Monday, May 05, 2008

എച്ച്‌.ഐ.വി.ക്കെതിരെ പുതിയ യുദ്ധമുഖം

വൈദ്യശാസ്‌ത്രത്തിന്‌ കീഴടങ്ങാന്‍ ഇനിയും കൂട്ടാക്കാത്ത എയ്‌ഡ്‌സ്‌ വൈറസിനെ നേരിടാന്‍ പുതിയൊരു മാര്‍ഗം അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തി. പ്രതിരോധകോശങ്ങളിലെ ഒരിനം പ്രോട്ടീന്‍ നിര്‍വീര്യമാക്കുകവഴി ശരീരത്തില്‍ വൈറസ്‌ വ്യാപനം ചെറുക്കാമെന്നാണ്‌ കണ്ടെത്തല്‍. എച്ച്‌.ഐ.വി. ശരീരത്തില്‍ പടരുന്നത്‌ തടയാനും വൈറസ്‌ പുതിയ ഔഷധങ്ങള്‍ക്കെതിരെ പ്രതിരോധശേഷി നേടുന്നതുകൊണ്ടുള്ള പ്രശ്‌നങ്ങള്‍ പരിമിതപ്പെടുത്താനും പുതിയ കണ്ടെത്തല്‍ സഹായിച്ചേക്കും.

എയിഡ്‌സ്‌ പൂര്‍ണമായി ഭേദമാക്കാന്‍ ഇനിയും മാര്‍ഗം കണ്ടെത്തിയിട്ടില്ലെങ്കിലും, ശരീരത്തില്‍ എച്ച്‌.ഐ.വി.വ്യാപിക്കുന്നത്‌ മെല്ലെയാക്കാനുള്ള വൈറസ്‌പ്രതിരോധ ഔഷധങ്ങള്‍ ലഭ്യമാണ്‌. അത്തരം ഔഷധങ്ങളെല്ലാം ഉന്നംവെക്കുന്നത്‌ വൈറസിന്റെ തന്നെ പ്രോട്ടീനുകളെയാണ്‌. വളരെ വേഗം വ്യതികരണങ്ങള്‍ക്ക്‌ (മ്യൂട്ടേഷനുകള്‍ക്ക്‌) വിധേയമാകാന്‍ കഴിയുന്ന വൈറസായതിനാല്‍, അത്തരം ഔഷധങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി പ്രതിരോധശേഷി ആര്‍ജിക്കാന്‍ എച്ച്‌.ഐ.വി.ക്ക്‌ കഴിയുന്നു. അതിനാല്‍, ഒന്നിലേറെ ഔഷധങ്ങള്‍ ഒരുമിച്ചു കഴിച്ചാലേ വൈറസിന്റെ വ്യാപനം മെല്ലെയാക്കാനാവൂ എന്നതാണ്‌ സ്ഥിതി. ഇത്‌ ഗുരുതരമായ പാര്‍ശ്വഫലങ്ങളുണ്ടാക്കുമെന്നു മാത്രമല്ല, ചികിത്സയുടെ ചെലവും പതിന്മടങ്ങ്‌ വര്‍ധിപ്പിക്കുന്നു.

വൈറസ്‌പ്രോട്ടീനുകള്‍ക്ക്‌ പകരം മനുഷ്യരിലെ തന്നെ പ്രോട്ടീനിനെ ഉന്നംവെക്കുകയാണ്‌ 'നാഷണല്‍ ഹ്യുമണ്‍ ജിനോം റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്ട്യൂട്ടി' (NHGRI)ലെ പമേല ഷ്വാര്‍ട്‌സ്‌ബര്‍ഗും ബോസ്‌റ്റൊണ്‍ സര്‍വകലാശാലയിലെ ആന്‍ഡ്രു ജെ.ഹെന്‍ഡേഴ്‌സണും നേതൃത്വം നല്‍കുന്ന സംഘം ചെയ്‌തത്‌. പരീക്ഷണശാലയില്‍ വെച്ച്‌ 'ഐ.ടി.കെ.'(interleukin-2-inducible T cell kinase)യെന്ന പ്രോട്ടീനിനെ തടഞ്ഞപ്പോള്‍, പ്രതിരോധസംവിധാനത്തിലെ ടി-കോശങ്ങളില്‍ (T cells) എച്ച്‌.ഐ.വി.കടന്നുകൂടുന്നത്‌ ചെറുക്കാന്‍ കഴിഞ്ഞതായി, 'പ്രൊസീഡിങ്‌സ്‌ ഓഫ്‌ നാഷണല്‍ അക്കാദമി ഓഫ്‌ സയന്‍സസി'ല്‍ (PNAS) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധപ്രതികരണത്തിന്റെ ഭാഗമായി, ശ്വേതരക്താണുക്കളായ ടി-കോശങ്ങളെ പ്രവര്‍ത്തനനിരതമാക്കുന്ന സൂചകപ്രോട്ടീനാണ്‌ ഐ.ടി.കെ.

