Thursday, May 30, 2013

പ്രാക്ചരിത്ര ഭൂപടത്തില്‍ ഇന്ത്യ എത്തിയിട്ട് 150 വര്‍ഷം


മുകളില്‍ ചേര്‍ത്തിരിക്കുന്ന ചിത്രം നോക്കുക. ഒറ്റനോട്ടത്തില്‍ അത് വെറുമൊരു കല്‍ക്കഷണമെന്ന് തോന്നാം. സൂക്ഷിച്ചു നോക്കിയാല്‍ അതിന്റെ പ്രത്യേക ആകൃതി ശ്രദ്ധയില്‍ പെടും. ഒരു പുരാവസ്തു ശാസ്ത്രജ്ഞനാണ് ഈ കല്‍ക്കഷണം കാണുന്നതെങ്കില്‍, ഇതൊരു ശിലായുധമാണെന്നും പ്രാചീന മനുഷ്യന്‍ ഉപയോഗിച്ചിരുന്ന കല്‍മഴു ആണതെന്നും ഒറ്റനോട്ടത്തില്‍ തിരിച്ചറിയും.

ഈ ശിലായുധത്തിന്റെ പ്രത്യേകത ഇത്രയുംകൊണ്ട് അവസാനിക്കുന്നില്ല. ഇന്ത്യയെ പ്രക്ചരിത്ര ഭൂപടത്തില്‍ എത്തിച്ച ശിലായുധമാണിത്. ചെന്നൈയ്ക്ക് സമീപം പല്ലാവരത്തുനിന്ന് ഈ കല്‍ക്കഷണം കണ്ടെത്തിയതോടെയാണ് ഇന്ത്യയില്‍ ചരിത്രാതീതകാലത്തും മനുഷ്യവാസമുണ്ടായിരുന്നു എന്ന ആദ്യ സൂചന ലഭിച്ചത്.

ബ്രിട്ടീഷ് ഭൗമശാസ്ത്രജ്ഞന്‍ റോബര്‍ട്ട് ബ്രൂസ് ഫൂട്ട് ആ കണ്ടെത്തല്‍ നടത്തിയിട്ട് 150 വര്‍ഷം തികയുന്നു. 1863 മെയ് 30 നായിരുന്നു ഇന്ത്യന്‍ പ്രാക്ചരിത്രത്തില്‍ നാഴികക്കല്ലായി മാറി ആ കണ്ടെത്തല്‍ (ലിഖിതചരിത്രം തുടങ്ങും മുമ്പുള്ള കാലമാണ് പ്രാക്ചരിത്രം അഥവാ prehistory).

പല്ലവാരത്തുനിന്ന് ആ കല്‍മഴു കണ്ടെത്തിയതിനെക്കുറിച്ച് അന്ന് 29 വയസ്സ് പ്രായമുള്ള റോബര്‍ട്ട് ഫൂട്ട് ഇങ്ങനെ രേഖപ്പെടുത്തി : 

'The first implement discovered was found by me on the 30 May last year [1863] among the debris thrown out of a small gravel pit a few hundred yards north of the Cantonment at Palaveram (10 miles S.W. of Madras) and about the same distance west from the high road.' (The Hindu, 27 May 2013 ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഉദ്ധരിച്ചിട്ടുള്ളത്).

വെള്ളാരംപാറ ( quartzite ) ഗണത്തില്‍പെട്ട ശില കൊണ്ടുള്ള ആയുധമായിരുന്നു അത്;  ഏതാണ്ട് 15 ലക്ഷം വര്‍ഷം പഴക്കമുള്ളത്.

നരവംശം ആദ്യമായി ആയുധങ്ങള്‍ ഉണ്ടാക്കി തുടങ്ങിയ പാലിയോലിറ്റിക് യുഗ ( Paleolithic Age ) ത്തിന്റെ സ്മാരകമാണ് ഫൂട്ട് ഒന്നര നൂറ്റാണ്ടുമുമ്പ് കണ്ടെത്തിയ ആ കല്‍മഴു. ഇന്ത്യയ്ക്ക് ഒരു പ്രാക്ചരിത്രം ( prehistoy ) ഇല്ലെന്ന് അന്നുവരെ നിലനിന്ന നിഗമനത്തിന്, ആ ഒറ്റ കണ്ടെത്തലോടെ അന്ത്യമായി.

പ്രാചീന മനുഷ്യന്‍ കിഴങ്ങുകളും വേരുകളും മണ്ണില്‍നിന്ന് തോണ്ടിയെടുക്കാനും, വേട്ടയാടിപ്പിടിച്ച മൃഗത്തെ കീറിമുറിച്ച് മാംസമെടുക്കാനുമൊക്കെ ഉപയോഗിച്ചിരുന്ന ഉപകരണമാണ് ആ കല്‍മഴു.

'ജിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ' ( GSI )യിലെ ഗവേഷകനായിരുന്ന ഫൂട്ട്, തന്റെ സഹപ്രവര്‍ത്തകന്‍ വില്ല്യം കിങുമൊത്ത് മറ്റൊരു സുപ്രധാന കണ്ടെത്തല്‍ കൂടി  1863 ല്‍ തന്നെ നടത്തി. തമഴ്‌നാട്ടിലെ തിരുവള്ളൂര്‍ ജില്ലയില്‍ ആറ്റിറംപക്കത്ത് നിന്ന് അസംഖ്യം ശിലായുധങ്ങള്‍ (കല്‍മഴു ഉള്‍പ്പടെ) കണ്ടെത്തിയതായിരുന്നു അത്.

