Tuesday, July 07, 2009

രതിക്ക്‌ കാരണം പരാന്നഭോജികളോ

എന്താണ്‌ സെക്‌സിനുള്ള മഹത്വം? ഒട്ടേറെ കാര്യങ്ങള്‍ ഇതെപ്പറ്റി പറയാനുണ്ടാകും. പക്ഷേ, പരിണാമശാസ്‌ത്രത്തിന്റെ ഭാഗത്തു നിന്നാകുമ്പോള്‍ തീരെ പ്രതീക്ഷിക്കാത്ത ഉത്തരമാണ്‌ ഇക്കാര്യത്തില്‍ ലഭിക്കുക. പാരസൈറ്റുകളോ (പരാന്നഭോജികള്‍)ടുള്ള പ്രതിരോധത്തിന്റെ ഭാഗമായി രൂപപ്പെട്ടതാകാം രതിയെന്ന്‌, ജൂലായ്‌ ലക്കം 'അമേരിക്കന്‍ നാച്ചുറലിസ്റ്റി'ലെ റിപ്പോര്‍ട്ട്‌ പറയുന്നു.

ജീവശാസ്‌ത്രത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒന്നാണ്‌ സെക്‌സും പ്രത്യുത്‌പാദനവും. പരിണാമത്തിന്റെ കാര്യത്തില്‍ പക്ഷേ, സെക്‌സ്‌ ഇന്നും നിഗൂഢതയാണ്‌. എന്തുകൊണ്ട്‌ സെക്‌സ്‌ എന്ന ചോദ്യത്തിന്‌ കൃത്യമായ ഉത്തരം ലഭ്യമല്ല എന്നതു തന്നെ കാരണം.

പ്രത്യുത്‌പാദനത്തിന്‌ പ്രകൃതിയില്‍ രണ്ടുതരം പ്രക്രിയകളുണ്ട്‌; ലൈംഗീകവും അലൈംഗീകവും. ലൈംഗീകബന്ധം കൂടാതെ അടുത്ത തലമുറയ്‌ക്ക്‌ ജന്മം നല്‍കുന്ന രീതിയാണ്‌ അലൈംഗീക പ്രജനനം. സൂക്ഷ്‌മജീവികള്‍, ഒട്ടേറെ സസ്യങ്ങള്‍, ചിലയിനം ഇഴജന്തുക്കള്‍ ഒക്കെ ഈ രീതിയാണ്‌ അവലംബിക്കാറ്‌. ഇത്തരം ജീവികളില്‍ ഓരോ അംഗത്തിനും അടുത്ത തലമുറയ്‌ക്ക്‌ സ്വന്തംനിലയ്‌ക്ക്‌ രൂപം നല്‍കാം. ലൈംഗീക പ്രജനനത്തില്‍ അത്‌ നടക്കില്ല. ആണും പെണ്ണും ചേരണം അടുത്ത തലമുറ രൂപമെടുക്കാന്‍.

അലൈംഗീക പ്രജനനത്തില്‍ രണ്ട്‌ അംഗങ്ങള്‍ക്ക്‌ തങ്ങളുടേതായ നിലയില്‍ രണ്ട്‌ തലമുറകള്‍ക്ക്‌ രൂപം നല്‍കാം. എന്നാല്‍, ലൈംഗീക പ്രജനനത്തിന്റെ കാര്യമാകുമ്പോള്‍ രണ്ട്‌ അംഗങ്ങള്‍ ചേര്‍ന്നേ ഒരു തലമുറ ജന്മമെടുക്കൂ. ഈ അര്‍ഥത്തില്‍ അലൈംഗീക പ്രക്രിയയ്‌ക്ക്‌ ഉത്‌പാദനക്ഷമത ഇരട്ടിയാണ്‌. അതിനാല്‍, ഒരര്‍ഥത്തില്‍ അലൈംഗീക പ്രജനനമാണ്‌ സൗകര്യം, ലാഭകരവും.

പിന്നെ എന്തുകൊണ്ട്‌ ലൈംഗീകത?