'എച്ച്‌.ഐ.വി.ഗവേഷണത്തെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ ഒരു സംഭാവനയാണ്‌ ഈ ഗവേഷണം`-ജിനോം റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ സയന്റിഫിക്‌ ഡയറക്ടര്‍ എറിക്‌ ഡി.ഗ്രീന്‍ അഭിപ്രായപ്പെടുന്നു. `എച്ച്‌.ഐ.വി.ഔഷധങ്ങള്‍ വികസിപ്പിക്കുന്നതിന്‌ തന്മാത്രാതലത്തിലുള്ള പുതിയ ലക്ഷ്യം ഈ ഗവേഷണം മുന്നോട്ടുവെക്കുന്നു'. ശരീരത്തിനുള്ളില്‍ കടക്കുന്ന എച്ച്‌.ഐ.വി., പ്രതിരോധസംവിധാനത്തിലെ ടി-കോശങ്ങളെയാണ്‌ ആദ്യം കീഴടക്കുന്നത്‌. ടി-കോശങ്ങളിലേക്ക്‌ ജനിതകദ്രവ്യം സന്നിവേശിപ്പിക്കുന്ന എയ്‌ഡ്‌സ്‌വൈറസ്‌, കൂടുതല്‍ കൂടുതല്‍ ടി-കോശങ്ങളെ സ്വന്തം ജനിതകപകര്‍പ്പുക്കളാക്കി മാറ്റി ശരീരത്തിലാകെ വ്യാപിക്കുന്നു. ശരീരത്തിന്റെ പ്രതിരോധസംവിധാനം സാവകാശം വൈറസിന്‌ വഴങ്ങുകയും എയ്‌ഡ്‌സിലെത്തുകയും ചെയ്യുന്നു.

എന്നാല്‍, ഐ.ടി.കെ.പ്രോട്ടീന്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ ടി-കോശങ്ങളില്‍ കടന്ന്‌ ആധിപത്യമുറപ്പിക്കാന്‍ എച്ച്‌.ഐ.വി.ക്ക്‌ കഴിയാതെ വരുന്നുവെന്നാണ്‌ പുതിയ ഗവേഷണത്തില്‍ തെളിഞ്ഞത്‌. പരീക്ഷണശാലയില്‍ ചില രാസ-ജനിതക ഘടകങ്ങളുടെ സഹായത്തോടെയാണ്‌ മനുഷ്യ ടി-കോശങ്ങളില്‍നിന്ന്‌ ഐ.ടി.കെ.പ്രോട്ടീനെ ഗവേഷകര്‍ അണച്ചു കളഞ്ഞത്‌. അങ്ങനെ പരുവപ്പെടുത്തിയ ടി-കോശങ്ങളെ എച്ച്‌.ഐ.വി.ക്ക്‌ വിട്ടുകൊടുത്തപ്പോള്‍, കോശത്തിനുള്ളില്‍ കടക്കാനോ ജനിതകദ്രവ്യം മാറ്റിവെച്ച്‌ പകര്‍പ്പുകള്‍ സൃഷ്ടിക്കാനോ വൈറസിന്‌ കഴിഞ്ഞില്ല. എന്നാല്‍, ഐ.ടി.കെ.പ്രോട്ടീന്‍ അണഞ്ഞതുകൊണ്ട്‌ ടി-കോശങ്ങളുടെ സ്വാഭാവിക അതിജീവനം തടസ്സപ്പെട്ടില്ല.

