Wednesday, January 31, 2007

കുള്ളന്‍ഗ്രഹത്തിന്‌ ധൂമകേതുവാകാന്‍ വിധി

Astronomy

സൗരയൂഥത്തിന്റെ വിദൂരകോണില്‍ സ്ഥിതിചെയ്യുന്ന ഒരു കുള്ളന്‍ഗ്രഹം കണ്ണെഴുതി പൊട്ടുതൊട്ട്‌ വാല്‍നക്ഷത്രസുന്ദരിയായി മുന്നിലെത്തിയാല്‍ എങ്ങനെയിരിക്കും. തമാശയല്ല, അത്തരമൊരു സംഭവത്തിന്‌ അധികം വൈകാതെ (ലക്ഷക്കണക്കിന്‌ വര്‍ഷങ്ങള്‍ക്കുള്ളില്‍ എന്ന്‌ വായിക്കുക) സൗരയൂഥം സാക്ഷ്യം വഹിക്കാന്‍ പോവുകയാണ്‌

സൗരയൂഥത്തില്‍ ഏറ്റവും പ്രകാശമേറിയ വാല്‍നക്ഷത്രം പിറക്കാന്‍ പോവുകയാണ്‌. '2003 EL61' എന്ന കുള്ളന്‍ഗ്രഹത്തില്‍ നിന്ന്‌. സമീപഭാവിയില്‍ ഈ കുള്ളന്‍ഗ്രഹം നെപ്യൂണുമായി കൂട്ടിയിടിച്ച്‌ വാല്‍നക്ഷത്രമാകുമത്രേ. കാലിഫോര്‍ണിയ ഇന്‍സ്‌റ്റിട്ട്യൂട്ട്‌ ഓഫ്‌ ടെക്‌നോളജി(കാല്‍ടെക്‌) യിലെ പ്രൊഫ. മൈക്ക്‌ ബ്രൗണാണ്‌ കമ്പ്യൂട്ടര്‍ മാതൃകയുടെ സഹായത്തോടെ ഈ പ്രവചനം നടത്തിയിരിക്കുന്നത്‌. 'പത്താമത്തെ ഗ്രഹ'മെന്ന്‌ വിശേഷിപ്പിക്കപ്പെട്ട '2003 UB313' കണ്ടുപിടിച്ചത്‌ പ്രോഫ.ബ്രൗണും സംഘവുമായിരുന്നു. പ്ലൂട്ടോയെക്കാള്‍ ഒന്നരമടങ്ങ്‌ വലുപ്പമുള്ള ആ കുള്ളന്‍ഗ്രഹത്തിന്റെ കണ്ടെത്തലാണ്‌ യഥാര്‍ത്ഥത്തില്‍ പ്ലൂട്ടോയുടെ ഗ്രഹപദവി തെറിപ്പിച്ചത്‌.

റഗ്‌ബിബോളിന്റെ ആകൃതിയാണ്‌ '2003 EL61'-ന്‌. ഏതാണ്ട്‌ പ്ലൂട്ടോയുടെ വലുപ്പമുള്ള ഇത്‌, സൗരയൂഥത്തിന്റെ വിദൂരമേഖലയായ 'കിയ്‌പ്പര്‍ ബെല്‍റ്റി' ലാണ്‌ സ്ഥിതിചെയ്യുന്നത്‌. അതിവേഗത്തിലുള്ള സ്വയംഭ്രമണമാണ്‌ ഇതിന്റെ സവിശേഷത; ഓരോ നാലുമണിക്കൂറിലും സ്വന്തം അച്ചുതണ്ടില്‍ ഒരുതവണ ഭ്രമണം ചെയ്യുന്നു. സൗരയൂഥത്തിലെ എട്ടാമത്തെ ഗ്രഹമായ നെപ്യൂണുമായി ഭാവിയില്‍ കൂട്ടിയിടിക്കുമ്പോള്‍ സൗരയൂഥത്തിന്റെ ആന്തരമേഖലയിലേക്കാണ്‌ തെന്നിമാറുന്നതെങ്കില്‍ ഈ കുള്ളന്‍ഗ്രഹം ധൂമകേതുവായി പരിണമിക്കുമെന്ന്‌ പ്രൊഫ.ബ്രൗണ്‍ പറയുന്നു. "20ലക്ഷം വര്‍ഷം കഴിഞ്ഞ്‌ നിങ്ങള്‍ക്ക്‌ തിരിച്ചെത്താനായാല്‍, 2003 EL61 ഒരു ധൂമകേതുവായി മാറിയിരിക്കുന്നത്‌ കാണാം''-അദ്ദേഹം പ്രവചിക്കുന്നു. "കണ്ടിട്ടുള്ളതില്‍ ഏറ്റവും പ്രകാശമേറിയ ധൂമകേതുവായിരിക്കുമത്‌".

2003 EL61-ന്റെ ഭ്രമണപഥം വളരെ അസ്ഥിരമാണ്‌. അതിനാല്‍ നെപ്യൂണുമായി ഭാവിയില്‍ ഇത്‌ നേര്‍ക്കുനേര്‍ വരുമെന്ന്‌ കമ്പ്യൂട്ടര്‍ മാതൃകകള്‍ വ്യക്തമാക്കുന്നു. നെപ്യൂണുമായുള്ള ഏറ്റുമുട്ടലില്‍ മൂന്നു സാധ്യതകളാണ്‌ ഈ കുള്ളന്‍ഗ്രഹത്തിന്‌ ഗവേഷകര്‍ കല്‍പ്പിക്കുന്നത്‌. കൂട്ടിയിടിയിലോ, ഗുരുത്വാകര്‍ഷബലത്തിന്റെ പ്രവര്‍ത്തനത്താലോ ഇത്‌ സൗരയൂഥത്തിന്റെ ആന്തരമേഖലയിലേക്ക്‌ തെറിച്ചുമാറി ധൂമകേതുവായി മാറാം. അതിനാണ്‌ ഏറ്റവുമധികം സാധ്യത. അല്ലെങ്കില്‍, സൗരയൂഥത്തിന്റെ ബാഹ്യഭാഗത്തേക്ക്‌ തെറിച്ചുപോകാം. അങ്ങനെയെങ്കില്‍ ഇത്‌ കിയ്‌പ്പര്‍ബെല്‍റ്റിന്‌ പുറത്തുള്ള 'ഊര്‍റ്റ്‌ ക്ലൗഡി' ല്‍ ഒടുങ്ങും (ഊര്‍റ്റ്‌ ക്ലൗഡാണ്‌ സൗരയൂഥത്തിന്റെ വിശാലമായ ബാഹ്യമേഖല). അതുമല്ലെങ്കില്‍, 2003 EL61 എന്നന്നേക്കുമായി സൗരയൂഥത്തിന്റെ അതിരുകള്‍ കടന്ന്‌ ബാഹ്യപ്രപഞ്ചത്തില്‍ പ്രവേശിക്കാം-ഇത്‌ മൂന്നാമത്തെ സാധ്യത.

കിയ്‌പ്പര്‍ ബെല്‍റ്റില്‍ സ്ഥിതിചെയ്യുന്ന പ്ലൂട്ടോയുള്‍പ്പടെയുള്ള വസ്‌തുക്കളില്‍ മഞ്ഞും വെള്ളവുമാണ്‌ കൂടുതല്‍ അടങ്ങിയിട്ടുള്ളത്‌. എന്നാല്‍, 2003 EL61-ല്‍ ഏറെ ഭാഗവും പാറയാണ്‌. മഞ്ഞുപാളിയുടെ ബാഹ്യാവരണം മാത്രമേയുള്ളൂ. 450 കോടിവര്‍ഷം മുമ്പ്‌ ഈ കുള്ളന്‍ഗ്രഹത്തിന്‌ ഗോളാകൃതിയായിരുന്നുവെന്ന്‌ ഗവേഷകര്‍ അനുമാനിക്കുന്നു. പകുതി പാറയും പകുതി മഞ്ഞും അടങ്ങിയ വസ്‌തു. ഇടയ്‌ക്കെപ്പോഴോ കിയ്‌പ്പര്‍ ബെല്‍റ്റില്‍ തന്നെയുള്ള മറ്റൊരു ഭീമന്‍ വസ്‌തുവുമായി കൂട്ടിയിടിച്ച്‌ 2003 EL61-ന്റെ പുറംഭാഗത്തെ മഞ്ഞുപാളികള്‍ പൊട്ടിത്തെറിച്ചു പോയതാവാമെന്ന്‌ പ്രൊഫ.ബ്രൗണും സംഘവും പറയുന്നു. ആ ഇടിയുടെ ശക്തിയിലാണ്‌ ഗ്രഹം ഇത്രവേഗത്തില്‍ ഭ്രമണം ചെയ്യാന്‍ തുടങ്ങിയതത്രേ. അതിവേഗത്തിലുള്ള ഭ്രമണം മൂലം ഇതിന്‌ റഗ്‌ബിബോളിന്റെ ആകൃതി കൈവന്നു. തെറിച്ചുപോയ മഞ്ഞുകട്ടകള്‍ കുള്ളന്‍ഗ്രഹത്തിന്റെ ഉപഗ്രഹങ്ങളായി.

"സൗരയൂഥത്തില്‍ ബുധന്‌ സംഭവിച്ചതിന്‌ ഏതാണ്ട്‌ തുല്യമായ അനുഭവമാണ്‌ 2003 EL61-നും സംഭവിച്ചിരിക്കുക"-പ്രൊഫ.ബ്രൗണ്‍ പറയുന്നു. തുടക്കത്തില്‍ അകക്കാമ്പില്‍ ഇരുമ്പും ബാഹ്യഭാഗം ശിലയുമായിരുന്നു ബുധന്‌. എന്നാലിപ്പോള്‍, ബുധനില്‍ അകക്കാമ്പാണ്‌ കൂടുതല്‍. പ്രാചീനകാലത്തെന്നോ ബുധന്‍ ഒരു വലിയ വസ്‌തുവുമായി കൂട്ടിയിടിച്ച്‌ അതിന്റെ പുറംപാളിയിലെ ശിലാഖണ്ഡങ്ങള്‍ നഷ്ടപ്പെട്ടതാണ്‌ ഈയൊരു പരിണാമത്തിന്‌ ഇടയാക്കിയതെന്ന്‌ ഗ്രഹശസ്‌ത്രജ്ഞര്‍ കരുതുന്നു. സിയാറ്റിലില്‍ അടുത്തയിടെ നടന്ന അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ യോഗത്തിലാണ്‌ പ്രൊഫ.ബ്രൗണ്‍ തന്റെ നിഗമനങ്ങള്‍ അവതരിപ്പിച്ചത്‌(കടപ്പാട്‌: അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി)

Tuesday, January 30, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-5: ആര്യഭടന്‍

Science History

ജ്യോതിശാസ്‌ത്രത്തിലും ഗണിതശാസ്‌ത്രത്തിലും നിലവിലുണ്ടായിരുന്ന സങ്കല്‍പ്പങ്ങള്‍ പൊളിച്ചെഴുതിയ വ്യക്തിയാണ്‌ ആര്യഭടന്‍. പക്ഷേ, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രമെന്ന്‌ ആര്യഭടനും നിരൂപിച്ചു

ഭൂമി ഉരുണ്ടാണിരിക്കുന്നതെന്നും സ്വന്തം അച്ചുതണ്ടില്‍ അത്‌ കറങ്ങുന്നതു കൊണ്ടാണ്‌ രാവും പകലുമുണ്ടാകുന്നതെന്നും ആദ്യമായി അഭിപ്രായപ്പെട്ട ജ്യോതിശാസ്‌ത്രജ്ഞന്‍ ഒരുപക്ഷേ ആര്യഭടനാകണം. കവികള്‍ വാഴ്‌ത്തുംപോലെ ചന്ദ്രന്‍ പ്രകാശം പരത്തുന്ന ഗോളമല്ല, പകരം സൂര്യപ്രകാശമാണ്‌ ചന്ദ്രന്റെ ശോഭയ്‌ക്കു നിദാനമെന്നും ആര്യഭടന്‍ തന്നെയാണ്‌ ആദ്യം പറഞ്ഞത്‌. ജ്യോതിശാസ്‌ത്രത്തിലും ഗണിതശാസ്‌ത്രത്തിലും നിലവിലുണ്ടായിരുന്ന ഒട്ടേറെ സങ്കല്‍പ്പങ്ങള്‍ മാറ്റിയെഴുതിയ പ്രതിഭയാണ്‌ ആര്യഭടന്‍. `ആര്യഭടീയം' ആണ്‌ അദ്ദേഹത്തിന്റെ പ്രശസ്‌ത കൃതി.

കേരളീയനാണ്‌ ആര്യഭടന്‍ എന്ന്‌ കരുതപ്പെടുന്നു. `അശ്‌മകം' എന്ന സ്ഥലത്ത്‌ എ.ഡി. 476-ല്‍ അദ്ദേഹം ജനിച്ചു (`അശ്‌മകം' ഇന്നത്തെ കൊടുങ്ങല്ലൂരാണെന്നൊരു വാദമുണ്ട്‌). ചെറുപ്പത്തിലേ ഗണിതത്തില്‍ തത്‌പരനായ അദ്ദേഹം നളന്ദ സര്‍വകലാശാലയിലെ പഠനത്തിനായി കുസുമപുരത്തെത്തി. ശിഷ്‌ട ജീവിതം അവിടെത്തന്നെയാണ്‌ കഴിച്ചുകൂട്ടിയത്‌. എ.ഡി. 499-ല്‍ `ആര്യഭടീയം' രചിച്ചു. അന്ന്‌ പ്രായം 23 വയസ്‌. പിന്നീട്‌ അദ്ദേഹം നളന്ദ സര്‍വകലാശാലയുടെ കുലപതി (വൈസ്‌ ചാന്‍സലര്‍) യായതായി കരുതുന്നു. `ആര്യഭടീയ'ത്തിന്‌ ഒട്ടേറെ വ്യാഖ്യാനങ്ങളുണ്ടായിട്ടുണ്ടെങ്കിലും, ഭാസ്‌കരന്‍ ഒന്നാമന്‍ എ.ഡി. 629-ല്‍ രചിച്ച `മഹാഭാസ്‌കരീയം' ആണ്‌ ഏറ്റവും പ്രശസ്‌തം. ഭാരതത്തില്‍ പ്രചാരത്തിലുള്ള പഞ്ചാംഗം `ആര്യഭടീയ'ത്തെ ആധാരമാക്കിയാണ്‌ തയ്യാറാക്കുന്നത്‌.

ജ്യോതിശാസ്‌ത്രത്തില്‍ പുതിയൊരു അധ്യായം തന്നെ തുറന്നെങ്കിലും, ഗ്രീക്കുകാരനായ ടോളമിയെപ്പോലെ ഭൂമിയാണ്‌ പ്രപഞ്ചകേന്ദ്രം എന്ന്‌ ആര്യഭടനും സങ്കല്‍പ്പിച്ചു. ഗണിതശാസ്‌ത്രത്തിലും ആര്യഭടന്‍ കാര്യമായ സംഭാവന നല്‍കി. `പൈ'യുടെ മൂല്യം ഏതാണ്ട്‌ 3.1416 എന്നദ്ദേഹം കണക്കാക്കി. ഭൂഗോളത്തിന്റെ ചുറ്റളവ്‌ 25,080 മൈല്‍ ആണെന്നു കണക്കുകൂട്ടി. വര്‍ഗമൂലവും ഘനമൂലവും നിര്‍ണയിക്കുന്നതിനുള്ള മാര്‍ഗ്ഗം അദ്ദേഹത്തിന്‌ വശമായിരുന്നു. 100,000,000,000 പോലുള്ള വലിയ സംഖ്യകള്‍ക്കു പകരം ആദ്യമായി വാക്കുകള്‍ ഉപയോഗിച്ചത്‌ അദ്ദേഹമാണ്‌.

ബീജഗണിതത്തിലെ പല നിയമങ്ങള്‍ക്കും രൂപം നല്‍കിയതും, ത്രികോണമിതിയിലെ 'സൈന്‍' പട്ടിക തയ്യാറാക്കുന്ന രീതി വികസിപ്പിച്ചതും ആര്യഭടന്‍ തന്നെ. ജ്യാമിതിയിലും ബീജഗണിതത്തിലും ജ്യോതിശാസ്‌ത്രത്തിലും അദ്ദേഹം ആധുനികശാസ്‌ത്രത്തിന്‌ വഴികാട്ടിയായി. അതുകൊണ്ടു തന്നെയാണ്‌, 1975 ഏപ്രില്‍ 19-ന്‌ സ്വന്തമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചപ്പോള്‍ അതിന്‌ `ആര്യഭട'യെന്ന്‌ പേര്‌ നല്‍കിയത്‌.

Sunday, January 28, 2007

മറയൂര്‍ മുനിയറകള്‍

കേരളത്തിന്‌ ഒരു ശിലായുഗസംസ്‌കാരം അവകാശപ്പെടാനില്ലെന്നു വാദിച്ച ചരിത്രപണ്ഡിതരുണ്ട്‌. അത്തരക്കാര്‍ക്കുള്ള മറുപടിയാണ്‌ മറയൂരിലെ മുനിയറകള്‍. കേരളചരിത്രത്തെ 1500 വര്‍ഷം പിന്നോട്ടു നയിച്ചത്‌ മുനിയറകളെ സംബന്ധിച്ച പഠനമാണ്‌


ഴുവര്‍ഷത്തെ ഇടവേളയ്‌ക്കുശേഷമാണ്‌ അടുത്തയിടെ വീണ്ടും മറയൂര്‍ താഴ്‌വരയില്‍ പോയത്‌. മുമ്പ്‌ മറയൂര്‍ സന്ദര്‍ശിച്ചപ്പോള്‍ എടുത്ത ഫോട്ടോകളുടെ നെഗറ്റീവ്‌ നശിച്ചുപോയി. അതിനാല്‍, അവിടുത്ത മുനിയറകളുടെ കുറെ ചിത്രങ്ങളെടുക്കണം, താഴ്‌വര ഒന്നുകൂടി അടുത്തു കാണണം. ഇതായിരുന്നു മനസില്‍. കാന്തല്ലൂര്‍ സന്ദര്‍ശനം കഴിഞ്ഞ്‌, ചുരമിറങ്ങുന്ന ജീപ്പിന്റെ അമ്പരപ്പിക്കുന്ന ബാലന്‍സ്‌ മനസിലുണര്‍ത്തിയ ഭീതി വിട്ടുമാറാതെ, മറയൂര്‍ ഹൈസ്‌കൂളിന്റെ കോംപൗണ്ടിലൂടെ മുനിയറകള്‍ സ്ഥിതിചെയ്യുന്ന ഉയരത്തിലുള്ള പാറപ്പരപ്പിലേക്ക്‌ നടന്നു.

ചൂടില്ലാത്ത വെയില്‍. സ്‌കൂളില്‍ ഉച്ചയ്‌ക്കത്തെ ഇടവേള. കുട്ടികള്‍ കലമ്പല്‍കൂട്ടുന്നു. സ്‌കൂള്‍ കോംപൗണ്ടില്‍ ഒരു അപരിചിതനെ കണ്ടതിന്റെ കൗതുകം പലരുടെയും മുഖത്ത്‌. മുറ്റം മുറിച്ചുകടന്ന്‌, സ്‌കൂളിന്‌ പിന്നിലെ മുനിയറകളുടെ ലോകത്തേക്ക്‌ കടന്നു. ഇടിഞ്ഞുപൊളിഞ്ഞു നാശമായ ഒന്നുരണ്ടു മുനിയറകളാണ്‌ സന്ദര്‍ശകനെ അവിടെ ആദ്യം സ്വാഗതം ചെയ്യുക. പാറപ്പുറത്തെ കട്ടിയില്ലാത്ത മണ്ണില്‍ ദര്‍ഭക്കാടുകളും പോതപ്പുല്ലുമെല്ലാം ആളുയരത്തില്‍ വളര്‍ന്ന്‌ മുനിയറകള്‍ക്ക്‌ വല്ലാത്തൊരു ദൃശ്യഭംഗി നല്‍കുന്നു. കൂടുതല്‍ മുനിയറകള്‍ അങ്ങുമുകളില്‍ വിസ്‌താരമേറിയ പാറയുടെ മുകള്‍തട്ടിലാണ്‌.

ആദ്യം കണ്ട ഇടിഞ്ഞുപൊളിഞ്ഞ മുനിയറയുടെ ചിത്രമെടുക്കാന്‍ ക്യാമറ ശരിയാക്കുമ്പോള്‍, പിന്നില്‍ നിന്ന്‌ സംഘം ചേര്‍ന്നൊരു ചോദ്യം, "ഞങ്ങടെ ഫോട്ടോ കൂടിയെടുക്കാമോ". സ്‌കൂള്‍ യൂണിഫോമില്‍ നാലു കുട്ടികള്‍; സ്‌കൂള്‍ കോംപൗണ്ട്‌ കടന്നു പോരുമ്പോള്‍ പിന്നാലെ കൂടിയതാണ്‌. "പിന്നെന്താ"എന്നു പറഞ്ഞ്‌ അവരുടെ നേരെ ക്യാമറ തിരിച്ചു. നാലുപേരും പെട്ടന്ന്‌ പോസുചെയ്‌തു. "ഞാനൊന്നു ചിരിച്ചോട്ടെ", ഒരുത്തന്റെ കമന്റ്‌. ക്യാമറയുടെ എല്‍.സി.ഡി.മോണിറ്ററില്‍ ചിത്രം കാണാന്‍ നാലുപേരും എന്റെ ചുറ്റും കൂടി. അങ്ങനെ ഞങ്ങള്‍ പരിചയമായി. എല്ലാവരും ഒന്‍പതാംക്ലാസിലെ മറയൂര്‍ഗ്രാമക്കാര്‍.


സംസാരിച്ചു വന്നപ്പോള്‍ അവര്‍ക്കറിയണം, എന്തിനാണ്‌ ഈ 'ഗുഹ'യുടെ ചിത്രമെടുക്കുന്നതെന്ന്‌. 'ഗുഹ'യോ, അത്ഭുതം തോന്നി. "അതെ, പഞ്ചപാണ്ഡവന്‍മാര്‍ ഒളിച്ചിരുന്ന ഗുഹയല്ലേ ഇത്‌"-അവരിലൊരാള്‍ ഗൗരവത്തില്‍ ചോദിച്ചു. ഒരാള്‍ പൊക്കമില്ലാത്ത ഈ കല്ലറയ്‌ക്കാണോ ഗുഹയെന്നു പറയുന്നത്‌. പാണ്ഡവന്‍മാര്‍ ഇതിനുള്ളില്‍ കൂനിക്കൂടി ഇരുന്നിട്ടുണ്ടെന്നാണോ നിങ്ങള്‍ പറയുന്നത്‌, വില്ലാളിവീരന്‍മാരായ പാണ്ഡവര്‍ക്ക്‌ നടുവു വേദനിച്ചിട്ടുണ്ടാകില്ലേ-ഞാന്‍ ചോദിച്ചു. "അങ്ങനെയാണല്ലോ എല്ലാവരും പറയുന്നത്‌", അവര്‍ തര്‍ക്കിച്ചു. ആ പാറപ്പരപ്പില്‍ വെച്ച്‌ ശരിക്കും ചരിത്രപരമായ ഒരു ചര്‍ച്ചയിലേക്ക്‌ ഞങ്ങള്‍ പ്രവേശിക്കുകയായിരുന്നു.

ചരിത്രം പഠിപ്പിക്കുന്ന ടീച്ചര്‍ നിങ്ങളോട്‌ ഈ മുനിയറകളെക്കുറിച്ച്‌ ഒന്നും പറഞ്ഞിട്ടില്ലേ-ഞാന്‍ ചോദിച്ചു. "ഓ, പുസ്‌തകത്തിലുള്ളതുതന്നെ പറയാന്‍ സമയം തികയുന്നില്ല, അപ്പോളാ"-കുട്ടികളിലൊരാള്‍ പ്രതികരിച്ചു. ആ വാക്കുകളില്‍ നിന്ന്‌ കാര്യങ്ങള്‍ വ്യക്തമാണ്‌. അവരുടെ ബോധത്തില്‍ ഈ മുനിയറകള്‍ പഞ്ചപാണ്ഡവന്‍മാര്‍ ഒളിച്ചിരുന്നതോ, അല്ലെങ്കില്‍ മുനികള്‍ തപസ്സുചെയ്‌തിരുന്നതോ ആയ വെറും കല്ലറകളായി അവശേഷിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. ഇവ യഥാര്‍ത്ഥത്തില്‍ എന്താണെന്ന്‌ ആ കുട്ടികള്‍ക്ക്‌ ആരും പറഞ്ഞുകൊടുത്തിട്ടില്ല. അങ്ങകലെയുള്ള താജ്‌മഹല്‍ എന്താണെന്ന്‌ അവര്‍ക്ക്‌ അറിയാമായിരിക്കും, അല്ലെങ്കില്‍ കമ്പോഡിയയിലെ ആങ്കോര്‍വാട്ട്‌ എന്താണെന്ന്‌, ഗിസയിലെ പിരമിഡ്‌,... പക്ഷേ, സ്വന്തം കണ്‍മുന്നില്‍ കാണുന്ന ഈ സ്‌മാരകങ്ങള്‍ എന്താണെന്ന്‌ അവര്‍ക്കറിയില്ല!

ഞങ്ങള്‍ നില്‍ക്കുന്നതിന്‌ താഴെ കുറെയകലെ, പ്രാചീനമായ പാറവിടവിലൂടെ പാമ്പാര്‍ ഒഴുകുന്നത്‌ കാണാം. കേരളത്തില്‍ 44 പുഴകളുള്ളതില്‍ മൂന്നെണ്ണം മാത്രമാണ്‌ കിഴക്കോട്ടൊഴുകുന്നത്‌. ആ മൂന്നിലൊരെണ്ണമാണ്‌ പാമ്പാര്‍ (കബനിനദിയും ഭവാനിപ്പുഴയും ബാക്കിയുള്ളവ). പാമ്പാറിലെ തെങ്കാശിനാഥന്‍ ഗുഹാക്ഷേത്ര പരിസരം ഞങ്ങള്‍ക്ക്‌ താഴെയായി കാണാം. മറയൂരില്‍ പഞ്ചപാണ്ഡവന്‍മാരുടെ ഐതീഹ്യം മുനിയറകള്‍ കൊണ്ട്‌ തീരുന്നില്ല. തെങ്കാശിനാഥന്‍ ക്ഷേത്രം നിര്‍മിച്ചതും പഞ്ചപാണ്ഡവന്‍മാരാണത്രേ. ആ ഗുഹാക്ഷേത്രത്തില്‍ നിന്ന്‌ മധുരയ്‌ക്കും പളനിക്കും ഭൂമിക്കടിയിലൂടെ രഹസ്യവഴിയുണ്ടെന്ന്‌ പലരും വിശ്വസിക്കുന്നു.

