Showing posts with label വിജ്ഞാനം. Show all posts
Showing posts with label വിജ്ഞാനം. Show all posts

Wednesday, May 13, 2015

ഹബ്ബിള്‍ ടെലിസ്‌കോപ്പിന് 25

കാല്‍നൂറ്റാണ്ടിനിടെ വെറും കണ്ടുപിടിത്തങ്ങള്‍ നടത്തുകയല്ല ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പ് ചെയ്തത്, ജ്യോതിശാസ്ത്രത്തിന്റെ ഭാവി കണ്ടെത്തുകയായിരുന്നു ആ ടെലിസ്‌കോപ്പ്

മനുഷ്യന്റെ പ്രപഞ്ചസങ്കല്‍പ്പങ്ങളെയാകെ നവീകരിക്കാന്‍ ഹബ്ബിള്‍ സ്‌പേസ് ടെലിസ്‌കോപ്പിനോളം സഹായിച്ച ഉപകരണങ്ങള്‍ ചരിത്രത്തില്‍ തന്നെ വിരളമാണ്. പഴയ നിഗമനങ്ങള്‍ സ്ഥിരീകരിക്കുക മാത്രമല്ല, പുതിയ സങ്കല്‍പ്പങ്ങള്‍ക്ക് വിത്തുപാകുകയും ചെയ്തു ആ ടെലിസ്‌കോപ്പ്. ഹബ്ബിള്‍ പകര്‍ത്തിയ നൂറുകണക്കിന് പ്രപഞ്ചദൃശ്യങ്ങള്‍, പുതിയ തലമുറകളുടെ ദൃശ്യബോധത്തെ പോലും മാറ്റിമറിച്ചു. ജ്യോതിശാസ്ത്രത്തിന് ആധുനിക കാലത്ത് ലഭിച്ച ഏറ്റവും ശക്തമായ ആ ഉപകരണത്തിന് ഇപ്പോള്‍ 25 വയസ്സ് തികയുന്നു.

1990 ഏപ്രില്‍ 24 ന് ഡിസ്‌കവറി പേടകം ഭ്രമണപഥത്തിലെത്തിച്ച ഹബ്ബിള്‍ ടെലിസ്‌കോപ്പില്‍നിന്ന് കഴിഞ്ഞ കാല്‍നൂറ്റാണ്ടായി കണ്ടെത്തലുകളുടെ പ്രളയം തന്നെയുണ്ടായി. പ്രപഞ്ചത്തിന്റെ പ്രായവും, നക്ഷത്രങ്ങളുടെ പിറവിയും, അന്ത്യവും, തമോഗര്‍ത്തങ്ങളുടെ കാണാസാന്നിധ്യവുമൊക്കെ ഹബ്ബളിന്റെ അത്ഭുതനേത്രങ്ങള്‍ തേടിപ്പിടിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് മനസിലാക്കാന്‍ സഹായിക്കുക മാത്രമല്ല, ആ വികാസതോത് വര്‍ധിക്കുകയാണെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ തെളിയിച്ചു. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിക്കാന്‍ കാരണമായ ശ്യാമോര്‍ജം (dark energy) എന്താണെന്ന ആകാംക്ഷയിലേക്ക് ശാസ്ത്രലോകത്തെ നയിച്ചത് ഒരര്‍ഥത്തില്‍ ഹബ്ബിളാണ്!
 പൊടിയും വായുവും നിറഞ്ഞ ഭൂമിയുടെ അന്തരീക്ഷം ജ്യോതിശാസ്ത്ര നിരീക്ഷണങ്ങള്‍ക്ക് തടസ്സമാണെന്നും, അത് മറികടക്കാന്‍ ടെലിസ്‌കോപ്പുകളെ ബഹിരാകാശത്ത് സ്ഥാപിക്കണമെന്നുമുള്ള ആശയം ആദ്യമവതരിപ്പിക്കുന്നത് ലിമാന്‍ സ്പിറ്റ്‌സര്‍ (1914-1997) ആണ്. ബഹിരാകാശത്തുനിന്നുള്ള ജ്യോതിശാസ്ത്ര നിരീക്ഷണങ്ങളെക്കുറിച്ച് 1946 ല്‍ സ്പിറ്റ്‌സര്‍ തന്റെ പ്രബന്ധം പ്രസിദ്ധീകരിക്കുമ്പോള്‍ മനുഷ്യന്‍ റോക്കറ്റുകള്‍ പോലും വിക്ഷേപിക്കാന്‍ ആരംഭിച്ചിരുന്നില്ല.

സ്പ്റ്റ്‌സറുടെ ആശയത്തിന്റെ ചുവടുപിടിച്ചാണ്, അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ അതിന്റെ 'ഗ്രേറ്റ് ഒബ്‌സര്‍വേറ്ററി' പരമ്പര 1970 കളില്‍ ആസൂത്രണം ചെയ്യുന്നത്. ആ പരമ്പരയിലെ ആദ്യ അംഗമാണ് ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പ്. എന്നുവെച്ചാല്‍ 1970 കളില്‍ ആരംഭിച്ച ആലോചനകളാണ് 1990 ല്‍ യാഥാര്‍ഥ്യമായതെന്നര്‍ഥം.

പ്രപഞ്ചം വികസിക്കുകയാണെന്ന് 1930 ല്‍ കണ്ടെത്തിയ പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്‍ എഡ്വിന്‍ ഹബ്ബിളിന്റെ പേര് ആ സ്‌പേസ് ടെലിസ്‌കോപ്പിന് നല്‍കി. 15.9 മീറ്റര്‍ നീളവും 4.2 മീറ്റര്‍ വ്യാസവും 11,110 കിലോഗ്രാം ഭാരവുമുള്ള ഹബ്ബിള്‍ ടെലിസ്‌കോപ്പ്, ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ സഞ്ചരിച്ചാണ് പ്രപഞ്ച നിരീക്ഷണം നടത്തുന്നത്. ഹബ്ബിളിന് ഒരു തവണ ഭൂമിയെ ചുറ്റാന്‍ 96 മിനിറ്റ് മതി. സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ആ ടെലിസ്‌കോപ്പ് ദിവസം 17 തവണ അത് ഭൂമിയെ വലംവെയ്ക്കുന്നു. 
ഹബ്ബിള്‍ ഇതിനകം ഭൂമിയെ ചുറ്റി 480 കോടി കിലോമീറ്റര്‍ സഞ്ചരിച്ചു. 12 ലക്ഷം നിരീക്ഷണങ്ങള്‍ നടത്തി. 2.4 മീറ്റര്‍ വ്യസമുള്ള ദര്‍പ്പണത്തിന്റെ സഹായത്തോടെ വ്യത്യസ്ത തരംഗദൈര്‍ഘ്യങ്ങളില്‍ (അള്‍ട്രാവയലറ്റ്, ദൃശ്യപ്രകാശം, ഇന്‍ഫ്രാറെഡ് എന്നിങ്ങനെ) പ്രപഞ്ചത്തെ നിരീക്ഷിക്കാന്‍ ഹബ്ബിളിന് സാധിക്കും.

ഇന്ന് തിരിഞ്ഞുനോക്കുമ്പോള്‍, ശാസ്ത്രചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിജയങ്ങളിലൊന്നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പ്. പക്ഷേ, 1990 ല്‍ വിക്ഷേപിച്ചപ്പോള്‍ കഥ മറ്റൊന്നായിരുന്നു. ഹബ്ബിളിനെ ബഹിരാകാശത്തെത്തിച്ച ശേഷമാണ് അതിന്റെ മുഖ്യദര്‍പ്പണത്തിന് തകരാറുള്ള കാര്യം മനസിലായത്. ഹബ്ബിള്‍ പകര്‍ത്തുന്ന ദൃശ്യങ്ങളൊന്നും വ്യക്തതയുള്ളതല്ല! ആ പ്രശ്‌നം പരിഹരിക്കാന്‍ അന്നുവരെ ചെയ്തിട്ടില്ലാത്ത ഒരു രക്ഷാദൗത്യത്തിന് നാസ തയ്യാറായി. 1993 ല്‍ എന്‍ഡവര്‍ പേടകത്തില്‍ ബഹിരാകാശ സഞ്ചാരികളെ ഹബ്ബില്‍ സ്‌പേസ് ടെലിസ്‌കോപ്പിലയച്ച് അതിന്റെ തകരാര്‍ പരിഹരിച്ചു!

ഭൂമിയില്‍നിന്ന് 575 കിലോമീറ്റര്‍ അകലെ സെക്കന്‍ഡില്‍ ഏഴര കിലോമീറ്റര്‍ വേഗത്തില്‍ ഭൂമിക്ക് ചുറ്റും പായുന്ന ഹബ്ബിളിനൊപ്പം അതേ വേഗത്തില്‍ സഞ്ചരിച്ച് തകരാര്‍ പരിഹരിച്ചുവെന്നത് അസാധാരണം എന്നല്ലാതെ വിശേഷിപ്പിക്കാനാകുമോ!

ഹബ്ബിളിന്റെ 25 വര്‍ഷത്തെ ചരിത്രത്തിനിടെ നടന്ന ആദ്യ സര്‍വീസ് ദൗത്യമായിരുന്നു 1993 ലേത്. അതൊരു തുടക്കമായിരുന്നു. ഹബ്ബിളില്‍ അറ്റകുറ്റപണി നടത്താനുള്ള രണ്ടാമത്തെ ദൗത്യം 1997 ഫിബ്രവരിയില്‍ നടന്നു; ഡിസ്‌കവറി പേടകമാണ് അതിന് ഉപയോഗിച്ചത്. സ്‌പേസ് ടെലിസ്‌കോപ്പ് ഇമേജിങ് സ്‌പെക്ട്രോഗ്രാഫ് പോലുള്ള ചില നിര്‍ണായക ഉപകരണങ്ങള്‍ അന്ന് മാറ്റി സ്ഥാപിച്ചു. 1999 ഡിസംബറിലായിരുന്നു മൂന്നാമത്തെ സര്‍വീസ് ദൗത്യം. ഹബ്ബിളിന്റെ ബലന്‍സ് നിലനിര്‍ത്തുന്ന ഗൈറോസ്‌കോപ്പുകളില്‍ മൂന്നെണ്ണം തകരാറിലായത് മാറ്റി. 2002 മാര്‍ച്ചില്‍ നാലാമത്തെ ദൗത്യം -സോളാര്‍ പാനലുകളും ക്യാമറയും മാറ്റി സ്ഥാപിച്ചു; കൊളംബിയ പേടകത്തില്‍ പോയവര്‍ 'അഡ്വാന്‍സ്ഡ് ക്യാമറ ഫോര്‍ സര്‍വേയ്‌സ്' ഹബ്ബളില്‍ സ്ഥാപിച്ചു.
2003 ഫിബ്രവരി ഒന്നിന് നടന്ന കൊളംബിയ ദുരന്തം (ഇന്ത്യന്‍ വംശജയായ കല്‍പ്പന ചൗള അടക്കം ഏഴ് ബഹിരാകാശയാത്രികര്‍ മരിച്ച ദുരന്തം) ഹബ്ബിളിന്റെ തുടര്‍ന്നുള്ള നവീകരണം അവതാളത്തിലാക്കി. പുതിയ സര്‍വീസ് ദൗത്യങ്ങള്‍ റദ്ദാക്കി. ഹബ്ബിളിനെ വേണമെങ്കില്‍ ഇനി കൈവിടാം എന്ന തോന്നലും നാസയില്‍ ശക്തമായി. പക്ഷേ, നാസക്ക് അതിന് മനസ് വന്നില്ല. ശാസ്ത്രലോകം അപ്പോഴേക്കും ഹബ്ബിളുമായി അത്രമേല്‍ പ്രണയത്തിലായിക്കഴിഞ്ഞിരുന്നു!

അതുകൊണ്ടാണ്, ഹബ്ബിളിനെ നവീകരിക്കാനും അതിന്റെ അറ്റകുറ്റപ്പണി നടത്താനുമുള്ള അഞ്ചാമത്ത ദൗത്യം വര്‍ഷങ്ങള്‍ക്ക് ശേഷം പ്ലാന്‍ചെയ്തത്. 2009 മെയ് മാസത്തില്‍ അറ്റ്‌ലാന്റിസ് ബഹിരാകാശ പേടകത്തില്‍ പോയ സഞ്ചാരികളാണ് ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയത്. വെറും കേടുതീര്‍ക്കല്‍ ആയിരുന്നില്ല അഞ്ചാംദൗത്യം. ഹബ്ബിളിലെ സുപ്രധാന ഭാഗങ്ങളെല്ലാം മാറ്റി പുതുക്കി. പഴയ ക്യാമറയ്ക്ക് പകരം പുതിയ 'വൈഡ് ഫീല്‍ഡ് ക്യാമറ' സ്ഥാപിച്ചു. സ്‌പേസ് ടെലിസ്‌കോപ്പിന്റെ ബാലന്‍സ് നിലനിര്‍ത്തുന്ന ആറ് ഗൈറോസ്‌കോപ്പുകളും മാറ്റി. വിദൂരലക്ഷ്യങ്ങളില്‍ ദൃഷ്ടി ഉറപ്പിച്ചു നിര്‍ത്താന്‍ ഹബ്ബിളിനെ സഹായിക്കുന്ന 'ഫൈന്‍ഗൈഡന്‍സ് സെന്‍സറും' പുതുക്കി. അങ്ങനെ ഹബ്ബിളിനെ അടിമുടി നവീകരിച്ചു.

അഞ്ചുവര്‍ഷത്തേക്ക് കൂടി ഹബ്ബിളിന്റെ ആയുസ്സ് നീട്ടുന്ന സുപ്രധാന ദൗത്യമായിരുന്നു 2009 ലേത്. പക്ഷേ, ആ കാലയളവ് കഴിഞ്ഞിട്ടും ഹബ്ബിളിന്റെ പ്രവര്‍ത്തനത്തിന് തടസ്സമില്ലെന്ന്, ഏറ്റവുമൊടുവില്‍ (2015 ല്‍) പുറത്തുവന്ന കണ്ടെത്തല്‍ സ്ഥിരീകരിക്കുന്നു. വ്യാഴത്തിന്റെ ഉപഗ്രഹമായ ഗാനിമീഡില്‍ പ്രതലത്തിന് കീഴെ സമുദ്രമുണ്ടെന്നതാണ് ആ കണ്ടെത്തല്‍. ഹബ്ബിള്‍ നടത്തിയ അത്ഭുതകരമായ കണ്ടെത്തലുകളില്‍ ഒന്ന് മാത്രമാണിത്. ലോകത്തെ എത്രയോ ഗവേഷണഗ്രൂപ്പുകള്‍ വ്യത്യസ്തമായ കണ്ടെത്തലുകള്‍ ഹബ്ബിളിന്റെ നിരീക്ഷണം വഴി നടത്തിയിരിക്കുന്നു.

ബാള്‍ട്ടിമോറിലെ 'സ്‌പേസ് ടെലിസ്‌കോപ്പ് സയന്‍സ് ഇന്‍സ്റ്റിട്യൂട്ടി'നാണ് ഹബ്ബിള്‍ ടെലിസ്‌കോപ്പിന്റെ ചുമതല എങ്കിലും, ആര്‍ക്ക് വേണമെങ്കിലും ഹബ്ബിളിന്റെ സേവനം തേടാം. ഹബ്ബിള്‍ ടെലിസ്‌കോപ്പ് ഉപയോഗിക്കാന്‍ പ്രതിവര്‍ഷം ഒരുലക്ഷത്തോളം ആപേക്ഷകള്‍ നാസയ്ക്ക് ലഭിക്കുന്നു എന്നാണ് കണക്ക്. അതില്‍നിന്ന് തിരഞ്ഞെടുക്കുന്ന 200 അപേക്ഷകള്‍ അനുവദിക്കപ്പെടും. 
ഒരു വര്‍ഷം 20,000 നിരീക്ഷണങ്ങള്‍ നടത്താന്‍ ഹബ്ബിളിനാകും; ദിവസം ശരാശരി 54 നിരീക്ഷണങ്ങള്‍. അതുവഴി ഓരോ ആഴ്ചയിലും 18 ഡി.വി.ഡി.നിറയുന്നത്ര ഡേറ്റ ഹബ്ബിള്‍ ഭൂമിയിലേക്ക് അയയ്ക്കുന്നു. ഗവേഷകര്‍ക്ക് ലോകത്തെവിടെയിരുന്നും ഈ ഡേറ്റ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്ത് വിശകലനം ചെയ്യാം. പ്രവര്‍ത്തനം തുടങ്ങി ആദ്യ രണ്ടുപതിറ്റാണ്ടിനുള്ളില്‍ ഹബ്ബിളില്‍നിന്നുള്ള നിരീക്ഷണഫലങ്ങളുടെ സഹായത്തോടെ 6000 ലേറെ ഗവേഷണ പ്രബന്ധങ്ങള്‍ പുറത്തുവന്നു.

ഹബ്ബിളില്‍ നിന്നുണ്ടായ കണ്ടുപിടിത്തങ്ങളുടെ വ്യാപ്തി പരിശോധിച്ചാല്‍, ആധുനിക ജ്യോതിശ്ശാസ്ത്രം ഏറ്റവും കടപ്പെട്ടിരിക്കുന്ന ഉപകരണം അതാണെന്ന് വ്യക്തമാകും. പ്രപഞ്ചത്തിന്റെ പ്രായം 1300 കോടിക്കും 1400 കോടി വര്‍ഷത്തിനും മധ്യേയാണെന്ന കണ്ടെത്തലാകും അതില്‍ ഏറ്റവും പ്രധാനം.

1993 ല്‍ തകരാര്‍ പരിഹരിച്ചുകഴിഞ്ഞ് മാസങ്ങള്‍ക്കുള്ളില്‍ ഹബ്ബിള്‍ ആദ്യത്തെ പ്രധാന നിരീക്ഷണം നടത്തി. ഷൂമാക്കര്‍-ലെവി 9 എ വാല്‍നക്ഷത്രം വ്യാഴഗ്രഹത്തില്‍ ഇടിച്ചുതകരുന്നതിന്റെ സ്‌തോഭജനകമായ ദൃശ്യങ്ങള്‍ ഹബ്ബിള്‍ പകര്‍ത്തി. ഒരു വാല്‍നക്ഷത്രം ഗ്രഹത്തില്‍ പതിക്കുന്നതിന്റെ പ്രതാഘാതങ്ങള്‍ നേരിട്ട് നിരീക്ഷിക്കുന്നതിനും ആഴത്തില്‍ വിശകലനം ചെയ്യുന്നതിനും ശാസ്ത്രലോകത്തിന് ആദ്യമായി അവസരം ലഭിച്ചു.

അതായിരുന്നു ഹബ്ബിളിന്റെ യഥാര്‍ഥ തുടക്കം. പിന്നീട് ഹബ്ബിളിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

1996 ലാണ്, ആകാശഗംഗയിലെ ഒരു 'സുക്ഷിര'ത്തിലൂടെ ബാഹ്യപ്രപഞ്ചത്തിലേക്ക് ഹബ്ബിള്‍ വിസ്തരിച്ചൊന്ന് 'നോക്കി'. ഗ്രേറ്റ് ബിയര്‍ നക്ഷത്രഗണത്തിന്റെ ദിശയിലായിരുന്നു ആ നിരീക്ഷണം. 10 ദിവസം തുടര്‍ച്ചയായി നടത്തിയ നിരീക്ഷണത്തിന്റെ ഫലം അതിശയിപ്പിക്കുന്ന പ്രപഞ്ചദൃശ്യങ്ങളായി പുറത്തുവന്നു. നൂറുകണക്കിന് വിദൂര ഗാലക്‌സികളായിരുന്നു ആ ദൃശ്യത്തിലുള്ളത്. അതില്‍ ചിലത് പ്രപഞ്ചമുണ്ടായി ഏതാണ്ട് നൂറുകോടി വര്‍ഷം കഴിഞ്ഞപ്പോള്‍ രൂപപ്പെട്ടത്. ഗാലക്‌സികളില്‍ നക്ഷത്രങ്ങളുടെ പിറവി ആദ്യം എത്ര ഊര്‍ജിതമായിരുന്നുവെന്നും, പിന്നീട് നക്ഷത്രപിറവിയുടെ ആവേഗം കുറഞ്ഞെന്നും ആ നിരീക്ഷണഫലം വ്യക്തമാക്കി.
നക്ഷത്രങ്ങളുടെ പിറവി എങ്ങനെയാണെന്നത് ജ്യോതിശാസ്ത്രജ്ഞരെ എക്കാലവും ആകാംക്ഷയിലാഴ്ത്തിയിട്ടുണ്ട്. ഗാലക്‌സികളില്‍ ധൂളിപടലങ്ങളുടെ മറയത്ത് നടക്കുന്ന നക്ഷത്രജനനങ്ങള്‍ ഇന്‍ഫ്രാറെഡ് തരംഗദൈര്‍ഘ്യത്തില്‍ നിരീക്ഷിക്കാന്‍ ഹബ്ബിളിന് കഴിഞ്ഞു. എത്ര നാടകീയമായ സംഭവങ്ങളുടെ അകമ്പടിയോടെയാണ് നക്ഷത്രങ്ങള്‍ പിറക്കുന്നതെന്ന് ആ നിരീക്ഷണങ്ങള്‍ തെളിയിച്ചു. ഹബ്ബിളില്‍നിന്ന് ലഭിച്ച ഏറ്റവും പ്രസിദ്ധമായ ദൃശ്യങ്ങളില്‍ ചിലത് 'സൃഷ്ടിയുടെ ഗോപുരങ്ങള്‍' (Pillars of Creation) എന്നറിയപ്പെടുന്ന, നക്ഷത്രങ്ങള്‍ പിറവിയെടുക്കുന്ന മേഖലകളുടേതാണ്.

ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ മുഖ്യലക്ഷ്യങ്ങളിലൊന്ന് പ്രപഞ്ചം വികസിക്കുന്നതിന്റെ തോത് ശരിയായി നിര്‍ണയിക്കുക എന്നതായിരുന്നു. ആ തോത് നിര്‍ണയിക്കുക വഴി പ്രപഞ്ചത്തിന്റെ പ്രായമെത്രയാണെന്ന് കണക്കാന്‍ ഹബ്ബിളില്‍നിന്നുള്ള വിവരങ്ങള്‍ ശാസ്ത്രലോകത്തെ സഹായിച്ചു.

