Sunday, September 28, 2008

സ്‌തനാര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ മാര്‍ഗം

സ്‌തനാര്‍ബുദചികിത്സ ഫലപ്രദമാകുമോ എന്നത്‌ മുഖ്യമായും രോഗം എത്ര നേരത്തെ തിരിച്ചറിയാന്‍ കഴിയുന്നു എന്ന കാര്യത്തെ ആശ്രയിച്ചാണിരിക്കുന്നത്‌. പ്രാരംഭഘട്ടത്തില്‍തന്നെ തിരിച്ചറിഞ്ഞ്‌ ചികിത്സിച്ചാല്‍ രോഗം മാരകമാകുന്നത്‌ തടയാനാകും, രോഗിക്ക്‌ സാധാരണജിവിതം നയിക്കാനും സഹായിക്കും. ആ നിലയ്‌ക്ക്‌ സ്‌തനാര്‍ബുദത്തിനെതിരെ ശക്തമായ ഒരായുധം കണ്ടെത്തിയിരിക്കുകയാണ്‌ ഒരുസംഘം യൂറോപ്യന്‍ ഗവേഷകര്‍. രോഗം നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു എക്‌സ്‌റേ സങ്കേതമാണ്‌ അവര്‍ വികസിപ്പിച്ചിരിക്കുന്നത്‌. വരുംവര്‍ഷങ്ങളില്‍ ഇത്‌ ചികിത്സാരംഗത്ത്‌ എത്തുമെന്നാണ്‌ പ്രതീക്ഷ.

നിലവില്‍ സ്‌തനാര്‍ബുദം നിര്‍ണയിക്കാന്‍ അവലംബിക്കുന്ന എക്‌സ്‌റേ മെമോഗ്രഫിയെ അപേക്ഷിച്ച്‌ കൃത്യതയോടെ നേരത്തെ രോഗം തിരിച്ചറിയാന്‍ സഹായിക്കുന്നതാണ്‌ പുതിയ മാര്‍ഗം. 'അനലൈസര്‍ ബെയ്‌സ്‌ഡ്‌ എക്‌സ്‌റേ ഇമേജിങ്‌'(എ.ബി.ഐ) എന്നു പേരിട്ടിട്ടുള്ള സങ്കേതം വികസിപ്പിച്ചതില്‍ ഫിന്‍ലന്‍ഡ്‌, ജര്‍മനി എന്നീ രാജ്യങ്ങളിലെ ഗവേഷകര്‍ക്കൊപ്പം യൂറോപ്യന്‍ സിങ്ക്രോട്രോണ്‍ റേഡിയേഷന്‍ ഫെസിലിറ്റിയും കാര്യമായ പങ്കുവഹിച്ചു. സ്‌തനങ്ങള്‍ക്കുള്ളിലെ കലകളുടെ ത്രിമാനദൃശ്യവത്‌ക്കരണത്തിലൂടെ, കോശഭാഗങ്ങളിലെ സൂക്ഷ്‌മ പരിവര്‍ത്തനംപോലും കണ്ടെത്തുകയാണ്‌ എ.ബി.ഐ വഴി ചെയ്യുക. അര്‍ബുദ സാന്നിധ്യം അതുവഴി തിരിച്ചറിയാന്‍ കഴിയും.

ആധുനിക ജീവിതശൈലിയുടെയും മറ്റും ഫലമായി സ്‌ത്രീകള്‍ക്കിടയില്‍ ഏറ്റവും കൂടുതല്‍ കണ്ടുവരുന്ന അര്‍ബുദമാണ്‌ സ്‌തനങ്ങളെ ബാധിക്കുന്നത്‌. പ്രാരംഭഘട്ടത്തില്‍ രോഗം തിരിച്ചറിയാന്‍ കഴിയാത്തതാണ്‌ പലപ്പോഴും അപകടം വരുത്തുന്നത്‌. രോഗനിര്‍ണയത്തിന്‌ എക്‌സ്‌റേ മെമോഗ്രഫി വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, പത്തു മുതല്‍ ഇരുപതു ശതമാനം വരെ ആളുകളില്‍ രോഗബാധ ഇതു വഴി തിരിച്ചറിയാന്‍ കഴിയാറില്ല. സി.ടി.സ്‌കാന്‍ (കമ്പ്യൂട്ടഡ്‌ ടോമോഗ്രാഫി സ്‌കാന്‍) വഴി കൂടുതല്‍ ഫലപ്രദമായി രോഗനിര്‍ണയം സാധ്യമാണെങ്കിലും, സ്‌തനങ്ങള്‍ പോലുള്ള അവയവങ്ങളില്‍ ഇതിനായി ശക്തിയേറിയ എക്‌സ്‌-റേ പ്രയോഗം വേണ്ടിവരും. അത്‌ കൂടുതല്‍ ദോഷങ്ങള്‍ക്കിടയാക്കും.

