Showing posts with label ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍. Show all posts
Showing posts with label ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍. Show all posts

Tuesday, March 31, 2015

ആകാംക്ഷയുണര്‍ത്തി കണികാപരീക്ഷണം രണ്ടാംഘട്ടം

ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ രണ്ടാംഘട്ടം പരീക്ഷണം ആരംഭിക്കുകയാണ്. ഭൗതികശാസ്ത്രത്തിലെ സമസ്യകള്‍ക്ക് ഉത്തരം നല്‍കുമെന്ന് കരുതുന്ന കണികാപരീക്ഷണത്തിന്റെ പുതിയ ഘട്ടത്തെ ആകാംക്ഷയോടെയാണ് ശാസ്ത്രലോകം കാണുന്നത്

ലോകത്തെ ഏറ്റവും ശക്തിയേറിയ യന്ത്രം കൂടുതല്‍ കരുത്തോടെ വീണ്ടും പ്രവര്‍ത്തിക്കാന്‍ തുടങ്ങുമ്പോള്‍ എന്താണ് ശാസ്ത്രലോകം പ്രതീക്ഷിക്കുന്നത്. ഇതുവരെ ആരും നിരീക്ഷിക്കാത്ത കണങ്ങളോ? സ്ഥലകാലങ്ങളില്‍നിന്ന് ഭിന്നമായ പുതിയ ഡൈമന്‍ഷനുകളോ? അതോ, പുതിയ പ്രപഞ്ചസിദ്ധാന്തങ്ങളോ? അത്യന്തം ആകാംക്ഷയിലാണ് ശാസ്ത്രലോകം.

2008 ലാണ് ജനീവയില്‍ സ്വിസ്സ്-ഫ്രാന്‍സ് അതിര്‍ത്തിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിന്റെ ( LHC ) പ്രവര്‍ത്തനം ആരംഭിച്ചത്. നവീകരണത്തിനായി 2013 ആദ്യം നിര്‍ത്തിവെച്ച എല്‍.എച്ച്.സിയുടെ പ്രവര്‍ത്തനം ഈ മാര്‍ച്ച് അവസാനത്തോടെ പുനരാരംഭിക്കുമെന്നാണ്, പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ( CERN ) അറിയിച്ചിട്ടുള്ളത്.

ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സിക്ക് 27 കിലോമീറ്റര്‍ ചുറ്റളവുണ്ട്. അത്രയും നീളമുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന പ്രോട്ടോണ്‍ ധാരകളെ കൂട്ടിയിടിപ്പിച്ചു ചിതറിച്ച്, അതില്‍നിന്ന് പുറത്തു വരുന്നതെന്തൊക്കെയെന്ന് മനസിലാക്കുകയാണ് കണികാപരീക്ഷണത്തില്‍ ചെയ്യുന്നത്.

ഏതാണ്ട് 43,000 കോടി രൂപ ചെലവിട്ട് പത്തുവര്‍ഷംകൊണ്ട് നിര്‍മിച്ച കണികാത്വരക (particle accelerator) മാണ് എല്‍.എച്ച്.സി. ഇന്ത്യയുള്‍പ്പടെ 113 രാജ്യങ്ങളില്‍നിന്നായി പതിനായിരത്തോളം ശാസ്ത്രജ്ഞര്‍ എല്‍.എച്ച്.സിയിലെ കണികാപരീക്ഷണത്തില്‍ സഹകരിക്കുന്നു.

എല്‍.എച്ച്.സിയുടെ ആദ്യഘട്ടത്തില്‍ വമ്പനൊരു ഇര കുടുങ്ങിയിരുന്നു-'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണ്‍. 2012 ലാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ സാന്നിധ്യം കണികാപരീക്ഷണത്തില്‍ സ്ഥിരീകരിച്ചത്. പ്രപഞ്ചത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് ദ്രവ്യമാനം (പിണ്ഡം) നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ഭൗതികശാസ്ത്രരംഗത്തുണ്ടായ ഏറ്റവും പ്രധാന മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു.

ഹിഗ്ഗ്‌സ് ബോസോണ്‍ ( Higgs boson ) കണ്ടെത്തുക എന്നത് മുഖ്യലക്ഷ്യങ്ങളിലൊന്നായിരുന്നു എങ്കിലും, ആധുനിക ഭൗതികശാസ്ത്രം നേരിടുന്ന മറ്റ് പല സമസ്യകള്‍ക്കും ഉത്തരം കണ്ടെത്താന്‍ ലക്ഷ്യമിട്ടാണ് എല്‍.എച്ച്.സി. രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

അത്യുന്നത ഊര്‍ജനിലയില്‍ പ്രോട്ടോണുകള്‍ കൂട്ടിയിടിക്കുമ്പോള്‍, ഊര്‍ജവും പദാര്‍ഥവും കൂടിക്കുഴഞ്ഞ ആദിമ പ്രപഞ്ചത്തിന്റെ ചെറിയൊരു രൂപം പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെടും. മഹാവിസ്‌ഫോടനം (Big Bang) വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളുടെ ചെറിയൊരു പതിപ്പാണത്. എന്തുകൊണ്ട് പ്രപഞ്ചം ഇന്നത്തെ നിലയില്‍ കാണപ്പെടുന്നു എന്നറിയണമെങ്കില്‍ ഈ ദിശയിലുള്ള അന്വേഷണം കൂടിയേ തീരൂ.

ചെമ്പുരുക്കുന്ന ശക്തി

ശരിക്കുപറഞ്ഞാല്‍, രണ്ടുവര്‍ഷംമുമ്പ് അടച്ചിട്ട എല്‍.എച്ച്.സിയല്ല ഇപ്പോള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. അടിമുടി പരിഷ്‌ക്കരിച്ച് ആ യന്ത്രത്തെ ഏതാണ്ട് ഇരട്ടി ശേഷിയുള്ളതാക്കി മാറ്റിയിരിക്കുന്നു.

'ഫലത്തില്‍ ഇതിപ്പോള്‍ പുതിയ യന്ത്രമാണ്'-സേണ്‍ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹുയര്‍ കഴിഞ്ഞയാഴ്ച വാര്‍ത്താസമ്മേളത്തില്‍ പറയുകയുണ്ടായി. 'അടച്ചിട്ടിരുന്ന സമയത്ത് യന്ത്രത്തിന്റെ ഓരോ 20 മീറ്റര്‍ ഇടവിട്ട് ഞങ്ങള്‍ തുറക്കുകയുണ്ടായി'.

ബാഹ്യപ്രപഞ്ചത്തില്‍പോലും കാണാത്തത്ര താഴ്ന്ന താപനിലയില്‍, മൈനസ് 273 ഡിഗ്രി സെല്‍സിയസില്‍, സ്ഥിതിചെയ്യുന്ന ഏതാണ്ട് പതിനായിരത്തോളം അതിചാലക വൈദ്യുതകാന്തങ്ങളാണ് 27 കിലോമീറ്റര്‍ നീളമുള്ള എല്‍.എച്ച്.സി.ടണലിലൂടെ പ്രോട്ടോണ്‍ ധാരകളെ കൃത്യമായ ദിശയില്‍ ചലിപ്പിക്കുന്നത്. 'അതിശീതാവസ്ഥയിലുള്ള പതിനായിരത്തോളം കാന്തങ്ങളിലെയും കണക്ഷനുകള്‍ പരിശോധിച്ച് പരിഷ്‌ക്കരിച്ചു' - ഹുയര്‍ അറിയിച്ചു. 

2013 ല്‍ അടച്ചിടുമ്പോള്‍ 8 TeV (ടെട്രാ ഇലക്ട്രോണ്‍ വോള്‍ട്ട്‌സ്) ആയിരുന്ന എല്‍.എച്ച്.സി.യുടെ ശേഷിയെങ്കില്‍, ഇപ്പോള്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കുമ്പോള്‍ അത് 13 TeV ആയിരിക്കുന്നു. മുമ്പത്തെക്കാള്‍ 60 ശതമാനം കൂടുതല്‍ ശക്തിയോടെയാണ് കണികകള്‍ കൂട്ടിയിടിക്കുക. ഒരു കണികാത്വരകം ഇത്ര വലിയ ഊര്‍ജനില കൈവരിക്കുന്നത് ചരിത്രത്തില്‍ ആദ്യമായാണ്.

എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളുടെ തീവ്രതയും ( luminosity) രണ്ടാംഘട്ടത്തില്‍ വര്‍ധിക്കും. ഇതിനര്‍ഥം ഒരോ സെക്കന്‍ഡിലും സംഭവിക്കുന്ന കണികാകൂട്ടിയിടികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിക്കുമെന്നാണ്. മുമ്പ് സെക്കന്‍ഡില്‍ 36 കോടി കണികാകൂട്ടിയിടികള്‍ നടന്നിടത്ത്, ഇനി സെക്കന്‍ഡില്‍ 70 കോടി കൂട്ടിയിടികളാകും സംഭവിക്കുക.

ഇതിന്റെ ഫലമായി, പുതിയ കണങ്ങളും പ്രതിഭാസങ്ങളും പ്രത്യക്ഷപ്പെടുന്നതിനൊപ്പം കൂടുതല്‍ ഡേറ്റയും എല്‍.എച്ച്.സിയില്‍ സൃഷ്ടിക്കപ്പെടും. സ്വാഭാവികമായും ഡേറ്റാവിശകലനത്തിനുള്ള സംവിധാനങ്ങളും വിപുലമാക്കേണ്ടിവരും.

പുതുക്കിയ എല്‍.എച്ച്.സിയുടെ പ്രവര്‍ത്തനശേഷി കാര്യമായി വര്‍ധിച്ചിട്ടുണ്ടെങ്കിലും, രണ്ടാംഘട്ടം പ്രവര്‍ത്തനം തുടങ്ങിയ ഉടന്‍ ഇത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള പരീക്ഷണം പ്രതീക്ഷിക്കേണ്ടെന്ന് 'സേണ്‍' അധികൃതര്‍ പറയുന്നു. തുടക്കത്തില്‍ എല്‍.എച്ച്.സിയിലൂടെ കണികാധാരകള്‍ കടത്തിവിട്ട് നോക്കുകയാണ് ചെയ്യുക. കൂട്ടിയിടികള്‍ ആരംഭിക്കുക രണ്ടുമാസമെങ്കിലും കഴിഞ്ഞായിരിക്കുമെന്ന് ഹുയര്‍ അറിയിച്ചു.

തീവ്രത വര്‍ധിച്ചതിനാല്‍ കണികാധാരകള്‍ അത്യുന്നത താപനിലയിലായിരിക്കും. 'അത്തരത്തില്‍ ശക്തിയേറിയ കണകാധാര കൈകാര്യം ചെയ്യുന്നത് ശ്രദ്ധാപൂര്‍വ്വമായിരിക്കണം. കാരണം, ഓരോ കണികാധാരയ്ക്കും 500 കിലോഗ്രാം ചെമ്പ് ഉരുക്കാനുള്ളത്ര ശക്തിയും താപനിലയുമുണ്ടായിരിക്കും. രണ്ട് കണികാധാരകളും ഒരുമിച്ചായാല്‍ ഒരു ടണ്‍ ചെമ്പുരുകും' - ഹുയര്‍ പറഞ്ഞു.

'സ്റ്റാന്‍ഡേര്‍ഡ് മോഡലി'നപ്പുറത്തേക്ക്


വര്‍ധിതശക്തിയോടെ എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, ഗവേഷകരുടെ ആദ്യ ശ്രദ്ധ ഹിഗ്ഗ്‌സ് ബോസോണുകളെ കൂടുതല്‍ കൃത്യതയോടെ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്യുക എന്നതാകും.



പ്രപഞ്ചസാരം സംബന്ധിച്ച് 1970 കളില്‍ നിലവില്‍വന്ന സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന്റെ ( Standard Model ) വന്‍വിജയമായാണ് ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടെത്തല്‍ വിശേഷിപ്പിക്കപ്പെടുന്നത്.

പ്രപഞ്ചത്തില്‍ മൗലികതലത്തില്‍ പദാര്‍ഥവും ബലങ്ങളും എങ്ങനെ ബന്ധപ്പെടുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്നു എന്നു വിശദീകരിക്കുന്ന സിദ്ധാന്തമാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍. 12 പദാര്‍ഥകണങ്ങളും നാല് അടിസ്ഥാനബലങ്ങളുമാണ് പ്രപഞ്ചത്തിന്റെ ഉള്ളടക്കമെന്ന സങ്കല്‍പ്പമാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ മുന്നോട്ടു വെയ്ക്കുന്നത്.

ഗുരുത്വബലം, വൈദ്യുതകാന്തികബലം, അതിബലം ( Strong force), ക്ഷീണബലം ( weak force ) എന്നിവയാണ് നാല് അടിസ്ഥാനബലങ്ങള്‍. ഇതില്‍ ഗുരുത്വബലം സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ പരിധിയില്‍ വരുന്നില്ല. സൂക്ഷ്മപ്രപഞ്ചത്തെ കൈകാര്യം ചെയ്യുന്ന ക്വാണ്ടംഭൗതികത്തെയും, സ്ഥൂലപ്രപഞ്ചത്തെ വിശദീകരിക്കുന്ന ഐന്‍സ്റ്റൈന്റെ സാമാന്യ ആപേക്ഷികതാ സിദ്ധാന്തത്തെയും ഏകീകരിച്ച് ഒരേ കുടക്കീഴില്‍ കൊണ്ടുവരാന്‍ ഭൗതികശാസ്ത്രത്തിന് കഴിയാത്തതാണ്, ഗുരുത്വബലം ഇപ്പോഴും കളത്തിന് പുറത്തുനില്‍ക്കാന്‍ കാരണം.

മാത്രമല്ല, ഗാലക്‌സികളെ നിലനിര്‍ത്തുന്ന തമോദ്രവ്യ (Dark Matter) മെന്ന നിഗൂഢപദാര്‍ഥത്തെ സംബന്ധിച്ചും സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ നിശബ്ദമാണ്. ശ്യാമദ്രവ്യത്തെ വിശദീകരിക്കാന്‍ 'സൂപ്പര്‍സിമട്രി' ( supersymmetry ) എന്നൊരു സൈദ്ധാന്തിക സാധ്യതയാണ് ഗവേഷകര്‍ മുന്നോട്ടുവെയ്ക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡലിന്റെ കുറവുകള്‍ പരിഹരിക്കാന്‍ പാകത്തിലുള്ള വിപുലീകരണമായാണ് സുപ്പര്‍സിമട്രി കടന്നുവരുന്നത് (SUSY എന്നിതിനെ ഓമനപ്പേരിട്ട് വിളിക്കാറുണ്ട്). സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്‍പ്പെടുന്ന ഓരോ കണത്തിനും, ഇനിയും കണ്ടെത്താത്ത ഒരോ 'സൂപ്പര്‍പങ്കാളി' ( superpartner ) ഉണ്ടെന്ന് ഈ സിദ്ധാന്തം പറയുന്നു. ഇലക്ട്രോണിന് 'സിലക്ട്രോണ്‍' ( selectron ),ഫോട്ടോണിന് 'ഫോട്ടിനോ' ( photino ) എന്നിങ്ങനെ.

സൂപ്പര്‍സിമട്രി പ്രകാരം 'ന്യൂട്രാലിനോകള്‍' ( Neutralinos ) എന്ന സൂപ്പര്‍സിമട്രിക് കണങ്ങളാലാണ് ശ്യാമദ്രവ്യം രൂപപ്പെടുന്നത്. കൂടുതല്‍ ശക്തിയോടെ എല്‍.എച്ച്.സിയില്‍ കണികാപരീക്ഷണം നടക്കുമ്പോള്‍ ന്യൂട്രാലിനോകള്‍ കണ്ടെത്താനായാല്‍, അത് വന്‍മുന്നേറ്റമാകും. സൂപ്പര്‍സിമട്രി സിദ്ധാന്തത്തിന്റെ വിജയം മാത്രമാകില്ല അത്. സ്റ്റാന്‍ഡേര്‍ഡ് മോഡലിനപ്പുറത്തേക്ക് ഭൗതികശാസ്ത്രത്തിന് ചുവടുവെയ്ക്കാന്‍ അവസരമൊരുക്കുകയാകും അത്.

സൂപ്പര്‍സിമട്രി ശരിയെന്ന് എല്‍.എച്ച്.സിയിലെ പരീക്ഷണത്തില്‍ തെളിഞ്ഞാല്‍, ഭൗതികശാസ്ത്രം മറ്റൊരു വിപ്ലവത്തിനാകും സാക്ഷിയാവുക. എന്തുകൊണ്ട്, പദാര്‍ഥ കണങ്ങള്‍ക്ക് ദ്രവ്യമാനം നല്‍കുന്ന ഹിഗ്ഗ്‌സ് ബോസോണുകളുടെ ദ്രവ്യമാനം ഇത്ര കുറഞ്ഞ നിലയില്‍ കാണപ്പെടുന്നു, ശ്യാമദ്രവ്യത്തിന്റെ രഹസ്യം - ഇതൊക്കെ അനാവരണം ചെയ്യപ്പെടും.

പുതിയ ഡൈമന്‍ഷനുകള്‍?

സൂപ്പര്‍സിമട്രിയെ പിന്തുണയ്ക്കുന്നവര്‍ മാത്രമല്ല, മറ്റൊരു കൂട്ടരും എല്‍.എച്ച്.സിയില്‍ കൂടുതല്‍ ശക്തിയില്‍ നടക്കുന്ന കണികാപരീക്ഷണം പ്രതീക്ഷയോടെ കാക്കുന്നുണ്ട്. ഭൗതികശാസ്ത്രലോകത്ത് ഒരു തെളിവും ഇതുവരെ ലഭിക്കാത്ത സ്ട്രിങ് തിയറിയുടെ വക്താക്കളാണവര്‍.

നിത്യജീവിതത്തില്‍ നമ്മള്‍ മൂന്ന് ഡൈമന്‍ഷനുകളുടെ സ്വാധീനമേ നേരിട്ട് അനുഭവിക്കാറുള്ളു നീളം, വീതി, പൊക്കം എന്നിവയുടെ. സ്ഥലകാലം (space-time) എന്നൊരു ഡൈമന്‍ഷന്‍കൂടി ഉണ്ടെന്ന് ആപേക്ഷികതാസിദ്ധാന്തം നമുക്ക് മനസിലാക്കിത്തരുന്നു.

എന്നാല്‍, വേറെ ഏഴ് ഡൈമന്‍ഷനുകള്‍ക്കൂടി ഉണ്ടെന്നാണ് സ്ട്രിങ് തിയറി പറയുന്നത്. ആ അധിക ഡൈമന്‍ഷനുകള്‍ എങ്ങനയോ മനുഷ്യന് ഇന്ദ്രിയഗോചരമാകുന്നില്ല എന്നേയുള്ളുവത്രേ. അവയെല്ലാം നമുക്ക് ചുറ്റും തന്നെയുണ്ട്. പക്ഷേ, അവയുടെ സാന്നിധ്യം നമ്മള്‍ അറിയുന്നില്ലെന്ന് സ്ട്രിങ് തിയറി പറയുന്നു.

സ്ട്രിങ് തിയറി അനുസരിച്ച് പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് കണങ്ങള്‍ കൊണ്ടല്ല, നിരന്തരം കമ്പനം ചെയ്തുകൊണ്ടിരിക്കുന്ന സൂക്ഷ്മ തന്ത്രികള്‍ കൊണ്ടാണ്. ആ തന്ത്രികള്‍ക്കുണ്ടാകുന്ന വ്യത്യസ്ത കമ്പനങ്ങളാണ് പ്രപഞ്ചത്തിലെ വ്യത്യസ്ത സംഗതികള്‍ക്ക് നിദാനം.