എവിടെനിന്ന്‌ വരുന്നുവെന്ന്‌ നിശ്ചയിക്കാനൊക്കാത്ത ഒരു കാറ്റ്‌ ഞങ്ങളെ വലംവെച്ച്‌ കടന്നുപോകുന്നു. ചുറ്റിനും സൗമ്യസാമീപ്യമായി നില്‍ക്കുന്ന പശ്ചിമഘട്ട ഗിരിനിരകളുടെ ചുവടുവരെ വ്യാപിക്കുന്ന താഴ്‌വര നട്ടുച്ചയ്‌ക്കും ഇരുണ്ടുകിടക്കുന്നു. ആകാശം പതിവുപോലെ മൂടിക്കെട്ടിയിരിക്കുകയാണ്‌. മഴനിഴല്‍പ്രദേശമാണല്ലോ മറയൂരെന്ന ചിന്ത പെട്ടന്നെന്റെ മനസിലെത്തി. ഇടുക്കിജില്ലയില്‍ മൂന്നാറില്‍ നിന്ന്‌ അമ്പതുകിലോമീറ്ററോളം വടക്കുകിഴക്ക്‌ യാത്രചെയ്‌താലെത്താവുന്ന ഈ താഴ്‌വരയില്‍ വിചിത്രമായ കാലാവസ്ഥയാണ്‌. കേരളത്തില്‍ മഴപെയ്യുന്ന കാലത്തെല്ലാം ഇവിടെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും. മഴപെയ്യില്ല, മഴപെയ്യാന്‍ പോകുന്നു എന്ന തോന്നല്‍ മാത്രം. സസ്യങ്ങള്‍ക്കും വൃക്ഷങ്ങള്‍ക്കുമെല്ലാം, സൂര്യപ്രകാശത്തിന്റെ കുറവുമൂലം വളര്‍ച്ച മന്ദഗതിയിലാകും. കേരളത്തില്‍ ചന്ദനക്കാടുകളുള്ള ഒരേയൊരു സ്ഥലമായി മറയൂര്‍ മാറാനുള്ള കാരണവും ഒരുപക്ഷേ, ഈ സവിശേഷ കാലാവസ്ഥയായിരിക്കുമെന്ന്‌ പലരും കരുതുന്നു.

"പാണ്ഡവന്‍മാര്‍ ഒളിച്ചിരുന്നതല്ലെങ്കില്‍ പിന്നെ ഈ കല്ലറകളെന്താണ്‌"-കുട്ടികളിലൊരാള്‍ ചോദിച്ചു. കേരളത്തിന്‌ ഒരു ശിലായുഗചരിത്രം അവകാശപ്പെടാനില്ലെന്ന റോബര്‍ട്ട്‌ ബ്രൂസ്‌ ഫുടിന്റെ ഒരുനൂറ്റാണ്ടിലേറെ പഴക്കമുള്ള നിഗമനത്തെ തകര്‍ത്തെറിയാന്‍ കേരളത്തിലെ പുരാവസ്‌തുഗവേഷകരെ സഹായിച്ച സ്‌മാരകള്‍ക്കു മുന്നിലാണ്‌ നമ്മള്‍ നില്‍ക്കുന്നതെന്ന്‌ പറഞ്ഞാല്‍ ഈ കുട്ടികള്‍ അതെങ്ങനെയെടുക്കും. ശിലായുഗത്തിന്റെ അവസാനകാലമായ മഹാശിലായുഗ(Megalithic Age)ത്തിന്റെ അവശേഷിപ്പാണീ കല്ലറകള്‍. ഇരുമ്പു കണ്ടുപിടിച്ചവരുടെ ബാക്കിപത്രം. "ഒന്നുമാത്രം ഓര്‍ത്തുവെക്കുക, നിങ്ങളുടെ സ്‌കൂളിരിക്കുന്നത്‌ ഒരു പുരാതന സെമിത്തേരിക്ക്‌ അരികിലാണ്‌. ആയിരത്തിലേറെ വര്‍ഷംമുമ്പ്‌ മനുഷ്യരെ സംസ്‌ക്കരിച്ച കല്ലറാകളാണിവ"-ഞാനവരെ അറിയിച്ചു. വിശ്വാസം വരാത്തപോലെ അവര്‍ പരസ്‌പരം നോക്കി. പെട്ടന്ന്‌ സ്‌കൂളില്‍ മണിമുഴങ്ങി. "വീണ്ടും കാണാം", എന്നു പറഞ്ഞ്‌ അവര്‍ പിന്തിരിഞ്ഞോടി.

പാറയുടെ ചെങ്കുത്തായ ചെരുവിലൂടെ മുകളിലേക്കു കയറുന്തോറും അങ്ങുതാഴെ സ്‌കൂള്‍ ചെറുതായി വന്നു. സ്‌കൂളിലെ ശബ്ദം അകന്നകന്നു പോയി. താഴ്‌വര ഒന്നുകൂടി വിസ്‌തൃതമായതുപോലെ. കാറ്റ്‌ ശക്തിയായി വീശിയിട്ടും, വെയിലിന്‌ ചൂടില്ലാഞ്ഞിട്ടും വിയര്‍ത്തു. ബാഗില്‍ നിന്ന്‌ വെള്ളമെടുത്ത്‌ രണ്ടിറക്കു കുടിച്ചിട്ട്‌ കയറ്റം തുടര്‍ന്നു. മുകളിലെത്തുമ്പോള്‍ മറ്റൊരു ലോകം തുറക്കുകയാണ്‌. ഒരുവശത്ത്‌ കാന്തല്ലൂര്‍മലനിരകള്‍ കോട്ടപോലെ നില്‍ക്കുന്നു, മറുവശത്ത്‌ ആനമുടിയുള്‍പ്പെടുന്ന ഇരവികുളം നാഷണല്‍പാര്‍ക്കിലെ ദുര്‍ഗമമായ കൊടുമുടികള്‍. മറ്റൊരു ഭാഗത്ത്‌ ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ പര്‍വതക്കെട്ടുകള്‍. നാലുവശവും കൊടുമുടികളാല്‍ ചുറ്റപ്പെട്ട്‌ മറഞ്ഞുപോയ ഈ താഴ്‌വരയുടെ പേര്‌ 'മറഞ്ഞിരിക്കുന്ന ഊര്‌' എന്നായതില്‍ അത്ഭുതമില്ല. കരിമ്പിന്‍ തോട്ടങ്ങളായിരുന്നു മുമ്പിവിടെ വരുമ്പോള്‍ താഴ്‌വരയുടെ ഏറിയ ഭാഗത്തും. ഇപ്പോള്‍ കരിമ്പിന്‍തൊട്ടങ്ങളെ തെങ്ങിന്‍തോപ്പുകള്‍ കൈയേറിയിരിക്കുന്നു.

താഴ്‌വരയുടെ ഏതാണ്ടൊരു ചെറുരൂപം തന്നെയല്ലേ മുനിയറകള്‍, കൗതുകപൂര്‍വ്വം ഓര്‍ത്തു. നാലുവശത്തും കല്‍പ്പാളികള്‍ വെച്ച്‌ മറച്ചിരിക്കുന്നു. മുകളില്‍ വലിയൊരു മൂടിക്കല്ല്‌. "നന്തങ്ങാടികളും കുടക്കല്ലുകളും മുനിയറകളുമെല്ലാം മഹാശിലായുഗത്തിന്റെ സ്‌മാരകങ്ങളാണ്‌ "-പുരവസ്‌തുഗവേഷകനായ ഡോ.എസ്‌.പത്മനാഭന്‍തമ്പി വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ പറഞ്ഞ വാക്കുകള്‍ മനസിലെത്തി. 1974-ലാണ്‌ മറയൂരിലെ ശിലായുഗസ്‌മാരകങ്ങളെക്കുറിച്ച്‌ ഡോ. തമ്പി പഠനം ആരംഭിക്കുന്നത്‌. ആ പഠനം കേരളചരിത്രത്തെ 1500 വര്‍ഷം പിന്നോട്ടു നയിച്ചു. "എ.ഡി.200-നും ബി.സി. ആയിരത്തിനും മധ്യേ താഴ്‌വരയില്‍ നിലനിന്ന മനുഷ്യസംസ്‌ക്കാരത്തിന്റെ അവശേഷിപ്പാണ്‌ മുനിയറകളും മറയൂരിലെ ഗുഹാചിത്രങ്ങളും"-ഡോ.തമ്പി പറഞ്ഞ വാക്കുകള്‍ വീണ്ടും ഓര്‍മവന്നു.

1976-ല്‍ സംസ്ഥാന പുരാവസ്‌തുവകുപ്പ്‌ മറയൂര്‍ മുനിയറകളെ സംരക്ഷിതസ്‌മാരകങ്ങളായി പ്രഖ്യാപിച്ചു. പക്ഷേ, ചരിത്രത്തിന്റെ വിലയറിയാത്ത നാട്ടില്‍ സംഭവിക്കുന്നത്‌ മുനിയറകള്‍ക്കും സംഭവിച്ചു. 1993-ല്‍ അന്നത്തെ ഭരണകക്ഷിയിലെ പ്രമുഖരിലൊരാളുടെ ബംഗ്ലൂരിലെ ബിനാമിക്കമ്പനി പാമ്പാറിന്‍ തീരത്തെ ഈ പാറ ഖനനം ചെയ്യാനാരംഭിച്ചു. റവന്യൂവകുപ്പ്‌ അതിന്‌ അനുമതിയും നല്‍കി. ഗ്രാമവാസികളുടെ എതിര്‍പ്പ്‌ അവഗണിച്ചുകൊണ്ട്‌ ബ്ലാസ്റ്റിങ്‌ വഴി പാറപൊട്ടിക്കാനാരംഭിച്ചപ്പോള്‍ അത്‌ വാര്‍ത്തയായി. അങ്ങനെയാണ്‌ കൊച്ചിയിലെ നിയമവേദി മുനിയറകളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട്‌ ഹൈക്കോടതിയെ സമീപിക്കുന്നത്‌.

കേസ്‌ പരിഗണിച്ച സംഗിള്‍ബഞ്ച്‌ പത്തുവര്‍ഷത്തേക്ക്‌ ഖനനത്തിന്‌ അനുമതി നല്‍കി. എന്നാല്‍, അപ്പീല്‍ പരിഗണിച്ച ജസ്റ്റിസ്‌ കെ.ടി.തോമസ്സും ജസ്‌റ്റിസ്‌ പി.ഷണ്‍മുഖവുമടങ്ങിയ ഡിവിഷന്‍ബഞ്ച്‌ ഖനനം നിരോധിച്ചുകൊണ്ട്‌ 1995 നവംബര്‍ ആദ്യം വിധി പ്രസ്‌താവിച്ചു. ഗ്രാനൈറ്റ്‌ ഖനനം പാടില്ലെന്നു മാത്രമല്ല, മറയൂരിലെ പ്രാചീനസ്‌മാരകങ്ങളെ ദേശീയസ്‌മാരകമായി പ്രഖ്യാപിച്ച്‌ സംരക്ഷിക്കാന്‍ കോടതി കേന്ദ്രസര്‍ക്കാരിന്‌ നിര്‍ദ്ദേശവും നല്‍കി.

കോടതിയുടെ ഇടപെടല്‍ അന്നുണ്ടായിരുന്നില്ലെങ്കില്‍, ഒരു കമ്പനിയുടെ ടേണോവറിന്റെ കണക്കിലേക്ക്‌ ഈ പാറപ്പരപ്പും ശിലായുഗസ്‌മാരകങ്ങളും ചെന്നുപെടുമായിരുന്നു. പക്ഷേ, ഖനനം മുടങ്ങിയെല്ലെങ്കിലും മറ്റൊന്ന്‌ ഇവിടെ സംഭവിക്കുന്നതിന്റെ ലക്ഷണം കാണാം. പാറപ്പരപ്പിന്റെ തെക്കേയറ്റത്ത്‌ ഒരു കുരിശ്‌. കുറച്ച്‌ വടക്കോട്ട്‌ മാറി ത്രിശൂലങ്ങള്‍. ശിലായുഗമനുഷ്യരുടെ അന്ത്യവിശ്രമസ്ഥാനത്ത്‌ ആധുനിക മനുഷ്യന്റെ അല്‍പ്പത്വം ആധിപത്യം സ്ഥാപിക്കുന്നതിന്റെ തെളിവുകള്‍. പ്രാചീനസ്‌മരകങ്ങള്‍ക്കു മുകളില്‍ പോലും സങ്കുചിതത്വം വേരാഴ്‌ത്തുമ്പോള്‍ ആരെയാണ്‌ നമ്മല്‍ കുറ്റപ്പെടുത്തുക. ആ സങ്കുചിതത്വത്തിന്‌ ഇരയാകത്തക്കവിധം, സ്വന്തം സ്‌കൂളിന്‌ പിന്നിലെ ചരിത്രസ്‌മാരകങ്ങള്‍ പോലും എന്തെന്ന്‌ മനസിലാക്കാന്‍ അനുവദിക്കാതെ ഒരു തലമുറയെ നമ്മള്‍ വളര്‍ത്തി പരുവപ്പെടുത്തുകയും ചെയ്യുന്നു.




മറയൂര്‍ താഴ്‌വരയുടെ ദൃശ്യം


മറയൂര്‍ ഹൈക്കൂള്‍മുറ്റത്തെ ക്ലാസ്‌

Friday, January 26, 2007

എല്‍നിനോ വീണ്ടും ശക്തിപ്രാപിക്കുമ്പോള്‍

ആഗോളകാലാവസ്ഥയെയാകെ തകിടംമറിക്കാന്‍ ശേഷിയുള്ള 'എല്‍നിനോ' പ്രതിഭാസം ശാന്തസമുദ്രത്തില്‍ വീണ്ടും ശക്തിപ്രാപിക്കുകയാണ്‌. എന്താണ്‌ ഈ പ്രതിഭാസത്തിന്‌ കാരണമെന്ന്‌ വ്യക്തമല്ലെങ്കിലും, ആഗോളതാപനത്തിനും എല്‍നിനോയ്‌ക്കും ബന്ധമുണ്ടെന്ന്‌ വിദഗ്‌ധര്‍ കരുതുന്നു

സാമാന്യം ശക്തമായ ഒരു 'എല്‍നിനോ'(El Nino) ശാന്തസമുദ്രമേഖലയില്‍ ശക്തിപ്രാപിക്കുന്നു എന്ന ആശങ്കയോടെയാണ്‌ 2007 പിറന്നത്‌. ഏതാനും മാസമായി രൂപപ്പെട്ടുവന്ന ആ പ്രതിഭാസം ഇനിയൊരു മൂന്നുമാസത്തേക്കുകൂടി തുടരുമെന്നും, അതിന്റെ ആഘാതം വര്‍ഷം മുഴുവനും ലോകം അനുഭവിക്കേണ്ടിവരുമെന്നുമുള്ള റിപ്പോര്‍ട്ടുകളാണ്‌ ആശങ്ക വര്‍ധിപ്പിക്കുന്നത്‌. രേഖപ്പെടുത്തിയതില്‍ ഏറ്റവുംചൂടേറിയ വര്‍ഷമാകും 2007 എന്ന ബ്രിട്ടീഷ്‌കാലാവസ്ഥാവകുപ്പിന്റെ പ്രവചനത്തിന്‌ പിന്നിലെ ഒരു ഘടകം ശക്തിപ്രാപിച്ചിട്ടുള്ള എല്‍നിനോ ആണ്‌.

രൂപപ്പെടുന്നത്‌ ശാന്തസമുദ്രത്തിലാണെങ്കിലും, ആഗോളകാലാവസ്ഥയാകെ തകിടം മറിക്കാനുള്ള ശേഷി എല്‍നിനോയ്‌ക്കുണ്ട്‌. ലോകമെമ്പാടും അത്‌ കൊടിയ പ്രകൃതിദുരന്തങ്ങള്‍ സൃഷ്ടിക്കും. സാധാരണഗതിയില്‍ മഴ ലഭിക്കുന്ന രാജ്യങ്ങള്‍ കൊടുംവരള്‍ച്ചയുടെ വറുതിയിലാകും. ചൂടുള്ള കാലാവസ്ഥ അനുഭവിക്കുന്ന മേഖലകള്‍ ശൈത്യത്തിന്റെയും പേമാരിയുടെയും കെടുതി അനുഭവിക്കാന്‍ വിധിക്കപ്പെടും. ഫിലിപ്പീന്‍സും ഇന്‍ഡൊനീഷ്യയുമുള്‍പ്പെട്ട പെസഫിക്കിന്റെ പടിഞ്ഞാറന്‍ മേഖല ചുഴലിക്കൊടുങ്കാറ്റുകളുടെ(ടൈഫൂണുകള്‍) ദാക്ഷിണ്യത്തിന്‌ വിധിക്കപ്പെടും. ഇപ്പോള്‍ തന്നെ കിഴക്കന്‍യൂറോപ്പ്‌ അസാധാരണമായ ചൂടിന്റെയും, ബ്രസീല്‍ പോലുള്ള രാജ്യങ്ങള്‍ പേമാരിയുടെയും, ഫിലിപ്പീന്‍സും ഇന്‍ഡൊനീഷ്യയും ചുഴലിക്കാറ്റുകളുടെയും പിടിയിലായിരിക്കുന്നു. ഇന്‍ഡൊനീഷ്യയില്‍ അടുത്തയിടെ കൊടുങ്കാറ്റിലും പേമാരിയിലും കപ്പല്‍ മുങ്ങിയും യാത്രാവിമാനം തകര്‍ന്നും അഞ്ഞൂറിലേറെപ്പേരാണ്‌ മരിച്ചത്‌.

എല്‍നിനോ ഇന്ത്യന്‍മണ്‍സൂണിന്റെ താളം തെറ്റിക്കും. ഇന്ത്യയില്‍ കഴിഞ്ഞ 132 വര്‍ഷത്തിനിടെയുണ്ടായ രൂക്ഷമായ വരള്‍ച്ചക്കാലത്തെല്ലാം എല്‍നിനോ ശക്തിപ്പെട്ടിരുന്നു എന്ന ആശങ്കാജനകമായ പഠനറിപ്പോര്‍ട്ട്‌ 2006 സപ്‌തംബര്‍ എട്ടിന്‌ 'സയന്‍സ്‌' ഗവേഷണവാരിക പ്രസിദ്ധീകരിക്കുകയുണ്ടായി. പൂണെയില്‍ 'ഇന്ത്യന്‍ ഇന്‍സ്റ്റിട്ട്യൂട്ട്‌ ഓഫ്‌ ട്രോപ്പിക്കല്‍ മെറ്റീരോളജി'യിലെ ഡോ.കെ.കൃഷ്‌ണകുമാറിന്റെ നെതൃത്വത്തിലുള്ള സംഘമാണ്‌ പഠനം നടത്തിയത്‌. 2002-ല്‍ പ്രത്യക്ഷപ്പെട്ട ശക്തികുറഞ്ഞ എല്‍നിനോ ഇന്ത്യയിലുണ്ടാക്കിയ കൊടുംവരള്‍ച്ചയുടെ നടുക്കം ഇനിയും മാറിയിട്ടില്ല. അപ്പോഴാണ്‌ സാമാന്യം ശക്തമായ എല്‍നിനോ വീണ്ടും രൂപപ്പെട്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ട്‌. വരുന്ന മണ്‍സൂണിന്റെ അവസ്ഥയെന്താകും എന്നത്‌ ഭയാശങ്കകളോടെയാണ്‌ പലരും ചിന്തിക്കുന്നത്‌.

ശാന്തസമുദ്രത്തില്‍ ഭൂമധ്യരേഖാപ്രദേശത്താണ്‌ എല്‍നിനോ രൂപപ്പെടുക; മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ നീളുന്ന ഇടവേളകളില്‍. 'എല്‍നിനോ സതേണ്‍ ഓസിലേഷന്‍'(ENSO) എന്നാണ്‌ ഈ പ്രതിഭാസത്തിന്റെ പൂര്‍ണനാമം. എല്‍നിനോക്കാലത്ത്‌ ഭൂമിയുടെ ചുറ്റളവിന്റെ അഞ്ചിലൊന്ന്‌ വരുന്ന ഭാഗത്ത്‌ (യൂറോപ്പ്‌ ഭൂഖണ്ഡത്തിന്റത്ര വിസ്‌തൃതിയില്‍) ഭൂമധ്യരേഖാപ്രദേശത്ത്‌ ശാന്തസമുദ്രോപരിതലം അകാരണമായി ചൂടുപിടിക്കാനാരംഭിക്കും. ശാന്തസമുദ്രത്തില്‍ കിഴക്കുനിന്ന്‌ പടിഞ്ഞാറോട്ട്‌ വീശുന്ന വാണിജ്യവാതങ്ങള്‍(Trade winds) നിലയ്‌ക്കുകയോ ദുര്‍ബലമാവുകയോ ചെയ്യും. എതിര്‍ദിശയിലേക്കുള്ള കാറ്റിന്റെ ശക്തിവര്‍ധിക്കും. സമുദ്രോപരിതലം ചൂടുപിടിച്ചിരിക്കുന്നതിനാല്‍, ആ കാറ്റിന്റെ തള്ളലിന്‌ വിധേയമായി ചൂടിന്റെ ഒരു പ്രവാഹം പെറുവിന്‌ സമീപത്തേക്കു നീങ്ങും. സാധാരണഗതിയില്‍ തണുത്തിരിക്കുന്ന പെറുവിന്റെ തീരം ചൂടുപിടിക്കും. മത്സ്യങ്ങള്‍ അപ്രത്യക്ഷമാകും.

അതിനാല്‍ എല്‍നിനോയുടെ തിക്തഫലം ആദ്യം അനുഭവിക്കേണ്ടിവരിക പെറുവിലെ മുക്കുവരാണ്‌. ക്രിസ്‌മസ്‌ കാലത്താണ്‌ ഈ ചൂടന്‍പ്രതിഭാസം പ്രത്യക്ഷപ്പെടുന്നത്‌ എന്നതിനാല്‍, 'ഉണ്ണിയേശു' അഥവാ 'ചെറിയ ആണ്‍കുട്ടി' എന്ന്‌ സ്‌പാനിഷില്‍ അര്‍ത്ഥം വരുന്ന 'എല്‍നിനോ' എന്ന പേര്‌ നല്‍കിയത്‌ പെറുവിലെ മുക്കുവരാണ്‌; 19-ാം നൂറ്റാണ്ടില്‍. 13000 വര്‍ഷം മുമ്പും എല്‍നിനോ രൂപപ്പെട്ടിരുന്നു എന്നതിന്‌ പെറുവിന്റെ തീരത്തുനിന്ന്‌ ഭൗമശാസ്‌ത്രജ്ഞര്‍ക്ക്‌ തെളിവു ലഭിച്ചിട്ടുണ്ട്‌. പക്ഷേ, ഏറ്റവും ശക്തമായ എല്‍നിനോകള്‍ രൂപപ്പെട്ടത്‌ ഇരുപതാം നൂറ്റാണ്ടിലാണ്‌. കഴിഞ്ഞ നൂറ്റാണ്ടില്‍ 23 തവണ എല്‍നിനോ പ്രത്യക്ഷപ്പെട്ടു. ചരിത്രത്തിലെ ഏറ്റവും വിനാശകാരിയായ എല്‍നിനോ എന്നറിയപ്പെടുന്നത്‌ 1997-1998 കാലത്തേതാണ്‌. ലോകത്താകെ 2100 പേരുടെ മരണത്തിനും 3300 കോടി ഡോളറിന്റെ(148500കോടി രൂപ) നാശനഷ്ടങ്ങള്‍ക്കും ആ എല്‍നിനോ കാരണമായി.

എല്‍നിനോയ്‌ക്ക്‌ ഒരു വിപരീത പ്രതിഭാസമുണ്ട്‌; 'ലാനിനാ'(La Nina). 'ചെറിയ പെണ്‍കുട്ടി'യെന്ന്‌ സ്‌പാനിഷില്‍ അര്‍ത്ഥം. 1985-ലാണ്‌ ഈ പേര്‌ നല്‍കപ്പെട്ടത്‌. എല്‍നിനോ ശമിച്ചുകഴിഞ്ഞാള്‍ ചിലകാലത്ത്‌ ലാനിനാ ശക്തിപ്രാപിക്കും. ഇരുപതാം നൂറ്റാണ്ടില്‍ 23 തവണ എല്‍നിനോ പ്രത്യക്ഷപ്പെട്ടപ്പോള്‍, 15 തവണ ലാനിനാ ശക്തിപ്രാപിച്ചു. എല്‍നിനോക്കാലത്ത്‌ പേമാരിയും ദുരിതവുമുണ്ടായിടത്ത്‌ ലാനിനാക്കാലത്ത്‌ കൊടിയ വരള്‍ച്ചയായിരിക്കും. അല്ലാത്തെ സ്ഥലത്ത്‌ നേരെ തിരിച്ചും. ആഗോളതലത്തില്‍ കാലവസ്ഥയെ തകിടംമറിക്കാന്‍ ലാനിനായ്‌ക്കും കഴിയുമെന്ന്‌ സാരം. ഈ നൂറ്റാണ്ടിലെ രണ്ടാമത്തെ എല്‍നിനോയാണ്‌ ഇപ്പോള്‍ രൂപപ്പെട്ടിട്ടുള്ളത്‌. അതിന്‌ ശേഷം ലാനിനാ ഉണ്ടാകുമോ എന്ന്‌ പറയാറായിട്ടില്ല.