പ്രപഞ്ചത്തിലെ വിദൂര ഗാലക്‌സികളിലേക്കുള്ള അകലം നിശ്ചയിക്കാന്‍ പ്രമാണദീപ്തികളായി ഉപയോഗിക്കുന്ന വിദൂര സൂപ്പര്‍നോവകളെ നിര്‍ണയിക്കാനും ജ്യോതിശാസ്ത്രജ്ഞരെ ഹബ്ബിള്‍ സഹായിച്ചു. വിദൂരഗാലക്‌സികളിലേക്കുള്ള അകലമറിയാന്‍ മാത്രമല്ല, പ്രപഞ്ചത്തിന്റെ പ്രാചീനകാലത്തേക്ക് ദൃഷ്ടിപായിക്കാനും അത് സഹായിച്ചു. ഒപ്പം, ആ നിരീക്ഷണങ്ങള്‍ അത്ഭുതകരമായ മറ്റൊരു തിരിച്ചറിവിലേക്ക് ശാസ്ത്രത്തെ നയിക്കുകയും ചെയ്തു. പ്രപഞ്ചം വെറുതെ വികസിക്കുകയല്ല, ആ വികാസത്തിന്റെ തോത് വര്‍ധിച്ചുകൊണ്ടിരിക്കുകയാണ് എന്നതായിരുന്നു ആ തിരിച്ചറിവ്. പ്രപഞ്ചവികാസത്തിന്റെ തോത് വര്‍ധിപ്പിക്കാന്‍ കാരണം ശ്യാമോര്‍ജമെന്ന നിഗൂഢ ഊര്‍ജരൂപം ചെലുത്തുന്ന വിപരീതബലമാണെന്നും ഗവേഷകര്‍ നിഗമനത്തിലെത്തി. ശരിക്കുപറഞ്ഞാല്‍, ആധുനിക ജ്യോതിശാസ്ത്രത്തിന്റെ ഭാവിയെ ഇതുവഴി ഹബ്ബിള്‍ ടെലസ്‌കോപ്പ് പുനര്‍നിര്‍ണയം നടത്തുകയായിരുന്നു.  
ഏതാണ്ടെല്ലാ ഗാലക്‌സികളുടെയും കേന്ദ്രത്തില്‍ തമോഗര്‍ത്തങ്ങളുണ്ടെന്നതാണ് ഹബ്ബിള്‍ നടത്തിയ പ്രസിദ്ധമായ മറ്റൊരു കണ്ടെത്തല്‍. മാത്രമല്ല, ആ തമോഗര്‍ത്തങ്ങള്‍ക്ക് ഗാലക്‌സിയുടെ മൊത്തം ദ്രവ്യമാനവുമായി (ദ്രവ്യമാനം = mass) ബന്ധമുണ്ടെന്നും ഹബ്ബിളിന്റെ നിരീക്ഷണങ്ങള്‍ വ്യക്തമാക്കി. ആദ്യം തമോഗര്‍ത്തം രൂപപ്പെട്ട ശേഷം, ഗാലക്‌സിയുടെ ദ്രവ്യമാനം നിശ്ചയിക്കപ്പെടുകയായിരുന്നോ, അതോ തിരിച്ചാണോ സംഭവിക്കുന്നത് എന്ന ചോദ്യമാണ് ഈ കണ്ടെത്തല്‍ അവശേഷിപ്പിക്കുന്നത്. അതുമല്ലെങ്കില്‍, ഗാലക്‌സിയും തമോഗര്‍ത്തവും ഒരേസമയം രൂപപ്പെട്ടതാണോ എന്ന സംശയവും ഉയരുന്നു.

കണ്ടെത്തലുകള്‍ നടത്തുക മാത്രമല്ല, പുതിയ കണ്ടെത്തലുകള്‍ക്ക് ഭാവിസാധ്യതകള്‍ തുറന്നിടുകകൂടിയാണ് ഹബ്ബിള്‍ ചെയ്യുന്നത്. പിന്‍ഗാമികള്‍ക്കുള്ള വഴിയൊരുക്കുക കൂടിയാണ് കാല്‍നൂറ്റാണ്ടുകാലം ഹബ്ബിള്‍ സ്‌പേസ് ടെലസ്‌കോപ്പ് ചെയ്തത് (വിവരങ്ങള്‍ക്ക് കടപ്പാട്: നാസ).
 


by ജോസഫ് ആന്റണി 

- ഹബ്ബിള്‍ ടെലസ്‌കോപ്പിന്റെ 25-ാം വാര്‍ഷികത്തിന് 'മാതൃഭൂമി ഓണ്‍ലൈനി'ല്‍ പ്രസിദ്ധീകരിച്ചത്. ലിങ്ക്: http://goo.gl/5xILRN 

Saturday, October 11, 2014

റൊണാള്‍ഡ് റോസ് - ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്


കുട്ടികളുടെ അവകാശത്തിന് വേണ്ടി വിട്ടുവീഴ്ചയില്ലാതെ പോരാടുന്ന കൈലാഷ് സത്യാര്‍ഥിക്ക്, പാകിസ്താനിലെ മലാല യൂസഫ്‌സായിക്കൊപ്പം 2014 ലെ സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം പ്രഖ്യാപിച്ചപ്പോള്‍, നമ്മളില്‍ പലര്‍ക്കുമുണ്ടായ അമ്പരപ്പ് ആരാണ് ഈ സത്യാര്‍ഥി എന്നാണ്! ഇന്ത്യക്കാരനായ ഒരാള്‍ നൊബേല്‍ പുരസ്‌കാരം നേടിയതിന്റെ ആഹ്ലാദംപോലും ഈ അമ്പരപ്പിന്റെ പരിവേഷത്തോടെയാണ് പ്രത്യക്ഷപ്പെട്ടത്.....സ്വാഭാവികമായും പത്രങ്ങളിലെല്ലാം നൊബേല്‍ വാര്‍ത്ത വന്നു. ഒപ്പം വിവിധ മേഖലകളില്‍ മുമ്പ് നൊബേല്‍ പുരസ്‌ക്കാരത്തിന് അര്‍ഹരായ, ഇന്ത്യയുമായി ബന്ധമുള്ളവരുടെ വിവരങ്ങളും മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ചു. പക്ഷേ ആ പട്ടികയിലൊരിടത്തും ഡോ.റൊണാള്‍ഡ് റോസ് എന്ന പേര് കണ്ടില്ല. ബ്രിട്ടീഷ് വംശജനെങ്കിലും, ഇന്ത്യയില്‍ ജനിച്ച് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ച് ഇന്ത്യയില്‍തന്നെ നടത്തിയ ഗവേഷണത്തിലൂടെ നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹനായ വ്യക്തിയാണ് അദ്ദേഹം. അനോഫിലിസ് കൊതുകുകള്‍ മനുഷ്യന്റെ ചോരകുടിക്കുമ്പോഴാണ് മലേറിയ പകരുന്നതെന്ന് കണ്ടെത്തുകയും, രോഗനിവാരണ മാര്‍ഗങ്ങള്‍ ആവിഷ്‌ക്കരിക്കുകയും ചെയ്തതിന് 1902 ല്‍ വൈദ്യശാസ്ത്രത്തിനുള്ള നോബല്‍ പുരസ്‌കാരം അദ്ദേഹം നേടി. സര്‍ സി.വി.രാമനും മദര്‍ തെരേസയും എത്രമാത്രം ഇന്ത്യക്കാരാണോ അത്രതന്നെ ഇന്ത്യക്കാരനാണ് റൊണാള്‍ഡ് റോസും! ശരിക്കുപറഞ്ഞാല്‍ ഇന്ത്യയിലെ ആദ്യ നൊബേല്‍ ജേതാവ്...അദ്ദേഹത്തെ പരിചയപ്പെടുത്തുകയാണിടെ.
---------------
കൊതുകുകടി കൊള്ളുക; ഓരോ കടിക്കും ഒരണ വീതം കൂലി വാങ്ങുക! സെക്കന്‍ഡരാബാദില്‍ ബീഗംപേട്ടിന് പരിസരത്തെ ഹുസൈന്‍ ഖാന് 1897 ആഗസ്ത് 16 ന് കിട്ടിയ ആകെ കൂലി പത്തണ. ചരിത്രത്തിലൊരിടത്തും കൊതുകുകടിയേറ്റ് കാശുണ്ടാക്കാന്‍ കഴിയുന്ന തരത്തിലൊരു തൊഴില്‍ കണ്ടെത്താനായെന്നു വരില്ല. റൊണാള്‍ഡ് റോസ് എന്ന ഇംഗ്ലീഷ് ഡോക്ടറാണ്, അന്ന് മലേറിയ രോഗിയായിരുന്ന ഹുസൈന്‍ ഖാന് ആ പുതിയ തൊഴില്‍മേഖല തുറന്നു കൊടുത്തത്!

കാശ് കിട്ടുമെങ്കിലും അധികമാരും കടികൊള്ളാന്‍ തയ്യാറായില്ല. ഹുസൈന്‍ ഖാനെ പരീക്ഷിക്കാന്‍ കിട്ടിയത് ഭാഗ്യമെന്നേ പറയേണ്ടൂ. കൊതുകുകളും മലേറിയയും തമ്മിലുള്ള ബന്ധമെന്തെന്ന് മനസിലാക്കാന്‍ കഠിനാധ്വാനം ചെയ്തിരുന്ന ഡോ. റോസ് ഇത്തരമൊരു ഉപായം പരീക്ഷിക്കുകയായിരുന്നു. കാതുകുവലയ്ക്കുള്ളില്‍ രോഗിയെ കിടത്തുക. എന്നിട്ട് ഉള്ളിലേക്ക് കൊതുകുകളെ വിടുക. രോഗിയെ കടിച്ചു കഴിഞ്ഞ് കൊതുകുകളെ പിടിച്ച് ജാറില്‍ സൂക്ഷിച്ചു വെയ്ക്കുക. ദിവസങ്ങളോളം ജീവനോടെ സൂക്ഷിച്ച ശേഷം, മലേറിയ രോഗാണു കൊതുകിന്റെ ശരീരത്തില്‍ കടന്നിട്ടുണ്ടോ എന്ന് മനസിലാക്കാന്‍ അവയെ കീറിമുറിച്ച് സൂക്ഷ്മദര്‍ശനിയുടെ സഹായത്തോടെ പരിശോധിക്കുക-ഇതാണ് 40 കാരനായ റോസ് അനുവര്‍ത്തിച്ചുവന്നത്.

പരിമിതസൗകര്യങ്ങളുള്ള ഓഫീസില്‍വെച്ച് കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുകയെന്നത് ദുര്‍ഘടമായ ഒന്നായിരുന്നു. സെക്കന്‍ഡറാബാദിലെ വെറുപ്പിക്കുന്ന ഉഷ്ണത്തില്‍ നിന്ന് ആശ്വാസം തേടാന്‍ പങ്ക കറക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പങ്കയുടെ കാറ്റില്‍ കൊതുകു സാമ്പിള്‍ പറന്നുപോയാലോ. നെറ്റിയില്‍നിന്ന് ഒഴുകിയെത്തുന്ന വിയര്‍പ്പുചാലുകള്‍ കാഴ്ച മറയ്ക്കും. വിയര്‍പ്പ് വീണ് സൂക്ഷ്മദര്‍ശനിയുടെ ഐപീസ് പോലും കേടായിട്ടുണ്ട്. ലാര്‍വകളെ ശേഖരിച്ച് വളര്‍ത്തി കൊതുകുകളാക്കിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചിരുന്നത്. അതിനാല്‍, രോഗിയെ കടിക്കുംമുമ്പ് കൊതുകുകളുടെ ശരീരത്തില്‍ രോഗാണു കടക്കാനുള്ള സാധ്യതയില്ല.

ഹുസൈന്‍ ഖാനെ കടിച്ച കൊതുകുകളില്‍ രണ്ടെണ്ണത്തെ ആഗസ്ത് 17 ഡോ.റോസ് പരിശോധിച്ചു. വിശേഷിച്ച് ഒന്നും കണ്ടില്ല. അവശേഷിച്ചതില്‍ ഒരു കൊതുകിനെ രണ്ടു ദിവസം കഴിഞ്ഞ് കൊന്ന് പരിശോധിച്ചു. പത്തു മൈക്രോണ്‍ മാത്രം വലിപ്പമുള്ള പ്രത്യേകയിനം കോശങ്ങള്‍ അതിന്റെ വയറ്റിലെ ഭിത്തിയില്‍ രൂപപ്പെടുന്നതായി കണ്ടു, പക്ഷേ എന്താണെന്ന് മനസിലായില്ല.

ആഗസ്ത് 20 വിരസമായ ഒരു ദിവസമായാണ് ഡോ.റോസിന് രാവിലെ തന്നെ അനുഭവപ്പെട്ടത്. കഠിനമായ ഉഷ്ണം. പതിവുപോലെ പുലര്‍ച്ചെ ഏഴുമണിക്ക് ഹോസ്പിറ്റലിലെത്തി രോഗികളെ പരിശോധിച്ചു. അതിനു ശേഷം കത്തുകള്‍ക്ക് മറുപടിയെഴുതി. ഹുസൈന്‍ ഖാനെ ആഗസ്ത് 16 ന് കടിച്ച കൊതുകുകളില്‍ ഒരെണ്ണം ചത്തിരിക്കുന്നു. രണ്ടെണ്ണം കൂടി അവശേഷിച്ചിട്ടുണ്ട്. അവയിലൊന്നിനെ കൊന്ന് പരിശോധിക്കുന്ന ജോലി ഉച്ചയ്ക്ക് ഒരു മണിക്കാണ് ആരംഭിച്ചത്. സൂക്ഷ്മദര്‍ശനിയിലൂടെ കൊതുകിന്റെ ഓരോ കോശങ്ങളായുള്ള പരിശോധന. വയറ്റിലെത്തിയപ്പോള്‍ അത്ഭുതമുളവാക്കുന്ന കാഴ്ച, കൊതുകുകളുടേതില്‍ നിന്ന് വ്യത്യസ്തമായ ഒരിനം കോശങ്ങളുടെ സാന്നിധ്യം ആമാശയഭിത്തിയില്‍. അതിനകം നൂറോളം കൊതുകുകളെ കീറിമുറിച്ച് പരിശോധിച്ച് പരിചയമുള്ള അദ്ദേഹത്തിന് കൊതുകിന്റെ കോശങ്ങളെല്ലാം ഹൃദിസ്ഥമാണ്, വ്യത്യസ്തമായ എന്തെങ്കിലും കണ്ടാല്‍ അത് തീര്‍ച്ചയായും തിരിച്ചറിയപ്പെടും.

പരിശോധന പുരോഗമിക്കുന്തോറും കൂടുതല്‍ അന്യകോശങ്ങള്‍...അവയുടെ കരട് രൂപം നോട്ട്ബുക്കില്‍ വരച്ചു. ആ കൊതുകു സാമ്പിള്‍ സീലുവെച്ച് സൂക്ഷിച്ചു. അതിനുശേഷം വീട്ടിലെത്തി അല്‍പ്പസമയം വിശ്രമിച്ചു.

പക്ഷേ, അന്ന് രാത്രി അദ്ദേഹത്തിന് ഉറക്കം കിട്ടിയില്ല. താന്‍ എന്താണ് കണ്ടെത്തിയതെന്നുള്ള പ്രശ്‌നത്തിന് ഉത്തരം ലഭിക്കാന്‍, അവശേഷിച്ച കൊതുകിനെ പരിശോധിക്കേണ്ടിയിരുന്നു. പിറ്റേന്ന് അതു നടത്തി. ആ പരിശോധനയില്‍ കൂടുതല്‍ വളര്‍ന്ന അന്യകോശങ്ങള്‍ കൊതുകിന്റെ വയറ്റിന്റെ ഭിത്തിയില്‍ ഡോ.റോസ് നിരീക്ഷിച്ചു, ആകെ 21 എണ്ണം. മാത്രമല്ല, മലേറിയയ്ക്ക് കാരണമായ പ്ലാസ്‌മോഡിയം എന്ന പരാദത്തിന്റെ ലക്ഷണങ്ങളും ആ കോശങ്ങള്‍ക്കുണ്ടെന്ന് അദ്ദേഹം മനസിലാക്കി.

തലേദിവസം തന്റെ ഉറക്കം നഷ്ടപ്പെടുത്തിയ, വര്‍ഷങ്ങളായി താന്‍ തേടിക്കൊണ്ടിരിക്കുന്ന ചോദ്യത്തിനുള്ള ഉത്തരം അദ്ദേഹം കണ്ടെത്തുകയായിരുന്നു. വിയര്‍പ്പൊഴുക്കിയുള്ള ആ ഡോക്ടറുടെ കഠിനാധ്വാനം വഴി രണ്ട് കാര്യങ്ങള്‍ ലോകത്തിന് ഒറ്റയടിക്ക് ലഭിച്ചു : ഒന്ന് മലേറിയ പകരുന്നതിന്റെ രഹസ്യം, രണ്ട്-ആഗസ്ത് 20 എന്ന 'ലോക കൊതുകുദിനം'!

ആധുനിക ചരിത്രത്തിലുടനീളം ദുരിതം വിതച്ച മാരക പകര്‍ച്ചവ്യാധിയാണ് മലേറിയ അഥവാ മലമ്പനി. പ്ലാസ്‌മോഡിയം എന്ന പരാദമാണ് രോഗകാരിയെന്ന് 1880 ല്‍ കണ്ടുപിടിക്കപ്പെട്ടെങ്കിലും, രോഗം പകരുന്നതെങ്ങനെ എന്നതിന് കൃത്യമായ വിശദീകരണം ആരുടെ പക്കലും ഇല്ലായിരുന്നു. കൊതുകുകടിയിലൂടെയാണ് മലേറിയ പകരുന്നതെന്ന് സ്ഥിരീകരിക്കപ്പെട്ടത് അന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ പ്രവര്‍ത്തിച്ചിരുന്ന ഡോ.റോസിന്റെ അര്‍പ്പണബുദ്ധിയോടെയുള്ള അന്വേഷണം വഴിയാണ്. ആ കണ്ടെത്തലിന്റെ ആദ്യദിനമായിരുന്നു 1897 ആഗസ്ത് 20.

കൊതുകളും മലേറിയയും തമ്മിലുള്ള ബന്ധത്തിന്റെ പ്രധാന്യം എന്തെന്നു ചോദിച്ചാല്‍, മലേറിയ നിയന്ത്രണത്തിനുള്ള എല്ലാ പ്രവര്‍ത്തനങ്ങളുടെയും അടിസ്ഥാനം അതാണ് എന്നതാണ്. കൊതുകുനശീകരണവും ശുചീകരണവുമാണ് മലേറിയ പകരുന്നത് തടാനുള്ള മാര്‍ഗമെന്ന് ലോകത്തോട് ആദ്യം വിളിച്ചു പറയാന്‍ തന്റെ കണ്ടെത്തലിലൂടെ ഡോ. റോസിന് കഴിഞ്ഞു. ഡോ.റോസിന്റെ കണ്ടെത്തലിന്റെ പ്രധാന്യം ലോകം അനുഭവിച്ചറിയാന്‍ തുടങ്ങിയതിന്റെ തെളിവായിരുന്നു 1902 ല്‍ അദ്ദേഹത്തെ തേടിയെത്തിയ നോബല്‍ പുരസ്‌കാരം.

പത്തൊന്‍പതാം നൂറ്റാണ്ട് അവസാനിക്കുമ്പോള്‍ ഇന്ത്യയിലെ ബ്രിട്ടീഷ് ആര്‍മിയില്‍ 1,78,000 അംഗങ്ങളുണ്ടായിരുന്നു. ഡോ.റോസ് തന്റെ നിര്‍ണായക കണ്ടെത്തല്‍ നടത്തുന്ന 1897 ല്‍ അതിലെ 76,000 സൈനികരെ മലേറിയ ബാധിച്ച് ആസ്പത്രികളില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ആ ഒറ്റവര്‍ഷംകൊണ്ടു മാത്രം 50 ലക്ഷത്തിലേറെ ഇന്ത്യക്കാര്‍ മലമ്പനി ബാധിച്ചു മരിച്ചു.

ഇത്ര രൂക്ഷവും അടിയന്ത്രപ്രാധാന്യവും അര്‍ഹിക്കുന്ന പ്രശ്‌നത്തെയാണ് ഏകാംഗ സൈന്യത്തെപ്പോലെ ഡോ.റോസ് നേരിടേണ്ടിയിരുന്നത്. എല്ലാത്തരം കടമ്പകളും അദ്ദേഹത്തിന് മുന്നിലുണ്ടായിരുന്നു. തന്നെ തുടരെ പിടികൂടുന്ന നിരാശയെ മറികടക്കേണ്ടതുണ്ടായിരുന്നു, പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അന്ത്യദശകത്തില്‍ ഇന്ത്യയെപ്പോലൊരു ബ്രിട്ടീഷ് കോളനിയിലെ പരിമിത സൗകര്യങ്ങളോട് പടവെട്ടി മുന്നേറേണ്ടതുണ്ടായിരുന്നു, തന്റെ ഗവേഷണത്തിന് മേലധികാരികള്‍ സൃഷ്ടിക്കുന്ന തടസ്സങ്ങള്‍ മറികടക്കേണ്ടതുണ്ടായിരുന്നു. മാത്രമല്ല, സ്വന്തം പോക്കറ്റില്‍ നിന്ന് ശമ്പളം നല്‍കിയാണ് സഹായികളപ്പോലും ഡോ.റോസ് നിയമിച്ചിരുന്നത്.

ഒടുവില്‍ മലേറിയഗവേഷണം അവസാനിപ്പിക്കാന്‍ അധികാരികളില്‍ നിന്ന് ഉത്തരവുണ്ടായപ്പോഴാണ് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ നിന്ന് അദ്ദേഹത്തിന് രാജിവെയ്‌ക്കേണ്ടി വന്നത്!

കുമയൂണ്‍ കുന്നുകളുടെ സന്തതി
ഹിമാലയന്‍ താഴ്‌വരയിലെ കുമയൂണ്‍ കുന്നുകളില്‍ പെട്ട പ്രകൃതിരമണീയമായ അല്‍മോറയില്‍ 1857 മെയ് 13 നായിരുന്നു റൊണാള്‍ഡ് റോസിന്റെ ജനനം. ഇന്ത്യയില്‍ ശിപായി ലഹള ആരംഭിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടേയുള്ളു അന്ന്. ബ്രിട്ടീഷ് ഇന്ത്യന്‍ ആര്‍മിയിലെ സ്‌കോട്ടിഷ് ഓഫീസറായ സര്‍ കാംപ്ബല്‍ ക്ലേയി ഗ്രാന്റ് റോസിന്റെയും മാറ്റില്‍ഡ ചാര്‍ലോറ്റി എല്‍ഡര്‍ട്ടന്റെയും പത്തു മക്കളില്‍ ആദ്യത്തെയാളായിരുന്നു റോസ്.

എട്ടു വയസ്സുള്ളപ്പോള്‍ റോസിനെ വിദ്യാഭ്യാസത്തിനായി ഇംഗ്ലണ്ടിലേക്കയച്ചു. ചിത്രരചന, കവിത തുടങ്ങിയ സര്‍ഗാത്മക പ്രവര്‍ത്തനങ്ങളിലായിരുന്നു ചെറുപ്പത്തില്‍ ഏറെ താത്പര്യം. ഗണിതത്തിലും ആ ബാലന്‍ പ്രാഗത്ഭ്യം കാട്ടി (ഗണിതത്തിലുള്ള താത്പര്യം റോസ് ഒരിക്കലും ഉപേക്ഷിച്ചില്ല. സ്വയം അഭ്യസിച്ച ഗണിതവിദ്യകളാണ് പില്‍ക്കാലത്ത് മലമ്പനിയെന്ന പകര്‍ച്ചവ്യാധിയുടെ സാമൂഹിക-സാമ്പത്തിക മാനങ്ങള്‍ കണക്കുകൂട്ടാന്‍ അദ്ദേഹത്തെ സഹായിച്ചത്). എഴുത്തുകാരനാകാനാണ് താത്പര്യമെന്ന് പതിനേഴാമത്തെ വയസില്‍ റോസ് പ്രഖ്യാപിച്ചെങ്കിലും പിതാവ് അക്കാര്യം അനുവദിച്ചില്ല.

