Saturday, December 01, 2007

സ്വവര്‍ഗപ്രേമികളെ എച്ച്‌.ഐ.വി.വേട്ടയാടുന്നു: പഠനം

ലോകത്ത്‌ എച്ച്‌.ഐ.വി. ബാധിതരുടെ സംഖ്യ കുറയുമ്പോഴും സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാര്‍ക്കിടയില്‍ വൈറസ്‌ബാധ ഭയാനകമാംവിധം ഏറുന്നതായി പഠനറിപ്പോര്‍ട്ട്‌. ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാജ്യങ്ങളില്‍ സ്വവര്‍ഗപ്രേമികള്‍ക്കിടയില്‍, പൊതുസമൂഹത്തെ അപേക്ഷിച്ച്‌ 20 മടങ്ങ്‌ കൂടുതലാണ്‌ വൈറസ്‌ബാധയുടെ തോതെന്ന്‌ റിപ്പോര്‍ട്ട്‌ മുന്നറിയിപ്പു നല്‍കുന്നു.

എച്ച്‌.ഐ.വി.ബാധ തടയാനുള്ള നയരൂപവത്‌ക്കരണത്തില്‍ ഈ വസ്‌തുത പ്രാധാന്യത്തോടെ പരിഗണിക്കണമെന്നാണ്‌ ഗവേഷകരുടെ അഭിപ്രായം.അമേരിക്കയില്‍ ജോണ്‍സ്‌ ഹോപ്‌കിന്‍സ്‌ സര്‍വകലാശാലയിലെ ക്രിസ്‌ ബെയ്‌റേറും സംഘവുമാണ്‌ പഠനം നടത്തിയത്‌. ഏഷ്യ, ആഫ്രിക്ക, അമേരിക്ക തുടങ്ങിയ മേഖലകളിലെ 38 രാജ്യങ്ങളില്‍ എച്ച്‌.ഐ.വി.ബാധയെക്കുറിച്ചു നടന്ന 83 പഠനറിപ്പോര്‍ട്ടുകളെ വിശകലനം ചെയ്യുകയാണ്‌ ബെയ്‌റേറും സംഘവും ചെയ്‌തത്‌.

സാധാരണക്കാരെ അപേക്ഷിച്ച്‌ സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാര്‍ക്ക്‌ വൈറസ്‌ ബാധയുണ്ടാകാനുള്ള സാധ്യത ശരാശരി 19 ശതമാനമാണെങ്കിലും, ചില രാജ്യങ്ങളില്‍ അത്‌ 100 ശതമാനം വരെ കൂടുതലാണെന്ന്‌ 'പ്ലോസ്‌ മെഡിസിന്‍' എന്ന ഓണ്‍ലൈന്‍ പ്രസിദ്ധീകരണത്തിലെ റിപ്പോര്‍ട്ട്‌ പറയുന്നു.
ഭൂമുഖത്ത്‌ എച്ച്‌.ഐ.വി.ബാധയുടെ തീഷ്‌ണതയില്‍ നേരിയ കുറവുണ്ടായതായി ലോകാരോഗ്യ സംഘടന (ഡബ്ല്യു.എച്ച്‌.ഒ) വെളിപ്പെടുത്തിയിട്ട്‌ ഒരാഴ്‌ചയേ ആകുന്നുള്ളു. അപ്പോഴാണ്‌ പുതിയ പഠനറിപ്പോര്‍ട്ട്‌ പുറത്തു വന്നിരിക്കുന്നത്‌. ലോകത്ത്‌ എച്ച്‌.ഐ.വി.ബാധിതരുടെ സംഖ്യ പോയ വര്‍ഷം 395 ലക്ഷമായിരുന്നത്‌, 2007-ല്‍ 332 ലക്ഷമായി കുറഞ്ഞു. 2007-ല്‍ മാത്രം 25 ലക്ഷം പേര്‍ക്ക്‌ ആ മാരകവൈറസ്‌ ബാധിച്ചു. 21 ലക്ഷം പേര്‍ എയ്‌ഡ്‌സ്‌ മൂലം ഈ വര്‍ഷം മരിച്ചതായും ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നു.

ഇന്ത്യയില്‍ എച്ച്‌.ഐ.വി.ബാധിതരുടെ സംഖ്യ മുമ്പ്‌ റിപ്പോര്‍ട്ടു ചെയ്‌തതിലും കുറവാണെന്ന്‌ ലോകാരോഗ്യ സംഘടന പറയുന്നു. ലോകത്ത്‌ വൈറസ്‌ ബാധിക്കുന്നവരുടെ സംഖ്യ ഏറ്റവും ഉയര്‍ന്ന തോതിലായിരുന്നത്‌ 1990-കളിലാണ്‌. ആ കലയളവില്‍ ശരാശരി 30 ലക്ഷം പേര്‍ക്ക്‌ ഓരോ വര്‍ഷവും എച്ച്‌.ഐ.വി.ബാധ ഉണ്ടായിരുന്നു. ഈ വര്‍ഷമത്‌ 25 ലക്ഷമായി. എന്നുവെച്ചാല്‍, ഇപ്പോള്‍ ലോകത്ത്‌ ദിവസവും 6800 പേര്‍ക്ക്‌ പുതിയതായി എച്ച്‌.ഐ.വി.ബാധിക്കുന്നു എന്നു സാരം. എയ്‌ഡ്‌സ്‌ ബാധിച്ച്‌ മരിക്കുന്നവരുടെ സംഖ്യയിലും കഴിഞ്ഞ ഏതാനും വര്‍ഷമായി കുറവു വന്നിട്ടുണ്ട്‌. കൂടുതല്‍ ഫലപ്രദമായ വൈറസ്‌ പ്രതിരോധ മരുന്നുകള്‍ രംഗത്തെത്തിയതാണ്‌ കാരണം.(അവലംബം: പ്ലോസ്‌ മെഡിസിന്‍, കടപ്പാട്‌: മാതൃഭൂമി)

21 comments:

Joseph Antony said...

ഇന്ത്യയുള്‍പ്പടെയുള്ള ദരിദ്രരാജ്യങ്ങളില്‍ സ്വവര്‍ഗപ്രേമികളായ പുരുഷന്‍മാര്‍ക്കിടയില്‍, പൊതുസമൂഹത്തെ അപേക്ഷിച്ച്‌ എച്ച്‌.ഐ.വി.ബാധയുടെ 20 മടങ്ങ്‌ കൂടുതലാണെന്ന്‌ പഠനറിപ്പോര്‍ട്ട്‌. എയ്‌ഡ്‌സ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നവര്‍ ഇക്കാര്യം ഗൗരവത്തോടെ പരിഗണിക്കണമെന്ന്‌ ഗവേഷകര്‍ ആവശ്യപ്പെടുന്നു.

Inji Pennu said...