ഗുരുത്വാകര്‍ഷണബലം അടിസ്ഥാനബലങ്ങളില്‍ ഏറ്റവും ദുര്‍ബലമായിരിക്കുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് സ്ട്രിങ്തിയറിയില്‍ മറുപടിയുണ്ട്. സ്‌പേസില്‍ മറഞ്ഞിരിക്കുന്ന മറ്റ് ഡൈമന്‍ഷനുകള്‍കൂടി ഗുരുത്വാകര്‍ഷണബലത്തെ പങ്കുവെയ്ക്കുന്നതുകൊണ്ടാണ്, നമുക്ക് ആ ബലം വളരെ ദുര്‍ബലമായി അനുഭവപ്പെടുന്നത്.

കണികാപരീക്ഷണത്തില്‍ ഇതുവരെ കാണപ്പെടാത്ത ഡൈമന്‍ഷനുകള്‍ പ്രത്യക്ഷപ്പെടുമെന്നാണ് സ്ട്രിങ് തിയറിക്കാരുടെ പ്രതീക്ഷ. പരീക്ഷണവേളയില്‍ അകാരണമായി പെട്ടന്നൊരു കണം അപ്രത്യക്ഷമാവുകയോ, പ്രത്യക്ഷപ്പെടുകയോ ചെയ്താല്‍ അത് രഹസ്യഡൈമന്‍ഷനുകള്‍ ഉള്ളതിന് തെളിവായി കാണാം എന്നവര്‍ കരുതുന്നു.

സൂപ്പര്‍സിമട്രി കണ്ടെത്തിയാല്‍, അത് സ്ട്രിങ് തിയറിയിലേക്കുള്ള ഒരു പാതയൊരുക്കലാകും. കാരണം സ്ട്രിങ് തിയറി സാധ്യമാകണമെങ്കില്‍ സൂപ്പര്‍സിമട്രിയുടെ ചില വകഭേദങ്ങള്‍ ഉണ്ടായേ തീരൂ.

സൂപ്പര്‍സിമട്രിയും അധിക ഡൈമന്‍ഷനുകളും കണ്ടെത്താനായാല്‍ സ്ട്രീങ് തിയറിക്ക് സാധൂകരണത്തിന് വഴിതെളിയും. അതുവഴി, പ്രപഞ്ചത്തിലെ നാല് അടിസ്ഥാനബലങ്ങളെയും ഒരു കുടക്കീഴില്‍ കൊണ്ടുവരാനും, നിലവിലെ പ്രതിസന്ധി മറികടക്കാനും സാധിക്കും. ഒരു ഏകീകൃതസിദ്ധാന്തം എന്ന ശാസ്ത്രലോകത്തിന്റെ ഏറെ നാളായുള്ള സ്വപ്‌നം സഫലമാകാന്‍ സ്ട്രിങ് തിയറി വഴിതുറക്കും.

മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ പരീക്ഷണം രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണെങ്കിലും, ആകാംക്ഷയ്‌ക്കോ പ്രതീക്ഷകള്‍ക്കോ തെല്ലും കുറവില്ലെന്ന് സാരം.

(അവലംബം: 1. The Edge of Reason (2010), by Anil Ananthaswamy; 2. Massive: The Hunt for the God Particle (2010), by Ian Sample; 3. Collider: The Search for the World's Smallest Particles (2009) by Paul Halpern; 4. 'പ്രപഞ്ചസാരം തേടി ഒരു മഹാസംരംഭം' (2008), കുറിഞ്ഞി ഓണ്‍ലൈന്‍; 5. സേണിന്റെ വാര്‍ത്താക്കുറിപ്പ്)

by ജോസഫ് ആന്റണി 

(മാതൃഭൂമി ഓണ്‍ലൈനില്‍ 2015 മാര്‍ച്ച് 23 ന് പ്രസിദ്ധീകരിച്ച ലേഖനം. ലിങ്ക് : http://goo.gl/247BOf)

Saturday, July 07, 2012

പ്രപഞ്ചസൃഷ്ടിയുടെ പടിപ്പുരയില്‍



ജനീവയിലെ ന്യൂക്ലിയര്‍ ഗവേഷണകേന്ദ്രത്തില്‍ നടന്നുവരുന്ന ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം ശാസ്ത്രചരിത്രത്തിലെ ഏറ്റവും ബൃഹത്തായ സംരംഭമാണ്. 38 രാജ്യങ്ങളിലെ 176 ഗവേഷണ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍നിന്നുള്ള മുവ്വായിരത്തില്‍പ്പരം ശാസ്ത്രജ്ഞരും ആയിരത്തില്‍പ്പരം ഗവേഷണ വിദ്യാര്‍ഥികളും നിരവധി സാങ്കേതികവിദഗ്ധരും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അഹോരാത്രം പ്രയത്‌നിച്ച് നടത്തിയ പരീക്ഷണങ്ങള്‍ വഴി ലഭ്യമായ പഠനഫലങ്ങള്‍ എന്തുകൊണ്ടാണ് ഇത്രമാത്രം ശ്രദ്ധ പിടിച്ചുപറ്റിയത്? പ്രപഞ്ചമെന്ന മഹാത്ഭുതം ജന്മമെടുക്കുന്ന ഗര്‍ഭഗൃഹത്തിന്റെ പടിപ്പുരയില്‍ മനുഷ്യന്‍ എത്തി എന്ന വിശ്വാസമാണ് ഇതിനുകാരണം.
തന്മാത്രകളും ആറ്റങ്ങളും മൗലികകണങ്ങളും അടങ്ങുന്ന സൂക്ഷ്മപ്രപഞ്ചത്തിന്റെ സ്വഭാവവിശേഷങ്ങള്‍ വിവരിക്കുന്ന ക്വാണ്ടം ബലതന്ത്രത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായ വെര്‍ണര്‍ ഹൈസന്‍ബര്‍ഗ് ആ പഠനശാഖയ്ക്ക് അവശ്യം ആവശ്യമായ ഗണിതീയ സിദ്ധാന്തങ്ങള്‍ ആവിഷ്‌കരിച്ചശേഷം പറയുകയുണ്ടായി-''സങ്കീര്‍ണമായ ഗണിതീയഭാഷയുടെ തലങ്ങള്‍ക്കിടയിലൂടെ ദൈവത്തിന്റെ പിറകില്‍നിന്ന് അദ്ദേഹത്തിന്റെ പ്രപഞ്ചസൃഷ്ടി നേരില്‍ കാണാന്‍ എനിക്ക് സാധ്യമായി'' എന്ന്. ഇരുപതാം നൂറ്റാണ്ടിന്റെ പ്രപഞ്ചവീക്ഷണത്തില്‍ അടിമുടി മാറ്റംവരുത്തിയ രണ്ട് കണ്ടുപിടിത്തങ്ങളായിരുന്നു സ്ഥൂലപ്രപഞ്ചത്തെ വിവരിക്കുന്ന ആപേഷികതാ സിദ്ധാന്തവും സൂക്ഷ്മപ്രപഞ്ചത്തെ വിവരിക്കുന്ന ക്വാണ്ടംബലതന്ത്രവും. ഈ രണ്ട് സിദ്ധാന്തങ്ങളും ഒന്നിച്ച് ഉപയുക്തമാക്കുകവഴി നമുക്ക് ലഭ്യമായത് പ്രപഞ്ചമെന്ന സങ്കീര്‍ണപ്രതിഭാസത്തിന്റെ 
ഭാഷ്യമായിരുന്നു.


സൂക്ഷ്മപ്രപഞ്ചത്തിന്റെ അതിസൂക്ഷ്മതലങ്ങളിലേക്ക് പഠനം വ്യാപരിച്ച മനുഷ്യന്‍ ചെന്നെത്തിയത് പ്രപഞ്ചമെന്ന മഹാത്ഭുതം ജന്മമെടുത്തതുമുതല്‍ സംഭവിച്ച പരിണാമകഥയുടെ വഴിത്താരയിലായിരുന്നു.
ജൂലായ് നാലാം തീയതി ബുധനാഴ്ച ഉച്ചകഴിഞ്ഞ് യൂറോപ്യന്‍ ന്യൂക്ലിയര്‍ ഗവേഷണകേന്ദ്രത്തില്‍ ആധികാരികമായി ഹിഗ്‌സ് ബോസോണ്‍ എന്ന കണികയെ കണ്ടെത്തി എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍, കഴിഞ്ഞ അഞ്ച് ദശാബ്ദക്കാലത്തെ ശാസ്ത്രജ്ഞരുടെ കാത്തിരിപ്പിന്റെ ഈ നിമിഷത്തില്‍ താരമായത് ഈ കണികയെ 1964-ല്‍ പ്രവചിച്ച ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് ആയിരുന്നു. തന്റെ ജീവിതകാലത്തിനിടയില്‍ ഈ കണ്ടുപിടിത്തത്തിന് സാക്ഷ്യംവഹിക്കാന്‍ സാധിക്കും എന്ന് വിചാരിച്ചിരുന്നില്ലെന്ന് നിറഞ്ഞ കണ്ണുകളോടെ അദ്ദേഹം പ്രതികരിച്ചു. ലോകം കൊട്ടിഗ്‌ഘോഷിക്കാന്‍ മാത്രം എന്താണ് ഈ കണ്ടുപിടിത്തത്തിന്റെ പ്രാധാന്യം?

ഈ പ്രപഞ്ചത്തിന്റെ അസ്തിത്വത്തിന് ആധാരം അതിലടങ്ങിയിരിക്കുന്ന വലുതും ചെറുതുമായ പദാര്‍ഥങ്ങളുടെ ഘടനയും അവയിലടങ്ങിയിരിക്കുന്ന വ്യത്യസ്ത ദ്രവ്യമാനങ്ങളുള്ള മൗലികകണങ്ങളും അവതമ്മിലുള്ള പ്രതിപ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന പ്രാപഞ്ചികബലങ്ങളുമാണ്. ഇലക്‌ട്രോണ്‍, പ്രോട്ടോണ്‍, ന്യൂട്രോണ്‍, മെസോണ്‍ തുടങ്ങി നിരവധി മൗലികകണങ്ങള്‍ അടങ്ങിയതാണ് പ്രപഞ്ചത്തിന്റെ പദാര്‍ഥഘടന. ഈ മൗലികകണങ്ങളെ വ്യത്യസ്തമാക്കുന്നത് അവയുടെ ദ്രവ്യമാനം അഥവാ പിണ്ഡമാണ്.
പദാര്‍ഥങ്ങള്‍ക്ക് വൈവിധ്യമാര്‍ന്ന ദ്രവ്യമാനങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നത് ഹിഗ്‌സ് ബോസോണുകളാണ്. ഒരു മൗലിക കണിക ഹിഗ്‌സ് ബോസോണുമായി പ്രതിപ്രവര്‍ത്തിക്കുമ്പോള്‍ കണികയുടെ വേഗത്തില്‍ കുറവുവരുകയും അതുവഴി കണികയ്ക്ക് ദ്രവ്യമാനം എന്ന ഗുണം കൈവരുകയും ചെയ്യുന്നു. പദാര്‍ഥകണങ്ങളുടെ
വേഗത്തില്‍ എത്രമാത്രം കുറവുവരും എന്നതിന് അനുസരിച്ചായിരിക്കും അവയുടെ ദ്രവ്യമാനത്തിന്റെ അളവ്. വേഗത്തില്‍ കുറവുവന്നിട്ടില്ലെങ്കില്‍ ആ കണികയ്ക്ക് ദ്രവ്യമാനം പൂജ്യമായിരിക്കും. പ്രകാശകണികയായ ഫോട്ടോണ്‍, ഗുരുത്വാകര്‍ഷണബല ക്ഷേത്രത്തിന്റെ കണികയായ ഗ്രാവിറ്റോണ്‍ മുതലായവ പൂജ്യം ദ്രവ്യമാനമുള്ള കണികകളാണ്.


ഹിഗ്ഗ്‌സ് ബോസോണിന്റെ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 'മാതൃഭൂമി'യില്‍ പ്രൊഫ. വി.പി.എന്‍.നമ്പൂതിരി എഴുതിയ ലേഖനം. തുടര്‍ന്ന് വായിക്കുക.....

Thursday, July 05, 2012

എന്താണ് ഹിഗ്ഗ്‌സ് ബോസോണ്‍ -വീഡിയോ



പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന സുപ്രധാന കണമാണ് ഹിഗ്ഗ്‌സ് ബോസോണ്‍. 1964 ലാണ് ഈ കണം ഉള്‍പ്പെട്ട സംവിധാനം പ്രവചിക്കപ്പെട്ടതെങ്കിലും, ഇതുവരെ അത്തരമൊരു കണമുണ്ട് എന്നതിന് ശാസ്ത്രലോകത്തിന് തെളിവ് ലഭിച്ചിരുന്നില്ല. 

ജനീവയില്‍ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ (എല്‍.എച്ച്.സി) കണികാപരീക്ഷണത്തിന്റെ ആദ്യഫലം ഇപ്പോള്‍ ഗവേഷകര്‍ അവതരിപ്പിച്ചിരിക്കുന്നു. ഹിഗ്ഗ്‌സ് ബോസോണ്‍ ഉണ്ടെന്നു കരുതുന്ന പിണ്ഡപരിധിയിക്കുള്ളില്‍, ഒരു പുതിയ ബോസോണിനെ കണ്ടെത്തിയെന്നാണ് ഗവേഷകര്‍ വെളിപ്പെടുത്തിയത്. അത് ഹിഗ്ഗ്‌സ് ബോസോണാകാന്‍ 99.9 ശതമാനവും സാധ്യതയുണ്ടെന്ന് അവര്‍ പറയുന്നു.

ഇത്ര ആകാംക്ഷയോടെ ശാസ്ത്രലോകം കാത്തിരുന്ന ഹിഗ്ഗ്‌സ് ബോസോണ്‍ എന്താണ്......പ്രശസ്ത സൈദ്ധാന്തിക ഭൗതികശാസ്ത്രജ്ഞന്‍ ജോണ്‍ എല്ലിസ് വിശദീകരിക്കുന്നു.


കാണുക

Wednesday, December 14, 2011

ഹിഗ്‌സ് ബോസോണിന്റെ ആദ്യ തിരനോട്ടം

കാര്യങ്ങള്‍ ഇന്നത്തെ നിലയ്ക്ക് പുരോഗമിക്കുകയാണെങ്കില്‍ 2012 ഓടെ സംഗതി വ്യക്തമാകും-'ദൈവകണ'മെന്ന വിളിപ്പേരുള്ള ഹിഗ്‌സ് ബോസോണുകള്‍ യാഥാര്‍ഥ്യം തന്നെയോ എന്ന്. പദാര്‍ഥങ്ങളുടെ പിണ്ഡത്തിന് കാരണമെന്ന് കരുതപ്പെടുന്ന ഹിഗ്‌സ് ബോസോണുകളുടെ ആദ്യ മിന്നലാട്ടം കണ്ടെന്ന് വെളിപ്പെടുത്തിയ ഗവേഷകര്‍ തന്നെയാണ്, അടുത്തവര്‍ഷത്തോടെ ഇക്കാര്യത്തില്‍ നെല്ലുംപതിരും തിരിയുമെന്ന് പ്രസ്താവിച്ചത്.

ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ അഥവാ എല്‍എച്ച്‌സി എന്ന ഭീമന്‍ യന്ത്രത്തില്‍ ചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണം നടത്തുന്ന ഗവേഷകരാണ്, ഹിഗ്‌സ് ബോസോണുകളുടെ ആദ്യമിന്നലാട്ടം തങ്ങള്‍ കണ്ടതായി ചൊവ്വാഴ്ച (2011 ഡിസംബര്‍ 13) വെളിപ്പെടുത്തിയത്. എല്‍എച്ച്‌സി സ്ഥിതിചെയ്യുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി'ല്‍, ഇതുസംബന്ധിച്ച് നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഗവേഷകര്‍.

എല്‍എച്ച്‌സിയിലെ രണ്ട് പ്രധാന കണികാഡിറ്റെക്ടറുകളായ അറ്റ്‌ലസ്, സിഎംഎസ് എന്നിവയിലെ ഗവേഷകരാണ്, 50 വര്‍ഷമായി കണികാശാസ്ത്രജ്ഞര്‍ക്ക് പിടികൊടുക്കാത്ത ഹിഗ്‌സ് ബോസോണുകളുടെ ആദ്യസൂചന മനസിലാക്കിയത്. അറ്റ്‌ലസ് പദ്ധതിയില്‍ പങ്കാളികളായ ഗവേഷകര്‍ പ്രോട്ടോണിന്റെ 125 മടങ്ങും ഇലക്‌ട്രോണിന്റെ 500,000 മടങ്ങും പിണ്ഡമുള്ള സൂക്ഷ്മകണത്തിന്റെ മിന്നലാട്ടം കണ്ടു. ഏതാണ്ട് 12500 കോടി ഇലക്‌ട്രോണ്‍ വോള്‍ട്ട് പരിധിയിലായിരുന്നു ആ കണമെന്ന് അറ്റ്‌ലസ് വക്താവ് ഫാബിയോള ജിയാനറ്റി പറഞ്ഞു. സിഎംഎസ് സംഘത്തിനും 12400 - 12500 കോടി ഇലക്‌ട്രോണ്‍ വോള്‍ട്ട് പരിധിയില്‍ ഒരു കൂട്ടം സൂക്ഷ്മ കണങ്ങളുള്ളതിന് സൂചന ലഭിച്ചു.

രണ്ട് തെളിവുകളും വിരല്‍ ചൂണ്ടുന്നത് ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വത്തിലേക്കാണ്. കണ്ടെത്തല്‍ ഔപചാരികമായി പ്രഖ്യാപിക്കാന്‍ ഈ തെളിവ് പോര. അടുത്തവര്‍ഷത്തോടെ കൂടുതല്‍ തെളിവ് കിട്ടുകയും ഇപ്പോഴുള്ള ആശയക്കുഴപ്പങ്ങള്‍ അവസാനിക്കുകയും ചെയ്യുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍എച്ച്‌സി, മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്. 2008 സപ്തംബര്‍ പത്തിന് പ്രവര്‍ത്തനമാരംഭിച്ച എല്‍എച്ച്‌സിയില്‍, ഹീഗ്‌സ് ബോസോണുകള്‍ അടക്കം, ഭൗതികശാസ്ത്രം നേരിടുന്ന പ്രഹേളികകള്‍ക്ക് പരിഹാരം കാണാനുള്ള പരീക്ഷണമാണ് അതില്‍ നടക്കുന്നത്.

എതിര്‍ ദിശയില്‍ പ്രകാശവേഗത്തിനടുത്ത് പായുന്ന പ്രോട്ടോണ്‍ധാരകളെ അത്യുന്നത ഊര്‍ജനിലയില്‍ കൂട്ടിയിടിപ്പിച്ചാണ് എല്‍എച്ച്‌സിയില്‍ പരീക്ഷണം നടക്കുന്നത്. പ്രഞ്ചോത്പത്തിക്ക് കാരണമായ മഹാവിസേ്ഫാടനം കഴിഞ്ഞ് തൊട്ടടുത്ത സെക്കന്‍ഡിന്റെ ആദ്യത്തെ കോടിയിലൊരംശം വരുന്ന സമയത്തെ അവസ്ഥ പുനര്‍സൃഷ്ടിക്കുകയാണ് ഇതുവഴി ചെയ്യുക. ഉന്നത ഊര്‍ജനിലയില്‍ കണികകള്‍ കൂട്ടിയിടിക്കുമ്പോള്‍ ചിതറിത്തെറിക്കുന്ന കണങ്ങളെ ഡിറ്റെക്ടറുകളിലെ അതിസൂക്ഷ്മ സെന്‍സറുകള്‍ ശേഖരിച്ച് ഡിജിറ്റല്‍ ഡേറ്റയായി സൂക്ഷിക്കുന്നു.