എല്‍നിനോ എന്തുകൊണ്ടുണ്ടാകുന്നു എന്നത്‌ ശാസ്‌ത്രലോകത്തിന്‌ ഇനിയും പിടികിട്ടാത്ത പ്രഹേളികയാണ്‌. പക്ഷേ, ഒരുകാര്യം വാസ്‌തവമാണ്‌. സമീപകാലത്തായി എല്‍നിനോ പ്രതിഭാസത്തിന്റെ തോതും ശക്തിയും വര്‍ധിച്ചിരിക്കുന്നു. ആഗോളതാപനത്തിന്റെ തോതു വര്‍ധിച്ചതും പോയ നൂറ്റാണ്ടിലാണ്‌. ഇത്‌ യാദൃശ്ചികമല്ലെന്ന്‌ ചില വിദഗ്‌ധര്‍ കരുതുന്നു. ഹരിതഗൃഹവാതകങ്ങള്‍ അമിതമായി അന്തരീക്ഷത്തില്‍ വ്യാപിക്കുന്നതാണ്‌ ആഗോളതാപനത്തിന്റെ ആക്കം കൂട്ടുന്നത്‌. ആഗോളതാപനം മൂലം ഭൗമാന്തരീക്ഷം ചൂടുപിടിക്കുമ്പോള്‍, ഭൂമി സ്വന്തം നിലയ്‌ക്ക്‌ അത്‌ പുനക്രമീകരിക്കാന്‍ ശ്രമിക്കും. ഈ പുനക്രമീകരണമാണ്‌ എല്‍നിനോയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നതെന്ന്‌ കരുതുന്നവരുണ്ട്‌. അത്‌ ശരിയാണെങ്കില്‍, ആഗോളതാപനം നേരിടുക വഴിയേ എല്‍നിനോയുടെ പ്രഹരശേഷി കുറയ്‌ക്കാന്‍ കഴിയൂ(കാണുക: 2007 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകും, ഹരിതഗൃഹവാതകവ്യാപനം ഏറുന്നു).

Tuesday, January 23, 2007

ഭാരതീയശാസ്‌ത്രജ്ഞര്‍-4: കണാദന്‍

രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചെര്‍ന്നാണ്‌ എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്ന്‌ വാദിച്ച പുരാതന ഭാരതീയപണ്ഡിതനാണ്‌ കണാദന്‍

ണം (പരമാണു) ആണ്‌ പ്രപഞ്ചത്തിന്റെ മൂലകാരണം എന്ന്‌ ആദ്യമായി വാദിച്ച ദാര്‍ശനികനാണ്‌ കണാദന്‍. രാസമാറ്റം സംബന്ധിച്ച ആദ്യആശയങ്ങള്‍ മുന്നോട്ടുവെച്ചതും കണാദനാണെന്ന്‌ കരുതപ്പെടുന്നു. ഏത്‌ രാസമാറ്റത്തിനും അടിസ്ഥാനം താപമാണെന്ന്‌ അദ്ദേഹം വാദിച്ചു. ചൂടാക്കുമ്പോള്‍ പരമാണുവിന്റെ സ്വഭാവം മാറുന്നതായും കണാദന്‍ അഭിപ്രായപ്പെട്ടു. വൈശേഷികദര്‍ശനമെന്ന ചിന്താപദ്ധതിയുടെ ഉപജ്‌ഞേതാവ്‌ കണാദനാണ്‌. ഇന്ത്യന്‍ ദര്‍ശനത്തെക്കുറിച്ചു പഠിക്കുന്നവര്‍ക്ക്‌ ഒഴിവാക്കാന്‍ കഴിയാത്ത ഒന്നാണിത്‌.

കണം കഴിക്കുന്നവന്‍ എന്നാണ്‌ കണാദനര്‍ത്ഥം. ഇങ്ങനെ കളിയാക്കി വിളിച്ചിരുന്നതാണെന്നും ഭാഷ്യമുണ്ട്‌. വിളവെടുപ്പിന്‌ ശേഷം വയലില്‍നിന്നോ വഴിയില്‍ നിന്നോ പെറുക്കിയെടുക്കുന്ന ധാന്യമണികള്‍ ഭക്ഷിച്ചു ജിവിച്ച സന്ന്യാസിയായിരുന്നു കണാദനെന്നൊരു കഥയുണ്ട്‌. ശിവന്‍ മൂങ്ങയുടെ രൂപത്തില്‍ കണാദനു മുന്നിലെത്തി വൈശേഷിക സൂത്രങ്ങള്‍ പഠിപ്പിച്ചുവെന്നാണ്‌ ഐതിഹ്യം. അങ്ങനെ എത്രയെത്ര കഥകളും ഐതീഹ്യങ്ങളും.

രൂപരഹിതമായ സൂക്ഷ്‌മകണങ്ങള്‍ ചേര്‍ന്നാണ്‌ പ്രത്യേക ആകൃതിയുള്ള എല്ലാ പദാര്‍ത്ഥങ്ങളും രൂപപ്പെടുന്നതെന്നും അവ അനശ്വരമാണെന്നും വൈശേഷികദര്‍ശനം പറയുന്നു. ഓരോ വസ്‌തുവിന്റെയും സവിശേഷഗുണങ്ങളും സാമാന്യഗുണങ്ങളും, അവ തമ്മിലുള്ള ബന്ധങ്ങളും അറിയേണ്ടത്‌ പ്രകൃതിയെ അറിയാന്‍ ആവശ്യമാണെന്ന്‌ കണാദന്റെ സിദ്ധാന്തം പറയുന്നു.

വൈശേഷിക വ്യാഖ്യാതാക്കളില്‍ പ്രമുഖനായ പ്രശസ്‌തപാദരുടെ `പദാര്‍ത്ഥധര്‍മ സംഗ്രഹം' (എ.ഡി.അഞ്ചാം ശതകം) പദാര്‍ത്ഥങ്ങളെ ഇങ്ങനെ വേര്‍തിരിക്കുന്നു: ദ്രവ്യം, ഗുണം, കര്‍മം, സാമാന്യം, വിശേഷം, സമവായം. ദ്രവ്യങ്ങളെ ഭൂമി, ജലം, വെളിച്ചം, വായു, ആകാശം, കാലം, ഇടം, ആത്മാവ്‌, മനസ്സ്‌ എന്നിങ്ങനെ വര്‍ഗ്ഗീകരിച്ചിരിക്കുന്നു. ദ്രവ്യമാണ്‌ ഗുണത്തെയും കര്‍മ്മത്തെയും ഉള്‍ക്കൊള്ളുന്നത്‌. രൂപം, രസം, ഗന്ധം, സ്‌പര്‍ശം, സംഖ്യ, പരിമാണം, വേര്‍തിരിവ്‌ (പൃഥക്ത്വം), സംയോഗം, വിഭാഗം, പരത്വം, അപരത്വം, ബുദ്ധി, സുഖം, ദുഖം, ഇച്ഛ, ദ്വേഷം, പ്രയത്‌നം എന്നിങ്ങനെ 17 ഗുണങ്ങളെക്കുറിച്ച്‌ കണാദന്‍ വിവരിച്ചിട്ടുണ്ട്‌.

കണാദന്‍ ആരായിരുന്നു എന്നതിനെപ്പറ്റിയും അദ്ദേഹത്തിന്റെ കാലഘട്ടത്തെക്കുറിച്ചും പണ്ഡിതര്‍ക്കിടയില്‍ വ്യത്യസ്‌ത അഭിപ്രായമുണ്ട്‌. ബുദ്ധനു ശേഷമാണ്‌ കണാദന്റെ കാലഘട്ടമെന്ന്‌ ആധുനിക പണ്ഡിതര്‍ വാദിക്കുന്നു. വായുപുരാണം, പദ്‌മപുരാണം, ന്യായകോശം, മഹാഭാരതം എന്നിവയില്‍ കണാദനെക്കുറിച്ച്‌ പരാമര്‍ശമുണ്ട്‌. വൈശേഷിക സൂത്രങ്ങളും അവയ്‌ക്ക്‌ ശങ്കരമിശ്രന്‍ രചിച്ച ഭാഷ്യവും ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തിയ നന്ദലാല്‍ സിന്‍ഹയുടെ അഭിപ്രായത്തില്‍, ബി.സി. 10-6 ശതകങ്ങള്‍ക്കിടയിലാണ്‌ കണാദന്റെ കാലം. മിഥിലയാണ്‌ കണാദന്റെ സ്ഥലമെന്ന്‌ ന്യായകോശം സൂചിപ്പിക്കുന്നു.

Saturday, January 20, 2007

സ്റ്റീഫന്‍ ഹോക്കിങ്‌ ബഹിരാകാശത്തേക്ക്‌

ലോകത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞന്‍ ബഹിരാകാശയാത്രയ്ക്കൊരുങ്ങുന്നു. ചലനശേഷിയില്ലാതെ ചക്രക്കസേരയില്‍ കഴിഞ്ഞുകൊണ്ട്‌, ശാസ്ത്രത്തിന്റെ അത്യുന്നതിയിലെത്തിയ സ്റ്റീഫന്‍ ഹോക്കിങ്‌ വീണ്ടും ലോകത്തെ വിസ്മയിപ്പിക്കാന്‍ പോവുകയാണ്‌


ലോ
കത്തെ ഏറ്റവും പ്രശസ്തനായ ശാസ്ത്രജ്ഞനും, ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ അത്ഭുതവും ഒരാള്‍ തന്നെയായത്‌ യാദൃശ്ചികമാകാം-സ്റ്റീഫന്‍ ഹോക്കിങ്‌. അദ്ദേഹം ലോകത്തെ വീണ്ടും അമ്പരിപ്പിക്കാന്‍ പോകുന്നു. ഹോക്കിങ്‌ ബഹിരാകാശ യാത്രയ്ക്കൊരുങ്ങുകയാണ്‌. 2009-ല്‍ താന്‍ ഗഗനചാരിയാകുമെന്ന്‌ അദ്ദേഹം തന്നെയാണ്‌ വെളിപ്പെടുത്തിയത്‌. അതിനുമുന്നോടിയായി ഈ വര്‍ഷം ഗുരുത്വാകര്‍ഷണരഹിതവിമാനത്തില്‍ ഹോക്കിങ്‌ സവാരി നടത്തും.


അറുപത്തിയഞ്ചാം പിറന്നാളിനോടനുബന്ധിച്ച്‌ 'ഡെയ്‌ലി ടെലഗ്രാഫ്‌' പത്രത്തിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ ഭാവിപരിപാടിഹോക്കിങ്‌ വെളിപ്പെടുത്തിയത്‌. സര്‍ റിച്ചാര്‍ഡ്‌ ബ്രാന്‍സന്റെ നേതൃത്വത്തിലുള്ള 'വിര്‍ജിന്‍ ഗാലക്ടിക്‌ സ്പേസ്ടൂറിസ'ത്തിന്റെ ഭാഗമായാണ്‌ ഹോക്കിങ്‌ ബഹിരാകാശയാത്ര നടത്തുക. ആറ്‌ യാത്രികരെ താഴ്‌ന്ന ഭൂഭ്രമണപഥത്തിലെത്തിക്കാന്‍ സഹായിക്കുന്ന 'സ്പേസ്ഷിപ്പ്‌ ടു' വാഹനമാണ്‌ ബഹിരാകാശ ടൂറിസത്തിന്‌ ഉപയോഗിക്കുക. 2008 മുതല്‍ സര്‍ റിച്ചാര്‍ഡിന്റെ സ്പേസ്‌ ടൂറിസം ആരംഭിക്കും.

നിലവില്‍ ആളൊന്നിന്‌ ഒരുലക്ഷം പൗണ്ട്‌ (ഏതാണ്ട്‌ 76 ലക്ഷംരൂപ) വേണം 'സ്പേസ്ഷിപ്പ്‌ ടു'വിലെ യാത്രയ്ക്ക്‌. ഹോക്കിങ്ങിന്റെ യാത്ര പക്ഷേ, സര്‍ റിച്ചാര്‍ഡ്‌ സ്പോണ്‍സര്‍ ചെയ്യും. ഏതാണ്ട്‌ 50,000 അടി ഉയരത്തില്‍ മാതൃവാഹനത്തില്‍ നിന്ന്‌ വേര്‍പെടുന്ന സ്പേസ്ഷിപ്പ്‌ ടു വാഹനം, 1.8 ലക്ഷംഅടി മുകളില്‍ വെച്ച്‌ ബഹിരാകാശത്ത്‌ പ്രവേശിക്കും. 3.6 ലക്ഷം അടി ഉയരം വരെയെത്തുന്ന വാഹനം, അതിനുശേഷം തിരികെ അന്തരീക്ഷത്തില്‍ പ്രവേശിക്കും. അത്രസമയവും ഭാരമില്ലാത്ത അവസ്ഥയിലായിരിക്കും യാത്രക്കാര്‍.

പ്രായമായെന്നു കരുതി താന്‍ വിശ്രമജീവിതത്തിലേക്ക്‌ ഒതുങ്ങില്ലെന്നും ഹോക്കിങ്‌ അറിയിച്ചു. കേംബ്രിഡ്ജിലെ 'ലൂക്കാസിയന്‍ പ്രൊഫസറാ'യ ഹോക്കിങ്ങിന്‌ ജനവരി എട്ടിനാണ്‌ 65 തികഞ്ഞത്‌. കേംബ്രിഡ്ജിലെ വിരമിക്കല്‍പ്രായം 67 വയസ്സാണെങ്കിലും, താന്‍ അതിനൊരുക്കമല്ലെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 'എ ബ്രീഫ്‌ ഹിസ്റ്ററി ഓഫ്‌ ടൈം' എന്ന ഗ്രന്ഥത്തിന്റെ കര്‍ത്താവായ ഹോക്കിങ്‌ ഇപ്പോള്‍ രണ്ടു ഗ്രന്ഥങ്ങളുടെ കൂടി രചനയിലാണ്‌; കുട്ടികള്‍ക്കായുള്ള 'ജോര്‍ജ്ജ്സ്‌ സീക്രട്ട്‌ കീ ടു ദ യൂണിവേഴ്സ്‌' എന്ന പുസ്തകത്തിന്റെയും, 'ദ ഗ്രാന്‍ഡ്‌ ഡിസൈന്‍' എന്ന ശാസ്ത്രദാര്‍ശനികഗ്രന്ഥത്തിന്റെയും. ഇതില്‍ ആദ്യഗ്രന്ഥം ഈ ഒക്ടോബറിലും രണ്ടാമത്തേത്‌ അടുത്ത വര്‍ഷവും പുറത്തുവരും.

ഇരുപത്തിയൊന്നാം വയസില്‍ 'മോട്ടോര്‍ ന്യൂറോണ്‍ രോഗ'(എം.എന്‍.ഡി)ത്തിന്റെ പിടിയിലായ ഹോക്കിങ്‌ വൈദ്യശാസ്ത്രത്തെ വിസ്മയിച്ചുകൊണ്ടാണ്‌ ഇന്നും ജീവിക്കുന്നത്‌. ശരീരത്തിന്റെ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെട്ട അദ്ദേഹത്തിന്‌ അന്ന്‌ ഡോക്ടര്‍മാര്‍ വിധിച്ചത്‌ പരമാവധി ഒന്നോ രണ്ടോ വര്‍ഷത്തെ ജീവിതമാണ്‌. ആ പ്രവചനമെല്ലാം അപ്രസക്തമാക്കിക്കൊണ്ടാണ്‌ ഹോക്കിങ്‌ 65 പിന്നിടുന്നത്‌.

രോഗം മൂര്‍ച്ഛിച്ച അന്നുമുതല്‍ ചക്രക്കസേരയില്‍ ചലനശേഷിയില്ലാത്ത ശരീരവുമായി കഴിയുന്ന ഹോക്കിങ്‌ പക്ഷേ, ലോകത്തെ ഏറ്റവും ചലനാത്മകമായ മനസിനുടമയാണ്‌. ഹോക്കിങ്ങിന്‌ എണീറ്റുനില്‍ക്കാന്‍ കഴിയില്ലെങ്കിലും, അദ്ദേഹം മുന്നോട്ടുവെച്ച പല ഭൗതീകശാസ്ത്രസിദ്ധാന്തങ്ങളും ശാസ്ത്രത്തെ സ്വന്തംകാലില്‍ നില്‍ക്കാന്‍ പ്രാപ്തമാക്കി. ഇന്നും നിഗൂഢ പൂര്‍ണമായി മാറിയിട്ടില്ലാത്ത തമോഗര്‍ത്തങ്ങളുടെ (ബ്ലാക്ഖോളുകള്‍) രഹസ്യം അനാവരണം ചെയ്യുന്നതിലാണ്‌ ഹോക്കിങ്‌ ഏറ്റവും വലിയ വിജയം നേടിയിട്ടുള്ളത്‌. (കടപ്പാട്‌: ടെലഗ്രാഫ്‌, മാതൃഭൂമി)

Friday, January 19, 2007

മുമ്പേ പറന്ന മൃഗങ്ങള്‍

പക്ഷികള്‍ക്കൊപ്പം മൃഗങ്ങളും പറന്നു തുടങ്ങിയിരുന്നു. അമ്പരപ്പുളവാക്കുന്ന ഈ വസ്തുത സത്യമാണെന്ന്‌, ചൈനയില്‍ നിന്ന്‌ കണ്ടെത്തിയ പ്രാചീനഫോസില്‍ വെളിപ്പെടുത്തുന്നു

താണ്ട്‌ പന്ത്രരകോടി വര്‍ഷം മുമ്പാണ്‌ പക്ഷികള്‍ പറക്കാന്‍ തുടങ്ങിയത്‌. ആ കാലത്തോ അല്ലെങ്കില്‍ അതിനു മുമ്പുതന്നെയോ ചിലമൃഗങ്ങള്‍ പറക്കാന്‍ പഠിച്ചിരുന്നുവത്രേ. ചൈനയിലെ ഇന്നര്‍ മംഗോളിയയില്‍ നിന്നു ലഭിച്ച പ്രാചീനഫോസിലാണ്‌, പറക്കുന്നമൃഗങ്ങളെക്കുറിച്ച്‌ നിലവിലുള്ള ധാരണ തിരുത്തിക്കുറിക്കുന്നത്‌. ദിനോസറുകള്‍ ഭൂമുഖത്ത്‌ ആധിപത്യം സ്ഥാപിച്ചിരുന്ന കാലത്തു തന്നെ പറക്കാന്‍ കഴിവുള്ള സസ്തനികള്‍ ഉടലെടുത്തിരുന്നു എന്നാണ്‌ പുതിയ തെളിവ്‌ വ്യക്തമാക്കുന്നത്‌.

അണ്ണാനോട്‌ സാമ്യമുള്ള ഒരു ജീവിയുടെ ഫോസിലാണ്‌ ഗവേഷകര്‍ കണ്ടെടുത്തത്‌. പന്ത്രരകോടി വര്‍ഷം പഴക്കമുള്ള അത്‌, ഒരു പാറക്കെട്ടിന്റെ അടരില്‍ ഭദ്രമായി സ്ഥിതിചെയ്യുകയായിരുന്നു. വൃക്ഷങ്ങളില്‍ നിന്ന്‌ വൃക്ഷങ്ങളിലേക്ക്‌ വായുവിലൂടെ തെന്നിനീങ്ങാന്‍ പാകത്തില്‍, കാലുകളെയും കൈകളെയും ബന്ധിപ്പിക്കുന്ന ചിറുകുപോലൊരു അവയം അവയ്ക്കുണ്ടായിരുന്നു.

വവ്വാല്‍, പറക്കുംഅണ്ണാന്‍ തുടങ്ങിയവയാണ്‌ നിലവില്‍ വായുവിലൂടെ സഞ്ചരിക്കാന്‍ കഴിവുള്ള സസ്തനികള്‍. മൂന്നുകോടിവര്‍ഷമാണ്‌ പഴക്കമുള്ള, പറക്കാന്‍ കഴിവുള്ള മൃഗത്തിന്റെ ഫോസിലാണ്‌ ഇതിനുമുമ്പ്‌ ലഭിച്ചിരുന്നത്‌. ശരീരത്തിന്റെ വശങ്ങളില്‍ ചിറകുപോലെ കാണപ്പെടുന്ന തൊലിയുപയോഗിച്ചാണ്‌ ആ ജീവികളും വായുവിലൂടെ സഞ്ചരിച്ചിരുന്നത്‌. വവ്വാലുകളുടെ കാര്യത്തില്‍ 5.1 കോടിവര്‍ഷം പ്രായമുള്ള ഫോസിലാണ്‌ ഏറ്റവും പഴയത്‌. എന്നാല്‍, പന്ത്രരകോടി വര്‍ഷം മുമ്പുതന്നെ പക്ഷികള്‍ പ്രത്യക്ഷപ്പെട്ടതിന്‌ തെളിവു ലഭിച്ചിട്ടുണ്ട്‌.

പക്ഷികള്‍ പ്രത്യക്ഷപ്പെട്ട കാലത്തുതന്നെ പറക്കാന്‍ കഴിവു നേടിയ മൃഗങ്ങളും ഭൂമുഖത്തുണ്ടായിരുന്നു എന്നാണ്‌ പുതിയ തെളിവ്‌ വ്യക്തമാക്കുന്നതെന്ന്‌ ശാസ്ത്രജ്ഞര്‍ പറയുന്നു. ന്യൂയോര്‍ക്കില്‍ 'അമേരിക്കന്‍ മ്യൂസിയം ഓഫ്‌ നാച്ചുറല്‍ ഹിസ്റ്ററി'യിലെയും ബെയ്ജിങ്ങില്‍ 'ചൈനീസ്‌ അക്കാദമി ഓഫ്‌ സയന്‍സസി'ലെയും ഗവേഷകര്‍ സംയുക്തമായാണ്‌ ആ പ്രാചീനമൃഗത്തെക്കുറിച്ചുള്ള ഗവേഷണം നടത്തിയത്‌. 'വൊലാറ്റികൊഥേറിയം ആന്റിക്യൂസ്‌ '(Volaticotherium antiquus) എന്നാണ്‌ ആ പറക്കുംമൃഗത്തിന്‌ നല്‍കിയിട്ടുള്ള ശാസ്ത്രീയനാമമെന്ന്‌ 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട്‌ പറയുന്നു. ആ പറക്കുന്ന സസ്തനിയുടെ കാലത്ത്‌ ഭൂമി ദിനോസറുകളുടെ ആധിപത്യത്തിലായിരുന്നു. ആറരകോടി വര്‍ഷം മുമ്പ്‌ ദിനോസറുകള്‍ ഉന്‍മൂലനം ചെയ്യപ്പെട്ട ശേഷമാണ്‌, കരയില്‍ സസ്തനികളുടെ ആധിപത്യം ആരംഭിക്കുന്നത്‌.

ആന്റിക്യൂസിന്റെ ബന്ധുക്കളെയൊന്നും കണ്ടുകിട്ടിയിട്ടില്ല എന്നത്‌ ഗവേഷകരെ അമ്പരിപ്പിക്കുകയാണ്‌. നീളമേറിയ മയമില്ലത്ത വാലും ആ ജിവിക്കുണ്ടായിരുന്നതായി ഫോസില്‍ വ്യക്തമാക്കി. വായുവിലൂടെ തെന്നിനീങ്ങുമ്പോള്‍, സംതുലിതാവസ്ഥ നിലനിര്‍ത്താനും ദിശാവ്യതിയാനത്തിനും വാലാകണം സഹായിച്ചത്‌. പേശികളുടെ നിയന്ത്രണത്താല്‍ ചിറകടിച്ച്‌ പറക്കാന്‍ സാധിക്കുന്നത്‌ പക്ഷികള്‍ക്കും വവ്വാലുകള്‍ക്കും മാത്രമാണ്‌. 'ആന്റിക്യൂസി'ന്‌ അത്തരത്തില്‍ പറക്കാന്‍ സാധിക്കുന്ന ജീവിയായിരുന്നില്ല. ശരീരത്തിന്റെ വശങ്ങളിലുള്ള തൊലിപോലുള്ള ഭാഗം വിടര്‍ത്തി വായുവിലൂടെ തെന്നിനീങ്ങുക മാത്രമേ സാധ്യമായിരുന്നുള്ളൂ.

ഏതാണ്ട്‌ അരകിലോഗ്രാം ഭാരമുള്ള ജീവിയായിരുന്നു ആന്റിക്യൂസ്‌. വൃക്ഷച്ചില്ലകളിലൂടെ തെന്നിനടക്കുമ്പോള്‍ കിട്ടിയിരുന്ന ചെറുപ്രാണികളും മറ്റുമായിരുന്നിരിക്കണം അവയുടെ ഭക്ഷണമെന്നു കരുതുന്നു. 'പറക്കുന്ന' വേളയില്‍ ഇരപിടിക്കാന്‍ മാത്രമുള്ള വൈദഗ്ധ്യം അവയ്ക്കില്ലായിരുന്നില്ലെന്ന്‌ ഗവേഷകര്‍ പറയുന്നു. പക്ഷേ, മരം കയറാന്‍ അവയ്ക്ക്‌ നല്ല പരചയമായിരുന്നുവെന്ന്‌ പാദങ്ങളിലെ അസ്ഥികളുടെ ഘടന വ്യക്തമാക്കുന്നു.

ദിനോസറുകളുടെ കാലത്ത്‌ ജീവിച്ചിരുന്ന സസ്തനികളുടെ കാര്യത്തില്‍ പുതിയൊരു ദിശാബോധം നല്‍കുന്ന കണ്ടെത്താലാണ്‌ ആന്റിക്യൂസിന്റേത്‌. പ്രാചീനസസ്തനികളെക്കുറിച്ചുള്ള പഠനത്തില്‍ കഴിഞ്ഞ ഒരു നൂറ്റാണ്ടിനിടയില്‍ നടന്ന ഏറ്റവും പ്രധാന കണ്ടുപിടിത്തമാണിതെന്ന്‌ ഗവേഷകര്‍ പറയുന്നു.

Tuesday, January 16, 2007

ഭാരതീയശാസ്ത്രജ്ഞര്‍-3: ചരകന്‍

ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ 'ചരകസംഹിത'യില്‍ കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌

യുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ചരകന്‍. സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ്‌ മറ്റു രണ്ടുപേര്‍. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ്‌ 'ചരകസംഹിത'. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസിലാക്കാം. ദഹനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുര്‍വേദത്തിലെ ത്രിദോഷ സങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. ത്രിദോഷങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. ആയുര്‍വേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.

വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ചരകസംഹിത നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്‌: 'തികച്ചും ആത്മാര്‍ത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, ജീവിതാവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. രോഗിയുടെ കുടുംബകാര്യങ്ങള്‍ ആരോടും പറയരുത്‌. രോഗിയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌ '. 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയില്‍ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യില്‍ വിവരിക്കുന്നു. ജന്തുക്കളില്‍ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ 'സംഹിത'യില്‍ കാണാം.

സംസ്കൃതത്തില്‍ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കര്‍മം, കാര്യം, കാലം, കര്‍ത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേര്‍തിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കല്‍പസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുള്‍പ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകന്‍ പഠനം നടത്തിയിരുന്നു. 360 അസ്ഥികള്‍ മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ ഹൃദയത്തിന്‌ ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.