സ്വവര്‍ഗ്ഗപ്രേമികളില്‍ മാത്രമല്ലല്ലോ സിംഗിള്‍ പാര്‍ട്ടണേര്‍സ് ഉപയോഗിക്കാത്തതുകൊണാണ് എയ്ഡ്സ് വരുന്നതു. ഇങ്ങിനെ ഒരു ടൈട്ടില്‍ അല്പം തെറ്റിദ്ധാരണ പരത്തുമോയെന്ന് ഒരു ശങ്ക. കാരണം എയ്ഡസ് തുടങ്ങിയപ്പോള്‍ ഇതു സ്വവര്‍ഗ്ഗപ്രേമികളില്‍ മാത്രം കണ്ട് വരുന്ന (ദൈവം ശിക്ഷിച്ച) ഒന്നായി കണ്ടിരുന്നു പാ‍ശ്ചാത്യ രാജ്യങ്ങളില്‍. അതുകൊണ്ട് തന്നെ അവരെ ‘ദൈവം ശിക്ഷിക്കട്ടേ’ എന്ന് കരുതി കയ്യൂം കെട്ടിയിരുന്നൂ ഭരണകൂടം. മാത്രമല്ല, അവര്‍ ആ കാരണങ്ങള്‍ കൊണ്ട് തന്നെ വളരെയധികം വേട്ടയാടപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഇത് സ്വവര്‍ഗ്ഗപ്രേമികളേക്കാളും ഡിഫ്രന്റ് പാര്‍ട്ടണേര്‍സ് ഉള്ളവരില്‍ സാദ്ധ്യത കൂടുതലാവനാണ് ചാന്‍സ് എന്നതാണ് കൂടുതല്‍ ശരി. അല്ലേ?

vadavosky said...

ഇന്‍ഡ്യയിലെ HIV ബാധിതരുടെ എണ്ണത്തെക്കുറിച്ച്‌ ഒരു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫണ്ട്‌ അടിച്ചുമാറ്റാന്‍ വേണ്ടി NGO മാഫിയ പടച്ചുണ്ടാക്കുന്ന കണക്കുകള്‍ വിശ്വസനീയമാണോ. രാജ്യത്തെ ഏറ്റവും വലിയ മാഫിയകളില്‍ ഒന്നാണ്‌ HIV-NGOകള്‍.ഇതിനെപറ്റി ഒരു ചര്‍ച്ച വേണ്ടതാണ്‌.
injipenn-ന്റെ കമന്റ്‌ പിന്താങ്ങുന്നു.

ശ്രീവല്ലഭന്‍. said...

ഡിസംബര്‍ 1, ഇന്ന് ലോക AIDS ദിനം. അതിന് ഉചിതമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍.

പറഞ്ഞിരിക്കുന്നതെല്ലാം സത്യം തന്നെയാണ്. സ്വവര്‍ഗ പ്രേമികളുടെയിടയില്‍് HIV ബാധിക്കാനുള്ള സാധ്യത വളരെയധികം ഉണ്ട്. അതിനുള്ള കാരണങ്ങള്‍ പലതാണ്. സ്വവര്‍ഗ രതി HIV ബാധയ്ക്കു കാരണമാണെന്ന് പലര്‍ക്കും അറിയാത്തിനാല്‍് തന്നെ മുന്‍ കരുതലുകള്‍ (use of condom) എടുക്കാറില്ല.അതുപോലെ തന്നെ ബയോളജിക്കലായി ഏറ്റവും റിസ്ക് കൂടുതലുള്ള സെക്സ്‌ anal sex ( lubrication ഇല്ലാത്തതിനാല്‍) സ്ത്രീ-പുരുഷ ബന്ധങ്ങളെയപെക്ഷിച്ചു ഇവരുടെയിടയില്‍് HIV കൂടാനായി കാരണമാണ്.

നമ്മുടെ ഇടുങ്ങിയ ചിന്താഗതികളും ഇവരോടുള്ള സമീപനവും ഇവരെ മുഖ്യധാരയില്‍ നിന്നകറ്റുന്നതിനും, ഇവര്‍ മുന്കരുതലുകള്‍ എടുക്കാതിരിക്കുന്നതിനും, ചികിത്സകള്‍ തേടാതിരിക്കുന്നതിനും മാത്രമെ സഹായിക്കുകയുള്ളു.അതുകൊണ്ടു തന്നെ, സ്വര്‍ഗ പ്രേമികളുടെ ഇടയില്‍ HIV പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയില്‍ ഈ അടുത്ത സമയത്താണ് പലയിടങ്ങളിലും തുടങ്ങിയത് (കേരളത്തില്‍ 1997-ല്‍ തുടങ്ങിയതാണ്) .


ഇതിനര്‍ത്ഥം സ്ത്രീ പുരുഷ ബന്ധത്തില്‍ ഈ റിസ്കുകള്‍ ഇല്ലെന്നല്ല. സ്ത്രീ പുരുഷ ലൈംഗിക ബന്ധമാണ് ഏറ്റവും കു‌ടുതല്‍ നടക്കുന്നത് എന്നത് കൊണ്ടു തന്നെ അത് വഴിയുള്ള HIV ബാധ തടയാനുള്ള പ്രവര്‍ത്തനങ്ങളും ത്വരിത ഗതിയില്‍ നടത്തേണ്‍്ടതുണ്‍്ട്.ഒരു പുരുഷനെ മാത്രം (ഭര്‍ത്താവിനെ) സ്നേഹിച്ചു കഴിയുന്ന സ്ത്രീകളുടെയിടയിലേക്ക് HIV വളരെയധികം ബാധിച്ചു കഴിഞ്ഞതായി ആന്ധ്രാപ്രദേശ്, തമിഴ്നാട് എന്നിവിടങ്ങളില്‍ ജോലി ചെയ്തപ്പോള്‍ മനസ്സിലായി.

ശ്രീവല്ലഭന്‍. said...

വടവോസ്കിയുടെ കമന്റ് ഇപ്പോള്‍ കണ്ടു. ഈ 'HIV' NGO കളില്‍ 7 വര്ഷം ജോലി ചെയ്തതുകൊണ്ടു മറുപടി ഇടാന്‍ തോന്നി. ഈ 'മാഫിയ' കളെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതോടൊപ്പം തന്നെ, AIDSinte വിപത്തുകളെക്കുറിച്ചും നമ്മള്‍ മനസ്സിലക്കെന്ടതുണ്‍്ട്.

"ഇന്‍ഡ്യയിലെ HIV ബാധിതരുടെ എണ്ണത്തെക്കുറിച്ച്‌ ഒരു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്‌"

തര്‍ക്കം ഉണ്ടായിരുന്നു എന്നാണ് ശരി.
35 ലക്ഷം AIDS ബാധിതര്‍ 2005-ല്‍ ഉണ്ടെന്നു സര്ക്കാരിന്റെ കണക്കുകള്‍ ലോകാരോഗ്യ സംഘടന, UNAIDS എന്നിവയുമായി ആലോചിച്ചു തയാറാക്കിയ റിപ്പോര്ടുകളില്‍ പറയുന്ന്നു. ഈ കണക്കുകള്‍ തയ്യാറാക്കുന്നത് താങ്കള്‍ പരയുന്നതുപോലെ 'വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഫണ്ട്‌ അടിച്ചുമാറ്റാന്‍ വേണ്ടി NGO മാഫിയ പടച്ചുണ്ടാക്കുന്ന' കണക്കുകള്‍ അല്ല. സര്‍ക്കാരും അന്താരാഷ്ട്ര സംഘടനകളും ചേര്ന്നു ജനങ്ങളുടെയിടയില്‍് നടത്തുന്ന പഠനങ്ങളുടെ അടിസ്ഥാനത്തിലാണ്. അതിനവര്‍ ആശ്രയിക്കുന്നത് പ്രസവത്ത്തിനായി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്ന സ്ത്രീകള്‍, ലൈംഗിക തൊഴിലാളികള്‍, സ്വവര്‍ഗ പ്രേമികള്‍, മയക്കു മരുന്നു ഉപയോഗിക്കുന്നവര്‍ എന്നിവരുറെയിടയിലെ HIV prevalence ആണ്.