എഴുത്തുകാരനാകാന്‍ പറ്റുന്നില്ലെങ്കില്‍ പിതാവിനെപ്പോലെ സൈന്യത്തില്‍ ചേരാനായി താത്പര്യം. പക്ഷേ, റോസ് മെഡിക്കല്‍ രംഗം തിരഞ്ഞെടുക്കണമെന്നും 'ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസി'ല്‍ ചേരണമെന്നും പിതാവ് കര്‍ക്കശ നിലപാടെടുത്തു. അങ്ങനെയാണ് വൈദ്യശാസ്ത്രപഠനത്തിനായി 1875-ല്‍ ലണ്ടനിലെ സെന്റ് ബെര്‍ത്തലോമ്യ ഹോസ്പിറ്റലില്‍ ചേരുന്നത്.

'താത്പര്യമില്ലാത്ത ബൗദ്ധികവ്യായാമത്തിന് തയ്യാറില്ലാത്ത സ്വപ്‌നാടകനായ ഒരു വിദ്യാര്‍ഥിയായിരുന്നു' താനെന്ന് റോസ് പില്‍ക്കാലത്ത് സാക്ഷ്യപ്പെടുത്തി. മെഡിക്കല്‍ സ്‌കൂളിലെ സമയത്തില്‍ നല്ലൊരു പങ്കും റോസ് ചെലവിട്ടത് സംഗീതം ചിട്ടപ്പെടുത്താനും കവിതയും നാടകവും എഴുതാനുമായിരുന്നു. സ്വാഭാവികമായും വൈദ്യശാസ്ത്രപഠനത്തില്‍ ശ്രദ്ധേയമായ വിജയം ആ ചെറുപ്പക്കാരനെ തേടിയെത്തിയില്ല. മാത്രമല്ല, ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലേക്കുള്ള യോഗ്യതാ പരീക്ഷയില്‍ പരാജയപ്പെടുകയും ചെയ്തു.

അലവന്‍സ് റദ്ദാക്കുമെന്ന് ക്ഷുഭിതനായ പിതാവ് ഭീഷണി മുഴക്കിയപ്പോള്‍, ലണ്ടനും ന്യൂയോര്‍ക്കിനുമിടയ്ക്ക് സര്‍വീസ് നടത്തുന്ന ഒരു കപ്പലില്‍ സര്‍ജനായി റോസ് ചേര്‍ന്നു. ഏതായാലും വീണ്ടും പരീക്ഷയെഴുതി 1881 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസില്‍ ചേര്‍ന്ന് പിതാവിന്റെ അഭിലാഷം ആ യുവാവ് സഫലമാക്കി. അത്ര മികച്ചതല്ലാത്ത അക്കാദമിക് റിക്കോര്‍ഡിന്റെ അടിസ്ഥാനത്തില്‍ മദ്രാസ് സര്‍വീസിലാണ് റോസിന് നിയമനം ലഭിച്ചത്. (ബ്രിട്ടീഷ് ഇന്ത്യന്‍ പ്രസിഡന്‍സികളില്‍ ഏറ്റവും അഭിഗാമ്യമായി മിക്കവരും പരിഗണിച്ചിരുന്നത് ബംഗാളും ബോംബെയുമായിരുന്നു). മദ്രാസ്, മൈസൂര്‍, ആന്‍ഡമാന്‍ ദ്വീപുകള്‍ എന്നിങ്ങനെ മദ്രാസ് പ്രസിഡന്‍സിക്ക് കീഴിലെ വിവിധ സ്ഥലങ്ങളില്‍ അദ്ദേഹം ജോലി ചെയ്തു. ബര്‍മ യുദ്ധത്തിലും സേവനമനുഷ്ഠിച്ചു.

മദ്രാസിലായിരിക്കുമ്പോള്‍ റോസിന് കൈകാര്യം ചെയ്യേണ്ടിവന്ന രോഗികളിലേറെയും മലേറിയ ബാധിച്ച സൈനികരായിരുന്നു. സിങ്കോണ മരത്തിന്റെ തൊലിയില്‍ നിന്നുള്ള ക്വിനീന്‍ ആയിരുന്നു മലേറിയ ചികിത്സയ്ക്ക് ഉപയോഗിച്ചിരുന്നത്. മലേറിയ ബാധിച്ചവരില്‍ ഒട്ടേറെപ്പേര്‍ ചികിത്സ കിട്ടാതെ മരിക്കുന്നത് പതിവായിരുന്നു.

കൊതുകുമായുള്ള ബന്ധം
'കൊതുകു റോസ്' എന്ന് അടുപ്പമുള്ളവര്‍ പില്‍ക്കാലത്ത് സ്‌നേഹപൂര്‍വം വിളിക്കാന്‍ മാത്രം, കൊതുകുകളുമായി ഡോ.റോസിന് 'ബന്ധം' ആരംഭിക്കുന്നത് 1883 ലാണ്. ബാംഗ്ലൂരിലെ ആക്ടിങ് ഗാരിസണ്‍ സര്‍ജന്‍ ആയി നിയമനം കിട്ടുന്നതോടെയായിരുന്നു അതിന്റെ തുടക്കം. സന്തോഷകരമായി ജീവിക്കന്‍ പാകത്തിലൊരു ബംഗ്ലാവ് അദ്ദേഹത്തിന് അനുവദിച്ചു കിട്ടിയെങ്കിലും, കടുത്ത കൊതുകുശല്യം അദ്ദേഹത്തെ വല്ലാതെ അലോസരപ്പെടുത്തി.

സമീപത്തെ കെട്ടിടങ്ങളിലൊന്നുമില്ലാത്തത്ര കൊതുകു ശല്യം ആ ബംഗ്ലാവിലെങ്ങനെ വന്നു എന്നു പരിശോധിച്ച അദ്ദേഹം, ബംഗ്ലാവിന് സമീപം വെള്ളമുള്ള വീപ്പകള്‍ നിരത്തി വെച്ചിരിക്കുന്നത് കണ്ടു. വീപ്പകളിലെ വെള്ളത്തില്‍ കണ്ട ലാര്‍വകള്‍ കൊതുകിന്റേതാണെന്ന് മനസിലാക്കിയ അദ്ദേഹം, ആ വീപ്പകളിലെ വെള്ളം മുഴുവന്‍ ഒഴിവാക്കാന്‍ നിര്‍ദേശം നല്‍കി. അതോടെ കൊതുകുശല്യം കാര്യമായി കുറഞ്ഞു. ഈ സംഭവം സുപ്രധാനമായ ഒരു വസ്തുത അദ്ദേഹത്തിന് വെളിവാക്കിക്കൊടുത്തു. കൊതുകുകള്‍ക്ക് മുട്ടയിട്ട് പെരുകാന്‍ പാകത്തില്‍ വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കിയാല്‍ കൊതുകുശല്യം നിയന്ത്രിക്കാം!

ഇന്നിത് വായിക്കുമ്പോള്‍ നിങ്ങള്‍ക്ക് ചിരി വരുന്നുണ്ടാകാം. എന്നാല്‍, ഒരു നൂറ്റാണ്ടുമുമ്പ് ഇക്കാര്യം പറഞ്ഞ ഡോ.റോസിന് ശരിക്കും പരിഹാസമാണ് ഏല്‍ക്കേണ്ടി വന്നത്. കൊതുകുകളും പ്രകൃതിയുടെ ഭാഗമാണ് അവയെ നമ്മള്‍ സഹിച്ചേ തീരൂ എന്നുപോലും ചില സഹപ്രവര്‍ത്തകര്‍ ഉപദേശിച്ചു.

അന്ന് കൊതുകുകളില്‍ ഇതിലപ്പുറം ഒരു താത്പര്യം റോസിന് ഉണ്ടായില്ല. ഒഴിവു സമയത്ത് ഗണിതശാസ്ത്രം കൂടുതല്‍ പഠിച്ചു. കവിതയും നാടകങ്ങളും നിലവാരം കുറഞ്ഞ നോവലുകളും എഴുതുക മാത്രമല്ല, സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കി അവ പ്രസിദ്ധീകരിക്കുകയും ചെയ്തു.

ഉഷ്ണമേഖലാപ്രദേശത്തെ രോഗങ്ങളെപ്പറ്റി, പ്രത്യേകിച്ചും മലേറിയയില്‍ താത്പര്യം ജനിക്കുന്നത് അക്കാലത്താണ്. ലണ്ടനിലെ മെഡിക്കല്‍ സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് എസക്‌സ് ചതുപ്പ് പ്രദേശത്തുനിന്ന് പനിയുമായെത്തിയ സ്ത്രീയെ പരിശോധിച്ച് അത് മലമ്പനിയാണെന്ന് വിധിയെഴുതിയ അനുഭവം ഡോ.റോസിനുണ്ട്. ആ സ്ത്രീ ഭയപ്പെട്ട് സ്ഥലം വിട്ടു. മാത്രമല്ല, ഉഷ്ണമേഖലാപ്രദേശത്ത് കാണപ്പെടുന്ന രോഗം ബ്രിട്ടനില്‍ താമസിക്കുന്ന സ്ത്രീക്ക് വന്നുവെന്ന് ആരും വിശ്വസിച്ചുമില്ല. തന്റെ രോഗനിര്‍ണയം ശരിയാണെന്ന് തെളിയിക്കാന്‍ വിദ്യാര്‍ഥിയായിരുന്ന റോസിന് സാധിച്ചില്ല.

ഈ അനുഭവം ഒരുപക്ഷേ, പില്‍ക്കാലത്ത് ആ രോഗത്തെക്കുറിച്ച് കൂടുതലറിയാന്‍ പ്രേരണയായിട്ടുണ്ടാകാം. ഏതായാലും ഇന്ത്യയില്‍ വര്‍ഷംതോറും ആയിരങ്ങളുടെ ജീവനപഹരിക്കുന്ന ആ മാരകരോഗത്തെക്കുറിച്ചുള്ള താത്പര്യം ആദ്യം കവിതയുടെ രൂപത്തിലാണ് ഡോ.റോസില്‍ നിന്ന് പുറത്തുവന്നത്!

ഇന്ത്യയില്‍ ഏഴുവര്‍ഷം ജോലി ചെയ്തപ്പോഴേക്കും മടുത്തു തുടങ്ങി. ഒപ്പം തന്റെ സാഹിത്യജീവിതം അത്ര വിജയകരമല്ലെന്ന് അപ്പോഴേക്കും ഡോ.റോസിന് ബോധ്യമാകാനും തുടങ്ങി. ഒരുതരം സ്വത്വപ്രതിസന്ധി. മടുപ്പില്‍ നിന്ന് രക്ഷനേടാനെന്നോണം, 1888 ല്‍ ലണ്ടനിലേക്ക് പോയി. അവിടെ പബ്ലിക് ഹെല്‍ത്തില്‍ ഡിപ്ലോമായ്ക്ക് ചേര്‍ന്നു. സൂക്ഷ്മദര്‍ശനി ഉപയോഗിച്ചുള്ള നിരീക്ഷണങ്ങളിലും ലബോറട്ടറി സങ്കേതങ്ങളിലും വൈദഗ്ധ്യം നേടുന്നത് ആ ഡിപ്ലോമ കോഴ്‌സിനിടെയാണ്.

ലണ്ടനില്‍ വെച്ചാണ് റോസ ബെസ്സീ ബ്ലോക്‌സം എന്ന യുവതിയെ പരിചയപ്പെടുന്നതും അടുപ്പത്തിലാകുന്നതും.1889 ഏപ്രിലില്‍ ഇരുവരും വിവാഹിതരായി. ആ ബന്ധത്തില്‍ രണ്ട് ആണ്‍കുട്ടികളും രണ്ട് പെണ്‍കുട്ടികളും പിറന്നു.

മലേറിയ ഗവേഷണം
1880 ല്‍ അള്‍ജീരിയയില്‍ വെച്ചാണ് ഫ്രഞ്ച് സൈനിക ഡോക്ടറായിരുന്ന ചാള്‍സ് ലൂയിസ് അല്‍ഫോണ്‍സ് ലാവെറന്‍ (1845-1922) പ്ലാസ്‌മോഡിയമെന്ന മലേറിയ രോഗാണുവിനെ തിരിച്ചറിഞ്ഞത്. രോഗബാധിതരുടെ ചുവപ്പ് രക്താണുക്കളില്‍ ചന്ദ്രക്കലയുടെ ആകൃതിയുള്ള പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം അദ്ദേഹം നിരീക്ഷിച്ചു. ആദ്യം അക്കാര്യം ആരും അംഗീകരിച്ചില്ലെങ്കിലും, അക്കാലത്ത് മലേറിയ ഗവേഷണത്തില്‍ മുന്‍നിരയിലുണ്ടായിരുന്ന ഇറ്റാലിയന്‍ ഗവേഷകര്‍ 1886 ല്‍ ലാവെറന്റെ കണ്ടെത്തല്‍ സ്ഥിരീകരിച്ചു. പ്ലാസ്‌മോഡിയം ഉള്‍പ്പടെയുള്ള പ്രോട്ടോസോവകള്‍ മനുഷ്യര്‍ക്ക് രോഗമുണ്ടാക്കുന്നു എന്നു കണ്ടെത്തിയതിന് 1907 ല്‍ ലാവെറന്‍ വൈദ്യശാസ്ത്രനോബലിന് അര്‍ഹനായി.

എന്നാല്‍, എങ്ങനെയാണ് മനുഷ്യരില്‍ മലേറിയ പകരുന്നതെന്ന് വ്യക്തമല്ലായിരുന്നു. ദുഷിച്ച വായുവും മലിനജലവും വഴി രോഗം പകരുന്നുവെന്നായിരുന്നു വിശ്വാസം.

കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന ആശയം ആദ്യം അവതരിപ്പിക്കപ്പെട്ടത് 1883 ലാണ്; എ.എഫ്.എ.കിങ് എന്ന ഗവേഷകനായിരുന്നു അതിന് പിന്നില്‍. ഇക്കാര്യം തെളിയിക്കാനുള്ള ശ്രമങ്ങള്‍ ഇറ്റലിയില്‍ നടന്നു. ഗുണകരമായ ചില ഫലങ്ങള്‍ ലഭിക്കുകയും ചെയ്തു. ഈ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ അക്കാലത്ത് ശ്രമിച്ച മറ്റൊരാള്‍ പ്രശസ്ത ഇംഗ്ലീഷ് ഗവേഷകന്‍ പാട്രിക് മാന്‍സന്‍ ആയിരുന്നു. ഉഷ്ണമേഖലാരോഗങ്ങള്‍ സംബന്ധിച്ച പഠനശാഖയുടെ പിതാവെന്ന് തന്നെ പലരും വിശേഷിപ്പിക്കുന്ന അദ്ദേഹം മന്തുരോഗ ഗവേഷണത്തില്‍ വളരെ മുന്നേറിയിരുന്നു. (മനുഷ്യന് രോഗം വരുത്തുന്ന ഒരു പരാദം കൊതുകുകള്‍ വഴി പകരാമെന്ന് ആദ്യം തെളിയിച്ചത് മാന്‍സന്‍ ആണ്-1878 ല്‍ മന്തുരോഗത്തിന്റെ കാര്യത്തിലായിരുന്നു അത്). മന്തുപോലെ മലമ്പനിയും ചില പ്രത്യേകയിനം കൊതുകുകളാണ് പരത്തുന്നതെന്ന് അദ്ദേഹം അനുമാനിച്ചു.

പക്ഷേ, മലേറിയ ഗവേഷണത്തിന്റെ പ്രശ്‌നം, ബ്രിട്ടനെപ്പോലെ മലമ്പനി പടരാത്ത ഒരു സ്ഥലത്തിരുന്നുള്ള ഗവേഷണം വിജയമാകില്ല എന്നതാണ്. അതായിരുന്നു ഡോ.മാന്‍സന്‍ നേരിട്ട പരിമിതി. ആ പരിമിതിക്കുള്ള മറുമരുന്ന് ഇന്ത്യയില്‍ നിന്നാണെത്തിയത്; ഡോ.റോസിന്റെ രൂപത്തില്‍!

പബ്ലിക്ക് ഹെല്‍ത്തില്‍ ഡിപ്ലോമ നേടി ഇന്ത്യയില്‍ തിരിച്ചെത്തിയ ഡോ.റോസിന് ബാംഗ്ലൂരിലെ ചെറിയൊരു സൈനിക ഹോസ്പിറ്റലിലാണ് നിയമനം കിട്ടിയത്. വയറ്റിലുണ്ടാകുന്ന ഒരിനം വിഷബാധയാലാണ്  മലേറിയ ഉണ്ടാകുന്നതെന്ന നിഗമനത്തിലെത്തിയ അദ്ദേഹം അതെപ്പറ്റി ഒരു പ്രബന്ധം പ്രസിദ്ധീകരിക്കുകയും ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രബന്ധം! ലാവെറന്‍ നടത്തിയ കണ്ടെത്തലിനെപ്പറ്റി ഡോ.റോസ് അന്ന് അറിഞ്ഞിരുന്നില്ല. എന്നാല്‍, 1892 ആയപ്പോഴേക്കും ആ കണ്ടെത്തലിനെപ്പറ്റി ഒട്ടേറെ ശാസ്ത്ര ജേര്‍ണലുകളില്‍ ഡോ.റോസ് വായിച്ചു. എന്നാല്‍, ലാവെറന്റെ കണ്ടെത്തല്‍ അദ്ദേഹത്തിന് ബോധ്യമായില്ല. പനിയുമായി തന്റെയടുത്തെത്തുന്ന ഏത് രോഗിയുടെയും രക്തസാമ്പിളെടുത്ത് സൂക്ഷ്മദര്‍ശനിയില്‍ പരിശോധിക്കാന്‍ അദ്ദേഹം സമയം കണ്ടെത്തി. ചുവപ്പ് രക്താണുക്കളിലെവിടെയെങ്കിലും ചന്ദ്രക്കലപോലുള്ള പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം കണ്ടെത്താനാകുമോ എന്നറിയാനായിരുന്നു ശ്രമം. പക്ഷേ, ഒന്നും കണ്ടില്ല. ലാവെറന്റെ അവകാശവാദം തട്ടിപ്പാണെന്ന നിഗമനത്തില്‍ ഡോ.റോസ് അങ്ങനെയാണെത്തിയത്. (അക്കാലത്തെ മൈക്രോസ്‌കോപ്പുകളുടെ ദയനീയ സ്ഥിതി അദ്ദേഹത്തെപ്പോലെ ഒട്ടേറെ ഗവേഷകരെ ഇത്തരം അമ്പരിപ്പിക്കുന്ന ധാരണകളില്‍ എത്തിച്ചിരുന്നു).

ലാവെറന്റെ കണ്ടെത്തല്‍ ശരിയല്ല എന്നതിന് ആവശ്യത്തിലേറെ തെളിവ് തന്റെ പക്കലുണ്ടെന്ന്, 1894-ല്‍ വീണ്ടും ലണ്ടനിലെത്തിയപ്പോള്‍ ഡോ.റോസ് സുഹൃത്തുക്കളോട് പറഞ്ഞു. പക്ഷേ, അവര്‍ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തി. പ്ലാസ്‌മോഡിയം പരാദങ്ങള്‍ യാഥാര്‍ഥ്യമാണെന്ന് അവര്‍ അറിയിച്ചു. മാത്രമല്ല, ഇക്കാര്യത്തില്‍ കൂടുതല്‍ വിശദീകരണങ്ങള്‍ക്കായി അദ്ദേഹത്തെ ഡോ.മാന്‍സന്റെ അടുത്തേക്ക് അയയ്ക്കുകയും ചെയ്തു.

അതായിരുന്നു ഡോ. റോസിന്റെ ജീവിതത്തിലെ യഥാര്‍ഥ വഴിത്തിരിവ്. 1894 ഏപ്രില്‍ പത്തിനായിരുന്നു ഇരുവരും തമ്മിലുള്ള ആദ്യകൂടിക്കാഴ്ച, സുദീര്‍ഘമായ ഒരു ബന്ധത്തിന്റെ തുടക്കമായിരുന്നു അത്. മാന്‍സന്‍ ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഡോ.റോസിന് പ്ലാസ്‌മോഡിയം അണുക്കളെ മലേറിയ രക്തത്തില്‍  കാണിച്ചുകൊടുത്തു. സംശയം മാറിയെന്നു മാത്രമല്ല, കൂടുതല്‍ കാര്യങ്ങളറിയാന്‍ അത്യാകാംക്ഷയോടെ മാന്‍സനെ ഡോ.റോസ് പിന്തുടര്‍ന്നു.


ഡോ.റോസില്‍ ശരിക്കുമൊരു അപ്പസ്‌തോലനെ മാന്‍സന്‍ കണ്ടു. കൊതുകുകളാണ് മലേറിയ പരത്തുന്നത് എന്ന സിദ്ധാന്തം പരീക്ഷിച്ചറിയാന്‍ പറ്റിയ വ്യക്തി ഡോ.റോസ് അല്ലാതെ മറ്റാരുമല്ലെന്ന് അദ്ദേഹം മനസിലുറപ്പിച്ചു. മലേറിയ രോഗിയുടെ രക്തം കുടിക്കുമ്പോള്‍ രോഗാണു കൊതുകിന്റെ വയറ്റിലെത്തും. അവിടെ നിന്ന് അത് കൊതുകിന്റെ കോശങ്ങളില്‍ പ്രവേശിക്കും. കൊതുകു മുട്ടയിടുമ്പോള്‍ അതിലൂടെ പുറത്തുവരുന്ന രോഗാണുക്കള്‍ ലാര്‍വ വളരുന്ന വെള്ളത്തില്‍ കലരും. ആ വെള്ളം കുടിക്കുമ്പോഴാണ് രോഗം പകരുന്നത്-ഇതായിരുന്ന ഡോ.മാന്‍സന്റെ നിഗമനം.

എഴുത്തിലൂടെ തനിക്ക് കരഗതമാക്കാന്‍ കഴിയാത്ത പ്രശസ്തി, കൊതുകുകള്‍ വഴി നേടാമെന്ന് ഡോ.റോസ് ഉത്സാഹത്തോടെ മനസിലാക്കി. ഡോ.മാന്‍സന്റെ നിഗമനം തെളിയിക്കാനുറച്ചാണ് 1895 മാര്‍ച്ചില്‍ അദ്ദേഹം തിരികെ ഇന്ത്യയിലെത്തിയത്. തനിക്ക് നിയമനം ലഭിച്ച സെക്കന്‍ഡറാബാദില്‍ തന്നെ മലേറിയ ഗവേഷണം തുടങ്ങി.

പനിയുമായെത്തുന്ന ഏവരുടെയും വിരലില്‍ നിന്ന് ചോര കുത്തിയെടുത്തു പരിശോധിച്ചു. ആളുകള്‍ ഡോ.റോസിനെ കണ്ടാല്‍ ഓടുന്ന സ്ഥിതിയായി. സുഹൃത്തുക്കളില്‍ പലരും തനിക്ക് മലമ്പനിയാണെന്ന കാര്യം അദ്ദേഹത്തില്‍ നിന്ന് മറച്ചുവെച്ചു! രോഗികളില്‍നിന്ന് കൊതുക് ഊറ്റിയെടുത്ത ചോരയില്‍ പ്ലാസ്‌മോഡിയത്തിന്റെ സാന്നിധ്യം കണ്ടത്, താന്‍ തെളിയിക്കാന്‍ ശ്രമിക്കുന്ന സിദ്ധാന്തം ശരിയാണെന്ന തോന്നലുണ്ടാക്കി. ഓരോ ചെറിയ വിവരങ്ങളും സംശയങ്ങളും അപ്പപ്പോള്‍ ഡോ.മാന്‍സന് എഴുതി. അദ്ദേഹം ഡോ.റോസിന് ആവശ്യമായ നിര്‍ദ്ദേശവും പ്രോത്സാഹനവും കത്തുകളിലൂടെ തിരിച്ചും നല്‍കി.

