Saturday, January 19, 2013

മുയലുകള്‍ കടക്കാത്ത വേലി


'റാബിറ്റ് പ്രൂഫ് ഫെന്‍സ്' (Rabbti-Proof Fence) - ഒരു പേര്, ഒരു സിനിമ, ഒരു ഭൂഖണ്ഡം. രണ്ട് മഹാദുരന്തങ്ങളെ അത് ഒരേസമയം പ്രതിനിധീകരിക്കുന്നു. അതില്‍ ഒരു ദുരന്തം ഏറ്റുവാങ്ങിയത് ഓസ്‌ട്രേലിയയിലെ ആദിമജനത, രണ്ടാമത്തേത് താങ്ങേണ്ടി വന്നത് ഓസ്‌ട്രേലിയന്‍ പ്രകൃതിയും.

സിനിമയുടെ പ്രമേയം ശരിക്കുമൊരു ഓര്‍മപ്പെടുത്തലാണ്. സ്വന്തം മാതാപിതാക്കളില്‍നിന്ന്, കുടുംബങ്ങളില്‍നിന്ന്, കാടുകളില്‍നിന്ന്, ഗ്രാമങ്ങളില്‍നിന്ന്, ഗോത്രങ്ങളില്‍നിന്ന്, വംശങ്ങളില്‍നിന്ന്, സ്മരണകളില്‍നിന്ന്, സംസ്‌ക്കാരത്തില്‍നിന്ന് എല്ലാക്കാലത്തേക്കുമായി പിഴുതുമാറ്റപ്പെടുകയെന്ന നരകീയവിധി ഏറ്റുവാങ്ങേണ്ടി വന്ന തലമുറകളെ അത് വേദനയോടെ ഓര്‍മിപ്പിക്കുന്നു.

സിനിമയുടെ പേര് മറ്റൊരു ഓര്‍മപ്പെടുത്തലാകുന്നു. കാട്ടുമുയലുകളുടെ താണ്ഡവം എങ്ങനെ ഒരു ഭൂഖണ്ഡത്തെ പച്ചപ്പിന്റെ അനുഗ്രഹത്തില്‍നിന്ന് ബലമായി വേര്‍പെടുത്തി ഊഷരമാക്കിയെന്നും, ഓസ്‌ട്രേലിയന്‍ ഭൂഖണ്ഡത്തിന്റെ വക്കുകളൊഴികെ ഉള്‍നാട് മുഴുവന്‍ ഇന്നു കാണുന്ന നിലയ്ക്ക് പൂര്‍ണമായും മരുവത്ക്കരിക്കപ്പെട്ടത് എങ്ങനെയെന്നും അത് സൂചന നല്‍കുന്നു.

--------

തിരുവനന്തപുരം അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഇത്തവണ 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' പ്രദര്‍ശിപ്പിച്ച കാര്യം എന്റെ സഹോദരന്‍ ആന്റണിയാണ് പറഞ്ഞത്. ആ ചിത്രത്തെക്കുറിച്ച് നേരത്തെ കേട്ടിട്ടുള്ള അയാള്‍ തന്റെ സുഹൃത്തുക്കളില്‍ ചിലരെ അത് കാണാന്‍ പ്രേരിപ്പിച്ച കാര്യവും, ചിത്രം കണ്ട് അവര്‍ അവിസ്മരണീയമായ ഒരു അനുഭവമായി അക്കാര്യം വിവരിച്ചതും ആന്റണി പറഞ്ഞു. അതിന് ശേഷമാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' കാണാന്‍ ഈ ലേഖകന്‍ തീരുമാനിച്ചത്.

1930 കളില്‍ ഓസ്‌ട്രേലിയയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവം ആധാരമാക്കിയുള്ളതാണ് ഫിലിപ്പ് നോയിസ് സംവിധാനം ചെയ്ത 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്' (2002). ഡൊറിസ് പില്‍ക്കിങ്ടണ്‍ ഗാരിമാര എഴുതിയ 'ഫോളോ ദി റാബിറ്റ്-പ്രൂഫ് ഫെന്‍സ്' എന്ന ഗ്രന്ഥത്തെ ആധാരമാക്കി നിര്‍മിച്ച ചലച്ചിത്രമാണിത്. ഗാരിമാരയുടെ അമ്മയുടെയും മറ്റ് രണ്ട് പെണ്‍കുട്ടികളുടെയും അനുഭവമാണ് പ്രമേയം.

ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ വംശം നിലനിര്‍ത്താനായി, അവരുടെ കുട്ടികളെ കുടുംബങ്ങളില്‍നിന്ന് ബലമായി അടര്‍ത്തി മാറ്റാനും, പരിഷ്‌ക്കൃതരായി വളര്‍ത്താനും വെള്ളക്കാരായ ഭരണാധികാരികള്‍ നടപടി തുടരുന്ന സമയം.

പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ വിദൂര വനപ്രദേശമായ ജിസാലോങില്‍ കഴിയുന്ന 14-കാരിയായ മോളി ക്രെയ്ഗ്, എട്ടുവയസുള്ള ഡെയ്‌സി കഡിബില്‍, അവരുടെ ബന്ധുവായ 10 വയസ്സുകാരിയ ഗ്രേസി ഫീല്‍ഡ്‌സ് എന്നിവരുടെ അനുഭവമാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്.

അമ്മ ഗോത്രവര്‍ഗക്കാരിയാണെങ്കിലും, അവരുടെ അച്ഛന്‍ വെള്ളക്കാരനായിരുന്നു. മുയലുകളെ തടയാനുള്ള വേലി അവരുടെ ഗ്രാമത്തിനരികിലൂടെയാണ് കടന്നുപോകുന്നത്. ആ വേലി നിര്‍മിക്കാനെത്തിയതായിരുന്നു വെള്ളക്കാരനായ പിതാവ്. പിതാവ് ഉപേക്ഷിച്ച അവര്‍ അമ്മയ്ക്കും മുത്തശ്ശിക്കുമൊപ്പം ആ കാട്ടുഗ്രാമത്തില്‍ ആഹ്ലാദപൂര്‍വം കഴിയുകയായിരുന്നു.

ആദിമനിവാസികളെ രക്ഷിക്കുന്നതിന്റെ ഭാഗമായി സങ്കരവര്‍ഗക്കാരായ കുട്ടികളെ പിടികൂടി കൊണ്ടുവന്ന് പാര്‍പ്പിക്കുന്ന മൂര്‍ റിവര്‍ നേറ്റീവ് സെറ്റില്‍മെന്റിലേക്ക് അധികൃതര്‍ ആ മൂന്നു കുട്ടികളെയും ബലമായി കൊണ്ടുവരുന്നു. പടിഞ്ഞാന്‍ ഓസ്‌ട്രേലിയയില്‍ പെര്‍ത്ത് നഗരത്തിന് വടക്കുള്ള ആ സെറ്റില്‍മെന്റില്‍നിന്ന് ഒളിച്ചോടുന്ന മൂവര്‍സംഘം, ഒന്‍പത് ആഴ്ചകള്‍കൊണ്ട് 2400 കിലോമീറ്റര്‍ താണ്ടി സ്വന്തം ഗ്രാമത്തില്‍ തിരിച്ചെത്തുന്നു.

പിന്തുടര്‍ന്ന് പിടിക്കാനുള്ള പോലീസിന്റെയും, അധികൃതര്‍ വിശ്വാസമര്‍പ്പിക്കുന്ന ഗ്രോത്രവര്‍ഗക്കാരനായ തിരച്ചില്‍ വിദഗ്ധന്റെയുമൊക്കെ ശ്രമങ്ങള്‍ നിഷ്ഫലമാക്കിയാണ് കുട്ടികള്‍ ഐതിഹാസികമായ ആ രക്ഷപ്പെടല്‍ നടത്തുന്നത്. ഓസ്‌ട്രേലിയയുടെ ഊഷരഭൂവിലൂടെ അവരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കാന്‍ സഹായിക്കുന്നതോ, ആയിക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ നിര്‍മിച്ചിരിക്കുന്ന 'മുയല്‍ കടക്കാത്ത വേലി'യും!

'മുയല്‍ കടക്കാത്ത വേലി' ഇവിടെ പ്രതീക്ഷയുടെ പ്രതീകമാകുന്നു. തങ്ങളുടെ വിദൂര ഗ്രാമത്തിലേക്കും അമ്മയുടെ മടിത്തട്ടിലേക്കും എത്താമെന്ന അവരുടെ പ്രതീക്ഷയുടെ പ്രതീകം. ശരിക്കുപറഞ്ഞാല്‍, ഒരുകാലത്ത് പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയുടെ പ്രതീക്ഷ തന്നെയായിരുന്നു ആ വേലി. പച്ചപ്പ് നിലനിര്‍ത്താമെന്ന ശുഭസൂചനയുടെ പ്രതീകം.

മുയലുകളുടെ താണ്ഡവം

ഒരു ഭൂഖണ്ഡത്തെ തെക്കു-വടക്ക് വിഭജിച്ചുകൊണ്ട് ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ അത്തരമൊരു വേലി എന്തിന് നിര്‍മിക്കപ്പെട്ടു? അത്ര ശ്രമകരമായി ഒരു വേലി നിര്‍മിക്കാന്‍ പാകത്തില്‍ മുയലുകള്‍ എങ്ങനെയാണ് വില്ലന്മാരായത്.....! സിനിമ കാണുന്ന പലര്‍ക്കും ഇങ്ങനെയൊരു സംശയം ഉണ്ടായേക്കാം.

സിനിമ പ്രതീകവത്ക്കരിക്കുന്ന രണ്ടു ദുരന്തങ്ങളില്‍ ഒന്നിലേക്ക് നമ്മളെ ഈ ചോദ്യം നേരിട്ട് എത്തിക്കുന്നു. ഓസ്‌ട്രേലിയ നേരിട്ട ഏറ്റവും വലിയ പരിസ്ഥിതി ദുരന്തത്തിലേക്ക്.

അതെക്കുറിച്ചറിയാന്‍ നമ്മള്‍ 150 വര്‍ഷം പിന്നിലേക്ക് പോകണം.

ഓസ്‌ട്രേലിയയില്‍ കുടിയേറിയ വെള്ളക്കാരില്‍ മിക്കവരുടെയും മോഹം ആ ഭൂഖണ്ഡത്തെ മറ്റൊരു യൂറോപ്പ് ആക്കുക എന്നതായിരുന്നു. ആ അതിമോഹത്തിന്റെ ഭാഗമായാണ് യൂറോപ്യന്‍ കാട്ടുമുയലുകളും ഓസ്‌ട്രേലിയയിലെത്തിയത്.

തെക്കന്‍ ഓസ്‌ട്രേലിയയില്‍ വിക്ടോറിയ സംസ്ഥാനത്തെ വിന്‍ചെല്‍സിയില്‍ തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്‍, ഇംഗ്ലണ്ടില്‍നിന്നെത്തിച്ച 24 കാട്ടുമുയലുകളെ തന്റെ കൃഷിയിടത്തിന് സമീപം തുറന്നുവിട്ടു. 1859 ലായിരുന്നു അത്.

വേട്ടയാടാനുള്ള ആഗ്രഹമാണ് ആ കര്‍ഷകനെ അതിന് പ്രേരിപ്പിച്ചതെങ്കിലും, അധികം വൈകാതെ മുയലുകള്‍ ഓസ്‌ട്രേലിയയെ വേട്ടയാടാന്‍ തുടങ്ങി. വേഗത്തില്‍ പെറ്റുപെരുകിയ കാട്ടുമുയലുകള്‍ രണ്ടുവര്‍ഷംകൊണ്ട് ഓസ്റ്റിന്റെ കൃഷിയിടം മുഴുവന്‍ തരിശാക്കി സമീപ ജില്ലകളിലേക്ക് വ്യാപിക്കാനാരംഭിച്ചു.

അഞ്ചുകോടി വര്‍ഷത്തെ ഒറ്റപ്പെടലില്‍ കഴിഞ്ഞ ആ ഭൂഖണ്ഡത്തില്‍ മുയലുകളെ തിരിച്ചറിയാനോ നശിപ്പിക്കാനോ കഴിയുന്ന ഒറ്റ രോഗാണു പോലും ഉണ്ടായിരുന്നില്ല എന്നതാണ് പ്രശ്‌നമായത്. അവയെ തിന്നൊടുക്കുന്ന ജീവികളും അവിടെ ഇല്ലായിരുന്നു.

ആ അനുകൂല സാഹചര്യം കാട്ടുമുയലുകള്‍ക്ക് കണക്കില്ലാതെ പെരുകാന്‍ അവസരം നല്‍കി. ഒരര്‍ഥത്തില്‍ ഒരു മുയല്‍ പ്രളയത്തിന് തന്നെ ഓസ്‌ട്രേലിയ സാക്ഷ്യംവഹിച്ചു. കൃഷിയിടങ്ങളും കുറ്റിക്കാടുകളും ഉള്‍പ്പടെ എല്ലാ പച്ചപ്പുകളും തിന്നുതീര്‍ത്ത് ലക്ഷക്കണക്കിന് മുയലുകള്‍ കൂറ്റന്‍ തിരമാല പോലെ മുന്നേറി. പ്രതിവര്‍ഷം 75 കിലോമീറ്റര്‍ വീതമായിരുന്നു അവയുടെ വ്യാപനം!