ചെന്നൈയില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെ ആറ്റിറംപക്കത്ത് നിന്ന് 1663 സപ്തംബര്‍ 28 നാണ് ആ കണ്ടുപിടിത്തം ഫൂട്ടും സുഹൃത്തും നടത്തിയത്. അതോടെ, ഇന്ത്യയ്ക്കും പ്രാക്ചരിത്ര ഭൂപടത്തില്‍ സ്ഥാനമുണ്ടെന്ന് അസന്നിഗ്ധമായി തെളിഞ്ഞു.

പുരാവസ്തുക്കളുടെ നൂതന കാലനിര്‍ണയ സങ്കേതങ്ങളുപയോഗിച്ച് സമീപകാലത്ത് നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്, ആറ്റിറംപക്കത്ത് നിന്ന് ലഭിച്ച ശിലായുധങ്ങള്‍ക്ക് 15 ലക്ഷത്തിലേറെ പഴക്കമുണ്ട് എന്നാണ്. പാലിയോലിറ്റിക് യുഗത്തിന്റെ അവശിഷ്ടങ്ങളാണ് അവ എന്ന് വ്യക്തം.

നരവംശത്തിന്റെ ചരിത്രത്തിലെ സുദീര്‍ഘമായ ഒരു കാലയളവാണ് പാലിയോലിറ്റിക് യുഗം. ഏതാണ്ട് 26 ലക്ഷം വര്‍ഷം മുമ്പ് ഏറ്റവും പ്രാകൃതമായ ആയുധങ്ങള്‍ ഉണ്ടാക്കിത്തുടങ്ങിയ ഘട്ടത്തില്‍ ആ യുഗം ആരംഭിക്കുന്നു. പതിനായിരം വര്‍ഷംമുമ്പ് മനുഷ്യന്‍ കാര്‍ഷികവൃത്തിയിലേക്ക് എത്തിയ സമയം വരെ അത് നീളുന്നു.

പാലിയോലിറ്റിക് യുഗത്തിന്റെ തുടക്കത്തില്‍ ആഫ്രിക്കയുടെ കിഴക്കന്‍ പ്രദേശത്ത് മാത്രമാണ് നരവംശം ഉണ്ടായിരുന്നത്.  ഏതാണ്ട് 15-20 ലക്ഷം വര്‍ഷം മുമ്പ് പ്രാചീന നരവംശത്തിലെ അംഗങ്ങള്‍ ( hominids ) കുറെയെണ്ണം ചെറുസംഘങ്ങളായി ആഫ്രിക്കയ്ക്ക് പുറത്തേക്ക് കുടിയേറി. തെക്കന്‍ യൂറോപ്പിലും ഏഷ്യന്‍ മേഖലയിലും അവര്‍ പാര്‍പ്പുറപ്പിച്ചു. അതില്‍ ചില സംഘങ്ങള്‍ ഇന്ത്യയിലുമെത്തിയെന്നാണ് ഫൂട്ടിന്റെ കണ്ടെത്തല്‍ അടിവരയിട്ടുറപ്പിച്ചത്.

ഒട്ടേറെ വിഷയങ്ങളില്‍ താത്പര്യമുള്ള ഒരു ഗവേഷകനായിരുന്നു റോബര്‍ട്ട് ഫൂട്ട്. ഭൗമശാസ്ത്രം, പുരാവസ്തുശാസ്ത്രം, പ്രാചീന ജീവശാസ്ത്രം ( palaeontology ), വംശീയശാസ്ത്രം, മ്യൂസിയം സ്ഥാപിക്കല്‍ എന്നിവയിലൊക്കെ അദ്ദേഹം അതീവ തത്പരനായിരുന്നു.

ശിലായുധങ്ങളും മറ്റും കണ്ടെത്തുക മാത്രമല്ല, വിശദീകരണങ്ങള്‍ ചേര്‍ത്ത് അവയെ ശാസ്ത്രീയമായി വര്‍ഗ്ഗീകരിച്ച് സൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ഭാവിതലമുറകള്‍ക്ക് അവ ഉപയോഗപ്പെടണം എന്ന കരുതല്‍ അദ്ദേഹം എപ്പോഴുമെടുത്തു.


പല്ലാവരം, ആറ്റിറംപക്കം, സേലം, ബറോഡ, ഹൈദരാബാദ് തുടങ്ങിയ മേഖലകളില്‍നിന്ന് ഫൂട്ട് കണ്ടെത്തിയ ശിലായുഗ ഉപകരണങ്ങളുടെ ശേഖരം ഇപ്പോള്‍ എഗ്‌മോറിലുള്ള ഗവണ്‍മെന്റ് മ്യൂസിയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. 40,000 രൂപ നല്‍കി 1904 ല്‍ മദ്രാസ്സ് സര്‍ക്കാര്‍ ആ ശേഖരം സ്വന്തമാക്കുകയായിരുന്നു.

1834 സപ്തംബര്‍ 22 ന് ഇംഗ്ലണ്ടില്‍ ജനിച്ച റോബര്‍ട്ട് ഫൂട്ട് 33 വര്‍ഷം ഇന്ത്യയില്‍ പുരാവസ്തു പഠനം നടത്തി. 'ഇന്ത്യന്‍ പ്രാക്ചരിത്രത്തിന്റെ പിതാവ്' ( Father of Indian Prehistory ) എന്ന് പലരും വിശേഷിപ്പിക്കാറുള്ള അദ്ദേഹം, 78 -ാം വയസില്‍ (1912 ഡിസബര്‍ 22 ന്) കൊല്‍ക്കത്തയില്‍ അന്തരിച്ചു.