1895-1899 കാലത്ത് ഇരുവരും പരസ്പരം അയച്ചത് 173 കത്തുകളാണ്. മലമ്പനി ഗേവഷണത്തിന്റെ എല്ലാ വഴിത്തിരിവുകളും മുഹൂര്‍ത്തങ്ങളും ആ കത്തുകളിലുണ്ട്.

പ്ലാസ്‌മോഡിയത്തിന്റെ ജീവചക്രം
രോഗികളെ കടിച്ച കൊതുകുകള്‍ മുട്ടയിട്ട് ലാര്‍വയായി വിരിഞ്ഞ വെള്ളം ആളുകള്‍ക്ക് കുടിക്കാന്‍ കൊടുത്തത് ഡോ.മന്‍സന്റെ നിര്‍ദേശപ്രകാരമായിരുന്നു. ആദ്യം മൂന്നുപേര്‍ ആ പരീക്ഷണത്തില്‍ ഉള്‍പ്പെട്ടു. പക്ഷേ, വെള്ളം കുടിച്ചവര്‍ക്കാര്‍ക്കും മലമ്പനി വന്നില്ല. സിദ്ധാന്തത്തിന് എവിടെയോ പിശകുണ്ടെന്ന് ഡോ.റോസിന് തോന്നി. നിരാശയോടെ ഗവേഷണം ഉപേക്ഷിക്കാന്‍ വരെ അദ്ദേഹം തയ്യാറായി, കവിതയെഴുത്ത് പുനരാരംഭിച്ചു. പക്ഷേ, മുന്നോട്ടു പോകാന്‍ മാന്‍സന്‍ പ്രേരിപ്പിച്ചുകൊണ്ടിരുന്നു.

1895 സപ്തംബറില്‍ ബാംഗ്ലൂരില്‍ കോളറ ബാധിതരെ ചികിത്സിക്കാന്‍ ഡോ.റോസ് നിയമിക്കപ്പെട്ടു. ആ തിരക്കിനിടയിലും മലേറിയ ഗവേഷണം പരിമിതമായ തോതില്‍ അദ്ദേഹം മുന്നോട്ടു കൊണ്ടുപോയി. 'കൊതുകുവെള്ളം' കൂടുതല്‍ ആള്‍ക്കാര്‍ക്ക് നല്‍കി പരീക്ഷണം ആവര്‍ത്തിച്ചെങ്കിലും അതുവഴി മലേറിയ പകരുന്നതായി കണ്ടില്ല. ആ സമയത്താണ് മറ്റൊരു സംശയം അദ്ദേഹത്തെ പിടികൂടുന്നത്; കൊതുകുകള്‍ കടിക്കുമ്പോഴല്ലേ രോഗം പകരുന്നത്!

1896 മെയ് മാസത്തില്‍ ഡോ. മാന്‍സന് എഴുതിയ കത്തില്‍ ഈ സംശയം അദ്ദേഹം ഉന്നയിച്ചു. മാത്രമല്ല, അക്കാര്യം പരീക്ഷിക്കാന്‍ അദ്ദേഹം ഉറച്ചു. രോഗമില്ലാത്തവരെ കൊതുകുകളെക്കൊണ്ട് കടിപ്പിച്ചായിരുന്നു ആദ്യ പരീക്ഷണം. പക്ഷേ, ആ പ്രക്രിയ പലതവണ ആവര്‍ത്തിച്ചിട്ടും ഫലമുണ്ടായില്ല, രോഗം പകരുന്നതായി കണ്ടില്ല. എവിടെയാണ് തെറ്റിയതെന്ന് പിന്നീട് മനസിലാക്കി. പ്രത്യേകയിനം കൊതുകുളില്‍ക്കൂടിയേ മലേറിയ പകരൂ എന്ന ഡോ.മാന്‍സന്റെ നിഗമനമാണ് അതിന് സഹായിച്ചത്. പരീക്ഷണത്തിന് ഡോ.റോസ് ഉപയോഗിച്ചത് ക്യൂലക്‌സ് കൊതുകുകളെയായിരുന്നു! അനോഫിലിസ് കൊതുകുകളാണ് മലേറിയ പരത്തുന്നതെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗവേഷണം യഥാര്‍ഥ വഴിയിലായത്.

1897 ജൂണില്‍ അദ്ദേഹം സെക്കന്‍ഡരാബാദില്‍ മടങ്ങിയെത്തി. കൊതുകുകളെ കീറിമുറിച്ച് പരിശോധിക്കുന്ന പ്രവര്‍ത്തനം തുടര്‍ന്നു. കൊതുകുവലയ്ക്കുള്ളില്‍ വിട്ട് രോഗികളെ കടിപ്പിച്ച കൊതുകുകളെ ദിവസങ്ങളോളം  ജാറില്‍ ജീവനോടെ സൂക്ഷിച്ച ശേഷമായിരുന്നു പരിശോധന. അതിന്റെ ഭാഗമായാണ് മലേറിയ രോഗിയായ ഹുസൈന്‍ ഖാന്‍ ആ ആഗസ്ത് 16-ന് പത്തു തവണ കൊതുകുകടി കൊള്ളുകയും പത്തണ കൂലിയായി കൈപ്പറ്റുകയും ചെയ്യുന്നത്. ആഗസ്ത് 20 എന്ന നിര്‍ണായക ദിനത്തില്‍ ഡോ.റോസ് കൊതുകിന്റെ ആമാശയഭിത്തിയില്‍ കണ്ട അന്യകോശങ്ങള്‍ തന്നെയാണ്, 1880-ല്‍ ഫ്രഞ്ച് ഗവേഷകന്‍ ലാവെറന്‍ മലേറിയ രോഗികളുടെ രക്തകോശങ്ങളില്‍ കണ്ടതെന്ന് പിന്നീട് വ്യക്തമായി. പത്തു ദിവസം ലീവെടുത്ത് വീട്ടിലെത്തി തന്റെ കണ്ടെത്തലിനെക്കുറിച്ച് പ്രബന്ധം തയ്യാറാക്കി. 1897 ഡിസംബര്‍ 18 ന്റെ 'ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണലി'ല്‍ അത് പ്രസിദ്ധീകരിച്ചു.

അതേസമയം, ഡോ.റോസിന്റെ ഗവേഷണപ്രവര്‍ത്തനങ്ങളെ മേലധികാരികള്‍ അത്ര സന്തുഷ്ടിയോടെയല്ല കണ്ടത്. അതിന്റെ തെളിവായിരുന്നു ആ വിജയനാളുകളില്‍ തന്നെ അദ്ദേഹത്തിന് രാജസ്ഥാനിലെ വിദൂരമായ ഖെര്‍വാരയിലേക്ക് സ്ഥലംമാറ്റം ലഭിച്ചത്. മലേറിയബാധയുള്ള  പ്രദേശമായിരുന്നില്ല അത്. അതിനാല്‍, അതുവരെ ചെയ്തുകൊണ്ടിരുന്ന ഗവേഷണം അതേരൂപത്തില്‍ തുടരുക അസാധ്യമായി. പക്ഷേ, ഡോ.റോസ് മറ്റൊന്നു ചെയ്തു. പക്ഷികളില്‍ മലേറിയ ബാധിക്കുമോ എന്ന് പരിശോധിക്കാനാരംഭിച്ചു. പക്ഷികളെ കൊതുക കടിക്കില്ല എന്നാണ് അക്കാലത്ത് ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍, പക്ഷികളെ കൊതുകുകള്‍ കടിക്കുമെന്ന് ഡോ.റോസ് സ്ഥിരീകരിച്ചു.

ഏതായാലും അതിനിടെ, ഡോ.മാന്‍സനും മറ്റുള്ളവരും അധികാരികളില്‍ ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായി 1898 ജനവരി 29 ന് ഡോ.റോസിന് കൊല്‍ക്കത്തയിലേക്ക് മാറ്റം കിട്ടി.

അടുത്തയിടെ റിട്ടയര്‍ ചെയ്ത ഒരു ഡോക്ടറുടെ ലബോറട്ടറി പരീക്ഷണങ്ങള്‍ക്ക് അവിടെ കണ്ടെത്തി. സ്വന്തം പോക്കറ്റില്‍ നിന്ന് കാശുമുടക്കി സഹായിയെയും നിയമിച്ചു (ഇക്കാര്യത്തിന് മെഡിക്കല്‍ സര്‍വീസ് അധികൃതരോട് റോസ് ആവശ്യപ്പെട്ടെങ്കിലും അക്കാര്യം നിരസിക്കപ്പെടുകയാണുണ്ടായത്). മൊഹമ്മദ് ബ്യുക്‌സ് ആയിരുന്നു സഹായി. പക്ഷികളെ മലേറിയ ബാധിക്കുന്നതിന് കാരണം ക്യൂലക്‌സ് കൊതുകളുടെ കടിയാണെന്ന് കല്‍ക്കത്തയില്‍ വെച്ച് അദ്ദേഹം തെളിയിച്ചു. മാത്രമല്ല, കൊതുകുകളുടെ ഉമിനീര്‍ഗ്രന്ഥിയില്‍ വളരുന്ന മലേറിയ രോഗാണു, കൊതുകു കടിക്കുമ്പോള്‍ പക്ഷികളിലേക്ക് എത്തുകയാണെന്നും അദ്ദേഹം കണ്ടെത്തി. എന്നുവെച്ചാല്‍, രോഗിയുടെ ശരീരത്തില്‍ നിന്ന് രക്തം കുടിക്കുമ്പോള്‍ കൊതുകിന്റെ ശരീരത്തിലേക്ക് രോഗാണു എത്തും. അതവിടെ നിന്ന് കൊതുകിന്റെ ഉമിനീര്‍ഗ്രന്ഥിയിലെത്തി താവളമുറപ്പിക്കും, അടുത്ത ശരീരത്തിലേക്ക് പ്രവേശിക്കാന്‍. മലേറിയ രോഗാണുവിന്റെ ജീവചക്രം അങ്ങനെ വെളിപ്പെടുകയായിരുന്നു.

1898 ജൂലായ് രണ്ട്, നാല് തിയതികളില്‍ നടത്തിയ പരീക്ഷണത്തിലായിരുന്നു നിര്‍ണായകമായ ഈ കണ്ടെത്തല്‍. വീണ്ടും സ്ഥലംമാറ്റിയാലോ എന്നു ഭയന്ന് തിടുക്കത്തിലായിരുന്നു ഡോ.റോസിന്റെ ഗവേഷണം.

പ്ലാസ്‌മോഡിയത്തിന്റെ ജീവചക്രം കണ്ടെത്തിയെന്ന വാര്‍ത്ത ഡോ.മാന്‍സനെ തേടിയെത്തുമ്പോള്‍, എഡിന്‍ബറോയില്‍ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ യോഗത്തില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. കൊല്‍ക്കത്തയില്‍നിന്ന് ടെലഗ്രാഫ് വഴിയാണ് ഡോ.റോസ് ആ വാര്‍ത്ത എഡിന്‍ബറോയില്‍ എത്തിച്ചത്. സമ്മേളനപ്രതിനിധികള്‍ക്ക് മുന്നില്‍ ഡോ.മാന്‍സന്‍ ആ റിപ്പോര്‍ട്ട് വായിച്ചു. എണീറ്റ് നിന്ന് നീണ്ട കരഘോഷത്തോടെയാണ് ആ വിവരം അവിടെ കൂടിയിരുന്ന വിദഗ്ധര്‍ സ്വീകരിച്ചത്.

'നിങ്ങളെന്നോട് യോജിക്കുമെന്ന് എനിക്ക് ഉറപ്പാണ്', ഡോ.മാന്‍സന്‍ പറഞ്ഞു. 'സര്‍ജന്‍ മേജര്‍ റോസ് ഇതിനകം നിര്‍വഹിച്ച പ്രവര്‍ത്തനങ്ങളുടെ പേരില്‍ വൈദ്യശാസ്ത്ര സമൂഹം മാത്രമല്ല, മനുഷ്യവര്‍ഗം മുഴുവന്‍ അദ്ദേഹത്തോട് അങ്ങേയറ്റം കടപ്പെട്ടിരിക്കുന്നു'. മാത്രമല്ല, കഠിനാധ്വാനിയും ബുദ്ധിമാനുമായ ആ ഗവേഷകന് പ്രവര്‍ത്തനം തുടരാന്‍ എല്ലാ പ്രോത്സാഹനവും സഹായവും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.

എന്നാല്‍, തങ്ങള്‍ ഡോ.റോസിനൊപ്പമില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ സര്‍വീസിലെ ഉന്നതര്‍ വീണ്ടും തെളിയിച്ചു. മലേറിയ ഗവേഷണം അവസാനിപ്പിക്കാന്‍ അദ്ദേഹത്തോട് മേലധികാരികള്‍ ഉത്തവിട്ടു. അസമിലെ പുതിയൊരു തസ്തികയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹത്തിന് നിര്‍ദേശം ലഭിച്ചു. ഭാവിയില്‍ ഏറ്റവുമധികം മനുഷ്യജീവന്‍ രക്ഷിക്കാനുതകുന്ന കണ്ടുപിടിത്തത്തിന് ലഭിച്ച പ്രതികരണമാണിത്!

അധികാരികളുടെ ഈ നിഷേധ നിലപാടും കഠിനാധ്വാനം സമ്മാനിച്ച ക്ഷീണവും അസഹ്യമായ ചൂടും, ജോലി രാജിവെയ്ക്കാന്‍ ഡോ.റോസിനെ പ്രേരിപ്പിച്ചു. 1898 ആഗസ്ത് 13 ന് അദ്ദേഹം തന്റെ പരീക്ഷണശാല അടച്ചുപൂട്ടി കൊല്‍ക്കത്ത വിട്ടു. എന്നാല്‍, തന്റെ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തില്‍ മലേറിയ നിയന്ത്രണത്തിന് കര്‍ക്കശമായ നടപടികളെടുക്കാന്‍ ഗവണ്‍മെന്റിനോട് അഭ്യര്‍ഥിക്കാന്‍ അദ്ദേഹം മറന്നില്ല.

കൊതുകുവല ഉപയോഗിക്കുന്നതിനൊപ്പം പട്ടണങ്ങളിലും നാട്ടിന്‍പുറങ്ങളിലും കൊതുകു പെരുകുന്നത് തടയാനുള്ള തീവ്രയത്‌നത്തിനും അദ്ദേഹം ആഹ്വാനം ചെയ്തു. പ്രത്യേകിച്ചും അനോഫിലിസ് കൊതുകുകള്‍ പെരുകാതെ നോക്കാന്‍ അതിജാഗ്രത വേണമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ഇന്ത്യയോട് വിട
മലേറിയ വാഹികളായ കൊതുകുകളെയും അവയുടെ ആവാസവ്യവസ്ഥകളും പഠിക്കുന്നത് ഡോ.റോസ് അവസാനിപ്പിച്ചില്ല. കൊതുകു പെരുകുന്നത് തടയുക വഴി ലക്ഷക്കണക്കിനാളുകളുടെ ജീവന്‍ രക്ഷിക്കാനുള്ള സാധ്യത അദ്ദേഹത്തെ ആവേശഭരിതനാക്കി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഇത്തരം പകര്‍ച്ചവ്യാധികളുടെ വ്യാപ്തിയും ഭീഷണിയും അതുണ്ടാക്കുന്ന സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങളും മനസിലാക്കാനുള്ള ഗണിതസങ്കേതങ്ങളും അദ്ദേഹം ആവിഷ്‌ക്കരിച്ചു.

1899 ല്‍ ഇന്ത്യ വിട്ട ഡോ.റോസ്, ലിവര്‍പൂളില്‍ പുതിയതായി തുടങ്ങിയ സ്‌കൂള്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിനില്‍ അധ്യാപകനായി ചേര്‍ന്നു. അവിടുത്തെ പ്രവര്‍ത്തനത്തിന്റെ ഭാഗമായി, മലേറിയയെക്കുറിച്ച് പഠിക്കാനും അത് തടയാനുമുള്ള ശ്രമങ്ങളുടെ ഭാഗമായി ആഫ്രിക്കയുടെ പശ്ചിമതീരത്തും ഗ്രീസ്, മൗറീഷ്യസ് പോലുള്ള രാജ്യങ്ങളിലും അദ്ദേഹം യാത്ര ചെയ്തു. 13 വര്‍ഷം അദ്ദേഹം ലിവര്‍പൂളില്‍ ഉണ്ടായിരുന്നു.

ഒന്നാംലോകമഹായുദ്ധകാലത്ത് സൈന്യത്തിലെ ട്രോപ്പിക്കല്‍ ഡിസീസസ് വിഭാഗം ഉപദേഷ്ടാവായി കേണല്‍ പദവിയില്‍ ഡോ.റോസിനെ നിയമിച്ചു. 1926-ല്‍ പുട്‌നി ഹീത്തില്‍ 'റോസ് ഇന്‍സ്റ്റിട്ട്യൂട്ട് ഫോര്‍ ട്രോപ്പിക്കല്‍ ഡിസീസസ്' സ്ഥാപിതമായി. ഡോ.റോസായിരുന്നു അതിന്റെ മേധാവി.

ഇന്ത്യ വിട്ട ശേഷം ഒട്ടേറെ ബഹുമതികള്‍ അദ്ദേഹത്തെ തേടിയെത്തി. 1901 ല്‍ ലണ്ടന്‍ റോയല്‍ സൊസൈറ്റിയിലും ഇംഗ്ലണ്ടിലെ റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലും അദ്ദേഹത്തിന് ഫെലോഷിപ്പ് ലഭിച്ചു. മലമ്പനി പകരുന്നതെങ്ങനെയെന്ന് തെളിയിച്ചതിന് 1902 ല്‍ വൈദ്യശാസ്ത്രനോബേല്‍. വൈദ്യശാസ്ത്രത്തിന് നല്‍കപ്പെടുന്ന രണ്ടാമത്തെ നോബല്‍ പുരസ്‌കാരമായിരുന്നു അത്. 1911 ല്‍ സര്‍ സ്ഥാനം. യൂണിവേഴ്‌സിറ്റികളും ഗവേഷണസ്ഥാപനങ്ങളും അദ്ദേഹത്തിന് ഹോണററി ബിരുദങ്ങള്‍ നല്‍കാന്‍ മത്സരിച്ചു.

ഈ ബഹുമതികളൊന്നും മലേറിയ തടയുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളുടെ ആക്കം കുറച്ചില്ല. എന്നാല്‍, ഒന്നാംലോകമഹായുദ്ധത്തിന് ശേഷം അദ്ദേഹത്തിന്റെ ആരോഗ്യം ക്ഷയിച്ചു. 1931 ല്‍ അദ്ദേഹത്തിന്റെ ഭാര്യ അന്തരിച്ചു. കഠിനാധ്വാനവും അര്‍പ്പണബോധവും മാത്രമേ മനുഷ്യന്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കൂ എന്ന വിലപ്പെട്ട പാഠം സ്വജീവിതത്തിലൂടെ നല്‍കിയ ആ മനുഷ്യസ്‌നേഹി, 1932 സപ്തംബര്‍ 16 ന് വിടവാങ്ങി.

അനുബന്ധം - മലേറിയ ഇന്നും ഭീഷണി
മലേറിയയ്ക്ക് കാരണമായ പരാദത്തെക്കുറിച്ചും രോഗം പകരുന്ന രീതിയെപ്പറ്റിയും ഒരു നൂറ്റാണ്ട് മുമ്പുതന്നെ മനസിലാക്കാന്‍ കഴിഞ്ഞെങ്കിലും,  മലേറിയ ഇന്നും ലോകത്തിന് ഭീഷണിയായി തുടരുന്നു. ലോകാരോഗ്യസംഘടന (ഡബ്ല്യു.എച്ച്.ഒ)യുടെ കണക്കു പ്രകാരം ലോകജനസംഖ്യയില്‍ പകുതിയിലേറെയും ജീവിക്കുന്നത് മലേറിയ ഭീഷണിയിലാണ്. വര്‍ഷംതോറും 25 കോടി പേരെ ബാധിക്കുന്ന രോഗം, പ്രതിവര്‍ഷം പത്തുലക്ഷത്തോളം പേരുടെ ജീവനപഹരിക്കുന്നു.

രണ്ടു ആതിഥേയജീവികളിലായി സങ്കീര്‍ദശകളിലാണ് മലേറിയ രോഗാണുവായ പ്ലാസ്‌മോഡിയം അതിന്റെ ജീവചക്രം പൂര്‍ത്തിയാക്കുന്നത്. പ്ലാസ്‌മോഡിയം നൂറിലേറെ സ്പീഷിസ് ഉണ്ടെങ്കിലും അവയില്‍ നാലിനങ്ങളാണ് മനുഷ്യരെ ബാധിക്കുന്നത്. പ്ലാസ്‌മോഡിയം വിവാക്‌സ്, പ്ലാസ്‌മോഡിയം ഒവലി, പ്ലാസ്‌മോഡിയം മലേറിയേ, പ്ലാസ്‌മോഡിയം ഫാള്‍സിപാറം എന്നിവ. ഇതില്‍ പ്ലാസ്‌മോഡിയം ഫാള്‍സിപാറമാണ് ഇന്ത്യയില്‍ വ്യാപകമായി കണ്ടുവരുന്നത്. പെണ്‍വര്‍ഗത്തില്‍പെട്ട അനോഫിലിസ് കൊതുകുകളാണ് മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗാണുവിനെ എത്തിക്കുന്നത്.

റൊണാള്‍ഡ് റോസ്, അല്‍ഫോണ്‍സ് ലാവെറന്‍ എന്നിവരടക്കം ആകെ നാലു ഗവേഷകര്‍ക്ക് ഇതുവരെ മലേറിയ ഗവേഷണവുമായി ബന്ധപ്പെട്ട് നോബേല്‍ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ജൂലിയസ് വേഗണര്‍-ജൗരെഗ്ഗ് (1927), പോള്‍ ഹെര്‍മന്‍ മുള്ളര്‍ (1948) എന്നിവരാണ് മറ്റ് രണ്ടുപേര്‍.

അവലംബം -
1.Ronald Ross: Malaria-The Mosquito Connection, Dr.V.B. Kamble, Vigyan Prasar Science Portal
2. Ronald Ross: The Nobel Prize in Physiology or Medicine 1902, Biography
3. Ronald Ross and the transmission of malaria, Mary E Gibson
4. Malaria, mosquitoes and the legacy of Ronald Ross, Robert E Sinden, Bulletin of the World Health Organization, Volume 85, Nov. 2007
5. Sir Ronald Ross (1857-1932), Malaria Site
6. കോഴിക്കോട് മെഡിക്കല്‍ കോളേജ് മുന്‍പ്രിന്‍സിപ്പാല്‍ ഡോ.കെ.മാധവന്‍കുട്ടി 'മാതൃഭൂമി' പത്രത്തിലെഴുതിയ കത്ത്, ഒക്ടോബര്‍ 14, 2009

by ജോസഫ് ആന്റണി 

Wednesday, August 14, 2013

മതവിശ്വാസികള്‍ ബുദ്ധി കുറഞ്ഞവരോ; അതെയെന്ന് പഠനം!