സാധാരണ ഇന്റര്‍നെറ്റിന്റെ പതിനായിരം ഇരട്ടി വേഗമുള്ള പ്രത്യേക കമ്പ്യൂട്ടര്‍ ഗ്രിഡിലൂടെ ആ ഡിജിറ്റല്‍ ഡേറ്റ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, ഈ പരീക്ഷണത്തിനായി മാത്രം സ്ഥാപിച്ചിട്ടുള്ള ലക്ഷത്തിലധികം വരുന്ന കമ്പ്യൂട്ടറുകളിലെത്തിക്കും. ഗവേഷകര്‍ ലോകത്തിന്റെ വിവിധഭാഗങ്ങളിലിലുന്ന് ആ ഡേറ്റ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്തും. 15 വര്‍ഷമെങ്കിലും നീളുന്ന കണികാപരീക്ഷണത്തിന്റെ രണ്ടാംഘട്ടം 2013 ലേ തുടങ്ങൂ.

ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം അടുത്ത വര്‍ഷം സ്ഥിരീകരിക്കാനായാല്‍, രണ്ടാംഘട്ടം ആരംഭിക്കുന്നതിന് മുമ്പ് തന്നെ കണികാപരീക്ഷണത്തിന്റെ പ്രധാനലക്ഷ്യങ്ങളിലൊന്നിന്റെ സഫലീകരണമാകുമത്. മാത്രമല്ല, കഴിഞ്ഞ അരനൂറ്റാണ്ടിനിടെ കണികാഭൗതികത്തില്‍ സംഭവിച്ച ഏറ്റവും പ്രധാനപ്പെട്ട മുന്നേറ്റവുമാകും ഹിഗ്‌സ് ബോസോണുകളുടെ കണ്ടെത്തല്‍. അതുകൊണ്ടാണ് ശാസ്ത്രലോകം ഇത്ര ആകാംക്ഷയോടെ എല്‍എച്ച്‌സിയെ ഉറ്റുനോക്കുന്നത്.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍

എന്തുകൊണ്ട് ഹിഗ്‌സ് ബോസോണ്‍ ഇത്രയും പ്രധാനപ്പെട്ടതാകുന്നു? ആ കണം ഇതുവരെ കണ്ടെത്താന്‍ കഴിയാത്ത് എന്തുകൊണ്ട് ? ഇത്തരം ചോദ്യങ്ങള്‍ സ്വാഭാവികം മാത്രം. ഹിഗ്‌സ് ബോസോണ്‍ പ്രധാനപ്പെട്ടതാകാന്‍ കാണം അത് കണ്ടെത്താനായില്ലെങ്കില്‍, പ്രപഞ്ചത്തിന്റെ അടിസ്ഥാന മാതൃകയെക്കുറിച്ച് ആധുനികശാസ്ത്രം രൂപപ്പെടുത്തിയ സൈദ്ധാന്തിക അടിത്തറയ്ക്ക് നിലനില്‍പ്പില്ലാതാകും എന്നതാണ്. അത് വിശദീകരിക്കാന്‍ ഉപയോഗിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് പരാജയപ്പെടും. പുതിയ മാതൃകകളും സിദ്ധാന്തങ്ങളും തേടേണ്ടിവരും!

ബലങ്ങളും പദാര്‍ഥവും തമ്മില്‍ സൂക്ഷ്മതലത്തില്‍ എങ്ങനെ ഇടപഴകുന്നു എന്നാണ് സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ വിശദീകരിക്കുന്നത്. ഈ മോഡല്‍ അനുസരിച്ച് 29 മൗലികകണങ്ങളാണ് ദ്രവ്യവും ബലങ്ങളും തമ്മിലുള്ള ഇടപഴകല്‍ സാധ്യമാക്കുന്നത് (ഓര്‍ക്കുക ഗുരുത്വാകര്‍ഷണബലം ഇപ്പോഴും ഈ മോഡലിന്റെ പരിധിക്ക് പുറത്താണ്).


സ്റ്റാന്‍ഡേര്‍ മോഡല്‍ വിശദീകരിക്കുന്ന കണങ്ങളില്‍ പദാര്‍ഥത്തിന്റെ മൗലികഘടകങ്ങളെ പ്രതിനിധീകരിക്കുന്നത് 24 സൂക്ഷ്മകണങ്ങളാണ്. അതില്‍ 18 എണ്ണം ക്വാര്‍ക്കുകളാണ്. മൂന്നു തലമുറകളിലായി ആറ് വ്യത്യസ്തയിനം 'ക്വാര്‍ക്കുകള്‍' (അപ്, ഡൗണ്‍, ടോപ്പ്, ബോട്ടം, ചാം, സ്‌ട്രേഞ്ച് ). ക്വാര്‍ക്കുകളുടെ തലമുറകളെ നിശ്ചയിക്കുന്നത് ചുവപ്പ്, പച്ച, നീല എന്നീ വര്‍ണചാര്‍ജുകള്‍ (colour charges) കൊണ്ടാണ്. ഓര്‍ക്കുക, നിത്യജീവിതത്തില്‍ നാം കാണുന്ന നിറങ്ങളുമായി ഇവയ്ക്ക് ഒരു ബന്ധവുമില്ല. ക്വാര്‍ക്കുകളുടെ വ്യത്യസ്ത വിഭാഗങ്ങളെ വിശദീകരിക്കാനുള്ള സൂചകങ്ങള്‍ മാത്രമാണിവ. ആറ്റങ്ങളുടെ കേന്ദ്രത്തില്‍ പ്രോട്ടോണുകളും ന്യൂട്രോണുകളും ക്വാര്‍ക്കുകളാലാണ് നിര്‍മിതമായിട്ടുള്ളത്. ക്വാര്‍ക്കുകള്‍ കഴിഞ്ഞാല്‍, പദാര്‍ഥകണങ്ങളില്‍ ബാക്കിയുള്ളവ ആറ് 'ലെപ്‌ടോണുകള്‍' ആണ്. ഇലക്ട്രോണുകളും ന്യൂട്രിനോകളും ഇതില്‍ പെടുന്നു.

ക്വാര്‍ക്കുകളും ലെപ്‌ടോണുകളും കഴിഞ്ഞാല്‍, സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ഉള്‍പ്പെട്ടിട്ടുള്ള അഞ്ച് കണങ്ങള്‍ ബോസോണുകള്‍ എന്ന വിഭാഗത്തില്‍ പെടുന്നവയാണ്. പ്രകൃതിയില്‍ ബലങ്ങള്‍ക്ക് നിദാനമായവയാണ് അതില്‍ നാല് ബോസോണുകള്‍. വൈദ്യുതകാന്തികബലം വഹിക്കുന്നവ ഫോട്ടോണ്‍, ആറ്റങ്ങളുടെ കേന്ദ്രത്തില്‍ ക്വാര്‍ക്കുകളെ പരസ്വരം ബന്ധിപ്പിച്ച് നിര്‍ത്തുന്ന അതിബലത്തിന് കാരണമായവ ഗ്ലുവോണുകള്‍. റേഡിയോ ആക്ടീവ് മൂലകങ്ങള്‍ക്ക് അപചയം സംഭവിക്കാന്‍ ഇടയാക്കുന്ന ക്ഷീണബലത്തിന് നിദാനമായ ഡബ്ല്യു ബോസോണുകളും ഇസഡ് ബോസോണുകളും.

സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പൂര്‍ത്തിയാകാന്‍ ഒരു കണംകൂടിയുണ്ട്. പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം നല്‍കുന്ന ആ കണത്തിന്റെ പേരാണ് ഹിഗ്‌സ് ബോസോണ്‍. സ്റ്റാന്‍ഡേര്‍ഡ് മോഡലിലെ 28 കണങ്ങളെക്കുറിച്ചും ശാസ്ത്രലോകത്തിന് തെളിവ് ലഭിച്ചെങ്കിലും, ഹിഗ്‌സ് ബോസോണുകളെ മാത്രം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇതുവരെ കെട്ടിപ്പൊക്കിയ സൈദ്ധാന്തിക അടിത്തറ നിലനില്‍ക്കാന്‍ ഹിഗ്‌സ് ബോസോണുകളെ കണ്ടെത്തിയേ തീരൂ എന്നര്‍ഥം.

പിണ്ഡത്തിന്റെ രഹസ്യം

പദാര്‍ഥത്തിന് പിണ്ഡം ലഭിക്കുന്നതെങ്ങനെ എന്നകാര്യം തൃപ്തികരമായി വിശദീകരിക്കാന്‍ ശാസ്ത്രത്തിന് കഴിഞ്ഞിരുന്നില്ല. പല ഗവേഷകരും അതിന് വ്യത്യസ്ത വിശദീകരണങ്ങള്‍ നല്‍കി. സൂക്ഷ്മതലത്തില്‍ പദാര്‍ഥകണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്ന സംവിധാനം എന്താണെന്ന് 1964 ലാണ് വിശദീകരിക്കപ്പെടുന്നത്. ആറ് ഗവേഷകര്‍ ഏതാണ്ട് ഒരേസമയത്ത് മൂന്ന് പ്രബന്ധങ്ങളില്‍ അത് അവതരിപ്പിച്ചു. ഫ്രാന്‍കോയിസ് ഇന്‍ഗ്ലെര്‍ട്ടും റോബര്‍ട്ട് ബ്രൗട്ടും ആയിരുന്നു അതില്‍ ഒരു പ്രബന്ധം രചിച്ചത്. ഫിലിപ്പ് ആന്‍ഡേഴ്‌സണില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് പീറ്റര്‍ ഹിഗ്‌സ് തയ്യാറാക്കിയതായിരുന്നു മറ്റൊരു പ്രബന്ധം. ജെറാള്‍ഡ് ഗുരാല്‍നിക്, സി.ആര്‍.ഹേഗന്‍, ടോം കിബ്ബിള്‍ എന്നിവരുടെ ഗ്രൂപ്പാണ് പിണ്ഡസംവിധാനം അവതരിപ്പിച്ച മറ്റൊരു ഗ്രൂപ്പ്.

ആറു ഗവേഷകരും സമാനമായ ആശയങ്ങളാണ് മുന്നോട്ടുവെച്ചതെങ്കിലും, അവര്‍ അവതരിപ്പിച്ച സംവിധാനം പില്‍ക്കാലത്ത് ഹിഗ്‌സിന്റെ പേരിലാണ് (Higgs mechanism) അറിയപ്പെട്ടത്. ഏതായാലും ഹിഗ്‌സ് ബോസോണിന്റെ അസ്തിത്വം സ്ഥിരീകരിക്കപ്പെട്ടാല്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുക പീറ്റര്‍ ഹിഗ്‌സിന് മാത്രമാകില്ല.

പ്രപഞ്ചം മുഴുവന്‍ വ്യാപിച്ചു കിടക്കുന്ന ഒരു അദൃശ്യ മണ്ഡലത്തെയാണ് ഹിഗ്‌സ് സംവിധാനം വിഭാവനം ചെയ്യുന്നത്. മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ട ആദ്യനിമിഷങ്ങളില്‍ നിലനിന്ന ഒരു പ്രത്യേക ബലത്തെ (electoweak force) രണ്ടായി വേര്‍തിരിച്ചത് ഹിഗ്‌സ് മണ്ഡലമാണ്. ആ ആദിമബലം വൈദ്യുതകാന്തികബലം (electromagnetic force), ക്ഷീണബലം (weak force) എന്നിങ്ങനെ രണ്ടായി വേര്‍തിരിക്കപ്പെട്ടു.

ഇങ്ങനെ ബലങ്ങളെ വേര്‍തരിച്ച ഹിഗ്‌സ് മണ്ഡലം ഒരുകാര്യം ചെയ്തു. ക്ഷീണബലത്തിന് നിദാനമായ സൂക്ഷ്മകണങ്ങള്‍ക്ക് (W & Z bosons) പിണ്ഡം നല്‍കി. എന്നാല്‍, വൈദ്യുതകാന്തികബലം വഹിക്കുന്ന ഫോട്ടോണുകളെ പിണ്ഡം നല്‍കാതെ വെറുതെ വിട്ടു. ഹിഗ്‌സ് മണ്ഡലവുമായി ബന്ധപ്പെട്ട ക്വാണ്ടം കണത്തിന് പറയുന്ന പേരാണ് ഹിഗ്‌സ് ബോസോണ്‍.

ഹിഗ്‌സ് സംവിധാനം അനുസരിച്ച് ക്വാര്‍ക്കുകള്‍, ഇലക്ട്രോണുകള്‍ തുടങ്ങിയ പദാര്‍ഥ കണങ്ങള്‍ക്ക് പിണ്ഡം ലഭിക്കുന്നത് അവ അദൃശ്യമായ ഹിഗ്‌സ് മണ്ഡലവുമായി ഇടപഴകുമ്പോഴാണ്. എന്നുവെച്ചാല്‍, ഹിഗ്‌സ് മണ്ഡലവുമായി ഇടപഴകാന്‍ കഴിയുന്നവയ്‌ക്കേ പിണ്ഡമുമുണ്ടാകൂ. എത്ര കൂടുതല്‍ ഇടപഴകുന്നോ അത്രയും കൂടുതലായിരിക്കും പിണ്ഡം. പ്രകാശകണങ്ങളായ ഫോട്ടോണുകള്‍ ഹിഗ്‌സ് ഫീല്‍ഡുമായി അല്‍പ്പവും ഇടപഴകാത്തതിനാല്‍ അവയ്ക്ക് പിണ്ഡമില്ല.

ചെളിനിറഞ്ഞ ഒരു സ്ഥലം സങ്കല്‍പ്പിക്കുക. അതിലൂടെ നടക്കുന്നവര്‍ക്ക് കാല് ചെളിയില്‍ പുതയുന്നതിനാല്‍ നടത്തത്തിന്റെ വേഗം കുറയും. കാല് എത്രകൂടുതല്‍ പുതയുന്നോ അതിനനുസരിച്ച് വേഗം കുറഞ്ഞുവരും. എന്നതുപോലെയാണ് ഹിഗ്‌സ് മണ്ഡലം. കണങ്ങള്‍ ആ മണ്ഡലവുമായി എത്ര കൂടുതല്‍ ഇടപഴകുന്നുവോ അത്രയും പിണ്ഡം കൂടും. ഹിഗ്‌സ് മണ്ഡലവുമായി മറ്റ് കണങ്ങളെ ഇടപഴകാന്‍ സഹായിക്കുന്നത് ഹിഗ്‌സ് ബോസോണ്‍ ആണ്. അതിനാല്‍, ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കാനായാല്‍, അത് ഹിഗ്‌സ് സംവിധാനവും ഹിഗ്‌സ് മണ്ഡലവും യാഥാര്‍ഥ്യമാണ് എന്നതിന്റെ തെളിവാകും.

പക്ഷേ, ഒരുകാര്യം ഓര്‍ക്കണം. ഹിഗ്‌സ് മണ്ഡലം പ്രപഞ്ചത്തിലെ പാദാര്‍ഥങ്ങളുടെ പിണ്ഡത്തില്‍ ചെറിയൊരു ഭാഗത്തിന് മാത്രമേ അത് കാരണമാകൂ. കാരണം, ആറ്റത്തിന്റെ കേന്ദ്രത്തിലും മറ്റും 98 ശതമാനം പിണ്ഡവും ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത്. ആറ്റങ്ങളിലെ ക്വാര്‍ക്കുകള്‍ക്കും ഇലക്ട്രോണുകള്‍ക്കും പിണ്ഡം നല്‍കുന്നത് ഹിഗ്‌സ് മണ്ഡലമാണെന്ന് കരുതുന്നു. പക്ഷേ, അത് മൊത്തം പിണ്ഡത്തിന്റെ ഒന്നോ രണ്ടോ ശതമാനമേ വരൂ. ബാക്കി പിണ്ഡം ക്വാര്‍ക്കുകളെ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്ന ഗ്ലുവോണുകളില്‍ ഊര്‍ജരൂപത്തിലാണ് സ്ഥിതിചെയ്യുന്നത് (ഊര്‍ജമെന്നത് പിണ്ടത്തെ പ്രകാശവേഗത്തിന്റെ വര്‍ഗവുമായി ഗുണിച്ചാല്‍ കിട്ടുന്നതിന് തുല്യമാണെന്ന ഐന്‍സ്റ്റൈന്റെ കണ്ടെത്തല്‍ ഓര്‍ക്കുക)

1964 ല്‍ പ്രവചിക്കപ്പെട്ട ഹിഗ്‌സ് ബോസോണുകളുടെ അസ്തിത്വം ഇതുവരെ തെളിയിക്കപ്പെടാത്തതിന് കാരണം, ആ കണങ്ങളെ കണ്ടെത്താന്‍ പോന്നത്ര കരുത്തുള്ള ഉപകരണങ്ങള്‍ ഇത്രകാലവും ഇല്ലായിരുന്നു എന്നതാണ്. ഹിഗ്‌സ് ബോസോണുകള്‍ക്ക് ഉണ്ടെന്ന് കരുതുന്ന ഒരു സൈദ്ധാന്തിക പിണ്ഡപരിധിയുണ്ട്. ആ പിണ്ഡപരിധി പരിശോധിക്കാന്‍ പാകത്തിലാണ് എല്‍എച്ച്‌സിയില്‍ നടക്കുന്ന കണികാപരീക്ഷണം. ഹിഗ്‌സ് ബോസോണുകളുടെ ആദ്യമിന്നലാട്ടം എല്‍എച്ച്‌സിയിലുണ്ടായി എന്ന് കേള്‍ക്കുമ്പോള്‍ ശാസ്ത്രലോകം ആവേശഭരിതമാകുന്നതും അതുകൊണ്ടാണ്.

ബോസോണ്‍ എന്നാല്‍

1924 ല്‍ പഴയ കിഴക്കന്‍ ബംഗാളിലെ ധാക്കയില്‍ നിന്ന് കൊല്‍ക്കത്ത സ്വദേശിയായ സത്യേന്ദ്ര നാഥ് ബോസ് (എസ്.എന്‍.ബോസ്) ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്റെ പരിഗണയ്ക്ക് അയച്ച നാലുപേജുള്ള ഒരു ഗവേഷണപ്രബന്ധത്തില്‍ നിന്നാണ് ബോസോണുകളുടെ കഥ ആരംഭിക്കുന്നത്. പ്ലാങ്ക് നിയമത്തിന്റെ വ്യത്യസ്തമായ ഒരു വ്യുല്‍പാദനം (derivation) ആണ് ആ പ്രബന്ധത്തിലുണ്ടായിരുന്നത്. ഫോട്ടോണുകളെ പരസ്പരം തിരച്ചറിയാന്‍ കഴിയാത്ത, പിണ്ഡമില്ലാത്ത വാതകകണങ്ങളെപ്പോലെ പരിഗണിച്ച് ബോസ് നടത്തിയ കണക്കുകൂട്ടല്‍ വഴി, ക്ലാസിക്കല്‍ ഭൗതികത്തിന്റെ സഹായമില്ലാതെ പ്ലാങ്ക് നിയമത്തിലേക്ക് അനായാസം എത്താന്‍ കഴിഞ്ഞു.