ഫൂട്ടിന്റെ മൃതദേഹം തമിഴ്‌നാട്ടിലെ യെര്‍ക്കാട്ട് ഹോളി ട്രിനിറ്റി ചര്‍ച്ചിലെ സെമിത്തേരിയിലാണ് സംസ്‌ക്കരിച്ചത്. അദ്ദേഹത്തിന്റെ ശവക്കല്ലറയും സ്മാരകഫലകവും ഇപ്പോഴും അവിടെയുണ്ട്. (വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും കടപ്പാട് : The Hindu, May 27, 2013)

Tuesday, May 28, 2013

ഗൂഗിളിന്റെ മായക്കണ്ണട


 
ഗോര്‍ഡന്‍ ചൈല്‍ഡിന്റെ 'മാന്‍ മേക്ക്‌സ് ഹിംസെല്‍ഫ്' എന്ന പ്രശസ്ത ഗ്രന്ഥത്തില്‍, സാങ്കേതികവിദ്യയുടെ വികാസവുമായി ബന്ധപ്പെട്ട ഒരു നിരീക്ഷണമുണ്ട്. പരിണാമത്തിന്റെ ദീര്‍ഘപഥങ്ങളില്‍ മനുഷ്യന് നഷ്ടമായ കഴിവുകളുമായി ബന്ധപ്പെടുത്തിയാണ് ആ നിരീക്ഷണം. അത്തരം കഴിവുകള്‍ ഏതെങ്കിലും വിധത്തില്‍ വീണ്ടെടുക്കാനുള്ള ത്വര മനുഷ്യന്‍ എന്നും പ്രകടിപ്പിച്ചിട്ടുണ്ട്. അതാണ് പലതരത്തിലുള്ള സാങ്കേതികവിദ്യകളായി അതാത് കാലത്ത് പ്രത്യക്ഷപ്പെടുന്നത്.

കാഴ്ചയുടെ കാര്യം ഉദാഹരണമായെടുക്കാം. ഒരു ജീവിവര്‍ഗമെന്ന നിലയ്ക്ക്, കാഴ്ചശക്തിയുടെ കാര്യത്തില്‍ പ്രാപ്പിടിയനെക്കാള്‍ എത്രയോ മോശമാണ് മനുഷ്യന്റെ സ്ഥിതി. എന്നാല്‍, ഒരു പ്രാപ്പിടിയനും ഇന്നുവരെ നോക്കാന്‍ സാധിക്കാത്തത്ര അകലത്തേക്കും ആഴത്തിലേക്കും സൂക്ഷ്മതയിലേക്കും ദൃഷ്ടിപായിക്കാന്‍ ഇന്ന് മനുഷ്യന് കഴിയും. നിരവധി ഉപകരണങ്ങളും സങ്കേതങ്ങളും മനുഷ്യനെ അതിന് പ്രാപ്തനാക്കുന്നു.

ഒരു ചീറ്റപ്പുലിയുടെ വേഗം മനുഷ്യനില്ല. അല്ലെങ്കില്‍ ഒരു പക്ഷിയെപ്പോലെ ആകാശത്ത് പറന്ന് നടക്കാനും നമുക്കാവില്ല. ഇത്തരം പരിമിതികളെ അതിജീവിലോ, കഴിവുകളുടെ വീണ്ടെടുക്കലോ ആണ് സാങ്കേതികവിദ്യയുടെ വികാസത്തിലൂടെ മനുഷ്യന്‍ നടത്തുന്നതെന്ന് ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിക്കുന്നു.

ഈ ആശയത്തോട് വിയോജിക്കുന്നവരുണ്ടാകാം. പക്ഷേ, അത്തരക്കാര്‍ പോലും ഒരുകാര്യം സമ്മതിക്കും. സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ ഏറെ പുഷ്ടിപ്പെടുത്തിയിരിക്കുന്നു.

ഓരോ സാങ്കേതികവിദ്യയും മനുഷ്യന്റെ ഒരോ കഴിവുകളുടെ വിപുലീകരണമാണ്. ദൂരെയുള്ളവ കാണാന്‍ കഴിയാത്ത മനുഷ്യന്, ദൂരദര്‍ശനികള്‍ ഏത് ജീവിയെക്കാളും കൂടുതല്‍ ദൂരക്കാഴ്ച നല്‍കി. കേള്‍ക്കാന്‍ കഴിയാത്ത അത്ര അകലെ നിന്ന് കേള്‍ക്കാന്‍ ഫോണുണ്ടായി, റേഡിയോ വന്നു. പറക്കാന്‍ കഴിയില്ലെന്ന പരിമിതിയെ വിമാനവും റോക്കറ്റുകളും വഴി മനുഷ്യന്‍ മറികടന്നു.

ഇന്ദ്രിയഗോചരമോ അല്ലാത്തതോ ആയ ഏതെങ്കിലും കഴിവുകളുടെ വിപുലീകരണമായിരുന്നു അടുത്തകാലം വരെ സാങ്കേതിക മുന്നേറ്റങ്ങള്‍. ഇപ്പോള്‍ ഇന്ദ്രീയങ്ങളുടെ നിയന്ത്രണം കൈയാളുന്ന തലച്ചോറിന്റെ തന്നെ വിപുലീകരണമെന്ന നിലയ്ക്ക് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നു. കമ്പ്യൂട്ടറും അതിന്റെ പുതിയ വകഭേദവുമായ സ്മാര്‍ട്ട്‌ഫോണുകളും അതാണ് വ്യക്തമാക്കുന്നത്.