പരിണാമ സിദ്ധാന്തത്തിന്റെ സ്വീകാര്യതയും ദൈവത്തിലുള്ള വിശ്വാസവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നടന്ന ഒരു പഠനത്തിലെ കണ്ടെത്തല്‍ കൗതുകജനകമായിരുന്നു. സ്വതന്ത്രഗവേഷകനായ ഗ്രിഗറി പോളും അമേരിക്കയില്‍ കാലിഫോര്‍ണിയയിലെ പിറ്റ്‌സര്‍ കോളേജിലെ സോഷ്യോളജിസറ്റായ ഫില്‍ സുക്കെര്‍മാനുമാണ് പഠനം നടത്തിയത്. സാമൂഹിക അരക്ഷിതാവസ്ഥയാണ് ഡാര്‍വീനിയന്‍ സിദ്ധാന്തത്തിന്റെ സ്വീകാര്യത കുറയ്ക്കുകയും ദൈവവിശ്വാസം വര്‍ധിപ്പിക്കുകയും ചെയ്യുന്നതെന്ന നിഗമനത്തിലാണ് അവരെത്തിയത്.

അതിജീവനത്തിനായുള്ള 'ഡാര്‍വീനിയന്‍ സമ്മര്‍ദ്ദം' കൂടുതലുള്ള സമൂഹങ്ങളില്‍ ഡാര്‍വിന്റെ സിദ്ധാന്തത്തിന് സ്വീകാര്യത കുറയുമെന്ന് അവര്‍ കണ്ടു. ഭക്ഷണവും ആരോഗ്യസംവിധാനങ്ങളും പാര്‍പ്പിടസൗകര്യവും വേണ്ടുവോളമുള്ള രാജ്യങ്ങളിലെ ജനങ്ങള്‍ക്ക്, അരക്ഷിതാവസ്ഥ അനുഭവിക്കുന്ന രാജ്യക്കാരെക്കാളും ദൈവവിശ്വാസം കുറവായിരിക്കുമെന്ന് പഠനം വ്യക്തമാക്കി.

ഇതിനോട് ഏതാണ്ട് ചേര്‍ന്നു പോകുന്ന ഒന്നാണ് അമേരിക്കയില്‍ റോച്ചസ്റ്റര്‍ സര്‍വകലാശാലയിലെ മിറോണ്‍ സക്കര്‍മാനും കൂട്ടരും നടത്തിയ പുതിയൊരു പഠനത്തിന്റെ ഫലവും. വിശ്വാസികള്‍ക്ക് രുചിച്ചേക്കില്ലാത്ത ഒരു കണ്ടെത്തലുണ്ട് പുതിയ പഠനത്തില്‍. വിശ്വാസികളല്ലാത്തവരെ അപേക്ഷിച്ച് മതവിശ്വാകള്‍ക്ക് ബൗദ്ധിക നിലവാരം കുറവായിരിക്കും എന്നതാണത്!

63 ശാസ്ത്രപഠനങ്ങളെ അവലോകനം ചെയ്താണ് സക്കര്‍മാനും കൂട്ടരും വിവാദമായേക്കാവുന്ന ഈ നിഗമനത്തിലെത്തിയത്. അത്രയും പഠനങ്ങളില്‍ 53 എണ്ണത്തിലും 'ബുദ്ധിശക്തിയും മതവിശ്വാസവും തമ്മിലുള്ള ഒരു വിപരീതബന്ധം' ഗവേഷകര്‍ കണ്ടതായി 'പേഴ്‌സണാലിറ്റി ആന്‍ഡ് സോഷ്യല്‍ സൈക്കോളജി റിവ്യൂ' പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.

ബുദ്ധികൂടിയവര്‍ക്ക് മുടിഞ്ഞ അറിവായതുകൊണ്ടാണ് വിശ്വാസം കുറയുന്നതെന്ന് തെറ്റിദ്ധരിക്കരുത്. ബൗദ്ധികനിലവാരം കൂടിയവരാകും മികച്ച ജീവിതവിജയം നേടുക, ഉയര്‍ന്ന പദവികളിലെത്തുക. അങ്ങനെയുള്ളവര്‍ക്ക് മതങ്ങള്‍ നല്‍കുന്ന മാനസികമായ ഫലങ്ങളുടെ ആവശ്യം പലപ്പോഴുമുണ്ടാകാറില്ല. ആത്മവിശ്വാസം പോലുള്ള അത്തരം ഫലങ്ങള്‍ സ്വയമാര്‍ജിക്കാന്‍ അവര്‍ക്ക് കഴിയുന്നു.

എന്നുവെച്ചാല്‍, ബുദ്ധിനിലവാരം കൂടിയവര്‍ക്ക് ജീവിതവിജയം മറ്റുള്ളവരെ അപേക്ഷിച്ച് എളുപ്പത്തില്‍ നേടാന്‍ കഴിയും. അവിടെ വിശ്വാസത്തിന്റെ ഊന്നുവടി അവര്‍ക്ക് ആവശ്യമില്ലാതെ വരുന്നു. ഉയര്‍ന്ന ശമ്പളവും സ്ഥാനമാനങ്ങളുമുള്ളതിനാല്‍, ആത്മവിശ്വാസത്തിന് മതങ്ങളെ ആശ്രയിക്കേണ്ടി വരുന്നില്ല.

സക്കര്‍മാനും കൂട്ടരും പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ 1916 ലെ ഒരു പഠനത്തിലെ കണ്ടെത്തല്‍ ഉദ്ധരിക്കുന്നുണ്ട്. 'ക്രമബദ്ധമല്ലാതെ ഉള്‍പ്പെടുത്തിയ യു.എസ്.ശാസ്ത്രജ്ഞരില്‍ 58 ശതമാനം പേരും ദൈവത്തില്‍ വിശ്വസിക്കാത്തവരോ, ദൈവത്തിന്റെ അസ്തിത്വത്തെ സംശയിക്കുന്നവരോ ആയിരുന്നു. എന്നാല്‍, ഏറ്റവും പ്രമുഖരായ ശാസ്ത്രജ്ഞരുടെ കാര്യത്തില്‍ ഇത് 70 ശതമാനമായിരുന്നു'.

മതവിശ്വാസം വഴി ലഭിക്കുമെന്ന് കരുതുന്ന ചില സംഗതികളുണ്ടല്ലോ, അത്തരം സംഗതികള്‍ സ്വയമാര്‍ജിക്കാന്‍ സാധിക്കുന്നവര്‍ ഈശ്വരവിശ്വാസമില്ലാത്തവരാകാന്‍ സാധ്യതയേറും. അത്തരം കാര്യങ്ങള്‍ സ്വയമാര്‍ജിക്കാന്‍ കഴിയാത്തവര്‍ (പാവങ്ങളും നിസ്സഹായരും) ഈശ്വരവിശ്വാസത്തെ അഭയം പ്രാപിക്കും - പഠനം പറയുന്നു.

(കടപ്പാട് : News.au.co ( Link ); ഫെയ്‌സ്ബുക്കില്‍ വൈശാഖന്‍ തമ്പി ഷെയര്‍ ചെയ്തതാണ് ഈ ലിങ്ക്. ചിത്രം കടപ്പാട് : ദി ടെലഗ്രാഫ്) 

Thursday, June 06, 2013

പ്രിന്റ് ചെയ്‌തെടുക്കാവുന്ന തോക്കുകള്‍

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ'യുടെ ജൂണ്‍ 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്

'ഒരു തോക്ക് അച്ചടിച്ചുണ്ടാക്കാന്‍ പോകുന്നു'വെന്ന് 'ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ്' എന്ന യു.എസ്.കമ്പനി മാസങ്ങള്‍ക്ക് മുമ്പ് പ്രഖ്യാപിക്കുമ്പോള്‍, പലരും അതിനെ ഒരു കറുത്ത തമാശയായേ കണ്ടുള്ളൂ. ഇതിനകം പല കാരണങ്ങളാല്‍ വിവാദം സൃഷ്ടിച്ച് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുള്ള ഒരു കമ്പനിയുടെയും അതിന്റെ 25-കാരനായ മേധാവിയുടെയും വാര്‍ത്തയിലിടം നേടാനുള്ള മറ്റൊരു വിഫലശ്രമമായി അത് വിലയിരുത്തപ്പെട്ടു.

എന്നാല്‍, കഴിഞ്ഞ മെയ് ആദ്യവാരം ടെക്‌സാസില്‍ ഓസ്റ്റിനിലെ ഊഷര പ്രദേശത്ത് വെച്ച് വെളുത്ത പ്ലാസ്റ്റിക് കളിപ്പാട്ടം പോലൊരു തോക്കില്‍നിന്ന് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡ് മേധാവി കോഡി വില്‍സണ്‍ വെടിയുതിര്‍ത്തപ്പോള്‍, തോക്കുസംസ്‌ക്കാരം കൊണ്ട് പൊറുതിമുട്ടിയിരിക്കുന്ന അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് നേരെയുള്ള മറ്റൊരു നിറയൊഴിക്കലായി അത്.

താന്‍ വെടിവെയ്ക്കാനുപയോഗിച്ച തോക്കിലെ ('ലിബറേറ്റര്‍' എന്നാണ് തോക്കിന്റെ പേര്) തിരയൊഴികെ ബാക്കിയെല്ലാം ഒരു ത്രീഡി പ്രിന്ററിന്റെ സഹായത്തോടെ 'അച്ചടിച്ചെടുത്തതാ'ണെന്ന് കോഡി വില്‍സണ്‍ പറഞ്ഞു. 'ഈബേ' വഴി 8000 ഡോളറിന് വാങ്ങിയ ത്രീഡി പ്രിന്ററാണ്, തോക്കിന്റെ വിവിധ ഭാഗങ്ങള്‍ രൂപപ്പെടുത്താന്‍ ഉപയോഗിച്ചത്. മാത്രമല്ല, തോക്ക് നിര്‍മിക്കാനുപയോഗിച്ച കമ്പ്യൂട്ടര്‍ രൂപരേഖ ആര്‍ക്ക് വേണമെങ്കിലും ഡൗണ്‍ലോഡ് ചെയ്യാന്‍ പാകത്തില്‍ ഓണ്‍ലൈനില്‍ സൗജന്യമായി നല്‍കുന്നതായും വില്‍സണ്‍ പ്രഖ്യാപിച്ചു.

ആര്‍ക്ക് വേണമെങ്കിലും ലോകത്തെവിടെയിരുന്നും ഇന്റര്‍നെറ്റില്‍നിന്ന് ആ ഡിസൈന്‍ ഡൗണ്‍ലോഡ് ചെയ്ത് ത്രീഡി പ്രിന്ററുപയോഗിച്ച് തോക്ക് നിര്‍മിക്കാം!

അമേരിക്കക്കാരുടെ ഉത്ക്കണ്ഠകള്‍ക്ക് കടുംനിറം ചാര്‍ത്തിക്കൊണ്ട്, വെറും അഞ്ചുദിവസംകൊണ്ട് തോക്കിന്റെ രൂപരേഖ ഒരുലക്ഷം തവണ ഇന്റര്‍നെറ്റ് വഴി ഡൗണ്‍ലോഡ് ചെയ്യപ്പെട്ട കാര്യം ബി.ബി.സി.റിപ്പോര്‍ട്ട് ചെയ്തു. സ്വാഭാവികമായും യു.എസ്.ഭരണകൂടം ഇടപെട്ടു. തോക്കിന്റെ ഡിസൈന്‍ ഇന്റര്‍നെറ്റില്‍നിന്ന് നീക്കംചെയ്യാന്‍ ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിനോട് അധികൃതര്‍ ആവശ്യപ്പെട്ടു.


തോക്കുകളുമായി ബന്ധപ്പെട്ട് അമേരിക്കന്‍ സമൂഹവും സര്‍ക്കാരും പുലര്‍ത്തുന്ന ആശങ്കകള്‍ അവിടെ നില്‍ക്കട്ടെ. ഈ സംഭവത്തില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു സംഗതിയിലേക്ക് വായനക്കാരുടെ ശ്രദ്ധ ക്ഷണിക്കാനാണ് ഇതിവിടെ വിവരിച്ചത്.

ഇതില്‍ ഏറ്റവും ശ്രദ്ധേയമായ സംഗതി തോക്ക് 'പ്രിന്റ് ചെയ്‌തെടുക്കാന്‍' കഴിഞ്ഞു എന്നതാണ്. രണ്ടാമത്തെ കാര്യം വിപണിയില്‍ വാങ്ങാന്‍ കിട്ടുന്ന ഒരു ത്രീഡി പ്രിന്റര്‍ ആണ് തോക്ക് നിര്‍മാണത്തിന് ഉപയോഗിച്ചത്. ഓണ്‍ലൈനില്‍ ലഭ്യമായ രൂപരേഖ ഡൗണ്‍ലോഡ് ചെയ്ത് ഒരുപകരണം നിര്‍മിക്കാന്‍ (ത്രീഡി പ്രിന്റര്‍ ഉണ്ടെങ്കില്‍) ആര്‍ക്ക് വേണമെങ്കിലും കഴിയും എന്നതാണ് മൂന്നാമത്തെ സംഗതി.

തോക്കായതുകൊണ്ട് ഡിഫന്‍സ് ഡിസ്ട്രിബ്യൂട്ടഡിന്റെ നീക്കം സ്വാഭാവികമായും വിവാദവും ഉത്ക്കണ്ഠയും സൃഷ്ടിച്ചു. എന്നാല്‍, നിങ്ങളുടെ പാദത്തിന് യോജിക്കുന്ന ഷൂസാണ് ഇത്തരത്തില്‍ നിര്‍മിക്കാന്‍ കഴിയുന്നതെങ്കിലോ, അല്ലെങ്കില്‍ അടുക്കളയിലെ ഒരു ഉപകരണം, അതുമല്ലെങ്കില്‍ സൈക്കിളിന്റെ കേടായ സീറ്റ്.......എത്ര അമ്പരപ്പിക്കുന്ന സംഗതിയാകും അതല്ലേ!

ചിലര്‍ക്കെങ്കിലും ഇത് കേള്‍ക്കുമ്പോള്‍ അമ്പരപ്പുണ്ടാകും എന്നത് വാസ്തവമാണ്. പക്ഷേ, സംഭവം സത്യമാണ്. കമ്പ്യൂട്ടര്‍, ഓണ്‍ലൈന്‍ സാങ്കേതികവിദ്യകളുടെ പിന്തുണയോടെ പാശ്ചാത്യലോകത്ത് പുതിയൊരു നിര്‍മാണപ്രക്രിയ പ്രചാരത്തില്‍ വന്നുകൊണ്ടിരിക്കുകയാണ്. ആവശ്യമുള്ള ഉപകരണത്തിന്റെ രൂപരേഖ കാശുകൊടുത്തോ, അതല്ലെങ്കില്‍ സൗജന്യമായോ ഓണ്‍ലൈന്‍ വഴി ഡൗണ്‍ലോഡ് ചെയ്ത് നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക. എന്നിട്ട് ആ രൂപരേഖയില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുക (ആവശ്യമെങ്കില്‍). അതിന് ശേഷം കമ്പ്യൂട്ടറുമായി ബന്ധിപ്പിച്ചിരിക്കുന്ന ത്രീഡി പ്രിന്ററുപയോഗിച്ച് ഉപകരണം 'പ്രിന്റ് ചെയ്‌തെടുക്കുക'.

ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്ന് ചിലരെങ്കിലും ചോദിച്ചേക്കാം. എങ്കില്‍ല്‍, കേള്‍ക്കുക : നിലവില്‍ ആയിരത്തിലേറെ ഉപകരണങ്ങളുടെയും വസ്തുക്കളുടെയും ത്രീഡി രൂപരേഖകള്‍ ലഭ്യമാണ്. ത്രീഡി പ്രിന്ററുപയോഗിച്ച് അവ നിര്‍മിക്കുകയുമാകാം. ആഭരണങ്ങളും പാദരക്ഷകളും അടുക്കള സാധനങ്ങളും വാഹനങ്ങളുടെ പരീക്ഷണ മാതൃകകളും കെട്ടിടങ്ങളുടെയും മറ്റ് അടിസ്ഥാനസൗകര്യ സംവിധാനങ്ങളുടെയും മാതൃകകള്‍ ഒക്കെ അതില്‍ പെടുന്നു.

പുതിയ നിര്‍മാണവിദ്യ

'ഒരു ഡിജിറ്റല്‍ മാതൃകയെ അടിസ്ഥാനമാക്കി ഏത് ആകൃതിയിലുള്ള ത്രീമാന രൂപവും ഉപകരണവും നിര്‍മിക്കാനുള്ള പ്രക്രിയ'യെന്നാണ് ത്രീഡി പ്രിന്റിങിനെ വിക്കിപീഡിയ വിശദീകരിക്കുന്നത്.

കമ്പ്യൂട്ടറില്‍ ശേഖരിച്ചിട്ടുള്ള, അല്ലെങ്കില്‍ ഓണ്‍ലൈനില്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ടെക്‌സ്റ്റ് ഫയലുകളും ചിത്രങ്ങളും സാധാരണ ടെസ്‌ക് ടോപ്പ് പ്രിന്ററുകള്‍ ഉപയോഗിച്ച് അച്ചടിക്കുന്ന രീതിയുണ്ടല്ലോ. അതിന് ഏതാണ്ട് സമാനമാണ് ത്രീഡി പ്രിന്റിങ്. ഇവിടെ ഡൗണ്‍ലോഡ് ചെയ്‌തെടുക്കുന്ന ഡിജിറ്റല്‍ രൂപരേഖ ഉപയോഗിച്ച് ത്രിമാനരൂപങ്ങളെ സൃഷ്ടിക്കുകയാണ് ചെയ്യുക എന്ന വ്യത്യാസമേയുള്ളൂ.


നിര്‍മിക്കേണ്ട ഉപകരണത്തിന്റെ അല്ലെങ്കില്‍ മാതൃകയുടെ രൂപരേഖ കമ്പ്യൂട്ടറില്‍ ലോഡ് ചെയ്യുക എന്നതാണ് ത്രിമാന പ്രിന്റിങിന്റെ ആദ്യപടി. എന്നിട്ട്, ത്രീഡി പ്രിന്ററിലെ 'പ്രിന്റ്' ബട്ടണ്‍ ക്ലിക്ക് ചെയ്താല്‍ നിര്‍മാണം തുടങ്ങുകയായി. പ്ലാസ്റ്റിക്ക്, ലോഹങ്ങള്‍ തുടങ്ങിയവയുടെ പൗഡറാണ് ത്രീഡി പ്രിന്റിങിലെ 'മഷി'. ആ മഷിയുപയോഗിച്ച് ഒരു സമയത്ത് ഒരു പാളി (layer) എന്ന തോതിലാണ് നിര്‍മാണം പുരോഗമിക്കുക. ഇങ്ങനെ പാളികള്‍ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്ന പ്രക്രിയയായതിനാല്‍, 'അഡിറ്റീവ് മാനുഫാക്ച്ചറിങ്' (Additive manufacturing) എന്ന് ത്രീഡി പ്രിന്റിങ് അറിയപ്പെടുന്നു (ഓരോ പാളികളായി കൂട്ടിച്ചേര്‍ക്കപ്പെടുന്നതിനാല്‍ പെട്ടന്ന് നിര്‍മാണം പൂര്‍ത്തിയാകില്ല എന്നതാണ് ത്രീഡി പ്രിന്റിങിന്റെ ഒരു പ്രധാന പോരായ്മയായി വിലയിരുത്തപ്പെടുന്നത്).

മഷിയായി ഉപയോഗിക്കുന്ന പൗഡറിനെ ലേസറിന്റെ സഹായത്തോടെ ചൂടാക്കി ഉരുക്കി ഘനീഭവിപ്പിച്ച്, അതിസൂക്ഷ്മമായ രീതിയില്‍ രൂപരേഖയിലെ അതേ ത്രിമാന ആകൃതി സൃഷ്ടിക്കാന്‍ സാധിക്കുന്നു. പ്രായോഗികമായി ത്രിമാനരൂപമാക്കാന്‍ ബുദ്ധിമുട്ടുള്ള ഏത് ആകൃതിയും ത്രിമാന പ്രിന്റിങിന്റെ സഹായത്തോടെ സൃഷ്ടിക്കാന്‍ കഴിയും.

ഉപകരണമോ മാതൃകയോ വ്യത്യാസപ്പെടുന്നതുകൊണ്ട് ഉത്പാദന പ്രക്രിയ അപ്പാടെ മാറ്റേണ്ട സ്ഥിതി ഇല്ല. ഇതില്‍ പ്രിന്റര്‍ ഒന്നു മതി, ഡിജിറ്റല്‍ രൂപരേഖ മാത്രം മാറിയാല്‍ മതി!

ഉപകരണങ്ങളുടെ നിര്‍മാണം (മാനുഫ്ക്ച്ചറിങ്) എന്നത് നിലവില്‍ വലിയ മുതല്‍ മുടക്കുള്ള ഒന്നാണ്; ഫാക്ടറികള്‍ വേണം, മാനവവിഭവശേഷി കാര്യമായി വേണം, ഏറെ ഘടകവസ്തുക്കള്‍ പാഴാവുകയും ചെയ്യും. ഭാവിയില്‍ അത്തരം ഫാക്ടറികള്‍ ചിലപ്പോള്‍ വേണ്ടി വരില്ല. കാരണം, നിങ്ങള്‍ക്കാവശ്യമായ ഉപകരണത്തിന്റെ രൂപരേഖ ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച് (കാശുകൊടുത്തോ അല്ലാതെയോ) അതുമായി അടുത്തുള്ള ത്രീഡി പ്രിന്റിങ് കേന്ദ്രത്തിലെത്തി സാധനം പ്രിന്റ് ചെയ്‌തെടുക്കാം. അല്ലെങ്കില്‍, സ്വന്തം വീട്ടിലെ ത്രീഡി പ്രിന്ററില്‍ അത് നിര്‍മിക്കാം. ഘടകവസ്തുക്കള്‍ തീരെ പാഴാകില്ല എന്നതാണ് ഈ ഉത്പാദനത്തിന്റെ പ്രത്യേകത. അതുകൊണ്ട് മലിനീകരണവും വളരെ കുറവായിരിക്കും.

ഉത്പാദനരംഗത്തെ പ്രതാപം അമേരിക്കയ്ക്ക് വീണ്ടെടുക്കാന്‍ സഹായിക്കുന്നതെന്ന് പ്രസിഡന്റ് ബാരക് ഒബാമ വിശേഷിപ്പിച്ച സങ്കേതമാണ് ത്രീഡി പ്രിന്റിങ്. അമേരിക്കയിലും മറ്റ് യൂറോപ്യന്‍ രാജ്യങ്ങളിലുമാണ് ത്രീഡി പ്രിന്റിങ് വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഈ സങ്കേതത്തിന്റെ സാധ്യത ആദ്യം മനസിലാക്കിയ കിഴക്കന്‍ രാജ്യം ചൈനയാകണം. ചൈനയില്‍ ത്രീഡി പ്രിന്ററുകള്‍ മാത്രമുള്ള ഫാക്ടറികള്‍ വരെ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരിക്കുന്നു. ചൈനീസ് നിര്‍മിത കളിപ്പാട്ടങ്ങളില്‍ ഒരു ചെറിയ പങ്കെങ്കിലും ഇപ്പോള്‍ ത്രീഡി പ്രിന്റിങിന്റെ സാഹായത്തോടെ നിര്‍മിക്കുന്നവയാണ്.