ഇക്കാര്യം ഐന്‍സ്റ്റൈനെ ആവേശഭരിതനാക്കി. ആ കണക്കുകൂട്ടലിന് ബോസ് ഉപയോഗിച്ച സിവിശേഷ സാംഖികനിയമം (സ്റ്റാറ്റിസ്റ്റിക്‌സ്) ഐന്‍സ്‌റ്റൈന്‍ കൂടുതല്‍ വികസിപ്പിച്ചു. ഫോട്ടോണുകളുടെ കാര്യത്തിലാണ് ബോസ് അത് ഉപയോഗിച്ചതെങ്കില്‍, ഉത്കൃഷ്ടവാതകങ്ങളുടെ പരിധിയിലേക്ക് ഐന്‍സ്റ്റൈന്‍ അത് വ്യാപിപ്പിച്ചു. അങ്ങനെ 'ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം' പിറന്നു. ബോസ്-ഐന്‍സ്‌റ്റൈന്‍ സാംഖികം അനുസരിക്കുന്ന കണങ്ങള്‍ക്ക് പില്‍ക്കാലത്ത് ബോസോണുകള്‍ എന്ന് പേര് ലഭിച്ചു. ക്വാണ്ടം ഭൗതികത്തില്‍ മറ്റൊരിനം കണങ്ങളുണ്ട്-'ഫെര്‍മിയോണുകള്‍'. ഫെര്‍മി-ഡിറാക് സാഖികം അനുസരിക്കുന്ന കണങ്ങളാണവ.

1945 ഡിസംബര്‍ ആറിന് പാരീസില്‍ ആംഗ്ലോ-ഫ്രഞ്ച് സൊസൈറ്റി ഓഫ് സയന്‍സസില്‍ 'ആറ്റമിക സിദ്ധാന്തത്തിന്റെ വികാസപരിണാമങ്ങളെ'ക്കുറിച്ച് നടത്തിയ പ്രഭാഷണ മധ്യേ പോള്‍ ഡിറാക് ആണ് ബോസോണുകള്‍, ഫെര്‍മിയോണുകള്‍ എന്ന പേരുകള്‍ ആദ്യമായി ഉപയോഗിച്ചത്.

ബോസോണുകളുടെ സ്പിന്‍ പൂര്‍ണസംഖ്യയും (0,1,2,....), ഫെര്‍മിയോണുകളുടേത് അര്‍ധപൂര്‍ണസംഖ്യയും (1/2, 3/2, 5/2,.....) ആണ്. എന്നുവെച്ചാല്‍, ദ്രവ്യത്തിന്റെ ഘടകാംശങ്ങളായ കണങ്ങളെ ക്വാണ്ടംമെക്കാനിക്കല്‍ ഗുണമായ സ്പിന്നിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ചിരിക്കുന്നത് ബോസോണുകള്‍ എന്നും ഫെര്‍മിയോണുകള്‍ എന്നുമാണ്. പ്രോട്ടോണുകള്‍ക്കും ന്യൂട്രോണുകള്‍ക്കും അടിസ്ഥാനമായ ക്വാര്‍ക്കുകളും, ഇലക്‌ട്രോണുകള്‍ക്കും ന്യൂട്രിനോ മുതലായ കണങ്ങള്‍ക്കും അടിസ്ഥാനമായ ലപ്‌ടോണുകളും ചേര്‍ന്ന ഗണത്തെ ഫെര്‍മിയോണുകള്‍ എന്നു വിളിക്കുന്നു. ഫോട്ടോണുകള്‍, ഗ്ലുവോണുകള്‍ തുടങ്ങി ബലങ്ങള്‍ സൃഷ്ടിക്കുകയും വഹിക്കുകയും ചെയ്യുന്ന കണങ്ങളാണ് ബോസോണുകള്‍.

(അവലംബം : 1. സേണിന്റെ വാര്‍ത്താക്കുറിപ്പ് ; 2. Massive - The Hunt for the God Particle (2010), Ian Sample, Virgin books, London ; 3. Collider - The Search for the World's Smallest Particles (2009), Paul Halpern, John Wiley & Sons, New Jersey; 4. Bose and His Statistics (1992), G.Venkataraman, University Press. Hyderabad. ചിത്രങ്ങള്‍ക്ക് കടപ്പാട് : സേണ്‍)

Friday, August 12, 2011

'ദൈവകണ'ത്തെ നിങ്ങള്‍ക്കും കണ്ടെത്താം!

'ദൈവകണ'മെന്ന ഓമനപ്പേരിലറിയപ്പെടുന്ന ദുരൂഹമായ ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ആഗോളശ്രമത്തില്‍ നിങ്ങള്‍ക്കും പങ്കുചേരാം.

ജനീവയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുക എന്നതാണ്.

പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ആ കണത്തെ കണ്ടെത്തിയാലേ, ഭൗതികലോകത്തിന്റെ മൗലികസ്വഭാവം വിവരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന് നിലനില്‍പ്പുള്ളൂ.

എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാകൂട്ടിയിടികളെ വിര്‍ച്വലായി അനുകരിക്കാന്‍ (സിമുലേറ്റ് ചെയ്യാന്‍), നിങ്ങളുടെ പേഴ്‌സണല്‍ കമ്പ്യൂട്ടറില്‍ പാഴായിപ്പോകുന്ന കമ്പ്യൂട്ടിങ് ശക്തിയില്‍ ഒരുപങ്ക് വിട്ടുകൊടുക്കുക. അതുവഴി, ദൈവകണം കണ്ടെത്താനുള്ള ശ്രമത്തില്‍ ലോകത്താര്‍ക്കും പങ്കുചേരാനാകും.

ഇത്തരം കമ്പ്യൂട്ടര്‍ അനുകരണങ്ങളുടെ സഹായത്തോടെ ദൈവകണം യാഥാര്‍ഥ്യമാണോ അല്ലയോ എന്ന് ശാസ്ത്രജ്ഞര്‍ക്ക് നിശ്ചയിക്കാന്‍ കഴിയും.

LHC@home 2.0 എന്നാണ് ഈ ആഗോള ശ്രമത്തിനിട്ടിരിക്കുന്ന പേര്. പ്രോട്ടോണ്‍ ധാരകളെ ത്വരിപ്പിക്കാന്‍ ഹോം കമ്പ്യൂട്ടറുകളുടെ സഹായം തേടാന്‍ 2004 ല്‍ നടന്ന ശ്രമത്തിന്റെ തുടര്‍ച്ചയാണിത്.

ഇതൊരു സന്നദ്ധ പ്രവര്‍ത്തനമാണ്. പേഴ്‌സണല്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കാതെ പാഴായിപ്പോകുന്ന കമ്പ്യൂട്ടിങ് ശക്തിയില്‍ ഒരുപങ്ക് ഒരു പൊതുനന്മയ്ക്ക് വേണ്ടി ഉപയോഗിക്കുക എന്നതാണ് ഇതിന്റെ അടിസ്ഥാന ആശയം. അന്യഗ്രഹജീവികളെക്കുറിച്ച് പഠിക്കാന്‍ ഇത്തരത്തിലൊരു പ്രശസ്തമായ സന്നദ്ധ സംരംഭം തുടരുന്നുണ്ട് - SETI@home.

ജനീവയില്‍ ഫ്രഞ്ച്-സ്വിസ്സ് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. മാനവചരിത്രത്തിലെ ഏറ്റവും വലിയ കണികാപരീക്ഷണമാണ് അതില്‍ നടക്കുന്നത്.

എല്‍.എച്ച്.സി.യിലെ കണികാപരീക്ഷണം വഴി പ്രതിവര്‍ഷം 15 മില്യണ്‍ ഗിഗാബൈറ്റ്‌സ് ഡേറ്റ പുറത്തുവരുന്നുവെന്നാണ് കണക്ക്. നൂറ് മില്യണ്‍ യൂറോ (650 കോടി രൂപ) ചെലവില്‍ സ്ഥാപിച്ചിട്ടുള്ള 'വേള്‍ഡ്‌വൈഡ് ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ കമ്പ്യൂട്ടിങ് ഗ്രിഡ്' ആണ് വിവരങ്ങളുടെ ഈ പെരുവെള്ളപ്പാച്ചില്‍ കൈകാര്യം ചെയ്യുന്നത്. ലോകമെങ്ങുമുള്ള ശാസ്ത്രജ്ഞര്‍ക്ക് കണികാപരീക്ഷണത്തിന്റെ ഡേറ്റ പങ്കിട്ടുനല്‍കുന്നതും ഈ ഗ്രിഡ് വഴിയാണ്.

ഈ ഗ്രിഡിന്റെ സഹായകഘടകമായാണ് LHC@home പ്രവര്‍ത്തിക്കുക. കണികാകൂട്ടിയിടികളുടെ കമ്പ്യൂട്ടര്‍ അനുകരണം ഇതുവഴി സൃഷ്ടിക്കപ്പെടുമ്പോള്‍, അനുകരണമാതൃകകളെ യഥാര്‍ഥ കൂട്ടിയിടിയുമായി താരതമ്യം ചെയ്ത് നിഗമനത്തിലെത്താന്‍ ഗവേഷകര്‍ക്ക് സാധിക്കും.

LHC@home പദ്ധതിയില്‍ പങ്കുചേരാന്‍ രണ്ട് പ്രധാന ആപ്ലിക്കേഷനുകള്‍ (VirtualBox, BOINC client) നമ്മുടെ കമ്പ്യട്ടറില്‍ ഇന്‍സ്‌റ്റോള്‍ ചെയ്യണം. അതിന്റെ വിശദാംശങ്ങള്‍, എല്‍.എച്ച്.സി.യുടെ നടത്തിപ്പുകാരായ യൂറോപ്യന്‍ കണികാപരീക്ഷണശാല (സേണ്‍) ഇവിടെ നല്‍കിയിട്ടുണ്ട്.

Tuesday, November 30, 2010

ആദിയില്‍ പ്രപഞ്ചം ദ്രവമായിരുന്നു


ജനീവയില്‍ ഭൂമിക്കടിയില്‍ നിന്ന് പ്രപഞ്ചരഹസ്യങ്ങള്‍ പ്രതീക്ഷിച്ചിരുന്നവര്‍ക്ക് ആദ്യ വാര്‍ത്ത കഴിഞ്ഞ ദിവസം എത്തി. മുമ്പ് കരുതിയിരുന്നതുപോലെ, ഉന്നത ഊഷ്മാവിലും സാന്ദ്രതയിലുമുള്ള വാതകത്തിന്റെ രൂപത്തിലായിരുന്നില്ല ആദിപ്രപഞ്ചം, ആദിയില്‍ പ്രപഞ്ചം ദ്രാവകാവസ്ഥയിലായിരുന്നു!

ജനീവയില്‍ സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലോകത്തെ ഏറ്റവും വലിയ യന്ത്രമായ ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി)ല്‍ നിന്നാണ് ഈ വിവരം ലഭിച്ചത്. എല്‍.എച്ച്.സിയില്‍ കണികാപരീക്ഷണത്തിന്റെ ഭാഗമായി നവംബര്‍ ഏഴിനാരംഭിച്ച പുതിയ ഘട്ടത്തിലെ ആദ്യഫലമാണ്, ആദിപ്രപഞ്ചം ഒരു സൂപ്പര്‍ദ്രാവകത്തിന്റെ അവസ്ഥയിലായിരുന്നു എന്നത്.

എല്‍.എച്ച്.സിയുടെ 27 കിലോമീറ്റര്‍ ചുറ്റളവുള്ള ടണലിലൂടെ എതിര്‍ദിശയില്‍ ഏതാണ്ട് പ്രകാശവേഗത്തില്‍ സഞ്ചരിക്കുന്ന ലെഡ് അയോണുകളെ (ചാര്‍ജുള്ള ലെഡ് (കാരീയ) ആറ്റങ്ങളെ) പരസ്പരം കൂട്ടിയിടിപ്പിച്ചുള്ള പുതിയ ഘട്ടമാണ് നവംബര്‍ ഏഴിന് ആരംഭിച്ചത്.

ആ വേഗത്തില്‍ ത്വരിപ്പിക്കപ്പെടുമ്പോള്‍, ലെഡ് അയോണുകള്‍ ഇന്നുവരെ ആര്‍ജിച്ചിട്ടില്ലാത്തത്ര ഉന്നത ഊര്‍ജനില പ്രാപിക്കുന്നു. ആ ഊര്‍ജനിലയില്‍ കൂട്ടിയിടി നടക്കുന്നിടത്ത് സൃഷ്ടിക്കപ്പെടുന്നത് ഏതാണ്ട് പത്ത്‌ലക്ഷംകോടി ഡിഗ്രി ഊഷ്മാവാണ്. ഇത്രയും ഉയര്‍ന്ന താപനിലിയില്‍ കണങ്ങളിലെ ക്വാര്‍ക്കുകളെ ബന്ധിപ്പിച്ചിട്ടുള്ള ഗ്ലുവോണ്‍ കെട്ടുകള്‍ ഉരുകിയഴിയുകയും, ആദിപ്രപഞ്ചത്തില്‍ നിലനിന്നുവെന്ന് കരുതുന്ന 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' രൂപപ്പെടുകയും ചെയ്യും.

ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയെക്കുറിച്ചും അതുവഴി ആദിപ്രപഞ്ചത്തെക്കുറിച്ചും മനസിലാക്കാനാണ് എല്‍.എച്ച്.സിയിലെ 'ആലീസ്' പരീക്ഷണം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ട് ഏതാനും മൈക്രോസെക്കന്‍ഡ് കഴിഞ്ഞുള്ള അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കാനുള്ള 'മിനി ബിഗ്ബാങു'കളാണ്, ലെഡ് അയോണ്‍ കൂട്ടിയിടികളില്‍ സംഭവിക്കുകയെന്ന് ഗവേഷകര്‍ പറയുന്നു. ആലീസില്‍ അസംഖ്യം മിനി ബിഗ്ബാങുകള്‍ രേഖപ്പെടുത്തിക്കഴിഞ്ഞു. അതില്‍ നിന്നുള്ള പ്രാഥമിക ഫലങ്ങള്‍ ഉള്‍പ്പെടുത്തി രണ്ട് പ്രബന്ധങ്ങളും ഗവേഷകര്‍ തയ്യാറാക്കിയതായി, കണികാപരീക്ഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

പരീക്ഷണം തുടക്കം മാത്രമാണെങ്കിലും, ആദിമപ്രപഞ്ചത്തെക്കുറിച്ച് ഏറെക്കാര്യങ്ങള്‍ തങ്ങള്‍ മനസിലാക്കുകയാണെന്ന്, ആലീസ് പരീക്ഷണത്തില്‍ മുഖ്യപങ്കുവഹിക്കുന്നവരിലൊരാളും ബ്രിട്ടനില്‍ ബിര്‍മിങ്ഹാം സര്‍വകലാശാലയ്ക്ക് കീഴിലെ സ്‌കൂള്‍ ഓഫ് ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമിയിലെ ഗവേഷകനുമായ ഡോ.ഡേവിഡ് ഇവാന്‍സ് പറയുന്നു. 30 രാജ്യങ്ങളില്‍ നിന്നുള്ള നൂറോളം സര്‍വകലാശാലകളിലെയും സ്ഥാപനങ്ങളിലെയും ആയിരത്തോളം ഭൗതികശാസ്ത്രജ്ഞരാണ് ആലീസ് പരീക്ഷണത്തില്‍ കൈകോര്‍ക്കുന്നത്.

പ്രപഞ്ചത്തെ സംബന്ധിച്ച ചില സിദ്ധാന്തങ്ങള്‍ പ്രവചിച്ചിരുന്നത്, ആദിപ്രപഞ്ചം വാതകാവസ്ഥയിലായിരുന്നിരിക്കണം എന്നാണ്. എന്നാല്‍, പുതിയ പരീക്ഷണത്തിലെ ഫലങ്ങള്‍ വ്യക്തമാക്കുന്നത്, ഒരു 'സൂപ്പര്‍-ഹോട്ട് ദ്രാവകം' പോലെ ആദിപ്രപഞ്ചം പെരുമാറിയിരുന്നു എന്നാണ്-ഡോ.ഇവാന്‍സ് അറിയിക്കുന്നു.

ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയെക്കുറിച്ച് പഠിക്കുകയാണ് ആലീസിന്റെ മുഖ്യലക്ഷ്യം. പ്രപഞ്ചരഹസ്യങ്ങളിലെ ചില അഴിയാക്കുരുക്കുകള്‍ക്ക് അത് ഉത്തരമേകുമെന്ന് ഗവേഷകലോകം പ്രതീക്ഷിക്കുന്നു. അതിബലത്തിന്റെ (സ്‌ട്രോങ് ഫോഴ്‌സ്) താക്കോലായ ഗ്ലുവോണിനെക്കുറിച്ചറിയാന്‍ അത് സഹായിക്കും.

ക്വാര്‍ക്കുകളെ തടവിലാക്കി ഗ്ലുവോണ്‍ എങ്ങനെ ദ്രവ്യഭാഗങ്ങളായ പ്രോട്ടോണുകള്‍ക്കും ന്യൂട്രോണുകള്‍ക്കും രൂപംനല്‍കുന്നു എന്നറിയാനും ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയെക്കുറിച്ചുള്ള പഠനം തുണയാകും. മാത്രമല്ല, പ്രോട്ടോണുകളുടെയും ന്യൂട്രോണുകളുടെയും പിണ്ഡത്തില്‍ 98 ശതമാനവും സൃഷ്ടിക്കുന്നത് അതിബലമാണ്. അതിന്റെ രഹസ്യവും ഇതുവഴി അനാവരണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ. (അവലംബം: Physorg.com, സേണിന്റെ വാര്‍ത്താക്കുറിപ്പ്)

ആലീസിലെ 'മിനി ബിഗ്ബാങി'ന്റെ സേണ്‍ പുറത്തുവിട്ട ദൃശ്യങ്ങളാണ് ചുവടെ

Monday, November 08, 2010

കണികാപരീക്ഷണം പുതിയ ഘട്ടത്തിലേക്ക്; 'മിനി ബിഗ്ബാങി'ന് തുടക്കം

പതിവുപോലെ ഒരു ട്വിറ്റര്‍ അപ്‌ഡേറ്റ് വഴിയാണ് യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണ്‍' ഞായറാഴ്ച ലോകത്തെ ആ വിവരമറിയിച്ചത്. ലെഡ് അയണുകള്‍ കൂട്ടിയിടിപ്പിച്ചുള്ള പരീക്ഷണം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറില്‍ (എല്‍.എച്ച്.സി) ആരംഭിച്ചിരിക്കുന്നു. ശനിയാഴ്ച രാത്രിയാണ് ലെഡ് അയണുകള്‍ തമ്മിലുള്ള കൂട്ടിയിടി തുടങ്ങിയത്.

മറ്റ് വിശദീകരണമൊന്നും ആ ട്വിറ്റര്‍ അപ്‌ഡേറ്റിലില്ലെങ്കിലും, കാര്യത്തിന്റെ സാരമിതാണ്-ലോകത്തെ ഏറ്റവും വലിയ കണികാപരീക്ഷണം പുതിയ ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. 'മിനി ബിഗ്ബാങ്' എന്ന് വിശേഷിപ്പിക്കുന്ന പരീക്ഷണത്തിനാണ് തുടക്കമായിരിക്കുന്നത്. പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരിമിതമായ തോതില്‍ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ് ഇതിന്റെ ലക്ഷ്യം. പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള താക്കോലാകും മിനി ബിഗ്ബാങുകള്‍ എന്നാണ് പ്രതീക്ഷ.