1880 ആയപ്പോഴേക്കും വിക്ടോറിയ സംസ്ഥാനം വെടിപ്പാക്കിയ അവ, സൗത്ത് ഓസ്‌ട്രേലിയയിലേക്കും ന്യൂ സൗത്ത് വെയ്ല്‍സിലേക്കും വ്യാപിക്കാന്‍ തുടങ്ങി. 1890 ഓടെ പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയും മുയല്‍ ഭീഷണിയിലായി. 1920 കാലത്ത് രാജ്യത്തെ കാട്ടുമുയലുകളുടെ എണ്ണം 1000 കോടി കവിഞ്ഞു!

മുയലുകളുടെ താണ്ഡവം ആരംഭിക്കുന്നതുവരെ, 'എമു' എന്ന പേരുള്ള കുറ്റിച്ചെടി (emu bush) ഓസ്‌ട്രേലിയയുടെ അര്‍ധഊഷര മേഖലകളില്‍ വര്‍ഷത്തില്‍ എല്ലാക്കാലത്തും ഒരു പരിധി വരെ പച്ചപ്പ് സൃഷ്ടിച്ചിരുന്നു. വിളകളും എമു കുറ്റിച്ചെടികളും ഉള്‍പ്പടെ എല്ലാ പച്ചപ്പും മുയലുകള്‍ തിന്നുതീര്‍ത്തു. വെട്ടുകിളികളുടെ ആക്രമണം പോലെയായിരുന്നു അത്.

മുയലുകള്‍ പച്ചപ്പ് തീര്‍ത്തതോടെ, ആടുകള്‍ക്കും മറ്റ് വളര്‍ത്തു മൃഗങ്ങള്‍ക്കും കൂടുതല്‍ അകലെയുള്ള മേച്ചില്‍ പുറങ്ങളെ ആശ്രയിക്കേണ്ടി വന്നു. അതും പരിസ്ഥിതിക്ക് ആഘാതമേല്‍പ്പിച്ചു. വിളകള്‍ മുയലുകള്‍ നശിപ്പിച്ചപ്പോള്‍, കാലിവളര്‍ത്തലിനെ കര്‍ഷകര്‍ കൂടുതല്‍ ആശ്രയിച്ചതും പച്ചപ്പിന് മേല്‍ സമ്മര്‍ദം വര്‍ധിപ്പിച്ചു.

മുയലുകളുടെ താണ്ഡവം തുടരുന്നതിനിടെയാണ് 1890 കളിലെ കൊടിയ വരള്‍ച്ച ഓസ്‌ട്രേലിയയെ ഗ്രസിക്കുന്നത്. 40 വര്‍ഷം തുടര്‍ന്ന പച്ചപ്പിന്റെ കാലഘട്ടം അവസാനിച്ചു. മണ്ണ് വിണ്ടുകീറി പൊടിപാടി. വളര്‍ത്തുമൃഗങ്ങള്‍ ചത്തൊടുങ്ങി. ആ സമയത്ത് ഏതാണ്ട് 350 ലക്ഷം ആടുകള്‍ നശിച്ചുവെന്നാണ് കണക്ക്. അതില്‍ 160 ലക്ഷവും നശിച്ചത് 1902 ല്‍ മാത്രമം!

മുയലുകള്‍ നശിപ്പിച്ച പച്ചപ്പിന്റെ ശവപ്പെട്ടിക്ക് മേലുള്ള ആണിയടിയായി മാറി ആ വരള്‍ച്ച. പിന്നീട് ഓസ്‌ട്രേലിയയ്ക്ക് ഒരിക്കലും ആ പച്ചപ്പ് തിരിച്ചു കിട്ടിയില്ല. ലോകത്തെ ഏറ്റവും ഊഷരമായ പ്രദേശങ്ങളിലൊന്നായി ഓസ്‌ട്രേലിയ ഇപ്പോള്‍ മാറിയതിന് മുയലുകളും കാരണക്കാരാണെന്ന് സാരം.

തോമസ് ഓസ്റ്റിന്‍ എന്ന കര്‍ഷകന്‍ ഇംഗ്ലണ്ടില്‍നിന്ന് കാട്ടുമുയലുകളെ ഇറക്കുമതി ചെയ്തിട്ട് ഏതാണ്ട് ഒരു നൂറ്റാണ്ട് തികയുന്ന സമയത്ത്, 1950 ല്‍ തെക്കേയമേരിക്കയില്‍നിന്ന് 'മൈക്‌സോമ വൈറസി'നെ (Myxoma virus) ഓസ്‌ട്രേലിയയിലെത്തിച്ചാണ് മുയല്‍ ഭീഷണിക്ക് വിരാമമിട്ടത്. ആ വൈറസ് ബാധിച്ച് മുയലുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങി.

പെര്‍ത്ത് നഗരം ഉള്‍പ്പെടുന്ന പടിഞ്ഞാറന്‍ മേഖലയിലേക്ക് മുയലുകള്‍ വ്യാപിക്കുന്നത് തടയാന്‍ വെസ്റ്റ് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ നിര്‍മിച്ചതാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സ്'  എന്ന മുയല്‍ കടക്കാത്ത വേലി.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ വര്‍ഷങ്ങളില്‍ നിര്‍മാണം ആരംഭിച്ച വേലി 1907 ല്‍ പൂര്‍ത്തിയായി. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയില്‍ തെക്കുനിന്ന് വടക്കുവരെ എത്തുന്ന വേലിക്ക് മൂന്ന് ശാഖകളുണ്ട്. മൊത്തം 3253 കിലോമീറ്റര്‍ നീളം!

 വലിയ പ്രതീക്ഷയോടെ അത്ര വലിയ വേലി നിര്‍മിച്ചിട്ടും, പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയ്ക്ക് രക്ഷയുണ്ടായില്ല. വേലി പരാജയമായി. കാരണം, മുയലുകള്‍ അതിനകം പടിഞ്ഞാറന്‍ ഭാഗത്ത് എത്തിക്കഴിഞ്ഞിരുന്നു!

ആ വേലി എത്ര വലിയ പരാജയമായിരുന്നുവോ, അതിലും വലിയ പരാജയമായിരുന്നു ആദിമനിവാസികളുടെ വംശം നിലനിര്‍ത്താനും അവരെ പരിഷ്‌ക്കൃതരാക്കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നടത്തിയ ഒരു നൂറ്റാണ്ടുകാലത്തെ ശ്രമം. ചരിത്രത്തിലെ എറ്റവും വലിയ മനുഷ്യാവകാശ ലംഘനങ്ങളില്‍ ഒന്നായി അത് പരിണമിച്ചു. 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'ന്റെ പ്രമേയം പ്രതിനിധാനം ചെയ്യുന്നത് ആ ദുരന്തമാണ്. അതെന്തായിരുന്നുവെന്ന് നമുക്കൊന്ന് പരിശോധിച്ചു നോക്കാം.

'കവര്‍ന്നെടുക്കപ്പെട്ട തലമുറകള്‍'

'ഹോമോ സാപ്പിയന്‍സ്' (Homo sapiens) എന്നുപേരുള്ള ആധുനിക നരവംശം 40,000 വര്‍ഷംമുമ്പ് ഓസ്‌ട്രേലിയയിലെത്തി എന്നാണ് ഇതുവരെ ലഭിച്ചിട്ടുള്ള തെളിവുകള്‍ പറയുന്നത്.

ലോകത്തിന്റെ ഇതരഭാഗവുമായി കാര്യമായ ബന്ധമില്ലാതെ ഒറ്റപ്പെട്ടുകഴിഞ്ഞ ഓസ്‌ട്രേലിയയിലെ ആ ആദിമവര്‍ഗം, പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനം അവിടെയെത്തിയ വെള്ളക്കാര്‍ക്ക് ശരിക്കുമൊരു പ്രഹേളികയായിരുന്നു (1).

ആ തെക്കന്‍ ഭൂഖണ്ഡത്തെ ബാഹ്യലോകത്തിന് ആദ്യമായി കാട്ടിക്കൊടുത്ത ജെയിംസ് കുക്കും കൂട്ടരും ഓസ്‌ട്രേലിയന്‍ തീരത്തെ ബോട്ടണി ബേയില്‍ കപ്പലടുപ്പിച്ചപ്പോള്‍, തീരപ്രദേശത്ത് ചെറുതോണികളില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന ആദിമനിവാസികള്‍ അവരെ കണ്ടതായി പോലും നടിച്ചില്ല.

അമ്പരപ്പോടെയാണ് ജെയിംസ് കുക്ക് ഇക്കാര്യം തന്റെ കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 'ചെയ്തുകൊണ്ടിരുന്ന ജോലിക്കിടെ ഒന്ന് കണ്ണുയര്‍ത്തി നോക്കാന്‍ പോലും അവര്‍ മിനക്കെട്ടില്ലെ'ന്ന്, ജെയിംസ് കുക്കിന്റെ സഹചാരിയായിരുന്ന പ്രസിദ്ധ സസ്യശാസ്ത്രജ്ഞന്‍ ജോസഫ് ബാങ്ക്‌സ് എഴുതി.

തികഞ്ഞ അപരിചിതത്വം. അതാണ് ആ പ്രാചീനവര്‍ഗക്കാര്‍ വെള്ളക്കാരോട് കാട്ടിയത്. വെള്ളക്കാര്‍ തിരിച്ചും അതുതന്നെ പ്രകടിപ്പിച്ചു. ഇരുകൂട്ടരും തമ്മിലുള്ള ആ അപരിചിതത്വം തുടര്‍ന്നു, ഒരിക്കലും മാറിയില്ല.

അത് തുടര്‍ന്നെന്നു മാത്രമല്ല, ഓസ്‌ട്രേലിയയുടെ യഥാര്‍ഥ അവകാശികളോട് അനുകമ്പയോടെ പെരുമാറാനും അവിടെ അധിനിവേശം നടത്തിയ യൂറോപ്യന്‍ വംശജരില്‍ ഭൂരിപക്ഷവും ശ്രമിച്ചില്ല. ആ പ്രാചീന വര്‍ഗക്കാരെ അര്‍ധമനുഷ്യരായിപ്പോലും കാണാന്‍ മിക്ക വെള്ളക്കാരും തയ്യാറായില്ല എന്നതാണ് വാസ്തവം. അതുകൊണ്ടുതന്നെ മാനുഷിക വികാരങ്ങളൊന്നും അവര്‍ക്ക് ഉണ്ടാകാന്‍ സാധ്യതയില്ലെന്നുള്ള അപകടകരമായ നിഗമനത്തിലേക്ക് വെള്ളക്കാര്‍ എത്തി.

ഒരു അപത്തോ ദുര്‍നിമിത്തമോ ശല്യമോ ഒക്കെ ആയി പ്രാചീനരെ വെള്ളക്കാര്‍ കണ്ടു. എന്തു ക്രൂരതയും അവര്‍ക്കെതിരെ പ്രയോഗിക്കാന്‍ ആ ചിന്താഗതി സഹായിച്ചു. ആദിമനിവാസികളെ കൊന്ന് വെട്ടിനുറുക്കി ഡോഗ് ഫുഡ് ആയി ഉപയോഗിക്കാമെന്നുപോലും അവര്‍ തെളിയിച്ചു! ആദിമനിവാസികളെ കൊല്ലുന്നത് ഒരു കുറ്റമായി കണക്കാക്കുന്ന ഒരു നിയമവും ഓസ്‌ട്രേലിയിയില്‍ ഉണ്ടായിരുന്നില്ല!

വെള്ളക്കാര്‍ അവിടെ നാഗരികതയ്‌ക്കൊപ്പം രോഗങ്ങളുമെത്തിച്ചു. തീര്‍ത്തും ഒറ്റപ്പെട്ട് കഴിഞ്ഞിരുന്ന ജനതയെന്ന നിലയ്ക്ക് ഓസ്‌ട്രേലിയയിലെ ആദിമനിവാസികള്‍ക്ക് അത്തരം രോഗാണുക്കളോട് ചെറുത്തു നില്‍ക്കാനുള്ള പ്രതിരോധശേഷി തെല്ലും ഉണ്ടായിരുന്നില്ല. വസൂരിയും കോളറയും എന്തിന് ചിക്കന്‍പോക്‌സ് പോലും അവരെ മാരകമായി ആക്രമിച്ചു, കൊന്നൊടുക്കാനാരംഭിച്ചു.

വെള്ളക്കാരുടെ മനോഭാവത്തോടും, അവര്‍ കൊണ്ടുവന്ന രോഗങ്ങളോടും ചെറുത്തു നില്‍ക്കാനാകാതെ, തികച്ചും പാര്‍ശ്വവത്ക്കരിക്കപ്പെട്ട ഒരു ജനതയായി ആദിമനിവാസികള്‍ മാറി.