പക്ഷേ, അതുകൊണ്ടും അവസാനിക്കുന്നില്ല കാര്യങ്ങള്‍. സ്മാര്‍ട്ട്‌ഫോണുകളുടെ യുഗവും കടന്ന് പുതിയൊരു കാലത്തിലേക്ക് കമ്പ്യൂട്ടിങ് പ്രവേശിക്കുന്ന കാഴ്ചയാണിപ്പോള്‍. അതിന് വഴിയൊരുക്കുന്നതോ, ലോകത്തെ ഏറ്റവും വലിയ ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിളും, ഗൂഗിള്‍ വികസിപ്പിച്ച 'ഗൂഗിള്‍ ഗ്ലാസ്' (Google Glass) എന്ന 'മായക്കണ്ണട'യും!

കമ്പ്യൂട്ടറുകള്‍ യാഥാര്‍ഥ്യത്തെ 'പ്രതീതിയാഥാര്‍ഥ്യം' അഥവാ വെര്‍ച്വല്‍ റിയാലിറ്റിയാക്കി. മൊബൈല്‍ സങ്കേതങ്ങളുടെ വരവ് പ്രതീതി യാഥാര്‍ഥ്യത്തെത്തെ 'സമീപയാഥാര്‍ഥ്യം' അഥവാ ഓഗ്മെന്റഡ് റിയാലിറ്റിയിലേക്ക് പരിവര്‍ത്തനം ചെയ്തു. ഓഗ്മെന്റഡ് റിയാലിറ്റിയെ നമ്മുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് കുടിയിരുത്തുകയാണ് ഗൂഗിള്‍ ഗ്ലാസ്.

ഒരേസമയം പല ലോകങ്ങളില്‍ ജീവിക്കാന്‍ അവസരമൊരുക്കുന്ന വിദ്യ. അതാണ് ഗൂഗിള്‍ ഗ്ലാസ്. അതെത്ര സുഖകരമായ അനുഭവമാകും എന്നിപ്പോള്‍ പറയാനാകില്ല. പക്ഷേ, ഒരുകാര്യം വ്യക്തം. ബാഹ്യലോകവുമായുള്ള നമ്മുടെ ഇടപെടലുകള്‍ മാറ്റിമറിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കും. സാന്നിധ്യം, പരിചയപ്പെടലുകള്‍ എന്നിങ്ങനെയുള്ള അനുഭവ തലങ്ങളെപ്പോലും വ്യത്യസ്തമാക്കാന്‍ പോന്ന ഒന്നാണ് ഗൂഗിള്‍ ഗ്ലാസ്.

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ ഗോര്‍ഡന്‍ ചൈല്‍ഡ് നിരീക്ഷിച്ച ആ വസ്തുത ഗൂഗിള്‍ ഗ്ലാസുമായി എങ്ങനെയാണ് ബന്ധിപ്പിക്കാനാവുക. മനുഷ്യന്റെ ഏത് കഴിവിന്റെ വിപുലീകരണമാണ് ഗൂഗിള്‍ ഗ്ലാസ്...ബുദ്ധിയുടേതോ, അനുഭവത്തിന്റെയോ, ഇടപഴകലുകളുടേയോ ! അതോ, ഇവ എല്ലാറ്റിന്റേയുമോ!

സ്മാര്‍ട്ട്‌ഫോണ്‍ യുഗം മനുഷ്യനെ തലകുമ്പിട്ടിരിക്കുന്നവനാക്കി! ഐഫോണിന്റെയും മറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെയും വരവോടെ, സദാസമയം കൈയിലുള്ള ആ നാലിഞ്ച് പ്രപഞ്ചത്തിലേക്കായി മനുഷ്യന്റെ ശ്രദ്ധ. അതിലൂടെ മെസേജുകളായും സോഷ്യല്‍മീഡിയ അപ്‌ഡേറ്റുകളായും ഇഷ്ട വീഡിയോകളായും ഫോട്ടോകളായും, അനുഭവത്തിന്റെ നിരന്തരം തുടരുന്ന സ്വകാര്യ നിമിഷങ്ങളിലേക്ക് ഊളിയിടുന്നവരായി നമ്മള്‍ മാറി. ശരിക്കുപറഞ്ഞാല്‍, തല ഉയര്‍ത്താന്‍ കഴിയാത്ത സ്ഥിതി!

ആ സ്ഥിതിയില്‍നിന്ന് മുക്തനാക്കി, മനുഷ്യനെ തല ഉയര്‍ത്തിപ്പിടിച്ച് നടത്താന്‍ പ്രാപ്തനാക്കുകയാണ് ഗൂഗിള്‍ ഗ്ലാസ് ചെയ്യുന്നതെന്ന്, ഗൂഗിളിലെ പ്രോഡക്ട് ഡയറക്ടര്‍ സ്റ്റീവ് ലീ അടുത്തയിടെ ഒരു അഭിമുഖത്തില്‍ സൂചിപ്പിച്ചു.

ഒരു ദിവസം ഗൂഗിള്‍ ആസ്ഥാനത്തേക്ക് ബസ്സ് കാത്ത് താന്‍ നില്‍ക്കുമ്പോള്‍, ചുറ്റുമുണ്ടായിരുന്ന പതിനഞ്ചു പേരും ഒരേ സമയം തങ്ങളുടെ കൈയിലെ സ്മാര്‍ട്ട്‌ഫോണിലേക്ക് നോക്കി തലകുമ്പിട്ടിരിക്കുന്ന ദൃശ്യം ഗൂഗിളിലെ ഇന്‍ഡസ്ട്രിയല്‍ ഡിസൈനര്‍ ഇസബെല്ല ഓള്‍സണ്‍ കണ്ടു. ആ ദൃശ്യമാണ് ഗൂഗിള്‍ ഗ്ലാസ് ഇപ്പോഴത്തെ നിലയ്ക്ക് രൂപപ്പെടുത്താന്‍ നിമിത്തമായതെന്ന് അവര്‍ പറയുന്നു.