പുതിയ ഘട്ടം എല്‍.എച്ച്.സിയില്‍ ആരംഭിച്ച വിവരം, പരീക്ഷണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ബ്രിട്ടീഷ് ഗവേഷകരും വാര്‍ത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചു. 'ഞങ്ങള്‍ ത്രില്ലടിച്ചിരിക്കുകയാണ്'-ബ്രിട്ടനില്‍ ബിര്‍മിന്‍ഹാം സര്‍വകലാശാലയിലെ ഗവേഷകന്‍ ഡോ.ഡേവിഡ് ഇവാന്‍സ് പറയുന്നു. 'ആ കൂട്ടിയിടികള്‍ മിനി ബിഗ്ബാങുകളാണ് സൃഷ്ടിക്കുന്നത്. മാത്രമല്ല, ഇതുവരെ ഒരു പരീക്ഷണത്തിലും സാധ്യമാകാത്തത്ര ഉയര്‍ന്ന താപനിലയും സാന്ദ്രതയും സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു'.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി.മനുഷ്യനിര്‍മിതമായ ഏറ്റവും വലിയ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണത്തിനാണ് എല്‍.എച്ച്.സി.വേദിയാകുന്നത്. കഴിഞ്ഞ ഏഴുമാസം എല്‍.എച്ച്.സിയില്‍ കണികാകൂട്ടിയിടികള്‍ നടന്നു. പക്ഷേ, പ്രോട്ടോണുകളുപയോഗിച്ചുള്ള പരീക്ഷണങ്ങളായിരുന്നു അവ. ഭാരമേറിയ ലെഡ് അയണുകള്‍ (അയണുകളെന്നാല്‍ ചാര്‍ജുള്ള ആറ്റങ്ങള്‍) ഉപയോഗിച്ചുള്ള കൂട്ടിയിടിയാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

ഏതാണ്ട് 1370 കോടി വര്‍ഷം മുമ്പ് ഒരു പ്രാപഞ്ചിക കണത്തിനുണ്ടായ മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടു എന്നതാണ് ആധുനിക ശാസ്ത്രം പറയുന്നത്. പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളില്‍ ദ്രവ്യവും ഊര്‍ജവുമൊന്നും ഇന്നു കാണുന്ന നിലയിലായിരുന്നില്ല. അത്യുന്നതമായ താപനിലയിലും സാന്ദ്രതയിലും ദ്രവ്യകണങ്ങളും ബലകണങ്ങളും കൂട്ടിക്കുഴഞ്ഞ 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ'യാണ് പ്രപഞ്ചത്തിലുണ്ടായിരുന്നത്. ഓര്‍ക്കുക മഹാവിസ്‌ഫോടനം സംഭവിച്ച് ഏതാണ്ട് 0.00000000001 സെക്കന്‍ഡുകള്‍ കഴിഞ്ഞുള്ള അവസ്ഥയാണിത്.

ഈ അവസ്ഥ വളരെ ചെറിയ തോതിലാണെങ്കില്‍ പോലും പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയും പഠിക്കുകയും ചെയ്താല്‍, പ്രപഞ്ചരഹസ്യങ്ങളിലേക്കുള്ള താക്കോലാകുമതെന്ന് ഗവേഷകര്‍ കരുതുന്നു. പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങളിലൊന്നാണ് അതിബലം (Strong Force). ആറ്റങ്ങളിലെ ന്യൂക്ലിയസിനെ ഒന്നായി നിലനിര്‍ത്തുന്നതും, പ്രോട്ടോണുകളിലും ന്യൂട്രോണുകളിലും ക്വാര്‍ക്കുകളെ ബന്ധിപ്പിച്ച് നിര്‍ത്തിയിരിക്കുന്നതും അതിബലമാണ്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തിയേറിയ ബന്ധനമാണത്. ആ ബലത്തെക്കുറിച്ച് കൂടുതലറിയാന്‍ ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ സഹായിക്കും.

ന്യൂക്ലിയസിനെ ബന്ധിപ്പിച്ചു നിര്‍ത്തുന്നത് മാത്രമല്ല, അതിന്റെ പിണ്ഡത്തില്‍ 98 ശതമാനത്തിന് നിദാനവും അതിബലമാണെന്ന് കരുതുന്നു. അതെന്തുകൊണ്ടെന്ന് മനസിലാക്കാനും ഈ പ്ലാസ്മ സഹായിക്കും.

ഭാരമേറിയ ലെഡ് അയണുകള്‍ തമ്മില്‍ ഉന്നതോര്‍ജനിലയില്‍ കൂട്ടിയിടിക്കുമ്പോള്‍ ഇതുവരെ സാധ്യമാകാത്തത്ര ഊര്‍ജനിലയും സാന്ദ്രതയും രൂപപ്പെടും. താപനില ഏതാണ്ട് പത്ത് ലക്ഷം കോടി ഡിഗ്രിയാകും. അത് സൂര്യന്റെ അകക്കാമ്പിലെ താപനിലയുടെ പത്തുലക്ഷം മടങ്ങാണ്! ഇത്രയും ഉയര്‍ന്ന ഊഷ്മാവില്‍ ആറ്റമിക ന്യൂക്ലിയസിലെ ഗ്ലുവോണ്‍ ബന്ധനം ഉരുകിയഴിയുകയും, ബലകണങ്ങളായ ഗ്ലുവോണുകളും ദ്രവ്യകണങ്ങളായ ക്വാര്‍ക്കുകളും കൂടിക്കുഴഞ്ഞ് 'ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മ' എന്ന ദ്രവ്യാവസ്ഥ രൂപപ്പെടുകയും ചെയ്യും. എന്നുവെച്ചാല്‍, പ്രപഞ്ചാരംഭത്തിന്റെ ഒരു ചെറുപതിപ്പ് പരീക്ഷണശാലയില്‍ രൂപപ്പെടും.

പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ ചിലപ്പോള്‍ ആ പ്രാചീനപ്ലാസ്മാവസ്ഥയില്‍ സ്വതന്ത്രമായ നിലയില്‍ പ്രത്യക്ഷപ്പെട്ടേക്കാം. എല്‍.എച്ച്.സി.യില്‍ നടക്കുന്ന കണികാപരീക്ഷണത്തിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് തന്നെ, 'ദൈവകണം' എന്ന വിളിപ്പേരുള്ള ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കുക എന്നതാണ്. അതിന് കഴിഞ്ഞില്ലെങ്കില്‍, പ്രപഞ്ചത്തിലെ ദ്രവ്യത്തെയും ബലങ്ങളെയും കൂട്ടിയിണക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് തെറ്റാണെന്നു വരും. ഭൗതികശാസ്ത്രം പുതിയ വഴികള്‍ തേടേണ്ടി വരും.

എല്‍.എച്ച്.സിയിലെ നാല് മുഖ്യ പരീക്ഷണങ്ങളിലൊന്നായ 'ആലീസി'ന്റെ ലക്ഷ്യം തന്നെ, ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മയുടെ പ്രത്യേകതകള്‍ പഠിക്കുകയാണ്. ആലീസ് പരീക്ഷണത്തില്‍ പങ്കെടുക്കുന്ന ഗവേഷകനാണ് ഡോ. ഇവാന്‍സ്. ആലീസില്‍ മാത്രമല്ല, 'അറ്റ്‌ലസ്', 'സി.എം.എസ്' പരീക്ഷണങ്ങളിലും ലെഡ് അയണ്‍ കൂട്ടിയിടികള്‍ രേഖപ്പെടുത്തിയതായി സേണിന്റെ സന്ദേശം പറയുന്നു. മിനി ബിഗ്ബാങുകള്‍ വിജയകരമായി തുടങ്ങിയെങ്കിലും, അതിന്റെ ഫലങ്ങള്‍ അറിയാന്‍ കാത്തിരിക്കേണ്ടി വരും. കാരണം, കണികാകൂട്ടിയിടിയിലുണ്ടാകുന്ന കാര്യങ്ങള്‍ വിശകലനം ചെയ്ത് നിഗമനങ്ങളിലെത്താന്‍ സമയം പിടിക്കും. (കടപ്പാട്: സേണ്‍)

കാണുക

Sunday, July 25, 2010

'ദൈവകണം' : എല്‍.എച്ച്.സി.യില്‍ നിന്ന് ശുഭസൂചന

ഹിഗ്ഗ്‌സ് ബോസോണ്‍ കണ്ടെത്താന്‍ സഹായിക്കുമെന്നു കരുതുന്ന ഒരിനം പിണ്ഡമേറിയ കണം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ടതായി സൂചന. അത് ശരിയെങ്കില്‍, ടോപ് ക്വാര്‍ക്ക് എന്ന കണത്തെ അമേരിക്കയ്ക്ക് വെളിയില്‍ ആദ്യമായി കണ്ടെത്തുകയാണ്.
സര്‍വവ്യാപിയാണ്, എന്നാല്‍ ആരും ഇതുവരെ കണ്ടിട്ടില്ല- പിണ്ഡത്തിന് അടിസ്ഥാനമെന്ന് കണികാശാസ്ത്രം പറയുന്ന ഹിഗ്ഗ്‌സ് ബോസോണുകളെ അതിനാല്‍ 'ദൈവകണം' എന്ന് വിശേഷിപ്പിക്കുന്നു. ജനീവയ്ക്കും സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറി (എല്‍.എച്ച്.സി)ന്റെ അവതാര ലക്ഷ്യങ്ങളിലൊന്നു തന്നെ ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുക എന്നതാണ്.

പ്രപഞ്ചത്തിന്റെ മൗലികഘടന വിശദീകരിക്കുന്ന 'സ്റ്റാന്‍ഡേര്‍ഡ് മോഡല്‍' എന്ന സൈദ്ധാന്തിക പാക്കേജ് ശരിയാകണമെങ്കില്‍, ഹിഗ്ഗ്‌സ് ബോസോണുകളുടെ അസ്തിത്വം തെളിയിക്കപ്പെട്ടേ തീരൂ. അതിന് സാധിച്ചാല്‍, ഭൗതികശാസ്ത്രത്തെ സംബന്ധിച്ചിടത്തോളം വലിയൊരു വിജയനിമിഷമാകും അത്. സാധിച്ചില്ലെങ്കിലോ, എല്ലാം പുതിയതായി തുടങ്ങേണ്ടി വരും. ദ്രവ്യത്തിന്റെ മൗലികസ്വാഭാവത്തെക്കുറിച്ച് പുതിയ സിദ്ധാന്തങ്ങള്‍ തന്നെ രൂപീകരിക്കേണ്ടി വരും.

ഏതായാലും, ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് ശുഭസൂചനകള്‍ എല്‍.എച്ച്.സിയില്‍ നിന്ന് എത്തിത്തുടങ്ങി. ശാസ്ത്രത്തിന് അറിയാവുന്നതില്‍ ഏറ്റവും പിണ്ഡമേറിയ ഉപആറ്റോമിക കണം 'ടോപ് ക്വാര്‍ക്ക്' (top quark) ആണ്. ആ കണം ഇതുവരെ അമേരിക്കയിലലല്ലാതെ മറ്റൊരിടത്തും പരീക്ഷണങ്ങളില്‍ കണ്ടെത്തിയിട്ടില്ല. എന്നാല്‍, ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന ഒട്ടേറെ കണങ്ങളെ യൂറോപ്പില്‍ ആദ്യമായി കണ്ടെത്തിയെന്നാണ് ഇപ്പോള്‍ പുറത്തു വന്നിട്ടുള്ള വിവരം. എല്‍.എച്ച്.സിയില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍ നിന്ന് കൂടുതല്‍ ഫലം ലഭിക്കുന്നതോടെ ഇക്കാര്യം സ്ഥിരീകരിക്കാനാകുമെന്ന് ഗവേഷകര്‍ കരുതുന്നു.

ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താനുള്ള ശ്രമത്തെ മുന്നോട്ടു നയിക്കാന്‍ ടോപ് ക്വാര്‍ക്കുകള്‍ സഹായിക്കുമെന്ന് കണികാശാസ്ത്രജ്ഞനായ ഡോ.ആര്‍നൗഡ് ലൂകോട്ടി പറയുന്നു. എല്‍.എച്ച്.സിയിലെ രണ്ട് പ്രധാന പരീക്ഷണങ്ങളായ 'അറ്റ്‌ലസ്', 'കോംപാക്ട് മ്യുവോണ്‍ സോളിനോയിഡി' (സി.എം.എസ്) എന്നിവയില്‍ നിന്ന് ടോപ് ക്വാര്‍ക്കുകളെക്കുറിച്ച് തെളിവുകിട്ടിയെന്ന കാര്യം, പാരീസില്‍ ഹൈ എന്‍ര്‍ജി ഫിസിക്‌സ് സംബന്ധിച്ച അന്താരാഷ്ട്ര സമ്മേളനത്തി (ICHEP)ലാണ് ഗവേഷകര്‍ അവതരിപ്പിച്ചത്. ജൂലായ് 22 മുതല്‍ 28 വരെയാണ് സമ്മേളനം.

യൂറോപ്യന്‍ കണികാപരീക്ഷണകേന്ദ്രമായ 'സേണ്‍' ആണ് എല്‍.എച്ച്.സിയുടെ ചുമതല വഹിക്കുന്നത്. ഭൂമിക്കയിടില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യനിര്‍മിതമായ ഏറ്റവും വലുതും സങ്കീര്‍ണവുമായി പരീക്ഷണ ഉപകരണമാണ്. 27 കിലോമീറ്റര്‍ വൃത്താകൃതിയില്‍ അത്യുന്ന ഊര്‍ജനിലയില്‍, എതിര്‍ദിശയില്‍ സഞ്ചരിക്കുന്ന കണികാധാരകളെ നാലു സ്ഥാനങ്ങളില്‍ പരസ്പരം കൂട്ടയിടിപ്പിച്ച് അതില്‍ നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സിയില്‍ ചെയ്യുക.

കണികാകൂട്ടിയിടികള്‍ നടക്കുന്നിടത്ത് സംഭവിക്കുന്നതെന്ന് സൂക്ഷ്മായി മനസിലാക്കാനും രേഖപ്പെടുത്താനുമായി ആറ് കണികാസംവേദകങ്ങള്‍ എല്‍.എച്ച്.സിയിലുണ്ട്. അവയില്‍ രണ്ടെണ്ണമാണ് അറ്റ്‌ലസും സി.എം.എസ്സും. ടോപ് ക്വാര്‍ക്ക് എന്നു കരുതാവുന്ന കണങ്ങളുടെ സാന്നിധ്യമുണ്ടായ ഒന്‍പത് കണികാകൂട്ടിയിടികള്‍ അത്‌ലസും, 3-4 കൂട്ടിയിടികള്‍ സി.എം.എസ്സും റിക്കോര്‍ഡ് ചെയ്തതായി ഗവേഷകര്‍ പറയുന്നു.
സ്റ്റാന്‍ഡേര്‍ഡ് മോഡലില്‍ ദ്രവ്യത്തിന്റെ ഘടകഭാഗങ്ങളിലൊന്നായി കണക്കാക്കുന്ന ടോപ് ക്വാര്‍ക്കിനെ ആദ്യം കണ്ടെത്തുന്നത് 1995 ല്‍, അമേരിക്കയില്‍ ഇല്ലിനോയില്‍ പ്രവര്‍ത്തിക്കുന്ന ഫെര്‍മിലാബിലെ ടെവട്രോണ്‍ കണികാത്വരകത്തിലാണ്. ടെവട്രോണ്‍ അതിനു ശേഷം വന്‍തോതില്‍ ടോപ് ക്വാര്‍ക്കുകള്‍ സൃഷ്ടിക്കുകയുണ്ടായി. എന്നാല്‍, അമേരിക്കയ്ക്ക് പുറത്ത് ഒരു ലാബിലും ഈ കണത്തെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.

എല്‍.എച്ച്.സിയിലെ സി.എം.എസ്.പരീക്ഷണത്തില്‍ പ്രത്യക്ഷപ്പെട്ട കണം ടോപ് ക്വാര്‍ക്കാകാന്‍ എല്ലാ സാധ്യതയുമുണ്ടെന്ന്, കണികാശാസ്ത്രജ്ഞന്‍ ടിം ക്രിസ്ത്യന്‍സന്‍ പാരീസിലെ സമ്മേളനത്തില്‍ പറഞ്ഞു. ടോപ് ക്വാര്‍ക്കും ഹിഗ്ഗ്‌സ് ബോസോണുകളും തമ്മില്‍ പ്രത്യേക ഇടപഴകല്‍ നടക്കുന്നുണ്ടെന്നാണ് പലരും കരുതുന്നത്. അതിനാല്‍, ടോപ് ക്വാര്‍ക്കിന്റെ കണ്ടെത്തല്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ വെളിപ്പെടുന്നതിലേക്ക് നയിച്ചേക്കുമെന്ന് ഗവേഷകര്‍ പറയുന്നു.

ഹിഗ്ഗ്‌സ് ബോസോണുകളുടെ പിണ്ഡം എന്തെന്ന് ശാസ്ത്രലോകത്തിന് നിശ്ചയമില്ല എന്നതാണ്, അവയെ കണ്ടെത്തുന്നത് ദുര്‍ഘടമാക്കുന്ന മുഖ്യഘടകം. ടോപ് ക്വാര്‍ക്കിനെക്കാള്‍ കൂടുതലാണോ കുറവാണോ ഹിഗ്ഗ്‌സിന്റെ പിണ്ഡം എന്ന് വ്യക്തമല്ല. സാധാരണഗതിയില്‍ അത്യുന്നത ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടിയില്‍ പ്രത്യക്ഷപ്പെടുന്ന കണങ്ങള്‍ അങ്ങേയറ്റം അസ്ഥിരമായിരിക്കും. സെക്കന്‍ഡിന്റെ കോടിയിലൊരംശം സമയം കൊണ്ടു തന്നെ കൂടുതല്‍ സ്ഥിരതയുള്ള കണങ്ങളായി അവയ്ക്ക് 'അപചയം' (decay) സംഭവിക്കും.

ടോപ് ക്വാര്‍ക്കിനെക്കാള്‍ 'ഭാര'മേറിയതാണ് ഹിഗ്ഗ്‌സെങ്കില്‍, കണികാകൂട്ടിയിടി നടക്കുന്ന വേളയില്‍ ഹിഗ്ഗ്‌സ് ബോസോണുകള്‍ രൂപപ്പെടുകയും നൊടിയിടയില്‍ അപചയം സംഭവിച്ച് അവ ടോപ് ക്വാര്‍ക്കും ബ്യൂട്ടി ക്വാര്‍ക്കും (ബി-ക്വാര്‍ക്ക്) ആയി മാറും. എന്നാല്‍, ഹിഗ്ഗ്‌സ് ബോസോണിന് ടോപ് ക്വാര്‍ക്കിലും കുറവാണ് പിണ്ഡമെങ്കില്‍, കണികാകൂട്ടിയിടിയുടെ വേളയില്‍ ടോപ് ക്വാര്‍ക്ക് രൂപപ്പെടുകയും അത് അപചയം വഴി ഹിഗ്ഗ്‌സും ബി-ക്വാര്‍ക്കുമായി പരിണമിക്കുകയും ചെയ്യും. രണ്ടാണങ്കിലും ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്തുന്ന കാര്യത്തില്‍ ടോപ് ക്വാര്‍ക്കിന് സഹായിക്കാനാകും.