മറ്റുപല പ്രാചീന ഭാരതീയശാസ്ത്രപ്രതിഭകളുടെയും കാര്യത്തിലെന്ന പോലെ, ചരകന്റെയും ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകന്‍' എന്നൊക്കെയാണ്‌ 'ചരക'ന്‌ അര്‍ത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നു. 20 നൂറ്റാണ്ട്‌ മുമ്പാണ്‌ ചരകന്‍ ജീവിച്ചിരുന്നതെന്നാണ്‌ പൊതുനിഗമനം. 'യോഗദര്‍ശനം' രൂപപ്പെടുത്തിയ പതഞ്ജലിയും ചരകനും ഒരാളാണെന്നു വാദിക്കുന്നവരുമുണ്ട്‌. എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തില്‍ പറയുന്നുണ്ട്‌. നാഷണല്‍ സയന്‍സ്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യന്‍മാര്‍ക്ക്‌ നല്‍കിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകന്‍' എന്നത്‌. കനിഷ്കന്റെ രാജധാനിയില്‍ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലന്‍ രചിച്ചതാണ്‌ 'ചരകസംഹിത'യെന്നാണ്‌ നിഗമനം.

Monday, January 15, 2007

ഗൂഗിള്‍വിസ്മയം-5

ആവനാഴിയിലെ അസ്ത്രങ്ങള്‍

ഗൂഗിള്‍ നല്‍കുന്ന സേവനങ്ങള്‍ക്ക്‌ കണക്കില്ല. മിക്കവയും സൗജന്യം. ലോകത്തുള്ള മുഴുവന്‍ വിജ്ഞാനവും ഒറ്റ കുടക്കീഴില്‍ കൊണ്ടുവരികയെന്ന ഗൂഗിളിന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ടുപടികളാണ്‌ ഈ ഓരോ സര്‍വീസുകളുമെന്ന്‌ ശ്രദ്ധിച്ചാല്‍ മനസിലാകും

ഗൂഗിള്‍ സേവനങ്ങളില്‍ തിരഞ്ഞെടുത്തവ മാത്രമാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്‌. ഗൂഗിള്‍ലാബ്സില്‍ നൂറ്‌ പുതിയ ഉത്പന്നങ്ങളാണ്‌ പുറത്തുവരാന്‍ അവസരം കാക്കുന്നതെന്ന്‌ ഓര്‍ക്കുക.

1. ഗൂഗിള്‍ സെര്‍ച്ച്‌: വെറും സെര്‍ച്ചിങ്ങിന്‌ മാത്രമല്ല, ഒരാളുടെ ദൈനംദിന ജീവിതത്തിലെ ഒട്ടേറെ പ്രശ്നങ്ങള്‍ക്കുള്ള പരിഹാരം കൂടിയാണ്‌ പ്രശസ്തമായ ഈ സെര്‍ച്ച്‌എഞ്ചിന്‍. ഗൂഗിള്‍ സെര്‍ച്ചിനെ നിങ്ങളുടെ നിഘണ്ടുവായും കാല്‍ക്കുലേറ്ററായും നാണയവിനിമയവിവരകേന്ദ്രമായും കാലാവസ്ഥാവഴികാട്ടിയായുമൊക്കെ അനായാസം ഉപയോഗിക്കാനാകും. ഏതെങ്കിലും ഒരു ഇംഗ്ലീഷ്‌ വാക്കിന്റെ അര്‍ത്ഥമറിയണം എന്നിരിക്കട്ടെ. ഗൂഗിളുണ്ടെങ്കില്‍ ഡിക്ഷണറി തേടേണ്ട കാര്യമില്ല. സെര്‍ച്ച്ബോക്സില്‍ define എന്നടിച്ചിട്ട്‌ അര്‍ത്ഥമറിയേണ്ട വാക്കുകൂടി നല്‍കി സെര്‍ച്ച്‌ ചെയ്യുക. സെര്‍ച്ച്ഫലങ്ങളില്‍ ആദ്യത്തേത്‌ ആ വാക്കിന്‌ വിവിധ നിഘണ്ഡുക്കള്‍ നല്‍കിയിട്ടുള്ള അര്‍ത്ഥമായിരിക്കും.

സങ്കീര്‍ണമായ ഗണിതപ്രശ്നത്തിന്‌ ഉത്തരം തേടണമെന്നിരിക്കട്ടെ, സെര്‍ച്ച്ബോക്സില്‍ ആ പ്രശ്നം നല്‍കിയാല്‍ ഗൂഗിള്‍ അതിന്റെ ഉത്തരം ഉടനെയെത്തിക്കും. നാണയങ്ങളുടെ മൂല്യം അറിയാനും ഗൂഗിള്‍ സെര്‍ച്ച്‌ സഹായിക്കും. ഉദാരഹണത്തിന്‌, അഞ്ച്‌ ബ്രിട്ടീഷ്‌ പൗണ്ട്‌ എത്ര ഇന്ത്യന്‍ രൂപ വരും എന്നറിയണമെങ്കില്‍, ഗൂഗിള്‍ സെര്‍ച്ച്‌ ബോക്സില്‍ '5 British pounds in Indian money'എന്ന്‌ നല്‍കിയിട്ട്‌ സെര്‍ച്ച്‌ ചെയ്താല്‍ മതി. നൊടിയിടയില്‍ ഉത്തരം മുമ്പിലെത്തും.

സെര്‍ച്ച്‌ ചെയ്യുമ്പോള്‍ ഏറ്റവും പ്രധാനപ്പെട്ട സൈറ്റ്‌ മാത്രം മതിയെങ്കില്‍, സെര്‍ച്ച്‌ ബോക്സിന്‌ താഴെ കാണുന്ന 'I am Feeling Lucky'എന്ന സ്ഥാനത്ത്‌ ക്ലിക്ക്‌ ചെയ്യുക. ഉദാഹരണത്തിന്‌ NASA എന്നു സെര്‍ച്ച്‌ ചെയ്താല്‍ ലഭിക്കുക 7.9 കോടി വെബ്പേജുകളാണ്‌. ആ സ്ഥാനത്ത്‌ 'I am Feeling Lucky' ല്‍ ക്ലിക്ക്‌ ചെയ്താല്‍ നാസയുടെ മുഖ്യവെബ്സൈറ്റിലേക്കാണ്‌ നേരിട്ട്‌ എത്തുക. ഇതുകൊണ്ട്‌ സമയം ലാഭിക്കാം. സെര്‍ച്ചിങ്ങിന്റെ കൂടുതല്‍ സാധ്യതകള്‍ അറിയാന്‍ ആഗ്രഹിക്കുന്നവര്‍
www.google.com/help/features.html#definitions സന്ദര്‍ശിക്കുക.

2. ഗൂഗിള്‍ ഇമേജ്‌ സെര്‍ച്ച്‌: ഗൂഗിള്‍ ഹോംപേജില്‍ സെര്‍ച്ച്ബോക്സിന്‌ മുകളില്‍ തന്നെ കാണാം ഇമേജുകളിലേക്കുള്ള ലിങ്ക്‌. ലോകമെമ്പാടുമായി നെറ്റിലുള്ള 120 കോടി ചിത്രങ്ങളിലേക്കുള്ള പ്രവേശനകവാടമാണത്‌.
images.google.com ആണ്‌ വിലാസം.

3. ഗൂഗിള്‍ ന്യൂസ്‌: മനുഷ്യരുടെ ഇടപെടല്‍ കൂടാതെ 4500 ആഗോള വാര്‍ത്താസ്രോതസ്സുകളില്‍ നിന്ന്‌, അനുനിമിഷം സ്വയംനവീകരിക്കപ്പെടുന്ന ന്യൂസ്‌ സര്‍വീസാണ്‌ ഗൂഗിളിന്റേത്‌. ഇഷ്ടമുള്ള പ്രോജക്ടുകള്‍ക്കായി ചെലവിടാവുന്ന 20 ശതമാനം സമയം ഉപയോഗിച്ച്‌, ഗൂഗിളിലെ ഇന്ത്യക്കാരനായ കൃഷ്ണഭരത്‌ എന്ന സോഫ്ട്‌വേര്‍ എഞ്ചിനിയറാണ്‌ ഗൂഗിള്‍ ന്യൂസ്‌ രൂപപ്പെടുത്തിയത്‌. 2001 സപ്തംബര്‍ 11-ന്‌ അമേരിക്കയിലുണ്ടായ ഭീകരാക്രമണമാണ്‌, വാര്‍ത്തകള്‍ എവിടെ നിന്നായാലും സ്വയം എത്തുന്ന തരത്തിലൊരു സോഫ്ട്‌വേറിനെപ്പറ്റിയുള്ള ചിന്ത കൃഷ്ണഭരതിന്റെ മനസിലുണര്‍ത്തിയത്‌. വിലാസം:
news.google.com

4. ജിമെയില്‍: 2004-ഏപ്രില്‍ ഒന്നിനാണ്‌ ഗൂഗിള്‍ അതിന്റെ ഇ-മെയില്‍ സേവനമായ ജിമെയില്‍(GMail) അവതരിപ്പിച്ചത്‌. ആദ്യം ഗൂഗിളിലുള്ളവരും അവരുടെ ബന്ധുക്കളുമാണ്‌ പരീക്ഷണാര്‍ത്ഥം ഉപയോഗിച്ചു തുടങ്ങിയത്‌. അക്കൗണ്ടുള്ളയാള്‍ ക്ഷണിക്കണം ഒരാള്‍ക്ക്‌ ജിമെയില്‍ അക്കൗണ്ട്‌ തുറക്കാന്‍. മൈക്രോസോഫ്ടിന്റെ ഹോട്ട്മെയില്‍(hotmail) വെറും രണ്ട്‌ മെഗാബൈറ്റ്‌(MB) മാത്രം സൗജന്യസ്ഥലം അനുവദിച്ചിരുന്ന വേളയിലാണ്‌, ആയിരം എം.ബി(1GB) സൗജന്യ സ്ഥലമനുവദിച്ചു കൊണ്ട്‌ ജിമെയില്‍ രംഗത്തെത്തിയത്‌. മാത്രമല്ല, നിലവിലുണ്ടായിരുന്ന എല്ലാ ഇ-മെയില്‍ സര്‍വീസുകളെയും പഴയ തലമുറയിലേക്ക്‌ തള്ളിവിട്ടുകൊണ്ട്‌, ലളിതവും അനായാസവുമായ ഒരു വെബ്‌ആശയവിനിമയ രീതി തന്നെ ജിമെയില്‍ നടപ്പിലാക്കി.

2001-ലാണ്‌ ജിമെയില്‍ രൂപപ്പെടുത്താന്‍ ഗൂഗിള്‍ രഹസ്യമായി ശ്രമമാരംഭിച്ചത്‌. പോള്‍ ബുച്ഛെയിറ്റ്‌ എന്ന സോഫ്ട്‌വേര്‍ എഞ്ചിനിയറായിരുന്നു അതിന്‌ പിന്നില്‍. തുടക്കത്തില്‍ ലാറി പോജും സെര്‍ജി ബ്രിനും ഉള്‍പ്പടെ വെറും ആറു പേരാണ്‌ ജിമെയില്‍ ഉപയോഗിച്ചിരുന്നത്‌. ഇന്ന്‌ ഏതാണ്ട്‌ മൂന്നു ഗിഗാ ബൈറ്റായി(3MB) ജിമെയിലിന്റെ സംഭരണശേഷി വര്‍ധിപ്പിച്ചിരിക്കുന്നു. മാത്രമല്ല, ഗൂഗിള്‍ ടോക്ക്സ്‌ എന്ന സോഫ്ട്‌വേറിന്റെ സാധ്യത കൂടി സന്നിവേശിപ്പിച്ച്‌ ജിമെയിലിന്റെ മൂര്‍ച്ച കൂട്ടാനും ഗൂഗിളിനായി. ഓര്‍ക്കുട്‌ എന്ന സോഷ്യല്‍ കമ്മ്യൂണിറ്റി വെബ്സൈറ്റും ഇപ്പോള്‍ ജിമെയിലിനോട്‌ ഒത്തു ചേര്‍ന്നാണ്‌ പ്രവര്‍ത്തിക്കുന്നത്‌. ജിമെയില്‍ ഹോംപേജിന്റെ വിലാസം:
gmail.com

5. ഗൂഗിള്‍ എര്‍ത്ത്‌: സാധാരണക്കാരെപ്പോലും പര്യവേക്ഷകരാക്കി മാറ്റാന്‍ സാഹായിക്കുന്ന വെബ്സേവനമാണ്‌ ഗൂഗിള്‍ എര്‍ത്ത്‌. ത്രിമാനവിര്‍ച്വല്‍ഭൂമിയാണിത്‌. ഭൂമുഖത്ത്‌ എവിടെയും പറന്നിറങ്ങാനും ഭൂമിയുടെ ഏതുകോണും സ്വന്തം കമ്പ്യൂട്ടറിലൂടെ സന്ദര്‍ശിക്കാനും സഹായിക്കുന്നു ഈ സോഫ്ട്‌വേര്‍. ഇന്റര്‍നെറ്റിന്റെയും മള്‍ട്ടിമീഡിയയുടെയും സാധ്യതകള്‍ക്ക്‌ ഏത്‌ അതിരുവരെ പോകാമെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ്‌ ഗൂഗിള്‍എര്‍ത്ത്‌. 'കീഹോള്‍'(Keyhole) എന്ന കമ്പനിയാണ്‌ 'ഗൂഗിള്‍എര്‍ത്തി'ന്റെ പ്രഥമിക രൂപം വികസിപ്പിച്ചത്‌. ആ കമ്പനി 2004-ല്‍ ഗൂഗിള്‍ വിലക്കുവാങ്ങി. കീഹോളില്‍ പ്രവര്‍ത്തിച്ചിരുന്ന ചിക്കായി ഒഹാസാമയാണ്‌ ഇപ്പോള്‍ ഗൂഗിള്‍ എര്‍ത്ത്‌ സംഘത്തിന്റെ മേധാവി. നാസയുടെ സഹകരണത്തോടെ, ഉപഗ്രഹങ്ങള്‍ പകര്‍ത്തുന്ന ഭൂമിയുടെ ത്രിമാന മാപ്പുകള്‍ ഗൂഗിള്‍ എര്‍ത്തില്‍ സന്നിവേശിപ്പിച്ചാണ്‌, അതുല്യമായ ഒരു അനുഭവമായി അതിനെ മാറ്റുന്നത്‌. നാസയുടെ സഹായത്തോടെ, ഗൂഗിള്‍ എര്‍ത്തിന്റെ മാതിരി ചന്ദ്രപര്യവേക്ഷണത്തിന്‌ 'ഗൂഗിള്‍മൂണും', ചൊവ്വാപര്യവേക്ഷണത്തിന്‌ 'ഗൂഗിള്‍മാഴ്സും' ഉപഭോക്താക്കള്‍ക്ക്‌ മുന്നിലെത്തിക്കാനുള്ള നീക്കത്തിലാണ്‌ ഗൂഗിള്‍ ഇപ്പോള്‍. ഗൂഗിള്‍ എര്‍ത്തിന്റെ വിലാസം:
earth.google.com

6. ഗൂഗിള്‍ ടെസ്ക്ടോപ്പ്‌: നെറ്റില്‍ നിന്ന്‌ വിവരങ്ങള്‍ തേടാന്‍ എളുപ്പമാണ്‌. ഏതെങ്കിലും മികച്ച സെര്‍ച്ച്‌എഞ്ചിന്റെ സേവനം തേടിയാല്‍ മതി. പക്ഷേ, ആയിരക്കണക്കിന്‌ ഫയലുകളും ചിത്രങ്ങും പാട്ടുകളുമൊക്കെ ശേഖരിച്ചു വെച്ചിട്ടുള്ള പേഴ്സണല്‍ കമ്പ്യൂട്ടറില്‍നിന്ന്‌ ഒരു വിവരം എങ്ങനെ കണ്ടെത്തും. കൃത്യമായി ഫോര്‍ഡറുകളുണ്ടാക്കി ഫയല്‍ ചെയ്തിട്ടുള്ള പേഴ്സണല്‍ കമ്പ്യൂട്ടറില്‍ നിന്നു പോലും ഒരു കാര്യം കണ്ടെത്തുക ശ്രമകരം. ഇതിനൊരു പരിഹാരമായി ഒരു ടെസ്ക്ടോപ്പ്‌ സെര്‍ച്ച്‌ 2006-ഓടെ പുറത്തിറക്കുമെന്ന്‌, മൈക്രോസോഫ്ട്‌ വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രഖ്യാപിച്ചിരുന്നു. മൈക്രോസോഫ്ടിന്റെ കാര്യമാകുമ്പോള്‍ അത്‌ കാശുകൊടുത്തു വാങ്ങേണ്ട ഉത്പന്നമായിരിക്കും എന്ന്‌ ഉറപ്പിക്കാം. എന്നാല്‍, മൈക്രോസോഫ്ടിനെ നടുക്കിക്കൊണ്ട്‌ 2004 ഒക്ടോബറില്‍ 'ഗൂഗിള്‍ ഡെസ്ക്ടോപ്പ്‌ ' പുറത്തു വന്നു. തികച്ചും സൗജന്യം. ഗൂഗിള്‍ സൈറ്റില്‍ നിന്ന്‌ ആര്‍ക്കും നിമിഷങ്ങള്‍ കൊണ്ട്‌ ആ സോഫ്ട്‌വേര്‍ ഡൗണ്‍ലോഡ്‌ ചെയ്യാം. ഗൂഗിള്‍ ഉപയോഗിച്ച്‌ എങ്ങനെയാണോ വിവരങ്ങള്‍ സെര്‍ച്ച്‌ ചെയ്യുന്നത്‌, അതേ രീതിയില്‍ നിങ്ങള്‍ക്ക്‌ സ്വന്തം കമ്പ്യൂട്ടറില്‍ തിരച്ചില്‍ നടത്തി നൊടിയിടയില്‍ വിവരങ്ങള്‍ കണ്ടെത്താം. വിലാസം:
desktop.google.com

7. ഗൂഗിള്‍ ബുക്ക്സെര്‍ച്ച്‌: ആദ്യം ഇത്‌ 'ഗൂഗിള്‍പ്രിന്റ്‌ ' എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌. ഓണ്‍ലൈനിലുള്ള വിവരങ്ങള്‍ മാത്രമല്ല, അല്ലാത്തവ കൂടി ഇന്റര്‍നെറ്റിന്റെ കുടക്കീഴിലെത്തിക്കാന്‍ ഗൂഗിള്‍ നടപ്പാക്കിയ പദ്ധതിയാണിത്‌. ലോകത്തെമ്പാടുമുള്ള ലൈബ്രറികളിലെ ലക്ഷക്കണക്കിന്‌ പുസ്തകങ്ങള്‍ വിര്‍ച്വല്‍രൂപത്തിലാക്കാനുദ്ദേശിച്ചുള്ള ബ്രഹത്പദ്ധതിയാണിത്‌. ബുക്കുകള്‍ക്കുള്ളില്‍ കടന്ന്‌ സെര്‍ച്ച്‌ ചെയ്യാന്‍ കഴിയുന്ന സംവിധാനം. ലൈബ്രറികളുടെ ഭൗതീക, ഭൂമിശാസ്ത്ര പരിമിതികളെ ഗൂഗിള്‍ ബുക്ക്സെര്‍ച്ച്‌ മായ്ച്ചു കളയുന്നു. സ്റ്റാന്‍ഫഡ്‌, ഹാര്‍വാഡ്‌, മിഷിഗണ്‍, ഓക്സ്ഫഡ്‌ സര്‍വകലാശാലയിലെ ലക്ഷക്കണക്കിന്‌ ലൈബ്രറിപുസ്തകങ്ങളും ന്യൂയോര്‍ക്ക്‌ പബ്ലിക്‌ ലൈബ്രറിയും വിര്‍ച്വല്‍ രൂപത്തിലാക്കാനുള്ള ശ്രമമാണ്‌ ഗൂഗിള്‍ ആദ്യം തുടങ്ങിയത്‌. ഇപ്പോള്‍ ദിവസവും 3000 പുസ്തകങ്ങള്‍ വീതം ഗൂഗിള്‍ സ്കാന്‍ചെയ്യുന്നു. അതനുസരിച്ച്‌ പ്രതിവര്‍ഷം പത്തുലക്ഷംപുസ്തകങ്ങള്‍ ഡിജിറ്റല്‍ രൂപത്തിലാക്കാന്‍ ഗൂഗിളിനാകും. മൈക്രോസോഫ്ട്‌, യാഹൂ പോലുള്ള പ്രതിയോഗികളും ഇതേ പദ്ധതിയുമായി ഇപ്പോള്‍ രംഗത്തെത്തിയിട്ടുണ്ട്‌. ഗൂഗിള്‍ ബുക്ക്സെര്‍ച്ചിന്റെ വിലാസം:
books.google.com

8. ബ്ലോഗര്‍ ഡോട്ട്‌ കോം: ആത്മപ്രകാശനം നടത്താന്‍ വ്യക്തികളെ പ്രാപ്തമാക്കുന്നതാണ്‌ ബ്ലോഗിങ്‌. ആര്‍ക്കും പ്രസാധകരും എഴുത്തുകാരും എഡിറ്ററുമാകാം. സൗജന്യമായി ബ്ലോഗ്‌ തുടങ്ങാനുള്ള അവസരമൊരുക്കുന്നു ഗൂഗിളിന്‌ കീഴിലുള്ള ബ്ലോഗര്‍ ഡോട്ട്‌ കോം(
blogger.com). 'പൈറ ലാബ്സ്‌' എന്ന കമ്പനിയുടേതായിരുന്നു ഈ സര്‍വീസ്‌. ബ്ലോഗിങ്ങിന്റെ സാധ്യതകള്‍ മുന്‍കൂട്ടി മനസിലാക്കിയ ഗൂഗിള്‍, 2003 ഫിബ്രവരിയില്‍ ആ കമ്പനിയെ വിലക്കു വാങ്ങി. ഇന്ന്‌ ഈ മേഖലയില്‍ ഏറ്റവും ലളിതവും ജനപ്രിയവുമായ സര്‍വീസാണ്‌ ബ്ലോഗര്‍. 'ആഡ്സെന്‍സി'ന്റെ സഹായത്തോടെ ബ്ലോഗറില്‍ നിന്ന്‌ ഗൂഗിള്‍ ലക്ഷക്കണക്കിന്‌ ഡോളര്‍ വരുമാനവും നേടുന്നു.

9. യുടൂബ്‌: ടെക്സ്റ്റുകളും ചിത്രങ്ങളും ഉപയോഗിച്ചു മാത്രമല്ല, വീഡിയോ ഉപയോഗിച്ചും ബ്ലോഗിങ്‌ സാധ്യമാണെന്ന്‌ ലോകത്തിന്‌ കാട്ടിക്കൊടുത്ത ഇന്റര്‍നെറ്റ്‌ സംരംഭമാണ്‌ 'യുടൂബ്‌'(YouTube). നിലവില്‍ വന്ന്‌ ഒരു വര്‍ഷത്തിനുള്ളില്‍ അസാധാരണമായി ജനപ്രീതിയാര്‍ജ്ജിച്ച ആ സര്‍വീസ്‌, സാധാരണക്കാര്‍ക്കു പോലും സംപ്രേക്ഷകരാകാന്‍ അവസരമൊരുക്കുന്നു. അടുത്തയിടെ 165 കോടി ഡോളര്‍(7425 കോടിരൂപ) നല്‍കി യുടൂബിനെ ഗൂഗിള്‍ സ്വന്തമാക്കി. വിലാസം:
youtube.com

10. ഓര്‍ക്കുട്‌: ലക്ഷക്കണക്കിന്‌ ആളുകള്‍ക്ക്‌ എളുപ്പത്തില്‍ ബന്ധപ്പെടാനും സൗഹൃദവും ആശയങ്ങളും പങ്കുവെയ്ക്കാനുമുള്ള സോഷ്യല്‍ കമ്മ്യൂണിറ്റി ശൃംഗലയാണ്‌ 'ഓര്‍ക്കുട്‌'. ഇതിന്‌ രൂപം നല്‍കിയ ഗൂഗിളിലെ തുര്‍ക്കിക്കാരനായ സോഫ്ട്‌വേര്‍ എഞ്ചിനിയര്‍ ഓര്‍ക്കുട്‌ ബുയുക്കോക്റ്റെന്റെ പേരിലാണ്‌ ഈ നെറ്റ്‌വര്‍ക്ക്‌ അറിയപ്പെടുന്നത്‌. ഗൂഗിളില്‍ ഇഷ്ടപ്പെട്ട പ്രോജക്ടില്‍ ജോലി ചെയ്യാവുന്ന 20 ശതമാനം സമയമുപയോഗിച്ചാണ്‌ ബുയുക്കോക്റ്റെന്‍ ഈ സര്‍വീസ്‌ രൂപപ്പെടുത്തിയത്‌. മുമ്പ്‌ ബുയുക്കോക്റ്റെന്‍ ജോലിനോക്കിയിരുന്ന 'അഫിനിറ്റി എഞ്ചിന്‍സ്‌ ' എന്ന സ്ഥാപനത്തില്‍ വെച്ച്‌, യൂണിവേഴ്സിറ്റി അലുമിനി ഗ്രൂപ്പുകള്‍ക്കായി 'ഇന്‍സര്‍ക്കിള്‍'(InCircle) എന്നൊരു സോഫ്ട്‌വേര്‍ ബുയുക്കോക്റ്റെന്‍ രൂപപ്പെടുത്തിയിരുന്നു. അതിന്റെ ചുവടു പിടിച്ചാണ്‌ 'ഓര്‍ക്കുട്‌ ' വികസിപ്പിച്ചത്‌. 2004 ജനവരി 22-ന്‌ വെബ്ബില്‍ പ്രത്യക്ഷപ്പെട്ട ഈ നെറ്റ്‌വര്‍ക്കിലെ അംഗസംഖ്യ 2004 ജൂലായ്‌ ആയപ്പോഴേക്കും പത്തുലക്ഷം കടന്നു. ഇപ്പോള്‍ ഓര്‍ക്കുട്ടിലെ അംഗങ്ങളുടെ എണ്ണം നാലുകോടിയോളമാണ്‌. ഓര്‍ക്കുടിന്റെ വിലാസം:
orkut.com

11. ഗൂഗിള്‍ ബ്ലോഗ്സെര്‍ച്ച്‌: ഇന്റര്‍നെറ്റില്‍ ദിവസവും പ്രത്യക്ഷപ്പെടുന്ന ലക്ഷക്കണക്കിന്‌ ബ്ലോഗുകളിലേക്ക്‌ ആവശ്യക്കാര്‍ക്ക്‌ എത്താനുള്ള കുറുക്കുവഴിയാണ്‌ 'ഗൂഗിള്‍ ബ്ലോഗ്സെര്‍ച്ച്‌'. വിലാസം:
blogsearch.google.com