1122 സൈറ്റുകളിലേയ്ക്ക് 2006-ല്‍ ഭാരത ഗവണ്മെന്റ് പഠനം വ്യാപിപ്പിക്കുകയും കു‌ടുതല്‍ data കിട്ടിയതിന്റെ ഫലമായി ഇപ്പോള്‍ 25 ലക്ഷം പേര്‍ക്ക് HIV ഉന്ടെന്നുമാണ് അനുമാനം. ഇതും ചോദ്യം ചെയ്യപ്പെടാമെന്കിലും (കാരണം രോഗങ്ങളെ കുറിച്ചു ഒരു കണക്കുകളും 100% കൃത്യമായി പറയാന്‍ സാധിക്കുകയില്ലെന്നത് തന്നെ. ഈ കണക്കുകള്‍ NGO പറയുന്നതല്ല.

chithrakaran ചിത്രകാരന്‍ said...

നല്ല പൊസ്റ്റ്. നന്ദി.

oru blogger said...

മാഷെ..
സാന്‍ ഹോസെയില്‍ നിന്നുമൊരു ഹലൊ:)സാന്‍ ഫ്രാന്‍സിസ്കോയിക്കടുത്താണ് കേട്ടോ:)
മനു

ഇന്ത്യ ഗവര്‍ണ്മെന്റ് ജ്ഞാനവും, തന്റേടമുള്ള ഒരു ആരോഗ്യമന്ത്രിയെ നിയമിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു!

കാട്ടുപൂച്ച said...

ആന്ത്രത്തിനു് ഏന്ത്രം കെട്ടിയാൽ മതിയോ?

absolute_void(); said...

ഇഞ്ചിപ്പെണ്ണ് പറഞ്ഞതിനോടാണ് യോജിപ്പ്. കൂടുതല്‍ പങ്കാളികളുമൊത്തുള്ള അസുരക്ഷിതമായ ലൈംഗിക ബന്ധമാണ് എയ്.ഡ്.സ് വ്യാപനത്തെ ത്വരിതപ്പെടുത്തുന്നത്. അതിന് ഗേ - ലെസ്.ബിയന്‍ - ബൈ സെക്ഷ്വല്‍ - എന്നിങ്ങനെ വ്യത്യാസമുണ്ടെന്ന് കരുതുന്നില്ല. എന്നാല്‍ ഗുദഭോഗം ഗേകള്‍ക്കിടയില്‍ കൂടുതലായതിനാല്‍ ആവൃത്തിയും കൂടുതലായിരിക്കാം.

മുക്കുവന്‍ said...

എന്തിനീ വയ്യാവേലിക്ക് പോണൂ... നാട്ടിലെ പട്ടീടെ പോലെ സുഖിച്ച് നടന്നാല്‍ ഇതിലും വലുത് പ്രതീക്ഷിക്കാം!

vadavosky said...

ശ്രീ ശ്രീവല്ലഭന്‌:- ഇന്‍ഡ്യയില്‍ 60 ലക്ഷം HIV ബാധിതരുണ്ടെന്ന് കണക്കാക്കിയത്‌ UNAIDSന്റെ കണക്കൂകൂട്ടലിലുണ്ടായ ചില തെറ്റുകള്‍മൂലമാണ്‌. കണക്കുകൂട്ടാന്‍ ഉപയോഗിച്ച assumptionന്റെ പ്രശ്നം. ഇന്‍ഡ്യഗവണ്‍മന്റ്‌ 25 ലക്ഷമാണ്‌ എന്നു പറഞ്ഞിട്ടും UNAIDS അത്‌ അംഗീകരിച്ചത്‌ ഒരാഴ്ച്ച മുന്‍പാണ്‌. അത്‌ താങ്കള്‍ക്ക്‌ അറിയാമെന്നു കരുതുന്നു. അതുകൊണ്ട്‌ ചിലര്‍ക്കെങ്കിലും ഗുണമുണ്ടായി. BillGates Fountation മാത്രം 222 million dollor ആണ്‌ HIV awarness programmes ന്‌ മാത്രമായി donate ചെയ്തത്‌. അതൊക്കെ എന്തുചെയ്തെന്ന് ആരും ചോദിക്കുന്നില്ല. HIV-NGO sectorലെ ശംബള വര്‍ധന മാത്രം മതി എന്തുമാത്രം ഫണ്ട്‌ വരുന്നു എന്നതിന്‌ തെളിവ്‌. ഈ രംഗത്ത്‌ ജോലി ചെയ്ത താങ്കള്‍ക്ക്‌ അതറിയാമെന്നു കരുതുന്നു. ഈ രാജ്യത്ത്‌ ഒരുവര്‍ഷം 5 ലക്ഷത്തിലേറെ പേര്‍ TB വന്നു മരിക്കുന്നുണ്ട്‌. AIDS വന്നുമരിക്കുന്നവര്‍ ഒരു ലക്ഷത്തിലേറെയില്ലെന്നോര്‍ക്കണം. AIDS awareness ല്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ ആള്‍ക്കാരെല്ലം. അല്ലാതെ ഒരു public health awareness ഉണ്ടാക്കാന്‍ ആരും ശ്രമിക്കാത്തത്‌ എന്തുകൊണ്ടാണ്‌. നമ്മുടെ മൊത്തം health financeല്‍ വെറും 2 ശതമാനം മാത്രമാണ്‌ വിദേശസഹായം. HIV രംഗത്ത്‌ 50 ശതമാനത്തില്‍ കൂടുതല്‍ വിദേശ ധനമാണ്‌.

HIV രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു legal firm ഇതുവരെ 12 കോടി രൂപ വിദേശഫണ്ട്‌ കൈപറ്റിയെന്നാണ്‌ കേള്‍ക്കുന്നത്‌. അതെന്തു ചെയ്താവോ.

ശ്രീവല്ലഭന്‍. said...

പ്രിയ വടവോസ്കി,
താങ്കളുടെ ചോദ്യങ്ങള്‍ പലതും വളരെ പ്രസക്തമാണ്. ഞാന്‍ ഇവിടെ അധികം സ്ഥലം ചിലവാക്കാനുദ്ദേശമില്ലത്തതിനാല്‍് ചില ലിങ്കുകള്‍ ഇടുന്നു- HIV കണക്കുകളെ കുറിച്ചു. UNAIDS ജൂലൈ 6-അം തീയതി ഇന്ത്യ ഗവണ്മെന്റിന്റെ വാദഗതി അംഗീകരിച്ചു കൊണ്ടു ഇട്ട പത്രക്കുറിപ്പ് ആദ്യത്തേത് (ഒരാഴ്ച മുന്പല്ല). 2006 ഡിസംബറില്‍ ആണ് ഇന്ത്യ ഗവണ്മെന്റ് തങ്ങളുടെ കണക്കുകളില്‍ വ്യത്യാസം വരുത്തിയത്‌.പിന്നീട് ചര്‍ച്ചകളും മറ്റും കഴിഞ്ഞു ജൂലൈയില്‍ എല്ലാവരും അംഗീകരിച്ചു. ഈ വിശദീകരണക്കുറിപ്പ് കണക്കുകള്‍ എന്താണ് തെറ്റിയതെന്നു വിശദീകരിക്കുന്നു. രണ്ടാമാത്തെത് ഇന്ത്യയില്‍ HIV കണക്കുകളുണ്ടാകുന്നതെങ്ങിനെയെന്നു വിശദീകരിക്കുന്നു.