പഴയ വിദ്യ; പുതിയ സാധ്യത

മൊബൈല്‍ ഫോണുകളുടെ ചരിത്രം തുടങ്ങുന്നത് 1970 കളിലാണ്. എന്നാല്‍, ലോകമൊരു മൊബൈല്‍ വിപ്ലവത്തിന്റെ പിടിയില്‍ പെടുന്നത് ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ദശകത്തിലും. ഇതിന് ഏറെക്കുറെ സമമാണ് ത്രീഡി പ്രിന്റിങ് സങ്കേതത്തിന്റെ ചരിത്രവും.

1970 കള്‍ മുതല്‍ ത്രീഡി പ്രിന്റിങ് രംഗത്തുണ്ട്. യന്ത്രങ്ങളുടെയും വാഹനങ്ങളുടെയുമൊക്കെ ത്രിമാന മാതൃകകള്‍ നിര്‍മിക്കാനാണ് ഇത് ആദ്യകാലത്ത് ഉപയോഗിച്ചിരുന്നത്. വന്‍കിട കമ്പനികള്‍ക്കും സംഘടനകള്‍ക്കുമൊക്കെ മാത്രമേ ത്രിമാന പ്രിന്റിങ് സങ്കേതം ഉപയോഗിക്കാനുള്ള ത്രാണി ഉണ്ടായിരുന്നുള്ളൂ. ത്രീഡി പ്രിന്ററുകള്‍ക്ക് അത്ര ഭീമമായ ചെലവ് വേണ്ടിയിരുന്നു. അതുകൊണ്ട് ത്രിമാന പ്രിന്റിങ് അധികമാരുടെയും ശ്രദ്ധയാകര്‍ഷിച്ചില്ല.

എന്നാല്‍, ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ വരവോടെ കാര്യങ്ങള്‍ മാറാന്‍ തുടങ്ങി. ചെലവു കുറഞ്ഞ ത്രീഡി പ്രിന്ററുകള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമായി. മാത്രമല്ല, ത്രിമാന ഉപകരണങ്ങളുടെ ഡിജിറ്റല്‍ മാതൃകകള്‍ ഉണ്ടാക്കാന്‍ സഹായിക്കുന്ന മികച്ച സോഫ്റ്റ്‌വേറുകളും രംഗത്തെത്തി. ഓണ്‍ലൈന്‍ വഴി അത്തരം ഡിജിറ്റല്‍ ഡിസൈന്‍ കൈമാറുന്നതും എളുപ്പമായി.

പാശ്ചാത്യലോകത്ത് വ്യാപകമായി വിപണനം ചെയ്യപ്പെട്ട ആദ്യ ത്രീഡി പ്രിന്റര്‍ 2012 ഒക്ടോബറിലാണ് വിപണിയിലെത്തിയത്. 'മേക്കര്‍ബോട്ട് റിപ്ലിക്കേറ്റര്‍ 2' (MakerBot Replicator 2) എന്ന ആ പ്രിന്ററിന്റെ വില 2,200 ഡോളര്‍ (1.18 ലക്ഷം രൂപ) ആയിരുന്നു. ഇതത്ര വലിയ വിലയാണെന്ന് കരുതുന്നവര്‍ ഓര്‍ക്കുക : 1983 ല്‍ എച്ച് പി വിപണിയിലെത്തിച്ച ആദ്യ ഡെസ്‌ക് ടോപ്പ് പ്രിന്ററിന്റെ വില 12,800 ഡോളര്‍ ആയിരുന്നു!


എങ്കിലും സാധാരണക്കാര്‍ക്ക് ഇപ്പോഴും ത്രീഡി പ്രിന്റര്‍ താങ്ങാന്‍ പറ്റുന്നതിലും വിലയേറിയതാണ്. ഭാവിയില്‍ ഈ സ്ഥിതി മാറിക്കൂടെന്നില്ല. ഡിജിറ്റല്‍ രംഗത്തെ ഏത് ഉപകരണത്തിന്റെ കഥയെടുത്താലും ചരിത്രം അതാണ് പറയുന്നത്. പത്തുവര്‍ഷം മുമ്പ് വലിയ വില കൊടുത്ത് വാങ്ങേണ്ടിയിരുന്ന ഡിജിറ്റല്‍ ക്യാമറകളുടെ വില ഇപ്പോള്‍ എത്ര താണിരിക്കുന്നുവെന്ന കാര്യം ഉദാഹരണം.

വാഹനങ്ങളുടെ എഞ്ചിനുകള്‍, വിമാനത്തിന്റെ ചിറകുകള്‍ തുടങ്ങിയവ സങ്കീര്‍ണ ത്രീമാനരൂപങ്ങളാണ്. ഇതുപോലുള്ളവയുടെ പരീക്ഷണ മാതൃകകള്‍ സൃഷ്ടിക്കാനാണ് ഇപ്പോള്‍ ത്രീഡി പ്രിന്റിങ് പ്രധാനമായും ഉപയോഗിക്കുന്നത്. സാധാരണഗതിയില്‍ മാസങ്ങളെടുക്കുന്ന വലിയ പണച്ചെലവുള്ള ഇത്തരം മാതൃകാ നിര്‍മാണങ്ങള്‍ ആഴ്ചകള്‍ക്കൊണ്ട്, അധികം ചെലവില്ലാതെ പൂര്‍ത്തിയാക്കാന്‍ ത്രീഡി പ്രിന്റിങ് വഴി കഴിയും.

മാതൃകകള്‍ മാത്രമല്ല, പൂര്‍ണതോതിലുള്ള ഒട്ടേറെ ഉത്പന്നങ്ങളും ത്രീഡി പ്രിന്റിങ് വഴി നിര്‍മിക്കപ്പെടുന്നുണ്ട്. നിലവില്‍ ത്രീഡി പ്രിന്റിങിലൂടെ ഉണ്ടാക്കുന്നവയില്‍ 20 ശതമാനം മാത്രമാണ് പൂര്‍ണതോതിലുള്ള ഉത്പന്നങ്ങള്‍. 2020 ആകുമ്പോഴേക്കും അത് 50 ശതമാനമാകുമെന്ന്, ഈ രംഗത്തെക്കുറിച്ച് പഠിക്കുന്ന ടെറി വോലേഴ്‌സ് കുറച്ചുനാള്‍ മുമ്പ് 'ദി എക്കണോമിസ്റ്റി'നോട് പറയുകയുണ്ടായി.

ആഭരണവ്യവസായം, വിദ്യാഭ്യാസം, മെഡിക്കല്‍, ഡെന്റല്‍ വ്യവസായങ്ങള്‍, സിവില്‍ എന്‍ജിനിയറിങ് തുടങ്ങി, ഫോസിലുകളുടെ മാതൃക നിര്‍മാണം തുടങ്ങി അസംഖ്യം മേഖലകളില്‍ ത്രിമാന പ്രിന്റിങിന്റെ സാധ്യതകള്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് വിലയിരുത്തപ്പെടുന്നു. ഈ വിദ്യ ഉപയോഗിച്ച് കൃത്രിമ അവയവങ്ങളും ശരീരഭാഗങ്ങളും വരെ നിര്‍മിക്കാന്‍ ശ്രമം നടന്നു വരുന്നു.

ത്രീഡി പ്രിന്റിങിന്റെ സാധ്യതകളെക്കുറിച്ച് 'ദി എക്കണോമിസ്റ്റ്' നടത്തിയ നിരീക്ഷണം ശ്രദ്ധേയമാണ്. 1750 ല്‍ ആവിയന്ത്രം ആദ്യം പ്രത്യക്ഷപ്പെട്ടപ്പോള്‍, അല്ലെങ്കില്‍ 1450 ല്‍ അച്ചടിയന്ത്രം രംഗത്തെത്തിയപ്പോള്‍, അതുമല്ലെങ്കില്‍ 1950 ല്‍ ട്രാന്‍സിസ്റ്റര്‍ വന്നപ്പോള്‍ - അവയുടെ ഭാവി സാധ്യതകള്‍ വേണ്ടവിധം മനസിലാക്കാന്‍ അധികമാര്‍ക്കും കഴിഞ്ഞിട്ടുണ്ടാകില്ല. അതുപോലെയാണ് ത്രിമാന പ്രിന്റിങിന്റെ കാര്യവും. ഭാവിയുടെ വിദ്യയാണത്, ഭാവിയെ അടിമുടി മാറ്റാന്‍ സഹായിച്ചേക്കാവുന്ന സാങ്കേതികവിദ്യ.

(അവലംബം, കടപ്പാട് : 1. BBC News; 2. Wikipedia; 3. The Printed World, The Economist, Feb 10, 2011; 4. A new brick in the Great Wall, The Economist, April 27, 2013; 5. A 3-D Printed Gun, MIT Technology Review, May 3, 2013)

Saturday, June 01, 2013

തേങ്ങാക്കള്ളന്‍ !


ഉടമസ്ഥനറിയാതെ തെങ്ങില്‍ കയറുക, തേങ്ങാ പറിച്ചിടുക. കയറിയതുപോലെ താഴെയിറങ്ങി തേങ്ങാ ചകിരി പൊളിച്ച്, ചിരട്ട പൊട്ടിച്ച് ആസ്വദിച്ച് തിന്നുക. 'തേങ്ങാക്കള്ളന്‍' എന്ന് വിളിക്കാന്‍ ഇതില്‍ക്കൂടുതല്‍ കാരണം വേണോ!

കള്ളനാണെങ്കിലും അവനെ കണ്ടാല്‍ ആരും ഒന്നു ബഹുമാനിക്കും, അല്ലെങ്കില്‍ അന്ധാളിക്കും. ഇത്ര വിശിഷ്ടമായ സൃഷ്ടികള്‍ ഭൂമുഖത്തുണ്ടോ എന്ന് അത്ഭുതപ്പെടും.

ഇവിടെ പരാമര്‍ശിക്കപ്പെടുന്ന കക്ഷി ഒരിനം ഞണ്ടാണ്. ലോകത്തെ ഏറ്റവും വലിയ ഞണ്ടായ 'തേങ്ങാ ഞണ്ട്' അഥവാ 'കോക്കനട്ട് ക്രാബ്' ( Coconut crab ). ഇവന് വേറെയും വിളിപ്പേരുണ്ട് - 'കള്ളന്‍ ഞണ്ട്' ( Robber Crab ), 'തേങ്ങാക്കള്ളന്‍' ( Palm Theif ) എന്നിങ്ങനെ (ശാസ്ത്രീയ നാമവും കേട്ടോളൂ - Birgus latro).


അവന്‍ കൈകള്‍ വിരിച്ചുവെച്ചാല്‍ ഏതാണ്ട് ഒരു മീറ്ററിലേറെ നീളം വരും. ശരീരഭാരം നാല് കിലോഗ്രാം വരെ. കരയില്‍ കാണുന്ന ഏറ്റവും വലിയ 'ആര്‍ത്രോപോഡ്' ( arthropod ) ആണ് തേങ്ങാ ഞണ്ട്. ഈ ഞണ്ടിന് വെള്ളത്തില്‍ കഴിയാനാകില്ല (മുട്ടവിരിഞ്ഞ് ലാര്‍വ ഘട്ടത്തില്‍ കടല്‍വെള്ളത്തിലാണ് കഴിയുക എങ്കിലും).

'തെങ്ങില്‍നിന്ന് തേങ്ങാ പറിച്ചിട്ട് താഴെയിറങ്ങി ഇവന്‍ തേങ്ങയുടെ ചകിരി പൊളിക്കുന്നത് ഒരു കാഴ്ച്ചയാണ്' - തേങ്ങാ ഞണ്ടിനെ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ നേരിട്ട് നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തിട്ടുള്ള പ്രശസ്ത കടലാമ വിദഗ്ധന്‍ സതീഷ് ഭാസ്‌ക്കര്‍ പറയുന്നു.


ആന്‍ഡമാനിലെ ആള്‍പ്പാര്‍പ്പില്ലാത്ത സൗത്ത് സെന്റിനല്‍ ദ്വീപ് തേങ്ങാ ഞണ്ടുകളുടെ ഒരു താവളമാണ്. അവിടെ കടലാമകളെ തേടി പോയപ്പോഴെല്ലാം സതീഷ് ഭാസ്‌ക്കര്‍ ഈ ഞണ്ടുകളെയും നിരീക്ഷിച്ചിട്ടുണ്ട്. 'തേങ്ങയുടെ തൊണ്ടിലെ ചകിരിനാരുകള്‍ ഒന്നൊന്നായി തന്റെ ബലിഷ്ഠമായ നറുക്കകാല്‍കൊണ്ട് പറിച്ചെടുക്കും, ഒടുവില്‍ ചിരട്ടയും അറുത്തു മുറിച്ച് തേങ്ങാ തിന്നും'-അദ്ദേഹം വിവരിക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലെയും ശാന്തസമുദ്രത്തിലെയും ദ്വീപുകളാണ് ഈ ഭീമന്‍ ഞണ്ടുകളുടെ വാസഗേഹം (ഇതോടൊപ്പമുള്ള മാപ്പ് കാണുക). ഒരിടത്ത് അവ കാണപ്പെടാനുള്ള പ്രധാന ഉപാധി, അവിടെ തെങ്ങുണ്ടാകണം എന്നതാണ്.

തന്റെ വിഖ്യാതമായ ബീഗിള്‍ യാത്രയ്ക്കിടെ സാക്ഷാല്‍ ചാള്‍സ് ഡാര്‍വിനെയും ഈ ഞണ്ടുകള്‍ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയയുടെ ഭാഗമായ കീലിങ് ദ്വീപില്‍ വെച്ച് ഈ ഞണ്ടുകളെ കണാനിടവന്നപ്പോള്‍ അവയെ 'ഭീകരസത്വങ്ങളെ'ന്നാണ് ഡാര്‍വിന്‍ വിശേഷിപ്പിച്ചത്.

തേങ്ങായിട്ട് തിന്നുമെങ്കിലും, തേങ്ങ മാത്രമല്ല ഈ ഞണ്ടുകളുടെ ഭക്ഷണം. കായ്കളും കനികളും ഉണങ്ങി വീഴുന്ന മരത്തിന്റെ ദ്രവിച്ച ഭാഗങ്ങളും ചത്ത ജീവികളുമൊക്കെ ഇവ ഭക്ഷണമാക്കും. കാഴ്ച്ച അത്ര മികച്ചതല്ലെങ്കിലും, തേങ്ങാ ഞണ്ടുകള്‍ക്ക് മണംപിടിക്കാനുള്ള കഴിവ് അസാധാരണമാണ്. ഭക്ഷണം കണ്ടെത്തുന്നത് മണംപിടിച്ചാണ്.


'അതിന്റെ ഇറുക്കുകാലിന്റെ ശക്തി അപാരമാണ്. ഒരിക്കല്‍ അതൊന്ന് പരീക്ഷിച്ചറിയാനുള്ള അവസരം എനിക്കുണ്ടായി'-സതീഷ് ഭാസ്‌ക്കര്‍ ഓര്‍ക്കുന്നു.

തെക്കന്‍ നിക്കോബാര്‍ ദ്വീപുകളിലൊന്നില്‍ നിന്ന് ഒരു തേങ്ങാ ഞണ്ടിനെ പിടികൂടി, 'സുവോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ'യുടെ പോര്‍ട്ട് ബ്ലെയറിലെ ഓഫീസിലെത്തിക്കാന്‍ സതീഷ് ഭാസ്‌ക്കര്‍ തീരുമാനിച്ചു. കപ്പലില്‍ അതിനെയുംകൊണ്ട് കയറിയപ്പോള്‍, അതിന്റെ ഇറുക്കുകാലിന്റെ ശക്തി നോക്കണമെന്നായി സഹയാത്രികര്‍. 'ഒരു അലുമിനിയം കമ്പി വെച്ചുകൊടുത്തപ്പോള്‍, ഇറുക്കുകാല്‍ കൊണ്ട് ഒറ്റ പിടിത്തമേ വേണ്ടിവന്നുള്ളൂ, കമ്പി നിഷ്പ്രയാസം മുറിഞ്ഞു.'

തേങ്ങാ ഞണ്ടിന് അതിന്റെ പെരുങ്കാല്‍കൊണ്ട് 28 കിലോഗ്രാം ഭാരം വരെ പൊക്കിയെടുക്കാന്‍ കഴിയുമെന്ന് വരുമ്പോള്‍, അതിന്റെ ശക്തി എത്രയെന്ന് ആലോചിച്ചു നോക്കുക.


സംഭവം ഗംഭീരമാണെങ്കിലും ഈ ജീവിവര്‍ഗത്തിന്റെ സ്ഥിതി വളരെ ദയനീയമാണ്. ഇത്രയും വലിപ്പമുള്ളതിനാല്‍, സ്വാദിഷ്ടമായ ഞണ്ടിറച്ചി ആഗ്രഹിക്കുന്നവര്‍ക്ക് തേങ്ങാ ഞണ്ടൊരു വിരുന്നാണ്. ഞണ്ടിറച്ചിക്കായി ഇവയെ കൊന്നൊടുക്കിയതിന് കണക്കില്ല.

ഒരു ജീവിയെ കണക്കില്ലാതെ കൊന്നൊടുക്കിയാല്‍ എന്തുസംഭവിക്കുമോ, അത് തേങ്ങാ ഞണ്ടിന്റെ കാര്യത്തിലുമുണ്ടായി. വംശനാശം നേരിടുന്ന ജീവിയെന്ന നിലയ്ക്ക് ഐ.യു.സി.എന്നിന്റെ ചുവപ്പ് പട്ടികയിലാണ് തേങ്ങാ ഞണ്ടിന്റെ ഇപ്പോഴത്തെ സ്ഥാനം. കൃത്യമായി എത്രയെണ്ണം ഭൂമുഖത്ത് അവശേഷിച്ചിട്ടുണ്ടെന്ന് അറിയില്ലെന്നും ഐ.യു.സി.എന്‍.പറയുന്നു.

(ചിത്രങ്ങള്‍ക്ക് കടപ്പാട് :  Environmental Graffiti Site. തേങ്ങാ ഞണ്ടുകളെപ്പറ്റി കൂടുതല്‍ അറിയാനും വീഡിയോകള്‍ കാണാനും :  ARKive Site )

Thursday, April 11, 2013

ഫോണേതായാലും, ഒഎസ് നന്നായാല്‍ മതി!

കേരള പ്രസ്സ് അക്കാദമി പ്രസിദ്ധീകരണമായ 'മീഡിയ' ഫിബ്രവരി 2013 ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്
തിരുവനന്തപുരം ഭാഗത്ത് ബസ് യാത്രയ്ക്കിടെ മുന്‍സീറ്റിലിരുന്ന പയ്യനും നാല്പതുകാരനും നമ്മില്‍ നടന്ന ഡയലോഗ്-

'അണ്ണാ, പുതിയ ഫോണെങ്ങനെ' -പയ്യന്‍

'ഓ, എന്തിരു പറയാനെടേ......സംഭവം കൊള്ളാം. പക്ഷേ, എന്റെ മോന്‍ പറയണത് ഇത് വാങ്ങിയ കാശിന് രണ്ട് ഗാലക്‌സി, എന്തോന്ന് ഗാലക്‌സി വൈ വാങ്ങാരുന്നെന്ന്' - നാല്പതുകാരന്‍

'അണ്ണന്‍ വാങ്ങിയത് ഗാലക്‌സി ഡുവോസ് അല്ലേ. അതില് ആന്‍ഡ്രോയ്ഡ് നാലല്ലേ അണ്ണാ. വൈയിലാണെങ്കില്‍ വെറും ജിഞ്ചര്‍ബ്രഡ്!' - പയ്യന്‍

'ബ്രെഡ്ഡോ ഓംലെറ്റോ....ചെല്ലാ, എനിക്കിതത്ര പിടിയില്ല. ഈ കാശിന് രണ്ടെണ്ണം വാങ്ങാരുന്നെന്ന് മോന്‍ പറഞ്ഞപ്പോള്‍, അതുകേട്ട് അമ്മായിയമ്മ പറയുകാണ്, അവര്‍ക്കും വേണമായിരുന്നു ഒരു ക്യാമറഫോണ്‍ എന്ന്. രണ്ടെണ്ണം വാങ്ങിയിരുന്നെങ്കില്‍ ഒന്ന് അവര്‍ക്കെടുക്കാമായിരുന്നു പോലും!'-നാല്‍പ്പതുകാരന്‍.

'അണ്ണന്‍ പേടിക്കണ്ട, ഉടന്‍ പുതിയ സംഭവങ്ങള്‍ വരികല്ലേ - ഫയര്‍ഫോക്‌സ്, ഉബുണ്ടു ഒക്കെ'-പയ്യന്‍

'അനിയാ, ഇപ്പോള്‍ തന്നെ പുലിവാല് പിടിച്ചപോലെയായി. ഇനി ഇത്തരം വെടിഗുണ്ടു സാധനങ്ങള്‍ക്കൂടി വന്നാല്‍ എന്തിരാകുമോ എന്തോ'-നാല്പതുകാരന്‍

അവസാനം കാര്യങ്ങള്‍ അവിടെ എത്തിയിരിക്കുന്നു, മേല്‍പ്പറഞ്ഞ സംഭാഷണം കേള്‍ക്കാനിടയായ ഈയുള്ളവന്‍ മനസിലോര്‍ത്തു. കമ്പനിയും ഫോണുമൊന്നുമല്ല, അതിലെ ഒഎസ് അഥവാ ഓപ്പറേറ്റിങ് സിസ്റ്റം ആണ് പ്രധാനം എന്നായിരിക്കുന്നു.

'ഫോണേതായാലും, ഒഎസ് നന്നായാല്‍ മതി' എന്ന് പുതിയൊരു ആപ്തവാക്യം കൂടി രൂപപ്പെടുത്താം!

2007 ന് മുമ്പ് ലോകം എത്ര ലളിതമായിരുന്നു, ഞാനോര്‍ത്തു. ഒഎസ് എന്നു പറഞ്ഞാല്‍, മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ്. സ്വതന്ത്ര സോഫ്റ്റ്‌വേര്‍ പ്രേമികള്‍ക്കാണെങ്കില്‍ ലിനക്‌സ്. കാശുകാര്‍ക്കും പത്രാസുകാര്‍ക്കും ആപ്പിളിന്റെ മാക്. തീര്‍ന്നു. ഇതെല്ലാം ഡെസ്‌ക് ടോപ്പുകള്‍ക്കും ലാപ്‌ടോപ്പുകള്‍ക്കുമുള്ള ഒഎസുകള്‍. കൂടുതല്‍ തല പുകയ്‌ക്കേണ്ട കാര്യമില്ലായിരുന്നു.

അന്നും മൊബൈല്‍ ഫോണുകള്‍ ഉണ്ടായിരുന്നു. പക്ഷേ, മൊബൈല്‍ ഒഎസിനെക്കുറിച്ചോര്‍ത്ത് ആരും വ്യാകുലപ്പെട്ടിരുന്നില്ല. സിമ്പിയന്‍, പാം എന്നൊക്കെ ചില ടെക്കികള്‍ പറഞ്ഞിരുന്നു എന്നുമാത്രം.