വെറും മൂന്നുവര്‍ഷം മുമ്പ് ആരംഭിച്ച ഒരു പരീക്ഷണ പദ്ധതിയാണ് 'ഗൂഗിള്‍ ഗ്ലാസ്' എന്ന പേരില്‍ ഇപ്പോള്‍ ടെക് ലോകത്താകെ ചര്‍ച്ചചെയ്യപ്പെടുന്നത്. ഡ്രൈവര്‍ കൂടാതെ കാറുകളെ സ്വയം ഡ്രൈവ് ചെയ്യാന്‍ പ്രാപ്തമാക്കുന്ന സങ്കേതത്തിനും, ന്യൂറല്‍ നെറ്റ്‌വര്‍ക്കുകള്‍ക്കുമൊക്കെ രൂപംനല്‍കുന്ന ഗൂഗിള്‍ എക്‌സ് ലാബിലാണ് ഗൂഗിള്‍ ഗ്ലാസിന്റെയും പിറവി. ആ ലാബിലെ എന്‍ജിനീയര്‍ ബബാക് പര്‍വിസ് ആണ് മൂന്നുവര്‍ഷം മുമ്പ് ഗ്ലാസ് പദ്ധതി ആരംഭിക്കുന്നത്. പദ്ധതിയുടെ മേല്‍നോട്ടം ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്നിനും.

ആരും പ്രതീക്ഷിച്ചതിലും വേഗത്തില്‍ ഗൂഗിള്‍ ഗ്ലാസ് യാഥാര്‍ഥ്യമാവുകയാണ് എന്നകാര്യം, കഴിഞ്ഞ വര്‍ഷം ഡെവലപ്പര്‍മാര്‍ക്കായി ആ ഉപകരണത്തിന്റെ ആദ്യരൂപം ഗൂഗിള്‍ വിറ്റു തുടങ്ങിയപ്പോഴേ ലോകത്തിന് മനസിലായി. ഈ വര്‍ഷം തന്നെ ഗൂഗിള്‍ ഗ്ലാസ് ഉപഭോക്താക്കളുടെ പക്കലെത്തുമെന്നാണ് സൂചന.

അസാധാരണമാം വിധം ലളിതമായ ഒരു ഉപകരണമാണ് ഗൂഗിള്‍ ഗ്ലാസ്. കണ്ണട പോലെ തലയില്‍ ധരിക്കാം. ഫ്രെയിമിന്റെ വലതുവശത്തെ കാല്‍ അല്‍പ്പം തടിച്ചതാണ്, പ്ലാസ്റ്റിക്കിനാല്‍ നിര്‍മിച്ചത്. അതിന്റെ അഗ്രം ഒരു ഗ്ലാസായി വലതുകണ്ണിന് മുന്നിലെത്തുന്നു.

വലതുകണ്ണിന്റെ ദൃഷ്ടിപഥത്തില്‍ മുകളിലായി ഒരു സുതാര്യ ചതുര വിന്‍ഡോ ആയാണ് യൂസര്‍ക്ക് ഗൂഗിള്‍ ഗ്ലാസ് അനുഭവപ്പെടുക. കണ്ണിന്റെ സാധാരണ കാഴ്ചയെ തടസ്സപ്പെടാതെ തന്നെ, നിങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെല്ലാം ആ സുതാര്യ വിന്‍ഡോയില്‍ പ്രത്യക്ഷപ്പെട്ടുകൊള്ളും.


കാഴ്ചയില്‍ വളരെ ലളിതമായ ഉപകണമാണെങ്കിലും, ഒരു സ്മാര്‍ട്ട്‌ഫോണിന് സാധിക്കുന്നതില്‍ കൂടുതല്‍ കാര്യങ്ങള്‍ ഗൂഗിള്‍ ഗ്ലാസിന് ചെയ്യാന്‍ കഴിയും. ഒരേ സമയം അതൊരു പ്രോജക്ടറായും, ക്യാമറയായും, ഇന്റര്‍നെറ്റ് കമ്മ്യൂണിക്കേറ്ററായും, ശബ്ദനിര്‍ദേശമനുസരിക്കുന്ന ഡിജിറ്റല്‍ സഹായിയും ഒക്കെയായി പ്രവര്‍ത്തിക്കും.

മൊബൈല്‍, വയര്‍ലെസ് സങ്കേതങ്ങളെ, ആര്‍ട്ടിഫിഷ്യന്‍ ഇന്റലിജന്‍സ് എന്ന നിര്‍മിതബുദ്ധിയുടെ മൂശയിലേക്ക് വാര്‍ത്തിണക്കിയിരിക്കുകയാണ് ഗൂഗിള്‍ ഗ്ലാസില്‍. വൈഫൈ, അല്ലെങ്കില്‍ കീശയിലുള്ള സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് ബ്ലൂടൂത്ത് വഴിയുള്ള കണക്ടിവിറ്റിയാണ് ഗൂഗിള്‍ ഗ്ലാസില്‍ ഇപ്പോഴുള്ളത്.

കണ്ണടപോലെ തലയിലണിയുന്ന ഉപകരണത്തിന്റെ വലത് വശത്തെ പ്ലാസ്റ്റിക് പ്രതലം ശരിക്കുപറഞ്ഞാല്‍ ഒരു ടച്ച്പാഡാണ്. അതില്‍ വിരല്‍ ചലിപ്പിച്ച് ഗൂഗിള്‍ ഗ്ലാസിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കാം. അതല്ലെങ്കില്‍, ശബ്ദനിര്‍ദേശങ്ങള്‍ മനസിലാക്കി അതിനനുസരിച്ച് പ്രവര്‍ത്തിച്ചുകൊള്ളും.