http://data.unaids.org/pub/PressRelease/2007/070706_indiapressrelease_en.pdf

http://164.100.12.21/upload/Documents/HIV%20Sentinel%20Surveillance%20and%20HIV%20Estimation,%202006.pdf

ഗേറ്റ്സ് ഫൌണ്ടേഷന്‍ 2007-ല മാത്രം 8 billion US$ ഗ്രാന്റ്റ് ആയി കൊടുത്തതില്‍ 20% HIV & TB ക്കാണ്. ഇന്ത്യയില്‍ 220 millilon US$ 2004-ല്‍ കൊടുത്തത് (5 വര്‍ഷത്ത്തെയ്ക്കു) HIV പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാന്. വെറും 750,000 HIV ബാധിതരുള്ള ചൈനയിലും അവര്‍ 100 million US$ കൊടുക്കുന്നതായി കേട്ടു. അതായത് HIV വരാനുള്ള സാധ്യത മുന്നില്‍ കണ്ടു പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയില്ലെങ്കില്‍ നമുക്കും ആഫ്രിക്കയിലെ പോലെ അല്ലെങ്കിലും ലക്ഷക്കണക്കിനാളുകള്‍ മരിക്കുന്നതും ആരോഗ്യ മേഖലയ്ക്ക് താങ്ങാവുന്നതിനപ്പുറം പോകുകയും ചെയ്യും.

Sorry for a long rejoinder.If Ja wish, we could continue the discussion here. otherwise, I can discuss in my blog- please visit http://kuruppintefielddiary.blogspot.com/

Disclaimer: I do not represent, or have never represented any of the above organisations (except for the NGOs until 2005 March. My interest is mainly because of seeing many people dying of AIDS in India.

Joseph Antony said...

പ്രിയ സുഹൃത്തുക്കളെ,
വളരെ പ്രസക്തമായ ചര്‍ച്ച തന്നെയാണ്‌ നിങ്ങള്‍ നടത്തുന്നത്‌. ഇഞ്ചി പെണ്ണ്‌ തികച്ചും പ്രസക്തമായ വിധത്തില്‍ ആരംഭിച്ചു. വടവോസ്‌കി തികഞ്ഞ ആത്മാര്‍ഥതയോടെ ആ സംശയം ഉന്നയിച്ചു. ശ്രീവല്ലഭന്‍ അതിന്‌ അനുഭവത്തിന്റെയും ധാരണയുടെയും അടിസ്ഥാനത്തില്‍ വിശദീകരണം നല്‍കി. സെബിനും ചര്‍ച്ചയില്‍ പങ്കാളിയായി. ചിത്രകാരന്‍, തമ്പിയളിയന്‍, കാട്ടുപൂച്ച എന്നിവരും അഭിപ്രായം അറിയിച്ചു പോയി. മുക്കുവന്‍ കടുത്ത ഭാഷയില്‍ തന്നെ കമന്റ്‌ പാസാക്കി.

ഈ ചര്‍ച്ചയ്‌ക്ക്‌ എല്ലാവര്‍ക്കും നന്ദി, തികഞ്ഞ ആത്മാര്‍ഥതയ്‌ക്കും.
ശ്രീവല്ലഭന്‍, തീര്‍ച്ചയായും ഇവിടെ ചര്‍ച്ച തുടരുന്നതില്‍ ഒരു വിരോധവുമില്ല.

ദേവന്‍ said...

അവസരോചിതമായി ജോസഫ് മാഷേ.

സെബിന്‍ മാഷേ, സ്വ്വവര്‍ഗ്ഗ പ്രേമികളെ അംഗീകരിക്കുകയോ സ്ഥാവരബന്ധം സ്ഥാപിക്കാന്‍ അവരെ സമ്മതിക്കുകയോ ചെയ്യാത്തത് അവരെ മള്‍ട്ടിപ്പിള്‍ പാര്‍ട്ട്ണര്‍ ബന്ധങ്ങളിലേക്ക് നീക്കുകയും ചെയ്യുന്നുണ്ടെ. സദാചാരം പോയവര്‍ക്കിടയില്‍ ഇനിയെന്തു സമൂഹനിയമം എന്ന രീതിയിലാണു നമ്മുടെ അപ്പ്രോച്ച്. സ്വവര്‍ഗ്ഗരതി എന്ന കൃത്രിമവാക്കിന്റെ പച്ചമലയാളം പദത്തിന്റെ (പൊതുവില്‍ ആ വാക്ക് അശ്ലീലമായിട്ട് നമ്മള്‍ കൂട്ടുന്നതിനാല്‍ എഴുതുന്നില്ല) വാഗര്‍ത്ഥം ബാലന്മാരോട് ബന്ധപ്പെടുന്ന ആള്‍ എന്നാണ്. പീഡറാസ്റ്റിയേയും സ്വവര്‍ഗ്ഗരതിയേയും രണ്ടായി കാണാനുള്ള വിവേകം പോലും നമുക്കില്ല.

ഇഞ്ചീ, ഈ ശാപം കിട്ടിയ വര്‍ഗ്ഗം എന്ന ആംഗിള്‍ നന്നായി അവതരിപ്പിച്ച ഒരു ചിത്രമാണ് ഫിലാഡെല്‍ഫിയ.

vadavosky said...

ശ്രീ വല്ലഭന്‍,

ഈ രംഗത്ത്‌ NGO കളുടെ പങ്കാളിത്തം എത്രമാത്രം ഗുണം ചെയ്തു എന്നാണ്‌ അന്വേഷിക്കേണ്ടത്‌. പ്രത്യേകിച്ചും ഇത്രയധികം ഫോറിന്‍ പണം ഒഴുകുന്ന സാഹചര്യത്തില്‍. ഇന്‍ഡ്യപോലെ ഇത്രയധികം ജനസംഖ്യയുള്ള രാജ്യത്ത്‌ ഒരു mass awareness ഉണ്ടാക്കാന്‍ ഒരു ചെറിയ ഏരിയയില്‍ പ്രവര്‍ത്തിക്കുന്ന ഒരു NGO ക്ക്‌ പരിധികളുണ്ട്‌. എന്തുകൊണ്ടാണ്‌ കേരളത്തിലെ സാക്ഷരതാ യഞ്ജം പോലെ ഒരു mass based social movement ഈ രംഗത്ത്‌ ഉണ്ടാകാത്തത്‌. കേരളത്തില്‍ പോലും HIV ബോധവല്‍ക്കരണം വലിയതോതില്‍ നടന്നിട്ടില്ല. NGO കളുടെ പങ്ക്‌ കുറച്ചു കാണുന്നില്ല. പക്ഷെ ഗവണ്മന്റ്‌ പങ്കാളിത്തത്തോടെ എല്ലാത്തരം ബഹുജനസംഘടനകളേയും യോജിപ്പിച്ചുള്ള ഒരു mass based social movement ഉണ്ടായാല്‍ മാത്രമെ ജനങ്ങളിലേക്ക്‌ HIV ക്ക്‌ എതിരെയുള്ള സന്ദേശം എത്തിച്ചേരുകയുള്ളൂ. അല്ലെങ്കില്‍ എല്ലാവരും കൂടി ഈ കാശെല്ലാം HIV/AIDS ബാധിതരുടെ പേരില്‍ തിന്ന് സുഖിക്കും. ഞാന്‍ ആദ്യം പറഞ്ഞതുപോലെ 12 കോടി കിട്ടിയ legal firm എന്ത്‌ awareness ഉണ്ടാക്കാനാണ്‌ ആ കാശ്‌ ചിലവാക്കിയത്‌.അല്ലെങ്കില്‍ HIVയുമായി ബന്ധപ്പെട്ട എന്ത്‌ കേസ്‌ നടത്തിയാണ്‌ ഇത്രയും കാശ്‌ ചിലവാക്കിയത്‌. NGO കള്‍ക്ക്‌ മാത്രമായി ഫണ്ട്‌ കൊടുക്കുമ്പോള്‍ ഉണ്ടാവുന്ന പ്രശ്നം അവര്‍ക്ക്‌ accountability, trasperency എന്നിവ ഇല്ല എന്നതാണ്‌.

