രേഖപ്പടുത്തിയതില്‍ ഏറ്റവും ചൂടുകൂടിയ വര്‍ഷമാകും 2007 എന്ന് പ്രവചനം. ശാന്തസമുദ്രമേഖലയില്‍ ശക്തിപ്രാപിച്ചിട്ടുള്ള 'എല്‍നിനോ'യെന്ന കാലാവസ്ഥാപ്രതിഭാസത്തിന്റെയും ആഗോളതാപനത്തിന്റെയും സ്വാധീനം മൂലമാണിതെന്ന് ബ്രിട്ടീഷ് കലാവസ്ഥാകേന്ദ്രം പറയുന്നു.
മനുഷ്യന് അന്തരീക്ഷതാപനില രേഖപ്പെടുത്തി സൂക്ഷിക്കാന്‍ തുടങ്ങിയിട്ട് ഒന്നര നൂറ്റാണ്ടായി. അതില്‍ ഏറ്റവുംചൂടേറിയ വര്‍ഷമായി കണക്കാക്കുന്നത് 1998 ആണ്. ആ പദവി 2007 തട്ടിയെടുത്തേക്കുമെന്നാണ്, ബ്രിട്ടീഷ് കാലാവസ്ഥാവകുപ്പിന് കീഴിലുള്ള 'ഹാഡ്ലി സെന്റര്‍' നടത്തിയ കണക്കുകൂട്ടല്‍ വ്യക്തമാക്കുന്നത്. ഈസ്റ്റ് ആന്‍ഗ്ലിയ സര്‍വകലാശാലയുടെ സഹകരണവും പഠനത്തിനുണ്ടായിരുന്നു.
'ലോകം കാലാവസ്ഥാവ്യതിയാനത്തിന്റെ പിടിയിലാണെന്ന കാര്യത്തില്‍ മറ്റൊരു മുന്നറിയിപ്പാണ് ഈ വിവരം'ബ്രിട്ടീഷ് കാലാവസ്ഥാവകുപ്പിലെ ശാസ്ത്രജ്ഞന്‍ കറ്റെ ഹോപ്കിന്‍സ് പറഞ്ഞു. യു.എന്നിന് കീഴിലുള്ള 'ലോകകാലാവസ്ഥാസംഘടന'(WMO)യുടെ കണക്കു പ്രകാരം രേഖപ്പെടുത്തിയതില്‍ ഏറ്റവും ചൂടുകൂടിയ പത്തുവര്‍ഷങ്ങള്‍ 1994-ന് ശേഷമാണുണ്ടായത്. അതില്‍ ഏറ്റവും ചൂടേറിയ ആറാമത്തെ വര്‍ഷമെന്ന സ്ഥാനമാണ് 2006-നുള്ളത്.
എല്ലാ ജനവരിയിലും 'ഹാഡ്ലി സെന്റര്‍' ഇത്തരം പ്രവചനം നടത്താറുണ്ട്. 1961-1990 കാലയളവില്‍ ഭൂമിയിലെ ശരാശരി താപനില 14 ഡിഗ്രി സെല്‍സിയസ് എന്നാണ് കണക്കാക്കിയിട്ടുള്ളത്. ആ ശരാശരിയില്‍ ഈ വര്‍ഷം 0.54 ഡിഗ്രിയുടെ വര്‍ധനയുണ്ടാകുമെന്നാണ് പ്രവചനം. 1998-ല്‍ വര്‍ധന 0.52 ഡിഗ്രിയായിരുന്നു. ഏറ്റവും ചൂടുകൂടിയ വര്‍ഷമാകാന്‍ 2007-ന് 60 ശതമാനം സാധ്യതയാണുള്ളതെന്ന്, ഹാഡ്ലി സെന്റര്‍ പുറത്തുവിട്ട പ്രസ്താവന വ്യക്തമാക്കി.
'എല്‍നിനോ' പ്രതിഭാസത്തിന്റെ സ്വാധീനവും, അന്തരീക്ഷത്തിലെത്തുന്ന ഹരിതഗൃഹവാതകങ്ങളുടെ അളവുമാണ് പ്രവചനം നടത്താന്‍ തങ്ങള്‍ പരിഗണിച്ച ഘടകങ്ങളെന്ന് ഹാഡ്ലി സെന്ററിലെ ഗവേഷകന്‍ ക്രിസ് ഫോലാന്‍ഡ് അറിയിച്ചു. കാര്‍ബണ്‍ഡയോക്സയിഡ് പോലുള്ള ഹരിതഗൃഹവാതകങ്ങളാണ് ആഗോളതാപനത്തിന് കാരണം. കല്‍ക്കരി, പെട്രോള്‍ തുടങ്ങിയ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണ് ഇത്തരം വാതകങ്ങള്‍ അന്തരീക്ഷത്തില്‍ അമിതമായെത്താന്‍ കാരണമാകുന്നത്.