ആപ്പിള്‍ ഐഫോണിലെ സിരിയെപ്പോലെ, 'നാച്ചുറല്‍ ലാംഗ്വേജ് യൂസര്‍ ഇന്റഫേസ്' ഉപയോഗിച്ച് ബുദ്ധിപൂര്‍വം പ്രവര്‍ത്തിക്കുന്ന 'ഗൂഗിള്‍ നൗ' ആണ് ഗൂഗിള്‍ ഗ്ലാസിന് തുണയാവുന്നത്. ഒപ്പം ഗൂഗിളിന്റെ തന്നെ 'നോളജ് ഗ്രാഫു'മുണ്ട്.

ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നയാളുടെ അനുഭവം എങ്ങനെയായിരിക്കും എന്ന് വ്യക്തമാക്കിത്തരുന്ന വീഡിയോകള്‍ ഗൂഗിള്‍ ഇതിനകം പുറത്തിറക്കിയിട്ടുണ്ട്. മാത്രമല്ല, പ്രശസ്തരായ ഒരുപിടി അമേരിക്കന്‍ ടെക് ജേര്‍ണലിസ്റ്റുകളെ അത് ഉപയോഗിച്ച് നോക്കാന്‍ ഗൂഗിള്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഗൂഗിള്‍ നല്‍കുന്ന വിവരങ്ങളും, ആ ഉപകരണം ധരിച്ച ജേര്‍ണലിസ്റ്റുകളുടെ അനുഭവ വിവരണങ്ങളും നമുക്ക് ലഭ്യമാണ്.

നിങ്ങള്‍ ഗൂഗിള്‍ ഗ്ലാസ് അണിഞ്ഞ് നിരത്തിലിറങ്ങുന്നതോടെ, അദൃശ്യനായ ഒരു സഹായി നിങ്ങളുടെ കൂടെ കൂടുകയാണ് ചെയ്യുക. നിങ്ങള്‍ക്ക് പോകേണ്ട് സ്ഥലത്തേക്കുള്ള വഴ, വലതുകണ്ണിന്റെ ദൃഷ്ടിപഥത്തിലെ സുതാര്യചതുരത്തില്‍ തെളിയുന്നു. തത്സമയ കാലാവസ്ഥാ വിവരങ്ങള്‍ മുന്നിലെത്തുന്നു. സുഹൃത്തുക്കളുടെ സന്ദേശങ്ങളും മുന്നില്‍ വരുന്നു. മറുപടി പറഞ്ഞാല്‍ മതി, അത് ടെക്സ്റ്റ് മെസേജായി അയയ്ക്കപ്പെടും.

സുഹൃത്തുക്കളുമായി വീഡിയോ ചാറ്റിങോ വീഡിയോ കോണ്‍ഫറന്‍സിങോ നടത്താനും അനായാസം സാധിക്കും. റോഡിന്റെ വശത്തുള്ള റസ്‌റ്റോറന്റിലേക്ക് നോക്കുമ്പോള്‍, ആ ഹോട്ടലിലെ അന്നത്തെ വിശേഷ വിഭവങ്ങളും വിലയും കണ്ണിന് മുന്നില്‍ എത്തുന്നു......!

മുന്നില്‍ ഒരു സര്‍ക്കസ് അഭ്യാസി. അയാളുടെ ഫോട്ടോയെടുക്കണമെങ്കില്‍ ഒന്നു പറയുകയേ വേണ്ടൂ, ദൃഷ്ടിപഥത്തില്‍ ക്യാമറ ഫ്രെയിം പ്രത്യക്ഷപ്പെടുന്നു, ചിത്രമെടുക്കുന്നു, സേവ് ചെയ്യപ്പെടുന്നു. വീഡിയോ പിടിക്കണമെങ്കിലും ഇങ്ങനെ തന്നെ. ഗൂഗിള്‍ ഗ്ലാസ് ധരിച്ചിട്ടുള്ളയാള്‍ ഫോട്ടോയോ വീഡിയോയോ പിടിക്കുകയാണെന്ന് ആരും അറിയുക പോലുമില്ല.

മുന്നിലൊരാള്‍ വരുന്നു. അയാളെ എവിടെയോ കണ്ട പരിചയം. ആളാരാണെന്ന് തപ്പാന്‍ പറഞ്ഞാല്‍ മതി, അയാളുടെ മുഖസാമ്യമുള്ള ഫോട്ടോകള്‍ക്ക് സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ പരതി നിമിഷങ്ങള്‍ക്കകം മറുപടിയെത്തും -'ഓ, ഇത് നമ്മുടേ വടക്കേടത്തെ ചെല്ലനല്ലയോ'!

മാത്രമല്ല, ഉപയോഗിക്കുന്തോറും യൂസറുടെ ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും ഗൂഗിള്‍ ഗ്ലാസ് കൂടുതല്‍ കൂടുതല്‍ മനസിലാക്കി തുടങ്ങും. അത് ഓര്‍മയില്‍ വെയ്ക്കുകയും ചെയ്യും. അതുകൊണ്ട്, നിങ്ങള്‍ മനസില്‍ കാണുന്ന കാര്യം ആവശ്യപ്പെടും മുമ്പുതന്നെ മുന്നിലെത്തിക്കാന്‍ ഗൂഗിള്‍ ഗ്ലാസിന് സാധിക്കും.

സാധാരണ ദൃഷ്ടിപഥത്തിന് മേല്‍ എഴുത്തോ ചിത്രങ്ങളോ പതിപ്പിക്കുന്ന ഏര്‍പ്പാടാണ് ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യം. അതാണ് ഗൂഗിള്‍ ഗ്ലാസിലൂടെ സാധ്യമാകുന്നത്. ഗൂഗിള്‍ ഗ്ലാസ് ധരിക്കുന്നവരുടെ ജീവിതത്തിന്റെ നടുത്തളത്തിലേക്ക് സമീപയാഥാര്‍ഥ്യം കുടിയേറും.