എന്നാല്‍ പുതിയ എ.ബി.ഐ.സങ്കേതത്തില്‍ മെമോഗ്രഫി പരിശോധനയില്‍ ഉപയോഗിക്കുന്ന അത്രതന്നെ എക്‌സ്‌-റേ ഡോസേ ആവശ്യമുള്ളു, സാധാരണ സി.ടി.സ്‌കാനറുകളില്‍ ഉപയോഗിക്കുന്നതിന്റെ നാലിലൊന്ന്‌. എന്നാല്‍, ലഭിക്കുന്ന ത്രിമാനദൃശ്യത്തിന്‌ ഏഴ്‌ മടങ്ങ്‌ വ്യക്തത കൂടുതലുണ്ട്‌. സാധാരണ മെമോഗ്രാഫി പരിശോധനയില്‍ കണ്ടെത്താന്‍ കഴിയാതെ വരുന്ന സ്‌തനാര്‍ബുദ മാതൃക ഉപയോഗിച്ച്‌ പുതിയ സങ്കേതം പരീക്ഷിച്ചപ്പോള്‍ അര്‍ബുദ സാന്നിധ്യം വ്യക്തമായി മനസിലാക്കാന്‍ കഴിഞ്ഞു. സ്‌തനകലകളെ മൈക്രോസ്‌കോപ്പ്‌ ഉപയോഗിച്ചുള്ള ഹിസ്‌റ്റോപാത്തോളജി പരിശോധന വഴി മാത്രം തിരിച്ചറിയാന്‍ കഴിയുന്ന രോഗസാന്നിധ്യമാണ്‌, എ.ബി.ഐ.സങ്കേതംവഴി കണ്ടെത്താനായത്‌.

മെമോഗ്രാഫി, സി.ടി.സ്‌കാന്‍ മുതലായവയുമായി പുതിയ സങ്കേതം താരതമ്യം ചെയ്‌താല്‍ അതിന്റെ മേന്‍മ മനസിലാകുമെന്ന്‌, പഠനത്തില്‍ പങ്കാളിയായ ജാനി കെയ്‌രിലായിനെന്‍ പറയുന്നു. പക്ഷേ, പരീക്ഷണശാലയില്‍ കോശഭാഗങ്ങളിലേ പുതിയ സങ്കേതം ഉപയോഗിച്ചിട്ടുള്ളു. താമസിയാതെ മനുഷ്യരില്‍ ഇത്‌ പരീക്ഷിക്കാം എന്ന പ്രതീക്ഷയിലാണ്‌ ഗവേഷകര്‍.

(അവലംബം: യൂറോപ്യന്‍ സിങ്ക്രോട്രോണ്‍ റേഡിയേഷന്‍ ഫെസിലിറ്റി (ESRF)യുടെ വാര്‍ത്താക്കുറിപ്പ്‌, കടപ്പാട്‌: മാതൃഭൂമി)

3 comments:

Joseph Antony said...

സ്‌തനാര്‍ബുദം നേരത്തെ തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു എക്‌സ്‌റേ സങ്കേതം യൂറോപ്യന്‍ ഗവേഷകര്‍ വികസിപ്പിച്ചിരിക്കുന്നു. സ്‌തനങ്ങള്‍ക്കുള്ളിലെ കലകളുടെ ത്രിമാനദൃശ്യവത്‌ക്കരണത്തിലൂടെ, കോശഭാഗങ്ങളിലെ സൂക്ഷ്‌മ പരിവര്‍ത്തനംപോലും കണ്ടെത്തുകയാണ്‌ പുതിയ സങ്കേതത്തില്‍ ചെയ്യുക.

ത്രിശ്ശൂക്കാരന്‍ said...

മാമോഗ്രാഫി കഴിഞ്ഞാല്‍ സി.ടി സ്കാനിനേക്കാള്‍ ഫലപ്രദം എം.ആര്‍.ഐ ആണെന്ന് ഒരു വശമുണ്ട്. റേഡിയേഷനും ഇല്ല എന്ന ഒരു സൌകര്യവുമുണ്ട്.
യുറോപ്യന്‍ വനിതകളില്‍ ഏറ്റവും കൂടുതല്‍ കാണുന്ന സ്താനര്‍ബുദ്ദം കണ്ടുപിടിയ്ക്കാന്‍ ഇത് വളരെയധികം സഹായിക്കുമെന്ന് പ്രതീക്ഷിയ്ക്കാം

അനില്‍@ബ്ലോഗ് // anil said...

മാഷെ,
ഒരു നേര്‍ ബന്ധമില്ലാത്ത കമന്റ്.
കൈകള്‍ തന്നെ ഒരു പരിധിവരെ “മാമ്മോ“ പരിശോധനക്കുപയോഗിക്കാമല്ലോ. ആരും ചെയ്യുന്നില്ല. സ്ത്രീക്ക സ്വയം ചെയ്യാം അല്ലെങ്കില്‍ അതിനു സ്വാതന്ത്രമുള്ള ആള്‍ക്കു ചെയ്യാം. ഏതായാലും ഇതൊക്കെ കുറഞ്ഞു വരുന്ന സ്ഥാനത്ത് മമ്മൊഗ്രഫി തന്നെ ശരണം.