ഹിഗ്ഗ്‌സ് ബോസോണുകള്‍ രൂപപ്പെട്ടിരിക്കാന്‍ സാധ്യതയുള്ള ചില കണികാകൂട്ടിയിടികള്‍ അമേരിക്കയിലെ ടെവട്രോണ്‍ കണികാത്വരകത്തില്‍ സമീപകാലത്ത് രേഖപ്പെടുത്തിയിരുന്നു. അതിനാല്‍, എല്‍.എച്ച്.സിക്ക് മുമ്പ് 'ദൈവകണം' അമേരിക്കന്‍ പരീക്ഷണശാലയില്‍ പ്രത്യക്ഷപ്പെടുമോ എന്ന സംശയം ഉയര്‍ന്നിട്ടുണ്ട്. ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്താല്‍, ടെവട്രോണിന്റെ പ്രവര്‍ത്തനം 2014 വരെ നീട്ടുന്നതായി കഴിഞ്ഞ ദിവസമാണ് ഫെര്‍മിലാബ് അധികൃതര്‍ പ്രസ്താവിച്ചത്. എന്നുവെച്ചാല്‍, അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി 'ദൈവകണം' കണ്ടെത്താനുള്ള മത്സരം മുറുകുകയാണെന്ന് സാരം. (കടപ്പാട്: Symmetrybreaking)


കാണുക

Wednesday, May 19, 2010

പ്രപഞ്ചരഹസ്യത്തിലേക്ക് പുതിയ വെളിച്ചം

പ്രപഞ്ചശാസ്ത്രത്തിലെ എക്കാലത്തെയും വലിയ നിഗൂഢതയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന സൂചന, അമേരിക്കയിലെ ഫെര്‍മി നാഷണല്‍ ആക്‌സലറേറ്റര്‍ ലബോറട്ടറി (ഫെര്‍മി ലാബ്) യിലെ ഡിസീറോ പരീക്ഷണത്തില്‍ ലഭിച്ചതായി റിപ്പോര്‍ട്ട്. എന്തുകൊണ്ട് പ്രപഞ്ചം ദ്രവ്യത്താല്‍ നിര്‍മിതമായിരിക്കുന്നു, ദ്രവ്യത്തിന്റെ പ്രതിയോഗിയായ പ്രതിദ്രവ്യത്താല്‍ (ആന്റിമാറ്റര്‍) ആകാത്തതെന്തുകൊണ്ട് എന്ന നിര്‍ണായക ചോദ്യത്തിന് ഉത്തരം നല്‍കാന്‍ സഹായിക്കുന്ന സൂചനയാണ് ഫെര്‍മിലാബിലെ കണികാപരീക്ഷണത്തില്‍ ലഭിച്ചത്.

ആല്‍ബര്‍ട്ട് ഐന്‍സ്റ്റൈന്‍ രൂപംനല്‍കിയ ആപേക്ഷികതാ സിദ്ധാന്തം അനുസരിച്ചായാലും, ക്വാണ്ടം ഭൗതികമനുസരിച്ചായാലും മഹാവിസ്‌ഫോടനത്തില്‍ പ്രപഞ്ചം രൂപപ്പെട്ടപ്പോള്‍ ദ്രവ്യവും പ്രതിദ്രവ്യവും തുല്യ അളവിലാണ് ഉണ്ടാകേണ്ടിയിരുന്നത്. ഗണിതശാസ്ത്രമനുസരിച്ച് അതാണ് കുറ്റമറ്റ പ്രപഞ്ചം. അങ്ങനെയായിരുന്നെങ്കില്‍, ദ്രവ്യവും പ്രതിദ്രവ്യവും പരസ്പരം ഉന്‍മൂലനം ചെയ്ത് വെറുമൊരു ഊര്‍ജമേഖലയായി പ്രപഞ്ചം മാറിയേനെ. നമ്മളോ സൗരയൂഥമോ ഗാലക്‌സികളോ ഒന്നും ഉണ്ടാകില്ലായിരുന്നു.

പക്ഷേ, പ്രപഞ്ചാരംഭത്തില്‍ എന്തോ ഒരു 'പണിക്കുറ്റം' ഉണ്ടായി. ദ്രവ്യ-പ്രതിദ്രവ്യ സമമിതിയില്‍ അല്‍പ്പം വ്യതിയാനം ദ്രവ്യത്തിന് അനുകൂലമായി സംഭവിച്ചു. അതിനാല്‍ 'അല്‍പ്പം' ദ്രവ്യം ബാക്കിയായി. അതുകൊണ്ടാണ് ഇന്നീ കാണുന്ന സ്ഥിതിയില്‍ പ്രപഞ്ചം ആയത്. എന്തുകൊണ്ട് ദ്രവ്യത്തിന് അനുകൂലമായി ആ മാറ്റം നടുന്നു എന്ന ചോദ്യത്തിന്റെ ഉത്തരം കണ്ടെത്തുകയെന്നത് ഭൗതികശാസ്ത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടിനായി മാറ്റിവെച്ച ഒന്നാണ്.

ഫെര്‍മിലാബിലെ ടെവട്രോണ്‍ (Tevatron) കണികാത്വരകത്തില്‍ പ്രോട്ടോണുകളും ആന്റിപ്രോട്ടോണുകളും തമ്മില്‍ നേര്‍ക്കുനേര്‍ കൂട്ടിയിടിപ്പിച്ച് നടക്കുന്ന പരീക്ഷണത്തിലാണ്, പ്രപഞ്ചരഹസ്യം സംബന്ധിച്ച സൂചന ലഭിച്ചതെന്ന് ഫെര്‍മിലാബിലെ ഗവേഷകര്‍ റിപ്പോര്‍ട്ടു ചെയ്തു. കണികാകൂട്ടിയിടിയില്‍ സൃഷ്ടിക്കപ്പെടുന്ന മ്യുവോണ്‍ ജോഡികളും ആന്റിമ്യൂവോണ്‍ ജോഡികളും താരതമ്യം ചെയ്തപ്പോള്‍, മ്യൂവോണ്‍ ജോഡികളുടെ സംഖ്യ ഏതിര്‍ ജോഡികളെക്കാള്‍ നേരിയ തോതില്‍ കൂടുതലാണെന്ന് കണ്ടു. കണികാകൂട്ടിയിടിയുടെ വേളയില്‍ രൂപപ്പെടുന്ന 'മിനിപ്രപഞ്ചത്തില്‍', ദ്രവ്യവും പ്രതിദ്രവ്യവും സമമിതിയിലല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ദ്രവ്യത്തിന് പ്രതിദ്രവത്തെ അപേക്ഷിച്ച് ഒരു ശതമാനത്തിന്റെ മേല്‍കൈ ഉണ്ടാകുന്നുവെന്നാണ് വ്യക്തമായത്.

പ്രപഞ്ചത്തില്‍ ദ്രവ്യത്തിനെങ്ങനെ മേല്‍കൈ ലഭിച്ചു എന്ന ചോദ്യത്തിന് ഉത്തരം തേടുന്നവര്‍ക്ക് ഗൗരവമാര്‍ന്ന ഉള്‍ക്കാഴ്ച സമ്മാനിക്കുന്നതാണ് ഈ ഫലമെന്ന്, ഗവേഷണത്തിന് നേതൃത്വം നല്‍കുന്നവരിലൊരാളായ ലാന്‍കാസ്റ്റര്‍ സര്‍വകലാശാലയിലെ ഗ്വെന്നഡി ബൊറിസ്സോവ് അഭിപ്രായപ്പെട്ടു. 'ഫിസിക്കല്‍ റിവ്യൂ' മാഗസിന് സമര്‍പ്പിച്ചിട്ടുള്ള ഗവേഷണറിപ്പോര്‍ട്ട് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാണ്.

വിമത റഷ്യന്‍ ഭൗതികശാസ്ത്രജ്ഞന്‍ ആന്ധ്രേയ് സഖാറോവ് ആണ് പ്രപഞ്ചത്തിലെ ദ്രവ്യമേല്‍കൈയ്ക്ക് ആദ്യമായി ഒരു വിശദീകരണം മുന്നോട്ടുവെച്ചത്. സി.പി.അതിലംഘനം (CP violation) എന്ന് വിശേപ്പിക്കപ്പെടുന്ന ഒരു അവസ്ഥയാണ് അദ്ദേഹം വിവരിച്ചത്. കണങ്ങളുടെയും പ്രതികണങ്ങളുടെയും സ്വഭാവത്തിലുണ്ടെന്നു കരുതുന്ന വളരെ നേരിയ തോതിലുള്ള വ്യത്യാസമാണത്.

ഒരു കണത്തെ സംബന്ധിച്ച് പ്രധാനപ്പെട്ട രണ്ട് ഗുണങ്ങള്‍ അവയുടെ ചാര്‍ജും ക്വാണ്ടംമെക്കാനിക്കല്‍ സവിശേഷതയായ സ്പിന്നും ആണ്. പ്രതികണങ്ങളില്‍ ഇതുരണ്ടും വിപരീതമാകും. അങ്ങനെ സംഭവിക്കുന്നത് അല്‍പ്പം വ്യത്യസ്തമായാണ്-ഇതാണ് സി.പി. അതിലംഘനമെന്ന് സഖാറോവ് പറഞ്ഞത്. പില്‍ക്കാലത്ത് സി.പി. അതിലംഘനത്തിന് ചില ഉദാഹരണങ്ങള്‍ ഗവേഷകര്‍ കാണ്ടെത്തുകയുണ്ടായി. എന്നാല്‍, അവയൊന്നും നമ്മുടെ നിലനില്‍പ്പിനെ സാധൂകരിക്കുന്നത്ര വലിയ തെളിവായിരുന്നില്ലെന്ന് ഫെര്‍മിലാബില്‍ 'ഡിസീറോ' (DZero) പരീക്ഷണസംഘത്തിലെ അംഗം ഗുസ്താഫ് ബ്രൂയിജ്മാന്‍സ് പറയുന്നു.

'നിര്‍ഗുണ ബി-മീസണുകള്‍' (neutral B-mesons) എന്ന് വിളിക്കപ്പെടുന്ന വിചിത്രകണങ്ങള്‍ക്ക് അപചയം സംഭവിച്ച് മ്യുവോണുകളായി പരിണമിക്കുന്ന വേളയിലാണ്, പ്രതിദ്രവ്യത്തിന് മേല്‍ ദ്രവ്യത്തിന് സ്വാധീനം വര്‍ധിക്കുന്ന തരത്തിലുള്ള പ്രതിഭാസം ഗവേഷകര്‍ കണ്ടത്. നിര്‍ഗുണ ബി-മീസണുകളുടെ പ്രത്യേകത 'തീരുമാനമെടുക്കാനുള്ള അവയുടെ കഴിവില്ലായ്മ'യാണ്. കണികാകൂട്ടിയിടികളില്‍ അവ രൂപപ്പെട്ടു കഴിഞ്ഞാല്‍ സെക്കന്‍ഡിനുള്ളില്‍ കോടിക്കണക്കിന് പ്രാവശ്യം അവ സാധാരണ അവസ്ഥയില്‍ നിന്ന് പ്രതിദ്രവ്യാവസ്ഥയിലേക്ക് ദോലനം ചെയ്യും, എവിടെ നില്‍ക്കണമെന്ന് നിശ്ചയമില്ലാത്തതുപോലെ! മ്യുവോണുകളായി അപചയം സംഭവിക്കും മുമ്പ് പ്രതിദ്രവ്യാവസ്ഥയില്‍ നിന്ന് മീസണുകള്‍ ദ്രവ്യാവസ്ഥയിലേക്ക് എത്തുന്നതിന്റെ തോത്, തിരിച്ചു സംഭവിക്കുന്നതിലും കൂടുതലാണ്. അതുകൊണ്ടാണ് മ്യുവോണ്‍ ജോഡികളുടെ എണ്ണം ആന്റിമ്യുവോണ്‍ ജോഡികളെക്കാള്‍ കൂടുതലാകുന്നത്.

എന്നാല്‍, ഈ സൂചന പ്രപഞ്ചരഹസ്യം വെളിപ്പെടുത്താന്‍ പോന്ന വിധത്തിലുള്ളതാണോ എന്നറിയണമെങ്കില്‍, ബി-മീസണുകളുടെ നിഗൂഢസ്വഭാവത്തെക്കുറിച്ച് കൂടുതലറിയണം, ഡോ.ബ്രൂയിജ്മാന്‍സ് പറഞ്ഞു. ഏതായാലും പുതിയ കണ്ടെത്തല്‍ തികച്ചും പ്രോത്സാഹജനകമാണെന്ന് അദ്ദേഹം സമ്മതിക്കുന്നു. 'നിലവിലുള്ള സിദ്ധാന്തങ്ങള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്ത അല്ലെങ്കില്‍ അവയ്ക്ക് അപ്പുറത്തുള്ള എന്തോ ആണ് പരീക്ഷണത്തില്‍ കാണുന്നതെന്ന് ഞങ്ങള്‍ക്കറിയാം'-ഡിസീറോ പരീക്ഷണത്തിന്റെ വക്താക്കളിലൊരാളായ സ്റ്റീഫാന്‍ സോള്‍ഡ്‌നര്‍ റെംബോള്‍ഡ് അറിയിച്ചു.

പ്രപഞ്ചത്തിന്റെ ഉള്ളടക്കം വിശദീകരിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ എന്ന സൈദ്ധാന്തിക പാക്കേജിന് വിശദീകരിക്കാന്‍ കഴിയുന്നതിന് അപ്പുറത്തുള്ള കാര്യമാണ് ഡിസീറോ പരീക്ഷണത്തില്‍ ഗവേഷകര്‍ കണ്ടത്. ജനീവയ്ക്ക് സമീപം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡറിലെ ഒരു പരീക്ഷണമായ എല്‍.എച്ച്.സി.ബ്യൂട്ടി (LHCb) ലക്ഷ്യമാക്കുന്നതു തന്നെ പ്രപഞ്ചത്തിലെ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലുണ്ടായ സമമിതി വ്യത്യാസം എങ്ങനെ സംഭവിച്ചും എന്നറിയുക എന്നതാണ്. എല്‍.എച്ച്.സി.ബി.യിലും ഇപ്പോഴത്തെ സൂചന സ്ഥിരീകരിക്കപ്പെട്ടാല്‍, അടിസ്ഥാന സിദ്ധാന്തങ്ങള്‍ തന്നെ ഭേദഗതി ചെയ്യേണ്ടി വരും (കടപ്പാട്: ന്യൂയോര്‍ക്ക് ടൈംസ് ).

Friday, April 23, 2010

കണികാപരീക്ഷണം : പ്രപഞ്ചരഹസ്യങ്ങളിലേക്ക് ഒരു ചുവടുകൂടി


എല്‍.എച്ച്.സി.യില്‍ ആദ്യ ബ്യൂട്ടി ക്വാര്‍ക്കിനെ കണ്ടെത്തി. കണ്ടെത്തല്‍ പത്തുലക്ഷം കണികാകൂട്ടിയിടികള്‍ വിശകലനം ചെയ്ത്.

മഹാവിസ്‌ഫോടനം വഴി പ്രപഞ്ചം രൂപപ്പെട്ടപ്പോള്‍, ഇവിടെ ദ്രവ്യവും പ്രതിദ്രവ്യവും (antimatter) തുല്യ അളവിലായിരുന്നു, എന്നുവെച്ചാല്‍ കൃത്യമായ സമമിതിയില്‍ (സിമട്രിയില്‍). ദ്രവ്യകണങ്ങളും പ്രതിദ്രവ്യകണങ്ങളും പരസ്പരം നിഗ്രഹിച്ച് വെറുമൊരു ഊര്‍ജസങ്കേതമായി പ്രപഞ്ചം ഒടുങ്ങേണ്ടതായിരുന്നു, അല്‍പ്പവും ദ്രവ്യം അവശേഷിക്കാതെ. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍, ഗാലക്‌സികളോ നക്ഷത്രക്കൂടാരങ്ങളോ സൂര്യനോ സൗരയൂഥമോ ഭൂമിയോ നമ്മളോ ഒന്നും ഉണ്ടാവില്ലായിരുന്നു.

പക്ഷേ, എന്തോ ഭാഗ്യത്തിന് പ്രപഞ്ചാരംഭത്തിലെ ആ ആദിസമമിതിയില്‍ ചെറിയൊരു അന്തുലിതാവസ്ഥ സംഭവിച്ചു. ദ്രവ്യത്തിന് അനുകൂലമായിരുന്നു അത്. ദ്രവ്യത്തിന്റെ അളവ് പ്രതിദ്രവ്യത്തെക്കാള്‍ അല്‍പ്പം കൂടി. ശാസ്ത്രലോകത്തിന് ഇന്നും അറിയില്ല, ദ്രവ്യത്തിന് അനുകൂലമായി സമമിതി മാറ്റം എങ്ങനെ സംഭവിച്ചുവെന്ന്. പ്രപഞ്ചപഠനശാഖയില്‍ കണ്ടെത്താന്‍ അവശേഷിക്കുന്ന പ്രഹേളികകള്‍ക്കൊപ്പമാണ് ഈ പ്രശ്‌നത്തിന്റെയും സ്ഥാനം.

ജനീവയില്‍ സേണിന് സമീപം ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) കണ്ടെത്തന്‍ ശ്രമിക്കുന്ന ഉത്തരങ്ങളിലൊന്ന് ഈ പ്രശ്‌നത്തിന്റേതാണ്. എല്‍.എച്ച്.സി.യില്‍ നടക്കുന്ന കണികാപരീക്ഷണത്തില്‍, ഈ ഉത്തരം കണ്ടെത്താനുള്ള വഴി തുറന്നതായി സൂചന. പത്തുലക്ഷം കണികാകൂട്ടിയിടികള്‍ വിശകലനം ചെയ്തതില്‍ നിന്ന് 'ബ്യൂട്ടി ക്വാര്‍ക്ക്' (beauty or bottom quark) കണ്ടെത്തിയതാണ് പ്രതീക്ഷ നല്‍കുന്നത്. എല്‍.എച്ച്.സി. കണ്ടെത്തുന്ന ആദ്യ ബ്യൂട്ടി ക്വാര്‍ക്കാണിതെന്ന് 'സേണ്‍' (CERN) അധികൃതര്‍
അറിയിച്ചു.

പ്രപഞ്ചത്തില്‍ ദ്രവ്യവും പ്രതിദ്രവ്യവും തമ്മിലുള്ള സമമിതിയില്‍ മാറ്റം ഉണ്ടായത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് ഉത്തരം തേടാന്‍ 'ബ്യൂട്ടി കോര്‍ക്ക്' അഥവാ 'ബി ക്വാര്‍ക്ക്' എന്ന പേരിലറിയപ്പെടുന്ന കണികാവിഭാഗം സഹായിക്കുമെന്നാണ് ഗവേഷകര്‍ കരുതുന്നത്. വളരെ വളരെ അസ്ഥിരമായ ഈ കണങ്ങളെ കണ്ടെത്താന്‍ പാകത്തിലാണ് എല്‍.എച്ച്.സിയില്‍ 'ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ ബ്യൂട്ടി' (LHCb) എന്ന ഡിറ്റക്ടര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എല്‍.എച്ച്.സി.യില്‍ നടക്കുന്ന ആറ് പരീക്ഷണങ്ങളിലൊന്നാണിത്.