ഒരു പ്രബലനിഗമനം ഇതാണ്‌. അലൈംഗീകജീവികള്‍ പാരസൈറ്റുകള്‍ക്ക്‌ എളുപ്പം ഇരയാകും. അതൊഴിവാക്കാനുള്ള തന്ത്രത്തിന്റെ ഭാഗമായാണ്‌ പരിണാമ പ്രക്രിയയില്‍ ലൈംഗീകത സ്ഥാനം പിടിച്ചത്‌.

അതെങ്ങനെയെന്ന്‌ നോക്കാം. അലൈംഗീകജീവികളുടെ ശരിക്കുള്ള ജനിതക പകര്‍പ്പുകള്‍ (ക്ലോണുകള്‍) ആയിരിക്കും അവയുടെ സന്താനങ്ങള്‍. ഓരോ ക്ലോണിലും ഒരേ ജീനുകള്‍ തന്നെയാകും ഉള്ളത്‌. പാരസൈറ്റുകള്‍ക്ക്‌ ആക്രമിക്കാന്‍ പാകത്തിലുള്ള ജനിതക പിഴവുകളും സമാനമായിരിക്കും. ഇത്തരം പിഴവുകള്‍ മുതലാക്കാന്‍ കഴിവുള്ള ഒരു പാരസൈറ്റ്‌ രൂപമെടുത്താല്‍, അതിന്‌ ആ വര്‍ഗത്തെ തന്നെ ഒന്നോടെ ഉന്‍മൂലനം ചെയ്യാനാകും.

അതേസമയം, ലൈംഗീക ജീവികളില്‍ മാതാവിന്റെയും പിതാവിന്റെയും ജീനുകള്‍ കൂടിക്കലര്‍ന്നാണ്‌ സന്തതികള്‍ രൂപമെടുക്കുക. ഓരോ സന്തതിയും ജനിതകമായി വ്യത്യസ്‌തമായിരിക്കും. അതിനാല്‍, ഒരു പാരസൈറ്റ്‌ വിചാരിച്ചാല്‍ ആ വര്‍ഗത്തെ ഒന്നോടെ ഉന്‍മൂലനം ചെയ്യാനാകില്ല, ഏതാനും അംഗങ്ങളെ മാത്രമേ കഴിയൂ.

ഈ നിഗമനം ഗണിതപരമായി ശരിയാണ്‌. എന്നാല്‍, പ്രകൃതിയിലെ സ്ഥിതിയോ?

ഇതറിയാന്‍ ന്യൂസിലന്‍ഡിലെ ശുദ്ധജല തടാകങ്ങളില്‍ സാധാരണയായി കാണപ്പെടുന്ന 'പൊട്ടമോപൈര്‍ഗുസ്‌ ആന്റിപോഡാറം' (Potamopyrgus antipodarum) എന്നയിനം ഒച്ചുകളെ ഗവേഷകര്‍ 1994 മുതല്‍ നിരീക്ഷിച്ചു. ലൈംഗീകമായും അലൈംഗീകമായും പ്രജനനം നടത്തുന്ന ജീവികള്‍ എന്നതാണ്‌ ഈ ഒച്ചുകളുടെ പ്രത്യേകത.

പരിണാമശാസ്‌ത്രത്തിലെ രതിയെ സംബന്ധിച്ച നിഗമനം ശരിയാണോ എന്ന്‌ പരിശോധിക്കാന്‍ ഈ ജീവികളുടെ പ്രത്യേകത സഹായകമായി. സ്വിസ്സ്‌ ഫെഡറല്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌്‌ സയന്‍സ്‌ ആന്‍ഡ്‌ ടെക്‌നോളജിയിലെ ജുക്ക ജൊകേല ഉള്‍പ്പെട്ട അന്താരാഷ്ട്രസംഘമാണ്‌ പഠനം നടത്തിയത്‌. ഇരുവിഭാഗം ഒച്ചുകളുടെയും എണ്ണം, ഓരോ വിഭാഗത്തെയും പാരസൈറ്റുകള്‍ ബാധിക്കുന്നതിന്റെ തോത്‌ തുടങ്ങിയവയാണ്‌ പഠനവിധേയമാക്കിയത്‌.

