Tuesday, January 16, 2007

ഭാരതീയശാസ്ത്രജ്ഞര്‍-3: ചരകന്‍

ആയുര്‍വേദത്തിലെ ത്രിദോഷസങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ച ശാസ്ത്രജ്ഞനാണ്‌ ചരകന്‍. രണ്ടായിരം വര്‍ഷം മുമ്പ്‌ ജീവിച്ചിരുന്ന ആ പ്രതിഭ അന്ന്‌ 'ചരകസംഹിത'യില്‍ കുറിച്ചുവെച്ചത്‌ മിക്കതും ഇന്നും പ്രസക്തമാണ്‌

യുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയാണ്‌ ചരകന്‍. സുശ്രുതന്‍, വാഗ്ഭടന്‍ എന്നിവരാണ്‌ മറ്റു രണ്ടുപേര്‍. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ മുഖ്യമാണ്‌ 'ചരകസംഹിത'. ആയുര്‍വേദ ചികിത്സയെപ്പറ്റിയും ഔഷധങ്ങളെപ്പറ്റിയും 'ചരകസംഹിത'യില്‍ പറയുന്നത്‌ രണ്ട്‌ സഹസ്രാബ്ദം കഴിഞ്ഞ്‌ ഇന്നും പ്രസക്തമാണെന്നു പറയുമ്പോള്‍, ചരകന്റെ പ്രാധാന്യം മനസിലാക്കാം. ദഹനം, ഉപാപചയപ്രവര്‍ത്തനങ്ങള്‍, ശരീരപ്രതിരോധം തുടങ്ങിയവ സംബന്ധിച്ച ആദ്യധാരണകള്‍ രൂപപ്പെടുത്തിയത്‌ ചരകനാണ്‌. വാതം, പിത്തം, കഫം എന്നിങ്ങനെ ആയുര്‍വേദത്തിലെ ത്രിദോഷ സങ്കല്‍പ്പം ശാസ്ത്രീയമായി ആദ്യം അവതരിപ്പിച്ചതും അദ്ദേഹമാണ്‌. ത്രിദോഷങ്ങള്‍ തമ്മിലുള്ള തുലനാവസ്ഥ താളംതെറ്റുമ്പോഴാണ്‌ രോഗങ്ങളുണ്ടാകുന്നതെന്ന്‌ അദ്ദേഹം വാദിച്ചു. ആയുര്‍വേദം ഇന്നും പിന്തുടരുന്ന ചികിത്സാരീതി ഈ കഴ്ചപ്പാട്‌ ആധാരമാക്കിയുള്ളതാണ്‌.

വൈദ്യവിദ്യാര്‍ത്ഥികള്‍ക്ക്‌ ചരകസംഹിത നല്‍കുന്ന ഉപദേശം ഇങ്ങനെയാണ്‌: 'തികച്ചും ആത്മാര്‍ത്ഥമായി രോഗികളുടെ ആരോഗ്യത്തിനായി പ്രവര്‍ത്തിക്കണം. രോഗികളെ വിഷമിപ്പിക്കുകയോ അവരുമായി കലഹിക്കുകയോ അരുത്‌, ജീവിതാവശ്യങ്ങള്‍ക്ക്‌ വേണ്ടിയാണെങ്കില്‍ കൂടിയും. അന്യസ്ത്രീകളെ സ്മരിക്കരുത്‌. രോഗിയുടെ കുടുംബകാര്യങ്ങള്‍ ആരോടും പറയരുത്‌. രോഗിയുടെ വീട്ടില്‍ മുന്‍കൂട്ടി അറിയച്ചശേഷം മാത്രമേ പോകാവൂ. തലകുനിച്ചു നടക്കണം. രോഗി മരിക്കുകയാണെന്നറിഞ്ഞാലും അത്‌ രോഗിയോടോ ബന്ധുക്കളോടോ പറയരുത്‌ '. 149 രോഗങ്ങളെക്കുറിച്ചും അവയുടെ ലക്ഷണങ്ങളെപ്പറ്റിയുമുള്ള വിശദീകരണം 'ചരകസംഹിത'യിലുണ്ട്‌. 341 സസ്യങ്ങളെപ്പറ്റിയും അവയില്‍ നിന്നുണ്ടാക്കാവുന്ന ഔഷധങ്ങളെക്കുറിച്ചും 'സംഹിത'യില്‍ വിവരിക്കുന്നു. ജന്തുക്കളില്‍ നിന്നു ലഭിക്കുന്ന 177 ഔഷധങ്ങളെപ്പറ്റിയും 64 ധാതുക്കളെ അടിസ്ഥാനമാക്കിയുള്ള ഔഷധങ്ങളെക്കുറിച്ചുമുള്ള വിവരണങ്ങള്‍ 'സംഹിത'യില്‍ കാണാം.