യൂറോപ്യന്‍ അധിനിവേശം ആരംഭിക്കുന്ന കാലത്ത് ഓസ്‌ട്രേലിയയില്‍ ഗോത്രവര്‍ഗക്കാരുടെ സംഖ്യ മൂന്നുലക്ഷത്തിനും പത്തുലക്ഷത്തിനും മധ്യേ ആയിരുന്നത്, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ വെറും അമ്പതിനായിരമായി ചുരുങ്ങി.

ആ വംശത്തിന് നിലനില്‍പ്പ് സാധ്യമല്ലെന്നും, അവരുടെ വംശവര്‍ധനയ്ക്ക് പരിഷ്‌കൃതരായ തങ്ങള്‍ സഹായിക്കണമെന്നും വെള്ളക്കാരായ ഭരണാധികാരികള്‍ക്ക് തോന്നലുണ്ടായത് ഈ പശ്ചാത്തലത്തിലാണ്. അങ്ങനെയാണ്, ആദിമവര്‍ഗക്കാരായ കുട്ടികളെയും, സങ്കരവര്‍ഗത്തില്‍പെട്ട കുട്ടികളെയും ഏറ്റെടുക്കാന്‍ ഭരണകൂടം തീരുമാനിക്കുന്നത്.

കുട്ടികളെ ചെറുപ്രായത്തില്‍ തന്നെ ബന്ധുക്കളില്‍നിന്ന് അടര്‍ത്തി മാറ്റി വിദൂരമായ ക്യാമ്പുകളിലും വെള്ളക്കാരുടെ ഭവനങ്ങളിലും താമസിപ്പിച്ചാല്‍, അവരും തങ്ങളെപ്പോലെ പരിഷ്‌ക്കൃതരാകും എന്നായിരുന്നു വെള്ളക്കാരുടെ വിശ്വാസം. അങ്ങനെ ആ വംശത്തെ രക്ഷിക്കാം.

ആദിമനിവാസികള്‍ക്ക് സ്വന്തം കുട്ടികള്‍ക്ക് മേല്‍ യാതൊരു അവകാശവുമില്ലെന്നും, കുട്ടികള്‍ സര്‍ക്കാരിന്റെ സ്വത്താണെന്നും പ്രഖ്യാപിക്കുന്ന നിയമങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. അതുപ്രകാരം കുട്ടികളെ ബലമായി പിടിച്ചുകൊണ്ടുപോകുന്ന നടപടി ഭരണകൂടം രാജ്യത്താകമാനം ആരംഭിച്ചു.

ആ നടപടിയുടെ ഭാഗമായി വേരുകളില്‍നിന്ന് പിഴുതുമാറ്റപ്പെട്ട്, അച്ചനോ അമ്മയോ ബന്ധുക്കളോ ജന്മനാടോ ഏതെന്നറിയാതെ വളരേണ്ടി വന്നവര്‍ക്ക് പില്‍ക്കാലത്ത് 'സ്റ്റോളന്‍ ജനറേഷന്‍' ('stolen generation') എന്ന് വിശേഷണം ലഭിച്ചു.

കവര്‍ന്നെടുക്കപ്പെട്ട ആ തലമുറയുടെ പ്രതിനിധികളാണ് 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'ലെ കുട്ടികളും.

1869 മുതല്‍ 1969 വരെ ഒരു നൂറ്റാണ്ടുകാലം ഓസ്‌ട്രേലിയയിലെ ആദിമനിവാസികളെ 'രക്ഷിക്കാനുള്ള ശ്രമം' വ്യാപകമായി അരങ്ങേറി. ഏതാണ്ട് ഒരു ലക്ഷത്തോളം കുട്ടികള്‍ ഇത്തരത്തില്‍ വേരുകളില്ലാതെ വളരേണ്ട അവസ്ഥയുണ്ടായി.

ആ കുട്ടികളോടും അവരുടെ കുടുംബങ്ങളോടും, അതുവഴി ഓസ്‌ട്രേലിയയിലെ ആദിമവംശക്കാരോടും വെള്ളക്കാര്‍ ചെയ്തത്, നാസി ഭീകരതക്ക് തുല്യംനില്‍ക്കുന്ന ലോകചരിത്രത്തിലെ ഏറ്റവും കൊടിയ മനുഷ്യാവകാശ ലംഘനമായി ഇപ്പോള്‍ വിലയിരുത്തപ്പെടുന്നു.

ഓസ്‌ട്രേലിയയിലെ ആദിമനിവാസികളുടെ ഒരോ കുടുംബവും അനുഭവിച്ച ദുരന്തത്തിന്റെ ഭീകരത എന്തായിരുന്നുവെന്ന്, ജിം ബ്രൂക്ക്‌സ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ വിവരിച്ചത് ബില്‍ ബ്രൈസണ്‍ തന്റെ ഓസ്‌ട്രേലിയന്‍ യാത്രാവിവരണത്തില്‍ ('Down Under'(2000)) വിവരിച്ചിട്ടുണ്ട്.

ഒരു ഗോത്രവര്‍ഗ സ്ത്രീയ്ക്കുണ്ടായിരുന്ന അഞ്ചു മക്കളെയും അഞ്ചു സംസ്ഥാനങ്ങളിലേക്ക് അധികൃതര്‍ പിടിച്ചുകൊണ്ടുപോയ സംഭവം അദ്ദേഹം വിവരിച്ചു. മക്കളുമായി ഒരു ബന്ധവും ആ അമ്മയ്ക്ക് സാധ്യമായിരുന്നില്ല. 'അവര്‍ എവിടെയാണെന്നോ, അവക്ക് അസുഖം ബാധിച്ചിട്ടുണ്ടോ, അവര്‍ സുഖമായിരിക്കുന്നോ എന്നൊന്നും ആ മാതാവിന് അറിയാന്‍ വഴിയുണ്ടായിരുന്നില്ല'. ശാപംപേറുന്ന തന്റെ ജന്മത്തെയോര്‍ത്ത് വിതുമ്പിക്കരയാമെന്നല്ലാതെ.

ഇത്രയും പറഞ്ഞിട്ട് ബ്രൈസനോട് ബ്രൂക്ക്‌സ് ചോദിച്ചു. 'താങ്കള്‍ക്ക് കുട്ടികളുണ്ടോ?'

'ഉണ്ട്, നാലുപേര്‍' -ബ്രൈസണ്‍ അറിയിച്ചു.

'ശരി. ഒരു സര്‍ക്കാര്‍ വാന്‍ നിങ്ങളുടെ വീട്ടുപടിക്കല്‍ ഒരു ദിവസം വന്നു നില്‍ക്കുന്ന കാര്യം സങ്കല്‍പ്പിക്കുക. അതിലെത്തിയ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ കുട്ടികളെ കൊണ്ടുപോവുകയാണെന്ന് അറിയിക്കുന്നു. കുട്ടികളെ അവര്‍ നിങ്ങളുടെ ആശ്ലേഷത്തില്‍നിന്ന് ബലമായി വേര്‍പെടുത്തി വാനില്‍ കയറ്റുന്നു. നിങ്ങള്‍ നിസ്സഹായനായി അത് നോക്കി നില്‍ക്കേണ്ടി വരുന്ന കാര്യം യാഥാര്‍ഥ്യമാണെന്നു കരുതി സങ്കല്‍പ്പിച്ചു നോക്കുക. അകന്നു നീങ്ങുന്ന വാനിന് പിന്നിലെ ജനാലയിലൂടെ നിങ്ങളെ നോക്കി അലമുറയിടുന്ന കുട്ടികള്‍. റോഡിലൂടെ വാന്‍ അകലെ മറയുന്നു. മിക്കവാറും അവരെ നിങ്ങള്‍ ഇനി ജീവിതത്തിലൊരിക്കലും കാണാന്‍ പോകുന്നില്ല എന്ന് നിങ്ങള്‍ക്കറിയാം'.

ബ്രൂക്ക്‌സിന്റെ വിവരണം പൂര്‍ത്തിയാക്കാന്‍ ബ്രൗസണ്‍ അനുവദിച്ചില്ല - 'നിര്‍ത്തൂ'..

ബ്രൗസന്റെ അസ്വസ്ഥത കണ്ട് അദ്ദേഹം സഹതാപത്തോടെ പുഞ്ചിരിച്ചു. എന്നിട്ട് തുടര്‍ന്നു. 'ഇതിനെതിരെ ഒരു ചെറുവിരല്‍ പോലും ചലിപ്പിക്കാന്‍ നിങ്ങള്‍ക്ക് കഴിയാത്ത അവസ്ഥ. ആരും നിങ്ങളെ പിന്തുണയ്ക്കാത്ത സ്ഥിതി. ഒരു കോടതിയും നിങ്ങളുടെ ഭാഗത്ത് നില്‍ക്കില്ല. അത് പതിറ്റാണ്ടുകളോളം തുടര്‍ന്നു'.

വൈകാരികവും സാമൂഹികവുമായ അരക്ഷിതാവസ്ഥ അതിന്റെ കൊടിയ രൂപത്തില്‍ ആ വര്‍ഗത്തെ വേട്ടയാടിയെന്ന് സാരം. 1970 കളില്‍ പോലും സ്വന്തം കുട്ടികളെ സര്‍ക്കാര്‍ പിടിച്ചുകൊണ്ടുപൊകുന്ന അവസ്ഥ ഓസ്‌ട്രേലിയയില്‍ നിലനിന്നു എന്ന് പറയുമ്പോള്‍ കാര്യങ്ങളുടെ സ്ഥിതി ഊഹിക്കാമല്ലോ.

ഒരു നൂറ്റാണ്ടുകാലത്തെ ബലമായ 'പരിഷ്‌ക്കരിക്കലി'ന് ശേഷം ആ വംശത്തിന്റെ അവസ്ഥ എന്താണെന്നറിയാന്‍ ചില കണക്കുകള്‍ നോക്കുക. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തെ സ്ഥിതിയാണിത്. ഓസ്‌ട്രേലിയയിലെ ആദിമനിവാസി, വെള്ളക്കാരനായ ഒരു ഓസ്‌ട്രേലിയക്കാരനെ അപേക്ഷിച്ച് പകര്‍ച്ചവ്യാധി മൂലം മരിക്കാനുള്ള സാധ്യത 18 മടങ്ങ് കൂടുതലാണ്. അക്രമത്തിന്റെ ഫലമായി ആസ്പത്രിയിലാകാന്‍ 17 മടങ്ങ് സാധ്യത കൂടുതല്‍. ആദിമനിവാസികളുടെ കുട്ടികള്‍ പ്രസവവേളയില്‍ മരിക്കാന്‍ രണ്ടോ നാലോ മടങ്ങ് സാധ്യത കൂടുതല്‍.

അതിലെല്ലാമുപരി, ഓസ്‌ട്രേലിയയുടെ സാമൂഹ്യമണ്ഡലത്തില്‍ ആദിമനിവാസികളേ ഇല്ല എന്ന സ്ഥിതിയുമുണ്ടായി. ടെലിവിഷനില്‍ അവരാരും എന്തെങ്കിലും പരിപാടി അവതരിപ്പിക്കുന്നത് നിങ്ങള്‍ക്ക് കാണാനാകില്ല. ഏതെങ്കിലും കടകളില്‍ സഹായിയായി ഒരു ആദിമനിവാസിയെ കാണാന്‍ കഴിയില്ല. 2000 വരെ രണ്ടേ രണ്ട് ആദിമവര്‍ഗക്കാരേ ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റില്‍ അംഗങ്ങളായിട്ടുള്ളു. ആരും മന്ത്രിയായിട്ടില്ല.

രാജ്യത്തെ മൊത്തം ജനസംഖ്യയുടെ വെറും 1.5 ശതമാനമേ അവരുള്ളൂ. അതിനാല്‍ അവര്‍ വോട്ടുബാങ്കുമല്ല (നമ്മുടെ നാട്ടിലെ ആദിവാസികളെപ്പോലെ തന്നെ!).

1980 കളോടെ സ്റ്റോളന്‍ ജനറേഷനെക്കുറിച്ചുള്ള ചില പഠനങ്ങളും ഗ്രന്ഥങ്ങളും പുറത്തിറങ്ങി. പൊതുസമൂഹം മെല്ലെയാണെങ്കിലും കുറ്റബോധത്തോടെ ആ പ്രശ്‌നത്തെ മനസിലാക്കാനാരംഭിച്ചു.

കുടുംബങ്ങളില്‍ നിന്ന് അടര്‍ത്തി മാറ്റിയ ആദിമനിവാസികളുടെ പുതിയ തലമുറ, ഗ്രാമങ്ങളിലും വനപ്രദേശത്തും താമസിക്കുന്ന ആദിമനിവാസികളെക്കാളും മോശപ്പെട്ട അവസ്ഥയിലാണ് കഴിയുന്നതെന്ന് മെല്‍ബണ്‍ പോലുള്ള നഗരങ്ങളില്‍ നടന്ന പഠനങ്ങള്‍ വ്യക്തമാക്കി.

