച്ച്‌ എഞ്ചിന്റെ മസ്‌തിഷ്‌ക്കം ആയി നിലകൊള്ളുന്നത്‌, സ്റ്റീഫന്‍ വൂള്‍ഫ്രേം തന്നെ ചിട്ടപ്പെടുത്തിയ 'മാത്തമാറ്റിക്ക'യെന്ന കാല്‍ക്കുലേറ്റിങ്‌ ആന്‍ഡ്‌ ഗ്രാഫിങ്‌ സോഫ്‌ട്‌വേര്‍ പാക്കേജാണ്‌. പരമ്പരാഗതമായ രീതിക്ക്‌ പകരം, വിവരങ്ങളെ ചാര്‍ട്ടുകളും ഗ്രാഫിക്‌സുമായി മാറ്റുകയാണ്‌ ചെയ്യുക.

ഒരാള്‍ തേടുന്ന വിവരങ്ങള്‍ ചാര്‍ട്ടുകളും ഗ്രാഫുകളും മറ്റ്‌ ദൃശ്യരൂപങ്ങളുമാക്കി നിമിഷങ്ങള്‍ക്കകം പരുവപ്പെടുത്തി മുന്നിലെത്തിക്കുന്നത്‌ മാത്തമാറ്റിക്കയാണ്‌. സ്റ്റീഫന്‍ വൂള്‍ഫ്രേമിന്‌ കീഴില്‍ പ്രവര്‍ത്തിക്കുന്ന 200-ഓളം വിദഗ്‌ധര്‍ കഴിഞ്ഞ രണ്ട്‌ വര്‍ഷത്തിലേറെയായി വിവരങ്ങള്‍ മാത്തമാറ്റിക്കയുടെ പാകത്തിന്‌ പരുവപ്പെടുത്തി ഡേറ്റാബേസ്‌ ഉണ്ടാക്കുന്ന പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഇതിനകം ഏതാണ്ട്‌ 2000 കോടി ഡേറ്റാഘടകങ്ങള്‍ സംഭരിക്കാന്‍ അവര്‍ക്കായിട്ടുണ്ട്‌. തുടക്കത്തില്‍ മുഖ്യമായും ശാസ്‌ത്രജ്ഞരും ഗവേഷകരും ഉപയോഗിച്ചിരുന്ന ഈ സോഫ്‌ട്‌വേറിന്റെ സാധ്യത ഇപ്പോള്‍ പൊതുജനത്തിന്‌ മുന്നിലെത്തുകയാണ്‌. വൂള്‍ഫ്രേം ആല്‍ഫയിലെ സേവനം സൗജന്യമാണെങ്കിലും, ഭാവിയില്‍ പേജുകളില്‍ പരസ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ കമ്പനി ആലോചിക്കുന്നുണ്ട്‌. കൂടുതല്‍ ഗഹനമായ വിവരങ്ങള്‍ ലഭിക്കാന്‍ ഫീസ്‌ ഏര്‍പ്പെടുത്താനും.

പക്ഷേ, പലരും വൂള്‍ഫ്രേം ആല്‍ഫയുടെ സമീപനത്തില്‍ സംശയാലുക്കളാണ്‌. പല വിവരങ്ങളും സാധാരണക്കാര്‍ക്ക്‌ ഗ്രഹിക്കാന്‍ കഴിയാത്ത വിധമുള്ള ഗ്രാഫുകളും മറ്റുമാണ്‌ എന്നതാണ്‌ ഇതിന്‌ ഒരു കാരണം. പുതിയ സെര്‍ച്ചിന്റെ ഫലത്തിന്‌ ഗൂഗിളിലേതിനെക്കാള്‍, വിക്കിപീഡിയയോടാണ്‌ സാമ്യം എന്നത്‌ മറ്റൊരു കാരണം. വിക്കിപീഡിയയുടെ സംഘശക്തിയെ മറികടക്കാന്‍ വൂള്‍ഫ്രേം ആല്‍ഫയുടെ സമീപനത്തിന്‌ കഴിയുമോ. ഒപ്പം, സാംസ്‌കാരികവും സാഹിത്യപരവുമായ വിഷയങ്ങളെ ഈ സെര്‍ച്ച്‌ എഞ്ചിന്‍ എങ്ങനെ സമീപിക്കും എന്ന കാര്യത്തിലും സംശയം ഉയരുന്നുണ്ട്‌. മാത്രമല്ല, സെര്‍ച്ച്‌ ചെയ്യാനുപയോഗിക്കുന്ന വാക്കുകള്‍ കൃത്യമായിരിക്കണം. തെറ്റുണ്ടെങ്കിലും അത്‌ മനസിലാക്കി പ്രതികരിക്കുന്ന ഗൂഗിളിന്റെ കഴിവ്‌ വൂള്‍ഫ്രേം ആല്‍ഫയ്‌ക്കില്ല.

ഏതായാലും ഗൂഗിളിന്‌ സൂചന മനസിലായിട്ടുണ്ട്‌. സാധാരണ സെര്‍ച്ചിന്‌ പകരം വിവരങ്ങള്‍ സ്‌പ്രെഡ്‌ഷീറ്റുകളായും മാറ്റും വിശകലനം ചെയ്‌ത്‌ തരുന്ന പുതിയൊരു സംവിധാനം 'ഗൂഗിള്‍ സ്‌ക്വയേര്‍ഡ്‌' (Google Squared) അണിയറയില്‍ ഒരുങ്ങുന്നതായാണ്‌ റിപ്പോര്‍ട്ട്‌.

2 comments:

Joseph Antony said...

വാന്‍കൂറും ലണ്ടനും തമ്മിലുള്ള അകലം അറിയണമെന്നിരിക്കട്ടെ, അല്ലെങ്കില്‍ ഒരു പ്രത്യേക ദിവസം ഒരു രാജ്യത്തെ ജനസംഖ്യ എത്രയായിരുന്നു എന്ന്‌ വേഗം കണ്ടെത്തണമെന്നിരിക്കട്ടെ, അതുല്ലെങ്കില്‍ ഏതെങ്കിലുമൊരു സമയത്ത്‌ (ഏത്‌ ദിവസമോ ആയിക്കോട്ടെ) ഒരു കൃത്രിമോപഗ്രഹത്തിന്റെ സ്ഥാനം എവിടെയായിരുന്നു എന്ന്‌ മനസിലാക്കണമെന്നിരിക്കട്ടെ. നിലവില്‍ വെബ്ബില്‍നിന്ന്‌ ഇവയ്‌ക്കുള്ള ഉത്തരം കൃത്യമായി കണ്ടെത്തുക എളുപ്പമല്ല; ഗൂഗിള്‍ സഹായത്തിനുണ്ടെങ്കില്‍ പോലും. എന്നാല്‍, ഇനി ആ പ്രശ്‌നമില്ല. ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങില്‍ ഒരുപക്ഷേ, വിപ്ലവം തന്നെ സൃഷ്ടിക്കാന്‍ പോന്ന ഒരു സെര്‍ച്ച്‌ എഞ്ചിന്‍ പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു - വൂള്‍ഫ്രേം ആല്‍ഫ.

ഹന്‍ല്ലലത്ത് Hanllalath said...

കണ്ടറിയാം...
അത് ഹിറ്റായാല്‍ ഗൂഗിള്‍ വിഴുങ്ങാനാണ് സാധ്യത...:)