ഗൂഗിള്‍ ഗ്ലാസും ആശങ്കകളും

കാഴ്ചയില്‍ വളരെ ലളിതമായ ഉപകരണം എന്ന് തോന്നാമെങ്കിലും, ഇതുവരെ മനുഷ്യന്‍ ഉപയോഗിച്ചിട്ടുള്ള കമ്പ്യൂട്ടിങ് ഉപകരണങ്ങളില്‍ നിന്ന് വ്യത്യസ്തമായ ചില പ്രശ്‌നങ്ങള്‍ക്ക് ഗൂഗിള്‍ ഗ്ലാസ് കാരണമായേക്കാം എന്ന ആശങ്ക ഉയരുന്നുണ്ട്. അതില്‍ ആദ്യത്തേത് StoptheCyborgs.com എന്ന സൈറ്റ് ഉന്നയിച്ച 'സര്‍വവ്യാപിയാകുന്ന ഒളിക്യാമറകളുടെ പ്രശ്‌ന'മാണ്.

'ദി വെര്‍ജി'ന്റെ ലേഖകന്‍ ജോഷ്വാ ടോപോള്‍സ്‌കി ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച അനുഭവത്തെക്കുറിച്ച് വിവരിക്കുന്നിടത്ത് ശ്രദ്ധേയമായ ഒരു സംഭവം പറയുന്നുണ്ട്. ന്യൂയോര്‍ക്ക് നഗരത്തിലായിരുന്നു പരീക്ഷണം. ഗൂഗിള്‍ ഗ്ലാസും അണിഞ്ഞ് നീങ്ങുന്ന ടോപോള്‍സ്‌കിയുടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ വീഡോയോ ക്യാമറകളുമുണ്ടായിരുന്നു ഒപ്പം. ഗൂഗിള്‍ ഗ്ലാസ് ആദ്യമുപയോഗിക്കുന്നതിന്റെ കൗതുകത്തില്‍, ആ ഉപകരണമുപയോഗിച്ച് മുന്നില്‍ കാണുന്ന സംഗതികളുടെ വീഡിയോ ടോപോള്‍സ്‌കിയും പകര്‍ത്തുന്നുണ്ടായിരുന്നു.


ഒരു സ്‌റ്റോറില്‍ കയറിയപ്പോള്‍, അവിടുത്തെ ചുമതലക്കാരന്‍ വീഡിയോ പിടിത്തം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടു. വീഡിയോ ക്യാമറകളെല്ലാം നിര്‍ത്തി. പക്ഷേ, ടോപോള്‍സ്‌കിയോട് ഗൂഗിള്‍ ഗ്ലാസ് ഉപയോഗിച്ച് വീഡിയോ പിടിക്കുന്നത് നിര്‍ത്താന്‍ അയാള്‍ പറഞ്ഞില്ല. കാരണം, അങ്ങനെയൊരു വീഡിയോ ഷൂട്ടിങ് നടക്കുന്ന കാര്യം അയാള്‍ക്ക് അറിയാന്‍ കഴിഞ്ഞില്ല.

ഗൂഗിള്‍ ഗ്ലാസുപയോഗിച്ചുള്ള വീഡിയോ പിടിത്തം വലിയ തോതിലുള്ള സ്വകാര്യതാ ലംഘനങ്ങള്‍ക്ക് വഴിതെളിച്ചേക്കാം എന്ന ആശങ്കയെ ഗൂഗിള്‍ ഗൗരവമായി കാണേണ്ടി വരുമെന്ന് സാരം. ഗൂഗിള്‍ ഗ്ലാസ് ഒരര്‍ഥത്തില്‍ ഒളിക്യാമറയുടെ ഫലംചെയ്യുമെന്ന വാദത്തില്‍ കഴമ്പുണ്ട്.  ഒളിക്യാമറകള്‍ സൃഷ്ടിക്കുന്ന ഭീഷണി പതിന്‍മടങ്ങായി വര്‍ധിക്കാന്‍ ഗൂഗിള്‍ ഗ്ലാസ് വഴിയൊരുക്കുമെന്നാണ് വാദം.

ഗൂഗിള്‍ ഗ്ലാസ് വരുത്താവുന്ന പ്രശ്‌നങ്ങളെപ്പറ്റി ഗൗരവതരമായ ചില ചിന്തകള്‍ പങ്കുവെച്ചിട്ടുള്ളത്, യു.എസില്‍ മസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ടെക്‌നളജി (എം.ഐ.ടി) യിലെ സ്റ്റീവ് മാന്‍ ആണ്. തലയിലണിയാവുന്ന കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ വികസിപ്പിക്കുന്നതിലും, ഓഗ്മെന്റഡ് റിയാലിറ്റിയെ ആഴത്തില്‍ മനസിലാക്കുന്നതിലും മൂന്നര പതിറ്റാണ്ടിന്റെ ഗവേഷണ പരിചയമുള്ള വ്യക്തിയാണ് സ്റ്റീവ് മാന്‍.