ഒരു വര്‍ഗത്തോട് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കൊടിയ ക്രൂരതയാണ് ഓസ്‌ട്രേലിയയില്‍ നടന്നതെന്ന്, രാജ്യത്തിനകത്തും പുറത്തുംനിന്ന് വിമര്‍ശനമുയര്‍ന്നു. രാജ്യം ഇക്കാര്യത്തില്‍ ആത്മപരിശോധന നടത്തണമെന്ന് മുറവിളിയുണ്ടായി.

ഒടുവില്‍, രാജ്യത്തെ ആദിമനിവാസികളോട് കാണിച്ച കൊടിയ ക്രൂരതകള്‍ക്കും അനീതികള്‍ക്കും, 2008 ഫിബ്രവരി 13 ന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ക്ഷമാപണം നടത്തി. 'കുടുംബങ്ങളെയും ഗ്രാമങ്ങളെയും തകര്‍ത്തതിന്, അമ്മമാരോടും അച്ഛന്‍മാരോടും സഹോദരങ്ങന്‍മാരോടും സഹോദരിമാരോടും ഞങ്ങള്‍ മാപ്പപേക്ഷിക്കുന്നു' - പ്രധാനമന്ത്രി കെവിന്‍ റൂഡ് പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് നടത്തിയ ക്ഷമാപണ പ്രസ്താവനയിലെ ഒരു വാക്യം ഇതായിരുന്നു.

ഒരുപക്ഷേ, ആ ക്ഷമാപണത്തിന് ഓസ്‌ട്രേലിയന്‍ മനസാക്ഷിയെ ഉണര്‍ത്തയതില്‍, 2002 ലിറങ്ങിയ 'റാബിറ്റ്-പ്രൂഫ് ഫെന്‍സി'നും പങ്കുണ്ടായിരുന്നു എന്ന് കരുതുന്നതില്‍ തെറ്റില്ല.

1. 1. ഇന്ത്യക്കാര്‍ 4000 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയയില്‍ കുടിയേറി എന്നതിന് ജനിതക തെളിവ് ലഭിച്ചതായി അടുത്തയിടെ ഒരുസംഘം ഗവേഷകര്‍ വെളിപ്പെടുത്തുകയുണ്ടായി.

(അവലംബം, കടപ്പാട്: 1. Down Under (2000), by Bill Bryson; 2.Australia's battle with the bunny - ABC Science, April 8, 2009; 3. Reconciliaction Network; 4. Australia's stolen generation: 'To the mothers and the fathers, the brothers and the sisters, we say sorry'- The Independent. WEDNESDAY 13 FEBRUARY 2008; 5. IMDb; 6. Wikipedia.org)

Monday, January 14, 2013

ഡിജിറ്റല്‍ സഹായികളുടെ കാലം

 
 കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഡിസംബര്‍ 2012 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

കഴിഞ്ഞ ഒളിംപിക്‌സ് റിപ്പോര്‍ട്ട് ചെയ്തുവന്ന കോഴിക്കോട്ടുകാരനായ സുഹൃത്ത്, ലണ്ടന്‍ വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നതിനിടെ ഒരു അത്ഭുതസംഭവം വിവരിച്ചു. ലണ്ടനില്‍ പലരും സ്വന്തം ഐഫോണിനോട് സംസാരിക്കുന്നുവത്രേ!

'അതിലെന്താ ഇത്ര അത്ഭുതം, സംസാരിക്കാനുള്ളതല്ലേ ഫോണ്‍' - ഞാന്‍ തിരക്കി.

'ഫോണിലൂടെ സംസാരിക്കുന്നതും, ഫോണിനോട് സംസാരിക്കുന്നതും വ്യത്യാസമില്ലേ'-സുഹൃത്ത് ചോദിച്ചു. 'മാത്രമല്ല, ഫോണ്‍ തിരിച്ചും സംസാരിക്കുന്നു. ചോദിക്കുന്ന കാര്യങ്ങള്‍ക്ക് ഫോണ്‍ മറുപടിയും നല്‍കുന്നു!'.

പെട്ടന്ന് എന്റെ തലയ്ക്കുള്ളില്‍ ബള്‍ബ് കത്തി, 'ഓ, സിരി. അതാണല്ലേ സംഭവം.'

'അതുതന്നെ'-ചെറുചിരിയോടെ സുഹൃത്ത് തുടര്‍ന്നു. 'എല്ലാക്കാര്യവും അവരിപ്പോള്‍ ഫോണിനെ പറഞ്ഞ് ഏല്‍പ്പിക്കുകയാണ് ചെയ്യുക. നാളെ ചെയ്യേണ്ട എന്തൊക്കെ കാര്യങ്ങള്‍ എപ്പോഴൊക്കെ ഓര്‍മിപ്പിക്കണം. ആര്‍ക്കൊക്കെ ഈമെയിലയയ്ക്കണം, എന്താണ് അയയ്‌ക്കേണ്ടത് തുടങ്ങി മിക്ക സംഗതികളും. സംശയമുള്ളത് ഫോണ്‍ ചോദിച്ച് മനസിലാക്കും.....പിന്നെയെല്ലാം ഫോണ്‍ ചെയ്തുകൊള്ളും.'.

ഇനി മറ്റൊരു സംഭവം. 'ടെക്‌നോളജി റിവ്യൂ' റിപ്പോര്‍ട്ട് ചെയ്തത്.

ലോസ് ആഞ്ചലിസ് സ്വദേശിയായ 14-കാരി കിര്‍സ്റ്റന്‍ ഗോള്‍ഡന്‍ബര്‍ഗിന് ഏറ്റവും ഇഷ്ടം തന്റെ 'അമേരിക്കന്‍ ഗേള്‍സ്' പാവകളുടെ ശേഖരമായിരുന്നു. സ്വന്തം ഇഷ്ടംപോലും ബലികഴിച്ച് ആ പാവശേഖരം 'ഈബേ' ലേലസൈറ്റ് വഴി അവള്‍ വിറ്റു. എന്തിനെന്നോ, പുതിയ ഐഫോണ്‍ വാങ്ങാന്‍!

ഹൈസ്‌കൂള്‍ വിദ്യാര്‍ഥിയായ കിര്‍സ്റ്റന് ഹോംവര്‍ക്ക് ചെയ്യുമ്പോള്‍ വിവരങ്ങള്‍ തേടി ഇപ്പോള്‍ ഗൂഗിളിന്റെ സെര്‍ച്ച് ബോക്‌സില്‍ കയറിയിറങ്ങേണ്ട. പകരം, ഐഫോണിനോട് പറഞ്ഞാല്‍ മതി. അവളുടെ ആവശ്യം മനസിലാക്കി ഐഫോണിലെ സിരി വേണ്ടുന്ന വിവരങ്ങള്‍ നെറ്റില്‍നിന്ന് തിരഞ്ഞുപെറുക്കി നൊടിയിടയില്‍ അവള്‍ക്ക് പറഞ്ഞുകൊടുക്കും!

ആപ്പിളിന്റെ ഐഫോണിനെക്കുറിച്ചും അതിന്റെ സാധ്യതകളെക്കുറിച്ചും അറിയാവുന്നവര്‍ക്ക് ഇതിലത്ര അത്ഭുതം തോന്നണമെന്നില്ല. കാരണം, ആപ്പിള്‍ 'സിരി' (Siri) എന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റിനെ ഐഫോണില്‍ കുടിയിരുത്തി അവതരിപ്പിച്ചിട്ട് ഒരുവര്‍ഷം കഴിഞ്ഞു. ടെക്‌നോളജിയുടെ സമീപകാല ചരിത്രത്തില്‍ സിരിയോളം സെന്‍സേഷനുണ്ടാക്കിയ മൊബൈല്‍ സര്‍വീസുകള്‍ അധികമില്ല. സെര്‍ച്ചില്‍ മുടിചൂടാമന്നന്‍മാരായ ഗൂഗിളിനെതിരെ ആപ്പിളിറക്കിയ വജ്രായുധമായി സിരി വിലയിരുത്തപ്പെടുക പോലും ചെയ്തു.

നിങ്ങള്‍ക്ക് അറിയേണ്ട കാര്യം ഐഫോണിലെ സിരിയോട് ചോദിച്ചറിയാമെങ്കില്‍, ആ ഫോണ്‍ കൈയിലുള്ളവര്‍ പിന്നെന്തിന് ഗൂഗിള്‍ സെര്‍ച്ചിനെ ആശ്രയിക്കണം!

പലരും കരുതി വോയ്‌സ് സെര്‍ച്ച് പോലൊരു ഏര്‍പ്പാടാണ് സിരി എന്ന്. അതിനാല്‍, 'സിരിക്ക് ബദല്‍' എന്നപേരില്‍ ഒട്ടേറെ അപ്ലിക്കേഷനുകള്‍ കൂണുപോലെ മുളച്ചുപൊന്തി. എന്നാല്‍, അധികം വൈകാതെ മിക്കവര്‍ക്കും കാര്യം മനസിലായി. സിരിക്ക് ബദലാകാന്‍ ചൊട്ടുവിദ്യകള്‍ക്കൊന്നും ആവില്ല. സിരിക്ക് സമം സിരി മാത്രം!

ഇക്കാര്യം ഏറ്റവും ബോധ്യമുണ്ടായിരുന്നത് ഗൂഗിളിനാണ്. അതുകൊണ്ട് 'സിരിക്ക് ബദല്‍' എന്ന് തങ്ങളുടെ വോയ്‌സ് സേര്‍ച്ചിനെ വിശേഷിപ്പിക്കാതിരിക്കാന്‍ ഗൂഗിള്‍ പ്രത്യേകം ശ്രദ്ധിച്ചു.

അധികകാലം സിരിയെ മാത്രം വാഴാന്‍ ഗൂഗിള്‍ അനുവദിക്കുമോ എന്നതായി ടെക്‌നോളജി രംഗത്ത് നിന്നുയരുന്ന ചോദ്യം. ആദ്യമൊന്നും വ്യക്തമായ ഉത്തരം ലഭിച്ചില്ല. സിരി രംഗത്തെത്തി ഏതാണ്ട് ഒരു വര്‍ഷമാകുമ്പോള്‍, അതിന് ബദലാകാനുള്ള ഗൂഗിളിന്റെ ആയുധമെത്തി-ഗൂഗിള്‍ നൗ (Google Now). ഗൂഗിള്‍ നൗവിനെ ആന്‍ഡ്രോയിഡിന്റെ ഭാഗമായാണ് ഗൂഗിള്‍ അവതരിപ്പിച്ചത്.

സിരിയെപ്പോലെ 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റര്‍ഫേസ്' ഉപയോഗിക്കുന്ന 'ബുദ്ധിയുള്ള' സര്‍വീസാണ് ഗൂഗിള്‍ നൗവും. ഉപയോഗിക്കുന്ന ആളുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാനും ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനും ശുപാര്‍ശകള്‍ നടത്താനുമൊക്കെ ഗൂഗിള്‍ നൗവിനും കഴിയും. നിലവില്‍ ആന്‍ഡ്രോയിഡ് ജെല്ലിബീന്‍ പതിപ്പില്‍ മാത്രമാണ് ഗൂഗിള്‍ നൗ ലഭ്യമായിട്ടുള്ളത്. താമസിയാതെ ആന്‍ഡ്രോയിഡിന്റെ മറ്റ് പതിപ്പുകളിലേക്കും അതെത്തിക്കാനാണ് ഗൂഗിളിന്റെ നീക്കം.

ലോകത്തെ ഏറ്റവും സ്വാധീനമുള്ള രണ്ട് മൊബൈല്‍ പ്ലാറ്റ്‌ഫോമുകളാണ് ആപ്പിളിന്റെ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റവും (ഐ.ഒ.എസ്), ഗൂഗിളിന്റെ ആന്‍ഡ്രോയിഡും. ഐ.ഡി.സി.പുറത്തുവിട്ട ഏറ്റവുമൊടുവിലത്തെ കണക്ക് പ്രകാരം സ്മാര്‍ട്ട്‌ഫോണ്‍ മാര്‍ക്കറ്റില്‍ ആന്‍ഡ്രോയിഡിന്റെ വിഹിതം 75 ശതമാനവും, ഐ.ഒ.എസിന്റേത് ഏതാണ്ട് 15 ശതമാനവുമാണ്.

സിരിക്ക് സമാനമായ ഒരു സര്‍വീസ് അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ആന്‍ഡ്രിയിഡിലും പ്രധാന്യം നേടുന്നു എന്നു പറഞ്ഞാല്‍, ലോക സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് 90 ശതമാനം കൈയാളുന്ന രണ്ട് പ്ലാറ്റ്‌ഫോമുകളില്‍ ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റുകളുടെ സാന്നിധ്യം ഉണ്ടാകുന്നു എന്നാണര്‍ഥം.