എന്നാല്‍, 2007 ല്‍ കഥ മാറി. ആ ജനവരി 9 ന് 'മാക്‌വേള്‍ഡ് കോണ്‍ഫറന്‍സ് എക്‌സ്‌പോ'യില്‍ ആപ്പിള്‍ ഐഫോണ്‍ അവതരിപ്പിക്കപ്പെട്ടു.

അന്നത്തെ ആപ്പിള്‍ മേധാവി സ്റ്റീവ് ജോബ്‌സ് നടത്തിയ ഐഫോണ്‍ അവതരണം യുട്യൂബിലുണ്ട്. അപ്രതീക്ഷിതമായ ഭാവി മുന്നിലെത്തുമ്പോള്‍, അതിനെ സ്വാഗതം ചെയ്യണോ നിരാകരിക്കണോ എന്നറിയാതെ സംഭ്രമത്തിലാകുന്ന അവസ്ഥയാണ് 'ഫ്യൂച്ചര്‍ ഷോക്ക്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍ ആല്‍വിന്‍ ടോഫഌ വിവരിക്കുന്നത്. അത്തരമൊരു 'ഭാവിസംഭ്രമം' സ്റ്റീവ് സൃഷ്ടിക്കുന്നത് എങ്ങനെയെന്ന് ആ വീഡിയ വിളിച്ചോതുന്നു.

'എല്ലായ്‌പ്പോഴും വിപ്ലവകരമായ ഒരു ഉത്പന്നം എല്ലാറ്റിനെയും മാറ്റിമറിക്കാനായി പ്രത്യക്ഷപ്പെടുന്നു' എന്ന പ്രസ്താവനയോടെ സ്റ്റീവ് ആരംഭിക്കുന്ന ഐഫോണ്‍ അവതരണം, മുമ്പ് മകിന്റോഷ് വഴി ആപ്പിള്‍ എങ്ങനെ കമ്പ്യൂട്ടര്‍ വ്യവസായത്തെയാകെ മാറ്റിത്തീര്‍ത്തുവെന്നും, ഐപോഡ് എന്ന ഐതിഹാസിക മ്യൂസിക് പ്ലെയര്‍ വഴി സംഗീതവ്യവസായം എങ്ങനെ പരിവര്‍ത്തനം ചെയ്യപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാണ് മുന്നേറുന്നത്.

'ആ ക്ലാസില്‍ പെടുന്ന വിപ്ലവകരമായ മൂന്ന് ഉത്പന്നങ്ങളാണ് ഞങ്ങളിന്ന് അവതരിപ്പിക്കുന്നത്. അതില്‍ ആദ്യത്തേത് വലിയ ടച്ച്‌സ്‌ക്രീനോടു കൂടിയ ഒരു ഐപോഡ്. രണ്ടാമത്തേത് വിപ്ലവകരമായ ഒരു മൊബൈല്‍ ഫോണ്‍. മൂന്നാമത്തേത് വലിയ മുന്നേറ്റമാകുന്ന ഇന്റര്‍നെറ്റ് ഉപകരണം' - സ്റ്റീവ് പറഞ്ഞു.

ആ വാക്യങ്ങള്‍ വീണ്ടും ആവര്‍ത്തിച്ചിട്ട് അദ്ദേഹം തനത് ശൈലിയില്‍ സദസ്സിനോട് ചോദിച്ചു : 'നിങ്ങള്‍ക്കിത് മനസിലാകുന്നുണ്ടോ? മൂന്ന് വ്യത്യസ്ത ഉപകരണങ്ങളല്ലിത്, ഇത് ഒറ്റ ഉപകരണമാണ്. ഞങ്ങളതിനെ ഐഫോണ്‍ എന്ന് വിളിക്കുന്നു'. സ്‌റ്റേജില്‍ സ്റ്റീവിന് പിന്നിലെ സ്‌ക്രീനില്‍ ഐഫോണിന്റെ വലിയ ചിത്രം തെളിഞ്ഞു. ഐഫോണ്‍ എന്ന പേര് ലോകം ആദ്യമായി കേട്ടു. 

ഭാവിയാണ് തങ്ങളുടെ മുന്നില്‍ തെളിയുന്നതെന്നും, മൊബൈല്‍ കമ്പ്യൂട്ടിങിന്റെ പുത്തന്‍ യുഗമാണ് ഉത്ഘാടനം ചെയ്യപ്പെട്ടിരിക്കുന്നതെന്നും അന്ന് മിക്കവരും തിരിച്ചറിഞ്ഞിട്ടുണ്ടാകില്ല. എങ്കിലും, സദസ്സ് കരഘോഷത്താന്‍ പ്രകമ്പനം കൊണ്ടു.

ആധുനിക സ്മാര്‍ട്ട്‌ഫോണ്‍ യുഗം ആരംഭിച്ചത് അങ്ങനെയാണ്. മൊബൈല്‍ ഒഎസുകളെക്കുറിച്ച് ആളുകള്‍ ചിന്തിക്കാന്‍ തുടങ്ങിയതും ഐഫോണിന്റെ വരവോടെ തന്നെ.

ഐഫോണ്‍, ഐപോഡ് ടച്ച്, ഐപാഡ്, ആപ്പിള്‍ ടിവി എന്നീ ഉപകരണങ്ങളുടെ അത്മാവായി പ്രവര്‍ത്തിക്കുന്ന ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റം അഥവാ ഐഒഎസ് ( iOS ) ആപ്പിള്‍ വികസിപ്പിച്ചത് കമ്പനിയുടെ 'മാക് ഒഎസ് എക്‌സി'ല്‍ നിന്നാണ്.

ലോകം കണ്ട ആദ്യ മൊബൈല്‍ ഒഎസ് ആയിരുന്നില്ല ഐഒഎസ്. സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകള്‍ മുമ്പും ഉണ്ടായിരുന്നു. ആദ്യ സ്മാര്‍ട്ട്‌ഫോണായ 'ഐബിഎം സിമോണ്‍' (1993) തന്നെ ടച്ച്‌സ്‌ക്രീനും ഈമെയില്‍ സംവിധാനവുമുള്ള ഫോണായിരുന്നു. 'നോക്കിയ എസ്40' (1999), 'എറിക്‌സണ്‍ ആര്‍ 380' ഫോണിലൂടെ ആദ്യമായി രംഗത്തെത്തിയ സിമ്പിയന്‍ (2000), ബ്ലാക്ക്ബറി (2002), നോക്കിയയുടെ മീമോ (2005) ഒക്കെ ഐഒഎസിന് മുമ്പ് രംഗത്തെത്തിയവയാണ്.
പക്ഷേ, യഥാര്‍ഥ മൊബൈല്‍ ഒഎസ് എങ്ങനെയായിരിക്കണം എന്ന് ഐഒഎസ് ആണ് ലോകത്തിന് കാട്ടിക്കൊടുത്തത്. ഐഫോണിനായി ആപ്പിള്‍ പുതിയതായി ഒന്നും കണ്ടുപിടിച്ചിട്ടില്ല എന്ന് പറയാറുണ്ട്. ശരിയാണ്. പക്ഷേ, എല്ലാറ്റിനെയും ഉപഭോക്താവിന്റെ സൗകര്യത്തിനും ആവശ്യത്തിനും അനുസരിച്ച് നവീകരിക്കാന്‍ സ്റ്റീവ് ജോബ്‌സിനും സംഘത്തനുമായി. പിന്നീട് രംഗത്തെത്തിയ എല്ലാ സ്മാര്‍ട്ട്‌ഫോണ്‍ ഒഎസുകളിലും ഐഒഎസ് വലിയ തോതില്‍ സ്വാധീനം ചെലുത്തി.

വരാന്‍ പോകുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തെക്കുറിച്ച് ആപ്പിളിനെപ്പോലെ തന്നെ ധാരണയുണ്ടായിരുന്നു മറ്റൊരു കമ്പനിയുണ്ടായിരുന്നു. അത് അക്കാലത്ത് മൊബൈല്‍ രംഗവുമായി നേരിട്ട് യാതൊരു ബന്ധവുമില്ലാത്ത ഗൂഗിള്‍ ആയിരുന്നു. ആന്‍ഡ്രോയ്ഡ് എന്ന മൊബൈല്‍ സോഫ്റ്റ്‌വേര്‍ കമ്പനിയെ 2005 ല്‍ ഗൂഗിള്‍ ഏറ്റെടുത്ത് സ്വന്തമാക്കിയിരുന്നു.

ഐഫോണ്‍ രംഗത്തെത്തിയ 2007 ല്‍ തന്നെ, സോണി, എച്ച്ടിസി, ഡെല്‍, ഇന്റല്‍, മോട്ടറോള, സാംസങ്, എല്‍ജി എന്നിങ്ങനെ ഡസണ്‍ കണക്കിന് ഐടി കമ്പനികളെ സഹകരിപ്പിച്ച് ഗൂഗിളിന്റെ നേതൃത്വത്തില്‍ 'ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ്' നിലവില്‍ വന്നു. സൗജന്യ മൊബൈല്‍ ഒഎസ് ആയ ആന്‍ഡ്രോയ്ഡിന്റെ വികസനവും ഉപയോഗവുമായിരുന്നു ആ കൂട്ടായ്മയുടെ ലക്ഷ്യം.

അങ്ങനെ ഗൂഗിളും മൊബൈല്‍ രംഗത്ത് എത്തി. ഓപ്പണ്‍ ഹാന്‍ഡ്‌സെറ്റ് അലയന്‍സ് പുറത്തിറക്കിയ ആന്‍ഡ്രോയിഡ് 1.0 പതിപ്പില്‍ പ്രവര്‍ത്തിക്കുന്ന എച്ച്ടിസി ഡ്രീം (2008) ആയിരുന്നു വിപണിയിലെത്തിയ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണ്‍. പിന്നീട് കണ്ടത് ഒരു ആന്‍ഡ്രോയ്ഡ് പ്രളയമാണ്. ഒട്ടേറെ റേഞ്ചുകളിലുള്ള ആന്‍ഡ്രോയ്ഡ് ഫോണുകള്‍ വിവിധ കമ്പനികള്‍ രംഗത്തെത്തിച്ചു. സാംസങിനെപ്പോലൊരു കമ്പനിയെ ലോകത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്‌ഫോണ്‍ കമ്പനിയാക്കി മാറ്റാന്‍ സഹായിച്ചത് ആന്‍ഡ്രോയ്ഡ് ഫോണുകളാണ്. ഇന്നിപ്പോള്‍, ക്യാമറയിലേക്കും ടിവിയിലേക്കും പ്രൊജക്ടറുകളിലേക്കും, എന്തിന് ഫ്രിഡ്ജിലേക്ക് പോലും ആന്‍ഡ്രോയ്ഡ് കുടിയേറുന്ന കാഴ്ചയാണ് ലോകം കാണുന്നത്.

ആപ്പിളുമായി നേരിട്ടുള്ള മത്സരത്തിലേക്കാണ് ആന്‍ഡ്രോയ്ഡ് ഗൂഗിളിനെ നയിച്ചത്. ഐഒഎസിനെ അനുകരിച്ചാണ് ആന്‍ഡ്രോയ്ഡ് രൂപപ്പെടുത്തിയതെന്ന് സ്റ്റീവ് ജോബ്‌സ് തുറന്നാക്ഷേപിച്ചു. 'ശരിക്കും അതൊരു (ആന്‍ഡ്രോയ്ഡ്) മോഷണവസ്തുവാണ്' -സ്റ്റീവ് മരിക്കുന്നതിന് മുമ്പ് പ്രസ്താവിച്ചു. അതില്‍ കുറച്ച് വാസ്തവവുമുണ്ടായിരുന്നു. ആന്‍ഡ്രോയ്ഡിനെതിരെ ഒരു 'ആണവയുദ്ധ'ത്തിന് പോലും താന്‍ സന്നദ്ധനാണെന്ന് ജീവചരിത്രകാരനായ വള്‍ട്ടര്‍ ഇസാക്‌സനോട് സ്റ്റീവ് പറഞ്ഞു.

മത്സരം മുറുകുന്തോളും ആപ്പിളും ഗൂഗിളും തമ്മിലുള്ള ശത്രുതയും വര്‍ധിച്ചു. ടെക്‌നോളജി രംഗത്ത് ഇന്ന് നടക്കുന്ന പേറ്റന്റ് യുദ്ധങ്ങളുടെ യാഥാര്‍ഥ പശ്ചാത്തലം തേടിയാല്‍ എത്തുക ഈ ശത്രുതയിലേക്കായിരിക്കും.

ഐഫോണും ആന്‍ഡ്രോയ്ഡും അരങ്ങു തകര്‍ക്കുമ്പോള്‍, ടെക് രംഗത്ത് വലിയ കൊമ്പന്‍മാരായിരുന്ന പല കമ്പനികള്‍ക്കും വെറും കാഴ്ചക്കാരായി നില്‍ക്കേണ്ടി വന്നു. മൊബൈല്‍ രംഗത്ത് എന്തു ചെയ്യണമെന്നറിയാത്ത ആശയക്കുഴപ്പത്തിലായി മൈക്രോസോഫ്റ്റ്. കൊമ്പും ചിറകുമൊടിഞ്ഞ് ചോര കിനിയുന്ന അവസ്ഥയിലായി ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ കമ്പനിയായ നോക്കിയ. ബ്ലാക്ക്ബറിയുടെ ജനപ്രീതി കുത്തനെ ഇടിഞ്ഞു.

മൊബൈല്‍ ഒഎസുകള്‍ തന്നെ ടാബ്‌ലറ്റ് കമ്പ്യൂട്ടറുകള്‍ക്കും ജീവനേകാന്‍ തുടങ്ങിയതോടെ ഒരുകാര്യം വ്യക്തമായി. പരമ്പരാഗത കമ്പ്യൂട്ടര്‍രംഗം മൊബൈലിലേക്ക് സംക്രമിച്ചിരിക്കുന്നു. മൊബൈലാണ് ഭാവി. ആപ്പിളിനും ഗൂഗിളിനും അത് തിരിച്ചറിയാന്‍ കഴിഞ്ഞു. മൈക്രോസോഫ്റ്റ് അത് മനസിലാക്കാന്‍ വൈകി. എങ്കിലും, 2010 ഫിബ്രവരിയില്‍ അവവതരിപ്പിച്ച വിന്‍ഡോസ് ഫോണ്‍ ഒഎസിന്റെയും, ആ ഒഎസിനായ നോക്കിയയുമായുണ്ടാക്കിയ കരാറിന്റെയും സഹായത്തോടെ മൊബൈല്‍ രംഗത്ത് ശക്തി തെളിയിക്കാമെന്ന പ്രതീക്ഷയിലാണ് മൈക്രോസോഫ്റ്റ് ഇപ്പോഴും. മാത്രമല്ല, ടാബ്‌ലറ്റുകള്‍ക്കും കൂടി ഉപയോഗിക്കാന്‍ പാകത്തിലാണ് വിന്‍ഡോസ് 8 ഒഎസ് മൈക്രോസോഫ്റ്റ് രംഗത്തെത്തിച്ചിരിക്കുന്നത്. മൊബൈല്‍ കമ്പ്യൂട്ടിങ് രംഗത്ത് മൈക്രോസോഫ്റ്റിനെ ഇനി അവഗണിക്കാനാകില്ല എന്ന് സാരം.

2007 ല്‍ ആരംഭിച്ച സ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ഇതുവരെ രംഗം അടക്കിവാണത് ഐഫോണും ആന്‍ഡ്രോയിഡും ആയിരുന്നു. അതിന്റെ സൂചന 2012 അവസാനം ആഗോള വിപണിയില്‍ വിവിധ മൊബൈല്‍ ഒഎസുകളുടെ വിഹിതമെത്രയെന്ന് നോക്കിയാല്‍ വ്യക്തമാകും. ആന്‍ഡ്രോയ്ഡിന്റെ വിപണി വിഹിതം 2011 ല്‍ 52. 5 ശതമാനമായിരുന്നത്, 2012 ല്‍ 72.4 ശതമാനമായി. അതേസമയം, ഐഒഎസിന്റേത് 15 ല്‍ നിന്ന് 13.9 ശതമാനമായി താണു. എങ്കിലും രണ്ട് ഒഎസുകളുടെയും കൂടി മൊത്തം വിഹിതം 86 ശതമാനത്തില്‍ കൂടുതലാണ്. അവശേഷിക്കുന്ന 14 ശതമാനം മാത്രമാണ് ബാക്കി എല്ലാ മൊബൈല്‍ ഒഎസുകള്‍ക്കും കൂടിയുള്ളത്.

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് ഫോണിന് സ്വീകാര്യത വര്‍ധിക്കുകയും, പുതിയ മൊബൈല്‍ ഒഎസുകള്‍ രംഗത്തെത്തുകയും ചെയ്യുമ്പോള്‍ ആന്‍ഡ്രോയ്ഡിനും ഐഒഎസിനും ഇപ്പോഴത്തെ അവയുടെ മൃഗീയ മേല്‍ക്കോയ്മ നിലനിര്‍ത്താന്‍ കഴിയുമോ?

ഒരുപക്ഷേ, ഈ ചോദ്യത്തിന് 2013 ഉത്തരം നല്‍കിയേക്കും.

പുതിയ ഒരുപിടി മൊബൈല്‍ ഒഎസുകള്‍, അതും ഐടി രംഗത്ത് മികവ് തെളിയിച്ച ഗ്രൂപ്പുകളില്‍നിന്ന്, രംഗത്തെത്തുന്നു എന്നതാണ് 2013 ന്റെ സവിശേഷത. അതില്‍ ഏറ്റവും ശ്രദ്ധേയം രണ്ടെണ്ണമാണ് - ഉബുണ്ടു മൊബൈലും, ഫയര്‍ഫോക്‌സ് ഒഎസും. ആന്‍ഡ്രോയ്ഡ് പോലെ ലിനക്‌സ് അധിഷ്ഠിതമാണ് ഇവ രണ്ടും. മാത്രമല്ല, സ്വതന്ത്രകമ്പ്യൂട്ടിങ് ഗ്രൂപ്പുകളുടെ പിന്തുണ ഏറെയുള്ളവയാണ് രണ്ട് കമ്പനികളും.

ആന്‍ഡ്രോയ്ഡിനെയും ഐഒഎസിനെയും അപേക്ഷിച്ച് പുതുമയുള്ള ഇന്റര്‍ഫേസാണ് ഉബുണ്ടു മൊബൈലിന്റേത്. ഡ്യുവല്‍ കോര്‍ പ്രൊസസറും 512 എംബി റാമും ആണ് ഒരു ഹാന്‍ഡ്‌സെറ്റിന് ഉബുണ്ടു മൊബൈലില്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട കുറഞ്ഞ യോഗ്യതകളെന്ന് നിര്‍മാതാക്കള്‍ പറയുന്നു. ഉബുണ്ടുവിനായി കാര്യമായ ആപ്ലിക്കേഷനുകളൊന്നും അവതരിപ്പിക്കപ്പെട്ടിട്ടില്ല. ലിനക്‌സ് അധിഷ്ഠിതമാകയാല്‍, ആന്‍ഡ്രോയ്ഡ് ആപുകള്‍ ഇതിലും ഓടുമെന്നാണ് കരുതുന്നത്.

കമ്പ്യൂട്ടര്‍ ഉപയോക്താക്കള്‍ക്ക് പരിചിതമാണ് ഫയര്‍ഫോക്‌സ് ബ്രൗസര്‍. ഓണ്‍ലൈന്‍ കൂട്ടായ്മയുടെ ഫലം. അതിന് പിന്നിലുള്ള മോസില്ല കമ്പനിയാണ് ക്ലൗഡ് അധിഷ്ഠിത ഫയര്‍ഫോക്‌സ് ഒഎസ് അവതരിപ്പിച്ചിട്ടുള്ളത്. അതിന്റെ പ്രധാന ഡിസൈന്‍ ഘടകങ്ങള്‍ ആന്‍ഡ്രോയ്ഡിനോട് സാമ്യമുള്ളവയാണ്. എച്ച്ടിഎംഎല്‍, സിഎസ്എസ്, ജാവാ സ്‌ക്രിപ്റ്റ് തുടങ്ങിയ വെബ് സ്റ്റാന്‍ഡേര്‍ഡുകള്‍ അടിസ്ഥാനമാക്കിയാണ് ഈ മൊബൈല്‍ ഒഎസ് രൂപപ്പെടുത്തിയിട്ടുള്ളത്. ക്ലൗഡ് അധിഷ്ഠതമാകയാല്‍ കുറഞ്ഞ വിലയ്ക്ക് ഫയര്‍ഫോക്‌സ് ഫോണുകള്‍ വിപണിയിലെത്തിക്കാന്‍ നിര്‍മാതാക്കള്‍ക്ക് കഴിയും. ഒട്ടേറെ മൊബൈല്‍ സര്‍വീസ് കമ്പനികളും ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളും ഫയര്‍ഫോക്‌സ് ഒഎസിന് ഇതിനകം പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

2013 ലെ മറ്റൊരു മൊബൈല്‍ ഒഎസ് ആയ ബ്ലാക്ക്ബറി 10 ഇതിനകം അവതരിപ്പിക്കപ്പെട്ടു കഴിഞ്ഞു. പുതിയ ഒഎസ് അവതരിപ്പിച്ചതിനൊപ്പം, ബ്ലാക്ക്ബറി സൃഷ്ടാക്കളായ കനേഡിയന്‍ കമ്പനി റിസര്‍ച്ച് ഇന്‍ മോഷന്‍ (റിം) അതിന്റെ പേര് 'ബ്ലാക്ക്ബറി'യെന്ന് മാറ്റുകയും ചെയ്തു. നവസ്മാര്‍ട്ട്‌ഫോണ്‍ വിപ്ലവത്തില്‍ ബ്ലാക്ക്ബറി നേരിട്ട തിരിച്ചടിയില്‍ നിന്ന് കരകയറാനുള്ള അവസാനത്തെ ശ്രമമെന്നാണ് ബ്ലാക്ക്ബറി 10 ന്റെ പിറവി വിലയിരുത്തപ്പെടുന്നു. ബ്ലാക്ക്ബറി ഹബ്ബ്, ഫ്‌ളോ യുഐ, ആക്ടീവ് ഫ്രെയിംസ് തുടങ്ങി ഒട്ടേറെ പുതിയ ഫീച്ചറുകളുമായാണ് ബ്ലാക്ക്ബറി 10 ന്റെ വരവ്. ഉപഭോക്താക്കള്‍ എങ്ങനെ ബ്ലാക്ക്ബറി 10 നെ ഏറ്റെടുക്കും എന്നേ ഇനി അറിയേണ്ടതുള്ളൂ.