എല്‍.എച്ച്.സി.ബി.യില്‍ കണങ്ങള്‍ കൂട്ടിയിടിക്കുന്ന പോയന്റിന് ചുറ്റും 20 മീറ്റര്‍ അകലെ വരെ വിന്യസിച്ചിരിക്കുന്ന സബ്ഡിറ്റക്ടറുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനമാണ്, ബ്യൂട്ടിക്വാര്‍ക്കിനെ പിടിയിലൊതുക്കാന്‍ സഹായിക്കുന്നത്. 13 രാജ്യങ്ങളിലെ 48 സ്ഥാപനങ്ങളില്‍ നിന്നായി 650 ഗവേഷകര്‍ പങ്കാളികളാകുന്ന ഈ പരീക്ഷണത്തിലെ ആദ്യവിജയമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. പുതിയ കണങ്ങള്‍ കണ്ടെത്തുന്നതിനും അതുവഴി പ്രപഞ്ചരഹസ്യങ്ങളിലേക്കെത്തുന്നതിലുമുള്ള ആദ്യചുവടാണ് ബ്യൂ്ട്ടി ക്വാര്‍ക്കിന്റെ കണ്ടെത്തല്‍ എന്നു വിലയിരുത്തപ്പെടുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് B+ എന്ന പേരിലുള്ള ബ്യൂട്ടി ക്വാര്‍ക്കിനെ കണ്ടെത്തിയത്. മഹാവിസ്‌ഫോടനത്തിന് തൊട്ടടുത്ത് സംഭവിച്ചതെന്താണെന്ന് മനസിലക്കാന്‍ സഹായിക്കുന്നതാണ് ഈ കണങ്ങള്‍. യഥാര്‍ഥത്തില്‍ ബ്യൂട്ടി ക്വാര്‍ക്ക് ശാസ്ത്രത്തിന് പുതിയതല്ല. 1997-ല്‍ ആദ്യ ബ്യൂട്ടി ക്വാര്‍ക്കിനെ ശാസ്ത്രലോകം കണ്ടെത്തിയിരുന്നു. പക്ഷേ, അവ മറ്റ് കണങ്ങളുമായി ഇടപഴകുന്നതെങ്ങനെയെന്ന് മനസിലാക്കിയാലേ കാര്യങ്ങള്‍ക്ക് വ്യക്തതയുണ്ടാവൂ. അതിനാണ്, ബ്യൂട്ടി ക്വാര്‍ക്കുകളുടെ സ്വഭാവം പഠിക്കാന്‍ മാത്രമായി എല്‍.എച്ച്.സിയില്‍ ഒരു പ്രത്യേക പരീക്ഷണം തന്നെ നടത്തുന്നത്.

എല്‍.എച്ച്.സിയിലെ അറ്റ്‌ലസ് പരീക്ഷണത്തില്‍ W കണങ്ങളുടെ അളവുകള്‍ ആദ്യമായി ശേഖരിച്ചതായി, അറ്റ്‌ലാസ് വെബ്ബ്‌സൈറ്റ് പറയുന്നു. ഏപ്രില്‍ ഒന്നിനാണ് ഈ കണങ്ങള്‍ ആദ്യം പ്രത്യക്ഷപ്പെട്ടതത്രേ. പ്രപഞ്ചസാരത്തെ സംബന്ധിച്ച സൈദ്ധാന്തിക പാക്കേജായ 'സ്റ്റാന്‍ഡേര്‍ഡ് മോഡലി'ന്റെ ഭാഗമാണ് W കണങ്ങള്‍. ഈ കണവും ശാസ്ത്രത്തിന് പുതിയതല്ല. 1983-ല്‍ സേണിലെ തന്നെ ഗവേഷകരായ കാര്‍ലോ റുബ്ബിയ, സിമോന്‍ വാന്‍ ഡിര്‍ മീയര്‍ എന്നിവര്‍ ചേര്‍ന്നാണ് W കണങ്ങളെ കണ്ടെത്തിയത്.

എല്‍.എച്ച്.സി.യില്‍ റിക്കോര്‍ഡ് ഊര്‍ജനിലയായ 7 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ടില്‍ (7 Tev) കണികാകൂട്ടിയിടികള്‍ ആരംഭിച്ചത് കഴിഞ്ഞ മാര്‍ച്ച് 30-നാണ്. ആദ്യ ആഴ്ച തന്നെ അഞ്ചുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ വിജയകരമായി നടന്നുവെന്ന് സേണ്‍ വെളിപ്പെടുത്തിയിരുന്നു. ഇതുവരെ ലോകത്ത് ഒരു കണികാത്വരകവും ആര്‍ജിക്കാത്ത അത്ര ഉയര്‍ന്ന ഊര്‍ജനിലയില്‍ നടക്കുന്ന ഈ കണികാപരീക്ഷണം ഓരോന്നും ഓരോ മിനി 'ബിഗ്ബാങ്' (Big bang) എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്.

കാണുക

Tuesday, March 30, 2010

'ദൈവകണ'ത്തിനായുള്ള യഥാര്‍ഥ മത്സരം തുടങ്ങി

ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ശരിക്കുള്ള കണികാപരീക്ഷണം ഇന്നാണ് ആരംഭിച്ചത്. 7 ട്രില്യണ്‍ ഇലക്ട്രോണ്‍ വോള്‍ട്ട് (7TeV) ഊര്‍ജനിലയില്‍ ആദ്യ കണികാകൂട്ടിയിടി നടത്തിക്കൊണ്ട് മനുഷ്യനിര്‍മിതമായ ഈ ഏറ്റവും വലിയ യന്ത്രം അതിന്റെ ജൈത്രയാത്രക്ക് തുടക്കം കുറിച്ചു. ഇനി പ്രപഞ്ചരഹസ്യങ്ങക്കായി കാത്തിരിപ്പിന്റെ നാളുകള്‍.

'ഒരു കണികാശാസ്ത്രജ്ഞനെ സംബന്ധിച്ചിടത്തോളം ഇതൊരു മഹത്തായ ദിനമാണ്' - പരീക്ഷണത്തിന്റെ ചുമതല വഹിക്കുന്ന യൂറോപ്യന്‍ കണികാപരീക്ഷണശാലയായ 'സേണി' (CERN) ന്റെ ഡയറക്ടര്‍ ജനറല്‍ റോള്‍ഫ് ഹ്യുയര്‍
വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. 'ഈയൊരു നിമിഷത്തിനായി അനേകം പേര്‍ കാത്തിരിക്കുകയായിരുന്നു. അവരുടെ ക്ഷമയ്ക്കും പ്രതിജ്ഞാബദ്ധതയ്ക്കും പ്രതിഫലം ലഭിക്കാന്‍ പോകുന്നു'-ഹ്യുയര്‍ പറഞ്ഞു.

ഇന്ത്യന്‍ സമയം പകല്‍ നാലരയോടെയാണ് റിക്കോര്‍ഡ് ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടി എല്‍.എച്ച്.സി.യില്‍ ആരംഭിച്ചത്. തുടങ്ങി മൂന്നു മണിക്കൂറിനകം അഞ്ചുലക്ഷം കണികാകൂട്ടിയികള്‍ എല്‍.എച്ച്.സി.യിലെ വിവിധ ഡിറ്റെക്ടറുകള്‍ രേഖപ്പെടുത്തിയതായി, സേണിന്റെ ട്വിറ്റര്‍ അപ്‌ഡേറ്റ് വെളിപ്പെടുത്തി.

ഭൂമുഖത്തെ ഒരു കണികാത്വരകത്തിനും ഇരുവരെ സാധിക്കാത്തത്ര ശക്തിയേറിയ കണികാകൂട്ടിയിടി എല്‍.എച്ച്.സി. യില്‍ തുടങ്ങിയതോടെ, ശരിക്കു പറഞ്ഞാല്‍ അത്‌ലാന്റിക്കിന്റെ ഇരുകരകളിലുമായി ഒരു ശാസ്ത്രകിടമത്സരത്തിനാണ് തിരികൊളുത്തിയിരിക്കുന്നത് -'ദൈവകണം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്താനുള്ള മത്സരത്തിന്! അത്‌ലാന്റിക്കിന്റെ ഒരു വശത്ത് എല്‍.എച്ച്.സി.യാണെങ്കില്‍, മറുവശത്ത് യു.എസ്.കണികാത്വരകമായ ടെവട്രോണ്‍ (Tevatron) ആണ്.

2011-ല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കരുതുന്ന ടെവട്രോണിന്റെ ഇപ്പോഴത്തെ മുഖ്യപരിഗണന, പ്രപഞ്ചത്തില്‍ പിണ്ഡത്തിന് നിദാനമെന്ന് കരുതുന്ന ഹിഗ്ഗ്‌സ് ബോസോണുകള്‍ കണ്ടെത്തുകയെന്നതാണ്. ഇതുവരെ എല്‍.എച്ച്.സി.അതിന്റെ തനി സ്വരൂപം കാട്ടാത്തതുകൊണ്ട്, ടെവട്രോണിന് പ്രതിയോഗി ഇല്ലായിരുന്നു. ഇനി അതല്ല സ്ഥിതി. ടെവട്രോണിന് സാധ്യമായ പരമാവധി ഊര്‍ജനില 1.96 TeV ആണ്. അതിന്റെ മൂന്നിര ഇരട്ടി കരുത്ത് എല്‍.എച്ച്.സി. ഇപ്പോള്‍ ആര്‍ജിച്ചിരിക്കുന്നു.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിയിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവിലാണ് എല്‍.എച്ച്.സി. സ്ഥാപിച്ചിരിക്കുന്നത്. ഉന്നത ഊര്‍ജനിലയില്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അതില്‍നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സി.യുടെ ലക്ഷ്യം. 3.5 TeV വീതം ശക്തിയുള്ള കണികാധാരകള്‍ എല്‍.എച്ച്.സി.യില്‍ മാര്‍ച്ച് 19 ന് ആദ്യമായി ചുറ്റിത്തിരിഞ്ഞു. 3.5 TeV വീതം ശക്തിയുള്ള, എതില്‍ദിശയില്‍ ചുറ്റിത്തിരിയുന്ന കണികാധാരകളെ കൂട്ടിയിടിപ്പിക്കുകയാണ് ഇപ്പോള്‍ ചെയ്തത്. എന്നുവെച്ചാല്‍, 7 TeV ശക്തിയുള്ള കൂട്ടിയിടി.

7 TeV ശക്തിയുള്ള കണികാകൂട്ടിയിടി തുടങ്ങുന്നതായിരിക്കും എല്‍.എച്ച്.സി.യുടെ 'പ്രഥമ ഭൗതിശാസ്ത്ര ദിനം' (LHC First Physics day) എന്ന് 'സേണ്‍' മാര്‍ച്ച് മൂന്നിന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞിരുന്നു. പ്രപഞ്ചരഹസ്യങ്ങള്‍ തേടിയുള്ള എല്‍.എച്ച്.സി.യുടെ പ്രയാണത്തിന്റെ ആരംഭമാണ് ആദ്യ ഭൗതികശാസ്ത്ര ദിനം. എന്നുവെച്ചാല്‍, പുതുയുഗപ്പിറവി.

പക്ഷേ, കണികാപരീക്ഷണം വഴി ഉടന്‍ കണ്ടുപിടിത്തങ്ങള്‍ പ്രതീക്ഷിക്കരുതെന്ന് സേണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണം, ലക്ഷക്കണക്കിന് കണികാകൂട്ടിയിടികളില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്താലേ ഒരു മുന്നേറ്റം സാധ്യമാകൂ. 'അതിന് മാസങ്ങളോ വര്‍ഷങ്ങളോ നീളുന്ന ക്ഷമാപൂര്‍വമായ കാത്തിരിപ്പ് വേണ്ടിവരും'-എല്‍.എച്ച്.സി.യില്‍ സി.എം.എസ്. (CMS) ഡിറ്റെക്ടറിന്റെ വക്താവ് ഗ്വിഡോ ടോണെല്ലി പറഞ്ഞു.

എല്‍.എച്ച്.സി. രൂപകല്‍പ്പന ചെയ്തിരിക്കുന്നത് 7 TeV ശക്തിയിലുള്ള കണികാപരീക്ഷണത്തിനല്ല, 14 TeV ലുള്ള പരീക്ഷണത്തിനാണ്. 7 TeV ഊര്‍ജനിലയിലുള്ള പരീക്ഷണം 2011 അവസാനം വരെ തുടരും. അതിനു ശേഷം ഒരു വര്‍ഷം എല്‍.എച്ച്.സി. അടച്ചിട്ട് നവീകരണം നടത്തും. 2013 ലാകും പൂര്‍ണതോതിലുള്ള പരീക്ഷണത്തിന്റെ ആരംഭം.

ഭൗതികശാസ്ത്രത്തിന് ഇനിയും പിടികൊടുക്കാത്ത ഹിഗ്ഗ്‌സ് ബോസോണുകളെ കണ്ടെത്താന്‍ പക്ഷേ, എല്‍.എച്ച്.സി.യില്‍ പകുതി ഊര്‍ജനിലയിലുള്ള പരീക്ഷണം മതിയെന്നാണ് കണക്കുകൂട്ടല്‍. പിണ്ഡത്തിന് നിദാനമായ ആ കണങ്ങളെ കണ്ടെത്തിയാലേ, സ്റ്റാന്‍ഡേര്‍ഡ് മോഡല്‍ പോലെ പ്രപഞ്ചസാരം നിര്‍വചിക്കുന്ന സൈദ്ധാന്തിക ചട്ടക്കൂടുകള്‍ക്ക് നിലനില്‍പ്പുള്ളു.

മാത്രമല്ല, മനുഷ്യന് ഇതുവരെ സാധിക്കാത്തത്ര ഉന്നത ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടിയില്‍ അറിയപ്പെടാത്ത മാനങ്ങള്‍ (dimensions) പ്രത്യക്ഷപ്പെടുമെന്നും പ്രതീക്ഷയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ സ്ട്രിങ് തിയറിയുടെ സാധൂകരണമാകും അത്. പുതിയ കണങ്ങളും കണ്ടെത്തിയേക്കാം. 'സൂപ്പര്‍സിമട്രിക് കണങ്ങള്‍' ആണ് പ്രതീക്ഷിക്കപ്പെടുന്ന ഒരു താരം. ശ്യാമദ്രവ്യം (dark matter) പോലുള്ള പ്രഹേളികള്‍ക്ക് ഉത്തരം ലഭിക്കാന്‍ സൂപ്പര്‍സിമട്രിയുടെ കണ്ടെത്തല്‍ സഹായിക്കുമെന്ന് കരുതുന്നു.
കാണുക

Friday, March 19, 2010

എല്‍.എച്ച്.സി. വീണ്ടും റിക്കോര്‍ഡിന്റെ തിളക്കത്തില്‍

ചരിത്രത്തില്‍ ഒരു കണികാത്വരകത്തിനും സാധിക്കാത്തത്ര ഉയര്‍ന്ന ഊര്‍ജനിലയിലുള്ള കണികാധാരകള്‍ ചുറ്റിത്തിരിയുക വഴി, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) വീണ്ടും റിക്കോര്‍ഡിട്ടു. 3.5 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (3.5 TeV) ഊര്‍ജനില കൈവരിച്ച രണ്ട് കണികാധാരകളാണ് വെള്ളിയാഴ്ച എല്‍.എച്ച്.സി.യില്‍ ചുറ്റിസഞ്ചരിച്ചത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിയിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ വെച്ചേറ്റവും വലുതും സങ്കീര്‍ണവുമായ യന്ത്രമാണ്. ഉന്നത ഊര്‍ജനിലയില്‍ കണങ്ങളെ തമ്മില്‍ കൂട്ടിയിടിപ്പിച്ച് അതില്‍നിന്ന് പുറത്തുവരുന്നത് എന്തൊക്കെയെന്ന് പഠിക്കുകയാണ് എല്‍.എച്ച്.സി.യിലെ കണികാപരീക്ഷണത്തിന്റെ ലക്ഷ്യം.

എതിര്‍ദിശയില്‍ പായുന്ന, 7 TeV വീതം കൈവരിച്ച, രണ്ട് കണികാധാരകളെ പരസ്പരം കൂട്ടിയിടിപ്പിക്കുക വഴി (കൂട്ടിയിടി നടക്കുന്ന സ്ഥാനത്ത് ആകെ ഊര്‍ജനില 14 TeV ആകും), പ്രപഞ്ചസൃഷ്ടിക്ക് തൊട്ടടുത്ത നിമിഷങ്ങളെ പരീക്ഷണശാലയില്‍ പുനസൃഷ്ടിക്കുകയാണ് കണികാപരീക്ഷണത്തിന്റെ ആത്യന്തികലക്ഷ്യം.

ആ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ആദ്യമുന്നേറ്റമായി ഇപ്പോഴത്തെ വിജയം വിലയിരുത്തപ്പെടുന്നു. കണങ്ങളുടെ 7 TeV ഊര്‍ജനിലയിലെ കൂട്ടിയിടി (3.5 TeV വീതം ഊര്‍ജനിലയുള്ള കണികാധാരകള്‍ തമ്മില്‍) എന്ന് ആരംഭിക്കുമെന്ന് പിന്നീട് പ്രഖ്യാപിക്കുമെന്ന്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ യൂറോപ്യന്‍ കണികാപരീക്ഷണശാല 'സേണ്‍' (CERN) വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

2008 സപ്തംബര്‍ പത്തിനാണ് എല്‍.എച്ച്.സി.പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, ഏതാനും ദിവസത്തിനകം തകരാര്‍ മൂലം അത് അടച്ചിടേണ്ടി വന്നു. 14 മാസത്തെ ഇടവേളയ്ക്കു ശേഷം 2009 നവംബര്‍ 20-നാണ് കണികാപരീക്ഷണം വീണ്ടും തുടങ്ങിയത്.

3.5 TeV വീതമുള്ള കണികാധാരകള്‍ പുറപ്പെടുവിക്കാന്‍ കഴിഞ്ഞു എന്നകാര്യം, 2008 സപ്തംബറിന് ശേഷം എല്‍.എച്ച്.സി.യില്‍ നടത്തിയ പരിഷ്‌ക്കരണങ്ങള്‍ എത്ര മികച്ചതാണെന്ന് വ്യക്തമാക്കുന്നതായി സേണിലെ കണികാത്വരകങ്ങളുടെ മുഖ്യചുമതലക്കാരനായ സ്റ്റീവ് മയേഴ്‌സ് പറഞ്ഞു.
എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം തുടങ്ങിയ ശേഷം കഴിഞ്ഞ നവംബര്‍ 23-നാണ് അതിലൂടെ കണികാധാരകള്‍ ആദ്യമായി വിജയകരമായി എതിര്‍ദിശയില്‍ സഞ്ചരിച്ചത്. 1.18 TeV വീതം ഊര്‍ജനിലയുള്ള കണികാധാരകള്‍ സ്ഥാപിച്ചുകൊണ്ട് നവംബര്‍ 30-ന് എല്‍.എച്ച്.സി.റിക്കോര്‍ഡിട്ടു. ക്രിസ്തുമസ് അവധിക്ക് ഡിസംബര്‍ 16-ന് അടയ്ക്കുമ്പോഴേക്കും, 2.36 TeV ഊര്‍ജനിലയിലുള്ള കണികാകൂട്ടിയിടി വഴി കാര്യമായ ഡേറ്റ സൃഷ്ടിക്കാനും എല്‍.എച്ച്.സി.ക്ക് സാധിച്ചിരുന്നു.

2009 -ലെ പ്രവര്‍ത്തനം അവസാനിച്ചപ്പോഴേക്കും എല്‍.എച്ച്.സി.യിലെ നാല് പ്രധാന പരീക്ഷണങ്ങളായ ആലീസ് (ALICE), അറ്റ്‌ലസ് (ATLAS), സി.എം.എസ് (CMS), എല്‍.എച്ച്.സി.ബ്യൂട്ടി (LHCb) എന്നിവ ഓരോന്നും പത്തുലക്ഷത്തിലേറെ കണികാകൂട്ടിയിടികള്‍ റിക്കോര്‍ഡ് ചെയ്തു കഴിഞ്ഞു. മാത്രമല്ല, ആ വിവരങ്ങള്‍ വിശകലനം ചെയ്യാനായി 'എല്‍.എച്ച്.സി.കമ്പ്യൂട്ടിങ് ഗ്രിഡ്' വഴി ലോകമെങ്ങും വിതരണം ചെയ്യാനും സാധിച്ചു.