ഐ.ടി.കെ. പ്രോട്ടീന്‍ പ്രവര്‍ത്തനരഹിതമാക്കിയപ്പോള്‍, എലികള്‍ക്ക്‌ മറ്റ്‌ തരത്തിലുള്ള വൈറസ്‌ബാധകളെയും ചെറുക്കാന്‍ കഴിഞ്ഞതായി ഗവേഷകര്‍ കണ്ടു. ശരീരത്തിന്റെ പ്രതിരോധ പ്രതികരണവൈകല്യം മൂലമുണ്ടാകുന്ന ആസ്‌ത്‌മ പോലുള്ള രോഗങ്ങളുടെ കാര്യത്തില്‍ ഐ.ടി.കെ.പ്രോട്ടീനിന്റെ സാധ്യത പ്രയോജനപ്പെടുത്താനാകുമോ എന്നകാര്യം പല ഗവേഷകസംഘങ്ങളും പരിശോധിച്ചു വരികയാണ്‌. അതിനിടെയാണ്‌ എച്ച്‌.ഐ.വി.യെ നിയന്ത്രിക്കാന്‍ ആ പ്രോട്ടീന്‍ സഹായിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുന്നത്‌. (അവലംബം: നാഷണല്‍ ഹ്യുമന്‍ ജിനോം റിസര്‍ച്ച്‌ ഇന്‍സ്‌റ്റിട്ട്യൂട്ടിന്റെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌:മാതൃഭൂമി).

6 comments:

Joseph Antony said...

ശരീരത്തില്‍ കടക്കുന്ന എച്ച്‌.ഐ.വി., പ്രതിരോധസംവിധാനത്തിലെ ടി-കോശങ്ങളെയാണ്‌ ആദ്യം കീഴടക്കുന്നത്‌. ടി-കോശങ്ങളിലേക്ക്‌ ജനിതകദ്രവ്യം സന്നിവേശിപ്പിക്കുന്ന എയ്‌ഡ്‌സ്‌വൈറസ്‌, കൂടുതല്‍ കൂടുതല്‍ ടി-കോശങ്ങളെ സ്വന്തം ജനിതകപകര്‍പ്പുക്കളാക്കി മാറ്റി ശരീരത്തിലാകെ വ്യാപിക്കുന്നു. ശരീരത്തിന്റെ പ്രതിരോധസംവിധാനം സാവകാശം വൈറസിന്‌ വഴങ്ങുകയും എയ്‌ഡ്‌സിലെത്തുകയും ചെയ്യുന്നു. എന്നാല്‍, ഐ.ടി.കെ.പ്രോട്ടീന്‍ പ്രവര്‍ത്തനരഹിതമാകുന്നതോടെ ടി-കോശങ്ങളില്‍ കടന്ന്‌ ആധിപത്യമുറപ്പിക്കാന്‍ എച്ച്‌.ഐ.വി.ക്ക്‌ കഴിയാതെ വരുന്നു- എച്ച്‌.ഐ.വി.ക്കെതിരെ പുതിയ കണ്ടെത്തല്‍.

ശ്രീവല്ലഭന്‍. said...

നല്ല ലേഖനം.

മജീദും അതുപോലെ കുറെ സ്വാമിമാരും മരുന്നു കണ്ടു പിടിച്ചു എന്ന് കുറെ നാളായ്‌ പറയുന്നുണ്ട്. അവരൊക്കെ ഇതുപോലുള്ള ലേഖനം എങ്കിലും വായിച്ചിരുന്നെങ്കില്‍! :-)

മൂര്‍ത്തി said...

നന്ദി മാഷെ...

smitha adharsh said...
This comment has been removed by the author.
smitha adharsh said...

sorry,the former comment was deleted due 2 some spelling mistakes....
A very informative post...really valuable !!!

ഉപ ബുദ്ധന്‍ said...

If we eat gud food aids wil go