സംസ്കൃതത്തില്‍ ലഭ്യമായ ആദ്യവൈദ്യശാസ്ത്രഗ്രന്ഥമെന്ന്‌ വിശേഷിപ്പിക്കാവുന്നത്‌ ചരകസംഹിതയാണ്‌. ശാരീരം, വൃത്തി, ഹേതു, വ്യാധി, കര്‍മം, കാര്യം, കാലം, കര്‍ത്താവ്‌, കരണം, വിധി എന്നിങ്ങനെ പത്തായി ചരകസംഹിത പ്രതിപാദ്യ വിഷയങ്ങളെ വേര്‍തിരിക്കുന്നു. സൂത്രസ്ഥാനം, നിദാനസ്ഥാനം, വിമാനസ്ഥാനം, ശാരിരസ്ഥാനം, ഇന്ദ്രിയസ്ഥാനം, കല്‍പസ്ഥാനം, സിദ്ധിസ്ഥാനം, ചികിത്സാസ്ഥാനം എന്നിങ്ങനെ എട്ടു ഭാഗങ്ങളിലായി 120 അധ്യായങ്ങളുള്ള 'ചരകസംഹിത', അറബിയും ഗ്രീക്കുമുള്‍പ്പെടെ ഒട്ടേറെ വിദേശ ഭാഷകളിലേക്കു വിവര്‍ത്തനം ചെയ്യപ്പെട്ടു. മനുഷ്യശരീരത്തിന്റെ ഘടനയെപ്പറ്റിയും ചരകന്‍ പഠനം നടത്തിയിരുന്നു. 360 അസ്ഥികള്‍ മനുഷ്യശരീരത്തിലുണ്ടെന്ന്‌ അദ്ദേഹം കണക്കു കൂട്ടി. മനുഷ്യ ഹൃദയത്തിന്‌ ഒറ്റ അറയേ ഉള്ളൂ എന്ന്‌ അദ്ദേഹം തെറ്റായി കരുതിയിരുന്നു.

മറ്റുപല പ്രാചീന ഭാരതീയശാസ്ത്രപ്രതിഭകളുടെയും കാര്യത്തിലെന്ന പോലെ, ചരകന്റെയും ജീവിതകാലത്തെക്കുറിച്ച്‌ വ്യത്യസ്താഭിപ്രായമുണ്ട്‌. 'സഞ്ചാരി', 'ചികിത്സകന്‍' എന്നൊക്കെയാണ്‌ 'ചരക'ന്‌ അര്‍ത്ഥം. ഒരു വൈദ്യകുലത്തിന്റെ പൊതുനാമമാണ്‌ ചരകനെന്ന്‌ ചില ചരിത്രപണ്ഡിതന്‍മാര്‍ കരുതുന്നു. 20 നൂറ്റാണ്ട്‌ മുമ്പാണ്‌ ചരകന്‍ ജീവിച്ചിരുന്നതെന്നാണ്‌ പൊതുനിഗമനം. 'യോഗദര്‍ശനം' രൂപപ്പെടുത്തിയ പതഞ്ജലിയും ചരകനും ഒരാളാണെന്നു വാദിക്കുന്നവരുമുണ്ട്‌. എ.ഡി. 100-നടുപ്പിച്ച്‌ കനിഷ്കരാജാവിന്റെ കൊട്ടാരം വൈദ്യനായിരുന്ന ചരകനെപ്പറ്റി ബൗദ്ധഗ്രന്ഥമായ 'ത്രിപിടക'ത്തില്‍ പറയുന്നുണ്ട്‌. നാഷണല്‍ സയന്‍സ്‌ ഇന്‍സ്റ്റിട്ട്യൂട്ടിന്റെ കാലഗണനകമ്മറ്റി എത്തിയിട്ടുള്ള നിഗമനം ഇതാണ്‌: കനിഷ്കന്റെ കൊട്ടാരംവൈദ്യന്‍മാര്‍ക്ക്‌ നല്‍കിയിരുന്ന സ്ഥാനപ്പേരാണ്‌ 'ചരകന്‍' എന്നത്‌. കനിഷ്കന്റെ രാജധാനിയില്‍ ബി.സി.രണ്ടാംശതകത്തിനും എ.ഡി.ഒന്നാംശതകത്തിനും മധ്യേ ജീവിച്ചിരുന്ന കൊട്ടാരംവൈദ്യനായ കബിലബലന്‍ രചിച്ചതാണ്‌ 'ചരകസംഹിത'യെന്നാണ്‌ നിഗമനം.

