Friday, October 17, 2008

35 വര്‍ഷത്തിന്‌ ശേഷം 'സ്‌പര്‍ശനശേഷി' വീണ്ടും

ജോലിസ്ഥലത്തുണ്ടായ അപകടത്തില്‍ 35 വര്‍ഷം മുമ്പ്‌ കൈ നഷ്ടമായ വ്യക്തിക്ക്‌, കൈമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി നാലുമാസത്തിന്‌ ശേഷം ഭാഗികമായി സ്‌പര്‍ശനശേഷി തിരികെ കിട്ടി.

കൈകളുടെ സംവേദനക്ഷമത സാധ്യമാക്കുന്ന മസ്‌തിഷ്‌കഭാഗത്ത്‌, സ്‌പര്‍ശനശേഷിയെ സൂചിപ്പിക്കുന്ന സിഗ്നലുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായി അമേരിക്കന്‍ ഗവേഷകര്‍ കണ്ടെത്തി. അവയവത്തോടൊപ്പം ഇന്ദ്രിയശേഷി നഷ്ടമായാലും അത്‌ വീണ്ടും ആര്‍ജിക്കാന്‍ മസ്‌തിഷ്‌കത്തിന്‌ കഴിയുമെന്ന്‌ ഇത്‌ സൂചിപ്പിക്കുന്നതായി, 'കറണ്ട്‌ ബയോളജി'യുടെ ഒക്ടോബര്‍ ലക്കത്തിലെ റിപ്പോര്‍ട്ട്‌ പറയുന്നു.

പത്തൊന്‍പതാം വയസ്സില്‍ കൈ നഷ്ടമായ വ്യക്തിക്കാണ്‌, ഓറിഗണ്‍ സര്‍വകലാശാലയിലെ പ്രസിദ്ധ ന്യൂറോസര്‍ജനായ ഡോ. വാറന്‍ ബ്രീഡെന്‍ബാക്‌ പുതിയ കൈ വെച്ചുപിടിപ്പിച്ചത്‌. 35 വര്‍ഷം കൈയില്ലാതെ ജീവിച്ച അയാളുടെ തലച്ചോറില്‍, ശസ്‌ത്രക്രിയയ്‌ക്കു മുമ്പ്‌ കൈയുടെ സംവേദനക്ഷമത സൂചിപ്പിക്കുന്ന സിഗ്നലുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, കൈ മാറ്റിവെച്ച്‌ നാലുമാസം കഴിഞ്ഞപ്പോള്‍ മസ്‌തിഷ്‌ക്കത്തില്‍ 'സ്‌പര്‍ശനശേഷി'യെ സൂചിപ്പിക്കുന്ന സുപ്രധാന സൂചനകള്‍ പ്രത്യക്ഷപ്പെട്ടതായി സ്‌കാനിങില്‍ വ്യക്തമായി. കൈ മാറ്റിവെയ്‌ക്കലില്‍ മാത്രമല്ല, മറ്റ്‌ അവയവങ്ങള്‍ മാറ്റിവെയ്‌ക്കേണ്ട കേസുകളിലും ഗുണകരമായേക്കാവുന്ന പുതിയ സാധ്യതയാണിത്‌.

കൈയിലെ മുഖ്യ സിരകളെയും എല്ലുകളെയും പേശീഭാഗങ്ങളെയുമൊക്കെ പരസ്‌പരം ബന്ധിപ്പിച്ചാണ്‌ 54-കാരനായ രോഗിയുടെ നഷ്ടപ്പെട്ട കൈയ്‌ക്കു പകരം പുതിയത്‌ വെച്ചുപിടിപ്പിച്ചത്‌. വെച്ചുപിടിപ്പിച്ച കൈയ്‌ക്ക്‌്‌ സംവേദനശേഷി ലഭിക്കാനായി ഉത്തേജിപ്പിക്കുമ്പോള്‍, തലച്ചോറില്‍ അത്‌ എന്തുമാറ്റമാണ്‌ വരുന്നതെന്നറിയാന്‍ 'ഫംഗ്‌ഷണല്‍ മാഗ്നെറ്റിക്‌ റെസൊണ്‍സ്‌ ഇമേജിങ്‌' (എഫ്‌.എം.ആര്‍.ഐ) സങ്കേതം ഗവേഷകര്‍ ഉപയോഗിച്ചു. ശസ്‌ത്രക്രിയ കഴിഞ്ഞ്‌ നാലുമാസം കൊണ്ടുതന്നെ രോഗിയുടെ കൈപ്പത്തിയില്‍ പെരുവിരലിന്‌ താഴെയുള്ള പേശീഭാഗങ്ങള്‍ക്ക്‌ ചെറിയ തോതില്‍ സ്‌പര്‍ശനാനുഭവം ലഭിച്ചു തുടങ്ങി. മസ്‌തിഷ്‌ക്കത്തില്‍ അതിനനുസരിച്ചുള്ള സിഗ്നലുകളും പ്രത്യക്ഷപ്പെട്ടു.