പഠനം തുടങ്ങിയ കാലത്ത്‌ അലൈംഗീക പ്രക്രിയ വഴിയുണ്ടായ ക്ലോണുകള്‍ ധാരാളമുണ്ടായിരുന്നു. എന്നാല്‍, പാരസൈറ്റ്‌ ബാധ ആരംഭിച്ചതോടെ അവയുടെ സംഖ്യ ഗണ്യമായി കുറയാനാരംഭിച്ചതായി ഗവേഷകര്‍ കണ്ടു. ചില ക്ലോണ്‍ തായ്‌വഴികള്‍ തീര്‍ത്തും ഇല്ലാതായി. അതേസമയം, ലൈംഗീക പ്രക്രിയയിലേര്‍പ്പെടുന്ന ഒച്ചുകളുടെ എണ്ണം എല്ലാക്കാലത്തും ഏതാണ്ട്‌ സ്ഥിരമായി നിലനിന്നു.

പരിണാമശാസ്‌ത്രത്തിലെ പാരസൈറ്റ്‌ സിദ്ധാന്തം പ്രവചിക്കുന്ന അതേ പാറ്റേണില്‍ തന്നെയാണ്‌ കാര്യങ്ങള്‍ എന്ന്‌ ഈ പഠനം വ്യക്തമാക്കുന്നതായി ഗവേഷകര്‍ പറയുന്നു. "പാരസൈറ്റുകള്‍ സുലഭമായുള്ള പരിസ്ഥിതികളില്‍ ലൈംഗീക പ്രജനനം, പരിണാമപരമായി മേല്‍കൈ നേടുന്നു എന്നാണ്‌ പഠനഫലം തെളിയിക്കുന്നത്‌"-ജൊകേല പറയുന്നു.

രതിയുടെ ആനന്ദത്തിന്‌ നമ്മള്‍ കടപ്പെട്ടിരിക്കുന്നത്‌ പാരസൈറ്റുകളോടാണ്‌ (അവ അത്ര നല്ല പുള്ളികളല്ലെങ്കിലും) എന്നുസാരം.
(അവലംബം: അമേരിക്കന്‍ നാച്ചുറലിസ്‌റ്റ്‌)

കാണുക

11 comments:

Joseph Antony said...

സെക്‌സിന്‌ കാരണം പരാന്നഭോജികളോ. പരിണാമ ശാസ്‌ത്രപരമായി അതാണ്‌ ശരിയെന്ന്‌ പുതിയൊരു പഠനം പറയുന്നു. രതിയുടെ ആനന്ദത്തിന്‌ നമ്മള്‍ കടപ്പെട്ടിരിക്കുന്നത്‌ പാരസൈറ്റുകളോടാണത്ര!

അനില്‍@ബ്ലോഗ് // anil said...

പരാന്നഭോജികളെ പ്രതിരോധിക്കുക എന്ന് സ്പെസിഫിക്കായി പറയാന്‍ പറ്റുമോ മാഷെ?

വ്യസ്ത്യസ്ഥങ്ങളായ വിവിധ കോമ്പിനേഷനുകളുണ്ടാവാനായ് പ്രകൃതി രൂപപ്പെടുത്തിയ ടെക്നോളജി ആണ് ലൈംഗിക പ്രത്യുത്പാദനം എന്ന വിശാല അര്‍ത്ഥം മതിയാകും. അത് സര്‍വൈവല്‍ ഓഫ് ദ ഫിറ്റസ്റ്റ് എന്ന സിദ്ധാന്തത്തിനോട് ചേര്‍ന്നു പോവുകയും ചെയ്യുന്നുണ്ടല്ലോ.
നല്ല കുറിപ്പ്.
ആശംസകള്‍.