മൈക്രോസോഫ്റ്റും ഇതേ പാതയില്‍ തന്നെയാണ്. 2007 ല്‍ മൈക്രോസോഫ്റ്റ് സ്വന്തമാക്കിയ 'ടെല്‍മി'യും ഭാവിയില്‍ ഒരു ഡിജിറ്റല്‍ സഹായിയുടെ രൂപംപ്രാപിച്ചുകൂടാ എന്നില്ല.

പുതിയ യുഗം ഡിജിറ്റല്‍ പേഴ്‌സണല്‍ സഹായികളുടേതാകുമെന്ന് ഉറപ്പിക്കാം.

വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി

ആപ്പിളാണ് ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗത്തിന് തുടക്കമിട്ടത്. 2007 ല്‍ ഐഫോണ്‍ രംഗത്തെത്തിയതോടെ അതാരംഭിച്ചു. ഡിജിറ്റല്‍ സഹായികളുടെ പുതിയ കാലത്തിന് നാന്ദി കുറിച്ചതും ആപ്പിള്‍ തന്നെ; 2011 ഒക്ടോബറില്‍ ഐഫോണ്‍ 4 എസില്‍ സിരിയെ അവതരിപ്പിച്ചതിലൂടെ.

'നിങ്ങളെ വിജയത്തിലേക്ക് നയിക്കുന്ന സുന്ദരി'യെന്നതിന്റെ നോര്‍വീജിയനിലുള്ള ചുരുക്കവാക്കാണ് 'സിരി'. അമേരിക്കന്‍ പ്രതിരോധ ഏജന്‍സിയായ പെന്റഗണ്‍ കുടുംബത്തില്‍ പിറന്നവള്‍.

'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്)യുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്നു എന്നതാണ് സിരിയെ മറ്റ് മൊബൈല്‍ സര്‍വീസുകളില്‍നിന്ന് വ്യത്യസ്തമാക്കുന്നത്. സിരിയുടെ വിശേഷബുദ്ധിയുടെ രഹസ്യം കുടികൊള്ളുന്നത് നിര്‍മിതബുദ്ധിയിലാണെന്ന് സാരം.

സിരിയുടെ ചരിത്രം തേടിപ്പോയാല്‍ നമ്മളെത്തുക പെന്റഗണിന് കീഴിലുള്ള 'ഡിഫന്‍സ് അഡ്വാന്‍സ്ഡ് റിസര്‍ച്ച് പ്രോജക്ട്‌സ് ഏജന്‍സി (ഡി.എ.ആര്‍.പി.എ) യില്‍ ആയിരിക്കും. ഓര്‍ക്കുക, 1958 ല്‍ സ്ഥാപിതമായ ഈ ഏജന്‍സിയാണ് 'അര്‍പാനെറ്റി' (ARPANET)ന് രൂപംനല്‍കിയത്. ഇന്ന് നമ്മള്‍ കാണുന്ന ഇന്റര്‍നെറ്റിന്റെ തുടക്കം അതായിരുന്നു.

ഇന്റര്‍നെറ്റിന് പിറവി നല്‍കിയ അതേ ഏജന്‍സിയിലേയ്ക്കാണ് സിരിയുടെ തുടക്കം തേടുമ്പോഴും നമ്മളെത്തുകയെന്ന് സാരം. .

യുദ്ധമേഖലകളില്‍, നിര്‍മിതബുദ്ധിയുടെ സഹായത്തോടെ വിവിധ ഭീഷണികള്‍ സ്വയംമനസിലാക്കി പ്രതികരിക്കാന്‍ ശേഷിയുള്ള ഒരു സോഫ്ട്‌വേര്‍ എന്ന നിലയ്ക്കാണ് 2003 ല്‍ സിരി ആവിര്‍ഭവിച്ചത്. ശ്രീ ഇന്റര്‍നാഷണല്‍ (SRI International) വഴിയാണ് ആ പദ്ധിതിക്ക് ഡി.എ.ആര്‍.പി.എ.ഫണ്ട് അനുവദിച്ചത്.

'പേഴ്‌സണലൈസ്ഡ് അസിസ്റ്റന്റ് ദാറ്റ് ലേണ്‍സ്' (പി.എ.എല്‍) എന്ന പേരിലാരംഭിച്ച ആ പദ്ധതി 2009 വരെ തുടര്‍ന്നു. അതിന് കീഴില്‍ നടന്ന 'കോഗ്നെറ്റീവ് അസിസ്റ്റന്റ് ലേണ്‍സ് ആന്‍ഡ് ഓര്‍ഗനൈസസ്' (CALO) സംരംഭത്തില്‍ മുന്നൂറിലേറെ ശാസ്ത്രജ്ഞരും 25 യു.എസ്. സര്‍വകലാശാലകളും ഗവേഷണസ്ഥാപനങ്ങളും കൈകോര്‍ത്തു.

ആ സോഫ്ട്‌വേറിന്റെ സാധ്യതകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കാനായി 2007 ല്‍ 'സിരി' എന്ന പേരില്‍ ശ്രീ ഇന്റര്‍നാഷണല്‍ ഒരു കണ്‍സ്യൂമല്‍ ടെക്‌നോളജി കമ്പനിക്ക് രൂപംനല്‍കി. 2010 ഫിബ്രവരിയില്‍ ആപ്പിളിന്റെ ഐഫോണ്‍ 3ജിഎസിന് സിരി എന്ന പേരില്‍ ഒരു ആപ് പുറത്തിറക്കിക്കൊണ്ടായിരുന്നു, സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്കുള്ള സിരിയുടെ രംഗപ്രവേശം.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സിന്റെ ശ്രദ്ധയില്‍ സിരി പെട്ടു. ഐഫോണിനെപ്പോലെ ആന്‍ഡ്രോയിഡിനും ആപ്ലിക്കേഷന്‍ നിര്‍മിക്കുമെന്നൊക്കെ സിരി പ്രഖ്യാപിച്ചെങ്കിലും അതിന് സമയം കിട്ടിയില്ല. കാരണം 2010 ഏപ്രിലില്‍ ഇരുചെവിയറിയാതെ സ്റ്റീവ് ജോബ്‌സ് സിരി കമ്പനിയെ ആപ്പളിന്റെ ഭാഗമാക്കി. ആ ഏറ്റെടുക്കലിന് എത്ര പണം നല്‍കിയെന്ന കാര്യം ഇപ്പോഴും രഹസ്യം.

'ഒന്നും കാണാതെ തൊമ്മന്‍ കിണറ്റില്‍ ചാടില്ല' എന്നു പറയുംപോലെ, ഒന്നും കാണാതെ സ്റ്റീവ് ജോബ്‌സിനെപ്പോലൊരാള്‍ അത്ര ധൃതിയില്‍ ഒരു കമ്പനിയെ സ്വന്തമാക്കില്ല. പലരും അത്ഭുതപ്പെട്ടു, സിരിയെക്കൊണ്ട് ആപ്പിള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന്!

ഒന്നര വര്‍ഷം കഴിഞ്ഞു. സ്റ്റീവ് ജോബ്‌സ് അന്തരിച്ച ശേഷം പുറത്തുവന്ന ഐഫോണ്‍ 4എസ് വെറുമൊരു സ്മാര്‍ട്ട്‌ഫോണായിരുന്നില്ല. അത് 'ആത്മാവുള്ള' ഫോണായിരുന്നു! ചോദിക്കുന്നതിന് ഉത്തരം നല്‍കുന്ന, സംശയങ്ങള്‍ തിരിച്ച് ചോദിച്ചു മനസിലാക്കുന്ന, സിരിയെ ആ ഫോണിന്റെ ആത്മാവായി കുടിയിരുത്തിയിട്ടുണ്ടായിരുന്നു.

ഐഫോണ്‍ ഒറ്റയടിക്ക് മറ്റെല്ലാ ഫോണുകളെയും വര്‍ഷങ്ങളോളം പിന്നിലാക്കിയതായി എതിരാളികള്‍ക്ക് പോലും സമ്മിതിച്ചു!

ഗൂഗിളിന്റെ മറുപടി

സിരിക്ക് പിന്നില്‍ നൂറുകണക്കിന് ഗവേഷകരുടെ വര്‍ഷങ്ങള്‍ നീണ്ട അധ്വാനമുണ്ട്. അത്രയെളുപ്പം അനുകരിക്കാന്‍ കഴിയുന്ന ഒന്നല്ല അത്. അതുകൊണ്ടാണ്, 'സിരിക്ക് ബദല്‍' എന്നപേരിലെത്തിയ കോപ്പിയടി ആപ്ലിക്കേഷനുകളെല്ലാം ചായക്കോപ്പയിലെ കൊടുങ്കാറ്റായി ഒടുങ്ങിയത്. അതേസമയം, സിരി കൂടുതല്‍ കരുത്തുനേടുകയും ചെയ്തു.

ഒരു സാധാരണ മൊബൈല്‍ സര്‍വീസല്ല സിരിയെന്ന് തുടക്കത്തിലേ വ്യക്തമായിരുന്നു. ഗൂഗിള്‍ സെര്‍ച്ച് കുത്തകയാകുന്നുവെന്ന് ചില കോണുകളില്‍ നിന്നുയര്‍ന്ന ആരോപണത്തെ ചെറുക്കാന്‍, ഗൂഗിള്‍ ചെയര്‍മാന്‍ എറിക് ഷിമിഡ്ത് ചൂണ്ടിക്കാട്ടിയത് സിരിയെയാണ്. ഗൂഗിള്‍ സെര്‍ച്ചിന് ഭാവിയില്‍ വെല്ലുവിളിയാകാവുന്ന സങ്കേതങ്ങള്‍ രംഗത്തെത്തുന്നുണ്ടെന്നും, അതിന് ഏറ്റവും നല്ല ഉദാഹരണം സിരിയെന്നുമാണ് അദ്ദേഹം പറഞ്ഞത്.

ഗൂഗിളിന്റെ പ്രധാന വരുമാനമാര്‍ഗം ഡിസ്‌പ്ലെ പരസ്യങ്ങളാണ്. കമ്പ്യൂട്ടര്‍ സ്‌ക്രീനിലോ മൊബൈലിലോ കാര്യങ്ങള്‍ കാണുമ്പോഴേ ഡിസ്‌പ്ലെ പരസ്യത്തിന് സാധ്യതയുള്ളൂ. കേള്‍ക്കുന്നിടത്ത് എന്ത് ഡിസ്‌പ്ലെ. അറിയേണ്ട കാര്യങ്ങള്‍ പറഞ്ഞു തരുന്ന സങ്കേതമെന്ന നിലയ്ക്ക് ഗൂഗിളിന്റെ വരുമാനത്തിനും സിരി ക്ഷതമേല്‍പ്പിക്കുമെന്ന് വിലയിരുത്തലുണ്ടായി.

ആപ്പിളിന്റെ ഡേറ്റാബേസ് തന്നെയാണ് സിരി പ്രധാനമായും ഉപയോഗിക്കുന്നത്. നെറ്റില്‍ നിന്ന് വിവരങ്ങള്‍ തപ്പാന്‍ ഗൂഗിള്‍ സെര്‍ച്ചിനെക്കാളും, 'യെല്‍പ്' (Yelp), 'വൂള്‍ഫ്രേം ആല്‍ഫ' (Wolfram Alpha) തുടങ്ങിയ തേര്‍ഡ്പാര്‍ട്ടി സര്‍വീസുകളെ സിരി നേരിട്ടാശ്രയിക്കുന്നു.

ഇവിടെയാണ് സിരിക്ക് സമാനമായ ഒരു സഹായിയെ രൂപപ്പെടുത്തുമ്പോള്‍, ഗൂഗിളിന് ശക്തി തെളിയിക്കാനാവുക. കാരണം, വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഗൂഗിളിന് ഒരു തേര്‍ഡ്പാര്‍ട്ടിയെയും ആശ്രയിക്കേണ്ട ആവശ്യമില്ല. അതിന് ഗൂഗിള്‍ സെര്‍ച്ചിന്റെയും അനുബന്ധ സര്‍വീസുകളുടെയും സഹായം മാത്രം മതി. 'ഗൂഗിള്‍ നൗ'വിനെ ഗൂഗിള്‍ വാര്‍ത്തെടുക്കുന്നതും അങ്ങനെ തന്നെ.

പതിനാല് വര്‍ഷത്തെ സെര്‍ച്ച് പാരമ്പര്യമുള്ള കമ്പനിയാണ് ഗൂഗിള്‍. സെര്‍ച്ച് മാത്രമല്ല, ഗൂഗിള്‍ മാപ്‌സ് പോലെ ഒട്ടേറെ അനുബന്ധ സര്‍വീസുകളുടെ അനുഭവവും കമ്പനിക്കുണ്ട്. അത്രയും കാലത്തെ കണ്‍സ്യൂമര്‍ ഡേറ്റാബേസ് എന്നത് ആര്‍ക്കും എളുപ്പത്തില്‍ അവഗണിക്കാവുന്ന ഒന്നല്ല.