12. ഗൂഗിള്‍ ഗ്രൂപ്പ്സ്‌: സമാനചിന്താഗതിക്കാരുമായി എളുപ്പം ആശയവിനിമയം സാധ്യമാക്കുന്ന സര്‍വീസാണിത്‌. ഒരു ഇന്റര്‍നെറ്റ്‌ ചര്‍ച്ചാവേദി. വിലാസം:
groups.google.com

13. ഗൂഗിള്‍ പേറ്റന്റ്സെര്‍ച്ച്‌: 70 ലക്ഷത്തോളം പേറ്റന്റുകളുടെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളുന്ന ബ്രഹത്തായ മറ്റൊരു ഡാറ്റാബേസാണിത്‌. കണ്ടുപിടുത്തങ്ങളുടെ അത്ഭുതലോകത്തേക്കും അവയുടെ ചരിത്രത്തിലേക്കും വിശദാംശങ്ങളിലേക്കും ഒരാള്‍ക്ക്‌ ഈ സര്‍വീസ്‌ വഴി എളുപ്പത്തില്‍ പ്രവേശിക്കാനാകും. വിലാസം:
google.com/patents

14. ഗൂഗിള്‍ സ്കോളര്‍: ഒരു ഗവേഷകനെ സംബന്ധിച്ചിടത്തോളം ഗൂഗിള്‍സെര്‍ച്ചില്‍ നിന്നു ലഭിക്കുന്ന സാധാരണ വിവരങ്ങള്‍, അയാളുടെ ഗവേഷണത്തെ അധികം സഹായിച്ചെന്നു വരില്ല. ആ പരിമിതി മറികടക്കാനുള്ളതാണ്‌ 'ഗൂഗിള്‍ സ്കോളര്‍'. ലക്ഷക്കണക്കിന്‌ ഗവേഷണപ്രബന്ധങ്ങളാണ്‌, ഗൂഗിള്‍ സ്കോളറില്‍ ഗവേഷകരെ കാത്തിരിക്കുന്നത്‌. വിലാസം: scholar.google.com

15. ഗൂഗിള്‍അലര്‍ട്ട്സ്‌: നിങ്ങള്‍ അറിയാനാഗ്രഹിക്കുന്ന വിഷയങ്ങള്‍ ഗൂഗിള്‍അലര്‍ട്ട്സില്‍ രജിസ്റ്റര്‍ ചെയ്താല്‍, ഇ-മെയില്‍ അപ്ഡേറ്റുകളായി അതാത്‌ സയമത്ത്‌ വന്നു കൊള്ളും(ഇതേ മാതൃകയില്‍ ഗൂഗിള്‍ ന്യൂസ്‌അലര്‍ട്ടുമുണ്ട്‌). google.com/alerts

16. ഗൂഗിള്‍ കാറ്റലോഗ്സ്‌: വിവിധ വിഷയങ്ങളിലുള്ള കാറ്റലോഗുകള്‍ കണ്ടെത്താന്‍ സെര്‍ച്ച്‌എഞ്ചിന്‍ ഫലങ്ങളുടെ കടലില്‍ തിരയേണ്ട കാര്യമില്ല, ഗൂഗിള്‍ കാറ്റലോഗ്സില്‍ പോയി എളുപ്പത്തില്‍ അവ കൈപ്പിടിയിലാക്കാം. catalogs.google.com

17. ഗൂഗിള്‍ ഡയറക്ടറി: വെബ്ഡയറക്ടറികള്‍ നൊടിയിടയില്‍ വിരല്‍ത്തുമ്പിലെത്താന്‍ സഹായിക്കുന്ന സര്‍വീസാണിത്‌. google.com/dirhp


18. ഗൂഗിള്‍ മാപ്പ്സ്‌: ഭൂപടങ്ങള്‍ അനായാസം കണ്ടെത്താനും ലഭിക്കാനും വേണ്ടി രൂപപ്പെടുത്തിയിട്ടുള്ള സര്‍വീസാണിത്‌. വിലാസം:
maps.google.com

19. ഗൂഗിള്‍ ഫിനാന്‍സ്‌: സാമ്പത്തികരംഗത്തെ കാര്യങ്ങള്‍ എളുപ്പത്തില്‍ സമഗ്രമായി ലഭിക്കാന്‍ സഹായിക്കുന്നു ഈ സര്‍വീസ്‌. വിലാസം:
google.com/finance

20. പിക്കാസ: ചിത്രങ്ങള്‍ ശേഖരിക്കാനും എഡിറ്റ്‌ ചെയ്യാനും ഇ-മെയില്‍ ചെയ്യാനുമൊക്കെ സഹായിക്കുന്ന സോഫ്ട്‌വേറാണിത്‌.
picasa.google.com എന്ന വെബ്‌ വിലാസത്തിലെത്തി ഇത്‌ സൗജന്യമായി ഡൗണ്‍ലോഡ്‌ ചെയ്യാം.

21. സ്കെച്ച്‌ അപ്‌: ദ്വിമാന ചിത്രങ്ങളാണല്ലോ നമുക്ക്‌ പരിചയം. വീടുകളുടെയും കെട്ടിടങ്ങളുടെയും മറ്റും ദ്വിമാനചിത്രങ്ങള്‍ ഉപയോഗിച്ച്‌ അനായാസമായി ത്രിമാനചിത്രങ്ങള്‍ രൂപപ്പെടുത്താന്‍ സാഹിയിക്കുന്നു ഗൂഗിളിന്റെ 'സ്കെച്ച്‌ അപ്‌ ' എന്ന സോഫ്ട്‌വേര്‍. ഇതിന്റെ സൗജന്യരൂപവുമുണ്ട്‌, കാശുനല്‍കി വാങ്ങാവുന്ന വകഭേദവുമുണ്ട്‌. വിലാസം:
sketchup.google.com

22. ഗൂഗിള്‍ ടോക്‌: എം.എസ്‌.മീസ്ഞ്ചറിന്‌ സമാനമായ ഗൂഗിളിന്റെ സോഫ്ട്‌വേറാണിത്‌. ഇന്റര്‍നെറ്റ്‌ വഴി എളുപ്പത്തില്‍ സന്ദേശങ്ങള്‍ കൈമാറാനും സംസാരിക്കാനുമൊക്കെ സഹായിക്കുന്നതാണ്‌ ഗൂഗിള്‍ ടോക്‌. മള്‍ട്ടിമീഡിയ ഫയലുകള്‍ ഇന്റര്‍നെറ്റിലൂടെ കൈമാറാനും ഈ സോഫ്ട്‌വേര്‍ സഹായിക്കും.
google.com/talk -ലെത്തി സൗജന്യമായി അത്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

23. ഗൂഗില്‍ മലയാളം: മലയാളം പോലെ ഒട്ടുമിക്ക ഭാഷകളിലും സെര്‍ച്ചിങ്‌ നടത്താന്‍ ഗൂഗിള്‍ സൗകര്യമൊരുക്കുന്നു. മലയാളം ഗൂഗിളിലെത്താന്‍
google.com/intl/ml/ എന്ന വിലാസം സഹായിക്കും.

Sunday, January 14, 2007

ഗൂഗിള്‍ വിസ്മയം-4

പുതുമ, പുതുമ, പുതുമ

സാങ്കേതികവിദ്യ കുറ്റമറ്റതാക്കിയശേഷം മാത്രം അതിന്റെ വാണിജ്യസാധ്യത ആരായുക. അതാണ്‌ ഗൂഗിളിന്റെ രീതി. ഓരോ ചുവടുവെയ്പ്പിലും പുതുമയും നവീനതയും പുലര്‍ത്താന്‍ ഗൂഗിളിനെ പ്രാപ്തമാക്കുന്ന ഘടകം അതാണ്‌. പുതിയ ആശയങ്ങള്‍ എന്നത്‌ നവീനവും അത്ഭുതകരവുമായ ആശയങ്ങളല്ല, പകരം ദൈനംദിനജീവിതത്തിലെ സംഗതികളെ മറ്റുള്ളവര്‍ക്ക്‌ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത വിധത്തില്‍ ഉപയോഗിക്കുക എന്നതാണെന്ന്‌ ഡ്യൂവി പറഞ്ഞത്‌, ഗൂഗിളിന്റെ കാര്യത്തില്‍ അക്ഷരംപ്രതി ശരിയാകുന്നു.

ഴുക്കിനെതിരെ നീന്തിയാണ്‌ ഗൂഗിള്‍ ആദ്യം പിടിച്ചു നിന്നത്‌. പിന്നീട്‌ ഇന്റര്‍നെറ്റിന്റെ ഒഴുക്കുതന്നെ ഗൂഗിള്‍ അതിന്‌ അനുകൂലമായി തിരിച്ചുവിട്ടു എന്നത്‌ ചരിത്രം. തൊണ്ണൂറുകളുടെ അവസാനം സിലിക്കന്‍വാലിയില്‍ സോഫ്ട്‌വേര്‍ കമ്പനികള്‍ ഒന്നൊന്നായി തകര്‍ന്നു കൊണ്ടിരുന്നപ്പോള്‍, ആ സാഹചര്യം ഗൂഗിള്‍ പരമാവധി മുതലാക്കി. സിലിക്കന്‍വാലിയിലെ പ്രതിസന്ധി ഒട്ടേറെ ഒന്നാംകിട കമ്പ്യൂട്ടര്‍വിദഗ്ധരെ തൊഴില്‍രഹിതരാക്കി. ഗൂഗിള്‍ അതിന്റെ വിപുലീകരണം തുടങ്ങുന്ന സമയമായിരുന്നു അത്‌. സിലിക്കന്‍വാലിയിലെ ഏറ്റവും മുന്തിയ ബുദ്ധിമാന്‍മാരെ സ്വന്തം കുടക്കീഴിലാക്കാന്‍ ഗൂഗിളിന്‌ ഇത്‌ അവസരമൊരുക്കി. ലോകത്ത്‌ ഒരു കമ്പനിക്കുമില്ലാത്ത ബൗദ്ധീകശേഷി ഗൂഗിളിലേക്ക്‌ ചെക്കേറി. നാസ, ബെല്‍ ലാബ്സ്‌, മൈക്രോസോഫ്ട്‌, വന്‍കിട സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നൊക്കെ ഒന്നാംകിട വിദഗ്ധരാണ്‌ ദിനംപ്രതി ഇപ്പോള്‍ ഗൂഗിളിലേക്ക്‌ ഒഴുകുന്നത്‌. അവരില്‍ സോഫ്ട്‌വേര്‍ വിദഗ്ധരും കമ്പ്യൂട്ടര്‍ എഞ്ചിനിയര്‍മാരും മാത്രമല്ല, ഗണിതശാസ്ത്രജ്ഞരും നരവംശശസ്ത്രജ്ഞരും സാമൂഹികശാസ്ത്രജ്ഞരുമൊക്കെയുണ്ട്‌. ആറായിരത്തിലേറെ പേര്‍ ഇപ്പോള്‍ ഗൂഗിളില്‍ ജോലിചെയ്യുന്നു.

ഇതുമാത്രമല്ല, ഇന്റര്‍നെറ്റിന്റെ പുതുയുഗത്തിന്‌ നാന്ദികുറിച്ച ഒട്ടേറെ കമ്പനികളെയും ഗൂഗിള്‍ വിലക്കു വാങ്ങി സ്വന്തം കുടക്കീഴിലാക്കി. ഗൂഗിളിന്റെ ഓരോ വാങ്ങലുകളും കാലത്തിന്റെ ചുമരെഴുത്തിന്റെ പ്രതിഫലനമായിരുന്നു. 'ബ്ലോഗര്‍ ഡോട്ട്‌ കോം'(blogger.com) വികസിപ്പിച്ച 'പൈറ ലാബ്സി'നെ 2003 ഫിബ്രവരിയിലാണ്‌ ഗൂഗിള്‍ സ്വന്തമാക്കിയത്‌. ബ്ലോഗിങ്ങിന്‌ ഇന്ന്‌ ഏറ്റവുമധികം പേര്‍ ആശ്രയിക്കുന്ന സര്‍വീസുകളിലൊന്നായ 'ബ്ലോഗര്‍ ഡോട്ട്‌ കോമി'ലൂടെയാണ്‌ ഈ ലേഖനം നിങ്ങള്‍ക്കു മുമ്പിലെത്തുന്നത്‌. ആഡ്സെന്‍സിന്റെ സഹായത്തോടെ, ബ്ലോഗറില്‍ നിന്ന്‌ വന്‍വരുമാനവും ഗൂഗിള്‍ കൊയ്യുന്നു. സാധാരണക്കാരെപ്പോലും പര്യവേക്ഷകരാക്കി മാറ്റുന്ന സോഫ്ട്‌വേറാണ്‌ 'ഗൂഗിള്‍ എര്‍ത്ത്‌'. ഗൂഗിള്‍ എര്‍ത്തിന്റെ സഹായത്തോടെ ലോകത്തെവിടെയും നിങ്ങള്‍ക്ക്‌ 'പറന്നിറങ്ങാം'. അത്‌ വികസിപ്പിച്ച 'കീഹോള്‍' കമ്പനിയെ 2004-ല്‍ ഗൂഗിള്‍ വിലയ്ക്കു വാങ്ങി സ്വന്തമാക്കി. കാലവാസ്ഥാ വിവരങ്ങള്‍ കൂടി ഗൂഗിള്‍എര്‍ത്തില്‍ സന്നിവേശിപ്പിച്ച്‌ അതിനെ ഒരു 'iEarth' ആയി മാറ്റാന്‍ ഒരുങ്ങുകയാണ്‌ നാസ ഇപ്പോള്‍.



സാധാരണ ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ചു പോലും വിഡിയോ പിടിക്കാന്‍ ഇപ്പോള്‍ കഴിയും. അതിനാല്‍ സാധാരണക്കാര്‍ക്കുപോലും വീഡിയോ എടുക്കാന്‍ ബുദ്ധിമുട്ടില്ല. പക്ഷേ, സ്വന്തമായി വീഡിയോ സംപ്രേക്ഷണം ചെയ്യുക സാധാരണക്കാര്‍ക്ക്‌ അടുത്തകാലം വരെ ചിന്തിക്കാന്‍ കഴിയാത്ത സംഗതിയായിരുന്നു. ആ പരിമിതി മറികടക്കാന്‍ സാധാരണക്കാരെ സഹായിക്കുന്ന ഇന്റര്‍നെറ്റ്‌ സംരംഭമാണ്‌ 'യുടൂബ്‌'. ആര്‍ക്കും വളരെ എളുപ്പത്തില്‍ സംപ്രേക്ഷകരാകാന്‍ അവസരമൊരുക്കുന്നു യുടൂബ്‌. 2005-ല്‍ ആരംഭിച്ച 'യുടൂബ്‌'(YouTube) കമ്പനിയെ ഏതാനും മാസം മുമ്പ്‌ 165 കോടി ഡോളര്‍(7425 കോടി രൂപ) നല്‍കിയാണ്‌ ഗൂഗിള്‍ ഏറ്റെടുത്തത്‌ വന്‍വാര്‍ത്തയായിരുന്നു. തങ്ങളുടെ നവീന പരസ്യ, ബിസിനസ്‌ മാതൃക ഇന്റര്‍നെറ്റില്‍ നിന്ന്‌ ഇതര മാധ്യമങ്ങളിലേക്കു വ്യാപിപ്പിക്കാനും ഗൂഗിള്‍ ശ്രമം തുടങ്ങിക്കഴിഞ്ഞു. ഓട്ടോമാറ്റിക്‌ സംവിധാനമുപയോഗിച്ച്‌ റേഡിയോ നിലയങ്ങള്‍ക്ക്‌ പരസ്യം പ്രദാനം ചെയ്യുന്ന 'ഡിമേര്‍ ബ്രോഡ്കാസ്റ്റിങ്‌ '(dMare Broadcasting) കമ്പനിയാണ്‌ അടുത്തയിടെ ഗൂഗിളിന്റെ ഭാഗമായി മാറിയ മറ്റൊരു സ്ഥാപനം. അമേരിക്കയിലെ വന്‍കിടപത്രങ്ങള്‍ക്ക്‌ ക്ലാസിഫൈഡ്‌ പരസ്യങ്ങള്‍ പുതിയ രീതിയില്‍ നല്‍കാനും ഗൂഗിള്‍ തുടക്കമിട്ടുകഴിഞ്ഞു.


ആദ്യം സാങ്കേതിവിദ്യ കുറ്റമറ്റതാക്കുക. അതിനുശേഷംമാത്രം അതിന്റെ വാണിജ്യസാധ്യത പരിഗണിക്കുക. ഇതാണ്‌ ഗൂഗിളിന്റെ രീതി. അതിനാല്‍, ഓരോ ചുവടുവെയ്പിലും വ്യത്യസ്തതയും പുതുമയും നവീനതയും പുലര്‍ത്താന്‍ ഗൂഗിളിന്‌ കഴിയുന്നു.ഇതാണ്‌ ഗൂഗിളിനെ ഗൂഗിളായി നിലനിര്‍ത്തുന്ന മുഖ്യഘടകം. നിത്യജീവിതത്തില്‍ ഒരാള്‍ നേരിടുന്ന പ്രശ്നങ്ങള്‍ക്ക്‌ ലളിതമായ പരിഹാരം നല്‍കുന്നതാണ്‌ ഗൂഗിളിന്റെ ഓരോ ഉത്പന്നവും. അവയെല്ലാം ഉപഭോക്താക്കളെ സംബന്ധിച്ച്‌ തികച്ചും സൗജന്യവുമാണ്‌. സെര്‍ച്ച്‌ എഞ്ചിന്‍ കൂടാതെ, ഗൂഗിള്‍ ഇമേജസ്‌, ഗൂഗിള്‍ ന്യൂസ്‌, ജി-മെയില്‍, ഗൂഗിള്‍ ഡെസ്ക്ടോപ്പ്‌, ഗൂഗിള്‍ ടോക്ക്‌, ഗൂഗിള്‍ എര്‍ത്ത്‌, ഓര്‍ക്കുട്‌, ഗൂഗിള്‍ സ്കോളര്‍, ഗൂഗിള്‍ ബുക്ക്സെര്‍ച്ച്‌, ഗൂഗിള്‍ പേറ്റന്റ്സെര്‍ച്ച്‌, ഗൂഗിള്‍ ബ്ലോഗ്സെര്‍ച്ച്‌, ഗൂഗിള്‍ ഗ്രൂപ്പ്സ്‌, ബ്ലോഗര്‍.കോം, യൂടൂബ്‌,... ഗൂഗിളിന്റെ ആവനാഴിയില്‍ നിന്ന്‌ പുറത്തുവരികയോ, ഗൂഗിള്‍ സ്വന്തമാക്കുകയോ ചെയ്ത ഉത്പന്നങ്ങളുടെ പട്ടിക നീളുകയാണ്‌.

'ഗൂഗിള്‍ ലാബ്‌ ' എന്ന ഗൂഗിളിന്റെ 'അടയിരിക്കല്‍കേന്ദ്ര'ത്തില്‍ നിന്ന്‌ മുട്ടവിരിഞ്ഞു പുറത്തുവരാന്‍ കാക്കുന്ന വേറെയും നൂറോളം ഉത്പന്നങ്ങളുണ്ട്‌. സാധാരണക്കാര്‍ക്ക്‌ പോലും ചാന്ദ്രപര്യവേക്ഷണം സാധ്യമാക്കുന്ന ഗൂഗിള്‍മൂണ്‍, ചൊവ്വയിലെ പര്യവേക്ഷണത്തിന്‌ ഗൂഗിള്‍മാഴ്സ്‌, ഗൂഗിള്‍ കോഡ്സെര്‍ച്ച്‌, ഗൂഗിള്‍സജസ്റ്റ്‌, ഗൂഗില്‍ റീഡര്‍, ഗൂഗിള്‍ ട്രാന്‍സിറ്റ്‌, ആക്സിസിബിള്‍ സെര്‍ച്ച്‌(അന്ധന്‍മാര്‍ക്കായുള്ളത്‌), ഗൂഗിള്‍ നോട്ട്ബുക്ക്‌ എന്നിങ്ങനെ. ക്രിയാത്മകതയുടെ ഈ കുത്തൊഴുക്കില്‍ മൈക്രോസോഫ്ട്‌ പോലുള്ള പ്രതിയോഗികള്‍ പകച്ചു നില്‍ക്കുകയാണ്‌; എങ്ങനെ പ്രതിരോധിക്കണമെന്നറിയാതെ. ഗൂഗിള്‍ ഇപ്പോഴും ചെറുപ്പമാണ്‌; പ്രായം വെറും എട്ടുവയസ്സു മാത്രം. ഗൂഗിളിന്റെ സ്ഥാപകരും ചെറുപ്പമാണ്‌; മുപ്പതുകള്‍ പിന്നിട്ടിട്ടേയുള്ളൂ ലാറിയും സെര്‍ജിയും. കാത്തിരിക്കുക, വെടിക്കെട്ട്‌ തുടങ്ങിയിട്ടേയുള്ളൂ എന്ന്‌ സാരം.
(ലേഖനം ഇവിടെ അവസാനിക്കുന്നു. പരമ്പരയുടെ അഞ്ചാംലക്കത്തില്‍ ഗൂഗിള്‍ സര്‍വീസുകളെ സാധാരണക്കാര്‍ക്ക്‌ പരിചയപ്പെടുത്തതുന്ന വിഭാഗമാണുള്ളത്‌)

ക്രിയാത്മകതയ്ക്ക്‌ പുതുവഴി

രു സാധാരണ കോര്‍പ്പറേറ്റ്‌ സ്ഥാപനത്തിന്റെ അളവുകോലുകളില്‍ ഗൂഗിള്‍ ഒതുങ്ങില്ല. കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവിലുള്ള ഗൂഗിള്‍പ്ലക്സ്‌ എന്ന ആസ്ഥാനത്ത്‌ ശരിക്കുമൊരു കോളേജ്‌ ക്യാമ്പസിന്റെ അന്തരീക്ഷമാണുള്ളത്‌. മൂന്നും നാലും പേരടങ്ങിയ ഗ്രൂപ്പുകളായാണ്‌ ഗൂഗിളിലെ ജീവനക്കാര്‍ ജോലിചെയ്യുക. അത്യന്തം രുചികരമായ ഭക്ഷണം ഗൂഗിള്‍പ്ലക്സിനുള്ളില്‍ എല്ലാവര്‍ക്കും സൗജന്യമായി ലഭിക്കും. ഏത്‌ ആശയവും പരീക്ഷിച്ചു നോക്കാന്‍ ഗൂഗിളിലെ ജീവനക്കാര്‍ക്ക്‌ അനുവാദമുണ്ട്‌. അല്‍പ്പമെങ്കിലും സാധ്യതയുള്ളതെന്നു കണ്ടാല്‍ അതിന്‌ ഗൂഗിളിന്റെ പിന്തുണ ലഭിക്കും. ഒറ്റ കാര്യത്തിനേ ഗൂഗിള്‍പ്ലക്സില്‍ വിലക്കുള്ളു; ഗൂഗിളിന്റെ ഓഹരിവില നോക്കാന്‍ പാടില്ല. അങ്ങനെ ആരെങ്കിലും ചെയ്യുന്നതായി വൈസ്പ്രസിഡന്റുമാരിലൊരാളായ മരിസ്സ മയെറുടെ ശ്രദ്ധയില്‍ പെട്ടാല്‍, ഒരു ഓഹരിയുടെ വിലയാണ്‌ പിഴ.


ഗൂഗിള്‍പ്ലക്സ്‌-ഗൂഗിളിന്റെ ആസ്ഥാനം. ഗൂഗിള്‍എര്‍ത്തില്‍ നിന്നെടുത്തത്‌

ഗൂഗിളിലുള്ളവര്‍ അവരുടെ ആകെ ജോലിസമയത്തിന്റെ 70 ശതമാനം മാത്രം ഗൂഗിളിന്റെ മുഖ്യജോലികളായ സെര്‍ച്ചിങ്‌, പരസ്യം തുടങ്ങിയവയില്‍ ശ്രദ്ധിച്ചാല്‍ മതി. ബാക്കി വരുന്നതില്‍ 20 ശതമാനം സമയം വ്യക്തിപരമായി താത്പര്യമുള്ള പദ്ധതികളില്‍ ഉപയോഗിക്കാം. ബാക്കി പത്തുശതമാനം ഏത്‌ ഭ്രാന്തന്‍ ആശയവും പരീക്ഷിച്ചു നോക്കാനുള്ള സമയമാണ്‌. ക്രിയാത്മകത നിലനിര്‍ത്താനും അതുവഴി പുത്തന്‍ സങ്കേതങ്ങള്‍ക്ക്‌ വഴിതുറക്കാനും ഗൂഗിള്‍ അവലംബിക്കുന്ന മാര്‍ഗ്ഗമാണിത്‌. ഗൂഗിളിന്റെ പ്രശസ്തമായ പല ഉത്പന്നങ്ങളും രൂപപ്പെട്ടത്‌ ഇങ്ങനെ അനുവദിക്കപ്പെട്ട സമയത്താണ്‌. ഗൂഗിള്‍ ഡെസ്ക്ടോപ്‌, ഗൂഗിള്‍ ന്യൂസ്‌, ഗൂഗില്‍ ടോക്ക്‌, ഓര്‍ക്കുട്‌, ജി-മെയില്‍ തുടങ്ങി ഇന്റര്‍നെറ്റ്‌ ഉപഭോക്താക്കളുടെ ജീവിതത്തെ തന്നെ മാറ്റിമറിച്ച ഒട്ടേറെ ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ പുറത്തു വന്നു.

