Monday, January 08, 2007

ക്ലോണ്‍മാംസം തീന്‍മേശയിലേയ്ക്ക്‌

ക്ലോണിങ്ങിലൂടെ സൃഷ്ടിച്ച ആടുമാടുകളുടെ മാംസവും പാലും ഭക്ഷ്യവസ്തുക്കളെന്ന നിലയില്‍ സുരക്ഷിതമാണെന്ന്‌ അമേരിക്കന്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്ഗ്‌ അഡ്മിനിസ്ട്രേഷന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇത്തരം ക്ലോണ്‍ ഉത്പന്നങ്ങള്‍ താമസിയാതെ തീന്‍മേശയിലേത്താന്‍ ഈ പ്രഖ്യാപനം വഴിതെളിക്കും

ണ്ടായിരത്തിയേഴിലെ അമ്പരപ്പുകളിലൊന്ന്‌ തീര്‍ച്ചയായും തീന്‍മേശയിലെത്തുന്ന ക്ലോണ്‍മാംസമായിരിക്കും; കുറഞ്ഞപക്ഷം അമേരിക്കയിലെങ്കിലും. ക്ലോണ്‍ ചെയ്തുണ്ടാക്കിയ മൃഗങ്ങളുടെ മാംസവും പാലും അപകടം വരുത്തില്ലെന്ന്‌ അമേരിക്കന്‍ ഫുഡ്‌ ആന്‍ഡ്‌ ഡ്രഗ്ഗ്‌ അഡ്മിനിസ്ട്രേഷന്‍(എഫ്‌.ഡി.എ) അധികൃതര്‍ തീര്‍പ്പാക്കിക്കഴിഞ്ഞു. ഇത്തരം ഉത്പന്നങ്ങള്‍ക്ക്‌ വിപണാനുമതി നല്‍കുന്ന ആദ്യരാജ്യമാകും അമേരിക്ക. ഈ വര്‍ഷമവസാനത്തോടെ അമേരിക്കയില്‍ ക്ലോണ്‍ഉത്പന്നങ്ങള്‍ വിപണിയിലെത്തും എന്നാണ്‌ പ്രതീക്ഷ.

ക്ലോണിങ്ങിലൂടെ ആദ്യസസ്തനിയായ ഡോളിയെന്ന ചെമ്മരിയാടു പിറന്നിട്ട്‌ പത്തുവര്‍ഷം തികയുന്ന വേളയാണിത്‌. ആ സമയത്താണ്‌ അമേരിക്കയില്‍ ക്ലോണിങ്ങിന്‌ പുതിയ വിപണന സാധ്യത തുറക്കുന്നത്‌. ക്ലോണിങ്ങിലൂടെ പിറന്ന മാടുകളുടെ മാംസവും പാലും, സാധാരണ മൃഗങ്ങളുടേതില്‍ നിന്ന്‌ വ്യത്യസ്തമാണോ എന്നറിയാന്‍ അഞ്ചുവര്‍ഷത്തെ പഠനം എഫ്‌.ഡി.എ.നടത്തി. എന്നിട്ടാണവര്‍ കുഴപ്പമില്ലെന്നു തീര്‍പ്പുകല്‍പ്പിച്ചിരിക്കുന്നത്‌. സാധാരണ മാംസവും പാലും പോലെ സുരക്ഷിതമാണ്‌ ക്ലോണിങ്ങിലൂടെ പിറന്ന മൃഗങ്ങളുടേതുമെന്ന്‌ എഫ്‌.ഡി.എ. പറയുന്നു.

ലൈംഗീകപ്രക്രിയ കൂടാതെ ഒരു ജീവിയുടെ ജനിതക പകര്‍പ്പു സൃഷ്ടിക്കാനുള്ള ജൈവസാങ്കേതത്തെയാണ്‌ ക്ലോണിങ്‌ എന്ന്‌ വിളിക്കുന്നത്‌. ഒരു ജീവിയുടെ ശരീരത്തിലെ ഏതുകോശം വേണമെങ്കിലും ആ ജീവിയുടെ തനിപ്പകര്‍പ്പാക്കി മാറ്റാന്‍ ക്ലോണിങ്‌ സഹായിക്കുന്നു. മര്‍മം നീക്കം ചെയ്ത ഒരു അണ്ഡത്തില്‍, കോശദാതാവായ ജീവിയുടെ കോശമര്‍മം സന്നിവേഷിപ്പിച്ച്‌ ചെറിയൊരു വൈദ്യുതിസ്പന്ദനമുപയോഗിച്ച്‌ കൂട്ടിയിണക്കി ഭ്രൂണമാക്കി മാറ്റുകയാണ്‌ ചെയ്യുക. എന്നിട്ട്‌ ആ ഭ്രൂണം ഒരു വാടകഗര്‍ഭപാത്രത്തില്‍ വളര്‍ത്തിയെടുക്കും. പിറക്കുന്ന കുഞ്ഞ്‌ കോശദാതാവായ ജീവിയുടെ തനിപ്പകര്‍പ്പായിരിക്കും. ചെമ്മരിയാടിന്റെ അകിടിലെ കോശമുപയോഗിച്ചാണ്‌ സ്കോട്ട്ലന്‍ഡില്‍ റോസ്ലിന്‍ ഇന്റസ്റ്റിട്ട്യൂട്ടിലെ ഡോ.ഇയാന്‍ വില്‍മൂട്ടും സംഘവും ഡോളിക്ക്‌ ജന്മം നല്‍കിയത്‌.