കുറുപ്പിന്‌ എതിരഭിപ്രായം ഇല്ല എന്നു കരുതുന്നു.

ജോസഫ്‌ മാഷിന്റെ ബ്ലോഗിലെ സ്ഥലം ഇനി കളയുന്നില്ല.

Joseph Antony said...

വടവോസ്‌കി,
പുത്തന്‍ ലോകക്രമത്തിന്റെ വക്താക്കള്‍ ജനകീയ മുന്നേറ്റങ്ങളെയല്ല പ്രോത്സാഹിപ്പിക്കുന്നത്‌, പകരം തങ്ങള്‍ വരയ്‌ക്കുന്ന കളങ്ങള്‍ക്കുള്ളില്‍ കളിക്കുന്ന സര്‍ക്കാരേതിര സംഘടനകളെ(എന്‍.ജി.ഒ) ആണ്‌. എയ്‌ഡ്‌സ്‌ ബോധവത്‌ക്കരണ-പ്രതിരോധത്തിന്റെ കാര്യത്തിലും ഇത്‌ ശരിയാണെന്നു തോന്നുന്നു. പിന്നെ, സ്വവര്‍ഗപ്രേമം, ലൈംഗീകത്തൊഴില്‍ തുടങ്ങിയവയെപ്പറ്റി തുറന്ന ചര്‍ച്ചയ്‌ക്ക്‌ സമൂഹം തയ്യാറാകാത്തതും, ദേവന്‍ ചൂണ്ടിക്കാട്ടിയതു പോലെ 'സദാചാരം പോയവര്‍ക്ക്‌ ഇനിയെന്തു സാമൂഹിക നീയമം എന്നതു പോലുള്ള' നമ്മുടെ സമീപനവും, എന്‍.ജി.ഒ.കള്‍ക്കു മാത്രം പ്രവര്‍ത്തിക്കാനുള്ള വേദിയാക്കി എച്ച്‌.ഐ.വി.പ്രതിരോധ പ്രവര്‍ത്തനങ്ങളെ മാറ്റിയെന്നു തോന്നുന്നു. സമൂഹം അതിന്റെ കടമ മറക്കുമ്പോള്‍, ആ വിടവിലേക്ക്‌ പലരും കടന്നു വരിക സ്വാഭാവികം മാത്രം.

ശ്രീവല്ലഭന്‍. said...

" സമൂഹം അതിന്റെ കടമ മറക്കുമ്പോള്‍, ആ വിടവിലേക്ക്‌ പലരും കടന്നു വരിക സ്വാഭാവികം മാത്രം" ജോസഫ് മാഷേ, ഞാന്‍ പു‌ര്‍ണമായി യോജിക്കുന്നു.

സെബിന്‍ പറഞ്ഞതിനോടും യോജിക്കുന്നുവെന്കിലും പ്രാവര്‍ത്തികമാക്കുംപോള്‍ പലപ്പോഴും 'risk behaviour' ന്റെ രീതികള്‍ മനസ്സിലാക്കിയും അവരോടുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകളും മറ്റും മനസ്സിലാക്കി വേണം communication messages തയ്യാറാക്കേണ്‍്ടത്.

1998 മുതല്‍ 2001 വരെ കേരളത്തിലെ 40-ഓളം സര്‍ക്കാരിതര സംഘടനകള്‍ക്ക്‌ സഹായം നല്കുന്ന ഒരു സംഘടനയില്‍ പ്രവര്‍ത്തിച്ചു. അതില്‍ മലപ്പുറത്തെ കുടുംബശ്രീ, വയനാട്ടില്‍ ആദിവാസി യുവാക്കളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സംഘടന, ആലപ്പുഴയില്‍ മത്സ്യതോഴിലാളികലുടെ ഒരു സംഘടന അങ്ങിനെ പല കമ്യൂണിറ്റി based പരിപാടികളില്‍ HIV പ്രതിരോധ പ്രവര്ത്തനങ്ങള്‍്ക്ക്ഗ്രാന്‍്റ്റ് നല്‍കിയിരുന്നു. ഇവയില്‍ പലതും നല്ല രീതിയില്‍ തന്നെ HIV യെ കുറിച്ചു ബോധവല്‍ക്കരിക്കാന്‍ സഹായിച്ച്ചിട്ടുന്ടു.

പക്ഷെ ബോധവല്‍ക്കരണം അത്യാവശ്യ ഘടകമാണെങ്കിലും വെറും 'ബോധവല്‍ക്കരണം' മാത്രം കൊണ്ടു നിയന്ത്രിക്കാന്‍ കഴിയുന്നതല്ല HIV എന്നുള്ളതാണ് സത്യം. HIV basically മനുഷ്യന്‍റെ പെരുമാറ്റവുമായി (behaviour) ബന്ധപ്പെട്ട രോഗമാണ്. പൊതുജനാരോഗ്യ theory നോക്കിയാല്‍ പല സാംക്രമിക രോഗങ്ങളും ആദ്യം കാണുന്നത് ഒരു core ഗ്രൂപ്പില്‍ ആണ്. അത് പല കാരണങ്ങള്‍ കൊണ്ടാകാം.

HIV യുടെ കാര്യത്തില്‍ അത് ലൈംഗിക പെരുമാറ്റവും, മയക്കുമരുന്നുപയോഗവും മറ്റുമായി കൂടുതലും ബന്ധപ്പെട്ടിരിക്കുന്നു. ലൈംഗിക തൊഴിലാളികളുടെയടുത്തു പോയി ഉറ ഉപയോഗിക്കാത്ത പലരും അത് HIV വരാന്‍ സാധ്യതയുന്റെന്നു അറിയാത്തവരല്ല. മറിച്ച് ഉറ ഉപയോഗിക്കുന്നത് പുരുഷന് pleasure കുറയുമെന്ന ധാരണയും ഉറ ഉപയോഗിച്ചാല്‍ 'പുരുഷത്വത്തിനു' (എനിക്ക് ഇതുവരെ മനസ്സിലാകാത്ത ഒരു സാധനം) എന്തോ ഇടിച്ച്ചില്‍ വരുമെന്നുള്ള മിഥ്യാ ധാരണയും എല്ലാമാണ്. HIV തനിക്കുണ്‍്ടെന്നു പറഞ്ഞു രക്ഷപെടാന്‍ ശ്രമിച്ചാല്‍ പോലും പലരും rape ചെയ്യുന്നെന്നാണ് പല ലൈംഗിക തൊഴിലാളികളോട് സംസാരിച്ചതില്‍ നിന്നും മനസ്സിലായത്.

