Sunday, October 19, 2008

ഇന്റര്‍നെറ്റ്‌ ഉപയോഗം മസ്‌തിഷ്‌ക്കശേഷി വര്‍ധിപ്പിക്കും-പഠനം

ഇന്റര്‍നെറ്റിനെ ജീവിതത്തിന്റെ ഭാഗമാക്കിയവര്‍ക്കും, അതിന്‌ ശ്രമിക്കുന്നവര്‍ക്കും പ്രോത്സാഹനവും ആത്മവിശ്വാസവും നല്‍കുന്ന ഒരു വാര്‍ത്ത. ഇന്റര്‍നെറ്റ്‌ ഉപയോഗം മസ്‌തിഷ്‌ക്കശേഷിയെ ഉണര്‍ത്തുകയും ഉയര്‍ത്തുകയും ചെയ്യുമത്രേ.
സെര്‍ച്ചിങ്‌ (തിരയല്‍) പോലുള്ള കാര്യങ്ങള്‍ക്ക്‌ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്ന മധ്യവയ്‌ക്കരിലും പ്രായമായവരിലും മസ്‌തിഷ്‌ക്കത്തിന്റെ പ്രവര്‍ത്തനം വര്‍ധിക്കുന്നതായി, ലോസ്‌ ആഞ്‌ജലസില്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഗവേഷകരാണ്‌ കണ്ടെത്തിയത്‌.

തീരുമാനങ്ങളെടുക്കാനും സങ്കീര്‍ണ അനുമാനങ്ങളിലെത്താനും സഹായിക്കുന്ന മസ്‌തിഷ്‌ക്കഭാഗങ്ങളുടെ പ്രവര്‍ത്തനം, ഇന്റര്‍നെറ്റ്‌ ഉപയോഗം മൂലം വര്‍ധിക്കുന്നതായാണ്‌ കണ്ടത്‌. പ്രായം ഏറുന്നതോടെ മസ്‌തിഷ്‌കത്തിന്‌ സംഭവിക്കുന്ന മാറ്റങ്ങളില്‍ പ്രധാനം, സിരാകോശങ്ങളുടെ പ്രവര്‍ത്തനത്തിലുണ്ടാകുന്ന മന്ദതയാണ്‌. ബൗദ്ധീകമായ പ്രകടനം മോശമാകാന്‍ ഇത്‌ കാരണമാകും. പ്രായവുമായി ബന്ധപ്പെട്ട്‌ മസ്‌തിഷ്‌ക്കത്തിനുണ്ടാകുന്ന ഇത്തരം അപചയം തടയാന്‍ ഇന്റര്‍നെറ്റ്‌ ഉപയോഗം സഹായിച്ചേക്കുമെന്ന സൂചനയാണ്‌ പുതിയ പഠനം നല്‍കുന്നത്‌. 'അമേരിക്കന്‍ ജേര്‍ണല്‍ ഓഫ്‌ ജെറിയാട്രിക്‌ സൈക്കിയാട്രി'യിലാണ്‌ പഠനഫലം പ്രസിദ്ധീകരിക്കുന്നത്‌.

`വളരെ പ്രോത്സാഹജനകമായ ഫലമാണ്‌ പഠനം നല്‍കിയത്‌`-പഠനത്തിന്‌ നേതൃത്വം നല്‍കിയ ഡോ.ഗാരി സ്‌മാള്‍ പറയുന്നു. ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്ന കമ്പ്യൂട്ടര്‍ സങ്കേതങ്ങള്‍ക്ക്‌ മധ്യവയസ്‌ക്കരിലും വയസ്സായവരിലും മാനസികമായി നല്ല ഫലങ്ങളുണ്ടാക്കാന്‍ കഴിയുമെന്നാണ്‌ ഇത്‌ വ്യക്തമാക്കുന്നത്‌-കാലിഫോര്‍ണിയ സര്‍വകലാശാലയ്‌ക്കു കീഴില്‍ 'സെമില്‍ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഫോര്‍ ന്യൂറോസയന്‍സസ്‌ ആന്‍ഡ്‌ ഹ്യുമണ്‍ ബിഹേവിയറി'ലെ പ്രൊഫസറായ അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

55 മുതല്‍ 76 വയസ്സ്‌ വരെ പ്രായമുള്ള 24 പേരെയാണ്‌ ഗവേഷകര്‍ പഠനവിധേയമാക്കിയത്‌. അവരില്‍ പകുതിപ്പേര്‍ ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ പരിചയമുള്ളവരും ബാക്കിയുള്ളവര്‍ ഈ മേഖലയുമായി അധികം ബന്ധപ്പെടാത്തവരും ആയിരുന്നു. ഇരുകൂട്ടരും വായനയിലും ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങിലും ഏര്‍പ്പെടുമ്പോള്‍, അവരുടെ മസ്‌തിഷ്‌ക്കത്തിലുണ്ടാകുന്ന സൂക്ഷ്‌മമാറ്റങ്ങള്‍ എങ്ങനെ എന്ന്‌ മനസിലാക്കി, അവ തമ്മില്‍ താരതമ്യം ചെയ്‌തായിരുന്നു പഠനം. ഇതിനായി 'ഫങ്‌ഷണല്‍ മാഗ്നെറ്റിക്‌ റെസൊണന്‍സ്‌ (fMRI) സ്‌കാന്‍' എന്ന സങ്കേതത്തിന്റെ സഹായം തേടി.