ക്രിസ്തുമസ് അവധി കഴിഞ്ഞ് 2010 മാര്‍ച്ച് ഒന്നിനാണ് എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചത്. ഇനി ഏതാണ്ട് രണ്ടു വര്‍ഷക്കാലം നിശ്ചിത ഊര്‍ജനിലയുടെ പകുതിയിലായിരിക്കും എല്‍.എച്ച്.സി. പ്രവര്‍ത്തിക്കുകയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച സേണ്‍ അധികൃതര്‍ ഇക്കാര്യം സ്ഥിരീകരിച്ചു.

7 TeV വീതമുള്ള കണികാധാരകളെ നിലവില്‍ എല്‍.എച്ച്.സി. താങ്ങുമോ എന്ന സംശയമാണ് ഇത്തരമൊരു മുന്‍കരുതലിന് സേണിനെ പ്രേരിപ്പിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാത്രമല്ല, എല്‍.എച്ച്.സി.യുടെ മുഖ്യലക്ഷ്യങ്ങളിലൊന്നായ 'ഹിഗ്ഗ്‌സ് ബോസോണുകളെ' കണ്ടെത്താന്‍ 3.5 TeV വീതമുള്ള കണികാധാരകള്‍ കൂട്ടിയിടിച്ചാല്‍ മതിയെന്ന കണക്കുകൂട്ടലും ഈ തീരുമാനത്തിന് പിന്നിലുണ്ട്.

കണികാകൂട്ടിയിടി 7 TeV യില്‍ എത്തിക്കഴിഞ്ഞാല്‍ (3.5 TeV വീതമുള്ള കണികാധാരകള്‍ തമ്മില്‍) ആ സ്ഥിതി 18-24 മാസം തുടരുമെന്ന് സേണിന്റെ വാര്‍ത്താക്കുറിപ്പ് പറയുന്നു. 2011 അവസാനം അടച്ചു കഴിഞ്ഞാല്‍ ഒരുവര്‍ഷം നീളുന്ന പരിഷ്‌ക്കരണ ജോലികള്‍ എല്‍.എച്ച്.സി.യില്‍ നടക്കും. 14 TeV കൂട്ടിയിടിക്കുള്ള കരുത്തുമായാവും അതുകഴിഞ്ഞ് എല്‍.എച്ച്.സി. പ്രവര്‍ത്തനം തുടങ്ങുക. പുതിയ ഭൗതികശാസ്ത്രയുഗമാകും ചിലപ്പോള്‍ അതോടെ ആരംഭിക്കുക. (അവലംബം: സേണിന്റെ വാര്‍ത്താക്കുറിപ്പ് )

കാണുക

Friday, February 19, 2010

കണികാപരീക്ഷണം അടുത്തയാഴ്ച പുനരാരംഭിക്കും

ക്രിസ്മസ് അവധിക്ക് ശേഷം ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ഫിബ്രവരി 25-ന് പ്രവര്‍ത്തനം പുനരാരംഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. 2009 ഡിസംബര്‍ 16 മുതലാണ് കണികാപരീക്ഷണം നിര്‍ത്തിവെച്ചത്.

ജനീവയ്ക്ക് സമീപം സ്വിസ്സ്-ഫ്രഞ്ച് അതിര്‍ത്തിയില്‍ ഭൂമിക്കടിയില്‍ 27 കിലോമീറ്റര്‍ ചുറ്റളവില്‍ സ്ഥാപിച്ചിട്ടുള്ള എല്‍.എച്ച്.സി. മനുഷ്യന്‍ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ യന്ത്രമാണ്. ചരിത്രത്തിലെ ഏറ്റവും ശക്തിയേറിയ കണികാപരീക്ഷണമാണ് അതില്‍ നടക്കുന്നത്.

എതിര്‍ ദിശയില്‍ പ്രകാശവേഗത്തിനടുത്ത് പായുന്ന പ്രോട്ടോണ്‍ ധാരകളെ (അല്ലെങ്കില്‍ ലെഡ് അയണ്‍ ധാരകളെ) പരസ്പരം കൂട്ടിയിടിപ്പിച്ച്, പ്രപഞ്ചാരംഭത്തിലെ അവസ്ഥ പരീക്ഷണശാലയില്‍ സൃഷ്ടിക്കുകയാണ് കണികാപരീക്ഷണം ലക്ഷ്യമിടുന്നത്. അതുവഴി പ്രപഞ്ചത്തെ സംബന്ധിച്ച് ശാസ്ത്രലോകത്തിന് ഇനിയും പിടികൊടുക്കാത്ത പ്രഹേളികകള്‍ക്ക് ഉത്തരം ലഭിക്കുമെന്നാണ് പ്രതീക്ഷ.

കണികാപരീക്ഷണം പുനരാരംഭിക്കുന്നത് എന്നാണെന്ന്, എല്‍.എച്ച്.സി.യുടെ ചുമതലക്കാരായ 'സേണ്‍' (യൂറോപ്യന്‍ കണികാപരീക്ഷണശാല-CERN) വെളിപ്പെടുത്തിയിട്ടില്ലങ്കിലും, ഫിബ്രവരി 25 വ്യാഴാഴ്ച അതുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഫിബ്രവരിയില്‍ എല്‍.എച്ച്.സി. വീണ്ടും പ്രവര്‍ത്തനം തുടങ്ങുമെന്ന് സേണ്‍ അധികൃതര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

കണികാപരീക്ഷണം പുനരാരംഭിക്കുന്നത് താരതമ്യേന താഴ്ന്ന ഊര്‍ജനിലയില്‍ ആയിരിക്കുമെന്നാണ് സൂചന. കൂട്ടിയിടിയുടെ ഊര്‍ജനില 900 ഗിഗാഇലക്ട്രോണ്‍ വോള്‍ട്ട് (GeV) ആകത്തക്ക വിധം, 450 GeV വീതമുള്ള കണികാധാരകളാകും തുടക്കത്തില്‍ ഉപയോഗിക്കുക. തുടര്‍ന്നുള്ള ആഴ്ചകളില്‍ കൂട്ടിയിടിയുടെ ഊര്‍ജനില 7 ടെട്രാഇലക്ട്രോണ്‍ വോള്‍ട്ട് (TeV) ആകത്തക്കവിധം, എതിര്‍ദിശയില്‍ പായുന്ന കണികാധാരകളുടെ ഊര്‍ജനില 3.5 TeV വീതമാക്കി ഉയര്‍ത്തും.

കൂട്ടിയിടിയുടെ ഊര്‍ജനില 14 TeV കൈവരിക്കുകയാണ് എല്‍.എച്ച്.സി.യുടെ ആത്യന്തിക ലക്ഷ്യം. എന്നാല്‍, ഇപ്പോഴത്തെ അവസ്ഥയില്‍ അത്രയും ഉന്നത ഊര്‍ജനില താങ്ങാന്‍ എല്‍.എച്ച്.സി.ക്ക് ശേഷിയുണ്ടോ എന്ന് സംശയമുണ്ട്. അതിനാല്‍, തല്‍ക്കാലം പകുതി ഊര്‍ജനിലയില്‍ പരീക്ഷണം തുടരാനാണ് സേണ്‍ ഉദ്ദേശിക്കുന്നത്.

'ഹിഗ്ഗ്‌സ് ബോസോണു'കള്‍ കണ്ടെത്തുന്നതില്‍ അമേരിക്കന്‍ കണികാത്വരകമായ 'ടെവട്രോണ്‍' (Tevatron) നടത്തുന്ന ശ്രമത്തെ പകുതി ഊര്‍ജനിലയില്‍ തന്നെ എല്‍.എച്ച്.സി.ക്ക് പിന്നിലാക്കാന്‍ കഴിയുമെന്നാണ് സേണ്‍ അധികൃതരുടെ പ്രതീക്ഷ. അതുകഴിഞ്ഞ് ഒരു വര്‍ഷം അടച്ചിട്ട് എല്‍.എച്ച്.സി.യില്‍ ആവശ്യമായ നവീകരണം നടത്തിയ ശേഷം 2013-ലാകും അത് പ്രഖ്യാപിത ഊര്‍ജനിലയായ 14 TeV കൈവരിക്കുക.

കാണുക

Tuesday, February 16, 2010

പ്രപഞ്ചാരംഭത്തിലെ താപനില പരീക്ഷണശാലയില്‍


നാലുലക്ഷം കോടി (4 ട്രില്ല്യണ്‍) ഡിഗ്രി സെല്‍ഷ്യസ്! പ്രപഞ്ചാരംഭത്തില്‍ മൈക്രോസെക്കന്‍ഡുകള്‍ മാത്രം നിലനിന്നുവെന്ന് കരുതുന്ന ക്വാര്‍ക്ക്-ഗ്ലുവോണ്‍ പ്ലാസ്മാവസ്ഥയുടെ ഊഷ്മാവ്. ആ താപനില പരീക്ഷണശാലയില്‍ സൃഷ്ടിക്കുന്നതില്‍ ശാസ്ത്രലോകം ആദ്യമായി വിജയിച്ചിരിക്കുന്നു.

പ്രപഞ്ചത്തിന്റെ ഉത്ഭവ രഹസ്യത്തിലേക്ക് മനുഷ്യനെ അടുപ്പിക്കുന്ന ഈ മുന്നേറ്റം, അമേരിക്കന്‍ ഊര്‍ജവകുപ്പിന് കീഴില്‍ ന്യൂയോര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ബ്രൂക്ഹവന്‍ നാഷണല്‍ ലബോറട്ടറിയിലാണ് നടന്നത്. മില്ലിസെക്കന്‍ഡ് നേരത്തേക്കു മാത്രമാണ് അതിഭീമമായ ഈ താപനില സാധ്യമായതെങ്കിലും, വര്‍ഷങ്ങളോളം ഗവേഷകലോകത്തിന് തലപുകയ്ക്കാനുള്ള ഡാറ്റയാണ് അതുവഴി ലഭിച്ചത്.

ബ്രൂക്ഹവന്‍ ലബോറട്ടറിയില്‍ 12 അടി താഴ്ചയില്‍ സ്ഥാപിച്ചിട്ടുള്ള 'റിലേറ്റിവിസ്റ്റിക് ഹെവി അയണ്‍ കൊളൈഡര്‍ ('റിക്ക്' -RHIC) എന്ന കണികാത്വരകത്തില്‍ ചാര്‍ജുള്ള സ്വര്‍ണകണങ്ങളെ (gold ions) പരസ്പരം കൂട്ടിയിടിപ്പിച്ചാണ് സങ്കല്‍പ്പാതീതമായ ഈ താപനില സൃഷ്ടിച്ചത്. 3.84 കിലോമീറ്റര്‍ ചുറ്റളവുള്ള 'റിക്കി'ന്റെ ടണലിലാണ് കണങ്ങളുടെ കൂട്ടിയിടി നടക്കുന്നത്.

ആറ്റത്തിനുള്ളിലെ പ്രോട്ടോണ്‍, ന്യൂട്രോണ്‍ തുടങ്ങിയവയുടെ അടിസ്ഥാനഘടകം ക്വാര്‍ക്കുകള്‍ (quarks) ആണ്. ഗ്ലുവോണ്‍ (gluon) കണങ്ങളാണ് ക്വാര്‍ക്കുകളെ ബന്ധിപ്പിച്ച് നിര്‍ത്തുന്നത്. പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബന്ധനമാണിത്. സാധാരണ താപനിലയിലോ ഊര്‍ജപ്രയോഗത്താലോ ഗ്ലുവോണ്‍ ബന്ധനം പൊട്ടിച്ച് ക്വാര്‍ക്കുകള്‍ക്ക് സ്വതന്ത്രമാകാനാവില്ല.

എന്നാല്‍, നാലുലക്ഷം കോടി ഡ്രിഗ്രി സെല്‍ഷ്യസ് എന്നത് ഗ്ലുവോണ്‍ ബന്ധനമഴിഞ്ഞ് പ്രോട്ടോണുകളും ന്യൂട്രോണുകളും 'ഉരുകുകാന്‍' പോന്നതിലും ഉയര്‍ന്ന ഊഷ്മാവാണെന്ന് ബ്രൂക്ഹവനിലെ ഗവേഷകനായ സ്റ്റീവന്‍ വിഗ്‌ഡോര്‍ പറഞ്ഞു. വാഷിങ്ടണിലെ അമേരിക്കന്‍ ഫിസിക്കല്‍ സൊസൈറ്റിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വിശദീകരിച്ചത്.

'പ്രോട്ടോണുകളും ന്യൂട്രോണുകളും ഉരുകാന്‍ വേണ്ട കുറഞ്ഞ താപനില എന്ന് പ്രവചിക്കപ്പെട്ടിട്ടുള്ളത് രണ്ടുലക്ഷം കോടി (2 ട്രില്ല്യണ്‍) ഡിഗ്രിയാണ്'-വിഗ്‌ഡോര്‍ അറിയിച്ചു. അതിന്റെ ഇരട്ടിയാണ് ഇപ്പോള്‍ പരീക്ഷണശാലയില്‍ സൃഷ്ടിക്കപ്പെട്ട താപനില. ടൈപ്പ്-2 സൂപ്പര്‍നോവയുടെ അകക്കാമ്പിലെ താപനില എന്ന് കരുതുന്നത് ഇരുന്നൂറ് കോടി (2 ബില്ല്യണ്‍) ഡിഗ്രി സെല്‍ഷ്യസാണ്, സൂര്യന്റെ ഉള്ളിലേത് അഞ്ചുകോടി ഡിഗ്രിയും. ഇരുമ്പ് ഉരുകുന്നത് 1800 ഡിഗ്രിയിലുമാണ്. പ്രപഞ്ചത്തിലെ ശരാശരി താപനില എന്നു കണക്കാക്കിയിട്ടുള്ളത് കേവലപൂജ്യത്തിന് 0.7 ഡിഗ്രിക്ക് മുകളിലാണ്.

പ്രപഞ്ചാരംഭത്തിലെ അത്യുന്നത താപനിലയില്‍ ക്വാര്‍ക്കുകളും ഗ്ലുവോണുകളും കൂടിക്കുഴഞ്ഞ് പ്ലാസ്മാവസ്ഥയിലായിരുന്നുവെന്നാണ് നിഗമനം. പ്രപഞ്ചം തണുത്തു വന്നതോടെ ഹാഡ്രോണുകള്‍ (പ്രോട്ടോണുകളും ന്യൂട്രോണുകളും ഉള്‍പ്പടെ ദ്രവ്യത്തിന് നിദാനമായ കണങ്ങളാണ് ഹാഡ്രോണുകള്‍) രൂപപ്പെട്ടു. 'റിക്കി'ല്‍ നടന്ന കണികാകൂട്ടിയിടിയില്‍ തങ്ങള്‍ കണ്ടത് പ്രപഞ്ചാരംഭത്തില്‍ ഹാഡ്രോണുകള്‍ രൂപപ്പെടുന്നതിന് മുമ്പുള്ള മൈക്രോസെക്കന്‍ഡാണെന്ന് ഗവേകര്‍ കരുതുന്നു.

ദ്രവ്യവും പ്രതിദ്രവ്യവും തുല്യ അളവില്‍ ഉണ്ടായിരുന്ന പ്രപഞ്ചത്തിന്റെ ആദ്യനിമിഷങ്ങളില്‍ ദ്രവ്യത്തിന് അനുകൂലമായി സംഭവിച്ച എന്തൊ ഒന്നാണ്, പ്രപഞ്ചത്തെ ഇന്നത്തെ രൂപത്തിലാക്കിയത്. ദ്രവ്യവും പ്രതിദ്രവ്യവും ചേര്‍ന്നാല്‍ അവ പരസ്പരം നിഗ്രഹിച്ച് ഇല്ലാതാവുകയും ഊര്‍ജം മാത്രം അവശേഷിക്കുകയും ചെയ്യും. പ്രപഞ്ചത്തിന്റെ കാര്യത്തിലും അങ്ങനെ സംഭവിക്കേണ്ടതായിരുന്നു. ഊര്‍ജം മാത്രമുള്ള ഒന്നായി പ്രപഞ്ചം മാറേണ്ടതായിരുന്നു.

എന്തുകൊണ്ട് അങ്ങനെ സംഭവിച്ചില്ല, എന്താണ് ദ്രവ്യത്തിന് അനുകൂലമായി സംഭവിച്ചത് എന്നകാര്യം ഇന്നും ശാസ്ത്രത്തിന് ഉത്തരം കിട്ടാത്ത പ്രശ്‌നമാണ്. അക്കാര്യത്തില്‍ പുതിയ ഉള്‍ക്കാഴ്ച ലഭിക്കാന്‍ ഇപ്പോഴത്തെ മുന്നേറ്റം സഹായിക്കും. ജനീവയ്ക്ക് സമീപം ഭൂമിക്കടിയില്‍ സ്ഥാപിച്ചിട്ടുള്ള ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ (LHC) ഇതിനെക്കാള്‍ ഉയര്‍ന്ന താപനില സൃഷ്ടിക്കാന്‍ ശേഷിയുള്ള യന്ത്രമാണ്. പ്രപഞ്ചാരംഭത്തിലേക്ക് ഗവേഷകലോകത്തെ അത് കുറെക്കൂടി അടുപ്പിക്കും.

പ്രപഞ്ചരഹസ്യങ്ങള്‍ തേടുന്നതുകൊണ്ട് ബ്രൂക്ഹവനിലെ കണികാപരീക്ഷണത്തിന്റെ സാധ്യതകള്‍ അവസാനിക്കില്ലെന്ന് ഗവേഷകര്‍ പറഞ്ഞു. വലിപ്പം കുറഞ്ഞ, വേഗമേറിയ ക്വാണ്ടംകമ്പ്യൂട്ടറുകളുടെ നിര്‍മിതിക്കു വഴികാട്ടിയാകാനും കണികാപരീക്ഷണം സഹായിച്ചേക്കും. ഇതുസംബന്ധിച്ച ചില ആശയങ്ങള്‍ പേറ്റന്റ് ചെയ്തതായി, ഗവേഷകനായ ഡിമിത്രി ഖര്‍സീവ് അറിയിച്ചു.

'ഇലക്ട്രിക് ചാര്‍ജുമൂലമുള്ള കറണ്ടുകൊണ്ടു മാത്രമല്ല, 'സ്പിന്‍' എന്ന ക്വാണ്ടംമെക്കാനിക്കല്‍ ഗുണം പ്രദാനം ചെയ്യുന്ന കറണ്ട് കൊണ്ടുകൂടി പ്രവര്‍ത്തിക്കുന്ന ഉപകരണം രൂപപ്പെടുത്തുകയാണ് ലക്ഷ്യം'-അദ്ദേഹം വെളിപ്പെടുത്തി.

ദ്രവ്യത്തിന്റെ മൗലികഘടകങ്ങളായ ക്വാര്‍ക്കുകള്‍ വ്യത്യസ്ത രീതിയില്‍ വ്യത്യസ്ത ദിശകളില്‍ 'സ്പിന്‍'(spin) ഉള്ളവയാണ്. അത് എങ്ങനെ, എന്തുകൊണ്ട് എന്നൊക്കെ മനസിലാക്കാനായാല്‍, അതില്‍ നിന്നുള്ള ഊര്‍ജം ഉപയോഗിക്കാന്‍ വഴിതെളിയും. അതാകാം ചിലപ്പോള്‍ ഭാവിയിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തനം സാധ്യമാക്കുക. (കടപ്പാട്: വാര്‍ത്താ ഏജിന്‍സികള്‍)