പണം കായ്ക്കുന്ന മരം

സെര്‍ജിബ്രിന്നിന്റെയും ലാറിപേജിന്റെയും ആകെ സമ്പാദ്യം ഇപ്പോള്‍ ഒന്നേകാല്‍ലക്ഷംകോടി രൂപയോളം വരും. ഓഹരിമൂല്യമനുസരിച്ച്‌ അമേരിക്കന്‍ കമ്പനികളില്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍ ഗൂഗിള്‍

തുടക്കം ഇവിടെനിന്ന്‌. ലാറിയും സെര്‍ജിയും മെന്‍ലോപാര്‍ക്കിലെ ഗാരേജില്‍, പഴയകാല ചിത്രം

ധുനിക സമൂഹത്തില്‍ ഇന്റര്‍നെറ്റ്‌ എത്രമാത്രം സ്ഥാനം നേടിയിരിക്കുന്നു എന്നറിയാന്‍, ഗൂഗിള്‍ സമ്പാദിക്കുന്ന പണത്തിന്റെ കണക്ക്‌ നോക്കിയാല്‍ മതി. 1995-ല്‍ ഗൂഗിളിന്റെ ആകെ വരുമാനം 610 കോടി ഡോളറും(27450 കോടി രൂപ) ലാഭം 150 കോടി ഡോളറും(6750 കോടി രൂപ) ആയിരുന്നു. 2000-ാ‍മാണ്ട്‌ വരെ ഒരു ഡോളര്‍ പോലും വരുമാനമില്ലാതിരുന്ന കമ്പനിയായിരുന്നു ഗൂഗിള്‍ എന്നോര്‍ക്കുക. ഇത്ര കുറഞ്ഞ സമയം കൊണ്ട്‌, അതും ഒരു വായ്പയെടുക്കാതെ, ഒരു പരസ്യവും നല്‍കാതെ, ഇത്രയും വരുമാനമുണ്ടാക്കിയ കമ്പനി ലോകത്ത്‌ വേറെ കാണില്ല. 2006 രണ്ടാം പകുതിയിലെ കണക്കുകള്‍ പ്രകാരം പരസ്യത്തില്‍ നിന്നുള്ള ഗൂഗിളിന്റെ വരുമാനം(ഗൂഗിളിന്‌ വേറെ വരുമാന മാര്‍ഗ്ഗമില്ല), കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ 70 ശതമാനം വര്‍ധിച്ചിരിക്കുന്നു. ഗൂഗിളിന്റെ ആകെ വരവില്‍ പകുതി ലഭിക്കുന്നത്‌, 'ഗൂഗിള്‍ ഡോട്ട്‌ കോ'മില്‍ നിന്നും അനുബന്ധ സേവനങ്ങളില്‍ (ഫ്രൂഗിള്‍, ജിമെയില്‍ തുടങ്ങിയ ഗൂഗിളിന്റെ തന്നെ വെബ്സൈറ്റുകളില്‍) നിന്നുമാണ്‌; ബാക്കി പകുതി ഗൂഗിള്‍ പരസ്യങ്ങളുടെ സേവനം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന്‌ മറ്റു സൈറ്റുകളില്‍ നിന്നും.

1999-ലെ ബാലന്‍സ്‌ ഷീറ്റ്‌ പ്രകാരം ഗൂഗിളിന്റെ വരുമാനം വെറും 2.2 ലക്ഷം ഡോളറും ചെലവ്‌ 67 ലക്ഷം ഡോളറും ആയിരുന്നു. 2000-ല്‍ വരവ്‌ 191 ലക്ഷം ഡോളറും ചെലവ്‌ 338 ലക്ഷം ഡോളറുമായി, നഷ്ടം 147 ലക്ഷം ഡോളര്‍. 2001-ല്‍ ആദ്യമായി കമ്പനി ലഭത്തിലായി; 70 ലക്ഷം ഡോളര്‍. പിന്നെ ഗൂഗിളിന്‌ തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ഒരു പബ്ലിക്‌ ലിമിറ്റഡ്‌ കമ്പനിയാകാന്‍ വേണ്ടി 2004 ആഗസ്ത്‌ 19-നാണ്‌ ഗൂഗിള്‍ ആദ്യഓഹരി വില്‍പ്പന(IPO) നടത്തിയത്‌. ലോക ഓഹരികമ്പോളത്തിന്റെ നട്ടെല്ലായ വാള്‍ട്രീറ്റിലെ പരമ്പരാഗത രീതികളെ വെല്ലുവിളിച്ചു കൊണ്ട്‌, പുതിയൊരു രീതിയിലാണ്‌ ഗൂഗിള്‍ അത്‌ ചെയ്തത്‌. പ്രാഥമിക വില്‍പ്പനയില്‍ ഗൂഗിളിന്റെ ഓഹരിക്ക്‌ 85 ഡോളര്‍(3825 രൂപ) ആയിരുന്നു വില. 2005 ജൂലായ്‌ 21 ആയപ്പോഴേക്കും ഗൂഗിളിന്റെ ഓഹരിക്ക്‌ 317.80 ഡോളര്‍(14301 രൂപ) ആയി വില.

ആദ്യ ഓഹരിവില്‍പ്പന കഴിഞ്ഞ്‌ കൃത്യം ഒരു വര്‍ഷം തികഞ്ഞപ്പോള്‍, ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജിന്റെയും സെര്‍ജി ബ്രിനിന്റെയും സമ്പാദ്യം 1000 കോടി ഡോളര്‍(45000 കോടി രൂപ) വീതമായി. 2006 മെയ്‌ 11-ന്‌ ഗൂഗിള്‍ ഓഹരിയുടെ വില 387 ഡോളര്‍(17415 രൂപ) ആണ്‌. അതനുസരിച്ച്‌ ലാറിയുടെയും സെര്‍ജിയുടെയും സമ്പാദ്യം ഒരുമിച്ചു കൂട്ടിയാല്‍ 2500 കോടി ഡോളര്‍(1.125 ലക്ഷം കോടി രൂപ) വരും. ഓഹരിമൂല്യമനുസരിച്ച്‌ അമേരിക്കന്‍ കമ്പനികളുടെ പട്ടികയില്‍ മൂന്നാംസ്ഥാനമാണിപ്പോള്‍ ഗൂഗിളിന്‌. മൈക്രോസോഫ്ടും വാള്‍മാര്‍ട്ടും മാത്രമാണ്‌ ഗൂഗിളന്‌ മുകളിലുള്ളത്‌. 2006 ജൂണ്‍ 20-ന്റെ കണക്കു പ്രകാരം മൈക്രോസോഫ്ടിന്‌ 23000 കോടി ഡോളര്‍ ഓഹരിമൂല്യമുള്ളപ്പോള്‍, വാള്‍മാര്‍ട്ടിന്‌ 20200 കോടി ഡോളറാണ്‌ മൂല്യം. ഗൂഗിളിന്‌ 11700 കോടി ഡോളറും. ഗൂഗിളിന്റെ മുഖ്യ പ്രതിയോഗികളിലൊരാളായ 'യാഹൂ'വിന്റെ ഓഹരിമൂല്യം 4330 കോടി ഡോളര്‍ മാത്രം.

Saturday, January 13, 2007

ഗൂഗിള്‍ വിസ്മയം-3

തിന്മ ചെയ്യാതെ പണമുണ്ടാക്കാന്‍ വഴി
ഗൂഗിളിന്റെ ഭൂരിപക്ഷം സര്‍വീസുകളും ഉപഭോക്താക്കള്‍ക്ക്‌ ലഭിക്കുന്നത്‌ സൗജന്യമായാണ്‌. പിന്നെയെങ്ങനെ ഗൂഗിള്‍ വരുമാനമുണ്ടാക്കുന്നു. പരസ്യമാണ്‌ ഗൂഗിളിന്റെ വരുമാനമാര്‍ഗ്ഗം. പരസ്യത്തിന്റെ പുത്തന്‍യുഗമാണ്‌ ഗൂഗിളിലൂടെ ഉത്ഘാടനം ചെയ്യപ്പെട്ടത്‌

ഗൂഗിളിന്റെ ഹോംപേജിന്റത്ര ലളിതമായ ഒരു സ്ഥലം നെറ്റില്‍ കണ്ടെത്തുക ബുദ്ധിമുട്ടായിരിക്കും. വെള്ള പ്രതലത്തില്‍ അടിസ്ഥാനവര്‍ണങ്ങളിലുള്ള ലോഗോയോടെ ഗൂഗിളിന്റെ ഹോംപേജ്‌ അങ്ങനെ രൂപകല്‍പ്പന ചെയ്തത്‌ സെര്‍ജിയാണ്‌. സെര്‍ച്ച്‌ ചെയ്യാനെത്തുന്നവര്‍ക്ക്‌ മാത്രം സ്ഥാനമുള്ളതെന്ന്‌ തോന്നിക്കുന്ന ഒരിടം. ഇന്റര്‍നെറ്റിലെ ഏറ്റവും വിലയേറിയ 'റിയല്‍ എസ്റ്റേറ്റാ'ണ്‌ ഗൂഗിള്‍ ഹോംപേജ്‌. ആ പേജില്‍ പരസ്യം ചെയ്യാനാഗ്രഹിക്കാത്ത ഒരു സ്ഥാപനവും ലോകത്തുണ്ടാവില്ല. പക്ഷേ, തങ്ങളുടെ ഹോംപേജ്‌ പണത്തിനായി ഉപയോഗിക്കാന്‍ ഗൂഗിള്‍ തയ്യാറായിട്ടില്ല. ഗൂഗിളിന്റെ പ്രഖ്യാപിത മുദ്രാവാക്യത്തെ സാധൂകരിക്കുന്നു ഈ നിലപാട്‌.

'തിന്‍മ അരുത്‌ '(Don't be Evil) എന്നതാണ്‌ ഗൂഗിളിന്റെ പ്രമാണവാക്യം. സെര്‍ച്ച്‌ ഉള്‍പ്പടെ ഗൂഗിളിന്റെ ഭൂരിപക്ഷം സര്‍വീസുകളും സൗജന്യമാണ്‌. ആരും പണം കൊടുത്ത്‌ ഗൂഗിള്‍ ഉപയോഗിക്കേണ്ടതില്ല. ആ നിലയ്ക്ക്‌ ഗൂഗിള്‍ എങ്ങനെ പണമുണ്ടാക്കുന്നു എന്നത്‌ പലര്‍ക്കും ഉത്തരം കിട്ടാത്ത ചോദ്യമാണ്‌. വെറുതെ പണമുണ്ടാകില്ലല്ലോ. ഒന്നുമില്ലായ്മയില്‍ നിന്ന്‌ വെറും എട്ടുവര്‍ഷം കൊണ്ട്‌ പതിനായിരംകോടി ഡോളര്‍ കമ്പനിയായി മാറാന്‍ പണം കൊയ്താലേ കഴിയൂ. ശരിക്കു പറഞ്ഞാല്‍ ഗൂഗിള്‍ അതാണ്‌ ചെയ്യുന്നത്‌; തിന്‍മയരുതെന്ന മുദ്രാവാക്യം മുറുകെ പിടിച്ചുകൊണ്ടു തന്നെ. ലാറിയും സെര്‍ജിയും ഇന്ന്‌ ലോകത്തെ ഏറ്റവും സമ്പന്നരായ വ്യക്തികളുടെ കൂട്ടത്തിലാണ്‌.

ഗൂഗിള്‍ വരുമാനമുണ്ടാക്കാന്‍ തുടങ്ങുന്നത്‌ 2000-ലാണ്‌. സെര്‍ച്ചില്‍ നിന്ന്‌ എങ്ങനെ കാശുണ്ടാക്കാം എന്നതിന്‌ ഒരു മാതൃക കണ്ടെത്തുകയാണ്‌ ഗൂഗിള്‍ ചെയ്തത്‌. കമ്പനിയുടെ ചരിത്രത്തില്‍ നിര്‍ണായകമുന്നേറ്റമായിരുന്നു അത്‌. GoTo.com എന്ന കമ്പനി (പിന്നീടത്‌ 'ഓവര്‍ടൂര്‍' എന്ന്‌ പേരുമാറ്റി. യാഹൂ അതിനെ വിലയ്ക്കു വാങ്ങുകയും ചെയ്തു) തുടങ്ങിവെച്ച പരസ്യമാതൃകയാണ്‌ തങ്ങളുടെ സെര്‍ച്ച്‌എഞ്ചിന്റെ സാധ്യതയുപയോഗിച്ച്‌ ഗൂഗിള്‍ പരിഷ്ക്കരിച്ചത്‌. സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം 'സ്പോണ്‍സേര്‍ഡ്‌ ലിങ്ക്സ്‌ ' എന്ന പേരില്‍ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടുന്ന രീതിയാണത്‌. സെര്‍ച്ച്‌ ചെയ്യുന്ന വിഷയം എന്താണോ അതിനനുസരിച്ചുള്ള സ്പോണ്‍സേഡ്‌ ലിങ്കായിരിക്കും സ്ക്രീനിന്റെ വലതുവശത്ത്‌ പ്രത്യക്ഷപ്പെടുക.

പരസ്യം അതിന്റെ ഏറ്റവും നിര്‍ണായകമായ വേളയില്‍ (ഒരാള്‍ വിവരം തേടുന്ന സമയത്ത്‌) മുന്നിലെത്തിക്കുകയെന്നതാണ്‌ ഇതിലൂടെ സംഭവിക്കുക. ആരെങ്കിലും പരസ്യലിങ്കില്‍ ക്ലിക്കു ചെയ്താല്‍ പരസ്യം നല്‍കിയ സ്ഥാപനം ഗൂഗിളിന്‌ ഒരു നിശ്ചിതസംഖ്യ കൊടുക്കണം. അങ്ങനെ സ്പോണ്‍സേഡ്‌ ലിങ്കുകളിലെ ഓരോ ക്ലിക്കും ഗൂഗിളിന്റെ അക്കൗണ്ടിലേക്ക്‌ പണമായെത്തുന്നു. സെര്‍ച്ച്‌ ചെയ്യുന്നയാള്‍ ക്ലിക്കു ചെയ്താല്‍ മാത്രം കാശുകൊടുത്താല്‍ മതി. അതിനാല്‍ കമ്പനികള്‍ക്കും അതാണ്‌ നല്ലത്‌.

മാത്രമല്ല, 'ആഡ്സെന്‍സ്‌'(AdSense) എന്ന പേരിലുള്ള ഗൂഗിളിന്റെ സേവനം സ്വന്തമായി വെബ്ബ്സൈറ്റോ ബ്ലോഗോ ഉള്ള ആര്‍ക്കും ഉപയോഗപ്പെടുത്താം. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ പ്രതിയോഗികള്‍ മനസിലാക്കുമ്പോഴേക്കും ആയിരക്കണക്കിന്‌ കമ്പനികളുമായി ലാറിപേജും സെര്‍ജിബ്രിന്നും പരസ്യദാതാക്കളെന്ന നിലയില്‍ കരാര്‍ ഒപ്പുവെച്ചു കഴിഞ്ഞിരുന്നു. അങ്ങനെ ഗൂഗിള്‍ ലോകത്തെ ഏറ്റവും വലിയ പരസ്യദാതാവു കൂടിയായി.

നമുക്ക്‌ പരിചിതമായ പരസ്യരീതി തുടങ്ങുന്നത്‌ 1870-കളില്‍ ജോണ്‍ വാനാമേക്കര്‍ എന്ന കച്ചവടക്കാരനില്‍ നിന്നാണ്‌. ഡിപ്പാര്‍ട്ടുമെന്റ്സ്റ്റോറുകളും പ്രൈസ്ടാഗുകളും 'കണ്ടുപിടിച്ച' ഫിലാഡെല്‍ഫിയക്കാരനായ വാനാമേക്കര്‍ തന്നെയാണ്‌, ആധുനിക പരസ്യരീതിയും ആദ്യമായി നടപ്പില്‍ വരുത്തിയത്‌. തന്റെ സ്റ്റോറുകളുടെ പരസ്യം അദ്ദേഹം പത്രങ്ങളില്‍ നല്‍കി. അങ്ങനെ പരസ്യത്തിന്റെ 'വാനാമേക്കര്‍യുഗം' ആരംഭിച്ചു. പത്രങ്ങളില്‍ നിന്ന്‌ പരസ്യങ്ങള്‍ റേഡിയോയിലേക്കും ടിവിയിലേക്കും ചെക്കേറി.

ആ യുഗമാണ്‌ ഗൂഗിളിന്റെ കടന്നുവരവോടെ അവസാനിക്കുന്നത്‌. ഗൂഗിളില്‍ സെര്‍ച്ചു ചെയ്യപ്പെടുന്ന വാക്കുകള്‍ക്കൊപ്പം തങ്ങളുടെ പരസ്യം പ്രത്യക്ഷപ്പെടാന്‍ ഏത്‌ കമ്പനിക്കും ഗൂഗിളിന്റെ ലേലത്തില്‍ പങ്കുചേരാം. 'ആഡ്‌വേഡ്സ്‌ '(AdWords) എന്ന പേരിലാണ്‌ ഈ സേവനം അറിയപ്പെടുന്നത്‌. ആഡ്‌വേഡ്സും ആഡ്സെന്‍സും കൂടി 2005-ല്‍ മാത്രം ഗൂഗിളിന്‌ നേടിക്കൊടുത്ത വരുമാനം 610 കോടി ഡോളര്‍(27450 കോടി രൂപ) ആണ്‌. ഇന്റര്‍നെറ്റ്‌ യുഗത്തിന്‌ ചേര്‍ന്ന പുതിയൊരു ബിസിനസ്‌ മാതൃകയാണ്‌ ഗൂഗിള്‍ നടപ്പാക്കിയതെന്നു സാരം.
ക്ലിക്ക്‌, ക്ലിക്ക്‌, ക്ലിക്ക്‌,...ഡോളറിന്റെ ശബ്ദം

ഇരുപത്തിനാലു മണിക്കൂറും തുറന്നിരിക്കുന്ന ഒരു ആഗോളകമ്പോളമാണ്‌ ഗൂഗിള്‍. അതിലേക്ക്‌ പണം നിലയ്ക്കാതെ പ്രവഹിച്ചുകൊണ്ടിരിക്കുന്നു. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോഴും ഗൂഗിളിന്റെ വരുമാനം വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്‌

തികച്ചും സൗജന്യമായി ഗൂഗിള്‍ ഉപയോഗിക്കുന്നവരാണ്‌ സാധാരണ ഇന്റര്‍നെറ്റ്‌ പ്രജകള്‍. ഗൂഗിളിന്റെ ഹോംപേജിന്റെ ശുഭ്രതയ്ക്കുള്ളില്‍ പണമുണ്ടാക്കാന്‍ ഏതെങ്കിലുമൊരു മാര്‍ഗ്ഗം ഒളിഞ്ഞിരിക്കുന്നു എന്ന്‌ മിക്കവരും കരുതാറില്ല. പക്ഷേ, സത്യം അതല്ല. 24 മണിക്കൂറും തുറന്നിരിക്കുന്ന ഒരു ആഗോള കമ്പോളമാണ്‌ ഗൂഗിള്‍. നിര്‍ത്താതെ പണം പ്രവഹിക്കുന്ന ഒന്ന്‌. ക്രിയാത്മകമായ ഒരു പുത്തന്‍ ഓണ്‍ലൈന്‍ ബിസിനസ്തന്ത്രം സെര്‍ച്ചിങ്ങിന്റെ മാന്ത്രികച്ചെപ്പിനുള്ളില്‍ ഒളിപ്പിച്ചു വെച്ചാണ്‌ ഗൂഗിള്‍ ഇതു സാധിക്കുന്നത്‌. നിങ്ങള്‍ ഓരോ തവണ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുമ്പോഴും ഗൂഗിളിന്റെ വരുമാനം വര്‍ധിക്കുകയാണ്‌.

'വാക്കിന്‌ വിലവേണം' എന്നത്‌ ഒരു ഭാഷാപ്രയോഗമാണ്‌. ഈ പ്രയോഗത്തില്‍ കവിഞ്ഞ്‌ വാക്കുകള്‍ക്ക്‌ എന്തെങ്കിലും വില ഉണ്ടെന്ന്‌ പലരും കരുതുന്നില്ല. പക്ഷേ, ഗൂഗിളിന്റെ കാര്യത്തില്‍ ഇത്‌ നെരെ തിരിച്ചാണ്‌. വാക്കുകള്‍ക്കാണ്‌ വില. ലോകമെമ്പാടുമുള്ള ഗൂഗിള്‍ ഉപഭോക്താക്കള്‍ സെര്‍ച്ചിങ്ങിനുപയോഗിക്കുന്ന നൂറുകണക്കിന്‌ വാക്കുകള്‍, അണിയറയില്‍ ലേലം ചെയ്ത്‌ വില്‍ക്കുകയാണ്‌ ഗൂഗിള്‍ ചെയ്യുന്നത്‌. ഒരു പ്രത്യേക വാക്കുപയോഗിച്ച്‌ ഗൂഗിളില്‍ സെര്‍ച്ച്‌ നടത്തുമ്പോള്‍ പ്രത്യക്ഷപ്പെടുന്ന ഫലങ്ങള്‍ക്കൊപ്പം, വലതുവശത്തായി 'സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ ' എന്ന പേരിലുള്ള ഫലങ്ങളും കമ്പ്യൂട്ടര്‍ സ്ക്രീനില്‍ തെളിയുന്നത്‌ കണ്ടിട്ടില്ലേ. നിങ്ങള്‍ സെര്‍ച്ച്‌ ചെയ്യാനുപയോഗിച്ച വാക്കുകളുമായി ബന്ധമുള്ളവയായിരിക്കും ആ സ്പോണ്‍സേഡ്‌ ലിങ്ക്സ്‌. അവ പരസ്യങ്ങളാണ്‌. നിങ്ങള്‍ സെര്‍ച്ചിങ്ങിനുപയോഗിച്ച വാക്കുകള്‍ ഗൂഗിളില്‍ നിന്ന്‌ ഓണ്‍ലൈന്‍ ലേലത്തിലൂടെ വാങ്ങിയ കമ്പനികളുടെ പരസ്യങ്ങള്‍. ഒരു വാക്ക്‌ കൂടുതല്‍ പേര്‍ സെര്‍ച്ച്‌ ചെയ്യാനുപയോഗിക്കുമ്പോള്‍ ആ വാക്കിന്‌ ലേലത്തില്‍ വില വര്‍ധിക്കുന്നു. വാക്കുകളെ ലേലം ചെയ്ത്‌ വിറ്റ്‌ കാശാക്കാം എന്ന്‌ ആദ്യമായി തെളിയിച്ചത്‌ ഗൂഗിള്‍ ആയിരിക്കാം.

'ആഡ്‌വേഡ്സ്‌ ' എന്ന സര്‍വീസ്‌ വഴിയാണ്‌ ഗൂഗിള്‍ ഇടതടവില്ലാതെ വാക്കുകള്‍ ലേലം ചെയ്തു വില്‍ക്കുന്നത്‌. ഗൂഗിളിന്റെ അണിയറയില്‍ ഇത്തരമൊരു സംഗതി നടക്കുന്നു എന്ന കാര്യം ഗൂഗിള്‍ ഉപയോഗിക്കുന്ന സാധാരണക്കാര്‍ക്കറിയില്ല. ഗൂഗിളില്‍ പ്രത്യക്ഷപ്പെടുന്ന പതിനായിരക്കണക്കിന്‌ പരസ്യങ്ങള്‍ക്ക്‌ ന്യായമായ പ്രിതിഫലം ഗൂഗിള്‍ ഈ ലേലത്തിലൂടെ ഉറപ്പാക്കുന്നു. വമ്പന്‍മാര്‍ക്കു മാത്രല്ല, ചെറുകിട കമ്പനികള്‍ക്കും വാക്കുകള്‍ ലേലത്തില്‍ പിടിക്കാം. പക്ഷേ, വലിയ വിലയ്ക്കു ലേലംപിടിച്ചു എന്നു കരുതി ഒരു പരസ്യം സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം ഒന്നാമത്‌ വന്നു കൊള്ളണമെന്നില്ല. പരസ്യങ്ങളുടെ കാര്യത്തിലും 'പേജ്‌റാങ്ക്‌ ' ഗൂഗിള്‍ ഉപയോഗിക്കുന്നു. എന്നുവെച്ചാല്‍, പരസ്യത്തിന്റെ ജനപ്രീതി കൂടി കണക്കിലെടുത്തേ അത്‌ ആദ്യമെത്തുമോ എന്ന്‌ തീരുമാനിക്കപ്പെടൂ.

'ഡിജിറ്റല്‍ ക്യാമറ' എന്ന്‌ ഗൂഗിളില്‍ സെര്‍ച്ച്‌ ചെയ്യുകയാണെന്നിരിക്കട്ടെ. സ്വാഭാവികമായും സെര്‍ച്ച്‌ ഫലങ്ങള്‍ക്കൊപ്പം ഡിജിറ്റല്‍ ക്യാമറയുമായി ബന്ധപ്പെട്ട കമ്പനികളുടെ പരസ്യങ്ങള്‍, സ്പോണ്‍സേഡ്‌ ലിങ്ക്സ്‌ എന്ന പേരില്‍ സ്ക്രീനിലെത്തും. സെര്‍ച്ചു ചെയ്യുന്നയാള്‍ സ്പോണ്‍സേഡ്‌ ലിങ്കില്‍ ഏതിലെങ്കിലും ക്ലിക്കു ചെയ്താല്‍, ആ പരസ്യം ഏത്‌ സ്ഥാപനത്തിന്റേതാണോ ആ സ്ഥാപനത്തിന്റെ അക്കൗണ്ടില്‍ നിന്ന്‌ ഒരു നിശ്ചിത തുക ഗൂഗിളിന്റെ അക്കൗണ്ടിലെത്തും.

ആസ്ബറ്റോസ്‌ മൂലമുണ്ടാകുന്ന ഒരിനം അര്‍ബുദമാണ്‌ 'mesothelioma'. ആസ്ബറ്റോസ്‌ കമ്പനികളില്‍ നിന്ന്‌ കോടികള്‍ നഷ്ടപരിഹാരം നേടാനുള്ള വഴിയാണ്‌ ഈ രോഗം തുറന്നു തരുന്നത്‌. അതിനാല്‍, ഈ വാക്കിനായി വന്‍കിട നിയമകമ്പനികളും അഭിഭാഷകരും എത്ര പണം വേണമെങ്കിലും ലേലത്തില്‍ നല്‍കാന്‍ തയ്യാറാണ്‌. 30ഡോളര്‍(1350 രൂപ) ആണ്‌ ഈ വാക്കിനുള്ള ഗൂഗിളിലെ ക്ലിക്ക്‌ വില. ഗൂഗിളില്‍ ഏറ്റവും വിലയേറിയ വാക്കുകളിലൊന്നാണിത്‌. ഓരോ ക്ലിക്കും ഇങ്ങനെ ഗൂഗിളിന്റെ വരുമാനം വര്‍ധിപ്പിക്കുന്നു. ജി-മെയിലിലും, യുടൂബിലും, ഓര്‍ക്കുടിന്റെ കമ്മ്യൂണിറ്റി പേജുകളിലുമൊക്കെ ഇത്തരം സ്പോണ്‍സേഡ്‌ ലിങ്കുകള്‍ സന്നിവേശിപ്പിക്കുക വഴി പണത്തിനുള്ള പുതിയ പുതിയ വഴികള്‍ ഗൂഗിള്‍ തുറക്കുകയാണ്‌.
നിങ്ങള്‍ക്കും പണം കൊയ്യാം

ഭാവനയും അധ്വാനശേഷിയുമുള്ള വ്യക്തിയാണ്‌ നിങ്ങളെങ്കില്‍ ഗൂഗിളിലൂടെ നിങ്ങള്‍ക്കും പണമുണ്ടാക്കാം. ഒരു വെബ്സൈറ്റ്‌ തുടങ്ങിയാല്‍ മതി. ബ്ലോഗ്‌ സൈറ്റായാലും കുഴപ്പമില്ല. ആ സൈറ്റില്‍ ഗൂഗിളിന്റെ 'ആഡ്സെന്‍സി'(AdSense)ന്റെ സേവനം തേടുക. ഗൂഗിള്‍ അക്കൗണ്ട്‌ ഉപയോഗിച്ച്‌ രജസ്റ്റര്‍ ചെയ്താല്‍ മതി. നിങ്ങളുടെ വെബ്സൈറ്റിന്റെ ഉള്ളടക്കം ഗൂഗിളിന്റെ കമ്പ്യൂട്ടറുകള്‍ ഓട്ടോമാറ്റിക്കായി മനസിലാക്കി, ആ ഉള്ളടക്കത്തിന്‌ അനുയോജ്യമായ പരസ്യങ്ങള്‍ നിങ്ങളുടെ സൈറ്റില്‍ ഗൂഗിള്‍ തരും. സൈറ്റ്‌ സന്ദര്‍ശിക്കുന്ന ആരെങ്കിലും ഗൂഗിള്‍ പരസ്യത്തില്‍ ക്ലിക്ക്‌ ചെയ്താല്‍, അതില്‍ നിന്നുള്ള പണത്തിന്റെ ഒരു വിഹിതം നിങ്ങള്‍ക്കുള്ളതാണ്‌. അത്‌ ചെക്കായി ഗൂഗിള്‍ നിങ്ങള്‍ക്ക്‌ കൃത്യമായി അയച്ചു തരും. പക്ഷേ, ഇത്‌ എത്ര ശതമാനമാണ്‌ എന്ന്‌ ഗൂഗിള്‍ വെളിപ്പെടുത്താറില്ല.