ഇത്രകാലവും രംഗത്തെത്തിയ കമ്പ്യൂട്ടറുകളോ കമ്പ്യട്ടിങ് ഉപകരണങ്ങളോ ഇന്ദ്രിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ നേരിട്ട് ഇടപെടുന്നവ ആയിരുന്നില്ല. എന്നാല്‍, ഗൂഗിള്‍ ഗ്ലാസ് അതില്‍ നിന്ന് വ്യത്യസ്തമാണെന്ന് 'ഐഇഇഇ സ്‌പെക്ട്ര'ത്തില്‍ (2013 മാര്‍ച്ച് ലക്കം) സ്റ്റീവ് മാന്‍ എഴുതി. ഓഗ്മെന്റഡ് റിയാലിറ്റി അഥവാ സമീപയാഥാര്‍ഥ്യത്തെക്കുറിച്ചുള്ള പഠനങ്ങള്‍ നല്‍കിയ 'ചില പ്രധാനപ്പെട്ട പാഠങ്ങള്‍ ഗൂഗിളും മറ്റ് കമ്പനികളും അവഗണിക്കുന്നതില്‍ ഞാന്‍ ആശങ്കപ്പെടുന്നു'വെന്ന് അദ്ദേഹം പറയുന്നു.

1890 കളില്‍ അമേരിക്കന്‍ മനശ്ശാസ്ത്രജ്ഞനായ ജോര്‍ജ് സ്ട്രാറ്റണ്‍ നടത്തിയ കണ്ണട പരീക്ഷണത്തിന്റെ കാര്യം സ്റ്റീവ് മാന്‍ ചൂണ്ടിക്കാട്ടുന്നു. ലോകം തലകീഴായി കാണാന്‍ പാകത്തിലുള്ള സ്‌പെഷ്യല്‍ കണ്ണടകള്‍ സൃഷ്ടിച്ചായിരുന്നു പരീക്ഷണം. പക്ഷേ, ഏതാനും ദിവസംകൊണ്ട് സ്ട്രാറ്റന്റെ കാഴ്ച തലച്ചോര്‍ നേരെയാക്കി. ഗ്ലാസ് ധരിച്ചു തുടങ്ങിയപ്പോഴത്തെ കീഴ്‌മേല്‍ ലോകം, നേരെയായി. അങ്ങനെയെങ്കില്‍, കണ്ണട മാറ്റുമ്പോള്‍ ലോകം കീഴ്‌മേലായി കാണുമോ. അതുമുണ്ടായില്ല.

തലച്ചോര്‍ നടത്തിയ ചില ക്രമീകരണമാണ് സ്ട്രാറ്റന്റെ കാഴ്ചയെ ശരിപ്പെടുത്തിയത്. മാത്രമല്ല, വിചാരിച്ചതിലും കുറച്ച് സമയം കൊണ്ട് തലച്ചോര്‍ ആ ക്രമീകരണം വരുത്തുകയും ചെയ്തു.

കണ്ണുകളിലൂടെ ലഭിക്കുന്ന പ്രകാശീയ വിവരങ്ങള്‍ക്ക് മേല്‍ മസ്തിഷ്‌ക്കം ചില സംഗതികള്‍ കൂട്ടിച്ചേര്‍ക്കുമ്പോഴാണ് കാഴ്ച അനുഭവേദ്യമാകുക. അപ്പോള്‍ സ്ട്രാറ്റന്റെ പരീക്ഷണത്തില്‍ കണ്ടതെന്താണ്. ശരിയായ കാഴ്ച (ഇന്ദ്രിയഗോചര അനുഭവം) ഉണ്ടാകതക്ക വിധം, ലഭിക്കുന്ന വിവരങ്ങളെ മസ്തിഷ്‌ക്കം പരിവര്‍ത്തനം ചെയ്തതാണ്. മസ്തിഷ്‌ക്കത്തിന്റെ ഈ 'ക്രമീകരണം' ഒരാള്‍ക്ക് അനുഭവപ്പെടുന്നത് പോലെ ആകണമെന്നില്ല മറ്റൊരാളുടെ കാര്യത്തില്‍. അത് പ്രവചനാതീതമാണ്.

ഗൂഗിള്‍ ഗ്ലാസ് ഉപയോഗിക്കുന്നയാളുടെ വലതു കണ്ണിന് മുന്നില്‍ ദൃഷ്ടിപഥത്തിന് മുകളിലായാണ് വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളുമൊക്കെ പ്രത്യക്ഷപ്പെടുക. ഒരു കണ്ണിലൂടെ ലൈവ് വീഡിയോ ഏറെ നേരം കാണുന്നത്, യൂസറുടെ കാഴ്ചയെന്ന ഇന്ദ്രീയഗോചര അനുഭവം പ്രദാനം ചെയ്യുന്ന നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം. ദീര്‍ഘനേരം ഇത്തരത്തില്‍ കാഴ്ചയെ പരീക്ഷിക്കുന്നത് സ്ഥിരമായ ചില നാഡീവൈകല്യങ്ങള്‍ക്ക് - പ്രത്യേകിച്ചും കുട്ടികളില്‍ - കാരണമായേക്കാം.

സാങ്കേതികവിദ്യകള്‍ മനുഷ്യന്റെ കഴിവുകളെ പരിപോഷിക്കുന്നതിന് പകരം, മനുഷ്യന്റെ ഇന്ദ്രിയഗോചരമായ കഴിവുകളെ ആ വിദ്യയ്ക്കനുസരിച്ച് വികലമാക്കാന്‍ ഇടയാകുമോ എന്ന ഗൗരവമേറിയ ചോദ്യമാണ്, സ്റ്റീവ് മാന്‍ മുന്നോട്ട് വെയ്ക്കുന്നത്. ഗൂഗിളിന് ഈ പ്രശ്‌നം അവഗണിക്കാന്‍ കഴിയില്ല, തീര്‍ച്ച.

(അവലംബം, കടപ്പാട് : 1. ഗൂഗിള്‍;  2. I used Google Glass : the future, but with monthly updates - by Joshua Topolsky (The Verge , Feb 22, 2013); 3. 1. My 'Augmediated' Life - by Steve Mann (IEEE Spectrum, March 2013) )