ഈ എഴുത്തും നീണ്ടു പോകുന്നു. വടവോസ്കിയോടു കുറച്ചു കു‌ടി വിശദീകരിക്കണമെന്നു തോന്നുന്നു. അടുത്തതില്‍.

ശ്രീവല്ലഭന്‍. said...

പ്രിയ വടവോസ്കി,

താങ്കളുടെ കമന്റിലെ ചില കാര്യങ്ങള്‍ക്ക് കുറച്ചുകൂടി വിശദീകരണം നല്കേണ്‍്ടതുന്ടെന്നു തോന്നി. വഴക്കടിക്കാനല്ല! നേരത്തെ സുചിപ്പിച്ചതുപോലെ താങ്കളുടെ പല കമന്റുകളും വളരെ പ്രസക്തമാണ്.

"ഈ രാജ്യത്ത്‌ ഒരുവര്‍ഷം 5 ലക്ഷത്തിലേറെ പേര്‍ TB വന്നു മരിക്കുന്നുണ്ട്‌. AIDS വന്നുമരിക്കുന്നവര്‍ ഒരു ലക്ഷത്തിലേറെയില്ലെന്നോര്‍ക്കണം."

TB യും HIV യും തമ്മില്‍ വളരെ ബന്ധമുണ്ട്‌. HIV വന്ന 60% പേരിലും TB ഉണ്ടാകാറുണ്‍്ടെന്നതു തന്നെ ഏറ്റ്വും വലിയ ബന്ധം. ഇന്ത്യയിലെ പാവപ്പെട്ടവരുടെയിടയില് HIV കൂടിയാല്‍ ഇതിന്റെ ശതമാനം അതിലും കൂടും. കാരണം പട്ടിണി, ജീവിത സാഹചര്യങ്ങള്‍, മരുന്നു ലഭിക്കതിരിക്കാനുള്ള സാധ്യത....അങ്ങിനെ നൂറ് കാരണങ്ങള് കൊണ്ടു. TB കണ്ട്രോള്‍ ചെയ്യാനുള്ള ഏറ്റവും വലിയ തടസ്സം ഇപ്പോള്‍ HIV ആണ്. കാരണം multi-drug resistant TB (മരുന്നുകള്‍ക്ക് resistant ആയ) ഇപ്പോള്‍ കൂടിക്കൊണ്ടിരിക്കുന്നതിനു പ്രധാന കാരണം HIV ആണ്.

ഇന്ത്യയുല്പ്പെടെ പല രാജ്യങ്ങളിലും TB പ്രോഗ്രാം വളരെയധികം പണം ചിലവാക്കുന്നുന്ടു. പല രാജ്യങ്ങളിലും 80% ലധികം പേര്‍ക്കും മരുന്നു കൊടുത്തിട്ടും തബ് കണ്ട്രോള്‍ ചെയ്യാന്‍ കഴിയുന്നില്ല (അങ്ങിനെയാണ്‌ കണക്ക്- 80% ലധികം പേരെ ചികിത്സിച്ചു കഴിഞ്ഞാല്‍ കണ്ട്രോള്‍ ചെയ്യാന്‍ പട്റെന്ടതാണ്).

പിന്നെ പോതുജന്നരോഗ്യത്ത്തില്‍ 10 പേര്‍ avian influenza വന്നു മരിക്കുന്നതിനു പ്രാമുഖ്യം കൊടുക്കേണ്ടി വരും. കാരണം അത് പകരാനുള്ള സാധ്യത കൂടുതലായതു കൊണ്ടും, ഇന്നത്തെ സാഹചര്യത്തില്‍ അത് ലോകത്തില്‍ ഉണ്ടാക്കിയേക്കാവുന്ന സാമുഹ്യ സാമ്പത്തിക പ്രതിസന്ധികളെയോര്‍ത്തും. HIV അങ്ങിനെ പെട്ടന്ന് പകരില്ലെന്കിലും, അത് individual, സമു‌ഹ തലത്തിലും അതുപോലെ രാജ്യത്തിനും ഉണ്ടാക്കാവുന്ന പ്രതിസന്ധി വളരെ വലുതാണെന്ന് പല ആഫ്രിക്കന്‍ രാജ്യങ്ങളിലും നോക്കിയാല് കാണാം.

നമ്മുടെ ഒരു കുട്ടി പനി വന്നു മരിക്കുന്നതും നാട്ടില്‍ 5000 പേര്‍ വെള്ളം പൊങ്ങി മരിക്കുന്നതും തമ്മില്‍ compare ചെയ്യുന്നത് ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. അതായത് നമുക്കു വേണ്‍്ടപ്പെട്ടവര്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ മാത്രമെ പലപ്പോഴും നമുക്കു അതിന്റെ ആഴം അറിയാന്‍ സാധിക്കുകയുള്ളൂ.

HIV രംഗത്ത് വിദേശധനം വരുന്നതിനെ നമ്മള്‍ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്? തീര്‍ച്ചയായും അതിലെ കണ്ടീഷനുകള് ഉണ്ടെങ്കില്‍ എതിര്ക്കപ്പെടേണ്ടതാണ്. ഇതില്‍ മിക്കവാറും എല്ലാം തന്നെ implement ചെയ്യുന്നത് ഇന്ത്യാക്കാര്‍ തന്നെയാണ്. നമ്മുടെ ആവശ്യം കൊണ്ടു മേടിക്കുന്നതാണോ ഈ വിദേശ ധനം? നമ്മുടെ ആവശ്യം വെള്ളമാണെന്നു വച്ചു വിദേശികലുടെ കയ്യിലിരിക്കുന്നത്‌ HIV ക്കുള്ള പൈസയാനെന്കില്‍ മു‌ന്നു കാര്യങ്ങള്‍ ചെയ്യാം. 1. വേണ്ടന്നു വയ്ക്കുക. 2. വാങ്ങിക്കുക, അവര് പറയുന്നതു പോലെ ചെയ്യുക 3. negotiate ചെയ്തു കൊണ്ടു വാങ്ങിക്കുകയും നമ്മുടെ രാജ്യത്തിനാവശ്യമായ രീതിയില്‍ HIV പ്രോഗ്രാം ഡിസൈന്‍ ചെയ്യുക. ഇതില്‍ മൂന്നാമത്തേതു ചെയ്യുന്നത് ഞാന്‍ കേരളത്തില്‍ കണ്ടിട്ടുണ്ട്. അതാണ് എനിക്ക് നല്ലതായി തോന്നിയത്.നല്ല ഭരണാധികാരികള്‍ (മന്ത്രിമാര്‍ വേണമെന്നില്ല) ഉണ്ടെങ്കില്‍ സാധിക്കും. ഇതൊക്കെ പണ്ടു നമ്മടെ കയ്യീന്നു അടിച്ചുമാറ്റിക്കൊന്ട്ട് പോയതല്ലേ മാഷേ.