വെറുതെ സൈറ്റ്‌ നിര്‍മിച്ച്‌ ആഡ്സെന്‍സിന്റെ സേവനം തേടിയിട്ടു കാര്യമില്ല. നിങ്ങളുടെ സൈറ്റ്‌ ആളുകള്‍ സന്ദര്‍ശിക്കണം. അതിന്‌ സൈറ്റ്‌ സജീവമായി നിലനിര്‍ത്തുകയും തുടര്‍ച്ചയായി നവീകരിക്കുകയും വേണം. അധ്വാനം കൂടിയേ തീരൂ എന്നു സാരം. അമേരിക്കയില്‍ വന്‍കിട സ്ഥാപനങ്ങളിലെ ജോലി രാജിവെച്ചിട്ട്‌, ഗൂഗിളിന്റെ സഹായത്തോടെ സ്വന്തം ബ്ലോഗുകൊണ്ട്‌ പണമുണ്ടാക്കുന്ന പ്രവണത ഏറിവരുന്നതിനെക്കുറിച്ച്‌ അടുത്തയിടെ 'എക്കണോമിസ്റ്റ്‌ ' വാരിക ഒരു ലേഖനം തന്നെ പ്രസിദ്ധീകരിക്കുകയുണ്ടായി. പക്ഷേ, മലയാളത്തില്‍ നിലവില്‍ ഗൂഗിളിന്‌ ഈ സേവനം ഇല്ല. ഇംഗ്ലീഷ്‌ പോലുള്ള ഇരുപതോളം ഭാഷകളെയേ ആഡ്സെന്‍സ്‌ പിന്തുണയ്ക്കുന്നുള്ളൂ.

Friday, January 12, 2007

ഗൂഗിള്‍ വിസ്മയം-2

ഇല്ലായ്മകളില്‍ നിന്ന്‌ തുടക്കം

മെന്‍ലോപാര്‍ക്കിലെ ഗാരേജിന്റെ ഇല്ലായ്മകളില്‍ നിന്ന്‌ ഗൂഗിള്‍ നടന്നുകയറിയത്‌ ലോകത്തിന്റെ നെറുകയിലേക്കാണ്‌. ഇന്ന്‌ ലോകത്തുള്ള സര്‍വമാധ്യമകമ്പനികളുടെയും ഇന്റര്‍നെറ്റ്കമ്പനികളുടെയും പരസ്യകമ്പനികളുടെയും സ്ഥാനം ഗൂഗിളിന്‌ താഴെ മാത്രം

സ്റ്റാന്‍ഫഡ്‌ ക്യാമ്പസിന്‌ സമീപം മെന്‍ലോപാര്‍ക്കിലെ ഗാരേജിലായിരുന്നു ഗൂഗിള്‍ കമ്പനിയുടെ തുടക്കം; 1998 സപ്തംബര്‍ ഏഴിന്‌. ഇന്ന്‌ കാലിഫോര്‍ണിയയിലെ മൗണ്ടന്‍ വ്യൂവില്‍ ഗൂഗിളിന്റെ ആസ്ഥാനമായ 'ഗൂഗിള്‍പ്ലക്സ്‌' പ്രവര്‍ത്തിക്കുന്നു. കമ്പനിയുടെ തുടക്കത്തില്‍ ലാറിപേജ്‌ അതിന്റെ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസറും(സി.ഇ.ഒ), സെര്‍ജിബ്രിന്‍ പ്രസിഡന്റും ചെയര്‍മാനുമായിരുന്നു. ഇപ്പോള്‍ ലാറിയും സെര്‍ജിയും സഹപ്രസിഡന്റുമാരാണ്‌. ലാറിക്ക്‌ ഉത്പന്നങ്ങളുടെ ചുമതല, സെര്‍ജിക്ക്‌ ടെക്നോളജിയുടെയും. 'നോവെല്‍' കമ്പനിയുടെ മുന്‍ സി.ഇ.ഒ. എറിക്‌ ഷിമിഡ്ത്‌ ആണ്‌ ഇപ്പോള്‍ ഗൂഗിളിന്റെ ചീഫ്‌ എക്സിക്യുട്ടീവ്‌ ഓഫീസര്‍. മെന്‍ലോപാര്‍ക്കിലെ ഗാരേജിന്റെ ഇല്ലായ്മയില്‍ നിന്ന്‌ ഗൂഗിള്‍ നടന്നുകയറിയത്‌ ലോകത്തിന്റെ നെറുകയിലേക്കാണ്‌. ഇന്ന്‌ ലോകത്തുള്ള സര്‍വ്വ മാധ്യമകമ്പനികളുടെയും പരസ്യകമ്പനികളുടെയും ഇന്റര്‍നെറ്റ്‌ കമ്പനികളുടെയും(ഒരുപക്ഷേ, മൈക്രോസോഫ്ട്‌ ഉള്‍പ്പടെ) സ്ഥാനം ഗൂഗിളിന്‌ താഴെ മാത്രം.

'പേജ്‌റാങ്കി'ന്റെ കണ്ടുപിടുത്തമല്ല യഥാര്‍ത്ഥത്തില്‍ ഗൂഗിളിന്റെ വിജയത്തിന്‌ നിമിത്തമായത്‌. ലാറിയും സെര്‍ജിയും ഗൂഗിളിനെ വില്‍ക്കാന്‍ കൊണ്ടുനടന്ന കാലത്ത്‌ അത്‌ വാങ്ങാന്‍ മറ്റ്‌ സെര്‍ച്ച്കമ്പനികളൊന്നും തയ്യാറായില്ല എന്നതാണ്‌. അതുകൊണ്ട്‌ 'ഗതികെട്ട്‌ ' അവര്‍ക്ക്‌ സ്വന്തം കമ്പനി തുടങ്ങേണ്ടി വന്നു. മറ്റ്‌ സെര്‍ച്ച്‌എഞ്ചിനുകളെക്കാള്‍ മികച്ചതെന്നു മനസിലാക്കിയ ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ വളരെവേഗം ഗൂഗിളിലേക്ക്‌ തിരിഞ്ഞു. ആളുകള്‍ പരസ്പരം പറഞ്ഞ്‌ ഗൂഗിള്‍ പ്രചരിച്ചു. പ്രചാരം വര്‍ധിച്ചതോടെ, സെര്‍ച്ചിങ്ങിന്റെ തോതും കൂടി. ലക്ഷക്കണക്കിന്‌ സെര്‍ച്ച്‌ അഭ്യര്‍ത്ഥനകള്‍ ഒരേസമയം കൈകാര്യം ചെയ്യുകയെന്നത്‌ നിസ്സാരമല്ല. സെര്‍ച്ച്‌ ചെയ്യുമ്പോള്‍ പെട്ടന്ന്‌ ഫലം കിട്ടണമെങ്കില്‍, അതിനനുസരിച്ചുള്ള കമ്പ്യൂട്ടര്‍ ശേഷി വേണം.

ആദ്യവര്‍ഷങ്ങളില്‍ ഒരു വരുമാനവുമില്ലാതെ പ്രവര്‍ത്തിച്ച ഗൂഗിള്‍ കമ്പനിക്ക്‌ വന്‍മുതല്‍ മുടക്കി കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വേര്‍ നിര്‍മിക്കുക സാധ്യമായിരുന്നില്ല. അതിന്‌ ലാറിയും സെര്‍ജിയും ഒരു ഉപാധി കണ്ടെത്തി. നൂറുകണക്കിന്‌ വിലകുറഞ്ഞ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍ വാങ്ങി ഫ്രഡ്ജുകളെ അനുസ്മരിപ്പിക്കുന്ന റാക്കുകളില്‍ ക്രമീകരിച്ച്‌ ഒരു പ്രത്യേക സോഫ്ട്‌വേര്‍ ഉപയോഗിച്ച്‌ പരസ്പരം ബന്ധിപ്പിച്ചു. ഗൂഗിള്‍സ്ഥാപകര്‍ തന്നെ രൂപപ്പെടുത്തി പേറ്റന്റ്‌ ചെയ്ത സവിശേഷമായ സോഫ്ട്‌വേറാണ്‌ ഇതിന്‌ ഉപയോഗിച്ചത്‌. ആദ്യകാലത്തെ നിക്ഷേപങ്ങളൊക്കെ ലാറിയും സെര്‍ജിയും നടത്തിയത്‌ പേഴ്സണല്‍കമ്പ്യൂട്ടറുകള്‍ വങ്ങിക്കൂട്ടാനാണ്‌. കോടിക്കണക്കിന്‌ സെര്‍ച്ച്‌ അഭ്യര്‍ത്ഥനകള്‍ ഒരേസമയം കൈകാര്യം ചെയ്യാനുള്ള കമ്പ്യൂട്ടര്‍ ശേഷി ഗൂഗിള്‍ അങ്ങനെ നേടി. ഇപ്പോള്‍ ഗൂഗിള്‍പ്ലക്സിലെ രഹസ്യമുറികളില്‍ ക്രമീകരിച്ചിട്ടുള്ള രണ്ടുലക്ഷത്തിലേറെ വിലകുറഞ്ഞ പേഴ്സണല്‍ കമ്പ്യൂട്ടറുകളാണ്‌ ഗൂഗിളെന്നെ ഇന്റര്‍നെറ്റ്‌ ഭീമന്റെ കരുത്ത്‌.

എല്ലാം പരസ്യമാക്കുന്ന സ്വഭാവം ഗൂഗിളിനില്ല.'തന്ത്രങ്ങള്‍ മുഴുവന്‍ പുറത്തു പറയാതിരിക്കുകയാണ്‌ തങ്ങളുടെ തന്ത്ര'മെന്ന്‌ സി.ഇ.ഒ. എറിക്‌ ഷിമിഡ്ത്‌ അറിയിക്കുന്നു(അതിനാല്‍ പുതിയ ചില ഉത്പന്നങ്ങള്‍ക്ക്‌ പേറ്റന്റ്‌ ആപേക്ഷ നല്‍കാന്‍ പോലും ഗൂഗിള്‍ തയ്യാറാകാറില്ല. ഇത്തരമൊരു ആശയം സാധ്യമാണെന്ന്‌ എന്തിന്‌ പ്രതിയോഗികളെ മുന്‍കൂട്ടി അറിയിക്കണം). ഗൂഗിളിന്റെ അസാധാരണമായ കമ്പ്യൂട്ടര്‍ശേഷി എങ്ങനെയുണ്ടാകുന്നു എന്നത്‌ ഇത്തരത്തില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള രഹസ്യങ്ങളിലൊന്നാണ്‌. ആയിരക്കണക്കിന്‌ കമ്പ്യൂട്ടറുകളിലേതെങ്കിലും നശിച്ചാല്‍, മറ്റ്‌ കമ്പ്യൂട്ടറുകള്‍ അതിന്റെ ചുമതല സ്വന്തം നിലയ്ക്ക്‌ ഏറ്റെടുക്കും വിധമാണ്‌ അവയുടെ ക്രമീകരണം. സെര്‍ച്ച്‌ നടത്തുന്നയാള്‍ ഇക്കാര്യം അറിയുകപോലുമില്ല. ഗൂഗിളിന്റെ കമ്പ്യൂട്ടര്‍ ശേഷി മറ്റൊരു കമ്പനിക്കു സൃഷ്ടിക്കണമെന്നു വെച്ചാല്‍, അതിന്‌ പതിന്മടങ്ങ്‌ മുതല്‍മുടക്ക്‌ വേണ്ടിവരും. അതുകൊണ്ട്‌ ഗൂഗിളിനെ കടത്തിവെട്ടാം എന്ന്‌ ഏതെങ്കിലും കമ്പനി തീരുമാനിച്ചാല്‍, ഇപ്പോഴത്തെ നിലയ്ക്ക്‌ അത്‌ ബുദ്ധിമുട്ടാണ്‌.

ഗൂഗിളില്‍ സെര്‍ച്ച്‌ നടത്തുമ്പോള്‍, യഥാര്‍ത്ഥത്തില്‍ ഒരാള്‍ വെബ്ബിലല്ല അത്‌ ചെയ്യുന്നത്‌. ഗൂഗിളിന്റെ കമ്പ്യൂട്ടറുകളില്‍ ശേഖരിച്ചുവെച്ചിട്ടുള്ള വേള്‍ഡ്‌വൈഡ്‌വെബ്ബിന്റെ ഇന്‍ഡക്സ്‌ കോപ്പിയിലാണ്‌. അവിടെ നിന്ന്‌ ലഭിക്കുന്ന സെര്‍ച്ച്ഫലത്തിന്റെ ലിങ്കില്‍ ക്ലിക്കു ചെയ്യുമ്പോഴാണ്‌ യഥാര്‍ത്ഥ വെബ്ബ്പേജിലേക്ക്‌ ഒരാള്‍ എത്തുക. വെബ്ബിന്റെ ഇത്തരം ഒട്ടേറെ കോപ്പികള്‍ കാലിഫോര്‍ണിയയിലും വിര്‍ജിനിയയിലും സ്ഥിതിചെയ്യുന്ന വ്യത്യസ്ത സെര്‍വറുകളില്‍ ഗൂഗിള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ്‌ സൂചന. ഏതെങ്കിലും അപകടത്താല്‍ കുറെ സെര്‍വറുകള്‍ നശിച്ചാല്‍, മറ്റ്‌ സെര്‍വറുകള്‍ ഉടന്‍ തന്നെ ഡ്യൂട്ടി ഏറ്റെടുക്കാന്‍ പാകത്തിലാണ്‌ ഇവയുടെ ക്രമീകരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ എന്താണ്‌ സംഭവിച്ചതെന്നു പോലും അറിയില്ല.

പേജ്‌റാങ്ക്‌ -ഗൂഗിളിന്റെ ആത്മാവ്‌

ലിങ്കുകളുടെ ശൃംഗലകളെ കൂട്ടുപിടിച്ച്‌, അതിസങ്കീര്‍ണമായ ഗണിതസമീകരണമുപയോഗിച്ചാണ്‌ ഗൂഗിള്‍സെര്‍ച്ചില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുന്നത്‌

നെല്ലില്‍ നിന്ന്‌ പതിര്‌ വേര്‍തിരിക്കും പോലെ, സെര്‍ച്ചിങ്‌ നടത്തുന്നയാള്‍ക്ക്‌ മുമ്പിലേക്ക്‌ ഏറ്റവും പ്രസക്തമായ പേജ്‌ ആദ്യം എന്ന ക്രമത്തില്‍ എത്തിക്കുകയാണ്‌ ഗൂഗിള്‍ ചെയ്യുക. കോടിക്കണക്കിന്‌ വെബ്ബ്പേജുകള്‍ക്കിടയില്‍ നിന്ന്‌ തിരഞ്ഞു പിടിച്ച്‌ പ്രസക്തമായ പേജുകള്‍ എത്തിക്കാന്‍ സെക്കന്റുകള്‍ പോലും ഗൂഗിളിന്‌ വേണ്ട. ഇതിന്‌ ഗൂഗിളിനെ പ്രാപ്തമാക്കുന്നത്‌ 'പേജ്‌റാങ്ക്‌'(PageRank) എന്ന രഹസ്യ ഗണിതസമീകരണമാണ്‌. യുക്തിപൂര്‍വമായ രീതിയില്‍ വെബ്പേജുകളുടെ പ്രാധാന്യം നിശ്ചയിക്കുകയാണ്‌ പേജ്‌റാങ്ക്‌ ചെയ്യുന്നത്‌.

കൂടുതല്‍പേര്‍ സന്ദര്‍ശിക്കുന്നു എന്നത്‌ ഒരു വെബ്സൈറ്റിന്റെ പ്രാധാന്യം സൂചിപ്പിക്കുന്ന ഘടകമാണെങ്കിലും, അതുകൊണ്ടു മാത്രം ആ സൈറ്റ്‌ പ്രധാനപ്പെട്ടതാകണമെന്നില്ല. മറ്റൊരു പരിഗണനാക്രമമാണ്‌ ഇതിന്‌ പേജ്‌റാങ്കില്‍ അവലംബിക്കുന്നത്‌. ഒരു വ്യക്തിയെ ഉദാഹരണമായെടുക്കാം. അയാള്‍ പ്രധാന്യമുള്ള അല്ലെങ്കില്‍ പ്രാധാന്യം അര്‍ഹിക്കുന്ന വ്യക്തിയാണോ എന്നറിയാന്‍ എന്താണ്‌ മാര്‍ഗ്ഗം? അയാള്‍ ആരൊക്കെയായി ബന്ധപ്പെടുന്നു, അയാളുമായി ആരൊക്കെ ബന്ധപ്പെടുന്നു എന്നു പരിശോധിച്ചാല്‍ മതി. പ്രധാനപ്പെട്ട വ്യക്തികളുമായി ബന്ധപ്പെടുകയും, പ്രധാനപ്പെട്ട വ്യക്തികള്‍ ഇങ്ങോട്ടു ബന്ധപ്പെടുകയും ചെയ്യുന്ന ഒരു വ്യക്തി തീര്‍ച്ചയായും പ്രധാനപ്പെട്ട ഒരാളായിരിക്കും എന്ന സാമാന്യ നിഗമനത്തില്‍ എത്താം(എല്ലായ്പ്പോഴും അങ്ങനെയാകണമെന്നില്ല എന്നിരിക്കിലും).

ഏതാണ്ട്‌ ഇതേ മാര്‍ഗ്ഗമാണ്‌ വെബ്പേജുകളുടെ പ്രാധാന്യം നിര്‍ണയിക്കാന്‍ പേജ്‌റാങ്കും ചെയ്യുന്നത്‌. ഒരു സൈറ്റിന്‌ ഏതൊക്കെ സൈറ്റുകളിലേക്ക്‌ ലിങ്കുണ്ടെന്നതുമായി ബന്ധപ്പെട്ടാണ്‌ ഇത്‌ നിശ്ചയിക്കപ്പെടുക. പ്രധാനപ്പെട്ട മറ്റു സൈറ്റുകളിലേക്ക്‌ ലിങ്കുള്ള ഒരു സൈറ്റ്‌ പ്രധാനപ്പെട്ടതാണെന്ന്‌ ഊഹിക്കാം. അതുമാത്രം പോര, തിരിച്ചുള്ള ലിങ്കുകളും നോക്കണം. നാസയുടെ സൈറ്റില്‍ നിന്നു ലിങ്കുള്ള ഒരു സൈറ്റ്‌ തീര്‍ച്ചയായും പ്രധാനപ്പെട്ടതായിരിക്കും. യാഹൂവിന്റെ ഹോംപേജില്‍ നിന്ന്‌ ലിങ്കുള്ള ഒരു സൈറ്റ്‌ തീര്‍ച്ചയായും പ്രധാനപ്പെട്ടതാകണമല്ലോ. ഇത്തരത്തില്‍ പേജുകളുടെ പ്രാധാന്യം നിശ്ചയിക്കാന്‍ ലിങ്കുകളുടെ ശൃംഗലകളെ കൂട്ടുപിടിക്കുകയാണ്‌ പേജ്‌റാങ്ക്‌ ചെയ്യുന്നത്‌. അതോടൊപ്പം സൈറ്റിന്റെ ജനപ്രീതിയും കണക്കിലെടുക്കും.

അതിസങ്കീര്‍ണമായ ഗണിതസമീകരണമുപയോഗിച്ചാണ്‌ പേജ്‌റാങ്ക്‌ പ്രധാനപ്പെട്ട സൈറ്റ്‌ ഏതെന്ന്‌ നിശ്ചയിക്കുന്നത്‌. റാങ്കിങ്ങില്‍ മുകളിലെത്തുന്ന സൈറ്റുകളാവും പ്രധാനപ്പെട്ടവ. അവ ഗൂഗിള്‍ സെര്‍ച്ച്ഫലങ്ങളില്‍ ആദ്യം പ്രത്യക്ഷപ്പെടും. പരസ്യങ്ങളുടെ കാര്യത്തിലും ഇതേ റാങ്കിങ്‌ ഗൂഗിള്‍ നടത്തുന്നു. ഒരു കമ്പനി കൂടുതല്‍ പണം നല്‍കിയ പരസ്യമായതുകൊണ്ട്‌, ഗൂഗിളിന്റെ സെര്‍ച്ച്ഫലത്തോടൊപ്പം അത്‌ മുകളിലെത്തണമെന്നില്ല. എത്രപേര്‍ ആ പരസ്യലിങ്കില്‍ ക്ലിക്കു ചെയ്യുന്നു എന്നതും പ്രധാനമാണ്‌.

Thursday, January 11, 2007

ഗൂഗിള്‍ വിസ്മയം-1

ലോകം എത്ര മാറിയിരിക്കുന്നു എന്നറിയാന്‍ ഗൂഗിളിന്റെ പ്രവര്‍ത്തനം മനസിലാക്കിയാല്‍ മതി. ലോകം മാറുകയല്ല, യഥാര്‍ത്ഥത്തില്‍ ഗൂഗിള്‍ മാറ്റുകയാണ്‌. ലോകത്തെ സമസ്ത വിവരങ്ങളും സ്വന്തം കുടക്കീഴില്‍ കൊണ്ടുവരാനാണ്‌ ഗൂഗിളിന്റെ ശ്രമം. അറിയാനുള്ള മനുഷ്യത്വരയുടെ ആദ്യത്തെയും അവസാനത്തെയും വാക്കായി ഒരു വശത്തു ഗൂഗിള്‍ നിലനില്‍ക്കുമ്പോള്‍ തന്നെ, മറുവശത്ത്‌ ലോകത്തെ ഏറ്റവും വലിയ പരസ്യക്കമ്പനി എന്ന നിലയില്‍ ഗൂഗിള്‍ പണം കൊയ്യുകയാണ്‌; ഓരോ നിമിഷവും. ലോകത്തെ ഏറ്റവും നിഗൂഢത പേറുന്ന മാധ്യമകമ്പനിയുടെ പ്രവര്‍ത്തനങ്ങളിലേക്ക്‌ ഒരു എത്തിനോട്ടം; അഞ്ചുലക്കങ്ങളിലായി...

നിക്ക്‌ ഏറ്റവും പ്രിയപ്പെട്ട വ്യക്തിയെപ്പറ്റി ഒരാള്‍ എങ്ങനെയാവും ചിന്തിക്കുക; 'ആ ചങ്ങാതി എന്നും ഒപ്പമുണ്ടായിരുന്നു, ഇനിയും ഉണ്ടാകണം' എന്നായിരിക്കും. ആ ചങ്ങാതി ഇല്ലാത്ത ലോകത്തെക്കുറിച്ച്‌ സങ്കല്‍പ്പിക്കാന്‍ പോലും അശക്തനായിരിക്കും അയാള്‍. ജീവിതം മെച്ചപ്പെടുത്താന്‍ ഇന്റര്‍നെറ്റിന്റെ സഹായം തേടുന്ന ഭൂരിപക്ഷം പേരും 'ഗൂഗിളി'(Google)നെ ഈ ചങ്ങാതിയുടെ സ്ഥാനത്താണ്‌ പ്രതിഷ്ഠിക്കുന്നത്‌. ഗൂഗിള്‍ എന്നും ഇവിടെയുണ്ടായിരുന്നു, ഇനിയും ഉണ്ടാകും എന്ന്‌ മിക്കവരും ആശ്വസിക്കുന്നു; പ്രതീക്ഷിക്കുന്നു. ഗൂഗിള്‍ ഇല്ലാത്ത അവസ്ഥയെപ്പറ്റി ചിന്തിക്കാന്‍ പോലും കഴിയാത്ത സ്ഥിതി.

ഇന്റര്‍നെറ്റെന്നാല്‍ പലര്‍ക്കും ഗൂഗിള്‍ തന്നെയാണ്‌. ലോകമെമ്പാടും ദിനംപ്രതി 640 ലക്ഷം പേര്‍ നൂറിലേറെ ഭാഷകളില്‍ ഗൂഗിളില്‍ സെര്‍ച്ചിങ്‌(തിരച്ചില്‍) നടത്തുന്നു; വിവരങ്ങള്‍ ശേഖരിക്കുന്നു. എന്തിനും ഏതിനും ആദ്യത്തെയും അവസാനത്തെയും ആശ്രയം ഗൂഗിള്‍ എന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ എത്തിയിരിക്കുന്നു. പണ്ഡിതരും സാധാരണക്കാരും ഒരുപോലെ തങ്ങളുടെ ദൈനംദിന ആവശ്യങ്ങള്‍ക്ക്‌ ഗൂഗിളിലേക്ക്‌ തിരിയുന്നു. 800 കോടിയോളം വെബ്പേജുകളില്‍ തിരച്ചില്‍ നടത്തി നൊടിയിട കൊണ്ട്‌ ഫലം മുന്നിലെത്തിക്കുകയെന്ന സങ്കീര്‍ണപ്രക്രിയയാണ്‌ ഗൂഗിള്‍ ഓരോ സെര്‍ച്ചിലും ചെയ്യുന്നത്‌. അത്രയും പേജുകള്‍ ഒന്നിനു മുകളില്‍ ഒന്നായി അടുക്കിവെച്ചാല്‍ ഏതാണ്ട്‌ 800 കിലോമീറ്റര്‍ പൊക്കം വരുമെന്നറിയുക.