ശാന്തസമുദ്രത്തില്‍ ചിലകാലത്ത് ശക്തിപ്രാപിക്കുന്ന കാലാവസ്ഥാപ്രതിഭാസമാണ് 'എല്‍നിനോ'. 'ഉണ്ണിയേശു' എന്നാണ് സ്പാനിഷ് ഭാഷയില്‍ ഈ വാക്കിന് അര്‍ത്ഥം. സമുദ്രോപരിതലം അകാരണമായി ചൂടുപിടിപ്പിക്കുന്ന ഈ പ്രതിഭാസം മിക്കപ്പോഴും ക്രിസ്മസ് കാലത്ത് പ്രത്യക്ഷപ്പെടുന്നതിനാല്‍, പെറുവിലെ മുക്കുവരാണ് അതിന് എല്‍നിനോ എന്ന് പേരിട്ടത്. ശക്തിപ്രാപിക്കുന്നത് ശാന്തസമുദ്രത്തിലാണെങ്കിലും, ആഗോളകാലാവസ്ഥ തകിടം മറിക്കാന്‍ കെല്‍പ്പുള്ള പ്രതിഭാസമാണിത്. സാമാന്യം ശക്തമായ എല്‍നിനോയാണ് ഇപ്പോള്‍ ശാന്തസമുദ്രത്തില്‍ ശക്തിപ്രാപിച്ചിട്ടുള്ളത്. മൂന്നുമാസം കൂടി അത് തുടരുമെന്ന് വിദഗ്ധര്‍ പറയുന്നു. അതിന്റെ സ്വാധീനം പക്ഷേ, വര്‍ഷം മുഴുവനുമുണ്ടാകും.
ആഗോളതാപനത്തിന്റെ ഫലമായി ഈ നൂറ്റാണ്ടില്‍ ഭൗമോപരിതല ഊഷ്മാവ് രണ്ടു മുതല്‍ ആറ് ഡിഗ്രി സെല്‍സിയസ്‌വരെ വര്‍ധിക്കുമെന്ന് ഭൂരിപക്ഷം ഗവേഷകരും കരുതുന്നു. ആഗോളതാപനഭീഷണി തടയാന്‍ അടിയന്തര നടപടിയെടുത്തില്ലെങ്കില്‍, ഭാവിയില്‍ അതിനുള്ള ചെലവ് 20 മടങ്ങ് വര്‍ധിക്കുമെന്ന്, ലോകബാങ്കിലെ മുഖ്യസാമ്പത്തിക വിദഗ്ധന്‍ നിക്കോളാസ് സ്റ്റേണ്‍ ഒക്ടോബറില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
ഭൂമിയില്‍ ചൂടുകൂടുമ്പോള്‍ കാലാവസ്ഥ തകിടം മറിയും. പേമാരിയും കൊടുംവരള്‍ച്ചയും മറ്റ് പ്രകൃതിക്ഷോഭങ്ങളും മൂലം ലക്ഷക്കണക്കിനാളുകള്‍ ദുരിതത്തിലാകും. ധ്രുവപ്രദേശങ്ങളിലെയും ഹിമാലയംപോലുള്ള പര്‍വതങ്ങളിലെയും മഞ്ഞുപാളികള്‍ ഉരുകി സമുദ്രജലനിരപ്പ് ഉയരാനിടയാകും. ലോകത്തെ പ്രമുഖനഗരങ്ങളില്‍ മിക്കതും സമുദ്രതീരത്തായതിനാല്‍, ലക്ഷക്കണക്കിനാളുകള്‍ക്ക് കിടപ്പാടം നഷ്ടപ്പെടും. ലോകം മുഴുവന്‍ ആഗോളതാപനത്തിന്റെ പ്രത്യാഘാതം പലരൂപത്തില്‍ അനുഭവിക്കേണ്ടി വരും.
എന്നാല്‍, ലോകത്ത് ഏറ്റവുമധികം ഹരിതഗൃഹവാതകങ്ങള്‍ പുറന്തള്ളുന്ന അമേരിക്ക ആഗോളതാപനം ചെറുക്കാനുള്ള ലോകശ്രമങ്ങള്‍ അംഗീകരിക്കുന്നില്ല. പ്രസിഡന്റ് ജോര്‍ജ്ജ് ബുഷ് അധികാരത്തിലെത്തി ആദ്യം കൈക്കൊണ്ട തീരുമാനം തന്നെ, ആഗോളതാപനം ചെറുക്കാനുദ്ദേശിച്ച് യു.എന്നിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന ക്യോട്ടോ ഉടമ്പടി തള്ളിക്കളയാനായിരുന്നു. ക്യോട്ടോഉടമ്പടി 2012-ല്‍ അവസാനിക്കും. അതിനുശേഷമെന്ത് എന്നതിന് ഉത്തരം നല്‍കാന്‍ യു.എന്നിനും കഴിയുന്നില്ല (കടപ്പാട്: ബിബിസി ന്യൂസ്, റോയിട്ടേഴ്സ്).
2 comments:
ഭൂമിയുടെ ചൂട് വര്‍ധിക്കുകയാണ്. ലോകം നേരിടുന്ന ഈ ഭീഷണി ആവര്‍ത്തിച്ചു വ്യക്തമാക്കുന്നു, 2007 ഏറ്റവും ചൂടുകൂടിയ വര്‍ഷമാകുമെന്ന റിപ്പോര്‍ട്ട്.
ഒരു ഭാഗത്ത് ചുടു കൂടിയാല്‍ മറ്റൊരു ഭാഗത്ത് ചൂട് കുറയുമല്ലൊ.
കരിപ്പാറ സുനില്‍
Post a Comment