പഠനത്തില്‍ പങ്കെടുത്ത ഓരോ വോളണ്ടിയറും വായിക്കുക, സെര്‍ച്ചിങ്‌ നടത്തുക എന്നീ രണ്ട്‌ പ്രവര്‍ത്തികള്‍ ചെയ്യുന്ന വേളയില്‍ മസ്‌തിഷ്‌ക്ക സ്‌കാനിങ്ങിന്‌ വിധേയരായി. ഭാഷ മനസിലാക്കല്‍, വായന, ഓര്‍മ, ദൃശ്യബോധം എന്നിവയുമായി ബന്ധപ്പെട്ട മസ്‌തിഷ്‌ക്കഭാഗങ്ങളുടെ പ്രവര്‍ത്തനം രണ്ടു പ്രവര്‍ത്തികളിലും വര്‍ധിച്ചു. എന്നാല്‍, ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ പരിചയമുള്ളവരില്‍ സെര്‍ച്ചിങ്‌ വേളയില്‍ മസ്‌തിഷ്‌ക്കത്തിലെ മറ്റ്‌ ചില ഭാഗങ്ങള്‍ക്കൂടി പ്രവര്‍ത്തന നിരതമാകുന്നതായി തെളിഞ്ഞു. തീരുമാനങ്ങള്‍ കൈക്കൊള്ളല്‍, അനുമാനങ്ങളുണ്ടാക്കല്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്ന മസ്‌തിഷ്‌ക്കഭാഗങ്ങളാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗവേളയില്‍ പ്രവര്‍ത്തനനിരതമായത്‌.

`വായനയുടെ വേളയില്‍ സംഭവിക്കുന്നതിനെക്കാള്‍ വ്യാപകമായ സിരാശൃംഗലാ പ്രവര്‍ത്തനം സെര്‍ച്ചിങ്‌ സമയത്ത്‌ മസ്‌തിഷ്‌ക്കത്തിലുണ്ടാകുന്നു എന്നതാണ്‌, ഞങ്ങള്‍ നടത്തിയ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍`-ഡോ. സ്‌മാള്‍ അറിയിക്കുന്നു. എന്നാല്‍, ഇന്റര്‍നെറ്റ്‌ ഉപയോഗിച്ചു പരിചയമുള്ളവരിലേ ഇത്‌ സംഭവിക്കുന്നുള്ളു. സെര്‍ച്ചിങ്‌ വേളയില്‍ ഇന്റര്‍നെറ്റ്‌ പരിചയമുള്ളവരുടെ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനം, മറ്റുള്ളവരെ അപേക്ഷിച്ച്‌ രണ്ടു മടങ്ങ്‌ വര്‍ധിക്കുന്നതായാണ്‌ കണ്ടത്‌. fMRI സ്‌കാനില്‍ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനത്തിന്റെ യൂണിറ്റ്‌ 'വോക്‌സല്‍' (voxel) എന്നാണ്‌ കണക്കാക്കാറ്‌. ഇന്റര്‍നെറ്റ്‌ ഉപയോഗിച്ച്‌ പരിചയമുള്ളവരില്‍, സെര്‍ച്ചിങ്‌ വേളിയില്‍ മസ്‌തിഷ്‌ക്ക പ്രവര്‍ത്തനം ശരാശരി 21,782 വോക്‌സല്‍ ആയി ഉയര്‍ന്നു. അതേ സമയം ഇന്റര്‍നെറ്റ്‌ പരിചയമില്ലാത്തവരില്‍ അത്‌ ശരാശരി 8,646 മാത്രമായിരുന്നു.