ലോകത്തെ ഏറ്റവും വലിയ മാധ്യമകമ്പനിയായ ഗൂഗിള്‍, ലോകമെമ്പാടുമുള്ള ജനങ്ങളുടെ ഹൃദയത്തില്‍ ചെക്കേറിയത്‌ ഇതുവരെ സ്വന്തമായി ഒരു പരസ്യം പോലും നല്‍കാതെയാണ്‌. ഉപയോഗിക്കുന്നവര്‍ തന്നെയാണ്‌ ഗൂഗിളിന്റെ പ്രചാരകര്‍. പതിനായിരം കോടി ഡോളര്‍ (4.5 ലക്ഷം കോടിരൂപ) ആസ്തിയുള്ള, എന്നാല്‍ ടി.വി.യില്‍ പരസ്യം നല്‍കാത്ത, ലോകത്തെ ഏക പബ്ലിക്ലിമിറ്റഡ്‌ കമ്പനിയാണ്‌ ഗൂഗിള്‍. സ്വന്തമായി പരസ്യം നല്‍കാത്ത ഒരു കമ്പനി ഏറ്റവും വലിയ 'പരസ്യകമ്പനി'യാവുക എന്നത്‌ വിരോധാഭാസമായി തോന്നാം. ഗൂഗിളിന്റെ കാര്യത്തില്‍ അതാണ്‌ സത്യം. ഭൂമുഖത്തെ ഏറ്റവും വലിയ പരസ്യക്കമ്പിനി ഇന്ന്‌ ഗൂഗിളാണ്‌. ഇക്കാര്യം പക്ഷേ, അധികമാര്‍ക്കും അറിയില്ല. പരസ്യമാണ്‌ ഗൂഗിളിന്റെ വരുമാനരഹസ്യം. പരസ്യമല്ലാത്ത രഹസ്യം. ഉപഭോക്താക്കള്‍ക്ക്‌ ഗൂഗിളിലുള്ള കറയറ്റ വിശ്വാസം പക്ഷേ, രഹസ്യമല്ല.

അല്‍പ്പം ചരിത്രം

റുപതുകളുടെ അവസാനം അമേരിക്കന്‍ പ്രതിരോധവകുപ്പിന്റെ പരീക്ഷണപദ്ധതിയായി തുടങ്ങിയ ഇന്റര്‍നെറ്റിന്‌ സ്വന്തമായി അസ്തിത്വം ഉണ്ടാകുന്നത്‌ 1989-ല്‍ ടിം ബേണേഴ്സ്‌ ലീ 'വേള്‍ഡ്‌ വൈഡ്‌ വെബ്‌'(www) രൂപപ്പെടുത്തുന്നതോടെയാണ്‌. എന്നാല്‍, മടുപ്പില്ലാത്ത അനുഭവമായി ഇന്റര്‍നെറ്റ്‌ മാറാനും തേടുന്ന വിവരങ്ങള്‍ കൃത്യമായി അവിടെ കണ്ടെത്താനും 'ഗൂഗിള്‍' രംഗത്ത്‌ വരേണ്ടതുണ്ടായിരുന്നു. ഗൂഗിളാണ്‌ ഇന്റര്‍നെറ്റ്‌ ഉപയോഗത്തെ ഫലവത്തായ ഒരു പ്രക്രിയയായി രൂപപ്പെടുത്തിയത്‌. വിവരശേഖരണത്തിനുള്ള ഉപാധിയായി ഇന്റര്‍നെറ്റിനെ ഗൂഗിള്‍ മാറ്റി. അഞ്ഞൂറ്‌ വര്‍ഷം മുമ്പ്‌ ഗുട്ടന്‍ബര്‍ഗ്ഗ്‌ അച്ചടിയന്ത്രം കണ്ടുപിടിച്ചതിന്‌ ശേഷം ലോകം പഴയതുപോലെ ആയില്ല എന്ന്‌ പറയാറുണ്ട്‌. അതിന്‌ സമാന്തരമായ ഒന്നാണ്‌ ഗൂഗിളിന്റെ കഥയും. ഗൂഗിളിന്റെ ആവിര്‍ഭാവത്തിന്‌ ശേഷം ലോകം ഒരിക്കലും പഴയതുപോലെ ആയില്ല.

ഗൂഗിളിന്റെ ചരിത്രം തുടങ്ങുന്നത്‌ 1996 ജനവരിയിലാണ്‌; കാലിഫോര്‍ണിയയിലെ പാലോ ഓള്‍ട്ടോയില്‍ സ്റ്റാന്‍ഫഡ്‌ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരുന്ന ലോറന്‍സ്‌ പേജ്‌ (ലാറി പേജ്‌ എന്ന്‌ ചുരുക്കം), സെര്‍ജി ബ്രിന്‍ എന്നിവരുടെ ഗവേഷണപദ്ധതിയില്‍ നിന്ന്‌. വെബ്പേജുകളെ അവയുടെ പ്രാധാന്യമനുസരിച്ച്‌ തിരഞ്ഞുകണ്ടെത്താന്‍ സഹായിക്കുന്ന 'പേജ്‌റാങ്ക്‌'(PageRank) എന്ന ഗണിതസമീകരണം(algorith
m) ആണ്‌ ഗൂഗിളിന്റെ ആത്മാവ്‌. പേജ്‌റാങ്ക്‌ സംബന്ധിച്ച ആശയം ലാറിയാണ്‌ ആദ്യം മുന്നോട്ടു വെച്ചത്‌. ലാറിക്കൊപ്പം സെര്‍ജിയും കൂടി ചേര്‍ന്ന്‌ അതിനെ പുതിയൊരു സെര്‍ച്ച്‌എഞ്ചിനായി രൂപപ്പെടുത്തി.

'ഓള്‍ട്ട വിസ്റ്റ' ഉള്‍പ്പടെ അന്ന്‌ നിലവിലുണ്ടായിരുന്ന എല്ലാ സെര്‍ച്ച്‌എഞ്ചിനുകളെയും പിന്തള്ളി മികച്ച സെര്‍ച്ച്ഫലം നല്‍കാന്‍ കഴിവുള്ളതായിരുന്നു ഗൂഗിള്‍. മറ്റ്‌ സെര്‍ച്ച്‌എഞ്ചിനുകളെല്ലാം പ്രാധാന്യം തിരിച്ചറിയാതെ ഒരുകൂട്ടം വെബ്പേജുകള്‍ കമ്പ്യൂട്ടര്‍ സ്ക്രീനിലെത്തിക്കുമ്പോള്‍, നെല്ലില്‍ നിന്ന്‌ പതിര്‌ വേര്‍തിരിക്കും പോലെ അപ്രധാനമായത്‌ പിന്നിലേക്ക്‌ തള്ളി പ്രധാനപ്പെട്ട വെബ്പേജുകളെ ആദ്യം സ്ക്രീനിലെത്തിക്കുന്നു ഗൂഗിള്‍. 1997-സപ്തംബര്‍ 15-ന്‌ 'ഗൂഗിള്‍ ഡോട്ട്‌ കോം' എന്ന ഡൊമയിന്‍ നാമം രജിസ്റ്റര്‍ ചെയ്യപ്പെട്ടു(പേജ്‌റാങ്കിന്‌ 2001 സപ്തംബര്‍ നാലിനാണ്‌ പേറ്റന്റ്‌ ലഭിച്ചത്‌; യു.എസ്‌.പേറ്റന്റ്‌ നമ്പര്‍ 6,285,999. ലാറി പേജാണ്‌ അതിന്റെ ഉപജ്ഞാതാവെന്ന്‌ പേറ്റന്റ്‌ രേഖകളില്‍ പറയുന്നു).

തങ്ങള്‍ കണ്ടെത്തിയ സാങ്കേതികവിദ്യ പത്തുലക്ഷം ഡോളറിന്‌ 'ഓള്‍ട്ട വിസ്റ്റ'യ്ക്ക്‌ കൈമാറിയ ശേഷം സ്റ്റാന്‍ഫഡില്‍ പഠനം തുടരാനായിരുന്നു ലാറിയുടെയും സെര്‍ജിയുടെയും പരിപാടി. പക്ഷേ, ഓള്‍ട്ടവിസ്റ്റ ആ 'റിസ്കി'ന്‌ തയ്യാറായില്ല. 'യാഹൂ'വിന്‌ ഗൂഗിള്‍ കൈമാറാന്‍ നടത്തിയ ശ്രമവും വിജയിച്ചില്ല(സ്റ്റാന്‍ഫഡിലെ രണ്ട്‌ മുന്‍കാല വിദ്യാര്‍ത്ഥികളാണ്‌ യാഹൂ സ്ഥാപിച്ചതും). 'അമേരിക്ക ഓണ്‍ ലൈനും(എ.ഒ.എല്‍) ഗൂഗിളിനെ കൈയൊഴിഞ്ഞു. ഒടുവില്‍ പഠനം തത്ക്കാലത്തേക്ക്‌ ഉപേക്ഷിച്ച്‌ കമ്പനി തുടങ്ങേണ്ട 'ഗതികേടിലെത്തി' ലാറിയും സെര്‍ജിയും. പക്ഷേ, അതിന്‌ പണം വേണം. അങ്ങനെയാണ്‌ ഇരുവരും ആന്‍ഡി ബെച്ചോള്‍ഷീം എന്ന കോടീശ്വരനായ നിക്ഷേപകനെ സമീപിക്കുന്നത്‌.

'സണ്‍ മൈക്രോസിസ്റ്റംസി'ന്റെ സ്ഥാപകരിലൊരാളായ ബെച്ചോള്‍ഷീം, പുതിയ സാങ്കേതികവിദ്യയെപ്പറ്റിയുള്ള ആദ്യവിവരണത്തില്‍ തന്നെ വീണു. ലാറിയും സെര്‍ജിയും എല്ലാ വിശദാംശങ്ങളും പറഞ്ഞുതീരാന്‍ പോലും അദ്ദേഹം കാത്തില്ല. 'എന്തുകൊണ്ട്‌ ഒരുലക്ഷം ഡോളറിന്റെ ചെക്ക്‌ നിങ്ങള്‍ക്കുവേണ്ടി എഴുതിക്കൂട'-അദ്ദേഹം ചോദിച്ചു. 'ഗൂഗിള്‍ ഇന്‍കോര്‍പ്പറേറ്റഡ്‌ ' എന്ന കമ്പനിക്കാണ്‌ ബെച്ചോള്‍ഷീം ചെക്കെഴുതിയത്‌. ആ പേരിലൊരു കമ്പനി അന്നു ഭൂമിയിലില്ല. ചെക്കുമാറണമെങ്കില്‍ പക്ഷേ, അങ്ങനെയൊരു കമ്പനിയും കമ്പനിക്ക്‌ ബാങ്‌ക്‍അക്കൗണ്ടും വേണം. അങ്ങനെ 'ഗതികെട്ട്‌ ' ലാറിക്കും സെര്‍ജിക്കും ഗൂഗിള്‍കമ്പനി തുടങ്ങേണ്ടി വന്നു!

ഇരുവര്‍

സ്റ്റാന്‍ഫഡ്‌ സര്‍വകലാശാലാക്യാമ്പസില്‍ അവസാനിക്കാത്ത തര്‍ക്കങ്ങളിലും ആലോചനകളിലും മുഴുകി നടന്ന രണ്ട്‌ ഗവേഷണവിദ്യാര്‍ത്ഥികളായിരുന്നു സെര്‍ജിയും ലാറിയും. ആ ചര്‍ച്ചകളാണ്‌ ഗൂഗിളിന്‌ വഴിതെളിച്ചത്‌, ലോകത്തെ എന്നന്നേക്കുമായി മാറ്റിയത്‌

സാങ്കേതികവിദ്യയുടെയോ ബിസിനസിന്റെയോ രംഗത്ത്‌ ഇത്തരമൊരു ചങ്ങാത്തം കണ്ടെത്തുക പ്രയാസം. 1995-ല്‍ സ്റ്റാന്‍ഫഡില്‍ നടന്ന ഒരു ചടങ്ങിനിടെയാണ്‌ സെര്‍ജിബ്രിനും ലാറിപേജും ആദ്യമായി പരസ്പരം പരിചയപ്പെട്ടത്‌. ക്രിയാത്മകതയുടെയും ബൗദ്ധീകതയുടെയും എന്തോ ഒരു രസതന്ത്രം ഇരുവരെയും ആകര്‍ഷിച്ചു; ശക്തമായി അടുപ്പിച്ചു. അത്‌ ഗൂഗിളിന്‌ പിറവി നല്‍കി. ലോകത്തെ കൂടുതല്‍ നല്ല സ്ഥലമാക്കി മാറ്റി. ആ അടുപ്പം ഇപ്പോഴും തുടരുന്നു; സമാനതകളില്ലാതെ. ഗൂഗിളിന്റെ ഓരോ മുന്നേറ്റത്തിലും ഈ ഇരുവരുടെ കൈമുദ്ര പതിഞ്ഞിട്ടുണ്ട്‌. പുതുമ നശിക്കാതെ ഗൂഗിളിനെ മുന്നോട്ടു നയിക്കുമ്പോള്‍ തന്നെ, ലോകത്തെ എല്ലാ വിവരങ്ങളും കോര്‍ത്തിണക്കിയ ഒരു വിവരശേഖരം ഇവര്‍ സ്വപ്നം കാണുന്നു. ആ വിവരശേഖരത്തില്‍ ഓഫ്ലൈന്‍ വിജ്ഞാനം എന്നു കരുതാവുന്ന പുസ്തകങ്ങള്‍('ഗൂഗിള്‍ ബുക്ക്സെര്‍ച്ച്‌ ' അതിനുള്ളതാണ്‌) മുതല്‍ ജനിതക വിവരങ്ങള്‍ വരെ ഉള്‍പ്പെടും.

തമാശയല്ല, മനുഷ്യജീനുകളിലും ഡി.എന്‍.എ.ശ്രേണികളിലും തിരച്ചില്‍ നടത്തി ഒരാള്‍ക്ക്‌ സ്വന്തം വിധി കണ്ടെത്താവുന്ന കാലമാണ്‌ ഗൂഗിളിന്റെ ലക്ഷ്യങ്ങളിലൊന്ന്‌. 'സെലേറ ജിനോമിക്സ്‌ ' എന്ന കമ്പനി സ്ഥാപിച്ച്‌ ആഗോളസംരംഭമായ ഹ്യുമണ്‍ജിനോം പദ്ധതിയെ ഒറ്റയ്ക്കു വെല്ലുവിളിച്ച്‌ മാനവജിനോം കണ്ടെത്തിയ സാക്ഷാല്‍ ക്രേയ്ഗ്‌ വെന്ററാണ്‌ ഇക്കാര്യത്തില്‍ ഗൂഗിളിന്റെ ഉപദേഷ്ടാവും സഹായിയും! ഭൂമിയിലെ മാത്രമല്ല, അന്യഗ്രഹങ്ങളിലെയും വിവരങ്ങള്‍ ഗൂഗിളിന്റെ ശേഖരത്തില്‍ ഉള്‍പ്പെടുമെന്നാണ്‌ കഴിഞ്ഞ ഡിസംബര്‍ 19-ന്‌ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും ഗൂഗിളും തമ്മില്‍ ഒപ്പുവെച്ച 'സ്പേസ്‌ എഗ്രിമെന്റ്‌ ആക്ട്‌ ' വ്യക്തമാക്കുന്നത്‌. നാസയുടെ ഉപയോഗയോഗ്യമായ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കുകയാണ്‌ കരാറിന്റെ ലക്ഷ്യം. താമസിയാതെ, 'ഗൂഗിള്‍എര്‍ത്ത്‌ ' പോലെ ചന്ദ്രന്റെയും ചൊവ്വയുടെയുമൊക്കെ വിശദമായ ത്രിമാന മാപ്പുകള്‍ വെറുമൊരു മൗസ്ക്ലിക്കിന്റെ അകലത്തില്‍ ഗൂഗിളിലൂടെ ഇന്റര്‍നെറ്റിലെത്തും.

തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളില്‍ നിന്നാണ്‌ ലാറിയും സെര്‍ജിയും വരുന്നതെങ്കിലും, ഇരുവര്‍ക്കും പൊതുവായ ഒരു പശ്ചാത്തലമുണ്ടായിരുന്നു. കമ്പ്യൂട്ടറിന്റെ രണ്ടാംതലമുറ ഉപഭോക്താക്കളായിരുന്നു ഇരുവരും. കുട്ടിക്കാലത്തു തന്നെ കമ്പ്യൂട്ടര്‍ ഉപയോഗിക്കാനും അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മനസിലാക്കാനും ഇവര്‍ക്ക്‌ രണ്ടാള്‍ക്കും സ്വന്തം വീടുകളില്‍ തന്നെ അവസരമുണ്ടായി. സങ്കീര്‍ണമായ ഗണിതസമീകരണങ്ങളും കമ്പ്യൂട്ടര്‍ പ്രോഗ്രാമുകളുമൊക്കെയായി മല്ലിടുന്നവരായിരുന്നു ഇരുവരുടെയും മാതാപിതാക്കള്‍. പ്രശസ്തമായ മോന്റെസ്സോറി സ്കൂളിലാണ്‌ ഇരുവരും പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയതെന്ന പൊതുപശ്ചാത്തലവുമുണ്ട്‌.

അറുപതുകളില്‍ മിഷിഗന്‍ സര്‍വകലാശാലയില്‍ നിന്ന്‌ ആദ്യമായി കമ്പ്യൂട്ടര്‍ ബിരുദം നേടിയവരിലൊരാളായിരുന്നു ലാറിയുടെ പിതാവ്‌ കാള്‍ വിക്ടര്‍പേജ്‌. ലാറിയുടെ മാതാവ്‌ ജൂതവംശജയായ ഗ്ലോറിയയും കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദമുള്ള വ്യക്തിയായിരുന്നു. 1972 ഡിസംബര്‍ 12-ന്‌ ജനിച്ച ലാറി, ചെറുപ്പത്തിലെ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞ സാഹചര്യത്തിലാണ്‌ വളര്‍ന്നത്‌. വേര്‍പിരിഞ്ഞെങ്കിലും ലാറിയെ നല്ല രീതിയില്‍ വളര്‍ത്താന്‍ മാതാപിതാക്കള്‍ തമ്മില്‍ ധാരണയിലെത്തിയിരുന്നു. ലാറിയുടെ പിതാവുമായി ദീര്‍ഘകാലബന്ധമുണ്ടായിരുന്ന മിഷിഗന്‍ പ്രൊഫസര്‍ ജോയിസ്‌ വൈല്‍ഡെന്താളിന്റെയും സ്വന്തം അമ്മയുടെയും സ്നേഹലാളനകള്‍ ഏറ്റാണ്‌ ലാറി വളര്‍ന്നത്‌.

ശാസ്ത്രത്തിലും സാങ്കേതികവിദ്യയിലും ശക്തമായ അടിത്തറയുള്ള ഒരു കുടുംബത്തിലാണ്‌ സെര്‍ജിബ്രിന്നിന്റെയും ജനനം. പിതാവ്‌ മൈക്കല്‍ബ്രിന്‍ അമേരിക്കയില്‍ മേരിലന്‍ഡ്‌ സര്‍വകലാശാലയിലെ ഗണിതാധ്യാപകന്‍. നാസയുടെ ഗോദാര്‍ദ്ദ്‌ സ്പേസ്‌ ഫ്ലൈറ്റ്‌ സെന്ററിലെ പ്രമുഖ ശാസ്ത്രജ്ഞയായിരുന്നു മാതാവ്‌ യൂജീനിയ. 1973 ആഗസ്ത്‌ 21-ന്‌ മോസ്കോയിലാണ്‌ സെര്‍ജിയുടെ ജനനം; റഷ്യന്‍ ജൂതകുടുംബത്തില്‍. സെര്‍ജിക്ക്‌ ആറുവയസുള്ളപ്പോള്‍ മാതാപിതാക്കള്‍ അമേരിക്കയിലേക്കു കുടിയേറി. പത്തൊന്‍പതാംവയസില്‍ തന്നെ അണ്ടര്‍ഗ്രാജ്വേഷന്‍ പൂര്‍ത്തിയാക്കി, ഗവേഷണ വിദ്യാര്‍ത്ഥിയാകാന്‍ വേണ്ട പത്തുപരീക്ഷയും ഒറ്റയടിക്കു പാസായാണ്‌ സെര്‍ജി സ്റ്റാന്‍ഫഡിലെത്തുന്നത്‌.

സ്റ്റാന്‍ഫഡ്‌ ക്യാമ്പസില്‍ ലാറിയും സെര്‍ജിയും കണ്ടുമുട്ടുമ്പോഴൊക്കെ അവസാനിക്കാത്ത തര്‍ക്കങ്ങളിലും ആലോചനകളിലും ഇരുവരും മുഴുകുമായിരുന്നു. ആ തര്‍ക്കവും ആലോചനയുമാണ്‌ സെര്‍ച്ചിങ്ങിന്റെ തന്നെ പര്യായമായി മാറിയ ഗൂഗിളിനു വഴിതെളിച്ചത്‌.

പേരിന്‌ പിന്നില്‍

ഒരു അക്ഷരപിശകില്‍ നിന്നാണ്‌ ഗൂഗിളുണ്ടാകുന്നുത്‌; ഒരിക്കലും പിഴയ്ക്കാതെ മുന്നേറാന്‍

സ്റ്റാന്‍ഫഡില്‍ 1997-ന്റെ തുടക്കത്തിലാണ്‌ ലാറി പേജ്‌ സെര്‍ച്ച്‌എഞ്ചിന്റെ പ്രാകൃതരൂപം ഉണ്ടാക്കുന്നത്‌. 'ബാക്ക്‌റബ്‌'(BackRub) എന്നായിരുന്നു ആദ്യപേര്‌. മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സെര്‍ച്ച്‌എഞ്ചിന്‌ പുതിയൊരു പേര്‌ വേണമെന്നായി. പറ്റിയ പേരൊന്നും കിട്ടിയില്ല. ഒടുവില്‍ ലാറിയും സെര്‍ജിയും കൂടി സഹപാഠിയായ സീന്‍ ആന്‍ഡേഴ്സനെ സമീപിച്ചു. 'ഞാനൊരു ബോര്‍ഡില്‍ പേരുകളെഴുതാം, യോഗ്യമായതെത്തുമ്പോള്‍ പറഞ്ഞാല്‍ മതി'-ആന്‍ഡേഴ്സണ്‍ നിര്‍ദ്ദേശിച്ചു. അങ്ങനെ ആരംഭിച്ചു. ഓരോ പേരെഴുതുമ്പോഴും ലാറിയും സെര്‍ജിയും ഒരേ സ്വരത്തില്‍ 'വേണ്ട' എന്ന്‌ പറയും. ഈ അഭ്യാസം ദിവസങ്ങളോളം തുടര്‍ന്നു.

ഒരവസരത്തില്‍ ആന്‍ഡേഴ്സണ്‍ ചോദിച്ചു, 'ഗൂഗിള്‍പ്ലെക്സ്‌(Googleplex) എങ്ങനെ?' അത്‌ ലാറിക്ക്‌ ഇഷ്ടമായി. വളരെ വലിയൊരു സംഖ്യയാണത്‌. ഒന്നു കഴിഞ്ഞ്‌ നൂറുപൂജ്യമിട്ടാല്‍ കിട്ടുന്ന സംഖ്യ. പ്രപഞ്ചത്തിലുള്ള മൊത്തം തന്മാത്രകളുടെ എണ്ണമെന്നു കരുതുന്ന സംഖ്യ. 'അതിനെ ഗൂഗിള്‍(Google) എന്നു ചുരുക്കിയാലോ'-ലാറി ചോദിച്ചു. അന്ന്‌ വൈകുന്നേരം ലാറി ആ ബോര്‍ഡില്‍ ഇങ്ങനെ എഴുതി Google.com. അങ്ങനെ പേരുണ്ടായി. ഗൂഗിള്‍പ്ലക്സിന്റെ ആദ്യഭാഗം സ്വീകരിച്ചതുകൊണ്ടാണ്‌ 'ഗൂഗിള്‍' ആയത്‌. യഥാര്‍ത്ഥത്തില്‍ ആ സംഖ്യയെ സൂചിപ്പിക്കുന്ന ചെറുവാക്ക്‌ 'ഗൂഗൊള്‍'(Googol) ആണ്‌. പക്ഷേ, തെറ്റു കണ്ടെത്തുമ്പോഴേക്കും ലാറിയും സെര്‍ജിയും ഗൂഗിളുമായി പ്രണയത്തിലായിക്കഴിഞ്ഞിരുന്നു. അങ്ങനെ ഒരു അക്ഷരപിശകില്‍ നിന്ന്‌ ഗൂഗിളുണ്ടായി; ഒരിക്കലും പിഴയ്ക്കാതെ മുന്നേറാന്‍.

(കടപ്പാട്‌: മാര്‍ക്ക്‌ മല്‍ഷീദിന്റെ സഹായത്തോടെ പുലിറ്റ്സര്‍ ജേതാവ്‌ ഡേവിഡ്‌ എ. വൈസ്‌ രചിച്ച 'ദി ഗൂഗിള്‍ സ്റ്റോറി' എന്ന പുസ്തകത്തില്‍ നിന്നുള്ള വിവരങ്ങള്‍ ഈ പരമ്പരയിലെ ലേഖനങ്ങള്‍ രചിക്കുന്നതിന്‌ വളരെയേറെ സഹായകമായിട്ടുണ്ട്‌. ' ദി എക്കണോമിസ്റ്റ്‌ ', 'ടൈം മാഗസിന്‍', തുടങ്ങിയ ആനുകാലികങ്ങളില്‍ പലപ്പോഴായി ഗൂഗിളിനെപ്പറ്റി വന്ന ഒട്ടേറെ ലേഖനങ്ങളും, 'നേച്ചര്‍' ഗവേഷണവാരിക പ്രസിദ്ധീകരിച്ച ഏതാനും ലേഖനങ്ങളും, എണ്ണമറ്റ പത്രവാര്‍ത്തകളും, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടുകളും, വിക്കിപീഡിയയിലെ ഗൂഗിള്‍ ലേഖനവും, ഗൂഗിള്‍ സൈറ്റില്‍ നിന്നുള്ള വിവരങ്ങളും ഈ ലേഖനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്‌)