4 comments:

Joseph Antony said...

ആയുര്‍വേദത്തിലെ ത്രിമൂര്‍ത്തികളില്‍ പ്രധാനിയായ ചരകനെക്കുറിച്ചാണ്‌ ഇത്തവണ. 'ഭാരതീയശാസ്ത്രജ്ഞര്‍' എന്ന പരമ്പരയിലെ മൂന്നാംലക്കം.

Raghavan P K said...

"ഭാരതീയശാസ്ത്രജ്ഞന്മാരെപ്പറ്റിയുള്ള ലേഖനങള്‍ വായിക്കാനും മനസ്സിലാക്കാനും പറ്റിയ ഒരു ബ്ലോഗ്. ചരകനെക്കുറിച്ച്ചുള്ളാ വിവരണം വായിച്ചു.നന്ദി.

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

ആയുര്‍വേദത്തിലെ ത്രിദോഷ സിദ്ധാന്തം ചരകന്റെ സംഭാവനയാണ്‌ എന്നത്‌ ഒരല്‍പം കടന്നുപോയില്ലേ?

" ബ്രഹ്മാ സ്മൃത്വായുഷോ വേദം പ്രജാപതിമജിഗ്രഹത്‌
സോശ്വിനൗ തൗ സഹസ്രാക്ഷം സോത്രിപുത്രാദികാന്‍ മുനീന്‍"

ബ്രഹ്മാവ്‌ ആയുര്‍വേദത്തെ സ്മരിച്ചിട്ട്‌ ( എന്നു പറഞ്ഞാല്‍ അതിനും മുമ്പു തന്നെ അതുണ്ടായിരുന്നു എന്ന്‌) ദക്ഷപ്രജാപതിയെ പഠിപ്പിച്ചു.

അദ്ദേഹത്തില്‍ നിന്നും അശ്വിനീ ദേവന്മാര്‍ പഠിച്ചു, അവരില്‍ നിന്നു ഇന്ദ്രന്‍ പഠിച്ചു അവനില്‍ നിന്നും ആത്രേയാദിമുനികള്‍ പഠിച്ചു.

അവരില്‍ അഗ്നിവേശന്‍ എന്ന മുനി എഴുതിയ ഗ്‌രന്ഥം പ്രതിസംസ്കരിച്ചയാളാണ്‌ ചരകന്‍ അതിലെ ചില ഭാഗങ്ങള്‍ പിന്നീടു നഷ്ടപ്പെട്ടു പോയത്‌ ദൃഢബലന്‍ എന്ന ആചാര്യന്‍ കൂട്ടിച്ചേര്‍ത്തതാണ്‌ ഇന്നു ലഭിക്കുന്ന ചരകസംഹിത എന്ന ഗ്രന്ഥം- ഇത്‌

"ഇത്യഗ്നിവേശസ്കൃതേ തന്ത്രേ ചരകപ്രതിസംകൃതേ ദൃഢബലപൂരിതേ--"

എന്ന ചരകത്തിലെ അധ്യായാവസാനത്തിലുള്ള വരികള്‍ കൊണ്ട്‌ വ്യക്തമായി പറഞ്ഞിട്ടുണ്ട്‌.

മുക്കുവന്‍ said...

is there any charaka samhita malayalam version available? if so where can I buy one?

thanks