സാധാരണഗതിയില്‍ ഒരാള്‍ക്ക്‌ കൈ നഷ്ടമായാല്‍, ആ അവയവം വഴിയുള്ള ഇന്ദ്രിയാനുഭവം സാധ്യമാക്കുന്ന മസ്‌തിഷ്‌ക്കഭാഗത്ത്‌ ചില മാറ്റങ്ങള്‍ പ്രത്യക്ഷപ്പെടും-ഗവേഷണ പ്രബന്ധത്തിന്റെ മുഖ്യരചയിതാവും 'റോബര്‍ട്ട്‌ ആന്‍ഡ്‌ ബിവെര്‍ലി ലെവിസ്‌ ഫോര്‍ ന്യൂറോഇമേജിങി'ലെ പ്രൊഫസറുമായ സ്‌കോട്ട്‌ ഫ്രേ അറിയിക്കുന്നു. എന്നാല്‍, ഒരു പ്രത്യേക അവയവത്തില്‍ നിന്നുള്ള സിഗ്നലുകളെ ഇന്ദ്രിയശേഷിയാക്കി മാറ്റുന്ന മസ്‌തിഷ്‌ക്കഭാഗത്തിന്‌ 35 വര്‍ഷത്തിന്‌ ശേഷവും പഴയ കഴിവ്‌ തിരികെ ലഭിക്കാം എന്നാണ്‌ പുതിയ പഠനം സൂചിപ്പിക്കുന്നത്‌. സിരാസംബന്ധിയായ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ക്കും അവയവംമാറ്റിവെക്കല്‍ ശസ്‌ത്രക്രിയ കഴിഞ്ഞവര്‍ക്കുമാണ്‌ മസ്‌തിഷ്‌ക്കത്തിന്റെ ഈ ഗുണം ഏറെ പ്രയോജനം ചെയ്യുക. ഇത്തരക്കാര്‍ക്ക്‌ നല്‍കിവരുന്ന പുനരധിവാസ ചികിത്സകള്‍ക്ക്‌ ഇത്‌ വലിയ മുതല്‍ക്കൂട്ടായേക്കും-അദ്ദേഹം പറയുന്നു.

ജോലിസ്ഥലത്ത്‌ യന്ത്രത്തില്‍ കുടുങ്ങി കൈ നഷ്ടമായ രോഗി 35 വര്‍ഷമായി കൃത്രിമകൈയുടെ സഹായത്തോടെ ജോലി ചെയ്യുകയായിരുന്നു. 2006 ഡിസംബറിലാണ്‌ അയാള്‍ക്ക്‌ ഡോ. ബ്രീഡെന്‍ബാക്‌ കൈമാറ്റ ശസ്‌ത്രക്രിയ നടത്തിയത്‌. കൈ നഷ്ടമായാല്‍ മണിക്കൂറുകള്‍ക്കകം മസ്‌തിഷ്‌കത്തില്‍ മാറ്റങ്ങളുണ്ടാകുമെന്നാണ്‌ മൃഗങ്ങളില്‍ നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നത്‌. കൈയില്‍ നിന്നുള്ള സിഗ്നലുകള്‍ സ്വീകരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സിരാകോശങ്ങള്‍ മറ്റ്‌ 'ഉത്തരവാദിത്വങ്ങള്‍' ഏറ്റെടുക്കുന്നു. പിന്നീടെപ്പോഴെങ്കിലും കൈയില്‍ നിന്നുള്ള സിഗ്നലുകള്‍ വീണ്ടുമുണ്ടായാല്‍ അത്‌ സ്വീകരിക്കാന്‍ മസ്‌തിഷ്‌ക്കം തയ്യാറാകുമോ എന്നത്‌ ചോദ്യത്തിനാണ്‌ ഭാഗികമായെങ്കിലും ഇപ്പോള്‍ ഉത്തരം ലഭിച്ചിരിക്കുന്നത്‌. (അവലംബം: കറണ്ട്‌ ബയോളജി, ഓറിഗണ്‍ സര്‍വകലാശാലയുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി)

3 comments:

Joseph Antony said...

അവയവത്തോടൊപ്പം ഇന്ദ്രിയശേഷി നഷ്ടമായാലും അത്‌ വീണ്ടും ആര്‍ജിക്കാന്‍ മസ്‌തിഷ്‌കത്തിന്‌ കഴിയുമെന്ന്‌ സൂചന. 35 വര്‍ഷം മുമ്പ്‌ കൈ നഷ്ടമായ വ്യക്തിക്ക്‌, കൈമാറ്റിവെയ്‌ക്കല്‍ ശസ്‌ത്രക്രിയ നടത്തി നാലുമാസത്തിന്‌ ശേഷം ഭാഗികമായി സ്‌പര്‍ശനശേഷി തിരികെ കിട്ടിയത്‌ ഇതിന്‌ തെളിവാണെന്ന്‌ ഗവേഷകര്‍ പറയുന്നു. കൈകളുടെ സംവേദനക്ഷമത സാധ്യമാക്കുന്ന മസ്‌തിഷ്‌കഭാഗത്ത്‌, സ്‌പര്‍ശനശേഷിയെ സൂചിപ്പിക്കുന്ന സിഗ്നലുകള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടതായാണ്‌ കണ്ടെത്തിയത്‌.

Jayasree Lakshmy Kumar said...

good news

മുസാഫിര്‍ said...

ഇതൊരു നല്ല അറിവ് ആണല്ലൊ !