ക്ലോണിങ്ങിലൂടെ ഉത്പാദനക്ഷമത കൂടിയ ആടുമാടുകളെയും പന്നികളെയും വാണിജ്യാടിസ്ഥാനത്തില്‍ സൃഷ്ടിച്ച്‌ ലാഭം കൊയ്യാന്‍ വഴിതേടുകയാണ്‌ പല കമ്പനികളും. ഔഷധങ്ങള്‍ ചുരത്തുന്ന ആടുകളെയും പശുക്കളെയും ക്ലോണിങ്ങിലൂടെ രൂപപ്പെടുത്താനാകുമോ എന്ന പരീക്ഷണങ്ങളില്‍ ചിലത്‌ ഇതിനകം വിജയിച്ചു കഴിഞ്ഞു. അത്തരം ശ്രമങ്ങള്‍ക്കെല്ലാം ആക്കംകൂട്ടാന്‍ കഴിഞ്ഞ ഡിസംബര്‍ 26-ലെ എഫ്‌.ഡി.എയുടെ തീരുമാനം സഹായിക്കും. ക്ലോണ്‍ മാംസത്തിനും മറ്റും പ്രത്യേകം ലേബല്‍ പോലും എഫ്‌.ഡി.എ. ആവശ്യപ്പെടില്ല എന്നാണ്‌ സൂചന. അങ്ങനെയെങ്കില്‍, തീന്‍മേശയിലെത്തിയത്‌ ക്ലോണ്‍മാംസമാണോ എന്നു പോലും തിരിച്ചറിയാന്‍ അമേരിക്കക്കാര്‍ക്ക്‌ കഴിയാതെ വരും.

പക്ഷേ, ഇക്കാര്യത്തില്‍ കൂടുതല്‍ നിയന്ത്രണം എഫ്‌.ഡി.എ. ഏര്‍പ്പെടുത്തണമെന്ന്‌ വാദിക്കുന്നവരുമുണ്ട്‌. 'ക്ലോണ്‍ ചെയ്ത മൃഗങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ അപകടകരമല്ല എന്ന്‌ പറയുമ്പോള്‍, അവ സുരക്ഷിതമാണെന്ന്‌ തെളിയിക്കാനുള്ള ബാധ്യതയും എഫ്‌.ഡി.എയ്ക്കുണ്ട്‌'-സെന്റര്‍ ഫോര്‍ ഫുഡ്‌ സേഫ്ടിയിലെ ജോസഫ്‌ മെന്‍ഡെല്‍സന്‍ പറയുന്നു. നിലവില്‍ മൃഗങ്ങളെ ക്ലോണ്‍ചെയ്യുക വളരെ ചെലവേറിയ പ്രക്രിയയാണ്‌. അതിനാല്‍, ഉടനെയൊന്നും ക്ലോണ്‍മൃഗങ്ങളുടെ ഉത്പന്നങ്ങളില്‍ നിന്ന്‌ വന്‍ലാഭം കൊയ്യാനാകില്ല എന്ന്‌ വിദഗ്ധര്‍ പറയുന്നു(കടപ്പാട്‌: മാതൃഭൂമി, ഗര്‍ഡിയന്‍).

3 comments:

JA said...

തീന്‍മേശയിലെത്തുന്ന മാംസവും പാലും ക്ലോണുകളുടെ ഉത്പന്നമാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയാത്ത കാലമാണ്‌ വരാന്‍ പോകുന്നത്‌.

വിന്‍സ് said...

ഞാ‍ന്‍ ഇന്ന് ദി ഐലണ്ട് എന്ന പടം കണ്ടു കഴിഞ്ഞതേ ഉണ്ടയിരുന്നുള്ളു ഈ പോസ്റ്റ് വായിച്ചപ്പോള്‍. അതും ഇതും തമ്മില്‍ എന്തു സാമ്യം. പടത്തില്‍ റിച്ച് ആളുകള്‍ ഇന്‍ഷുറന്‍സ് പോളിസി പോലെ തങ്ങളുടെ ക്ലോണുകളെ സ്രിഷ്ടിക്കുന്നു. ഭാവിയില്‍ തങ്ങളുടെ എന്തെങ്കിലും അവയവത്തിനു കേടുപാടുകള്‍ പറ്റിയാല്‍ ഈ ക്ലോണിനെ കൊന്നിട്ടു തനിക്കു വേണ്ട അവയവങ്ങള്‍ എടുത്ത് ഫിറ്റ് ചെയ്യുന്നു. ഇതാണു ഈ പടത്തിന്റെ ഒരു തീം. ഒരു തരത്തില്‍ ഒരു പത്തു ഇരുപത് കൊല്ലത്തില്‍ വരാന്‍ പോവുന്ന ഒരു വന്‍ മാറ്റം ആയിരിക്കാം ആ പടത്തില്‍ കണ്ടത്. ഈ പോസ്റ്റില്‍ കാണുന്ന കാര്യങ്ങല്‍ ചിലപ്പോള്‍ അതിന്റെ ഒക്കെ ഒരു തുടക്കം ആവാം.

കേരളഫാർമർ/keralafarmer said...

http://www.gopetition.com/petitions/no-to-indias-crops-being-genetically-engineered.html
ഈ ലിങ്കില്‍ ഒപ്പിടുക