2012 ജൂണ്‍ 27 ന് ആന്‍ഡ്രോയിഡ് 4.1 ജെല്ലി ബീന്‍ പതിപ്പിന്റെ ഭാഗമായി 'ഗൂഗിള്‍ നൗ' അവതരിപ്പിക്കപ്പെട്ടു. സിരിയെപ്പോലെ തേര്‍ഡ് പാര്‍ട്ടി സര്‍വീസുകളെ ആശ്രയിക്കുന്നതിന് പകരം, സ്വന്തം കഴിവുകള്‍ തന്നെയാണ് ഗൂഗിള്‍ ഉപയോഗിക്കുന്നത്. ആ ഡേറ്റാബേസിനെ സൗകര്യപ്രദമായ വിധത്തില്‍ അവതരിപ്പിക്കുന്ന 'നോളജ് ഗ്രാഫ്' (Knowledge Graph) ഗൂഗിളിന്റെ ഡിജിറ്റല്‍ സഹായിക്ക് കരുത്തു പകരുന്നു.

മാത്രമല്ല, മറ്റൊരു തന്ത്രവും ഗൂഗിള്‍ നൗവിനായി ഗൂഗിള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. സ്മാര്‍ട്ട്‌ഫോണ്‍ അതിന്റെ ഉടമസ്ഥനെ സംബന്ധിച്ച് ശേഖരിക്കുന്ന - അയാളുടെ വ്യകിതപരമായ ആവശ്യങ്ങള്‍, സഞ്ചാരപഥങ്ങള്‍, സര്‍വീസുകള്‍ എന്നിങ്ങനെയുള്ള -വിവരങ്ങള്‍ക്കൂടി ഗൂഗിള്‍ നൗവിനായി പ്രയോജനപ്പെടുത്തുന്നു.

അടുത്ത് എന്തുവേണം എന്ന് നിര്‍ദേശിക്കാനുള്ള കഴിവാണ് അതുവഴി ഗൂഗിള്‍ നൗവിന് ലഭിക്കുന്നത്. സിരിയെപ്പോലുള്ള ഡിജിറ്റല്‍ സഹായിയുടെ റോളില്‍ നിന്ന്, ഡിജിറ്റല്‍ ഉപദേഷ്ടാവിന്റെ റോളിലേക്ക് ഗൂഗിള്‍ നൗ മാറുന്നു എന്നാണിതിനര്‍ഥം! സിരിക്കപ്പുറത്തേക്ക് നീളുന്നതാണ് ഗൂഗിള്‍ നൗവിന്റെ സാധ്യതകളെന്ന് സാരം.

സിരിയെപ്പോലെ, ഒരു 'വ്യക്തിത്വ'മെന്ന നാട്യമൊന്നും ഗൂഗിള്‍ നൗവിനില്ല. പകരം പരിചിതമായ ഒരു സെര്‍ച്ച് ബോക്‌സാണ് ഗൂഗിള്‍ നൗ ഉപയോഗിക്കുമ്പോള്‍ പ്രത്യക്ഷപ്പെടുക. ശബ്ദനിര്‍ദേശങ്ങള്‍ അനുസരിച്ച് സാധാരണ ഫോണ്‍ ഫങ്ഷനുകളായ മെസേജുകള്‍ അയയ്ക്കുക, റിമൈന്‍ഡറുകള്‍ സെറ്റ് ചെയ്യുക, 'ഈഫല്‍ ടവറിന് എത്ര പ്രായമുണ്ട്'?, 'നല്ലൊരു ഇറ്റാലിയന്‍ റസ്റ്റൊറണ്ട് അടുത്തെവിടെയുണ്ട്?' എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യാന്‍ ഗൂഗിള്‍ നൗവിനും പ്രാപ്തിയുണ്ട്.

മാത്രമല്ല, സിരിയെപ്പോലെ ശബ്ദപ്രതികരണങ്ങള്‍ നടത്താനും ഗൂഗിള്‍ നൗവിനാകും.

ആന്‍ഡ്രോയിഡ് ജെല്ലി ബീന്‍ പതിപ്പുപയോഗിക്കുന്ന ഫോണുകള്‍ക്കായാണ് ഗൂഗിള്‍ നൗ അവതരിപ്പിക്കപ്പെട്ടതെങ്കിലും, അതിനെ അത്തരത്തില്‍ പരിമിതപ്പെടുത്താനല്ല ഗൂഗിളിന്റെ ഉദ്ദേശമെന്ന് വിലയിരുത്തപ്പെടുന്നു.

ഗൂഗിള്‍ അടുത്തയിടെ അവതരിപ്പിച്ച 'പ്രോജക്ട് ഗ്ലാസ്' പദ്ധതി, സമീപയാഥാര്‍ഥ്യം (ഓഗ്മെന്റഡ് റിയാലിറ്റി) ഭാവിയില്‍ എങ്ങനെ സാധാരണ ജീവിതത്തിന്റെ ഭാഗമാകും എന്നാണ് കാട്ടിത്തരുന്നത്. കണ്ണടപോലെ ഉപയോഗിക്കാവുന്ന ഒരു ഉപകരണം വഴി, വയര്‍ലെസായി തന്റെ ചുറ്റുപാടുകളോടും ചങ്ങാതിമാരോടും ശബ്ദനിര്‍ദേശങ്ങള്‍ വഴി പ്രതികരിക്കാന്‍ സാധിക്കുമെന്നാണ് ഗൂഗിള്‍ കാട്ടിത്തന്നത്.

ശബ്ദനിര്‍ദേശങ്ങളെ ബുദ്ധിപൂര്‍വം മനസിലാക്കി പ്രതികരിക്കാന്‍ കഴിയുന്ന ഗൂഗിള്‍ നൗവിലും പ്രോജക്ട് ഗ്ലാസിന്റെ ചില സവിശേഷതകള്‍ കാണാം. ഭാവിയെ സംബന്ധിച്ച് ഗൂഗിളിന്റെ വിലയൊരു പദ്ധതിയുടെ ഭാഗമാണ് ഗൂഗിള്‍ നൗവും എന്ന് അനുമാനിക്കാം.

ഇന്ത്യക്കാരെ സംബന്ധിച്ച് ഒരുപക്ഷേ, കൂടുതല്‍ പ്രതീക്ഷ നല്‍കുന്നത് ആപ്പളിന്റെ സിരിയെക്കാള്‍ ഗൂഗിള്‍ നൗ ആയിരിക്കും. കാരണം, ആപ്പിള്‍ ഐഫോണിന് അത്രയധികം ഉപയോക്താക്കളുള്ള രാജ്യമല്ല ഇന്ത്യ. ഗൂഗിളിന്റെ ആന്‍ഡ്രോയിഡ് ഫോണുകള്‍ വളരെ വേഗം ഇവിടെ ജനപ്രിയമാവുകയും ചെയ്യുന്നു.

ആപ്പിളിന്റെ ഐട്യൂണ്‍സ് സ്റ്റോര്‍ പോലും, പാശ്ചാത്യലോകത്ത് പ്രവര്‍ത്തനം തുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞ് ഇപ്പോഴാണ് ഇന്ത്യയിലെതത്തുന്നത്. സിരിയുടെ സേവനം ഇന്ത്യക്കാര്‍ക്ക് കിട്ടാന്‍ എത്രകാലമെടുക്കുമെന്ന് പറയാനാവില്ല. ഇന്ത്യന്‍ ഇംഗ്ലീഷ് സിരിക്ക് അത്ര പിടിയില്ല എന്നതാണ് പ്രധാന കാരണം. അങ്ങനെയെങ്കില്‍, മറ്റ് ഇന്ത്യന്‍ ഭാഷകളുടെ കാര്യം പറയാനുണ്ടോ!

അതേസമയം, ഗൂഗിളിന്റെ ലോക്കല്‍ സെര്‍ച്ച് അടക്കമുള്ള സംവിധാനങ്ങള്‍ ഇന്ത്യയില്‍ ഇതിനകം പ്രവര്‍ത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. അതിനാല്‍ ഇവിടെ സ്വാധീനമുറപ്പിക്കാവുന്ന ഡിജിറ്റല്‍ പേഴ്‌സണല്‍ അസിസ്റ്റന്റ് ഗൂഗിള്‍ നൗ ആകാനാണ് സാധ്യത.

(അവലംബം, കടപ്പാട്: 1. Google's Answer to Siri Thinks Ahead - by Tom Simonite, Technology Review, Sept,28, 2012; 2. സിരി - ഗൂഗിളിനെതിരെ ആപ്പിളിന്റെ വിജ്രായുധം - MB4Tech, മാതൃഭൂമി ഓണ്‍ലൈന്‍, ഒക്ടോബര്‍ 31, 2011; 3. Does Apple's Siri Threaten Google's Search Monopoly? - by William M.Bulkeley, Technology Review, Dec 8, 2011; 4. Wikipedia.org)

Sunday, January 06, 2013

പാവാട നിരോധിച്ചാല്‍ നാട് നന്നാവുമോ


ഇന്ത്യന്‍ നരവംശശാസ്ത്രത്തിന്റെ പിതാവെന്ന് വിശേഷിപ്പിക്കപ്പെടുന്ന എല്‍.കെ.അനന്തകൃഷ്ണ അയ്യര്‍ രചിച്ച 'ദി കൊച്ചിന്‍ ട്രൈബ്‌സ് ആന്‍ഡ് കാസ്റ്റ്‌സി'ന്റെ രണ്ടാംവാല്യം 187-ാം പുറത്ത് നല്‍കിയിരിക്കുന്ന നായര്‍ സ്ത്രീകളുടെ ചിത്രമാണ് മുകളിലുള്ളത്. 'നായര്‍ സ്ത്രീകള്‍ അന്തര്‍ജനങ്ങളുടെ വേഷത്തില്‍' എന്നാണ് ചിത്രത്തിന് നല്‍കിയിട്ടുള്ള അടിക്കുറിപ്പ്. 1912 ല്‍ പ്രസിദ്ധീകരിച്ച ആ ഗ്രന്ഥത്തിലെ ചിത്രങ്ങളെല്ലാം, കേരളത്തിലെ വ്യത്യസ്ത ജനവിഭാഗങ്ങളുടെ ജീവിതരീതികള്‍ പഠിക്കുന്നതിനിടെ താന്‍ തന്നെ ക്യാമറയില്‍ പകര്‍ത്തിയതാണെന്ന് അനന്തകൃഷ്ണ അയ്യര്‍ സാക്ഷ്യപ്പെടുത്തുന്നു.

ബലാത്സംഗത്തിന്റെയും പെണ്‍വാണിഭത്തിന്റെയും വാര്‍ത്തകള്‍ കേള്‍ക്കുമ്പോള്‍, അതിന് കാരണം സ്ത്രീകളുടെ 'മാന്യമല്ലാത്ത വസ്ത്രധാരണമാണെ'ന്ന് വിധിയെഴുതാനും, 'മാന്യമായി വസ്ത്രം ധരിക്കൂ' എന്ന പരിഹാരം നിര്‍ദേശിക്കാനും രംഗത്തെത്തുന്നവരുടെ അറിവിലേക്കായാണ് ഈ ചിത്രം പോസ്റ്റ് ചെയ്യുന്നത്.

കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ജാതിക്കാരിലൊരു വിഭാഗത്തിന്റെ അന്നത്തെ വേഷമാണിത് (അപ്പോള്‍, താഴ്ന്ന വിഭാഗത്തിലുള്ളവരുടേത് എങ്ങനെയായിരിക്കും എന്ന് ഊഹിക്കാവുന്നതേയുള്ളൂ. അനന്തകൃഷ്ണയ്യരുടെ ഗ്രന്ഥത്തില്‍ തന്നെയുണ്ട് ഒട്ടേറെ ഉദാഹരണങ്ങള്‍).

സ്ത്രീകളുടെ ഇപ്പോഴത്തെ 'മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെക്കുറിച്ച് വേവലാതിപ്പെടുന്നവര്‍, നമ്മുടെ നാട്ടിലെ സ്ഥിതി എന്തായിരുന്നു എന്നറിയാന്‍ ശിലായുഗത്തിലേക്കൊന്നും പോയി നോക്കേണ്ട കാര്യമില്ല എന്നാണ് ഈ ചിത്രം വ്യക്തമാക്കുന്നത്. വെറും നൂറുവര്‍ഷം പിന്നിലേക്ക് നോക്കിയാല്‍ മതി. യൂറോപ്പില്‍ ഐന്‍സ്‌റ്റൈന്‍ ആപേക്ഷികതാ സിദ്ധാന്തം അവതരിപ്പിക്കുന്ന കാലത്ത്, കേരളത്തില്‍ തിരുവിതാംകൂര്‍ ഭരണകൂടത്തെ വിമര്‍ശിച്ചതിന് സ്വദേശാഭിമാനി രാമകൃഷ്ണപിള്ള നാടുകടത്തപ്പെടുന്ന സമയത്ത് ഇവിടെ സ്ത്രീകളുടെ വേഷം ഇതായിരുന്നു.