"HIV-NGO sectorലെ ശംബള വര്‍ധന മാത്രം മതി എന്തുമാത്രം ഫണ്ട്‌ വരുന്നു എന്നതിന്‌ തെളിവ്‌."
ശരിയാണ്. HIV സെക്ടറില്‍ ശമ്പള വര്‍്ധനയുന്റായിട്ടു പോലും ശരിക്കും കയ്യിലെണ്ണാന്‍് പറ്റുന്ന ആള്‍ക്കാരെ നമ്മുടെ നാട്ടില്‍ ഇതിലേക്ക് വരുന്നുള്ളൂ. ഇതില്‍ ജോലി ചെയ്യുന്ന പലരും വീട്ടില്‍ പോലും HIV ഫീല്ടിലാണ് ജോലി ചെയ്യുന്നതെന്ന് പറയാന്‍ മടിക്കുന്നു. അവര്ക്കു ശരിക്കും പേടിയാണ് വീടുകാര്‍ എന്ത് വിചാരിക്കുമെന്ന്. നാട്ടുകാരുടെ കളിയാക്കല്‍ എന്ത് മാത്രമുന്റെന്നു ഈ ഫീല്‍ഡില്‍ ജോലി ചെയ്യുന്ന പലരോടും ചോദിച്ചാല്‍ മനസ്സിലാകും.

ആരാണ് ലൈംഗിക തൊഴിലാളികളുടെ കൂടെയും സ്വവര്ഗ പ്രേമികളുടെ കൂടെയും ജോലി ചെയ്യുക? അതിനൊക്കെ തുനിയുന്ന നമ്മുടെ നാട്ടിലെ ചെറുപ്പക്കാരെ (ആണും പെണ്ണും) ശരിക്കും അഭിനന്ദിക്കുക തന്നെ വേണം. 7 വര്‍ഷം ജോലി ചെയ്തപ്പോള്‍ മനസ്സിലാക്കിയ മടൊരു കാര്യം നമ്മള്‍ ഉദ്ദേശിക്കുന്ന ഈ പല NGO കള്‍ക്കും സമയത്ത് പൈസ കിട്ടാറില്ലെന്നതാണ് (പലതും സര്‍ക്കാര്‍ വഴി നടത്തുന്നത്).

ശമ്പളമില്ലാതെ 6 മാസത്തോളം ജീവനക്കാര്‍ കഴിയേണ്ടി വന്നതും (ആന്ധ്രയിലും കേരളത്തിലും) ഞാന്‍ കണ്ടു. 8 മുതല്‍ 11 ശതമാനം വരെ പലിശയ്ക്ക് പൈസ കടമെടുത്തു NGO director മാര്‍ ജീവനക്കാര്‍ക്ക്‌ കൊടുക്കുന്നതും ഞാന്‍ കണ്ടു. എന്ന് വച്ചു കള്ളന്മാര്‍ ഇല്ലെന്നല്ല. ഡോക്ടര്മാരുടെയിടെയിലും വക്കെലന്മാരുടെയിടെയിലും രാഷ്ട്രീയക്കാരുടെയിടെയിലും ഉള്ളതുപോലെ NGO യിലുമുന്ടു കട്ടെടുക്കുന്നവര്‍. പക്ഷെ അല്ലാതെയുള്ള നൂറ് കണക്കിനാള്‍ക്കാരെ എനിക്ക് കാണാന്‍ കഴിഞ്ഞു.

AIDS പ്രവര്‍ത്തനങ്ങള്‍ എന്നത് prevalence കു‌ടിയ സ്ഥലങ്ങളില്‍ ഏറ്റവും വിഷമം പിടിച്ച ഒന്നാണ്. സ്ഥിരം ആള്‍ക്കാര്‍ മരിക്കുന്നത് നമുക്കു കാണേണ്ടി വരും. നൂറ് കണക്കിന് ആള്‍ക്കാര്‍ നമ്മുടെ മുന്നില്‍ AIDS മൂലം മരിക്കുന്നത് കണ്ടു പലരും സഹിക്കാന്‍ പറ്റാതെ നിര്‍ത്ത്തിപ്പോയതും ഞാന്‍ കണ്ടിട്ടുണ്ട് (ആന്ധ്ര പ്രദേശില്‍).

ശേഷം അടുത്തതില്‍ ...ജോസഫ് മാഷ്‌ സമ്മതിച്ച്ച്ചത് കൊണ്ടു മാത്രം...

ശ്രീവല്ലഭന്‍. said...

പ്രിയ വടവോസ്കി,
"എല്ലാത്തരം ബഹുജനസംഘടനകളേയും യോജിപ്പിച്ചുള്ള ഒരു mass based social movement ഉണ്ടായാല്‍ മാത്രമെ ജനങ്ങളിലേക്ക്‌ HIV ക്ക്‌ എതിരെയുള്ള സന്ദേശം എത്തിച്ചേരുകയുള്ളൂ. അല്ലെങ്കില്‍ എല്ലാവരും കൂടി ഈ കാശെല്ലാം HIV/AIDS ബാധിതരുടെ പേരില്‍ തിന്ന് സുഖിക്കും. "

തീര്ച്ചയായും യോജിക്കുന്നു. എനിക്ക് തോന്നുന്നത് പലയിടത്തും അതിന് ശ്രമിക്കുന്റെന്നാണ്. പക്ഷെ അതിന് പല കടമ്പകളും ഉണ്ടെന്നു തന്നെ വിശ്വസിക്കുന്നു. 'ബെന്സനെയും ബെന്സിയെയും' ഒറ്റപ്പെടുത്ത്തുന്നതിനാണ് സമു‌ത്ത്തിലെ പല മാന്യന്മാരും ചെയ്തതെന്ന് എല്ലാവര്‍ക്കും അറിവുള്ളതാണല്ലോ. അതിനെ എതിര്‍ക്കാന്‍ ആ നാട്ടിലെ എത്ര പേര്‍ തയ്യാറായി? പല HIV prevention പ്രൊജക്റ്റ് ഓഫീസുകളും തുടങ്ങി ഒരു മാസത്തിനകം അടച്ചുപു‌ട്ടി ആ സ്ഥലത്ത് നിന്നും പോകണമെന്നു പറയുന്ന residential associations ഞാന്‍ കണ്ടു. തുടങ്ങിയത് അവരുടെ ആശിര്വാദത്തോടെ ആണെന്കിലും. accountability എല്ലാ കാര്യങ്ങള്‍ക്കും വേണമെന്നുള്ളതിനു തര്‍ക്കമോന്നുമില്ല.

"HIV രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഒരു legal firm ഇതുവരെ 12 കോടി രൂപ വിദേശഫണ്ട്‌ കൈപറ്റിയെന്നാണ്‌ കേള്‍ക്കുന്നത്‌. അതെന്തു ചെയ്താവോ."