ഇതുകൊണ്ടും തീരുന്നില്ല 2013 ലെ അവതാരങ്ങള്‍. നോക്കിയയുടെ മീഗോ ഉപയോഗിച്ച് ഒരു എച്ച്ടിഎംഎല്‍ 5 മൊബൈല്‍ പ്ലാറ്റ്‌ഫോം രൂപപ്പെടുത്താന്‍ സാംസങും ഇന്റലും കൈകോര്‍ത്തിന്റെ ഫലമാണ് ടിസെന്‍ ( Tizen ) ഒഎസ്. വെറുമൊരു മൊബൈല്‍ ഒഎസ് അല്ല ഇത്. ആന്‍ഡ്രോയ്ഡിനെപ്പോലെ, മൊബൈലുകള്‍ക്കും ടാബ്‌ലറ്റുകള്‍ക്കും ടെലിവിഷനുകള്‍ക്കും മറ്റ് ഉപകരണങ്ങള്‍ക്കും ഈ പ്ലാറ്റ്‌ഫോം പ്രയോജനപ്പെടും. ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നവര്‍ക്കായി ടിസെന്റെ 'സോഫ്റ്റ്‌വേര്‍ ഡെവലപ്പ്‌മെന്റ് കിറ്റ്' (SDK) ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ഇന്റര്‍നെറ്റ് ആപുകളുടെ കാര്യത്തില്‍ ആന്‍ഡ്രോയ്ഡിനെക്കാളും മികച്ച സുരക്ഷിതത്വമാണ് ടിസെന്‍ വാഗ്ദാനം ചെയ്യുന്നത്. ടിസെന്‍ അധിഷ്ഠിതമായ ഒരു സാംസങ് ഗാലക്‌സി എസ് 3 ഫോണ്‍ അണിയറയില്‍ ഒരുങ്ങുന്നതായും റിപ്പോര്‍ട്ടുണ്ട്.

നോക്കിയയുടെ മീഗോ ഒഎസ് അടിസ്ഥാനമാക്കിയ മറ്റൊരു മൊബൈല്‍ ഒഎസ് കൂടി താമസിയാതെ രംഗത്തെത്തും - സാലിഫിഷ് ( Salifish ) ഒഎസ്. മീഗോയ്ക്ക് വേണ്ടി നോക്കിയയില്‍ പ്രവര്‍ത്തിച്ച ഡെവലപ്പര്‍മാരാണ് പുതിയ സംരംഭത്തിന് പിന്നില്‍. 'ജോല്ല' (Jolla) എന്ന പേരിലുള്ള കമ്പനിയാണ് സാലിഫിഷ് പുറത്തിറക്കുന്നത്. ആന്‍ഡ്രോയ്ഡില്‍നിന്ന് വ്യത്യസ്തമായ പ്രവര്‍ത്തനവും ഇന്റര്‍ഫേസും സാധ്യമാകാന്‍ പാകത്തിലാണ് ഈ ഒഎസിന്റെ സൃഷ്ടി. ആം (ARM), ഇന്റര്‍ ചിപ്പുകളെ പിന്തുണയ്ക്കുന്നതാകും സാലിഫിഷ്. മള്‍ട്ടിടാസ്‌ക്കിങ് അനായാസം നടക്കും, കസ്റ്റമറൈസേഷന്‍ എത്ര വേണമെങ്കിലുമാകാം.

കഴിഞ്ഞ നവംബറില്‍ ആദ്യ സാലിഫിഷ് ഫോണ്‍ അവതരിപ്പിക്കപ്പെട്ടെങ്കിലും, അത്തരം ഫോണുകളുടെ കാര്യമായ ഉത്പാദനം 2014 ലേ ആരംഭിക്കൂ. ക്യാമറകള്‍, ടെലിവിഷന്‍ തുടങ്ങി മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലും ഉപയോഗിക്കാന്‍ പാകത്തിലാണ് സാലിഫിഷ് എത്തുക.

പുതിയ ഒഎസുകളില്‍ മിക്കതും ആന്‍ഡ്രോയ്ഡിനോട് മുട്ടാനാണ് എത്തുന്നത് എന്നകാര്യം ശ്രദ്ധിക്കുക. മത്സരം മുറുകും, തീര്‍ച്ച.

മൊബൈല്‍ ഒഎസുകളുടെ പുതിയ കാലത്തിലേക്കാണ് 2013 ഓടെ ലോകം പ്രവേശിക്കുക എന്നു സാരം. ഉപഭോക്താക്കളെ സംബന്ധിച്ച് തിരഞ്ഞെടുപ്പിന് കൂടുതല്‍ അവസരങ്ങളുണ്ടാകും. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്ത് വൈവിധ്യമേറും. ഇന്നവേഷന്റെ തോത് വര്‍ധിക്കും. കുറഞ്ഞ വിലയ്ക്ക് മികച്ച ഫോണ്‍ തിരഞ്ഞെടുക്കാനാകും. തീര്‍ച്ചയായും ഇത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു.

(അവലംബം, കടപ്പാട്: 1. Steve Jobs (2011), by Walter Isaacson; 2. Google Enters the Wireless World, by Miguel Helft and John Markoff, New York Times, Nov 5, 2007; 3. Wikipedia.org; 4. MB4Tech.com)

Saturday, November 03, 2012

വെള്ളത്തിന് മുകളിലോടിയ തീവണ്ടി!


വെള്ളത്തിന് മുകളിലൂടെ തീവണ്ടി ഓടുക, അസംഭാവ്യമെന്ന് തോന്നാം. ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ വെള്ളത്തിനുമേല്‍ റഷ്യക്കാര്‍ തീവണ്ടിയോടിച്ചിരുന്നു. മധ്യസൈബീരിയയിലെ ബെയ്ക്കല്‍ തടാകത്തിന് മുകളിലൂടെ, ശൈത്യകാലത്ത്!

1901-1904 കാലത്ത് ശൈത്യമാസങ്ങളില്‍ തടാകത്തിലെ മഞ്ഞുപാളികള്‍ക്ക് മുകളിലൂടെ റയില്‍പാളം സ്ഥാപിച്ച് റഷ്യന്‍ സൈന്യമാണ് തീവണ്ടിയോടിച്ചിരുന്നത്.1904 ല്‍ ജാപ്പനീസ് ഒളിപ്പോരാളികള്‍ നടത്തിയ ആക്രമണത്തില്‍ മഞ്ഞുപാളികള്‍ തകര്‍ന്ന് ഒരു തീവണ്ടി വെള്ളത്തില്‍ മുങ്ങിയതോടെ, തടാകത്തിന് മുകളിലെ തീവണ്ടിയോട്ടം നിലച്ചു.

ശാസ്ത്രമെഴുത്തുകാരനായ അനില്‍ അനന്തസ്വാമി രചിച്ച 'The Edge of Reason' എന്ന പുസ്തകത്തില്‍, ബെയ്ക്കല്‍ തടാകത്തിന്റെ മറുകരയില്‍ തീവണ്ടി എത്തിച്ചിരുന്നതിനെക്കുറിച്ച് വിവരണമുണ്ട്. ആധുനിക ഭൗതികശാസ്ത്രം മുന്നോട്ടുവെച്ച ശ്യാമദ്രവ്യവും ശ്യാമോര്‍ജവും പോലുള്ള പ്രഹേളികകളുടെ രഹസ്യംതേടി ലോകമെമ്പാടും നടക്കുന്ന വിചിത്ര പരീക്ഷണങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണത്.

ലോകത്തെ ഏറ്റവും വലിയ ശുദ്ധജലതടാകമായ ബെയ്ക്കലി (Baikal) ലും ഒരു പരീക്ഷണം നടക്കുന്നുണ്ട്. ആകാശഗംഗയുടെ മധ്യഭാഗത്തുനിന്നെത്തുന്ന ന്യൂട്രിനോകണങ്ങളെ പിടിച്ചെടുക്കാനും, അതുവഴി തമോദ്രവ്യത്തിന്റെ രഹസ്യം കണ്ടെത്താനുമുള്ള പരീക്ഷണം. ഒന്നര കിലോമീറ്റര്‍ ആഴമുള്ള ആ തടാകത്തിനടിയില്‍ അതിനായി സങ്കീര്‍ണമായ ഒരു ന്യൂട്രിനോ ടെലസ്‌കോപ്പ് സ്ഥാപിച്ചിരിക്കുന്നു.

640 കിലോമീറ്റര്‍ നീളമുള്ള ആ തടാകം ശൈത്യകാലത്ത് നാലുമാസം തണുത്തുറഞ്ഞ് കിടക്കും. അതിന് മുകളിലൂടെ വാഹനങ്ങളോടിക്കാം. ന്യൂട്രിനോ ടെലസ്‌കോപ്പിന്റെ അറ്റകുറ്റ പണി നടത്താന്‍ ശാസ്ത്രസംഘം തമ്പടിക്കുന്നത് ആ സമയത്താണ്. അത് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ്, ആ തടാകത്തിലൂടെ തീവണ്ടി കടത്തിയിരുന്നതിനെക്കുറിച്ച് ഗ്രന്ഥകാരന്‍ സൂചിപ്പിക്കുന്നത്.

ഇരുപതാംനൂറ്റാണ്ടിന്റെ തുടക്കത്തില്‍ ട്രാന്‍സ്-സൈബീരിയന്‍ റെയില്‍പാത ഇന്നത്തെ നിലയില്‍ പൂര്‍ണമായിരുന്നില്ല. ബെയ്ക്കല്‍ തടാകത്തിന്റെ പടിഞ്ഞാറെ തീരത്ത് റെയില്‍പാത അവസാനിക്കും, കിഴക്കേതീരത്തുനിന്ന് വീണ്ടും ആരംഭിക്കും. 50 കിലോമീറ്റര്‍ ദൂരം തടാകം.

തീവണ്ടി എങ്ങനെ തടാകം കടക്കും. അതാണ് കൗതുകകരം. കാറുകളും ബസ്സുകളുമൊക്കെ ജങ്കാറുകളില്‍ പുഴകടത്തുന്നതുപോലെ, തീവണ്ടിയെ തടാകം കടത്താനും റഷ്യക്കാര്‍ ഒരു മാര്‍ഗം കണ്ടെത്തിയിരുന്നു. പടിഞ്ഞാറെ തീരത്തെത്തുന്ന തീവണ്ടിയുടെ ക്യാരേജുകളും എഞ്ചിനും കാര്‍ഗോയും യാത്രക്കാരും ഉള്‍പ്പടെ തീവണ്ടിയെ മുഴുവനായി തന്നെ, പ്രത്യേകം നിര്‍മിച്ച ഐസ്‌ബ്രേക്കറില്‍ തടാകം കടത്തുക!

അതിന് ഒരു 'ഐസ്‌ബ്രോക്കിങ് ട്രെയിന്‍ ഫെറി' നിര്‍മിക്കുന്നത് 1897 ലാണ്. 'എസ്.എസ്.ബെയ്ക്കല്‍' എന്നായിരുന്നു അതിന്റെ പേര്. ചെറിയ ഒരു ഫെറി -എസ്.എസ്.അന്‍ഗാര-1900 ലും നിര്‍മിച്ചു. പര്യവേക്ഷകനായിരുന്നു റഷ്യന്‍ അഡ്മിറല്‍ സ്റ്റീപാന്‍ മകരോവ് (1849-1904) ആണ് രണ്ടു ഐസ്‌ബ്രേക്കറുകളും രൂപകല്‍പ്പന ചെയ്തത്.

കപ്പലുകളുടെ നിര്‍മാണം മുഖ്യമായും ഇംഗ്ലണ്ടിലാണ് നടന്നത്. ഒരോ ഭാഗങ്ങളായി പ്രത്യേകം അടയാളപ്പെടുത്തി റഷ്യയിലെത്തിച്ച് വീണ്ടും കൂട്ടിയോജിപ്പിക്കുകയായിരുന്നു. കപ്പലുകളുടെ ചില ഭാഗങ്ങള്‍ സെന്റ് പീറ്റേഴ്‌സ്ബര്‍ഗില്‍ നിര്‍മിച്ചു. 64 മീറ്റര്‍ നീളമുണ്ടായിരുന്ന എസ്.എസ്.ബേക്കലിന് 24 തീവണ്ടി കോച്ചുകളും ഒരു എഞ്ചിനും വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു.

ബെയ്ക്കല്‍ തടാകത്തിന്റെ പടിഞ്ഞാറെ തീരത്തുനിന്ന് തീവണ്ടിയെ നാലു മണിക്കൂര്‍കൊണ്ട് മറുകരയെത്തിക്കാന്‍ ഐസ്‌ബ്രേക്കറുകള്‍ക്ക് കഴിഞ്ഞിരുന്നു. റഷ്യയും ജപ്പാനും തമ്മിലുള്ള യുദ്ധം മുറുകിയ കാലമാണത്. ശൈത്യമാസങ്ങളില്‍ സൈന്യത്തെയും സാധനങ്ങളെയും തടാകത്തിന്റെ മറുകരയില്‍ വേഗം എത്തിക്കാന്‍ വേണ്ടിയാണ് തടാകത്തിന് മുകളിലെ മഞ്ഞുപാളിയിലൂടെ സൈന്യം റെയില്‍പാത സ്ഥാപിച്ചത്.

യുദ്ധം മൂലം ബെയ്ക്കല്‍ തടാകത്തിന്റെ കരയിലെ പര്‍വച്ചെരുവിലൂടെയുള്ള തീവണ്ടിപ്പാത റഷ്യ തിടുക്കത്തില്‍ പൂര്‍ത്തിയാക്കി. അതിനാല്‍, 1905 ഓടെ ബെയ്ക്കല്‍ തടാകം വഴിയുള്ള തീവണ്ടി കടത്ത് അവസാനിച്ചു.

(അവലംബം: 1. The Edge of Reason(2010), by Anil Ananthaswamy, Penguin Books; 2. Wikipedia.org; 3.Slavorum Forum; 4.Cityofart)

Tuesday, October 30, 2012

ലിക്‌ടെന്‍സ്റ്റീന്‍ - റോമാ സാമ്രാജ്യത്തിന്റെ തിരുശേഷിപ്പ്


സമ്മാനമായി കിട്ടിയ ഗ്ലോബില്‍ മൂത്തമകള്‍ ഒരു രാജ്യം കണ്ടുപിടിച്ചു. അവള്‍ക്കന്ന് പ്രായം അഞ്ചോ ആറോ വയസ്. 'പപ്പയുടെ പേരിലൊരു രാജ്യം' എന്നാണ് അവളതിനെ വിശേഷിപ്പിച്ചത്....നോക്കിയപ്പോള്‍, പപ്പ ന്യൂ ഗിനി!

പുതിയൊരു രാജ്യം 'കണ്ടുപിടിക്കുന്നതിന്റെ' ത്രില്ല് ചെറുതല്ലെന്ന് കഴിഞ്ഞ ദിവസം ഈയുള്ളവനും ബോധ്യമായി. ബില്‍ ബ്രൈസന്റെ യൂറോപ്യന്‍ യാത്രാവിവരണം ('Neither Here Nor There') വായിക്കുകയായിരുന്നു. അതിലെ പതിനെട്ടാമത്തെ അധ്യായം ഇതാണ് - 'ലിക്‌ടെന്‍സ്റ്റീന്‍' (Liechtenstein).

സ്വിറ്റ്‌സ്വര്‍ലന്‍ഡില്‍നിന്ന് തീവണ്ടിയില്‍ പുറപ്പെട്ട ബ്രൈസണ്‍ എത്തിയത് ലിക്‌ടെന്‍സ്റ്റീന്‍ എന്ന് പേരുള്ള നാട്ടിലാണ്. അത്തരമൊരു രാജ്യം ഭൂമുഖത്തുണ്ടെന്ന് അധികമാരും പ്രതീക്ഷിക്കില്ല!

'ഈ രാജ്യത്തെ സംബന്ധിച്ച സര്‍വതും അപഹാസ്യമാണ്', എന്നാണ് ബ്രൈസണ്‍ തന്റെ തനത് ശൈലിയില്‍ വിലയിരുത്തുന്നത്. ഒന്നാമത് അത് അപഹാസ്യമാംവിധം ചെറുത് (160 ചതുരശ്ര കിലോമീറ്റര്‍). കഷ്ടിച്ച് സ്വിറ്റ്‌സ്വര്‍ലന്‍ഡിന്റെ ഇരുന്നൂറ്റമ്പതില്‍ ഒന്ന് വലിപ്പം മാത്രം. ഇത് വാഷിങ്ടണ്‍ ഡി.സി.യുടെ പത്തില്‍ ഒന്‍പത് ഭാഗമേ വരൂ എന്ന് സി.ഐ.എ.യുടെ 'വേള്‍ഡ് ഫാക്ട്ബുക്ക്' പറയുന്നു.

അപഹാസ്യമെന്ന് ബ്രൈസണ്‍ വിലയിരുത്തുന്ന മറ്റൊരു സംഗതി, ആ രാജ്യത്തിന്റെ അധികാരം കൈയാളുന്ന രാജകുടുംബം കഴിഞ്ഞ 150 വര്‍ഷമായി അവിടം ഒന്ന് സന്ദര്‍ശിക്കാന്‍ പോലും മിനക്കെട്ടിട്ടില്ല എന്നതാണ്!

ഹോളി റോമന്‍ എംപയര്‍ (Holy Roman Empire) അഥവാ പഴയ റോമാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന, ഇപ്പോഴും അവശേഷിക്കുന്ന ഏക പ്രദേശമാണ് ലിക്ടെന്‍സ്റ്റീന്‍. ആശയപരമായി വലിയ വ്യത്യാസമൊന്നുമില്ലാത്ത രണ്ട് രാഷ്ട്രീയകക്ഷികള്‍ (the Reds and the Blacks) ആണ് അവിടെയുള്ളത്. രണ്ടുകക്ഷികളുടെയും മോട്ടോ ഒന്നു തന്നെ : 'ദൈവത്തിലും രാജാവിലും പിതൃഭൂമിയിലും വിശ്വിസിക്കുക'!

1866 ലായിരുന്നു ലിക്‌ടെന്‍സ്റ്റീന്‍ അവസാനമായി ഒരു സൈനികനടപടിയില്‍ ഏര്‍പ്പെട്ടത്. ഇറ്റലിക്കാര്‍ക്കെതിരെ പൊരുതാന്‍ 80 പേരെ അയച്ചു. യുദ്ധത്തില്‍ ആരും മരിച്ചില്ല എന്നുമാത്രമല്ല, 'ഇക്കാര്യം നിങ്ങള്‍ക്ക് തീര്‍ച്ചയായും ഇഷ്ടപ്പെടും'- ബ്രൈസണ്‍ പറയുന്നു - '80 പേര്‍ പോയിടത്ത് 81 പേര്‍ തിരിച്ചെത്തി!' സൈനികനീക്കത്തിനിടെ സുഹൃത്തായി കിട്ടിയ ആളായിരുന്നുവേ്രത ആ എണ്‍പത്തിയൊന്നാമന്‍!
ലോകത്ത് ആരുമായും തങ്ങള്‍ക്ക് യുദ്ധംചെയ്ത് ജയിക്കാനാകില്ല എന്ന് മനസിലാക്കിയ രാജാവ്, രണ്ടുവര്‍ഷം കഴിഞ്ഞ് സൈന്യത്തെ പരിച്ചുവിട്ടു. ഇപ്പോള്‍ സ്വന്തമായി സൈന്യമില്ലാത്ത രാജ്യങ്ങളിലൊന്നാണ് ലിക്‌ടെന്‍സ്റ്റീന്‍.

സോസേജ് സ്‌കിന്‍സ് (sausage skins), കൃത്രിമപ്പല്ല് (false teeth) എന്നിവയുടെ നിര്‍മാണകാര്യത്തില്‍ ലോകത്ത് ഒന്നാംസ്ഥാനം ഈ ചെറുരാജ്യത്തിനാണ് എന്നതാണ് അപഹാസ്യമെന്ന് ബ്രൈസന് അനുഭവപ്പെട്ട മറ്റൊരു സംഗതി.

മാത്രമല്ല, ടാക്‌സ് ലാഭിക്കാന്‍ നോക്കുന്നവര്‍ക്ക് ഭൂമിയിലെ സ്വര്‍ഗം തന്നെയാണത്രെ ലിക്‌ടെന്‍സ്റ്റീന്‍. അതിനാല്‍ മൊത്തം ജനസംഖ്യയെക്കാള്‍ (36,713) കൂടുതല്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ അവിടെയുണ്ടത്രേ! (ഇതില്‍ ബഹുഭൂരിപക്ഷവും ആരുടെയെങ്കിലും മുന്നില്‍ കടലാസ് ഷീറ്റില്‍ ഒതുങ്ങുന്ന കമ്പനികളാണ്).

ക്രയശേഷിയുടെ അടിസ്ഥാനത്തില്‍ കണക്കാക്കിയാല്‍, ആളോഹരി ജി.ഡി.പി (gross domestic product) ഏറ്റവും കൂടുതലുള്ള രാജ്യമാണ് ലിക്ടെന്‍സ്റ്റീന്‍. ലോകത്ത് ഏറ്റവും കടബാധ്യത കുറഞ്ഞ രാജ്യവും ഇതുതന്നെ. ലോകത്തെ തൊഴിലില്ലായ്മ കുറഞ്ഞ രണ്ടാമത്തെ രാജ്യവും (ഒന്നാമത്തേത് മൊനാക്ക) ലിക്ടെന്‍സ്റ്റീന്‍ ആണ്.
യൂറോപ്പില്‍ ഏറ്റവുമൊടുവില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം ലഭിച്ച നാട് ലിക്ടെന്‍സ്റ്റീന്‍ ആണ്. 1984 വരെ അവിടെ സ്ത്രീകള്‍ക്ക് രാഷ്ട്രീയപ്രക്രിയയില്‍ പങ്കില്ലായിരുന്നു.

മറ്റൊരു കൗതുകകരമായ സംഗതി ലിക്ടെന്‍സ്റ്റീനിലെ ജയിലാണ്. ഒറ്റ ജയിലേ ഉള്ളൂ രാജ്യത്ത്. വളരെ ചെറിയ ജയിലായതിനാല്‍, തടവുകാര്‍ക്കുള്ള ഭക്ഷണം അടുത്തുള്ള റസ്‌റ്റോറണ്ടില്‍നിന്നാണ് എത്തിക്കുന്നതെന്ന് ബ്രൈസണ്‍ പറയുന്നു.

ലിക്ടെന്‍സ്റ്റീനില്‍ ഏറ്റവും ദുര്‍ഘടമായ സംഗതി പൗരത്വം ലഭിക്കുകയാണത്രേ. അപേക്ഷ നല്‍കുന്നയാളുടെ ഗ്രാമത്തില്‍ ആദ്യമൊരു ഹിതപരിശോധന നടക്കണം. അത് അനുകൂലമായാല്‍, പ്രധാനമന്ത്രിയും മന്ത്രിസഭയും അത് വോട്ടിനിട്ട് പാസാക്കണം...അതൊരിക്കലും സംഭവിക്കാറില്ല. അതിനാല്‍ ലിക്ടെന്‍സ്റ്റിനില്‍ കാലങ്ങളായി താമസിക്കുന്ന നല്ലൊരു പങ്ക് ആളുകള്‍ ഇപ്പോഴും 'വിദേശികളാ'ണ്!

ലിക്ടെന്‍സ്റ്റീന് രണ്ട് അയല്‍രാജ്യങ്ങളാണുള്ളത്-പടിഞ്ഞാറ് സ്വിറ്റ്‌സ്വര്‍ലന്‍ഡും കിഴക്ക് ഓസ്ട്രിയയും. ഏതാണ്ട് പൂര്‍ണമായും ആല്‍പ്‌സ് പര്‍വതനിരകള്‍ക്കിടയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ പ്രദേശമാണിത്. വദൂസ് (Vaduz) ആണ് ലിക്ടെന്‍സ്റ്റീനിന്റെ തലസ്ഥാനം. തലസ്ഥാനത്തെ ജനസംഖ്യ വെറും 5000 മാത്രം.

(അവലംബം: 1. Neither Here Nor There (1991), by Bill Bryson; 2. The World Factbook, CIA; 3. Wikipedea; ചിത്രങ്ങള്‍ക്ക് കടപ്പാട് : 1001 Places Blog)