ഇതൊന്നുമോര്‍ക്കാതെ, സ്‌കൂളുകളില്‍ പാവാട നിരോധിക്കാന്‍ എം.എല്‍.എ.സ്ഥാനത്തിരിക്കുന്നവര്‍ പോലും ആവശ്യപ്പെടുന്ന കാഴ്ചയാണ് നമുക്ക് മുന്നിലുള്ളത്. 'സ്ത്രീകളുടെ മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെ ബലാത്സംഗത്തിന്റെ കാരണമായി എത്ര അനായാസമായാണ് ഫെയ്‌സ്ബുക്ക് പോലുളള ഇന്റര്‍നെറ്റ് ഫോറങ്ങളില്‍ പലരും വിധിയെഴുതുന്നത്. ഡല്‍ഹിയില്‍ യുവതി ക്രൂരമായ കൂട്ടമാനഭംഗത്തിനും പീഡനത്തിനും ഇരയായി മരിച്ച ദാരുണ സംഭവമാണ് ഇത്തരം ചര്‍ച്ചകള്‍ വീണ്ടും സജീവമാക്കിയത്.

പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് ആണുങ്ങളില്‍ കാമതൃഷ്ണയുണര്‍ത്തും, അതുകൊണ്ട് സ്‌കൂളുകളില്‍ പാവാട നിരോധിക്കണം- ഇതാണ് രാജസ്ഥാനിലെ ബി.ജെ.പി. എം.എല്‍.എ.യുടെ വാദം. അടുത്തകാലം വരെ നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ മാറുമറയ്ക്കുക പോലുമില്ലായിരുന്നു എന്നല്ലേ മുകളില്‍ നല്‍കിയിട്ടുള്ള ചിത്രം വ്യക്തമാക്കുന്നത് (മാറുമറയ്ക്കാന്‍ 'മുലക്കരം' നല്‍കേണ്ടിയിരുന്ന നാടാണിത്!). അന്ന് ആണുങ്ങള്‍ക്ക് കാമതൃഷ്ണ ഉണ്ടായിരുന്നില്ല എന്നാണോ മനസിലാക്കേണ്ടത്. അതോ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കണ്ടുപിടിത്തമാണോ ബലാത്സംഗം എന്നത്!

കഴിഞ്ഞ ജൂണില്‍ ഈ ലേഖകന് ഔദ്യോഗിക പരിശീലനത്തിന്റെ ഭാഗമായി ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ നഗരത്തില്‍ രണ്ടാഴ്ച കഴിയേണ്ടിവന്നു. 45 ലക്ഷം ജനങ്ങള്‍ വസിക്കുന്ന നഗരമാണത്. ഓസ്‌ട്രേലിയയിലെ രണ്ടാമത്തെ വലിയ നഗരം. ഞങ്ങളെത്തിയ ദിവസം അവിടുത്തെ പത്രങ്ങള്‍ ഒന്നാംപേജില്‍ പ്രധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്തിരുന്ന ഒരു സംഗതി, മെല്‍ബണില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് പോയ വര്‍ഷത്തെ അപേക്ഷിച്ച് 8.7 ശതമാനം കുറഞ്ഞു എന്നതായിരുന്നു. ഒറ്റ ബലാത്സംഗം പോലും ആ ഒരുവര്‍ഷത്തിനിടെ നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സ്ത്രീകളെ ഏതെങ്കിലും തരത്തില്‍ ഉപദ്രവിച്ചതിന്റെ നിരക്കും വളരെ കുറവ്.

ശ്രദ്ധേയമായ സംഗതിയായിരുന്നു അത്. സ്ത്രീകളുടെ വേഷവിതാനവും വസ്ത്രധാരണവുമാണ് ബലാത്സംഗത്തിന് മുഖ്യകാരണമെങ്കില്‍, ഏറ്റവുമധികം ബലാത്സംഗം നടക്കേണ്ട നഗരങ്ങളിലൊന്നാണ് മെല്‍ബണ്‍. കാരണം, അത്ര 'പ്രകോപനപരമായ' വേഷത്തോടെ റോഡിലിറങ്ങാന്‍ സ്ത്രീകള്‍ അവിടെ മടിക്കുന്നില്ല.

ഡല്‍ഹി സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍.എസ്.എസ്.നേതാവ് മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന വായിച്ചില്ലേ. 'ഇന്ത്യയിലാണ് ബലാത്സംഗം നടക്കുന്നത്, ഭാരതത്തിലല്ല' എന്ന അത്യുഗ്രന്‍ കണ്ടുപിടിത്തമായിരുന്നു അങ്ങേരുടേത്. ഇന്ത്യ എന്നാല്‍ നഗരവത്കൃത ഇന്ത്യ. നഗരങ്ങള്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ സ്വാധീനമുള്ള ഇടങ്ങളാണ്. അവിടെയാണ് ബലാത്സംഗം. ഭാരതമെന്നാല്‍, ഗ്രാമീണ ഇന്ത്യ. അവിടെ ബലാത്സംഗങ്ങള്‍ കുറവാണ്.

പിറ്റെദിവസം ദേശീയമാധ്യമങ്ങള്‍ നേതാവിന്റെ വാദം കണക്കുകള്‍ നിരത്തി പൊളിച്ചടുക്കി. രാജ്യത്ത് 75 ശതമാനം ബലാത്സംഗങ്ങളും നടക്കുന്നത് ആദിവാസി, ഗോത്ര മേഖലകള്‍ ഉള്‍പ്പടെയുള്ള ഗ്രാമങ്ങളിലോ നാട്ടിന്‍പുറങ്ങളിലോ ആണ്. 25 ശതമാനം സംഭവങ്ങളേ നഗരങ്ങളില്‍ അരങ്ങേറുന്നുള്ളൂ. 'പാശ്ചാത്യ സ്വാധീന'മെന്ന നേതാവിന്റെ ന്യായത്തെ മാത്രമല്ല (മെല്‍ബണിലെ ഉദാഹരണം ഓര്‍ക്കുക), മാന്യമായി വസ്ത്രം ധരിക്കാത്തതാണ് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കുന്നതിന് കാരണമെന്ന് വാദിക്കുന്നവരെയും ഈ കണക്ക് ആശയക്കുഴപ്പത്തിലാക്കും, ഉറപ്പ്. നഗരത്തിലാണല്ലോ ഫാഷനനുസരിച്ചുള്ള 'പ്രകോപനപരമായ' വസ്ത്രധാരണം. ഗ്രാമങ്ങളില്‍ ഏതായാലും 'മാന്യമായി വസ്ത്രം ധരിക്കാതെ' സ്ത്രീകള്‍ പുറത്തിറങ്ങാന്‍ സാധ്യത കുറവാണല്ലോ. പക്ഷേ, ബലാത്സംഗം കൂടുതലും ഗ്രാമങ്ങളില്‍!

അപ്പോള്‍, 'മാന്യമല്ലാത്ത വസ്ത്രധാരണ'ത്തെ കൂട്ടുപിടിച്ച് ബലാത്സംഗത്തെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നതിലും, 'വസ്ത്രധാരണം മാന്യമായാല്‍' ബലാത്സംഗം കുറയുമെന്ന വാദത്തിലും കാതലായ എന്തോ പ്രശ്‌നമുണ്ട്. നമുക്ക് അതിലേക്ക് വരാം.

ഇവിടെ ഓര്‍ക്കേണ്ട ഒരു കാര്യമുണ്ട്. ബലാത്സംഗം ചെറുക്കാനുള്ള എളുപ്പമാര്‍ഗം എന്ന നിലയ്ക്ക് നിഷ്‌ക്കളങ്കമായ രീതിയിലാണ് പലരും ഈ വാദം ഉന്നയിക്കുന്നത്. അത്തരമൊരു വാദം നമ്മളെ എവിടെയാണ് എത്തിക്കുകയെന്ന് അത്തരക്കാര്‍ ആലോചിക്കാറില്ല. എന്നാല്‍, വേറെ ചിലരുണ്ട്. അവര്‍ ഇതുന്നയിക്കുമ്പോള്‍, സാദാചാര പോലീസ് അവര്‍ക്കുള്ളിലിരുന്ന് പല്ലിളിക്കുന്നത് കാണാന്‍ കഴിയും. അത്തരക്കാരെ സമൂഹം സൂക്ഷിക്കണം.

ഈ പ്രശ്‌നത്തില്‍ അന്തര്‍ഭവിച്ചിട്ടുള്ള ഏറ്റവും കാതലായ ചോദ്യം, ഒരാള്‍ വസ്ത്രധാരണം നടത്തുന്നത് എങ്ങനെ വേണം എന്ന് നിശ്ചയിക്കാനുള്ള അവകാശം വേറൊരാള്‍ക്കുണ്ടോ എന്നതാണ്. മതപരമായ ചില സ്ഥാപനങ്ങളിലും സ്‌കൂളുകളിലും യൂണിഫോം നിര്‍ബന്ധമാണ്, അത് ഇഷ്ടമില്ലാത്തവര്‍ അങ്ങോട്ടു പോകേണ്ട കാര്യമില്ല. എന്നാല്‍, പൊതുസമൂഹം അത്തരമേതെങ്കിലും സ്ഥാപനമല്ല. പൊതുസമൂഹത്തില്‍ ഏതെങ്കിലും തരത്തിലുള്ള യൂണിഫോം നിശ്ചയിക്കാന്‍ ആര്‍ക്കും അവകാശവുമില്ല.

നഗ്നത പ്രദര്‍ശിപ്പിച്ചാല്‍ കേസെടുക്കാനുള്ള നിയമം നമ്മുടെ നാട്ടിലുണ്ട്. എറണാകുളം നഗരമധ്യത്തില്‍ നഗ്നനായി ഓടിയ ലോ കോളേജ് വിദ്യാര്‍ഥി പോലീസിന് കീഴടങ്ങിയത് ഏതാനും ദിവസം മുമ്പാണ്. അങ്ങനെയെങ്കില്‍, അത്തരം കേസുകളുടെ പരിധിയില്‍ വരാത്ത ഏത് വസ്ത്രധാരണ രീതിയെയും 'മാന്യമെന്ന്' പറയാമോ! ആ മാദണ്ഡമനുസരിച്ച്, മാന്യമായ വസ്ത്രധാരണില്ലാതെ നമ്മുടെ നാട്ടില്‍ ഏതെങ്കിലും സ്ത്രീകള്‍ പുറത്തിറങ്ങാറുണ്ടോ? ഉണ്ടെങ്കില്‍ കേസാകേണ്ടതാണ്, വാര്‍ത്തയാകേണ്ടതാണ്.

അപ്പോള്‍, ബലാത്സംഗം നടക്കാതിരിക്കാനുള്ള 'മാന്യമായ വസ്ത്രധാരണം' ഏതാണ്. എന്താണ് ആ 'മാന്യത'യുടെ അളവുകോല്‍?

മെല്‍ബണ്‍ പോലുള്ള നഗരങ്ങളില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങളും കുറ്റകൃത്യങ്ങളും കുറയുന്നതിന് ഒട്ടേറെ കാരണങ്ങളുണ്ട് എന്നാണ് ഇക്കാര്യം ചര്‍ച്ച ചെയ്തപ്പോള്‍ ഒരു സുഹൃത്ത് വാദിച്ചത്. ശക്തമായ സുരക്ഷാസംവിധാനങ്ങള്‍, അധികൃതരുടെ ജാഗ്രത, സ്ത്രീകളോടുള്ള മനോഭാവം...ഇങ്ങനെ ഒട്ടേറെ ഘടകങ്ങള്‍. അവയൊക്കെ നമ്മുടെ നാട്ടിലുമുണ്ടായാല്‍ സ്ത്രീകള്‍ എങ്ങനെ നടന്നാലും ഉപദ്രവിക്കപ്പെടണമെന്നില്ല എന്ന് ആ സുഹൃത്ത് പറഞ്ഞു.

അപ്പോള്‍, പ്രശ്‌നം മറ്റ് ചിലതാണ്. അതു പറയാതെ 'മാന്യമായ വസ്ത്രധാരണം' ബലാത്സംഗം ചെറുക്കാന്‍ അത്യാവശ്യമാണെന്ന് ഉരുവിട്ട് പഠിക്കുന്നു, പ്രചരിപ്പിക്കുന്നു.

മുകളില്‍ ഉന്നയിച്ച ചോദ്യത്തിലേക്ക് ഇവിടെ നമ്മള്‍ വീണ്ടുമെത്തുന്നു. എന്താണ് 'മാന്യമായ വസ്ത്രധാരണം'?