ഫസല്‍ ബിനാലി.. said...

arivu pakarnna post

Anil cheleri kumaran said...

പുതിയ അറിവുകൾക്ക് നന്ദി.

ബിജു ചന്ദ്രന്‍ said...

very interesting article!

ഉടുക്കാക്കുണ്ടന്‍ said...

ഞാന്‍ പോണു

bright said...

ഇതൊരു പുതിയ തിയറിയാണെന്നു തോന്നുന്നില്ല.പുതിയ തെളിവ് എന്നു പറയുന്നതായിരിക്കും ശരി.ഈ തിയറി രസകരമായി വിവരിക്കുന്ന ഒരു പുസ്തകം ഒരു പതിനഞ്ച് വര്‍ഷം മുന്‍പെങ്കിലും ഞാന്‍ വായിച്ചിട്ടുണ്ട്.The Red Queen: Sex and the Evolution of Human Nature
by Matt Ridley.ഈ വിഷയം രസകരമായി അവതരിപ്പിക്കുന്ന മറ്റൊരു പുസ്തകം
Why Is Sex Fun?: The Evolution Of Human Sexuality
by Jared Diamond.ഞാന്‍ വായിച്ചത് പത്തു വര്‍ഷമെങ്കിലും മുന്‍പാണ്.(ഓ. ടി. മലയാളത്തില്‍ ഇതുപോലത്തെ ശാസ്ത്രപുസ്തകങ്ങള്‍ ഉണ്ടാകാത്തതെന്ത് എന്നു വളരെ ആലോചിച്ചിട്ടുണ്ട്. നമ്മുടെ ശാസ്ത്രസാഹിത്യത്തിന്, ബാലസാഹിത്യത്തില്‍നിന്നും വളരെ വ്യത്യാസമൊന്നുമില്ല.)

Joseph Antony said...

അനില്‍,
ഫസല്‍,
കുമാരന്‍,
ബിജു ചന്ദ്രന്‍,
ഉടുക്കാക്കുണ്ടന്‍ (ആഹാ, ഈ പേര്‌ പരിണാമത്തിന്റെ ഫലമാണെന്ന്‌ ഉറപ്പ്‌),
ബ്രൈറ്റ്‌,

ഇവിടെയെത്തി വായിച്ച്‌ കമന്റിട്ടതില്‍ സന്തോഷം.

ബ്രൈറ്റ്‌ സര്‍, ഫീഡ്‌ബാക്കിന്‌ നന്ദി. താങ്കള്‍ പറഞ്ഞത്‌ നൂറ്‌ ശതമാനം ശരി. തീര്‍ച്ചയായും ഇതൊരു പുതിയ ആശയമല്ല. പരിണാമശാസ്‌ത്രത്തില്‍ സെക്‌സിനെ സംബന്ധിച്ച്‌ നിലവിലുള്ള നിഗമനം എന്ന്‌ പറഞ്ഞ്‌ പാരസൈറ്റുകളുടെ പങ്ക്‌ വിവരിച്ചിരിക്കുന്നത്‌ അതുകൊണ്ടാണ്‌. Matt Ridley യുടെയും Jared Diamond ന്റെയും പുസ്‌തകങ്ങളെക്കുറിച്ച്‌ സൂചിപ്പിച്ചതും ഉചിതമായി. (മലയാളത്തില്‍ ഇത്തരം പുസ്‌തകങ്ങള്‍ ഉണ്ടാകാത്തതിന്റെ ഗുഡ്ഡന്‍സ്‌ ഇതുവരെ മനസിലായിട്ടില്ലേ; ആരും അതിന്‌ മെനക്കെടാത്തകൊണ്ടു തന്നെ.

sainualuva said...

Very Interesting article ..thank you ..sir..

Mahesh V said...

പുതിയ അറിവുകൾക്ക് നന്ദി.

Pramod said...

Oru samsayam chodikkatte...ee allaingiga prakriya vazhi prathyulpadanam nadathumbol ee andavum beejavum vende...ithu randum oru jeeviyil thanne undavumo..? pls reply