താങ്കള്‍ ഉദ്ദേശിക്കുന്ന NGO യെ അറിയാം. ഒന്നു രണ്ടു കാര്യങ്ങള്‍ക്ക് അവരുമായി സഹകരിച്ചിട്ടുണ്‍്ട് എന്നല്ലാതെ കാര്യമായി അറിയില്ല. അവരുടെ വെബ് സൈറ്റ് നോക്കിയാല്‍ കു‌ടുതല്‍ വിവരം അറിയാന്‍ സാധിക്കും. അവരാണ് HIV ക്ക് വേണ്ടിയുള്ള നിയമം ഇന്ത്യയില്‍ തയ്യാറാക്കാന്‍ നേതൃത്വം കൊടുക്കുന്നത്. ആ നിയമം ഉണ്ടാക്കുന്ന രീതി എനിക്കിഷ്ടപ്പെട്ടു. കാരണം താഴെത്തട്ടിലുള്ള ആള്‍ക്കാരുമായി സംവേദിച്ചിട്ടാണ് അത് ഡ്രാഫ്റ്റ് ചെയ്തിരിക്കുന്നത്. അതില്‍ കുട്ടികളുമായി (HIV ബാധിച്ചവരും അല്ലാത്തവരും) ഒരു ദിവസം ചര്ച്ച ചെയ്യാനും അവരുടെ പ്രശ്നങ്ങള്‍ നിയമത്തില്‍ കൊണ്ടു വരാനുമായ് ഞാന്‍ ജോലി ചെയ്തിരുന്ന NGO വഴി വിജയവാടയില്‍ ഒരു consultation നടത്തിയത് ഒരു പുതുമയായിരുന്നു. നമ്മുടെ ഏതെങ്കിലും ഒരു നിയമം അങ്ങിനെ ചെയ്തതായ് അറിവില്ല. പ്രത്യേകിച്ചും കുട്ടികലുടെ്യിടയില് ചര്ച്ച ചെയ്ത്. ഈ നിയമം പ്രാബല്യത്തില്‍ വരാന്‍ ഇനിയും സമയമെടുക്കും. Parliament പസ്സക്കാനായി ചര്‍ച്ചകള്‍ നടന്നിട്ടു കുറച്ചു നാളായി. അവര്‍ പല HIV ബാധിച്ച്ചവരുടെയും കേസുകള്‍ ഫ്രീ ആയി നടത്തിയതായും അറിയാം. ഇന്ത്യയിലെ ആദ്യത്തെ കേസുല്പെറെ. നമുക്കു അറിയാത്തതു കൊണ്ടു മാത്രം അവര്‍ ചെയ്യുന്നത് തെറ്റാണെന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. എന്ന് വച്ച് അവര്‍ ചെയ്യുന്നതെല്ലാം ശരിയാകണമെന്നുമില്ല. .....

അയ്യോ കുറെ സ്ഥലം എടുത്തു....ക്ഷമിക്കുക.

absolute_void(); said...

"ശമ്പളമില്ലാതെ 6 മാസത്തോളം ജീവനക്കാര്‍ കഴിയേണ്ടി വന്നതും (ആന്ധ്രയിലും കേരളത്തിലും) ഞാന്‍ കണ്ടു. 8 മുതല്‍ 11 ശതമാനം വരെ പലിശയ്ക്ക് പൈസ കടമെടുത്തു NGO director മാര്‍ ജീവനക്കാര്‍ക്ക്‌ കൊടുക്കുന്നതും ഞാന്‍ കണ്ടു."

ശ്രീവല്ലഭന്‍റെ ഈ അനുഭവസാക്ഷ്യം സത്യമാണെന്ന് എനിക്കും പറയുവാന്‍ കഴിയും. എയ്‍ഡ്സ് ബോധവത്കരണ രംഗത്തു പ്രവര്‍ത്തിക്കുന്ന എന്‍റെയൊരു MSWക്കാരന്‍ സുഹൃത്ത് ശമ്പളമില്ലാത്ത ഏഴാം മാസം പൂര്‍ത്തിയാക്കിയത് എനിക്ക് നേരിട്ട് അറിയാം. എന്നാല്‍ പണംകിട്ടിയപ്പോള്‍ അത്രയും നാളത്തേത് ഒരുമിച്ച് കൈയില്‍ വന്നുചേര്‍ന്നു. കുടുംബമായി ജീവിക്കുന്നവര്‍ക്ക് ഇത് പ്രയാസകരം തന്നെയാണ്.

ഇതിനോട് കൂട്ടിവായിക്കേണ്ട മറ്റൊന്നാണ് മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ പ്രശ്നങ്ങള്‍. മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനം ആവശ്യപ്പെട്ടത് പ്രകാരം അവിടെ പോകാനും അവിടുത്തെ പ്രശ്നങ്ങള്‍ അതിന്‍റെ നടത്തിപ്പുകാരോടും അതിനെ എതിര്‍ക്കുന്ന നാട്ടുകാരോടും മറ്റുള്ളവരോടും നേരില്‍ സംസാരിച്ച് മനസ്സിലാക്കാനും ഇടയായിട്ടുണ്ട്. സമൂഹം ഉപേക്ഷിച്ച പല എയി‍‍‍‍ഡ്സ് രോഗികളും ഇവിടെ അഭയം തേടുന്നുണ്ട്. ഇവിടെ വച്ച് ഒരു എയ്ഡ്സ് രോഗി മരിച്ചാല്‍ മൃതദേഹം സ്വീകരിക്കാന്‍ ബന്ധുക്കളാരുമുണ്ടാകില്ല. ശരീരം പഞ്ചായത്ത് ശ്മശാനത്തില്‍ മറവ് ചെയ്യാന്‍ പഞ്ചായത്തും നാട്ടുകാരും സമ്മതിക്കില്ല. അങ്ങനെയാണ് റെയില്‍വേ ട്രാക്കിലും വഴിയോരത്തും മറ്റും മറ്റും അഞ്ജാത ജഡങ്ങള്‍ കാണപ്പെട്ടത് എന്നാണ് അനുമാനിക്കാവുന്നത്. (അനുമാനം എന്ന് പ്രയോഗിച്ചതിന് കാരണമുണ്ടെന്ന് കൂട്ടിക്കോ. ഓഫ് ഹാന്‍ഡ് ആയി പലരും പറയുന്ന കാര്യങ്ങള്‍ തെളിവായി ക്വോട്ട് ചെയ്യാനാവില്ലല്ലോ.)

കിഷോർ‍:Kishor said...

സ്വവര്‍ഗ്ഗപ്രേമികളെക്കുറിച്ച് ഒരു പോസ്റ്റുചെയ്തതിനു നന്ദി. വികസ്വര രാജ്യങ്ങളില്‍ സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും വിലക്കുകള്‍ കാരണം നേരായ വഴിക്ക് ( അതായത് ഒരു കൂരക്കു കീഴില്‍, ആ‍വശ്യമായ സുരക്ഷാമാര്‍ഗ്ഗങ്ങളുപയോഗിച്ച് ) ലൈഗികബന്ധത്തിലേര്‍പ്പെടാന്‍ കഴിയാതിരിക്കുന്നതിനാലാണ് സ്വവര്‍ഗ്ഗപ്രേമികള്‍ക്കിടയില്‍ HIV ബാധ കൂടാന്‍ കാരണം. സ്വവര്‍ഗ്ഗപ്രണയികളെക്കുറിച്ചുള്ള സമൂഹത്തിന്റെ തെറ്റായ മുന്‍-വിധികള്‍ മാറാത്തിടത്തോളം കാലം ഇതിനൊരു ശാശ്വത പരിഹാരം കാണാനാകുകയില്ല.