ഓര്‍ക്കുക, 'മാന്യമായ' സംഗതിയെന്നത് തികച്ചും ആപേക്ഷികമാണ്. നിങ്ങള്‍ക്ക് മാന്യമാണെന്ന് തോന്നുന്ന കാര്യം എനിക്ക് അങ്ങനെയാകണമെന്നില്ല. അപ്പോള്‍ 'മാന്യമായ വസ്ത്രധാരണം' എന്നതിനെ എങ്ങനെയാണ് നിര്‍വചിക്കാനാവുക. രാജസ്ഥാനിലെ എം.എല്‍.എ.പറഞ്ഞതു മാതിരി, പുരുഷന്‍മാരില്‍ കാമതൃഷ്ണ ഉണര്‍ത്താത്ത രീതിയിലുള്ള വസ്ത്രധാരണം എന്നാകും പലരും ഇതിനെ നിര്‍വചിക്കുക.

അതിന് (എന്നുവെച്ചാല്‍, പുരുഷന്‍മാരില്‍ കാമതൃഷ്ണ ഉണര്‍ത്താതിരിക്കാന്‍) ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്ന വസ്ത്രധാരണം മതിയോ? മതിയാകാന്‍ വഴിയില്ല. കാരണം, നിലവില്‍ നമ്മുടെ നാട്ടിലെ ഭൂരിപക്ഷം സ്ത്രീകളും അങ്ങനെയാണ് വേഷംധരിക്കാറ്. അപ്പോള്‍, ശരീരത്തിന്റെ ഭൂരിഭാഗവും മറയ്ക്കുന്നതല്ല, ശരീരം പൂര്‍ണമായി മറയ്ക്കുന്നതാണ് 'മാന്യമായ വസ്ത്രധാരണം' എന്നാണോ! മുഖമൊഴികെ ബാക്കിയെല്ലാം മറയ്ക്കണോ! എങ്കിലേ പുരുഷന്‍മാര്‍ക്ക് കാമതൃഷ്ണ ഉണരാതിരിക്കൂ എന്നുണ്ടോ.

ഇവിടെ ഒരു പ്രശ്‌നം ഉത്ഭവിക്കുന്നു. സ്ത്രീകള്‍ മുഖം പുറത്തുകാട്ടുന്നത് 'മാന്യമാണോ'? അത് പുരുഷന്‍മാരെ പ്രലോഭിപ്പിക്കില്ലേ. ഇണകള്‍ക്ക് ഏറ്റവും ആകര്‍ഷകമായ സ്ത്രീശരീരഭാഗങ്ങളിലൊന്ന് എന്ന് നരവംശശാസ്ത്രജ്ഞര്‍ പറയുന്ന ചുണ്ടുകളും വദനഭാഗവും മുഖത്തല്ലേ......അപ്പോള്‍ മുഖവും മറയ്ക്കണം അല്ലേ!

ഇനി താഴെയുള്ള ചിത്രം നോക്കുക. താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് അനുവദിച്ച വേഷമാണിത്.

ഒരുകൂട്ടം ചാക്കുകെട്ടുകളെ ആ രൂപങ്ങള്‍ അനുസ്മരിപ്പിക്കുന്നു. ചലിക്കുന്ന ചാക്കുകെട്ടുകള്‍. ചാക്കുകെട്ടുകളില്‍ സാധാരണഗതിയില്‍ അരിയോ അടയ്ക്കയോ ഒക്കെയാവാം. ഈ ചാക്കുകെട്ടുകളില്‍ പക്ഷേ, സ്ത്രീകളാണ്. മാന്യമായി വസ്ത്രം ധരിപ്പിച്ച് ധരിപ്പിച്ച് സ്ത്രീകളെ ഒറ്റയടിക്ക് എങ്ങനെ അരിയും അടയ്ക്കയും പോലുള്ള ചരക്കുകളാക്കി മാറ്റാം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണിത്. ഇവിടെ സ്ത്രീയെന്നത് മുഖംപോലും നഷ്ടപ്പെട്ട ഒന്നാണ്. പുരുഷന് സ്വകാര്യമായി അനുഭവിക്കാനുള്ള ഒന്ന്. സുരക്ഷിതത്വം നല്‍കാനെന്ന പേരില്‍ സ്ത്രീയുടെ എല്ലാം, സ്വാതന്ത്ര്യവും സ്വന്തം ശരീരത്തിന്റെ അവകാശവും, ശുദ്ധവായു പോലും കവര്‍ന്നെടുക്കപ്പെടുന്നു.

'മാന്യമായ വേഷംധരിച്ചേ സ്ത്രീകള്‍ നടക്കാവൂ' എന്ന് പ്രസ്താവിക്കുന്നവരില്‍നിന്ന് താലിബാനിലേക്കുള്ള അകലം എത്ര കുറവാണെന്ന് നോക്കുക!

നൂറുവര്‍ഷം മുമ്പ് കേരളത്തിലെ സ്ത്രീകളുടെ അവസ്ഥയും, 'മാന്യമായ വസ്ത്രധാരണം' എന്ന പേരില്‍ സ്ത്രീകള്‍ക്കുമേല്‍ ചിലര്‍ ഇപ്പോള്‍ അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന അവസ്ഥയും തമ്മിലുള്ള അന്തരമാണ് മുകളില്‍ നല്‍കിയിട്ടുള്ള രണ്ടു ചിത്രങ്ങളും വ്യക്തമാക്കുന്നത്. ഒരു നൂറ്റാണ്ടുകൊണ്ട് നമ്മള്‍ എവിടുന്ന് എങ്ങോട്ടാണ് എത്തുന്നത്.

ബലാത്സംഗത്തിന്റെ കാരണമായി സ്ത്രീകളുടെ വസ്ത്രധാരണത്തെ കുറ്റംപറയുന്നവര്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്, ബലാത്സംഗത്തിന് കൂട്ടുനില്‍ക്കലാണ്. കുറ്റം ബലാത്സംഗം ചെയ്തവനല്ല, അതിനിരയായ സ്ത്രീയുടെ വസ്ത്രധാരണത്തിനാണ് എന്ന് പറയുകയാണ് അതിലൂടെ. ബലാത്സംഗം ചെയ്തവനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കലാണ് അത്.

------

ഡല്‍ഹി സംഭവത്തിന്റെ വെളിച്ചത്തില്‍ പലരും ഉന്നയിച്ച ഒരു പ്രശ്‌നം, സ്ത്രീകളെന്തിന് രാത്രിയില്‍ അന്യപുരുഷന്‍മാര്‍ക്കൊപ്പം പുറത്തിറങ്ങുന്നു എന്നതാണ്.

ഫെയ്‌സ്ബുക്കില്‍ ഞാനെഴുതിയ കാര്യം ഇവിടെ ആവര്‍ത്തിക്കട്ടെ- അടുത്ത വീട്ടിലെ ചേച്ചിയും എന്റെ ഭാര്യയും അടങ്ങിയ ഗ്രൂപ്പ് ഞങ്ങളുടെ കോളനിയില്‍ വൈകുന്നേരം കുറെ നേരം നടത്തം പതിവാണ്. അതിനിടെ അവര്‍ ചില ചര്‍ച്ചകളും നടത്തും.

കഴിഞ്ഞ ദിവസം ചര്‍ച്ച ഡല്‍ഹിയില്‍ നടന്ന ധാരുണ സംഭവത്തെക്കുറിച്ചായി. 'എന്തിനാ പെണ്‍കുട്ടികള്‍ സെക്കന്‍ഡ് ഷോക്ക് പോകുന്നത്, മറ്റ് ആണുങ്ങളുടെ കൂടെ രാത്രിയില്‍ പുറത്തുപോകുന്നത്' - അയല്‍പക്കത്തെ ചേച്ചി ചോദിച്ചു.

അപ്പോള്‍ സമയം ഏതാണ്ട് വൈകുന്നേരം ഏഴരയായിക്കാണും. ചേച്ചിയുടെ കൗമാരപ്രായക്കാരനായ മകന്‍ കൂട്ടുകാര്‍ക്കൊപ്പം കറങ്ങാന്‍ പോകുന്നത് അവര്‍ കണ്ടു.  എന്റെ ഭാര്യ അപ്പോള്‍ ഒരു സംശയം ഉന്നയിച്ചു - 'ആണ്‍കുട്ടികള്‍ക്ക് ഇതൊന്നും ബാധകമല്ല, അല്ലേ!'

അവിടെയാണ് പ്രശ്‌നം. ആണ്‍കുട്ടികള്‍ക്ക് ഒന്നും പ്രശ്‌നമല്ല, അവര്‍ക്ക് വിലക്കുകളും ഇല്ല. സ്വാതന്ത്ര്യം കിട്ടിയത് ഇന്ത്യയ്ക്കാണെങ്കിലും അത് അനുഭവിക്കാനുള്ള ഭാഗ്യം പുരുഷന്‍മാര്‍ക്കേ ഇവിടെ ഉള്ളൂ!

ആണ്‍കുട്ടിയായാലും പെണ്‍കുട്ടിയായാലും മറ്റുള്ളവരെ ബഹുമാനിക്കുക, അന്യന്റെ ദുഖത്തില്‍ പങ്കുചേരുക എന്നൊക്കെയുള്ള കാര്യങ്ങള്‍ മനസിലാക്കി കൊടുക്കുന്നതിന് പകരം, ആണ്‍കുട്ടികള്‍ക്ക് എന്തുമാകം എന്ന മെസേജ്, ചെറുപ്പത്തിലേ തന്നെ അച്ഛനമ്മമാര്‍ അവരില്‍ കുത്തിവെയ്ക്കുന്നു. അല്ലെങ്കില്‍, പെണ്‍കുട്ടികളോടുള്ള മാതാപിതാക്കളുടെ സമീപനത്തില്‍നിന്ന് ആണ്‍കുട്ടികള്‍ അത്തരമൊരു മനോഭാവം സ്വയം ആര്‍ജിക്കുന്നു.

ഈ ലേഖകന്റെ ബന്ധുവായ ഒരു സ്ത്രീ, മൂന്നുവയസ്സുള്ള കുറുമ്പുകാരിയായ ഒരു പെണ്‍കുട്ടിയെ 'നീ പെണ്‍കുട്ടിയാണ്, ഓര്‍മ വേണം' എന്ന് ശകാരിക്കുന്നത് ഒരിക്കല്‍ കേട്ടു. അങ്ങേയറ്റം വികൃതികളായ രണ്ട് ആണ്‍കുട്ടികളുടെ അമ്മയാണ് അവര്‍. പക്ഷേ, ഒരിക്കല്‍ പോലും 'നീ ആണ്‍കുട്ടിയാണ്, ഓര്‍മ വേണം' എന്ന് സ്വന്തം മക്കളെ അവര്‍ ഉപദേശിക്കുന്നത് കേട്ടിട്ടില്ല!

നമ്മുടെ നാട്ടില്‍ ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രകടമായ വിവേചനത്തോടെ വളര്‍ത്തുന്നത് പുതിയ കാര്യമല്ല. ഒരു നൂറ്റാണ്ട് മുമ്പ് കേരളത്തിലെ നമ്പൂതിരി ഇല്ലങ്ങളില്‍ ആണ്‍കുട്ടികള്‍ അനുഭവിച്ചിരുന്ന വിശേഷ അവകാശങ്ങളും, പെണ്‍കുട്ടികള്‍ കഴിഞ്ഞിരുന്ന നിസ്സഹായാവസ്ഥയും എത്രയെന്ന് അറിയാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരപ്പാടിന്റെ ആത്മകഥയായ 'എന്റെ സ്മരണകള്‍' നോക്കുക.

വീടുകളില്‍ നിന്നാണ് ആരംഭിക്കേണ്ടത്. അല്ലാതെ കതിരില്‍ വളംവെച്ചിട്ട് കാര്യമില്ലെന്ന് ഓര്‍ക്കുക. മറ്റുള്ളവരെ വിലമതിക്കാതെയും ബഹുമാനിക്കാതെയും വളരാന്‍ കുട്ടികളെ നമ്മള്‍ അനുവദിക്കുന്നു. എന്നിട്ട്, 'മാന്യമായി വസ്ത്രം ധരിക്കുക', 'രാത്രിയില്‍ പുറത്തിറങ്ങരുത്' തുടങ്ങിയ ഒറ്റമൂലികള്‍ക്ക് മേല്‍ കടിച്ചുതൂങ്ങുന്നു.

എളുപ്പത്തിലുള്ള പരിഹാരങ്ങളാണ് എല്ലാവര്‍ക്കും വേണ്ടത്, ചൊട്ടുവിദ്യകള്‍. ബലാത്സംഗത്തിന് വസ്ത്രധാരണത്തെ പഴിക്കുമ്പോഴും, ബലത്സംഗം ഒഴിവാക്കാന്‍ രാത്രിയില്‍ പുറത്തിറങ്ങരുതെന്ന് സ്ത്രീകളെ ഉളുപ്പില്ലാതെ ഉപദേശിക്കുമ്പോഴും, ജീവിത വിജയത്തിന് മനുഷ്യദൈവങ്ങളെ അഭയം പ്രാപിക്കുമ്പോഴുമെല്ലാം സംഭവിക്കുന്നത് അതാണ്. എളുപ്പത്തിലുള്ള പരിഹാരമാര്‍ഗങ്ങളുടെ അപകടത്തിലേക്ക് നമ്മള്‍ നിപതിക്കുന്നു.