Friday, July 17, 2009

പുതിയ മൂലകത്തിന്‌ പേരിട്ടു - 'കോപ്പര്‍നിഷ്യം'

ആവര്‍ത്തന പട്ടികയില്‍ പുതിയതായി സ്ഥാനം നേടിയ മൂലകത്തിന്‌ പേര്‌ ലഭിച്ചു. ഇതുവരെ മൂലകം-112 എന്ന്‌ അറിയപ്പെട്ടിരുന്ന അത്‌ ഇനി 'കോപ്പര്‍നിഷ്യം' (copernicium) ആയിരിക്കും. Cp എന്ന്‌ ചുരുക്കപ്പേര്‌.

പതിമൂന്ന്‌ വര്‍ഷംമുമ്പ്‌ കണ്ടുപിടിക്കപ്പെട്ട ഈ മൂലകത്തിന്‌ ആവര്‍ത്തന പട്ടികയില്‍ ഇടം നല്‍കാന്‍, 'ഇന്റര്‍നാഷണല്‍ യൂണിയന്‍ ഓഫ്‌ പ്യുവര്‍ ആന്‍ഡ്‌ അപ്ലൈഡ്‌ കെമിസ്‌ട്രി' (IUPAC) തീരുമാനിച്ചത്‌ അടുത്തയിടെയാണ്‌.

ആധുനിക ശാസ്‌ത്രവിപ്ലവത്തിന്‌ തുടക്കമിട്ട നിക്കോളാസ്‌ കോപ്പര്‍നിക്കസിന്റെ പേര്‌ പുതിയ മൂലകത്തിന്‌ നല്‍കാന്‍ ഗവേഷകര്‍ തീരുമാനിക്കുകയായിരുന്നു. 'നമ്മുടെ ലോകവീക്ഷണത്തെ മാറ്റിമറിച്ച' ആ മനുഷ്യന്റെ ബഹുമാനാര്‍ഥമാണ്‌ ഈ നാമകരണമെന്ന്‌, പുതിയ മൂലകത്തെ കണ്ടെത്തിയ ഗവേഷകര്‍ അറിയിച്ചു.

പുതിയ പേര്‌ അംഗീകരിക്കേണ്ടതും ഐ.യു.പി.എ.സി. തന്നെയാണ്‌. ആറ്‌ മാസത്തിനകം പേര്‌ അംഗീകരിക്കപ്പെട്ടേക്കും.

ജര്‍മനിയില്‍ 'സെന്റര്‍ ഫോര്‍ ഹെവി അയോണ്‍ റിസര്‍ച്ചി'ല്‍ പ്രൊഫ. സിഗുര്‍ഡ്‌ ഹോഫ്‌മാന്റെ നേതൃത്വത്തിലുള്ള സംഘം 1996-ല്‍ നടത്തിയ അണുസംയോജന പരീക്ഷണങ്ങളിലാണ്‌ 112-ാം മൂലകത്തെ കണ്ടെത്തിയത്‌.

"ഈ കണ്ടെത്തല്‍ ഔദ്യോഗികമായി അംഗീകരിച്ച ശേഷം, മൂലകത്തിന്‌ പേര്‌ നിര്‍ദേശിക്കാന്‍ ഐ.യു.പി.എ.സി. തന്നെയാണ്‌ നിര്‍ദേശിച്ചത്‌"-പ്രൊഫ. ഹോഫ്‌മാന്‍ അറിയിക്കുന്നു.

1473-ല്‍ പോളണ്ടിലെ ടൊറുനില്‍ ജനിച്ച കോപ്പര്‍നിക്കസ്‌ അവതരിപ്പിച്ച സൂര്യകേന്ദ്രിത പ്രപഞ്ചസങ്കല്‍പ്പം, ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്ന അന്നുവരെ നിലനിന്ന പ്രപഞ്ചസങ്കല്‍പ്പം തകരാനും ആധുനിക ശാസ്‌ത്രമുന്നേറ്റത്തിന്‌ തുടക്കമാവാനും കാരണമായി. (കടപ്പാട്‌: ബി.ബി.സി.ന്യൂസ്‌).

4 comments:

Joseph Antony said...

പുതിയ മൂലകത്തിന്‌ പേരിട്ടു - 'കോപ്പര്‍നിഷ്യം'. ആധുനിക ശാസ്‌ത്രവിപ്ലവത്തിന്‌ തുടക്കമിട്ട നിക്കോളാസ്‌ കോപ്പര്‍നിക്കസിന്റെ പേര്‌ പുതിയ മൂലകത്തിന്‌ നല്‍കാന്‍ ഗവേഷകര്‍ തീരുമാനിക്കുകയായിരുന്നു. 'നമ്മുടെ ലോകവീക്ഷണത്തെ മാറ്റിമറിച്ച' ആ മനുഷ്യന്റെ ബഹുമാനാര്‍ഥമാണ്‌ ഈ നാമകരണമെന്ന്‌, പുതിയ മൂലകത്തെ കണ്ടെത്തിയ ഗവേഷകര്‍ അറിയിച്ചു.

chithrakaran:ചിത്രകാരന്‍ said...

കോപ്പര്‍നിഷ്യം !!!
പഠിക്കട്ടെ:)

Suraj said...

ഹും ! നമുക്ക് രാമരാമയും ജപിച്ച് കര്‍ക്കടകക്കഞ്ഞീം കുടിച്ചു ചുരുളാനുള്ള സീസണായി. അപ്പഴാണ് ഒരു കോപ്പര്‍നീഷ്യം !;)

നിസ്സഹായന്‍ said...

വിജ്ഞാനപ്രദമായ പോസ്റ്റിന് നന്ദി. ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.