വായനയെ അപേക്ഷിച്ച്‌, തിരഞ്ഞെടുക്കലിന്‌ ഏറെ അവസരമൊരുക്കുന്ന പ്രവര്‍ത്തിയാണ്‌ ഇന്റര്‍നെറ്റ്‌ സെര്‍ച്ചിങ്‌. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ എവിടെ ക്ലിക്ക്‌ ചെയ്യണം തുടങ്ങിയ തന്ത്രങ്ങള്‍ സെര്‍ച്ചിങ്‌ വേളയില്‍ ആവശ്യമായി വരുന്നു. അതാണ്‌ മസ്‌തിഷ്‌ക്കത്തിന്‌ ഉന്‍മേഷം നല്‍കുന്നതെന്ന്‌ ഗവേഷകര്‍ കരുതുന്നു. `വെബ്‌സെര്‍ച്ചിങ്‌ പോലെ ലളിതമായ പ്രവര്‍ത്തനം ദിവസവും നടത്തിയാല്‍ പ്രായമുള്ളവരുടെ മസ്‌തിഷ്‌ക്കത്തിലെ സിരാശൃംഗലാപ്രവര്‍ത്തനം മെച്ചപ്പെടുമെന്ന കാര്യം വ്യക്തമാക്കുന്നത്‌, ഏത്‌ പ്രായത്തിലും പഠനം തുടരാന്‍ പാകത്തിലുള്ളതാണ്‌ നമ്മുടെ മസ്‌തിഷ്‌ക്കം എന്നാണ്‌`-പ്രൊഫ. സ്‌മാള്‍ പറയുന്നു. സെര്‍ച്ചിങിന്‌ ആവശ്യമായ തന്ത്രങ്ങള്‍ വശമില്ലാത്തതാകാം, ഇന്റര്‍നെറ്റ്‌ പരിചയമില്ലാത്തവരുടെ മസ്‌തിഷ്‌ക്കത്തില്‍ സെര്‍ച്ചിങ്‌ കാര്യമായ ഫലം ഉണ്ടാക്കാത്തതിന്‌ കാരണമെന്ന്‌ ഡോ.സ്‌മാള്‍ അറിയിച്ചു.
(അവലംബം: കാലിഫോര്‍ണിയ സര്‍വകലാശാല, ലോസ്‌ ആഞ്‌ജലീസിന്റെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി).

11 comments:

Joseph Antony said...

`വെബ്‌സെര്‍ച്ചിങ്‌ പോലെ ലളിതമായ പ്രവര്‍ത്തനം ദിവസവും നടത്തിയാല്‍ പ്രായമുള്ളവരുടെ മസ്‌തിഷ്‌ക്കത്തിലെ സിരാശൃംഗലാപ്രവര്‍ത്തനം മെച്ചപ്പെടുമെന്ന കാര്യം വ്യക്തമാക്കുന്നത്‌, ഏത്‌ പ്രായത്തിലും പഠനം തുടരാന്‍ പാകത്തിലുള്ളതാണ്‌ നമ്മുടെ മസ്‌തിഷ്‌ക്കം എന്നാണ്‌'-പ്രൊഫ. സ്‌മാള്‍ പറയുന്നു. ഇന്റര്‍നെറ്റ്‌ ഉപയോഗം മസ്‌തിഷ്‌ക്കശേഷി വര്‍ധിപ്പിക്കുമെന്ന്‌ പുതിയൊരു പഠനം പറയുന്നു.

ചാണക്യന്‍ said...

പുതിയ അറിവ് പകര്‍ന്നു തന്നതിന് നന്ദി....

ഷാസ് said...

നന്ദി....

Babu Kalyanam said...

Thanks.

would be great if you can provide links for further reading.

Anonymous said...

Find 1000s of Malayalee friends from all over the world.

Let's come together on http://www.keralitejunction.com to bring all the Malayalee people unite on one platform and find Malayalee friends worldwide to share our thoughts and create a common bond.

Let's also show the Mightiness of Malayalees by coming together on http://www.keralitejunction.com

Tomkid! said...

`വായനയുടെ വേളയില്‍ സംഭവിക്കുന്നതിനെക്കാള്‍ വ്യാപകമായ സിരാശൃംഗലാ പ്രവര്‍ത്തനം സെര്‍ച്ചിങ്‌ സമയത്ത്‌ മസ്‌തിഷ്‌ക്കത്തിലുണ്ടാകുന്നു എന്നതാണ്‌, ഞങ്ങള്‍ നടത്തിയ ഏറ്റവും ശ്രദ്ധേയമായ കണ്ടെത്തല്‍`-ഡോ. സ്‌മാള്‍ അറിയിക്കുന്നു.

കൊള്ളാം...താങ്ക്സ് ഫോര്‍ ദ ഇന്‍ഫോ

കിഷോർ‍:Kishor said...

കൊള്ളാം....
പുതിയ അറിവാണിത്.

ശ്രീ said...

നല്ല അറിവ്.

വര്‍ക്കേഴ്സ് ഫോറം said...

നന്ദി,
പുതിയ അറിവിന്

കുറ്റ്യാടിക്കാരന്‍|Suhair said...

ബ്ലോഗ് ചെയ്യുമ്പോള്‍ ഇങ്ങനെ മസ്തിഷ്ക്കശേഷി കൂടുന്ന വല്ല പ്രവര്‍ത്തനവും നടക്കുന്നുണ്ടോ ആവോ..

paarppidam said...

പുതിയ അറിവു പ്രസിദ്ധീകരിച്ചതിനു നന്ദി.പത്രം വായിക്കാൻ സമയം കിട്ടാറില്ല മാഷേ